Monday, 21 January 2008

വിന്‍റര്‍ വെഡ്ഡിംഗ്‌ (ശാദി മേം ജരൂറ്‍ ആന)

"മനു... വില്‍ യു മാരി മീ... ? "

മെയില്‍ബോക്സ്‌ തുറന്നപ്പോള്‍ ആദ്യത്തെ മെസേജ്‌ കണ്ട്‌ കണ്ണൊന്നു കുളിര്‍ന്നു.

കണികൊള്ളാമല്ലോ അയ്യപ്പാ..

'സെന്‍ഡറ്‍' ആരാണെന്നുനോക്കി

'ശ്വേത മല്‍ഹോത്ര'

'ഒന്നു കെട്ടിയതിന്‍റെ ചളുക്ക്‌ ഇതുവരെ മാറിയില്ല കൊച്ചേ.. എന്നാലും കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഒരു പഞ്ചാബിക്കൊച്ച്‌ ഇങ്ങനെ ചോദിക്കുമ്പോള്‍ എങ്ങനെ വയ്യാന്നു പറയും ' എന്ന് ആത്മഗതം ചെയ്ത്‌ മെസേജ്‌ തുറന്നു.

അതിസുന്ദരിയായ ഒരു പെണ്‍കിടാവു ചിരിക്കുന്നു.

കൈയില്‍ ഒരു ബാനര്‍. 'വാണാ മാരി..? ഭാരത്‌ മാട്രിമോണി ഡോട്‌ കോം. '

"അതുശരി.. രാവിലെ പരസ്യം കാട്ടി വഞ്ചിക്കുന്നോ അസത്തേ. എടീ വാണീ മേരീ, കൂടുതല്‍ ആളുകളെ അട്രാക്ട്‌ ചെയ്യാന്‍ ഞാനൊരു ക്യാപ്ഷന്‍ പറഞ്ഞുതരാം.. 'പന്തലിനു പറഞ്ഞേക്കൂ പണിക്കരേ.. !!' "

'വൈനോട്ട്‌ ശ്വേതാ.. ഐ വില്‍ മാരി യൂ.. ബട്ട്‌ സ്ത്രീധനമായി നൂറുപറ കണ്ടം (ചതിപ്പു നഹി ചലേഗാ) പ്ളസ്‌ ഒരു ഡീലക്സ്‌ കാറ്‍ (നാനോ നാ നാ) തരണം. പറ്റുമോ?' എന്നൊരു റിപ്ളൈ അയച്ച്‌, ചായ മൊത്തുമ്പോളാണ്‌, ഡോക്‌മെന്‍റു ഡിപാര്‍ട്ട്‌മെന്‍റിലെ ഉഷാ ചവാന്‍ അടുത്തു വന്നത്‌..

"മനു..യാദ്‌ ഹേനാ... കല്‍ ശാദീ മേം ജരൂറ്‍ ആനാ.. "

"കൊള്ളാം.. എപ്പോ വന്നെന്ന് ചോദിച്ചാ പോരെ മാഡം. കുറെ നാളായി ഒരു നോര്‍ത്തിന്ത്യന്‍ കല്യാണം കൂടിയിട്ട്‌. രാത്രിയിലെ ട്യൂബ്‌ലൈറ്റ്‌ ശോഭയും ബാന്‍ഡ്‌ മേളവും, 'ഇഷ്ക്‌ ഇഷ്ക്‌ മേം ജീനാ മര്‍നാ' എന്ന പാട്ടിനൊത്തു ഡാന്‍സും.. അയ്യപ്പാ ഇപ്പൊഴേ ത്രിബിള്‍ ത്രില്‍ മനസില്‍.. (പോരാത്തതിനു സംഭാവനയായി നൂറ്റിയൊന്നു രൂപാ തന്നതല്ലേ.. ഖാന കഴിച്ച്‌ അതിന്‍റെ പകുതിയെങ്കിലും മുതലാക്കെണ്ടേ) "

സജി സെബാസ്റ്റ്യന്‍റെ ഇന്‍റര്‍കോം നമ്പര്‍ കുത്തി.

"അളിയാ നീ വരുന്നില്ലേ നാളത്തെ കെട്ടുകാണാന്‍.. "

"ഇല്ലളിയാ... "

"എടാ ഇത്‌ നോര്‍മല്‍ ശാദിയല്ലെന്നറിയില്ലേ നിനക്ക്‌. വരന്‍ ഇന്ത്യാക്കാരന്‍ സുധീര്‍ ചവാന്‍. വധു ഇംഗ്ളണ്ടുകാരി 'ഐജാ സ്പീയേഴ്സ്‌". വന്നില്ലെങ്കില്‍ മഹാനഷ്ടമാ പറഞ്ഞേക്കം. ഐജാ സ്പീയേഴ്സ്‌, ഐജാ ചാവാന്‍ ആയി മാറുന്ന ഇന്‍റര്‍കോണ്ടിനെന്‍റല്‍ മഹാമഹമുഹൂര്‍ത്തം മിസ്സാക്കല്ലേ മച്ചാ.. "

"എടാ ഭാര്യയ്ക്ക്‌ നാളെ നൈറ്റ്‌ഡ്യൂട്ടിയാ... അതുകൊണ്ടാ.. "

"ഒ.കെ. ഒരു രാത്രിയെങ്കിലും മനസമാധാനത്തോടെ ഉറങ്ങാനുള്ള നിന്‍റെ ആഗ്രഹം നടക്കട്ടെ.. ഞാന്‍ വേറെ ആളെ തപ്പിക്കോളാം. "

നീലം മദനെ ഒന്നു തിരിഞ്ഞു നോക്കി. ആയമ്മ നാളത്തെ കല്യാണത്തിനുപോകാന്‍ ഇന്നു തന്നെ ലിപ്‌സ്റ്റിക്കിട്ടിട്ടുണ്ട്‌..

"നീലംജി.. ആപ്‌ ശാദി മേം ജാവോഗേനാ... ?"

"ക്യോം നഹി?... ഞാന്‍ ഹസ്‌ബന്‍ഡ്‌ കേ സാഥ്‌ ആണു വരുന്നത്‌.. "

'പാവം മദന്‍ഭായി. ആ ഡയബറ്റിക്സ്‌ പേഷ്യണ്റ്റ്‌ ഭാര്യയുടെ മാനം കാക്കാന്‍ നാളെ ഡാന്‍സ്‌ കളിച്ച്‌ മറ്റേന്നാള്‍ ഹോസ്പിറ്റല്‍ ബെഡ്ഡില്‍ പക്കാ.... '

വി.കെ ശര്‍മ്മ എന്ന അമ്പത്തഞ്ചുകാരന്‍റെ ക്യാബിനില്‍ ചെന്നു.

ഡോറിന്‍റെ ഞരക്കം പോലും മൈന്‍ഡ്‌ ചെയ്യാതെ, 'നിദ്രയല്ലാതൊരു ശരണമില്ലയ്യപ്പാ' എന്ന പോളിസിയില്‍ ഇരുന്നാടുന്നു ശര്‍മ്മാജി.
ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനിരിക്കുന്ന സ്റ്റില്‍ പോസില്‍നിന്നും 'ഞാനിതാ മൂക്ക്‌ ഡെസ്കില്‍ ഇടിക്കാന്‍ പോകുന്നു' എന്ന അനൌണ്‍സ്മെന്‍റോടെ ശൂ............... എന്ന് തല താഴേക്ക്‌ പതിപ്പിച്ച്‌ 'സോറി ദിസ്‌ ടൈം മിസ്‌ഡ്‌, നെക്സ്‌റ്റ്‌ ടൈം പക്കാ' എന്ന മട്ടില്‍ പിന്നെയും നിവരുന്നു. വീണ്ടും പതിക്കാന്‍ തുടങ്ങിയപ്പോള്‍ വിളിച്ചു..

"ശര്‍മ്മാജി ആപ്‌ ശാദി മേം.... "

ഞെട്ടിയുണര്‍ന്ന് 'ഹൂ ആം ഐ? വെയര്‍ ആം ഐ? ' എന്ന കണ്‍ഫ്യൂഷനില്‍ സ്വന്തം ദേഹത്തും ഇരുവശത്തുമൊന്നു നോക്കി.

"ശാദി എന്നു കേട്ടിയപ്പോള്‍ ഞെട്ടാന്‍ ഞാന്‍ താങ്കളുടെ ശാദിയെപറ്റി ഓര്‍മ്മിപ്പിച്ചതല്ല ശര്‍മ്മാജി.. ഞാളത്തെ വെഡ്ഡിംഗിനു പോകുന്നുണ്ടോ? " കസേര വലിച്ചിട്ടിരുന്നുകൊണ്ട്‌ ഞാന്‍.

കോട്ടുവായിടുന്ന ശര്‍മ്മാജിയുടെ മുഖം കാണ്ടാമൃഗത്തെപ്പോലെ അടയുന്നത്‌ വെയിറ്റ്‌ ചെയ്തു ഞാനിരുന്നു.

"ഹാം....... വരുന്നുണ്ട്‌.. വൈകിട്ട്‌ ഓഫീസില്‍ നിന്ന് കാറുപോകുന്നുണ്ട്‌.. നീയും കൂടിക്കോ... "

"ആപ്ഭി വീശല്‍ കരോഗേനാ? " തംസപ്‌ ചെയ്ത്‌ ചുണ്ടോടടുപ്പിച്ച്‌ ഞാന്‍ ചോദിച്ചു..

"ഉം.. ധോടാ ബഹുത്‌ (വളരെക്കുറച്ച്‌)"

"എന്നു വച്ചാല്‍ ധോടാന്നോ, ബഹുത്തെന്നോ.... "

അക്കൌണ്ട്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ പാഞ്ഞു..

മിനി ഡേവിസ്‌ നെയില്‍പോളീഷിടുന്നു..

"നീ നാളെ കല്യാണത്തിനു പോകുന്നുണ്ടോ... " ഞാന്‍

"ഇല്ല മാഷേ. ഡേവിസിനു നാളെ സുവിശേഷത്തിനു പോകണം......അങ്ങേരടെ സുവിശേഷം കാരണം എനിക്ക്‌ സ്വന്തം മക്കടെ കല്യാണത്തിനു പോലും പോകാന്‍ പറ്റുമോന്ന് തോന്നുന്നില്ല.." മിനിയുടെ മുഖത്ത്‌ മിന്നുകെട്ടിയതിന്‍റെ നിരാശ തളം കെട്ടി.

"സത്യത്തില്‍ യേശുക്രിസ്തു ഭൂമിയില്‍ വന്നാല്‍ ആദ്യം അടിക്കുന്നത്‌ നിന്‍റെ കെട്ടിയോനെ ആയിരിക്കും. 'നീ ഒക്കെ കൂടി എന്‍റെ വില കളഞ്ഞെടാ' എന്നും പറഞ്ഞ്‌.. "

നേരേ വികാസ്‌ തപ്പന്‍ എന്ന ബംഗാളിയുടെ സീറ്റിലേക്ക്‌ നടന്നു..

"തപ്പന്‍ജി.. നാളെ തകര്‍ക്കണം... "

"ഉം ഉം... പൂച്ചോ മത്ത്‌.. ദാരു പീനാ ഹെ.. ഡാന്‍സ്‌ കര്‍നാ ഹേ.. "

ശാദി കീ ദിന്‍...

വീട്ടില്‍ നിന്ന് പൊതിഞ്ഞു കൊണ്ടുവന്ന കോട്ടും സ്യൂട്ടുമണിയാന്‍ ആദ്യം ശര്‍മ്മാജി ബാത്ത്‌റൂമില്‍ കയറി.

അമിതാഭ്‌ രഞ്ജന്‍ എന്ന എന്‍റെ സഹ ഇ.ഡി.പി. വാല നേരത്തേയൊരുങ്ങി.

എടുത്താല്‍ പൊങ്ങാത്ത വയറിനുമുകളില്‍ കോട്ടിട്ടപ്പോള്‍, കുട്ടമാക്രിയെപ്പോലെയായി ശര്‍മ്മാജി.
"ലുക്ക്‌ എങ്ങനെയുണ്ട്‌" ചിരിപൊത്തിനിന്ന എന്നോട്‌ ശര്‍മ്മാജി

"വധുവിന്‍റെ അടുത്തുനിന്ന് കുറെ മാറിനില്‍ക്കണം. മദാമ്മ ചിലപ്പോള്‍ ആളുമാറി മാലയിട്ടേക്കും

"അക്കൌണ്ട്സ്‌ മാനേജര്‍ ആസാദ്‌ ഛഡ്ഡ ബാത്ത്‌റൂമിന്‍റെ വാതിലില്‍ ആഞ്ഞുമുട്ടി..

"ഹേ തപ്പന്‍.. വാതില്‍ തുറക്ക്‌.. എത്രനേരമായി നീ അകത്തുപോയിട്ട്‌. എനിക്ക്‌ ഡ്രസ്‌ മാറണം.. ജാനേ കാ ടൈം ഹോഗയാ... "

"പഠോം................" അകത്തുനിന്നൊരു ശബ്ദവും എസ്കോര്‍ട്ടായി ഒരു ദീനരോദനവും..

ആസാദ്‌ എന്നെ നോക്കി.

"യൂറോപ്യന്‍ സ്റ്റൈല്‍ ക്ളോസറ്റില്‍ ഇന്ത്യന്‍ സ്റ്റയിലില്‍ ഇരുന്നതാവും തപ്പന്‍. കഴുകാന്‍ നേരത്താവും മാഷു കതകില്‍ മുട്ടിയത്‌. ക്യാ ഹേ സാബ്‌ ഇത്‌....." ഞാന്‍ ചോദിച്ചു.

കതകുതുറന്ന് തപ്പന്‍ തപ്പി തപ്പി വന്നു.

"ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്‌.. ഒന്നുകില്‍ യൂറോപ്യന്‍ ക്ളോസറ്റില്‍ ടോയിലറ്റ്‌ പേപ്പര്‍ വക്കുക. അല്ലെങ്കില്‍ ഇന്ത്യന്‍ ക്ളോസറ്റ്‌ വക്കുക.. ഇതൊരുമാതിരി സാമ്പാര്‍ കുടിക്കാന്‍ കത്തീം മുള്ളും തരുന്ന പോലെ. ഛേ..... "

ഏഴുമണിക്ക്‌ ആസാദ്‌ കാര്‍ സ്റ്റാര്‍ട്ടു ചെയ്തു..

പൊട്ടിച്ചിരിയും തമാശയും ജനുവരിത്തണുപ്പും എണ്‍പതു കിലോമീറ്റര്‍ സ്പീഡില്‍ എത്തി....

'പൂഛോന പൂഛോ മുഛേ ക്യാ ഹുവാ.......തെരീ ബാഹോമേ ആ...കര്‍..
യേ.... ഇഷ്ക്‌ ഹായേ.... ബൈഠേ ബിഠായേ... ജാനത്‌ ദിഖായേ ഹാ...
ഓ രാമ..
ഇഷ്ക്‌ ഹായേ.... ബൈഠേ ബിഠായേ... ജാനത്‌ ദിഖായേ ഹാ... '

സ്റ്റീരിയോയിലെ ഹൈബാസ്‌ വോള്യത്തില്‍ തപ്പന്‍ കുപ്പി പൊട്ടിച്ചു.

"ചീയേഴ്സ്‌..................................." അപ്പോളോ ഹോസ്പിറ്റല്‍ സാക്ഷിയായി കാറിലെ ലൈറ്റ്‌ ഓഫായി....

നോയിഡ ടോള്‍ ബ്രിഡ്ജ്‌ എത്തിയപ്പോഴേക്കും തപ്പന്‍ ഇന്ത്യന്‍ ഭാഷ ബഹിഷ്കരിച്ചു..

"വൌ.. വാട്ടാന്‍ എന്‍ജോയ്‌മണ്റ്റ്‌.... "

"ശര്‍മ്മാജി ഏക്‌ ഗാനാ ഗാവോ......" ഗ്ളാസ്‌ കാലിയാക്കി ആസാദ്‌..

"കോയലു ബോലീ.....കുക്കുക്കുക്കു....." കെളവനു പറ്റിയ പാട്ട്‌...
ചിരിച്ചുകൊണ്ട്‌ ഞാന്‍ ചിറിതുടച്ചു..

"മനു.. സിംഗ്‌ എ മലയാലം സോങ്ങ്‌...." ശര്‍മ്മാജി അടുത്ത ടേണ്‍ എനിക്ക്‌ തന്നു..

നമ്പ്യാരേ രക്ഷതു... രുക്മിണീ സ്വയംവരം ഓര്‍ത്തെടുത്തു തുള്ളിപ്പാടി

"കുറിയരിവച്ചു വെളുത്തൊരു ചോറും
കറികളുമാശു വിളമ്പി നിരന്നു
നറുനെയ്‌ ശര്‍ക്കര നേന്ത്രപ്പഴവും
ചെറുപപ്പടമൊരു പത്തിരുന്നൂറും
ആനച്ചുവടന്‍ പപ്പടമൊരുവക
തേനും നല്ലൊരു പഞ്ചാരപ്പൊടി
ചേനക്കറി ചില പച്ചടി കിച്ചടി
പാനകമൊരുവക നാരങ്ങാക്കറി
മാങ്ങാപ്പച്ചടി ഇഞ്ചിപ്പച്ചടി
ചേനവറുത്തും പയറു വറുത്തും
ചക്കപ്രഥമനടപ്രഥമന്‍ വിധ-
മൊക്കെപ്പറവാന്‍ നേരം പോരാ...... "


വണ്ടി നോയിഡ സെക്ടര്‍ പതിനഞ്ചു തേടി പാഞ്ഞു.

'ശരാബി കോ ശരം നഹി ഹെ' എന്ന പോളിസിയില്‍ തപ്പന്‍ ഗ്ളാസ്‌ സ്ക്രോള്‍ ഡൌണ്‍ ചെയ്ത്‌ ഒരു കൊച്ചു പെണ്ണിനോട്‌ വഴിചോദിച്ചു

"മാഡം.. മെ ഐ ഹാവ്‌ സെക്ടര്‍ ഫിഫ്‌ടീന്‍... ക്ളബ്‌ റോഡ്‌.. ക്ളബ്‌ ക്ളബ്‌ ക്ളബ്‌... "


വരന്‍ കുതിരപ്പുറത്തുനിന്നിറങ്ങിയിരുന്നു.

കൊട്ടാരം പോലെ അലങ്കരിച്ച പന്തല്‍..

പൂത്തിരിയും അമിട്ടുകളും ആകാശത്ത്‌ പൂക്കള്‍ വിരിക്കുന്നു.

'സര്‍വ മംഗല മംഗല്യേ....' ഞാന്‍ വധുവിനെ തിരഞ്ഞു.

ഡര്‍ബാര്‍ ഹാളുപോലെ അലങ്കരിച്ച അകത്തളത്ത്‌, രാജകീയ സിംഹാസനത്തില്‍ അതാ ഐജാ സ്പിയേഴ്സ്‌ എന്ന വെള്ളക്കാരി, സാരിത്തലപ്പാല്‍ മുഖം മറച്ച്‌, മൈലാഞ്ചിയിട്ട്‌, അല്‍പ്പം നാണത്തെ ക്ഷണിച്ചുവരുത്തിയിരിക്കുന്നു.

പരിചാരകന്‍ കൊണ്ടുവന്നുതന്ന പെപ്സി ഞാന്‍ വാങ്ങിച്ചു'യെ ഹീ ഹെ റൈറ്റ്‌ ചോയ്സ്‌ ബേബീ...... " വരനെ നോക്കി ഞാനതു നുണഞ്ഞു

കാതടപ്പിക്കുന്ന ഡി.ജെ മ്യൂസിക്ക്‌..

നൃത്തം ചെയ്യുന്ന ഉത്തരേന്ത്യന്‍ സുന്ദരിമാര്‍..സുന്ദരന്‍മാര്‍.

വളയണിക്കൈകള്‍ വിദ്യുത്‌ ശോഭയില്‍ സ്പാര്‍ക്കുകള്‍ തീര്‍ക്കുന്നു..

പണക്കൊഴുപ്പിന്‍റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ അതാ എന്‍റെ ബോസ്‌ സുനന്ദ വാധ്വാ ഭര്‍ത്താവിന്‍റെ കൈപിടിച്ച്‌ ചുവടുവെക്കുന്നു..

ഓഫീസ്‌ സംഘം ബോസിനടുത്തേക്ക്‌ നടന്നു. തപ്പനു കാലുറയ്ക്കുന്നില്ല..

"ഹെലോ... കാന്‍ യൂ റെകൊഗ്നൈസ്‌ മീ മിസ്റ്റര്‍...?" സുനന്ദാജി എന്നോട്‌. രണ്ടു പെഗ്ഗടിച്ചതിനുള്ള താങ്ങാണ്‌.

"മൂന്നിഞ്ചു കനത്തില്‍ മേക്കപ്പിട്ടാല്‍ മാഡത്തിനെ ഞാനല്ല ദാ ഈ കെട്ടിയവന്‍ പോലും തിരിച്ചറിഞ്ഞാലേ അത്ഭുമുള്ളൂ..." ബോസങ്ങ്‌ ഓഫീസില്‍. ഇത്‌ പബ്ളിക്‌ പ്ളേസ്‌..

ആലു ഫ്രൈ.. ഗോള്‍ഗപ്പാ.. പാവ്‌ ഭാജി..

എണ്ണിയാല്‍ തീരാത്ത ലഘുവിഭവങ്ങള്‍ മാടിമാടി വിളിക്കുന്നു..

ഗോള്‍ഗപ്പയുടെ മൂന്നാം ഗോള്‍ എടുക്കുമ്പോള്‍ മുന്നിലൊരു സുന്ദരമുഖം..

"ഹായ്‌....... ഹൌ ആര്‍ യൂ..... "

"ഓ..യൂ............" പുളിവെള്ളം അറിയാതെ ഷര്‍ട്ടില്‍ വീണു...

"മാലാ.. തും ഇഥര്‍..... "

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓഫീസിലെ റിസപ്ഷനിസ്റ്റ്‌ ആയിരുന്നവള്‍. ഏതോ ഒരു ഫെബ്രുവരി പതിനാലിനു ഏതോ ഒരജ്ഞാതന്‍ അയച്ച റോസാപ്പൂവുകളുടെ ബൊക്കെ സ്വീകരിച്ചു എന്ന കുറ്റത്തിനു ഗോസിപ്പുകളുടെ അപമാനം സഹിക്കാഞ്ഞു ജോലി ഉപേക്ഷിച്ചവള്‍..

നിലത്തിഴയുന്ന രാജസ്ഥാനി പാവാടത്തുമ്പില്‍ സ്വര്‍ണ്ണശോഭ...

"മൈ ഗോഡ്‌...യൂ ലുക്‌ ലൈക്‌ ക്വീന്‍ വിക്ടോറിയാ.." അത്ഭുതം കൊണ്ട്‌ ഞാന്‍ കണ്ണുവിടര്‍ത്തി.

"ബൈ ദ വേ..എവിടെയാണിപ്പോള്‍.... "

"ഐ.സി.ഐ.സി ഐ ബാങ്കില്‍... അസ്‌ അസിസ്റ്റണ്റ്റ്‌ മാനേജര്‍... "

"ഐ.സീ... അപ്പോ അതിന്‍റെ ട്രീറ്റെവിടെ...." അടുത്ത ഗോള്‍ എടുത്ത്‌ ഞാന്‍.

"ഇതെന്‍റെ ട്രീറ്റായി അങ്ങു കരുതിക്കോ....." യമുനയിലെ ഓളം പോലെയുള്ള ചിരി..

"അന്ന് ബൊക്ക അയച്ച പഹയനെ ട്റേസ്‌ ചെയ്തോ..." രഹസ്യമായി ഞാന്‍..

"ഷട്ടപ്പ്‌ ഇഡിയറ്റ്‌....." പൊട്ടിച്ചിരി..

"ഹോ ഗെയ്‌ തോ ബല്ലേ ബല്ലേ..... ഹോജായേഗി ബല്ലേ ബല്ലേ.. "

ഡാന്‍സിംഗ്‌ ഫ്ലോറിലേക്കൊന്നു നോക്കി..

ഈശ്വരാ. തപ്പനും സംഘവും പല ഷേയ്പ്പിലും പോസിലും കിടന്നു തുള്ളുന്നു.

തേങ്ങ പിരിക്കുന്ന പോലെ രണ്ടുകൈപ്പത്തിയും ആകാശത്തു കറക്കി തപ്പന്‍ ബല്ലേ ബല്ലേ കളിക്കുന്നു.

ശര്‍മ്മാജി ചന്തിയും വയറും മാത്രം കുലുക്കി കുനിഞ്ഞു നില്‍ക്കുന്നു.

നീലം മദന്‍ കെട്ടിയോനോടൊപ്പം ബെല്ലി ഡാന്‍സിംഗില്‍.

ചാടി ഫ്ലോറിലെത്തിയപ്പോഴേക്കും പാട്ടുമാറി..

"രാധാ കൈസേ ന ജലേ.... "

ഇമാജിനേഷന്‍ കൊണ്ടൊരു മണ്‍കുടം ഉണ്ടാക്കി തപ്പന്‍ ചുവടു മാറ്റി. കൃഷ്ണന്‍റെ വേക്കന്‍സിയിലേക്ക്‌ ഞാന്‍ തള്ളിക്കയറി..
ഷേക്ക്‌ എ ലെഗ്‌ വിത്‌ തപ്പന്‍

"രാധാ കൈസേ ന ജലേം.... "

'നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലെന്‍ ഹൃത്തടം വേദിയാക്കൂ...' എന്ന മട്ടിലോടി വന്ന ഉഷാ ചവാനൊടൊപ്പം അതാ ആസാദ്‌ ചഡ്ഡ. ചഡ്ഡയെ ഇടിച്ചു മാറ്റി ശര്‍മ്മാജി വേദിയേറ്റെടുക്കുന്നു.

ഓഷോ രജനീഷൊക്കെ എത്ര നിഷ്പ്രഭം ഇവിടെ..

നിരന്നിരിക്കുന്ന വിഭവങ്ങളിലേക്ക്‌ ഊളിയിടല്‍.

എണ്ണിയാല്‍ തീരാത്ത നോര്‍ത്തിന്ത്യന്‍ വെറൈറ്റി.

പ്ളേറ്റിലേക്ക്‌ സാഹിപനീര്‍ ഒഴിക്കുമ്പോള്‍ ഞാന്‍ ശര്‍മ്മാജിയോടു ചോദിച്ചു

"നിങ്ങളുടെ കല്യാണത്തിനു വരന്‍ എന്തിനാ മാഷേ കുതിരപ്പുറത്തു കയറുന്നത്‌... "

"അത്‌ ഒരു കഥയാ.... " ചാവല്‍ കോരിക്കൊണ്ട്‌ ശര്‍മ്മാജി തുടര്‍ന്നു "പണ്ടൊരു രജപുത്രരാജാവ്‌ വിവാഹ ദിവസം മകനോട്‌ പറഞ്ഞു 'മോനേ ഉടനെ നിന്‍റെ കല്യാണം നടക്കും. അവസാനമായി വല്ല ആഗ്രഹവുമുണ്ടെങ്കില്‍ പറ' . കുമാരന്‍ പറഞ്ഞു 'പിതാശ്രീ എനിക്ക്‌ കുതിരപ്പുറത്തൊന്ന് കേറണം..' അതിന്‍റെ ഓര്‍മ്മയ്ക്കുവേണ്ടിയാണീ ചടങ്ങ്‌.... അല്ല നിങ്ങടെ കല്യാണത്തിനീ പരിപാടി ഇല്ല അല്ലേ.. "

"ഇല്ല.. കല്യാണ നിശ്ചയം കഴിയുമ്പോള്‍ തന്നെ ഞങ്ങളുടെ ചെറുക്കന്‍മാര്‍ ഒരുപാടു പ്രശ്നങ്ങളുടെ കുതിരകേറ്റം അനുഭവിക്കാറുണ്ട്‌.. സോ.. ഇങ്ങനെയൊരു ചടങ്ങിന്‍റെ പ്രത്യേക ആവശ്യമില്ല.. "

"എത്ര കളര്‍ഫുള്ളാണ്‌ ഞങ്ങളുടെ മാര്യേജ്‌ ഫംഗ്ഷന്‍... അല്ലേ.....സീ ദ ടെണ്റ്റ്‌ ഇറ്റ്‌സല്‍ഫ്‌.. "

"എന്നാലും ഞങ്ങടത്ര വരില്ല ശര്‍മ്മാജി.. സദ്യ വിളമ്പാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊരു മരമടി മത്സരമുണ്ട്‌. ആ ഒരു മരണപ്പാച്ചില്‍, ദുരിതാശ്വാസസ്ഥലത്ത്‌ ഭക്ഷണപ്പൊതി വാങ്ങാന്‍ ഓടുന്നപോലത്തെ ആ ഒരു ഒരുമ... അതിന്‍റെയൊരു സുഖമൊന്നു വേറേയാ മാഷേ..... "

"ണമസ്തേ....... " ഐജാ ചവാനായി രൂപാന്തരം പ്രാപിച്ച വധു കൈതൊഴുതു വന്നു.

വെസ്റ്റ്‌ ബൌസ്‌ ഈസ്റ്റ്‌... ദീര്‍ഘസുമംഗലീ ഭവ....

"എവിടെയാണു ഹണിമൂണ്‍... " ഞാന്‍ വരനോട്‌ ചോദിച്ചു

"ജയപൂറ്‍, മൈസൂറ്‍, കൊടൈക്കനാല്‍...." വരന്‍ പുഞ്ചിരിച്ചു.

'നന്നായി... ദൈവത്തിന്‍റെ സ്വന്തം നാട്‌ എന്നൊരു സ്ഥലമുണ്ട്‌. അങ്ങോട്ട്‌ പോകാന്‍ വല്ല ഉദ്ദേശവുമുണ്ടേല്‍ ഇസഡ്‌ കാറ്റഗറി സെക്യൂരിട്ടി അറേഞ്ച്‌ ചെയ്തോണേ.. അല്ലേല്‍ തിരിച്ചറിയല്‍ പരേഡിനു പോലീസ്‌ സ്റ്റേഷനില്‍ കയറിയിറങ്ങി ഉഴവുതെറ്റും...' ഞാന്‍ മനസില്‍ പറഞ്ഞു.

എല്ലാവരോടും യാത്രപറഞ്ഞു കൊട്ടാരത്തിനു വെളിയിലേക്ക്‌ നടന്നു.

വാതിലിനടുത്ത്‌ ചെമ്പരത്തിപൂപോലൊരു വിഷാദമുഖം.

പതിമൂന്നു വയസിന്‍റെ തിളക്കമില്ലാത്ത കണ്ണുകളുമായി ഒരു പെണ്‍കുട്ടി.

കൈയില്‍ സുന്ദരനായ ഒരുവയസുകാരന്‍ കുട്ടി.

ഇത്‌ സുനന്ദാ മാഡത്തിന്‍റെ കുഞ്ഞല്ലേ.

"നീയേതാ കുട്ടീ..... " ഞാന്‍ അടുത്തു ചെന്നു

"കുട്ടിയെ നോക്കാന്‍ കൂടെ വന്നതാ " സുനന്ദാജിയുടെ വേലക്കാരിയുടെ മകള്‍..

ചെമ്പിച്ച മുടിയി പാറിവീണ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുമണികളില്‍ ദീപങ്ങള്‍ പ്രതിഫലിച്ചു.

"എന്താ പേര്‌ .. "

"ദീപ്തി.... "

"നീ ഒന്നും കഴിച്ചില്ലേ...... അകത്തെല്ലാം ഉണ്ടല്ലോ... "

"വേണ്ടാ അങ്കിള്‍.. അമ്മ അവിടെ റൊട്ടിയുണ്ടാക്കീട്ടുണ്ട്‌.. ഞാന്‍ കഴിച്ചില്ലേല്‍ അമ്മേം കഴിക്കില്ല... "

"ആരൊക്കെയുണ്ട്‌ നിനക്ക്‌... "

"അമ്മേ ഉള്ളൂ..... വേറേ ആരുമില്ല... "

"അച്ഛന്‍ ഇല്ലേ.. "

മറുപടി പറഞ്ഞില്ല

"ഞാന്‍ എന്നാല്‍ ഐസ്‌ക്രീം എടുത്തുകൊണ്ട്‌ വരാം. ഒന്നും കഴിക്കാതിരിക്കെണ്ടാ.. "

"വേണ്ടാ അങ്കിള്‍...വേണ്ടാ... "

"നീ പഠിക്കുന്നുണ്ടോ.. "

"ഇല്ല"

"നീ പഠിക്കണം.. പഠിച്ചു വളര്‍ന്നാലല്ലേ ദാ അതുപോലുള്ളവരെപോലെ ആവാന്‍ പറ്റൂ.. ആഗ്രഹങ്ങള്‍ ഒക്കെ സാധിക്കാന്‍ പറ്റൂ.... "

കൌമാരം പടികയറിവരുന്ന ആ കണ്ണുകളില്‍ മൌനത്തിന്‍റെ തിരയിളകി.

ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍, പൂത്തുമ്പിയേയും കണ്ണാംതളിയേയും കൂട്ടാക്കി നടക്കേണ്ടവള്‍.. വരമഞ്ഞള്‍ കൊണ്ട്‌ മുഖം പുലരിക്കുമുന്നില്‍ നിവേദിക്കേണ്ടവള്‍...

എന്‍റെ നനഞ്ഞ കണ്ണുകള്‍ക്കുമുന്നില്‍ ആഘോഷങ്ങള്‍ ചിതറിവീണു.

നിറദീപങ്ങള്‍ കലങ്ങിമറിഞ്ഞു.

"ഒരു ആഗ്രഹവും ഇല്ലേ കുഞ്ഞേ നിനക്ക്‌....?"

നിലത്തു നോക്കി അവള്‍ പറഞ്ഞു.
"അച്ഛനെയൊന്നു കാണണം... ഒരിക്കല്‍ .... അച്ഛന്‍ എന്നെ ബേട്ടീ എന്നു വിളിക്കുന്നത്‌ കേള്‍ക്കണം..ഒരിക്കല്‍...... "

ജനുവരിത്തണുപ്പിലേക്ക്‌ ഞാന്‍ മരവിച്ചിറങ്ങി....

"ഇഷ്ക്‌ ഇഷ്ക്‌ മേം ജീനാ മര്‍നാ..... "

അകത്ത്‌ ഡി.ജെ തകര്‍ത്തുകൊണ്ടേയിരുന്നു...