Monday 30 July 2007

അച്ചായാ അമേരിക്ക

'ഒ.കെ.എസ്‌ സ്പാന്‍ടെക്‌' എന്ന ആഗോള ബി.പി.ഒ കമ്പനിയിലെ തണുത്ത ക്യാബിനിരുന്ന് ക്രിസ്റ്റല്‍ റിപ്പോര്‍ട്ടുമായി മല്ലടിക്കുമ്പോഴാണു പ്യൂണ്‍ മുരുകേഷ്‌ എലിയെപ്പോലെ പമ്മി പമ്മി വന്ന് മെസേജ്‌ തന്നത്‌

"സര്‍ജീ....എം.ഡി ബുലാരെ...ആപ്കോ.. "

"എം.ഡി....?" ഇലവണ്‍ കെ.വി ഇലക്ട്രിസിറ്റി അടിതൊട്ടു മുടിവരെ പാഞ്ഞപോലെ.. അയ്യപ്പാ, ആരെയൊക്കെയോ ഫയര്‍ ചെയ്യുന്നുണ്ടെന്നും, 'ചേര്‍'ത്തലക്കാരെ പറഞ്ഞുവിട്ടിട്ട്‌ മികച്ച തലയുള്ളവരെ റിക്രൂട്ട്‌ ചെയ്യുമെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു. ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവത്തിനി രണ്ടു മാസം ബാക്കി. കൊച്ചിണ്റ്റെ ഇരുപത്തെട്ടുകെട്ടിനു അച്ഛന്‍ ഫയറുമായി വളിച്ച്‌ ചെല്ലേണ്ടിവരുമോ പരമശിവാ..

പരുങ്ങി, പതുങ്ങി എം.ഡി യുടെ മുറിയിലെത്തി.

ശ്വാസത്തെ യാതൊരു കാരണവശാലും പുറത്തു വിടരുതെന്ന് തീരുമാനിച്ച പോലെ മുറുക്കി കെട്ടിയ ടൈയുമായി ലാപ്‌ടോപിലെക്കു കണ്ണു പായിച്ച്‌, പണ്ട്‌ പിള്ളാരു സ്വര്‍ഗം കാണുന്നതിനുവേണ്ടി ചെയ്യുന്ന പോലെ ചൂണ്ടുവിരല്‍ നെറ്റിയില്‍ അറഞ്ഞുരച്ചു കൊണ്ട്‌ എസ്‌.കെ.ഖന്ന എന്ന ഭീമന്‍.. ആ തടിച്ച പുരികം കണ്ടപ്പോള്‍ തന്നെ ബ്രിജ്‌വിഹാര്‍ അയ്യപ്പനു അര്‍ച്ചന ഒരെണ്ണം ഒത്തു.

"സര്‍.....യു കാള്‍ഡ്‌ മീ.... ?

"യാ.... ഹാവ്‌ എ സീറ്റ്‌..... "
കണ്ണെടുക്കാതിരിക്കുകയാണു മുതലാളി.. എന്റെ മനസില്‍ പ്രസവം, പ്രസവാനന്തര ചടങ്ങുകള്‍, കൊച്ചിനു അരഞ്ഞാണം മുതലായ കാര്യങ്ങളുടെ വിലവിവരപ്പട്ടിക മിന്നിമായുകയാണു.

"മനൂ...ദെയര്‍ ഈസ്‌ എ ഹാപ്പി ന്യൂസ്‌ ഫോറ്‍ യു... " കണ്ണടയെടുത്ത്‌ തിരുമ്മിക്കൊണ്ടു കനത്ത വോയിസില്‍

"നാളെത്തൊട്ടു വരണ്ടാന്നാണോ ഭഗവാനേ...."ഞാന്‍ മനസില്‍ പറഞ്ഞു.

"സീ.. വീ ഗോട്ട്‌ എ ന്യൂ പ്രോജക്ട്‌ ഫ്ര്‍ം ദി സ്റ്റേറ്റ്‌സ്‌.....ഫിനാന്‍ഷ്യല്‍ ഡേറ്റാ അനാലിസിസ്‌...എ ലോംഗ്‌ ടേം വണ്‍.... "

ബാക്കി പറഞ്ഞത്‌ മുഴുവന്‍ ഞാന്‍ കേട്ടില്ല. വികാരം വിവേകത്തിനെ തൊഴിച്ചു മറിച്ചു കളഞ്ഞു. പുതിയ പ്രോജക്ടിനു ഒരാഴ്ചത്തെ ട്രയിനിംഗിനു എന്നെ വിടുന്നു...അതും മോണിക്ക ലെവനിസ്കിയുടെ സ്വന്തം നാട്ടിലേക്ക്‌... കൊക്കക്കോല കൊണ്ട്‌ മുഖം വരെ കഴുകുന്ന സ്വപ്ന സാമ്രാജ്യത്തിലേക്ക്‌.

എന്റെമ്മേ......ഇലക്ഷനു പക്കാ തോക്കുമെന്നുറച്ച സ്ഥാനാര്‍ഥി ജയിച്ച്‌ അനിയായികള്‍ അമ്മാനമാട്ടുമ്പോള്‍ അനുഭവിക്കുന്ന ഒരു പുള്ളിംഗ്‌ മനസില്‍..മുറിയില്‍ നിന്നിറങ്ങിയോടിയതും, ഓടിയ വഴിയില്‍ പേപ്പറും ഫയലുമായി സ്പീഡില്‍ വന്ന അക്കൌണ്ട്സിലെ ദാസ്‌ഗുപ്ത എന്ന അമ്പത്തഞ്ചുകാരനെ ഇടിച്ചു നെറ്റി മുഴപ്പിച്ചതും, ദാസ്‌ഗുപ്ത തനി ബംഗാളിയില്‍ 'മുടിഞ്ഞവനേ'യുടെ ട്രാന്‍സ്ളേഷണ്‍ നടത്തിയതും ഒന്നും ഞാനറിഞ്ഞില്ല....

സ്വപ്നത്തിലോ...ഞാന്‍ സ്വര്‍ഗത്തിലോ..

ഓടിക്കിതച്ചു വന്നു കസേരയിലിരുന്നു. കുറെ നാളായി മെയില്‍ ബന്ധം മുറിഞ്ഞു കിടന്നിരുന്ന കാര്‍ത്തികയുടെ വിലാസം തപ്പിയെടുത്ത്‌ 'പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍..കൊണ്ടു പോകരുതേ എന്നോര്‍മ്മയെ കൊണ്ടു പോകരുതേ' എന്ന മൂളിപ്പാട്ടും പാടി മെയില്‍ കമ്പോസ്‌ ചെയ്തു.

"എടീ കുതിരവാലി... നീ ജീവനോടെയുണ്ടെങ്കില്‍ മറുപടി അയക്കുക..നിന്റെ നാട്ടിലേക്ക്‌ ഒരു ഷോര്‍ട്ട്‌ വിസിറ്റിനു ഞാന്‍ വരുന്നു. നാടും ഡല്‍ഹിയുമല്ലാതെ ദുനിയാവിലെ വേറൊരിടവും കണ്ടിട്ടില്ലാത്ത എനിക്ക്‌ സത്യം പറഞ്ഞാല്‍ ഒരു വിറയല്‍ ഇല്ലാതില്ല.. അക്കരെ അക്കരെ അക്കരെ, ഏഴാം കടലിനക്കരെ എന്നീ സിനിമകളിലൂടെയും, പിന്നെ നിന്റെ മെയിലിലൂടെയും മാത്രമേ എനിക്ക്‌ അമേരിക്കയെ പരിചയമുള്ളൂ. മുന്‍കരുതലുകള്‍, വസ്ത്രങ്ങള്‍, ആഹാരക്രമങ്ങള്‍ ഇത്യാദി കാര്യങ്ങളെക്കുറിച്ച്‌ ഒന്നു പറഞ്ഞുതരിക.. മറുപടി അയച്ചില്ലെങ്കില്‍ നിണ്റ്റെ അഡ്രസ്‌ തപ്പിയെടുത്ത്‌ നിണ്റ്റെ പടിവാതില്‍ക്കല്‍ വന്ന് ഞാന്‍ പുകിലുണ്ടാക്കും..ജാഗ്രതെ... "

മെയില്‍ ഡ്രാഫ്റ്റ്‌ ചെയ്യുമ്പോള്‍ എണ്റ്റെ മനസ്‌ തൊണ്ണൂറ്റിരണ്ടിലെ പത്തനംതിട്ട കാതോലിക്കറ്റ്‌ കോളജ്‌ കാമ്പസില്‍ മേഞ്ഞു തുടങ്ങി.

ടോണി മാത്യൂ സാറു കണക്കു ക്ളാസില്‍ ഡിഫറെന്‍സിയേഷനും ഇണ്റ്റഗ്രേഷനും കസറിപ്പടിപ്പിക്കുമ്പോള്‍, ക്ളാസിണ്റ്റെ വലത്തെ പകുതിയിലെ രണ്ടാം ബെഞ്ചിലിരിക്കുന്ന കാര്‍ത്തികയുടെ, കാസ്ക്കേഡ്‌ മുടിയും കരിമഷിപ്പുരികവും തമ്മില്‍ ഡിഫെറെന്‍ഷ്യേറ്റു ചെയ്തും, വൈക്കം കായലില്‍ കല്ലുവീഴുമ്പോലെ വിരിഞ്ഞു വരുന്ന അവളുടെ നുണക്കുഴിയും എന്റെ സ്വപ്നങ്ങളും തമ്മില്‍ ഇന്റെഗ്രേറ്റു ചെയ്തും ഇരുന്നതും മാത്യൂ സാറിന്റെ ചോക്കുകൊണ്ടുള്ള ഏറുകൊണ്ട്‌ എണ്റ്റെ കവിളും മൂക്കും വെളുത്തതും ഒക്കെ ഫ്ലാഷി ഫ്ലാഷി വീണ്ടും ഫ്ലാഷി..

രണ്ടേ രണ്ടു ആസ്ഥാന സാഹിത്യകാരന്‍മാരെ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ ബാച്ചില്‍.

മൂന്നേ മൂന്നു കഥകള്‍ മാത്രം എഴുതിയതിണ്റ്റെ ക്രെഡിറ്റായി, 'അവശന്‍' എന്ന തിരുനാമം ചാര്‍ത്തപ്പെട്ട റെന്നി വര്‍ഗീസും പിന്നെ കവിതകള്‍ ഹോള്‍സെയിലായും റീടെയിലായും സപ്ളൈ ചെയ്തിരുന്ന ഞാനും.

അവശനാണെങ്കില്‍ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ കാരണം എഴുത്തില്‍ നിന്നു പാതി വിരമിച്ചു. കാരണം മറ്റൊന്നുമല്ല, സെക്കണ്റ്റ്‌ ഡി.സി.യില്‍ പടിക്കുന്ന ബിന്ദു സ്കറിയായോട്‌ പുള്ളിക്ക്‌, പണ്ട്‌ രമണനു ചന്ദ്രികയോട്‌ തോന്നിയ മാതിരി, മാംസനിബദ്ധമല്ലാത്ത ഒരു തനി വെജിറ്റേറിയന്‍ അട്രാക്ഷന്‍. പിന്നെന്താലോചിക്കാന്‍. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ 'കരിമ്പനപ്പട്ടയിലെ കാറ്റ്‌ ദൈവസാന്ദ്രമായി' എന്ന വാചകത്തിന്റെഇന്‍സ്പിറേഷനില്‍ 'ബിന്ദൂട്ടിയുടെ നിശ്വാസത്തിലെ കാറ്റ്‌ പള്ളിസാന്ദ്രമായി' എന്നൊരു കഥ കം കാതല്‍ ലേഖനം എഴുതി ഡയറക്റ്റ്‌ കൊടുത്തു.

'മറുപടി നെഗറ്റീവാണെങ്കിലും അധികം സമയം എടുക്കല്ലെ ബിക്കോസ്‌ സമയം വിലപ്പെട്ടതെല്ലെ, കുട്ടിയ്ക്കും അസ്‌ വെല്ലസ്‌ എനിക്കും' എന്ന ഓര്‍മ്മപ്പെടുത്തലോടെ. കീഴ്ത്താടിയില്‍ ഏഴുരോമമുള്ളത്‌ വടിച്ചുപോലും കളയാത്ത, കുന്നത്ത്‌ കുമ്പളവല്ലിപോലെ നില്‍ക്കുന്ന അവശനോട്‌ നേരിട്ട്‌ മറുപടിപറയാന്‍ ബിന്ദുവിനു നാണമായി എന്നതില്‍ എന്തത്ഭുതം. അതുകൊണ്ട്‌ മറുപടി പറയുക എന്ന ദൌത്യം അവള്‍ അവളുടെ കസിനും, കട്ടയാനും, കെ.എസ്‌.യുവിന്റെ ഭാവിവാഗ്ദാനവുമായ കെ.പി.ചെറിയാനെ ഏല്‍പ്പിച്ചു.

സര്‍വ്വമംഗലമംഗല്യയായ ഒരു തിങ്കളാഴ്ച കാലത്ത്‌, പത്തിനും പത്തരയ്ക്കുമിടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കാണ്റ്റീനിന്റെ തെക്കേമൂലയ്ക്ക്‌, നടത്തിപ്പിക്കുകാരന്‍ വര്‍ക്കിച്ചേട്ടന്‍ ബള്‍ബ്‌ മാലയിട്ട്‌ അലങ്കരിച്ച ഗീവര്‍ഗീസ്‌ പുണ്യളച്ചന്റെ ചിത്രം സാക്ഷിയായി, ചെറിയാന്‍ അവശന്റെ രണ്ടു കരണത്തും, മാറി മാറി മറുപടി കൊടുത്തു. ഇടി ഇന്‍വേഴസ്‌ലി പ്രൊപ്പ്രോഷണല്‍ ആയി മുടി തൊട്ട്‌ അടിവരെ ഇഞ്ച്‌ ബൈ ഇഞ്ച്‌ താഴവെ , ഭാഗ്യത്തിനു വര്‍ക്കിയച്ചായന്‍ ഓടി വന്നു. അല്ലെങ്കില്‍, അവശന്‍ ജീവിതകാലും മുഴുവന്‍ ക്രോണിക്‌ ബാച്ചിലര്‍ ആയി തുടരേണ്ടി വന്നേനെ..

അങ്ങനെ അവശന്റെ സാഹിത്യക്കൊതിക്കാറ്റ്‌ ശവസാന്ദ്രമായി..

ഹണ്‍ഡ്രഡ്‌ സീസി ബൈക്കും, റീബോക്ക്‌ ഷൂസും, വിവാള്‍ഡി പാണ്റ്റ്‌സും പ്രണയത്തിണ്റ്റെ മിനിമം റിക്വയര്‍മെണ്റ്റായിരുന്ന ആ കാലഘട്ടത്തില്‍, രണ്ടു മുണ്ടും രണ്ടുടുപ്പും മാത്രം സ്വന്തമായുള്ള എന്റെ പ്രണയമോഹങ്ങള്‍ അവശനേക്കാളൂം ഒരു പടി മുന്നിലെത്തും എന്നുറപ്പുള്ളതുകൊണ്ട്‌ ശേഷിച്ച കാലം ഒറ്റയ്ക്ക്‌ കഴിയാം എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു ഞാനും. പ്രണയത്തിണ്റ്റെ ടെസ്റ്റിംഗ്‌ ഗ്രൌണ്ടില്‍ ഒരുപാട്‌ പയറ്റിയ അവശന്‍ പറയാറുണ്ട്‌ "മുണ്ടുടുത്തവന്‍മാരെ ഇപ്പൊഴത്തെ പെമ്പിള്ളാര്‍ക്കു വേണ്ട പുള്ളെ. അറ്റ കൈയ്ക്ക്‌ പുല്ലു ചെത്തുന്ന ലില്ലിക്കുട്ടിയേയും ഞാനൊന്നും മുട്ടി.. അവള്‍ പറയുവാ അളിയാ 'നിന്നെ എന്തിനു കൊള്ളാമെന്ന്' "

സ്റ്റ്‌ഡിയൊഴിച്ച്‌ മറ്റെല്ലാം നടത്തിയ സ്റ്റ്‌ഡി ടൂറില്‍, മധുരയില്‍ വച്ച്‌ വാടകയ്ക്കെടുത്ത സൈക്കിളില്‍ മീനാക്ഷിദേവിയുടെ മഹാനുഗ്രഹം കൊണ്ട്‌, ഫ്രണ്ട്‌ ബാറിലിരുത്തി ചവിട്ടാന്‍, വസന്തകുമാരി എന്ന ശാലീനയായ തനിനാടന്‍ പെണ്ണിനെ കിട്ടിയതും, ഒന്നരക്കിലോമീറ്റര്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു ചവിട്ടവെ, അവളുടെ മൌനാനുവാദത്തോടെ, ഷാമ്പൂമണവും, മധുരയിലെ കുടമുല്ലപ്പൂമണവും മിക്സ്‌ ചെയ്ത വണ്ടര്‍ഫുള്‍ സ്വര്‍ഗീയസുഗന്ധം നിറഞ്ഞ മൂര്‍ദ്ധാവില്‍ ഒരു ചുമ്പനപ്പൂവ്‌ അര്‍പ്പിച്ചതും, മടക്കയാത്രയില്‍ കണ്ട കാര്‍ത്തികയുടെ കണ്ണിലെ മിസ്സിംഗ്‌ ഫാക്ടര്‍ ഒരുകുടന്ന മുല്ലപ്പൂമാല കൊടുത്ത്‌ സ്റ്റോംഗ്‌ ആക്കിയതും.. മധുരമീനാക്ഷീ മറക്കുവതെങ്ങനെ മമ മനം.....

ഓട്ടോഗ്രാഫിന്റെ പിങ്കു പേജില്‍ "എന്റെ അച്ഛനു പത്തേക്കറു റബ്ബര്‍ തോട്ടമുണ്ടായിരുന്നെങ്കില്‍ ഇതിണ്റ്റെ ആദ്യപേജില്‍ ഈ കൈയക്ഷരം പതിഞ്ഞേനെ കറുത്തമ്മേ" എന്ന വാചകം കണ്ട്‌ "നിണ്റ്റെ അക്ഷരങ്ങളുടെ ഈ പുള്ളിംഗ്‌ ഫാക്ടര്‍ ഒരു തോട്ടത്തിനും തരാന്‍ പറ്റില്ലെടാ" എന്നവള്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്‍തടത്തില്‍ പടര്‍ന്നു പന്തലിച്ച നനവില്‍, റോബര്‍ട്ട്‌ ബ്രൌണിംഗിന്റെ ' ദ ലാസ്റ്റ്‌ റൈഡ്‌ ടുഗതറി'ലെ വരികള്‍ ഞാന്‍ കണ്ടു..

വട്ടമുഖമുള്ള അനി വി ദേവിന്റെ ലാസ്യവിലാസഭാവം കൂടി ഓര്‍മ്മകൊണ്ട്‌ തോണ്ടിയെടുത്ത്‌ ഞാന്‍ സെണ്റ്റ്‌ ബട്ടണില്‍ പ്രെസ്‌ ചെയ്തു.. മെസ്സേജ്‌ സക്സസ്‌ഫുളി സെന്റെ.... ഭാഗ്യം ബൌണ്‍സായില്ല...അവളിത്‌ വായിച്ചേക്കും....

സന്തോഷം പെപ്സിപോലെ പതഞ്ഞു പൊങ്ങുന്നതുകൊണ്ട്‌ വരുന്ന വഴി അരക്കിലോ ഡ്രസ്‌ഡ്‌ കോഴിയും രണ്ടു തക്കാളിയും എക്സ്‌ട്രാ വാങ്ങി. കോഴിയെ അടുപ്പില്‍ കയറ്റി, ബാക്കിയിരുന്ന മക്‌ഡവനെ ഒരു ഗ്ളാസില്‍ അല്‍പം ലാര്‍ജായി പിടിപ്പിച്ച്‌ "ഹാ....." എന്ന വോയിസ്‌ അകമ്പടിയോടെ ചിറിതുടച്ചു. ഭൈമിയെ വിളിച്ച്‌ "ഇനിയെങ്കിലും നല്ലൊരു പാണ്റ്റ്‌സ്‌ വാങ്ങിയ്ക്ക്‌ മാഷേ" എന്ന ഉപദേശം കേട്ടു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ മൊബൈല്‍ ചിലച്ചു...

അണ്‍നോണ്‍ നമ്പര്‍..

"എടാ നീലാണ്ടാ................. ഞാനാ കാര്‍ത്തിക"

"നീലാണ്ടന്‍ അമ്മായിയപ്പന്‍ എന്നു ഞാന്‍ പറയുന്നില്ല ബിക്കോസ്‌ ഹീ ഈസ്‌ നോമോറ്‍... "

പണ്ട്‌ ക്ളാസില്‍ നിന്നിറങ്ങിവരുമ്പോള്‍ എണ്റ്റെ കഷ്ടകാലത്തിനു, മലയാറ്റൂരിണ്റ്റെ സര്‍വീസ്‌ സ്റ്റോറിക്കകത്തുനിന്നു ഒരു ഡബിള്‍ എക്സ്‌ കൊച്ചുപുസ്തകം തെന്നി വീണതും, എപ്പോഴും രാമച്ചത്തിണ്റ്റെ മണം മുടിയില്‍ വഹിക്കുന്ന ലേഖാ നായര്‍ അതെടുത്തതും, അവളെ കാണുമ്പോഴൊക്കെ 'രാമച്ചത്തിണ്റ്റെ മണവും കയ്പ്പയ്ക്കയുടെ മനസും ഒത്തിണങ്ങിയ പ്രകൃതിയുടെ കമര്‍പ്പ്‌' എന്നു കളിയാക്കുന്നതിണ്റ്റെ പ്രതികാരമായി ന്യൂസ്‌ ഫ്ലാഷ്‌ ചെയ്തതും, സഹപാടികള്‍ക്ക്‌ ഇരട്ടപ്പേരിടുക എന്നത്‌ ക്രിയേറ്റീവ്‌ ഹോബിയാക്കിയ തോമസ്‌ മാത്യു എനിക്ക്‌ നീലന്‍ എന്ന പേരിട്ടതും കാലക്രമേണ അത്‌ നീലാണ്ടനായതും... എങ്ങനെ ഞാന്‍ മറക്കും കുയിലേ......

"നിന്റെ വോയ്സിനിപ്പൊഴും ആ പഴയ ഇലഞ്ഞിപ്പൂവിന്റെ പ്രസരിപ്പുണ്ടല്ലോ മാഡം.. ഞാന്‍ മിക്കവാറും മൂന്നു ആഴ്ചയ്ക്കകം തിരിക്കും. നിണ്റ്റെ ചില അഡ്‌വൈസുകള്‍... അവിടെ വന്നാല്‍ അടികിട്ടാതിരിക്കാനുള്ള മിനിമം സേഫ്റ്റി മെഷേഴ്സ്‌ തുടങ്ങിയ കാര്യങ്ങള്‍ ഒന്നെഴുതി അറിയിക്കണേ.. "

"നിനക്ക്‌ അടികിട്ടാതിരിക്കന്‍ ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ... നീ ആ തിരുവാ തുറക്കാതിരിക്കുക. ആ പഴയ നീലത്തരം ഇന്നു തന്നെ മടക്കിവക്കുക...മുട്ടിനു താഴെ പ്ളെയിനായ പെണ്ണുങ്ങളെ കണ്ടാല്‍ 'മര്‍ക്കടസ്യ സുരാപാനം മധ്യേ വൃശ്ചിക ദംശനം' മാതിരിയുള്ള നിന്റെ ഇളക്കം ഒട്ടും എടുക്കാതിരിക്കുക... " (കള്ളുകുടിച്ച കുരങ്ങിണ്റ്റെ ചന്തിക്കൊരു തേളുകുത്തിയാല്‍ എന്ന അര്‍ഥമുള്ള ഈ ശ്ളോകം പണ്ട്‌ ശൃംഗാരത്തിണ്റ്റെ 'സെണ്റ്റ്രിഫോഗല്‍' ഫോഴ്സ്‌ കലശലായി കൂടുതലുള്ള ഫിസിക്സിലെ പഞ്ചാര കുര്യന്‍ സാര്‍ അഞ്ചുപെണ്‍കുട്ടികള്‍ക്കൊരുമിച്ച്‌ ലോഗരിതം ടേബിള്‍ ഉപയോഗിക്കാനുള്ള എളുപ്പ മാര്‍ഗം പറഞ്ഞു കൊടുക്കുന്നതു കണ്ടപ്പോള്‍, ലാബില്‍ തൊട്ടടുത്ത്‌ നിന്ന കാര്‍ത്തികയുടെ ചെവിയില്‍ ഞാനോതിയത്‌ അവള്‍ ഇപ്പൊഴും മറന്നിട്ടുണ്ടാവില്ല)

"അതൊക്കെ എന്നേ മടക്കി മാഷെ..ഡീസന്‍സിയുടെ ഡ്രൈവിംഗ്‌ സീറ്റിലാ ഞാനിപ്പോള്‍. അതുപോട്ടെ..എവിടെ നിന്റെ സര്‍ജന്‍ ഹസ്‌ബുള്ള എന്ന ഹതഭാഗ്യന്‍.. നിണ്റ്റെ കൂടെ പൊറുത്ത്‌ മന്ദമുദ്ധിയൊന്നും ആയിട്ടില്ലല്ലോ അല്ലെ?.. "

"എടാ നീര്‍ക്കോലി..തോന്ന്യാസം നിന്റെ കെട്ട്യോടടുത്ത്‌ എടുത്താല്‍ മതി.. വരുന്ന ഡേറ്റും ഡീറ്റെയില്‍സും അറിയിക്ക്‌....ഞാന്‍ നിര്‍ത്തുന്നു.. ബൈ.. "

എല്ലാം വളരെ പെട്ടെന്നായിരുന്നു. എംബസിയിലെ ഏമ്പോക്കികളുടെ മുന്നിലെ നില്‍പ്പും, വിസ ഫോര്‍മാലിറ്റികളും ഒരാഴ്ചക്കുള്ളില്‍ കഴിഞ്ഞു. യാത്ര പ്രമാണിച്ച്‌ ഭൈമിയുടെ ഉപദേശപ്രകാരം രണ്ടു പാണ്റ്റ്‌സും പളപ്പന്‍ രണ്ട്‌ ഷര്‍ട്ടും എടുത്തു. തണുപ്പു കണ്ട്രോളബിള്‍ എന്ന് കാര്‍ത്തികയുടെ ഉപദേശം ഉണ്ടായിട്ടും രണ്ടു സ്വെറ്ററും വാങ്ങി. ഇനി കഷ്ടകാലത്തിനവിടെ മഞ്ഞുവീണാല്‍ ഉറഞ്ഞു പോകരുതല്ലോ.

ആകെപ്പാടെ മനസിലാകുന്ന അമേരിക്കന്‍ ആക്സന്‍റ്റ്‌ ചാണക്യ തിയേറ്ററില്‍ വച്ചു കേട്ടിട്ടുള്ള ഹോളിവുഡ്‌ സിനിമകളിലെ പെണ്‍കൊച്ചുങ്ങളുടെ ഞരക്കം മാത്രമാണു എന്ന നഗ്നസത്യം എണ്റ്റെ ഉറക്കം അപഹരിച്ചു കൊണ്ടിരുന്ന ഒരു പതിനൊന്നാം മണിക്കാണു കോന്നി താഴത്തെ പെര്‍മനണ്റ്റ്‌ ഹീറോയായും എണ്റ്റെ അയല്‍വാസിയും, സകലമാന പോക്രിത്തരങ്ങളും ജനിച്ചപ്പൊഴേ കൂടെ കൊണ്ടുവന്നവനുമായ ശവുമേലച്ചായന്‍ എന്ന ആറന്‍മുളയത്തെ സാമുവല്‍ കുഞ്ഞാടിണ്റ്റെ ശബ്ദവീചികള്‍ ഫോണിലൊഴുകിവന്നത്‌..

"എടാ കൊച്ചനെ ഞാന്‍ ശവുമേലാ...മനസിലായോടാ എന്നെ...

"കൊള്ളാം...അച്ചായനെ അങ്ങനങ്ങു മറക്കാനോ..

ഷാപ്പിലെ കറിവിളമ്പുകാരി ഈശ്വരിച്ചേച്ചിയുടെ കൂടെ ഇമ്മോറല്‍ ട്രാഫിക്‌ ജംഗ്ഷനില്‍ വച്ച്‌ നാട്ടുകാര്‍ കൈയോടെ പൊക്കിയപ്പോള്‍ , കള്ളുകുപ്പി കൊണ്ട്‌ അത്യാവശ്യ നഗ്നത മറച്ചു നിന്ന അച്ചായനെ....

"ഞാനിപ്പോള്‍ ചാവും, ഇങ്ങേരടെകൂടെനിക്ക്‌ പൊറുക്കേണ്ടാ" എന്ന് പറഞ്ഞു കിണറ്റിലേക്കു ചാടാനൊരുങ്ങിയ സത്യക്രിസ്ത്യാനിയായ ഭാര്യ അന്നമ്മച്ചേട്ടത്തിയോട്‌ "അന്നക്കുട്ടീ, നീ ചാടിയാല്‍ പുറകെ ഞാനും ചാടും, നിന്നെ ഒരു കരയ്ക്കടിപ്പിക്കും" എന്ന ഡയലോഗ്‌ കാച്ചി 'എന്തായാലും ഈ കാലമാടന്‍ എന്നെ രക്ഷിക്കും, പിന്നെന്തിനു കുറെ വെള്ളം കുടിച്ചു വയറു വീര്‍പ്പിക്കണം' എന്ന് വിചാരിച്ചു ആ പ്രോഗ്രാം കാന്‍സല്‍ ചെയ്യിപ്പിച്ച അച്ചായനെ...

റാസയ്ക്കിടയില്‍ പരിശുദ്ധ കന്യകമാരെ തൊട്ടശുദ്ധമാക്കാതിരിക്കട്ടെ എന്ന സദുദ്ദേശത്തോടെ 'ശവുമേലേ ഒന്നു മാറിനില്‍ക്കു മോനെ" എന്ന് കത്തനാരച്ചന്‍ പറഞ്ഞപ്പോള്‍, അടുത്ത ഷോട്ടില്‍ അച്ചന്റെ താടിയില്‍ നിന്ന് ഒരുപിടി രോമങ്ങള്‍ സ്വന്തം കൈക്കുമ്പിളിലാക്കി അച്ചനെ പൂഴിമണ്ണിലേക്ക്‌ ഡൈവ്‌ ചെയ്യിച്ച അച്ചായനെ...

ചന്ദനപ്പള്ളി പെരുന്നാളു കൂടി വരുന്ന വഴിയില്‍, 'കോഴഞ്ചേരിക്കിവിടുന്നു വണ്ടികിട്ടുമോ ചേട്ടായി' എന്ന് ചോദിച്ച അജ്ഞാത മധ്യവയസ്കയോട്‌ "കാറ്റു കുറവാ എന്നാലും സൈക്കിളിലോട്ടു കയറിക്കാട്ടെ" എന്ന് മാനുഷികപരിഗണനവച്ച്‌ കാച്ചിയ ഡയലോഗ്‌ കാരണം പോലീസുകാരു ആദ്യം സൈക്കിളിന്റെ വാള്‍വ്‌ ട്യൂബും, പിന്നെ വാരിയെല്ലിന്റെ വളഞ്ഞ ട്യൂബും ഊരിയ അച്ചായനെ...

കര്‍ത്താവെ ഡിമന്‍ഷ്യാ ബാധിച്ചാലും മറക്കാന്‍ പറ്റുമോ എണ്റ്റെ അച്ചായാ....

"എടാ മോനെ.. നീ അമേരിക്കയ്ക്ക്‌ പോകുന്നൂന്നു കേട്ടു.. എന്റെ ജസ്സിമോളവിടല്ലിയോ.. എന്റെ വിസിറ്റിംഗ്‌ വിസയൊക്കെ ശരിയായി വരുന്നു...ഭാഗ്യമുണ്ടെങ്കില്‍ നമുക്കവിടെവച്ച്‌ കാണാം... ദൈവം തമ്പുരാന്‍ പിന്നെയും ഭാഗ്യം തന്നാല്‍ നമുക്കൊരുമിച്ചു പോകാം.... "

ജസ്സി ജൈസേ കോയി നഹിം...അതായിരുന്നു കോന്നി താഴത്തെ സ്ളോഗന്‍.. ചിരിക്കുമ്പോള്‍ സുമലതയെപ്പോലെയും ചിരിക്കാത്തപ്പോള്‍ സുഹാസിനിയെപ്പോലെയും ഇരിക്കുന്ന വെള്ളരിപ്രാവ്‌.

മലക്കറിയുടെ കോന്നിയിലെ ഹോള്‍സെയിലറായിരുന്ന ദിവാകരന്‍ ചേട്ടന്റെ മൂത്തമകന്‍ അരവിന്ദന്‍, അച്ചന്‍കോവിലാറിന്റെ അങ്ങേക്കരയില്‍ നിന്നും, ഇങ്ങേക്കരയില്‍ നീരാടിനില്‍ക്കുന്ന ജെസിയുടെ അടുത്തേക്ക്‌ മണ്ണുമാന്തിക്കപ്പല്‍ പോലെ മുങ്ങാംകുഴ്യിട്ടു വന്ന് എന്നും പറഞ്ഞിരുന്നു "നമുക്ക്‌ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുമാറ്റി ഒന്നാകണം.. കോന്നിക്കര മുഴുവന്‍ ഞെട്ടണം..... '

ഒരിക്കല്‍ ഈ ഡയലോഗ്‌, നനച്ചിട്ട കൌപീനം ഉണങ്ങിയോ എന്നു ഫിംഗര്‍ ടെസ്റ്റ്‌ ചെയ്തു നോക്കുന്നതിനിടയില്‍ ചക്കാലേത്തെ ഉണ്ണൂണ്ണിയച്ചായന്‍ ഞെട്ടലോടെ കേട്ടു. ഒരുദിവസം മിനിമം ഒരു പരോപകാരമെങ്കിലും ചെയ്തില്ലെങ്കില്‍ വല്ലാത്തൊരു ശൂന്യതാബോധം ഫീല്‍ ചെയ്തിരുന്ന ഉണ്ണൂണ്ണിയച്ചായന്‍ അന്നുച്ചയ്ക്ക്‌, ഉരുളന്‍കിഴങ്ങു തൂക്കിവാങ്ങുമ്പോള്‍ ദിവാകര്‍ജിയുടെ ചെവിയില്‍ പറഞ്ഞു.
"മോനെ ഒന്നു സൂക്ഷിച്ചോണേ ദിവാകരാ..അവന്‍ മുങ്ങാംകുഴിയിട്ടിട്ട്‌ ശവുമേലിന്റെ തോണിക്കടിയില്‍ മാന്താന്‍ തുടങ്ങിയിട്ടുണ്ട്‌.. എരിവല്‍പ്പം കൂട്ടാന്‍ വേണ്ടി ഒരു കല്‍പ്പിത സീന്‍ കൂടി കൂട്ടിച്ചേര്‍ത്തു "ആ പെണ്ണാണെന്നു കരുതി ഇന്നവന്‍ എന്റെ കാലേലാ പിടിച്ചു വലിച്ചത്‌.. കര്‍ത്താവിന്റെ കാരുണ്യം കൊണ്ട്‌ ചുണ്ണാമ്പുവള്ളിയില്‍ പിടികിട്ടി..അല്ലെങ്കില്‍ ഇന്നെന്റെ ചാക്കാലയാര്‍ന്നേനെ.. "

ദിവാകരന്‍ജി മകനെ വിളിച്ചു പറഞ്ഞു "മതത്തിന്റെ വേലിക്കെട്ട്‌ മോന്‍ പൊളിച്ചോ, പക്ഷേ അതിനു മുമ്പ്‌ നിന്റെ മണ്ടയുടെ കെട്ട്‌ ഞാന്‍ വേലിപ്പത്തലുവച്ച്‌ പൊളിക്കും".

"മതങ്ങള്‍ ജയിക്കട്ടെ ജെസ്സി, നമുക്ക്‌ ഒരുമിച്ച്‌ രമിക്കാന്‍ പറ്റാത്തതുകൊണ്ട്‌ ഒരുമിച്ച്‌ മരിക്കാം" എന്ന അരവിന്ദന്റെ സജഷനു യെസ്‌ മൂളി പിറ്റേ ആഴ്ച ജസ്സി ബോംബെയ്ക്കും അതുവഴി കാലക്രമേണ അമേരിയ്ക്കക്കും പറന്നു..


ഏതായാലും ഞങ്ങളുടെ "കുണ്ടോമണ്‍" കുളിക്കടവില്‍ ആദ്യമായി മേഡ്‌ ഇന്‍ അമേരിക്ക സോപ്പ്‌ മണം പടര്‍ത്തിയത്‌ ജെസ്സിയായിരുന്നു.. മധുരപ്രതികാരമെന്നോണം, അവധിക്കു വരുമ്പോഴെല്ലാം, ദിവാകരന്‍ജിയുടെ മലക്കറിക്കടയില്‍ ചെന്ന് 'പുഴുകുത്താത്ത ലേഡീസ്‌ ഫിംഗര്‍ ഉണ്ടോ മൊതലാളീ' എന്ന് ചോദിക്കാനും മറന്നില്ല..

അച്ചായന്‍, കാര്‍ത്തിക, ജെസ്സി, ട്രെയിനിംഗ്‌, ബാല്യകൌമാര ഗൃഹാതുരത്വം... ഒരു മെമൊറബിള്‍ ട്രിപ്പിനുള്ള ഫുള്‍സ്കോപ്പ്‌ എണ്റ്റെ മനസിണ്റ്റെ ഫുള്‍സ്കാപ്പ്‌ പേജില്‍ നിറഞ്ഞു..ഞാന്‍ ഉറക്കത്തെ വാരിപ്പുണരാന്‍ ശ്രമിച്ചു....

Monday 23 July 2007

ബീരാനേ...എന്നോടീ ചതി വേണ്ടാരുന്നു..

"ഇന്നു വൈകിട്ട്‌ നിനക്കൊരു ബിഗ്‌ സര്‍പ്രൈസ്‌ ഉണ്ടാക്കി ഞാന്‍ ഒരു സാധനം കൊണ്ടുവരും.. കണ്ടോ..നീ ശരിക്കും ഞെട്ടും... "

ഭൈമിയുടെ സ്വന്തം കൈയാല്‍ നിര്‍മ്മിതമായ സോഫ്ട്‌ ദോശ, നല്ല എരിവുള്ള തേങ്ങാ ചമ്മന്തിയില്‍ മുക്കി രുചിച്ച്‌, നാക്കിലെ എരിവിലൂടെ അല്‍പം ചൂടുചായകൂടി ഇറക്കി, അവളുടെ സ്നേഹവും, എരിവുള്ള രുചിയും ഒക്കെ കൂടിക്കുഴഞ്ഞ ഒരു വണ്ടര്‍ഫുള്‍ തണുത്ത പ്രഭാതത്തില്‍ , ഞാന്‍ പറഞ്ഞു..

"സത്യം?..........." ഒരു ദോശകൂടി പ്ളേറ്റിലേക്കിട്ട്‌ അവള്‍ കണ്ണുവിടര്‍ത്തി...
"എന്താ മാഷേ...പ്ളീ........സ്‌ .. പറ..എന്നെ ഇങ്ങനെ ആകാംഷ മേനോനാക്കാതെ.... "

"അതു നീ വൈകിട്ട്‌... കാണുമ്പോള്‍ അറിഞ്ഞാല്‍ മതി...വേണമെങ്കില്‍ ഒരു ക്ളൂ തരാം...." ഒരു കവിള്‍ ചായ കൂടി മൊത്തി ഞാന്‍ പറഞ്ഞു "ഞാന്‍ സ്വന്തമാക്കണമെന്ന് നീ ആത്മാര്‍ത്ഥമായിട്ടാഗ്രഹിക്കുന്ന, എന്നാല്‍ ഒരിക്കലും ഞാന്‍ സ്വന്തമാക്കില്ല എന്നു നിനക്കുറപ്പുള്ള ഒരു കാര്യം....." ഭാര്യയെ വൈകുന്നേരം വരെ ചിന്തിപ്പിച്ചിരുത്താനുള്ള ഒരു തന്ത്രം ഞാന്‍ ഒന്നു പരീക്ഷിച്ചു...

"ഓ............. പിടികിട്ടി..." അവളുടെ കണ്ണു വിടര്‍ന്നു "അണ്ടര്‍വെയര്‍................. "

ജഗതിശ്രീകുമാറിന്റെ താളവട്ടം ചളുങ്ങല്‍ ഭാവം ഞാനറിയാതെ എണ്റ്റെ മുഖത്തു വന്നു......"ഛെ........ "

"അല്ല മാഷെ.... മാസങ്ങളായി മാഷൊരെണ്ണം സ്വന്തമാക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും നമുക്കൊരു കുഞ്ഞുപിറന്ന് അതിന്റെ കല്യാണമായാലും അതേലൊരെണ്ണം സ്വന്തമാക്കില്ല എന്നെനിക്കുറപ്പുള്ള വേറെ എന്തു സര്‍പ്രൈസാ ഉള്ളത്‌?.. മാഷിന്റെ ആകെയുള്ള രണ്ടു ബികിനിയാണെങ്കില്‍ അതിന്റെ പ്രൈമറി ഡ്യൂട്ടിപോലും ചെയ്യാനാവാതെ 'നോട്ട്‌ ഒണ്‍ലി ഹോള്‍സ്‌ ബട്ട്‌ ആള്‍സോ ഹോള്‍സ്‌' എന്ന മട്ടില്‍ വിലപിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി............. "

കാലത്തുതന്നെ വടികൊടുത്ത്‌ അടി വാങ്ങേണ്ട കാര്യമുണ്ടായിരുന്നോ എനിക്ക്‌.... എന്തു ചെയ്യാം... ഞാന്‍ അങ്ങനെയായിപ്പോയി... ഒന്നും അധികനേരം മനസില്‍ വക്കാന്‍ പറ്റില്ല...പെണ്ണുകെട്ടിയതിനു ശേഷം തീരെയും..

"എടീ ഒരുമാതിരി ഓമമരത്തില്‍ ഊഞ്ഞാലു കെട്ടല്ലെ....നിന്റെ നാവിനിത്തിരി നീളം കൂടുന്നുണ്ടീയിടെ...... അതൊന്നും അല്ല "

"എന്നാല്‍ ഒരു ക്ളൂ കൂടി താ മാഷെ..പ്ളീ... സ്‌"

"ലാസ്റ്റ്‌ ക്ളൂ.. നമ്മള്‍ തമ്മിലുള്ള അകലം ഇനിയും ഒരുപാടില്ലാതാക്കുന്ന സാധനം..... " ഞാന്‍ പറഞ്ഞു

"ഉം........." അവള്‍ വീണ്ടും ആലോചിക്കാന്‍ തുടങ്ങി.... "ചപ്പാത്തിപ്പലകയ്ക്കു പകരം ഒരു ചപ്പാത്തി മേക്കര്‍?....... ഞാന്‍ ചപ്പാത്തി പരത്തുമ്പോള്‍ മാഷ്‌ അകലത്തല്ലേ നില്‍ക്കൂ...അന്ന് ഒരു ഏറു കിട്ടിയതില്‍ പിന്നീട്‌ പ്രത്യേകിച്ചും..... "

"ഒലക്കേടെ മൂട്‌...." മൂഡോഫായി ഞാന്‍ മറുപടി പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി...

"അയ്യോ അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്‌... പണയത്തിലിക്കുന്ന എന്റെ ഉലക്കപ്പൂണു മോഡല്‍ വള തിരികെ എടുത്തുതരാം എന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ നാളായല്ലോ. എനി ഹോപ്‌.... ?'

നല്ലോരു പ്രഭാതം അണ്ടര്‍വെയറില്‍ തുടങ്ങി പണയപ്പലിശവരെ എത്തി നരച്ചുപോയതില്‍ നിരാശപ്പെട്ട്‌ ഞാന്‍ പടിയിറങ്ങി...

ഓഫീസിലെത്തി ക്യാബിലിനിരിക്കുമ്പോള്‍ ഇന്നത്തെ അജന്‍ഡയിലെ ചെറിയ മാറ്റത്തെക്കുറിച്ച്‌ ഞാനൊന്നാലോചിച്ചു.

സാധാരണ സ്ഥിരം അജന്‍ഡയാണുള്ളത്‌.

- ഒമ്പതുമണിക്ക്‌ ചെന്നാലുടന്‍ ഡേറ്റാ ബാക്കപ്പ്‌. രണ്ടു പിള്ളേരെയും നോക്കി, വീട്ടുജോലിയും ചെയ്ത്‌, ഓഫീസിലെ പണിമുഴുവനും ചെയ്ത്‌, ഇതൊന്നും പോരാഞ്ഞ്‌, തടിമാടനായ ഭര്‍ത്താവിനു മാസാമാസം ഓരോ പുതിയ ജോലികൂടി കണ്ടെത്തിക്കൊടുക്കുക എന്ന ഭാരിച്ച ദൌത്യവും കൂടി പേറി ഭാരം കൂടിപ്പോയ മിനി ഡേവിസ്‌ എന്ന ഹെവി വെയ്റ്റ്‌ മുപ്പത്തെട്ടുകാരിയുടെ പരിദേവനം കേള്‍ക്കല്‍,

-'ഇന്നും ബസില്‍ വച്ച്‌ ഒരു പെണ്ണു പറഞ്ഞു മാഡത്തിനു പത്താംക്ളാസില്‍ പടിക്കുന്ന ഒരു കുട്ടിയുണ്ടെന്ന് എനിക്കിപ്പൊഴും വിശ്വസിക്കാന്‍ വയ്യ സത്യം' എന്ന് ചുളുങ്ങാന്‍ ഇനി മുടിപോലും ബാക്കിയില്ലാത്ത നീലം മദന്‍ എന്ന കിഴവിക്കോതയുടെ സെല്‍ഫ്‌ പ്രെയിസിംഗ്‌ സഹിക്കല്‍,

-നാല്‍പ്പത്തിയഞ്ചാം വയസില്‍, ഭാര്യയും രണ്ടു കുട്ടികളും അതിലുപരി ആസ്ത്‌മയും സ്വന്തമായുള്ള ഒരു പാവം അമ്മാവനെ 'എന്‍പ്രാണനായകനെ എന്തു വിളിക്കും..നാലാളു കേള്‍ക്കെ ഞാനെന്തുവിളിക്കും' എന്ന പാട്ടോ മറ്റോ പാടി അടിച്ചു മാറ്റിയ ഉഷാ ശര്‍മ്മ എന്ന ഉല്‍പ്പലാക്ഷിത്തള്ളയുടെ വീരവാദം കേള്‍ക്കല്‍;

-'ആജ്‌ മേരേ കോ രാത്‌ തക്‌ ബൈട്‌നാ ഹൈ....യെ സാരാ പേപ്പര്‍ ക്ളിയര്‍ കര്‍നാ ഹൈ' എന്ന് പറഞ്ഞു അര്‍ദ്ധരാത്രി വരെ ഇരുന്നിട്ടു, രാവിലെ വന്ന് ദേശീ ബാബാ , ദേശീ പാപാ, ദേശീ മാമാ, ഷക്കീല ഫോറ്‍ യു ഇത്യാദി ഡോട്ട്‌ കോമുകളെ ഹിസ്റ്ററിലിസ്റ്റില്‍ നിന്ന് തുടച്ചു നീക്കാന്‍ പാടുപെടുന്ന വി.കെ.ശര്‍മ്മ എന്ന പടു അമ്മാവന്റെ ലീലാവിലാസങ്ങള്‍ കാണല്‍..

-കോണിപ്പടിയുടെ താഴെവച്ച്‌ ടൈപ്പിസ്റ്റ്‌ മല്ലികയെ ആര്‍ത്തികൊണ്ട്‌ രണ്ടാമതൊരുമ്മകൂടി കൊടുക്കാന്‍ ശ്രമിച്ച സജി സെബാസ്റ്റ്യന്റെ , 'അളിയാ ഒരുതെറ്റ്‌ ആര്‍ക്കും പറ്റും..നീ ആരോടുമിതു പറഞ്ഞു കൊളമാക്കല്ലെ ' എന്ന റിക്വസ്റ്റിനു 'ഇനി ഇങ്ങനെ ഉമ്മ വാങ്ങുമ്പോള്‍ അടിയില്‍ ഒരു കാര്‍ബണ്‍ കോപ്പികൂടി വച്ചിട്ട്‌ വാങ്ങു കുട്ടീ. ചുമ്മാ അവനെ കൊണ്ട്‌ ബാര്‍ ബാര്‍ ടൈപ്പ്‌ ചെയ്യിപ്പിക്കാതെ എന്ന് ഞാന്‍ മല്ലികയോട്‌ അഡ്‌വൈസ്‌ ചെയ്യാം' എന്ന മറുപടി കൊടുക്കുക...

-പിന്നെ 'എല്ലാ ജോലിയും നീ ഭംഗിയായി ചെയ്തു അല്ലെ..എന്നാലും കിടക്കട്ടെ ഒരു ഇഡിയറ്റ്‌ വിളി' എന്ന മനോഭാവം വച്ചു പുലര്‍ത്തുന്ന മന്ദാകിനി വര്‍മ്മ എന്ന മന്ദബുദ്ധി ഡാകിനിയമ്മയുടെ കൂടെ എട്ടുമണിക്കൂറ്‍ അബ്യൂസ്‌ കോഴ്സ്‌...

എന്തിനധികം പറയുന്നു, പണ്ട്‌ വി.കെ.എന്‍ താലൂക്കാഫീസില്‍ ചെന്നപ്പോള്‍ 'ഇവിടൊരു തൂപ്പു ജോലി കിട്ടിയാ ഞാന്‍ ഖുശി' എന്ന പറഞ്ഞ ഡയലോഗ്‌ പലവട്ടം ഓര്‍ത്തുപോകും...

ഞാന്‍ ഇന്നത്തെ അജണ്ടയിലെ ചില്ലറമാറ്റത്തെക്കുറിച്ചോറ്‍ത്തു. ലഞ്ച്‌ ബ്രേക്കില്‍, നെഹ്രു പ്ളേസിലെ ഹേംകുണ്ട്‌ ടവറ്‍ എന്ന സ്കൈ സ്ക്രാപ്പറില്‍ ചെല്ലുന്നു. ബീരാനെ കാണുന്നു. അവന്റെ കൈയില്‍ നിന്നും എന്റെ സ്വപ്നത്തിലെ ആ വസ്തു സ്വന്തമാക്കുന്നു. അതും കൈയില്‍ പിടിച്ച്‌ തിരക്കേറിയ ഫുട്‌പാത്തിലൂടെ തലയുയര്‍ത്തി നടക്കുന്നു...

മനസില്‍ വിളിച്ചു പറയുന്നു....."ഹലോ വേള്‍ഡ്‌............ ഐ ടൂ ബികം മൊബൈല്‍....ഹലോ ടെക്നോളജി...റിംഗ്‌ ടു മീ..... ഐ വാണാ ഹിയര്‍ യൂ....ആന്‍ഡ്‌ ഐ ആം നൌ റെഡി ടു ഹിയര്‍ യൂ......"

വൈകിട്ട്‌ ഭാര്യയെ കൈകളിയുയര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെട്ടിട്ടാണെങ്കിലും കൂടി, അവളോടും പറയുന്നു "ഹണീ....യുവര്‍ ഹബ്ബീ ടൂ ഈസ്‌ മൊബൈല്‍ നൌ... വെയറെവര്‍ യൂ ഗോ...മൈ നെഞ്ഞിടിപ്പ്‌ വില്‍ ഫോളോ യൂ.... "

ഉച്ചയായി...

ഹേംകുണ്ട്‌ ടൌവറിലെ പന്ത്രണ്ടാം നിലയിലെത്തി.

തേങ്ങാപ്പൂളുപോലെ ചിരിച്ചുകൊണ്ട്‌ ബീരാന്‍ മുന്നില്‍ വന്നു

"അണ്ണന്‍ വന്നിട്ടൊത്തിരിനേരമായോ...? ദാ ഇതാണു സാധനം...നല്ല ബെസ്റ്റ്‌ പീസ്‌... ഒരു രണ്ടുകൊല്ലം പഴക്കമേയുള്ളൂ...പക്ഷേ പറപ്പന്‍ പെര്‍ഫോര്‍മന്‍സ്‌.. "

ബീരാന്‍ പോക്കറ്റില്‍ നിന്നും ഉലക്ക പോലൊരു മൊബൈല്‍ ഫോണ്‍ കൈയിലെടുത്തുകൊണ്ട്‌ പറഞ്ഞു..

"ഇതെന്താ ബീരാനെ ....ഒരുമാതിരി പട്ടിയെ എറിയാന്‍ പറ്റിയ കൊഴിപോലെ... ഇതും കൊണ്ട്‌ ഞാനെങ്ങനെ നടക്കും?"

"അണ്ണാ ഇത്‌ മോട്ടൊറോള ഇക്കാവന്‍ ദസാ.... എന്നാ ഞെരിപ്പന്‍ മോഡലാണെന്നറിയാമോ...എനിക്ക്‌ കളയാന്‍ മനസുണ്ടായിട്ടല്ല... എന്റെ ഇക്ക ദുബായില്‍ നിന്ന് പുതിയ ഒരെണ്ണം ഇന്നലെ കൊണ്ടു തന്നു...അതുകൊണ്ട്‌ മാത്രം ഇത്‌ അണ്ണനു തരുന്നു.... കാശ്‌ പതിയെ തന്നാല്‍ മതി.... എന്റെ കണക്ഷനും കൂടി എടുത്തോ...ഞാന്‍ എയര്‍ടെല്ലിണ്റ്റെ പുതിയതെടുത്തു............. "

പതിനെട്ടുകാരിയെ പെണ്ണുകാണാന്‍ ചെന്നിട്ടു അറുപതുകാരി ചായകൊണ്ടു വന്നപോലെ ഞാനൊന്നു പരുങ്ങി.. ഇത്‌ കാണുമ്പോള്‍ ഭാര്യ പറയുന്ന ആദ്യ ഡയലോഗ്‌ ഇതാവും "തലയിണക്കടിയില്‍ വച്ചു കിടന്നോ മാഷേ..കള്ളന്‍മാരു വന്നാല്‍ തലക്കടിക്കാനൊരു സാധനമായല്ലോ... ""

ബീരാന്‍ അവന്റെ പുതിയ സെറ്റില്‍ നിന്ന് ഒരു ടെസ്റ്റ്‌ കോള്‍ വിട്ടു

"തൂ ചീസ്‌ ബഡി ഹെ മസ്ത്‌ മസ്ത്‌ തൂ.........." ഉലക്ക ചിലച്ചു....

"കണ്ടോ.. ഇപ്പോ വിശ്വാസമായല്ലോ ചീസ്‌ ബഡിയാ തന്നെയാണെന്ന്.... ?"

ഏതായാലും മൊബൈല്‍ ആകാന്‍ തീരുമാനിച്ചു....പോട്ടെ... അല്ലെങ്കില്‍ തന്നെ സൈസ്‌ ഡെസിണ്റ്റ്‌ മാറ്റര്‍ എന്ന് പി.എം മാത്യു വെല്ലൂറ്‍ വരെ പറഞ്ഞിട്ടുണ്ട്‌....

രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ അഞ്ഞൂറു രൂപ ബീരാനു നേരെ നീട്ടി.. "ബാക്കി എഴുന്നൂറു അടുത്ത മാസം..ഒ. കെ?"

"ഒ.കെ... "ബീരാന്‍ ഷേക്‌ ഹാന്‍ഡും പിന്നാലെ ചാര്‍ജ്ജറും തന്നു.

വൈകിട്ട്‌ സര്‍പ്രൈസും കാത്തു നിന്ന ഭാര്യയുടെ മുന്നില്‍ കല്യാണസൌഗന്ധികം കൊണ്ടുവന്ന ഭീമസേനനെപ്പോലെ ഞാന്‍ നിന്നു

"മുഖകമലമുടനടിവിടര്‍ത്തുക കാമിനി മമകരമതിലമരുമീ മൊബൈല്‍ കാണുക ഭാമിനീ"

"അയ്യോ....ഇതെന്താ മാഷേ..ഇതിന്റെ പേരും മൊബൈല്‍ ഫോണെന്നാണോ.. സത്യത്തില്‍ ഞാന്‍ കരുതി എനിക്കു പൂജിക്കാന്‍ വേണ്ടി കൊണ്ടുവന്ന ശിവലിംഗമാണെന്ന്"

'ഇപ്പോ മുറിയാകെ വെട്ടം വരും' എന്ന് പറഞ്ഞു സ്വിച്ചിട്ടപ്പോള്‍ ബള്‍ബ്‌ ഫീസായതു കണ്ട കാരണവരെപ്പോലെ നിന്ന് "ഞാന്‍ കൊണ്ടുവന്നിട്ടുള്ള ഏതെങ്കിലും സാധനം നന്നായി എന്നു നീ പറഞ്ഞിട്ടുണ്ടോ" എന്ന സ്ഥിരം ഡയലോഗും പൂശി, "ഇന്നാ നീ തന്നെ ആദ്യം വിളിയ്ക്ക്‌..........വിളിച്ചുദ്ഘാടനം ചെയ്യ്‌" എന്ന ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ നടത്തി..

"അയ്യപ്പാ കാത്തോളനേ, എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ പെന്‍ഡിംഗ്‌ ആയി കിടക്കുന്ന സകല നേറ്‍ച്ചകളും ക്യാന്‍സല്‍ ചെയ്തേക്കണേ" എന്ന് ഒളികണ്ണിട്ട്‌ പറഞ്ഞുകൊണ്ട്‌ അവള്‍ സ്വന്തം അമ്മയ്ക്ക്‌ ഡയല്‍ ചെയ്തു..

"ഹലോ...അമ്മേ..ഇത്‌ ഞാനാ ലക്ഷ്മി... "

ഡിം.....

നോ റെസ്പോണ്‍സ്‌ ഫ്രം ബോത്‌ സൈഡ്സ്‌..

ഭൈമി ഡിസ്പ്‌ളേ പാനലില്‍ സൂക്ഷിച്ചൊന്ന് നോക്കി..
"ഇതെന്നാ മാഷേ, പത്രക്കാരു തെറിയ്ക്കു പകരം എഴുതുന്നപോലെ കുറെ വികൃതാക്ഷരങ്ങള്‍ സ്ക്രീനില്‍..... "

ഞാന്‍ നോക്കി.. ചോദ്യ ചിഹ്നവും, നക്ഷത്രങ്ങളും മറ്റു വില്‍ഡ്‌ കാര്‍ഡ്‌ അക്ഷരങ്ങളും തലകുത്തനെ പായുന്നു
"എടാ ബീരാനേ.........ചതിച്ചോ" എന്ന് മനസില്‍ പറഞ്ഞ്‌, കൈ പൊത്തി ചിരിക്കുന്ന ഭാര്യയെ നോക്കി "ചാര്‍ജ്‌ തീര്‍ന്നതാവും..." എന്ന് പുലമ്പി ഒരു വളിച്ച ചിരി പാസാക്കി.

"ഇങ്ങനെയുള്ള കാന്തന്റെ കൂടെ കഴിയുന്നതിലും ഭേദം ചാര്‍ജ്‌ തീരുന്നതാ താഴൂരമ്മെ" എന്ന കമണ്റ്റും പൂശി അവള്‍ താടിയ്ക്ക്‌ കൈകൊടുത്തിരുന്നു...

ഞാന്‍ ബാറ്ററി ഊരി ഒന്നുകൂടി ഫിറ്റ്‌ ചെയ്ത്‌ ചാര്‍ജര്‍ കുത്തുമ്പോള്‍ വാതിലില്‍ ആരോ മുട്ടി...

"അമ്പലത്തിലെ പിരിവുകാരാവും പക്ക.. മണ്ഡലം തുടങ്ങും മുമ്പേ ഇറങ്ങിയോ ഇവന്‍മാരു... ഇനി 'ഇടമറുക്‌ ഈ വീടിന്റെ നായകന്‍' എന്ന ബോറ്‍ഡ്‌ വാതിലില്‍ ഫിറ്റ്‌ ചെയ്തേ പറ്റൂന്നാ തോന്നുന്നെ"

അമ്പല കമ്മറ്റിക്കാരെ തണ്റ്റേതായ സ്റ്റയിലില്‍ ഈവിധം ചീത്തവിളിച്ച്‌ അവള്‍ വാതില്‍ തുറന്നു..

"അയ്യോ ചിറ്റപ്പനോ.....ഒത്തിരിനാളായല്ലോ ചിറ്റപ്പാ കണ്ടിട്ട്‌..."

അവള്‍ അകത്തേക്ക്‌ ക്ഷണിച്ചു.

പത്തു ബില്‍ഡിംഗിനു അപ്പുറത്തു നിന്ന് വന്ന ചിറ്റപ്പന്റെ മുഖത്ത്‌ കറണ്ട്‌ അടിച്ച ഭാവം..

ചിറ്റപ്പന്‍ ഭാര്യയെ അടിമുടി ഒന്നു നോക്കി..എന്നിട്ട്‌ ശ്വാസം നേരെ വിട്ടു...

"എന്താ ചിറ്റപ്പാ.... "

"നിനക്കു കുഴപ്പമൊന്നുമില്ലല്ലോ അല്ലെ മോളേ..അല്ല.. നിന്റെ വീട്ടില്‍ നിന്ന് ഇപ്പോള്‍ വിളിച്ചിരുന്നു.. നീ ഫോണ്‍ വിളിച്ചിട്ട്‌ അലര്‍ച്ചയോടെ കട്ടു ചെയ്തെന്ന്...അവരാകെ പേടിച്ചിരിക്കുവാ... "

പത്തടിയാഴത്തിലെ ചാണകക്കുണ്ടില്‍ പന്തെടുക്കാനിറങ്ങിയ കുട്ടിയെപ്പോലെയായി ഞാന്‍..

"അയ്യോ...അതെ ചിറ്റപ്പാ....എന്റെ ശ്രീരാമന്‍ ഒരു ആണ്റ്റിക്ക്‌ മൊബൈല്‍ വാങ്ങിച്ചു. ഹലോന്ന് വിളിച്ചപ്പോള്‍ അമറലായിട്ടാവും അവിടെ കേട്ടത്‌...ഭാഗ്യമായി 'സുഖമാണൊ' എന്ന് ചോദിക്കാഞ്ഞെ..അത്‌ 'സ്ത്രീധനം വേണേ' എന്ന് കേട്ടേനെ അവിടെ.... "

അമ്മായിയപ്പന്‍ ഇപ്പോള്‍, അടിവില്ലില്‍ ചാടിയ എലിയ്ക്ക്‌ വാലില്‍ അടികിട്ടിയമാതിരി പുരയ്ക്ക്‌ ചുറ്റും ഓടുന്നുണ്ടാവും.... ഷുഗറും ടെന്‍ഷനും ഒന്നിച്ചു ചേര്‍ന്ന 'ഷുഗര്‍ടെന്‍ഷനില്‍'

അവള്‍ ചിറ്റപ്പന്റെ മൊബൈലില്‍ നിന്ന് വീട്ടിലേക്ക്‌ വിളിച്ച്‌ 'ആള്‍ എക്സപ്റ്റ്‌ ഹബ്ബീസ്‌ മഡ്‌ഹെഡ്‌ ആര്‍ സെയ്ഫ്‌ ഹിയര്‍" എന്ന മെസേജ്‌ കൊടുത്തു.

പതിവുപോലെ കട്ടിലിന്റെ ഇങ്ങേയറ്റത്തു ഭൈമിയും ചുവരോട്‌ ചേര്‍ന്ന അറ്റത്തു ഞാനും ഉറങ്ങാന്‍ കിടന്നു. ലൈറ്റ്‌ അണയ്ക്കാന്‍ നേരം അവളുടെ വക ഒരു എക്സ്‌ട്രാ കൊട്ടു കൂടി "മൊബൈല്‍ കുറെ ദൂരത്തേക്ക്‌ മാറ്റി വച്ചേരു മാഷേ...ചിലപ്പോള്‍ പൊട്ടിത്തെറിച്ചാലോ... "

പാതിരാത്രിയായപ്പോള്‍ 'തൂ ചീസ്‌ ബഡി...."

ഈശ്വരാ ഈ നേരത്താരാ..ആറ്‍ക്കും ഇതു വരെ നമ്പര്‍ കൊടുത്തിട്ടില്ലല്ലോ...

ഞാന്‍ ഭാര്യയുടെ മുകളില്‍കൂടി ഹൈജമ്പ്‌ സ്റ്റയിലില്‍ ഒറ്റച്ചാട്ടത്തിനു മൊബൈലിരിക്കുന്ന ടേബിളില്‍ എത്തി.. സാധനം കൈയിലെടുത്തപ്പോഴേക്കും ലൈറ്റ്‌ തെളിഞ്ഞു..

കുതിരവാലന്‍ മുടി വകഞ്ഞു മാറ്റി വെളുക്കനെ ചിരിച്ച്‌ ഭൈമി..

"ശെടാ ഇവള്‍ക്കുറക്കവും ഇല്ലേ........ "

"ആരാ മാഷേ പാതിരാത്രിയില്‍..വാജ്‌പേയിയാണോ..... "

ഞാന്‍ പച്ച ബട്ടണ്‍ അമര്‍ത്തി "ഹലോ.... "

"ഹലോ...." അപ്പുറത്തൊരു പെണ്‍കൊച്ചിന്റെ കിളിനാദം..

"കുട്ടാ നീ ഉറങ്ങിയോടാ....കണ്ണാ.. "

ബ്രിജ്‌വിഹാറയ്യപ്പാ.....ഇത്ര ഫ്രീയായി ഇടപഴകുന്നതേതു പെണ്ണ്‍..ജീവിതത്തില്‍ ആദ്യമായി ഒരുത്തി എന്നെ കണ്ണാ എന്നു വിളിക്കുന്നു.. അതും പാതിരാത്രിയില്‍.... വളിച്ച്‌ ഞാന്‍ ഭാര്യയെ ഒന്നു നോക്കി...

പുരികം ഉയര്‍ത്തി അവള്‍ ആംഗ്യത്തിലൂടെ അരാണെന്നു ചോദിക്കുന്നു..

"ഏതോ ഒരു പെണ്ണ്‍...ഞാന്‍ ഉറങ്ങിയോന്ന് ചോദിക്കുന്നു.... "

"ഇല്ല നഖം വെട്ടിക്കൊണ്ടിരിക്കുവാ എന്ന് റിപ്ളെ കൊട്‌...അല്ലേ വേണ്ടാ ഞാന്‍ കൊടുക്കാം"
എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ അവള്‍ ഫോണ്‍ പിടിച്ചു പറിച്ചു ചെവിയില്‍ വച്ചു.. അപ്പുറത്തെ പെണ്ണ്‍ ഡയലോഗ്‌ തുടരുകയാണു

"എനിക്കുറക്കം വരുന്നില്ലടാ ...എന്റെ ദേഹം എല്ലാം പിച്ചി നോവിച്ചിട്ടു കള്ളന്‍ സുഖമായി ഉറങ്ങുന്നു അല്ലെ....ഇങ്ങു വാടാ....നിന്നെ ഇപ്പോ കാണണം എനിക്ക്‌" രാത്രിയായതിനാല്‍ ഞാനും കേട്ടു അവളുടെ കിളിമൊഴികള്‍.

പ്രോഗ്രസ്‌ കാറ്‍ഡില്‍ അപ്പന്റെ ഒപ്പിട്ടത്‌ അപ്പന്‍ തന്നെ പിടിച്ച പുത്രനെപ്പോലെ ഞാനൊന്നു പരുങ്ങി... അയ്യപ്പാ ഹൌ കാന്‍ ഐ കണ്‍വിന്‍സ്‌ ഹെര്‍ ദാറ്റ്‌ ഐ ആം ഇന്നസണ്റ്റ്‌..

"ഹലോ..മോള്‍ക്കുറക്കം വരുന്നില്ലെ...ഞാനിനി എന്റെ കെട്ടിയോനോട്‌ പറയാം കേട്ടോ...മോളെ പതുക്കെ പിച്ചാന്‍... തല്‍ക്കാലം പിച്ചു കൊണ്ട ഭാഗത്ത്‌ ആവി പിടിച്ചിരി......." ഇത്രയും കല്‍പ്പന സ്റ്റയിലില്‍ അവള്‍ പറഞ്ഞു. ബാക്കി ഫിലോമിന സ്റ്റയിലില്‍.."പോയിക്കിടന്ന് ഉറങ്ങു പെണ്ണേ...പാതിരാത്രിയില്‍ മനുഷ്യനു പണിയുണ്ടാക്കാതെ... "

എന്നിട്ട്‌ കള്ളനെയെന്നപോലെ എന്നെ ഒരു നോട്ടം..

"എവിടെയാ മാഷേ പിച്ചിയത്‌.. ഓണ്‍ ദ ബോട്ടം ഓറ്‍ ഓണ്‍ ദ ബോസം... ?"

മഹേശ്വരാ...ഇവള്‍ അതിരുകടക്കുന്നു...

"എടീ എന്നാലും ബീരാനാളു കൊള്ളാമല്ലോ... അവന്റെ ഗേള്‍ ഫ്രണ്ടു വല്ലതും ആവും...." എന്നിലെ സത്യപാലന്‍ സത്യസന്ധമായി ഉണര്‍ന്നു..

"ഉവ്വ്‌..ഉവ്വ്‌.... "



"എന്നാലും ബീരാന്‍ ആളൊരു ഫെമിനിസ്റ്റ്‌ ആണെന്ന് ഞാനിപ്പൊഴാ അറിയുന്നത്‌ കേട്ടോ... "

"ആങ്ങ്‌....മോരു കുടിക്കാന്‍ മാരാനും.. പേരുദോഷത്തിനു ബീരാനും " പാതിരാത്രിയിലും പ്രാസം വച്ചു കൊട്ടാന്‍ അവളുടെ എം.എ. മലയാളം ഡിഗ്രി പെര്‍ഫക്റ്റ്‌..

പിറ്റേന്ന് കാലത്തു തന്നെ ഞാന്‍ ബീരാനെ വിളിച്ചു

"അണ്ണാ സുഖമാണോ.. "

"പരമാനന്ദം. പിന്നെ നീ ഇന്നലെ അള്ളിപ്പറിച്ച പെങ്കൊച്ചില്ലെ..അവളെ ഉടനെ വിളിച്ച്‌ നമ്പര്‍ മാറിയ കാര്യം പറ.. "

"അയ്യോ അണ്ണാ അത്‌...ശ്ശെ....അവള്‍ വിളിച്ചോ..അയ്യോ എന്തെങ്കിലും പറഞ്ഞോ... "

"ഭാഗ്യത്തിനു ജൌളി അഴിച്ച കാര്യം ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും എന്റെ ശ്രീമതി ക്ളാസെടുത്തു.. "

"ഛെ..ഛെ...ഞാന്‍ അണ്ണന്റെ മിസ്സിസിണ്റ്റെ മുഖത്തിനി എങ്ങനെ നോക്കും..ശ്ശെ.. "

"ഞാനിനി എങ്ങനെ നോക്കും എന്ന കാര്യത്തില്‍ ഒരു തീര്‍പ്പായിട്ടില്ല ഇതുവരെ.." ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു.

ഉച്ചയ്ക്ക്‌ മൂന്നുമണിക്കുള്ള എം.ഡി. അഭിസംബോധനചെയ്യുന്ന സ്പെഷ്യല്‍ മീറ്റിംഗിനു ഞാനും തയ്യാറായി.

സകല സ്റ്റാഫും ബോര്‍ഡ്‌ റൂമില്‍. കോടീശ്വരനായ മുതലാളിയുടെ ഒരു ചിരിയെങ്കിലും സ്വന്തമാക്കാന്‍ ശര്‍മ്മാജി അടക്കമുള്ള ഭൃത്യന്‍മാറ്‍ അറഞ്ഞു ശ്രമിക്കുന്നു. നീലം മദന്‍ ഇടയ്ക്കിടെ ചുരിദാറില്‍ നോക്കി 'എം.ഡിയ്ക്കിത്‌ ഇഷ്ടപ്പെടാതെ തരമില്ല' എന്ന് ആത്മഗതം ചെയ്ത്‌ കുലുങ്ങിയൊതുങ്ങിയിരിക്കുന്നു. മല്ലികാ സക്സേനയുടെ മുടിയിലും, കണ്ണിലും, ചെവിയിലും, പിന്നെ കാര്യമായി വായിലും നോക്കി, സജി സെബാസ്റ്റ്യന്‍ 'മിനിട്ട്‌സ്‌ ഓഫ്‌ ദി മീറ്റിംഗ്‌' പാഡില്‍ കുത്തിക്കുറിക്കുന്നു.

'ഒരു മണിക്കൂറ്‍ എങ്ങനെയെങ്കിലും ഒന്നു കഴിഞ്ഞു കിട്ടണേ അയ്യപ്പാ' എന്ന് മനസില്‍ പറഞ്ഞ്‌, വന്ന കോട്ടുവായെ കൈകൊണ്ട്‌ തടയണയിട്ട്‌ പിടിച്ചു നിര്‍ത്തുമ്പോഴാണു എന്റെ പാണ്റ്റിണ്റ്റെ പോക്കറ്റില്‍ "ചീസ്‌ ബഡി ഹെ മസ്ത്‌' മന്ത്രം മുഴങ്ങിയത്‌.. ഈശ്വരാ... വീണ്ടും ഫോണ്‍.

ഇപ്പൊ ഇത്‌ പുറത്തെടുത്താല്‍ എനിക്കു പുട്ടുകുറ്റി എന്ന് ഇരട്ടപ്പേരു വീഴും. എടുക്കാതിരുന്നാല്‍ 'നീ ചീസ്‌ ബഡിയാ അല്ലെടാ ശവീ' എന്ന് പറപ്പന്‍ തെറി മന്ദാകിനിയുടെ വായില്‍നിന്ന് വീഴും. ഞാന്‍ ആരും കണ്ടില്ലെന്ന് വെറുതെ നിനച്ച്‌ പുറകിലൂടെ ഒരു മുങ്ങാം കുഴിയിട്ട്‌ പുറത്തു വന്നു പച്ചബട്ടണ്‍ അമര്‍ത്തി.

"എടാ കോപ്പെ..." മറുവശത്തു നിന്ന് വാത്സല്യപൂര്‍വം ആരോ വിളിക്കുന്നു. "നീ എന്നാ ഉണ്ട കാണിച്ചിട്ടാ പോയത്‌... വെള്ളത്തിനു പകരം ഇപ്പോ കാറ്റാ വരുന്നത്‌.... "

ഉണ്ട, വെള്ളം, കാറ്റ്‌ ... മഹേശ്വരാ ഒന്നും മനസിലാവുന്നില്ലല്ലോ..

ഇനി ഇത്‌ "സാധനം കൈയിലുണ്ടോ" പോലുള്ള വല്ല കോഡുഭാഷയും ആണോ.... ബീരാനു കള്ളക്കടത്തും ഉണ്ടോ....

ഉടനെ ബീരാനെ വിളിച്ചു.. "എടാ ആരോ വിളിച്ചിട്ട്‌ വെള്ളത്തിനു പകരം കാറ്റാ വരുന്നേന്നു പറയുന്നു.. ഇതെന്നാ ഈ ഏര്‍പ്പാട്‌.... "

ബീരാന്‍ പൊട്ടിച്ചിരിച്ചു. കാര്യം പറഞ്ഞു...പണ്ട്‌ കിഴവള്ളൂറ്‍ ഐ.ടി.ഐയില്‍ പടിക്കുന്ന കാലത്ത്‌, പ്രേമലേഖനം എഴുത്തും ഓല തിയേറ്ററിലെ ഞരമ്പുപടവും കണ്ട്‌ ബാക്കി വരുന്ന സമയത്ത്‌ പകുതി പടിച്ചെടുത്ത "പ്ളംബിംഗ്‌" ഇവിടെ പാര്‍ടൈം ബിസിനസ്‌ ആക്കിയിരിക്കുന്നു ബീരാന്‍. മോട്ടറില്‍ വെള്ളം കയറാത്ത മലയാളി പൌരന്‍മാരുടെ വീട്ടിലെ മെക്കാനിക്‌.. ഏതോ സാറ്റിസ്ഫൈഡ്‌ കസ്റ്റമറ്‍ ആണു വിളിച്ചത്‌.....

"എടാ ബീരാനെ നിനക്ക്‌, നുള്ളിപ്പറിക്കലും, പ്ളംബിംഗുമല്ലാതെ വേറെ വല്ല പാര്‍ടൈം പണിയുമുണ്ടോ..അറിഞ്ഞിട്ടു വേണം എനിക്ക്‌ നിണ്റ്റെ കസ്റ്റമേഴ്സിണ്റ്റെ മാനേജ്‌ ചെയ്യാന്‍...." ഞാന്‍ സംശയം ക്ളിയര്‍ ചെയ്ത്‌ ഫോണ്‍ കട്ടു ചെയ്തു..

ഇങ്ങനെ ഇടയ്ക്ക്‌ വച്ചു കട്ടായും, അമറല്‍ കേട്ടും കേള്‍പ്പിച്ചും, ബീരാന്റെ കസ്റ്റമേഴ്സിനു വേണ്ടി ടോള്‍ ഫ്രീ സര്‍വീസ്‌ ചെയ്തും ഒരാഴ്ച തള്ളി നീങ്ങി.. ഒരു പത്തു പി.എമ്മിനു , വെള്ളക്കാരന്‍ നമ്മുടെ ഷില്‍പ്പാ ഷെട്ടിയെ ചരിച്ചു പിടിച്ച പോസ്‌, ഞാന്‍ ഭൈമിയില്‍ അപ്ളെ ചെയ്ത്‌, അവളുടെ ഭാരക്കൂടുതല്‍ കാരണം ആദ്യം അവളും പുറകെ ഞാനും മറിഞ്ഞ്‌, മുട്ടിലെ വേദന തിരുമ്മി മാറ്റുമ്പോളാണു ഒരു കരിഞ്ഞ മണം റൊമാന്‍സിലേക്ക്‌ ആഞ്ഞു വീശിയത്‌.

മൊബൈല്‍ ചാര്‍ജറും, പിന്നെ മൊബൈലിന്റെ മൂടും പുകയുന്നു... നെഞ്ചു പിടച്ച്‌ എടുത്തപ്പോഴേക്കും ബീരാന്റെ കാരുണ്യമായ ആ സാധനം അകാലചരമം അടഞ്ഞ്‌ എന്നെ ഇലക്ട്രോണിക്‌ നെറ്റില്‍ നിന്ന് പുറത്താക്കിയിരുന്നു.

"ഇനി ഇതിനെക്കൊണ്ടുള്ള ശല്ല്യം തീര്‍ന്നല്ലോ' എന്ന് ഭാര്യ പറഞ്ഞെങ്കിലും അതിനു ശേഷം രണ്ടു ദിവസം എന്നില്‍ വല്ലാത്തൊരു വാക്വം വന്നു നിറഞ്ഞു... പെറ്റു ഡോഗ്‌ ചത്ത പോറ്റിയെപ്പോലെ ഒരു ശൂന്യതാ ബോധം.

അന്ന് വീട്ടില്‍ വന്നു കയറിയപ്പോള്‍, ചായയ്ക്കു പകരം സേമിയപായസം നീട്ടി നില്‍ക്കുന്ന ഭാര്യയെ കണ്ട്‌ ഞാനൊന്നു ഞെട്ടി..

ഈശ്വരാ, പെണ്ണു കണ്ട ദിവസം തൊട്ട്‌, 'ഈ കൊരങ്ങനെ കെട്ടണോ വേണ്ടയോ' എന്ന കണ്‍ഫ്യൂഷണില്‍ പലതവണ ടോസിട്ട്‌, എന്നാല്‍ കെട്ടിയേക്കം എന്ന് തീരുമാനിച്ച ദിവസം വരെ മനസില്‍ കൊണ്ടു നടക്കുന്നവളാണല്ലോ അവള്‍..ഇനി അങ്ങനത്തെ വല്ല ഇമ്പോര്‍ട്ടണ്റ്റ്‌ ഡേ വല്ലോം ആണോ ഇന്ന്..ഉത്തരാവാദിത്തം ഇല്ലാത്തവന്‍ എന്ന വിളി ഒന്നുകൂടി കേള്‍ക്കാന്‍ പോകുന്നു പക്കാ..

"ഇന്നത്തെ ദിവസം മാഷിനോറ്‍മ്മയില്ലേ.." പായസം ഒരു കവിള്‍ ഇറക്കുമ്പോള്‍ ഭാര്യ ചോദിച്ചു.

"ഒന്നോറ്‍ത്തു നോക്കിക്കേ... "

"തുലാമാസത്തിലെ പൂരം...." അവള്‍ രണ്ടു കൈയും നീട്ടി എന്റെ കഴുത്തിലോട്ട്‌ വച്ചു പറഞ്ഞു

"എന്റെ മാഷ്‌ ഈ ഭൂമിയില്‍ പിറന്നു വീണ ദിവസം... "

ശ്വാസം നേരെ വീണു.."അത്രയേയുള്ളോ... കാട്ടുകോഴിക്കെന്തു പിറന്നാളും ഓണവും പെണ്ണേ.... "

"എനിക്കറിയാം മാഷിങ്ങനെ തന്നെ പറയുമെന്ന്... ഒന്നും മനസില്‍ കുറിച്ച്‌ വക്കാത്ത, ഒന്നിനും കണക്കു സൂക്ഷിക്കാത്ത... ഈ സ്വഭാവമുണ്ടല്ലോ....ബാക്കിയെല്ലാം നെഗറ്റീവാണെങ്കിലും, ഈ ഒരൊറ്റ സ്വഭാവം കാരണം, മാഷിനെ ഒത്തിരി ഒത്തിരി ഇഷ്ടമാ എനിക്ക്‌.... "

അവള്‍ കൈയിലെ പൊതി എനിക്ക്‌ നേരെ നീട്ടി...

തുറന്ന ഞാന്‍ അമ്പരുന്നു. 'നോക്കിയ' യുടെ പുതിയ ഹാന്‍ഡ്‌ സെറ്റ്‌..

"എന്റെ പിറന്നാള്‍ സമ്മാനം... ഉച്ചയുറക്കത്തെ ആട്ടിപ്പായിച്ച്‌, പത്ത്‌ പിള്ളാര്‍ക്ക്‌ ട്യൂഷന്‍ എടുത്തുണ്ടാക്കിയ സ്വന്തം കാശുകൊണ്ട്‌ വാങ്ങിയതാ...എണ്റ്റെ മാഷിനും വേണ്ടേ നാലാള്‍ക്കൊപ്പം സ്ഥാനം.... "

നനഞ്ഞ കണ്ണിലെ പാടയിലൂടെ വൃശ്ചിക മഞ്ഞിലെ അമ്പലദീപം പോലെ അവളുടെ കണ്ണുകള്‍ ഞാന്‍ നോക്കിയിരിക്കെ പുതിയ ഫോണ്‍ ചിലച്ചു ആദ്യമായി....നാട്ടില്‍ നിന്ന് അമ്മ പിറന്നാളാശംസിക്കാനാവും...

ഞാന്‍ പച്ചബട്ടണമര്‍ത്താതെ അവളുടെ പ്രിയകവിതയുടെ റിംഗ്‌ ടോണ്‍ കേട്ടുകൊണ്ടിരുന്നു..

"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു... എന്റെ
ചിറകിനാകാശവും തന്നു... ആത്മശിഖരത്തിലൊരു കൂടു തന്നു.. "

Wednesday 18 July 2007

അളിയാ പ്രേമാനന്ദാ.........

"അരയാലിലകൊണ്ടുദരം തീര്‍ത്തു
നവമാലികയാല്‍ കരവും തീര്‍ത്തു
പുളിനം കൊണ്ടവള്‍ ജഘനം തീര്‍ത്തു
നളിനം കൊണ്ടവള്‍ തുടകള്‍ ചമച്ചു
കണ്ട ജനങ്ങടെ കണ്ണും മനവും
വണ്ടാര്‍ കുഴലി കവര്‍ന്നീടുന്നു... "

"എന്നെക്കുറിച്ചൊരു കവിതയെഴുതാമോ മാഷേ..." എന്ന് പ്രായം മറന്നു അല്‍പം കൊഞ്ചല്‍ ചുണ്ടിന്‍ പുരട്ടി ഓഫീസിലെ അസിസ്റ്റണ്റ്റ്‌ ഇ.ഡി.പി എക്സിക്യൂട്ടിവ്‌ ആയ രമാദേവി എന്നോട്‌ ചോദിച്ചപ്പോള്‍ "അത്‌ പണ്ടേ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിപ്പോയല്ലോ രമേ" എന്നു പറഞ്ഞ്‌ മുകളിലെ വരികള്‍ ചൊല്ലിക്കേള്‍പ്പിച്ച്‌, അവളുടെ കണ്ണില്‍ വിടര്‍ന്ന ആലിപ്പഴമഴ കൊണ്ടിരിക്കുമ്പോളാണു ഇണ്റ്റര്‍കോം മണിയടിക്കുന്നത്‌..

"രമേ ആരാന്നു നോക്കിക്കേ... സ്റ്റോര്‍ ഡിപ്പാര്‍ട്ട്‌മെണ്റ്റിലെ പഹയന്‍മാരുവല്ലോം ആണെങ്കില്‍ ഞാന്‍ പുറത്തു പോയെന്നു പറഞ്ഞേക്ക്‌...ഒരു പണിയും ഇല്ലാത്തെ കുറെ കൊമരന്‍മാരുണ്ട്‌... സ്ക്രീന്‍ സേവര്‍ സെറ്റ്‌ ചെയ്യാനും നമുക്ക്‌ പണിയുണ്ടാക്കാനായിട്ട്‌"

"ഹലോ...ടീക്‌ ഹെ ജി...നെറ്റ്‌ നഹി ചല്‍രേ....അഛാാ.... അഭി ബോല്‍തിഹും"

"കോള്‍ ഫ്രം കോട്ടി..." ഇടതു കൈ കൊണ്ട്‌ മുടി മാടിയൊതുക്കി രമ പറഞ്ഞു...
"മൊതലാളിയുടെ കൊട്ടാരത്തിലെ നെറ്റ്‌ തകര്‍ന്നെന്ന്...കവി അങ്ങോട്ട്‌ ചെന്നാട്ടെ ഉടനെതന്നെ.. "

"നശിച്ചു...അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.. ഞാന്‍ ആരാ ഇവിടെ..ഓര്‍ഡേര്‍ലിയോ...ഒരുമാതിരി മേലുദ്യോഗസ്ഥന്റെ വീട്ടുജോലിചെയ്യുന്ന കെഴങ്ങനോ...എനിക്കും ഉണ്ട്‌ അഭിമാനം എന്ന് പറയുന്ന ആ സാധനം... "

"അയ്യോ അതു ഞാന്‍ അറിഞ്ഞില്ല മാഷെ..ഇപ്പൊ തന്നെ വിളിച്ചു പറഞ്ഞേക്കാം..ഹമാരാ ഇ.ഡി.പി വാലാ കേ പാസ്‌ ബഹുത്‌ അഭിമാനം ഹെ..സൊ..ബോസ്‌ കോ ബൊലോ ജലന്തര്‍ ജാവോ... പറയട്ടെ.. "

"പെണ്ണുകെട്ടിപ്പോയി..അല്ലെങ്കില്‍ ഞാന്‍ കാണിച്ചുതന്നേനെ.. രണ്ടിനേം"

"ആരെയൊക്കെ മാഷെ?"

"ബോസിനെയും പിന്നെ തന്നെയും... മുപ്പത്തിമൂന്നു പേര്‍സെണ്റ്റ്‌ റിസര്‍വേഷന്‍ കൊണ്ട്‌ ഞെളിഞ്ഞിരുന്നാ മതി താന്‍ അടക്കം ഉള്ള പെണ്‍വര്‍ഗത്തിനു.. മാടുപോലെ പണിയാന്‍ ആണുങ്ങള്‍ തന്നെവേണം.. എന്നാല്‍ അതൊന്നു അംഗീകരിച്ചു തരാനുള്ള സെന്‍സ്‌ ഉണ്ടോ, സെന്‍സിറ്റിവിറ്റി ഉണ്ടോ, സെന്‍സിബിളിറ്റി ഉണ്ടോ.." എന്നിലെ മെയില്‍ ഷോവനിസ്റ്റ്‌ രണ്‍ജിപ്പണിക്കരെപ്പോലെ തിളച്ചുയര്‍ന്നു, ആരോടെങ്കിലും അമര്‍ഷം പ്രകടിപ്പിക്കേണ്ടേ..

"പ്രസംഗിക്കാതെ പോകാന്‍ നോക്കു മാഷെ...ഇനി ആ തള്ളയുടെ വായിലെ തെറിയും കൂടി കേള്‍ക്കണോ... "

ഹെല്‍മറ്റ്‌ കൈയില്‍ എടുത്തു ഞാന്‍ പറഞ്ഞു "അവിടെന്തു പ്രോബ്ളം എന്നാ പറഞ്ഞെ?"

"ഇണ്റ്റര്‍നെറ്റ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലെന്ന്"

"ആ പൂക്കാണ്ടി പിള്ളാരു അവിടെയും ഇവിടെയും ക്ലിക്കി കൊളമാക്കി കാണും.. ഏതു നേരത്താണീശ്വരാ ഡല്‍ഹിക്കു വണ്ടികയറാന്‍ തോന്നിയത്‌"

"നല്ലതല്ലേ മാഷെ....ബോസിന്റെ രണ്ടു സുന്ദരിപ്പെമ്പിള്ളാരല്ലേ അവിടെ...നല്ല ടൈം പാസ്‌ ആവില്ലേ മാഷിനു.. അതും അള്‍ട്രാ മോഡേണ്‍ പീസസ്‌"

"അതെ അതെ. ആ സാധനങ്ങളെ കണ്ടാല്‍ കാമദേവന്‍ പോലും കടുക്കാവെള്ളം കുടിച്ച സ്ഥിതിയിലാവും...രണ്ടു പേക്കോലങ്ങള്‍... പണ്ട്‌ പരമശിവന്‍ പരാശരമുനിക്കിട്ടു താങ്ങിയപോലെയാവും അവിടെച്ചെന്നാല്‍. "

"അയ്യോ ആ കഥ എന്നോട്‌ പറഞ്ഞിട്ടില്ലല്ലോ മാഷ്‌..പ്ളീസ്‌.. എന്താ ആ കഥ..."

ഞാന്‍ സ്ക്രൂ ഡ്രൈവര്‍ തപ്പിയെടുക്കുമ്പോല്‍ രമാദേവിയ്ക്കു ആകാംഷ കൊഴുത്തു.. എന്റെ സ്വയം കൃതാനര്‍ഥങ്ങള്‍ക്കു രണ്ടേ രണ്ട്‌ ശ്രോതാക്കളെ ഉള്ളൂ ഭൂമിയില്‍..ഒന്ന് എന്റെ പ്രിയപ്പെട്ട ഭാര്യ..പക്ഷേ എന്നെക്കാള്‍ ഒരു എക്സ്‌റ്റ്രാ ബോണ്‍ ഉള്ളതുകൊണ്ട്‌ മിക്ക നമ്പറുകള്‍ക്കും ഒരു എക്സ്‌ട്രാ ക്ളൈമാക്സ്‌ അവള്‍ ഫിറ്റ്‌ ചെയ്യും. പിന്നൊന്ന് രമ. എന്റെ നമ്പറുകള്‍ക്ക്‌ പ്രത്യുപകാരമായി, ജിമുക്ക കുണുക്കി ഒരു ചിരി.. എന്നെ സംബന്ധിച്ചിടത്തോളം കരയ്ക്കു നിന്ന് അച്ചന്‍ കോവിലാറ്റിലേക്കു മുങ്ങാംകുഴിയിടുന്ന സുഖം ആണല്ലോ ആ കാഴ്ച്ച..

"സമയമില്ല..എന്നാലും പറയാം..." മള്‍ട്ടി മീറ്റര്‍ തപ്പിയെടുത്ത്‌ പൊടിയൂതിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"പണ്ട്‌, വളരെ പണ്ട്‌, നമ്മുടെ പരാശരമുനിക്ക്‌ ഒരു വൈറല്‍ അറ്റാക്‌. മറ്റൊന്നും അല്ല. ഒടുങ്ങാത്ത പരവേശം.. കാമപരവേശം... ഏതു പെണ്ണിനെ കണ്ടാലും പ്രായം മറന്ന്, അണ്ടര്‍ വെയറിന്റെ രണ്ടു പോക്കറ്റിലും കൈയിട്ടു പിറകോട്ട്‌ വളഞ്ഞു നിന്നൊരു ചോദ്യമാണു,
"വാണാ ഡേറ്റ്‌ വിത്‌ മീ ബേബീ...?? ഏണാക്ഷീെ വീണാ ജഘനീ..മോണിക്ക ലെവലിനി മൂക്കി... "

മുനിയുടെ പരവേശം മൂര്‍ഛിക്കാന്‍ തുടങ്ങി..മൂര്‍ഛ തേടി മുനി കാടായ കാടും നാടായ നാടും അലഞ്ഞു. പെണ്‍പിള്ളാരുടെ തന്തമാര്‍ കത്തിക്കു മൂര്‍ച്ച കൂട്ടി പാത്തിരിക്കാന്‍ തുടങ്ങി.

എന്തിനു, പുഴയുടെ നടുക്കു വള്ളത്തില്‍ വച്ച്‌ ഒരു പാവം മുക്കുവപ്പെണ്ണിനെവരെ "ഈ ബോട്ടാഹാ ജി.സ്പോട്ടാഹാഹാ " എന്ന് മന്ത്രം ജപിച്ച്‌ കയറിപ്പിടിച്ചു. വ്യാസന്‍ പിറന്നത്‌ അങ്ങനെയാണല്ലോ....

ഒടുവില്‍ മുനിക്കും തോന്നിത്തുടങ്ങി.. സംതിംഗ്‌ റോംഗ്‌...തുടിക്കാത്ത മാറിടം ഉള്ള പെണ്‍കൊച്ചുങ്ങളെ കണ്ടാല്‍ പോലും "ദില്‍ മാംഗേ മാറ്‍" എന്ന ഫീലിംഗ്‌... നാട്ടുകാരു പെരുമാറി നട്ടെല്ലിന്റെ നട്ടും ബോള്‍ട്ടും ഇനി ഇളകാന്‍ ബാക്കിയില്ല..എന്തോ കുഴപ്പം ണ്ട്‌...

"ഇനി ആശ്രമത്തിലെ മറ്റെ മുനി, കളസാനന്ദന്‍ തനിക്ക്‌, കൊട്ടന്‍ ചുക്കാദിക്കു പകരം വയാഗ്രാദി തൈലമാണൊ എടുത്തു തന്നത്‌ പരമശിവാ........... "

"പരമശിവാ" എന്ന വിളികേട്ട്‌, തന്റെ അരുമ ഭക്തന്‍ ഏതോ മരത്തില്‍ കെട്ടിയിടപ്പെട്ടിട്ടുണ്ടാവും എന്നു കരുതി സാക്ഷാല്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ടു വിളിച്ചു..

"വത്സാ..........വാത്സ്യായനതാതാ.. തവ
വില്‍സിളക്കേന നടുവുളുക്കാഹ തൊഴി ചളുക്കാദിഹി.........
അല്ലെ..നാം എല്ലാം അറിയുന്നു... "

"ഒന്നും മന:പൂര്‍വം അല്ല പ്രഭോ...കാച്ചെണ്ണക്കുപ്പിയിലും കരീഷ്മയുടെ ഷേയ്പ്പ്‌ ദര്‍ശനയാമി..എന്നെ രക്ഷിക്കൂ ദേവാ.. "

കണ്ണു ഡോക്റ്റര്‍, കാഴ്ചയുടെ ദൌര്‍ബല്യം എത്ര തോതിലാണെന്നറിയാന്‍ പല വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ കാണിക്കുന്ന പോലെ, ഭഗവാന്‍ പല ഡിഗ്രി സൌന്ദര്യമുള്ള പെമ്പിള്ളാരുടെ ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി. 'ഇവന്റെ ഞരമ്പിണ്റ്റെ ഏതു ഭാഗമാണു വിട്ടതെന്നറിയണമല്ലോ' എന്ന മട്ടില്‍. പതിനാറുതൊട്ട്‌ അറുപതുവരെ പ്രായമുള്ളവരുടെ പടങ്ങള്‍ കാണിക്കുമ്പോഴും മുനിക്ക്‌ ഒരൊറ്റ റിയാക്ഷന്‍ മാത്രം...

"ഹോ.ബാപ്‌രേ.....ഇവടെ അഡ്രസ്‌ കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ ദേവാ......."

രോഗത്തിന്റെ ആഴം മനസിലാക്കിയ പരമശിവന്‍ അങ്ങനെ എഫ്‌.ടി.വി. എന്ന ഫാഷന്‍ ടി.വി സൃഷ്ടിച്ചു..മുനിയെ, അതിലെ ഒരു പരേഡ്‌ കാണിച്ചു കൊടുത്തു...

ടിം.... മുനി ഒ.കെ..

രംഭയുടെ പടം ഒന്നുകൂടി കാണിച്ചു നോക്കി... മരുന്നു ഫലിച്ചോ എന്നറിയാന്‍..

"എനിക്കു തപസിനു നേരമായി ദേവാ...." മുനി മങ്ങി മുങ്ങി...

രമയുടെ ജിമുക്ക കുണുങ്ങിച്ചിരിയില്‍ തിരുവാതിര ഞാറ്റുവേല ഉദിക്കവെ ഞാന്‍ പോകാനൊരുങ്ങി

"മാഷെ തിരികെ വരുമ്പോള്‍ നെഹൃുപ്ളേസില്‍ നിന്ന് ഒരു പ്ളേറ്റ്‌ ആലു ചാട്ടുകൂടി കൊണ്ടുവരണേ...കാശ്‌ ഞാന്‍ വന്നിട്ട്‌ തരാം..." ചിരിയുടെ സാന്‍ഡ്‌വിച്ചില്‍ ഒരു സോപ്പിംഗ്‌ അവള്‍ വക...

"മലബാര്‍ ഹോട്ടലില്‍ നിന്ന് മത്തിക്കറിയായാലോ....എന്നെ വെണ്‍മണി മഹന്‍ ആക്കല്ലേ....ഹല്ല പിന്നെ.. !"

മാസത്തില്‍ മിനിമം മൂന്നു ദിവസം ഉണ്ട്‌ എനിക്കീ ഓറ്‍ഡേലി പരിപാടി.. ലിപ്‌സ്റ്റിക്‌ ഏതാ ലിപ്പേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം 'ഏതു കോളജിലാ പടിക്കുന്നേ എന്നൊന്നു ചോദിക്കൂ ചോദിക്കൂ പ്ളീസ്‌' എന്ന റിക്വസ്റ്റ്‌ കണ്ണില്‍ വച്ച്‌ ഹിമാലയ പര്‍വതത്തിനു കാലുവച്ചാല്‍ എങ്ങനെയിരിക്കുമോ ആ പരുവത്തില്‍ നടക്കുന്ന മന്ദാകിനി വര്‍മ്മ എന്ന മണ്ഡോദരിയുടെ വീട്ടിലേക്കുള്ള ഈ പോക്ക്‌. അവരുടെ വീട്ടില്‍ ചെന്നാലോ സഹിക്കേണ്ട സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്‌ തന്നെയുണ്ട്‌..

ഞങ്ങളില്‍ ആരാ കൂടുതല്‍ മെച്ചം എന്നു തമ്മില്‍ മത്സരിക്കുന്ന ഒരു ഭീമന്‍ ഫോറിന്‍ നായയും പിന്നെ മന്ദാകിനി മാഡത്തിന്റെ മന്ഥരഗിരിപോലത്തെ ഭര്‍ത്താവും. പത്തു വേലക്കാര്‍, മഹാഭാരതം സീരിയലിലെ ഭടന്‍മാരാ ഞങ്ങള്‍ എന്ന ഭാവത്തോടെ വേറെ.. മാര്‍ച്ചട്ടയും തൊപ്പിയുമണിഞ്ഞ നളന്റെ അളിയന്‍മാരുടെ ഭാവം തികഞ്ഞ പാചകക്കാര്‍.

ഇതൊക്കെ സഹിക്കാം..'ഭൂമി കറങ്ങുന്നതു വരെ ഞങ്ങളോട്‌ ഡിസ്കസ്‌ ചെയ്തിട്ടാ അറിയാമോ..' എന്ന ഭാവത്തില്‍ പ്രായത്തെപ്പോലും ബഹുമാനിക്കാനറിയാത്ത ഗ്രഹപ്പിഴയും ഗ്രഹണിയും ഒന്നിച്ചു പിടിച്ചപോലത്തെ രണ്ടു എലുമ്പി പെമ്പിള്ളേറ്‍...

ആ വീട്ടില്‍ കാലുകുത്തിയാല്‍ കോവൂരും പോലും "പരമശിവാ" എന്നു വച്ചു പോകും..

എന്റെ ബൈക്ക്‌ ഡല്‍ഹിയിലെ റിച്ച്‌ ആന്‍ഡ്‌ പവര്‍ഫുള്‍ താമസിക്കുന്ന അമൃത ഷെഹറ്‍ ഗില്‍ മാര്‍ഗ്‌ എന്ന രാജകീയ ലോകത്തേക്കു നീങ്ങി..

മന്ദാകിനി വര്‍മ്മ പലപ്പോഴും സര്‍വ്വാംഗം കുലുക്കി ടെലഫോണ്‍ സര്‍വ്വീസ്‌ കാരോടും, ഇണ്റ്റര്‍നെറ്റ്‌ സര്‍വീസ്‌ പ്രോവൈഡര്‍ മാരോടും ഉറഞ്ഞുതുള്ളുന്നത്‌ ഞാന്‍ കേള്‍ക്കാറുണ്ട്‌..

"ഇഡിയറ്റ്‌..യൂ ഡോണ്ട്‌ നോ വെയര്‍ അമൃത ഷെഹര്‍ ഗില്‍ ഈസ്‌...ഇറ്റ്‌സ്‌ ഷേം മിസ്റ്റര്‍...യു കാണ്ട്‌ ബൈ എ ഹോം ദെയര്‍ വിത്‌ മണി...നൌ യു അണ്ടര്‍സ്‌റ്റുഡ്‌??...... "

"പണം കൊണ്ട്‌ അവിടെയൊരു വീടു വാങ്ങാന്‍ പറ്റില്ല...ഏതു കൊമ്പനും..." ഇതാണു സാരം. (പവര്‍ കൂടി വേണമെന്നര്‍ഥം)

എനിക്കു പലപ്പോഴും ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട്‌...
"പിന്നെന്തും കൊണ്ടാണു മാഡം അവിടെ വീടു വാങ്ങിച്ചത്‌...വിത്‌ പുളിങ്കുരു....ഓറ്‍...വിത്‌ ദിസ്‌ ചളപള ബോഡി...... "
പക്ഷേ ബോസല്ലേ....എനിക്കു അരി വാങ്ങണ്ടേ.... അതുകൊണ്ട്‌ ചോദ്യം മനസില്‍ ഒതുക്കും..

ഗേറ്റിലെത്തി..ഇനി ആണു ഡി.ആര്‍.ഡി.ഓ യില്‍ പോലും ഇല്ലാത്ത ബോഡി ചെക്കിംഗ്‌.

രണ്ടെണ്ണം അടിതൊട്ടു മുടിവരെ തപ്പല്‍ തുടങ്ങി.. "അളിയന്‍ പണ്ട്‌ കോട്ടയ്ക്കല്‍ തിരുമ്മുകേന്ദ്രത്തില്‍ ആയിരുന്നോ..എന്തൊരു അമണ്ടന്‍ തടവ്‌" ഞാന്‍ പിറുപിറുത്തു..

പോക്കറ്റില്‍ എന്തോ തടഞ്ഞപ്പോള്‍ സുകുമാരക്കുറിപ്പിനെ കണ്ടുപിടിച്ച ആഹ്ളാദത്തില്‍ ജാട്ട്‌ ക്രൂരമായി ചോദിച്ചു..

"യെ ക്യാ ഹെ... ?"

"യെ ഉണ്ട ഹെ"....ഞാന്‍ പോക്കറ്റില്‍ നിന്നു സാധനം പുറത്തെടുക്കുമ്പോള്‍ പറഞ്ഞു.

"ഉണ്റ്റ ക്യാ ഹോത്താഹെ.... "

"എന്റെ ജാട്ടൂ, കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ട്രെയിനില്‍ നിന്നു വാങ്ങിയ ഉരുണ്ട വടക്കുനോക്കിയന്ത്രം കീ ചെയിനാ ഇത്‌... "

ജാട്ടു അതു വാങ്ങി ഒരു കണ്ണിറുക്കി മറ്റേക്കണ്ണുകൊണ്ട്‌ ഒരുമിനുട്ട്‌ നോക്കിക്കൊണ്ടിരുന്നു..."ആജ്‌ കല്‍ ബോംബും വടക്കോട്ട്‌ നോക്കി വരാറുണ്ട്‌.... "

"നിന്റെ മാഡത്തിന്റെകൊട്ടാരം ബോംബിടുന്ന നേരത്തിനു ഇന്ത്യാ ഗേറ്റിലെ കുളത്തില്‍ പോയി മീന്‍ പിടിച്ചാ പോരേ എനിക്ക്‌..... "

ഞാന്‍ പെണ്‍പിള്ളാരുടെ ഡര്‍ബാറ്‍ ഹാളിലേക്കു നടന്നു.. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരം ഇത്രപോരാ....

വളരെ സൂക്ഷിച്ചു ഞാന്‍ ഉരുണ്ടുവീഴി കസേരയില്‍ ഇരുന്നു. ഈെ കസേര ഏതോ ദന്തഡോക്ടറുടെ കൈയീന്ന് വാങ്ങിയതാണോ അയ്യപ്പാ എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്‌. ഒന്നു ചാഞ്ഞിരിക്കാന്‍ തോന്നിപ്പോയാല്‍ കണ്ണുരുളും. "ടീ.........................." എന്ന് ഒരു മലര്‍ച്ചയാണു താഴോട്ട്‌... നൂറ്റിയറുപതു ഡിഗ്രിയില്‍. ആദ്യദിവസം ഒന്നു ചാഞ്ഞപ്പോള്‍ വീഗാലാണ്റ്റിലെ റോളര്‍കോസ്റ്ററിലാണൊ എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചിട്ടുണ്ട്‌.. അതുകൊണ്ട്‌ ചായാതെ പിടിച്ചിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

"ഓ....ഇറ്റ്‌സ്‌ സോ ബോറിംഗ്‌...തേഡ്‌ റേറ്റ്‌...." കാതില്‍ ഹെഡ്ഫോണും ഫിറ്റ്‌ ചെയ്ത്‌, മുട്ടുവരെ നീളമുള്ള കളസവും, കാട്ടുജാതിക്കാരുടെ രീതിയില്‍ ഉടുപ്പുമണിഞ്ഞു വരുന്നു സീമന്തപുത്രി... ചൊവ്വാഗ്രഹത്തിലെ തൂപ്പുകാരിയെപ്പോലെ ആണെന്നു തോന്നും ദേഹം മുഴുവന്‍ ഗാഡ്ജറ്റ്‌ പിടിപ്പിച്ചുള്ള ആ നില്‍പ്പു കണ്ടാല്‍...

"കര്‍ത്താവേ ഒരു കുറ്റവും ചെയ്യാത്ത എന്നെ തേഡ്‌ റേറ്റെന്നു വിളിക്കുന്നോ.." തള്ളേപ്പോലെ തെറിവിളിക്കല്‍ ഹോബിയാണോ ഇവള്‍ക്കും... പിന്നെയാണു മനസിലായത്‌ വേറാരോടോ സംസാരിക്കുകയാണവള്‍.

എന്നെക്കണ്ടപ്പോള്‍ ചെവിയില്‍ നിന്നും വള്ളി വലിച്ചൂരി..

"ഹേ മാന്‍..........കാണ്ട്‌ യു ഫിക്സ്‌ ദി പ്രോബ്ളം ഫോറെവര്‍....? &&** പീപ്പിള്‍... "

"ഫെവി ക്യുക്‌ തന്നാല്‍ എന്നെന്നേക്കുമായി നിണ്റ്റെ അണ്ണാക്ക്‌ ഫിക്സ്‌ ചെയ്യാം" എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നു ഉണങ്ങിച്ചിരിച്ചു..."ഹോ ജായേഗാ...അഭി ഹോജായേഗ.... "

"ഇഡിയറ്റ്‌".... ചെവിയില്‍ വീണ്ടും കുത്തിത്തിരുകി അവള്‍ പുലമ്പി

താരാട്ടു പാടുമ്പോള്‍ മന്ദാകിനിയമ്മ രാരീരത്തിനു പകരം ഈ വാക്കായിരിക്കും പറഞ്ഞത്‌....
ഇഡിയറ്റ്‌ വാവാവോ...പൊന്നിഡിയറ്റ്‌ വാവാവോ....

"ഇവളെ കെട്ടുന്നവന്റെ അധോഗതിയാ........." ആത്മസുഖത്തിനു വേണ്ടി ഇത്രയും മനസില്‍ പറഞ്ഞു ഞാന്‍ പ്രോബ്ളത്തിലേക്കു തിരിഞ്ഞു...

അരമണിക്കൂറ്‍ കിണഞ്ഞു നോക്കിയിട്ടും ഒരു ഇമ്പ്രൂവ്‌മെണ്റ്റും ഇല്ല...ഐ.എസ്‌.പി സൈഡും സിസ്റ്റവും എല്ലാം ഒകെ... പക്ഷേ വെബ്‌പേജ്‌ തുറക്കുന്നില്ല.. ഞാന്‍ വിയര്‍ത്തു തുടങ്ങി..'അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ കാച്ചാനത്ത്‌ ഒരു വിളക്കു കത്തിച്ചേക്കാം' എന്നും പറഞ്ഞു നോക്കി.. കാച്ചാനത്തപ്പനും മൈന്‍ഡുന്നില്ല...

പെട്ടന്നു മൊബൈല്‍ ചിലച്ചു....

പ്റേമാനന്ദന്‍ ഓണ്‍ ലൈന്‍....

"അളിയാ....നീ സണ്‍ഡേ ഫ്രീ ആണോ...ആര്‍.കെ പുരത്തൊരു പെണ്ണുണ്ടെന്ന് ഒരു ഫ്ലാഷ്‌ ന്യൂസ്‌ കിട്ടി...ഒന്നു പോയി കണ്ടു കളയാം...പെണ്ണിണ്റ്റപ്പന്‍ ആള്‍ ഇന്ത്യായിലെ മെഡിക്കലില്‍ അഡ്മിനിസ്റ്റ്റേറ്റര്‍...തള്ള ഏതൊ മിനിസ്റ്റ്റിയില്‍ അണ്ടര്‍ സെക്രട്ടറി...ഒറ്റ മകള്‍...ഇത്രയും അറിഞ്ഞപ്പോള്‍ പെണ്ണിനേപ്പറ്റി ഒന്നും ചോദിച്ചില്ല... "

കഴിഞ്ഞ മാസം ഉത്തം നഗറില്‍ ഒരു പെണ്ണുകാണാന്‍ പോയതും, പെണ്ണിണ്റ്റമ്മയോട്‌, "കുട്ടിയുടെ ഗ്രാണ്റ്റ്‌ മദര്‍ ആയിരിക്കും അല്ലിയോ" എന്ന പ്രേമന്റെ ചോദ്യം കേട്ട്‌ അവരോടിച്ചു വിട്ടതും ഓര്‍മ്മയില്‍ നിന്ന് ഇതുവരെ വിട്ടിട്ടില്ല...

"നോക്കാം.... .എടാ നീയിപ്പോള്‍ എവിടെയാ.. സമയമുണ്ടെങ്കില്‍ ഒന്നിവിടം വരെ വാ....ഒരു ചിന്ന പ്രോബ്ളം...നീ വന്നാല്‍ ശരിയാവും.. പ്ളീസ്‌..വളരെ അര്‍ജണ്റ്റാ..... "

പ്രേമാനന്ദന്‍ ആപത്ബാന്ധവനല്ലേ....

"ദാ എത്തീ...." എന്നു പറഞ്ഞു അഡ്രസ്‌ വാങ്ങി..എനിക്ക്‌ ശ്വാസം നേരെ വീണു..ഹൊ...അവന്‍ വന്നാല്‍ പുഷ്പം പോലെ സംഗതി സോള്‍വ്‌ ആകും....

ഗേറ്റിലെ ഒച്ചകേട്ടപ്പൊഴെ മനസിലായി...അവന്‍ വന്നിരിക്കുന്നു..ഇവനെപ്പോലെ ഒരു ഫയര്‍ ബ്രാണ്റ്റിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.. യമനെപ്പോലും വകവെക്കാത്തവന്‍. പണ്ട്‌ കോളജിലെ അടിസമയത്ത്‌ പ്രേമാനന്ദന്‍ എന്ന കുട്ടിസഖാവ്‌ മുണ്ടു പൊഴിഞ്ഞത്‌ പോലും വകവെക്കാതെ കുറുവടിയുമായി കൈയാലയില്‍ നിന്നു ചാടിയിറങ്ങുന്നത്‌ ഓര്‍ക്കാത്ത ദിവസങ്ങളില്ല....

ഞാന്‍ പതുക്കെ ഗേറ്റിലെത്തി..നോക്കിയപ്പോള്‍ പാണ്റ്റ്‌സ്‌ മുട്ടുവരെ ഊരി തിളച്ചു നില്‍ക്കുന്നു പ്രേമന്‍.

"ദൈവമേ............." പിടഞ്ഞുപോയി ഞാന്‍...

"പൂരാ കപടാ ഉതാര്‍ദോ...തൂ...........അഗര്‍ ശക്‌ ഹെ തോ...." ബോഡിചെക്കിംഗിനെതിരെ ഉള്ള കരിങ്കൊടി...

"പ്രേമാനന്ദാ.ചതിക്കല്ലേടാ......." നിലവിളിച്ച്‌ അവരെ സമാധാനിപ്പിച്ച്‌ ഞാന്‍ അവനെ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി....

"അവനിട്ട്‌ രണ്ടു പൊട്ടിച്ചേ പറ്റൂ.... "

"അതു നമുക്കു പിന്നെ നോക്കാം..ആദ്യം നീ ഇതു നോക്ക്‌.... "

"ഹോ....എന്തൊരു ചൂട്‌ വെളിയില്‍...." കൈ വിരലുകള്‍ കണ്ണിലമര്‍ത്തി കസേരയിലോട്ട്‌ അവന്‍ ചാഞ്ഞു...

കസേര നൂറ്റിയറുപതു ഡിഗ്രിയില്‍ പുറകോട്ടു ചാഞ്ഞതും വെപ്രാളത്തില്‍ കാലുകളിളക്കി "എന്റെപള്ളീ........." എന്ന ശബ്ദം ഉല്‍പ്പാദിപ്പിച്ച്‌, ടെണ്ടുല്‍ക്കര്‍ ക്യാച്ച്‌ എടുക്കുന്നപോലെ പ്റേമാനന്ദനും പുറകെ കസേരയും നിലത്തേക്കു മറിഞ്ഞതും വളരെപ്പെട്ടെന്നായിരുന്നു...

"വല്ലോം പറ്റിയോ..." അവനെ ഞാന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു.

കസേരയുടെ ഇരിക്കുന്ന ഭാഗവും ഭൂമിയില്‍ താങ്ങുന്ന വീലുള്ള ഭാഗവും രണ്ടായെന്നും, ഇരിക്കുന്ന ഭാഗം എന്റെ കൈയിലാണെന്നും ഞാനറിയുന്നതു തന്നെ "ക്യാ ഹുവാ." എന്ന അലര്‍ച്ചയോട്‌ ഒരു ഗാര്‍ഡ്‌ തോക്കുമായി ഓടി വന്നപ്പോഴാണു. അതും പ്രേമാനന്ദന്റെ സ്റ്റ്രിപ്പിംഗ്‌ ആസ്വദിച്ച അതേ ഗാര്‍ഡ്‌...

"ഹേ ഭഗവാന്‍.............." അയാള്‍ തറയിലെ മാറ്‍ബിളില്‍ സി.ബി.ഐ. സ്റ്റൈലില്‍ പരിശോധന തുടര്‍ന്നു. അഞ്ചുമിനിട്ട്‌ തപ്പി തപ്പി തറയിലെ ഒരു വര കണ്ടുപിടിച്ചു ആഹ്ളാദിച്ചു.....

"സ്ക്രാച്ച്‌ ഹോഗയാ........." തറയില്‍ ഉരച്ചില്‍ വീണിരിക്കുന്നു....

"എന്റെ ചന്തി ചളുങ്ങിയതിനു ഒരു പരാതിയുമില്ല ഇവനു......നിന്നെ ഓര്‍ത്തിട്ടാ അല്ലെങ്കില്‍ ഈ കാളച്ചാണകത്തിണ്റ്റെ(ബുള്‍ഷിറ്റ്‌) മോന്തയ്ക്ക്‌ ഞാന്‍ സ്ക്രാച്ച്‌ കാട്ടിക്കൊടുത്തേനെ" പ്രേമന്‍ രോഷം പൂണ്ടു..

പ്രേമന്‍ ഡയഗ്നോസിസ്‌ തുടങ്ങി.. ചിക്കുന്‍ ഗുനിയയും ഡെങ്കിയുമല്ല താനും പനിയുണ്ടു താനും എന്ന മട്ടില്‍ കണ്‍ഫ്യൂഷന്‍ മുഖത്ത്‌ വാരിനിറച്ച്‌...

നാല്‍പ്പത്തഞ്ചു ഡിഗ്രിയില്‍ തലചെരിച്ച്‌ താടിയ്ക്കു കൈകൊടുത്ത്‌ ഒരിരുപ്പ്‌ തുടങ്ങിയിട്ട്‌ പത്തുമിനിട്ടായി..

"എടാ നീ ചുമരില്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ടു കുറെയായല്ലോ.. അവിടെ സൊല്യൂഷന്‍ എഴുതിവച്ചിട്ടുണ്ടോ.. ?"
വെള്ളാനകളുടെ നാട്ടിലെ പപ്പുവിനെപ്പോലെ കോണ്‍ഫിഡണ്റ്റ്‌ "ഇപ്പോ ശരിയാക്കിത്തരാം..... "

നളന്റെ ഒരളിയന്‍ രണ്ട്‌ ഗ്ളാസില്‍ ഫ്രഷ്‌ ഓറഞ്ച്‌ ജൂസ്‌ കൊണ്ട്‌ ടീപ്പോയില്‍ വച്ച്‌ മൂടികൊണ്ടടച്ചിട്ടു മടങ്ങി...

"ഹാവൂ..ഇനി ജൂസടിച്ചിട്ടാവാം പണി...." അവന്‍ ഒരു ഗ്ളാസ്‌ എടുത്തു....

"നീ കുടിക്കുന്നില്ലേ.. ?'

"ഇല്ല എനിക്കൊരു തൊണ്ടയ്ക്കു വേദന...." ഞാന്‍ പറഞ്ഞു..

"നല്ല സൊയമ്പന്‍ ജൂസ്‌....ചുമ്മാതല്ല ഇവിടുത്തെ പട്ടിപോലും ചുവന്നു കൊഴുത്തിരിക്കുന്നത്‌... "

"പ്രേമാ.... വാചകമടിക്കാതെ പണിയെടാ...മണിയഞ്ചായി...." എന്റെ ടെന്‍ഷന്‍ കൂടുകയാണു..

നളന്‍ വീണ്ടും വാതില്‍ വരെ വന്നിട്ടു ഉറക്കെ വിളിച്ചു.."ദിവ്യാ.............. ദീക്ഷാ.........ആയിയേ................. "

"ദീക്ഷയോ..." പ്റേമനു സംശയം..."ഇങ്ങനെയും പെമ്പിള്ളാര്‍ക്കു പേരോ....ഇനി അടുത്ത കൊച്ചിനു മീശ എന്ന് പേരിടുമോ....പള്ളീ... "

രണ്ടെലുമ്പികളും എഴുന്നെള്ളി.. "ഇതെന്താ അളിയാ ഒരുമാതിരി അരയാലുപോലുള്ള വേഷം... പണ്ടാരാണ്ട്‌ പറഞ്ഞപോലെ
മൂടും മുഖവും കണ്ടുപിടിക്കാന്‍
മാടച്ചാത്താ മന്ത്രമുരയ്ക്കൂ. "

"അളിയാ നീ ഇതു ശരിയാക്ക്‌...എണ്റ്റെ ജോലിയുടെ പ്രശ്നമാ....പ്ളീസ്‌..................." ഞാന്‍ കാലുപിടിത്തം തുടര്‍ന്നു..

ദിവ്യ എന്ന എലുമ്പി അലറിവിളിച്ചു............

"ഷിറ്റ്‌......... "

"എവിടെ?................" പ്റേമന്‍ ചാടിയെണീറ്റു. "ഇവിടെങ്ങും ഞാന്‍ കാണുന്നില്ലല്ലോ പെങ്ങളെ...ഒന്നു വീണുന്നുള്ളതു സത്യമാ. അല്ലാതുകണ്ട്‌.... "

"വെയര്‍ ഈസ്‌ മൈ ജൂസ്‌...................... വിച്ച്‌ സ്കൌണ്ട്രല്‍ ടുക്‌ ഇറ്റ്‌..... "

ഞാന്‍ സര്‍വാംഗം തണുത്തു.....മഹേശ്വരാ.....ജൂസ്‌ പിള്ളാര്‍ക്കു വേണ്ടി കൊണ്ടുവച്ചതായിരുന്നോ...അതിലൊന്നീ പഹയന്‍ കുടിച്ചു......ഞാനേതാണ്ട്‌ അര ഉറപ്പിച്ചു..."എന്റെ ജോലി പോയി................ "

'അനിയത്തീ അടിയന്‍ നിരപരാധിയായ സ്കൌണ്ട്രലാ' എന്ന മട്ടില്‍ പ്രേമന്‍ കാണാതെ ചൂണ്ടുവിരല്‍ ഞാന്‍ വയറിനടിയിലൂടെ അവന്റെ നേരെ പലതവണ ഓസിലേറ്റു ചെയ്ത്‌ അവളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു..

"ഇഡിയറ്റ്‌!! ഹൌ ഡെയര്‍ യു റ്റുക്‌ ഇറ്റ്‌.....ബ്ളഡീ....? " കളവാണി പ്റേമന്റെ മറുവാണിക്കു കാത്തു കോമരം പോലെ തുള്ളല്‍ തുടങ്ങി.. കണ്ണടയ്ക്കുന്നതാണിനി നല്ലതെന്ന് എനിക്കു ബോധ്യം വന്നു...

ഷര്‍ട്ടിന്റെ രണ്ടുകൈയും ചുരുട്ടി മുകളിലോട്ട്‌ വച്ച്‌ ഒരൊറ്റ എഴുന്നേല്‍പ്പ്‌ അവന്‍....

"എടീ എന്തിരവളെ.." ഇത്രയും മാതൃഭാഷയില്‍ ബാക്കി മിശ്രഭാഷയില്‍ "ഇഡിയറ്റ്‌ തുമാരാ യൂസ്‌ലസ്‌ ബാപ്‌.. മൈന്‍ഡ്‌ യുവര്‍ ബ്ളഡി മൌത്‌........ "

"യൂ..................................." ഗ്ളാസ്‌ കൈയിലെടുത്തു പെണ്ണ്‍ അവന്റെ നേരെ കുതിച്ചു ചാടുന്നത്‌ ഞാന്‍ കണ്ണുപൊത്തലില്‍നിന്നു ചെവിപൊത്തലിലേക്ക്‌ കൈകള്‍ ഷിഫ്റ്റ്‌ ചെയ്യുന്ന ഇടവേളയില്‍ കണ്ടു...

ടേബിളില്‍ നിന്ന് സ്ക്രൂ ഡ്രൈവര്‍ വലിച്ചെടുത്ത്‌ പ്രേമന്‍ 'പ്രാന്ത'നാകുമ്പോള്‍ ഞാന്‍ ഓഫീസിലെ കമ്പ്യൂട്ടറിലെ എണ്റ്റെ ബയോഡേറ്റയുടെ ലൊക്കേഷന്‍ ഉറപ്പിക്കുകയായിരുന്നു..

'സി ഡ്രൈവ്‌.... മൈ ഡോക്കുമണ്റ്റ്‌.........പേഴ്സണന്‍സ്‌.......മനു........റെസ്യുമെ....... '

കണ്ണില്‍ ഇരുട്ട്‌...

"ഐ വില്‍ ഷോ യു..." എന്ന പെണ്ണിന്റെ ലാസ്റ്റ്‌ ഡയലോഗേ പിന്നെ ഞാന്‍ കേട്ടുള്ളൂ..ഉറഞ്ഞുതുള്ളി അവള്‍ പുറത്തേക്കു പായുന്നതു കണ്ടു..

"പ്റേമാ........." ഞാന്‍ ആലിലപൊലെ വിറയ്ക്കാന്‍ തുടങ്ങി...
"നമുക്കു പോകാം..ഇപ്പോള്‍ എന്റെ ജോലിയെ പോയിട്ടുള്ളൂ.......... ഇനി ഇവിടെ നിന്നാല്‍ ജീവനും പോകും...നിനക്കറിയില്ല ഇവരെ...കൊന്നു കുഴിച്ചുമൂടിക്കളയും നമ്മളെ.ഒരു കുഞ്ഞുപോലും അറിയില്ല...പ്ളീ.............സ്‌............. നീ വേഗം വാ..... "

"നീ പോടാ...മാക്രി..എടാ...കരളുറപ്പ്‌....ആദ്യം അതുണ്ടാക്ക്‌.. എടാ ധീരന്‍മാര്‍ ഒരിക്കലേ മരിക്കൂ.....ബീ ബോള്‍ഡ്‌ മാന്‍........നീ മാവോ സേ തൂങ്ങിണ്റ്റെ ജീവചരിത്രം വായിച്ചിട്ടില്ലേ... "

"മിക്കവാറും ഞാന്‍ മാവെ തൂങ്ങും പ്രേമാ....ഞാന്‍ നിന്റെ കാലു പിടിക്കാം...." പറഞ്ഞു തീരും മുമ്പ്‌ ജാട്ട്‌ ഭീകരന്‍ പാഞ്ഞു വന്നു....പ്രേമന്റെ നേരെ...

"തൂ സാലെ കുത്തേ...... കമീനേ............. "

ബാക്കി ഭാഗം പ്റേമന്‍ പൂരിപ്പിച്ചു "ഉല്ലു കാ പട്ടേ...ബന്തര്‍ കാ ബച്ചേ....."

പാഞ്ഞുവന്ന ഭീകരന്റെ കരണത്ത്‌, പണ്ട്‌ രണ്ടു മാസം കണ്ണൂറ്‍ പോയി കളരി പടിച്ച എക്സ്‌പീരിയന്‍സ്‌ വച്ചു അവനൊന്നു പൊട്ടിച്ചു... "

"ഊ..................................റാം.........." എന്ന പ്രാര്‍ഥനാ നിലവിളിയോടെ ജാട്ടു മലര്‍ന്നു വീഴുന്നത്‌ വിയര്‍ത്തുനിന്ന ഞാന്‍ കണ്ടു...

"ഊരാമെടാ..............നിന്റെ സകല എല്ലുകളും ഞാന്‍ ഊരാം..എഴുന്നേറ്റു വാ നീ................"


പ്രേമന്‍ അലറി... ഭീകരന്‍ എഴുന്നേറ്റു വരും മുമ്പേ എണ്റ്റെ സകല ആമ്പിയറും പുറത്തെടുത്ത്‌ ഞാന്‍ പ്രേമനെയും വലിച്ചു കൊണ്ട്‌ ഗേറ്റു കടന്നു വണ്ടി സ്റ്റാര്‍ട്ടാക്കി അവനെ പുറകിലിരുത്തി. ശ്വാസവും ഫസ്റ്റ്‌ ഗീയറും ഒന്നിച്ചിട്ടു..

ബ്രൌണ്‍ ഷുഗറടിച്ചു നടക്കുന്ന മുകുന്ദന്റെ കഥാപാത്രത്തെപ്പോലെയായി ഞാന്‍.. കമ്പ്ളീറ്റ്‌ മരവിപ്പ്‌..ഭൂതം ഭാവി വര്‍ത്തമാനം .എല്ലാം കൊളാഷായി കൊളമായ മനസ്‌...

ഇന്ന് രാത്രി തന്നെ ഭാര്യ അവളുടെ വീട്ടില്‍ വിളിച്ച്‌ 'അമ്മേ ഒരു സന്തോഷ വര്‍ത്തമാനം ഉണ്ട്‌..മരുമോന്റെ ജോലി പിന്നേം പോയി' എന്നു പറയുന്നതും, അമ്മായിയപ്പന്‍ ബ്രോക്കര്‍ കൊച്ചുപിള്ളയെ അറഞ്ഞ്‌ നാലു തന്തയ്ക്കു വിളിക്കുന്നതും, കിടക്കാന്‍ നേരം അമ്മായിയമ്മയോട്‌ "പാകിസ്ഥാനി ബഡ്മാഷുകളുടെ വെടിയുണ്ട ചീറിപ്പാഞ്ഞു വന്ന സമയത്തും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല ശാരദേ' എന്നു പറയുന്നതും ഓര്‍ത്തു ഞാന്‍ വണ്ടി സ്പീഡിലാക്കി.

പ്റേമന്‍ ഒന്നും മിണ്ടാതെ പുറകിലിരിക്കുകയാണു..പാവം..അവനിപ്പോള്‍ കുറ്റബോധം കാണും..വിഷമം കാണും അതാവും മിണ്ടാത്തത്‌...

"റുക്‌ ജാ................................................................."

അപ്രതീക്ഷിതമായി അവന്‍ പറഞ്ഞു. ഞാന്‍ രണ്ടു ബ്റേക്കും അമര്‍ത്തി വണ്ടി പിടിച്ചു നിര്‍ത്തി പുറകോട്ട്‌ നോക്കി... ഇവനെന്തിനാണു നിര്‍ത്താന്‍ പറഞ്ഞത്‌?

"ഓ.......ജാനേവാലി റുക്‌ ജാ......................" എന്താ അളിയാ ഒരു പാട്ടുപാടിയപ്പൊഴേക്കും പേടിച്ചുപോയോ?..

പഹയനു പാടാന്‍ കണ്ട നേരം.........

"അപ്പൊ സണ്‍ഡേലെ കാര്യം എങ്ങനാ............" നിനക്കു മൂഡു കാണുമല്ലോ അല്ലെ..

അവന്റെ ചോദ്യം കേട്ടാല്‍ കഴിഞ്ഞതൊക്കെ ഏതോ സിനിമയില്‍ കണ്ടിട്ടു വരുകാണെന്നു തോന്നും.. സോ കൂള്‍

"എടാ പ്രേമാനന്ദാ...ആദ്യം നീ നിന്റെ സ്വഭാവത്തിനു മോതിരമാറ്റം നടത്ത്‌... അതുകഴിഞ്ഞു മതി പെണ്ണുമായി മാറല്‍ ... അല്ലെങ്കിലേ...ആദ്യരാത്രി തന്നെ നീ നിന്റെ അമ്മായിയപ്പനെ തൊഴിച്ച്‌ ഫ്രെയിമിലാക്കും......

Monday 9 July 2007

പേരപ്പാ പടയപ്പാ...

"ഈ മഴയും, ഈ മുല്ലപ്പൂമണവും, ഈ കുളിര്‍കാറ്റും, നീയും, പിന്നെ നിന്റെ ഈ കുഞ്ഞുവയറ്റില്‍ എനിക്കു പിറക്കാന്‍ പോകുന്ന കുഞ്ഞും..ഹോ. ഒന്നോറ്‍ത്താല്‍ ജീവിതം എന്തു സുന്ദരം അല്ലേ ലക്ഷ്മി...തിങ്ക്‌..തിങ്ക്‌ ഡീപ്‌ലി..." എന്ന എന്റെ ചാമ്പിയ റൊമാണ്റ്റിക്‌ വചനങ്ങളെ "വേണ്ടാ...ഷോര്‍ട്ട്‌ കട്ട്‌ വെട്ടല്ലേ കൊച്ചു ഗോപാലകൃഷ്ണാ..." എന്ന സിമ്പിള്‍ വാചകം കൊണ്ട്‌ എന്റെ ഭൈമി ഒടിച്ചു കൈയില്‍ തരുമ്പോഴാണു അമ്മ കതകില്‍ മുട്ടിയത്‌..

"എടാ, ഓമല്ലൂരെ നമ്മുടെ പേരപ്പന്‍ അസുഖം കൂടി പന്തളം മെഡിക്കല്‍ മിഷനില്‍ അഡ്മിറ്റാ.. മൂന്നാലായി..ദാ അച്ഛന്‍ പറയുന്നു നിങ്ങളോട്‌ ഒന്നവിടം വരെ പോയി കണ്ടിട്ടു വരാന്‍.. ഇന്നോ നാളെയോ എന്നു പറഞ്ഞു കിടക്കുവാ അങ്ങേരു..ഇനി നിങ്ങള്‍ വരുമ്പോള്‍ കാണുമോന്നും അറിയില്ല..അതുകൊണ്ട്‌.. ഇന്നു തന്നെ പോയി കണ്ടിട്ട്‌ വാ.... "

"ആ വല്യ പേരപ്പന്‍ പുരനിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെയായില്ലോ.. ഞാന്‍ കണ്ട നാളുംകൂടി മറന്നു. രൂപം പോലും ഒരു പിടിയില്ലല്ലോ..ഓ..ഇനി അടുത്ത തവണയെങ്ങാനും പോകാം.. പിന്നല്ലാതെ"

ദില്ലിയിലെ കൊടുംചൂടില്‍നിന്നു ഒരു ഷോര്‍ട്ട്‌ ബ്റേക്കെടുത്തവന്ന എനിക്കു ഒരുദിവസം ആശുപത്രിയിലെ ലോഷന്‍ മണത്തില്‍ കഴുകിയാന്‍ വിഷമമം.

"ദൈവദോഷം പറയാതെ മാഷെ..ദോഷമല്ലെ" ഭാര്യ മുടിചീകല്‍ തുടങ്ങിയിരുന്നു.

അവള്‍ക്കു പിന്നെ പ്രേതം പത്തുമൈല്‍ ദൂരെയുണ്ടെന്നു പറഞ്ഞാലും "എന്നാല്‍ ഒന്നു കണ്ടിട്ടു വരാം മാഷെ" എന്ന പ്രകൃതമാണല്ലോ. ജീന്‍ പ്രോഗ്രാമിംഗിന്റെ കുഴപ്പം.

"എടീ നീ അതിനു പേരപ്പനെ കണ്ടിട്ടുണ്ടോ?..അല്ല ഇത്ര സോഫ്റ്റ്‌ ആയിട്ടുള്ള അപ്പ്രോച്ച്‌ കണ്ടോണ്ട്‌ ചോദിച്ചതാ..... "

"കല്യാണത്തിനു വന്നപ്പൊഴോ കാണാന്‍ പറ്റിയില്ല.. ആശുപത്രിയില്‍ വച്ചെങ്കിലും ആ ആഗ്രഹം നടക്കട്ടെ.. പിന്നെ മെഡിക്കല്‍ മിഷന്‍ പന്തളം കോളജിനടുത്തല്ലെ..ആ ഗുഡ്‌ ഓള്‍ഡ്‌ ഫൈവ്‌ ഇയേഴ്സിന്റെ ഓര്‍മ്മയൊക്കെ ഒന്ന് അയവിറക്കുകയും ചെയ്യാമല്ലോ..എണ്റ്റെ കൌമാരം ചിറകുവിടര്‍ത്തിപ്പറന്ന ആ ക്യാമ്പസും..ആ പുല്‍ത്തകിടും.. "

ബാക്കി ഞാന്‍ പൂരിപ്പിച്ചു "ആ കോലന്‍ നേതാവ്‌ നിനക്കു നീട്ടിയ പ്രേമലേഖനവും ..എന്റെ കഷ്ടകാലത്തിനു നീ അപ്പോള്‍ മോറലി ഫിറ്റ്‌ ആയ പെണ്ണായതും...അത്‌ മടക്കി കൊടുത്തതും പോരട്ടെ...പോരട്ടെ... "

"ഊതല്ലെ മാഷെ..." ഹെയര്‍പിന്‍ കടിച്ചു പിടിച്ചവള്‍ പറഞ്ഞു "അന്നതു വാങ്ങിയിരുന്നെങ്കില്‍ ഒരു കോളജ്‌ ലക്ചററുടെ ഭാര്യയായി, റിസര്‍ച്ച്‌ അസിസ്റ്റണ്റ്റായി രാജകുമാരിയെപ്പോലെ ഞാന്‍ വാണേനെ... ഇതൊരുമാതിരി ആ ചൂടിനകത്ത്‌ ഉരുകി, ഐഡണ്റ്റിറ്റിയും മുടിയും കൊഴിഞ്ഞ്‌ ..ശ്ശോ.. ഓര്‍ക്കുമ്പോഴെ എനിക്ക്‌ കരച്ചില്‍ വരുന്നു"

ഈ സംഭാഷണം ഇനി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന താങ്ങുകളും മുഖം ചളുങ്ങലുകളൂം ഓര്‍ത്തു ഞാന്‍ വിഷയം ഡൈവേര്‍ട്ട്‌ ചെയ്തു..
"വേഗം ഒരുങ്ങ്‌...നീ ഏതു സാരിയാ ഉടുക്കുന്നെ... ?'

"എന്നു വച്ചാല്‍ മുറിനിറയെ സാരികള്‍ വാങ്ങിക്കൂട്ടിയിരുക്കുവല്ലെ..പച്ച , ചുവപ്പ്‌, മഞ്ഞ.. ഏതു സെലെകറ്റ്‌ ചെയ്യും എന്നാ കണ്‍ഫ്യൂഷന്‍"

മുറിവുണക്കാന്‍ പച്ചച്ചാണകം വാരിത്തേച്ചപോലായി ഞാന്‍.. അറ്റാക്കുകള്‍ മുറുകുന്നു. ഡിഫന്‍സിനു സ്കോപ്പുകള്‍ ശൂന്യം...ഞാന്‍ പതിവു ഡയലോഗ്‌ ഓര്‍ത്തുപോയി.. "ഈ കല്യാണം ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം"

"വലിയ പൊട്ടു തൊടുമ്പോള്‍ നിന്നെ കാണാന്‍ ഒരു ആനച്ചന്തം ഉണ്ട്‌ കേട്ടോ . ഉള്ളതും ഇടയ്ക്ക്‌ പറയണമല്ലോ.. "

"അതെന്റെ വണ്ണത്തിനിട്ടൊരു പണിപണിഞ്ഞതല്ലെ.. മെലിഞ്ഞ പെണ്ണിന്റെ പിറകെ കുറെ നടന്നതല്ലെ. പാരഗണ്‍ ചെരിപ്പുകാരനു മാത്രം പ്രയോജനം ഉണ്ടാക്കിയ ആ ഹിസ്റ്ററി ഇനിയും ഞാന്‍ വിളമ്പണോ എണ്റ്റെ തമ്പുരാനേ... " ഇടം കണ്ണൊന്നിറുക്കി മുഖം മുകളിലോട്ടു ചരിച്ചുയര്‍ത്തി ആക്കലിന്റെ മൌണ്ട്‌ എവറസ്റ്റ്‌ അവള്‍ പിന്നെയും കീഴടക്കി..

ശെടാ.. ദീപാവലി ദിവസം വഴിയില്‍കൂടി പോകുന്ന ദില്ലിവാസിയെപ്പോലെയായി ഞാന്‍. ചവിട്ടിന്നിടത്തും, ചാടി വീഴുന്നിടത്തും എല്ലാം പടക്കം.. പിന്നെ നയന്റെ നയന്‍ പേര്‍സെണ്റ്റ്‌ ഭര്‍ത്താക്കന്‍മാരും ചെയ്യുന്ന അതേ പരിപാടി ഞാനും ചെയ്തു..

സ്കൂട്ട്‌....

സ്കൂട്ടായി പോയി സ്കൂട്ടര്‍ തുടച്ചു കൊണ്ടിരുന്നു.

നോക്കിയപ്പോള്‍ അമ്മ അച്ഛന്റെ കണ്ണിലെ പൊടിയൂതിക്കൊടുക്കുന്നു..

ഇവര്‍ പത്തു മുപ്പത്തു വര്‍ഷങ്ങളായി ഇതെങ്ങനെ മാനേജ്‌ ചെയ്യുന്നു ഈശ്വരാ..

ഊതുന്ന കാര്യത്തില്‍ അമ്മയേക്കാള്‍ മിടുക്കി എന്റെ ഭാര്യയാ...കണ്ണിലേക്കല്ലെന്നു മാത്രം.ഡയറക്റ്റ്‌ ടു കരള്‍...

"എടാ..ഇരുന്നൂറ്റി രണ്ടാം മുറിയിലാ പേരപ്പന്‍ കിടക്കുന്നത്‌...ഓര്‍ത്തോളണേ.. " ഭാര്യ ബാക്ക്‌ സീറ്റിന്റെ പൊടിതുടയ്ക്കുമ്പോള്‍ അച്ഛന്‍ വിളിച്ചു പറഞ്ഞു

ചുണ്ടിലെ വാസലില്‍ കടിച്ചമര്‍ത്തി പടര്‍ത്തി ഭൈമി ബാക്ക്‌ സീറ്റിലോട്ടു ചാടിയിരുന്നു.

"എടീ ഒരു മയത്തിലൊന്നു കയറി ഇരി...ഇതൊരുമാതിരി ചക്ക വെട്ടിയിട്ടപോലെ. വണ്ടി പഞ്ചാറാക്കല്ലെ കാലത്തു തന്നെ".

"ഓ..ഇനി എന്തു പഞ്ചറാവാന്‍.. കഴിഞ്ഞ മീനത്തിലേ എല്ലാ വെടിയും തീര്‍ന്നില്ലേ എന്റെ താഴൂരമ്മേ..."

ഒറ്റ കിക്കില്‍ സ്റ്റാര്‍ട്ട്‌ ആക്കണം എന്ന എന്റെ വ്യാമോഹത്തെ വണ്ടി വെല്ലുവിളിച്ചു. ഏഴാമത്തെ കിക്കിനു മുമ്പു ഞാന്‍ ഉദ്ദ്യേശിച്ച ഡയലോഗ്‌ തന്നെ അവള്‍ പറഞ്ഞു..

"പേരപ്പന്റെ സഞ്ചയനത്തിനേക്ക്‌ അങ്ങെത്തുമോ?"

"വണ്ടിയോടിക്കുമ്പോള്‍ പുറകിലിരുന്നു വേണ്ടാതീനം പറഞ്ഞു എന്റെ കോണ്‍സണ്റ്റ്റേഷന്‍ തെറ്റിക്കരുത്‌" എന്ന എന്റെ വാണിംഗ്‌ കോന്നി ടൌണിലെത്തുന്ന വരെ പാവം കാത്തു സൂക്ഷിച്ചു, ഏതാണ്ട്‌ ഒന്നരക്കിലോമീറ്റര്‍.

"മാഷേ... ഈ പേരപ്പന്‍ എന്ന മാധവന്‍പിളള, പണ്ടു സഞ്ജയന്‍ പറഞ്ഞമാതിരി, കോഴിപ്പുറത്തു മാധവമേനോന്‍ അല്ല മറിച്ച്‌ മാധവപ്പുറത്തു കോഴിമേനോന്‍ ആയിരുന്നു എന്ന് കേട്ടത്‌ സത്യമാണോ"

"എന്താ......"

ഞാന്‍ പുറകിലേക്കു തിരിഞ്ഞതും വണ്ടി ഗട്ടറില്‍ ചാടിയതും ഒരുമിച്ച്‌. ഇടത്തെ കാലും വലത്തെ കാലും മാറി മാറി സിഗ്‌ സാഗില്‍ കുത്തി കുത്തി ഒരുവിധത്തില്‍ വണ്ടി നിറ്‍ത്തി.

" നിന്നോട്‌ പല തവണ ഞാന്‍ പറഞ്ഞു എന്റെ കോണ്‍സണ്റ്റ്രേഷന്‍........ " ചൂടായിപ്പോയി ഞാന്‍

"എന്റെ പൊന്നു മാഷേ...ഈ പേരപ്പന്‍ ആയ കാലത്തെ ഒരു കോഴിയായിരുന്നു എന്നു കേട്ടിട്ടുണ്ട്‌.. അതൊന്നു കണ്‍ഫേം ചെയ്തപ്പോള്‍ ഇത്ര ദേഷ്യമോ"

എന്റെ ബന്ധുക്കാരെ കൊട്ടാവുന്നിടത്തെല്ലാം വച്ചു കൊട്ടുന്നതു ഒരു ശീലമാക്കിയ അവളുടെ ഉള്ളിലിരിപ്പെനിക്കറിയില്ലേ..ഹിസ്റ്ററിമുഴുവന്‍ ചൂണ്ടിയെടുത്തിട്ട്‌ ഒടുവില്‍ അവള്‍ ഇങ്ങനെ തന്നെ പറയും "അപ്പോള്‍ ഡല്‍ഹിയില്‍ വച്ച്‌ രാത്രി എട്ടുമണിക്കു 'എടീ സെര്‍വര്‍ കേടായി ഞാന്‍ ശകലം ലേറ്റാവും' എന്ന് വിളിച്ച്‌ പറയുന്നത്‌ ആക്ച്വലി ആരുടെ സെര്‍വറിന്റെ കാര്യമാ മാഷെ. അല്ല നിങ്ങള്‍ പാരമ്പര്യമായിട്ട്‌ പല പൂ കൃഷിക്കാരാണല്ലോ.. "

"നിന്നോടീ വേണ്ടാതീനം ഒക്കെ ആരു പറഞ്ഞു?" രണ്ടാം ഫേസിലെ എട്ടാമത്തെ കിക്കില്‍ ഞാന്‍ ചോദിച്ചു.

"അങ്ങേപ്പുരയിലെ അമ്മായി.. പേരപ്പന്‍ പണ്ട്‌ പട്ടാഴി വെടിക്കെട്ടു കാണാന്‍ പോയ അക്കൌണ്ടില്‍ ഒരു ഭാര്യയും കുട്ടിയും എക്സ്റ്റ്റാ അമിട്ടുകളായി ഉണ്ടെന്നോ...ആ പടക്കപ്പുരയ്ക്ക്‌ തീയിടാന്‍ ചാടിപ്പുറപ്പെട്ട റിയല്‍ പേരമ്മ മറ്റേക്കാലില്‍ കൂടി നീരുമായി മടങ്ങിവന്നെന്നോ ഒക്കെ പറയുന്ന കേട്ടു..... "

"ഇന്ന് ഇവളുടെ ദിവസമാണല്ലോ ദൈവമേ....രാവിലെ മുതല്‍ ഇവളിങ്ങനെ വന്‍ അമിട്ടുകള്‍ പൊട്ടിക്കുമ്പോള്‍ ഒരു ഏറുപടക്കം പോലും എനിക്ക്‌ തരമാവുന്നില്ലല്ലോ.." എന്നോര്‍ത്ത്‌ ഞാന്‍ വണ്ടി അറുപതിലാക്കി.

"ഛോടോ കല്‍ കി ബാത്തേം..കല്‍ കീ ബാത്ത്‌ പുരാനാ" വണ്ടി പന്തളം കോളജിനടുത്തെത്തിയപ്പൊഴെ ഭൈമി മൂളിപ്പാട്ടു തുടങ്ങി..
അടുത്ത വരി അവള്‍ തന്നെയുണ്ടാക്കി പാടി "ആവോ പര്‍സോം കീ ബാത്തേം... രംഗ്‌ വിരംഗി ബാത്തേം..."

ദാ മാഷേ..അവിടെ വച്ചാ ആ ഇന്‍സിഡണ്റ്റ്‌.. ഈ ലക്ഷ്മി പുഷ്പം പോലെ ലെറ്റര്‍ റിജക്റ്റ്‌ ചെയ്ത ആ ഹിസ്റ്റോറിക്കല്‍ ഇന്‍സിഡണ്ട്‌...ദാ ആ പോസ്റ്റിനു ചുവട്ടില്‍.... "

"എന്താ നിര്‍ത്തണൊ...അതവിടെ തന്നെ കിടപ്പുണ്ടോന്നു നോക്കണോ... "

"ആഗ്രഹമുണ്ട്‌...പക്ഷേ എന്റെ ഹബ്ബിയെപ്പോലെ തന്നെയാണല്ലോ ഈ ഉണക്കവണ്ടിയും.. ടോടല്‍ പാര്‍ട്ട്‌സും ഊരിക്കിടക്കുവല്ലെ..നിര്‍ത്തിയാല്‍ നാളെയല്ലെ ഇനി സ്റ്റാര്‍ട്ട്‌ ആവുള്ളൂ....അതുകൊണ്ട്‌ ലെറ്റ്‌സ്‌ ഗോ..."
മാരുതി ആള്‍ട്ടോയുടെ പരസ്യത്തിലെ അതേ ടോണില്‍ എനിക്കിട്ട്‌ വീണ്ടും അവള്‍ കൊട്ടി.

റൂം നമ്പര്‍ ഇരുന്നൂറ്റി രണ്ട്‌...
ആദ്യം ഞാനും പിന്നീട്‌ അവളും ഒന്നുകൂടി കണ്‍ഫേം ചെയ്ത്‌ അകത്തു കയറി.

ഐസക്‌ ന്യൂട്ടന്‍ അടുത്തായി എന്തോ കണ്ടുപിടിക്കുന്ന ഗൌരവത്തോടെ കറങ്ങുന്ന ഫാനിന്റെ ചിറകുകള്‍ക്കിടയില്‍ കണ്ണു ചിന്തയും കൊരുത്ത്‌ പേരപ്പന്‍ നിശ്ചലനായി കിടക്കുന്നു.

എന്തൊരു ചെയിഞ്ച്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ശബരിമലയ്ക്കു പോകാന്‍ വ്രതത്തിലായിരുന്നോ പേരപ്പന്‍.. ഇടതൂര്‍ന്ന താടിമീശയ്ക്കിടയില്‍ നിന്നു ആ പഴയ മുഖം ഒന്നു തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചു.

"പേരപ്പാ....." ഭാര്യ സ്നേഹപൂര്‍വം വിളിച്ചു.. "പേരപ്പന്‍ ഉറക്കമാണോ"

ഒരു സ്ത്രീ ശബ്ദം കേട്ടതുകൊണ്ടാവണം, 'യുറേക്കാ....' എന്ന മട്ടില്‍ ഒറ്റയെഴുന്നേല്‍പ്പ്‌..കട്ടിലില്‍ ഒരു പൊളപ്പന്‍ ഇരിപ്പ്‌. താടി തടവി കണ്‍ഫ്യൂഷന്‍ കുത്തിവച്ച ഒരു ചിരി...

"പേരപ്പാ ഇതു ഞാനാ..മനു..ഗോപാലകൃഷണന്‍ നായരുടെ മോന്‍...ഓര്‍മ്മയില്ലെ..ഡല്‍ഹിയിലുള്ള.... "

ഒരു സെക്കണ്റ്റ്‌ ഒരു പോസ്‌..

"മച്ചിക്കാട്ടിലെ ഗോപാലന്റെ മോനോ... എടാ നിന്നെ സത്യത്തില്‍ എനിക്ക്‌ മനസില്‍ ആയില്ല കേട്ടോ" ഭാര്യയുടെ കൈയില്‍ നിന്നു രണ്ടുകിലോ ഓറഞ്ചിന്റെ പൊതി വാങ്ങുമ്പോള്‍ പേരപ്പന്‍ പറഞ്ഞു

'മച്ചിക്കാടോ...' ഞാന്‍ ഒന്നു പരുങ്ങി..പാവം പേരപ്പന്‍...പ്രായാധിക്യവും അസുഖവും മൂലം സെറിബ്രം വീക്കായിരിക്കുന്നു...വീട്ടുപേരു 'കൊച്ചുപുത്തന്‍വീട്‌' എന്നതു പാവം വിട്ടുപോയി.. അല്ലെങ്കില്‍ തന്നെ എന്തെല്ലാം ഓര്‍മ്മയില്‍ വക്കണം പേരപ്പനു, അതിനിടയില്‍ ഈ വീട്ടുപേരു.ഓ...പോട്ടെ..ഞാന്‍ തിരുത്താന്‍ പോയില്ല.

"ഷുഗര്‍ എങ്ങനെയുണ്ട്‌ പേരപ്പാ...." കട്ടിലില്‍ ഇരുന്ന വനിത മാസിക കൈയിലെടുത്ത്‌ ഭാര്യ സോഫ്ടായി ചോദിച്ചു...

"ഓ ഭയങ്കര നഷ്ടമാ മോളേ..ഇപ്പൊ കൊയ്യാനാളെ കിട്ടാനാ പാട്‌.. അടുത്ത തവണ ഏതായാലും വിതയ്ക്കുന്നില്ല.. ആരെക്കൊണ്ടാവും കെടന്നു പണിയാന്‍... "

ഈശ്വരാ.. മൈക്രോഫോണും ഔട്ട്‌ ഓഫ്‌ ഓര്‍ഡറിലായല്ലോ..

രണ്ടാമത്തെ ഓറഞ്ചിന്റെ മൂന്നാമത്തെ അല്ലി വായിലിടുമ്പോള്‍ പേരപ്പന്‍ എന്നോട്‌ ചോദിച്ചു
"ഗോപാലന്റെ പൈങ്ങാ കച്ചവടം ഒക്കെ എങ്ങനെയുണ്ട്‌?"

എന്റെ മുരിങ്ങമംഗലത്തപ്പാ...ഒന്നാം തരം ഗവണ്‍മെണ്ട്‌ യു.പി.സ്കൂളില്‍ നിന്ന് ഹെഡ്‌മാസ്റ്റര്‍ ആയി വിരമിച്ച എന്റെ അച്ഛനു പാക്കു കച്ചവടമോ..

ഞാന്‍ മുഖം ചുളിച്ച്‌ തിരിഞ്ഞു നോക്കിപ്രതീക്ഷ തെറ്റിയില്ല. ഭാര്യ അതീവ സന്തോഷത്തോടെ വലതു കൈകൊണ്ട്‌ മുഖം പൊത്തി ചിരിയൊതുക്കാന്‍ പാടുപെട്ട്‌ മാസികയിലെ 'കൂര്‍ക്ക കൊണ്ട്‌ പത്തു കറി'കളിലേക്ക്‌ മുഖം പൂഴ്ത്തി വീണ്ടും വീണ്ടും ചിരിക്കുന്നു... സംഗതി മറ്റേതു തന്നെ..കെട്ടിയവന്റെ അപ്പനിട്ട താങ്ങ്‌ ശരിക്കും സുഖിച്ചിരിക്കുന്നു.

പേരപ്പന്റെ സെറിബെല്ലവും പഞ്ചറായി പക്കാ...

ഭാര്യയുടെ ജയഭാരതി ചിരി ചിറ്റപ്പനു പിടിച്ചെന്നു തോന്നുന്നു..
"ഇങ്ങു വന്നാട്ട്‌ എന്റെ സുന്ദരിക്കുട്ടി. ഹോ..കല്യാണത്തിനു കണ്ടതാണല്ലോ എന്റെ മോളേ... "

അവളെ അമര്‍ത്തിപ്പിടിച്ചു ഇടത്തെ കവളില്‍ മില്ലിസെക്കണ്റ്റിടവേളയില്‍ മൂന്നുമ്മ. അതു ശരി സെറിബ്രവും ഒബ്ളാംകട്ടയും പോയാലും പേരപ്പന്റെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ക്കിപ്പൊഴും ഒരു കുഴപ്പവുമില്ല... പൊട്ടാത്ത പട്ടാഴി ഗുണ്ട്‌ പോലെ സോ ആക്ടീവ്‌...

എന്റെ അച്ഛനെ പാക്കു കച്ചവടക്കാരന്‍ ആക്കിയ കോമ്പ്ളിമെണ്റ്റായിട്ടാവും അവള്‍ വലത്തെ കവിളും കാട്ടിക്കൊടുത്തു ആറു കിളവനുമ്മകള്‍ സ്വന്തമാക്കി..

"നീ ആരാടീ യേശുക്രിസ്തുവിണ്റ്റെ കൊച്ചുമോളോ..മറ്റേ കരണവും കൂടി കാട്ടിക്കൊടുക്കാന്‍" എന്ന് മനസില്‍ ഞാനൊന്നു മുരണ്ടു..

പേരപ്പന്‍ വികാരിയായി..."എന്റെ പൊന്നു ചക്കരമോളു..നല്ല ഐശ്വര്യമുള്ള മുഖം.. ഗോപാലന്‍ ഭാഗ്യമുള്ളവനാ..ഇതുപോലൊരു മരുമോളെ കിട്ടിയല്ലോ.. "

എന്നിട്ട്‌ അവളോടൊരു സ്വകാര്യ ചോദ്യം.. "അച്ഛന്‍ എസ്‌.ഐ ആയി പ്രമോഷന്‍ ആയി ഇല്ലിയോ..ഇപ്പോ പന്തളം സ്റ്റേഷനിനല്ലെ.. മിനിയാന്നു ഞാനൊന്നു കണ്ടങ്ങേരെ...എന്താ ഒരു പവറേ..എന്നാലും ആളു സ്നേഹമുള്ളോനാ.. എനിക്ക്‌ ഒരുകിലോ ആപ്പിള്‍ വാങ്ങിത്തന്നു"

വേണ്ടാ എന്ന് ആത്മര്‍ഥമായി വിചാരിച്ചിട്ടും ഞാന്‍ അറിയാതെ എന്റെ ചുണ്ടിലൂടെ "പ്ഫ്റീം.............." എന്നൊരു സൌണ്ട്‌ പുറത്തു വന്നു. എക്‌സ്‌ മിലിട്ടറിയായ എന്റെ അമ്മായിയപ്പനെ എസ്‌.ഐ സ്യൂട്ടില്‍ ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കി...ഉ ഉം...ഒട്ടും ഇണങ്ങില്ല.. രാജീവ്‌ ഗാന്ധി വധക്കേസിലെ ബെല്‍റ്റ്‌ ബോംബ്‌ ധനുവിനു മിസ്‌.വേള്‍ഡ്‌ കൊടുത്താന്‍ എങ്ങനെയിരിക്കും..അതുപോലെ...

ചിരിയടക്കാന്‍ ഇത്തവണ ഞാന്‍ പാടുപെട്ടു..

"പേരപ്പന്‍ മിനിയാന്ന് എത്ര മണിക്കാ കണ്ടത്‌ പുള്ളിയെ" ഭാര്യയുടെ ചുളിയുന്ന മുഖത്തേക്ക്‌ ഒരു ഏറുകണ്ണിട്ട്‌ ഞാന്‍ ചോദിച്ചു..

"ഒരു പത്തര ആയിക്കാണും..എന്താ.... ?"

"എടീ അപ്പോ മിനിയാന്ന് പത്തരയ്ക്കു കച്ചിത്തുറുവിന്റെ മണ്ടയ്ക്കു നിന്ന് കുരങ്ങിനെ പോലെ താഴെക്കു ചാടിയതാരാ. നിണ്റ്റച്ഛണ്റ്റെ പ്രേതമായിരുന്നോ...?"

പൈങ്ങാക്കച്ചവടക്കാരനേക്കാള്‍ എത്രയോ ടോപ്പിലാണു എസ്‌.ഐ എന്ന അര്‍ഥത്തില്‍ അവള്‍ ഒരു കോടിയ ചിരി ചിരിച്ചു.

ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല...അധികം താമസിയാതെ പേരപ്പന്‍ ചോദിച്ചേക്കും.. "മോനേ നിന്റെ ബാര്‍ബര്‍ ഷോപ്പ്‌ എങ്ങനെ പോകുന്നു? ആവശ്യത്തിനു തലയൊക്കെ കിട്ടുന്നുണ്ടല്ലോ അല്ലെ?"

"പേരപ്പനു ചായയോ മറ്റോ വേണോ?"

ചോദിക്കാത്ത താമസം , പുള്ളി ഫ്ലാസ്ക്‌ എടുത്തു നീട്ടി..

"ഇപ്പഴാ അക്കാര്യം ഓര്‍ത്തത്‌...താഴെ കാണ്റ്റീനില്‍ കിട്ടും നല്ല രസികന്‍ ചായ....ഒരു നാലു ഗ്ളാസ്‌ വാങ്ങിച്ചോ കേട്ടോ... "

ഭാര്യയെ പേരപ്പനടുത്തിരുത്തി ഞാന്‍ ഒറ്റച്ചാട്ടത്തിനു മൂന്നു പടിയെന്ന കണക്കില്‍ താഴേക്കിറങ്ങി..

"മനുകൊച്ചാട്ടാ........" കാലഹരണപ്പെട്ട കൊച്ചാട്ടാ വിളി പിന്നില്‍ നിന്നും കേട്ടു....

ശെടാ.. ഹോസ്പിറ്റലിലും ഞാന്‍ പോപുലറാണോ..

"ഇതെങ്ങോട്ടാ ഈ ചാടിപ്പോന്നെ..ഒന്നു നിന്നെ.. ഡല്‍ഹീന്നെപ്പോ വന്നു"

നോക്കിയപ്പോള്‍ നന്ത്യാര്‍വട്ടപ്പൂവു പോലെയൊരു പെണ്ണ്‍..കൈയില്‍ സിറിഞ്ച്‌ ട്രേയുമായി..

"അയ്യോ..വയലുങ്കലെ ഷീല....എടീ നീയാളങ്ങു മാറിപ്പോയല്ലോ.. നീ ഇവിടെയാണൊ ഇപ്പൊ വര്‍ക്ക്‌ ചെയ്യുന്നെ?"

പണ്ട്‌ കപ്പയ്ക്കിട കിളയ്ക്കുന്നവര്‍ക്ക്‌ കട്ടന്‍കാപ്പി കൊടുക്കാന്‍ പോകുന്ന വഴിയില്‍, വയലുങ്കലെ അമ്മൂമ്മയുടെ അസുഖം ഒന്നറിഞ്ഞേക്കാം എന്ന സബ്‌ അജണ്ടയില്‍ അങ്ങോട്ട്‌ കയറുന്നത്‌, ഷീല ചുവപ്പു പാവാടയും ചുവപ്പ്‌ ബ്ളൌസുമിട്ടു, ഈറന്‍മുടി തോര്‍ത്തില്‍ കെട്ടിവച്ചു മുറ്റമടിക്കുന്ന കാണാനായിരുന്നല്ലോ..അന്ന് അവളുടെ കൊലുസിന്റെ കിലുക്കവും ചൂല്‍ മണലിലുരയുന്ന ശബ്ദവും ഒത്തു ചേര്‍ന്ന ബീഥൊവന്റെ സെവന്‍ത്‌ സിംഫണിയുടെ സുഖം ഒന്നു വേറെ തന്നെയായിരുന്നു...അതൊക്കെ ഓര്‍ത്ത്‌ ഞാനൊന്നു നിന്നു..

"കൊച്ചാട്ടനെന്താ ഇവിടെ"

"ഒന്നും പറയണ്ടാ എന്റെ ഷീലേ.. ഞങ്ങളുടെ പേരപ്പന്‍ വടിവേണോ, വടിയാവണോ എന്ന കണ്‍ഫ്യൂഷനില്‍ മുകളില്‍ കിടപ്പുണ്ട്‌.. ഒന്നു കാണാന്‍ വേണ്ടി വന്നതാ.. "

"കൊച്ചാട്ടന്‍ ഇപ്പൊഴും ഈ തമാശ പറച്ചില്‍ നിര്‍ത്തിയിട്ടില്ല അല്ലെ.. " പിന്നെ അവള്‍ സംശയം കൊണ്ട്‌ ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി..

"കൊച്ചാട്ടാ...ആ ഓമല്ലൂരെ അപ്പൂപ്പനല്ലെ.. പുള്ളി ഇവിടെ നിന്നു ഡിസ്ചാര്‍ജ്ജ്‌ ആയല്ലോ..ഇന്നലെ വൈകിട്ട്‌.. "

"ങേ.....! നീ എന്താ ഇപ്പറയുന്നെ..ഇപ്പൊഴും ഞാന്‍ കണ്ടിട്ടു വന്നതല്ലെ..ഇരുന്നൂറ്റി രണ്ടാം മുറിയില്‍.... "

"കൊച്ചാട്ടാ അത്‌ വേറെയാളാ...ആളു തെറ്റി.. പേരപ്പന്‍ ഇന്നലെതന്നെ പോയി.. ഞാനല്ലെ പറയുന്നെ.. "

പിന്നെ ഞാനവിടെ നിന്നില്ല..ഒറ്റ ചാട്ടത്തിനു നാലു പടിക്കണക്കില്‍ ഇരുന്നൂറ്റി രണ്ടിലെത്തി.. ഭാര്യ പാരയപ്പനു മാസികയിലെ വാരഫലം പറഞ്ഞു കൊടുക്കുന്നു

"ദാമ്പത്യം സന്തോഷപ്രദമായിരിക്കും....പേരപ്പന്‍ കോളടിച്ചല്ലോ... "

പാരയപ്പന്‍ ഒരു ഉണങ്ങിയ ചിരി "ഉം. ഉം....ആ മൂധേവിയുടെ കൂടെയോ...ഫാ..ഏതു എരണംകെട്ടവനാ മോളേ ഇതെഴുതിയത്‌.... "

"നീ ഒന്നിങ്ങു വന്നേ "

ഭൈമിയുടെ കൈപിടിച്ചു ഞാന്‍ വെളിയില്‍ വന്നു.. എന്റെ മൈഥിലിക്കു കണ്ട്രോള്‍ ചെയ്യാന്‍ പറ്റത്തതായി ഒരൊറ്റ കാര്യമേ ഉള്ളൂ ഈ ഭൂമിയില്‍..പരിസരം മറന്നുള്ള ചിരി..അതു നന്നായി അനുഭവിച്ചിട്ടുള്ള ആളായതു കൊണ്ട്‌, അവളെയും കൊണ്ട്‌ ഞാന്‍ ആളൊഴിഞ്ഞ മരച്ചുവട്ടിലേക്കു നടന്നു..

മണിച്ചിത്രത്താഴ്‌ സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ്‌ ഗോപിയോട്‌ പറയുന്ന ക്ളൈമാക്സ്‌ രംഗത്തിന്റെ സ്റ്റൈല്‍ ഞാന്‍ അനുകരിച്ചു..

"എടീ..ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍................വളരെ ശ്രദ്ധയോടും....സമചിത്തതയോടും ..കൂടി..നീ കേള്‍ക്കണം.... "

"കാര്യം പറ മാഷെ...മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ..... "

"നമ്മള്‍ ഓറഞ്ചും മുന്തിരിയും വാങ്ങിക്കൊടുത്ത........... നിനക്കു വാരിക്കോരി രണ്ടു കവിളിലും ഉമ്മ തന്ന ..........ഞാന്‍ ചായ വാങ്ങിക്കൊടുക്കാന്‍ തുനിഞ്ഞ....ആ മൂപ്പിലാന്‍...നമ്മള്‍ കരുതുന്ന പോലെ...നമ്മുടെ പേരപ്പന്‍ അല്ല..... "

"പിന്നെ?'

വിടര്‍ന്നു!!...ഒരു ഭൂകമ്പത്തിന്റെ ആദ്യ സൈക്കിക്‌ വൈബ്രേഷന്‍ എനിക്കു ഭാര്യയുടെ കണ്ണില്‍ കാണാനായി.

"ആ രോഗി വേറേതോ കിളവന്‍ ആണു.. പേരപ്പന്‍ ഇന്നലെ ഡിസ്ചാര്‍ജ്ജ്‌ ആയി... "

രണ്ടു കൈപ്പത്തികൊണ്ടും മുഖം പൊത്തി, സകല പരിസരവും മറന്ന് അവള്‍ പൊട്ടിച്ചിരിക്കുകയാണു..ഞാന്‍ നാലുപാടും ചമ്മി ചമ്മന്തിയായി നോക്കി..

പലരും കണ്ടുതുടങ്ങിയിരിക്കുന്നു.. നിന്ന് ചിരിച്ച്‌ കുഴപ്പിയപ്പോള്‍ മരച്ചുവട്ടില്‍ ഇരുന്നായി പരിപാടി..ഇടയ്ക്ക്‌ ഒരു ബ്രേക്കും

" വയ്യ...ചിരിച്ച്‌ ഞാനിപ്പോ ചാവും........... മാഷേ...എണ്റ്റെച്ഛന്‍ ഇന്നലെയും കൂടി പറഞ്ഞതേ ഉള്ളൂ..... "

"എന്ത്‌................ ?"

ചിരിക്കിടയില്‍ ബുദ്ധിമുട്ടി അവള്‍ പറഞ്ഞു "നിന്റെ കെട്ടിയോന്‍ തനി പിണ്ണാക്കുവിഴുങ്ങിയാണെന്ന്"

ഒരുമണിക്കൂറ്‍ പണിപ്പെട്ടവള്‍ ചിരിയടക്കി.. "എന്നാലും ആ അഞ്ജാത കിളവന്‍ ഉമ്മ തന്ന് എന്റെ കവിളെല്ലാം നശിപ്പിച്ചു..ഛീ........... " രണ്ടു കവിളും തുടച്ചു കൊണ്ടവള്‍ പറഞ്ഞു

"സാരമില്ല.. ഇനി നിന്റെ ഏതെങ്കിലും പേരമ്മ ആശുപത്രിയില്‍ അഡ്മിറ്റായി ഡിസ്ചാര്‍ജാകുമ്പോള്‍ അതേ മുറിയില്‍ കിടക്കുന്ന വേറേതെങ്കിലും അമ്മച്ചിയ്ക്ക്‌ ഉമ്മ കൊടുത്ത്‌ ഞാനതു വീട്ടാം .......പോരെ..... "

സ്കൂട്ടറില്‍ ചാടിക്കയറി അവശേഷിച്ച ചിരി ഓര്‍ത്തെടുത്ത്‌ കുലുങ്ങുമ്പോള്‍ അവള്‍ പറഞ്ഞു

"രാവിലെ മാഷു പറഞ്ഞ ഡയലോഗ്‌ ഇപ്പോ ഓര്‍മ്മ വരുന്നു..ഈ മഴയും, കാറ്റും, കുളിരും.. ഇതുപോലുള്ള മൂപ്പിലാന്‍മാരും... ഒന്നോര്‍ത്താല്‍ ജീവിതം എന്തു സുന്ദരം..അല്ലെ ചേട്ടാ..... "

ചമ്മല്‍ മാറ്റാന്‍ ആക്സിലേറ്റര്‍ മുറുക്കി ഞാന്‍ പൂരിപ്പിച്ചു..

"ശരിയാ പ്രിയേ..ലൈഫ്‌ ഈസ്‌ റിയലി 'ബ്ളണ്ടര്‍ഫുള്‍'........................."

ഭൈമിയുടെ കുപ്പിവളക്കിലുക്കം ചിരിയുടെ അകമ്പടിയോടെ എന്റെ പുറത്തു ഉലക്കപോലെ പതിച്ചുകൊണ്ടിരുന്നു...

Monday 2 July 2007

കേരളാ ഹൌസിലെ ചിരിയരങ്ങില്‍ നിന്നും..

ഇന്നലെ ദില്ലി കേരള ഹൌസില്‍ സരസമായ ചിരിയരങ്ങ്‌. അന്തരിച്ച ശ്രീ ഇടമറുകിണ്റ്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും, തുടര്‍ന്നു എണ്റ്റെ സുഹൃത്തായ ശ്രീ ചെട്ടികുളങ്ങര വേണുകുമാറിണ്റ്റെ "മോളമ്മയുടെ മരണവും ഓണാഘോഷവും" എന്ന പുസ്തകത്തിണ്റ്റെ പ്രകാശനവും സബ്‌-അജണ്ടകള്‍.

ശ്രീ വേണുകുമാര്‍ ഗൌരവമായ ചിരിയുടെ ഉസ്താദാണു. അദ്ദേഹത്തിണ്റ്റെ കഴിഞ്ഞ പുസ്തകം "കേരള്‍ വാല മദ്രാസി" തകര്‍പ്പന്‍ വിജയമായിരുന്നു. ദില്ലിമലയാളികളുടെ പൊങ്ങച്ചവും ജാതിമത വിഭ്രാന്തികളും അതേപടി പകര്‍ത്തിയ ചിരിയും ചിന്തയും കൂട്ടിയിണക്കിയ നല്ലൊരു വര്‍ക്ക്‌. മകന്‍ സനല്‍ ഇടമറുകിണ്റ്റെ സാന്നിധ്യത്തില്‍ നടന്ന ഇടമറുക്‌ അനുസ്മരണത്തില്‍ അദ്ദേഹം തട്ടിവിട്ട ഒരു പീസ്‌ സദസ്യരെ ചിരിപ്പിച്ചു കുഴപ്പിച്ചു. അതു ബൂലോകത്തില്‍ പങ്കു വക്കുന്നു...

വേണുജി ഒരു സ്വപ്നം കണ്ടു. താന്‍ സ്വര്‍ഗത്തില്‍ ചെല്ലുന്നു. ചെന്നപ്പോഴേ കണ്ട കാഴ്ച ഞെട്ടിപ്പിച്ചു. ദൈവവും ഇടമറുകും ഒരുമിച്ചിരുന്നു ചായകുടിച്ചു കൊച്ചുവര്‍ത്തമാനം പറയുന്നു..

വേണുജി ദൈവത്തോട്‌ "ഗോഡ്‌ മൈ ഗോഡ്‌.. ഒരു യുക്തിവാദിയായി അങ്ങയ്ക്കു സകല പാരയും പണിഞ്ഞു ഭൂമിയില്‍ ജീവിച്ച ഈ മനുഷ്യനുമായി അങ്ങു ചായകുടിക്കുന്നു..സന്യാസിമാരും, പാസ്റ്റര്‍മാരും ദാ വെളിയില്‍ കാത്തു നില്‍ക്കുന്നു.. അവരെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെ"

ദൈവം പറഞ്ഞു "ഞാന്‍ എന്നൊരാള്‍ ഇല്ലേ ഇല്ല എന്നേ ഇവന്‍ പറഞ്ഞിട്ടുള്ളൂ..... ഞാനേയുള്ളൂ എന്നു പറഞ്ഞു നടന്ന് മറ്റവന്‍മാരൊക്കെ കാട്ടികൂട്ടുന്ന പോക്രിത്തരങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഇവനെ കെട്ടിപ്പിടിക്കാതിരിക്കും...നീ പറ.... "