Wednesday, 17 November 2010

ടേണിംഗ് പൊയിന്റ്

‘ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ..‘ എന്ന പ്രാര്‍ഥന, ഭൂരിപക്ഷം ഭാരതീയരെപ്പോലെ തന്നെ എനിക്കുമുണ്ട്. ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയുമൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്. അതുകൊണ്ടുതന്നെ, വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളെ പരമാവധി വേറെയാരുടെയെങ്കിലും തലയില്‍ വച്ചുകൊടുക്കാറാണ് പതിവ്.

മൂന്നു വയസു തികയാറായ ഇളയപുത്രിയുടെ ജനനസര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്നു വാങ്ങിയില്ലെങ്കില്‍, അവള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലാതെ കുഴയും എന്ന സത്യം തിരിച്ചറിഞ്ഞിട്ടാണ്, മനസില്ലാ മനസ്സോടെ പഞ്ചായത്താപ്പീസിന്റെ പടികയറാനുള്ള ധീരയജ്ഞം സ്വയം ഏറ്റെടുത്തത്. ഹാജര്‍ വപ്പും, സീരിയല്‍ ഡിസ്കഷനും, മക്കളുടെ ക്യാപിറ്റേഷന്‍ ഫീ ചര്‍ച്ചയുമൊക്കെ കഴിഞ്ഞ് സാറന്മാര്‍ ഫയലുകള്‍ പൊടിമാറ്റി നോക്കാന്‍ തുടങ്ങുന്ന പതിനൊന്നുമണിക്കു തന്നെ കൌണ്ടറിലെത്തി കാര്യം പറഞ്ഞു, ആദ്യയാത്രയില്‍.. കാതിലെ ജിമുക്കയുടെ ആണിമുറുക്കിക്കൊണ്ട്, കൌണ്ടറിലെ സുന്ദരി ‘രണ്ടാഴ്ചകഴിഞ്ഞ് വരൂ ‘ എന്ന് പറഞ്ഞിട്ടിട്ടിപ്പോ ഒരുമാസവും മൂന്നു യാത്രയുമായി.. കാഷ്വല്‍ ലീവ് രണ്ട്, ആ വഴി ബോസിന്റെ വളിച്ച മുഖദര്‍ശനം നാല്..

‘ഇതിനൊരവസാനമില്ലേ മാഡം.. ഞാന്‍ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരനാണ്.. പ്ലീസ് ഇനിയും ഇങ്ങനെ നടത്തിക്കല്ലേ’ ക്യൂവില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്ന അമ്മാവന്റെ പുഷിംഗ് കാരണം എന്റെ പാതി തല കൌണ്ടറിന്റെ ഹോളിലൂടെ അകത്തേക്ക് കയറി..

കൊടുത്ത സ്ലിപ് മേശപ്പുറത്തിട്ട്, കൌണ്ടര്‍ മാഡം കമ്മലിന്റെ ആണി മുറുക്കുകയാണ്

‘ഈ കമ്മല് ഇതുവരെ മുറുകിയില്ലേ പെങ്ങളേ.. കഴിഞ്ഞ മാസം തൊട്ട് മുറുക്കാന്‍ തുടങ്ങിയതാണല്ലോ.
രൂക്ഷമായൊരു നോട്ടം.. ആദ്യം എന്റെ മുഖത്തേക്ക്..പിന്നെ സ്ലിപ്പിലേക്ക്

‘ഇതിന്നു കിട്ടത്തില്ല.. സൂപ്രണ്ട് സാറ് ലീവിലാ.. മറ്റേന്നാള്‍ വന്നുനോക്കു’

‘പുള്ളി ലീവെടുത്ത് ഗള്‍ഫില്‍ പോയതാണോ.. കഴിഞ്ഞ പ്രാവശ്യോം ഇതന്നെയാ പറഞ്ഞെ. ഇനി ആ പണിപറ്റില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടല്ലോ’

‘അങ്ങോട്ട് മാറി നിന്നേ..അടുത്താളെ കേറ്റിവിട്...വേഗം’ സിസ്റ്റര്‍, കൈ അടുത്ത കമ്മലിലേക്ക് മാറ്റി

ഞാന്‍ രണ്ടുകൈയും വിടര്‍ത്തി, പുറകിലെ അമ്മവനെ ബ്ലോക്ക് ചെയ്തു..

‘ഈ കേരള സാരി മാഡത്തിനു നന്നായി ചേരുന്നുണ്ട്.. പ്രത്യേകിച്ച് ഈ ജിമുക്കയുടെ കൂടെ. സത്യം...’ പുരുഷന്റെ മനസിലേക്കുള്ള ഷോര്‍ക്കട്ട് അവന്റെ വയറാണെന്നും, സ്ത്രീയുടെ മനസിലേക്കുള്ളത് പുകഴ്ത്തലാണെന്നുമുള്ള എന്റെ പൊതുവിജ്ഞാനം പാളിപ്പോയി.
സുന്ദരി കനപ്പിച്ചൊന്നു നോക്കി

“ഇയാളോട് മലയാളത്തിലല്ലേ പറഞ്ഞേ മറ്റന്നാള്‍ വരാന്‍..!!! ” .

“ഈ പോക്കുപോയാല്‍ എന്റെ മകളുടേയും അവളുടെ കൊച്ചുമോളുടേയും സര്‍ട്ടിഫിക്കറ്റ് ഒന്നിച്ചു വാങ്ങേണ്ടി വരുമല്ലോ..’

‘നിങ്ങള്‍ കോമഡി അടിക്കാന്‍ വന്നതാ.. എനിക്ക് വേറെ പണിയുണ്ട്..ഒന്നു പോയേ..’

‘വരുന്നവരോടെല്ലാം പിന്നെ വാ എന്നു പറയുന്ന ഒരുപണിയല്ലേ മാഡത്തിനുള്ളൂ.. ജില്ലാ സെക്രട്ടറി എന്റെ അമ്മാവന്റെ മോനാ പറഞ്ഞില്ലെന്നു വേണ്ടാ’
‘എന്നാ അങ്ങേരേം അമ്മാവനേം ഒന്നിച്ചു കൂട്ടിക്കൊണ്ടു വാ.. രാവിലെ ഓരോന്നിറങ്ങിക്കോളും.. പണിയുണ്ടാക്കാന്‍...’
സുന്ദരി സ്വന്തം തോളിലേക്ക് മുഖം ചെരിച്ചു നോക്കി, സാരിത്തലപ്പ് അവിടത്തന്നെ ഉണ്ടെന്നുറപ്പുവരുത്തി. ആത്മാഭിമാനം അവിടെത്തന്നെ ഇല്ലെന്ന് ഉറപ്പുവരുത്തി ഞാന്‍ പുറത്തേക്കിറങ്ങി.

ഓഫീസിന്റെ വാതില്‍ക്കല്‍, സൈക്കിളില്‍ ചായ വില്‍ക്കുന്ന ചേട്ടായിയുടെ അനൌണ്‍‌സ്‌മെന്റ്
‘ദേ.. തിരിച്ചറിയല്‍ കാര്‍ഡുള്ളവരു മാത്രം ഇങ്ങോട്ടു വന്നാ മതി. ഈ ടൈപ്പ് ചായ വേറെ എങ്ങും കിട്ടത്തില്ല, അതൊണ്ടാ..ബഹളം ഉണ്ടാക്കല്ലേ...ബഹളം ഉണ്ടാക്കല്ലേ’

ഉള്ളിലെ ദേഷ്യം ചിരിയിലേക്ക് വഴുതിമാറി

“മോനേ വേഗം വന്നാട്ടെ.. നിന്നു കുഴഞ്ഞതല്ലേ..ഇനി നില്‍ക്കാനുളളതല്ലേ.. രസികന്‍ ചായയ...എടുക്കട്ടെ ഒന്ന് ‘

‘സര്‍ക്കാരാപ്പീസര്‍മാരുടെ സ്വഭാവം കൊണ്ട് ചേട്ടനെങ്കിലുമൊരു ഗുണമുണ്ടല്ലോ..ഉം..എടുക്കൊരു ചൂടു ചായ..അതെങ്കിലുമാവട്ടെ..’

‘കഴിഞ്ഞ ആഴ്ചയും കുഞ്ഞിവിടെ വന്നല്ലോ.. ‘ അറുപതുകാരന്‍ ചായ പൊക്കിയടിച്ചുകൊണ്ട് ചോദിച്ചു.

“അതെ..ഇനി നമ്മള്‍ എല്ലാ ആഴ്ചയും കണ്ടോണ്ടിരിക്കും.. സഞ്ചീലൊരു ഞെക്കുകൂടി കൊടുക്കെന്നേ..ഈ മൂഡില്‍ സ്‌ട്രോങ്ങ് ചാ‍യ തന്നെ വേണം ചേട്ടായി’

പരമാത്മാവുപോലെ ഗുണവും മണവുമില്ലാത്ത ചായ ഇറക്കി മുഖം ചുളിച്ചപ്പോള്‍ അതാ എന്റെ തൊട്ടുപുറകില്‍ നിന്നിരുന്ന അമ്മാവന്‍ മുന്നില്‍.

‘എന്തായി അമ്മാവാ.. കാര്യം നടന്നോ..’

‘&&&@##...’
നാട്ടില്‍ നിലവിലിരിക്കുന്ന ഏറ്റവും ശക്തമായ ഒരു തെറിവാക്ക് നാലുപല്ലില്ലാത്ത ആ വായില്‍ നിന്ന് ഇന്‍സ്റ്റന്റ് ആയി പൊഴിഞ്ഞു..‘മൂന്നുമാസമായി നടത്തിക്കുവാ ഈ ........!. ഇളയ മോനൊരു കെട്ടിടം പണിയ്ക്കുള്ള അപേക്ഷ കൊടുത്തതാ.. ഞാന്‍ കരുതിയെ മണലു കിട്ടാനാവും ബുദ്ധിമുട്ടെന്ന്..ഇപ്പോഴല്ലേ മനസിലായേ പ്ലാന്‍ ഒന്നു ഒപ്പിട്ടുകിട്ടാന്‍ അതിലും പാടാണെന്ന്.. ഇവന്മാരുടെ ഒക്കെ തലേല്‍ ഇടിത്തീ..’

“അയ്യോ അങ്ങനെ പറയല്ലേ..ശാപം ഏറ്റാല്‍, ഇടിത്തീ ഇടാന്‍ വരുന്നവനേയും ഇവന്മാര്‍ മൂന്നുകൊല്ലം നടത്തിക്കും ‘ ഗ്ലാസ് ചേട്ടായിയെ തിരികെ ഏല്‍പ്പിച്ചു..

‘കാശു പിടുങ്ങാനാ.. ഈ കുട്ടന്‍‌പിള്ളേടെ കൈയീന്ന് കാശുവാങ്ങാന്‍ ഇമ്മിണി പുളിക്കും.. ഒരുതവണ കൂടി ഞാന്‍ നോക്കും..ഇല്ലെങ്കില്‍ വിജിലന്റില്‍ ഒരു പരാതി ഞാന്‍ പൂശും.. എന്‍ഡോസള്‍ഫാന്‍ തേച്ച നോട്ട് വാങ്ങുമ്പോഴേ ഇവന്മാ‍രു പഠിക്കൂ...ഫൂ......’

‘അമ്മാവാ....’ ചായക്കാശിന്റെ ബാക്കി ഞാന്‍ പോക്കറ്റിലേക്കിട്ടു ‘ഒരു ചാക്ക് സിമിന്റിനു ഇപ്പൊ രൂപ മൊന്നൂറ്റിയമ്പതാ.. വല്ലതും കൊടുത്ത് കെട്ടിടം പെട്ടെന്നു പൊക്കാന്‍ നോക്ക്..ഈ ആദര്‍ശം കൊണ്ടിരുന്നാലേ, ആ സ്ഥലത്തൂടെ പത്തുവരിപ്പാത വന്നാലും അമ്മാവന്റെ പൊര പൊങ്ങുകേല പറഞ്ഞേക്കാം..’

‘ഉവ്വ..ഉവ്വ..എനിക്ക് കൊറച്ച് ആദര്‍ശം കൂടുതലാ..എന്നാ ചെയ്യും..’ അമ്മാവന്‍ സ്വതന്ത്ര്യ സമര സേനാനി ആയിരുന്നോ ആവോ..

“എന്റെ അമ്മാവാ.. അങ്ങ് മുംബെയില്‍, കുംഭകോണം നടന്ന ഫ്ലാറ്റിന്റെ പേരറിയില്ലേ.. ആദര്‍ശ്.. ബാക്കി ഒന്നും ഞാന്‍ പറഞ്ഞുതരണ്ടാല്ലോ....അല്ല ചേട്ടാ‍യി.. ‘ ചായച്ചേട്ടനു നേരെ മുഖം തിരിച്ചു ശബ്ദം താഴ്ത്തി ‘ഈ കാര്യം സാധിക്കാനുള്ള ആ റൂട്ടൊന്നും പറഞ്ഞു തന്നെ.. ഇമ്മാതിരി ഏര്‍പ്പാട് ആദ്യമായാണേ.. ആരെ എങ്ങനെ കാണണം.. ഇനി ലീവെടുക്കാന്‍ വയ്യാ..’

‘കുഞ്ഞൊരു കാര്യം ചെയ്യ് ‘ ചേട്ടായി ഗ്ലാസ് കഴുകി വെള്ളം വീശിയെറിഞ്ഞു ‘അകത്തുചെന്ന് ആ ജൂനിയര്‍ സൂപ്രണ്ട്സാറിനെ ഒന്നു കാണ്..പുതിയ പയ്യനാ.. അല്പം മയമുള്ള ആളാ. കാശൊന്നും മേടിക്കില്ലാന്നാ കേട്ടേ.. ‘

മായം മാത്രമുള്ള ഈ സ്ഥലത്ത് മയം ഉള്ള ഒരാളുണ്ടെന്ന് കേട്ടപ്പോ വിശ്വസിക്കാനായില്ല..

ഫയലുകള്‍ക്കിടയിലൂടെ, കുംഭകര്‍ണ്ണന്മാരുടെ ഏമ്പക്കങ്ങള്‍ക്കിടയിലൂടെ ഞാന്‍ പമ്മിപ്പമ്മി നീങ്ങി.. ‘ഒരുപാട് വികസനം കൊണ്ടുവന്നു‘ എന്നു മുഖ്യമന്ത്രി പറഞ്ഞത്, ഉദ്യോഗസ്ഥന്മാരുടെ കുടവയറിന്റെ കാര്യത്തിലാണോ എന്നൊരു ശങ്ക..ഭൂരിപക്ഷത്തിനും ഡബിള്‍ ഫാമിലി പായ്‌ക്ക്..

ജൂനിയര്‍ സൂപ്രണ്ടിന്റെ മേശയ്ക്കരികിലെത്തി. കക്ഷി, കൈയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ശ്രദ്ധിച്ചിരിക്കുന്നു. മേശപ്പുറത്ത് പൊടിനിറത്തില്‍ ഒരു കൂന ഫലയുകള്‍..

ചെറുപ്പക്കാരനാണ്..

ഞാന്‍ വന്നതറിഞ്ഞിട്ടില്ല..

കൈ കൂപ്പണോ വേണ്ടയോ എന്നൊരു ആശങ്ക

‘സാര്‍...................’

‘യെസ്.......’ പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി എന്നെ നോക്കി..

രണ്ടു നിമിഷം കണ്ണുകള്‍ തമ്മില്‍ ഉടക്കിനിന്നു...

ഇവന്‍....അത്തിക്കയത്തെ അവനല്ലേ.. പണ്ട് ഒരുപാട്ട നാടന്‍ ശര്‍ക്കര ഇവന്റെ അപ്പച്ചനുവേണ്ടിയല്ലേ ഞാ‍ന്‍ അറേഞ്ചുചെയ്തു കൊടുത്തത്....ആണോ...അതോ വേറെ ആരേലുമാണോ..

“കൊച്ചുകൃഷ്ണാ............. നീ ഇവിടെ..” കണ്ണട മുഖത്തുനിന്നെടുത്ത് ജൂനിയര്‍ സൂപ്രണ്ട് ചാടിയെണേറ്റു.....!!!!!

“എടാ കുര്യാ.......... നീ... ഇവിടെ!!!! .’ സകലപരിസരവും മറന്നു..

‘ഹോ..അപ്പൊ നീ എന്റെ പേരുപോലും മറന്നിട്ടില്ല...’ ഇവന്റെ ചിരിയ്ക്ക് അതേ പഴയ വശ്യത

“എടാ അത്തിക്കയം ഏബ്രഹാം വര്‍ഗീസിന്റെ മൂത്തമകന്‍ കുര്യന്‍ ഏബ്രഹാമേ..........!!!!!!!.. നീ ഈ കസേരയില്‍!!!!! എന്റമ്മച്ചിയേ..’

ചാടി പുണര്‍ന്നപ്പോള്‍ മേശപ്പുറത്തുനിന്ന് ഒരുകുന്നു ഫയലുകള്‍ താഴേക്കു പതിച്ചു...

‘എടാ.നിനക്കിപ്പോഴും ആ പഴയ സ്പ്രേയുടെ മണം.. എനിക്ക് വിശ്വസിക്കാന്‍ വയ്യാ.. വല്ല ബില്‍ഗേറ്റ്സിന്റേയും ബ്ലൂ ഐയ്‌ഡ് ബോയ് ആയി അമേരിക്കയിലോ മറ്റോ ഇരിക്കേണ്ട നീ ഈ പൊടിപിടിച്ച ഫയലുകള്‍ക്കിടയില്‍ എങ്ങനെ വന്നുപെട്ടെടാ..’

‘കര്‍ത്താവിന്റെ കളികള്‍.. നീ ഇരി..ഹോ..പത്തുകൊല്ലമായിട്ട് തപ്പുവാ നിന്നെപ്പോലെ കൊറെ എണ്ണത്തിനെ.. ടെല്‍ മീ..നീ എവിടെ.. എന്ത്.. കെട്ടിയോള്‍..കൊച്ചുങ്ങള്‍...‘ ആവേശത്തിനടയില്‍ സര്‍ക്കാര്‍ പ്രോട്ടോക്കോളുകള്‍ കുര്യനും മറന്നു..അവന്റെ കൈയൊപ്പുകള്‍ പതിഞ്ഞ, കണ്ണീരുപുരണ്ട അപേക്ഷകള്‍ നിലത്തു ചിതറി..
അവന്‍ അതെല്ലാം പൊന്നുപോലെ പെറുക്കിയെടുത്തു..
അവയില്‍ വിധവകളുടെ കണ്ണീരുണ്ടാവും... പട്ടാളക്കാരുടെ സ്വപ്നങ്ങള്‍ ഉണ്ടാ‍വും..കൂലിപ്പണിക്കാരുടെ ദൈന്യങ്ങളുണ്ടാവും....പാവാടക്കാരികളുടെ ഭാവിജീവിതങ്ങളുണ്ടാവും...‘വാ...നമുക്കൊരു കാപ്പി കുടിക്കാം.. എന്തെല്ലാം പറയാനുണ്ട്..എത്ര കൊല്ലത്തെ കാര്യങ്ങള്‍ കേള്‍ക്കാനുണ്ട്’

സിമന്റു തറയില്‍, കുര്യന്റെ ഷൂവിന്റെ ശബ്ദം പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.....എന്റെ ചെരിപ്പിന്റെ പതിഞ്ഞ ശബ്ദം അവയോട് ചേര്‍ന്നലിഞ്ഞു......


പ്രൊഫസര്‍ ഗീവര്‍ഗീസിന്റെ ഷൂവിന്റെ ശബ്ദം കേട്ട് അറുപതോളം കൌമാരങ്ങള്‍ നിശബ്ദമാവുന്നു......

മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ പേരുകേട്ട ഡി-എയ്‌റ്റി ഫൈവ് ക്ലാസ് മുറിയിലെ പ്ലാറ്റ്ഫോമിലേക്ക് ഘനഗാംഭീര്യം തുളുമ്പുന്ന നോട്ടത്തോടെ കണക്കിന്റെ മുടിചൂടാ മന്നല്‍ കയറുന്നു...

“കുര്യാ....ഒരു മണിക്കൂര്‍ ഇനി റോളര്‍ കോസ്റ്ററില്‍...“ ഞാനും ബുക്ക് തുറന്നു.

“നീ വല്ലോം പഠിച്ചോടെ..” കുര്യന്‍ വെറുതെ തല നാലുപാടും പായിച്ചു..

“yesterday I spoke about fibonacci numbers.... am I right? "

ചോദ്യം ഉറപ്പാണ്.. കുര്യനും ഞാനുമടക്കമുള്ള ബെഞ്ചിലെ ആറുപേരും തലകുനിച്ചു..മുന്നിലിരിക്കുന്നവന്മാരുടെ തല മറയാക്കി...

“ആമൈ റൈറ്റ്!!!!!!!!!!!!!!!!!!!!!!!!!!!!’ പ്രൊഫസറുട്ടെ അട്ടഹാസം നിശ്ശബ്ദത ഭേദിച്ചു.

“ആമാ..ആമാ. പച്ചേ തെരിയാത്....” കുര്യന്റെ ലോ വോയ്സ് കമന്റ്....

എന്റെ കണ്ട്രോള്‍ പോയി അടക്കിവച്ച ചിരി ഒരു വളിച്ച ശബ്ദത്തോടെ പുറത്തേക്ക്..

“ഇഡിയറ്റ്!!!!!! ഹൂ ഈസ് ലാഫിംഗ്..സ്റ്റാന്റപ്പ്..സ്റ്റാന്റപ്പ് ഐ സേ!!!!!!!!!!!!!!!’

മധ്യാഹ്നം മനോഹരമായി...

ഞാന്‍ വിറച്ചുകൊണ്ട് എണീറ്റു...........

“ബ്ലഡീ....ബഫൂണ്‍...ഗുഡ് ഫോര്‍ നത്തിംഗ്.. ഇഡിയറ്റ്.. ടെല്‍ മീ.... വാട്ടീസ് ഫിബോനാക്കി നമ്പേഴ്സ്....”

അറിയില്ല നമ്പ്യാരേ...സത്യം.. എന്നാലും ഇനിഷിയേറ്റീവ് എടുത്തില്ലേല്‍ മോശമല്ലേ “സര്‍ ..ഫിബ്..ഫിബ്ബോ...”

“അബ്ബോ അബ്ബോ...പഞ്ചാര അടിക്കാന്‍ മാത്രം ഓരോത്തന്മാരു വന്നോളും.. വീട്ടുകാരു പുന്നാരമോനെ കളക്ടര്‍ ആക്കാന്‍ വിട്ടേക്കുവല്ലേ... പറയെടാ.. ക്വിക്ക്...വാട്ടീസ് ഫിബോനാക്കീ..’

കൌമാരത്തിലെ അവസാന നയന്റീന്‍ നമ്പറില്‍ നിന്നും, യൌവനത്തിലെ ആദ്യത്തെ ട്വന്റി നമ്പറിലേക്ക് ചേക്കാറാനിരിക്കുന്ന നാല്പത്തോളം പെണ്‍കുട്ടികള്‍ ആര്‍ത്തുചിരിക്കുന്നു..
ദാവണിക്കാരികള്‍, ചുരിദാറുകാരികള്‍, സ്വര്‍ണബോര്‍ഡറുള്ള സാരിക്കാരികള്‍..ചന്ദനക്കുറി തൊട്ടവര്‍.. സ്റ്റിക്കര്‍ പൊട്ടിട്ടവര്‍....മുല്ലപ്പൂ ചൂടിയവര്‍..ഷാമ്പൂ ഇട്ട മുടി പറത്തുന്നവര്‍....

“അടുത്തവന്‍ സ്റ്റാന്‍ഡപ്പ്!!!!!!’ കുര്യന്‍ കുണുങ്ങിയെണീറ്റു..

‘എടാ അറിയത്തില്ലേ മിണ്ടാതിരി..തെറ്റുപറഞ്ഞാല്‍ പറഞ്ഞതിന്റെ ശരികൂടി പറയാന്‍ പറയും..പണിയാവും’ ഞാന്‍ പിറുപിറുത്തു..കുര്യന്റെ സ്വഭാവം അങ്ങനെ ആണ്..വളരെ ഭംഗിയായി തെറ്റ് പറയും

“സാര്‍..വണ്‍ സ്ക്വയര്‍....ടൂ സ്ക്വയര്‍...ത്രീ സ്ക്വയര്‍..ഫോര്‍ സ്ക്വയര്‍...ആന്‍ഡ് സോ ഓണ്‍....”

“ഒടുവില്‍ നിന്റെ അമ്മായിയപ്പന്റെ ഹോള്‍‌സ്വകറും..അല്ലേ.... യൂ ഗുഡ് ഫോര്‍....!!!!.’ വികാരവിക്ഷേപത്തോടെ പല്ലുഞെരിച്ചു കൊണ്ട് ഗീവര്‍ഗീസ് സാറു നിന്നു.

രണ്ടുമിനുട്ടുകൊണ്ട് ആണ്‍കുട്ടികളെല്ലാം ബഹുമാനത്തോടെ എണീറ്റുനിന്നു.. മരുന്നിനുപോലും ഒരു ബുദ്ധിജീവിയില്ലാത്ത ക്ലാസ്.. മോശം...

‘കാനനസുന്ദരിയിലെ അഭിലാഷയുടെ ഡ്രസിന്റെ നിറം പറയാന്‍ പറഞ്ഞാല്‍ നീയൊക്കെ ആദ്യമേ ചാടിപ്പറയുമല്ലോടാ..!!!! ‘

‘സാറാപ്പടം എപ്പോ കണ്ടു? ‘ ഇന്ദുലാല്‍ പിറുപിറുത്തു..
‘സരസിലിപ്പോ മുന്താണി മുടിച്ചാ.. കാനനസുന്ദരി മാറി ‘ അടുത്തവന്‍

“സേതുലക്ഷ്മീ...ആന്‍സര്‍ പ്ലീസ്.. പറഞ്ഞുകൊടുക്കീ യൂസ്‌ലസുകള്‍ക്ക്......’

പെണ്‍കുട്ടികളുടെ നിരയില്‍, മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമതിരിക്കുന്ന സുന്ദരി എണീറ്റു..

‘ദൈവമേ..ഇവളെപ്പോ ഈ പുതിയ കമ്മലിട്ടു..മച്ചാ ലുക്ക്....സോ ബ്യൂട്ടിഫുള്‍ ‘ കുര്യന്‍ എന്നോട്..

‘അതിന്നലെ അവളുടെ ഇളയമ്മവന്‍ കൊടുത്തതാ.. ദുബായ് വാലാ’

‘ഓഹോ..അതിനിടയ്ക്ക് നീ അതും അറിഞ്ഞോ...’

“സര്‍.....” പാതികൂമ്പിയ കൈതപ്പൂവു പോലെ സേതുലക്ഷ്മി....കഴുത്തോളം വെട്ടിയ മുടി, ചുവന്ന ടോപ്പിലേക്ക് പാറി വീഴുന്നു..
സേതുലക്ഷ്മി ചിരിച്ചു.. എവിടെനിന്നോ രണ്ടു നുണക്കുഴികള്‍ അവളുടെ കവിളിലേക്ക് പറന്നുവന്നിരുന്നു..

“ സര്‍....The first two Fibonacci numbers are 0 and 1, and each subsequent number is the sum of the previous two. Some sources omit the initial 0, instead beginning the sequence with two 1s. ദാറ്റ് മീന്‍സ് 0,1,1,2,3,5,8.... ആന്‍ഡ് സോ ഓണ്‍ ആര്‍ ഇന്‍ ഫിബോനാക്കി സീരീസ്....’ സേതുലക്ഷ്മിയുടെ അളകങ്ങള്‍ ഇളകി....

‘ഇങ്ങനെയും ഒരു സംഭവം ഉണ്ടാരുന്നോ’ എന്ന അര്‍ഥത്തില്‍ പൂവാലന്മാര്‍ പരസ്പരം നോക്കി

“കണ്ടു പഠിക്കെടാ കഴുതകളേ..പാച്ചാനാന്നു പറഞ്ഞു ഇറങ്ങിക്കോളും..പക്കാ യൂസ്‌ലെസുകള്‍.....” പ്രഫസര്‍

‘എന്റെ സാറേ..ഒരു സത്യം പലതവണ പറഞ്ഞതുകൊണ്ട് അതിന്റെ മാറ്റുകൂടത്തൊന്നുമില്ല..ഞങ്ങള്‍ യൂസ്‌ലെസുകളാണെന്ന് പലതവണ പറഞ്ഞുകഴിഞ്ഞു’ ഇരുന്നുകൊണ്ട് കുര്യന്‍..

“സീ..ഈ ഫെബുനാക്കി നമ്പറുകള്‍ പ്രകൃതിയിലെ അത്ഭുതങ്ങളാണ്..യൂ...നോ... സൂര്യകാന്തിപ്പൂവിന്റെ പരാഗങ്ങള്‍, മുയലിന്റെ പ്രസവക്കണക്കുകള്‍, തേനീച്ചകളുടെ വംശവര്‍ദ്ധനവുകള്‍..എല്ലാം ഈ പാറ്റേണാണ് ഫോളോ ചെയ്യുന്നത്..’ ഗീവര്‍ഗീസ് സാര്‍ അപ്ലൈഡ് മാത്ത്മാറ്റിക്സിലേക്കാണോ ഈ പോകുന്നേ...

‘എടാ ഈ മുയലിന്റെ പ്രസവക്കണക്കെടുക്കാനാണോ നമ്മള്‍ ഡിഗ്രി മാത്തമാറ്റിക്സ് എടുത്തത്? ..ഛേ..എനിക്ക് പ്രതികരിക്കാന്‍ തോന്നുന്നു...” കുര്യന്‍

‘ഇപ്പോ വേണ്ടാ. എന്നത്തേയും പോലെ, വീട്ടില്‍ ചെന്നു നീ ഉറങ്ങി പ്രതികരിക്ക്..’

“യൂ നോ വാട്ടീസ് ഗോള്‍ഡന്‍ റേഷ്യോ’

ഈശ്വരാ അടുത്ത കുഴിബോംബ്....

‘എനിവണ്‍ ഗോട്ട് ദ ആന്‍സര്‍?...’

‘സര്‍...........’ മൂന്നാമത്തെ ബെഞ്ചിലെ ഒന്നാമത്തെ സുന്ദരി വീണ്ടും എണീറ്റു. ദോഷം പറയരുതല്ലോ, കുളിരു കോരിനിറയ്ക്കുന്ന സ്വരം അവള്‍ക്ക്

‘ഇവള്‍ക്ക് വേറേ ഒരു പണിയുമില്ലേടേ...വെറുതെ ആണുങ്ങളുടെ വിലകളയാന്‍....’ പിന്‍ ബഞ്ചിലെ സുരേഷ് പി.ടി..

‘Two quantities are in the golden ratio if the ratio of the sum of the quantities to the larger quantity is equal to the ratio of the larger quantity to the smaller one. The golden ratio is an irrational mathematical constant, approximately 1.6180339887"

ഭാഗ്യം..ഒന്നും മനസിലായില്ല...

‘വെരി ഗുഡ് സേതു...കീപ്പിറ്റപ്പ്....ആന്‍ഡ് ബീ എ റോള്‍ മോഡല്‍ ടു ദിസ് പ്രീ ഹിസ്റ്റോറിക് മങ്കീസ്.... ’

‘എന്നു വച്ചാല്‍ എന്താടാ’ എന്റെ തൊട്ടുപിറകിലിരിക്കുന്ന ഒരു പ്രീഹിസ്റ്റോറിക് മങ്കിക്ക് സംശയം..

“ ‘നമ്മളെപ്പോലെയുള്ള ചരിത്രാതീത കുരങ്ങുകള്‍ക്ക് ഒരു സുതാര്യമാതൃക ആകൂ നീ ‘ എന്നാണ് സാര്‍ ഉദ്ദേശിച്ചത്“ സാഹിത്യവാസനയുള്ളതുകൊണ്ട് ‘അവശന്‍‘ എന്ന ഇരട്ടപ്പേരുള്ള കക്ഷി വിശദീകരിച്ചു..

“സൈലന്‍സ്...സൈലന്‍സ്... ഈ ഗോള്‍ഡന്‍ റേഷിയോയ്ക്കും പ്രകൃതിയുമായി ബന്ധമുണ്ട്” അഭിമാനത്തോടെ പ്രഫസര്‍

“മുയലിന്റെ ചെവി രണ്ടും ഈ റേഷിയോയിലാരിക്കും ‘ കുര്യന്റെ പ്രതികരണം

“സീ ...പ്രശസ്തമായ ശില്പങ്ങള്‍, പെയിന്റിങ്ങുകള്‍, കെട്ടിടങ്ങള്‍ എല്ലാം അവ നിര്‍മ്മിച്ചവര്‍ പോലും അറിയാതെ തന്നെ ഈ റേഷിയോയിലാണ്.’

‘ഓ..അതുശരി..എന്താ ഒരു കണ്ടുപിടുത്തം..’ പിറുപിറുപ്പുകള്‍ തുടരുന്നു..

“സുന്ദരിയായ ഒരു പെണ്ണിന്റെ മൊത്തം ഉയരം....’

!!!!!!!!!!!!!

ക്ലാസ് നിശബ്ദം..

ഇത്ര ശ്രദ്ധയോടെ ഇതുവരെ ഒരു ക്ലാസിലും ഞങ്ങള്‍ ഇരുന്നിട്ടില്ല.. ബാക്കി കേള്‍ക്കാന്‍ സകല എണ്ണവും കാതുകൂര്‍പ്പിച്ചു

“മൊത്തം ഉയരം അവളുടെ പൊക്കിള്‍ ചുഴിവരെയുള്ള ഉയരം കൊണ്ട് ഡിവൈഡ് ചെയ്താല്‍ ഈ റേഷിയോ, അതായത് 1.6180 കിട്ടും..”

സകല ശ്രദ്ധയും പെണ്‍കുട്ടികളിലേക്കാ‍യി..ഇവിടെ എത്ര പേര്‍ക്കുണ്ടാവും ഈ ഗോള്‍ഡന്‍ റേഷ്യോ...

സേതുലക്ഷ്മിക്ക് ഉറപ്പ്..വസന്തകുമാരി ജനിച്ചതുതന്നെ ഈ റേഷ്യോയില്‍ തന്നെ..... സീന മാത്യു ഉണ്ടയായാ‍തുകൊണ്ട് റേഷ്യോയ്ക്ക് അല്പം കുറവുവരും....

കണക്കുകൂട്ടലുകള്‍ മുറുകി....

അങ്ങനെ ഞങ്ങളുടെ ക്യാമ്പസ് പാട്ടില്‍ ഒരുവരികൂടി അന്നു ചേര്‍ക്കപ്പെട്ടു

‘സേതുലക്ഷ്മിക്കും നാരായണം പിന്നെ
സേതൂന്റെ റേഷ്യോയ്ക്കും നാരായണം
നാരായണം ഭജേ നാരായണം

ബെന്‍സി പി സാമിനും നാരായണം പിന്നെ
ബെന്‍സീടെ മൂക്കിനും നാരായണം
ശ്രീരേഖക്കുട്ടിക്കും നാരായണം പിന്നെ
രേഖേടെ കണ്ണിനും നാരായണം’

പോസ്റ്റ് ലഞ്ച് ബ്രേക്കില്‍ കൈകൊട്ടുമേളം മുറുകി..

“പോടാ ഇഡിയറ്റുകളേ..... ‘ കിളിമൊഴികള്‍ പറന്നുനടന്നു..സുന്ദരികളും സുന്ദരന്മാരും പൊട്ടിച്ചിരിച്ചു...

ആ പാട്ടിനിടയിലാണ് സീതാലക്ഷ്മിയുടെ കണ്ണുകളില്‍ നിന്ന്, അതുവരെ കാണാത്ത ഒരു സ്പാര്‍ക്ക് കുര്യന്‍ കണ്ടുപിടിച്ചത്..

പ്രീഹിസ്റ്റോറിക് കാലഘട്ടങ്ങളില്‍ ശകുന്തളയുടെ, രാധയുടെ, ദമയന്തിയുടെ ഒക്കെ കണ്ണുകളില്‍ ഈ സ്പാര്‍ക്ക് ഉണ്ടായിരുന്നു എന്ന് കുര്യന്‍ എന്ന പ്രീഹിസ്റ്റോറിക് മങ്കി കണ്ടെത്തി...

ഒരു പ്രയോജനവും ഇല്ലാത്ത മാത്തമാറ്റിക്സ് പാഠങ്ങളോട് പ്രതികരിക്കാന്‍ ഉറങ്ങിയിരുന്ന കുര്യന്‍ പിന്നെ ഉറങ്ങാതായി..

പച്ചിലച്ചാറുകൊണ്ടുള്ള മതിലെഴുത്തില്‍, ഒരു പ്ലസ് ചിഹ്നത്തിന്റെ അപ്പുറത്ത് സേതുലക്ഷ്മിയേയും ഇപ്പുറത്തു തന്നേയും സ്വപ്നം കണ്ട് അവന്‍ പകലും ഉറങ്ങാതെ ആയി.. ബോര്‍ഡില്‍ മങ്ങിക്കിടക്കുന്ന സൈന്‍ തീറ്റയിലും കോസ് തീറ്റയിലും സീതാലക്ഷ്മിയുടെ വെണ്‍ചിരികള്‍ അവന്‍മാത്രം കണ്ടുനിന്നു.. അവന്റെ ചിന്തകള്‍ ഫിബോനാക്കി സീരിസിലെ അക്കങ്ങളെപ്പോലെ പെരുത്തുകൊണ്ടേയിരുന്നു..


അങ്ങനെ ഒരു ഇടവപ്പാതിക്കാലം..
ചാറ്റല്‍ മഴ ക്ലാസ്‌മുറികളെ പ്രണയിച്ച് അകത്തേക്ക് കയറിവരുന്ന ഒരു ഉച്ച നേരം..
ലഞ്ചുകഴിഞ്ഞുള്ള പതിവു മധുരമുണ്ണല്‍.....

പതിവില്ലാതെ, സേതുലക്ഷ്മി സാരി ഉടുത്തിരുന്നു..മുല്ലപ്പൂ ചൂടിയിരുന്നു
പച്ച കുപ്പിവളകള്‍ അണിഞ്ഞിരുന്നു..
അവള്‍ അടിമുടി പൂത്തുലഞ്ഞിരുന്നു...

ക്ലാസിലെ നാച്ചുറല്‍ ബ്യൂട്ടിയായ ദിവ്യയും ഞാനും കൂടി ടൈം‌പാസിനു ഒരു പുതിയ ഡ്യുയറ്റ് ട്രൈ ചെയ്യുന്നു..

‘അമ്പലപ്പൊയ്കയില്‍ പോകാം അന്തിയാവട്ടെ...
ആമ്പലൊന്നു തലോടി നില്‍ക്കാം എന്തുമാ‍വട്ടെ’

മഴയുടെ കിലുക്കം ദിവ്യയുടെ ശബ്ദവുമായി ഇണചേര്‍ന്നു നിന്നു

‘ചാന്തണിഞ്ഞ തൃസന്ധ്യ നമ്മെ നോക്കി നില്‍ക്കട്ടെ...ഒരു
ചന്ദനക്കുളിര്‍ കാറ്റു വന്നു കുണുങ്ങിനില്‍ക്കട്ടെ.’

“ഇതു നീ എഴുതിയതാ? ‘ ദിവ്യ ചിരിച്ചു

“പിന്നല്ലാതെ..ഇതുവെറും സാമ്പിള്‍.. അമിട്ടുകള്‍ ഇനിയുമുണ്ട്...നീ പാട്....’

പെട്ടെന്ന് ഒരു നിശ്ശബ്ദത ക്ലാസിനെ മൂടി...മഴയുടെ ഒച്ച മാത്രം..

വാതിലില്‍ ഒരു സുന്ദരക്കുട്ടപ്പന്‍..പരിചയമില്ലാത്ത ഒരു കുമാരന്‍....
സേതുലക്ഷ്മി, എണീറ്റു...
കാത്തിരുന്ന ആളെ കാണാനെന്നോളം തിരതല്ലുന്ന ആഹ്ലാദത്തൊടെ ഓടുന്നു....

പെട്ടെന്നൊരു ഇടിവെട്ടി, കുര്യന്റെ മനസില്‍.......

സീതാലഷ്മിയുടെ പൂര്‍വ്വകാലപ്രണയപരാഗങ്ങള്‍ ക്ലാസില്‍ നിറഞ്ഞു... ചങ്ങനാശേരി അസംഷന്‍ കോളജില്‍ അവള്‍ പ്രീഡിഗ്രിക്ക് പഠിച്ചപ്പോ, അപ്പുറത്ത്, എസ്.ബി കോളജില്‍ അവളുടെ ഹൃദയം ലഞ്ചുബോക്സില്‍ വച്ച് ഈ കുമാരന്‍ ഉണ്ടായിരുന്നത്രെ..ഇപ്പോ കുമാരന്‍ ടി.കെ.എം കോളജിലെ എഞ്ജിനീയറിംഗ് വിദ്യാര്‍ഥി.. കാണാനെത്തിയതാണ് കമലനയനയെ..

“ഹോ..എത്ര ഉറക്കം ഞാന്‍ വെറുതെ കളഞ്ഞെടാ.. “ കുര്യന്‍ താടിക്ക് കൈ കൊടുത്തിരുന്നു

“അതേ..ഒരുപാ‍ട് ഉറക്കം തൂങ്ങലുകളും നീ വെറുതെ കളഞ്ഞു..മോശമായിപ്പോയി... എന്നാലും അവളുനിന്നെ ചതിച്ചല്ലോടെ..” ആവശ്യത്തിനു എരിവു ഞാനും ചേര്‍ത്തു..

“കഴിഞ്ഞ ക്രിസ്മസിനു നാല്‍പ്പതുരൂപയുടെ കുപ്പിവളയാ ഞാനവള്‍ക്ക് വാങ്ങിച്ചുകൊടുത്തേ....”

“സാരമില്ല..ആ കാശ് നീ ആ‍ ടി.കെ.എം കക്ഷിയുടെ കൈയീന്ന് വാങ്ങിച്ചോ..അല്ലാതെന്നാ ചെയ്യും...”

“ദുഷ്ടാ.നിനക്ക് മനസിലാവില്ല ഒരു കാമുകന്റെ മനസ്“

“അതേ..പക്ഷേ ഇതാണു കാമുകിമാരുടെ മനസ്.... ചരിത്രം അതാണു പഠിപ്പിക്കുന്നത്.. ഈ പെര്‍മ്യൂട്ടേഷന്‍സ് ആന്‍ഡ് കോംബിനേഷന്‍സ് പെണ്‍കൊച്ചുങ്ങള്‍ എപ്പൊഴും മനസിലിട്ടുകൊണ്ട് നടക്കും.. നല്ല കോമ്പി അതാണെന്ന് അവള്‍ക്ക് തോന്നി.. അവള്‍ കോമ്പി..നീ ഗോപി... ഞാനെന്തായാലും അവളുടെ കൂടെയാ..ഈ സേതുലക്ഷ്മിയെ നീ മാമോദീസ മുക്കിയാല്‍ ഞങ്ങള്‍ ഹൈന്ദവജനത പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോടേ... കമോണ്‍..നമുക്ക് കാന്റീനില്‍ പോയി ഒരു ചായ അടിക്കാം.. കടി എന്റെ വക.. ഉറപ്പ്’
“നിനക്ക് കടിക്കാന്‍ എന്താ വേണ്ടെ? ഉഴുന്നുവട ആവാം അല്ലേ...” ജൂനിയര്‍ സൂപ്രണ്ട് കുര്യന്‍ എന്റെ കണ്ണില്‍ നോക്കി....

ചായ ഗ്ലാസില്‍ അപ്പൊഴും ഓര്‍മ്മകളുടെ ചൂട്....

പഴയകാലത്തെ മൂടിവന്ന പുതിയകാലം ഒന്നരമണിക്കൂര്‍ അടര്‍ത്തിയെടുത്തു..ഈരണ്ടു മക്കളുടെ അച്ഛന്മാരായി ഞങ്ങള്‍ രണ്ടാളും ഈ തീരത്ത് ഇപ്പോള്‍...ഇങ്ങനെ

“നീയും വല്ല എം.സി.എ ഒക്കെ എടുത്ത് പറന്നുകാണുമെന്നാ ഞാന്‍ കരുതിയെ.. ബാച്ചിലെ പകുതിയും അങ്ങനെ ആയിരുന്നല്ലോ..നീ ഒരു ഗവണ്മെന്റ് പെന്‍‌പുഷറായി അവതിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.“

“ഈ ജോലി എനിക്കിഷ്ടമാണെടാ.. ഒരുപാട് ജീവിതങ്ങളെ നേരിട്ട് കാണാം.. എന്തെങ്കിലുമൊക്കെ അവര്‍ക്കും കൊടുക്കാം.. കുട്ടിരാഷ്ട്രീയക്കാരുടെ ശല്യം മാത്രം ഒരു പ്രശ്നം..അത് ഞാന്‍ കാര്യമായി എടുക്കാറില്ല..”

“ചിലരുടെ രൂപം പോലും മറന്നുപോയി.. അവരൊക്കെ ഇപ്പൊ എവിടെ ആണൊ ആവോ..കാണാറുണ്ടോ ആരെയെങ്കിലും നീ”

“ഇടയ്ക്ക് ചിലരെ ഒക്കെ കാണാറുണ്ട്. പക്ഷേ എന്തോ..എല്ലാ‍ത്തിന്റേയും മുഖത്ത് ഒരു അവശത പോലെ.. മിഡ്‌ലൈഫ് ക്രൈസിസ് എത്തുന്നതിന്റെ ആയിരിക്കും.. അന്ന് നമ്മുടെയൊക്കെ കണ്ണില്‍ തന്നെ എന്തു തിളക്കമാരുന്നെടാ.. ഭാവിയെക്കുറിച്ച് പേടിയില്ല..വല്യ ചിന്തയില്ല. ശരിക്കും നമ്മള്‍ ജീവിച്ചത് അപ്പോഴാ അല്ലേ..”

ഞാന്‍ പുഞ്ചിരിച്ചു..

“കോളജിലെ ലാസ്റ്റ് ഡേസിലൊന്നില്‍ നീ പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്.. ‘ഇങ്ങനെയൊന്നും ആരുന്നില്ല എന്റെ സ്വപ്നം.. ഈ പടിയിറങ്ങുമ്പോള്‍ എന്തെങ്കിലുമൊക്കെ ആവണമെന്നുണ്ടാരുന്നു’.. ഓര്‍ക്കുന്നോ നീ അത്’

“ശരിയല്ലേടാ.. എന്താ നമ്മള്‍ പഠിച്ചത്.. ഒരുപ്രയോജനവും ഇല്ലാത്ത കുറെ ഫോര്‍മുലകള്‍.. തല ഉയര്‍ത്തി ഈ ലോകത്തെ നേരിടാനുള്ള ഒരു ടിപ് എങ്കിലും കിട്ടിയോ നമുക്കവിടെ നിന്ന്.. വീ വേസ്റ്റഡ് ദ ബെസ്റ്റ് ടൈം..ജീവിതത്തിലെ നല്ല സമയങ്ങള്‍ വെറുതെ കോപ്രായം കാണിച്ചും വേണ്ടാത്തത് പഠിച്ചും തൊലച്ചു..പഠിച്ച ഒരു വരിപോലും എനിക്ക് പ്രയോജനപ്പെട്ടില്ല..ഒരുവരിപോലും ഓര്‍മ്മയും ഇല്ല.”

“അതു തന്നെയാടാ നൂറ്റിമുപ്പതുകോടി മാന്‍‌പവര്‍ ഉള്ള ഇന്ത്യുടെ ഗതികേട്.. സകല എണ്ണത്തിന്റേയും ആദ്യത്തെ ഇരുപത് വര്‍ഷം നശിപ്പിച്ചുകളയുവാണിവിടെ.. നേരെ ആവില്ലെടാ ഇവിടം ..എനിക്കും നിനക്കും ശരിയായ ലക്ഷ്യം പോലുമില്ലായിരുന്നു.. നിനക്ക് പൊളിറ്റിക്കല്‍ സയന്‍സോ എക്കണോമിക്സോ എടുത്ത് ഈ ജോലിയില്‍ കൂടുതല്‍ തിളങ്ങാ‍മാരുന്നു.. എന്റര്‍‌ടെയിന്‍‌മെന്റ് ഇന്‍ഡസ്‌ട്രിയില്‍ എത്തുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് വല്ല മാസ് കമ്യൂണിക്കേഷനോ മീഡിയാ മാനേജുമെന്റോ എടുക്കാമാരുന്നു..ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.. കോളജില്‍ ആരും തൊടാതെ കിടന്നിരുന്ന സ്പോര്‍ട്ട്സ് എക്വിപ്‌മെന്റ്സ്, ആരും മെംബറാവാതിരുന്ന എന്‍.സി.സി.. വെറുതെ പൊടിപിടിച്ചിരുന്ന ലൈബ്രറി.. നമ്മള്‍ പഠിക്കുകയായിരുന്നില്ലെടാ.. നമ്മളെ പഠിപ്പിക്കുകയും ആയിരുന്നില്ല..”

“മതി. നിര്‍ത്ത്.. ഇനി നീ ഏതോ മഹാന്‍ പറഞ്ഞ വാചകം കൂടി എടുത്തിടും.’ ജീവിതത്തില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചാവില്ല ആരും കൂടുതല്‍ പശ്ചാത്തപിക്കുക..ചെയ്യാന്‍ പറ്റാതെപോയ കാര്യങ്ങളെക്കുറിച്ചാവും’..ആരാ അതു പറഞ്ഞെ.?’

‘ഓര്‍മ്മയില്ല” ഞങ്ങള്‍ പുറത്തേക്കിറങ്ങി..

ഉച്ചവെയില്‍ നിരത്തിലേക്ക് പടര്‍ന്നിറങ്ങി....

“എടാ.. ഒരുകാര്യം ചോദിക്കാന്‍ വിട്ടു..നമ്മുടെ ആ സേതുലക്ഷ്മി ഇപ്പോ എവിടെ..”

കുര്യന്‍ ചിരിച്ചു “നോ ന്യൂസ്.. എവിടെയെങ്കിലും കാണും. “

“ഹോ..എന്നാ സൂപ്പര്‍ ചിരിയാരുന്നു കക്ഷിയുടെ.. ഓര്‍ക്കുട്ടിലും ഫേസ്‌ബുക്കിലും ഒന്നും ഇല്ലേ..??”

“നമ്മുടെ കാലത്ത് അതൊന്നും ഇല്ലാതിരുന്നതു നന്നായി.. എല്ലാരും അതേപടി മനസിലുണ്ടാവുമല്ലേ..എന്താ ശരിയല്ലെ”

അന്ന് എന്റെ കൂടെ ടൈം‌പാസ് ഡ്യുയറ്റ് പാടിയ ദിവ്യ ഇപ്പോള്‍ എവിടെ ആയിരിക്കും


കുര്യന്‍ പറഞ്ഞതാണു ശരി.. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ അന്നില്ലാഞ്ഞതു നന്നായി.. ചില കണ്ണികള്‍ നഷ്ടപ്പെടുന്നത് നല്ലതാണ്
ഓര്‍മ്മകള്‍ നിത്യഹരിതങ്ങളായി പടര്‍ന്നുനില്‍ക്കും, മനസിന്റെ താഴവരകളില്‍......


പിന്നെയും നടന്നു...
മൊബൈല്‍ റിംഗ് ടോണുകള്‍ക്കിടയിലൂടെ
പുതിയ വേഷങ്ങള്‍ക്കിടയിലൂടെ
പുതിയ വാഹനങ്ങള്‍ക്കിടയിലൂടെ

വഴി രണ്ടായി പിരിയുന്നിടത്തുവച്ച് കുര്യന്‍ ചോദിച്ചു
“എന്താ നിന്റെ മോളുടെ പേര്? “

“മൈഥിലി..”

“സര്‍ട്ടിഫിക്കറ്റ് ഞാനെടുത്തുവച്ചേക്കാം.. നാളെ രാവിലെ വന്നു വാങ്ങിച്ചോ...”


ഒറ്റയ്ക്ക് നടക്കുമ്പോള്‍ മനസില്‍ ഒരു പുതിയ കാമ്പസ് ഉയര്‍ന്നു വന്നു..

ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിയര്‍ത്തു വരുന്ന ഒരു കൌമാരക്കാരി
ലൈബ്രറിയില്‍ റഫറന്‍സ് ബുക്കുകള്‍ തിരയുന്ന, മുടി പിന്നിലേക്ക് കെട്ടിവച്ച സുന്ദരി
ഗൂഗിളില്‍ നേരം പുലരുംവരെ ഇഷ്ടവിഷയത്തിലെ പുതിയ റൈറ്റപ്പുകള്‍ തേടി ഇരിക്കുന്നവള്‍
ലക്ഷ്യം ആദ്യമേ കണ്ടവള്‍..മാര്‍ഗം അതിന്നായി തിരഞ്ഞെടുക്കുന്നവള്‍
ഹോര്‍മോണുകള്‍ക്ക് കീഴ്പെടുത്താനാവാത്ത ആണ്‍-പെണ്‍ സൌഹൃദം സ്വന്തമായുള്ളവള്‍

അവളുടെ പേര് മൈഥിലി....
നാളെ കുര്യന്റെ മേശപ്പുറത്ത് അവളുടെ ജനനസര്‍ട്ടിഫിക്കറ്റ് എന്നെ കാത്തിരിക്കും.............

Sunday, 2 May 2010

പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും


(മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബ്ലോഗന’യില്‍ വന്നത്)“.......
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പലനാളായ് താഴെയിറങ്ങാനൊരു തിടുക്കം...”

ശരീരം പ്രംതിമപോലെയാക്കി, കണ്ണാടിയില്‍ മുഴുവന്‍ ശ്രദ്ധയുമര്‍പ്പിച്ച് മീശയില്‍ ഞാന്‍ കത്രിക വച്ചു... ലെവല്‍ പോകാതെ നോക്കണമല്ലോ.....

“തിടുക്കം തിടുക്കം.. കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. ഷേവു ചെയ്യുമ്പോഴും ഒരു റൊമാന്റിക് പാട്ട്!.. ഫെയര്‍ ആന്‍ഡ് ലവ്‌ലി കുഴച്ച് ആ കരിമോന്തയ്ക്കൊരു തേപ്പ്!..ബാത്ത്‌റൂമില്‍ വെള്ളം നിറയുന്നതുവരെ കണ്ണാടി നോക്കി ഒരു ജോഗിംഗ്! ആരുടേയോ കൈക്ക് പണിയുണ്ടാക്കാനുള്ള പുറപ്പാടാന്നു തോന്നുന്നു.."
ചൂലിന്റെ അറ്റം കാലില്‍ കൊണ്ടപ്പോഴാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്...

“ഛെ...എടീ ആ പൊടിയെല്ലാം കൂടി എന്റെ കാലേ വലിച്ചിടാതെ.. മീശവെട്ടിന്റെ കോണ്‍സണ്ട്രേഷന്‍ കമ്പ്ലീറ്റ് പോയി... ഛായ്.....”


“കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍ കെടന്ന് അഭ്യാസം കാണിച്ചിട്ടെന്തെടുക്കാനാ മാഷേ...ഒരുമാതിരി ചിക്കന്‍‌ഫ്രൈയ്ക്ക് തക്കാളി ഡിസൈന്‍ ഇടുന്നപോലെ.... “

“എന്റെ ഗ്ലാമറില്‍ നിനക്കൊരല്പം അസൂയ തോന്നുന്നുണ്ടല്ലേ.. സ്വാഭാവികം.....കഴിഞ്ഞാഴ്ച എന്റെ ഫീമെയില്‍ ബോസ് എന്നോട് പറഞ്ഞതെന്താണെന്നറിയാമോ.. മനു യൂ ലുക്ക് സോ ഹാന്‍സം എന്ന്..."

"ഓഹോ..അത്രയ്ക്ക് ബോറാ അവരെ കാണാന്‍? “

“വാട്ട് യൂ മീന്‍....? “

“മാറി നിക്കങ്ങോട്ട്.. ഈ നശിച്ച പൊടി എത്ര തുടച്ചാലും പോകത്തില്ല നാശം!!. “ പെട്ടെന്ന് അവളുടെ ശ്രദ്ധ മേശയില്‍ കിടക്കുന്ന പത്രത്തിലേക്കായി..“ഈശ്വരാ..ഇവന്മാര് ഇവിടേം വന്നോ.. മനുഷ്യന്റെ സമാധാനം തകര്‍ക്കാന്‍!!”


“ആരാടീ..ഗുണ്ടകളാണോ..”! “ ഞാനും പേപ്പറിലേക്ക് നോക്കി

“ഗുണ്ടകളെ പിന്നേം സഹിക്കാം..“ ഭാര്യ നെറ്റിയില്‍ കൈവച്ചു..” ദാ ആ മഹിപാല്‍ ജുവലറി കോട്ടയത്തും വരുന്നെന്ന്..ദൈവമേ.. “
സ്വര്‍ണ്ണക്കടകളുടെ പരസ്യം കണ്ടാലുടനെ ‘ പെണ്മക്കളുള്ള കാര്യം‘ ഓര്‍മ്മപ്പെടുത്തി ഭാവിയെക്കുറിച്ചുള്ള ആശങ്കയെ 916 നിലവാരത്തിലെത്തിച്ച് ടെന്‍ഷന്‍ അടിക്കുന്ന ശീലം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടോ ഇങ്ങനെ..ആര്‍ക്കറിയാം..

എത്രയും പെട്ടെന്ന് വിഷയം മാറ്റിയില്ലെങ്കില്‍ ‘ആസ്മ‘ ബാധിച്ച എന്റെ ‘ആ‍സ്‌തി‘യില്‍ തുടങ്ങി ‘ആ ദുബായ് കാരന്‍ പത്തുതവണ ആളിനെ വിട്ടതാ തീരുമാനം അറിയാന്‍’ എന്ന പ്രീമരിറ്റല്‍ ചരിത്രംവരെ വിളമ്പി ഇന്നത്തെ ദിവസം ഇവള്‍ കുളമാക്കും...

“ആ റെക്സോണ ഡിയോ എവിടെ വച്ചു... ?” എലിയെപ്പോലെ ഞാന്‍ ചുറ്റിനും നോക്കി

“രാവിലെ എന്തിനുള്ള പുറപ്പാടാ..എങ്ങോട്ടോ എഴുന്നെള്ളാനുള്ള ഒരുക്കമാണെന്നു തോന്നുന്നു”

“അതേ.. ആ കാരമ്പറമ്പിലെ സിസിലി ലീവിനു വന്നിട്ടുണ്ട് എന്നു കേട്ടു.. പത്താംക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി കക്ഷിയെ ഒന്നു കണ്ടെ.. ഒരുപാട് മാറിക്കാണും പാവം കുട്ടി...”

“എനിക്കറിയാന്‍ വയ്യാഞ്ഞു ചോദിക്കുവാ. പെണ്‍പിള്ളാരു ലീവിനു വരുന്നതും നോക്കിയാണോ നിങ്ങളും ലീവെടുക്കുന്നെ..കഴിഞ്ഞ തവണ ആരെയാ കാണാന്‍ പോയേ.. ബിന്ദുപ്പണിക്കര്‍..പ്രീഡിഗ്രിയ്ക്കല്ലേ അവളെ അവസാനം കണ്ടേ?“

“ബിന്ദുപ്പണിക്കരല്ല.. ബിന്ദുപിള്ള. ശരിക്കും എന്നെ കണ്ടപ്പോ അവളുടെ കണ്ണു നിറഞ്ഞെടീ... ‘ജലദോഷം പിടിച്ച നിന്നോട് സംസാരിക്കുന്നത്, പഴുക്കാന്‍ തുടങ്ങിയ പേരയ്ക്ക കഴിക്കുമ്പോലെയാ’ എന്ന എന്റെ ആ പഴയ ഡയലോഗ് പോലും അവള്‍ മറന്നിട്ടില്ല... സത്യത്തില്‍ ഞാന്‍ പോലും മറന്നതാ അത്.. സെക്കന്റ് ഇയറിനു പഠിക്കുമ്പോ ഞാന്‍ അങ്ങനെ പറഞ്ഞേന്ന്...”

“എങ്ങനെ ഓര്‍ക്കും.. ‘മുണ്ടിനീരു വന്ന നിന്നോട് മിണ്ടുന്നത് ഉണ്ടമ്പൊരി തിന്നുന്നപോലെയാ‘ എന്നൊക്കെ കണ്ട പെമ്പിള്ളാരോടെല്ലാം പറഞ്ഞു നടക്കുവല്ലാരുന്നോ മഹാന്‍.. ആരോട് എന്തൊക്കെയാ പറഞ്ഞേന്ന് ഓര്‍ത്തുവക്കാന്‍ ഐന്‍സ്റ്റീന്റെ തലയൊന്നും അല്ലല്ലോ ഇത്...” ചൂലിന്റെ മൂട് അവള്‍ കൈപ്പത്തിയില്‍ ആഞ്ഞിടിച്ചു..

“ബൈദവേ.. എന്റെ ആ ‘യംഗ് ഫോര്‍ എവര്‍’ സ്ലോഗന്‍ ടീഷര്‍ട്ട് എവിടെ...നീ അത് നനച്ചില്ലേ...”

“അത് അച്ഛന്‍ കമ്പില്‍ കുത്തി മുറ്റത്തു വച്ചിട്ടുണ്ട്.. കൊപ്രാ കാക്ക കൊണ്ടുപോകാതിരിക്കാന്‍...! ഞാനാ എടുത്തു കൊടുത്തെ.. “

“എടീ മഹാപാപീ.. അസൂയമൂത്താല്‍ നീ ഇതിനപ്പുറോം ചെയ്യുമെന്നെനിക്കറിയാം” ഞാന്‍ മുറ്റത്തേക്ക് കുതിച്ചുപാഞ്ഞു..

“അസൂയ!!!.. ആ കറുത്ത ടീഷര്‍ട്ടിട്ട് നിങ്ങളെ കാണുമ്പോള്‍, അമ്പ്രല്ല റിപ്പയറര്‍ ആനപ്പുറത്തിരുക്കുന്നപോലാ എനിക്കു തോന്നുന്നെ..“

കാക്കയെ വിരട്ടാന്‍ തൂക്കിയ എന്റെ ‘യംഗ് ഫോര്‍ എവറി’നു മുകളിലിരുന്ന് കൊപ്രകൊത്തുന്ന കാക്ക നന്ദിസൂചകമായി മിസൈലുപോലെ കാഷ്ടിക്കുന്നു!.

‘ഷിറ്റ്!..യു മേഡ് മൈ ഷര്‍ട്ട് എ ഷിറ്റ്!’
കാഷ്ഠം പടര്‍ന്ന ടീഷര്‍ട്ട് കൈകൊണ്ട് തൊടാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് പിന്നിലൊരു കാല്പെരുമാറ്റം കേട്ടത്..

“മനുക്കുട്ടാ...നീ ഇവിടെ ഉണ്ടാരുന്നോടാ.. എപ്പൊ വന്നു ചാടി...”

കാക്കിയുടുപ്പിനുള്ളിലെ കുടവയറും തടവി, വളിച്ച ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന സഹദേവന്‍ ചേട്ടനെ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ വാ പൊത്തിപ്പോയി..
“ഹെന്റെ സഹന്‍ ചേട്ടാ...” പൊട്ടിച്ചിരിക്കിടയില്‍ കഷ്ടപ്പെട്ട് ഞാന്‍ പറഞ്ഞു ‘ഹൊന്നു കാണാനിരിക്കുവാരുന്നു.. എന്നാലും.....എന്നാലും ആ അറുപതുകാരിയെ... ഹോ..”

“എടാ ദ്രോഹീ....” സഹന്‍ ശ്രീമാന്‍ സങ്കടം സഹിക്കാനാവാതെ മുഖം ചുളുക്കി.. “നീ എങ്കിലും ഒന്നു വിശ്വസിക്ക്.... ഞാന്‍..ഞാന്‍ പീഡിപ്പിച്ചില്ലെടാ.. സത്യം.. ദൈവമേ.. ഞാനീ നാട്ടീന്ന് എവിടോട്ടെങ്കിലും പോകും.. മുരിങ്ങമംഗലത്തപ്പന്‍ പോലും എനിക്ക് സപ്പോര്‍ട്ടിനില്ല... “

“എന്നാലുമെന്റെ ചേട്ടാ.. ആളും പരുവോമൊക്കെ നോക്കി വേണ്ടെ പീഡിപ്പിക്കാന്‍..ഇതൊരുമാതിരി ആ പാവം വല്യമ്മയെ.. ഛേ... നാണക്കേടായി...ഈ നാട്ടുകാരനാണെന്ന് പറയാന്‍ പോലും എനിക്ക് നാണക്കേട്. ഛേ ഛേ...”

‘എന്നെ അങ്ങു കൊല്ലെടാ’ എന്ന ഭാവത്തില്‍ പുള്ളി ചുവരിലേക്ക് ചാഞ്ഞു നിന്നു..

ഓട്ടോ ഡ്രൈവറായ മിസ്റ്റര്‍ സഹദേവനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഉച്ചനേരത്ത് പുതിയകാവിലേക്ക് അറുപതുകാരിയായ ഒരു പ്രജയേയും കൊണ്ട് ഓട്ടം പോയപ്പോള്‍ ആളൊഴിഞ്ഞ ഒരു മുക്കില്‍ വച്ച് വണ്ടിയങ്ങ് നിന്നത്രേ.. ‘ഇന്നു രാവിലേം രണ്ടു ലിറ്റര്‍ ഒഴിച്ചതാണല്ലോ ശിവനേ’ എന്ന് ആത്മഗതം ചെയ്ത്, വണ്ടി റിസര്‍വില്‍ ഇടാന്‍ വേണ്ടി കൈ പുറകിലേക്കിട്ടതും ‘ഇവന്‍ എന്നെ കാലിനു പിടിച്ച് പീഡിപ്പിക്കാന്‍ വരുന്നേ’ എന്ന് അലറി വല്യമ്മ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും, അനന്തരം, കൈത്തരിപ്പ് തീര്‍ക്കാന്‍ ആരെയും തടയുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്ന ആ വീട്ടിലെ മൂന്നു മുട്ടാളന്മാര്‍ ചേട്ടനെ ഗരുഡന്‍ തൂക്കം നടത്തിയതും ബ്രേക്കിംഗ് ന്യൂസ് ആയിട്ട് ഒരാഴ്ച ആയിരിക്കുന്നു. ലളിത് മോഡിയേയും ഭാര്യയേയും അമ്പലത്തില്‍ വച്ചു കണ്ടാല്‍, ആ സംഭവത്തെ ‘ശശിതരൂരിനേം ആ സുനന്ദക്കൊച്ചിനേം കൂടി ഞാന്‍ മീന്‍‌ചന്തയില്‍ വച്ചു കണ്ടു’ എന്ന് വിശ്വസനീയമായ രീതിയില്‍ മാറ്റിപ്പറയാന്‍ വൈഭവമുള്ള നാട്ടുകാര്‍, സഹദേവന്‍ അവര്‍കളെ ആസ്ഥാനപീഡകനായി അവരോധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

“എന്നാലും ചേട്ടാ.. അടികിട്ടുമ്പോള്‍ സത്യം വിളിച്ചുപറയാമാരുന്നില്ലേ..” കാക്കക്കാഷ്ഠം കല്ലിലുരച്ചുമാറ്റിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“വാപൊത്തി ഇടിതരുമ്പോള്‍ ശബ്ദം എങ്ങനെ പുറത്തു വരുമെടാ.... ഇനി രണ്ടു മാസത്തേക്ക് ഓട്ടോയിറക്കുന്നില്ല.. അച്ഛനുണ്ടോ അകത്ത്. കുറച്ചു കാശ് കിട്ടുമോന്ന് അറിയാനാ..”


‘യംഗ് ഫോര്‍ എവര്‍’നു പകരം അതിനോട് കിടപിടിക്കുന്ന സ്ലോഗന്‍ തേടി അലമാര തുറന്നപ്പോളാണ് ഭാര്യ വക ഒരു മോണിംഗ് അലാം.
“അതേ ഇന്നത്തെ യാത്രയൊക്കെ അങ്ങ് മാറ്റിവച്ചേക്ക്!!.. സിസിലിയെ അടുത്ത കൂദാശയ്ക്ക് കാണാം.. രണ്ടുമൂന്നു പണി ഞാന്‍ മാഷിനു മാറ്റിവച്ചിട്ടുണ്ട്.. വിഷമിക്കേണ്ടാ മുഴുവന്‍ ദിവസത്തേക്കുമുള്ളതുണ്ട് കേട്ടോ..”

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍, പെറ്റിക്കോട്ട് ഇട്ട് വഴിയരികില്‍ തുമ്പിയെ പിടിച്ചിരിക്കുകയായിരുന്ന സിസിലിയുടെ ദേഹത്തേക്ക്, ഞാന്‍ ഓടിച്ചുകൊണ്ടുവന്ന സൈക്കിള്‍ ടയര്‍ ആക്സിലറേറ്റര്‍ ഒടിഞ്ഞ് പാഞ്ഞുകയറിയതും, ഉരുണ്ടുവീണ അവളുടെ വലം നെറ്റിയില്‍ മാറാത്ത ഒരു പാട് വീണതും, പത്താക്ലാസ് ജയിച്ചതിന്റെ സന്തോഷം പങ്കിടാന്‍ മിഠായിയുമായി വന്ന് ചിരിച്ചുനിന്നപ്പോള്‍ ആ പാടില്‍ തന്നെ നോക്കി ഞാന്‍ ‘കംഗ്രാറ്റ്സ്’ പറഞ്ഞതും ഫ്ലാഷ് ബാക്കായി വന്ന് ഒറ്റനിമിഷം കൊണ്ട് കെട്ടുപോയി!
“എന്തു പണി?.. നീ ചുമ്മാ എന്റെ ഹോളിഡേയില്‍ ഹോളിടാന്‍ പറയുന്നതല്ലേ..” ഞാന്‍ പരതല്‍ തുടര്‍ന്നു

“ഏയ് അല്ല..ഒട്ടും വിഷമിക്കണ്ടാ.. “ അവള്‍ മകളുടെ ബാഗില്‍ നിന്ന് തവിട്ടുകവറിട്ട ഒരു ബുക്ക് വലിച്ചെടുത്തു “ഇന്നാ.. ഐശ്വര്യമായിട്ട് തുറക്ക്.. അതിലെ ലാസ്റ്റ് പേജ് വായിക്ക്.. എന്നിട്ട് പണിയായുധങ്ങളുമായി അവിടിരി.. ഇടയ്ക്ക് കട്ടന്‍ കാപ്പിയൊക്കെ ഇട്ടുതരാം, ചോദിച്ചാമതി”. ഞാന്‍ നാലാം വയസുകാരി മകളെ നോക്കി..അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ കമ്പ്യൂട്ടര്‍ഗെയിമിന്റെ മുന്നിലാണ്

“നീ കാര്യം പറയെടീ “ ഞാന്‍ ബുക്കുതുറന്നു “ഇതെന്തോന്ന്... പ്രോജക്ട് ടു ബീ കമ്പ്ലീറ്റഡ്... ഒന്ന്.. സോളാര്‍ സിസ്റ്റം... രണ്ട്.. ഡിഫറന്റ് ടൈപ്സ് ഓഫ് സാന്‍ഡ്‌സ്...”

“മനസിലായില്ല അല്ലേ. അതെങ്ങനാ. ഒരു കൊച്ച് പഠിക്കുന്നതെന്താ, അവളുടെ മാര്‍ക്കെത്രെയാ, അവളു മിടുക്കിയാണോ ഇതൊന്നും അന്വേഷിക്കാന്‍ തന്തപ്പടിക്ക് യാതൊരു താല്പര്യവുമില്ലല്ലോ.. പി.ടി.എ മീറ്റിംഗിനു പെണ്ണായി ചെല്ലുന്നത് ഞാന്‍ മാത്രമാ.. കഴിഞ്ഞ തവണയും ആ ക്ലാസ് ടീച്ചര്‍ ചോദിച്ചു, മാളവികയുടെ അച്ഛനെവിടെ.. ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ എന്ന്..”

“നീ എന്തു പറഞ്ഞു? “ ഞാന്‍ ബുക്കിലേക്ക് ഊളിയിട്ടു

“അവടച്ഛന്‍ ശൂന്യാകാശത്ത് പേടകം നന്നാക്കാന്‍ പോയേക്കുവാ. ആറുവര്‍ഷം കഴിഞ്ഞേ വരൂന്ന്... ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

“എടീ.. നീ ഒരുമാതിരി വിവരമില്ലാത്ത രക്ഷകര്‍ത്താക്കന്മാരെപ്പോലെ സംസാരിക്കാതെ. ബാല്യം കഴിയുന്നതുവരെ കുട്ടികള്‍ക്ക് പ്രഷര്‍ കൊടുക്കരുത്. പഠിക്കേണ്ടതൊക്കെ അവള്‍ ചുറ്റുപാടില്‍നിന്ന് പഠിച്ചോളും. അടുത്തവീട്ടിലെ പൂക്കാണ്ടിച്ചെക്കനു നാലുമാര്‍ക്ക് കൂടുതല്‍കിട്ടി എന്നറിഞ്ഞാല്‍ ആറ്റുകാലമ്മയ്ക് നേര്‍ച്ച നേരുന്ന ഇപ്പൊഴത്തെ അഴകൊഴമ്പന്‍ ദമ്പതികളുടെ കൂട്ടത്തില്‍ നമുക്ക് ചേരേണ്ട. നമ്മുടെ മോളെ നല്ലൊരു മനുഷ്യസ്ത്രീയാക്കിയാ മതി എന്ന തീരുമാനത്തില്‍ നീയും ഒപ്പിട്ടതാണല്ലോ പണ്ട്, ഓര്‍ക്കുന്നില്ലെ.. എന്നിട്ടിപ്പോ...” തയ്യാറാക്കേണ്ട മണ്ണുകളുടെ ലിസ്റ്റ് നോക്കി എന്റെ കണ്ണുതള്ളി ‘പൊടിമണ്ണ്, എക്കല്‍ മണ്ണ്, പൂഴിമണ്ണ്, ...........’

“ഫിലോസഫി അടിച്ച് പുറത്തുകടക്കാനുള്ള പൂതിയങ്ങ് മനസില്‍ വച്ചേര്.. ദാ..അതു രണ്ടും ചെയ്തുകൊടുത്തിട്ടെഴുന്നേറ്റാ മതി......”

“ഇതിപ്പോ ഞാനെങ്ങനെ ഉണ്ടാക്കും?” ചുളിഞ്ഞ മുഖത്തോടെ ഞാന്‍ ബുക്കില്‍നിന്ന് കണ്ണെടുത്തു.. “ഈ സൌരയൂഥം പാളകൊണ്ട് ഉണ്ടാക്കാം എന്നു വക്കാം.. പക്ഷേ.. ഈ മണ്ണിനെവിടെപ്പോകും..”

“പാള ഒന്നും വേണ്ടാ..അച്ഛനെക്കൊണ്ട് തെര്‍മോക്കോള്‍ വാങ്ങിപ്പിച്ചിട്ടുണ്ട് ഞാന്‍... “

“എടീ ഇത് അവള്‍ ചെയ്യേണ്ട പ്രോജക്റ്റ് അല്ലേ.. ഞാനല്ലല്ലോ പഠിക്കുന്നത്..?”

“കഷ്ടം. സിമ്പതിതോന്നുന്നു എന്റെ കാന്തനെപ്പറ്റി.! നാലാംക്ലാസില്‍ പഠിക്കുന്ന കൊച്ചെങ്ങനെയാ മാഷേ മണ്ണെടുക്കാന്‍ പോകുന്നത്.. ഇതൊക്കെ ചെയ്യേണ്ടത് പേരന്റ്സാ മനസിലായോ.. കാലം മാറിയതൊന്നും അറിയാതെ പഴയ കഥയും വായിച്ചോണ്ടിരുന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.. “ ദേഷ്യം പ്രകടിപ്പിക്കാന്‍ മറ്റൊന്നും കിട്ടാഞ്ഞ് അവള്‍ വിരിച്ചിട്ടിരുന്ന ഷീറ്റ് വെറുതെ വലിച്ചെടുത്ത് വീണ്ടും വിരിച്ചു..


നാലു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള തെര്‍മോക്കോള്‍, സ്കെച്ച് പെന്‍സില്‍, ബ്ലേഡ് എന്നിവ മുന്നില്‍ നിരന്നപ്പോള്‍, പ്രോജക്ടുകളുടെ ടെന്‍ഷന്‍ ഇല്ലാതെ പാടവരമ്പിലൂടെ ഓടിനടന്നിരുന്ന ബാല്യംകാലം ചുമ്മാ ഒന്നോര്‍ത്തു. സിലബസിലില്ലാത്ത തുമ്പിപിടിത്തം, കാറ്റാടി മേക്കിംഗ്, കുഴിയാനയ്ക്ക് ഉറുമ്പിനെ കൊടുക്കല്‍, അയലത്തെ അപ്പൂ‍പ്പന്മാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കാന്‍ ചാണകം കടലാസില്‍ പൊതിഞ്ഞു വഴിയിലിടല്‍......

“എടീ ഇതിപ്പൊ എല്ലാ ഗ്രഹങ്ങളും കൂടി ഒതുങ്ങുമോ ഇതില്‍...?“

“ഒതുക്കണം. ചെറുതായി വരച്ചാ മതി..ദേ ആകപ്പാടെ ഒരു തെര്‍മോക്കോളേ ഉള്ളൂ പറഞ്ഞേക്കാം.. കൊളമാക്കല്ലേ..” എന്റെ അവധിദിവസത്തെ അതിശോഭനമായി അടച്ചുപൂട്ടിയ സംതൃപ്തിയോടെ ഭാര്യ അടുക്കളയിലേക്ക് പോയി..

ഇതിപ്പോ എങ്ങനെ വരച്ചു വെട്ടിയെടുക്കും?!. മുട്ടയുടെ വലുപ്പത്തില്‍ മധ്യഭാഗത്ത് ഒരു സൂര്യനെ പ്രതിഷ്ഠിച്ചപ്പോള്‍ എനിക്കാകെ ആശങ്ക.
പുത്രി ‘ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ല‘ എന്ന മട്ടില്‍ കീബോര്‍ഡ് കുത്തിയിളക്കി ചിരിക്കുന്നു... ഞാന്‍ പതുക്കെ അടുത്തേക്ക് ചെന്നു..

“നീ ഏതു ഗെയിമാടീ കളിക്കുന്നെ.. അച്ഛനും കൂടി ഒന്നറിയട്ട്..”

“ഛേ.. ഒന്നുമാറിനിക്കച്ഛാ.. കണ്ടോ എന്റെ കോണ്‍സണ്ട്രേഷന്‍ പോയി.. നാലു രാക്ഷസനെ കൊന്നതാരുന്നു..ഇനി മൂന്നെണ്ണം കൂടിയേ ഉള്ളൂ..അയ്യോ.. ഞാന്‍ കുഴിയില്‍ വീണു!!”

“ഓഹോ..ഒരു രാക്ഷസനെ കൊന്നാല്‍ നിനക്കെത്ര മാര്‍ക്കു കിട്ടും..?”

“മാ‍ര്‍ക്കല്ല..പോയിന്റ്.. മര്യാദയ്ക്ക് പോയി സൌരയൂഥം ഉണ്ടാക്ക്.. ശല്യം ചെയ്യാതെ..”

“അല്ല.അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ. ഇത് നിനക്കുള്ള പ്രോജക്റ്റ് തന്നെ അല്ലേ.. അപ്പോ അതിലൊന്നുവന്നു സഹായിക്കുകയെങ്കിലും ചെയ്യെണ്ടേ മോളേ. ദാ അച്ഛന്‍ സ്കെച്ചിട്ട് തരാം..മോള് അത് വെട്ടിയെടുത്താ മാത്ര മതി..എന്താ?”

“അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ”

“ഞാനാരാടീ ജെ.സി.ബീയോ മണ്ണെടുക്കാന്‍.. നാലാം ക്ലാസുകാരി നാപ്പതുവയസുകാരിയുടെ ഡയലോഗ് കാച്ചല്ലേ.. അടിച്ചു പപ്പടമാക്കിക്കളയും പറഞ്ഞേക്കാം “ അമര്‍ഷം തീര്‍ക്കാന്‍ ഞാന്‍ സൂര്യന്റെ അരികിലൂടെ ബ്ലേഡ് കുത്തിയിറക്കി..സൂര്യനേയും എട്ടു ഗ്രഹങ്ങളേയും ചുരണ്ടി പ്രൊജക്ട് ചെയ്ത് നിര്‍ത്തി ഓരോന്നിനും മുകളില്‍ സ്കെച്ചുകൊണ്ട് പേരെഴുതിയപ്പൊഴേക്കും ഉച്ചയാവാറായി!

ഗലീലിയോയുടെ ആത്മസംതൃപ്തിയോടെ, ശ്രീകൃഷ്ണന്‍ ചക്രായുധം പിടിക്കുന്ന പോലെ സൌരയൂഥത്തെ ഉയര്‍ത്തി ഞാന്‍ പുത്രിയെ വിളിച്ചു.
“നോക്ക്.. നിന്റെ സോളാര്‍ സിസ്റ്റം റെഡി. കണ്ടോ.. ഇത്ര സൂപ്പര്‍ ആയിട്ട് വേറെ ആരുണ്ടാക്കും..ഇപ്പോ മനസിലായില്ലേ നിന്റച്ഛന്‍ ശരിക്കും ഒരു കലാകാരനാണെന്ന്... ഉം..കൊണ്ടുപോയി കാണിക്ക് നിന്റമ്മയെ”

“ഇതെന്തുവാ അച്ഛാ പൊറോട്ട പോലെ ഇരിക്കുന്നെ.. ഛീ.. എന്തോത്തിനു കൊള്ളാം.. അയ്യോ ..അയ്യോ. ഇതില്‍ എട്ടു പ്ലാനറ്റ്സേ ഉള്ളൂ.... പ്ലൂട്ടോ എവിടെ? അമ്മേ..അമ്മേ..അച്ഛന്‍ തെര്‍മോക്കോളു കൊളമാക്കി..ഓടി വാ.. ഓടി വാ” മരിച്ച വീട്ടിലെ നിലവിളി പ്രിയപുത്രി പുറത്തെടുത്തു..

കറിയില്‍ മുക്കിയ തവിസഹിതം ഭാര്യ മരണപ്പാച്ചിലോടെ ഓടിയെത്തി...

!!!!!!

“പ്ലൂട്ടോയോ !!.. പ്ലൂട്ടോയെ അതിനു സൌരയൂഥത്തില്‍നിന്ന് പുറത്താക്കിയിട്ട് കൊല്ലം കൊറെ ആയല്ലോ.. ഇപ്പോ എട്ടു ഗ്രഹങ്ങളേ ഉള്ളൂ...ടീച്ചറു പറഞ്ഞില്ലേ അത്..” ഞാന്‍ എന്റെ പൊതുവിജ്ഞാനം പരിചയാക്കി മാറ്റി..

“അമ്മേ..കണ്ടോ അമ്മേ.. അച്ഛന്‍ പ്ലൂട്ടോയെ വച്ചില്ല..ഇനി വേറെ തെര്‍മ്മോക്കോളു വേണം.. “

“നിങ്ങളെ ഏല്‍പ്പിച്ചപ്പൊഴേ ഞാന്‍ കരുതിയതാ ഇത് ഇങ്ങനെ തന്നെ ആവുമെന്ന്.. നാളെ മോളു സ്ക്കൂളില്‍ പോകണ്ടാ.. “ ഭാ‍ര്യ സുദര്‍ശനചക്രം വലിച്ചെറിഞ്ഞു..” ഞായറാഴ്ച ഏതു കടയാ തുറക്കുന്നേ.. ഇങ്ങനേം ഉത്തരവാദിത്തം ഇല്ലാത്ത ഒരു മനുഷ്യന്‍........”

“എടീ പ്ലൂട്ടോ ഇപ്പോ സൌരയൂഥത്തിലില്ല.. നിനക്ക് ജനറല്‍ നോളജ് ഇല്ലാത്തതിനു ഞാനെന്തു പിഴച്ചു..”

“വല്ലപ്പോഴുമെങ്കിലും കൊച്ചിന്റെ പുസ്തകം ഒന്നു തുറന്നു നോക്കണം.. അപ്പോ അറിയാം പ്ലൂട്ടോ ഉണ്ടൊ ഇല്ലിയോന്ന്.. ദാ നോക്ക് “ അവള്‍ പുസ്തകം തുറന്നു..പ്ലൂട്ടോ സ്മാര്‍ട്ടായി ഇരുന്നു ചിരിക്കുന്നു....പുറത്താക്കിയ ഇവന്‍ എപ്പോ ഇതില്‍ കടന്നുകൂടി?!. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം

“ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.. കുട്ടികളെ തെറ്റു പഠിപ്പിക്കുന്നോ.. ആരാ നിന്റെ ടീച്ചര്‍... ഇപ്പോ തന്നെ വിളിക്കണം എനിക്ക്.. ങാ..ഹാ.. പിള്ളേരെ അപ്‌ഡേറ്റ് ചെയ്യിക്കാത്ത എജ്യൂക്കേഷന്‍.... “ ഇപ്പോ ഞാന്‍ ശരിക്കും ഉത്തരവാദിത്തം ഉള്ള ഒരു പിതാവായി മാറി.. “നിന്റെ ക്ലാസ് ടീച്ചറുടെ നമ്പറെവിടെ.. ഇത് ചോദിച്ചിട്ട് തന്നെ കാര്യം “

രാജലക്ഷ്മി ടീച്ചറുടെ മൊബൈല്‍ നമ്പറിലേക്ക് അരിശത്തോടെ ഞാന്‍ വിളിച്ചു..

“ഹലോ.... “ അപ്പുറത്ത് പരുഷമായ ഒരു പുരുഷശബ്ദം..

“ഹലോ.. ഗുഡ് ആഫ്റ്റര്‍ നൂണ്‍.. രാജലക്ഷ്മിടീച്ചര്‍??”

“ഇത് ഹസ്‌ബന്‍ഡാ.. ആരാ..എന്താ കാര്യം “ പുരുഷശബ്ദം ഒന്നുകൂടി പരുഷമായി.. മിസ്‌കോളും ഒളിക്യാമറയും പെണ്‍ജന്മത്തിന്റെ സ്വസ്ഥതതന്നെ കെടുത്തുന്ന ഈ കാലത്ത് ഇതുപോലെയുള്ള സ്ക്രീനിംഗ് നല്ലതു തന്നെ..എന്നു വച്ച് ഹസ്‌ബന്‍ഡിനു അല്പം മയത്തിലൊന്നു സംസാരിച്ചുകൂടെ..

“അതേ..ഞാന്‍ ടീച്ചറിന്റെ ഒരു സ്റ്റുഡന്റിന്റെ അച്ഛനാണ്.. “

“ആയിക്കോട്ടെ..കാര്യം പറയൂ....” ഹസ്‌ബന്‍ഡിനു ഇപ്പൊഴും സംശയം മാറിയിട്ടില്ല

“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാ‍ര്യം ഒന്നു സംസാരിക്കാനാരുന്നു”


“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”

!!!!!!!!!!

“ടീച്ചറേ..ഞാന്‍ മാളവികയുടെ അച്ഛനാണേ. ഈ പ്ലൂട്ടോയെ സൌരയൂഥത്തീന്ന് പുറത്താ‍ക്കിയതല്ലേ..എന്നിട്ട് പ്രോജക്ടില്‍ അതും ചേര്‍ക്കാന്‍ പറഞ്ഞേക്കുന്നു? “

“ഓ..അതാണോ കാര്യം.. ഈ കാര്യം ഞാന്‍ ഹെഡ്‌മിസ്ട്രസിനോടും ചോദിച്ചതാ.. ‘നമ്മള്‍ പുറത്താക്കിയാലും അതവിടെത്തന്നെ കറങ്ങുന്നില്ലെ രാജലക്ഷ്മീ, അതോണ്ട് അതിനെ മാറ്റിയിട്ടുള്ള പരിഷ്കാരമൊന്നും നമുക്ക് വേണ്ടാ‘ എന്നാ മിസ് പറഞ്ഞേ... അതുകൊണ്ട് അതുകൂടി വരയ്ക്കണം.“

“എന്നാ പിന്നെ എന്തിനു കുറയ്ക്കണം. ആയിരക്കണക്കിനു ഉല്‍ക്കകളും ഉണ്ടല്ലോ..അതുംകൂടി ചേര്‍ക്കാം നമുക്ക്...”

“ഉല്‍ക്കേടേം ഉലക്കേടേം കാര്യമൊന്നും എനിക്കറിയത്തില്ല മാളവികയുടെ അച്ഛാ.. ഇനി പരാതിവല്ലോം ഉണ്ടേ സ്കൂളിലോട്ട് വന്നാട്ടെ...”

താടിയ്ക്ക് കൈയും കൊടുത്ത് സുദര്‍ശനചക്രം നോക്കി ഇരുപ്പായി ഞാന്‍...പ്ലൂട്ടോയെ എവിടെ ഫിറ്റ് ചെയ്യും..ഉള്ള ഓര്‍ബിറ്റെല്ലാം ഓള്‍‌റെഡി ചുരണ്ടി ഒരു പരുവമാക്കി..ഇനിയിപ്പോ....?

ഒരു ഈര്‍ക്കിലിന്റെ അറ്റത്ത്, ‘തെര്‍മോക്കോള്‍ പ്ലൂട്ടോയെ‘ കുത്തിയെടുത്ത്, മറ്റേ അറ്റം, ‘ഔട്ടര്‍മോസ്റ്റ് ഓര്‍ബിറ്റിലേക്ക്’ കുത്തിയിറക്കി

അന്യഗ്രഹജീവിയുടെ തലയിലെ കൊമ്പുപോലെ, സുദര്‍ശനചക്രത്തിലിരിക്കുന്ന പ്ലൂട്ടോയെ കണ്ട് നാലാം ക്ലാസുകാരി തലയില്‍ കൈവച്ചു

“ഇതും കൊണ്ട് ഞാന്‍ പോവത്തില്ല.. എന്നെ ടീച്ചറടിക്കും.. അമ്മേ.. ഞാന്‍ പോവത്തില്ല... “ അവള്‍ കരച്ചിലിന്റെ വക്കിലെത്തി.

“നീ ഇതും കൊണ്ടങ്ങ് പോയാ മതി.. ചോദിച്ചാ പറഞ്ഞേക്ക്, പ്ലൂട്ടോയുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാ അതുകൊണ്ടാ ഇങ്ങനെ വച്ചേന്ന്..ഉറപ്പാ..നിനക്ക് ഫുള്‍മാര്‍ക്ക് കിട്ടും..അച്ഛനല്ലേ പറേന്നെ..മോളു ചെല്ല്...ഉം..ചെല്ല്..”


‘സ്റ്റാര്‍ വാര്‍’ ഒരുവിധം ഒതുക്കിത്തീര്‍ത്തപ്പോ ദാ വരുന്ന അടുത്ത പാതകം..

പൊടിമണ്ണ്, പൂഴിമണ്ണ്, എക്കല്‍ മണ്ണ്...
കന്യാകുമാരിയില്‍ കിട്ടുന്ന മണല്‍ക്കവറുപോലെ, ചെറിയ പോളിത്തീനില്‍ പായ്ക്ക് ചെയ്ത് സീലു ചെയ്യണമത്രെ...

രക്ഷാകര്‍ത്താവിനെക്കൊണ്ട് പൂഴിക്കടകന്‍ വരെ എടുപ്പിക്കുന്ന സി.ബി.എസ്.സി പരമ്പരദൈവങ്ങളെ ഒന്നു നേരില്‍ കാണാന്‍ തോന്നി, അങ്കം കുറിക്കുന്നതിനു മുമ്പ് ഒന്നു നമസ്കരിക്കാന്‍!

“എടീ പൊടിമണ്ണും പൂഴിമണ്ണും ബുദ്ധിമുട്ടി സംഘടിപ്പിക്കാമെന്നു വക്കാം.. ഈ എക്കല്‍മണ്ണിന് എവിടെ പോകും ഞാന്‍.. അച്ചന്‍‌കോവിലാറാണേല്‍ വെള്ളം പോലുമില്ലാതെ കുഴിയായി കിടക്കുന്നു.. മണ്ണിരയുടെ വംശം അറ്റിട്ടു വര്‍ഷങ്ങളുമായി.. നീ തന്നെ പറ....”

“എനിക്കറിയത്തില്ല..എവിടുന്നേലും പോയി കൊണ്ടുവാ...” പെണ്ണുങ്ങള്‍ പണ്ടേ അങ്ങനെയല്ലേ.. ഏതോ ഒരു ഉണക്കപ്പൂവിനു വേണ്ടി, കാടായ കാടെല്ലാം അലഞ്ഞതും പോരാഞ്ഞ് ഹനുമാനുമായി ഉടക്കുകവരെ ചെയ്യേണ്ടി വന്നില്ലെ ഭീമസേനന്.

“കുറച്ച് വെള്ളം ഒഴിച്ച് മണ്ണു കുഴച്ചെടുത്താലോ..” ഗവേഷണം ആ വഴിക്ക് തിരിച്ചുവിട്ടു

“എക്കല്‍ മണ്ണ് ചുവന്നിരുന്നാല്‍ അവളെ ടീച്ചറു ചീത്തവിളിക്കും പറഞ്ഞേക്കാം...”

“എന്നാ പിന്നെ കുറച്ച് ഉമിക്കരിയിടാം അതില്..എന്താ”

“നിങ്ങളെക്കൊണ്ട് തോറ്റു ഞാന്‍....”

തലപുകഞ്ഞ ആലോചന ഒടുവില്‍ അടുത്ത വീട്ടിലെ ഗീവര്‍ഗീസ് ചേട്ടന്റെ സിന്ധിപ്പശുവിന്റെ പിന്‍ഭാഗത്തെത്തിച്ചേര്‍ന്നു..
ചാണകം മാത്രമേയുള്ളൂ ഇനി രക്ഷ.. പ്ലാസ്റ്റിക്ക് കവറില്‍ നന്നായി പായ്ക്ക് ചെയ്താല്‍ ‘അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക ‘ ഒട്ടും തോന്നുകയുമില്ല..
കാര്യഗൌരവം മനസിലാക്കിയപ്പോള്‍ ഭാര്യയ്ക്കും വലിയ എതിര്‍പ്പില്ല.. മകളറിയാതെ പായ്ക്ക് ചെയ്യണം എന്ന കണ്ടീഷനേ ഉള്ളൂ കക്ഷിക്ക്..


ഓവര്‍ ടു ഗീവര്‍ഗീസ് റെസിഡന്‍സ്..


ലുങ്കിയും ടീ ഷര്‍ട്ടുമിട്ട എന്നെ കണ്ടപ്പോള്‍, മാക്സിയിട്ട ഗീവര്‍ഗീസ് ചേട്ടന്റെ രണ്ടാമത്തെ മകള്‍ ആലീസിനു അത്ഭുതം. കക്ഷിക്ക് , കഴിഞ്ഞ തവണ കണ്ടതിലും പത്തുകിലോ കൂടിയിട്ടുണ്ട് ഉറപ്പ്
“അയ്യോ..മനു.. ഇതെത്ര നാളായി കണ്ടിട്ട്.. ഇടയ്ക്കൊക്കെ വന്നുപോകുന്നു എന്നൊക്കെ അറീന്നൊണ്ട്.. വല്ലപ്പോഴും ഇങ്ങോട്ടൊന്നു വരിക..ങേഹേ.. വല്യ ആളായി അല്ലേ...”

“എന്റെ പൊന്നാലീസേ..ആകെപ്പാടെ ഒരു ദിവസത്തേക്കാ ഇങ്ങൊട്ട് വരുന്നേ..അതു കുടുംബവുമായി ഉടക്കുണ്ടാക്കാന്‍ പോലും തികയുന്നില്ല.. എന്നാ ഉണ്ട് വര്‍ത്തമാനം.. ..” ഞാന്‍ സോഫായിലേക്ക് ചാഞ്ഞു..

“ഓ നമുക്കൊക്കെ എന്നാ വര്‍ത്തമാനം മാഷെ?.. ചുമ്മാ ഉണ്ണുന്നു ഉറങ്ങുന്നു പിന്നേം ഉണ്ണുന്നു “

“പിന്നെ തടിവക്കുന്നു.. ഇതുപോലൊരു മാക്സിയുമിട്ട് രോഗങ്ങളേം കാത്തിരിക്കുന്നു, എന്നല്ലേ പറയാന്‍ ഉദ്ദേശിച്ചെ...എന്റെ അഭിപ്രായത്തില്‍ ഈ മലയാളിപ്പെണ്ണുങ്ങളെ ആത്മവിശ്വാസം കളയിപ്പിച്ച് നിരാശരാക്കുന്നതില്‍ ഈ നൈറ്റിയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.. ഒരുമാതിരി കച്ചിത്തുറുവിനു കളസമിട്ടപോലെ. നിങ്ങള്‍ സ്ത്രീകള്‍ നല്ല വെസ്റ്റേണൊക്കെ ഇട്ട് പോസിറ്റീവായി ചിന്തിച്ചു നടന്നാല്‍തന്നെ കേരളം പകുതി നന്നാവും..”

“ഉം..ഇനിയിപ്പോ അതിന്റെയൊരു കുറവേ ഉള്ളൂ...”

“ആലീസിപ്പോ പാട്ടൊന്നും പാടത്തില്ലേ” പണ്ട് സ്കൂളിലെ പരിപാടിയില്‍ ആലീസ് പാടിയ ‘തുമ്പീ തുമ്പീ തുള്ളാന്‍ വായോ..’ ഇപ്പൊഴും ഓര്‍മ്മയുണ്ട്. അത് കേട്ട് ഏലിക്കുട്ടിസാറ് (ടീച്ചറേയും ‘സാറ്’ എന്ന വിളിക്കുന്ന ശീലം ഇപ്പോ നിലവിലില്ല എന്നു തോന്നുന്നു) പിറ്റേന്ന് ഒരു ക്രിസ്തീയ ഗാനത്തിന്റെ പുസ്തകം കൊടുത്തിട്ട് ‘മോളിനി ഇതിലെ പാട്ടു പാടിയാ മതി’ എന്ന് സ്നേഹത്തോടെ പറഞ്ഞതും...

“എല്ലാം പോയില്ലേ മനു..വല്ലപ്പോഴും ഒന്നു മൂളിയാലായി”

“അലക്സാണ്ടറച്ചായന്‍ എന്നാ വരുന്നെ... ഷാര്‍ജയില്‍ത്തന്നെയല്ലേ ഇപ്പൊഴും”

“ഉവ്വ് ഉവ്വ്.. ഇനി അടുത്ത കൊല്ലം നോക്കിയാ മതി.. നീ ഇരി..ഞാന്‍ ചായയെടുക്കാം..”

“അയ്യോ ചായ വേണ്ടാ. ഇത്തിരി ചാണകം..... ”

ആലീസ് പൊട്ടിച്ചിരിച്ചു.. “കോഴിക്കോട്ടൊക്കെ ചായക്ക് പകരം ചാണകമാ ഇപ്പോ?”

“വീട്ടില്‍ കുറച്ച് റോസച്ചെടികള്‍ ഭാര്യ നട്ടിട്ടുണ്ടേ..ഒരുമാതിരി ഗ്രഹണിപിടിച്ച പിള്ളാരെപ്പോലെ ആയി അത്.. അതിനു കുറച്ച് ചാണകമിടണം..ഈ ഗാര്‍ഡനിംഗില്‍ പണ്ടേ എനിക്കൊരു ഇന്ററസ്റ്റുണ്ടല്ലോ..” കള്ളം പറയുന്നതില്‍ പിഴവുപറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.

“അച്ചായന്‍ എരുത്തിലിലുണ്ട്... അങ്ങോട്ട് ചെല്ല്...”

പിന്നിലെ തൊഴുത്തിലേക്ക് പതുക്കെ നടന്നു ചെന്നു.

മുട്ടുവരെ നീളമുള്ള വരയന്‍ അണ്ടര്‍വെയറും അതിനു ആറിഞ്ചു മുകളില്‍ പേരിനുവേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന ചുരുങ്ങിയ ‘ഫോറിന്‍‘ കൈലിയും ധരിച്ച ഗ്രേറ്റ് ഗീവര്‍ഗീസ് , കുനിഞ്ഞു നിന്ന് ചാണകം വാരുന്നു..

“ഇതെന്താ അച്ചായാ അന്നാ കുര്‍ണിക്കോവാ ടെന്നീസ് കളിക്കുന്നപോലെ നിക്കുന്നെ?”

“എടാ കുഞ്ഞേ നീ എപ്പോ വന്നു ചാടി!!!” അച്ചായന്‍ ഒറ്റ സെക്കണ്ടില്‍ റൈറ്റ് ടേണടിച്ചു..

നാട്ടുവര്‍ത്തമനത്തിന്റെ മടിശ്ശീല അഴിച്ചു..സമയം പോയതറിഞ്ഞേയില്ല..

“അച്ചായന്റെ കൈയിലെ ഈ പാട് ഇതുവരെ മാറിയില്ലേ...” ഒടുവില്‍ ഞാനൊരു കള്ളച്ചിരി പാസാക്കി...

“ഹോ..അതോര്‍മ്മിപ്പിക്കാതെ കൊച്ചനേ....”

പണ്ട്, പതിവുപോലെ കുണ്ടോമണ്‍ കടവില്‍ ‘തോട്ട‘ പൊട്ടിച്ച് മീന്‍പിടിക്കാ‍ന്‍ പോയ ഗീവര്‍ഗീസ് അച്ചായന്‍, കൈയിലിരുന്നെരിയുന്ന തോട്ടയില്‍ നിന്ന് ശ്രദ്ധമാറ്റി, അതുവഴിവന്ന ഇടഞ്ഞേരി ഗോമതിച്ചേച്ചിയോട് ‘ഹൌ ആര്‍ യു’ ചോദിച്ചതും, ചേച്ചിയുടെ ‘ഐ ആം ഫൈനും’ വെടിയൊച്ചയും ഒന്നിച്ചു കേട്ടുകഴിഞ്ഞപ്പോള്‍, മണലുവാരുകാര് നിലവിളി സഹിതം അച്ചായനെ കോരി വള്ളത്തിലേക്കിട്ടതും, ‘ദാ മൂന്നു തോട്ടകൂടി ബാക്കിയു ഇവിടെ കിടപ്പുണ്ട്’ എന്ന് ഗോമതിച്ചേച്ചി വിളിച്ചുപറഞ്ഞതുമൊക്കെ ഒരിക്കല്‍ക്കൂടിയോര്‍ത്തുപോയി ഞാന്‍..

ചാണകവിഷയം അവതരിപ്പിച്ചപ്പോഴേ അച്ചായന്‍ ഹാപ്പി ആയി..
“അതിനെന്താ കൊച്ചനെ...മുഴുവനും എടുത്തോ. “ പശുവിന്റെ മുതുകില്‍ സ്നേഹപൂര്‍വ്വമൊന്നു തലോടി അച്ചായന്‍ “ പാലുതരുന്ന കാര്യത്തില്‍ മഹാപിശുക്കിയാണെങ്കിലും ചാണകത്തിന്റെ കാര്യത്തില്‍ ഒരു നിയന്ത്രണോമില്ല ഇവള്‍ക്ക്..”

ഒരു വള്ളിക്കൊട്ട നിറയെ മാറ്റിവച്ചിരിക്കുന്ന ചാണകം ചൂണ്ടി അച്ചായന്‍ ചോദിച്ചു “ഇത്രേം പോരെ”

‘ഈശ്വരാ!!!!!” ഞാനൊന്നു ചൂളി..

“അച്ചായ ഒരിത്തിരി മതി.. ആ റോസച്ചെടിയുടെ മൂട്ടിലിടാന്‍ വേണ്ടിയല്ലേ...”

“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള്ള മടികൊണ്ടല്ലേ ഇങ്ങനെ കൊറച്ചു പറേന്നേ.“ അച്ചായന്‍ കൊട്ടപൊക്കി. “ മോനിതെടുത്തോ.. നിറഞ്ഞ മനസോടാ തരുന്നേ “ പറഞ്ഞു തീരും മുമ്പേ കൊട്ട എന്റെ തലയിലായി!!!

ഇത് ഞാന്‍ വീടുവരെ എങ്ങനെ ചുമ്മും..!?

“നല്ല നാറ്റമുണ്ടല്ലോ ഗീവര്‍ഗീസച്ചായാ...”

“അത് പിന്നില്ലാണ്ടിരിക്കുമോ.. നല്ല ഒന്നാംതരം പച്ചപ്പുല്ലും കടലപ്പിണ്ണാക്കുമല്ലിയോ ഞാന്‍ അവള്‍ക്ക് കൊടുക്കുന്നെ?”

ഒരു പൂവു ചോദിച്ചപ്പോ ഇങ്ങനെ ഒരു പൂക്കാലം തന്നെ തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല..

‘നല്ലപോലെ പഠിച്ചില്ലെങ്കില്‍ ഭാവിയില്‍ നിന്നെ ചാണകം ചുമക്കാന്‍ വിടും’ എന്ന് മോളോട് പറയാറുള്ളത് ഇപ്പോ അറം പറ്റി എനിക്ക് തന്നെ ഏറ്റിരിക്കുന്നു..

മകളുടെ കണ്ണില്‍പ്പെടാതെ, വീടിന്റെ പിന്നാമ്പുറത്തുകൂടി കുട്ടയുമായി ഞാന്‍ ഞൊണ്ടി ഞൊണ്ടി നീങ്ങി.
അടുക്കള വശത്ത് അമ്മയുമായി പരദൂഷണം ഷെയര്‍ ചെയ്തുകൊണ്ട് അമ്മിണിച്ചേച്ചി നില്‍ക്കുന്നു. പത്തുവീടിനപ്പുറമുള്ള മിസിസ് അമ്മിണി പത്തുദിവസത്തെ അപ്ഡേഷനുമായി പതിവായി എത്താറുണ്ട്..

“ഇതെന്താ മോനേ കൊട്ടയില്‍ “

“കൊറച്ചു വരിക്കച്ചക്കയാ..ഒന്നു പിടിച്ചിറക്കിക്കേ അമ്മിണിച്ചേച്ചി..”

“എത്ര നാളായി ഇത്തിരി വരിക്ക തിന്നിട്ട്. പത്തുചൊള എനിക്കും തരണേ മോനേ”....

“എന്തിനാ പത്താക്കുന്നെ.. മുക്കാലും ചേച്ചി എടുത്തോ...” ചേച്ചി ആവേശപൂര്‍വ്വം പിടിച്ചിറക്കി..

“അയ്യേ..ഇത് ചാണോനാ......” അമ്മിണിച്ചേച്ചിയുടെ മുഖം ചാണകത്തില്‍ ചവിട്ടിയതുപോലെ ആയി.

“ഇതെന്തിനടാ ഇത്രേം ചാണകം “ അമ്മ

“ഒരു ചെറിയ പ്രോജക്ട്..........”നാലാം ക്ലാസുകാരിയുടെ ‘പദ്ധതി’ എന്റെ ഒരു ദിവസം തന്നെ അപഹരിച്ചു.

ഒഴിഞ്ഞ കുട്ടയുമായി ഗീവര്‍ഗീസ് ഭവനത്തിലെത്തി.

“ഈ വല്യപ്പച്ചനു ഒരു കുന്തോ അറീല്ലാ.....” ആലീസിന്റെ മകന്റെ ശബ്ദം അകത്തുനിന്ന്

തൊട്ടു പുറകെ എന്തോ വീഴുന്നതിന്റെ മറ്റൊരു ശബ്ദം....

“എന്റെ കര്‍ത്താവേ..!!!!!! “ അച്ചായന്‍ അല്ലേ ഞരങ്ങുന്നത്..

അകത്തെ മുറിയിലേക്ക് കടന്നു ചെന്നു

കൈയില്‍ ഒരു മരക്കൂടുമായി അച്ചായന്‍ നെറ്റി തടവി ഇരിക്കുന്നു.. കൊച്ചുമകന്‍ മരക്കൂടുകൊണ്ട് ഏറുകൊടുത്തതാണെന്ന് ഒറ്റനോട്ടത്തിലേ മനസിലായി..

“എന്തുപറ്റി അച്ചായാ.. നെറ്റിമുഴച്ചല്ലോ..”

“ഈ കഴുവേറിക്കിത് ഉണ്ടാക്കിക്കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ..അഹങ്കാരി... ഇനി ഇങ്ങ് വാ ഓരോന്നുണ്ടക്കിക്കാന്‍” പയ്യന്‍ മുഖം ചുളിച്ച് ദേഷ്യം പ്രകടിപ്പിക്കുകായാണ്

“ഇതെന്താ സംഭവം..?” കൂട് ഞാന്‍ കൈയിലെടുത്തു.

“പ്രോജക്ട് പോലും പ്രോജക്ട്.. കപ്പലുണ്ടാക്കണമെന്നു പോലും. ഉള്ള പട്ടികക്കഷണം വച്ച് ഒന്നൊണ്ടാക്കിക്കൊടുത്തപ്പോ അവനിത് പോരാന്ന്... വയസുകാലത്ത് ബാക്കിയൊള്ളോനേ മെനക്കെടുത്താന്‍ ഹും..!!”

ഞാന്‍ ‘കപ്പലില്‍’ ഒന്നു സൂക്ഷിച്ചുനോക്കി
“ഇതവന്‍ അച്ചായന്റെ നേര്‍ക്കെറിഞ്ഞില്ലേലേ അത്ഭുതമുള്ളൂ.. ഇത് ഒരുമാതിരി കോഴിക്കൂട് പോലുണ്ടല്ലോ അച്ചായാ.....”

“കണ്ടിട്ടുള്ളതുപോലല്ലേ ഉണ്ടാ‍ക്കാന്‍ പറ്റൂ..ഹല്ലപിന്നെ...”

ഞാന്‍ നിലത്തുകുത്തിയിരുന്നു.. പട്ടികക്കഷണങ്ങള്‍ എല്ലാം കൂടി റീഎഞ്ചീനിയറിംഗ് ചെയ്ത് ഒരു കപ്പലുണ്ടാക്കുനുള്ള ശ്രമം തുടങ്ങി..

“ഇതൊക്കെ ആ ആലീസിനെ അങ്ങ് ഏല്‍പ്പിച്ചാ പോരെ എന്റെ അച്ചായാ... “ ഒരാണി ഞാന്‍ അടിച്ചിറക്കി

“ഓ അവളെക്കൊണ്ടാവില്ല..ഒരിക്കല്‍ ഒരു ത്രാസ് അവളുണ്ടാക്കി കൊടുത്തതോടെ ഈ പരിപാടിയങ്ങ് നിര്‍ത്തി.. കട്ടിയിടാതെ തന്നെ ഒരുസൈഡ് താണുതന്നെയിരുന്നു.. സാറന്മാരാത് തിരിച്ചുകൊടുത്തുവിട്ടു.. നേരെ ആക്കീട്ട് കൊണ്ടുചെല്ലാന്‍... ഇപ്പൊഴത്തെ ഓരോ പഠിത്തമേ.. നമ്മടെ ഒക്കെ കാലത്ത് എന്തു സുകമാരുന്നു. പറങ്ങാണ്ടീം പോക്കറ്റിലിറ്റോണ്ടല്ലേ നമ്മളൊക്കെ പള്ളിക്കൂടത്തി പോയിരുന്നെ.. പ്രോജക്ടും ഇല്ല ഒരു മണ്ണാങ്കട്ടേമില്ല..”

“അതുകൊണ്ടാ നമ്മുടെയൊക്കെ ജീവിതം പറങ്ങിയണ്ടിപോലെയായേന്നാ എന്റെ ഭാര്യ പറയുന്നെ”

കപ്പല്‍ ഒരുവിധം ഞാന്‍ ഉണ്ടാക്കി ചെക്കനു കൊടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി..


‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ...’ ചെടിക്കു വെള്ളം നനച്ചുകൊണ്ട് ആലീസ് ശബ്ദം താഴ്ത്തി പാടുന്നു

“അലക്സാണ്ടറച്ചായന്‍ വരും ആലീസേ..ഇങ്ങനെ നിരാശപ്പെടാതെ.. മോന്റെ പ്രോജക്ടിന്റെ കാര്യം മാത്രം പറഞ്ഞുപേടിപ്പിക്കതിരുന്നാ മതി....”

ആലീസ് മറുചിരി ചിരിച്ചു.. സന്ധ്യയുടെ നനവു പടര്‍ന്ന ഒരു ചിരി.. ഒരു പ്രവാസീസഹധര്‍മ്മിണിയുടെ ആത്മനൊമ്പരങ്ങള്‍ ആ ചിരിയെ പൊതിഞ്ഞു നിന്നിരുന്നു..ഇരുട്ടില്‍ ജനാലയിലൂടെ ഞാന്‍ ആകാശത്തേക്ക് നോക്കി
നിറയെ നക്ഷത്രങ്ങള്‍..
പേരറിയാത്ത ദൂരമറിയാത്ത എത്രയെത്ര നക്ഷത്രങ്ങള്‍.
പുറത്താക്കപ്പെട്ടും കറങ്ങിത്തിരിഞ്ഞും എത്രയെത്ര പ്ലൂട്ടോകള്‍...
ഞാന്‍ മകളെ നോക്കി
കണ്ണും പൂട്ടി അവള്‍ ഉറങ്ങുകയാണ്... അവളുടെ സ്വപ്നങ്ങളില്‍ പ്ലൂട്ടോയും മറ്റു ഗ്രഹങ്ങളും വന്നു നിറയുന്നുണ്ടോ....

പാതിയടഞ്ഞ മിഴിക്കുള്ളില്‍ മഹിപാല്‍ ജുവലറി പരസ്യം പകര്‍ന്ന ആശങ്കകളോടെ സഹധര്‍മ്മിണിയും ഉറങ്ങുന്നു..
അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും..
പ്രാരാബ്ധങ്ങളുടെ ഓര്‍ബിറ്റില്‍ പ്രതീക്ഷകളുടെ ഗ്രഹങ്ങള്‍ പുറത്താക്കപ്പെടുന്നല്ലോ എന്ന ഭയം ആക്രമിക്കുന്നതിനും മുമ്പ്.........

ആകാശത്തേക്ക് നോക്കി ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചു.. പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം...........

Sunday, 28 February 2010

ബ്രേക്കപ്പ് പാര്‍ട്ടി

ടോയ്‌ലറ്റ് ഡോറില്‍ ആര്‍ക്കീസിന്റെ സ്റ്റിക്കര്‍ 'Remember to stand closer man.. It is not so big as you think'
ഓപ്പണ്‍ സോഴ്സിന്റേയും ഓപ്പണ്‍ എക്കണോമിയുടെയും ഈ കാലത്ത് ഭാഷയും ഓപ്പണ്‍ ആവുന്നു.. കപടതകളുടെ മൂടി ഇളക്കാന്‍ ഇപ്പൊഴത്തെ പിള്ളേര്‍ക്ക് എന്തൊരു ചങ്കൂറ്റം. പണ്ട് കോളജിലെ യൂറിന്‍‌ഷെഡില്‍ ചോക്കുകൊണ്ട് ഏതോ വികൃതി കോറിയിട്ട വാചകം ഓര്‍മ്മ വന്നു ‘shake it well after the use'. മൂത്രപ്പുരയില്‍ ഒളിച്ചിരുന്ന കപടസദാചാരം ചങ്ങല പൊട്ടിച്ച് എന്നാണ് പുറത്തുവന്നത്. ‘അനാട്ടമിയെ അസഭ്യമായി കണ്ട പൂര്‍വ്വികരേ.. നിങ്ങള്‍ ഈ പിള്ളാരെപ്പോലെ ആയിരുന്നെങ്കില്‍ ഇവിടെ ഇത്ര പെണ്‍‌വാണിഭങ്ങള്‍ ഉണ്ടാകുമായിരുന്നില്ല...‘

മുഖം കഴുകി വെളിയില്‍ വന്നപ്പോള്‍ അമ്മായിയമ്മയ്ക് ഒരസുഖവുമില്ലെന്നറിഞ്ഞ മരുമകളെപ്പോലെ ആകാശത്തേക്ക് ദൃഷ്ടിയുറപ്പിച്ചു നില്‍ക്കുന്നു കാഞ്ചന

“എന്തു പറ്റി പ്രിറ്റി ഗേളേ, മൊത്തത്തിലൊരു മണ്ഡരി ലുക്ക്...”

“മനുവേട്ടാ.. പെട്ടെന്നൊരു ടംഗ് ട്വിസ്റ്റര്‍ പറഞ്ഞേ..ഷോയില്‍ ചോദിക്കാനാ.. “

“ഓ അതാണോ കാര്യം... മലയാളമോ ഇംഗ്ലീഷോ...”

“എന്തായാലും മതി..ഷുഡ് ബീ ഇന്ററസ്റ്റിംഗ്. ക്വിക്ക് പ്ലീസ്.....”

“ഒ.കെ.... തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

“എന്താ..ഒന്നൂടെ പറഞ്ഞെ..”

“തച്ചന്‍ തയ്ച്ച സഞ്ചി... ചന്തേല്‍ തയ്ച്ച സഞ്ചി...”

കാഞ്ചന ചുണ്ടുവിടര്‍ത്തി മൂന്നുതവണ അത് പ്രാക്ടീസ് ചെയ്യുന്നത് ചിരിയമര്‍ത്തി ഞാന്‍ നോക്കിനിന്നു...

“യൂ....ഇഡിയറ്റ്.!!!!. കൊല്ലും ഞാന്‍ “ കൈയ്യിലിരുന്ന സ്‌ട്രെസ് ബാള്‍ അവള്‍ എന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അതിനെ തടുക്കാന്‍ മിന്നല്‍ വേഗത്തില്‍ കുനിഞ്ഞപ്പോള്‍, പന്ത് ചെന്ന് കൊണ്ടത്, അങ്ങേ സീറ്റിലിരുന്ന് കാര്‍ട്ടൂണിനു ഫൈനല്‍ ടച്ചിംഗ് കൊടുക്കുന്ന ദേവസാസിന്റെ ഉച്ചിയില്‍...

“ഓ...ഷിറ്റ്.. വാട്ട് ദ ഫ&&!!!’. കൈതെറ്റിയതു കാരണം കാര്‍ട്ടൂണിലെ കന്യാസ്ത്രീയ്ക്ക് മഷിപടര്‍ന്ന് ഒരു കട്ടിമീശ വന്നതു കണ്ട്, ദേഷ്യത്തില്‍ ദേവദാസ് അലറി.. “നശിപ്പിച്ചു!! ഈ കന്യാസ്ത്രീയുടെ..”

“കന്യകാത്വം ഒന്നും പോയില്ലല്ലോ.. പിന്നെ നീ ഇത്ര ചൂടാവുന്നതെന്തിനെടാ.. ആ മീശയിലിത്തിരി കറക്ഷന്‍ ഫ്ലൂയിഡ് ഒഴിക്ക്..പ്രശ്നം തീര്‍ന്നില്ലേ...“

“ഒഴിക്കാം..അതിനുമുമ്പ് ദാ അവളെ ഒന്നു കറക്ട് ചെയ്യട്ട്....” ബോളെടുക്കാന്‍ ദേവദാസ് കുനിഞ്ഞതും കാഞ്ചന റിവോള്‍വിംഗ് ചെയര്‍ പിറകിലേക്കും ഇരട്ടിവേഗത്തില്‍ മുന്നിലേക്കും ഉരുട്ടി.

“വാട്ട് ദ ഫ&& !!!“ കുട്ടത്തവള കുളത്തില്‍ ചാടുന്നതുപോലെ മേശക്കടിയില്‍ വീണ ദേവദാസിന്റെ ഞരക്കം പൊട്ടിച്ചിരിയും ജിമുക്കാ കിലുക്കവും മിക്സ് ചെയ്ത് കാഞ്ചന ആസ്വദിക്കുന്നതുകണ്ട്, അതിലെ പകുതി ആസ്വാദനം ഷെയര്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴാണ് മുകളിലെ നിലയില്‍നിന്ന് പടിയിറങ്ങി വന്ന ‘ആക്ടീവ് അരവിന്ദ്’ കൈയുയര്‍ത്തി എന്നെ വിഷ് ചെയ്തത്.. തോളുവരെ മുടി വളര്‍ത്തിയ അവനെ കണ്ടപ്പോള്‍ തൊണ്ടോടെ രണ്ടായി പിളര്‍ന്ന തേങ്ങ ഓര്‍മ്മവന്നു.

“ഹായ് ലോലൂസ്...നിന്റെ ഒരു കുറവുകൂടിയുണ്ടിവിടെ.. വേഗം വാ...“ ഞാന്‍ കൈയാട്ടിവിളിച്ചു

“ഇമ്മാതിരിയുള്ള സബ്‌സ്റ്റാന്‍ഡേര്‍ഡ് തരികിടയൊന്നും കാണാന്‍ എന്നെക്കിട്ടില്ല.. എനിക്ക് പണിയുണ്ട്... മാഷൊന്നു വന്നേ വേഗം”

ട്രിപ്പിള്‍ ജമ്പില്‍ ഒരൊറ്റക്കുതിപ്പ്!!..
ചെവിരണ്ടിലും ഹെഡ്‌ഫോണും തിരുകി പരിസരം മറന്നു മേരിമാത്യു കുറുകെ വരുമെന്ന് ആരറിഞ്ഞു. അപ്പൂപ്പന്മാര്‍ക്ക് വാക്കിംഗ് സ്റ്റിക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ നീളമുള്ള അവളുടെ ഹൈഹീല്‍ഡ് ചെരിപ്പില്‍ എന്റെ ലോഹീല് കുരുങ്ങിപ്പോയി....

“ഔച്ച്!!! എവിടെനോക്കിയാ താന്‍ നടക്കുന്നേ..ഇഡിയറ്റ്!!!!”

“എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നീണ്ട ചെരിപ്പുമാത്രം.. ഞാന്‍ പിന്നെ എന്നാ ചെയ്യും മറിയേ..ഒന്നു മാറിയേ!!”

ശവം കാണുമ്പോള്‍ പോലീസുകാരന്‍ തൊപ്പിയൂരുന്ന പോലെ, അരവിന്ദ് സണ്‍ഗ്ലാസ് ഊരി..

“എന്താ അരവി മുഖം കൊഴവിപോലെ!.. സംതിംഗ് റോംഗ്..? “

“തുറന്നു ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്.... മാഷിനോട് അതെങ്ങനെ പറയും എന്ന്....”

“കാശ് കടംവേണം അല്ലേ.. അതെത്ര ചോദിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍..അല്ലേ...”

“ഈശ്വരാ.... എങ്ങനെ മനസിലായി..“ അരവിക്ക് അത്ഭുതം..

“അല്ല..ഈ കാര്യമല്ലാതെ വേറൊന്നും താന്‍ തുറന്നു പറയില്ലല്ലോ... പറ..ഹൌമച്ച് മച്ചാ...? “

“ഒരു ഇരുന്നൂറ്....“

“കൂള്‍!... ഉം? കാമുകിക്ക് വാലന്റൈന്‍ ഗിഫ്ട് കൊടുക്കാനാ? “ ഞാന്‍ പഴ്സ് തുറന്നു..

“ഏയ്..അതൊക്കെ ഇന്നലേ കൊടുത്തു. ഇത് വേറൊരു ഗിഫ്റ്റിനാ..”

“ദാനം കൊടുക്കുന്ന പശുവിനെ അറക്കുമോ വളര്‍ത്തുമോ എന്നൊന്നും ചോദിക്കേണ്ട കാര്യമില്ല..എന്നാലും ഒന്നു പറ..ഇതേതാ കേസ്....”

“ഇന്നൊരു പാര്‍ട്ടിയുണ്ട്.. വൈകിട്ട്.. “

“യൂ മീന്‍ കള്‍സ്..? “

“ഞാന്‍ കള്ളുകുടിക്കില്ലെന്ന് മാഷിനറിയില്ലേ.. ഇതതല്ല.. ഒരു ബ്രേക്കപ്പ് പാര്‍ട്ടി....”

ബ്രേക്കപ്പ് പാര്‍ട്ടി!!? എന്റെ നെറ്റിയുടെ മധ്യഭാഗത്ത് മൂന്നു ചുളുക്ക് വീണു..

“യാ.. മൂന്നുവര്‍ഷമായി പ്രേമിച്ച് നടന്ന കക്ഷികള്‍ ഇന്ന് വേര്‍പിരിയുന്നു.. വിത്ത് എ പാര്‍ട്ടി.. എന്റെ ക്ലോസ് ഫ്രണ്ടാ വരന്‍.... “

ആണ്ടവാ... കാതല്‍ പൊട്ടിക്കാനും പാര്‍ട്ടിയോ.!!
ഒന്നുകില്‍ താലികെട്ടിയ ചരട് അല്ലെങ്കില്‍ കയറ് എന്ന പഴയകാല പോളിസിയുടെ ആത്മഹത്യാമുനമ്പില്‍ നിന്ന് മലയാളിയുതത്വം മോചിതമായ സന്തോഷം മനസില്‍ തിരയടിച്ചു..എന്നാലും വേര്‍പിരിയാന്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞാല്‍.. അല്ല..ഈ ഒരു സംഗതി എന്നുമുതലാണിവിടെ തരംഗമായത്.. അറിവിന്നുമപ്പുറത്താണ് കാര്യങ്ങളുടെ ബെഡ്..

“ഞാനുംകൂടി പോരട്ടെ അരവി..എല്ലാം ഒന്നു കണ്ടുപഠിക്കാനാ.. ഇങ്ങനെയൊരു സംഭവം പുതിയ അറിവാണേ.. പ്ലീസ്.. ടേക്ക് മീ എലോംഗ്..”

“അതിനെന്താ.. മാഷും വാ.. ഷാര്‍പ്പ് ഫോര്‍.. റെഡിയായിക്കോ..”

‘കണ്ണീരുമൊലിപ്പിച്ചു കൈവഴികള്‍ പിരിയുമ്പോള്‍..കരയുന്നോ പുഴചിരിക്കുന്നോ..’ മൂളിപ്പാട്ടുമായി സീറ്റിലേക്ക് നടന്നപ്പോള്‍ കാഞ്ചന കവിളിലെ നുണക്കുഴിയില്‍ മാന്തിച്ചിരിക്കുന്നു..

“ ‘ട്വിറ്റര്‍‘ കിട്ടിയോ പെണ്ണേ...?”

“യെസ്.. she sells the sea-shells on the sea shore " നുണക്കുഴി ഒന്നുകൂടി കുഴിഞ്ഞു.

“വൌ.. കരിമിഴിയിണവളൊരുകരയരികില് പലതരിവളവിറ്റു..എന്ന് മലയാളത്തില്‍ ചോദിച്ചാലോ? “

“കൂടുതല്‍ ഉപദേശിക്കല്ലേ..പൊക്കോണം അവിടുന്ന്!!!!! “
“ഫെബ്രുവരി പതിന്നാലാ‍യിട്ടായിരിക്കും ഈ കാറ്റിനു ആകെ മൊത്തമൊരു കുളിര്..അല്ലേ അരവി “ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വാലന്റൈന്റെ മുടി വള്ളിക്കൊട്ടപോലെ പൊങ്ങിപ്പറക്കുന്നു.
“എന്തോ എനിക്കത്ര കുളിരു തോന്നുന്നില്ല..”
“അതു നിന്റെ കൈയില്‍ കാശില്ലാഞ്ഞിട്ടാ..”
“എന്താ..കാശുണ്ടെങ്കിലേ കുളിരു ....... “ മൊബൈല്‍ ഫോണില്‍ മെസേജ് വന്നപ്പോള്‍ അരവി ശ്രദ്ധ അങ്ങോട്ട് മാറ്റി..

‘KAUB...miss u madly ;) ' എന്റെ ഏറുകണ്ണ് അവന്റെ റിപ്ലെ ക്യാച്ച് ചെയ്തു..

'notty.. howz my vgift ;) ' അടുത്ത വളവു തിരിയുമുമ്പേ വീണ്ടും മെസേജ്.

'pretty tight pretty. u wanna me to slim ;) . KAUB ' ഇവന്‍ റിപ്ലെ അയച്ച് കാറ് പാണ്ടിലോറിക്കടിയില്‍ കേറ്റുമോ കര്‍ത്താവേ!!

“നീ ആ ഫോണിങ്ങു താ.. ഞാന്‍ റിപ്ലെ കൊടുത്തോണ്ടിരിക്കാം..അല്ലെങ്കില്‍ നമ്മള്‍ രണ്ടാളും പടമാകും.. ചുമ്മാ KAUB എന്ന് ടൈപ്പ് ചെയ്താല്‍ പോരെ.. ആകാര്യം ഞാനേറ്റു...എന്നാലും എന്തോന്നാടേ ഈ KAUB?”

“Kisses Allover Ur Body " അരവി ശ്ലോകം പഠിപ്പിക്കുന്ന ഗൌരവത്തോടെ പറഞ്ഞു പുഞ്ചിരിച്ചു..

“ഓ..അങ്ങനെ.. പാവം എയര്‍ടെല്‍... സകല പെങ്കൊച്ചുങ്ങളുടേയും ഓളോവര്‍ ബോഡിയില്‍ ഉമ്മ വച്ച് ഇന്നൊരു പരുവം ആയിക്കാണും.. എന്റെ അഭിപ്രായത്തില്‍ എയര്‍ടെല്ലിന്റെ ടാഗ്‌ലൈന്‍ മാറ്റാന്‍ സമയം ആയി.. The Maximum Kissed Network in India"

"യൂ ആര്‍ റൈറ്റ്...” അരവി ചുമ്മാ ഹോണ്‍ അടിച്ചു..

“ആ കൊച്ച് നിനക്കെന്താടാ ഗിഫ്റ്റ് തന്നത്...?”

“ഇത്!!!!” അരവി പിന്നിലേക്ക് കൈപായിച്ച് ബെല്‍റ്റില്‍ പിടിച്ച് പാന്റ് താഴേക്ക് വലിച്ചു....

“അയ്യേ....!!”

“ഛേ.. മാഷേ ഇത്....ജോക്കി!!! എങ്ങനെയുണ്ട്...”

“ഓ.. അണ്ടര്‍വെയര്‍... അവള്‍ക്ക് വിവരമുണ്ട്.. നിനക്കില്ലാത്ത സാധനം തന്നെ സമ്മാനിച്ചു... ഈ ടെന്‍ഡര്‍ ഏജിന്റെ കുസൃതികള്‍ അപാരം.. .. യു വാണ്ട് ടെന്‍ഡര്‍ കോക്കനട്ട്..?”

“യപ്പ്..”

“ദെന്‍ ഗാഡി രുക്കോ!!!!” കരിക്ക് കടയിലേക്ക് ഞങ്ങള്‍ രണ്ടാളും നടന്നുകയറി..

“കരിക്കിന്റെ കുരുക്കിലും... കരിമിഴിക്കുടുക്കിലും
കുരുങ്ങാത്ത ഹൃദയമുണ്ടോ...മനുജാ.... കുടുങ്ങാത്ത ഹൃദയമുണ്ടോ...
ഇങ്ങനെ പാടാന്‍ തോന്നുന്നു” ചെത്തിയ കരിക്കിലേക്ക് ഞാന്‍ സ്ട്രോ കുത്തിയിറക്കി..

“ ഇടികിട്ടാനുള്ള വകുപ്പൊക്കെ അണ്ണന്റെ കൈയില്‍ പണ്ടേ സ്റ്റോക്കാണ് അല്ലേ....” അരവിയുടെ സ്ട്രോയിലൂടെ ഇളനീരു കുതിച്ചുപൊങ്ങി...

ഇളനീരിനേക്കാള്‍ മധുരമുള്ള ഒരു പ്രണയകഥയുടെ തോട് അവിടെ ഇരുന്ന് അരവി ചെത്തിത്തന്നു...
എന്റെ തൊണ്ടയിലൂടെ ഹൃദയത്തിലേക്ക് ആ കഥ തണുപ്പും മധുരവും നിറച്ച് ഇറങ്ങി ഇറങ്ങിപ്പോകുന്നു......
ഫോക്കസ് മാളിലെ ബുള്ളറ്റ് ലിഫ്റ്റിലൂടെ സ്ലോമോഷനില്‍ ഉയര്‍ന്നുപൊങ്ങുന്ന ചാരുലത എന്ന മാനേജ്‌മെന്റ് ട്രെയിനി
കഴുത്തോളം വെട്ടിയിട്ട മുടിയില്‍ ഒളിച്ചിരിക്കാന്‍ മത്സരിക്കുന്ന ഇളം തെന്നല്‍....
കുസൃതിയും കളിവാക്കുകളും നിറച്ചു വച്ച് ചുവപ്പിച്ച ചുണ്ടില്‍ പുഞ്ചിരിയുടെ കുടമുല്ലമൊട്ടുകള്‍

ചാരുലതയോട് ചേര്‍ന്നു നിന്ന്, അവളുടെ കണ്ണില്‍ത്തന്നെ നോക്കി നില്‍ക്കുന്നു കണ്ണന്‍ എന്ന് അവള്‍ വിളിക്കുന്ന ഫ്രീലാന്‍സ് വെബ് പ്രൊഫെഷണന്‍.....

ശീതീകരിച്ച അന്തരീക്ഷത്തില്‍ അവരില്‍ പടര്‍ന്നു കയറുന്ന മൃദുലസംഗീതം..

ശാന്തമായി പതുക്കെ ഉയര്‍ന്ന് ഉയര്‍ന്ന് പോകുന്നു കണ്ണാടിക്കൂടുപോലെ ലിഫ്റ്റ്...
തൊട്ടുമുകളില്‍ കത്തുന്ന നാലഞ്ചു ബള്‍ബുകളില്‍ നിന്ന് വീഴുന്ന മഞ്ഞവെട്ടം അവളെ ഒരു കാഞ്ചനപ്രതിമയാക്കി മാറ്റുന്നു....
ലിഫ്റ്റില്‍ അവനും അവളും മാത്രം...

ചാരുലത അവനെത്തന്നെ നോക്കി...

‘up above the world so high .... like a diamond in your eyes....." അവള്‍ ചിരിച്ചു..

“let me hug you.."

"shut up!.. ലോകം മുഴുവന്‍ നോക്കി നില്‍ക്കെ? പാഗല്‍......വേറെ ഒന്നും ചോദിക്കാന്‍ കിട്ടിയില്ല നിനക്ക്..”

“എന്നാ ഞാന്‍ നിനക്കൊരു മീശവരയ്ക്കട്ടെ... “

“നിന്റെ അപ്പൂപ്പനു പോയി വരയ്ക്ക്”

“പുള്ളിക്ക് ആള്‍‌റെഡി ഒരു കപ്പടാമീശയുണ്ടെടീ.. പഴയ മിലിട്ടറിയാ കക്ഷി.. കിഡ്നി വേണേല്‍ പുള്ളി ഉപേക്ഷിക്കും.. പക്ഷേ മീശ... നഹി നഹി...വാട്ട് എബൌട്ട് യുവര്‍ ഗ്രാന്‍ഡ്‌പാ..”

“ആഗ്രഹമുണ്ട് കക്ഷിക്ക്.. പക്ഷേ മീശയ്ക്ക് ആ ആഗ്രഹം ഒട്ടുമില്ല.. ‘കരുണാകരപിള്ളേ.. വേണേലൊരു പത്തുപിള്ളാരെ ഞാന്‍ അങ്ങോട്ട് അയക്കാം.. നോട്ട് മോര്‍ ദാന്‍ ദാറ്റ് ‘ എന്നാണ് മീശയുടെ ദൈവം പുള്ളിയോട് പറഞ്ഞേക്കുന്നേ...”

“എന്റെ പെണ്ണേ.. കൌണ്ടര്‍ അടിക്കുന്ന കാര്യത്തില്‍ പണ്ടേ നീ എന്നേക്കാളും മുന്നിലാണല്ലോ..”

“നിന്റെ കാമുകിയല്ലേ ഞാന്‍... ഇത്രയെങ്കിലും ആയില്ലെങ്കില്‍ മോശമല്ലേടാ.. ചലോ ഹം കോഫീ പീയേംഗേ..... ചിലവ് നിന്റെ വക.. ഐ ആം ചട്ടി ടുഡേ..”

“നീ എന്നും ചട്ടിയാണല്ലോ.. ചിട്ടിയടിക്കും ചിട്ടിയടിക്കും എന്ന് കുറെ നാളായി കേള്‍ക്കുന്നു....” കണ്ണന്‍ അവളുടെ വിരലുകള്‍ കൂട്ടിയമര്‍ത്തി..

“അടുത്ത ചിട്ടി എനിക്ക് തന്നെയാടാ.. നോക്കിക്കോ.. അന്ന് ഞാന്‍ ചിലവുകൊണ്ട് നിന്നെ മൂ‍ടും....” കോഫി ഹൌസിന്റെ ഗ്ലാസ് ഡോര്‍ തുറന്നടഞ്ഞു..“യൂ ആര്‍ മൈ ജാവ.....” കോഫി ടെബിളിലെ ആവിപറക്കുന്ന കാപ്പിമൊത്തുന്നതിനു മുമ്പ് അവന്‍ ചാരുലതയുടെ കണ്ണിലേക്ക് നോക്ക് പറഞ്ഞു

“ഉം... യു ആര്‍ മൈ അള്‍ടിമേറ്റ് ടാര്‍ജറ്റ്.. . “ ചാരുലത നെയില്‍‌പോളീഷിട്ട വിരല്‍ ചുണ്ടോട് ചേര്‍ത്ത് മറുചിരി നല്‍കി..

മൌനുവാദത്തോടെ അവളുടെ പുരികത്തില്‍ അവന്റെ വിരലുകള്‍ ഇഴഞ്ഞുനീങ്ങി... ക്യാമ്പസ് ഇടനാഴിയില്‍, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളിയുമായി തന്നോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞ ഇരുപതുകാരിയില്‍ നിന്ന് മൂന്നുവര്‍ഷം ഇപ്പുറത്ത് നില്‍ക്കുമ്പോഴും ഇവളുടെ കണ്ണുകളില്‍ അതേ തിളക്കം.. പുരികത്തുമ്പില്‍ അതേ ചാരുത.. വാക്കുകളില്‍ അതേ കുളിര്.. ഹൃദയത്തില്‍ അതേ തിരയിളക്കം...

“ഉം? “അവള്‍ മുടി ഒരുവശത്തേക്ക് മാടിയിട്ടു..

“പറക്കാം മിസ് ചട്ടി? “

“എങ്ങോട്ട്? “

“ചുമ്മാ..”

“കമോണ്‍!!!!” ചാരുലത ചാടിയെണീറ്റു.. പുറകെ കണ്ണനും


“ഓ.... കര്‍ച്ചീഫ് എടുക്കാന്‍ മറന്നു.... “ ഗ്ലാസ്‌ഡോര്‍ പകുതി തുറന്നപ്പോള്‍ ചാരുലത

“അതെന്റെ കൈയിലുണ്ട്. നീ മറക്കുന്നതൊക്കെ എടുക്കുന്ന അസിസ്റ്റന്റ് അല്ലേ ഞാനിപ്പോ”

“ഇങ്ങ് താ..”

“കുറെ കഴിയട്ടെ.. നിന്റെ ശ്വാസം പൊതിഞ്ഞ തിരുവസ്ത്രമല്ലേ.. ഐ നീഡിറ്റ്..”

“ഇഡിയറ്റ്!”

“യെസ്..ഫോര്‍ യൂ..... “ കാലുകവച്ച് ബൈക്കിലേക്ക് അവന്‍ ചാടിക്കയറി..

കടല്‍ക്കാറ്റിന്റെ ഇക്കിളിപ്പെടുത്തലുകള്‍ സഹിച്ചുകൊണ്ട് വണ്ടീ പറന്നു....ചാരുലത കണ്ണുകള്‍ അടച്ചു..

വാടാ മാപ്പിളൈ വാഴപ്പഴത്തോപ്പില്... വോളിബോള്‍ ആടലാമാ “ ചാരുലതയുടെ ചുണ്ടുകള്‍ കണ്ണന്റെ ചെവിയോട് ചേര്‍ന്നു നിന്നു.

“വേണ്ടാ പെമ്പിളേ... വാഴക്കുഴി പിമ്പില്.. ബോള്‍ട്ട് നട്ട് പോകലാമാ....” പാരഡിപാടി കണ്ണന്‍ പൊട്ടിച്ചിരിച്ചു

"bloody beggar " ഇടിയും വളകിലുക്കവും ഒന്നിച്ച് അവന്റെ തോളിലേക്ക് പതിച്ചു.

“dont angry me!! " ആക്സിലറേറ്റര്‍ ആഞ്ഞുമുറുകി

“എടാ പതുക്കെ.....”

ബീച്ചില്‍ ബലൂണുകള്‍ പലനിറത്തില്‍ ഉയര്‍ന്നുലയുന്നു..... സായന്തനത്തിന്റെ കൈകളില്‍ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ആരോ കുറിച്ചുവക്കുന്നപോലെ..

“എടാ പോപ്പ്കോണ്‍ വേണോ...” കച്ചവടക്കാരനെ നോക്കി ചാരുലത

“പോപ്പ്കോണ്‍ റൊമാന്‍സ് ഒക്കെ പഴയ ട്രെന്‍ഡല്ലേ പെണ്ണേ.. ഇപ്പോ കോപ്പ് പോണ്‍ യുഗമല്ലേ.. “

“യൂ.............ഡര്‍ട്ടി............”‘മൂന്നാറിലെ കൈയേറ്റം... വയനാട്ടിലെ കൈയേറ്റം.. കൊച്ചിയിലെ വളന്തക്കാടിന്റെ കൈയേറ്റം.. നിങ്ങള്‍ അറിയണം!” ഏതോ നേതാവിന്റെ പ്രസംഗം തകര്‍ക്കുന്ന സ്റ്റേജിനടുത്തെത്തിയപ്പോള്‍ അവന്‍ ആക്സിലറേറ്റര്‍ അയച്ചു..

“ചാരുലതേ.. പഞ്ചഭൂതങ്ങളും റേപ്പ് ചെയ്യപ്പെടുന്ന ഈ നശിച്ച ലോകത്തെക്കുറിച്ച് നിനക്ക് കേള്‍ക്കണോ..എങ്കില്‍ വണ്ടി നിര്‍ത്താം...വാട്ട് യു സേ....”

“കൊല്ലും ഞാന്‍ നിര്‍ത്തിയാല്‍.. ഞാനും നീയും മാത്രമുള്ള ലോകത്തിനു ഒരു കുഴപ്പവും വരില്ലെടാ.. ഒരിക്കലും.. “

“ആര്‍ യു ഷുവര്‍ “

“പക്കാ ഷുവര്‍. നമ്മുടെ ലോകത്ത് നമ്മള്‍ മാത്രം മതീടാ. ജീവിച്ച് കൊതിതീരാതെ അങ്ങനെ..അങ്ങനെ..വേറെ ആരും വേണ്ടാ നമുക്ക്..വീ വില്‍ ബീ ഡിങ്ക് കപ്പിള്‍സ് ....”

“ഡിങ്ക്? “

“Double Income No Kids... എന്താ സമ്മതമല്ലേ...”

“അതിനു നിന്റെ അപ്പൂപ്പന്‍ സമ്മതിക്കുമോ.. പുള്ളി നിക്‍‌ട് പോളിസിക്കാരനല്ലേ..” അവന്‍ തലതിരിച്ചു..

“നിക്‍ട്? “

"No Income Ten Kids"

“കമീനേ....”

വളവില്‍ പമ്മിയിരുന്ന ഒരു പോലീസുകാരന്‍ ശിക്കാരിശംഭുവിനെപ്പോലെ മുന്നിലേക്ക് ചാടി വീഴുന്നത് അവന്‍ ഞെട്ടലോടെ കണ്ടു...
ഹെല്‍മറ്റ് ഇല്ല.. ബുക്കും പേപ്പറും പണ്ടേ ഇല്ല.. ലൈസസന്‍സ് മാത്രം കാണിച്ചാല്‍ അമ്മാവന്‍ അതും കൊണ്ടുപോകും..

“ചാരൂ............... നിലവിളി”

“ങേ.. “

“എടീ വയറില്‍ അമര്‍ത്തിപ്പിടിച്ച് ചുമ്മാ കരഞ്ഞോ. വേറെ രക്ഷയില്ല..”

“നീ കാര്യം പറേടാ..” അവള്‍ ചാടിയിറങ്ങി..

“കാക്കി കാക്കി.... “ പിറുപിറുത്തു “തുടങ്ങിക്കോ.. ഞെരങ്ങി ഞെരങ്ങിക്കര.... പെട്ടെന്ന് “ പോലീസുകാരന്‍ തൊട്ടടുത്തെത്തി..

“അയ്യോ...അമ്മേ..... അയ്യോ...” ചാരുലത വയറില്‍ കൈ അമര്‍ത്തി

“അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ.. ആ ചക്ക എരിശ്ശേരി വാ‍രിക്കുടിക്കരുതെന്ന്.. അനുഭവിച്ചോ.. കഷ്ടകാലത്തിനു ആ കിളവി എഴുന്നെള്ളിക്കോളും.. ബാക്കിയുള്ളോനു പണിയുണ്ടാക്കാന്‍”

ഒന്നും മനസിലാവാതെ ചാരുലത ഞെരങ്ങിക്കൊണ്ട് അവനെ ദയനീയമായി നോക്കി...’ഏതു കിളവി..ഏത് എരിശ്ശേരി’

“കഴിഞ്ഞ തവണ എന്താ ആ തള്ള ഉണ്ടാക്കിയെ.. കുമ്പളങ്ങാ ഹല്‍‌വ.. നാലു ദിവസം അല്ലേ നീ അഡ്മിറ്റ് ആയത്.. അതെങ്കിലും ഓര്‍ക്കണമാരുന്നെടീ..“

ബുക്കും പേപ്പറും ചോദിക്കാന്‍ വന്ന തന്നോട് ‘ ചക്കയെപറ്റിയും കുമ്പളങ്ങയെപ്പറ്റിയും ഇവനെന്താണീ പറയുന്നത്’ എന്ന് കണ്‍ഫ്യൂഷനിലായി പോലീസമ്മാവന്‍

“എന്റെ പൊന്നുസാറേ...” കണ്ണന്‍ ദയനീയമായി അയാളെ നോക്കി “തൊണ്ടയാട്ടു നിന്ന് ഞങ്ങളുടെ ഒരു അമ്മൂമ്മ എല്ലാ മാസോം കെട്ടിയെടുക്കും.. വളവളാ കറിവച്ചുതന്ന് സകലയെണ്ണത്തിന്റേം വയറും കേടാക്കും.. സാറൊന്നു പറഞ്ഞു മനസിലാക്കിക്കേ.. എനിക്ക് പ്രായം കുറവാ‍യതുകൊണ്ട് ഇവക്ക് അനുസരിക്കാന്‍ മടി.. “

“മീ...........മീ............... “ ദേഷ്യവും ഞരക്കവും ഒന്നിച്ച് കലര്‍ത്തിപ്പോയി ചാരുലത

“മോളേ... ജ്ജിനി ചക്കയെരിശ്ശേരി കുടിക്കെണ്ടാ... അനക്ക് അത്രക്ക് പെരുത്ത ഇസ്ടമാണേല്‍ ചക്കപ്പുഴുക്ക് കയിച്ചോളീന്‍.. എന്തേ.... “

അവന്‍ ലെതര്‍ബാഗിന്റെ സിപ്പില്‍ പിടിച്ചു “ധൃതിക്കിടയില്‍ ഹെല്‍മെറ്റ് മറന്നുസാര്‍.. പേപ്പറെല്ലാം റെഡിയാണ്..ദാ......” സിപ്പ് ശബ്ദത്തോടെ തുറന്നു

“ങ്ങള് ബേഗം ആശുപത്രീ പോയിന്‍.... എടങ്കേട് ആവണ്ട....”

“താ....ങ്ക്യൂ സാര്‍..............” ഒറ്റക്കുതിപ്പിന് വണ്ടി പത്തടി മുന്നോട്ട് നീങ്ങി.............

“ഒന്നു നിര്‍ത്തിക്കേ നീ.... “ അവള്‍ ചുണ്ടുകോട്ടി

“എന്തേ.. കാമുകനെക്കുറിച്ച് ബല്ലാത്ത അബിഭാനം തോന്നുന്നു അനക്ക് അല്ലേ... “

“നിര്‍ത്തെടാ ഹമുക്കേ...”

“ടെല്‍ മീ....” അവന്‍ കാലു തറയില്‍ കുത്തി

ചാടിയിറങ്ങിയ ചാരുലത തലകുനിച്ച് ചുറ്റും ഒന്നു നോക്കി.. ഒരുപിടി ചെളിമണ്ണ് വാരി...

“ചക്ക എരിശ്ശേരി കുടിച്ചത്, നിന്റെ വല്യപ്പൂപ്പന്‍... അഹങ്കാരി..ഇനിമേലാല്‍ ഇത് ...” ചെളിമണ്ണ് നിറച്ച കൈ അവന്റെ മുഖാമാകെ ഓടിനടന്നു “..ആവര്‍ത്തിക്കരുത്... ഉല്ലൂ കാ പഠാ.....”

“ബെണ്ണേ..ബെണ്ണേ.. വേഴേ ഒരു മാഴ്‌ഗോം ഗണ്ടിള്ളാ.... ബ്ലീസ്.. “ മണ്ണുനിറഞ്ഞ വായില്‍ നിന്ന് എന്തൊക്കെയോ വാക്കുകള്‍ അവന്‍ കുടഞ്ഞിട്ടു.....കടല്‍ത്തീരത്തെ കോരിത്തരിക്കുന്ന മണല്‍പ്പുറത്ത് ചാരുലത ഇരുന്നു...
കണ്ണന്റെ മുഖത്തെ ചെളിമണ്ണ് തുടച്ചുകൊണ്ട്..

കണ്ണുകളില്‍ അനുരാഗത്തിന്റെ പൂവിതളുകള്‍ വിടര്‍ത്തിക്കൊണ്ട്...
ചുവന്നുതുടുത്ത സൂര്യന്‍ തിരത്തുമ്പില്‍ സിന്ദൂരം കോരിനിറച്ച് അവരുടെ കാല്പാദങ്ങളിലേക്കൊഴിച്ചു..
ചാരുലതയുടെ മുഖം കണ്ണന്റെ തോളിലേക്ക് ചാഞ്ഞു....

“സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ.....” അവന്‍ പുഞ്ചിരിച്ചുപാടി

“ഞാന്‍ മത്സ്യകന്യകയല്ല... വേറൊരു പാട്ട് പാട്.....”


“ഒ.കെ....
കാപ്പിരിനാട്ടില്‍ ഓറഞ്ചെത്തി ,
ഒപ്പം സൂര്യനുമെത്തി...”

“ഇഡിയറ്റ്.... “

“ചാരു..നമുക്ക് ഈ നിമിഷം അങ്ങ് അസ്തമിച്ചാലോ.. ഒരു പെര്‍മനെന്റ് ലൊഗോഫ്. സ്നേഹത്തിന്റെ പീക് പോയിന്റില്‍ അല്ലേ ഇപ്പോ നമ്മള്‍.. ഒന്നിച്ച് കടലിലേക്കിറങ്ങി ഒരു പോക്ക്.. ഡീപ് ഇന്‍ ദ സീ.. തിരിച്ചുവരാത്ത ഒരു പോക്ക്.. റെഡി? “

“ഷട്ടപ്പ്.. എങ്ങോട്ടും പോകുന്നില്ല നമ്മള്‍, ഇവിടം വിട്ട്.. ലെറ്റ് ഹെവന്‍ കം ടു അസ്........നോട്ട് വീ ടു ദെയര്‍....”

കറുത്തു തുടങ്ങിയ സന്ധ്യ നോക്കി നില്‍ക്കെ അവന്റെ പല്ലുകള്‍ ചാരുലതയുടെ കവിളില്‍ അമര്‍ന്നു..

“ഹൌ... it pains....."

"pain adds pleasure to love..."

“up above the world so high....." നക്ഷത്രങ്ങള്‍ ഉദിച്ചു തുടങ്ങിയ ആകാശത്തേക്ക് ചാരുലത നോക്കിയിരുന്നു....

"like a diamond in your heart...."

തിരകള്‍ കരയുടെ മാറിലേക്ക് മദിച്ചു വീഴുന്ന്നു

“your eyes are shining now " അവന്റെ ചുണ്ടുകള്‍ അവളുടെ നെറ്റിയിലെ ഉപ്പുരസം ഒപ്പിയെടുത്തു

“because i am looking at you..."

"your voice is melodious now"

"because i am talking to you....." ചാരുലതയുടെ വളകള്‍ കിലുങ്ങി....

"your heart is beating fast....."

"because u are kissing me......"


ഇരുളില്‍ അവരെ ആര്‍ക്കും കാണാന്‍ പറ്റാതെ ആയി.... അവര്‍ക്കും ആരെയും കാണാന്‍ പറ്റാതെ ആയി..

“അണ്ണാ... വണ്ടിയുടെ ചാവി കാണുന്നില്ല..ശ്ശെടാ എന്നാലും അത് എവിടാ വച്ചെ....” അരവി പോക്കറ്റില്‍ തപ്പുതുടങ്ങി

“ഉം. ഉം. കാശുകൊടുക്കേണ്ട സമയം ആവുമ്പോ നിനക്ക് എന്തെങ്കിലുമൊക്കെ കാണാതാവും... നമ്പര്‍..നമ്പറിറക്കാതെ ലോലൂസ്.. ” ഇരുപത് രൂപ ഞാന്‍ കടക്കാരനു നീട്ടി..

ചാരുലതയും അവളുടെ കണ്ണനും അപ്പോഴേക്കും എനിക്കും പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു..അതുകൊണ്ടാവാം അവര്‍ എന്തിനു പിരിയുന്നു എന്നുപോലും അരവിയോട് ചോദിക്കാന്‍ എനിക്കാവാഞ്ഞത്...

ഇളംവെയില്‍ മണ്ണിലേക്ക് തല ചായ്ക്കുന്ന അഞ്ചുമണിയിലൂടെ അരവിയുടെ കാര്‍ തെന്നി നീങ്ങി.....


പതിനഞ്ചോളം പ്രിയ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന ഹോട്ടല്‍ മുറിയിലേക്ക് ഞങ്ങള്‍ കടന്നു ചെന്നു...

ആക്സിന്റേയും റെക്സോണയും കോബ്രയുടേയും ഗന്ധങ്ങള്‍ ഒന്നായി പടര്‍ന്നു കയറിയ അന്തരീക്ഷം..
സോഫ്ട് ഡ്രിങ്ക് ഗ്ലാസുകളും സ്വീറ്റ്സ് നിറഞ്ഞ കടലാസു പ്ലേറ്റുകളും കൈമാറി കൈമാറി നീങ്ങിക്കൊണ്ടേയിരുന്നു
തമിഴ് പാട്ടിന്റെ താളത്തിനൊത്ത് ചിലര്‍ പതുക്കെ ചുവടുകള്‍ വക്കുന്നു..

അപരിചതനായ എന്നെ പലര്‍ക്കും അരവി പരിചയപ്പെടുത്തുമ്പോഴും എന്റെ കണ്ണുകള്‍ ചാരുലതയേയും അവളുടെ കാമുകനേയും തേടിക്കൊണ്ടേയിരുന്നു..

ഒടുവില്‍ അരവിന്ദ് എന്നെ പിറകിലുള്ള ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി.....
അവിടെ ആകാശം നോക്കി ഏകയായി നില്‍ക്കുന്നു ചാരുലത..
നനവുപടര്‍ന്ന ചിരിയോടെ അവള്‍ ഞങ്ങളെ നോക്കി...

“ഇത് ഞാന്‍ പറഞ്ഞ ആള്.. നിങ്ങളെ ഒന്നു കാണാന്‍ ചുമ്മാ വന്നതാ....” അരവി പാന്റ് ‘ജോക്കി’യുടെ മുകളിലേക്ക് വലിച്ചു കയറ്റി

“ഹലോ....”

“എവിടെ ആ ചെക്കന്‍...വന്നില്ലേ..”

“ഹീ ഈസ് ഓണ്‍ ദ വേ.... ഇപ്പൊ എത്തും...”

“ഇങ്ങനെ ഒരു പാര്‍ട്ടിയില്‍ ഞാന്‍ ആദ്യമായിട്ടാ.. സഡന്‍ബ്രേക്കിട്ട് ഗുഡ്‌ബൈ പറയാന്‍ അടുത്ത കൂട്ടുകാര്‍ ഒന്നിച്ചു ചേര്‍ന്നൊരു....... ഒന്നുചോദിച്ചോട്ടെ, ഈ വേര്‍പിരിയലിന്റെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ് എന്തായിരുന്നു.. ഒരു ബ്രദറാണ് ചോദിക്കുന്നത് എന്നു കരുതിയാ മതി...”

“ഹും “ പുച്ഛത്തോടെ അവളൊന്നു ചിരിച്ചു “ദ ജനറേഷന്‍സ് ബിഹൈന്‍ഡ് അസ്... “

“തലമുറ???? “

“അതേന്നേ... എല്ലാം മാഗസിനിലും ഡിസ്കഷനിലും പഴയ തലമുറയിലെ ഇന്റലക്ച്വല്‍‌സ് പറഞ്ഞോണ്ടിരിക്കുന്നില്ലേ.. ഞങ്ങളുടെ മുറതെറ്റി, തലപോയി എന്നോക്കെ.. ആത്മാര്‍ത്ഥതയില്ലാത്ത ന്യൂ ജനറേഷന്‍! പ്രണയം കുട്ടിക്കളിയായി മാത്രം കൊണ്ടുനടക്കുന്ന വിവരംകെട്ട പിള്ളേര്‍! എന്നൊക്കെ.. എന്താ ശരിയല്ലേ..”

ഞാന്‍ തലയാട്ടി.. ഇവള്‍ സാധാരണ ഒരു പെണ്ണല്ല..

“ദാറ്റ് ബ്ലഡി ഓള്‍ഡ് ജനറേഷന്‍ സ്പോയില്‍ഡ് അസ്... കില്‍ഡ് അവര്‍ ലവ്..... “

“മനസിലായില്ല....”

“ഞങ്ങള്‍ക്കും മനസിലായിട്ടില്ല..ഇതുവരെ..” കൈയിലെ സോഫ്റ്റ്ഡ്രിങ്ക് അവള്‍ മൊത്തി..”we are parting because his name is Niyas....."

"അപ്പോ കണ്ണന്‍...!!!”

“അത് എനിക്ക് വിളിക്കാനുള്ള സൌകര്യത്തിനു ഞാന്‍ അവനിട്ട പേര്..നിയാസ് റഹ്മാന്‍.. അരവിന്ദ് പറഞ്ഞില്ലേ അപ്പോ ആ പേര്?...... ഒരു മുറിയില്‍ രണ്ട് ദൈവങ്ങള്‍ വേണ്ടാന്ന്, ദാ അവിടെ നില്‍ക്കുന്ന ഞങ്ങളുടെ ജനറേഷനിലെ ഒരാളുപോലും പറയില്ല... പക്ഷേ.. വീ കാണ്ട് ലിവ് ടുഗദര്‍.. പേടിച്ചിട്ട്.. ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷനെ പേടിച്ചിട്ട്. ഡിക്ഷ്ണറിയില്‍ നിങ്ങള്‍ ചേര്‍ക്കുന്ന പുതിയ വാക്കുകളെ പേടിച്ചിട്ട്.. ലവ് ജിഹാദ്, ലവ് ടെററിസം.. ആള്‍ ദ ബ്ലഡി..... “ അപരിചതനായ ഒരാളുടെ മുന്നില്‍ ഇത്രത്തോളം കത്തിയെരിയണമെങ്കില്‍ എത്രത്തോളം സ്നേഹിച്ചു കാണും ഇവള്‍ അവനെ.... എന്റെ ദീര്‍ഘനിശ്വാസം പൊള്ളിവീണു...

ഞാന്‍ അകത്തേക്ക് കയറി.. പൊട്ടിച്ചിരിയും കൊച്ചുവര്‍ത്തമാനങ്ങളും പൊഴിച്ചിടുന്ന പുതിയ കുട്ടികളെ നോക്കി.. അവര്‍ സന്തോഷമാക്കുകയാണ് എല്ലാം.. കരഞ്ഞു തളരാന്‍ മനസില്ലാത്ത പുതിയ യുവത്വം...സൌഹൃദത്തിനു പുതിയ മാനങ്ങള്‍ കൊടുത്തുകൊണ്ട്..

“ഹല്ലോ ഹീറോ....!!!! “ ഒരു കൂട്ടവിളിയുടെ ഇടയിലൂടെ നിയാസ് കടന്നു വരുന്നു..
വിഷാദം കണ്ണിലുണ്ടെങ്കിലും ഒരുപരിധിക്കപ്പുറം അതിനെ കടത്താതെ ആത്മവിശ്വാസം തുളുമ്പുന്ന ചിരിയോടെ..

ക്ലോസ് ഹഗ്‌സ്.....

സോഫ്ട് ഡ്രിംഗ് ചിയേഴ്‌സ്

പുസ്തകം വായിക്കുന്ന, ലോകത്തെ അറിയുന്ന, ചിന്താശേഷിയുള്ള ഇരുപത്തഞ്ചുകാരനായ ആ ടെക്നോക്രാറ്റിനോട് എനിക്ക് ബഹുമാനം തോന്നി.
ഇവന്റെ ബോഡി ലാംഗ്വേജില്‍ ചാരുലത വീണില്ലെങ്കിലേ അത്ഭുതമുള്ളൂ.....

“എവിടെ എന്റെ ക്വീന്‍....”

“ഗോ ദെയര്‍...... ഇന്‍ ദ ബാല്‍ക്കണി...”

ബാല്‍ക്കണിയിലെ കൈവരിയില്‍ വച്ച തന്റെ കൈപ്പത്തിയില്‍ പരിചയമുള്ള ചൂടു മുറുകിയപ്പോള്‍ ചാരുലത പെട്ടെന്ന് മുഖം തിരിച്ചു നോക്കി...

“സോറി.... ലേറ്റ്... ഫ്ലൈറ്റ് ടിക്കറ്റ് ടു മുംബൈ... കിട്ടാന്‍ അല്പം ലേറ്റായി... നീ വന്നിട്ട് കുറെനേരം ആയോ..” മൊബൈലില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്ന ചാരുലതയോട് നിയാസ് ചോദിച്ചു..

“എന്നത്തേക്കാ? “

“മാര്‍ച്ച് ടെന്‍.. പ്ലാ‍ന്‍ ശരിയാവുമെങ്കില്‍ അവിടെനിന്ന് യു.എസ്.. വിതിന്‍ ത്രീ മന്ത്സ്....”

“ഒരിക്കലും ഇഷ്ടമാരുന്നില്ലല്ലൊ നിനക്ക്... ഇവിടം വിടാന്‍...”

“ഇഷ്ടങ്ങള്‍ക്കും ഇല്ലേ പെണ്ണേ ചില ഇഷ്ടക്കേടുകള്‍..... ലക്ഷ്വറി ലൈഫ്, അണ്‍ലിമിറ്റഡ് ഡ്രീംസ് വിത് റെസ്പക്ട് ടു മണി, റിയല്‍ എസ്റ്റേറ്റ് ഇന്‍ ബ്രെയിന്‍... ഇതൊന്നും ഇപ്പൊഴും ഇല്ല എന്റെ ആഗ്രഹങ്ങളില്‍.. പക്ഷേ ഇവിടിനി പറ്റില്ല....”

ചാരുലതയുടെ കണ്ണുകളില്‍ അടരാനാവാതെ ഓരോ തുള്ളി കണ്ണീര്‍. ഇന്‍ബോക്സിലെ അടുത്ത മെസേജില്‍ ഡിലീറ്റ് ബട്ടണ്‍ അമര്‍ന്നു

“പിരിയാന്‍ നേരം പണ്ടോരു സര്‍ദാര്‍ജി കാമുകിയോട് പറഞ്ഞ ഡയലോഗാ എനിക്കിപ്പോ ഓര്‍മ്മ വരുന്നെ.. വാപസ് ഭേജ്‌ദോ മേരാ സാരാ എസ്.എം.എസ്..... എല്ലാം ഡിലീറ്റ് ചെയ്തോ നീ.? “

“എക്‍സെപ്റ്റ് വണ്‍... നീ ആദ്യം അയച്ചത്.. പ്രണയം പുറത്തുകാണാതെ പമ്മിയിരുന്ന ആദ്യ മെസേജ്...” നൊമ്പരം പുരണ്ട പുഞ്ചിരിയോടെ ചാരുലത പറഞ്ഞു.


“ഹൌ ഈസ് യുവര്‍ വുഡ്‌ബീ......”

“ഇതുവരെ സംസാരിച്ചില്ല.. അച്ഛന്‍ മുന്നോട്ട് പോകുന്നു അതുമായി.. ഞാനൊന്നും തീരുമാനിച്ചിട്ടുമില്ല...ഐ നീഡ് എ ബ്രേക്ക്..... എ ഗ്യാപ്പ്....”

കണ്ണടച്ച് അവള്‍ മുഖം കൈവരിയോട് ചേര്‍ത്തുനിന്നു....
ഓര്‍മ്മകളില്‍ അവള്‍ ഓടി നടന്നു..
‘കോഫീ ബീന്‍സി‘ലൂടെ, പഴയപുസ്തകം വില്‍ക്കുന്ന തെരുവോരങ്ങളിലൂടെ, തിയേറ്ററിലെ ഇരുട്ടിലൂടെ.....
കണ്ണന്റെ കൂടെ...
ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, കൈതച്ചക്കയും നിറച്ച ഭരണികള്‍ മാടി വിളിക്കുന്നത് അവള്‍ കണ്ടു..

“ഇനി നമ്മള്‍ കാണില്ലേ കണ്ണാ...” അവള്‍ കണ്ണു തുറന്നില്ല

“ഉണ്ടാവില്ല.. ആ ദിവസം നമ്മളിനി പ്രതീക്ഷിക്കണ്ടാ ചാരൂ, when Gods resign and religions get fu***d up.... ദൈവങ്ങള്‍ റിട്ടയര്‍ ചെയ്ത്, മതങ്ങള്‍ പണിയില്ലാതെ ചൊറികുത്തിനടക്കുന്ന ആ ഒരു ഡ്രീം ഡെ ഉണ്ടാവില്ല ഒരിക്കലും.. നമുക്കിനി കാണേണ്ടാ.. തോറ്റുകൊടുത്തില്ലേ നമ്മള്‍ before this *&&&** world...."

അവള്‍ രണ്ടു കൈയും കണ്ണോടു പൊത്തി ദീര്‍ഘനിശ്വാസം പൊഴിച്ചു..

“ഞാനൊന്നും കൊണ്ടുവന്നിട്ടില്ല നിനക്ക് തരാന്‍.. കുറെ നോക്കി.. പക്ഷേ...നിനക്ക് ചേരുന്നതൊന്നും കണ്ടില്ല... “ നിയാസ് വാച്ചില്‍ നോക്കി

“ഞാനും... I haven't brought even myself....."


എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി..
ഒരു കോഫീ കുടിക്കാം കം വിത് മീ
ഹോട്ടാ കൂളാ നീയേ തൊട്ടു പാറ്.....‘

ആരോ പാട്ട് ഉച്ചത്തിലാക്കി.... ചാരുലതയും നിയാസും കൂട്ടുകാരുടെ കൈകളിലായി.....

‘എസ്‌ക്യൂസ് മീ മിസ്റ്റര്‍ കന്തസാമി...
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്....”

അരവിയും നൃത്തം തുടങ്ങി....

വിട പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി....
പ്രണയദിനാഘോഷത്തിന്റെ തിളക്കം എങ്ങും...എവിടെയും

പുതിയ ഇരകളെ തേറ്റി ക്യൂപിഡ് സ്വര്‍ണ്ണ അമ്പുകളുമായി ആകാശത്ത് പറന്നുകൊണ്ടേ ഇരിക്കുന്നു.....


“പോകാം മാഷേ... “ അരവിന്ദ് വണ്ടി സ്റ്റാര്‍ട്ടാക്കി

“ഇന്നെന്താ ഇനി നിന്റെ പ്രോഗ്രാം...”

“അവളവിടെ വെയിറ്റ് ചെയ്യുന്നു... കോഫീ ബീന്‍സില്‍..ഞാന്‍ മാഷിനെ റൂമില്‍ ഡ്രോപ്പ് ചെയ്യാം... “

“ഓക്കേ................ “ ഞാന്‍ സീറ്റ്ബെല്‍റ്റ് വലിച്ചിട്ടു..

നിയോണ്‍ വെട്ടം കുടിച്ച് വണ്ടി നീങ്ങിക്കൊണ്ടേയിരുന്നു....
അരവിയുടെ ഫോണില്‍ പ്രണയവണ്ടിപോലെ എസ്.എം.എസ് വന്നുകൊണ്ടേയിരുന്നു...

“മാഷിന്റെ വാലന്റൈന്‍ എവിടെ...”

“പാവം ഇപ്പോള്‍ അവിടെ ചപ്പാത്തിമാവ് കുഴക്കുകയായിരിക്കും....” ഞാന്‍ പുഞ്ചിരിച്ചു

“വിടു മാഷേ ഒരു എസ്.എം.എസ്.. ബാലന്‍സില്ലേ.. എങ്കില്‍ എന്റെ മൊബൈലീന്ന് വിട്.. രണ്ടായിരം എണ്ണം ഫ്രീയാ....”

ഫോണ്‍ ചിലച്ചു
പ്രിയതമ ഓണ്‍ലൈന്‍

“ഏതു പാര്‍ക്കിലാ തമ്പുരാനേ.. വാലന്റൈന്‍ ഡേ ആയിട്ട് ഒരു ഫോണ്‍ കോള്‍...ങേ ഹേ..വിളിക്കരുത് വിളിക്കരുത്..”

“നമുക്കെന്നും വാലന്റൈന്‍ ഡേ അല്ലേ പെണ്ണേ.... “

“കൂടുതല്‍ കെളത്തല്ലേ......”


“എസ്‌ക്യൂസ് മീ മിസ് സുബ്ബലക്ഷ്മി....
ഒരു ലോംഗ് ഡ്രൈവ് പോലാം കം വിത്ത് മീ
ഫാസ്റ്റാ സ്ലോയാ നീയേ ഒട്ടിപ്പാറ്...”

“ഛീ.... ഡബിള്‍മീനിംഗ്...ഫോണ്‍ വച്ചിട്ട് പോഡേയ്..... കട്ട്!!!!”

അരവിയുടെ ചൂണ്ടുവിരല്‍ വീണ്ടും KAUB തിരഞ്ഞുകൊണ്ടേയിരുന്നു.....