Wednesday, 31 December 2008

ഏറ്റവും പ്രിയപ്പെട്ട പുതുവര്‍ഷ സമ്മാ‍നം

പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ

കൊച്ചു കൊച്ചു സന്തോഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് കിട്ടിയ ഏറ്റവും തിളക്കമേറിയ ഒരു പുതുവര്‍ഷ സമ്മാനം ഈ ലക്കം വനിതയില്‍.

നന്ദി പറയാന്‍ വാക്കുകള്‍ കമ്മി...

സന്തോഷം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്...മറ്റെല്ലാം മനസില്‍ ഒതുക്കിക്കൊണ്ട്

ഒരുപാട് സ്നേഹത്തോടെ


നിങ്ങളുടെ സ്വന്തം

ജി.മനു...

Wednesday, 26 November 2008

രാഗം ഹരഹരിപ്രിയ..

‘അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അവ നിന്‍‌റെ ചൊടികളില്‍ വിടര്‍ന്നതല്ലേ...’

“എന്തു നല്ല ഭാവന. ‘ഒരു നുള്ളു കാക്കപ്പൂ കടം തരാമോ, ഒരു കുമ്പിള്‍ മുല്ലപ്പൂ പകരം തരാം’ എന്ന് പെണ്ണു ചോദിച്ചപ്പോള്‍ കാമുകന്‍‌റെ മറുപടി.. ഹോ.. പാട്ടെഴുതുവാണെങ്കില്‍ ഇങ്ങനെ എഴുതണം.. മിസ്റ്റര്‍ പോങ്ങന്‍ , ഇതിനെപറ്റി താങ്കളുടെ അഭിപ്രായം എന്താണ്? “

ജനപ്രിയ ബ്ലോഗര്‍ ശ്രീ പോങ്ങുമൂടന്‍‌റെ ഇന്‍ഡിക്കാ കാറിലിരുന്ന് ഗ്ലാസ് ഉയര്‍ത്തിക്കൊണ്ട് ഞാനിത് ചോദിച്ചതും, സ്റ്റീയറിംഗ് വീലില്‍ നിന്ന് അപ്രതീക്ഷിതമായ ഭാവത്തോടെ കൈകള്‍ എടുത്ത് കക്ഷി എന്‍‌റെ നേരെ ഉയര്‍ത്തിയതും ഒന്നിച്ചായിരുന്നു.

“ഇങ്ങേരെ ഞാന്‍ കൊല്ലും!!. എത്ര പറഞ്ഞാലും മനസിലാവില്ലല്ലൊ എന്‍‌റെ പാട്ടുപുരയ്ക്കലമ്മേ... എന്‍‌റെ പൊന്നു മാഷേ പലവട്ടം ഞാന്‍ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുത് വിളിക്കരുത് എന്ന്. പോങ്ങന്‍ എന്നു വച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ പരമനാറി എന്നാ അര്‍ത്ഥം. “

“ആയിക്കോട്ടെ..അതില്‍ ആര്‍ക്കാ ഇത്ര വിരോധം....“ .

അമര്‍ഷം കൈകളില്‍ ആവാഹിച്ച് പോങ്ങു ഗീയര്‍ മാറ്റി...

പുറത്ത് ഇളം വെയില്‍ മണ്ണിന്‍റെ മാറില്‍ തല ചായ്ക്കുന്നു.

തലസ്ഥാനനഗരിയിലെ പ്രഭാതത്തിനു മുമ്പില്ലാത്ത സൌന്ദര്യം. കാറ്റ് അനുവാദം ചോദിക്കാ‍തെ ഉഴപ്പിക്കൊണ്ടിരുന്ന മുടി മാടിയൊതുക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ ചോദിച്ചു.
“പോങ്ങൂ, എങ്ങനെയുണ്ട് എന്‍‌റെ ഇന്നത്തെ അപ്പിയറന്‍സ്... ഒരു മുപ്പത്തിയാറുകാരിയെ കാണാന്‍ പോകാന്‍ ഈ ഗ്ലാമര്‍ ധാരാളമല്ലേ.. വാട്ട് യു സേ?”

“പഷ്ട് കോപ്പിയറന്‍സ്. മുള്ളന്‍ പന്നി മുങ്ങി നിവര്‍ന്നപോലുണ്ട്.. പോരാത്തതിന് ഇത്തിക്കരപ്പക്കി കത്തിനീട്ടിയപോലൊരു മീശയും. മുപ്പത്താറുകാരി മുത്തപ്പാന്നു വിളിച്ചോടും...”

“സൌന്ദര്യബോധമില്ലാത്ത ഫിഫ്‌ത്ത് കില്ലറേ... “

“എന്തോന്ന്?? “

“പഞ്ചമപാതകാ... വക്ക് എഫ്.എം”

“എഫ്.എം ഒക്കെ വക്കാം. പക്ഷേ, കക്ഷിയെ കണ്ടാല്‍ വാക്കുമാറരുത്.. വൈറ്റ് മിസ്‌ച്ചീഫ്...”

“ഹാഫ് ബോട്ടില്‍... അത്രയല്ലേയുള്ളൂ...ഡബിള്‍ഡണ്‍.... അവളെ കണ്ടാല്‍ അരയല്ല ഒന്നര വാങ്ങി ഞാന്‍ തരും. കാരണം എന്‍‌റെ മനസി‌ന്‍റെ നാലുകെട്ടില്‍ ഒന്നരയുടുത്ത് ഇപ്പൊഴും അവള്‍ നില്‍പ്പുണ്ട്...”

“ഉവ്വാ.. അതിന്‍‌റെ ഓപ്പോസിറ്റിലുള്ള എട്ടുകെട്ടില്‍ ഒന്നരയടിച്ച് അവളുടെ കെട്ടിയോനും നില്‍ക്കുന്നുണ്ടാവും.. കൈയില്‍ ഒരുലക്കയുമായി...”

പൊട്ടിച്ചിരികള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പോങ്ങുവിന്‍റെ വിരല്‍ സ്റ്റീരിയോയില്‍ അമര്‍ന്നു..

“ഏയ്.. എങ്ങോട്ടാ ഈ നോക്കുന്നെ.. എന്‍‌റെ കണ്ണിലേക്ക് നോക്ക്...” കളമൊഴിയുടെ റോമാന്‍‌റിക് ശബ്ദം..
“വൌ.... ചുവരിലെ ആ പെയിന്‍‌റിംഗ്..... “ മറുപടിയായി പുരുഷശബ്ദം..

ഏതോ ആര്‍ട്ട് ഗാലറിക്കുവേണ്ടി ഞാന്‍ എഴുതിയ പരസ്യം ജീവന്‍ വച്ചു കേട്ടപ്പോള്‍ കോരിത്തരിപ്പിന്‍‌റെ മണല്‍ത്തരികള്‍ മനസിലേക്ക് വീണു.

പോങ്ങു നോക്കിയപ്പോള്‍ ഞാനൊന്ന് കണ്ണിറുക്കി...

“ഇന്നെന്താ പോങ്ങൂ തിരുവനന്തപുരത്തിനു മുമ്പില്ലാത്ത ഒരു ശോഭ.. വല്ലാത്തൊരു ആഡംബരം...“

“അതേ പണ്ടേയുള്ളതാ മാഷേ.. ഞാന്‍ വന്ന നാളിലൊക്കെയാരുന്നു ശരിക്കും ശോഭ..എന്തവാരുന്നു ആ ഒരു കാലം...” പോങ്ങു അറിയാതെ ഒന്നു ഹോണ്‍ അടിച്ചു.

“ഓ...ഇതുവരെ അതു ചോദിക്കാന്‍ വിട്ടു... മാഷ് ഈ തലസ്ഥാനത്ത് വന്നിട്ടെത്ര നാളായി.. അതിന്‍റെ പിന്നിലുള്ള കഹാനി എന്താണ്?”

“ങാ... അതൊക്കെ ഒരു കഥ.. ഞാന്‍ ഇവിടെ എത്തീട്ട് ഒരു പത്തുപതിനഞ്ചു വര്‍ഷമായി മാഷേ.. എന്‍‌റെ കാമുകിയുടെ തന്തപ്പടി കിണറ്റില്‍ വീണ ദിവസമാണ് ഞാന്‍ ഇങ്ങോട്ട് വണ്ടി കയറിയത്...”

“അതെന്താ..കരയ്ക്കു കയറ്റാന്‍ കയറു തേടി തിരോന്തരം വരെ വന്നോ...”

“പതുക്കെ ആക്ക്....!! കയറു തേടിയല്ല.. അന്നു വന്നില്ലാരുന്നേല്‍ അവടെ ചിറ്റപ്പന്മാര്‍ നാലും ചേര്‍ന്ന് എന്നെ കയറില്‍ ആക്കിയേനെ”

“അതുകൊള്ളാമല്ലോ..ആക്ച്വലി എന്താ സംഭവിച്ചത്.. സമയമില്ലാത്തോണ്ട് ചുരുക്കിപ്പറ.... പ്രണയകഥകള്‍ കേള്‍ക്കാന്‍ നല്ല മൂഡാ ഇന്ന്... ലെറ്റസ് ഫൊര്‍ഗെറ്റ് ദി സാമ്പത്തിക മാന്ദ്യം.” ഞാന്‍ ഇരുപ്പ് ഒന്നുകൂടി ഉറപ്പിച്ചു..

“ഓ..ഇത് ദുരന്തകഥയാ.. എന്‍‌റെ വീടിനു ഒരു പത്തമ്പത് ഫര്‍ലോംഗ് അകലെയാ അവളുടെ വീട്... അന്ന് ഇന്നത്തെപ്പോലെ കമ്മ്യൂണിക്കേഷന്‍ വല്ലോമുണ്ടോ.. പോരാത്തതിനു തൊട്ടാല്‍ പൊട്ടുന്ന പ്രായം. അപ്പോ നാച്ചുറലി ഞാന്‍ അവളെ കാണാന്‍ ദിവസവും ഒരു ഈവനിംഗ് വാക്ക് നടത്തും..”

“അതായത് ഈ പത്തമ്പത് രോമനീളം ദൂരത്തേക്ക് മാഷ് എന്നും പ്രണയാതുരനായി ആവേശപരവശനായി പമ്മിപമ്മിച്ചെല്ലും”

“അതുതന്നെ.. പിന്നെ അതൊരു ശീലവുമായി..”

“തികച്ചും സ്വാഭാവികം...എന്നിട്ട്...”

“എന്നിട്ടെന്താ.. അവളുടെ വീട്ടില്‍ പുതിയ കിണറുകുഴിക്കുന്ന ഒരു വൃശ്ചികമാസം. വൈകുന്നേരം അഞ്ചുമണി. കുഞ്ഞാപ്പി കൈയില്‍ പിക്കാസുമായി കിണറിനകത്ത് ഉറവ തേടി കുഴിയോട് കുഴിയാണ്. തന്തപ്പടി കരയ്ക്ക് കുനിഞ്ഞുനിന്ന് ആകാംഷാഭരിതനായി എത്തിനോട്ടം. ‘ഉറവ കണ്ടോ കുഞ്ഞാപ്പി...ഉറവ കാണാറായോ കുഞ്ഞാപ്പി‘ എന്ന് ഇടയ്ക്കിടെ ചോദിച്ച് നില്‍ക്കുകയാണ്. ‘ഇങ്ങേരിന്ന് പാലാ ചന്തയില്‍ പോയില്ലേ പാട്ടുപുരയ്ക്കലമ്മേ’ എന്ന് നെഞ്ചിടോപ്പോടെ ഞാന്‍ ഓര്‍ത്തതും കോണ്‍സണ്‍‌ട്രേഷന്‍ കുഞ്ഞാപ്പിയില്‍ നിന്നു മാറ്റി തന്ത എന്നെ ഒന്നു നോക്കിയതും ഒന്നിച്ചായിരുന്നു. ഒരുനിമിഷം പുള്ളി കിണറും ഉറവയും ഒക്കെ മറന്ന് ‘എടാ കഴുവര്‍ടമോനേ ‘എന്നലറി മുന്നോട്ട് ഒന്നു കുതിക്കുന്നത് മാത്രം ഞാന്‍ കണ്ടു.. പിന്നെ കേട്ടത് കിണറ്റിനകത്തൂന്ന് കോറസായി ഒരു നിലവിളിയാരുന്നു..ആദ്യം അലറിയത് കുഞ്ഞാപ്പിയാണെന്നാണ് ഓര്‍മ്മ.. ഓട്ടത്തിനിടയില്‍ അത് ശ്രദ്ധിക്കാന്‍ ആര്‍ക്കാ ടൈം...”

“ഈശ്വരാ.. എന്നിട്ട്....”

“അന്നു തന്നെ ഞാനിങ്ങോട്ട് പോന്നു.. പിന്നെ അറിഞ്ഞു പിക്കാസ്, കുഞ്ഞാപ്പിയുടെ തുടയില്‍ നിന്നും, അതിന്‍‌റെ പിടി തന്തപ്പടിയുടെ വായില്‍നിന്നും ഊരിയെടുത്തെന്ന്.....”

“എന്നിട്ട് ആ പെണ്‍കുട്ടി? “ ചിരിയടക്കാന്‍ പാടുപെടുന്നതിനിടെ ഞാന്‍ ചോദിച്ചു..

“വാ തുറക്കാന്‍ വയ്യാഞ്ഞിട്ട് ആ പഹയന്‍ വെള്ളക്കടലാസില്‍ എഴുതിക്കാണിച്ചെന്ന് “മോളേ ലവന്‍ എന്നെ കിണറ്റിലേക്ക് തൊഴിച്ചിട്ടു..നാളെ നിന്നെയും അങ്ങനെ ഇടില്ല എന്ന് ആര്‍ക്കറിയാം. ഇനി പറ നിനക്ക് അവനെ വേണോ, അതോ ആ ദുബായ്ക്കാരന്‍ വേണോ....നാച്ചുറലി അവള്‍ രണ്ടാമത്തേത് സെലക്ട് ചെയ്തു..”

ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഞാന്‍ റിയര്‍വ്യൂ മിററിലേക്ക് നോക്കി....

‘എങ്ങോട്ടാ ഈ നോക്കുന്നെ... എന്‍‌റെ കണ്ണിലേക്ക് നോക്ക്.....‘

പിന്നോട്ട് പായുന്ന കാഴ്ചകള്‍ എന്നെ വിളിക്കുന്നു.....

പിന്നിലേക്ക്...
പിന്നെയും പിന്നിലേക്ക്..

കാഴ്ചകള്‍ക്കപ്പുറത്ത്, കോളജ് ലൈബ്രറി മതില്‍ക്കെട്ടിനോട് ചേര്‍ന്ന് മറ്റൊരു സൂര്യോദ്യയം പോലെ ഒരു പെണ്‍കുട്ടി..

സ്വര്‍ണ്ണ ബോര്‍ഡറിട്ട ബ്ലൌസിന്‍‌റെ കൈകളിലേക്ക് ഇളകിവീഴുന്ന നനുത്ത മുടിയിഴകള്‍..

മിഴികളെ തൊടാന്‍ കൊതിച്ച് പരാജയപ്പെടുന്ന പുരികക്കൊടികള്‍..

ഒരു ചെറുചിരികൊണ്ട് ക്യാമ്പസ് റോമിയോകളുടെ സ്വപ്നങ്ങളെ വിലകൊടുക്കാതെ വാങ്ങിയ ഹരിപ്രിയ..

“വിമന്‍ ആര്‍ ഫ്രം വീനസ്.. ബട്ട് ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോര്‍ജിയ ബസ്’ എന്ന് കളിയാക്കലിനു പകരമായി മുല്ലപ്പൂമണമുള്ള പൊട്ടിച്ചിരി ഒരുപാട് എനിക്ക് സമ്മാനിക്കുന്ന, ജോര്‍ജിയ ബസില്‍നിന്ന് വെള്ളിപാദസരം കിലുക്കിയിറങ്ങുന്ന ഹരിപ്രിയ..

സെക്കന്റ് ഇയര്‍ മാത്തമാറ്റിക്സിലെ ബ്യൂട്ടി ക്യൂന്‍.. ഹരിപ്രിയാ വിശ്വനാഥ്...

ലൈബ്രറിയുടെ മതില്‍ക്കെട്ടോട് ചേര്‍ന്നുനിന്ന് ഹരിപ്രിയ പൊട്ടിത്തെറിക്കുകയാണ്.. കണ്ണും മൂക്കും ഒരുപോലെ ചുവന്ന്...

“എന്തുപറ്റി ഹരിപ്രിയേ, മുളകുചമ്മന്തി കൂടുതല്‍ കഴിച്ചോ ഇന്ന് “ ലൈബ്രറിയില്‍ നിന്നെടുത്ത മലയാറ്റൂരിന്‍‌റെ ‘ഐ.എ. എസ് ദിനങ്ങള്‍ ‘ കക്ഷത്തില്‍ തിരുകി ഞാന്‍ ചോദിച്ചു..

“ഇല്ലില്ല..ഒരുത്തനെ ചമ്മന്തി ആക്കാനുണ്ട്...ടീച്ചര്‍ ലൈബ്രറീന്നൊന്നിറങ്ങിക്കോട്ടെ...”

“ഇത്രമാത്രം വയലന്‍‌റാവാന്‍ എന്തുണ്ടായി.... ക്ലാസില്‍ വച്ച് നീ വളരെ ഹാപ്പിയാരുന്നല്ലോ. ഒന്നുരണ്ടു തവണ ഏറുകണ്ണിട്ട് നോക്കിയപ്പോ നീ ലാവിഷായി കുണുങ്ങുന്നതും കണ്ടതാണല്ലോ..കുട്ടിക്കെന്താ പറ്റിയെ.. ചുമ്മാ പറ”

“സൊള്ളാതെ പോടാ.. കാണിച്ചു കൊടുക്കും ഞാന്‍ ..സിസിലി ടീച്ചര്‍ വരട്ടെ...രണ്ടിലൊന്നറിഞ്ഞിട്ടെ ഇന്നു പോകുന്നുള്ളൂ..”

“എന്തിനാ ഒന്നാക്കുന്നത്.. രണ്ടില്‍ രണ്ടും അറിഞ്ഞിട്ടു പോയാല്‍ മതി. . പക്ഷേ മാറ്റര്‍ എന്താണെന്ന് എന്നൊടും പറ.. ങേ.ഇതെന്താ കൈയിലൊരു കടലാസുതുണ്ട്.....“

“പ്രണയലേഖനം..എന്‍‌റെ പ്രിയതമന്‍ തന്നതാ.. ഇതില്‍ കുറച്ച് സംശയം ബാക്കി ഉണ്ട്... അത് ടീച്ചര്‍ തീര്‍ത്തോളും”

സംഗതി എനിക്ക് മനസിലായി..ആരോ ഇവള്‍ക്ക് കുറിമാനം കൊടുത്തിരിക്കുന്നു. അത് അവള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാമുകന്‍ ആണെന്നു അവളുടെ വാക്കുകള്‍ കൊണ്ട് വ്യക്തം..
“ആ അലവലാതിയുടെ അവസാനമാ ഇന്ന്.... ബ്ലഡി.....”

“ഒന്നുകാണിച്ചേ പ്രിയേ..ജീവിതത്തില്‍ ഇതുവരെ ഒരു പ്യാര്‍ലെറ്റര്‍ ഞാന്‍ കണ്ടിട്ടില്ല.. അതെങ്ങനെയിരിക്കും എന്നൊന്നറിയാനാ..വായിച്ചൊരു പ്രാക്ടീസുമാവുമല്ലോ..” ഒറ്റയടിക്ക് ഞാനത് തട്ടിയെടുത്തു..

പല്ലുഞെരിച്ചുകൊണ്ട് അവള്‍ നില്‍ക്കുമ്പോ ആദ്യവരി ഞാന്‍ പതുക്കെ വായിച്ചു..
നീല മഷിയില്‍ ഒരു പാവം ഇളം ഹൃദയം തുടിക്കുന്നത് ഞാന്‍ കണ്ടു..

‘എന്‍‌റെ സ്വന്തം ഹരി........................ ‘

“ഇത്രയും കുത്തെന്തിനാണോ ആവോ....അവനു പ്രിയ എന്ന് എഴുതാന്‍ അറിയാഞ്ഞിട്ടാണോ....”

‘എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല...‘ അവസാനിപ്പിക്കാന്‍ ടീച്ചറുണ്ടല്ലോ ഭാഗ്യം.

‘നിന്‍‌റെ ചുണ്ടുകള്‍ തെണ്ടിപ്പഴം പോലെയാണ്.......‘

!!!!

ഒന്നുകൂടി ഞാന്‍ വായിച്ചു

“ഇതെന്തവാടീ തെണ്ടിപ്പഴം..അങ്ങനെ ഒരു പഴം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ.‘

“അവന്‍‌റെ അപ്പൂപ്പന്‍ കൃഷി ചെയ്യുന്നതാരിക്കും “ ഹരിപ്രിയ നിന്നു വിറയ്ക്കുകയാണ്..

‘കണ്ണുകള്‍ കര്‍പ്പൂരം പോലെ...
‘ മൂക്ക് എള്ളുപോലെ..’ ഛേ ഒരു പൂവു മിസ്സായി...
‘കീഴ്ത്താടി ഇളം പേരയ്ക്കാപോലെ..‘

‘പാദങ്ങള്‍ താമരയിലപോലെ...”
“നിനക്കെന്താ മന്തുണ്ടോ...” കാല്പാദത്തിലേക്ക് ചിരിച്ചുകൊണ്ട് ഞാന്‍ നോക്കി

“ബാക്കി പാര്‍ട്ട്സൊക്കെ തുണിയിട്ടു മറച്ചതു നന്നായി.. അല്ലെങ്കില്‍ അവന്‍ ലോകത്തുള്ള സകല പൂവും കായും ഇതില്‍ ചേര്‍ത്തേനെ... ബൈ ദ ബൈ..ആരാ ഈ കക്ഷി..”

"ബാക്കി കൂടി വായിക്ക് നീ.. എന്നിട്ട് പറയാം..”

‘ഹരിപ്രിയേ.. നീ ശരിക്കും പുരാണത്തിലെ വാസവദത്തയല്ലേ എന്ന് ഞാന്‍ പലവട്ടം ചിന്തിക്കാറുണ്ട്.. ഒന്നോര്‍ത്താല്‍ എന്‍‌റെ ചിന്തയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..നീ വാസവദത്ത തന്നെയാണല്ലോ..‘

ഞാന്‍ കൈ നെറ്റിക്കു വച്ചുപോയി..

“ഹഹ..ചണ്ഡാലഭിക്ഷുകി എന്നു പറഞ്ഞാലും ക്ഷമിക്കാമാരുന്നു.. ഉപമിക്കാന്‍ കിട്ടിയതൊരു പോക്കുകേസിനെയാണല്ലോ കൊശവന്... ഇത് വെറുതെ വിടരുത്...ഇനി പറ ആരാ കക്ഷി..”

“വേറെ ആര്....നിന്‍‌റെ ആത്മമിത്രം പഴശ്ശി....”

“ങേ... പഴശ്ശി വര്‍ക്കിയോ...“ ഞാനൊന്നു ഞെട്ടി

“ഛേ.... നെവര്‍... അവന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. “

“ഇല്ല ഇല്ല.. രാവിലെ ഇത് തന്നിട്ട് ഒരു കൊഴഞ്ഞ ചിരിയും..മറുപടി എന്തായാലും കൊടുക്കണമെന്ന്.. ഉടന്‍ തന്നെ മറുപടി കൊടുക്കാം....”

പഴശ്ശി വര്‍ക്കിയെന്ന ജോബി വര്‍ഗ്ഗീസ് സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്തവനാണല്ലോ.. പത്താം ക്ലാസില്‍ ഇരുന്നൂറ്റിപത്തിന്‍‌റെ റേഷന്‍ വാങ്ങി, ഇടവകയിലെ വികാരിയച്ചന്‍‌റെ ഹൈലെവല്‍ ഇന്‍ഫ്ലുവന്‍സ് കൊണ്ട് പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും അഡ്മിഷന്‍ ഒപ്പിച്ച അവനോട്, കുമ്പഴ സരസിലെ ഇടവേളകളില്‍ ഞങ്ങള്‍ ഇങ്ങനെ പറയുമായിരുന്നു ‘ഇടവകയിലെ പെണ്ണാടുകള്‍ക്ക് അത്രയെങ്കിലും ശല്യം കുറഞ്ഞുകിട്ടുമല്ലോ എന്നോര്‍ത്ത് അച്ചന്‍ കഷ്ടപ്പെട്ട് വാങ്ങിത്തന്ന അഡ്മിഷന്‍ ഇങ്ങനെ ഞരമ്പു പടം കണ്ട് വേസ്റ്റാക്കാതെടാ...’

ഫസ്റ്റ് ഇയറിലെ യൂത്ത് ഫെസ്റ്റിവലില്‍ അഭിനയം മോഹം ഒന്നു കൊണ്ട് മാത്രമാണ് വര്‍ക്കി പഴശ്ശിരാജയിലെ നായകന്‍ ആയത്. അത്യന്തം ടെമ്പര്‍ ഉള്ള ഒരു സീനില്‍, ‘മണ്ണടി മഹിയില്‍ വന്ന പറങ്കിപ്പരിശകളേ കൊന്നൊടുക്കും നിന്നെയെല്ലാം ‘ എന്ന് അലറിക്കൊണ്ട്, ഉറയിലെ വാള്‍ വലിച്ചൂരവേ, ഫോഴ്സ് കൂടിപ്പോയതുകൊണ്ട്, ഉറയും ഉറയോട് ചേര്‍ന്ന ഉടയാടയും കീറിയപ്പോള്‍, ശത്രുവായ വെള്ളക്കാരന്‍‌റെ മുഖത്തു നോക്കേണ്ടതിനു പകരം ‘ക്യാ ഹുവാ ‘ എന്ന മട്ടില്‍ കീറിയ തുണിയിലേക്ക് നോക്കി കൂവലും ഒപ്പം പഴശ്ശിയെന്ന പേരും സമ്പാദിച്ച വീരന്‍. ( ‘മുളവാളിനു പകരം ഇരുമ്പുവാളു വക്കാന്‍ കൊല്ലനു പത്ത് മില്ലിവാങ്ങിക്കൊടുത്തവന്‍ വര്‍ക്കി’ എന്ന ഡയലോഗ് കാല്‍ക്കുലസ് ക്ലാസിലെ ബോറഡിമാറ്റാന്‍ ഞങ്ങള്‍ പറഞ്ഞുരസിച്ചത് ഈ സംഭവത്തിനു ശേഷമാണ്)

എന്നാലും അവന്‍ ഹരിപ്രിയക്ക് കുറി കൊടുക്കുക എന്നൊക്കെ വച്ചാല്‍....

“ഹരിപ്രിയേ... തല്‍ക്കാലം നീയിത് ടീച്ചറിനോടൊന്നും പറയാന്‍ നില്‍ക്കേണ്ടാ.. ബിക്കോസ് നിനക്ക് വാസവദത്ത എന്ന് പേരും വീഴും എന്നതില്‍ കവിഞ്ഞ് ഈ ഉദ്യമത്തിനു വല്യ പ്രയോജനമൊന്നും ഞാന്‍ കാണുന്നില്ല... ഇക്കാര്യം ഞാന്‍ ആദ്യം അവനോടൊന്നു ഡിസ്കസ് ചെയ്യട്ട്..”

പിറ്റേന്ന്, അലക്സാണ്ടര്‍ സാര്‍ സൈനും കോസും ടാന്‍‌ജന്‍‌റും പഠിപ്പിക്കുന്ന ശുഭമുഹൂര്‍ത്തം. ക്ലാസിന്‍‌റെ വലത്തെ പാര്‍ട്ടീഷനില്‍ ഇരിക്കുന്ന ബെന്‍സി തോമസിന്‍‌റെ അളകങ്ങളുടെ സൌന്ദര്യം ആസ്വദിച്ച് ഞാനും, എന്‍‌റെ തൊട്ടടുത്ത്, മടിയിലിരിക്കുന്ന ഇംഗ്ലീഷ് ത്രില്ലറിലെ ശൂന്യവസ്ത്രധാരിണിയുടെ ഉടലിന്‍‌റെ ടാന്‍‌ജന്‍‌റ് ആസ്വദിച്ചുകൊണ്ട് സന്ദീപും, നിത്യയൌവനസ്വപ്നങ്ങള്‍ കണ്ട് ബാക്കി നാല്പത്തിയെട്ടുപേരും ഇരിക്കുകയാണ്...
പുറത്ത് മഴ തകര്‍ക്കുന്നു...

“എസ്‌ക്യൂസ് മീ സാര്‍ “ വാതില്‍പ്പടിയില്‍ വര്‍ക്കി..

“ഓ..അച്ചായന്‍ വന്നോ... റബ്ബര്‍ വെട്ടിക്കഴിഞ്ഞോ ഇത്ര പെട്ടെന്ന്..” അലക്സാണ്ടര്‍ ചക്രവര്‍ത്തി ഒരു വളിച്ച ചിരി

“മഴയല്ലിയോ സാറെ”

“മരത്തിനു പാവാട ഇട്ടില്ലേ ഇതുവരെ....”

പൊട്ടിച്ചിരികള്‍ മുഴങ്ങിയപ്പോള്‍ നിര്‍ത്താതെ ചിരിക്കുന്ന ഹരിപ്രിയയെ ഞാന്‍ കണ്ടു..

“വാ കേറിയിരി.. നിന്ന് കാലുകഴയ്ക്കെണ്ടാ.....”

തണുപ്പില്‍ അല്പം വിറച്ചുകൊണ്ട് വര്‍ക്കി എന്‍‌റെ തൊട്ടടുത്തിരുന്നു..

“നല്ല മഴ അല്ലേ അളിയാ....” ഞാനൊന്നു പുഞ്ചിരിച്ചു
“മുടിഞ്ഞമഴ..” വര്‍ക്കി വര്‍ക്ക് ബുക്ക് നിവര്‍ത്തി.

“ജീവിതം ഒക്കെ സുഖം തന്നെ അല്ലേ “ പതുക്കെ ഞാന്‍ പിറുപിറുത്തു

“ഒരുവിധം.. എന്തേ....”

“വല്യപ്പച്ഛന്‍‌റെ തെണ്ടിപ്പഴ കൃഷി ഒക്കെ എങ്ങനെപോകുന്നു...”

“എന്തുവാ? “

“ഈ എള്ളിന്‍ പൂവ് നീ ജീവിതത്തില്‍ കണ്ടിട്ടുണ്ടോടാ. സത്യം പറ...”

“എന്താടാ &&*&& രാവിലെ ആക്കുന്നത്.. ഇടിച്ച് കൂമ്പുവാട്ടും പറഞ്ഞേക്കാം..”

“ഞാന്‍ കണ്ടു...”

“എന്ത്...? “

“നിന്‍‌റെ ഇടയലേഖനം.. “

വര്‍ക്കിയുടെ നെറ്റിയും കണ്ണും ഒരുപോലെ ചുരുങ്ങി. പതുക്കെ പരുങ്ങി അവന്‍ എന്‍‌റെ കണ്ണില്‍ തന്നെ നോക്കി..

“ഞാനിടപെട്ടതുകൊണ്ട് ഇഷ്യു ആയില്ല... ഇനി പറ.എന്താ ഈ തെണ്ടിപ്പഴം...”

“എടാ ഞാന്‍ കുനിപ്പിട്ടതാ...”

“ആര്‍ക്ക്....”

“തെണ്ടിക്ക്....തൊണ്ടിപ്പഴം എന്നാ എഴുതിയെ..സത്യം..ഇനി ആ കുനിപ്പെങ്ങാനും ണ്ട യോട് ചേര്‍ന്നുപോയതാവുമോ..”

“ഈ വാസവദത്ത സത്യത്തില്‍ ആരാന്നു നിനക്കറിയാമോ..”

“ഉര്‍വ്വശിയും രംഭയും പോലൊരു ദേവനര്‍ത്തകി....അല്ലിയോ..? ”

“നര്‍ത്തകിയൊക്കെയാ‍രുന്നു. പക്ഷേ പ്രൊഫഷണലി അവരല്പം അഡ്‌വാന്‍സാരുന്നു... “ ബാ‍ക്കി ഞാന്‍ ചെവിയില്‍ പറഞ്ഞു.

പിന്നെ കണ്ടത് ഫീലിംഗുകള്‍ക്ക് ഉമ്മകൊടുത്തുകൊണ്ട് ഡെസ്കിലേക്ക് കമിഴ്ന്നു കിടന്നു ചമ്മുന്ന വര്‍ക്കിയെയാണ്.....

“പ്രശ്നമായോ അളിയാ....ഞാന്‍ ഒരു തമാശയ്ക്ക്...”

“തമാശയ്ക്കാണോടാ പെണ്ണിനെ വാസവദത്താന്നു വിളിക്കുന്നത്.. ചെന്നു ക്ഷമ ചോദിച്ചോ..അല്ലേ പണിയാവും. അവള് ഉറഞ്ഞുതുള്ളി നില്‍ക്കുവാ. ഒടുവിന്‍‌റെ നിന്‍‌റെ അച്ഛനും നിനക്ക് അഡ്മിഷന്‍ വാങ്ങിതന്ന മറ്റേ അച്ചനും ഒന്നിച്ച് വരേണ്ടിവരും ഇവിടെ.. വയസാം കാലത്ത് കൂദാശ കളയിപ്പിച്ച് അങ്ങേരെ കുന്നുകേറ്റിക്കല്ലേ..”

വര്‍ക്കി പരുങ്ങിത്താണു..

“എന്താ അളിയാ ഇപ്പൊ ചെയ്യേണ്ടെ.. ഛേ.. കഷ്ടകാലത്തിനു ഓരൊന്നു ചെയ്യാന്‍....”

“ങാ പോട്ട്.. ഉച്ചയ്ക്ക് അവളെ കണ്ട് ഉള്ള കാര്യം പറ...”

“എന്തു കാര്യം..” വര്‍ക്കിയുടെ കണ്ണില്‍ പ്രത്യാശയുടെ ഒരു കുഞ്ഞുതിളക്കം..

“കുനിപ്പുണ്ടാരുന്നു എന്ന്..”

“കുനിപ്പോ..? “

“തെണ്ടിക്ക് കുനിപ്പുണ്ടാരുന്നൂന്ന്... പിന്നെ വാസവദത്ത ഒരു കന്യാസ്ത്രീ ആയിരുന്നു എന്നാ അപ്പച്ചന്‍ പഠിപ്പിച്ചിരുന്നതെന്നും പറ..“

“നീ പിന്നേം ഊതുവാണോ..”

“എടാ പോയി സോറി പറയാന്‍.. ഛേ ഇവനെക്കൊണ്ട് തോറ്റല്ലോ കര്‍ത്താവേ..”

“അളിയാ നീ കൂടിവാ..എനിക്ക് ഒറ്റയ്ക്ക് പോകാന്‍ ഒരു ഒരു...”

“സോറി..ഇന്നുച്ചയ്ക്ക് ഞാന്‍ അല്പം ബിസിയാണ്. മാത്രമല്ല ഇതുപോലെയുള്ള ചീളുകേസുകളില്‍ ഇടപെടാന്‍ തീരെ താല്പര്യവുമില്ല..”

“എന്തു ബിസി..അളിയാ പ്ലീസ്..”

“ഫിസിക്സിലെ ദില്‍‌ഷാദ് ബീഗത്തിന് ഒരു കവിതയെഴുതി കൊടുക്കാം എന്ന് വാക്കുകൊടുത്തുപോയി..പ്രോജക്ട് ഡിലേ അക്കുന്നത് മോശമല്ലേ.”

“ഓഹോ..എന്നിട്ടെഴുതിയോ...”

“കസ്തൂരീ തിലകം ലലാടഫലകേ വക്ഷസ്ഥലേ കൌസ്തുഭം.. ബാക്കി എഴുതിക്കൊണ്ടിരിക്കുവാ!!. പേഴ്സണല്‍ കാര്യത്തില്‍ ഇടപെടാതെ പോയി പണിനോക്കെടാ!!!”


പരീക്ഷകള്‍ക്കും അവധികള്‍ക്കുമൊക്കെ ഇടയില്‍ വെറും തമാശയായി വാസവദത്ത എപ്പിസോഡ് തേഞ്ഞുമാഞ്ഞുപൊയി.

ഹരിപ്രിയ പിന്നെയും പലരുടേയും സ്വപ്നങ്ങളിലേക്ക് കൊലുസുകിലുക്കി വണ്ടിയിറങ്ങി... കയറി....പിന്നെയും ഇറങ്ങി...

ചോക്കുപൊടിയുടെ നനുത്തഗന്ധം പടര്‍ന്നുകയറിയ ഒരു വൈകുന്നേരം ക്ലാസില്‍ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാ‍ണ് ഹരിപ്രിയ എന്നെ വിളിച്ചത്..

“എനിക്ക് നിന്‍‌റെ ഒരു സഹായം വേണം..”

“പറഞ്ഞോളൂ.. കാശുചിലവില്ലാത്തതാവണം എന്നൊരു കണ്ടീഷന്‍ മാത്രം...”

“നിന്‍‌റെ ആ നീല ഷര്‍ട്ടിങ്ങോട്ട് വേണം.. ഒറ്റ ദിവസത്തേക്ക്...”

“മനസിലായില്ല..”

“മറ്റന്നാള്‍ ഹോസ്റ്റല്‍ ഡേയല്ലേ.. ഞങ്ങളുടെ ഒരു പ്രൊഗ്രാം ഉണ്ട്.. ആണ്‍‌വേഷം ഞാനാ കെട്ടുന്നെ... ഒരു ബ്ലൂ ഷര്‍ട്ട് വേണം.. വീട്ടില്‍ ചെന്നാല്‍ ബ്രദറിന്‍‌റെ എടുക്കാം.. പക്ഷേ ഇനി പോകാന്‍ സമയമില്ല.. തല്‍ക്കാലം നിന്‍‌റെ ഷര്‍ട്ട് മതി... നാളെത്തന്നെ വേണം”

“എടീ പെണ്ണേ അത് മാസങ്ങള്‍ പഴകിയ സാധനമാ... അത് നീ ഇടുവാന്നൊക്കെ പറഞ്ഞാല്‍ ഛേ... നീയൊരു നിലയും വിലയും ഒക്കെയുള്ള പെണ്ണല്ലേ...”

ഒടുവില്‍ ഞാന്‍ തോറ്റു..

പഴയ കടലാസ് പൊതി പിറ്റേന്ന് കൈമാറുമ്പോള്‍ ഞാന്‍ പറഞ്ഞു

“ഇതിനി തിരികെ വേണ്ടാ... കാലാവധി കഴിഞ്ഞ സാധനമാ... വല്ല പാവലിനും കോലമായിട്ട് ഉപയോഗിക്കാം.. പകരം ഭാവിയില്‍ എനിക്കൊരു ബ്രാന്‍ഡഡ് ഷര്‍ട്ട് വാങ്ങിത്തന്നാ മതി..”

ഹരിപ്രിയ പുഞ്ചിരിച്ചു.. ചോക്കുപൊടിയുടെ ഗന്ധമുള്ള പുഞ്ചിരി..

“ഹാ‍...............ഛീ...................”
പോങ്ങുവിന്‍‌റെ തുമ്മല്‍ കേട്ട് ഓര്‍മ്മകളുടെ പിടിവിട്ട് ഞാന്‍ ഉണര്‍ന്നു..

“വല്ലാത്ത പൊടി മനുമാഷേ... “

“ചോക്കുപൊടിയാണോ മാഷേ.....”

“നെടുമങ്ങാട് ബ്രാഞ്ച് തന്നെയാണല്ലോ അല്ലെ...”

“എന്നാ അറിഞ്ഞത് മാഷേ...ഇനിയും ദൂരമുണ്ടോ...”

“കുറെ പോകണം... എങ്ങനെ തപ്പിപ്പിടിച്ചു മാഷേ...“

“ഒരു ചെറിയ ഇന്‍‌വെസ്റ്റിഗേഷന്‍.. അന്നത്തെ ഒരു സഹബഞ്ചനെ കണ്ടിരുന്നു കഴിഞ്ഞാഴ്ച... അവനാ പറഞ്ഞത്..ഹരിപ്രിയ ബാങ്കില്‍ ജോലികിട്ടിപ്പോയെന്നും ഇപ്പോ നെടുമങ്ങാട് ബ്രാഞ്ചിലെ ഓഫീസര്‍ ആണെന്നുമൊക്കെ.. നോക്കാം നമുക്ക്.... ഒരു ഷര്‍ട്ട് കിട്ടുന്ന കാര്യമല്ലേ.... അത് കളയേണ്ട....”

“ഉവ്വ ഉവ്വ...അല്ലാതെ പഴയ കാര്യം പറഞ്ഞ് പഞ്ചാര അടിക്കാനല്ല..”

“മാന്യന്മാരെ പറ്റി പോക്രിത്തരം പറയരുത്.. വണ്ടി നേരെ നോക്കിയോടിക്ക് മനുഷ്യാ.....”

* * *

നെടുമങ്ങാട് ബ്രാഞ്ചിലെ വരാന്തയിലൂടെ ഞാന്‍ മെല്ലെ നടന്നു..

കാതുകളില്‍ പഴയ ക്യാമ്പസിലെ ബഹളം
മഴ
ചോക്കുപൊടികളുടെ ഗന്ധം
മുല്ലപ്പൂവില്‍ അലിഞ്ഞുചേരുന്ന കൊച്ചുവര്‍ത്തമാനത്തിന്‍‌റെ തൂവലുകള്‍.
സമരം
കുസൃതിപ്പാട്ടുമൂളുമ്പോള്‍ ചവച്ചു തിന്നുന്ന പുല്‍നാമ്പുകളുടെ രുചി..
ഹരിപ്രിയയുടെ കൊലുസിന്‍‌റെ കിലുക്കം..
ആണ്‍‌വേഷം കെട്ടി അവള്‍ പറയുന്ന ഡയലൊഗുകള്‍
അവളിട്ടിരിക്കുന്ന നീല ഉടുപ്പ്...അതിലെ വിയര്‍പ്പ്....


ആളൊഴിഞ്ഞ കൌണ്ടറിലെ സ്ത്രീയുടെ അടുത്തേക്ക് ചെന്നു..

“ഇവിടെ ഒരു ഹരിപ്രിയ..”

“ഹരിപ്രിയ പോയല്ലോ..”

“എങ്ങൊട്ട് മാഡം..?”

“ജോലി റിസൈന്‍ ചെയ്ത് ഹസ്‌‌ബന്‍ഡിനോടൊപ്പം പോയി.. ഇപ്പോ സിഡ്‌നിയില്‍.....”

“കോണ്ടാക്ട് ഡീറ്റെയില്‍‌സ് വല്ലതും..ലൈക് ഇമെയില്‍...”

“സോറി.”

പടിയിറങ്ങി

ഒരു ഡെസ്കിന്‍‌റെ വലത്തെ കോണില്‍ മാ‍റ്റിവക്കപ്പെട്ട നെയിം ബൊര്‍ഡുകള്‍..

പണ്ട് ക്ലാസ് മുറിയില്‍ പ്രൊഫസറുടെ കണ്ണുവെട്ടിച്ച് ഇളകിയാടുന്ന മുടിയിലെക്ക് നോക്കിയപോലെ ഒന്നു നോക്കാന്‍ ശ്രമിച്ചു..

പല ബോര്‍ഡുകള്‍ കുന്നുകൂടി മറച്ച ഒരു പേരിന്‍‌റെ ആദ്യാക്ഷരങ്ങള്‍ കണ്ണു കണ്ടുപിടിച്ചു

‘HAR.........'

ഡോറുതുറന്ന്, ആകാംഷയോട് കാത്തിരുന്ന പോങ്ങുവിന്‍‌റെ അടുത്തേക്ക് ഞാന്‍ ചാടിയിരുന്നു.

“എന്തായി....എന്തായി...”

“പൊക്കളായാം.....“

പോങ്ങു പുഞ്ചിരിച്ചു.

വെയിലിലെക്ക് വണ്ടി നീങ്ങി..

“പോങ്ങു.. ദൈവത്തിന്‍‌റെ യഥാര്‍ഥ ഉദ്ദേശം എന്താ... മണ്ണും, മഴയും, വായുവും, വിശപ്പും, ആഹാരവും, ജനനവും, മരണവും, സ്നേഹവും, വിരഹവും എല്ലാം തന്ന് പുള്ളിക്കാരന്‍ നമ്മളെ പോറ്റുന്നതിന്‍‌റെ പിന്നിലെ രഹസ്യം എന്താ.. ഇതുകൊണ്ട് അദ്ദേഹത്തിനു എന്താ ഒരു ഗുണം.. എന്താ ഒരു പ്രയോജനം.. “

“ഇതു തന്നെയാ മാഷേ മൂന്നാലു ദിവസമായി ഞാനും ആലോചിക്കുന്നത്..അല്ല.. എന്താ ഒരു പ്രയോജനം...”

മന്ദഹാസങ്ങള്‍ക്കിടയിലേക്ക് ഒരു എസ്.എം.എസ് എനിക്ക് വന്നു..

ഫ്രം ബാംഗ്ലൂര്‍ ഓഫീസ്... ജോയ് ആലുക്കാസിന്‍‌റെ പരസ്യം എന്തായി....

ഉടനെ മറുപടി അയച്ചു... ‘രണ്ടു മണിക്കൂറിനുള്ളില്‍ ശരിയാവും....ഉറപ്പ്...”

വന്‍‌കരകള്‍ക്കപ്പുറത്തു നിന്ന് ആ പഴയ പുഞ്ചിരി തന്ന് ഹരിപ്രിയ എന്‍‌റെ മനസിലേക്ക് ഒരു വാചകം എഴുതിയിട്ടു....

“ജോര്‍ജിയസ് വിമന്‍ ആര്‍ ഫ്രം ജോയ് ആലുക്കാസ്....”

Monday, 14 July 2008

ഗുഡ് ബൈ, ഗുഡ് ബോയ് ദില്ലി...

“സീ വീ ഓള്‍ ആര്‍ യംഗ് ഹിയര്‍.. യംഗ് ആന്‍ഡ് എനര്‍ജറ്റിക്. യു ഗോട്ട് എ ലക്കി ചാന്‍സ് ടു വര്‍ക്ക് വിത്ത് എ വൈബ്രന്റ് കമ്പനി.. ആള്‍ ദ ബെസ്റ്റ്....”

സില്‍‌വര്‍ ഷേക്ക് ഹാന്‍ഡ് തന്നുകൊണ്ട് ഡോ.ജഗന്നാഥന്‍ എന്ന അമ്പതുവയസുകാരന്‍ പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞു
“പുളുവടിക്കല്ലേ അമ്മാവാ ആദ്യം തന്നെ. ഒരു യംഗ്‌സ്റ്റര്‍ വന്നേക്കുന്നു!!”

‘സീറോസ് ആന്‍ഡ് വണ്‍സ് കാന്‍ മേക്ക് യു എ സീറോ’ എന്നു തിരിച്ചറിഞ്ഞ്, ആള്‍മോസ്റ്റ് ചീറ്റിപ്പോയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ആദ്യമായി കാലുകുത്തിയ സ്ഥാപനമല്ലേ.
ആ വിഷ് ഞാന്‍ സന്തോഷത്തോടെ അങ്ങ് സ്വീകരിച്ചു.

കൈയിലെ അപ്പോയിന്‍‌മെന്റ് ലെറ്റര്‍ ആരും കാണാത്ത ഒരു കോണില്‍ പോയി നിന്ന് ഒന്നുകൂടി വായിച്ചു
‘പ്രോഗ്രാമിംഗ് കണ്‍സള്‍ട്ടണ്ട്.......!!!!’
ശമ്പളം രണ്ടായിരത്തി ഇരുന്നൂറ് കാ പെര്‍ മന്ത്...
ഭാവി മന്തുകാലില്‍....
എന്തായാലും ഡെസിഗ്‌നേഷന്‍ കൊള്ളാം. 'ബ്രീഫ് ഓണ്‍ ദ റൂഫ്’, ഹൂ കെയേര്‍സ് ദ ബാത്..’ കുളിച്ചില്ലെങ്കില്‍ എന്ത് , കൌപീനം ആന്‍‌റിനയുടെ തുഞ്ചത്തല്ലേ..
കല്യാണ ബ്രോക്കറോട് പറയാന്‍ കൊള്ളാം ഈ ഡെസിഗ്‌നേഷന്‍.. എന്തൊരു വെയ്‌റ്റ്..

‘സ്വാമിയേ.......!!!’ കടലാസില്‍ നോക്കി ഞാന്‍ ഒന്നു പ്രാര്‍ഥിച്ചു.

“എന്നാ!!!! തമ്പീ...യെതുക്കെന്നെ കൂപ്പിട്ടെ?“

കണ്ണുതുറന്നപ്പോള്‍ അണ്ണാനെപ്പോലെ നെറ്റിയില്‍ മൂന്നു ഭസ്മവരയുള്ള വേറൊരു യംഗ്‌മാന്‍..
പ്രായം അറുപതിനു മുകളില്‍ പക്കാ..സീറ്റാശ്രമത്തിലേക്ക് പോകുന്നവഴിയാണ് എന്‍‌റെ വിളികേട്ടത്

‘സോറി സാര്‍ . ഞാന്‍ അയ്യപ്പസ്വാമിയെയാ കൂപ്പിട്ടത്...‘

“അപ്പടിയാ... “

“ആമാ സാര്‍....”

ഓരോ അടിവീതം അകലത്തില്‍ ട്യൂബ് ലൈറ്റ് കത്തുന്ന മേല്‍ക്കൂരയില്‍ നോക്കി കണ്ണുവിടര്‍ത്തി പതുക്കെ ഞാന്‍ നടന്നു.
ഡെയ്‌ലി മൂന്നുമണിക്കൂര്‍ കറണ്ടുകിട്ടുന്ന ബ്രിജ്‌വിഹാറില്‍ നിന്ന് ഈ ആലക്തികശോഭയിലേക്കെത്തിയപ്പോള്‍ എന്തൊരു സുഖം. എ.സി.തണുപ്പ് എക്സ്‌ട്രാ.
തങ്കാ (ശമ്പളം) ശുഷ്കിച്ചതാണേലും തങ്കപ്പെട്ട സെറ്റപ്പ്.. ഗുഡ് ജി ഗുഡ്..

കണ്ണാടിയിട്ട മുറിയിലേക്ക് വലംകാല്‍ വച്ചുകയറി.
കാത്തിരിക്കുന്ന കാലിയായ സീറ്റിനെ ഒന്നു നമിച്ച് ആസനസ്ഥനായി..
ഓണ്‍ ചെയ്താല്‍ ഒരുമണിക്കൂറുകൊണ്ട് സ്റ്റാര്‍ട്ട് ആവുന്നതാണീ കമ്പ്യൂട്ടര്‍ എന്ന് മോണിട്ടര്‍ കണ്ടപ്പോഴേ മനസിലായി. പി.സി. എക്‍സ്.ടി വിത്ത് മോണോ മോണിട്ടര്‍..

ഒന്നു ചുറ്റും നോക്കിയേക്കാം..

തൊട്ടപ്പുറത്ത് ഒരു മഹാനുഭാവന്‍ മോണിട്ടറിലേക്ക് നോക്കിയിരിക്കുന്നു. കെ.എസ്.ആര്‍.ടി സി ബസിന്‍‌റെ മുകള്‍ഭാഗം പോലെ ഉന്തിനില്‍ക്കുന്ന ഹെയര്‍‌സ്റ്റൈല്‍. അസ്ഥിയോ മാംസമോ കൂടുതല്‍, കറുപ്പോ വെളുപ്പോ കൂടുതല്‍ എന്ന ബോഡി ഡിസ്‌ക്രിപ്‌ഷന്‍. ഒറ്റനോട്ടത്തില്‍ അറിയാം കക്ഷി മണിപ്പൂരി തന്നെ..

- ഒന്നു തിരിഞ്ഞുനോക്കാശാനേ. ഒരാള്‍ വന്നുകേറിയ ഭാവം പോലുമില്ലല്ലോ.. ആശാനെന്താ മോണിട്ടറിലെ പൊടിയെണ്ണുവാണോ. എനിക്കും ഹിന്ദി കുറച്ചറിയാം. ലെറ്റ്സ് ടോക്ക്..
ഞാന്‍ മനസില്‍ പറഞ്ഞു.

ഇല്ല.. ഒരു മൈന്‍ഡുമില്ല. ഇനി വല്ല പ്രൊഫഷണല്‍ ഈഗോ വല്ലോം.....

ആങ്.. പോട്ടെ.. ‘ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരും’

എന്താണാവോ ആദ്യത്തെ ജോലി.. ആരെയും കാണുന്നില്ലല്ലോ.. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യണോ വേണ്ടയോ.
കണ്‍ഫ്യൂഷന്‍ ഏറിയപ്പോള്‍ കണ്‍ഫ്യൂഷ്യസിനെപൊലെ ചിന്താമഗ്നനായി വെറുതെ ഇരുന്നു.

“മോളീ...... മോളീ......“

ങേ...!!!!

ഞാന്‍ മോളില്‍ നോക്കി.

ഇതെവിടുന്ന്!!

“മോളിക്കുട്ടീ..... ഇത് ഞാനാ.....”

-- ആര് ...?

ഈശ്വരാ... മണിപ്പൂരി പയ്യന്‍ മണിമണിപോലെ മലയാളം പറയുന്നു, ഫോണില്‍....

“ചുമ്മാ... ചുമ്മാ വിളിക്കാന്‍ തോന്നി... മോളിക്ക് സുഖം തന്നെയല്ലേ”

- ആയിരിക്കും.. അല്ലെങ്കില്‍ മറുപടി കേട്ട് ഇവന്‍ ഇത്ര റൊമാന്‍‌റിക്കായി ചിരിക്കില്ല.

“നാളെ അവധിയല്ലേ.. എവിടാ പോകുന്നെ.. എനിക്ക് നല്ല മൂഡ്...”

- ഉള്ള കാര്യം പറയാമല്ലോ ആശാനേ. എനിക്കും ഉണ്ട് മൂഡ് .. പക്ഷേ മൂഡ് മാത്രം പോരല്ലോ.. മോളീം കൂടെ വേണ്ടേ..

“ഉച്ചക്ക് ജന്തര്‍ മന്തറില്‍ പോകാം.. യെസ്.. പറയുന്ന കേള്‍ക്ക് മോളീ.. നോ.. നോ... ഫസ്റ്റ് ജന്തര്‍ മന്തര്‍.....’

- ജന്തര്‍ മന്തറില്‍ സാധാരണ ധര്‍ണ്ണക്കാരാ പോകാറ്... അവശകാമുകരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയാണോ ആശാനേ..

“നോ... നോ.. ദോശ വേണ്ട.. ഇഡ്ഡലി കഴിക്കാം.. അവിടുത്തെ ദോശ കൊള്ളില്ല.. മോളീ.. പറയുന്ന കേള്‍ക്ക്.. ഇഡലി മതി.. പറ്റില്ല.. ദോശ പറ്റില്ല..”

- അവിടുത്തെ ഇഡലിയും ഇപ്പോള്‍ കണക്കാ ആശാനേ.. സര്‍വത്ര പുളി..

“മോളേ മോളീ ... അവിടുത്തെ ദോശ വയറു കേടാക്കും.. ഇഡലി മതി.. ങേ.. ഇനി ഞാന്‍ ചൂടാവും പറഞ്ഞേക്കാം. നോ... ദോശ വേണ്ട..’

- തല്‍ക്കാലം കോമ്പ്രമൈസില്‍ എത്തി രണ്ടുപേരും ബോണ്ട കഴിക്കെന്നേ.. ചുമ്മാ അടിയിടാതെ

“മോളീ ലിസണ്‍.... ഞാന്‍ പറയുന്നത് കേള്‍ക്കാന്‍.. നിന്നെ എനിക്കെന്തിഷ്ടമാണെന്നറിയാമോ..”

- ഉവ്വോ.. എങ്കില്‍ ഒരു ദോശ വാങ്ങിക്കൊടുക്കാശാനേ.. എട്ടു രൂപയുടെ കാര്യമല്ലേയുള്ളൂ...

“ ദോശയല്ല പ്രശനം... നിന്‍‌റെ വാശിയാണു പ്രശ്നം..... ഇത്ര ഷോര്‍ട്ട് ടെമ്പേഡ് ആവരുത് നീ.... മോളീ... പ്ലീസ്.. മോളീ..”

- അത് സ്ത്രീജനങ്ങള്‍ അങ്ങനാ ആശാനേ.. ഫ്രം രുദ്രാദേവി ടു റാബ്രിദേവി.. ആള്‍ ആര്‍ ഷോര്‍ട്ട് ടെമ്പേഡ്..

“ഒ.കെ.. അവിടെ നിന്ന് നമ്മള്‍ ഇന്ത്യാഗേറ്റില്‍ പോകുന്നു..”

- എന്തിനാ പോച്ച പറിക്കാനാണോ.

“നോ.. നോ.. നെഹ്രുപാര്‍ക്ക് വേണ്ട.. അവിടെ പോലീസുകാരുണ്ട്.. മോളീ.. ലിസണ്‍.. ഇന്ത്യാഗേറ്റു മതി.. ങേ... വേണ്ട.. പാര്‍ക്ക് വേണ്ടാന്നു ഞാന്‍ പറഞ്ഞു..”

- ഇന്ത്യാഗേറ്റും ഇപ്പോ അത്ര സേഫല്ലാശാനേ. കഴിഞ്ഞഴ്ചയാ, ബ്രിജ്‌വിഹാറിലെ ഡിസ്കോ ഉണ്ണിയേയും വുഡ്‌ബീയേയും പോലീസ് മൂടോടെ പിഴുതെടുത്തത്..

“ഉം. സമ്മതിച്ചു... ശരി. ശരി.. പിന്നെ.. ഇന്നലെ രാത്രി ഞാന്‍ നിന്‍‌റെ പാട്ടുകേട്ടു. യെസ്.. ഹോ.. എന്തു രസം.. അതൊന്നു പാടാമോ ഇപ്പോ.. പ്ലീസ്.”

- എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എന്ന പാട്ടാന്നോ..

“അതല്ല.. മറ്റേ പാട്ട്.... നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷി. എന്ന പാട്ട്.. പ്ലീസ്.. ഒന്നു പാട്.. പറ്റില്ലേ..”

- നെറ്റിയില്‍ പൂവുണ്ടെങ്കില്‍ കിളി എങ്ങനെ പാടും. കോണ്‍സണ്ട്രേഷന്‍ കിട്ടുമോ.. പൂവെടുത്ത് ചെവിയില്‍ വക്കാന്‍ പറയൂ.. അപ്പോ ഈസിയായി പാടാമല്ലോ..

“ഉം.. മതി.. പിന്നെ മതി.. ആങ്.. പിന്നെ.. ലവന്‍ വന്നു കേട്ടോ.. അതെ.. കണ്ടിട്ട് ഒരു ബിഹാറിയേപ്പോലെ ഉണ്ട്. ഒരു കെഴങ്ങന്‍.. ഉവ്വുവ്വ്.. ഇന്നു ജോയിന്‍ ചെയ്തു.. ദാ അടുത്തിരിപ്പുണ്ട്.. ഒരു കാലമാടന്‍ ലുക്ക്.. അതെ.. യെസ്.. എനിക്ക് കിട്ടേണ്ട പ്രോഗ്രാമിംഗ് സീറ്റാ ഈ എന്തിരവന്‍ വലിച്ചെടുത്തത്.. അതെ.. ങേ... അതേ മോളീ.. ഒരക്ഷരം ഞാന്‍ പറഞ്ഞു കൊടുക്കില്ല. നോക്കിക്കോ.. കൊറെ വെള്ളം കുടിക്കും കെഴങ്ങന്‍”

- കെഴങ്ങന്‍, കാലമാടന്‍.... ആശാനേ.. ചിറ്റപ്പന്‍ എന്നെ വിളിക്കുന്ന പേരുകള്‍ ആശാനെങ്ങനെയറിഞ്ഞു?

“അതെ.. ഇവനെ ഞാന്‍ പൊകച്ചു ചാടിക്കും.. ഏറിയാല്‍ മൂന്നുമാസം.. കൊടുങ്ങല്ലൂര്‍ കോവിലകത്തോടാ കളി !!.. ഹാ ഹാ.. ശരിയെന്നാല്‍.. വക്കട്ടെ.. വൈകിട്ടു കാണാം. പിന്നെ.. പിന്നെ.. അതിങ്ങു കിട്ടിയില്ല...”

- ഉമ്മ ആയിരിക്കും. പെട്ടെന്നു വാങ്ങിച്ചോ ആശാനേ.. പെണ്ണും പോസ്റ്റ്‌മാനും ഒരുപോലെയാ. കിട്ടാനുള്ളത് എടുപിടീന്നങ്ങു വാങ്ങിച്ചോണം. ഡിലേ ആയാല്‍ പോയതുതന്നെ.

“അതല്ല... എന്‍‌റെ സഞ്ചി.. അന്ന് നീ ബജാറില്‍ പോകാന്‍ കടം വാങ്ങിച്ച.. ഇന്നലെ ഞാന്‍ സഞ്ചിയില്ലാതാ ചന്തയ്ക്ക് പോയേ..”

- കൊശവന്‍.. ഒരു സഞ്ചിവാങ്ങാന്‍ പോക്കില്ലാത്ത നീയാണോ പ്രേമിക്കാന്‍ നടക്കുന്നത്.

കാമുകന്‍ ഫോണ്‍ താഴെ വച്ചു.

ഞാന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത മോളിക്കുട്ടി ശത്രുസംഹാരത്തിനായി എത്ര മെഴുകുതിരി കത്തിക്കും കര്‍ത്താവേ എന്നു ചിന്തിച്ചു താടിക്ക് കൈയും കൊടുത്തു ഞാന്‍ ഇരുന്നു.

മൂവായിരം കിലോമീറ്റര്‍ ഓടി ഇന്ധനം തീര്‍ന്ന റെയ്‌നോള്‍ഡ് പേന വട്ടത്തില്‍ ഉരച്ച് ഇല്ലാത്ത മഷിയെ ഉണ്ടാക്കാന്‍ ഒരു വിഫലശ്രമം നടത്തി ഒടുവില്‍ കാമുകന്‍ എന്‍‌റെ നേരെ ദാ കഴുത്തു നീട്ടുന്നു..

“സ്‌ക്വീസ്.........മീ............”

- ഷുവര്‍..അധികം താമസിയാതെ ഈ കഴുത്ത് ഞാന്‍ സ്‌ക്വീസ് ചെയ്തോളാം..

“ഹായ്... മേ ഐ ഹാവ് യുവര്‍ പെന്‍ .....” പാവം എന്തൊരു സോഫ്‌ട് വോയ്‌സ്..

“ഷുവര്‍ ആന്‍ഡ് വൈനോട്ട്......” ഞാന്‍ പുഞ്ചിരിച്ച് പേന നീട്ടി.

“താങ്ക്സ്.... ബൈ ദ ബൈ.. ഐ ആം ബെന്നി സേവ്യര്‍.. ഡേറ്റാ എന്‍‌റി കണ്‍സള്‍ട്ടന്റ്.........” ഷേക്ക് ഹാന്‍ഡും ശുഭമായി..

“വൌ.. ഗ്രേറ്റ്.....നൈസ് ടു മീറ്റ് യു.....”

“മേ ഐ നോ യുവര്‍ ഗുഡ് നെയിം....” എന്തൊരു പുഞ്ചിരി വഞ്ചകന്......

“മുമ്പേ പറഞ്ഞ പേരു തന്നെ.. കെഴങ്ങന്‍.. കാലമാടന്‍ എന്നും വിളിക്കും..“

“!!!!!!!!“

മൂട്ടിനു മൂട്ടകടി കിട്ടിയ മൂത്താശാരിയുടെ മുഖഭാവത്തോടെ ബെന്നി ഒന്നു ഇടിഞ്ഞു താണു.

“അയ്യോ.... ഈശ്വരാ... മലയാളി ആരുന്നോ.. ഛേ.... മാഷേ.. ഞാന്‍ കരുതി..”

“ബീഹാറിയാണെന്ന് അല്ലേ.. കൊഴപ്പമില്ല.. അളിയന്‍ മണിപ്പൂരിയാണെന്നാ ഞാനും കരുതിയെ. മോളിക്കുട്ടിയെ വിളിക്കും വരെ...”

‘!!!!!!’

പിന്നെയും ഒന്നിടിഞ്ഞു താണു..

“ഛേ.. ഞാന്‍ വെറുതെ..തമാശ... അവളോട് പറഞ്ഞത്... സോറി.. മലയാളി ആണെന്നറിഞ്ഞെങ്കില്‍....”

“വൈകിട്ട് കാണുമ്പോഴേ പറയുവാരുന്നു അല്ലേ.. സാരമില്ല.. അണ്ടര്‍ ഗ്രൌണ്ടിലൂടാണേലും ആകാ‍ശത്തൂടാണേലും പാര പാര തന്നെയല്ലെ അളിയാ‍“

“ഛേ.. നെവര്‍.. പാരയോ.. ഞാനോ.. അങ്ങനെ പറയല്ലേ..”

അരമണിക്കൂര്‍ സംസാരം കൊണ്ട് ഒന്നെനിക്ക് മനസിലായി.. ഈ അടിമാലിക്കാരന്‍ അച്ചായന്‍‌റെ മനസ് തെളിനീരുപോലെയാണ്, സ്നേഹം പടര്‍ന്നു പന്തലിച്ചതാണ്.. ഇവന്‍ ഹൃദയത്തിന്‍‌റെ അടിത്തട്ടില്‍ മനുഷ്യത്വം തളംകെട്ടി നിര്‍ത്തിയിരിക്കുന്നവനാണ്...
കാമുകിയുടെ മുന്നില്‍ ആളാവാന്‍ സല്‍മാന്‍ ഖാന്‍ വരെ വിറകുവെട്ടുന്നപോലെ ഡാന്‍സ് കളിക്കുന്ന ഈ കാലത്ത്, മോളിക്കുട്ടിയോട് ഇവന്‍ അങ്ങനെയൊക്കെ പറഞ്ഞതില്‍ എന്തത്ഭുതം..

"ആരാ അളിയാ മോളിക്കുട്ടി.. എങ്ങനെ ഒപ്പിച്ചു.........”

“ഓ... അതൊരു കഥയാ അളിയാ... അവള്‍ എന്‍‌റെ തൊട്ടടുത്ത മുറിയിലാ താമസം. പാവം കൊച്ചാ. ഒരു ചുവരിന്‍‌റെ മറമാത്രമേയുള്ളൂ ഞങ്ങള്‍ക്കിടയില്‍... “

“അതുശരി.. അപ്പോ ബഷീര്‍ പണ്ടു ചെയ്ത പോലെ സുഷിരം വല്ലോം ഇട്ടോ അളിയന്‍..”

“ഒന്നു പോ അളിയാ‍.. ഒരുമാതിരി ആക്കാതെ...”


“അളിയാ ... സത്യത്തില്‍ ഈ കമ്പനിയില്‍ എന്താ നടക്കുന്നത്.. അല്ല ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ...” ഞാന്‍ പുറകോട്ടൊന്നു ചാഞ്ഞു.

“ചൊവ്വാ ഗ്രഹത്തില്‍ എന്തുനടക്കുന്നു എന്നു ചോദിച്ചാല്‍ ഒരുപക്ഷേ ആന്‍സര്‍ കിട്ടും. പക്ഷേ ഈ ചോദ്യത്തിനു ഉടയതമ്പുരാന്‍‌റെ കൈയിലും ആന്‍സര്‍ ഇല്ല..കണ്‍സള്‍ട്ടന്‍സി ഇന്‍ ബയോട്ടെക്ക്‍നോളജി എന്നൊക്കെ പറയുന്ന കേക്കാം. എവിടെ നോക്കിയാലും അവിടെല്ലാം കണ്‍സള്‍ട്ടെന്റ്. ഒരുത്തനും ഒരുപണിയുമില്ല. എന്താ ഇവിടെ നടക്കുന്നേന്ന് ഞാനിപ്പോ ഓര്‍ക്കാറില്ല... ഓര്‍ത്തിട്ടു ഒരു കാര്യോമില്ല.. എല്ലാവര്‍ഷവും സര്‍ക്കാര്‍ മോശമല്ലാത്ത ഗ്രാന്റ് കൊടുക്കും. അതുവാങ്ങി തോപ്പം തോപ്പം കമ്പ്യൂട്ടറും, കണ്‍സള്‍ട്ടണ്ടും കൊണ്ട് സകലയിടവും നിറയ്ക്കും... “

“അളിയനെന്താ ഇവിടെ പണി.....? “

“കട്ട് ആന്‍ഡ് പേസ്റ്റ്.... ഇക്കണക്കിനു പോയാല്‍ ഷേവിംഗ് ചെയ്യേണ്ടി വരും....” ബെന്നി നെടുവീര്‍പ്പിട്ടു.

“എന്നു വച്ചാ‍.....? “

“എന്നും രാവിലെ ഒരു കെട്ട് പത്രം എന്‍‌റെ മുന്നില്‍ കൊണ്ടിടും. അതില്‍ എവിടെ ബയോളജി എന്ന വാക്കുണ്ടോ അതിനു പത്തിഞ്ചു മോളീന്നും താഴേന്നും കീറിയെടുക്കും. എന്നിട്ടു ദാ ഈ ഫയലില്‍ ഒട്ടിക്കും.. പിന്നെ അത് കമ്പ്യൂട്ടറിലോട്ട് കേറ്റും... അത്രതന്നെ..”

“ഇതിന്‍‌റെ പ്രയോജനം എന്താ..”

“ഗോഡ് നോസ്.. ഭാവിയില്‍ ഇത് കോടികള്‍ നേടിത്തരുന്ന ഡേറ്റാബേസാവും എന്നാ ബോസണ്ണന്‍ പറയുന്നെ.. ഇത് കേള്‍ക്കാന്‍ തൊടങ്ങീട്ട് നാളു കൊറെയായി. നടുകീറിയ പേപ്പര്‍ എനിക്ക് വേണ്ടാ എന്നാ കവാടിവാലാ വരെ പറയുന്നെ.. അങ്ങനെപോലും ഒരു പ്രയോജനം ഇല്ല....” ബെന്നി താടിയുഴിഞ്ഞു.

“ഇവിടെല്ലാം ഉപദേശികളാണോ... ഐ മീന്‍ കണ്‍സള്‍ട്ടണ്ട്‌സ്.....”

“അതെ... തൂപ്പുകാരനു മാത്രം അതില്ല.. സ്വീപ്പിംഗ് കണ്‍സള്‍ട്ടണ്ട് എന്ന് കൊടുക്കാഞ്ഞെ ഭാഗ്യം..”

‘പൊത്തോം... !!!! പളനിയാണ്ടവാ..........!!!!‘
ഒരു പതനവും പുറകെ ഒരു പ്രയറും കേട്ടു ഞാനൊന്നു ഞെട്ടി...

“പേടിക്കെണ്ടാ. ഇതു സാധാരണയാ.. അപ്പുറത്തൊരു അണ്ണാച്ചിയമ്മാവന്‍ ഇരിപ്പുണ്ട്. ശ്രീമാന്‍ വി.എന്‍.കെ സ്വാമി.. ഉറക്കം മൂക്കുമ്പോള്‍ മൂക്കിടിച്ചു വീഴുന്നതാ..”

കണ്‍സള്‍ട്ടണ്ടുകളെ ഒക്കെ ഒന്നു പരിചയപ്പെടുത്താന്‍ ബെന്നി എന്നെയും കൊണ്ട് കോറിഡോറുവഴി നീങ്ങി..

“ദാ...ആ ഇരിക്കുന്നതാണ് വിശാല്‍ സക്സേന.... മൂത്ത കണ്‍സള്‍ട്ടണ്ട്.. പണി ഉറക്കം.. ഇടയ്ക്ക് ലഞ്ച് കഴിക്കാന്‍ ഉണരും. ഒരു ശല്യവുമില്ല..“

ക്യാബിനുകളില്‍ നാലഞ്ചു പെണ്‍പ്രജകളും..

“അത് ദീപാ വര്‍മ്മ..... തണുപ്പുകാലം ആയാല്‍ സ്വെറ്റര്‍ തയ്ക്കുന്ന ഒരു പണിയുണ്ട്.. ബാക്കി സമയം പരദൂഷണം.. മിസ് ഇന്ത്യ ആണെന്നാ വിചാരം. “

വലത്തെ ക്യാബിനില്‍ ഒരു കഷണ്ടിയമ്മാവന്‍

“അത് ഡോ. ടി. കെ. റായ്.. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാ.. ദോഷം പറയരുതല്ലോ.. ഇവിടെ പണിയുള്ള ഒരേയൊരാള്‍ പുള്ളിയാ.. വേണേല്‍ ഒന്നു തൊഴുതോ..”

“എന്താ പണി പുള്ളിയുടെ...?”

“രാവിലെ തൊട്ട് വൈകുന്നേരം വരെ ഇവിടുത്തെ സകല ഫീമെയില്‍ സ്റ്റാഫിനും മാറിമാറി ഉമ്മ കൊടുക്കുന്ന പണി. സ്‌മൂച്ച് സോമച്ച്..അതാ കെളവന്‍‌റെ പോളിസി..”

“ഞരമ്പാണോ....? “

“അല്ലെന്ന് പുള്ളിമാത്രം പറയും. ബിലോ തേര്‍ട്ടി പെണ്ണുങ്ങള്‍ മകളെപ്പോലെ.. എബൊവ് തേര്‍ട്ടീസ് അനിയത്തിമാരെപ്പോലെ.. എന്നൊക്കെ പറയുന്നുണ്ട്. ഇങ്ങേരെക്കൊണ്ട് ഷോപ്പിംഗിനു പോലും ഭാര്യ പോകാറില്ലെന്ന്.. ഒരിക്കല്‍ പോയപ്പോ തുണിക്കടയിലെ ബൊമ്മയ്ക്ക് ഉമ്മ കൊടുത്തുപോലും......... ചളുക്കു കൊടുക്കാനാളില്ലാഞ്ഞാ... അല്ലാതെ പിന്നെ..”

“ഇതിനെയാണളിയാ സെപ്റ്റാജനേറിയന്‍ സിം‌പ്‌റ്റം എന്നു പറയുന്നത്...”

“എന്തു സിം‌പ്റ്റമാണേലും ഇതിത്തിരി മൂപ്പാ.. അളിയനറിയുമോ, ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സില്‍ , എസ്.ഐ ആയി സെലക്ഷന്‍ കിട്ടിയപ്പോള്‍ ഇവിടുത്തെ പഴയ റിസപ്‌ഷനിസ്റ്റ് ഹാപ്പിയായി പോയി.. ‘അമ്മാവന്‍‌റെ ഉമ്മയെക്കാള്‍ ഭേദമാ അതിര്‍ത്തിയിലെ ഉണ്ട‘ എന്നവള്‍ എന്നോട് പറഞ്ഞു..’

ചിരിയുമായി ഞങ്ങള്‍ നടന്നുനീങ്ങി.

‘ഇത് ശിവ് ലാല്‍.. ഇവിടുത്തെ പ്യൂണ്‍ കണ്‍സള്‍ട്ടണ്ട്... കാണണേല്‍ കക്കൂസില്‍ ചെല്ലണം...” എതിരെ ഫയലുമായി വന്ന കുടവയറനെ നോക്കി ബെന്നി

“അതെന്തേ..”
“കഴിഞ്ഞ തവണ ഗാവില്‍ (ഗ്രാമം) പോയപ്പോ അമ്മാവന്‍ പറഞ്ഞത്രെ ‘ബേട്ടാ നീ അങ്ങ് ഛോട്ടാ ആ‍യിപ്പോയല്ലോ’ എന്ന്.. അന്നു തൊട്ടു തീറ്റി തുടങ്ങി.. രാവിലെ ഇരുപത് റൊട്ടി.. നേരേ ക്ലോസറ്റില്‍ പോയിരിക്കും..ഉച്ചവരെ..”

നടന്നു നടന്നു അങ്ങേ അറ്റത്തെത്തി..

“ഇനി നമ്മള്‍ കാണാന്‍ പോകുന്ന ആളാണ് ശ്രീ കനരകരാജ്. ഐ.ടി, മാനേജര്‍ എന്നാണു വപ്പ്. മഹാ അമക്കന്‍ ആണീ തമിഴന്‍. ഒരു എഴുത്ത് പത്തു തവണ അയച്ചു എന്ന് രേഖ ഉണ്ടാക്കി ഒമ്പതിന്‍‌റെ കാശ് പോക്കറ്റിലിടുന്നവന്‍.. കുനിഞ്ഞു നിന്നാല്‍ കവചകുണ്ഡലങ്ങള്‍ വരെ അടിച്ചുമാറ്റും.. സൂക്ഷിച്ചോണം..”

പതുക്കെ ഞങ്ങള്‍ അടുത്തെത്തി.. കനകപ്പന്‍ ഫോണില്‍ ബിസി..

“ഹലോ.... ഹാംജി.. മോണിട്ടര്‍ എത്രയ്ക്ക്... മുപ്പതു രൂപാ കിലോയോ.. പറ്റില്ല. കുറച്ചുകൂടിയങ്ങോട്ട്..... ഓ.കെ.. പ്രിന്‍‌റര്‍? .. ഓ.കെ.. പ്രിന്‍‌റര്‍ അറുപതു രൂപാ കിലോ.. ദെന്‍ സി.പി.യു.. ഓ.കെ. ഓ.കെ.. എഴുപ്പത്തഞ്ചു രൂപ കിലോ....”

“ഇന്തെന്താ അളിയാ.. പച്ചക്കറിക്കച്ചോടമോ.....? “

“അല്ല.. പഴയ കമ്പ്യൂട്ടര്‍ കവാടിവാലായ്ക്ക് കൊടുക്കുക എന്നതാ ഇയാളുടെ മെയിന്‍ ജോലി.. എന്നിട്ട് ഓരോ വര്‍ഷവും പുതിയത് വാങ്ങിക്കൂട്ടുക. കിട്ടുന്ന ഗ്രാന്റ് എങ്ങനെയെങ്കിലും ചെലവാക്കെണ്ടെ...”തിരികെ സീറ്റിലെത്തി.

എന്നാ ഇനി സിസ്റ്റം ഓണ്‍ ചെയ്യാം..

ആദ്യത്തെ ജോലിയിലെ ആദ്യത്തെ സ്വിച്ചോണ്‍ കര്‍മ്മം..

‘ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനേ....
ശ്രീപാര്‍വതിയുടയ തനയപ്രിയ ഗജമുഖബാലകനേ.....
വിഘ്നേശ്വര ശുഭദ സുഖദമൊരു ജീവിതമേകണമേ...
വിഘ്നം നിന്‍ നടയിലുടയുമൊരു കേരമതാകണമേ......’

കണ്ണടച്ചു കൊണ്ട് ചൂണ്ടുവിരല്‍ കമ്പ്യൂട്ടറിന്‍‌റെ പവര്‍ബട്ടണിലേക്ക് ഉദ്ദേശം വച്ചു പായിച്ചു..

ങേ.!!!!

സ്വിച്ചിനുപകരം വിരല്‍ത്തുമ്പില്‍ ഒരു സ്പോഞ്ച് ഫീലിംഗ്...

പ്രാര്‍ഥനയ്ക്കും സ്വിച്ചോണ്‍ കര്‍മ്മത്തിനും ഇടയില്‍ ഓഫീസ് ബോയ് മുരുകേശ് ലെറ്റര്‍ ഹെഡ്ഡെടുക്കാന്‍ വേണ്ടി, സി.പി.യുവിന്‍‌റെ മുന്നില്‍ വന്ന് നിന്നത് ഞാനറിഞ്ഞില്ല..

വിരല്‍ കൊണ്ടത് ബട്ടണില്ല.. മുരുകേശിന്‍‌റെ ചന്തിക്കാണ്..

“എന്നാ അണ്ണൈ!!!!!!! “ അപ്രതീക്ഷിതമായി ആസനത്തില്‍ അംഗുലീസ്പര്‍ശം കിട്ടിയ മുരുകേശ് ഞെട്ടിച്ചാടി..

“പയലേ.. എന്‍‌ പക്കത്തിലേ ഉന്‍ ചന്തി കൊണ്ടുവക്കാന്‍ യാര്‍ ശൊല്ലി.. കടവുളേ ഇനാഗുറേഷനേ കതം മുടിഞ്ചാച്ച്!!!!!!”

പൊട്ടിച്ചിരിയോടെ ബെന്നി ഒരു കപ്പ് ചായ എനിക്ക് നീട്ടി..

“അളിയാ.. എന്‍‌റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ ചായ...നിന്നോടൊപ്പം ഷെയര്‍ ചെയ്യുന്നു..... ബ്ലസ് മീ മൈ ബ്ലിസ് ബോയ്........” ഞാന്‍ ചിരിച്ചു.

“ചിയേഴ്‌സ്......................” ഞങ്ങളുടെ കപ്പുകള്‍ ആദ്യമായി കൂട്ടിയിടിച്ചു..

“സര്‍... ചായ..........................”

പ്യ്യൂണ്‍ ധനിറാം എന്‍‌റെ പത്തുവര്‍ഷങ്ങളെ പെട്ടെന്നടര്‍ത്തിയെടുത്തു.

ദില്ലിയിലെ ആദ്യജോലിക്കും അവസാനജോലിക്കും ഇടയിലെ പത്തുവര്‍ഷങ്ങള്‍..

മഞ്ഞും മഴയും, ദീപാവലിയും, ഹോളിയും, രാം ലീലയും ഒക്കെ നിറം പിടിപ്പിച്ച പത്തുവര്‍ഷങ്ങള്‍..

യൌവനത്തിലെ മികച്ച പത്തു വര്‍ഷങ്ങള്‍....

ധനിറാം.. ഇത് നീ എനിക്ക് തരുന്ന അവസാനത്തെ ചായയാണ്....

ഇനി നമ്മള്‍ കാണില്ല.. നിനക്കെന്‍‌റെ സ്നേഹാശംസകള്‍.. രണ്ടായിരം രൂപകൊണ്ട് മൂന്നുമക്കളേയും പെണ്ണിനേയും പോറ്റുന്ന നിന്‍‌റെ വിയര്‍പ്പാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. എന്നിട്ടും നീ എങ്ങനെ ചിരിക്കുന്നു.. നിന്‍‌റെ മുഖം മങ്ങി ഞാന്‍ കണ്ടിട്ടില്ല.. നീ എന്നെ അത്ഭുതപ്പെടുത്തുന്നു..

എല്‍.ജിയുടെ മോണിട്ടറിലേക്ക് ഞാന്‍ ഒന്നുകൂടി നോക്കി..

എന്‍‌റെ പകലുകളില്‍ മുഖാമുഖം നിന്ന് എന്നോട് സംവേദിക്കുന്ന അതിന് ജീവനുള്ളതുപോലെ തോന്നി..
അതെ.. ചിലപ്പോള്‍ യന്തങ്ങളിലും ആത്മാവു കണ്ടെത്താം..

ഗുഡ് ബൈ...ഇനി നമ്മളും കാണില്ല....

മൌസ് പോയിന്‍‌റര്‍ സ്റ്റാര്‍ട്ട് ബട്ടണില്‍ അമര്‍ന്നു...

ഷട്ട് ഡൌണ്‍..................

മൈക്രോസോഫ്റ്റ് വിന്‍ഡോസും ചിലപ്പോള്‍ ഫിലോസഫറെപ്പോലെയാണ്.

ഒടുങ്ങും മുമ്പു കുറച്ച് ഓപ്‌ഷനുകള്‍

താല്‍ക്കാലികമായ ലോഗോഫ്
എല്ലാം മറന്നൊരു റീസ്റ്റാര്‍ട്ട്..
ഒന്നു ചിന്തിക്കാന്‍ സ്റ്റാന്‍ഡ് ബൈ
അല്ലെങ്കില്‍ എന്നെന്നേക്കുമായുള്ള ഷട്ട്ഡൌണ്‍..

ചിന്തിക്കാന്‍ അവസരം തരുന്ന ടെക്ക്നോളജി...

അനിശ്ചിതത്വത്തിന്‍‌റെ മഞ്ഞിലേക്കിറങ്ങുന്നവനോട് അമ്മയുടെ കണ്ണുകള്‍ ചോദിക്കുന്നതുപോലെ നാല് ഓപ്‌ഷനുകള്‍.

ഷട്ട്ഡൌണ്‍ സ്വാമീ..

പോയിന്‍‌റര്‍ ഒ.കെ ബട്ടണില്‍ അമര്‍ന്നു.

യന്ത്രങ്ങള്‍ക്കും മനസുണ്ട്. അവയുടെ നനുത്ത സ്പര്‍ശം പലപ്പോഴും അറിയാം. അവയുടെ വിഷാദവും അറിയാം.

മോണിട്ടര്‍ കറുത്തൊടുങ്ങി..

ഇടയ്ക്കോര്‍ക്കുക
ഇടയ്ക്ക് വിളിക്കുക
വേദനിപ്പിച്ചെങ്കില്‍ പൊറുക്കുക..
ഇനി കാണുമോ എന്നറിയില്ല.. എനിക്ക് വയസായി
നീ നല്ലവനായിരുന്നു
ഒരുപാട് ഉയര്‍ന്നുപോവുക
ഇനി ആരെ നീ എന്നൊക്കെ വിളിക്കും ഞാന്‍

പതിവു വിടവാക്കുകള്‍..

ഫുള്‍ ആന്‍ഡ് ഫൈനല്‍ ചെക്ക് വാങ്ങി. എച്ച്.ആര്‍ മാനേജര്‍ പിന്നാലെ ഷേക്ക് ഹാന്‍ഡും തന്നു.

യാത്ര ചോദിക്കാന്‍ ഇനി ആരുണ്ട് ബാക്കി?

ജീവിതത്തെ പണത്തിന്‍‌റെ തുലാഭാരത്തട്ടില്‍ ആട്ടിവിഷമിക്കുന്ന ബോസ് വന്ദനാജിയുടെ കാബിനില്‍ കയറി.

സീറ്റില്‍ ആളില്ല. ഷെയര്‍ മാര്‍ക്കറ്റ് പതനമോര്‍ത്ത് എവിടെയോ അലയുന്നുണ്ടാവും

യെല്ലോ സ്റ്റിക്കറില്‍ കുറിപ്പെഴുതി
‘പോകുന്നു മാഡം. പാന്‍‌റിന്‍‌റെ പോക്കറ്റില്‍ കൈയിട്ട് സംസാരിച്ച് മാനര്‍ലെസ് ആയതടക്കം ചെയ്ത ക്രൂരകൃത്യങ്ങള്‍ പൊറുക്കുക.. ആഫ്റ്റര്‍ ഓള്‍ ലൈഫീസ് ആന്‍ ഇന്‍ഫോര്‍മല്‍ ജേണി ടു ഇന്‍ഡെപ്‌ത് ബ്ലാക്ക്‍ഹോള്‍..’

സജിയുടെ ക്യാബിനിലേക്ക് ചെന്നു..

“പോട്ടേടാ....”

സജി മിണ്ടിയില്ല...

മൌനങ്ങളില്‍ മണ്ണിന്‍‌റെ മണം ഇടിഞ്ഞു നിറഞ്ഞു.

റിസപ്‌ഷനിലെ സുന്ദരിയോടെ അവസാന ബൈ പറഞ്ഞു..

വെളിയിലേക്കിറങ്ങി

‘എന്നെ വില്‍ക്കല്ലേ’ എന്ന് ബൈക്ക് പറയുന്നപോലെ.. തലചെരിച്ചുറങ്ങുന്ന പശുക്കുട്ടിയേപ്പോലെ എന്‍‌റെ കവാസാക്കി..
പണ്ട്, വിറ്റ പശുക്കുട്ടിയെ നനഞ്ഞ കണ്ണോടെ നോക്കി നിന്ന അപ്പൂപ്പനെ ഓര്‍മ്മ വന്നു. നക്ഷത്രക്കൂട്ടങ്ങളിലേക്ക് ചേക്കേറിയ അപ്പൂപ്പന്‍...
വിയര്‍പ്പുമണികൊണ്ട് ഒരു കുടുംബം സൃഷ്ടിക്കാം എന്ന് പഠിപ്പിച്ചു തന്ന അറക്കപ്പൊടിയുടെ മണമുള്ള അപ്പൂപ്പന്‍..

‘ഇല്ല.നിന്നെ വില്‍ക്കാനുള്ള തീരുമാനം മാറ്റി.. എന്‍‌റെ കിതപ്പുകളെ, കുതിപ്പുകളെ, കണ്ണീരിനെ ഒക്കെ ഒരുപാട് ഏറ്റുവാങ്ങിയതല്ലേ. നിന്നെയും കൊണ്ടുപോകാം നാട്ടിലേക്ക്.. അവിടെ അപ്പൂപ്പന്‍ താടിയുണ്ട്, മതിലോരത്തെ മഷിത്തണ്ടുണ്ട്, ഇടവപ്പാതിയുടെ മണമുണ്ട്... എനിക്കൊപ്പം നീയും വേണം....”

ദില്ലിയിലെ വഴിയിലൂടെ അവസാന യാത്ര...

രണസ്‌മൃതികളും പുതിയ രണങ്ങളും തമ്മില്‍ പുണരുന്ന, അതിജീവനത്തിനും ആര്‍ഭാടത്തിനും ഇടയിലെ ദേശീയപാതകള്‍ നിറഞ്ഞ, പാപ്പരും പപ്പരാസിയും പുതുപ്പണക്കാരനും തമ്മിലടിച്ചും തമ്മിലിണങ്ങിയും കഴിയുന്ന ഒരു മഹാരാജ്യത്തിന്‌റെ മഹാതലസ്ഥാനത്തുകൂടിയുള്ള അവസാനയാത്ര..

ഇതുവഴി ആരൊക്കെ നടന്നു.

എത്ര രാജാക്കന്മാര്‍, റാണിമാര്‍, പ്രജകള്‍, മുക്തിദാഹികള്‍, തോക്കേന്തിയവര്‍, തീപ്പന്തമേന്തിയവര്‍

എന്തിനുവേണ്ടി..

വഴിയമ്പലത്തിലെ വഴക്കാളികള്‍.. അതല്ലേ സ്വാമീ മനുഷ്യര്‍..

ട്രാഫിക്കിനിടയില്‍ വീണ്ടും തല്ല്..

കാറുകള്‍ തമ്മിലുരഞ്ഞതിനു ഉടമകള്‍ തമ്മിലടി... കുത്തിനുപിടി മുറുകുന്നു. കരണത്ത് കൈകള്‍ പതിക്കുന്നു.

ദില്ലിയിലെ സ്ഥിരം കാഴ്ച..

മലയോളം വളര്‍ന്ന മനുഷ്യാ... ഉറുമ്പോളം ചെറുതായി സ്നേഹിക്കാന്‍ പഠിക്കൂ.. വീണുകിടക്കുന്ന സഹജീവിയേയും താങ്ങിയോടുന്ന ഉറുമ്പിനെ കാണൂ......


കവിയരങ്ങും ചിരിയരങ്ങും റാഷണനിസ്റ്റ് സെന്‍‌റലിലെ ചൂടുപിടിച്ച വാദപ്രതിവാദങ്ങളും കൊണ്ട് സംഭവബഹുലമായിരുന്ന പതിനഞ്ചുവര്‍ഷങ്ങള്‍ കാറ്റിലൂടെ വീണ്ടും നെഞ്ചിലേക്ക് പൊഴിഞ്ഞു വീഴുന്നു..

എവിടെയായാലും ദില്ലി, നിന്നെ ഞാന്‍ മറക്കില്ല.. ‘നിന്നില്‍ നിന്നുയിരാര്‍ന്നൊരെന്നില്‍ നിന്നോര്‍മ്മകള്‍ മാത്രം..’

അടുത്ത ട്രാഫിക് ലൈറ്റ്.

മുതിര്‍ന്നവന്‍‌റെ ടീ ഷര്‍ട്ടുമിട്ട്, തൊപ്പിയും വച്ച് ഒരു പത്തുവയസുകാരന്‍. പുഞ്ചിരിച്ച് മുന്നില്‍.

സെയില്‍‌സ് ബോയ് ഓണ്‍ റോഡ്.

താങ്ങാനാവത്ത ഒരു കെട്ടു വീക്കിലി നെഞ്ചോട് ചേര്‍ത്തുപിടിച്ച്..

‘ഇന്ത്യാ ടുഡെ’ ....മാഗസിന്‍ എന്‍‌റേ നേരെ നീണ്ടു.

യെസ്.കുട്ടാ.. നീയൊരു മെസേജാവുന്നു.. കൈയില്‍ ക്യാമറയില്ല.. അല്ലെങ്കില്‍ അവസാന സ്നാപ്പായി നിന്നെ ഞാന്‍ എടുത്തേനെ..

അടിക്കുറിപ്പായി ഒന്നും എഴുതേണ്ട. അത് നിന്‍‌റെ നെഞ്ചില്‍ തന്നെയുണ്ട് .. ‘ഇന്ത്യാ ടുഡെ’

വാങ്ങിയ വീക്കിലി ബൈക്കില്‍ തിരുകി.

വീണ്ടും പച്ചവെട്ടം..

ബ്രിജ്‌വിഹാര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്..

‘തത്ത്വമസി‘ ബോര്‍ഡ് ഇന്നു തെളിഞ്ഞിട്ടില്ല. ബള്‍ബ് ഫ്യൂസായതാവും.

നട തുറന്നു കിടക്കുന്നു.

സ്വാമിയ്ക്ക് അതേ പുഞ്ചിരി.

‘ഓര്‍മ്മയുണ്ടോ അയ്യപ്പാ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിനക്കിരിക്കാന്‍ വേണ്ടി ഇത് പണിഞ്ഞപ്പോള്‍ ഈയുള്ളവനും മണ്ണു ചുമന്നിരുന്നു. ഉറക്കിളച്ച് പണിയെടുത്തിരുന്നു.. അപ്പോ ഇനിയും കാണില്ലേ എന്‍‌റെ കൂടെ....’

അയ്യപ്പസ്വാമി പിന്നെയും ചിരിക്കുന്നു.

‘തത്ത്വമസി.. അതു നീയാകുന്നു.. ‘

അറിയാതെ കൈകള്‍ കൂപ്പിപ്പോയി..

മിഴികള്‍ കൂമ്പിപ്പോയി..

അടഞ്ഞ ഇമകള്‍ക്കിടയില്‍ കാലദേശാന്തരങ്ങള്‍ താണ്ടി ജലം നിറഞ്ഞു.

‘അയ്യപ്പാ.. ഈ പൊടിയുന്ന കണ്ണീര്‍ എവിടെനിന്ന് വന്നതാണ്. ഏതു സമുദ്രത്തില്‍ നിന്ന്..ഏത് മേഘം എത്തിച്ചതാണ്. ഇത്രനാള്‍ ആര്, എവിടെ സംഭരിച്ചു വച്ചതാണ്’

“പോവുകയാണല്ലേ...”

മെല്ലെ മിഴിതുറന്നു..

“അതെ തിരുമേനി.. നിയോഗങ്ങളില്‍ ഇവിടുത്തെ വാസം തീര്‍ന്നു.. കര്‍മ്മങ്ങള്‍ ഇനിയും ബാക്കി.. “

“നന്നായി വരും.. അയ്യപ്പന്‍ അനുഗ്രഹിക്കും....”

ചന്ദനം നെറ്റിയിലേക്ക് കുളിര്‍ന്നു പടര്‍ന്നു.

കൌണ്ടറില്‍ ഒരു അര്‍ച്ചനയ്ക്ക് പറഞ്ഞു.

പേരു ഭൂലോകം.
നാള്‍ അറിയില്ല....

‘ഇങ്ങനെ ഒരു അര്‍ച്ചന നടക്കുമോന്നറിയില്ലെടാ” കാഷ്യര്‍ ഗോപാലകൃഷ്ണന്‍ ചേട്ടന്‍.

“നടക്കും ചേട്ടാ.. ചേട്ടന്‍ ധൈര്യത്തോടെ എഴുത്.....”

അവസാനമായി വണങ്ങി പടിയിറങ്ങി.

ഗലികള്‍ക്കിടയിലൂടെ ബൈക്ക് നീങ്ങി.

‘ലക്ഷ്മണാ സ്റ്റോഴ്‌സ്...‘

ഒരുപാട് തമാശകള്‍ക്കു അരങ്ങായ മലയാളി ജംഗ്‌ഷന്‍...

പ്രൊപ്പറൈറ്റര്‍ ഉദയേട്ടന്‍‌റെ കള്ളച്ചിരി ഓര്‍മ്മകളില്‍ മിന്നുന്നു.

മരണം വന്നു വിളിച്ചപ്പോള്‍ ഉറക്കം ആ‍യിരുന്നു ഉദയേട്ടന്‍. ചിതയെരിഞ്ഞപ്പോള്‍ മനസു പറഞ്ഞത് ഇപ്പൊഴും ഓര്‍ക്കുന്നു

‘ജീവിതം വെറും ശവഘോഷയാത്രയാവുന്നു’

“ഉടനെ പോകുവാണല്ലേ” ഉദയേട്ടന്‍‌റെ വിധവ

“അതെ ചേച്ചീ.. “

“ഇനി വരില്ലേ ഇടയ്ക്കൊക്കെ”

“നോക്കാം ചേച്ചീ.. “

“ഒരു ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തന്നേ ചേച്ചീ.. അവസാനമായി എന്തെങ്കിലും വാങ്ങണ്ടെ...”

പണം നീട്ടി

“പൈസ വേണ്ട.. ഞങ്ങളെയൊക്കെ ഓര്‍ത്താമതി ഇടയ്ക്കൊക്കെ.“

സ്റ്റെനോ രാഘവന്‍ ചേട്ടന്‍ ഒറ്റയ്ക്ക് വഴിയില്‍ നില്‍ക്കുന്നു..

വണ്ടിനിര്‍ത്തി അടുത്തു ചെന്നു..

“പോവാണു ചേട്ടാ...”

ഒന്നു കെട്ടിപ്പിടിച്ചു

മദ്യഗന്ധത്തില്‍ ഞാനലിഞ്ഞു..

“ഒന്നും നിന്നോട് പറയുന്നില്ല.. പറയാന്‍ തോന്നുന്നില്ല..”

“ഒന്നും പറയണ്ടാ ചേട്ടാ.. പറയാനുള്ളത് ദാ ഞാന്‍ അറിഞ്ഞു...”

അടഞ്ഞു കിടക്കുന്ന ത്രീസ്റ്റാര്‍ റെസ്റ്റോറണ്ടിന്‍‌റെ ഒഴിഞ്ഞ ബെഞ്ചില്‍ ഇരുന്നു...

“ഇത് പൂട്ടി മാധവന്‍ എങ്ങോട്ട് പോയി ചേട്ടാ‍......”

“അറിയില്ലെടാ.. എങ്ങോട്ടോ.. പാ‍വം.. ഒന്നുമില്ലാത്തവനായതുകൊണ്ട് ആരും അന്വേഷിച്ചുമില്ല....”

“മാധവന് ആരുമില്ലേ ഈ ലോകത്ത്.....”

“ഇല്ലെന്നാ തോന്നുന്നെ.. കുറച്ചുനാള്‍ മുമ്പ് കള്ളുകുടിച്ചിട്ട് അവന്‍ കരഞ്ഞു പറഞ്ഞു. ‘രാഘവേട്ടാ എനിക്കെന്‍‌റെ അമ്മയെ ഒന്നു കാണണം ‘ എന്ന്.. എവിടെ എന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല.. ഒന്നോര്‍ത്താ നമ്മളെല്ലാരും മാധവനെപ്പോലെയാ മോനേ.. ഫലത്തില്‍ ആരും ഇല്ലാത്തവര്‍.... എല്ലാരും ഉണ്ടെന്നൊക്കെ ഗമയ്ക്ക് പറയാം.. പക്ഷെ അതാ സത്യം.”

“ഉം.. “ ഞാന്‍ വെറുതെ മൂളി

“ഒന്നോര്‍ത്താ നീ പോകുന്നത് നന്നായി.. ബ്രിജ്‌വിഹാറും ഒരുപാട് മാറി... പഴയ സ്നേഹോം സഹകരണോം ഒന്നുമില്ല ഇപ്പോ.. എന്‍.എസ്. എസ്. ആയി, എസ്.എന്‍.ഡി.പി. ആയി.. ജാതീം മതോം ഒക്കെ വന്ന് ഇവിടെയും നശിച്ചു... ആ പഴയ ഓര്‍മ്മകള്‍ എങ്കിലും ഉണ്ടാവുമല്ലോ നിനക്ക്.. “

“അതല്ലേ ചേട്ടാ മനുഷ്യന്‍‌റെ ചരിത്രം.. ഒന്നുമില്ലാത്തവര്‍ ഒത്തുചേരുമ്പോ അവിടെ സ്നേഹം വരും.. പിന്നെ അവര്‍ക്ക് എന്തെങ്കിലും ഒക്കെ ആവുമ്പോ അവിടെ ദൈവം വരും. പിന്നെയും എന്തെങ്കിലും ഒക്കെ ആവുമ്പോ മതം വരും, ജാതി വരും, ജാതി നേതാക്കള്‍ വരും. മനുഷ്വത്വം മണ്ണടിയും.....”

“വല്ലപ്പോഴും വിളിക്കാന്‍ നോക്കണം.. ഇടയ്ക്ക് വരാനും...”

“ഉം... വരാം ചേട്ടാ... വല്ലപ്പോഴും.... ചേട്ടന്‍ എന്നാ ഇനി മടക്കം..”

“മടക്കമോ.. “ രാഘവേട്ടന്‍ ചിരിച്ചു. “എനിക്കോ... ഇല്ല... ഇവിടെ അടര്‍ന്നു വീഴും. ഒരു തീപ്പെട്ടിക്കൊള്ളി മതി എന്നെ ദഹിപ്പിക്കാന്‍.. വേറേ വിറകൊന്നും വേണ്ടാ.. മുഴുവന്‍ സ്പിരിട്ടല്ലേ....”

നരച്ച ചിരിയില്‍ ഞാന്‍ എന്തൊക്കൊയേ വായിച്ചെടുത്തു... അറുപതോളം വര്‍ഷത്തെ അനുഭവത്തിന്‍‌റെ തീജ്വാലകള്‍ തിളങ്ങി ആ കണ്ണില്‍..


മുറിയിലെത്തി കൊണ്ടുപോകാനുള്ള പുസ്തകങ്ങള്‍ അടുക്കി വച്ചു.

തുറന്ന ജാലകത്തിനപ്പുറം, വിദൂരതയില്‍ വെള്ളമേഘങ്ങള്‍ക്കിടയില്‍ ഒരു ഏകാന്ത നക്ഷത്രം.

ഒറ്റയാണെങ്കിലും തിളങ്ങുന്ന നക്ഷത്രം..

ജനലഴിയില്‍ മുഖം ചേര്‍ത്ത് നോക്കി നിന്നു.

നക്ഷത്രം ചിരിച്ചുകൊണ്ട് പറയുന്നതെന്താണ്...

‘വിഷമിക്കരുത്.. ആരും ആര്‍ക്കുവേണ്ടിയുമല്ല ഇവിടെ.. ആരും ആരേയും കാത്തിരിക്കുന്നുമില്ല.. നീയും ഞാനുമില്ലെങ്കിലും ഈ ലോകം അങ്ങനെതന്നെ ചലിക്കും.. ദ ഷോ മസ്റ്റ് ഗോ ഓണ്‍.........’

ലൈറ്റണച്ച് കിടക്കയിലേക്ക് ചാഞ്ഞു..

സച്ചിദാനന്ദന്‍ മാഷിന്‍‌റെ വരികള്‍ ചുണ്ടില്‍ കിനിഞ്ഞു..

‘പഴയ ദു:ഖങ്ങളേ വിട, പോകട്ടെ ഞാന്‍
പുതിയ ദു:ഖങ്ങളിന്നെന്നെ വിളിക്കുന്നു.....‘

ബ്രിജ്‌വിഹാറിലെ അവസാനത്തെ രാത്രി എന്നെ വാരിപ്പുണര്‍ന്നു......

---------------------------------------------------------------------------------------------------------------
ഇനി മറ്റൊരു ലോകത്തേക്ക്.... പുതിയ അനുഭവങ്ങളിലേക്ക്.... പച്ചപ്പുകള്‍ തേടി....

====================================================

ദില്ലിയിലെ സുവര്‍ണ്ണനിമിഷങ്ങളില്‍ ചിലത്..

ബ്രിജ്‌വിഹാര്‍ അയ്യപ്പക്ഷേത്രം. സ്വാമീ... എന്തൊക്കെ നടന്നു ഈ നടയില്‍.... മറവിക്കു മായ്ക്കുവാനാമോ......
----------------------------------------------------------

ഹോ... എത്രയെത്ര സാമ്പാര്‍ വിളമ്പുലുകള്‍.... അച്ചാര്‍ വിതരണത്തിനിടയിലെ കൊച്ചുവര്‍ത്താനങ്ങള്‍....
-----------------------------------------------------------------


ഞങ്ങള്‍ എത്ര ഡീസന്‍‌റാ സ്വാമീ.. കോമ്പൌണ്ടിനു വെളിയില്‍ ചിലപ്പോ കൂമ്പിനിടിയൊക്കെ കാണും..അതുപിന്നെ..
-------------------------------------------------------------------


ഞങ്ങള്‍ അരാ മക്കള്‍.... ആനയും അമ്പാരിയുമൊക്കെ പുഷ്പസമം കൊണ്ടുവരും..
----------------------------------------------------------------------


അയ്യപ്പന്‍ പാട്ടൊക്കെ എത്ര നിസാരം.. കണ്ണൂര്‍ തെയ്യം.. തോറ്റം.. എന്തെല്ലാം ഇവിടെ അരങ്ങേറി..
------------------------------------------------------------------------
ഗായത്രി അവാര്‍ഡ് ചിത്രങ്ങള്‍ഡോ.സെബാസ്‌ട്യന്‍ പോള്‍, ഡോ. അകവൂര്‍ നാരയണന്‍, പ്രിയ കവി സച്ചിദാനന്ദന്‍.. ഈയുള്ളവന്‍‌റെ ജന്മം സഫലമായ ഒരു നിമിഷം....

----------------


കവിത അവാര്‍ഡില്‍ ഒന്നാം സ്ഥാനം കിട്ടിയ ശ്രീ.പി.കെ. ഗോപിയുടെ വിരല്‍ മുത്തി ഒന്നേ ചോദിച്ചുള്ളൂ..’ചീരപ്പൂവുകള്‍ക്കുമ്മകൊടുക്കണ നീലക്കുരുവികളേ ‘ എഴുതിക്കഴിഞ്ഞപ്പോ കിട്ടിയ സന്തോഷം എങ്ങനെ അടക്കി ഗോപിയേട്ടാ....

----------------------


മനസ് മഞ്ഞുപോലെ ഉരുകിയ നിമിഷങ്ങള്‍
---------------------


അവാര്‍ഡ് നിശയിലെ ‘ദക്ഷയാഗം’ കഥകളിയും ഭരതനാട്യവും..... ഇന്നലെപോലെ മുന്നില്‍ ....

-------------------------


‘അക്ഷരക്കൂട്ട് ‘ മാഗസിന്‍ വിത്ത് ‘പേരപ്പാ പടയപ്പാ ‘(നവംബര്‍ 2008)
‘ഇന്ദുചൂടാമണി’ പുതിയലക്കത്തില്‍ (കൈയില്‍ കിട്ടിയില്ല)
--------------------------------------കേരളഹൌസിലെ ചിരിയരങ്ങില്‍ ‘പെണ്ണുകാണല്‍ സാഹസങ്ങള്‍’ ചൊല്ലിയ 'അനര്‍ഘ' നിമിഷം :)വിട... ദില്ല്ലിയിലെ അവസാന കവിയരങ്ങ്.. (സനല്‍ ഇടമറുകും കൂട്ടരും അടുത്ത്..)


(മനസിന്‍‌റെ ഫ്രെയിമില്‍ മാത്രം പതിഞ്ഞ വേറെ എത്രയെത്ര നിമിഷങ്ങള്‍ ..................)


‘നീ കരയുമ്പോള്‍ കരിയുന്നതെന്‍ ജന്മ-
നാരില്‍ കൊരുത്ത കിനാക്കള്‍ മാത്രം
നീ മുടന്തുമ്പോളുടയുന്നതെന്‍ പ്രാണ-
നാമം പൊതിഞ്ഞോരു ശാന്തിപാത്രം.‘ (അസ്നയെ ഓര്‍ത്ത്....)

ഗുഡ് ബൈ ദില്ലി.. ബീ എ ഗുഡ് ബോയ്....(സുന്ദരന്‍ ബെന്നിയുടെ മോളിക്കുട്ടി ദാ ഇവിടെ)

Monday, 30 June 2008

പീതാംബരീയം.... സ്നേഹാംബരീയം

‘പതിവ്രത‘, ‘പെണ്ണുകാണല്‍’ എന്നീ വാക്കുകള്‍ക്ക് തത്തുല്യമായ ഒറ്റവാക്കുകള്‍ ഇംഗ്ലീഷില്‍ ഇല്ലാത്തത്, ഇവരണ്ടും സായിപ്പിന് പതിവില്ലാത്ത കാര്യങ്ങളായതുകൊണ്ടാണല്ലോ. അരക്കെട്ടു പൂട്ടിയിടാന്‍ ഒരു ബെല്‍റ്റിന്‍‌റെ ആവശ്യം വന്നതുകൊണ്ടാവാം ‘ചാസ്റ്റിറ്റി ബെല്‍ട്ട്’ എന്ന വാക്കുണ്ടായത്.. എന്നാല്‍ പിന്നെ പാതിവ്രത്യത്തിനു ചാസ്റ്റിറ്റി എന്നു വിളിച്ചോ പയ്യനേ എന്നൊരു പാതികാരുണ്യം കിട്ടിയെന്നുമാത്രം.

പതിവ്രതമാരുടെ തള്ളിക്കയറ്റം കാരണം ആ വാക്ക് മലയാളിക്ക് ഒഴിച്ചുകൂടാതെയുമായി.

സതി സാവിത്രി , ശീലാവതി, സീതാദേവി ശ്രേണിയില്‍ ഇടം പിടിച്ച മഹിളാമണിയുടെ സഹയാത്രികന്‍ ആവുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ഇക്കാലത്ത്. സ്‌ഫോടനാത്മകമായ ദാമ്പത്യവല്ലരിയിലെ പടക്കങ്ങളായി ദിനങ്ങള്‍ കൊഴിച്ചുകളയുന്ന നവയുഗ മാര്യേജ് ലൈഫില്‍, ഒരു കുഞ്ഞു സതിയെ കിട്ടുക ചില്ലറക്കാര്യമല്ല. ഏതു വിപ്ലവകാരിയും സ്വന്തംകാര്യം വരുമ്പോള്‍ ‘ഓള് ഓമനത്വവും ഒരിക്കലുണ്ടിരിക്കലെന്നെ ഊട്ടുന്നോളുമാവണമെന്ന്’ തന്നെയാവും ആഗ്രഹിക്കുക.

മുകളില്‍ പറഞ്ഞ ശ്രേണിയിലേക്ക് സാഭിമാനം ചവിട്ടിക്കയറിയ മഹിളാരത്നങ്ങള്‍ ഏറെയുള്ള നാടേത്, എന്നു ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍. ‘ബ്രിജ്‌വിഹാര്‍’

സ്ത്രീ ശാക്തീകരണത്തിന് മാതൃകായ ഒരു മോഡല്‍ വില്ലേജായി ഈ നാടിനെ പ്രഖ്യാപിക്കണം എന്നാണ് ഈയുള്ളവന്‍‌റെ അഭ്യര്‍ത്ഥന. സഹധര്‍മ്മിണി പാതിവ്രത്യത്തിന്‍‌റെ സഹനശക്തികൊണ്ട് ഒന്നു കണ്ണുരുട്ടിയാല്‍ സ്വിച്ചിട്ടതുപോലെ ചുരുളുന്നവരാണ് ഇവിടുത്തെ പുരുഷപ്രജകളില്‍ ഏറെയും.

‘ഉലകം കിടുകിടെ വാഴും മന്നന്‍
എലിയേപ്പോല്‍ തവ പത്നീസവിധേ’
അതാണു സെറ്റപ്പ്.

അതു ശരിയോ തെറ്റോ എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. പക്ഷേ അതാണോ ഇവിടുത്തെ നാട്ടുനടപ്പെന്നു ചോദിച്ചാല്‍ ‘യെസ്’

ഈ പാതിവ്രത്യത്തിന്‍‌റെ തീവ്രത ആദ്യമായി ഞാനറിഞ്ഞത്, വര്‍ഷങ്ങള്‍ക്കുമുമ്പ്, മലയാളിസമാജത്തിന്‍‌റെ കമ്മിറ്റി മെമ്പറായി പിരിക്കാനിറങ്ങിയപ്പോഴാണ്.

സെക്രട്ടറി സ്റ്റെനോരാഘവന്‍, ഖജാന്‍‌ജി കമ്പ്യൂട്ടര്‍ മോഹനന്‍, വൈസ് പ്രെസിഡണ്ട് താടിവേണുച്ചേട്ടന്‍, ജോയിന്‍‌റ് സെക്രട്ടറി ഇരുട്ടു രാജന്‍ എന്നീ സഹപ്രവര്‍ത്തകരോടൊപ്പം ഞാനും ശ്രീമാന്‍ അരവിന്ദാക്ഷന്‍ എന്ന പയ്യന്നൂര്‍ സ്വദേശിയുടെ ഫ്ലാറ്റിലെത്തി.
സെന്‍സെസ് എടുക്കാന്‍ വരുന്നവരെപ്പോലെ നോട്ടീസും, രസീതുകുറ്റിയും പിടിച്ച് നിന്നുകൊണ്ട് ഞങ്ങള്‍ വാതിലില്‍ മുട്ടി.

‘ബിലീവ് ഇന്‍ ദ ബ്ലാക്ക്’ എന്ന മട്ടില്‍, തലയില്‍ ഹെയര്‍ഡൈ തേച്ചുപിടിപ്പിച്ചുകൊണ്ടിരുന്ന അക്ഷന്‍ ചേട്ടന്‍, പതുക്കെ വാതില്‍ തുറന്നു.

“ഇതെന്നാ ചേട്ടാ.. തലേല്‍ മീന്‍‌ചട്ടി കമത്തിയോ..” ഇരുട്ട് രാജന്‍ വിഷ് ചെയ്തു ചിരിച്ചു.

“വാ വാ ഇരി.... എന്താ വിശേഷം....”

“ഛെടാ.. അറിഞ്ഞില്ലേ.. എടാ അരവീ.. അസോസിയേഷന്‍ വാര്‍ഷികം വരുവല്ലിയോ.. നോട്ടീസ് കണ്ടില്ലേ.. ഇത്തവണ കലക്കന്‍ പരിപാടിയാ. ഹെവന്‍‌ലി വോയ്സിന്‍‌റെ ഗാനമേളയടക്കം വെളുക്കും വരെ പ്രോഗ്രാം....” സ്റ്റെനോച്ചേട്ടന്‍ സോപ്പിംഗ് തുടങ്ങി.

“അടിയും കാണുമല്ലോ അല്ലേ...” അരവി

“അതുപിന്നെ പറയണോ ചേട്ടാ.. മൂന്ന് എ.എമ്മിനു തന്നെ ഇത്തവണയും അതുകാണും. പതിവു തെറ്റിക്കാന്‍ പറ്റില്ലല്ലോ..” ഞാനും ചിരിച്ചു.

“കഴിഞ്ഞകൊല്ലത്തേതിന്‍‌റെ നീര്‍വീക്കം ഇതുവരെ മാറിയില്ല.. എന്നാലും വിട്ടുകൊടുക്കാന്‍ പറ്റുമോ.. “ സ്റ്റെനോ രസീതുകുറ്റി വിടര്‍ത്തി.

“അപ്പോ പറ.. എന്തെഴുതണം. കാര്യമായിട്ടുവേണേ.. ചിലവു കൂടിക്കൂടി വരുവാ. ടെന്‍‌റിനു തന്നെ പതിനയ്യായിരമാ ബഡ്ജറ്റ്..”

“ഓ.. എന്നാ നോക്കാനാ രാഘവന്‍‌ചേട്ടാ.. ഒരു നൂറ്റിയൊന്ന് എഴുത്... “ അരവിച്ചേട്ടന്‍ ഉദാരമനസ്കനായി ചിരിച്ചു..

രസീതിയിലേക്ക് പേന ഉരഞ്ഞു ഉരഞ്ഞില്ല എന്നായപ്പോഴാണ്, ചിരവ ചുരണ്ടുന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്കില്‍ അകത്തുനിന്നൊരു വിളി വന്നത്..
“ദേ........ ഒന്നിങ്ങു വന്നേ...” മിസിസ് അരവി, കനകമ്മച്ചേച്ചിയുടെ കളനാദം!!

‘എന്താ പത്നിപ്രിയേ ഇത്. ചുംബനം നല്‍കാന്‍ പറ്റിയ ടൈം ഇതാണോ’ എന്ന മുഖഭാവത്തോടെ അരവി അടുക്കളയിലേക്ക് ഒറ്റപ്പാച്ചില്‍...

രണ്ടുസെക്കണ്ടുകൊണ്ട് തിരികെ വന്ന ഗൃഹനാഥന്‍‌റെ ചുണ്ടില്‍ ഞെട്ടിക്കുന്ന ഹിസ്റ്റോറിക്കല്‍ ഡിസിഷന്‍..

“അതേ. അതേ.. നിക്ക് നിക്ക്!... നൂറ്റൊന്നെഴുതല്ലേ... ഒരു പതിനഞ്ചുരൂപ എഴുത്... അതാ നല്ലത്.. അതുമതി...”

‘ഇവനെന്തൊരു കൊജ്ഞാണനാടാ’ എന്ന അംഗവിക്ഷേപത്തോടെ സ്റ്റെനോജി താടിയൊന്നുഴിഞ്ഞു.

പാതിവ്രത്യത്തിന്‍‌റെ ഹൈ വോള്‍ടേജ് എഫക്ടില്‍ കനകമ്മാജി ഒന്നു കണ്ണുരുട്ടിയപ്പോള്‍ സമാജത്തിനു നഷ്ടമായത് എഴുപത്തിയാറു രൂപ.

‘കനകം മൂലം കാമിനിമൂലം
കണവന്‍ കൊശവാ പിരിവിതു ശൂന്യം’

‘കഹാനി ഖര്‍ ഖര്‍ഖറോം കി... ഇനി നമുക്ക് ഇട്ടിച്ചന്‍‌റെ വീട്ടിലേക്ക് പോകാം. ഏലിയാമ്മ പാരവക്കുമോ ആവോ’ സ്റ്റെനോ ഡിക്ലയര്‍ ചെയ്തു.

ഇട്ടിച്ചന്‍‌റെ ഫ്ലാറ്റില്‍ പതുക്കെമുട്ടി.

മിന്നുകെട്ട് സീരിയലിലെ അമ്മായിയമ്മയെപ്പോലെ, മിന്നുന്ന മുഖവുമായി ഏലിയാമ്മ എന്ന മിസിസ്. ഇട്ടി മുന്നില്‍ വന്നു.

“അമ്മാമ്മേ.. സുഖം തന്നെയല്ലേ..” ഇരുട്ട് ചിരിച്ചു.

“അതറിയാണാ‍ണോ ഈ നട്ടപ്പാതിരായ്ക്ക് വന്നത്..” ഏലിയേട്ടത്തി വേലികെട്ടു തുടങ്ങി.

“പരിപാടിയൊക്കെ വരുവല്ലിയോ ചേച്ചി.. ഇതൊക്കെ ഒന്നു തിരക്കേണ്ടെ ഇടയ്ക്കൊക്കെ.. ദാ നോട്ടീസു പിടിച്ചാട്ടെ”

“അച്ചായനിവിടില്ല....”

“നോട്ടീസുപിടിക്കാനും അച്ചായന്‍ വരണോ... ഈ അമ്മാമ്മേടെ ഒരു തമാശയേ..” ഇരുട്ട് നോട്ടീസ് നീട്ടി.

“അച്ചായന്‍ പ്രെയറിനു പോയേക്കുവാ....”

“പാതിരാത്രിയില്‍ എന്തു പ്രെയറു ചേച്ചീ.. ലോകസമാധാനത്തിനുവേണ്ടിയാണോ...” പുത്രനെ കണക്കു പഠിപ്പിക്കുന്നതുകൊണ്ട് ആ സ്വാതന്ത്യം ഞാന്‍ ഉപയോഗിച്ചു.

“അച്ചായന്‍‌റെ ചെരിപ്പ് ദാ ഇവിടെ കിടക്കുന്നല്ലോ..” ഇരുട്ട് ഇന്‍‌വെസ്റ്റിഗേഷന്‍ തുടങ്ങി.

“എന്താ, മനുഷ്യര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചെരിപ്പുപാടില്ലേ..” ചേടത്തി ഒന്നു മുരണ്ടു.

“അച്ചായന്‍‌റെ അണ്ടര്‍വെയറും ദാ അവിടെ തൂങ്ങിക്കിടപ്പുണ്ട് “ കമ്പ്യൂട്ടര്‍ ചേട്ടന്‍ ഇന്‍‌വെസ്റ്റിഗേഷന്‍ എന്‍‌റെ ചെവിയിലേക്ക് പാസ് ചെയ്തു.

ഇരുട്ട് രാജന്‍ ജനലില്‍ കൂടി കണ്ണുപായിച്ചപ്പോള്‍, കെല്‍‌വിനേറ്റര്‍ ഫ്രിഡ്ജിനോട് ചേര്‍ന്നു മൂവു ചെയ്യുന്ന ഒരു ബാക്ക്സൈഡ് മിന്നായം പോലെ കണ്ടു.

“ഇട്ടിച്ചനെ ഞാന്‍ കണ്ടില്ല.. പക്ഷേ പുള്ളീടെ പൃഷ്‌ഠം കണ്ടു....” പടിയിറങ്ങുമ്പോള്‍ ഇരുട്ടു പറഞ്ഞു.

“ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ ഫെമിന്‍സ്റ്റുകളായാല്‍ സമാജം കൊളം തോണ്ടുമല്ലോ രാഘവേട്ടാ...” നോട്ടീസ് ഞാന്‍ കക്ഷത്തില്‍ വച്ചു.

“ഇതിന്‍‌റെ പിന്നിലുള്ള സൈക്കോളജിക്കല്‍ റീസണ്‍ എന്താ സ്വാമീ....” താടിവേണുച്ചേട്ടന്‍‌റെ സംശയം ന്യായം.

“അതറിയില്ലേ.. ദൈവം പെണ്ണിനെ സൃഷ്ടിച്ചത് പുരുഷന്‍‌റെ വാരിയെല്ലുകൊണ്ടല്ലേ.. അതൊകൊണ്ടാ ഇവളുമാര് ഇങ്ങനെ. ദൈവം വാരിയെല്ലെടുത്തപ്പോ, ഇവളുമാര് എല്ലുവാരിയെടുക്കുന്നു.. നട്ടെല്ലടക്കം സകല എല്ലും.. ദാറ്റ്സാള്‍.......”

പാതിവ്രത്യത്തിന്‍‌റെ കാര്യത്തില്‍ ബ്രിജ്‌വിഹാറില്‍ ടോപ്പ് റേറ്റിംഗ് ആര്‍ക്കാണ്?.
ത്രീസ്റ്റാര്‍ റെസ്റ്റോറന്‍‌റിലിരുന്ന് ഇങ്ങനെയൊരു ടൈം‌പാസ് സര്‍വേ നടത്തിയപ്പോള്‍, എതിരില്ലാതെ തിരിഞ്ഞെടുക്കപ്പെട്ടത്, യശോദ മാഡമാണ്.

പി.എസ്.പീതാംബരന്‍ എന്ന പൂഞ്ഞാര്‍ സ്വദേശിയുടെ വാമഭാഗം അലങ്കോലപ്പെടുത്തുന്ന മഹിളാമണി. ശ്രീമതി യശോദാ പീംതാംബരപിള്ള..

‘ഇവളെ പേടിച്ചാ‍രും നേര്‍വഴി നടപ്പീലാ...’ എന്ന് യശോദച്ചേച്ചിയെ പറ്റി സ്റ്റെനോരാഘവന്‍‌ചേട്ടന്‍ വരെ പറയും. മോശമല്ലാത്ത ഒരു അനുഭവത്തിന്‍‌റെ വെളിച്ചത്തില്‍.

പാതിവ്രത്യം പരകോടിയിലെത്തിയപ്പോള്‍ ‘തായേ യശോദേ, സമാധാനം തായേ യശൊദേ’ എന്ന് പാടി പീതാംബരന്‍ അവര്‍കള്‍ ഒരു മുങ്ങു മുങ്ങി. ബ്രിജ്‌വിഹാറില്‍ നിന്ന്, നാലു കിലോമീറ്റര്‍ അകലെയുള്ള ജണ്ടാപ്പൂര് എന്ന റിമോട്ട് പ്ലേസിലേക്ക്. അവിടെ അണ്ടര്‍ഗൌണ്ടായി ഇരുന്ന്, ഉറ്റമിത്രമായ സ്റ്റെനോയെ ഡയല്‍ ചെയ്തു.

“രാഘവാ... ഞാനാ പീതാംബരപിള്ള....”

“എടാ... നീ ഈ രാത്രിയിലെവിടെയാ......”

“ഞാനിപ്പോ പഞ്ചാബിലാ... ഈ മെസേജ് യശോദയ്ക്കൊന്ന് കൊടുക്കണം പ്ലീസ്.”

“എടാ നീ അവളൊട് പറയാതെ പോയോ... ഛേ.. മോശമല്ലേടാ ഇത്..”

“പറയാന്‍ പറ്റിയ മൂഡല്ല..”

“പിന്നെം അടിയിട്ടോ... ഇതു വല്ല്യ കഷ്ടമായല്ലോ അയ്യപ്പാ. എടാ ചട്ടീം കലോമായാല്‍ തട്ടീം മുട്ടീമൊക്കെയിരിക്കും. നീ വാ. നമുക്ക് സമാധാനമൊണ്ടാക്കാം...”

“തട്ടലും മുട്ടലും ഒ.കെ.. പക്ഷേ പൊട്ടിയ ചട്ടികൊണ്ടെന്തു പ്രയോജനം. ശേഷിച്ച കാലം ഞാന്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ കഴിഞ്ഞോളാം.. ഐ ആം ഹാപ്പി ഹിയര്‍. നീ ഈ മെസേജൊന്നു കൊടുക്കവള്‍ക്ക്..”

“എടാ പീതാംബു... കുടുംബജീവിതം എന്നു പറഞ്ഞാല്‍.......”

“ഒടിഞ്ഞ കൊടക്കമ്പിപോലെയാ... എനിക്കതറിയാം.. കൂടുതല്‍ വിശദീകരണം വേണ്ടാ.. “

അങ്ങേത്തലയ്ക്ക് ഒരു ഗ്ലാസ് പൊട്ടുന്ന ശബ്ദം കേട്ട്, സ്റ്റെനോജി ഫോണ്‍ കട്ടു ചെയ്തു.

ജീവിതത്തിന്‍‌റെ സിംഹഭാഗവും മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വച്ച സ്റ്റെനോജി, പ്രിയഭാര്യ സമേതം, യശോദാമ്മയുടെ ഫ്ലാറ്റിലെത്തി വാതിലില്‍ കൊട്ടി.

“ഉറങ്ങിയാരുന്നോ യേശു..” മിസിസ് രാഘവന്‍ പുഞ്ചിരിച്ചു.

“ങാ.. ഇന്നല്‍പ്പം ഉറക്കം വന്നു.... എന്താ വിശേഷിച്ച്...” യെശു ആകാംഷവിലോലയായി

“യശോദേ...“ സ്റ്റെനോജി പതുക്കെ പാരായണം തുടങ്ങി.. “ ഈ കുടുംബജീവിതം എന്നു പറയുന്നത്. പഴയ സോഡക്കുപ്പിയിലെ വട്ടുപോലാ.. ഗ്യാസ് പോയാലും വട്ടകത്തുതന്നെ. ഊരാനും പറ്റില്ല.. ഊരിയിട്ടൊരു പ്രയോജനവുമില്ല.. പറേന്നത് മനസിലാവുന്നുണ്ടോ.. അപ്പോ.. പിന്നേം ഗ്യാസും വെള്ളോം നിറച്ച് ആക്ടീവ് ആവുക എന്നത് മാത്രമേയുള്ളൂ ചോയ്സ്..”

“പാതിരാത്രീ വട്ടിന്‍‌റെ കാര്യം പറയാതെ വേറെ വല്ലോം പറ രാഘവന്‍‌ജി..”

“അല്ലാ... പീതാംബു വിളിച്ചിരുന്നു. പഞ്ചാബീന്ന്.. അവനാകെ ടെന്‍ഷനിലാ....”

“ഓഹോ.. പിന്നേം പോയോ.. ചെണ്ടാപ്പൂരിലിരുന്ന് കള്ള് വീക്കുന്നുണ്ടാവും.. നാളെയിങ്ങ് വരട്ടെ...” യശോദാമ്മ മൂലയ്ക്കിരിക്കുന്ന ചൂലിലേക്കൊന്നു നോക്കി.

“യശോദേ....... ഞാന്‍ പറയുന്നതൊന്നു കേക്ക്.. നിങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കാതെ അന്യോന്യം സ്നേഹിച്ചും... ഉം അതുപോട്ടെ.. മക്കളെ..” സ്റ്റെനോച്ചേട്ടന്‍ കട്ടിലിരുന്ന് ടി.വി. കാണുന്ന പീതാംബരസന്തതികളെ വിളിച്ചു..
“വാ മക്കളെ നമുക്കൊന്ന് കറങ്ങീട്ട് വരാം.. യശോദേ.. താനും വാ.. ഇന്ന് അത്താഴം എന്‍‌റെ വീട്ടീന്ന്.. ഒരു ഔട്ടിംഗ് ഒക്കെ ഇടയ്ക്ക് വേണം.. മനസൊന്നു തണുക്കാന്‍..”

“എന്നെ ഔട്ടിംഗിനു വിളിക്കാന്‍ താനാരാ.. എന്‍‌റെ രണ്ടാമത്തെ കെട്ടിയോനോ..!!!!”

നിന്ന നില്‍പ്പില്‍ സിപ്പ് പൊട്ടിയവനെപോലെ ചള്ളിയ മുഖവുമായി, സ്റ്റെനോജി പ്രിയഭാര്യയെ ഒന്നു നോക്കി.. ഭാര്യ ഓള്‍‌റെഡി മുഖം കുനിച്ചിരുന്നു.

മടക്കയാത്രയില്‍ സ്റ്റെനോജി ഭാര്യയോട് പറഞ്ഞു. “ഇനി പീതന്‍ വിളിക്കുമ്പോ പറയണം.. നീ പഞ്ചാബില്‍ പോയാ പോരാ. കാശ്മീരില്‍ പോയി ഭീകരന്‍ തന്നെയാവണം. അതാ ഭേദം..”രണ്ടുമൂന്നു പെണ്‍കിടാങ്ങളെ കണ്ടുവച്ച്, ‘അതില്‍ നിനക്കിഷ്ടമുള്ള ഒന്നിനെ വന്നു സെലക്ട് ചെയ്യൂ‘ എന്ന മെസേജ് വീട്ടില്‍ നിന്നും വന്ന എന്‍‌റെ ബാച്ചിലൈഫിന്‍‌റെ അന്ത്യകാലഘട്ടത്തില്‍, ഷോപ്പിംഗ് കഴിഞ്ഞ് ക്ഷീണിച്ച് ഒരു ബിയര്‍ വീശിയേക്കാം എന്ന അജന്‍ഡയില്‍ മൂലക്കടയിലേക്ക് ഞാന്‍ ചെന്ന സന്ധ്യാനേരം.

കൌണ്ടറില്‍ വടംവലി പോലെ തിരക്ക്.. യു.പിക്കാര്‍ക്ക് ക്യൂ എന്ന സംഭവത്തില്‍ വിശ്വാസം തീരെയില്ല.

ഈ തിരക്കില്‍പ്പെട്ട്, എങ്ങനെയൊരു ബിയര്‍ വാങ്ങും ദൈവമേ.. എന്ന് വിചാരിച്ച് നിന്നപ്പോഴാണ്, കളരിപ്പയറ്റുകാരനെപ്പോലെ വലംകാല്‍ നീട്ടി, ഇടംകാല്‍ മടക്കി, തള്ളില്‍ നിന്ന് പുറത്തുവരാന്‍ പാടുപെടുന്ന പീതാംബരന്‍ ചേട്ടനെ കണ്ടത്.
ജീവന്‍ അപകടത്തിലായാലും കള്ളുകുപ്പിയിലെ ഗ്രിപ്പ് പോകാതിരിക്കാന്‍ എക്സ്‌ട്രാ ശ്രദ്ധയും ഫോഴ്‌‌സും കൊടുക്കുന്നുണ്ട് പാവം.

“വിടടാ...ഛോടോ യാര്‍..............” ഇല്ല രക്ഷയില്ല.. ഇടംകാലില്‍ ആരോ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.

“എടാ മുടിഞ്ഞോനേ ഛോടാന്‍.................” രണ്ടിഞ്ചു മുന്നോട്ട് പ്രോഗ്രസ് ചെയ്തപ്പോള്‍, നാലിഞ്ചു പിന്നോട്ട് വലിച്ചുകൊണ്ടുപോയ ഒരു ബിഹറിയോട് പൌരുഷം സടകുടഞ്ഞെടുത്ത് ആജ്ഞാപിച്ചപ്പോള്‍, ഞാന്‍ കള്ളുകുപ്പിയും കൈയും ഒന്നിച്ചുപിടിച്ച്..
“വലിക്കെടാ മോനേ....” ഹോ എന്തൊരു സ്നേഹം..
ജാതിയും മതവും, വൈരവും ഇല്ലാത്ത ലോകത്തെ ഏറ്റവും പരിപാവനമായ സ്ഥലം കള്ളുഷാപ്പാണല്ലോ.. അമ്പലത്തേക്കാള്‍ പവര്‍ഫുള്‍ പ്ലേസ്..
ഞാന്‍ ആഞ്ഞു വലിച്ചു..
“പ്ല..........ക്ക്..........”

ഒറ്റക്കുതിപ്പിനു പീതാംബു ഫ്രീയായി..
ഇടം കാലിലെ സ്ലിപ്പറിന്‍‌റെ വാറുപൊട്ടിയെങ്കിലും രക്ഷപെട്ടല്ലോ..
“ഈശ്വരാ... ചെരിപ്പ് പൊട്ടി..”
“സാരമില്ല ചേട്ടാ.. കുപ്പി പൊട്ടിയില്ലല്ലോ..”

അരണ്ട വെട്ടത്തില്‍ മൂന്നാമത്തെ ഗ്ലാസ് പീതാംബരന്‍ ചേട്ടന്‍ കാലിയാക്കി.. ഞാന്‍ ബിയര്‍ കുപ്പി പകുതിയാക്കി.

“എന്തുണ്ടെടാ മോനേ വിശേഷം. “
“ചെറിയൊരു വിശേഷം ചേട്ടാ.. ഞാന്‍ കെട്ടാന്‍ തീരുമാനിച്ച്...”
അച്ചാര്‍ തൊട്ടു നക്കാതെ തന്നെ ആ മുഖം ഒന്നു പുളിച്ചു.
“എന്താ ചേട്ടാ ഞെട്ടിയെ..”
“കള്ള് ഉള്ളിലുള്ളതുകൊണ്ട് ഹൃദയസ്തഭനം വന്നില്ല.. ഇപ്പൊ കെട്ടെന്ന് കേട്ടാലേ ഞെട്ടലാടാ മോനേ..”
“ഫാമിലി ലൈഫ് അത്രയ്ക്ക് ബോറാ..? “
“ആണോന്നോ.....” ചേട്ടന്‍ അടുത്ത ഗ്ലാസെടുത്തു..”എടാ ചെക്കാ.. പെണ്ണുകെട്ടിയവന്‍‌റെ അവസ്ഥയും......... ദാ.....”

ആ അവസ്ഥയോടെ കിടപിടിക്കുന്ന മറ്റൊരു ഒബ്‌ജക്ടിനായി പീതാംബു ചുറ്റിനും നോക്കി..

“ആ അവസ്ഥയും...പറ ചേട്ടാ .. കേള്‍ക്കെട്ടേ... ഞാനും ആ ഫീല്‍ഡിലേക്ക് വരുവല്ലേ ഒന്നറിഞ്ഞിരിക്കണമല്ലോ..”
“ഉം. കെട്ടിയവന്‍‌റെ അവസ്ഥയും....ദാ...”
തുരുമ്പിച്ച് ഒടിഞ്ഞ ഫാനിലേക്കും, ഒഴിഞ്ഞ കുപ്പികളിലേക്കും ഒക്കെ നോക്കിയിട്ടും സാറ്റിസ്ഫൈ ആവാതെ ചേട്ടന്‍, പടേന്ന് ഡെസ്കിനടിയിലേക്ക് കുനിഞ്ഞു.

‘കെട്ടിയവന്‍‌റെ അവസ്ഥയും മേശക്കീഴില്‍ കേറിയവന്‍‌റെ അവസ്ഥയും ഒന്നാണൊ ദൈവമേ..’ ഞാന്‍ കുനിഞ്ഞുനോക്കി

“ദാ ഇതിന്‍‌റെ അവസ്ഥയും ഒന്നുപോലാ....” വാറുപൊട്ടിയ സ്ലിപ്പര്‍, ചേട്ടന്‍ മേശപ്പുറത്തേക്കെറിഞ്ഞു.

“ഛേ................... ചേട്ടനെന്തായീ കാണിക്കുന്നെ“

“ആണെടാ.. നോ യൂസ്.. ബട്ട് യു ഹാവ് ടു യൂസിറ്റ്.. നോ ഫായദാ.. ഫിര്‍ഫീ പായെടാ.. അതു തന്നെ...”

“അല്ല ചേട്ടാ.. മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒക്കെ ഉണ്ടെങ്കില്‍ ......”

“തേക്കുനില്‍ക്കുന്നതില്‍ വീട്ടിലെ ആണുങ്ങള്‍ ആരുടേം അണ്ടറില്‍ സ്റ്റാന്‍ഡാറില്ല....ആണത്തം കളഞ്ഞു കുളിക്കാറില്ല.”
“തേക്കുനില്‍ക്കുന്നതില്‍?”
“ഓ.. അതെന്‍‌റെ വീട്ടുപേരാ......”കല്യാണക്കുറി വിതരണം ചെയ്യുന്നതിന്‍‌റെ ഭാഗമായി, ഞാനും, കൂട്ടിനു വേണുച്ചേട്ടനും, മോഹനേട്ടനും കൂടി ഒരു ഞായറാഴ്ച വൈകുന്നേരം യശോദാഭവനത്തിലെത്തി.
ഏറ്റവും തൊട്ടുമുന്നില്‍ നിന്ന ഞാന്‍ പതുക്കെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

“കാലമാടാ‍...................മുതുകാലാ!!!!!!!!!!!!!!” അകത്തുനിന്നൊരു ഫീമെയില്‍ വോയ്സ്..

ഡിങ്ങ് ഡോങ്ങും, കിളിശബ്ദവും ഒക്കെ കോളിംഗ് മണിയായി കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ആദ്യമായാ .. ഞാന്‍ വേണുച്ചേട്ടനെ ഒന്നു നോക്കി

വേണുച്ചേട്ടനും സ്വിച്ചില്‍ അമര്‍ത്തി.

“കഴുവര്‍ട മോളേ കൊല്ലും ഞാന്‍... അലവലാതീ...” അത് മെയില്‍ വോയ്സ്..

അടുത്ത ബെല്ലുമുഴങ്ങും മുമ്പ്, വേണുച്ചേട്ടന്‍ വാതിലിന്‍‌റെ കുറ്റിയില്‍ അമര്‍ത്തിയടിച്ചു.
“എടോ പീതാംബരാ.. വാതില്‍ തുറ....”

“ഏതു നായിന്‍‌റെമോനാ വന്നേന്ന് പോയി നോക്കെടീ....................................” പീതാംബര ശബ്ദം കേട്ട് ഞാന്‍ ചുണ്ടും മൂക്കും ഒന്നിച്ച് പൊത്തിപ്പിടിച്ചു.

വേണുച്ചേട്ടന്‍ ഇടതൂര്‍ന്ന താടിയൊന്നുഴിഞ്ഞു. ‘നായ്‌ക്കള്‍ക്ക് താടിയില്ലല്ലോ..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്’ എന്ന ഭാവം

മോഹനേട്ടന്‍‌റെ മുഖത്തു ഞാനൊന്നു നോക്കി.. ‘എന്‍‌റെ പേര് മോഹനപിള്ള എന്നാണല്ലോ.. പട്ടികള്‍ ജാതിപ്പേരു വക്കില്ലല്ലൊ.. കൈസര്‍പിള്ളയെന്നും, കിങ്കോമേനോനെന്നും മറ്റും..അപ്പോ എന്നെ അല്ല ഉദ്ദേശിച്ചത്. ‘

ഞാനണെങ്കില്‍ ഭിത്തിയില്‍ നിന്ന് കൈകളെത്ത്, രണ്ടുകാലില്‍ ടൂ ലെഗ് പോസില്‍ നിന്നുകൊണ്ട് സമാധാനിച്ചു.

യശോദച്ചേച്ചി കതകുതുറന്നതും, പീതബു തിണ്ണയ്ക്കുനിന്ന് അകത്തേക്കോടിയതും ഒന്നിച്ച്.
“‘ചേച്ചിയെ നമസ്കാരം.. ചേട്ടനില്ലേ...“ ഞാന്‍ കല്യാണക്കുറി പുറത്തെടുത്തു.

“ചേട്ടന്‍... ചേട്ടന്‍......”
“കക്കൂസിലോ...കുളിമുറൂലോ... വിളി വിളി...” വേണുജി മെല്ലെയൊന്നു ചിരിച്ചു.

മോഹനന്‍ ചേട്ടന്‍ കുളിമുറിയിലേക്ക് പാഞ്ഞ്, പ്രതിയെ കുത്തിനുപിടിച്ച് വെളിയിലിറക്കി..
“ഓഹ്.. ഓ...നിങ്ങളാണെന്ന് സത്യത്തില്‍ അറിഞ്ഞില്ല മോനേ... ഞാന്‍ കരുതി...”
“അമ്മായിയപ്പനാണെന്ന് അല്ലേ..” മോഹനേട്ടന്‍ പിടിവിട്ടു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഒരു പുലര്‍കാലത്ത്, സഫ്‌ദര്‍ജംഗ് എന്‍‌ക്ലേവിലെ റെഡ്‌ലൈറ്റ് മുറിച്ചു കടക്കുമ്പോള്‍, ചുവപ്പുവെട്ടം ജമ്പുചെയ്ത് വന്ന ഒരു ബൈക്ക്, പീതാംബരന്‍ ചേട്ടനെ തട്ടിയിട്ടത്.

ചോരയൊലിപ്പിച്ച് അരമണിക്കൂര്‍ കിടന്ന ചേട്ടനെ കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത ആരോ ആശുപത്രിയിലെത്തിച്ചു.

അബോധത്തിന്‍‌റെ നൂല്‍പ്പാലത്തിലൂടെ മരണത്തിന്‍‌റെ വക്കുകളില്‍ വാക്കുകള്‍ നഷ്ടപ്പെട്ടുകിടന്ന ചേട്ടനെ കാണാന്‍ ഞാന്‍ പോയില്ല.. ചേതനയറ്റ ആ മുഖം കാണാനുള്ള മടികൊണ്ട്...

പീതാംബരന്‍ ചേട്ടന്‍ രക്ഷപെട്ടു. പക്ഷേ.. ഇന്നലെകള്‍ മനസില്‍ നിന്ന് അടര്‍ന്നിരുന്നു.

തലച്ചോറിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഏതോ മൃദുഞരമ്പ്, ഓര്‍മ്മകളെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു.

ഓര്‍മ്മകളില്ലാതെ പീതാംബരന്‍ ചേട്ടന്‍ നാട്ടിലേക്ക് മടങ്ങി..

സമാജത്തിന്‍‌റെ സഹായഹസ്തത്തിലേക്ക് സംഭാവന നീട്ടുമ്പോള്‍ മൂലക്കടയിലെ കുസൃതിമുഖം മനസിന്‍‌റെ ആഴത്തിലെവിടെയോ ഒരുതുള്ളി കണ്ണീരിറ്റി..
ആയുര്‍വേദത്തിന്‍‌റെ അനന്തസാധ്യതകളുടെ ചുരം തേടി, യശോദച്ചേച്ചി സഹയാത്രികായി നടന്നു. തിരുമ്മലിന്‍‌റേയും ഉഴിച്ചിലിന്‍‌റേയും പാരമ്പര്യ സ്പര്‍ശനത്തില്‍ പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ അന്തിവിളക്കോട് ചേര്‍ത്തു കൊളുത്തി.

കഴിഞ്ഞ മണ്ഡലകാലത്തെ ഒരു സന്ധയില്‍ നടക്കാനിറങ്ങിയ ഞാന്‍, പതുക്കെ മുന്നിലേക്ക് വന്ന ദമ്പതികളെ കണ്ടു.

യശോദച്ചേച്ചിയുടെ കൈകളില്‍ അമര്‍ന്നിരുന്ന മെലിഞ്ഞ മറ്റൊരു കൈകണ്ടു.
പീതാംബരന്‍ ചേട്ടന്‍ മെലിഞ്ഞിരുന്നു.

“എപ്പോ വന്നു ചേച്ചി.....”

“രണ്ടു ദിവസമായി. ചേട്ടന്‍‌റെ ഓഫീസിലെ പേപ്പറൊക്കെ ശരിയാക്കാന്‍ വന്നതാ.. ഉടനെ തിരിച്ചുപോകും.... “ യശോദച്ചേച്ചി കരഞ്ഞില്ല..

“സുഖം തന്നെയല്ലേ ചേട്ടാ..” പീതാംബരന്‍ ചേട്ടന്‍‌റെ കണ്ണുകളിലേക്ക് ഞാന്‍ നോക്കി.

അപരിചിതമായ പുഞ്ചിരി..
“സുഖം...” മെല്ലെ പിറുപിറുക്കുമ്പോള്‍ ഒന്നു ഞാനറിഞ്ഞു.
ആ ഓര്‍മ്മകളില്‍ നിന്ന് ഞാനും അടര്‍ന്നുപോയിരിക്കുന്നു

“വൈദ്യന്‍ പറഞ്ഞത് രണ്ടുകൊല്ലം കൂടിയെടുക്കുമെന്നാ.. എല്ലാം ശരിയാവും.. എനിക്കുറപ്പുണ്ട്.. ഇപ്പൊ തന്നെ ഒരുപാട് ഭേദമുണ്ട്....”
“ശരിയാവും ചേച്ചീ... എല്ലാം ശരിയാവും....”

തണുത്ത സന്ധ്യയിലെക്ക് യശോദച്ചേച്ചിയുടെ കൈത്തടം ഗ്രഹിച്ചു കൊണ്ട് പതുക്കെ പതുക്കെ പീതാംബരന്‍ ചേട്ടന്‍ നീങ്ങി...

ചേട്ടന്‍‌റെ കാലില്‍ വാറുപൊട്ടാത്ത പുത്തന്‍ തുകല്‍ ചെരിപ്പ്..

‘എത്തുമേതോ ദുരന്തമോ വ്യാധിയോ
ചേര്‍ത്തുനമ്മെ വിളക്കിയെടുക്കുവാന്‍.............

മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാന്‍ ദുരന്തങ്ങളെപ്പോലെ ശക്തി മറ്റെന്തിനുണ്ട്....

ബ്രിജ്‌വിഹാറില്‍ അത്രയും സുന്ദരമായ ഒരു സന്ധ്യ മുമ്പു ഞാന്‍ കണ്ടിട്ടില്ല............


********************
നാട്ടിലേക്കുള്ള അടുത്ത യാ‍ത്രയില്‍ ഞാന്‍ പീതാംബരന്‍ ചേട്ടനെ കാണാന്‍ പോകും.. എനിക്കുറപ്പുണ്ട്.. വിസ്‌മൃതിയുടെ ഗര്‍ത്തങ്ങളില്‍ നിന്നും ആ പഴയപുഞ്ചിരി എന്നെ വീണ്ടും ‘മോനേ’ എന്നു വിളിക്കും....

Wednesday, 4 June 2008

ജാസ്‌ലിന്‍ ജൈസേ കോയി നഹിം...

(ഓഫ് പോസ്റ്റ് : Please DONT MISS this Post at (naattukavala.blogspot.com )ഇന്ദിരാഗാന്ധി ഇന്‍‌റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍, മാര്‍പ്പാപ്പ കുരിശുപിടിക്കുന്ന പോസില്‍ വലംകൈയില്‍ ബോര്‍ഡും പിടിച്ച് ഞാന്‍ നിന്നു.

ക്യൂബയില്‍ നിന്നുള്ള വിമാനം ലാന്‍ഡു ചെയ്‌തു കഴിഞ്ഞു.

അക്ഷരങ്ങള്‍ ക്ലിയര്‍ തന്നെയല്ലേ അയ്യപ്പാ..

ഞാന്‍ ബോര്‍ഡൊന്നു തിരിച്ചു പിടിച്ചു നോക്കി.
അതേ.. ക്ലിയര്‍ തന്നെ.

‘ജാസ്‌ലിന്‍.. ഇന്‍‌റര്‍ നാഷണല്‍ മീറ്റ് ഓണ്‍ ബയോടെക്ക്‍നോളജി..’

മാത്തമാറ്റിക്സില്‍ എണ്‍പതു ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ച, കോന്നിക്കാരന്‍ മിടുക്കന്‍ പയ്യന്‍ കൈയില്‍ കുരിശുമായി, ഒരു കുരിശുജന്മമായി ദാ ഇവിടെ.
‘ഇട്ടിട്ടു പോടാ കോപ്പേ ഇതൊക്കെ.. ഫ്ലൈ ഹൈ..ഫ്ലൈ ഹൈ..’ മനസ്സില്‍ മിഥ്യാഭിമാനം പതഞ്ഞു പൊങ്ങുന്നു.
പക്ഷേ പറ്റില്ലല്ലോ സ്വാമീ. ലക്ഷ്മണാ സ്റ്റോഴ്സിലെ പറ്റ്, വീട്ടുവാടക, കറണ്ട് ബില്‍.. അങ്ങനെ എത്രയെത്ര ഇഷ്യൂകള്‍. തല്‍ക്കാലം ഈ തറപ്പണിയും ചെയ്തേ പറ്റൂ മച്ചാ..

‘കൂടെ പഠിച്ചവന്മാരാരും അമേരിക്കയില്‍നിന്ന് ഇപ്പോ ലാന്‍ഡ് ചെയ്യല്ലേ’ എന്നൊരു മിനിമം പ്രാര്‍ഥനയേയുള്ളൂ ഇപ്പോള്‍. ബാക്കിയൊക്കെ ഞാന്‍ അഡ്ജജസ്റ്റ് ചെയ്തോളം’

ജാസ്‌ലിന്‍ എങ്ങനെയിരിക്കും.
കുവലയമിഴിയോ അതോ കുഴിനഖകിഴവിയോ
അസര്‍മുല്ലച്ചുണ്ടിയോ അതോ അസുരാംഗവിരൂപിയോ
ഇഡ്ഡലിപോലെ തുടുകവിളിയോ അതോ ദോശപോലെ കുഴികവിളിയോ..
ഇരുപത്തിയഞ്ചു വയസുള്ള ഒരു ബാച്ചിലര്‍ ഇങ്ങനെയൊക്കെ വിചാരിക്കുക തികച്ചും സ്വാഭാവികം.

ട്രോളി ബാഗു തള്ളി അനേകം ടോപ്പ് ക്ലാസ് ജന്മങ്ങള്‍ തിരക്കിലൂടെ ഒഴുകിയെത്തുന്നു.
‘ഒരിക്കല്‍ എനിക്കും വരണം ഇതുപോലെ.’ കാത്തുനില്‍ക്കുന്ന പ്രിയതമയെ, കൂളിംഗ് ഗ്ലാസ് പൊക്കി നോക്കി ചോദിക്കണം ‘എവിടെയായിരുന്നു ഞാന്‍ ഇത്രനാള്‍ പെണ്ണേ.. ഇന്‍ യുവര്‍ ഐസ്, ഹാര്‍ട്ട്, ലിവര്‍ ഓര്‍ ബ്രെയിന്‍?’ അപ്പോള്‍ അവള്‍ മറുപടി പറയണം ‘നോ വെയര്‍.. ഐ വാസ് നോട്ട് ഹിയര്‍.. ഞാന്‍ നിന്‍‌റെ കണ്ണില്‍ ഒളിച്ചിരിക്കുകയായിരുന്നു..’

സ്വയംവരത്തിനു വന്ന രാജാക്കന്മാരെപ്പോലെ നില്‍ക്കുന്ന കുരിശന്മാരുടെ അടുത്തേക്ക് റാണിമാര്‍ വരുന്നു. ‘നോ...നോ. ഈ രാജാവിനു പേഴ്‌സണാലിറ്റി പോരാ‘ എന്ന മട്ടില്‍ അടുത്ത ബോര്‍ഡുനോക്കി നീങ്ങുന്നു..

ഒരു അമ്മൂമ്മ മദാമ്മാ പ്രാഞ്ചി പ്രാഞ്ചി ദാ എന്‍‌റെ അടുത്തേക്ക്.. ബോര്‍ഡിലെ അക്ഷരങ്ങള്‍ തപ്പിത്തപ്പി വായിക്കുന്നു..
‘ഈശോയേ..ഇതാണോ രാജകുമാരി...’

ഭാഗ്യം.. അവരും അടുത്ത ബോര്‍ഡിലേക്ക് പോയി.

“ഹായ് ..!!!!!!!”

മുന്നില്‍ ഒരു വെള്ളത്താമര..
പാറിപ്പറക്കുന്ന ഷാമ്പൂമുടി
ചാമ്പയ്ക്കാ ചുണ്ട്
അറക്കപ്പൊടി നിറച്ച ചാക്കുപോലെ കൊഴുത്ത ശരീരം.
കറുത്ത ജീന്‍സ്.. ചുവന്ന ടീ ഷര്‍ട്ട്.
നെഞ്ചിലെ ത്രീ ഡൈമന്‍ഷന്‍ സ്ലോഗന്‍ ഞാന്‍ വായിച്ചു
‘റോക്ക് ഇറ്റ് ’

“മൈസെല്‍ഫ് ജാസ്‌ലിന്‍.......” റോക്കറ്റ് പെണ്ണ് ചിരിച്ചു
‘മൈസെല്‍ഫ് മനു ‘ ഞാനും ചിരിച്ചു.

“ഹൌ ആഴ് യു....?” ക്യൂബക്കാരിക്കും അമേരിക്കന്‍ ആക്സ്ന്‍‌റോ.. ഇതെങ്ങനെ?

“ഐ ആം ഫൈന്‍... ഹൌവാസ് യുവഴ് ജേണി..?” പറ്റുന്നിടത്തൊക്കെ ‘റ’ യ്ക്കു പകരം ‘ഴ’ ചേര്‍ത്ത് ഞാനും അമേരിക്കനായി..(പോസ്റ്ററിന്‍‌റെ പ്രലോഭനം കൊണ്ട്, ചാണക്യ തിയേറ്ററില്‍ പോയി ഇരുന്നിട്ടൊടുവില്‍ ‘കല്യാണത്തിനു പോയവന്‍ ചാക്കാല കണ്ടു മടങ്ങുന്ന പോലെ ‘ നിരാശനായി പലതവണ ഇറങ്ങിവന്നതിനു ഇപ്പോള്‍ ഇങ്ങനെയൊരു ഗുണമുണ്ടായി)
"വൌ... അമേസിംഗ്..”

ട്രോളി ഞാന്‍ വാങ്ങിയുരുട്ടി..

“വാണാ സംതിംഗ് ടു ഡ്രിങ്ക്...?

‘വേണമെന്ന് പറയല്ലേ കൊച്ചേ. പോക്കറ്റില്‍ ആകെപ്പടെ മുപ്പതു രൂപയുണ്ട്. ഈ മാസം ഓടിക്കാനുള്ളതാ.

‘നോ താങ്ക്സ്...’ പാവം കുട്ടി

ടാക്സി കാത്ത് വെളിയില്‍ നിന്നു.

“യു ലുക്ക് ഹാന്‍ഡ്‌സം.. “
അതൊരു പുതിയ കാര്യമല്ലല്ലോ കൊച്ചേ..

“യൂ ടൂ..........” തിരിച്ചൊരു കോമ്പ്ലിമെന്‍‌റു കൊടുത്തില്ലെങ്കില്‍ മോശമല്ലേ

“മീ ഹാന്‍ഡ്‌സം...? “ കുണുക്കു കുണുങ്ങി

“ലെഗ്‌സം ടൂ.......”

“ഫണ്ണി മാന്‍... വെയറീസ് ദ ടാക്സി...?”

ഫണ്ണി ഗേള്‍, ഡ്രൈവര്‍ തണ്ണി കുടിക്കാന്‍ പോയതാ. ഇപ്പൊ വരും..

ജാസ്‌ലിന്‍ മുകളിലേക്ക് നോക്കി. ഭാരതത്തിന്‍‌റെ ആകാശ വിസ്തീര്‍ണ്ണം നോക്കുവാണോ?

‘വൌ.. യുവര്‍ ഇന്ത്യ ഈസ് റിയലി......”

ഡര്‍ട്ടി.. അതല്ലേ പറയാന്‍ വരുന്നെ.. അതും പുതിയ കാര്യമല്ലല്ലോ

“മാര്‍വെലസ്.......”

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..

ബാക്ക് സീറ്റില്‍ ആദ്യം ജാസ്‌ലിന്‍ കയറി.

പിന്നെ ക്യൂബയില്‍ എന്തൊക്കെയുണ്ട് കൊച്ചേ വിശേഷങ്ങള്‍. നമ്മുടെ കുഞ്ഞിരാമന്‍ ചേട്ടന്‍‌റെ ചേനകൃഷിയൊക്കെ എങ്ങനെ നടക്കുന്നു. ഞാനും പുറകെ ചാടിക്കയറിയിരുന്നു.
‘ഷാള്‍ വീ ഗോ...? “
“ഒ.കേ...........” പാട്ടുപാടുന്നപോലാണല്ലോ കൊച്ച് ഒ.കെ പറയുന്നത്.

വണ്ടി നീങ്ങി..

സന്ധ്യ ചേക്കേറി തുടങ്ങിയിരുന്നു.

കണ്ണാടിയിലൂടെ അരുണവെട്ടം മുറിഞ്ഞു മുറിഞ്ഞു ജാസ്‌ലിന്‍‌റെ മുഖത്തേക്കു പതിക്കുന്നു.
അമ്പരപ്പോടെ അവള്‍ വെളിയിലെ കാഴ്ചകള്‍ കണ്ടിരിക്കുന്നു.

“വാട്ടീസ് ദാറ്റ്......”

“ദാറ്റീസ് എരുമക്കുഴി...”
കൊച്ചിനെന്തെല്ലാം സംശയങ്ങളാ ദൈവമേ..

“വൌ.... വാട്ടീസ് ദാറ്റ് തോരണം.........”

“ദാറ്റീസ് ഗുഡുക്ക.. ഐ മീന്‍..കാന്‍സര്‍ മിക്‍സ്”

“കൂള്‍....................”

“ഉവ്വ.. അതു തിന്നുന്നോന്‍‌റെ വാ ഇടിച്ചക്കപോലെയാവും കൊച്ചേ.. അതൊക്കെ പോട്ടെ. ഞങ്ങളുടെ കാസ്‌ട്രോ സഖാവ് എന്തുപറയുന്നു. എനിക്കതാ അറിയേണ്ടേ.. ഹൌ ഈസ് ഹീ? “

“ഇഡിയറ്റ് ഫെലോ....”

ഞെട്ടി!!!!!

അമേരിക്കയുടെ അഹങ്കാരത്തിനു നേരെ നോക്കി പോടാ പുല്ലെ എന്നു പറയാന്‍ കപ്പാസിറ്റിയുള്ള ഏക രാഷ്‌ട്രത്തലവാനായ, ഒരു ജനതയുടെ നെഞ്ചിടിപ്പുകളെ സ്വന്തം ജന്മം കൊണ്ടേറ്റുവാങ്ങിയ ധീരനായ എന്റെ പ്രിയപ്പെട്ട കാസ്‌ട്രോ സഖാവിനെക്കുറിച്ചാണോ, ആ നാട്ടുകാരിയായാ ഈ പെണ്ണ് ഇങ്ങനെ പറയുന്നത്... ഇവള്‍ ക്യൂബക്കാരിയല്ലേ.. അതോ വളര്‍ന്നത് മറ്റെങ്ങോ ആണോ
..
“ഹീ സ്പോയില്‍ഡ് അവര്‍ കണ്ട്രി.... സ്നാപ്‌ഡ് ഗ്രോത്ത്..... “

മതി മതി.. ഇനി നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.

ജാസ്‌ലിന്‍ പുഞ്ചിരിച്ചു. സന്ധ്യയും പുഞ്ചിരിച്ചു..

ബീഥോവന്‍‌റെ ഒരു സിംഫണി ഇപ്പോ കേട്ടിരുന്നെങ്കില്‍ എത്ര സുരഭിലമായേനേ നിമിഷങ്ങള്‍..

“ഛോളീ കേ പീഛേ ക്യാ ഹേ.. ഛോളീ കേ പീഛേ..
ചുനരി കേ നീചേ ക്യാഹേ... ചുനരി കേ നീചേ..”

കാറില്‍ പെട്ടെന്ന് പാട്ടുമുഴങ്ങിയപ്പോള്‍ ജാസ്‌ലിന്‍ വിരണ്ടുചാടി


‘പേടിച്ചുപോയോ.. ഇത് ഞങ്ങളുടെ തനതു സംഗീതമാണ്’

“വൌ... വാട്ടീസ് ദ മീനിംഗ് ഓഫ് ദിസ്....? “
ഇതിന്‍‌റെ മീനിംഗ് പറഞ്ഞാല്‍ പീഡനക്കേസില്‍ ഞാന്‍ അകത്താവും കുട്ടീ..

‘ഇതിനു പ്രത്യേകിച്ചൊരര്‍ത്ഥം ഇല്ല. ഐ ലവ് യു.. യു ലവ് മീ.. വീ ലവ് ആള്‍ ... ദാറ്റ്സാള്‍..’

ജാസ്‌ലിന്‍‌റെ വെള്ളാരം കണ്ണുകളില്‍ കുസൃതിത്തിളക്കം..

“വെയറീസ് യുവര്‍ ഗേള്‍ഫ്രണ്ട്.......?“

“ഡെലിവറിയ്‌ക്ക് നാട്ടില്‍ പോയിരിക്കുവാ...”

“വാട്ട്....”

“ഐമീന്‍ ഷീ ഈസ് അറ്റ് ഹോം...” എന്‍‌റെ കൊച്ചേ, ഗേള്‍ഫ്രണ്ടു പോയിട്ട് ഗേളുപോലുമില്ല എനിക്ക്.. നീ എന്താ ഇങ്ങനെ?

“വാട്ടീസ് ഹെര്‍ നെയിം? “

“പങ്കജാക്ഷിയമ്മ....”

“വൌ... ക്യൂട്ട് നെയിം.. “

“യാ ഐ നോ...”

“ക്രാ !!!!!!....................................................”

ജാസ്‌ലിന്‍ അലറിക്കൊണ്ട് എന്‍‌റെ പുറത്തേക്ക് ചാടി വീണു. പഞ്ഞിക്കെട്ട് ദേഹത്തുവീണപോലെ.
ദൈവമേ ... ഇതെന്തു പറ്റി..

പുറത്തൊരുത്തന്‍ കഴുത്തില്‍ പാമ്പുമായി വിന്‍ഡോയിക്ക് അടുത്തു നിന്ന് കൈനീട്ടുന്നു.. ഇതു കണ്ട് ഞാന്‍ വരെ പേടിക്കാറുണ്ട്. പിന്നല്ലേ ഈ വിദേശി..

“ഡോണ്ട് വറി.. ഇതാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ സ്നേക്ക് ട്രിക്ക്.. പൈസ കൊടുത്തില്ലെങ്കില്‍, രണ്ടാണു നഷ്ടം. സര്‍പ്പം പേടിപ്പിക്കും. സര്‍പ്പദേവത ശപിക്കും’

‘ഓ മൈ ഗുഡ്‌നെസ്’ കൊച്ചിന്‍‌റെ വിറയല്‍ ഇതുവരെ മാറിയില്ല.

കാര്‍ മുനീര്‍ക്ക പിന്നിട്ടു.

‘ഓ സോമനി ബില്‍ഡിംഗ്‌സ്,,,,,,,’

‘അതെ.. സോമനി ബില്‍ഡിംഗ്‌സ്....”

കാര്‍ മോശമല്ലാത്ത ഒരു ഗട്ടറില്‍ ചാടി

“ഊ..................................”

അടുത്ത ചാട്ടം എന്‌റെ തോളിലേക്ക്. എന്തായാലും ഏര്‍പ്പാടു കൊള്ളാം.

‘ക്യൂബയില്‍ കുണ്ടുകള്‍ ഇല്ലേ കുട്ടീ...’

ഡ്രൈവറമ്മാവാ മോശമല്ലാത്ത കുണ്ടുകള്‍ ഇനിയും കാണുമല്ലോ അല്ലേ.. ഒന്നും മിസ്സാക്കാല്ലേ..

ഒരു റെഡ്‌ലൈറ്റില്‍ വണ്ടി നിന്നു.

സ്ലോമോഷനില്‍ വിന്‍ഡോയിക്കടുത്തു വന്ന സ്കൂട്ടര്‍ കണ്ട്, ജാസ്‌ലിന്‍ പമ്മിയിരുന്നു.

‘ഗോഡ്, ഹൂയിസ് ദാറ്റ്.....ഹൂയിസ് ദാറ്റ്?’

“അയ്യോ.. അതൊരു പാവം സര്‍ദാര്‍ജി.. കണ്ടാല്‍ രാജാവാണെന്നു തോന്നുമെങ്കിലും, ഉപദ്രവിക്കില്ല.. പേടിക്കാതെ”

‘വൌ... മാഡ് ട്രാഫിക്... മൈ ഗോഡ് .. ഹൌ യു പ്യൂപ്പിള്‍ ഡ്രൈവ് ഹിയര്‍ !!! ‘ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ നോക്കി ജാസു.

‘അതൊക്കെ ഒരു സാഹസമാ കൊച്ചേ. ഇന്ത്യാക്കാരുടെ ശരാശരി ആയുസ് കൂടാന്‍ ഈ ട്രാഫിക്കൊരു കാരണമാണ്. യമരാജാവിനു പോത്തിന്‍‌റെ പുറത്തു വരാന്‍ പേടിയാ ഈവഴി. .. ചന്തി ചളുങ്ങത്തില്ലിയോന്നെ..‘

‘യൂ ഡ്രവ്....“ ?

‘കൊള്ളാം ഉണ്ടോന്നോ.. കോണ്ടസാ വേണോ ബി.എം.ഡബ്ല്യൂ വേണോ എന്നൊരു ഡൌട്ടേയുള്ളൂ...’ കളിയാക്കല്ലേ പെണ്ണേ ജീവിച്ചു പൊക്കോട്ടേ.

‘ലെ മെറിഡിന്‍‘ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വണ്ടി പാഞ്ഞുകയറി..

ജാസ്‌ലിനെ സ്വീകരിക്കാന്‍, രേണുക ഷണ്മുഖം എന്ന കുറ്റിചൂലിന്‍‌റെ ഷേപ്പുള്ള മാനേജര്‍ മാഡം ലോബിയില്‍....
‘ഹാ‍യ്........’ ആലിംഗനം ഫോളോവ്ഡ് ബൈ ചുംബനം..
‘വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ.
“താങ്ക്സ് എ ലോട്ട്...’ ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു വാചകം കേട്ട മാഡം പുഞ്ചിരിക്കുക മാത്രമല്ല..ഒന്നു കുനിയുകയും ചെയ്തു.

കോണ്‍ഫെറന്‍സ് തുടങ്ങുന്നത് പിറ്റേന്നാണ്. കാലത്തെ തന്നെ എത്തി, ഫയലിംഗ് ഒക്കെ ചെയ്യണം എന്ന ഉപദേശം തന്ന് രേണുകാജി എന്നെ യാത്രയാക്കി.

രാജകീയമായ ഹോട്ടലിനെ അടിമുടി നോക്കി തണുത്തു നടക്കുമ്പോഴാണു വിളി വന്നത്...
“എടാ നീ ഇവിടെ.....”

ബ്രിജ്‌വിഹാറിലെ പഴയ അന്തേവാസി ആയിരുന്ന പ്രസന്നന്‍ ഇതാ വരുന്നു.

“എടാ നിനക്ക് നൈറ്റ് ഡ്യൂട്ടിയാണോ.. ശ്ശെടാ അതു ഞാനറിഞ്ഞില്ലല്ലോ.. റിസപ്ഷനില്‍ നിന്ന് ലോബിയിലോട്ടു മാറിയോ നീ “

“അതേടാ.. പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നീയങ്ങ് ക്ഷീണിച്ചു പോയ.....”
“ഹൂ..................ഹൂ........................” പെട്ടെന്നൊരലര്‍ച്ച..

മുടിയും താടിയും വളര്‍ത്തിയ അമ്പതോളം അമ്മാവന്മാര്‍.. കുറെ അമ്മായിമാര്‍. പരസ്പരം കെട്ടിപ്പിടിക്കുന്നു.

“ഇതെന്നാ അളിയാ ഇവിടെ ഒരു ആള്‍ക്കൂട്ടം.. എല്ലാം ആദിവാസികളാണോ.. എന്താ പരിപാടി”

“പേരെടുത്ത പെയിന്‍‌റേഴ്‌സാ... നാളെ ഇവന്മാരുടെ ഒരു പരിപാടിയും ഉണ്ട്.. ലോകത്തൊള്ള സകലയെണ്ണവും കുറ്റിയും പറിച്ചെത്തീട്ടുണ്ട്..”

“ഓ...ഹോ.. ഹൂ.... ഹൌ ആ‍ര്‍ യൂ.........”

ഒരു വെള്ളക്കാരന്‍ അമ്മാവന്‍ , ഇന്ത്യാക്കാരി അമ്മായിയെ അറഞ്ഞ് ഉമ്മ വക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് മാക്സിമം ഇടങ്ങളില്‍ ഉമ്മകൊടുക്കാന്‍ പെടുന്ന പാടേ..

“എടാ ഈ തള്ളയ്ക്ക് ചോദിക്കാനും പറയാനും കെട്ടിയോനൊന്നുമില്ലേ......“

“ഉണ്ടല്ലോ.. അയാള്‍ ദാ അപ്പുറത്തൊരു ബര്‍മ്മാക്കാരിക്ക് ഉമ്മ കൊടുക്കുന്നു”

ചിരി കടിച്ചുപിടിച്ച് ഞാന്‍ വെളിയിലെ നരപ്പിലേക്കിറങ്ങി

പിറ്റേന്ന് പത്തുമണിക്ക് ‘ലെ മെറഡിയനി’ല്‍ എത്തിയ ഞാന്‍ , കമ്പനി വാടകയ്ക്കെടുത്ത മുറിയിലേക്ക് പൊങ്ങിക്കയറി

മുപ്പതു വിദേശികള്‍ അവതരിപ്പിക്കുന്ന ബയോടെക്നോളജി പ്രബന്ധം കേള്‍ക്കാന്‍ മഹാഭാ‍രതം കാതോര്‍ത്തിരിക്കുകയല്ലേ.

മുറിയില്‍ ആരുമില്ലേ..

നടുവും നിവര്‍ത്തി, കൈയില്‍ ഒരു ബിസ്‌ലേരി കുപ്പിയുമായി, ഡി.ടി.പി ഓപ്പറേറ്റര്‍ ഹരീന്ദര്‍ എന്ന ബിഹാറിപ്പയ്യന്‍ കക്കൂസില്‍ നിന്ന് ദാ വരുന്നു.

‘ഭയങ്കര സൌകര്യമാണല്ലോടേ.. മിനറല്‍ വാട്ടര്‍ കൊണ്ടാണല്ലോ കടവിറങ്ങുന്നത്... എനിക്കു വയ്യ”

“അഛാ..അഛാ.. ഈ പേപ്പര്‍ കൊണ്ടുള്ള പരിപാടി പണ്ടേ എനിക്ക് പറ്റില്ല.. നീ എന്താ ലേറ്റായത്.. ബതാവോ..”

“സോ ഗയാ സോ ഗയാ.. ഉറങ്ങിപ്പോയി....”

ഇംഗ്ലണ്ടുകാരന്‍ ഫ്രാങ്കി വെടിയേറ്റവനെ പോലെ പാഞ്ഞു വന്നു..

“ഹായ്....”

വെളുത്തു മെലിഞ്ഞ മൊട്ടത്തലയന്‍ ഫ്രാങ്കിയെ കണ്ടു ഞാനൊന്നു ചിരിച്ചു..

“മിസ്റ്റര്‍ ഹരേന്ദ്.... ഐ വാണ്ട് ഫോട്ടോകോപ്പീസ് ക്വിക്ക്..ക്വിക്ക്...”

ഇംഗ്ലീഷ് എന്ന് കേട്ടാല്‍ നെഞ്ചിടിപ്പുകൂടുന്ന ഹരീന്ദര്‍ എന്‍‌റെ മുഖത്തുനോക്കി..

‘ഫോട്ടോകോപ്പി കരോ യാര്‍.....”

“ഹൌമനി ഫോത്തോക്കോപ്പീസ്.....” ങാ.. പയ്യനും പറയാന്‍ പഠിച്ചു, ഒറ്റ രാത്രികൊണ്ട്..

“ഹൌമനി കോപ്പീസ് യു ടേക്ക് യൂഷ്വലി.....” ഫ്രാങ്കി ചോദിച്ചു..

“ഹൌ മനി ഫോത്തോക്കോപ്പീസ്...” ഹരീന്ദ്രന്‍‌റെ മറുപടി.

“ഓ മാന്‍.. ഹൌ മനി യൂ ടുക്ക് ഇന്‍ ദ മോണിംഗ്..?. ഫോര്‍ അദേഴ്‌സ്...”

“ഹൌമനി ഫോത്തോക്കോപ്പീസ്..” എന്തൊരു ചിരി..

“ഒരമ്പതെണ്ണം എടുക്കെടാ.. അങ്ങേരുടെ ക്ഷമയെ പരീക്ഷിക്കാതെ..”

ഹരീന്ദര്‍ കോപ്പിയറുടെ അടുത്തേക്ക് പാഞ്ഞു.

പൂമ്പാറ്റയെപ്പോലെ പാഞ്ഞു വന്നു ജാസ്‌ലിന്‍

“ഹെല്ലോ.. ഹൌ ആര്‍ യൂ.....”

“ഹായ്.... ഫൈന്‍.. ഹൌവാസ് യെസ്റ്റെര്‍ നൈറ്റ്...” ഞാന്‍

“ഓ..കൂള്‍ “ കൊച്ചിനുപിന്നെല്ലാം തണുപ്പാണല്ലോ..

കോപ്പിയെടുക്കാന്‍ ഹരീന്ദറിന്‍‌റെ അടുത്തേക്ക് ജാസു പാഞ്ഞു. ഇംഗ്ലീഷ് പറഞ്ഞു ദ്രോഹിക്കല്ലേ അമ്മച്ചീ എന്ന മുഖഭാ‍വത്തോടെ പാവം ആദ്യമേ തന്നെ ഡിഫന്‍സ് കളിച്ചു.
“ഹൌ ആര്‍ യു മാ....ഡം..”
“ഐ ആം ഫൈന്‍ ... വാട്ടെബൌട്ട് യൂ......”
“ഐ ആം ആള്‍‌റെഡി ഫൈന്‍.....”

ഹരന്‍‌റെ നോട്ടം മുഴുവന്‍ കോപ്പിയറിലേക്ക്.. ‘കര്‍ത്താവേ ഇവള്‍ വേറെയൊന്നും പറയല്ലേ’ എന്ന മുഖഭാവം.

“യൂ ലുക്ക് സോ ഹാന്‍ഡ്‌സം......... “
“യാ യാ ഫിഫ്റ്റി കോപ്പീസ്......”
“യൂ ഡോണ്‍ നോ ഇംഗ്ലീഷ്... ഐ സപ്പോസ്..”
“യാ... യാ.. ഫിഫ്റ്റി കോപ്പീസ്....”

ചിരിയും ജോലിയും ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലെ ഡീലക്സ് ലഞ്ചുമൊക്കെയായി മൂന്നു ദിവസങ്ങള്‍ പോയതറിഞ്ഞില്ല. എന്‍‌റെ ദരിദ്രജന്മത്തിന്‍‌റെ ഓവര്‍കോട്ടില്‍ അഞ്ചുനക്ഷത്രങ്ങള്‍ പതിപ്പിച്ച് ഓഫീസ് സ്റ്റേഷനറികളെല്ലാം പായ്ക്ക് ചെയ്തുകൊണ്ടിരുന്ന നാലാം ദിവസം രാവിലെ, രേണുകാജി മറ്റൊരു ഹെവി ഡ്യൂട്ടിയേല്‍പ്പിക്കാന്‍ വന്നു.
“നീ ഫ്രാങ്കിയേയും ജാസ്‌ലിനേയും കൂട്ടി ഡല്‍ഹി കറങ്ങണം. മെയിന്‍ സ്പോട്ടുകള്‍ മാത്രം മതി.. പെട്ടെന്നു മടങ്ങിയെത്തണം..”
‘ടൂറിസ്റ്റ് ഗൈഡെങ്കില്‍ ടൂറിസ്റ്റ് ഗൈഡ്.. ആ ഫീല്‍ഡില്‍ കൂടി ഒന്നു കൈ വച്ചുകളയാം.. ഒ.കെ.. ഡണ്‍ ..’

മൊട്ടത്തല തടവി ഫ്രാങ്കിയും, കൂളിംഗ് ഗ്ലാസ് തലയില്‍ വച്ച് ജാസുവും ബാക്ക് സീറ്റില്‍.

ഡ്രവറോട് നേരെ ലാല്‍കിലയ്ക്ക് വിടാന്‍ എന്‍‌റെ ആജ്ഞ.

‘പാമ്പിനേയും സര്‍ദാറേയും കണ്ടാല്‍ പേടിക്കല്ലേ‘ എന്ന് ജാസ്‌ലിന്‍ ഫ്രാങ്കിയെ ആദ്യമേ ഉപദേശിക്കുന്ന കേട്ടു.

മുഗള്‍ രാജക്കന്മാര്‍ മുന്തിരിജ്യൂസ് കുടിച്ച നടന്നിടമൊക്കെ, ആധുനിക ഭാരതീയന്‍ മുള്ളി നാറ്റിക്കുന്ന വഴിയിലൂടെ, ചുവപ്പുകോട്ടയുടെ തലയെടുപ്പിലൂടെ, പാലിക ബസാറിലെ അണ്ടര്‍ഗ്രൌണ്ട് മാര്‍ക്കറ്റിലൂടെ, കാഴ്ചകള്‍ കണ്ടും, പര്‍ച്ചേസിംഗില്‍ സഹായിച്ചും ഞാനും കൂടെ നടന്നു.

“ഫ്രാങ്കി, വാട്ട് യു വാണ്ട് ടു പര്‍ച്ചേസ്...”

“ഐ വാണ്ട് സംതിംഗ് സ്പെഷ്യല്‍.....”

“ഒ.കെ..ലെറ്റ്സ് ഗോ ദെയര്‍ ...”

പലതും നോക്കിയിട്ടും ഫ്രാങ്കിക്ക് സാറ്റിസ്ഫാക്ഷന്‍ പോരാ.

കണാട്ട്പ്ലേസിലെ തെരുവോരത്തുനിന്ന്, പത്തു ഫ്രാങ്കിമാര്‍ക്ക് കേറാന്‍ പറ്റിയ ബെര്‍മുഡ അണ്ടര്‍വെയര്‍ കണ്ടപ്പോള്‍ ഫ്രാങ്കി ഫ്രാങ്കായി ഹാപ്പി..
“യാ.. ഗോട്ടിറ്റ്....”

ജാസ്‌ലിന്‍ ബ്ലാക്ക് മെറ്റലിന്‍‌റെ കമ്മലും ചിപ്പിമാലകളും, ചിരിക്കുന്ന ബുദ്ധനും സ്വന്തമാക്കി.

‘ലെറ്റ്‌സ് ഗോ ടു കുത്തബ് മിനാര്‍...’

വണ്ടി നേരേ മെഹ്‌റോളിയിലേക്ക്..

“വൌ......” മിനാറിന്‍‌റെ മുകളറ്റത്തേക്ക് രണ്ടെണ്ണവും കണ്ണുപായിച്ച് വാ പോളിച്ചു.
“ഇറ്റ്സ് റിയളി...”
“വണ്ടര്‍ ഫുള്‍ ...........”

‘എനിക്കിതിന്‍‌റെ മുകളില്‍ കേറണം...” ഫ്രാങ്കി..

‘താഴെ കൊട്ടയുമായി തൂത്തുവാരാന്‍ ആളെ വക്കേണ്ടി വരും... എന്തിനാ ചെക്കാ വേണ്ടാത്ത പണിക്ക് പോണേ..’

‘ജാസ്.... വില്‍ യു കം എലോംഗ്...?”

“വൈ നോട്ട്...“

സര്‍ദാറെ കണ്ടു വിരണ്ടവള്‍ക്ക് എന്തൊരു ധൈര്യം..

‘മക്കളെ ഇപ്പോ ആരെയും മോളിലോട്ട് കേറ്റില്ല.. ആ പരിപാടി സര്‍ക്കാര്‍ പണ്ടേ നിര്‍ത്തി... ലെറ്റ്സ് മൂവ് എറൌണ്ട്..”
“യാ യാ യാ......”

‘വാട്ടീസ് ദാറ്റ്....” കോമ്പൌണ്ടിലെ ഇരുമ്പ് തൂണു കണ്ട് ജാസു..

“അത് ഒരു സൂപ്പര്‍ തൂണാ കേട്ടോ.. അതില്‍ ചാരിനിന്ന്, പിന്നോട്ട് കൈയിട്ട്, വിരലുകള്‍ തമ്മില്‍ കൊരുക്കണം. ഇമ്മിണി പാടാ.. തൂണിനിത്തിരി വണ്ണമുണ്ടേ.. പക്ഷേ അങ്ങനെ അതിനെ പുണര്‍ന്നാല്‍, അപ്പോള്‍ മനസില്‍ തോന്നുന്ന എന്താഗ്രഹവും നടക്കും...”

“ആര്‍ യൂ ഷുവര്‍...............” ഫ്രാങ്കി.

‘ആണോന്ന്.... എന്തൊരു ചോദ്യം.. “

‘ലെറ്റ്‌സ് ഗോ.... ‘ഫ്രാങ്കി കുരങ്ങിനെ പോലെ ചാടി.. പുറകെ ജാസ്‌ലിന്‍ ചാടി.. അതിനും പുറകേ ഞാനും.

ജാസ്‌ലിന്‍ തൂണും ചാരി നിന്നു. കൈകള്‍ പിന്നിലേക്ക് പിണച്ച്, കോര്‍ക്കാനൊരു ശ്രമം..

“ഓഹ്.... ഇറ്റ്‌സ് ടൂ ഡിഫിക്കല്‍ട്ട്.....”

‘മനസില്‍ ആഗ്രഹിച്ചോ വല്ലതും? “

“ലെറ്റ് മീ ട്രൈ ടു.... ഓ.. നോ.. പ്ലീസ് ഹെല്‍പ്പ് മീ....”

സഹായിച്ചില്ലെങ്കില്‍ ആതിഥ്യമര്യാദയില്ലാത്തവന്‍ എന്ന് പറയില്ലേ..

ഞാ‍ന്‍ ജാസ്‌ലിന്‍‌റെ കൈകള്‍ കൂട്ടിപ്പിടിച്ചു..

തൂണോട് ചേര്‍ത്ത് കൊരുത്തുവച്ചു..

കാലമേ കാണുക.. ചരിത്രമുറങ്ങുന്ന ഈ ഇരുമ്പു തൂണില്‍, ചുവപ്പിന്‍‌റെ മണ്ണില്‍ നിന്ന് വന്ന ഒരു പെണ്ണിന്‍‌റെ താമരക്കൈകള്‍ എന്‍‌റെ ഉള്ളം കൈയില്‍.

ദ ഹിസ്റ്റോറിക്കല്‍ പാണിഗ്രഹണം.. ജസ്റ്റ് സീ ഇറ്റ്.........


ഹൃദയത്തില്‍ കാലദേശങ്ങള്‍ താണ്ടിയ ഓളങ്ങള്‍..

“ഒ.കെ.. നൌ മൈ ടേണ്‍........” ഫ്രാങ്കിക്ക് ധൃതിയായി

“എന്താ ഫ്രാങ്കിച്ചാ നിന്‍‌റെ വിഷ്....? “

“ഐ വാണ്ട് ടു ബീ എ ബില്യണര്‍... വില്‍ ഇറ്റ് പോസിബിള്‍..?”

“ആവുമോന്നോ.. വാ പിടി.. അടുത്ത ആഴ്ചതന്നെ ബില്യണര്‍ ആവും... ഡൂ ഇറ്റ്....”

ഫ്രാങ്കി ഒരു വരണ്ട ചിരി.. കൈകള്‍ പുറകിലേക്കിട്ടു..

“ഓ...ഹെല്‍പ്പ് മീ...........”

ഫ്രാങ്കിയേയും പാണീഗ്രഹണം ചെയ്തപ്പോള്‍ എക്സ്‌ട്രാ ഫോഴ്‌സ് കൊടുക്കേണ്ടി വന്നു. മൊട്ടത്തലയനു കൈനീളവും കമ്മി..

കണ്ണടച്ചു വലിച്ചു മുട്ടിക്കാന്‍ ഒന്നു ശ്രമിച്ചു..

ങേ...............!!!!

ഫ്രാങ്കിയെവിടെ... അതിനിടയില്‍ എവിടെപ്പോയി..

“ഊ.........................” തൂണിനു ചുവട്ടില്‍ നിന്നൊരു ഞരക്കം..

കാലുരണ്ടും മാക്സിമം കവച്ച് യോഗ സ്റ്റൈലില്‍ ഫ്രാങ്കി താഴെ കിടക്കുന്നു.

തൂണുവഴി ഊര്‍ന്നതാണല്ലേ.. ബട്ട് എപ്പോ....
മുട്ടുതടവി എണീറ്റപ്പോഴാണ് ഫ്രാങ്കി ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിഞ്ഞത്.. ഷോര്‍ട്ട് പാള പോലെ കീറിയിരിക്കുന്നു.

‘ഇംഗ്ലീഷുകാര്‍ക്കും ചുവപ്പ് അടിവസ്ത്രത്തോട് ഇത്ര കമ്പമുണ്ടോ..’ ഞാന്‍ മുട്ടു തടവി കൊടുത്തു..

“ഓ... ഷിറ്റ്.....” കൈവച്ച് കീറിയ ഭാഗം ഫീല്‍ ചെയ്തുകൊണ്ട് ഫ്രാങ്കി..

“ഏയ് ആയില്ല...”

ജാസ്‌ലിനു ഇന്ത്യന്‍ സ്‌ട്രീറ്റ് ഫുഡ് കഴിക്കണം. ഏതോ ആര്‍ട്ടിക്കിള്‍ വായിച്ചുണ്ടത്രേ.. ഇന്ത്യന്‍ തെരുവു ഭക്ഷണത്തെപറ്റി.

അന്ത്യാഭിലാഷമല്ലേ. നടത്തിക്കൊടുത്തേക്കാം..

“ഫ്രാങ്കി യൂ ടൂ വാണ്ട് ടു ടേസ്റ്റ്.......?“

“വൈ നോട്ട്.......” മൂട്ടില്‍ നിന്ന് കൈയെടുക്കാതെ ഫ്രാങ്കി..

“ലെറ്റ്‌സ് അറ്റാക്ക് ആലു ടിക്ക... ബട്ട് ഇറ്റീസ് സ്പൈസി.....” ആലു ടിക്ക ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍
“യാ..യാ.... ഗോ ഫൊറിറ്റ്....”
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉരുട്ടിവച്ചതിനെ, മുളകും മസാലയും ചേര്‍ത്ത് കുഴച്ച്, പുളിവെള്ളവും സോസുമിട്ട സൂപ്പര്‍ സാധനം..

ജാസ്‌ലിന്‍ മെല്ലെയൊന്നു കടിച്ചു.

ഫ്രാങ്കി ഒറ്റപ്പിടിക്ക് വായിലേക്കിട്ടു..

“ഊ.............................” ജാസു ഒന്നു പൊങ്ങി

“ഔച്ച്.... വൌച്ച്... “ ഫ്രാങ്കി മൂന്നു കുതിച്ചു..

“വാട്ടര്‍.... വാ‍ട്ടര്‍..............”
ജലം തരൂ... ജലം തരൂ... മിനറല്‍ വാട്ടര്‍ തേടി ഞാന്‍ പാഞ്ഞു.

എരി സഹിക്കാനാവാതെ ഞെളിപിരി കൂടുതല്‍ എടുത്ത് ഫ്രാങ്കിയും, ഇളം‌പിരിയുമായി ജാസുവും കാറിലേക്ക് ചാടിക്കയറി.

ഇക്കിളുകള്‍ മാലപ്പടക്കം പോലെ..

“വാണാ ടേസ്റ്റ് വണ്‍ മോര്‍ ടിക്കി?” അടുത്ത വാട്ടര്‍ ബോട്ടില്‍ ഞാന്‍ നീട്ടി..

“നോ മാന്‍.... ലെറ്റ്‌സ് ഗോ.....” ഇനിയെങ്കിലും കൈയെടുക്കു ഫ്രാങ്കി.. കാറിലിരുന്നല്ലോ നമ്മള്‍...

പണ്ടേ ദുര്‍ബലന്‍ പോരെങ്കില്‍ അര്‍ശസും എന്ന മട്ടില്‍ ഫ്രാങ്കിയും, ഇന്ത്യ ഈസ് ടൂ ഹോട്ട് എന്ന മട്ടില്‍ ജാസ്‌ലിനും വണ്ടിയില്‍ ഞരങ്ങിയിരുന്നു..

നഗരക്കാഴ്ചകള്‍ കഴിഞ്ഞ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജാസ്‌ലിനെ അവസാനമായി ഞാന്‍ നോക്കി നിന്നു.

‘താങ്ക്സ് ഫോര്‍ ബീ‍യിംഗ് വിത് മീ.....” ജാസ്‌ലിന്‍ കണ്ണട ഊരി..

ഞാന്‍ പുഞ്ചിരിച്ചു..

“വീ വോണ്ട് മീറ്റ് എഗൈന്‍.... ആമൈ റൈറ്റ്...”

“യാ.. വീ വോണ്ട് മീറ്റ് എഗൈന്‍......ആള്‍ ദി ബെസ്റ്റ്.......”

“ദിസീസ് നോട്ട് ഫോര്‍ യു......” ബാഗില്‍ നിന്ന് എന്തോ എടുത്തുകൊണ്ട് ജാസ്‌ലിന്‍ പറഞ്ഞു.

മനോഹരമായ ഒരു പഴ്‌സ്.. നീണ്ട വള്ളികളുള്ള, വെള്ളിവരകളുള്ള ഒരു പഴ്‌സ്..

“ദിസീസ് ഫോര്‍ യുവര്‍ ഗേള്‍ഫ്രണ്ട്... കണ്‍‌വേ മൈ റിഗാഡ്‌സ്.......” പഴ്‌സ് ഞാന്‍ വാങ്ങി..

“ഷുവര്‍........... താങ്ക്യൂ.......”

ട്രോളി ഉരുണ്ടു.. തിരക്കിലേക്ക് ജാസ്‌ലിന്‍ മറഞ്ഞു....

തിരികെ നടക്കുമ്പോള്‍ വിമാനങ്ങള്‍ ആകാശത്ത് പറന്നു പൊക്കേണ്ടേയിരുന്നു..

മേഘങ്ങളിലേക്ക് ഊളിയിട്ടു പൊട്ടുപോലെ മറയുന്ന വിമാനങ്ങള്‍.

അതിലൊന്നില്‍ ജാസ്‌ലിനും ഉണ്ടാവും.....

എന്‍‌റെ ചുമലിലേക്ക് പടര്‍ന്നു കയറിയ ഏകവിദേശ വനിത... ഇനിയൊരിക്കലും കാണാത്ത.. കണ്ടാലും തിരിച്ചറിയാത്ത ക്യൂബക്കാരി പെണ്ണ്.....

ബസ് സ്റ്റോപ്പില്‍ തലകുനിച്ച്, വെറുതെ ഇരുന്നു...

“ഭൈയ്യാ.........കുച്ച് ദേദോ.....”

തലയുയര്‍ത്തി..

മുന്നിലേക്ക് നീണ്ടു വന്ന മെലിഞ്ഞ ഒരു കൈ...

വിശപ്പു നുണക്കുഴികള്‍ നികത്തിയ ദൈന്യത്തിന്‍‌റെ വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍ പൊടിഞ്ഞ ഒരു കൌമാരക്കാരി..

മഹാരാജ്യത്തിന്‍‌റെ മഹാതലസ്ഥാനനഗരിയിലെ സ്ഥിരം കാഴ്ചകളായ പലരില്‍ ഒരുവള്‍...
അവളുടെ ചുണ്ടുകള്‍ വെടിച്ചു കീറിയിരുന്നു.
ചെമ്പിച്ച മുടിയിഴകളില്‍ മണ്ണുപടര്‍ന്നിരുന്നു.
കണ്ണുകളിലും പുരികത്തിലും വിശപ്പു മാത്രം ഞാന്‍ കണ്ടു..
“കുച്ച് ദേദോ ഭൈയാ......”

നീ എവിടുത്തുകാരിയാണു പെണ്ണേ...
നിനക്കാരൊക്കെയുണ്ട്...
ബാല്യത്തില്‍ നീ തുമ്പിയെ പിടിച്ചിട്ടുണ്ടോ ?..
മണ്ണപ്പം വച്ചിട്ടുണ്ടോ..
പൊട്ടിച്ചിരിച്ചിട്ടുണ്ടോ..

“കുച്ച് ദേദോ ഭൈയാ...” അവളുടെ മെലിഞ്ഞ കൈ നീണ്ടു തന്നെ നിന്നു..

വണ്ടിക്കൂലി കഴിച്ചുള്ള മുഷിഞ്ഞ നോട്ടുകള്‍ ഞാന്‍ ആ പഴ്‌സിനുള്ളിലേക്ക് തിരുകി..

“എന്താ നിന്‍‌റെ പേര്....? “

“കുച്ച് ദേദോ ഭൈയ്യാ.....”

പഴ്‌സ് അവളുടെ കൈയില്‍ തൂക്കിയിട്ടു.

“നിനക്ക് ഞാനൊരു പേരിടാം.. പങ്കജാക്ഷിയമ്മ...... പങ്ക..ജാക്ഷി..അമ്മ.... പൊക്കോളൂ.....”

ദില്ലി എന്നത്തേയും പോലെ നരച്ചു ചിരിച്ചു......


********************** സെക്കന്‍‌റ് തോട്ട്***********

പത്തോളം വര്‍ഷങ്ങള്‍ പൊഴിഞ്ഞു വീണു.. ജാസ്‌ലിന്‍ ഇപ്പോള്‍ എവിടെയായിരിക്കും.. ജൈവസാങ്കേതിക വിദ്യകൊണ്ട് പുതിയൊരു ലോകം തീര്‍ക്കാന്‍ പറന്നു പറന്നു നടക്കുന്നുണ്ടാവും.
പങ്കജാക്ഷി എന്ന പെണ്‍കുട്ടി, കാമം പൂരിപ്പിച്ചവന്‍ കൊടുത്ത നാണയത്തുട്ടുകളുമായി, പ്രകൃതി കൊടുത്ത ബൈപ്രോഡക്ടുകളായ കുട്ടികളേയും ഏണില്‍ വച്ച്, വിശപ്പിന്‍‌റെ മഷിയെഴുതി ഏതോ തെരുവില്‍ അലയുന്നുണ്ടാവാം..

കാലം എന്ന മഹേന്ദ്രജാലക്കാരന്‍‌റെ സ്ലൈഡ് ഷോയില്‍ ഇമേജുകള്‍ പിന്നെയും മാറുന്നു മറിയുന്നു..

പങ്കജാക്ഷി.... നിന്നോടൊന്നു ഞാന്‍ ചോദിക്കട്ടെ....നീ ഇന്ന് വല്ലതും കഴിച്ചോ......?

Monday, 28 April 2008

ഓര്‍മ്മേട്ടാ.....ലില്ലിടീച്ചറ്‍ വിളിക്കുന്നു.

ബിരുദം നേടലിനും ഡല്‍ഹി ടിക്കറ്റിനും ഇടയ്ക്കുള്ള മൂന്നുമാസത്തെ ഗ്യാപ്‌ ഫില്ലു ചെയ്യാന്‍, കോന്നി പബ്ളിക്ക്‌ ലൈബ്രറിയും, മുരിങ്ങമംഗലം അമ്പലത്തിലെ കര്‍പ്പൂരം മണക്കുന്ന സായന്തനങ്ങളും, അല്ലറചില്ലറ കുത്തിക്കുറിയ്ക്കലുകളും മാത്രം പോരല്ലോ എന്ന് ചിന്തിച്ച്‌, മനസ്സ്‌ എക്‌സ്‌ട്രാ വഴികള്‍ തേടുന്ന ഒരു പത്തുമണിക്കാണ്‌, വീട്ടുപടിക്കല്‍ ഒരു സൈക്കിള്‍ മണിയൊച്ച കേട്ടത്‌.

ആനന്ദന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച്‌, വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി ഒരു വരണ്ട ചിരി.

"പാവങ്ങടെ വീട്ടിലോട്ടുള്ള വഴിയൊക്കെ അറിയുമോടേ നീ.. കുറെയായല്ലോ കണ്ടിട്ട്‌.. "

"തിരക്കാടാ തിരക്ക്‌.... പ്രൂം................ "

"ആദ്യം കോളാമ്പി കാലിയാക്ക്‌. മുറുക്കി മുറുക്കി നിന്‍റെ പല്ല് റെഡ്ഫോര്‍ട്ട്‌ പോലായി കൊശവന്‍"

കസേരയില്‍ കിടന്ന പേപ്പര്‍ വലിച്ച്‌ മാറ്റി ആനന്ദന്‍ ശഠേ എന്ന് ഇരുന്നു.

"ചില്‍................"
ചന്തിക്കടിയിലെ ജലതരംഗശബ്ദം കേട്ട്‌ കറണ്ടടിച്ചവനെപ്പോലെ ഞെട്ടിയെണീറ്റു.

"എന്‍റെ പള്ളീ....." ഞങ്ങള്‍ രണ്ടാളും ഒന്നിച്ചു പറഞ്ഞുപോയി.

അമ്മ മുഖം നോക്കിയിട്ട്‌ കണ്ണാടി കസേരയില്‍ വച്ചതും അതിനു മുകളില്‍ ആരോ പേപ്പര്‍ വായിച്ച്‌ മടക്കിയിട്ടതും ഞാനും ശ്രദ്ധിച്ചില്ല, അമ്മയും ശ്രദ്ധിച്ചില്ല, ഇരുന്നുടയ്ക്കുന്നതുവരെ ആനന്ദനും ശ്രദ്ധിച്ചില്ല.

"പൊട്ടി... " ആനന്ദന്‍

"ആങ്ങ്‌ പോട്ട്‌" ഞാന്‍

"കണ്ണാടിയല്ല.. എന്‍റെ പാന്‍റിന്‍റെ മൂട്‌.... "

"മുണ്ടെടുക്കട്ടെ.. " ഞാന്‍

"കീറി"

"പഞ്ഞി വേണോ.. "

"ആഹാ....ആനന്ദനോ.. എന്തൊക്കെയുണ്ട്‌ മോനേ വിശേഷം. ടൂട്ടോറിയല്‍ പടിപ്പീരൊക്കെ എങ്ങനെ പോകുന്നു. അമ്മയെ അമ്പലത്തില്‍ കണ്ടിട്ട്‌ കുറെനാളയല്ലോ.. സുഖം തന്നെയല്ലേ " അമ്മ അടുക്കളയില്‍ നിന്ന് വന്നു

"സുഖം തന്നെയമ്മേ...." അര്‍ശസ്‌ രോഗി ഞരങ്ങും പോലെ ചള്ളിയ ചിരിയുടെ ബാക്ക്‌ഗ്രൌണ്ടില്‍ ആനന്ദന്‍.

ചായകുടികഴിഞ്ഞു മുറ്റത്തിറങ്ങി, കിണറിന്‍റെ ആഴം നോക്കി നിന്നുകൊണ്ട്‌ ആനന്ദന്‍ പറഞ്ഞു
"നിന്നോടൊരു അത്യാവശ്യകാര്യം പറയാനുണ്ട്‌. നീ എന്നാ ഡല്‍ഹിക്കു പോന്നെ?"

"ഒരു മൂന്നുമാസമെടുക്കും.. എന്താ കാര്യം? "

"മൂന്നുമാസത്തേക്ക്‌ നിനക്കൊരു ചെറിയ ജോലി ഞാന്‍ ശരിപ്പെടുത്തി. വയ്യാന്നു പറയല്ല്. എന്‍റെ നിലനില്‍പ്പിന്‍റെകൂടി പ്രശ്നമാ.. "

"എന്ത്‌ ജോലി.. ? "

"സ്കോളേഴ്സ്‌ അക്കാഡമയില്‍ ഒരു കണക്കു സാറിന്‍റെ ഒഴിവുണ്ട്‌. ഫിലിപ്പ്‌ ഗള്‍ഫില്‍ പോയ വകയില്‍. മൂന്നുമാസമെങ്കില്‍ മൂന്നുമാസം. നീ ജോയിന്‍ ചെയ്യ്‌. തല്‍ക്കാലം വേറെ ആളെ കിട്ടാനില്ല. ക്ളാസ്‌ മുടങ്ങരുതല്ലോ... റെഡിയാണോ.. "

"ഏത്‌? . ആ വ്യവഹാരം വാസൂള്ളസാറിന്‍റെ ട്യൂട്ടോറിയലിലോ.. പഷ്ട്‌... അതിലും ഭേദം ട്രെയിനു തലവയ്ക്കുന്നതല്ലേ.. എടാ നീ എങ്ങനെ അവിടെ ജോലിചെയ്യുന്നു. അതും നക്കാപ്പിച്ചാ ശമ്പളത്തിന്‌? "

വ്യവഹാരം വാസുപിള്ള എന്ന റിട്ടയേഡ്‌ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍, റോഡ്‌ സൈഡിലുള്ള തന്‍റെ വീടിനോട്‌ ചേര്‍ന്ന്, പരമ്പുപാര്‍ട്ടീഷ്യന്‍ കൊണ്ട്‌ മനോഹരമാക്കിയ നാലഞ്ച്‌ ക്ളാസ്‌ മുറികള്‍ പണിത്‌ ട്യുട്ട്യോറിയല്‍ തുടങ്ങിയത്‌, ആ വകയില്‍ മാസത്തില്‍ നാലഞ്ചുപേരെയിങ്കിലും കൂടി കോടതി കയറ്റാമല്ലോ എന്ന സദുദ്ദേശം ഒന്നുകൊണ്ട്‌ മാത്രമാണ്‌ എന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്‌.

'ഹേബിയസ് കോര്‍പ്പസ്‌', 'കള്‍പ്പബില്‍ ഹോമിസൈഡ്‌ നോട്ട്‌ എമൌണ്ടിംഗ്‌ ടു മര്‍ഡര്‍' തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ലീഗല്‍ വാക്കുകള്‍ ആ പരിസരത്തെ മുറുക്കാന്‍ കടക്കാരനുവരെ സുപരിചിതമായത്‌, വാസുപിള്ള സാറിന്‍റെ ഹോബി നിമിത്തം ആണ്‌.

മാസത്തില്‍ മിനിമം പത്തുപേരെയെങ്കിലും കോടതി കയറ്റുക. ഇതൊരു വ്രതം പോലെ കാത്തുസൂക്ഷിച്ചു പുള്ളി.

കോന്നി പത്തനംതിട്ട റൂട്ടിലോടുന്ന 'വേണാട്‌ എക്‌സ്പ്രസിന്‍റെ' ഡ്രൈവര്‍ ട്യൂട്ടോറിയല്‍ പരിസരത്ത്‌ വച്ച്‌ ചാവാന്‍ തുടങ്ങിയാല്‍ പോലും ഹോണ്‍ അടിക്കാതായത്‌, ഒരിക്കല്‍ പശു കുറുക്കു ചാടിയപ്പോള്‍ ഹോണടിച്ചുപോയി എന്ന മഹാപരാധം കൊണ്ടാണ്‌. 'ശബ്ദമലിനീകരണം ഇന്‍ എജ്യൂക്കേഷണല്‍ പ്രൊവിന്‍സ്‌' എന്ന സ്പെഷ്യല്‍ ആക്ട്‌ പ്രകാരം പാവം മൂന്നാഴ്ച്ച കോടതി നിരങ്ങി.

വാറ്റിന്‍റെ പിക്കപ്പില്‍ എവിടെയോ പൊഴിഞ്ഞുപോയ മുണ്ട്‌, പിക്കപ്പ്‌ കുറഞ്ഞു തുടങ്ങിയപ്പോള്‍ പെറുക്കാന്‍ വന്ന ഇട്ടിച്ചനെ, മുണ്ടു കൈയില്‍ പിടിപ്പിച്ച്‌ കോടതിയില്‍ എത്തിച്ചത്രേ, 'ഇമ്മോറല്‍ ട്രാഫിക്‌ ബ്ളോക്കിംഗ്‌' എന്ന പ്രത്യേക വകുപ്പില്‍.

എന്തിന്‌, പിണ്ഡവാതം കാരണം വടിപോലും പിടിക്കാന്‍ വയ്യാതായ സ്വന്തം അമ്മായിയപ്പനെ വരെ വാസുപിള്ളസാര്‍ കോടതി കയറ്റി എന്നാണു നാട്ടുകാര്‍ പറയുന്നത്‌. ഒരിക്കല്‍ അമ്മായിയപ്പന്‍ സാറിനെ വിളിച്ചു പറഞ്ഞു 'മരുമോനെ.. കല്യാണിക്കുട്ടിയെ കെട്ടിയിട്ട്‌ ഇത്ര വര്‍ഷമായി. ഇതുവരെ ഒന്നും ഞാന്‍ തന്നിട്ടില്ല.. നീ ചോദിച്ചിട്ടുമില്ല. ഇനി പറ. സ്ത്രീധനമായി നീ എന്താ എക്സ്‌പെക്ട്‌ ചെയ്യുന്നത്‌. "
പിറ്റേന്ന് അമ്മായിയപ്പന്‍ പിണ്ഡവാതം സമേതം കോടതിയില്‍. കാരണം സിമ്പിള്‍ ലാ പോയിണ്റ്റ്‌ 'ഓഫറിംഗ്‌ ഡവ്‌റി ഈസ്‌ മോറ്‍ പണിഷബിള്‍ ദാന്‍ ഡിമാന്‍ഡിംഗ്‌... "

ഇങ്ങനെയുള്ള വ്യവഹാരം വാസൂള്ളസാറിന്‍റെ ലേബറ്‍ ആവാനാണ്‌ ആനന്ദന്‍ എന്നെ ഉപദേശിക്കുന്നത്‌.

ആദ്യം എതിര്‍ത്തെങ്കിലും, ആനന്ദന്‍റെ നിര്‍ബന്ധവും, പിന്നെ അദ്ധ്യാപനം എന്ന പ്രൊഫഷനില്‍ എനിക്കുള്ള പാഷനും ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ സൈക്കിളിന്‍റെ കാരിയറിലേക്ക്‌ ചാടിക്കയറി.

"വിട്‌.. ഇന്നു തന്നെ ഇന്‍റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്തേക്കാം. ജാതകത്തില്‍ പത്തു കിടാങ്ങള്‍ക്ക്‌ പാഠം പറഞ്ഞുകൊടുക്കാന്‍ യോഗം ഉണ്ടായിരിക്കാം... "

കരിമ്പോലകള്‍ കൈനീട്ടിനില്‍ക്കുന്ന ഇടവഴിയിലൂടെ ആനന്ദന്‍റെ സൈക്കില്‍ നീങ്ങി.

"അളിയാ ബേറ്‍ഡ്‌സ്‌ ഒക്കെ കാണും അവിടെ അത്യാവശ്യത്തിന്‌ അല്ലേ.. "

ഞാന്‍ ചോദിച്ചുതീരും മുമ്പേ അവന്‍ സൈക്കിള്‍ നിര്‍ത്തി .

"എന്തോ........ ? "

"അല്ല.. കിളികള്‍.. ഐ മീന്‍.. ഫീമെയില്‍ സ്റ്റാഫ്‌... "

"ഉണ്ടെങ്കില്‍....... " ആനന്ദന്‍ സീരിയസായി

"ഏയ്‌.. ഒന്നിനുമല്ല. വെറുതേ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാമല്ലോ എന്നൊരു ചെറിയ... "

"അതിമോഹം അല്ലേ.. ഇറങ്ങ്‌. ഇപ്പൊഴാ ഓര്‍ത്തത്‌. നിനക്കങ്ങനൊരു വീക്ക്‌നെസ്‌ ഉണ്ടല്ലോ.. വേണ്ട. ഞാന്‍ വേറെ ആളെ തപ്പിക്കോളാം. നീ ശരിയാവത്തില്ല.. "

"ട്രീം.... ട്രീം..." ഞാന്‍ സൈക്കിള്‍ മണിയില്‍ കിലുക്കി
"ചുമ്മാ തമാശപറഞ്ഞതല്ലേ അളിയാ. ഞാന്‍ ആളു ഡീസന്‍റല്ലേ.. നീ വണ്ടിയെടുക്കെടാ മോനേ... "

"ഇപ്പൊഴേ ഞാന്‍ പറഞ്ഞേക്കാം. അവിടൊരു സുന്ദരി മലയാളം ടീച്ചര്‍ ഉണ്ട്‌, ലില്ലിക്കുട്ടി. നിന്‍റെ തനിസ്വഭാവം അങ്ങോട്ടെടുത്തേക്കരുത്‌ എന്‍റെ സ്വഭാവം മാറും" ആനന്ദന്‍ പിന്നെയും ചവിട്ടു തുടങ്ങി.

"ലൈന്‍ ആയിരിക്കും അല്ലേ... "

"എന്നു തന്നെ വച്ചോ... "

"ഹി ഹി ഹി..... "

"എന്താ നിനക്കൊരു വളിച്ച ചിരി..." ഒരു ഗട്ടറ്‍ കണ്ട്‌ പ്രിക്കോഷനുവേണ്ടി ചന്തി ഒരടി ഉയര്‍ത്തിക്കോണ്ട്‌ ആനന്ദന്‍.

"അല്ല.. ഹയര്‍ഗ്രേഡ്‌ നായരായ നീയും സത്യകൃസ്ത്യാനിയായ ആ ടീച്ചറും. നീ അണ്ടര്‍വെയറിന്‍റെ സിംഗിള്‍ പീസ്‌ ഡ്രസ്സില്‍ പോലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചുപോയതാ.. "

"ഒലത്താതെടാ.. ലവേഴ്സിനെന്തു ജാതീം മതോം.. നിനക്കെന്തറിയാം"

"പക്ഷേ ലവേഴ്സിന്‍റെ തന്തേഴ്സിനതുണ്ടല്ലോ.... "

"ഹോ മുടിഞ്ഞ കേറ്റം.. എന്തൊരു വെയിറ്റാടാ നിനക്ക്‌... "

"ഞാന്‍ ചവിട്ടണോ ഇനി... "

"തൊഴിക്കാതിരുന്നാ മതി.... "

കോന്നിപ്പാലം ഇറക്കത്തില്‍ സൈക്കിള്‍ സ്മൂത്തായി ഒഴുകി..

"കഞ്ജബാണന്‍ തന്‍റെ പട്ടം കെട്ടിയ റാണിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.......
എടാ ഈ ലില്ലിടീച്ചറിനു നുണക്കുഴിയുണ്ടോ.... "

"എന്തിനാ.. നിനക്ക്‌ ചേന നടനാണോ. കഴുവേറിയുടെ ഒരു ചോദ്യം.. "

"എന്താണെന്നറിയില്ല. നുണക്കുഴിയുള്ള പിള്ളാരെ പണ്ടേ എനിക്കിഷ്ടമാ...
ഡിമ്പിള്‍ ഡിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍ ..
ഹൌ ഐ വണ്ടര്‍ വാട്ട്‌ യൂ ആര്‍....
അപ്‌ എബൌ ദി ബ്യൂട്ടി സ്പോട്ട്‌
ലൈക്‌ എ ഡയമെണ്ട്‌ ഓണ്‍ ദി ചീക്‌"

കാറ്റിനെ തഴുകി സൈക്കിള്‍ പിന്നെയും നീങ്ങി..

'സ്കോളേഴ്സ്‌ അക്കാദമി'യിലെ തലമൂത്ത സ്കോളറായ പത്മനാഭന്‍ പിള്ള സാറ്‍ എന്ന സിക്സ്‌റ്റി പ്ളസ്‌കാരന്‍, കെട്ടുപോയ ബീഡിയെ എക്‌സ്‌ട്റാ ഫോഴ്സ്‌ കൊണ്ട്‌ സക്കുചെയ്ത്‌ കത്തിക്കാനുള്ള വിഫലശ്രമം നടത്തി വാതില്‍ക്കല്‍ നില്‍ക്കുന്ന കണ്ട്‌, ഞങ്ങള്‍ ഇറങ്ങി.

"സാറെ. ഇവനെ അറിയുമോ.. കണക്കില്‍ കെങ്കേമന്‍. ഇനി നമുക്ക്‌ മാത്തമാറ്റിക്സിന്‍റെ കാര്യത്തില്‍ ചിന്ത വേണ്ട." ആനന്ദന്‍ എന്നെ പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു.

"ഹലോ.. ഞാന്‍ പത്മനാഭ...... "

"പിള്ളസാര്‍..അല്ലേ അറിയാം. " ഞാന്‍ പുഞ്ചിരിച്ചു.

"എന്നെയോ!!.. എങ്ങനെ അറിയാം... "

"മഠത്തില്‍കാവിലെ ഉത്സവത്തിന്‌ ആനവിരണ്ടപ്പോള്‍, മതിലില്‍ നിന്നു ഉച്ചികുത്തി വീണത്‌ സാറുതന്നെ അല്ലേ.. "

"ഹോ.. അതോര്‍മ്മിപ്പിക്കാതെ .. അല്ല.. തന്നെ ഞാന്‍ മുമ്പ്‌ കണ്ടിട്ടില്ലല്ലോ.. "

"അതങ്ങനെയല്ലേ സാര്‍. ഈ രാജീവ്‌ ഗാന്ധിയെ എല്ലാര്‍ക്കുമറിയാം. രാജിവ്‌ ഗാന്ധിക്കെല്ലാരേമറിയില്ല എന്നു കേട്ടിട്ടില്ലേ.. "

"വാസൂള്ളസാറുണ്ടൊ അകത്ത്‌.." ആനന്ദന്‍ വിഷയം മാറ്റി.

"അയ്യോ ഉണ്ടുണ്ട്‌. പാക്കുപറിക്കാരനെ കോടതികേറ്റാന്‍ അകത്ത്‌ പേപ്പറു തയ്യാറാക്കുന്നു.. "

"കൊള്ളാം. ഇങ്ങേര്‍ക്ക്‌ മുദ്രപ്പത്രത്തിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്‌. അല്ലാ.. എന്താ പാക്കുകേസ്‌.." ആനന്ദനു കൌതുകം.

"ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി പാക്കുപറിച്ചിട്ട്‌, എല്ലാത്തിനും കൂടി കൂലി ചോദിച്ചപ്പോള്‍, 'ചാടിക്കേറിയ കമുക്‌ എണ്ണത്തില്‍ ഇന്‍വാലിഡ്‌ ആണ്‌' എന്നൊരു ലോ പോയിണ്റ്റ്‌.. രാവിലെ സൂപ്പര്‍ ചീത്തവിളിയാരുന്നു ഇവിടെ.. "

ഞങ്ങള്‍ ഓഫീസ്‌ മുറിയിലെത്തി.

'തലയില്‍ തേച്ചു കറുപ്പിക്കേണ്ടത്‌
താമരവദനാ ചുണ്ടില്‍ തേച്ചോ'
എന്ന മട്ടില്‍ ഡൈചെയ്തു കറുപ്പിച്ച കട്ടിമീശയില്‍ വിരലോടിച്ച്‌, ഇന്ത്യാ പാക്ക്‌ ആണവക്കരാറിന്‍റെ കരട്‌ തയ്യാറാക്കുന്ന ഗൌരവത്തോടെ എന്തൊക്കെയോ ആലോചിച്ചെഴുതുന്നു വാസുപിള്ള സാര്‍.

"സാര്‍.. " കണ്ണടയുടെ ഫ്രെയിമിനു മുകളിലൂടെ ഒരു ചീഞ്ഞ നോട്ടം.

"ഇത്‌.. ഇത്‌ മനു. കണക്കുമാഷായി..... "

"ഓ... ഇരി ഇരി. "

ഞങ്ങളിരുന്നു

"കുടിക്കാന്‍ എന്താ... ഒരു ഗ്ളാസ്‌ പച്ചവെള്ളം എടുക്കട്ടെ." ഭാഗ്യം അരിപ്പന്‍ അത്രയും ചോദിച്ചല്ലോ..

സ്കോളേഴ്സ്‌ അക്കാദമയുടെ ചരിത്രപ്രസിദ്ധമായ ജൈത്ര യാത്രയെപ്പറ്റിയും, പൂര്‍വ്വ അദ്ധ്യാപകരുടെ നടപ്പ്‌ ലൈഫ്‌ സ്റ്റാറ്റസിനെപ്പറ്റിയും വിശദമായ ഒരു പ്രഭാഷണം തന്നെ നടത്തി, എന്നെ എട്ടുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കണക്ക്‌ വാധ്യാരായി നിയമിച്ചു എന്നുള്ള കോരിത്തരിപ്പ്‌ വാര്‍ത്തയും തന്ന് സാര്‍ മെയില്‍ സബ്ജക്ടിലേക്ക്‌ കടന്നു.

"ശമ്പളം ആനന്ദന്‍ പറഞ്ഞു കാണുമല്ലോ അല്ലേ.. എല്ലാ പിള്ളേരും ഫീസ്‌ തന്നാല്‍ മാസം നൂറ്റിയറുപതു രൂപ.. "

'ഇതൊരുപാട്‌ കൂടിപ്പോയല്ലോ' എന്ന മട്ടില്‍ ഞാന്‍ ആനന്ദനെ ഒന്നു നോക്കി.

"നിങ്ങളുടെ പഠിപ്പീരുപോലെയിരിക്കും പിള്ളാരുടെ ഫീസും. അതുകൊണ്ട്‌ നല്ലപോലെ പഠിപ്പിക്കുക. അവര്‍ കൃത്യമായി ഫീസുതരും. നിങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളോം. മനസിലാവുന്നുണ്ടോ... ആനന്ദാ.. കഴിഞ്ഞ തവണ പത്മനാഭന്‍ പിള്ളയ്ക്ക്‌ എത്രരൂപയാ ശമ്പളം കിട്ടിയത്‌.. ഒന്നു പറഞ്ഞു കൊടുക്കിവന്‌"

"മൂന്നു രൂപ അമ്പതു പൈസ സാര്‍.." ആനന്ദന്‍ വിനയത്തോടെ പറഞ്ഞു.

"ആങ്ങ്‌.. അപ്പോ പറഞ്ഞപോലെ.. ഇന്നുതന്നെ ജോയിന്‍ ചെയ്തോ. ഗുഡ്‌ ലക്ക്‌"

വാസൂള്ള സാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി.

സ്റ്റാഫ്‌ റൂമിലേക്ക്‌ ഞങ്ങള്‍ നടന്നു.

"എടാ. ടാപ്പിംഗിനു പോയാല്‍ ദിവസം ഇത്രയും കിട്ടുമല്ലോ. ഛേ.. ഒരുമാതിരി നാണം കെട്ട പരിപാടി. "

"എന്നാ നീ ടാപ്പിംഗിനു പോ.... എടാ നിനക്ക്‌ ടൈംപാസ്‌ പോരേ.. അതും മൂന്നുമാസം. "

"ഉം. അതും ശരിയാ"

സ്റ്റാഫ്‌റൂമില്‍ പത്മനാഭന്‍ സാര്‍, ഹിസ്റ്ററി പുസ്തകത്തില്‍ ഊളിയിട്ട്‌ ഹുമയൂണിന്‍റെ ഭരണപരിഷ്കാരങ്ങള്‍ മനസില്‍ അരക്കിട്ടുപ്പുറച്ചിരിക്കുന്നു.

"കിട്ടി അല്ലേ.. കലക്കി.. വാ ... ഇരിക്ക്‌. "

"ഉം. കിട്ടി.."
ആകെപ്പാടെ രണ്ടു ലീഫുള്ള, അതില്‍ ഒന്നു ഒടിഞ്ഞു മടങ്ങിയ ഫാനിലേക്ക്‌ നോക്കി പറഞ്ഞു.

"അപ്പോ ചിലവുണ്ട്‌. മറക്കണ്ട.. അതാ ഇവിടുത്തെ ഒരു രീതി. " പത്ഭനാഭന്‍ സാര്‍

"കൊള്ളാം ഉണ്ടോന്നോ.. ആദ്യത്തെ ശമ്പളം ഒന്നു കിട്ടിക്കോട്ടെ. സിംഗപ്പൂരില്‍ തന്നെ പൊയ്ക്കളയാം"

അപ്പൊഴാണ്‌ ഒരു പൊട്ടിച്ചിരി ഞാന്‍ കേട്ടത്‌.

സ്റ്റാഫ്‌ റൂമിന്‍റെ മൂലയിലെ കൂജയില്‍ നിന്ന് വെള്ളം കുടിയ്ക്കുമ്പോള്‍, ചിരിച്ചകാരണം വെള്ളം മണ്ടയില്‍ കയറി തലയില്‍ കൈയടിച്ചുകൊണ്ട്‌ ഒരു സുന്ദരി..
ഇളം വിയര്‍പ്പ്‌ കഴുത്തില്‍ ആഭരണം പോലെ പറ്റിപ്പിടിച്ച, ജിമുക്ക കിലുക്കുന്ന, പാതിപൊളിച്ച വാഴക്കൂമ്പിതളിലെ തേന്‍കുടങ്ങളെ പോലെ മന്ദഹസിക്കുന്ന ഒരു സുന്ദരി..

"ഇതാണിവിടുത്തെ മലയാളം അദ്ധ്യാപിക.... "

"ലില്ലിക്കുട്ടി ടീച്ചര്‍.. അല്ലേ"

"ശ്ശെടാ.. നിനക്ക്‌ ടീച്ചറിനേയും അറിയാമോ" പത്മനാഭപിള്ള സര്‍ കിണ്ണത്തലയില്‍ കൈവച്ചു.

"അല്ല ആനന്ദന്‍ പറഞ്ഞിരുന്നു. ഇവിടെ ഫീമെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരിയേ ഉള്ളൂ.. അത്‌ ലില്ലിടീച്ചര്‍ ആണെന്ന്" വളിച്ചുചിരിക്കുന്ന ആനന്ദനെ ഞാനൊന്നു നോക്കി

"ഉം.... ഇവന്‍ മറ്റുവല്ലതും പറഞ്ഞോ..... " പിള്ളസാറിനു ഒരു കള്ളച്ചിരി

"പറഞ്ഞു. ഇവിടെ മെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരനെയുള്ളൂ.. അത്‌ പത്മനാഭപിള്ളസാറാണെന്ന്"

ലില്ലിടീച്ചര്‍ പൊട്ടിച്ചിരിക്കുമ്പോള്‍, ഓള്‍റെഡി മൂന്നെണ്ണം കൊഴിഞ്ഞുപോയ, ബാക്കി ആടിയിരിക്കുന്ന പല്ലുകള്‍ കാട്ടി പിള്ളസാര്‍ ഒന്നു ചമ്മി.

"വന്നു കേറിയപ്പൊഴേ ആക്കല്ലേ മോനേ.. "

എന്‍റെ ചിലവില്‍ ചായയും പരിപ്പുവടയുമെത്തി.

"എങ്ങനെയുണ്ട്‌ ലില്ലിടീച്ചറെ അധ്യാപനം? " വടയില്‍ ഞാന്‍ കടിച്ചു

"കൊള്ളാം.. വെറുതെ സമയം കളയാന്‍ വേണ്ടി വരുന്നു. വീട്ടിലിരുന്നാല്‍ വല്യപ്പച്ഛന്‍റെ മൊശടത്തരോം ചീത്തവിളീം സഹിക്കണം. ഇതാവുമ്പോ കുറച്ചു തമാശ.. കുറെ കുട്ടികള്‍.. കാശു നോക്കിയല്ല. "പുഞ്ചിരിക്ക്‌ ജിമുക്കയാട്ടം ചന്തമേകി.

"പിള്ളസാറെ വട ഒരു മയത്തില്‍ കടി. പല്ലു നമ്മുടെയാണേ... " ആനന്ദന്‍

"ഉം....ഉം... ഉം.." പിള്ളസാറിനു മറുപടി പറയണം എന്നുണ്ട്‌. പക്ഷേ വായില്‍ വട.. ഒപ്പം ചായ.

"അപ്പോ ഇന്നു വൈകിട്ട്‌ എന്‍റെ ആദ്യ ക്ളാസ്‌. എല്ലാരും അറഞ്ഞൊന്ന് അനുഗ്രഹിച്ചേക്കണേ.." ഞാന്‍ ചുണ്ടു തുടച്ചു.

"അതെപ്പൊഴേ തന്നു കഴിഞ്ഞു.." ലാസ്റ്റ്‌ സിപ്പു കഴിഞ്ഞ്‌, പല്ലെല്ലാം അവിടെത്തന്നെ ഉണ്ടല്ലോ എന്നു വിരലുകല്‍ കൊണ്ട്‌ ഒന്നുകൂടി കണ്‍ഫേം ചെയ്തു പത്മനാഭപിള്ളസാര്‍ ചിരിച്ചു.

മുന്നിലിരിക്കുന്ന മുപ്പതോളം കൌമാരക്കാര്‍.
കുസൃതികളായ ആണ്‍കുട്ടികള്‍.
വാടിയ മുല്ലപ്പൂ മുടിയില്‍ തൂക്കിയ പെണ്‍കുട്ടികള്‍.
നേരിയ ചാറ്റല്‍ മഴ പുറത്ത്‌.

ജീവിതത്തില്‍ ആദ്യമായി ബ്ളാക്ക്‌ ബോര്‍ഡില്‍ എന്‍റെ ചോക്ക്‌ ഉരഞ്ഞു.

'ആള്‍ജിബ്ര... '

ക്ളാസ്‌ പുരോഗമിക്കുമ്പോള്‍ ഒന്നു ഞാന്‍ അറിഞ്ഞു. ലോകത്തില്‍ വച്ചേറ്റവും ഭാഗ്യം ചെയ്തവര്‍ അദ്ധ്യാപകരാണ്‌. മനസുകളെ പ്രോസസ്‌ ചെയ്യുന്നവര്‍.
അദ്ധ്യാപകനായ അച്ഛന്‍ ഇതുവരെ കാണാത്ത രൂപത്തില്‍ എന്‍റെ മനസില്‍ നിറഞ്ഞു.

സ്വര്‍ഗം കിട്ടിയ സന്തോഷത്തോടെ സ്റ്റാഫ്‌ മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ കാതിലേക്കൊരു മധുരഗീതം ഒഴുകി വരുന്നു.

'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം"

പരിസരം നിശ്ശബ്ദമായി. പരമ്പു പാര്‍ട്ടീഷനുകള്‍ കടന്നുവരുന്നു മധുരമായ ആ കവിത. ഏതോ ക്ളാസില്‍ നിന്ന് ലില്ലിടീച്ചര്‍ ചൊല്ലുകയാണ്‌.

സ്റ്റാഫ്‌ റൂമില്‍ ആനന്ദന്‍ കണ്ണുമടച്ചിരിക്കുന്നു. ഇടയ്ക്ക്‌ തലയാട്ടുന്നു.
ഞാന്‍ പതുക്കെ അടുത്തു ചെന്നു. കഴുത്തു നീട്ടി അവനെ തന്നെ നോക്കി.
ഉം.ഹും. ഒരനക്കവുമില്ല.

അവന്‍ ലില്ലിടീച്ചറിന്‍റെ ശബ്ദത്തില്‍ ലയിച്ചിരിക്കുകയാണ്‌.

"ഡേയ്‌... !!!!! "

"നശിപ്പിച്ചു. സകല മൂഡും നശിപ്പിച്ചു. നിന്നോടാരു പറഞ്ഞു ഇങ്ങോട്ട്‌ കെട്ടിയെടുക്കാന്‍. "

"ഹ ഹ നീ എവിടാ ലയിച്ചിരിക്കുന്നെ. ഉള്ളൂരിന്‍റെ പ്രേമഗീതത്തിലോ അതോ ലില്ലൂരിന്‍റെ വോയ്സിലോ.. "

"രണ്ടിലും. എത്ര സത്യമാ ആ കവി പറഞ്ഞത്‌ അല്ലേ. ഒരൊറ്റ മതമേയുള്ളൂ ഈ ലോകത്ത്‌. അത്‌ പ്റേമം മാത്രം.. "

"ഇതേ കവി തന്നെ പാടിയിട്ടുണ്ട്‌ 'പെണ്ണൊന്നെരെണ്ണത്തെ തീര്‍ത്തൊരീ നാന്‍മുഖന്‍ പെണ്ണിലും പെണ്ണാക്കി പൂരുഷനെ ' എന്ന്, പിംഗളയില്‍.. അതും നീ മറക്കെണ്ടാ"


അറിവു പകര്‍ന്ന് കൊടുത്ത്‌ പിന്നെയും പല ദിനങ്ങള്‍ കടന്നുപോയി.

എന്‍റെ സായന്തനങ്ങള്‍ക്ക്‌ സ്വര്‍ണ്ണപ്രഭ കൈവന്നു. ചിരിയും ചായയും വടയും സൌഹൃദവും മിക്സ്‌ ചെയ്ത സുന്ദര സായന്തനങ്ങള്‍.

'എ പ്ളസ്‌ ബി ദ ഹോള്‍ സ്ക്വയേര്‍ഡ്‌' എന്ന് മുഴുവന്‍ എഴുതും മുമ്പേ നടുവൊടിഞ്ഞ ചോക്ക്‌ റീപ്ളേസ്‌ ചെയ്യാന്‍ സ്റ്റാഫ്‌ റൂമിലെക്കു പോയ ഞാന്‍ വാതില്‍ പടിയിലെത്തിയപ്പോഴാണ്‌ അത്‌ കേട്ടത്‌.

"കളികള്‍.." ഛെടാ ഇത്‌ ലില്ലിടീച്ചറുടെ വോയ്സാണല്ലോ അകത്തുനിന്ന്.
"ചൊല്ലി.. " ഇത്‌ ആനന്ദന്‍റെ ശബ്ദം
"കാട്ടു.. " ഇത്‌ ലില്ലീസ്‌
"പൂവിന്‍.. " പിന്നെയും ആനന്ദന്‍
"കരളി.. " വീണ്ടും ലില്ലീസ്‌
"നോടും നീ..... " ആനന്ദന്‍ എഗൈന്‍

അകത്തേക്ക്‌ കടന്ന ഞാന്‍ യുഗ്മഗാനത്തിന്‍റെ ബാക്കിഭാഗം കേട്ടു.

"പൂങ്കാറ്റിനോടും കിളികളോടും കളികള്‍ ചൊല്ലി നീ.. "

ലില്ലിടീച്ചര്‍ പാവക്കുട്ടിയെപ്പോലെ തലയാട്ടി പാടുന്നു. കൂടെ, ആനന്ദന്‍ ഉണങ്ങിയ തെങ്ങോല കാറ്റത്താടുമ്പോലെ തലയാട്ടിപ്പാടുന്നു.

"കലക്കി. സത്യം പറയാമല്ലോ.. ടീച്ചറിന്‍റെ ശബ്ദം ശരിക്കും മെലോഡിയസ്‌. ഇവന്‍റെ കേട്ടിട്ട്‌ തങ്കച്ചായന്‍റെ മില്ലില്‍ നെല്ലുകുത്തുമ്പോലെയുണ്ട്‌. ഒട്ടും മാച്ചിംഗ്‌ അല്ല." ചമ്മിച്ചിരിക്കുന്ന രണ്ടാളേം നോക്കി ഞാന്‍ പറഞ്ഞു.

കൈപൊത്തിച്ചിരിച്ചുകൊണ്ട്‌ ടീച്ചര്‍ ഇറങ്ങിയോടി.

'സാമദ്രോഹി' എന്ന അര്‍ത്ഥത്തില്‍ ആനന്ദന്‍ ക്രൂരമായി എന്നെ ഒന്നു നോക്കി.

'ഇതിലും നല്ല പാട്ടുണ്ടല്ലോടാ.. അതെന്തേ പാടാഞ്ഞെ.. ഫോര്‍ എക്സാമ്പിള്
‍ആട്ടേപോട്ടേ..ഇരിക്കട്ടെ ലൈലേ... നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മയിലേ...
നിന്നെക്കാണും നേരമെന്‍റെ മജനൂ... എന്‍റെ
ചങ്കിലൊരു കിരുകിരുപ്പ്‌ വരണ്‌"

ചിരിയടക്കി ചോക്കുമെടുത്ത്‌ ഞാന്‍ പുറത്തുവന്നു.

ഒരിക്കല്‍, സംസാരിക്കാന്‍ മറ്റു വിഷയങ്ങള്‍ ഒന്നും ഇല്ലാഞ്ഞപ്പോ ഫുഡ്‌ ടെക്നോളജിയിലേക്ക്‌ ഞങ്ങള്‍ തിരിഞ്ഞു.

"ടീച്ചറിനേറ്റവും ഇഷ്ടപ്പെട്ട ആഹാരം എന്താ?"

"എന്നെ ടീച്ചറെന്നു വിളിക്കാതെ പ്ളീസ്‌. അതു കേള്‍ക്കുമ്പോഴേ ഒരു വല്ലായ്മ"

"ഈ കാളവണ്ടിക്കാരനെ ഡ്രൈവറേ എന്നു വിളിച്ചാലുണ്ടാവുന്ന ഒരുതരം സുഖമില്ലായ്മ അല്ലേ.. എല്ലാ ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്കും ഉണ്ടീ ഫീലിംഗ്‌" ടീച്ചര്‍ പിന്നെയും ചിരിച്ചു

"പാലപ്പവും മുട്ടക്കറിയും"

"ങേ.. !!"

"അല്ല.. മുമ്പേ ചോദിച്ചില്ലേ ഇഷ്ടപ്പെട്ട ആഹാരം.. മാഷിനോ"

"ഓ..അത്‌.. എനിക്ക്‌ കപ്പവേവിച്ചതും മത്തിക്കറിയും.. "

"അങ്ങനെ വേണം മാഷേ..തനി നാടന്‍. അതാ എനിക്കിഷ്ടം. ആനന്ദന്‍ മാഷിനു ഏറ്റവും ഇഷ്ടം ചില്ലി ചിക്കന്‍ ആണത്രേ. "

"ചക്കപ്പുഴുക്കിനു ചില്ലിച്ചിക്കന്‍ എന്നൊരു പേരുണ്ടോ ടീച്ചറെ.. "
ടീച്ചര്‍ വീണ്ടും വാപൊത്തി ചിരിച്ചപ്പോഴാണ്‌ ആനന്ദന്‍ കയറി വന്നത്‌.

"ടീച്ചറിനു ക്ളാസില്ലേ.. എന്താ പോകാത്തെ... " അല്‍പം ഗൌരവം

"ഞാനീ മാഷിന്‍റെ കാര്യം കേട്ടങ്ങിരുന്നുപോയി. മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ച്‌.... "

"പെട്ടെന്ന് ചെല്ല്..ദാ വാസൂള്ള സാറു തിരിക്കുന്നവിടെ.. "

ടീച്ചര്‍ വെളിയിലേക്ക്‌ ഓടി.

ആനന്ദന്‍റെ മുഖം കാര്‍ക്കോടക സമം.

"നീ ആരാടാ ചാര്‍ളിചാപ്ളിന്‍റെ ചേഴക്കാരനോ. ആളുകളെ ചിരിപ്പിക്കാന്‍"

"ആ ടീച്ചറിനോടെന്തും പറഞ്ഞാലു ചിരിയാ. ഞാന്‍ എന്നാ ചെയ്യാനാ അളിയാ. "

"എന്നിട്ട്‌ ഞാന്‍ പറയുമ്പോ ഒന്നും ഇങ്ങനെ ചിരിക്കാറില്ലല്ലോ.. "

"അതുനിനക്ക്‌ ഫീമെയില്‍ സൈക്കോളജി അറിയാഞ്ഞിട്ടല്ലേ. എടാ 'വിമന്‍ ആര്‍ സെന്‍സിറ്റിവ്‌. ട്രീറ്റ്‌ ദെം വിത്‌ സോഫ്റ്റ്‌നെസ്‌' എന്നൊരു അടിവസ്ത്രത്തിന്‍റെ പരസ്യം കണ്ടിട്ടില്ലേ.. "

"അടിയുടെ കുറവാ നിനക്ക്‌.. "

"താടാ കൊട മര്യാദയ്ക്ക്‌..!! കൊട തരാന്‍.. ഞാന്‍ കുടുംബത്തില്‍ പിറന്നോനാ ഊശിയാക്കല്ലേ.. എടാ മര്യാദയ്ക്ക്‌ കൊട തരാന്‍.. "

പുറത്തുനിന്നല്ലേ ആ അട്ടഹാസം.

ഞാനും ആനന്ദനും ഒന്നിച്ചു വെളിയിലേക്ക്‌ ചാടി.

ഞെട്ടി!!

കുട റിപ്പയറുകാരന്‍ സ്കോളേഴ്സിലെ ഒരു സ്റ്റുഡന്‍റിന്‍റെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നു.

"എടുക്കെടാ കുട... !!!"

ഇതെന്തു കൂത്ത്‌.

"എന്തവാ അച്ചായാ ഇത്‌. ആ ചെറുക്കനെ വിട്‌.. കാര്യം പറ.. രാവിലെ പ്രശ്നമുണ്ടാക്കാതെ" ആനന്ദന്‍ പയ്യനെ പിടിച്ചു മാറ്റി.

"സാറെ. ഞാന്‍ 'കുട നന്നാക്കാനുണ്ടോ' എന്നു വിളിച്ച്‌ സൈക്കിളില്‍ പോയപ്പോ, 'ഉണ്ടുണ്ട്‌' എന്നുപറഞ്ഞു എന്നെ വിളിച്ചു. ചോദിച്ചപ്പോ പറയുകാ വെറുതെ തമാശയ്ക്ക്‌ വിളിച്ചതാണെന്ന്.. എനിക്ക്‌ കുട ഇപ്പോ കിട്ടണം. പിള്ളേരാണെന്നു കരുതി ഇങ്ങനെയുണ്ടോ അഹമ്മതി. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നതാ.. അപമാനം സഹിച്ചൊരു ശീലമേയില്ല "

"പോട്ടച്ചായാ. ഇവനു രണ്ടു പൊട്ടീരു ഞാന്‍ കൊടുക്കാം. അച്ചായന്‍ തല്‍ക്കാലം പോ. പ്ളീസ്‌"

"എന്‍റെ പട്ടി പോകും. കുട കിട്ടാതെ ഒരടി പോകുന്ന പ്രശ്നമില്ല. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നോനാ. "

പ്രശ്നം രൂക്ഷമായി. കുട കിട്ടാതെ അതു നന്നാക്കാതെ അച്ചായന്‍ പോകില്ല എന്ന മട്ട്‌.

'ഇത്രയും ഒരു ആത്മാഭിമാനിയെ മുമ്പ്‌ ഞാന്‍ കണ്ടിട്ടില്ല..' ഞാന്‍ ആനന്ദന്‍റെ ചെവിയില്‍ പറഞ്ഞു.

സാക്ഷാല്‍ വാസുപിള്ള സാര്‍ പ്രശ്നപരിഹാരത്തിനെത്തി.

"തനിക്കെന്താ വേണ്ടെ... എന്താ തന്‍റെ പ്രശ്നം"

"ഞാന്‍ കുടുംബത്തില്‍ പിറന്നവനാ സാറേ"

"അതാണോ പ്രശ്നം? "

"എനിക്ക്‌ കൊട വേണം. അതു നന്നാക്കാതെ ഞാന്‍ പോവില്ല. "

"ഉറപ്പാണോ.. "

"ഉറപ്പ്‌.. "

"ഓലക്കുട താന്‍ നന്നാക്കുമോ?"

"എന്തുവാ.. മനുഷനെ കളിയാക്കല്ലേ.. "

"എടാ കേടായ കൊടയൊന്നും ഇവിടില്ല.. നീ പോ.. ചുമ്മാ രാവിലെ മെനക്കെടുത്താതെ"

"അതൊന്നും എനിക്കറിയേണ്ട.. കൊട വേണം. "

"അല്ലേ നീ പോവുകേല? "

"ഇല്ല.. "

"ആരാടാ ഇയാളെ വിളിച്ചത്‌"

പ്രതിയായ പയ്യന്‍ പരുങ്ങി

"ചെന്ന് നിന്‍റെ കുട എടുത്തോണ്ടു വാ.." വാസൂള്ള സാര്‍ ആജ്ഞാപിച്ചു.

തലചൊറിഞ്ഞു കൊണ്ട്‌ പയ്യന്‍ സ്വന്തം കുട കൊണ്ടുവന്നു.

ഒറ്റക്കാലില്‍ തപസുചെയ്യുന്ന പോസില്‍, മറ്റേക്കാല്‍ ഉയര്‍ത്തി ആ കാലിലേക്ക്‌ ഉഗ്രശക്തിയില്‍ വാസൂള്ള സാര്‍ കുട പതിപ്പിച്ചു. കമ്പി രണ്ടായി ഒടിഞ്ഞു കൈയില്‍ ഇരുന്നു

"ഉം. ഇനി ഇതു നീ നന്നാക്ക്‌.. "

"അയ്യോ.. കമ്പി എന്‍റെ കൈയില്‍ ഇല്ല.. "

"മിണ്ടരുത്‌. ഇത്‌ നന്നാക്കിയിട്ട്‌ പോയാ മതി നീ. "

"എന്‍റെ കൈയില്‍ കമ്പി ഇല്ല. കമ്പി മാറണേല്‍ കാശു കൂടുതലാവും"

"കാശോ.. എന്ത്‌ കാശ്‌"

"പിന്നെ ഓസിനാണോ കൊട നന്നാക്കുന്നെ"

"കാശിന്‍റെ കാര്യം നീ എപ്പോ പറഞ്ഞു. നന്നാക്കാനൊരു കുട വേണമെന്നു പറഞ്ഞു. അതു ഞാന്‍ തന്നു. മിണ്ടാതിരുന്നു നന്നാക്ക്‌. അല്ലേല്‍ നിന്നെ ഞാന്‍ കോടതി കേറ്റും. അറിയാമല്ലോ വാസുപിള്ളയെ. "

"ഇതെന്നാ എടപാടാ"

"മിണ്ടരുത്‌.. !!"

"കമ്പി ടൌണിലേ കിട്ടൂ.. "

"എന്താ ടാക്സി വിളിക്കണോ. പോയി കൊണ്ടുവാടാ കമ്പി"

കുടകളഞ്ഞ്‌ അച്ചായന്‍ പുറകിലൂടെ സ്കൂട്ടായി.

ഒടിഞ്ഞ കുടയും പിടിച്ച്‌ പയ്യന്‍ അന്ധാളിച്ചു നിന്നപ്പോള്‍ ആനന്ദന്‍ പറഞ്ഞു

"ഇതിന്‍റെ ബാക്കി ഇനി നാളെ ഉണ്ട്‌. ഈ ചെക്കന്‍റെ തന്ത തനി ചട്ടമ്പിയാ. 'കുട നന്നാക്കാനുണ്ടോ' എന്ന് അച്ചായന്‍ വിളിക്കുന്ന മാതിരി 'വഴക്കുണ്ടാക്കാനുണ്ടൊ' എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന ഇനം. ദൈവമേ. എന്തെല്ലാം കാണണം"

പിറ്റേന്നു കാലത്ത്‌ കുട്ടികളുടെ ഹോംവര്‍ക്ക്‌ ചെക്കുചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ വെളിയില്‍ ഒരു മിന്നലോട്ടം കണ്ടത്‌.

മൂത്രപ്പുരയില്‍ പോയ പത്മനാഭന്‍ സാര്‍, അണ്ടര്‍വെയര്‍ സ്യൂട്ടില്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ പായുന്നു.

'ഇതെന്തു പറ്റി. സാറു യൂറിന്‍ ഷെഡ്ഡില്‍ മുണ്ടു മറന്നുവച്ചോ' എന്ന് ആത്മഗതം ചെയ്ത്‌ ഞാന്‍ വെളിയിലേക്കിറങ്ങി.


"കൊല്ലും ഞാനെല്ലാത്തിനേം" സാറിന്‍റെ മുണ്ടും കൈയില്‍ പിടിച്ച്‌ 'തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം' സ്റ്റയിലില്‍ കൊലവിളിച്ചുകൊണ്ടൊരു മാന്യന്‍ പുറകെ.

പിള്ളസാര്‍ സ്റ്റാഫ്‌ റൂമില്‍ അഭയം പ്രാപിച്ചു വാതിലടച്ചു.

"ഏത്‌ മറ്റേമോനാടാ എന്‍റെ ചെറുക്കന്‍റെ കൊടയൊടിച്ചത്‌. ഇറങ്ങിവാടാ. തട്ടും ഞാന്‍ എല്ലാത്തിനേ.. കളിക്കുന്നത്‌ പുഷ്കരനോടാണൊടാ &** മക്കളേ"

ആനന്ദനും ഞാനും ഓടിയടുത്തു.

"എന്താ പുഷ്കരേട്ടാ ഇത്‌.. ഛേ മോശം" പ്രിക്കോഷനു വേണ്ടി മുണ്ടില്‍ ബലം കൊടുത്തുകൊണ്ട്‌ ആനന്ദന്‍

"ചേട്ടാ ആ മുണ്ട്‌ കൊടുക്ക്‌ പ്ളീസ്‌. നമുക്ക്‌ പരിഹാരമുണ്ടാക്കം" എന്‍റെ ശ്രദ്ധയും സ്വന്തം മുണ്ടില്‍

"ഏതു നായിന്‍റെ മോനാ എന്‍റെ ചെക്കന്‍റെ കൊടയൊടിച്ചത്‌. ഇപ്പോ കാണണമെനിക്ക്‌"

"പുള്ളി കോടതിയില്‍ പോയിരിക്കുവാ.. ചേട്ടന്‍ ആ മുണ്ടിങ്ങു തന്നേ.. "

ഞാന്‍ മുണ്ടു വാങ്ങി, ജയില്‍വാസിയെപ്പോലെ ജനലില്‍ക്കൂടി കൈനീട്ടിയ പിള്ളസാറിനു കൊടുത്തു.

"ഈ പുഷ്കന്‍ ആരാന്നറിയമോടാ നിനക്ക്‌.. "

"അറിയാം എന്‍റെ പൊന്നു ചേട്ടാ. ടൌണിലെ കവലച്ചട്ടമ്പിയെ ഒറ്റയിടിക്ക്‌ കൂമ്പുവാട്ടിയിട്ട ആളല്ലേ.. ആര്‍ക്കാ ഇതൊക്കെ അറിയാത്തെ.. ചേട്ടന്‍ വാ. നമുക്കൊരു ചായ കുടിക്കാം.. ഛേ.. വാന്നേ.. പിന്നല്ലാതെ.. പറഞ്ഞാ തീരത്താ എന്തു പ്രശ്നമാ ചേട്ടാ ഈ ലോകത്തുള്ളത്‌"

എന്‍റെ പീസ്‌ മിഷന്‍ സക്സസായി...

സംഭവം തണുത്തു.

മന:പൂര്‍വം ആഗ്രഹിച്ചിട്ടും മനസില്‍ നിന്നു മായാതെ നിന്ന പത്മനാഭ പര്യടനം എന്നെ വീണ്ടും വീണ്ടും ചിരിച്ചപ്പോഴാണ്‌ ലില്ലിടീച്ചര്‍ കടന്നു വന്നത്‌.

"എന്താ മാഷേ ചിരിക്കുന്നെ"

"ടീച്ചറെന്താ വൈകിയത്‌. ഛേ.. മിസ്സാക്കി. ഒരു അപൂര്‍വ കാഴ്ച മിസാക്കി"

"എന്ത്‌.. ? "

"ടീച്ചറുടെ വല്യപ്പച്ചന്‍ അണ്ടര്‍വെയര്‍ കഴുകുമ്പോള്‍ എത്ര തുള്ളി ഉജാലയാ ഇടുന്നത്‌"

"മൂന്നു തുള്ളി.. എന്തേ.... "

"അതീ പിള്ളസാറിനൊന്നു പറഞ്ഞുകൊട്‌. വെളിയില്‍ കാണിക്കാത്ത വസ്ത്രങ്ങള്‍ക്കു വേണ്ടി എന്തിനാ പത്തുതുള്ളി വെയിസ്റ്റാക്കുന്നെ"
ആനന്ദനും ഞാനും പൊട്ടിച്ചിരിക്കുമ്പോള്‍ കാര്യം എന്തെന്നറിയാതിരുന്നിട്ടും ലില്ലിടീച്ചറും കൂടെ ചിരിച്ചു..

എന്‍റെ അദ്ധ്യാപക എപിസോഡിനു അര്‍ദ്ധവിരാമം ഇട്ട ഒരു സന്ധ്യയില്‍ ഞാന്‍ എല്ലാവരോടും യാത്രപറഞ്ഞു.

പത്മനാഭപിള്ളസാറിനെ കെട്ടിപ്പിടിച്ചു.

ആനന്ദന്‌ അന്ന് ക്ളാസ്‌ ഉണ്ടായിരുന്നില്ല..

പടിവാതില്‍ക്കല്‍ വരെ ലില്ലിടീച്ചര്‍ കൂടെ വന്നു.

"കുറച്ചു നല്ല ദിവസങ്ങള്‍ തന്നിട്ട്‌ ഒടുവില്‍ മാഷും പോകുന്നു അല്ലേ.. "

"അതല്ലേ ടീച്ചറേ ജീവിതം. മാറിയും മറിഞ്ഞും പിന്നെയും മാറിയും അങ്ങനെ.. എല്ലാ മക്കളേയും താങ്ങാന്‍ പാവം കേരളത്തിനു കപ്പാസിറ്റിയില്ലല്ലോ..അപ്പോ എന്നെപ്പോലെ അധികം ആവശ്യമില്ലാത്തവര്‍ കളമൊഴിഞ്ഞു കൊടുക്കണം.. അതല്ലേ വേണ്ടത്‌. "

"ഇനി എന്നാ ഇങ്ങോട്ടൊക്കെ.. "

"അതും അറിയില്ല ടീച്ചറേ. വരാമെന്നേ. ഒന്നു പച്ചപിടിക്കാമോ എന്നു നോക്കട്ടെ ആദ്യം. കോടീശ്വരനായി ഞാന്‍ ടീച്ചറിനെ കാണാന്‍ വരാം. എപ്പടി... "

"വേണ്ട. മാഷ്‌ ഈ സാധാരണ മനുഷ്യനായി തന്നെ വന്നാ മതി. ഈ വേഷമാ മാഷിനിണങ്ങുന്നെ. "

ടീച്ചര്‍ ചിരിച്ചില്ല.

"അപ്പോ ടീച്ചറേ വിട.. പള്ളിയില്‍ മെഴുകുതിരി കൊളുത്തുമ്പോള്‍ ഒരെണ്ണം എനിക്കുകൂടി കാച്ചിയേര്‌. കര്‍ത്താവും കസ്റ്റഡിയില്‍ ഇരിക്കട്ടേന്നെ... "

ഞാന്‍ സൈക്കിളില്‍ കയറി..

മഴമേഘങ്ങള്‍ ആകാശത്ത്‌ ഉരുണ്ടുകൂടി.

'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി..കാട്ടു പൂവിന്‍ കരളിനോടും നീ.... ' പതുക്കെ എന്‍റെ സൈക്കിള്‍ നീങ്ങി..


കാലം പുതിയ സിലബസുകള്‍ ജീവിതത്തില്‍ മാറ്റിമാറ്റി എഴുതി.

ദില്ലിയിലെ ചുട്ടുപൊള്ളുന്ന ദിനരാത്രങ്ങളിലൂടെ പച്ചപ്പുതേടിയുള്ള യാത്രകള്‍ക്കിടയില്‍ മനസിലെ പല ഏടുകളും ചാമ്പലായി.
ഓര്‍മ്മകളുടെ രസമുകുളങ്ങള്‍ പലതും അടര്‍ന്നകൂട്ടത്തില്‍ ലില്ലി ടീച്ചറും മറവിയുടെ ഏതോ ക്ളാസ്‌ മുറിയില്‍ അഭയം തേടി.
പിന്നീടൊരിക്കലും ഇളകുന്ന ജിമുക്കളോ, പൊളിഞ്ഞുവരുന്ന വാഴക്കൂമ്പിതളിലെ കനകത്തേന്‍കുടങ്ങള്‍ പോലെയുള്ള ആ ചിരിയോ ഓര്‍മ്മകളില്‍ എന്നെ തേടിവന്നില്ല.

'ഓര്‍മ്മയുണ്ടോ മാഷേ' എന്ന മംഗ്ളീഷ്‌ സബ്ജ്‌ക്ടില്‍, ജി.മെയില്‍ പുതിയൊരു മെയിലുമായി പറന്നെത്തിയത്‌ കുറച്ച്‌ ദിവസങ്ങള്‍ മുമ്പാണ്‌.

"വി ഷേപ്പ്‌ വിരലുകള്‍ക്കിടയിലെ കുസൃതിച്ചിരി കണ്ടപ്പോള്‍ തന്നെ മാഷിനെ തിരിച്ചറിയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. " എന്നു തുടങ്ങി കുടുംബത്തേയും കുട്ടികളേയും പരിചയപ്പെടുത്തി, ഇടയ്ക്കൊക്കെ ഓര്‍മ്മകളിലെ വെള്ളാരംകല്ലുകള്‍ പെറുക്കിയെടുത്ത്‌ ആ കത്ത്‌ ഇങ്ങെനെ അവസാനിച്ചു.
"നമുക്കൊന്നു കൂടി കാണേണ്ടേ മാഷേ.. ചാറുന്ന തുലാമഴയുടെ ഗന്ധത്തില്‍ പൊട്ടിച്ചിരിക്കാനും ചായകുടിക്കാനും.... "

വിശദമായി എഴുതിയ മറിപടിക്കൊടുവില്‍ ഞാനും എഴുതി

"..ഇല്ല ടീച്ചര്‍. നമുക്കിനി പഴയ നമ്മളാവാന്‍ ആവില്ല. നമുക്ക്‌ നമ്മളെ എന്നേ നഷ്ടപ്പെട്ടില്ലേ. കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയുള്ള, വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയുള്ള, ബാങ്ക്‌ ബാലന്‍സിനെപ്പറ്റിയുള്ള, പണ്ടപ്പണയ പലിശതീയതിയെപറ്റിയുള്ള ആശങ്കകളെല്ലാംകൂടി വന്നു നമ്മളെ എങ്ങോട്ടൊക്കെയോ പറിച്ചുനട്ടില്ലേ. ഇനി കണ്ടാലും കറപുരളാതെ ചിരിക്കാന്‍ നമുക്കാവുമോ.. എങ്കിലും ഒന്നുകൂടി കാണാം നമുക്ക്‌. എന്നെങ്കിലുമൊരിക്കല്‍. ബിഫോര്‍ ദി ഫൈനല്‍ എക്‌സിറ്റ്‌... "

'സെന്‍ഡ്‌' ബട്ടണില്‍ ക്ളിക്ക്‌ ചെയ്യുമ്പോള്‍, പരമ്പുപാര്‍ട്ടീഷന്‍ മറികടന്ന്, തുലാവര്‍ഷമേഘങ്ങളുടെ കുളിരു കലര്‍ന്ന്, പിച്ചിപ്പൂക്കളുടെ ഗന്ധത്തോടൊത്തുചേര്‍ന്ന് ആ പഴയ ശബ്ദം എന്നില്‍ നിറഞ്ഞു നിന്നു..

"ഒരൊറ്റമതമുണ്ടുലകിന്നുയിരാം
പ്റേമമതൊന്നല്ലോ.....
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം... "