Tuesday 1 September 2009

കണ്ണോരം കടവത്തെ പൊന്നോണത്തുമ്പികള്‍

"ചാങ്കൂര്‍ ജങ്ഷന്റെ അഭിമാനതാരം, ചങ്കുറപ്പിന്റെ പര്യായം ശ്രീമാന്‍ ചങ്കുപ്പിള്ളച്ചേട്ടന്‍ ഇതാ നെഞ്ചുവിരിച്ച് തയ്യാറെടുത്തിരിക്കുന്നു. മരംകയറ്റത്തില്‍ വര്‍ഷങ്ങളുടെ സേവനപാരമ്പര്യവുമായി, എതിരാളികള്‍ക്ക് പേടിസ്വപ്നമായി, ഇതാ നമ്മുടെ ചങ്കുപ്പിള്ളച്ചേട്ടന്‍ കയറാന്‍ പോകുന്നു... എല്ലാരും ഒന്നു കൈയടിച്ചേ.. ക്ണാപ്പ് ക്ണാപ്പ്.......”

മൈക്രോഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് ഒരു തുമ്പുപോലും പുറത്തുകാണിക്കാതെ വിഴുങ്ങുന്നത് വീക്ക്‍നസ് ആക്കിയ പാലമൂട്ടില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ തൊള്ളതുറന്നു അനൌണ്‍സ് ചെയ്യുകയാണ്..പണ്ടൊരിക്കല്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമാപ്രദര്‍ശനത്തിന് ‘ജയന്‍, ജയഭാരതി, ഉമ്മര്‍ തുടങ്ങിയ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ അണിനിരക്കുന്ന ‘ചലയാള മലച്ചിത്രം’ ‘ എന്ന് നാവുതെറ്റി പറഞ്ഞ ചരിത്രം ഉണ്ടെങ്കിലും ചാങ്കൂര്‍മുക്കിലെ ഈ ആസ്ഥാന അനൌണ്‍സര്‍ക്ക് ഞാന്‍ അടക്കമുള്ള നിരവധി ഫാന്‍സ് ഉണ്ടായിരുന്നു. ചതുരവടിവില്‍ സ്പുടതയോടെ കാര്യങ്ങള്‍ വിളിച്ചുപറയാന്‍ അല്പംകൂടി ആമ്പിയറുള്ള വേറെയാരും അവിടെ ഇല്ലായിരുന്നതുകൊണ്ടാവാം..

അനൌണ്‍‌സ്മെന്റ് മുറുകിയപ്പോള്‍ ബക്കിള്‍ പോയ നിക്കര്‍ ഞാനും ഒന്നു മുറുക്കികുത്തി..

ഈ ഓണാഘോഷത്തിന്റെ ഐറ്റം നമ്പര്‍ ആണ് നടക്കാന്‍ പോകുന്നത്.. ചാങ്കൂര്‍മുക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ‘പോള്‍ അള്ളിംഗ്’ അഥവാ മരംകയറ്റം!!

മൂന്നാള്‍ നീളമുള്ള കവുങ്ങിന്‍‌തടി ചെത്തിമിനുക്കി, അതില്‍ എണ്ണയും മുട്ടയും കുഴച്ചുപുരട്ടി നാട്ടിനിര്‍ത്തിയിരിക്കുന്നു.. മുകളിലത്തെ അറ്റത്ത്, കവറില്‍ നൂറുരൂപ നോട്ട്! ആര്‍ക്കുവേണമെങ്കിലും അത് സ്വന്തമാക്കാം.. പക്ഷേ, കയറിച്ചെന്നെടുത്തോണം... ഓരോ മിനിട്ട് കഴിയുമ്പോഴും ജനാര്‍ദ്ദനന്‍ ചേട്ടന്‍ എണ്ണ ഒഴിച്ച്, മിനുസത്തിനു കുറവൊന്നുമില്ലല്ലോ എന്ന് ഉറപ്പുവരുത്തുന്നുമുണ്ട്....

ഈ ട്രഷര്‍ ഹണ്ടില്‍ പങ്കെടുക്കുന്നവന്റെ ക്രഷറില്‍ വീണവനെപ്പോലെ ആവുമെന്ന് ആര്‍ക്കാണറിയാത്തത്. ഒന്നുരണ്ടുപേര്‍ ട്രയല്‍ റൌണ്ടില്‍, രണ്ടടി പൊങ്ങി പത്തിരട്ടി സ്പീഡില്‍ മൂടിടിച്ചുവീണതും കണ്ടതാണ്..

‘ഈ ചങ്കുപ്പിള്ളച്ചേട്ടന് വയസുകാലത്ത് ഇതിന്റെ വല്ല കാര്യോമുണ്ടോ.... പ്രായം എങ്കിലും ഒന്നോര്‍ക്കണ്ടേ... വല്ലതും സംഭവിച്ചാല്‍ പട്ടാളത്തിലുള്ള ഏകമകന്‍ നാട്ടില്‍ വരാന്‍ തന്നെ നാലുദിവസം എടുക്കില്ലേ... മോര്‍ച്ചറി സിസ്റ്റം ഒക്കെ അങ്ങ് തിരുവന്തോരത്ത് അല്ലേ ഉള്ളൂ... ചങ്കുവേട്ടാ.. ഡോണ്ടു ഡോണ്ടു ‘ എന്നൊക്കെ ആത്മഗതം ചെയ്യാന്‍ കയറൂരിവന്ന പശു പോലും തയ്യാറായിരുന്നില്ല.. ആ പശുവും എന്നെപ്പോലെ മുകളിലോട്ട് നോക്കി നില്‍പ്പാണ്.. ചങ്കിടിപ്പോടെ.... ചങ്കുപ്പിള്ളയമ്മാവന്‍ ചരിത്രം തിരുത്തിയെഴുതുന്നതു കാണാന്‍.....

കാലപ്പഴക്കത്തില്‍ ഞൊറിവീണ് ഞൊറിവീണ് അരപ്പാവാടയുടെ നീളത്തിലായ ‘ഫോറിന്‍ ലുങ്കി’യുടെ കീഴറ്റം കാലുകള്‍ക്കിടയിലൂടെ ആവാഹിച്ച്, കടത്തനാടന്‍ ശൈലിയില്‍ പുറകിലേക്കൊന്നു കുത്തി, ചങ്കുപ്പിള്ളയമ്മാവന്‍ ഒരു നില്‍പ്പുനിന്നു. പകുതിയും കൊഴിഞ്ഞുപോയ നരയന്‍ മീശയില്‍ വിരലോടിച്ച്, വീരനായകനെപ്പോലെ ചുറ്റിനും ഒന്നു നോക്കി..‘

“അമ്മാവാ കേറ്..കേറ്....പകുതി കാശ് ഞങ്ങള്‍ക്ക് തരണേ.....” ആക്കിയതാണേലും ജംഗഷനിലെ ചെറുസംഘത്തിന്റെ വിസിലടികേട്ട് കക്ഷിയുടെ ഊര്‍ജ്ജം ഒന്നുകൂടി ഉച്ചസ്ഥായിയിലായപോലെ...

“അമ്മാവാ കൊട്ട കൊണ്ടുവരണോ....” നല്ലതിനും അല്ലാത്തതിനുമെല്ലാം പുളിച്ച തമാശയടിക്കുന്ന ബാലചന്ദ്രന്‍‌ചേട്ടനെ രൂക്ഷമായി പുള്ളിയൊന്നു നോക്കി.

“അപ്പൂപ്പാ...വീഴുമേ....ഒന്നുകൂടിയൊന്നാലോചിക്ക്....” പുറകില്‍നിന്നൊരു കമന്റ്.

“വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേടാ... പുല്ലേ...” മുന്‍‌നിരയില്‍ നാലുപല്ലില്ലെങ്കിലും അമ്മാവന്റെ അക്രോശത്തിനു ഒരു കാറ്റുവീഴ്ചയുമില്ല...

“ചങ്കുപ്പിള്ളച്ചേട്ടന്റെ സമയം ഇതാ തുടങ്ങി....” അനൌണ്‍സ്മെന്റും വിസിലടിയും ഒന്നിച്ച്.....

അവിടെ നില്‍ക്കുന്ന ഉദ്വേഗഭരിതരായ നൂറോളം കാണികളുടേയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട്, ചങ്കുവമ്മാവന്‍ ഒരൊറ്റ കുതിപ്പായിരുന്നു...

ങേ....... മരത്തില്‍ കയറാ‍ന്‍ നിന്ന ചങ്കുപ്പിള്ള ദാ ചാങ്കൂര്‍മുക്കിലെ ഏക പലചരക്കുകടയായ വാസുവണ്ണന്റെ കൃഷ്ണാ സ്റ്റോഴ്സിലേക്ക് ബെന്‍‌ജോണ്‍സണെപ്പോലെ കുതിക്കുന്നു...

ഓണത്തിന്റെ പറ്റുവരവ് കണക്ക് കാല്‍ക്കുലേറ്റ് ചെയ്ത്, ഇതിന്റെ പത്തുശതമാനം പോലും കൈയില്‍ കിട്ടില്ലല്ലോ കൃഷ്ണാ എന്നോര്‍ത്ത് താടിക്ക് കൈയും കൊടുത്തിരുന്ന വാ‍സുവണ്ണന്‍, ചങ്കുപ്പിള്ളയുടെ അപ്രതീക്ഷിതമായ വരവു കണ്ട് ‘ചിത്തഭ്രമം വന്നപ്പോള്‍ ഇവന് അക്രമിക്കാന്‍ എന്നേ കിട്ടിയുള്ളോ ദൈവമേ’ എന്നോര്‍ത്ത് വെളിയിലേക്ക് എടുത്ത് ചാടിയത് ഞാനൊന്നു മിന്നായത്തില്‍ കണ്ടു..

കടയിലേക്ക് കയറിയ ചങ്കുപ്പിള്ള, രണ്ടുകൈയും പുതിയതായി കെട്ടുപൊട്ടിച്ച ആട്ടച്ചാക്കിന്റെ ഉള്ളിലേക്കിട്ട് ഒന്നുകറക്കി............... പിന്നെ തിരിഞ്ഞൊരോട്ടം.... പോളിന്റെ അടുത്തേക്ക്.!!!!

തൊട്ടുപുറകേ വാസുവണ്ണന്‍..

“നായിന്റെ മോനേ..നീ എന്റെ ആട്ട വൃത്തികേടാക്കി......കൊല്ലും ഞാന്‍... നിക്കെടാ കഴുവേറീ.......!!! “

വാസുവണ്ണന്‍ പോളിന്റെ അടുത്തെത്തിയപ്പോഴേക്കും, ശത്രു, ഒരു നാലടി മുകളില്‍ കയറിപ്പറ്റിയിരുന്നു...

ഗോതമ്പുമാവ് പുരണ്ട കൈകൊണ്ട്, എണ്ണമരത്തില്‍ കൂളായി കയറാം എന്ന ആശയം ഞൊടിയിടയില്‍ കണ്ടുപിടിച്ച ചങ്കുവമ്മാവനെ ഞാന്‍ അസൂയയോടൊന്നു നോക്കി...

കൈയടികള്‍ മുറുകുന്നു.. കൂക്കുവിളികള്‍ കോറസായി പുറകെ..

ഒരടി മുകളിലേക്ക് കയറുമ്പോള്‍ രണ്ടടി കീഴോട്ട് പോകുന്നുവെന്ന ദു:ഖസത്യം മനസിലാക്കി, അമ്മാവന്‍ കൈകള്‍ക്ക് പുറമേ, കാല്‍, നെഞ്ച്, പിന്നെ പറ്റുന്ന എല്ലാ ശരീരഭാഗങ്ങളും പരമാവധി ഉപയോഗിച്ച്, ഇഴച്ചില്‍ തുടങ്ങി..

മുഷ്ടി ചുരുട്ടി ഏണുകളില്‍ വച്ച്, കൊച്ചിന്‍ ഹനീഫ സ്റ്റൈയിലില്‍ വാസുവണ്ണന്‍ ജ്വലിച്ച് താഴെ നില്‍ക്കുവാണ് ‘ഇവനെ ജീവനോടെ തന്നെ താഴേക്കിടണേ കൃഷ്ണാ’ എന്ന പ്രാര്‍ഥനയോടെ..

“ഇതാ..ഇതാ..വെറും വെറും മൂന്നടികൂടെ മാത്രം.... സമ്മാനം സ്വന്തമാക്കാന്‍...”

ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു..”

ഞാന്‍ കോരിത്തരിച്ചുപോയി....

ചങ്കുപ്പിള്ള അമ്മവന്റെ കൈയെത്താന്‍ ഇനി ഇഞ്ചുകളുടെ വ്യത്യാസം മാത്രം...........


“ഇതാ..ഇതാ...ചങ്കുറപ്പിന്റെ ചിങ്കാരിമേളം മുഴക്കി, എതിരാളികളോട് പൊയിക്കിടന്നുറങ്ങാന്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നമ്മുടെ സ്വന്തം ചങ്കുപ്പിള്ളച്ചേട്ടന്‍, വീരശൂരപരാക്രമി, ഇതാ ഇതാ നോട്ടെടു............”

വീര്യത്തോടെ അനൌണ്‍സു ചെയ്യുന്ന ജനാര്‍ദ്ദനന്‍ ചേട്ടന്‍ ദൃഷ്ടികള്‍ ചങ്കുപ്പിളളയമ്മാവന്റെയൊപ്പം ശൂ...ന്ന് താഴേക്ക് പോകുന്നു.....പറയാന്‍ വന്നതും മറന്നുപോയി.......

വെള്ളംകോരുമ്പോള്‍ മുന്നറിയിപ്പില്ലതെ കോച്ചുവാതം വന്നാല്‍ തൊട്ടി വെള്ളത്തോടെ താഴേക്കുവീഴുന്ന അതേ ശക്തിയില്‍, അമ്മാവന്‍ നിലം‌പരിശാവുന്നത്, കണ്ട് ചിരിച്ച ഞാന്‍ നിക്കറിന്റെ കുത്തഴിഞ്ഞതും മറന്നുപോയി...

നടുവാണോ, ചന്തിയാണോ ആദ്യം തറയില്‍ ഇടിച്ചതെന്ന കാര്യത്തില്‍ അമ്മാവനുമില്ലയിരുന്നു ഒരു ഉറപ്പ്. താഴെ വീണയുടനെ വാസുവണ്ണന്റെ കൈ കരണത്തുവീണു എന്നറിഞ്ഞു പുള്ളി.... ‘മത്സരത്തില്‍ തോറ്റാല്‍ മര്‍ദ്ദനം പെനാല്‍റ്റിയായി വാങ്ങണം എന്നത് എവിടുത്തെ നിയമമാ‘ എന്ന മട്ടില്‍ ദയനീയമായി ഒന്നു ചുറ്റും നോക്കി...

ഞാന്‍ മണ്ണിലിരുന്നു പോയി...അടക്കാനാവാത്ത ഓണച്ചിരി....നാട്ടിന്‍പുറത്തിന്റെ ഒരുമയുള്ള ചിരിയില്‍ എന്റെ പൊട്ടിച്ചിരി അലിഞ്ഞുചേര്‍ന്നു.......

ചിരിയടങ്ങിയപ്പോള്‍ കണ്ടത്, സെഞ്ച്വറി അടിച്ച സച്ചിന്‍ മിനറല്‍ വാട്ടര്‍ കുടിക്കുന്ന ആത്മസം‌പൃതിയോടെ, ഒരു കല്ലിനു മുകളിലിരുന്ന് സോഡകുടിക്കുന്ന ചങ്കുപ്പിള്ളയമ്മാവനെയാണ്.....

“സത്യത്തില്‍ എന്താ ചേട്ടാ പറ്റിയെ...”ബാലചന്ദ്രന്‍ ചേട്ടന്‍ നടുവു തിരുമ്മിക്കൊടുത്തുകൊണ്ട് ചോദിക്കുന്നു.

“ഗിര്‍പ്പ് പോയെടാ.......” ഞരങ്ങിയുള്ള മറുപടി..

“രണ്ടുമൂന്ന് ഗിര്‍പ്പ് പോകുന്ന ശബ്ദം ചേട്ടന്‍ കേറുമ്പോഴേ ഞാനും കേട്ടു.. എന്നാലും....”

“എടാ...പിടിമുറുക്കം പോയെന്ന്....”

“ഓ..അതാരുന്നോ....”

“പിന്നല്ലാതെ...”

“ഒന്നുഷാറാവു ചേട്ടാ..പണ്ട് ഭീമസേനനിട്ട് താങ്ങിയപോലെ ആ വാസൂള്ളയ്ക്കിട്ടും കൊട് രണ്ട്.....” എരിവുകൂട്ടാനുള്ള ശ്രമം ഒരാള്‍ തുടങ്ങി.....

ചങ്കുവമ്മാവന്‍ സാക്ഷാന്‍ ഭീമസേനനെ അടിച്ച കഥ നാട്ടില്‍ പണ്ടേ പാട്ടാണ്..

മുരിങ്ങമംഗലം അമ്പലത്തിലെ ശിവരാത്രിയ്ക്ക്, ‘മഹാഭാരതം‘ ബാലെ.. പന്ത്രണ്ടുമണിക്കുള്ള പരിപാടിയ്ക്ക്, ബാലെ സംഘം അടുത്തുള്ള കലഞ്ഞൂര്‍ ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് മേക്കപ്പോടെ വാനില്‍ വരുന്നു...

രണ്ടുകാലില്‍ നടക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കണം എന്ന പരുവത്തില്‍ അമ്മാവനും കൂട്ടാളികളും കോന്നിപ്പാലത്തിലൂടെ നീങ്ങുന്നു.

വാന്‍ കണ്ടപാടെ ചങ്കുവമ്മാവന്‍ ചാടി മുന്നില്‍ നിന്ന്..

“ആരാടാ ഈ പാതിരാത്രിയില്‍.....” ശ്രീമാന്‍ ചങ്കുപ്പിള്ള..

“ഞങ്ങള്‍ ബാലെക്കാരാ.....വഴീന്ന് മാറ് മൂപ്പീന്നെ...” വാനിന്റെ ഡ്രൈവര്‍

“ഓ.ഹോ..വാല്യക്കാരാണെങ്കില്‍ ഇറങ്ങിനെടാ പുല്ലന്മാരെ...ബാലെ ഇവിടെ നടത്തിയാ മതി...”

“നടുറോഡിലോ.....” ഡ്രൈവര്‍ ഒന്നു പുച്ഛിച്ച് ചിരിച്ചു..

“എന്താ.. റോഡിലായാല്‍ ആടാന്‍ പറ്റില്ലെ....ഇറങ്ങിനെടാ എല്ലാവന്മാരും.... ചങ്കുപ്പിള്ളേടെ തനി സ്വഭാ‍വം പുറത്തെടുപ്പിക്കല്ലെ..... “

ഒരു യുദ്ധം ചെയ്യാതെ ഇനി മുന്നേറ്റം സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, കൈയില്‍ ഗദയുമായി ഭീമസേനന്‍ ഡോര്‍ തുറന്നിറങ്ങി...

പാഞ്ചാലി നിലവിളിക്കുന്നുണ്ട്.. “അണ്ണാ.. വേണ്ടാ... മയത്തില്‍ പറഞ്ഞാ മതി..”

‘മയം എനിക്ക് പണ്ടേ പഥ്യമല്ല പ്രിയേ ....’ എന്ന ഭാവത്തില്‍ മരഗദ കൊണ്ട് ഒരു വീശായിരുന്നു. ചങ്കുപ്പിള്ളയുടെ ഉച്ചിയിലേക്ക്..!!!!

പ്രഹരം പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാവാം ചങ്കുപ്പിള്ളയുടെ വാനരസേന സ്ഥലം കാലിയാക്കി......ലീഡര്‍ മാത്രം ഉച്ചിതടവി പാലത്തിന്റെ കൈവരിയില്‍ ഇരിക്കാന്‍ ശ്രമിച്ചു......


ശേഷം വേദിയില്‍....

രംഗങ്ങള്‍ മാറിമറയുന്നു....

ഫ്ലാഷ് ലൈറ്റുകള്‍ക്കിടയില്‍ പഞ്ചാലി കുണ്ഠിതയായി നില്‍ക്കുന്നു..

“ഇതാ പ്രിയേ........നിനക്കായി നാം കഷ്ടപ്പെട്ടുകൊണ്ടുവന്ന കല്യാണസൌഗന്ധികം.. തവമുഖകമലം വിടര്‍ത്തൂ.... മമമനതലം കുളിര്‍ത്തൂ.........” ഭീമസേനന്‍ കൈയില്‍ പൂവുമായി വരുന്നു...
താളം മുറുകി..റൊമാന്റിക് ഗാനം ബാക്ക്‍ഗ്രൌണ്ടില്‍................

പാഞ്ചാലിയുടെ മുഖം കൈകളില്‍ എടുത്തുകൊണ്ട് ഭീമസേനന്‍ ഒന്നു കുനിഞ്ഞതും, ചങ്കുപ്പിള്ളയമ്മാവന്‍ സ്റ്റേജിലേക്ക് കുതിച്ചതും ഒന്നിച്ചായിരുന്നു..

പഠേ...!!!!!!!!!!!!!!!!! അമ്മാവന്റെ കൈ ഭീമന്റെ കരണത്ത്.

‘നാം ഇദ്ദേഹത്തിന്റെ പറമ്പിലെ പൂവായിരുന്നോ മോഷ്ടിച്ചത്...’ എന്ന് ആലോചിച്ചിട്ടാവണം ഭീമസേനന്‍ വല്ലതൊന്നു അമ്പരന്നുനിന്നു....
കര്‍ട്ടന്‍ വീണു..

പിന്നീട്, ചങ്കുപ്പിള്ളയെ ജാമ്യത്തില്‍ ഇറക്കാന്‍ പോയ കരയോഗം സെക്രട്ടറിയെ അറിയാവുന്ന ഭാഷയില്‍ എസ്.ഐ തെറിവിളിച്ചു എന്നാണ് നാട്ടുകാരു പറയുന്നത്....




ബാക്കി വന്ന ചിരിയുമായി പാടവരമ്പിലൂടെ ഞാന്‍ നടന്നു..
തിളച്ചുമറിയുന്ന ഓണവെയില്‍...കൊയ്ത്തുകഴിഞ്ഞ് സ്വര്‍ണ്ണം അണിഞ്ഞു കിടക്കുന്ന പാടങ്ങള്‍...
സ്വര്‍ണ്ണനിറമുള്ള ഓണത്തുമ്പികള്‍.....
പാടവരമ്പിന്റെ ഓരത്തുകൂടി ചിരിച്ചുകൊണ്ടൊഴുകുന്ന കൈത്തോട്.....കൈതോലകളുടെ കൈകൊട്ടിക്കളി..വെള്ളാരംകല്ലുകളെ ഉമ്മവക്കുന്ന തോട്ടുവെള്ളം....വട്ടക്കമ്മലിട്ടു തുള്ളിയാടുന്ന തൊട്ടാവാടിച്ചെടികള്‍..

ഇന്ന് തിരുവോണമാണ്...

വരമ്പിന്റെ അങ്ങേയറ്റത്ത്, മറ്റൊരു ഓണപ്പൂവുപോലെ ഒരു മുഖം.........
എണ്ണക്കറുപ്പിന്റെ അഴകുവിടര്‍ത്തിയ അളകങ്ങള്‍ മാടിയൊതുക്കി, കണ്ണുകള്‍ ദൂരേയ്ക്ക് പായിച്ച് ഒരു പന്ത്രണ്ടുവയസുകാരി...

ചങ്കുപ്പിള്ളയമ്മാവന്റെ കൊച്ചുമകള്‍........

എന്റെ ചിരി പിന്നെയും ഒന്നുയര്‍ന്നു..

“അനസൂയച്ചേച്ചി എന്താ ഇവിടെ നില്‍ക്കുന്നെ...?” കൈകൊണ്ട് ചിരിയമര്‍ത്തി ഞാന്‍ ചോദിച്ചു..

“നീ എന്തിനാ ചിരിക്കുന്നെ....”

“അനസൂയച്ചേച്ചിയുടെ അപ്പൂപ്പന്‍.....ഫ്രൂ.........”

“അപ്പൂപ്പന്‍......പറേടാ...”

“അപ്പൂപ്പന് സമ്മാനം കിട്ടി.....“

“സമ്മാനമോ...”

“അതുപോട്ടെ..ചേച്ചിയെന്താ ഒറ്റയ്ക്കിവിടെ..”
“ഇന്ന് അച്ഛന്‍ വരും...ഇപ്പോ....അച്ഛനേം നോക്കി നില്‍ക്കുവാ.....”

ആ കണ്ണുകളില്‍ ഓണനിലാവ് ചേക്കേറി.... കണ്ണാരം കടവത്ത് പൊന്നോണത്തുമ്പികള്‍ പാറി.....

കടങ്കഥ പറയാനും പടം വരയ്ക്കാനും മഷിത്തണ്ട് മഷിയിലിട്ട് നിറം മാറുന്നതു കാണാനും അനസൂയച്ചേച്ചിയുടെ അടുത്ത കൂട്ട് ഞാന്‍ തന്നെ.. എന്നെക്കാള്‍ ഒരുവയസു കൂടുതല്‍..
ഇലവിന്റെ മുള്ളില്‍ ബ്ലേഡുകൊണ്ട് പേരു വരഞ്ഞ് അച്ചുണ്ടാക്കുന്ന വിദ്യ ഞാന്‍ ആദ്യം പറഞ്ഞുകൊടുത്തത് അനസൂയച്ചേച്ചിയ്ക്കാണ്.. ചേച്ചിയുടെ കൊച്ചു മേശയ്ക്കകത്ത്, അനസൂയ എന്ന പേരില്‍ നൂറോളം ഇലവിന്‍ മുള്ളുകള്‍ പിന്നെ ഞാന്‍ കണ്ടു... നീലയും കറുപ്പും മഷിപുരണ്ട മൃദുവായ ഇലവിന്‍ മുള്ളുകള്‍....

എല്ലാ അവധിക്കും മുരളിച്ചേട്ടന്‍ വരുമ്പോള്‍ കൈനിറയെ മിഠായികളുമായി അനസൂയച്ചേച്ചി എന്റെ വീട്ടില്‍ വരും.. ഇലവിന്റെ ഒരു മുള്ളുകൂടി കൈയില്‍ ഉണ്ടാവും..

അച്ഛന്റെ പേരു കൊത്തിക്കും...

പട്ടാളത്തിലേക്ക് മടങ്ങുമ്പോള്‍ ആ അച്ച് ഒരു നിധിപോലെ ട്രങ്കുപെട്ടിക്കുള്ളില്‍ മുരളിച്ചേട്ടന്‍ കരുതിവക്കും..

മകളുടെ മനസ് വരഞ്ഞുവച്ച ഇലവിന്‍ മുള്ളിന്റെ അച്ച്...........

ആ ഓണത്തിനും മുരളിച്ചേട്ടന്‍ വന്നു..

ഇലവിന്‍ മുള്ളില്‍ അനസൂയച്ചേച്ചി കൊത്തിയ പേരുമായി മടങ്ങി....

ആം‌ബുലന്‍സിന്റെ സൈറന്‍ വീട്ടുമുറ്റത്ത് ആദ്യമായി മുഴങ്ങിയ ഒരു ജനുവരിയില്‍ , കൈ നിറയെ ഇലവില്‍ മുള്ളുകളുമായി അനസൂയച്ചേച്ചി വാവിട്ടു കരഞ്ഞു.

“അച്ഛാ....ഇന്നാ അച്ഛാ ഞാന്‍ കൊത്തിയതാ.....ഒന്നു വാങ്ങിക്ക് അച്ഛാ...ഒന്നു കണ്ണുതുറക്കച്ഛാ......”

ഇന്നും ഈ നിലവിളി എന്റെ കാതില്‍ മുഴങ്ങുന്നു...........


വീടും പറമ്പും വിറ്റ് വിട്ട് മറ്റെങ്ങോട്ടോ ആ കുടുംബം പോകുന്ന ദിവസം അനസൂയച്ചേച്ചി എന്നോട് പറഞ്ഞു

“മുറ്റത്തെ നാലുമണിച്ചെടിക്ക് നീ വല്ലപ്പോഴും വെള്ളം തളിക്കണേ... പുതിയ ആളുകള്‍ വരുന്ന വരെ......” കണ്ണീര്‍പാടകള്‍ക്കപ്പുറം ആ മുഖം ഞാന്‍ കണ്ടു.. കണ്ണാരം കടവത്തെ പൊന്നോണത്തുമ്പികള്‍ തളര്‍ന്നിരുന്നു....


മഴ ബസിന്റെ ഷട്ടറില്‍ താളം മുറുക്കി..
ഈ ഓണത്തിന് മഴയെന്തുകൊണ്ട്....
എല്ലായിടത്തും താളപ്പിഴകള്‍....

നാല്‍ക്കവലയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ മൂന്നു കിലോമീറ്റര്‍...

ഫ്ലാറ്റിന്റെ മൂന്നാം നില...

ചില വാതിലുകള്‍ക്കുമുന്നില്‍ ജമന്തിയും മുല്ലയും കൊണ്ടിട്ട പൂക്കളങ്ങള്‍....
ജീവിതം ഫ്ലാറ്റിലേക്കായാലും മലയാളി മനസ് മറന്നിട്ടില്ല....
അവന്റെ മനസില്‍ ഓണം മാഞ്ഞിട്ടില്ല..

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറത്തുള്ള അനസൂയച്ചേച്ചിയെ കാത്ത് ഞാന്‍ വാതില്‍ക്കല്‍ നിന്നു... മണലാരണ്യത്തിലുള്ള ഭര്‍ത്താവ്, രണ്ട് കുട്ടികള്‍..ഞാന്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജീവിതരേഖയില്‍ വസന്തം വിരിഞ്ഞല്ലോ എന്നോര്‍ത്ത് മനസില്‍ നാലുമണിപ്പൂക്കള്‍ വിരിഞ്ഞിരുന്നു........

“ആരാ..”

കാലം കൂടുതല്‍ ഭഗിയാക്കിയ മുഖം....
എണ്ണക്കറുപ്പിന്റെ അഴകുള്ള അതേ അളകങ്ങള്‍
ഇലവിന്‍ മുള്ളില്‍ നൂറുപേരുകള്‍ കൊത്തിയ അതേ പൂവിരലുകള്‍

“എന്നെ മറന്നോ ചേച്ചീ..... പഴയ നാലുമണിപ്പൂക്കള്‍...മഷിക്കുപ്പിയിലെ വെള്ളിത്തണ്ട്....ഇലവിന്മുള്ളിലെ അക്ഷരങ്ങള്‍...”

“നീ..........................!!!!!!!!”

അടര്‍ന്നുവീഴാ‍ത്ത കണ്ണുനീര്‍ത്തുള്ളികളില്‍ ആയിരം നാലുമണിപ്പൂക്കള്‍ !!!!!

പറഞ്ഞുതീരാത്ത വിശേഷങ്ങളിലൂടെ കടലാസു തോണിയില്‍....ഇടയ്ക്ക് ഒരുപാട് ചിരിച്ച്, ചിലപ്പോള്‍ കണ്ണുനനച്ച്..

“നിനക്കെന്റെ മക്കളെ കാണേണ്ടേ....?”

“അയ്യോ.. ചേച്ചിയെ കണ്ട സന്തോഷത്തില്‍ ആ കാര്യം ഞാന്‍ വിട്ടു... എവിടെ ജൂനിയര്‍ അനസൂയാസ്..... “

പുറകിലെ ബാല്‍ക്കണിയിലേക്ക് ചേച്ചി എന്നെ കൂട്ടിക്കൊണ്ടുപോയി..

കൈവരികളില്‍ മുഖം ചേര്‍ത്ത്, താഴേക്ക് നോക്കി നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികള്‍.....

“ഹെലോ............” ഞാന്‍ ഉറക്കെ വിളിച്ചു..

“വിളിക്കെണ്ടെടാ.. നീ വിളിച്ചാലും അവരു കേള്‍ക്കില്ല.....”

എന്റെ നെറ്റി ചുളിഞ്ഞു.

“ഈ ലോകത്തുള്ളതൊന്നും എന്റെ മക്കള്‍ കേള്‍ക്കില്ല... ആരോടും ഒന്നും പറയാനും ഇല്ല അവര്‍ക്ക്...ദൈവത്തിന്റെ കൈപ്പിഴ എന്നൊക്കെ പറയാറില്ലേ...”

ഒന്നും കേള്‍ക്കാത്ത, ഒന്നും മിണ്ടാത്ത രണ്ടു പൂവുകള്‍.............

ചേച്ചി തൊട്ടപ്പോള്‍ കുട്ടികള്‍ തിരിഞ്ഞു നിന്നു..

അനസൂയച്ചേച്ചിയെ പറിച്ചു നട്ടപോലെ രണ്ട് ഇരട്ടകള്‍.....

ആ കണ്ണുകളില്‍ ഞാന്‍ നോക്കി.

അച്ഛനെ കാത്ത്, പാടവരമ്പത്തിരുന്ന ആ പഴയ മുഖം........
കണ്ണോരം കടവുകള്‍....അതില്‍നിറയെ പൊന്നോണത്തുമ്പികള്‍....
പാവാടത്തുമ്പ്....മിഠായിപ്പൊതി........

മൌനത്തിന്റെ സാഗരത്തില്‍ എനിക്കറിയാത്ത ഭാഷയില്‍ എന്തൊക്കെയോ അവര്‍ പറയുന്നുണ്ട്..

“എനിക്ക് വിഷമം ഇല്ലെടാ.. എനിക്കറിയാം എന്റെ മക്കളോട് മിണ്ടാന്‍..എനിക്കറിയാം അവരുടെ ഭാഷ.. ഇവര്‍ക്ക് വിശക്കുമ്പോ, ദാഹിക്കുമ്പോ അതെല്ലാം ഞാന്‍ അറിയുന്നുണ്ട്.. “ ചേച്ചിയുടെ കവിളിലേക്ക് നീര്‍ത്തുള്ളികള്‍ ഉരുണ്ടുവീഴുന്നു..


“നിനക്കറിയാമോ.. ഇവരുടെ ലോകത്ത് ഒരുപാട് നിറങ്ങളുണ്ട്.. ശബ്ദങ്ങളുണ്ട്.. നമ്മുടെ ലോകത്തേക്കാ ഒരുപാട് നല്ലതാ അത്.. ഒരിക്കല്‍ ഇവള്‍ എന്നോട് ആംഗ്യത്തില്‍ ചോദിക്കുവാ ‘എന്തിനാ അമ്മേ നിങ്ങളുടെ ആളുകള്‍ ഇങ്ങനെ തമ്മില്‍ തല്ലുന്നേ..കൊല്ലുന്നെ..ഞങ്ങടെ ലോകത്ത് ഇതൊന്നും ഇല്ലമ്മേ... അങ്ങോട്ട് പാം അമ്മേ എന്നൊക്കെ...”

എല്ലാം വെറുതെ കേട്ടിരുന്നു.............

“ദൈവം രണ്ടാളെ ഒന്നിച്ച് തന്നല്ലോ..പരസ്പരം കൂട്ടിന്... അതുമതി..... മിണ്ടാത്ത കുഞ്ഞിനെ മറ്റുകുട്ടികള്‍ കൂടെ കൂട്ടില്ലല്ലോ...”

ഞാന്‍ വെറുതെ താഴേക്ക് നോക്കി....

ഫ്ലാറ്റിലെ കുട്ടികള്‍ പാര്‍ക്കില്‍ കലപില കൂട്ടുന്നു.......

അനസൂയച്ചേച്ചിയുടെ മക്കള്‍ അത് നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്നു..തങ്ങളില്‍ എന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ട്..........................

“എന്നാലും ഞാന്‍ പ്രാര്‍ഥിക്കും..ഒരിക്കലെങ്കിലും ഒറ്റ പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ ഈ ഭൂമിയിലെ ശബ്ദം ഒന്നു കേട്ടെങ്കില്‍... കാറ്റിന്റേം മഴയുടേം, തോടിന്റേം കുയിലിന്റേം......”


പടവുകളിറങ്ങുമ്പോള്‍ ചേച്ചി ചോദിച്ചു....
“നിന്റെ വീടിന്റെ മുറ്റത്തെ ആ മാവ് ഇപ്പൊഴുമുണ്ടോ.. ഒന്നിക്കൊന്നിരാടം കായ്ക്കുന്ന ആ മാവ്.....എന്താരുന്നു അതിന്റെ പേര്...എന്തു മധുരമാ ആ മാങ്ങായ്ക്ക്...........!!!.”

“ഇല്ല ചേച്ചി.....ആ മാവ് അപ്പൂപ്പനെയും കൊണ്ടുപോയി..........അച്ഛന്‍ ഇടയ്ക്ക് പറയാറുണ്ട്..എന്റെ കൂടെ വരാന്‍ മാവൊന്നും ബാക്കിയില്ലല്ലൊ എന്ന്..“

ഫ്ലാറ്റിന്റെ തിണ്ണയില്‍ കുട്ടികള്‍ പരസ്പരം കൈയടിച്ച് കളിക്കുന്നു..

“സാ സിം സം
ലെഫ്റ്റ് അടിക്കെടീ
റൈറ്റ് അടിക്കെടീ
അപ്പ് അടിക്കെടീ
ഡൌണ്‍ അടിക്കെടീ
സാ സിം സം................”

“നമ്മുടെ കാലത്തൊന്നും ഈ കളിയില്ലാരുന്ന്..അല്ലേടാ.. ഇത് അക്കുത്തിക്കുത്തുപോലെ ഒന്നാ..പക്ഷേ ഈ കളിയില്‍ ആരും തോല്‍ക്കില്ല.... എനിക്കിഷ്ടം ഇപ്പൊഴത്തെ കുട്ടികളേയാ. ആരും തോല്‍ക്കാത്ത കളികള്‍“

പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല..

എന്റെ മനസില്‍ നിറയെ കണ്ണോരം കടവിലെ പൊന്നോണത്തുമ്പികള്‍ ആയിരുന്നു..



..