Monday 25 February 2008

അറ്റന്‍ഷന്‍ തങ്കാ അറ്റസ്റ്റേഷന്‍

"അമ്പോറ്റിയേ......രക്ഷിക്കണേ.... പറമോളേ"

മൂവന്തിക്ക്‌ വിളക്കു വച്ച്‌ ഭൈമി അഞ്ചുവയസുകാരി മകളുമൊത്ത്‌ പ്രാര്‍ത്ഥന തുടങ്ങി

"അമ്പോറ്റിയേ രശ്ശിക്കണേ......"
കൊഞ്ചിക്കൊഞ്ചി മാളവിക ഏറ്റുപറഞ്ഞു.

"ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... "

"ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... "

"അച്ഛന്‍റെ ഉഴപ്പ്‌ മാറ്റിത്തരണേ.... "

"അച്ഛന്‍റെ ഉളുക്ക്‌ മാറ്റിത്തരണേ.... "

"ഇതുകൂടെ പറമോളേ... അച്ഛന്‍റെ ഉളുക്കു മാറ്റി അത്‌ അമ്മയുടെ അച്ഛനു കൊടുക്കേണമേ"
കമ്പ്യൂട്ടറിന്‍റെ സിമോസ്‌ ബാറ്ററി ഊരിയുറപ്പിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു

"അങ്ങനെ പറേണോ അമ്മേ.... "

"നീ ഞാന്‍ പറേന്ന കേട്ടാ മതി.. ദൈവത്തെ വെല്ലുവിളിച്ചു നടക്കുന്ന നിന്‍റെ അച്ഛനോടു പോകാന്‍ പറ... "
ഭാര്യ എന്നെ ഏറുകണ്ണിട്ടു നോക്കിപ്പറഞ്ഞു.

'മച്ചമ്പീ ഫോണ്‍..ഫോണ്‍..ഫോണ്‍.... മച്ചമ്പീ ഫോണ്‍...ഫോണ്‍...ഫോണ്‍... 'മൊബൈല്‍ ചില തുടങ്ങി..

"എന്‍റെ പൊന്നു മാഷേ എത്ര നാളായി പറയുവാ ആ പന്ന റിംഗ്‌ ടോണെടുത്തു കളയാന്‍.. കേക്കുമ്പോഴേ ഓക്കാനം വരുന്നു.. ആരാ ഈ തൃസ്സന്ധ്യ നേരത്ത്‌.... "

"അതാടീ ഞാനും നോക്കുന്നെ. ഇത്‌ നാട്ടിലെ നമ്പര്‍ ആണല്ലോ.. " ഞാന്‍ ഫോണുമായി ബാല്‍ക്കണിയിലേക്ക്‌ കുതിച്ചു..

"അച്ഛനെന്തിനാമ്മേ ഫോണ്‍ വരുമ്പോ വെളിയില്‍ പോന്നേ... "

"അതേ.. പെമ്പിള്ളാരുടെ ഫോണ്‍ വരുമ്പോ നിന്‍റച്ഛനു ഇവിടെ റേഞ്ച്‌ കിട്ടില്ല.. ഉം വാ നമുക്ക്‌ നാമം ചൊല്ലാം.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.... "

'ഇതേതു കേസുകെട്ടാ പരമശിവാ..' ഞാന്‍ പച്ചബട്ടണ്‍ അമര്‍ത്തി.

"മനുക്കുട്ടാ സുഖം തന്നെയല്ലേടാ.." പരിചയം തീരെയില്ലാത്ത ഒരു പറുപറാ പുരുഷപ്രജ.

പാവം എനിക്ക്‌ സുഖമാണോ എന്നറിയാന്‍ എസ്‌.ടി.ഡി വിളിച്ചതല്ലേ.. നന്ദി പറഞ്ഞില്ലേല്‍ മോശമല്ലേ.

"സുഖം തന്നെ ചേട്ടാ. താങ്ക്യൂ.... "

"കള്ളാ.... കള്ളക്കുട്ടാ... നിനക്കാളെ മനസിലായോ... "

പോലീസേ..പോലീസു കട്ടേ ഇല്ലേയില്ല..

"ഇല്ലല്ലോ ചേട്ടാ... വിളി കോന്നിയില്‍നിന്നാണെന്ന് മനസിലായി.. അതിനപ്പുറം... "

"പന്നക്കഴുവേറി മറന്നോടാ എന്നെ... "
ആളു സംസ്കാരസമ്പന്നന്‍ ആണെന്നുകൂടി മനസിലായി.

ഇനിയും ആളെ അറിയില്ല എന്നു പറഞ്ഞാല്‍ സ്നേഹം അപ്‌ഗ്റേഡായി പൂര്‍വികരെക്കൂടി ചേര്‍ത്ത്‌ തെറിവിളിച്ച്‌ അച്ഛനേയും അപ്പൂപ്പനേയും ഇപ്പോള്‍ തന്നെ ഇങ്ങേരു തുമ്മിക്കുമല്ലോ എന്നോര്‍ത്ത്‌ ഞാന്‍ മൌനം പാലിച്ചു.

"വിജയന്‍പിള്ളച്ചേട്ടനെ മറന്നോടാ നീ.. "

"ഈശ്വരാ........... ചേട്ടനോ... !!!!"

'പഞ്ഞിനില്‍ക്കുന്നതില്‍' വീട്ടില്‍ പരേതനായ പപ്പൂള്ളയമ്മാവന്‍റെ പരമനാറി പുത്രന്‍ വിജയന്‍പിള്ള ഓണ്‍ ലൈന്‍..

സമ്മിശ്രവികാരങ്ങള്‍ സോഡക്കുപ്പിപോലെ മനസില്‍ പതഞ്ഞിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...

"ഹ ഹ ഹ എന്തുണ്ട്‌ ചേട്ടാ വിശേഷം... എന്താ ഈ അസമയത്തെന്നെ വിളിക്കാന്‍.. അതും ആദ്യമായി"

"അതു പിന്നെ പറയാം. എന്തിനാ ഇപ്പോ നീ ഒരു ഒണക്കച്ചിരി ചിരിച്ചത്‌.. ആദ്യം അതു പറേടാ കഴുവേറി... "

"എന്‍റെ പൊന്നുചേട്ടാ, ചേട്ടനെക്കുറിച്ച്‌ ആദ്യം എന്തോര്‍ക്കണം എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച്‌ ചിരിച്ചു പോയതാ.. അല്ല.... ചിരി വരാത്ത എന്ത്‌ ഐറ്റം ഉണ്ട്‌ ചേട്ടനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഹഹ.... "

"തൃസ്സന്ധ്യ നേരത്ത്‌ തോണ്ടല്ലേടാ കൊച്ചനേ..... "

"ശവുമേലച്ചായന്‍റെ കോഴിയെ മോഷ്ടിച്ച്‌ കറിവച്ച്‌, വാറ്റടിക്കാന്‍ ജസ്റ്റ്‌ തുടങ്ങിയപ്പോള്‍, പോലീസ്‌ വന്നു പൊക്കി അണ്ടര്‍വെയറിന്‍റെ സിംഗിള്‍ പീസ്‌ ഡ്രസില്‍, കോഴിക്കലവുമായി അമ്പലം ജംഗ്ഷന്‍ വരെ പരേഡ്‌ നടത്തിയതോര്‍ക്കണോ... "

"എടാ നീ ഇടി വാങ്ങിക്കും...... "

"അതോ ആറ്റില്‍ മുങ്ങാംകുഴിയിട്ട്‌ അണ്ടര്‍ഗ്രൌണ്ടിലൂടെചെന്ന് അമ്മിണിച്ചേച്ചിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചതിനു, നാട്ടുകാരു കെട്ടിയിട്ട്‌ പൂശിയതോറ്‍ക്കണോ.... "

"നിര്‍ത്തെടാ എരപ്പാളീ.... "

ചിരിയെ ഒതുക്കാന്‍ പാടുപെട്ട്‌ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു
"പറ ചേട്ടാ.. എന്തൊക്കെയുണ്ട്‌ വിേശേഷങ്ങള്‍.. എന്തോ കാര്യം ഉണ്ടല്ലോ..അല്ലെങ്കില്‍ ഈ വിളി ഉണ്ടാവില്ല....ഉറപ്പ്‌.. "

"എടാ കുഞ്ഞേ... നിനക്കൊരു ബുദ്ധിമുട്ടുണ്ടാക്കാനാ ഞാനിപ്പോ വിളിച്ചത്‌.. പക്ഷേ നീ ബുദ്ധിമുട്ടിയേ പറ്റൂ.. "

"അതു നേരത്തേ തന്നെ മനസിലായി.. ഇനി കാര്യം പറ.. "

"എടാ തങ്കനൊരു കോളൊത്തു വരുന്നുണ്ട്‌... പേര്‍ഷ്യേ പോവാനൊരു ചെറിയ ചാന്‍സ്‌.. "

"തങ്കന്‍?"

"എടാ എന്‍റെ മൂത്ത ചെറുക്കനില്ലേ.. രമേശന്‍.... "

"ഓ... നമ്മുടെ തങ്കന്‍. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കേറിയില്ലേ ഇതുവരെ.... "

"അവന്‍ ക്രിക്കറ്റ്‌ കളിച്ച്‌ കളിച്ച്‌ കുടുംബം കൊളം തോണ്ടാറായി. നാട്ടുകാരുടെ ഓട്‌ പൊട്ടിച്ച വകയില്‍ മാസാമാസം ഒരു തൊക പോകുന്നത്‌ മാത്രം മിച്ചം. എന്തായാലും അവനെ ഒന്നു അക്കരയ്ക്ക്‌ കടത്തീട്ടു വേണം സമാധാനമായിട്ടെനിക്കൊന്നുറങ്ങാന്‍.. ഒരു വിസ ഒത്തുവരുന്നുണ്ടു കുഞ്ഞേ.. "

"അല്ല.. അതിനിപ്പോ ഞാനെന്തു വേണമെന്നാ ചേട്ടന്‍.... "

"എടാ ഇപ്പോ പുതിയ ഏതാണ്ട്‌ നിയമോ കോപ്പോ ഒക്കെ ഇല്ലേ.. ഡല്‍ഹിയില്‍ വന്ന് സര്‍ട്ടിഫിക്കറ്റ്‌ അറ്റാച്ച്‌ ചെയ്യണമെന്നോ.. ആര്‍ക്കറിയാം എന്നാ പണ്ടാരമാണെന്ന്.. "

"ഓ.. സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍... അതുശരിയാ.. എംബസിയില്‍ വന്നു ചെയ്യണം.. "

"അതുതന്നെ.. ഞാന്‍ അവനെ അങ്ങോട്ടു വിടുവാ.. ബാക്കിയൊക്കെ നീ നോക്കിക്കോണം.. "

'അയ്യപ്പാ............. !!!! '

ലാസ്റ്റ്‌ ബോള്‍, ടൂ റണ്‍സ്‌ ടു വിന്‍ എന്ന ക്രിക്കറ്റ്‌ ക്ളൈമാക്സ്‌ കാണുമ്പോള്‍ കറണ്ടുപോയ മാനസികാവസ്ഥയില്‍ ഞാനൊന്നു ചൂളി.

'വണ്‍ വീക്ക്‌ അവധി വിത്തൌട്ട്‌ പേ, പരപരാവെളുകുമ്പോ എംബസി മുറ്റത്ത്‌ കാത്തുകെട്ടിക്കിടപ്പ്‌.. ഈശ്വരാ ഒത്തു....'

കഷ്ടകാലം കൊട്ടത്തേങ്ങ പോലെയാണല്ലോ ദൈവമേ തലമണ്ടയ്ക്ക്‌ വീഴുന്നത്‌.

വിത്തൌട്ട്‌ പേയില്‍ ആവിയായിപ്പോകുന്ന എമൌണ്ട്‌ കാല്‍ക്കുലേറ്റ്‌ ചെയ്തുകൊണ്ട്‌ ഞാന്‍ മുറിയിലേക്ക്‌ കയറി..

ഭൈമി നാമജപത്തിന്‍റെ പീക്‌ പോയിന്‍റില്‍ പാടുന്നു..

"ആനന്ദാലങ്കാരാ.... വാസുദേവാ കൃഷ്ണാ...
ആതങ്കമൊക്കെയകറ്റിടേണേ... കൃഷ്ണ... "

"നിര്‍ത്ത്‌ നിര്‍ത്ത്‌..ഇനി അതു ചൊല്ലിയിട്ട്‌ ഒരുകാര്യവുമില്ല.. ആതങ്കവുമായി ആ തങ്കന്‍ ഉടനെ തിരിക്കുന്നു. അതിവേഗം ബഹുശൂന്യമാകും ഇനി പോക്കറ്റ്‌. ചെലവുചുരുക്കല്‍ പദ്ധതിയെപറ്റി ആലോചിക്ക്‌... "

"ആരാ മാഷേ.. പുതിയ പരോപകാരത്തിനുള്ള സ്കോപ്പുവല്ലതും ആവുമല്ലേ.. പരോപകാരം പരമപുണ്യം എന്നല്ലേ മാഷു പറയാറ്‌. അനുഭവിച്ചോ.." ക്രൂരേ മുഖം കോട്ടല്ലേ.

"ഇത്‌ പരോപകാരം അല്ലെടീ.. പാരയുപകാരമാ.. ഹോ... ആ വിജയന്‍പിള്ള പണ്ട്‌ എനിക്കൊരുപാട്‌ പാര പണിഞ്ഞിട്ടുള്ളതാ.. ഹോ.... "

"ഫോര്‍ എക്സാമ്പിള്‍..? " ഭൈമി വിളക്കിലെ തിരി ഒന്നുകൂടി നീട്ടി, എണ്ണ തലയില്‍ ഒപ്പി ചോദിച്ചു.

"ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം. എന്നെപ്പോലെ മുഖഷേപ്പുള്ള ഏതോ ഒരു പഹയന്‍ വഴിയില്‍ നിന്ന് ബീഡി വലിക്കുന്ന കണ്ട്‌, അത്‌ ഞാന്‍ തന്നെയെന്ന് പത്തുതവണ ഉറപ്പിച്ച്‌, ഈ വിജയന്‍പിള്ള നേരെ അച്ചനെ സമീപിച്ചു. ബാക്കി കാര്യം ഊഹിക്കാമല്ലോ... അന്ന് കിട്ടിയ അടിയുടെ പാട്‌, ഇപ്പൊഴും മാറിയിട്ടില്ല.... "

"അപ്പോ തീര്‍ച്ചയായും ഉപകാരം ചെയ്യണം. 'സ്മോക്കിംഗ്‌ ഈസ്‌ ഇന്‍ജൂറിയസ്‌ ടു ഹെല്‍ത്ത്‌' എന്ന് മാഷിനെ ആദ്യം പഠിപ്പിച്ച ആളല്ലേ.... "

"അച്ഛന്‍ എന്നു മൊതലാ അമ്മേ ബീഡിവലിക്കാന്‍ തുടങ്ങിയെ.." ഇപ്പോഴത്തെ പിള്ളാരുടെ ഓരോരോ കാര്യമേ. എല്ലാത്തിലും കേറി തലയിട്ടുകളയും

"അച്ഛന്‍റെ കുടുംബക്കാരു ഗര്‍ഭാവസ്ഥയില്‍ തന്നെ വലി തുടങ്ങുന്നവരാ മോളേ.. കണ്ടില്ലേ ആ ചുണ്ട്‌.. കരിക്കട്ടപോലെ.. "


വേള്‍ഡ്‌ കപ്പുമായി കപില്‍ദേവ്‌ വണ്ടിയിറങ്ങുന്ന പോസില്‍, കേരള എക്‌സ്‌പ്രസില്‍ നിന്ന് തങ്കന്‍ ഇറങ്ങി.

ആക്ഷന്‍ സ്പോര്‍ട്ട്‌സ്‌ ഷൂ, 'സിക്‌സര്‍' എന്നെഴുതിയ ടി ഷര്‍ട്ട്‌, റീബോക്‌ തൊപ്പി..

ഭാഗ്യം കൈയില്‍ ബാറ്റില്ല.. ട്രയിനില്‍ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകൊണ്ടാവും.

"അണ്ണാ........... "

'ഇങ്ങനെ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു കൈ ഞെരുക്കാതെടാ.. ഞാന്‍ നിന്നെപ്പോലെ സ്പോര്‍ട്ട്‌സ്‌മാനൊന്നുമല്ല.. "

"അണ്ണനെന്താണ്ണാ ഒരു സ്പോര്‍ട്ട്‌സ്‌മാന്‍ സ്പിരിട്ടില്ലാത്തെ.. വയറൊക്കെ ദാ ചാടി" തങ്കന്‍ എന്‍റെ വയറില്‍ കുത്തി.

"എന്‍റെ തങ്കാ, വെറും സ്പിരിട്ട്‌ അടിക്കാന്‍ സമയം കിട്ടുന്നില്ല.. പിന്നെ സകല കോന്നിക്കാര്‍ക്കും വേണ്ടി ഹോള്‍സെയിലായി സ്പോര്‍ട്ട്‌ സ്പിരിട്ട്‌ നീ ഡീല്‍ ചെയ്യുന്നുണ്ടല്ലോ... "

ഓട്ടോയില്‍ തങ്കനെ കയറ്റി..

"പിന്നെ എന്തൊക്കെയുണ്ട്‌ തങ്കാ നാട്ടില്‍ വിശേഷം. അടുത്തിടെയെങ്ങാനും നീ സിക്സര്‍ അടിച്ചോ.. "

"ഇപ്പോ ഞാന്‍ സ്പിന്‍ ബൌളിംഗിലാ അണ്ണാ സ്പെഷ്യലൈസ്‌ ചെയ്യുന്നത്‌.. "

"അത്‌ നന്നായി.. നീ പണ്ട്‌ ബൌണ്ടറിയടിച്ച്‌ അവിലുകാരന്‍ അണ്ണാച്ചിയുടെ മുട്ടിന്‍റെ ചിരട്ടയുടെ ബൌണ്ടറി ഇളക്കിയത്‌ ഞാനറിഞ്ഞു.. "

"അതു പിന്നണ്ണാ. അങ്ങേര്‍ക്ക്‌ അവിലുംകൊണ്ട്‌ പോയാല്‍ പോരാരുന്നോ.. വരമ്പീന്ന് മാറി നിക്കണ്ണാച്ചീ എന്ന് പലതവണ ഞാന്‍ പറഞ്ഞതാ...കേക്കെണ്ടേ... "

"പിന്നെ നാട്ടില്‍ എന്തുണ്ട്‌ പുതിയ സംഭവവികാസങ്ങള്‍" ഒരു സിഗരട്ടിനു ഞാന്‍ തീകൊളുത്തി.

"ഓമണ്ണിലെ കൊച്ചാട്ടന്‍റെ കാര്യം അറിഞ്ഞുകാണുമല്ലോ അല്ലേ.... "

"ഇല്ല... എന്ത്‌ പറ്റി.." ചാരം ഞാന്‍ ഞൊട്ടിക്കളിഞ്ഞു.

"നമ്മുടെ വിശ്വംഭരന്‍ ചേട്ടന്‍.. പുള്ളിക്ക്‌ ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി പാക്കുപറിക്കുന്ന ഒരു സ്വഭാവമുണ്ടല്ലോ.. കഴിഞ്ഞാഴ്ച അങ്ങനെ ഒന്നു ചാടിയതാ. മഴപെയ്തു നനഞ്ഞതുകൊണ്ടാ അങ്ങനെ പറ്റീന്നാ പുള്ളിപറേന്നെ.. എന്തായാലും, താഴെ തോട്ടീന്നു കോരിയെടുത്തപ്പോള്‍, ഒടിയാന്‍ ബാക്കി ഒന്നുമില്ലാരുന്നു. ഇപ്പോ ജനറല്‍ ഹോസ്പിറ്റലിലാ...ഒരു ജയ്പ്പൂറ്‍ കാലിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു.. "

മാളവികയ്ക്ക്‌ തങ്കനെ അങ്ങു പിടിച്ചു. വന്നപ്പോഴേ ഒരു ഫൈവ്‌സ്റ്റാര്‍ ചോക്കലേറ്റ്‌ കൊടുത്തതുകൊണ്ടാണോ അതോ, ടോം ആന്‍ഡ്‌ ജെറിയുടെ ഒരു സി.ഡി കൊടുത്തിട്ടാണോ എന്നറിയില്ല.

"ചേച്ചീടെ മുടി കൊറെ കൊഴിഞ്ഞിട്ടുണ്ട്‌.. എന്താ ചേച്ചീ.. ഇവിടുത്തെ വെള്ളത്തിന്‍റെ കൊഴപ്പമാണോ...." സോപ്പിടീല്‍.സോപ്പിടീല്‍..

"ഒന്നും പറേണ്ട തങ്കാ... 'കണവന്‍ കൊശവനായാല്‍ കേശഭാരമൊഴിഞ്ഞിടും' എന്നൊരു ചൊല്ലുണ്ട്‌ കേട്ടിട്ടുണ്ടോ " കട്ടന്‍ നീട്ടിക്കൊണ്ട്‌ ഭൈമി

"അങ്ങനല്ല.. കണവന്‍ കൊശവനായാല്‍ കര്‍ണ്ണഭാരമൊഴിഞ്ഞിടും എന്നാ.. ഐ മീന്‍.. കമ്മല്‍ പണയത്തില്‍ പോകും എന്ന്. നീ തല്‍ക്കാലം ഞാന്‍ പഠിപ്പിച്ച ചൊല്ലുകള്‍ വളച്ചൊടിക്കേണ്ടാ.... "

നാട്ടുവിശേഷവും വീട്ടുവിശേഷവുമായി കുറെനേരം ഇരുന്നിട്ടൊടുവില്‍, തങ്കനു ഞാന്‍, ഫ്രണ്ട്‌ റൂമിലെ കട്ടിലില്‍ ഷീറ്റ്‌ വിരിച്ചു കൊടുത്തു.

"തങ്കാ, വല്ല ബുദ്ധിമുട്ടുമുണ്ടേല്‍ വിളിക്കാന്‍ മടിക്കേണ്ട... ഉറങ്ങാന്‍ നേരം ലൈറ്റ്‌ ഓഫ്‌ ചെയ്തോളൂ.. "

അകത്തെ മുറിയിലേക്ക്‌ നടന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

കുറെ നേരം ആയിട്ടും തങ്കന്‍ ലൈറ്റ്‌ കെടുത്താത്തതു കണ്ട്‌, ഞാന്‍ പതുക്കെ അടുത്തെത്തി.

എന്താ സംഭവം എന്നൊന്നറിയണമല്ലോ..

കട്ടിലില്‍ കിടന്നുകൊണ്ട്‌, മൊബൈല്‍ ഫോണിലെ ഐശ്വര്യാ റായിയുടെ പടത്തില്‍ നോക്കി വെള്ളം വിഴുങ്ങിക്കിടക്കുന്നു ആശാന്‍.

ദൈവമേ..ഇവനു യാത്രാക്ഷീണവുമില്ലേ..

"തങ്കന്‍ ഐശ്വര്യാ റായിയെ ഉറക്കിയിട്ടേ ഉറങ്ങുന്നുള്ളാരിക്കും അല്ലേ... "

ഒരു വളിച്ച ചിരി..

"അത്‌ അണ്ണാ.. എനിക്കൊരു കോളു വരാനുണ്ട്‌.. അതു നോക്കിയിരിക്കുവാ... "

"നിനക്ക്‌ ഈയിടെയായി പല കോളുകളും ഉണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്‌.. മറ്റേ രമണിച്ചേച്ചിയുടെ മോളുടെ ഫോണ്‍ ആണോ വരാനുള്ളേ. അവള്‍ക്കും മൊബൈല്‍ ഉണ്ടോടാ.. ഹോ. കാലം പോയ പോക്കേ.." ഞാന്‍ കട്ടിലിന്‍റെ സൈഡില്‍ ഇരുന്നു.

"ഛേ......." തങ്കനു നാണം.
"അണ്ണനോടീ വേണ്ടാതീനമൊക്കെ ആരു പറഞ്ഞു. "

"എടാ ചെക്കാ.. വര്‍ഷത്തില്‍ പത്തുദിവസത്തെ അവധിയേ ഉള്ളേലും ന്യൂസ്‌ എല്ലാം അപ്‌ഡേറ്റാടാ കുട്ടാ.. കുണ്ടോമണ്‍ കടവില്‍ അവള്‍ മുങ്ങുമ്പോ നീ പൊങ്ങുമെന്നും, അവള്‍ പൊങ്ങുമ്പോ നീ മുങ്ങുമെന്നും ഒക്കെ ഞാന്‍ കേട്ടു. സത്യം പറ.. വല്ലോം നടക്കുമോ.. "

"എന്‍റണ്ണാ.. അത്‌ അസൂയക്കാരു വെറുതെ പറഞ്ഞുണ്ടാക്കുന്നതാ അല്ലാതെ... "

"ഹോ..അസൂയാവഹമായ എന്തു നേട്ടമാടാ തങ്കാ നീ ഉണ്ടാക്കിയത്‌. ക്രിക്കറ്റ്‌ കളിച്ച്‌ നാട്ടുകാരുടെ ചീത്തവിളി കേള്‍പ്പിക്കുന്നതൊഴിച്ച്‌.. "

"ദേ അണ്ണാ ഒരുമാതിരി ആക്കല്ലേ.. പിന്നെ ആയ കാലത്ത്‌ മുങ്ങുന്ന കാര്യത്തില്‍ അണ്ണനും മോശമല്ലാരുന്നൂന്ന് എനിക്കും അറിയാം"

'കര്‍ത്താവേ!!! അഭയം കൊടുത്തവനിട്ട്‌ ആപ്പു വക്കുന്നോ'
ഞാന്‍ ഭൈമിയെ ഒളികണ്ണിട്ടു നോക്കി..ഭാഗ്യം അവള്‍, മകളുടെ യൂണിഫോമില്‍ ബട്ടണ്‍ തയ്ക്കുകയാണ്‌.. കേട്ടു കാണില്ല..

"എടാ ഒരുമാതിരി അനാവശ്യം പറേല്ലേ.. ആരോടു വേണേലും എന്‍റെ ഹിസ്റ്ററി ചോദിക്ക്‌.. ഇത്രമാത്രം ഡീസന്‍റായ ഒരു പയ്യന്‍ കോന്നിയിലില്ലാരുന്നു.. "

"ഉവ്വ്‌ ഉവ്വ്‌.. കുണ്ടോമണ്ണിലെ ഭവാനിച്ചേച്ചിക്ക്‌ കഴിഞ്ഞ മുപ്പതു കൊല്ലമായി കടവില്‍ കുറ്റിയടിച്ചു കിടന്നവരുടെ ചരിത്രം അറിയാം.. അണ്ണന്‍ പതിനൊന്നു മണിവരെ ആറ്റിലാരുന്നു എന്ന് ചേച്ചിതന്നാ എന്നോട്‌ പറഞ്ഞത്‌.. "

"നീ ഉറങ്ങിക്കോ....." ഞാന്‍ എഴുന്നേറ്റു.

"ഈ യൂണീഫോം ഒക്കെ കളിപ്പീരാ ഇപ്പോ അല്ലേ.. പെട്ടെന്നല്ലേ ബട്ടണൊക്കെ പൊഴിയുന്നത്‌.. "
ഭാര്യയുടെ കണ്ണില്‍ വളിച്ച ലക്ഷണം ഒന്നും ഇല്ലല്ലോ എന്ന് കണ്‍ഫേം ചെയ്തു കൊണ്ട്‌ ഞാന്‍.

"അതേ... എല്ലാം ഇപ്പൊ കളിപ്പീരാ മാഷെ " ആ പറച്ചിലില്‍ ഒരു മുള്ളില്ലേ..

തല്‍ക്കാലം മുട്ടുതിരുമ്മി വിഷയം മാറ്റിയേക്കാം
"ഹോ.. ഈയിടെയായി മുട്ടിനൊക്കെ ഒരു പിടിത്തം.. കാലത്തെഴുന്നേറ്റ്‌ കുറെ നടത്തം ഒക്കെ തുടങ്ങണം ഇനി.. പ്രായം ഒക്കെ ആയി വരുവല്ലേ.. എന്താ നിന്‍റെ അഭിപ്രായം.. "

"ആങ്ങ്‌.. അതും നല്ലതാ.. കുറെ നാളായില്ലേ മുങ്ങാംകുഴിയൊക്കെ ഇട്ടിട്ട്‌.. അല്ല നിങ്ങള്‍ പാരമ്പര്യമായി വാട്ടര്‍ തെറാപിസ്റ്റുകള്‍ ആണോ.. " തങ്കാ നിനക്ക്‌ വച്ചിട്ടുണ്ട്‌.. നേരമൊന്നു വെളുത്തോട്ടെ..

"അച്ഛാ ഒരു കഥ പറ പ്ളീസ്‌..." ഹോ.. മകള്‍ രക്ഷയ്ക്കെത്തി..

"ഉം പറയാം.. ഒരിടത്തൊരിടത്ത്‌..... ഒരു.... കൊരങ്ങന്‍ ഉണ്ടാരുന്നു... "

"ആ കൊരങ്ങന്‍റെ പേര്‌ മനു എന്നാരുന്നു.. അതല്ലേ.... അതിന്നലെ അമ്മ പറഞ്ഞതാ. അതുവേണ്ടാ.. വേറെ കഥ പറ....പ്ളീസ്‌........ "

പൊട്ടിച്ചിരിയോട്‌ ഗുഡ്‌നൈറ്റ്‌ പറഞ്ഞ്‌ ചമ്മല്‍ ലൈറ്റ്‌ ഓഫ്‌ ചെയ്തു

ഉറക്കം കണ്ണിലേക്ക്‌ മെല്ലെ ഇറങ്ങിയപ്പോഴാണ്‌....

"ഐഷാ.....................ഐഷാ..................... "

ഞെട്ടി... !!!

അത്‌ തങ്കനല്ലേ..

ദൈവമേ..ഉറക്കത്തില്‍ ഗേള്‍ഫ്രണ്ടിനെ വിളിക്കുവാണോ...
കോന്നിയില്‍ ഐഷ എന്നൊരു പെണ്ണില്ലല്ലോ..അതോ ഉണ്ടോ...

ഞാന്‍ ചാടി ഫ്രണ്ട്‌ മുറിയിലേക്കോടി.

"ഐഷാ.........ള്‍.............................. "

കഥകളിക്കാരന്‍ കമലദളം വിടര്‍ത്തുന്ന പോലെ, കൈരണ്ടു ചേര്‍ത്ത്‌ വച്ച്‌ തങ്കന്‍ അലറുന്നു.

ഇവനു ഉറക്കത്തിലും ക്രിക്കറ്റോ കര്‍ത്താവേ....

ഓടിച്ചെന്നപ്പോഴേക്കും തങ്കന്‍ ബോള്‍ പിടിച്ചിരുന്നു.

"ക്യാ...............ച്ച്‌.................. "

പൊത്തോം......................

സ്വപ്നത്തിലെ ബോളുമായി തങ്കന്‍ ദാ തറയില്‍..

ഒരുകാല്‍ കട്ടിലിലും മറുകാല്‍ ടീപോയിലേക്കും.. ക്യാപിറ്റല്‍ വി ഷേപ്പില്‍.. നടുമാത്രം നിലത്ത്‌.

"ബോളു കളയല്ലേ തങ്കാ... കഷ്ടപ്പെട്ടു പിടിച്ചതല്ലേ.. ആരാരുന്നു ബാറ്റു ചെയ്തത്‌.. മാര്‍ട്ടിന്‍ ക്രോയോ അതോ ഇമ്രാന്‍ ഖാനോ.." കോരി കട്ടിലിലേക്കിടുമ്പോള്‍ ഞാന്‍.

"എന്താ മാഷേ ഒരു ശബ്ദം കേട്ടത്‌.. " പാതി മയക്കത്തില്‍ ഭൈമി പുലമ്പി

"തങ്കന്‍ ക്രിക്കറ്റ്‌ കളിച്ചതാ. വാരിയെല്ലിന്‍റെ വിക്കറ്റ്‌ പോയ ലക്ഷണമുണ്ട്‌...നാളെ മിക്കവാറും..." ഷീറ്റ്‌ പുതച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു "ഹവധി എടുത്തേ പറ്റൂന്നാ തോന്നുന്നേ.... "

വെളുപ്പിനെ അഞ്ചരയ്ക്ക്‌ മദര്‍ ഡയറിയിലേക്കുള്ള പതിവു ട്രിപ്പിനു ഞാന്‍ പാല്‍പ്പാത്രം എടുത്തു വെളിയില്‍ വന്നു.

ഇന്‍ജുറി കാരണം അടുത്ത മാച്ച്‌ മിസ്സാവുമോ ഈ ടാലന്‍റഡ്‌ ക്രിക്കറ്റര്‍ക്ക്‌ എന്നറിയാന്‍ വേണ്ടി മുന്‍മുറിയിലെ ലൈറ്റ്‌ ഇട്ടു.

"കൃഷ്ണാ........................" പെട്ടെന്നു തന്നെ ലൈറ്റ്‌ ഓഫാക്കി..

"തങ്കാ.... തങ്കാ... "

"ഉം........ഉം......." തങ്കന്‍ ബുദ്ധിമുട്ടി ഉണര്‍ന്നു..

"തങ്കാ എഴുന്നേക്ക്‌.. ഇതാ...... "

"ഹോ... ഗൂഡ്‌ മോണിംഗ്‌ അണ്ണാ.. ഇത്ര രാവിലെ തന്നെ കട്ടന്‍ ഇട്ടോ.. വേണ്ടാരുന്നു.. "

"ഇത്‌ കട്ടനല്ല.. നിന്‍റെ കൈലിയാ.. ദാ കട്ടിലിന്‍റെ കീഴീന്നെടുത്തതാ.. "

"അയ്യോ.....ഛേ....." കൈലി വാരിച്ചുറ്റിയ തങ്കന്‍റെ മുഖം, ഉറക്കച്ചടവും ചമ്മലും കാരണം ചുരുണ്ടു കൂടി.

"സാരമില്ല.. തല്‍ക്കാലം നിന്‍റെ ശുഷ്കാന്തി ഞാന്‍ മാത്രമേ കണ്ടുള്ളൂ.. നീയും നിന്‍റെ അച്ഛനെപ്പോലെ തന്നെയാണല്ലേ.. അടിവസ്ത്രം ലക്ഷ്വറിയാണെന്നു കരുതുന്ന കൂട്ടത്തില്‍... "

രണ്ടുദിവസം തങ്കനെ ഡല്‍ഹി കാണിക്കാന്‍ ചിലവഴിച്ചു. കുത്തബ്‌ മീനാറ്‍ മുതല്‍, റെഡ്ഫോര്‍ട്ട്‌ വരെ..

"അണ്ണനെങ്ങനാ അണ്ണാ ഹിന്ദി പഠിച്ചത്‌.. ഭയങ്കരം.. "

"ആവശ്യം വരുമ്പോ നമ്മള്‍ എല്ലാം പഠിക്കും തങ്കാ.. ഇതിലൊന്നും വല്യ കാര്യമില്ലെന്നേ.. "

"മഹാഭാരതം സീരിയല്‍ കണ്ട്‌ 'പരന്തു' മാത്രം എനിക്കറിയാം. അതു പറയുന്നതിനും ഒരു പരിധിയില്ലേ.. ബസില്‍ വച്ച്‌ ഒരു പെങ്കൊച്ച്‌ എന്നോടെന്തോ ചോദിച്ചു. പരന്തു എന്നു ഞാനും പറഞ്ഞു. അവളു വാ പൊളിക്കുന്ന കണ്ടു.. എന്താണെന്നാര്‍ക്കറിയാം.. "

അറ്റസ്റ്റേഷനു പോകുന്നതിന്‍റെ തലേ ദിവസം ആണു തങ്കനു മുടിവെട്ടിക്കണം എന്ന ഉള്‍വിളി ഉണ്ടായത്‌.

"അണ്ണനും കൂടി വാ അണ്ണാ.. നോര്‍ത്തിന്‍ഡ്യന്‍ സ്റ്റൈലില്‍ എനിക്ക്‌ മുടി ഒന്നു വെട്ടിക്കണം. നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു പുതുമ വേണ്ടെ"

ബാര്‍ബര്‍ ഷോപ്പില്‍ തങ്കന്‍ പുതച്ചിരുന്നു.

മുടിയുടെ സ്റ്റൈല്‍ തങ്കന്‍റെ ഇഷ്ടപ്രകാരം ബാര്‍ബര്‍ക്ക്‌ വിവരിച്ചു കൊടുത്തു കഴിഞ്ഞു, ഹിന്ദി പത്രം നിവര്‍ത്തിയപ്പോഴാണ്‌, പൂജാസമിതിക്കാരെ പുറത്തു കണ്ടത്‌.

അയ്യപ്പന്‍റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ പുറത്തിറങ്ങി. സ്റ്റെനോ രാഘവന്‍ ചേട്ടനെ ഒരു ഭക്തന്‍ ഹെല്‍മെറ്റുകൊണ്ട്‌ തലയ്ക്കടിച്ചു എന്ന ലേറ്റസ്റ്റ്‌ ന്യൂസ്‌ ആസ്വദിച്ചിരുന്നപ്പൊഴാണു അകത്ത്‌ ഒരു അലര്‍ച്ച കേട്ടത്‌..

"ഷിറ്റ്‌...................... "

ഏങ്ങ്‌.. തങ്കന്‍ അതിനിടയ്ക്ക്‌ സുരേഷ്‌ ഗോപിയായോ... "

"ഊ......ക്യാ...ക്യ..... ഷിറ്റ്‌....."

തങ്കന്‍ എന്തോ കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്ന് മനസിലായി..

"എന്തുപറ്റി തങ്കാ.. " വാചകം പൂര്‍ത്തിയാക്കും മുമ്പേ ഞാന്‍ ഞെട്ടി

തങ്കന്‍റെ പകുതി മീശ ബാര്‍ബര്‍ അടിച്ചുമാറ്റിയിരിക്കുന്നു..

പരന്തു പന്തയം വല്ലതും വച്ചോ അയ്യപ്പാ...

വിഷമമവും ദേഷ്യവും മിക്സ്‌ ചെയ്ത്‌ പാതി മീശയുമായി തങ്കന്‍ വിറയ്ക്കുന്നു.

ബാര്‍ബറെ ഞാന്‍ ചീത്തവിളിച്ചപ്പോഴാണു കാര്യം മനസില്‍ ആയത്‌..

മുടിവെട്ടി, ഷേവ്‌ ചെയ്തതിനു ശേഷം തങ്കന്‍ മീശയില്‍ വിരല്‍ ഓടിച്ചു പറഞ്ഞത്രേ..

"യഹ്‌..യഹ്‌... അച്ചാ കരോ?"

"സാഫ്‌ കരൂം " ബാര്‍ബര്‍ ചോദിച്ചത്രെ

"ഹാം ജീ.."

സാഫ്‌ എന്നു വച്ചാല്‍ ക്ലീന്‍ ഷേവാണെന്ന് ദാ ഇപ്പൊഴാ തങ്കനു മനസിലായത്‌..

ചിരിയുടെ സകല കണ്ട്റോളും വിട്ടു ഒടുവില്‍ ഞാന്‍ തങ്കനോട്‌ പറഞ്ഞു..

"ഏതായാലും പകുതി പോയി തങ്കാ. ഇനി മറ്റേ പകുതിയും കൂടി എടുക്ക്‌.. അല്ലാതെന്നാ ചെയ്യാനാ.. "

പുത്തന്‍ കലം പോലെയുള്ള പുതിയ മുഖവുമായി തങ്കനും, ചിരിച്ചു പതം വന്ന മുഖവുമായി ഞാനും റൂമിലെത്തി വാതിലില്‍ മുട്ടി.

അപരിചതന്‍ വീട്ടില്‍ വന്നാല്‍ നമസ്തെ പറയണം എന്ന് മധുവിധു കാലത്തു തന്നെ ഞാന്‍ ഭാര്യയെ പഠിപ്പിച്ചിരുന്നു.

"നമസ്തെ " ഭാര്യ കൈകൂപ്പി..

"തങ്കന്‍ എവിടെ മാഷേ... " പിന്നെ ഒന്നുകൂടെ നോക്കി.
പുറകെ മകളും നോക്കി..
ഞങ്ങള്‍ മൂന്നു പേര്‍ ചിരി അടക്കാന്‍ ഒരു മാര്‍ഗം തേടി.
തങ്കന്‍ കരച്ചില്‍ അടക്കാനും.

"അണ്ണാ, ഇതുമായി ഞാന്‍ എങ്ങനെ നാട്ടില്‍ ചെല്ലും. "

"സാരമില്ല തങ്കാ. എംബസിക്കാര്‍ ആദ്യം മീശയാണ്‌ അറ്റസ്റ്റ്‌ ചെയ്യുന്നത്‌ എന്നു എല്ലാരോടും പറ..ഞാനും സപ്പോര്‍ട്ട്‌ ചെയ്യാം.. "

പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ, മീശയില്ലാത്ത തങ്കനെയും കൊണ്ട്‌ എംബസിയിലേക്ക്‌ പാഞ്ഞു.

"ഇതെന്താ അണ്ണാ..ഉത്സവത്തിന്‍റെ ആളാണല്ലോ ഇവിടെ.. ഇവിടെ ഒരു ചായക്കട ഇട്ടാലും കാശുണ്ടാക്കാമല്ലോ.. "

തങ്കനോടൊപ്പം ക്യൂ നിന്ന്, കൊച്ചുവര്‍ത്തമാനം പറഞ്ഞ്‌, ദൈവത്തെ വിളിച്ച്‌ അകത്തേക്ക്‌ കയറ്റി വിട്ടു. പുതിയ പൊല്ലപ്പൊന്നും ഉണ്ടാക്കി പുറത്തുവരുത്തരുതേ എന്ന സ്പെഷ്യല്‍ പ്രാര്‍ഥനയോടെ.

ഭാഗ്യം.. എല്ലാം ഭംഗിയായി അവസാനിച്ചു..

എംബസിയുടെ സീല്‍ പതിഞ്ഞ സര്‍ട്ടിഫിക്കറ്റുമായി തങ്കന്‍ പുറത്തിറങ്ങി..

"സംഗതി ഒകെ ആയല്ലോ..ഇനി നമുക്ക്‌ ഇഞ്ചിയൊക്കെ ഇട്ട ഒരു സൂപ്പര്‍ നാടന്‍ ചായ കുടിക്കാം... "

"ഒരിക്കല്‍ കൂടി ഞാന്‍ ഡല്‍ഹിക്കു വരുന്നുണ്ടണ്ണാ... അന്ന് താജ്‌മഹല്‍ ഒക്കെ ഒന്നു കണ്ടിട്ടേ മടങ്ങൂ.... "

"പിന്നെന്താ. എപ്പോ വേണേലും വന്നോ.. ഒരാഴ്ച മുമ്പ്‌ ഒന്നു വിളിച്ചു പറഞ്ഞാ മതി... "

"അതുടനെയില്ല.. എന്‍റെ മോന്താസിനെ കൊണ്ട്‌ ഒരിക്കല്‍ വരും.. താജില്‍ പോകാന്‍"

"മോന്താസൊ..നിനക്കതിനു ഒരു മോന്തയല്ലേ ഉള്ളൂ..പ്ളൂറല്‍ എന്തിനാ.. "

"മോന്താസ്‌ അല്ലണ്ണാ.. മുംതാസ്‌.. "

"ഓ.... രമണിച്ചേച്ചീടെ മോള്‍..കൊച്ചുകള്ളാ......" ഇത്തവണ ഞാന്‍ അവന്‍റെ വയറ്റില്‍ കുത്തി..

"പോ അണ്ണാ..കളിയാക്കാതെ... "


തങ്കന്‍ മടങ്ങുന്നു..

ഒരു ഡസണ്‍ പഴം വാങ്ങി ഞാന്‍ കമ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ നീട്ടി..

"വെളീന്നൊന്നും വാങ്ങി കഴിക്കല്ലേ തങ്കാ.. വയറിനു പിടിക്കില്ല... "

"ഞാന്‍ അണ്ണനെ ഒരുപാടു ബുദ്ധിമുട്ടിച്ചു അല്ലേ.. അവധിയെടുപ്പിച്ചു.. പിന്നെ സമയം പാഴാക്കിച്ചു.. "

"ഛേ..ഇതൊക്കെ അല്ലേ തങ്കാ ജീവിതം.. അടരും മുമ്പ്‌ മറ്റുള്ളോര്‍ക്ക്‌ എന്തെങ്കിലും ഒക്കെ ഛോട്ടാ ഛോട്ടാ സഹായങ്ങള്‍ ചെയ്യുക.. അപ്പൊഴല്ലെ നമ്മളൊക്കെ മനുഷ്യര്‍ ആവൂ കുട്ടാ. "

"ഞാന്‍ അണ്ണനെ ഒരിക്കലും മറക്കില്ല....." തങ്കന്‍റെ മുഖം മങ്ങി.

"അങ്ങനെ പറയല്ലേ തങ്കാ.. മറക്കണം.. മറന്നാലല്ലേ വല്ലപ്പോഴും ഓര്‍ക്കാന്‍ പറ്റൂ.. മാത്രമല്ല.. ഒരിക്കലും മറക്കില്ല എന്നു പറഞ്ഞോരൊക്കെ മുഖം തിരിച്ച്‌ മടങ്ങിയിട്ടേ ഉള്ളൂ എന്‍റെ ജീവിതത്തില്‍... " ഞാന്‍ പുഞ്ചിരിച്ചു.

"ഗള്‍ഫിലൊക്കെ പോയി പച്ചപിടിക്ക്‌.. നീ രക്ഷപെടുമെടാ... ഒന്നുമില്ലെങ്കിലും ബ്രിജ്‌വിഹാര്‍ അയ്യപ്പന്‍ അറ്റസ്‌റ്റ്‌ ചെയ്തു വിട്ടതല്ലേ നിന്നെ.. ഇനി പേടിക്കാനില്ല.. അപ്പോ ഞാന്‍ പോട്ടെ.. രാവിലെ ഓഫിസിലെത്തണം..... "



കാലം കുറെയേറെ കലണ്ടറുകള്‍ അറ്റസ്റ്റ്‌ ചെയ്തു വിട്ടു.

യു.എ.ഇ തങ്കന്‍റെ ജീവിതം മാറ്റിമറിച്ചു..

തങ്കനു മാളികപോലെയുള്ള വീടായി..

വീടിനു വിളക്കായി തങ്കക്കുടം പോലൊരു പെണ്ണായി..

മാരുതി ആള്‍ടൊയില്‍ തങ്കന്‍ തന്ന ലിഫ്റ്റും ആസ്വദിച്ച്‌, നാടന്‍ കാറ്റു കൊണ്ട്‌ ഒരു അവധിക്കാല സായന്തനം..

"അണ്ണാ.. ഞാന്‍ രക്ഷപെട്ടു "

"അതു ഞാന്‍ അന്നേ പറഞ്ഞതല്ലേ.. ആ അറ്റസ്റ്റേഷന്‍റെ കാര്യം..." ഞാന്‍ പുഞ്ചിരിച്ചു.

മുരിങ്ങമംഗലം അമ്പലത്തിലെ മണിമുഴക്കങ്ങള്‍ മനസിലേക്ക്‌ പടര്‍ന്നു.

കാര്‍ പാലം കടന്നു കൊണ്ടിരുന്നു.

"ഒന്നു സ്ളോ ചെയ്തേ തങ്കാ..." അച്ചന്‍ കോവിലാറ്റിലേക്ക്‌ ഞാന്‍ നോക്കിയിരുന്നു.

"പാവം.. ഈ ആറും നശിക്കാറായി അല്ലേ.. ആരും കുളിക്കാറില്ലേ ഇതിലിപ്പോ.. "

"ഇല്ലണ്ണാ.. ആര്‍ക്കും വേണ്ടാതായി ഈ പുഴയെ.. മണല്‍ വാരി വാരിക്കുഴികള്‍ നിറഞ്ഞോണ്ട്‌, മുറിച്ചു കടക്കാന്‍ പോലും ആരും വരില്ല ഇപ്പോള്‍.. "

"പാവം.. ചെറുപ്പത്തില്‍ എനിക്ക്‌ ആകെ കൂട്ടായിരുന്നത്‌ ഈ ആറാ.. ഇതിലേക്ക്‌ എടുത്തു ചാടുമ്പോള്‍ എല്ലാ വിഷമോം പമ്പ കടക്കുമായിരുന്നു... ഉം.. നീ വണ്ടിവിട്‌... നല്ലൊരു സന്ധ്യ വെറുതെ സെന്‍റി അടിച്ചു കളയേണ്ടാ.. "

സീറ്റിലേക്ക്‌ ചാരി ഞാന്‍ കണ്ണുകളടച്ചു..

പരീക്ഷ ദിവസവും ആറ്റില്‍ മുങ്ങുന്ന ബാല്യം..

കൈപിടിച്ചു വിളിക്കുന്ന അച്ഛന്‍..

പിന്നെന്നോ കവിതയായി മാറിയ പുലരി....

ഞാന്‍ അറിയാതെ മൂളി......

'അച്ഛന്‍ വിളിക്കുന്നു പോകാതെ വയ്യെനി-
ക്കച്ചന്‍കോവില്‍ പുഴ കൂട്ടുകാരാ..
കുഞ്ഞു കുളിര്‍കൈ നീയൊന്നു വിടൂ എനി-
ക്കിന്നു പരീക്ഷയാ പാട്ടുകാരാ..
നാളെ വരാം പുലര്‍ കാലത്തു തന്നെ നി-
ന്നോള വലയത്തിലൂയലാടാന്‍
തിട്ടയില്‍ നിന്നു കുതിച്ചു ചാടി വെയില്
‍വെട്ടവുമായൊന്നു നീന്തിയേറാന്‍..
മുത്തുമണല്‍ മെത്തയിട്ട നിന്‍ പൂന്തട്ടില്‍
മുത്തിനിവര്‍ന്നു കുളിരണിയാന്‍
അയ്യോ പിണങ്ങല്ലേ പാട്ടുകാരാ എനി-
ക്കിന്നു പരീക്ഷയാ കൂട്ടുകാരാ... "

Wednesday 13 February 2008

വാണാ ബീ മൈ വാലന്‍‌റൈന്‍ ??

'ഡല്‍ഹിയില്‍ വാലൈണ്റ്റൈന്‍ ഡേ സെലിബ്രേഷന്‍ ഒന്നും ഇല്ലേ അളിയാ"

"അധികം ഇല്ലളിയാ.. ഇവിടെ 'വാളണ്റ്റൈന്‍ ഡേ സെലിബ്രേഷന്‍' ആണു കൂടുതല്‍. വീ പ്രിഫര്‍ മദ്യം ടു മദിരാക്ഷി.. ഹ ഹ"

'അലക്സ്‌ സൈമണ്‍ ഈസ്‌ ടൈപ്പിംഗ്‌ എ മെസേജ്‌ നൌ' എന്ന യാഹൂ മെസഞ്ചര്‍ സ്റ്റാറ്റസ്‌ നോക്കി, അടുത്ത മറുപടിക്കായി ഞാന്‍ കാത്തു.

'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവി.. ' മൊബൈല്‍ ഫോണ്‍ കിണുങ്ങി

"ഹലോ മൈഡിയര്‍ വാലണ്റ്റൈന്‍... ഹൌ ഡൂയൂ ഡൂ മൈ ചീരപ്പൂവേ.... "

"ഇന്നെന്താ ഏട്ടാ സ്റ്റൈലന്‍ സംസാരം. വാലന്‍റൈന്‍ ഡേ ആയിട്ടാ? "
അനുപമയുടെ സ്വരത്തിനു പതിവിലും ഏറെ റൊമാന്‍റിക്‌ ഫ്ലേവര്‍..

"ഒരു നല്ല ദിവസം അല്ലേ കൊച്ചേ.. കിടക്കട്ടെ അല്‍പ്പം ആഡംബരമൊക്കെ.. പിന്നെ പറ. പൂവാലന്‍മാരുടെ ഈ ദിനത്തില്‍ ഞാന്‍ നിനക്ക്‌ എന്താണു തരേണ്ടത്‌. ലോ ബഡ്ജറ്റ്‌ ഐറ്റംസേ പറയാവൂ... "

"എന്നും തരാറുള്ള സീറോ കോസ്റ്റ്‌ ഐറ്റം തന്നെ ആദ്യമേ പോരട്ടെ.. "

"ഹഹ കവിത.. അതല്ലേ നീയുദ്ദേശിച്ചത്‌.. "

"പിന്നല്ലാതെ എന്‍റെ പൊന്നു കാമുകന്‍ മറ്റൊന്നും ഗിഫ്റ്റ്‌ തരാറില്ലല്ലോ. "

"നീ താന്‍ എന്‍ പ്രാണസഖീ.. ഇന്ന് എ.അയ്യപ്പന്‍ മാഷിനെ ക്വോട്ട്‌ ചെയ്തേക്കാം.. പിടിച്ചോ

നിന്‍റെ മരണത്തിന്‍റെ നൃത്തത്തിനായ്‌
എന്‍റെ ജീവിതത്തിന്‍റെ താളം തരാം
നൃത്തത്തില്‍ മുറിവേറ്റ നിന്‍റെ പാദത്തിനായ്‌
സര്‍പ്പാഭരണച്ചിലമ്പു തരാം"

"കളഞ്ഞു.. സകലമൂഡും കളഞ്ഞു. ഛേ.. നല്ലോരു ദിവസമായിട്ട്‌ മരണവും സര്‍പ്പവും... ഞാന്‍ മിണ്ടില്ല..ഉഹും..ഉഹും"
അനുപമ വളരെ അപൂര്‍വമായേ കൊഞ്ചാറുള്ളൂ.. കൊഞ്ചുമ്പോള്‍ കൊഞ്ചുകറി കൂട്ടിയ ഫീലിംഗ്‌ ആണുതാനും.

"അയ്യോ..പിണങ്ങല്ലേ തങ്കം. എന്നാല്‍ നമുക്ക്‌ ഐശ്വര്യമായി എഴുത്തച്ഛനെ സമീപിക്കാം ഒ.കെ.

കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെ നേരെ വരുന്നു ലഖുതരം

നിശാചരന്‍ ആരാണെന്നു പ്രത്യേകം പറയേണ്ടല്ലോ അല്ലെ.. യുവര്‍ ഹോപ്‌ലസ്‌ ഫാദര്‍.... "

"ഏട്ടാ.. എനിക്ക്‌ ദേഷ്യം വരുന്നുണ്ട്‌ ട്ടോ.. എന്‍റച്ഛനു പറേന്ന ബോയ്ഫ്രണ്ടിനെ എനിക്കു വേണ്ടാ.. ദാ ഇന്നലേം ഞാനൊരു കല്യാണാലോചന മുടക്കി.. ജസ്റ്റ്‌ ഫോര്‍ മൈ മനുവേട്ടന്‍... അറിയാമോ... "

"റിയലി!!!!.. ഏതസ്ത്രമാ കുട്ടാ നീ ഇന്നലെ എടുത്തത്‌... ?"

"അന്നു പറഞ്ഞു തന്ന വിദ്യ. അയാള്‍ക്ക്‌ ചായ കൊടുത്തപ്പോള്‍ ഞാന്‍ മൂന്നുവട്ടം കണ്ണുരുട്ടി കാണിച്ചു. പാവം.. പേടിച്ചുപോയി.. ബ്രോക്കറോടു പറഞ്ഞത്രേ ആ പെണ്ണിന്‍റെ കണ്ണിനു സാരമായ കുഴപ്പമുണ്ട്‌. കൊണ്ടുപോയി ചികിത്സിക്കാന്‍... "

"കലക്കി.. ഇതു കേട്ടിട്ട്‌ നിന്‍റച്ഛന്‍ എന്തു പറഞ്ഞു... "

"നിന്‍റെ തന്തയ്ക്കാടാ കണ്ണിനു സോക്കേട്‌ എന്നു ബ്രോക്കറോട്‌ പറഞ്ഞു. ഇനി അയാളു പടികേറില്ല... "

"എനിക്ക്‌ വയ്യ.. നീ എനിക്കുവേണ്ടി തന്നെ ഡിസൈന്‍ ചെയ്യപ്പെട്ട പെണ്ണാ.. "

"ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ അതുമതി.. ഞാന്‍ എടുത്തു.... "

"എന്ത്‌????"

"ഹാഫ്‌ ഡേ..... ഏട്ടന്‍ എടുത്തില്ലേ.... ? "

"അവധിയെടുക്കാനോ... എന്തിന്‌????"

"കഴിഞ്ഞ ബെര്‍ത്ത്‌ഡേയ്ക്ക്‌ ചെയ്ത പ്രോമിസ്‌ മറന്നോ.. ഈ വാലൈന്‍റൈന്‍ ഡേയ്ക്ക്‌ കറങ്ങാന്‍ പോകാം എന്ന പ്രോമിസ്‌.. ദേ വാക്കു മാറ്റിയാല്‍ മൂക്കു ഞാന്‍ ചെത്തും.. "

"അതല്ലേലും നിന്‍റെ തന്ത ചെത്താനിരിക്കുകയല്ലെ. അതുപോട്ടെ.. ഞാന്‍ അങ്ങനെ പറഞ്ഞോടാ.... "

"പറഞ്ഞെടാ മോനേ... മര്യാദയ്ക്ക്‌ വന്നോ. ഞാന്‍ നെഹ്രുപ്ളേസില്‍ കാത്തുനില്‍ക്കും. ഇല്ലെങ്കില്‍ പീഡിപ്പിച്ചെന്നും പറഞ്ഞു കേസു കൊടുക്കും. അങ്ങനെയെങ്കിലും എന്‍റെ ഏട്ടനെ ഒന്നു റൊമാന്‍റിക്‌ ആക്കാമോന്നൊന്നു നോക്കട്ടെ.. "

"ഈശ്വരാ.. കുഞ്ഞാലിക്കുട്ടിയൊക്കെ അങ്ങനെയാണോ റൊമാന്‍റിക്‌ ആയത്‌.. പെണ്ണേ വലയ്ക്കല്ലേ. ഞാന്‍ വരാം.. "

'ഈ ബാച്ചിലേഴ്സിന്‍റെ ഓരോരോ പ്രോബ്ളംസേ' എന്ന് ആത്മഗതം ചെയ്തുകൊണ്ട്‌ ഹാഫ്‌ഡേ ലീവ്‌ ആപ്ളിക്കേഷനുമായി ബോസിന്‍റെ അടുത്തു ചെന്നു.

"ക്യാ ഹുവാ...." ഒട്ടും റൊമാന്‍റിക്‌ അല്ലാത്ത ഒരു കിഴങ്ങന്‍ നോട്ടവും മൂളലും.

"സാബ്‌ എന്‍റെ അമ്മാവന്‍ പടിയില്‍ നിന്നും നടുവിടിച്ചു വീണു.. ഹോസ്പിറ്റലില്‍ ആണ്‌"

"അഛാ.......... കൈസേ ?"

ദുഷ്ടന്‍. മാതുലന്‍ മൂടിടിച്ചു വീണെന്നു പറഞ്ഞപ്പോ 'അഛാ'ന്നോ

"അത്‌ സാബ്‌.. പടിയെല്ലാം കയറിക്കഴിഞ്ഞിട്ടും ഒരു പടികൂടി ഉണ്ട്‌ എന്ന് ആവശ്യമില്ലാതെ ചിന്തിച്ച്‌ വായുവില്‍ ആഞ്ഞു ചവിട്ടി.. മറ്റേക്കാല്‍ റെസൊണന്‍സ്‌ തെറ്റിച്ചു.. ഗിര്‍ഗയാ.. ശേഷം ബെഡ്ഡില്‍.. "

ഹെല്‍മെറ്റുമായി ഹൈ റോമാന്‍റിക്‌ വേഗതയില്‍ താഴേക്ക്‌ പാഞ്ഞു.

എതിരെ വന്ന സജിസെബാസ്റ്റ്യനുമായി ഹെഡോണ്‍ കൊളീഷന്‍

"നേരേ നോക്കി നടക്കെടാ പുല്ലെ. നീ എന്നാ വായുഗുളികയ്ക്ക്‌ പോകുവാണോ " നെറ്റി തടവി സജി.

"സോറിയളിയാ.. റൊമാന്‍റിക്‌ ആയപ്പോള്‍ റോമിംഗ്‌ മറന്നു... വിട്ടുകള.. "
നെറ്റിയിലെ മുഴയുടെ വ്യാസം തപ്പിയളന്നുകൊണ്ട്‌ സജി നില്‍ക്കവെ വീണ്ടും താഴേക്കോടി.

'മന്‍മദറാസാ....' വണ്ടി കിക്ക്‌ ചെയ്തു 'ഉം. മന്‍മദറാസാ... "

ഫെബ്രുവരി തണുപ്പിലൂടെ ഓഖല ഫ്ലൈവോറിലൂടെ തെന്നി തെന്നി നീങ്ങി..

പ്രകൃതീ നീയും ഇന്ന് എന്നെപ്പോലെ..കമ്പ്ലീറ്റ് കുളിരില്‍.. കൊടുകൈ.

'പൂ............വാലന്‍റൈനെ... പൂക്കള്‍ ചൂടും വാലന്‍റൈനേ...' പാരഡി പിറന്നു.

നോക്കിയപ്പോള്‍ റോഡിലാകെ വാലന്‍റൈനുകളുടെ ബഹളം.

തേന്‍മാവില്‍ മുല്ലവള്ളി പടരുമ്പോലെയല്ലേ പെങ്കൊച്ചുങ്ങള്‍ ബൈക്കോടിക്കുന്ന വാലന്‍റൈന്‍മാരുടെ കഴുത്തില്‍ പടര്‍ന്നുകയറി ബാലന്‍സ്‌ തെറ്റിക്കുന്നത്‌..

"വ്രൂം.................................. "

കര്‍ത്താവേ... ബ്രേക്ക്‌ ഷൂ പുതിയതായതുകൊണ്ട്‌ രക്ഷപെട്ടു. അല്ലെങ്കില്‍ ദാ ആ വാലന്‍റൈന്‍റെ വാലിന്നു പൊഴിഞ്ഞേനെ..

"വ്രൂം...................." ദാ വരുന്നു അടുത്തത്‌.

"അയ്യപ്പാ...ഈ പെങ്കൊച്ചിനു ജീന്‍സ്‌ അല്‍പ്പം മുകളിലോട്ടിട്ടാ എന്താ കുഴപ്പം. വാലന്‍റൈന്‍ ഡേയില്‍, ബെല്‍റ്റിനു മുകളില്‍ പ്ളെയിനായി ലവ്‌ സിംബല്‍ വേണം എന്നു പുതിയ നിയമം വല്ലതുമുണ്ടോ ഇനി.

നെഹ്രുപ്ളേസ്‌ എ.ടി.എം.

എവിടെ എന്‍റെ നാടന്‍ വാലന്‍റൈന്‍..

കണ്ണുകള്‍ തണുപ്പിലൂടെ ഊളിയിട്ടു.

ഛെടാ.. ഇവള്‍ എവിടെപ്പോയി കിടക്കുന്നു..

എ.ടി.എമ്മിലെ വലത്തെ മൂലയില്‍, ഒരു പെണ്ണിനെ വാലന്‍റൈന്‍ പൊക്കിയെടുക്കുന്നു.

'പാവം. ഇപ്പൊഴേ ഇതാണവസ്ഥയെങ്കില്‍, കെട്ടുകഴിഞ്ഞാല്‍ എന്താവും അനിയാ. നടുവിന്‍റെ ഊപ്പാട്‌ തെറ്റുമല്ലോ.... '

വന്ന ചിരിയെ അടക്കുമ്പോള്‍ ഒരുവിളി

"ഹായ്‌ ഏട്ടാ.... "

"എടീ അനുപമേ.. നീ... നീ ആളങ്ങ്‌ മാറിയല്ലോ.. സെറ്റുമുണ്ട്‌ സ്റ്റൈല്‍ ചുരിദാറും, ചന്ദനക്കുറിയും, പോരാത്തതിനു നിന്‍റെ മെയ്‌ഡ്‌ ഇന്‍ ഹെവന്‍ ചിരിയും.. ആരോഗ്യം പോരാ. അല്ലെങ്കില്‍ ദാ ഇപ്പോള്‍ നിന്നെ പൊക്കിയെടുത്ത്‌ മൂന്നുതവണ കറക്കി ഞാന്‍ നിലത്തിറക്കിയേനേ.. "

"കൊള്ളാമോ... "

"കൊള്ളാമോന്നോ.. ദാ ഈ നശിച്ച നഗരത്തില്‍ കേരളത്തിന്‍റെ ഒരു പീസ്‌ വിമാനം വന്നിറങ്ങിയപോലെ.. എന്തൊരു വള്ളുവനാടന്‍ ലുക്ക്‌ മിലോഡ്‌.. ഹാഫ്‌ഡേ പോയതില്‍ നോ പ്രോബ്ളം. നിന്നെ രണ്ടു മിനിട്ട്‌ ഞാന്‍ കണ്ടൊന്നു നില്‍ക്കട്ടെ.... "

"ഇനി പറ.. എനിക്ക്‌ സ്നേഹമില്ലെന്ന് എപ്പൊഴും കളിയാക്കി പറയാറുള്ളതല്ലേ.. പറ.. ഞാന്‍ ആര്‍ക്കുവേണ്ടിയാ ഇങ്ങനെ അണിഞ്ഞൊരുങ്ങിയത്‌.. ജസ്റ്റ്‌ ഫോര്‍ മൈ ബിലവഡ്‌ പോയറ്റ്‌..... ഇനി ഒരു കവിത പോരട്ടെ...ഇന്‍സ്റ്റന്‍റായി.... നോ വെയിറ്റ്‌.. "

"കരിമഷിയെന്തിന്‌ കാല്‍ത്തളയെന്തിന്‌
നമ്രമുഖീ നിനക്കഞ്ജനമെന്തിന്‌
കാഞ്ചനമെന്തിന്‌ നൂപുരമെന്തിന്‌
കളമൊഴിയിളകുമീയളകവുമെന്തിന്‌

എപ്പടി. "

"താങ്ക്‌സ്‌ ഏട്ടാ...... " അനുപമ ചാടി വണ്ടിയില്‍ കയറി

"ചലോ................................. "

"എങ്ങോട്ട്‌... ? "

"കാച്ചാനത്ത്‌ പാറയിലേക്ക്‌. ദേ ഒരുമാതിരി ആക്കല്ലേ... എന്‍റെ പൊന്നേട്ടാ വല്ല ഷോപ്പിംഗ്‌ മാളിലേക്കും വണ്ടിവിട്‌.. ചുമ്മാ കിണിക്കാതെ.. "

"ആര്‍ യൂ ഫാറ്റ്‌???? " അനുപമയുടെ പഴ്സില്‍ നോക്കി ഞാന്‍ ചോദിച്ചു..

"നോ..ബില്‍കുല്‍ സ്ളിം.. സാലറി കിട്ടിയത്‌ ഹാന്‍ഡ്‌സെറ്റ്‌ വാങ്ങിത്തീര്‍ത്തു.. വാട്ടെബൌട്ട്‌ യൂ.... "

"ഐ ആം ആള്‍വെയ്സ്‌ ഫ്ലാറ്റ്‌.... അസ്‌ യു നോ..." മെലിഞ്ഞ പോക്കറ്റില്‍ തപ്പി ഞാനും പറഞ്ഞു.

"എന്‍റെ ആര്‍.കെ പുരം അയ്യപ്പാ.. ഒരു ദരിദ്രനെയാണല്ലോ നീ എനിക്ക്‌ പ്രേമിക്കാന്‍ തന്നത്‌. ആങ്ങ്‌ പോട്ടെ.. എന്തായാലു വിട്‌.. ഉള്ളതുകൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്യാം.. "

കിക്ക്‌ ചെയ്തുകൊണ്ട്‌ പുറകിലോട്ട്‌ നോക്കി..

"ഇതെന്താ ഇങ്ങനെ നോക്കുന്നെ.... നേരെ നോക്കെന്നേ"

"ഒരു വഴിക്ക്‌ വണ്ടിയില്‍ പോകുവല്ലേ.. അവസാനമായി കാണുവാണോ എന്നറിയില്ലല്ലോ... "

"ക്രൂരാ. കരിനാക്കാ... എടുക്ക്‌ വണ്ടി...." വളയണിക്കൈകള്‍ തോളിലേക്ക്‌ പതിഞ്ഞു.

റൈഡ്‌ വിത്‌ ബിലവഡ്‌..

'സ്വര്‍ഗം താണിറങ്ങി വന്നതോ... സ്വപ്നം.......ഗുഡുഗുഡുഗുഡു!!!!!!.. '

ഇടത്തെ ടയര്‍ ആണിയുടെ വാലന്‍റൈന്‍ ചുംബനം കാരണം ഫ്ലാറ്റായതും, വണ്ടി ഇടംവലം ഔട്ടോഫ്‌ കണ്ട്രോളില്‍ സിഗ്‌സാഗ്‌ ചെയ്തതും, അനുപമ ആദ്യവും തൊട്ടുപിന്നാലെ ഞാനും വഴിയരികിലേക്ക്‌ സ്ളോ മോഷനില്‍ വീണതും, മുട്ടിലെ തൊലി പാന്‍റുകീറി ചുവന്നു ചിരിച്ചതും വെറും പത്തുസെക്കന്‍റിനുള്ളില്‍ നടന്നു.

'അനുപമേ അഴകേ.......' മുഖത്തെ പൊടി തൂത്തുകൊടുക്കുമ്പോള്‍ മൂളിപ്പാടി..

"ഉഹും ഉഹും... ഞാനിതെങ്ങനെ സഹിക്കും... ചുരിദാറെല്ലാം അഴുക്കായി.. "

"നിന്‍റച്ഛനെ നീ സഹിക്കുന്നില്ലേ.. പിന്നാണോ ഇത്‌... "

ബൈക്ക്‌ പഞ്ചര്‍വാലയെ ഏല്‍പ്പിച്ച്‌ ബസ്റ്റോപ്പില്‍ കാത്തുനിന്നു.

"എനിക്കൊരു റോസ്‌ ഫ്ലവര്‍ വേണം.. " അനുപമ

"ചെമ്പരത്തിപ്പൂവായാലോ.. അതാ നിനക്കു ചേരുന്നേ. പക്ഷേ അതിവിടെ കിട്ടില്ലല്ലോ.. "

"മിണ്ടില്ല... എനിക്കെന്താ വാങ്ങിത്തരുന്നേന്നിപ്പ അറിയണം.. എന്നിട്ടു മതി യാത്ര... "

"നിനക്കെന്താ വേണ്ടത്‌. അമ്പതു രൂപ ലിമിറ്റില്‍ ആസ്ക്‌ "

"അയ്യാ... എനിക്കൊരു ടെഡി ബിയര്‍ വേണം.. കാന്‍ യൂ ഗീവ്‌ മീ... "

"എടീ വീട്ടില്‍ ഒറിജിനല്‍ ബിയര്‍ ഉള്ളപ്പോള്‍ എന്തിനാ പഞ്ഞികൊണ്ടുള്ള സാധനം"

"ദേ എന്‍റച്ഛനെ പറയല്ലെന്നു പലതവണ പറഞ്ഞു ഞാന്‍.... "

"നിന്‍റച്ഛന്‍ കരടിയാണെന്ന് ഞാനെപ്പോ പറഞ്ഞു... അപ്പോ നിനക്കും സംശയം ഉണ്ടല്ലേ.... "

"ഏട്ടാ!!!!!........ "

"വിഷമിക്കാതെ കുട്ടാ..നിനക്ക്‌ ഞാനൊരു കപ്പ്‌ ആന്‍ഡ്‌ സോസര്‍ വാങ്ങിത്തരാം.. നീ എന്നും അതില്‍ ചായ കുടിക്കുമ്പോ എന്നെ ഓര്‍ക്കും.. ഏര്‍ളി ഇന്‍ ദ മോണിംഗ്‌..
എന്നുമെന്നധരത്തോടടുക്കുമല്ലോ....
നിന്‍മണിയറയിലെ..നിര്‍മ്മല ശയ്യയ്യിലെ... "

"ഇക്കണക്കിനു ഇനി ഞാന്‍ കണ്ണുരുട്ടണോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടി വരും. ഇന്നലെ വന്നത്‌ ഒരു ചാര്‍ട്ടേഡ്‌ അക്കൌണ്ടന്‍റിന്‍റെ പ്രൊപ്പോസലാരുന്നു.. ഫോര്‍ട്ട്‌ കെ ടേക്‌ ഹോം കേസ്‌.. "

"എടീ ഫോര്‍ട്ടി കെ അല്ല..ഫോര്‍ തൌസന്‍ഡ്‌ കെക്കാരന്‍ വന്നാലും ഞാന്‍ തരുന്നതുപോലെയുള്ള ഗോള്‍ഡന്‍ മൊമണ്റ്റ്‌സ്‌ തരാന്‍ കപ്പാസിറ്റിയുള്ള ഒരു കോന്തനും ഈ ഭൂഗോളത്തിലില്ല.. മൈന്‍ഡ്‌ ഇറ്റ്‌. നിമിഷങ്ങളില്‍ അവയുടെ വികാസത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ നമുക്കു ജീവിക്കാം. എം.ടി മാഷു പറഞ്ഞപോലെ... "

അനുപമയുടെ കണ്ണുകള്‍ തിളങ്ങി.. "അതുകൊണ്ടല്ലേ ഈ ഏട്ടനെ എന്നുമെനിക്കിഷ്ടം... ഉം..ഇനി ബസു വരുന്നതു വരെ ഒരുപാട്ടുപാട്‌ പ്ളീസ്‌....എനിക്കു വേണ്ടി മാത്രം.. "

"സിറ്റുവേഷനു മാച്ച്‌ ചെയ്യുന്ന ഒരു പാട്ടുപാടാം. 'ഇവിടെ കാറ്റിനു സുഗന്ധം' എന്ന പാട്ടിനു വി.ഡി. രാജപ്പന്‍ പാടിയ ഒരു പാരഡിയുണ്ട്‌

ഇതിലെ ആരെങ്കിലും വന്നാലോ.... അല്ലിപ്പം
ഇതിലെ ആരിപ്പം വരാനാ..
അഥവാ ആരെങ്കിലും വന്നാലോ.... പൊന്നേ
ഓടുന്ന കാര്യം ഞാനേറ്റു... "

പൊട്ടിച്ചിരിക്കിടയിലൂടെ ഡി.റ്റി.സി ബസ്‌ വന്നുനിന്നു..

“ഏട്ടാ ഈ തോളില്‍ ഞാനൊന്നു ചാഞ്ഞോട്ടേ..... "

"സൂക്ഷിച്ച്‌.. കമ്പിയില്‍ തുരുമ്പുണ്ട്‌.... "

തണുപ്പിലൂടെ വണ്ടി നിരങ്ങി നീങ്ങി..

കുളിര്‍ കാറ്റ്‌ അനുപമയുടെ മുടികളെ മാടിയൊതുക്കി...

"ഏട്ടാ ഐ ലവ്‌ യൂ... "

"താങ്ക്യൂ.... "

"ഛേ.. തിരിച്ചിങ്ങോട്ടും പറ... "

"അഛാ..... ഐ ഡബിള്‍ ലവ്‌ യൂ.. "

"ഏട്ടാ യൂ ആര്‍ മൈ വാലന്‍റൈന്‍"

"നിന്‍റപ്പന്‍ കേള്‍ക്കെണ്ടാ.... "

"കൊരങ്ങന്‍...... "

"ഐ നോ.. പക്ഷേ എന്തു ചെയ്യാം. അമ്മായിയപ്പന്‍ ആയിപ്പോയില്ലെ. കാഴ്ചബംഗ്ലാവില്‍ കൊണ്ടു തള്ളാന്‍ പറ്റുമോ.. " "

ഏട്ടാ!!!!!!"

ബസ്‌ ആശ്രം ചൌക്ക്‌ ക്രോസ്‌ ചെയ്തു..

തോളില്‍ നെറ്റിചായിച്ചിരിക്കുന്ന അനുപമയുടെ ഹരിചന്ദനം അടര്‍ന്നെന്‍‌റെ നെഞ്ചിലേക്ക് വീണു.

“ഏട്ടാ........”

“ഉം? “

“കീപ് യുവര്‍ ലാപ് ഫോര്‍ മൈ ലാസ്റ്റ് ട്രിപ്...”

“ഷുവര്‍.. പകരം കീപ് യുവര്‍ ലാപ്‌ടോപ് ഫോര്‍ മൈ ഹോള്‍ ട്രിപ്”

“അയ്യെടാ....”


"യേ ബാഗ്‌ കിസ്കാ ഹേ... ഈ ബാഗ്‌ ആരുടേതാ..." ആരോ വിളിച്ചു ചോദിക്കുന്നു.

നോ ആന്‍സര്‍..

‘ലാവാരിസ്‌ വസ്തു ബം ഹോ സക്താ ഹെ..‘ ബോര്‍ഡ്‌ ഞാന്‍ ഒന്നുകൂടി വായിച്ചു "അനാഥമായ വസ്തുക്കള്‍ ബോംബ്‌ ആകാന്‍ സാധ്യതയുണ്ട്‌... സൂക്ഷിക്കുക.. "

"ആരുടെയാ ഈ ബാഗ്‌ !!!!"

എഗൈന്‍ നോ ആന്‍സര്‍..

കര്‍ത്താവേ... ബസില്‍ ബോംബാണോ..

രക്ഷകനായി അതാ വേറൊരു വാലന്‍റൈന്‍ പാഞ്ഞു വരുന്നു. പ്രിയ കാമുകിയുടെ മുന്നില്‍ വീരനാകാനുള്ള ചാന്‍സ്‌ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി മസില്‍ മാക്സിമം കാണിച്ച്‌ ബാഗ്‌ എടുത്ത്‌ ജനലിലൂടെ വലിച്ചെറിയുന്നു..

കാമുകിയുടെ കണ്ണുകളില്‍ സഞ്ജയ്‌ ദത്തിനെ കണ്ട റീ പിള്ളയുടെ തിളക്കം..

അനുപമ ചിരിച്ചു..

"വീ ആര്‍ സേഫ്‌...." ഞാനും ചിരിച്ചു.

"ഏതു മുടിഞ്ഞ മോനാടാ എന്‍റെ ബാഗെടുത്തത്‌.. " ഒരു മൂപ്പീന്ന് അലറി...

വാലന്‍റൈന്‍ മുഖം ചുളിച്ചു..

"എത്ര നേരം ഞാന്‍ വിളിച്ചു ചോദിച്ചു.. അപ്പോള്‍ നിങ്ങള്‍ എവിടെ ആരുന്നു.. "

"ബഹന്‍&&&& ഞാന്‍ ടിക്കറ്റെടുക്കാന്‍ പോയതാ.. എടുത്തു താടാ എന്‍റെ ബാഗ്‌"

ഒരു സെക്കന്‍റില്‍ വാലന്‍റൈന്‍റെ തല അപ്പൂപ്പന്‍റെ കക്ഷത്തില്‍.

അടുത്ത സെക്കന്‍റില്‍ അപ്പൂപ്പന്‍റെ തല സീറ്റിനടിയില്‍..

പുതിയ ഒന്നു രണ്ടു ഹിന്ദി തെറി വാക്കുകള്‍ അനുപമയും പഠിച്ചു.

"ഇറങ്ങാം.. വണ്ടിയിനി പോകില്ല.. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനും നമ്മുടെ പ്രണയത്തിനു എതിരാണല്ലോ പെണ്ണേ... അപ്പോ പിന്നെ നിന്‍റെ അച്ഛനെ കുറ്റം പറയാനൊക്കുമോ"

ഇന്ദ്രപ്രസ്ഥ പാര്‍ക്കിലേക്ക്‌ നടന്നു.

അനുപമയുടെ നെറ്റിയിലേക്ക്‌ നാലുമണിസൂര്യന്‍ പടര്‍ന്നുകയറി.

പാര്‍ക്കിനുള്ളില്‍ വാലന്‍റൈനുകളുടെ സംസ്ഥാന സമ്മേളനം.

പലതരത്തിലുള്ള ആക്ഷന്‍ ത്രില്ലറുകള്‍

"വന്നു വന്ന് പിള്ളാരു പട്ടികളെപ്പോലെ ആയല്ലോ അനുപമേ.. പംബ്ളിക്‌ പെര്‍ഫോമന്‍സ്‌ കണ്ടില്ലേ.. പ്റേമത്തിനു കണ്ണില്ല എന്നത്‌ സമ്മതിക്കാം.. അതു കണ്ടു നില്‍ക്കുന്നവന്‍മാര്‍ക്ക്‌ കണ്ണുണ്ടെന്ന ബോധമെങ്കിലും വേണ്ടെ.... "

സിമന്‍റു ബഞ്ചില്‍ ഇരുന്നു

"എന്നെ എന്നാ ഏട്ടന്‍റെ നാട്ടിലേക്ക്‌ കൊണ്ടുപോകുന്നെ.. "

"വീട്ടില്‍ വൈറ്റ്‌ വാഷ്‌ നടക്കുവാ അതൊന്നു കഴിയട്ടെ.... "

"കളിയാക്കണ്ടാ. എവിടെയാ നമ്മുടെ ഹണിമൂണ്‍.... "

"എന്‍റെ വീടിനടുത്ത്‌ ഒരു പാറയുണ്ട്‌. വയലുങ്കല്‍ പാറ.. അവിടെ പോകാം. ചുറ്റിനും പച്ചപ്പ്‌. മുന്നില്‍ വയല്‍ക്കാഴ്ച്ച.. ആകാശത്ത്‌ 'റ' ഷേപ്പില്‍ പറന്നുയരുന്ന പക്ഷികള്‍.. ശാന്തമായ സന്ധ്യ.. അവിടെ നീയും ഞാനും നമ്മുടെ ലോകവും... "

അനുപമയുടെ കണ്ണുകളില്‍ പ്രണയത്തിന്‍റെ തൂവലുകള്‍ കൊഴിയുന്നു

"എന്നിട്ട്‌..... "

"എന്നിട്ടെന്താ സ്പേം കൌണ്ട്‌ കനിയുമെങ്കില്‍ കുറെ കുട്ടികളേയും... "

"ഛീ... വൃത്തികെട്ടവന്‍... "

പെട്ടെന്നൊരാരവം..

അലമുറ.

ആളുകള്‍ ഓടുന്നു

ഒരു വാലന്‍റൈന്‍ വാലും പൊക്കി പ്രാണനും കൊണ്ടോടുന്നു.. വാലന്‍റി പുറകെ..

"ഓടിക്കോ.. ലവന്‍മാരു വന്നു..." സഹവാലന്‍റൈനായ എനിക്ക്‌ ഓടുന്നവന്‍ മെസേജ്‌ തന്നു..

"അനുപമേ.. ഓടിക്കോ.. ബാല്‍ താക്കറെയുടെ ആളുകളാന്നാ തോന്നുന്നെ.. ഛെടാ. രണ്ടു ഹൃദയങ്ങള്‍ക്ക്‌ സന്തോഷിക്കാനും ഇവന്‍മാരു സമ്മതിക്കില്ലേ... "

"ഏതവനാടാ വാലന്‍റൈന്‍ ആഘോഷിക്കേണ്ടത്‌.. ഓടെടാ ബന്തര്‍മാരേ...." വടിയുമായി ഒരു മോറല്‍ സൈന്യാധിപന്‍ മൂരിയെപോലെ മുന്നില്‍ ഓടുന്ന വാലന്‍റൈനെ പൂശുന്നു..

അനുപമയുടെ കൈ പിടിച്ച്‌ ഞാന്‍ അറഞ്ഞോടി..

"ഏട്ടാ വയ്യാ.. എനിക്കോടാന്‍ വയ്യ... "

"എന്നാ അടികൊള്ളാന്‍ തയ്യാറായിക്കോ.. നാളെ പേപ്പറില്‍ പടോം വരും.. വാലന്‍റൈന്‍ ആഘോഷിക്കാന്‍ പോയി..വാലറ്റു വീണു എന്ന് ഹെഡ്ഡിംഗില്‍.... "

രണ്ടു കിതപ്പുകള്‍ ഒരു സിംഫണിയില്‍ ഓടിയോടി ഗേറ്റു വരെയെത്തി..

കുറെ വാലന്‍റൈന്‍മാര്‍ ഗേറ്റു മൈന്‍ഡ്‌ ചെയ്യാതെ വാലന്‍റികളുമായി മതിലു ചാടുന്നു.

'പൊത്തോം...' ഒരു കപ്പിള്‍ കവിളിടിച്ചു വീണതാണ്‌.

"എന്‍റമ്മോ....." പുറത്തടികിട്ടിയപ്പോള്‍, 'ഓ സ്വീറ്റി ' എന്ന് തൊട്ടുമുമ്പു വരെ ഉരിയാടിയിരുന്നവന്‍ പ്ളേറ്റു മാറ്റി അമ്മയെ വിളിക്കുന്നു.

മതിലില്‍ ചാടിക്കേറി, അനുപമയെ കൈകൊടുത്ത്‌ വലിച്ചുകയറ്റി പുറത്തേക്കിട്ടു..

"ഏട്ടാ ചാട്‌.................... "

ഞാനും പുറകേ ചാടി കാലു തെറ്റി

'പൊത്തോ........................................................ '


കണ്ണു തുറന്നപ്പോള്‍ നിലത്തുകിടക്കുകയാണ്‌.

അടുക്കളയില്‍ നിന്ന് ഭാര്യ ഓടി വരുന്നു..

"എന്തു പറ്റി മാഷേ... "

"ങേ... ങേ............" ചുറ്റും നോക്കി..

മകള്‍ മാളവിക രാവിലെ ഹോംവര്‍ക്ക് ചെയ്യുന്നു.

"സ്വപ്നത്തില്‍ എവിടാരുന്നു........ " ഭാര്യ വളിച്ചു ചിരിക്കുന്നു..

"അത്‌.... ആരോ അടിക്കാന്‍ വന്നപോലെ.. ഒരു ഒരു...തോന്നല്‍.. "

"എന്നിട്ട്‌ അടികിട്ടിയോ...... "

"ഏയ്‌...ഛേ.. നല്ലൊരു ത്രില്ലിംഗ്‌.. "

"മനസിലായി.. ആരുമായിട്ടാരുന്നു മാഷേ സ്വപ്നത്തില്‍.. ഛേ.. എന്നാലും അടികിട്ടിയിട്ട്‌ മാഷ്‌ വീണാല്‍ മതിയാരുന്നു.. സ്വപ്നത്തിലെങ്കിലും രണ്ടടി കിട്ടിയേലെ ഇത്‌ നന്നാവൂ ദൈവമേ.. "

'ജോണി ജോണി യെസ്‌ പാപ്പാ...
ഈറ്റിംഗ്‌ ഷുഗര്‍ നോ പാപ്പാ....
ടെല്ലിംഗ്‌ ലൈസ്‌ നോ പാപ്പാ...
ഓപ്പണ്‍ യുവര്‍ മൌത്‌ ഹ ഹ ഹ..."

മകള്‍ വായിക്കുന്നു.

"സത്യം പറ... എന്താ ആരാ സ്വപ്നത്തില്‍ വന്നെ" കട്ടന്‍ കാപ്പി നീട്ടി ഭാര്യ..

"ഏതോ ഒരു അനുപമ.. ഇതുവരെ കാണാത്ത ഒരുവള്‍.... സത്യം.. "

"കാണാനെങ്ങനെ ....സുന്ദരിയാണൊ.... "

"അതെ... പക്ഷേ ആരാണാ കുട്ടി... എന്തിനു സ്വപ്നത്തില്‍ വന്നു.. ഛേ.. ഉം.. നീ ആ കാപ്പി ഇങ്ങു താ.... "

"സാരമില്ല മാഷേ.. അതല്ലേ സത്യത്തില്‍ ജീവിതത്തിലെ രാധാമാധവ എഫക്ട്
കാത്തിരിക്കുന്നു നീ ആരെയോ... ആരെന്നു
തീര്‍ത്തുമറിയാതെ തന്നെയായ്‌ പിന്നെയും........ "

“ഈ മനസിന്‍‌റെ ഒരോരോ ആക്ഷനേ. ഭയങ്കരം..” പകുതി ചമ്മല്‍ കാപ്പിയോടൊപ്പം ഇറക്കി ഞാന്‍
“ലീവ് ഇറ്റ്.. വില്‍ യൂ ബീ മൈ വാലന്റൈന്‍? “ അടുത്ത ഇറക്കിനു ചോദിച്ചു..
“ഈ ഉറക്കച്ചടവും , വളിച്ച മോന്തയും കണ്ടാല്‍ ആര്‍ക്കും മാഷിന്‍‌റെ വാലന്‍‌റൈന്‍ ആകാന്‍ തോന്നും.. പോയി കുളിക്കെന്‍‌റെ മാഷേ.. പിന്നാലോചിക്കാം അത്”

“ഹും.......” കണ്ണു ഞെരടി ഞാന്‍ എഴുന്നേറ്റു.

“സത്യമായിട്ടും മാഷാ കുട്ടിയെ കണ്ടിട്ടേയില്ല???? “

“ഇല്ലെന്നേ... അതല്ലേ രസം. ഹോ.. ആരായിരിക്കും ആ കുട്ടി “

"ടെല്ലിംഗ്‌ ലൈസ്‌ നോ പാപ്പാ...
ഓപ്പണ്‍ യുവര്‍ മൌത്‌... ഹ ഹ ഹ"

മാളവിക പിന്നെയും പാടുന്നു..




-----------------------------------
പ്രണയദിനാശംസകള്‍
*************


നാമിപ്പോള്‍ പരസ്പരം പ്രേമബന്ധിതരാണല്ലോ
നീയുമങ്ങനെതന്നെ സമ്മതിക്കുകയാലേ
ഇരിക്കാം മരച്ചോട്ടില്‍, പാറമേല്‍, പച്ചപ്പുല്ലില്‍
തരിക്കും മണല്‍ത്തിട്ടില്‍ താമരത്തോണിക്കുള്ളില്‍

--കടമ്മനിട്ട രാമകൃഷ്ണന്‍


എല്ലാ പ്രണയ ഹൃദയങ്ങള്‍ക്കും നിറമുള്ള പ്രണയദിനാശംസകള്‍

Monday 4 February 2008

ഓ മുംബൈ... മേരീ പ്യാരീ മുംബൈ

'കുന്നത്തുകാവില്‍ വിളക്കുകാണാന്‍ വന്നോ-
രുള്‍നാടന്‍ പെണ്‍കിടാവേ.........എന്‍റെ...
കരളിലെ മാന്‍കിടാവേ... '

മൂളിപ്പാട്ടും ചുണ്ടില്‍ വച്ചുകൊണ്ട്‌ ഞാന്‍ ഭാസിയമ്മാവന്‍റെ ഫ്ലാറ്റിലെ കോളിംഗ്‌ ബെല്ലമര്‍ത്തി.

കമ്പിളി, ഷര്‍ട്ട്‌, അടിവസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ നിറച്ച ബാഗ്‌ മറുതോളിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്ത്‌ നടതുറക്കാന്‍ കാത്തുനിന്നു.

കൈയില്‍ ചപ്പാത്തി റോളറുമായി മിസ്സിസ്‌ ഭാസിയമ്മ ഭാവവിലോലയായി കതകുതുറന്നു.

"എന്താ ചേച്ചി ആയുധവുമായി.. ഭാസിയങ്കിളാണെന്നു കരുതിയാണോ.. എങ്കില്‍ ആളുതെറ്റി ഇതു ഞാനാ..... "

"ഞാന്‍ റൊട്ടിപരത്തുവാരുന്നെടാ... " സിക്സ്‌റ്റി ഇയര്‍ ഓള്‍ഡ്‌ ചിരി

"എവിടെ സൂപ്പര്‍സ്റ്റാര്‍.? ഇതുവരെ റെഡിയായില്ലേ.. "

"ഞാനിവിടുണ്ടെടാ................."
'ഭാസി ജൈസേ കോയി നഹിം' എന്ന മട്ടില്‍, കട്ടിലിന്‍റെ തലയ്ക്കല്‍ നിന്നും അമ്മാവന്‍ കൈയില്‍ ഒരു ബാറ്റുമായി ചാടിവീണു.

"ഇതെന്താ അമ്മാവാ ഒറ്റയ്ക്ക്‌ ടെന്നീസ്‌ കളിക്കുവാണോ.. അതും ഈ മൂവന്തിക്ക്‌? "

"കതകട..കതകട... മുടിഞ്ഞ കൊതുകിനെക്കൊണ്ടു തോറ്റെടാ.. കണ്ടില്ലേ പടപടാ പൊട്ടുന്നത്‌.."
കൊതുകുബാറ്റു വീശി കൊലപാതകം ചെയ്ത സാറ്റിസ്ഫാക്ഷനോടെ അമ്മാവന്‍.

"ഓ... വയസുകാലത്ത്‌ ടൈംപാസും വ്യായാമവും ഒന്നിച്ച്‌.... സംഗതി കൊള്ളാം.. " ബാഗു താഴെവച്ചുകൊണ്ട്‌ ഞാന്‍.


എന്‍റെ ഏക അനുജന്‍റെ ഏക അളിയന്‍റെ കല്യാണത്തിനു മുംബെയിലേക്ക്‌ പോകാന്‍ സഹയാത്രികനായി ഭാസിയമ്മാവനെ കിട്ടിയത്‌, ഇദ്ദേഹം എന്‍റെ ബന്ധത്തില്‍പെട്ടവന്‍ ആണ്‌ എന്നതുകൊണ്ട്‌ മാത്രമല്ല, ജയ്‌പൂറ്‍ സെറ്റില്‍ഡ്‌ വരന്‌, മുംബൈ സെറ്റില്‍ഡ്‌ വധുവിനെ തപ്പിപ്പിടിച്ചുകൊടുക്കാന്‍ ഭാസിയമ്മാവന്‍റെ ഹൈലെവല്‍ കോണ്ടാക്‌ട്‌സ്‌ ഒരു സുപ്രധാന ഫാക്ടര്‍ ആയിരുന്നു എന്നതുകൊണ്ടുകൂടിയാണ്‌.

"നിന്‍റെ അനിയന്‍ ഫ്ലൈറ്റിനു പോയി അല്ലേ. നിനക്കും അങ്ങനെ അവാമാരുന്നല്ലോടാ.. ഈ കൊടും തണുപ്പത്ത്‌ ട്രെയിനില്‍ കുത്തിയിരിക്കേണ്ട കാര്യമുണ്ടാരുന്നോ" മൂന്നാമത്തെ സ്വറ്റര്‍ ഇടാന്‍ ശ്വാസം പിടിച്ച്‌ ബോഡി സ്ളിമ്മാക്കാന്‍ ഒരു വിഫലശ്രമം നടത്തിക്കൊണ്ട്‌ അമ്മാവന്‍.

"ഏയ്‌.. ഈ സെക്കണ്റ്റ്‌ ക്ളാസ്‌ ട്രെയിന്‍ യാത്രയില്‍ കിട്ടുന്ന വിഷ്വല്‍ ഫീസ്റ്റ്‌, പ്ളെയിനില്‍ കിട്ടുമോ എന്‍റെ ഭാസിയമ്മാവാ... "


'ആവുന്നകാലത്ത്‌ പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത്‌ ഷുഗര്‍പില്‍സ്‌ തിന്നാം' എന്ന പഴംചൊല്ല് അന്വര്‍ഥമാക്കിയ അമ്മാവനു ഡിന്നറിന്നു ഉണക്കറൊട്ടിയും ഒരു കുന്നു മരുന്നും പൊതിഞ്ഞുകൊടുത്തുകൊണ്ട്‌ അമ്മായി പറഞ്ഞു

"എടാ നീ ചേട്ടനെ ശ്രദ്ധിച്ചോണേ.. അടപ്രഥമന്‍ കണ്ടാല്‍ പുള്ളിക്കാരനു ഷുഗറുമോര്‍മ്മയില്ല പ്രഷറുമോറ്‍മ്മയില്ല.. "

" 'അന്നമ്മയെ കണ്ടാല്‍ അന്നനട ഓര്‍മ്മവരും' എന്നു പറഞ്ഞപോലാ ചേട്ടന്‍റെ കാര്യം അല്ലേ ചേച്ചി. പായസം കണ്ടാല്‍ പഴയകാലം ഓര്‍മ്മവരും, പിന്നെ ഇന്‍സുലീനും മറക്കും ഇസ്നോഫീലിയായും മറക്കും. ഇത്തവണ പായസത്തിനുപകരം പച്ചമോരു കുടിപ്പിക്കുന്ന കാര്യം ഞാനേറ്റു.. "

തണുത്തുമരവിച്ച ദില്ലി റോഡിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക്‌ ഓട്ടോയില്‍..

"ഹു ഹു ഹു..... വിറച്ചു ചാവുന്നെടാ... ഞാന്‍ വടിയാവുന്ന ലക്ഷണമാ...ഹോ..ഹൂയ്‌... "

"ഒരുപ്രായം കഴിഞ്ഞാ ഡല്‍ഹിയില്‍ പാടാ അമ്മാവാ. ഇനി നാട്ടില്‍ പോയി വിശ്രമജീവിതം നയിച്ചാല്‍ പോരേ... പിള്ളാരെയൊക്കെ കെട്ടിച്ചു വിട്ടല്ലോ.." സിഗരട്ടിനു തീ ഷെയര്‍ ചെയ്തുകൊണ്ട്‌ ഞാന്‍.

"ആലോച്ചിതാ.. പക്ഷേ ഭവാനിയ്ക്ക്‌ നാട്ടില്‍ അഡ്ജസ്‌റ്റ്‌ ചെയ്ത്‌ പോവാന്‍ ബുദ്ധിമുട്ടാ "

"അതും ശരിയാ.. നാട്ടിലായാല്‍ മുറ്റമടിക്കണം, അടുപ്പിലൂതണം... ഇതൊക്കെയൊരു പ്രശ്നമാണല്ലോ.. "

"നീ പറഞ്ഞത്‌ നേരാ.. ദേഹമനങ്ങാതെ ശീലിച്ചുപോയില്ലേ.. "

"പെണ്ണുങ്ങള്‍ വ്യായാമം ചെയ്യാത്തതുകൊണ്ടാണല്ലോ ഇവിടിതിനുംവേണ്ടി ലേഡീസ്‌ സ്പെഷ്യല്‍ ക്ളിനിക്കുകള്‍... അല്ലേ അമ്മാവാ.." ഓട്ടോ ഐ.ടി.ഒ ക്രോസ്‌ ചെയ്തു.

"കറക്ട്‌..." അമ്മാവന്‍ ചുമച്ചുകൊണ്ട്‌ എഗ്രിമണ്റ്റ്‌ സൈന്‍ ചെയ്തു "ഉദാഹരണത്തിനു ഭവാനി ആകെപ്പാടെ മെയ്യനക്കുന്നത്‌ എന്നെ ചീത്തവിളിക്കുമ്പോ മാത്രമാ.. അപ്പോ അവളുടെ സകലപേശികളും ഒന്നിച്ച്‌ വര്‍ക്ക്‌ ചെയ്യും...പക്ഷേ അതുകൊണ്ടെന്താവാനാ.... "


എവറസ്റ്റിലെ സഞ്ചാരിയുടെ വേഷത്തില്‍ അമ്മാവനും പുറകെ ഞാനും ഓട്ടോയില്‍നിന്നിറങ്ങി.

നയിദില്ലി റെയില്‍വേ സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്കോടി.

സ്വരാജ്‌ എക്‌സ്‌പ്രസിന്‍റെ എസ്‌ പതിനൊന്നാം കമ്പാര്‍ട്ട്‌മെന്‍റിലേക്ക്‌....

"യാത്രിയോം കൃപയാ ധ്യാന്‍ ലോ......" അനൌണ്‍സ്‌മണ്റ്റ്‌ തുടങ്ങി..

തണുപ്പുകൊണ്ട്‌ വടിയായിപ്പോയ കാല്‍മുട്ട്‌ ചൂടാക്കി നിവര്‍ത്താന്‍ ഭാസിയമ്മാവന്‍ കൈകൊണ്ട്‌ അരിയാട്ട്‌ ആക്ഷന്‍ തുടങ്ങിയപ്പോഴാണ്‌, ഒരു ജാട്ട്‌ വല്യപ്പന്‍ വല്യമ്മസമേതം എന്‍റെ സീറ്റിലേക്ക്‌ വന്നത്‌..

"ഉഠോ......................"
കൈയിലെ ടിക്കറ്റില്‍നോക്കി ജാട്ടു എന്നോട്‌ ആജ്ഞാപിച്ചു..

"ഉഠോ?..." എന്‍റെ സീറ്റില്‍ വന്നിട്ട്‌ എന്നോട്‌ എഴുന്നേല്‍ക്കാന്‍ പറേന്നോ മൂപ്പീന്നേ..' എന്ന് മനസില്‍ പറഞ്ഞു ഞാന്‍ എന്‍റെ ടിക്കറ്റെടുത്തു..

"ക്യോം ഉഠൂം.......? ദിസ്‌ ഈസ്‌ മൈ സീറ്റ്‌ ബാബാ... "

"നഹീം............." അപ്പൂപ്പന്‍റെ അടുത്ത അലര്‍ച്ച.. ഭാര്യവരെ ഞെട്ടിപ്പോയി..

"മേരാ സീറ്റ്‌... യേ മേരാ സീറ്റ്‌... " അപ്പൂപ്പന്‍ പ്രായ മറന്നു ഫോമിലായി.

ഞാന്‍ അയാളുടെ ടിക്കറ്റില്‍ നോക്കി.

ഞെട്ടിപ്പോയി

അതിലും എന്‍റെ സീറ്റ്‌ നമ്പര്‍...

അയ്യപ്പാ... കയറിപ്പൊഴേ കുരിശോ.. എന്‍റെ ലാലുയാദവാ.. ഇങ്ങനെയാണോ മാഷ്‌ റെയില്‍വേയെ ലാഭത്തിലെത്തിക്കുന്നത്‌.. ഐ.ഐ.എം പിള്ളാരുടെ മുന്നില്‍പോയി ഈ ബിസിനസ്‌ സീക്രട്ട്‌ ആണോ പറഞ്ഞുകൊടുക്കുന്നത്‌..

"ഉഠോ........ "

"കുറെ പുളിക്കും.. ഇത്‌ ഞാന്‍ ഒരുമാസം മുമ്പെടുത്ത ടിക്കറ്റാ ബുഡ്ഡേ.. " ഞാന്‍

"അഛാ.. എങ്കില്‍ നീ ഉടനെ എഴുന്നേറ്റോ...ഇത്‌ ഞാന്‍ രണ്ടുമാസം മുമ്പെടുത്തതാ.. " ജാട്ടു ജഗജില്ലിയായി മല്ലിനു തയ്യാറായി

"ഇതെന്താ റേഷന്‍ കടയോ, ഫസ്റ്റ്‌ കം ഫസ്റ്റ്‌ സേര്‍വ്‌ എന്നു പറയാന്‍ ദേ.. ഞാനൊരു സമാധാനപ്രിയന്‍ ആണ്‌. സ്വന്തം ഭാര്യയോടുകൂടും തല്ലു കൂടിയിട്ടില്ല.. ആ പ്രിയം മാറ്റാന്‍ എന്നെ നിര്‍ബന്ധിക്കല്ലേ... അമ്മാവന്‍ പോയി ടി.ടി.ഇയോട്‌ കമ്പ്ലെയിന്റ് പറ...." ഞാനും അല്‍പം ചൂട്‌ അഭിനയിച്ചു..

ഭാസിയമ്മാവനും സഹയാത്രികരും ഓടിക്കൂടി..

ട്രെയിന്‍ വിടാനുള്ള സൈറണ്‍ മുഴങ്ങി.

പിടിവലിയോളം കാര്യങ്ങള്‍ എത്തിയപ്പോഴാണ്‌, ഭാസിയമ്മാവന്‍ ജാട്ടുവിന്‍റെ ടിക്കറ്റില്‍ സൂക്ഷിച്ചു നോക്കിയത്‌..അപ്പൂപ്പനോട്‌ ചോദിച്ചു..

"ആപ്കോ കോന്‍സാ ട്രെയിന്‍ മേം ജാനാ ഹെ? .. ഏതാ നിങ്ങളുടെ വണ്ടി.. "

"ഹിമസാഗര്‍... ക്യോം...... " ജാട്ടു

"അരേ കൊശവാ ഇത്‌ സ്വരാജാ.. വണ്ടിമാറി..... "

ഇത്‌ കേള്‍ക്കാത്ത താമസം, വല്യമ്മ ഭാണ്ഡക്കെട്ടു വലിച്ചെടുത്ത്‌ പി.ടി ഉഷയെപ്പോലെ പ്രാര്‍ത്ഥിച്ചുകൊണ്ടൊരു കുതിപ്പ്‌... "ഹേ ഭഗവാന്‍........... "

"ബഹന്‍ ചൂ*&&&" അപ്പൂപ്പന്‍ പ്രാര്‍ഥന കമ്പ്ളീറ്റ്‌ ചെയ്തുകൊണ്ട്‌ പുറകെ ഓടി.


'ആപ്കി യാത്ര സന്തുഷ്ട്‌, സുഖമയ്‌ ഏവം മംഗള്‍മയ്‌ ഹോ..' അടുത്ത അനൌണ്‍സ്‌മണ്റ്റ്‌..

"അതു പ്രത്യേകിച്ച്‌ പറയണോ പെങ്ങളേ... തുടക്കം തന്നെ സുഖമയമായില്ലേ.." വിന്‍ഡോയുടെ ഷട്ടര്‍ ഞാന്‍ താഴ്ത്തി.

ജാട്ടുവിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ഓര്‍ത്ത്‌ ചിരിയടക്കി 'ഇനി അടുത്ത എപ്പിസോഡ്‌ എന്താണാവോ ' എന്ന് കരുതി ബാഗ്‌ ഒതുക്കുമ്പോഴാണ്‌, ചാളച്ചന്തയില്‍ ചെന്ന ഒരു സുഗന്ധം ഫീല്‍ ചെയ്തത്‌..


"ജയ്‌ മാതാജീ.............. ഹൂ....... "

അതാ ഒരു മഹര്‍ഷി തൊട്ടടുത്തു വന്ന് ആസനമുറപ്പിക്കുന്നു.

'കൊള്ളാം.. ആ ഭാഗവും ഭംഗിയായി... വരവ്‌ കൈലാസത്തില്‍നിന്നോ അതോ അഗസ്ത്യകൂടത്തില്‍ നിന്നോ.. '

നെറ്റിയില്‍ പൂശിയിട്ടും തൃപ്തി പോരാഞ്ഞ്‌ കണ്‍പീലിവരെ ഭസ്മം..

മിസൈല്‍ വീണമാതിരി സിന്ദൂരതിലകം..

'ജയ്‌ ശ്രീറാം' എന്ന് ഇഞ്ചോടിഞ്ച്‌ എഴുതിയ കാവിപ്പുതപ്പ്‌..

താടിക്ക്‌ കൈകൊടുത്ത്‌ മുനിയെ ഞാന്‍ അടിമുടിയൊന്നു നോക്കി.

സ്നാനം ചെയ്തിട്ട്‌ സഹസ്രാബ്‌ദ്ധങ്ങള്‍ ആയിട്ടുണ്ട്‌ പക്കാ..

'ഗംഗേ തപശ്ശാന്തിയാര്‍ന്ന സംഗേ..' നീ എന്തെല്ലാം സഹിക്കണം..

ചാടിക്കയറ്റത്തിനിടയില്‍ ഫ്രണ്ടുസൈഡ്‌ ഇളകിപ്പോയ പ്ളാസ്റ്റിക്‌ ചെരിപ്പില്‍ നോക്കി സ്വാമി സഹസ്രനാമതെറി ജപിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു.


"എന്താ സാമീ..മെതിയടിയുടെ ആക്സില്‍ ഒടിഞ്ഞോ.... "

'ആക്കല്ലേ അല്‍പ്പായുസ്സേ..' എന്ന അര്‍ഥത്തില്‍ മുനി എന്നെ ഒന്നു നോക്കി.

"ഇത്‌ അങ്ങെയുടെ സീറ്റാണോ.... "

"നഹീം...... "

'... ഈശ്വരന്‍റെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ഇഹലോഹത്തില്‍ ടിക്കറ്റെന്തിന്‌ അല്ലേ'

"ബേട്ടാ... നീ എവിടേക്കാണു പോകുന്നത്‌.... " തമ്പാക്കുവില്‍ ചുണ്ണാമ്പിട്ട്‌ തള്ളവിരല്‍ കൊണ്ട്‌ ഹൈ വെലോസിറ്റിയില്‍ അമര്‍ത്തിക്കൊണ്ട്‌ മുനി

"കല്യാണില്‍ ഒരു കല്യാണമുണ്ട്‌ സാമീ.. ഒത്താല്‍ തിരിച്ചുവരണമെന്നുമുണ്ട്‌... "

"ക്യോം.. തിരിച്ചുവരാന്‍ എന്താ ബുദ്ധിമുട്ട്‌.. " തമ്പാക്ക്‌ ചുണ്ടിനിടയിലേക്ക്‌ ചൂണ്ടിയിട്ടുകൊണ്ട്‌ സ്വാമി.

"കാലത്തിന്‍റെ പോക്കങ്ങനെയല്ലേ സാമീ.. എന്താ എപ്പൊഴാന്നൊക്കെ ആര്‍ക്കറിയാം"

"വിഷമിക്കാതെ.. സബ്‌ ഠീക്‌ ഹോജായേഗാ.. വോ ഹേ നാ ഊപര്‍...." സ്വാമി ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ന്നു.
പുറകെ എന്‍റെ ദൃഷ്ടിയുംനോക്കിയപ്പോള്‍, ബെര്‍ത്തിനു മുകളില്‍ മറ്റൊരു മറ്റൊരു മഹര്‍ഷി. കുരങ്ങിനെപ്പോലെ ചുരുണ്ടിരുന്നു പഴം തിന്നുന്നു.

"അതാരാ സാമീ..... "

"ഛേ.. ആ ചള്ളന്‍റെ കാര്യമല്ല ഞാന്‍ പറഞ്ഞത്‌.. ഊപ്പര്‍വാലാ.. ഭഗവാന്‍.. സാക്ഷാല്‍ ഭഗവാന്‍"

"ഐ. സീ..... ഗോഡ്‌... ഏയ്‌... ഈ ഭഗവാനും ആളത്ര പോരാ സാമീ... "

"ക്യോം!!!!!? " അംബാസിഡറിനെ ചീത്തവിളിക്കുമ്പോള്‍ എംബസി ജീവനക്കാരന്‍ ജ്വലിയ്ക്കുന്നപോലെ സ്വാമി തീക്ഷ്ണമായി..

"ഒരു ലോകത്തെ നല്ലപോലെ നയിക്കാന്‍ കഴിയാത്ത ഭഗവാന്‍ എന്തു ഭഗവാന്‍ സ്വാമീ. ഒ.കെ ഹീ ഈസ് എ ഗുഡ്‌ ക്രിയേറ്റര്‍.. അതു ഞാനും സമ്മതിച്ചു.. ബട്ട്‌.. ഹീ ഈസ്‌ എ പുവര്‍ അഡ്‌മിനിസ്റ്റ്രേട്ടര്‍... അല്ലെങ്കില്‍ ഈ ദുനിയാ ഇങ്ങനെയാവുമോ... ടെല്‍ മീ മുനി"

"സബ്‌ കുച്ച്‌ മായാ ഹെ ബേട്ടാ..." തമ്പാക്ക്‌ ഇടത്തെ അണയിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തുകൊണ്ട്‌ സ്വാമി.

"അങ്ങനെ പറയാതെ സാമീ.. കുറച്ച്‌ അവളുടെ അനിയത്തിക്കു കൂടി കൊടുക്ക്‌"


"അങ്കിള്‍ കുച്ച്‌ പൈസ ദേദോ..... "

തല തിരിച്ചപ്പോള്‍ ഒരു ബാലിക..

ചെമ്പന്‍ മുടിയില്‍ എവിടെയോ മറഞ്ഞിരിക്കുന്ന കുസൃതി..

പോക്കറ്റില്‍ തപ്പി നാണയം അവളുെടെ കൈയിലേക്കിട്ടു.

"മോളേ ഇത്‌ നിന്‍റെ വിശപ്പിലേക്കിടുന്നതല്ലെന്നറിയാം. നിന്നെ ഇങ്ങോട്ട്‌ പറഞ്ഞിട്ടു വിട്ട ബെഗ്ഗിംഗ്‌ മാഫിയാ രാജാവ്‌ നിനക്കു തന്ന ടാര്‍ജറ്റിലേക്കുള്ള എന്‍റെ നേര്‍ച്ച.. തികയാത്ത ടാര്‍ജറ്റിന്‍റെ പേരില്‍ രണ്ടടി ഇന്നു കുറച്ചു കിട്ടട്ടെ നിനക്ക്‌... പൊക്കോളൂ... "

"അങ്കിള്‍ യേ പൈസാ നഹിം ചലേഗാ.. അമ്പതു പൈസ ആരും എടുക്കില്ല"

"ഓ..നിനക്ക്‌ ആ വിവരവും അറിയാം അല്ലേ.. ലോവര്‍ ഡിനോമിനേഷന്‍സ്‌ ആറ്‍ ഓള്‍വെയ്സ്‌ റിജക്ടഡ്‌..." രണ്ടുരൂപയുടെ നാണയമിട്ട്‌ അവളെ പറഞ്ഞുവിട്ടു.

"അപ്പോ സാമീ..നമ്മള്‍ എവിടെയാ പറഞ്ഞുനിറ്‍ത്തിയത്‌.. ഗോഡ്‌ ഈസ്‌ എ ഗുഡ്‌ ക്രിയേറ്റര്‍ ബട്ട്‌ എ പൂവര്‍ അഡ്മിനിസ്റ്റ്രേട്ടര്‍........ "

'ങേ.... മുനി അതിനിടയ്ക്ക്‌ മുങ്ങിയോ...... 'പോക്കറ്റില്‍ തപ്പി നോക്കി..
ഭാഗ്യം.. പഴ്സ്‌ അവിടെത്തന്നെയുണ്ട്‌..


കാഞ്ചനപ്പൂക്കള്‍ ചൂടിനില്‍ക്കുന്ന കടുകുപാടങ്ങളിലൂടെ വണ്ടി ചീറിപ്പാഞ്ഞു.

ഭാസിയമ്മാവനു മിണ്ടാന്‍ വയ്യ.. തണുപ്പു കഴുത്തിനു പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തിയിരിക്കുകയാണ്‌ പാവത്തിനെ..

അപ്പുറത്തെ സീറ്റിലെ ഡിസ്കഷനു കാതോര്‍ത്തു. രണ്ടു മലയാളി പൌരന്‍മാര്‍.

"അടുത്തവര്‍ഷം അവന്‍റെ സുഡാന്‍ പുറത്തിറങ്ങും. അപ്പോള്‍ കാണാം പൂരം. "

'അവന്‍റേ സുഡാനോ.. ഇതെന്നാ ഭാഷയാ അയ്യപ്പാ.. കോഴിക്കോടാനോ പാലക്കാടനോ'

"ടാറ്റായുടെ നാനോയും നാനിയുമൊക്കെ പമ്പകടക്കും മോനേ.. "

'ഓ.. 'അവന്‍റെ സുഡാന്‍' കാറിന്‍റെ പേരാരുന്നോ.. ഛേ..വല്ലാതെ തെറ്റിദ്ധരിച്ചു..

കാറും ഞാനുമായുള്ള ബന്ധം സാറും സാറാമ്മയുമായുള്ള ബന്ധം പോലെയായതിനാല്‍ ശ്രദ്ധ അടുത്ത സീറ്റിലേക്ക്‌ വിട്ടു.

"ഹര്‍ഭജന്‍ സിംഗ്‌ 'മാ..കി' എന്നാ വിളിച്ചത്‌ അല്ലാതെ 'മങ്കി' എന്നല്ല എന്നു പറഞ്ഞപ്പോ ആസ്റ്റ്രേലിയാക്കാരു തണുത്തു.. അമ്മയ്ക്കു പറഞ്ഞാല്‍ അവന്‍മാരു ക്ഷമിക്കും. കൊരങ്ങേ എന്നു വിളിച്ചാല്‍ ക്ഷമിക്കുമോ...."

ഛെടാ.. എവിടെ ചെന്നാലും ക്രിക്കറ്റ്‌... നോ ഇന്‍ററസ്റ്റ്‌ ബൈ ബൈ.

ഒരു കാപ്പി.. ഒരു സമോസ..

ഹാവൂ... എന്നാ സുഖം..

തണുപ്പു വിത്‌ സമോസ.. കൊടുകൈ..

ഭാസിയമ്മാവന്‍ മൂത്രശങ്ക തീര്‍ക്കാന്‍ വേച്ചുവേച്ചു പോയി..

മനോരമ പത്രം നിവര്‍ത്തി..

'ആദ്യരാത്രിയില്‍ ജനലിനു പുറത്ത്‌ പടക്കം പൊട്ടിച്ചു. വീട്ടുകാറ്‍ ഭയന്നോടി.. അയല്‍ക്കാരന്‍ അറസ്റ്റില്‍.. '

'കൊള്ളാം. സാങ്കേതികവിദ്യ ഇത്ര പുരോഗമിച്ചോ.. വന്നു വന്ന് മലയാളിക്ക്‌ മര്യാദയ്ക്ക് മധുവിധു ആഘോഷിക്കാന്‍ പോലും പറ്റാതായല്ലോ കര്‍ത്താവേ..' തുണിവാരിച്ചുറ്റി ഓടുന്ന വധൂവരന്‍മാരെ വിഷ്വലൈസ്‌ ചെയ്തുകൊണ്ട്‌ ചുണ്ടുകടിച്ച്‌ വെളിയിലേക്ക്‌ നോക്കി..

ഭാസിയമ്മാവന്‍ ഇതെവിടെപ്പോയി കിടക്കുവാ.. മുള്ളിക്കഴിയാന്‍ ഇത്ര ഡിലേയോ.. അതോ ടോയ്‌ലറ്റ്‌ ചുവരിലെ ഖജുരാഹ ചിത്രങ്ങള്‍ എന്‍ജോയ്‌ ചെയ്തു നില്‍ക്കുവാണോ..


"നയി നയി നയി..വോ മേരാ നയിയേ... "

ഈശ്വരാ..അത്‌ ഭാസിയമ്മാവന്‍റെ ശബ്ദമല്ലേ....'അതെന്‍റെയല്ല' എന്നു പറയാന്‍ വേണ്ടി ഇവിടെന്തു സംഭവിച്ചു.

ടോയ്‌ലറ്റിലേക്ക്‌ പാഞ്ഞു..

മുള്ളി പുറത്തിറങ്ങിയ ഭാസിയമ്മാവനെ സ്വീകരിച്ചുകൊണ്ട്‌ അതാ മൂന്നു പോലീസുകാര്‍..

നല്ല സെറ്റപ്പാണല്ലോ അയ്യപ്പാ. ക്യാ ബാത്‌ ഹേ....

ഭാസിയമ്മാവന്‍റെ പുറകില്‍ ബാലെയിലെ യുദ്ധരംഗത്ത്‌ കാണുന്ന പുക..


"നീ സിഗരട്ട്‌ വലിച്ചു.. ആവോ മേരേ സാഥ്‌.. " തടിയന്‍ പോലീസുകാരന്‍

"ഞാന്‍ വലിച്ചില്ല.. നേരത്തെ പോയവന്‍ വലിച്ചതാവും.. ഞാന്‍ സിഗരട്ടേ വലിക്കാറില്ല..." അമ്മാവന്‍ കൈയുയര്‍ത്തി ചെയിന്‍ പ്രതിജ്ഞ ചെയ്യുന്നു...

"ആവോ മേരേ സാഥ്‌.... "

"ക്യോം..... മേം നഹി പീയാ ഭായി....." ഹോ അമ്മാവന്‍ ഇത്ര സ്റ്റ്രോങ്ങോ..

പോലീസുകാരന്‍റെ ദൃഷ്ടി അമ്മാവന്‍റെ വിരലുകളില്‍..

"യേ ക്യാ ഹേ...... "

"യേ.യേ...." അപ്പോഴാണു അമ്മാവനു സ്വന്തം 'കൈയിലിരിപ്പ്‌' പിടികിട്ടിയത്‌.

"ഇത്‌ തീപ്പെട്ടി.." ഭാസിയാസ്യം ഭസ്മമായി..

"മാഫ്‌ കരോ....." ആദ്യം തൊഴണോ അതോ കുനിയണോ എന്ന കണ്‍ഫ്യൂഷന്‍ പുള്ളിക്ക്‌..

'ചല്ലാന്‍ വേണമെങ്കില്‍ അഞ്ഞൂറു രൂപ , വേണ്ടായെങ്കില്‍ ഇരുന്നൂറ്റിയമ്പത്‌' എന്ന ഓഫറില്‍, രണ്ടാമത്തെ സ്വീകരിച്ച്‌, മലയാളത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന രണ്ടുമൂന്നു ഗ്രിപ്‌ വാക്കുകള്‍ പുലമ്പി അമ്മാവന്‍ തിരികെ...

കണക്കനുസരിച്ച്‌, ജനലരികിലെ സീറ്റ്‌ അമ്മാവന്‍റെയാണ്‌. 'തണുപ്പാടാ നീ ഇവിടെ കിടന്നോ' എന്ന ഉദാരനയത്തില്‍, എന്‍റെ അപ്പര്‍ ബെര്‍ത്ത്‌ സ്വന്തമാക്കി പുള്ളി കോണിയില്‍ വലിഞ്ഞുകയറി...

"രാത്രിയില്‍ പുല വലിക്കാന്‍ തോന്നുന്നേ‍ പറേണേ അമ്മാവാ... " കമ്പിളിയെടുത്തുകൊണ്ട്‌ ഞാന്‍

"ഈ മുടിഞ്ഞ ലോകത്ത്‌ ജീവിക്കുന്നേക്കാള്‍ നല്ലത്‌ പുകഞ്ഞു പോകുന്നതാടാ..." ഒരു സിഗരട്ട്‌ വലിക്കാന്‍ പത്തുപായ്ക്കറ്റ്‌ സിഗരട്ടിന്‍റെ കാശ്‌ മുടക്കിയതിന്‍റെ അമര്‍ഷം.

അലറിപ്പായുന്ന വണ്ടിയുടെ ജനലിലൂടെ മരവിപ്പിക്കുന്ന കാറ്റ്‌ നുഴഞ്ഞുകയറി..

തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. നോ രക്ഷ.. ഉറങ്ങാന്‍ പറ്റുന്നില്ല

എഴുന്നേറ്റിരുന്നു.

ടൈം പാസിനു കണ്ടിരിക്കാന്‍ സ്ളീപിംഗ്‌ ബ്യൂട്ടികള്‍ വല്ലതും ഉണ്ടോ എന്നു നോക്കി.

അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്‍മാര്‍ ഡെഡ്ബോഡി പോസില്‍ ഉറങ്ങുന്ന ദൃശ്യം മാത്രം.

ഭാസിയമ്മാവന്‍ മാക്രിയെപ്പോലെ കൂര്‍ക്കം വലിക്കുന്നു.

അര്‍ദ്ധരാത്രിയായി..

വിറയ്ക്കുന്ന ശരീരത്ത്‌ പല ഷേപ്പില്‍ കമ്പിളിയിട്ടു നോക്കി...
രക്ഷയില്ല...

കണ്ണൊന്നടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ ഒരു തലോടല്‍...

'ഇതാരാപ്പാ.... 'ഒരപ്പൂപ്പന്‍ എന്‍റെ കാലുതടവുന്നു.

മൂത്രമൊഴിച്ചിട്ടു മടങ്ങിവന്നതാണ്‌. ഉറക്കച്ചടവില്‍ അപ്‌നാ സീറ്റ്‌ എവിടാണെന്ന് ഒരു പിടിയുമില്ലാതായി.

"വാട്ടാര്‍ യൂ തപ്പിംഗ്‌ മിലോഡ്‌ "

"ഹോ...മാഫ്‌ കരോ......" അപ്പൂപ്പന്‍ അടുത്ത സീറ്റിലുറങ്ങുന്നവനെ തപ്പിയുണര്‍ത്താന്‍ പോയി.

ഒന്നു മൂത്രമൊഴിച്ചേക്കം എന്ന അജന്‍ഡയില്‍ ഞാന്‍ എഴുന്നേറ്റു.

ചെരിപ്പ്‌ തപ്പിത്തുടങ്ങി..

ഒരെണ്ണം കിട്ടി..

മറ്റവന്‍ മിസ്സിംഗ്‌..

കൈയെത്തുന്നിടെത്തെല്ലാം തപ്പി... അതുപോയി.. ആരോ അടിച്ചുമാറ്റിയതാവം..

ജപ്പാനില്‍ ചെരിപ്പ്‌ ഫാക്ടറിതൊഴിലാളികള്‍ സമര സമയത്ത്‌ ഒരുകാലിലെ ചെരിപ്പ്‌ മാത്രം ഉണ്ടാക്കി പ്രൊഡക്ടിവിറ്റി കളയാതെ വില്‍പ്പന സ്തംഭിപ്പിക്കുന്ന ടെക്നോളജി, മറ്റുള്ളവനു പണികൊടുക്കുന്ന കാര്യത്തില്‍ ഇവിടെയും എത്തിയോ...

എസ്കിമോയെപ്പോലെ അതാ ഭാസിയമ്മാവന്‍ കോണിയിറങ്ങുന്നു..

ടോയ്‌ലറ്റിലേക്കാണ്‌ പക്കാ..

സ്വന്തം ഷൂസ്‌ ആദ്യം തന്നെ പൊതിഞ്ഞു ബാഗിലാക്കിയ കക്ഷി എന്‍റെ ചെരിപ്പ്‌ തപ്പുകയാണ്‌. മിസിംഗ്‌ ചെരിപ്പിനുവേണ്ടി കുനിഞ്ഞു പരതുമ്പോള്‍

ഞാന്‍ കണ്ണടച്ചു. 'എന്‍റെ ബെര്‍ത്തില്‍ കിടന്നു സുഖമായി ഉറങ്ങിയതല്ലേ ഇനി കുറച്ച്‌ തപ്പ്‌'

എലിയെപ്പോലെ പരതി ഫെയില്‍ ആയപ്പോള്‍, ഇനി ലൈറ്റിട്ടു തപ്പാം എന്ന പോളിസിയില്‍ സ്വിച്ചിട്ടു...

കത്തിയത്‌ ലൈറ്റല്ല..

കറങ്ങിയത്‌ ഫാന്‍..

ഓള്‍റെഡി ഐസായി ഉറക്കം നടിച്ചു കിടന്നിരുന്ന രണ്ട്‌ അമ്മാവന്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റു.

"കോന്‍സാ എമ്പോക്കിയാടാ ഫാനിട്ടത്‌...... ബഹന്‍&*&& ബന്ദ് കരോ സാലേ"

"മാഫ്‌ കരോ....." ഹൈജമ്പ്‌ ചാടി അമ്മാവന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തു.

ബോറിവലിയിലെ മനോഹരമായ സന്ധ്യയിലേക്ക്‌ വണ്ടിയിറങ്ങി...

നാടന്‍ പച്ചപ്പിന്‍റെ ഓര്‍മ്മ മനസില്‍ തണുപ്പു വിരിച്ചു..

"മുംബെ....... നീ ആളു കൊള്ളാം...." കൈകള്‍ സ്റ്റ്രെച്ചു ചെയ്തു നടുവേദന മാറ്റി.

കാറില്‍ കല്യാണിലേക്ക്‌...

ദാദകളും, ക്ളബ്ബുകളും, ബാറുകളും മനസില്‍ ഭീകരത വരച്ചിട്ട സ്ഥലം എന്തോ എന്നെ ആകര്‍ഷിച്ചു..

ദില്ലിയെപ്പോലെ നരച്ചതല്ല ഇവിടം..

വേണമെങ്കില്‍ മണ്ണിന്‍റെ മണം അറിയാം..കുറച്ചൊക്കെ...

ബാല്‍ താക്കറെയുടെ കൂറ്റന്‍ കട്ടൌട്ടുകള്‍..

'സിംഹം ശരണം ഗഛാമി
സംഘം ശരണം ഗഛാമി.. '

കല്യാണിലെ ഒരു രാജകീയ അപ്പാര്‍ട്ട്‌മെന്‍റില്‍ കാലുകുത്തി.

ലിഫ്റ്റ്‌ വഴി മൂന്നാം നിലയില്‍..

"എന്‍റെ അച്ഛാ.... ഈ പ്രായത്തിലും നന്നാവന്‍ ഒരു പ്ളാനുമില്ലേ...."

അനുജനോടു ചേര്‍ന്നിരുന്നു വിസ്കി നുണയുന്ന അച്ഛനെ വാരിപ്പുണര്‍ന്നു..

"ഏതാ ബ്രാന്‍ഡ്‌... റോയല്‍ ചലഞ്ച്‌.. കൊള്ളാം.. ഫിറ്റായോടെ...." കപ്പലണ്ടി കൊറിക്കുന്ന അനിയനോട്‌..

വീട്ടുവിശേഷം... നാട്ടുവിശേഷം

ഗ്ളാസുകള്‍ പലതവണ നിറഞ്ഞു...

വരനെ കണ്ട്‌ അനുശോചനം അറിയിച്ച്‌, ബഹളത്തിനിടയിലൂടെ പുറത്തുവന്നു..

കുന്നിനു മുകളിലെ ആകാശം... നക്ഷത്രശോഭ....

അച്ഛനോടു ചേര്‍ന്നു നിന്നു.

'ആ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ കാണും അല്ലേ അച്ഛാ.. അവിടെയും നമ്മളേപ്പോലെയുള്ളവര്‍ കാണുമല്ലേ.' ഓര്‍മ്മകള്‍ ഉറയ്ക്കുന്ന നാളുകളില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍..

ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക്‌ തലചായ്ച്ച ബാല്യം..

അച്ഛന്‍റെ വിയര്‍പ്പാണെനിക്കേറേയിഷ്ടം..

"നിനക്കു സന്തോഷം ഉണ്ടോ...." ഓര്‍മ്മകളില്‍നിന്ന് മടങ്ങിവന്ന് അച്ഛന്‍ ചോദിച്ചു.

അച്ഛന്‍ എന്നും ഇങ്ങനെയാണ്‌. ബാങ്ക്‌ ബാലന്‍സിനെ പറ്റിയോ സ്വപ്നങ്ങളെപറ്റിയോ ചോദിക്കാറില്ല..

ഒറ്റച്ചോദ്യം മാത്രം.. 'ആര്‍ യൂ ഹാപ്പി.... '


ഉറങ്ങിയെഴുന്നേറ്റു..

അംബര്‍നാഥ്‌ കുന്നിനുമുകളിലെ അയ്യപ്പക്ഷേത്രത്തിലേക്ക്‌...

"അയ്യപ്പാ അങ്ങിവിടെയും....." ചന്ദനം തൊടുമ്പോള്‍ മനസുകൊണ്ട്‌ ചോദിച്ചു.

"ജീവിച്ചുപോക്കോട്ടെ കൊച്ചനേ..." പുഞ്ചിരിയില്‍ ഒരു മറുപടിയൊളിച്ചപോലെ..

കുന്നിറങ്ങിവന്ന കാറ്റിനു ഇളംകുളിര്‌..

നാദസ്വരം.. കല്യാണികള്‍...കളവാണികള്‍..

'സംഹാരത്തിനും സ്ഥിതിയ്ക്കുമിടയിലെ പാലം..ശാസ്താരം പ്രണവാമ്യതേ..'
കല്‍വിരിപ്പുകളിലൂടെ ഉലാത്തുമ്പോള്‍ ഒരു വെള്ളിപാദസരം നിലത്തുകിടന്നു പുഞ്ചിരിക്കുന്നു.

കുനിഞ്ഞത്‌ കൈയിലെടുത്തു..

മൂന്നു മണികള്‍...പ്രണയത്തിന്‍റെ ആലിലയലുക്ക്‌..

'ഏത്‌ സുന്ദരിയുടെ പാദത്തിലാണിത്‌ പ്രണയമന്ത്രമുതിര്‍ത്തത്‌.. '

ഏഴാംകടല്‍ കടന്ന് വാത്മീകിയുടെ ഫോണ്‍...

"മഹര്‍ഷേ വന്ദനം.. വിളിച്ച സമയം പവിത്രം.. നാദസരം, നാദവിലോലകള്‍, പോരാത്തതിനു കൈയില്‍ ഒരു നൂപുരവും...അമേരിക്കയില്‍ എന്തുണ്ട്‌ വിശേഷം.. അച്ചിങ്ങ കിലോയ്ക്ക്‌ എന്നാ വില.... "

"ഹഹ...പാദസരമോ.. ഇതുപോലുള്ള സാധനങ്ങള്‍ മാഷിന്‍റെ കൈയില്‍ മാത്രം എങ്ങനെ വന്നുപെടുന്നു മാഷേ.... "

"അതുതന്നാ മാഷേ എനിക്കും അറിയാനുള്ളത്‌..അയ്യപ്പനോടൊന്നു ചോദിക്കട്ടെ. "

കൊലുസ്‌ കൌണ്ടറില്‍ കൊടുത്തു.
'സ്വാമീ..ആ കുട്ടിവരുവാന്നേ പറഞ്ഞേര്‌. മരിക്കും മുമ്പ്‌ ഒരിക്കല്‍ ഞാന്‍ അവളെ കാണാന്‍ എത്തുെമെന്ന്... ഒരു രണ്ട്‌ സെക്കന്‍റില്‍ എന്നെ റൊമാന്‍റിക്കാക്കിയതിനു നന്ദിപറയാന്‍"

സുമേഷ്‌ ചന്ദ്രന്‍റെ നമ്പര്‍ കുത്തി.

"തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും....അത്തറൊന്നുവേണ്ടേ.. "
അടിപൊളി കോളര്‍ട്യൂണ്‍ .

ശബ്ദം അല്‍പ്പം കനപ്പിച്ചു..
"എടാ...സുമേഷേ... എന്തോന്നു പാട്ടാടാ നിന്‍റെ ഫോണില്‍.. കുടുമ്പത്തില്‍ പിറന്ന ഏതെങ്കിലും പെങ്കൊച്ച്‌ ഇങ്ങനെ പറയുമോടാ.. അതുപോട്ടെ, പെമ്പിള്ളാരുമായി ചാറ്റനാണോടാ നിന്നെ ഞാന്‍ മുംബെയിലേക്ക്‌ പറഞ്ഞുവിട്ടത്‌.. "

"അബ്‌.അബ്‌.. ആരാ.... "

"ശങ്കുവമ്മാവനെ നീ മറന്നു...അല്ലേ.. എന്‍റെ ദേഹത്ത്‌ എത്രവട്ടം മൂത്രമൊഴിച്ചിട്ടുണ്ടെടാ നീ കുഞ്ഞുന്നാളില്‍....എരപ്പാളീ.. "

"ശങ്കുവമ്മാവനോ...... "

"അമ്മാവാ എനിക്ക്‌ മൂവാണ്ടന്‍ മാങ്ങ വേണമെന്ന് പറഞ്ഞു എന്ന് മാവേല്‍ കേറ്റി ആ തക്കത്തിനു എന്‍റെ സൈക്കിളിന്‍റെ രണ്ടു വാല്‍വ്‌ ട്യൂബും ഊരിയോടിയതും മറന്നോടാ എന്തിരവനെ.. "

സുമേഷിന്‍റെ കണ്‍ഫ്യൂഷന്‍ കണ്ട്റോള്‍ വിടാന്‍ തുടങ്ങി.

"മാഷേ ഞാനാ...കിംഗ്‌ ഫ്രം ദി കാപിറ്റല്‍.... ദില്ലിവാലാ രാജകുമാരന്‍"

"എന്‍റമ്മച്ചീ....എപ്പ വന്നു ചാടി..... "

സുമേഷ്‌ സല്ലാപം കഴിഞ്ഞ്‌, മുംബൈ ഐ.ഐ.ടിയില്‍ റിസേര്‍ച്ചുചെയ്യുന്ന ഗായത്രിയുടെ നമ്പറിലേക്ക്‌ സ്ക്രോള്‍ ഡൌണ്‍..

"ഹലോ.... "

"ഓം. ഭുര്‍ ഭുവ: സ്വ:
തത്‌ സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന: പ്രചോദയാത്‌

സുഖം തന്നെ അല്ലിയോ കൊച്ചേ നിനക്ക്‌... "

"ആരാ മനസിലായില്ല... "

"ഗായത്രീ മന്ത്രം ജപിച്ചിട്ടും എന്നെ മനസിലായില്ലെ ഗായത്രി..ഛേ.... "

"അയ്യോ മാഷ്‌...... ഇതെവിടാ ഇപ്പോ..ഇത്‌ ലോക്കല്‍ നമ്പര്‍ ആണല്ലോ... "

"ഇപ്പോ ഞാന്‍ ബൂത്തിലാ... കല്യാണ്‍ കേ ബൂത്ത്‌ മേം... "


ഭാസിയമ്മാവന്‍റെ പായസം കുടിക്കാനുള്ള അതിയായ ആഗ്രഹത്തെ മൂന്നു ഗ്ളാസ്‌ മോരുകൊണ്ട്‌ തൃപ്തിപ്പെടുത്തി, ആ പായസവും കൂടി കുടിച്ച്‌, ഹൈ ഇന്‍റന്‍സിറ്റിയില്‍ ഏമ്പക്കവും വിട്ട്‌ ഞാന്‍ എഴുന്നേറ്റു.

'ഈ കുട്ടി ഇപ്പോ കരയും' എന്ന അമിത്ര പ്രതീക്ഷയോടെ, യാത്രയാവുന്ന വധൂവരന്‍മാരെ നോക്കി നില്‍ക്കുന്ന സകല മല്ലൂസിനേയും നിരാശരാക്കി വധു പൊട്ടിച്ചിരിച്ചു യാത്രചോദിച്ചു.

"ദേശാടനക്കിളി കരയാറില്ലപ്പൂപ്പാ.." മുറുക്കാന്‍ ചവച്ചുകൊണ്ട്‌ ഞാന്‍ ആത്മഗതം ചെയ്തു.


"ഇനി എന്നാടാ ഇതുപോലൊന്നു കൂടുന്നത്‌.. നീ എന്നാ നാട്ടിലേക്ക്‌"

ഓട്ടോയില്‍ കയറിയ അച്ഛനോട്‌ മറുപടിപറയാന്‍ വാക്കുകള്‍ വിസമ്മതിച്ചു.

രണ്ടു മൌനങ്ങള്‍ക്കിടയില്‍ മുപ്പത്തഞ്ചുവര്‍ഷങ്ങളുടെ കേളികൊട്ട്‌..

അച്ചന്‍കോവിലിലെ പരല്‍മീനുകളെ അച്ഛന്‍റെ കണ്ണുകളില്‍ ഒരിക്കല്‍കൂടി കണ്ട്‌ കൈവീശി യാത്രയാക്കി..

'എന്നാ പിന്നെ വൈകിട്ട്‌ ബോറിവലിയില്‍ ബോറടിക്കാതെ കാണാം അമ്മാവാ, എനിക്ക്‌ ചില്ലറ പണി ബാക്കിയുണ്ട്‌' എന്ന് സിഗ്നല്‍ കൊടുത്ത്‌ ഞാന്‍ കല്യാണ്‍ സ്റ്റേഷനിലേക്ക്‌ മുങ്ങി.

സാന്‍ഡ്‌വിച്ച്‌ പരുവത്തില്‍ ഞെങ്ങി ഞെരുങ്ങി ഒരു ലോക്കല്‍ ട്രെയിന്‍ യാത്ര..

'മോനേ സുമേഷേ. നിന്‍റെ സ്ളിം ബ്യൂട്ടിയുടെ രഹസ്യം ഈ യാത്രയാണ്‌ അല്ലേ' ആത്മഗതത്തോടെ കാലുറപ്പിക്കാതെ നിന്നു.

ബോറിവലില്‍ ഇറങ്ങി.

'മുംബെയിലെ ഓട്ടോ എന്തേ കമ്പ്ളീറ്റ്‌ കറുപ്പ്‌..ഡല്‍ഹിയില്‍ തലയ്ക്ക്‌ മുകളിലോട്ട്‌ മഞ്ഞയാണല്ലോ.. അതിന്‍റെ പിന്നിലെ മനശ്ശാസ്ത്രം എന്താണാവോ' എന്ന് വെറുതെ ചിന്തിച്ച്‌ നിന്നപ്പോഴാണു, നാലുമണിപ്പൂവുപോലൊരു പുഞ്ചിരി മുന്നില്‍ വന്നത്‌..

നെറ്റിയൊന്നു ചുളിച്ചു..

"എന്താ മാഷേ അന്താളിക്കുന്നത്‌..ഇത്‌ ഞാന്‍ തന്നാ ഗായത്രി.. "

"എന്‍റെ കാച്ചാനത്തപ്പാ..ഇത്ര സൌന്ദര്യം ഞാന്‍ എക്സ്‌പെക്ട്‌ ചെയ്തില്ല കേട്ടോ സത്യം.. ആര്‍ യൂ യൂസിംഗ്‌ സന്തൂറ്‍ സാബുന്‍ ഡോക്ടര്‍ ഗായ.... "

"ഊതല്ലേ മാഷേ..ഡോക്ടറാവാന്‍ ഇനിയുമെടുക്കും രണ്ടുമൂന്നു വര്‍ഷം.. എങ്ങനെയുണ്ടാരുന്നു യാത്ര... "

"ഈ ഹൈഹീല്‍ഡ്‌ ചെരിപ്പു കൊള്ളാമല്ലോ മാഷേ.. ഭാവി അമ്മായിയപ്പനു ഊന്നുവടിയായിട്ടും ഉപയോഗിക്കാമല്ലോ.. "

പൊട്ടിച്ചിരി പങ്കിട്ടുകൊണ്ടൊരു സഹയാത്ര..

"എപ്പൊഴാ മാഷിന്‍റെ ട്രെയിന്‍"

"ആറുമണിക്ക്‌.. ഭാസിയമ്മാവന്‍ ഇന്‍സുലില്‍ എടുത്ത്‌ വരാന്‍ ഇനിയും സമയമുണ്ട്‌..ബൈ ദ വേ.. റിസേര്‍ച്ച്‌ എങ്ങനെ പോകുന്നു. കെമിസ്റ്റ്രിയില്‍ തന്നെയല്ലേ ഗവേഷണം.. അതോ ബോളിവുഡ്‌ ഫിലിമിലേക്ക്‌ സബ്‌ജക്‌റ്റ്‌ മാറ്റിയൊ.. "

"ഹഹ ഇപ്പോ രണ്ടിലും ഒന്നിച്ച്‌ എടുത്താലോന്നാ ആലോചനാ... "

"ഇവിടെ നല്ല വടാപാവ്‌ എവിടെ കിട്ടും മാഷേ... ഇവിടെ വരെ വന്നിട്ട്‌ അതു കഴിക്കാതെ പോയാല്‍ അയ്യപ്പെനെന്തു വിചാരിക്കും"

"ലെറ്റ്‌സ്‌ ഗോ... " ഓട്ടോയില്‍ ചാടിക്കയറി..

"എങ്ങനെയുണ്ട്‌ ഞങ്ങടെ മുംബൈ..... "

"തകര്‍പ്പന്‍ മാഷേ.. ഗജഗാമിനിമാര്‍ ദില്ലിയുടെയത്രയും വരില്ല എന്നൊരു ഡ്രോബായ്ക്ക്‌ മാത്രം.. "

"മാഷിനെപ്പോലെയുള്ള കുറുക്കന്‍മാര്‍ക്ക്‌ പറ്റില്ലെന്നര്‍ത്ഥം"

"സ്വാമിശരണം... "

ഓട്ടോയില്‍ എഫ്‌. എം ചാലുവായി

‘നാ കജ്‌രേ കീ ധാര്‍
നാ മോതിയോം കേ ഹാര്‍
നാ കോയി കിയാ സിംഗാര്‍ ഫിര്‍ ഭി
കിത്‌നീ സുന്ദര്‍ ഹോ... തും
കിത്‌നീ സുന്ദര്‍ ഹോ.. ‘


"ഹായ്‌..തകര്‍പ്പന്‍ പാട്ട്‌.. ഇത്‌ കേട്ടിട്ട്‌ കുറെ വര്‍ഷങ്ങള്‍ ആയി

കണ്‍കളിലഞ്ജനമില്ല... പൊന്‍
കങ്കണമിത്തിരിയില്ല
മുത്തണിമാലയുമില്ല പിന്നെയു-
മെത്ര മനോഹരി നീ..
എത്ര മനോഹരി നീ.....

എങ്ങനെയുണ്ടെന്‍റെ സ്വതന്ത്ര വിവര്‍ത്തനം.. കൊള്ളാമെങ്കില്‍ കാശുതന്നാ മതി.. "


"ഗലക്കി.. ചില്ലറയില്ല..അല്ലെങ്കില്‍ അമ്പതു പൈസ ഞാനിപ്പോ തന്നേനേ... "

"ഹേ...ക്രൂരേ.... "

റെസ്റ്റോറന്‍റിലെ ഒഴിഞ്ഞ കസേരകളിലേക്കിരുന്നു.

വടാപാവിനും ചായയ്ക്കും ഓര്‍ഡര്‍ കൊടുത്ത്‌, ടിഷ്യൂപേപ്പര്‍ ഹോള്‍ഡറിലെ വരികളില്‍ കണ്ണുനട്ടിരുന്നു..

'ഹാപ്പിനെസ്‌ ഈസ്‌ നെവര്‍ സോണ്‍.. ഒണ്‍ലി റീപ്പ്‌ഡ്‌'

"ഈ ലോകത്ത്‌ വിതയ്ക്കാതെ കൊയ്യാന്‍ പറ്റിയ ഒരേ ഒരു സാധനം സന്തോഷം മാത്രമാ അല്ലേ.. ഇതെഴുതിയവനു എന്‍റെ വകയൊരു വടാപാവ്‌. "

കൊച്ചുവര്‍ത്തമാങ്ങളുമായി കുറെ നിമിഷങ്ങള്‍

തസ്ളീമ നസ്രീനെപോലൊരു മാഡം തൊട്ടപ്പുറത്തെ സീറ്റില്‍ വന്നിരുന്നു.

"ആപ്പിള്‍ കവിളി അടിമുടി ലവ്‌ലി.... ഈയമ്മയാണോ ലജ്ജ എഴുതിയത്‌.. "

"സംശയം ഉണ്ടോ.. എങ്കില്‍ നമുക്കു ചോദിക്കാം " ഗായത്രി മുടി മാടിയൊതുക്കി

"തസ്ളീമയ്ക്ക്‌ നമ്മുടെ സല്‍മാന്‍ റുഷ്ദി പ്രണയലേഖനം കൊടുക്കുന്നതായി ഈയിടെ ഒരു കണ്‍സര്‍വേറ്റീവ്‌ കവി എഴുതിയിട്ടുണ്ട്‌.

തസ്ളീമാ നിനക്കു ഞാന്‍ താലികെട്ടട്ടെ പത്മ-
ലക്ഷ്മിയെ മടുത്തതിനാലല്ല , കരള്‍ കൂട്ടില്‍
നീയെന്ന 'ലജ്ജാ'വതി നമ്രനേത്രയായി............. ശ്ശോ ബാക്കി മറന്നു.. "

"മാഷിന്‍റെ ഭാര്യയുടെ പേരും ലക്ഷ്മിയെന്നല്ലേ.. ദാ അങ്ങോട്ടു ചെന്നു ഇതു പാട്‌.. " വടാപാവ്‌ കടിച്ചുകൊണ്ട്‌ ഗായത്രി

"ഹഹ അതു ഞെരിച്ചു... "


'കള കള കള കള ' ഗായത്രിയുടെ സെല്‍ഫോണ്‍ ചിലച്ചു

"ഇതെന്താ മാഷേ. വയറിളക്കം പോലൊരു റിംഗ്‌ ടോണ്‍.. വേറേയൊന്നും കിട്ടിയില്ലേ.... "

"ഹലോ.. ഐ വില്‍ കോള്‍ യൂ ലേറ്റര്‍.. "

"ഉം ..എന്താ പറഞ്ഞേ. മാഷേ ഇത്‌ അരുവിയുടെ ശബ്ദമാ.. മനസിലാക്കാനേ കലാഹൃദയം വേണം.. "

"ഓ.. അരുവിയുടെ കളകളാരവം ആരുന്നോ.. ഛേ. പിന്നേം തെറ്റിദ്ധരിച്ചു.. "

"എനിതിംഗ്‌ മോര്‍ സര്‍.." വെയിറ്റര്‍..

"മാഷിനു വേറെ വല്ലതും..ഒരു പാവുകൂടി.. ? "പഴ്സ്‌ തുറന്നുകൊണ്ട്‌ ഗായത്രി

"നോ...നോ..ഐ വില്‍ പേ ദി ബില്‍ എന്ന് പറയുന്നതിനു മുമ്പ്‌ ഞാനെന്‍റെ പോക്കറ്റൊന്നു തപ്പട്ടെ.. മുംബൈ അല്ലേ.. കെട്ടിയവളെ വരെ അടിച്ചുമാറ്റുന്ന നാടല്ലേ... "

"മാഷെന്‍റെ ഗസ്റ്റല്ലേ..ഐ.വില്‍ പേ... "

"ഈ സന്‍മനസില്‍ സമാധാനം നിത്യവും വിളയാടട്ടെ... "



ഭാസിയമ്മാവനെ സീറ്റില്‍ പ്രതിഷ്ഠിച്ച്‌ വെളിയില്‍ വന്നു

'യാത്രികോം കൃപയാ ധ്യാന്‍ ലോ..... '

"അപ്പോ ഡോക്ടര്‍ജി.. വിട. വടാപാവു സന്ധ്യ സ്പോണ്‍സര്‍ ചെയ്തതിനു ഒരുപാട്‌ നന്ദി.. "

ഗായത്രിയുടെ കണ്ണില്‍ മറ്റൊരു സൂര്യാസ്തമയം

"ഇനി എന്നാ മാഷേ കാണുന്നെ.... "

"ആഫ്ടര്‍ ഫിഫ്റ്റി ഇയേര്‍സ്‌.. മാഷിന്‍റെ വീട്ടില്‍ ഞാന്‍ വടിയും കുത്തിവരും. ഡോക്ടര്‍ ഗായത്രി അപ്പോള്‍, കിണറ്റുകരയില്‍ വെള്ളം കോരി നില്‍ക്കുന്നുണ്ടാവും. ചുറ്റിനും നിറയെ പേരക്കിടാങ്ങള്‍. അവര്‍ മാഷിനെ കളിയാക്കി പാടുന്നുണ്ടാവും.. അപ്പോള്‍ ഞാനും അവരുടെ കൂടെ കൂടി പാടാം

വെള്ളിത്തോടത്തുമ്പു കുലുക്കി
വെള്ളം കോരുന്നമ്മച്ചീ..
വെള്ളേപ്പത്തിലൊഴിച്ചു കഴിക്കാന്
‍ഉള്ളിക്കറിയോ മപ്പാസോ... "

നാലുമണിപ്പൂവില്‍ ഒരു ചിരികൂടി മറഞ്ഞു..


കുറുകുന്ന സന്ധ്യയിലൂടെ വണ്ടി മെല്ലെ നീങ്ങി

വിന്‍ഡോയ്ക്കപ്പുറം ഗായത്രിയുടെ മുഖം മറഞ്ഞു..

കാഞ്ചനപ്പൂക്കള്‍ ചൂടിയ കടുകുപാടങ്ങള്‍ ഭൂമിദേവിയുടെ നൂപുരം പോലെ തോന്നിച്ചു..

'കണ്ണ്, കരള്‍, ഹൃദയം, തലച്ചോറ്‌.. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ആദ്യം നിര്‍മ്മിച്ചിരിക്കുക ഇതിലേതാവാം... ?'
സംശയം ക്ളിയര്‍ ചെയ്യാന്‍ ബോഗിയില്‍ ഒരു പള്ളീലച്ചന്‍ ഇല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ 'ടൈംസ്‌ ഓഫ്‌ ഇന്ത്യ'യിലേക്ക്‌ മുഖം പൂഴ്ത്തി.....