Wednesday 30 December 2009

കുടുംബവിശേഷം

കുടുംബവിശേഷം

‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍.. പോയവര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ ആയി നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമല്ലോ. എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് സ്വാമി അണ്ടര്‍‌സ്കോര്‍ തരികിട സ്പേസ്........’

“നിര്‍ത്തീട്ട് പോയി ഹോംവര്‍ക്ക് ചെയ്യെടീ!!!!!!!!!!!”. ഭൈമി ദേഷ്യത്താല്‍ മൂക്കുചുവപ്പിച്ച് കമ്പ്യൂട്ടര്‍ സ്പീക്കര്‍ ഓഫ് ചെയ്തു.

“എന്തിനാടീ നീ മോളേ വഴക്കു പറയുന്നെ.. അച്ഛന്റെ ക്രിയേറ്റിവിറ്റി അവളൊന്നു കേള്‍ക്കട്ടെ.. എന്റെ ഊഹം ശരിയാണെങ്കില്‍ ഭാവിയില്‍ ഇവളും ഒരു മീഡിയ പേഴ്സണാലിറ്റി തന്നെ ആവും. കലയോടുള്ള അവളുടെ ഒരു... ഒരു.... വാട്ട് യൂ കോള്‍.. ..” കൈരണ്ടും ഞാന്‍ സ്പീഡില്‍ ചുരുട്ടിവിടര്‍ത്തി “ക്രേസ്...ക്രേസ് കാണുമ്പോള്‍ എനിക്ക്.....”

“അതിന്റെ ഒരു കുറവുകൂടിയേ ഉള്ളൂ ഇനി” ഭാര്യ കൈയിലിരുന്ന ഒരുകെട്ടു തുണി അരിശത്തോടെ കട്ടിലിലേക്കെറിഞ്ഞു “പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “

ഷേവ് ചെയ്ത സന്യാസി താടിയുഴിയുന്ന പോസില്‍ ഞാനൊന്നു നോക്കി.. ഇന്നലെ സ്വന്തം വീട്ടില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ തൊട്ട് തുടങ്ങിയതാണീ രൌദ്രഭാവം.. ആക്ച്വലി ഇവള്‍ക്കെന്താണ് പറ്റിയത്.

“വാട്ടീസ് റോംഗ് വിത് യൂ ബേബീ......”

“ഒലക്കേടെ...”

“മൂട് പോയിട്ടിപ്പോ ഉലക്കപോലും ഇപ്പൊ എങ്ങും കാണാനില്ല.. പകരം മിക്സിയുടെ സ്വിച്ച് എന്നു പറ.. കാലത്തിനൊത്ത് പഴഞ്ചൊല്ലും മാറേണ്ടേ.. “

“ഉലക്ക ഇല്ലാത്തത് നന്നായി. അല്ലെങ്കില്‍ അതെടുത്ത്......’

“നീ ഇങ്ങനെ ക്രുദ്ധ ആവാതെ......”

‘ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാ‍രോപിച്ച് താടിജടാദി.‘ കലാവാസനയ്ക്ക് കണ്ട്രോളിടാന്‍ പറ്റാത്തതുകൊണ്ട് മകള്‍ പിന്നെയും സ്പീക്കര്‍ ഓണ്‍ ആക്കി

“നിന്നോടല്ലേടീ പറഞ്ഞെ...!!!!’ ബാക്കി കേള്‍ക്കാന്‍ പറ്റിയില്ല.. സ്പീക്കര്‍ അതിലും വലിയശബ്ദത്തില്‍ ദൂരേയ്ക്ക് പതിച്ചു...

ദൈവം സ്ത്രീകള്‍ക്ക് ദേഷ്യം കൊടുത്തത് ഇലക്ട്രോണിക്സ് കമ്പനിക്കാരുടെ കൈയില്‍നിന്ന് കമ്മീഷന്‍ വാങ്ങിയിട്ടാണെന്നു തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണ് മൊബൈല്‍ റിപ്പയര്‍കാരന് ഇരുന്നൂറു രൂപ കൊടുത്തത്.. പൊട്ടിയ ഡിസ്‌പ്ലേപാനല്‍ മാറ്റാന്‍....

“എല്ലാം വലിച്ചെറിഞ്ഞ് വല്ല ഫെമിനിസ്റ്റ്കാരോടൊപ്പം പോവും ഞാന്‍...നാശം...!! “

“ഇനി ഇപ്പൊ എന്തോന്ന് പോവാന്‍...” പൊട്ടിയ സ്പീക്കര്‍ബേസ് ഒട്ടിക്കാന്‍ ഫെവിക്യുക്ക് നോക്കിക്കൊണ്ട് ഞാന്‍ “നീ ആള്‍റെഡി ഒരു ഫെമിനിസ്റ്റ് ആണല്ലോ...”

മറുപടിയായി രൂക്ഷമായൊരു പതിവൃതാ നോട്ടം..!

“എന്തേ.... നീ മാത്രമല്ല.. ഈ കേരളത്തിലെ എല്ലാ പെണ്ണുങ്ങളും കല്യാണശേഷം നല്ല ഒന്നാംതരം ഫെമിനിസ്റ്റുകളാണ്... കെട്ടിയോന്മാരെ മൂക്കുകൊണ്ട് സകല കൂട്ടക്ഷരങ്ങളും എഴുതിപ്പിക്കുന്ന സൂപ്പര്‍ഫെമിനിസ്റ്റുകള്‍..(സ്വരം താഴ്ത്തി)ഓതറയിലെ നിന്റെ പേരമ്മസഹിതം....“

“ദേ എന്റെ കുടുംബക്കാരെ ഒരുമാതിരി ആക്കുന്ന ആ സ്വഭാവം അങ്ങ് നിര്‍ത്തിയേക്കണം.. പറഞ്ഞേക്കാം.. ആണത്തമുള്ളോരാ ഞങ്ങടെ ആണുങ്ങള്‍..അല്ലാതെ...”

“ഉവ്വാ.. “. ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കയറ്റി “അന്ന് ഓതറ അമ്പലത്തിലെ ഉത്സവത്തിന് പേരമ്മപോയ രാത്രി പേരപ്പന്‍ കിടക്കാന്‍ നേരം പറഞ്ഞ ഡയലോഗ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ‘എന്റെ കുട്ടാ... എനിക്കിന്നൊന്നു നടു നിവര്‍ത്തണം.‘ ങാ..അതൊക്കെ പോട്ടെ. എന്തുകൊണ്ടാണ് നീ ഒരു ഫെമിനിസ്റ്റ് ആവണം എന്ന് പറഞ്ഞത്. ഞാനും കൂടൊന്നു അറിയട്ടെ.. നിന്റെ വ്യക്തിസ്വാതന്ത്യത്തില്‍ ഞാനിതുവരെ ഇടപെട്ടിട്ടുണ്ടോ.. “

“ഇടപെടലിന്റെ കാര്യം അവിടെ നില്‍ക്കട്ട്.. ഒരു പെണ്ണനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ഒരു തവണയെങ്കിലും നിങ്ങള്‍ ആണുങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...”

വയറുകുറയ്ക്കാന്‍ ഇന്‍‌ഷേപ്പിട്ട അമ്മാവനെപ്പോലെ ഞരങ്ങി ഞാനൊന്നു നോക്കി.....

“ടെന്‍ഷന്‍ വരുമ്പോള്‍ ഒരു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം... മുണ്ടൊന്നു മടക്കിക്കുത്താന്‍..... എല്ലാം പോട്ടെ, പിരിമുറുക്കം ഒന്നയക്കാന്‍ രണ്ടു തെറിപറയാനുള്ള സ്വാതന്ത്യമെങ്കിലും.. ഒന്നോര്‍ത്ത് നോക്ക്.. അടുപ്പില്‍ കരിഞ്ഞു എരിഞ്ഞ് തീരുവാ ഞങ്ങള്‍... “ ഇവളാര് ശോഭാഡേയോ....

“അത്രയുള്ളൂ നിന്റെ പ്രശ്നം.. ഒരുകാര്യം ചെയ്യ്.. ചുണ്ടത്ത് ഒരു ബീഡിയും വച്ച്, കൈലിയും മടക്കിക്കുത്തി ദാ ആ വഴിയില്‍ പോയി നില്‍ക്ക്... എന്നിട്ട് കാണുന്നവരെയെല്ലാം തെറിവിളിച്ചോ... എന്താ...പോരെ...”

“അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..എന്നെ ഇനിയും ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ നിങ്ങള്‍ക്ക്!!!? ‘

“എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും” ഞാന്‍ ഫെവിക്യുക്ക് ഞെക്കിയിറക്കി..”ഇതൊന്നും ഇല്ലാത്ത നീ എന്തിനാണിങ്ങനെയൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോഴാ.....”

“എന്താ മക്കളെ രാവിലെ രണ്ടുപേരുകൂടെ... “ കതകുതുറന്ന് അമ്മയുടെ മുഖം അകത്തേക്ക് തള്ളി... ഒപ്പം എന്റെ കണ്ണ് വെളിയിലേക്കും.

“അല്ലമ്മേ..ഞങ്ങള്‍ കുറച്ച് പുരോഗമനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാരുന്നു...”

“പുരോഗമിച്ച് പുരോഗമിച്ച് ആ പശ മുഴുവനും തീര്‍ക്കല്ലേ... പൊട്ടിയ ക്ലോക്ക് ഒട്ടിക്കാന്‍ അച്ഛന്‍ മേടിച്ചുവച്ചതാ.. പറഞ്ഞേക്കാം...” അപ്പോള്‍ അച്ഛനും അമ്മയും തമ്മിലും ഇന്നലെ ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിട്ടുണ്ട്.. പക്കാ..
“ദേ ഉണ്ണാന്‍ സമയം ആയി... വാ രണ്ടാളും..കിടന്ന് വഴക്കടിക്കാതെ.....” അമ്മ സ്ഥലം കാലിയാക്കി. പുറകെ മകളും

“ഞാന്‍ ഇപ്പോ വരാം..നീ അടുക്കളേലോട്ട് ചെല്ല്.. കുറച്ച് നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞിരി..” കൈയില്‍ ഒട്ടിയ പശ ചൊറിഞ്ഞിളക്കി ഞാന്‍

“അതിന്റെ കുറവേ ഉള്ളൂ... നാട്ടുകാരെപ്പറ്റി പരദൂഷണം കേള്‍ക്കാന്‍.... ഒളിച്ചോട്ടം, അവിഹിതം, അമ്പലത്തിലെ തിരുമേനിയുടെ എണ്ണ മോഷണം.. അല്ലാണ്ട് നല്ല കാര്യങ്ങളൊന്നും പറയാന്‍ കക്ഷിക്ക് അറിയില്ലല്ലോ..”

“അമ്മയ്ക്ക് പിന്നെ ഒബാമയുടെ സാമ്പത്തിക നയത്തെക്കുറിച്ച് പറയാന്‍ പറ്റുമോ.. എടീ ഈ പരദൂഷണം എന്ന് പറയുന്നത് ദൈവം പെണ്ണുങ്ങള്‍ക്ക് കൊടുത്ത ഏറ്റവും വലിയ വിനോദ ഉപാധിയാണ് . അറിയാമോ..”

“ഓ..ഹോ..സ്വന്തം അമ്മയെപറ്റി ആവുമ്പോ പരദൂഷണത്തിനും സര്‍ട്ടിഫിക്കറ്റ്..” ഭാര്യ തുണിക്കെട്ട് അലമാരയിലേക്ക് തള്ളി...

“അത് പണ്ട് ഈ ടി.വിയും വി.സി.ഡിയും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ക്ക് റിലാക്സ് ചെയ്യാന്‍ എന്തെങ്കിലും ഒരു എന്റര്‍‌ട്രൈയിനര്‍ വേണ്ടേ.. അപ്പോ ചുമ്മാ പാരപണിഞ്ഞോ എന്ന് പറഞ്ഞു ഉടയതമ്പുരാന്‍ ഈ വിദ്യ കൊടുത്തു... നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പരദൂഷണത്തെ ഫുള്‍ സപ്പോര്‍ട്ട് ചെയ്യും..ഹോ..ഈ ഒരു സംഗതി ഇല്ലാരുന്നേല്‍ പെണ്ണുങ്ങള്‍ക്ക് വട്ടുപിടിക്കത്തില്ലായിരുന്നോ..”

“ഹോ.പരദൂഷണം പറയാത്ത ഒരു മാന്യന്‍..ആണുങ്ങളെല്ലാം ആണവക്കരാറിനെക്കുറിച്ച് മാത്രമല്ലേ സംസാരിക്കൂ... ഈ ലോകത്ത് പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ പരദൂഷണം പരത്തുന്നത് ആണുങ്ങള്‍ത്തന്നെയാണ്...ഉദാഹരണം പറയട്ടെ...”

“അത് നമുക്ക് ചായസമയത്ത് പറയാം..തല്‍ക്കാലം നീ അങ്ങോട്ട് ചെല്ല്... മീന്‍ വറക്കുന്ന മണം വരുന്നു.. എനിക്ക് രണ്ട് പീസ് ഉള്ളി കട്ട് ചെയ്യ്.. ഉള്ളിയും ഫിഷ്‌ഫ്രൈയും ഒന്നിച്ച് പൂശിയ കാലം മറന്നു..”

“ദേ.ഒരു കാര്യം പറഞ്ഞേക്കാം...” ഭാര്യ മുടി മാടിയൊതുക്കി.. അടുത്ത എന്തോ തീപ്പൊരി ഇടാനുള്ള പ്ലാനാണല്ലോ ദൈവമേ.. “എന്നത്തേം പോലെ ഇന്നും മീനിന്റെ പേരുപറഞ്ഞ് എന്നെ ഇന്‍സള്‍ട്ട് ചെയ്താല്‍, ഭര്‍ത്താവിന്റെ അമ്മ ആണെന്നൊന്നും ഞാന്‍ നോക്കില്ല.. നല്ല മറുപടി കൊടുക്കും.. പിന്നെ ഫിലോസഫി അടിച്ചേക്കരുത്....”

കഷ്ടകാലം മത്സ്യാവതാരവും എടുത്തോ.. ഇതെന്താണീ മീന്‍ ഇഷ്യു... ഞാന്‍ ചോദ്യരൂപത്തില്‍ ഒന്നു നോക്കി

“എന്നും ചോറ് വിളമ്പുമ്മോ അമ്മയ്ക്കൊരു ചോദ്യമുണ്ട്.. ‘ഇന്നലെ പുത്തന്‍പറമ്പില്‍ എന്താരുന്നുമോളേ മീന്‍...ഓ മത്തിയാരിക്കും അല്ലേ...’.. എന്നിട്ട് ഒരുമാതിരി മ്ലേച്ഛഭാവത്തില്‍ ഒരു നോട്ടോം.. ഞങ്ങളെന്താ വല്യ മീനൊന്നും കാണാതെ വളര്‍ന്നോരാ.....ഹും....”. പുത്തന്‍പറമ്പ് എന്ന ഭാര്യവീട്ടില്‍ ഉന്നതജാതിയില്‍ ഉള്ള മീനൊന്നും കറിവക്കില്ല, ‘ഒണ്‍‌ലി മത്തി‘ എന്ന കത്തിപ്രയോഗം പ്രിയമാതാവ് എല്ലാ ഊണിനുമുമ്പും കാച്ചുന്നു എന്നതാണ് പുതിയ കമ്പ്ലെയിന്റ്. ഈശ്വരാ ഈ സ്ത്രീജനങ്ങളെ സൃഷ്ടിച്ച നേരത്ത് അങ്ങയ്ക്ക് വല്ല മീന്‍‌പിടിക്കാനും പോയാല്‍ പോരാരുന്നോ.. വെറുതെ മനുഷ്യനെ വട്ടുപിടിപ്പിക്കാന്‍ ഓരോ.......

“അതിനു മത്തിക്കെന്താടീ ഒരു കുറവ്.. ഏറ്റവും പോഷകഗുണം ആ മീനിനാ.. ഛേ..നീ ഇങ്ങനെ സില്ലി.....”

“കൂടുതല്‍ വിവരണം വേണ്ടാ..ദേ. ‘മത്തിയാരുന്നോ‘ എന്ന് ഇനി ചോദിച്ചാല്‍.....”

“ഡോള്‍ഫിന്‍ കറിയാരുന്നമ്മേ എന്ന് കാച്ച്.. അപ്പോ പ്രശ്നം തീര്‍ന്നില്ലേ... “

“എന്താ പറേണ്ടേന്ന് എനിക്കറിയാം..”

മുരിംങ്ങമംഗലത്തപ്പാ!! വട്ടമേശയില്‍ പൊട്ടിത്തെറി ഉണ്ടാവുമോ ഇന്ന്.. ഊണുമേശയിലെ സംഭാഷണത്തില്‍നിന്ന് മത്തിയെ എങ്ങനെ ഒഴിവാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഞാന്‍ പുറത്തേക്ക് കടന്നു.

ഉമ്മറപ്പടിയില്‍ ബീഡിയും പുകച്ച് മുറ്റത്തേക്ക് നോക്കി അച്ഛന്‍ ഇരിക്കുന്നു....
ഞാനൊന്നു സൂക്ഷിച്ച് നോക്കി
ചുണ്ടത്ത് ചെറിയൊരു പുഞ്ചിരി. ആ സന്തോഷം കണ്ടിട്ട് മുപ്പത് വര്‍ഷം മുമ്പുള്ള ഒരു റൊമാന്റിക് ദിവസം ഓര്‍ക്കുകയാണോ എന്ന് സംശയം. എന്നെ കണ്ടപ്പോള്‍ ആ ചിരി ഒന്നു വളിച്ചുപുളിച്ചു. എന്റെ ഇന്നത്തെ റൊമാന്റിക് ദിവസം ഓര്‍ത്തുള്ള ചിരിയായിരുന്നു അതെന്ന് എനിക്ക് മനസിലായി


“അച്ഛാ.... ഇരിപ്പുണ്ടോ...? “ ഞാന്‍ പതിയെ പതുക്കെ അടുത്ത് ചെന്നിരുന്നു

“എന്തോന്ന്??”

“മറ്റേത് ഇരിപ്പുണ്ടോന്ന്..അതോ ഞാന്‍ പോയി വാങ്ങിക്കണോ.. തെക്കേതിലെ ബേബിച്ചായന്‍ കഴിഞ്ഞാഴ്ചയല്ലേ ഒരു മിലിട്ടറി ഫുള്‍ തന്നത്.. അത് തീര്‍ത്തുകാണും അല്ലേ..”

“ഈരണ്ട് പെഗ്ഗിനുള്ളതുണ്ട്.. അതുപോരെ..”

“ധാരാളം..... വാട്ടെബൌട്ട് സോഡ”

“പോഡാ..ഇനി അതുംകൂട് ഞാ‍ന്‍ വാങ്ങിച്ചുതരാം.!!!!!”

പ്രിയതമ അടുക്കളയില്‍ വന്നിട്ടുണ്ട്. കടുകല്ലാതെ വേറൊന്നും പൊട്ടിത്തെറിക്കുന്നില്ലല്ലോ എന്ന് ആശ്വസിച്ചുകൊണ്ട് രണ്ട് ഗ്ലാസ് കൈയിലാക്കി ഞാന്‍ പുറത്തേക്ക് ചാടി..

“അമ്മേ ദാണ്ട് അച്ഛന്‍ കള്ളുകുടിക്കാന്‍ പോന്നു...” മിക്സര്‍ തിന്നുകൊണ്ടിരിക്കുമ്പോഴും ആവുന്നത്ര പാരവക്കാന്‍ മകള്‍ക്കൊരു മടിയുമില്ല...

“ഉള്ളി അരിഞ്ഞോ പ്രിയേ “ വിഷയം മാറ്റാന്‍ ഞാന്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു

“തമിഴ് നാട്ടില്‍ നിന്ന് വന്ന വണ്ടി പഞ്ചറായി. പകരം ഒതളങ്ങാ കട്ട് ചെയ്യാം..പോരേ.... ചെല്ല് ..ചെല്ല്.. കുടിച്ചിട്ട് കൂടുതല്‍ കൊഞ്ചിക്കോണ്ട് വന്നാല്‍ ചിരവ ഞാനെടുക്കും, പറഞ്ഞില്ലാന്നുവേണ്ടാ..”

‘തേങ്ങ ചുരണ്ടുന്ന ഒരു കുഞ്ഞു മെഷീന്‍ ഉടനെ വാങ്ങിക്കണം’ മനസില്‍ പറഞ്ഞുകൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് കുതിച്ചു.

“എങ്ങനുണ്ട്.... നിന്റെ കുടുംബജീവിതമൊക്കെ? “
തല ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഇതല്ലാതെ വേറെ ഒന്നും ചോദിക്കാന്‍ അച്ഛനു കിട്ടിയില്ല!!

“യാ...മൂവിംഗ് സ്മൂത്ത്.. ഐ മീന്‍..മീന്‍ മേക്സ് ദ പ്രോബ്ലം സംടൈംസ് യൂ നോ.....” ഹോളിവുഡ് നായകനാ‍യിപ്പോയി ഞാ‍ന്‍ ഒരു നിമിഷം.

“എടാ!! “ ബാക്കി പറയാന്‍ അച്ഛന്‍ ശബ്ദം താഴ്ത്തി “ഒരു കുടുംബനാഥന്‍ നല്ലൊരു മാനേജര്‍ ആയിരിക്കണം. കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ അറിയണം.. നീ ഒരുമാതിരി അഴകൊഴമ്പന്‍...”

“ആക്കല്ലേ....ആക്ച്വലി....”

“മിണ്ടരുത്.!!!.. സ്നേഹം, ആജ്ഞാശക്തി, അനുകമ്പ..ഇതൊക്കെ പ്രകടിപ്പിക്കാന്‍ പഠിക്ക് നീ.. ഹോ..എന്റെ പൌരുഷത്തിന്റെ പത്തിലൊന്നുപോലും നിനക്ക് കിട്ടിയില്ലല്ലോടാ.. ലജ്ജ തോന്നുന്നു “ ലജ്ജകൂടിയതുകൊണ്ട് അടുത്ത കവിള്‍ അച്ഛന്‍ നിറച്ചു “മഹാ ലജ്ജ...ഛാ‍യ്..............” പിന്നെ ചിറി തുടച്ചു

“വാട്ട് യൂ മീന്‍ ....... ഐ ആം എ സക്സസ്‌ഫുള്‍ ഫാ‍ദര്‍ ഓഫ് ടൂ......”

“നിര്‍ത്തെടാ.. അച്ഛന്‍ ആവാന്‍ ഏതു പള്ളീലച്ചനും പറ്റും...എന്നാല്‍ പൌരുഷം അതല്ല....”

“ആ ഫെവിക്യുക്കിനു എത്ര രൂപയായി അച്ഛാ... അഞ്ചോ പത്തോ..”

അച്ഛന്റെ മുഖം പെട്ടെന്നു ഫ്യൂസായതുപോലെ.....

“ആ വെഷോം കുടിച്ചോണ്ടിരിക്കാതെ വന്ന് വല്ലോം കഴിക്ക് രണ്ടാളും...ഞങ്ങള്‍ ദാ വിളമ്പാന്‍ പോകുവാ....” അമ്മയുടെ വിളി കൂടുതല്‍ ഗുരുതരമായ ഡയലോഗുകളില്‍നിന്ന് എന്നെ രക്ഷിച്ചു....

കുടുംബം ഡൈനിംഗ് ടേബിളില്‍.. എന്റെ എതിര്‍വശത്ത് ഭാര്യ
ചോറും സാമ്പാറും എത്തി.
എന്റെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി
മീനെപ്പോള്‍ വരും.. വരും..വരാതിരിക്കുമോ..
അച്ഛന്‍ സാമ്പാര്‍ ചോറിലേക്കൊഴിച്ചതും, പൊരിച്ച മീനുമായി അമ്മ
ഭാര്യയെ ഏറുകണ്ണിട്ടു നോക്കി... അറ്റാക്കിനു റെഡിയാണ് മാഡം..
വിഷയം മാറ്റിയേ തീരൂ..
മീനുമായി ബന്ധമില്ലാത്ത ഏത് ചേനയുണ്ട് വിഷയം ആക്കാന്‍..
യെസ്..ചേന തന്നെ..
സാമ്പാറിലെ ചേനയെടുത്ത് കടിച്ച് ആദ്യ ഡയലോഗ് ഞാനിട്ടു

“ഹോ..ഈ ചേനയ്ക്കിപ്പൊ എന്തൊരു കട്ടിയാ... ഇതെന്താ അച്ഛാ ഇങ്ങനെ....” മീന്‍ എല്ലാപ്ലേറ്റിലും വീഴുന്നു....

“ഓ...ഇപ്പോ മഴ വല്ലോം ഉണ്ടോ ചെറുക്കാ.. പോരാത്തതിന് രാസവളമല്ലിയോ ഇടുന്നത്.. “

“അതുശരിയാ. ഹോ..പണ്ടൊക്കെ എന്തൊരു മഴ ആരുന്നു.. “ കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി മൂവ് ചെയ്യുന്നുണ്ട്..

“ഒത്തിരി മഴയുണ്ടാരുന്നോ അച്ഛാ...” മകള്‍ എന്നോട്

“പിന്നുണ്ടാരുന്നോന്നോ....” മുരിങ്ങയ്ക്കായ കടിച്ചുകൊണ്ട് ഞാന്‍ “അന്ന് മോളേ..ദാ നമ്മുടെ മുറ്റം വരെയൊക്കെ വെള്ളപ്പൊക്കം വരുമാരുന്നു...അറിയാമോ...”

“അന്ന് ഇവനും അനിയനും കൂടി.. കേട്ടോ മോളേ...” അമ്മ ഡയലോഗ് ഏറ്റെടുത്തു. “പിണ്ടിച്ചെങ്ങാടം കെട്ടും..എന്നിട്ട് വൈകുന്നവരെ വെള്ളത്തിലാ..”

“ഹോ..ഓര്‍മ്മിപ്പിക്കാതെ അതൊന്നും “ ഞാന്‍ ഇടംകണ്ണുകൊണ്ട് അച്ഛനെ നോക്കി.. അയലയുടെ മുള്ളുനോക്കി ഇരിക്കുന്നു പുള്ളി

“പോരാത്തതിനു രണ്ടും കൂടി വൈകിട്ട് ചൂണ്ടയുമായി ഒരു പോക്കാ..“ അമ്മ ഗൃഹാതുരയാവുന്നു “ പത്തിരുപത് മീനുമായിട്ടാ തിരിച്ചു വരുന്നെ.. ഓ..മീനിന്റെ കാര്യം ഓര്‍ത്തപ്പൊഴാ, പുത്തന്‍‌പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ”

!!!!!!!!!!!!!

ഡൈനിംഗ് ടേബിളിന്റെ അടിയിലേക്ക് ഡൈവ് ചെയ്താലോ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി ഞാന്‍.. മുഖം പരമാവധി കുനിച്ച് ഭാര്യയെ ചുമ്മാ ഒന്നു നോക്കി.. പല്ലിറുമ്മുന്നുണ്ട് കക്ഷി..‘ ഫെമിനിസമേ ഫെയ്‌ഡൌട്ട് പ്ലീസ്’

ഊണുപകുതിയാക്കി ഭൈമി കിടപ്പുമുറിയിലെക്ക് പാഞ്ഞു... ഉണ്ടത് പെട്ടെന്ന് ദഹിച്ചതുകൊണ്ട് കുറച്ചുകൂടി കഴിച്ച് അരമണിക്കൂറിനുള്ളില്‍ ഞാനും ഉള്ളില്‍ കടന്നു..

“ഹായ്...ഹാപ്പി ന്യൂ ഇയര്‍ “ കട്ടിലില്‍ അമര്‍ഷത്തോടെ ഇരിക്കുന്ന ഭാര്യയെ സോപ്പിടാന്‍ ചിലപ്പോള്‍ ആശംസയ്ക്ക് കഴിഞ്ഞെങ്കിലോ...

“അതേയ് ഇപ്പോ തന്നെ ഒരുപാട് ഹാപ്പിയാ ഞാന്‍ ... കൂടുതല്‍ വാരിക്കോരി തരല്ലേ...... ഇന്നെനിക്ക് രണ്ടിലൊന്നറിയണം.. ജനിച്ചപ്പോള്‍ തൊട്ട് എല്ലാ മീനും കണ്ടാ ഞാന്‍ വളര്‍ന്നത്....”

“പുഞ്ചപ്പാടത്ത് മീന്‍കൃഷിയാരുന്നോ എന്റെ അമ്മായിയച്ഛനു പണ്ട്?“

പ്രതികരണം പ്രതീക്ഷയ്ക്കും അപ്പുറത്തായിപ്പോയി!

ഇനി ഇവിടെ നിന്നാലത്തെ എന്റെ അവസ്ഥ കമ്പം നടക്കുന്നതിനിടയില്‍ ചീറ്റിപ്പോയ ഗുണ്ടു തപ്പാനിറങ്ങുന്ന വെടിക്കെട്ടുകാരന്റേതുപോലെയാവും.
ബൈക്കിന്റെ ചാവിയെടുത്ത് പതുങ്ങി പുറത്തേക്കിറങ്ങി
“എങ്ങോട്ടാ.....”
“ചുമ്മാ ഒന്നു കാറ്റുകൊള്ളാന്‍..നീ വരുന്നോ.. ലെറ്റ്സ് ഗോ ഫോ ആന്‍ ഔട്ടിംഗ്.”
“ഞാന്‍ തന്നെ പൊക്കോളാം..കാറ്റു പോവാതെ നോക്കണമല്ലോ.. ഞാന്‍ വീട്ടിലേക്ക് പോകും വൈകിട്ട്..”

“ഇന്നലെ ഇങ്ങൊട്ട് വന്നതല്ലേ ഉള്ളൂ നീ... “

“അതേയ്.. എനിക്ക് മത്തിക്കറികൂട്ടാന്‍ വല്ലാത്ത കൊതി.. വേറെ വല്ലോം ചോദിക്കാനുണ്ടോ തമ്പുരാന്?”

“ഒ.കെ. അപ്പോ നാളെ കാണാം.. ബൈ..” ചാടി തിണ്ണയിലെത്തി

“നീ എങ്ങോട്ടാടാ ഈ നട്ടുച്ചയ്ക്ക് “ അച്ഛന്റെ ശബ്ദം ആകാശത്തുനിന്നോ!!!

ഓ...മേശപ്പുറത്ത് കസേരയിട്ട് അതില്‍ നിന്നുകൊണ്ട് ക്ലോക്ക് ഒട്ടിക്കുകയാണല്ലേ
കസേരക്കാലിരിക്കുന്ന പേപ്പറിലെ വാര്‍ത്ത ഞാനൊന്നു നോക്കി
‘വിവാഹിതനായ യുവാവിനെ കാണ്മാനില്ല.കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍....’ - പാവം..അയാളുടെ വീട്ടിലും ഇന്നലെ മീന്‍‌കറി വച്ചുകാണും!

വണ്ടി കിക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറകില്‍നിന്ന് ഒരു പാട്ട്..

‘എന്റെ പ്രിയനുമാത്രം ഞാന്‍ തരും..മധുരമീ പ്രണയം..ഹോയ്....” ആരാണാവോ ഈ മോഡേണ്‍ കക്ഷി. പെട്ടെന്ന് ഞാന്‍ തലതിരിച്ചുനോക്കി
ഒരുകാലില്‍ വച്ചുകെട്ടുമായി ഞൊണ്ടി വരുന്നു കണിയാന്‍ കുഞ്ഞന്‍‌പിള്ളച്ചേട്ടന്‍.. എന്റെ മാംഗല്യത്തിന്റെ ബ്രോക്കര്‍ കം അസ്ട്രോളജര്‍.. അവധിക്ക് നാട്ടിലുണ്ടെന്ന് അറിഞ്ഞ് ‘സ്നേഹം കൊണ്ട് തരുന്ന’ പത്തുരൂപ വാങ്ങാനുള്ള വരവാണ്..ബെസ്റ്റ് ടൈം...

“ഓ..ഇതാര് ... കാണാനില്ലല്ലോ കണിയാനേ....ഈ പുതിയ പാട്ടെപ്പോ പഠിച്ചു“

“ഹി..ഹി..ഹി..കുഞ്ഞേ.. കല്യാണമൊക്കെ കഴിഞ്ഞ് സുഖമായപ്പോ ഈ കണിയാനെ അങ്ങ് മറന്നു അല്ലേ..കള്ളാ..”

“സത്യം പറയാലോ കണിയാനേ.....” ഞാന്‍ അറിയാതെ സെന്റിയായിപ്പോയി
“കണിയാനെ ഓര്‍ക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല..അത്രയ്ക്ക്...നോക്ക് ..അത്രക്ക് കടപ്പാടുണ്ട് എനിക്ക്....ഞാന്‍ മാത്രമല്ല..അകത്തുള്ള എന്റെ ഭാര്യയും എന്നും പറയും.. ജീവിതം മാറ്റിമറിച്ച കണിയാനെ മറക്കാനേ പറ്റില്ലാന്ന്.....”

“അത് കുഞ്ഞൊരു താങ്ങ് താങ്ങിയതല്ലേ...”

“ഏയ്.. പിന്നെ എങ്ങനെ പോകുന്നു പരിപാടികളൊക്കെ. കാലിനെന്തു പറ്റി..ഇന്നലെ കല്യാണനിശ്ചയം വല്ലോം ഉണ്ടാരുന്നോ...”

“ഓ..ആണിയാ കുഞ്ഞേ...എവിടെ ലക്ഷ്മിക്കുഞ്ഞ്...എത്ര നാളായി കണ്ടിട്ട്. ഒന്നു വിളിച്ചാട്ട്....”

“ലക്ഷ്മീ.....” ഞാന്‍ നീട്ടിവിളിച്ചു.. “ദാ നിന്റെ ഒരു ഫാന്‍ വന്നിരിക്കുന്നു..പെട്ടെന്ന് വാ..”

പുറത്തു വന്ന ഭാ‍ര്യ കൈരണ്ടും കൂപ്പി “നമസ്തെ”

മറ്റുള്ളവര്‍ കൈകൊണ്ടു പെരുമാറിയ ചരിത്രം മാത്രമുള്ള കണിയാന്‍, കൂപ്പുകൈ കണ്ട് ‘ഞാന്‍ ഇതെവിടെയാ...ഭൂമിയിലോ സ്വര്‍ഗത്തിലോ’ എന്ന മട്ടില്‍ ഭാര്യയെ ഒന്നു നോക്കി

“കുഞ്ഞേ...മോളങ്ങു സുന്ദരിയായല്ലോ.. എന്തൊരു ഐശ്വര്യം... “

“കണിയാനു കാലിനു മാത്രമല്ല..കണ്ണിനും സാരമായ കുഴപ്പമുണ്ടല്ലേ.....”

“നീ ഇങ്ങനെ നോക്കി നില്‍ക്കാതെ പുള്ളിക്ക് പത്തുരൂപ എടുത്ത് കൊട്..ഒന്നുമില്ലെങ്കില്‍ നമ്മളെ ഒന്നിപ്പിച്ച കക്ഷിയല്ലേ..” ഞാന്‍ ബൈക്കിന്റെ കണ്ണാടി തുടച്ചു

“വീട്ടിലോട്ട് ചെല്ല് കണിയാനേ. അച്ഛന്റെ കൈയീന്നു വാങ്ങിച്ചോ...” ഭാ‍ര്യ

അളിയനു കല്യാണം കഴിക്കാന്‍ പ്ലാന്‍ ഉണ്ടെന്നറിഞ്ഞ് ഒരു ‘ഹൈഫൈ’ പ്രൊപ്പോസലുമായി കണിയാന്‍ അവിടെ ചെന്നതും അമ്മായിയപ്പന്‍ കക്ഷിയെ തണലത്തോട്ട് മാറ്റി നിര്‍ത്തി ‘ഒരബദ്ധമോ പറ്റിപ്പോയി..ഇനി ആലോചനാന്നുപറഞ്ഞ് ഈ പടിമുറ്റത്ത് കണ്ടുപോയാല്‍, പട്ടാളത്തിലെ പഴയ തൊക്ക് ഞാനെടുക്കും എരപ്പേ’ എന്ന് സോഫ്റ്റ് ആയി ഉപദേശിച്ചതും ഓര്‍ത്തിട്ടാവണം, ആ മുഖം ഒന്നു ചുളുങ്ങി.....

“വാ കണിയാനേ..നമുക്കൊരു ഔട്ടിംഗിനു പോകാം..” ഞാന്‍ വണ്ടി സ്റ്റാ‍ര്‍ട്ട് ചെയ്തു. കാലു വീശി കവച്ചു വച്ച് കക്ഷി പുറകിലേക്ക് ചാടിക്കയറി

“ഹോ..ഹോ..എന്തൊരു സുഖം ഇതിലിരിക്കാന്‍.. ഏറോ പ്ലേനില്‍ ഇരിക്കുന്ന ഒരു രസം....”

“കണിയാനതിനു പ്ലെയിനില്‍ കേറീട്ടുണ്ടോ. “ ഞാന്‍ ആക്സിലറേറ്റര്‍ മുറുക്കി

“ഇല്ല.. ഉപമപറയുമ്പോ നമ്മളെന്തിനാ കുഞ്ഞേ കുറയ്ക്കുന്നേ...”

നാട്ടുവഴിയിലൂടെ ഒരു നാടന്‍ യാത്ര..

“ഈയിടെയായി കണിയാന്‍ മെഷീനിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് എന്നു കേട്ടു..ശരിയാണോ..”

“എന്തുവാ കുഞ്ഞേ. മനസിലായില്ല”

“അല്ല. ബ്രോക്കര്‍ പണിയൊക്കെ കുറച്ച് ഇപ്പോ യന്ത്ര നിര്‍മ്മാണം ആണെന്ന് കേട്ടെന്ന്.....”

“ആങ്.. ഇപ്പോ ഈ ‘ഇങ്കാര്‍നെറ്റ്’ വന്നതുകൊണ്ട്, നമ്മുടെ ബിസിനസ് ഒന്നും നടക്കുന്നില്ല കുഞ്ഞേ.. അപ്പോ ഡിമാന്‍ഡുള്ള യന്ത്രത്തില്‍ പിടിച്ചു.. ഹാ ഹാ...”

“എന്തൊക്കെ യന്ത്രങ്ങളുണ്ട് കൈയില്‍... ഒന്നു പറഞ്ഞേ”

“ഏതു വേണം കുഞ്ഞിന്... വശീകരണയന്ത്രം...ധനാകര്‍ഷണ യന്ത്രം... ആയുര്‍ യന്ത്രം.. ലിംഗവര്‍ദ്ധകയന്ത്രം..”

“മൈഗൊഡ്!!!” പൂച്ച കുറുക്കു ചാടിയതുകൊണ്ട് ബ്രേക്കില്‍ കാലമര്‍ന്നു..

“വശീകരണം തന്നെ തരട്ടെ..കുഞ്ഞിന്റെ പ്രായത്തിനു പറ്റിയതാ...”

“ആദ്യം അത് കണിയാന്‍ തന്നെ സ്വയം ഒന്നു പ്രയോഗിക്ക്.. പത്തുവര്‍ഷം ആയില്ലേ കണിയാത്തി ഇട്ടേച്ച് പോയിട്ട്.. മടക്കിക്കൊണ്ടുവാ കക്ഷിയെ..”

“അവളു തിരികെ വന്നാല്‍ ഞാന്‍ പുതിയ യന്ത്രം ഉണ്ടാക്കും.. “

“എന്തോന്ന്”

“നാരീനിവാരണയന്ത്രം.”

“അല്ല കണിയാനേ..ഈ വശീകരണയന്ത്രത്തിന്റെ പ്രവര്‍ത്തനം ഒന്നു വിശദീകരിച്ചേ.. ഒന്നറിയാന്‍ വേണ്ടിയാ “


“സിമ്പിളല്ലിയോ... ഏലസ് അരയില്‍ കെട്ടി മനസില്‍ ആഗ്രഹിക്കുന്ന പെണ്ണിന്റെ അടുത്ത് ചെല്ലുക...എന്നിട്ട് ഒരു വശീകരണമന്ത്രം ഉണ്ട്.. അതങ്ങ് ചൊല്ലുക..മുറുമുറുത്ത് നില്‍ക്കുന്ന പെണ്ണും മുറ്റമടിച്ചോണ്ട് അടുത്തുവരും..”

“ഭീകരം” ഞാന്‍ ചുണ്ടു കോട്ടി “അല്ല..ഒരു സംശയം. ഈ ഏലസു കെട്ടാതെ മന്ത്രം മാത്രം ചൊല്ലിയാല്‍ പെണ്ണ് കൂടെ വരുമോ..”

“സംശയമെന്ത്. വരും..വരും..പക്ഷേ കൂടെ അവടെ അപ്പനും ആങ്ങളമാരും കാണുമെന്നു മാത്രം....”

പൊട്ടിച്ചിരിയുമായി ഞാന്‍ സ്പീഡ് കൂട്ടി.....

“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” വഴിയില്‍ കണ്ട പരിചയക്കാരന്റെ കമന്റ്.

ഒന്നുരണ്ടു പഴയ കൂട്ടുകാരുടെ വീട്.. വായനശാല..അമ്പലത്തിലെ ആല്‍ത്തറ..

മനസ് ഒന്നു കുളിര്‍ത്തു.

ആല്‍ത്തറയില്‍ നിന്ന് പെട്ടെന്ന് ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോള്‍ കല്ലില്‍ കാലൊന്നു തട്ടി... തള്ളവിരല്‍ പൊട്ടി ചോര പടര്‍ന്നു..

ചെറിയ നൊമ്പരവുമായി മടക്കം

ഇരുണ്ടു മൂടാന്‍ തുടങ്ങുന്ന പൂമുറ്റം..
നിലാവ്, അകത്തുകടക്കാന്‍ സന്ധ്യയുടെ അനുവാദത്തിനു കാത്ത് നില്‍ക്കുന്നു..

“ഓമനേ നീയുറങ്ങെന്മിഴി വണ്ടിണ
തൂമലര്‍ തേന്‍ കുഴമ്പെന്റെ തങ്കം
ആടിയും പാടിയും ചാടിയും ഓടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയര്‍ത്ത മുഖാംബുജത്തോടെന്നെ
തേടിനീ അന്തിയില്‍ വന്ന നേരം“

ഈണത്തില്‍ താരാട്ട് പാടുന്ന ഭാര്യയെ ജനല്‍ പാളിയില്‍കൂടി ഞാനൊന്നു നോക്കി...

തോളില്‍ ഇളയമകള്‍ കണ്ണുകൂമ്പി ഉറങ്ങുന്നു...


“നിന്‍ കവിള്‍ തങ്കത്തകിട്ടിങ്കല്‍ പിഞ്ചുമ്മ
എന്‍ കണ്ണിലുണ്ണി ഞാനെത്ര വച്ചു
നെറ്റിപ്പനിമതി പോളമേലങ്ങിങ്ങ്
പറ്റിക്കിടന്ന കുറുനിരകള്‍
കോതിപ്പുറകോട്ടൊതുക്കി വെണ്മുത്തൊളി
സ്വേദബിന്ദുക്കള്‍ തുടച്ചുമാറ്റി..“

ജനലഴികളില്‍ മുഖം ചേര്‍ത്ത് നിശ്ശബ്ദനായി ഞാന്‍ നിന്നു

സത്യത്തില്‍ സ്വേദബിന്ദുക്കള്‍ ഭാര്യയുടെ നെറ്റിയിലാണിപ്പോള്‍... സാന്ധ്യരാഗത്തില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍

പതുക്കെ ഞാന്‍ വാതില്‍ക്കലെത്തി.

കുഞ്ഞിനെ കിടത്തി അവളും പുറത്തേക്ക് വന്നു..

“ഉം? “

“നീ ഇന്ന്...”

“പോയില്ലേ എന്ന് അല്ലേ... ഒരുനിമിഷം ഒന്ന് ആശിച്ചുപോയി അല്ലേ..”

“ഹെന്ത്....” പെരുവിരലിലെ വേദനയോടെ ഞാന്‍

“ഒറ്റയ്ക്ക് ഒരു ദിവസം ആഷ് ചെയ്യാമെന്ന്...ആ പൂതിയങ്ങ് പൂട്ടി വച്ചോ കുഞ്ഞേ.....”

ഞാന്‍ പുഞ്ചിരിച്ച് കാലിലേക്ക് നോക്കി

“ദൈവമേ കാലിനെന്തു പറ്റി.... പിന്നെം മുറിച്ചോണ്ട് വന്നോ....”

അവള്‍ ഓടിയെടുത്തുകൊണ്ട് വന്ന ഡെറ്റോള്‍ , മുറിവിലേക്ക് സുഖമുള്ള നൊമ്പരമായി പടര്‍ന്നിറങ്ങി.. തുണിത്തുമ്പില്‍, കുഞ്ഞിനെപ്പോലെ പെരുവിരല്‍ ഉറക്കുപാട്ടിനു കാതോര്‍ത്തു

“ഇപ്പൊഴാ നീ ശരിക്കും ഒരു ഫെമിനിസ്റ്റ് ആയത്...”

“എന്തോ.........മനസിലായില്ല....”

“യെസ്. ഭര്‍ത്താവിനെ സ്നേഹം കൊണ്ട് മുട്ടികുത്തിക്കുന്ന യഥാര്‍ത്ഥ ഫെമിനിസ്റ്റ്...“

“ആ തിരുമോന്ത ഒന്നു കാണിച്ചേ....”

“ഉം?? “

ചുണ്ട് വക്രിച്ച്, സ്നേഹം കൊണ്ട് പല്ലിറുമ്മി മുറിവിലേക്ക് അവള്‍ വിരല്‍ ആഞ്ഞമര്‍ത്തി...

“ഔച്ച്...!!!!!!!!!!!!!!!!!!!!!!!”

“പൈനാപ്പിള്‍ പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

ങേ....ഞാനുള്ളിലേക്ക് നോക്കി... മകള്‍ ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ഇട്ട് ഡാന്‍സ് കളിക്കുന്നു

“ബിപാഷ ബസു ഇവിടെ ഉണ്ടാരുന്നോ...”

“കുറെ നേരമായി അവടെ ഒരു ഡാന്‍സ്... ആ പാട്ട് നേരെ ചൊവ്വേ പാടാനറിയാമെങ്കില്‍ വേണ്ടില്ല..അതെങ്ങനാ വളം വച്ചു കൊടുക്കാന്‍ ഒരച്ഛനുണ്ടല്ലോ ഇവിടെ.. “

“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

“എടീ ചൊക്ക്ലേറ്റ് ടീസല്ല..പീസ്..... പാടുമ്പോ ശരിക്ക് പാട് “ ഭാര്യയുടെ തിരുത്ത്

“അവള്‍ പാടിയതാ പെണ്ണേ ശരി... ഈ സ്നേഹം, ബന്ധങ്ങള്‍ ഇതൊക്കെ ഒരുതരം ടീസിംഗ് അല്ലേ.. മധുരമുള്ള ചോക്ലേറ്റ് ടീസിംഗ്....... പാടുമോളേ..അച്ഛനും കൂടാം.. സ്റ്റാര്‍ട്ട്...............”

“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”

പൊട്ടിച്ചിരികള്‍ക്കിടയിലൂടെ അടുക്കളയില്‍ അമ്മ ആറ്റുന്ന കട്ടന്‍‌കാപ്പിയുടെ ഗന്ധം ഓടിയെത്തി..........







പുതുവര്‍ഷ ആശംസകള്‍
----------------------------------
കൊച്ചു കൊച്ചു സന്തോഷങ്ങള്‍..കൊച്ചു കൊച്ചു ദു:ഖങ്ങള്‍.. കൊച്ചുകൊച്ചു നിമിഷങ്ങള്‍....
ഒരു കലണ്ടര്‍കൂടി ഭിത്തിയോട് വിടപറയുമ്പോള്‍, കണ്ണികളില്‍ പുതിയ അക്കങ്ങള്‍ നമ്മളെ ക്ഷണിക്കുന്നത് നന്മയിലേക്കാണെന്ന് പ്രത്യാശിക്കാം.
ആകാശവും ഭൂമിയും വായുവും വികാരങ്ങളും തന്ന് നമ്മളെ നിലനിര്‍ത്തുന്ന ആ അജ്ഞാത ശക്തിയെ ഒന്നു കൂടി നമിച്ച്, 2010 ലേക്ക് കൂളായി നടക്കാം......

ഒന്നും തിരിച്ച് ചോദിക്കാതെ നമ്മളെ പോറ്റുന്ന പരമമായ കാരുണ്യത്തിലേക്ക് ആര്‍.ഡി.എക്സ് വാരിയെറിയുന്ന പ്രിയപ്പെട്ട തീവ്രവാദി, please spare us for next one more year.... കൊച്ചു സന്തോഷങ്ങളുടെ ഉമ്മറത്തിണ്ണയില്‍ വെയിലും നിലാവും പൊഴിയുന്നതും കണ്ട് നാളത്തെ കുഞ്ഞു ഭാവിയെ നോക്കി ആശങ്കയുടെയും പ്രതീക്ഷകളുടേയും കട്ടന്‍ കാപ്പി മൊത്തിയിരിക്കുന്ന ഞങ്ങളെ, ഇതുവരെ കണ്ടിട്ടില്ലാത്ത പാവം ദൈവത്തിന്റെ പേരില്‍ നീ ഒഴുക്കുന്ന ചോരപ്പുഴയിലേക്ക് വല്ലിച്ചെറിയാതിരിക്കുക.. ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടുക്കിവക്കുമ്പോള്‍, നിന്നെയും എന്നെയും ഒരുപോലെ വിളിച്ചുണര്‍ത്താനെത്തുന്ന പുലരിയെ ഒന്നോര്‍ക്കാന്‍ ശ്രമിക്കുക......

Tuesday 15 December 2009

പൊറോട്ടപ്പൊതിയിലെ ചൂട്

‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍‌സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന്‍ ചേട്ടനെ കണ്ടത്.
‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു വലിച്ചതും, ‘ഹൂ ദ ഹെല്‍ ഈസ് ദിസ്’ എന്ന് മുഖഭാവത്തോടെ അച്ചായന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ഒന്നിച്ച്...

“അന്തിക്ക് ചന്തയില്‍ പോയതാണോ അച്ചായാ....”
“ഹെന്റമ്മേ...കുഞ്ഞാരുന്നോ...മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ...ഹോ....”

“എന്താ അച്ചായാ ഇത്.. സഞ്ചിയില്‍ ഒന്നു വലിച്ചാല്‍ മാത്രം ഞെട്ടിത്തരിക്കുന്നതല്ലല്ലോ പാലമുറിക്കാരുടെ പാരമ്പര്യം.. ഛേ..മോശം..“ പണ്ട്, ആറ്റുമണക്കിരുന്ന് ചീട്ടുകളിച്ചതിന് പോലീസുകാരു പിടിക്കാനോടിച്ചപ്പോള്‍, പനച്ചക്കലെ പൊട്ടക്കിണറ്റിലേക്ക് സധൈര്യം ക്രാഷ് ലാന്‍ഡ് ചെയ്ത ഔതക്കുട്ടിച്ചേട്ടന്റെ അനിയന്‍ അല്ലേ ഇത്... ഇത്ര ഭീരുവാകാന്‍ പാടുള്ളതാണോ. (പിറ്റേന്ന് കാലില്‍ വച്ചുകെട്ടുമായി വന്ന ഔതാച്ചന്‍ കെട്ടിയോളോടു പറഞ്ഞത്രെ ‘എന്റെ ശോശു, പനച്ചക്കലെ പൊട്ടക്കിണറ് നികത്തീന്നല്ലേ നീ പറഞ്ഞെ..ആരാ ഈ നുണയൊക്കെ നിന്നോട് വിളമ്പുന്നേ..? )

“അതു പിന്നെ..മൂവന്തിനേരത്ത് മുണ്ടിനു പിടിച്ചാ ആരാ ഞെട്ടാത്തെ..? “ അച്ചായന്‍ വെറ്റിലക്കറ കാട്ടി

“ഞാന്‍ സഞ്ചീലല്ലേ പിടിച്ചേ...”
“ങാ.. ഇപ്പോ മുണ്ടിനു പിടിക്കുന്നതിനേക്കാ ഞെട്ടലാ പച്ചക്കറി സഞ്ചീ പിടിക്കുമ്പോ..വല്ല കള്ളന്മാരുമാണോന്ന് എങ്ങനെ അറിയാന്‍ പറ്റും.. സ്വര്‍ണ്ണത്തേക്കാ വിലയല്ലിയോ കിഴങ്ങിന്... അല്ലാ.. കുഞ്ഞിപ്പോ കോഴിക്കോട്ടാണല്ലിയോ.. കൊറച്ചുനാളുമുമ്പ് അച്ഛനെ ഒന്നു കണ്ടിരുന്നു...”

“അതെ “

“അവിടിപ്പോ പുഴുക്കലരിക്ക് എന്നാ ഉണ്ട് വില..?”

പണ്ടൊക്കെ മറുനാട്ടില്‍ നിന്നു വരുന്നവരോട് ആദ്യം തിരക്കുന്നത് ‘സുഖമാണോ, കാലവസ്ഥയെങ്ങനെ ‘ എന്നൊക്കെയായിരുന്നു. ഇപ്പോ അത് ഇങ്ങനെയും ആയി.. ഗ്ലോബലിസേഷന്‍ കൊണ്ടുവരുന്ന ഓരോരോ മാറ്റങ്ങളേ..

“അതിപ്പോ കല്ലിന്റെ അളവനുസരിച്ചിരിക്കും...”

“ഭരിക്കാനോരോരൊത്തന്മാരു കേറും.. കുനിഞ്ഞുനിന്നല്ലേ വോട്ട് ചോദിക്കുന്നെ.. ജയിച്ചുകഴിയുമ്പോ പകരം നമ്മളെ കുനിച്ചുനിര്‍ത്തി മുതുകത്തോട്ട് കേറും, നട്ടെല്ലൊടിക്കാനക്കൊണ്ട്.. വെടിവക്കണം എല്ലാത്തിനേം..” പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയതുകൊണ്ട്, ഊരിപ്പോയ വലത്തുകാലിലെ സ്ലിപ്പര്‍ ഒന്നുകൂടി കയറ്റി അച്ചായന്‍...

“അതിപ്പോ അവര്‍ക്കെന്തു ചെയ്യാന്‍ പറ്റും അച്ചായാ.. സാധനം വേണ്ടേ.. ഉള്ള മണ്ണെല്ലാം ഫ്ലാറ്റും റബറും വച്ചു തീര്‍ത്തു.. പിന്നെവിടുന്നെടുത്തു തരും..”

“അതും ശരിയാ.. ഞാനിന്നലെ അന്നമ്മയോട് പറഞ്ഞതേയുള്ളൂ, ഇനി നമുക്ക് റബറിലയും റബര്‍ പാലുമൊക്കെ വച്ച് കറിയുണ്ടാക്കാമെന്ന്...”

“ഗ്രേസി ഇപ്പോ എവിടാ.. ദുബായില്‍ തന്നെ അല്ലേ...” സഹപാഠിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഇറേസിംഗ് റബ്ബറിന്റെ മണം....അടര്‍ത്തിയെടുക്കുന്ന ചാമ്പയ്ക്കയുടെ മണം..

“അവള് ഫാമിലിയായിട്ട് അവിടത്തന്നെ.. ക്രിസ്മസിനു ചിലപ്പോ.... “ വാചകം മുഴുമിക്കും മുമ്പ് അച്ചായന്റെ പോക്കറ്റില്‍ ഫോണ്‍ വിറച്ചു കിണുങ്ങി...

“ആങ്... ...എന്താ... ഓ പയറു വാങ്ങിച്ചില്ല.. മുടിഞ്ഞ വിലയാ അന്നമ്മേ.. ഇന്ന് പയറ് ഉണ്ടെന്നു കരുതി അങ്ങ് ഉണ്ടാമതി..അല്ല പിന്നെ... എടീ എന്തിരവളേ പറയുന്ന കേള്‍ക്ക്.. .. നാവടക്കെടീ....!!!” പയറിന്റെ ഒരു പവറേ.. പുഷ്പം പോലെയല്ലേ കുടുംബം കലക്കുന്നത്.

“ങാ കണ്ടു.. കുട്ടിയമ്മേടെ കാലു കെട്ടിയിട്ടേക്കുവാ.. രണ്ടു ദിവസം കൂടി കെടക്കേണ്ടി വരും.. അതെന്നാത്തിനാ.. എല്ലാം കഴിഞ്ഞ് അങ്ങോട്ടല്ലേ വരുന്നേ..അപ്പോ കണ്ടാ മതി.. ..എന്തോന്ന്... ങാ അപ്പോ മതി..”

അച്ചായന്‍ അമര്‍ഷത്തോടെ ഫോണ്‍ പോക്കറ്റിലേക്ക് തള്ളി..

“അല്ലച്ചായാ..ഏത് കുട്ടിയമ്മ.?.കാലുകെട്ടീന്ന് പറഞ്ഞെ.....”

“ഓ.. അതു നമ്മുടെ കിഴക്കേതിലെ കുട്ടിയമ്മ.. ആശുപത്രീലാ.... കുഞ്ഞ് അറിഞ്ഞില്ല അല്ലിയോ..”

“ആ അമ്മൂമ്മയ്ക്ക് എന്തുപറ്റി..”

“ഒന്നും പറേണ്ട... നമ്മുടെ കോരമണ്ടിലെ അനിതപ്പെണ്ണ് ഒരു തിരുമ്മുകേന്ദ്രം തുടങ്ങിയില്ലേ....”

“അതേ.. അവരുടെ വീട്ടില്‍തന്നെ അല്ലേ... അമ്മ പറഞ്ഞിരുന്നു..”

“അതു തന്നെ.. കുട്ടിയമ്മ അവിടെ ഒന്നു തിരുമ്മാന്‍ പോയതാ. പിറ്റേന്ന് ആശുപത്രീലാക്കേണ്ടി വന്നു..കാലിന്റെ കൊഴ തെറ്റീന്ന്.. ഡോക്ടര്‍ അതു നേരെ ആക്കാന്‍ നോക്കിയപ്പോ ഉള്ള എല്ലും കൂടി പൊട്ടിക്കിട്ടി.. ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”

ചായക്കട, വളം വ്യാപാരം, അച്ചാര്‍കച്ചവടം എന്നീ മേഖലകളില്‍ കടുത്ത പരാജയം നേരിട്ട അനിത കോരമണ്ടില്‍, രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നേടി ആത്മവിശ്വാസം മാത്രം മുതല്‍മുടക്കാക്കി തുടങ്ങിയ തിരുമ്മുകേന്ദ്രത്തിലെ ചീഫ് ഗസ്റ്റായി പോയതാണത്രെ കുട്ടിയമ്മ.. ‘ കുട്ടിയമ്മയല്ലേ എനിക്ക് കാശൊന്നും തരണ്ടാ’ എന്ന് അവളു പറഞ്ഞപ്പോ, പഠിച്ചത് പരീക്ഷിച്ചു നോക്കാനാണ് തന്നെ വിളിക്കുന്നതെന്ന് പാവം ഓര്‍ത്തില്ല...എന്തു ചെയ്യാം...

“പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”

“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”

അച്ചായനൊന്നു ചിരിക്കാന്‍ തുടങ്ങിയതും, മുന്നില്‍ നിന്നു വന്ന ഒരു ജീപ്പ്, ഞങ്ങളുടെ നേരെ വളഞ്ഞു ശബ്ദത്തോടെ നിന്നതും ഒന്നിച്ച്.!!
“ഈശോയേ!!!” ഒരു തവളച്ചാട്ടത്തിന് അരികിലെ മണ്‍‌തിട്ടയിലേക്ക് അച്ചായന്‍ കുതിച്ചു പാഞ്ഞു...
നെഞ്ചിലേക്ക് ഒരു കൊള്ളിയാന്‍ പായുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ നടുങ്ങി അരയടി താണു നിന്നു.!!!
ആജാനബാഹുവായ ഡ്രൈവര്‍, രഞ്ജിത്തിന്റെ പഴയകാല സിനിമയിലെ നായകനെപ്പോലെ പുറത്തേക്കു വരുന്നു!!
ഇപ്പൊഴത്തെ ക്വട്ടേഷന്‍ സംഘങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി..
ആളുമാറി കയറ്റിക്കൊണ്ടുപോയി ആവശ്യത്തിനു ഇടി തന്ന് ഒരു സോറിപോലും പറയാതെ ‘ഡ്യൂപ്ലിക്കേറ്റ് ഇരയെ’ വഴിയില്‍ ഇറക്കിവിട്ട ഒന്നുരണ്ടു സംഭവങ്ങള്‍ എനിക്കും അറിയാം..
കണ്ണുമുഴപ്പിച്ച് അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചപ്പോള്‍ ‘അച്ചായാ വീട്ടില്‍ ഒരു മെസേജ് കൊടുത്തേക്കണേ’ എന്നു പറയാന്‍ ഞാന്‍ വക്കച്ചനെ നോക്കി.. പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..

“കഴുവേറീ...സുഖം തന്നെ അല്ലേടാ....” കോഴിക്കോട്ട് പോലും ഗുണ്ടകള്‍ ആദ്യം ഈ ചോദ്യം ചോദിക്കില്ലല്ലോ എന്നൊര്‍ത്തപ്പോള്‍ എന്റെ ശ്വാസം ഒന്നു നേരെ വീണു.
‘ഇപ്പൊ അല്പം സുഖം കൈവന്നു’ എന്ന് കണ്ണുകൊണ്ട് പറഞ്ഞു..
“നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നേ..എടാ ഇത് ഞാനാ പ്രമോദ്.....”
“പ്രമോ...ദ്..”?
“എടാ... പഴയ പ്രമോദ്... ആത്മാര്‍ഥത വേണമെടാ ആത്മാര്‍ഥത..നോക്ക്..നിന്റെ രൂപം പോലും ഞാന്‍ ജീപ്പിലിരുന്നു തിരിച്ചറിഞ്ഞു..എന്നിട്ടും നിനക്കെന്നെ..”
“ഈശ്വരാ..... ചാക്കാല പ്രമോദ്..എടാ നീ ഇവിടൊക്കെ.......” കൈകൊണ്ട് കണ്ണുപൊത്തി പൊട്ടിച്ചിരിച്ചുപോയി ഞാന്‍
“ചാക്കാല നിന്റെ ...... “ ബാക്കി പൂരിപ്പിക്കുന്നതിനു മുമ്പ് അവന്‍ തലതിരിച്ച് അച്ചായനെ നോക്കി.. ‘എന്നാലും ഒരു ഉള്ളി എവിടെപ്പോയി’ എന്ന ചോദ്യം മുഖത്ത് നിറച്ച് ഒരു വരണ്ട ചിരിയുമായി അച്ചായന്‍
“അച്ചായന്‍ പൊക്കോ.... ഇതെന്റെ ഒരു പഴയ കൂട്ടുകാരനാ...പിന്നെ കാണാം..” ചിരി തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍

“കേറെടാ!!! “ കൌമാരസ്മരണകളുടെ സ്നേഹം പുരണ്ട ആജ്ഞ ഞാന്‍ അനുസരിച്ചു.. അവന്‍ താക്കോല്‍ കറക്കി...
“ഒന്നിറങ്ങെടാ..പ്ലീസ്...” ആജ്ഞയുടെ മുന ഒറ്റ സെക്കന്റില്‍ ഒടിഞ്ഞ് ദയനീയമായി...
“ഉം? എന്തേ...വണ്ടി തള്ളണോ?..”
“അത് നിനക്കെങ്ങനെ മനസിലായി”
“നീ ആ പഴയ ചാക്കാല തന്നെയല്ലേ...ഈ വണ്ടി നിന്റെ അല്ലേ..അപ്പോ പിന്നെ... “ ഞാന്‍ താഴേക്ക് ചാടി “ധള്ളേണ്ടി വരും.......”

ഒറ്റ ചാട്ടത്തിന് ഞാന്‍ റിപ്പബ്ലിക്കന്‍ ഹൈസ്കൂളിലെ ഒമ്പത് ഏ യിലെത്തി.....
ശാ‍ന്തന്‍ ചേട്ടന്റെ മണിയടി കേട്ടു..
പൊതിച്ചോറ് അഴിച്ചു കൊണ്ടുവന്ന ചമ്മന്തിയുടേയും വാഴക്കാത്തോരന്റേയും മണം നുണഞ്ഞു....
പാവാടക്കാരികളുടെ കണ്ണുകളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന പ്രണയഭാവങ്ങള്‍ കണ്ടു..
സുഷമാദേവിയുടെ ചിരിയിലെ ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കണ്ടു...
ബിന്ദുവിന്റെ മുഖക്കുരുവിലെ പാഴ് വാഗ്ദാനങ്ങള്‍ കണ്ടു...
നീനാകുമാരിയുടെ ഇംഗ്ലീഷ് പുസ്തകക്കവറിലെ നദിയാമൊയ്തുവിനെ കണ്ടു...

ഇതെല്ലാം കണ്ടുകൊണ്ട് ക്ലാസിന്റെ അപ്പുറത്ത് ഡിസര്‍ഡിയാ കാടിനിടയില്‍ വടിയുമായി നില്‍ക്കുന്ന മൂട്ടസാറിനെ കണ്ടു....
മൂട്ടസാറിനെ നോക്കി വിസിലടിക്കുന്ന കുരുത്തക്കേടിനു കുരുവിക്കൂടുണ്ടാക്കിയ പ്രമോദിനെ ഒടുവില്‍ കണ്ടു..
കാത്തിരിന്നൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ മൂട്ടസാര്‍ ഇതാ ചാടി വന്നു പ്രമോദിനെ പൊക്കുന്നു..
“ഒന്നുകൂടി വിസില്‍ അടിക്കെടാ...”
വിറച്ചുകൊണ്ട് പ്രമോദ് വി ഷേപ്പില്‍ വിരല്‍ നാവിനടിയില്‍ വക്കുന്നു..
“അടിയെടാ വിസില്‍...”
“ശൂ..... “ പേടി കൊണ്ട് കാറ്റുമാത്രം
“ശബ്ദം വരുത്തെടാ... “ വലത്തെ തുടയില്‍ നടയടി
“വരുത്തെടാ ശബ്ദം....”
“ഇപ്പോ ശബ്ദം വരുന്നില്ല സാറേ..അയ്യോ അടിക്കല്ലേ....”
“കേറി നില്‍ക്കെടാ ഡെസ്കില്‍...”
“ഉം..”
“കണക്കിന് ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടെടാ നിനക്ക്...”
“പത്തില്‍ മൂന്ന് “ പ്രമോദ് അഭിമാനത്തോടെ..

അടുത്ത അടി ചന്തിക്ക്.....” അതു കോപ്പിയാ...ആരുടെ നോക്കിയാടാ നീ കോപ്പിയടിച്ചെ? “
“സാറേ...ആത്മാര്‍ഥമായിട്ട് കിട്ടിയ മാര്‍ക്കാ..അയ്യോ....”

“നീ എന്നെ വിസിലടിച്ചു കളിയാക്കും ...അല്ലേടാ.....”
“സാറു കാട്ടിനകത്ത് നിന്നോണ്ടല്ലേ....”
“നിന്നെപ്പോലുള്ളോന്മാരെ നന്നാക്കാന്‍ കാട്ടിലല്ല..കുടത്തിനകത്തും കേറിയിരിക്കണം... നാളെ വിളിച്ചോണ്ടുവരണം നിന്റച്ഛനെ....”

“അച്ഛന്‍ ഇന്നലെയും വന്നതാ സാറേ.”
“എന്നാ പിന്നെ ഇന്നുതന്നെ വിളിച്ചോണ്ടു വാ.....”


സുഷമാദേവിയുടെ മുടിയും, കൃഷ്ണക്കുറുപ്പുസാറിന്റെ കഷണ്ടിയും, പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയിലെ ഉഴുന്നുവടയും ഒക്കെ ചര്‍ച്ചയ്ക്കെടുത്ത്, പിന്നെയും ബാക്കി വന്ന പതിനഞ്ചുമിനുട്ടില്‍, എന്നാല്‍ ഇനി കേരളത്തിലെ ജാതിവ്യവസ്ഥ ഡിസ്കസ് ചെയ്യാം എന്ന് കരുതി ആണ്‍പിള്ളേര്‍ ഒത്തുകൂടിയിരുന്ന ഒരുച്ചനേരം..ഉന്നതശ്രേണിയില്‍ നിന്നു തുടങ്ങി നായന്മാരിലെത്തി ചര്‍ച്ച..
“ഈ നായന്മാര്‍ തന്നെ ഏകദേശം ഒരു അറുപത് തരമുണ്ട്..” അപ്പൂപ്പന്റെ കുരുട്ടുബുദ്ധിയില്‍ നിന്നു (അച്ഛന്റെ ഭാഷയില്‍ ‘വഷളത്തരം‘) കിട്ടിയ ജനറല്‍ നോളജ്, നാലുപേരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഗമയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി..

“ഉദാഹരണത്തിന് ഇല്ലത്തുനായര്‍, വിളക്കിത്തല നായര്‍, ചക്കാല നായര്‍.....”
“ങാ........നമ്മളൊക്കെ ചക്കാലനായന്മാരാ..അല്ലേടാ...” പ്രമോദ് ആഹ്ലാദപൂര്‍വ്വം ചാടിവീണു...
“നമ്മള്‍ ഒറിജിനല്‍ ഇല്ലത്തുനായന്മാരാ കേട്ടോ മക്കളേ’ എന്ന് ദിവസം (അച്ഛന്‍ ഇല്ലാത്ത സമയത്ത്) പത്തുതവണ ബീഡിവലിച്ച്, നെഞ്ചുവിരിച്ചു പറയുന്ന അപ്പൂപ്പന്റെ മുഖം ഓര്‍ത്ത് , അടക്കാന്‍ വയ്യാത്ത ചിരിയോടെ ഞാന്‍ പറഞ്ഞു “നിന്റെ കാര്യം എനിക്കറിയില്ല..ബട്ട്..ഞാനതല്ല...”
രണ്ടുമാസത്തിലൊരിക്കല്‍ സകലരുടേയും ഇരട്ടപ്പേരിന്റെ റേഷന്‍‌കാര്‍ഡ് വെട്ടിത്തിരുത്തുന്ന സ്വഭാ‍വദൂഷ്യമുള്ള അനില്‍‌ബേബി ഓണ്‍ ദ സ്പോട്ടില്‍ പ്രമോദിന്റെ പുതിയ പേരു പ്രഖ്യാപിച്ചു “ചാക്കാല”
‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ’ എന്നോ മറ്റോ പുലമ്പിക്കൊണ്ട് പ്രമോദ് വിരല്‍ വെളിയിലേക്ക് ചൂണ്ടി....
ഡിസര്‍ഡിയ കാടിനുള്ളില്‍ അടുത്ത ഇരയെ തേടി ദാ മൂട്ടസാര്‍.....
മൂക്കിന്റെ തുമ്പത്ത് മൂട്ടയുടെ ആകൃതിയില്‍ ഒരു മറുകുള്ളതുകൊണ്ട്, സത്യം പറഞ്ഞാല്‍ ആ അധ്യാപകന്റെ യഥാര്‍ഥ പേര് സ്കൂളിലെ ഒരു കുട്ടിക്കുപോലും അറിയില്ല. ഈ താപ്പാനയെ തളക്കാന്‍ പറ്റിയ ഒരു കുട്ടിജന്മവും റിപ്പബ്ലിക്കന്‍ സ്കൂളില്‍ ഉണ്ടായിട്ടില്ല..

താന്‍ പഠിപ്പിക്കാത്ത ക്ലാസിലും ഉച്ചസമയങ്ങളില്‍ കയറിച്ചെന്നു കുറഞ്ഞത് നാല് ‘ഇരകളെ’ എങ്കിലും പൊക്കി സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അപമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേ ഒരു ഹോബി. ‘പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയില്‍ മൂട്ടസാറിനു ഇരുപത് രൂപ പറ്റുണ്ട്. അങ്ങേരിപ്പോ മറ്റേ വഴിയിലൂടെയാ പോക്കും വരവും’ എന്ന സി.ഐ.ഡി വാര്‍ത്ത ക്ലാസില്‍ പരത്തിയത് പ്രമോദ് ആണെന്ന് അറിഞ്ഞതില്‍ പിന്നെ, അദ്ദേഹത്തിന്റെ പ്രൈം ടാര്‍ജറ്റ് ചാക്കാല ആയി മാറി..

ഒരിക്കല്‍ ഒമ്പത് ഏ യിലെ കണക്കുസാര്‍ ലീവിലായ ദിവസം പകരക്കാരനായി മൂട്ടസാര്‍ വന്നു.
കസേരയില്‍ രാജകീയമായി ഇരുന്ന്, വടിയില്‍ വിരലോടിച്ച്, ‘എനിക്കിത് പോരല്ലോ’ എന്ന അര്‍ത്ഥത്തില്‍ മുഖം ചുളിച്ച് ചോദിച്ചു..
“ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോ ചോദിച്ചോ.. നാളെ നിങ്ങടെ സാറിങ്ങു വരും..“

ക്ലാസില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത....

ഞാന്‍ അടുത്തിരിക്കുന്ന രാജേഷിനെ നോക്കി ചെവിയില്‍ ചോദിച്ചു. “എന്താടാ.നിനക്ക് വല്ല സംശയവും ഉണ്ടോ..?“

“ഒരു സംശയം ഉണ്ട്.. ഇങ്ങേരെ എന്തിനാ ഇപ്പോ ഇങ്ങൊട്ട് കെട്ടിയെടുത്തെ...”

“എന്നെ നിങ്ങള്‍ക്ക് ഭയങ്കര പേടിയാണെന്നറിയാം “ ക്രൂരമായ ഒരു ചിരിയോട് മൂട്ടസാര്‍ പറഞ്ഞു “എന്നു കരുതി സംശയം ചോദിക്കാതിരിക്കരുത്.. ധൈര്യത്തോടെ ചോദിച്ചോ..”

ആരും മിണ്ടുന്നില്ല.

“ആര്‍ക്കും ഒരു സംശയവുമില്ല...!!! ഹതു കൊള്ളാമല്ലോ...”

“എനിക്കൊരു സംശയം ഉണ്ട് സാര്‍!!!!!!! “ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചാക്കാല പ്രമോദ് എഴുന്നേല്‍ക്കുന്നു....!! “
മൂട്ടസാര്‍ മുഖം വക്രിച്ച് ശബ്ദം വന്നിടത്തേക്ക് നോക്കുന്നു..
“സാര്‍ .. ഒരു വൃത്തം വരക്കുമ്പോള്‍...............”
പിന്നെ ഞാന്‍ കണ്ടത്, വടിയുമായി ശരവേഗത്തില്‍ പായുന്ന മൂട്ടസാറിനെയാണ്
“പഠിപ്പിക്കുമ്പോ ക്ലാസില്‍ ശ്രദ്ധിക്കാതെ വായില്‍ നോക്കി ഇരുന്നാ എങ്ങനാടാ സംശയം വരാതിരിക്കുന്നെ....ങേ....പറേടാ.. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടാരുന്നു നിനക്ക്....പറ...”
“പത്തില്‍ ഒന്ന്....!!!!”

“ആ ഒരു മാര്‍ക്ക് എവിടുന്ന് കോപ്പിയടിച്ചതാടാ...” ഭാഗ്യം, വടി തുടയില്‍ വീണില്ല.. ക്ലാസ് മുഴുവനും ചിരിച്ചതുകൊണ്ടാവാം..പ്രത്യേകിച്ച് പെണ്‍കുട്ടികള്‍....

ഇടവപ്പാതി മഴ തകര്‍ത്തുപെയ്യുന്ന ഒരുച്ചനേരം..
ക്ലാസിലെ അതിസുന്ദരിയും ഹൈപ്പര്‍ സെന്‍സിറ്റീവുമായ നീനകുമാരി മഴപോലെ കരയുന്നു...
കണ്മഷിയെ വലിച്ചിറക്കി കവിളിലേക്ക് പടര്‍ത്തുന്ന കരച്ചിലിന്റെ ഇടവപ്പാതി...
സ്വര്‍ണ്ണ ബോര്‍ഡറിട്ട കസവു ബ്ലൌസും പാവാടയുമിട്ട ഈ പാവം സുന്ദരി ഇത്ര കരയുവാന്‍ മാത്രം എന്തുണ്ടായി.....

ഇരതേടിയെത്തിയ മൂട്ടസാര്‍ ക്ലാസിലേക്ക് കയറി..

“എന്താ കൊച്ചേ കരയുന്നേ...കാര്യം പറ.. “ സാറിന്റെ കൈയില്‍ വടിമുറുകി..

നീന വിങ്ങുകയാണ്.. ഇടവസന്ധ്യപോലെ സുന്ദരമായി......കൈയിലെ ഇംഗ്ലീഷ് ബുക്ക് അവള്‍ സാറിനു നേരെ നീട്ടി..

കവറിലെ നദിയാമൊയ്തുവിന്റെ പടത്തിനു താഴെ, കറുത്ത മഷിയില്‍ വലിയ അക്ഷരത്തില്‍ "I LOVE YOU"

“ആരെടാ ഇതെഴുതിയെ!!!!!” ഇടിവെട്ടുപോലെ മൂട്ടസാര്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഇളകിയിരുന്ന മുന്‍‌വരിയിലെ കോന്തപ്പല്ല് മുന്നോട്ട് തള്ളി..

ക്ലാസില്‍ നീനയുടെ വിതുമ്പല്‍ മാത്രം..

ഇത്ര ധൈര്യം ഈ ക്ലാസില്‍ ആര്‍ക്കുണ്ട്... അതും ബയോളജി പഠിപ്പിക്കുന്ന രാജേശ്വരി ടീച്ചറിന്റെ മകളുടെ ബുക്കില്‍ ഇങ്ങനെ എഴുതാന്‍ മാത്രം ധൈര്യം...
ഉണ്ടക്കണ്ണുകള്‍ എല്ലാവരിലേക്കും നീണ്ടു വരുന്നു...

‘ഇതവന്‍ തന്നെ...” ഞാന്‍ രാജേഷിനെ നോക്കി പിറുപിറുത്തു..

“പിന്നല്ലാതെ....” രാജേഷ് തലയാട്ടി..

സത്യം പറേടാ...... ചാക്കാലയുടെ ചന്തിയില്‍ ആദ്യ അടി...

“നീ അല്ലേ.....” അടുത്ത അടി

പ്രമോദ് തലയാട്ടി സമ്മതിക്കുന്നു...........

“അഹങ്കാ‍രീ....വാടാ സ്റ്റാഫ് റൂമിലോട്ട്....”

“സാര്‍....സാര്‍....”

“ഉം????” ഗര്‍ജ്ജനം

“ഞാന്‍ നീനയെ ഉദ്ദേശിച്ചല്ല എഴുതിയെ..? “

“പിന്നെ.. രാജേശ്വരി ടീച്ചറെ ഉദ്ദേശിച്ചാണോ മോനേ “ പൊട്ടിച്ചിരിക്കിടയില്‍ പ്രമോദിന്റെ ചെവിയില്‍ സാറിന്റെ വിരല്‍ അമര്‍ന്നു

“ആ.................... ഞാന്‍ നദിയാമൊയ്തുവിനെ ഉദ്ദേശിച്ചാ...”

“നീ ആ‍രാടാ.. നദിയാമൊയ്തുവിന്റെ പുതിയാപ്ലയോ..അഹങ്കാരി.... പഠേ.....!!!”


ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഞാന്‍ ഞെട്ടി മുന്നോട്ടാഞ്ഞു..

“പറ അളിയാ വിശേഷം..നിനക്ക് രണ്ടു മക്കള്‍ അല്ലേ....സുഖാമായിരിക്കുന്നോ...” പ്രമോദ് ഗിയര്‍ മാറ്റി

“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞെടാ..? “

“എടാ ആത്മാര്‍ഥത വേണം..ആത്മാര്‍ത്ഥത.. ഒരാളേം ഞാന്‍ മറന്നിട്ടില്ല...എല്ലാരേം പറ്റി അന്വേഷിക്കാറുമുണ്ട്...“

അന്തിവെയില്‍ ചാഞ്ഞു തുടങ്ങി... വിശേഷവര്‍ത്തമാനങ്ങളിലൂടെ പ്രമോദ് എങ്ങോട്ടൊക്കെയോ വണ്ടി ഓടിച്ചു

“പാവം ഒരു പെണ്ണിനെ കെട്ടി.. അംഗന്‍‌വാടിയില്‍ പഠിപ്പിക്കുവാ അവള്‍.. ഞാനേ ഉള്ളൂ അവള്‍ക്ക്... ഉള്ളു നിറയെ സ്നേഹം.. ഒരു മോന്‍.. നീ നോക്കെണ്ടാ.. എന്നെപ്പോലെ തന്നെ ഒരു തല്ലുകൊള്ളി... ഞാനും കുടുംബോം താങ്ങിനു ദാ ഈ വണ്ടിയും.....ഒരു കാര്യം നീ തുറന്നു പറയണം.. എടാന്നും പോടാന്നും നീന്നും ഒക്കെ ഞാന്‍ വിളിക്കുന്നതില്‍ ദേഷ്യം ഉണ്ടോ ഇപ്പോ..” പ്രമോദിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

“നീ എന്താ അങ്ങനെ ചോദിക്കാന്‍...”

“അല്ല..നിലയും വിലയും ഒക്കെ മാറുമ്പോ...ചിലപ്പോ.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി..ഒരാളുടെ അടുത്ത്...അതുകൊണ്ടാ..”

വളയം പിടിച്ച അവന്റെ ഉരുക്കു കൈകളില്‍ ഞാന്‍ വിരല്‍ അമര്‍ത്തി.... “നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “ ഞങ്ങള്‍ ഒന്നിച്ചു ചിരിച്ചു...

“നീ ലേറ്റ് ഒന്നും ആയിട്ടില്ലല്ലോ അല്ലെ.. ഞാന്‍ കൊണ്ടുവിടാം..”

“അയ്യോ വേണ്ടാ. നീ ആ തട്ടുകടയുടെ അടുത്തൊന്നു നിര്‍ത്ത്..ഭാര്യ പൊറോട്ട കൊണ്ടുചെല്ലണേന്ന് ഓര്‍ഡര്‍ ഇട്ടേക്കുവാ.. ഇനി തട്ടുകടയിലെ പൊറോട്ട വാങ്ങിക്കൊടുത്തില്ലെന്നു വേണ്ടാ...”

ബസ്‌സ്റ്റാന്‍ഡിനടുത്ത തട്ടുകടയില്‍ അവന്‍ വണ്ടി നിര്‍ത്തി.. ഒന്നിച്ചിറങ്ങി

“എടാ ചിന്നൂ..... “ കറിയുടെ തട്ട് ഉയര്‍ത്തി പ്രമോദ് പറഞ്ഞു “രസികന്‍ പൊറോട്ടയും കറിയും ഒരു പാര്‍സല്‍ എട്.. എന്റെ പെങ്ങള്‍ക്കുള്ളതാ.. സൂപ്പര്‍ ആവണം..അല്ലെങ്കില്‍ അറിയമല്ലോ....”
ഭവ്യതയോടെ കടക്കാരന്‍ പയ്യന്‍ ചിരിച്ചു..

ഞാന്‍ പോക്കറ്റില്‍ കൈയിടാന്‍ തുടങ്ങി...
“കൊല്ലും ഞാന്‍.!!!... ഈ കാശ് ഞാന്‍ കൊടുക്കും......ചിന്നൂ...പറ്റിലെഴുതിയേര്.....”

ഓര്‍മ്മകളില്‍ ഞാന്‍ എവിടൊക്കെയോ എന്തിനോ പരതുകയായിരുന്നു..

“നമ്മുടെ മൂട്ടസാര്‍ പോയി അല്ലേ.....” ഞാന്‍ അവനെ നോക്കി

“ഉം...എന്തായാലും സാറിനോടുള്ള എന്റെ കുരുത്തക്കേടിന്റെ കടം ഞാന്‍ വീട്ടി..”

സംശയത്തോടെ ഞാന്‍ അവനെ നോക്കി

“ഹാര്‍ട്ട് അറ്റാക്ക് ആ‍രുന്നു.. പാതിരാത്രിയില്‍.. ആശുപത്രീല്‍ കൊണ്ടുപോകാന്‍ എന്റെ ജീപ്പ് തന്നെ വിളിച്ചു സാറിന്റെ ഭാര്യ... അവസാനം അങ്ങനെ കൂടെ ഉണ്ടാവാന്‍ പറ്റി.. എന്നോട് എന്തൊക്കെയോ പറഞ്ഞു അന്ന്.. ഒന്നും വ്യക്തമായില്ല....”

അവനോട് യാത്ര ചോദിക്കും മുമ്പ് പുഞ്ചിരിച്ചു കൊണ്ട് ഒരു ചോദ്യം കൂടി ഞാന്‍ ഇട്ടു

“അന്നത്തെ ആ നീന ഇപ്പോ എവിടാടാ.. നീ ഐ ലവ് യൂ എഴുതിക്കൊടുത്ത ആ നീന....”

“അതിനുശേഷം ഒരിക്കലും അവളെന്നോട് മിണ്ടീട്ടില്ലല്ലോ.. കോയമ്പത്തൂരെങ്ങാണ്ട് ഡോക്ടര്‍ ആണ്..... നാട്ടിലൊന്നും വരാറില്ലാന്നു തോന്നുന്നു...ആരന്വേഷിക്കുന്നു....” പ്രമോദ് ചായ മൊത്തി

“ഞാന്‍ ഇന്നേവരെ അവളെ കണ്ടിട്ടില്ല..”

“കാണാത്തേന്റെ കുഴപ്പമേയുള്ളൂ.... അഹങ്കാരി..നിനക്കറിയാമോ..അന്ന് അങ്ങനെ എഴുതിയത് ഞാന്‍ അല്ലാരുന്നു.. ആ സാറിന്റെ അടിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി സമ്മതിച്ചതല്ലിയോ....”

“എനിക്കറിയാം..”

“എങ്ങനെ? “

അവന്റെ കരിപുരണ്ട കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തി...

“അത് എഴുതിയത്.. ഈ ഞാന്‍ തന്നാ..പക്ഷേ നീ പറഞ്ഞപോലെ നദിയമൊയ്തുവിനല്ല.. സാക്ഷാ‍ല്‍ അവള്‍ക്ക് തന്നെ....“

“എടാ ദ്രോഹീ.......”

“ആ അടിയുടെ കടം വീട്ടാന്‍ ഞാന്‍ നിനക്ക് എത്ര പൊറോട്ട വാങ്ങിത്തരണം...എന്നാലും തീരുമോ..അറിയില്ലെടാ..” എന്റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു....

“ആ കടം അങ്ങനെ തന്നെ കിടക്കട്ടളിയാ.. പിന്നെ, പണമൊഴിച്ച് എന്ത് ആവശ്യം ഉണ്ടേലും, എനിക്കൊരു മിസ്കോള്‍ തന്നാമതി. ഞാന്‍ ഓടി വരും..അതു വെട്ടാണേലും കുത്താണേലും രാഷ്ട്രീയപ്രശ്നമാണേലും..ഈ കാലത്ത് എപ്പൊഴാ എന്താ വരുകാന്ന് അറീല്ലല്ലോ.. തരികിടകളുമായി നല്ല ഹോള്‍ഡാ എനിക്ക്..” പ്രമോദിനെപ്പോലെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല....

നിലാവു പെയ്യുന്ന റോഡിലൂടെ ഞാന്‍ നടന്നു..
മണ്‍‌തിട്ടയില്‍ മുയല്‍ച്ചെവിയന്‍ പണ്ടത്തെപ്പോലെ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അച്ചന്‍ കോവിലാറ് പണ്ടത്തെപ്പോലെ തന്നെ നിറഞ്ഞൊഴുകുന്നു..
കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു

Tuesday 1 September 2009

കണ്ണോരം കടവത്തെ പൊന്നോണത്തുമ്പികള്‍

"ചാങ്കൂര്‍ ജങ്ഷന്റെ അഭിമാനതാരം, ചങ്കുറപ്പിന്റെ പര്യായം ശ്രീമാന്‍ ചങ്കുപ്പിള്ളച്ചേട്ടന്‍ ഇതാ നെഞ്ചുവിരിച്ച് തയ്യാറെടുത്തിരിക്കുന്നു. മരംകയറ്റത്തില്‍ വര്‍ഷങ്ങളുടെ സേവനപാരമ്പര്യവുമായി, എതിരാളികള്‍ക്ക് പേടിസ്വപ്നമായി, ഇതാ നമ്മുടെ ചങ്കുപ്പിള്ളച്ചേട്ടന്‍ കയറാന്‍ പോകുന്നു... എല്ലാരും ഒന്നു കൈയടിച്ചേ.. ക്ണാപ്പ് ക്ണാപ്പ്.......”

മൈക്രോഫോണ്‍ കൈയില്‍ കിട്ടിയാല്‍ അത് ഒരു തുമ്പുപോലും പുറത്തുകാണിക്കാതെ വിഴുങ്ങുന്നത് വീക്ക്‍നസ് ആക്കിയ പാലമൂട്ടില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ തൊള്ളതുറന്നു അനൌണ്‍സ് ചെയ്യുകയാണ്..പണ്ടൊരിക്കല്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമാപ്രദര്‍ശനത്തിന് ‘ജയന്‍, ജയഭാരതി, ഉമ്മര്‍ തുടങ്ങിയ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ അണിനിരക്കുന്ന ‘ചലയാള മലച്ചിത്രം’ ‘ എന്ന് നാവുതെറ്റി പറഞ്ഞ ചരിത്രം ഉണ്ടെങ്കിലും ചാങ്കൂര്‍മുക്കിലെ ഈ ആസ്ഥാന അനൌണ്‍സര്‍ക്ക് ഞാന്‍ അടക്കമുള്ള നിരവധി ഫാന്‍സ് ഉണ്ടായിരുന്നു. ചതുരവടിവില്‍ സ്പുടതയോടെ കാര്യങ്ങള്‍ വിളിച്ചുപറയാന്‍ അല്പംകൂടി ആമ്പിയറുള്ള വേറെയാരും അവിടെ ഇല്ലായിരുന്നതുകൊണ്ടാവാം..

അനൌണ്‍‌സ്മെന്റ് മുറുകിയപ്പോള്‍ ബക്കിള്‍ പോയ നിക്കര്‍ ഞാനും ഒന്നു മുറുക്കികുത്തി..

ഈ ഓണാഘോഷത്തിന്റെ ഐറ്റം നമ്പര്‍ ആണ് നടക്കാന്‍ പോകുന്നത്.. ചാങ്കൂര്‍മുക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ‘പോള്‍ അള്ളിംഗ്’ അഥവാ മരംകയറ്റം!!

മൂന്നാള്‍ നീളമുള്ള കവുങ്ങിന്‍‌തടി ചെത്തിമിനുക്കി, അതില്‍ എണ്ണയും മുട്ടയും കുഴച്ചുപുരട്ടി നാട്ടിനിര്‍ത്തിയിരിക്കുന്നു.. മുകളിലത്തെ അറ്റത്ത്, കവറില്‍ നൂറുരൂപ നോട്ട്! ആര്‍ക്കുവേണമെങ്കിലും അത് സ്വന്തമാക്കാം.. പക്ഷേ, കയറിച്ചെന്നെടുത്തോണം... ഓരോ മിനിട്ട് കഴിയുമ്പോഴും ജനാര്‍ദ്ദനന്‍ ചേട്ടന്‍ എണ്ണ ഒഴിച്ച്, മിനുസത്തിനു കുറവൊന്നുമില്ലല്ലോ എന്ന് ഉറപ്പുവരുത്തുന്നുമുണ്ട്....

ഈ ട്രഷര്‍ ഹണ്ടില്‍ പങ്കെടുക്കുന്നവന്റെ ക്രഷറില്‍ വീണവനെപ്പോലെ ആവുമെന്ന് ആര്‍ക്കാണറിയാത്തത്. ഒന്നുരണ്ടുപേര്‍ ട്രയല്‍ റൌണ്ടില്‍, രണ്ടടി പൊങ്ങി പത്തിരട്ടി സ്പീഡില്‍ മൂടിടിച്ചുവീണതും കണ്ടതാണ്..

‘ഈ ചങ്കുപ്പിള്ളച്ചേട്ടന് വയസുകാലത്ത് ഇതിന്റെ വല്ല കാര്യോമുണ്ടോ.... പ്രായം എങ്കിലും ഒന്നോര്‍ക്കണ്ടേ... വല്ലതും സംഭവിച്ചാല്‍ പട്ടാളത്തിലുള്ള ഏകമകന്‍ നാട്ടില്‍ വരാന്‍ തന്നെ നാലുദിവസം എടുക്കില്ലേ... മോര്‍ച്ചറി സിസ്റ്റം ഒക്കെ അങ്ങ് തിരുവന്തോരത്ത് അല്ലേ ഉള്ളൂ... ചങ്കുവേട്ടാ.. ഡോണ്ടു ഡോണ്ടു ‘ എന്നൊക്കെ ആത്മഗതം ചെയ്യാന്‍ കയറൂരിവന്ന പശു പോലും തയ്യാറായിരുന്നില്ല.. ആ പശുവും എന്നെപ്പോലെ മുകളിലോട്ട് നോക്കി നില്‍പ്പാണ്.. ചങ്കിടിപ്പോടെ.... ചങ്കുപ്പിള്ളയമ്മാവന്‍ ചരിത്രം തിരുത്തിയെഴുതുന്നതു കാണാന്‍.....

കാലപ്പഴക്കത്തില്‍ ഞൊറിവീണ് ഞൊറിവീണ് അരപ്പാവാടയുടെ നീളത്തിലായ ‘ഫോറിന്‍ ലുങ്കി’യുടെ കീഴറ്റം കാലുകള്‍ക്കിടയിലൂടെ ആവാഹിച്ച്, കടത്തനാടന്‍ ശൈലിയില്‍ പുറകിലേക്കൊന്നു കുത്തി, ചങ്കുപ്പിള്ളയമ്മാവന്‍ ഒരു നില്‍പ്പുനിന്നു. പകുതിയും കൊഴിഞ്ഞുപോയ നരയന്‍ മീശയില്‍ വിരലോടിച്ച്, വീരനായകനെപ്പോലെ ചുറ്റിനും ഒന്നു നോക്കി..‘

“അമ്മാവാ കേറ്..കേറ്....പകുതി കാശ് ഞങ്ങള്‍ക്ക് തരണേ.....” ആക്കിയതാണേലും ജംഗഷനിലെ ചെറുസംഘത്തിന്റെ വിസിലടികേട്ട് കക്ഷിയുടെ ഊര്‍ജ്ജം ഒന്നുകൂടി ഉച്ചസ്ഥായിയിലായപോലെ...

“അമ്മാവാ കൊട്ട കൊണ്ടുവരണോ....” നല്ലതിനും അല്ലാത്തതിനുമെല്ലാം പുളിച്ച തമാശയടിക്കുന്ന ബാലചന്ദ്രന്‍‌ചേട്ടനെ രൂക്ഷമായി പുള്ളിയൊന്നു നോക്കി.

“അപ്പൂപ്പാ...വീഴുമേ....ഒന്നുകൂടിയൊന്നാലോചിക്ക്....” പുറകില്‍നിന്നൊരു കമന്റ്.

“വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേടാ... പുല്ലേ...” മുന്‍‌നിരയില്‍ നാലുപല്ലില്ലെങ്കിലും അമ്മാവന്റെ അക്രോശത്തിനു ഒരു കാറ്റുവീഴ്ചയുമില്ല...

“ചങ്കുപ്പിള്ളച്ചേട്ടന്റെ സമയം ഇതാ തുടങ്ങി....” അനൌണ്‍സ്മെന്റും വിസിലടിയും ഒന്നിച്ച്.....

അവിടെ നില്‍ക്കുന്ന ഉദ്വേഗഭരിതരായ നൂറോളം കാണികളുടേയും പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട്, ചങ്കുവമ്മാവന്‍ ഒരൊറ്റ കുതിപ്പായിരുന്നു...

ങേ....... മരത്തില്‍ കയറാ‍ന്‍ നിന്ന ചങ്കുപ്പിള്ള ദാ ചാങ്കൂര്‍മുക്കിലെ ഏക പലചരക്കുകടയായ വാസുവണ്ണന്റെ കൃഷ്ണാ സ്റ്റോഴ്സിലേക്ക് ബെന്‍‌ജോണ്‍സണെപ്പോലെ കുതിക്കുന്നു...

ഓണത്തിന്റെ പറ്റുവരവ് കണക്ക് കാല്‍ക്കുലേറ്റ് ചെയ്ത്, ഇതിന്റെ പത്തുശതമാനം പോലും കൈയില്‍ കിട്ടില്ലല്ലോ കൃഷ്ണാ എന്നോര്‍ത്ത് താടിക്ക് കൈയും കൊടുത്തിരുന്ന വാ‍സുവണ്ണന്‍, ചങ്കുപ്പിള്ളയുടെ അപ്രതീക്ഷിതമായ വരവു കണ്ട് ‘ചിത്തഭ്രമം വന്നപ്പോള്‍ ഇവന് അക്രമിക്കാന്‍ എന്നേ കിട്ടിയുള്ളോ ദൈവമേ’ എന്നോര്‍ത്ത് വെളിയിലേക്ക് എടുത്ത് ചാടിയത് ഞാനൊന്നു മിന്നായത്തില്‍ കണ്ടു..

കടയിലേക്ക് കയറിയ ചങ്കുപ്പിള്ള, രണ്ടുകൈയും പുതിയതായി കെട്ടുപൊട്ടിച്ച ആട്ടച്ചാക്കിന്റെ ഉള്ളിലേക്കിട്ട് ഒന്നുകറക്കി............... പിന്നെ തിരിഞ്ഞൊരോട്ടം.... പോളിന്റെ അടുത്തേക്ക്.!!!!

തൊട്ടുപുറകേ വാസുവണ്ണന്‍..

“നായിന്റെ മോനേ..നീ എന്റെ ആട്ട വൃത്തികേടാക്കി......കൊല്ലും ഞാന്‍... നിക്കെടാ കഴുവേറീ.......!!! “

വാസുവണ്ണന്‍ പോളിന്റെ അടുത്തെത്തിയപ്പോഴേക്കും, ശത്രു, ഒരു നാലടി മുകളില്‍ കയറിപ്പറ്റിയിരുന്നു...

ഗോതമ്പുമാവ് പുരണ്ട കൈകൊണ്ട്, എണ്ണമരത്തില്‍ കൂളായി കയറാം എന്ന ആശയം ഞൊടിയിടയില്‍ കണ്ടുപിടിച്ച ചങ്കുവമ്മാവനെ ഞാന്‍ അസൂയയോടൊന്നു നോക്കി...

കൈയടികള്‍ മുറുകുന്നു.. കൂക്കുവിളികള്‍ കോറസായി പുറകെ..

ഒരടി മുകളിലേക്ക് കയറുമ്പോള്‍ രണ്ടടി കീഴോട്ട് പോകുന്നുവെന്ന ദു:ഖസത്യം മനസിലാക്കി, അമ്മാവന്‍ കൈകള്‍ക്ക് പുറമേ, കാല്‍, നെഞ്ച്, പിന്നെ പറ്റുന്ന എല്ലാ ശരീരഭാഗങ്ങളും പരമാവധി ഉപയോഗിച്ച്, ഇഴച്ചില്‍ തുടങ്ങി..

മുഷ്ടി ചുരുട്ടി ഏണുകളില്‍ വച്ച്, കൊച്ചിന്‍ ഹനീഫ സ്റ്റൈയിലില്‍ വാസുവണ്ണന്‍ ജ്വലിച്ച് താഴെ നില്‍ക്കുവാണ് ‘ഇവനെ ജീവനോടെ തന്നെ താഴേക്കിടണേ കൃഷ്ണാ’ എന്ന പ്രാര്‍ഥനയോടെ..

“ഇതാ..ഇതാ..വെറും വെറും മൂന്നടികൂടെ മാത്രം.... സമ്മാനം സ്വന്തമാക്കാന്‍...”

ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു..”

ഞാന്‍ കോരിത്തരിച്ചുപോയി....

ചങ്കുപ്പിള്ള അമ്മവന്റെ കൈയെത്താന്‍ ഇനി ഇഞ്ചുകളുടെ വ്യത്യാസം മാത്രം...........


“ഇതാ..ഇതാ...ചങ്കുറപ്പിന്റെ ചിങ്കാരിമേളം മുഴക്കി, എതിരാളികളോട് പൊയിക്കിടന്നുറങ്ങാന്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നമ്മുടെ സ്വന്തം ചങ്കുപ്പിള്ളച്ചേട്ടന്‍, വീരശൂരപരാക്രമി, ഇതാ ഇതാ നോട്ടെടു............”

വീര്യത്തോടെ അനൌണ്‍സു ചെയ്യുന്ന ജനാര്‍ദ്ദനന്‍ ചേട്ടന്‍ ദൃഷ്ടികള്‍ ചങ്കുപ്പിളളയമ്മാവന്റെയൊപ്പം ശൂ...ന്ന് താഴേക്ക് പോകുന്നു.....പറയാന്‍ വന്നതും മറന്നുപോയി.......

വെള്ളംകോരുമ്പോള്‍ മുന്നറിയിപ്പില്ലതെ കോച്ചുവാതം വന്നാല്‍ തൊട്ടി വെള്ളത്തോടെ താഴേക്കുവീഴുന്ന അതേ ശക്തിയില്‍, അമ്മാവന്‍ നിലം‌പരിശാവുന്നത്, കണ്ട് ചിരിച്ച ഞാന്‍ നിക്കറിന്റെ കുത്തഴിഞ്ഞതും മറന്നുപോയി...

നടുവാണോ, ചന്തിയാണോ ആദ്യം തറയില്‍ ഇടിച്ചതെന്ന കാര്യത്തില്‍ അമ്മാവനുമില്ലയിരുന്നു ഒരു ഉറപ്പ്. താഴെ വീണയുടനെ വാസുവണ്ണന്റെ കൈ കരണത്തുവീണു എന്നറിഞ്ഞു പുള്ളി.... ‘മത്സരത്തില്‍ തോറ്റാല്‍ മര്‍ദ്ദനം പെനാല്‍റ്റിയായി വാങ്ങണം എന്നത് എവിടുത്തെ നിയമമാ‘ എന്ന മട്ടില്‍ ദയനീയമായി ഒന്നു ചുറ്റും നോക്കി...

ഞാന്‍ മണ്ണിലിരുന്നു പോയി...അടക്കാനാവാത്ത ഓണച്ചിരി....നാട്ടിന്‍പുറത്തിന്റെ ഒരുമയുള്ള ചിരിയില്‍ എന്റെ പൊട്ടിച്ചിരി അലിഞ്ഞുചേര്‍ന്നു.......

ചിരിയടങ്ങിയപ്പോള്‍ കണ്ടത്, സെഞ്ച്വറി അടിച്ച സച്ചിന്‍ മിനറല്‍ വാട്ടര്‍ കുടിക്കുന്ന ആത്മസം‌പൃതിയോടെ, ഒരു കല്ലിനു മുകളിലിരുന്ന് സോഡകുടിക്കുന്ന ചങ്കുപ്പിള്ളയമ്മാവനെയാണ്.....

“സത്യത്തില്‍ എന്താ ചേട്ടാ പറ്റിയെ...”ബാലചന്ദ്രന്‍ ചേട്ടന്‍ നടുവു തിരുമ്മിക്കൊടുത്തുകൊണ്ട് ചോദിക്കുന്നു.

“ഗിര്‍പ്പ് പോയെടാ.......” ഞരങ്ങിയുള്ള മറുപടി..

“രണ്ടുമൂന്ന് ഗിര്‍പ്പ് പോകുന്ന ശബ്ദം ചേട്ടന്‍ കേറുമ്പോഴേ ഞാനും കേട്ടു.. എന്നാലും....”

“എടാ...പിടിമുറുക്കം പോയെന്ന്....”

“ഓ..അതാരുന്നോ....”

“പിന്നല്ലാതെ...”

“ഒന്നുഷാറാവു ചേട്ടാ..പണ്ട് ഭീമസേനനിട്ട് താങ്ങിയപോലെ ആ വാസൂള്ളയ്ക്കിട്ടും കൊട് രണ്ട്.....” എരിവുകൂട്ടാനുള്ള ശ്രമം ഒരാള്‍ തുടങ്ങി.....

ചങ്കുവമ്മാവന്‍ സാക്ഷാന്‍ ഭീമസേനനെ അടിച്ച കഥ നാട്ടില്‍ പണ്ടേ പാട്ടാണ്..

മുരിങ്ങമംഗലം അമ്പലത്തിലെ ശിവരാത്രിയ്ക്ക്, ‘മഹാഭാരതം‘ ബാലെ.. പന്ത്രണ്ടുമണിക്കുള്ള പരിപാടിയ്ക്ക്, ബാലെ സംഘം അടുത്തുള്ള കലഞ്ഞൂര്‍ ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് മേക്കപ്പോടെ വാനില്‍ വരുന്നു...

രണ്ടുകാലില്‍ നടക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കണം എന്ന പരുവത്തില്‍ അമ്മാവനും കൂട്ടാളികളും കോന്നിപ്പാലത്തിലൂടെ നീങ്ങുന്നു.

വാന്‍ കണ്ടപാടെ ചങ്കുവമ്മാവന്‍ ചാടി മുന്നില്‍ നിന്ന്..

“ആരാടാ ഈ പാതിരാത്രിയില്‍.....” ശ്രീമാന്‍ ചങ്കുപ്പിള്ള..

“ഞങ്ങള്‍ ബാലെക്കാരാ.....വഴീന്ന് മാറ് മൂപ്പീന്നെ...” വാനിന്റെ ഡ്രൈവര്‍

“ഓ.ഹോ..വാല്യക്കാരാണെങ്കില്‍ ഇറങ്ങിനെടാ പുല്ലന്മാരെ...ബാലെ ഇവിടെ നടത്തിയാ മതി...”

“നടുറോഡിലോ.....” ഡ്രൈവര്‍ ഒന്നു പുച്ഛിച്ച് ചിരിച്ചു..

“എന്താ.. റോഡിലായാല്‍ ആടാന്‍ പറ്റില്ലെ....ഇറങ്ങിനെടാ എല്ലാവന്മാരും.... ചങ്കുപ്പിള്ളേടെ തനി സ്വഭാ‍വം പുറത്തെടുപ്പിക്കല്ലെ..... “

ഒരു യുദ്ധം ചെയ്യാതെ ഇനി മുന്നേറ്റം സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍, കൈയില്‍ ഗദയുമായി ഭീമസേനന്‍ ഡോര്‍ തുറന്നിറങ്ങി...

പാഞ്ചാലി നിലവിളിക്കുന്നുണ്ട്.. “അണ്ണാ.. വേണ്ടാ... മയത്തില്‍ പറഞ്ഞാ മതി..”

‘മയം എനിക്ക് പണ്ടേ പഥ്യമല്ല പ്രിയേ ....’ എന്ന ഭാവത്തില്‍ മരഗദ കൊണ്ട് ഒരു വീശായിരുന്നു. ചങ്കുപ്പിള്ളയുടെ ഉച്ചിയിലേക്ക്..!!!!

പ്രഹരം പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാവാം ചങ്കുപ്പിള്ളയുടെ വാനരസേന സ്ഥലം കാലിയാക്കി......ലീഡര്‍ മാത്രം ഉച്ചിതടവി പാലത്തിന്റെ കൈവരിയില്‍ ഇരിക്കാന്‍ ശ്രമിച്ചു......


ശേഷം വേദിയില്‍....

രംഗങ്ങള്‍ മാറിമറയുന്നു....

ഫ്ലാഷ് ലൈറ്റുകള്‍ക്കിടയില്‍ പഞ്ചാലി കുണ്ഠിതയായി നില്‍ക്കുന്നു..

“ഇതാ പ്രിയേ........നിനക്കായി നാം കഷ്ടപ്പെട്ടുകൊണ്ടുവന്ന കല്യാണസൌഗന്ധികം.. തവമുഖകമലം വിടര്‍ത്തൂ.... മമമനതലം കുളിര്‍ത്തൂ.........” ഭീമസേനന്‍ കൈയില്‍ പൂവുമായി വരുന്നു...
താളം മുറുകി..റൊമാന്റിക് ഗാനം ബാക്ക്‍ഗ്രൌണ്ടില്‍................

പാഞ്ചാലിയുടെ മുഖം കൈകളില്‍ എടുത്തുകൊണ്ട് ഭീമസേനന്‍ ഒന്നു കുനിഞ്ഞതും, ചങ്കുപ്പിള്ളയമ്മാവന്‍ സ്റ്റേജിലേക്ക് കുതിച്ചതും ഒന്നിച്ചായിരുന്നു..

പഠേ...!!!!!!!!!!!!!!!!! അമ്മാവന്റെ കൈ ഭീമന്റെ കരണത്ത്.

‘നാം ഇദ്ദേഹത്തിന്റെ പറമ്പിലെ പൂവായിരുന്നോ മോഷ്ടിച്ചത്...’ എന്ന് ആലോചിച്ചിട്ടാവണം ഭീമസേനന്‍ വല്ലതൊന്നു അമ്പരന്നുനിന്നു....
കര്‍ട്ടന്‍ വീണു..

പിന്നീട്, ചങ്കുപ്പിള്ളയെ ജാമ്യത്തില്‍ ഇറക്കാന്‍ പോയ കരയോഗം സെക്രട്ടറിയെ അറിയാവുന്ന ഭാഷയില്‍ എസ്.ഐ തെറിവിളിച്ചു എന്നാണ് നാട്ടുകാരു പറയുന്നത്....




ബാക്കി വന്ന ചിരിയുമായി പാടവരമ്പിലൂടെ ഞാന്‍ നടന്നു..
തിളച്ചുമറിയുന്ന ഓണവെയില്‍...കൊയ്ത്തുകഴിഞ്ഞ് സ്വര്‍ണ്ണം അണിഞ്ഞു കിടക്കുന്ന പാടങ്ങള്‍...
സ്വര്‍ണ്ണനിറമുള്ള ഓണത്തുമ്പികള്‍.....
പാടവരമ്പിന്റെ ഓരത്തുകൂടി ചിരിച്ചുകൊണ്ടൊഴുകുന്ന കൈത്തോട്.....കൈതോലകളുടെ കൈകൊട്ടിക്കളി..വെള്ളാരംകല്ലുകളെ ഉമ്മവക്കുന്ന തോട്ടുവെള്ളം....വട്ടക്കമ്മലിട്ടു തുള്ളിയാടുന്ന തൊട്ടാവാടിച്ചെടികള്‍..

ഇന്ന് തിരുവോണമാണ്...

വരമ്പിന്റെ അങ്ങേയറ്റത്ത്, മറ്റൊരു ഓണപ്പൂവുപോലെ ഒരു മുഖം.........
എണ്ണക്കറുപ്പിന്റെ അഴകുവിടര്‍ത്തിയ അളകങ്ങള്‍ മാടിയൊതുക്കി, കണ്ണുകള്‍ ദൂരേയ്ക്ക് പായിച്ച് ഒരു പന്ത്രണ്ടുവയസുകാരി...

ചങ്കുപ്പിള്ളയമ്മാവന്റെ കൊച്ചുമകള്‍........

എന്റെ ചിരി പിന്നെയും ഒന്നുയര്‍ന്നു..

“അനസൂയച്ചേച്ചി എന്താ ഇവിടെ നില്‍ക്കുന്നെ...?” കൈകൊണ്ട് ചിരിയമര്‍ത്തി ഞാന്‍ ചോദിച്ചു..

“നീ എന്തിനാ ചിരിക്കുന്നെ....”

“അനസൂയച്ചേച്ചിയുടെ അപ്പൂപ്പന്‍.....ഫ്രൂ.........”

“അപ്പൂപ്പന്‍......പറേടാ...”

“അപ്പൂപ്പന് സമ്മാനം കിട്ടി.....“

“സമ്മാനമോ...”

“അതുപോട്ടെ..ചേച്ചിയെന്താ ഒറ്റയ്ക്കിവിടെ..”
“ഇന്ന് അച്ഛന്‍ വരും...ഇപ്പോ....അച്ഛനേം നോക്കി നില്‍ക്കുവാ.....”

ആ കണ്ണുകളില്‍ ഓണനിലാവ് ചേക്കേറി.... കണ്ണാരം കടവത്ത് പൊന്നോണത്തുമ്പികള്‍ പാറി.....

കടങ്കഥ പറയാനും പടം വരയ്ക്കാനും മഷിത്തണ്ട് മഷിയിലിട്ട് നിറം മാറുന്നതു കാണാനും അനസൂയച്ചേച്ചിയുടെ അടുത്ത കൂട്ട് ഞാന്‍ തന്നെ.. എന്നെക്കാള്‍ ഒരുവയസു കൂടുതല്‍..
ഇലവിന്റെ മുള്ളില്‍ ബ്ലേഡുകൊണ്ട് പേരു വരഞ്ഞ് അച്ചുണ്ടാക്കുന്ന വിദ്യ ഞാന്‍ ആദ്യം പറഞ്ഞുകൊടുത്തത് അനസൂയച്ചേച്ചിയ്ക്കാണ്.. ചേച്ചിയുടെ കൊച്ചു മേശയ്ക്കകത്ത്, അനസൂയ എന്ന പേരില്‍ നൂറോളം ഇലവിന്‍ മുള്ളുകള്‍ പിന്നെ ഞാന്‍ കണ്ടു... നീലയും കറുപ്പും മഷിപുരണ്ട മൃദുവായ ഇലവിന്‍ മുള്ളുകള്‍....

എല്ലാ അവധിക്കും മുരളിച്ചേട്ടന്‍ വരുമ്പോള്‍ കൈനിറയെ മിഠായികളുമായി അനസൂയച്ചേച്ചി എന്റെ വീട്ടില്‍ വരും.. ഇലവിന്റെ ഒരു മുള്ളുകൂടി കൈയില്‍ ഉണ്ടാവും..

അച്ഛന്റെ പേരു കൊത്തിക്കും...

പട്ടാളത്തിലേക്ക് മടങ്ങുമ്പോള്‍ ആ അച്ച് ഒരു നിധിപോലെ ട്രങ്കുപെട്ടിക്കുള്ളില്‍ മുരളിച്ചേട്ടന്‍ കരുതിവക്കും..

മകളുടെ മനസ് വരഞ്ഞുവച്ച ഇലവിന്‍ മുള്ളിന്റെ അച്ച്...........

ആ ഓണത്തിനും മുരളിച്ചേട്ടന്‍ വന്നു..

ഇലവിന്‍ മുള്ളില്‍ അനസൂയച്ചേച്ചി കൊത്തിയ പേരുമായി മടങ്ങി....

ആം‌ബുലന്‍സിന്റെ സൈറന്‍ വീട്ടുമുറ്റത്ത് ആദ്യമായി മുഴങ്ങിയ ഒരു ജനുവരിയില്‍ , കൈ നിറയെ ഇലവില്‍ മുള്ളുകളുമായി അനസൂയച്ചേച്ചി വാവിട്ടു കരഞ്ഞു.

“അച്ഛാ....ഇന്നാ അച്ഛാ ഞാന്‍ കൊത്തിയതാ.....ഒന്നു വാങ്ങിക്ക് അച്ഛാ...ഒന്നു കണ്ണുതുറക്കച്ഛാ......”

ഇന്നും ഈ നിലവിളി എന്റെ കാതില്‍ മുഴങ്ങുന്നു...........


വീടും പറമ്പും വിറ്റ് വിട്ട് മറ്റെങ്ങോട്ടോ ആ കുടുംബം പോകുന്ന ദിവസം അനസൂയച്ചേച്ചി എന്നോട് പറഞ്ഞു

“മുറ്റത്തെ നാലുമണിച്ചെടിക്ക് നീ വല്ലപ്പോഴും വെള്ളം തളിക്കണേ... പുതിയ ആളുകള്‍ വരുന്ന വരെ......” കണ്ണീര്‍പാടകള്‍ക്കപ്പുറം ആ മുഖം ഞാന്‍ കണ്ടു.. കണ്ണാരം കടവത്തെ പൊന്നോണത്തുമ്പികള്‍ തളര്‍ന്നിരുന്നു....


മഴ ബസിന്റെ ഷട്ടറില്‍ താളം മുറുക്കി..
ഈ ഓണത്തിന് മഴയെന്തുകൊണ്ട്....
എല്ലായിടത്തും താളപ്പിഴകള്‍....

നാല്‍ക്കവലയില്‍ ഇറങ്ങി ഓട്ടോറിക്ഷയില്‍ മൂന്നു കിലോമീറ്റര്‍...

ഫ്ലാറ്റിന്റെ മൂന്നാം നില...

ചില വാതിലുകള്‍ക്കുമുന്നില്‍ ജമന്തിയും മുല്ലയും കൊണ്ടിട്ട പൂക്കളങ്ങള്‍....
ജീവിതം ഫ്ലാറ്റിലേക്കായാലും മലയാളി മനസ് മറന്നിട്ടില്ല....
അവന്റെ മനസില്‍ ഓണം മാഞ്ഞിട്ടില്ല..

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറത്തുള്ള അനസൂയച്ചേച്ചിയെ കാത്ത് ഞാന്‍ വാതില്‍ക്കല്‍ നിന്നു... മണലാരണ്യത്തിലുള്ള ഭര്‍ത്താവ്, രണ്ട് കുട്ടികള്‍..ഞാന്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജീവിതരേഖയില്‍ വസന്തം വിരിഞ്ഞല്ലോ എന്നോര്‍ത്ത് മനസില്‍ നാലുമണിപ്പൂക്കള്‍ വിരിഞ്ഞിരുന്നു........

“ആരാ..”

കാലം കൂടുതല്‍ ഭഗിയാക്കിയ മുഖം....
എണ്ണക്കറുപ്പിന്റെ അഴകുള്ള അതേ അളകങ്ങള്‍
ഇലവിന്‍ മുള്ളില്‍ നൂറുപേരുകള്‍ കൊത്തിയ അതേ പൂവിരലുകള്‍

“എന്നെ മറന്നോ ചേച്ചീ..... പഴയ നാലുമണിപ്പൂക്കള്‍...മഷിക്കുപ്പിയിലെ വെള്ളിത്തണ്ട്....ഇലവിന്മുള്ളിലെ അക്ഷരങ്ങള്‍...”

“നീ..........................!!!!!!!!”

അടര്‍ന്നുവീഴാ‍ത്ത കണ്ണുനീര്‍ത്തുള്ളികളില്‍ ആയിരം നാലുമണിപ്പൂക്കള്‍ !!!!!

പറഞ്ഞുതീരാത്ത വിശേഷങ്ങളിലൂടെ കടലാസു തോണിയില്‍....ഇടയ്ക്ക് ഒരുപാട് ചിരിച്ച്, ചിലപ്പോള്‍ കണ്ണുനനച്ച്..

“നിനക്കെന്റെ മക്കളെ കാണേണ്ടേ....?”

“അയ്യോ.. ചേച്ചിയെ കണ്ട സന്തോഷത്തില്‍ ആ കാര്യം ഞാന്‍ വിട്ടു... എവിടെ ജൂനിയര്‍ അനസൂയാസ്..... “

പുറകിലെ ബാല്‍ക്കണിയിലേക്ക് ചേച്ചി എന്നെ കൂട്ടിക്കൊണ്ടുപോയി..

കൈവരികളില്‍ മുഖം ചേര്‍ത്ത്, താഴേക്ക് നോക്കി നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികള്‍.....

“ഹെലോ............” ഞാന്‍ ഉറക്കെ വിളിച്ചു..

“വിളിക്കെണ്ടെടാ.. നീ വിളിച്ചാലും അവരു കേള്‍ക്കില്ല.....”

എന്റെ നെറ്റി ചുളിഞ്ഞു.

“ഈ ലോകത്തുള്ളതൊന്നും എന്റെ മക്കള്‍ കേള്‍ക്കില്ല... ആരോടും ഒന്നും പറയാനും ഇല്ല അവര്‍ക്ക്...ദൈവത്തിന്റെ കൈപ്പിഴ എന്നൊക്കെ പറയാറില്ലേ...”

ഒന്നും കേള്‍ക്കാത്ത, ഒന്നും മിണ്ടാത്ത രണ്ടു പൂവുകള്‍.............

ചേച്ചി തൊട്ടപ്പോള്‍ കുട്ടികള്‍ തിരിഞ്ഞു നിന്നു..

അനസൂയച്ചേച്ചിയെ പറിച്ചു നട്ടപോലെ രണ്ട് ഇരട്ടകള്‍.....

ആ കണ്ണുകളില്‍ ഞാന്‍ നോക്കി.

അച്ഛനെ കാത്ത്, പാടവരമ്പത്തിരുന്ന ആ പഴയ മുഖം........
കണ്ണോരം കടവുകള്‍....അതില്‍നിറയെ പൊന്നോണത്തുമ്പികള്‍....
പാവാടത്തുമ്പ്....മിഠായിപ്പൊതി........

മൌനത്തിന്റെ സാഗരത്തില്‍ എനിക്കറിയാത്ത ഭാഷയില്‍ എന്തൊക്കെയോ അവര്‍ പറയുന്നുണ്ട്..

“എനിക്ക് വിഷമം ഇല്ലെടാ.. എനിക്കറിയാം എന്റെ മക്കളോട് മിണ്ടാന്‍..എനിക്കറിയാം അവരുടെ ഭാഷ.. ഇവര്‍ക്ക് വിശക്കുമ്പോ, ദാഹിക്കുമ്പോ അതെല്ലാം ഞാന്‍ അറിയുന്നുണ്ട്.. “ ചേച്ചിയുടെ കവിളിലേക്ക് നീര്‍ത്തുള്ളികള്‍ ഉരുണ്ടുവീഴുന്നു..


“നിനക്കറിയാമോ.. ഇവരുടെ ലോകത്ത് ഒരുപാട് നിറങ്ങളുണ്ട്.. ശബ്ദങ്ങളുണ്ട്.. നമ്മുടെ ലോകത്തേക്കാ ഒരുപാട് നല്ലതാ അത്.. ഒരിക്കല്‍ ഇവള്‍ എന്നോട് ആംഗ്യത്തില്‍ ചോദിക്കുവാ ‘എന്തിനാ അമ്മേ നിങ്ങളുടെ ആളുകള്‍ ഇങ്ങനെ തമ്മില്‍ തല്ലുന്നേ..കൊല്ലുന്നെ..ഞങ്ങടെ ലോകത്ത് ഇതൊന്നും ഇല്ലമ്മേ... അങ്ങോട്ട് പാം അമ്മേ എന്നൊക്കെ...”

എല്ലാം വെറുതെ കേട്ടിരുന്നു.............

“ദൈവം രണ്ടാളെ ഒന്നിച്ച് തന്നല്ലോ..പരസ്പരം കൂട്ടിന്... അതുമതി..... മിണ്ടാത്ത കുഞ്ഞിനെ മറ്റുകുട്ടികള്‍ കൂടെ കൂട്ടില്ലല്ലോ...”

ഞാന്‍ വെറുതെ താഴേക്ക് നോക്കി....

ഫ്ലാറ്റിലെ കുട്ടികള്‍ പാര്‍ക്കില്‍ കലപില കൂട്ടുന്നു.......

അനസൂയച്ചേച്ചിയുടെ മക്കള്‍ അത് നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്നു..തങ്ങളില്‍ എന്തൊക്കെയോ പറയാതെ പറഞ്ഞുകൊണ്ട്..........................

“എന്നാലും ഞാന്‍ പ്രാര്‍ഥിക്കും..ഒരിക്കലെങ്കിലും ഒറ്റ പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ ഈ ഭൂമിയിലെ ശബ്ദം ഒന്നു കേട്ടെങ്കില്‍... കാറ്റിന്റേം മഴയുടേം, തോടിന്റേം കുയിലിന്റേം......”


പടവുകളിറങ്ങുമ്പോള്‍ ചേച്ചി ചോദിച്ചു....
“നിന്റെ വീടിന്റെ മുറ്റത്തെ ആ മാവ് ഇപ്പൊഴുമുണ്ടോ.. ഒന്നിക്കൊന്നിരാടം കായ്ക്കുന്ന ആ മാവ്.....എന്താരുന്നു അതിന്റെ പേര്...എന്തു മധുരമാ ആ മാങ്ങായ്ക്ക്...........!!!.”

“ഇല്ല ചേച്ചി.....ആ മാവ് അപ്പൂപ്പനെയും കൊണ്ടുപോയി..........അച്ഛന്‍ ഇടയ്ക്ക് പറയാറുണ്ട്..എന്റെ കൂടെ വരാന്‍ മാവൊന്നും ബാക്കിയില്ലല്ലൊ എന്ന്..“

ഫ്ലാറ്റിന്റെ തിണ്ണയില്‍ കുട്ടികള്‍ പരസ്പരം കൈയടിച്ച് കളിക്കുന്നു..

“സാ സിം സം
ലെഫ്റ്റ് അടിക്കെടീ
റൈറ്റ് അടിക്കെടീ
അപ്പ് അടിക്കെടീ
ഡൌണ്‍ അടിക്കെടീ
സാ സിം സം................”

“നമ്മുടെ കാലത്തൊന്നും ഈ കളിയില്ലാരുന്ന്..അല്ലേടാ.. ഇത് അക്കുത്തിക്കുത്തുപോലെ ഒന്നാ..പക്ഷേ ഈ കളിയില്‍ ആരും തോല്‍ക്കില്ല.... എനിക്കിഷ്ടം ഇപ്പൊഴത്തെ കുട്ടികളേയാ. ആരും തോല്‍ക്കാത്ത കളികള്‍“

പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല..

എന്റെ മനസില്‍ നിറയെ കണ്ണോരം കടവിലെ പൊന്നോണത്തുമ്പികള്‍ ആയിരുന്നു..



..

Monday 29 June 2009

എന്നാലും എന്റെ എസ്.എം.എസേ...

“എന്നാലും എന്റെ എസ്.എം.എസേ... പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍..



Thursday 12 March 2009

കൊല്ലം കൊല്ലം ണിം ണിം ണിം - 2

------------

ഒരു അഭ്യര്‍ഥന

മുസ്തഫയ്ക്ക് ഒരു പുസ്തകം കൊടുക്കൂ....
------------

(ആദ്യഭാഗം ഇവിടെ)

"ആറ്റിനെ നമ്പിടാം കാറ്റിനെ നമ്പിടാം
പൊടവ കൊടുത്ത പൊണ്ണിനെ നമ്പിക്കൂടാത്..”

ഹരി കൂടി ഒന്നു കേട്ടോട്ടെ എന്ന ഹിഡണ്‍ അജന്‍ഡയോടെ, ആഴ്ചയില്‍ മിനിമം രണ്ടുതവണ എന്നോട് പറയുന്ന ഈ ‘തിരുക്കുറള്‍’ സാരോപദേശം ഇത്രകാലത്തെ അമ്മ ആരോടാണു പറയുന്നത് എന്നു മനസില്‍ പറഞ്ഞു ഞാന്‍ കണ്ണുഞെരടി കിടക്കിയില്‍ നിന്ന് എഴുന്നേറ്റു..

ബെഡ്ഡില്‍ തോന്ന്യാസി മിസ്സിംഗ്..

വാതില്‍ ഒരല്പം തുറന്നു ഒളികണ്ണിട്ടൊന്നു നോക്കി..

പോങ്ങുമൂട്ടിലെ സുപ്രഭാതം കാണാന്‍ എന്നോടു പറയാതെ, ശബ്ദമുണ്ടാക്കാതെ പോയ ശ്രീമാനെ അമ്മ കൈയോടെ പിടികൂടിയിരിക്കുന്നു. ‘കൌസല്യാ സുപ്രജാ’ തല്‍ക്കാലം അങ്ങോട്ട് മാറ്റിവച്ച്, പെണ്ണുകെട്ടാനുള്ള തോന്ന്യാസിയുടെ വണ്‍ പേര്‍സന്റ് ആഗ്രഹത്തിന്‍‌റെ മുളയില്‍ വെറുതെ ഒന്നു നുള്ളാം എന്നു തീരുമാനിച്ച് അമ്മ അടുത്ത വിശദീകരണത്തിലേക്ക് കടക്കുന്നു..

“അല്ല..മോനു കെട്ടുപ്രായം ഒന്നുമായിട്ടില്ല..എന്നാലും പറയുവാ..നോക്കീം കണ്ടുമൊക്കെ കെട്ടണം.. പറഞ്ഞതു മനസിലായില്ലേ.. അല്ലെങ്കില്‍ പല്ലുപോയ കെളവി അടുപ്പിലൂതുന്നപോലെ വ്യര്‍ഥമാകും ജീവിതം..കേട്ടോ..”

ചില പ്രത്യയശാസ്ത്രങ്ങളില്‍ അമ്മയൊട് എതിര്‍പ്പുണ്ടെങ്കിലും ഈ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ വയ്യ.

കോച്ചുവാതം വന്ന കൊച്ചാട്ടന്‍ ഫുട്ബോള്‍ കോച്ചാവുന്നതിനു തുല്യമാണു മാര്യേഡ് ലൈഫെന്നേ മെയില്‍ പൊയിന്റ് ഓഫ് വ്യൂവില്‍ ഞാന്‍ പറയൂ.. അടുപ്പിലൂതൊക്കെ പിന്നെയും അഡ്‌ജസ്റ്റ് ചെയ്യാം... അല്ല..അതിരാവിലെ തന്നെ ഇത് തോന്ന്യാസിയോട് പറയുന്നതെന്തിനാണാവോ..അകത്ത് ഉറക്കം നടിച്ചു കിടക്കുന്ന പോങ്ങുമ്മൂടനു അല്‍പ്പം ഊര്‍ജ്ജം കിട്ടിക്കൊട്ടെ എന്നു കരുതിയാവും.. പാവം...

“അല്ല..മോനു കെട്ടാന്‍ വല്ല പ്ലാനുമുണ്ടോ ഇനി..അടുത്തെങ്ങാനും...”

“ചില പ്രൊപ്പോസല്‍‌സൊക്കെ വരുന്നുണ്ടമ്മേ.. പക്ഷേ..തല്‍ക്കാലം വേണ്ടാ എന്നാ എന്‍‌റെ തീരുമാനം..സാ‍മ്പത്തിക മാന്ദ്യമൊക്കെ ഒന്നു കഴിയട്ടെ...” . ഉറക്കച്ചടവുകൊണ്ട് വളിച്ചിരിക്കുന്ന തോന്ന്യാസി ഒന്നു ചിരിച്ചു.

"അതുമതി... അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളൂ... പെണ്ണുകാണാനൊക്കെ പോകുമ്പോ ആദ്യം ഒരുകാര്യം മോന്‍ ശ്രദ്ധിക്കണം.....”

‘അനിയത്തിമാരെത്രയുണ്ടന്നല്ലേ.. അക്കാര്യം ഒ.കെ അമ്മേ’ കുനിഞ്ഞിരിക്കുന്ന തോന്ന്യാസിയുടെ മനസിലിരുപ്പ് പത്തുവാര ദൂരത്തുനിന്നു തന്നെ ഞാന്‍ കണ്ടു...

“..പെണ്ണു കുലീനയാണോ...അതുമാത്രം നോക്കണം കേട്ടോ...”

‘ഇക്കാലത്ത് കുലീനയെ കിട്ടാന്‍ പാടാ .... മാക്സിമം പോയാല്‍ ഒരു ലീനയെ കിട്ടും...ദാറ്റ്സോള്‍...’ ഞാന്‍ പേസ്റ്റ് ബ്രഷിലേക്ക് അമര്‍ത്തി...


കുളിയും തേവാരവും കഴിഞ്ഞ് ഷര്‍ട്ടിടുമ്പോഴാണ്, പോങ്ങുമൂടന്‍ ഞെട്ടിക്കുന്ന ഒരു വിവരവുമായി എത്തിയത്..

“മാഷേ... ഞാന്‍ വരുന്നില്ല..ക്ഷമിക്കണം”
!
രണ്ടാമത്തെ കൈ ഷര്‍ട്ടിലൂടെ കടത്തി താഴ്‌ത്താന്‍ പോലും മറന്നു ഞാനൊരു നില്‍പ്പു നിന്നുപോയി

“മച്ചാ...ഇതൊരുമാതിരി ബിക്കിനിയിലെ...”

“ഇടപാടായിപ്പോയി..അറിയാം..പക്ഷേ..അത്യാവശ്യമായി എനിക്ക് പാലായില്‍ പോയേ പറ്റൂ..അമ്മായിയപ്പനു എന്നെ രാവിലെ തന്നെ ഒന്നു കാണണമെന്ന്..എന്തുചെയ്യാം ഒരേയൊരു മരുമോനായിപ്പോയില്ലേ...”

“പ്രകാശനദിവസം തന്നെ , മാഷിന്റെ ഫാദര്‍ ഇന്‍ ലോയ്‌ക്ക് തെറിപറയാന്‍ ഉള്‍വിളിയുണ്ടായല്ലോ ഭഗവാനേ...ഛേ..വല്ലാതെ മോഹിച്ചുപോയതാരുന്നു നമ്മുടെ ഈ കൊല്ലംട്രിപ്പ്...വെറുതെയല്ല അമ്മ രാവിലെ ‘തിരുക്കുളിര്‍‘ പുറത്തെടുത്തത്.. ഒ.കെ.. സാരമില്ല.. ഞങ്ങള്‍ പോയിട്ടു വരാം.. “

പ്ലേറ്റിലെ ദോശയിലേക്ക് അറ്റാക്കിനായി കൈകള്‍ നീണ്ടു....

“അയ്യോ..തോന്നിവാസീ....രണ്ടെണ്ണം കൂടി കഴിക്ക്...ഇത് ആകെ ഒരുദോശയേ കഴിച്ചൊള്ളല്ലോ... ഒന്നാമതേ അശു..അതിന്‍‌റെ കൂടാണോ ഈ ഡയറ്റിംഗ്..” പോങ്ങുമൂടന്‍ പത്താമത്തെ ദോശയിലേക്ക് സാമ്പാര്‍ ഒഴിച്ചു..

“മതി ഹരിയണ്ണാ... ഞാന്‍ അധികം കഴിക്കാറില്ല... ഇപ്പൊഴെ കണ്ട്രോള്‍ ചെയ്താല്‍ കൊളസ്‌ട്രോളിനും ഷുഗറിനും പെര്‍മനന്‍‌റ് ഗുഡ്‌ബൈ...” തോന്നാസി വിരല്‍ നക്കി..

“ഗുഡ് ബൈ.....” കൊല്ലം ബസിന്‍‌റെ ജനലില്‍ കൂടി ഞാന്‍ പൊങ്ങുവിനെ കൈകാണിച്ചു..

“സന്തോഷമായി പോയി വാ മാഷേ.... തോന്നിവാസീ...അപ്പോ പിന്നൊരിക്കല്‍ കാണാം... അടുത്ത വരവിനു കുപ്പി എന്‍‌റെ വക...”

ദോശയില്‍ സാമ്പാര്‍ വീണപ്പോള്‍ പോലും സന്തോഷിക്കാതിരുന്ന തോന്ന്യാസി ഇതുകേട്ടപ്പോള്‍ ആഹ്ലാദത്താല്‍ പുഞ്ചിരിച്ചു....


ഡ്രൈവര്‍ ഫസ്റ്റ് ഗീയര്‍ ഇടുന്നതിനു മുമ്പ് തന്നെ തോന്ന്യാസി നിദ്രയുടെ സെക്കന്റ് ഗീയര്‍ ഇട്ടു..

വണ്ടി ഇഴഞ്ഞുനീങ്ങി.....



“വെള്ളാപ്പള്ളി ഒരു കസറു കസറും!!!” വെള്ളം മണക്കുന്ന ഒരു ഡയലോഗ് കേട്ട്, സ്പ്രിംഗ് പൊലെ ആടിയുറങ്ങുന്ന തോന്ന്യാസിയുടെ തലയെ ക്രോസ് ചെയ്തുകൊണ്ട് എന്‍‌റെ ദൃഷ്ടി അപ്പുറത്തെ സീറ്റിലേക്ക് കൊടിയും പിടിച്ച് ചെന്നു..

“പണിക്കരെന്താ മോശമാണോ... നായന്മാരെ ഒരൊറ്റ ചരടില്‍ കോര്‍ത്തത് പിന്നാരാ...”

മന്നം നഗറും, ശിവഗിരി നഗറും ഒരേ സീറ്റില്‍.. മിക്കവാറും ഒരു നാടന്‍ അടികാണാനുള്ള യോഗമുണ്ട്... അയ്യപ്പാ കനിയണേ.... ഇവന്മാരുടെ വിഷയം ഡൈവേര്‍ട്ട് ആവല്ലേ..

“പണിക്കര്‍ക്കെന്താ കൊമ്പുണ്ടോ....”

എന്തായാലും തലയില്‍ ഇല്ല..അത്രേം എനിക്കറിയാം...

“വെള്ളാപ്പള്ളിക്കെന്താ കൊമ്പന്‍ മീശയുണ്ടോ....”

പണ്ട് മോശമല്ലാത്ത ഒരു മീശയുണ്ടാരുന്നു.. ഇടയ്ക്കൊന്നു ക്ലീനും ചെയ്താരുന്നു...ബാക്കി മാലും നഹിം...

“ഉവ്വ..കഴിഞ്ഞ പ്രകടനത്തിനു തിരോന്തോരം മഞ്ഞക്കടലാക്കി ഞങ്ങള്‍...ടി.വിയൊന്നും കാണത്തില്ലേ..”

മറ്റേ ചേട്ടന്‍ ഒന്നു പോസ് ചെയ്തു... കള്ള് ഉള്ളില്‍ കിടക്കുന്നതുകൊണ്ട് നായര്‍കൊടിയുടെ കളര്‍ ഏതാ ശിവാ എന്നൊരു കണ്‍ഫ്യൂഷന്‍ പോലെ..

“അടുത്ത മാസം ഞങ്ങടെ ശക്തിപ്രകടനം ഉണ്ടിവിടെ..കണ്ടോ പൂരം.... ഞെട്ടിക്കും എല്ലാത്തിനേം...”

“എല്ലാ നായന്മാ‍രും എണ്ണയും തേച്ച് മസില്‍ കാണിച്ച് നില്‍ക്കുമാരിക്കും..അതിന്‍‌റെ ഒരു കൊറവൂടെ ഉള്ളൂ.....”

വഴിയരികിലെ ബാറെന്നെഴുതിയ മഞ്ഞപ്പെട്ടി കണ്ടപ്പോള്‍ ജാതിസ്പിരിട്ട് മാറ്റി വച്ച് ഒറിജനല്‍ സ്പിരിറ്റിലേക്ക് കൊടിമാറ്റിപ്പിടിച്ചു പഹയന്മാര്‍..

“ഒന്നൂടെ വിട്ടിട്ടു പോയാലോ...”

“ടിക്കറ്റെടുത്തുപോയില്ലെ...ഇനി വണ്ടി ഉടനേ കാണത്തുമില്ല... മാത്രമല്ല..വീട്ടില്‍ കെട്ട്യോളു തനിച്ചേ ഉള്ളൂ.... ങാ വാ... എന്താ‍യാലും രണ്ടെണ്ണം വിടാം... പോവല്ലേ... പോവല്ലേ...ആളിറങ്ങണം....!!!”

“ടിക്കറ്റു കൊല്ലത്തേക്ക് എടുത്തിട്ട്.... ഇതെന്താ ആളെ ഊശിയാക്കുവാ!!!” കണ്ടക്ടര്‍ ചരടില്‍ അമര്‍ഷത്തോടെ ഒന്നു വലിച്ചു..

“വല്യ തെണ്ണമാണേല്‍ ബാക്കി കാശിങ്ങു തന്നേര്...ഹല്ല പിന്നെ... ഈ രാജ്യത്ത് മാന്യമായി വണ്ടിയിറങ്ങാനും സ്വാതന്ത്യമില്ലേ.. “

“പോട്ടു സഹദേവാ... എമര്‍ജന്‍സി ക്വോട്ടായ്ക്ക് പൊകുന്നവന്റെ ടെന്‍ഷന്‍ വല്ലതും കണ്ട്രാവിനു മനസിലാവുമോ..സൂക്ഷിച്ചിറങ്ങ്!!!..സര്‍ക്കാരിന്‍‌റെ വണ്ടിയാ..ആഞ്ഞുചവിട്ടിയാല്‍ പടിയും കൂടിങ്ങു പോരും...”

വണ്‍ മോര്‍ സീന്‍ ദേദോ ബേബീ...... കണ്ണുകള്‍ പുതിയ മേച്ചില്‍‌പ്പുറങ്ങള്‍ തേടി..

“അമ്മാവാ അപ്പൊറത്തോട്ടിരിക്കാന്‍...ഇതെന്‍‌റെ സീറ്റാ.....ഈശ്വരാ പറഞ്ഞാലും മനസിലാവില്ലാന്നു വച്ചാല്‍.....”

കണ്ടക്ടര്‍ എഴുന്നേറ്റപ്പോള്‍ ആ ഗ്യാപ്പു നോക്കി സീറ്റിലിരുന്ന ഒരു അപ്പൂപ്പനെ പുറത്താക്കാനുള്ള ശ്രമത്തിലാണു കക്ഷി..

“ദാ..കണ്ണുതൊറന്നു നോക്ക്..കണ്ടക്ടര്‍ സീറ്റ് എന്ന് എഴുതിവച്ചെക്കുന്നത് കണ്ടില്ലെ.. ഒന്നു മാറാന്‍....”

അപ്പൂപ്പനു എന്തൊക്കെയോ മാന്യമായി മറുപടി പറയണമെന്നുണ്ട്.. പ്രായാധിക്യവും ഉള്ളില്‍ കിടക്കുന്ന ബ്രാന്‍‌റും അതിനു അനുവദിക്കുന്നില്ല...

“ഒലക്കേടെ മൂട്....ഇതില്‍ തന്നെ ഞാനിരിക്കും... താ‍ന്‍ കൊണ്ടോയി കേസുകൊടുക്ക്... ഹോ.. അയാടെ സീറ്റാണുപോലും.. ഇങ്ങേരുടെ സീറ്റാണേല്‍ ഇതില്‍ അടങ്ങിയിരിക്കണം. മുക്കിനു മുക്കിനു എഴുന്നേറ്റു പോകുന്നതെന്തിനാ..ശ്ശെടാ കൂത്തേ...”

അല്ല സ്വാമീ... ഉലക്കയുടെ മൂട്, തേങ്ങായുടെ കുല..ഇത്യാദി നല്ല വാക്കുകളെ ആര് എന്തിനു പുലഭ്യത്തിനുപയോഗിക്കുന്നതാക്കി.. ഛേ...ഭാഷയുടെ പരിണാമത്തിലെ ഓരോരോ വൈകല്യമേ...

“ടിക്കറ്റു ഇങ്ങേരു കൊടുക്കുമോ...“ പച്ചയാണെങ്കിലും പഴുത്തിരിക്കാന്‍ മനസില്ല എന്ന മട്ടില്‍ കണ്ടക്ടര്‍...

“കൂലി താന്‍ തരുമോ..എന്നാ ആ കുന്ത്രാണ്ടം ഇങ്ങു താ.. ഞാന്‍ കൊടുക്കാം ടിക്കറ്റ്.. ഈ ശങ്കുപ്പിള്ളയെ അങ്ങനെയങ്ങു കൊച്ചാക്കല്ലേ... ഇരുപത്തിനാലു വര്‍ഷം... ദേ...ദേ..” ബാക്കി പറയാന്‍ കൂടുതല്‍ ഗ്രിപ്പിനായി അപ്പൂപ്പന്‍ എഴുന്നേറ്റു..ആ തക്കം നോക്കി കണ്ടക്ടര്‍ ചാടിയിരുന്നു.. സീറ്റുപോയാലും വേണ്ടില്ല, പറയാനുള്ളത് ഫുള്‍ എനര്‍ജിയില്‍ പറയണം എന്ന മട്ടില്‍ അപ്പൂപ്പന്‍ മസില്‍ മുറുക്കി..

“ദേ...ഇങ്ങോട്ട് നോക്ക്.. ഇരുപത്തിനാലു വര്‍ഷം സര്‍ക്കാറിന്റെ കണക്കു നോക്കിയവനാ ഈ ശങ്കു... ഊ ഊ ഊ.......” പാണ്ടിലോറിയെ കണ്ട് ഡ്രൈവര്‍ ഡസന്‍ കണക്കിനു ഊര്‍ജ്ജത്തോടെ സഡന്‍ ബ്രേക്കിട്ടതുകൊണ്ട്, ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസാന്‍ ഈക്വല്‍ ആന്‍ഡ് ഇമ്മാതിരി റിയാക്ഷന്‍ എന്ന തെളിയിച്ചുകൊണ്ട് ശരസമം അപ്പൂപ്പന്‍ കുതിച്ച് ബാക്കി ഭാഗം തറയില്‍ കിടന്നു പൂരിപ്പിച്ചു..

മുന്നിലെ കമ്പിയില്‍ നെറ്റി ആഞ്ഞിടിച്ച നൊമ്പരത്താന്‍ ‘വന്നല്ലോ മുഴ’ എന്നമട്ടില്‍ തപ്പിക്കൊണ്ട് തോന്ന്യാസി ചോദിച്ചു.

“എന്തുപറ്റി അണ്ണാ....”

“ഒരപ്പൂപ്പന്‍ സൌത്താഫ്രിക്കന്‍ ഫീല്‍ഡറേപ്പോലെ ക്യാച്ചെടുത്തെതാ.. ഇനി അടുത്ത പത്തുകളിക്കു ഈ ക്രേസി കിര്‍മാണി ക്രീസ് കാണില്ല... ഹെഡ് ഇന്‍‌ജുറി വിത്ത് നീ ഇന്‍ ചൊറി “ മുട്ടുതടവണോ തലതടവണോ എന്ന് ആലോചിച്ചുകൊണ്ട് ‘എന്നാല്‍ നടു തടവിയെക്കാം എന്ന പോളിസിയില്‍ നില്‍ക്കുന്ന ശങ്കുച്ചേട്ടനെ ചൂണ്ടി ഞാന്‍ പറഞ്ഞു.

“ഛേ ഇമ്മാതിരി സീനൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ലല്ലോ അണ്ണാ..”

“കൈവിഷത്തിനുപകരം സ്ലീപ്പിംഗ് പില്‍‌സ് എടുത്തുകഴിക്കാന്‍ നിന്നോടാരു പറഞ്ഞു. അനുഭവിക്ക്...”

“ഊതല്ലേ അണ്ണാ”

“ഊതിയതല്ലുത്തമാ... പണ്ട് ബാംഗ്ലൂരില്‍ ഞാ‍ന്‍ പോയപ്പോള്‍, നിന്നെപ്പോലൊരു കക്ഷി, അല്പം സീനിയര്‍ ഫെല്ലോ ആണ്.. എന്‍‌റെ തൊട്ടടുത്തിരുന്ന് ആടിയുറങ്ങുന്നു. വെറും ആട്ടമല്ല.. നമ്മുടെ ആട്ടുകല്ലിലെ കൊഴവി കറങ്ങുന്നപോലെ.. ഇടയ്ക് കമ്പിയില്‍ ചും‌ബിച്ച് ഞെട്ടിയുണര്‍ന്നു പുള്ളി അറഞ്ഞൊരു ചോദ്യമാരുന്നു...എന്തായാലും നീ ആ മനുഷ്യന്‍‌റത്ര അങ്ങോട്ടു പോരാ.”

“അങ്ങേരെന്താ ചോദിച്ചെ...”

“ ‘കോഴിക്കൂട് അടച്ചോ കമലൂ’ എന്ന്.. ‘വാതിലെന്നേ ചിതലെടുത്തൂ പാക്കരന്‍ ചേട്ടാ... ഇതെന്താ ഒന്നുമറിയാത്തോനെപ്പോലെ ചോദിക്കുന്നെ’ എന്നു ഞാനും പറഞ്ഞു...“

“ഇതു പുളു... വെറും പുളു. സത്യം പറ..ഇതു വെറും നമ്പരല്ലേ അണ്ണാ....”

“ ‘സത്യം പറ...ഇതുവെറും കള്ളമല്ലെ..‘ എടാ ഇതുപോലൊരു വിഡ്ഡിച്ചോദ്യം ലോകത്ത് വേറെയുണ്ടോ... ‘ടെല്‍ മീ മോര്‍ ‘ എന്നു മനസില്‍ പറഞ്ഞുകൊണ്ട് ‘ഡോണ്ട് ടെല്‍ മീ’ എന്ന് പിള്ളാരു പറയുമ്പോലെ...”


“ഡോണ്ട് ടെല്‍ മീ..” സിമി ഫ്രാന്‍സിസ് (തെറ്റിധരിക്കെണ്ടാ പുരുഷന്‍ തന്നെ) എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു

“സത്യമാ സിമി...അല്ലേല്‍ ദാ ഈ തോന്ന്യാസിയോട് ചോദിക്ക്... ഇന്നലെത്തന്നെ വരണമെന്നും ഒന്നിച്ചൊന്നു കൂടണമെന്നുമൊക്കെ ഉണ്ടാരുന്നു..പക്ഷേ പെട്ടെന്ന് ചില എന്‍‌ഗേജ്‌മെ‌ന്‍‌റുകള്‍, ചില കൂടിക്കാഴ്ചകള്‍ ചില നേരമ്പോക്കുകള്‍ .......”

“സാരമില്ല ചേട്ടായി..ഏതായാലും വന്നല്ലോ..സന്തോഷമായി... അകത്തേക്കിരിക്കാം... പരിപാടി തുടങ്ങാറായി....”

തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് ഞാനും തോന്ന്യാസിയും നടന്നുകയറി..

സ്റ്റേജില്‍ സാംസ്കാരിക നായകന്മാര്‍ അണിനിരന്നിരുന്നു ചിരിക്കുന്നു... പകുതിയും പൂക്കുറ്റിയാണെന്ന് ഒറ്റനോട്ടത്തിലേ മനസിലായി..

“മോശമായിപ്പോയി.....” ഞാന്‍ മീശയിലൂടെ വിരലോടിച്ചു.

“ഏയ്... ഇതൊക്കെ ഇവിടെ പതിവാ അണ്ണാ.. “

“എന്ത്..എടാ രണ്ടെണ്ണം വിട്ടിട്ടു വരാഞ്ഞെ മോശമായിപ്പോയെന്നാ ഞാന്‍ പറഞ്ഞത്..”

“ഓ എന്ന്... ആ ബാര്‍ കണ്ടപ്പോ ഞാന്‍ അണ്ണനോട് പറയാന്‍ തുടങ്ങിയതാ...”

“എന്നിട്ടെന്താ നീ പറയാതിരുന്നത്.....”

“അത്..അണ്ണന്‍ അത്തരക്കാരനാണോ എന്നൊരു ചെറിയ......”

“ഏയ്... ചിലനേരങ്ങളില്‍ ഞാനും സംസ്കാരസമ്പന്നന്‍ തന്നെയാണ്....”

‘സംസ്കാരം എന്നത്... അക്ഷരങ്ങളിലൂടെ.....അനുഭവങ്ങളിലൂടെ... ഈ..ഈ...ഈ..ഈ......” സ്റ്റേജില്‍ പ്രസംഗം തുടങ്ങി...

“ഇതു പണ്ടാരോ രാമായണം വായിച്ചപോലായല്ലോ തോന്ന്യാസീ.. ശ്രീരാമബാണം പാഞ്ഞൂ....ഊ....ഊ...ഊ........ അടുത്ത വരി തപ്പിയിട്ട് കിട്ടാഞ്ഞിട്ടു ‘ഊ’ അങ്ങു വിശാലമായി നീട്ടി.. എന്താ ആശാനേ ഈ ‘ഊ.....” എന്ന് അടുത്തുനിന്ന കക്ഷി ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു ‘മോനേ ഇത് ശ്രീരാമബാണം പോകുന്ന സൌണ്ടാ......’ “

ചിലന്തി.........

സിമിയുടെ പുസ്തകം ഞാന്‍ പതുക്കെ തുറന്നു.

അക്ഷരങ്ങള്‍ മണക്കുന്ന ഹൃദയം... അല്ലെങ്കില്‍ ഹൃദയം മണക്കുന്ന അക്ഷരങ്ങള്‍......
ലാപ്‌ടോപ്പിനും പാം ടോപ്പിനു തരാന്‍ കഴിയാത്ത അച്ചടിയുടെ മാന്ത്രികഗന്ധം കടലാസിന്‍‌റെ ഈ ബാംബൂ ബോയ്സിനു തരാന്‍ കഴിയുന്നു......


“അണ്ണാ എനിക്കും ഒരു പുസ്തകമിറക്കണം. ജീവിതാഭിലാഷമാ.....” തോന്ന്യാസി റിഫ്രഷ്‌മെന്‍‌റിനു കിട്ടിയ പപ്സില്‍ ആഞ്ഞുകടിച്ചുകൊണ്ട് പറഞ്ഞു.

“ഇറക്കണം തോന്ന്യാസി..ഇറക്കണം.. വാത്സ്യായനമുനി പണ്ട് അതേപോലെ ഒന്നിറക്കി എന്ന് കരുതി മടിച്ചിരിക്കരുത്...യു സ്റ്റാര്‍ട്ട് ഫ്രം ചാപ്റ്റര്‍ സിക്സ്റ്റി ഫൈവ്.. “ പേസ്ട്രിയില്‍ ഞാനുമൊന്നു കടിച്ചു..

“ഒലക്കേടെ മൂട് “

“ഒലക്കേടെ മൂട്, തേങ്ങാക്കുല“

‘അടുത്തതായി...ശ്രീ സിമിയുടെ സുഹൃത്തും പ്രശസ്ത ബ്ലോഗറും ഉല്‍കൃഷ്ട കവിയുമായ ശ്രീ ജി.മനു അവര്‍കള്‍ ആശംസ.....’ അനൌണ്‍സ്‌മെന്റ്..... ഈശ്വരാ ഞാനെപ്പോ ഇങ്ങനെയൊക്കെയുള്ള ആളായി..ഇപ്പോ പറഞ്ഞതു പോട്ടെ..ഇതൊന്നും എന്‍‌റെ ബന്ധുക്കള്‍ കേക്കരുത്.. മൈക്കും ബോക്സും ഒറ്റതൊഴിക്ക് തവിടുപൊടിയാക്കും...പറഞ്ഞേക്കാം..


പണ്ട് ‘കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ‘ ‘ഫ്രീ വിസയില്‍’ ദുബായിക്കുപോയ ലക്കിഫെലോ, പനയുടെ മുകളില്‍ പ്രോഗ്രാം ചെയ്യാന്‍ അള്ളിപ്പിടിച്ച് കയറിയപ്പോള്‍ മുകളില്‍നിന്നു ഇറങ്ങിവന്ന പഴയ ഹെഡ്‌മാസ്റ്ററെ കണ്ട് അന്തംവിട്ടതുപോലെ തോന്ന്യാസി എന്നെ ഒന്നു അമര്‍ത്തിയൊന്നു നോക്കി ......

“സംശയിക്കേണ്ടടോ...ഞാന്‍ തന്നെയാ.. വിധിവൈപരീത്യം....” ഹെഡ്‌മാസ്റ്റര്‍ പറഞ്ഞ അതേ ഡയലോഗ് ഞാനും പറഞ്ഞു..



“പ്രിയമുള്ളവരെ...സഹൃദയരെ...” ഞാന്‍ കണ്ഠശുദ്ധി വരുത്തി ചുറ്റിനും നോക്കി...

സദസ്സിലെ സഹൃദയരില്‍ മെജോരിറ്റിയും, പപ്സ് തീര്‍ത്തിട്ടു പേസ്‌ട്രി കൂടി തീര്‍ക്കാനുണ്ടല്ലോ എന്ന് വിഷാദിച്ച് രണ്ടുകടി ഒന്നിച്ച് കടിച്ച് ടെന്‍ഷന്‍ അടിക്കുന്നു.. സ്റ്റേജിലെ നായകന്മാര്‍ ‘പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് ചാര്‍ജ്ജുകിട്ടുവാനുദ്യമമെന്തെടോ’ എന്ന മട്ടില്‍ കോട്ടുവാ ഇടുന്നു...ഇനി ഞാനായിട്ടെന്തു പറയാന്‍... സിമിയുടെ ഒരു കൊച്ചു കഥ പറഞ്ഞുതീര്‍ത്ത് ചാടിയിറങ്ങിയോടി..


ജനഗണമന കഴിഞ്ഞു...

പരിചയക്കാരോട് ഹാ യും പരിചയപ്പെടുന്നവരോട് ഹോ യും പറഞ്ഞു ഞങ്ങള്‍ പുറത്തേക്കിറങ്ങി...


“ഏട്ടാ...............................”

“ങേ..!!!!!!!!”

ലേലമുറപ്പിച്ച് ലോറി പോയിക്കഴിഞ്ഞ് , അതുവിളിക്കാന്‍ ഓടിവരുന്ന മീന്‍‌മുതലാളിയെപ്പോലെ, ദാ ഒരു ജുബ്ബാവാലാ പാഞ്ഞുവരുന്നു..

ങേ...മുരളീരവം ബ്ലോഗര്‍ മുരളിയല്ലേ അത്!!!

“കഴിഞ്ഞോ......” പകുതി കിതച്ചുകൊണ്ട് ആശാന്‍ നിന്നു..

“അതെ..എല്ലാം പെട്ടെന്നായിരുന്നു. അത്രയൊക്കെ ഉള്ളൂ മനുഷ്യേന്റെ കാ‍ര്യം.....എന്താടാ മുരളി നീ ലേറ്റായെ..”


“ഏട്ടാ. വണ്ടിമറിഞ്ഞു..”

“ഈശ്വരാ...എപ്പോ..എവിടെ..വല്ലോം പറ്റിയോ നിനക്ക്...”

“ഞാന്‍ വന്ന വണ്ടിയല്ല..മുന്നില്‍ പോയ അരിവണ്ടി... ട്രാഫിക് ഒന്നരമണിക്കൂര്‍ ബ്ലോക്കായി...ഹോ... ഷിറ്റ്.....”

“ജസ്റ്റ് റിമംബര്‍ ദാറ്റ്...ഇങ്ങനെയൊക്കെ ഉള്ള ഇടത്ത് കാലത്തേ തിരിക്കേണ്ടേടാ കൊശവാ....”

“സാരമില്ല മുരളി..ഇന്ന് രാത്രി നിങ്ങള്‍ ഇവിടെ കൂട്... ഏതായാലും വന്നതല്ലേ... ഞാന്‍ പത്തുമണിക്കത്തെ വണ്ടിക്ക് ആണ്ടിപ്പട്ടിയിലേക്ക് പോകും...” തോന്ന്യാസി ബാഗ് ഒന്നു പൊക്കി..

“കമോണ്‍...ലെറ്റ്സ് ഗോറ്റു നാണി...”

“ങേ..”

“എടാ നാണി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ , സ്പെഷ്യല്‍ ഗസ്റ്റ്സ് ആയ നമുക്ക് സിമി മുറി ബുക്ക് ചെയ്തിട്ടുണ്ട്... അര്‍മ്മാദം കണ്ടിന്യൂസ്...അപ്പോ തോന്ന്യാസി.. നീ....ആണ്ടിപ്പട്ടിക്ക് നാളെപ്പോകാടാ.ഇന്ന് നമുക്ക് നാടന്‍ പാട്ടൊക്കെയായി ഇവിടങ്ങ് കൂടാം..പറയുന്ന് കേള് കരുണാ..”

“അണ്ണാ...പണ്ടപ്പെട്ടിയുമായി ഒരുപാട് പാണ്ടിക്കുട്ടികള്‍ ആണ്ടിപ്പട്ടിയില്‍ നാളെ ക്യൂ നില്‍ക്കും... ഞാനില്ലെങ്കില്‍ ഉര നടക്കില്ല...”

“ഉരച്ചുരച്ച് നീ ആള്‍‌റെഡി ഉറുമ്പുപോലായി...ങാ..എന്നാല്‍ വിട്ടോ... സ്വീറ്റ് ഡ്രീംസ്.....”

“വാട്ട്...!!”

“ഹാപ്പി ജേണിക്ക് പകരം ജോണീ നിനക്ക് ചേരുന്നത് ആ വിഷാ....” പുതിയ പാ‍രഗണ്‍ ചെരിപ്പിലേക്ക് നോക്കി ഞാന്‍ പറഞ്ഞു..”ബിവെയര്‍ ദ പിക്ക് ചപ്പല്‍‌സ്...”

ചിരി പകുത്തെടുത്ത് തോന്ന്യാസി ഓട്ടോയില്‍ ചാടിക്കയറി..

തൃസന്ധ്യയുടെ മങ്ങലിലേക്ക് തോന്ന്യാസിയുടെ വലംകൈ മറഞ്ഞുകൊണ്ടിരുന്നു.

“പാവം ചെക്കന്‍.....ഒരുമണിക്കൂറുള്ള ഈ പ്രോഗ്രാമിനു വേണ്ടി മാത്രം, ഇത്രയും ദൂരെ നിന്നു വരിക..എന്നിട്ട് സ്നേഹമെല്ലാം വാരിത്തന്നിട്ട് പെട്ടെന്ന് മടങ്ങുക... ഒന്നോര്‍ത്താല്‍ മുരളി...നമ്മളെയൊക്കെ ചുമ്മാ ഇണക്കുന്ന ഈ കണ്ണികളുടെ പേരെന്താടാ...നീ വല്യ കവിയല്ലേ..ഒന്നു പറ..”

“അത് മനുവേട്ടാ.... ഒരു കവിക്കും ഇതുവരെ കണ്ടെത്താ‍നായിട്ടില്ല... .തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമെന്നൊക്കെ വേണേല്‍ പറയാം..പക്ഷേ..അതൊനൊക്കെ അപ്പുറത്താണ് ഇതിന്‍‌റെ വ്യാഖ്യാനം.....”



ഗള്‍ഫുകാര്യവും, നാട്ടുവിശേഷവും ഒക്കെയായി സിമിയോടൊപ്പം രണ്ടുമണിക്കൂര്‍..

“നാളെ വെളുപ്പിനു ഞാന്‍ വരാം ചേട്ടായി... എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാമതി.....” സിമി ഗുഡ്‌നൈറ്റ് പറഞ്ഞിറങ്ങി...


ഹോട്ടലിലെ സൂപ്പര്‍ ഡീലക്സ് ഡബിള്‍ മുറിയുടെ ജനല്‍ തിരശ്ശീല ഞൊറിഞ്ഞുമാറ്റി...രാത്രിയില്‍ കൊല്ലം കൊലുസിട്ടു നില്‍ക്കുന്ന കാഴ്ച...

“ഏട്ടനെന്താ മിണ്ടാതെ വെളിയിലോട്ട് നോക്കി നിക്കുന്നെ...” പൊതുജനക്ഷേമവകുപ്പുമന്ത്രി ആഡംബരസോഫയില്‍ ഇരിക്കുന്നപോലെ വിശാലമായി ഞെളിഞ്ഞുകൊണ്ട് മുരളി...

“അല്ലെടാ ഞാനോര്‍ക്കുവാരുന്നു..ഇത്രയും വലിയ സെറ്റപ്പൊക്കെയുള്ള മുറിയില്‍ വന്നപ്പോ, ജോസ്‌പ്രകാശിനെപ്പോലെ ഒരു കോട്ടുകൂടി വേണമാരുന്നു..വെറുതെ ഒരു മാച്ചിംഗിന്.. അടുത്ത ചാന്‍സിനാവട്ടെ..അങ്ങനെ വരാം... എന്നിട്ട് വേണം കുറെ ഡയലോഗ് കാച്ചാന്‍... മാഗീ..നമ്മുടെ കൊള്ള സങ്കേതങ്ങളൊക്കെ റെഡിയാണല്ലോ..മുതലക്കുട്ടന്മാര്‍ക്ക് ആവശ്യത്തിനു ഡെഡ്‌ബോഡീസൊക്കെ കിട്ടുന്നുണ്ടല്ലോ...അല്ലേ...”

“ഇങ്ങേര്‍ക്ക് വട്ടുമുണ്ടോ..അതോ ആദ്യമായിട്ടാണോ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍...“

“ഓ..നീ പിറന്നുവീണത് സാന്‍ഫ്രാന്‍സിസ്കോയിലെ സണ്‍ഷേഡ് ഹോട്ടലില്‍ ആയിരിക്കും”

“പത്രപ്രവര്‍ത്തകനായ എന്നോട് ഫൈവിന്‍‌റേം സെവന്‍‌റേം കഥ ചോദിക്കല്ലേ...ഈ മുരളിയെ..കൊറെ വിലസിയതാ..“

“ഐ.സീ...എന്നാല്‍ ആ എ.സി ഒന്നു ഓഫ് ചെയ്തേയ്ക്ക്...വല്ലാത്ത തണുപ്പ്...”

“ഇവിടെങ്ങും സ്വിച്ച് കാണുന്നില്ല..”

“പത്രപ്രവര്‍ത്തകനായ നിനക്ക് ഒരു സ്വിച്ച് കണ്ടുപിടിക്കാനുള്ള കഴിവുപോലുമില്ലേ...സോ മോശം ഡിയര്‍”

പതിനൊന്നു മണി..

“അയ്യോ..സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...നമുക്കെന്നാ ശയിച്ചേക്കാം ..അല്ലേടാ... രാവിലെ പോകാനുള്ളതല്ലേ... “

ഉറങ്ങാനുള്ള തയ്യാറെടുപ്പ്..

ഡോര്‍ അടച്ചു..

കണ്‍ഫ്യൂഷന്‍...

ഇതിന്‍‌റെ കുറ്റിയെങ്ങനെ ഇടും..നോക്കീട്ട് ഒന്നും കാണുന്നുമില്ല..

കട്ടിളയില്‍ ഒരു ചെറിയ ചങ്ങല തൂങ്ങിക്കിടപ്പുണ്ട്.. ഡോറിന്‍‌റെ അറ്റത്ത് ഒരു കൊളുത്തും..

അതിട്ടു... പക്ഷേ തുറന്നു നോക്കിയപ്പോള്‍ ചങ്ങലയ്കും ഡോറിനുമിടയില്‍ അഞ്ചിഞ്ച് വിടവ്....

ഷുവര്‍.. ചങ്ങല കൂടാതെ ഒരു കുറ്റികൂടിയുണ്ട്..

ബട്ട്...എവിടെ..

കുനിഞ്ഞും നിവര്‍ന്നും പലതവണ ആലോചിച്ചു... നോ രക്ഷ..

ഓട്ടോമാറ്റിക്ക് ലോക്കാണോ...ഛെ..ആവാന്‍ വഴിയില്ല..

മുരളിയോടു ചോദിച്ചാലോ... മോശം..ഒന്നുമില്ലെങ്കില്‍ അവനേക്കാള്‍ കുറെ ഓണമുണ്ടതല്ലേ ഞാന്‍....

“എടാ മുരളി.....”

“എന്താ......” അകത്തെ മുറിയില്‍ നിന്ന് മുരളിയുടെ ഈഗോ കലര്‍ന്ന ഒച്ച.......

“ഒന്നുമില്ല.... ....നീ ബാത്ത്‌റൂമിലാണോ എന്നറിയാന്‍ വിളിച്ചതാ..”

പ്രശ്നമാവുമോ പരമശിവാ...

ഇനി വല്ല ഇലക്ട്രോണിക്ക് സംവിധാനം വല്ലോമാണോ.. സൂക്ഷിച്ച് നോക്കി

കട്ടിളയോട് ചേര്‍ന്നാ‍ണു സ്വിച്ച് ബോര്‍ഡ്..

കിട്ടി...പിടി കിട്ടി.!!.

സ്വിച്ച് ബോര്‍ഡില്‍ സ്വിച്ചുകള്‍ക്ക് മുകളിലായി ബിയര്‍ ഓപ്പണര്‍ പോലെ ഒരു സാധനം.. ജായ്‌ക്കില്‍ താഴ്ത്തി വച്ചിരിക്കുന്നു.. ഹോ..ഇതിനാണോ ഞാന്‍ ഇത്ര ബുദ്ധിമുട്ടിയത്. ഇതുതന്നെ ലോക്ക്...ടെക്നോളജി പോയ പോക്കേ..

ഓപ്പണര്‍ ഞാന്‍ വലിച്ചെടുത്തു..

ഫ്ല്ലിപ്പ്!!!!!!
പെട്ടെന്ന് മുറിയില്‍ വെട്ടം പോയി..

“പൊത്തോം!!!!!!!! ഹെന്‍‌റമ്മോ!!!!!!!!!!! “ മുരളിയല്ലേ അകത്ത് നിലവിളിച്ചത്.... ഇത്രയ്ക്ക് പേടിത്തൊണ്ടനാണോ അവന്‍....

ഓപ്പണര്‍ തിരികെ കുത്തിക്കയറ്റി വെട്ടം വരുത്തിയിട്ട് മുറിയിലേക്ക് ഞാന്‍ പാഞ്ഞു...

ശിവനേ.........................!!!!


അണ്ടര്‍വെയര്‍ ഒരുകാലില്‍ മാത്രമിട്ട്, നെറ്റിലേക്ക് വീണ ട്രപ്പീസുകളിക്കാനെപ്പോലെ മുരളി തറയില്‍ മലര്‍ന്നുകിടക്കുന്നു!!

“എന്തുപറ്റി കുട്ടാ......” താങ്ങിയെണീപ്പിച്ചുകൊണ്ട് ഞാന്‍.....

“നിക്കറിട്ടോണ്ടിരുന്നപ്പോ കറന്റു പോയി......”

“അതിനു നീ താഴെ വീണതെന്തിനാടാ......”

“ഒരുകാലേ കയറ്റിയൊള്ളൂ....മറ്റേക്കാലു പൊക്കിയപ്പോഴല്ലേ വെട്ടം പോയത്..ഹോളിനു പകരം ഹോളില്ലാത്തിടത്ത് ചവിട്ടി...അയ്യോ. എന്‍‌റെ.നടുപോയേ......!!!!!”

“ങാ പോട്ട്..സാരമില്ല...നീ കെടന്നോ.....”

“അയ്യോ....ഞാനിനി എന്തുചെയ്യും.....ഹോ....”

“സ്പെയര്‍ ബിക്കിനി കരുതിയിട്ടില്ലേ......”

“ക്രൂരാ....നടുപോയെന്ന്!!!..ഹമ്മേ......”


ബെഡ്ഡിന്‍‌റെ ഇങ്ങേ അറ്റത്തേക്ക് ഞാന്‍ ഒരു മൂളിപ്പാട്ടോടെ ചാഞ്ഞു...”അസലായി....അസലായി നീ...”

ശൂ................!!!! പാതാളത്തിലേക്ക് പോകുന്നപോലൊരു ഫീല്‍.....

മനുഷ്യനെ പേടിപ്പിക്കാനോരുത്തന്മാരു മെത്തയുണ്ടാക്കും... കണ്ണുതള്ളിപ്പോയല്ലോ കര്‍ത്താവേ....

“ഹാവൂ.....എന്തൊരു ലക്ഷ്വറി ദാസാ......ഇപ്പോ ഞാന്‍ മനുഷ്യനോ അതോ ദേവേന്ദ്രനോ...എവിടെ ദേവനര്‍ത്തകിമാര്‍....ആലവട്ടം ...വെഞ്ചാമരം..ആരവിടെ...“

“ഞാനിവിടുണ്ട് മനുഷ്യാ... നടുവുളുക്കിയെന്നാ തോന്നുന്നേ..ഹോ..ഹീ....”

സുഖ ശീതള രാത്രിയില്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുതുടങ്ങി...

“കണ്ണാ...നീ ഉറങ്ങിയോടാ..........”

ങേ...മുരളിയല്ലേ കണ്ണനെ വിളിക്കുന്നത്...ഇവന്റെ നടുവേദന ഇത്രപെട്ടെന്ന് മാറിയോ.. ഹൂ ഈസ് കണ്ണന്‍... ഞാന്‍ പതുക്കെയൊന്നു നോക്കി.

അതുശരി... നടുവിന്‍‌റെ ആക്സില്‍ ഒടിഞ്ഞാലും സൊള്ളലിന്‍‌റെ ആക്സിലറേറ്റര്‍ മുറുക്കാന്‍ ഒരു കൊഴപ്പവുമില്ല കൊശവന്........ആരാണാവോ മറുതലയ്ക്ക്....

“ചക്കീ... ഉറങ്ങിയില്ലെ....”

ചക്കി??? അത് കണ്ണന്‍‌റെ വൈഫായിരിക്കും..!!!!!

“ഞാനോ...കൊള്ളാം..നീ താരാട്ട് പാടാതെ ഞാന്‍ ഉറങ്ങുമോ കുട്ടാ....“
അതു ന്യായം... ഈ ഇളം പ്രായത്തില്‍ താരാട്ടുകേട്ടില്ലേല്‍ പിന്നെപ്പൊഴാ...

“പിന്നെ..ഇന്നും ഞാന്‍ എഴുതി നിനക്കുവേണ്ടിയൊരു കവിത....ചൊല്ലാനോ..ഇപ്പൊ ഇല്ല..നാളെ.. ഉം ഉം...നാളെ..”

‘ആരാ നിങ്ങള് വാലിയക്കാരാ പേരെന്താടാ.. കൂടെക്കാണുന്നാരാ പെണ്ണ് വീടരാണോ’ എന്ന മാപ്പിളരാമായണം ആണോടാ നീ ഇന്ന് എഴുതിയത്...

“സ്വപ്നലോകത്തില്‍...അതേ. നീയും ഞാനും മാത്രമുള്ള ആ സ്വപ്നലോകം.. എന്താ...ഇല്ല...വേറെ ആരുമില്ല അവിടെ...ഷുവര്‍”

ഛേ!!!.കം സേ കം ഒരു ചായക്കടക്കാ‍രന്‍ എങ്കിലും വേണ്ടേടാ....

“പോകാം..എങ്ങോട്ടാണെന്നോ.. ഭൂമിയും സൂര്യനും കടന്ന്..മില്‍ക്കിവേയും സകല ഗ്യാലക്സികള്‍ക്കുമപ്പുറത്ത്... അവിടെ ഉണ്ടാവും നമുക്കൊരു ഗ്രഹം.. അവിടെ നിന്‍‌റെ കണ്ണുകള്‍ക്ക് എന്നും ഉത്സവം..കാതുകള്‍ക്ക് എന്നും ഉത്സവം..”

“തിരിച്ചുവരുമ്പോ ഉത്സവപ്പറമ്പീന്ന് എനിക്കൊരു അമ്മാവാബലൂണ്‍ കൊണ്ടുവരണേടാ..കൊറെ നാളായി ആ സാധനമൊന്നു കണ്ടിട്ട്....”

“ഇങ്ങേരുറങ്ങിയില്ലേ....!!!!!!!!” കറണ്ടടിച്ചപോലെ മുരളി ഞെട്ടിത്തിരിഞ്ഞു...

“അന്യഗ്രഹത്തില്‍ പോകാന്‍, നീയിങ്ങനെ റോക്കറ്റിനു തീ കൊടുക്കുമ്പോ, ഞാനെങ്ങനെയുറങ്ങുമനിയാ.... ക്വയറ്റ് ഇമ്പോസിബിള്‍ നാ......”

“കൊടും ക്രൂരാ....കാമുകിയോടൊന്നു സല്ലപിക്കാനും സമ്മതിക്കില്ല.... അത്രയ്ക്ക് അസൂയ ആണേലേ..ചേച്ചിയോട് സൊള്ള്...ഹല്ലപിന്നെ...” മുരളി ചുവപ്പുബട്ടന്‍ തപ്പി തിരിഞ്ഞുകിടന്നു.

“പിന്നല്ലാ...നീ മാത്രമങ്ങനെ റൊമാന്‍‌റിക്ക് ആയാല്‍ പോരല്ലോ.... ലെമ്മീ കോള്‍ മൈ ഭൈമി....” പ്രിയതമയുടെ നമ്പര്‍ ഡയലി...


“ഹലോ........” ഒട്ടും റൊമാന്‍‌റിക്കല്ലാത്ത ഉറക്കച്ചടവ് ഹലോ.....”എന്താ മാഷേ....”

“ഈസിന്റ് ദെയര്‍ സംതിംഗ് ബിറ്റ്‌വീന്‍ അസ് ടൂ...പ്രിയാ....?....”

“എന്തോന്ന്??? “

“നമുക്കിടയിലും എന്തോ ഒന്നില്ലേ പ്രിയേ.....”

“മാഷെന്താ പാതിരാത്രിയില്‍ കോണ്ടത്തിന്‍‌റെ പരസ്യമെഴുതുവാണോ.. പോയി കെടന്നുറങ്ങ്........” ഹോ..ഫോണ്‍ കട്ടുചെയ്യുന്നതിനു ഇത്ര ശബ്ദമോ....

“തൃപ്തിയായി ഗോപിയേട്ടാ....” കുലുങ്ങിച്ചിരിക്കുന്ന മുരളിയോട് പറഞ്ഞു ഞാന്‍ പുതപ്പ് വലിച്ചിട്ടു....



റിംഗ് ടോണ്‍ കേട്ടപ്പോള്‍ പകുതി ഉണര്‍ന്ന് മയക്കത്തോടെ ഫോണെടുത്ത് ചെവിയില്‍ വച്ചു..

“കുട്ടാ....ഇതാ കട്ടന്‍.....നേരം വെളുത്തു......മധുരം ഇന്നെങ്ങനെ???” ഒരു മധുരനാദം...

ങേ...ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ മൊബൈലില്‍ കൂടി കട്ടന്‍‌കാപ്പിയൊ.. ബാക്കി ഉറക്കം പമ്പ കടന്നു.

‘ഒട്ടും കുറയ്ക്കെണ്ടാ കുട്ടീ...എനിക്ക് ഷുഗറൊന്നും ഇതുവരെ ആയിട്ടില്ല..’ മനസില്‍ ഇത് കണ്ണുതുറന്നപ്പോഴാണ് അബദ്ധം മനസിലായത്.. ഫോണ്‍ എന്‍‌റെ അല്ല... !!!!

“എടാ മുരളി...എടാ...എടാ..ഇന്നാ കട്ടന്‍”

“ഹൂം...............” മുരളി പതുക്കെ മുരണ്ടു....”എനിക്ക് വേണ്ട ...”

“അങ്ങനെപറയാതെടാ...നിന്‍‌റെ പ്രിയതമ എയര്‍ടെല്ലിനു രണ്ടുരൂപ കൊടുത്തുണ്ടാക്കിയതാ.. പാവമല്ലേ..എടാ നിനക്ക് ഫോണെന്ന്...ഇങ്ങനേം ഒരു കെഴങ്ങന്‍ കാമുകനായിപ്പോയല്ലോടാ നീ..ഛേ....”

മുരളി ആഹ്ലാദത്തോടെ ചാടിയെണീറ്റ് മൊബൈലുമായി വെളിയിലേക്ക് പോയി

“വെളുപ്പാന്‍ കാലത്തെ ഇരുട്ട്.....കട്ടനുണ്ടല്ലോ കൂട്ട്.... നിന്റെയൊക്കെ ഒരു യോഗം. എന്‍‌റെയൊക്കെ വേണ്ടപ്രായത്തില്‍ ഇതുപോലൊരു കുന്ത്രാണ്ടമുണ്ടാരുന്നേല്‍...മുരളീ... നീയല്ലാ സാക്ഷാല്‍ മുരളികൃഷ്ണന്‍ വരെ ഔട്ടായേനേ....ഹും....ബൈഗോണ്‍ ഈസ് എ ബൈഗോണ്‍...” ഞാന്‍ കൈകള്‍ സ്‌ട്രെച്ച് ചെയ്തുകൊണ്ട് ബാത്ത്‌റൂമിലേക്ക് നടന്നു......

ഹോ...ഇതെന്താ.. ക്ലിയോപാട്രയുടെ കുളിമുറിയോ..

ബാത്ത് ടബ്.. അതിനിപ്പുറം സെമി ട്രാന്‍സ്പേരന്റ് പോളിത്തീന്‍ ഷീറ്റ്...ഇപ്പുറത്ത് ഷവര്‍.....പത്തുപേര്‍ക്ക് ഒന്നിച്ചുനിന്നു കുളിക്കാനുള്ള സ്ഥലം...


ഒരു രാജകീയ സ്നാനം തന്നെ നടത്തിയേക്കാം...എന്തിനു കുറയ്ക്കണം .....

ബാത്ത് ടബ്ബില്‍ ചാടിയാലോ... കുഞ്ഞുന്നാളില്‍ പാളയില്‍ കിടന്നതിനുശേഷം ഇതുവരെ ഇങ്ങനെയൊരു ചാന്‍സ് കിട്ടിയിട്ടില്ല..

ബട്ട്.... വെള്ളം എങ്ങനെ നിറയ്ക്കും....

കസ്തൂരാദി ഗുളികയുടെ ഡപ്പിപോലെ ലിക്വിഡ് സോപ്പിന്‍‌റെ രണ്ടു കുപ്പികള്‍ അരികിലിരിപ്പുണ്ട്... ഇതിന്‍‌‌റെ അളവെങ്ങനെയാണാവോ..

വേണ്ടാ....ഇനി മെഷര്‍മെന്‍‌റ് തെറ്റി സോപ്പൊഴിച്ച് വല്ല ചൊറിച്ചിലും വന്നാലോ..സോ...ഷവറില്‍ തന്നെ ആവാം സ്നാനം..

ടവ്വല്‍ ഉടുത്ത് ഷവര്‍ ടോപ്പിന്‍‌റെ നേരെ കീഴില്‍ നിന്നു..

ബഹിരാകാശ പേടകത്തിന്‍‌റെ കണ്‍സോള്‍ പൊലെ ബട്ടണുകളും ലിവറുകളും ഉണ്ട്... ഏതാണാവോ ഷവറിന്‍‌റെ പിടി.

ബട്ടണെല്ലാം അമര്‍ത്തി..... ലിവര്‍ എല്ലാം മൂന്നൂറ്റിയറുപത് ഡിഗ്രിയില്‍ കറക്കിനോക്കി..

ഞാന്‍ വിയര്‍ക്കുന്നതല്ലാതെ, ഷവര്‍ വരുന്നില്ല..!!!!

മുരളിയോട് ചോദിച്ചാലോ....?‘
ഡോണ്‍ ഡൂ... ഡോണ്‍ ഡൂ...’ എന്ന് ഈഗോ പറയുന്നു. ഒന്നുകൂടി ട്രൈ ചെയ്തേക്കാം...

‘ഹും....’ നോ രക്ഷാ യാ‍ര്‍....

ഇവന്മാര്‍ക്ക് ഒരു യൂസര്‍ മാനുവല്‍ വച്ചാലെന്താ കുഴപ്പം...എന്നെപ്പോലെയുള്ള ബി.പി.എല്‍ ഫെലോകള്‍ക്കായി....

‘കുളി നടക്കുമെന്നുതോന്നുന്നില്ല’ എന്നു വിചാരിച്ചപ്പോഴാണ് ടവറിനു താഴെയുള്ള പൈപ്പും ടാപ്പും ശ്രദ്ധയില്‍ പെട്ടത്..

‘ഗതിപെട്ടാല്‍ പുലി തലയും താഴ്ത്തും ‘ എന്നോര്‍ത്തുകൊണ്ട് ടാപ്പിന്‍‌റെ കീഴിലേക്ക് ആടിനെപ്പോലെ നിന്നു...

‘ഡീലക്സ് ലൈഫ് എനിക്കൊരു പൊതിയാത്തേങ്ങാ ആണല്ലോ ദേവാ..’ ചിരിച്ചുകൊണ്ട് ടാപ്പ് തുറന്നു...

ഇത്രയും വയസിനിടയില്‍ ഇങ്ങനെയൊരു നീരാട്ട് നടത്തിയിട്ടില്ല..താങ്ക്സ് നാണി....


സോപ്പ് തേക്കാന്‍ വേണ്ടി നാലുകാലില്‍ നിന്ന് രണ്ടുകാലില്‍ നിവരാന്‍ ശ്രമിച്ചപ്പോഴാണ്, ഗ്രഹപ്പിഴ പിടിച്ച എന്‍‌റെ ഉച്ചി ഐ.എസ്.ഐ മാര്‍ക്കുള്ള ടാപ്പിന്‍‌റെ മൂട്ടിലിടിച്ചത്..
“ഹമ്മേ!!!!!” തലയ്ക്ക് കൈവച്ച് അറിയാതെ കുത്തിയിരുന്നുപോയി...

നീരാട്ട് കഴിഞ്ഞു പതുക്കെ വാതില്‍ തുറന്നിറങ്ങി...

‘ഹാവൂ.......വിശാലാമായി ഒന്നു കുളിച്ചു..അതും ബാത്ത്ടബ്ബില്‍...ഹോ..ടോടല്‍ ഫ്രെഷ് ആയെടാ..ടോടല്‍ ഫ്രഷ്..” ചിരി വളിക്കാതിരിക്കാന്‍ മാക്സിമം കണ്ട്രോള്‍ ചെയ്തു മുരളിയെ നോക്കി..

“എന്നാ ഇനി ഞാനുമൊന്നു ഫ്രഷ് ആവട്ട്....കഴിഞ്ഞ മാസം ഹോട്ടല്‍ മൌര്യയില്‍ കുളിച്ചേപ്പിന്നെ......“

“ഇതേവരെ കുളിച്ചിട്ടില്ല... എന്നാ വേഗം ചെല്ല്......ചെല്ല്....” ഞാന്‍ മുടി ചീകി തുടങ്ങി..

“അയ്യോ..ഏട്ടന്‍‌റെ പുറത്തു ദാ സോപ്പുപത.. ടബ്ബില്‍ ആദ്യമായി കുളുക്കുവാ അല്ലേ....” ഇങ്ങനെ അങ്ങ് ഇളിക്കാതെടാ...സോപ്പുപത കൈലികൊണ്ട് തുടച്ചു ഞാന്‍ മുഖം തിരിച്ചു...

മൌര്യ...ഹോളിഡേ ഇന്‍...അശോക...അടുത്ത ജന്മം ഒരു ജേണലിസ്റ്റ് ആവണം...പലതും ചെയ്യാന്‍ ബാക്കിയുണ്ട്....ഈ ജന്മത്തില്‍ ഇമ്പോസിബിള്‍ ആയ പലതും...ഉദാഹരണത്തിന് ഈ മുരളിയെപോലെ.....

“ഹമ്മോ!!!!!!!!!!!!!!!!!!!!!!!!!!!!!!!”

ബാത്ത്‌റൂമില്‍ നിന്നല്ലേ ആ ഒച്ച...ഉച്ചിയിടിച്ചപ്പോള്‍ എനിക്കീ ഒച്ചയായിരുന്നല്ലോ..

മുരളി പ്രാഞ്ചിപ്രാഞ്ചി പുറത്തു വന്നു.. ‘ഒന്നു മുഖം തിരിക്കു മനുവേട്ടാ..ഞാന്‍ ഉച്ചിയൊന്നു തടവട്ടെ’ എന്ന് ആ കണ്ണുകള്‍ ദൈന്യത്തോടെ പറയുന്നുണ്ട്...

“നീയും ടബ്ബിലാണോ കുളിച്ചത് മുരളീ....”

“ബിന്നല്ലാതെ...” ഞരങ്ങ് ഞരങ്ങ്....


“ഫ്രഷായോ.....”

“എപ്പോ ആയെന്നു ചോദിച്ചാ മതി....” പുറത്തെ ശ്രീലങ്ക മാപ്പുപോലെയുള്ള സോപ്പുപത മുണ്ടുകൊണ്ട് തുടച്ചുകൊണ്ട് മുരളി..

ഡിംഗ് ഡോംഗ്...

കോളിംഗ് ബെല്‍...

“യെസ് കമിന്‍........”

“ഹെല്ലോ ചേട്ടായീ...... “ സിമി ചിരിച്ചുകൊണ്ട് വാതില്‍ തുറന്നു

‘ബ്ലിം..................!!!!”

എന്തോ കൊഴിഞ്ഞുവീണ ശബ്ദ കേട്ട്, ചിരിച്ചമുഖം വളിച്ചതാക്കി പുള്ളി തറയിലേക്ക് നോക്കി..

ഈശോയേ.... ഇന്നലെ ഞാന്‍ കൊളുത്തിയിട്ട ചങ്ങല പൊട്ടി താഴെ വീണിരിക്കുന്നു....

എങ്ങനെ ചമ്മണമെന്നു ഞാനും എങ്ങനെ ചമ്മാതിരിക്കണമെന്ന് സിമിയും ഒരേപോലെ ചിന്തിച്ച അസുലഭനിമിഷം..

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ മൂന്നുപേരും പുറത്തേക്കിറങ്ങി..

സിമി ബില്ല് ക്ലിയര്‍ ആക്കുമ്പോള്‍ വെറുതെ റിസപ്ഷനിലെ സുന്ദരിയോടെ കുറച്ചു നാട്ടുവിശേഷം പറയാം എന്നുകരുതി ഞാനും മുരളിയും അപ്പുറവും ഇപ്പുറവുമായി നിന്നു..

“ഏതിന്‍‌റെയാ ഈ എഴുന്നൂറു രൂപ “ ബില്ലില്‍ നോക്കി സിമി..

“അത് സര്‍....” സുന്ദരി ആതിഥ്യമര്യാദയോട് പുഞ്ചിരിച്ചു “റൂമിലെ ഡോര്‍ ചെയിന്‍ ഡാമേജായിരുന്നു... അതിന്‍‌റെ ചാര്‍ജ്ജ്....”

“ദി ഇസീസ് ഫോര്‍ മച്ച് യാര്‍ “ അറിയാതെ ഞാന്‍ താടിയുഴിഞ്ഞുപോയി.....

വിസിറ്റേഴ്സ് കോളത്തില്‍ ഞാന്‍ എഴുതി...’ഫാബുലസ്...ഡെലീഷ്യസ്..മജെസ്റ്റിക്..സൂപ്പര്‍സൊണിക്....”

മുരളി എന്താണെഴുതുന്നത്...ഞാന്‍ ഏറുകണ്ണിട്ട് നോക്കി...

‘ബാത്ത്‌റൂമില്‍ ഒരു ബക്കറ്റും മഗ്ഗും ഉണ്ടെങ്കില്‍ വളരെ ഉപകാരമായേനെ...”



തിരുവനന്തപുരംബസ്സിന്‍‌റെ വാതില്‍ക്കല്‍ നിന്നപ്പോള്‍ മുരളിയുടെ കണ്ണില്‍ വിടവാങ്ങലിന്‍‌റെ മൂകത..

“ഏട്ടാ...ഇനി എന്നാ.....”

“കാണാമെടാ..ഇഷ്ടം പോലെ സമയം കിടക്കുവല്ലേ... ഇതുപോലെയുള്ള നല്ല മനസുള്ളവര്‍ ഇനിയുമെഴുതട്ടെ..പുസ്തകം പ്രകാശിപ്പിക്കട്ടെ.. കാണാം...കൂടാം...തകര്‍ക്കാം..തലമുഴപ്പിക്കാം...” ഞാന്‍ പുഞ്ചിരിച്ചു...

“ഒരുപാട് സന്തോഷമായി എനിക്ക്..”

“മീ റ്റൂ... നീ ഇനി എങ്ങോട്ടാ..നേരേ കൊച്ചിക്കോ അതോ....”

“ഇല്ലേട്ടാ... കടലൊക്കെ ഒന്നു കണ്ട് ഉച്ചയാവുമ്പൊഴേക്ക് പോകണം..”

“കടല്‍ത്തീരത്തൂടെ സൂക്ഷിച്ച് നടക്ക്..വല്ല മുക്കുവ പെണ്‍പിള്ളേരും നിന്നെ അടിച്ചുമാറ്റാതെ നോക്കിക്കോണം...”

“ഹേയ്... എനിക്കുള്ള മുക്കുവത്തിയെ ഞാന്‍ എന്നേ കണ്ടെത്തി....നല്ല മുത്തുപോലുള്ള ഒരു മുക്കുവത്തി..” മുരളിയുടെ കണ്ണുകളില്‍ കന്യാകുമാരിയിലെ സൂര്യോദയം....

“കുറെ നാളായി സദ്യയിലെ പ്രഥമന്‍ വടിച്ചുനക്കി പുറകെ നാരങ്ങാ അച്ചാറു തൊട്ടുകൂട്ടുന്ന ആ ഒരു സുഖം അറിഞ്ഞിട്ട്...ജല്‍ദി കരോ ശാദി...”

“ഹോ ജായേഗാ..........”

വണ്ടി കുലുങ്ങിക്കുലുങ്ങി നീങ്ങി...

“മുങ്ങാങ്കുഴിയിട്ട് മുങ്ങിക്കളിച്ചപ്പോ
മുക്കുവച്ചെക്കനു മുത്തുകിട്ടി.....മിന്നി
മിന്നിത്തിളങ്ങണ മുത്തുകിട്ടി...
മുത്തെടുത്തുമ്മവച്ചേ........

കാണാമറയത്തോളം മുരളിയുടെ കൈ ഉയര്‍ന്നുതന്നെ നിന്നു...........

Wednesday 11 February 2009

ക്ഷമാപൂര്‍വ്വം

ബ്രിജ്‌വിഹാര്‍ എന്ന ഉത്തരേന്ത്യന്‍ കോളനിയിലെ മലയാളി കൂട്ടായ്മ കണ്ടതുകൊണ്ടും അവിടുത്തെ സ്നേഹവും തമാശകളും ഏറെ അനുഭവിച്ചതുകൊണ്ടുമാണ് ഈ ബ്ലോഗ് ഉണ്ടായതു തന്നെ.

മറ്റൊരിടത്തും കാണാത്തത്ര, എഴുപത്/എണ്‍പതുകളിലെ മലയാളി ജീവിതത്തിന്റെ പള്‍‌‌സ് രണ്ടായിരത്തിലും നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടായപ്പോള്‍, അവിടുത്തെ കഥകളും കഥാപാത്രങ്ങളും പ്ലോട്ടുകളായി സ്പാര്‍ക്കുകളായി മനസില്‍ വരികയായിരുന്നു..അതുകൊണ്ട് തന്നെയാവാം, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും അവിടെയൊന്നു പോകണം അയ്യപ്പനേയും ആളുകളേയും കാണണം എന്നൊക്കെ ആഗ്രഹം പ്രകടിപ്പിച്ച് ഒരുപാട് വായനക്കാര്‍ സമീപിച്ചതും. പശ്ചാത്തലം നര്‍മ്മം ആയിരുന്നെങ്കിലും ആ നാടിന്റെ സ്നേഹവും സന്തോഷവും ഒക്കെ പരോക്ഷമായി വായനക്കാരില്‍ എത്തിയെന്നു തന്നെയാണ്‌ അഭിപ്രായങ്ങളില്‍നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞതും.

പക്ഷേ,

പതിനഞ്ചു വര്‍ഷത്തോളം എന്നെ പോറ്റിയ ഒരു നാടിനെപറ്റി വെറും നേരമ്പോക്കിനായി ഞാന്‍ എഴുതിയ കഥകള്‍ എന്റെ പ്രിയപ്പെട്ട ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളില്‍ ചിലരെ വേദനിപ്പിച്ചു എന്ന് അറിയാന്‍ കഴിഞ്ഞു..

നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട്, പതിനഞ്ചോളം ബ്രിജ്‌‌വിഹാര്‍ കഥകള്‍(ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നവ) ഈ ബ്ലോഗില്‍ നിന്നു നീക്കം ചെയ്യുന്നു..

പേരും അയ്യപ്പനും ഇനിയും തുടര്‍ന്നും ഉണ്ടാവും..(ബിക്കോസ് അയ്യപ്പന്‍ കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു ‘എന്നെ ഡിലീറ്റ് ചെയ്താല്‍ കൊല്ലും നിന്നെ’ :) )


ബ്രിജ്‌വിഹാര്‍ സുഹൃത്തുക്കളോട് ഒരിക്കല്‍ കൂടി മാപ്പു ചോദിച്ചുകൊണ്ട്...ഒപ്പം 2008 ലെ ഏറ്റവും മികച്ച മലയാളി സംഘടനയ്ക്കുള്ള “ഗാര്‍ഷോം” അവാ‍ര്‍ഡ് നേടിയ ‘ഫ്രണ്ട്സ് ഓഫ് കേരള(ബ്രിജ്‌വിഹാര്‍)‘ യ്ക്ക് അഭിനന്ദനങ്ങളോടെ






ജി.മനു

Monday 2 February 2009

ഗൃഹലക്ഷ്മിയില്‍ ‘വാണാ ബീ മൈ വാലന്റൈന്‍’

എല്ലാവരുടെ മനസിലും ഒരു അനുപമ ഉണ്ടാവാം..അല്ലെങ്കില്‍ എല്ലാവരും ഒരു അനുപമയെ തേടുന്നുണ്ടാവാം. അതുകൊണ്ടാവാം അനുപമ ആരെന്നും എവിടെന്നും ചോദിച്ച് എനിക്ക് വന്ന അന്വേഷണങ്ങളുടെ എണ്ണം മറ്റുള്ളവയെക്കാള്‍ ഒരുപാട് കൂടുതലായത്..

പല വ്യാഖ്യാനങ്ങളില്‍ പ്രണയം മനുഷ്യമനസില്‍ മങ്ങാതെ മായാതെ എപ്പൊഴും നിലനില്‍ക്കുന്നു..ജിബ്രാന് അത് അനുഭൂതി തലങ്ങളില്‍ ഒഴുകി നടക്കുന്ന ദൈവികസ്പര്‍ശമാകാം.. ചങ്ങമ്പുഴയ്ക്ക് അത് മാംസനിബധമല്ലാത്ത വികാരമാകാം.. മുട്ടത്തുവര്‍ക്കിക്കും ജോയ്സിക്കും പൈങ്കിളി എന്ന് നമ്മള്‍ വിളിക്കുന്ന പ്രണയസല്ലാപങ്ങള്‍ ആവാം.. ബഷീറിനും മുകുന്ദനും വിജയനും പ്രണയവ്യാഖ്യാനങ്ങളില്‍ അവരവുരുടേതായ തലങ്ങള്‍ ഉണ്ടാവാം.. മനശ്ശാസ്ത്രജ്ഞന്മാര്‍ക്ക് ഇണ ചേരാനുള്ള വ്യഗ്രതയ്ക്കായി ഹോര്‍മോണുകള്‍ നടത്തുന്ന വെറും രാസപ്രക്രിയ ആവാം.. എന്തായാലും എന്നും വിജയിച്ച് കള്ളച്ചിരിയോടെ പലവേഷങ്ങളില്‍ പ്രണയം എല്ലായിടത്തും കറങ്ങിനടക്കുന്നു..


ഈ ലക്കം ഗൃഹലക്ഷ്മിയില്‍ ഈ ബ്ലോഗിലെ ‘വാണാ ബീ മൈ വാലന്റൈന്‍’ എന്ന പോസ്റ്റ് വന്ന വാര്‍ത്ത നന്ദിയോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ ബൂലോക സുഹൃത്തുക്കളെ അറിയിക്കുന്നു.




അനുപമേ..ഞാനിപ്പോ പോങ്ങുമ്മൂടന്‍‌റെ കാറ് തല്‍ക്കാലത്തേക്ക് എടുത്ത് ശംഖുമുഖം റൂട്ടിലേക്ക് പറക്കുകയാണ്‍..

അസ്തമയം കുങ്കുമത്താലമേന്തി ദാ വന്നു നില്‍ക്കുന്നു.. ചുറ്റും കടല്‍ക്കാറ്റില്‍ കുളിരുന്നു...

നിന്‍‌റെ പൊട്ടിച്ചിരിയുടെ ചിലങ്കമണികള്‍ പൊഴിഞ്ഞുകൊണ്ടേ ഇരിക്കുന്നു..

വാഴ്ത്തപ്പെട്ട പ്രണയകഥകളുടെ ശീലുകള്‍ നാരങ്ങാവെള്ളം നീട്ടി വഴിയരികില്‍ നില്‍ക്കുന്നു..

ആഹ്ലാദത്തിന്‍‌റെ ആക്സിലേറ്ററില്‍ വീണ്ടും കാലമരുന്നു.

സ്റ്റീരിയോയില്‍ മദാമ്മക്കൊച്ചിന്‍‌റെ മാസ്മരികശബ്ദം കയറിയിരുന്നു പാടുന്നു....

‘അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍
ഹൂ യൂ .......ആര്‍....
വെയര്‍ യൂ ആര്‍ ഫ്രം
ആന്‍ഡ് വാട്ട് യൂ ഡൂ..........
അസ് ലോംഗ് അസ് യു ലവ് മീ.... ഐ ഡോണ്ട് കെയര്‍‘


.....



തീവ്രവാദവും അക്രമങ്ങളും , ആരും കണ്ടില്ലാത്ത ദൈവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും കനിവുകാട്ടി അടുത്ത വര്‍ഷവും ഇതുപോലെയൊരു പ്രണയവസന്തം ആഘോഷിക്കാന്‍ ഈ പാവം ഭൂമി ബാക്കിയുണ്ടാവട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്........ മുറുക്കി ചുവപ്പിച്ച്, ദ്രാവിഡതാളത്തിന്‍‌റെ ലഹരിയിലൂടെ , നെല്ലിന്‍‌തണ്ടു മണക്കും വഴിയിലൂടെ കാലത്തിന്‌റെ അപാരതകളിലേക്ക് എങ്ങോട്ടോ നടന്നുപോയ പ്രിയകവി കടമ്മനിട്ട മാഷിന്റെ അതേ വരികള്‍ തന്നെ ഒന്നുകൂടി ഓര്‍ത്തുകൊണ്ട്......തല്‍ക്കാലം നിര്‍ത്തുന്നു.. :)

“‘നാം തമ്മില്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെത്തന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍ പാറമേല്‍ പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍....”

Monday 19 January 2009

കൊല്ലം കൊല്ലം ണിം ണിം ണിം

"ഔറംഗാബാദിലെ ഖണ്ഡേഹാര്‍ പാര്‍ക്കിലൂടെ ഞാനൊരു മോണിംഗ് വാക്ക് നടത്തുകയായിരുന്നു. അപ്പോഴാണ് ലൂധിയാനയില്‍ നിന്ന് കേണല്‍ വിക്രം സിംഗ് എന്നെ സാറ്റലൈറ്റ് ഫോണില്‍ വിളിക്കുന്നത്. എലിസബത്ത് രാജ്ഞി അംബാലയിലെ അമ്പലം കാണാന്‍ വരുന്നുണ്ട്, പാച്ചൂ നീ തന്നെ അവരുടെ വണ്ടി ഡ്രൈവ് ചെയ്യണം എന്നൊരു മെസേജ്. പഞ്ചാബില്‍ ഭീകരന്മാര്‍ കത്തി നില്‍ക്കുന്ന സമയം ആണെന്നോര്‍ക്കണം. ഡ്രൈവര്‍ ഞാനായെങ്കിലേ ശരിയാവൂ എന്ന് ബെറ്റാലിയന്‍ ഒന്നടങ്കം പറഞ്ഞാല്‍ പാവം കേണല്‍ എന്തു ചെയ്യുമെടേ.. റാണിയെയും വച്ചുകൊണ്ട് ചണ്ഡീഗഡിലെ ഒരു ഹെയര്‍പിന്‍ വളവ് അങ്ങോട്ട് തിരിച്ചതും, ലവന്മാര്‍ അഞ്ചാറെണ്ണം ഒരു ട്രക്ക് നിറച്ച് ബോംബുമായി ഒരു വരവല്ലാരുന്നോ.. വിടാന്‍ പറ്റുമോ.. ഞാന്‍ നോക്കിയപ്പോ രാജ്ഞി ആലിലപോലെ വിറയ്ക്കുന്നു. ‘അരേ റാണീ ചിന്താ മത് കരോ’ എന്ന് പറഞ്ഞ് ഒരൊറ്റ ഡൈവ് ആല്ലരുന്നോ.. എടാ വണ്ടിയൊരു കുതിപ്പ് കുതിച്ചെന്ന്.... ലവന്മാരുടെ ട്രക്ക് ഒരു തീഗോളം ആയി മാറിയത് മിററിലൂടെ ഞാനൊന്നു നോക്കി.. അന്ന് റാണി എന്നോട് പറഞ്ഞതെന്താണെന്നോ..’മിസ്റ്റര്‍ പാച്ചൂ യൂ ആര്‍ വണ്ടര്‍ഫുള്‍‘ എന്ന്.. ഞാന്‍ പറഞ്ഞു ‘ഇതുവല്ലോം ഏതാണ്ട് വണ്ടര്‍ഫുള്‍ ആണോ മാഡം.. ഇക്കണക്കിന് എന്‍‌റെ റിയല്‍ അറ്റാക്ക് വല്ലോം കണ്ടിരുന്നേല്‍ റാണിക്ക് അറ്റാക്ക് വന്നേനേമല്ലോ...’

‘പട്ടാളം പാച്ചു’ എന്ന കഥാപാത്രത്തിനു ആത്മാവും ശബ്ദവും കൊടുത്തിട്ട് പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് ഞാന്‍ പുറത്തേക്കിറങ്ങി..

‘ഹായ് മനുവേട്ടാ ‘ പൊന്നില്‍ കുളിച്ചൊരു തേന്മൊഴി...

ബോണ്ട പോലുള്ള ഞാത്തുമിട്ട് റേഡിയോ ജോക്കി അഞ്ജലി മുന്നില്‍..

“കലക്കി കൊച്ചേ...
ചായക്കടയിലെ പലഹാരങ്ങള്‍
കാമിനിമാരുടെ കാതില്‍ കാണാം’ എന്ന് പണ്ടാരോ പാടിയത് നിന്നെക്കുറിച്ചാണോ....”

“രാവിലെ തന്നെ ആക്കല്ലേ... ഇതെന്‍‌റെ അമ്മാവന്‍‌റെ സെലക്ഷനാ....കൊള്ളില്ലേ? ”

“അമ്മാവന്‍ ആളുകൊള്ളാമെന്ന് മനസിലായി.. ‘കാതുഞാന്ന പെണ്ണിനെ എനിക്ക് വേണ്ട പിതാശ്രീ ‘ എന്ന് മോനെക്കൊണ്ട് പറയിപ്പിക്കാന്‍ ചെയ്ത വിദ്യ സൂപ്പര്‍”

“ഹോ ഹോ.. വേറെ വല്ലോം പറയാന്‍ ബാക്കിയുണ്ടോ തമാശക്കാരന് ?” അഞ്ജലിയുടെ ചുണ്ടൊന്നു കോടി

“കോടിയ ചുണ്ടില്‍ കോടിപ്പൂവുകള്‍ വാടിയകാണാന്‍ ബോറെടി പെണ്ണേ ... എപ്പടി? “

“കെട്ട്യോളും കുട്ട്യോളുമുള്ള ഒരുത്തന്‍ പ്രായം മറന്ന് പറേന്ന കേട്ടില്ലേ “

“ചുറ്റിക്കളിക്ക് പ്രായം ഇല്ലല്ലോ.. ജഗന്നാഥവര്‍മ്മസാറുവരെയല്ലെ ഇപ്പോ മുസ്ലി പവര്‍ എക്സ്‌ട്രാ ഡോസെടുക്കുന്നത് “

“ഷട്ടപ്പ്......”

‘എന്‍‌റെ എല്ലാമെല്ലാം അല്ലേ.. എന്‍‌റെ ചേലൊത്ത ചെമ്പരുന്തല്ലേ...’ പോക്കറ്റില്‍ റിംഗ്‌ ടോണ്‍ വിറച്ചു...

‘ഇതേതു തോന്ന്യാസിയാ ഇപ്പോ വിളിക്കുന്നത്..’ ഫോണ്‍ കാതില്‍ വച്ച് ഞാന്‍ നടന്നു.

“ഹലോ മനുവണ്ണാ...ഇത് ഞാനാ തോന്ന്യാസി “

“ഓ... വാസപ്പ് മാന്‍........”

“വാസപ്പനല്ല.. തോന്ന്യാസി..ബ്ലോഗര്‍ തോന്ന്യാസി

കൊശവന്‍..ഒന്നു സ്റ്റൈലായി ഇംഗ്ലീഷില്‍ ചോദിക്കാനും സമ്മതിക്കില്ല..

“എന്തരപ്പീ വിശേഷങ്ങള്....”

“പരമാനന്ദം മനുവണ്ണാ.. ഞാന്‍ കേറി കേട്ടോ “

“നന്നായി... ഒരു കരയ്ക്ക് കേറണമെന്ന് ഒരുകൊല്ലമായി നീ പറയുവല്ലേ.. ദൈവം കാക്കട്ടെ...”

“ഓ..എന്നെ അങ്ങ് കൊല്ല്ല്... ഞാന്‍ ട്രെയിനില്‍ കേറിയെന്ന്.. വൈകുന്നേരത്തേക്ക് അങ്ങെത്തും... സ്റ്റേഷനില്‍ കാണണം.. വഴിയൊന്നും എനിക്കത്ര പിടിയില്ല.”

സിമി ഫ്രാന്‍സിസ് എന്ന എന്‍‌റെ പ്രിയപ്പെട്ട കഥാകൃത്തിന്‍‌റെ ആദ്യപുസ്തകത്തിന്‍‌‌റെ പ്രകാശന ചടങ്ങില്‍ കൊല്ലത്തേക്ക് പോകാന്‍ ശ്രീമാന്‍ തോന്ന്യാസി ആണ്ടിപ്പട്ടിയെന്ന തമിഴ്‌നാട് ഗ്രാമത്തില്‍ നിന്ന് കരമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തും എന്ന സന്ദേശം കുറച്ച് നാള്‍ മുമ്പു തന്നെ തന്നിരുന്നു. തലസ്ഥാനത്തെ അടിയന്തിര കൂടിക്കാഴ്ചകള്‍ക്കും നര്‍മ്മ സംഭാഷണങ്ങള്‍ക്കും ശേഷം ജനപ്രിയ ബ്ലോഗര്‍ ശ്രീമാന്‍ പോങ്ങുമ്മൂടനോടൊപ്പം മൂവര്‍ സംഘമായി ചടങ്ങുനടക്കുന്ന കൊല്ലത്തേക്ക് വണ്ടികയറാന്‍ തീരുമാനിച്ചതുമാണ്. തിരക്കിനിടയില്‍ സകലതും മറവിയുടെ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്ത കാര്യം ഇപ്പൊഴാ ഓര്‍ത്തത്..

“ബോഗിയേതാ ബ്ലോഗറേ? “

“ലോക്കലാ അണ്ണാ..”

“അതു പ്രത്യേകിച്ച് പറയണോ..നമ്പര്‍ വല്ലോം ഉണ്ടോ..”

“ആരു നോക്കുന്നു...”

“ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ലതും കരുതിയിട്ടുണ്ടോ? ...” തിരുനെല്‍‌വേലി ഹല്‍‌വ കഴിച്ചതില്‍ പിന്നെ തമിഴന്‍‌റെ ആഹാരത്തോട് വല്ലാത്ത കമ്പം..

“ബ്രഷും പേസ്റ്റുമൊക്കെ എടുത്തുണ്ടണ്ണാ.. വേറെയെന്താ....”

‘കുറച്ച് കൊട്ടംചുക്കാദി എണ്ണ കൂടി കരുതേണ്ടിയിരുന്നു.. മോശമായി പോയി..‘



ഒന്നിച്ചുള്ള യാത്രയെപറ്റിയും കൊല്ലത്തെ കടല്‍ക്കാറ്റിനെപറ്റിയും ഒക്കെ ഓര്‍ത്തപ്പോള്‍ ദിവസത്തിനു വല്ലാത്ത ഒരു കുളിര്...

നല്ലൊരു ദിവസമല്ലേ.. ഉച്ചയൂണു ‘ഡീലക്സ് ‘ ഹോട്ടലില്‍ തന്നെയാക്കാം..

പപ്പടം പൊട്ടിച്ച് പരിപ്പില്‍ കുഴച്ച് രണ്ടാമത്തെ ഉരുള ഉള്ളിലേക്കിട്ടപ്പോള്‍ ആമാശയത്തില്‍ ഒരു ഗ്ലും ഗ്ലും....ഒരു കടല്‍ത്തിരയുടെ ഫീല്‍...

ഇതു കറിയോ സോപ്പുവെള്ളമോ അനന്തപത്മനാഭാ...

പേരു ഡീലക്സും കറികള്‍ ഡീ....ലക്സും.....

മുഖത്തെ വെപ്രാളത്തിന്‍‌റെ ചുളിവുകള്‍ കണ്ട് വിളമ്പുചേട്ടന്‍ തെറ്റായ എന്തോ ഉള്‍വിളി കേട്ടിട്ടാവാം പരിപ്പിന്‍‌റെ മുകളില്‍ സാമ്പാറുപോലെ എന്തോകൂടി കോരിയിട്ടു..

“എന്താ ചേട്ടായീ ഇത്......”

നോക്കിയത് കൈയിലെ ‘ത്രീസം’ പാത്രത്തിലാണെന്ന് കരുതിയാവാം, അതൊന്നു കറക്കി മറുപടി പറഞ്ഞു

“പുളിശ്ശേരിയാണ്.... ഒഴിക്കട്ടെ...”

‘അടുത്ത ബന്ധത്തില്‍ പെട്ട ആര്‍ക്കെങ്കിലും കാശുകൊടുക്കാനുണ്ടേല്‍ അങ്ങേര്‍ക്കൊഴിച്ച് കൊട്...’

കൈപ്പത്തി ജെ.സി.ബി പോലെയാക്കി കോരിയെടുത്ത് വായിലേക്കിട്ടതും, വയറിലെ ഇരമ്പല്‍ നിയന്ത്രണരേഖ മറികടന്നതും ഒന്നിച്ച്..

‘ഈശോയേ ഇത് സാമ്പാറോ അതോ രാമര്‍ പെട്രോളോ.!!.’

കൈ കഴുകാന്‍ കൂടി മറന്ന് വെളിയിലേക്ക് പാഞ്ഞു..

കൌണ്ടര്‍ മണിയുടെ കൈയില്‍ നിന്ന് ബാക്കി മണി വാങ്ങാന്‍ മസിലു പിടിച്ചുനിന്നപ്പോള്‍, ഭിത്തിയിലെ ബോര്‍ഡ്
‘താങ്ക്യൂ...വിസിറ്റ് എഗയിന്‍....’

‘അതു പിന്നെ പ്രത്യേകിച്ച് പറയണോ...’ അന്ത്യക്കൂദാശയ്ക്ക് അച്ചനെ വിളിക്കാന്‍ പോകുന്ന സ്പീഡില്‍ ചാടിയിറങ്ങിയോടി..

മൂന്നാം നിലയിലെ ഓഫീസിലേക്ക് ഇത്ര ഈസിയായി പടികള്‍ വഴിയെത്താം എന്ന് ഇതിനു മുമ്പ് തോന്നിയിട്ടില്ല..

ടോയ്‌ലറ്റിലേക്കുള്ള പാച്ചിലിനിടയില്‍ ആദ്യത്തെ ക്യുബിക്കിളില്‍ നിന്നൊരു ചോദ്യം മിന്നിക്കേട്ടു

“മനൂ.... ആപ്പെയുടെ സ്ക്രിപ്റ്റ് എന്തായി....”

‘അപ്പിയായാലും കൊള്ളാം ആപ്പെയായാലും കൊള്ളാം മനുഷ്യനു മനസമാധാനം ഇല്ലെന്നു വച്ചാല്‍’

പിന്നെയും ഫോണ്‍..

‘ഓ.......................’

“അണ്ണാ ... തോന്ന്യാസിയാ..ഏഴു മണിക്ക് ഞാന്‍ എത്തും.. സ്റ്റേഷനില്‍ കാണണേ.. ഒരു പിടിയുമില്ലാത്ത സ്ഥലമാണേ... എന്നെ വഴിയാധാരമാക്കല്ലേ..”

“നീ പിന്നെ വിളീ............. ഇപ്പൊ സംസാരിച്ചാല്‍ എന്‍‌റെ ആധാരം വഴിയിലാകും...” ടോയ്‌ലറ്റിന്‍‌റെ ഡോര്‍ ഭീകരമായ ശബ്ദത്തോടെ അടഞ്ഞു....




ചില്ലുജാലകത്തിനപ്പുറത്ത് സന്ധ്യ മുഖം കറുപ്പിച്ച് സൊള്ളാന്‍ വന്നു നില്‍ക്കുന്നു... തിരുവനന്തപുരത്തെ സന്ധ്യക്ക് എന്തു ഭംഗിയാണ്.. ഉള്ളില്‍ ഇരട്ടി സ്നേഹം വച്ച് മിണ്ടാതെ പിണങ്ങിയിരിക്കുന്ന കാമുകിയെ പോലെ...

‘പിക്കപ്പില്‍ ഇവനൊപ്പം നില്‍ക്കാന്‍
പക്കാ മറ്റൊരു വാഹനമില്ല..

പിയാജിയോ ആപ്പെ അല്ലാതെ മറ്റെന്ത്? ‘


“ ‘ആപ്പെ അല്ലാതെ മറ്റെന്ത് കോപ്പേ‘ എന്നാക്കിയാലോ...ഒരു പ്രാസം വന്നേനേ “ സ്ക്രിപ്റ്റ് കണ്ട് കമന്‍‌റടിച്ച പ്രൊഡ്യൂസറിന്‍‌റെ പുറത്തൊരിടി കൊടുത്ത് സ്റ്റെപ്പുകള്‍ ചാടിയിറങ്ങി.

റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള അനന്തപുരി ബസില്‍ ചാടിക്കയറി..


തോന്ന്യാസിയെ നോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നു..കക്ഷി എങ്ങനെയിരിക്കും എന്നുപോലും അറിയില്ല.. ബ്ലോഗിലെ പ്രൊഫൈലിലാണെങ്കില്‍ ബ്ലേഡുകാരനെ കണ്ടോടുന്ന കസ്റ്റമറെ പോലെ സദാ ചീറിപ്പായുന്ന ഒരു ആനിമേഷന്‍ പടവും..

ഫോണിലൊന്നു ഞെക്കി..

‘ഉങ്കള്‍ കൂപ്പിടുന്ന നമ്പര്‍ ഇന്ത ദുനിയാവിലേ കെടയാത് ‘ എന്നോ മറ്റോ ഒരു കൊച്ച് പറയുന്നു.

ചുറ്റായല്ലോ ചിറ്റൂരപ്പാ....

അണ്ണന്‍ വിളിക്കുന്നതുവരെ സമയം കളയാന്‍ അടുത്ത് നില്‍ക്കുന്നവന്‍ വായിക്കുന്ന പേപ്പറിലേക്കൊന്നു നോക്കി.

‘കോടതിയില്‍ നിന്ന് തൊണ്ടിസാധനങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്’

- ഇനി അവന്മാര് ആ വാറണ്ടും അടിച്ചുമാറ്റും.

നടന്നകലുന്ന സകലയാത്രക്കാരുടേയും മുഖത്തേക്ക് നോക്കിനിന്നു

എല്ലാവരും മാന്യന്മാര്‍. തോന്ന്യാസി ലുക്ക് ആര്‍ക്കും ഇല്ലല്ലോ ദൈവമേ...

“മനുവണ്ണന്‍ അല്ലേ...”

ആരോ അണ്ടര്‍ഗ്രൌണ്ടില്‍ നിന്ന് ചോദിക്കുന്നപോലെ..

കുനിഞ്ഞു നോക്കി.

ഉയരം കുറഞ്ഞ ഒരു ചെക്കന്‍ തോളിലിട്ട ബാഗ് നിലത്തുരയാതെ പാടുപെട്ട് പുഞ്ചിരിക്കുന്നു..

“തോന്ന്യാ.....”

“അസി.. കുറെ നേരമായി തപ്പുന്നു ഞാന്‍.. എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല.. മനുവണ്ണനു ഞാന്‍ ഉദ്ദേശിച്ചേനേക്കാള്‍ കൂടുതല്‍ വണ്ണമുണ്ടല്ലോ.. ലേശം വയറും..”

“തനിക്ക് നീളവും...” കുനിഞ്ഞു നിന്ന് ഞാന്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തു.

"അണ്ണന്‍ ഓഫീസീന്ന് നേരിട്ട് വന്നതല്ലെ.. വെറും കൈയോടെയാണല്ലോ.. പണിയായുധോം ബാഗുമൊന്നുമില്ലേ....”

“ആയുധമില്ലാതെ നായാട്ടിനുപോയ നായരു പറഞ്ഞത് പണ്ട് കുഞ്ചന്‍ നമ്പാരു ക്വോട്ടു ചെയ്തത് അറിയില്ലേ

വായും പിളര്‍ന്നു കടുവ വരും നേരം
ആയുധമുണ്ടെങ്കില്‍ ഓടുവാന്‍ ദുര്‍ഘടം... അത്രന്നെ....എന്നാല്‍ പോകാം.. യാത്രയൊക്കെ എപ്പടി... അയ്യോ.. തന്‍‌റെ ചെരിപ്പെവിടെ.? ശബരിമലയ്ക്ക് പോകാന്‍ ഇപ്പൊഴെ വ്രതം തുടങ്ങിയോ തോന്ന്യാസീ ? ”

“ഓ... ഉറക്കം ഉണര്‍ന്നപ്പോ ഒരു ചെരിപ്പ് കാണാനില്ല.. മറ്റേതെടിത്തിട്ട് എന്തു ചെയ്യാനാ.. പാവലിനു കോലമിടാനോ.. എടുത്തൊരേറു കൊടുത്തു..”

പാരഗണ്‍ ചെരിപ്പും വാങ്ങി പോങ്ങുമ്മൂട്ടിലേക്കുള്ള ബസില്‍ കയറിയിരുന്നു..

“ആണ്ടിപ്പട്ടിയിലെ ആണ്ടവന്മാര്‍ക്കൊക്കെ സുഖം തന്നെ അല്ലേ.. എങ്ങനെ പോകുന്നു ബ്ലഡ് ബാങ്ക്..”

“സൂക്ഷിച്ച് സംസാരിക്കണ്ണാ.. മിതമായ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ കൊടുക്കുന്ന കേരളത്തിലെ നമ്പര്‍ വണ്‍ ഫിനാന്‍ഷ്യല്‍ കമ്പനിയുടെ ആണ്ടിപ്പട്ടി ബ്രാഞ്ചിലെ അസിസ്റ്റന്‍ഡ് മാനേജരോടാണു സംസാരിക്കുന്നതെന്ന ഓര്‍മ്മ വേണം പറഞ്ഞേക്കാം. ബ്ലേഡ് ബാങ്കല്ല...“ പുതിയ ചെരിപ്പ് മിസിംഗല്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍ കുനിഞ്ഞു നോക്കിക്കൊണ്ട് തോന്ന്യാസീ..

“പാവം തെങ്കാശിതമിള്‍ പെണ്‍കൊടികളുടെ കെട്ടുതാലി വരെ ഊരി വാങ്ങിക്കാണും അല്ലേ....”

“പഷ്ട്...എന്നാ ഇത്രേം സങ്കടം വരില്ലാരുന്നു. ഇത് സകല അണ്ണാച്ചിമാരും മുക്കുപണ്ടം കൊണ്ടു വക്കും. ഉരച്ചുനോക്കിയാലും മനസിലാവാത്ത സാധനങ്ങള്‍..ഹോ.. എന്നിട്ട് പോലീസ് കേസ്. ആഴ്ചയില്‍ നാലു ദിവസം പോലീസ് സ്റ്റേഷനിലാ എന്‍‌റെ ഡ്യൂട്ടി...”

“പലിശയായി ലോക്കപ്പ് മര്‍ദ്ദനമാണോ കിട്ടുന്നത്.. “

“ഏയ്.. മാസപ്പടി കുറഞ്ഞാല്‍ മാത്രമേ അതുണ്ടാവൂ.. സമയാസമയം അതൊക്കെ കൊടുത്ത് അവന്മാരെ ചാക്കിലാക്കനുള്ള വിദ്യയൊക്കെ അറിയാം അണ്ണാ..”

“ചാക്ക് ദേ ഇന്ത്യ.....”

ണിം ണിം

“ങേ.. തലസ്ഥാനമായിട്ടും ബസിലെ ഈ മണിയടിയൊന്നും മാറ്റാറായില്ലേ...”

“ആണ്ടിപ്പട്ടിയിലെന്താ സെന്‍സറാണോ....”

ബസ്സ് നീങ്ങിത്തുടങ്ങി..

പുറകിലെ സീറ്റില്‍ രണ്ട് അമ്മാവന്മാര്‍ ഏതോ സീരിയസ് ഡിസ്കഷനില്‍.. നാടന്‍ ഡയലോഗിനോട് പണ്ടേ ഒരിഷ്ടമുള്ളതുകൊണ്ട് ശ്രദ്ധ അങ്ങോട്ട് വിട്ടു..

“സണ്ണിക്കുട്ടിയുടെ മറ്റേ കല്യാണക്കാര്യം എന്തായി.. നടക്കുമോ..” കഷണ്ടിയുള്ള അമ്മാവന്‍ അതില്ലാത്ത മറ്റേ അമ്മാവനോട്..

“എവിടുന്ന്!!.. ആ പെങ്കൊച്ചിനും അവനെ പോതിച്ചില്ലെന്ന്..”

“അയ്യോ.. അതെന്നാ പറ്റി.. ഉറപ്പു വരെ എത്തിയതാരുന്നല്ലോ കാര്യങ്ങള്‍”

“പയ്യനേതാണ്ട് പായ്ക്കറ്റ് കുറവാണെന്ന്.. പെണ്ണിനു ആറെണ്ണം വേണമെന്ന്..അവന്‍ പറഞ്ഞു വല്യപ്പച്ചാ എന്‍‌റെ കൈയില്‍ ആകപ്പാടെ ഒരു പായ്കറ്റേ ഉള്ളൂ...”

“എന്തോന്ന് പായ്ക്കറ്റ്.. സ്വര്‍ണ്ണ ബിസ്കറ്റ് ആണോ....”

“അല്ലെന്ന്.. വയറിലെ ഏതാണ്ട് കുന്ത്രാണ്ടം..... ഇപ്പൊഴത്തെ പിള്ളാര്‍ക്കൊക്കെ ആറു പായ്ക്കറ്റ് ഉണ്ടുപോലും....അവടെ അഹങ്കാരം അല്ലാതെന്ത്..”

ഓ..സിക്സ് പാക്ക്.!!. പൊറോട്ടയും പോത്തിറച്ചിയും തിന്നുശീലിച്ച മലയാളി പൈതങ്ങള്‍ക്ക് സിംഗിള്‍ പായ്ക്കല്ലാതെ വേറെന്തു കെടയ്ക്കാന്‍ ദൈവമേ..ഇക്കണക്കിനു ആ കൊച്ച് പായ്ക്കായി മുകളിലോട്ടു പോയാലും ഡ്രീം ഗൈയെ കിട്ടുമോന്ന് കണ്ടറിയണം..

“അപ്പോ തോന്ന്യാസീ..ഇങ്ങനെയൊക്കെ നടന്നാ മതിയോ..നമുക്കും കഴിക്കെണ്ടേ അരഗ്ലാസ് പാലും ഒരുമുറി പഴ....ങേ.. ഇവന്‍ അതിനിടയ്ക്ക് ഉറങ്ങിയോ...” മജീഷ്യന്‍ സാമ്രാജ് ദേഹത്തൊക്കെ ചങ്ങലയിട്ട് നില്‍ക്കുന്ന പോസില്‍ തല മുകളിലേക്ക് ചരിച്ച് പിടിച്ച് ഉറക്കത്തിന്‍‌റെ ഗീയര്‍ മാറ്റിയിരിക്കുന്നു തോന്ന്യാസി..

പാവം ധ്യാനിച്ചൊട്ടെ.. നമ്മളായിട്ട് എന്തിനു ഡിസ്റ്റേര്‍ബ് ചെയ്യണം...

‘ആശ്രമക്കിളി നിന്നെ എയ്തെയ്തെന്‍‌റെ.... ആവനാഴിയിലമ്പു തീര്‍ന്നു’ മൂളിപ്പാട്ടും മൂളി കൈ താടിക്ക് കൊടുത്ത് ജാലകക്കാഴ്ചകള്‍ കണ്ടിരുന്നൊപ്പൊഴാണ് തോന്ന്യാസിയുടെ തപസ് മുടക്കാന്‍ മേനകയെപ്പോലെ വന്ന ഒരു ഗട്ടറില്‍ വണ്ടി ചാടിയത്..

‘കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോതും’ എന്നു പറന്നു വിശ്വാമിത്രന്‍ ചാടിയെണീറ്റ പോലെ, തോന്ന്യാസി ഗട്ടര്‍ എഫക്ടില്‍ ഞെട്ടിപ്പൊങ്ങി...

“ആസ്ത്രേലിയയില്‍ എന്തൊക്കെയുണ്ട് വിശേഷം...? “ ഞാനൊന്നു പുഞ്ചിരിച്ചു..

“ങേ....”

“അല്ല... കുറച്ചു മുമ്പ് മുഖം കണ്ടപ്പോ ഇന്ത്യന്‍ അംബാസിഡര്‍ ആസ്ത്രേലിയയില്‍ പോയ സീരിയസ്നസ് ആരുന്നു..അതുകൊണ്ട് ചോദിച്ചതാ..”

“ഓ..എന്തുപറയാനാ അണ്ണാ.. ബസില്‍ ഇരുന്നാലുടനെ ഞാന്‍ ഉറങ്ങിപ്പോകും.. അതൊരു ശീലമായിപ്പോയി..”

“നന്നായി.. ഈ ശീലം കൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ...”

“പിന്നില്ലേ.. ഒരിക്കല്‍ ആണ്ടിപ്പട്ടിയില്‍ ബസ്സിറങ്ങേണ്ട ഞാന്‍ നേരെ വണ്ടന്‍‌മേട്ടില്‍ ചെന്നിറങ്ങി... അതുകൊണ്ട് അവിടുത്തെ ഭൂപ്രകൃതിയൊക്കെയൊന്നു കാണാന്‍ പറ്റി...”



പോങ്ങുമ്മൂടന്‍‌റെ ഗേറ്റുതുറന്നു പതുക്കെ അകത്തേക്ക് നടന്നു..

തുളസിത്തറയില്‍ അമ്മ കൊളുത്തിയ വിളക്ക് അണയാതെ നില്‍ക്കുന്നു..

‘സാന്ദ്രാവബോധാത്മകം പുനൊരൊരു...’ അകത്ത് അമ്മയുടെ നാമം കേള്‍ക്കാം..

“ഹാ..എന്തൊരു ഐശ്വര്യം അണ്ണാ... ഈ തുളസിത്തറയില്‍ ഒരു പെണ്‍കുട്ടി കൂടി നില്‍പ്പുണ്ടാരുന്നേല്‍ ഞാന്‍ ആത്മനിര്‍വൃതിയുടെ ആന്തോളനത്തില്‍ മുങ്ങിച്ചത്തേനേ...”

“പെങ്ങളിപ്പോള്‍ പാലായിലായത് ഞങ്ങടെ ഭാഗ്യം... മൊബൈല്‍ മോര്‍ച്ചറിക്കൊക്കെ ഇപ്പോ എന്നാ ചാര്‍ജ്ജാ....”

“ഏത് പെങ്ങള്‍ അണ്ണാ..”

“മിസിസ് പോങ്ങുമൂടന്‍”


പോങ്ങുമ്മൂടന്‍ അകത്തുണ്ടോ ആവോ... കോളിംഗ് ബെല്‍ അടിക്കാനൊരു മടി...

“നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ‍....’ അമ്മ പുതിയ നാമത്തിലേക്ക് മാറി..

“എന്താ മക്കളെ ഇത്.. സംഗതികളൊന്നും അങ്ങോട്ട് വന്നില്ലല്ലോ..ഇങ്ങനെയാണോ പാടുന്നത്..”

തോന്ന്യാസി സംശയത്തോടെ എന്നെ നോക്കുന്നു..”എന്താ അണ്ണാ ശരത്തുസാര്‍ അമ്മയുടെ നാമജപത്തെപറ്റിയാണോ ഈ പറയുന്നത്..”

“ഹരീ....ടി.വി. നിര്‍ത്തെടാ.. എനിക്ക് നാമം ജപിക്കണം...”

“കുറെ ആയല്ലോ തൊടങ്ങീട്ട്..അമ്മയ്ക്കിത് നിര്‍ത്താറായില്ലേ....”

ഐഡിയാ സ്റ്റാര്‍ സിംഗറും അഖണ്ഡനാമവും തമ്മില്‍ ക്ലാഷു തുടങ്ങീ.......

“എടാ മനുഷ്യനായാല്‍ ദൈവവിചാരം വേണം...”

“ദൈവം പൂക്കുറ്റി തണ്ണിയില്‍ കെടന്നുറങ്ങുവാ.. അല്ലെങ്കില്‍ ഈ ലോകം ഇങ്ങനെ വല്ലോം ആവുമാരുന്നോ.. ഇനി നാമത്തിന്‍‌റെ ഒരു കൊറവുകൂടെ ഉള്ളൂ..”

അകത്ത് അശ്വമേധം മുറുകുകയാണ്

“കാലങ്ങള്‍തോറും അവതാരങ്ങളാല്‍ അവനി പാലിച്ചു...”

“ടെലിഫോണ്‍ മണിപോല്‍ സിറിക്കുന്ന.....”

ക്ലാഷ് കൊഴുക്കുന്നതിനു മുമ്പേ കോളിംഗ് ബെല്ല് അടിച്ചേക്കാം..

കതകു തുറന്നതും ‘എന്‍‌റെ തോന്നിവാസീ’ എന്ന് ഹര്‍ഷോന്മാദത്തോടെ ഹരി ഗസ്റ്റിനെ കെട്ടിപ്പിടിച്ചതും ഒന്നിച്ച്..

“യാത്ര സുഖമാരുന്നോ തോന്നിവാസീ....” കസേരയിലേക്കിരുത്തിക്കൊണ്ട് ഹരി ചോദിച്ചു..

അമ്മയ്ക്ക് ആകെപ്പാടെ കണ്‍ഫ്യൂഷന്‍... പരശുരാമന്‍, ശങ്കരന്‍‌കുട്ടി, ജോസഫ്, കുട്ടികൃഷ്ണമേനോന്‍ എന്നൊക്കെ പേരുകള്‍ കേട്ടിട്ടുണ്ട്... പക്ഷേ ദരിദ്രവാസി, തോന്നിവാസി ഇത്യാദി നാമധേയങ്ങള്‍ എന്നുമുതല്‍ നിലവില്‍ വന്നു.!!..

ഭജനപ്പുസ്തകം മടക്കി അമ്മ ആഗതനെ ഒന്നു സൂക്ഷിച്ചു നോക്കി.

“അമ്മേ എന്‍‌റെ പേര് പ്രശാന്തെന്നാ.. പിന്നെ ബ്ലോഗില്‍ ഇങ്ങനെ ഒരു പേരു വെറുതെ....”

“സ്വഭാവം അനുസരിച്ചങ്ങിട്ടു.. അത്രേള്ളൂ....” ബാക്കി ഞാന്‍ പറഞ്ഞു.

“അപ്പോ ഇവന്‍‌റെ ബ്ലോഗിലെ പേരു പോക്കിരി എന്നാണോ...” ഹരിയെ നോക്കി ചോദിച്ചു

“ആ പേരില്‍ വേറെയൊരാളു നേരത്തേ തന്നെ ഉണ്ടാരുന്നു....” ഗസ്റ്റ് ബാഗ് തോളില്‍നിന്ന് ഇറക്കി..



സിറ്റൌട്ടില്‍ ഇരുന്ന് കൊച്ചുവര്‍ത്തമാനത്തിന്‍‌റെ സ്വര്‍ണ്ണപ്പെട്ടികള്‍ തുറന്നു...

“ആണ്ടിപ്പട്ടിയില്‍ സ്ത്രീജനങ്ങളെങ്ങനെ തോന്നിവാസി... സുന്ദരികളാണോ....”

ഒരു നാടിനെപറ്റി മറ്റുള്ളവര്‍ ‘ കാലവസ്ഥ എങ്ങനെ‘ എന്ന് ആദ്യം ചോദിക്കുമ്പോള്‍ പോങ്ങുമൂടന്‍ ഇതാണ് സാധാരണ ചോദിക്കാറ്.. ങാ..ഓരൊരുത്തര്‍ക്കും ഓരോരോ ശീലം..

“ആണെങ്കില്‍ നിങ്ങളുടെ ഓഫീസില്‍ കളക്ഷന്‍ ഏജന്‍‌റായി പുള്ളിയെ വച്ചോ...” ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കൂട്ടി...

“എന്‍‌റെ പൊന്നണ്ണാ..എനിക്ക് ഉള്ള സമയം സ്വര്‍ണ്ണം ഉരച്ചുനോക്കാനും പോലീസ് സ്റ്റേഷനില്‍ പോകാനും തികയുന്നില്ല.. അതിനിടെ ഈ വക എക്സ്‌ട്രാ മെറ്റീരിയല്‍ അഫയേഴ്സിനു എവിടെ നേരം.”

സംസാരിച്ചിരുന്ന് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല...

ഇനി ബാത്ത് റൂമില്‍ ഒന്നു കയറിയേക്കാം എന്ന് നിനച്ച് അകത്തേക്ക് പോകാന്‍ ആഞ്ഞ തോന്ന്യാസിയെ അമ്മ കൈയോടെ പിടി കൂടി..

“ഇരുന്നേ ചൊദിക്കട്ട്....”

“ഫ്യൂസ് പോയി.......” ഹരി വാ പൊത്തിച്ചിരിച്ച് എന്നെ കണ്ണുകാണിച്ചു..

“മോന്‍ എഴുത്തുകാരനല്ലേ... പുരാണം ഒക്കെ അറിയാമോ....”

രാമായണവും തോന്ന്യാസിയുമായുള്ള ബന്ധം രാമാനന്ദസാഗറും ‘പരന്തു‘വും തമ്മിലുള്ളതുപോലെയുള്ളതല്ലെന്ന് എനിക്കല്ലേ അറിയൂ..

തോന്ന്യാസി പരുങ്ങിയൊന്നു തലയാട്ടി.. ‘അറിയാം പക്ഷേ ചോദിക്കല്ലേ ‘എന്ന് ആ കണ്ണുകള്‍ ദൈന്യത്തോടെ യാചിക്കുന്നത് ഞാനും കണ്ടു..


“മിടുക്കന്‍.... “ അമ്മ പതുക്കെ നാരായണീയം തുറന്നു.

‘ഈശ്വരാ....ഇനി എന്തെല്ലാമാണു സംഭവിക്കാന്‍ പോകുന്നത്...’ ഞാന്‍ മീശയില്‍ അമര്‍ത്തിയൊന്നു തടവി...

നാരയണീയത്തിന്‍‌റെ പത്തു ശ്ലോകങ്ങളും അതിന്‍‌റെ സാരംശവും കേള്‍ക്കുന്നതിനിടയില്‍ ഗസ്റ്റ് ഇരുപത് തവണ കോട്ടുവാ ഇട്ടത് ഈ അമ്മ കാണുന്നില്ലേ കൃഷ്ണാ....

“കേട്ടോ മോനേ...മേല്പത്തൂര്‍ ഭട്ടതിരിപ്പാട് പണ്ടൊരിക്കല്‍... മോനറിയില്ലെ മേല്പത്തൂരിനെ....”

‘അങ്ങേര്‍ക്ക് ബ്ലോഗുണ്ടോ ആവോ...’ ഇതാണ് തോന്ന്യാസിയുടെ മുഖത്തെ എക്സ്‌പ്രഷന്‍

“അറിയാം അമ്മേ...അമ്മ ബാക്കി പറ...”

“എന്നാ ആരാ മേല്പത്തൂര്‍... മോന്‍ പറ.. വല്യ എഴുത്തുകാരനല്ലേ...”

“അത്...അത്... ഈ കമ്പരാമായണം എഴുതിയ ആളല്ലേ....”

“ഫ്രൂ.......!!!!!! “ ആദ്യം ഈ ശബ്ദം വന്നത് എന്‍‌റെ ചുണ്ടില്‍ നിന്നാ‍ണോ അതോ ഹരിയുടെ ചുണ്ടില്‍ നിന്നാണോ... ഉറപ്പില്ല..

പിന്നെ കേട്ടത് അമ്മയുടെ ഒരു പൊട്ടിച്ചിരിയും കൂട്ടിലിട്ട സിംഹത്തെ പോലെ ‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ’ എന്ന ആത്മഗതവുമായി പമ്മുന്ന തോന്ന്യാസിയുടെ ദീനരോദനവുമാണ്..

“വിഡ്ഡിത്തമൊന്നും ഇനി ആരോടും പറയല്ലേ... ഭട്ടതിരിയെ പറ്റി ഞാന്‍ പിന്നെ പറയാം.. ആദ്യം മോന്‍‌റെ കമ്പരാമായണത്തെ കുറിച്ചുള്ള അബദ്ധധാരണ മാറ്റാം.. “ ഒരുപുരാണം കൂടി പറയാനുള്ള ചാന്‍സ് കിട്ടിയതില്‍ അതിയായി സന്തോഷിച്ച് അമ്മ കണ്ണട ഒന്നുറപ്പിച്ചു....

‘ആണ്ടവാ..ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ല പോലീസുകാരനെങ്കിലും ഇപ്പോ ഫോണില്‍ വിളിച്ചിരുന്നെങ്കില്‍..രക്ഷപെടാന്‍ വേറെയൊരു മാര്‍ഗോമില്ലല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ് തോന്ന്യാസി ഒന്നു പുഞ്ചിരിച്ചു..


“കമ്പമഹര്‍ഷി എന്നൊരു മുനിയുണ്ടാരുന്നു പണ്ട്. ശ്രദ്ധിച്ചു കേള്‍ക്കണം കേട്ടോ.. ഈ കമ്പമഹര്‍ഷി ഒരിക്കല്‍... “

“പട്ടാഴിയില്‍ കമ്പം കാണാന്‍ പോയി. കമ്പിത്തിരി കണ്ടപ്പോള്‍ ഒരു രാമായണം എഴുതിയാലോ എന്ന കമ്പം വന്നു.... എന്‍‌റെ പൊന്നമ്മേ..യാത്ര കഴിഞ്ഞ ക്ഷീണത്തില്‍ തന്നെ ആ പാവത്തിനെ വധിക്കാതെ..തോന്നിവാസി വാ ഊണു കഴിക്കാം....” പോങ്ങുമ്മൂടന്‍ രക്ഷകനായെത്തിയപ്പോള്‍ ശ്വാസം വിട്ടുകൊണ്ട് പുള്ളി വാഷ് ബേസിന്‍‌റെ അടുത്തേക്ക് നീങ്ങി...



“അപ്പോ തോന്ന്യാസീ ഗുഡ്‌നൈറ്റ്....” ഗുഡ്‌നൈറ്റിന്‍‌റെ മാറ്റ് മെഷീനിലേക്ക് വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...” നാളെ രാവിലെ എഴുന്നേക്കണം.. ഉച്ചയ്ക്ക് മുമ്പേയങ്ങ് കൊല്ലത്തെത്താനുള്ളതാ....

ഡബിള്‍ കോട്ടിന്‍‌റെ അങ്ങേയറ്റത്തെക്കേക്ക് മുങ്ങാംകുഴിയിട്ട് പുതപ്പിലേക്ക് ചുരുണ്ടുകൂടി തോന്നാസിയും പറഞ്ഞു
“ഗുഡ്‌നൈറ്റ് അണ്ണാ.....”


ഭൈമിയുടെ നമ്പറിലേക്ക് ഒരു എസ്.എം. എസ്.കൂടി..

‘രംഗബോധമില്ലാത്ത കാലം നമുക്കിടയിലെ ഒരു ദിവസം കൂടി അടര്‍ത്തിയെടുത്തു....ഗുഡ്‌നൈറ്റ്...’

ഇങ്ങേയറ്റത്തേക്ക് പതുക്കെ ചരിഞ്ഞുകൊണ്ട് ഞാനും പുതപ്പു വലിച്ചിട്ടു...

നിദ്രയുടെ അവസാന ഇതളുകള്‍ കണ്ണിലേക്ക് പൊഴിഞ്ഞു വീണു.


“ഇല്ലൈ..ഇല്ലൈ..ഇന്ത പൊന്ന് നിജമായും സ്പൂരിയസ് ആയിറുക്ക്....എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.”

അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്ന്, കട്ടില്‍ കീഴില്‍ നിന്ന് കൈലിയും എടുത്തെടുത്ത് ഞാന്‍ നാലുപാടും നോക്കി..


തോന്ന്യാസി തലയിണയില്‍ ഇരുന്ന് കട്ടില്‍പ്പടിയില്‍ കൈയിട്ട് ഉരയ്ക്കുന്നു...

“സ്പൂരിയസ് താന്‍ സ്പൂരിയസ്....എടുക്കമാട്ടെ!!!”

ഗുരുവായൂരപ്പാ...ഇവനെന്താ സീരിയസ് ആയി സ്പൂരിയസിനെ കുറിച്ച് സംസാരിക്കുന്നത്....


“എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.” നീ എടുക്കണ്ടാടാ... അതിനിത്ര ടെന്‍ഷന്‍ അടിക്കണോ..

ഇവനിതെന്തു പറ്റി ദൈവമേ..

മുട്ടുകാലില്‍ ഇഴഞ്ഞ് ഞാന്‍ അടുത്തേക്ക് ചെന്നു..

ഓ....സ്വപ്നത്തില്‍ ആണ്ടിപ്പട്ടിയിലെ ഏതോ അണ്ണാച്ചി മുക്കുപണ്ടവുമായി വന്നതാണല്ലെ.. സ്വപ്നത്തിലെ മോതിരം സ്വപ്നത്തിലെ ചാണയില്‍ ഉരയ്കുകയാണ്.. ഛെടാ.. ട്വന്‍‌റി ഫൊര്‍ ബൈ സെവന്‍ സേവനമാണോ...

“തോന്ന്യാസീ........... വാസപ്പ് !!!!!”

റിയാലിറ്റിയിലേക്ക് ലാഞ്ച് ചെയ്ത് നാലും പാടും ‘ഞാന്‍ വല്ലോം പറഞ്ഞൊ’ എന്ന ആശങ്കയാല്‍ നോക്കുന്നു..

“അണ്ണാച്ചി പോയാച്ച്.....” ഞാന്‍ ആശ്വസിപ്പിച്ചു..

“യാര്‍???? ” അതുശരി ബോധം ശരിക്കും വീണില്ല..

“ഇന്നേക്ക് പതിനഞ്ചാം നാള്‍ ദുര്‍ഗാഷ്ടമി..ഉന്നെ കൊന്ന് ഉന്‍ രത്തത്തെ കുടിച്ച് ഉന്‍ ഡെഡ് ബോഡി ആണ്ടിപ്പട്ടിയിലേക്ക് പാഴ്സല്‍ പണ്ണുമേന്‍....” ഞാന്‍ കണ്ണുരുട്ടി...


“ഐ.സീ.........”

“യു...... ഉറങ്ങാന്‍ നോക്കെന്‍‌റെ മച്ചാ....... ഇനി കസ്റ്റമര്‍ വന്നാല്‍ ഇന്ന് കടമുടക്കം എന്ന് പറഞ്ഞു മാട്ടിയയക്ക്....വണ്‍ മോര്‍ ഗുഡ് നൈറ്റ്....സോര്‍ ഡ്രീംസ്....”

അടുത്ത ഫേസ് ഉറക്കം കണ്ണിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് നിസാന്‍ വണ്ടി കയറ്റം കയറും പോലെ ഒരു ഇരമ്പല്‍ കേട്ടത്....

കാറ്റു നിറയ്ക്കുമ്പോള്‍ മത്തങ്ങ ബലൂണ്‍ പൊങ്ങുന്നപോലെ തോന്ന്യാസിയുടെ പുതപ്പ് ഇരമ്പലിലോടൊപ്പം പൊങ്ങുന്നു. ഇരമ്പല്‍ താഴുമ്പോ ബലൂണും താഴുന്നു.

ഇങ്ങനേയും കൂര്‍ക്കം വലിയോ പരമശിവാ....ഇതിലും ഭേദം ഉരുപ്പടി ഉരയ്ക്കുന്നതാ‍രുന്നു!!!!!

“ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല..കര്‍ത്താവേ..... ഇവനോട് പൊറുക്കേണമേ........” രണ്ടു ചെവിയിലോട്ടും പുതപ്പിന്‍‌റെ തുമ്പു തിരുകി വച്ച് നിദ്രാദേവിയുടെ ചുംബനം കൊള്ളാന്‍ ഞാന്‍ കാത്തുകിടന്നു.....



......To be continued...stay tuned........:)