Monday, 10 March 2008

ഷീബ.. ഷീ വാസ്‌ റീഗല്‍

"എവരി ബോഡി കണ്ടിന്യൂസ്‌ ഇറ്റ്‌സ്‌ സ്റ്റേറ്റ്‌ ഓഫ്‌ റസ്റ്റ്‌ ഓര്‍ ഓഫ്‌ യൂണീഫോം മോഷന്‍, അണ്‍ലസ്‌ ഇറ്റീെസ്‌ കമ്പല്‍ഡ്‌ ബൈ ആന്‍ എക്‌സ്‌റ്റേണല്‍ ഫോഴ്‌സ്‌.. "

വര്‍ഗീസ്‌ കുര്യന്‍ സാറ്‍ ന്യൂട്ടന്‍റെ ചലനസിദ്ധാന്തം ഉഷാറായി പഠിപ്പിക്കുന്നു, മുന്നിലിരിക്കുന്ന വിനീതശിഷ്യര്‍ ഉറക്കത്തിന്‍റെ ഗതികോര്‍ജ്ജത്തെ ഒന്നു തടഞ്ഞുനിര്‍ത്താന്‍ ഒരു എക്‌സ്‌റ്റേണല്‍ ഫോഴ്സിനുവേണ്ടി കാത്തിരിക്കുന്നു.

"അതായത്‌ ഏതൊരു വസ്തുവും അതിന്‍റെ സ്ഥിരാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടര്‍ന്നുകൊണ്ടേയിരിക്കും വേറൊരു ബാഹ്യശക്തി അതിനെ തടയുന്നതുവരെ...." ഈശ്വരാ... സാറിന്‍റെ ട്രാന്‍സ്ളേഷനെങ്കിലും ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?

"മനസിലായോ.... "

'ഓ.. ഇല്ലെങ്കിലും ഈ ലോകത്തിന്‍റെ സ്ഥിരാവസ്ഥയ്ക്ക്‌ വല്യ മാറ്റമൊന്നും വരത്തില്ലല്ലോ സാറേ' എന്ന മട്ടില്‍ ക്ളാസില്‍ മൌനം

"ഒരു ഉദാഹരണം പറയാം. മൂന്നാമത്തെ ബെഞ്ചിന്‍റെ അങ്ങേയറ്റത്തിരിക്കുന്ന മനു ഗോപാലകൃഷന്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലേക്ക്‌ വായിനോക്കി തന്നെ ഇരിക്കും, ദാ ഈ ചോക്ക്‌ ചെന്ന് അവന്‍റെ മൂക്കാംപട്ട തകര്‍ക്കുന്നതു വരെ... "

പൊട്ടിച്ചിരികള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഞാന്‍ പെട്ടെന്നു തലതിരിച്ചു.

മുരിങ്ങമംഗലത്തപ്പാ.. ദാ ചോക്കുകഷണം റോക്കറ്റ്‌ പോലെ പാഞ്ഞു വരുന്നു എന്‍റെ നേര്‍ക്ക്‌!!

ചോക്കു കൊണ്ടാല്‍ പെനാല്‍റ്റിയുണ്ട്‌. അതാണ്‌ വര്‍ഗീസ്‌ സാറിന്‍റെ ലോ ഓഫ്‌ മോഷന്‍. സാറു പറഞ്ഞുനിര്‍ത്തിയ ഭാഗം ഏറുകൊണ്ടവന്‍ എഴുന്നേറ്റുനിന്ന് പറയണം. സാധാരണ ഉറങ്ങുന്നവന്‍മാര്‍ക്കെതിരെയാണീ പ്രയോഗം.. ഇന്നിത്‌ പെണ്ണുകേസിനായി എന്നു മാത്രം.

സാനിയമിശ്ര സ്മാഷടിക്കുന്നപോലെ ഞാന്‍ അറഞ്ഞൊന്നു കുനിഞ്ഞു. ചോക്കുമിസൈല്‍ എന്‍റെ തലയ്ക്ക്‌ തൊട്ടുമുകളിലൂടെ പാഞ്ഞ്‌ പുറകിലെ ബെഞ്ചില്‍, കുമ്പഴസരസിലെ നയനമനോഹരമായ വെള്ളിത്തിരയില്‍ അഭിലാഷയുടെ ഫസ്റ്റ്‌ ലോ ഓഫ്‌ മോഷന്‍ സ്വപ്നം കണ്ടുറങ്ങുന്ന ലിജോ മാത്യുവിന്‍റെ മൂക്കിന്‍റെ സെന്‍റര്‍ ഓഫ്‌ ഗ്രാവിറ്റില്‍ ഒരു വെള്ളപ്പൊട്ടു തൊട്ടു നിലംപതിച്ചു.
'അഭിലാഷയേ ഞാനിപ്പവരാമേ എങ്ങും പോവല്ലേ' എന്ന് ആത്മഗതം ചെയ്ത്‌ ലിജോ ചാടിയെണീറ്റു.

കര്‍ത്താവേ കുരിശായല്ലോ എന്ന ഭാവം മുഖത്ത്‌.

"എവെരിബെഡി...ആങ്ങ്‌....മോഷന്‍...." ഉറക്കത്തില്‍ ക്യാച്ചു ചെയ്ത സുപ്രധാന ഭാഗങ്ങള്‍ പെനാല്‍റ്റിയയി ലിജോ ഉരുവിടുമ്പോള്‍, പെണ്‍കുട്ടികളുടെ ബെഞ്ചില്‍ നിന്നും അലറിച്ചിരി.

കുര്യന്‍ സാറിന്‍റെ പ്രൈമറി ഇരയായിരുന്ന ഞാന്‍ പോലും പെണ്ണുകേസു മറന്നു പൊട്ടിച്ചിരിച്ചിട്ടും ലിജോയ്ക്ക്‌ കാര്യം മനസിലാവുന്നില്ല.. അവന്‍ പിന്നെയും തപ്പുകയാണ്‌.

"അണ്‍ലസ്‌ കമ്പല്‍......... "

"കമ്പല്‍.. കമ്പിളി.. നിണ്റ്റെ അമ്മായിയപ്പനെ പൊതപ്പിക്കാം. വാടാ ഇവിടെ...." സാറ്‍ അലറുന്നു.

ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ്‌ ചെയ്തുകൊണ്ട്‌, 'അല്ലാ..ആക്ച്വലി ഞാന്‍ വരണോ സാറേ' എന്ന പരുങ്ങലില്‍ പമ്മി പമ്മി പ്ളാറ്റ്ഫോമിലേക്ക്‌ ലിജോ നടന്നു.

"നിന്‍റെ മട്ടും ഭാവോം കണ്ടാല്‍ ഐ.എ.എസ്‌ അക്കാഡമിയിലെ ലാസ്റ്റ്‌ ഡേയില്‍ വന്നപോലുണ്ടല്ലോടാ.. അവന്‍‌റെയൊരു ഞൊറിയന്‍ പാന്‍റും പളപള ഉടുപ്പും.. "

'അസൂയ അസൂയ കൊച്ചുകള്ളാ' എന്ന റിപ്ളെ ചിരിയിലൂടെ കൊടുത്ത്‌ ലിജോ മുഖം ചൊറിഞ്ഞു.

'എന്തായാലും ഞാന്‍ രക്ഷപെട്ടല്ലോ' എന്നോര്‍ത്തു നെടുവീര്‍പ്പിട്ടുകൊണ്ട്‌ ഞാന്‍ തൊട്ടടുത്തിരിക്കുന്ന ഇന്ദുലാലിനെ നോക്കി.

അവന്‍ അടുത്ത അവറിലെ അനലറ്റിക്കല്‍ ജ്യോമട്രി ക്ളാസിനു വേണ്ടിയുള്ള തയ്യറെടുപ്പിലാണ്‌.
ട്യൂഷന്‍ ക്ളാസില്‍ നിന്നും ആരോ കൊടുത്ത ഒരു ഇംഗ്ളീഷ്‌ കൊച്ചു പുസ്തകത്തിലെ തുണിയുടുക്കാത്ത മദാമ്മയെ പല ആംഗിളുകളില്‍ അനലൈസ്‌ ചെയ്യുകയാണ്‌. ചില പേജുകളില്‍ നോക്കുമ്പോള്‍ നെഞ്ചിടിപ്പ്‌ എനിക്കു വരെ കേള്‍ക്കാം.

"ശരിക്കു പഠിക്ക്‌.. സാറു ചോദ്യം ചോദിക്കും. ഒന്നും തെറ്റിക്കല്ലേ... " ഞാന്‍

"വേണോ.... "

"വച്ചേര്‌.. വൈകിട്ട്‌ വാങ്ങിച്ചോളാം.. "

"ഇന്നു പറ്റില്ല.. തോമാച്ചന്‍ ആള്‍റെഡി ബുക്ക്‌ ചെയ്തു. ഫോട്ടോസ്റ്റാറ്റ്‌ എടുത്തിട്ട്‌ നാളെ തരാമെന്നു പറഞ്ഞു.. "

"എടാ.. തൊരപ്പാ... എന്താ നിന്‍റെ ഉദ്ദേശം.... " കുര്യന്‍ സാറ്‍ അലറിയപ്പോള്‍ ഇന്ദുലാല്‍ ഞെട്ടി മുഖമുയര്‍ത്തി.

"തൊരപ്പാ എന്ന് കേട്ടപ്പോ നീ എന്തിനാ നോക്കിയത്‌. അത്‌ ലിജോയെ വിളിച്ചതാ.. നീ പേജുമറി പേജുമറി"

"എടാ എന്തു പാച്ചാനാടാ നീ ഒക്കെ കോളജില്‍ വരുന്നത്‌.. പറേടാ.. ക്ളാസില്‍ ഇരുന്നുറങ്ങാന്‍ നിനക്കെന്താ രാത്രീ കോഴിമോഷണമാണോ പണി... "

'എന്നെ പറഞ്ഞാ ഞാന്‍ സഹിക്കും. എന്‍റെ കുലത്തൊഴിലിനെ പറഞ്ഞാല്‍ ഇടിച്ചു കൂമ്പുവാട്ടും' എന്നു കണ്ണുകൊണ്ട്‌ മറുപടികൊടുത്ത്‌ ലിജോ മറ്റേക്കവിളിലേക്ക്‌ ചൊറിച്ചില്‍ മാറ്റി.

വാതിലിനു മുന്നില്‍ ഒരാള്‍ക്കൂട്ടം..

കൈയില്‍ പ്രകടനപത്രികയുമായി ഹിസ്റ്ററിയിലെ ഉബൈദും, അവനു വോട്ടുപിടിച്ചുകൊടുക്കാന്‍ സകല സഹപാഠികളും കൂടെ..

പത്താം ക്ളാസ്‌ പരീക്ഷയ്ക്ക്‌ ഹിസ്റ്ററിയ്ക്ക്‌ പതിനേഴരമാര്‍ക്ക്‌ മാത്രം നേടിയ ലിജോ, അന്നാദ്യമായി ആ വിഷയത്തെ ബഹുമാനിച്ചു കാണും കാരണം ഇവന്‍മാര്‍ വന്നതുകൊണ്ടാണല്ലോ കുര്യന്‍ സാറ്‍ ക്ളാസ്‌ മതിയാക്കി വെളിയിലേക്കിറങ്ങിയത്‌.

പ്രൈവറ്റ്‌ ബസിലെ യാത്രക്കാരനെപ്പോലെ തലയ്ക്ക്‌ മുകളില്‍ കൈ കൂപ്പിപ്പിടിച്ച്‌ ഉബൈദും, പ്രസന്ന വദനരായി അണികളും ക്ളാസിലേക്ക്‌ പടര്‍ന്നു കയറി.

ഇന്ദുലാല്‍ പുസ്തകം മടക്കി.

ഞാനും ഉഷാറായി..

ഹാവൂ.. എന്തൊരു സുഖം. സകല പെണ്‍കിടാങ്ങളും ഉണ്ട്‌.

പട്ടുപാവാടയുടുത്തവര്‍, ദാവണിയിട്ടവര്‍, കോട്ടണ്‍ സാരിയുടെ കസവുടച്ചു സുരഗീതം പൊഴിക്കുന്നവര്‍..

മഴയ്ക്കുള്ള ലക്ഷണവുമായി ആകാശം കറുത്തിരുന്നു. കുളിരുള്ള കാറ്റ്‌ കാമ്പസ്‌ വഴി ക്ളാസിലേക്ക്‌ ചാടിക്കയറുന്നു.
പെണ്‍കിടാങ്ങളുടെ മുടിയിലെ മുല്ലപ്പൂമണം എന്നെ കോരിയെടുത്തു.

'മനുഷ്യജന്‍മം.. അതെത്ര മനോഹരമാണു മച്ചമ്പീ' ഞാന്‍ താടിയ്ക്ക്‌ കൈകൊടുത്ത്‌ പാതി കണ്ണടച്ചു

'വട്ടമുഖക്കാരി മീരയെ നോക്കണോ
പൊട്ടിട്ട മജ്ഞുളാനായരെ നോക്കണോ
കട്ടിപ്പുരികമുള്ളര്‍ച്ചനേ നോക്കണോ
കുട്ടിയുടുപ്പിട്ട മീനയെ നോക്കണോ
എന്ന മള്‍ട്ടിപ്പിള്‍ കണ്‍ഫ്യൂഷന്‍ അടിക്കുമ്പോഴാണ്‌ ഒരു വിളി സൈഡില്‍ നിന്ന്.

"എടാ...... " ചെമ്പകപ്പൂവുപോലൊരു ചിരിച്ചുകൊണ്ട്‌ ലേഖാ ഉണ്ണിത്താന്‍

"ങേ.... നീയുമീക്കൂട്ടത്തിലുണ്ടാരുന്നോ. അതാണീ മഴക്കോളിനൊരു പ്രത്യേക സൌന്ദര്യം

അധരം മധുരം വചനം മധുരം
മധുരാംഗന മതി മുഖവും മധുരം
നടനം മധുരം നയനം മധുരം
നളിന തനൂ തവ മുടിയും മധുരം... "

"നിര്‍ത്തെടാ തോന്ന്യാസം. നിന്‍റെ വോട്ട്‌ ഉബൈദിനല്ലേ..പ്രത്യേകം പറയേണ്ടല്ലോ.. പിന്നെ കുറെ.. "

"വോട്ട്‌ ഈ ക്ളാസില്‍ നിന്ന് പിടിച്ചു തരണം. അതല്ലേ മതിമോഹിനി നീ ഉദ്ദേശിച്ചത്‌"

"അതേ.. എന്താ പറ്റില്ലേ... "

"പറ്റും.. തീര്‍ച്ചയായും പറ്റും. അതിനു മുമ്പു എന്‍റെ ആപ്ളിക്കേഷന്‍റെ കാര്യം എന്തായീ എന്നു പറ"

"എന്തോന്ന്?"

"ആപ്ളിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ്‌ ഓഫ്‌ ബോയ്ഫ്രണ്ട്‌.. വല്ലോം നടക്കുമോ. അല്ലെങ്കില്‍ അടുത്ത വണ്ടിക്ക്‌ കൈ കാണിക്കാനാ"

"നിര്‍ത്തെടാ....... ഇന്ദുലാലേ.. വോട്ട്‌ ഞങ്ങള്‍ക്ക്‌. മറക്കല്ലേ.. " പ്രകടനപത്രിക ആവേശപൂര്‍വം വായിക്കുന്ന ലാലിനോട്‌ അവള്‍

"ആദ്യം ഇവനീ പത്രിക ഒന്നു നോക്കട്ടെ. കുമ്പഴ സരസ്സിലേക്ക്‌ ഫ്രീ ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഗ്ദാനം ഉണ്ടെങ്കില്‍ ഒന്നല്ല പത്ത്‌ വോട്ട്‌ ഇവന്‍ തരും.. "

"റെന്നീ പ്ളീസ്‌....." അടുത്ത അഭ്യര്‍ഥന റെന്നി ജോയിയോട്‌.

"ഇവന്‍റെ വോട്ടും പക്കാ. പക്ഷേ സരസിന്‍റെ മുന്നിലെ കുലുക്കിക്കുത്തുകാരെ തുരത്താം എന്ന പ്രോമിസ്‌ ഉണ്ടേല്‍. കഴിഞ്ഞ ആഴ്ച ഇവന്‍ ഒരു വാച്ചാ അവന്‍മാര്‍ക്ക്‌ കൊണ്ടു കൊടുത്തത്‌"

"നീ വായടയ്ക്കുന്നുണ്ടോ.. ലിജോയൊടു പിന്നെ ചോദിക്കേണ്ട കാര്യമില്ലല്ലോ അല്ലേ ലിജോ.. "

"അതുനേരാ. ഇലക്ഷന്‍ വെള്ളിയാഴ്ച അല്ലല്ലോ. അതുകൊണ്ട്‌ അന്നവന്‍ കോളജില്‍ വരും " മീശയില്‍ ആഞ്ഞുതിരുമ്മിക്കൊണ്ട്‌ ഞാന്‍.

പ്രചരണസംഘം മുറിവിട്ടുപോയതും മണിയടിച്ചതും പന്ത്രണ്ടുമണിയായതും എത്രപെട്ടെന്നാ. ഐന്‍സ്റ്റീനിന്‍റെ റിലേറ്റിവിറ്റി തിയറി എത്ര സത്യം കര്‍ത്താവേ. പത്തുസുന്ദരികള്‍ അടുത്തുണ്ടെങ്കില്‍ മണിക്കൂറുകള്‍ നിമിഷങ്ങള്‍ ആയിത്തോന്നും. ഗീവര്‍ഗീസ്‌ സാറിന്‍റെ ക്ളാസില്‍ ഇരുന്നാല്‍ മിനുട്ടുകള്‍ ദിവസങ്ങായി തോന്നും. ഹോ.. സത്യം പരമസത്യം ഐന്‍സ്റ്റീന്‍ മാഷെ.

വിചാരിച്ചു തീര്‍ന്നില്ല. ദാ എത്തി ഗീവര്‍ഗീസ്‌ പുണ്യാളച്ചന്‍.

പൊളപ്പന്‍ ജുബ്ബയും, നരയന്‍ മീശയും.

'ഗുഡാഫ്റ്റര്‍ നൂണ്‍ സാ.......ര്‍... " കോറസ്‌

“ആ..ഗുഡാഫ്റ്റര്‍ നൂണ്‍.." ഇന്നെന്താണാവോ സാറിനൊരു പിക്കപ്പില്ലായ്മ. മിസ്സിസ്‌ ഗീവര്‍ഗീസ്‌ രണ്ട്‌ ഇഡ്ഡലി കുറച്ചാണോ കൊടുത്തത്‌.

വന്നപാടെ ബോര്‍ഡില്‍ പറപ്പന്‍ ഒരു പരാബൊള വരച്ച്‌ എന്തോ മഹാകാര്യം സാധിച്ചപോലൊരു ചിരി.

തൊടങ്ങി.

പരാബൊളയുടെ ആക്സിസും ടാന്‍ജന്‍റും.

അയ്യപ്പാ ഇതൊക്കെ പഠിച്ചിട്ടാര്‍ക്കെന്തു പ്രയോജനം.
'ഇതിന്‍റെ ഏതെങ്കിലും ഒരു പ്രാക്ടിക്കല്‍ യൂസ്‌ പറയാമോ സാറേ' എന്ന് ഒരിക്കന്‍ ഞാന്‍ ചോദിച്ചപ്പോള്‍ 'റോക്കറ്റ്‌ വിക്ഷേപണത്തിലൊക്കെ ഈ കാല്‍ക്കുലേഷന്‍ ഉപയോഗിക്കുന്നുണ്ട്‌' എന്ന് ഒരു വഴവഴാ ആന്‍സര്‍ തന്നു സാറുതന്നെ തടിതപ്പിയതാണ്‌.

'പരാബൊള അവിടെ കിടക്കട്ടെ. ദാ നോക്ക്‌ ആ വസന്തകുമാരിയ്ക്ക്‌ എന്തൊരു നാടന്‍ ലുക്കാ. ആ ചിരി നോക്കെടാ ' എന്ന് മനസില്‍ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ട്‌. ചോക്കേറ്‌ ഓര്‍ത്തപ്പോള്‍ 'പോടേ പോടേ' എന്ന് മറുപടി കൊടുത്തു.

സമയം പന്ത്രണ്ട്‌ പതിനഞ്ച്‌.

ബിനും എം.സിയും സന്തീപ്‌ ജേക്കബും കൂടി ഇപ്പോള്‍ ഗര്‍ഭം കലക്കി ഗുണ്ടിനു തീ കൊളുത്താന്‍ തീപ്പെട്ടി ഉരച്ചുകാണും.

ഗീവര്‍ഗീസ്‌ സാറിനെ ഒന്നു വിരട്ടാന്‍ പലവഴി ആലോചിച്ചപ്പോള്‍ ഉരുത്തിരുഞ്ഞു വന്ന മോസ്റ്റ്‌ പ്രാക്ടിക്കല്‍ ആന്‍ഡ്‌ കോസ്റ്റ്‌ എഫക്ടീവ്‌ ഐഡിയാ ആയിരുന്നു അത്‌. ചില വ്യക്തിപരമായ ഈഗോ ക്ളാഷുകള്‍ സാറുമായി എനിക്കുണ്ടായിരുന്നതുകൊണ്ട്‌, ഈ ദൌത്യത്തിന്‌ രണ്ടു രൂപ ഞാനും സംഭാവന ചെയ്തതാണ്‌. ക്ളാസിനു തൊട്ടുതാഴെയുള്ള ഇറക്കത്ത്‌ കൃത്യം പന്ത്രണ്ടേകാലിനു ഗുണ്ടിനു തീ കൊളുത്തുന്നു. മുങ്ങുന്നു. ഇലക്ഷന്‍ കോലാഹലം ആയതിനാല്‍ അന്വേഷണവും മറ്റും ഉണ്ടാവുകയുമില്ല.. ഇതായിരുന്നു മിഷന്‍.

സകല ആണ്‍പ്രജകളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്‌.

അസ്വാഭാവികത വരാതിരിക്കാന്‍ മന:പ്പൂര്‍വം ഞെട്ടാന്‍ ഫ്രണ്ട്‌ ബഞ്ചിലെ മാന്യന്‍മാര്‍ക്ക്‌ സ്പെഷ്യല്‍ ഇന്‍സ്ട്രക്ഷന്‍ കൊടുത്തിരുന്നു.

പരാബൊളയുടെ എഡ്ജ്‌ അത്ര പോരാ എന്നു തോന്നി, കൃതാവു ലെവല്‍ നോക്കുന്ന ബാര്‍ബറെ പോലെ ബോഡി അല്‍പം കുനിച്ച്‌, ചോക്കുകൊണ്ട്‌ ഒരു ഫിനിഷിംഗ്‌ വരുത്തി നില്‍ക്കുമ്പോഴാണ്‌, മന:പൂര്‍വം ഞെട്ടാന്‍ തയ്യാറായി ഇരുന്നവരെപ്പോലും നാച്ചുറലായി ഞെട്ടിച്ചുകൊണ്ട്‌ സ്ഫോടനം കേട്ടത്‌.

"ഭും............. !!!!!!!!!"

"ഹീശോയേ.............!!!!! "

കുനിഞ്ഞ പോസില്‍ത്തന്നെ റിവേഴ്സ്‌ ഗീയറില്‍ ഒരു തവളച്ചാട്ടം നടത്തി പുണ്യാളന്‍ സാറു വെളിയിലേക്ക്‌ കുതിച്ചതും അതേകുതിപ്പില്‍ തിരികെ വന്ന് കണ്ണടയെടുത്ത്‌ ഡബിള്‍ കുതിപ്പില്‍ പിന്നെയും പോയതും ഒന്നും ചിരിച്ചു മണ്ണുകപ്പുന്നതിനിടയില്‍ ഞാന്‍ കണ്ടതേയില്ല..

ചിരികള്‍ പിന്നെയും ഒഴുകി.

കൌമാരത്തിന്‍റെ പടവു കയറിക്കഴിഞ്ഞ കുസൃതികളുടെ പൊട്ടിച്ചിരി.

പുറത്തെ ഇരുണ്ട വാനം സന്തോഷത്തോടെ ഏറ്റുവാങ്ങിയ ചിരി..

ആ ചിരികള്‍ക്കിടയില്‍ വേറിട്ട ഒരു മുഖം ഉണ്ടായിരുന്നു.

ഒരു കുസൃതിയ്ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത ക്ളാസിലെ ഒരേയൊരു മുഖം.

ഹാഫ്‌ സാരിയില്‍, മൌനത്തില്‍ തളഞ്ഞു കിടന്ന, ഞാന്‍ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്ന ഒരാളുടെ മുഖം.

ഷീബ ജോണിയെന്ന, പൊട്ടിടാത്ത, വളയിടാത്ത, കൃസ്ത്യാനിപ്പെണ്ണിന്‍റെ മുഖം.

'മറിയമേ നീ ഭാഗ്യവതീ ഭാമിനിമാരില്‍
ദൈവപുത്രന്‍ നിന്നില്‍ നിന്നില്‍ വന്നങ്ങവതരിച്ചല്ലോ
ഷീബയെ നീ ഭാഗ്യവതി കാമിനി മാരില്‍
മാഘമാസം നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ'

ഒരിക്കല്‍ കോളജ്‌ ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ ആരോടും മിണ്ടാതെ നിന്നിരുന്ന ഷീബയുടെ അടുത്തുചെന്നു ഞാനിതു പാടിയപ്പോള്‍, വെളിയില്‍ ചാറ്റല്‍മഴ പെയ്തിരുന്നു.

"എന്‍റെ ഷീബേ ഈ വളിപ്പു കേട്ടിട്ടെങ്കിലും നീ ഒന്നു ചിരിക്ക്‌. എന്താ നീയിങ്ങനെ. ആരോടും മിണ്ടാതെ.. ഒന്നും പറയാതെ. ക്യാമ്പസ്‌ ബഹളങ്ങളില്‍ പങ്കുചേരാതെ... "

"ഒരാളെങ്കിലും അത്‌ ചോദിച്ചല്ലോ. ബഹളവും ആഘോഷങ്ങളുമൊക്കെ വലിയവര്‍ക്കുള്ളതല്ലേ മനു. തൊട്ടാവാടിപ്പൂക്കളെ ആര്‍ക്കുവേണം. മണമില്ല. കൂടെ ആരുമില്ല.. പറിക്കാന്‍ ചെന്നാല്‍ നിറയെ മുള്ളും.. "

"ഇടയ്ക്കൊക്കെ ഒന്നു ചിരിച്ചൂടെ മാഷേ. ഞാനടക്കം ഈ ചിരിക്കുന്നവരൊക്കെ ഹൈക്ളാസാന്നാ നിന്‍റെ വിചാരം. ഒഴുകുമ്പോള്‍ ചുമ്മാ കൂടെ ഒഴുകുക. അത്രതന്നെ. "

"ഒരു വലിയ ജീവിതം ഞാന്‍ ഒഴുക്കുന്നുണ്ട്‌. അതുമതി. അതിനിടയില്‍ ചിരിക്കാന്‍ തോന്നാറില്ല. "

"ഒരു നക്സലൈറ്റ്‌ ലുക്കാണല്ലോ നിനക്ക്‌. ആഭരണങ്ങളില്ല. ആഡംബരമില്ല. കണ്ണുകളില്‍ എന്തിനെയൊക്കെയോ തോല്‍പ്പിച്ച തിളക്കം. അല്ലെങ്കില്‍ ഒന്നിനും തോല്‍പ്പിക്കാന്‍ പറ്റാത്തതിന്‍റെ വിജയത്തിളക്കം. അല്ല.. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ.. "

"അതെ. തോല്‍ക്കില്ല ഞാന്‍. ഒരിടത്തും. പ്രായം ഇരുപതേ ഉള്ളേലും മനസ്‌ അതിലൊക്കെ വലുതാ. അതോണ്ട്‌. തോല്‍ക്കില്ല.. "
ഷീബയുടെ കണ്ണില്‍ ഒരിടത്തും കാണാത്ത വേലിയേറ്റങ്ങള്‍. തീ പൊള്ളുന്ന വേലിയേറ്റങ്ങള്‍.

അരമതിലില്‍ ഞങ്ങളിരുന്നു.

"പറ. എന്നോട്‌ പറ.. ഈ തീക്കനലിനെ അടുത്തറിയണം എന്നൊരു തോന്നല്‍ കൊണ്ടു ചോദിക്കുവാ. നീ എങ്ങനെ നീയായി. "

ചെത്തിവരുന്ന ക്യാമ്പസ്‌ കാറ്റും, ആ കഥകേട്ടു തരിച്ചിട്ടുണ്ടാവും.

പുല്ലു ചെത്തി, കപ്പ നട്ട്‌, കാടി കലക്കി വീടു പോറ്റി, കണക്കു പഠിക്കുന്ന പെണ്ണ്‍..

അസുഖം ബാധിച്ച അപ്പനും, ഇടയ്ക്ക്‌ സ്വബോധത്തിന്‍റെ നൂലിഴികള്‍ പൊട്ടിപ്പോകുന്ന അമ്മച്ചിക്കും അത്താണിയായി നില്‍ക്കുന്ന കനല്‍ക്കൂട്‌.....

ഷീബയുടെ മുടിയില്‍ സൂര്യന്‍ തീ കത്തിച്ചു.

വര്‍ണ്ണശബളമായ കഥകള്‍ മാത്രം പാടിനടക്കുന്ന കലാലയ ബഹളങ്ങളും അതുകേട്ടുകാണും. അല്ലെങ്കില്‍ എന്തുകൊണ്ടിപ്പോള്‍ ഒരു ബഹളവും ഞാന്‍ കേള്‍ക്കുന്നില്ല.

ചൂളമരത്തില്‍ നിന്നു ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലേക്ക്‌ പതിച്ചു.

"ദൈവം പഠിക്കാന്‍ കുറച്ചു ബുദ്ധികൂടി തന്നു. അല്ലെങ്കില്‍ ഈ പണി ഞാന്‍ എന്നേ നിര്‍ത്തിയേനെ. മണ്ണെണ്ണക്കരിയേറ്റ്‌ കണ്ണു പുകഞ്ഞൊരു പരുവമായി. എന്നാലും ഞാന്‍ പഠിക്കും. നോക്കിക്കോ"

"അതെ. തോല്‍ക്കരുത്‌ ഒരിക്കലും..ഒന്നിന്‍റെ മുന്നിലും " മിഴികള്‍ നനഞ്ഞത്‌ ഞാനും അറിഞ്ഞില്ല.

"ഞാന്‍ തോറ്റിട്ടില്ല മനു. ദൈവം എന്‍റെ കൂടെയുണ്ട്‌. എന്‍റെ ചേച്ചിക്ക്‌ സ്നേഹമുള്ള ഒരു കെട്ടിയോനെ തന്നത്‌ ഈ ദൈവം അല്ലേ. എന്‍റെ കണ്ണും കാതും തലച്ചോറും ചീയാതെ കാത്തുസൂക്ഷിക്കുന്നത്‌ ഈ ദൈവമല്ലേ. ഞാന്‍ ഭാഗ്യവതിയല്ലേ പറ. "

"ഷീബേ.. ഇതുവരെ കരുതിയിരുന്നത്‌ ഞാനൊക്കെ മഹാസംഭവം ആണെന്നാ. ഇപ്പോഴല്ലേ മനസിലായത്‌ നിന്‍റെ മുന്നില്‍ ഞാനൊന്നും ഒന്നുമല്ലെന്ന്. "

"എന്തു സംഭവം. ഒന്നിന്‍റെ മുന്നിലും തളരാതിരുന്നാ ഇതൊന്നും ഒരു കാര്യമല്ലന്നേ. പട്ടിണിയൊക്കെ ഉണ്ടെങ്കിലും ഞാന്‍ പതറാറില്ല. രണ്ടുമണിക്കൂറ്‍ ട്യൂഷന്‍ എടുത്താ അപ്പനു മരുന്നു വാങ്ങുന്നെ അറിയാമോ.. "

സമരം കാരണം ക്ളാസ്‌ മുടങ്ങിയ അന്ന്, ചോറ്റുപാത്രത്തിന്‍റെ മൂടി തുറന്നു പഞ്ഞിപോലെ മൃദുലമായ കപ്പപ്പുഴുക്ക്‌ എന്‍റെ നേരെ അവള്‍ നീട്ടി. എരിവു നിറഞ്ഞ മുളകുചമ്മന്തി പുരട്ടി ഞാനതു കഴിച്ചപ്പോള്‍ അതുവരെ അറിയാതിരുന്ന രുചി.

"നിന്‍റെ ജീവിതം വളമായിട്ടതുകൊണ്ടാണോ ഷീബേ ഇതിനിത്ര രുചി... "

"അല്ല..അപ്പന്‍റെ കണ്ണീരുപ്പിന്‍റെയാ.. അതാവാനേ വഴിയുള്ളൂ... "

പോക്കുവെയില്‍ പുഞ്ചിരിക്കുന്ന നാലുമണികളില്‍ ജീവിതം പഠിക്കാന്‍ ഞാന്‍ ഷീബയെ തിരഞ്ഞുതുടങ്ങി. ക്ളാസ്‌ കട്ട്‌ ചെയ്ത്‌ സിനിമയ്ക്ക്‌ പോകുന്ന ഉച്ചകളില്‍, പുസ്തകം ഏല്‍പ്പിക്കാന്‍ നുണകളുടെ മുത്തുകള്‍ എടുത്തുകൊടുക്കുമ്പോള്‍ പകുതിപോലും വിരിയാത്ത പുഞ്ചിരിയില്‍ മറുപടി പറഞ്ഞിരുന്നു. "നിര്‍ത്താറായില്ലേടാ ഇതൊന്നും.... "

"സത്യത്തില്‍ നീ അവസാനം പൊട്ടിച്ചിരിച്ചതെന്നാ ഷീബേ... "

"ഓര്‍മ്മയില്ല. അപ്പന്‍ പറയാറുണ്ട്‌. കുഞ്ഞുന്നാളില്‍ ക്രിസ്മസ്‌ വിളക്കു കണ്ട്‌ ഞാന്‍ തുള്ളിച്ചിരിക്കാറുണ്ടാരുന്നെന്ന്.. ഒരിക്കല്‍കൂടി ആ ചിരി ഒന്നു കാണിക്കണേന്ന് തിരുരൂപത്തിന്‍റെ മുന്നില്‍ നിന്ന് പറയുന്നതും കേള്‍ക്കാം.. അപ്പന്‍റെ ആഗ്രഹം നടക്കുമോന്ന് എനിക്കറിയില്ല... ഇല്ല നടക്കില്ല.. "


ചന്ദനപ്പള്ളിപെരുന്നാള്‍ ദിവസം, റെന്നിയുടെ പട്ടാളച്ചേട്ടന്‍ വക സ്പെഷ്യല്‍ റം മോന്തി, ലഹരിക്കും ബോധത്തിനും ഇടയിലുള്ള സ്വര്‍ഗീയപാതയിലൂടെ പള്ളിയിലേക്ക്‌ കുതിച്ചു പാഞ്ഞ പത്തംഗ അഹങ്കാരികളില്‍ ഒരാളായിരുന്നു ഞാനും. പെരുന്നാള്‍ തിരിക്കിലൂടെ, ക്രിസ്തീയഗാനങ്ങള്‍ക്കിടയിലൂടെ, തുടിച്ചും മദിച്ചും നീങ്ങവെ ഒരുവിളി എന്നെ തേടി വന്നു.

"കുടിയാ................. "

ഷീബ

ഞാന്‍ അവളെ നോക്കിത്തന്നെ നിന്നു..

" 'എന്‍റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെഅവ ഇളം പുല്ലിന്‍മേല്‍ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയും ആവട്ടെ.' ഇത്‌ മോശയുടെ കീര്‍ത്തനമോ അതോ നിന്‍റെ കീര്‍ത്തനമോ.....പറ ഷീബേ.. "

"ആദ്യമായ ഈ രൂപത്തില്‍ നിന്നെ കാണുന്നത്‌ കൊള്ളാം.." ചിരിക്കാതെയാണവള്‍ മറുപടിപറഞ്ഞത്‌.

മാലാഖമാര്‍ ചുറ്റും വന്നപോലെ എനിക്ക്‌ തോന്നി.

പ്രളയത്തില്‍ അവശേഷിച്ച രണ്ടുമനുഷ്യജീവികള്‍ ഞാനും അവളും മാത്രമാണെന്നെനിക്കു തോന്നി. ചെത്തിക്കൂട്ടിയ പുല്ലിന്‍റെ മണമുള്ള പെട്ടകത്തില്‍ ഞങ്ങള്‍ ഒഴുകിപ്പോകുന്നതുപോലെ എനിക്ക്‌ തോന്നി. മദ്യത്തിന്‍റെയോ മനസിന്‍റെയോ അതോ രണ്ടും ചേര്‍ന്നതിന്‍റെയോ ഇന്ദ്രജാലം...

ട്യൂബ്‌ ലൈറ്റുകളുടെ പ്രകാശവര്‍ഷത്തില്‍, ബാന്‍ഡുമേളങ്ങളുടെ അകമ്പടിയില്‍ ആരോ ഭ്രാന്ത്‌ എന്‍റെ തലയില്‍ കുത്തിത്തിരുകി.

"നിന്നെ ഞാന്‍ മിന്നുകെട്ടിക്കോട്ടെ..... "

"കുടിച്ചിട്ട്‌ വേണ്ടാതീനം പറയാതെ നീ പോ"

"നെറ്റിയിലേക്ക്‌ പാറിവീഴുന്ന ഒരു മുടിനാരു നീയെനിക്കു താ.. എന്നിട്ടേ ഞാന്‍ പോകൂ... "

ആളുകൂടുമെന്നുപേടിച്ചോ എന്തോ, ഒരു മുടി അവള്‍ പറിച്ചുതന്നിട്ടു വേഗം തിരക്കിലേക്ക്‌ മുങ്ങിപ്പോയി..

പിറ്റേന്നു കാലത്ത്‌ ലജ്ജകലര്‍ന്ന് ക്ഷമാപണത്തിനു അരികില്‍ ചെന്നപ്പോള്‍ അവള്‍ ഒരു നെടുവീര്‍പ്പില്‍ കണ്ണുകള്‍ വിടര്‍ത്തി.

"അതൊക്കെ ഞാനപ്പൊഴേ മറന്നു. ഓര്‍ത്തിരിക്കാന്‍ വേറെയൊരുപാട്‌ കാര്യങ്ങള്‍ ഇല്ലേ എനിക്ക്‌. സാരമില്ല"


പിന്നെ ഇടയ്ക്കൊക്കെ കപ്പപ്പുഴുക്കും തിന്നും ഇളംവെയില്‍ കൊണ്ടും സൌഹൃദം പടര്‍ന്നുലഞ്ഞു. മണിയടിക്കാന്‍ പത്തുമിനിട്ടു ബാക്കിയുള്ള ഒരു പുലരിയില്‍, പതിവിലും മങ്ങിയ മുഖവുമായി ഒഴിഞ്ഞ ഗ്രൌണ്ടിലേക്ക്‌ മിഴിപായിച്ച്‌ ഒറ്റയ്ക്കു നിന്ന ഷീബയുേടെ അടുത്തേക്ക്‌ ഞാന്‍ ചെന്നു.

"മൂന്നാലു ദിവസമായല്ലോ നിന്നെ കണ്ടിട്ട്‌. എന്തുപറ്റി ഷീബേ.. പലരോടും ചോദിച്ചു.. ആര്‍ക്കും അറിയില്ലാന്നു പറഞ്ഞു. "

മൌനത്തില്‍ നിന്നും വാക്കുകള്‍ എടുക്കാന്‍ പിന്നെയും ഞാന്‍ ചോദിച്ചു "എന്താ ഉണ്ടായേ പറ"

"ഒരു വിശേഷമുണ്ടായി... അപ്പന്‍ പോയി........"

ആദ്യമായി അവളുടെ കണ്ണിനെ കണ്ണുനീര്‍ തോല്‍പ്പിക്കുന്നത്‌ ഞാന്‍ കണ്ടു.

"എന്നിട്ട്‌..എന്നിട്ട്‌.. നീ ആരോടും... "

"ആരോട്‌ പറയാന്‍... എങ്ങനെ പറയാന്‍.... "

"സത്യത്തില്‍ ഞാന്‍...ഞാന്‍ അറിഞ്ഞില്ല ഷീ... "

"സാരമില്ല.. അല്ലേല്‍ തന്നെ അറിഞ്ഞിട്ടിപ്പോ എന്തു ചെയ്യാന്‍ പറ്റും. പോവേണ്ടയാള്‍ പോയില്ലേ... "

"ഒന്നും നമ്മുടെ കൈയില്‍ അല്ലല്ലോ ഷീബേ.. നീ പടിത്തം മുടക്കരുത്‌.. ജയിച്ച്‌ വന്നിട്ട്‌ വേണ്ടേ എല്ലാം... "

"എനിക്കറിയില്ല.... എനിക്കിനി ആരും ഇല്ലാ....."
മരത്തോട്‌ മുഖം ചേര്‍ത്ത്‌, എല്ലാ പരിസരവും മറന്നു അവള്‍ പൊട്ടിക്കരഞ്ഞു. ഒടുവില്‍ പുസ്തകവുമായി ഓടി ഓടി എങ്ങോ മാഞ്ഞു....

പിന്നെ അവള്‍ ക്ളാസില്‍ വന്നില്ല..

പരിമിതികള്‍ ഒരുപാടുള്ളതുകൊണ്ട്‌ ചെന്നുകാണാന്‍ എനിക്കും കഴിഞ്ഞില്ല..

ഫിസിക്സ്‌ ലാബിലെ പ്രാക്ടിക്കല്‍ കഴിഞ്ഞ്‌ അടുത്ത ക്ളാസിലേക്ക്‌ പോകാന്‍ പടിയിറങ്ങുമ്പോഴാണ്‌ പിന്നെ ഞാന്‍ ഷീബയെ കാണുന്നത്‌. രണ്ടു മാസങ്ങള്‍ക്കു ശേഷം..

കണ്ണുകളില്‍ പഴയ തിളക്കം.

"നിന്നെ ഒന്നു കാണാന്‍ വന്നതാണ്‌" പൊട്ടില്ലാത്ത നെറ്റിയില്‍ ഒരുമണി വിയര്‍പ്പ്‌ ഞാന്‍ കണ്ടു.

എന്തുപറയണമെന്നറിയാതെ ഞാന്‍ നിന്നു.

"ഞാന്‍ പോകുവാ.... "

"എങ്ങോട്ട്‌ ഷീബേ... എങ്ങോട്ട്‌.. അപ്പോ നിന്‍റെ പടിത്തമൊക്കെ... "

"അപ്പനെ ചികിത്സിച്ച്‌ കടം കേറിയപ്പോ വീടും വസ്തുവും വില്‍ക്കാതെ വേറേ വഴിയില്ലാരുന്നു. ചേച്ചിയുടെ അടുത്തേക്ക്‌ പോകുവാ.. ചേട്ടന്‍ നല്ലവനായതുകൊണ്ട്‌ ദൈവം അങ്ങനെയൊരു അഭയം തന്നു... "

"പടിത്തം കളയരുതു നീ... ഇതല്ലെങ്കില്‍ വേറൊരു കോളജ്‌..അതൊന്നും സാരമാവില്ല.. "

"അതൊന്നും ഇനി നടക്കില്ല.. പക്ഷേ തോല്‍ക്കില്ല ഞാന്‍. ജീവിക്കും. അന്തസായി... നീ നോക്കിക്കോ.. "

കോളജിന്‍‌റെ കുന്നിറങ്ങി ഞാന്‍ അവള്‍ക്കൊപ്പം നടന്നു.

"അവിടുത്തെ അഡ്രസ്‌ ഒന്നു പറയുമോ... ഇടയ്ക്കൊക്കെ.. "

"വേണ്ട മനു. ഒരാളുടെ കാരുണ്യത്തിലേക്കല്ലേ ഞാന്‍ പോകുന്നത്‌. ആണ്‍കുട്ടിയുടെ കത്ത്‌. അതിലെ വാചകങ്ങള്‍. അതിന്‍റെ പേരില്‍ പിന്നെ പൊല്ലാപ്പുകള്‍. സ്വതന്ത്രയാവുന്ന ഒരു ദിവസം ഉണ്ടാവില്ലേ.. അപ്പോള്‍ എവിടെവച്ചെങ്കിലും കാണാം. അന്ന് എനിക്ക്‌ മാത്രമായ അഡ്രസ്‌ ഞാന്‍ തരാം. പോരെ"

മറുപടി ഞാന്‍ പറഞ്ഞില്ല.. ആ കനല്‍ മനസില്‍ എന്‍റെ വാക്കുകള്‍ ദഹിച്ചുപോകും എന്നറിയാവുന്നകൊണ്ട്‌..

ബസ്‌ സ്റ്റോപ്പില്‍ വച്ച്‌ അവസാനം അവള്‍ പറഞ്ഞു.
"എവിടെയായാലും ഞാന്‍ നിന്നെ ഓര്‍ക്കും. നിനക്കു വേണ്ടിയും പ്രാര്‍ത്ഥിക്കും.... "

രണ്ടുമണിയടിയില്‍ വണ്ടി നീങ്ങി...

അപ്പോഴും ഞാനറിഞ്ഞു.
ചെത്തിക്കൂട്ടിയ പുല്ലില്‍ നിന്നും ഉയരുന്ന മണ്ണിന്‍റെ ഗന്ധം... ചാറ്റല്‍മഴ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയ അമൂല്യഗന്ധം...

മനസില്‍ സാന്ത്വനം പോലെ ജോബ്‌ വചനങ്ങള്‍ മുഴങ്ങി..

'വൃക്ഷത്തിനു പ്രത്യാശയുണ്ട്‌, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും, അതിനു പുതിയ ശാഖകള്‍ ഉണ്ടാകാതിരിക്കയില്ല'


രണ്ടായിരത്തിയഞ്ചിലെ അവധി നാളില്‍ കാതലിക്കറ്റ്‌ കോളജില്‍ ഞാന്‍ വീണ്ടും പോയി... വര്‍ഷങ്ങള്‍ക്ക്‌ ശേഷം.
പഠിച്ച കോളജില്‍ തന്നെ മാത്തമാറ്റിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലെക്ചററ്‍ ആയി ജോലികിട്ടിയ റെന്നിയോടൊപ്പം പണ്ടു നടന്ന പുല്‍ത്തകിടിയിലൂടെ, ചൂളമരങ്ങള്‍ക്കിടയിലൂടെ ഓര്‍മ്മകളുടെ കൂടെ നടന്നു.

എന്തുവേഗമാണ്‌ കാലം മാറുന്നത്‌. പാവടക്കാരികളെ, ദാവണിക്കാരികളെ ഒന്നും കാണാനില്ല.

പുതിയ ലോകത്തിന്‍റെ വേഗങ്ങളെ സ്വീകരിച്ച പുതിയ കുട്ടികള്‍. മൊബൈല്‍ ഫോണിന്‍റെ അസ്വകാര്യതയില്‍ ഹൃദയം കൈമാറുന്നവര്‍.

ലൈബ്രറിയ്ക്കു മുന്നിലെ മരച്ചുവട്ടില്‍ കുറെനേരം നിന്നു.

"റെന്നീ...നിനക്കോര്‍മ്മയുണ്ടോ..ആ പഴയ ഷീബയെ.. നമ്മുടെ ക്ളാസിലെ ആ പാവം പെണ്‍കുട്ടിയെ"

"ഉണ്ട്‌.. എല്ലാരേം ഓര്‍മ്മയുണ്ട്‌..." റെന്നിയും ഓര്‍മ്മകളില്‍ തന്നെയാണ്‌. അതാണീ മൌനം

"അവള്‍ ഇപ്പോ എവിടെയാവും... " ഒരില ഞാന്‍ ഞെരടി

"അറിയില്ലെടാ.. ഈ നാടുവിട്ട്‌ അന്നേ പോയതല്ലേ..... "
ഞാന്‍ മെല്ലെ കണ്ണടച്ചു.

ഈ മരച്ചുവട്ടില്‍ വച്ചാണ്‌ ആദ്യമായി അവള്‍ കരഞ്ഞത്‌. ആ കണ്ണുനീര്‍ ഈ മരത്തിന്‍റെ ഏതെങ്കിലും ചില്ലയില്‍, വേരില്‍, ഇലയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ടാവും.

"നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച്‌ മാത്രം അഭിമാനിക്കും..... "

വീട്ടില്‍ വന്ന്, പഴയ ഫിസിക്സ്‌ റെക്കോറ്‍ഡ്‌ ബുക്ക്‌ തിരഞ്ഞു.

അതിലെവിടെയോ ഒരു മുടിനാരുകാണും. കുസൃതിപ്രായം അടര്‍ത്തിയെടുത്ത ഒരു മയില്‍പീലി തുണ്ട്‌...

"അമ്മേ... എവിടെ എന്‍റെ ആ പഴയ ബുക്കൊക്കെ"

"ഓ അതോ.. ചിതലരിച്ച്‌ കെടന്നപ്പോ അച്ഛനതെല്ലാം കൂടി തീയിട്ടു.. കൊറെ ആയതല്ലേ... എന്താ അത്‌ വേണമാരുന്നോ നിനക്ക്‌... "

എനിക്കുറപ്പുണ്ട്‌.. താളുകള്‍ എരിഞ്ഞാലും ആ മുടിയിതള്‍ എരിഞ്ഞുകാണില്ല.. അതീ മണ്ണില്‍ എവിടെയോ ചീയാതെ അഴുകാതെ കിടപ്പുണ്ടാവും.......


പ്രിയപ്പെട്ട ഷീബാ.. ഈ ലോകത്തിന്‍റെ ഏതുകോണിലാണ്‌ നിന്‍റെ ഹൃദയം ഇപ്പോള്‍ സ്പന്ദിക്കുന്നത്‌. തോല്‍പ്പിക്കാന്‍ വന്നവയെയൊക്കെ തോല്‍പ്പിച്ച്‌, കനല്‍ നിറഞ്ഞ കണ്ണുകളുമായി ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍ ഇടയ്ക്ക്‌ നീ പോകാറുണ്ടോ.. അവിടെ ഞാന്‍ ഉണ്ടോ.. എനിക്കായി കപ്പയും മുളകുചമ്മന്തിയും നീ ഒരുക്കുന്നുണ്ടോ.............


നിനക്കായി ഞാന്‍ പണ്ടെങ്ങോ കോറിയിട്ട ഈ വരികള്‍ ഒന്നുകൂടി ഓര്‍ക്കട്ടെ..

ചൂളമരം മഴ പെയ്തിരുന്നു പുതു
ചൂരിലിളം മണ്ണുണര്‍ന്നിരുന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവ മെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിന്‍റെ
പൊന്നിതളോരോന്നുലച്ചിരുന്നു
കണ്‍മഷി വീഴാത്ത കണ്ണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടി കണ്ടു
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞിരുന്നു.
കാടികലക്കി തളരാത്ത കൈകളില്
‍ഓടിത്തഴമ്പു ഞാനെണ്ണിനിന്നു.
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരി നിന്നിരുന്നു.

കാലം കടന്നിരുതോണിയില്‍ നാം മിഴി
കാണാതെ നീങ്ങി മറഞ്ഞെങ്കിലും
കണ്ണുനീരുപ്പു പുരട്ടി നീ നല്‍കിയ
കപ്പരുചി എന്‍റെ നാവിലുണ്ട്‌ നിന്‍റെ
പൊള്ളും മനസെന്‍റെ കൂടെയുണ്ട്‌..


--------------------------------------------------------
നെറ്റിയിടിച്ചൊരു ക്ഷമാപണം/സമര്‍പ്പണം

ഉബൈദ് ഈ മണ്ണില്‍ നിന്ന് മറഞ്ഞ വിവരം ഒരു കമന്‍‌റിലൂടെയാണ് ഞാന്‍ അറിഞ്ഞത്. അതും ഇളം പ്രായത്തില്‍.....
ഒരു തമാശയിലൂടെ ആ പ്രിയസഖാവിനെ അവതരിപ്പിച്ചതിലുള്ള വിഷമം കീബോര്‍ഡുകള്‍ക്കു മനസിലാവുന്നില്ല.. ആത്മവഞ്ചനയാകും എന്നു തോന്നുന്നതുകൊണ്ട് ആ ഭാഗം ഇനി മാറ്റാനും തോന്നുന്നില്ല

പ്രിയപ്പെട്ട ഉബൈദേ...
സ്നേഹം തുളുമ്പുന്ന പുഞ്ചിരിയും കണ്ണുകളില്‍ വിപ്ലവ വീര്യവുമാ‍യി കാമ്പസിലൂടെ ശാന്ത ഗംഭീരമായി നടന്ന നിന്‍‌റെ പൌരുഷം ഞാന്‍ വീണ്ടും ഓര്‍ക്കുന്നു..
നീ മുറിച്ചു തന്ന ഉഴുന്നുവടയുടെ സ്വാദും, കഥയെഴുതാന്‍ നീട്ടിത്തന്ന വെള്ളക്കടലാസും പിന്നെ ഓര്‍മ്മകളുടെ അതിര്‍വരമ്പുകളില്‍ പൊരുളറിയാതെ നില്‍ക്കുന്ന ഒരുപാടു ഒരുപാട് സംഭവങ്ങളും..

മാപ്പു ചോദിച്ചുകൊണ്ട്, ഒരു തുള്ളി കണ്ണുനീര്‍ നിന്റെ ഓര്‍മ്മകളില്‍ ഇറ്റുവീഴ്ത്തിക്കൊണ്ട്, ഈ പോസ്റ്റ് നിനക്കായി സമര്‍പ്പിക്കുന്നു..

ഞാനും വരുന്നു അങ്ങോട്ട്.. എപ്പോള്‍ ഉണ്ടാവും എന്ന് പറയാറായിട്ടില്ല.. ആ പഴയ കുസൃതിപ്പുഞ്ചിരി തന്ന് കാണുമ്പോള്‍ തന്നെ ക്ഷമിക്കെടാ ഇത്....
-------------------------------==================================================
ടൈം ഫോര്‍ എ ബ്രേക്ക്‌

ഉപരിപഠനം/ജീവിതത്തിന്‍റെ സിസ്റ്റം അപ്‌ഗ്രഡേഷന്‍ തുടങ്ങിയ കാര്യങ്ങളിലേക്ക്‌ മുഴുവന്‍ ശ്രദ്ധയും സമര്‍പ്പിക്കുന്നതിനാല്‍, ബ്രിജ്‌വിഹാരം ബ്ളോഗിനു ഒരു ചെറിയ ഇടവേള കൊടുക്കുന്നു. തന്ന സ്നേഹം മുഴുവനും തിന്നുതീര്‍ത്തതിനാല്‍ ഇനിയും ഒരുപാട്‌ കരുതി വച്ചേക്കണേ പ്രിയമുള്ളവരേ. പറയുവാന്‍ ഇനിയും ഒരുപാടു കഥകള്‍ ബാക്കിയുണ്ട്‌

അധികം വൈകാതെ മടങ്ങിവരാം എന്ന പ്രതീക്ഷയോടെ, ഒരല്‍പ്പം നൊമ്പരത്തോടെ,

ഒരു കുഞ്ഞു ബൈ ബൈ