Friday, 5 October 2012

ചിക്കന്‍ ഷറപ്പോവ...ചട്ണി ബാര്‍‌ബിക്യു

"എങ്ങനെ ഞാന്‍...” ഓറഞ്ചു ജ്യൂസിന്റെ മുകളിലെ ക്രീമിലൂടെ സ്ട്രോ ഇറക്കിക്കൊണ്ട് ഞാന്‍ തുടര്‍ന്നു “...ഞെട്ടാതിരിക്കുമെടാ പ്രേമാ....!’

പഠിക്കുന്ന കാലത്ത്, ക്ലാസിലെ നയനമനോഹരമല്ലാത്ത ‘കറും തിര’ ബ്ലാക്ക് ബോര്‍ഡിനേക്കാള്‍, കുമ്പഴ സരസിലെ നയനമനോഹരമായ ‘വെള്ളിത്തിരയെ’ സ്നേഹിച്ചിരുന്ന / പുഷ്പജാലം പൂമുടിക്കെട്ടില്‍ വച്ചു വരുന്ന ഓഫ്‌സ്ക്രീനിലെ സ‌മൃദ്ധ വസ്ത്രധാരിണികളായ നാടന്‍ ക്ലാസ്‌മേറ്റുകളേക്കാള്‍ ഓണ്‍‌സ്ക്രീനിലെ മിനിമം വസ്ത്രധാരിണികളായ ബി ഗ്രേഡ് നായികമാരെ സ്നേഹിച്ചിരുന്ന,  ഓ.ടി പ്രേംകുമാര്‍ എന്ന എന്റെ ബായ്ക്ക് ബെഞ്ചര്‍ സഹപാഠിയെ ഈ നിലയില്‍ കാണുക എന്നുവച്ചാല്‍!.. ഒരു നാഷണലൈസ്ഡ് ബാങ്കിന്റെ ബ്രാഞ്ച് മാനേജരായി, ആറക്കം പേ ചെക്കില്‍ വാങ്ങുന്ന ഒരു സോഫ്ട്‌വെയര്‍ സുന്ദരിയുടെ കെട്ട്യോനായി, 3 B H K ഫ്ലാറ്റിന്റെ ‘അടവില്ലാത്ത’ ഓണറായി!.

“എടാ..അക്കാഡമിക് സിസ്റ്റത്തിന്റെ ബായ്ക്ക് ബെഞ്ചില്‍ നിന്ന് ജീവിതത്തിന്റെ ഫ്രണ്ട് ബെഞ്ചിലേക്കുള്ള നിന്റെ ഈ ലോംഗ് ജമ്പ്. സ്ഥിരം ക്ലാസ് ബങ്കറയായിരുന്ന നീ ഒരു ക്ലാസ്  ‘ബാങ്കറാ‘യി എന്റെ മുന്നില്‍!. ഹോ..അസൂയാവഹം.. ഇതെങ്ങനെ സംഭവിച്ചെടാ..” ഓറഞ്ച് ജ്യൂസ് എന്റെ നാവില്‍ നിര്‍വൃതിയുടെ മധുരം പടര്‍ത്തിയിറക്കി.

“ഹ ഹ.. “ പ്രേമന്‍ ബാല്‍ക്കണിയിലെ ദിവാന്‍ കോട്ടില്‍ കുലുങ്ങിയിരുന്നു..  “ ഈ ലോകത്തെ എന്നും മുന്നോട്ട് നയിക്കുന്നത്   ബാക്ക് ബെഞ്ചേര്‍സും ഡ്രോപ്പൌട്ട്സും ആണു  മച്ചാ... ബില്‍ ഗേറ്റ്സ്.. സ്റ്റീവ് ജോബ്സ്.. ഇനിയും വേണോ എക്സാമ്പിള്‍സ് ?”

“എന്നാലും എന്റെ ഓ.ടി പ്രേംകുമാറേ..മൂന്നു കൊല്ലമായി നീ എന്റെ സിറ്റിയില്‍ തന്നെയുണ്ടായിട്ട്..  ഇന്നലെയാണല്ലോ ഞാനറിയുന്നത്.. അതും ഫേസ്‌ബുക്കിന്റെ കാര്യുണ്യം കൊണ്ട്..“

“പ്രേട്ടാ!!!!!!” കിച്ചണില്‍ നിന്ന് കിളിനാദം മുഴങ്ങി “സ്നാക്സ് എടുക്കട്ടെ?”

“ഭാര്യ നിന്നെ പ്രേട്ടാന്നാ വിളിക്കുന്നെ?.. നിന്റെ പേരു മുരളീന്നോ മുകുന്ദനെന്നോ ആവാഞ്ഞത് നന്നായി. ‘മൂട്ടാ’ന്നുള്ള വിളികേക്കേണ്ടി വന്നേനെ ...ബൈ ദ വേ..എങ്ങനെ ഒപ്പിച്ചു കക്ഷിയെ.. പ്രേമം? ബ്രോക്കറ്? മുറപ്പെണ്‍സ്?”

“ലോംഗ് സ്റ്റോറി..“ പ്രേമന്‍ ഒരു കാല്‍ ദിവാനിലേക്ക് കയറ്റിവച്ചു .“ ഞാന്‍ പാലാരിവട്ടം ബ്രാഞ്ചില്‍ പ്രൊബേഷണില്‍ ആയിരുന്ന കാലം.. ഒരു ഡി.ഡിയിലെ തെറ്റു തിരുത്താന്‍ വന്നപ്പോഴാ ഇവളെ ആദ്യമായി കാണുന്നെ.”

“ഒടുവില്‍ നീ ആ  ജീവിതം തന്നെ നീ വെട്ടിത്തിരുത്തി കൊളമാക്കി എന്നു സാരം.. “

“കൊളമല്ല...കൂളാക്കി.. പ്ലസന്റ് ലൈഫ്..“ ജ്യൂസ് തീര്‍ന്നിട്ടും അവന്‍ സ്ട്രോയില്‍ ആഞ്ഞുവലിച്ചു “ഹാപ്പിനസ് അപ്‌ടു ദ ലീസ്....   ദൈവാധീനം കൊണ്ട് നോ ഇഷ്യൂസ്.. നിര്‍വിഘ്നം...“

“അവിഘ്നമസ്തു!!!!” എന്റെ മറുപടിയില്‍ പൊട്ടിച്ചിരികള്‍ പടര്‍ന്നുകയറി..

‘അവിഘ്നമസ്തു.’ ഇരുപതുവര്‍ഷം പഴക്കമുള്ള ഓര്‍മ്മകളിലേക്ക് ഞാന്‍ ലോഗിന്‍ ചെയ്തു....

ബിരുദ ക്ലാസിലെ അവസാന ബെഞ്ചിലെ മൂന്ന് ആചാര്യന്മാര്‍.. തല്ലിപ്പൊളിത്തരം തീറെഴുതിവാങ്ങിയ ത്രിമൂര്‍ത്തികള്‍.. ഒ.ടി.പ്രേംകൂമാര്‍ ഏലിയാസ് പ്രേമന്‍.. പി.വി.അബ്രഹാം എന്ന ഐന്‍സ്റ്റീന്‍.. സാംകുട്ടി എന്ന മുണ്ടന്‍..

മൂന്നിനും ഒരേ ക്വാളിറ്റീസ്.. സമരദിവസം മാത്രം ക്ലാസ് റെജിസ്റ്ററില്‍ അറ്റന്‍ഡന്‍സ്.. അല്ലാത്തപ്പോള്‍ ഹാജര്‍ സരസ് തിയേറ്ററിലെ കണക്കുബുക്കില്‍. (‘ആദ്യപാപം’ മിഥോളജിക്കല്‍ ആയതുകൊണ്ട് സാംകുട്ടി പന്ത്രണ്ടു തവണ അതുകാണാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചു എന്ന ചരിത്രം ശ്രദ്ധേയം).

(അബ്രഹാമിന്, ഐന്‍സ്റ്റീന്‍ എന്ന നാമധേയം വീണത്,  ഫിസിക്സ് ലാബില്‍ വച്ച് അവന്‍  ചരിത്രപ്രധാനമായ ഒരു  കണ്ടുപിടുത്തം നടത്തിയതിനാലാണ്. ട്യൂണിംഗ് ഫോര്‍ക്ക് എന്ന ‘അകൌസ്റ്റിക് റെസൊണേറ്ററി’ന് ഭൂമിയില്‍ അതുവരെ ആര്‍ക്കും അറിയാത്ത ഒരു ഉപയോഗം അവന്‍ കണ്ടെത്തി. റബ്ബര്‍ ഹാമറില്‍ ആഞ്ഞ് അടിച്ചശേഷം, വൈബ്രേഷന്‍ തീരുന്നതിനു മുമ്പ് അത് ശരീരത്തിലെ സെന്‍സിറ്റീവ് ഏരിയയില്‍ വച്ചാല്‍ അഭൌമമായ ഉത്തേജനം ലഭിക്കും എന്ന ഇന്‍‌വെന്‍ഷന്‍!. പില്‍ക്കാലത്ത് ദുബായില്‍ സ്വന്തം സ്ഥാപനം കെട്ടിപ്പടുക്കുന്നതിന് അവന്‍ ഇതിന്റെ പേറ്റന്റ് ഉപയോഗിച്ചോ എന്നറിയില്ല)

ഞെട്ടിക്കാന്‍ വരുന്ന ആരോടും ‘ഉം ഞൊട്ടും!’ എന്ന് നെഞ്ചുവിരിച്ച് ചോദിച്ച ശീലം മാത്രമുള്ള ത്രിമൂര്‍ത്തികള്‍ അന്ന് ആദ്യമായി ഞെട്ടി!. ‘ഷോട്ടേജ്’ എന്ന ഭീകരന്റെ മുന്നില്‍..

‘ഷോട്ടേജ്....!!’

ക്യാമ്പസിന്റെ പേടിസ്വപ്നമായ  വാക്ക്. വിശദമായി പറഞ്ഞാല്‍ ‘അറ്റന്‍ഡന്‍സ് ഷോട്ടേജ്’. പരീക്ഷയ്ക്ക് ഒരുമാസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെടുന്ന ടെററിസ്റ്റ്.. ഹാജര്‍ നിലയുടെ തറവില തികയ്ക്കാത്ത പാവങ്ങളെ പരീക്ഷ എഴുതാന്‍ യോഗ്യതയില്ലാത്ത ഔദ്യോഗിക തറകളായി മുദ്രകുത്തുന്ന ഏര്‍പ്പാട്..

ത്രിമൂര്‍ത്തികള്‍ മൂന്നിനും ഷോട്ടേജ്.. പരീക്ഷയുടെ പടിവാതില്‍ ക്ലോസ്ഡ്!.

രക്ഷപെടാന്‍ ഒരേയൊരു വഴിമാത്രം..ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ആ വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ നടക്കാന്‍ ഇത്തിരി ഉളുപ്പ് കൂടുതല്‍ വേണം. ഉളുപ്പുണ്ടായാലും ചിലപ്പോള്‍ ഉളുക്ക് കിട്ടിയെന്നും വരും. ഉന്നത ബിരുദം നേടിയ ഒരു ഡോക്ടറെ കണ്ടു സോപ്പിടണം. ഷോട്ടേജ് ഉള്ള അത്രയും ദിവസങ്ങള്‍ മാരകമായ അസുഖം മൂലം അഡ്മിറ്റ് ആയിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം. സര്‍ട്ടിഫിക്കറ്റില്‍ സീലു വേണം. ചുരുക്കിപ്പറഞ്ഞാല്‍ സരസ് തിയേറ്ററില്‍ പ്രകമ്പനം കൊണ്ടിരുന്ന ദിവസങ്ങളിലെല്ലാം  ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രഷറടിച്ചു കിടക്കുകയായിരുന്നു എന്ന് എഴുതിവാങ്ങണം. ബട്ട് ഡീല്‍ ഇത്തനാ ആസാന്‍ നഹി ഹേ...You will get pissed off!

ത്രിമൂര്‍ത്തികള്‍ അങ്കത്തിനു പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു.

പത്തോളം ഡോക്ടര്‍മാരെ കണ്ടു. പത്തുപേരും കണ്ടപാടെ നോ പറഞ്ഞുപുറത്താക്കി. അങ്ങനെ തോറ്റുകൊടുക്കാനോ.. നെവര്‍.. ‘അമ്പുകൊള്ളാത്തവരുണ്ടോ കുരുക്കളില്‍’ എന്ന പറഞ്ഞ് കരുക്കള്‍ നീക്കിക്കൊണ്ടേയിരുന്നു.

ഒടുവില്‍ പ്രശസ്ത ഫിസിഷ്യന്‍ ചാണ്ടി വര്‍ഗീസ്  M.D യെ കുപ്പിയിലിറക്കാന്‍ തീരുമാനിച്ചു.

സമയം സായം സന്ധ്യ.  ചാണ്ടി ഡോക്ടറുടെ കൊട്ടാരം പോലെയുള്ള വീടിന്റെ ഡോര്‍ ബെല്ലില്‍ സാം കുട്ടി വിരല്‍ വച്ചു.

വാതില്‍ മെല്ലെ തുറന്നു..

സിംഹം പോലൊരു പട്ടി മുന്നില്‍..

സാംകുട്ടി വിറച്ചു!.. പ്രേമന്‍ രണ്ടുകാലും ഒന്നിച്ച് പൊക്കി.. ഐന്‍സ്റ്റീന്റെ തൊണ്ടയില്‍നിന്നും ഒരു ചീഞ്ഞ ശബ്ദം അറിയാതെ പുറത്തുവന്നു.

‘യെസ്!!!????’ ചോദ്യം കേട്ടപ്പോഴാണ് പട്ടിയെ തലോടി അടുത്ത് ഡോക്ടറും നില്‍പ്പുണ്ട് എന്നറിഞ്ഞത്.. കുറ്റിത്താടിയുള്ള ഒരു പൌരുഷരൂപം..

“സര്‍..” സാംകുട്ടി വിറച്ചുകൊണ്ട് പറയാന്‍ ശ്രമിച്ചു

“ഡോക്ടര്‍.....” പ്രേമന്‍ പതുക്കെപ്പറഞ്ഞു “വീ നീഡ് യുവര്‍ ഹെല്‍പ്പ്....”

“എക്സ്പ്ലെയിന്‍...” ഡോക്ടര്‍ സാബ് മുരണ്ടു. വിസ്കിയുടെ മണം മൂന്നിന്റേയും മൂക്കിലടിച്ചു..

‘ഡ്യൂപ്ലിക്കേറ്റ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനു വന്നിട്ട് ഒടുവില്‍ ഒറിജിനല്‍ തന്നെ തന്നുവിടുമോ ഇങ്ങേര്?..‘  ഐന്‍സ്റ്റീന് ആശങ്ക വന്നു.

പ്രേമന്‍ കഥ നിവര്‍ത്തി.. ഫിലിം ക്രേസ്.. ക്ലാസ് കട്ട്.. ഷോട്ടേജ്...പരീക്ഷ.. ഭാവി..ഇരുട്ട്..‘ സേവ് അസ് സാബ്....‘

“Come on babes...I will save you" ത്രിമൂര്‍ത്തികളെ നയിച്ചുകൊണ്ട് ചാണ്ടിസാബ് തന്റെ സ്വകാര്യ മുറിയിലേക്ക് നടന്നു.

പേഴ്സണല്‍ ബാര്‍ അടക്കം രാജകീയമായി അലങ്കരിച്ച മുറി.

‘മുടിഞ്ഞ സെറ്റപ്പാണല്ലോ അളിയാ ഇത് ’ ഐന്‍സ്റ്റീന്‍ സാം കുട്ടിയുടെ കാതില്‍ പറഞ്ഞു.

ചാണ്ടി ഡോക്ടര്‍ അടുത്ത പെഗ്ഗിലേക്ക് ഐസിട്ടുകൊണ്ട് പറഞ്ഞു “Look on that wall.. സൂക്ഷിച്ചുനോക്കു... എന്തുമനസിലായെന്നു പറയൂ..കമോണ്‍ ക്വിക്ക്!”

മൂന്നിന്റേയു കണ്ണുകള്‍ ഒരേസമയം ഭിത്തിയിലേക്ക് പാഞ്ഞു. പത്തു ഫോട്ടോകള്‍.. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു ഡോക്ടര്‍..ആദ്യം മുട്ടുകാലില്‍ ഇഴയുന്നത്..പിന്നെ ഒന്നാം ക്ലാസിലേത്.. അഞ്ചിലേത്.. പ്രീഡിഗ്രി...മെഡിസിന്‍ ഡിഗ്രി.. ഏറ്റവും ഒടുവില്‍ കുറ്റിരോമം ഉള്ള സമകാലിക ചിത്രം.

“എന്തു മനസിലായി.. Tell me nuts!!!!!!"

‘വാസപ്പ്’ എന്ന അര്‍ഥത്തില്‍ ത്രിമൂര്‍ത്തികള്‍ പരസ്പരം നോക്കി..

ഐന്‍സ്റ്റീന്‍ പ്രേമന്റെ ചെവിയില്‍ പറഞ്ഞു “കുരങ്ങില്‍ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ പടം കണ്ടിട്ടില്ലേ നീ..ഇത് അതിന്റെ റിവേഴ്സ്.. മനുഷ്യനില്‍ നിന്ന് കുരങ്ങിലേക്കുള്ള ഇവൊല്യൂഷന്‍...”

“ഹാര്‍ഡ് വര്‍ക്ക്..ഡെഡിക്കേഷന്‍..അംബീഷന്‍..ലക്ഷ്യം.. കഠിനപ്രയത്നം.. ഇപ്പോഴുള്ള ഈ ഡോക്ടര്‍ ചാണ്ടി വര്‍ഗീസിന്റെ ജീവിതം.. അറിയാമോടാ അലവലാതികളേ...”

‘ബ്ലഡി, ഹോള്‍ഡ് യുവര്‍ ഫില്‍‌ത്തി ടംഗ്’ എന്ന് മനസില്‍ പറഞ്ഞുകൊണ്ട് സാംകുട്ടി വിറച്ചുചിരിച്ചു.. പ്രേമന്‍ ഐന്‍സ്റ്റീനെ മാന്തി. ‘സംഗതി വശപ്പിശകാണ് മച്ചാ.‘

“യൂ ഷിവറിംഗ് മങ്കീ....“ ഡോക്ടര്‍ സാംകുട്ടിയുടെ കോളറിനു പിടിച്ചു “ടെല്‍ മീ.. How was the Universe born.. ഈ ലോകം എങ്ങനെ ഉണ്ടായി..”

സാംകുട്ടി കണ്ണുരുട്ടി..

“By a Big Bang saar" ഐന്‍സ്റ്റീന്‍ വളിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു

“കറക്റ്റ്...മിടുക്കന്‍...” സാംകുട്ടിയില്‍ നിന്ന് പിടിമാറ്റി ചാണ്ടി ഐന്‍സ്റ്റീന്റെ കുത്തിനു പിടിച്ചു.. “Now tell me.. നീ എങ്ങനെ ഉണ്ടാ‍യി..!!!? പറേടാ... "

ഐന്‍സ്റ്റീന്‍ ആശയക്കുഴപ്പത്തിലായി. അടുത്ത പിടി തന്‍റെ ഏതു ഭാഗത്തു വരുമെന്ന് ആലോചിച്ച് പ്രേമന്‍ മുകളിലേക്ക് നോക്കി

"ഉത്തരമില്ല അല്ലേ.. വേണ്ട...ഞാന്‍ പറയാം.. By a Big Mistake..... പഠിക്കാന്‍ വിട്ടകാലത്ത് തരിപ്പന്‍ പടം കണ്ട് വായിനോക്കി നടക്കുന്ന ബ്ലഡി റാസ്കല്‍‌സ്!! All of You are National Wastes born by Big Mistake... നീയൊന്നും..“ ഡോക്ടര്‍ അലമാരതുറന്നു നീളമുള്ള എന്തോ ഒന്നു പുറത്തെടുത്തു..”നീയൊന്നും ജീവിച്ചിരിക്കാന്‍ പാടില്ല. I will kill you now...എന്റെ മൂന്ന് ഉണ്ട പോയാലും വേണ്ടില്ല.. സ്കൌണ്ട്രല്‍‌സ്."

ഡോക്ടറുടെ കൈയിലെ തോക്ക് കണ്ടതേ ഓര്‍മ്മയുള്ളൂ..

സാംകുട്ടി ചെരുപ്പിടാതെ ഓടി.. പ്രേമന്‍ ചെടിച്ചട്ടി മറിച്ചിട്ട് ചാടി.. ഐന്‍സ്റ്റീന്‍ കട്ടിളപ്പടിയില്‍ നിന്നും തലയിലൊരു മുഴയും വാങ്ങിയോടി..ഗേറ്റ് ചാടുമ്പോള്‍ സാംകുട്ടി പറഞ്ഞു "ഹീ ഈസ് ക്രേസി മാന്‍!.. കലാബോധമില്ലാത്ത കോലപ്പന്‍.. വെടിവച്ചിരുന്നെങ്കില്‍ എന്താവുമാരുന്നു..ഹമ്മേ..ഡെത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അപ്പച്ചന്‍ വരേണ്ടിവന്നേനേ.."

കണ്ണും ചെവിയും വായും പൊത്തി മങ്കീസ് മൂന്നും കുനിഞ്ഞിരുന്നാലോചിച്ചു. 'വാട്ട്‌സ് നെക്സ്റ്റ്?"

"ആയുര്‍വേദത്തിന്‍റെ വഴിയില്‍ ഒന്നു ചിന്തിച്ചാലോ?" സാംകുട്ടി

"യുറേക്കാ!!" മൂന്നും ചാടിയെണീറ്റു

ഓവര്‍ ടു ഡോക്ടര്‍ കുഞ്ഞുക്കുട്ടന്‍, അഗസ്ത്യാ ഹോസ്പിറ്റല്‍. ഇരുപതുവര്‍ഷത്തെ പാരമ്പര്യം. കിടത്തിചികിത്സയില്‍ കടല്‍കടന്ന പെരുമ!

നെറ്റിയില്‍ രണ്ടിഞ്ചു വീതിയില്‍ ചന്ദനമുഴുക്കാപ്പ് ചാര്‍ത്തിയ കുഞ്ഞുക്കുട്ടന്‍ വൈദ്യന്റെ തിരുസന്നിധിയില്‍ ത്രിമൂര്‍ത്തികള്‍ കുമ്പിട്ടുനിന്നു..വൈദ്യന്‍ കണ്ണടയ്ക്ക് മുകളിലൂടെ സംഘത്തെ വീക്ഷിച്ചു. കള്ളലക്ഷണം കണ്ട ആചാര്യന്‍ എന്തോ ദുരന്തം മണത്തപോലെ ഒരു ഫീലിംഗ് എല്ലാവര്‍ക്കും.

തോക്കു വക്കാന്‍ പാകത്തില്‍ വല്ല സ്ഥലവും അവിടെയുണ്ടോ എന്ന് സാംകുട്ടി സസൂഷ്മം വീക്ഷിച്ചു.. മരുന്നുഭരണികളുള്‍പ്പെടെ..

"ഇരിക്കൂ.... എന്താ പ്രശ്നം?"

"ഷോട്ടേജ്.." പ്രേമന്‍ പരുങ്ങിപ്പറഞ്ഞു.

വൈദ്യന്‍ നെറ്റി ചുളിച്ചു.. "മീശപോലും മുളച്ചില്ലല്ലോ..അതിനുമുമ്പേ കല്യാണവും കഴിഞ്ഞോ?"

“?”

"സ്പേം കൌണ്ടിനു ഷോട്ടേജ് ഉണ്ടെന്നല്ലേ പറഞ്ഞത്?"

യൂ ആര്‍ മിസ്റ്റേക്കണ്‍ മിസ്റ്റര്‍ കുഞ്ഞുക്കുട്ടന്‍. ഫിലിം ക്രേസ്.. ക്ലാസ് കട്ട്.. ഷോട്ടേജ്...പരീക്ഷ.. ഭാവി..ഇരുട്ട്.. സേവ് അസ് സാബ്....

"ഓഹോ..കൌണ്ട് കൂടിയതിന്‍റെ പ്രശ്നമാണല്ലേ.. വഴിയുണ്ടാക്കാം. പക്ഷേ നല്ല ചിലവു വരും. നിങ്ങള്‍ മൂന്നാളും കൂടി ടിക്കറ്റിനു ചിലവാക്കിയ പണത്തിന്‍റെ നാലിരട്ടിയോളം.. സമ്മതമല്ലെങ്കില്‍ സമയം കളയാന്‍ എന്റെ കൈയിലില്ല ?"

സ്ലോമോഷനില്‍ തലകുലുക്കി മൂന്നാളും.അല്ലാതെ വേറെന്തു വഴി. വീട്ടില്‍ നിന്നും അടിച്ചുമാറ്റേണ്ട റബ്ബര്‍ ഷീറ്റിന്‍റെ എണ്ണം സാംകുട്ടി മനസില്‍ കുറിച്ചു.

വൈദ്യന്‍ മൂന്നാള്‍ക്കും പറ്റിയ രോഗങ്ങള്‍ ഡിക്‌ളയര്‍ ചെയ്തു. പ്രേമനു  പിള്ളവാതം, ഐന്‍സ്റ്റീന്‌ മഞ്ഞപ്പിത്തം, സാംകുട്ടിക്ക് തുള്ളല്‍പ്പനി!!.

"ഡോക്ടര്‍, കുറച്ചുകൂടി ഗ്ലാമര്‍ ഉള്ള മറ്റെന്തെങ്കിലും?, ഈ തുള്ളല്‍പനി എന്നൊക്കെ പറയുമ്പോള്‍...."

"എന്നാപ്പിന്നെ ആമവാതം ആക്കാം..."

"വേണ്ട തുള്ളലുതന്നെ മതി"

സത്യവും ധര്‍മ്മവും ഈശ്വരവിശ്വാസവും കൈമുതലായ കുഞ്ഞുക്കുട്ടന്‍ വൈദ്യന്‍ കണ്ണടച്ചു ധ്യാനിച്ചു. ലെറ്റര്‍പാഡ് എടുത്തു. സര്‍ട്ടിഫിക്കറ്റ് എഴുതിത്തുടങ്ങി..

'അവിഘ്നമസ്തു...'!!!!

മൂന്നു നെടുവീര്‍പ്പുകള്‍ പുളകത്തോടെ പതിച്ചു.

“താങ്ക്യു സര്‍”

“ആയിക്കോട്ടെ.. തിയേറ്റര്‍ കൌണ്ടറില്‍ ഇടികൊണ്ട് ദേഹം ചളുങ്ങുമ്പോള്‍ ഒട്ടും വിഷമിക്കാതെ ഇങ്ങോട്ടു പോന്നോളൂ..ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ഉണ്ടിവിടെ. യേത്...”

ഉന്മാദത്തിന്റെ കൌണ്ട് പത്തിരട്ടിയായി കുഞ്ഞുവൈദ്യരുടെ പടിയിറങ്ങുമ്പോള്‍ സാംകുട്ടി ഐന്‍സ്റ്റീനിനോട് ചോദിച്ചു “വാട്ട് യൂ മീന്‍ ബൈ തുള്ളല്‍ പനി?”


“പാപ്പാ.. What you Mean by Coalgate?" പത്രത്തലക്കെട്ടിലെ വാക്കിന്റെ സംശയം തീര്‍ക്കാന്‍ എട്ടാംക്ലാസിലെ മകന്‍ പ്രേമന്റെ അടുത്തെത്തിയപ്പോഴും ഓര്‍മ്മയുടെ അവശിഷ്ടം മാഞ്ഞിരുന്നില്ല..

“അതുമോനേ, ഈ കൊള്ള, കവര്‍ച്ച, പിടിച്ചുപറി..ഇതൊക്കെ വലിയവര്‍ ചെയ്തതാണെന്ന് തിരിച്ചറിയാന്‍ അറ്റത്തൊരു ഗേറ്റ് ചേര്‍ക്കും. ഷുഗര്‍ഗേറ്റ്, കോള്‍ഗേറ്റ്, വാട്ടര്‍ഗേറ്റ്.. ഏറ്റവും ലേറ്റസ്റ്റ് സിലിണ്ടര്‍ ഗേറ്റ്..”

ഫുട്ബോള്‍ പോലെ വീര്‍ത്ത ജൂനിയര്‍ പ്രേമനെ ഞാനൊന്നളന്നു.

“ഈ കൊടവയര്‍ നിന്റെ മാത്രം ഇന്‍‌വെസ്റ്റ്മെന്റ് ആണെന്നാ ഞാന്‍ വിചാരിച്ചെ.. നിന്റെ മോനും മോശമല്ലല്ലോടേ.. കലോറി ലോറിക്കണക്കിനാണോ തട്ടുന്നത് രണ്ടും?”

“ഓ... ഒന്നും പറയേണ്ടെടേ.. ഇതിന്റെ ഫുള്‍ ക്രെഡിറ്റ്, ദാ എന്റെ ഭാര്യയ്കാ.” പറഞ്ഞുതീരും മുമ്പേ ഭാര്യ ഒരു ട്രേ നിറയെ സ്നാക്സുമായി വന്നു. പുഞ്ചിരിച്ച് മടങ്ങിപ്പോയി

“നോക്കെടേ.” പ്രേമന്‍ ട്രേയിലേക്ക് നോക്കി “ഈ വക ഐറ്റംസ് ഒന്നും ഇവിടെ കിട്ടില്ല.. എല്ലാം ആസ്ത്രേലിയനാ.. തിന്നു തിന്ന് ഞാന്‍ ഒരു പരുവമായി”

“ആസ്ത്രേലിയ?”

“ങാ.. ഇവരുടെ കമ്പനിയ്ക്ക് ഒരു ആസ്ത്രേലിയന്‍ ക്ലയന്റ് ഉണ്ട്. ഒരു തടിച്ചി മദാമ്മയാണ് ഇന്‍ചാര്‍ജ്. ഇവള്‍ പ്രോജക്ട് സബ്മിറ്റ് ചെയ്യും, സന്തോഷസൂചകമായി  അവര് ഓരോ പുതിയ പരീക്ഷണങ്ങളുടെ റെസീപി അയച്ചുകൊടുക്കും. ഇവളത് പരീക്ഷിക്കും, എന്റെ വയറ്റില്‍...” പ്രേമന്‍ ഒരു ഐറ്റം കൈയില്‍ എടുത്തു “ദാ..ഒന്നു രുചിച്ച് നോക്ക്, ഇതിന്റെ പേരാണ് ..... ഓ..അതുമറന്നു..”

“പരീക്ഷണം ഏറ്റ് നീ ആ ആസ്ട്രേലിയന്‍ അമ്പയറെപ്പോലെയായി..”

“പുരുഷന്മാരുടെ ഹൃദയത്തിലേക്കുള്ള വഴി വയറാണെന്നാണല്ലോ വയ്പ്പ്. എന്റെ ഭാര്യയ്ക്ക് അതു വെറും വഴിയല്ല..ഹൈവേയാണ് ഹൈവേ...ഫുള്‍ടൈം ആക്സിഡന്റ്.....ഓ!!...ദാ തുടങ്ങി നെഞ്ചെരിച്ചില്‍...” ആസ്ത്രേലിയന്‍ സ്നാക്സിന്റെ അറ്റായ്ക്കേറ്റ് പ്രേമനും പുറകെ ഞാനും നെഞ്ചുതടവി.

“നീ വിഷമിക്കേണ്ടാ.. ഇതൊരു തുടക്കം മാത്രം.. ഇന്ന് ഡിന്നറിന് ഷറപ്പോവയാണ്..അതും കൂടി അനുഭവിച്ചിട്ട് പോയാ മതി.”

“ഷറപ്പോവ?”

“അതന്നേ.. ചിക്കന്‍ ഷറപ്പോവ.. ഈ പേരെങ്ങനെ വന്നെന്നൊന്നും ചോദിക്കരുത്.. കഴിച്ചാല്‍ മൂന്നിന്റന്നേ ഏമ്പക്കം പോകൂ..“

പഴമ്പുരാണം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല..

ഡൈനിംഗ് ടേബിളില്‍ ഡിന്നര്‍ നിരന്നു..

“കൂട്ടുകാരന് ഇന്ന് ഭാഗ്യം ഉണ്ട്.. ചിക്കന്‍ ഷറപ്പോവ കഴിച്ചിട്ടല്ലല്ലോ.. ഇന്നാണതിനുള്ള യോഗം വന്നേന്ന് കരുതിയാ മതി “ മിസ്സിസ് പ്രേമന്‍ അഭിമാനത്തോടെ ചിരിച്ചു.. ഭര്‍ത്താവിനെ ഞാനൊന്നു നോക്കി.. തൈലം പുരട്ടുന്നമാതിരി അവന്‍ കുടവയര്‍ തിരുമ്മുത്തുടങ്ങി..

“അതെ..ഇതിന്റെ മണമടിച്ചപ്പോഴേ ത്രില്ലടിച്ചു പെങ്ങളേ....” പറഞ്ഞത് കള്ളമാണെന്ന് മനസിലാവുമോ..ഏയ്..ഇല്ല..

ജൂനിയര്‍ പ്രേമന്‍ ഇതിനോടകം നാലു പീസ് ഷറപ്പോവ അകത്താക്കി..”Wow mummy..Super! kinda royal taste" അവന്‍ അടുത്ത പീസെടുത്ത് പ്ലേറ്റിലിട്ടു

ദൈവങ്ങളെ മനസില്‍ വിളിച്ച് ഞാനും ഒന്നു രുചിച്ചു!

കൊട്ടം ചുക്കാദി എണ്ണയില്‍ കുമ്പളങ്ങ പുഴുങ്ങിയെടുത്ത രുചി ! ഇതിനെ ആണോ കിണ്ടിയിലെ റോയല്‍ ടേസ്റ്റ് എന്ന് പറഞ്ഞ് ഈ ചെക്കന്‍ ലൈക്ക് അടിച്ചത്..

പ്രേമന്‍ കണ്ണുരുട്ടിത്തുടങ്ങി. ഹൈവേയില്‍ ബ്ലോക്കും ആക്സിഡന്റും തുടങ്ങിയിരിക്കുന്നു എന്ന് മനസിലായി.

“പതുക്കെ കഴിച്ചാ മതി..അല്ലെങ്കില്‍ അടുത്ത ഐറ്റം ഉടനെയിങ്ങെത്തും.. സലാഡ് സാന്‍ഡിയാഗോ”.. ഭാര്യ അടുക്കളയിലേക്ക് പോയപ്പോ പ്രേമന്‍ പിറുപിറുത്തു.

“അതെന്തോന്നെടേ?”

“ഓ..കക്കിരിയും ഉള്ളിയും തക്കാളിയുമൊക്കെ റമ്മില്‍ മുക്കി മയോണിസ് പുരട്ടിയെടുക്കുന്ന സാധനം..അംഗോപാംഗം ഗ്യാസ് നിറയും..ചിലപ്പോള്‍ ഒടിഞ്ഞു നടക്കേണ്ടിവരും..”

“Uncle..why did you stop..have more..." ജൂനിയറിന് എന്തൊരു സ്നേഹം

“ഇവനു മലയാളം അറിയില്ലേടേ?”

“അത്യാവശ്യം.. ഉറക്കത്തില്‍ ബെഡ്ഡീന്നു വീഴുമ്പോ ഒക്കെ ‘എന്റമ്മേ’ന്നു വിളിക്കും.. ഗോള്‍ഡന്‍ ഹില്‍‌സിലല്ലേ പഠിക്കുന്നെ.. മലയാളം പറഞ്ഞാ ഫൈനാ..”

“ചുമ്മാതല്ല, മലയാളം ഫൈന്‍ ലാംഗ്വേജാ, ക്ലാസിക്കല്‍ പദവി വേണമെന്നൊക്കെ നമ്മുടെ അമ്മാവന്മാര്‍ ബഹളം വക്കുന്നെ..” ഒരു ഷറപ്പോവകൂടി ഞാനെടുത്തു.

സലാഡ് സാന്‍ഡിയാഗോയുമായി മിസ്സിസ്സ് വീണ്ടും..

“ഇതിനൊക്കെ പകരമായി പെങ്ങള് നമ്മുടെ ഐറ്റങ്ങളുടെ റെസിപ്പി മദാമ്മയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ?”

“ഉണ്ടോന്നോ...” പ്രേമന്‍ സലാഡ് കടിച്ചു “ഒരിക്കല്‍ ‘ടപ്പിയോക്കാ ടംഗ് ബേണര്‍’ എന്നും പറഞ്ഞ് നമ്മുടെ കപ്പപ്പുഴുക്കിന്റേം ചമ്മന്തീടേം കുറിപ്പ് അങ്ങോട്ട് അയച്ചുകൊടുത്തു. കൂടെ ഒരു പിടി കാന്താരിമുളകും.. മദാമ്മ രണ്ടു ദിവസം ശലഭാസനത്തിലായിരുന്നു, എരിവുകാരണം..”

“ആക്കല്ലേ അച്ചായാ...” മിസ്സിസിന്റെ  ആസ്ത്രേലിയന്‍ കമന്റ്


ബാല്‍ക്കണിയില്‍ ഷറപ്പോവ നല്‍കിയ മന്ദിപ്പുമായി ഞങ്ങള്‍ നിന്നു. പ്രേമന്‍ പല്ലിടകുത്തിയും വയറു തിരുമ്മിയും..

“ഡിന്നറിഷ്ടമായോ നിനക്ക്..”

“സ്നേഹം പുരട്ടിത്തരുന്ന ഫുഡ് ആര്‍ക്കാ അളിയാ ഇഷ്ടപ്പെടാത്തെ...”

“പണ്ട് എന്റെ വലിയമ്മ ഉണ്ടാക്കിയ പൊതിച്ചോറിന്റെ രുചി നിനക്കോര്‍മ്മയുണ്ടോ” പ്രേമന്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് നോക്കി..

 ചുട്ട തേങ്ങയും ഉള്ളിയും മുളകും അമ്മിക്കല്ലില്‍ അരച്ചെടുത്ത നാടന്‍ ഇന്ദ്രജാല വാടിയ ഇലയിലെ ഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്ന ആ പഴയ രുചി ഓര്‍മ്മയുടെ മുകുളങ്ങളെ വീണ്ടും തഴുകിയുണരത്തി.സൌഹൃദത്തിന്റെ ക്യാന്റീന്‍ ടേബിളിനെ കൊതിപ്പിച്ച ഗന്ധം..

ചുട്ടരച്ച തേങ്ങച്ചമ്മന്തി കഴിച്ച കാലം മറന്നല്ലോ എന്ന് അപ്പോഴാണോര്‍ത്തത്

 വിദേശ ആഹാരത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നുവീണ നമ്മുടെ ഭക്ഷണശീലങ്ങളില്‍ ആ പാവം ചമ്മന്തിയും ഉണ്ടായിരുന്നല്ലോ.

 ‘അടുക്കളയില്‍നിന്ന് ആസ്പത്രിയിലേക്ക്’ എന്ന പുതിയകാല വിപ്ലവത്തില്‍ തനതു രുചികള്‍ തള്ളിമാറ്റപ്പെടുമ്പോള്‍, പിസാ ബോക്സിലെ ബ്രാന്‍ഡഡ് കൊഴുപ്പില്‍ സി.റ്റി.സ്കാന്‍ ദുര്‍മോഹങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചുട്ടരച്ച ചമ്മന്തി ഇനി നമ്മളെത്തേടിയെത്തുമോ..എത്തിയാലും, സൂപ്പര്‍ സ്പെഷ്യാലിറ്റിയും മെഡിക്ലെയിം പോളിസികളും അരങ്ങുതകര്‍ക്കുന്ന പുതിയ വിഷലോകത്ത് അതിന് ആ പഴയ രുചി ആത്മാര്‍ഥമായി നല്‍കുവാനാകുമോ?


ലിഫ്റ്റില്‍കയറി പൂജ്യം നമ്പറില്‍ വിരലമര്‍ത്തുമ്പോള്‍ നക്ഷത്രലോകത്തേക്ക് ചേക്കേറിയ പ്രേമന്റെ വലിയമ്മയേയും വിഷം പുരട്ടി ചതിക്കാനറിയാത്ത ആ പഴയ ചുട്ടരച്ച ചമ്മന്തിയേയും ഒന്നുകൂടി ഓര്‍ത്തു....