Wednesday 29 August 2007

കഹാനീ...ഇത്‌ കഹാനീ കീ കഹാനീ...

ഇക്കണോമിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ക്ളാസ്‌മുറിയിലെ മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമത്തെ പൊസിഷനില്‍ ഞാനൊന്നമര്‍ന്നിരുന്നു. നെറ്റിയില്‍ തൊട്ട്‌, നെഞ്ചിലോട്ട്‌ വീണ്ടും തൊട്ട്‌ 'പരംപൊരുളേ' എന്ന് മനസില്‍ വിളിച്ച്‌, ഡെസ്കിലേക്കൊന്നു നോക്കി..

എന്നെ സ്വാഗതം ചെയ്തുകൊണ്ട്‌ നീലമഷിയില്‍ ഏതോ ഏഭ്യന്‍ കരളുകീറിയെഴുതിയ സെന്‍റന്‍സ്‌ കിടക്കുന്നു. ഈസിയായി ഞാനതു വായിച്ചു.

"മീനൂട്ടീ....ഐ ലവ്‌ യൂ.... "

'ഇത്രയേയുള്ളോ..ഇതെഴുതാന്‍ വേണ്ടിമാത്രമാണോടാ കൊശവാ നീ വെറുതെ റീഫില്ലിന്‍റെ നിബ്‌ കടിച്ചെടുത്ത്‌ പകുതി മഷി വായിലും, കുറച്ച്‌ മുണ്ടിലും പുരട്ടിമെനക്കെട്ടത്‌' എന്ന് ആ അജ്ഞാത ഞരമ്പുരോഗിയെ മനസുകൊണ്ട്‌ ആശീര്‍വദിച്ച്‌ ചുറ്റിലും ഒന്നു കണ്ണു പായിച്ചു.

'എന്‍റെ മുരിംഗമംഗലത്തപ്പാ.... കാതോലിക്കേറ്റു കോളേജില്‍ ഇത്രയും കഥാകൃത്തുക്കളോ...യൂത്ത്ഫെസ്‌റ്റിവലിലെ ലിറ്റററി കോമ്പറ്റീഷനില്‍, കടലാസു ഫ്രീ ആണെന്നു കരുതി, ഇങ്ങനെയുമുണ്ടോ കര്‍ത്താവേ ഒരു റഷ്‌.... '

അങ്ങേ ബഞ്ചിലിരിക്കുന്ന ഇക്കണോമിക്സിലെ ഫിലിപ്പ്‌ മാത്യുവിനെ കണ്ട്‌ ഞാന്‍ ശരിക്കും വാ പൊളിച്ചു പോയി. മലയാളത്തിലെ ഒരു കഥാകൃത്തിന്‍റെ പേരുപറയാന്‍ പറഞ്ഞാല്‍ ഐസക്‌ ന്യൂട്ടണ്‍ എന്നു പറയുന്ന ഇവനെന്നു തൊട്ടു കഥയെഴുത്തു തുടങ്ങി ഭഗവതീ..

'ആഹാ!! ഇവളുമുണ്ടോ.....ഇന്നു വല്ലതുമൊക്കെ നടക്കും' എപ്പൊഴും മുടിയില്‍ രാമച്ചമണം നിറച്ച്‌, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്‍റിലെ സകലമാന ആണ്‍പിള്ളാരുടേയും ഹാര്‍ട്ട്ബീറ്റ്‌ അങ്ങു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലവരെയെത്തിക്കാറുള്ള, വയലാറിന്‍റെ കാല്‍പനിക കവിതകളില്‍ കാല്‍പാദം തൊട്ട്‌ കണ്‍പീലിവരെ ഡെയിലി മുക്കിയെടുക്കുന്ന ലേഖാ ഉണ്ണിത്താനെ നോക്കി ഞാന്‍ അറിയാതെ ഒന്നു പിറുപിറുത്തു. .. കവിതയുടെ ആളായ ഇവളോട്‌ കഥയെഴുതാന്‍ ആരുപറഞ്ഞു.. ഛേ....... ലേഖാ പ്രസ്‌ പ്രൊപ്രൈറ്റര്‍, ഉണ്ണിത്താന്‍ ചേട്ടന്‍ ഒരിക്കലും മകളോടങ്ങനെ പറയില്ല..

ഞാന്‍ വളിച്ച ഒരു ചിരി പാസാക്കിയതിനു റിപ്ളെ ആയി, അഴിച്ചിട്ടാല്‍ മുട്ടില്‍ മുട്ടിയുരുമ്മാന്‍ തക്ക നീളമുള്ള മുടി വലം കൈ കൊണ്ട്‌ പിടിച്ച്‌ വലത്തെ തോളുവഴി, മഹാരാജാക്കന്‍മാര്‍ ഉത്തരീയം ഇടുന്നമാതിരി ഫ്രണ്ടിലേക്കൊരിടീല്‍.

കാര്യമൊക്കെ ശരിയാണു, ഞാന്‍ അവളോട്‌ ഒരിക്കല്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതാണു. 'കൃഷണമണി കറുത്തവനെ മതി, കൃഷണമണിയും ദേഹവും ഒരുപോലെ കറുത്തവനെ കാമുകന്‍ സ്ഥാനത്തിരുത്താന്‍ ഞാനെന്‍റെ വല്യമ്മായിയെ പറഞ്ഞു വിടാം ' എന്ന് മറുപടി കിട്ടിയപ്പോഴേ ആ സബ്ജക്ട്‌ ഞാന്‍ വിട്ടതാണു. പക്ഷേ ആ വളിച്ച ഹിസ്റ്ററിയുടെ കെയറോഫില്‍ ഗ്ളാമര്‍ കാട്ടി എന്‍റെ കഥാരചനയിലുടെ കോണ്‍സണ്ട്റേഷന്‍ തെറ്റിക്കാം എന്നാണു വിചാരമെങ്കില്‍, എടീ ഹിസ്റ്ററിക്കാരി ഹീറോയിനേ ആ പൂതി അങ്ങ്‌ കോന്നി ബസ്‌റ്റാന്‍ഡില്‍ വച്ചാ മതി' എന്ന അര്‍ഥത്തില്‍ ഞാന്‍ ചുണ്ടൊന്നു കോട്ടി.

'എന്തായിരിക്കും കഥയുടെ സബ്ജക്ട്‌' എന്ന് വെറുതെ ഒന്ന് പ്രെഡിക്ട്‌ ചെയ്തേക്കാം എന്ന് വിചാരിച്ച്‌ മേല്‍മീശയിലൂടെ ചൂണ്ടുവിരല്‍ അപ്‌ ആന്‍ഡ്‌ ഡൌണ്‍ ചെയ്തിരിക്കുമ്പോഴാണു, ഊശാന്‍ താടി തടവി, എന്‍റെ ക്ളാസിലെ ആസ്ഥാന കഥാകാരനായ 'അവശന്‍' പഠേ.... എന്ന് തൊട്ടപ്പുറത്തു വന്നിരുന്നത്‌.

'ഇവന്‍റെ ഒരു കുറവുകൂടിയേ ഉണ്ടായിരുന്നുള്ളൂ..ഏതായാലും ആ ഗ്യാപ്പും ഫില്ലായി അയ്യപ്പാ...' പേനയുടെ ക്യാപ്‌ ഊരി ഞാന്‍ അവശന്‍റെ ആട്ടിന്‍ രോമം പോലെയുള്ള ഊശനിലേക്കു ദൃഷ്ടി പായിച്ചു.

അവശന്‍ രൂക്ഷമായി എന്നെ ഒന്നു നോക്കി. അര്‍ഥം എനിക്കെപ്പൊഴേ പിടികിട്ടി. "നിയോ മോഡേണ്‍ പീസായ എന്‍റെ മുന്നില്‍ വന്ന് ചങ്ങമ്പുഴയുടെ ചള്ളിയ ഔട്ട്‌ ഡേറ്റഡ്‌ ചാണകസാഹിത്യം എഴുതി എന്തിനു ബലപരീക്ഷണം നടത്തുന്നു കൃമിയേ..." ഇതു തന്നെയാണവന്‍റെ മനസില്‍ പക്കാ...

താടിയ്ക്ക്‌ കൈകൊടുത്ത്‌, ക്ളാസിന്‍റെ മേല്‍ക്കൂരയിലേക്ക്‌ കണ്ണുപായിച്ച്‌ അവശന്‍ ഒറ്റയിരിപ്പ്‌. വിത്തൌട്ട്‌ എ വേഡ്‌...ഹോ..ആ മനസില്‍ ഇപ്പോള്‍ ബിംബങ്ങള്‍ പൂജാരിയില്ലാതെ വിഷമിക്കുന്നുണ്ടാവും..

"നീ എന്നാ നോക്കിയിരിക്കുവാടാ അവശാ..... "

"ഇമേജസ്‌... ഐ ആം സേര്‍ച്ചിംഗ്‌ ഫോര്‍ ഇമേജസ്‌.. കൊളാഷ്‌ഡ്‌ കൊമ്പിനേഷന്‍ ഓഫ്‌ ഇമേജസ്‌.. "

ഈശ്വരാ..സബ്ജക്ട്‌ കൈയില്‍ കിട്ടുന്നതിനു മുമ്പേ ഇവന്‍ കൊളമായി..അപ്പോള്‍ കിട്ടുമ്പോഴത്തെ അവസ്ഥയോ...

"എടാ കോപ്പേ..മാറ്റര്‍ കിട്ടാതെ നീ എന്നാ ഉണ്ട ഇമേജാ നോക്കുന്നെ...അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ.. "

"നിനക്ക്‌ നിയോ മോഡേണ്‍ ലിറ്ററേച്ചറിനെക്കുറിച്ചെന്തറിയാം..ഇമേജിനെക്കുറിച്ചെന്തറിയാം" അവശന്‍ കത്തിപ്പടരാന്‍ തുടങ്ങി.. "ദാ നോക്ക്‌..
കണ്ടോ അവിടൊരു ചിലന്തിവല..അതിലെ ചിലന്തി.. ചിലന്തിയെ കൊല്ലാന്‍ വിശപ്പ്‌, ആ വിശപ്പിനെ കൊല്ലാന്‍ വേറൊരു കൊലയ്ക്കായുള്ള കാത്തിരിപ്പ്‌..ഇമാജിന്‍.. ദൈവം, ചിലന്തി, ചിലന്തി വല...ആരാണിതിലെ വില്ലന്‍... പറ .. ആരാണിതിലെ പരമനാറി "

'മുത്തപ്പാ ഇവന്‍ രാവിലെ കഞ്ചാവടിച്ചോ.... '

"ഇതു മൂന്നുമല്ല.. ഇതും നോക്കിയിരിക്കുന്ന നീ തന്നെ പരമനാറി....." ഞാന്‍ ചിരിയടക്കി പറഞ്ഞു.

മണിയടിച്ചു.

മലയാളം ഡിപ്പാര്‍ട്ട്‌മെന്‍റിലെ തമ്പി സാറെത്തി.

സബ്‌ജക്ട്‌ ബോറ്‍ഡില്‍ എഴുതി"യുദ്ധത്തിനു ശേഷം"

കഥയെഴുത്തു തുടങ്ങൂ...ഒരുമണിക്കൂറ്‍ സമയം..

ഗള്‍ഫ്‌ യുദ്ധം മുറുകിനില്‍ക്കുന്ന സമയമായതിനാല്‍ വിഷയം കാലികമാണല്ലോ..ഈശ്വരാ എന്തെഴുതും....

ഞാന്‍ ആലോചിച്ച്‌ തലപുകയ്ക്കുമ്പോള്‍, അവശന്‍റെ തൂലിക ഓള്‍റെഡി ചലിച്ചു തുടങ്ങിയിരുന്നു .

ഒ.വി.വിജയന്‍റെ ധര്‍മ്മപുരാണം കാമ്പസില്‍ കത്തി നില്‍ക്കുന്ന സമയം ആയതിനാല്‍, വിജയന്‍ ഫാനായ അവശന്‍ ആ പാത പിന്തുടരും എന്നെനിക്കു തോന്നി..

ഏറുകണ്ണിട്ട്‌ ഞാന്‍ അവശന്‍റെ കടലാസിലേക്ക്‌ നോക്കി.. എന്‍റെ പ്രതീക്ഷ കടുകിട തെറ്റിയില്ല.. വൃത്തികെട്ട ഭരണകൂടത്തെ വൃത്തികെട്ട ഭാഷകൊണ്ട്‌ അഭിഷേകം ചെയ്യുന്ന ധര്‍മ്മപുരാണം ദാ, ഇവിടെ അവശന്‍റെ പേപ്പറില്‍ പുതിയ രൂപത്തില്‍..

ആദ്യ വരി ഞാന്‍ വായിച്ചു.

'വൈറ്റ്‌ ഹൌസിലെ സോഫയില്‍ കിടന്ന ബില്‍ ക്ളിന്‍റണു കക്കൂസില്‍ പോകാന്‍ മുട്ടി'

വിജയേട്ടാ ഈ ക്രൂരനോട്‌ പൊറുക്കേണമേ എന്നു പ്രാര്‍ഥിച്ച്‌ തികട്ടിവരുന്ന ചിരിയെ കണ്ട്രോള്‍ ചെയ്യാന്‍ പാടുപെട്ട്‌ ഞാന്‍ കൈകൊണ്ട്‌ മുഖം പൊത്തി...

ലേഖ ഉണ്ണിത്താന്‍ അറഞ്ഞെഴുതുകയാണു. അഞ്ചു മിനുട്ടുകൊണ്ടവള്‍ രണ്ടു പേജ്‌ കമ്പ്ളീറ്റാക്കിയിരിക്കുന്നു.. ഇവളെന്താ പലചരക്കു കടയില്‍ കൊടുക്കേണ്ട ലിസ്റ്റ്‌ ഉണ്ടാക്കുവാണോ.. ഇത്ര ഈസിയായി

ഒന്നുകൂടി ഞാന്‍ അവശപുരാണത്തിലേക്ക്‌ കണ്ണെറിഞ്ഞു

'ഇറാക്കില്‍ കാലുകുത്തിയ ക്ളിന്‍റണ്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.. തന്‍റെ ആസനത്തിന്‍റെ സ്ഥാനത്ത്‌ മുഖവും, മുഖത്തിന്‍റെ സ്ഥാനത്ത്‌ ആസനവും മാറി വന്നിരിക്കുന്നു.. അയാള്‍ ഭാര്യയെ വിളിച്ചു.. ക്ളാരേ വുഡ്‌ യൂ കണ്ടിന്യൂ ലവിംഗ്‌ മീ ഇഫ്‌ മൈ ഫേസ്‌ ബിക്കം ബട്ടക്ക്‌'

ഇത്തവണ എന്‍റെ കണ്ട്രോള്‍ പോയി.. "ഫ്രൂ................" എന്ന് ഞാന്‍ അറിയാതെ വച്ചുപോയി..

"ടാ... മനസിലാവുന്നില്ലെങ്കില്‍ അതുപറ..ചുമ്മാ വിഡ്ഡിച്ചിരി ചിരിക്കാതെ..." അവശന്‍ തിളച്ചു.

"മനസിലാവുന്നുണ്ട്‌.. യുവര്‍ ബട്ടക്ക്‌ ഈസ്‌ മച്ച്‌ ബെറ്റര്‍ ദാന്‍ യുവര്‍ ഫേസ്‌ മിസ്റ്റര്‍ അവശന്‍. ബൈ ദ ബൈ , എടാ ക്ളിന്‍റന്‍റെ കെട്ട്യോടെ പേരു ക്ളാരയെന്നല്ല.. "

"എന്‍റെ ഫ്രീഡം ഓഫ്‌ എക്സ്‌പ്രഷനില്‍ കയറി അണുംബോംബിടരുത്‌. ഭാവനയില്ലെങ്കില്‍ എന്‍റെ ശ്രദ്ധ തിരിക്കാതെ ഇറങ്ങിപ്പോ നീ.... "

ഇരുപത്‌ മിനിട്ടു ഞാന്‍ ഒന്നും ചെയ്യാതെ അവശന്‍ ധര്‍മ്മപുരാണത്തില്‍ നിന്ന്, 'മധുരംഗായതി' യിലേക്ക്‌ മൈഗ്രേറ്റ്‌ ചെയ്യുന്നത്‌ കണ്ട്‌ ചിരിച്ചിരുന്നു.

'മരുഭൂമിയില്‍ ഒറ്റയ്ക്കിരുന്ന ക്ളിന്‍റന്‍റെ അടുത്തേക്ക്‌, ഉത്തരാര്‍ദ്ധഗോളം വന്നു ചോദിച്ചു..മകനേ നിനക്കു വിശക്കുന്നുവോ...സൌരപഥത്തില്‍ ഒന്നിച്ചു ഭിക്ഷയാചിക്കാം നമുക്ക്‌..വരൂ..എന്‍റെ കൈ പിടിക്കൂ... "

"എടാ അവശാ ഈ ഉത്തരാര്‍ദ്ധഗോളത്തിനു കൈയുണ്ടോ പിടിക്കാന്‍.... "

"നീ ഇവിടുന്നു പോന്നുണ്ടോ... അല്ലേ ഞാന്‍ സാറിനെ വിളിക്കും..ശവീ...." അവശന്‍ തെറിയിലേക്ക്‌ മാറുന്നതിനു മുമ്പേ... ഞാന്‍ പേനയെടുത്തു..

'മൂകാംബികേ.....'

ഞാന്‍ എന്തെഴുതുന്നതിനു മുമ്പും ആ വിളി അങ്ങു വിളിക്കും..അപ്പോള്‍ എവിടെനിന്നോ ഒരു വാചകം മനസില്‍ പറന്നെത്തും.. അതില്‍ നിന്നും കഥാപാത്രങ്ങളും സംഭവങ്ങളും പടര്‍ന്നു കയറും... അതാണു സാധാരണ നടക്കുന്നത്‌...

എവിടെനിന്നോ ഒരു വാചകം പറന്നു വന്നു.. ഇത്തവണയും

"കുണ്ടോമണ്‍ കടവിലെ അലക്കു കല്ലില്‍, മൃദുല തുണികൊണ്ട്‌ വീണ്ടും വീണ്ടും തല്ലി... വളപൊട്ടി ചോരപൊടിഞ്ഞിട്ടും...ചുടുകണ്ണീര്‍ മുറിവിലെ നീറ്റില്‍ പടര്‍ന്നിറങ്ങിയിട്ടും അവള്‍ നിര്‍ത്തിയില്ല...മാധവേട്ടാ.. യക്ഷിയെപ്പോലെ അവള്‍ അലറി. ആറ്റുവഞ്ചിക്കൊമ്പില്‍ വവ്വാലുകള്‍ ശവങ്ങളെപ്പോലെ തൂങ്ങിയാടിത്തന്നെ കിടന്നു..... "

കുവൈറ്റ്‌ യുദ്ധത്തില്‍ മരണമടഞ്ഞ മാധവന്‍, പെണ്ണ്‍ മൃദുല, അമ്മ, അച്ഛന്‍... കഥാപാത്രങ്ങളെ മൂകാംബിക എവിടെനിന്നോ കടലാസിലേക്ക്‌ പെറുക്കിയിട്ടുതന്നു.

റിസള്‍ട്ട്‌ അനൌണ്‍സ്‌ ചെയ്യുന്ന രണ്ടാംദിവസം.

അനി.വി.ദേവ്‌ എന്ന സൌന്ദര്യധാമം, ഭരതനാട്യത്തിനു ഇങ്ങനെയും ഒരു വേര്‍ഷന്‍ ഉണ്ടെന്ന് ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തി, ആടിത്തിമര്‍ക്കുന്നു. തലമാത്രം ഇടത്തുനിന്ന് വലത്തോട്ട്‌ വെട്ടിക്കേണ്ടിടത്ത്‌, തലയും കഴുത്തും എന്തിനു കമ്പ്ളീറ്റ്‌ ബോഡിയും ഒരുമിച്ചു നീങ്ങുന്നു.

'ഈ കൊച്ചിനു വല്ല സിനിമാറ്റിക്കും കളിച്ചാല്‍ പോരെ..ചുമ്മാ ക്ളാസിക്കലിനു പേരുദോഷം ഉണ്ടാക്കാന്‍" സിനിമയിലെ നായകന്‍ ഫോറിന്‍ കാറില്‍ ചാരിനില്‍ക്കുമ്പോലെ, എന്‍റെ തോളില്‍ ചാരിനിന്ന്, അനിയുടെ നാട്യം ഒഴിച്ച്‌ ബാക്കിയെല്ലാം കണ്ട്‌ വെള്ളമിറക്കുന്ന അവശനോട്‌ ഞാന്‍ ചോദിച്ചു.

"നോ...ഓവറോള്‍ ഇറ്റീസ്‌ ഗുഡ്‌.... " കണ്ണെടുക്കാതെ അവശന്‍

"അരയ്ക്കു താഴെയോ, മോളിലോ... ഓ നീയിനി ഭരതനാട്യത്തിലും നിയോ മോഡേണിസം ഫിറ്റ്‌ ചെയ്യുമായിരിക്കും. "

കര്‍ട്ടന്‍ താണു.

പതിവുപോലെ ഓഡിറ്റോറിയത്തില്‍ നിന്നും ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ നിര്‍മ്മിച്ച ബലൂണുകള്‍ പറന്നു തുടങ്ങി..

കുറുക്കന്‍മാരുടെ ഓരിയിടല്‍ കനത്തു..

ലേഖാ ഉണ്ണിത്താന്‍ ഹിസ്റ്ററിയിലെ സകലതോഴിമാരോടൊപ്പം പുറകില്‍ നില്‍പ്പുണ്ട്‌.

മൈക്കിലൂടെ അനൌണ്‍സ്‌മെന്‍റൊഴുകി

"ഇന്നലെ നടന്ന ലിറ്റററി കോമ്പറ്റീഷന്‍റെ ഫലം വന്നിട്ടുണ്ട്‌.. "

'കഥാരചന........." അവശന്‍ അസെറ്റായുള്ള ഏഴു താടിരോമങ്ങള്‍ നുള്ളിപ്പറിച്ച്‌ ടെന്‍ഷനെ വേദനയാക്കി കണ്‍വേര്‍ട്ട്‌ ചെയ്തു അടുത്ത വാക്കിനുവേണ്ടി കാതോര്‍ത്തു.

"ഒന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിടുന്നു...ലേഖാ ഉണ്ണിത്താന്‍, സെക്കന്‍റിയര്‍ ഹിസ്റ്ററി.... "

അനസൂയമാര്‍ അസൂയയോടെ ലേഖയെ കെട്ടിപ്പിടിച്ച്‌ പൊതിയുമ്പോള്‍ വാചകം പൂര്‍ത്തിയാകുന്നു

'.....ആന്‍ഡ്‌, ജി.മനു. സെക്കന്‍റിയര്‍ മാത്തമാറ്റിക്സ്‌... '

അതിരറ്റ സന്തോഷം ഒന്നു കെട്ടിപ്പിടിച്ച്‌ തീര്‍ക്കാമെന്നു കരുതി കൈകള്‍ വിടര്‍ത്തിവന്നപ്പോള്‍, അവശനെ കാണുന്നില്ല...
'ഇവന്‍ ഏതു ജനല്‍ വഴി മുങ്ങി? '

കാന്‍റീനിലിരുന്ന്, ചായ ഷെയര്‍ ചെയ്ത്‌, അവശനുമായി 'സമകാലീന മലയാളസാഹിത്യത്തില്‍ അശ്ളീലത്തിനുള്ള പങ്ക്‌' എന്ന വിഷയത്തില്‍ ഡിബേറ്റ്‌ നടത്തുമ്പോഴാണു, ആര്‍ട്ട്‌സ്‌ ക്ളബ്‌ സെക്രട്ടറി ഹാരീസ്‌ വന്നത്‌..

"എടാ മനൂ, ഒരു ചെറിയ പ്രശ്നമുണ്ട്‌... നീ ടെന്‍ഷന്‍ അടിക്കരുത്‌.... "

ഈശ്വരാ, ഇന്നലെ പടിയിറങ്ങി വരുമ്പോള്‍, ഫസ്റ്റിയര്‍ മലയാളത്തിലെ മഞ്ജിമയെ നോക്കി 'മാന്‍കിടാവിനെ മാറിലേന്തുന്ന മഞ്ജിമേ മണിമഞ്ജിമേ.' എന്ന പാട്ടുപാടിയത്‌ വല്ല ഇഷ്യുവായോ.. അവള്‍ വല്ലാതെ മുഖംകറുപ്പിച്ചിട്ടാണു പോയതുതന്നെ.. ഹാരീസ്‌ അവളുടെ ക്ളോസ്‌ ഫ്രണ്ടും.. ഛേ.

ഞാന്‍ പ്ളെയിനില്‍ നിന്നിറങ്ങിയ പി.ജെ ജോസഫിനെപ്പോലെയായി..കൈ കടത്തുകയും ചെയ്തു, കൈ പൊങ്ങില്ലാന്ന് പറയുകയും ചെയ്തു.

"എടാ...അത്‌... യൂണിവേഴ്സിറ്റി ലവലില്‍ നിങ്ങളിലൊരാള്‍ക്കേ പോകാന്‍ പറ്റൂ, രണ്ടുപേര്‍ക്ക്‌ ഒരിനത്തില്‍ പറ്റില്ല.. നീയോ ലേഖയോ.. രണ്ടിലൊരാള്‍.. "

എന്‍റെ ശ്വാസം നേരെ വീണു...

"അതെന്താലോചിക്കാനാളിയാ... ചാന്‍സ്‌ കൊച്ചിനു കൊടുത്തേക്ക്‌.. നമുക്ക്‌ ഇങ്ങനെയൊക്കെ സഹായിക്കനല്ലേ പറ്റൂ..." വടയുടെ അറ്റത്ത്‌ അമര്‍ത്തി കടിച്ച്‌ ഞാന്‍ പറഞ്ഞു.

"ഉറപ്പാണല്ലോ.. അല്ല എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, ഒരു മത്സരം കൂടി വക്കാം.... "

"അയ്യോ വേണ്ടാ..ഈയിടെയായി ഭാവനയുമായി ഞാന്‍ അല്‍പം ഉടക്കിലാ..പഴയപോലെ എഴുത്തുവരുന്നില്ല.. മാത്രമല്ല," ഞാന്‍ കഥയിലെ നായികയെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു " മൃദുലയെക്കൊണ്ടിനി തുണിയലക്കിക്കാന്‍ വയ്യ...പാവം അലക്കി അലക്കി അവള്‍ ഓള്‍റെഡി ഒരുപരുവമായിരിക്കുവാ.... "

അവശന്‍ ഉഷാറായി.."ഏതു മൃദുല.. നീ വീട്ടില്‍ അലക്കുകാരിയെ വച്ചോ... കരിക്കാണോടെ... അതോ കൊട്ടത്തേങ്ങയോ.... "

അരമതിലിരുന്ന്, പച്ചപ്പുല്‍നാമ്പ്‌ നുണഞ്ഞിറക്കി തോമസമാത്യുവിന്‍റെ നേതൃത്വത്തില്‍ "ശോശാമ്മേ...ശോശാമ്മേ...ചാക്കോച്ചേട്ടന്‍റെ മൂത്തമോളേ" എന്ന കീര്‍ത്തനം ഭക്തിപുരസ്സരം പാടിയിരിക്കുന്ന ഒരു ഉച്ചയ്ക്കാണു, തങ്കഭസ്മക്കുറിയണിഞ്ഞു വന്ന ലേഖ എന്നെ വിളിച്ചത്‌..

"കാര്യം എന്തൊക്കെ പറഞ്ഞാലും ഈ ദാവണിയില്‍ നിന്നെക്കാണുന്നതിനു തന്നെ ടിക്കറ്റെടുക്കണം.. തൌസന്‍ഡ്സ്‌ സ്പ്രിംഗ്സ്‌ ആര്‍ കമിംഗ്‌ ടുഗതര്‍, ടു സ്പ്രിംഗപ്പ്‌ യുവര്‍ ഐ ലിഡ്സ്‌.. പുകഴ്ത്തിയതല്ല കേട്ടോ..സംഗതി ഉള്ളതാ... "

അവള്‍ തുറിച്ച്‌ നോക്കി..

മുണ്ടില്‍ പറ്റിപ്പിടിച്ച സ്നേഹപ്പുല്ല് നുള്ളിയെടുത്ത്‌ ഞാന്‍ പറഞ്ഞു "ഈ പുല്ലിന്‍റെ ഒരു കാര്യം, സ്നേഹിച്ചു നോവിക്കുന്നു.. എവിടെയോ വീണു സൃഷ്ടിദാഹം തീര്‍ക്കാന്‍വേണ്ടി, നമ്മളെ സ്നേഹിച്ചു കുത്തിനോവിക്കുന്നു.. ഈ ഈശ്വരന്‍റെ ഓരോരോ പരിപാടിയേ.. ആല്ലേ ലേഖേ.... "

"ഞാന്‍ വന്നത്‌ നിന്‍റെ തോന്നാസ്യം കേള്‍ക്കാനല്ല.... "

"എന്താ കൊച്ചേ കാര്യം.... സീരിയസ്‌ മാറ്റര്‍ ആണെന്നു തോന്നുന്നല്ലോ.. "

"നീ എന്തിനാ എന്‍റെ പേരു സജക്ട്‌ ചെയ്തത്‌..അതും എന്നോടാലോചിക്കാതെ... നീ തന്നെ പോയാല്‍ മതി മത്സരത്തിനു... എനിക്കു വയ്യ... "

"എടീെ രാമച്ചമേ... അസംഷന്‍ കോളേജില്‍ വച്ചു നടത്തുന്ന യൂണിവേഴ്സിറ്റി മത്സരം. ഒരുപാട്‌ റേഞ്ചിലുള്ള തരുണികള്‍ ഇരുന്നും നിരങ്ങിയും പവിത്രമാക്കിയ ബെഞ്ചിലിരുന്ന് കഥയെഴുതാന്‍ ഒരുപാട്‌ കൊതിച്ചതൊക്കെയാ ഞാന്‍..പക്ഷേ... ശരിയാവില്ല.. നിനക്കാ എന്നെക്കാള്‍ കാലിബര്‍... ഇമാജിനേഷന്‍..മാത്രമല്ല, നിനക്ക്‌ പ്രൈസ്‌ കിട്ടാന്‍, ഞാന്‍ മുരിങ്ങമംഗലം മഹദേവര്‍ക്ക്‌ ഒരു സ്പെഷ്യല്‍ അര്‍ച്ചനയും നേര്‍ന്ന് കഴിഞ്ഞു...ഇനി അത്‌ ക്യാന്‍സല്‍ ചെയ്താല്‍ പുള്ളി ഡബിള്‍ ഇഫക്ടോടെ തിരിച്ചടിക്കും അറിയാമല്ലോ.. അതുകൊണ്ട്‌ നീ പോയി വിന്നി വാ.............. "

"എടാ അത്‌....... "

അവള്‍ എന്തെങ്കിലും പറയും മുമ്പേ ഗ്രൌണ്ടില്‍ ഉലാത്തുന്ന പെണ്‍പിള്ളേരുടെ വായില്‍ നോക്കി നടക്കുന്ന സാബുവിനെ നോക്കി വിളിച്ചു കൂവി ഓടി..

"എടാ സാബു..ഒന്നു നിന്നേ.. ആ പുസ്തകത്തിന്‍റെ കാര്യം എന്തായി..... "

ഒരു ബുധനാഴ്ച്ച ദിവസം, മാതൃഭൂമി പേപ്പറില്‍ 'അനുഗ്രഹം തേടിവന്ന അമ്പതുകാരിയെ, ആശ്രമത്തിലെ സ്വാമി പീഡിപ്പിച്ചു' എന്ന വാര്‍ത്ത വായിച്ച്‌ തികട്ടി വന്ന ചിരി, വായിലെ കട്ടന്‍ കാപ്പിയെ സ്പ്രേ ചെയ്ത്‌ തെറിപ്പിച്ചതിനു ശേഷം, അടുത്തപേജില്‍ മിഴി ഹൃദയമിടിപ്പോടെ ഉടക്കി നിന്നു.

'മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്‍റെ മത്സരഫലം. "

കഥാരചനയ്ക്കടിയില്‍ രണ്ടാം സ്ഥാനത്തിനു നേരെ.. ലേഖാ ഉണ്ണിത്താന്‍.. കാത്തലിക്കേറ്റ്‌ കോളജ്‌, പത്തനംതിട്ട.

മുരിംഗമങ്ങലത്തപ്പനു താങ്ക്സ്‌ പറഞ്ഞു പേപ്പര്‍ മടക്കുമ്പോഴാണു, അങ്ങേപ്പുരയിലെ അപ്പുക്കുട്ടനമ്മാവന്‍, ഗുരുത്വാകര്‍ഷണ സിദ്ധാന്തം തെറ്റോ ശരിയോ എന്ന് പരീക്ഷിച്ച്‌, ഷട്ടില്‍ കോര്‍ക്ക്‌ പോലെ തലകീഴായി, തെങ്ങിന്‍ മുകളില്‍നിന്ന് ഭൂമിയിലേക്ക്‌ പതിച്ച വിവരവുമായി അശോകന്‍ എന്ന പത്തുവയസ്സുകാരന്‍ മരണപ്പാച്ചില്‍ നടത്തി എന്‍റെ അടുത്തു വന്നത്ത്‌.

"മച്ചേട്ടാ..അപ്പൂപ്പന്‍ വീണു..വേഗം വാ...ഉടനേ ആശുപത്രിയില്‍ കൊണ്ടോണം. "

"കരിക്കാണെന്നു കരുതി പാവം കള്ളുകുടം പിരിച്ചു കാണും" ഒരുമിച്ചോടുമ്പോള്‍ ഞാന്‍ അശോകനോട്‌ പറഞ്ഞു.


ഒടിഞ്ഞിടം തടവാന്‍ കൈയുയര്‍ത്തിയപ്പോള്‍, കൈയും ഒടിഞ്ഞല്ലോ കൃഷ്ണാ എന്ന് ഞരക്കത്തോടെ തിരിച്ചറിഞ്ഞു അപ്പുക്കുട്ടനമ്മാവന്‍ തെങ്ങിനു വളം എന്ന മട്ടില്‍ കിടന്നു പുളയുന്നു.

"ഗുരുവായൂരപ്പാ........എനിക്ക്‌ വയ്യായേ...രക്ഷിക്കണേ.... "

"അടുത്തുള്ള ദൈവത്തെ വിളി പിള്ളേച്ചാ..ഗുരുവായൂരീന്ന് കൃഷ്ണനിങ്ങെത്താന്‍ ഒരുപാട്‌ സമയം എടുക്കില്ലേ..." ഫലിതത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ അടുത്ത്‌ നില്‍ക്കാറുള്ള കോന്നിതാഴത്തെ ആസ്ഥാന പെയിന്‍റര്‍ ബാലചന്ദ്രന്‍ ചേട്ടന്‍ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കവേ പറഞ്ഞു..

കൈയേലും കാലേലും പിടിക്കല്ലേ...എല്ലാം ഒടിഞ്ഞു മടങ്ങി ബാലാ..." അമ്മാവന്‍ ദീനരോദനം പുറത്തുവിട്ടു..

മടങ്ങാത്തതും മാന്യമായതുമായ വേറെ എവിടെപിടിക്കും എന്ന കണ്‍ഫ്യൂഷനില്‍ ഞാനടക്കും ഉള്ളവര്‍ നിന്നു..

ജെ.സി.ബി കൊണ്ടുവരാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ "പിള്ളേച്ചാ വേദന കടിച്ചു പിടിച്ചോ" എന്ന് വാണിംഗ്‌ കൊടുത്ത്‌, ബാലേട്ടന്‍റേ നേതൃത്തില്‍, അമ്മാവനെ കാറിലേക്ക്‌ കോരിയിട്ടു..


ഒരുദിവസത്തെ പഠിപ്പുമുടക്കി, ജനറല്‍ ആശുപത്റിയില്‍, ശൂന്യാകാശത്ത്‌ പോകുന്ന സുനിതാവില്യംസിനെ പോലെ വേഷമിട്ട അമ്മാവന്‍ ശ്രീകൃഷണന്‍റെ സകല പര്യായങ്ങളും കൊമേഴ്സ്യല്‍ ബ്റേക്കില്ലാതെ ഉരുവിടുന്നത്‌ കേട്ടുപഠിച്ച്‌ ഞാന്‍ കഴിച്ചുകൂട്ടി.

പിറ്റേ ദിവസം ക്ളാസില്‍ ചെന്നപ്പോള്‍, അതീവ സന്തോഷത്തോടെ അവശന്‍ മുന്നില്‍

"നിനക്കിതു തന്നെ വേണം.... ഊട്ടിയ കൈക്ക്‌ തന്നെ അവള്‍ കടിച്ചു..... "

"ഒന്നും മനസിലായില്ലല്ലോ അവശാ..ഒന്നു ഡീറ്റയിലൂ....... "

"ഹോ..അപ്പോ നീ ഒന്നും അറിഞ്ഞില്ല അല്ലേ....നിന്‍റെ ആ കഥാകാരിയില്ലേ...ലേഖാ മണ്ണിത്താന്‍.. ഇന്നലെ അവള്‍ക്ക്‌ ഭയങ്കര അനുമോദനമല്ലാരുന്നോ..ആര്‍ട്ട്‌സ്‌ ക്ളബ്‌ വക... കോന്നി ചങ്ങനാശേരി റൂട്ടിലെ ബസ്‌ ഡ്രവര്‍ക്കു വരെ അവള്‍ നന്ദി പറഞ്ഞു.. നിന്നെപ്പറ്റി കമാ എന്നൊരു വാക്ക്‌..ങേഹേ... അതെങ്ങനാ അങ്ങനെപറാഞ്ഞാല്‍ സമ്മാനത്തിന്‍റെ ക്രെഡിറ്റ്‌ നിനക്കു പോകില്ലെ...അല്ലേലും പെണ്‍വര്‍ഗം ഇങ്ങനാ അളിയാ..ഷേക്സ്‌പിയര്‍ പറഞ്ഞതെത്ര ശരി...ഫിഡിലിറ്റി ദൈ നെയിം ഈസ്‌ വുമണ്‍..."

അവശന്‍ ഊളച്ചിരിയോടെ നിര്‍ത്തി..

"എന്തോന്നാ ഫിഡിലിറ്റിയോ..എടാ അവശാ... വാക്കുകള്‍ സ്ഥാനം മാറി ഉപയോഗിക്കല്ലേ.. അര്‍ഥവും മാറും.... "

"ഊതല്ലേ അളിയാ.. ഞാന്‍ ആദ്യം തൊട്ടു കാതോര്‍ത്തിരിക്കുവാരുന്നു. നിനക്കൊരു താങ്ക്സ്‌ പറയുന്ന കേട്ട്‌ കൈയടിക്കാന്‍..ശ്ശേ... എന്നാലും അവളു കൊള്ളമല്ലോടേ.. "

"ഏയ്‌.. വെപ്രാളത്തിനിടയില്‍ വിട്ടുപോയതാവും... അല്ലെങ്കില്‍ തന്നെ ഒരു ഫോര്‍മല്‍ താങ്ക്സില്‍ എന്തു കാര്യം അളിയാ...വിട്ടുകള.. "

ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞു "നിരുപമ പിംഗള കേശിനിയായ്‌ മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും " എന്ന ചുള്ളിക്കാടന്‍ ലഹരി നുണഞ്ഞിരിക്കുമ്പോഴാണു , തോമസ്‌ മാത്യു വന്ന് പറയുന്നത്‌

"എടാ..നിന്നെ കാത്ത്‌..ദാ അവള്‍ വെളിയില്‍ നില്‍ക്കുന്നു.. ആ അഗതാ ക്രിസ്റ്റി...ചെല്ല്...ചെല്ല്..... "

മാത്‌സ്‌ ബ്ളോക്കിനു താഴെ, കടലാസു ചെടികള്‍ പിങ്കു പൂക്കള്‍ ചൂടിനില്‍ക്കുന്ന ബാക്ക്‌ഗ്രൌണ്ടില്‍, മറ്റൊരു കടലാസുപൂവു പോലെ, കടും റോസ്‌ സാരിയില്‍ ലേഖാ ഉണ്ണിത്താന്‍..

മുണ്ടിന്‍റെ മടക്കിക്കുത്തഴിച്ച്‌ ഞാന്‍ പതുക്കെ അടുത്തു ചെന്നു..

"കണ്‍ഗ്രാറ്റ്‌സ്‌... ഞാന്‍ പറഞ്ഞില്ലേ.. പ്രൈസ്‌ ഉറപ്പാണെന്ന്.. പാര്‍ട്ടിയെപ്പൊഴാ...വെറുതെ ഉഴപ്പല്ലേ മാഡം.... "

വാടിയടരുന്ന കടലാസുപൂക്കള്‍ അവളുടെ മുടിയിലേക്ക്‌ പാറിവീണുകൊണ്ടിരുന്നു..

"നീ ഇന്നലെ എവിടെയായിരുന്നു... എവിടെല്ലാം നോക്കി ഞാന്‍..." അവള്‍ ചോദിച്ചു.

"ഒന്നും പറയേണ്ടാ കൊച്ചേ..ഇന്നലെ എന്‍റെ വല്യാമ്മാവനൊരു സ്കൈ ഡൈവിംഗ്‌ ഉണ്ടായിരുന്നു.. വരാന്‍ പറ്റിയില്ല..പ്രോഗ്രാം എങ്ങനെയുണ്ടായിരുന്നു.... ?"

ഉത്തരമായി മൌനം.. വേലിപ്പത്തല്‍ ചെടിയുടെ പൂവില്‍, തുളുമ്പിനില്‍ക്കുന്ന മഴത്തുള്ളിപോലെ അടരാന്‍ മടിക്കുന്ന നീര്‍ത്തുള്ളികള്‍ നിറഞ്ഞ കണ്ണുകള്‍..

"നന്നായിരുന്നു. നിനക്കു മാത്രം ഞാന്‍ നന്ദി പറഞ്ഞില്ല.. നിന്നെക്കുറിച്ച്‌ മാത്രം ഓര്‍ത്തപ്പോള്‍ നിന്നെക്കുറിച്ചൊന്നും പറയാന്‍ തോന്നിയില്ല.. "

"ആ സെന്‍റന്‍സ്‌ ഒന്നുകൂടൊന്നു പറഞ്ഞെ... "

"എന്തിനാ... "

"ഒരു നിലയും വിലയും ഒക്കെ ആകുമ്പോള്‍, ഏതെങ്കിലും പെണ്ണ്‍, എന്‍റെ പ്രണയം അക്‌നോളഡ്ജ്‌ ചെയ്യുമ്പോള്‍ പറയാന്‍ പറ്റിയ പൊളപ്പന്‍ വാചകമല്ലേ അത്‌..... "

വിതുമ്പലില്‍ നിന്ന്, ചിരിയിലേക്ക്‌ കുടമാറ്റം നടത്തുന്ന അപൂര്‍വമായി കാഴ്ചകണ്ട്‌ നില്‍ക്കുമ്പോള്‍, അവള്‍ എന്‍റെ നേരെ ഒരു പാക്കറ്റ്‌ നീട്ടി..

പാര്‍ക്കറിന്‍റെ ലേബലിനുള്ളില്‍ ഒളിച്ചിരിക്കുന്ന രണ്ടു പേനകള്‍

"ഇതെന്താ കൊച്ചേ... ഇക്കാലത്ത്‌ പേനയും ഇണകളായാണോ വരുന്നത്‌..... "

"ഇതെന്‍റെ സമ്മാനം.. എനിക്ക്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സമ്മാനത്തിനു വഴിയൊരുക്കിയതിനു പകരമാവില്ല ഇതെന്നറിയാം...എങ്കിലും..... " അവള്‍ പറഞ്ഞു " നീ ഒരുപാടെഴുതണം..വാക്കുകളില്‍ ഹൃദയത്തുടിപ്പുകള്‍ നിറയ്ക്കാന്‍ എന്നെക്കാള്‍ കഴിവ്‌ നിനക്കാണു..നിന്‍റെ ഉഴപ്പു കളഞ്ഞു ഒരുപാട്‌ എഴുതണം.... "

"ഏതായാലും ജീവിതത്തില്‍ ആദ്യമായി ഒരാള്‍ തരുന്ന സമ്മാനം കം റിക്വസ്റ്റ്‌ അല്ലേ..ഞാന്‍ കാര്യമായി ഇതു പരിഗണിക്കാം ഒ.കെ... "

ലേഖ ഓണനിലാവുപോലെ പടികള്‍ കയറുന്നത്‌ നോക്കി നില്‍ക്കെ അവശന്‍ എന്നെ തോണ്ടിവിളിച്ചു..

"എന്താ അളിയാ അവള്‍ വല്ല സോപ്പുമിട്ടോ.... "

മുണ്ടു മടക്കിക്കുത്തി, പാര്‍ക്കര്‍ പായ്ക്കറ്റ്‌ പോക്കറ്റിലിട്ട്‌ ഞാന്‍ പറഞ്ഞു

"ഇവള്‍ ഭാവിയിലെ മാധവിക്കുട്ടിയോ, പ്രിയ എ.എസ്സോ ആകും ഉറപ്പ്‌ ..കണ്ടോ.. പടികയറുമ്പോള്‍ ഒരിക്കല്‍ പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല...അതാണു യഥാര്‍ത്ഥ പെണ്ണെഴുത്തുകാരിയുടെ ശക്തി.. എ റെയര്‍ കാറ്റഗറി... "

കാലം കുടമാറിയപ്പോള്‍, ലേഖാ ഉണ്ണിത്താനെ എഴുത്തിന്‍റെ ലോകത്ത്‌ കാണാതായി.. കരിക്കലങ്ങള്‍ക്കിടയില്‍ അക്ഷരങ്ങള്‍ ഉതിര്‍ന്നു വീണതാവാം. അല്ലെങ്കില്‍, സ്ത്രീയുടെ മനസിനെ പകര്‍ത്താന്‍ ഭാഷയ്ക്ക്‌ ശക്തി പോരെന്ന് തിരിച്ചറിഞ്ഞ്‌ ഉള്‍വലിഞ്ഞതാവാം.

ഉണ്ണിത്താന്‍ ചേട്ടനു ദക്ഷിണ കൊടുത്ത്‌ പേരിന്‍റെ വലത്തു ഭാഗത്തു നിന്ന് ഉണ്ണിത്താന്‍ ചേട്ടനെ തന്നെ തൊഴിച്ചു മാറ്റി, ലേഖാ വിജയ്‌ എന്ന പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ ഭൂമിയില്‍ വാഴുന്ന ആ പഴയ പെണ്‍കിടാവ്‌ ഇതൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ.....

59 comments:

G.MANU said...

'ആഹാ!! ഇവളുമുണ്ടോ.....ഇന്നു വല്ലതുമൊക്കെ നടക്കും' എപ്പൊഴും മുടിയില്‍ രാമച്ചമണം നിറച്ച്‌, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്‍റിലെ സകലമാന ആണ്‍പിള്ളാരുടേയും ഹാര്‍ട്ട്ബീറ്റ്‌ അങ്ങു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലവരെയെത്തിക്കാറുള്ള, വയലാറിന്‍റെ കാല്‍പനിക കവിതകളില്‍ കാല്‍പാദം തൊട്ട്‌ കണ്‍പീലിവരെ ഡെയിലി മുക്കിയെടുക്കുന്ന ലേഖാ ഉണ്ണിത്താനെ നോക്കി ഞാന്‍ അറിയാതെ ഒന്നു പിറുപിറുത്തു. .. കവിതയുടെ ആളായ ഇവളോട്‌ കഥയെഴുതാന്‍ ആരുപറഞ്ഞു.. ഛേ....... ലേഖാ പ്രസ്‌ പ്രൊപ്രൈറ്റര്‍, ഉണ്ണിത്താന്‍ ചേട്ടന്‍ ഒരിക്കലും മകളോടങ്ങനെ പറയില്ല..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ പേരുകാരി ഇവിടെകറങ്ങിത്തിരിഞ്ഞ് കമന്റിട്ട് പോണ കാണാറുണ്ടല്ലോ? ഇതാണല്ലേ കഥയ്ക്ക് പിന്നിലെ കഥ.

പാതാളാത്തോളം ചവിട്ടിത്താത്തീട്ടു ബ്രിജ് (വാ)മനു വായി അല്ലേ ? ആ അവശനും ഈ വഴി വരാറുണ്ടാ?

Rasheed Chalil said...

ഈ കഹാനീ കീ കാഹാനിയിലെ കഹാനി ബഹുത്ത് അച്ചാഹെ... ഹൈ ... ഹോ...

മനൂ ആ സ്കൈയില്‍ നിന്നുള്ള ഡൈവ് ശരിക്കും ആസ്വദിച്ചൂ.

പാലാ ശ്രീനിവാസന്‍ said...

മനൂ,
കഹാനി വായിച്ചു,അഭിപ്രായം മനസ്സില്‍ ഒതുക്കുന്നു.
ബ്ലോഗിന്റെ നീളം കുറക്കാന്‍ ശ്രമിക്കണം. ആശംസകളോടെ - ശ്രീനിവാസന്‍.

Haree said...

മൂകാംബികേ...
മൂകാംബികേഏഏഏഎ...
മൂ‍ൂ‍ൂ‍ൂകാ‍ാംബീ‍ീ‍ീ‍ീ‍ീകേഏഏ...

എവിടെ! ഒരു കമന്റെഴുതാന്‍ വിളിച്ചിട്ടുപോലും ആരും വരുന്നില്ല, ഒന്നും തോന്നുന്നുമില്ല. വെറുതെ മനുഷ്യരെ പറ്റിക്കാന്‍ ഓരോരുത്തന്മാരെല്ലാം ഓരോന്നെഴുതി വിട്ടോളും... :P

അപ്പോള്‍ നമുക്ക് ലേഖ ഉണ്ണിത്താനെ... അല്ല ലേഖ വിജയനെ ഒരു പുസ്തകമൊക്കെ ഇറക്കി ഞെട്ടിക്കണ്ടേ... മനുച്ചേട്ടോ, അപ്പോളെങ്ങിനെയാ?
--

കുഞ്ഞന്‍ said...

മൂകാം‌മ്പികയുടെ അനുഗ്രഹം ധാരാളമുണ്ട്..കൂടെ ആ ലേഖയുടെ പ്രാര്‍ത്ഥനയും...

ഇഷ്ടായി..:)



അമ്മേ മൂകാം‌മ്പികേ രക്ഷതു

krish | കൃഷ് said...

"എന്‍റെ ഫ്രീഡം ഓഫ്‌ എക്സ്‌പ്രഷനില്‍ കയറി അണുംബോംബിടരുത്‌. ഭാവനയില്ലെങ്കില്‍ എന്‍റെ ശ്രദ്ധ തിരിക്കാതെ ഇറങ്ങിപ്പോ നീ.... "

അവശന്റെ ആധുനിക എഴുത്തുകള്‍ രസകരമാണല്ലോ.

“പതിവുപോലെ ഓഡിറ്റോറിയത്തില്‍ നിന്നും ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ നിര്‍മ്മിച്ച ബലൂണുകള്‍ പറന്നു തുടങ്ങി.. “
സാദാ ബലൂണുകള്‍ അവിടെ കിട്ടാറില്ലേ മനൂ..

പിന്നെ കോളേജിലെ പെണ്‍‌പിള്ളാരെ കാണുമ്പോള്‍ നിമിഷഗായകനാവുന്ന മനൂ.. ലേഖ തന്ന പേന എഴുതാന്‍ ഒന്നുകൂടി പ്രചോദനമായിട്ടുണ്ടെന്നു തോന്നുന്നു..

simy nazareth said...

എഴുതിത്തകര്‍ത്തല്ലോ മനുവേയ്! അനുഭവങ്ങള്‍ തന്നെ :-)

SUNISH THOMAS said...

പുലിയേ......
പ്രജാപതിക്കു തൂറാന്‍മുട്ടിയ ഭാഗത്തിന്‍റെ പാരഡി മുതലിങ്ങോട്ട് അലക്കോടലക്കു തന്നെ.
നമിക്കുന്നു.
ലേഖയെപ്പോലെ നിങ്ങളും ഒരു റെയര്‍ കാറ്റഗറി തന്നെ!!!

:)

ശ്രീ said...

“'കൃഷണമണി കറുത്തവനെ മതി, കൃഷണമണിയും ദേഹവും ഒരുപോലെ കറുത്തവനെ കാമുകന്‍ സ്ഥാനത്തിരുത്താന്‍ ഞാനെന്‍റെ വല്യമ്മായിയെ പറഞ്ഞു വിടാം ' “

ഹ ഹ...മനുവേട്ടാ... ഈ ഡയലോഗില്‍‌ നിന്നും
"നന്നായിരുന്നു. നിനക്കു മാത്രം ഞാന്‍ നന്ദി പറഞ്ഞില്ല.. നിന്നെക്കുറിച്ച്‌ മാത്രം ഓര്‍ത്തപ്പോള്‍ നിന്നെക്കുറിച്ചൊന്നും പറയാന്‍ തോന്നിയില്ല.. "
എന്നും പിന്നെ,
" നീ ഒരുപാടെഴുതണം..വാക്കുകളില്‍ ഹൃദയത്തുടിപ്പുകള്‍ നിറയ്ക്കാന്‍ എന്നെക്കാള്‍ കഴിവ്‌ നിനക്കാണു..നിന്‍റെ ഉഴപ്പു കളഞ്ഞു ഒരുപാട്‌ എഴുതണം.... "
എന്നും മാറി മറഞ്ഞല്ലോ ഡയലോഗുകള്‍‌...

അതെന്തായാലും ഈ കഥയും വളരെ ഹൃദയ സ്പര്‍‌ശിയായി. അവസ്സാനത്തെ ഡയലോഗിലേ പോലെ തന്നെ ഇനിയും ഇനിയും എഴുതാന്‍‌ കഴിയട്ടെ...

:)

(അമ്മാവനോട് ആ സ്കൈ ഡൈവിങ്ങിനു കോച്ചിങ്ങ് കിട്ടുന്ന സ്ഥലം ഒന്നു ചോദിക്കണേ)

കൊച്ചുത്രേസ്യ said...

മനൂ കലക്കി. അപ്പോ ഇയാളീ പരിപാടി ഇന്നും ഇന്നലേമൊന്നും തുടങ്ങീതല്ല അല്ലേ ??
(അയ്യോ ഞാനുദ്ദേശിച്ചത്‌ എഴുത്താ. തെറ്റിദ്ധരിക്കരുത്‌)

പിന്നെ പോസ്റ്റിന്റെ അവസാനം ഒരു പ്രേമം മൊട്ടിടാനുള്ള (സോറി കരിഞ്ഞു പോയ പ്രേമം പിന്നേം തളിര്‍ക്കാനുള്ള )എല്ലാ സ്‌കോപ്പുമുണ്ടായിരുന്നല്ലോ.എന്തെങ്കിലും നടന്നോ??

G.MANU said...

കൊച്ചുത്രേസ്യേ..

ആക്കലിന്‍റെ ചാര്‍ട്ടേഡ്‌ ബസ്‌ ബദര്‍പ്പൂറ്‍ ബോറ്‍ഡര്‍ ക്രോസു ചെയ്യുന്നു..ഉം.. പറഞ്ഞേക്കാം..

ഡീസന്‍റാരുന്നൂ നാം... ആകുന്നൂ നാം..ആയിരിക്കും നാം... യാദ്‌ രഖോ...

കൊച്ചുത്രേസ്യ said...

അയ്യോ നിഷ്കളങ്കപരബ്രഹ്മം...
കഭീ ആയിനാ മേം ദേഖാ ഹേ ക്യാ‍??ചെഹ്‌രാ ചെഹ്‌രാ...
(ഞാന്‍ നിസാമുദ്ദീന്‍ ബ്രിഡ്ജിന്റെ ഇപ്പുറത്തു നിന്നാ‍ ഇതു പറയുന്നത്‌. ഇങ്ങോട്ടു വരാന്‍ ശ്രമിച്ചാല്‍ ബ്രിഡ്ജ്‌ ഞാന്‍ ബോംബിട്ടു തകര്‍ക്കും..ബു ഹ ഹ)

കുട്ടന്‍സ്‌ | S.i.j.i.t.h said...

നന്നായിട്ടുണ്ട് മനുസാറേ..
പ്രയോഗങ്ങളും നുറുങ്ങു തമാശകളും,സംഭാഷണങ്ങളും രസകരം..

:)

സാല്‍ജോҐsaljo said...

ദൈവമേ! ആദ്യമേ ഈ ലേഖയെക്കുറിച്ചു ഡൌട്ടടിച്ചതാ... ഇതാ‍ാ മലയാളം വായിക്കാനറിയാത്ത ഭര്‍ത്താവുള്ള ലേഖയല്ലേ!!!

എന്താ കഥ.. ചിരിച്ചു. പക്ഷെ ഒടുവില്‍ സെന്റിയടിച്ചതെന്തിനാ....

ലേഖാവിജയ് said...
This comment has been removed by the author.
Visala Manaskan said...

അപ്പോള്‍ താങ്കള്‍ ഒരു പെലെ ആയിരുന്നല്ലേ?

ഈ പെലയോടാണ്..ഞാന്‍ പുറത്ത് തട്ടി, ‘ഉം കളി കൊള്ളാം, തരക്കേടില്ല’ എന്ന് പറഞ്ഞാര്‍ന്നേ..ല്ലേ???? :(

പ്രിയ മനൂ, ഗംഭീരമായിട്ടുണ്ടിതും.

aneeshans said...

മനു ഇതിനാണോ മാജിക്കല്‍ റിയലിസം എന്ന് പറയുന്നത്. ? ഏതായാലും “ കലക്കി “
കുടുംബം കലക്കുമോ ?

Pradeep Kozhipurath said...

വീണ്ടും മനസ്സിനെ കാമ്പസ്സിലേയ്ക്ക് നയിച്ച മനുവിന്ന് നന്തി

ശ്രീ said...

വിശാലേട്ടാ...

ആ കമന്റ് മനുവേട്ടനുള്ള ഒരു കോമ്പ്ലിമെന്റാണല്ലോ...

മനുവേട്ടാ... കണ്‍‌ഗ്രാറ്റ്സ്...
:)

athiran said...

കാലം കുടമാറിയപ്പോള്‍, ലേഖാ ഉണ്ണിത്താനെ എഴുത്തിന്‍റെ ലോകത്ത്‌ കാണാതായി.. കരിക്കലങ്ങള്‍ക്കിടയില്‍ അക്ഷരങ്ങള്‍ ഉതിര്‍ന്നു വീണതാവാം. അല്ലെങ്കില്‍, സ്ത്രീയുടെ മനസിനെ പകര്‍ത്താന്‍ ഭാഷയ്ക്ക്‌ ശക്തി പോരെന്ന് തിരിച്ചറിഞ്ഞ്‌ ഉള്‍വലിഞ്ഞതാവാം.


ആവോ.

വേണു venu said...

ഇഷ്ടമായി.:)

സഹയാത്രികന്‍ said...

നന്നായിരിക്കണു മാഷേ...

'എന്‍റെ മുരിംഗമംഗലത്തപ്പാ.... കാതോലിക്കേറ്റു കോളേജില്‍ ഇത്രയും കഥാകൃത്തുക്കളോ...യൂത്ത്ഫെസ്‌റ്റിവലിലെ ലിറ്റററി കോമ്പറ്റീഷനില്‍, കടലാസു ഫ്രീ ആണെന്നു കരുതി, ഇങ്ങനെയുമുണ്ടോ കര്‍ത്താവേ ഒരു റഷ്‌.... '

സുന്ദരന്‍ said...

മനുവേ കലക്കി....

ഇങ്ങേരു പെലെയാണെന്നറിയാതെ ഞാനും പുറത്ത് തട്ടാറുണ്ടായിരുന്നു.....പത്തുവര്‍ഷം മുമ്പ്...

"ആലീസിനു പ്രേമ‌മുദിച്ചു
മുഖത്ത് മോഹക്കാരകള്‍ മൊട്ടിട്ടു....
.............
................."
എന്ന അതിഗംഭീര കവിതയൊക്കെയെഴുതി ഈ പെലയുടെ മുമ്പിലൂടെ ഞാന്‍ മസിലുപിടിച്ച് കുറേനാള്‍ നടന്നു....കൂടപ്പിറപ്പുകളെ പിന്നീടല്ലെ അറിയുന്നത് ഈ പെലെ ജന്മനാ പുലിയായിരുന്നൂന്നും...... ഞങ്ങളു നേരില്‍ കാണുന്നതിനും ഒരുപാടുമുമ്പെതന്നെ അച്ചടിമണിപുരണ്ടവനുമായിരുന്നുവെന്നും.......
(ദേഹത്തല്ലാട്ടൊ.... അത് നാച്വറല്‍ കളറുതന്നെ)

myexperimentsandme said...

ഭാഗ്യം ജീ മനുവിന്റെ പോസ്റ്റുകളിലൊന്നും തന്നെ കമന്റാതിരുന്നത്. അല്ലെങ്കില്‍ വിശാലന്‍ പറഞ്ഞതുപോലെ പെലെ ഗോളടിക്കുമ്പോള്‍ നമ്മള്‍ ചെന്ന് “വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ്” എന്നൊക്കെ പറഞ്ഞതുപോലെയായിപ്പോയിരുന്നേനെ :)

ഉണ്ണിത്താന്‍ ചേട്ടനു ദക്ഷിണ കൊടുത്ത്‌ പേരിന്‍റെ വലത്തു ഭാഗത്തു നിന്ന് ഉണ്ണിത്താന്‍ ചേട്ടനെ തന്നെ തൊഴിച്ചു മാറ്റി... - വെരി കറക്ട്

myexperimentsandme said...

പെലെപ്പരാമറിന് ക്രെഡിറ്റ് സുന്നരനും :)

ദിവാസ്വപ്നം said...

"മരുഭൂമിയില്‍ ഒറ്റയ്ക്കിരുന്ന ക്ളിന്‍റന്‍റെ അടുത്തേക്ക്‌, ഉത്തരാര്‍ദ്ധഗോളം വന്നു ചോദിച്ചു..മകനേ നിനക്കു വിശക്കുന്നുവോ...സൌരപഥത്തില്‍ ഒന്നിച്ചു ഭിക്ഷയാചിക്കാം നമുക്ക്‌"

:-)

ജിമനുജി, ഇതും വളരെ നന്നായി. എഴുത്തിലെ സ്വാഭാവികത മാത്രം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം. ബൂലോഗത്തിന്റെ തുടക്കത്തില്‍ എല്ലാവര്‍ക്കും കിട്ടിയിരുന്ന ഡെലിബറേറ്റ് പ്രോത്സാഹനം പോലും താങ്കള്‍ക്ക് വേണ്ടിവന്നില്ല.

ആശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

മനു, തകര്‍ത്തു.

(ലേഖ പറഞ്ഞത് തന്നെ പറയുന്നു; ഇനിയും ഒരുപാടെഴുതുക :)

ലേഖാവിജയ് said...

മനൂ അപ്പോള്‍ ഞാന്‍ പേന സമ്മാനിച്ചതു വെറുതേ ആയില്ല.ഓരോ കഥകളും ഒന്നിനൊന്നു മെച്ചമാവുന്നു.(പുകഴ്ത്തലുകള്‍ക്കു പരിധി നിര്‍ണയിക്കേണ്ടിയിരിക്കുന്നു)ഈ കഥ വായിച്ച് പക്ഷേ എനിക്കു ഒത്തിരിയൊന്നും ചിരിക്കാന്‍ കഴിഞ്ഞില്ല.വക്കാരിമഷ്ടാ സാറിന്റെ കമന്റു കൂടിയായപ്പോള്‍ പൂര്‍ണമായി.പേരിന്റെ വലതു ഭാഗത്തുനിന്നു എന്റെ അഛനെ ഞാനായിട്ടു മാറ്റിയില്ല.വിവാഹം കഴിഞ്ഞു ‘ലേഖാ വിജയ്’ എന്ന പേരില്‍ എനിക്കാദ്യം കത്തയച്ചതു എന്റെ അഛനാണു.അതിനി അങ്ങനെ തന്നെ വേണമെന്നു നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെയാണു.ആ അഛന്റെ മകളാണെന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
എനിക്കു വായിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങിത്തന്നതിനു, എന്റെ സൌഹൃദങ്ങളെ സൌഹൃദങ്ങളായിത്തന്നെ കണ്ടതിനു,എന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനു എന്റെ ‘പൊട്ടക്കഥ’കളെ പ്രോത്സാഹിപ്പിച്ചതിനു..അങ്ങനെ എല്ലാറ്റിനും ഞാന്‍ എന്റെ അഛനോടു കടപ്പെട്ടിരിക്കുന്നു.മനൂ അല്പം സെന്റിയായെന്നു തോന്നുന്നു ക്ഷമിക്കൂ.നീ ഇനിയും ഒരുപാട് എഴുതൂ. നിനക്കു വായനക്കാര്‍ മാത്രമല്ല നിന്റെ കഥകള്‍ക്കൊരു കേള്‍വിക്കാരന്‍ കൂടിയുണ്ട് ഇവിടെ.എന്റെ എല്ലാ ആശംസകളും.

G.MANU said...

ഇങ്ങനെ സെണ്റ്റിയാവാന്‍ വേണ്ടി ഇവിടെയെന്തുണ്ടായി മിസ്‌.ലേഖാ വിജയംസ്‌..

വക്കാരിമാഷൊരു ലോകസത്യത്തെ അംഗീകരിച്ചതല്ലെ..അതിലിത്ര ഫീലാനെന്ത്‌ മാഡം.

വിജയന്‍ മാഷ്‌ കേള്‍വിക്കാരനാണെന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം..

ഇപ്പൊഴും ഒരു ഡൌട്ട്‌ ബാക്കി...നീ എന്തേ എഴുത്തു നിര്‍ത്തി..എവിടെയാ പഴയ പവര്‍ഫുള്‍ ക്രാഫ്റ്റി വാചകങ്ങള്‍..

ഒ.ടൊ..

വിജയ്‌ മാഷ്‌ എന്നെ വിളിച്ചിരുന്നു..പറഞ്ഞതെന്തെന്നോ.."മനൂ താങ്കള്‍ അന്നൊന്നു ആഞ്ഞു പിടിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടേനേ" എന്ന്..

എണ്റ്റെ മുരിംഗമംഗലം മഹാദേവരെ..

ശ്രീഹരി::Sreehari said...

ഓണമായതു കാരണം വായന വൈകി.
ഗംഭീരമാറ്റിട്ടുണ്ട്.
ഈ ബ്ലൊഗില്‍ ഒരു സ്ഥിരം സന്ദരശകനെ ഇനി പ്രതീക്ഷിക്കാം :)
ആശംസകള്‍

sandoz said...

എന്ത്.....കഥാപാത്രവും കഥാകൃത്തും നേരിട്ട് പ്രത്യക്ഷപ്പെടുന്നോ....
ഇത് കൊള്ളാമല്ലോ.....
ആ അവശസുഹൃത്ത് കലക്കി.....
എന്റെ കഥാപാത്രങള്‍ വല്ലതും ഇങനെ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ ഇവിടെ ക്ഥാപാത്രം മാത്രമേ ഉണ്ടാകൂ...
കഥാകൃത്ത് പെട്ടീലായിട്ടുണ്ടാകും....

മനുവേ..മാഷ് ഒരു കടുവ ആയിരുന്നല്ലേ...

ഓഫ്:ഓണപ്പതിപ്പ് ഇറങിയോ....

G.MANU said...

അയ്യോ സാന്‍ഡോസ്‌....ആ കാര്യം പറയാന്‍ വിട്ടു.
ചില സാങ്കേതിക കാരണങ്ങളാല്‍, ഓണപ്പതിപ്പ്‌ നര്‍മ്മപ്പതിപ്പാക്കാന്‍ പറ്റിയില്ല.. ഉടനെ ഉണ്ടാവും..സുധാരന്‍ സ്പെഷ്യല്‍ മാറ്റിവച്ചിട്ടുണ്ട്‌.. മറ്റാര്‍ക്കും കൊടുത്തേക്കല്ലേ...

എതിരന്‍ കതിരവന്‍ said...

മനൂ:

കഥയുടെ അവസാനം കുറെ****** ഇങ്ങനെ നക്ഷത്രങ്ങള്‍ ഇട്ട് കാലം കുറെ കഴിഞ്ഞു എന്ന് സൂചിപ്പിച്ചിട്ടു “അന്ന് താങ്കള്‍ ഒന്ന് ആഞ്ഞു പിടിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപെട്ടെനേ...” എന്ന വാചകം കൂടി എഴുതിയിരുന്നെങ്കില്‍ ലേബല്‍ അനുഭവമായിരിക്കുമോ നര്‍മ്മമായിരിക്കുമോ?

മാത്തമാറ്റിക്സ് പഠിയ്ക്കുന്നവരാണ് കഥകളെഴുതുന്നത്. മാത്തമാറ്റിക്സ് മെയിന്‍‍ ആയി എടുക്കാന്‍ അച്ഛന്‍ പറഞ്ഞതാ. അന്ന് കേട്ടില്ല. വെറുതെയല്ല എനിയ്ക്ക് കഥയെഴുതാന്‍ അറിയാതെ പോയത്.

SUNISH THOMAS said...

ശരിയാണല്ലോ,
ഈ മാത്തമാറ്റിക്സും കഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വേള്‍ഡ് ഈസ് എ ബിഗ് സീറോ വിത്തൗട്ട് മാത്തമാറ്റിക്സ് എന്നൊക്കെ പറയുംപോലെ?

സൂര്യോദയം said...

മനൂ.... താങ്കള്‍ എന്റെ ഗുരുസ്ഥാനീയരുടെ പട്ടികയിലാണെന്ന് തറപ്പിച്ച്‌ പറയുന്നു... ഞാന്‍ പണ്ടേ താങ്കളുടെ ഫാന്‍ ആണ്‌... എന്നിരുന്നാലും ... ഈ ഭാവനയെ, നര്‍മ്മവും നൊസ്റ്റാള്‍ജിയയും മിക്സ്‌ ചെയ്യുന്ന ഈ കോമ്പിനേഷന്‍ കിടിലന്‍... നമസ്കാരം... :-)

Shiekh of Controversy said...

ഗംഭീരമായിട്ടുണ്ടിതും.

ജാസൂട്ടി said...

ഓ സൂപ്പര്‍ എഴുത്ത് ...പറയാതെ വയ്യ...:)

Unknown said...

മച്ചേട്ടാ..കലക്കി...ഇതു ലേഖ വിജയന്‍ വായിച്ചോ ..ഇല്ലേല്‍ കാശു കൊടുത്തായാലും വായിപ്പിക്കണം..കിടു..

Cartoonist said...

മനൂ, മാഷ് ആള് ഭാഗ്യവാനാട്ടാ !
വക്കാരീ,ആ പെലേക്കമന്റ് കസറി.
* * * * * * * *
ഇനി എന്റെ ജീവിതത്തിലെ ഏക “ഐ ലവ് യു”...

ദിവസവും ബസ്സില്‍ കാണാറുള്ള, വൈകീട്ട് കോളേജ് വിട്ട് തിരിച്ചുപോകുന്ന പെണ്‍കൊടിയോടൊപ്പം 47 കി.മീ. ബസ്സില്‍ യാത്ര ചെയ്ത്, അവളുടെ സ്റ്റോപ്പിലിറങ്ങിയയുടന്‍ ഉള്ള ബോധോം പോയി ഒറ്റശ്ശോദ്യാ -
“ഇവിടെവട്യ്യാ സൈക്കിള്കടാ ?”

മയൂര said...

കിടിലന്‍...കിടിലോല്‍ കിടിലന്‍...

Anonymous said...

മനൂ, ഓര്‍ത്തോര്‍ത്ത്‌ ചിരിയ്ക്കാന്‍ ബ്രിജില്‍ നിന്നും ഇഷ്ടമ്പോലെ നുറുങ്ങുപെറുക്കാന്‍ വരാറുണ്ട്‌. ഇതും കലക്കി. ഇനിയും എഴുതു.

Dinkan-ഡിങ്കന്‍ said...

:) Belated Congrats for that First Prize

അലമ്പന്‍ said...

മച്ചൂൂൂ... അടിപൊളി..

കലക്കി.

Sands | കരിങ്കല്ല് said...

ഗള്‍ഫ്‌ യുദ്ധം മുറുകിനില്‍ക്കുന്ന സമയത്ത്.. അച്ഛന്‍ ബുഷ്‌ അല്ലായിരുന്നോ president?

G.MANU said...

സന്ദീപ്‌....

ഓര്‍മ്മയുടെ ചെയിന്‍ സെറ്റില്‍ പല്ലുകള്‍ അടര്‍ന്നതുമൂലം ഉണ്ടായ ഒരു മഹാ അബദ്ധം ചൂണ്ടിക്കാട്ടിയതിനു ആയിരം നന്ദി... ബുഷ്‌.സീനിയര്‍ എന്നു തിരുത്തിവായിക്കാനപേക്ഷ..

Sethunath UN said...

മനു,

കഥകളോരോന്നായി വായിച്ചു വരുന്നതേയുള്ളൂ. നല്ല എഴുത്ത്. ലേഖാവിജയിന്റെ കമന്റ് കണ്ടപ്പോള്‍ ആരോ പറ്റിയ്ക്കാനിട്ടതാണെന്നാ കരുതിയത്.

നല്ല "അമര്‍ന്ന" എഴുത്ത്.

ഒരുപാടെഴുതാന്‍ അയ്യപ്പന്‍ അനുഗ്രഹിയ്ക്കട്ടെ.

Raji Chandrasekhar said...

മനൂ...

Jayarajan said...

ഞാനും ഒപ്പു വെച്ചിരിക്കുന്നു. (ഹേയ്, 50 അടിക്കാന്‍ താത്പര്യമുണ്ടായിട്ടൊന്നുമല്ല). വിശാല്‍ജീ പറഞ്ഞ പോലെ പെലെ -യെ പ്റത്യേകിച്ച് അഭിനന്ദിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

~nu~ said...

താന്‍ കാരണം എന്റെ ജോലി പോയേനെ... വായന മുഴുവനാക്കിയില്ല...അതിനു മുമ്പേ ഞാനും അറിയാതെ ചിരിച്ചു പോയീ... എന്റമ്മോ.. തന്നെ സമ്മതിക്കണം...ഇനി ഞാന്‍ ഈ പോസ്റ്റ് വായിച്ചു തുടങ്ങട്ടെ...

vivek said...

മനുവേട്ടാ...

ഞാന്‍ ഈ പൊസ്റ്റു ഇപ്പൊ 6 മത്തെ തവണയാ വായിക്കണെ.. കുറെ മുമ്പേ വായിച്ചതാണു. ഞാന്‍ കരുതി ഞാന്‍ comment ഇട്ടു കാണും എന്നു ഇപ്പൊഴാ അറിയണെ എന്റെ comment ഇല്ലാ എന്നു!!!!!!!

ഇനി മനുവേട്ടന്‍ എത്ര മികച്ച പൊസ്റ്റു ഇട്ടാലും "My all time favorite is കഹാനീ...ഇത്‌ കഹാനീ കീ കഹാനീ...
hihihi....

jense said...

ഓരോന്നും ഒന്നിനൊന്ന് മെച്ചം.... മനുച്ചേട്ടന്റെ ഫാന്‍സ്‌ അസോസിയേഷനില്‍ ഒരു മെമ്പര്‍ കൂടി....

jense said...

ഓരോന്നും ഒന്നിനൊന്ന് മെച്ചം.... മനുച്ചേട്ടന്റെ ഫാന്‍സ്‌ അസോസിയേഷനില്‍ ഒരു മെമ്പര്‍ കൂടി....

Unknown said...

Good one yar!! i can understand the feeling! Few ladies are Bold too......

..:: അച്ചായന്‍ ::.. said...

ഇന്നു മൊത്തം ഇ ബ്ലോഗില്‍ തന്നെ
എനിക്ക് വയ്യ എന്താ എപ്പോ ഇടുക
വിട്ടു സ്വാമി ... നമിച്ചു പ്രഭോ നമിച്ചു
വേറെ ഒന്നും പറയാന്‍ ഇല്ല :D

pappan said...

I am reading all your post one by one.........very good
Pappan

സുരഭിലം said...

Manu Chetta,

Orupadu ormakal vidarnnu manassil ee blog vayichappol.Orupadu vaikiyanenkilum ee blog vayichathil santhosham.College campusum njangalumayulla virahathinu 3 vayassakunne ullooo.Enkilum aa ormakal madhura nombarangalanu........Class murikalile olikannukalum,sammanam kittiya mayil peeli thundum aa kowmara yauvanathinte nishkalankathayum eppol illathaya pole........Eniyum ezhuthanam..... :)

Aneesh said...

thakarppan

Anonymous said...

പോസ്റ്റ്‌ എല്ലാം വായിച്ച് അശോദിച്ചു ഒരു കമാന്‍ഡ് ഇടത്തെ പോവുന്നത് ശേരിയല്ലല്ലോ. ഞാനും ഇപ്പൊ നിങളുടെ ഫാനാണ് . ബഷീര്‍ ദോഹ