“സീ വീ ഓള്‍ ആര്‍ യംഗ് ഹിയര്‍.. യംഗ് ആന്‍ഡ് എനര്‍ജറ്റിക്. യു ഗോട്ട് എ ലക്കി ചാന്‍സ് ടു വര്‍ക്ക് വിത്ത് എ വൈബ്രന്റ് കമ്പനി.. ആള്‍ ദ ബെസ്റ്റ്....”
സില്‍വര്‍ ഷേക്ക് ഹാന്‍ഡ് തന്നുകൊണ്ട് ഡോ.ജഗന്നാഥന്‍ എന്ന അമ്പതുവയസുകാരന്‍ പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞു
“പുളുവടിക്കല്ലേ അമ്മാവാ ആദ്യം തന്നെ. ഒരു യംഗ്‌സ്റ്റര്‍ വന്നേക്കുന്നു!!”
‘സീറോസ് ആന്‍ഡ് വണ്‍സ് കാന്‍ മേക്ക് യു എ സീറോ’ എന്നു തിരിച്ചറിഞ്ഞ്, ആള്‍മോസ്റ്റ് ചീറ്റിപ്പോയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ആദ്യമായി കാലുകുത്തിയ സ്ഥാപനമല്ലേ.
ആ വിഷ് ഞാന്‍ സന്തോഷത്തോടെ അങ്ങ് സ്വീകരിച്ചു.
കൈയിലെ അപ്പോയിന്‍മെന്റ് ലെറ്റര്‍ ആരും കാണാത്ത ഒരു കോണില്‍ പോയി നിന്ന് ഒന്നുകൂടി വായിച്ചു
‘പ്രോഗ്രാമിംഗ് കണ്‍സള്‍ട്ടണ്ട്.......!!!!’
ശമ്പളം രണ്ടായിരത്തി ഇരുന്നൂറ് കാ പെര്‍ മന്ത്...
ഭാവി മന്തുകാലില്‍....
എന്തായാലും ഡെസിഗ്‌നേഷന്‍ കൊള്ളാം. 'ബ്രീഫ് ഓണ്‍ ദ റൂഫ്’, ഹൂ കെയേര്‍സ് ദ ബാത്..’ കുളിച്ചില്ലെങ്കില്‍ എന്ത് , കൌപീനം ആന്‍റിനയുടെ തുഞ്ചത്തല്ലേ..
കല്യാണ ബ്രോക്കറോട് പറയാന്‍ കൊള്ളാം ഈ ഡെസിഗ്‌നേഷന്‍.. എന്തൊരു വെയ്‌റ്റ്..
‘സ്വാമിയേ.......!!!’ കടലാസില്‍ നോക്കി ഞാന്‍ ഒന്നു പ്രാര്‍ഥിച്ചു.
“എന്നാ!!!! തമ്പീ...യെതുക്കെന്നെ കൂപ്പിട്ടെ?“
കണ്ണുതുറന്നപ്പോള്‍ അണ്ണാനെപ്പോലെ നെറ്റിയില്‍ മൂന്നു ഭസ്മവരയുള്ള വേറൊരു യംഗ്‌മാന്‍..
പ്രായം അറുപതിനു മുകളില്‍ പക്കാ..സീറ്റാശ്രമത്തിലേക്ക് പോകുന്നവഴിയാണ് എന്‍റെ വിളികേട്ടത്
‘സോറി സാര്‍ . ഞാന്‍ അയ്യപ്പസ്വാമിയെയാ കൂപ്പിട്ടത്...‘
“അപ്പടിയാ... “
“ആമാ സാര്‍....”
ഓരോ അടിവീതം അകലത്തില്‍ ട്യൂബ് ലൈറ്റ് കത്തുന്ന മേല്‍ക്കൂരയില്‍ നോക്കി കണ്ണുവിടര്‍ത്തി പതുക്കെ ഞാന്‍ നടന്നു.
ഡെയ്‌ലി മൂന്നുമണിക്കൂര്‍ കറണ്ടുകിട്ടുന്ന ബ്രിജ്‌വിഹാറില്‍ നിന്ന് ഈ ആലക്തികശോഭയിലേക്കെത്തിയപ്പോള്‍ എന്തൊരു സുഖം. എ.സി.തണുപ്പ് എക്സ്‌ട്രാ.
തങ്കാ (ശമ്പളം) ശുഷ്കിച്ചതാണേലും തങ്കപ്പെട്ട സെറ്റപ്പ്.. ഗുഡ് ജി ഗുഡ്..
കണ്ണാടിയിട്ട മുറിയിലേക്ക് വലംകാല്‍ വച്ചുകയറി.
കാത്തിരിക്കുന്ന കാലിയായ സീറ്റിനെ ഒന്നു നമിച്ച് ആസനസ്ഥനായി..
ഓണ്‍ ചെയ്താല്‍ ഒരുമണിക്കൂറുകൊണ്ട് സ്റ്റാര്‍ട്ട് ആവുന്നതാണീ കമ്പ്യൂട്ടര്‍ എന്ന് മോണിട്ടര്‍ കണ്ടപ്പോഴേ മനസിലായി. പി.സി. എക്‍സ്.ടി വിത്ത് മോണോ മോണിട്ടര്‍..
ഒന്നു ചുറ്റും നോക്കിയേക്കാം..
തൊട്ടപ്പുറത്ത് ഒരു മഹാനുഭാവന്‍ മോണിട്ടറിലേക്ക് നോക്കിയിരിക്കുന്നു. കെ.എസ്.ആര്‍.ടി സി ബസിന്‍റെ മുകള്‍ഭാഗം പോലെ ഉന്തിനില്‍ക്കുന്ന ഹെയര്‍സ്റ്റൈല്‍. അസ്ഥിയോ മാംസമോ കൂടുതല്‍, കറുപ്പോ വെളുപ്പോ കൂടുതല്‍ എന്ന ബോഡി ഡിസ്‌ക്രിപ്‌ഷന്‍. ഒറ്റനോട്ടത്തില്‍ അറിയാം കക്ഷി മണിപ്പൂരി തന്നെ..
- ഒന്നു തിരിഞ്ഞുനോക്കാശാനേ. ഒരാള്‍ വന്നുകേറിയ ഭാവം പോലുമില്ലല്ലോ.. ആശാനെന്താ മോണിട്ടറിലെ പൊടിയെണ്ണുവാണോ. എനിക്കും ഹിന്ദി കുറച്ചറിയാം. ലെറ്റ്സ് ടോക്ക്..
ഞാന്‍ മനസില്‍ പറഞ്ഞു.
ഇല്ല.. ഒരു മൈന്‍ഡുമില്ല. ഇനി വല്ല പ്രൊഫഷണല്‍ ഈഗോ വല്ലോം.....
ആങ്.. പോട്ടെ.. ‘ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരും’
എന്താണാവോ ആദ്യത്തെ ജോലി.. ആരെയും കാണുന്നില്ലല്ലോ.. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യണോ വേണ്ടയോ.
കണ്‍ഫ്യൂഷന്‍ ഏറിയപ്പോള്‍ കണ്‍ഫ്യൂഷ്യസിനെപൊലെ ചിന്താമഗ്നനായി വെറുതെ ഇരുന്നു.
“മോളീ...... മോളീ......“
ങേ...!!!!
ഞാന്‍ മോളില്‍ നോക്കി.
ഇതെവിടുന്ന്!!
“മോളിക്കുട്ടീ..... ഇത് ഞാനാ.....”
-- ആര് ...?
ഈശ്വരാ... മണിപ്പൂരി പയ്യന്‍ മണിമണിപോലെ മലയാളം പറയുന്നു, ഫോണില്‍....
“ചുമ്മാ... ചുമ്മാ വിളിക്കാന്‍ തോന്നി... മോളിക്ക് സുഖം തന്നെയല്ലേ”
- ആയിരിക്കും.. അല്ലെങ്കില്‍ മറുപടി കേട്ട് ഇവന്‍ ഇത്ര റൊമാന്‍റിക്കായി ചിരിക്കില്ല.
“നാളെ അവധിയല്ലേ.. എവിടാ പോകുന്നെ.. എനിക്ക് നല്ല മൂഡ്...”
- ഉള്ള കാര്യം പറയാമല്ലോ ആശാനേ. എനിക്കും ഉണ്ട് മൂഡ് .. പക്ഷേ മൂഡ് മാത്രം പോരല്ലോ.. മോളീം കൂടെ വേണ്ടേ..
“ഉച്ചക്ക് ജന്തര്‍ മന്തറില്‍ പോകാം.. യെസ്.. പറയുന്ന കേള്‍ക്ക് മോളീ.. നോ.. നോ... ഫസ്റ്റ് ജന്തര്‍ മന്തര്‍.....’
- ജന്തര്‍ മന്തറില്‍ സാധാരണ ധര്‍ണ്ണക്കാരാ പോകാറ്... അവശകാമുകരുടെ അവകാശസംരക്ഷണത്തിനു വേണ്ടിയാണോ ആശാനേ..
“നോ... നോ.. ദോശ വേണ്ട.. ഇഡ്ഡലി കഴിക്കാം.. അവിടുത്തെ ദോശ കൊള്ളില്ല.. മോളീ.. പറയുന്ന കേള്‍ക്ക്.. ഇഡലി മതി.. പറ്റില്ല.. ദോശ പറ്റില്ല..”
- അവിടുത്തെ ഇഡലിയും ഇപ്പോള്‍ കണക്കാ ആശാനേ.. സര്‍വത്ര പുളി..
“മോളേ മോളീ ... അവിടുത്തെ ദോശ വയറു കേടാക്കും.. ഇഡലി മതി.. ങേ.. ഇനി ഞാന്‍ ചൂടാവും പറഞ്ഞേക്കാം. നോ... ദോശ വേണ്ട..’
- തല്‍ക്കാലം കോമ്പ്രമൈസില്‍ എത്തി രണ്ടുപേരും ബോണ്ട കഴിക്കെന്നേ.. ചുമ്മാ അടിയിടാതെ
“മോളീ ലിസണ്‍.... ഞാന്‍ പറയുന്നത് കേള്‍ക്കാന്‍.. നിന്നെ എനിക്കെന്തിഷ്ടമാണെന്നറിയാമോ..”
- ഉവ്വോ.. എങ്കില്‍ ഒരു ദോശ വാങ്ങിക്കൊടുക്കാശാനേ.. എട്ടു രൂപയുടെ കാര്യമല്ലേയുള്ളൂ...
“ ദോശയല്ല പ്രശനം... നിന്‍റെ വാശിയാണു പ്രശ്നം..... ഇത്ര ഷോര്‍ട്ട് ടെമ്പേഡ് ആവരുത് നീ.... മോളീ... പ്ലീസ്.. മോളീ..”
- അത് സ്ത്രീജനങ്ങള്‍ അങ്ങനാ ആശാനേ.. ഫ്രം രുദ്രാദേവി ടു റാബ്രിദേവി.. ആള്‍ ആര്‍ ഷോര്‍ട്ട് ടെമ്പേഡ്..
“ഒ.കെ.. അവിടെ നിന്ന് നമ്മള്‍ ഇന്ത്യാഗേറ്റില്‍ പോകുന്നു..”
- എന്തിനാ പോച്ച പറിക്കാനാണോ.
“നോ.. നോ.. നെഹ്രുപാര്‍ക്ക് വേണ്ട.. അവിടെ പോലീസുകാരുണ്ട്.. മോളീ.. ലിസണ്‍.. ഇന്ത്യാഗേറ്റു മതി.. ങേ... വേണ്ട.. പാര്‍ക്ക് വേണ്ടാന്നു ഞാന്‍ പറഞ്ഞു..”
- ഇന്ത്യാഗേറ്റും ഇപ്പോ അത്ര സേഫല്ലാശാനേ. കഴിഞ്ഞഴ്ചയാ, ബ്രിജ്‌വിഹാറിലെ ഡിസ്കോ ഉണ്ണിയേയും വുഡ്‌ബീയേയും പോലീസ് മൂടോടെ പിഴുതെടുത്തത്..
“ഉം. സമ്മതിച്ചു... ശരി. ശരി.. പിന്നെ.. ഇന്നലെ രാത്രി ഞാന്‍ നിന്‍റെ പാട്ടുകേട്ടു. യെസ്.. ഹോ.. എന്തു രസം.. അതൊന്നു പാടാമോ ഇപ്പോ.. പ്ലീസ്.”
- എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എന്ന പാട്ടാന്നോ..
“അതല്ല.. മറ്റേ പാട്ട്.... നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷി. എന്ന പാട്ട്.. പ്ലീസ്.. ഒന്നു പാട്.. പറ്റില്ലേ..”
- നെറ്റിയില്‍ പൂവുണ്ടെങ്കില്‍ കിളി എങ്ങനെ പാടും. കോണ്‍സണ്ട്രേഷന്‍ കിട്ടുമോ.. പൂവെടുത്ത് ചെവിയില്‍ വക്കാന്‍ പറയൂ.. അപ്പോ ഈസിയായി പാടാമല്ലോ..
“ഉം.. മതി.. പിന്നെ മതി.. ആങ്.. പിന്നെ.. ലവന്‍ വന്നു കേട്ടോ.. അതെ.. കണ്ടിട്ട് ഒരു ബിഹാറിയേപ്പോലെ ഉണ്ട്. ഒരു കെഴങ്ങന്‍.. ഉവ്വുവ്വ്.. ഇന്നു ജോയിന്‍ ചെയ്തു.. ദാ അടുത്തിരിപ്പുണ്ട്.. ഒരു കാലമാടന്‍ ലുക്ക്.. അതെ.. യെസ്.. എനിക്ക് കിട്ടേണ്ട പ്രോഗ്രാമിംഗ് സീറ്റാ ഈ എന്തിരവന്‍ വലിച്ചെടുത്തത്.. അതെ.. ങേ... അതേ മോളീ.. ഒരക്ഷരം ഞാന്‍ പറഞ്ഞു കൊടുക്കില്ല. നോക്കിക്കോ.. കൊറെ വെള്ളം കുടിക്കും കെഴങ്ങന്‍”
- കെഴങ്ങന്‍, കാലമാടന്‍.... ആശാനേ.. ചിറ്റപ്പന്‍ എന്നെ വിളിക്കുന്ന പേരുകള്‍ ആശാനെങ്ങനെയറിഞ്ഞു?
“അതെ.. ഇവനെ ഞാന്‍ പൊകച്ചു ചാടിക്കും.. ഏറിയാല്‍ മൂന്നുമാസം.. കൊടുങ്ങല്ലൂര്‍ കോവിലകത്തോടാ കളി !!.. ഹാ ഹാ.. ശരിയെന്നാല്‍.. വക്കട്ടെ.. വൈകിട്ടു കാണാം. പിന്നെ.. പിന്നെ.. അതിങ്ങു കിട്ടിയില്ല...”
- ഉമ്മ ആയിരിക്കും. പെട്ടെന്നു വാങ്ങിച്ചോ ആശാനേ.. പെണ്ണും പോസ്റ്റ്‌മാനും ഒരുപോലെയാ. കിട്ടാനുള്ളത് എടുപിടീന്നങ്ങു വാങ്ങിച്ചോണം. ഡിലേ ആയാല്‍ പോയതുതന്നെ.
“അതല്ല... എന്‍റെ സഞ്ചി.. അന്ന് നീ ബജാറില്‍ പോകാന്‍ കടം വാങ്ങിച്ച.. ഇന്നലെ ഞാന്‍ സഞ്ചിയില്ലാതാ ചന്തയ്ക്ക് പോയേ..”
- കൊശവന്‍.. ഒരു സഞ്ചിവാങ്ങാന്‍ പോക്കില്ലാത്ത നീയാണോ പ്രേമിക്കാന്‍ നടക്കുന്നത്.
കാമുകന്‍ ഫോണ്‍ താഴെ വച്ചു.
ഞാന്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത മോളിക്കുട്ടി ശത്രുസംഹാരത്തിനായി എത്ര മെഴുകുതിരി കത്തിക്കും കര്‍ത്താവേ എന്നു ചിന്തിച്ചു താടിക്ക് കൈയും കൊടുത്തു ഞാന്‍ ഇരുന്നു.
മൂവായിരം കിലോമീറ്റര്‍ ഓടി ഇന്ധനം തീര്‍ന്ന റെയ്‌നോള്‍ഡ് പേന വട്ടത്തില്‍ ഉരച്ച് ഇല്ലാത്ത മഷിയെ ഉണ്ടാക്കാന്‍ ഒരു വിഫലശ്രമം നടത്തി ഒടുവില്‍ കാമുകന്‍ എന്‍റെ നേരെ ദാ കഴുത്തു നീട്ടുന്നു..
“സ്‌ക്വീസ്.........മീ............”
- ഷുവര്‍..അധികം താമസിയാതെ ഈ കഴുത്ത് ഞാന്‍ സ്‌ക്വീസ് ചെയ്തോളാം..
“ഹായ്... മേ ഐ ഹാവ് യുവര്‍ പെന്‍ .....” പാവം എന്തൊരു സോഫ്‌ട് വോയ്‌സ്..
“ഷുവര്‍ ആന്‍ഡ് വൈനോട്ട്......” ഞാന്‍ പുഞ്ചിരിച്ച് പേന നീട്ടി.
“താങ്ക്സ്.... ബൈ ദ ബൈ.. ഐ ആം ബെന്നി സേവ്യര്‍.. ഡേറ്റാ എന്‍റി കണ്‍സള്‍ട്ടന്റ്.........” ഷേക്ക് ഹാന്‍ഡും ശുഭമായി..
“വൌ.. ഗ്രേറ്റ്.....നൈസ് ടു മീറ്റ് യു.....”
“മേ ഐ നോ യുവര്‍ ഗുഡ് നെയിം....” എന്തൊരു പുഞ്ചിരി വഞ്ചകന്......
“മുമ്പേ പറഞ്ഞ പേരു തന്നെ.. കെഴങ്ങന്‍.. കാലമാടന്‍ എന്നും വിളിക്കും..“
“!!!!!!!!“
മൂട്ടിനു മൂട്ടകടി കിട്ടിയ മൂത്താശാരിയുടെ മുഖഭാവത്തോടെ ബെന്നി ഒന്നു ഇടിഞ്ഞു താണു.
“അയ്യോ.... ഈശ്വരാ... മലയാളി ആരുന്നോ.. ഛേ.... മാഷേ.. ഞാന്‍ കരുതി..”
“ബീഹാറിയാണെന്ന് അല്ലേ.. കൊഴപ്പമില്ല.. അളിയന്‍ മണിപ്പൂരിയാണെന്നാ ഞാനും കരുതിയെ. മോളിക്കുട്ടിയെ വിളിക്കും വരെ...”
‘!!!!!!’
പിന്നെയും ഒന്നിടിഞ്ഞു താണു..
“ഛേ.. ഞാന്‍ വെറുതെ..തമാശ... അവളോട് പറഞ്ഞത്... സോറി.. മലയാളി ആണെന്നറിഞ്ഞെങ്കില്‍....”
“വൈകിട്ട് കാണുമ്പോഴേ പറയുവാരുന്നു അല്ലേ.. സാരമില്ല.. അണ്ടര്‍ ഗ്രൌണ്ടിലൂടാണേലും ആകാശത്തൂടാണേലും പാര പാര തന്നെയല്ലെ അളിയാ“
“ഛേ.. നെവര്‍.. പാരയോ.. ഞാനോ.. അങ്ങനെ പറയല്ലേ..”
അരമണിക്കൂര്‍ സംസാരം കൊണ്ട് ഒന്നെനിക്ക് മനസിലായി.. ഈ അടിമാലിക്കാരന്‍ അച്ചായന്‍റെ മനസ് തെളിനീരുപോലെയാണ്, സ്നേഹം പടര്‍ന്നു പന്തലിച്ചതാണ്.. ഇവന്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ മനുഷ്യത്വം തളംകെട്ടി നിര്‍ത്തിയിരിക്കുന്നവനാണ്...
കാമുകിയുടെ മുന്നില്‍ ആളാവാന്‍ സല്‍മാന്‍ ഖാന്‍ വരെ വിറകുവെട്ടുന്നപോലെ ഡാന്‍സ് കളിക്കുന്ന ഈ കാലത്ത്, മോളിക്കുട്ടിയോട് ഇവന്‍ അങ്ങനെയൊക്കെ പറഞ്ഞതില്‍ എന്തത്ഭുതം..
"ആരാ അളിയാ മോളിക്കുട്ടി.. എങ്ങനെ ഒപ്പിച്ചു.........”
“ഓ... അതൊരു കഥയാ അളിയാ... അവള്‍ എന്‍റെ തൊട്ടടുത്ത മുറിയിലാ താമസം. പാവം കൊച്ചാ. ഒരു ചുവരിന്‍റെ മറമാത്രമേയുള്ളൂ ഞങ്ങള്‍ക്കിടയില്‍... “
“അതുശരി.. അപ്പോ ബഷീര്‍ പണ്ടു ചെയ്ത പോലെ സുഷിരം വല്ലോം ഇട്ടോ അളിയന്‍..”
“ഒന്നു പോ അളിയാ.. ഒരുമാതിരി ആക്കാതെ...”
“അളിയാ ... സത്യത്തില്‍ ഈ കമ്പനിയില്‍ എന്താ നടക്കുന്നത്.. അല്ല ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ...” ഞാന്‍ പുറകോട്ടൊന്നു ചാഞ്ഞു.
“ചൊവ്വാ ഗ്രഹത്തില്‍ എന്തുനടക്കുന്നു എന്നു ചോദിച്ചാല്‍ ഒരുപക്ഷേ ആന്‍സര്‍ കിട്ടും. പക്ഷേ ഈ ചോദ്യത്തിനു ഉടയതമ്പുരാന്‍റെ കൈയിലും ആന്‍സര്‍ ഇല്ല..കണ്‍സള്‍ട്ടന്‍സി ഇന്‍ ബയോട്ടെക്ക്‍നോളജി എന്നൊക്കെ പറയുന്ന കേക്കാം. എവിടെ നോക്കിയാലും അവിടെല്ലാം കണ്‍സള്‍ട്ടെന്റ്. ഒരുത്തനും ഒരുപണിയുമില്ല. എന്താ ഇവിടെ നടക്കുന്നേന്ന് ഞാനിപ്പോ ഓര്‍ക്കാറില്ല... ഓര്‍ത്തിട്ടു ഒരു കാര്യോമില്ല.. എല്ലാവര്‍ഷവും സര്‍ക്കാര്‍ മോശമല്ലാത്ത ഗ്രാന്റ് കൊടുക്കും. അതുവാങ്ങി തോപ്പം തോപ്പം കമ്പ്യൂട്ടറും, കണ്‍സള്‍ട്ടണ്ടും കൊണ്ട് സകലയിടവും നിറയ്ക്കും... “
“അളിയനെന്താ ഇവിടെ പണി.....? “
“കട്ട് ആന്‍ഡ് പേസ്റ്റ്.... ഇക്കണക്കിനു പോയാല്‍ ഷേവിംഗ് ചെയ്യേണ്ടി വരും....” ബെന്നി നെടുവീര്‍പ്പിട്ടു.
“എന്നു വച്ചാ.....? “
“എന്നും രാവിലെ ഒരു കെട്ട് പത്രം എന്‍റെ മുന്നില്‍ കൊണ്ടിടും. അതില്‍ എവിടെ ബയോളജി എന്ന വാക്കുണ്ടോ അതിനു പത്തിഞ്ചു മോളീന്നും താഴേന്നും കീറിയെടുക്കും. എന്നിട്ടു ദാ ഈ ഫയലില്‍ ഒട്ടിക്കും.. പിന്നെ അത് കമ്പ്യൂട്ടറിലോട്ട് കേറ്റും... അത്രതന്നെ..”
“ഇതിന്‍റെ പ്രയോജനം എന്താ..”
“ഗോഡ് നോസ്.. ഭാവിയില്‍ ഇത് കോടികള്‍ നേടിത്തരുന്ന ഡേറ്റാബേസാവും എന്നാ ബോസണ്ണന്‍ പറയുന്നെ.. ഇത് കേള്‍ക്കാന്‍ തൊടങ്ങീട്ട് നാളു കൊറെയായി. നടുകീറിയ പേപ്പര്‍ എനിക്ക് വേണ്ടാ എന്നാ കവാടിവാലാ വരെ പറയുന്നെ.. അങ്ങനെപോലും ഒരു പ്രയോജനം ഇല്ല....” ബെന്നി താടിയുഴിഞ്ഞു.
“ഇവിടെല്ലാം ഉപദേശികളാണോ... ഐ മീന്‍ കണ്‍സള്‍ട്ടണ്ട്‌സ്.....”
“അതെ... തൂപ്പുകാരനു മാത്രം അതില്ല.. സ്വീപ്പിംഗ് കണ്‍സള്‍ട്ടണ്ട് എന്ന് കൊടുക്കാഞ്ഞെ ഭാഗ്യം..”
‘പൊത്തോം... !!!! പളനിയാണ്ടവാ..........!!!!‘
ഒരു പതനവും പുറകെ ഒരു പ്രയറും കേട്ടു ഞാനൊന്നു ഞെട്ടി...
“പേടിക്കെണ്ടാ. ഇതു സാധാരണയാ.. അപ്പുറത്തൊരു അണ്ണാച്ചിയമ്മാവന്‍ ഇരിപ്പുണ്ട്. ശ്രീമാന്‍ വി.എന്‍.കെ സ്വാമി.. ഉറക്കം മൂക്കുമ്പോള്‍ മൂക്കിടിച്ചു വീഴുന്നതാ..”
കണ്‍സള്‍ട്ടണ്ടുകളെ ഒക്കെ ഒന്നു പരിചയപ്പെടുത്താന്‍ ബെന്നി എന്നെയും കൊണ്ട് കോറിഡോറുവഴി നീങ്ങി..
“ദാ...ആ ഇരിക്കുന്നതാണ് വിശാല്‍ സക്സേന.... മൂത്ത കണ്‍സള്‍ട്ടണ്ട്.. പണി ഉറക്കം.. ഇടയ്ക്ക് ലഞ്ച് കഴിക്കാന്‍ ഉണരും. ഒരു ശല്യവുമില്ല..“
ക്യാബിനുകളില്‍ നാലഞ്ചു പെണ്‍പ്രജകളും..
“അത് ദീപാ വര്‍മ്മ..... തണുപ്പുകാലം ആയാല്‍ സ്വെറ്റര്‍ തയ്ക്കുന്ന ഒരു പണിയുണ്ട്.. ബാക്കി സമയം പരദൂഷണം.. മിസ് ഇന്ത്യ ആണെന്നാ വിചാരം. “
വലത്തെ ക്യാബിനില്‍ ഒരു കഷണ്ടിയമ്മാവന്‍
“അത് ഡോ. ടി. കെ. റായ്.. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാ.. ദോഷം പറയരുതല്ലോ.. ഇവിടെ പണിയുള്ള ഒരേയൊരാള്‍ പുള്ളിയാ.. വേണേല്‍ ഒന്നു തൊഴുതോ..”
“എന്താ പണി പുള്ളിയുടെ...?”
“രാവിലെ തൊട്ട് വൈകുന്നേരം വരെ ഇവിടുത്തെ സകല ഫീമെയില്‍ സ്റ്റാഫിനും മാറിമാറി ഉമ്മ കൊടുക്കുന്ന പണി. സ്‌മൂച്ച് സോമച്ച്..അതാ കെളവന്‍റെ പോളിസി..”
“ഞരമ്പാണോ....? “
“അല്ലെന്ന് പുള്ളിമാത്രം പറയും. ബിലോ തേര്‍ട്ടി പെണ്ണുങ്ങള്‍ മകളെപ്പോലെ.. എബൊവ് തേര്‍ട്ടീസ് അനിയത്തിമാരെപ്പോലെ.. എന്നൊക്കെ പറയുന്നുണ്ട്. ഇങ്ങേരെക്കൊണ്ട് ഷോപ്പിംഗിനു പോലും ഭാര്യ പോകാറില്ലെന്ന്.. ഒരിക്കല്‍ പോയപ്പോ തുണിക്കടയിലെ ബൊമ്മയ്ക്ക് ഉമ്മ കൊടുത്തുപോലും......... ചളുക്കു കൊടുക്കാനാളില്ലാഞ്ഞാ... അല്ലാതെ പിന്നെ..”
“ഇതിനെയാണളിയാ സെപ്റ്റാജനേറിയന്‍ സിംപ്‌റ്റം എന്നു പറയുന്നത്...”
“എന്തു സിംപ്റ്റമാണേലും ഇതിത്തിരി മൂപ്പാ.. അളിയനറിയുമോ, ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സില്‍ , എസ്.ഐ ആയി സെലക്ഷന്‍ കിട്ടിയപ്പോള്‍ ഇവിടുത്തെ പഴയ റിസപ്‌ഷനിസ്റ്റ് ഹാപ്പിയായി പോയി.. ‘അമ്മാവന്‍റെ ഉമ്മയെക്കാള്‍ ഭേദമാ അതിര്‍ത്തിയിലെ ഉണ്ട‘ എന്നവള്‍ എന്നോട് പറഞ്ഞു..’
ചിരിയുമായി ഞങ്ങള്‍ നടന്നുനീങ്ങി.
‘ഇത് ശിവ് ലാല്‍.. ഇവിടുത്തെ പ്യൂണ്‍ കണ്‍സള്‍ട്ടണ്ട്... കാണണേല്‍ കക്കൂസില്‍ ചെല്ലണം...” എതിരെ ഫയലുമായി വന്ന കുടവയറനെ നോക്കി ബെന്നി
“അതെന്തേ..”
“കഴിഞ്ഞ തവണ ഗാവില്‍ (ഗ്രാമം) പോയപ്പോ അമ്മാവന്‍ പറഞ്ഞത്രെ ‘ബേട്ടാ നീ അങ്ങ് ഛോട്ടാ ആയിപ്പോയല്ലോ’ എന്ന്.. അന്നു തൊട്ടു തീറ്റി തുടങ്ങി.. രാവിലെ ഇരുപത് റൊട്ടി.. നേരേ ക്ലോസറ്റില്‍ പോയിരിക്കും..ഉച്ചവരെ..”
നടന്നു നടന്നു അങ്ങേ അറ്റത്തെത്തി..
“ഇനി നമ്മള്‍ കാണാന്‍ പോകുന്ന ആളാണ് ശ്രീ കനരകരാജ്. ഐ.ടി, മാനേജര്‍ എന്നാണു വപ്പ്. മഹാ അമക്കന്‍ ആണീ തമിഴന്‍. ഒരു എഴുത്ത് പത്തു തവണ അയച്ചു എന്ന് രേഖ ഉണ്ടാക്കി ഒമ്പതിന്‍റെ കാശ് പോക്കറ്റിലിടുന്നവന്‍.. കുനിഞ്ഞു നിന്നാല്‍ കവചകുണ്ഡലങ്ങള്‍ വരെ അടിച്ചുമാറ്റും.. സൂക്ഷിച്ചോണം..”
പതുക്കെ ഞങ്ങള്‍ അടുത്തെത്തി.. കനകപ്പന്‍ ഫോണില്‍ ബിസി..
“ഹലോ.... ഹാംജി.. മോണിട്ടര്‍ എത്രയ്ക്ക്... മുപ്പതു രൂപാ കിലോയോ.. പറ്റില്ല. കുറച്ചുകൂടിയങ്ങോട്ട്..... ഓ.കെ.. പ്രിന്‍റര്‍? .. ഓ.കെ.. പ്രിന്‍റര്‍ അറുപതു രൂപാ കിലോ.. ദെന്‍ സി.പി.യു.. ഓ.കെ. ഓ.കെ.. എഴുപ്പത്തഞ്ചു രൂപ കിലോ....”
“ഇന്തെന്താ അളിയാ.. പച്ചക്കറിക്കച്ചോടമോ.....? “
“അല്ല.. പഴയ കമ്പ്യൂട്ടര്‍ കവാടിവാലായ്ക്ക് കൊടുക്കുക എന്നതാ ഇയാളുടെ മെയിന്‍ ജോലി.. എന്നിട്ട് ഓരോ വര്‍ഷവും പുതിയത് വാങ്ങിക്കൂട്ടുക. കിട്ടുന്ന ഗ്രാന്റ് എങ്ങനെയെങ്കിലും ചെലവാക്കെണ്ടെ...”
തിരികെ സീറ്റിലെത്തി.
എന്നാ ഇനി സിസ്റ്റം ഓണ്‍ ചെയ്യാം..
ആദ്യത്തെ ജോലിയിലെ ആദ്യത്തെ സ്വിച്ചോണ്‍ കര്‍മ്മം..
‘ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനേ....
ശ്രീപാര്‍വതിയുടയ തനയപ്രിയ ഗജമുഖബാലകനേ.....
വിഘ്നേശ്വര ശുഭദ സുഖദമൊരു ജീവിതമേകണമേ...
വിഘ്നം നിന്‍ നടയിലുടയുമൊരു കേരമതാകണമേ......’
കണ്ണടച്ചു കൊണ്ട് ചൂണ്ടുവിരല്‍ കമ്പ്യൂട്ടറിന്‍റെ പവര്‍ബട്ടണിലേക്ക് ഉദ്ദേശം വച്ചു പായിച്ചു..
ങേ.!!!!
സ്വിച്ചിനുപകരം വിരല്‍ത്തുമ്പില്‍ ഒരു സ്പോഞ്ച് ഫീലിംഗ്...
പ്രാര്‍ഥനയ്ക്കും സ്വിച്ചോണ്‍ കര്‍മ്മത്തിനും ഇടയില്‍ ഓഫീസ് ബോയ് മുരുകേശ് ലെറ്റര്‍ ഹെഡ്ഡെടുക്കാന്‍ വേണ്ടി, സി.പി.യുവിന്‍റെ മുന്നില്‍ വന്ന് നിന്നത് ഞാനറിഞ്ഞില്ല..
വിരല്‍ കൊണ്ടത് ബട്ടണില്ല.. മുരുകേശിന്‍റെ ചന്തിക്കാണ്..
“എന്നാ അണ്ണൈ!!!!!!! “ അപ്രതീക്ഷിതമായി ആസനത്തില്‍ അംഗുലീസ്പര്‍ശം കിട്ടിയ മുരുകേശ് ഞെട്ടിച്ചാടി..
“പയലേ.. എന്‍ പക്കത്തിലേ ഉന്‍ ചന്തി കൊണ്ടുവക്കാന്‍ യാര്‍ ശൊല്ലി.. കടവുളേ ഇനാഗുറേഷനേ കതം മുടിഞ്ചാച്ച്!!!!!!”
പൊട്ടിച്ചിരിയോടെ ബെന്നി ഒരു കപ്പ് ചായ എനിക്ക് നീട്ടി..
“അളിയാ.. എന്‍റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ ചായ...നിന്നോടൊപ്പം ഷെയര്‍ ചെയ്യുന്നു..... ബ്ലസ് മീ മൈ ബ്ലിസ് ബോയ്........” ഞാന്‍ ചിരിച്ചു.
“ചിയേഴ്‌സ്......................” ഞങ്ങളുടെ കപ്പുകള്‍ ആദ്യമായി കൂട്ടിയിടിച്ചു..
“സര്‍... ചായ..........................”
പ്യ്യൂണ്‍ ധനിറാം എന്‍റെ പത്തുവര്‍ഷങ്ങളെ പെട്ടെന്നടര്‍ത്തിയെടുത്തു.
ദില്ലിയിലെ ആദ്യജോലിക്കും അവസാനജോലിക്കും ഇടയിലെ പത്തുവര്‍ഷങ്ങള്‍..
മഞ്ഞും മഴയും, ദീപാവലിയും, ഹോളിയും, രാം ലീലയും ഒക്കെ നിറം പിടിപ്പിച്ച പത്തുവര്‍ഷങ്ങള്‍..
യൌവനത്തിലെ മികച്ച പത്തു വര്‍ഷങ്ങള്‍....
ധനിറാം.. ഇത് നീ എനിക്ക് തരുന്ന അവസാനത്തെ ചായയാണ്....
ഇനി നമ്മള്‍ കാണില്ല.. നിനക്കെന്‍റെ സ്നേഹാശംസകള്‍.. രണ്ടായിരം രൂപകൊണ്ട് മൂന്നുമക്കളേയും പെണ്ണിനേയും പോറ്റുന്ന നിന്‍റെ വിയര്‍പ്പാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. എന്നിട്ടും നീ എങ്ങനെ ചിരിക്കുന്നു.. നിന്‍റെ മുഖം മങ്ങി ഞാന്‍ കണ്ടിട്ടില്ല.. നീ എന്നെ അത്ഭുതപ്പെടുത്തുന്നു..
എല്‍.ജിയുടെ മോണിട്ടറിലേക്ക് ഞാന്‍ ഒന്നുകൂടി നോക്കി..
എന്‍റെ പകലുകളില്‍ മുഖാമുഖം നിന്ന് എന്നോട് സംവേദിക്കുന്ന അതിന് ജീവനുള്ളതുപോലെ തോന്നി..
അതെ.. ചിലപ്പോള്‍ യന്തങ്ങളിലും ആത്മാവു കണ്ടെത്താം..
ഗുഡ് ബൈ...ഇനി നമ്മളും കാണില്ല....
മൌസ് പോയിന്‍റര്‍ സ്റ്റാര്‍ട്ട് ബട്ടണില്‍ അമര്‍ന്നു...
ഷട്ട് ഡൌണ്‍..................
മൈക്രോസോഫ്റ്റ് വിന്‍ഡോസും ചിലപ്പോള്‍ ഫിലോസഫറെപ്പോലെയാണ്.
ഒടുങ്ങും മുമ്പു കുറച്ച് ഓപ്‌ഷനുകള്‍
താല്‍ക്കാലികമായ ലോഗോഫ്
എല്ലാം മറന്നൊരു റീസ്റ്റാര്‍ട്ട്..
ഒന്നു ചിന്തിക്കാന്‍ സ്റ്റാന്‍ഡ് ബൈ
അല്ലെങ്കില്‍ എന്നെന്നേക്കുമായുള്ള ഷട്ട്ഡൌണ്‍..
ചിന്തിക്കാന്‍ അവസരം തരുന്ന ടെക്ക്നോളജി...
അനിശ്ചിതത്വത്തിന്‍റെ മഞ്ഞിലേക്കിറങ്ങുന്നവനോട് അമ്മയുടെ കണ്ണുകള്‍ ചോദിക്കുന്നതുപോലെ നാല് ഓപ്‌ഷനുകള്‍.
ഷട്ട്ഡൌണ്‍ സ്വാമീ..
പോയിന്‍റര്‍ ഒ.കെ ബട്ടണില്‍ അമര്‍ന്നു.
യന്ത്രങ്ങള്‍ക്കും മനസുണ്ട്. അവയുടെ നനുത്ത സ്പര്‍ശം പലപ്പോഴും അറിയാം. അവയുടെ വിഷാദവും അറിയാം.
മോണിട്ടര്‍ കറുത്തൊടുങ്ങി..
ഇടയ്ക്കോര്‍ക്കുക
ഇടയ്ക്ക് വിളിക്കുക
വേദനിപ്പിച്ചെങ്കില്‍ പൊറുക്കുക..
ഇനി കാണുമോ എന്നറിയില്ല.. എനിക്ക് വയസായി
നീ നല്ലവനായിരുന്നു
ഒരുപാട് ഉയര്‍ന്നുപോവുക
ഇനി ആരെ നീ എന്നൊക്കെ വിളിക്കും ഞാന്‍
പതിവു വിടവാക്കുകള്‍..
ഫുള്‍ ആന്‍ഡ് ഫൈനല്‍ ചെക്ക് വാങ്ങി. എച്ച്.ആര്‍ മാനേജര്‍ പിന്നാലെ ഷേക്ക് ഹാന്‍ഡും തന്നു.
യാത്ര ചോദിക്കാന്‍ ഇനി ആരുണ്ട് ബാക്കി?
ജീവിതത്തെ പണത്തിന്‍റെ തുലാഭാരത്തട്ടില്‍ ആട്ടിവിഷമിക്കുന്ന ബോസ് വന്ദനാജിയുടെ കാബിനില്‍ കയറി.
സീറ്റില്‍ ആളില്ല. ഷെയര്‍ മാര്‍ക്കറ്റ് പതനമോര്‍ത്ത് എവിടെയോ അലയുന്നുണ്ടാവും
യെല്ലോ സ്റ്റിക്കറില്‍ കുറിപ്പെഴുതി
‘പോകുന്നു മാഡം. പാന്‍റിന്‍റെ പോക്കറ്റില്‍ കൈയിട്ട് സംസാരിച്ച് മാനര്‍ലെസ് ആയതടക്കം ചെയ്ത ക്രൂരകൃത്യങ്ങള്‍ പൊറുക്കുക.. ആഫ്റ്റര്‍ ഓള്‍ ലൈഫീസ് ആന്‍ ഇന്‍ഫോര്‍മല്‍ ജേണി ടു ഇന്‍ഡെപ്‌ത് ബ്ലാക്ക്‍ഹോള്‍..’
സജിയുടെ ക്യാബിനിലേക്ക് ചെന്നു..
“പോട്ടേടാ....”
സജി മിണ്ടിയില്ല...
മൌനങ്ങളില്‍ മണ്ണിന്‍റെ മണം ഇടിഞ്ഞു നിറഞ്ഞു.
റിസപ്‌ഷനിലെ സുന്ദരിയോടെ അവസാന ബൈ പറഞ്ഞു..
വെളിയിലേക്കിറങ്ങി
‘എന്നെ വില്‍ക്കല്ലേ’ എന്ന് ബൈക്ക് പറയുന്നപോലെ.. തലചെരിച്ചുറങ്ങുന്ന പശുക്കുട്ടിയേപ്പോലെ എന്‍റെ കവാസാക്കി..
പണ്ട്, വിറ്റ പശുക്കുട്ടിയെ നനഞ്ഞ കണ്ണോടെ നോക്കി നിന്ന അപ്പൂപ്പനെ ഓര്‍മ്മ വന്നു. നക്ഷത്രക്കൂട്ടങ്ങളിലേക്ക് ചേക്കേറിയ അപ്പൂപ്പന്‍...
വിയര്‍പ്പുമണികൊണ്ട് ഒരു കുടുംബം സൃഷ്ടിക്കാം എന്ന് പഠിപ്പിച്ചു തന്ന അറക്കപ്പൊടിയുടെ മണമുള്ള അപ്പൂപ്പന്‍..
‘ഇല്ല.നിന്നെ വില്‍ക്കാനുള്ള തീരുമാനം മാറ്റി.. എന്‍റെ കിതപ്പുകളെ, കുതിപ്പുകളെ, കണ്ണീരിനെ ഒക്കെ ഒരുപാട് ഏറ്റുവാങ്ങിയതല്ലേ. നിന്നെയും കൊണ്ടുപോകാം നാട്ടിലേക്ക്.. അവിടെ അപ്പൂപ്പന്‍ താടിയുണ്ട്, മതിലോരത്തെ മഷിത്തണ്ടുണ്ട്, ഇടവപ്പാതിയുടെ മണമുണ്ട്... എനിക്കൊപ്പം നീയും വേണം....”
ദില്ലിയിലെ വഴിയിലൂടെ അവസാന യാത്ര...
രണസ്‌മൃതികളും പുതിയ രണങ്ങളും തമ്മില്‍ പുണരുന്ന, അതിജീവനത്തിനും ആര്‍ഭാടത്തിനും ഇടയിലെ ദേശീയപാതകള്‍ നിറഞ്ഞ, പാപ്പരും പപ്പരാസിയും പുതുപ്പണക്കാരനും തമ്മിലടിച്ചും തമ്മിലിണങ്ങിയും കഴിയുന്ന ഒരു മഹാരാജ്യത്തിന്‌റെ മഹാതലസ്ഥാനത്തുകൂടിയുള്ള അവസാനയാത്ര..
ഇതുവഴി ആരൊക്കെ നടന്നു.
എത്ര രാജാക്കന്മാര്‍, റാണിമാര്‍, പ്രജകള്‍, മുക്തിദാഹികള്‍, തോക്കേന്തിയവര്‍, തീപ്പന്തമേന്തിയവര്‍
എന്തിനുവേണ്ടി..
വഴിയമ്പലത്തിലെ വഴക്കാളികള്‍.. അതല്ലേ സ്വാമീ മനുഷ്യര്‍..
ട്രാഫിക്കിനിടയില്‍ വീണ്ടും തല്ല്..
കാറുകള്‍ തമ്മിലുരഞ്ഞതിനു ഉടമകള്‍ തമ്മിലടി... കുത്തിനുപിടി മുറുകുന്നു. കരണത്ത് കൈകള്‍ പതിക്കുന്നു.
ദില്ലിയിലെ സ്ഥിരം കാഴ്ച..
മലയോളം വളര്‍ന്ന മനുഷ്യാ... ഉറുമ്പോളം ചെറുതായി സ്നേഹിക്കാന്‍ പഠിക്കൂ.. വീണുകിടക്കുന്ന സഹജീവിയേയും താങ്ങിയോടുന്ന ഉറുമ്പിനെ കാണൂ......
കവിയരങ്ങും ചിരിയരങ്ങും റാഷണനിസ്റ്റ് സെന്‍റലിലെ ചൂടുപിടിച്ച വാദപ്രതിവാദങ്ങളും കൊണ്ട് സംഭവബഹുലമായിരുന്ന പതിനഞ്ചുവര്‍ഷങ്ങള്‍ കാറ്റിലൂടെ വീണ്ടും നെഞ്ചിലേക്ക് പൊഴിഞ്ഞു വീഴുന്നു..
എവിടെയായാലും ദില്ലി, നിന്നെ ഞാന്‍ മറക്കില്ല.. ‘നിന്നില്‍ നിന്നുയിരാര്‍ന്നൊരെന്നില്‍ നിന്നോര്‍മ്മകള്‍ മാത്രം..’
അടുത്ത ട്രാഫിക് ലൈറ്റ്.
മുതിര്‍ന്നവന്‍റെ ടീ ഷര്‍ട്ടുമിട്ട്, തൊപ്പിയും വച്ച് ഒരു പത്തുവയസുകാരന്‍. പുഞ്ചിരിച്ച് മുന്നില്‍.
സെയില്‍സ് ബോയ് ഓണ്‍ റോഡ്.
താങ്ങാനാവത്ത ഒരു കെട്ടു വീക്കിലി നെഞ്ചോട് ചേര്‍ത്തുപിടിച്ച്..
‘ഇന്ത്യാ ടുഡെ’ ....മാഗസിന്‍ എന്‍റേ നേരെ നീണ്ടു.
യെസ്.കുട്ടാ.. നീയൊരു മെസേജാവുന്നു.. കൈയില്‍ ക്യാമറയില്ല.. അല്ലെങ്കില്‍ അവസാന സ്നാപ്പായി നിന്നെ ഞാന്‍ എടുത്തേനെ..
അടിക്കുറിപ്പായി ഒന്നും എഴുതേണ്ട. അത് നിന്‍റെ നെഞ്ചില്‍ തന്നെയുണ്ട് .. ‘ഇന്ത്യാ ടുഡെ’
വാങ്ങിയ വീക്കിലി ബൈക്കില്‍ തിരുകി.
വീണ്ടും പച്ചവെട്ടം..
ബ്രിജ്‌വിഹാര്‍ അയ്യപ്പക്ഷേത്രത്തിലേക്ക്..
‘തത്ത്വമസി‘ ബോര്‍ഡ് ഇന്നു തെളിഞ്ഞിട്ടില്ല. ബള്‍ബ് ഫ്യൂസായതാവും.
നട തുറന്നു കിടക്കുന്നു.
സ്വാമിയ്ക്ക് അതേ പുഞ്ചിരി.
‘ഓര്‍മ്മയുണ്ടോ അയ്യപ്പാ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിനക്കിരിക്കാന്‍ വേണ്ടി ഇത് പണിഞ്ഞപ്പോള്‍ ഈയുള്ളവനും മണ്ണു ചുമന്നിരുന്നു. ഉറക്കിളച്ച് പണിയെടുത്തിരുന്നു.. അപ്പോ ഇനിയും കാണില്ലേ എന്‍റെ കൂടെ....’
അയ്യപ്പസ്വാമി പിന്നെയും ചിരിക്കുന്നു.
‘തത്ത്വമസി.. അതു നീയാകുന്നു.. ‘
അറിയാതെ കൈകള്‍ കൂപ്പിപ്പോയി..
മിഴികള്‍ കൂമ്പിപ്പോയി..
അടഞ്ഞ ഇമകള്‍ക്കിടയില്‍ കാലദേശാന്തരങ്ങള്‍ താണ്ടി ജലം നിറഞ്ഞു.
‘അയ്യപ്പാ.. ഈ പൊടിയുന്ന കണ്ണീര്‍ എവിടെനിന്ന് വന്നതാണ്. ഏതു സമുദ്രത്തില്‍ നിന്ന്..ഏത് മേഘം എത്തിച്ചതാണ്. ഇത്രനാള്‍ ആര്, എവിടെ സംഭരിച്ചു വച്ചതാണ്’
“പോവുകയാണല്ലേ...”
മെല്ലെ മിഴിതുറന്നു..
“അതെ തിരുമേനി.. നിയോഗങ്ങളില്‍ ഇവിടുത്തെ വാസം തീര്‍ന്നു.. കര്‍മ്മങ്ങള്‍ ഇനിയും ബാക്കി.. “
“നന്നായി വരും.. അയ്യപ്പന്‍ അനുഗ്രഹിക്കും....”
ചന്ദനം നെറ്റിയിലേക്ക് കുളിര്‍ന്നു പടര്‍ന്നു.
കൌണ്ടറില്‍ ഒരു അര്‍ച്ചനയ്ക്ക് പറഞ്ഞു.
പേരു ഭൂലോകം.
നാള്‍ അറിയില്ല....
‘ഇങ്ങനെ ഒരു അര്‍ച്ചന നടക്കുമോന്നറിയില്ലെടാ” കാഷ്യര്‍ ഗോപാലകൃഷ്ണന്‍ ചേട്ടന്‍.
“നടക്കും ചേട്ടാ.. ചേട്ടന്‍ ധൈര്യത്തോടെ എഴുത്.....”
അവസാനമായി വണങ്ങി പടിയിറങ്ങി.
ഗലികള്‍ക്കിടയിലൂടെ ബൈക്ക് നീങ്ങി.
‘ലക്ഷ്മണാ സ്റ്റോഴ്‌സ്...‘
ഒരുപാട് തമാശകള്‍ക്കു അരങ്ങായ മലയാളി ജംഗ്‌ഷന്‍...
പ്രൊപ്പറൈറ്റര്‍ ഉദയേട്ടന്‍റെ കള്ളച്ചിരി ഓര്‍മ്മകളില്‍ മിന്നുന്നു.
മരണം വന്നു വിളിച്ചപ്പോള്‍ ഉറക്കം ആയിരുന്നു ഉദയേട്ടന്‍. ചിതയെരിഞ്ഞപ്പോള്‍ മനസു പറഞ്ഞത് ഇപ്പൊഴും ഓര്‍ക്കുന്നു
‘ജീവിതം വെറും ശവഘോഷയാത്രയാവുന്നു’
“ഉടനെ പോകുവാണല്ലേ” ഉദയേട്ടന്‍റെ വിധവ
“അതെ ചേച്ചീ.. “
“ഇനി വരില്ലേ ഇടയ്ക്കൊക്കെ”
“നോക്കാം ചേച്ചീ.. “
“ഒരു ഫൈവ് സ്റ്റാര്‍ ചോക്ലേറ്റ് തന്നേ ചേച്ചീ.. അവസാനമായി എന്തെങ്കിലും വാങ്ങണ്ടെ...”
പണം നീട്ടി
“പൈസ വേണ്ട.. ഞങ്ങളെയൊക്കെ ഓര്‍ത്താമതി ഇടയ്ക്കൊക്കെ.“
സ്റ്റെനോ രാഘവന്‍ ചേട്ടന്‍ ഒറ്റയ്ക്ക് വഴിയില്‍ നില്‍ക്കുന്നു..
വണ്ടിനിര്‍ത്തി അടുത്തു ചെന്നു..
“പോവാണു ചേട്ടാ...”
ഒന്നു കെട്ടിപ്പിടിച്ചു
മദ്യഗന്ധത്തില്‍ ഞാനലിഞ്ഞു..
“ഒന്നും നിന്നോട് പറയുന്നില്ല.. പറയാന്‍ തോന്നുന്നില്ല..”
“ഒന്നും പറയണ്ടാ ചേട്ടാ.. പറയാനുള്ളത് ദാ ഞാന്‍ അറിഞ്ഞു...”
അടഞ്ഞു കിടക്കുന്ന ത്രീസ്റ്റാര്‍ റെസ്റ്റോറണ്ടിന്‍റെ ഒഴിഞ്ഞ ബെഞ്ചില്‍ ഇരുന്നു...
“ഇത് പൂട്ടി മാധവന്‍ എങ്ങോട്ട് പോയി ചേട്ടാ......”
“അറിയില്ലെടാ.. എങ്ങോട്ടോ.. പാവം.. ഒന്നുമില്ലാത്തവനായതുകൊണ്ട് ആരും അന്വേഷിച്ചുമില്ല....”
“മാധവന് ആരുമില്ലേ ഈ ലോകത്ത്.....”
“ഇല്ലെന്നാ തോന്നുന്നെ.. കുറച്ചുനാള്‍ മുമ്പ് കള്ളുകുടിച്ചിട്ട് അവന്‍ കരഞ്ഞു പറഞ്ഞു. ‘രാഘവേട്ടാ എനിക്കെന്‍റെ അമ്മയെ ഒന്നു കാണണം ‘ എന്ന്.. എവിടെ എന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല.. ഒന്നോര്‍ത്താ നമ്മളെല്ലാരും മാധവനെപ്പോലെയാ മോനേ.. ഫലത്തില്‍ ആരും ഇല്ലാത്തവര്‍.... എല്ലാരും ഉണ്ടെന്നൊക്കെ ഗമയ്ക്ക് പറയാം.. പക്ഷെ അതാ സത്യം.”
“ഉം.. “ ഞാന്‍ വെറുതെ മൂളി
“ഒന്നോര്‍ത്താ നീ പോകുന്നത് നന്നായി.. ബ്രിജ്‌വിഹാറും ഒരുപാട് മാറി... പഴയ സ്നേഹോം സഹകരണോം ഒന്നുമില്ല ഇപ്പോ.. എന്‍.എസ്. എസ്. ആയി, എസ്.എന്‍.ഡി.പി. ആയി.. ജാതീം മതോം ഒക്കെ വന്ന് ഇവിടെയും നശിച്ചു... ആ പഴയ ഓര്‍മ്മകള്‍ എങ്കിലും ഉണ്ടാവുമല്ലോ നിനക്ക്.. “
“അതല്ലേ ചേട്ടാ മനുഷ്യന്‍റെ ചരിത്രം.. ഒന്നുമില്ലാത്തവര്‍ ഒത്തുചേരുമ്പോ അവിടെ സ്നേഹം വരും.. പിന്നെ അവര്‍ക്ക് എന്തെങ്കിലും ഒക്കെ ആവുമ്പോ അവിടെ ദൈവം വരും. പിന്നെയും എന്തെങ്കിലും ഒക്കെ ആവുമ്പോ മതം വരും, ജാതി വരും, ജാതി നേതാക്കള്‍ വരും. മനുഷ്വത്വം മണ്ണടിയും.....”
“വല്ലപ്പോഴും വിളിക്കാന്‍ നോക്കണം.. ഇടയ്ക്ക് വരാനും...”
“ഉം... വരാം ചേട്ടാ... വല്ലപ്പോഴും.... ചേട്ടന്‍ എന്നാ ഇനി മടക്കം..”
“മടക്കമോ.. “ രാഘവേട്ടന്‍ ചിരിച്ചു. “എനിക്കോ... ഇല്ല... ഇവിടെ അടര്‍ന്നു വീഴും. ഒരു തീപ്പെട്ടിക്കൊള്ളി മതി എന്നെ ദഹിപ്പിക്കാന്‍.. വേറേ വിറകൊന്നും വേണ്ടാ.. മുഴുവന്‍ സ്പിരിട്ടല്ലേ....”
നരച്ച ചിരിയില്‍ ഞാന്‍ എന്തൊക്കൊയേ വായിച്ചെടുത്തു... അറുപതോളം വര്‍ഷത്തെ അനുഭവത്തിന്‍റെ തീജ്വാലകള്‍ തിളങ്ങി ആ കണ്ണില്‍..
മുറിയിലെത്തി കൊണ്ടുപോകാനുള്ള പുസ്തകങ്ങള്‍ അടുക്കി വച്ചു.
തുറന്ന ജാലകത്തിനപ്പുറം, വിദൂരതയില്‍ വെള്ളമേഘങ്ങള്‍ക്കിടയില്‍ ഒരു ഏകാന്ത നക്ഷത്രം.
ഒറ്റയാണെങ്കിലും തിളങ്ങുന്ന നക്ഷത്രം..
ജനലഴിയില്‍ മുഖം ചേര്‍ത്ത് നോക്കി നിന്നു.
നക്ഷത്രം ചിരിച്ചുകൊണ്ട് പറയുന്നതെന്താണ്...
‘വിഷമിക്കരുത്.. ആരും ആര്‍ക്കുവേണ്ടിയുമല്ല ഇവിടെ.. ആരും ആരേയും കാത്തിരിക്കുന്നുമില്ല.. നീയും ഞാനുമില്ലെങ്കിലും ഈ ലോകം അങ്ങനെതന്നെ ചലിക്കും.. ദ ഷോ മസ്റ്റ് ഗോ ഓണ്‍.........’
ലൈറ്റണച്ച് കിടക്കയിലേക്ക് ചാഞ്ഞു..
സച്ചിദാനന്ദന്‍ മാഷിന്‍റെ വരികള്‍ ചുണ്ടില്‍ കിനിഞ്ഞു..
‘പഴയ ദു:ഖങ്ങളേ വിട, പോകട്ടെ ഞാന്‍
പുതിയ ദു:ഖങ്ങളിന്നെന്നെ വിളിക്കുന്നു.....‘
ബ്രിജ്‌വിഹാറിലെ അവസാനത്തെ രാത്രി എന്നെ വാരിപ്പുണര്‍ന്നു......
---------------------------------------------------------------------------------------------------------------
ഇനി മറ്റൊരു ലോകത്തേക്ക്.... പുതിയ അനുഭവങ്ങളിലേക്ക്.... പച്ചപ്പുകള്‍ തേടി....
====================================================
ദില്ലിയിലെ സുവര്‍ണ്ണനിമിഷങ്ങളില്‍ ചിലത്..

ബ്രിജ്‌വിഹാര്‍ അയ്യപ്പക്ഷേത്രം. സ്വാമീ... എന്തൊക്കെ നടന്നു ഈ നടയില്‍.... മറവിക്കു മായ്ക്കുവാനാമോ......
----------------------------------------------------------

ഹോ... എത്രയെത്ര സാമ്പാര്‍ വിളമ്പുലുകള്‍.... അച്ചാര്‍ വിതരണത്തിനിടയിലെ കൊച്ചുവര്‍ത്താനങ്ങള്‍....
-----------------------------------------------------------------

ഞങ്ങള്‍ എത്ര ഡീസന്‍റാ സ്വാമീ.. കോമ്പൌണ്ടിനു വെളിയില്‍ ചിലപ്പോ കൂമ്പിനിടിയൊക്കെ കാണും..അതുപിന്നെ..
-------------------------------------------------------------------

ഞങ്ങള്‍ അരാ മക്കള്‍.... ആനയും അമ്പാരിയുമൊക്കെ പുഷ്പസമം കൊണ്ടുവരും..
----------------------------------------------------------------------

അയ്യപ്പന്‍ പാട്ടൊക്കെ എത്ര നിസാരം.. കണ്ണൂര്‍ തെയ്യം.. തോറ്റം.. എന്തെല്ലാം ഇവിടെ അരങ്ങേറി..
------------------------------------------------------------------------
ഗായത്രി അവാര്‍ഡ് ചിത്രങ്ങള്‍

ഡോ.സെബാസ്‌ട്യന്‍ പോള്‍, ഡോ. അകവൂര്‍ നാരയണന്‍, പ്രിയ കവി സച്ചിദാനന്ദന്‍.. ഈയുള്ളവന്‍റെ ജന്മം സഫലമായ ഒരു നിമിഷം....
----------------

കവിത അവാര്‍ഡില്‍ ഒന്നാം സ്ഥാനം കിട്ടിയ ശ്രീ.പി.കെ. ഗോപിയുടെ വിരല്‍ മുത്തി ഒന്നേ ചോദിച്ചുള്ളൂ..’ചീരപ്പൂവുകള്‍ക്കുമ്മകൊടുക്കണ നീലക്കുരുവികളേ ‘ എഴുതിക്കഴിഞ്ഞപ്പോ കിട്ടിയ സന്തോഷം എങ്ങനെ അടക്കി ഗോപിയേട്ടാ....
----------------------

മനസ് മഞ്ഞുപോലെ ഉരുകിയ നിമിഷങ്ങള്‍
---------------------

അവാര്‍ഡ് നിശയിലെ ‘ദക്ഷയാഗം’ കഥകളിയും ഭരതനാട്യവും..... ഇന്നലെപോലെ മുന്നില്‍ ....
-------------------------

‘അക്ഷരക്കൂട്ട് ‘ മാഗസിന്‍ വിത്ത് ‘പേരപ്പാ പടയപ്പാ ‘(നവംബര്‍ 2008)
‘ഇന്ദുചൂടാമണി’ പുതിയലക്കത്തില്‍ (കൈയില്‍ കിട്ടിയില്ല)
--------------------------------------

കേരളഹൌസിലെ ചിരിയരങ്ങില്‍ ‘പെണ്ണുകാണല്‍ സാഹസങ്ങള്‍’ ചൊല്ലിയ 'അനര്‍ഘ' നിമിഷം :)

വിട... ദില്ല്ലിയിലെ അവസാന കവിയരങ്ങ്.. (സനല്‍ ഇടമറുകും കൂട്ടരും അടുത്ത്..)
(മനസിന്‍റെ ഫ്രെയിമില്‍ മാത്രം പതിഞ്ഞ വേറെ എത്രയെത്ര നിമിഷങ്ങള്‍ ..................)
‘നീ കരയുമ്പോള്‍ കരിയുന്നതെന്‍ ജന്മ-
നാരില്‍ കൊരുത്ത കിനാക്കള്‍ മാത്രം
നീ മുടന്തുമ്പോളുടയുന്നതെന്‍ പ്രാണ-
നാമം പൊതിഞ്ഞോരു ശാന്തിപാത്രം.‘ (അസ്നയെ ഓര്‍ത്ത്....)
ഗുഡ് ബൈ ദില്ലി.. ബീ എ ഗുഡ് ബോയ്....
(സുന്ദരന്‍ ബെന്നിയുടെ
മോളിക്കുട്ടി ദാ ഇവിടെ)