കുടുംബവിശേഷം
‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍.. പോയവര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ ആയി നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമല്ലോ. എനിക്ക് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റ് സ്വാമി അണ്ടര്‍സ്കോര്‍ തരികിട സ്പേസ്........’
“നിര്‍ത്തീട്ട് പോയി ഹോംവര്‍ക്ക് ചെയ്യെടീ!!!!!!!!!!!”. ഭൈമി ദേഷ്യത്താല്‍ മൂക്കുചുവപ്പിച്ച് കമ്പ്യൂട്ടര്‍ സ്പീക്കര്‍ ഓഫ് ചെയ്തു.
“എന്തിനാടീ നീ മോളേ വഴക്കു പറയുന്നെ.. അച്ഛന്റെ ക്രിയേറ്റിവിറ്റി അവളൊന്നു കേള്‍ക്കട്ടെ.. എന്റെ ഊഹം ശരിയാണെങ്കില്‍ ഭാവിയില്‍ ഇവളും ഒരു മീഡിയ പേഴ്സണാലിറ്റി തന്നെ ആവും. കലയോടുള്ള അവളുടെ ഒരു... ഒരു.... വാട്ട് യൂ കോള്‍.. ..” കൈരണ്ടും ഞാന്‍ സ്പീഡില്‍ ചുരുട്ടിവിടര്‍ത്തി “ക്രേസ്...ക്രേസ് കാണുമ്പോള്‍ എനിക്ക്.....”
“അതിന്റെ ഒരു കുറവുകൂടിയേ ഉള്ളൂ ഇനി” ഭാര്യ കൈയിലിരുന്ന ഒരുകെട്ടു തുണി അരിശത്തോടെ കട്ടിലിലേക്കെറിഞ്ഞു “പത്തുതലമുറയ്ക്കുള്ള വളിപ്പ് നിങ്ങളുതന്നെ കാണിച്ചുകൂട്ടുന്നുണ്ടല്ലോ.ഇനി മോളെക്കൂടി ആ വഴിക്ക് നടത്താന്‍...ഹും.....!!! “
ഷേവ് ചെയ്ത സന്യാസി താടിയുഴിയുന്ന പോസില്‍ ഞാനൊന്നു നോക്കി.. ഇന്നലെ സ്വന്തം വീട്ടില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ തൊട്ട് തുടങ്ങിയതാണീ രൌദ്രഭാവം.. ആക്ച്വലി ഇവള്‍ക്കെന്താണ് പറ്റിയത്.
“വാട്ടീസ് റോംഗ് വിത് യൂ ബേബീ......”
“ഒലക്കേടെ...”
“മൂട് പോയിട്ടിപ്പോ ഉലക്കപോലും ഇപ്പൊ എങ്ങും കാണാനില്ല.. പകരം മിക്സിയുടെ സ്വിച്ച് എന്നു പറ.. കാലത്തിനൊത്ത് പഴഞ്ചൊല്ലും മാറേണ്ടേ.. “
“ഉലക്ക ഇല്ലാത്തത് നന്നായി. അല്ലെങ്കില്‍ അതെടുത്ത്......’
“നീ ഇങ്ങനെ ക്രുദ്ധ ആവാതെ......”
‘ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദി.‘ കലാവാസനയ്ക്ക് കണ്ട്രോളിടാന്‍ പറ്റാത്തതുകൊണ്ട് മകള്‍ പിന്നെയും സ്പീക്കര്‍ ഓണ്‍ ആക്കി
“നിന്നോടല്ലേടീ പറഞ്ഞെ...!!!!’ ബാക്കി കേള്‍ക്കാന്‍ പറ്റിയില്ല.. സ്പീക്കര്‍ അതിലും വലിയശബ്ദത്തില്‍ ദൂരേയ്ക്ക് പതിച്ചു...
ദൈവം സ്ത്രീകള്‍ക്ക് ദേഷ്യം കൊടുത്തത് ഇലക്ട്രോണിക്സ് കമ്പനിക്കാരുടെ കൈയില്‍നിന്ന് കമ്മീഷന്‍ വാങ്ങിയിട്ടാണെന്നു തോന്നുന്നു. കഴിഞ്ഞ ആഴ്ചയാണ് മൊബൈല്‍ റിപ്പയര്‍കാരന് ഇരുന്നൂറു രൂപ കൊടുത്തത്.. പൊട്ടിയ ഡിസ്‌പ്ലേപാനല്‍ മാറ്റാന്‍....
“എല്ലാം വലിച്ചെറിഞ്ഞ് വല്ല ഫെമിനിസ്റ്റ്കാരോടൊപ്പം പോവും ഞാന്‍...നാശം...!! “
“ഇനി ഇപ്പൊ എന്തോന്ന് പോവാന്‍...” പൊട്ടിയ സ്പീക്കര്‍ബേസ് ഒട്ടിക്കാന്‍ ഫെവിക്യുക്ക് നോക്കിക്കൊണ്ട് ഞാന്‍ “നീ ആള്‍റെഡി ഒരു ഫെമിനിസ്റ്റ് ആണല്ലോ...”
മറുപടിയായി രൂക്ഷമായൊരു പതിവൃതാ നോട്ടം..!
“എന്തേ.... നീ മാത്രമല്ല.. ഈ കേരളത്തിലെ എല്ലാ പെണ്ണുങ്ങളും കല്യാണശേഷം നല്ല ഒന്നാംതരം ഫെമിനിസ്റ്റുകളാണ്... കെട്ടിയോന്മാരെ മൂക്കുകൊണ്ട് സകല കൂട്ടക്ഷരങ്ങളും എഴുതിപ്പിക്കുന്ന സൂപ്പര്‍ഫെമിനിസ്റ്റുകള്‍..(സ്വരം താഴ്ത്തി)ഓതറയിലെ നിന്റെ പേരമ്മസഹിതം....“
“ദേ എന്റെ കുടുംബക്കാരെ ഒരുമാതിരി ആക്കുന്ന ആ സ്വഭാവം അങ്ങ് നിര്‍ത്തിയേക്കണം.. പറഞ്ഞേക്കാം.. ആണത്തമുള്ളോരാ ഞങ്ങടെ ആണുങ്ങള്‍..അല്ലാതെ...”
“ഉവ്വാ.. “. ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കയറ്റി “അന്ന് ഓതറ അമ്പലത്തിലെ ഉത്സവത്തിന് പേരമ്മപോയ രാത്രി പേരപ്പന്‍ കിടക്കാന്‍ നേരം പറഞ്ഞ ഡയലോഗ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട് ‘എന്റെ കുട്ടാ... എനിക്കിന്നൊന്നു നടു നിവര്‍ത്തണം.‘ ങാ..അതൊക്കെ പോട്ടെ. എന്തുകൊണ്ടാണ് നീ ഒരു ഫെമിനിസ്റ്റ് ആവണം എന്ന് പറഞ്ഞത്. ഞാനും കൂടൊന്നു അറിയട്ടെ.. നിന്റെ വ്യക്തിസ്വാതന്ത്യത്തില്‍ ഞാനിതുവരെ ഇടപെട്ടിട്ടുണ്ടോ.. “
“ഇടപെടലിന്റെ കാര്യം അവിടെ നില്‍ക്കട്ട്.. ഒരു പെണ്ണനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ഒരു തവണയെങ്കിലും നിങ്ങള്‍ ആണുങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...”
വയറുകുറയ്ക്കാന്‍ ഇന്‍ഷേപ്പിട്ട അമ്മാവനെപ്പോലെ ഞരങ്ങി ഞാനൊന്നു നോക്കി.....
“ടെന്‍ഷന്‍ വരുമ്പോള്‍ ഒരു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം... മുണ്ടൊന്നു മടക്കിക്കുത്താന്‍..... എല്ലാം പോട്ടെ, പിരിമുറുക്കം ഒന്നയക്കാന്‍ രണ്ടു തെറിപറയാനുള്ള സ്വാതന്ത്യമെങ്കിലും.. ഒന്നോര്‍ത്ത് നോക്ക്.. അടുപ്പില്‍ കരിഞ്ഞു എരിഞ്ഞ് തീരുവാ ഞങ്ങള്‍... “ ഇവളാര് ശോഭാഡേയോ....
“അത്രയുള്ളൂ നിന്റെ പ്രശ്നം.. ഒരുകാര്യം ചെയ്യ്.. ചുണ്ടത്ത് ഒരു ബീഡിയും വച്ച്, കൈലിയും മടക്കിക്കുത്തി ദാ ആ വഴിയില്‍ പോയി നില്‍ക്ക്... എന്നിട്ട് കാണുന്നവരെയെല്ലാം തെറിവിളിച്ചോ... എന്താ...പോരെ...”
“അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..എന്നെ ഇനിയും ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ നിങ്ങള്‍ക്ക്!!!? ‘
“എടീ ഭാര്യേ.. കാറും കാശും ബംഗ്ലാവും പിന്നെ കെഴങ്ങനായ ഒരു കെട്ടിയോനുമുള്ള ഏതു പെണ്ണിനും ഒരു ഫെമിനിസ്റ്റ് ആവാന്‍ തോന്നും” ഞാന്‍ ഫെവിക്യുക്ക് ഞെക്കിയിറക്കി..”ഇതൊന്നും ഇല്ലാത്ത നീ എന്തിനാണിങ്ങനെയൊക്കെ പറയുന്നത് എന്നോര്‍ക്കുമ്പോഴാ.....”
“എന്താ മക്കളെ രാവിലെ രണ്ടുപേരുകൂടെ... “ കതകുതുറന്ന് അമ്മയുടെ മുഖം അകത്തേക്ക് തള്ളി... ഒപ്പം എന്റെ കണ്ണ് വെളിയിലേക്കും.
“അല്ലമ്മേ..ഞങ്ങള്‍ കുറച്ച് പുരോഗമനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാരുന്നു...”
“പുരോഗമിച്ച് പുരോഗമിച്ച് ആ പശ മുഴുവനും തീര്‍ക്കല്ലേ... പൊട്ടിയ ക്ലോക്ക് ഒട്ടിക്കാന്‍ അച്ഛന്‍ മേടിച്ചുവച്ചതാ.. പറഞ്ഞേക്കാം...” അപ്പോള്‍ അച്ഛനും അമ്മയും തമ്മിലും ഇന്നലെ ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിട്ടുണ്ട്.. പക്കാ..
“ദേ ഉണ്ണാന്‍ സമയം ആയി... വാ രണ്ടാളും..കിടന്ന് വഴക്കടിക്കാതെ.....” അമ്മ സ്ഥലം കാലിയാക്കി. പുറകെ മകളും
“ഞാന്‍ ഇപ്പോ വരാം..നീ അടുക്കളേലോട്ട് ചെല്ല്.. കുറച്ച് നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞിരി..” കൈയില്‍ ഒട്ടിയ പശ ചൊറിഞ്ഞിളക്കി ഞാന്‍
“അതിന്റെ കുറവേ ഉള്ളൂ... നാട്ടുകാരെപ്പറ്റി പരദൂഷണം കേള്‍ക്കാന്‍.... ഒളിച്ചോട്ടം, അവിഹിതം, അമ്പലത്തിലെ തിരുമേനിയുടെ എണ്ണ മോഷണം.. അല്ലാണ്ട് നല്ല കാര്യങ്ങളൊന്നും പറയാന്‍ കക്ഷിക്ക് അറിയില്ലല്ലോ..”
“അമ്മയ്ക്ക് പിന്നെ ഒബാമയുടെ സാമ്പത്തിക നയത്തെക്കുറിച്ച് പറയാന്‍ പറ്റുമോ.. എടീ ഈ പരദൂഷണം എന്ന് പറയുന്നത് ദൈവം പെണ്ണുങ്ങള്‍ക്ക് കൊടുത്ത ഏറ്റവും വലിയ വിനോദ ഉപാധിയാണ് . അറിയാമോ..”
“ഓ..ഹോ..സ്വന്തം അമ്മയെപറ്റി ആവുമ്പോ പരദൂഷണത്തിനും സര്‍ട്ടിഫിക്കറ്റ്..” ഭാര്യ തുണിക്കെട്ട് അലമാരയിലേക്ക് തള്ളി...
“അത് പണ്ട് ഈ ടി.വിയും വി.സി.ഡിയും ഒന്നും ഇല്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ക്ക് റിലാക്സ് ചെയ്യാന്‍ എന്തെങ്കിലും ഒരു എന്റര്‍ട്രൈയിനര്‍ വേണ്ടേ.. അപ്പോ ചുമ്മാ പാരപണിഞ്ഞോ എന്ന് പറഞ്ഞു ഉടയതമ്പുരാന്‍ ഈ വിദ്യ കൊടുത്തു... നീ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പരദൂഷണത്തെ ഫുള്‍ സപ്പോര്‍ട്ട് ചെയ്യും..ഹോ..ഈ ഒരു സംഗതി ഇല്ലാരുന്നേല്‍ പെണ്ണുങ്ങള്‍ക്ക് വട്ടുപിടിക്കത്തില്ലായിരുന്നോ..”
“ഹോ.പരദൂഷണം പറയാത്ത ഒരു മാന്യന്‍..ആണുങ്ങളെല്ലാം ആണവക്കരാറിനെക്കുറിച്ച് മാത്രമല്ലേ സംസാരിക്കൂ... ഈ ലോകത്ത് പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ പരദൂഷണം പരത്തുന്നത് ആണുങ്ങള്‍ത്തന്നെയാണ്...ഉദാഹരണം പറയട്ടെ...”
“അത് നമുക്ക് ചായസമയത്ത് പറയാം..തല്‍ക്കാലം നീ അങ്ങോട്ട് ചെല്ല്... മീന്‍ വറക്കുന്ന മണം വരുന്നു.. എനിക്ക് രണ്ട് പീസ് ഉള്ളി കട്ട് ചെയ്യ്.. ഉള്ളിയും ഫിഷ്‌ഫ്രൈയും ഒന്നിച്ച് പൂശിയ കാലം മറന്നു..”
“ദേ.ഒരു കാര്യം പറഞ്ഞേക്കാം...” ഭാര്യ മുടി മാടിയൊതുക്കി.. അടുത്ത എന്തോ തീപ്പൊരി ഇടാനുള്ള പ്ലാനാണല്ലോ ദൈവമേ.. “എന്നത്തേം പോലെ ഇന്നും മീനിന്റെ പേരുപറഞ്ഞ് എന്നെ ഇന്‍സള്‍ട്ട് ചെയ്താല്‍, ഭര്‍ത്താവിന്റെ അമ്മ ആണെന്നൊന്നും ഞാന്‍ നോക്കില്ല.. നല്ല മറുപടി കൊടുക്കും.. പിന്നെ ഫിലോസഫി അടിച്ചേക്കരുത്....”
കഷ്ടകാലം മത്സ്യാവതാരവും എടുത്തോ.. ഇതെന്താണീ മീന്‍ ഇഷ്യു... ഞാന്‍ ചോദ്യരൂപത്തില്‍ ഒന്നു നോക്കി
“എന്നും ചോറ് വിളമ്പുമ്മോ അമ്മയ്ക്കൊരു ചോദ്യമുണ്ട്.. ‘ഇന്നലെ പുത്തന്‍പറമ്പില്‍ എന്താരുന്നുമോളേ മീന്‍...ഓ മത്തിയാരിക്കും അല്ലേ...’.. എന്നിട്ട് ഒരുമാതിരി മ്ലേച്ഛഭാവത്തില്‍ ഒരു നോട്ടോം.. ഞങ്ങളെന്താ വല്യ മീനൊന്നും കാണാതെ വളര്‍ന്നോരാ.....ഹും....”. പുത്തന്‍പറമ്പ് എന്ന ഭാര്യവീട്ടില്‍ ഉന്നതജാതിയില്‍ ഉള്ള മീനൊന്നും കറിവക്കില്ല, ‘ഒണ്‍ലി മത്തി‘ എന്ന കത്തിപ്രയോഗം പ്രിയമാതാവ് എല്ലാ ഊണിനുമുമ്പും കാച്ചുന്നു എന്നതാണ് പുതിയ കമ്പ്ലെയിന്റ്. ഈശ്വരാ ഈ സ്ത്രീജനങ്ങളെ സൃഷ്ടിച്ച നേരത്ത് അങ്ങയ്ക്ക് വല്ല മീന്‍പിടിക്കാനും പോയാല്‍ പോരാരുന്നോ.. വെറുതെ മനുഷ്യനെ വട്ടുപിടിപ്പിക്കാന്‍ ഓരോ.......
“അതിനു മത്തിക്കെന്താടീ ഒരു കുറവ്.. ഏറ്റവും പോഷകഗുണം ആ മീനിനാ.. ഛേ..നീ ഇങ്ങനെ സില്ലി.....”
“കൂടുതല്‍ വിവരണം വേണ്ടാ..ദേ. ‘മത്തിയാരുന്നോ‘ എന്ന് ഇനി ചോദിച്ചാല്‍.....”
“ഡോള്‍ഫിന്‍ കറിയാരുന്നമ്മേ എന്ന് കാച്ച്.. അപ്പോ പ്രശ്നം തീര്‍ന്നില്ലേ... “
“എന്താ പറേണ്ടേന്ന് എനിക്കറിയാം..”
മുരിംങ്ങമംഗലത്തപ്പാ!! വട്ടമേശയില്‍ പൊട്ടിത്തെറി ഉണ്ടാവുമോ ഇന്ന്.. ഊണുമേശയിലെ സംഭാഷണത്തില്‍നിന്ന് മത്തിയെ എങ്ങനെ ഒഴിവാക്കാം എന്ന് തലപുകഞ്ഞാലോചിച്ച് ഞാന്‍ പുറത്തേക്ക് കടന്നു.
ഉമ്മറപ്പടിയില്‍ ബീഡിയും പുകച്ച് മുറ്റത്തേക്ക് നോക്കി അച്ഛന്‍ ഇരിക്കുന്നു....
ഞാനൊന്നു സൂക്ഷിച്ച് നോക്കി
ചുണ്ടത്ത് ചെറിയൊരു പുഞ്ചിരി. ആ സന്തോഷം കണ്ടിട്ട് മുപ്പത് വര്‍ഷം മുമ്പുള്ള ഒരു റൊമാന്റിക് ദിവസം ഓര്‍ക്കുകയാണോ എന്ന് സംശയം. എന്നെ കണ്ടപ്പോള്‍ ആ ചിരി ഒന്നു വളിച്ചുപുളിച്ചു. എന്റെ ഇന്നത്തെ റൊമാന്റിക് ദിവസം ഓര്‍ത്തുള്ള ചിരിയായിരുന്നു അതെന്ന് എനിക്ക് മനസിലായി
“അച്ഛാ.... ഇരിപ്പുണ്ടോ...? “ ഞാന്‍ പതിയെ പതുക്കെ അടുത്ത് ചെന്നിരുന്നു
“എന്തോന്ന്??”
“മറ്റേത് ഇരിപ്പുണ്ടോന്ന്..അതോ ഞാന്‍ പോയി വാങ്ങിക്കണോ.. തെക്കേതിലെ ബേബിച്ചായന്‍ കഴിഞ്ഞാഴ്ചയല്ലേ ഒരു മിലിട്ടറി ഫുള്‍ തന്നത്.. അത് തീര്‍ത്തുകാണും അല്ലേ..”
“ഈരണ്ട് പെഗ്ഗിനുള്ളതുണ്ട്.. അതുപോരെ..”
“ധാരാളം..... വാട്ടെബൌട്ട് സോഡ”
“പോഡാ..ഇനി അതുംകൂട് ഞാന്‍ വാങ്ങിച്ചുതരാം.!!!!!”
പ്രിയതമ അടുക്കളയില്‍ വന്നിട്ടുണ്ട്. കടുകല്ലാതെ വേറൊന്നും പൊട്ടിത്തെറിക്കുന്നില്ലല്ലോ എന്ന് ആശ്വസിച്ചുകൊണ്ട് രണ്ട് ഗ്ലാസ് കൈയിലാക്കി ഞാന്‍ പുറത്തേക്ക് ചാടി..
“അമ്മേ ദാണ്ട് അച്ഛന്‍ കള്ളുകുടിക്കാന്‍ പോന്നു...” മിക്സര്‍ തിന്നുകൊണ്ടിരിക്കുമ്പോഴും ആവുന്നത്ര പാരവക്കാന്‍ മകള്‍ക്കൊരു മടിയുമില്ല...
“ഉള്ളി അരിഞ്ഞോ പ്രിയേ “ വിഷയം മാറ്റാന്‍ ഞാന്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു
“തമിഴ് നാട്ടില്‍ നിന്ന് വന്ന വണ്ടി പഞ്ചറായി. പകരം ഒതളങ്ങാ കട്ട് ചെയ്യാം..പോരേ.... ചെല്ല് ..ചെല്ല്.. കുടിച്ചിട്ട് കൂടുതല്‍ കൊഞ്ചിക്കോണ്ട് വന്നാല്‍ ചിരവ ഞാനെടുക്കും, പറഞ്ഞില്ലാന്നുവേണ്ടാ..”
‘തേങ്ങ ചുരണ്ടുന്ന ഒരു കുഞ്ഞു മെഷീന്‍ ഉടനെ വാങ്ങിക്കണം’ മനസില്‍ പറഞ്ഞുകൊണ്ട് ഡൈനിംഗ് ടേബിളിലേക്ക് കുതിച്ചു.
“എങ്ങനുണ്ട്.... നിന്റെ കുടുംബജീവിതമൊക്കെ? “
തല ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഇതല്ലാതെ വേറെ ഒന്നും ചോദിക്കാന്‍ അച്ഛനു കിട്ടിയില്ല!!
“യാ...മൂവിംഗ് സ്മൂത്ത്.. ഐ മീന്‍..മീന്‍ മേക്സ് ദ പ്രോബ്ലം സംടൈംസ് യൂ നോ.....” ഹോളിവുഡ് നായകനായിപ്പോയി ഞാന്‍ ഒരു നിമിഷം.
“എടാ!! “ ബാക്കി പറയാന്‍ അച്ഛന്‍ ശബ്ദം താഴ്ത്തി “ഒരു കുടുംബനാഥന്‍ നല്ലൊരു മാനേജര്‍ ആയിരിക്കണം. കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ അറിയണം.. നീ ഒരുമാതിരി അഴകൊഴമ്പന്‍...”
“ആക്കല്ലേ....ആക്ച്വലി....”
“മിണ്ടരുത്.!!!.. സ്നേഹം, ആജ്ഞാശക്തി, അനുകമ്പ..ഇതൊക്കെ പ്രകടിപ്പിക്കാന്‍ പഠിക്ക് നീ.. ഹോ..എന്റെ പൌരുഷത്തിന്റെ പത്തിലൊന്നുപോലും നിനക്ക് കിട്ടിയില്ലല്ലോടാ.. ലജ്ജ തോന്നുന്നു “ ലജ്ജകൂടിയതുകൊണ്ട് അടുത്ത കവിള്‍ അച്ഛന്‍ നിറച്ചു “മഹാ ലജ്ജ...ഛായ്..............” പിന്നെ ചിറി തുടച്ചു
“വാട്ട് യൂ മീന്‍ ....... ഐ ആം എ സക്സസ്‌ഫുള്‍ ഫാദര്‍ ഓഫ് ടൂ......”
“നിര്‍ത്തെടാ.. അച്ഛന്‍ ആവാന്‍ ഏതു പള്ളീലച്ചനും പറ്റും...എന്നാല്‍ പൌരുഷം അതല്ല....”
“ആ ഫെവിക്യുക്കിനു എത്ര രൂപയായി അച്ഛാ... അഞ്ചോ പത്തോ..”
അച്ഛന്റെ മുഖം പെട്ടെന്നു ഫ്യൂസായതുപോലെ.....
“ആ വെഷോം കുടിച്ചോണ്ടിരിക്കാതെ വന്ന് വല്ലോം കഴിക്ക് രണ്ടാളും...ഞങ്ങള്‍ ദാ വിളമ്പാന്‍ പോകുവാ....” അമ്മയുടെ വിളി കൂടുതല്‍ ഗുരുതരമായ ഡയലോഗുകളില്‍നിന്ന് എന്നെ രക്ഷിച്ചു....
കുടുംബം ഡൈനിംഗ് ടേബിളില്‍.. എന്റെ എതിര്‍വശത്ത് ഭാര്യ
ചോറും സാമ്പാറും എത്തി.
എന്റെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി
മീനെപ്പോള്‍ വരും.. വരും..വരാതിരിക്കുമോ..
അച്ഛന്‍ സാമ്പാര്‍ ചോറിലേക്കൊഴിച്ചതും, പൊരിച്ച മീനുമായി അമ്മ
ഭാര്യയെ ഏറുകണ്ണിട്ടു നോക്കി... അറ്റാക്കിനു റെഡിയാണ് മാഡം..
വിഷയം മാറ്റിയേ തീരൂ..
മീനുമായി ബന്ധമില്ലാത്ത ഏത് ചേനയുണ്ട് വിഷയം ആക്കാന്‍..
യെസ്..ചേന തന്നെ..
സാമ്പാറിലെ ചേനയെടുത്ത് കടിച്ച് ആദ്യ ഡയലോഗ് ഞാനിട്ടു
“ഹോ..ഈ ചേനയ്ക്കിപ്പൊ എന്തൊരു കട്ടിയാ... ഇതെന്താ അച്ഛാ ഇങ്ങനെ....” മീന്‍ എല്ലാപ്ലേറ്റിലും വീഴുന്നു....
“ഓ...ഇപ്പോ മഴ വല്ലോം ഉണ്ടോ ചെറുക്കാ.. പോരാത്തതിന് രാസവളമല്ലിയോ ഇടുന്നത്.. “
“അതുശരിയാ. ഹോ..പണ്ടൊക്കെ എന്തൊരു മഴ ആരുന്നു.. “ കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി മൂവ് ചെയ്യുന്നുണ്ട്..
“ഒത്തിരി മഴയുണ്ടാരുന്നോ അച്ഛാ...” മകള്‍ എന്നോട്
“പിന്നുണ്ടാരുന്നോന്നോ....” മുരിങ്ങയ്ക്കായ കടിച്ചുകൊണ്ട് ഞാന്‍ “അന്ന് മോളേ..ദാ നമ്മുടെ മുറ്റം വരെയൊക്കെ വെള്ളപ്പൊക്കം വരുമാരുന്നു...അറിയാമോ...”
“അന്ന് ഇവനും അനിയനും കൂടി.. കേട്ടോ മോളേ...” അമ്മ ഡയലോഗ് ഏറ്റെടുത്തു. “പിണ്ടിച്ചെങ്ങാടം കെട്ടും..എന്നിട്ട് വൈകുന്നവരെ വെള്ളത്തിലാ..”
“ഹോ..ഓര്‍മ്മിപ്പിക്കാതെ അതൊന്നും “ ഞാന്‍ ഇടംകണ്ണുകൊണ്ട് അച്ഛനെ നോക്കി.. അയലയുടെ മുള്ളുനോക്കി ഇരിക്കുന്നു പുള്ളി
“പോരാത്തതിനു രണ്ടും കൂടി വൈകിട്ട് ചൂണ്ടയുമായി ഒരു പോക്കാ..“ അമ്മ ഗൃഹാതുരയാവുന്നു “ പത്തിരുപത് മീനുമായിട്ടാ തിരിച്ചു വരുന്നെ.. ഓ..മീനിന്റെ കാര്യം ഓര്‍ത്തപ്പൊഴാ, പുത്തന്‍പറമ്പില്‍ ഇന്നലെ എന്താരുന്നു മീന്‍.........മത്തിയാരിക്കും അല്ലിയോ”
!!!!!!!!!!!!!
ഡൈനിംഗ് ടേബിളിന്റെ അടിയിലേക്ക് ഡൈവ് ചെയ്താലോ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി ഞാന്‍.. മുഖം പരമാവധി കുനിച്ച് ഭാര്യയെ ചുമ്മാ ഒന്നു നോക്കി.. പല്ലിറുമ്മുന്നുണ്ട് കക്ഷി..‘ ഫെമിനിസമേ ഫെയ്‌ഡൌട്ട് പ്ലീസ്’
ഊണുപകുതിയാക്കി ഭൈമി കിടപ്പുമുറിയിലെക്ക് പാഞ്ഞു... ഉണ്ടത് പെട്ടെന്ന് ദഹിച്ചതുകൊണ്ട് കുറച്ചുകൂടി കഴിച്ച് അരമണിക്കൂറിനുള്ളില്‍ ഞാനും ഉള്ളില്‍ കടന്നു..
“ഹായ്...ഹാപ്പി ന്യൂ ഇയര്‍ “ കട്ടിലില്‍ അമര്‍ഷത്തോടെ ഇരിക്കുന്ന ഭാര്യയെ സോപ്പിടാന്‍ ചിലപ്പോള്‍ ആശംസയ്ക്ക് കഴിഞ്ഞെങ്കിലോ...
“അതേയ് ഇപ്പോ തന്നെ ഒരുപാട് ഹാപ്പിയാ ഞാന്‍ ... കൂടുതല്‍ വാരിക്കോരി തരല്ലേ...... ഇന്നെനിക്ക് രണ്ടിലൊന്നറിയണം.. ജനിച്ചപ്പോള്‍ തൊട്ട് എല്ലാ മീനും കണ്ടാ ഞാന്‍ വളര്‍ന്നത്....”
“പുഞ്ചപ്പാടത്ത് മീന്‍കൃഷിയാരുന്നോ എന്റെ അമ്മായിയച്ഛനു പണ്ട്?“
പ്രതികരണം പ്രതീക്ഷയ്ക്കും അപ്പുറത്തായിപ്പോയി!
ഇനി ഇവിടെ നിന്നാലത്തെ എന്റെ അവസ്ഥ കമ്പം നടക്കുന്നതിനിടയില്‍ ചീറ്റിപ്പോയ ഗുണ്ടു തപ്പാനിറങ്ങുന്ന വെടിക്കെട്ടുകാരന്റേതുപോലെയാവും.
ബൈക്കിന്റെ ചാവിയെടുത്ത് പതുങ്ങി പുറത്തേക്കിറങ്ങി
“എങ്ങോട്ടാ.....”
“ചുമ്മാ ഒന്നു കാറ്റുകൊള്ളാന്‍..നീ വരുന്നോ.. ലെറ്റ്സ് ഗോ ഫോ ആന്‍ ഔട്ടിംഗ്.”
“ഞാന്‍ തന്നെ പൊക്കോളാം..കാറ്റു പോവാതെ നോക്കണമല്ലോ.. ഞാന്‍ വീട്ടിലേക്ക് പോകും വൈകിട്ട്..”
“ഇന്നലെ ഇങ്ങൊട്ട് വന്നതല്ലേ ഉള്ളൂ നീ... “
“അതേയ്.. എനിക്ക് മത്തിക്കറികൂട്ടാന്‍ വല്ലാത്ത കൊതി.. വേറെ വല്ലോം ചോദിക്കാനുണ്ടോ തമ്പുരാന്?”
“ഒ.കെ. അപ്പോ നാളെ കാണാം.. ബൈ..” ചാടി തിണ്ണയിലെത്തി
“നീ എങ്ങോട്ടാടാ ഈ നട്ടുച്ചയ്ക്ക് “ അച്ഛന്റെ ശബ്ദം ആകാശത്തുനിന്നോ!!!
ഓ...മേശപ്പുറത്ത് കസേരയിട്ട് അതില്‍ നിന്നുകൊണ്ട് ക്ലോക്ക് ഒട്ടിക്കുകയാണല്ലേ
കസേരക്കാലിരിക്കുന്ന പേപ്പറിലെ വാര്‍ത്ത ഞാനൊന്നു നോക്കി
‘വിവാഹിതനായ യുവാവിനെ കാണ്മാനില്ല.കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍....’ - പാവം..അയാളുടെ വീട്ടിലും ഇന്നലെ മീന്‍കറി വച്ചുകാണും!
വണ്ടി കിക്ക് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറകില്‍നിന്ന് ഒരു പാട്ട്..
‘എന്റെ പ്രിയനുമാത്രം ഞാന്‍ തരും..മധുരമീ പ്രണയം..ഹോയ്....” ആരാണാവോ ഈ മോഡേണ്‍ കക്ഷി. പെട്ടെന്ന് ഞാന്‍ തലതിരിച്ചുനോക്കി
ഒരുകാലില്‍ വച്ചുകെട്ടുമായി ഞൊണ്ടി വരുന്നു കണിയാന്‍ കുഞ്ഞന്‍പിള്ളച്ചേട്ടന്‍.. എന്റെ മാംഗല്യത്തിന്റെ ബ്രോക്കര്‍ കം അസ്ട്രോളജര്‍.. അവധിക്ക് നാട്ടിലുണ്ടെന്ന് അറിഞ്ഞ് ‘സ്നേഹം കൊണ്ട് തരുന്ന’ പത്തുരൂപ വാങ്ങാനുള്ള വരവാണ്..ബെസ്റ്റ് ടൈം...
“ഓ..ഇതാര് ... കാണാനില്ലല്ലോ കണിയാനേ....ഈ പുതിയ പാട്ടെപ്പോ പഠിച്ചു“
“ഹി..ഹി..ഹി..കുഞ്ഞേ.. കല്യാണമൊക്കെ കഴിഞ്ഞ് സുഖമായപ്പോ ഈ കണിയാനെ അങ്ങ് മറന്നു അല്ലേ..കള്ളാ..”
“സത്യം പറയാലോ കണിയാനേ.....” ഞാന്‍ അറിയാതെ സെന്റിയായിപ്പോയി
“കണിയാനെ ഓര്‍ക്കാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ ഇല്ല..അത്രയ്ക്ക്...നോക്ക് ..അത്രക്ക് കടപ്പാടുണ്ട് എനിക്ക്....ഞാന്‍ മാത്രമല്ല..അകത്തുള്ള എന്റെ ഭാര്യയും എന്നും പറയും.. ജീവിതം മാറ്റിമറിച്ച കണിയാനെ മറക്കാനേ പറ്റില്ലാന്ന്.....”
“അത് കുഞ്ഞൊരു താങ്ങ് താങ്ങിയതല്ലേ...”
“ഏയ്.. പിന്നെ എങ്ങനെ പോകുന്നു പരിപാടികളൊക്കെ. കാലിനെന്തു പറ്റി..ഇന്നലെ കല്യാണനിശ്ചയം വല്ലോം ഉണ്ടാരുന്നോ...”
“ഓ..ആണിയാ കുഞ്ഞേ...എവിടെ ലക്ഷ്മിക്കുഞ്ഞ്...എത്ര നാളായി കണ്ടിട്ട്. ഒന്നു വിളിച്ചാട്ട്....”
“ലക്ഷ്മീ.....” ഞാന്‍ നീട്ടിവിളിച്ചു.. “ദാ നിന്റെ ഒരു ഫാന്‍ വന്നിരിക്കുന്നു..പെട്ടെന്ന് വാ..”
പുറത്തു വന്ന ഭാര്യ കൈരണ്ടും കൂപ്പി “നമസ്തെ”
മറ്റുള്ളവര്‍ കൈകൊണ്ടു പെരുമാറിയ ചരിത്രം മാത്രമുള്ള കണിയാന്‍, കൂപ്പുകൈ കണ്ട് ‘ഞാന്‍ ഇതെവിടെയാ...ഭൂമിയിലോ സ്വര്‍ഗത്തിലോ’ എന്ന മട്ടില്‍ ഭാര്യയെ ഒന്നു നോക്കി
“കുഞ്ഞേ...മോളങ്ങു സുന്ദരിയായല്ലോ.. എന്തൊരു ഐശ്വര്യം... “
“കണിയാനു കാലിനു മാത്രമല്ല..കണ്ണിനും സാരമായ കുഴപ്പമുണ്ടല്ലേ.....”
“നീ ഇങ്ങനെ നോക്കി നില്‍ക്കാതെ പുള്ളിക്ക് പത്തുരൂപ എടുത്ത് കൊട്..ഒന്നുമില്ലെങ്കില്‍ നമ്മളെ ഒന്നിപ്പിച്ച കക്ഷിയല്ലേ..” ഞാന്‍ ബൈക്കിന്റെ കണ്ണാടി തുടച്ചു
“വീട്ടിലോട്ട് ചെല്ല് കണിയാനേ. അച്ഛന്റെ കൈയീന്നു വാങ്ങിച്ചോ...” ഭാര്യ
അളിയനു കല്യാണം കഴിക്കാന്‍ പ്ലാന്‍ ഉണ്ടെന്നറിഞ്ഞ് ഒരു ‘ഹൈഫൈ’ പ്രൊപ്പോസലുമായി കണിയാന്‍ അവിടെ ചെന്നതും അമ്മായിയപ്പന്‍ കക്ഷിയെ തണലത്തോട്ട് മാറ്റി നിര്‍ത്തി ‘ഒരബദ്ധമോ പറ്റിപ്പോയി..ഇനി ആലോചനാന്നുപറഞ്ഞ് ഈ പടിമുറ്റത്ത് കണ്ടുപോയാല്‍, പട്ടാളത്തിലെ പഴയ തൊക്ക് ഞാനെടുക്കും എരപ്പേ’ എന്ന് സോഫ്റ്റ് ആയി ഉപദേശിച്ചതും ഓര്‍ത്തിട്ടാവണം, ആ മുഖം ഒന്നു ചുളുങ്ങി.....
“വാ കണിയാനേ..നമുക്കൊരു ഔട്ടിംഗിനു പോകാം..” ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കാലു വീശി കവച്ചു വച്ച് കക്ഷി പുറകിലേക്ക് ചാടിക്കയറി
“ഹോ..ഹോ..എന്തൊരു സുഖം ഇതിലിരിക്കാന്‍.. ഏറോ പ്ലേനില്‍ ഇരിക്കുന്ന ഒരു രസം....”
“കണിയാനതിനു പ്ലെയിനില്‍ കേറീട്ടുണ്ടോ. “ ഞാന്‍ ആക്സിലറേറ്റര്‍ മുറുക്കി
“ഇല്ല.. ഉപമപറയുമ്പോ നമ്മളെന്തിനാ കുഞ്ഞേ കുറയ്ക്കുന്നേ...”
നാട്ടുവഴിയിലൂടെ ഒരു നാടന്‍ യാത്ര..
“ഈയിടെയായി കണിയാന്‍ മെഷീനിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് എന്നു കേട്ടു..ശരിയാണോ..”
“എന്തുവാ കുഞ്ഞേ. മനസിലായില്ല”
“അല്ല. ബ്രോക്കര്‍ പണിയൊക്കെ കുറച്ച് ഇപ്പോ യന്ത്ര നിര്‍മ്മാണം ആണെന്ന് കേട്ടെന്ന്.....”
“ആങ്.. ഇപ്പോ ഈ ‘ഇങ്കാര്‍നെറ്റ്’ വന്നതുകൊണ്ട്, നമ്മുടെ ബിസിനസ് ഒന്നും നടക്കുന്നില്ല കുഞ്ഞേ.. അപ്പോ ഡിമാന്‍ഡുള്ള യന്ത്രത്തില്‍ പിടിച്ചു.. ഹാ ഹാ...”
“എന്തൊക്കെ യന്ത്രങ്ങളുണ്ട് കൈയില്‍... ഒന്നു പറഞ്ഞേ”
“ഏതു വേണം കുഞ്ഞിന്... വശീകരണയന്ത്രം...ധനാകര്‍ഷണ യന്ത്രം... ആയുര്‍ യന്ത്രം.. ലിംഗവര്‍ദ്ധകയന്ത്രം..”
“മൈഗൊഡ്!!!” പൂച്ച കുറുക്കു ചാടിയതുകൊണ്ട് ബ്രേക്കില്‍ കാലമര്‍ന്നു..
“വശീകരണം തന്നെ തരട്ടെ..കുഞ്ഞിന്റെ പ്രായത്തിനു പറ്റിയതാ...”
“ആദ്യം അത് കണിയാന്‍ തന്നെ സ്വയം ഒന്നു പ്രയോഗിക്ക്.. പത്തുവര്‍ഷം ആയില്ലേ കണിയാത്തി ഇട്ടേച്ച് പോയിട്ട്.. മടക്കിക്കൊണ്ടുവാ കക്ഷിയെ..”
“അവളു തിരികെ വന്നാല്‍ ഞാന്‍ പുതിയ യന്ത്രം ഉണ്ടാക്കും.. “
“എന്തോന്ന്”
“നാരീനിവാരണയന്ത്രം.”
“അല്ല കണിയാനേ..ഈ വശീകരണയന്ത്രത്തിന്റെ പ്രവര്‍ത്തനം ഒന്നു വിശദീകരിച്ചേ.. ഒന്നറിയാന്‍ വേണ്ടിയാ “
“സിമ്പിളല്ലിയോ... ഏലസ് അരയില്‍ കെട്ടി മനസില്‍ ആഗ്രഹിക്കുന്ന പെണ്ണിന്റെ അടുത്ത് ചെല്ലുക...എന്നിട്ട് ഒരു വശീകരണമന്ത്രം ഉണ്ട്.. അതങ്ങ് ചൊല്ലുക..മുറുമുറുത്ത് നില്‍ക്കുന്ന പെണ്ണും മുറ്റമടിച്ചോണ്ട് അടുത്തുവരും..”
“ഭീകരം” ഞാന്‍ ചുണ്ടു കോട്ടി “അല്ല..ഒരു സംശയം. ഈ ഏലസു കെട്ടാതെ മന്ത്രം മാത്രം ചൊല്ലിയാല്‍ പെണ്ണ് കൂടെ വരുമോ..”
“സംശയമെന്ത്. വരും..വരും..പക്ഷേ കൂടെ അവടെ അപ്പനും ആങ്ങളമാരും കാണുമെന്നു മാത്രം....”
പൊട്ടിച്ചിരിയുമായി ഞാന്‍ സ്പീഡ് കൂട്ടി.....
“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” വഴിയില്‍ കണ്ട പരിചയക്കാരന്റെ കമന്റ്.
ഒന്നുരണ്ടു പഴയ കൂട്ടുകാരുടെ വീട്.. വായനശാല..അമ്പലത്തിലെ ആല്‍ത്തറ..
മനസ് ഒന്നു കുളിര്‍ത്തു.
ആല്‍ത്തറയില്‍ നിന്ന് പെട്ടെന്ന് ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോള്‍ കല്ലില്‍ കാലൊന്നു തട്ടി... തള്ളവിരല്‍ പൊട്ടി ചോര പടര്‍ന്നു..
ചെറിയ നൊമ്പരവുമായി മടക്കം
ഇരുണ്ടു മൂടാന്‍ തുടങ്ങുന്ന പൂമുറ്റം..
നിലാവ്, അകത്തുകടക്കാന്‍ സന്ധ്യയുടെ അനുവാദത്തിനു കാത്ത് നില്‍ക്കുന്നു..
“ഓമനേ നീയുറങ്ങെന്മിഴി വണ്ടിണ
തൂമലര്‍ തേന്‍ കുഴമ്പെന്റെ തങ്കം
ആടിയും പാടിയും ചാടിയും ഓടിയും
വാടിയും വീടും മുഖരമാക്കി
വാടി വിയര്‍ത്ത മുഖാംബുജത്തോടെന്നെ
തേടിനീ അന്തിയില്‍ വന്ന നേരം“
ഈണത്തില്‍ താരാട്ട് പാടുന്ന ഭാര്യയെ ജനല്‍ പാളിയില്‍കൂടി ഞാനൊന്നു നോക്കി...
തോളില്‍ ഇളയമകള്‍ കണ്ണുകൂമ്പി ഉറങ്ങുന്നു...
“നിന്‍ കവിള്‍ തങ്കത്തകിട്ടിങ്കല്‍ പിഞ്ചുമ്മ
എന്‍ കണ്ണിലുണ്ണി ഞാനെത്ര വച്ചു
നെറ്റിപ്പനിമതി പോളമേലങ്ങിങ്ങ്
പറ്റിക്കിടന്ന കുറുനിരകള്‍
കോതിപ്പുറകോട്ടൊതുക്കി വെണ്മുത്തൊളി
സ്വേദബിന്ദുക്കള്‍ തുടച്ചുമാറ്റി..“
ജനലഴികളില്‍ മുഖം ചേര്‍ത്ത് നിശ്ശബ്ദനായി ഞാന്‍ നിന്നു
സത്യത്തില്‍ സ്വേദബിന്ദുക്കള്‍ ഭാര്യയുടെ നെറ്റിയിലാണിപ്പോള്‍... സാന്ധ്യരാഗത്തില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍
പതുക്കെ ഞാന്‍ വാതില്‍ക്കലെത്തി.
കുഞ്ഞിനെ കിടത്തി അവളും പുറത്തേക്ക് വന്നു..
“ഉം? “
“നീ ഇന്ന്...”
“പോയില്ലേ എന്ന് അല്ലേ... ഒരുനിമിഷം ഒന്ന് ആശിച്ചുപോയി അല്ലേ..”
“ഹെന്ത്....” പെരുവിരലിലെ വേദനയോടെ ഞാന്‍
“ഒറ്റയ്ക്ക് ഒരു ദിവസം ആഷ് ചെയ്യാമെന്ന്...ആ പൂതിയങ്ങ് പൂട്ടി വച്ചോ കുഞ്ഞേ.....”
ഞാന്‍ പുഞ്ചിരിച്ച് കാലിലേക്ക് നോക്കി
“ദൈവമേ കാലിനെന്തു പറ്റി.... പിന്നെം മുറിച്ചോണ്ട് വന്നോ....”
അവള്‍ ഓടിയെടുത്തുകൊണ്ട് വന്ന ഡെറ്റോള്‍ , മുറിവിലേക്ക് സുഖമുള്ള നൊമ്പരമായി പടര്‍ന്നിറങ്ങി.. തുണിത്തുമ്പില്‍, കുഞ്ഞിനെപ്പോലെ പെരുവിരല്‍ ഉറക്കുപാട്ടിനു കാതോര്‍ത്തു
“ഇപ്പൊഴാ നീ ശരിക്കും ഒരു ഫെമിനിസ്റ്റ് ആയത്...”
“എന്തോ.........മനസിലായില്ല....”
“യെസ്. ഭര്‍ത്താവിനെ സ്നേഹം കൊണ്ട് മുട്ടികുത്തിക്കുന്ന യഥാര്‍ത്ഥ ഫെമിനിസ്റ്റ്...“
“ആ തിരുമോന്ത ഒന്നു കാണിച്ചേ....”
“ഉം?? “
ചുണ്ട് വക്രിച്ച്, സ്നേഹം കൊണ്ട് പല്ലിറുമ്മി മുറിവിലേക്ക് അവള്‍ വിരല്‍ ആഞ്ഞമര്‍ത്തി...
“ഔച്ച്...!!!!!!!!!!!!!!!!!!!!!!!”
“പൈനാപ്പിള്‍ പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”
ങേ....ഞാനുള്ളിലേക്ക് നോക്കി... മകള്‍ ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ഇട്ട് ഡാന്‍സ് കളിക്കുന്നു
“ബിപാഷ ബസു ഇവിടെ ഉണ്ടാരുന്നോ...”
“കുറെ നേരമായി അവടെ ഒരു ഡാന്‍സ്... ആ പാട്ട് നേരെ ചൊവ്വേ പാടാനറിയാമെങ്കില്‍ വേണ്ടില്ല..അതെങ്ങനാ വളം വച്ചു കൊടുക്കാന്‍ ഒരച്ഛനുണ്ടല്ലോ ഇവിടെ.. “
“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”
“എടീ ചൊക്ക്ലേറ്റ് ടീസല്ല..പീസ്..... പാടുമ്പോ ശരിക്ക് പാട് “ ഭാര്യയുടെ തിരുത്ത്
“അവള്‍ പാടിയതാ പെണ്ണേ ശരി... ഈ സ്നേഹം, ബന്ധങ്ങള്‍ ഇതൊക്കെ ഒരുതരം ടീസിംഗ് അല്ലേ.. മധുരമുള്ള ചോക്ലേറ്റ് ടീസിംഗ്....... പാടുമോളേ..അച്ഛനും കൂടാം.. സ്റ്റാര്‍ട്ട്...............”
“പൈനാപ്പിള്‍പെണ്ണേ ചോക്ക്ലേറ്റ് ടീസേ....പ്രേമിച്ചു വലയ്ക്കല്ലേ.....”
പൊട്ടിച്ചിരികള്‍ക്കിടയിലൂടെ അടുക്കളയില്‍ അമ്മ ആറ്റുന്ന കട്ടന്‍കാപ്പിയുടെ ഗന്ധം ഓടിയെത്തി..........
പുതുവര്‍ഷ ആശംസകള്‍
----------------------------------
കൊച്ചു കൊച്ചു സന്തോഷങ്ങള്‍..കൊച്ചു കൊച്ചു ദു:ഖങ്ങള്‍.. കൊച്ചുകൊച്ചു നിമിഷങ്ങള്‍....
ഒരു കലണ്ടര്‍കൂടി ഭിത്തിയോട് വിടപറയുമ്പോള്‍, കണ്ണികളില്‍ പുതിയ അക്കങ്ങള്‍ നമ്മളെ ക്ഷണിക്കുന്നത് നന്മയിലേക്കാണെന്ന് പ്രത്യാശിക്കാം.
ആകാശവും ഭൂമിയും വായുവും വികാരങ്ങളും തന്ന് നമ്മളെ നിലനിര്‍ത്തുന്ന ആ അജ്ഞാത ശക്തിയെ ഒന്നു കൂടി നമിച്ച്, 2010 ലേക്ക് കൂളായി നടക്കാം......
ഒന്നും തിരിച്ച് ചോദിക്കാതെ നമ്മളെ പോറ്റുന്ന പരമമായ കാരുണ്യത്തിലേക്ക് ആര്‍.ഡി.എക്സ് വാരിയെറിയുന്ന പ്രിയപ്പെട്ട തീവ്രവാദി, please spare us for next one more year.... കൊച്ചു സന്തോഷങ്ങളുടെ ഉമ്മറത്തിണ്ണയില്‍ വെയിലും നിലാവും പൊഴിയുന്നതും കണ്ട് നാളത്തെ കുഞ്ഞു ഭാവിയെ നോക്കി ആശങ്കയുടെയും പ്രതീക്ഷകളുടേയും കട്ടന്‍ കാപ്പി മൊത്തിയിരിക്കുന്ന ഞങ്ങളെ, ഇതുവരെ കണ്ടിട്ടില്ലാത്ത പാവം ദൈവത്തിന്റെ പേരില്‍ നീ ഒഴുക്കുന്ന ചോരപ്പുഴയിലേക്ക് വല്ലിച്ചെറിയാതിരിക്കുക.. ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടുക്കിവക്കുമ്പോള്‍, നിന്നെയും എന്നെയും ഒരുപോലെ വിളിച്ചുണര്‍ത്താനെത്തുന്ന പുലരിയെ ഒന്നോര്‍ക്കാന്‍ ശ്രമിക്കുക......
Wednesday, 30 December 2009
Tuesday, 15 December 2009
പൊറോട്ടപ്പൊതിയിലെ ചൂട്
‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന്‍ ചേട്ടനെ കണ്ടത്.
‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു വലിച്ചതും, ‘ഹൂ ദ ഹെല്‍ ഈസ് ദിസ്’ എന്ന് മുഖഭാവത്തോടെ അച്ചായന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ഒന്നിച്ച്...
“അന്തിക്ക് ചന്തയില്‍ പോയതാണോ അച്ചായാ....”
“ഹെന്റമ്മേ...കുഞ്ഞാരുന്നോ...മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ...ഹോ....”
“എന്താ അച്ചായാ ഇത്.. സഞ്ചിയില്‍ ഒന്നു വലിച്ചാല്‍ മാത്രം ഞെട്ടിത്തരിക്കുന്നതല്ലല്ലോ പാലമുറിക്കാരുടെ പാരമ്പര്യം.. ഛേ..മോശം..“ പണ്ട്, ആറ്റുമണക്കിരുന്ന് ചീട്ടുകളിച്ചതിന് പോലീസുകാരു പിടിക്കാനോടിച്ചപ്പോള്‍, പനച്ചക്കലെ പൊട്ടക്കിണറ്റിലേക്ക് സധൈര്യം ക്രാഷ് ലാന്‍ഡ് ചെയ്ത ഔതക്കുട്ടിച്ചേട്ടന്റെ അനിയന്‍ അല്ലേ ഇത്... ഇത്ര ഭീരുവാകാന്‍ പാടുള്ളതാണോ. (പിറ്റേന്ന് കാലില്‍ വച്ചുകെട്ടുമായി വന്ന ഔതാച്ചന്‍ കെട്ടിയോളോടു പറഞ്ഞത്രെ ‘എന്റെ ശോശു, പനച്ചക്കലെ പൊട്ടക്കിണറ് നികത്തീന്നല്ലേ നീ പറഞ്ഞെ..ആരാ ഈ നുണയൊക്കെ നിന്നോട് വിളമ്പുന്നേ..? )
“അതു പിന്നെ..മൂവന്തിനേരത്ത് മുണ്ടിനു പിടിച്ചാ ആരാ ഞെട്ടാത്തെ..? “ അച്ചായന്‍ വെറ്റിലക്കറ കാട്ടി
“ഞാന്‍ സഞ്ചീലല്ലേ പിടിച്ചേ...”
“ങാ.. ഇപ്പോ മുണ്ടിനു പിടിക്കുന്നതിനേക്കാ ഞെട്ടലാ പച്ചക്കറി സഞ്ചീ പിടിക്കുമ്പോ..വല്ല കള്ളന്മാരുമാണോന്ന് എങ്ങനെ അറിയാന്‍ പറ്റും.. സ്വര്‍ണ്ണത്തേക്കാ വിലയല്ലിയോ കിഴങ്ങിന്... അല്ലാ.. കുഞ്ഞിപ്പോ കോഴിക്കോട്ടാണല്ലിയോ.. കൊറച്ചുനാളുമുമ്പ് അച്ഛനെ ഒന്നു കണ്ടിരുന്നു...”
“അതെ “
“അവിടിപ്പോ പുഴുക്കലരിക്ക് എന്നാ ഉണ്ട് വില..?”
പണ്ടൊക്കെ മറുനാട്ടില്‍ നിന്നു വരുന്നവരോട് ആദ്യം തിരക്കുന്നത് ‘സുഖമാണോ, കാലവസ്ഥയെങ്ങനെ ‘ എന്നൊക്കെയായിരുന്നു. ഇപ്പോ അത് ഇങ്ങനെയും ആയി.. ഗ്ലോബലിസേഷന്‍ കൊണ്ടുവരുന്ന ഓരോരോ മാറ്റങ്ങളേ..
“അതിപ്പോ കല്ലിന്റെ അളവനുസരിച്ചിരിക്കും...”
“ഭരിക്കാനോരോരൊത്തന്മാരു കേറും.. കുനിഞ്ഞുനിന്നല്ലേ വോട്ട് ചോദിക്കുന്നെ.. ജയിച്ചുകഴിയുമ്പോ പകരം നമ്മളെ കുനിച്ചുനിര്‍ത്തി മുതുകത്തോട്ട് കേറും, നട്ടെല്ലൊടിക്കാനക്കൊണ്ട്.. വെടിവക്കണം എല്ലാത്തിനേം..” പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയതുകൊണ്ട്, ഊരിപ്പോയ വലത്തുകാലിലെ സ്ലിപ്പര്‍ ഒന്നുകൂടി കയറ്റി അച്ചായന്‍...
“അതിപ്പോ അവര്‍ക്കെന്തു ചെയ്യാന്‍ പറ്റും അച്ചായാ.. സാധനം വേണ്ടേ.. ഉള്ള മണ്ണെല്ലാം ഫ്ലാറ്റും റബറും വച്ചു തീര്‍ത്തു.. പിന്നെവിടുന്നെടുത്തു തരും..”
“അതും ശരിയാ.. ഞാനിന്നലെ അന്നമ്മയോട് പറഞ്ഞതേയുള്ളൂ, ഇനി നമുക്ക് റബറിലയും റബര്‍ പാലുമൊക്കെ വച്ച് കറിയുണ്ടാക്കാമെന്ന്...”
“ഗ്രേസി ഇപ്പോ എവിടാ.. ദുബായില്‍ തന്നെ അല്ലേ...” സഹപാഠിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഇറേസിംഗ് റബ്ബറിന്റെ മണം....അടര്‍ത്തിയെടുക്കുന്ന ചാമ്പയ്ക്കയുടെ മണം..
“അവള് ഫാമിലിയായിട്ട് അവിടത്തന്നെ.. ക്രിസ്മസിനു ചിലപ്പോ.... “ വാചകം മുഴുമിക്കും മുമ്പ് അച്ചായന്റെ പോക്കറ്റില്‍ ഫോണ്‍ വിറച്ചു കിണുങ്ങി...
“ആങ്... ...എന്താ... ഓ പയറു വാങ്ങിച്ചില്ല.. മുടിഞ്ഞ വിലയാ അന്നമ്മേ.. ഇന്ന് പയറ് ഉണ്ടെന്നു കരുതി അങ്ങ് ഉണ്ടാമതി..അല്ല പിന്നെ... എടീ എന്തിരവളേ പറയുന്ന കേള്‍ക്ക്.. .. നാവടക്കെടീ....!!!” പയറിന്റെ ഒരു പവറേ.. പുഷ്പം പോലെയല്ലേ കുടുംബം കലക്കുന്നത്.
“ങാ കണ്ടു.. കുട്ടിയമ്മേടെ കാലു കെട്ടിയിട്ടേക്കുവാ.. രണ്ടു ദിവസം കൂടി കെടക്കേണ്ടി വരും.. അതെന്നാത്തിനാ.. എല്ലാം കഴിഞ്ഞ് അങ്ങോട്ടല്ലേ വരുന്നേ..അപ്പോ കണ്ടാ മതി.. ..എന്തോന്ന്... ങാ അപ്പോ മതി..”
അച്ചായന്‍ അമര്‍ഷത്തോടെ ഫോണ്‍ പോക്കറ്റിലേക്ക് തള്ളി..
“അല്ലച്ചായാ..ഏത് കുട്ടിയമ്മ.?.കാലുകെട്ടീന്ന് പറഞ്ഞെ.....”
“ഓ.. അതു നമ്മുടെ കിഴക്കേതിലെ കുട്ടിയമ്മ.. ആശുപത്രീലാ.... കുഞ്ഞ് അറിഞ്ഞില്ല അല്ലിയോ..”
“ആ അമ്മൂമ്മയ്ക്ക് എന്തുപറ്റി..”
“ഒന്നും പറേണ്ട... നമ്മുടെ കോരമണ്ടിലെ അനിതപ്പെണ്ണ് ഒരു തിരുമ്മുകേന്ദ്രം തുടങ്ങിയില്ലേ....”
“അതേ.. അവരുടെ വീട്ടില്‍തന്നെ അല്ലേ... അമ്മ പറഞ്ഞിരുന്നു..”
“അതു തന്നെ.. കുട്ടിയമ്മ അവിടെ ഒന്നു തിരുമ്മാന്‍ പോയതാ. പിറ്റേന്ന് ആശുപത്രീലാക്കേണ്ടി വന്നു..കാലിന്റെ കൊഴ തെറ്റീന്ന്.. ഡോക്ടര്‍ അതു നേരെ ആക്കാന്‍ നോക്കിയപ്പോ ഉള്ള എല്ലും കൂടി പൊട്ടിക്കിട്ടി.. ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”
ചായക്കട, വളം വ്യാപാരം, അച്ചാര്‍കച്ചവടം എന്നീ മേഖലകളില്‍ കടുത്ത പരാജയം നേരിട്ട അനിത കോരമണ്ടില്‍, രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നേടി ആത്മവിശ്വാസം മാത്രം മുതല്‍മുടക്കാക്കി തുടങ്ങിയ തിരുമ്മുകേന്ദ്രത്തിലെ ചീഫ് ഗസ്റ്റായി പോയതാണത്രെ കുട്ടിയമ്മ.. ‘ കുട്ടിയമ്മയല്ലേ എനിക്ക് കാശൊന്നും തരണ്ടാ’ എന്ന് അവളു പറഞ്ഞപ്പോ, പഠിച്ചത് പരീക്ഷിച്ചു നോക്കാനാണ് തന്നെ വിളിക്കുന്നതെന്ന് പാവം ഓര്‍ത്തില്ല...എന്തു ചെയ്യാം...
“പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”
“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”
അച്ചായനൊന്നു ചിരിക്കാന്‍ തുടങ്ങിയതും, മുന്നില്‍ നിന്നു വന്ന ഒരു ജീപ്പ്, ഞങ്ങളുടെ നേരെ വളഞ്ഞു ശബ്ദത്തോടെ നിന്നതും ഒന്നിച്ച്.!!
“ഈശോയേ!!!” ഒരു തവളച്ചാട്ടത്തിന് അരികിലെ മണ്‍തിട്ടയിലേക്ക് അച്ചായന്‍ കുതിച്ചു പാഞ്ഞു...
നെഞ്ചിലേക്ക് ഒരു കൊള്ളിയാന്‍ പായുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ നടുങ്ങി അരയടി താണു നിന്നു.!!!
ആജാനബാഹുവായ ഡ്രൈവര്‍, രഞ്ജിത്തിന്റെ പഴയകാല സിനിമയിലെ നായകനെപ്പോലെ പുറത്തേക്കു വരുന്നു!!
ഇപ്പൊഴത്തെ ക്വട്ടേഷന്‍ സംഘങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി..
ആളുമാറി കയറ്റിക്കൊണ്ടുപോയി ആവശ്യത്തിനു ഇടി തന്ന് ഒരു സോറിപോലും പറയാതെ ‘ഡ്യൂപ്ലിക്കേറ്റ് ഇരയെ’ വഴിയില്‍ ഇറക്കിവിട്ട ഒന്നുരണ്ടു സംഭവങ്ങള്‍ എനിക്കും അറിയാം..
കണ്ണുമുഴപ്പിച്ച് അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചപ്പോള്‍ ‘അച്ചായാ വീട്ടില്‍ ഒരു മെസേജ് കൊടുത്തേക്കണേ’ എന്നു പറയാന്‍ ഞാന്‍ വക്കച്ചനെ നോക്കി.. പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..
“കഴുവേറീ...സുഖം തന്നെ അല്ലേടാ....” കോഴിക്കോട്ട് പോലും ഗുണ്ടകള്‍ ആദ്യം ഈ ചോദ്യം ചോദിക്കില്ലല്ലോ എന്നൊര്‍ത്തപ്പോള്‍ എന്റെ ശ്വാസം ഒന്നു നേരെ വീണു.
‘ഇപ്പൊ അല്പം സുഖം കൈവന്നു’ എന്ന് കണ്ണുകൊണ്ട് പറഞ്ഞു..
“നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നേ..എടാ ഇത് ഞാനാ പ്രമോദ്.....”
“പ്രമോ...ദ്..”?
“എടാ... പഴയ പ്രമോദ്... ആത്മാര്‍ഥത വേണമെടാ ആത്മാര്‍ഥത..നോക്ക്..നിന്റെ രൂപം പോലും ഞാന്‍ ജീപ്പിലിരുന്നു തിരിച്ചറിഞ്ഞു..എന്നിട്ടും നിനക്കെന്നെ..”
“ഈശ്വരാ..... ചാക്കാല പ്രമോദ്..എടാ നീ ഇവിടൊക്കെ.......” കൈകൊണ്ട് കണ്ണുപൊത്തി പൊട്ടിച്ചിരിച്ചുപോയി ഞാന്‍
“ചാക്കാല നിന്റെ ...... “ ബാക്കി പൂരിപ്പിക്കുന്നതിനു മുമ്പ് അവന്‍ തലതിരിച്ച് അച്ചായനെ നോക്കി.. ‘എന്നാലും ഒരു ഉള്ളി എവിടെപ്പോയി’ എന്ന ചോദ്യം മുഖത്ത് നിറച്ച് ഒരു വരണ്ട ചിരിയുമായി അച്ചായന്‍
“അച്ചായന്‍ പൊക്കോ.... ഇതെന്റെ ഒരു പഴയ കൂട്ടുകാരനാ...പിന്നെ കാണാം..” ചിരി തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍
“കേറെടാ!!! “ കൌമാരസ്മരണകളുടെ സ്നേഹം പുരണ്ട ആജ്ഞ ഞാന്‍ അനുസരിച്ചു.. അവന്‍ താക്കോല്‍ കറക്കി...
“ഒന്നിറങ്ങെടാ..പ്ലീസ്...” ആജ്ഞയുടെ മുന ഒറ്റ സെക്കന്റില്‍ ഒടിഞ്ഞ് ദയനീയമായി...
“ഉം? എന്തേ...വണ്ടി തള്ളണോ?..”
“അത് നിനക്കെങ്ങനെ മനസിലായി”
“നീ ആ പഴയ ചാക്കാല തന്നെയല്ലേ...ഈ വണ്ടി നിന്റെ അല്ലേ..അപ്പോ പിന്നെ... “ ഞാന്‍ താഴേക്ക് ചാടി “ധള്ളേണ്ടി വരും.......”
ഒറ്റ ചാട്ടത്തിന് ഞാന്‍ റിപ്പബ്ലിക്കന്‍ ഹൈസ്കൂളിലെ ഒമ്പത് ഏ യിലെത്തി.....
ശാന്തന്‍ ചേട്ടന്റെ മണിയടി കേട്ടു..
പൊതിച്ചോറ് അഴിച്ചു കൊണ്ടുവന്ന ചമ്മന്തിയുടേയും വാഴക്കാത്തോരന്റേയും മണം നുണഞ്ഞു....
പാവാടക്കാരികളുടെ കണ്ണുകളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന പ്രണയഭാവങ്ങള്‍ കണ്ടു..
സുഷമാദേവിയുടെ ചിരിയിലെ ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കണ്ടു...
ബിന്ദുവിന്റെ മുഖക്കുരുവിലെ പാഴ് വാഗ്ദാനങ്ങള്‍ കണ്ടു...
നീനാകുമാരിയുടെ ഇംഗ്ലീഷ് പുസ്തകക്കവറിലെ നദിയാമൊയ്തുവിനെ കണ്ടു...
ഇതെല്ലാം കണ്ടുകൊണ്ട് ക്ലാസിന്റെ അപ്പുറത്ത് ഡിസര്‍ഡിയാ കാടിനിടയില്‍ വടിയുമായി നില്‍ക്കുന്ന മൂട്ടസാറിനെ കണ്ടു....
മൂട്ടസാറിനെ നോക്കി വിസിലടിക്കുന്ന കുരുത്തക്കേടിനു കുരുവിക്കൂടുണ്ടാക്കിയ പ്രമോദിനെ ഒടുവില്‍ കണ്ടു..
കാത്തിരിന്നൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ മൂട്ടസാര്‍ ഇതാ ചാടി വന്നു പ്രമോദിനെ പൊക്കുന്നു..
“ഒന്നുകൂടി വിസില്‍ അടിക്കെടാ...”
വിറച്ചുകൊണ്ട് പ്രമോദ് വി ഷേപ്പില്‍ വിരല്‍ നാവിനടിയില്‍ വക്കുന്നു..
“അടിയെടാ വിസില്‍...”
“ശൂ..... “ പേടി കൊണ്ട് കാറ്റുമാത്രം
“ശബ്ദം വരുത്തെടാ... “ വലത്തെ തുടയില്‍ നടയടി
“വരുത്തെടാ ശബ്ദം....”
“ഇപ്പോ ശബ്ദം വരുന്നില്ല സാറേ..അയ്യോ അടിക്കല്ലേ....”
“കേറി നില്‍ക്കെടാ ഡെസ്കില്‍...”
“ഉം..”
“കണക്കിന് ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടെടാ നിനക്ക്...”
“പത്തില്‍ മൂന്ന് “ പ്രമോദ് അഭിമാനത്തോടെ..
അടുത്ത അടി ചന്തിക്ക്.....” അതു കോപ്പിയാ...ആരുടെ നോക്കിയാടാ നീ കോപ്പിയടിച്ചെ? “
“സാറേ...ആത്മാര്‍ഥമായിട്ട് കിട്ടിയ മാര്‍ക്കാ..അയ്യോ....”
“നീ എന്നെ വിസിലടിച്ചു കളിയാക്കും ...അല്ലേടാ.....”
“സാറു കാട്ടിനകത്ത് നിന്നോണ്ടല്ലേ....”
“നിന്നെപ്പോലുള്ളോന്മാരെ നന്നാക്കാന്‍ കാട്ടിലല്ല..കുടത്തിനകത്തും കേറിയിരിക്കണം... നാളെ വിളിച്ചോണ്ടുവരണം നിന്റച്ഛനെ....”
“അച്ഛന്‍ ഇന്നലെയും വന്നതാ സാറേ.”
“എന്നാ പിന്നെ ഇന്നുതന്നെ വിളിച്ചോണ്ടു വാ.....”
സുഷമാദേവിയുടെ മുടിയും, കൃഷ്ണക്കുറുപ്പുസാറിന്റെ കഷണ്ടിയും, പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയിലെ ഉഴുന്നുവടയും ഒക്കെ ചര്‍ച്ചയ്ക്കെടുത്ത്, പിന്നെയും ബാക്കി വന്ന പതിനഞ്ചുമിനുട്ടില്‍, എന്നാല്‍ ഇനി കേരളത്തിലെ ജാതിവ്യവസ്ഥ ഡിസ്കസ് ചെയ്യാം എന്ന് കരുതി ആണ്‍പിള്ളേര്‍ ഒത്തുകൂടിയിരുന്ന ഒരുച്ചനേരം..ഉന്നതശ്രേണിയില്‍ നിന്നു തുടങ്ങി നായന്മാരിലെത്തി ചര്‍ച്ച..
“ഈ നായന്മാര്‍ തന്നെ ഏകദേശം ഒരു അറുപത് തരമുണ്ട്..” അപ്പൂപ്പന്റെ കുരുട്ടുബുദ്ധിയില്‍ നിന്നു (അച്ഛന്റെ ഭാഷയില്‍ ‘വഷളത്തരം‘) കിട്ടിയ ജനറല്‍ നോളജ്, നാലുപേരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഗമയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി..
“ഉദാഹരണത്തിന് ഇല്ലത്തുനായര്‍, വിളക്കിത്തല നായര്‍, ചക്കാല നായര്‍.....”
“ങാ........നമ്മളൊക്കെ ചക്കാലനായന്മാരാ..അല്ലേടാ...” പ്രമോദ് ആഹ്ലാദപൂര്‍വ്വം ചാടിവീണു...
“നമ്മള്‍ ഒറിജിനല്‍ ഇല്ലത്തുനായന്മാരാ കേട്ടോ മക്കളേ’ എന്ന് ദിവസം (അച്ഛന്‍ ഇല്ലാത്ത സമയത്ത്) പത്തുതവണ ബീഡിവലിച്ച്, നെഞ്ചുവിരിച്ചു പറയുന്ന അപ്പൂപ്പന്റെ മുഖം ഓര്‍ത്ത് , അടക്കാന്‍ വയ്യാത്ത ചിരിയോടെ ഞാന്‍ പറഞ്ഞു “നിന്റെ കാര്യം എനിക്കറിയില്ല..ബട്ട്..ഞാനതല്ല...”
രണ്ടുമാസത്തിലൊരിക്കല്‍ സകലരുടേയും ഇരട്ടപ്പേരിന്റെ റേഷന്‍കാര്‍ഡ് വെട്ടിത്തിരുത്തുന്ന സ്വഭാവദൂഷ്യമുള്ള അനില്‍ബേബി ഓണ്‍ ദ സ്പോട്ടില്‍ പ്രമോദിന്റെ പുതിയ പേരു പ്രഖ്യാപിച്ചു “ചാക്കാല”
‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ’ എന്നോ മറ്റോ പുലമ്പിക്കൊണ്ട് പ്രമോദ് വിരല്‍ വെളിയിലേക്ക് ചൂണ്ടി....
ഡിസര്‍ഡിയ കാടിനുള്ളില്‍ അടുത്ത ഇരയെ തേടി ദാ മൂട്ടസാര്‍.....
മൂക്കിന്റെ തുമ്പത്ത് മൂട്ടയുടെ ആകൃതിയില്‍ ഒരു മറുകുള്ളതുകൊണ്ട്, സത്യം പറഞ്ഞാല്‍ ആ അധ്യാപകന്റെ യഥാര്‍ഥ പേര് സ്കൂളിലെ ഒരു കുട്ടിക്കുപോലും അറിയില്ല. ഈ താപ്പാനയെ തളക്കാന്‍ പറ്റിയ ഒരു കുട്ടിജന്മവും റിപ്പബ്ലിക്കന്‍ സ്കൂളില്‍ ഉണ്ടായിട്ടില്ല..
താന്‍ പഠിപ്പിക്കാത്ത ക്ലാസിലും ഉച്ചസമയങ്ങളില്‍ കയറിച്ചെന്നു കുറഞ്ഞത് നാല് ‘ഇരകളെ’ എങ്കിലും പൊക്കി സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അപമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേ ഒരു ഹോബി. ‘പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയില്‍ മൂട്ടസാറിനു ഇരുപത് രൂപ പറ്റുണ്ട്. അങ്ങേരിപ്പോ മറ്റേ വഴിയിലൂടെയാ പോക്കും വരവും’ എന്ന സി.ഐ.ഡി വാര്‍ത്ത ക്ലാസില്‍ പരത്തിയത് പ്രമോദ് ആണെന്ന് അറിഞ്ഞതില്‍ പിന്നെ, അദ്ദേഹത്തിന്റെ പ്രൈം ടാര്‍ജറ്റ് ചാക്കാല ആയി മാറി..
ഒരിക്കല്‍ ഒമ്പത് ഏ യിലെ കണക്കുസാര്‍ ലീവിലായ ദിവസം പകരക്കാരനായി മൂട്ടസാര്‍ വന്നു.
കസേരയില്‍ രാജകീയമായി ഇരുന്ന്, വടിയില്‍ വിരലോടിച്ച്, ‘എനിക്കിത് പോരല്ലോ’ എന്ന അര്‍ത്ഥത്തില്‍ മുഖം ചുളിച്ച് ചോദിച്ചു..
“ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോ ചോദിച്ചോ.. നാളെ നിങ്ങടെ സാറിങ്ങു വരും..“
ക്ലാസില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത....
ഞാന്‍ അടുത്തിരിക്കുന്ന രാജേഷിനെ നോക്കി ചെവിയില്‍ ചോദിച്ചു. “എന്താടാ.നിനക്ക് വല്ല സംശയവും ഉണ്ടോ..?“
“ഒരു സംശയം ഉണ്ട്.. ഇങ്ങേരെ എന്തിനാ ഇപ്പോ ഇങ്ങൊട്ട് കെട്ടിയെടുത്തെ...”
“എന്നെ നിങ്ങള്‍ക്ക് ഭയങ്കര പേടിയാണെന്നറിയാം “ ക്രൂരമായ ഒരു ചിരിയോട് മൂട്ടസാര്‍ പറഞ്ഞു “എന്നു കരുതി സംശയം ചോദിക്കാതിരിക്കരുത്.. ധൈര്യത്തോടെ ചോദിച്ചോ..”
ആരും മിണ്ടുന്നില്ല.
“ആര്‍ക്കും ഒരു സംശയവുമില്ല...!!! ഹതു കൊള്ളാമല്ലോ...”
“എനിക്കൊരു സംശയം ഉണ്ട് സാര്‍!!!!!!! “ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചാക്കാല പ്രമോദ് എഴുന്നേല്‍ക്കുന്നു....!! “
മൂട്ടസാര്‍ മുഖം വക്രിച്ച് ശബ്ദം വന്നിടത്തേക്ക് നോക്കുന്നു..
“സാര്‍ .. ഒരു വൃത്തം വരക്കുമ്പോള്‍...............”
പിന്നെ ഞാന്‍ കണ്ടത്, വടിയുമായി ശരവേഗത്തില്‍ പായുന്ന മൂട്ടസാറിനെയാണ്
“പഠിപ്പിക്കുമ്പോ ക്ലാസില്‍ ശ്രദ്ധിക്കാതെ വായില്‍ നോക്കി ഇരുന്നാ എങ്ങനാടാ സംശയം വരാതിരിക്കുന്നെ....ങേ....പറേടാ.. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടാരുന്നു നിനക്ക്....പറ...”
“പത്തില്‍ ഒന്ന്....!!!!”
“ആ ഒരു മാര്‍ക്ക് എവിടുന്ന് കോപ്പിയടിച്ചതാടാ...” ഭാഗ്യം, വടി തുടയില്‍ വീണില്ല.. ക്ലാസ് മുഴുവനും ചിരിച്ചതുകൊണ്ടാവാം..പ്രത്യേകിച്ച് പെണ്‍കുട്ടികള്‍....
ഇടവപ്പാതി മഴ തകര്‍ത്തുപെയ്യുന്ന ഒരുച്ചനേരം..
ക്ലാസിലെ അതിസുന്ദരിയും ഹൈപ്പര്‍ സെന്‍സിറ്റീവുമായ നീനകുമാരി മഴപോലെ കരയുന്നു...
കണ്മഷിയെ വലിച്ചിറക്കി കവിളിലേക്ക് പടര്‍ത്തുന്ന കരച്ചിലിന്റെ ഇടവപ്പാതി...
സ്വര്‍ണ്ണ ബോര്‍ഡറിട്ട കസവു ബ്ലൌസും പാവാടയുമിട്ട ഈ പാവം സുന്ദരി ഇത്ര കരയുവാന്‍ മാത്രം എന്തുണ്ടായി.....
ഇരതേടിയെത്തിയ മൂട്ടസാര്‍ ക്ലാസിലേക്ക് കയറി..
“എന്താ കൊച്ചേ കരയുന്നേ...കാര്യം പറ.. “ സാറിന്റെ കൈയില്‍ വടിമുറുകി..
നീന വിങ്ങുകയാണ്.. ഇടവസന്ധ്യപോലെ സുന്ദരമായി......കൈയിലെ ഇംഗ്ലീഷ് ബുക്ക് അവള്‍ സാറിനു നേരെ നീട്ടി..
കവറിലെ നദിയാമൊയ്തുവിന്റെ പടത്തിനു താഴെ, കറുത്ത മഷിയില്‍ വലിയ അക്ഷരത്തില്‍ "I LOVE YOU"
“ആരെടാ ഇതെഴുതിയെ!!!!!” ഇടിവെട്ടുപോലെ മൂട്ടസാര്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഇളകിയിരുന്ന മുന്‍വരിയിലെ കോന്തപ്പല്ല് മുന്നോട്ട് തള്ളി..
ക്ലാസില്‍ നീനയുടെ വിതുമ്പല്‍ മാത്രം..
ഇത്ര ധൈര്യം ഈ ക്ലാസില്‍ ആര്‍ക്കുണ്ട്... അതും ബയോളജി പഠിപ്പിക്കുന്ന രാജേശ്വരി ടീച്ചറിന്റെ മകളുടെ ബുക്കില്‍ ഇങ്ങനെ എഴുതാന്‍ മാത്രം ധൈര്യം...
ഉണ്ടക്കണ്ണുകള്‍ എല്ലാവരിലേക്കും നീണ്ടു വരുന്നു...
‘ഇതവന്‍ തന്നെ...” ഞാന്‍ രാജേഷിനെ നോക്കി പിറുപിറുത്തു..
“പിന്നല്ലാതെ....” രാജേഷ് തലയാട്ടി..
സത്യം പറേടാ...... ചാക്കാലയുടെ ചന്തിയില്‍ ആദ്യ അടി...
“നീ അല്ലേ.....” അടുത്ത അടി
പ്രമോദ് തലയാട്ടി സമ്മതിക്കുന്നു...........
“അഹങ്കാരീ....വാടാ സ്റ്റാഫ് റൂമിലോട്ട്....”
“സാര്‍....സാര്‍....”
“ഉം????” ഗര്‍ജ്ജനം
“ഞാന്‍ നീനയെ ഉദ്ദേശിച്ചല്ല എഴുതിയെ..? “
“പിന്നെ.. രാജേശ്വരി ടീച്ചറെ ഉദ്ദേശിച്ചാണോ മോനേ “ പൊട്ടിച്ചിരിക്കിടയില്‍ പ്രമോദിന്റെ ചെവിയില്‍ സാറിന്റെ വിരല്‍ അമര്‍ന്നു
“ആ.................... ഞാന്‍ നദിയാമൊയ്തുവിനെ ഉദ്ദേശിച്ചാ...”
“നീ ആരാടാ.. നദിയാമൊയ്തുവിന്റെ പുതിയാപ്ലയോ..അഹങ്കാരി.... പഠേ.....!!!”
ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഞാന്‍ ഞെട്ടി മുന്നോട്ടാഞ്ഞു..
“പറ അളിയാ വിശേഷം..നിനക്ക് രണ്ടു മക്കള്‍ അല്ലേ....സുഖാമായിരിക്കുന്നോ...” പ്രമോദ് ഗിയര്‍ മാറ്റി
“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞെടാ..? “
“എടാ ആത്മാര്‍ഥത വേണം..ആത്മാര്‍ത്ഥത.. ഒരാളേം ഞാന്‍ മറന്നിട്ടില്ല...എല്ലാരേം പറ്റി അന്വേഷിക്കാറുമുണ്ട്...“
അന്തിവെയില്‍ ചാഞ്ഞു തുടങ്ങി... വിശേഷവര്‍ത്തമാനങ്ങളിലൂടെ പ്രമോദ് എങ്ങോട്ടൊക്കെയോ വണ്ടി ഓടിച്ചു
“പാവം ഒരു പെണ്ണിനെ കെട്ടി.. അംഗന്‍വാടിയില്‍ പഠിപ്പിക്കുവാ അവള്‍.. ഞാനേ ഉള്ളൂ അവള്‍ക്ക്... ഉള്ളു നിറയെ സ്നേഹം.. ഒരു മോന്‍.. നീ നോക്കെണ്ടാ.. എന്നെപ്പോലെ തന്നെ ഒരു തല്ലുകൊള്ളി... ഞാനും കുടുംബോം താങ്ങിനു ദാ ഈ വണ്ടിയും.....ഒരു കാര്യം നീ തുറന്നു പറയണം.. എടാന്നും പോടാന്നും നീന്നും ഒക്കെ ഞാന്‍ വിളിക്കുന്നതില്‍ ദേഷ്യം ഉണ്ടോ ഇപ്പോ..” പ്രമോദിന്റെ കണ്ണുകള്‍ തിളങ്ങുന്നു.
“നീ എന്താ അങ്ങനെ ചോദിക്കാന്‍...”
“അല്ല..നിലയും വിലയും ഒക്കെ മാറുമ്പോ...ചിലപ്പോ.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി..ഒരാളുടെ അടുത്ത്...അതുകൊണ്ടാ..”
വളയം പിടിച്ച അവന്റെ ഉരുക്കു കൈകളില്‍ ഞാന്‍ വിരല്‍ അമര്‍ത്തി.... “നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “ ഞങ്ങള്‍ ഒന്നിച്ചു ചിരിച്ചു...
“നീ ലേറ്റ് ഒന്നും ആയിട്ടില്ലല്ലോ അല്ലെ.. ഞാന്‍ കൊണ്ടുവിടാം..”
“അയ്യോ വേണ്ടാ. നീ ആ തട്ടുകടയുടെ അടുത്തൊന്നു നിര്‍ത്ത്..ഭാര്യ പൊറോട്ട കൊണ്ടുചെല്ലണേന്ന് ഓര്‍ഡര്‍ ഇട്ടേക്കുവാ.. ഇനി തട്ടുകടയിലെ പൊറോട്ട വാങ്ങിക്കൊടുത്തില്ലെന്നു വേണ്ടാ...”
ബസ്‌സ്റ്റാന്‍ഡിനടുത്ത തട്ടുകടയില്‍ അവന്‍ വണ്ടി നിര്‍ത്തി.. ഒന്നിച്ചിറങ്ങി
“എടാ ചിന്നൂ..... “ കറിയുടെ തട്ട് ഉയര്‍ത്തി പ്രമോദ് പറഞ്ഞു “രസികന്‍ പൊറോട്ടയും കറിയും ഒരു പാര്‍സല്‍ എട്.. എന്റെ പെങ്ങള്‍ക്കുള്ളതാ.. സൂപ്പര്‍ ആവണം..അല്ലെങ്കില്‍ അറിയമല്ലോ....”
ഭവ്യതയോടെ കടക്കാരന്‍ പയ്യന്‍ ചിരിച്ചു..
ഞാന്‍ പോക്കറ്റില്‍ കൈയിടാന്‍ തുടങ്ങി...
“കൊല്ലും ഞാന്‍.!!!... ഈ കാശ് ഞാന്‍ കൊടുക്കും......ചിന്നൂ...പറ്റിലെഴുതിയേര്.....”
ഓര്‍മ്മകളില്‍ ഞാന്‍ എവിടൊക്കെയോ എന്തിനോ പരതുകയായിരുന്നു..
“നമ്മുടെ മൂട്ടസാര്‍ പോയി അല്ലേ.....” ഞാന്‍ അവനെ നോക്കി
“ഉം...എന്തായാലും സാറിനോടുള്ള എന്റെ കുരുത്തക്കേടിന്റെ കടം ഞാന്‍ വീട്ടി..”
സംശയത്തോടെ ഞാന്‍ അവനെ നോക്കി
“ഹാര്‍ട്ട് അറ്റാക്ക് ആരുന്നു.. പാതിരാത്രിയില്‍.. ആശുപത്രീല്‍ കൊണ്ടുപോകാന്‍ എന്റെ ജീപ്പ് തന്നെ വിളിച്ചു സാറിന്റെ ഭാര്യ... അവസാനം അങ്ങനെ കൂടെ ഉണ്ടാവാന്‍ പറ്റി.. എന്നോട് എന്തൊക്കെയോ പറഞ്ഞു അന്ന്.. ഒന്നും വ്യക്തമായില്ല....”
അവനോട് യാത്ര ചോദിക്കും മുമ്പ് പുഞ്ചിരിച്ചു കൊണ്ട് ഒരു ചോദ്യം കൂടി ഞാന്‍ ഇട്ടു
“അന്നത്തെ ആ നീന ഇപ്പോ എവിടാടാ.. നീ ഐ ലവ് യൂ എഴുതിക്കൊടുത്ത ആ നീന....”
“അതിനുശേഷം ഒരിക്കലും അവളെന്നോട് മിണ്ടീട്ടില്ലല്ലോ.. കോയമ്പത്തൂരെങ്ങാണ്ട് ഡോക്ടര്‍ ആണ്..... നാട്ടിലൊന്നും വരാറില്ലാന്നു തോന്നുന്നു...ആരന്വേഷിക്കുന്നു....” പ്രമോദ് ചായ മൊത്തി
“ഞാന്‍ ഇന്നേവരെ അവളെ കണ്ടിട്ടില്ല..”
“കാണാത്തേന്റെ കുഴപ്പമേയുള്ളൂ.... അഹങ്കാരി..നിനക്കറിയാമോ..അന്ന് അങ്ങനെ എഴുതിയത് ഞാന്‍ അല്ലാരുന്നു.. ആ സാറിന്റെ അടിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി സമ്മതിച്ചതല്ലിയോ....”
“എനിക്കറിയാം..”
“എങ്ങനെ? “
അവന്റെ കരിപുരണ്ട കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തി...
“അത് എഴുതിയത്.. ഈ ഞാന്‍ തന്നാ..പക്ഷേ നീ പറഞ്ഞപോലെ നദിയമൊയ്തുവിനല്ല.. സാക്ഷാല്‍ അവള്‍ക്ക് തന്നെ....“
“എടാ ദ്രോഹീ.......”
“ആ അടിയുടെ കടം വീട്ടാന്‍ ഞാന്‍ നിനക്ക് എത്ര പൊറോട്ട വാങ്ങിത്തരണം...എന്നാലും തീരുമോ..അറിയില്ലെടാ..” എന്റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു....
“ആ കടം അങ്ങനെ തന്നെ കിടക്കട്ടളിയാ.. പിന്നെ, പണമൊഴിച്ച് എന്ത് ആവശ്യം ഉണ്ടേലും, എനിക്കൊരു മിസ്കോള്‍ തന്നാമതി. ഞാന്‍ ഓടി വരും..അതു വെട്ടാണേലും കുത്താണേലും രാഷ്ട്രീയപ്രശ്നമാണേലും..ഈ കാലത്ത് എപ്പൊഴാ എന്താ വരുകാന്ന് അറീല്ലല്ലോ.. തരികിടകളുമായി നല്ല ഹോള്‍ഡാ എനിക്ക്..” പ്രമോദിനെപ്പോലെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല....
നിലാവു പെയ്യുന്ന റോഡിലൂടെ ഞാന്‍ നടന്നു..
മണ്‍തിട്ടയില്‍ മുയല്‍ച്ചെവിയന്‍ പണ്ടത്തെപ്പോലെ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അച്ചന്‍ കോവിലാറ് പണ്ടത്തെപ്പോലെ തന്നെ നിറഞ്ഞൊഴുകുന്നു..
കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു

Subscribe to:
Posts (Atom)