Monday, 28 April 2008
ഓര്‍മ്മേട്ടാ.....ലില്ലിടീച്ചറ്‍ വിളിക്കുന്നു.
ബിരുദം നേടലിനും ഡല്‍ഹി ടിക്കറ്റിനും ഇടയ്ക്കുള്ള മൂന്നുമാസത്തെ ഗ്യാപ് ഫില്ലു ചെയ്യാന്‍, കോന്നി പബ്ളിക്ക് ലൈബ്രറിയും, മുരിങ്ങമംഗലം അമ്പലത്തിലെ കര്‍പ്പൂരം മണക്കുന്ന സായന്തനങ്ങളും, അല്ലറചില്ലറ കുത്തിക്കുറിയ്ക്കലുകളും മാത്രം പോരല്ലോ എന്ന് ചിന്തിച്ച്, മനസ്സ് എക്‌സ്‌ട്രാ വഴികള്‍ തേടുന്ന ഒരു പത്തുമണിക്കാണ്, വീട്ടുപടിക്കല്‍ ഒരു സൈക്കിള്‍ മണിയൊച്ച കേട്ടത്.
ആനന്ദന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച്, വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി ഒരു വരണ്ട ചിരി.
"പാവങ്ങടെ വീട്ടിലോട്ടുള്ള വഴിയൊക്കെ അറിയുമോടേ നീ.. കുറെയായല്ലോ കണ്ടിട്ട്.. "
"തിരക്കാടാ തിരക്ക്.... പ്രൂം................ "
"ആദ്യം കോളാമ്പി കാലിയാക്ക്. മുറുക്കി മുറുക്കി നിന്‍റെ പല്ല് റെഡ്ഫോര്‍ട്ട് പോലായി കൊശവന്‍"
കസേരയില്‍ കിടന്ന പേപ്പര്‍ വലിച്ച് മാറ്റി ആനന്ദന്‍ ശഠേ എന്ന് ഇരുന്നു.
"ചില്‍................"
ചന്തിക്കടിയിലെ ജലതരംഗശബ്ദം കേട്ട് കറണ്ടടിച്ചവനെപ്പോലെ ഞെട്ടിയെണീറ്റു.
"എന്‍റെ പള്ളീ....." ഞങ്ങള്‍ രണ്ടാളും ഒന്നിച്ചു പറഞ്ഞുപോയി.
അമ്മ മുഖം നോക്കിയിട്ട് കണ്ണാടി കസേരയില്‍ വച്ചതും അതിനു മുകളില്‍ ആരോ പേപ്പര്‍ വായിച്ച് മടക്കിയിട്ടതും ഞാനും ശ്രദ്ധിച്ചില്ല, അമ്മയും ശ്രദ്ധിച്ചില്ല, ഇരുന്നുടയ്ക്കുന്നതുവരെ ആനന്ദനും ശ്രദ്ധിച്ചില്ല.
"പൊട്ടി... " ആനന്ദന്‍
"ആങ്ങ് പോട്ട്" ഞാന്‍
"കണ്ണാടിയല്ല.. എന്‍റെ പാന്‍റിന്‍റെ മൂട്.... "
"മുണ്ടെടുക്കട്ടെ.. " ഞാന്‍
"കീറി"
"പഞ്ഞി വേണോ.. "
"ആഹാ....ആനന്ദനോ.. എന്തൊക്കെയുണ്ട് മോനേ വിശേഷം. ടൂട്ടോറിയല്‍ പടിപ്പീരൊക്കെ എങ്ങനെ പോകുന്നു. അമ്മയെ അമ്പലത്തില്‍ കണ്ടിട്ട് കുറെനാളയല്ലോ.. സുഖം തന്നെയല്ലേ " അമ്മ അടുക്കളയില്‍ നിന്ന് വന്നു
"സുഖം തന്നെയമ്മേ...." അര്‍ശസ് രോഗി ഞരങ്ങും പോലെ ചള്ളിയ ചിരിയുടെ ബാക്ക്‌ഗ്രൌണ്ടില്‍ ആനന്ദന്‍.
ചായകുടികഴിഞ്ഞു മുറ്റത്തിറങ്ങി, കിണറിന്‍റെ ആഴം നോക്കി നിന്നുകൊണ്ട് ആനന്ദന്‍ പറഞ്ഞു
"നിന്നോടൊരു അത്യാവശ്യകാര്യം പറയാനുണ്ട്. നീ എന്നാ ഡല്‍ഹിക്കു പോന്നെ?"
"ഒരു മൂന്നുമാസമെടുക്കും.. എന്താ കാര്യം? "
"മൂന്നുമാസത്തേക്ക് നിനക്കൊരു ചെറിയ ജോലി ഞാന്‍ ശരിപ്പെടുത്തി. വയ്യാന്നു പറയല്ല്. എന്‍റെ നിലനില്‍പ്പിന്‍റെകൂടി പ്രശ്നമാ.. "
"എന്ത് ജോലി.. ? "
"സ്കോളേഴ്സ് അക്കാഡമയില്‍ ഒരു കണക്കു സാറിന്‍റെ ഒഴിവുണ്ട്. ഫിലിപ്പ് ഗള്‍ഫില്‍ പോയ വകയില്‍. മൂന്നുമാസമെങ്കില്‍ മൂന്നുമാസം. നീ ജോയിന്‍ ചെയ്യ്. തല്‍ക്കാലം വേറെ ആളെ കിട്ടാനില്ല. ക്ളാസ് മുടങ്ങരുതല്ലോ... റെഡിയാണോ.. "
"ഏത്? . ആ വ്യവഹാരം വാസൂള്ളസാറിന്‍റെ ട്യൂട്ടോറിയലിലോ.. പഷ്ട്... അതിലും ഭേദം ട്രെയിനു തലവയ്ക്കുന്നതല്ലേ.. എടാ നീ എങ്ങനെ അവിടെ ജോലിചെയ്യുന്നു. അതും നക്കാപ്പിച്ചാ ശമ്പളത്തിന്? "
വ്യവഹാരം വാസുപിള്ള എന്ന റിട്ടയേഡ് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍, റോഡ് സൈഡിലുള്ള തന്‍റെ വീടിനോട് ചേര്‍ന്ന്, പരമ്പുപാര്‍ട്ടീഷ്യന്‍ കൊണ്ട് മനോഹരമാക്കിയ നാലഞ്ച് ക്ളാസ് മുറികള്‍ പണിത് ട്യുട്ട്യോറിയല്‍ തുടങ്ങിയത്, ആ വകയില്‍ മാസത്തില്‍ നാലഞ്ചുപേരെയിങ്കിലും കൂടി കോടതി കയറ്റാമല്ലോ എന്ന സദുദ്ദേശം ഒന്നുകൊണ്ട് മാത്രമാണ് എന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്.
'ഹേബിയസ് കോര്‍പ്പസ്', 'കള്‍പ്പബില്‍ ഹോമിസൈഡ് നോട്ട് എമൌണ്ടിംഗ് ടു മര്‍ഡര്‍' തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ലീഗല്‍ വാക്കുകള്‍ ആ പരിസരത്തെ മുറുക്കാന്‍ കടക്കാരനുവരെ സുപരിചിതമായത്, വാസുപിള്ള സാറിന്‍റെ ഹോബി നിമിത്തം ആണ്.
മാസത്തില്‍ മിനിമം പത്തുപേരെയെങ്കിലും കോടതി കയറ്റുക. ഇതൊരു വ്രതം പോലെ കാത്തുസൂക്ഷിച്ചു പുള്ളി.
കോന്നി പത്തനംതിട്ട റൂട്ടിലോടുന്ന 'വേണാട് എക്‌സ്പ്രസിന്‍റെ' ഡ്രൈവര്‍ ട്യൂട്ടോറിയല്‍ പരിസരത്ത് വച്ച് ചാവാന്‍ തുടങ്ങിയാല്‍ പോലും ഹോണ്‍ അടിക്കാതായത്, ഒരിക്കല്‍ പശു കുറുക്കു ചാടിയപ്പോള്‍ ഹോണടിച്ചുപോയി എന്ന മഹാപരാധം കൊണ്ടാണ്. 'ശബ്ദമലിനീകരണം ഇന്‍ എജ്യൂക്കേഷണല്‍ പ്രൊവിന്‍സ്' എന്ന സ്പെഷ്യല്‍ ആക്ട് പ്രകാരം പാവം മൂന്നാഴ്ച്ച കോടതി നിരങ്ങി.
വാറ്റിന്‍റെ പിക്കപ്പില്‍ എവിടെയോ പൊഴിഞ്ഞുപോയ മുണ്ട്, പിക്കപ്പ് കുറഞ്ഞു തുടങ്ങിയപ്പോള്‍ പെറുക്കാന്‍ വന്ന ഇട്ടിച്ചനെ, മുണ്ടു കൈയില്‍ പിടിപ്പിച്ച് കോടതിയില്‍ എത്തിച്ചത്രേ, 'ഇമ്മോറല്‍ ട്രാഫിക് ബ്ളോക്കിംഗ്' എന്ന പ്രത്യേക വകുപ്പില്‍.
എന്തിന്, പിണ്ഡവാതം കാരണം വടിപോലും പിടിക്കാന്‍ വയ്യാതായ സ്വന്തം അമ്മായിയപ്പനെ വരെ വാസുപിള്ളസാര്‍ കോടതി കയറ്റി എന്നാണു നാട്ടുകാര്‍ പറയുന്നത്. ഒരിക്കല്‍ അമ്മായിയപ്പന്‍ സാറിനെ വിളിച്ചു പറഞ്ഞു 'മരുമോനെ.. കല്യാണിക്കുട്ടിയെ കെട്ടിയിട്ട് ഇത്ര വര്‍ഷമായി. ഇതുവരെ ഒന്നും ഞാന്‍ തന്നിട്ടില്ല.. നീ ചോദിച്ചിട്ടുമില്ല. ഇനി പറ. സ്ത്രീധനമായി നീ എന്താ എക്സ്‌പെക്ട് ചെയ്യുന്നത്. "
പിറ്റേന്ന് അമ്മായിയപ്പന്‍ പിണ്ഡവാതം സമേതം കോടതിയില്‍. കാരണം സിമ്പിള്‍ ലാ പോയിണ്റ്റ് 'ഓഫറിംഗ് ഡവ്‌റി ഈസ് മോറ്‍ പണിഷബിള്‍ ദാന്‍ ഡിമാന്‍ഡിംഗ്... "
ഇങ്ങനെയുള്ള വ്യവഹാരം വാസൂള്ളസാറിന്‍റെ ലേബറ്‍ ആവാനാണ് ആനന്ദന്‍ എന്നെ ഉപദേശിക്കുന്നത്.
ആദ്യം എതിര്‍ത്തെങ്കിലും, ആനന്ദന്‍റെ നിര്‍ബന്ധവും, പിന്നെ അദ്ധ്യാപനം എന്ന പ്രൊഫഷനില്‍ എനിക്കുള്ള പാഷനും ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ സൈക്കിളിന്‍റെ കാരിയറിലേക്ക് ചാടിക്കയറി.
"വിട്.. ഇന്നു തന്നെ ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്തേക്കാം. ജാതകത്തില്‍ പത്തു കിടാങ്ങള്‍ക്ക് പാഠം പറഞ്ഞുകൊടുക്കാന്‍ യോഗം ഉണ്ടായിരിക്കാം... "
കരിമ്പോലകള്‍ കൈനീട്ടിനില്‍ക്കുന്ന ഇടവഴിയിലൂടെ ആനന്ദന്‍റെ സൈക്കില്‍ നീങ്ങി.
"അളിയാ ബേറ്‍ഡ്‌സ് ഒക്കെ കാണും അവിടെ അത്യാവശ്യത്തിന് അല്ലേ.. "
ഞാന്‍ ചോദിച്ചുതീരും മുമ്പേ അവന്‍ സൈക്കിള്‍ നിര്‍ത്തി .
"എന്തോ........ ? "
"അല്ല.. കിളികള്‍.. ഐ മീന്‍.. ഫീമെയില്‍ സ്റ്റാഫ്... "
"ഉണ്ടെങ്കില്‍....... " ആനന്ദന്‍ സീരിയസായി
"ഏയ്.. ഒന്നിനുമല്ല. വെറുതേ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാമല്ലോ എന്നൊരു ചെറിയ... "
"അതിമോഹം അല്ലേ.. ഇറങ്ങ്. ഇപ്പൊഴാ ഓര്‍ത്തത്. നിനക്കങ്ങനൊരു വീക്ക്‌നെസ് ഉണ്ടല്ലോ.. വേണ്ട. ഞാന്‍ വേറെ ആളെ തപ്പിക്കോളാം. നീ ശരിയാവത്തില്ല.. "
"ട്രീം.... ട്രീം..." ഞാന്‍ സൈക്കിള്‍ മണിയില്‍ കിലുക്കി
"ചുമ്മാ തമാശപറഞ്ഞതല്ലേ അളിയാ. ഞാന്‍ ആളു ഡീസന്‍റല്ലേ.. നീ വണ്ടിയെടുക്കെടാ മോനേ... "
"ഇപ്പൊഴേ ഞാന്‍ പറഞ്ഞേക്കാം. അവിടൊരു സുന്ദരി മലയാളം ടീച്ചര്‍ ഉണ്ട്, ലില്ലിക്കുട്ടി. നിന്‍റെ തനിസ്വഭാവം അങ്ങോട്ടെടുത്തേക്കരുത് എന്‍റെ സ്വഭാവം മാറും" ആനന്ദന്‍ പിന്നെയും ചവിട്ടു തുടങ്ങി.
"ലൈന്‍ ആയിരിക്കും അല്ലേ... "
"എന്നു തന്നെ വച്ചോ... "
"ഹി ഹി ഹി..... "
"എന്താ നിനക്കൊരു വളിച്ച ചിരി..." ഒരു ഗട്ടറ്‍ കണ്ട് പ്രിക്കോഷനുവേണ്ടി ചന്തി ഒരടി ഉയര്‍ത്തിക്കോണ്ട് ആനന്ദന്‍.
"അല്ല.. ഹയര്‍ഗ്രേഡ് നായരായ നീയും സത്യകൃസ്ത്യാനിയായ ആ ടീച്ചറും. നീ അണ്ടര്‍വെയറിന്‍റെ സിംഗിള്‍ പീസ് ഡ്രസ്സില്‍ പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചുപോയതാ.. "
"ഒലത്താതെടാ.. ലവേഴ്സിനെന്തു ജാതീം മതോം.. നിനക്കെന്തറിയാം"
"പക്ഷേ ലവേഴ്സിന്‍റെ തന്തേഴ്സിനതുണ്ടല്ലോ.... "
"ഹോ മുടിഞ്ഞ കേറ്റം.. എന്തൊരു വെയിറ്റാടാ നിനക്ക്... "
"ഞാന്‍ ചവിട്ടണോ ഇനി... "
"തൊഴിക്കാതിരുന്നാ മതി.... "
കോന്നിപ്പാലം ഇറക്കത്തില്‍ സൈക്കിള്‍ സ്മൂത്തായി ഒഴുകി..
"കഞ്ജബാണന്‍ തന്‍റെ പട്ടം കെട്ടിയ റാണിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.......
എടാ ഈ ലില്ലിടീച്ചറിനു നുണക്കുഴിയുണ്ടോ.... "
"എന്തിനാ.. നിനക്ക് ചേന നടനാണോ. കഴുവേറിയുടെ ഒരു ചോദ്യം.. "
"എന്താണെന്നറിയില്ല. നുണക്കുഴിയുള്ള പിള്ളാരെ പണ്ടേ എനിക്കിഷ്ടമാ...
ഡിമ്പിള്‍ ഡിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍ ..
ഹൌ ഐ വണ്ടര്‍ വാട്ട് യൂ ആര്‍....
അപ് എബൌ ദി ബ്യൂട്ടി സ്പോട്ട്
ലൈക് എ ഡയമെണ്ട് ഓണ്‍ ദി ചീക്"
കാറ്റിനെ തഴുകി സൈക്കിള്‍ പിന്നെയും നീങ്ങി..
'സ്കോളേഴ്സ് അക്കാദമി'യിലെ തലമൂത്ത സ്കോളറായ പത്മനാഭന്‍ പിള്ള സാറ്‍ എന്ന സിക്സ്‌റ്റി പ്ളസ്‌കാരന്‍, കെട്ടുപോയ ബീഡിയെ എക്‌സ്‌ട്റാ ഫോഴ്സ് കൊണ്ട് സക്കുചെയ്ത് കത്തിക്കാനുള്ള വിഫലശ്രമം നടത്തി വാതില്‍ക്കല്‍ നില്‍ക്കുന്ന കണ്ട്, ഞങ്ങള്‍ ഇറങ്ങി.
"സാറെ. ഇവനെ അറിയുമോ.. കണക്കില്‍ കെങ്കേമന്‍. ഇനി നമുക്ക് മാത്തമാറ്റിക്സിന്‍റെ കാര്യത്തില്‍ ചിന്ത വേണ്ട." ആനന്ദന്‍ എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
"ഹലോ.. ഞാന്‍ പത്മനാഭ...... "
"പിള്ളസാര്‍..അല്ലേ അറിയാം. " ഞാന്‍ പുഞ്ചിരിച്ചു.
"എന്നെയോ!!.. എങ്ങനെ അറിയാം... "
"മഠത്തില്‍കാവിലെ ഉത്സവത്തിന് ആനവിരണ്ടപ്പോള്‍, മതിലില്‍ നിന്നു ഉച്ചികുത്തി വീണത് സാറുതന്നെ അല്ലേ.. "
"ഹോ.. അതോര്‍മ്മിപ്പിക്കാതെ .. അല്ല.. തന്നെ ഞാന്‍ മുമ്പ് കണ്ടിട്ടില്ലല്ലോ.. "
"അതങ്ങനെയല്ലേ സാര്‍. ഈ രാജീവ് ഗാന്ധിയെ എല്ലാര്‍ക്കുമറിയാം. രാജിവ് ഗാന്ധിക്കെല്ലാരേമറിയില്ല എന്നു കേട്ടിട്ടില്ലേ.. "
"വാസൂള്ളസാറുണ്ടൊ അകത്ത്.." ആനന്ദന്‍ വിഷയം മാറ്റി.
"അയ്യോ ഉണ്ടുണ്ട്. പാക്കുപറിക്കാരനെ കോടതികേറ്റാന്‍ അകത്ത് പേപ്പറു തയ്യാറാക്കുന്നു.. "
"കൊള്ളാം. ഇങ്ങേര്‍ക്ക് മുദ്രപ്പത്രത്തിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്. അല്ലാ.. എന്താ പാക്കുകേസ്.." ആനന്ദനു കൌതുകം.
"ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി പാക്കുപറിച്ചിട്ട്, എല്ലാത്തിനും കൂടി കൂലി ചോദിച്ചപ്പോള്‍, 'ചാടിക്കേറിയ കമുക് എണ്ണത്തില്‍ ഇന്‍വാലിഡ് ആണ്' എന്നൊരു ലോ പോയിണ്റ്റ്.. രാവിലെ സൂപ്പര്‍ ചീത്തവിളിയാരുന്നു ഇവിടെ.. "
ഞങ്ങള്‍ ഓഫീസ് മുറിയിലെത്തി.
'തലയില്‍ തേച്ചു കറുപ്പിക്കേണ്ടത്
താമരവദനാ ചുണ്ടില്‍ തേച്ചോ'
എന്ന മട്ടില്‍ ഡൈചെയ്തു കറുപ്പിച്ച കട്ടിമീശയില്‍ വിരലോടിച്ച്, ഇന്ത്യാ പാക്ക് ആണവക്കരാറിന്‍റെ കരട് തയ്യാറാക്കുന്ന ഗൌരവത്തോടെ എന്തൊക്കെയോ ആലോചിച്ചെഴുതുന്നു വാസുപിള്ള സാര്‍.
"സാര്‍.. " കണ്ണടയുടെ ഫ്രെയിമിനു മുകളിലൂടെ ഒരു ചീഞ്ഞ നോട്ടം.
"ഇത്.. ഇത് മനു. കണക്കുമാഷായി..... "
"ഓ... ഇരി ഇരി. "
ഞങ്ങളിരുന്നു
"കുടിക്കാന്‍ എന്താ... ഒരു ഗ്ളാസ് പച്ചവെള്ളം എടുക്കട്ടെ." ഭാഗ്യം അരിപ്പന്‍ അത്രയും ചോദിച്ചല്ലോ..
സ്കോളേഴ്സ് അക്കാദമയുടെ ചരിത്രപ്രസിദ്ധമായ ജൈത്ര യാത്രയെപ്പറ്റിയും, പൂര്‍വ്വ അദ്ധ്യാപകരുടെ നടപ്പ് ലൈഫ് സ്റ്റാറ്റസിനെപ്പറ്റിയും വിശദമായ ഒരു പ്രഭാഷണം തന്നെ നടത്തി, എന്നെ എട്ടുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കണക്ക് വാധ്യാരായി നിയമിച്ചു എന്നുള്ള കോരിത്തരിപ്പ് വാര്‍ത്തയും തന്ന് സാര്‍ മെയില്‍ സബ്ജക്ടിലേക്ക് കടന്നു.
"ശമ്പളം ആനന്ദന്‍ പറഞ്ഞു കാണുമല്ലോ അല്ലേ.. എല്ലാ പിള്ളേരും ഫീസ് തന്നാല്‍ മാസം നൂറ്റിയറുപതു രൂപ.. "
'ഇതൊരുപാട് കൂടിപ്പോയല്ലോ' എന്ന മട്ടില്‍ ഞാന്‍ ആനന്ദനെ ഒന്നു നോക്കി.
"നിങ്ങളുടെ പഠിപ്പീരുപോലെയിരിക്കും പിള്ളാരുടെ ഫീസും. അതുകൊണ്ട് നല്ലപോലെ പഠിപ്പിക്കുക. അവര്‍ കൃത്യമായി ഫീസുതരും. നിങ്ങള്‍ക്ക് കൃത്യമായി ശമ്പളോം. മനസിലാവുന്നുണ്ടോ... ആനന്ദാ.. കഴിഞ്ഞ തവണ പത്മനാഭന്‍ പിള്ളയ്ക്ക് എത്രരൂപയാ ശമ്പളം കിട്ടിയത്.. ഒന്നു പറഞ്ഞു കൊടുക്കിവന്"
"മൂന്നു രൂപ അമ്പതു പൈസ സാര്‍.." ആനന്ദന്‍ വിനയത്തോടെ പറഞ്ഞു.
"ആങ്ങ്.. അപ്പോ പറഞ്ഞപോലെ.. ഇന്നുതന്നെ ജോയിന്‍ ചെയ്തോ. ഗുഡ് ലക്ക്"
വാസൂള്ള സാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി.
സ്റ്റാഫ് റൂമിലേക്ക് ഞങ്ങള്‍ നടന്നു.
"എടാ. ടാപ്പിംഗിനു പോയാല്‍ ദിവസം ഇത്രയും കിട്ടുമല്ലോ. ഛേ.. ഒരുമാതിരി നാണം കെട്ട പരിപാടി. "
"എന്നാ നീ ടാപ്പിംഗിനു പോ.... എടാ നിനക്ക് ടൈംപാസ് പോരേ.. അതും മൂന്നുമാസം. "
"ഉം. അതും ശരിയാ"
സ്റ്റാഫ്‌റൂമില്‍ പത്മനാഭന്‍ സാര്‍, ഹിസ്റ്ററി പുസ്തകത്തില്‍ ഊളിയിട്ട് ഹുമയൂണിന്‍റെ ഭരണപരിഷ്കാരങ്ങള്‍ മനസില്‍ അരക്കിട്ടുപ്പുറച്ചിരിക്കുന്നു.
"കിട്ടി അല്ലേ.. കലക്കി.. വാ ... ഇരിക്ക്. "
"ഉം. കിട്ടി.."
ആകെപ്പാടെ രണ്ടു ലീഫുള്ള, അതില്‍ ഒന്നു ഒടിഞ്ഞു മടങ്ങിയ ഫാനിലേക്ക് നോക്കി പറഞ്ഞു.
"അപ്പോ ചിലവുണ്ട്. മറക്കണ്ട.. അതാ ഇവിടുത്തെ ഒരു രീതി. " പത്ഭനാഭന്‍ സാര്‍
"കൊള്ളാം ഉണ്ടോന്നോ.. ആദ്യത്തെ ശമ്പളം ഒന്നു കിട്ടിക്കോട്ടെ. സിംഗപ്പൂരില്‍ തന്നെ പൊയ്ക്കളയാം"
അപ്പൊഴാണ് ഒരു പൊട്ടിച്ചിരി ഞാന്‍ കേട്ടത്.
സ്റ്റാഫ് റൂമിന്‍റെ മൂലയിലെ കൂജയില്‍ നിന്ന് വെള്ളം കുടിയ്ക്കുമ്പോള്‍, ചിരിച്ചകാരണം വെള്ളം മണ്ടയില്‍ കയറി തലയില്‍ കൈയടിച്ചുകൊണ്ട് ഒരു സുന്ദരി..
ഇളം വിയര്‍പ്പ് കഴുത്തില്‍ ആഭരണം പോലെ പറ്റിപ്പിടിച്ച, ജിമുക്ക കിലുക്കുന്ന, പാതിപൊളിച്ച വാഴക്കൂമ്പിതളിലെ തേന്‍കുടങ്ങളെ പോലെ മന്ദഹസിക്കുന്ന ഒരു സുന്ദരി..
"ഇതാണിവിടുത്തെ മലയാളം അദ്ധ്യാപിക.... "
"ലില്ലിക്കുട്ടി ടീച്ചര്‍.. അല്ലേ"
"ശ്ശെടാ.. നിനക്ക് ടീച്ചറിനേയും അറിയാമോ" പത്മനാഭപിള്ള സര്‍ കിണ്ണത്തലയില്‍ കൈവച്ചു.
"അല്ല ആനന്ദന്‍ പറഞ്ഞിരുന്നു. ഇവിടെ ഫീമെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരിയേ ഉള്ളൂ.. അത് ലില്ലിടീച്ചര്‍ ആണെന്ന്" വളിച്ചുചിരിക്കുന്ന ആനന്ദനെ ഞാനൊന്നു നോക്കി
"ഉം.... ഇവന്‍ മറ്റുവല്ലതും പറഞ്ഞോ..... " പിള്ളസാറിനു ഒരു കള്ളച്ചിരി
"പറഞ്ഞു. ഇവിടെ മെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരനെയുള്ളൂ.. അത് പത്മനാഭപിള്ളസാറാണെന്ന്"
ലില്ലിടീച്ചര്‍ പൊട്ടിച്ചിരിക്കുമ്പോള്‍, ഓള്‍റെഡി മൂന്നെണ്ണം കൊഴിഞ്ഞുപോയ, ബാക്കി ആടിയിരിക്കുന്ന പല്ലുകള്‍ കാട്ടി പിള്ളസാര്‍ ഒന്നു ചമ്മി.
"വന്നു കേറിയപ്പൊഴേ ആക്കല്ലേ മോനേ.. "
എന്‍റെ ചിലവില്‍ ചായയും പരിപ്പുവടയുമെത്തി.
"എങ്ങനെയുണ്ട് ലില്ലിടീച്ചറെ അധ്യാപനം? " വടയില്‍ ഞാന്‍ കടിച്ചു
"കൊള്ളാം.. വെറുതെ സമയം കളയാന്‍ വേണ്ടി വരുന്നു. വീട്ടിലിരുന്നാല്‍ വല്യപ്പച്ഛന്‍റെ മൊശടത്തരോം ചീത്തവിളീം സഹിക്കണം. ഇതാവുമ്പോ കുറച്ചു തമാശ.. കുറെ കുട്ടികള്‍.. കാശു നോക്കിയല്ല. "പുഞ്ചിരിക്ക് ജിമുക്കയാട്ടം ചന്തമേകി.
"പിള്ളസാറെ വട ഒരു മയത്തില്‍ കടി. പല്ലു നമ്മുടെയാണേ... " ആനന്ദന്‍
"ഉം....ഉം... ഉം.." പിള്ളസാറിനു മറുപടി പറയണം എന്നുണ്ട്. പക്ഷേ വായില്‍ വട.. ഒപ്പം ചായ.
"അപ്പോ ഇന്നു വൈകിട്ട് എന്‍റെ ആദ്യ ക്ളാസ്. എല്ലാരും അറഞ്ഞൊന്ന് അനുഗ്രഹിച്ചേക്കണേ.." ഞാന്‍ ചുണ്ടു തുടച്ചു.
"അതെപ്പൊഴേ തന്നു കഴിഞ്ഞു.." ലാസ്റ്റ് സിപ്പു കഴിഞ്ഞ്, പല്ലെല്ലാം അവിടെത്തന്നെ ഉണ്ടല്ലോ എന്നു വിരലുകല്‍ കൊണ്ട് ഒന്നുകൂടി കണ്‍ഫേം ചെയ്തു പത്മനാഭപിള്ളസാര്‍ ചിരിച്ചു.
മുന്നിലിരിക്കുന്ന മുപ്പതോളം കൌമാരക്കാര്‍.
കുസൃതികളായ ആണ്‍കുട്ടികള്‍.
വാടിയ മുല്ലപ്പൂ മുടിയില്‍ തൂക്കിയ പെണ്‍കുട്ടികള്‍.
നേരിയ ചാറ്റല്‍ മഴ പുറത്ത്.
ജീവിതത്തില്‍ ആദ്യമായി ബ്ളാക്ക് ബോര്‍ഡില്‍ എന്‍റെ ചോക്ക് ഉരഞ്ഞു.
'ആള്‍ജിബ്ര... '
ക്ളാസ് പുരോഗമിക്കുമ്പോള്‍ ഒന്നു ഞാന്‍ അറിഞ്ഞു. ലോകത്തില്‍ വച്ചേറ്റവും ഭാഗ്യം ചെയ്തവര്‍ അദ്ധ്യാപകരാണ്. മനസുകളെ പ്രോസസ് ചെയ്യുന്നവര്‍.
അദ്ധ്യാപകനായ അച്ഛന്‍ ഇതുവരെ കാണാത്ത രൂപത്തില്‍ എന്‍റെ മനസില്‍ നിറഞ്ഞു.
സ്വര്‍ഗം കിട്ടിയ സന്തോഷത്തോടെ സ്റ്റാഫ് മുറിയിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ കാതിലേക്കൊരു മധുരഗീതം ഒഴുകി വരുന്നു.
'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം"
പരിസരം നിശ്ശബ്ദമായി. പരമ്പു പാര്‍ട്ടീഷനുകള്‍ കടന്നുവരുന്നു മധുരമായ ആ കവിത. ഏതോ ക്ളാസില്‍ നിന്ന് ലില്ലിടീച്ചര്‍ ചൊല്ലുകയാണ്.
സ്റ്റാഫ് റൂമില്‍ ആനന്ദന്‍ കണ്ണുമടച്ചിരിക്കുന്നു. ഇടയ്ക്ക് തലയാട്ടുന്നു.
ഞാന്‍ പതുക്കെ അടുത്തു ചെന്നു. കഴുത്തു നീട്ടി അവനെ തന്നെ നോക്കി.
ഉം.ഹും. ഒരനക്കവുമില്ല.
അവന്‍ ലില്ലിടീച്ചറിന്‍റെ ശബ്ദത്തില്‍ ലയിച്ചിരിക്കുകയാണ്.
"ഡേയ്... !!!!! "
"നശിപ്പിച്ചു. സകല മൂഡും നശിപ്പിച്ചു. നിന്നോടാരു പറഞ്ഞു ഇങ്ങോട്ട് കെട്ടിയെടുക്കാന്‍. "
"ഹ ഹ നീ എവിടാ ലയിച്ചിരിക്കുന്നെ. ഉള്ളൂരിന്‍റെ പ്രേമഗീതത്തിലോ അതോ ലില്ലൂരിന്‍റെ വോയ്സിലോ.. "
"രണ്ടിലും. എത്ര സത്യമാ ആ കവി പറഞ്ഞത് അല്ലേ. ഒരൊറ്റ മതമേയുള്ളൂ ഈ ലോകത്ത്. അത് പ്റേമം മാത്രം.. "
"ഇതേ കവി തന്നെ പാടിയിട്ടുണ്ട് 'പെണ്ണൊന്നെരെണ്ണത്തെ തീര്‍ത്തൊരീ നാന്‍മുഖന്‍ പെണ്ണിലും പെണ്ണാക്കി പൂരുഷനെ ' എന്ന്, പിംഗളയില്‍.. അതും നീ മറക്കെണ്ടാ"
അറിവു പകര്‍ന്ന് കൊടുത്ത് പിന്നെയും പല ദിനങ്ങള്‍ കടന്നുപോയി.
എന്‍റെ സായന്തനങ്ങള്‍ക്ക് സ്വര്‍ണ്ണപ്രഭ കൈവന്നു. ചിരിയും ചായയും വടയും സൌഹൃദവും മിക്സ് ചെയ്ത സുന്ദര സായന്തനങ്ങള്‍.
'എ പ്ളസ് ബി ദ ഹോള്‍ സ്ക്വയേര്‍ഡ്' എന്ന് മുഴുവന്‍ എഴുതും മുമ്പേ നടുവൊടിഞ്ഞ ചോക്ക് റീപ്ളേസ് ചെയ്യാന്‍ സ്റ്റാഫ് റൂമിലെക്കു പോയ ഞാന്‍ വാതില്‍ പടിയിലെത്തിയപ്പോഴാണ് അത് കേട്ടത്.
"കളികള്‍.." ഛെടാ ഇത് ലില്ലിടീച്ചറുടെ വോയ്സാണല്ലോ അകത്തുനിന്ന്.
"ചൊല്ലി.. " ഇത് ആനന്ദന്‍റെ ശബ്ദം
"കാട്ടു.. " ഇത് ലില്ലീസ്
"പൂവിന്‍.. " പിന്നെയും ആനന്ദന്‍
"കരളി.. " വീണ്ടും ലില്ലീസ്
"നോടും നീ..... " ആനന്ദന്‍ എഗൈന്‍
അകത്തേക്ക് കടന്ന ഞാന്‍ യുഗ്മഗാനത്തിന്‍റെ ബാക്കിഭാഗം കേട്ടു.
"പൂങ്കാറ്റിനോടും കിളികളോടും കളികള്‍ ചൊല്ലി നീ.. "
ലില്ലിടീച്ചര്‍ പാവക്കുട്ടിയെപ്പോലെ തലയാട്ടി പാടുന്നു. കൂടെ, ആനന്ദന്‍ ഉണങ്ങിയ തെങ്ങോല കാറ്റത്താടുമ്പോലെ തലയാട്ടിപ്പാടുന്നു.
"കലക്കി. സത്യം പറയാമല്ലോ.. ടീച്ചറിന്‍റെ ശബ്ദം ശരിക്കും മെലോഡിയസ്. ഇവന്‍റെ കേട്ടിട്ട് തങ്കച്ചായന്‍റെ മില്ലില്‍ നെല്ലുകുത്തുമ്പോലെയുണ്ട്. ഒട്ടും മാച്ചിംഗ് അല്ല." ചമ്മിച്ചിരിക്കുന്ന രണ്ടാളേം നോക്കി ഞാന്‍ പറഞ്ഞു.
കൈപൊത്തിച്ചിരിച്ചുകൊണ്ട് ടീച്ചര്‍ ഇറങ്ങിയോടി.
'സാമദ്രോഹി' എന്ന അര്‍ത്ഥത്തില്‍ ആനന്ദന്‍ ക്രൂരമായി എന്നെ ഒന്നു നോക്കി.
'ഇതിലും നല്ല പാട്ടുണ്ടല്ലോടാ.. അതെന്തേ പാടാഞ്ഞെ.. ഫോര്‍ എക്സാമ്പിള്
ആട്ടേപോട്ടേ..ഇരിക്കട്ടെ ലൈലേ... നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മയിലേ...
നിന്നെക്കാണും നേരമെന്‍റെ മജനൂ... എന്‍റെ
ചങ്കിലൊരു കിരുകിരുപ്പ് വരണ്"
ചിരിയടക്കി ചോക്കുമെടുത്ത് ഞാന്‍ പുറത്തുവന്നു.
ഒരിക്കല്‍, സംസാരിക്കാന്‍ മറ്റു വിഷയങ്ങള്‍ ഒന്നും ഇല്ലാഞ്ഞപ്പോ ഫുഡ് ടെക്നോളജിയിലേക്ക് ഞങ്ങള്‍ തിരിഞ്ഞു.
"ടീച്ചറിനേറ്റവും ഇഷ്ടപ്പെട്ട ആഹാരം എന്താ?"
"എന്നെ ടീച്ചറെന്നു വിളിക്കാതെ പ്ളീസ്. അതു കേള്‍ക്കുമ്പോഴേ ഒരു വല്ലായ്മ"
"ഈ കാളവണ്ടിക്കാരനെ ഡ്രൈവറേ എന്നു വിളിച്ചാലുണ്ടാവുന്ന ഒരുതരം സുഖമില്ലായ്മ അല്ലേ.. എല്ലാ ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്കും ഉണ്ടീ ഫീലിംഗ്" ടീച്ചര്‍ പിന്നെയും ചിരിച്ചു
"പാലപ്പവും മുട്ടക്കറിയും"
"ങേ.. !!"
"അല്ല.. മുമ്പേ ചോദിച്ചില്ലേ ഇഷ്ടപ്പെട്ട ആഹാരം.. മാഷിനോ"
"ഓ..അത്.. എനിക്ക് കപ്പവേവിച്ചതും മത്തിക്കറിയും.. "
"അങ്ങനെ വേണം മാഷേ..തനി നാടന്‍. അതാ എനിക്കിഷ്ടം. ആനന്ദന്‍ മാഷിനു ഏറ്റവും ഇഷ്ടം ചില്ലി ചിക്കന്‍ ആണത്രേ. "
"ചക്കപ്പുഴുക്കിനു ചില്ലിച്ചിക്കന്‍ എന്നൊരു പേരുണ്ടോ ടീച്ചറെ.. "
ടീച്ചര്‍ വീണ്ടും വാപൊത്തി ചിരിച്ചപ്പോഴാണ് ആനന്ദന്‍ കയറി വന്നത്.
"ടീച്ചറിനു ക്ളാസില്ലേ.. എന്താ പോകാത്തെ... " അല്‍പം ഗൌരവം
"ഞാനീ മാഷിന്‍റെ കാര്യം കേട്ടങ്ങിരുന്നുപോയി. മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ച്.... "
"പെട്ടെന്ന് ചെല്ല്..ദാ വാസൂള്ള സാറു തിരിക്കുന്നവിടെ.. "
ടീച്ചര്‍ വെളിയിലേക്ക് ഓടി.
ആനന്ദന്‍റെ മുഖം കാര്‍ക്കോടക സമം.
"നീ ആരാടാ ചാര്‍ളിചാപ്ളിന്‍റെ ചേഴക്കാരനോ. ആളുകളെ ചിരിപ്പിക്കാന്‍"
"ആ ടീച്ചറിനോടെന്തും പറഞ്ഞാലു ചിരിയാ. ഞാന്‍ എന്നാ ചെയ്യാനാ അളിയാ. "
"എന്നിട്ട് ഞാന്‍ പറയുമ്പോ ഒന്നും ഇങ്ങനെ ചിരിക്കാറില്ലല്ലോ.. "
"അതുനിനക്ക് ഫീമെയില്‍ സൈക്കോളജി അറിയാഞ്ഞിട്ടല്ലേ. എടാ 'വിമന്‍ ആര്‍ സെന്‍സിറ്റിവ്. ട്രീറ്റ് ദെം വിത് സോഫ്റ്റ്‌നെസ്' എന്നൊരു അടിവസ്ത്രത്തിന്‍റെ പരസ്യം കണ്ടിട്ടില്ലേ.. "
"അടിയുടെ കുറവാ നിനക്ക്.. "
"താടാ കൊട മര്യാദയ്ക്ക്..!! കൊട തരാന്‍.. ഞാന്‍ കുടുംബത്തില്‍ പിറന്നോനാ ഊശിയാക്കല്ലേ.. എടാ മര്യാദയ്ക്ക് കൊട തരാന്‍.. "
പുറത്തുനിന്നല്ലേ ആ അട്ടഹാസം.
ഞാനും ആനന്ദനും ഒന്നിച്ചു വെളിയിലേക്ക് ചാടി.
ഞെട്ടി!!
കുട റിപ്പയറുകാരന്‍ സ്കോളേഴ്സിലെ ഒരു സ്റ്റുഡന്‍റിന്‍റെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നു.
"എടുക്കെടാ കുട... !!!"
ഇതെന്തു കൂത്ത്.
"എന്തവാ അച്ചായാ ഇത്. ആ ചെറുക്കനെ വിട്.. കാര്യം പറ.. രാവിലെ പ്രശ്നമുണ്ടാക്കാതെ" ആനന്ദന്‍ പയ്യനെ പിടിച്ചു മാറ്റി.
"സാറെ. ഞാന്‍ 'കുട നന്നാക്കാനുണ്ടോ' എന്നു വിളിച്ച് സൈക്കിളില്‍ പോയപ്പോ, 'ഉണ്ടുണ്ട്' എന്നുപറഞ്ഞു എന്നെ വിളിച്ചു. ചോദിച്ചപ്പോ പറയുകാ വെറുതെ തമാശയ്ക്ക് വിളിച്ചതാണെന്ന്.. എനിക്ക് കുട ഇപ്പോ കിട്ടണം. പിള്ളേരാണെന്നു കരുതി ഇങ്ങനെയുണ്ടോ അഹമ്മതി. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നതാ.. അപമാനം സഹിച്ചൊരു ശീലമേയില്ല "
"പോട്ടച്ചായാ. ഇവനു രണ്ടു പൊട്ടീരു ഞാന്‍ കൊടുക്കാം. അച്ചായന്‍ തല്‍ക്കാലം പോ. പ്ളീസ്"
"എന്‍റെ പട്ടി പോകും. കുട കിട്ടാതെ ഒരടി പോകുന്ന പ്രശ്നമില്ല. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നോനാ. "
പ്രശ്നം രൂക്ഷമായി. കുട കിട്ടാതെ അതു നന്നാക്കാതെ അച്ചായന്‍ പോകില്ല എന്ന മട്ട്.
'ഇത്രയും ഒരു ആത്മാഭിമാനിയെ മുമ്പ് ഞാന്‍ കണ്ടിട്ടില്ല..' ഞാന്‍ ആനന്ദന്‍റെ ചെവിയില്‍ പറഞ്ഞു.
സാക്ഷാല്‍ വാസുപിള്ള സാര്‍ പ്രശ്നപരിഹാരത്തിനെത്തി.
"തനിക്കെന്താ വേണ്ടെ... എന്താ തന്‍റെ പ്രശ്നം"
"ഞാന്‍ കുടുംബത്തില്‍ പിറന്നവനാ സാറേ"
"അതാണോ പ്രശ്നം? "
"എനിക്ക് കൊട വേണം. അതു നന്നാക്കാതെ ഞാന്‍ പോവില്ല. "
"ഉറപ്പാണോ.. "
"ഉറപ്പ്.. "
"ഓലക്കുട താന്‍ നന്നാക്കുമോ?"
"എന്തുവാ.. മനുഷനെ കളിയാക്കല്ലേ.. "
"എടാ കേടായ കൊടയൊന്നും ഇവിടില്ല.. നീ പോ.. ചുമ്മാ രാവിലെ മെനക്കെടുത്താതെ"
"അതൊന്നും എനിക്കറിയേണ്ട.. കൊട വേണം. "
"അല്ലേ നീ പോവുകേല? "
"ഇല്ല.. "
"ആരാടാ ഇയാളെ വിളിച്ചത്"
പ്രതിയായ പയ്യന്‍ പരുങ്ങി
"ചെന്ന് നിന്‍റെ കുട എടുത്തോണ്ടു വാ.." വാസൂള്ള സാര്‍ ആജ്ഞാപിച്ചു.
തലചൊറിഞ്ഞു കൊണ്ട് പയ്യന്‍ സ്വന്തം കുട കൊണ്ടുവന്നു.
ഒറ്റക്കാലില്‍ തപസുചെയ്യുന്ന പോസില്‍, മറ്റേക്കാല്‍ ഉയര്‍ത്തി ആ കാലിലേക്ക് ഉഗ്രശക്തിയില്‍ വാസൂള്ള സാര്‍ കുട പതിപ്പിച്ചു. കമ്പി രണ്ടായി ഒടിഞ്ഞു കൈയില്‍ ഇരുന്നു
"ഉം. ഇനി ഇതു നീ നന്നാക്ക്.. "
"അയ്യോ.. കമ്പി എന്‍റെ കൈയില്‍ ഇല്ല.. "
"മിണ്ടരുത്. ഇത് നന്നാക്കിയിട്ട് പോയാ മതി നീ. "
"എന്‍റെ കൈയില്‍ കമ്പി ഇല്ല. കമ്പി മാറണേല്‍ കാശു കൂടുതലാവും"
"കാശോ.. എന്ത് കാശ്"
"പിന്നെ ഓസിനാണോ കൊട നന്നാക്കുന്നെ"
"കാശിന്‍റെ കാര്യം നീ എപ്പോ പറഞ്ഞു. നന്നാക്കാനൊരു കുട വേണമെന്നു പറഞ്ഞു. അതു ഞാന്‍ തന്നു. മിണ്ടാതിരുന്നു നന്നാക്ക്. അല്ലേല്‍ നിന്നെ ഞാന്‍ കോടതി കേറ്റും. അറിയാമല്ലോ വാസുപിള്ളയെ. "
"ഇതെന്നാ എടപാടാ"
"മിണ്ടരുത്.. !!"
"കമ്പി ടൌണിലേ കിട്ടൂ.. "
"എന്താ ടാക്സി വിളിക്കണോ. പോയി കൊണ്ടുവാടാ കമ്പി"
കുടകളഞ്ഞ് അച്ചായന്‍ പുറകിലൂടെ സ്കൂട്ടായി.
ഒടിഞ്ഞ കുടയും പിടിച്ച് പയ്യന്‍ അന്ധാളിച്ചു നിന്നപ്പോള്‍ ആനന്ദന്‍ പറഞ്ഞു
"ഇതിന്‍റെ ബാക്കി ഇനി നാളെ ഉണ്ട്. ഈ ചെക്കന്‍റെ തന്ത തനി ചട്ടമ്പിയാ. 'കുട നന്നാക്കാനുണ്ടോ' എന്ന് അച്ചായന്‍ വിളിക്കുന്ന മാതിരി 'വഴക്കുണ്ടാക്കാനുണ്ടൊ' എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന ഇനം. ദൈവമേ. എന്തെല്ലാം കാണണം"
പിറ്റേന്നു കാലത്ത് കുട്ടികളുടെ ഹോംവര്‍ക്ക് ചെക്കുചെയ്തുകൊണ്ടിരുന്നപ്പോഴാണ് വെളിയില്‍ ഒരു മിന്നലോട്ടം കണ്ടത്.
മൂത്രപ്പുരയില്‍ പോയ പത്മനാഭന്‍ സാര്‍, അണ്ടര്‍വെയര്‍ സ്യൂട്ടില്‍ സ്റ്റാഫ് റൂമിലേക്ക് പായുന്നു.
'ഇതെന്തു പറ്റി. സാറു യൂറിന്‍ ഷെഡ്ഡില്‍ മുണ്ടു മറന്നുവച്ചോ' എന്ന് ആത്മഗതം ചെയ്ത് ഞാന്‍ വെളിയിലേക്കിറങ്ങി.
"കൊല്ലും ഞാനെല്ലാത്തിനേം" സാറിന്‍റെ മുണ്ടും കൈയില്‍ പിടിച്ച് 'തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം' സ്റ്റയിലില്‍ കൊലവിളിച്ചുകൊണ്ടൊരു മാന്യന്‍ പുറകെ.
പിള്ളസാര്‍ സ്റ്റാഫ് റൂമില്‍ അഭയം പ്രാപിച്ചു വാതിലടച്ചു.
"ഏത് മറ്റേമോനാടാ എന്‍റെ ചെറുക്കന്‍റെ കൊടയൊടിച്ചത്. ഇറങ്ങിവാടാ. തട്ടും ഞാന്‍ എല്ലാത്തിനേ.. കളിക്കുന്നത് പുഷ്കരനോടാണൊടാ &** മക്കളേ"
ആനന്ദനും ഞാനും ഓടിയടുത്തു.
"എന്താ പുഷ്കരേട്ടാ ഇത്.. ഛേ മോശം" പ്രിക്കോഷനു വേണ്ടി മുണ്ടില്‍ ബലം കൊടുത്തുകൊണ്ട് ആനന്ദന്‍
"ചേട്ടാ ആ മുണ്ട് കൊടുക്ക് പ്ളീസ്. നമുക്ക് പരിഹാരമുണ്ടാക്കം" എന്‍റെ ശ്രദ്ധയും സ്വന്തം മുണ്ടില്‍
"ഏതു നായിന്‍റെ മോനാ എന്‍റെ ചെക്കന്‍റെ കൊടയൊടിച്ചത്. ഇപ്പോ കാണണമെനിക്ക്"
"പുള്ളി കോടതിയില്‍ പോയിരിക്കുവാ.. ചേട്ടന്‍ ആ മുണ്ടിങ്ങു തന്നേ.. "
ഞാന്‍ മുണ്ടു വാങ്ങി, ജയില്‍വാസിയെപ്പോലെ ജനലില്‍ക്കൂടി കൈനീട്ടിയ പിള്ളസാറിനു കൊടുത്തു.
"ഈ പുഷ്കന്‍ ആരാന്നറിയമോടാ നിനക്ക്.. "
"അറിയാം എന്‍റെ പൊന്നു ചേട്ടാ. ടൌണിലെ കവലച്ചട്ടമ്പിയെ ഒറ്റയിടിക്ക് കൂമ്പുവാട്ടിയിട്ട ആളല്ലേ.. ആര്‍ക്കാ ഇതൊക്കെ അറിയാത്തെ.. ചേട്ടന്‍ വാ. നമുക്കൊരു ചായ കുടിക്കാം.. ഛേ.. വാന്നേ.. പിന്നല്ലാതെ.. പറഞ്ഞാ തീരത്താ എന്തു പ്രശ്നമാ ചേട്ടാ ഈ ലോകത്തുള്ളത്"
എന്‍റെ പീസ് മിഷന്‍ സക്സസായി...
സംഭവം തണുത്തു.
മന:പൂര്‍വം ആഗ്രഹിച്ചിട്ടും മനസില്‍ നിന്നു മായാതെ നിന്ന പത്മനാഭ പര്യടനം എന്നെ വീണ്ടും വീണ്ടും ചിരിച്ചപ്പോഴാണ് ലില്ലിടീച്ചര്‍ കടന്നു വന്നത്.
"എന്താ മാഷേ ചിരിക്കുന്നെ"
"ടീച്ചറെന്താ വൈകിയത്. ഛേ.. മിസ്സാക്കി. ഒരു അപൂര്‍വ കാഴ്ച മിസാക്കി"
"എന്ത്.. ? "
"ടീച്ചറുടെ വല്യപ്പച്ചന്‍ അണ്ടര്‍വെയര്‍ കഴുകുമ്പോള്‍ എത്ര തുള്ളി ഉജാലയാ ഇടുന്നത്"
"മൂന്നു തുള്ളി.. എന്തേ.... "
"അതീ പിള്ളസാറിനൊന്നു പറഞ്ഞുകൊട്. വെളിയില്‍ കാണിക്കാത്ത വസ്ത്രങ്ങള്‍ക്കു വേണ്ടി എന്തിനാ പത്തുതുള്ളി വെയിസ്റ്റാക്കുന്നെ"
ആനന്ദനും ഞാനും പൊട്ടിച്ചിരിക്കുമ്പോള്‍ കാര്യം എന്തെന്നറിയാതിരുന്നിട്ടും ലില്ലിടീച്ചറും കൂടെ ചിരിച്ചു..
എന്‍റെ അദ്ധ്യാപക എപിസോഡിനു അര്‍ദ്ധവിരാമം ഇട്ട ഒരു സന്ധ്യയില്‍ ഞാന്‍ എല്ലാവരോടും യാത്രപറഞ്ഞു.
പത്മനാഭപിള്ളസാറിനെ കെട്ടിപ്പിടിച്ചു.
ആനന്ദന് അന്ന് ക്ളാസ് ഉണ്ടായിരുന്നില്ല..
പടിവാതില്‍ക്കല്‍ വരെ ലില്ലിടീച്ചര്‍ കൂടെ വന്നു.
"കുറച്ചു നല്ല ദിവസങ്ങള്‍ തന്നിട്ട് ഒടുവില്‍ മാഷും പോകുന്നു അല്ലേ.. "
"അതല്ലേ ടീച്ചറേ ജീവിതം. മാറിയും മറിഞ്ഞും പിന്നെയും മാറിയും അങ്ങനെ.. എല്ലാ മക്കളേയും താങ്ങാന്‍ പാവം കേരളത്തിനു കപ്പാസിറ്റിയില്ലല്ലോ..അപ്പോ എന്നെപ്പോലെ അധികം ആവശ്യമില്ലാത്തവര്‍ കളമൊഴിഞ്ഞു കൊടുക്കണം.. അതല്ലേ വേണ്ടത്. "
"ഇനി എന്നാ ഇങ്ങോട്ടൊക്കെ.. "
"അതും അറിയില്ല ടീച്ചറേ. വരാമെന്നേ. ഒന്നു പച്ചപിടിക്കാമോ എന്നു നോക്കട്ടെ ആദ്യം. കോടീശ്വരനായി ഞാന്‍ ടീച്ചറിനെ കാണാന്‍ വരാം. എപ്പടി... "
"വേണ്ട. മാഷ് ഈ സാധാരണ മനുഷ്യനായി തന്നെ വന്നാ മതി. ഈ വേഷമാ മാഷിനിണങ്ങുന്നെ. "
ടീച്ചര്‍ ചിരിച്ചില്ല.
"അപ്പോ ടീച്ചറേ വിട.. പള്ളിയില്‍ മെഴുകുതിരി കൊളുത്തുമ്പോള്‍ ഒരെണ്ണം എനിക്കുകൂടി കാച്ചിയേര്. കര്‍ത്താവും കസ്റ്റഡിയില്‍ ഇരിക്കട്ടേന്നെ... "
ഞാന്‍ സൈക്കിളില്‍ കയറി..
മഴമേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടി.
'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി..കാട്ടു പൂവിന്‍ കരളിനോടും നീ.... ' പതുക്കെ എന്‍റെ സൈക്കിള്‍ നീങ്ങി..
കാലം പുതിയ സിലബസുകള്‍ ജീവിതത്തില്‍ മാറ്റിമാറ്റി എഴുതി.
ദില്ലിയിലെ ചുട്ടുപൊള്ളുന്ന ദിനരാത്രങ്ങളിലൂടെ പച്ചപ്പുതേടിയുള്ള യാത്രകള്‍ക്കിടയില്‍ മനസിലെ പല ഏടുകളും ചാമ്പലായി.
ഓര്‍മ്മകളുടെ രസമുകുളങ്ങള്‍ പലതും അടര്‍ന്നകൂട്ടത്തില്‍ ലില്ലി ടീച്ചറും മറവിയുടെ ഏതോ ക്ളാസ് മുറിയില്‍ അഭയം തേടി.
പിന്നീടൊരിക്കലും ഇളകുന്ന ജിമുക്കളോ, പൊളിഞ്ഞുവരുന്ന വാഴക്കൂമ്പിതളിലെ കനകത്തേന്‍കുടങ്ങള്‍ പോലെയുള്ള ആ ചിരിയോ ഓര്‍മ്മകളില്‍ എന്നെ തേടിവന്നില്ല.
'ഓര്‍മ്മയുണ്ടോ മാഷേ' എന്ന മംഗ്ളീഷ് സബ്ജ്‌ക്ടില്‍, ജി.മെയില്‍ പുതിയൊരു മെയിലുമായി പറന്നെത്തിയത് കുറച്ച് ദിവസങ്ങള്‍ മുമ്പാണ്.
"വി ഷേപ്പ് വിരലുകള്‍ക്കിടയിലെ കുസൃതിച്ചിരി കണ്ടപ്പോള്‍ തന്നെ മാഷിനെ തിരിച്ചറിയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. " എന്നു തുടങ്ങി കുടുംബത്തേയും കുട്ടികളേയും പരിചയപ്പെടുത്തി, ഇടയ്ക്കൊക്കെ ഓര്‍മ്മകളിലെ വെള്ളാരംകല്ലുകള്‍ പെറുക്കിയെടുത്ത് ആ കത്ത് ഇങ്ങെനെ അവസാനിച്ചു.
"നമുക്കൊന്നു കൂടി കാണേണ്ടേ മാഷേ.. ചാറുന്ന തുലാമഴയുടെ ഗന്ധത്തില്‍ പൊട്ടിച്ചിരിക്കാനും ചായകുടിക്കാനും.... "
വിശദമായി എഴുതിയ മറിപടിക്കൊടുവില്‍ ഞാനും എഴുതി
"..ഇല്ല ടീച്ചര്‍. നമുക്കിനി പഴയ നമ്മളാവാന്‍ ആവില്ല. നമുക്ക് നമ്മളെ എന്നേ നഷ്ടപ്പെട്ടില്ലേ. കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയുള്ള, വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയുള്ള, ബാങ്ക് ബാലന്‍സിനെപ്പറ്റിയുള്ള, പണ്ടപ്പണയ പലിശതീയതിയെപറ്റിയുള്ള ആശങ്കകളെല്ലാംകൂടി വന്നു നമ്മളെ എങ്ങോട്ടൊക്കെയോ പറിച്ചുനട്ടില്ലേ. ഇനി കണ്ടാലും കറപുരളാതെ ചിരിക്കാന്‍ നമുക്കാവുമോ.. എങ്കിലും ഒന്നുകൂടി കാണാം നമുക്ക്. എന്നെങ്കിലുമൊരിക്കല്‍. ബിഫോര്‍ ദി ഫൈനല്‍ എക്‌സിറ്റ്... "
'സെന്‍ഡ്' ബട്ടണില്‍ ക്ളിക്ക് ചെയ്യുമ്പോള്‍, പരമ്പുപാര്‍ട്ടീഷന്‍ മറികടന്ന്, തുലാവര്‍ഷമേഘങ്ങളുടെ കുളിരു കലര്‍ന്ന്, പിച്ചിപ്പൂക്കളുടെ ഗന്ധത്തോടൊത്തുചേര്‍ന്ന് ആ പഴയ ശബ്ദം എന്നില്‍ നിറഞ്ഞു നിന്നു..
"ഒരൊറ്റമതമുണ്ടുലകിന്നുയിരാം
പ്റേമമതൊന്നല്ലോ.....
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം... "
Tuesday, 8 April 2008
ഇന്‍റര്‍സ്റ്റേറ്റ് പാണീഗ്രഹണം
'അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അടിയുടെ വേദന ഞാനറിഞ്ഞു.. നിന്‍റെ
അപ്പന്‍റെ കൈയ്യൂക്കു ഞാനറിഞ്ഞു.. '
റേസര്‍ കൃതാവില്‍ അമര്‍ത്തി മൂളിപ്പാട്ടുപാടിയപ്പോള്‍, ശ്രീമതി അടുക്കളയില്‍ നിന്ന് ചപ്പാത്തിറോളര്‍ സഹിതം അടുത്തുവന്നു.
"എന്താ മാഷേ രാവിലെതന്നെ അനുഭവങ്ങള്‍ പാളിച്ചകള്‍ ഓര്‍ക്കുന്നേ.. ഏതാ ആ ഭാഗ്യവതി?"
"ഹൂ..? " വായു വായില്‍ നിറച്ച് കവിളുവീര്‍പ്പിച്ച് ഞാന്‍.
"അല്ലാ.. മാഷിനു ചളുക്കു തന്ന ആ ചേട്ടന്‍റെ മോള്. കാന്താരത്തില്‍ പെടാതെ കൊള്ളാവുന്ന കാന്തനെ തേടിപോയല്ലോ ആ മിടുക്കി.. "
"കാലത്തെ കെട്ടിയോനിട്ട് കൊട്ടാതെ പോയി ചപ്പാത്തിയൊണ്ടാക്കെടീ. അഹമ്മതി കൂടുന്നു ഈയിടെയായി.. ഉം..... "
"ഉള്ളതു പറഞ്ഞാല്‍ ഉറിയ്ക്കും ചൊരുക്കും. ഹൌമനി പാരഗണ്‍ ചപ്പല്‍സ് തേഞ്ഞു. സത്യം പറ.. ബൌ...................... "
ഓക്കാനിച്ചുകൊണ്ട് അവള്‍ കുതിച്ചതും, രണ്ടുകാലില്‍ രണ്ടടി പൊങ്ങി ഞാനോടി മാറിയതും ഒന്നിച്ച്.
ജീസസ്.. ഇനി പുരാണം തുടങ്ങും.
ദൈവം പ്രസവിക്കാന്‍ പെണ്ണിനെ ഏല്‍പ്പിച്ച ക്രൂരതയെ പറ്റി തെക്കേതിലെ വസുമതിച്ചേച്ചി ഗര്‍ഭകാലത്ത് ഒരിക്കല്‍പോലും ഛര്‍ദ്ദിച്ചിട്ടില്ലെന്ന ഹിസ്റ്ററി, 'ഈ കൊച്ച് വയറ്റില്‍ വച്ചുതന്നെ എന്നെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി' ഇത്യാദി ഡയലോഗുകള്‍ ഒന്നുകൂടി കേള്‍ക്കാന്‍ തുടങ്ങുന്നു.
"മീശേടെ സൌന്ദര്യം നോക്കാതെ എന്‍റെ പുറമൊന്നു തടവി താ മാഷേ... അയ്യോ... ഞാന്‍ ചത്തുപോവുമേ.... "
"ഈ പുറംതടവും ഓക്കാനവും തമ്മിലുള്ള റിലേഷന്‍ ഏതു ദരിദ്രവാസിയാണോ കണ്ടുപിടിച്ചത്.. ഇസ് ദെയര്‍ എനി സയന്‍റിഫിക് ബേസ്.. ?"
"ക്രൂരാ. കൃതാവിന്‍റെ ലവല്‍ പിന്നെ നോക്ക്. രണ്ടുകൈകൊണ്ടും അമര്‍ത്തി തടവ്.. അയ്യോ. എന്‍റെ നെഞ്ചില്‍ ഏതാണ്ട് തടഞ്ഞപോലെ.. ഔ....... "
"എനിക്കിപ്പോള്‍ ഒരു ഡൌട്ടെടീ... മനുഷ്യര്‍ക്കുമാത്രമെന്താ ദൈവം ഈ ഗര്‍ഭോക്കാനം കൊടുത്തത്. പശു, ആട്, ആന, സിംഹം ഇവയ്ക്കൊന്നും ഈ പ്രശ്നമില്ലല്ലോ..
ദൈവം ചതിക്കുമൊരു സര്‍പ്പം ചതിക്കുമൊരു പെണ്ണും ചതിക്കുമൊരു മര്‍ത്ത്യന്‍...
അയ്യപ്പപ്പണിക്കര്‍ ഇതെഴുതിയത് ഭാര്യയുടെ നടുവു തടവിയപ്പൊഴായിരിക്കും പക്കാ... "
"ദേ മാഷേ.. മനുഷ്യന്‍ ചാവാന്‍ തൊടങ്ങുമ്പോ ചള്ളിയ സംശയം എടുക്കല്ലേ.. ഹോ..എനിക്കിത് താങ്ങാന്‍ വയ്യ... അപ്പൊഴേ ഞാന്‍ പറഞ്ഞതാ ഇപ്പൊഴേ.. "
"കുഞ്ഞ് വേണ്ടാന്ന് അല്ലേ... ക്യാ കരൂം.. ഈഫ് വിന്‍റര്‍ കംസ് കാന്‍ ഗര്‍ഭം ബീ ഫാര്‍ ബിഹൈന്‍ഡ്.... "
"ഓ..........പിന്നേം ചള്ളിയ തമാശ.... ഒന്നു പോ. ഞാന്‍ തന്നെ തടവിക്കോളാം... "
ബ്രഷിലേക്ക് ഞാന്‍ പേസ്റ്റ് ഞെക്കിയിറക്കി.
"മാഷേ.. ഇന്ന് ഹോസ്പിറ്റലില്‍ പോണം.. ആ ഡോക്ടര്‍ തന്ന മരുന്നു പോരാ. ഹോ.. കഴിക്കുന്നതു അപ്പടി വെളിയിലേക്ക് പോവുകാ.. ബൌ..... "
"മൈ ഡിയര്‍ മൈഥിലീ. ഗര്‍ഭം ഒരു അവസ്ഥ മാത്രമാ. അതു നീ മനസിലാക്ക്. വനിതാമാസികകളൂം മേഡിയയും ഒക്കെച്ചേര്‍ന്ന് അതിനെ ക്യാന്‍സറിനേക്കാ വലിയ ഒരു രോഗമാക്കി. ഫോര്‍ ദ സേക്ക് ഓഫ് സിസര്‍. സിസേറിയന്‍ സിസര്‍.. "
"ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ...അമ്മേ വയ്യാ....ഞാനിപ്പോ... "
"സിസേറിയന് ആ പേരുവരാന്‍ കാരണം, ലോകത്ത് ആദ്യമായി അങ്ങനെ പുറത്തെടുത്തത് ജൂലിയസ് സീസറിനെയായതുകൊണ്ടാണ് എന്ന സത്യം നിനക്ക്... "
"പോയി കുളിക്ക് ക്രൂരാ....... !!!!!!"
"ഓമനേ നിന്‍റെയച്ഛന്‍.... നിന്നെയിങ്ങു
നേരത്തെ കൊണ്ടുപോന്നു...
താ നന്ന തന്നാന - തനതന താനന്ന തന്നാന" ഷവര്‍ ഞാന്‍ തുറന്നു..
ബൈക്കിന്‍റെ ചാവിയെടുത്ത് വെളിയിലിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് അതോര്‍ത്തത്.
"ഓ ഒരു കാര്യം പറയാന്‍ വിട്ടു.. ഞാന്‍ വൈകിട്ട് അല്‍പം ലേറ്റാവും. "
"ഉം... എന്താ കാര്യം. പുതിയ വല്ല ഏടാകൂടോം ഒപ്പിച്ചോ " ശ്രീമതി ലഞ്ചുബോക്സ് നീട്ടി. "
"നമ്മുടെ പ്രവീണില്ലേ. അവനെന്നോട് എന്തോ പറയാനുണ്ടെന്ന്. വൈകിട്ട് അവനെ ഒന്നു കാണണം. "
"ഏത് പ്രവീണ്‍? "
"ഓ..ഞാന്‍ പറയാറില്ലേ.. രോഹിണിയിലുള്ള ആ സി.എ സ്റ്റുഡണ്റ്റ് കം ഓഡിറ്റര്‍ സ്പെഷ്യലിസ്റ്റ്.. "
"ഓ അവന്‍.. എന്താ കാര്യം. ഒന്നുകില്‍ വല്ല പെണ്ണുകേസ്. അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് കമ്പ്യൂട്ടര്‍ എങ്ങനെ തല്ലിക്കൂട്ടാം എന്ന ഡിസ്കഷന്‍.. പക്കാ.. "
"വാട്ട് യു മീന്‍...? ഞാന്‍ മുഖം ചുളിച്ചു..
"അല്ലാതെ ഓസോണ്‍ പാളിയില്‍ ഓട്ടവീഴുന്ന കാര്യം ഡിസ്കസ് ചെയ്യാന്‍ എന്‍റെ തമ്പുരാനെ ആരും വിളിക്കില്ലല്ലോ... ആട്ടെ എപ്പൊ എത്തും... വരുമ്പോ എനിക്ക്.... "
"ചതിക്കല്ലേ...ചതിക്കല്ലേ.. ഡല്‍ഹിയില്‍ അവൈലബിള്‍ ആയ ഐറ്റംസേ പറയാവേ പ്രിയേ. വരിക്കച്ചക്ക, ശീമച്ചേമ്പ്, ചാമ്പയ്ക്ക, കദളിപ്പഴം ഇതൊന്നും ഇന്നത്തെ കൊതിയില്‍ പെടുത്തല്ലേ പ്ളീസ്....... "
"അതൊന്നുമല്ല.. എനിക്ക് ഇന്ന് വേറെ കൊതിയാ.. "
"ഈശ്വരാ. പെണ്ണായി പിറക്കുന്നതാ നല്ലത്. ഒരു പ്രസവത്തിന്‍റെ പ്രോബ്ളമേ ഉള്ളൂ.. കൊതിക്കുന്ന ഐറ്റംസ് തേടി ഉഴവു തെറ്റുന്ന ഈ ഭര്‍ത്താക്കന്‍മാരുടെ ഗതി എത്ര ദയനീയം. എനി വേ. ഇന്നെന്താ കൊതി? "
"ഇനിക്കിന്നൊരു ഊത്ത്...ബൌ.... " അടുത്ത ഓക്കാനം
"ഊത്തോ... ഇതെന്തെടീ വിചിത്രമായ കൊതി. പീപ്പിയോ നാദസരമോ..ഈശ്വരാ ഉത്സവസീസണ്‍ കഴിഞ്ഞല്ലോ.. ഞാനെവിടുന്നു തപ്പും അത്"
"ഊതല്ലേ.. ഊത്തല്ല.. ഊത്തപ്പം. അത് തിന്നാന്‍ ഒരു കൊതി... "
"ഹാവൂ... ആശ്വാസം..ദാറ്റീസ് ഈസിലി അവൈലൈബള്‍..ഏറ്റു.. ഉറപ്പ്. "
"ഉം. വരുമ്പോഴേക്കും ഞാന്‍ അതിനു പറ്റിയ പുതിയൊരു കൂട്ടാന്‍ ഉണ്ടാക്കി വക്കാം. ഗൃഹലക്ഷ്മിയില്‍ കണ്ടതാ.. "
"അയ്യപ്പാ.. അന്നുണ്ടാക്കിയ പാലക് പനീര്‍പോലെ ആവല്ലേ... "
"മനസിലായില്ല.. "
"പിറ്റേന്ന് കക്കൂസില്‍ ഇരുന്ന ഞാന്‍ തുമ്പയിലെ റോക്കറ്റ് പോലല്ലേ മുകളിലോട്ട് കുതിച്ചുപോയത്. എന്തൊരു വെലോസിറ്റിയാരുന്നു വയറിളക്കത്തിന്.. ഹോ.. "
"എനിക്ക് മനസിലാവുന്നുണ്ട്.. ഈയിടെ ഞാന്‍ എന്തുവച്ചാലും മാഷിനൊരു നെഗറ്റീവ് റിമാര്‍ക്ക്.. ആറിയ ഭാര്യ പഴം ഭാര്യ.. ഹും എണ്റ്റെ വിധി അല്ലാതെന്താ.. "
"ഛേ ഛേ അങ്ങനെ പറയല്ലേ മിസ്.പ്രെഗ്നന്‍റേ.. നീ കൈവച്ചാല്‍ എല്ലാം ഡബിള്‍ ടേസ്റ്റിയല്ലേ.
കണ്‍മണി നീ കൈയിലെടുത്താല്‍
കല്‍ക്കരിയും കല്‍ക്കണ്ടം
കരിവളനീ കൈയിലണിഞ്ഞാല്
കാഞ്ചനവും കണ്ണെറിയും..
എങ്ങനെയുണ്ട് എന്‍റെ പുതിയ പാട്ട്... "
"മനുഷ്യനിവിടെ അനങ്ങാന്‍ വയ്യാതിരിക്കുമ്പൊഴാ ഒരു പാട്ട്.. പോവാന്‍ നോക്ക്... "
"ഒ.കെ.. അപ്പോ.. ബൈ ബൈ, ടേക്ക് കെയര്‍ ഠീക് ഹേ?"
ഹെല്‍മെറ്റ് എടുത്ത് കുതിച്ചു..
'ഷക്.................... ' കുനിഞ്ഞു നോക്കിയപ്പോള്‍ ഷൂസിന്‍റെ സോള്‍ ഇളകിയ ദു:ഖസത്യം അറിഞ്ഞു.
"ഗോഷ്.. സോള്‍മേറ്റും പിണങ്ങി.. അമ്പതുരൂപ ബജറ്റില്‍ എവിടെ അഡ്ജസ്റ്റ് ചെയ്യും അയ്യപ്പാ.... "
ഓഫീസില്‍ നിന്ന് പത്തുമിനിട്ട് നേരത്തേ ഇറങ്ങിയ നെഹ്രുപ്ളേസിലെ സോന റസ്റ്റോറന്‍റില്‍ ആത്മാര്‍ത്ഥ സുഹൃത്ത് പ്രവീണിനെ കാത്തിരുന്നു.
'ഇക്കണക്കിനു പോയാല്‍ തുണിമില്ലുകാരുടെ കാര്യം പോക്കണല്ലോ അയ്യപ്പാ' എന്ന് അല്‍പ്പവസ്തധാരിണിയായ ഒരു പെങ്കൊച്ചിനെ നോക്കി ആത്മഗതം ചെയ്തപ്പോഴാണ്, തെങ്ങില്‍മൂട്ടില്‍ നിന്ന് നടന്നുവരുന്ന കേരകര്‍ഷകനെപ്പോലെ കൈയില്‍ രണ്ടു ഹെല്‍മറ്റും തൂക്കിപ്പിടിച്ച് അവന്‍ വന്നത്.
"നീയെന്താ ഹെല്‍മറ്റ് കച്ചോടോം തൊടങ്ങിയോ. എവിടാരുന്നു ഇതുവരെ.... "
"ഒരു പാരയ്ക്ക് ലിഫ്റ്റ് കൊടുത്തതാ. അതെനിക്ക് പാരയായി.. ഇതും ചുമ്മി നടക്കണം..." പ്രവീണ്‍ കസേര വലിച്ചിട്ടിരുന്നു.
"ദോ കോഫീ.. ദോ ആലുപൊറോട്ട.." വെയിറ്ററോട് അവന്‍.
"ഓഹോ.. ഇന്നു കാര്യമായ ചെലവുചെയ്യലാണല്ലോ.. എന്താ അളിയാ കാര്യം.. സംതിംഗ് സ്പെഷ്യല്‍... "
"ഉണ്ട്... പറയാം. ആദ്യം കാപ്പി വരട്ടെ.. "
"ഒരു സീരിയസ് കാര്യം നിന്നോട് പറയാന്‍ പോവുകയാണ്. കേട്ടാല്‍ ഒരുപക്ഷേ നീ ഞെട്ടിയേക്കാം. പക്ഷേ ഇനി അത് മറച്ചുവച്ചിട്ട് കാര്യമില്ല.."ആവി പൊങ്ങുന്ന കാപ്പിയില്‍ കണ്ണോടിച്ച് പ്രവീണ്‍ പതുക്കെ പറഞ്ഞു.
"പറ മച്ചാ... " ആലുപൊറോട്ട ഞാന്‍ അടര്‍ത്തി
"ഞാന്‍ ഒരു പെണ്ണിനെ പ്രേമിക്കുന്നു.. "
"ങേ.......!" ഫെയര്‍ ആന്‍ഡ് ലവ്‌ലി കുഴച്ചു തേച്ച് ഉള്ള കറുപ്പു ഒന്നുകൂടി തെളിച്ചു വച്ച ആ മുഖത്തേക്ക് ഞാനൊന്നു നോക്കി.
"ഇപ്പൊഴേ ഞെട്ടാതെ... ബാക്കി കൂടെ കേള്‍ക്ക്. അവളെ ഞാന്‍ കെട്ടാന്‍ തീരുമാനിച്ചു. "
"എപ്പോ.. "
"എന്ത്? "
"അല്ല കെട്ടാന്‍ തീരുമാനിച്ചത്.. "
"ഇന്നലെ..അതാ നിന്നെ ഇവിടെ വിളിച്ചത്.. "
"കൊടുകൈ. അങ്ങനെ നീയും വിഡ്ഡികളുടെ ലോകത്തേക്ക് വരുന്നു. ജോയിനിംഗ് ദ ബഞ്ച് ഓഫ് ഫൂള്‍സ്. പിന്നെ പെണ്ണിന്‍റെ ജാതിയും മതവും ഒക്കെ സെയിമാണേ.. അവടപ്പനു പണിയുണ്ടാക്കല്ല്" കപ്പ് ഞാന്‍ ടേബിളില്‍ വച്ചു.
" അതാ പ്രശ്നം. ജാതീം മതോം മാത്രമല്ല സ്റ്റേറ്റ് വരെ വേറെയാ.. "
"കര്‍ത്താവേ. തമിഴത്തിയാണോ...അതോ തെലുങ്കത്തിയോ. "
"രണ്ടുമല്ല... "
"പിന്നെ എവിടുത്തുകാരി"
"ഛഠീസ്‌ഗഡ്"
"പ്രൂം...................." എന്‍റെ വായിലെ കാപ്പി തെറിച്ചു.
"സത്യമാടാ കാലമാടാ. എന്‍റെ കൂടെ പ്രാക്ടീസ് ചെയ്യുന്ന പെണ്ണ്‍. നോര്‍ത്തിന്‍ഡ്യന്‍. മൂന്നു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്"
"അപ്പോ സി.എയ്ക്ക് പഠിക്കാനെന്നും പറഞ്ഞ് നീ അവളെ ഓഡിറ്റുചെയ്യുകയാരുന്നു ഇത്ര നാള്‍ അല്ലേ.. ചുമ്മാതല്ല ഇന്‍റര്‍ മാത്രം പാസായി കെടന്ന് വെള്ളം കുടിക്കുന്നെ.. അല്ല ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ. ഭൂമിമലയാളത്തില്‍ എത്രയോ നല്ല പെണ്‍കിടാങ്ങള്‍ കിടക്കുന്നു. അല്ലെങ്കില്‍ തൊട്ടടുത്ത ബോര്‍ഡറിലെ തമിഴത്തികള്‍. ഹോ ഇതൊന്നും പോരാഞ്ഞ് അവന്‍ കണ്ടേക്കുന്നു. ഛഠീസ്‌ഗഡ്.. നിന്‍റെ കാര്യം ചട്ടീല്‍ ഗഡീ"
"കൊല്ലും ഞാന്‍.. പ്രണയത്തെ കുറിച്ച് നിനക്ക് എന്ത് കോപ്പറിയാം.. അതറിയാത്തവന്‍ ഇത് പറയരുത്.. ഇഡിയറ്റ്"
"പ്രണയം ഈസ് ഈക്വല്‍ ടു മാംഗോത്തൊലി... "
"വാ പൂട്ടെടാ..... "
"എടാ.. 'എനിക്ക് എയിഡ്‌സ് ആണ് ആര്യപുത്രാ' എന്ന് ശകുന്തള പറഞ്ഞാല്‍ പ്രാണനും കൊണ്ടോടാത്ത ഒരു ദുഷ്യന്തനും ഇല്ല ഈ ലോകത്ത്. അതുപോലെ മറിച്ചും. അതുകൊണ്ട് നീ അതിനെപറ്റി കൂടുതല്‍ ഒന്നും പറയേണ്ട.. "
"നീ പ്രണയിച്ചിട്ടില്ലല്ലോ.. സോ അതിനെപറ്റി പറയാന്‍ നിനക്ക് ഒരവകാശോം ഇല്ല... " പ്രവീണ്‍ വികാരിയായി
"അതു കറക്ട്. പ്രണയത്തിന്‍റെ റോഡില്‍ ഞാന്‍ കൈകാണിച്ച വണ്ടിയെല്ലാം ചെളിതെറിപ്പിച്ച് പോയിട്ടേ ഉള്ളൂ.. കല്യാണ ജംഗ്ഷനില്‍ നിന്ന് കയറിയ ബസ്സാകട്ടെ ഡെയിലി പഞ്ചറും. പക്ഷേ
'പ്രണയം മധുരമാണോമനേ അതുപോലെ
പ്രഹരമാണൊരുതാലിത്തുമ്പില്‍ കൊരുക്കവേ' എന്ന് എന്‍റെ കൊച്ചപ്പൂപ്പന്‍ പാടിക്കേട്ടിട്ടുണ്ട്. പുള്ളി പ്രണയത്തിന്‍റെ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്"
"നിര്‍ത്തെടാ ഊളന്‍ വര്‍ത്തമാനം. ഞാന്‍ ആകെ ടെന്‍ഷനിലാ.. എങ്ങനെ ഇതൊന്ന് പ്രൊസീഡ് ചെയ്യും.. ഒരു വഴിയും കാണുന്നില്ല. അവളല്ലാതെ വേറൊരു പെണ്ണ്‍ എനിക്ക് ഭാര്യയാവില്ല ഉറപ്പ്"
"എവിടെയാണ് ഇപ്പോ ആക്ച്വല്‍ പ്രോബ്ളം? "
"എന്‍റെ വീട്ടുകാരെ ഞാന്‍ സമ്മതിപ്പിച്ചോളം. പക്ഷേ അവടെ വീട്ടുകാര്‍. പ്രത്യേകിച്ച് തന്ത. നോ രക്ഷ. പക്ഷേ കെട്ടുവാണെങ്കില്‍ ഞാന്‍ ശിവാംഗിയെ തന്നെ കെട്ടും"
"ശിവാംഗി. അടിപൊളി പേര്. അപ്പോ നിനക്കു രണ്ടു ചോയ്സേ ഉള്ളൂ അല്ലേ. ഒന്നുകില്‍ ക്രോണിക്ക് ബാച്ചിയായി ജീവിക്കുക. അല്ലെങ്കില്‍ കൊരവള്ളിയ്ക്ക് പിടി വാങ്ങിക്കുക. ആദ്യത്തേതാ സേഫ്.. "
"കെട്ടും.. കെട്ടിയിരിക്കും"
"ഒന്നോര്‍ത്താല്‍ പങ്കാളികള്‍ രണ്ടു ദേശക്കാരാവുന്നതാ ജീവിതത്തിനു നല്ലത്. എന്‍റെ ഭൈമിയുടെ ചില നേരത്തെ പെര്‍ഫോര്‍മന്‍സ് കാണുമ്പോള്‍ അവള്‍ ആഫ്രിക്കക്കാരി ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഓര്‍ത്തുപോയിട്ടുണ്ട്, ചീത്തവിളിക്കുമ്പോള്‍ മനസിലാവില്ലല്ലോ.. അമ്മായിയമ്മപ്പോരിനും ഇത് നല്ല ഗുണം ചെയ്യും. കഥകളിമുദ്രകാട്ടി എത്ര നേരം അടിയിടും. പക്ഷേ ചില സാംസ്കാരിക പ്രോബ്ളങ്ങള്‍ ഇല്ലേടാ ഇതില്‍.. ഇത് ശരിയാവും എന്ന് എനിക്കു തോന്നുന്നില്ല സോറി... "
"എന്തു പ്രോബ്ളംസ്. ഒരു ചുക്കുമില്ല.. "
"ഉണ്ടെടാ. ഫോര്‍ എക്സാമ്പിള്‍, അവള്‍ നാട്ടില്‍ ചെല്ലുന്നു. നിന്‍റെ അമ്മൂമ്മ അവളോട് 'മോളേ സിവാംഗി ആ ചട്ടി ഇങ്ങെട് മോളേ' എന്നു പറയുന്നു. അപ്പോള്‍ അവള്‍ നിന്‍റെ അപ്പൂപ്പന്‍റെ ജട്ടി എടുത്തു കൊടുക്കില്ലേ. അവള്‍ കത്തെഴുതാന്‍ 'കലം' ചോദിക്കുമ്പോള്‍ നിന്‍റെ അമ്മ അലുമിനിയം കലം എടുത്തു കൊടുക്കില്ലേ.. അങ്ങനെ പലപല.. "
"ഒന്നും ഉണ്ടാവില്ല.. അതൊക്കെ ഞാന്‍ മാനേജ് ചെയ്തോളം. തല്‍ക്കാലം ഈ വിഷയം അവളുടെ അച്ഛനോടൊന്നവതരിപ്പിക്കണം. അതിനു പറ്റിയ ഒരാളെ തപ്പണം. "
"അത് ശരി. നേരിട്ടു പോയി ചളുക്ക് വാങ്ങിക്കാന്‍ നിനക്കു പറ്റില്ല. പ്രോക്സിയെ വിട്ടു കൊലയ്ക്ക് കൊടുക്കാന്‍ അല്ലേ.. "
പല പ്രോസ് ആന്‍ഡ് കോണ്‍സില്‍ ചര്‍ച്ച നീണ്ടു.
ഒന്നെനിക്ക് മനസിലായി. ഒന്നുകില്‍ ശിവാംഗി പ്രവീണിനെ കെട്ടും. അല്ലെങ്കില്‍ അവള്‍ ശവാംഗിയായി മാറും.
ശിവാംഗിയുടെ അപ്പന്‍റെ സിംഹക്കൂട്ടിലേക്ക് പുഞ്ചിരിച്ചു നടന്നു നീങ്ങാന്‍ കാലിബറും കൈക്കരുത്തുമുള്ള മുഖം തേടി ഞങ്ങള്‍ ചിന്തകളിലേക്കൂളിയിട്ടു.
ക്വാളിഫിക്കേഷനും എക്സ്‌പീരിയന്‍സുമുള്ള ഒരാള്‍ എന്‍റെ മനസില്‍ ഒടുവില്‍ സിസര്‍ ഫില്‍ട്ടറും വലിച്ച് കയറിവന്നു.
നെഗോസിയേഷനില്‍ അനുഭവജ്ഞ്നാനത്തിന്‍റെ ഹയര്‍ ഡിപ്ളോമയുള്ള എന്‍റെ സ്വന്തം ഭാസിയമ്മാവന്‍.
"യെസ്. ഹീ ഈസ് പെര്‍ഫക്ട്. ഭാസിയമ്മാവന്‍. ഡണ്‍...." ഞാന്‍ ഡെസ്കില്‍ ആവേശത്തോടെ കൈയിടിച്ചു.
പ്രവീണിന്‍റെ മുഖം വനിത മാസിക മറിയ്ക്കുന്ന പുരുഷന്‍ 'ഡോക്ടറോട് ചോദിക്കാം' പേജ് കണ്ടപോലെ തിളങ്ങി.
"നടക്കുമോ... ? "
"കൊള്ളാം. പുള്ളി ഈയിടെ കമ്പനിയ്ക്ക് വേണ്ടി ഒന്നരക്കോടിയുടെ കമ്പിയുടെ ഓര്‍ഡര്‍ പുഷ്പം പോലെ പിടിച്ച ആളാ. അതും വന്‍ തോക്കുകളുടെ ഇടയില്‍ നിന്നും. ഹൈപവര്‍ നെഗോഷിയേഷന്‍. അണ്‍ഡിസ്പ്യൂട്ട്‌ഡ്‌ലി അണ്‍ചലഞ്ചബിള്‍..നീ ധൈര്യമായിട്ടിരിക്ക്. കല്യാണത്തിനു അടപ്രഥമന്‍ പക്കാ വേണം. കുറെ നാളായി അത് കുടിച്ചിട്ട്.."
ഹെല്‍മെറ്റ് എടുത്തുകൊണ്ട് ഞാന്‍ എഴുന്നേറ്റു.
രണ്ടാം നാള്‍ ശിവാംഗീസ് ക്രിയേറ്റര്‍, മാനവശേഷി ഡിപ്പാര്‍ട്ട് ഹെഡ്ഡായി ജോലി നോക്കുന്ന കമ്പനി ലക്ഷ്യമാക്കി ഞങ്ങള്‍ മൂവര്‍ സംഘം നീങ്ങി.
ഓഫീസ് രണ്ടാം നിലയില്‍.
പ്രവീണിനെ താഴെ നിര്‍ത്തി ഞാനും ഭാസിയമ്മാവനും ലിഫ്റ്റില്‍ കയറി.
കോട്ടും സ്യൂട്ടും ടൈയും ഒക്കെയുള്ള അമ്മാവനെ കണ്ടാല്‍ അംബാനിയുടെ മകളുടെ എന്‍ഗേജ്‌മെന്‍റിനു പോകുന്ന മട്ടാണ്. അതുപിന്നെ ഒന്നരക്കോടിയുടെ കോടിയുടെ കമ്പിയോറ്‍ഡര്‍...
"അമ്മാവന്‍ ഇതിനു മുമ്പ് ആര്‍ക്കെങ്കിലും വേണ്ടി പെണ്ണുചോദിക്കാന്‍ പോയിട്ടുണ്ടോ.. അല്ല.. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ" ഞാന്‍ ലിഫ്റ്റിലെ ബട്ടണ്‍ അമര്‍ത്തി.
"ഉണ്ടെല്ലോ. ഞാന്‍ എനിക്ക് പെണ്ണുചോദിക്കാന്‍ വേണ്ടി പോയിട്ടുണ്ട്.. "
"അത് ചെറുപ്പത്തിലേ കാരണവന്‍മാര്‍ ഫിക്സ് ചെയ്തതല്ലാരുന്നോ. "
"എന്നാലും ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി പോയി.. നമ്മടെ കാലിബര്‍ കാണിക്കേണ്ടിടത്ത് കാണിക്കണം. അതാണ് ജീവിത വിജയത്തിന്‍റെ ഒന്നാം പാഠം" അമ്മാവന്‍ ബെല്‍റ്റ് വയറിനു മുകളില്‍ കറക്കിയുറപ്പിച്ചു.
"അമ്മാന്‍ വുഡ്‌ബീ ഭാര്യയുടെ വീട്ടിലെ വേലിയില്‍ എന്നും കാലിബര്‍ കാണിച്ചിരുന്നു എന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്. വാസിറ്റ് സൊ.. ?"
"എളക്കാതെടാ എരപ്പാളി.." ലിഫ്റ്റിന്‍റെ പാളി തുറന്നു.
എച്ച്. ആറ്‍ മാനേജറുടെ കാബിനില്‍ പ്യൂണ്‍ കൊണ്ടെത്തിച്ചതും ഞാനൊന്നു ഞെട്ടി.
രാവണനെപ്പോലെയിരിക്കുന്നു പ്രവീണിന്‍റെ വുഡ്‌ബീ..
പ്രവീണിന്‍റെ കൈ തീപ്പെട്ടിക്കോലുപോലെ ഉടയുന്ന ശബ്ദം ഞാന്‍ മനസില്‍ കേട്ടു. അതോ അത് ഭാസിയമ്മാവന്‍റെ എല്ലാണോ..
"യെസ്....." പാറപ്പുറ വോയ്സ്. ഭാസിയമ്മാവന്‍ രാവണനെ നോക്കി ഒന്നു ചിരിച്ചു. ഞാന്‍ ചിരിക്കാനും മറന്നു.
"ബൈഠോ............ " അറിയാതെ ഞാനിരുന്നുപോയി.
"ടെല്‍ മീ ജന്‍റില്‍മെന്‍.. ക്യാ ബാത് ഹേ... " ഹോ രക്ഷപെട്ടു. ടൈ കണ്ടതുകൊണ്ടാവും രാവണന്‍ അല്‍പം ജന്‍റില്‍ ആയി.
"കുച്ച് പേഴ്‌സണല്‍ കാര്യം പേശാനുണ്ട്.. "
ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഭാസിജിയുടെ മുഖത്തേക്കൊന്നു നോക്കി.
ആ മുഖത്തും കരയുന്നോ പുഴ ചിരിക്കുന്നോ ഭാവം.
അയ്യപ്പാ.. ഇനി എന്തായിരിക്കും അമ്മാവന്‍റെ നെഗോസിയേഷന്‍ ടാസ്ക്. കുറച്ചു മാനേജ്‌മെന്‍റു മന്ത്ര പഠിക്കാന്‍ എനിക്കും വെമ്പലായി.
"ബോലിയേ...." രാവണന്‍ മീശ തുടച്ചു.
ഭാസിയമ്മാവന്‍ നോട്ടം രാവണന്‍റെ രണ്ടുപുരികങ്ങളും കൂട്ടിച്ചേരുന്ന ഭാഗത്തേക്ക് പായിച്ചു.
ഒരാളെ സംസാരിച്ചു വീഴ്ത്താന്‍ നോട്ടം ആ ജോയിന്‍റില്‍ ആദ്യം വക്കണം എന്ന മാനേജ്‌മെന്‍റു പാഠം അമ്മാവന്‍ മുമ്പ് പറഞ്ഞുതന്നിട്ടുള്ളതു ഞാന്‍ ഓര്‍ത്തു.
"വാട്ടീസ് യുവര്‍ ഒപീനിയന്‍ എബൌട്ട് കേരളൈറ്റ്‌സ് "
കൊള്ളാം ആദ്യ ചോദ്യം എത്ര ബുദ്ധിപരം. 'മലയാളികളെക്കുറിച്ചുള്ള അഭിപ്രായം എന്ത്' അമ്മാവന്‍ ആളു കൊള്ളമല്ലോ
"ബ്ളഡി ബഹന്‍ ചൂ****" മൈല്‍ഡായി ഒരു അലര്‍ച്ച കേട്ട് അമ്മാവന്‍റെ മുഖം കമ്പിക്ക് ഓറ്‍ഡറിനു ചെന്നവന്‍ കമ്പിപ്പാരയ്ക്ക് അടികിട്ടിയമാതിരി ചള്ളുന്നത് ഞാന്‍ കണ്ടു.
'കൊള്ളാം... മരുമോന്‍റെ ദേശത്തെപറ്റി നല്ല അഭിപ്രായം രാവണ്‍ജിയ്ക്ക്'
"ഓ യൂ ആര്‍ മിസ്റ്റേക്കര്‍. ദേ ആര്‍ നൈസ്.. " അടുത്ത തെറി കേട്ടേ അടങ്ങൂ അമ്മാവന്‍
"തേഡ് ക്ളാസ് പ്യൂപ്പിള്‍. ആറുമാസം മുമ്പ് ഇവിടൊന്നൊരു മദ്രാസി, 'അമ്മായിയമ്മ മരിച്ചു' എന്നു പറഞ്ഞു മുപ്പതിനായിരം രൂപ ലോണെടുത്തു മുങ്ങിയതാ. പിന്നെ അന്വേഷിച്ചപ്പൊഴാ അറിയുന്നെ ആ പഹയന്‍ കെട്ടിയിട്ടേ ഇല്ലേന്ന്.. ഇതേ ടൈപ്പ് ആള്‍ക്കാരല്ലേ ഈ കേരളൈറ്റ്‌സ്. "
"അതുപിന്നെ. സാബ്. പതിനായിരത്തില്‍ ഒരു ചീളു കാണും. അതെല്ലാടത്തും ഉണ്ടല്ലോ. കഷ്ടകാലത്തിനു ആ ചീളു തന്നെ സാബിന്‍റെ കമ്പനിയില്‍ വന്നു, കളിപ്പിച്ചു... എന്നുകരുതി എല്ലാവരേയും... "
"ഉം ഉം..... എനിവേ ഇപ്പോ അതു പൂച്ചാന്‍ എന്താ കാര്യം? "
പിന്നെ ശാന്താമായ അന്തരീക്ഷത്തിലേക്ക് സിറ്റുവേഷനെ അമ്മാവന്‍ കൊണ്ടു വന്നത് സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. വി.കെ.കൃഷ്ണമേനോനും, ടി.എന്‍.ശേഷനും ഒക്കെ പ്രവീണിനെ തുണയ്ക്കാന്‍ വന്നു. ഒടുവില്‍ മെയിന്‍ പോയിണ്റ്റ് അമ്മാവന്‍ എടുത്തിട്ടു.
"നല്ല പയ്യന്‍. ഭാവിയിലെ സി.എ. മിടുക്കന്‍. അവര്‍ക്ക് തമ്മില്‍ ഇഷ്ടവുമാണ്. വൈ കാണ്ട് വീ പ്രൊസീഡ്.. "
"ഷട്ടപ്പ് യൂ ബ്ളഡീ.....!!!!!!!!!!"
അമ്മാവന്‍റെ ടൈയുടെ താഴെ ഒരു കൈ മുറുകുന്നതു അടയുന്ന കണ്ണിലൂടെ ഞാനൊന്നു മിന്നി കണ്ടു.
"വെയറീസ് ദാറ്റ് സ്റ്റുപ്പിഡ്.. ഇപ്പോ ഞാനവനെ കൊല്ലും.."
അമ്മാവന്‍റെ കഴുത്തിനു പിടിച്ച് രാവണന്‍ വെളിയിലേക്ക് ചാടി.
'ഞാന്‍ പറയുന്നതൊന്നു കേളപ്പീ" എന്നോ മറ്റോ പറയണമെന്നുണ്ടായിരുന്നു അമ്മാവന്. പക്ഷേ പിടി അയേണ്ടെ..
"സര്‍ സര്‍ നമുക്കിത് ആരാംസേ....." അമ്മാവനെ ഇതിലേക്ക് വലിച്ചു കൊണ്ടുവന്നിട്ടു ഒറ്റയ്ക്ക് കൊരവള്ളിയ്ക്ക് പിടികൊടുക്കുന്നത് മോറലി ശരിയല്ലല്ലോ എന്ന് കരുതി ഞാന്‍ മനപ്പൂര്‍വം ഇത് പറഞ്ഞ് രാവണന്‍റെ മറ്റേ കൈയിലെ പിടി എന്‍റെ കോളറിനു വാങ്ങിച്ചു.
ലിഫ്റ്റില്‍ കയറി സുഖിക്കണ്ടാടാ എന്ന പോളിസിയില്‍ പടിവഴി പിടിയോടെ രാവണന്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം താഴെയെത്തിച്ചു.
അമ്മായിയപ്പന്‍റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്ഷന്‍ ദൂരെ നിന്നു കണ്ട പ്രവീണ്‍ അടുത്തുള്ള ഫോട്ടോക്കോപ്പി ഷോപ്പിലേക്ക് കറണ്ടടിച്ചവനെപ്പോലെ സ്കൂട്ടാവുന്നത് ഞാന്‍ കണ്ടു. ഭാസിയമ്മവന് അതും കാണാന്‍ പറ്റിയില്ല.. കഴുത്തു തിരിക്കാന്‍ ബുദ്ധിമുട്ട്.
രാവണന്‍റെ കൈയില്‍ നിന്നും രക്ഷപെട്ട്, ഡാബയിലിരുന്ന് ഗുസ്തിക്കാര്‍ ഇടവേളയില്‍ വെള്ളം കുടിക്കുന്ന ആവേശത്തോടെ പെപ്സി കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
"പ്രവീണേ.. നിനക്ക് പറ്റിയ അമ്മായിയപ്പന്‍. ട്രാഷ് ദ ചാപ്റ്റര്‍.. കഴിഞ്ഞതൊക്കെ മറക്ക്. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ മറക്കേണ്ടി വരും"
"എന്തുമറന്നാലും ആ പിടി ഞാന്‍ മറക്കില്ല" ശിവാംഗി സ്പെഷ്യല്‍ പിടിയോര്‍ത്ത്, ടൈയ്ക്കു മുകളില്‍ കൈ തടവി ഭാസിയമ്മാവന്‍ .
"നോ.. ഞാന്‍ പിന്‍മാറില്ല. അറ്റ് എനി കോസ്റ്റ് ഞാന്‍ അവളെ കെട്ടിയിരിക്കും"
"കെട്ടണം... ഇതെന്‍റേയും ഒരു വാശിയാ. എന്‍റെ നേരെ അച്ഛന്‍ പോലും ഇതുവരെ കൈയുയര്‍ത്തീട്ടില്ല.. പ്രവീണേ നീ അവളെ തന്നെ കെട്ടണം. കോര്‍ട്ട് മാര്യേജിനു റെഡിയാണൊ.. എല്ലാം ഞാന്‍ അറേഞ്ചു ചെയ്തോളാം. "
"നെഗോസിയേഷന്‍ അറേഞ്ചു ചെയ്തപോലെ ആവല്ലേ അമ്മാവാ..." ഞാന്‍ പെപ്സി ബോട്ടില്‍ കാലിയാക്കി.
"നീ മിണ്ടരുത്.......... നാളെത്തന്നെ നമുക്ക് ചെയ്യാം. ശുഭസ്യ ശീഘ്രം........." വെയിറ്റര്‍ക്കുള്ള ടിപ്പ് ഭാസിയമ്മാവന്‍റെ കൈയില്‍നിന്ന് തട്ടത്തിലേക്ക് വീണു.
ഡല്‍ഹിയില്‍ തണുപ്പും ചൂടും പലതു മാറിവന്നു.
പ്രവീണും ശിവാംഗിയും ഭോപ്പാലിലേക്ക് കൂടുമാറിയതും, ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും ഓര്‍മ്മകളില്‍ പൂക്കാത്ത സുഹൃദ് ബന്ധമായി ഞങ്ങളുടെ സൌഹൃദം മാഞ്ഞുപോയതും കാലത്തിന്‍റെ കളികള്‍ ആയിരുന്നിരിക്കാം. മറ്റുള്ളവര്‍ക്കായി കൊടുക്കാന്‍ മനസില്‍ ഒട്ടും സ്ഥലം ബാക്കിയില്ലാതാവുന്ന നഗരത്തിരക്കിന്‍റെ അന്ധവേഗങ്ങളുടെ ഇന്ദ്രജാലം ആവാം.
എത്ര ഓണങ്ങള്‍, വിഷുകള്‍, ഹോളികള്‍, ദീപാവലികള്‍ പ്രവീണിനെ അറിയാതെ എന്നിലൂടെ കടന്നുപോയി.
തണുപ്പുകാലം ചൂടിനെ പുണരുന്ന, വസന്തം പടികയറിവരുന്ന ഈ മാര്‍ച്ചില്‍, അപ്രതീക്ഷമായി ഒരു ഫോണ്‍ എന്നെ തേടി..
"കഴുവേറി..... ഓര്‍മ്മയുണ്ടോ... ഞാന്‍ പ്രവീണ്‍.... "
ശിവാംഗിയുടെ മുട്ടുവരെ അടുക്കിയിട്ട കുപ്പിവളകള്‍ ഓര്‍മ്മകളില്‍ നിറഞ്ഞു.
പ്രവീണിന്‍റെ പ്രണയം നിറഞ്ഞ കണ്ണുകള്‍ മനസില്‍ മുട്ടി...
ഭയത്തോടെയാണു ചോദിച്ചത്. "നീ.. നീ.. ഇപ്പോള്‍ എവിടെ.. എങ്ങനെ... "
"സുഖമായി എന്നു മാത്രം പറയാന്‍ പറ്റില്ല ഒരുപാട് സന്തോഷമായി കുടുംബവുമായി കഴിയുന്നു.. "
കൃഷ്ണാ.... ആശ്വാസം നിറഞ്ഞ നെടുവീര്‍പ്പോടെ ഞാന്‍ കഥ കേട്ടു.
രണ്ടു സി.എ കള്‍, മിടുക്കി മകള്‍.. ഡല്‍ഹിയില്‍ ഒരുമാസത്തേക്ക് എത്തിയിരിക്കുന്നു.
പ്രവീണിനെ എന്നെ ഒന്നുകൂടി കാണണം..
എനിക്ക് അവനേയും
പവിഴമല്ലി പൂക്കള്‍ മണം പൊഴിക്കുന്ന ഡല്‍ഹിയിലെ റോഡിലൂടെ എന്‍റെ ബൈക്ക് പാഞ്ഞു.
സമ്മാനമായി കൊടുക്കാന്‍ വാങ്ങിയ , മാര്‍ബിളില്‍ തീര്‍ത്ത താജ്‌മഹലിന്‍റെ മിനിയേച്ചര്‍ ഹാന്‍ഡ്‌ലില്‍ തൂങ്ങിയാടുന്നു.
ഡല്‍ഹിക്കു പതിവിലും മണം തോന്നി.
ശിവാംഗിയുടെ ഏതോ ബന്ധുവീടിന്‍റെ ഒന്നാം നിലയിലെ കോളിംഗ് ബെല്ലില്‍ എന്‍റെ വിരലുകള്‍ അമര്‍ന്നു.
തുറന്ന വാതിലിലൂടെ ആദ്യം ചന്ദനത്തിരിയുടെ സുഗന്ധവും പുറകെ ഒരു സുന്ദരമുഖവും എത്തി.
സന്ധ്യയില്‍ വിരിഞ്ഞ മറ്റൊരു സന്ധ്യ.
പുളിയിലക്കര സെറ്റുസാരിയില്‍ ഒരു ചന്ദനമുഖം.
ശിവാംഗി..
ഞാന്‍ പുഞ്ചിരിച്ചു.
"ഹായ് ഭൈയാ... സുഗം ആനോ.... " പിച്ചവക്കുന്ന മലയാളം കേട്ട് ഒരു കോരിത്തരിപ്പോടെ ഞാന്‍ പുഞ്ചിരിച്ചു.
"നീ എന്താടാ എന്‍റെ പെണ്ണിനെ കണ്ണിടുവാ...."
പ്രവീണിന്‍റെ പൊട്ടിച്ചിരിയില്‍ ഓഡിറ്റ് ചെയ്യേണ്ടാത്ത പഴയ സ്നേഹം..
"ഐ ആം റിയലി ഹാപ്പി മാന്‍...." കവിളില്‍ സ്നേഹത്തോടെ ഒന്നു തല്ലി ഞാന്‍ ടാജ്‌മഹല്‍ അവനെ ഏല്‍പ്പിച്ചു.
വിജയിച്ച പ്രണയത്തിന്‍റെ ജീവിതത്തിന്‍റെ മുന്നില്‍ ഞാന്‍ പൂവുപോലെ മൃദുലമായി..
"നിനക്കെന്‍റെ മോളേ കാണേണ്ടേ... "
ഒരു പിച്ചകമൊട്ട് എന്‍റെ മുന്നിലേക്ക് വന്നു.
"ഇതാ ഞങ്ങടെ മുത്ത്. ചിഞ്ചു.... "
"മോള്‍ക്ക് മലയാളം അറിയാമോ.." എന്‍റെ മടിയില്‍ ഇരിക്കുമ്പോള്‍ അവള്‍ തലയാട്ടി.
"എന്നാ അങ്കിളിനെ ഒരു മലയാളം പാട്ടു കേള്‍പ്പിക്ക്..ഇപ്പോ.. എങ്കില്‍ മിടുക്കിയാണെന്നു പറയാം"
മനോഹരമായ ഈണത്തില്‍ മെല്ലെ അവള്‍ ചൊല്ലുന്നു.
"ഓലക്കാലിയിലൊന്നുണ്ടെങ്കില്‍
ചേലില്‍ തീര്‍ക്കാം കാറ്റാടി
കാറ്റുണ്ടെങ്കില്‍ ഈര്‍ക്കിലിയിന്‍മേല്‍
കറങ്ങിടുന്നൊരു കാറ്റാടി
കാറ്റില്ലെങ്കില്‍ ഈര്‍ക്കിലിയിന്‍മേല്
ഉറങ്ങിടുന്നൊരു കാറ്റാടി.. "
ഞാന്‍ ശിവാംഗിയെ നോക്കി. മകള്‍ക്കൊപ്പം ചുണ്ട് നിശ്ശബ്ദമായി ചലിപ്പിക്കുന്നു അമ്മയും.
തുഞ്ചന്‍ പറമ്പില്‍ നിന്നൊരു കാറ്റ് മദ്ധ്യഭാരത്തിലേക്ക് വീശുന്നത് ഞാന്‍ അറിഞ്ഞു.
കുട്ടിയുടെ നെറ്റിയിലെ ഇളം വിയര്‍പ്പിലേക്ക് ഞാന്‍ ചുണ്ടു തൊട്ടു.
ഇത് ഏത് ദേശത്തിന്‍റെ മണമാണ്?. ഏത് മണ്ണിന്‍റെ ഉപ്പാണ്.......
ഉള്ളിലെ സ്നേഹശിലകള്‍ക്കിടയിലൂടെ ഉറവപൊടിഞ്ഞു രണ്ടുതുള്ളി കണ്ണുനീര്‍ എന്‍റെ മിഴിയില്‍ തടഞ്ഞത് ഞാനറിഞ്ഞു.
പ്രവീണിന്‍റെ കൈ പിടിച്ച് ഞാന്‍ വെളിയില്‍ വന്നു.
ആകാശത്ത് നക്ഷത്രത്തിന്‍റെ നക്ഷക്ഷതങ്ങള്‍...
ഒരു കുടക്കീഴില്‍ ഒരു ലോകം..
"പറയെടാ.... എന്താ ഈ സ്നേഹത്തിന്‍റെ രഹസ്യം. എന്താ ഇതിന്‍റെ കെമിസ്റ്റ്രി.. "
"സിമ്പിള്‍.. പരസ്പരം ജീവിക്കുക. സ്നേഹത്തിന്‍റെ മുത്തുകള്‍ പരസ്പരം പൊഴിച്ചുകൊണ്ടേ ഇരിക്കുക. ഇത്രേയുള്ളൂ.. അതില്‍ മതിലുകള്‍ക്കോ, ദേശത്തിനോ എന്തിനു ദൈവങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താ നിനക്ക് വിശ്വാസം വരുന്നില്ല?"
ഞാന്‍ മൌനിയായി
"നമ്മുടെയെല്ലാം കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം ദൈവം തന്നിട്ടുണ്ട്. പക്ഷേ കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാന്‍ നമുക്കാവുന്നില്ല. അതിനു പറ്റാത്തതിനുള്ള ന്യായീകരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടുപിടിക്കും. എന്‍ഡ് റിസള്‍ട്ടോ.. ആര്‍ക്കും കൊടുക്കാനാവാതെ സ്നേഹം വേസ്റ്റായി പോകും. അപ്പോ അത് അടുത്തുള്ളവര്‍ക്ക് കൊടുത്താല്‍ പോരേ.. പ്രശ്നം തീര്‍ന്നില്ലേ.. "
"നീ.. എടാ നീ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ എന്നാടാ പഠിച്ചെ.... "
"കുറച്ച് ഞാന്‍ സ്വയം പഠിച്ചു. ബാക്കി അവള്‍ പഠിപ്പിച്ചു..... മ്യൂച്ച്വല്‍ അഫക്ഷന്‍.. ദാറ്റ്‌സ് ദ മന്ത്രാ... "
ഞാന്‍ പ്രവീണിനെ കെട്ടിപ്പിടിച്ചു
"ഛേ.. നിനക്ക് ആ ടാജ്‌മഹള്‍ ചേരില്ല.. ഈ ഷാജഹാനും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാരുന്നല്ലോ. യൂ ഡിസേര്‍വ് സംതിംഗ് എല്‍സ് മച്ചാ.. പക്ഷേ എന്ത്... ഇപ്പോ ആലോചിച്ചിട്ടു പിടികിട്ടുന്നില്ല.. അടുത്ത തവണയാവട്ടെ.... "
"ഒന്നും വേണ്ടെടാ.... വല്ലപ്പോഴും ഓര്‍ത്താല്‍ മതി... "
"പോകും മുമ്പ് ഒരു ചോദ്യം.. ലാസ്റ്റ് ക്വസ്റ്റിയന്‍. അടുത്ത ജന്‍മത്തിലും നിനക്ക് ഈ പങ്കാളി തന്നെ മതിയോ.. പണ്ട് മയൂറ്‍ വിഹാറിലെ പള്ളിയില്‍ ഒരച്ചന്‍ ചോദിച്ചതാ ഇത്. യെസ് എന്ന് പറയുന്നവന്‍ ബൈബിളില്‍ തൊട്ട് കൈപൊക്കാന്‍. ഒടുവില്‍ ആരെങ്കിലും പൊക്കണമെല്ലൊ എന്നോര്‍ത്ത് ബാച്ചിലര്‍ ആയ അച്ചന്‍ തന്നെ പൊക്കേണ്ടി വന്നു.. എന്താവും നിന്‍റെ ആന്‍സര്‍.. "
"അടുത്ത ജന്‍മത്തില്‍ മാത്രമല്ല..ഇനി എത്ര ജന്‍മം ഉണ്ടെങ്കില്‍ ഇവള്‍ തന്നെ മതി.... ആര്‍ക്കും കൊടുക്കില്ല ഇവളെ.. "
"കേറെടാ.................. "
"എങ്ങോട്ട്.. "
"ബൈക്കിലോട്ട് കേറ്. രണ്ടു പെഗ്ഗടിക്കാതെ ഈ സന്തോഷം ഇന്നു തീരില്ല.. ഇമോഷണലി ചാര്‍ജ്ജ്‌ഡ് ആയി ഞാന്‍ ഇനി പിടിച്ചാല്‍ നില്‍ക്കില്ല..കമോണ്‍.................. "
കിക്കില്‍ കാലമര്‍ന്നു..
"എടാ പതുക്കെ ഓടിക്ക്.. "
"കെടക്കെട്ടെടാ..ലെറ്റ്‌സ് സെലിബ്രേറ്റ് അറ്റ് സെവന്‍റി കെ.എം പെര്‍ അവര്‍....
മധുമാരി പൊഴിയുന്ന മാധവമേ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍...
പൂമഞ്ഞു കൊഴിയുന്ന പുലര്‍കാലമേ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍...
ലാ ലല്ല ലാലല്ല ലാ ലല്ല....ലല്ല ലാ ലലല്ല ലാ ലല്ല ലാലല്ലാ.......... "
നക്ഷത്രങ്ങള്‍ക്കിടയിലൂടെ, പവിഴമല്ലി ഗന്ധത്തിലൂടെ, വസന്തത്തിലൂടെ ബൈക്ക് പാഞ്ഞു.

Subscribe to:
Posts (Atom)