Friday, 8 July 2011

മിഷന്‍ ബംഗളുരു

തിരുവല്ല - ആലപ്പുഴ റൂട്ടില്‍ ‘പൊടിയാടി‘ എന്ന സ്ഥലത്തെ ഒരു കള്ളുഷാപ്പിന്റെ ബോര്‍ഡ് ഇങ്ങനെ... “പൊടിയാടി നാടന്‍ കള്ള്’
ശ്രീലങ്കയിലെ ലോക്കല്‍ രസതന്ത്രജ്ഞര്‍ തലപുകച്ചു നിര്‍മ്മിച്ച മയക്കു‘പൊടി‘ നല്‍കിയ ലഹരിയുടെ എക്സ്‌ട്രാ ഇന്നിംഗ്‌സുമായി ബൂസ് അടി(ക്ടഡ്)യന്‍ അമ്മാവൻ പടിവാതില്‍ക്കല്‍ നിന്ന് ബെല്ലി ഡാന്‍സ് നടത്തുമ്പോള്‍, ‘ഇതിയാനിന്നിത് എന്നാ പറ്റി’ യെന്ന് നെഞ്ചത്തു കൈവച്ച് സഹധര്‍മ്മിണി വ്യാകുല മാതാവാകും.. മൂവുലകും മൂവന്തിയിലൊന്നായ് കാണുന്ന അമ്മാവന്, മറുപടി കൊടുക്കാന്‍ ഇതിലും സത്യസന്ധമായ വേറെ ഏതു വാചകം ഉണ്ട്; “പൊടിയാടീ നാടന്‍ കള്ള്....ഹോ!”

വാചകങ്ങളുടെ രസതന്ത്രം അങ്ങനെയൊക്കെയല്ലേ..ചിലപ്പോള്‍ പരമാര്‍ത്ഥമായ അര്‍ഥത്തിനും അപ്പുറത്തുള്ള അര്‍ത്ഥങ്ങളെ ഗര്‍ഭം ധരിച്ച് അവ സ്വാഭാവികമായി നില്‍ക്കും.. മറ്റുചിലപ്പോള്‍ അര്‍ത്ഥങ്ങള്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ചുകൊണ്ട് വാചകങ്ങള്‍ പുറത്തുവരും..‘വേലിതന്നെ വിളവു തിന്നുന്നു’ എന്ന ആ‍പ്തവാക്യം മുതല്‍ ‘വളഞ്ഞതാണെങ്കിലും എന്റേതല്ലേ’(കെർട്ടിസി ‘കുര്‍ക്കുറെ‘ ) എന്ന ആപത്ത്(?)വാക്യം വരെ എത്രയെത്ര ഗര്‍ഭവതികളാണ് കരളും കനവും കവര്‍ന്ന് വിലസി നില്‍ക്കുന്നത്..

വള്ളിനിക്കറുമിട്ട് സൈക്കിള്‍ടയറുരുട്ടി ഓടിനടന്ന കാലത്ത് കണ്ണില്‍ തടഞ്ഞ കടിഞ്ഞൂല്‍ വാചകമായിരുന്നു ‘എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യവുമുണ്ട്’. വഴിയരികിലെ കന്മതിലില്‍ കടും ചുവപ്പില്‍ തെളിഞ്ഞു വന്ന ആ വാചകത്തിനും ലൈഫ്‌ബോയ് സോപ്പിന്റെ മണം തന്നെയായിരുന്നു. ആ പഴയ ‘കട്ട‘ സോപ്പിനോടൊപ്പം ആ വാചകവും മറഞ്ഞുപോയെങ്കിലും മനസിന്റെ കുളിക്കടവില്‍ ഇപ്പോഴുമുണ്ട് ആ അക്ഷരങ്ങളിലെ ലോഷന്‍ ഗന്ധം. (പില്‍ക്കാലത്ത്, മനുഷ്യബന്ധങ്ങളുടെ പൊരുള്‍ പറഞ്ഞുതരാന്‍ വേറൊരു സോപ്പുപരസ്യം വന്നു.. ‘വനമാല’.. ‘വന്നല്ലോ വനമാല’ എന്ന വാചകം ആബാലവൃദ്ധം ജനങ്ങളുടെയും ചുണ്ടില്‍ ഇപ്പൊഴും തത്തിക്കളിക്കുന്നുണ്ട്..പക്ഷേ ‘വനമാല‘ സോപ്പ് എവിടെപ്പോയെന്നും ആര്‍ക്കും അറിയേണ്ട.- കൊള്ളാനുള്ളവ കൊണ്ട് തള്ളുന്ന നമ്മുടെ സ്വഭാവം !)

അനിക്സ്‌സ്പ്രേയുടെ റേഡിയോ പരസ്യം കത്തിനില്‍ക്കുന്ന കാലത്ത്, കണക്കുമാഷ് രവിപ്പിള്ള സാറിന്റെ കഷണ്ടിത്തല നോക്കി ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍‘ എന്ന ക്രിയേറ്റീവ് വാചകം തട്ടിവിട്ട ഒരു പത്താംക്ലാസ് വിരുതനെപ്പറ്റി ഒരു കഥ സ്ക്കൂളില്‍ കേട്ടിരുന്നു.. മാഷിന്റെ പ്രതികരണം അതിലും ക്രിയേറ്റീവ് ആയിരുന്നുപോലും, ‘പുലരിമുതല്‍ സന്ധ്യ വരെ പുതുമ തരും..അമ്പര്‍..അമ്പര്‍ (ആ ‘അമ്പറും’ ചൂരലടിയും ഒരേ സിംഫണിയില്‍) - (അമ്പര്‍ അക്കാലത്തെ ഒരു അടിവസ്ത്ര ബ്രാന്‍ഡ് ആയിരുന്നു)

‘തരിക തളിരധരതലേ താംബൂലമാധുരി’ എന്ന അയ്യപ്പപ്പണിക്കർ സ്വപ്നം മനസിലിട്ട് ഇതുപോലെയുള്ള വാചകങ്ങളുടെ പുറകേ പോകുന്ന ശീലം കൗമാരത്തിലേ കടന്നുകൂടിയതാണ്. എന്നാൽ അതിന്റെ പിന്നിൽ ഗ്ലാമറും അത്യാവശ്യം തുട്ടും കൈവരുന്ന ഒരു പ്രൊഫഷൻ ഒളിച്ചിരിപ്പുണ്ട് എന്ന സത്യം അറിഞ്ഞപ്പോൾ അല്പം വൈകി. ഒരു ഹൈ‌ഫ്ലൈയിംഗ് ജോലി സ്വപ്നം കണ്ട് തുടങ്ങിയ സോഫ്റ്റ്‌വെയർ കോഡെഴുത്ത് ജോലി, പ്രതിഭയുടെ ‘അതിപ്രസരം’ കാരണം നെറ്റ്‌വർക്കിഗിലേക്കും അതുവഴി വെറും ഹാർഡ്‌വെയറിലേക്കും ‘ഡൗൺലോഡാ‘യി മദർബോർഡും റാമും ഒക്കെയായി ജീവിതം പൊടിതട്ടിവിടുന്ന ദില്ലിയിലെ ഒരു തണുപ്പൻ കാലം. പതിവായി ജിടാക്ക് വിൻഡോയിൽ കോഴികൃഷിക്കിറങ്ങാറുള്ള ബാംഗ്ലൂർവാല നന്ദകുമാർ കുശലാന്വേഷണത്തിന്റെ ‘ഹായ്’ ഇങ്ങോട്ട് തരുന്നു. മെക്കാനിക്കൽ മൗസിലെ ബോളുപോലെ സ്വന്തമായി ഒരു ചാമിംഗുമില്ലാതെ ഉരുളുന്ന ജീവിതത്തെപ്പറ്റി ഞാൻ നന്ദനോട് പറയുന്നു. നന്ദൻ ‘wait 1 min' പറഞ്ഞ് ടോയ്‌ലറ്റിൽ പോകുന്നു. ‘ഹരിതമനോഹരമായ ഒരു ഭാവിയുടെ താക്കോൽ ടോയ്‌ലറ്റിൽ ഒളിപ്പിച്ചുവച്ചതായിരുന്നോ‘ എന്ന ആശങ്ക എന്നിൽ നിറച്ചുകൊണ്ടായിരുന്നു പിന്നെയുള്ള ചാറ്റിംഗ് സെഷൻ..

ക്രിയേറ്റീവ് ഹബ്...പരസ്യങ്ങളുടെ പരബ്രഹ്മം കുടികൊള്ളുന്ന സ്ഥലം..നൂറുകണക്കിനു പരസ്യവാചകങ്ങൾ ഡെസ്ൿടോപ്പുകളിൽ നിന്ന് ഡെസ്ൿടോപ്പുകളിലേക്ക് ഓരോ നിമിഷവും പാറിപ്പറക്കുന്ന വിചാരസാമ്രാജ്യം..ബാംഗ്ലൂർ എന്ന ബംഗളുരു..!! അവിടേക്ക് വാഗ്ദാനത്തിന്റെ ഗ്രീൻ കാർഡ് വച്ചുനീട്ടുന്നു മഹാൻ....

‘പോരുന്നോ.... റിസ്ക് എടുക്കാമെങ്കിൽ നാളെത്തന്നെ വിട്ടോ.....’

റിസ്ക് ഇല്ലാത്ത ജീവിതം കുരുമുളകില്ലാത്ത കാളയിറച്ചിപോലെയാണെന്ന് പണ്ടേതോ സായിപ്പ് പറഞ്ഞതോർത്തു. എന്നാലും....

‘എന്ത് എന്നാലും.. ജസ്റ്റ് ഗോ യാർ’ എന്ന് മനസിന്റെ മറുപകുതി.. ‘സോചോ ധ്യാൻ സേ’ എന്ന് വീണ്ടും ആദ്യപകുതി..ആവേശവും ആശങ്കയും തമ്മിലൊരു കാരംസ് കളി...

“അപ്പോ നന്ദൻ.. റിസൈൻ ലെറ്റർ കൊടുക്കട്ടെ ഇവിടെ....”

“കാച്ച്... എന്നിട്ട് ഭാവി ക്യാച്ച്...ഹല്ല പിന്നെ..”

“അല്ല...റിസ്ക്..?”

“ടേക്ക് റിസ്ക് മാൻ.. പണ്ട് ഷട്ടറിൽ പടം വരയ്ക്കുന്ന പണി റിസ്ക് എടുത്ത് പുല്ലുപോലെ വലിച്ചെറിഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത് ... പിന്നാന്നോ തന്റെ ഈ റിസ്ക്.. പോകാൻ പറ”

“അതുപിന്നെ ഷട്ടറിലെ പെയിന്റടിപോലാണോ നന്ദാ ഐ.ടി ജോലി.. പിന്നെ, താനന്ന് ബാച്ചിലറുമാരുന്നല്ലോ.. ഐ ആം മാര്യേഡ്...“

“ങാ..എന്നാപ്പിനെ താൻ മൗസും പിടിച്ചോണ്ടിരുന്നുറങ്ങ്... ഞാൻ പറയാനുള്ളത് പറഞ്ഞു....”


കണ്ണടച്ചിരുന്നിട്ടും ഉറക്കം വരുന്നില്ല..
ബാംഗ്ലൂർ എക്സ്‌പ്രസിൽ വിൻഡോ സീറ്റിലിരുന്ന എന്റെ മനസിൽ ആശയങ്ങളും അതിലേറെ ആശയക്കുഴപ്പങ്ങളും തിരതല്ലുന്നു.. തലസ്ഥാനത്തെ ജോലിവിട്ട്, നാട്ടിൽ ഇരുപതുദിവസം ചിലവിട്ട്, മറ്റൊരു നഗരത്തിലേക്ക് പോകുന്ന തൊഴിൽരഹിതനാണിപ്പോൾ..‘ഒറ്റാലിൽ കിടന്നതും പോയി, തെക്കൂന്ന് വന്നതും പോയി‘ എന്നമട്ടാവുമോ കാര്യങ്ങൾ എന്ന ചിന്ത കാരണം അടുത്തിരിക്കുന്ന അമ്പതുകാരൻ അച്ചായനോട് കുശലം ചോദിക്കാൻ പോലും മൂഡു വരുന്നില്ല..മൊത്തത്തിലൊരു മന്ദത..

“ഊ................ഊ........ഉം....” ആവിയന്ത്രത്തിന്റെ ഇരമ്പൽ പോലെ അച്ചായന്റെ ആന്ത്രവായു.. ആ വായുവിൽ യുണൈറ്റഡ് ബ്രിവറീസിലെ സ്പ്രിരിട്ട് മണം.. കുട്ടത്തവള കിറുങ്ങിയിരിക്കുന്നതുപ്പോലെ, വയറും തടവി ലഹരിയുടെ കുരിശിൽ ചാരിയിരിക്കുന്ന കക്ഷിയെ കണ്ടപ്പോൾ ഞാൻ പകുതി റിഫ്രഷ് ആയിപ്പോയി.

“അ.......ആ..........ആ......ഉം....” കഥകളിക്കാരനെപ്പോലെ കണ്ണുരുട്ടി, പെരുകിവരുന്ന ഗ്യാസിനെ വയറിന്റെ നാനാഭാഗത്തേക്കും തുല്യമായി വീതിക്കാനുള്ള ശ്രമത്തിലാണു കക്ഷി. കുടിച്ചവന്റെ തൊന്തരവ് കണ്ണിൽ ചോരയില്ലാത്ത സഹയാത്രികർക്ക് പറഞ്ഞാൽ മനസിലാവുമോ?. എന്തായാലും ഇനി കുറച്ചുനേരം കുശാല്‍.. Entertainment Ensured..താടിയ്ക്ക് കൈകൊടുത്ത് ഞാന്‍ അച്ചായന്റെ കീചകവധം ആസ്വദിക്കാന്‍ തീരുമാനിച്ചു.

തൽക്കാൽ ടിക്കറ്റിന്റെ പ്രിന്റൗട്ട് കീശയിൽ നിന്ന് പാടുപെട്ട് തപ്പിയെടുത്ത് അച്ചായൻ, ടി.ടി.ഇ യുടെ നേർക്ക് നീട്ടുന്നു

“പ്രൂഫ് കാണിക്ക്..” ടി.ടി.ഇ

“പ്രൂ...........ഫോ...” ..... ‘ അച്ചായൻ തല രണ്ടുവട്ടം വെട്ടിച്ചു. ‘ടൂ സ്‌ട്രേയ്ഞ്ച് ‘ എന്ന അവഹേളനം നിറഞ്ഞ ആത്മഗതം...

“സമയം കളയാതെ ഐ.ഡി പ്രൂഫ് കാണിക്ക്..എനിക്ക് നിങ്ങളെ മാത്രം നോക്കിയാപ്പൊരാ “

“എന്നെത്തന്നെ നോക്കിനില്‍ക്കണമെന്ന് ഞാന്‍ പറഞ്ഞോ..ശെടാ പാടേ..ഇതുനല്ല കൂത്ത്... എന്റെ കൈയിൽ പൂഫും കോപ്പുമൊന്നുമില്ല..കാശു മണിമണിപോലെ കൊടുത്തിട്ടാ ടിക്കറ്റെടുത്തത്..പൂഫുപോലും..” ‘ഇവനിത് എവിടുന്നുവന്നെടാ‘ എന്ന രീതിയിൽ അച്ചായൻ എന്നെ നോക്കി ചുണ്ടൊന്നുകോട്ടി...ഇഞ്ചോടിഞ്ചുപോരാട്ടം അവിടെ തുടങ്ങി.. ഒന്നുകിൽ ഇറങ്ങണം അല്ലെങ്കിൽ ഫുൾ ചാർജ് പെനാൽട്ടിയായി അടയ്ക്കണം എന്ന വാശിയിൽ ടി.ടി.ഇ. അച്ചായന്റെ കൈയിൽ ആകെയുള്ളത് ഉപയോഗിച്ചു തേഞ്ഞ എ.ടി.എം കാർഡ്.. പറ്റില്ല... ഫോട്ടോ ഉള്ളതുവേണം..അല്ലെങ്കിൽ ഫുൾ ചാർജ്ജ് ഒന്നുകൂടെ..ടി.ടി.ഇ ബുക്കെടുത്തു.

“ഫുൾ ചാർജ്ജ് കൊടുത്തിട്ടാ ഞാനിവിടെ ഇരിക്കുന്നെ..ഇനിയും ഫുള്ളു തരാൻ ഇതെന്നാടാ ഹാപ്പി അവറോ...”അച്ചായൻ ചാടിയെണീറ്റു..”നിയമം പഠിപ്പിക്കല്ലേ....എന്നെ പഠിപ്പിക്കല്ലേ നീയ്യ്....” അരിയാട്ടും പോലെ തലയാട്ടി ഒറ്റ നില്‍പ്പ്...ടി.ടി.ഇ ഒന്നു ഞെട്ടി, വില്ലുപോലെ പിന്നോട്ടു വളഞ്ഞു..

“എന്നാ ഫോട്ടോ കാർഡ് കാണിക്കെടോ....” ഞെട്ടൽ വിട്ട ടി.ടി.ഇ ആക്ഷനായി മുന്നോട്ടാഞ്ഞു..

“എന്നാത്തിന്...എന്നാത്തിന്....അതുപറ..അതുപറനീ.....” കുഴഞ്ഞ നാവിൽ വാക്കുകൾ ഉദ്ദേശിച്ചപോലെ കിട്ടുന്നില്ല അച്ചായന്. ‘കർത്താവേ വെളൂവുമില്ലല്ലോ ഇവനോടൊന്നു പറന്നു നിൽക്കാൻ’ എന്ന ഒരു ദൈന്യത ഇടയ്ക്ക് ആ മുഖത്തു മിന്നിമായുന്നുണ്ട്.. “ഫോട്ടോ എന്നാത്തിനാ..അതൊന്നു പറഞ്ഞുതാ നീയ്യ്..കേളെട്ടെടാ....”

“ആളു താൻ തന്നെ ആണോ എന്ന് എങ്ങനെ വിശ്വസിക്കും..ഫോട്ടോ ഇല്ലാതെ “ ടി.ടി.ഇ അലറി..

“വടിപോലെ ഞാനിവിടെ ഇരിക്കുന്ന കണ്ടിട്ടും നിനക്ക് വിശ്വാസം വരുന്നില്ല..പിന്നെ ഫോട്ടോ കണ്ടാൽ എങ്ങനെ വിശ്വാസം വരുമെടാ $%&&%$&& .. “. അച്ചായന്‍ പതുക്കെ എണീറ്റ് ചോദ്യചിഹ്നം പോലെ വളഞ്ഞു നിന്നു.....

‘ടപ്’ എന്നൊരു ശബ്ദത്തോടെ വെട്ടം പോയി.. ടി.ടി.ഇ ലൈറ്റ് ഓഫ് ചെയ്തതാണ്. പുറകെ ‘ടപ്പോ’ എന്നൊരു ശബ്ദത്തോടെ ഒരു ഞരങ്ങലും.! അച്ചായന്റെ കരണത്ത് ഇങ്ങനെയും ഒരു ശബ്ദം ഒളിച്ചിരിപ്പുണ്ടായിരുന്നോ..അത്ഭുതം....

ലൈറ്റ് വന്നപ്പോള്‍ ‘ദാറ്റ്‌സോള്‍...ഓ കൂള്‍’ എന്ന മട്ടില്‍ കവിളും തടവിയിരിക്കുന്നു ഹീറോ.....പുഞ്ചിരികൊണ്ട് ഞാന്‍ ഗുഡ്‌നൈറ്റ് പറഞ്ഞു....


വിൻഡോയിലൂടെ വരുന്ന നനുത്ത കാറ്റിൽ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു.......

തണുപ്പാണല്ലോ ബാംഗ്ലൂരിന്..എന്നും ഇങ്ങനെ ആവും... ഇളം തണുപ്പിലൂടെ തെന്നിനീങ്ങുന്ന മനുഷ്യർ...

തോളിലെ ബാഗുമായി പ്ലാറ്റ്ഫോമിലൂടെ നടന്നു... എവിടെ മഹാൻ...

“ഹായ് ചാപ്പ്...!!!” പെട്ടെന്നൊരു വിളി.. മുട്ടിനു മുകൾവരെ നീളത്തിൽ കറുത്ത നിക്കറും, ചുവന്ന ടീ ഷർട്ടും..മസാല സിനിമയിലെ അവസാന അടിക്കുമുമ്പ് വില്ലന്റെ ‘മാൻ ഫ്രൈഡേ’ ആയി വന്ന് തൊഴി കൊള്ളുന്ന സീനിയർ മോസ്റ്റ് ഗുണ്ടയുടെ ശരീരവടിവ്....ബുൾഗാൻ താടി...അനധികൃത കൈയേറ്റത്തിനു കൊടിയുമായി കഷണ്ടി വന്നുതുടങ്ങുന്ന തല..

“ഓഹ്!!!... യൂ ലുക്ക് സോ സെക്സി ഇൻ ദിസ് ബിക്കിനി മാൻ..........!!!!” ഞാൻ കെട്ടിപ്പിടിച്ചു..
“ഐ.. സീ “ കക്ഷി ഷോർട്ട്സിന്റെ പോക്കറ്റിലേക്ക് രണ്ടും കൈയും കയറ്റി

“യാത്ര എപ്പടി മച്ചാ...”

“ഫുള്ളി ടെൻസഡ്... ബൈ ദ വേ..മുറിയിൽ പവർകട്ടുണ്ട് അല്ലേ”

“യാ..എങ്ങനെ മനസിലായി”

“ബുൾഗാന്റെ മുകളിൽ ഒരു ബ്ലേഡ് നടപ്പാത..”

“ഊതാതെടേ...വാ പോകാം....”

“റസ്റ്റ് ഇൻ പീസ്’ (rust in piece) എന്ന മട്ടിൽ ഇരുമ്പിനേക്കാൾ ജാസ്തി തുരുമ്പുള്ള ചുവന്ന ‘കൈനറ്റിക് ഹോണ്ട’യിൽ പതിനഞ്ചുതവണ കിക്ക്.. ഒരു ബ്രേക്കെടുത്ത് സിഗരട്ട് കത്തിച്ചു

“Thank you for smoking.... there is a global food crisis :) “

“വാണാ സ്മോക്ക്...” നന്ദൻ ചുരുൾ നീട്ടി

ഒരു പുക ഞാനും കടമെടുത്തു

അടുത്തുള്ള ചായക്കടയിലേക്ക് നടന്നു

“ഒന്തു ടീ , ഇരഡു സമൂസ....” നന്ദൻ ബുൾഗാൻ ചൊറിഞ്ഞു വെയിറ്ററോട്

“ഓന്തോ...?”

“ഒന്ത് എന്നുവച്ചാൽ ഒന്ന്..കന്നട പഠിച്ചുതുടങ്ങിക്കോ ഇപ്പോ തന്നെ...”

“ശരിക്കും കോമ്പ്ലക്സ് ആണു കന്നട അല്ലേ...താനിതെങ്ങനെ പഠിച്ചെടോ... “ സമൂസയിൽ ഞാൻ പല്ലമർത്തി

“ഏയ്..വെരി ഈസി.. ‘പ’ യ്ക്കു പകരം ‘ഹ’ പറഞ്ഞാൽ പകുതി ഒ.കെ ആയി. ഫോർ എക്സാമ്പിൾ, ‘പോയി‘ എന്നതിനു ഹോഗി..പാലിനു ഹാല്.”

“കൊള്ളാം..‘അപ്പോ പാലു പിരിഞ്ഞു ‘എന്നതിനു ‘ഹാലു ഹിരിഞ്ഞു ‘ എന്നു മതി അല്ലേ...കൂൾ”

“പോകാം...”

വീണ്ടും ‘ഹാണ്ട’യിൽ അഭ്യാസം..കിക്ക് പത്തുകടക്കുന്നു

“ഹാണ്ടൻ നായുടെ ഹല്ലിനു ശൗര്യം ഹണ്ടേപ്പോലെ ഹലിക്കുന്നില്ല...ഇതു മച്ചാനു കിട്ടിയ സ്ത്രീധനത്തിന്റെ അഡ്‌വാൻസ് ഒന്നുമല്ലല്ലോ അല്ലേ.. അടുത്ത മാസമല്ലേ കെട്ട്..അതോണ്ട് ചോദിച്ചതാ...”


‘ബനാസ് വാഡി’യിലെ നന്ദന്റെ ‘ബംഗ്ലാവിന്റെ‘ ടെറസ്.. തണുപ്പു പുതച്ച ബാംഗ്ലൂര്‍ രാവ്.. നന്ദന്‍ കറുത്ത പോളിത്തീനില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഒ.സി.ആര്‍ (ഡല്‍ഹിയില്‍ പോത്തിറച്ചിയാണ് കറുത്ത കവറില്‍ കൊണ്ടുവരിക) ചാര്‍ജ്ജില്‍ രണ്ടാളും. ഉയര്‍ന്നുനില്‍ക്കുന്ന പരസ്യ ഹോര്‍ഡിംഗുകള്‍ എവിടേയും.. ഷൂവിന്റെ, ചുരിദാറിന്റെ, വജ്രത്തിന്റെ, ചോക്ലേറ്റിന്റെ.... അവയിലെ വരികളില്‍ എന്റെ കണ്ണുകള്‍ ഉടക്കിയൊഴുകി... കവിത തുളുമ്പുന്നവ, ദ്വയാര്‍ഥമുള്ളവ, വീണ്ടും വായിക്കാന്‍ തോന്നുന്നവ... ഹാലൊജന്‍ വെളിച്ചത്തില്‍ താരസുന്ദരിമാരോട് ചേര്‍ന്ന് ഉരുകിത്തിളങ്ങുന്ന വാചകങ്ങള്‍...

“തന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്...” നന്ദന്‍ നിക്കറിന്റെ പോക്കറ്റില്‍ കൈയിട്ട് ആകാശത്തേക്ക് നോക്കി..

അടുത്തമാസം മംഗല്യമാണെന്നും അതിനു മുമ്പേ എനിക്കൊരു ജോലി ശരിയാവും എന്നും അതുകഴിഞ്ഞാല്‍ ഒരു നല്ല ‘അക്കോമഡേഷന്‍’ ഒപ്പിച്ചുതരാമെന്നും ഒക്കെയുള്ള പ്രധാനകാര്യങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന എന്റെ നെഞ്ചിലേക്ക്, ഒരുകൈ തീക്കനല്‍ കോരിയിട്ട് ഒരു ചാമ്പിയ ചിരി പാസാക്കി കക്ഷി...‘ബിവറേജ്’ എന്ന വാക്കുപോലെ, മറ്റൊരു കട്ടികൂടിയ വാക്കുകൂടി ലോകമലയാളികള്‍ സ്ഥിരം ഉപയോഗിക്കാന്‍ പോകുന്നുവെന്നും, ആ വാക്ക് ‘റിസഷന്‍‘ ആണെന്നും, ആ റിസഷന്‍ കാരണം രണ്ടുദിവസം മുതല്‍ താനും നോട്ടീസ് പീരിയഡില്‍ ആണെന്നുമുള്ള ബ്രേക്കിംഗ് ന്യൂസ് കേട്ട്, എന്റെ അടിവയറ്റില്‍ നിന്ന് ഒരു ന്യൂനമര്‍ദ്ദം നെഞ്ചുവഴി കൊരവള്ളിവരെ എത്തി...

“നന്ദാ....................... താനിതു നേരത്തെ....”

“തന്നോട് നാട്ടില്‍ പോയി നില്‍ക്കാന്‍ ആരു പറഞ്ഞു.. താന്‍ ട്രെയിനില്‍ കേറിക്കഴിഞ്ഞാ അമേരിക്കയില്‍നിന്ന് റിസഷന്‍ സുനാമി അടിച്ചു തുടങ്ങിയത്.. അടുത്തമാസം കല്യാണം...രൂപ ഒരുലക്ഷം ഉണ്ടാക്കണം എനിക്ക്..അതിന്റെ കൂടെ ജോലിയും പോകുന്നു...”

“ഒപ്പം ഞാനും വന്നു.....” ബാക്കി ഞാന്‍ പൂരിപ്പിച്ചു...”അപ്പോ മച്ചാ, എന്റെ കാര്യം...”

“മിക്കവാറും.....” ബാക്കി പറയാതെ നന്ദന്‍ കാഡ്‌ബറീസ് MUNCH ന്റെ ഹോര്‍ഡിംഗിലേക്ക് വിരല്‍ ചൂണ്ടി.....

അനിശ്ചിതത്വത്തിന്റെ രണ്ട് ആഴ്ചകള്‍ അങ്ങനെ നീങ്ങുന്നു... ‘ബാംഗ്ലൂര്‍ പോത്തിറച്ചി’യുമായി വൈകിട്ട് നായകന്‍ എത്തും. ‘ഒറ്റാലും കിഴക്കൂന്നു വന്നതും‘ ഒക്കെ പോയി പ്രതീക്ഷവറ്റിയ തൊഴില്‍‌രഹിതനായ ഞാന്‍ രണ്ടു ഗ്ലാസ് എടുത്തുവക്കും.. ‘ഒരു ജോലി ഉണ്ടാക്കണമല്ലോ’ എന്ന എന്റെ ആഗ്രഹം ഞാനങ്ങോട്ടും മറുപടിയായി ‘ഒരു ലക്ഷം രൂപ ഉണ്ടാക്കണമല്ലോ’ എന്ന ആഗ്രഹം പുള്ളി ഇങ്ങോട്ടും പറഞ്ഞു ആകാശം നോക്കിയിരിക്കും.. പിന്നെ ആശാന്‍ മൊബൈലുമായി മുറിയിലേക്കോടും. കന്യാകുമാരി സ്വദേശിനിയായ ഭാവി വധു കന്യകയ്ക്ക് ഇയര്‍ഫോണ്‍ വഴി തുരുതുരാ ഉമ്മ കൊടുക്കലാണ് പിന്നെയുള്ള ജോലി..ഞാന്‍ ‘കട്ടിംഗ് എഡ്‌ജ് അഡ്‌വെര്‍ട്ടൈസിംഗ്’ എന്ന കട്ടിപ്പുസ്തകം വായിച്ച് ടെന്‍ഷന്‍ കൂട്ടി ഉറക്കം കൊതിച്ചിരിപ്പും.. ‘നന്ദാ ഇങ്ങനെ ചോറുണുന്ന മാതിരി ഇയര്‍ഫോണിന്റെ മൈക്കും പിടിച്ചിരിക്കാതെ.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഇത് ചെവീന്ന് വലിച്ചെറിഞ്ഞ് നേരിട്ടുമ്മ കൊടുക്കമല്ലോ..എന്റെ കാര്യം വല്ലോം...” എന്ന് ഒരിക്കല്‍ സഹികെട്ട് ചോദിച്ചപ്പോള്‍ ‘കെട്ടിപ്പഴകിയതിന്റെ അസൂയ എന്നോട് കാട്ടാതെ പോയിക്കിടന്നുറങ്ങു മച്ചാ’ എന്ന മറുപടി പറഞ്ഞ് കക്ഷി “അപ്പോ നമ്മളെവിടെ വരെയെത്തിയാരുന്നു...’ എന്ന് കന്യകയോട് ചോദിച്ചുകൊണ്ട് തിരിഞ്ഞുകിടന്നു...

നിരാശ ഉറഞ്ഞുറച്ച ഒരു സന്ധയില്‍ മുറിയിലേക്ക് വന്ന നന്ദന്‍ പതിവു നിസംഗഭാവത്തില്‍ എന്നോട് പറഞ്ഞു “മാഷിനു നാളെ ഒരു ഇന്റര്‍‌വ്യൂ ശരിയാക്കിയിട്ടുണ്ട്.. തയ്യാറെപ്പ് നടത്തൂ ഇന്ന്...”

മനസില്‍ പൂരാഘോഷം നിറയുന്നതുപോലെ തോന്നി എനിക്ക്.... പ്രത്യാശയുടെ നേരിയ വെട്ടം. തയ്യാറെപ്പിനെ കുറിച്ച് കാര്യമായ പിടിയില്ലാത്തതിനാല്‍ പരസ്യരംഗത്ത് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കക്ഷിയോട് തന്നെ ചോദിച്ചു..”

“പാന്റും ഷര്‍ട്ടുമൊന്നു പറ്റില്ല.. ഏത്രയും കൂതറ വേഷമാണോ അത്രേം നല്ലത്..കീറിയ ജീന്‍സുണ്ടോ....കക്ഷം പൊട്ടിയ ടീ ഷര്‍ട്ട്?”

“ഇത് നേരത്തെ പറഞ്ഞാരുന്നേല്‍ നാട്ടീന്ന് ഒരു പാളത്താറ് കൊണ്ടുവരാരുന്നു.. അല്ല..ഡീസന്റ് ആയി വേഷമിട്ടാ ജോലി കിട്ടില്ല? “ എന്റെ ന്യായമായ സംശയം

“എന്റെ മച്ചാ സാധാരണക്കാരുടെ ലോകമല്ല അഡ്‌വെര്‍ട്ടൈംസിംഗ് വേള്‍ഡ്... എല്ലാം അബ്‌നോര്‍മല്‍..ഫുള്ളി ലിബറേറ്റഡ്... ഡീസന്റ് എന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങളും അവിടെ നടക്കില്ല....സാരമില്ല ശരിയാക്കം..അതുപോട്ടെ.. ഇംഗ്ലീഷില്‍ തെറിവാക്കുകള്‍ വല്ലോം അറിയാമോ മച്ചാന്.....?”


“അതും വേണോ ഈശ്വരാ.. അപ്പൊ അവിടെയുള്ളവര്‍ ഫുള്‍ടൈം തെറിയാ പറയുന്നേ...”

“ലിബറേഷന്‍...ഞാന്‍ പറഞ്ഞില്ലെ.. അവിടെ എല്ലാം ഉണ്ട്.. നാളെ മാഷ് അവിടെ ചെല്ലുമ്പോള്‍ ആദ്യം അവരു ചോദിക്കുന്നത് ‘വാട്ട് ദ ഫ&& യു ആര്‍ ....’ എന്നാവും.. അതിനു മറുപടി പറയാന്‍ അതിലും ഡോസു കൂടിയത് പറയണം”

“എങ്കില്‍ മച്ചാ താനൊന്നു പറഞ്ഞു താ..താനും ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞതല്ലേ...”

“എനിക്കും നല്ല പിടിയില്ല..ഞാന്‍ കയറിയ സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡില്‍ മലയാളികള്‍ ആയിരുന്നു...സോ..മലയാളത്തില്‍ റിപ്ലെ കൊടുത്തു....”

“ഓ ഗ്രേറ്റ്..തന്റെ നാട് കൊടുങ്ങല്ലൂരുമാണല്ലോ... കൂള്‍.. ഇനിയിപ്പോ ഇംഗ്ലീഷ് അശ്ലീലത്തിനു ആരെ മുട്ടും..അതും ഈ രാത്രിയില്‍..”

*****

“ബ്ലൂ ആപ്പിള്‍” പരസ്യക്കമ്പനിയുടെ ഉള്ളിലേക്ക് കടക്കുന്നതിനു മുമ്പ് ഞാന്‍ നന്ദനെ ഒന്നുകൂടി നോക്കി.. കല്യാണത്തിനു ഒരാഴ്ചകൂടി മാത്രം ബാക്കിയുള്ള, അതിനുള്ള കാശു സ്വരൂപിക്കാന്‍ ഓടി നടക്കുന്ന, ജോലി തെറിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ മനുഷ്യന്‍ അവധിയുമെടുത്ത് , സ്കൂട്ടറിലിരുത്തി ഇവിടെ കൊണ്ടുവന്ന്, അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞു തന്ന്, എനിക്കായി കാത്തു നില്‍ക്കുന്നു..അല്ലെങ്കില്‍ എന്റെ ജീവിതം വഴിതിരിച്ചുവിടാന്‍ എല്ലാം മറന്നു തയ്യാറെടുത്തു നില്‍ക്കുന്നു... സൌഹൃദത്തിന്റെ അറിയാപാഠങ്ങള്‍ ആ കണ്ണുകളില്‍ നിന്നു ഞാന്‍ വായിച്ചു... കണ്ണില്‍ എവിടെയോ പടര്‍ന്നിറങ്ങുന്ന നനവ് ഞാനറിഞ്ഞു..നന്ദന് പുഞ്ചിരി മാത്രം.. മടങ്ങാനും ഒടിയാനും മനസില്ലാത്ത ഇരുമ്പു തകിടില്‍ ജീവിത്തിന്റെ പെയിന്റ് വാരിയൊഴിച്ച് പതം വന്നവന്റെ പൌരുഷം പുരണ്ട ചിരി.......

ആമസോണ്‍ കാട്ടില്‍നിന്ന് ഇറക്കുമതി ചെയ്ത ആദിമമനുഷ്യരേപ്പോലെ വേഷമിട്ട ആണും പെണ്ണും.. വള്ളിക്കൊട്ട കമിഴ്ത്തിയമാതിരി മുടിയുള്ള ഒരു മച്ചാന്‍ ടേബിളിനു മുകളില്‍ കുത്തിയിരിക്കുന്നു.. അകം മുഴുവന്‍ കാണാന്‍ പാകത്തില്‍ സീത്രൂ ഡ്രസ് ഇട്ട ഒരു സീറോ സൈസ് പെണ്‍കിടാവ് സിഗരട്ടു വലിച്ചുകൊണ്ട് എന്റെ അടുത്തുവന്നു.. എന്റെ ‘ഫോര്‍മല്‍‘ ഡ്രസുകണ്ട് ‘ഇതേതു അപരിഷ്‌കൃതന്‍’ എന്ന രീതിയില്‍ തുറിച്ചുനോക്കി..

“ഇന്റര്‍വ്യൂ ....” ഞാന്‍ ‘ഇന്നര്‍വ്യൂ’ വിനോട് പറഞ്ഞു....

“കമിന്‍...”

കിംഗ് ഫിഷര്‍ മല്ല്യയുടെ ലുക്കും ലക്കുമുള്ള ഒരു മധ്യവയസ്കന്റെ മുന്നില്‍....
പലതും ചോദിച്ചു...പലതും പറഞ്ഞു...തിരിച്ചും മറിച്ചും..മറിച്ചും തിരിച്ചു..

“രണ്ട് അസൈന്‍‌മെന്റുകള്‍... ലെറ്റ് മീ അസസ് യൂ......ഒന്ന് ഇന്ത്യന്‍ റെയില്‍‌വേയ്ക്ക് വേണ്ടി.. സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ തൊടരുത്.. അണ്‍ ഐഡന്റിഫൈഡ് ഒബ്‌ജക്ട്‌സ്..അതു ബോംബ് ആയേക്കാം..അതിനു പറ്റിയ ഒരു വാചകം... പിന്നെ, പുതിയ ഒരു ലിപ്‌സ്റ്റിക്.. കണ്‍സെപ്‌ടും കോപ്പിയും.യൂസ് സിമ്പിള്‍ ഇംഗ്ലീഷ്..ടേക്ക് യുവര്‍ ടൈം....”

രക്ഷപെടലിനും അനിശ്ചിതത്വത്തിനും ഇടയില്‍ രണ്ടേ രണ്ടു വരികള്‍.... ഇടയില്‍ ഒരുപാട് അര്‍ഥങ്ങളുള്ള രണ്ടേ രണ്ടു വരികള്‍...
എന്റെ കണ്ണുകള്‍ അടഞ്ഞു..

വെള്ളപ്പേപ്പറില്‍ നീലമഷി ഉരഞ്ഞു നീങ്ങി...

‘AN UNIDENTIFIED OBJECT CAN MAKE YOU UNIDENTIFIED‘


തഞ്ചാവൂരെ ഒരു ശില്പസുന്ദരിയുടെ ഒരു ഗ്രേസ്കെയില്‍ ഫോട്ടോ, മുന്നിലുണ്ടായിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് എടുത്തു..

ശില്പത്തിനു നീലമഷികൊണ്ട് ലിപ്‌സ്റ്റിക്ക് ഇട്ടു...

‘LURE THE LUST......‘

ആസക്തിയെ ആകര്‍ഷിക്കൂ

നെസ് കഫേ കുടിച്ച് പുറത്തിരുന്ന എന്നെ വീണ്ടും വിളിച്ചു..

ബോസ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു....

ഓഫര്‍ ലെറ്ററുമായി പുറത്തേക്കോടി..
ബോളിവുഡ് സുന്ദരിമാര്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ഹോര്‍ഡിംഗുകള്‍ എന്നെ മാടി വിളിക്കുന്നു..
ആയിരം കൃഷ്ണമണികളെ ഒന്നിച്ചാകര്‍ഷിക്കുന്ന പരസ്യങ്ങള്‍ പുതിയ നിറങ്ങള്‍ വാരി അന്തരീക്ഷത്തിലേക്കിടുന്നു..
ലൈഫ് ബോയുടെ വയലറ്റ് അക്ഷരങ്ങള്‍ നിറഞ്ഞ മതിലിനു അരികിലൂടെ പണ്ട് ടയറോടിച്ചു നടന്ന പയ്യനെപ്പോലെ ....
ഒരു പുതിയ ലോകം എന്റെ മുന്നില്‍ അക്ഷരങ്ങളുടെ ചെപ്പും തുറന്ന്..........

‘നന്ദാ.................’

വിദൂരതയിലേക്ക് നോട്ടവുമെറിഞ്ഞ്, കന്യാകുമാരിയിലെ സുന്ദരിയുടെ കാഞ്ചനപ്രഭയുടെ ഓര്‍മ്മയില്‍ പുതിയ ജീവിതത്തിന്റെ മധുരവസന്തപ്രതീക്ഷകള്‍ നന്ദനേയും വാരിപ്പുണരുന്നുണ്ടാവാം..

“ചിയേഴ്‌സ്.......................................................” എന്നെ നന്ദന്‍ വരിഞ്ഞു മുറുക്കി
ചിയേഴ്‌സ്....
കൊച്ചിയിലെ ബാറിന്റെ അരണ്ട വെളിച്ചത്തില്‍ ബിയര്‍ഗ്ലാസുകള്‍ മുട്ടിയുരുമ്മി...

“രണ്ടുവര്‍ഷമാവുന്നു നമ്മള്‍ കണ്ടിട്ട്..അല്ലേ നന്ദന്‍സ്...”

നന്ദന്‍ ചിരിക്കുന്നു..

“തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കാലത്തിന്റെ ഹൈവേയില്‍ വച്ച്, മറ്റൊരു തിരിവിലേക്ക് എന്നെ വഴികാട്ടി വിട്ടപ്പോള്‍ തന്റെ മനസില്‍ എന്തായിരുന്നു മാഷേ...” ഐസ് കട്ട പതഞ്ഞു താഴുന്നു..

“ഞാനൊന്നും ചെയ്തിട്ടില്ല മാഷേ.. നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇതുപോലെ ഓരോരുത്തരേയും നിര്‍ത്തിത്തരും വിധി.. കഴിക്കുന്ന ഓരോ ധാന്യത്തിലും പേരെഴുതിവച്ചിട്ടുണ്ട് എന്ന് പറയുന്ന പോലെ..ഇതൊക്കെ ഏതാണ്ട് വല്യ കാര്യമാണോ മച്ചാ....” നന്ദന്‍ കണ്ണിറുക്കി..

“പക്ഷേ താന്‍ തന്ന സ്നേഹം പൂര്‍ണ്ണമായും തിരികെത്തരാന്‍ പറ്റുന്നില്ലല്ലോടേ...”

“അതു എന്റെ മോള് ഭാവിയില്‍ എന്തിനെങ്കിലും തന്റെ മോളുടെ അടുത്ത് വന്നേക്കും....കണക്ക് അവരുതമ്മില്‍ തീര്‍ത്തോളൂം, താന്‍ തല്‍ക്കാലം ദാ..ഇതുകൂടി ഒഴിക്ക്...........”

നേരിയ ഇരുട്ടിന്റെ മൂടുപടം ഇട്ട കൊച്ചി സന്ധ്യയിലൂടെ ഞങ്ങള്‍ നടന്നു..
നിര്‍ത്താതെ സംസാരിച്ച്....ചിരിച്ച്...ചിരിക്കാതെ...

“എല്ലാ സായന്തനങ്ങളും ദു:ഖമാണ് എന്ന് ഒ.വി.വിജയന്‍ പറഞ്ഞിട്ടുണ്ട്..തനിക്കങ്ങനെ തോന്നുന്നോ മാഷേ...” ഞാന്‍ ചോദിച്ചു

“എല്ലാ സായന്തനങ്ങളും സന്തോഷമാണ് എന്നു ഞാന്‍ പറയും.. ചുമ്മാ ചിരിക്ക് മച്ചാ..”


ട്രാഫിക്ക് ജാമില്‍ നിറയെ വാഹങ്ങള്‍.. ജീവിതങ്ങള്‍

ഒരു ബൈക്കില്‍ ചുരുളന്‍ മുടിയുള്ള സുന്ദരി, കാമുകന്റെ പുറത്ത് കവിള്‍ ചേര്‍ത്തുവച്ച് ഇരിക്കുന്നു..അവളുടെ കണ്ണുകളില്‍ നിര്‍വൃതിയുടെ സാന്ധ്യരാഗം....

നന്ദന്റെ മൊബൈല്‍ ശബ്ദിച്ചു....

“അഗര്‍ തും മില്‍ ജായേ....ജമാന ഛോഡ് ദേംഗേ ഹം....”

റിംഗ് ടോണ്‍ കേട്ട് പെണ്‍കുട്ടി തിരിഞ്ഞുനോക്കി...
നന്ദന്‍ അവളെ നോക്കി കണ്ണിറുക്കി..

മറുപാടിയായി അവളൊരു ചിരി വാരിയെറിഞ്ഞു.....