Tuesday, 11 September 2007

സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല

ബീഡിക്കുറ്റി അരഞ്ഞാണം ക്രോസ്‌ ചെയ്തിട്ടും, കുട്ടനമ്മാവന്‍ വിടുന്ന മട്ടില്ല. ചുമച്ചിട്ടും ചുമച്ചിട്ടും ഒരു സാറ്റിസ്ഫാക്ഷന്‍ കിട്ടാത്തപോലെ.. ഒരുവലിക്ക്‌ പത്തുചുമ എന്ന കണക്കില്‍ ആവിയെഞ്ചിന്‍ മുന്നേറുന്നു..

ഓരോ ചുമ കഴിഞ്ഞും നെഞ്ചുതടവി ഒരു വിളിയാണു "കൃഷ്ണാ........ "

"എന്‍റെ കുട്ടനമ്മാവാ... അമ്മാവനു വല്ല നേറ്‍ച്ചയുമുണ്ടോ, കൃഷ്ണാന്നു വിളിച്ച്‌ ഇത്രയും ചുമച്ചേക്കാമെന്ന്....." വില്ലുപോലെ വളഞ്ഞു ചുമയ്ക്കുന്നത്‌ കണ്ടുനില്‍ക്കുന്ന എനിക്കും സഹിക്കുന്നതിനൊരു പരിധിയില്ലേ...

"ഹൂം......." പിന്നെയും ചുമ...."ഘ്രാ..... ആങ്ങ്‌, ഇനിപറ... എന്തുണ്ട്‌ ഡല്‍ഹിയില്‍ വിശേഷം.. നമ്മുടെ മന്‍മോഹന്‍പിള്ളയ്ക്ക്‌ സുഖമാണോടെ...അങ്ങേരാ സോണിയാപ്പെണ്ണിന്‍റെ കണ്ട്രോളിലാന്നു പറയുന്നതില്‍ വല്ല നേരുമുണ്ടോ..... "

അമ്മാവന്‍റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗമാണെന്ന്.

അവധിയാത്രയില്‍ 'എന്നാ ഇനി പോന്നെ' എന്ന ചോദ്യം വരെ സഹിക്കാം. പക്ഷേ ഈ സെന്‍ട്രല്‍ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെപറ്റിയുള്ള കടുംവെട്ട്‌ ചോദ്യങ്ങള്‍ എങ്ങനെ സഹിക്കും അയ്യപ്പാ..

"മന്‍മോഹന്‍ സിംഗിനു സുഖം തന്നെ അമ്മാവാ.. ഞാന്‍ തിരിക്കുന്നതിന്‍റെ തലേന്ന് ഒരു വയറിളക്കം ഉണ്ടാരുന്നു.. കുറഞ്ഞോന്ന് ഇന്നൊന്ന് വിളിച്ച്‌ ചോദിക്കണം.. എന്‍റെ പൊന്നമ്മാവാ, വേറെയൊന്നും ചോദിക്കാന്‍ കിട്ടിയില്ലേ.. അല്ല ഞാനറിയാന്‍ വയ്യാഞ്ഞു ചോദിക്കുവാ.. ഇന്നാട്ടുകാരു ഈറ്റിംഗ്‌, സ്ളീപിംഗ്‌, തിങ്കിംഗ്‌ ഒക്കെ പൊളിറ്റിക്സാണോ... ഈ നാടുനന്നാവുമെന്ന് തോന്നുന്നില്ലാ... "

ബീഡിക്കുറ്റി വലിച്ചെറിഞ്ഞിട്ട്‌, കസേരയിലേക്ക്‌ ചാഞ്ഞിരുന്ന് അമ്മാവന്‍ മറുപടി പറഞ്ഞു.."ഉം... എന്നാലതു വിട്‌.. അയോധ്യയിലെ അമ്പലത്തിന്‍റെ കാര്യമെന്തായി..രാമശില രാമശില എന്നും പറഞ്ഞു ഞാനും കൊടുത്ത്‌ ഒന്നുരണ്ട്‌ ഇഷ്ടിക..വല്ലതും നടക്കുമോ... "

"അവിടം നേരെയാവാത്തതുകൊണ്ട്‌ ശ്രീരാമന്‍ വളരെ ഡെസ്പാ.. വേറെയെവിടെക്കിടന്നാലും പുള്ളിക്ക്‌ ഉറക്കോം വരുന്നില്ല... അമ്മാവന്‍ കൊടുത്ത ഇഷ്ടിക കൊണ്ട്‌ ഏതെങ്കിലും നേതാക്കന്‍മാര്‍ കക്കൂസ്‌ കെട്ടിക്കാണും... അല്ല നിങ്ങള്‍ക്കൊന്നും വേറെയൊരു പണിയുമില്ലേ.... "

"നീ കൊണം പിടിക്കാത്തതിന്‍റെ പ്രധാന കാരണം ഈ ഈശ്വരനിഷേധമാ.. പണ്ടുതൊട്ടേയുണ്ട്‌ നിനക്കീ ദൈവങ്ങളേ ഊശിയാക്കല്‍.. എടാ പരമശിവന്‍ പണ്ട്‌ കൈലാസത്തില്‍ വച്ച്‌....... "

"പാര്‍വതിയോട്‌ പറഞ്ഞു 'പാറു നീയാ പാക്കുവെട്ടിയിങ്ങെടുത്തേന്ന്' ആ കഥയല്ലേ അമ്മാവന്‍ പറയാന്‍ വരുന്നത്‌... "

'ഇവന്‍ ശരിയാവത്തില്ല.' എന്ന മുഖഭാവത്തോടെ, കുട്ടനമ്മാവന്‍ പേപ്പറിലേക്ക്‌ കണ്ണുപായിച്ച്‌, കണ്ണട ഒന്നു അമക്കിവച്ചു..

"ചുക്കിനിപ്പോള്‍ എന്തു വിലയുണ്ടമ്മാവാ.. ഇഞ്ചിയോ ചുക്കോ പ്രോഫിറ്റബിള്‍..." കമ്പോള നിലവാരത്തില്‍ കണ്ണോടിക്കുന്ന അമ്മാവനോട്‌ ഞാന്‍ ചോദിച്ചു.

'കൂടുതല്‍ നീ ആക്കല്ലെ, ഈ ബായ്ക്കെത്ര ബായ്ക്ക്‌ വാട്ടര്‍ കണ്ടതാ' എന്ന അര്‍ഥത്തില്‍ അമ്മാവന്‍ ഒന്നു മുരണ്ടു.."ഉം......... "

കുറെയേറെ കുളങ്ങള്‍ കണ്ടതാണു എന്‍റെ മുന്നില്‍ ഈ ഇരിക്കുന്ന കുട്ടനമ്മാവന്‍. പ്രായാധിക്യം ആക്സില്‍ ഒടിച്ചില്ലാരുന്നെങ്കില്‍, ഇനിയും പലപല കുളങ്ങളില്‍ പലപല അഭ്യാസങ്ങള്‍ കാണിച്ചേനെ..

നന്ദിനിപ്പശുവും, ഞാനും കുട്ടനമ്മാവനും തമ്മില്‍ വല്ലാത്തൊരു ട്രയാംഗിള്‍ ഗുലുമാല്‍സ്‌ പണ്ടുണ്ടായിരുന്നു.

നന്ദിനിയിട്ട ഫ്രഷ്‌ ചാണകം, വെള്ളക്കടലാസില്‍ മനോഹരമായി പൊതിഞ്ഞ്‌, അമ്മാവന്‍ വരുന്ന വഴിയില്‍ ഇട്ട്‌, അങ്ങേപ്പുറത്തെ കച്ചിത്തുറുവിന്‍റെ പുറകില്‍ ഒളിച്ചിരുന്ന്, മനസിന്‍റെ വീഡിയോ ക്യാമറായില്‍ പകര്‍ത്തിയിരുന്നു പണ്ടൊരിക്കല്‍.. ബാല്യം കൌമാരത്തിലേക്ക്‌ കടക്കാനൊരുങ്ങുന്ന നാളൊന്നില്‍..

രണ്ടുരൂപ കിട്ടിയിരുന്നെങ്കില്‍ അസ്സലായൊന്നു മുറുക്കി ബാക്കി കാശിനു, പള്ളീലെ രമണിക്ക്‌ ഒരു കറുത്തചരട്‌ വാങ്ങിക്കൊടുക്കാമാരുന്നു എന്ന മിനിമം സ്വപ്നവുമായി, പറമ്പിലെ തെങ്ങിന്‍ കുലകളില്‍ കണ്ണും പായിച്ച്‌ വന്ന അമ്മാവന്‍, 'മുരിംഗമങ്ങലത്തപ്പാ നീ എന്‍റെ മനസ്സെങ്ങനറിഞ്ഞു..നിന്നെ ഞാന്‍ വിളിച്ചുപോലുമില്ലല്ലോ' എന്ന ഡയലോഗ്‌ മനസില്‍ പറഞ്ഞു, കുനിഞ്ഞ്‌, പണക്കവര്‍ എടുത്ത്‌ അഴിച്ചു.. ആര്‍ത്തിയോ ആവേശമോ മുന്നില്‍ എന്ന് തിരിച്ചറിയാനാവാതെ.. വലത്തെ കൈയാകെ ചാണകം പുരണ്ടപ്പോള്‍, 'മുരിങ്ങമംഗലത്തപ്പാ'യില്‍ നിന്നും 'മുടിഞ്ഞ നായിന്‍റെ മോനേ' യിലേക്ക്‌ പ്രാര്‍ഥന ഷിഫ്റ്റ്‌ ചെയ്ത്‌, അവിടെ ഇരുന്ന്, അമ്പലത്തിലെ പോറ്റി ചന്ദനം അരയ്ക്കുന്ന മാതിരി, പച്ചപ്പുല്ലില്‍, കൈ രണ്ടു അമര്‍ത്തിയുരച്ച്‌ ചാണകം കളയുമ്പോള്‍, ഞാന്‍ അടുത്തു ചെന്നു..

"എന്തു പറ്റി കുട്ടമ്മാവാ... "

"തന്ത ആരാണെന്നറിയാന്‍ മേലാത്ത കുറെ കഴുവര്‍ടമക്കള്‍ ഇറങ്ങിയിട്ടുണ്ട്‌...ബാക്കിയുള്ളോനെ മെനക്കെടുത്താന്‍..... ഫ....അവനെ എന്‍റെ കൈയില്‍ കിട്ടിയാല്‍ ഇനി മേലാല്‍ മൂത്രം ഒഴിക്കാത്തവണ്ണം ആക്കിവിട്ടേനേ..ഫൂ.... "

നന്ദിനിപ്പശുവിന്‍റെ കന്നിപ്രസവത്തിന്‍റെ അന്ന് ചിറ്റൂരമ്പലത്തില്‍ ഉത്സവമായിരുന്നു. സ്വന്തം ഭാര്യ പ്രസവിച്ചാല്‍ പോലും, പൂഞ്ഞാറുകാരുടെ ബാലെ മിസ്സാക്കാത്ത കുട്ടനമ്മാവന്‍, ഇക്കാര്യത്തില്‍ അഡ്‌വൈസറായ എന്‍റെ അപ്പൂപ്പന്‍റെ അടുത്തുവന്നു ചോദിച്ചു

"എങ്ങനാ, ചെല്ലപ്പന്‍പിള്ളച്ചേട്ടാ... പശു പെറ്റല്ലോ.....ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.. "

ആക്കുന്ന കാര്യത്തില്‍ എന്‍റെ അപ്പൂപ്പന്‍ തന്നെയായ പുള്ളി, പറഞ്ഞു

"കയറെത്തുന്നില്ലേല്‍, എന്‍റെ പശൂന്‍റെ കയറും കൂടിയെടുത്ത്‌ ഏച്ചൂ കെട്ട്‌ കുട്ടാ... "

"പിള്ളച്ചേട്ടാ അതല്ല..ഇന്ന് ബാലെ ഇല്ലിയോ ചിറ്റൂരമ്പലത്തില്‍.. ഭക്തപ്രഹ്ളാദനാ കഥ.. പശു ഇങ്ങനെ പെറ്റുകിടക്കുമ്പോള്‍ എങ്ങനാ പോന്നേന്ന് ഓര്‍ക്കുമ്പോ..... "

"എന്നാ നമുക്ക്‌ പശൂനേം കൂടി കൊണ്ടുപോകാമെടാ... "

"പിള്ളേച്ചാ ഒരുമാതിരി പൂതനയെ മുലയൂട്ടാന്‍ പഠിപ്പിക്കല്ലെ.. സീരിയസായി ഒരു കാര്യം പറയുമ്പോഴാ, ചള്ളിയ തമാശ"

അപ്പൂപ്പന്‍റെ ഹൈക്കമാണ്റ്റ്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌, കുട്ടനമ്മാവന്‍റെ പ്രിയപത്നി സരസുവമ്മായിയെ പശുവിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ച്‌, രണ്ടുപേരും ഒരു ഹെല്‍പ്പറ്‍ എന്ന നിലയില്‍ ഞാനും കൂടി ചിറ്റൂരമ്പലം ലക്ഷ്യമാക്കി നടന്നു.

പെറ്റ പശുവിന്‍റെ മറുപിള്ള അഥവാ 'മാച്ച്‌' ഒരു പാളയില്‍ പൊതിഞ്ഞ്‌ കുട്ടനമ്മാവന്‍ മുന്നില്‍. തൊട്ടുപുറകെ ഞങ്ങള്‍.. എന്തുതന്നെ വന്നാലും 'മാച്ച്‌' അച്ചങ്കോവിലാറ്റില്‍ നിമജ്ജനം ചെയ്ത്‌, രാവിലെ കുളിക്കുന്ന ഏതെങ്കിലും കിളവിമാരുടെ പുലയാട്ട്‌ ഏറ്റുവാങ്ങിയേ അടങ്ങൂ എന്നതാണു അമ്മാവന്‍റെ അജന്‍ഡ..

പലതവണ അപ്പൂപ്പന്‍ പറഞ്ഞാതാണു "കുട്ടാ നീ അത്‌ കുഴിച്ചിട്‌"

"ഉ ഉം.... ആറ്റിലൊഴുക്കുന്നതാ പിള്ളേച്ചാ പുണ്യം...... "

കുണ്ടോമണ്‍ കടവിലേക്കുള്ള യാത്രമദ്ധ്യേ ആണു 'വാഹ്‌..മാച്ച്‌ലസ്‌ മാച്ച്‌' എന്ന് അട്ടഹസിച്ചു കുരച്ചു കൊണ്ട്‌ നാലുപട്ടികള്‍ അമ്മാവനെ അറ്റാക്ക്‌ ചെയ്യാന്‍ വന്നത്‌..

മരണ ഓട്ടം ഓടുന്നതിന്നിടയില്‍ പലതവണ അപ്പൂപ്പന്‍ വിളിച്ച്‌ പറഞ്ഞു ..."മാച്ച്‌ കള എന്‍റെ കുട്ടാ..."

ഞാനും വിളിച്ചു പറഞ്ഞു "അമ്മാവാ അതു കള...അല്ലേല്‍ ഇവറ്റകള്‍ നമ്മളെ കടിച്ചു കീറും.... "

"കളയും കളയും..കുറെ പുളിക്കും... കുട്ടന്‍ പിള്ളേടടുത്താ ഈ പട്ടിപ്പിള്ളേരെടെ കളി"

ഓടുന്നത്‌ ജസ്റ്റ്‌ ഒരു അണ്ടര്‍വെയറിന്‍റെ സപ്പോര്‍ട്ടില്‍ മാത്രമാണെന്ന സത്യം പോലും അറിയാതെ അമ്മാവന്‍ വിളിച്ചു പറഞ്ഞു.

'മാച്ചേതാ അമ്മാവനേതാ എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലാവുമല്ലോ ചിറ്റൂരപ്പാ ഇത്‌' എന്നോര്‍ത്ത്‌ ഞാന്‍ ഒരു പൊന്തയിലേക്കൊളിച്ചു.

ആദ്യം അമ്മാവനും, പുറകേ പട്ടികളും ആറ്റിലേക്കു ചാടിയെന്നാണു അപ്പൂപ്പന്‍ പറഞ്ഞത്‌.

'ഭക്തപ്രഹ്ളാദന്‍ ബാലെ' ക്യാന്‍സല്‍ ചെയ്ത്‌, ടോര്‍ച്ചുമായി കടവായ കടവെല്ലാം ഫുള്‍ നൈറ്റ്‌ തപ്പി ഒടുവില്‍ അപ്പൂപ്പനും ഞാനും അമ്മാവനെ കണ്ടെടുത്തു.. രണ്ടുകിലോമീറ്റര്‍ താഴെയുള്ള, കൊച്ചുവീട്ടില്‍ കടവില്‍,

'കൃഷ്ണാ...' എന്നു വിളിക്കുമ്പോള്‍ വായിലൂടെ ഫൌണ്ടന്‍ ചീറ്റിക്കൊണ്ട്‌ , കമ്പ്ളീറ്റ്‌ ബോഡി ചളുങ്ങിയാലും, മാച്ച്‌ മറ്റാര്‍ക്കും കൊടുക്കാതെ അച്ചങ്കോവിലാറ്റിനു തന്നെ സമര്‍പ്പിച്ച സാറ്റിസ്ഫാക്ഷനോടെ, നടുവെ പിളന്ന 'സീ ത്രൂ' വരയന്‍ അണ്ടര്‍വെയറ്‍ ധാരിയായി, നിര്‍വാണാവസ്ഥയില്‍.

കുട്ടനമ്മാവന്‍റെ ഏകമകള്‍ സൌദാമിനിച്ചേച്ചി, ആരും മൂന്നാമതൊന്നുകൂടി നോക്കിപ്പോകുന്നവളായിരുന്നു പണ്ട്‌.

കണ്‍മഷിയും ചാന്തും അണിയാതെതന്നെ കണ്ണുകളെ മാടിവിളിക്കുന്നവള്‍ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്‌. അമ്മൂമ്മ പറയാറുണ്ടായിരുന്നു "സൌദൂനെ കണ്ടാല്‍, പ്രാന്തന്‍ രാഘവന്‍ വരെ ശാന്തനാകും.. മദയിളകിയ ആനപോലും മദം മറക്കും...... "

എനിക്കും ഓര്‍മയുണ്ട്‌.. ഇടവപ്പാതിമഴയുടെ മണമായിരുന്നു സൌദാമിനിച്ചേച്ചിയുടെ മുടിയ്ക്ക്‌.

എന്നെ, മച്ചിങ്ങ കൊണ്ട്‌ തയ്യല്‍മെഷീന്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചതും, വാഴപ്പോളയില്‍ വെളിച്ചെണ്ണത്തിരിക്കരികൊണ്ട്‌ കണ്‍മഷിയുണ്ടാക്കന്‍ പഠിപ്പിച്ചതും, കടലാവണക്കിന്‍റെ തണ്ടൊടിച്ച്‌ കുമിളകള്‍ പറത്താന്‍ പഠിപ്പിച്ചതും സൌദാമിനിച്ചേച്ചിയായിരുന്നു. ഒരുപാടു കഥകള്‍ പറഞ്ഞുതന്നെ അക്ഷരങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ചതും..

മഷിത്തണ്ടിന്‍റെ മണമായിരുന്നു സൌദാമിനിച്ചേച്ചിയുടെ വാക്കുകള്‍ക്ക്‌...

പലരും കൊതിച്ച സൌദാമിനിച്ചേച്ചിയുടെ മനസ്‌ കവര്‍ന്നെടുക്കാന്‍, തലവടിയില്‍ നിന്ന് മനോഹരന്‍ പിള്ള എന്ന എല്‍.ഡി ക്ളാര്‍ക്കെത്തി, കോന്നി പഞ്ചായത്താഫീസില്‍.

കരമടയ്ക്കാന്‍ ചെന്ന ചേച്ചിയുടെ കരം കവരാന്‍ അയാള്‍ കൊതിച്ചു.. ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌. ദാവണി ചെരിപ്പിലുടക്കിയില്ലെങ്കിലും ചേച്ചി ഉടക്കിയതായി ഭാവിച്ച്‌ തിരിഞ്ഞു നിന്നു. 'ദര്‍ഭ മുന കാലില്‍ കൊണ്ടൂ പ്രിയാ... ' എന്ന് ചേച്ചിക്കും, 'പ്രിയമില്ലെങ്കില്‍ പിന്തിരിഞ്ഞെന്തിനു നിന്നു' എന്ന് ക്ളാര്‍ക്കിനും മനസില്‍ തോന്നി...

പിന്നെയാണു, കോന്നിതാഴത്തെ അലക്കിമറിച്ച, കുട്ടന്‍പിള്ള വേഴ്സസ്‌ മനോഹരന്‍ പിള്ള എപിസോഡിലെ സംഭവബഹുലമായ രംഗങ്ങള്‍ അരങ്ങേറുന്നത്‌.

കരിമ്പിന്‍ തോട്ടത്തോടു ചേര്‍ന്നുള്ള കലിങ്കില്‍, ഒരുകാല്‍ സൈക്കിള്‍ പെഡലിലും മറ്റേ കാല്‍ ഭൂമിയിലും കുത്തി, 'നിന്‍റെ വിരഹമോ, നിന്‍റച്ഛന്‍റെ പ്രഹരമോ ഏറ്റവും വേദനാജനകം ' എന്ന കണ്‍ഫ്യൂഷണ്‍, പിച്ചിപ്പൂവു പോലെ ചിരിക്കുന്ന സൌദാമിനിച്ചേച്ചിയെ പറഞ്ഞു മനസിലാക്കി കത്തുകള്‍ സൂപ്പര്‍ ഫാസ്റ്റായി കൈമാറുന്നത്‌, ഒന്നു രണ്ടു തവണ ഞാനും കണ്ടിട്ടുണ്ട്‌..

അമ്മാവന്‍ പലതവണ വാണിംഗ്‌ കൊടുത്തിട്ടുണ്ട്‌ ചേച്ചിക്ക്‌ 'ആ ചക്കാല നായരെ എന്‍റെ കണ്‍മുന്നില്‍ കണ്ടാല്‍.. ഒന്നീലവന്‍..അല്ലേല്‍ ഞാന്‍...ഓര്‍ത്തോ.... "

ഒരിക്കന്‍ കത്തു ട്രാന്‍സ്ഫര്‍ ചെയ്യുന്ന ശുഭമുഹൂര്‍ത്തത്തില്‍, ഒരുദിവസത്തെ കപ്പകൃഷി കാന്‍സല്‍ ചെയ്ത്‌ കരിമ്പിന്‍കാട്ടില്‍ മറഞ്ഞിരിക്കുകയായിരുന്ന അമ്മാവന്‍ "വുഡ്‌ ബീ മരുമോനേ കഴുവറ്‍ട മോനേ..." എന്ന് അലറി കലുങ്കിലേക്ക്‌ കുതിച്ചു വന്നു.

കരിമ്പിന്‍ കാട്ടില്‍ നിന്ന് അമ്മാവന്‍ കലുങ്കിലേക്കും, കലുങ്കില്‍ നിന്ന് മനോഹരന്‍ ചേട്ടന്‍, കരിമ്പിന്‍ കാട്ടിലേക്കും ട്രാന്‍സ്ഫര്‍ ആയി.

കരിമ്പോലയും ചൊറിതനവും മാറിമാറി സ്നേഹിച്ച കാമുകന്‍, രണ്ടുദിവസം അവധിയെടുത്തു. മൂന്നാം ദിവസം ചേച്ചിയോട്‌ പറഞ്ഞു

"ചൊറിഞ്ഞു ചൊറിഞ്ഞ്‌ ഊപ്പാടു വന്നു സൌദൂ... നിന്‍റെ തന്തേടെ തല്ലായിരുന്നു അതിലും ഭേദം... "

സൌദാമിനിയില്ലെങ്കില്‍ മരിക്കുമെന്ന് മനോഹരന്‍, മനോഹരന്‍ ഇല്ലെങ്കില്‍ മരിക്കുമെന്ന് സൌദാമിനി, എങ്കില്‍ പിന്നെ കാര്യങ്ങള്‍ ഈസിയായല്ലോ, രണ്ടിനേം ഞാനങ്ങു തട്ടിയേക്കാമെന്ന് കുട്ടനമ്മാവന്‍.. ഈ സ്ഥിതിയില്‍ കാര്യങ്ങള്‍ കൂഴച്ചക്കപോലെ കുഴഞ്ഞ്‌ മറിഞ്ഞു ആറേഴുമാസം കടന്നു.

അങ്ങനെയിരിക്കുന്ന ഒരു സന്ധ്യാനേരത്താണു, 'നമുക്കൊളിച്ചോടാം പ്രിയേ ' എന്ന ക്രൂഷ്യല്‍ സന്ദേശവുമായി മനോഹരന്‍ അവര്‍കള്‍, കലുങ്കിലെത്തിയത്‌.

കോടാലിയ്ക്ക്‌ പുതുതായി ഇടാനായി, കഴചെത്തി മിനുക്കുന്ന കുട്ടനമ്മാവന്‍, കഴസഹിതം പാഞ്ഞതും ഒരുമിച്ച്‌..

'നായിന്‍റെ മോനേ....; എന്ന അലര്‍ച്ച കേട്ടാണു, ബാലരമ വായിച്ചുകൊണ്ടിരുന്ന ഞാന്‍ പുറത്തേക്കിറങ്ങിയത്‌.

കഴയുമായി ഓടുകയാണു കുട്ടനമ്മാവന്‍..

പതിവില്ലാത്ത ധൈര്യം സംഭരിച്ച്‌ മനോഹരന്‍ ചേട്ടന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വക്കുന്നു...

'ഈശ്വരാ...." ഞാന്‍ ശരിക്കും ഭയന്നു.... അങ്കം മുറുകുന്നു.. ശംഖുനാദം ആള്‍റെഡി മുഴങ്ങിക്കഴിഞ്ഞു.

കഴയുമായി, കലുങ്കിലേക്കുള്ള പ്രയാണമദ്ധ്യേ, പാരയായി കിടന്ന, പായലില്‍ അറിയാതെ കുട്ടനമ്മാവന്‍ ചവിട്ടി... ഐസ്‌ സ്കേറ്ററെപ്പോലെ ഒരു സെക്കണ്ട്‌ തെന്നിനീങ്ങുന്നത്‌ ഞാന്‍ കണ്ടു. സ്കേറ്റിംഗില്‍ മുന്‍പരിചയമില്ലാത്തതുകൊണ്ട്‌, കഴ എവിടെ കുത്തണം, ടൈമിംഗ്‌ ഒ.കെയാണോ എന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടാഞ്ഞ്‌ , ചന്തിയോ, ചുമലോ ആദ്യം നിലത്തുക്കുത്തേണ്ടു എന്ന കണ്‍ഫ്യൂഷനില്‍ പുറകിടിച്ചു വീണു.

പത്രം വായിച്ചുകൊണ്ടിരുന്ന അപ്പൂപ്പന്‍ ഓടിച്ചെന്നപ്പോള്‍ "പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേപ്പോലെ ഫലിക്കുന്നളിയാ' എന്ന് ഞരങ്ങിക്കൊണ്ട്‌ അമ്മാവന്‍ കിടക്കുന്നു.

കട്ടിലില്‍ കിടത്തി, വെള്ളം കൊടുക്കുമ്പോള്‍, അപ്പൂപ്പനാണത്‌ പറഞ്ഞത്‌ .."പിള്ളാര്‍ക്കതാണാഗ്രഹം എങ്കില്‍ അതങ്ങ്‌ നടത്ത്‌ കുട്ടാ.... ഒന്നുമില്ലേലും അവന്‍ സര്‍ക്കാരുദ്യോഗസ്ഥനല്ലേ..... അല്ലെങ്കില്‍ നിന്‍റെ ചാക്കാലേം ഇവറ്റകളുടെ കെട്ടും ഒന്നിച്ചു കാണേണ്ടിവരും ഞങ്ങള്‍ക്ക്‌"

"ഡല്‍ഹീലിപ്പം നല്ല തണുപ്പാവും അല്ലേടേ....." അമ്മാവന്‍ എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

"അതേ അമ്മാവാ... പിന്നെ...സൌദാമിനിച്ചേച്ചീടെ വിവരമൊക്കെ ഉണ്ടോ... വരാറുണ്ടോ.. "

മറുപടിയായി ഒരു നെടുവീര്‍പ്പ്‌... "അവള്‍ ഇപ്പോ ഇവിടെയല്ലേ.... അകത്തുണ്ട്‌.. "

"സത്യം.....എന്നിട്ടിപ്പൊഴാണോ അമ്മാവാ പറയുന്നെ നല്ല കാര്യമായി.... "

അടുക്കളയിലെക്ക്‌ ശബ്ദമുണ്ടാക്കതെ ഞാന്‍ ചെന്നു.

രണ്ടുതരി ചോറെടുത്ത്‌, ഞെക്കി വേവുനോക്കി നില്‍ക്കുന്നു സൌദാമിനിച്ചേച്ചി..

"കോന്നിത്താഴത്തെ കൊന്നപ്പൂവ്‌ ഇവിടെയുണ്ടാരുന്നോ... "

ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി, എന്നെക്കണ്ട്‌ കണ്ണുകള്‍ വിടര്‍ത്തി..

"നീ.....നീ എപ്പോ വന്നെടാ......." എളിയിലേക്ക്‌ സാരിത്തലപ്പ്‌ കുത്തി അടക്കാനാവാത്ത സന്തോഷം മുഖത്ത്‌ വാരിനിറച്ച്‌. പറയുവാന്‍ ഒരുപാട്‌ വാക്കുകള്‍ തിരഞ്ഞ്‌, തിരഞ്ഞപ്പോള്‍ കിട്ടിയ വാക്കുകളില്‍ തൃപ്തി വരാഞ്ഞ്‌, പിന്നെയും തിരഞ്ഞ്‌.......

"നിനക്ക്‌, നിനക്ക്‌, എന്താ ഞാനിപ്പോ തരുന്നെ.... കട്ടന്‍ കാപ്പിയെടുക്കട്ടെ... ചക്കയുപ്പേരീമുണ്ട്‌... "

"വല്ല ചക്കപ്പുഴുക്കോ, മീന്‍കറിയോ ഉണ്ടെങ്കില്‍ എടുക്ക്‌ ചേച്ചീ......കുറെ നാളായി രുചിയോടെ വല്ലോം കഴിച്ചിട്ട്‌... "

ചക്കപ്പുഴുക്ക്‌ വിളമ്പുമ്പോള്‍ ഒന്നെനിക്കു മനസിലായി.. സൌദാമിനിച്ചേച്ചിയുടെ മുടിക്ക്‌ ആ പഴയ ഇടവപ്പാതിയുടെ മണമില്ല..വാക്കുകള്‍ക്ക്‌ മഷിത്തണ്ടിന്‍റെ മണമില്ല...

ഒരുപാടു കാര്യങ്ങള്‍ എന്നോട്‌ ചോദിക്കുമ്പോഴും, ഞാന്‍ പഴയ ആ പ്രസരിപ്പ്‌ തേടി തോല്‍ക്കുകയായിരുന്നു..

കുപ്പിവളക്കിലുക്കത്തിലെ ആര്‍ദ്രത ഉടയുന്നു...മനസിലെ കടലാവണക്കു കുമിളകള്‍, വിടരും മുമ്പേ പൊട്ടുന്നു..

"മനോഹരന്‍ ചേട്ടന്‍ എന്തു പറയുന്നു ചേച്ചി...എന്നാ ഇനി അങ്ങോട്ട്‌.. "

കട്ടന്‍ കാപ്പി ആറ്റി ചേച്ചി പറഞ്ഞു "നീ അപ്പോ അറിഞ്ഞില്ലേ..നിന്‍റെ സൌദാമിനിച്ചേച്ചി ഇപ്പോ ആരും ഇല്ലാത്തോളായി.... "

"എന്തനാവശ്യമാ ചേച്ചീ ഈ പറയുന്നെ....വട്ടാണോ.... "

"ഉം..എല്ലാം വട്ട്‌... കണ്ടതും കാണിച്ചതും എല്ലാം വട്ട്‌... "
ഒരിക്കല്‍ ഭ്രാന്തന്‍ രാഘവനെ പോലും ശാന്തമാക്കിയിരുന്ന ചിരി ഇന്ന് നരച്ചിരിക്കുന്നു.

കാപ്പി എന്‍റെ കൈയില്‍ തന്ന്, കോന്തല കൊണ്ട്‌, മുടിയിലെ ചാരം തുടച്ച്‌ പറഞ്ഞു

"മച്ചിപ്പശൂനെ അറക്കാന്‍ കൊടുക്കാം... മച്ചിപ്പെണ്ണിനെ അതിനും കൊള്ളില്ലല്ലോ....നീ ഇത്‌ കുടി. പുഴുക്കെങ്ങനെയുണ്ട്‌.. "

വായിലിട്ട പുഴുക്ക്‌ ഇറക്കാന്‍ വയ്യാതെ ഞാന്‍..

"സ്നേഹത്തിന്‍റെ മുന്നില്‍, ഇതൊക്കെ ഒരു പ്രശ്നമാണോ ചേച്ചീ... "

"അതു സ്നേഹത്തിന്‍റെ മുന്നിലല്ലേ... "

"പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത എന്തു പ്രശ്നമാ ചേച്ചീ ഈ ലോകത്ത്‌.. അണുയുദ്ധങ്ങള്‍ വരെ ഒരു മേശയ്ക്ക്‌ ചുറ്റുമിരുന്ന് ഒഴിവാക്കുന്നില്ലേ... ഞാന്‍ വേണേല്‍ ചേട്ടനോട്‌..... "

"ആയിരം അണുയുദ്ധങ്ങളേക്കാ വലുതാ കുട്ടാ, മനസുകള്‍ തമ്മിലുള്ള യുദ്ധം.... ബ്രോക്കര്‍ വിചാരിച്ചാല്‍ തീരുന്നതല്ല....ഒന്നോര്‍ത്താല്‍ അയാള്‍ എന്നെ കളഞ്ഞത്‌ നന്നായി..." പാത്രം കഴുകിക്കൊണ്ട്‌ ചേച്ചി പറഞ്ഞു " പാവം അച്ഛന്‍ ഒറ്റയ്ക്കല്ലേ ഇവിടെ.. ഇനി അച്ഛനു കൂട്ടായി ഞാനെങ്കിലും ഉണ്ടാവുമല്ലോ.. "

തിരിക്കുന്നതിന്‍റെ തലേ ദിവസം ഒരിക്കല്‍ കൂടി സൌദാമിനിച്ചേച്ചിയെ കണ്ടു...

ചേച്ചി കരഞ്ഞില്ല..ചിരിച്ചുമില്ല...

വാടിയ തെച്ചിപ്പൂപൊലെയുള്ള മിഴികള്‍

"നീ ഇടയ്ക്കൊക്കെ ഇതുവഴി വരണം.. ബാക്കിയുള്ളവരൊക്കെ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പോലും സമയം തികയാതെ പായുമ്പോള്‍, മറ്റുള്ളവര്‍ക്ക്‌ വേണ്ടി അല്‍പം സമയം മാറ്റിവക്കുന്നത്‌ നീ മാത്രമാ, നമ്മുടെ കുടുംബത്തില്‍.. പിറക്കാതെ പോയ ഒരു അനുജനെ ഉള്ളൂ എനിക്ക്‌... അത്‌ നീയാണു.. "

"ഇതു കുറച്ച്‌ ചാമ്പയ്ക്ക അച്ചാറാ...." കൈയിലെ കുപ്പി നീട്ടി ചേച്ചി പറഞ്ഞു "പണ്ടേ നീ ഒരു ചാമ്പയ്ക്ക കൊതിയനല്ലേ..."

പിന്നെ ഒരു മൌനം

"വേണ്ടപ്പെട്ടവരൊക്കെ എന്നെ ഒറ്റയ്ക്കാക്കി പോകുമ്പോള്‍ ഒരു ചോദ്യമേ ഉള്ളൂ എനിക്ക്‌, എന്നാ എന്‍റെ നെഞ്ചിടിപ്പും എന്നോട്‌ പിണങ്ങി പോകുന്നേന്ന്..... "

എവിടുന്നോ ഒരു ഇടവപ്പാതി ഇരമ്പിവരുന്നപോലെ തോന്നി എനിക്ക്‌.

പാവാടക്കുമ്പിള്‍ നിറയെ ചാമ്പയ്ക്കാ വാരി, മഴയെ ഗൌനിക്കാതെ, കൈയാലവക്കില്‍ നിന്ന്, എന്നെ മാടി മാടി വിളിക്കുന്നു സൌദാമിനിച്ചേച്ചി... മഷിത്തണ്ടുമണക്കുന്ന വാക്കുകളുമായി....

ഫോണിലൂടെ നാട്ടുവിശേഷം പറയുന്ന കൂട്ടത്തില്‍ കഴിഞ്ഞ ദിവസവും അമ്മ പറഞ്ഞു

'സൌദാമിനി ഇപ്പോള്‍ ചിരിക്കാറുമില്ല...കരയാറുമില്ല... "================
ഔട്ട്‌ ഓഫ്‌ സിലബസ്‌:

(പ്രിയമുള്ള ബൂലോക സുഹൃത്തുക്കളേ.. ഈെ പോസ്റ്റിട്ടിട്ട്‌, ഞാന്‍ നാട്ടിലേക്ക്‌ പോവുകയാണു. എന്‍റെ രണ്ടാമത്തെ കുഞ്ഞ്‌, ഭൂമിയിലേക്ക്‌ ലാന്‍ഡ്‌ ചെയ്യാന്‍ തുടങ്ങുന്നു. തന്തയെപ്പോലെ ഒരു താന്തോന്നി എന്ന പേരുദോഷം കിട്ടാതിരിക്കാന്‍ വേണ്ടി, പ്രിയവായനക്കാരെല്ലാവരും അവള്‍ക്കുവേണ്ടി/അവനുവേണ്ടി ആത്മാര്‍ഥമായി അറഞ്ഞ്‌/അറിഞ്ഞ്‌ ഒന്നു പ്രാര്‍ത്ഥിച്ചേക്കണേ.... )

Tuesday, 4 September 2007

അപ്പോഴും പറഞ്ഞില്ലേ....ഇതുവേണ്ടാ...ഇതുവേണ്ടാന്ന്......

പലതവണ പഞ്ചറൊട്ടിച്ച ട്യൂബുപോലെ, ഉടനെ മാറേണ്ടിവരും, മാറേണ്ടിവരും എന്ന ഫോര്‍കാസ്റ്റോടെ എന്‍റെ പ്രോഗ്രാമിംഗ്‌ സ്കില്‍സ്‌ ഒരു വഴിയിലായിരിക്കുന്ന രണ്ടായിരത്തി രണ്ടിലെ ആദ്യപകുതി. തലച്ചോറിലെ സുപ്രധാന സെല്ലുകളില്‍, ഉരുട്ടല്‍, ഈര്‍ക്കില്‍ പ്രയോഗം, ഇല്ലാക്കസേരയില്‍ ഇരുത്തല്‍ ഇത്യാദി മൂന്നാം മുറകള്‍ക്ക്‌ സ്കോപ്പുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശനിദശക്കാലം. 'ഇനി ഇവനെ കോഡിംഗ്‌ ഏല്‍പ്പിച്ചാല്‍ എന്‍റെ മുഖം ക്ളയന്‍റുകള്‍ കോടിയ്ക്കും' എന്ന് വെളിപാടുണ്ടായ ബോസിന്‍റെ ശുക്രദശക്കാലം. ഒരു പത്തുമണിയ്ക്കാണു, വി.എം.ദോഷി എന്ന മഹാരാഷ്ട്രക്കാരന്‍ വിവരദോഷി എം.ഡി എന്നെ കാബിനില്‍ വിളിപ്പിച്ചത്‌.

ടാര്‍ജറ്റ്‌ ഡേറ്റിനും പ്രോഗ്രസ്‌ റേറ്റിനും ഇടയിലുള്ള മാനാഞ്ചിറ മൈതാനം പോലുള്ള ഗ്യാപ്‌ കാണിച്ച്‌ അമ്മാവന്‍ പറഞ്ഞു
"നൌ യു സ്റ്റാര്‍ട്ട്‌ ലൂക്കിംഗ്‌ ആഫ്റ്റര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌വര്‍ക്കിംഗ്‌.... അസ്‌ യൂ നോ, ഇറ്റ്‌ വില്‍ ബീ എ മോര്‍ റെസ്പോണ്‍സബിള്‍ പ്രൊഫൈല്‍... നൌ ആര്‍ യൂ ഹാപ്പി.. ?

കൊള്ളാം ഹാപ്പിയാണോന്നോ...ഹെഡ്‌മാസ്റ്ററെ വിളിച്ച്‌, 'നാളെമുതല്‍ നീ മണിയടിച്ചോ, പിന്നെ ടീച്ചേഴ്സിനൊക്കെ ചായയും വിളമ്പിക്കോ, സന്തോഷമായല്ലോ' എന്നു ചോദിക്കുന്നപോലെ അല്ലേ ഇത്‌. എപ്പോ ഹാപ്പിയായെന്ന് ചോദിച്ചാ പോരെ അമ്മാവാ.

മഹാരാഷ്ടയിലെങ്ങാണ്ടിരുന്നു ഹുക്ക വലിക്കുന്ന തന്ത ദോഷിക്കിട്ട്‌, വോള്‍ട്ടേജ്‌ കൂട്ടി രണ്ടു തെറി മനസില്‍ പറഞ്ഞു ഞാന്‍ വെളിയിലിറങ്ങി.

"തൊട്ടാശ്ശേരി എരിശ്ശേരിക്ക്‌
ചട്ടുകമായിക്കൂടീടേണം
കടുകശ്ശേരി കടുകു വറുക്ക
വേങ്ങാശ്ശേരി തേങ്ങ വറുക്ക"
എന്ന രീതിയില്‍, ഓരോ നമ്പൂതിരിക്കും ഓരോജോലി പറഞ്ഞിട്ടുണ്ട്‌ എന്ന് പണ്ട്‌ കുഞ്ചന്‍ നമ്പ്യാര്‍ പാടിയതു വല്ലതും, ബിസിനസ്‌ എക്കണോമി പുസ്തകം മാത്രം വായിച്ചിട്ടുള്ള ഈ കിളവനറിയാമോ.. ഹാര്‍ഡ്‌വെയറിനെപറ്റി ഒരു കുന്തവും അറിയാത്ത ഞാന്‍ എങ്ങനെ ഇത്‌ ഹാന്‍ഡില്‍ ചെയ്യും അയ്യപ്പാ...ഫോര്‍കാസ്റ്റ്‌ എനിക്ക്‌ മനസിലായി.. അധികം താമസിയാതെ ബയോഡേറ്റയുമായി തെരുവിലിറങ്ങേണ്ടിവരും എനിക്ക്‌.. കിളവന്‍ അതിനുള്ള സെറ്റപ്പ്‌ ഒരുക്കിത്തുടങ്ങി...

സ്ഥാവര ജംഗമ വസ്തുക്കളായ ഒരുപിടി ഫയലുകള്‍, നോട്ട്‌ പാഡുകള്‍, പെന്‍സ്റ്റാന്‍ഡ്‌, ഇനി എഴുതാനുദ്ദേശിക്കുന്ന കഥകളുടെ സ്പാര്‍ക്കുകള്‍ രേഖപ്പെടുത്തിയ യെല്ലോ സ്റ്റിക്കേഴ്സ്‌ തുടങ്ങിയവയ കൈയിലെടുത്ത്‌, ഞാന്‍ പഴയ സീറ്റിനോട്‌, "വിട എന്‍റെ വിഷ്യല്‍ബേസിക്‌ വിന്‍ഡോയേ..വിട മടുപ്പിക്കും ഡീബെഗ്‌ വിന്‍ഡോയേ" എന്ന വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി, പുതിയ നെറ്റ്‌വര്‍ക്കിംഗ്‌ റൂമിലേക്ക്‌ വലതുകാലെടുത്തു വച്ചു..

"ഗുഡ്‌മോണിംഗ്‌ അണ്ണാ..... ബെസ്റ്റ്‌ വിഷസ്‌......"

അശരീരി കേട്ട്‌ ഞാന്‍ ചുറ്റിനും നോക്കി... ആരാ ഈ ശുഭമുഹൂര്‍ത്തത്തില്‍ എന്നെ 'അണ്ണാ' എന്ന് വിളിക്കുന്ന കടുംവെട്ട്‌?

നെറ്റ്‌വര്‍ക്ക്‌ റൂമിന്‍റെ വലത്തെ മൂലയില്‍, റബര്‍പാലുപോലെ ചിരിച്ചുകൊണ്ട്‌ ദാ ഇരിക്കുന്നു സണ്ണിക്കുട്ടി..

"എടാ അനിയാ സണ്ണി നീ ഇവിടെ..... ?"

"ഞാനും അണ്ണനെപ്പോലെ തന്നെ... പറപ്പന്‍ പെര്‍ഫോമന്‍സ്‌ കാരണം പ്രോമോഷന്‍ കിട്ടിയ വേറൊരു പ്രജ.....". 'ഹാര്‍ഡ്‌വെയര്‍ ഫോര്‍ ഡമ്മീസ്‌' എന്ന പുസ്തകം മടക്കിവച്ച്‌ സണ്ണിക്കുട്ടി പറഞ്ഞു.

"എടാ നീ ഇന്നലെവരെ അക്കൌണ്ട്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലല്ലാരുന്നോ... നിന്നേ ആരാ ഇങ്ങോട്ട്‌ തട്ടിയത്‌.. അക്കൌണ്ട്സും കമ്പ്യൂട്ടറും തമ്മില്‍ എന്തു ബന്ധം അനിയാ........ ?"

"എന്‍റെ അണ്ണാ, എന്‍റെ ബയോഡേറ്റായില്‍ കഷ്ടകാലത്തിനു ഞാന്‍ പണ്ട്‌ മൂന്നുമാസം ഹാര്‍ഡ്‌വെയര്‍ പഠിച്ചെന്ന കാര്യം എഴുതിവച്ചിരുന്നു.. അക്കൌണ്ട്സിലെ ശാലിനി എന്നോട്‌ ചോദിച്ചു, നിനക്കു ഗേറ്റിനു പുറത്തു പോകണോ അതോ, ഹാര്‍ഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പോകണോന്ന്.. അപ്പോ നാച്ചുറലി ഞാന്‍ ഇത്‌ സെലക്ട്‌ ചെയ്തു... ഏതായാലും ഞാന്‍ ഹാപ്പിയാ അണ്ണാ.. അണ്ണനല്ലേ എന്‍റെ ബോസ്‌.. അണ്ണന്‍റെ തമാശയൊക്കെ ഇനി കുറെ കേള്‍ക്കാമല്ലോ... "

ഈശ്വരാ.. ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌.. ഇന്നലെവരെ വൌച്ചര്‍ ഉണ്ടാക്കിയവനെയാണു ഇനി 'റാം', 'പ്രോസസര്‍' മുതലായവ ഞാന്‍ ഏല്‍പ്പിക്കാന്‍ പോകുന്നത്‌. 'റാം ലക്ഷ്മണ്‍ ബന്‍ ജായേഗാ...ലക്ഷ്മണ്‍ റാം ബന്‍ജായേഗാ....ബ്രിജ്‌വിഹാര്‍ അയ്യപ്പാ...എന്‍റെ ഇനിയുള്ള കാലം നിന്‍റെ കൈയില്‍.... പെണ്ണുകെട്ടിയതുകൊണ്ട്‌ ഈ ഗാംബ്ളിംഗില്‍ തല്‍ക്കാലം അരക്കൈ നോക്കിയേ പറ്റൂ...... മിന്നുകെട്ടിയവളെ പട്ടിണിക്കിടുന്നത്‌ ക്രൂരതയല്ലേ.. 'നീ ഉടുത്തില്ലേലും അവളെ ഉടുപ്പിക്കണമെന്നേ' കര്‍ത്താവു പറഞ്ഞിട്ടുള്ളൂ.. ഉടുപ്പിക്കാനുള്ള വകയെപ്പറ്റി പുള്ളി കമാ എന്നു മിണ്ടിയിട്ടില്ല...

പുതിയ സീറ്റില്‍ സാധനങ്ങള്‍ ഒക്കെ വച്ചശേഷം ഞാന്‍, സണ്ണിക്കുട്ടിയെ കാര്യമായി ഒന്നു പരിചയപ്പെടാം എന്ന് തീരുമാനിച്ചു.

പുതുതായി ഒരാളെ പരിചയപ്പെടുക എന്ന കാര്യത്തില്‍ പണ്ടുതൊട്ടേ എനിക്കൊരു ഹിഡണ്‍ അജന്‍ഡയുണ്ട്‌. സ്പാര്‍ക്ക്‌...ദാറ്റ്‌സാള്‍.. പുതുമുഖത്തിന്‍റെ ജീവിതത്തില്‍ ചിരിച്ചതും കരഞ്ഞതുമായി അനര്‍ഘനിമിഷങ്ങള്‍ ചൂണ്ടിയെടുത്ത്‌, അഞ്ചാറു കഥയ്ക്കുള്ള സ്കോപ്പുണ്ടാക്കുക.. സ്പാര്‍ക്ക്‌ മതി..ബാക്കി മൂകാംബിക സംഘടിപ്പിച്ചു തരും..

"സണ്ണിക്കുട്ടീ.... പറ... എന്തുണ്ട്‌ വിശേഷം..വീട്ടില്‍ ആരൊക്കെ...അപ്പന്‍, അമ്മ ഇവരൊക്കെ... നാട്ടില്‍ എവിടെ.... നാട്ടില്‍ പോകാറുണ്ടോ..അവിടെ വല്ല്യപ്പച്ചന്‍ കാണുമല്ലോ...പുള്ളി ആളെങ്ങനെ.." പതുക്കെ ഞാന്‍ അടുത്തു കൂടി..

പറഞ്ഞുവന്നപ്പോഴാണു മനസിലായത്‌. സണ്ണിക്കുട്ടിക്ക്‌ തരാന്‍ ആകെപ്പാടെ ഒരേ ഒരു സ്പാര്‍ക്കേയുള്ളൂ കൈയില്‍.. അത്‌ അവന്‍റെ അപ്പന്‍റെ ഒരു വീക്ക്‌നെസിനെ പറ്റി മാത്രം. കഴിഞ്ഞ ഇരുപത്തെട്ടു വര്‍ഷമായി വളരെ ആക്ടീവായി കൊണ്ടുനടക്കുന്ന ആ വീക്ക്‌നെസിനെപറ്റി മാത്രം.

"അണ്ണാ..എന്‍റെ അച്ചാച്ചനു ഒരേ ഒരു വീക്ക്‌നെസേയുള്ളൂ... പൊട്ടുന്ന ചിട്ടിക്കു ചേരുക.. എന്നിട്ട്‌, ചിട്ടി പൊട്ടിയ വിവരം അറിയാതെ, അതു പിടിക്കാന്‍ പൊട്ടിയതിന്‍റെ പിറ്റേ മാസം ചെല്ലുക.... "

"അപ്പച്ചന്‍റെ ഈ വീക്ക്‌നെസ്‌ കാരണം, ഞങ്ങളുടെ കമ്പ്ളീറ്റ്‌ ഫാമിലി ബാക്ക്‌ഗ്രൌണ്ട്‌ വീക്കായി.. അപ്പച്ചനെ വീക്കാനാരുമില്ലാത്തതുകൊണ്ട്‌ ഈ വീക്ക്‌നെസിനൊരു കാറ്റുവീഴ്ച വരുന്നുമില്ല..ഇന്നലെയും ചേര്‍ന്നൊരു ചിട്ടിക്ക്‌..എപ്പോ പൊട്ടുമെന്ന് ചോദിച്ചാ മതി... "

കൂടുതല്‍ സ്പാര്‍ക്കിനുള്ള സ്കോപ്പില്ലാത്തതിനാല്‍, ഇനി പണിയ്ക്ക്‌ ഇവന്‍ വല്ല സഹായവും ആവുമോ എന്നറിയാന്‍ ഞാന്‍ ഒരു മൈനര്‍ ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചു..

ഹാര്‍ഡ്‌വെയര്‍ പഠിച്ചവനല്ലേ..ഒന്നളന്നു കളയാം..ആറ്റില്‍ കളയാനാണേലും അളന്നു കളയണമെന്നല്ലേ...

"സണ്ണീ.. സപ്പോസ്‌..ഒരു കമ്പ്യൂട്ടര്‍ ബൂട്ടാവുന്നില്ല.. ഐ മീന്‍..ഓണാവുന്നില്ല.. ആദ്യം നീ എന്തു ചെക്കു ചെയ്യും... എസ്‌.എം.പി.എസ്‌, മദര്‍ബോര്‍ഡ്‌, റാം, പ്രോസസര്‍... തുടങ്ങിയവയില്‍ ആദ്യം നീ എന്തു ടെസ്ട്‌ ചെയ്യും... ?" സണ്ണി

പൂവിറുക്കുന്ന പോലെ കീഴ്ത്താടി ഉഴിഞ്ഞു പറഞ്ഞു "അണ്ണാ, കമ്പനിയില്‍ കറണ്ടുണ്ടോ എന്ന് ആദ്യം ചെക്ക്‌ ചെയ്യും......... "

'ഇവന്‍ പെരുന്തച്ചന്‍റെ പിടലിക്ക്‌ വീതുളി കേറ്റുന്ന ഇനം തന്നെ.... എന്‍റെ കാര്യം കത്തിത്തീര്‍ന്ന മത്താപ്പൂവിന്‍റെ ബേസ്‌ പോലെ വേസ്റ്റ്‌... '

ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ അങ്കം ആരംഭിച്ചു.. ഞാനും സണ്ണിക്കുട്ടിയും, സിസ്റ്റം മാനേജര്‍ സുഖ്‌ദേവ്‌ സിംഗ്‌ അട്‌വാള്‍ എന്ന സര്‍ദാര്‍ജി ബോസും.

സുഖ്‌ദേവ്‌ സിംഗിനു ആകെയുള്ള ഹാര്‍ഡ്‌വെയര്‍ പരിഞ്ജാനം, എങ്ങനെ മോണിറ്റര്‍ ഓണ്‍ ആക്കാം എന്നതു മാത്രം. നൂറ്റിയമ്പത്‌ കമ്പ്യൂട്ടറിന്‍റെ സ്മൂത്ത്‌ ഫംഗ്ഷനിംഗ്‌, ഗുരുനാനാക്കിന്‍റെ കൃപ ഒന്നുകൊണ്ട്‌ മാത്രം വലിയ ചളുക്കുകളില്ലാതെ ഒന്ന് രണ്ട്‌ മാസം സിംഗിന്‍റെ അണ്ടറില്‍, അതിന്‍റെ താഴെയുള്ള എന്‍റെ അണ്ടറില്‍, എന്‍റെയും താഴെയുള്ള സണ്ണിക്കുട്ടിയുടെ അണ്ടറില്‍ ഇഴഞ്ഞു നീങ്ങി..

ആനുവല്‍ മെയിന്‍റനന്‍സ്‌ കോണ്ട്രാക്റ്ററ്‍ എന്ന 'എ.എം.സി' വാല, 'എന്‍ജിനീയറെ നാഴികയ്ക്ക്‌ നാപ്പതുവട്ടം വണ്ടിക്കൂലി കൊടുത്ത്‌ അങ്ങോട്ട്‌ വിടുന്നതിലും നല്ലത്‌ ഒരുത്തനെ സ്ഥിരമായി അവിടെയിരുത്തുന്നതാ ' എന്ന് വെളിപാടുണ്ടായി ഒരു ബീഹാറിപ്പയ്യനെ 'റെസിഡണ്റ്റ്‌ എന്‍ജിനീയറായി' വച്ചതുകൊണ്ട്‌, ചീത്തവിളിയുടെ റെസൊല്യൂഷന്‍ അല്‍പം കുറഞ്ഞുകിട്ടി.

'പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണി, എന്നാ നീ നെല്ലുകൂടി കുത്തിക്കോ' എന്ന് പറഞ്ഞമാതിരി ഒരു എക്‌സ്ട്രാ ഉത്തരവാദിത്തം കൂടി മണ്ടയ്ക്ക്‌ ഏല്‍പ്പിക്കാന്‍, ദോഷി അമ്മാവന്‍ എന്നെയും, ബോസ്‌ സുഖ്‌ദേവ്‌ സിംഗിനേയും കാബിലിനേക്ക്‌ വിളിപ്പിച്ചു..

"ഇനി യു.പി.എസും നിങ്ങളുടെ അണ്ടറിലായിരിക്കും... ഹാപ്പിയായില്ലേ...." ദോഷിജി ചോദിച്ചു.

യു.പി.എസ്‌ ഒന്ന് എക്സ്‌പാന്‍ഡ്‌ ചെയ്യാന്‍ പറഞ്ഞാല്‍, 'ഉസ്കാ പേട്‌ സുഖ്‌' എന്ന് സര്‍ദാറും 'അങ്കിളേ പരമ ശുംഭാ' എന്ന് ഞാനും പറയും. അത്രയും അഗാധ അറിവാണിതിനേപറ്റി..

"യാ........ ഐ ആം ഹാപ്പി....." സര്‍ദാര്‍ തലകുലുക്കി പറഞ്ഞു..

'ഈ കുശവന്‍ ഹാപ്പിയാണെങ്കില്‍ പിന്നെ എന്‍റെ കാര്യം പറയണോ...... '
"വെരി ഹാപ്പി സാര്‍......" ഞാനും പറഞ്ഞു... ഇന്‍ക്രിമെന്‍റിനു മൂന്നു മാസംകൂടിയേ ഉള്ളൂ... പറ്റില്ലാ എന്ന് പറഞ്ഞാല്‍, പൂജ്യത്തിന്‍റെ എണ്ണം ക്രമാതീതമായി കുറയും..

പുതിയ പ്രെസ്‌റ്റീജിയസ്‌ ചുമതലകൂടിയേറ്റെടുത്ത്‌ ഞങ്ങള്‍ രണ്ടാളും യു.പി.എസ്‌. റൂമിലേക്ക്‌ കടന്നു.

"പണ്ട്‌ മെക്കാളെ പ്രഭു, മുതലാളിക്ക്‌ ഗിഫ്റ്റ്‌ കൊടുത്തതാണോ അയ്യപ്പ ഇത്‌." പത്തായം പോലെയുള്ള മൂന്നു ഓണ്‍ലൈന്‍ യു.പി.എസ്‌. മുകളിലെ റാക്കില്‍ അടുക്കിവച്ചിരിക്കുന്ന എണ്ണിയാല്‍ തീരാത്തത്ര ബാറ്ററികള്‍.. ടെര്‍മിലനിലാകെ ഉരുണ്ടുകൂടിയിരിക്കുന്ന ക്ളാവ്‌.. ഈശ്വരാ.. എന്താണാവോ ഇതിന്‍റെ ടെക്നോളജി.. ഇതും ഗുരുനാനാക്ക്‌ തുണച്ച്‌ കുറെനാള്‍ ഓടണേ കര്‍ത്താവേ...

"സാറിനിതേ പറ്റി വല്ലതു അറിയാമോ..." താടിചൊറിഞ്ഞ്‌ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്ന സര്‍ദാറിനോട്‌ ഞാന്‍ ചോദിച്ചു..

"ഹോജായേഗാ യാര്‍......" ഹോ എന്തൊരു കോണ്‍ഫിഡന്‍സ്‌.. ആണുങ്ങളായാല്‍ ഇങ്ങനെ വേണം..

സര്‍ദാര്‍ എന്നോട്‌ ചോദിച്ചു "യാര്‍ ഇത്‌ കേടായാല്‍ എന്തു ചെയ്യും നമ്മള്‍?" സര്‍ദാറല്ലേ.. വിവരം വച്ചപ്പോള്‍ അല്‍പം ഡിലെ ആയി..

"ഹോജായേഗാ സാര്‍...." ഞാനും പറഞ്ഞു..

"സാര്‍.. നമുക്ക്‌ സണ്ണിയെക്കൂടി ഉള്‍പ്പെടുത്തിയാലോ..ഈ ജാംബവാന്‍ ഓപ്പറേഷനില്‍" ഞാനൊരു സജഷന്‍ പുട്ടപ്പ്‌ ചെയ്തു..

"നഹി നഹി...ഉള്ള കമ്പ്യൂട്ടര്‍ കേടാക്കാന്‍ പോലും അവനു സമയം തികയുന്നില്ല.... ബോത്‌ ഓഫ്‌ അസ്‌ വില്‍ മനേജ്‌ ദിസ്‌.... ഒകെ... ?"

"ഡബിള്‍ ഒ.കെ.. " കത്തിപ്പോയാല്‍ കുത്തിനു പിടിച്ചേക്കല്ല്..ഇപ്പൊഴേ പറഞ്ഞേക്കാം...

"ഡോണ്ട്‌ വറി യാര്‍..കാളിചരണ്‍ ഹേ നാ.." സര്‍ദാര്‍ ആശ്വാസം പ്രകടിപ്പിച്ചു..

കര്‍ത്താവേ..ആ അറുപതുകാരന്‍ ഇലക്ട്രീഷന്‍ കാളിചരണോ... ഫേസും ന്യൂട്രലും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ചാല്‍ 'അങ്ങനെ പ്രത്യേകിച്ച്‌ വ്യതാസം ഒന്നുമില്ല സാറെ..ഫേസ്‌ ചിലപ്പോള്‍ ന്യൂട്രല്‍ ആവും , മറിച്ചും ആവും' എന്നു പറയുന്ന ആ പമ്പര വിഡ്ഡിയോ.. പഷ്ട്‌....

അങ്ങനെയിരിക്കെ ഒരു സായംകാലത്ത്‌, ഏകദേശം ഒരു അഞ്ചുമണിക്കാണു, യു.പി.എസ്‌ റൂമിലെ വയറുകള്‍ കത്തിയത്‌.. കാരണം അജ്ഞാതം..

ഞാനും സര്‍ദാറും, കരി ഓയിലിന്‍റെ നിറമുള്ള കാളിചരണും കൂടി യു.പി.എസ്‌ റൂമിലേക്ക്‌ അറഞ്ഞു പാഞ്ഞു. ഇന്‍പുട്ട്‌ വയറുകള്‍ പുകഞ്ഞു പോയിരിക്കുന്നു..

നൈറ്റ്‌ ഡ്യൂട്ടി ഉള്ളതാണു.. എത്രയും പെട്ടെന്ന് ശരിയാക്കണം.. ഇല്ലെങ്കില്‍ പ്രോജക്ട്‌ മുടങ്ങും.. ടാര്‍ജറ്റ്‌ ചീറ്റും. തെറിവിളികള്‍, മെക്സിക്കന്‍ വേവുപോലെ ക്ളയണ്റ്റ്‌ വഴി, ദോഷിവഴി, സര്‍ദാര്‍ വഴി, ഞാന്‍ വഴി, കാളിചരണില്‍ അലിഞ്ഞുചേരും.. ശരിയാക്കിയേ പറ്റൂ.... ഇല്ലെങ്കില്‍ എന്തും സംഭവിക്കും.. യു.പി.എസിനു എ.എം.സി കൊടുത്തിട്ടില്ല.. രക്ഷിക്കാന്‍ ആരുമില്ല..

നാലുബോള്‍, ഇരുപത്തിനാലു റണ്ണ്‍, ലാസ്റ്റ്‌ വിക്കറ്റ്‌ എന്ന ടാര്‍ജറ്റില്‍ കളിക്കുന്ന ക്രിക്കറ്റ്‌ ടീം പോലെ വിളറി നിന്നു ഞങ്ങള്‍.

ഡേ ഡ്യൂട്ടി കഴിഞ്ഞ്‌ എല്ലാവരും മടങ്ങുന്ന സമയം.

എച്ച്‌.ആര്‍. മാനേജര്‍ ജസ്മീത്‌ കൌര്‍, കുണുങ്ങിക്കുണുങ്ങി വന്നു

"സുഖ്‌ ദേവ്‌...ജല്‍ദി ഠീക്‌ കര്‍വാദോ.. എം.ഡി. ദേഷ്യപ്പെട്ടിരിക്കുവാണു.. ഞാനിറങ്ങുന്നു... "

അടിമുടി ഗോതമ്പുനിറമുള്ള ജസ്മീതിനെക്കണ്ടാല്‍ സാധാരണ ചുണ്ടില്‍ വരാറുള്ളത്‌ "കൈകളില്‍ മൃഗമദ തളികയുമായി നീ....ഏകയായ്‌ മുന്നില്‍ വരുമ്പോള്‍.." എന്ന വരികളാണു..ഇന്നാദ്യം "ഒരിടത്തു ജനനം ഒരിടത്തു മരണം ചുമലില്‍ ജീവിതഭാരം' എന്നതു വന്നു...ഈശ്വരാ..

പുകഞ്ഞ വയറുകള്‍ക്ക്‌ പകരമായി പുതിയ വയറും പിടിച്ച്‌, യു.പി. എസിനു മുകളിലായി വയറിനുള്ളില്‍ കാളലുമായി ദാ നില്‍ക്കുന്നു കാളിചരണ്‍..

ബാറ്ററിയില്‍ നിന്നും യു.പി.എസിലേക്കുള്ള കണക്ഷന്‍.. പോസിറ്റീവും നെഗറ്റീവും മാറിപ്പോയാല്‍, സംഗതി തരികിട.. ഇത്രയും മാത്രം എനിക്കറിയാം.. അതു കാളിചരണുമറിയാം.. ആ നോട്ടം കണ്ടപ്പൊഴേ എനിക്കതു മനസിലായി

"ലഗാവോ യാര്‍...ശക്കല്‍ ക്യാ ദേഖ്‌രേ..." സര്‍ദാര്‍ ടെന്‍ഷന്‍ കാരണം ഒന്നു ചൂടായി..

"സാര്‍ .. അതുവേണോ... പോസിറ്റീവും നെഗറ്റീവും അവനിതുവരെ പിടികിട്ടിയിട്ടില്ല..." ഞാന്‍ ഒരു വാണിംഗ്‌ കൊടുത്തു..

ഉടനെ സര്‍ദാറിന്‍റെ മൊബൈല്‍ കിണുങ്ങി.. കെട്ടിയവാളാകും.. സര്‍ദാറിണിക്ക്‌ കൊഞ്ചാന്‍ പറ്റിയ സമയം..

അഴിഞ്ഞ ഷൂവിന്‍റെ ലേസുകെട്ടാന്‍, വലത്തെ കാലെടുത്ത്‌ ഒരു സ്റ്റൂളില്‍ വച്ച്‌, മൊബൈല്‍ ഫോണ്‍, ചെവിക്കും ഒരു തോളിനും ഇടയില്‍ വച്ച്‌, സിംഗ്‌, സംഭാഷണം തുടങ്ങി..

"ചിക്കന്‍ കൊണ്ടുവരാനോ..നഹി നഹി..ഇന്നു ചിക്കന്‍ വേണ്ടാ.... സാഹി പനീര്‍ മതി..."
ഓ...അടുക്കള വിശേഷമാണോ നാനാക്കേ..

സര്‍ദാര്‍ കുനിഞ്ഞു നിന്ന്, ലേസു കെട്ടി, തോളിലെ ഫോണുമായി ഫാമിലി മാറ്റേഴ്സ്‌ തുടരുന്നു.


'എന്തും വരട്ടെ അല്ലേ..' എന്ന അര്‍ഥത്തില്‍ കാളിചരണ്‍ എന്നെ ഒന്നു നോക്കി..

'എന്തു വന്നാലും ഒ.കെ ' എന്ന അര്‍ഥത്തില്‍ കണക്ഷന്‍ കൊടുക്കൂ കുമാരാ എന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി.

വയര്‍ യു.പി.എസിലേക്ക്‌ മുട്ടീ മുട്ടിയില്ല എന്ന പരുവം..

"ഭും.......ഭും....... "

നനഞ്ഞ ഗുണ്ടു പൊട്ടുന്ന ഒരു ശബ്ദവും, നാലു സൈഡില്‍ നിന്നും പുകയും ഒരുമിച്ച്‌.........

ആനപ്പുറത്തു നിന്ന്, പാപ്പാന്‍ ചാടുന്ന മാതിരി, സ്പൊണ്ടേനിയസായി, 'ഹേ റാം' എന്ന് വിളിച്ച്‌, കാളിച്ചരന്‍ കുതിച്ചൊന്നു ചാടി.. '

അത്താഴത്തിനു ചിക്കന്‍ വേണോ, സാഹിപനീര്‍ വേണോ എന്ന കാര്യത്തില്‍ ഒരു കോമ്പ്രൊമൈസില്‍ എത്താനാവതെ, കുനിഞ്ഞു നിന്ന് ഡയലോഗുകള്‍ തുരുതുരാ കാച്ചിക്കൊണ്ടിരിക്കുന്ന സിംഗിന്‍റെ മുതുകത്തേക്ക്‌, കാളിച്ചരന്‍ ലാന്‍ഡ്‌ ചെയ്തു..

ചായയ്ക്ക്‌ മധുരം കുറഞ്ഞാലും കൂടിയാലും 'പെങ്ങളേ' എന്ന് പറഞ്ഞ്‌ പിന്നൊരു തെറിവാക്കുകൂടി ഫിറ്റ്‌ ചെയ്ത്‌ ആത്മസംപൃതിയടയുന്ന സ്വഭാക്കാരനായ സര്‍ദാര്‍, 'ബഹന്‍ ചൂ&&....' എന്ന് നീട്ടിവിളിച്ച്‌, ഒരു പൂച്ചട്ടിയിലേക്ക്‌ മുഖം പൂഴ്ത്തി.. കറങ്ങിവീണ..
ഫോണും പിന്നാലേ ഫോണിലെ ബറ്ററിയും ചിതറുന്നത്‌ ചിരിക്കിടയിലും ഞാന്‍ കണ്ടൊന്നാസ്വദിച്ചു.


പിറ്റേന്നു കാലത്ത്‌, വിഗ്രഹമോഷണക്കേസില്‍ പ്രതികളെ പോലെ, ഞങ്ങള്‍ മൂന്നും ദോഷിയുടെ മുന്നില്‍ ഹാജരായി..

ആരെ ആദ്യം തെറിവിളിക്കണം എന്ന കണ്‍ഫ്യൂഷന്‍ മൂപ്പിലാനു..

"യൂ...ബ്ളഡി..... ഇഡിയറ്റ്‌... ഗുഡ്‌ ഫോറ്‍ നതിംഗ്‌ സ്ളട്ട്‌സ്‌.. ഉല്ലോ കാ പഠാ.... "

'അമ്മാവാ, ആക്‌സിലറേറ്റര്‍ ഇങ്ങനെ മുറുക്കാതെ.. ഒരു ബൈപാസ്‌ സര്‍ജറി കഴിഞ്ഞതല്ലേ ഉള്ളൂ..അധികം നാളായിട്ടില്ല..അതു മറക്കല്ലേ..' എന്ന് മനസില്‍ പറഞ്ഞു ഞാന്‍ വിനയം നടിച്ചു..

"സാര്‍.....ആക്ച്വലി... " തന്തക്ക്‌ വിളി കിട്ടിയിട്ടേ അടങ്ങൂ എന്ന മട്ടില്‍ സര്‍ദാര്‍ പതുക്കെ പറഞ്ഞു..

"ഷട്ടപ്പ്‌ യൂ..ബാസ്റ്റാര്‍ഡ്‌.... ഉല്ലോ കാ പഠാ...."

സര്‍ദാര്‍ ഹാപ്പിയായി.."ഒ.കെ. സാര്‍..... "

ഇനി കാലിച്ചരണിന്‍റെ ടേണ്‍... എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമല്ലേ...

"സാബ്‌ജി..ഐസേ ഹെ... "

"ഗെറ്റ്‌ ലോസ്റ്റ്‌ ...... ഉല്ലോ കാ പഠാ....!!!!" ദോഷി അലറി

യെസ്‌, നോ, ട്രയിന്‍ എന്നീ മൂന്നു വാക്കുകള്‍ മാത്രം ഇംഗ്ളീഷില്‍ അറിയാവുന്ന കാലിചരണ്‍, 'എന്താ അമ്മാവാ പറഞ്ഞത്‌' എന്ന മുഖഭാവത്തോടെ കുനിഞ്ഞു ദോഷിയുടെ മുഖത്തേക്ക്‌ നോക്കി...

"ഐ. സേ യൂ.....ഗെറ്റ്‌ ലോസ്റ്റ്‌ ഫ്രം ഹിയര്‍..ബ്ളഡീ.... "

ഉടനടി കാലിചരണ്‍, പോക്കറ്റിലെ ടെസ്റ്റര്‍ വെളിയിലെടുത്തു കാണിച്ചു..

"ഹാം ജി...ടെസ്റ്റര്‍ ഹെ..മേരേ പാസ്‌.. "

"സാലേ കുത്തേ...ഭാഗ്‌ ജാ......." ദോഷി വിറച്ചു..

'ഇതങ്ങു നേരത്തെ പറഞ്ഞാല്‍ പോരാരുന്നോ അച്ചായാ..' എന്ന സന്തോഷം നിറഞ്ഞ മുഖത്തോടെ ചരണ്‍ ഒറ്റ ഓട്ടം...

വാതില്‍ വരെ ചെന്നപ്പോള്‍, ദോഷി പിന്നെയും അലറി "ഇഥര്‍ ആവോ..തൂ... "

'എന്താ അളിയാ ഒരുമാതി ആളെ ഊശിയാക്കുവാന്നോ' എന്ന മട്ടില്‍ കാലിചരണ്‍ അടുത്തു വന്നു കണ്ണിലേക്ക്‌ നോക്കി "ജി സാബ്‌.... "

'ഐ ആം ഗോയിംഗ്‌ ടു സാക്ക്‌ ഓള്‍ ഓഫ്‌ യൂ.... "
ജസ്മീതിന്‍റെ ഇന്‍റര്‍കോം നമ്പര്‍ കുത്താന്‍ തുടങ്ങുകയാണു ദുഷ്ടന്‍.. ഫോര്‍ ഫുള്‍ ആന്‍ഡ്‌ ഫൈനല്‍...

ഏതായാലും ജോലി പോക്കാ.... ഇനി അറ്റകൈ ഒന്നു പ്രയോഗിച്ചു നോക്കാം.. ഞാന്‍ കരുതി..

ചില അത്യാഹിത ഘട്ടങ്ങളില്‍ എന്‍റെ സെന്‍സ്‌ ഓഫ്‌ ഹൂമര്‍ എന്നെ തുണയ്ക്കാറുണ്ട്‌.. പെണ്ണുകാണലില്‍ അറുപത്തൊന്നാമത്തെ ആളായ എന്‍റെ ഇപ്പൊഴത്തെ ശ്രീമതി, 'ഒരുകാരണവശാലും എനിക്കിവനെ വേണ്ടാ' എന്ന തീരുമാനമെടുത്ത്‌, അത്താഴം വരെ മുടക്കിയിരുന്ന സമയത്ത്‌, അവളെ ഫോണ്‍ ചെയ്ത്‌ 'പെങ്ങളെ.. എന്നെ കെട്ടാനുള്ള റീസണിബില്‍ ബുദ്ധിമുട്ടൊക്കെ എനിക്കറിയാം.. പെങ്ങള്‍ എന്നെ കെട്ടുകേം വേണ്ട..പക്ഷേ റിജക്ട്‌ ചെയ്യുന്നതിനു മുമ്പ്‌, അയല്‍വക്കത്തെങ്ങാനുമുള്ള ഏതെങ്കിലും ഒരു കേസ്‌ എനിക്കൊപ്പിച്ചു തരണം. രണ്ടാം കെട്ട്‌ പ്ളസ്‌ രണ്ട്‌ കൊച്ചുങ്ങള്‍ എക്സ്‌ട്രാ ആയാലും കുഴപ്പമില്ല.. അല്ലെങ്കില്‍ എന്‍റെ കാര്യം കൊട്ടരക്കര ഗണപതിയെക്കാ കഷ്ടത്തിലാവും' എന്ന ഒറ്റ ഡയലോഗില്‍, 'എനിക്കീ ചേട്ടനെ മാത്രം മതി' എന്നു പറയിപ്പിച്ച ഹിസ്റ്ററി വരെയുണ്ട്‌


ഞാന്‍ പതുക്കെ പറഞ്ഞുതുടങ്ങി..

'സാര്‍ എന്നെ ഉല്ലു കാ പഠാ എന്നു വിളിക്കും എന്നറിയാം..എങ്കിലും ഞാന്‍ പറയുന്നതൊന്നു കേള്‍ക്കണം.. "

'ആക്ച്വലി......" ഞാന്‍ സര്‍ദാറിനെ ചൂണ്ടി പറഞ്ഞു "ഈ ഉല്ലൂ കാ പഠാ ദാ .." കാലിചരണെ ചൂണ്ടി "ഈ ഉല്ലു കാ പഠായോട്‌ പറഞ്ഞു സാലേ ഈ വയര്‍ കുത്തൂ..എന്ന്.. ഞാന്‍ ഓള്‍റെഡി ഉല്ലൂ കാ പഠാ ആയതു കൊണ്ട്‌ എന്നോട്‌ ഡിസ്കസ്‌ ചെയ്തുമില്ല.. സോ..അങ്ങനെ യു.പി.എസും ഉല്ലൂ കാ പഠാ ആയി.. ഒരു ചാന്‍സ്‌ കൂടി ഞങ്ങള്‍ക്ക്‌ തന്നുകൂടെ. കംസേ കം വിത്തൌട്ട്‌ പേയിലെങ്കിലും?"

സകല ദേഷ്യവും മറന്നു അമറിച്ചിരിക്കുകയാണു ദോഷിജി..

ബോസ്‌ ചിരിച്ചാല്‍ കൂടെച്ചിരിച്ചില്ലെങ്കില്‍ മാനക്കേടല്ലേ എന്നോര്‍ത്ത്‌ സര്‍ദാര്‍ പുറകെ.. സംഭാഷണം ഇംഗ്ളീഷ്‌ ആയതിനാല്‍, 'ഉല്ലു കാ പഠാ ' മാത്രം മനസിലായ കാളിചരണം വാ പൊത്തി ചിരിക്കുന്നു.. എല്ലാത്തിനും പിറകെ ഞാനും...

ബ്രിജ്‌വിഹാര്‍ അയ്യപ്പനാണെ സത്യം, അന്ന് അങ്ങനെ പറയാന്‍ എനിക്കു തോന്നിയില്ലായിരുന്നെങ്കില്‍, കുറച്ചു നാള്‍ ചിലവിനു തന്നു എന്ന കെയറോഫില്‍, എന്‍റെ ഭൈമിയുടെ ഒരു വള കൂടി മുത്തൂറ്റിലെ അച്ചായന്‍ അടിച്ചു മാറ്റിയേനേ..