Monday 19 January 2009

കൊല്ലം കൊല്ലം ണിം ണിം ണിം

"ഔറംഗാബാദിലെ ഖണ്ഡേഹാര്‍ പാര്‍ക്കിലൂടെ ഞാനൊരു മോണിംഗ് വാക്ക് നടത്തുകയായിരുന്നു. അപ്പോഴാണ് ലൂധിയാനയില്‍ നിന്ന് കേണല്‍ വിക്രം സിംഗ് എന്നെ സാറ്റലൈറ്റ് ഫോണില്‍ വിളിക്കുന്നത്. എലിസബത്ത് രാജ്ഞി അംബാലയിലെ അമ്പലം കാണാന്‍ വരുന്നുണ്ട്, പാച്ചൂ നീ തന്നെ അവരുടെ വണ്ടി ഡ്രൈവ് ചെയ്യണം എന്നൊരു മെസേജ്. പഞ്ചാബില്‍ ഭീകരന്മാര്‍ കത്തി നില്‍ക്കുന്ന സമയം ആണെന്നോര്‍ക്കണം. ഡ്രൈവര്‍ ഞാനായെങ്കിലേ ശരിയാവൂ എന്ന് ബെറ്റാലിയന്‍ ഒന്നടങ്കം പറഞ്ഞാല്‍ പാവം കേണല്‍ എന്തു ചെയ്യുമെടേ.. റാണിയെയും വച്ചുകൊണ്ട് ചണ്ഡീഗഡിലെ ഒരു ഹെയര്‍പിന്‍ വളവ് അങ്ങോട്ട് തിരിച്ചതും, ലവന്മാര്‍ അഞ്ചാറെണ്ണം ഒരു ട്രക്ക് നിറച്ച് ബോംബുമായി ഒരു വരവല്ലാരുന്നോ.. വിടാന്‍ പറ്റുമോ.. ഞാന്‍ നോക്കിയപ്പോ രാജ്ഞി ആലിലപോലെ വിറയ്ക്കുന്നു. ‘അരേ റാണീ ചിന്താ മത് കരോ’ എന്ന് പറഞ്ഞ് ഒരൊറ്റ ഡൈവ് ആല്ലരുന്നോ.. എടാ വണ്ടിയൊരു കുതിപ്പ് കുതിച്ചെന്ന്.... ലവന്മാരുടെ ട്രക്ക് ഒരു തീഗോളം ആയി മാറിയത് മിററിലൂടെ ഞാനൊന്നു നോക്കി.. അന്ന് റാണി എന്നോട് പറഞ്ഞതെന്താണെന്നോ..’മിസ്റ്റര്‍ പാച്ചൂ യൂ ആര്‍ വണ്ടര്‍ഫുള്‍‘ എന്ന്.. ഞാന്‍ പറഞ്ഞു ‘ഇതുവല്ലോം ഏതാണ്ട് വണ്ടര്‍ഫുള്‍ ആണോ മാഡം.. ഇക്കണക്കിന് എന്‍‌റെ റിയല്‍ അറ്റാക്ക് വല്ലോം കണ്ടിരുന്നേല്‍ റാണിക്ക് അറ്റാക്ക് വന്നേനേമല്ലോ...’

‘പട്ടാളം പാച്ചു’ എന്ന കഥാപാത്രത്തിനു ആത്മാവും ശബ്ദവും കൊടുത്തിട്ട് പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് ഞാന്‍ പുറത്തേക്കിറങ്ങി..

‘ഹായ് മനുവേട്ടാ ‘ പൊന്നില്‍ കുളിച്ചൊരു തേന്മൊഴി...

ബോണ്ട പോലുള്ള ഞാത്തുമിട്ട് റേഡിയോ ജോക്കി അഞ്ജലി മുന്നില്‍..

“കലക്കി കൊച്ചേ...
ചായക്കടയിലെ പലഹാരങ്ങള്‍
കാമിനിമാരുടെ കാതില്‍ കാണാം’ എന്ന് പണ്ടാരോ പാടിയത് നിന്നെക്കുറിച്ചാണോ....”

“രാവിലെ തന്നെ ആക്കല്ലേ... ഇതെന്‍‌റെ അമ്മാവന്‍‌റെ സെലക്ഷനാ....കൊള്ളില്ലേ? ”

“അമ്മാവന്‍ ആളുകൊള്ളാമെന്ന് മനസിലായി.. ‘കാതുഞാന്ന പെണ്ണിനെ എനിക്ക് വേണ്ട പിതാശ്രീ ‘ എന്ന് മോനെക്കൊണ്ട് പറയിപ്പിക്കാന്‍ ചെയ്ത വിദ്യ സൂപ്പര്‍”

“ഹോ ഹോ.. വേറെ വല്ലോം പറയാന്‍ ബാക്കിയുണ്ടോ തമാശക്കാരന് ?” അഞ്ജലിയുടെ ചുണ്ടൊന്നു കോടി

“കോടിയ ചുണ്ടില്‍ കോടിപ്പൂവുകള്‍ വാടിയകാണാന്‍ ബോറെടി പെണ്ണേ ... എപ്പടി? “

“കെട്ട്യോളും കുട്ട്യോളുമുള്ള ഒരുത്തന്‍ പ്രായം മറന്ന് പറേന്ന കേട്ടില്ലേ “

“ചുറ്റിക്കളിക്ക് പ്രായം ഇല്ലല്ലോ.. ജഗന്നാഥവര്‍മ്മസാറുവരെയല്ലെ ഇപ്പോ മുസ്ലി പവര്‍ എക്സ്‌ട്രാ ഡോസെടുക്കുന്നത് “

“ഷട്ടപ്പ്......”

‘എന്‍‌റെ എല്ലാമെല്ലാം അല്ലേ.. എന്‍‌റെ ചേലൊത്ത ചെമ്പരുന്തല്ലേ...’ പോക്കറ്റില്‍ റിംഗ്‌ ടോണ്‍ വിറച്ചു...

‘ഇതേതു തോന്ന്യാസിയാ ഇപ്പോ വിളിക്കുന്നത്..’ ഫോണ്‍ കാതില്‍ വച്ച് ഞാന്‍ നടന്നു.

“ഹലോ മനുവണ്ണാ...ഇത് ഞാനാ തോന്ന്യാസി “

“ഓ... വാസപ്പ് മാന്‍........”

“വാസപ്പനല്ല.. തോന്ന്യാസി..ബ്ലോഗര്‍ തോന്ന്യാസി

കൊശവന്‍..ഒന്നു സ്റ്റൈലായി ഇംഗ്ലീഷില്‍ ചോദിക്കാനും സമ്മതിക്കില്ല..

“എന്തരപ്പീ വിശേഷങ്ങള്....”

“പരമാനന്ദം മനുവണ്ണാ.. ഞാന്‍ കേറി കേട്ടോ “

“നന്നായി... ഒരു കരയ്ക്ക് കേറണമെന്ന് ഒരുകൊല്ലമായി നീ പറയുവല്ലേ.. ദൈവം കാക്കട്ടെ...”

“ഓ..എന്നെ അങ്ങ് കൊല്ല്ല്... ഞാന്‍ ട്രെയിനില്‍ കേറിയെന്ന്.. വൈകുന്നേരത്തേക്ക് അങ്ങെത്തും... സ്റ്റേഷനില്‍ കാണണം.. വഴിയൊന്നും എനിക്കത്ര പിടിയില്ല.”

സിമി ഫ്രാന്‍സിസ് എന്ന എന്‍‌റെ പ്രിയപ്പെട്ട കഥാകൃത്തിന്‍‌റെ ആദ്യപുസ്തകത്തിന്‍‌‌റെ പ്രകാശന ചടങ്ങില്‍ കൊല്ലത്തേക്ക് പോകാന്‍ ശ്രീമാന്‍ തോന്ന്യാസി ആണ്ടിപ്പട്ടിയെന്ന തമിഴ്‌നാട് ഗ്രാമത്തില്‍ നിന്ന് കരമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തും എന്ന സന്ദേശം കുറച്ച് നാള്‍ മുമ്പു തന്നെ തന്നിരുന്നു. തലസ്ഥാനത്തെ അടിയന്തിര കൂടിക്കാഴ്ചകള്‍ക്കും നര്‍മ്മ സംഭാഷണങ്ങള്‍ക്കും ശേഷം ജനപ്രിയ ബ്ലോഗര്‍ ശ്രീമാന്‍ പോങ്ങുമ്മൂടനോടൊപ്പം മൂവര്‍ സംഘമായി ചടങ്ങുനടക്കുന്ന കൊല്ലത്തേക്ക് വണ്ടികയറാന്‍ തീരുമാനിച്ചതുമാണ്. തിരക്കിനിടയില്‍ സകലതും മറവിയുടെ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്ത കാര്യം ഇപ്പൊഴാ ഓര്‍ത്തത്..

“ബോഗിയേതാ ബ്ലോഗറേ? “

“ലോക്കലാ അണ്ണാ..”

“അതു പ്രത്യേകിച്ച് പറയണോ..നമ്പര്‍ വല്ലോം ഉണ്ടോ..”

“ആരു നോക്കുന്നു...”

“ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ലതും കരുതിയിട്ടുണ്ടോ? ...” തിരുനെല്‍‌വേലി ഹല്‍‌വ കഴിച്ചതില്‍ പിന്നെ തമിഴന്‍‌റെ ആഹാരത്തോട് വല്ലാത്ത കമ്പം..

“ബ്രഷും പേസ്റ്റുമൊക്കെ എടുത്തുണ്ടണ്ണാ.. വേറെയെന്താ....”

‘കുറച്ച് കൊട്ടംചുക്കാദി എണ്ണ കൂടി കരുതേണ്ടിയിരുന്നു.. മോശമായി പോയി..‘



ഒന്നിച്ചുള്ള യാത്രയെപറ്റിയും കൊല്ലത്തെ കടല്‍ക്കാറ്റിനെപറ്റിയും ഒക്കെ ഓര്‍ത്തപ്പോള്‍ ദിവസത്തിനു വല്ലാത്ത ഒരു കുളിര്...

നല്ലൊരു ദിവസമല്ലേ.. ഉച്ചയൂണു ‘ഡീലക്സ് ‘ ഹോട്ടലില്‍ തന്നെയാക്കാം..

പപ്പടം പൊട്ടിച്ച് പരിപ്പില്‍ കുഴച്ച് രണ്ടാമത്തെ ഉരുള ഉള്ളിലേക്കിട്ടപ്പോള്‍ ആമാശയത്തില്‍ ഒരു ഗ്ലും ഗ്ലും....ഒരു കടല്‍ത്തിരയുടെ ഫീല്‍...

ഇതു കറിയോ സോപ്പുവെള്ളമോ അനന്തപത്മനാഭാ...

പേരു ഡീലക്സും കറികള്‍ ഡീ....ലക്സും.....

മുഖത്തെ വെപ്രാളത്തിന്‍‌റെ ചുളിവുകള്‍ കണ്ട് വിളമ്പുചേട്ടന്‍ തെറ്റായ എന്തോ ഉള്‍വിളി കേട്ടിട്ടാവാം പരിപ്പിന്‍‌റെ മുകളില്‍ സാമ്പാറുപോലെ എന്തോകൂടി കോരിയിട്ടു..

“എന്താ ചേട്ടായീ ഇത്......”

നോക്കിയത് കൈയിലെ ‘ത്രീസം’ പാത്രത്തിലാണെന്ന് കരുതിയാവാം, അതൊന്നു കറക്കി മറുപടി പറഞ്ഞു

“പുളിശ്ശേരിയാണ്.... ഒഴിക്കട്ടെ...”

‘അടുത്ത ബന്ധത്തില്‍ പെട്ട ആര്‍ക്കെങ്കിലും കാശുകൊടുക്കാനുണ്ടേല്‍ അങ്ങേര്‍ക്കൊഴിച്ച് കൊട്...’

കൈപ്പത്തി ജെ.സി.ബി പോലെയാക്കി കോരിയെടുത്ത് വായിലേക്കിട്ടതും, വയറിലെ ഇരമ്പല്‍ നിയന്ത്രണരേഖ മറികടന്നതും ഒന്നിച്ച്..

‘ഈശോയേ ഇത് സാമ്പാറോ അതോ രാമര്‍ പെട്രോളോ.!!.’

കൈ കഴുകാന്‍ കൂടി മറന്ന് വെളിയിലേക്ക് പാഞ്ഞു..

കൌണ്ടര്‍ മണിയുടെ കൈയില്‍ നിന്ന് ബാക്കി മണി വാങ്ങാന്‍ മസിലു പിടിച്ചുനിന്നപ്പോള്‍, ഭിത്തിയിലെ ബോര്‍ഡ്
‘താങ്ക്യൂ...വിസിറ്റ് എഗയിന്‍....’

‘അതു പിന്നെ പ്രത്യേകിച്ച് പറയണോ...’ അന്ത്യക്കൂദാശയ്ക്ക് അച്ചനെ വിളിക്കാന്‍ പോകുന്ന സ്പീഡില്‍ ചാടിയിറങ്ങിയോടി..

മൂന്നാം നിലയിലെ ഓഫീസിലേക്ക് ഇത്ര ഈസിയായി പടികള്‍ വഴിയെത്താം എന്ന് ഇതിനു മുമ്പ് തോന്നിയിട്ടില്ല..

ടോയ്‌ലറ്റിലേക്കുള്ള പാച്ചിലിനിടയില്‍ ആദ്യത്തെ ക്യുബിക്കിളില്‍ നിന്നൊരു ചോദ്യം മിന്നിക്കേട്ടു

“മനൂ.... ആപ്പെയുടെ സ്ക്രിപ്റ്റ് എന്തായി....”

‘അപ്പിയായാലും കൊള്ളാം ആപ്പെയായാലും കൊള്ളാം മനുഷ്യനു മനസമാധാനം ഇല്ലെന്നു വച്ചാല്‍’

പിന്നെയും ഫോണ്‍..

‘ഓ.......................’

“അണ്ണാ ... തോന്ന്യാസിയാ..ഏഴു മണിക്ക് ഞാന്‍ എത്തും.. സ്റ്റേഷനില്‍ കാണണേ.. ഒരു പിടിയുമില്ലാത്ത സ്ഥലമാണേ... എന്നെ വഴിയാധാരമാക്കല്ലേ..”

“നീ പിന്നെ വിളീ............. ഇപ്പൊ സംസാരിച്ചാല്‍ എന്‍‌റെ ആധാരം വഴിയിലാകും...” ടോയ്‌ലറ്റിന്‍‌റെ ഡോര്‍ ഭീകരമായ ശബ്ദത്തോടെ അടഞ്ഞു....




ചില്ലുജാലകത്തിനപ്പുറത്ത് സന്ധ്യ മുഖം കറുപ്പിച്ച് സൊള്ളാന്‍ വന്നു നില്‍ക്കുന്നു... തിരുവനന്തപുരത്തെ സന്ധ്യക്ക് എന്തു ഭംഗിയാണ്.. ഉള്ളില്‍ ഇരട്ടി സ്നേഹം വച്ച് മിണ്ടാതെ പിണങ്ങിയിരിക്കുന്ന കാമുകിയെ പോലെ...

‘പിക്കപ്പില്‍ ഇവനൊപ്പം നില്‍ക്കാന്‍
പക്കാ മറ്റൊരു വാഹനമില്ല..

പിയാജിയോ ആപ്പെ അല്ലാതെ മറ്റെന്ത്? ‘


“ ‘ആപ്പെ അല്ലാതെ മറ്റെന്ത് കോപ്പേ‘ എന്നാക്കിയാലോ...ഒരു പ്രാസം വന്നേനേ “ സ്ക്രിപ്റ്റ് കണ്ട് കമന്‍‌റടിച്ച പ്രൊഡ്യൂസറിന്‍‌റെ പുറത്തൊരിടി കൊടുത്ത് സ്റ്റെപ്പുകള്‍ ചാടിയിറങ്ങി.

റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള അനന്തപുരി ബസില്‍ ചാടിക്കയറി..


തോന്ന്യാസിയെ നോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നു..കക്ഷി എങ്ങനെയിരിക്കും എന്നുപോലും അറിയില്ല.. ബ്ലോഗിലെ പ്രൊഫൈലിലാണെങ്കില്‍ ബ്ലേഡുകാരനെ കണ്ടോടുന്ന കസ്റ്റമറെ പോലെ സദാ ചീറിപ്പായുന്ന ഒരു ആനിമേഷന്‍ പടവും..

ഫോണിലൊന്നു ഞെക്കി..

‘ഉങ്കള്‍ കൂപ്പിടുന്ന നമ്പര്‍ ഇന്ത ദുനിയാവിലേ കെടയാത് ‘ എന്നോ മറ്റോ ഒരു കൊച്ച് പറയുന്നു.

ചുറ്റായല്ലോ ചിറ്റൂരപ്പാ....

അണ്ണന്‍ വിളിക്കുന്നതുവരെ സമയം കളയാന്‍ അടുത്ത് നില്‍ക്കുന്നവന്‍ വായിക്കുന്ന പേപ്പറിലേക്കൊന്നു നോക്കി.

‘കോടതിയില്‍ നിന്ന് തൊണ്ടിസാധനങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്’

- ഇനി അവന്മാര് ആ വാറണ്ടും അടിച്ചുമാറ്റും.

നടന്നകലുന്ന സകലയാത്രക്കാരുടേയും മുഖത്തേക്ക് നോക്കിനിന്നു

എല്ലാവരും മാന്യന്മാര്‍. തോന്ന്യാസി ലുക്ക് ആര്‍ക്കും ഇല്ലല്ലോ ദൈവമേ...

“മനുവണ്ണന്‍ അല്ലേ...”

ആരോ അണ്ടര്‍ഗ്രൌണ്ടില്‍ നിന്ന് ചോദിക്കുന്നപോലെ..

കുനിഞ്ഞു നോക്കി.

ഉയരം കുറഞ്ഞ ഒരു ചെക്കന്‍ തോളിലിട്ട ബാഗ് നിലത്തുരയാതെ പാടുപെട്ട് പുഞ്ചിരിക്കുന്നു..

“തോന്ന്യാ.....”

“അസി.. കുറെ നേരമായി തപ്പുന്നു ഞാന്‍.. എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല.. മനുവണ്ണനു ഞാന്‍ ഉദ്ദേശിച്ചേനേക്കാള്‍ കൂടുതല്‍ വണ്ണമുണ്ടല്ലോ.. ലേശം വയറും..”

“തനിക്ക് നീളവും...” കുനിഞ്ഞു നിന്ന് ഞാന്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തു.

"അണ്ണന്‍ ഓഫീസീന്ന് നേരിട്ട് വന്നതല്ലെ.. വെറും കൈയോടെയാണല്ലോ.. പണിയായുധോം ബാഗുമൊന്നുമില്ലേ....”

“ആയുധമില്ലാതെ നായാട്ടിനുപോയ നായരു പറഞ്ഞത് പണ്ട് കുഞ്ചന്‍ നമ്പാരു ക്വോട്ടു ചെയ്തത് അറിയില്ലേ

വായും പിളര്‍ന്നു കടുവ വരും നേരം
ആയുധമുണ്ടെങ്കില്‍ ഓടുവാന്‍ ദുര്‍ഘടം... അത്രന്നെ....എന്നാല്‍ പോകാം.. യാത്രയൊക്കെ എപ്പടി... അയ്യോ.. തന്‍‌റെ ചെരിപ്പെവിടെ.? ശബരിമലയ്ക്ക് പോകാന്‍ ഇപ്പൊഴെ വ്രതം തുടങ്ങിയോ തോന്ന്യാസീ ? ”

“ഓ... ഉറക്കം ഉണര്‍ന്നപ്പോ ഒരു ചെരിപ്പ് കാണാനില്ല.. മറ്റേതെടിത്തിട്ട് എന്തു ചെയ്യാനാ.. പാവലിനു കോലമിടാനോ.. എടുത്തൊരേറു കൊടുത്തു..”

പാരഗണ്‍ ചെരിപ്പും വാങ്ങി പോങ്ങുമ്മൂട്ടിലേക്കുള്ള ബസില്‍ കയറിയിരുന്നു..

“ആണ്ടിപ്പട്ടിയിലെ ആണ്ടവന്മാര്‍ക്കൊക്കെ സുഖം തന്നെ അല്ലേ.. എങ്ങനെ പോകുന്നു ബ്ലഡ് ബാങ്ക്..”

“സൂക്ഷിച്ച് സംസാരിക്കണ്ണാ.. മിതമായ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ കൊടുക്കുന്ന കേരളത്തിലെ നമ്പര്‍ വണ്‍ ഫിനാന്‍ഷ്യല്‍ കമ്പനിയുടെ ആണ്ടിപ്പട്ടി ബ്രാഞ്ചിലെ അസിസ്റ്റന്‍ഡ് മാനേജരോടാണു സംസാരിക്കുന്നതെന്ന ഓര്‍മ്മ വേണം പറഞ്ഞേക്കാം. ബ്ലേഡ് ബാങ്കല്ല...“ പുതിയ ചെരിപ്പ് മിസിംഗല്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍ കുനിഞ്ഞു നോക്കിക്കൊണ്ട് തോന്ന്യാസീ..

“പാവം തെങ്കാശിതമിള്‍ പെണ്‍കൊടികളുടെ കെട്ടുതാലി വരെ ഊരി വാങ്ങിക്കാണും അല്ലേ....”

“പഷ്ട്...എന്നാ ഇത്രേം സങ്കടം വരില്ലാരുന്നു. ഇത് സകല അണ്ണാച്ചിമാരും മുക്കുപണ്ടം കൊണ്ടു വക്കും. ഉരച്ചുനോക്കിയാലും മനസിലാവാത്ത സാധനങ്ങള്‍..ഹോ.. എന്നിട്ട് പോലീസ് കേസ്. ആഴ്ചയില്‍ നാലു ദിവസം പോലീസ് സ്റ്റേഷനിലാ എന്‍‌റെ ഡ്യൂട്ടി...”

“പലിശയായി ലോക്കപ്പ് മര്‍ദ്ദനമാണോ കിട്ടുന്നത്.. “

“ഏയ്.. മാസപ്പടി കുറഞ്ഞാല്‍ മാത്രമേ അതുണ്ടാവൂ.. സമയാസമയം അതൊക്കെ കൊടുത്ത് അവന്മാരെ ചാക്കിലാക്കനുള്ള വിദ്യയൊക്കെ അറിയാം അണ്ണാ..”

“ചാക്ക് ദേ ഇന്ത്യ.....”

ണിം ണിം

“ങേ.. തലസ്ഥാനമായിട്ടും ബസിലെ ഈ മണിയടിയൊന്നും മാറ്റാറായില്ലേ...”

“ആണ്ടിപ്പട്ടിയിലെന്താ സെന്‍സറാണോ....”

ബസ്സ് നീങ്ങിത്തുടങ്ങി..

പുറകിലെ സീറ്റില്‍ രണ്ട് അമ്മാവന്മാര്‍ ഏതോ സീരിയസ് ഡിസ്കഷനില്‍.. നാടന്‍ ഡയലോഗിനോട് പണ്ടേ ഒരിഷ്ടമുള്ളതുകൊണ്ട് ശ്രദ്ധ അങ്ങോട്ട് വിട്ടു..

“സണ്ണിക്കുട്ടിയുടെ മറ്റേ കല്യാണക്കാര്യം എന്തായി.. നടക്കുമോ..” കഷണ്ടിയുള്ള അമ്മാവന്‍ അതില്ലാത്ത മറ്റേ അമ്മാവനോട്..

“എവിടുന്ന്!!.. ആ പെങ്കൊച്ചിനും അവനെ പോതിച്ചില്ലെന്ന്..”

“അയ്യോ.. അതെന്നാ പറ്റി.. ഉറപ്പു വരെ എത്തിയതാരുന്നല്ലോ കാര്യങ്ങള്‍”

“പയ്യനേതാണ്ട് പായ്ക്കറ്റ് കുറവാണെന്ന്.. പെണ്ണിനു ആറെണ്ണം വേണമെന്ന്..അവന്‍ പറഞ്ഞു വല്യപ്പച്ചാ എന്‍‌റെ കൈയില്‍ ആകപ്പാടെ ഒരു പായ്കറ്റേ ഉള്ളൂ...”

“എന്തോന്ന് പായ്ക്കറ്റ്.. സ്വര്‍ണ്ണ ബിസ്കറ്റ് ആണോ....”

“അല്ലെന്ന്.. വയറിലെ ഏതാണ്ട് കുന്ത്രാണ്ടം..... ഇപ്പൊഴത്തെ പിള്ളാര്‍ക്കൊക്കെ ആറു പായ്ക്കറ്റ് ഉണ്ടുപോലും....അവടെ അഹങ്കാരം അല്ലാതെന്ത്..”

ഓ..സിക്സ് പാക്ക്.!!. പൊറോട്ടയും പോത്തിറച്ചിയും തിന്നുശീലിച്ച മലയാളി പൈതങ്ങള്‍ക്ക് സിംഗിള്‍ പായ്ക്കല്ലാതെ വേറെന്തു കെടയ്ക്കാന്‍ ദൈവമേ..ഇക്കണക്കിനു ആ കൊച്ച് പായ്ക്കായി മുകളിലോട്ടു പോയാലും ഡ്രീം ഗൈയെ കിട്ടുമോന്ന് കണ്ടറിയണം..

“അപ്പോ തോന്ന്യാസീ..ഇങ്ങനെയൊക്കെ നടന്നാ മതിയോ..നമുക്കും കഴിക്കെണ്ടേ അരഗ്ലാസ് പാലും ഒരുമുറി പഴ....ങേ.. ഇവന്‍ അതിനിടയ്ക്ക് ഉറങ്ങിയോ...” മജീഷ്യന്‍ സാമ്രാജ് ദേഹത്തൊക്കെ ചങ്ങലയിട്ട് നില്‍ക്കുന്ന പോസില്‍ തല മുകളിലേക്ക് ചരിച്ച് പിടിച്ച് ഉറക്കത്തിന്‍‌റെ ഗീയര്‍ മാറ്റിയിരിക്കുന്നു തോന്ന്യാസി..

പാവം ധ്യാനിച്ചൊട്ടെ.. നമ്മളായിട്ട് എന്തിനു ഡിസ്റ്റേര്‍ബ് ചെയ്യണം...

‘ആശ്രമക്കിളി നിന്നെ എയ്തെയ്തെന്‍‌റെ.... ആവനാഴിയിലമ്പു തീര്‍ന്നു’ മൂളിപ്പാട്ടും മൂളി കൈ താടിക്ക് കൊടുത്ത് ജാലകക്കാഴ്ചകള്‍ കണ്ടിരുന്നൊപ്പൊഴാണ് തോന്ന്യാസിയുടെ തപസ് മുടക്കാന്‍ മേനകയെപ്പോലെ വന്ന ഒരു ഗട്ടറില്‍ വണ്ടി ചാടിയത്..

‘കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോതും’ എന്നു പറന്നു വിശ്വാമിത്രന്‍ ചാടിയെണീറ്റ പോലെ, തോന്ന്യാസി ഗട്ടര്‍ എഫക്ടില്‍ ഞെട്ടിപ്പൊങ്ങി...

“ആസ്ത്രേലിയയില്‍ എന്തൊക്കെയുണ്ട് വിശേഷം...? “ ഞാനൊന്നു പുഞ്ചിരിച്ചു..

“ങേ....”

“അല്ല... കുറച്ചു മുമ്പ് മുഖം കണ്ടപ്പോ ഇന്ത്യന്‍ അംബാസിഡര്‍ ആസ്ത്രേലിയയില്‍ പോയ സീരിയസ്നസ് ആരുന്നു..അതുകൊണ്ട് ചോദിച്ചതാ..”

“ഓ..എന്തുപറയാനാ അണ്ണാ.. ബസില്‍ ഇരുന്നാലുടനെ ഞാന്‍ ഉറങ്ങിപ്പോകും.. അതൊരു ശീലമായിപ്പോയി..”

“നന്നായി.. ഈ ശീലം കൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ...”

“പിന്നില്ലേ.. ഒരിക്കല്‍ ആണ്ടിപ്പട്ടിയില്‍ ബസ്സിറങ്ങേണ്ട ഞാന്‍ നേരെ വണ്ടന്‍‌മേട്ടില്‍ ചെന്നിറങ്ങി... അതുകൊണ്ട് അവിടുത്തെ ഭൂപ്രകൃതിയൊക്കെയൊന്നു കാണാന്‍ പറ്റി...”



പോങ്ങുമ്മൂടന്‍‌റെ ഗേറ്റുതുറന്നു പതുക്കെ അകത്തേക്ക് നടന്നു..

തുളസിത്തറയില്‍ അമ്മ കൊളുത്തിയ വിളക്ക് അണയാതെ നില്‍ക്കുന്നു..

‘സാന്ദ്രാവബോധാത്മകം പുനൊരൊരു...’ അകത്ത് അമ്മയുടെ നാമം കേള്‍ക്കാം..

“ഹാ..എന്തൊരു ഐശ്വര്യം അണ്ണാ... ഈ തുളസിത്തറയില്‍ ഒരു പെണ്‍കുട്ടി കൂടി നില്‍പ്പുണ്ടാരുന്നേല്‍ ഞാന്‍ ആത്മനിര്‍വൃതിയുടെ ആന്തോളനത്തില്‍ മുങ്ങിച്ചത്തേനേ...”

“പെങ്ങളിപ്പോള്‍ പാലായിലായത് ഞങ്ങടെ ഭാഗ്യം... മൊബൈല്‍ മോര്‍ച്ചറിക്കൊക്കെ ഇപ്പോ എന്നാ ചാര്‍ജ്ജാ....”

“ഏത് പെങ്ങള്‍ അണ്ണാ..”

“മിസിസ് പോങ്ങുമൂടന്‍”


പോങ്ങുമ്മൂടന്‍ അകത്തുണ്ടോ ആവോ... കോളിംഗ് ബെല്‍ അടിക്കാനൊരു മടി...

“നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ‍....’ അമ്മ പുതിയ നാമത്തിലേക്ക് മാറി..

“എന്താ മക്കളെ ഇത്.. സംഗതികളൊന്നും അങ്ങോട്ട് വന്നില്ലല്ലോ..ഇങ്ങനെയാണോ പാടുന്നത്..”

തോന്ന്യാസി സംശയത്തോടെ എന്നെ നോക്കുന്നു..”എന്താ അണ്ണാ ശരത്തുസാര്‍ അമ്മയുടെ നാമജപത്തെപറ്റിയാണോ ഈ പറയുന്നത്..”

“ഹരീ....ടി.വി. നിര്‍ത്തെടാ.. എനിക്ക് നാമം ജപിക്കണം...”

“കുറെ ആയല്ലോ തൊടങ്ങീട്ട്..അമ്മയ്ക്കിത് നിര്‍ത്താറായില്ലേ....”

ഐഡിയാ സ്റ്റാര്‍ സിംഗറും അഖണ്ഡനാമവും തമ്മില്‍ ക്ലാഷു തുടങ്ങീ.......

“എടാ മനുഷ്യനായാല്‍ ദൈവവിചാരം വേണം...”

“ദൈവം പൂക്കുറ്റി തണ്ണിയില്‍ കെടന്നുറങ്ങുവാ.. അല്ലെങ്കില്‍ ഈ ലോകം ഇങ്ങനെ വല്ലോം ആവുമാരുന്നോ.. ഇനി നാമത്തിന്‍‌റെ ഒരു കൊറവുകൂടെ ഉള്ളൂ..”

അകത്ത് അശ്വമേധം മുറുകുകയാണ്

“കാലങ്ങള്‍തോറും അവതാരങ്ങളാല്‍ അവനി പാലിച്ചു...”

“ടെലിഫോണ്‍ മണിപോല്‍ സിറിക്കുന്ന.....”

ക്ലാഷ് കൊഴുക്കുന്നതിനു മുമ്പേ കോളിംഗ് ബെല്ല് അടിച്ചേക്കാം..

കതകു തുറന്നതും ‘എന്‍‌റെ തോന്നിവാസീ’ എന്ന് ഹര്‍ഷോന്മാദത്തോടെ ഹരി ഗസ്റ്റിനെ കെട്ടിപ്പിടിച്ചതും ഒന്നിച്ച്..

“യാത്ര സുഖമാരുന്നോ തോന്നിവാസീ....” കസേരയിലേക്കിരുത്തിക്കൊണ്ട് ഹരി ചോദിച്ചു..

അമ്മയ്ക്ക് ആകെപ്പാടെ കണ്‍ഫ്യൂഷന്‍... പരശുരാമന്‍, ശങ്കരന്‍‌കുട്ടി, ജോസഫ്, കുട്ടികൃഷ്ണമേനോന്‍ എന്നൊക്കെ പേരുകള്‍ കേട്ടിട്ടുണ്ട്... പക്ഷേ ദരിദ്രവാസി, തോന്നിവാസി ഇത്യാദി നാമധേയങ്ങള്‍ എന്നുമുതല്‍ നിലവില്‍ വന്നു.!!..

ഭജനപ്പുസ്തകം മടക്കി അമ്മ ആഗതനെ ഒന്നു സൂക്ഷിച്ചു നോക്കി.

“അമ്മേ എന്‍‌റെ പേര് പ്രശാന്തെന്നാ.. പിന്നെ ബ്ലോഗില്‍ ഇങ്ങനെ ഒരു പേരു വെറുതെ....”

“സ്വഭാവം അനുസരിച്ചങ്ങിട്ടു.. അത്രേള്ളൂ....” ബാക്കി ഞാന്‍ പറഞ്ഞു.

“അപ്പോ ഇവന്‍‌റെ ബ്ലോഗിലെ പേരു പോക്കിരി എന്നാണോ...” ഹരിയെ നോക്കി ചോദിച്ചു

“ആ പേരില്‍ വേറെയൊരാളു നേരത്തേ തന്നെ ഉണ്ടാരുന്നു....” ഗസ്റ്റ് ബാഗ് തോളില്‍നിന്ന് ഇറക്കി..



സിറ്റൌട്ടില്‍ ഇരുന്ന് കൊച്ചുവര്‍ത്തമാനത്തിന്‍‌റെ സ്വര്‍ണ്ണപ്പെട്ടികള്‍ തുറന്നു...

“ആണ്ടിപ്പട്ടിയില്‍ സ്ത്രീജനങ്ങളെങ്ങനെ തോന്നിവാസി... സുന്ദരികളാണോ....”

ഒരു നാടിനെപറ്റി മറ്റുള്ളവര്‍ ‘ കാലവസ്ഥ എങ്ങനെ‘ എന്ന് ആദ്യം ചോദിക്കുമ്പോള്‍ പോങ്ങുമൂടന്‍ ഇതാണ് സാധാരണ ചോദിക്കാറ്.. ങാ..ഓരൊരുത്തര്‍ക്കും ഓരോരോ ശീലം..

“ആണെങ്കില്‍ നിങ്ങളുടെ ഓഫീസില്‍ കളക്ഷന്‍ ഏജന്‍‌റായി പുള്ളിയെ വച്ചോ...” ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കൂട്ടി...

“എന്‍‌റെ പൊന്നണ്ണാ..എനിക്ക് ഉള്ള സമയം സ്വര്‍ണ്ണം ഉരച്ചുനോക്കാനും പോലീസ് സ്റ്റേഷനില്‍ പോകാനും തികയുന്നില്ല.. അതിനിടെ ഈ വക എക്സ്‌ട്രാ മെറ്റീരിയല്‍ അഫയേഴ്സിനു എവിടെ നേരം.”

സംസാരിച്ചിരുന്ന് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല...

ഇനി ബാത്ത് റൂമില്‍ ഒന്നു കയറിയേക്കാം എന്ന് നിനച്ച് അകത്തേക്ക് പോകാന്‍ ആഞ്ഞ തോന്ന്യാസിയെ അമ്മ കൈയോടെ പിടി കൂടി..

“ഇരുന്നേ ചൊദിക്കട്ട്....”

“ഫ്യൂസ് പോയി.......” ഹരി വാ പൊത്തിച്ചിരിച്ച് എന്നെ കണ്ണുകാണിച്ചു..

“മോന്‍ എഴുത്തുകാരനല്ലേ... പുരാണം ഒക്കെ അറിയാമോ....”

രാമായണവും തോന്ന്യാസിയുമായുള്ള ബന്ധം രാമാനന്ദസാഗറും ‘പരന്തു‘വും തമ്മിലുള്ളതുപോലെയുള്ളതല്ലെന്ന് എനിക്കല്ലേ അറിയൂ..

തോന്ന്യാസി പരുങ്ങിയൊന്നു തലയാട്ടി.. ‘അറിയാം പക്ഷേ ചോദിക്കല്ലേ ‘എന്ന് ആ കണ്ണുകള്‍ ദൈന്യത്തോടെ യാചിക്കുന്നത് ഞാനും കണ്ടു..


“മിടുക്കന്‍.... “ അമ്മ പതുക്കെ നാരായണീയം തുറന്നു.

‘ഈശ്വരാ....ഇനി എന്തെല്ലാമാണു സംഭവിക്കാന്‍ പോകുന്നത്...’ ഞാന്‍ മീശയില്‍ അമര്‍ത്തിയൊന്നു തടവി...

നാരയണീയത്തിന്‍‌റെ പത്തു ശ്ലോകങ്ങളും അതിന്‍‌റെ സാരംശവും കേള്‍ക്കുന്നതിനിടയില്‍ ഗസ്റ്റ് ഇരുപത് തവണ കോട്ടുവാ ഇട്ടത് ഈ അമ്മ കാണുന്നില്ലേ കൃഷ്ണാ....

“കേട്ടോ മോനേ...മേല്പത്തൂര്‍ ഭട്ടതിരിപ്പാട് പണ്ടൊരിക്കല്‍... മോനറിയില്ലെ മേല്പത്തൂരിനെ....”

‘അങ്ങേര്‍ക്ക് ബ്ലോഗുണ്ടോ ആവോ...’ ഇതാണ് തോന്ന്യാസിയുടെ മുഖത്തെ എക്സ്‌പ്രഷന്‍

“അറിയാം അമ്മേ...അമ്മ ബാക്കി പറ...”

“എന്നാ ആരാ മേല്പത്തൂര്‍... മോന്‍ പറ.. വല്യ എഴുത്തുകാരനല്ലേ...”

“അത്...അത്... ഈ കമ്പരാമായണം എഴുതിയ ആളല്ലേ....”

“ഫ്രൂ.......!!!!!! “ ആദ്യം ഈ ശബ്ദം വന്നത് എന്‍‌റെ ചുണ്ടില്‍ നിന്നാ‍ണോ അതോ ഹരിയുടെ ചുണ്ടില്‍ നിന്നാണോ... ഉറപ്പില്ല..

പിന്നെ കേട്ടത് അമ്മയുടെ ഒരു പൊട്ടിച്ചിരിയും കൂട്ടിലിട്ട സിംഹത്തെ പോലെ ‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ’ എന്ന ആത്മഗതവുമായി പമ്മുന്ന തോന്ന്യാസിയുടെ ദീനരോദനവുമാണ്..

“വിഡ്ഡിത്തമൊന്നും ഇനി ആരോടും പറയല്ലേ... ഭട്ടതിരിയെ പറ്റി ഞാന്‍ പിന്നെ പറയാം.. ആദ്യം മോന്‍‌റെ കമ്പരാമായണത്തെ കുറിച്ചുള്ള അബദ്ധധാരണ മാറ്റാം.. “ ഒരുപുരാണം കൂടി പറയാനുള്ള ചാന്‍സ് കിട്ടിയതില്‍ അതിയായി സന്തോഷിച്ച് അമ്മ കണ്ണട ഒന്നുറപ്പിച്ചു....

‘ആണ്ടവാ..ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ല പോലീസുകാരനെങ്കിലും ഇപ്പോ ഫോണില്‍ വിളിച്ചിരുന്നെങ്കില്‍..രക്ഷപെടാന്‍ വേറെയൊരു മാര്‍ഗോമില്ലല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ് തോന്ന്യാസി ഒന്നു പുഞ്ചിരിച്ചു..


“കമ്പമഹര്‍ഷി എന്നൊരു മുനിയുണ്ടാരുന്നു പണ്ട്. ശ്രദ്ധിച്ചു കേള്‍ക്കണം കേട്ടോ.. ഈ കമ്പമഹര്‍ഷി ഒരിക്കല്‍... “

“പട്ടാഴിയില്‍ കമ്പം കാണാന്‍ പോയി. കമ്പിത്തിരി കണ്ടപ്പോള്‍ ഒരു രാമായണം എഴുതിയാലോ എന്ന കമ്പം വന്നു.... എന്‍‌റെ പൊന്നമ്മേ..യാത്ര കഴിഞ്ഞ ക്ഷീണത്തില്‍ തന്നെ ആ പാവത്തിനെ വധിക്കാതെ..തോന്നിവാസി വാ ഊണു കഴിക്കാം....” പോങ്ങുമ്മൂടന്‍ രക്ഷകനായെത്തിയപ്പോള്‍ ശ്വാസം വിട്ടുകൊണ്ട് പുള്ളി വാഷ് ബേസിന്‍‌റെ അടുത്തേക്ക് നീങ്ങി...



“അപ്പോ തോന്ന്യാസീ ഗുഡ്‌നൈറ്റ്....” ഗുഡ്‌നൈറ്റിന്‍‌റെ മാറ്റ് മെഷീനിലേക്ക് വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...” നാളെ രാവിലെ എഴുന്നേക്കണം.. ഉച്ചയ്ക്ക് മുമ്പേയങ്ങ് കൊല്ലത്തെത്താനുള്ളതാ....

ഡബിള്‍ കോട്ടിന്‍‌റെ അങ്ങേയറ്റത്തെക്കേക്ക് മുങ്ങാംകുഴിയിട്ട് പുതപ്പിലേക്ക് ചുരുണ്ടുകൂടി തോന്നാസിയും പറഞ്ഞു
“ഗുഡ്‌നൈറ്റ് അണ്ണാ.....”


ഭൈമിയുടെ നമ്പറിലേക്ക് ഒരു എസ്.എം. എസ്.കൂടി..

‘രംഗബോധമില്ലാത്ത കാലം നമുക്കിടയിലെ ഒരു ദിവസം കൂടി അടര്‍ത്തിയെടുത്തു....ഗുഡ്‌നൈറ്റ്...’

ഇങ്ങേയറ്റത്തേക്ക് പതുക്കെ ചരിഞ്ഞുകൊണ്ട് ഞാനും പുതപ്പു വലിച്ചിട്ടു...

നിദ്രയുടെ അവസാന ഇതളുകള്‍ കണ്ണിലേക്ക് പൊഴിഞ്ഞു വീണു.


“ഇല്ലൈ..ഇല്ലൈ..ഇന്ത പൊന്ന് നിജമായും സ്പൂരിയസ് ആയിറുക്ക്....എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.”

അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്ന്, കട്ടില്‍ കീഴില്‍ നിന്ന് കൈലിയും എടുത്തെടുത്ത് ഞാന്‍ നാലുപാടും നോക്കി..


തോന്ന്യാസി തലയിണയില്‍ ഇരുന്ന് കട്ടില്‍പ്പടിയില്‍ കൈയിട്ട് ഉരയ്ക്കുന്നു...

“സ്പൂരിയസ് താന്‍ സ്പൂരിയസ്....എടുക്കമാട്ടെ!!!”

ഗുരുവായൂരപ്പാ...ഇവനെന്താ സീരിയസ് ആയി സ്പൂരിയസിനെ കുറിച്ച് സംസാരിക്കുന്നത്....


“എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.” നീ എടുക്കണ്ടാടാ... അതിനിത്ര ടെന്‍ഷന്‍ അടിക്കണോ..

ഇവനിതെന്തു പറ്റി ദൈവമേ..

മുട്ടുകാലില്‍ ഇഴഞ്ഞ് ഞാന്‍ അടുത്തേക്ക് ചെന്നു..

ഓ....സ്വപ്നത്തില്‍ ആണ്ടിപ്പട്ടിയിലെ ഏതോ അണ്ണാച്ചി മുക്കുപണ്ടവുമായി വന്നതാണല്ലെ.. സ്വപ്നത്തിലെ മോതിരം സ്വപ്നത്തിലെ ചാണയില്‍ ഉരയ്കുകയാണ്.. ഛെടാ.. ട്വന്‍‌റി ഫൊര്‍ ബൈ സെവന്‍ സേവനമാണോ...

“തോന്ന്യാസീ........... വാസപ്പ് !!!!!”

റിയാലിറ്റിയിലേക്ക് ലാഞ്ച് ചെയ്ത് നാലും പാടും ‘ഞാന്‍ വല്ലോം പറഞ്ഞൊ’ എന്ന ആശങ്കയാല്‍ നോക്കുന്നു..

“അണ്ണാച്ചി പോയാച്ച്.....” ഞാന്‍ ആശ്വസിപ്പിച്ചു..

“യാര്‍???? ” അതുശരി ബോധം ശരിക്കും വീണില്ല..

“ഇന്നേക്ക് പതിനഞ്ചാം നാള്‍ ദുര്‍ഗാഷ്ടമി..ഉന്നെ കൊന്ന് ഉന്‍ രത്തത്തെ കുടിച്ച് ഉന്‍ ഡെഡ് ബോഡി ആണ്ടിപ്പട്ടിയിലേക്ക് പാഴ്സല്‍ പണ്ണുമേന്‍....” ഞാന്‍ കണ്ണുരുട്ടി...


“ഐ.സീ.........”

“യു...... ഉറങ്ങാന്‍ നോക്കെന്‍‌റെ മച്ചാ....... ഇനി കസ്റ്റമര്‍ വന്നാല്‍ ഇന്ന് കടമുടക്കം എന്ന് പറഞ്ഞു മാട്ടിയയക്ക്....വണ്‍ മോര്‍ ഗുഡ് നൈറ്റ്....സോര്‍ ഡ്രീംസ്....”

അടുത്ത ഫേസ് ഉറക്കം കണ്ണിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് നിസാന്‍ വണ്ടി കയറ്റം കയറും പോലെ ഒരു ഇരമ്പല്‍ കേട്ടത്....

കാറ്റു നിറയ്ക്കുമ്പോള്‍ മത്തങ്ങ ബലൂണ്‍ പൊങ്ങുന്നപോലെ തോന്ന്യാസിയുടെ പുതപ്പ് ഇരമ്പലിലോടൊപ്പം പൊങ്ങുന്നു. ഇരമ്പല്‍ താഴുമ്പോ ബലൂണും താഴുന്നു.

ഇങ്ങനേയും കൂര്‍ക്കം വലിയോ പരമശിവാ....ഇതിലും ഭേദം ഉരുപ്പടി ഉരയ്ക്കുന്നതാ‍രുന്നു!!!!!

“ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല..കര്‍ത്താവേ..... ഇവനോട് പൊറുക്കേണമേ........” രണ്ടു ചെവിയിലോട്ടും പുതപ്പിന്‍‌റെ തുമ്പു തിരുകി വച്ച് നിദ്രാദേവിയുടെ ചുംബനം കൊള്ളാന്‍ ഞാന്‍ കാത്തുകിടന്നു.....



......To be continued...stay tuned........:)