Thursday, 16 August 2007

വിഭേ..ധിം തരികിട ധോം... വിഭോ

ഷാദ്ര വെല്‍കം ടെര്‍മിനലിലെ, മത്തിച്ചന്തപോലെ വൃത്തികെട്ട പുറത്തുനിന്നും ആസ്ട്റേലിയയിലെ ഏതോ അത്യാധുനിക റെയില്‍വേ സ്റ്റേഷനില്‍ എത്തി എന്നു തോന്നിപ്പിക്കുന്ന ഡല്‍ഹി മെട്രോ സ്റ്റേഷന്‍റെ ഉള്ളിലേക്കു ഞാന്‍ കടന്നു. മെട്രോ ചീഫ്‌ ഇ. ശ്രീധരന്‍മാഷിനെ മനസില്‍ സ്തുതിച്ചുകൊണ്ട്‌ പതിവുപോലെ എസ്കലേറ്ററില്‍ സ്ളോ മോഷനില്‍ മുകലെത്തിയപ്പോഴാണു, മനോഹരമായ ഒരു പഴ്‌സ്‌ അനാഥമായി കിടക്കുന്നത്‌ കണ്ടത്‌. ഏതോ പ്രണയലോലന്‍റെയാവാം എന്ന് തോന്നിപ്പിക്കുന്ന, സ്വര്‍ണ്ണവക്കുപിടിപ്പിച്ച പിങ്ക്‌ ഹൃദയങ്ങള്‍ ഒരുപാട്‌ നിറഞ്ഞ, ആ സാധനം കൈയിലെടുത്തു ചുറ്റും നോക്കി.

കൌണ്ടറിലേല്‍പ്പിച്ചാലോ?. വേണ്ടാ പുലിവാലാകും. പിന്നെ മോഷ്ടാവു നമ്മള്‍തന്നെയാണെന്ന് സ്ഥാപിക്കാന്‍ പോലീസുകാരും, സത്യസന്ധനാണെന്നു തെളിയിക്കാന്‍ പൂഴിക്കടകന്‍ വരെ പയറ്റി നമ്മളും മെനക്കെടുമ്പോഴേക്കും ഉച്ചയാവും ഉറപ്പ്‌.. സര്‍ക്കാര്‍ കാര്യം മൂന്നാം മുറപോലെയെന്നല്ലെ. പോരാഞ്ഞ്‌ ഈയിടെയായി കഷ്ടകാലം, 'പൊന്നളിയാ ഒന്നു നിന്നെ ഒരു സ്വകാര്യം പറയട്ടെ' എന്നുപറഞ്ഞു കൂടെക്കൂടാനും തുടങ്ങിയിട്ടുണ്ട്‌.

ഒന്നും ആലോചിക്കാതെ, ആരും കാണാതെ അവനെ ജീന്‍സിലോട്ട്‌ താഴ്ത്തി സനാഥനാക്കി. ഉടമയെ അന്വേഷിച്ച്‌ ഫോണ്‍ ചെയ്ത്‌ തിരികെ ഏല്‍പ്പിക്കാം എന്ന മിനിമം പരോപകാരം അജന്‍ഡയില്‍..

കണാട്ട്‌പ്ളേസില്‍ ഇറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ പിങ്കു ഹൃദയം ഒന്നു തുറക്കാന്‍ തീരുമാനിച്ചു. രണ്ടായി പകുത്തപ്പോഴേ ഞെട്ടി. ഐ.സി.ഐ.സി.ഐ, എച്ച്‌.ഡി.എഫ്‌.സി, സിറ്റി ബാങ്ക്‌, എസ്‌.ബി.ഐ എന്നുവേണ്ടാ ഭൂലോകത്തുള്ള സകലബാങ്കുകളുടേയും ക്രെഡിറ്റ്‌ കാറ്‍ഡുകള്‍ അറകളില്‍ പലവര്‍ണ്ണങ്ങളില്‍ ഇരുന്നു ചിരിക്കുന്നു. ഭാഗ്യം വേള്‍ഡ്‌ ബാങ്കിന്‍റെ കാറ്‍ഡ്‌ കണ്ടില്ല..പാവം അപ്ളെ ചെയ്തിട്ടേ ഉണ്ടാവൂ...

ഈശ്വരാ, ഇതിന്‍റെ ഉടമ കേരളാ സര്‍ക്കാരാണോ, അതോ, കടം വാങ്ങി കുളംതോണ്ടൂ എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിക്കുന്ന ഏതോ പ്രബുധ പൌരനോ... ഉടമയെ ഒന്നു പരിചയപ്പെടാം എന്നു വിചാരിച്ച്‌, വിശദമായി ഒന്നു പരിശോധിച്ചു.
"വിഭാ. എസ്‌.,
സിസ്റ്റം അനലിസ്റ്റ്‌,
ഐ.ക്യൂ ടെക്നോളജീസ്‌,
ടെക്നോ പാര്‍ക്ക്‌,
തിരുവനന്തപുരം " എന്ന പ്ളാസ്റ്റിക്‌ കോട്ടഡ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌. അടുക്കി വച്ചിരിക്കുന്ന നോട്ടുകള്‍ എണ്ണിയപ്പോള്‍, നാലായിരത്തിമുന്നൂറു രൂപ, ദില്ലി തിരുവനന്തപുരം എയര്‍ടിക്കറ്റ്‌...

ഒരുതുണ്ടു കട്ടിക്കടലാസില്‍ ഭംഗിയുള്ള കൈപ്പടയില്‍ "ഇസ്‌ ദാറ്റ്‌ വിത്‌ യൂ... ??"

സംഗതി കൊള്ളാമല്ലോ... പെങ്ങളെ.. ഇത്രയും സാധനം കളയാന്‍ വേണ്ടി നാട്ടില്‍നിന്ന് ഡല്‍ഹിവരെ വന്നോ... "ഇസ്‌ ദാറ്റ്‌ വിത്‌ യൂ" ഇതെന്തു സ്ളോഗണ്‍ അനിയത്തീ.. ഇനി ഇത്‌ എന്നോടുള്ള ചോദ്യമാണെങ്കില്‍ യെസ്‌.. ദാറ്റീസ്‌ വിത്‌ മീ.. പഴ്‌സേ......

പഴ്സിനകത്തെ ചതുരത്തിനുള്ളില്‍ സ്റ്റാമ്പ്‌ സൈസില്‍, ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ രൂപത്തില്‍, പണ്ടത്തെ സിനിമയില്‍ കെ.ആര്‍.വിജയ വെള്ളംകോരുമ്പോഴുള്ള മുഖഭാവത്തോടെ ഒരുവള്‍. ഇതാണോ വിഭ എസ്‌. വിഭോ.. പടമെടുക്കുമ്പോഴെങ്കിലും ഒന്നു ചിരിച്ചൂടെ പെങ്ങളെ

ഓഫീസിലെത്തി, കമ്പ്യൂട്ടറ്‍ തുറന്ന്, നീലം മദന്‍ 'രാം ചരിത മാനസം' വായിക്കുന്നതും കണ്ട്‌, ശര്‍മ്മാജി അവരെ ഏറുകണ്ണിട്ടു നോക്കി 'മാടിനെന്തിനാ മാമ്പഴം' എന്ന അര്‍ഥത്തില്‍ ഒരു വളിച്ച ചിരി പാസാക്കുന്നതും കണ്ട്‌, ആദ്യ പരിപാടിയായ ഒരു ഗ്ളാസ്‌ വെള്ളവും കുടിച്ച്‌, "വിഭ എസ്‌' ന്‍റെ നംബറില്‍ കുത്തി..

"വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും..... "
ഞെരിച്ചു.!! സിറ്റുവേഷനു പറ്റിയ കാളര്‍ ട്യൂണ്‍ പെങ്ങളെ..സമ്മതിച്ചു തന്നിരിക്കുന്നു.

"ഹലോ... ആമൈ സ്പീക്കിംഗ്‌ ടു മിസ്‌. വിഭാ.... "

"യെസ്‌...യെസ്‌....." ഇലക്ട്രിസിറ്റി ബില്ലു കണ്ട വീട്ടമ്മയോലെ പതറിയും കിതച്ചുമുള്ളതാണെങ്കിലും പച്ചക്കരിമ്പിന്‍റെ മധുരമുള്ള വോയ്‌സ്‌....

"മാഡം..ഐ ഗോട്ട്‌ എ പഴ്‌സ്‌ വിത്‌ യുവറ്‍ നെയിം ഓണിറ്റ്‌....ഐ ജസ്റ്റ്‌ വാണ്ട്‌ ടു കണ്‍ഫേം വെതര്‍ ..... " എന്‍റെ റാപ്പിഡെക്സ്‌ ഇംഗ്ളീഷിനെ കമ്പ്ളീറ്റാന്‍ അനുവദിക്കാതെ അവള്‍ ഓക്സ്‌ഫൊറ്‍ഡ്‌ ഇംഗ്ളീഷ്‌ കുടഞ്ഞിട്ടു

"ഓ മൈ ഗുഡ്‌നെസ്‌..." ഒരു പടക്കയൊച്ച അപ്പുറത്ത്‌.. ആഹ്ളാദം അണ്‍കണ്ട്റോളബിള്‍ ആയി ഹൈഹീല്‍ഡ്‌ ചെരിപ്പില്‍ നിന്ന് ഉരുണ്ടുവീണോ ആവോ....

"ഓ മൈ ഗോഡ്‌...ഈശ്വരാ..ഗുരുവായൂരപ്പാ...മൈ ഗോഡ്‌.... ആറ്റുകാല്‍ ദേവീ... ഈശ്വരാ" എന്‍റമ്മോ...
ഞങ്ങടെ ഭജന വേലായുധന്‍ സ്വാമിയ്ക്കു പോലും ഒറ്റശ്വാസത്തില്‍ ഇത്ര ദൈവങ്ങളെ വിളിക്കാനുള്ള കപ്പാസിറ്റി ഇല്ല.

"വെയര്‍ ആര്‍ യു...ഹൂ ആര്‍ യു....ഒോഹ്‌...സോ കൈന്‍ഡോഫ്‌ യു....പ്ളീസ്‌ ടെല്‍ മീ...ഹു ആര്‍ യു.." എന്‍റെ ഡയഫ്രം തുളച്ചു കയറി പെങ്കൊച്ചിണ്റ്റെ ആഹ്ളാദസുനാമി ആഞ്ഞടിച്ചു.

നമ്മള്‍ തമ്മില്‍ ഒരു വ്യത്യാസമേ ഉള്ളൂ പെങ്ങളെ...പെങ്ങള്‍ ഗതിപിടിച്ചതു കൊണ്ട്‌ ഡല്‍ഹിക്കു വന്നു..ഞാന്‍ അതു പിടിക്കാത്തതുകൊണ്ട്‌ വന്നു എന്നൊക്കെ പറയണം എന്നുണ്ടായിരുന്നെന്‍ങ്കിലും വിഷയം സീരിയസ്‌ ആയതുകൊണ്ട്‌ ഞാനും സീരിയസ്‌ ആയി.

കടക്കാര്‍ഡുകളുടെ എണ്ണവും, കാശിന്‍റെ മൂല്യവും ഒക്കെ പറഞ്ഞപ്പോള്‍ വളരെ കൃത്യം. ഈശ്വരാ..ഒന്നും നഷ്ടപ്പെട്ടിട്ടില്ല..അല്ലെങ്കില്‍ ഒരു ഛോട്ടാ മോഷ്ടാവ്‌ എന്ന സംശയത്തിന്‍റെ ആനുകൂല്യം എനിക്ക്‌ കിട്ടിയേനെ..

ഒരു ചെറിയ പരിചയപ്പെടുത്തലും കഴിഞ്ഞ്‌, വിഭാജിയുടെ ഇപ്പൊഴത്തെ കെയര്‍ ടേക്കറ്‍ അങ്കിളിനോട്‌ ഓഫീസിലെ അഡ്രസും പറഞ്ഞുകൊടുത്ത്‌ ഞാന്‍ പതിവു ജോലിയില്‍ പ്രവേശിച്ചു.

ആദ്യം മെയില്‍ ചെക്കിംഗ്‌.. ഉണ്ണിയെ കണ്ടാലേ അറിയാം ഊരിലെ പഞ്ഞം എന്ന മട്ടില്‍, വയാഗ്രച്ചേട്ടന്‍ വക പത്തു മെയില്‍, 'ഇതു ഫോര്‍വേഡ്‌ ചെയ്താല്‍ നാളെ ബി.എം.ഡബ്ള്യൂ' കാറു കിട്ടും എന്ന് ഏതോ, പരമവിഡ്ഡികള്‍ ഫോറ്‍വേഡ്‌ ചെയ്ത പന്ത്രണ്ട്‌ മെയില്‍, 'നിങ്ങളുടെ ഭാവി അറിയാന്‍ ചുവന്ന ബട്ടണില്‍ പ്രസ്സൂ' എന്ന് പറഞ്ഞു, അതില്‍ പ്രസ്സുമ്പോള്‍ 'സമയം കളയാതെ പോയി ജോലി ചെയ്യെടാ ഏഭ്യാ' എന്ന് ഇളിച്ചു കാട്ടുന്ന അഞ്ചാറു മെയില്‍...
ഇവയൊക്കെയില്‍ നിന്നും ഒഫീഷ്യല്‍ മെയില്‍, ചാണകക്കുഴിയില്‍ നിന്ന് മോതിരം തപ്പുന്നപോലെ തപ്പിയെടുത്തപ്പോഴേക്കും മണിക്കൂറൊന്ന് കഴിഞ്ഞു.

ചായക്കപ്പിലെ ടീ ബാഗ്‌, പശുവിനെ കറക്കുന്നതുപോലെ പറപ്പനായി ഒന്നു ഞെക്കി എക്സ്‌ട്റാ കടുപ്പമാക്കി, പലചരക്കു കടയിലെ ത്രാസുപോലെ ആടി ഉറങ്ങുന്ന ശര്‍മ്മാജിയെ നോക്കി 'വരുമല്ലോ രാവില്‍ പ്രിയതമ' എന്ന പാട്ട്‌ മൂളിച്ചിരിച്ചിരിക്കുമ്പോഴാണു ഇന്‍റര്‍കോം.

വിസിറ്റര്‍ വന്നിരിക്കുന്നു.

"ഹോ ജന്‍റില്‍ മാന്‍....യൂ ആര്‍ സച്ച്‌ എ ഗ്രേറ്റ്‌ മാന്‍....റെയറസ്റ്റ്‌ എമംഗ്‌ ദി റെയറെസ്റ്റ്‌...." എന്ന ഇണ്റ്റ്‌റോഡാക്ഷനില്‍ തുടങ്ങി, ഒരു ധൃതരാഷ്ട്രാലിംഗനവും തന്ന് റിവേഴ്സ്‌ ഗീയറില്‍ സോഫയിലേക്കിരുന്നു, വിഭാകുമാരിയുടെ അങ്കിള്‍.. അച്യുതാനന്ദന്‍ സഖാവ്‌, മൂന്നാറില്‍ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ പോയപ്പോലുള്ള ജാക്കറ്റും തൊപ്പിയും വേഷം.

"മാഡത്തിന്‍റെ അങ്കിളാണല്ലേ"

"യാ...അറ്റെ... "

പിന്നങ്ങോട്ട്‌ അങ്കിളന്‍ മലയാളം പറഞ്ഞത്‌ കേട്ടപ്പോള്‍, തണ്ണിത്തോട്ടിലെ കുണ്ടുകുഴിയില്‍ കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ പണ്ട്‌ വണ്ടിയോടിക്കുന്ന സീന്‍ ഓര്‍മ്മവന്നു. സ്റ്റീയറിംഗില്‍ പിടിമുറുക്കണോ, ഗീയറില്‍ മുറുക്കണോ, കുഴിയുടെ വ്യാസം കണ്ട്‌ സീറ്റില്‍ നിന്ന് ആസനം ഉയര്‍ത്തണോ എന്നൊക്കെയുള്ള മള്‍ട്ടിപ്പിള്‍ കണ്‍ഫ്യൂഷന്‍സ്‌. അങ്കിള്‍ ബോണ്‍ ആന്‍ഡ്‌ ബ്രോട്ടപ്പോ അതോ ബോട്ടം അപ്പോ. പൊളപ്പന്‍ ആംഗലേയം കേട്ടപ്പോള്‍ ആദ്യത്തെ ഇനം ആണെന്ന് മനസിലായി.
അമ്മാവന്‍റെ മലയാളവും എന്‍റെ ഇംഗ്ളീഷും ഒരേ റേഞ്ചില്‍. സംഭാഷണം മ്യൂച്ച്വലി മായ..

പറഞ്ഞപ്പോള്‍ ആണു മനസിലായത്‌, ഇരുപത്‌ വര്‍ഷം ന്യൂയോര്‍ക്കിലായിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ ബിസിനസ്‌ കാന്തം..

ചൈനക്കാരന്‍ പണ്ട്‌ കൊച്ചിയില്‍ വന്ന്, മുറുക്കാന്‍ കടയില്‍ കയറി, നാരങ്ങാവെള്ളം ചോദിച്ചപ്പോള്‍, ക്ളയണ്റ്റ്‌ ഇതു തന്നെയാണു ചോദിക്കുന്നതെന്ന് മൂന്നുവട്ടം ആലോചിച്ചുറച്ച്‌, കുട്ടപ്പന്‍ ചേട്ടന്‍ പാക്കുവെട്ടിയെടുത്ത്‌ നീട്ടിയ കഥ ഓര്‍ത്ത്‌, ഞാന്‍ പോക്കറ്റില്‍ നിന്ന് പഴ്‌സ്‌ എടുത്തു നീട്ടി..

"ഓഹ്‌...യു ആര്‍ സച്ച്‌ എ ഗ്രേറ്റ്‌ മാന്‍" പഴ്‌സ്‌ കൈയില്‍ കിട്ടിയപ്പോള്‍ അമ്മാവന്‍ ആശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടെയും എന്നെ പുകഴ്ത്തി.. കാശുകൊടുക്കാതെ കിട്ടുന്ന സാധനം പുകഴ്ത്തലായതുകൊണ്ട്‌ ഞാനും അറഞ്ഞു നാലു താങ്ക്യൂ കാച്ചി. വീണ്ടും ഒരു ഹഗ്‌ തന്ന് പിരിയാന്‍ നേരം അല്‍പ്പം നെഞ്ചിടിപ്പോടെ ഞാനും ഫൊര്‍മലായി

"സാറിനു കുടിക്കാന്‍ ചായയോ കോഫിയോ .... "

"ഓ..നോ താങ്ക്സ്‌ " രക്ഷപെട്ടു. കഷ്ടകാലത്തിനു "വിത്‌ പ്ളെഷര്‍" എന്നു വല്ലതും അമ്മാവന്‍ പറഞ്ഞിരുന്നെങ്കില്‍, എം.ഡി യേക്കാള്‍ പവര്‍ ഉള്ള മൂന്നു ഉണക്ക പ്യൂണ്‍മാരെ തപ്പിയെടുക്കണം.. കാലുപിടിക്കണം. എക്സ്‌പ്ളനേഷന്‍ കൊടുക്കണം.. താങ്ക്‌ ഗോഡ്‌...തങ്കമ്മാവാ.. (താങ്ക്‌ അമ്മാവാ)

ഉച്ചയ്ക്ക്‌ ഉണക്കറൊട്ടി കടിച്ചുപറിച്ച്‌ വായ മുറിക്കുമ്പോള്‍ മണിയൊച്ച.

"ഹലോ.. ഇത്‌ ഞാനാ വിഭാ"

"ഓ വിഭ....പറയൂ പെങ്ങളെ...പഴ്‌സ്‌ കിട്ടിയല്ലോ.. ഹാപ്പിയായില്ലേ"

"പെങ്ങള്‍!!!" ഹൈ വോള്യത്തില്‍ മറുചോദ്യം

ഈശ്വരാ, പെങ്ങള്‍ എന്നത്‌ തിരുവനന്തപുരം ലോക്കല്‍ ലാംഗ്വേജില്‍ വല്ല തെറിയും ആണോ.....

"യു കാള്‍ഡ്‌ മീ സിസ്റ്റര്‍..... "ഓ....പെങ്ങള്‍ വാണിഭത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് വന്നതാണല്ലോ..
ഒരജ്ഞാതന്‍ സഹോദരീ എന്ന് വിളിച്ചപ്പോള്‍ ഞെട്ടുക നാച്ചുറല്‍....

"എനിക്ക്‌ എങ്ങനെയാ ബ്രദറിനോട്‌ നന്ദി പറേണ്ടേന്നറിയില്ല... ഐ ആം റണ്ണിംഗ്‌ ഔട്ട്‌ ഓഫ്‌ വേഡ്സ്‌..വാക്കുകള്‍ കിട്ടുന്നില്ല... "

"അതല്ലേലും അങ്ങനാ അനിയത്തീ.. കെട്ടിയോനെ ചീത്തവിളിക്കുമ്പോള്‍ മാത്രമേ പെങ്കൊച്ചുങ്ങള്‍ക്ക്‌ വാക്കുകള്‍ക്ക്‌ ക്ഷാമമില്ലാതുള്ളൂ..അല്ലാത്തപ്പൊഴൊക്കെ ഭയങ്കര ഷോട്ടേജാ... "

അപ്പുറത്ത്‌ കുപ്പിവളക്കിലുക്കം പോലൊരു ചിരി.."ഈ സെന്‍സ്‌ ഓഫ്‌ ഹ്യൂമറ്‍ എനിക്കൊത്തിരിയിഷ്ടമായി.. ഞാന്‍ ഏട്ടാ എന്നു വിളിച്ചോട്ടെ.. "

"കൊള്ളാം!...മുപ്പത്തിമൂന്ന് കലണ്ടറ്‍ കണ്ടിട്ടില്ലെങ്കില്‍ ധൈര്യമായിട്ടങ്ങനെ വിളിച്ചോ... "

"ഏട്ടനെപ്പോലെയുള്ളവര്‍ ഇക്കാലത്തും ഉണ്ടോ... ?"

"സിംഹവാലന്‍ കുരങ്ങും ഞങ്ങളും ഒരുപോലാ അനിയത്തീ.. വംശനാശഭീഷണിയില്‍... "

നാടും വീടും ബാല്യവും കൌമാരവും ഒക്കെ മൂന്നുമിനിട്ടുകൊണ്ട്‌ പറഞ്ഞുതന്ന് എഫ്‌.എം റേഡിയോയിലെ തരുണീമണികളേക്കാള്‍ എക്സ്‌പേറ്‍ട്ടായ വിഭക്കൊച്ച്‌ എന്‍റെ മനസില്‍ ഒരു റെയര്‍ കാറ്റഗറിയായി കുടിയുറപ്പിച്ചു.

"ഏട്ടനെ ഒന്നു നേരില്‍ കണ്ടാ കൊള്ളാമെന്നുണ്ട്‌... "

"അയ്യോ പെങ്ങളെ... ആകെപ്പാടെയൊരു ഞായര്‍. മക്കാന്‍ മാലിക്കിനോട്‌ 'മാറി നില്‍ക്കാനും' കേബിള്‍ വാലായോട്‌ 'കേള്‍ക്ക്‌ നീ അടുത്താഴ്ച വാ' എന്ന് പറയാന്‍ പോലും അത്‌ തികയില്ല. പിന്നെ കൊച്ചിനു വലിയ നിര്‍ബന്ധം ആണെങ്കില്‍ അടുത്ത തവണ അവധിക്കു വരുമ്പോള്‍ കാണം.. "

"ഉറപ്പായും കാണണേ..... "

"പിന്നെന്താ..തിരുവനന്തപുരത്തു തന്നാ എന്‍റെ വല്യപ്പച്ചീടേം വീട്‌. അപ്പച്ചിയും ചിറ്റപ്പനും ഒരുമിച്ചാടുന്ന 'പൂതനാമോക്ഷം', 'കീചകവധം' തുടങ്ങിയ 'സംതൃപ്ത ദാമ്പത്യ കഥകളികള്‍' കാണാന്‍ എല്ലാ അവധിക്കും വരാറുണ്ട്‌. .അടുത്ത തവണ ദര്‍ശനം പക്കാ....കോണ്ടാക്ട്‌ ഡീറ്റയില്‍സ്‌ കാര്‍ഡിലുണ്ടല്ലോ..... "

രണ്ടായിരത്തിയഞ്ചിലെ ഓണത്തിനു ഒരാഴ്ച്ച മുമ്പ്‌, അപ്പച്ചിയുടെ 'ശ്രീവിലാസം' വീട്ടുപടിയില്‍ ഞാനെത്തി.
കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്തു കിടക്കട്ടെ എന്ന മട്ടിലുള്ള ആ വീട്ടുപേരു കണ്ട്‌, അറിയാതെ വന്ന ചിരിയെ അമര്‍ത്തിയൊതുക്കി, പത്രത്തിലെ ക്ളാസിഫൈഡും നോക്കി തിണ്ണയിലിരിക്കുന്ന ചിറ്റപ്പന്‍റെ അടുത്ത്‌ ശബ്ദമുണ്ടാക്കാതെ ഞാന്‍ ചെന്നു.

"ചിറ്റപ്പന്‍ എന്താ മാട്രിമോണിയല്‍ കോളം നോക്കുവാന്നോ... "

"എടാ കഴുവേറീ..... നീ എപ്പൊ വന്നെടാ ഡെല്‍ഹീന്ന്...... "

"അയ്യോ...ചിറ്റപ്പന്‍റെ കണ്ണിനു താഴെ എന്തു പറ്റി.. നീരുപിടിച്ചോ... "

"നിന്‍റെ അപ്പച്ചി കഴുവെറ്‍ട മോള്‍ എനിക്കൊരു വെഡ്ഡിംഗ്‌ ആനിവേഴ്‌സറി ഗിഫ്റ്റ്‌ തന്നാതാ..ഉരുളക്കിഴങ്ങുകൊണ്ട്‌.. ഒരിഞ്ച്‌ മാറിയിരുന്നെങ്കില്‍ എനിക്കിപ്പോ നിന്നെ തപ്പിനോക്കേണ്ടി വന്നേനെ....അതുവിട്‌..എവിടെ ലക്ഷ്മി....മോള്‍ക്ക്‌ സുഖം തന്നെയല്ലേ.... "

"മോള്‍ക്കൊരു പനി. അതു കാരണം വന്നില്ല. അപ്പച്ചിയെവിടെ??"

"അവടമ്മേടേ നായര്‍ടെ ചാക്കാല പറയാന്‍ പോയതാരിക്കും... "

തകഴിച്ചേട്ടനും കാത്തച്ചേച്ചിയും തമ്മില്‍ പോലും ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.

"ചിറ്റപ്പാ... അപ്പച്ചീടെ അമ്മേടെ നായര്‍ എന്നു പറയുമ്പോള്‍, എന്‍റെ അപ്പൂപ്പനായിട്ടും വരും.. "

"ഹും...അല്ലേലും അങ്ങേരെ എന്തിനു പറയണം....ഥൂ...... " മുറ്റത്തേക്ക്‌ മുറുക്കാനൊപ്പം അരിശവും കൂടി തുപ്പി ചിറ്റപ്പായി തുടര്‍ന്നു
"മണ്ട ചീഞ്ഞതിനു മൂടെന്തു പിഴിച്ചു....... "

ഉറങ്ങിക്കിടക്കുമ്പോള്‍ പോലും സ്വരച്ചേര്‍ച്ച ഇല്ലാത്ത അപ്പച്ചിയേയും ചിറ്റപ്പനേയും തമ്മില്‍ ചക്കരയും ചക്കരപ്പാട്ടയും പോലെയാക്കിതീര്‍ക്കാന്‍ പണ്ട്‌ അമ്മൂമ്മ, പഴവങ്ങാടി ഗണപതിക്ക്‌ നൂറു നാളികേരം ഉടച്ചതാണു. തേങ്ങ എറിഞ്ഞെറിഞ്ഞ്‌ പെരിയസാമിയുടെ കൈ ഉളുക്കിയത്‌ മാത്രം മിച്ചം. അന്ന് അപ്പൂപ്പന്‍ പറഞ്ഞത്രേ..."ഗണപതിയ്ക്കും കഴിവിനൊരു പരിധിയില്ലേ കാര്‍ത്ത്യായനീ.... "

അപ്പച്ചി സ്ഥലത്തില്ലാത്തതിനാല്‍, ശ്രീവിലാസത്തോട്‌ ഗുഡ്ബൈ പറഞ്ഞ്‌, വഴുതക്കാടിനു വിട്ടു.

അടയാളമായി പറഞ്ഞുതന്നിരുന്ന മില്‍മബൂത്തും, മൂന്നാമത്തെ വീടും കഴിഞ്ഞു ഗേറ്റിലെത്തി. മതിലില്‍, മനോഹരമായി എഴുതിവച്ചിരിക്കുന്നു...

'കണ്ണാങ്കുഴിയില്‍ സുകുവില്ല'
നെറ്റിയൊന്നു ചുളിച്ചു. സുകുവിനെയല്ല വിഭയെ ആണു കാണേണ്ടതെങ്കിലും, ആ ബോറ്‍ഡ്‌ കണ്ടപ്പോള്‍ വല്ലാത്ത കൌതുകം. ഇതെന്താപ്പാ ഇങ്ങനെ?.. ഇനി 'ഡോക്ടര്‍ അകത്തില്ല' എന്നൊക്കെ പോലെ, ഗൃഹനാഥന്‍ പുറത്തുപോകുമ്പോള്‍, ഇതുപോലെ ബോറ്‍ഡ്‌ വക്കുന്ന പുതിയ ഫാഷനും വന്നോ ഈ നാട്ടില്‍.. ?അതോ സുകുമാരക്കുറുപ്പിനെ തേടി വരുന്ന പോലീസുകാര്‍ക്കൊരു മുന്നറിയിപ്പോ.... സംഗതിയെന്തായാലും കൊള്ളാം..

കോളിംഗ്‌ ബെല്ലില്‍ അമര്‍ത്താന്‍ ഒരു ശ്രമം നടത്തിയപ്പോള്‍, അത്‌ ഓള്‍റെഡി അമങ്ങിത്തന്നെയാണിരിക്കുന്നതെന്നു മനസിലാക്കി, ഇരുമ്പുഗ്രില്ലില്‍ നാലഞ്ചു കൊട്ടുകൊട്ടി ഞാന്‍ അകത്തൊരു വീക്ഷണം നടത്തി.

പണ്ടൊരു പെണ്ണുകാണാന്‍ പോയിടത്ത്‌ പട്ടിയോടിച്ചതില്‍ പിന്നെ, ഏതു വീട്ടില്‍ ചെല്ലുമ്പൊഴും ആദ്യം നോക്കുക ഇത്‌ 'പട്ടി ഉറങ്ങാത്ത വീടാണോ' എന്നാണു.

പനങ്കുലപോലെ മുടിയഴിച്ചിട്ട്‌, കൈയില്‍ എച്ച്‌.ജി. വെല്‍സിന്‍റെ പുസ്തകവും പിടിച്ച്‌ ഓടിവരുന്നു ഒരുവള്‍..സൂക്ഷിച്ചു നോക്കി..ഇത്‌ കെ.ആര്‍.വിജയ എന്ന വെള്ളംകോരുകാരിപ്പെണ്ണു തന്നെ..

"ആരാ......" മുടി ഒരുവശത്തേക്ക്‌ മാടിയിട്ടൊരു ചോദ്യം..

"മരങ്ങോടനിലുണ്ട്‌ ഔസേപ്പിലില്ല
പനങ്ങോടനിലുണ്ട്‌ ഈസോപ്പിലില്ല...
ഉത്തരം പറഞ്ഞാല്‍ പെങ്ങള്‍ക്കൊരു കടലമുട്ടായി..... "

"അയ്യോ....മനുവേട്ടായി......!!!"
ഒരു തുള്ളിച്ചാട്ടത്തിനു ഗേറ്റ്‌ തുറന്ന്,കൈയില്‍ നിന്ന് മിഠായിപ്പൊതി തട്ടിയെടുത്ത്‌, ഗള്‍ഫിലെ മൂത്തചേട്ടന്‍ അവധിക്കു വരുന്ന് സന്തോഷത്തോടെ അവള്‍ എന്നെ അകത്തേക്കു കൂട്ടി....

"അതെന്താ പെങ്ങളെ വെളിയിലൊരു ബോര്‍ഡ്‌..സുകുവില്ല എന്ന്. ആരാ ഈ സുകു..ആക്ച്വലി അദ്ദേഹത്തിനെന്താ പറ്റിയത്‌..... " ആദ്യത്തെ സംശയം തീര്‍ക്കാന്‍ ഞാന്‍ ചോദിച്ചു

"അയ്യോ ഹ ഹ ഹ " കൈപൊത്തി പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു

"എന്‍റെ ഏട്ടായി അതു വീട്ടുപേരാ..ഞങ്ങടെ തറവാട്ടുപേരാ 'കണ്ണാങ്കുഴി'. പലവീടുകളായപ്പോള്‍, ഓരോ പേരിനോടൊപ്പം 'വില്ല' ചേര്‍ത്തു. ഇത്‌ 'സുകു വില്ല', ദാ അപ്പുറത്ത്‌ 'ജലജ വില്ല"

"അയ്യപ്പാ....രാവിലെ വല്ലാതെ തെറ്റിദ്ധരിച്ചു... "

"ഞെരിപ്പന്‍ പൂന്തോട്ടമാണല്ലോ പെങ്ങളെ.. ഇതൊക്കെ ആരു മെയിന്‍റയിന്‍ ചെയ്യുന്നു"


"ഈ വിഭ, പിന്നല്ലാതാരു.. ഫോട്ടോഗ്രാഫിയും ഗാര്‍ഡനിംഗും എന്‍റെ ഭ്രാന്തു സബ്‌ജക്ടുകളാ ഏട്ടാ.. ഒരു സ്നാപ്പിനുവേണ്ടി ചൊവ്വാഗ്രഹംവരെ പോകാനും ഞാന്‍ റെഡി... "

പൂവും, കായും, പശുവും, വെള്ളത്തുള്ളികള്‍ മുത്തുപിടിപ്പിച്ച ഇലകളും ഒക്കെ ക്യാമറയില്‍ പകര്‍ത്തിയത്‌ മുറിനിറയെ..

ഇണചേരുന്ന ചിത്രശലഭങ്ങളുടെ ചിത്രം കണ്ട്‌ കണ്ണുതെള്ളിപ്പോയി

"ഇതെങ്ങനെ ഒപ്പിച്ചെടുത്തു പെങ്ങളെ...ബട്ടര്‍ഫ്ലൈസ്‌ മേക്കിംഗ്‌ ലവ്‌... "

"വണ്‍ ഫുള്‍ഡേ പ്രൊജക്റ്റ്‌.. ഏട്ടായി അതിനു പറ്റിയൊരു അടിക്കുറിപ്പ്‌ പറഞ്ഞേ... "

"ചോരയുള്ളോരകിടിന്‍ ചുവട്ടിലുംക്ഷീരം തന്നെ മനുഷ്യനു കൌതുകം.... എന്താ പോരെ... "

"ഉഹും ഉഹും.." മൂന്നുവയസുകാരിയുടെ പിണക്കക്കൊഞ്ചല്‍. വിഭ തന്ന നാരങ്ങാവെള്ളം കുടിക്കുമ്പോഴാണു, മുകളില്‍ നൃത്തച്ചുവടുകളുടെ ശബ്ദം...

"വീരാ വിരാടാ കുമാരാ വിഭോ... "

"ഇവിടാരാ ക്ളാസിക്കല്‍ പഠിക്കുന്നെ...." മോഹന്‍ലാല്‍ ശോഭനോട്‌ ചോദിച്ചപോലെ ഞാന്‍ ചോദിച്ചു.

"അതേയ്‌... കോളനിയിലെ ഓണാഘോഷത്തിനുവേണ്ടി, പെണ്ണുങ്ങളെ അമ്മൂമ്മ കൈകൊട്ടിക്കളി പഠിപ്പിക്കുവാ.. ടെറസില്‍.. "

"എന്നാ അതൊന്നു കാണണമല്ലോ... " ഗ്ളാസ്‌ മാറ്റിവച്ച്‌ ഞാന്‍ പടിയിലേക്കു കുതിച്ചു

"അയ്യോ ഏട്ടായി...അങ്ങോട്ടാരേം കടത്തിവിടല്ലെന്നാ അമ്മൂമ്മേടെ ഓര്‍ഡര്‍..പ്ളീസ്‌....പോവല്ലേ..... "

"ഒന്നു ചുമ്മാതിരി പെങ്ങളെ. കുറെ നാളായി ഒരു നല്ല കൈകൊട്ടിക്കളി കണ്ടിട്ട്‌..."

ചാടി ഞാന്‍ മുകളിലെത്തി. പിറകേ വിഭയും

കണ്ട കാഴ്ച്ച നയനശോഭനം.

വിസയില്‍ സ്റ്റാമ്പ്‌ വരെ പതിച്ചുകിട്ടിയ തൈക്കിളവിമാര്‍ ലാസ്യവിലാസഭാവത്തോടെ ആടുന്നു..

"എന്‍റെ ദൈവമേ...ഈ വയസുകാലത്ത്‌ ഈ പെണ്ണുങ്ങള്‍ക്ക്‌ വേറെ യാതൊരു പണിയുമില്ലേ... "

"നാളിക ലോചനമാരെ നിങ്ങള്‍...നാണം കളഞ്ഞ്‌.... ...... ....." വിഭയുടെ അമ്മൂമ്മ ചൊല്ലിക്കൊടുക്കുന്നു..

'അതു പിന്നെ പ്രത്യേകിച്ച്‌ പറയണോ എന്‍റെ ഇരയിമ്മന്‍ തമ്പിയങ്കിളേ.... നാണം എന്നൊരു സാധനം അടുത്തുകൂടെ പോയിരുന്നെങ്കില്‍, ഈ നാളികേരനയനമാര്‍ ഈ പണിക്കിറങ്ങുമോ ' ഞാന്‍ മനസില്‍ പറഞ്ഞു

"താം ധി തിക്കണ... "

ഡയമെണ്ട്‌ ഷേപ്പില്‍ കാലുകള്‍ വളച്ച്‌, പെട്ടെന്നിരുന്ന് എഴുന്നേല്‍ക്കേണ്ട 'തിക്കണ' യില്‍ , സീനിയര്‍മോസ്റ്റായ ഒരമ്മൂമ്മ ആവേശവും ആമവാതവും തമ്മിലുള്ള ഡീപ്‌ അന്തരം കാരണം, ചന്തിയിടിച്ച്‌ ഡയമെണ്ട്‌ ഷേപ്പ്‌ കാലോടെ തന്നെ തറയില്‍ വീണു. കൈപൊത്താനുള്ള സാവകാശം പോലും കിട്ടാതെ എന്‍റെ പൊട്ടിച്ചിരി സകല കണ്ട്രോളൂം വിട്ടു പുറത്തു വന്നതും ഒരുമിച്ച്‌.

"ആരാടീ ഇവന്‍...ആരു പറഞ്ഞിങ്ങോട്ട്‌ വരാന്‍.... " ഗ്രാണ്റ്റ്‌ മദര്‍ ഗ്രാന്‍റായി ചൂടായി

"അമ്മൂമ്മേ ഇത്‌ മനുവേട്ടായി..ഞാന്‍ പറഞ്ഞിട്ടില്ലേ... പേഴ്സ്‌... "

"ഉം ഉം...താഴെപ്പോ.... ഞാനിപ്പോ വരാം.. "

"ശ്ശേ..അമ്മൂമ്മ മൂഡൌട്ടായി. ഞാന്‍ പറഞ്ഞില്ലേ ഇങ്ങോട്ട്‌ വരണ്ടാന്ന്"

"പെങ്ങടെ അമ്മൂമ്മ മൂഡൌട്ടായാലും വേണ്ടില്ല..മറ്റേ അമ്മൂമ്മേടെ മൂട്‌ ഒൌട്ട്‌ ഓഫ്‌ ഓര്‍ഡര്‍ ആയതു കണ്ടല്ലോ...ഇനി ഇക്കൊല്ലം ചിരിക്കാന്‍ വേറെയൊന്നും കിട്ടിയില്ലേലും നോ പ്രോബ്ളം.. " ബാക്കി ചിരി കടിച്ചൊതുക്കി ഞാന്‍ പറഞ്ഞു.

വിഭയുടെ കൊച്ചു വര്‍ത്തമാനം ഇടവപ്പാതി മഴപോലെ ഇടമുറിയാതെ പെയ്തു വീണുകൊണ്ടിരുന്നു.

സ്കൂള്‍ ജീവിതത്തിലെ വിശേഷങ്ങള്‍, തൊട്ടടുത്തിരുന്ന കൂട്ടുകാരികള്‍. യാത്രകള്‍, കണ്ട കാഴ്ചകള്‍....

നടുവും തിരുമ്മി അമ്മൂമ്മ വന്നു. 'ഈ ഓണസീസണില്‍ കോട്ടയ്ക്കല്‍ വൈദ്യന്‍ കോളടിച്ചു' എന്നൊരു കമണ്റ്റ്‌ മനസില്‍ പറഞ്ഞ്‌ അമ്മൂമ്മയെ സോപ്പിടാനുള്ള വഴിയാലോചിച്ചു..

"അമ്മൂമ്മ നന്നായി പാടുന്നുണ്ടല്ലോ...പാട്ടു പഠിച്ചിട്ടുണ്ടോ പണ്ട്‌.." അല്‍പം സ്നേഹം പുരട്ടിയൊന്നു ചോദിച്ചു നോക്കി..

"ഇതൊക്കെ ഏതാണ്ട്‌ പാട്ടാണോ ചെക്കാ....ആ കാലം ഒക്കെ പോയില്ലേ..... "

രക്ഷപെട്ടു.. പെണ്ണുങ്ങളെ കൈയിലെടുക്കാന്‍ അവര്‍ക്കില്ലാത്തകാര്യത്തെപറ്റി പുകഴ്ത്തിയാല്‍ മതി എന്ന വസ്തുത എത്ര സത്യം.

പഴമ്പുരാങ്ങളുടെ കെട്ട്‌ അമ്മൂമ്മ പതുക്കെ അഴിച്ചു.

പണ്ട്‌ 'നിന്‍റെ കവിള്‍ പാരിജാതപ്പൂപോലെ തന്നെയാണെടീ' എന്നു പറയാന്‍ മാത്രമായി, അപ്പൂപ്പന്‍ മീനച്ചിലാറു ഡെയ്‌ലി മൂന്നു തവണ നീന്തി വന്ന കാര്യവും, ജാതകത്തിലെ ശുക്രന്‍റെ പൊസിഷന്‍ നേരെയാക്കാന്‍, പൊടിക്കണിയാനു ചെപ്പക്കുറ്റിയ്ക്ക്‌ അപ്പൂപ്പന്‍ നാലു കൊടുത്ത കാര്യവും, തിരുവാതിര കണ്ട്‌, ചിത്തിരതിരുനാള്‍ മഹാരാജാവ്‌, ചിത്തഭ്രമത്തിന്‍റെ വക്കോളമെത്തി 'ആ മല്ലികാസായകനയനയുടെ പേരെന്താണു തമ്പീ' എന്ന് ചോദിച്ച കാര്യവും ഒക്കെ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഉച്ചയായി.

ചോറും കറിയും വിളമ്പിത്തരാന്‍ അമ്മൂമ്മയും കൊച്ചുമോളും കൂടി മത്‌സരിക്കുന്ന കണ്ടപ്പോള്‍ അറിയാതെ ഞാന്‍ പറഞ്ഞുപോയി

"ഇതുപോലൊരു സ്നേഹ മത്‌സരം എന്‍റെ അമ്മയും ഭാര്യയും തമ്മില്‍ ആയിരുന്നെങ്കില്‍ എത്ര മനസമാധാനം കിട്ടിയേനേ മഹേശ്വരാ.... "

"ഏട്ടായി..ഈ മീന്‍ കറി എങ്ങനെയുണ്ട്‌... ഞങ്ങളില്‍ ആരാ ഇത്‌ വച്ചത്‌ എന്ന് അഭിപ്രായം കേട്ടിട്ടേ പറയൂ"

"തീരെ നന്നായിട്ടുണ്ട്‌... ഇപ്പോ രണ്ടുപേരും ഹാപ്പിയായില്ലേ.... "

പുഞ്ചിരിച്ചുകൊണ്ട്‌ കൈകഴുകി , 'വിഭേ..വിഭവങ്ങള്‍ വാഹ്‌ വാഹ്‌' എന്ന് കോമ്പ്ളിമെന്‍റും നല്‍കി ഞാന്‍ മടങ്ങാനൊരുങ്ങി..

"ഞാനെന്നാ പോട്ടെ പെങ്ങളെ...ഇന്നു തന്നെ മടങ്ങണം...."

കൈലേസുകൊണ്ട്‌ മുഖംതുടച്ച്‌ ഞാന്‍ ചോദിച്ച്‌ മുഖത്ത്‌ നോക്കിയപ്പോള്‍ നനഞ്ഞു തുടങ്ങിയ കണ്ണുകള്‍..

പറഞ്ഞാലും പറഞ്ഞാലും തീരാത്ത, ഇനിയും പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട്‌ വിശേഷങ്ങള്‍ ആ കണ്ണുകളില്‍ തുളുമ്പി നിന്നിരുന്നു.

ഗേറ്റിലേക്ക്‌ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു

"ഇനിയെന്നാ ഏട്ടായി വരിക.... ?"

"വരാം... നമ്മളെല്ലാം ഇവിടൊക്കെത്തന്നെയില്ലേ.... "

"ചിലപ്പോള്‍ ഞാന്‍ ഇന്ത്യ വിടും ഏട്ടായി. ഒരു മൈഗ്രേഷന്‍..അതെനിക്കാവശ്യമാണിപ്പോള്‍... "

"തകര്‍ത്തുകളഞ്ഞു..അങ്ങനെ പറന്ന് പറന്ന് പറന്ന് രക്ഷപെട്‌ പെങ്ങള്‍...ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോള്‍ ഒന്ന് മനസില്‍ ഫ്ലാഷ്‌ ചെയ്യിപ്പിച്ചേക്കണേ എന്നെ.. ഇതൊക്കെയല്ലേ ഉള്ളൂ അനിയത്തീ നമുക്കീ ജീവിതത്തില്‍.. "

പെട്ടെന്നാണാ പഴയ സംശയം മനസില്‍ വന്നത്‌.. "ഇസ്‌ ദാറ്റ്‌ വിത്‌ യൂ...' അതിന്‍റെ പൊരുള്‍....

ചോദിച്ചു ക്ളിയര്‍ ആക്കിയേക്കം

"പെങ്ങളെ എനിക്കൊരു ഡൌ.."

തിരിഞ്ഞു മുഖത്തേക്ക്‌ നോക്കിയ ഞാന്‍ വാചകം പൂര്‍ത്തിയാക്കിയില്ല.

ചുണ്ടുകള്‍ കടിച്ചു വിതുമ്പുകയാണവള്‍ ചോദ്യങ്ങള്‍ തേടുന്ന ഒരുപാട്‌ ഉത്തരങ്ങള്‍ നിറഞ്ഞ കണ്ണുകള്‍....

വേണ്ടാ... ആ വാചകം ഒരു സസ്പെന്‍സായി തന്നെ കിടക്കട്ടെ.. ചാറ്റല്‍മഴയും, പുതുമണ്ണിന്‍റെ മണവും, ഞാനും ഒരുമിച്ച്‌ ഒോട്ടോയിലേക്ക്‌ ചാടിക്കയറി..

63 comments:

G.MANU said...

ഷാദ്ര വെല്‍കം ടെര്‍മിനലിലെ, മത്തിച്ചന്തപോലെ വൃത്തികെട്ട പുറത്തുനിന്നും ആസ്ട്റേലിയയിലെ ഏതോ അത്യാധുനിക റെയില്‍വേ സ്റ്റേഷനില്‍ എത്തി എന്നു തോന്നിപ്പിക്കുന്ന ഡല്‍ഹി മെട്രോ സ്റ്റേഷന്‍റെ ഉള്ളിലേക്കു ഞാന്‍ കടന്നു. മെട്രോ ചീഫ്‌ ഇ. ശ്രീധരന്‍മാഷിനെ മനസില്‍ സ്തുതിച്ചുകൊണ്ട്‌ പതിവുപോലെ എസ്കലേറ്ററില്‍ സ്ളോ മോഷനില്‍ മുകലെത്തിയപ്പോഴാണു, മനോഹരമായ ഒരു പഴ്‌സ്‌ അനാഥമായി കിടക്കുന്നത്‌ കണ്ടത്‌. ഏതോ പ്രണയലോലന്‍റെയാവാം എന്ന് തോന്നിപ്പിക്കുന്ന, സ്വര്‍ണ്ണവക്കുപിടിപ്പിച്ച പിങ്ക്‌ ഹൃദയങ്ങള്‍ ഒരുപാട്‌ നിറഞ്ഞ, ആ സാധനം കൈയിലെടുത്തു ചുറ്റും നോക്കി.

ശ്രീ said...

മനുവേട്ടാ...

ആദ്യം തേങ്ങ... പിന്നെ വായന!
(കുറെ നാളായി മുഴുത്ത തേങ്ങ ഒരെണ്ണം കൊണ്ടു നടക്കുന്നു, ഉടയ്ക്കാന്‍ പറ്റിയ പോസ്റ്റും നോക്കി. ഇത് ഇതിനിരിക്കട്ടെ!)
“ഠേ!”
കൊള്ളാമോ തേങ്ങ?
:)
ഇനി വാ‍യന തുടരട്ടെ, എന്നിട്ടു വീണ്ടും വരാം

ശ്രീ said...

മനുവേട്ടാ...
"അതല്ലേലും അങ്ങനാ അനിയത്തീ.. കെട്ടിയോനെ ചീത്തവിളിക്കുമ്പോള്‍ മാത്രമേ പെങ്കൊച്ചുങ്ങള്‍ക്ക്‌ വാക്കുകള്‍ക്ക്‌ ക്ഷാമമില്ലാതുള്ളൂ..അല്ലാത്തപ്പൊഴൊക്കെ ഭയങ്കര ഷോട്ടേജാ... "

തകര്‍‌പ്പന്‍!
ആദ്യം ഫുള്‍‌ കോമഡിയില്‍‌ തുടങ്ങി, നല്ലൊരു കഥയിലൂടെ സഞ്ചരിച്ച് അവസാനം ഒരല്‍‌പ്പം നൊമ്പരത്തോടെ വളരെ ഭംഗിയായി ഫിനിഷ് ചെയ്തു... ശരിക്കും ഇഷ്ടമായി.

ആ പെങ്ങളെ പിന്നെ കണ്ടില്ലേ?
നല്ല സൌഹൃദങ്ങള്‍‌ എന്നും മധുരിക്കുന്ന വേദനയോടെയുള്ള ഓര്‍‌മ്മകളായിരിക്കും, അല്ലേ?
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഇതെന്താ വന്ദനം സിനിമ മാതിരി ഒത്തിരി ചിരിപ്പിച്ചിട്ട് അവസാനം ഒരു സസ്പെന്‍സ്!!!

“ഗണപതിയ്ക്കും കഴിവിനൊരു പരിധിയില്ലേ “...ദൈവങ്ങളെ വരെ കൈവച്ചാ!!!ഓടോ:
ശ്രീ ദുഷ്ടാ മൊത്തം വാ‍യിച്ചിട്ടെറിയെടാ തേങ്ങ..

Paathu said...

അമ്മമ്മ ഇതു വായിച്ചാല്‍ എട്ടായിയെ ചാണകം മുക്കിയ ചൂലു kondu* അഭിഷേകം ചെയ്യും.ഒരു നല്ല ചൂലു വെറുതെ പൊയല്ലൊ അയ്യപ്പാ !!


“കൈലേസുകൊണ്ട്‌ മുഖംതുടച്ച്‌ ഞാന്‍ ചോദിച്ച്‌ മുഖത്ത്‌ നോക്കിയപ്പോള്‍ നനഞ്ഞു തുടങ്ങിയ കണ്ണുകള്‍..

ഇത്രയൊക്കെ ആ‍യ sthithikku* സത്യം പറയാമല്ലൊ ! മീന്‍ കറി അമ്മമ്മ ഉണ്ടാക്കിയതാ.. നല്ല എരിവു ആ‍ായിരുന്നു !

നന്നായിട്ടുണ്ട് ! angane* ഞാനും ഒരു നാ‍യിക ആ‍യി.. അതും ഫ്രീ ആയിട്ട് :)

"ചുണ്ടുകള്‍ കടിച്ചു വിതുമ്പുകയാണവള്‍ .."

എട്ടാ‍യി ഇവിടുന്നു പൊയ ശേഷം ഇവിടെ കുറച്ച് സാധനങള്‍ കാണ്മാനില്ല എന്നു അമ്മമ്മ പറയുന്നു..

ഇസ് ദാറ്റ് വിത്ത് യൂ ?? ;)

കുറെ ചിരിച്ചു കെട്ടൊ !
(*after several attempts to type that in malayalam)


- Pengal !!

തമനു said...

മനൂ,

അവസാനം വരെ തമാശ കുത്തിനിറച്ചിട്ട്, പെട്ടെന്നൊരു സഡന്‍ബ്രേക്കിട്ട പോലെ (സഡന്‍ ബ്രേക്ക് പിന്നെ ഒന്നര കിലോമീറ്റര്‍ ദൂരത്തു നിന്നാണോടേ ഇടുന്നത് എന്നു ചോദിക്കരുത് ...!!!)

എന്തായാലും നല്ല വായിക്കാന്‍ രസം.


കോളിംഗ്‌ ബെല്ലില്‍ അമര്‍ത്താന്‍ ഒരു ശ്രമം നടത്തിയപ്പോള്‍, അത്‌ ഓള്‍റെഡി അമങ്ങിത്തന്നെയാണിരിക്കുന്നതെന്നു മനസിലാക്കി,

അതു അലക്കിപ്പൊളിച്ച നിരീക്ഷണം. :). ഓര്‍ത്ത് കൊറേ ചിരിച്ചു അത്.


ഒരോടോ.
മുപ്പത്തിമൂന്ന് കലണ്ടറ്‍ കണ്ടിട്ടില്ലെങ്കില്‍ ധൈര്യമായിട്ടങ്ങനെ വിളിച്ചോ... "

അപ്പൊ പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന കഥയാണിത് അല്ലേ ... :)

Paathu said...

On second thoughts...

" സിംഹവാലന്‍ കുരങ്ങും ഞങ്ങളും ഒരുപോലാ അനിയത്തീ.. വംശനാശഭീഷണിയില്‍... "

ഫോണിലൂടെ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല ! കണ്ടപ്പോളാണു മനസ്സിലായതു !

കുഞ്ഞന്‍ said...

ഏട്ടായി..

ശരിക്കും ആസ്വദിച്ചു വായിച്ചൂട്ടൊ...

സുകുവില്ല,അമ്മുമ്മയുടേ ഡമണ്‍ ഷേപ്പ്‌ ഇത്യാദി എല്ലാ പ്രയോഗങ്ങളും കിടിലന്‍ !!!

നൊമ്പരമായൊരവസാനവും,,,

ഈസ്‌ ദാറ്റ്‌ വിത്ത്‌ മി - സ്മയില്‍ :) :) :)

കണ്ണൂസ്‌ said...

:-) good one.

സുല്‍ |Sul said...

മനൂ
ചിരിപ്പിച്ചു വിഷമിപ്പിച്ചു കളഞ്ഞല്ലോ.
ഉഗ്രന്‍
-സുല്‍

സാജന്‍| SAJAN said...

കണ്ടിട്ടുംനീളം കാരണം മിണ്ടാതെ പോയതായിരുന്നു ചാത്തന്‍ പറഞ്ഞു ഒന്ന് വായിച്ച് നോക്കാന്‍. നഷ്ടമായില്ല, കലക്കിയിട്ടുണ്ട് മനുവേ, നല്ല കുറിക്ക് കൊള്ളുന്ന ഹാസ്യം!

പുള്ളി said...

മനൂ...വളരെ രസിച്ചു! മനുവിന്റെ എഴുത്ത് വായിച്ചാല്‍ ചിരിയും ഒപ്പം സന്തോഷവും വരും.
-പുള്ളി, പുള്ളീവില്ല, പുള്ളിമുക്ക് പി.ഓ.

ശ്രീ said...

മനുവേട്ടാ...

ആ പെങ്ങളും വാങ്ങി കമന്റിട്ടു, താങ്ങീട്ടു പോയല്ലോ...

" സിംഹവാലന്‍ കുരങ്ങും ഞങ്ങളും ഒരുപോലാ അനിയത്തീ.. വംശനാശഭീഷണിയില്‍... "

വേണു venu said...

മനുവേ,
സംഭവം രസിച്ചു.
പൊന്നളിയാ ഒന്നു നിന്നെ ഒരു സ്വകാര്യം പറയട്ടെ' എന്നുപറഞ്ഞു കൂടെക്കൂടാനും തുടങ്ങിയിട്ടുണ്ട്‌, കഷ്ടകാലം. 'പട്ടി ഉറങ്ങാത്ത വീടാണോ' ഈ പ്രയോഗങ്ങളൊക്കെ പൊട്ടിചിരിപ്പിച്ചു.:)

സാല്‍ജോҐsaljo said...

പകുതിയേ വായിച്ചുള്ളൂ.

അത്രയും ഉഷാര്‍. കൊള്ളാം.

ഷാദ്‌ര ഓര്‍മ്മിപ്പിച്ചു!
മക്കാന്‍ മാലിക്കിനെ
കേബിള്‍ വാലയെ..

മുപ്പത്തിരണ്ടു കലണ്ടര്‍....

മനുജി 6 വയസുവരെ കലണ്ടര്‍ കണ്ടിട്ടില്ലല്ലൊ! അപ്പോ കണക്ക് ക്ലിയര്‍!1

Unknown said...

ഇതെന്ത് കോമഡീടെ അയ്യരു കളിയോ?? ഇങ്ങനെ നോണ്‍-സ്‌റ്റോപ്പായിട്ടെങ്ങനെ തമാശിക്കാന്‍ പറ്റുന്നു!!! കുറെക്കാലം ഡെല്ലീലും വെല്‍ക്കം സ്‌റ്റേഷനിലുമൊക്കെ അലഞ്ഞു തിരി‍ഞ്ഞു നടന്നിട്ടും എനിക്ക്‌ ഇതുപോലുള്ള ജോക്കുകളൊന്നും വീണു കിട്ടീലല്ലോ എന്റെ പാര്‍ലമെന്റത്തപ്പാ...

Sanal Kumar Sasidharan said...

മനൂ ഞാന്‍ തോറ്റു.പകുതിയേ വായിച്ചുള്ളു.ബാക്കി പ്രിന്റിയെടുത്ത് മുറിയിലിരുന്നോ മറ്റോ വായിക്കാം.എനിക്കു നാണം കെടാന്‍ വയ്യ.ചിരി മുഖത്തുനിന്നും അണപൊട്ടിയെപോലെ ചാടുന്നു.

ഉറുമ്പ്‌ /ANT said...

Valare nannaayi Manu.

കൃഷ്‌ | krish said...

കൊള്ളാം .. വിഭയേയും വെറുതെ വിടില്ല.
രസികന്‍.

Unknown said...

ആദ്യം മെയില്‍ ചെക്കിംഗ്‌.. ഉണ്ണിയെ കണ്ടാലേ അറിയാം ഊരിലെ പഞ്ഞം എന്ന മട്ടില്‍, വയാഗ്രച്ചേട്ടന്‍ വക പത്തു മെയില്‍, 'ഇതു ഫോര്‍വേഡ്‌ ചെയ്താല്‍ നാളെ ബി.എം.ഡബ്ള്യൂ' കാറു കിട്ടും എന്ന് ഏതോ, പരമവിഡ്ഡികള്‍ ഫോറ്‍വേഡ്‌ ചെയ്ത പന്ത്രണ്ട്‌ മെയില്‍, 'നിങ്ങളുടെ ഭാവി അറിയാന്‍ ചുവന്ന ബട്ടണില്‍ പ്രസ്സൂ' എന്ന് പറഞ്ഞു, അതില്‍ പ്രസ്സുമ്പോള്‍ 'സമയം കളയാതെ പോയി ജോലി ചെയ്യെടാ ഏഭ്യാ' എന്ന് ഇളിച്ചു കാട്ടുന്ന അഞ്ചാറു മെയില്‍...
ഇവയൊക്കെയില്‍ നിന്നും ഒഫീഷ്യല്‍ മെയില്‍, ചാണകക്കുഴിയില്‍ നിന്ന് മോതിരം തപ്പുന്നപോലെ തപ്പിയെടുത്തപ്പോഴേക്കും മണിക്കൂറൊന്ന് കഴിഞ്ഞു.

ന്നാലും ന്റെ മനൂ... ചിരിക്കാന്‍ വയ്യ മാഷേ
.. കലക്കന്‍ വിവരണം.

Rasheed Chalil said...

ഉറങ്ങിക്കിടക്കുമ്പോള്‍ പോലും സ്വരച്ചേര്‍ച്ച ഇല്ലാത്ത അപ്പച്ചിയേയും ചിറ്റപ്പനേയും തമ്മില്‍ ചക്കരയും ചക്കരപ്പാട്ടയും പോലെയാക്കിതീര്‍ക്കാന്‍ പണ്ട്‌ അമ്മൂമ്മ, പഴവങ്ങാടി ഗണപതിക്ക്‌ നൂറു നാളികേരം ഉടച്ചതാണു. തേങ്ങ എറിഞ്ഞെറിഞ്ഞ്‌ പെരിയസാമിയുടെ കൈ ഉളുക്കിയത്‌ മാത്രം മിച്ചം. അന്ന് അപ്പൂപ്പന്‍ പറഞ്ഞത്രേ..."ഗണപതിയ്ക്കും കഴിവിനൊരു പരിധിയില്ലേ കാര്‍ത്ത്യായനീ....

എന്നാ അലക്കാ മാഷേ ഇത്. ചിരിച്ച് ഒരു വഴിക്കായി.

മഴത്തുള്ളി said...

മനു,

“കണാട്ട്‌പ്ളേസില്‍ ഇറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ പിങ്കു ഹൃദയം ഒന്നു തുറക്കാന്‍ തീരുമാനിച്ചു..“

അമ്പടാ, ഇത്രനാളായിട്ടും കണാട്ട് പ്ലേസില്‍ ജോലി ചെയ്യുന്ന എന്നോട് പറഞ്ഞില്ലല്ലോ ഇവിടെയാ വര്‍ക്ക് ചെയ്യുന്നതെന്ന്. പകുതി പള്ളിക്ക് കൊടുക്കണം അല്ലേ ;)

എന്തായാലും വിഭയുമായുള്ള പരിചയപ്പെടല്‍ നന്നായി. സിംഹവാലന്‍ കുരങ്ങെന്ന വിശേഷണം കൊള്ളാം. ഹി ഹി.... ഹി ഹീ...

ആകെ മൊത്തം അടിപൊളി തമാശാണല്ലോ :)

സൂര്യോദയം said...

മനൂ... അള്‍ട്ടിമേറ്റ്‌...... തകര്‍പ്പന്‍ എന്നൊന്നും പറഞ്ഞാല്‍ പോരാ... വളരെ വളരെ ഇഷ്ടപ്പെട്ടു....... നമിക്കുന്നു സുഹൃത്തേ.... നമിക്കുന്നു...

പാലാ ശ്രീനിവാസന്‍ said...

"പറഞ്ഞാലും പറഞ്ഞാലും തീരാത്ത, ഇനിയും പറയാന്‍ ആഗ്രഹിക്കുന്ന ഒരുപാട്‌ വിശേഷങ്ങള്‍ ആ കണ്ണുകളില്‍ തുളുമ്പി നിന്നിരുന്നു."
ഈ വാചകം ഞാന്‍ പല തവണ വായിച്ചു. വലിയ ഒരു കടലിനെ ചെപ്പിലൊളിപ്പിച്ച ഈ കൈ ഒതുക്കം എനിക്ക് ഇഷ്ടപ്പെട്ടു.

സുന്ദരന്‍ said...

മനു...ഈ പോസ്റ്റും ഒത്തിരി ഒത്തിരി ...ഒത്തിരി ഇഷ്ടമായ്...

നമ്മള്‍തമ്മില്‍ പിരിഞ്ഞതിനു ശേഷവും ഞാന്‍ പഠിപ്പിച്ച നല്ലശീലങ്ങള്‍ നീ മറന്നിട്ടില്ലായെന്നറിഞ്ഞതില്‍ സന്തോഷം....
( എന്നാലും ഇത്രയും നല്ല ഒരു പോസ്റ്റ് എഴുതാന്‍ വകുപ്പുണ്ടാകുമെങ്കില്‍ .... ഒരു പേഴ്സ് അടിച്ചുമാറ്റീട്ടാണെലും ശ്രമിച്ചുനോക്കട്ടേ....)

ഡാലി said...

വിഭയെ ഇഷ്ടപ്പെട്ടു.

myexperimentsandme said...

കൊള്ളാമല്ലോ കൈമഡിയില്‍ ചാലിച്ച നൊമ്പരവടി. മനൂജിയുടെ പഴയ നമ്പേഴ്സ് കുറെ കിടക്കുന്നു വായിക്കാന്‍ :)

ദിവാസ്വപ്നം said...

മനു,

ഒരിക്കലും ഒരു പോസ്റ്റില്‍ ഇത്രയധികം കോമഡി പാടില്ല. രണ്ടു മൂന്നു പോസ്റ്റാക്കാനുള്ളത് ഒരൊറ്റ പോസ്റ്റില്‍ തട്ടി ;)

ഈ പോസ്റ്റ്, ബൂലോഗത്തിലെ ഏതു കോമഡിപുപ്പുലിയുടെ ഏറ്റവും നല്ല പോസ്റ്റുകളോടും കടിപിടികൂടും, I mean, കിടപിടിയ്ക്കും.

രണ്ട് ഉപകഥകള്‍ വളരെ സ്വാഭാവികമായി മെയിന്‍ ത്രെഡിനോട് ചേര്‍ത്തുവച്ചിരിക്കുന്നതും ശ്രദ്ധിച്ചു.

ഇവിടെ കുറേ നല്ല പോസ്റ്റുകളായ സ്ഥിതിയ്ക്ക്, ബ്ലോഗ്-ടു-പുസ്തകം ക്യാറ്റഗറിയില്‍, ബ്രിജ് വിഹാരവും മനു ഗൌരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

regards,

പുള്ളി said...

ദിവയെ ഞാന്‍ പിന്താങ്ങുന്നു :)
qw_er_ty

ശ്രീ said...

മനുവേട്ടാ..
ദിവ ചെട്ടന്‍‌ പറഞ്ഞതു നിസ്സാരമാക്കണ്ട.

ബൂലോകര്‍‌ക്കു വേണ്ടി ഞാനും റിക്വസ്റ്റ് ചെയ്യുന്നു.
“ബ്രിജ് വിഹാരം” നമുക്ക് പുസ്തകമാക്കണം...
(എല്ലാ ബൂലോക കൂടപ്പിറപ്പുകളുടേയും ശ്രദ്ധയ്ക്ക്: എല്ലാവരുടേയും പിന്തുണ ഉണ്ടാകും മനുവേട്ടന്റെ കൂടെ... ഇല്ലേ?)

ഇതു ഗൌരവമായി തന്നെ പരിഗണിക്കണം കേട്ടോ!

Haree said...

ഇതൊക്കെ എങ്ങിനെയാ എഴുതുന്നേ? നല്ല രസായിട്ടുണ്ട്. പിന്നെയും കണ്ടുവോ അനിയത്തി ‘വിഭ’യെ? അദ്ദേഹം ഇപ്പോളെവിടെയാണ്? സസ്പെന്‍സ് കൊള്ളാം...

അതെ ബ്രിജ് വിഹാരമാവട്ടെ ബൂലോകത്തു നിന്നുള്ള നെക്സ്റ്റ് ബുക്ക്. :)

മുകളില്‍ കമന്റിയിരിക്കുന്ന ‘വിഭ’ ഡ്യൂപ്പാണോ?
--

G.MANU said...

alla Hari..She is Original..

Areekkodan | അരീക്കോടന്‍ said...

തകര്‍‌പ്പന്‍!

Anonymous said...

cool mashey cool...!

athiran@gmail.com

ലേഖാവിജയ് said...

നീലാണ്ടന്‍,ജണ്ണു,ദാ ഇപ്പോള്‍ ചേട്ടായി......
ഇതു maths block ല്‍ നിന്നു പണ്ടു വായലച്ചു പാടിയിരുന്ന ആ പഴയ മനു തന്നെയാണോ?വിശ്വ്സിക്കാനാകുന്നില്ല..എല്ലാ ആശംസകളും....

G.MANU said...

എടീ ലേഖാ വിജയം...

നയണ്റ്റീസില്‍, ഗീവര്‍ഗീസ്‌ സാറിണ്റ്റെ കാല്‍കുലസ്‌ ക്ളാസ്‌ കട്ട്‌ ചെയ്ത്‌ നിണ്റ്റെ രാമച്ചമുടിക്കാറ്റേല്‍ക്കാന്‍ ഹിസ്റ്ററി ഡിപ്പര്‍ട്ട്‌മെന്‍റിന്‍റെ മുന്നില്‍ വന്നപ്പോള്‍, പാന്‍സിട്ടില്ലില്ല എന്ന ഒറ്റ ഡിസ്‌ക്വാളിഫിക്കേഷനില്‍, പോയി പണിനോക്കു കൊരങ്ങേ എന്നു പറഞ്ഞ കുഞ്ഞാടേ....

അന്നത്തെ സംഭവങ്ങള്‍ ഒക്കെ ഈ ഫ്യൂച്ചര്‍ പോസ്റ്റുകള്‍ക്കായുള്ള റോ മറ്റീരിയല്‍സായി മാറുകാരുന്നു എന്നതുകൊണ്ട്‌, നിനക്കും ഉണ്ട്‌ എതിന്‍റെ വിജയത്തില്‍ മോശമല്ലാത്ത പങ്ക്‌....

ലേഖാവിജയ് said...

അയ്യോ,ടാ മനൂ ,നീ എന്നാ പാന്റ്സിടാതെ വന്നെ?അതു ഞാന്‍ ഓര്‍ക്കുന്നേയില്ല.എന്നെക്കാണുമ്പോള്‍ “രാമച്ചം മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍......”എന്നും വസന്തയേ കാണുമ്പോള്‍ ‘സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍..”എന്നും പിന്നെ അനി.വി .ദേവിനെകാണുമ്പോള്‍,നുണക്കുഴിക്കവിളില്‍......എന്നും പാടി നടന്നിട്ട് ഇപ്പോള്‍ എന്നെ പ്രതിയാക്കുന്നോ?എന്റെ കെട്ട്യോനു മലയാളം വായിക്കാന്‍ അറിയാത്തതു നിന്റെ ഭാഗ്യം(എന്റേയും).

മയൂര said...

നര്‍മ്മത്തിന്റെ മാല പടക്കം...നമിച്ചു മാഷേ..:)

Irshad said...

മാഷെ,
നന്നായിരിക്കുന്നു. ചിരിക്കാന്‍ ഒരുപാട്. നീളം അല്‍പ്പം കൂടുതലായതിനാല്‍ പകുതി പിന്നെ വായിക്കാം എന്നു കരുതി തുടങിയതാ. പറ്റിയില്ല. മുഴുവന്‍ ഒറ്റയടിക്കു വായിക്കേണ്ടി വന്നു.

"ഇതിലെ കഥാപാത്രങ്ങള്‍ക്കു അത്മാവു നല്‍കിയവരുടെ അയുരാരോഗ്യത്തിനായി വരുന്നവറ്‍ ഒരോ കമണ്റ്റ്‌ നാളികേരം ഉടച്ചു പോകാന്‍ താല്‍പര്യപെടുന്നു" എന്ന് കണ്ടതുകൊണ്ടും, കഥ ഇഷ്ടപ്പെട്ടതു കൊണ്ടും മാത്രമല്ല ഞാന്‍ ഇവിടൊരണ്ണം ഒടച്ചേച്ചു പോയേക്കാം എന്നു കരുതിയത്.

മാഷിന്റെ നായികയായി വിലസുന്ന ആ ‘ഉരുളക്കു ഉപ്പേരി’ മറുപടിക്കാരിയെ ഇടക്കിടക്കു കാണെണ്ടി വരുകയും വഴക്കടിച്ചു ഒടുവില്‍ തിരിഞു നടന്നുപോകുമ്പോള്‍ രണ്ടക്ഷരമുള്ള തന്റെ പേരിന്റെ അവസാന അക്ഷരം മാത്രം സ്ഥിരമായി എന്റെ നേര്‍ക്കു പ്രയോഗിക്കുകയും ചെയ്യുന്ന കൂട്ടുകാരിയായ കാന്താരിയുടെ ആയുരാരോഗ്യത്തിനു ഉപയോഗപ്പെടുമെങ്കില്‍ അങനെയാവട്ടെ എന്നുകൂടി കരുതി.

ഈ ചിങപ്പുലരിയിലും ആ പ്രയോഗമേറ്റു വാങാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ എല്ലാവര്‍ക്കും “പുതുവത്സരാശംസ” നേര്‍ന്നുകൊണ്ട്.

Irshad said...
This comment has been removed by the author.
ഉപാസന || Upasana said...

“അതല്ലേലും അങ്ങനാ അനിയത്തീ.. കെട്ടിയോനെ ചീത്തവിളിക്കുമ്പോള്‍ മാത്രമേ പെങ്കൊച്ചുങ്ങള്‍ക്ക്‌ വാക്കുകള്‍ക്ക്‌ ക്ഷാമമില്ലാതുള്ളൂ“

ഇതിലും സ്ത്രീവിരുദ്ധമായി ഒരുപാട് ഉണ്ടല്ലോ...
ഇഞ്ചി പെണ്ണ് കാണണ്ടാ...
നല്ല നര്‍മം ആണ്ട്ടോ...
:)
പൊട്ടന്‍

Mr. K# said...

കലക്കി മനൂ, ചിരിച്ചു തവിടുപൊടിയായി. അവസാനം മനസ്സിലായുമില്ല :-)

മുല്ലപ്പൂ said...

മനൂ ഇതിലെ അനുഭവം, നര്‍മ്മത്തിലും കൂടുതല്‍ ഇഷ്ടമായി

വിന്‍സ് said...

enthoru adi poli aanu Manu vinte writings. Superb man. Upamakalum, manassilothikkaya dialougesum vaayichu sherikkum chirichu.

വിന്‍സ് said...

ithu pooloru anubhavam enikkum undaayittundu. Naayika oru sundariyum cheruppakariyum aayirunna madamma aayirunnennu maathram. pullikkariyude purse enikku kalanju kittiyathu oru mallil vachaayirunnu.credit cardsum athil undayirunna naappathu dollarsum thirichu kittiyappol avar kaanicha santhosham eethandu ithu poolokkey thanney.

ഏറനാടന്‍ said...

മനുജി.. രണ്ടു ഭാഗം ആക്കാമായിരുന്നു. ന്നാലും രസമുണ്ട്‌.

G.MANU said...

വിന്‍സേ ഇപ്പൊഴാ എനിക്ക്‌ സമാധാനമായത്‌..
അവിശ്വസനീയം എന്ന് പലരും പറഞ്ഞപ്പോള്‍ ദാ ഇതേ അനുംഭവം ഉള്ള വേറൊരാളും..ഇപ്പോ വിശ്വാസമായില്ലേ വായനക്കാരേ..ഇങ്ങനൊക്കെയാ ഈ ലോകം.. പറഞ്ഞതു മനസിലായില്ലേ..യേ... ത്‌

വിന്‍സ് said...

atleast nammal malayalikal inganey okkey cheyyumennu viswasikkaan prayasam illa.

pakshe americayil vannathil pinney ente manassil thangiya eettavum valiya oru sambavam ente cousinu pulliyude wallet thirichu kittiya incident aanu.

njangal americayil vannathinte second weekil ente cousinte wallet eetho kadayil vachu nashttapettirunnu. cousin aanengil aakey vishamichu pooyi, credit cards, license, eekadesham 200 dollars panam, anganey veenda petta kureey karyangal undayirunnu athil. anyway naalanju divasam kazhinjappol oru saayippu veettil vannu. kanatha manju peythu kondirunna oru uchakku, oru pick up truckil joly cheythu muzhinja jeansum t shirt um okkey aayi. vaathil thurakkam madichirunnu kaaranam ariyillatha naadu, ariyillatha bhasha. enthaayalum vaathil thurannu, adhedham enthoo paranju. enthanu paranjathennonnum ariyathilla, kai neetti oru karutha wallet ente kail vachu thannu. pulli oru phone numberum ezhuthi thannu.

vykittu cousin vannappol pulliye vilichu nandhi parayan aayittu. athil ninnum oru dollaro, oru papero onnum thanney nashtta pettirunnilla. adheham wallet veettil kondu vannu tharaan undaya kaaranam pulli vilikkumbol enthanu parayunnathennariyathe phone cut cheythondirunnu. oduvil pulli joly kazhinju licensiley addressum thappi pidichu neerey veettil kondu vannu sadhanam eelpichu. athum oru saayippu. pala thetti dharanakalum, palathilekku kannukal thurappikkaanum sahaayicha oru cheriya van sambavam aayirunnu athu. This was back in December, 1997.

വിന്‍സ് said...

pandu naalil padichondirunnappam Navodhaya exam ezhuthaan aayi kolanjeriyiley exam centeril pooyirunnu. exam okkey kazhinju chumma moothram ozhikkan aayi sthalam thappi nadannappam dhaandey kidakkunnu oru kettu panam. enniyappam irunnooro munnooro undaayirunnu. pakshe athu aarey elpikkan, eelppichal athenthayalum nashtta petta alkku kittaan poovunnilla.

vivarakkedaano pravarthichathu ennariyilla. athil ninnum ambathu roopakko matto njanum ente oru koottukaranum sukhamayi biriyani okkey meedichadichu. baakki kondu pooyi kolanjeri palliyiley bhandarathil ittu.

ശ്രീ said...

മനുവേട്ടാ...

ആദ്യം തേങ്ങ ഉടച്ച് ഉത്ഘാടനം നടത്താന്‍‌ ഭാഗ്യം കിട്ടിയ ഈ പോസ്റ്റിന്റെ അമ്പതാം കമന്റും ഞാന്‍‌ നിര്‍‌വ്വഹിക്കുന്നു
:)

(ഇതു പോലത്തെ തകര്‍‌പ്പന്‍‌ അമിട്ടുകള്‍ ഇനിയും പോരട്ടേ!)

Pramod.KM said...

ഒറ്റയിരുപ്പിന്‍ തന്നെ വായിച്ചു മുഴുവന്‍.
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.:)ഹഹ
വാക്കോട് വാക്ക് ഗംഭീരം:)

Dinkan-ഡിങ്കന്‍ said...

കൊള്ളാം മനുവേ..തകര്‍ത്തിരിക്കണൂ :)

ഇനി “ഈസ് ദാറ്റ് വിത് യൂ” വല്ല കോഡും ആണോ?

ഈ “സാദനം കയ്യിലുണ്ടൊ?” മട്ടില്‍?

d said...

തകര്‍ത്തു മാഷെ.. :)
but, പിങ്ക് ഹൃദയങ്ങള്‍ അടുക്കിവച്ച പഴ്സ് കണ്ടപ്പോഴേ അത് പ്രണയലോലന്റ്റ്റെ അല്ല, ഏതോ പ്രണയലോലയുടേതാവാം എന്നു തോന്നിയില്ലേ?
സത്യം പറ.. :)

Visala Manaskan said...

“കെ.ആര്‍.വിജയ വെള്ളംകോരുമ്പോഴുള്ള മുഖഭാവത്തോടെ ഒരുവള്‍“

എന്റെ പ്രിയപ്പെട്ട മനൂ...
ഇതിന് ക്വൊട്ട് ചെയ്ത് കമന്റിടുവാന്‍ ഞാന്‍ അശക്തനാണു പ്രഭോ!! എന്തിറ്റാ കാട്ടിക്കൂട്ട്യേക്കണേ????

സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്!

Manjithkaini said...

ഏറെനാള്‍ കൂടി വായിച്ച ബ്ലോഗ് പോസ്റ്റ് മനസു നിറച്ചു.

ഒന്നാന്തരം എഴുത്ത് മനുവേ. നിറഞ്ഞു ചിരിച്ചു.

വാളൂരാന്‍ said...

മനൂ.....
നേരത്തേ വായിക്കാന്‍ കഴിഞ്ഞില്ല, ഇപ്പോള്‍ വെള്ളം കോരിക്കൊണ്ടു നില്‍ക്കുന്ന വിജയ തന്നെയാണ്‌ ഇങ്ങോട്ട്‌ ലിങ്ക്‌ തന്നത്‌.... ക്ഷമിക്കണം അധികം എഴുതാന്‍ വയ്യ, പകുതി വായിച്ചപ്പോഴേക്കും ചിരിച്ച്‌ നടുവുളുക്കി ആശുപത്രിയിലാണ്‌...
നീ താന്‍ ചിരിയുടെ ചക്രവര്‍ത്തി....

jense said...

ഗണപതിക്കും കഴിവിനൊരു പരിധിയില്ലേ കാര്ത്യാനീ
ഹഹഹ....

ഓരോ പോസ്റ്റും വായിച്ചു കഴിയുമ്പോ മനുചേട്ടനോട് ബഹുമാനം കൂടുന്നു... ഓരോ അനുഭവങ്ങളും ഓരോ പുസ്തകമാക്കാനുള്ള അത്രയും ഒണ്ടു...

vazhitharakalil said...

Manu,

"പിന്നെ മോഷ്ടാവു നമ്മള്‍തന്നെയാണെന്ന് സ്ഥാപിക്കാന്‍ പോലീസുകാരും, സത്യസന്ധനാണെന്നു തെളിയിക്കാന്‍ പൂഴിക്കടകന്‍ വരെ പയറ്റി നമ്മളും മെനക്കെടുമ്പോഴേക്കും ഉച്ചയാവും ഉറപ്പ്‌.." sathyasandamaaaya narmam. Nannaaayirikkunnu.
habby

kichu... said...

അളന്ന് കുറിച്ച സൗഹൃതങ്ങളുടെ ഈ ലോകത്ത് കണ്ണ് നനയിക്കുന്ന ഓര്‍മ്മകള്‍ പങ്ക് വച്ച മനുവേട്ടനു ഒരായിരം നന്ദി.....

ജീവിതത്തില്‍ ഇത്രയും ആഴത്തിലുള്ള ഒരു സൗഹൃദം എനിക്കുണ്ടായിട്ടില്ലാ.....

ഹായ് പറഞ്ഞാല്‍ തിരിച്ചും ഒരു ഹായ് അല്ലെങ്കില്‍ അതും ഇല്ല.....

വിളിച്ചാല്‍ നിന്നെ ഞാന്‍ ഇപ്പൊക്കൂടെ ഓര്‍ത്തതെ ഉള്ളൂ എന്ന ഒരു ഭംഗി വാക്ക്......

ഇതില്‍ കൂടുതല്‍ ഇന്നത്തെ സൗഹൃതങ്ങളില്‍ ഒന്നുമില്ല (അഥവാ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല......) ......

എന്തായാലും ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പൊള്‍ എന്തെന്നറിയാത്ത ഒരു ഫീലിഗ് അത് സന്തോഷമാണൊ സങ്കടമാണൊ എനിക്കറിയില്ല പക്ഷെ അത് ഞാന് ആസ്വ്ദിക്കുന്നു...

But still awaiting for a friendship like dis...

Kishore said...

kalakki mazhe.... :)

:) said...

ithupole oru kali kazhinja kollam pgt chinmaya mission lum ndayi. vayassayorde kaikottikkali. athu pakshe cherupparoke madi paranjapo avare onnu kanichukodukanayit vayasayoru kalichatha, bhagyam aarum veenilya, mood-out aayulya.

Jomy's blog said...
This comment has been removed by the author.
Anonymous said...

മനുവെട്ടാ കിടു കിക്കിടു... ഓഫീസില്‍ ഇരുന്നു കണ്‍ട്രോള്‍ ചെയ്തു ചിരിക്കാന്‍ നന്നേ പാട് പെട്ടു...
മനോഹരം!!!!