Sunday, 30 December 2007

തു മേരേ സാമ്‌നേ....തമന്നാ..താനനാ....

ബ്രിജ്‌വിഹാര്‍ മലയാളിസമാജത്തിന്‍റെ ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ അവതരിപ്പിക്കാന്‍ പുതിയൊരു അടിപൊളി പാട്ടുവേണം എന്ന് സെക്രട്ടറി മിനുകുമാര്‍ പറഞ്ഞപ്പോള്‍, എന്നാല്‍ അതിലൊന്നു കൈവച്ചുകളയാം എന്ന് ചിന്തിച്ച്‌ ഞാന്‍ വരമൊഴി തുറന്നു. 'കര്‍ത്താവേ കൊളമാക്കല്ലേ' എന്ന സ്പെഷ്യല്‍ പ്രാര്‍ത്ഥനയോടെ വിരലുകളെ കീബോര്‍ഡില്‍ ഭ്രാന്തമായി നൃത്തം ചെയ്യിച്ചു.

'ചാറ്റു റൂമിലെ ചാന്ദ്‌നി മഴ
ച്ചാറ്റലേക്കെടി പൂമണി
ചാരിനിക്കണ പൂമരം കൊതി
കോരിയേകണ പൂമിഴി..

ഓര്‍ക്കൂട്ടഴിക്കൂട്ടിനുള്ളില്‍ കാത്തിരിക്കെടി കാമിനി
യാഹൂ..യാഹൂ...മെസെഞ്ചര്‍..മെസ്സെഞ്ചര്‍..മെസ്സഞ്ചര്‍ (എക്കോ.... )
യാഹൂ യാഹൂ മെസെഞ്ചര്‍ യാരീ മേരീ യാദിനി
ജിടോക്കിലെ ജാലകത്തില്‍ ജാട കാട്ടണ യാമിനി.....

മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി..

"ഛേ...മൂഡ്‌ കളഞ്ഞു... ഈ സമയത്തേതു വിവരദോഷിയാടാ വിളിക്കുന്നെ.. " പച്ചയില്‍ വിരലമര്‍ത്തി

"ഹെലോ.... "

"ഹലോ....ഇത്‌ മിസ്റ്റര്‍ മനുവല്ലേ...." മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിവന്ന പെണ്‍ശബ്ദം..

"അതേ.. "

"ഗുഡ്‌മോണിംഗ്‌...... "

"അങ്ങോട്ടും ഗുഡ്‌മോണിംഗ്‌... ആളെ.... "

"മനസിലായില്ല അല്ലേ... വേണ്ടപ്പെട്ടവരെയൊക്കെ ഇങ്ങനെയങ്ങ്‌ മറന്നാലോ മാഷേ.... "

"എനിക്ക്‌ വേണ്ടപ്പെട്ടവരിലാര്‍ക്കും ഇങ്ങനെയൊരു ശബ്ദം ഇല്ലല്ലോ ...ഒന്നാലോചിക്കട്ടെ...ഉം..... ഷെര്‍ലി ഐസക്‌?? "

"അതാരാ മാഷേ ഈ ഷെറ്‍ലി..മാഷിന്‍റെ മോറല്‍ സൈഡ്‌ പണ്ടേപ്പോലെ ഇപ്പൊഴും വീക്കുതന്നെയാ..? വീക്കുതരാന്‍ ആരും ഇല്ലേ.... ഓ..ഭാര്യ ഇപ്പോള്‍ കൂടെയില്ലല്ലോ അല്ലേ...... "അജ്ഞാതയുടെ പെനാല്‍റ്റി കിക്കില്‍ ഞാനൊന്നു ചൂളി..

"അല്ല..ഈ ഷെര്‍ലി എന്‍റെ പഴയ ഓഫീസിലെ റിസപ്ഷനിസ്റ്റാണേ... ആ കൊച്ചിന്‍റെ സൌണ്ട്‌ ഏകദേശം ഇതുപോലൊക്കെ വരും. അപ്പൊ ആ കക്ഷിയല്ല... പിന്നാരാണാവോ.. ഉം... ലിസി ചാള്‍സ്‌... ? "

"അതാരാ മാഷേ..പഴയ ഓഫീസിലെ പാചകക്കാരിയാ?. അല്ല.. കൃസ്ത്യാനി പെണ്ണുങ്ങള്‍ മാത്രമേ ഉള്ളോ ലിസ്റ്റില്‍.. അതോ മാഷും ഇതിനിടയ്ക്ക്‌ മാമോദീസാ മുങ്ങിയോ.. "

"അതേ.. ഈയിടെയായി കൃസ്ത്യാനി പെമ്പിള്ളാരെ മാത്രമേ ഞാന്‍ സഖിമാരാക്കാറുള്ളൂ..എന്താ വല്ല കമ്പ്ളയിന്‍റും ഉണ്ടോ.. ഉണ്ടെങ്കില്‍ അടുത്ത പോസ്റ്റോഫീസില്‍ പോയി പറ.. രാവിലെ മനുഷ്യനെ ഫോണില്‍ വിളിച്ച്‌ കളിയാക്കാതെ കാര്യം പറ കൊച്ചേ..." അല്‍പ്പം ചൂടായി ഞാന്‍.

"ഹോ..എന്തൊരു ദേഷ്യം. മാഷിന്‍റെ കവിള്‍ എന്നുമുതല്‍ക്കാ ഇത്ര ചാടാന്‍ തുടങ്ങിയത്‌.. പണ്ട്‌ ഇത്ര വൃത്തികേടില്ലാരുന്നല്ലോ"

"കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ രണ്ടണയിലും ഒോരോ അവലോസുണ്ട വച്ചാ നടക്കുന്നത്‌.. അതാ കാര്യം.. അല്ല...കൊച്ചിനു നേര്‍ച്ച വല്ലതുമുണ്ടോ.. ഒരു മാന്യനെ രാവിലെ തന്നെ ഇങ്ങനെ കൊരങ്ങുകളിപ്പിക്കാമെന്നോ മറ്റോ.... "

"മാന്യനെ കൊരങ്ങുകളിപ്പിക്കാനാണേല്‍ ഞാന്‍ മാഷിനെ വിളിക്കുമോ മാഷേ.. ഇതെന്നാ ചോദ്യമാന്നേ.. ആ കഥകളൊക്കെ വായിച്ചാ തന്നെ അറിയില്ലേ മാന്യത അയല്‍വക്കത്തൂടെപ്പോലും പോയിട്ടില്ലെന്ന്...... "

" 'ദേ.. ഒരു പെണ്‍കുട്ടിയെ തെറിവിളിക്കാനുള്ള യോഗമുണ്ട്‌' എന്ന് എന്‍റെ വാരഫലത്തില്‍ ഇല്ല. ജ്യോത്സ്യനെ ചലഞ്ചു ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കരുത്‌.. വല്ലോം ഡീസന്‍റായി സംസാരിക്കാനുണ്ടേല്‍ പറ...അല്ലേ ഞാന്‍ കട്ട്‌ ചെയ്യാന്‍ പോകുവാ.. "

"ഹോഹോ... എന്തായാലും ആ പഴയ ആളിനല്‍പ്പം വിവരം വച്ചിട്ടുണ്ട്‌.. ഡീസന്‍റായി സംസാരിക്കാനൊക്കെ തുടങ്ങി അല്ലേ....കൊള്ളാം..എന്നെ മാഷിനു നന്നായി അറിയാം.. പക്ഷേ തല്‍ക്കാലം. അല്‍പ്പമൊന്നോര്‍ക്കണം എന്നുമാത്രം.. വേണേല്‍ ഒരു ക്ളൂ തരാം.. മൂവന്തിമൈലാഞ്ചി... "

"എന്ത്വാ..... ? മൂവന്തി?"

"മൂ...വ...ന്തി...മൈ...ലാ..ഞ്ചി...ഒ.കെ ബൈ ബൈ...സീ യു...... " ഫോണ്‍ കട്ടായി..

"മൂ..വന്തി...മൈ..ലാ...ഞ്ചി....." റിവോള്‍വിംഗ്‌ ചെയറില്‍ ഒന്നുകറങ്ങി തിരികെവന്നു.. മോണിട്ടറിലേക്ക്‌ നോക്കി മനസില്‍ പരതല്‍ തുടങ്ങി....

"ചാറ്റു റൂമിലെ ചാന്ദ്‌നി നീയാരു ചൊല്ലെടി കാമിനി.... ഡസ്ക്‌ ഹെന്നാ.....? ഈവനിംഗ്‌ ഹെന്നാ....? സന്ധ്യാ ഹൊനായ്‌....? ഛേ... കോഡ്‌ ഡീക്രിപ്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ലല്ലോ അയ്യപ്പാ...... "

'പോസ്റ്റ്‌മാസ്റ്റര്‍ വര്‍ക്ക്‌ ചെയ്യുന്നില്ല' എന്ന കമ്പ്ളെയിന്‍റുമായി സജി സെബാസ്റ്റ്യന്‍ വന്നു. അവന്‍റെ മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കി ഞാന്‍ പിറുപിറുത്തു

"മൂവന്തി മൈലാഞ്ചി... വല്ലോം മനസിലായോ നിനക്ക്‌... "

"ഉവ്വ്‌...ഒരുകാര്യം മനസിലായി.. നീ ഇന്ന് ഗുളിക കഴിക്കാന്‍ മറന്നു അല്ലേ....എടാ കോപ്പേ മെയിലൊന്നും ഡൌണ്‍ലോഡാവുന്നില്ല..പോയി നോക്കെടാ.. അവന്‍റമ്മൂമ്മേടെ മൈലാഞ്ചി.... "

മെയിലിംഗ്‌ സോഫ്റ്റ്‌വെയര്‍ ശരിയാക്കി മടങ്ങിവരുമ്പോള്‍ അക്കൌണ്ട്‌സിലെ മിനിഡേവിസ്‌ വിളിച്ചു..

"മാഷേ.... എന്‍റെ നെറ്റ്‌വര്‍ക്ക്‌ കിട്ടുന്നില്ല..പെട്ടെന്ന് ശരിയാക്ക്‌.. ആ തള്ള കെടന്ന് ചിലയ്ക്കുന്നു.. "

"മനുഷ്യനെ സ്വസ്ഥമായി ജോലിചെയ്യാനും സമ്മതിക്കില്ല.. എന്തവാ നിന്‍റെ നെറ്റ്‌വര്‍ക്കിനൊരു കുഴപ്പം.. ഇത്രേം പ്രായമൊക്കെ ആയില്ലേ.. ഇനി നെറ്റ്‌വര്‍ക്കൊക്കെ അല്‍പ്പം കുറയ്ക്ക്‌..." ആര്‍.ജെ കണക്റ്ററ്‍ സോക്കറ്റില്‍ അമര്‍ത്തി ഞെക്കി ഞാന്‍ പറഞ്ഞു.

"ഇനി ഒന്നു നോക്ക്‌.. മൂവന്തി..മൈലാഞ്ചി.. "

"വന്നു.. അതെന്താ മാഷേ മൈലാഞ്ചി... നെറ്റ്‌വര്‍ക്ക്‌ വരാനുള്ള മന്ത്രമാ.... ? "

"അല്ല... പണ്ടെങ്ങോ തകര്‍ന്ന ഒരു നെറ്റ്‌വര്‍ക്ക്‌ ശരിയാക്കാനുള്ള ഒരു മന്ത്രം.. തല്‍ക്കാലം ഇത്രേം അറിഞ്ഞാ മതി.. വായി നോക്കാതെ വൌച്ചര്‍ എണ്റ്റ്‌റി ചെയ്യു കൊച്ചേ... "

വൈകിട്ട്‌ കോഫി കുടിച്ചിരിക്കുമ്പോള്‍ പിന്നെയും ഫോണ്‍...

"ഉത്തരം കിട്ടിയോ മാഷേ..." സെയിം ശബ്ദം..

"ഉത്തരം മുന്നിലുണ്ടല്ലോ..ചോദ്യം അല്ലേ വേണ്ടത്‌.. മിസറബ്ളി ഫെയില്‍ഡ്‌...എനിമോര്‍ ക്ളൂ... ? "

"ഹഹഹ....ഉത്തരം നാളെ പറഞ്ഞാലോ... ഇന്നു രാത്രി മുഴുവന്‍ മാഷിരുന്നാലോചിക്ക്‌... "

"പിന്നെ.. എനിക്കതല്ലേ പണി. എഴുപതിലെ ടീനേജേഴ്‌സിനെപോലെ പെങ്കൊച്ചിനെക്കുറിച്ച്‌ മാത്രം ഓര്‍ത്തോണ്ടിരിക്കാന്‍.. പോയി പണിനോക്ക്‌ കൊച്ചേ....... "

"ഓഹോ..ആളപ്പം എക്സ്‌ട്രാ ഡീസന്‍റായി അല്ലേ... എന്നാ അടുത്ത ക്ളൂകൂടിത്തരാം... "

കാതിലേക്ക്‌ ഒപ്പനപ്പാട്ടൊഴുകിയെത്തി

"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....
മുക്കൂറ്റി മണിച്ചന്തം പൂഞ്ചുണ്ടിലൊളിച്ചോളേ.... "

"ഓ മൈ......ഗോഷ്‌...............തമന്ന...!!!! ??"

ഒരു ഞെട്ടലില്‍ കസേര കറങ്ങി.. കടലാസ്‌ കപ്പ്‌ കൈയിലര്‍മന്നു.. മോണിട്ടറിലെ സ്ക്രീന്‍സേവറില്‍ ഗോള്‍ഡന്‍ ഫിഷുകള്‍ നീന്തിത്തുടിച്ചു....

"യെസ്‌.. തമന്ന ഇക്ബാല്‍ ...... അപ്പോ നീ എന്നെ മറന്നില്ല അല്ലെ.. ഞാനിപ്പോ നിന്‍റെ രാജ്യത്തുണ്ട്‌.. ഡെല്‍ഹിയില്‍...... "

അറിയാതെ അടഞ്ഞ കണ്ണുകളില്‍ ഇടവപ്പാതി ചാറിവീഴുന്നു...

മുല്ലപ്പൂമണം നിറഞ്ഞ കാമ്പസില്‍ ഇളം മനസുകള്‍ നൃത്തം വച്ചു തുടങ്ങുന്നു...

ഓര്‍മ്മകളില്‍ ഒരു പട്ടുയവനിക ഞൊറിഞ്ഞുയരുന്നു....

ആരവം ഇളകിമറിയുന്ന കോളജ്‌ ഓഡിയറ്റോറിയത്തില്‍ കോരിത്തരിപ്പിന്‍റെ മൊട്ടുസൂചിനിശ്ശബ്ദത പടര്‍ത്തി തമന്ന ചൊല്ലുന്ന സുഗതകുമാരിക്കവിത നിറഞ്ഞൊഴുകുന്നു...

"ശബളമാം പാവാട ഞൊറികള്‍ചുഴലുന്ന കാല്‍-
ത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പില്
‍ഒരുനാളുമെത്തിയിട്ടില്ല.. കൃഷ്ണ, നീയെന്നെയറിയില്ല....... "

ഇളം ചുവപ്പു സാരിത്തലപ്പുകൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പുമണികള്‍ ഒപ്പി, പാറിപ്പറക്കുന്ന മുടിയിഴകളെ വലംകൈകൊണ്ട്‌ മാടിയൊതുക്കി, പടവിറങ്ങുന്ന തട്ടമിടാത്ത താമരപ്പൂവ്‌.. പടവുകയറി വരുന്നവര്‍ക്ക്‌ പുഞ്ചിരിയുടെ റോസാദലങ്ങള്‍ ഇറുത്തുനല്‍കി, ക്യാമ്പസ്‌ കാറ്റിന്‍റെ കുസൃതിത്തരത്തിനോട്‌ തല്ലിത്തോറ്റ്‌ പിന്നെയും മുടിയൊതുക്കി തലചെരിച്ചപ്പോള്‍ എന്‍റെ കുസൃതിച്ചിരി തൊട്ടടുത്ത്‌...

"വിറപൂണ്ട കൈനീട്ടി നിന്നോടു ഞാനെന്‍റെ
ഉടയാടവാങ്ങിയിട്ടില്ല..കൃഷ്ണ നീയെന്നെയറിയില്ല..
കലക്കി ത്യമന്നാ കലക്കി. അഹൂജ മൈക്കിലൂടെ നിന്‍റെ ശബ്ദം ഡബിള്‍ പ്രൊസസ്‌ ചെയ്ത വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ പരിസരം പോലും മറന്നു. മനസില്‍ പിന്നെ അമ്പാടിയും ആലിലക്കണ്ണനും അമ്പെടി രാധയും മാത്രം.... "

"ഓഹോ... മഹാരാജാവ്‌ ഈ പരിസരത്തുതന്നെ ഉണ്ടാരുന്നോ..... "

"ഈ കവിതയ്ക്ക്‌ 'രാധേ ഞാന്‍ നിന്നെ അറിയുന്നു' എന്ന് മറ്റൊരു കവി മറുപടിയെഴുതിയ ഹിസ്റ്ററി അറിയാമോ മാഷിനു?. സംശയം ഉണ്ടെങ്കില്‍ ഇപ്പോ സുഗതകുമാരിടീച്ചറെ വിളിച്ചു ചോദിക്ക്‌..... "

"ഓഹോ... പരദൂഷണത്തില്‍ എനിക്ക്‌ തീെരെ താല്‍പര്യമില്ല മോനേ.. ഒരു കണ്ടുപിടുത്തവുമായി വന്നേക്കുന്നു..... "

"എന്നാലും സത്യം പറയാമല്ലോ....കുട്ടിയ്ക്ക്‌ പദ്യപാരായണത്തില്‍ നല്ല ഭാവിയുണ്ട്‌.. ഒരു മുസ്ളീം പെണ്‍കിടാവ്‌ എത്ര മനോഹരമായാ കൃഷ്ണനെ വിളിക്കുന്നത്‌.. ബൈ ദ വേ...സത്യത്തില്‍ തമന്നയുടെ തട്ടമോ, ചേലയോ ആരെങ്കിലും കട്ടെടുത്തോ.....ഉണ്ടെങ്കില്‍ പറ..മുട്ടുകാല്‍ തല്ലിയൊടിച്ച്‌ മുന്നില്‍ കൊണ്ടുവന്നിടാം... "

"ഇല്ല സാര്‍..എനിക്ക്‌ പരാതിയില്ല സാര്‍.. ആ സമയത്ത്‌, കൊടുത്ത പ്രേമലേഖനങ്ങള്‍ പൂത്തോ കായ്ച്ചോ എന്നൊക്കെ അന്വേഷിക്കൂ സാര്‍.. ഇതിനുവേണ്ടി സമയം കളയാതെ.. അല്ലാ..യൂത്ത്ഫെസ്റ്റിവല്‍ ആയിട്ടു നീയിന്നു സിനിമയ്ക്ക്‌ പോയില്ലേ... മറ്റ്‌ ആമ്പിള്ളേരെല്ലാം കുമ്പഴ സരസിലോട്ടു പോയെന്നാണല്ലോ ഞാനറിഞ്ഞത്‌.. "

"ഏയ്‌.. 'ആദ്യപാപം' ആണെങ്കിലും അഞ്ചുതവണയില്‍ കൂടുതല്‍ എങ്ങനാ തമന്നേ കാണുന്നേ.. "

"അല്ലാ ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ..ഗുണം പിടിക്കണം എന്നൊരു ആഗ്രഹമേ ഇല്ലേടാ നിനക്കൊന്നും. ആ ഇന്ദുലാലിനെ കൂടി നീയെല്ലാം ചേര്‍ന്നു വഷളാക്കി... ഒരു റാങ്ക്‌ പ്രതീക്ഷ അവനിലാരുന്നു.. അതും പോയല്ലോ റബ്ബേ..... "

"അതെ.. നീ അവനെ ഒന്നുപദേശിക്ക്‌. റാങ്കേ റാങ്കേ എന്ന് പറഞ്ഞു നടന്ന അവനിപ്പോ ഊണിലും ഉറക്കിലും അഭിലാഷ അഭിലാഷ എന്നൊരു വിചാരമേ ഉള്ളൂ.... "

കെമിസ്റ്റ്രി ബ്ളോക്കിനു താഴെ ഈശ്വരപ്രാര്‍ഥന തുടങ്ങി...

"രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം
ശ്യാമവര്‍ണ്ണ മോഹിനീ സുഭാഷിണീ മനോഹരീ
പ്രേമലേഖനം നിനക്ക്‌ ഞാന്‍ തരുന്നു ശാലിനീ
പാതിരാത്രിനിന്നെ കാണാന്‍ പമ്മി ഞാനണഞ്ഞതും
പാണ്ടന്‍ പട്ടി മോങ്ങവേ മതിലുചാടിവീണതും
നാലുപാടും ലൈറ്റുമിട്ട്‌ നാട്ടുകാരുണര്‍ന്നതും
ആളുമാറി നിന്‍റെ അപ്പന്‍ വാഴയ്ക്കിട്ടടിച്ചതും... "

"ഇവന്‍മാര്‍ക്കൊരു സെന്‍സുമില്ലാതയല്ലോ കര്‍ത്താവേ.... നട്ടുച്ചനേരത്താണോ സന്ധ്യാനാമം ചൊല്ലുന്നത്‌. അല്ലേ തമന്നേ"

"നീ കൂടി ചെല്ല്. അവിടെ ഒരാളിന്‍റെ കുറവുണ്ട്‌. "

"ഏയ്‌.. ഏറിയാ വിട്ടുള്ള കളിക്ക്‌ ഞാനില്ല മാഷേ.... മാത്തമാറ്റിക്സില്‍ തന്നെയുണ്ടല്ലോ മത്തടിപ്പിക്കുന്ന മനോഹരികള്‍ ഒത്തിരി.. പിന്നെന്തിനു അയല്‍രാജ്യം ആക്രമിക്കണം.... "

'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല... ' പത്തുപേരുടെ ജാഥ എതിരെ

"ശ്ശെടാ... യൂത്ത്ഫെസ്റ്റിവലായാലും ഇവന്‍മാര്‍ക്കീ കൊടിയൊന്നു താഴ്ത്തിവക്കല്ലോ..ഇതെന്തിനാണാവോ.. ജഡ്ജ്‌മെന്‍റിലെ പാര്‍ഷ്യാലിറ്റിയായിരിക്കും ഇഷ്യൂ ഉറപ്പ്‌"

'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല...' ഹാര്‍ഡ്കോര്‍ വിപ്ളവകാരി മലയാളത്തിലെ ദിലീപന്‍ തൊണ്ടപൊട്ടിച്ചു മുന്നില്‍..

"മാര്‍ക്ക്‌ ലിസ്റ്റ്‌ കിട്ടുമ്പൊഴും ഇങ്ങനെതന്നെ പാടണേ അളിയാ..... ഇന്നെന്താ ക്യാന്‍റീനിലെ ഓമയ്ക്കാത്തോരനെതിരെയാണോടേ കൊടി"

"പോടാ ബൂര്‍ഷ്വേ...... "

"അളിയാ വാഴയ്ക്കായേ... ഓഡിറ്റോറിയത്തില്‍ കണ്ടില്ലല്ലോടെ നിന്നെ. എവിടാ കറക്കം..." ചാടി ചാടി വരുന്ന ഹിസ്റ്ററിയിലെ സുനില്‍ കൃഷ്ണനോട്‌ ഞാന്‍..

"വാഴയ്ക്കായ നിന്‍റെ വല്യപ്പൂപ്പന്‍....." സുനിലിന്‍റെ പ്രതിക്ഷേധം.

"അവനെ എന്തിനാടാ വാഴയ്ക്കാ എന്ന് വിളിക്കുന്നെ..." സുനില്‍ നടന്നു നീങ്ങിയപ്പോള്‍ തമന്ന.

"ഹാ..അതു നീ അറിഞ്ഞില്ലെ.. ഇവനും, നമ്മുടെ തോമസ്‌ മാത്യുവും, ഇക്കണോമിക്സിലെ ഉബൈദും കൂടി രാത്രിയില്‍ പൊന്നച്ചന്‍ചേട്ടന്‍റെ വാഴക്കൊല മോഷ്ടിച്ചു.... "

വാ പൊത്തി ചിരിച്ചപ്പോള്‍ തമന്നുയുടെ കുപ്പിവളകള്‍ കിലുങ്ങി...

"ഹ ഹ എന്തിനു... ?"

"തോമാച്ചന്‍ പറഞ്ഞത്‌ വാഴക്കുലയില്‍ നിന്നെങ്ങനെ വാറ്റുചാരായം ഉണ്ടാക്കാം എന്ന റിസേര്‍ച്ചിനാന്നാ.. ഉബൈദുപറയുന്നു ഹോസ്റ്റലില്‍ കൊണ്ടുപോയി പുഴുങ്ങി തിന്നാനാരുന്നു എന്ന്.. സത്യം എന്താണെന്നറിയില്ല.. പക്ഷേ മൂന്നിനേം പൊന്നച്ചന്‍ കൈയോടെ പിടികൂടി...... "

"എന്നിട്ട്‌........" തമാശ ആസ്വദിക്കുന്നതിനിടയില്‍ ഒരു കല്ലില്‍ തട്ടി മുന്നോട്ടു കുതിച്ചുകൊണ്ട്‌ തമന്ന..

"വീഴാതെ പെണ്ണേ... താഴെ നോക്കി നടക്ക്‌... "

തോമസ്‌ മാത്യുവിന്‍റെ ലൈവ്‌ കമന്‍ററിയില്‍ നിന്ന് ഞാന്‍ കേട്ട സംഭവം വിവരിച്ചുകൊണ്ട്‌ നടപ്പു തുടര്‍ന്നു...

പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ ഇടിക്കുള എന്ന കുട്ടപ്പന്‍ സാറിന്‍റെ മുറിയില്‍ വാഴക്കുലമോഷണക്കേസിലെ പ്രതികളും, മാപ്പുസാക്ഷി കം പരാതിക്കാരനുമായ പൊന്നച്ചന്‍ ചേട്ടനും. സമയം രാവിലെ പതിനൊന്നു മണി..

അടി, ഇടി, കൊലപാതകം, കലാലയ രാഷ്ട്രീയം തുടങ്ങിയ ഗ്ളാമറ്‍ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്ത്‌ ഉറക്കം നഷ്ടപ്പെടുത്താറുള്ള തന്‍റെ മുന്നില്‍ കുലമോഷണം പോലുള്ള ചീളുകേസ്‌ വന്നുപെട്ടതിലുള്ള അഭിമാനക്ഷതം ഓര്‍ത്ത്‌ കുട്ടപ്പന്‍ സാര്‍ ചാണകം ഇട്ട പശുവിന്‍റെ ബാക്ക്‌സൈഡ്‌ പോലെ മുഖം ചുരുക്കി, മുഷ്ടി മേശപ്പുറത്തിടിച്ചു...

"എടാ....എടാ..... ദരിദ്രവാസികളേ... ഓ........" പോരാ.. കുട്ടപ്പന്‍ സാറിനു തപ്പിയപ്പോള്‍ കിട്ടിയ വാക്കുകളില്‍ സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നില്ല..

"ബ്ളഡി ഫൂള്‍സ്‌..... നിന്നെയൊക്കെ ജനിപ്പിച്ച നേരത്ത്‌ അപ്പന്‍മാര്‍ക്ക്‌...." അതിലും സാറ്റിസ്ഫാക്ഷന്‍ കിട്ടാത്തതിനാല്‍ ഒന്നു നിര്‍ത്തി...

'പത്തു വാഴവെച്ചാ പോരാരുന്നോടാ എന്നല്ലേ സാര്‍ ഉദ്ദേശിക്കുന്നത്‌.. പാതിരാത്രിയില്‍ എങ്ങനെ വാഴവക്കും സാര്‍...' എന്ന ഡയലോഗ്‌ മനസില്‍ പറഞ്ഞു തോമസ്‌ മാത്യു ഒന്നു പുഞ്ചിരിച്ചു..

"പരട്ടേ...ചിരിക്കുന്നോടാ....തോന്നിവാസി.. വാഴക്കൊല കക്കാനാണോടാ നീ മാത്തമാറ്റിക്സ്‌ മെയിന്‍ സബ്ജക്ടായി എടുത്തത്‌.... "

ഉബൈദ്‌ പൊന്നച്ചനെ ഒന്നു നോക്കി. 'വെളിയിലോട്ടു വാടാ.. നിന്നെ കാളാമുണ്ടി പരുവമാക്കി തരാം' എന്നമട്ടില്‍.

"എല്ലാവനും അപ്പനെ വിളിച്ചോണ്ടുവന്നിട്ട്‌ ക്ളാസില്‍ കേറിയാ മതി.. ഒറിജിനല്‍ അപ്പനെ.. കേട്ടോടാ...... "

"അല്ല...അതു പിന്നെ സാര്‍..." അതുവരെ മിണ്ടാതിരുന്ന സുനില്‍ കൃഷ്ണന്‍ പിറുപിറുത്തു..

"എന്താ... നിനക്കപ്പനില്ലേ....... "

"അച്ഛന്‍ ദുബായില്‍ ആണു സാര്‍..... "

"നന്നായി.. അല്ലെങ്കില്‍ നീ അങ്ങേരടെ കൊല ആദ്യമേ മോഷ്ടിച്ചേനേ.... നിന്‍റപ്പനോടാ.... " ചോദ്യം തോമസ്‌ മാത്യുവിനോട്‌

"അപ്പന്‍ അര്‍ജന്‍റ....... "

"അര്‍ജന്‍റീലായില്‍ പോയോ.... നിന്നെ പോലൊരു സന്തതിയുണ്ടേല്‍ അവിടല്ല ഉഗാണ്ടേ വരെ പോകും.... "

"അല്ല സാര്‍.. അപ്പന്‍ അര്‍ജന്‍റായി ബാംഗ്ളൂറ്‍ വരെ പോയിരിക്കുവാ..... "

"നിന്‍റെയോടാ......." വളിച്ച ചിരിയുമായി ചോദ്യം ഉബൈദിനോട്‌...

"അതാണു സാര്‍...... "
ഉബൈദ്‌ വിരല്‍ ചൂണ്ടിയ നേര്‍ക്ക്‌ കുട്ടപ്പന്‍ സാര്‍ തലതിരിച്ച്‌ മിഴിപായിച്ചു.

നോക്കിയപ്പോള്‍ അങ്ങേ ഭിത്തിയിലെ നെഹ്രുവിന്‍റെ ഫോട്ടോ..

'നെഹ്രുവിനു ഉബൈദ്‌ എന്നു പേരായ ഒരു മകനുള്ളതായി അറിവില്ലല്ലോ' എന്നോര്‍ത്ത്‌ ഒന്നുകൂടി നോക്കി...

ഫോട്ടോയുടെ ഫ്രെയിമിലെ പൊടി തുടച്ചുകൊണ്ടു നില്‍ക്കുന്നു പ്യൂണ്‍ പരീക്കുട്ടി..

"പരീക്കുട്ടീ............................................. "

കുട്ടപ്പന്‍ സാര്‍ അലറിയതും, 'മകനെ ഫേസ്‌ ചെയ്യാന്‍ വയ്യാത്തതുകൊണ്ട്‌ ഫോട്ടോ ഒന്നു തുടച്ചുകളയാം' എന്ന ചാരിറ്റിയില്‍ ഏര്‍പ്പെട്ടിരുന്ന പരീക്കുട്ടി ഞെട്ടലോടെ അടുത്തുവന്നു..

"ഇതാണോ നിന്‍റെ പുന്നാര മോന്‍........... "

'അങ്ങനൊരബദ്ധം പറ്റി സാര്‍ ' എന്ന് മൌനത്തിലൂടെ ഉത്തരം പറഞ്ഞുകൊണ്ട്‌ പരീക്കുട്ടി തലചൊറിഞ്ഞു.

"ഇവനെ കായംകുളം കൊച്ചുണ്ണി ആയിക്കാണാന്‍ നിനക്കാഗ്രഹമുണ്ടോ.. പറയെടോ.... "

"സാര്‍...ഞാനെന്തു പറഞ്ഞാലും ഇവന്‍ അനുസരിക്കില്ല സാര്‍.. എനിക്കെന്തോ ഗ്യാപ്പുണ്ടെന്നാ എല്ലാത്തവണയും ഇവന്‍ പറയുന്നത്‌..." നിഷ്കളങ്കനായി പരീക്കുട്ടി..

"നിനക്കില്ലാത്ത ഏതു ഗ്യാപ്പാടാ നിന്‍റെ അപ്പനുള്ളത്‌... " കുട്ടപ്പന്‍ സാര്‍ കണ്ണുരുട്ടി ഉബൈദിനോട്‌

"പറേടാ........ " അടുത്ത അലര്‍ച്ചയില്‍ ഉബൈദ്‌ അറിയാതെ പറഞ്ഞുപോയി

"ജനറേഷന്‍ ഗ്യാപ്‌ സാര്‍"

തമന്നയുടെ പൊട്ടിച്ചിരിയില്‍ അതിരപ്പള്ളിവെള്ളച്ചാട്ടം ഞാന്‍ കണ്ടു...

"സത്യം പറയെടാ..കുറെ നീ കൈയ്യീന്നിട്ടു പറയുന്നതല്ലേ...." ചിരിക്കിടയില്‍ ബുദ്ധിമുട്ടി അവള്‍ ചോദിച്ചു..

"സത്യമാടീ.. അല്ലേല്‍ നീ തോമാച്ചനോട്‌ ചോദിച്ചു നോക്ക്‌..... "

ഓര്‍മ്മകളുടെ കാലിഡോസ്കോപ്പില്‍ വീണ്ടും വളപ്പൊട്ടുകള്‍ വര്‍ണ്ണജാലം വാരിയിടുന്നു സ്റ്റാറ്റിസ്റ്റിക്സ്‌ പ്രൊഫസര്‍ ജേക്കബ്‌ ജോര്‍ജ്ജ്‌ എന്ന 'ലോലന്‍' തകര്‍ത്തു ക്ളാസെടുക്കുമ്പോള്‍ അടുത്ത ക്ളാസില്‍ നിന്നു കോറസ്‌

"ലോലാ.........ലോലാ..ഓ ലോലാ...ലോലാ... "

ചാടി അടുത്തക്ളാസിലേക്ക്‌ പോയ സാര്‍ അതിലും വേഗം മടങ്ങി

"അവന്‍മാര്‍ തന്തമാരുടെ ശവഘോഷയാത്രയ്ക്ക്‌ റിഹേഴ്സല്‍ എടുക്കുവാ.. നിങ്ങള്‍ അത്‌ ശ്രദ്ധിക്കെണ്ടാ....... "
കണ്ട്രോള്‍ പോയി ചിതറിച്ചെറിച്ചത്‌ ഒരാളുടെ പൊട്ടിച്ചിരി മാത്രം.. തമന്നയുടെ.

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് അവള്‍ക്ക്‌ ലേബല്‍ കൊടുത്തതാരായിരുന്നു. ഓര്‍മ്മയില്ല..

മഞ്ഞുമൂടിയ ഊട്ടിയിലെ തടാകക്കരിയില്‍ തിമിര്‍ത്തുല്ലസിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ തുമ്പിയെപ്പോലെ പാറിയും പാടിയും ചിരിച്ചും കുസൃതികളുടെ കുപ്പിവളകള്‍ കിലുക്കിയും.

ജോര്‍ജ്ജ്‌ സാമുവലും കാമുകി ബെറ്റി ഫിലിപ്പും മഞ്ഞിനിടയില്‍ മൌനസല്ലാപം നടത്തുന്നു.

"ഭാവിയില്‍ പണിയുന്ന വീടിന്‍റെ ബാല്‍ക്കണി എവിടെ വേണമെന്ന ഡിസ്കഷനിലായിരിക്കും രണ്ടും അല്ലേ. എടാ ഇങ്ങനത്തെ അവസരത്തിലെങ്കിലും ഇവളെ വെറുതെ വിടെടാ... " ജോര്‍ജ്ജിന്‍റെ പുറത്തൊരു ഇടികൊടുത്ത്‌, ബലൂണ്‍ പറപ്പിക്കുന്ന ബിനു ടി.കെ യുടെ തൊപ്പിയും തട്ടിപ്പറിച്ച്‌ ഓടിയോടി ഞാന്‍....തടാകക്കരയില്‍ സഹപാഠികളുടെ കൈനോക്കി ഫലം പറയുന്ന തമന്നയുടെ അടുത്തേക്ക്‌.

"എന്‍റെ കൈയും ഒന്നു നോക്കെടീ....ഭാവിയില്‍ രക്ഷപെടുമോ എന്നൊന്നറിയാനാ.... "

"അതിനു നിന്‍റെ കൈ നോക്കേണ്ട കാര്യമില്ലല്ലോ..കൈയിലിരിപ്പു നോക്കിയാ പോരേ.. കമ്പ്ളീറ്റ്‌ ബ്ളാങ്ക്‌ മോനേ...ഫ്യൂച്ചര്‍ കമ്പ്ളീറ്റ്‌ ബ്ളാങ്ക്‌.... "

"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....
മുക്കൂറ്റി മണിച്ചന്തം പൂഞ്ചുണ്ടിലൊളിച്ചോളേ.... "

മടക്കയാത്രയില്‍ പാടിയ ഒപ്പന... അറുപതു കൈകളെ ഒറ്റത്താളത്തില്‍ തളച്ചിട്ട ഒപ്പന...'പാര്‍ക്ക്‌ റോയല്‍' ഹോട്ടലിന്‍റെ ലിഫ്റ്റില്‍ പൊങ്ങിയുയരുമ്പോഴും മനസില്‍ ആ പഴയ ഒപ്പന...

പുതിയ തമന്ന എങ്ങനെയിരിക്കും.... പതിനഞ്ചു വര്‍ഷങ്ങള്‍ അവളെ എങ്ങനെ മാറ്റിയിരിക്കും.

അറുനൂറ്റി രണ്ടാം മുറിയുടെ കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ന്നു.....

പതുക്കെ വാതില്‍ തുറന്നു വന്നു. ഒപ്പം ഇതുവരെ കേള്‍ക്കാത്ത ഗസലും

"നയനോം കി ചാന്ദ്‌ ദേഖേ..............
പവന്‍ ആയാ...............നീന്ദ്‌ ബനായാ...........
തേരെ ബാലോം കെ നദീ കിനാരേ............... "

ഒന്നര ദശാബ്ദത്തിനിപ്പുറത്തെ പുഞ്ചിരിക്കു മുന്നില്‍ നിന്നപ്പോള്‍ ശബ്ദം ഇല്ലാതെ ചുണ്ടു പറഞ്ഞു.

"ഓ മൈ...ഗോ......... "


കൈയിലിരൂന്ന ഏതൊ ഫയല്‍ എന്‍റെ മുഖത്തു പതിഞ്ഞു... പലവട്ടം.. നോവാതെ....

"എടാ....നീ...കൊരങ്ങാ....പൊണ്ണാ...... "


"നിനക്കൊരു മാറ്റോമില്ലല്ലോ തമന്നേ.. ഛെടാ ആ പഴയ പെണ്ണുതന്നെ..ഇതെങ്ങനെ മെയിന്‍റയിന്‍ ചെയ്യുന്നു നീ.. കൊള്ളാമല്ലോ മാഷേ....രണ്ടു പ്രസവിച്ചതാണെന്ന് സത്യം പറഞ്ഞാല്‍ ഉടയതമ്പുരാന്‍ പോലു വിശ്വസിക്കത്തില്ല.. എന്നാലും ഇതെങ്ങനെ... "


"മതി മതി...പറ വിശേഷം.. "

തിരതല്ലുന്ന സന്തോഷത്തെ തളച്ചിടാന്‍ വയ്യാതെ എന്തൊക്കെയോ മാറ്റിയും മറിച്ചും തുള്ളിച്ചാടിയും അവള്‍.

പുതിയ വിശേഷങ്ങളുടെ കൊത്താംകല്ലാടി, കൊച്ചുവര്‍ത്തമാനത്തിന്‍റെ കടലാസുപൊതികള്‍ അഴിച്ച്‌, ചൂടു കോഫിയുടെ മുന്നില്‍...

"ജീവിതത്തില്‍ ഒരുപാട്‌ സന്തോഷമുണ്ട്‌ എനിക്ക്‌.. ശരിക്കും" മുടിമാടിയൊതുക്കി ഇടയ്ക്കെപ്പൊഴോ.

"അതുപിന്നെ എങ്ങനെ വരാതിരിക്കും മാഷേ. ടോപ്‌ ഐ.ടി കമ്പനിയിലെ ടോപ്പ്‌ ഉദ്യോഗം. കോണ്‍ഫറന്‍സുകളും, സെമിനാറുകളൂമായി പറന്നു നടക്കുന്ന ജോലി.. സ്നേഹസമ്പന്നനായ കെട്ടിയോന്‍.. "


"അതേ..അത്‌ ഒന്നുകൂടി പറ നീ.. സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും തീരാത്തവന്‍ ..അതാനെണെനിക്ക്‌ ഇക്ബാല്‍... എനിക്കറിയില്ല.. എന്നും ഇത്ര ഫ്രഷായി എന്നെ സ്നേഹിക്കാന്‍ അവനെങ്ങനെ കഴിയുന്നു എന്ന്.. ഐ കാണ്ട്‌ ഡിഫൈന്‍ ഹിസ്‌ അഫക്ഷന്‍ മനു.. പത്തുവര്‍ഷം ആയിട്ടും മരിറ്റല്‍ ബോര്‍ഡം ഇല്ലാതെ ഇപ്പൊഴും എനിക്കു വേണ്ടി മാത്രം ഇക്‌ബാല്‍ ഗസല്‍ എഴുതാറുണ്ട്‌.. പാടി റെക്കോര്‍ഡ്‌ ചെയ്യാറുണ്ട്‌.. ജസ്റ്റ്‌ ഫോര്‍ മീ.. നീ ഇപ്പോ കേട്ടില്ലേ.. ഇറ്റ്‌സ്‌ ഹിസ്‌ സോങ്ങ്‌..... ആര്‍ക്കും കൊടുക്കാതെ, എനിക്കുവേണ്ടി മാത്രം നിര്‍മ്മിച്ചവ...... " തമന്നയുടെ കണ്ണുകളില്‍ സ്നേഹത്തിന്‍റെ നനവ്‌.......

"കാന്‍ യൂ ലവ്‌ സംവണ്‍ ലൈക്‌ ദിസ്‌..പറ... ഇന്‍ സച്ച്‌ എ ഡെപ്ത്‌"

ഞാന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി..
"അത്‌..ഈ സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ എനിക്കത്ര വശമില്ല തമന്നേ.. പ്രായോഗിക തലത്തില്‍ പതറിപ്പോയവയാണു എന്‍റെ സ്നേഹബന്ധങ്ങള്‍..സോ... "

"ഐ ആം ദി മോസ്റ്റ്‌ ലക്കിയസ്റ്റ്‌.... താങ്ക്‌ ഗോഡ്‌..... നീ എന്താ നിന്‍റെ ജീവിതത്തെക്കുറിച്ചൊന്നും പറയാത്തെ.. "

"സ്റ്റില്‍ അറ്റ്‌ റെഡ്‌ലൈറ്റ്‌...." ഞാന്‍ പുഞ്ചിരിച്ചു

"പച്ചവെട്ടം കാത്ത്‌ കിടക്കുന്നു.... "

"എല്ലാം നന്നാവും.. നന്നായി വരും.. ഓര്‍മ്മയുണ്ടോ, ഊട്ടിയിലെ മഞ്ഞിനെ നോക്കി എന്തിനോ വിഷാദിച്ചു നിന്ന എന്നോട്‌ നീ അന്നു പറഞ്ഞ വാചകം....'മഞ്ഞിനപ്പുറം ഒരു മന്ദാരപ്പൂവ്‌ കാണും തമന്നേ... എന്തിനാ വിഷമിക്കുന്നേ.... ' "

"കാണും ..അല്ലേ... കാണാതെവിടെ പോകാനാ......." പിന്നെയും ഞാന്‍ പുഞ്ചിരിച്ചു..

"അന്നത്തെ കൂട്ടുകാരെയൊക്കെ കാണാറുണ്ടോ നീ....." കണ്ണുകളില്‍ കാമ്പസിന്‍റെ തിരയിളക്കം...

"വളരെക്കുറച്ചു മാത്രം. അവധിയാത്രകളില്‍ പലരേയും തേടിച്ചെല്ലാറുണ്ടായിരുന്നു. പണവും പദവിയുമാണു സൌഹൃദങ്ങളുടെ പുതിയ ആണിക്കല്ലുകള്‍ എന്നു തിരിച്ചറിഞ്ഞപ്പോള്‍ അത്‌ നിര്‍ത്തി....പിന്നെ, എല്ലാര്‍ക്കും തിരക്കല്ലേ.. ഈവന്‍ എ ജന്‍റില്‍ സ്മൈല്‍ ഈസ്‌ ബിസിനസ്‌. അതല്ലേ ഇപ്പൊഴത്തെ സെറ്റപ്പ്‌...." കപ്പ്‌ ഞാന്‍ ടേബിളില്‍ വച്ചു.

"ഞാന്‍ നാളത്തെ ഫ്ലൈറ്റിനു മടങ്ങും. താങ്ക്സ്‌ ഫോര്‍ യുര്‍ ബ്ളോഗ്സ്‌... ആരോ അയച്ചു തന്ന ലിങ്കിലൂടെയാണു ഞാന്‍ വീണ്ടും നിന്നിലെത്തിയത്‌... " ബാഗ്‌ തുറന്നുകൊണ്ട്‌ അവള്‍

"താങ്ക്‌സ്‌ ടു ഗൂഗിള്‍..... " ഞാന്‍ മറുപടി പറഞ്ഞു

"ഇതു നിനക്കുള്ള ഒരു പുതുവര്‍ഷ സമ്മാനം...... " എന്തോ പൊതി നീട്ടി അവള്

‍ഹൃദയമിടിപ്പോടെ അത്‌ വാങ്ങി ജാക്കട്ടിലേക്കിട്ടു..

"ഞാന്‍ നിനക്കൊന്നും വാങ്ങിയില്ല...മറ്റൊന്നും കൊണ്ടല്ല...മാസവസാനം ആകുമ്പോള്‍ പോക്കറ്റ്‌ ഡ്രൈ ആകും... എന്നാലും"

"സാരമില്ലടാ ഒന്നും വേണ്ടാ... ഇത്ര നാളുകള്‍ക്ക്‌ ശേഷം നിന്നെ ഒന്നു കണ്ടല്ലോ..അതില്‍ കൂടുതല്‍.... "

"എന്നാലും ഇതിരിക്കട്ടെ.... " പോക്കറ്റില്‍ നിന്നും പേന എടുത്തുനീട്ടി

"നിറം മങ്ങിയതാണു.. മഷി തീരാറായതാണു... ജസ്റ്റ്‌ ലൈക്ക്‌ മൈ ലൈഫ്‌....." ഒന്നുകൂടി പുഞ്ചിരിച്ചു...

തിളങ്ങുന്ന കണ്ണുകളോടെ അവളതു വാങ്ങി...അതില്‍ സൂക്ഷിച്ചു നോക്കി....

"എനിക്ക്‌ കിട്ടിയതില്‍ വച്ചും ഏറ്റവും പ്രെഷ്യസ്‌ ആയ സമ്മാനം... "
അവളുടെ കണ്‍തടം നനഞ്ഞുവോ..

"എങ്കില്‍ പൊക്കോളൂ... തണുപ്പത്ത്‌ ബൈക്കോടിക്കേണ്ടതല്ലേ....ലിഫ്റ്റ്‌ വരെ ഞാനും വരാം.... "

ലിഫ്റ്റ്‌ കാത്തുനില്‍ക്കവെ ചോദിച്ചു

"കൃഷ്ണാ നീയെന്നെ അറിയില്ല....അതൊന്നുകൂടി ഒന്നു ചൊല്ലാമോ തമന്നേ... കേള്‍ക്കാന്‍ ഒരാഗ്രഹം.... "

"വീണ്ടും ഞാനതു ചൊല്ലിയാല്‍ ആ പഴയ ഓര്‍മ്മ റീപ്ളേസ്‌ഡ്‌ ആവില്ലേ.... ..അതുവേണ്ട... അതങ്ങനെ തന്നെ ഇരുന്നോട്ടെ. മാത്രമല്ല ടെക്നോളജിയില്‍ നമ്മള്‍ ഒരുപാട്‌ അഡ്‌വാന്‍സ്‌ഡ്‌ ആയില്ലേ... കൃഷ്ണാ എന്ന് ഞാന്‍ വിളിച്ചാ നാളെ എന്‍റെ കഴുത്തില്‍ തല കാണില്ല... അതു കൊള്ളാം എന്ന് നീ പറഞ്ഞാല്‍ നിന്‍റെ കഴുത്തിലും...... "

ഇരുവശത്തുനിന്നും ലിഫ്റ്റ്‌ ഡോറ്‍ പതുക്കെ ഒന്നിക്കുന്നു.

'പവന്‍ ആയാ...............നീന്ദ്‌ ബനായാ...........
തേരെ ബാലോം കി നദീ കിനാരേ............... '

കടലില്‍ മുങ്ങുന്ന സൂര്യബിംബം പോലെ പുഞ്ചിരിക്കുന്ന മുഖം പതുക്കെ അപ്രത്യക്ഷമാവുന്നു...

ഓര്‍മ്മകളില്‍ നിന്നും ഗ്രൌണ്ട്‌ ഫ്ലോറിലേക്ക്‌ ലിഫ്റ്റ്‌ താഴുന്നു.

ഡിസ്പ്‌ളേ പാനലില്‍ ചുവപ്പക്കങ്ങളുടെ പടിയിറക്കം.....

അഞ്ച്‌.....നാല്‌....മൂന്ന്......

"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....

രണ്ട്‌......ഒന്ന്..........പൂജ്യം....


കണാട്ട്‌പ്ളേസ്‌ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു.

മാലവിളക്കുകളാല്‍ അലങ്കരിച്ച ദില്ലി.. എങ്ങും ആഘോഷം..

നിറങ്ങള്‍....

തുടിക്കുന്ന യുവത്വം കാറുകളില്‍ ചീറിപ്പായുന്നു..

പുതിയ ആത്മവിശ്വാസത്തോടെ...

ആരെയും കൂസാത്ത ഇന്ത്യന്‍ യുവത്വം..

"തകര്‍ക്കെടാ പിള്ളാരേ... തിമിര്‍ത്തു തെളിക്കെടാ നമ്മുടെ ഭാരതത്തെ..പുതിയ ലോകത്തേക്ക്‌ തലയുയര്‍ത്തി നില്‍ക്കുന്ന ഭാരതത്തെ... "

മഞ്ഞിലൂടെ.... വെളിച്ചപ്പുഴയിലൂടെ..വളഞ്ഞും പുളഞ്ഞും ബൈക്ക്‌ പാഞ്ഞു...

ഹൃദയത്തില്‍ പതഞ്ഞുപൊങ്ങുന്ന സംഗീതം...

ബൈക്കിനോടൊപ്പം മനസും പൊങ്ങിയും താണും പാടി...

"മെയ്‌ഡിന്‍ ഇന്ത്യാ....മെയ്‌ഡിന്‍ ഇന്ത്യാ....
എക്‌ ദില്‍ ചാഹിയേ ദാറ്റീസ്‌ മെയ്‌ഡിന്‍ ഇന്ത്യാ....
ഓ..ഓ..ഓ.... ഓ
സാനിയാ മിര്‍സാ.... സബീര്‍ ഭാട്ടിയാ
അനിതാനായര്‍ അമര്‍ത്യാസെന്‍ ഭൈയ്യാ......
ഓ...ഓ..ഓ... ഓ
മെയ്‌ഡിന്‍ ഇന്ത്യാ.... മെയ്‌ഡിന്‍ ഇന്ത്യാ
എക്‌ ദില്‍ ചാഹിയേ ദാറ്റീസ്‌ മെയ്‌ഡിന്‍ ഇന്ത്യാ.... "

**********************************എല്ലാ സുഹൃത്തുക്കള്‍ക്കും നേട്ടങ്ങളുടെ തിളക്കം ഉള്ള പുതുവര്‍ഷം ആശസിക്കുന്നു. ദില്‍സേ......പ്യാര്‍സേ...ആരാംസേ...

Friday, 21 December 2007

സുന്ദരന്‍ നീയും സുന്ദരന്‍ ഞാനും.....

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌
കടമിഴിയുടെ കതകുതുറന്നൊരു
കുടമുല്ല...... പുഞ്ചിരിതന്ന്
തുടു കവിളിണയൊന്നു ചുവന്ന്
വടിവൊടുനുണചുഴികളിഞ്ഞ്‌
കടുമുകിലൊളി മുടിയുമണിഞ്ഞൊരു നാടന്‍ പെണ്ണ്‍... എന്‍റെ
കല്‍ക്കണ്ടക്കനവില്‍ കടവില്‍ വന്നൊരു പെണ്ണ്‍... "

ഇന്‍സ്റ്റന്‍റായി ഞാന്‍ എഴുതിക്കൊടുത്ത വരികളില്‍ നാടന്‍ ഈണവും വെസ്റ്റേണ്‍ സ്റ്റൈലും മിക്സ്‌ ചെയ്ത്‌ ഒരു ജുഗല്‍ബന്ദിയുണ്ടാക്കി, ഗിത്താറും കൈയില്‍ പിടിച്ച്‌ ബെന്നി സേവ്യര്‍ എല്ലാം മറന്നു പാടുന്നു.... വേഷം മുട്ടിനു താഴെവരെ നീണ്ട ബെര്‍മുഡ... പ്ളെയിന്‍ ആയ അപ്പര്‍ പാര്‍ട്ട്‌. ഉണ്ണിക്കുടവയര്‍ കുലുക്കി അവന്‍ വീണ്ടും പാടുകയാണു.. കുതിര റമ്മിന്‍റെ എക്സ്റ്റ്റാ എനര്‍ജിയോടെ

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌...... "

"അളിയാ.. ഞാന്‍ ഒരു കോടീശ്വരനായി ഡോളേര്‍സ്‌ ഇട്ട്‌ അമ്മാനമാടുന്ന ഒരു കാലം വരും. നീ നോക്കിക്കോ... ഇതും ഇതുപോലുള്ള നിന്‍റെ നൂറുപാട്ടുകളും ആല്‍ബമാക്കി ഞാന്‍ ഇറക്കും... കേരളം മുഴുവന്‍ അത്‌ അലയടിക്കും..." ചുവന്ന കണ്ണുകള്‍ തിളക്കി ബെന്നി.

"ആദ്യം നീ ഒരു കോടീശ്വരനാക്‌.. ബാക്കിയൊക്കെ നമുക്കപ്പൊഴാലോചിക്കാം. നീ തല്‍ക്കാലം ദാ ഇതുകൂടി ഫിനിഷ്‌ ചെയ്യ്‌..." അടുത്ത പെഗ്‌ നീട്ടി ഞാന്‍.

"താങ്ക്യൂ അളിയാ.. നീ താന്‍ എന്‍ ക്ളോസ്‌ ദോസ്ത്‌...." ഗിറ്റാര്‍ മൂന്നാം കാലാക്കി ആടുന്ന ബോഡിക്കൊരു താങ്ങുകൊടുത്ത്‌ ബെന്നി.


ഈ ഡിസംബറില്‍ ഡല്‍ഹി, തണുപ്പു വാരിപ്പുതയ്ക്കുമ്പോള്‍, ഓര്‍മ്മകളുടെ കലണ്ടര്‍താളുകള്‍ ചിതറിയുയരുന്നു. പത്തോളം വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ മനസ്സ്‌ പായുന്നു. ഏലയ്ക്കായുടെയും ഗ്രാമ്പൂവിന്‍റെയും മനസുള്ള, സ്നേഹത്തിന്‍റെ പട്ടയം ഹൃദയമാകെ പതിച്ചു കിട്ടിയ ഒരു അടിമാലിക്കാരന്‍. പെന്‍സില്‍ ഡ്രോയിംഗും ഗിത്താറും നാടന്‍ ചൂരുള്ള നെഞ്ചിടുപ്പും കൂടെ കൊണ്ടുനടക്കുന്നവന്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പകരുവാന്‍ അരോ സ്പെഷ്യല്‍ ക്ലാസ്‌ കൊടുത്തവന്‍. അതിജീവനത്തിനു അടിവരയിട്ടുകൊണ്ട്‌ അടിമാലിയില്‍ നിന്നും ദില്ലിയിലേക്ക്‌ വണ്ടികയറിയ ബെന്നി സേവ്യര്‍.

'ബയോട്ടക്‌ കണ്‍സോര്‍ഷ്യം ഇന്ത്യാ ലിമിറ്റഡ്‌' എന്ന വെള്ളാനക്കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി ഈയുള്ളവന്‍ ചാര്‍ജ്ജെടുത്ത്‌ വലംകാല്‍ വച്ച്‌ അകത്തുകടന്ന ദിവസം. മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വാഴക്കൂമ്പില്‍ അറഞ്ഞുകൊത്തുന്ന അമ്മായിയമ്മയെപ്പോലെ, കീബോര്‍ഡില്‍ വിരലുകള്‍ കൊത്തിയിരിക്കുന്ന പയ്യനെ ഒന്നുനോക്കിയപ്പോഴേ മനസിലായി.. ഇവന്‍ മലനാടിന്‍റെ സന്തതിതന്നെ. കണ്ണിലെ കള്ളലക്ഷണം ഒന്നുകൂടി വിളിച്ചുപറഞ്ഞു. 'അളിയാ ഞാനും കേരള എക്സ്‌പ്രസില്‍ പാഞ്ഞു വന്നിട്ട്‌ ഓഞ്ഞുപോയവന്‍... '

ഹിസ്റ്റോറിക്കല്‍ ഫസ്റ്റ്‌ ലഞ്ച്‌ വിത്ത്‌ ബെന്നി. മൂന്നുരൂപയുടെ ഛോല കുല്‍ച്ച..

"ഇതാണോ അളിയന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം ? " ഞാന്‍

"ഇതല്ല.. നമ്മുടെ ഓഫീസിലെ കക്കൂസാണെന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. ഭാഗ്യത്തിനു അതില്‍ എപ്പോഴും വെള്ളമുണ്ട്‌. അല്ലേല്‍ വെള്ളമുള്ളിടം തേടി ഓടിയോടി ഞാന്‍ ഇതിലും അശുവായേനേ.. " ബെന്നി

"ഹോ..നെഹ്രുപ്ളേസില്‍ ഇഷ്ടം പോലെ സുന്ദരി പെണ്‍പിള്ളേരുണ്ടല്ലേ... " ഛോല കഴിച്ച്‌ കൈകഴുകുമ്പോള്‍ മുന്നിലൂടെ നടന്നുപോകുന്ന ഗജഗാമിനിമാരെ നോക്കി ഞാന്‍..

"അളിയനു ആ ഫീല്‍ഡില്‍ താല്‍പര്യം ഉണ്ടോ.. എങ്കില്‍ കൃഷിക്ക്‌ പറ്റിയ ഇടം ഇതുതന്നെ. "

"പരദര്‍ശനാര്‍ത്ഥം ഇവര്‍ തന്‍ ശരീരം.. ശരിക്കും ഗോതമ്പുമണികള്‍ അല്ലേ അളിയാ"

"അതേ പരദര്‍ശനാര്‍ത്ഥം മാത്രം. പരസ്പര്‍ശനാര്‍ത്ഥം എന്നു കരുതി ചെന്നാല്‍ പറപ്പനടി ഉടനടി. കണ്ടുനില്‍ക്കുന്നവന്‍മാരുടെ വക എക്സ്‌ട്രാ ഇടി വേറെ....അതാ ഈ ഡല്‍ഹിയിലെ ഒരു സെറ്റപ്‌.. "

അങ്ങനെ ഞാനും ബെന്നിയും ഡല്‍ഹിയിലെ തണുപ്പിന്‍റേയും ചൂടിന്‍റേയും കൂടെ കൂട്ടുകൂടി നടന്നു. ചിരിച്ചും, രസിച്ചും, വല്ലപ്പോഴും കണ്ണുനനച്ചും, സ്വപ്നങ്ങള്‍ നെയ്തും, ശൂന്യമായ ഭാവിയെ നോക്കി നെടുവീര്‍പ്പിട്ടും....

അങ്ങനെയിരിക്കുന്ന കാലത്തെ ഒരു നവംബര്‍ മാസത്തിലാണു ഞാന്‍ ശ്രീനിവാസപുരിയിലെ ഗലികളിലൂടെ ബെന്നിയുടെ കൊട്ടാരത്തിലെത്തിയത്‌.

സോപ്പുപെട്ടികള്‍ പോലെ അടുക്കിയടുക്കി പണിതുയര്‍ത്തിയ കോണ്‍ക്രീറ്റുഫ്ലാറ്റുകള്‍ക്കിടയിലൂടെ, ഒരാള്‍ക്ക്‌ നടന്നുപോകാന്‍ ഇടമില്ലാത്ത വഴികളിലൂടെ.. മൂന്നാം നിലയിലെ ഇടുക്കുമുറിയില്‍...

അവന്‍റെ സ്നേഹത്തിനു മുന്നില്‍ കുടുസുമുറി കൊട്ടാരമായിത്തന്നെ എനിക്ക്‌ തോന്നി.

മണ്ണെണ്ണ സ്റ്റൌവില്‍ എനിക്കായി കോഴിക്കറിയൊരുങ്ങുമ്പോള്‍, ഞാന്‍ ജനാലയിലൂടെ ഗലികളിലേക്ക്‌ കണ്ണുപായിച്ചു...

ചാട്ട്‌ വാല,
സമോസാവാലാ,
ഗോള്‍ഗപ്പാ വാല..

മുകുന്ദന്‍റെ 'ആദിത്യനും രാധയും മറ്റുചിലരും' മനസിലേക്കോടിയെത്തി.
രാധയുടെ കൈപിടിച്ച്‌ ആദിത്യന്‍ ഓടുന്നു.. ഗലികളിലൂടെ... ഭ്രാന്തമായി. ഉന്തുവണ്ടിയിലെ ചാവല്‍വാലയുടെ ഈച്ചപറ്റിയ ചോറുപാത്രത്തില്‍ നിന്നും, ഒരുപിടി വാരി ആദിത്യന്‍ വായിലേക്കിടുന്നു.. ഈച്ചയോടൊപ്പം...രാധയുടെ കണ്ണുകളില്‍ നരച്ച ദില്ലി അസ്തമിക്കുന്നു...

അപ്പോഴാണു ബെന്നി ഗിറ്റാര്‍ കൈയിലെടുത്തത്‌.. വരികളില്‍ സംഗീതം പുരട്ടിയത്‌....

"കടുമുകിലൊളി മുടിയുമണിഞ്ഞൊരു നാടന്‍ പെണ്ണ്‍... എന്‍റെ
കല്‍ക്കണ്ടക്കനവില്‍ കടവില്‍ വന്നൊരു പെണ്ണ്‍... "

കുതിരറമ്മിനു കൂട്ടായി കോഴിച്ചാറു തൊട്ടുനക്കുമ്പോള്‍ അതാ വാതിലില്‍ മറ്റൊരു പ്രജ..

മാമുക്കോയ ചിരിയുമായി ഒരു അപരിചിതന്‍...
'നിനക്കു ബെര്‍മുഡയുണ്ടെങ്കില്‍ എനിക്ക്‌ അതിലും കൂടിയതുണ്ടേടാ' എന്നമട്ടില്‍ മുട്ടോളം ചുരുങ്ങിപ്പോയ ഫോറില്‍ കൈലിയുമുടുത്ത്‌ മറ്റൊരു പ്ളെയിന്‍ പൊക്കിള്‍ വാല. കൈയില്‍ കാജബീഡി...

"ഹലോ...ചന്ദ്രന്‍......ഗ്ളാഡ്‌ ടു മീറ്റ്‌ യൂ......" ഗിറ്റാറ്‍ കട്ടിലിലേക്കിട്ട്‌ ബെന്നി കുരങ്ങിനെപ്പോലൊരു ചാട്ടം.

"ഹായ്‌...." കൈ തലയോളം പൊക്കി, വിരലുകള്‍ വിറപ്പിച്ചുകൊണ്ട്‌ വിസിറ്ററുടെ പ്രത്യഭിവാദനം.

"ഹൌ ആര്‍ യൂ മൈ ലിറ്റില്‍ ബോയ്‌....." അപരിചിതനു ബെന്നി അറഞ്ഞൊരു ഷേക്‌ഹാന്‍ഡ്‌ കൊടുത്തു.

'പകുതി കഷണ്ടികയറിയ ഈ തേര്‍ട്ടി പ്ളസുകാരന്‍ ലിറ്റില്‍ ബോയിയോ കര്‍ത്താവേ... കുതിരറമ്മിന്‍റെ ഒരു പവറേ ' ഞാന്‍ മനസില്‍ പറഞ്ഞു.

"ബൈ ദി വേ...മീറ്റ്‌ മിസ്റ്റര്‍ ചന്ദ്രന്‍ ഫ്രം കുതിരവട്ടം...... മൈ ഫ്ലാറ്റ്‌ മേറ്റ്‌......" ബെന്നിയുടെ ഇണ്റ്റ്രോഡക്ഷന്‍.

"ഫ്ലാറ്റ്‌ മേറ്റോ. അപ്പോ സാധാരണ ഇദ്ദേഹവുമായാണോ നീ ഫ്ലാറ്റാകാറുള്ളത്‌.... "

"അങ്ങനേം പറയാം.. ഇവനും ഈ ഫ്ലാറ്റില്‍ തന്നെയാണു താമസം.. ദാ അവിടെ... "

ചന്ദ്രനെ ഞാന്‍ സൂക്ഷിച്ചൊന്നു നോക്കി. ഒന്നുറപ്പായി. പുള്ളിയും വിജയ്‌ മാല്യയ്ക്ക്‌ അമ്പതുരൂപ കൊടുത്തിട്ടാണു വരവ്‌.. കാലു ശരിക്ക്‌ നിലത്തുറയ്ക്കുന്നില്ല.

"ഹലോ.....ഞാന്‍ മനു..ബെന്നിയുടെ ഓഫീസില്‍ വര്‍ക്കു ചെയ്യുന്നു" എന്‍റെ വക ഷേക്‌ ഹാന്‍ഡ്‌..

"അച്ചച്ചച്ചച്ചച്ചാ.................... "

ഈശ്വരാ... ലാലുപ്രസാദ്‌ വരെ ഒരു 'അഛാ'യെ പറയൂ.. ഇവനെന്താ സകല അപ്പച്ചന്‍മാരെയും ഒന്നിച്ചു വിളിക്കുന്നത്‌.. അതോ ഒരു 'അഛാ' പറയാന്‍ തുടങ്ങിയപ്പോള്‍ നാവു സ്ളിപ്‌ ചെയ്ത്‌ മള്‍ട്ടിപ്പിള്‍ ആയതാണോ....

"വാണാ സ്മോക്ക്‌ എ ബീഡി....." ബീെഡിക്കുറ്റി നീട്ടിക്കൊണ്ട്‌ ചന്ദ്രന്‍.
ഹോ..അമേരിക്കന്‍ ഇംഗ്ളീഷാണു..അടിപൊളി.

"അയ്യോ..മാഷേ ഞാന്‍ സിഗരട്ടേ വലിക്കൂ.... "

"അച്ചച്ചച്ചച്ചാ........ എന്നാ സിഗരട്ട്‌ വാങ്ങിച്ചോണ്ട്‌ വരാം... ഈ ചന്ദ്രന്‍ ആളു ഡീസന്‍റാ അക്കാര്യത്തില്‍... "

"അച്ചച്ചാ... നോ താങ്ക്സ്‌...ഇപ്പോ വേണ്ടാ.. " ഞാനും അഛാ ഒന്നും മള്‍ടിപ്ളൈ ചെയ്തു നോക്കി

"അളിയാ ഓള്‍ഡ്‌ മങ്കി എടുക്കട്ടെ... ഒരു പെഗ്‌" ബെന്നി

"വേണ്ടളിയാ... ഞാന്‍ വിസ്കി വീശിയതാ..രണ്ടുംകൂടി ചേര്‍ന്നാല്‍ കോക്ക്‌ടെയില്‍ പോലെ വളഞ്ഞു നിന്ന് കമട്ടേണ്ടി വരും.. ഓ..എന്നാലും ഒന്നെടുക്കാം അല്ലേ....."
പറഞ്ഞു തീര്‍ന്നതെപ്പൊഴാ, ഗ്ളാസ്‌ കാലിയാക്കിയതെപ്പൊഴാ എന്ന് സത്യത്തില്‍ എനിക്കുപോലും മനസിലായില്ല.

ഒറ്റച്ചാട്ടത്തിനു ചന്ദ്രന്‍ ഗിറ്റാര്‍ കൈയിലെടുത്തു..

വിരല്‍ മുറിഞ്ഞവന്‍ കൈകുടയുമ്പോലെ കമ്പികളിലൂടെ ഒരുപ്രയോഗം..

"പം....പം.....പം.......
പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെങ്ങു മേപ്പോട്ടു പോയി....."

അപ്പിഹിപ്പിയേപൊലെ ചന്ദ്രന്‍റെ തല മേല്‍പ്പോട്ട്‌ മേല്‍പ്പോട്ട്‌ പിന്നെയും മേല്‍പ്പോട്ട്‌...

ഒപ്പം ലുങ്കിയഴിഞ്ഞ്‌ കീഴോട്ട്‌ കീഴോട്ട്‌.....പിന്നെയും കീഴോട്ട്‌..

"എങ്ങനെ നീ മറക്കും.....കുയിലേ..... "

"അതേ ഈ ഒന്നരച്ചാണ്‍ ലുങ്കി താഴോട്ടുപോകുന്നത്‌ എങ്ങനെ നീ മറക്കും കുയിലേ....." ഞാന്‍ ചന്ദ്രനെ കൈലിയുടിപ്പിച്ചു.

കോഴിക്കാലും റമ്മും വേണ്ടാതീനം പറച്ചിലുമായി ഒരു രാത്രി തള്ളിനീക്കിയപ്പോള്‍ എനിക്കൊരു സംശയം മാത്രം ബാക്കി.. ബെന്നി, ഞാന്‍, ചന്ദ്രന്‍. ഞങ്ങള്‍ മൂന്നുപേരില്‍ സബ്‌സേ തറ കോന്‍ ഹെ? ആറ്റുകാല്‍ രാധാകൃഷ്ണനുപോലും കണ്ടുപിടിക്കാന്‍ പറ്റില്ല ആ ആന്‍സര്‍...

എന്താണെന്നറിയില്ല, ഈ ചന്ദ്രന്‍ ഭായിയേയും എനിക്കങ്ങിഷ്ടമായി.

ഓഫീസിലെ റിസപ്ഷനിസ്റ്റ്‌ ഷേര്‍ളിയോട്‌, 'എന്താ ഷേര്‍ളി ഈയിടെയായി ഒരു മുഖപ്രസാദം. ഭര്‍ത്താവ്‌ ഗള്‍ഫിനു പോയോ' എന്ന് കൊച്ചുവര്‍ത്തമാനവും പറഞ്ഞുകൊണ്ടു ഞാനും, 'ആപ്കി ബാല്‍ ബഹുത്ത്‌ ഖൂബ്‌സൂറത്ത്‌ ഹെ' എന്ന് ശിവാനി എന്ന ഗഡ്‌വാളി പെണ്ണിനോട്‌ ഹിന്ദി പറഞ്ഞു പഠിച്ചുകൊണ്ട്‌ ബെന്നിയും ഇരിക്കുമ്പോഴാണു ചന്ദ്രന്‍റെ ഫോണ്‍ വന്നത്‌..

ബെന്നി ഫോണ്‍ എടുത്തു..

ഖണ്ഡാഹറിലേക്ക്‌ പ്ളെയിന്‍ തട്ടിക്കോണ്ടുപോയ ഭീകരരോടു സംസാരിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ അവന്‍റെ മുഖം സീരിയസ്‌ ആവുന്നു....

"എന്താ അളിയാ... എന്താ പ്രശ്നം? " ഫോണ്‍ കട്ടുചെയ്ത ബെന്നിയോട്‌ ഞാന്‍

"എടാ... നമ്മുടെ ചന്ദ്രനു റൂം മാറണം... ഈ ശനിയാഴ്ച തന്നെ..നിനക്ക്‌ ശനിയാഴ്ച പ്രോഗ്രാം വല്ലതുമുണ്ടോ.. സാധനങ്ങളൊക്കെ ഷിഫ്റ്റ്‌ ചെയ്യാന്‍ സഹായം വേണം അവനു..നീ കൂടി വാ.... "

"അതെന്താ അളിയാ ഇപ്പൊഴത്തേ റൂമിനു കൊഴപ്പം... ? "

"കൊഴപ്പം റൂമിനല്ല..... അവന്‍ മക്കാന്‍ മാലിക്കിനെ തന്തയ്ക്കു വിളിച്ചു.. ഒരാഴ്ചക്കകം മാറാന്‍ അയാളും പറഞ്ഞു"

"മിടുക്കന്‍. വാടകചോദിക്കുന്ന വീട്ടുകാരന്‍റെ തന്തയ്ക്കു വിളിച്ചില്ലെങ്കില്‍ പിന്നെന്തു മലയാളി.... ഒ.കെ.. ഞാന്‍ റെഡി..... ശനിയാഴ്ച ഞാന്‍ ഫ്രീയാ"

ശനിയാഴ്ച്ച ഉച്ചയ്ക്ക്‌ ശ്രീനിവാസ്‌പുരിയിലെ നായരുടെ ഹോട്ടലില്‍ ഞാനും ബെന്നിയും.

"നായരുചേട്ടാ ....രണ്ടൂണെടുത്തേ..... മീന്‍ പൊരിച്ചതും പോരട്ടെ" ബെന്നി

"എടീ പൂതനേ....നീയെവിടെപ്പോയിക്കിടക്കുവാ.... ചോറെടുക്കെടീ രണ്ട്‌.... " നായരുചേട്ടന്‍റെ ഓര്‍ഡര്‍

"മിസ്‌.പൂതന ഇദ്ദേഹത്തിന്‍റെ വൈഫായിരിക്കും അല്ലേടാ...." ഞാന്‍ ബെന്നിയോട്‌ സംശയം ക്ളിയര്‍ ചെയ്തു..

"പൂതന നിങ്ങടെ മറ്റവള്‍........" അകത്തുനിന്ന് പതിവ്രതയുടെ മറുപടി....

"ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായാ ഇതാ കൊഴപ്പം.. പേരുകള്‍ തമ്മില്‍ മാറിപ്പോകും..." ചിരിയടക്കി ഞാന്‍..

"നായിന്‍റെ മോളേ..ഞാനങ്ങോട്ട്‌ വന്നാലുണ്ടല്ലോ....." നായരിങ്ങനെ പറഞ്ഞത്‌ തികച്ചും ന്യായം..അലെങ്കില്‍ പിന്നെന്തു പുരുഷന്‍.

"എന്നാ അതു നിങ്ങടെ ഒടുക്കത്തെ വരവായിരിക്കും..." ഈ മറുപടിയും തികച്ചും ന്യായം.

'ഒടുക്കത്തെ പോക്കുപോകാന്‍ തല്‍ക്കാലം സൌകര്യമില്ല' എന്ന് വിചാരിച്ചിട്ടാവാം, നായരുചേട്ടന്‍ തന്നെ ചോറുവിളമ്പി..

ഊണുകഴിഞ്ഞ്‌ നേരെ ചന്ദ്രന്‍റെ മുറിയിലേക്ക്‌....

ഇറക്കേണ്ട സാധങ്ങള്‍ എല്ലാം അടുക്കിപ്പെറുക്കിക്കൊണ്ട്‌ ഞങ്ങള്‍ മൂന്നുപേരും ചന്ദ്രന്‍റെ മുറിയില്‍..

"ചന്ദ്രാ ..ഈ മീന്‍വല കൊണ്ടുപോകാനുള്ളതോ അതോ കളയാനുള്ളതോ.." തുണിയേക്കാള്‍ കൂടുതല്‍ തുളകളുള്ള അണ്ടര്‍വെയര്‍ ചൂണ്ടി ഞാന്‍....

"ഈ കള്ളുകുപ്പിയെല്ലാം കൂടി കവാടിവാലായ്ക്ക്‌ കൊടുത്താല്‍ ഒരു ഫ്ലാറ്റ്‌ വാങ്ങാനുള്ള കാശുകിട്ടുമല്ലോ അളിയാ." ബെന്നി.

ഇനിയാണു മേജര്‍ ഇഷ്യൂ.. കട്ടില്‍...

മൂന്നാം നിലയുടെ മുകളിന്‍ നിന്നും ബോക്സ്‌കട്ടില്‍ എങ്ങനെ താഴെയിറക്കും. കോവണിവഴി കട്ടിലു പോയിട്ട്‌ കട്ടയാനായ ഒരു മനുഷ്യനു ശ്വാസം പിടിക്കാതെ ഇറങ്ങാന്‍ പറ്റില്ല.. അത്രയ്ക്ക്‌ വൈഡാണത്‌..

"ഇതെന്തിത്ര ആലോചിക്കാന്‍.. കയറുകെട്ടിയിറക്കണം.. മുകളില്‍ രണ്ടുപേര്‍..താഴെ രണ്ടുപേര്‍. കട്ടില്‍കാലില്‍ കയറുകെട്ടി രണ്ടുപേര്‍ ബാല്‍ക്കണിവഴി താഴോട്ടിറക്കുന്നു.. താഴെ നില്‍ക്കുന്ന രണ്ടുപേറ്‍ അത്‌ ആരാംസേ പിടിക്കുന്നു.." ബെന്നിയുടെ ഡിപ്ളോമാറ്റിക്‌ സജക്ഷന്‍..

"എടാ അതത്ര പ്രാക്ടിക്കല്‍ അകുമോ എന്നെനിക്കു തോന്നുന്നില്ല.. അല്ല കട്ടില്‍ ഇറക്കി എനിക്കത്ര പരിചയമില്ല...നിനക്ക്‌ കോണ്‍ഫിഡന്‍സ്‌ ഉണ്ടെങ്കില്‍ ആയിക്കോ..ഞാനായിട്ടെതിരു പറയുന്നില്ല..." പ്രോജക്ടില്‍ അത്ര വിശ്വാസം പോരാതെ ഞാന്‍ ബെന്നിയോടു പറഞ്ഞു.

"എടാ...അടിമാലിയില്‍ വച്ച്‌ എത്ര കട്ടിലിറക്കിയവനാ ഈ ഞാന്‍.. എന്നോടാ നിന്‍റെ ഈ കളി.. ചന്ദ്രാ...കയറുകൊണ്ടുവാ... കൂടെ ഒരാളെയും വിളി.... എപ്പോ ഇറക്കിയെന്നു ചോദിച്ചാ പോരെ.... "

ചന്ദ്രന്‍ എവിടെ നിന്നോ ഒരു കയറും, കയറുപോലെ മെലിഞ്ഞ ഒരു അച്ചായനേയും കൊണ്ടു ഫടാഫട്‌ വന്നു.

ആളില്‍ അശുവാണെങ്കിലും പ്രായം കണ്ടിട്ട്‌ കുറഞ്ഞത്‌ അമ്പത്‌ കട്ടിലെങ്കിലും ഇറക്കിയ ആളായിരിക്കും എന്ന് കരുതി ഞാന്‍ ചോദിച്ചു

"അച്ചായന്‍റെ ഐഡിയ എങ്ങനെ... കയറിട്ടിറക്കാന്‍ പറ്റുമോ.... "

"കയറിട്ടു ഞാന്‍ പശുവിനെ മാത്രമേ ഇറക്കിയിട്ടുള്ളൂ.. കട്ടിലാദ്യാമായാ.. പിന്നെ ഈ കുഞ്ഞു വിളിച്ചു ഞാന്‍ വന്നു.. ഒരു കൈ ഞാനും വക്കാം... "

"ചന്ദ്രാ ...നോക്കിനിക്കാതെ കാലില്‍ കയറിടെടാ......" ബെന്നി അക്രോശിച്ചു..

"കുഞ്ഞേ ചതിക്കല്ലെ..." അച്ചായന്‍ രണ്ടുകാലും പൊക്കിയൊരു ചാട്ടം..

"അച്ചായന്‍റെയല്ല..കട്ടിലിന്‍റെ... "

ചന്ദ്രന്‍ കട്ടിലിന്‍റെ കാലില്‍ കയറിട്ടു..

ഞാനും ഡയറക്ടര്‍ ബെന്നിയും ബില്‍ഡിംഗിന്‍റെ താഴെ വന്നു നിന്നു..

"ഇനി പതുക്കെ കട്ടിലെടുത്ത്‌ ബാല്‍ക്കണിയില്‍ വക്ക്‌..അച്ചായാ പിടിമുറുക്കിക്കോണേ...ആങ്ങ്‌..അങ്ങനെ..പതുക്കെ.... പതുക്കെ താഴോട്ട്‌ നിരക്ക്‌.. "

അച്ചായനും ചന്ദ്രനും കൂടി കട്ടില്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ വച്ചു.

പതുക്കെ താഴേക്കിടാന്‍ തയ്യാറെടുത്തു നിന്നു.

"ചന്ദ്രാ..കയറു മുറുക്കിക്കോണം... അച്ചായാ ഒരു കാരണവശാലും കയറു വിടല്ലേ....." ബെന്നിയുടെ സ്പെഷ്യല്‍ നിര്‍ദ്ദേശം.

"പേടിക്കാതെ കുഞ്ഞേ. ഗീവര്‍ഗീസ്‌ പുണ്യാളച്ചന്‍ പറഞ്ഞാലും ഞാന്‍ വിടുകേലാ.... ഇനി പതുക്കെ അയച്ചുവിട്‌ ചന്ദ്രന്‍ കുഞ്ഞേ... " അച്ചായന്‍

"ചന്ദ്രാ.... പതുക്കെ അയച്ചുവിട്‌.......അങ്ങനെ...ആ.. പതുക്കെ " ബെന്നി

"ചന്ദ്രന്‍ കുഞ്ഞേ... കാലൊറപ്പിച്ച്‌ നിക്കണേ....ദാ ഇതുപോലെ....." ഫുള്‍ കോണ്‍ഫിഡന്‍സോടെ അച്ചായന്‍ ഇതു പറഞ്ഞതും കൈവിട്ടതും ഒന്നിച്ച്‌...
"തള്ളേ...............പോയി..................." അച്ചായന്‍റെ രോദനം താഴെനിന്ന ഞാന്‍ കേട്ടു.

സഹായി കയറുവിട്ടെങ്കിലും കട്ടിലോടുള്ള ആത്മബന്ധം കാരണം പിടിവിടാന്‍ മടിച്ച ചന്ദ്രന്‍റെ കാലുരണ്ടും ആകാശത്തേക്ക്‌ പൊങ്ങിയതും, ആ കാലില്‍ അച്ചായന്‍ കയറിപിടിച്ചതും, രണ്ടുപേരും കുറച്ചുനേരം ട്രപ്പീസ്‌ കളിച്ചതും ഞാനൊന്നു മിന്നിക്കണ്ടു.

"ടപ്പോ....പഠോ..... ടപ്പ്‌...ധക്ക്‌....."

ഞാന്‍ നോക്കിയപ്പോള്‍ കട്ടിലതാ പറക്കും തളികപോലെ താഴത്തെ നിലക്കാരുടെ കൈവരിയും, പൂച്ചെട്ടിയും ഒക്കെ ഭംഗിയായി പൊട്ടിച്ച്‌ കീഴോട്ടു പതിക്കുന്നു.

"അളിയാ ഓടിക്കോ.............................................. "
രണ്ടാം നിലക്കാരന്‍റെ ബാല്‍ക്കണിയുടെ മൂല തകര്‍ത്തുകൊണ്ട്‌ കട്ടില്‍ താഴേക്ക്‌ പതിക്കുമ്പോള്‍ കബഡികളിക്കാനെപ്പോലെ ബെന്നി വലത്തോട്ട്‌ വെട്ടിച്ചൊരോട്ടം. തൊട്ടുപുറകേ ഞാനും..

"പൊത്തോ.....ചില്‍..ചില്‍...ചില്ലോം...ധക്കോം... "ചെവിപൊത്തിപ്പിടിച്ചെങ്കിലും ഇത്രയും ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു. എന്താണാവോ കിലുങ്ങിയത്‌..

ഓ ...അത്രേയുള്ളോ.....താഴെ പാര്‍ക്ക്‌ ചെയ്തിരുന്ന മൂന്നു സൈക്കിളിന്‍റെ ഹാന്‍ഡിലും ബാറും ഒക്കെ ഒടിഞ്ഞു മടങ്ങിയ ശബ്ദമായിരുന്നു.

ഒരു ആരവം കേട്ടു...ആളുകള്‍ ചാടി വരുന്നതു കണ്ടു..

"രുക്‌ ജാ സാലേ മദ്രാസീ........" ഒഴിഞ്ഞ വഴിനോക്കി മുങ്ങല്‍ പ്ളാന്‍ ചെയ്തു പായുന്ന അച്ചായനെ ഒരു ഹിന്ദിക്കാരന്‍ കഴുത്തിനു പിടിച്ചു നിര്‍ത്തുന്നതും കണ്ടു.

ചിന്നിച്ചിതറിയ കട്ടിലിന്‍റെ അവശിഷ്ടങ്ങള്‍ നോക്കി താടിക്ക്‌ കൈകൊടുത്തു ചന്ദ്രന്‍ നില്‍ക്കുന്നു..

'ആയിരം കോടിയുടെ ഉപഗ്രഹം താഴെ വീഴുന്നു..പിന്നാ അഞ്ഞൂറുരൂപയുടെ കട്ടില്‍' എന്ന ഭാവത്തില്‍ കൂളായി വിറച്ചുകൊണ്ട്‌ ബെന്നി..

"നീ അടിമാലിയില്‍ വച്ച്‌ എത്ര കട്ടിലിറക്കീട്ടുണ്ടെന്നാ പറഞ്ഞെ? " തോളില്‍ കൈയിട്ടുകൊണ്ട്‌ ഞാന്‍.

മറുപടിയായി വളിച്ച ഒരു ചിരി

"ഓ..അത്‌ തേക്കുകട്ടില്‍ ആയിരിക്കുമല്ലേ.. ഇത്‌ വെറും പ്ളൈവുഡ്‌ കട്ടിലാണല്ലോ..അച്ചച്ചച്ചാ....... "

തകര്‍ന്ന ബാല്‍ക്കണിയുടെ ഉടമകളും ഒടിഞ്ഞ സൈക്കിളിന്‍റെ ഉടമകളും ഞങ്ങളെ വളഞ്ഞു.

അച്ചായന്‍ അടുത്ത ഗ്യാപ്പ്‌ നോക്കി അക്ഷമനായി മുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.

"ഇനി എന്തുചെയ്യും ദൈവമേ..." കഷണ്ടിയില്‍ കൈയോടിച്ച്‌ ചന്ദ്രന്‍..

"തല്‍ക്കാലം നീ ഒരു ആശാരിയേയും, ഒരു മേസ്ത്രിയേയും ഒരു കൊല്ലനേയും വിളിച്ചോണ്ടു വാ.. " ബെന്നി സ്നേഹത്തോടെ പറഞ്ഞു

ചന്ദ്രന്‍ ദയനീയമായി ഒന്നു നോക്കി..

"മനസിലായില്ലേ.. ആശാരി കട്ടിലു പണിയാന്‍, മേസ്ത്രി ദാ ആ ബാല്‍ക്കണി പണിയാന്‍, കൊല്ലന്‍ ഈ സൈക്കിളു പണിയാന്‍..... "

**** സ്പ്രിംഗ്‌ ആഫ്റ്റര്‍ വിന്‍റര്‍ ****

യമുനയിലൂടെ പല വെള്ളം ഒഴുകി..

ബെന്നി സേവ്യര്‍ ഇറ്റലിയിലേക്ക്‌ പറന്നു. രണ്ടു കുട്ടികളുടെ അപ്പനായി.. ക്ളാസ്‌ വണ്‍ ജീവിതത്തിനുടമയായി. സുന്ദരന്‍ എന്ന ബ്ളോഗറായി.. ചിമ്മാരുമറിയത്തിന്‍റെ കഥ പറയുന്നവനായി.....

ചന്ദ്രന്‍ എങ്ങോട്ടോ പോയി........

തണുപ്പും ചൂടും കാച്ചിയെടുത്ത്‌ എന്‍റെ ജീവിതവും ഏറെ വരണ്ടും ഇടയ്ക്ക്‌ തളിര്‍ത്തും മാറിമറിഞ്ഞു...

ഒരു ക്രിസ്മസ്‌ കൂടി പടിക്കലെത്തുമ്പോള്‍ പ്രിയപ്പെട്ട ബെന്നീ, നിന്‍റെ ഏലയ്ക്കാമണമുള്ള മനസ്‌ ഞാന്‍ ഓര്‍ത്തുപോകുന്നു.

പലപ്പോഴായി അഞ്ചും പത്തുമായി ഞാന്‍ കടം വാങ്ങിയ, എത്രയുണ്ടെന്ന് നിനക്കുപോലും അറിയാത്ത, നിനക്കറിയാന്‍ താല്‍പര്യം ഇല്ലാത്ത നോട്ടുകള്‍ ഞാനോര്‍ത്തുപോകുന്നു.

നീ വാങ്ങിത്തന്ന ഛോലാ കുല്‍ച്ചകളുടെ പുളിയും എരിവും നാവു വീണ്ടും തിരക്കുന്നു.

പഴയ ഒരു ക്രിസ്മസ്‌ രാത്രിയില്‍ ശ്രീനിവാസപുരിയിലെ പാര്‍ക്കിലൂടെ റോളര്‍ സ്കേറ്ററില്‍ തെന്നി നീങ്ങുന്ന നിന്‍റെ കുസൃതി ഓര്‍ത്തുപോകുന്നു.

മഞ്ഞുവീഴുന്ന ഇറ്റാലിയന്‍ നിരത്തുകളില്‍ നീ ഇപ്പൊഴും റോളര്‍ സ്കേറ്റിംഗ്‌ ചെയ്യാറുണ്ടോ,
ഗിറ്റാറില്‍ മൃദു സംഗീതമൊഴുക്കാറുണ്ടോ....
പെന്‍സില്‍മുനകൊണ്ട്‌ കാടും കാട്ടാറും തീര്‍ക്കാറുണ്ടോ.....

അപ്പോള്‍ സുന്ദരാ....ഈ ക്രിസ്‌മസ്‌ ദിനങ്ങള്‍ നിനക്കായി ഡെഡിക്കേറ്റ്‌ ചെയ്തുകൊണ്ട്‌ ഓര്‍മ്മകളുടെ യേരാ ഗ്ളാസില്‍ ഞാനിതാ മേരാ ഗ്ളാസ്‌ മുട്ടിക്കുന്നു...

ചീയേഴ്സ്‌....ക്ളിംഗ്‌.....

ശബ്ദം നീ കേട്ടുവോ...........

ജനല്‍പാളി തുറന്നു വെളിയിലേക്ക്‌ നോക്കി

മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ തണുത്തുവിറച്ചുറങ്ങുന്ന ഭൂമി മങ്ങിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ നിറഞ്ഞ ദില്ലിയുടെ ആകാശം....

ആ നക്ഷത്രങ്ങളെ നോക്കി നിരാലംബയായ അമ്മയെപ്പോലെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഭൂമി....

നൂറു മക്കളും ചോരയൊലിപ്പിച്ചു പിടഞ്ഞു വീഴുന്ന കണ്ട്‌, ഉറക്കം വരാത്ത ഗാന്ധാരിയെപ്പോലെ നിര്‍വികാരയായ ഭൂമി.....

'അമ്മേ വസുന്ധരേ..... നീയിനി എത്ര നാള്‍... ഞങ്ങളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി നീയിനി എത്ര നെഞ്ചിടിപ്പിന്നിപ്പുറം?'

'ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരകള്‍ ദൂതരിങ്ങിയ
മണ്ണിന്‍ സമാധാന രാത്രി
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.. '

കരോള്‍ഗാനം മഞ്ഞിലൂടെ കാതുകളിലെത്തി..

പൊള്ളുന്ന ഭൂമിയിലേക്ക്‌ വീഴുന്ന ഉണ്ണിയേശുവിന്‍റെ തിളങ്ങുന്ന കണ്ണുകള്‍...

അവനിയുടെ നോവിനെ സ്വന്തം നെഞ്ചിലേക്കേറ്റുവാങ്ങാനിറങ്ങിയ തിരുപ്പിറവിയുടെ മറ്റൊരോറ്‍മ്മ......

"ദൈവമേ നിന്നോടൊരു ചോദ്യമേ ഉള്ളൂ എനിക്ക്‌. ഈശ്വരന്‍മാര്‍ പിറന്ന ഇടങ്ങളിലാണു കലാപങ്ങളും അശാന്തിയും ഏറെ... അയോധ്യയില്‍, ഇസ്രായേലില്‍, മധുരയില്‍..... വൈ..? ടെല്‍ മീ...വൈ... ?"

'ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി..

" സോറി ദേവാ... അല്‍ഖ്വയ്ദയും, അബു ഗുറെയ്ബും, അണുസ്പന്ദനങ്ങളും താറുമാറാക്കിയ ഈ മണ്ണിനെ രക്ഷിക്കാന്‍ ഉണ്ണിയേശു, നിനക്കെന്നല്ല ഒരു ദൈവത്തിനും ആവില്ല...

എങ്കിലും നിന്‍റെ ചിരിയെ ഇന്നു ഞാന്‍ നെഞ്ചോട്‌ ചേര്‍ക്കുന്നു.. കരളിലെ കടലാസു നക്ഷത്രത്തിനുള്ളില്‍ ഒരു മെഴുകുതിരി ഞാനും കൊളുത്തുന്നു.

കതകിന്‍റെ ഓടാമ്പല്‍ ഒന്നുകൂടി ഇറുക്കിയടച്ചു...

'ഓടാമ്പലിടാതെ ഉറങ്ങാന്‍ പറ്റിയ ഒരു ദിനം എനിക്ക്‌ തരൂ ഉണ്ണിയേശു......... '

അമേന്‍ ആന്‍ഡ്‌ ഗുഡ്‌നൈറ്റ്‌

Tuesday, 11 December 2007

ഗിഫ്റ്റ്‌ ഗിഫ്റ്റ്‌ ജാനകീ......

"ശ്രീമതി സോണിയാ ഗാന്ധിയ്ക്ക്‌ നമ്മുടെ ലീഡറോടുള്ള മതിപ്പും എന്‍റെ അമ്മായിയപ്പന്‍ ശ്രീ കുട്ടന്‍ നായര്‍ക്ക്‌ എന്നോടുള്ള മതിപ്പും ഒരു ത്രാസില്‍ വച്ചു തൂക്കിയാല്‍ അമ്മായിയപ്പന്‍റെ തട്ട്‌ 'ശൂ..............' ന്ന് താഴോട്ടു പോവും. സത്യത്തില്‍ ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധിയാണെടാ. വില്ലന്‍ എന്‍റെ ജാതകം തന്നെ. അതില്‍ അങ്ങനെ നേരത്തെ മെന്‍ഷന്‍ ചെയ്തിട്ടുണ്ടാരുന്നു. "

ലഞ്ച്‌ ബ്രേക്കിനു വെളിയിലിറങ്ങി ടൈംപാസിനു കപ്പലണ്ടികൊറിച്ചുകൊണ്ടിരുന്നപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകനും കാഞ്ഞിരപ്പള്ളി സ്വദേശിയും കണ്ടാല്‍ പറയില്ലെങ്കിലും കാഞ്ഞ വിത്തുമായ മുരളി ഇങ്ങനെ പറയുമ്പോള്‍, സത്യത്തില്‍ ഞാന്‍ കരുതി കപ്പലണ്ടിവാലായ്ക്ക്‌ കാശ്‌ എന്നെക്കൊണ്ടുതന്നെ കൊടുപ്പിക്കാന്‍ വേണ്ടി സംസാരിച്ച്‌ ബിസിയായതാണെന്നാണു.

"നിന്‍റെ സ്വഭാവം വച്ചുനോക്കിയാ ത്രാസ്‌ ചങ്ങലയും പൊട്ടിച്ച്‌ താഴെ വീണില്ലേലെ അത്ഭുതം ഉള്ളൂ..." അഞ്ചുരൂപ കച്ചവടക്കാരനു കൊടുത്തുകൊണ്ട്‌ ഞാന്‍ തുടര്‍ന്നു.

"എനിക്കെന്താടാ ഒരു കൊറവ്‌.. ഒരുമാതിരി ആക്കല്ലേ... " പതുക്കെ നടന്നുകൊണ്ട്‌ മുരളി

"നിനക്കെന്താ ഒന്നുള്ളത്‌..ആദ്യം അത്‌ പറ..." ഒരു കപ്പലണ്ടി ഞാനും പൊട്ടിച്ചു.

"അമ്മായിയപ്പനു അല്‍പ്പം മതിപ്പുണ്ടാക്കിയേ പറ്റൂ അളിയാ. അല്ലേല്‍ അങ്ങേരെനിക്ക്‌ ചതുപ്പുനിലം തന്നെ എഴുതിത്തരും.. "

"അതുശരി.. മതിപ്പിനെ പറ്റി തോന്നലുണ്ടായത്‌ ചതുപ്പുനിലം ഓര്‍മ്മവന്നപ്പൊഴാ അല്ലേ...എന്താ ഭാര്യവീട്ടില്‍ ഭാഗംവപ്പ്‌ ഉടനെയുണ്ടോ..... "

"അതെ. ചില ലക്ഷണങ്ങള്‍ ഒക്കെ കണ്ടുതുടങ്ങിയളിയാ. റിലേഷന്‍റെ ബാന്‍ഡ്‌വിഡ്ത്ത്‌ കൂട്ടിയേ പറ്റൂ..അല്ലേല്‍ ആ റോഡുസൈഡിലെ പത്തുസെണ്റ്റ്‌ ഗോപി... അവിടെ മൂന്നാലുമുറി കട സ്വപ്നം കണ്ടോണ്ടാ ഞാന്‍ ബ്രോക്കറോട്‌ ഒ.കെ എന്നുപറഞ്ഞതു തന്നെ.. ആ കെളവനെ ഒന്നു കൈയിലെടുത്തേ പറ്റൂ..." മുരളിയുടെ മുഖം നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ എക്സ്‌പ്ളോററ്‍ തുറന്നവനെപ്പോലെ നിരാശയില്‍.

"അല്ല.. ഈ ബന്ധം വഷളാവാന്‍ എന്താ കാരണം.? മരുമകന്‍ എന്ന നിലയിലെ നിന്‍റെ പെര്‍ഫോര്‍മന്‍സ്‌, മൊട്ടത്തലയും ഒറ്റക്കമ്മലുമിട്ടു ഗമയില്‍ വന്ന് സീറോയില്‍ ഔട്ട്‌ ആവുന്ന വിനോദ്‌ കാംബ്ളിയെ പോലെ പരിതാപകരമായതുകൊണ്ടാണോ, അതോ 'എങ്ങനെ ഒരു നല്ല കുടുംബനാഥന്‍ ആകാം' എന്ന് സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച പുള്ളിയ്ക്ക്‌, 'എങ്ങനെ മനസമാധാനം ഇല്ലാത്ത ഒരു അമ്മായിയച്ഛന്‍ ആകാം' എന്ന വിഷയത്തില്‍ നീ ഫെല്ലോഷിപ്പ്‌ കൊടുത്തതുകൊണ്ടാണോ. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ... "

"എന്താണെന്നറിയില്ലളിയാ.. എന്നെ കാണുമ്പോഴൊക്കെ അങ്ങേരു ഒരു ഞെട്ടു ഞെട്ടും.. അച്ഛാ എന്നു വിളിച്ചു ഞാന്‍ അരികത്തു ചെന്നാല്‍ മൂന്നുതവണ ഒന്നിച്ചു ഞെട്ടും....." ഷര്‍ട്ടില്‍ വീണ കപ്പലണ്ടിത്തോട്‌ ഊതിക്കളഞ്ഞു കൊണ്ട്‌ മുരളി.

"നല്ല മനുഷ്യന്‍. അല്ലാ..അതിന്‍റെ മൂല കാരണം എന്താണെന്ന് നീ അന്വേഷിച്ചില്ലേ...മേബീ സം സോളിഡ്‌ റീസണ്‍.. "

"എന്‍റെ ഭാര്യ പറയുന്നു.. " അടുത്ത കപ്പലണ്ടി ഞൊട്ടിയുടച്ചുകൊണ്ട്‌ മുരളി തുടര്‍ന്നു "എന്നെ കാണുമ്പോള്‍ തൊണ്ണൂറ്റിയെട്ടിലെ ഭൂകമ്പം ഓര്‍ക്കുന്നതുകൊണ്ടാണു തന്തപ്പടിയിങ്ങനെ ഞെട്ടുന്നതെന്ന് "

അതിന്‍റെ പിന്നിലെ കദനകഥ വിവരിച്ചുകൊണ്ട്‌ മുരളിനടന്നു.

തൊണ്ണൂറ്റിയെട്ടിലെ ഒരു നവംബര്‍ മാസത്തിലാണു, അന്ന് ബാച്ചിലര്‍ ആയി കണ്ണിണകൊണ്ട്‌ കടുകു വറുത്തു നടന്ന മുരളിയുടെ ശ്രീമതിയെ പെണ്ണുകാണാന്‍, സുന്ദരനും സുമുഖനും, സര്‍വ്വോപരി താലൂക്കാഫീെസില്‍ ജോലിയുള്ളവനുമായ ഒരു ഹതഭാഗ്യന്‍ വന്നത്‌.

വന്നു..കണ്ടു...കീഴടക്കി.. ചായകുടിക്കും മുമ്പേ ചെക്കന്‍ ബ്രോക്കറോട്‌ പറഞ്ഞു. "ഇവളെ കെട്ടിയില്ലെങ്കില്‍ ഞാന്‍ പെട്ടുപോയതു തന്നെ.. എന്തൊരു ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി ലുക്‌.. എന്തൊരു ഫെതര്‍ ആന്‍ഡ്‌ ലെമണി ഫിഗറ്‌.... "

ശ്രീമതിയും മനസില്‍ പറഞ്ഞു.. "ആഫ്ടര്‍ മാര്യേജ്‌, ഇദ്ദേഹത്തെ ഞാന്‍ എങ്ങനെ സംബോധന ചെയ്യണം?. 'ചേട്ടാ....?' ഛേ..അത്‌ ഓള്‍ഡ്‌ ഫാഷന്‍, 'ഏട്ടാ..?' അതും ബോറ്‌, പ്റാണനായകാ എന്നത്‌ ചുരുക്കി 'പ്രാണ്‍' എന്നായാലോ..ഒ.കെ. ഡണ്‍... "

'എന്നാ പിന്നെ നാളെത്തന്നെ ഇവിടുന്ന് നാലഞ്ചുപേര്‍ അങ്ങോട്ട്‌ വന്നേക്കാം.. എന്താ..." എന്ന ശ്രീമാന്‍ കുട്ടന്‍ നായരുടെ വാക്കുകളും സ്വീകരിച്ച്‌ പയ്യന്‍ അതീവസന്തോഷത്തോടെ ആദ്യരാത്രിയില്‍ പാല്‍ ഷെയര്‍ ചെയ്യുമ്പോള്‍ "വേണ്ട മുക്കാലും മോളു കുടിച്ചോ..എനിക്ക്‌ കാല്‍ഭാഗം മതി" എന്ന സംഭാഷണം വിഷ്വലൈസ്‌ ചെയ്തുകൊണ്ട്‌ പടി ഇറങ്ങി ഇറങ്ങിയില്ല എന്ന പരുവത്തിലായപ്പോഴാണ്‌ എടുപിടീന്നൊരു ഭൂമികുലുക്കം എവിടെനിന്നോ വന്നത്‌.

മോശമല്ലാത്ത ഒരു കുലുക്കം.

പയ്യനു മുടന്തും ഞൊണ്ടും ഒന്നും ഇല്ലല്ലോ എന്ന് കണ്ണടയുറപ്പിച്ച്‌ കണ്‍ഫേം ചെയ്തുകൊണ്ട്‌ പടിക്കല്‍ നില്‍ക്കുകയായിരുന്ന ശ്രീമതിയുടെ അപ്പൂപ്പനും കുട്ടന്‍ നായരുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായ ശശാങ്കന്‍ നായര്‍ എന്ന സെവന്‍റി പ്ളസ്‌ടുക്കാരന്‍ കുലുക്കത്തില്‍ കുഴഞ്ഞുവീഴാതിരിക്കാനായി കാലല്‍പ്പം കവച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണു, തലയ്ക്ക്‌ മുകളിലെ മാവിന്‍ ചില്ലയില്‍ പടര്‍ന്നിരുന്ന കുമ്പളത്തില്‍ നിന്നൊരു കുമ്പളങ്ങ ഗുരുത്വാകര്‍ഷണം കം ഭൂകമ്പത്തിന്‍റെ ഡബിള്‍ ഇംപാക്ടില്‍ താഴേക്ക്‌ പതിക്കുന്നത്‌ കണ്ടത്‌. 'ഇതെന്‍റെ തലയിലേക്കാണല്ലോ ഒരിപ്പുറത്തമേ " എന്ന് അനാവശ്യമായി ആത്മഗതം ചെയ്ത്‌ രണ്ടടി തവളച്ചാട്ടം നടത്തി കുമ്പളങ്ങയെ തന്‍റെ 'ഓള്‍ഡ്‌ ഈസ്‌ ബാള്‍ഡ്‌' ഉച്ചിയിലേക്ക്‌ തന്നെ പതിപ്പിച്ചു.
"വീണിതല്ലോ കിടക്കുന്നു ധരണിയില്‍
വീണപാടെയുരുണ്ടും ശിവശിവ.. "

"പൊട്ടിയോ അപ്പൂപ്പാ....." എന്ന് നിലവിളിച്ചു കൊണ്ട്‌ ശ്രീമതിയും, "എപ്പൊ പൊട്ടിയെന്നു ചോദിച്ചാ മതി" എന്ന് പിളര്‍ന്ന കുമ്പളങ്ങയില്‍ നോക്കിക്കൊണ്ട്‌ മുരളിയുടെ വുഡ്ബീ അളിയനും, "പൊട്ടിയില്ലേലും പൊട്ടിയപോലായി മോളേ" എന്ന് ഉച്ചിയില്‍ കൈവച്ചുകൊണ്ട്‌ അപ്പൂപ്പനും പറഞ്ഞപ്പോള്‍ കുട്ടന്‍ നായര്‍ ചേരിചേരാനയം ഡിക്ളയര്‍ ചെയ്തു
"ആ എന്തിരവന്‍ കാലുകുത്തിയപ്പൊഴേ ഭൂകമ്പം.. പ്രൊപ്പോസല്‍ ക്യാന്‍സല്‍ഡ്‌ വിത്‌ ഇമ്മീഡിയറ്റ്‌ എഫക്ട്‌"

'റോഡുസൈഡില്‍ പത്തുസെന്‍റുള്ളതുകൊണ്ട്‌, ശ്രീമാന്‍ കുട്ടന്‍നായരുടെ ഭീകരമായ ബോഡി ഔട്ട്‌ലുക്കിനെ ഞാന്‍ സീരിയസായി എടുക്കുന്നില്ല' എന്ന ആത്മഗതത്തില്‍ വിവാഹക്കരാറില്‍ ഒപ്പുവച്ചുകൊണ്ടുകൊണ്ട്‌ മുരളി വന്നത്‌ പിന്നീടായിരുന്നു.

ഇപ്പോ മുരളിയെ കാണുമ്പോള്‍ കുട്ടന്‍നായര്‍ ഞെട്ടുന്നു.. ഞെട്ടിക്കൊണ്ട്‌ മനസില്‍ പറയുന്നു 'ഭൂകമ്പോം വെള്ളപ്പൊക്കോം ഒന്നിച്ചു കൊണ്ടുവന്നാലും മറ്റവന്‍ തന്നെയായിരുന്നു ഭേദം.. '

"അപ്പോ നിനക്ക്‌ മതിപ്പ്‌ കൂട്ടണം.അല്ലേ...എന്താ അളിയാ ഒരു വഴി..." അല്‍പം ഒന്നാലോചിച്ച്‌ ഞാന്‍

"ആട്ടേ..നിന്‍റെ ഭൈമിയ്ക്ക്‌ നിന്നെപറ്റി എങ്ങനെ.. ഐ. മീന്‍ ഈ മതിപ്പിന്‍റെ കാര്യത്തില്‍... ? "

"അവള്‍ക്കും ഭയങ്കര മതിപ്പാ എന്നെപറ്റി... ഉറങ്ങുമ്പോള്‍ പോലും ഞാനൊരു കെഴങ്ങനാണെന്നാളവള്‍ പറയുന്നത്‌.." നിഷ്കളങ്കനായി മുരളി.

"ഹാവൂ... സത്യസന്ധ്യയായ ആ പെങ്ങള്‍ക്കൊരു ഗോള്‍ഗപ്പ.... എടാ കൊരങ്ങേ. ബന്ധങ്ങള്‍ മെയിന്‍റയിന്‍ ചെയ്യാന്‍ പഠിക്ക്‌.. അതിനുവേണ്ടി ചില അടവുകളും, അല്ലറചില്ലറ തറവേലകളും കാണിക്ക്‌... ഛേ..ഷെയര്‍ ഡിപാര്‍ട്ട്‌മെന്‍റില്‍ ജോലി ചെയ്യുന്ന നിനക്കിതൊന്നും അറിയില്ലാന്നു വച്ചാല്‍... അതുപോട്ടെ.. ഈ മതിപ്പിന്‍റെ കാര്യത്തില്‍ നിന്‍റെ അമ്മായിയമ്മ എങ്ങനെ... "

"ഒട്ടും മോശമല്ല.. പിന്നെ മുഖത്തുനോക്കി ഒന്നും പറയില്ല.. അങ്ങനൊരു ഗുണമുണ്ട്‌.. "

"തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല...." ചിരിച്ചു കൊണ്ട്‌ ഞാന്‍ പഴക്കച്ചവടക്കാരനെ ചൂണ്ടി ചോദിച്ചു..

"നമുക്കൊരു പഴമായാലോ മുരളീ... "

"മനുഷ്യനായതിന്‍റെ വെപ്രാളം തീരുന്നില്ല... പിന്നെയാ പഴമാവാന്‍ പോകുന്നത്‌. അളിയാ നീ എന്നെ ഒന്ന് ഗൈഡ്‌ ചെയ്യ്‌... ചില ടിപ്സ്‌ ഒക്കെ ഒന്നു പറഞ്ഞുതാ..... അല്ലെങ്കില്‍ ആ ചതുപ്പുനിലം എന്‍റെ തലയില്‍ വീഴും..." മുരളി ആശങ്കനായി നടപ്പു തുടര്‍ന്നു.

"നീ ആദ്യം കടുത്ത സ്നേഹം കാണിക്ക്‌..എല്ലാരോടും.. ആദ്യം ആ ആയുധം ഉപയോഗിച്ച്‌ അമ്മായിയപ്പനെ കുപ്പിയിലിറക്ക്‌.. ഫോര്‍ എക്സാമ്പിള്‍ നല്ല നല്ല സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍, സൂപ്പര്‍ ബ്രാന്‍ഡ്‌ കള്ളുകുപ്പികള്‍ ഇവയൊക്കെ ഒന്ന് കൊടുത്ത്‌ നോക്ക്‌.....അസ്‌ ഫസ്‌റ്റ്‌ സ്റ്റെപ്‌.... "

"ആ മൂപ്പീന്നിനോ.. സമ്മാനമോ... കൊള്ളാം. എന്‍റെ പൊന്നളിയാ കഴിഞ്ഞ അവധിക്ക്‌ ഞാന്‍ ഒരു കമ്പളി കൊടുത്തതാ.. ഒന്ന് നിവര്‍ത്തി നോക്കി ആ കൊഞ്ഞാണന്‍ പെണ്ണുമ്പിള്ളയോട്‌ ഒരു ഡയലോഗ്‌ 'കൊച്ചമ്മിണീ ഇത്‌ വച്ചേരു, തണുപ്പാവുമ്പോ പശുവിനെ പൊതപ്പിക്കാം. അല്ലെങ്കില്‍ വല്ല ഭിക്ഷക്കാര്‍ക്കും കൊടുക്കാം.. ' എന്‍റെ സ്ഥാനത്ത്‌ വേറെ ആരെങ്കിലും ആരുന്നേല്‍, അന്നങ്ങേരടെ ചാക്കാലയാരുന്നേനെ.....അം... "

"ശ്ശെടാ... അപ്പോ നിന്‍റെ ഫാദര്‍ ഇന്‍ ലോ ശരിക്കും ഒരു ഫാന്‍സി ഐറ്റം തന്നെ അളിയാ.. അമ്പതുരൂപയുടെ കമ്പിളി ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞില്ലേ ആ മഹാന്‍.. മൈ ഗോഡ്‌... "

പാര്‍ക്കിലിരുന്ന് മതിപ്പ്‌ എങ്ങനെ മാനുഫാക്ചര്‍ ചെയ്യാം എന്ന വിഷയത്തില്‍ ചൂടേറിയ ഡിസ്കഷന്‍.

ഞാന്‍ പറഞ്ഞുകൊടുത്ത പലകാര്യങ്ങളും 'അത്ര കാശുമുടക്കി എനിക്ക്‌ മതിപ്പുവേണ്ട' എന്ന സാമ്പത്തിക മാനദണ്ഡത്തില്‍ മുരളി റിജക്ട്‌ ചെയ്തുകൊണ്ടിരുന്നു.

"അമ്മായിയപ്പനു കവിത ഇഷ്ടമാണോ.. കാശുമുടക്കില്ലാതെ കൊടുക്കാന്‍ പറ്റിയ ഒരു സാധനം അതു മാത്രമാണു. ഒരു പേജില്‍ ഒരു സ്നേഹ കവിത എഴുതി അയക്ക്‌ മുരളീ..... വേണേല്‍ ഞാന്‍ സഹായിക്കാം "

"കവിത..!! അതും എന്‍റെ അമ്മായിയപ്പനു.. പഷ്ട്‌... കവിത എന്ന് കേട്ടാല്‍ 'അത്‌ പുതിയ ഇനം വാഴവിത്താണോ കൊച്ചുവര്‍ക്കീ' എന്ന് ചോദിക്കുന്നവനു അത്‌ കൊടുത്താല്‍ ഉടനെ കുറെ മതിപ്പെടുത്ത്‌ എനിക്ക്‌ പുഴുങ്ങിത്തരും.. എടാ മനുഷ്യനെ വടി ആക്കാതെ വേറെ വല്ലോം പറ... "

"ഉം.. നിനക്കൊട്ടു കാശു മുടക്കാനും വയ്യ.. ഓസിനൊട്ടു മതിപ്പു കിട്ടാനുമില്ല.. എന്താ അളിയാ ഒരു വഴി.. ഞാന്‍ മനസിലാക്കിയിടത്തോളം, അമ്മായിയപ്പന്‍റെ ചതുപ്പു മനസിലേക്ക്‌ മതിപ്പെത്തിക്കാന്‍ ഒരേ രു മാര്‍ഗമേ ഉള്ളൂ.. നിന്‍റെ ഭാര്യ. വാമഭാഗം ത്രൂ വാനരതാതന്‍ തക്‌.. അതുകൊണ്ട്‌ നീ ആദ്യം ഭാര്യയുടെ മതിപ്പിന്‍റെ ഡിസ്ക്‌ കപ്പാസിറ്റി കൂട്ട്‌..അതിനുള്ള ചില അക്സസറീസ്‌ ഫിറ്റ്‌ ചെയ്യ്‌..ഉദാഹരണത്തിനു ഭാര്യ ഇപ്പോ പ്രസവത്തിനു നാട്ടില്‍ പോയിരിക്കുവല്ലേ..ഒരു സുന്ദരന്‍ മെമ്മൊറബിള്‍ ഗിഫ്റ്റ്‌ അവള്‍ക്കയച്ചുകൊടുക്ക്‌... സ്നേഹപൂര്‍വം തവമുരളീരവം എന്ന് അടിക്കുറിപ്പോടെ.. അത്‌ അമ്മായിയപ്പന്‍ കാണുന്നു.. ഞെട്ടലിന്‍റെ റെസല്യൂഷന്‍ ആരാംസേ കുറഞ്ഞു കുറഞ്ഞു വരുന്നു.. ശേഷം ഭാഗം പ്രമാണത്തില്‍. എങ്ങനെ ഐഡിയാ... "

"അധികം പണം മുടക്കില്ലാത്തതാണെങ്കില്‍ ഐഡിയ കൊള്ളാം.. ആ വഴിക്ക്‌ ഒന്നു ചിന്തിക്കാം അല്ലേ.. "

"എടാ ദരിദ്രവാസീ.. കല്യാണസൌഗന്ധികം കണ്ട്‌ ഭീമസേനനോട്‌ പാഞ്ചാലി ചുമ്മാ ഒന്ന് പറഞ്ഞേയുള്ളൂ
'കണ്ടാലുമാശ്ചര്യപുഷ്പമെന്‍ വല്ലഭ
കണ്ടാല്‍ മനോഹരം കാഞ്ചനാഭം ശുഭം'.

ഇതു കേള്‍ക്കാത്ത താമസം ഒറ്റക്കുതിപ്പല്ലാരുന്നോ പുള്ളി ഗദയുമായി.. അതും കൊണ്ടേ പിന്നെ മടങ്ങിവന്നുള്ളൂ.. ക്ളൈമാക്സെന്താ... പഞ്ചാലിയുടെ മതിപ്പ്‌ പഞ്ചഗുണിതമായി. നിന്‍റെ ഈ അരിപ്പത്തരം ഇക്കാര്യത്തിലെങ്കിലും ഒന്ന് മാറ്റിവക്ക്‌ ... "

"പിന്നെ പിന്നെ.. അന്ന് ഭീമനതുപറ്റുമാരുന്നു. അങ്ങേര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഡ്യൂവും, വണ്ടി ലോണും ഒന്നും ഇല്ലാരുന്നല്ലോ..അതുപോലാന്നോ അളിയാ ഈ ഞാന്‍.... "

നീണ്ട ഡിസ്കഷനുശേഷം ഉടന്‍ തന്നെ വരുന്ന വെഡ്ഡിംഗ്‌ ആനിവേഴ്സറിക്ക്‌, പ്രിയതമയ്ക്ക്‌ ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌ അയക്കാം എന്ന് റെവലൂഷനറി തീരുമാനവുമായി മുരളി ഓഫീസിലേക്ക്‌ നടന്നു.

ലാജ്‌പത്‌ നഗറില്‍ സാരി ഷോറുമിലെ പെങ്കൊച്ച്‌ സാരി മറിച്ച്‌ മറിച്ച്‌ കൈകുഴപ്പി..

സകലസാരിയുടെയും ക്വാളിറ്റിയില്‍ മുരളി ഒ.കെ. വിലയില്‍ നോട്ട്‌ ഒ.കെ. താടിയ്ക്ക്‌ കൈകൊടുത്ത്‌ ആ പാവം പെണ്‍നിന്‍റെ മുഖം വിയര്‍ക്കുന്നതും നോക്കി ഞാന്‍.

"ഓ കിത്തനേക്കാ ഹെ ?" കൈചൂണ്ടിക്കൊണ്ട്‌ മുരളി

"ആട്ട്‌സൌ പച്ചാസ്‌ സര്‍.... " പെങ്കൊച്ച്‌

"ഉസ്കേ നീച്ചേ വാലാ.... "

"നൌസൌ... "

"അച്ഛാ.. ഫിര്‍ ഉസ്കാ ഊപ്പര്‍ കാ ദിഖാവോ..... "

"ഠീക്‌ ഹെ... യേ ദേഖോ സാര്‍.. ഹജാര്‍ കാ.... "

"ആറ്റുകാലമ്മേ!!.. ഇധര്‍ സൌ ദോ സൌ കാ റേഞ്ച്‌ മെം നഹി ഹെ ക്യാ... "

"എടാ നൂറുരൂപയ്ക്ക്‌ ഇക്കാലത്ത്‌ അണ്ടര്‍വെയര്‍ പോലും കിട്ടത്തില്ല..നീ ചുമ്മാ സമയം കളയാതെ ഒന്നെടുക്ക്‌... നിനക്കാ ചതുപ്പുനിലമേ പറഞ്ഞിട്ടുള്ളൂന്നാ എനിക്ക്‌ തോന്നുന്നെ" എന്‍റെ കണ്ട്രോള്‍ പോയി.

എഴുന്നൂറു രൂപയ്ക്ക്‌ പിങ്ക്‌ ഡിസൈനുള്ള സാരിവാങ്ങി ആര്‍ക്കീസ്‌ ഗ്യാലറിയിലേക്ക്‌ ഞങ്ങള്‍ നടന്നു. അതും എന്‍റെ സ്പെഷ്യല്‍ അഡ്‌വൈസ്‌ പ്രകാരം.

വെഡ്ഡിംഗ്‌ ആനിവേഴ്സറി കാര്‍ഡ്‌ സെക്ഷനിലേക്ക്‌ ഊളിയിട്ടു തിരച്ചില്‍ തുടങ്ങി. പിങ്കു ഹൃദയത്തില്‍ ഉമ്മവക്കുന്ന ഒരു സായിപ്പിന്‍റെ പടമുള്ള കാര്‍ഡ്‌ മുരളി നീട്ടി

"ഇതെങ്ങെനെയുണ്ടളിയാ..... "

"അതുനിന്‍റെ അമ്മായിയപ്പന്‍ കുട്ടന്‍നായരുടെ ആനിവേഴ്സറിക്ക്‌ കൊടുക്കാം.. എടാ കൊശവാ നല്ല റൊമാന്‍റിക്‌ ഐറ്റംസ്‌ നോക്കെടാ..... "

"ഈ കല്യാണം എന്ന ഏര്‍പ്പാട്‌ ശരിക്കും ഒരു ട്രാജഡിയാ അല്ലേ അളിയാ.. " വേറെ ഏതോ കാര്‍ഡ്‌ തപ്പി മുരളി

"സംശയമെന്ത്‌...അതിലും വലിയ ട്രാജഡിയാ കല്യാണം കഴിക്കാത്തോന്‍മാര്‍ ഇത്‌ മനസിലാക്കുന്നില്ല എന്നുള്ളത്‌... "

അമ്പതുരൂപയ്ക്ക്‌ ഒരു കാര്‍ഡും വാങ്ങി ഞങ്ങള്‍ വെളിയിലിറങ്ങി..

"ഇതില്‍ എന്താ അളിയാ എഴുതേണ്ടെ...നല്ലൊരു വാചകം പറ... " മുരളി

"ഛേ..ഇതൊക്കെ പറഞ്ഞുതരണോ അളിയാ.. നിന്‍റെ ദില്‍സേ വരേണ്ട വാചകങ്ങള്‍ അല്ലേ എഴുതേണ്ടെ.. ഉദാഹരണത്തിനു നീ ഇപ്പോള്‍ ഭാര്യയെ പിരിഞ്ഞിരിക്കുന്നു..അപ്പോ നിന്‍റെ ഇപ്പൊഴത്തെ ആ ഒരു ഫീലിംഗ്‌..... അത്‌ വച്ച്‌ ഒരു കാച്ച്‌ കാച്ച്‌...അല്‍പം മസാലയും ചേര്‍ത്തോ.. "

"എന്‍റെ ഇപ്പൊഴത്തെ ഫീലിംഗ്‌ വച്ചെഴുതണമെങ്കില്‍ പങ്കജകസ്തൂരിയുടെ പരസ്യം എഴുതേണ്ടിവരും. 'ഇനി ശ്വസിക്കാം ഈസിയായി'. "

"എടാ അല്‍പം റൊമാന്‍റിക്കായി എഴുത്‌ എന്തെങ്കിലും.... "

"നീ ഒരുവാചകം പറ അളിയാ.... "

"എന്നാ നാലുവരി കവിത തട്ടാം... " ഒന്നാലോച്ചിച്ച്‌ ഞാന്‍ പറഞ്ഞു. മുരളിയെഴുതി

'പറയുവാനുണ്ടേറേ ഭദ്രേ നിന്‍റെ
പനിമതിക്കാതില്‍ സുഭദ്രേ...
നിണസന്ധ്യതീരവും നിറതാരകങ്ങളും
നിന്നെ തിരക്കുന്നു ഭദ്രേ
കരള്‍വാടിയൊന്നിലെ കനകാംബരങ്ങളും
നിന്നെയിന്നോര്‍ക്കുന്നു ഭദ്രേ"

രജിസ്റ്റര്‍ ചെയ്ത്‌ അയക്കാന്‍ അമ്പതുരൂപ കൂടുതാല്‍ മുടക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഓര്‍ഡിനറി പാഴ്സലില്‍ മതിപ്പിനുള്ള റെസിപ്പി അയച്ച്‌ ഞങ്ങള്‍ അഗര്‍വാള്‍ റെസ്റ്റോറന്‍റിലേക്ക്‌ നടന്നു....

ഈ യജ്ഞം കഴിഞ്ഞ്‌ അഞ്ചാം നാള്‍, എന്‍റെ ക്യാബിനില്‍ സൊറപറഞ്ഞിരിക്കുന്ന മുരളിയുടെ മൊബൈല്‍ പാട്ടുപാടി..

"ഹായ്‌..ഭാര്യയുടെ ഫോണ്‍.. സംഗതി ക്ളിക്കായെന്നു തോന്നുന്നളിയാ.."

അതീവ സന്തോഷത്തോടെ മുരളി ലൌഡ്‌ സ്പീക്കര്‍ മോഡില്‍ ഇട്ട്‌ ഫോണ്‍ മേശപ്പുറത്തു വച്ചു..

"നീ കൂടി കേള്‍ക്ക്‌ റെസ്പോണ്‍സ്‌.... "

"ഹലോ... മുരളിയേട്ടനോടെങ്ങനെയാ ഞാന്‍ നന്ദി പറയുക.. എന്തുപറഞ്ഞാ ആ മനസ്‌ ഞനൊന്നു തണുപ്പിക്കുക"

അല്‍പം ആക്കല്‍ ഭാര്യയുടെ ശബ്ദത്തിലില്ലേ എന്ന സംശയം എനിക്കുണ്ടായെങ്കിലും മുരളിക്കതൊട്ടും ഇല്ലെന്ന് എനിക്ക്‌ മനസിലായി

"ഹ ഹ... ഞെട്ടിപ്പോയോടീ നീ... ഇപ്പൊ മനസിലായോ നിന്‍റെ ഭര്‍ത്താവ്‌ ഹൃദയം ഉള്ളവനാണെന്ന്.." അതീവസന്തോഷത്തോടെ മുരളി വിളിച്ചു പറഞ്ഞു.

"ഇല്ല..ഒട്ടും ഞെട്ടിയില്ല.. ഇങ്ങനെ നിങ്ങള്‍ കാണിച്ചില്ലെങ്കിലേ ഞാന്‍ ഞെട്ടത്തൊള്ളാരുന്നു. അല്ല ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടുചോദിക്കുവാ.. നിങ്ങള്‍ മനുഷ്യനോ അതോ കാട്ടുപോത്തോ.. "

ഗുണ്ടിനു തീ കൊടുത്തപ്പോള്‍ ശബ്ദത്തിനു പകരം ചീറ്റല്‍ കേട്ട വെടിക്കാരന്‍റെ മുഖഭാവത്തോടെ മുരളി ഒന്നു ചമ്മുന്നത്‌ ഞാന്‍ കണ്ടു..

"അബ്‌..ബബ്‌..എന്നാ എന്നാ പറ്റി..." ആംഗ്യത്തില്‍ എന്നോടും ശബ്ദത്തില്‍ ഭാര്യയോടുമായി മുരളി ചോദിച്ചു..

" 'പോളിയോ വാക്സില്‍ ലേലോ... ബച്ചേ കോ ബചാവോ...' ഈ ബാനര്‍ പാഴ്സലായി അയച്ച്‌ എന്നെയും കുടുംബത്തേയും ഇന്‍സല്‍ട്ട്‌ ചെയ്താ നിങ്ങള്‍ക്കെന്താ കിട്ടുകാ..പറ... ആവശ്യത്തിനു പൊന്നും പണവും തന്നു മാന്യമായിത്തന്നാ എന്നെ കെട്ടിച്ചുവിട്ടതു.. ഈ തോന്ന്യാസം സഹിക്കേണ്ട കാര്യം ഒന്നും എനിക്കില്ല പറഞ്ഞേക്കാം"

"പോളിയോയോ... എന്തവാടീ നീ ഈ പറയുന്നെ.. സത്യത്തില്‍ സാരിയാ ഞാന്‍"

"സാരി.. മിണ്ടിപ്പോകരുത്‌.. ഞാനവിടെയുള്ളപ്പോ ഒരു സാരി വാങ്ങിത്തരാത്ത നിങ്ങളാ എനിക്ക്‌ സാരി അയക്കുന്നെ... അച്ഛന്‍ ഉറഞ്ഞു തുള്ളുവാരുന്നു.. "

സത്യത്തില്‍ ഞാനും ഒരു നിമിഷം ഐസായി..

കാസറ്റ്‌ പാഴ്സല്‍ അയച്ചാല്‍ കവര്‍ മാത്രം ഡെലിവറി ചെയ്യുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ സത്യസന്ധതയെക്കുറിച്ച്‌ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായാണു.

'സാരി അയച്ചപ്പോ ബാനര്‍ കിട്ടി.. ഭാഗ്യമായി വല്ല പോസ്റ്റല്‍ ജീവനക്കാരന്‍റെയും അണ്ടര്‍വെയര്‍ അവന്‍മാര്‍ ഡെലിവറി ചെയ്യാഞ്ഞെ' എന്നു ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍ മുരളി ഇതാ ചതുപ്പുനിലത്തില്‍ വീണ പൂച്ചയെപ്പോലെ പരുങ്ങുന്നു.


"അല്ല സത്യത്തില്‍ എന്തോ സംഭ...." വാക്കുകള്‍ കിട്ടാതെ മുരളിക്ക്‌ വെപ്രാളം..

"ഒന്നും പോരാഞ്ഞു നിങ്ങള്‍ എന്നെ ഭദ്രകാളി എന്നും വിളിച്ചേക്കുന്നു... പറയുവാനുണ്ടേറെ ഭദ്രേ പോലും.. എന്തവാ പറയാനുള്ളത്‌..ഇപ്പോ പറ... ഞാനൊന്ന് കേക്കട്ടേ... കൊരങ്ങന്‍..നിങ്ങള്‍ ആണാണോ....ഇനി നിങ്ങളെ കാണുന്ന നിമിഷം അച്ഛന്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നും പറഞ്ഞിരിക്കുവാ.. കണ്‍മുന്നില്‍ പെടാതെ നോക്കിക്കോ..." പ്രിയതമയുടെ ഭീഷണി പിന്നെയും മുഴങ്ങുന്നു....

പ്രാണനും കൊണ്ടോടുന്ന മുരളിയുടെ പിന്നാലെ സകല ശക്തിയും സംഭരിച്ച്‌, കൈയില്‍ കുറുവടിയുമായി 'ഒന്നു നില്‍ക്കെടാ മരുമോനെ പ്ളീസ്‌.. എനിക്ക്‌ ബ്ളഡ്‌ പ്രഷര്‍ ആണെന്നറിയില്ലേടാ..ഇങ്ങനെ ഓടിക്കാതെടാ എന്നെ..ആ മുട്ടുകാലൊന്നു കാണിക്കെടാ പ്ളീസ്സ്‌' എന്ന റിക്വസ്റ്റുമായി കുട്ടന്‍ നായര്‍ പായുന്ന സീന്‍ മനസിലോര്‍ത്ത്‌ ഞാന്‍ ശ്രദ്ധ കമ്പ്യൂട്ടറിലേക്കു മാറ്റി..

"അച്ഛന്‍ ഉണ്ടോ അവിടെ..." പരുങ്ങി മുരളി ചോദിച്ചു.

"ഇല്ല.. അച്ഛന്‍ ഒരു ഡിക്ഷ്ണറി വാങ്ങാന്‍ പോയേക്കുവാ.. അറിയാവുന്ന തെറിയെല്ലാം ഉപയോഗിച്ചു കഴിഞ്ഞു.. പുതിയ വാക്കുകള്‍ പഠിക്കെണ്ടേ പൊന്നു മരുമോനുവേണ്ടി...." ഭാര്യ ഫോണ്‍ കട്ടു ചെയ്തു.

മുരളിയെ നോക്കാതെ, തികട്ടിവരുന്ന ചിരിയെ ഒതുക്കാന്‍ പാടുപെട്ട്‌ ഞാന്‍ എക്സല്‍ ഷീറ്റു തുറന്നു.

എന്നെ നോക്കാതെ ക്യാബിനില്‍നിന്ന് ഇറങ്ങുമ്പോള്‍ അവന്‍ പിറുപിറുത്തത്‌ വളരെ വ്യക്തമായി ഞാന്‍ കേട്ടു...

"ഒള്ള മതിപ്പും പോയി.. കൂടെ ചതിപ്പും പോയി... "===സ്ക്രീന്‍ സേവര്‍ മാറിയപ്പോള്‍==========================

കഠിനാധ്വാനവും വാശിയും മിക്സ്‌ ചെയ്ത്‌ മുന്നേറിയ മുരളി അബുദാബിയിലെ ഏതോ വമ്പന്‍ സ്ഥാപനത്തിലെ ഹൈ ഫ്ലയിംഗ്‌ എക്സിക്യൂട്ടീവായി ഒരു അവധിയാത്രയില്‍ എന്നെ കാണാനെത്തി. ചമ്മാനും ചുളുങ്ങാനും മനസില്ലാത്ത മുഖവുമായി. ബ്ളാക്ക്‌ ലേബല്‍ ബോട്ടില്‍ പിരിച്ചുതുറക്കുന്ന അവനെ, പെരുവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ പുഞ്ചിരി വിടര്‍ത്തി വച്ച്‌ ഞാനൊന്നു നോക്കിയിരുന്നു. അമ്മായിയപ്പന്‍റെ ആസ്തിയുടെ പതിന്‍മടങ്ങു സ്വന്തം ആക്കാന്‍ കപ്പാസിറ്റിയുള്ള പുതിയ മുരളിയെ.....

Monday, 3 December 2007

അടുത്ത ബെല്ലിനു നാടകം.....

'പുഞ്ചിരിക്കാന്‍, പൊട്ടിച്ചിരിക്കാന്‍, കരയാന്‍, കെട്ടിപ്പിടിക്കാന്‍ , ചുംബിക്കാന്‍ ഒക്കെ ഇതില്‍ ഇമോട്ടിക്കോണ്‍ അഥവാ സ്‌മൈലി ഉണ്ട്‌ എന്തുകൊണ്ട്‌ ഏത്തമിടാന്‍ ഒരു സ്മൈലി ഇല്ല' എന്ന സംശയം ഓഫീസിലിരുന്ന് ഒരു ചാറ്റ്‌ സുഹൃത്തുമായി ഷെയര്‍ ചെയ്യുമ്പോഴാണു മൊബൈല്‍ ചിലച്ചത്‌..

"എടാ...ഇത്‌ ഞാനാ ദിവാകരന്‍..... "

"എന്‍റെ ദിവാകരന്‍ ചേട്ടാ..താങ്കള്‍ ജീവിച്ചിരിപ്പുണ്ടോ അപ്പാ....കാണാറേയില്ലല്ലോ ഈയിടെയായി... ത്രീ സ്റ്റാര്‍ റെസ്റ്റോറണ്റ്റിലോട്ടോ, കംസേ കം അയ്യപ്പസന്നിധിയിലോട്ടോ ഒന്നിറങ്ങരുതോ വല്ലപ്പോഴും..... കണ്ട നാള്‍ മറന്നല്ലോ മാഷേ..... "

"ഓ... മുടിഞ്ഞ പണിയാടാ ചെക്കാ ഈയിടെയായി..ഓഫീസീന്ന് ഇറങ്ങാന്‍ പത്തുമണിയാവും.... പിന്നെ വീട്‌, പ്രാരാബ്ധം ഒന്നും പറയെണ്ടെടാ...... ഒരുമാതിരി ചൊറിഞ്ഞ ജീവിതം.. നേരെ ചൊവ്വെ ഒന്നു വീശിയ കാലം വരെ മറന്നു. "

"ഇപ്പോ എന്താ വിളിച്ചത്‌... വീശാന്‍ വല്ല പ്ളാനിടാനാണോ...എങ്കില്‍ സോറി. ഭാര്യ വീശലിനു തടയണയിട്ടേക്കുവാ.. ഇനി കള്ളുകുടിച്ചിട്ടു ചെന്നാല്‍ ഗ്യാസ്‌ തുറന്ന് വിട്ട്‌ തീപ്പെട്ടിയുരയ്ക്കും എന്ന ഭീഷണിയിലാ... "

"ഹ ഹ അപ്പോ നീയും എന്നെപ്പോലെ... ഈ ഭാര്യമാരെ കൊണ്ട്‌ തോറ്റല്ലോടാ... "

"അതെ ചേട്ടാ... ഈ ബില്‍ ലാദനെ സമ്മതിക്കണം..നാല്‍പ്പത്‌ ഭാര്യമാരേ.. ഹോ..ഇവിടെ ഒന്നിനെ കൊണ്ട്‌ ചക്രശാസ്വം വലിക്കുവാ നമ്മള്‍.. "

"നിന്നെ എനിക്ക്‌ അത്യാവശ്യമായൊന്നു കാണണം.. ഇന്ന് വൈകിട്ട്‌ റൂമിലേക്കൊന്ന് വരാന്‍ പറ്റുമോ...ഒരെട്ടുമണിക്ക്‌.. "

എട്ടുമണിക്കു തന്നെ ഞാന്‍ ദിവാകരേട്ടന്‍റെ ഗേറ്റില്‍ മുട്ടി.

സീമന്തപുത്രി ആഷാ ദിവാകര്‍ ഗേറ്റുതുറന്നു.

"ഹായ്‌ അങ്കിള്‍..ഹൌ ആര്‍ യു...... "

"അങ്കിളോ... ഒരുമാതിരി ഹിന്ദിക്കാരേപ്പോലെ പത്താം ക്ളാസില്‍ പഠിക്കുന്നോനേം കേറി അങ്കിളേന്ന് വിളിക്കുന്ന സ്വഭാവം എടുക്കല്ലേ.. ഭൈയാന്നു വിളിക്കെടീ.. എവിടെ നിന്‍റെ ഫാദര്‍ സ്റ്റെപ്‌.. തന്തപ്പടി.. ?"

"പപ്പാ കുളിക്കുവാ അങ്കിള്‍..സോറി ഭൈയാ.. കയറിയിരിക്ക്‌.... "

"എങ്ങനുണ്ട്‌ നിന്‍റെ ജേര്‍ണലിസപ്പണി.. " അകത്തേക്കു കയറി ഞാന്‍..

"വൌ.. ഇറ്റീസ്‌ അമേസിംഗ്‌... ലാസ്റ്റ്‌ വീക്ക്‌ ഞാന്‍ ഷാരൂക്കിനെക്കുറിച്ചെഴുതിയത്‌ വായിച്ചോ.. ടൈംസില്‍? " കുണുങ്ങിക്കൊണ്ട്‌ ആഷ..

"പിന്നെ പിന്നെ വായിച്ചു.. അമിതാബ്‌ ബച്ചന്‍റെ അജീറ്‍ണ്ണവും, കരീഷ്മയുടെ കല്യാണവിശേഷവും, പേജ്‌ത്രീ പേക്കോലങ്ങളുടെ കോക്‌ടെയില്‍ കോമാളിത്തരങ്ങളുമല്ലേ നിന്‍റെയൊക്കെ ജേര്‍ണലിസം.. എടീ കൊച്ചേെ.. യൂ ഷുഡ്‌ ഗോ ആന്‍ഡ്‌ റീച്ച്‌ ദ റൂട്ട്‌സ്‌.. മനുഷ്യരിലേക്കിറങ്ങിച്ചെല്ല്.. മണ്ണിലേക്കിറങ്ങിച്ചെല്ല്.. ട്രാന്‍സ്‌ഫോം ദ പാറ്റേണ്‍ ഓഫ്‌ ബ്ളഡി ഇന്ത്യന്‍ ലൈഫ്‌.. അപ്പോഴാ റിയല്‍ പത്രപ്രവര്‍ത്തക ആവുന്നത്‌.. അല്ലാതെ അമീര്‍ഖാന്‍റെ കീഴ്ത്താടിയില്‍ എത്ര ഇഞ്ച്‌ രോമം ഉണ്ടെന്ന് കണ്ടുപിടിക്കലല്ല... "

പത്തുപോക്കറ്റുള്ള കാര്‍ഗോയുമിട്ട്‌ ഇളയസന്താനം ആഷിക്‌ എത്തി..

"അഞ്ചാറു പോക്കറ്റുകൂടി പിടിപ്പിക്കാന്‍ സ്ഥലമില്ലേടാ ഇതില്‍. നീ എന്താ ഇപ്പൊ മലയാളം ക്ളാസില്‍ വരാത്തെ.. കൊശവാ?"

"ടൈം നയി യെ അങ്കിള്‍.. ഹോംവര്‍ക്ക്‌ ചെയ്യാന്‍ പോലും എനഫ്‌ ടൈം ഇല്ല...ക്യാ കരൂം...നെക്സ്‌റ്റ്‌ വീക്‌ ട്രൈ കരൂംഗാ.. "

" എനിക്ക്‌ നിര്‍ബന്ധമൊന്നുമില്ല. നിന്‍റെയൊക്കെ പപ്പാ മമ്മിമാരു വയസുകാലത്ത്‌ മക്കടെ കൈയീന്ന് വെള്ളംവാങ്ങിക്കുടിച്ചോട്ടെ എന്ന് കരുതിപറഞ്ഞെന്നേയുള്ളൂ.. അതല്ല 'ബുഡ്ഡേ തൂ ഭാഗ്ജാ ' എന്ന് അവരോട്‌ പറയാനാ ആഗ്രഹമെങ്കില്‍ ഭാഷേം പഠിക്കേണ്ടാ..സംസ്കാരോം പഠിക്കേണ്ടാ..ഹും.... അതുപോട്ടെ എവിടെ നിന്‍റെ മാതാശ്രീ.. "

"അവള്‍ അമ്പലത്തില്‍ പോയിരിക്കുവാ...പരദൂഷണം അപ്‌ഡേറ്റ്‌ ചെയ്യെണ്ടേ.... " കുളികഴിഞ്ഞ്‌ കക്ഷവും തുടച്ചുകൊണ്ട്‌ ദിവാകര്‍ജിയെത്തി..

"പാവം അയ്യപ്പന്‍.. ഈ പെണ്ണുങ്ങടെ ഇടയില്‍ കഴിഞ്ഞ്‌ പുള്ളിയും വഷളാവുമോ എന്നാ എനിക്ക്‌ പേടി....." അയ്യപ്പപൂജാസമിതിയുടെ നോട്ടീസില്‍ നോക്കിക്കൊണ്ട്‌ ഞാന്‍.

"ഉം..നീയിരി.. ഞാനിപ്പൊ റെഡിയാകാം. നമുക്ക്‌...ഒരിടം വരെ പോകാനുണ്ട്‌... "


ബൈക്കിന്‍റെ പുറകിലിരിക്കുമ്പൊഴും ദിവാകരന്‍ചേട്ടന്‍ എന്‍റെ സസ്പെന്‍സ്‌ മാറ്റിയില്ല..

"ചേട്ടാ കാര്യം പറ.. ഈ രാത്രീല്‍ പാര്‍ക്കില്‍ പോയിട്ടെന്തു ചെയ്യാനാ.. "

"അതൊക്കെയുണ്ട്‌... നീ ആദ്യം മൂലക്കടയിലോട്ട്‌ വിട്‌.. രണ്ടെണ്ണം വിട്ടേലെ ശരിയാവൂ... എനിക്കിത്തി ധൈര്യം വേണം... അത്‌ പറയാന്‍"

"അയ്യപ്പാ ഇങ്ങേര്‍ക്കിതെന്തുപറ്റി.. ഇതെന്താ പ്രേമാഭ്യര്‍ഥനയോ മറ്റോ ആണോ.. സ്മോളിന്‍റെ ധൈര്യത്തില്‍ പറയാന്‍..നിങ്ങളെന്‍റെ കെട്ട്യോളെക്കൊണ്ട്‌ ഇന്ന് തീപ്പെട്ടിയുരപ്പിച്ചേ അടങ്ങൂ അല്ലേ..." വിസ്കിയില്‍ നടുവിരല്‍ തൊട്ട്‌ പരേതാത്മാക്കള്‍ക്ക്‌ ഞൊട്ടിയര്‍പ്പിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

സൂര്യ നഗറിലെ നെഹ്രുപാര്‍ക്ക്‌..

നിയോണ്‍ പ്രഭയില്‍ പലരും ഉലാത്തുന്നു.. കുട്ടികള്‍ ഊഞ്ഞാലാടുന്നു.

സിമന്‍റു ബെഞ്ചിന്‍റെ അറ്റത്തിരുന്ന് ഒരു പെണ്‍കുട്ടി മൊബൈലില്‍ എസ്‌.എം.എസ്‌ ടൈപ്പ്‌ ചെയ്യുന്നു..

"എന്തൊരു പറപ്പന്‍ സ്പീഡ്‌ ചേട്ടാ ആ കൊച്ചിനു. രണ്ടു കൈയും, നൂറ്റൊന്ന് കട്ടയും ഉണ്ടായിട്ടും കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ എനിക്കിത്ര സ്പീഡില്ല.. എനിക്ക്‌ തോന്നുന്നു ഈ പെങ്കൊച്ചുങ്ങള്‍ക്ക്‌ വന്ന് വന്ന് അമ്മമാരേക്കാ ഇഷ്ടം സെല്‍ ഫോണിനോടാണെന്ന്..." ബെഞ്ചിന്‍റെ ഇങ്ങേത്തലക്കല്‍ ഇരിക്കുമ്പോള്‍ പറഞ്ഞു.. "അതുപോട്ടെ ചേട്ടന്‍ കാര്യം പറ... "

വിസികിയുടെ നനുത്ത ലഹരി മിന്നുന്ന കണ്ണില്‍ ഒരു മങ്ങല്‍ പടര്‍ന്നു..

"നീ...നീ അടുത്താഴ്ചയല്ലേ നാട്ടില്‍ പോകുന്നത്‌... "

"അതേ... എന്താ വല്ല കൊടമ്പുളിയോ മീന്‍ചട്ടിയോ കൊണ്ടുവരണോ..... "

ദിവാകരന്‍ചേട്ടന്‍ പോക്കറ്റില്‍ നിന്ന് എന്തോ പതുക്കെ പുറത്തെടുത്തു..

"എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ലെടാ...... ഈ ലഹരിയില്‍പ്പോലും..... "

"ഇത്‌..ഇത്‌......" പോക്കറ്റില്‍നിന്നെടുത്ത ഫോട്ടോ എന്‍റെ നേരെ നീട്ടി.. മുഖത്തു നോക്കാതെ..

ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ ഒരു സുന്ദരി..
പടര്‍ന്നിറങ്ങിയ മുടി..... പരല്‍മീന്‍പോലെ തിളങ്ങുന്ന കണ്ണുകള്‍.. ഹരിചന്ദനം തൊട്ട ചേലൊത്ത നെറ്റിത്തടം......

"ഇതാരാ ചേട്ടാ... ഈ സൌന്ദര്യധാമം. എന്തായാലും കുമാരിച്ചേച്ചിയല്ല..... "

"ഇത്‌...ഇത്‌... സേതുലക്ഷ്മി....." നിയോണ്‍ വെട്ടത്തില്‍ ദിവാകരേട്ടന്‍റെ കണ്ണു വിടര്‍ന്നു മങ്ങി..

"ഓ മൈ ഗോഡ്‌... ചേട്ടനും സ്റ്റെപ്പിനിയുണ്ടാരുന്നോ.. ഇതൊരു പുതിയ അറിവാണല്ലോ മാഷേ.. "

"കൊല്ലും ഞാന്‍ നിന്നെ... ആ വാക്കു പറഞ്ഞാല്‍.. നിനക്കെന്തറിയാം ഈ ദിവാകരനെക്കുറിച്ച്‌.. ഈ ദിവാകരന്‍ ആരായിരുന്നതിനെക്കുറിച്ച്‌....പറ.പറ..." വികാരവിക്ഷോഭത്താല്‍ വാക്കുകള്‍ ചിതറുന്നു..

"മറ്റുള്ളവര്‍ക്കുള്ള അറിവേ എനിക്കുള്ളൂ ചേട്ടാ.. പണ്ടെങ്ങോ നാടുവിട്ട്‌ ഇവിടെത്തി.. ഒരു കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയി കയറിക്കൂടി.. അവിടെ നിന്ന് വളര്‍ന്ന് വളര്‍ന്ന് അസിസ്റ്റണ്റ്റ്‌ മാനേജര്‍ വരെ ആയി..കുമാരിച്ചേച്ചിയുടെ കെട്ടിയവനായി... സന്തുഷ്ട കുടുംബനാഥനായി.. ദാറ്റ്‌സാള്‍.... "

"അതിനുമുമ്പ്‌.. അതിനൊക്കെ മുമ്പ്‌.... ഈ ദിവാകരന്‍ ഒന്നുമില്ലാത്തവനായിരുന്ന ഒരു കാലം ഉണ്ടാരുന്നു. നാടകനടനായി അരപ്പട്ടിണികിടന്ന ഒരു ചരിത്രം ഉണ്ടാരുന്നു. അന്ന്..അന്ന് പട്ടിണിമറക്കാന്‍ ദൈവം എനിക്കൊരു പെണ്ണിനെ കൂട്ടുതന്നിരുന്നു.. ഇവളെ.... ഈ സേതുലക്ഷ്മിയെ.. എന്നിട്ട്‌ ..എന്നിട്ട്‌...അവളെ ഞാന്‍... "

"ഉപേക്ഷിച്ചു..അതല്ലേ പറയാന്‍ വരുന്നത്‌.. ഈ തിരക്കഥ ഒക്കെ ഒരുപാട്‌ നമ്മള്‍ കാണുന്നതല്ലേ ചേട്ടാ.. സിനിമയിലും നോവലിലും ഒക്കെ. ഈ പ്രായത്തിലും ഈ ഫോട്ടോയും കൊണ്ടു നടക്കുന്ന ചേട്ടനു സത്യത്തില്‍ രണ്ടു തരുകയാണു വേണ്ടത്‌. ചുമ്മാ മനുഷ്യന്‍റെ സമയം മെനക്കെടുത്താന്‍.... അല്ലാ..കുമാരിച്ചേച്ചി കാണാതെ ഈ പടം എവിടെയാ ഒളിച്ചു വക്കുന്നെ.. എന്‍റെ പ്രിയപ്പെട്ട അവശകാമുകാ..."

പറഞ്ഞു തീരും മുമ്പേ ദിവാകരന്‍ചേട്ടന്‍ എന്‍റെ കൈയില്‍ കടന്നു പിടിച്ചു.

"ഇവള്‍ നീ കരുതും പോലെ വെറും ഒരു കാമുകിയായിരുന്നില്ലെടാ.. ഇവള്‍ എന്‍റെ ഇന്ദുലേഖയായിരുന്നു.. ചന്തുമേനോന്‍റെ ഇന്ദുലേഖ...ഫ്ലാഷ്‌ ലൈറ്റുകള്‍ക്കു മുന്നില്‍ നിന്നുകൊണ്ട്‌, സൂരിനമ്പൂതിരിപ്പാടിന്‍റെ ശൃംഗാരചേഷ്ടകളെ വാക്കുകള്‍കൊണ്ട്‌ തകര്‍ത്ത ഇന്ദുലേഖ.. മൂന്നുതവണ ജീവനൊടുക്കാന്‍ തുനിഞ്ഞ എന്നെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ മനസില്‍ സ്നേഹത്തിന്‍റെ പച്ചപ്പുപടര്‍ത്തിയവള്‍... " ദിവാകരന്‍ചേട്ടന്‍റെ നെറ്റിയില്‍ വിയര്‍പ്പുമുത്തുകള്‍ തിളങ്ങി..

"അല്ല ചേട്ടാ..ഇപ്പോ ഈ ഓള്‍ഡ്‌ ഹിസ്റ്ററി ഓര്‍ക്കാന്‍ കാരണം..ഇതുവരെ തോന്നാത്ത ഒരു സിമ്പതി ഇവരോടിപ്പോ തോന്നാന്‍.... "

"എനിക്ക്‌ അറിയണം.. അവള്‍.. അവള്‍ ഇപ്പോ എവിടെയാണെന്ന്... അവള്‍ ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട്‌ എന്ന് എന്‍റെ മനസ്സില്‍ ഒരു തോന്നല്‍. കഴിഞ്ഞ ഇരുപത്തഞ്ച്‌ വര്‍ഷത്തോളം തോന്നാതിരുന്നത്‌ ഇപ്പോ എന്തിനു തോന്നുന്നു എന്നെനിക്കറിയില്ല....അവള്‍ നരകിക്കുകയാണെങ്കില്‍..എനിക്ക്‌ എനിക്ക്‌ അവളെ സഹായിക്കണം.. എന്നാല്‍ കഴിവത്‌... "

"ഓ...ഇപ്പോ മനസിലായി.. എന്‍റെ പൊന്നുചേട്ടാ ഇത്‌ രോഗം വേറെയാ. ഈ, ഒരേ പങ്കാളിയുടെ കൂടെ കുറച്ചുനാള്‍ ജീവിച്ചു മടുത്തു കഴിയുമ്പോ, ആണുങ്ങള്‍ക്ക്‌ പിടിപെടുന്ന ഒരുതരം രോഗം. ചിലര്‍ക്ക്‌ ഒന്നു വേലിചാടണം എന്ന് തോന്നും. ചേട്ടനെ പോലെയുള്ള മറ്റുചിലര്‍ക്ക്‌ പണ്ടു ചാടിയ വേലിയില്‍ ഒന്നുകൂടെ ഞാലണം എന്ന് തോന്നും. ഞങ്ങള്‍ സൈക്കിയാട്രിസ്റ്റുകള്‍ ഇതിനെ സ്പ്രിരിച്ച്വല്‍ മെനോപോസ്‌ അഥവാ ആത്മാവിന്‍റെ ആര്‍ത്തവവിരാമം എന്നൊക്കെ വിളിക്കും. പഴമക്കാര്‍ ഇതിനെ തല്ലുകൊള്ളിത്തരം അഥവാ പോക്രിത്തരം എന്നൊക്കെ വിളിക്കും..ഇനിഷ്യല്‍ സ്റ്റേജില്‍ ഇതിനു ചികിത്സ....." പൊട്ടിച്ചിരിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞുതീരും മുമ്പേ ചേട്ടന്‍ അലറി..

"എടാ.......!!! കൈയിലെ കാശും മുടക്കി കള്ളുംവാങ്ങിത്തന്ന് നിന്നെ ഇവിടെ കൊണ്ടുവന്നത്‌ നിന്‍റെയീ അധികപ്രസംഗം കേള്‍ക്കാനല്ല.. നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ ഇല്ലിയോ ഇപ്പൊ പറ... "

"അല്ല ഇതിലിപ്പോ ഞാനെന്തു സഹായം ചെയ്യണെമെന്നാ ചേട്ടന്‍.... "

"നീ ഇവളെപറ്റി ഒന്ന് അന്വേഷിക്കണം.. നാട്ടില്‍ ചെല്ലുമ്പോ....അവള്‍ സുഖമായി ഇരിക്കുന്നോ...അതു മാത്രം അറിഞ്ഞാ മതി എനിക്ക്‌.. പ്ളീസ്‌....."

ചേട്ടന്‍റെ കണ്ണില്‍ ദൈന്യത പതുങ്ങിയിരുന്നു. ഉത്തരം പറയാതെ ഞാന്‍ ഫോട്ടോയിലേക്ക്‌ തന്നെ നോക്കിയിരുന്നു..

"ഒരു സംശയം ചോദിച്ചോട്ടെ..ഇടിക്കരുത്‌.. "

"എന്താ... "

"ചേട്ടന്‍... ഈ....പനങ്കുലപോലുള്ള മുടിയില്‍ മുഖം പൂഴ്ത്തിയുണ്ടോ... ഒരിക്കലെങ്കിലും.. അല്ലാ..ഒന്നറിയാന്‍ വേണ്ടി ചോദിച്ചൂന്നേയുള്ളൂ.... "

"ഇല്ലെടാ..ഒരിക്കല്‍പോലും ഇല്ല.. നാനൂറു സ്റ്റേജില്‍ നാടകം കളിച്ചിട്ടും, നായകനും നായികയുമായി ഞങ്ങള്‍ വേഷമിട്ടിട്ടും ഒരിക്കല്‍പോലും അതിരുവിട്ട്‌....... "

"ഛേ..മോശം..മോശം.. ആരുകണ്ടാലും ഒന്നു മുഖം പൂഴ്‌ത്താന്‍ തോന്നുമല്ലോ ചേട്ടാ ഈ മുടിക്കെട്ടില്‍. ഹോ എന്തൊരു നാടന്‍ ലുക്ക്‌ എന്‍റെ വല്യമ്മച്ചീ... "

ദിവാകരന്‍ ചേട്ടന്‍ വേദനയോടെ മന്ദഹസിച്ചു.

"ചന്തുമേനോന്‍റെ ഇന്ദുലേഖയായി ഈ സേതുലക്ഷ്മി.. ആ ഇന്ദുലേഖയുടെ പ്രിയപ്പെട്ട മാധവന്‍ ആയി ചേട്ടന്‍. ആയിരക്കണക്കിനു പ്രേക്ഷകരെ സാക്ഷിയായി പ്രണയസല്ലാപം നടത്തുക.. എന്നിട്ട്‌ ഗ്രീന്‍ റൂമില്‍ കണ്ണുകള്‍ കൊണ്ട്‌ സ്വന്തം പ്രണയം പങ്കുവക്കുക...ഹോ..സത്യത്തില്‍ ഓര്‍ക്കുമ്പോ എന്തൊരു ത്രില്‍ എന്‍റെ പൊന്നു ദിവാകരന്‍ സാറെ.. എന്തായിരിക്കും ആ ഒരു.. ഒരു.. ഫീലിംഗ്‌..ആദ്യത്തെ ഇടവപ്പാതി മഴപോലെ..അല്ലേ.... "

"നീ... നീ... ഇവളെപറ്റി അന്വേഷിക്കില്ലേ.. താണജാതിക്കാരിയെ വീട്ടിക്കേറ്റിയാല്‍ ആത്മഹത്യചെയ്യും എന്ന് ഭീഷണിപ്പെടുത്തിയ അമ്മയുടെ മുന്നില്‍, പ്രണയത്തിന്‍റെ കരളുപറിച്ചിട്ടിട്ട്‌ വണ്ടികയറിയതാണു ഞാന്‍.. പിന്നൊരിക്കലും ഞാന്‍ ഓര്‍ത്തില്ല.. ഇപ്പോ എന്തോ.. എനിക്കങ്ങനെ.... "

"എന്‍റെ മിസ്റ്റര്‍ കുമാരിച്ചേച്ചീ. വിഷമിക്കാതെ...ചേട്ടന്‍റെ ഈ പഴയ കാമുകിയെ.. എത്ര ബുദ്ധിമുട്ടിയായാലും വേണ്ടില്ല ഞാന്‍ കണ്ടുപിടിക്കാം.. സുഖവിവരം തിരക്കാം. മാത്രമല്ല... ആ പഴയ ഇന്ദുലേഖയുടെ സൌന്ദര്യത്തില്‍ വല്ല കാറ്റുവീഴ്ചയും വന്നിട്ടുണ്ടോ എന്നുപോലും തിരക്കാം. അത്യാവശ്യം വേണ്ടിവന്നാല്‍ ഇവരുടെ കെട്ടിയോന്‍റെ കൈയില്‍നിന്ന് കണക്കിനു ചളുക്കു വാങ്ങുകേം ചെയ്യാം, ഒരു നല്ലകാര്യത്തിനുവേണ്ടിയല്ലേ... ഒരു റൊമാന്‍സ്‌ ലേസ്‌ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ആദ്യമായ തടയുന്നത്‌... സോ മിഷന്‍ അണ്ടര്‍ടേക്കണ്‍....." ഞാന്‍ ചേട്ടനു കൈകൊടുത്തു..

"മതി....അതു മാത്രം മതി......" ചേട്ടന്‍റെ മുഖം തിളങ്ങി...

താടിക്കു കൈകൊടുത്ത്‌ ഞാന്‍ ദിവാകരന്‍ചേട്ടന്‍റെ മുഖത്തേക്ക്‌ ഒരു വളിച്ച നോട്ടം എറിഞ്ഞു.

"എന്താടാ ഒരുമാതിരി നോക്കുന്നേ... "

"ഇതൊരു സുഖമുള്ള ഏര്‍പ്പാടാ അല്ലേ ചേട്ടാ...... "

"ഏത്‌.... "

"അല്ല....ഈ പൂര്‍വ്വകാലത്തുനിന്നൊരു പ്രണയത്തിന്‍റെ നനവ്‌ മനസില്‍ ഇങ്ങനെ പടര്‍ന്നിരിക്കുക.. ഈ... പുല്‍ത്തകിടിക്കടിയില്‍ ഹോസിട്ടു നനക്കുന്ന പോലെ.. ആ നനവിന്‍റെ ഊര്‍ജ്ജത്തില്‍ പച്ചിച്ചു പടരുക....അവിഹിതം അവിഹിതം എന്നൊക്കെ പറഞ്ഞാലും അതിനും ഉണ്ടൊരു സുഖം അല്ലേ..... "

"ഉം...." ചേട്ടന്‍ ഒന്നുമൂളി...

"സത്യത്തില്‍ ചേട്ടന്‍ ഇപ്പൊഴും അവരെ പ്രണയിക്കുന്നുണ്ടോ... ഡെയ്‌ലി മൂന്നുനേരം ആഹാരത്തിനു ശേഷം എത്ര ഡോസ്‌ ഓര്‍മ്മ ആയമ്മയ്ക്ക്‌ കൊടുക്കുന്നുണ്ട്‌.. സത്യം പറ"

"എന്ന് ചോദിച്ചാല്‍.......... "

" എന്തായാലും ആ ചേച്ചിയെ കെട്ടാഞ്ഞത്‌ നന്നായി...
സ്വന്തമാകാത്തപ്പോഴെന്തു സുഖം.
സ്വന്തമായാല്‍ പിന്നെയെന്തു സുഖം...?

അതല്ലേ ചേട്ടാ ഈ പ്രണയത്തിന്‍റെ ഒരു സൈക്കോളജി... "

"അല്ല.. നിനക്കിതൊക്കെ അറിയാമാരുന്നോ.... "

"കൊള്ളാം. പ്രണയത്തില്‍ ഞാന്‍ ഡോക്ടറേറ്റിനുവേണ്ടി കുറെ പയറ്റീട്ടുണ്ട്‌ ചേട്ടാ. പക്ഷേ ഒരു പേപ്പര്‍ കിട്ടിയില്ല..." ചിരിച്ചുകൊണ്ട്‌ ഞങ്ങള്‍ നടന്നുതുടങ്ങി.

നിയോണിന്‍റെ മഞ്ഞവെട്ടത്തിലൂടെ... ഡിസംബര്‍ തണുപ്പിലൂടെ.....

ബൈക്ക്‌ സ്റ്റാന്‍ഡില്‍ നിന്നുമിറക്കുമ്പോള്‍ ഞാന്‍ പറഞ്ഞു...

"ചുമ്മാതല്ല ചേട്ടാ സാക്ഷാല്‍ പരമശിവന്‍ പോലും ഈ പാത ഫോളോ ചെയ്തത്‌.. മനസു തണുപ്പിക്കാന്‍ പാര്‍വതിയും തല തണുപ്പിക്കാന്‍ ഗംഗയും.. എനിക്കിങ്ങനെയൊരു യോഗം..." ബൈക്കില്‍ കിക്കു ചെയ്തുകൊണ്ട്‌ ഞാന്‍ പൂരിപ്പിച്ചു "ഹില്ലാതെ പോയല്ലോ എന്‍റെ അയ്യപ്പാ... "

സൂര്യനഗറിലെ റോഡിലൂടെ വണ്ടിയൊഴുകി..

മഞ്ഞിന്‍റെ തിരശ്ശീലക്കുള്ളില്‍ ഞാന്‍ ഇന്ദുലേഖയേയും മാധവനേയും കണ്ടു..

ഫ്ലാഷ്‌ ലൈറ്റുകള്‍ കണ്ടു..

ഇന്ദുലേഖയുടെ വീണവായന കേട്ടു..

"ഇപ്പോ ശ്രീകുമാരന്‍ തമ്പിച്ചേട്ടന്‍റെ ഒരു പാട്ട്‌ ഓര്‍മ്മവരുന്നു മാഷേ.. " വണ്ടിയുടെ ഒഴിക്കിന്‍റെ താളത്തില്‍ ഞാന്‍ ഉറച്ചു പാടി....

"പൂവണി പൂവണിയോരോന്നും പിന്നെ നിന്‍
തൂമുഖ ഭാവവും കണ്ടും
നിന്‍റെ കൈയില്‍ നിന്നും പണ്ടു ഞാന്‍ നേടിയ
പൂവട തന്‍ രുചിയോര്‍ത്തും..
മുറ്റത്തുനിന്നു ഞാന്‍ തമ്പുരാട്ടി മുഗ്ദ്ധം
ഇക്കാഴ്ച്ച തന്നെയൊരോണം...
കാലത്തിന്‍ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മള്
‍കാണുകയാണിടവീണ്ടും...... "

"ചേട്ടാ...ചേട്ടന്‍റെ ആ സേതുലക്ഷ്മി ഏതെങ്കിലും ഒരു പൂമുഖത്തിണ്ണയില്‍ തമ്പുരാട്ടിയായി തന്നെ നില്‍ക്കട്ടെ. അല്ലേ... ആ കാഴ്ച്ച കാണാന്‍ എനിക്ക്‌ ഭാഗ്യം ഉണ്ടാവട്ടെ.. "

"ഉറക്കെ പാടെടാ.... ഞാന്‍ ഒന്നുകൂടെ കേള്‍ക്കട്ടെ ആ പാട്ട്‌...... "

ആക്സിലേറ്റര്‍ മുറുക്കി വീണ്ടും ഞാന്‍ പാടി.
"പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു......
വീതിക്കസവുള്ള വീരാളി പട്ടില്‍ നിന്
‍പൂമേനി പൊന്നായി മിന്നി...
നിന്‍റെപൂമേനി പൊന്നായി മിന്നി.... അയ്യോ!!!..... "

കാണാതെപോയ ഒരു ബമ്പില്‍ കയറി ചേട്ടന്‍ ഒന്നരയടി പൊങ്ങി വീണ്ടും സീറ്റിലേക്ക്‌ വീണു..

"ഛേ....ഈ പ്രണയത്തിന്‍റെ ഫ്രണ്ടില്‍ കൊണ്ട്‌ ബമ്പ്‌ വക്കാന്‍ ഇവന്‍മാരോടാരുപറഞ്ഞു ചേട്ടാ... "

* * *

ധനുമാസം ഇളം കുളിരുപുതയ്ക്കുന്ന സായന്തനത്തിലൂടെ, തിരക്കിയറിഞ്ഞ വഴികളിലൂടെ ഞാന്‍ നടന്നു.

ഒടുവില്‍ കണ്ണെത്താത്ത പാടത്തിലെ വരമ്പിന്‍റെ നടുവില്‍ വച്ചു അങ്ങു ദൂരെ, അടയാളത്തിലെ അവസാന മൊട്ടും വിരിഞ്ഞു.

പഴകിപ്പിഞ്ചിയ ഓലപ്പുര...

ചെളിയില്‍ പലതവണ ആണ്ടുപോയ ചെരിപ്പ്‌ കഴുകാന്‍ ഒരിറ്റുവെള്ളം തേടി തേടി ഒടുവില്‍ കുടിലില്‍ തന്നെ എത്തി.

ഒന്നു ചുമച്ചു.

"ആരും ഇല്ലേ ഇവിടെ.. "

പലതവണ ചോദിച്ചു..

ചട്ടിക്കലങ്ങള്‍ തട്ടിയുടയുന്ന ശബ്ദമറിഞ്ഞു മെല്ലെ അകത്തു കടന്നു..

സന്ധ്യയുടെ ഇളംകറുപ്പിനെ നുള്ളിയകറ്റി ഒരു മണ്ണെണ്ണവിളക്ക്‌ പതുക്കെ പതുക്കെ അടുത്തു വരുന്നു..

"ആരാ......" ചിലമ്പിച്ച ചിതറിയ ചോദ്യം....

മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തില്‍ ഞാനൊരു മുഖം കണ്ടു...

മിഴിച്ച രണ്ടു കണ്ണുകള്‍ കണ്ടു..

ഉന്തിയ കവിളെല്ലുകള്‍ കണ്ടു.

അടുത്ത ചുവടുതെറ്റി വിളക്കോടെ വീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈകള്‍ നീട്ടി..

മുക്കൂട്ടിന്‍റെ ഗന്ധമുള്ള ആ ദേഹത്തെ ഞാന്‍ താങ്ങിനിര്‍ത്തി..

"ആരാ....... എനിക്ക്‌ കണ്ണുകാണാന്‍ വയ്യാ... എനിക്ക്‌ വേണ്ടിയല്ല ഞാനീ വിളക്കുകൊളുത്തിയെ..ഈ വന്നാള്‍ക്കുവേണ്ടിയാ...ആരാന്നു പറ....... "

"അമ്മേ..ഇത്‌.." അറിയാതെ എന്‍റെ ചുണ്ടില്‍ ആ വിളി വന്നു.

"ആരാ.... ആരാ എന്നെ അമ്മേന്നു വിളിക്കുന്നെ..പറ മോനേ...നീ ആരാ...എന്‍റെ മോനാണോ.... "

"ഞാന്‍...കുറെ ദൂരേന്നാ അമ്മേ.. ദിവാകരേട്ടന്‍റെ അടുത്തൂന്ന്....ഡല്‍ഹീന്ന്..... "

"ദിവാകരേട്ടന്‍.. ? "

"പഴയ ദിവാകരേട്ടന്‍ ഇല്ലേ.. അമ്മയോടൊപ്പം പണ്ട്‌ നാടകത്തിലൊക്കെ.... "

പറഞ്ഞുതീരും മുമ്പ്‌, സന്തോഷത്തിന്‍റെ തിരയിളക്കം ചുണ്ടില്‍ നിറഞ്ഞു

"ദിവാകരേട്ടന്‍ ഇപ്പൊ എവിടെയാ... പറ..സുഖമായിരിക്കുന്നോ..എന്നെ ഓര്‍ക്കുന്നുണ്ടോ ഇപ്പൊഴും..പറ മോനേ... "

"ഉണ്ട്‌..സുഖമായിരിക്കുന്നു.. ഓര്‍ക്കുന്നതുകൊണ്ടല്ലേ എന്നെ ഇങ്ങോട്ട്‌ പറഞ്ഞുവിട്ടത്‌.. "

"മോനേ... നിന്നെ എവിടാ ഞാനൊന്നിരുത്തുന്നെ.. ഒന്നുമില്ല ഇവിടെ ഇരിക്കാന്‍.... "

"സാരമില്ലമ്മേ...ഞാന്‍ ഇവിടിരുന്നോളാം...." കയറുകട്ടിലില്‍ അവരോടൊപ്പം ഞാനുമിരുന്നു.

പടര്‍ന്നിറങ്ങിയ മുടി.....
പരല്‍മീന്‍പോലെ തിളങ്ങുന്ന കണ്ണുകള്‍..
ഹരിചന്ദനം തൊട്ട ചേലൊത്ത നെറ്റിത്തടം......
എവിടെ ആ ഇന്ദുലേഖ...
സൂരിനമ്പൂരിപ്പാടിന്‍റെ മുന്നില്‍ കത്തിനിന്ന നിലവിളക്കെവിടെ..
ഫ്ലാഷ്‌ ലൈറ്റുകള്‍ക്കു മുന്നില്‍ ആയിരങ്ങളെ പുളകം കൊള്ളിച്ച ആ മധുരസ്വരം എവിടെ..

"അമ്മയിവിടെ...ഒറ്റയ്ക്ക്‌..... "

"ഒറ്റയായി.. ഉണ്ടാരുന്നു എല്ലാരും.. ഓരോരുത്തരായി പടിയിറങ്ങി... ഒടുവില്‍ എന്‍റെ കാഴ്ചയും..നന്നായി... ഒന്നും കാണാതെ കഴിയാന്‍ ദൈവം അങ്ങനെ ഒരു നല്ലകാര്യം തന്നു... "

"അമ്മയുടെ കുടുംബം ഒക്കെ..."

ആടിയുലയുന്ന വിളക്കിത്തിരിവെട്ടത്തില്‍ വരണ്ട ചുണ്ടുകള്‍ വിറച്ചു.

"സ്നേഹം ഒരുപാടു തരാന്‍ പറ്റും മുമ്പേ മിന്നു കെട്ടിയവന്‍ പോയി.. "

"എങ്ങനെ"

"കൂപ്പില്‍ ഒരിക്കല്‍ തടിപിടിക്കാന്‍ പോയതാ.. അത്താഴം വച്ചു ഞാന്‍ കാത്തിരുന്നു. മൂന്നാം ദിവസം പായയില്‍ പൊതിഞ്ഞു മുന്നില്‍ കൊണ്ടിട്ടു..." നാടകീയമായി സംസാരിക്കുമ്പോള്‍ സ്വരം ഇടറിയതേയില്ല..

"ഒരു മകനുണ്ട്‌.. കഞ്ചാവൊക്കെ പുകച്ചു പുകച്ചു സമനിലതെറ്റി.. ഇപ്പൊ പുനലൂരാശുപത്രീലാ.. എന്നെ അമ്മേന്നു വിളിക്കില്ല അവന്‍.. എന്നെ തിരിച്ചറീല്ല അവന്‍... ആരും കാണാനില്ലാത്തപ്പോ, ആരേയും കാണാനില്ലാത്തപ്പോ എന്‍റെ കാഴ്ച്ചയും വിടപറഞ്ഞു മോനേ.. ഇപ്പോ ഈ കണ്ണും ഒന്നിനും കൊള്ളാതായി. കാണാനും കരയാനും.. കണ്ണീര്‍ പൊടിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ ആയി... "

പറയുവാന്‍ വാക്കുകളില്ലാതെ.. എന്തുചെയ്യണമെന്നറിയാതെ ആ എല്ലിന്‍ കൂടിനു മുന്നില്‍ ഞാന്‍ പതറി...

"ദിവാകരേട്ടനു മക്കളൊക്കെ.. "

"രണ്ടു മക്കള്‍.. നല്ലനിലയില്‍... സുഖമായിരിക്കുന്നു.. "

"ദൈവമേ.. പ്രാര്‍ഥന കേട്ടല്ലോ..അതുമതി.. ഒരുപാവമാരുന്നു. സ്നേഹിക്കാന്‍ മാത്രമേ അറിയാരുന്നുള്ളൂ... ഇങ്ങനെ തൊട്ടാവാടിയാവല്ലേന്ന് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..പാവം..രക്ഷപെട്ടല്ലോ...അതുമതി... "

"അമ്മ വല്ലതും കഴിച്ചോ..ഞാന്‍ വല്ലോം വാങ്ങി... "

"വേണ്ടാ... പട്ടിണി ശീലമായി മോനേ.. "

കണ്ണുകളില്‍ പടര്‍ന്ന നനവില്‍ ഫ്ലാഷ്‌ ലൈറ്റുകള്‍ മിന്നി. പുളിയിലക്കരമുണ്ടുടുത്ത്‌, മാധവനുമുന്നിലിരുന്നു വീണവായിക്കുന്ന, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നായിക ഇന്ദുലേഖ ആ നനവില്‍ തെളിഞ്ഞു..

മൌനത്തിന്‍റെ ചിറകില്‍ നിമിഷങ്ങള്‍ കൊഴിഞ്ഞു.

പോക്കറ്റില്‍ നിന്നും, ദിവാകരേട്ടന്‍ തന്ന പണപ്പൊതി ഞാനെടുത്തു. കൈകളിലേക്ക്‌ പതുക്കെ വച്ചു..

"അമ്മേ...ഇത്‌ ദിവാകരേട്ടന്‍ സ്നേഹത്തോടെ.. "

എന്‍റെ കൈയും പൊതിയും ഒന്നിച്ച്‌ കുറെനേരം പിടിച്ചുനിന്നു..

"സന്തോഷമായി... പക്ഷേ..ഇതിലെ സ്നേഹം ഞാനെടുത്തു.. മറ്റൊന്നും വേണ്ടാ.. "

"അല്ലമ്മേ..ഇത്‌ വാങ്ങണം.. അല്ലെങ്കില്‍ ദിവാകരേട്ടന്‍.. "

"ഇത്‌ വാങ്ങിയാലാവും ദിവാകരേട്ടന്‍ വിഷമിക്കുക. എനിക്കറിയാം ആ മനസ്‌. എന്നെ കണ്ടെന്നും എന്‍റെ അവസ്ഥ ഇതാണെന്നും മോന്‍ അറിയിക്കരുത്‌. ആ ജന്‍മം ഇനിയും നീറിപ്പുകയരുത്‌.. ഞാന്‍ ദൂരെ എവിടെയോ സുഖമായി കഴിയുന്നൂ എന്ന് മാത്രമേ പറയാവൂ... ഒരുപാടു ദൂരെ.. ഒരുപാടു ദൂരെ... "

"അമ്മേ....." എന്‍റേ കണ്ഠം വീണ്ടും ഇടറി..

"ഒരാളെക്കൂടി വിഷമിപ്പിച്ചിട്ടു എന്തു കിട്ടാനാ മോനേ എനിക്ക്‌... സത്യം ചെയ്യ്‌... എന്നെ കണ്ടില്ലെന്ന് പറയും എന്ന് സത്യം ചെയ്യ്‌.... "

പൊതി ഞാന്‍ തിരികെ പോക്കറ്റിലിട്ടു..

"സത്യം.." വാക്കുകള്‍ ഒരിക്കല്‍ കൂടി ചിതറി...

പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍, രണ്ടുതുള്ളി ചൂട്‌ എന്‍റെ കൈത്തണ്ടയില്‍ വീണു"ഒന്നു കരയാന്‍ എത്ര നാളായി ഞാന്‍ കൊതിച്ചതാ..ദൈവം അതും കേട്ടു... "

തുളുമ്പുന്ന കണ്ണുകള്‍ ഞാന്‍ തുടച്ചുകൊടുത്തു...

"മോനു തന്നുവിടാന്‍ എന്‍റെ കൈയില്‍ ഒന്നും ഇല്ലല്ലോ.. ഇവിടം വരെ വന്നതല്ലേ....ഒരു കാപ്പിപോലും തരാന്‍.... "

"ഒന്നും വേണ്ടമ്മേ.. അമ്മയെ കണ്ടില്ലേ... സംസാരിച്ചില്ലേ...അതില്‍കൂടുതല്‍.... "

"ദിവാകരേട്ടന്‍റെ സ്നേഹം കൊണ്ടു വന്നതല്ലേ... എങ്ങനെയാ ഞാന്‍ വെറും കൈയോടെ പറഞ്ഞയക്കുന്നെ.... "

കട്ടില്‍ കീഴില്‍നിന്ന് ഒരു പഴയപെട്ടി തപ്പിയെടുത്തു..തുറക്കാന്‍ ഞാന്‍ സഹായിച്ചു..

"ഇത്‌ മോനെടുത്തോ......ഇതേ ഉള്ളൂ ഇപ്പോ....
"

വിളക്കോടു ചേര്‍ത്തു വച്ചു ഞാന്‍ നോക്കി..

എന്‍.ബി. എസ്‌ പ്രസിധീകരിച്ച ചന്തുമേനോന്‍റെ ഇന്ദുലേഖയുടെ ഒരു കോപ്പി

കാലം നിറം കെടുത്തിയ, മഞ്ഞിച്ചു തുടങ്ങിയ പുസ്തകം..

പുറം ചട്ടയില്‍ മുല്ലപ്പൂ ചൂടിയ ഇന്ദുലേഖയുടെ ചിത്രം..

"ഇത്‌ ഞാന്‍ പണ്ട്‌ ദിവാകരേട്ടനു കൊടുക്കാന്‍ വേണ്ടി വാങ്ങിയതാ.. കൊടുക്കാന്‍ പറ്റിയില്ല..അതിനുമുമ്പേ പോയി.... "

താളുകള്‍ പെരുവിരല്‍കൊണ്ടു പടര്‍ത്തിയപ്പോള്‍ മൂക്കിലേക്ക്‌, മനസിലേക്ക്‌ പ്രണയത്തിന്‍റെ ഗന്ധം പടര്‍ന്നു കയറി...

"ഇനി നമ്മള്‍ കാണുമോന്നറിയില്ല..അധികകാലം ഉണ്ടാവില്ല ഞാന്‍.. വല്ലപ്പോഴും ഇതെടുത്തൊന്നു നോക്കിയാല്‍ മതി.. എല്ലാ തിരക്കും കഴിഞ്ഞ്‌ സമയം ബാക്കിയുണ്ടെങ്കില്‍ മാത്രം...... "

പാടവരമ്പിലൂടെ നടന്നു നീങ്ങുമ്പോള്‍, മിന്നാമിനുങ്ങു പോലെ, ഒരു മണ്ണെണ്ണവിളക്കു വെട്ടം എന്നെ തിരികെ വിളിച്ചുകൊണ്ടിരുന്നു.....

* * *

ദിവാകരേട്ടന്‍ കഴിഞ്ഞ മഞ്ഞുകാലത്ത്‌ മഞ്ഞുപോലെ ഈ ഭൂമിയില്‍ നിന്ന് മറഞ്ഞു. സേതുലക്ഷ്മിയമ്മ അതിനുമുമ്പേ മരണത്തിന്‍റെ കൈപിടിച്ചിറങ്ങി..

അവരുടെ ഹൃദയങ്ങളുടെ സ്പന്ദനം മാത്രം എന്‍റെ മേശപ്പുറത്തെ 'ഇന്ദുലേഖ'യുടെ താളുകളില്‍ ഇന്നും മായാതെ..മറയാതെ....