Wednesday 26 November 2008

രാഗം ഹരഹരിപ്രിയ..

‘അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അവ നിന്‍‌റെ ചൊടികളില്‍ വിടര്‍ന്നതല്ലേ...’

“എന്തു നല്ല ഭാവന. ‘ഒരു നുള്ളു കാക്കപ്പൂ കടം തരാമോ, ഒരു കുമ്പിള്‍ മുല്ലപ്പൂ പകരം തരാം’ എന്ന് പെണ്ണു ചോദിച്ചപ്പോള്‍ കാമുകന്‍‌റെ മറുപടി.. ഹോ.. പാട്ടെഴുതുവാണെങ്കില്‍ ഇങ്ങനെ എഴുതണം.. മിസ്റ്റര്‍ പോങ്ങന്‍ , ഇതിനെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്? “

ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമൂടന്‍‌റെ ഇന്‍ഡിക്കാ കാറിലിരുന്ന് ഗ്ലാസ് ഉയര്‍ത്തിക്കൊണ്ട് ഞാനിത് ചോദിച്ചതും, സ്റ്റീയറിംഗ് വീലില്‍ നിന്ന് അപ്രതീക്ഷിതമായ ഭാവത്തോടെ കൈകള്‍ എടുത്ത് കക്ഷി എന്‍‌റെ നേരെ ഉയര്‍ത്തിയതും ഒന്നിച്ചായിരുന്നു.

“ഇങ്ങേരെ ഞാന്‍ കൊല്ലും!!. എത്ര പറഞ്ഞാലും മനസിലാവില്ലല്ലൊ എന്‍‌റെ പാട്ടുപുരയ്ക്കലമ്മേ... എന്‍‌റെ പൊന്നു മാഷേ പലവട്ടം ഞാന്‍ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുത് വിളിക്കരുത് എന്ന്. പോങ്ങന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ പരമനാറി എന്നാ അര്‍ത്ഥം. “

“ആയിക്കോട്ടെ..അതില്‍ ആര്‍ക്കാ ഇത്ര വിരോധം....“ .

അമര്‍ഷം കൈകളില്‍ ആവാഹിച്ച് പോങ്ങു ഗീയര്‍ മാറ്റി...

പുറത്ത് ഇളം വെയില്‍ മണ്ണിന്‍റെ മാറില്‍ തല ചായ്ക്കുന്നു.

തലസ്ഥാനനഗരിയിലെ പ്രഭാതത്തിനു മുമ്പില്ലാത്ത സൌന്ദര്യം. കാറ്റ് അനുവാദം ചോദിക്കാ‍തെ ഉഴപ്പിക്കൊണ്ടിരുന്ന മുടി മാടിയൊതുക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.
“പോങ്ങൂ, എങ്ങനെയുണ്ട് എന്‍‌റെ ഇന്നത്തെ അപ്പിയറന്‍സ്... ഒരു മുപ്പത്തിയാറുകാരിയെ കാണാന്‍ പോകാന്‍ ഈ ഗ്ലാമര്‍ ധാരാളമല്ലേ.. വാട്ട് യു സേ?”

“പഷ്ട് കോപ്പിയറന്‍സ്. മുള്ളന്‍ പന്നി മുങ്ങി നിവര്‍ന്നപോലുണ്ട്.. പോരാത്തതിന് ഇത്തിക്കരപ്പക്കി കത്തിനീട്ടിയപോലൊരു മീശയും. മുപ്പത്താറുകാരി മുത്തപ്പാന്നു വിളിച്ചോടും...”

“സൌന്ദര്യബോധമില്ലാത്ത ഫിഫ്‌ത്ത് കില്ലറേ... “

“എന്തോന്ന്?? “

“പഞ്ചമപാതകാ... വക്ക് എഫ്.എം”

“എഫ്.എം ഒക്കെ വക്കാം. പക്ഷേ, കക്ഷിയെ കണ്ടാല്‍ വാക്കുമാറരുത്.. വൈറ്റ് മിസ്‌ച്ചീഫ്...”

“ഹാഫ് ബോട്ടില്‍... അത്രയല്ലേയുള്ളൂ...ഡബിള്‍ഡണ്‍.... അവളെ കണ്ടാല്‍ അരയല്ല ഒന്നര വാങ്ങി ഞാന്‍ തരും. കാരണം എന്‍‌റെ മനസി‌ന്‍റെ നാലുകെട്ടില്‍ ഒന്നരയുടുത്ത് ഇപ്പൊഴും അവള്‍ നില്‍പ്പുണ്ട്...”

“ഉവ്വാ.. അതിന്‍‌റെ ഓപ്പോസിറ്റിലുള്ള എട്ടുകെട്ടില്‍ ഒന്നരയടിച്ച് അവളുടെ കെട്ടിയോനും നില്‍ക്കുന്നുണ്ടാവും.. കൈയില്‍ ഒരുലക്കയുമായി...”

പൊട്ടിച്ചിരികള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പോങ്ങുവിന്‍റെ വിരല്‍ സ്റ്റീരിയോയില്‍ അമര്‍ന്നു..

“ഏയ്.. എങ്ങോട്ടാ ഈ നോക്കുന്നെ.. എന്‍‌റെ കണ്ണിലേക്ക് നോക്ക്...” കളമൊഴിയുടെ റോമാന്‍‌റിക് ശബ്ദം..
“വൌ.... ചുവരിലെ ആ പെയിന്‍‌റിംഗ്..... “ മറുപടിയായി പുരുഷശബ്ദം..

ഏതോ ആര്‍ട്ട് ഗാലറിക്കുവേണ്ടി ഞാന്‍ എഴുതിയ പരസ്യം ജീവന്‍ വച്ചു കേട്ടപ്പോള്‍ കോരിത്തരിപ്പിന്‍‌റെ മണല്‍ത്തരികള്‍ മനസിലേക്ക് വീണു.

പോങ്ങു നോക്കിയപ്പോള്‍ ഞാനൊന്ന് കണ്ണിറുക്കി...

“ഇന്നെന്താ പോങ്ങൂ തിരുവനന്തപുരത്തിനു മുമ്പില്ലാത്ത ഒരു ശോഭ.. വല്ലാത്തൊരു ആഡംബരം...“

“അതേ പണ്ടേയുള്ളതാ മാഷേ.. ഞാന്‍ വന്ന നാളിലൊക്കെയാരുന്നു ശരിക്കും ശോഭ..എന്തവാരുന്നു ആ ഒരു കാലം...” പോങ്ങു അറിയാതെ ഒന്നു ഹോണ്‍ അടിച്ചു.

“ഓ...ഇതുവരെ അതു ചോദിക്കാന്‍ വിട്ടു... മാഷ് ഈ തലസ്ഥാനത്ത് വന്നിട്ടെത്ര നാളായി.. അതിന്‍റെ പിന്നിലുള്ള കഹാനി എന്താണ്?”

“ങാ... അതൊക്കെ ഒരു കഥ.. ഞാന്‍ ഇവിടെ എത്തീട്ട് ഒരു പത്തുപതിനഞ്ചു വര്‍ഷമായി മാഷേ.. എന്‍‌റെ കാമുകിയുടെ തന്തപ്പടി കിണറ്റില്‍ വീണ ദിവസമാണ് ഞാന്‍ ഇങ്ങോട്ട് വണ്ടി കയറിയത്...”

“അതെന്താ..കരയ്ക്കു കയറ്റാന്‍ കയറു തേടി തിരോന്തരം വരെ വന്നോ...”

“പതുക്കെ ആക്ക്....!! കയറു തേടിയല്ല.. അന്നു വന്നില്ലാരുന്നേല്‍ അവടെ ചിറ്റപ്പന്മാര്‍ നാലും ചേര്‍ന്ന് എന്നെ കയറില്‍ ആക്കിയേനെ”

“അതുകൊള്ളാമല്ലോ..ആക്ച്വലി എന്താ സംഭവിച്ചത്.. സമയമില്ലാത്തോണ്ട് ചുരുക്കിപ്പറ.... പ്രണയകഥകള്‍ കേള്‍ക്കാന്‍ നല്ല മൂഡാ ഇന്ന്... ലെറ്റസ് ഫൊര്‍ഗെറ്റ് ദി സാമ്പത്തിക മാന്ദ്യം.” ഞാന്‍ ഇരുപ്പ് ഒന്നുകൂടി ഉറപ്പിച്ചു..

“ഓ..ഇത് ദുരന്തകഥയാ.. എന്‍‌റെ വീടിനു ഒരു പത്തമ്പത് ഫര്‍ലോംഗ് അകലെയാ അവളുടെ വീട്... അന്ന് ഇന്നത്തെപ്പോലെ കമ്മ്യൂണിക്കേഷന്‍ വല്ലോമുണ്ടോ.. പോരാത്തതിനു തൊട്ടാല്‍ പൊട്ടുന്ന പ്രായം. അപ്പോ നാച്ചുറലി ഞാന്‍ അവളെ കാണാന്‍ ദിവസവും ഒരു ഈവനിംഗ് വാക്ക് നടത്തും..”

“അതായത് ഈ പത്തമ്പത് രോമനീളം ദൂരത്തേക്ക് മാഷ് എന്നും പ്രണയാതുരനായി ആവേശപരവശനായി പമ്മിപമ്മിച്ചെല്ലും”

“അതുതന്നെ.. പിന്നെ അതൊരു ശീലവുമായി..”

“തികച്ചും സ്വാഭാവികം...എന്നിട്ട്...”

“എന്നിട്ടെന്താ.. അവളുടെ വീട്ടില്‍ പുതിയ കിണറുകുഴിക്കുന്ന ഒരു വൃശ്ചികമാസം. വൈകുന്നേരം അഞ്ചുമണി. കുഞ്ഞാപ്പി കൈയില്‍ പിക്കാസുമായി കിണറിനകത്ത് ഉറവ തേടി കുഴിയോട് കുഴിയാണ്. തന്തപ്പടി കരയ്ക്ക് കുനിഞ്ഞുനിന്ന് ആകാംഷാഭരിതനായി എത്തിനോട്ടം. ‘ഉറവ കണ്ടോ കുഞ്ഞാപ്പി...ഉറവ കാണാറായോ കുഞ്ഞാപ്പി‘ എന്ന് ഇടയ്ക്കിടെ ചോദിച്ച് നില്‍ക്കുകയാണ്. ‘ഇങ്ങേരിന്ന് പാലാ ചന്തയില്‍ പോയില്ലേ പാട്ടുപുരയ്ക്കലമ്മേ’ എന്ന് നെഞ്ചിടോപ്പോടെ ഞാന്‍ ഓര്‍ത്തതും കോണ്‍സണ്‍‌ട്രേഷന്‍ കുഞ്ഞാപ്പിയില്‍ നിന്നു മാറ്റി തന്ത എന്നെ ഒന്നു നോക്കിയതും ഒന്നിച്ചായിരുന്നു. ഒരുനിമിഷം പുള്ളി കിണറും ഉറവയും ഒക്കെ മറന്ന് ‘എടാ കഴുവര്‍ടമോനേ ‘എന്നലറി മുന്നോട്ട് ഒന്നു കുതിക്കുന്നത് മാത്രം ഞാന്‍ കണ്ടു.. പിന്നെ കേട്ടത് കിണറ്റിനകത്തൂന്ന് കോറസായി ഒരു നിലവിളിയാരുന്നു..ആദ്യം അലറിയത് കുഞ്ഞാപ്പിയാണെന്നാണ് ഓര്‍മ്മ.. ഓട്ടത്തിനിടയില്‍ അത് ശ്രദ്ധിക്കാന്‍ ആര്‍ക്കാ ടൈം...”

“ഈശ്വരാ.. എന്നിട്ട്....”

“അന്നു തന്നെ ഞാനിങ്ങോട്ട് പോന്നു.. പിന്നെ അറിഞ്ഞു പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്‍‌റെ പിടി തന്തപ്പടിയുടെ വായില്‍നിന്നും ഊരിയെടുത്തെന്ന്.....”

“എന്നിട്ട് ആ പെണ്‍കുട്ടി? “ ചിരിയടക്കാന്‍ പാടുപെടുന്നതിനിടെ ഞാന്‍ ചോദിച്ചു..

“വാ തുറക്കാന്‍ വയ്യാഞ്ഞിട്ട് ആ പഹയന്‍ വെള്ളക്കടലാസില്‍ എഴുതിക്കാണിച്ചെന്ന് “മോളേ ലവന്‍ എന്നെ കിണറ്റിലേക്ക് തൊഴിച്ചിട്ടു..നാളെ നിന്നെയും അങ്ങനെ ഇടില്ല എന്ന് ആര്‍ക്കറിയാം. ഇനി പറ നിനക്ക് അവനെ വേണോ, അതോ ആ ദുബായ്ക്കാരന്‍ വേണോ....നാച്ചുറലി അവള്‍ രണ്ടാമത്തേത് സെലക്ട് ചെയ്തു..”

ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഞാന്‍ റിയര്‍വ്യൂ മിററിലേക്ക് നോക്കി....

‘എങ്ങോട്ടാ ഈ നോക്കുന്നെ... എന്‍‌റെ കണ്ണിലേക്ക് നോക്ക്.....‘

പിന്നോട്ട് പായുന്ന കാഴ്ചകള്‍ എന്നെ വിളിക്കുന്നു.....

പിന്നിലേക്ക്...
പിന്നെയും പിന്നിലേക്ക്..

കാഴ്ചകള്‍ക്കപ്പുറത്ത്, കോളജ് ലൈബ്രറി മതില്‍ക്കെട്ടിനോട് ചേര്‍ന്ന് മറ്റൊരു സൂര്യോദ്യയം പോലെ ഒരു പെണ്‍കുട്ടി..

സ്വര്‍ണ്ണ ബോര്‍ഡറിട്ട ബ്ലൌസിന്‍‌റെ കൈകളിലേക്ക് ഇളകിവീഴുന്ന നനുത്ത മുടിയിഴകള്‍..

മിഴികളെ തൊടാന്‍ കൊതിച്ച് പരാജയപ്പെടുന്ന പുരികക്കൊടികള്‍..

ഒരു ചെറുചിരികൊണ്ട് ക്യാമ്പസ് റോമിയോകളുടെ സ്വപ്നങ്ങളെ വിലകൊടുക്കാതെ വാങ്ങിയ ഹരിപ്രിയ..

“വിമന്‍ ആര്‍ ഫ്രം വീനസ്.. ബട്ട് ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോര്‍ജിയ ബസ്’ എന്ന് കളിയാക്കലിനു പകരമായി മുല്ലപ്പൂമണമുള്ള പൊട്ടിച്ചിരി ഒരുപാട് എനിക്ക് സമ്മാനിക്കുന്ന, ജോര്‍ജിയ ബസില്‍നിന്ന് വെള്ളിപാദസരം കിലുക്കിയിറങ്ങുന്ന ഹരിപ്രിയ..

സെക്കന്റ് ഇയര്‍ മാത്തമാറ്റിക്സിലെ ബ്യൂട്ടി ക്യൂന്‍.. ഹരിപ്രിയാ വിശ്വനാഥ്...

ലൈബ്രറിയുടെ മതില്‍ക്കെട്ടോട് ചേര്‍ന്നുനിന്ന് ഹരിപ്രിയ പൊട്ടിത്തെറിക്കുകയാണ്.. കണ്ണും മൂക്കും ഒരുപോലെ ചുവന്ന്...

“എന്തുപറ്റി ഹരിപ്രിയേ, മുളകുചമ്മന്തി കൂടുതല്‍ കഴിച്ചോ ഇന്ന് “ ലൈബ്രറിയില്‍ നിന്നെടുത്ത മലയാറ്റൂരിന്‍‌റെ ‘ഐ.എ. എസ് ദിനങ്ങള്‍ ‘ കക്ഷത്തില്‍ തിരുകി ഞാന്‍ ചോദിച്ചു..

“ഇല്ലില്ല..ഒരുത്തനെ ചമ്മന്തി ആക്കാനുണ്ട്...ടീച്ചര്‍ ലൈബ്രറീന്നൊന്നിറങ്ങിക്കോട്ടെ...”

“ഇത്രമാത്രം വയലന്‍‌റാവാന്‍ എന്തുണ്ടായി.... ക്ലാസില്‍ വച്ച് നീ വളരെ ഹാപ്പിയാരുന്നല്ലോ. ഒന്നുരണ്ടു തവണ ഏറുകണ്ണിട്ട് നോക്കിയപ്പോ നീ ലാവിഷായി കുണുങ്ങുന്നതും കണ്ടതാണല്ലോ..കുട്ടിക്കെന്താ പറ്റിയെ.. ചുമ്മാ പറ”

“സൊള്ളാതെ പോടാ.. കാണിച്ചു കൊടുക്കും ഞാന്‍ ..സിസിലി ടീച്ചര്‍ വരട്ടെ...രണ്ടിലൊന്നറിഞ്ഞിട്ടെ ഇന്നു പോകുന്നുള്ളൂ..”

“എന്തിനാ ഒന്നാക്കുന്നത്.. രണ്ടില്‍ രണ്ടും അറിഞ്ഞിട്ടു പോയാല്‍ മതി. . പക്ഷേ മാറ്റര്‍ എന്താണെന്ന് എന്നൊടും പറ.. ങേ.ഇതെന്താ കൈയിലൊരു കടലാസുതുണ്ട്.....“

“പ്രണയലേഖനം..എന്‍‌റെ പ്രിയതമന്‍ തന്നതാ.. ഇതില്‍ കുറച്ച് സംശയം ബാക്കി ഉണ്ട്... അത് ടീച്ചര്‍ തീര്‍ത്തോളും”

സംഗതി എനിക്ക് മനസിലായി..ആരോ ഇവള്‍ക്ക് കുറിമാനം കൊടുത്തിരിക്കുന്നു. അത് അവള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാമുകന്‍ ആണെന്നു അവളുടെ വാക്കുകള്‍ കൊണ്ട് വ്യക്തം..
“ആ അലവലാതിയുടെ അവസാനമാ ഇന്ന്.... ബ്ലഡി.....”

“ഒന്നുകാണിച്ചേ പ്രിയേ..ജീവിതത്തില്‍ ഇതുവരെ ഒരു പ്യാര്‍ലെറ്റര്‍ ഞാന്‍ കണ്ടിട്ടില്ല.. അതെങ്ങനെയിരിക്കും എന്നൊന്നറിയാനാ..വായിച്ചൊരു പ്രാക്ടീസുമാവുമല്ലോ..” ഒറ്റയടിക്ക് ഞാനത് തട്ടിയെടുത്തു..

പല്ലുഞെരിച്ചുകൊണ്ട് അവള്‍ നില്‍ക്കുമ്പോ ആദ്യവരി ഞാന്‍ പതുക്കെ വായിച്ചു..
നീല മഷിയില്‍ ഒരു പാവം ഇളം ഹൃദയം തുടിക്കുന്നത് ഞാന്‍ കണ്ടു..

‘എന്‍‌റെ സ്വന്തം ഹരി........................ ‘

“ഇത്രയും കുത്തെന്തിനാണോ ആവോ....അവനു പ്രിയ എന്ന് എഴുതാന്‍ അറിയാഞ്ഞിട്ടാണോ....”

‘എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല...‘ അവസാനിപ്പിക്കാന്‍ ടീച്ചറുണ്ടല്ലോ ഭാഗ്യം.

‘നിന്‍‌റെ ചുണ്ടുകള്‍ തെണ്ടിപ്പഴം പോലെയാണ്.......‘

!!!!

ഒന്നുകൂടി ഞാന്‍ വായിച്ചു

“ഇതെന്തവാടീ തെണ്ടിപ്പഴം..അങ്ങനെ ഒരു പഴം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ.‘

“അവന്‍‌റെ അപ്പൂപ്പന്‍ കൃഷി ചെയ്യുന്നതാരിക്കും “ ഹരിപ്രിയ നിന്നു വിറയ്ക്കുകയാണ്..

‘കണ്ണുകള്‍ കര്‍പ്പൂരം പോലെ...
‘ മൂക്ക് എള്ളുപോലെ..’ ഛേ ഒരു പൂവു മിസ്സായി...
‘കീഴ്ത്താടി ഇളം പേരയ്ക്കാപോലെ..‘

‘പാദങ്ങള്‍ താമരയിലപോലെ...”
“നിനക്കെന്താ മന്തുണ്ടോ...” കാല്പാദത്തിലേക്ക് ചിരിച്ചുകൊണ്ട് ഞാന്‍ നോക്കി

“ബാക്കി പാര്‍ട്ട്സൊക്കെ തുണിയിട്ടു മറച്ചതു നന്നായി.. അല്ലെങ്കില്‍ അവന്‍ ലോകത്തുള്ള സകല പൂവും കായും ഇതില്‍ ചേര്‍ത്തേനെ... ബൈ ദ ബൈ..ആരാ ഈ കക്ഷി..”

"ബാക്കി കൂടി വായിക്ക് നീ.. എന്നിട്ട് പറയാം..”

‘ഹരിപ്രിയേ.. നീ ശരിക്കും പുരാണത്തിലെ വാസവദത്തയല്ലേ എന്ന് ഞാന്‍ പലവട്ടം ചിന്തിക്കാറുണ്ട്.. ഒന്നോര്‍ത്താല്‍ എന്‍‌റെ ചിന്തയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..നീ വാസവദത്ത തന്നെയാണല്ലോ..‘

ഞാന്‍ കൈ നെറ്റിക്കു വച്ചുപോയി..

“ഹഹ..ചണ്ഡാലഭിക്ഷുകി എന്നു പറഞ്ഞാലും ക്ഷമിക്കാമാരുന്നു.. ഉപമിക്കാന്‍ കിട്ടിയതൊരു പോക്കുകേസിനെയാണല്ലോ കൊശവന്... ഇത് വെറുതെ വിടരുത്...ഇനി പറ ആരാ കക്ഷി..”

“വേറെ ആര്....നിന്‍‌റെ ആത്മമിത്രം പഴശ്ശി....”

“ങേ... പഴശ്ശി വര്‍ക്കിയോ...“ ഞാനൊന്നു ഞെട്ടി

“ഛേ.... നെവര്‍... അവന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. “

“ഇല്ല ഇല്ല.. രാവിലെ ഇത് തന്നിട്ട് ഒരു കൊഴഞ്ഞ ചിരിയും..മറുപടി എന്തായാലും കൊടുക്കണമെന്ന്.. ഉടന്‍ തന്നെ മറുപടി കൊടുക്കാം....”

പഴശ്ശി വര്‍ക്കിയെന്ന ജോബി വര്‍ഗ്ഗീസ് സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്തവനാണല്ലോ.. പത്താം ക്ലാസില്‍ ഇരുന്നൂറ്റിപത്തിന്‍‌റെ റേഷന്‍ വാങ്ങി, ഇടവകയിലെ വികാരിയച്ചന്‍‌റെ ഹൈലെവല്‍ ഇന്‍ഫ്ലുവന്‍സ് കൊണ്ട് പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും അഡ്മിഷന്‍ ഒപ്പിച്ച അവനോട്, കുമ്പഴ സരസിലെ ഇടവേളകളില്‍ ഞങ്ങള്‍ ഇങ്ങനെ പറയുമായിരുന്നു ‘ഇടവകയിലെ പെണ്ണാടുകള്‍ക്ക് അത്രയെങ്കിലും ശല്യം കുറഞ്ഞുകിട്ടുമല്ലോ എന്നോര്‍ത്ത് അച്ചന്‍ കഷ്ടപ്പെട്ട് വാങ്ങിത്തന്ന അഡ്മിഷന്‍ ഇങ്ങനെ ഞരമ്പു പടം കണ്ട് വേസ്റ്റാക്കാതെടാ...’

ഫസ്റ്റ് ഇയറിലെ യൂത്ത് ഫെസ്റ്റിവലില്‍ അഭിനയം മോഹം ഒന്നു കൊണ്ട് മാത്രമാണ് വര്‍ക്കി പഴശ്ശിരാജയിലെ നായകന്‍ ആയത്. അത്യന്തം ടെമ്പര്‍ ഉള്ള ഒരു സീനില്‍, ‘മണ്ണടി മഹിയില്‍ വന്ന പറങ്കിപ്പരിശകളേ കൊന്നൊടുക്കും നിന്നെയെല്ലാം ‘ എന്ന് അലറിക്കൊണ്ട്, ഉറയിലെ വാള്‍ വലിച്ചൂരവേ, ഫോഴ്സ് കൂടിപ്പോയതുകൊണ്ട്, ഉറയും ഉറയോട് ചേര്‍ന്ന ഉടയാടയും കീറിയപ്പോള്‍, ശത്രുവായ വെള്ളക്കാരന്‍‌റെ മുഖത്തു നോക്കേണ്ടതിനു പകരം ‘ക്യാ ഹുവാ ‘ എന്ന മട്ടില്‍ കീറിയ തുണിയിലേക്ക് നോക്കി കൂവലും ഒപ്പം പഴശ്ശിയെന്ന പേരും സമ്പാദിച്ച വീരന്‍. ( ‘മുളവാളിനു പകരം ഇരുമ്പുവാളു വക്കാന്‍ കൊല്ലനു പത്ത് മില്ലിവാങ്ങിക്കൊടുത്തവന്‍ വര്‍ക്കി’ എന്ന ഡയലോഗ് കാല്‍ക്കുലസ് ക്ലാസിലെ ബോറഡിമാറ്റാന്‍ ഞങ്ങള്‍ പറഞ്ഞുരസിച്ചത് ഈ സംഭവത്തിനു ശേഷമാണ്)

എന്നാലും അവന്‍ ഹരിപ്രിയക്ക് കുറി കൊടുക്കുക എന്നൊക്കെ വച്ചാല്‍....

“ഹരിപ്രിയേ... തല്‍ക്കാലം നീയിത് ടീച്ചറിനോടൊന്നും പറയാന്‍ നില്‍ക്കേണ്ടാ.. ബിക്കോസ് നിനക്ക് വാസവദത്ത എന്ന് പേരും വീഴും എന്നതില്‍ കവിഞ്ഞ് ഈ ഉദ്യമത്തിനു വല്യ പ്രയോജനമൊന്നും ഞാന്‍ കാണുന്നില്ല... ഇക്കാര്യം ഞാന്‍ ആദ്യം അവനോടൊന്നു ഡിസ്കസ് ചെയ്യട്ട്..”

പിറ്റേന്ന്, അലക്സാണ്ടര്‍ സാര്‍ സൈനും കോസും ടാന്‍‌ജന്‍‌റും പഠിപ്പിക്കുന്ന ശുഭമുഹൂര്‍ത്തം. ക്ലാസിന്‍‌റെ വലത്തെ പാര്‍ട്ടീഷനില്‍ ഇരിക്കുന്ന ബെന്‍സി തോമസിന്‍‌റെ അളകങ്ങളുടെ സൌന്ദര്യം ആസ്വദിച്ച് ഞാനും, എന്‍‌റെ തൊട്ടടുത്ത്, മടിയിലിരിക്കുന്ന ഇംഗ്ലീഷ് ത്രില്ലറിലെ ശൂന്യവസ്ത്രധാരിണിയുടെ ഉടലിന്‍‌റെ ടാന്‍‌ജന്‍‌റ് ആസ്വദിച്ചുകൊണ്ട് സന്ദീപും, നിത്യയൌവനസ്വപ്നങ്ങള്‍ കണ്ട് ബാക്കി നാല്പത്തിയെട്ടുപേരും ഇരിക്കുകയാണ്...
പുറത്ത് മഴ തകര്‍ക്കുന്നു...

“എസ്‌ക്യൂസ് മീ സാര്‍ “ വാതില്‍പ്പടിയില്‍ വര്‍ക്കി..

“ഓ..അച്ചായന്‍ വന്നോ... റബ്ബര്‍ വെട്ടിക്കഴിഞ്ഞോ ഇത്ര പെട്ടെന്ന്..” അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരു വളിച്ച ചിരി

“മഴയല്ലിയോ സാറെ”

“മരത്തിനു പാവാട ഇട്ടില്ലേ ഇതുവരെ....”

പൊട്ടിച്ചിരികള്‍ മുഴങ്ങിയപ്പോള്‍ നിര്‍ത്താതെ ചിരിക്കുന്ന ഹരിപ്രിയയെ ഞാന്‍ കണ്ടു..

“വാ കേറിയിരി.. നിന്ന് കാലുകഴയ്ക്കെണ്ടാ.....”

തണുപ്പില്‍ അല്പം വിറച്ചുകൊണ്ട് വര്‍ക്കി എന്‍‌റെ തൊട്ടടുത്തിരുന്നു..

“നല്ല മഴ അല്ലേ അളിയാ....” ഞാനൊന്നു പുഞ്ചിരിച്ചു
“മുടിഞ്ഞമഴ..” വര്‍ക്കി വര്‍ക്ക് ബുക്ക് നിവര്‍ത്തി.

“ജീവിതം ഒക്കെ സുഖം തന്നെ അല്ലേ “ പതുക്കെ ഞാന്‍ പിറുപിറുത്തു

“ഒരുവിധം.. എന്തേ....”

“വല്യപ്പച്ഛന്‍‌റെ തെണ്ടിപ്പഴ കൃഷി ഒക്കെ എങ്ങനെപോകുന്നു...”

“എന്തുവാ? “

“ഈ എള്ളിന്‍ പൂവ് നീ ജീവിതത്തില്‍ കണ്ടിട്ടുണ്ടോടാ. സത്യം പറ...”

“എന്താടാ &&*&& രാവിലെ ആക്കുന്നത്.. ഇടിച്ച് കൂമ്പുവാട്ടും പറഞ്ഞേക്കാം..”

“ഞാന്‍ കണ്ടു...”

“എന്ത്...? “

“നിന്‍‌റെ ഇടയലേഖനം.. “

വര്‍ക്കിയുടെ നെറ്റിയും കണ്ണും ഒരുപോലെ ചുരുങ്ങി. പതുക്കെ പരുങ്ങി അവന്‍ എന്‍‌റെ കണ്ണില്‍ തന്നെ നോക്കി..

“ഞാനിടപെട്ടതുകൊണ്ട് ഇഷ്യു ആയില്ല... ഇനി പറ.എന്താ ഈ തെണ്ടിപ്പഴം...”

“എടാ ഞാന്‍ കുനിപ്പിട്ടതാ...”

“ആര്‍ക്ക്....”

“തെണ്ടിക്ക്....തൊണ്ടിപ്പഴം എന്നാ എഴുതിയെ..സത്യം..ഇനി ആ കുനിപ്പെങ്ങാനും ണ്ട യോട് ചേര്‍ന്നുപോയതാവുമോ..”

“ഈ വാസവദത്ത സത്യത്തില്‍ ആരാന്നു നിനക്കറിയാമോ..”

“ഉര്‍വ്വശിയും രംഭയും പോലൊരു ദേവനര്‍ത്തകി....അല്ലിയോ..? ”

“നര്‍ത്തകിയൊക്കെയാ‍രുന്നു. പക്ഷേ പ്രൊഫഷണലി അവരല്പം അഡ്‌വാന്‍സാരുന്നു... “ ബാ‍ക്കി ഞാന്‍ ചെവിയില്‍ പറഞ്ഞു.

പിന്നെ കണ്ടത് ഫീലിംഗുകള്‍ക്ക് ഉമ്മകൊടുത്തുകൊണ്ട് ഡെസ്കിലേക്ക് കമിഴ്ന്നു കിടന്നു ചമ്മുന്ന വര്‍ക്കിയെയാണ്.....

“പ്രശ്നമായോ അളിയാ....ഞാന്‍ ഒരു തമാശയ്ക്ക്...”

“തമാശയ്ക്കാണോടാ പെണ്ണിനെ വാസവദത്താന്നു വിളിക്കുന്നത്.. ചെന്നു ക്ഷമ ചോദിച്ചോ..അല്ലേ പണിയാവും. അവള് ഉറഞ്ഞുതുള്ളി നില്‍ക്കുവാ. ഒടുവിന്‍‌റെ നിന്‍‌റെ അച്ഛനും നിനക്ക് അഡ്മിഷന്‍ വാങ്ങിതന്ന മറ്റേ അച്ചനും ഒന്നിച്ച് വരേണ്ടിവരും ഇവിടെ.. വയസാം കാലത്ത് കൂദാശ കളയിപ്പിച്ച് അങ്ങേരെ കുന്നുകേറ്റിക്കല്ലേ..”

വര്‍ക്കി പരുങ്ങിത്താണു..

“എന്താ അളിയാ ഇപ്പൊ ചെയ്യേണ്ടെ.. ഛേ.. കഷ്ടകാലത്തിനു ഓരൊന്നു ചെയ്യാന്‍....”

“ങാ പോട്ട്.. ഉച്ചയ്ക്ക് അവളെ കണ്ട് ഉള്ള കാര്യം പറ...”

“എന്തു കാര്യം..” വര്‍ക്കിയുടെ കണ്ണില്‍ പ്രത്യാശയുടെ ഒരു കുഞ്ഞുതിളക്കം..

“കുനിപ്പുണ്ടാരുന്നു എന്ന്..”

“കുനിപ്പോ..? “

“തെണ്ടിക്ക് കുനിപ്പുണ്ടാരുന്നൂന്ന്... പിന്നെ വാസവദത്ത ഒരു കന്യാസ്ത്രീ ആയിരുന്നു എന്നാ അപ്പച്ചന്‍ പഠിപ്പിച്ചിരുന്നതെന്നും പറ..“

“നീ പിന്നേം ഊതുവാണോ..”

“എടാ പോയി സോറി പറയാന്‍.. ഛേ ഇവനെക്കൊണ്ട് തോറ്റല്ലോ കര്‍ത്താവേ..”

“അളിയാ നീ കൂടിവാ..എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ഒരു ഒരു...”

“സോറി..ഇന്നുച്ചയ്ക്ക് ഞാന്‍ അല്പം ബിസിയാണ്. മാത്രമല്ല ഇതുപോലെയുള്ള ചീളുകേസുകളില്‍ ഇടപെടാന്‍ തീരെ താല്പര്യവുമില്ല..”

“എന്തു ബിസി..അളിയാ പ്ലീസ്..”

“ഫിസിക്സിലെ ദില്‍‌ഷാദ് ബീഗത്തിന് ഒരു കവിതയെഴുതി കൊടുക്കാം എന്ന് വാക്കുകൊടുത്തുപോയി..പ്രോജക്ട് ഡിലേ അക്കുന്നത് മോശമല്ലേ.”

“ഓഹോ..എന്നിട്ടെഴുതിയോ...”

“കസ്തൂരീ തിലകം ലലാടഫലകേ വക്ഷസ്ഥലേ കൌസ്തുഭം.. ബാക്കി എഴുതിക്കൊണ്ടിരിക്കുവാ!!. പേഴ്സണല്‍ കാര്യത്തില്‍ ഇടപെടാതെ പോയി പണിനോക്കെടാ!!!”


പരീക്ഷകള്‍ക്കും അവധികള്‍ക്കുമൊക്കെ ഇടയില്‍ വെറും തമാശയായി വാസവദത്ത എപ്പിസോഡ് തേഞ്ഞുമാഞ്ഞുപൊയി.

ഹരിപ്രിയ പിന്നെയും പലരുടേയും സ്വപ്നങ്ങളിലേക്ക് കൊലുസുകിലുക്കി വണ്ടിയിറങ്ങി... കയറി....പിന്നെയും ഇറങ്ങി...

ചോക്കുപൊടിയുടെ നനുത്തഗന്ധം പടര്‍ന്നുകയറിയ ഒരു വൈകുന്നേരം ക്ലാസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാ‍ണ് ഹരിപ്രിയ എന്നെ വിളിച്ചത്..

“എനിക്ക് നിന്‍‌റെ ഒരു സഹായം വേണം..”

“പറഞ്ഞോളൂ.. കാശുചിലവില്ലാത്തതാവണം എന്നൊരു കണ്ടീഷന്‍ മാത്രം...”

“നിന്‍‌റെ ആ നീല ഷര്‍ട്ടിങ്ങോട്ട് വേണം.. ഒറ്റ ദിവസത്തേക്ക്...”

“മനസിലായില്ല..”

“മറ്റന്നാള്‍ ഹോസ്റ്റല്‍ ഡേയല്ലേ.. ഞങ്ങളുടെ ഒരു പ്രൊഗ്രാം ഉണ്ട്.. ആണ്‍‌വേഷം ഞാനാ കെട്ടുന്നെ... ഒരു ബ്ലൂ ഷര്‍ട്ട് വേണം.. വീട്ടില്‍ ചെന്നാല്‍ ബ്രദറിന്‍‌റെ എടുക്കാം.. പക്ഷേ ഇനി പോകാന്‍ സമയമില്ല.. തല്‍ക്കാലം നിന്‍‌റെ ഷര്‍ട്ട് മതി... നാളെത്തന്നെ വേണം”

“എടീ പെണ്ണേ അത് മാസങ്ങള്‍ പഴകിയ സാധനമാ... അത് നീ ഇടുവാന്നൊക്കെ പറഞ്ഞാല്‍ ഛേ... നീയൊരു നിലയും വിലയും ഒക്കെയുള്ള പെണ്ണല്ലേ...”

ഒടുവില്‍ ഞാന്‍ തോറ്റു..

പഴയ കടലാസ് പൊതി പിറ്റേന്ന് കൈമാറുമ്പോള്‍ ഞാന്‍ പറഞ്ഞു

“ഇതിനി തിരികെ വേണ്ടാ... കാലാവധി കഴിഞ്ഞ സാധനമാ... വല്ല പാവലിനും കോലമായിട്ട് ഉപയോഗിക്കാം.. പകരം ഭാവിയില്‍ എനിക്കൊരു ബ്രാന്‍ഡഡ് ഷര്‍ട്ട് വാങ്ങിത്തന്നാ മതി..”

ഹരിപ്രിയ പുഞ്ചിരിച്ചു.. ചോക്കുപൊടിയുടെ ഗന്ധമുള്ള പുഞ്ചിരി..

“ഹാ‍...............ഛീ...................”
പോങ്ങുവിന്‍‌റെ തുമ്മല്‍ കേട്ട് ഓര്‍മ്മകളുടെ പിടിവിട്ട് ഞാന്‍ ഉണര്‍ന്നു..

“വല്ലാത്ത പൊടി മനുമാഷേ... “

“ചോക്കുപൊടിയാണോ മാഷേ.....”

“നെടുമങ്ങാട് ബ്രാഞ്ച് തന്നെയാണല്ലോ അല്ലെ...”

“എന്നാ അറിഞ്ഞത് മാഷേ...ഇനിയും ദൂരമുണ്ടോ...”

“കുറെ പോകണം... എങ്ങനെ തപ്പിപ്പിടിച്ചു മാഷേ...“

“ഒരു ചെറിയ ഇന്‍‌വെസ്റ്റിഗേഷന്‍.. അന്നത്തെ ഒരു സഹബഞ്ചനെ കണ്ടിരുന്നു കഴിഞ്ഞാഴ്ച... അവനാ പറഞ്ഞത്..ഹരിപ്രിയ ബാങ്കില്‍ ജോലികിട്ടിപ്പോയെന്നും ഇപ്പോ നെടുമങ്ങാട് ബ്രാഞ്ചിലെ ഓഫീസര്‍ ആണെന്നുമൊക്കെ.. നോക്കാം നമുക്ക്.... ഒരു ഷര്‍ട്ട് കിട്ടുന്ന കാര്യമല്ലേ.... അത് കളയേണ്ട....”

“ഉവ്വ ഉവ്വ...അല്ലാതെ പഴയ കാര്യം പറഞ്ഞ് പഞ്ചാര അടിക്കാനല്ല..”

“മാന്യന്മാരെ പറ്റി പോക്രിത്തരം പറയരുത്.. വണ്ടി നേരെ നോക്കിയോടിക്ക് മനുഷ്യാ.....”

* * *

നെടുമങ്ങാട് ബ്രാഞ്ചിലെ വരാന്തയിലൂടെ ഞാന്‍ മെല്ലെ നടന്നു..

കാതുകളില്‍ പഴയ ക്യാമ്പസിലെ ബഹളം
മഴ
ചോക്കുപൊടികളുടെ ഗന്ധം
മുല്ലപ്പൂവില്‍ അലിഞ്ഞുചേരുന്ന കൊച്ചുവര്‍ത്തമാനത്തിന്‍‌റെ തൂവലുകള്‍.
സമരം
കുസൃതിപ്പാട്ടുമൂളുമ്പോള്‍ ചവച്ചു തിന്നുന്ന പുല്‍നാമ്പുകളുടെ രുചി..
ഹരിപ്രിയയുടെ കൊലുസിന്‍‌റെ കിലുക്കം..
ആണ്‍‌വേഷം കെട്ടി അവള്‍ പറയുന്ന ഡയലൊഗുകള്‍
അവളിട്ടിരിക്കുന്ന നീല ഉടുപ്പ്...അതിലെ വിയര്‍പ്പ്....


ആളൊഴിഞ്ഞ കൌണ്ടറിലെ സ്ത്രീയുടെ അടുത്തേക്ക് ചെന്നു..

“ഇവിടെ ഒരു ഹരിപ്രിയ..”

“ഹരിപ്രിയ പോയല്ലോ..”

“എങ്ങൊട്ട് മാഡം..?”

“ജോലി റിസൈന്‍ ചെയ്ത് ഹസ്‌‌ബന്‍ഡിനോടൊപ്പം പോയി.. ഇപ്പോ സിഡ്‌നിയില്‍.....”

“കോണ്ടാക്ട് ഡീറ്റെയില്‍‌സ് വല്ലതും..ലൈക് ഇമെയില്‍...”

“സോറി.”

പടിയിറങ്ങി

ഒരു ഡെസ്കിന്‍‌റെ വലത്തെ കോണില്‍ മാ‍റ്റിവക്കപ്പെട്ട നെയിം ബൊര്‍ഡുകള്‍..

പണ്ട് ക്ലാസ് മുറിയില്‍ പ്രൊഫസറുടെ കണ്ണുവെട്ടിച്ച് ഇളകിയാടുന്ന മുടിയിലെക്ക് നോക്കിയപോലെ ഒന്നു നോക്കാന്‍ ശ്രമിച്ചു..

പല ബോര്‍ഡുകള്‍ കുന്നുകൂടി മറച്ച ഒരു പേരിന്‍‌റെ ആദ്യാക്ഷരങ്ങള്‍ കണ്ണു കണ്ടുപിടിച്ചു

‘HAR.........'

ഡോറുതുറന്ന്, ആകാംഷയോട് കാത്തിരുന്ന പോങ്ങുവിന്‍‌റെ അടുത്തേക്ക് ഞാന്‍ ചാടിയിരുന്നു.

“എന്തായി....എന്തായി...”

“പൊക്കളായാം.....“

പോങ്ങു പുഞ്ചിരിച്ചു.

വെയിലിലെക്ക് വണ്ടി നീങ്ങി..

“പോങ്ങു.. ദൈവത്തിന്‍‌റെ യഥാര്‍ഥ ഉദ്ദേശം എന്താ... മണ്ണും, മഴയും, വായുവും, വിശപ്പും, ആഹാരവും, ജനനവും, മരണവും, സ്നേഹവും, വിരഹവും എല്ലാം തന്ന് പുള്ളിക്കാരന്‍ നമ്മളെ പോറ്റുന്നതിന്‍‌റെ പിന്നിലെ രഹസ്യം എന്താ.. ഇതുകൊണ്ട് അദ്ദേഹത്തിനു എന്താ ഒരു ഗുണം.. എന്താ ഒരു പ്രയോജനം.. “

“ഇതു തന്നെയാ മാഷേ മൂന്നാലു ദിവസമായി ഞാനും ആലോചിക്കുന്നത്..അല്ല.. എന്താ ഒരു പ്രയോജനം...”

മന്ദഹാസങ്ങള്‍ക്കിടയിലേക്ക് ഒരു എസ്.എം.എസ് എനിക്ക് വന്നു..

ഫ്രം ബാംഗ്ലൂര്‍ ഓഫീസ്... ജോയ് ആലുക്കാസിന്‍‌റെ പരസ്യം എന്തായി....

ഉടനെ മറുപടി അയച്ചു... ‘രണ്ടു മണിക്കൂറിനുള്ളില്‍ ശരിയാവും....ഉറപ്പ്...”

വന്‍‌കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന്ന് ഹരിപ്രിയ എന്‍‌റെ മനസിലേക്ക് ഒരു വാചകം എഴുതിയിട്ടു....

“ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്....”