Wednesday, 11 February 2009

ക്ഷമാപൂര്‍വ്വം

ബ്രിജ്‌വിഹാര്‍ എന്ന ഉത്തരേന്ത്യന്‍ കോളനിയിലെ മലയാളി കൂട്ടായ്മ കണ്ടതുകൊണ്ടും അവിടുത്തെ സ്നേഹവും തമാശകളും ഏറെ അനുഭവിച്ചതുകൊണ്ടുമാണ് ഈ ബ്ലോഗ് ഉണ്ടായതു തന്നെ.

മറ്റൊരിടത്തും കാണാത്തത്ര, എഴുപത്/എണ്‍പതുകളിലെ മലയാളി ജീവിതത്തിന്റെ പള്‍‌‌സ് രണ്ടായിരത്തിലും നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍, അവിടുത്തെ കഥകളും കഥാപാത്രങ്ങളും പ്ലോട്ടുകളായി സ്പാര്‍ക്കുകളായി മനസില്‍ വരികയായിരുന്നു..അതുകൊണ്ട് തന്നെയാവാം, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും അവിടെയൊന്നു പോകണം അയ്യപ്പനേയും ആളുകളേയും കാണണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിച്ച് ഒരുപാട് വായനക്കാര്‍ സമീപിച്ചതും. പശ്ചാത്തലം നര്‍മ്മം ആയിരുന്നെങ്കിലും ആ നാടിന്റെ സ്നേഹവും സന്തോഷവും ഒക്കെ പരോക്ഷമായി വായനക്കാരില്‍ എത്തിയെന്നു തന്നെയാണ്‌ അഭിപ്രായങ്ങളില്‍നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞതും.

പക്ഷേ,

പതിനഞ്ചു വര്‍ഷത്തോളം എന്നെ പോറ്റിയ ഒരു നാടിനെപറ്റി വെറും നേരമ്പോക്കിനായി ഞാന്‍ എഴുതിയ കഥകള്‍ എന്റെ പ്രിയപ്പെട്ട ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളില്‍ ചിലരെ വേദനിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു..

നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട്, പതിനഞ്ചോളം ബ്രിജ്‌‌വിഹാര്‍ കഥകള്‍(ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നവ) ഈ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യുന്നു..

പേരും അയ്യപ്പനും ഇനിയും തുടര്‍ന്നും ഉണ്ടാവും..(ബിക്കോസ് അയ്യപ്പന്‍ കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു ‘എന്നെ ഡിലീറ്റ് ചെയ്താല്‍ കൊല്ലും നിന്നെ’ :) )


ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളോട് ഒരിക്കല്‍ കൂടി മാപ്പു ചോദിച്ചുകൊണ്ട്...ഒപ്പം 2008 ലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള “ഗാര്‍ഷോം” അവാ‍ര്‍ഡ് നേടിയ ‘ഫ്രണ്ട്സ് ഓഫ് കേരള(ബ്രിജ്‌വിഹാര്‍)‘ യ്ക്ക് അഭിനന്ദനങ്ങളോടെ


ജി.മനു

Monday, 2 February 2009

ഗൃഹലക്ഷ്മിയില്‍ ‘വാണാ ബീ മൈ വാലന്റൈന്‍’

എല്ലാവരുടെ മനസിലും ഒരു അനുപമ ഉണ്ടാവാം..അല്ലെങ്കില്‍ എല്ലാവരും ഒരു അനുപമയെ തേടുന്നുണ്ടാവാം. അതുകൊണ്ടാവാം അനുപമ ആരെന്നും എവിടെന്നും ചോദിച്ച് എനിക്ക് വന്ന അന്വേഷണങ്ങളുടെ എണ്ണം മറ്റുള്ളവയെക്കാള്‍ ഒരുപാട് കൂടുതലായത്..

പല വ്യാഖ്യാനങ്ങളില്‍ പ്രണയം മനുഷ്യമനസില്‍ മങ്ങാതെ മായാതെ എപ്പൊഴും നിലനില്‍ക്കുന്നു..ജിബ്രാന് അത് അനുഭൂതി തലങ്ങളില്‍ ഒഴുകി നടക്കുന്ന ദൈവികസ്പര്‍ശമാകാം.. ചങ്ങമ്പുഴയ്ക്ക് അത് മാംസനിബധമല്ലാത്ത വികാരമാകാം.. മുട്ടത്തുവര്‍ക്കിക്കും ജോയ്സിക്കും പൈങ്കിളി എന്ന് നമ്മള്‍ വിളിക്കുന്ന പ്രണയസല്ലാപങ്ങള്‍ ആവാം.. ബഷീറിനും മുകുന്ദനും വിജയനും പ്രണയവ്യാഖ്യാനങ്ങളില്‍ അവരവുരുടേതായ തലങ്ങള്‍ ഉണ്ടാവാം.. മനശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഇണ ചേരാനുള്ള വ്യഗ്രതയ്ക്കായി ഹോര്‍മോണുകള്‍ നടത്തുന്ന വെറും രാസപ്രക്രിയ ആവാം.. എന്തായാലും എന്നും വിജയിച്ച് കള്ളച്ചിരിയോടെ പലവേഷങ്ങളില്‍ പ്രണയം എല്ലായിടത്തും കറങ്ങിനടക്കുന്നു..


ഈ ലക്കം ഗൃഹലക്ഷ്മിയില്‍ ഈ ബ്ലോഗിലെ ‘വാണാ ബീ മൈ വാലന്റൈന്‍’ എന്ന പോസ്റ്റ് വന്ന വാര്‍ത്ത നന്ദിയോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ ബൂലോക സുഹൃത്തുക്കളെ അറിയിക്കുന്നു.
അനുപമേ..ഞാനിപ്പോ പോങ്ങുമ്മൂടന്‍‌റെ കാറ് തല്‍ക്കാലത്തേക്ക് എടുത്ത് ശംഖുമുഖം റൂട്ടിലേക്ക് പറക്കുകയാണ്‍..

അസ്തമയം കുങ്കുമത്താലമേന്തി ദാ വന്നു നില്‍ക്കുന്നു.. ചുറ്റും കടല്‍ക്കാറ്റില്‍ കുളിരുന്നു...

നിന്‍‌റെ പൊട്ടിച്ചിരിയുടെ ചിലങ്കമണികള്‍ പൊഴിഞ്ഞുകൊണ്ടേ ഇരിക്കുന്നു..

വാഴ്ത്തപ്പെട്ട പ്രണയകഥകളുടെ ശീലുകള്‍ നാരങ്ങാവെള്ളം നീട്ടി വഴിയരികില്‍ നില്‍ക്കുന്നു..

ആഹ്ലാദത്തിന്‍‌റെ ആക്സിലേറ്ററില്‍ വീണ്ടും കാലമരുന്നു.

സ്റ്റീരിയോയില്‍ മദാമ്മക്കൊച്ചിന്‍‌റെ മാസ്മരികശബ്ദം കയറിയിരുന്നു പാടുന്നു....

‘അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍
ഹൂ യൂ .......ആര്‍....
വെയര്‍ യൂ ആര്‍ ഫ്രം
ആന്‍ഡ് വാട്ട് യൂ ഡൂ..........
അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍‘


.....തീവ്രവാദവും അക്രമങ്ങളും , ആരും കണ്ടില്ലാത്ത ദൈവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും കനിവുകാട്ടി അടുത്ത വര്‍ഷവും ഇതുപോലെയൊരു പ്രണയവസന്തം ആഘോഷിക്കാന്‍ ഈ പാവം ഭൂമി ബാക്കിയുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്........ മുറുക്കി ചുവപ്പിച്ച്, ദ്രാവിഡതാളത്തിന്‍‌റെ ലഹരിയിലൂടെ , നെല്ലിന്‍‌തണ്ടു മണക്കും വഴിയിലൂടെ കാലത്തിന്‌റെ അപാരതകളിലേക്ക് എങ്ങോട്ടോ നടന്നുപോയ പ്രിയകവി കടമ്മനിട്ട മാഷിന്റെ അതേ വരികള്‍ തന്നെ ഒന്നുകൂടി ഓര്‍ത്തുകൊണ്ട്......തല്‍ക്കാലം നിര്‍ത്തുന്നു.. :)

“‘നാം തമ്മില്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെത്തന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍ പാറമേല്‍ പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍....”