
(മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബ്ലോഗന’യില്‍ വന്നത്)
“.......
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പലനാളായ് താഴെയിറങ്ങാനൊരു തിടുക്കം...”
ശരീരം പ്രംതിമപോലെയാക്കി, കണ്ണാടിയില്‍ മുഴുവന്‍ ശ്രദ്ധയുമര്‍പ്പിച്ച് മീശയില്‍ ഞാന്‍ കത്രിക വച്ചു... ലെവല്‍ പോകാതെ നോക്കണമല്ലോ.....
“തിടുക്കം തിടുക്കം.. കുറച്ചുനാളായി ഞാന്‍ ശ്രദ്ധിക്കുന്നു. ഷേവു ചെയ്യുമ്പോഴും ഒരു റൊമാന്റിക് പാട്ട്!.. ഫെയര്‍ ആന്‍ഡ് ലവ്‌ലി കുഴച്ച് ആ കരിമോന്തയ്ക്കൊരു തേപ്പ്!..ബാത്ത്‌റൂമില്‍ വെള്ളം നിറയുന്നതുവരെ കണ്ണാടി നോക്കി ഒരു ജോഗിംഗ്! ആരുടേയോ കൈക്ക് പണിയുണ്ടാക്കാനുള്ള പുറപ്പാടാന്നു തോന്നുന്നു.."
ചൂലിന്റെ അറ്റം കാലില്‍ കൊണ്ടപ്പോഴാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്...
“ഛെ...എടീ ആ പൊടിയെല്ലാം കൂടി എന്റെ കാലേ വലിച്ചിടാതെ.. മീശവെട്ടിന്റെ കോണ്‍സണ്ട്രേഷന്‍ കമ്പ്ലീറ്റ് പോയി... ഛായ്.....”
“കെട്ടും കഴിഞ്ഞ് രണ്ട് പിള്ളാരുമായി..ഇനി ഈ മീശയില്‍ കെടന്ന് അഭ്യാസം കാണിച്ചിട്ടെന്തെടുക്കാനാ മാഷേ...ഒരുമാതിരി ചിക്കന്‍ഫ്രൈയ്ക്ക് തക്കാളി ഡിസൈന്‍ ഇടുന്നപോലെ.... “
“എന്റെ ഗ്ലാമറില്‍ നിനക്കൊരല്പം അസൂയ തോന്നുന്നുണ്ടല്ലേ.. സ്വാഭാവികം.....കഴിഞ്ഞാഴ്ച എന്റെ ഫീമെയില്‍ ബോസ് എന്നോട് പറഞ്ഞതെന്താണെന്നറിയാമോ.. മനു യൂ ലുക്ക് സോ ഹാന്‍സം എന്ന്..."
"ഓഹോ..അത്രയ്ക്ക് ബോറാ അവരെ കാണാന്‍? “
“വാട്ട് യൂ മീന്‍....? “
“മാറി നിക്കങ്ങോട്ട്.. ഈ നശിച്ച പൊടി എത്ര തുടച്ചാലും പോകത്തില്ല നാശം!!. “ പെട്ടെന്ന് അവളുടെ ശ്രദ്ധ മേശയില്‍ കിടക്കുന്ന പത്രത്തിലേക്കായി..“ഈശ്വരാ..ഇവന്മാര് ഇവിടേം വന്നോ.. മനുഷ്യന്റെ സമാധാനം തകര്‍ക്കാന്‍!!”
“ആരാടീ..ഗുണ്ടകളാണോ..”! “ ഞാനും പേപ്പറിലേക്ക് നോക്കി
“ഗുണ്ടകളെ പിന്നേം സഹിക്കാം..“ ഭാര്യ നെറ്റിയില്‍ കൈവച്ചു..” ദാ ആ മഹിപാല്‍ ജുവലറി കോട്ടയത്തും വരുന്നെന്ന്..ദൈവമേ.. “
സ്വര്‍ണ്ണക്കടകളുടെ പരസ്യം കണ്ടാലുടനെ ‘ പെണ്മക്കളുള്ള കാര്യം‘ ഓര്‍മ്മപ്പെടുത്തി ഭാവിയെക്കുറിച്ചുള്ള ആശങ്കയെ 916 നിലവാരത്തിലെത്തിച്ച് ടെന്‍ഷന്‍ അടിക്കുന്ന ശീലം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടോ ഇങ്ങനെ..ആര്‍ക്കറിയാം..
എത്രയും പെട്ടെന്ന് വിഷയം മാറ്റിയില്ലെങ്കില്‍ ‘ആസ്മ‘ ബാധിച്ച എന്റെ ‘ആസ്‌തി‘യില്‍ തുടങ്ങി ‘ആ ദുബായ് കാരന്‍ പത്തുതവണ ആളിനെ വിട്ടതാ തീരുമാനം അറിയാന്‍’ എന്ന പ്രീമരിറ്റല്‍ ചരിത്രംവരെ വിളമ്പി ഇന്നത്തെ ദിവസം ഇവള്‍ കുളമാക്കും...
“ആ റെക്സോണ ഡിയോ എവിടെ വച്ചു... ?” എലിയെപ്പോലെ ഞാന്‍ ചുറ്റിനും നോക്കി
“രാവിലെ എന്തിനുള്ള പുറപ്പാടാ..എങ്ങോട്ടോ എഴുന്നെള്ളാനുള്ള ഒരുക്കമാണെന്നു തോന്നുന്നു”
“അതേ.. ആ കാരമ്പറമ്പിലെ സിസിലി ലീവിനു വന്നിട്ടുണ്ട് എന്നു കേട്ടു.. പത്താംക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി കക്ഷിയെ ഒന്നു കണ്ടെ.. ഒരുപാട് മാറിക്കാണും പാവം കുട്ടി...”
“എനിക്കറിയാന്‍ വയ്യാഞ്ഞു ചോദിക്കുവാ. പെണ്‍പിള്ളാരു ലീവിനു വരുന്നതും നോക്കിയാണോ നിങ്ങളും ലീവെടുക്കുന്നെ..കഴിഞ്ഞ തവണ ആരെയാ കാണാന്‍ പോയേ.. ബിന്ദുപ്പണിക്കര്‍..പ്രീഡിഗ്രിയ്ക്കല്ലേ അവളെ അവസാനം കണ്ടേ?“
“ബിന്ദുപ്പണിക്കരല്ല.. ബിന്ദുപിള്ള. ശരിക്കും എന്നെ കണ്ടപ്പോ അവളുടെ കണ്ണു നിറഞ്ഞെടീ... ‘ജലദോഷം പിടിച്ച നിന്നോട് സംസാരിക്കുന്നത്, പഴുക്കാന്‍ തുടങ്ങിയ പേരയ്ക്ക കഴിക്കുമ്പോലെയാ’ എന്ന എന്റെ ആ പഴയ ഡയലോഗ് പോലും അവള്‍ മറന്നിട്ടില്ല... സത്യത്തില്‍ ഞാന്‍ പോലും മറന്നതാ അത്.. സെക്കന്റ് ഇയറിനു പഠിക്കുമ്പോ ഞാന്‍ അങ്ങനെ പറഞ്ഞേന്ന്...”
“എങ്ങനെ ഓര്‍ക്കും.. ‘മുണ്ടിനീരു വന്ന നിന്നോട് മിണ്ടുന്നത് ഉണ്ടമ്പൊരി തിന്നുന്നപോലെയാ‘ എന്നൊക്കെ കണ്ട പെമ്പിള്ളാരോടെല്ലാം പറഞ്ഞു നടക്കുവല്ലാരുന്നോ മഹാന്‍.. ആരോട് എന്തൊക്കെയാ പറഞ്ഞേന്ന് ഓര്‍ത്തുവക്കാന്‍ ഐന്‍സ്റ്റീന്റെ തലയൊന്നും അല്ലല്ലോ ഇത്...” ചൂലിന്റെ മൂട് അവള്‍ കൈപ്പത്തിയില്‍ ആഞ്ഞിടിച്ചു..
“ബൈദവേ.. എന്റെ ആ ‘യംഗ് ഫോര്‍ എവര്‍’ സ്ലോഗന്‍ ടീഷര്‍ട്ട് എവിടെ...നീ അത് നനച്ചില്ലേ...”
“അത് അച്ഛന്‍ കമ്പില്‍ കുത്തി മുറ്റത്തു വച്ചിട്ടുണ്ട്.. കൊപ്രാ കാക്ക കൊണ്ടുപോകാതിരിക്കാന്‍...! ഞാനാ എടുത്തു കൊടുത്തെ.. “
“എടീ മഹാപാപീ.. അസൂയമൂത്താല്‍ നീ ഇതിനപ്പുറോം ചെയ്യുമെന്നെനിക്കറിയാം” ഞാന്‍ മുറ്റത്തേക്ക് കുതിച്ചുപാഞ്ഞു..
“അസൂയ!!!.. ആ കറുത്ത ടീഷര്‍ട്ടിട്ട് നിങ്ങളെ കാണുമ്പോള്‍, അമ്പ്രല്ല റിപ്പയറര്‍ ആനപ്പുറത്തിരുക്കുന്നപോലാ എനിക്കു തോന്നുന്നെ..“
കാക്കയെ വിരട്ടാന്‍ തൂക്കിയ എന്റെ ‘യംഗ് ഫോര്‍ എവറി’നു മുകളിലിരുന്ന് കൊപ്രകൊത്തുന്ന കാക്ക നന്ദിസൂചകമായി മിസൈലുപോലെ കാഷ്ടിക്കുന്നു!.
‘ഷിറ്റ്!..യു മേഡ് മൈ ഷര്‍ട്ട് എ ഷിറ്റ്!’
കാഷ്ഠം പടര്‍ന്ന ടീഷര്‍ട്ട് കൈകൊണ്ട് തൊടാന്‍ മടിച്ചു നില്‍ക്കുമ്പോഴാണ് പിന്നിലൊരു കാല്പെരുമാറ്റം കേട്ടത്..
“മനുക്കുട്ടാ...നീ ഇവിടെ ഉണ്ടാരുന്നോടാ.. എപ്പൊ വന്നു ചാടി...”
കാക്കിയുടുപ്പിനുള്ളിലെ കുടവയറും തടവി, വളിച്ച ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന സഹദേവന്‍ ചേട്ടനെ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ വാ പൊത്തിപ്പോയി..
“ഹെന്റെ സഹന്‍ ചേട്ടാ...” പൊട്ടിച്ചിരിക്കിടയില്‍ കഷ്ടപ്പെട്ട് ഞാന്‍ പറഞ്ഞു ‘ഹൊന്നു കാണാനിരിക്കുവാരുന്നു.. എന്നാലും.....എന്നാലും ആ അറുപതുകാരിയെ... ഹോ..”
“എടാ ദ്രോഹീ....” സഹന്‍ ശ്രീമാന്‍ സങ്കടം സഹിക്കാനാവാതെ മുഖം ചുളുക്കി.. “നീ എങ്കിലും ഒന്നു വിശ്വസിക്ക്.... ഞാന്‍..ഞാന്‍ പീഡിപ്പിച്ചില്ലെടാ.. സത്യം.. ദൈവമേ.. ഞാനീ നാട്ടീന്ന് എവിടോട്ടെങ്കിലും പോകും.. മുരിങ്ങമംഗലത്തപ്പന്‍ പോലും എനിക്ക് സപ്പോര്‍ട്ടിനില്ല... “
“എന്നാലുമെന്റെ ചേട്ടാ.. ആളും പരുവോമൊക്കെ നോക്കി വേണ്ടെ പീഡിപ്പിക്കാന്‍..ഇതൊരുമാതിരി ആ പാവം വല്യമ്മയെ.. ഛേ... നാണക്കേടായി...ഈ നാട്ടുകാരനാണെന്ന് പറയാന്‍ പോലും എനിക്ക് നാണക്കേട്. ഛേ ഛേ...”
‘എന്നെ അങ്ങു കൊല്ലെടാ’ എന്ന ഭാവത്തില്‍ പുള്ളി ചുവരിലേക്ക് ചാഞ്ഞു നിന്നു..
ഓട്ടോ ഡ്രൈവറായ മിസ്റ്റര്‍ സഹദേവനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഉച്ചനേരത്ത് പുതിയകാവിലേക്ക് അറുപതുകാരിയായ ഒരു പ്രജയേയും കൊണ്ട് ഓട്ടം പോയപ്പോള്‍ ആളൊഴിഞ്ഞ ഒരു മുക്കില്‍ വച്ച് വണ്ടിയങ്ങ് നിന്നത്രേ.. ‘ഇന്നു രാവിലേം രണ്ടു ലിറ്റര്‍ ഒഴിച്ചതാണല്ലോ ശിവനേ’ എന്ന് ആത്മഗതം ചെയ്ത്, വണ്ടി റിസര്‍വില്‍ ഇടാന്‍ വേണ്ടി കൈ പുറകിലേക്കിട്ടതും ‘ഇവന്‍ എന്നെ കാലിനു പിടിച്ച് പീഡിപ്പിക്കാന്‍ വരുന്നേ’ എന്ന് അലറി വല്യമ്മ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും, അനന്തരം, കൈത്തരിപ്പ് തീര്‍ക്കാന്‍ ആരെയും തടയുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്ന ആ വീട്ടിലെ മൂന്നു മുട്ടാളന്മാര്‍ ചേട്ടനെ ഗരുഡന്‍ തൂക്കം നടത്തിയതും ബ്രേക്കിംഗ് ന്യൂസ് ആയിട്ട് ഒരാഴ്ച ആയിരിക്കുന്നു. ലളിത് മോഡിയേയും ഭാര്യയേയും അമ്പലത്തില്‍ വച്ചു കണ്ടാല്‍, ആ സംഭവത്തെ ‘ശശിതരൂരിനേം ആ സുനന്ദക്കൊച്ചിനേം കൂടി ഞാന്‍ മീന്‍ചന്തയില്‍ വച്ചു കണ്ടു’ എന്ന് വിശ്വസനീയമായ രീതിയില്‍ മാറ്റിപ്പറയാന്‍ വൈഭവമുള്ള നാട്ടുകാര്‍, സഹദേവന്‍ അവര്‍കളെ ആസ്ഥാനപീഡകനായി അവരോധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...
“എന്നാലും ചേട്ടാ.. അടികിട്ടുമ്പോള്‍ സത്യം വിളിച്ചുപറയാമാരുന്നില്ലേ..” കാക്കക്കാഷ്ഠം കല്ലിലുരച്ചുമാറ്റിക്കൊണ്ട് ഞാന്‍ ചോദിച്ചു.
“വാപൊത്തി ഇടിതരുമ്പോള്‍ ശബ്ദം എങ്ങനെ പുറത്തു വരുമെടാ.... ഇനി രണ്ടു മാസത്തേക്ക് ഓട്ടോയിറക്കുന്നില്ല.. അച്ഛനുണ്ടോ അകത്ത്. കുറച്ചു കാശ് കിട്ടുമോന്ന് അറിയാനാ..”
‘യംഗ് ഫോര്‍ എവര്‍’നു പകരം അതിനോട് കിടപിടിക്കുന്ന സ്ലോഗന്‍ തേടി അലമാര തുറന്നപ്പോളാണ് ഭാര്യ വക ഒരു മോണിംഗ് അലാം.
“അതേ ഇന്നത്തെ യാത്രയൊക്കെ അങ്ങ് മാറ്റിവച്ചേക്ക്!!.. സിസിലിയെ അടുത്ത കൂദാശയ്ക്ക് കാണാം.. രണ്ടുമൂന്നു പണി ഞാന്‍ മാഷിനു മാറ്റിവച്ചിട്ടുണ്ട്.. വിഷമിക്കേണ്ടാ മുഴുവന്‍ ദിവസത്തേക്കുമുള്ളതുണ്ട് കേട്ടോ..”
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍, പെറ്റിക്കോട്ട് ഇട്ട് വഴിയരികില്‍ തുമ്പിയെ പിടിച്ചിരിക്കുകയായിരുന്ന സിസിലിയുടെ ദേഹത്തേക്ക്, ഞാന്‍ ഓടിച്ചുകൊണ്ടുവന്ന സൈക്കിള്‍ ടയര്‍ ആക്സിലറേറ്റര്‍ ഒടിഞ്ഞ് പാഞ്ഞുകയറിയതും, ഉരുണ്ടുവീണ അവളുടെ വലം നെറ്റിയില്‍ മാറാത്ത ഒരു പാട് വീണതും, പത്താക്ലാസ് ജയിച്ചതിന്റെ സന്തോഷം പങ്കിടാന്‍ മിഠായിയുമായി വന്ന് ചിരിച്ചുനിന്നപ്പോള്‍ ആ പാടില്‍ തന്നെ നോക്കി ഞാന്‍ ‘കംഗ്രാറ്റ്സ്’ പറഞ്ഞതും ഫ്ലാഷ് ബാക്കായി വന്ന് ഒറ്റനിമിഷം കൊണ്ട് കെട്ടുപോയി!
“എന്തു പണി?.. നീ ചുമ്മാ എന്റെ ഹോളിഡേയില്‍ ഹോളിടാന്‍ പറയുന്നതല്ലേ..” ഞാന്‍ പരതല്‍ തുടര്‍ന്നു
“ഏയ് അല്ല..ഒട്ടും വിഷമിക്കണ്ടാ.. “ അവള്‍ മകളുടെ ബാഗില്‍ നിന്ന് തവിട്ടുകവറിട്ട ഒരു ബുക്ക് വലിച്ചെടുത്തു “ഇന്നാ.. ഐശ്വര്യമായിട്ട് തുറക്ക്.. അതിലെ ലാസ്റ്റ് പേജ് വായിക്ക്.. എന്നിട്ട് പണിയായുധങ്ങളുമായി അവിടിരി.. ഇടയ്ക്ക് കട്ടന്‍ കാപ്പിയൊക്കെ ഇട്ടുതരാം, ചോദിച്ചാമതി”. ഞാന്‍ നാലാം വയസുകാരി മകളെ നോക്കി..അവള്‍ ഇതൊന്നും ശ്രദ്ധിക്കാതെ കമ്പ്യൂട്ടര്‍ഗെയിമിന്റെ മുന്നിലാണ്
“നീ കാര്യം പറയെടീ “ ഞാന്‍ ബുക്കുതുറന്നു “ഇതെന്തോന്ന്... പ്രോജക്ട് ടു ബീ കമ്പ്ലീറ്റഡ്... ഒന്ന്.. സോളാര്‍ സിസ്റ്റം... രണ്ട്.. ഡിഫറന്റ് ടൈപ്സ് ഓഫ് സാന്‍ഡ്‌സ്...”
“മനസിലായില്ല അല്ലേ. അതെങ്ങനാ. ഒരു കൊച്ച് പഠിക്കുന്നതെന്താ, അവളുടെ മാര്‍ക്കെത്രെയാ, അവളു മിടുക്കിയാണോ ഇതൊന്നും അന്വേഷിക്കാന്‍ തന്തപ്പടിക്ക് യാതൊരു താല്പര്യവുമില്ലല്ലോ.. പി.ടി.എ മീറ്റിംഗിനു പെണ്ണായി ചെല്ലുന്നത് ഞാന്‍ മാത്രമാ.. കഴിഞ്ഞ തവണയും ആ ക്ലാസ് ടീച്ചര്‍ ചോദിച്ചു, മാളവികയുടെ അച്ഛനെവിടെ.. ഇതുവരെ കണ്ടിട്ടുപോലുമില്ലല്ലോ എന്ന്..”
“നീ എന്തു പറഞ്ഞു? “ ഞാന്‍ ബുക്കിലേക്ക് ഊളിയിട്ടു
“അവടച്ഛന്‍ ശൂന്യാകാശത്ത് പേടകം നന്നാക്കാന്‍ പോയേക്കുവാ. ആറുവര്‍ഷം കഴിഞ്ഞേ വരൂന്ന്... ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..
“എടീ.. നീ ഒരുമാതിരി വിവരമില്ലാത്ത രക്ഷകര്‍ത്താക്കന്മാരെപ്പോലെ സംസാരിക്കാതെ. ബാല്യം കഴിയുന്നതുവരെ കുട്ടികള്‍ക്ക് പ്രഷര്‍ കൊടുക്കരുത്. പഠിക്കേണ്ടതൊക്കെ അവള്‍ ചുറ്റുപാടില്‍നിന്ന് പഠിച്ചോളും. അടുത്തവീട്ടിലെ പൂക്കാണ്ടിച്ചെക്കനു നാലുമാര്‍ക്ക് കൂടുതല്‍കിട്ടി എന്നറിഞ്ഞാല്‍ ആറ്റുകാലമ്മയ്ക് നേര്‍ച്ച നേരുന്ന ഇപ്പൊഴത്തെ അഴകൊഴമ്പന്‍ ദമ്പതികളുടെ കൂട്ടത്തില്‍ നമുക്ക് ചേരേണ്ട. നമ്മുടെ മോളെ നല്ലൊരു മനുഷ്യസ്ത്രീയാക്കിയാ മതി എന്ന തീരുമാനത്തില്‍ നീയും ഒപ്പിട്ടതാണല്ലോ പണ്ട്, ഓര്‍ക്കുന്നില്ലെ.. എന്നിട്ടിപ്പോ...” തയ്യാറാക്കേണ്ട മണ്ണുകളുടെ ലിസ്റ്റ് നോക്കി എന്റെ കണ്ണുതള്ളി ‘പൊടിമണ്ണ്, എക്കല്‍ മണ്ണ്, പൂഴിമണ്ണ്, ...........’
“ഫിലോസഫി അടിച്ച് പുറത്തുകടക്കാനുള്ള പൂതിയങ്ങ് മനസില്‍ വച്ചേര്.. ദാ..അതു രണ്ടും ചെയ്തുകൊടുത്തിട്ടെഴുന്നേറ്റാ മതി......”
“ഇതിപ്പോ ഞാനെങ്ങനെ ഉണ്ടാക്കും?” ചുളിഞ്ഞ മുഖത്തോടെ ഞാന്‍ ബുക്കില്‍നിന്ന് കണ്ണെടുത്തു.. “ഈ സൌരയൂഥം പാളകൊണ്ട് ഉണ്ടാക്കാം എന്നു വക്കാം.. പക്ഷേ.. ഈ മണ്ണിനെവിടെപ്പോകും..”
“പാള ഒന്നും വേണ്ടാ..അച്ഛനെക്കൊണ്ട് തെര്‍മോക്കോള്‍ വാങ്ങിപ്പിച്ചിട്ടുണ്ട് ഞാന്‍... “
“എടീ ഇത് അവള്‍ ചെയ്യേണ്ട പ്രോജക്റ്റ് അല്ലേ.. ഞാനല്ലല്ലോ പഠിക്കുന്നത്..?”
“കഷ്ടം. സിമ്പതിതോന്നുന്നു എന്റെ കാന്തനെപ്പറ്റി.! നാലാംക്ലാസില്‍ പഠിക്കുന്ന കൊച്ചെങ്ങനെയാ മാഷേ മണ്ണെടുക്കാന്‍ പോകുന്നത്.. ഇതൊക്കെ ചെയ്യേണ്ടത് പേരന്റ്സാ മനസിലായോ.. കാലം മാറിയതൊന്നും അറിയാതെ പഴയ കഥയും വായിച്ചോണ്ടിരുന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും.. “ ദേഷ്യം പ്രകടിപ്പിക്കാന്‍ മറ്റൊന്നും കിട്ടാഞ്ഞ് അവള്‍ വിരിച്ചിട്ടിരുന്ന ഷീറ്റ് വെറുതെ വലിച്ചെടുത്ത് വീണ്ടും വിരിച്ചു..
നാലു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള തെര്‍മോക്കോള്‍, സ്കെച്ച് പെന്‍സില്‍, ബ്ലേഡ് എന്നിവ മുന്നില്‍ നിരന്നപ്പോള്‍, പ്രോജക്ടുകളുടെ ടെന്‍ഷന്‍ ഇല്ലാതെ പാടവരമ്പിലൂടെ ഓടിനടന്നിരുന്ന ബാല്യംകാലം ചുമ്മാ ഒന്നോര്‍ത്തു. സിലബസിലില്ലാത്ത തുമ്പിപിടിത്തം, കാറ്റാടി മേക്കിംഗ്, കുഴിയാനയ്ക്ക് ഉറുമ്പിനെ കൊടുക്കല്‍, അയലത്തെ അപ്പൂപ്പന്മാര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കാന്‍ ചാണകം കടലാസില്‍ പൊതിഞ്ഞു വഴിയിലിടല്‍......
“എടീ ഇതിപ്പൊ എല്ലാ ഗ്രഹങ്ങളും കൂടി ഒതുങ്ങുമോ ഇതില്‍...?“
“ഒതുക്കണം. ചെറുതായി വരച്ചാ മതി..ദേ ആകപ്പാടെ ഒരു തെര്‍മോക്കോളേ ഉള്ളൂ പറഞ്ഞേക്കാം.. കൊളമാക്കല്ലേ..” എന്റെ അവധിദിവസത്തെ അതിശോഭനമായി അടച്ചുപൂട്ടിയ സംതൃപ്തിയോടെ ഭാര്യ അടുക്കളയിലേക്ക് പോയി..
ഇതിപ്പോ എങ്ങനെ വരച്ചു വെട്ടിയെടുക്കും?!. മുട്ടയുടെ വലുപ്പത്തില്‍ മധ്യഭാഗത്ത് ഒരു സൂര്യനെ പ്രതിഷ്ഠിച്ചപ്പോള്‍ എനിക്കാകെ ആശങ്ക.
പുത്രി ‘ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ല‘ എന്ന മട്ടില്‍ കീബോര്‍ഡ് കുത്തിയിളക്കി ചിരിക്കുന്നു... ഞാന്‍ പതുക്കെ അടുത്തേക്ക് ചെന്നു..
“നീ ഏതു ഗെയിമാടീ കളിക്കുന്നെ.. അച്ഛനും കൂടി ഒന്നറിയട്ട്..”
“ഛേ.. ഒന്നുമാറിനിക്കച്ഛാ.. കണ്ടോ എന്റെ കോണ്‍സണ്ട്രേഷന്‍ പോയി.. നാലു രാക്ഷസനെ കൊന്നതാരുന്നു..ഇനി മൂന്നെണ്ണം കൂടിയേ ഉള്ളൂ..അയ്യോ.. ഞാന്‍ കുഴിയില്‍ വീണു!!”
“ഓഹോ..ഒരു രാക്ഷസനെ കൊന്നാല്‍ നിനക്കെത്ര മാര്‍ക്കു കിട്ടും..?”
“മാര്‍ക്കല്ല..പോയിന്റ്.. മര്യാദയ്ക്ക് പോയി സൌരയൂഥം ഉണ്ടാക്ക്.. ശല്യം ചെയ്യാതെ..”
“അല്ല.അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ. ഇത് നിനക്കുള്ള പ്രോജക്റ്റ് തന്നെ അല്ലേ.. അപ്പോ അതിലൊന്നുവന്നു സഹായിക്കുകയെങ്കിലും ചെയ്യെണ്ടേ മോളേ. ദാ അച്ഛന്‍ സ്കെച്ചിട്ട് തരാം..മോള് അത് വെട്ടിയെടുത്താ മാത്ര മതി..എന്താ?”
“അയ്യെടാ.. അമ്മയെ വിളിക്കെണ്ടെങ്കില്‍ അടങ്ങിയിരുന്ന് ചെയ്തോ.. ഹോ..ഗേള്‍ഫ്രണ്ടിനെ കാണാതെ ഇരിക്കപ്പൊറുതിയില്ല അല്ലേ.. പെട്ടെന്ന് അത് തീര്‍ത്തിട്ട് പോയി മണ്ണും എടുത്തോണ്ടു വാ”
“ഞാനാരാടീ ജെ.സി.ബീയോ മണ്ണെടുക്കാന്‍.. നാലാം ക്ലാസുകാരി നാപ്പതുവയസുകാരിയുടെ ഡയലോഗ് കാച്ചല്ലേ.. അടിച്ചു പപ്പടമാക്കിക്കളയും പറഞ്ഞേക്കാം “ അമര്‍ഷം തീര്‍ക്കാന്‍ ഞാന്‍ സൂര്യന്റെ അരികിലൂടെ ബ്ലേഡ് കുത്തിയിറക്കി..
സൂര്യനേയും എട്ടു ഗ്രഹങ്ങളേയും ചുരണ്ടി പ്രൊജക്ട് ചെയ്ത് നിര്‍ത്തി ഓരോന്നിനും മുകളില്‍ സ്കെച്ചുകൊണ്ട് പേരെഴുതിയപ്പൊഴേക്കും ഉച്ചയാവാറായി!
ഗലീലിയോയുടെ ആത്മസംതൃപ്തിയോടെ, ശ്രീകൃഷ്ണന്‍ ചക്രായുധം പിടിക്കുന്ന പോലെ സൌരയൂഥത്തെ ഉയര്‍ത്തി ഞാന്‍ പുത്രിയെ വിളിച്ചു.
“നോക്ക്.. നിന്റെ സോളാര്‍ സിസ്റ്റം റെഡി. കണ്ടോ.. ഇത്ര സൂപ്പര്‍ ആയിട്ട് വേറെ ആരുണ്ടാക്കും..ഇപ്പോ മനസിലായില്ലേ നിന്റച്ഛന്‍ ശരിക്കും ഒരു കലാകാരനാണെന്ന്... ഉം..കൊണ്ടുപോയി കാണിക്ക് നിന്റമ്മയെ”
“ഇതെന്തുവാ അച്ഛാ പൊറോട്ട പോലെ ഇരിക്കുന്നെ.. ഛീ.. എന്തോത്തിനു കൊള്ളാം.. അയ്യോ ..അയ്യോ. ഇതില്‍ എട്ടു പ്ലാനറ്റ്സേ ഉള്ളൂ.... പ്ലൂട്ടോ എവിടെ? അമ്മേ..അമ്മേ..അച്ഛന്‍ തെര്‍മോക്കോളു കൊളമാക്കി..ഓടി വാ.. ഓടി വാ” മരിച്ച വീട്ടിലെ നിലവിളി പ്രിയപുത്രി പുറത്തെടുത്തു..
കറിയില്‍ മുക്കിയ തവിസഹിതം ഭാര്യ മരണപ്പാച്ചിലോടെ ഓടിയെത്തി...
!!!!!!
“പ്ലൂട്ടോയോ !!.. പ്ലൂട്ടോയെ അതിനു സൌരയൂഥത്തില്‍നിന്ന് പുറത്താക്കിയിട്ട് കൊല്ലം കൊറെ ആയല്ലോ.. ഇപ്പോ എട്ടു ഗ്രഹങ്ങളേ ഉള്ളൂ...ടീച്ചറു പറഞ്ഞില്ലേ അത്..” ഞാന്‍ എന്റെ പൊതുവിജ്ഞാനം പരിചയാക്കി മാറ്റി..
“അമ്മേ..കണ്ടോ അമ്മേ.. അച്ഛന്‍ പ്ലൂട്ടോയെ വച്ചില്ല..ഇനി വേറെ തെര്‍മ്മോക്കോളു വേണം.. “
“നിങ്ങളെ ഏല്‍പ്പിച്ചപ്പൊഴേ ഞാന്‍ കരുതിയതാ ഇത് ഇങ്ങനെ തന്നെ ആവുമെന്ന്.. നാളെ മോളു സ്ക്കൂളില്‍ പോകണ്ടാ.. “ ഭാര്യ സുദര്‍ശനചക്രം വലിച്ചെറിഞ്ഞു..” ഞായറാഴ്ച ഏതു കടയാ തുറക്കുന്നേ.. ഇങ്ങനേം ഉത്തരവാദിത്തം ഇല്ലാത്ത ഒരു മനുഷ്യന്‍........”
“എടീ പ്ലൂട്ടോ ഇപ്പോ സൌരയൂഥത്തിലില്ല.. നിനക്ക് ജനറല്‍ നോളജ് ഇല്ലാത്തതിനു ഞാനെന്തു പിഴച്ചു..”
“വല്ലപ്പോഴുമെങ്കിലും കൊച്ചിന്റെ പുസ്തകം ഒന്നു തുറന്നു നോക്കണം.. അപ്പോ അറിയാം പ്ലൂട്ടോ ഉണ്ടൊ ഇല്ലിയോന്ന്.. ദാ നോക്ക് “ അവള്‍ പുസ്തകം തുറന്നു..പ്ലൂട്ടോ സ്മാര്‍ട്ടായി ഇരുന്നു ചിരിക്കുന്നു....പുറത്താക്കിയ ഇവന്‍ എപ്പോ ഇതില്‍ കടന്നുകൂടി?!. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം
“ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.. കുട്ടികളെ തെറ്റു പഠിപ്പിക്കുന്നോ.. ആരാ നിന്റെ ടീച്ചര്‍... ഇപ്പോ തന്നെ വിളിക്കണം എനിക്ക്.. ങാ..ഹാ.. പിള്ളേരെ അപ്‌ഡേറ്റ് ചെയ്യിക്കാത്ത എജ്യൂക്കേഷന്‍.... “ ഇപ്പോ ഞാന്‍ ശരിക്കും ഉത്തരവാദിത്തം ഉള്ള ഒരു പിതാവായി മാറി.. “നിന്റെ ക്ലാസ് ടീച്ചറുടെ നമ്പറെവിടെ.. ഇത് ചോദിച്ചിട്ട് തന്നെ കാര്യം “
രാജലക്ഷ്മി ടീച്ചറുടെ മൊബൈല്‍ നമ്പറിലേക്ക് അരിശത്തോടെ ഞാന്‍ വിളിച്ചു..
“ഹലോ.... “ അപ്പുറത്ത് പരുഷമായ ഒരു പുരുഷശബ്ദം..
“ഹലോ.. ഗുഡ് ആഫ്റ്റര്‍ നൂണ്‍.. രാജലക്ഷ്മിടീച്ചര്‍??”
“ഇത് ഹസ്‌ബന്‍ഡാ.. ആരാ..എന്താ കാര്യം “ പുരുഷശബ്ദം ഒന്നുകൂടി പരുഷമായി.. മിസ്‌കോളും ഒളിക്യാമറയും പെണ്‍ജന്മത്തിന്റെ സ്വസ്ഥതതന്നെ കെടുത്തുന്ന ഈ കാലത്ത് ഇതുപോലെയുള്ള സ്ക്രീനിംഗ് നല്ലതു തന്നെ..എന്നു വച്ച് ഹസ്‌ബന്‍ഡിനു അല്പം മയത്തിലൊന്നു സംസാരിച്ചുകൂടെ..
“അതേ..ഞാന്‍ ടീച്ചറിന്റെ ഒരു സ്റ്റുഡന്റിന്റെ അച്ഛനാണ്.. “
“ആയിക്കോട്ടെ..കാര്യം പറയൂ....” ഹസ്‌ബന്‍ഡിനു ഇപ്പൊഴും സംശയം മാറിയിട്ടില്ല
“അത്.. പ്ലൂട്ടോയെ പുറത്താക്കിയ കാര്യം ഒന്നു സംസാരിക്കാനാരുന്നു”
“എടീ രാജലക്ഷ്മീ!!!!!!! “ പരുഷശബ്ദം ഭാര്യയെ വിളിച്ചു പറയുന്നു “ദാ പ്ലൂട്ടോയുടെ അച്ഛന്‍ വിളിക്കുന്നു.. പുറത്താക്കിയ കാര്യം ചോദിക്കാന്‍......”
!!!!!!!!!!
“ടീച്ചറേ..ഞാന്‍ മാളവികയുടെ അച്ഛനാണേ. ഈ പ്ലൂട്ടോയെ സൌരയൂഥത്തീന്ന് പുറത്താക്കിയതല്ലേ..എന്നിട്ട് പ്രോജക്ടില്‍ അതും ചേര്‍ക്കാന്‍ പറഞ്ഞേക്കുന്നു? “
“ഓ..അതാണോ കാര്യം.. ഈ കാര്യം ഞാന്‍ ഹെഡ്‌മിസ്ട്രസിനോടും ചോദിച്ചതാ.. ‘നമ്മള്‍ പുറത്താക്കിയാലും അതവിടെത്തന്നെ കറങ്ങുന്നില്ലെ രാജലക്ഷ്മീ, അതോണ്ട് അതിനെ മാറ്റിയിട്ടുള്ള പരിഷ്കാരമൊന്നും നമുക്ക് വേണ്ടാ‘ എന്നാ മിസ് പറഞ്ഞേ... അതുകൊണ്ട് അതുകൂടി വരയ്ക്കണം.“
“എന്നാ പിന്നെ എന്തിനു കുറയ്ക്കണം. ആയിരക്കണക്കിനു ഉല്‍ക്കകളും ഉണ്ടല്ലോ..അതുംകൂടി ചേര്‍ക്കാം നമുക്ക്...”
“ഉല്‍ക്കേടേം ഉലക്കേടേം കാര്യമൊന്നും എനിക്കറിയത്തില്ല മാളവികയുടെ അച്ഛാ.. ഇനി പരാതിവല്ലോം ഉണ്ടേ സ്കൂളിലോട്ട് വന്നാട്ടെ...”
താടിയ്ക്ക് കൈയും കൊടുത്ത് സുദര്‍ശനചക്രം നോക്കി ഇരുപ്പായി ഞാന്‍...പ്ലൂട്ടോയെ എവിടെ ഫിറ്റ് ചെയ്യും..ഉള്ള ഓര്‍ബിറ്റെല്ലാം ഓള്‍റെഡി ചുരണ്ടി ഒരു പരുവമാക്കി..ഇനിയിപ്പോ....?
ഒരു ഈര്‍ക്കിലിന്റെ അറ്റത്ത്, ‘തെര്‍മോക്കോള്‍ പ്ലൂട്ടോയെ‘ കുത്തിയെടുത്ത്, മറ്റേ അറ്റം, ‘ഔട്ടര്‍മോസ്റ്റ് ഓര്‍ബിറ്റിലേക്ക്’ കുത്തിയിറക്കി
അന്യഗ്രഹജീവിയുടെ തലയിലെ കൊമ്പുപോലെ, സുദര്‍ശനചക്രത്തിലിരിക്കുന്ന പ്ലൂട്ടോയെ കണ്ട് നാലാം ക്ലാസുകാരി തലയില്‍ കൈവച്ചു
“ഇതും കൊണ്ട് ഞാന്‍ പോവത്തില്ല.. എന്നെ ടീച്ചറടിക്കും.. അമ്മേ.. ഞാന്‍ പോവത്തില്ല... “ അവള്‍ കരച്ചിലിന്റെ വക്കിലെത്തി.
“നീ ഇതും കൊണ്ടങ്ങ് പോയാ മതി.. ചോദിച്ചാ പറഞ്ഞേക്ക്, പ്ലൂട്ടോയുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാ അതുകൊണ്ടാ ഇങ്ങനെ വച്ചേന്ന്..ഉറപ്പാ..നിനക്ക് ഫുള്‍മാര്‍ക്ക് കിട്ടും..അച്ഛനല്ലേ പറേന്നെ..മോളു ചെല്ല്...ഉം..ചെല്ല്..”
‘സ്റ്റാര്‍ വാര്‍’ ഒരുവിധം ഒതുക്കിത്തീര്‍ത്തപ്പോ ദാ വരുന്ന അടുത്ത പാതകം..
പൊടിമണ്ണ്, പൂഴിമണ്ണ്, എക്കല്‍ മണ്ണ്...
കന്യാകുമാരിയില്‍ കിട്ടുന്ന മണല്‍ക്കവറുപോലെ, ചെറിയ പോളിത്തീനില്‍ പായ്ക്ക് ചെയ്ത് സീലു ചെയ്യണമത്രെ...
രക്ഷാകര്‍ത്താവിനെക്കൊണ്ട് പൂഴിക്കടകന്‍ വരെ എടുപ്പിക്കുന്ന സി.ബി.എസ്.സി പരമ്പരദൈവങ്ങളെ ഒന്നു നേരില്‍ കാണാന്‍ തോന്നി, അങ്കം കുറിക്കുന്നതിനു മുമ്പ് ഒന്നു നമസ്കരിക്കാന്‍!
“എടീ പൊടിമണ്ണും പൂഴിമണ്ണും ബുദ്ധിമുട്ടി സംഘടിപ്പിക്കാമെന്നു വക്കാം.. ഈ എക്കല്‍മണ്ണിന് എവിടെ പോകും ഞാന്‍.. അച്ചന്‍കോവിലാറാണേല്‍ വെള്ളം പോലുമില്ലാതെ കുഴിയായി കിടക്കുന്നു.. മണ്ണിരയുടെ വംശം അറ്റിട്ടു വര്‍ഷങ്ങളുമായി.. നീ തന്നെ പറ....”
“എനിക്കറിയത്തില്ല..എവിടുന്നേലും പോയി കൊണ്ടുവാ...” പെണ്ണുങ്ങള്‍ പണ്ടേ അങ്ങനെയല്ലേ.. ഏതോ ഒരു ഉണക്കപ്പൂവിനു വേണ്ടി, കാടായ കാടെല്ലാം അലഞ്ഞതും പോരാഞ്ഞ് ഹനുമാനുമായി ഉടക്കുകവരെ ചെയ്യേണ്ടി വന്നില്ലെ ഭീമസേനന്.
“കുറച്ച് വെള്ളം ഒഴിച്ച് മണ്ണു കുഴച്ചെടുത്താലോ..” ഗവേഷണം ആ വഴിക്ക് തിരിച്ചുവിട്ടു
“എക്കല്‍ മണ്ണ് ചുവന്നിരുന്നാല്‍ അവളെ ടീച്ചറു ചീത്തവിളിക്കും പറഞ്ഞേക്കാം...”
“എന്നാ പിന്നെ കുറച്ച് ഉമിക്കരിയിടാം അതില്..എന്താ”
“നിങ്ങളെക്കൊണ്ട് തോറ്റു ഞാന്‍....”
തലപുകഞ്ഞ ആലോചന ഒടുവില്‍ അടുത്ത വീട്ടിലെ ഗീവര്‍ഗീസ് ചേട്ടന്റെ സിന്ധിപ്പശുവിന്റെ പിന്‍ഭാഗത്തെത്തിച്ചേര്‍ന്നു..
ചാണകം മാത്രമേയുള്ളൂ ഇനി രക്ഷ.. പ്ലാസ്റ്റിക്ക് കവറില്‍ നന്നായി പായ്ക്ക് ചെയ്താല്‍ ‘അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക ‘ ഒട്ടും തോന്നുകയുമില്ല..
കാര്യഗൌരവം മനസിലാക്കിയപ്പോള്‍ ഭാര്യയ്ക്കും വലിയ എതിര്‍പ്പില്ല.. മകളറിയാതെ പായ്ക്ക് ചെയ്യണം എന്ന കണ്ടീഷനേ ഉള്ളൂ കക്ഷിക്ക്..
ഓവര്‍ ടു ഗീവര്‍ഗീസ് റെസിഡന്‍സ്..
ലുങ്കിയും ടീ ഷര്‍ട്ടുമിട്ട എന്നെ കണ്ടപ്പോള്‍, മാക്സിയിട്ട ഗീവര്‍ഗീസ് ചേട്ടന്റെ രണ്ടാമത്തെ മകള്‍ ആലീസിനു അത്ഭുതം. കക്ഷിക്ക് , കഴിഞ്ഞ തവണ കണ്ടതിലും പത്തുകിലോ കൂടിയിട്ടുണ്ട് ഉറപ്പ്
“അയ്യോ..മനു.. ഇതെത്ര നാളായി കണ്ടിട്ട്.. ഇടയ്ക്കൊക്കെ വന്നുപോകുന്നു എന്നൊക്കെ അറീന്നൊണ്ട്.. വല്ലപ്പോഴും ഇങ്ങോട്ടൊന്നു വരിക..ങേഹേ.. വല്യ ആളായി അല്ലേ...”
“എന്റെ പൊന്നാലീസേ..ആകെപ്പാടെ ഒരു ദിവസത്തേക്കാ ഇങ്ങൊട്ട് വരുന്നേ..അതു കുടുംബവുമായി ഉടക്കുണ്ടാക്കാന്‍ പോലും തികയുന്നില്ല.. എന്നാ ഉണ്ട് വര്‍ത്തമാനം.. ..” ഞാന്‍ സോഫായിലേക്ക് ചാഞ്ഞു..
“ഓ നമുക്കൊക്കെ എന്നാ വര്‍ത്തമാനം മാഷെ?.. ചുമ്മാ ഉണ്ണുന്നു ഉറങ്ങുന്നു പിന്നേം ഉണ്ണുന്നു “
“പിന്നെ തടിവക്കുന്നു.. ഇതുപോലൊരു മാക്സിയുമിട്ട് രോഗങ്ങളേം കാത്തിരിക്കുന്നു, എന്നല്ലേ പറയാന്‍ ഉദ്ദേശിച്ചെ...എന്റെ അഭിപ്രായത്തില്‍ ഈ മലയാളിപ്പെണ്ണുങ്ങളെ ആത്മവിശ്വാസം കളയിപ്പിച്ച് നിരാശരാക്കുന്നതില്‍ ഈ നൈറ്റിയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.. ഒരുമാതിരി കച്ചിത്തുറുവിനു കളസമിട്ടപോലെ. നിങ്ങള്‍ സ്ത്രീകള്‍ നല്ല വെസ്റ്റേണൊക്കെ ഇട്ട് പോസിറ്റീവായി ചിന്തിച്ചു നടന്നാല്‍തന്നെ കേരളം പകുതി നന്നാവും..”
“ഉം..ഇനിയിപ്പോ അതിന്റെയൊരു കുറവേ ഉള്ളൂ...”
“ആലീസിപ്പോ പാട്ടൊന്നും പാടത്തില്ലേ” പണ്ട് സ്കൂളിലെ പരിപാടിയില്‍ ആലീസ് പാടിയ ‘തുമ്പീ തുമ്പീ തുള്ളാന്‍ വായോ..’ ഇപ്പൊഴും ഓര്‍മ്മയുണ്ട്. അത് കേട്ട് ഏലിക്കുട്ടിസാറ് (ടീച്ചറേയും ‘സാറ്’ എന്ന വിളിക്കുന്ന ശീലം ഇപ്പോ നിലവിലില്ല എന്നു തോന്നുന്നു) പിറ്റേന്ന് ഒരു ക്രിസ്തീയ ഗാനത്തിന്റെ പുസ്തകം കൊടുത്തിട്ട് ‘മോളിനി ഇതിലെ പാട്ടു പാടിയാ മതി’ എന്ന് സ്നേഹത്തോടെ പറഞ്ഞതും...
“എല്ലാം പോയില്ലേ മനു..വല്ലപ്പോഴും ഒന്നു മൂളിയാലായി”
“അലക്സാണ്ടറച്ചായന്‍ എന്നാ വരുന്നെ... ഷാര്‍ജയില്‍ത്തന്നെയല്ലേ ഇപ്പൊഴും”
“ഉവ്വ് ഉവ്വ്.. ഇനി അടുത്ത കൊല്ലം നോക്കിയാ മതി.. നീ ഇരി..ഞാന്‍ ചായയെടുക്കാം..”
“അയ്യോ ചായ വേണ്ടാ. ഇത്തിരി ചാണകം..... ”
ആലീസ് പൊട്ടിച്ചിരിച്ചു.. “കോഴിക്കോട്ടൊക്കെ ചായക്ക് പകരം ചാണകമാ ഇപ്പോ?”
“വീട്ടില്‍ കുറച്ച് റോസച്ചെടികള്‍ ഭാര്യ നട്ടിട്ടുണ്ടേ..ഒരുമാതിരി ഗ്രഹണിപിടിച്ച പിള്ളാരെപ്പോലെ ആയി അത്.. അതിനു കുറച്ച് ചാണകമിടണം..ഈ ഗാര്‍ഡനിംഗില്‍ പണ്ടേ എനിക്കൊരു ഇന്ററസ്റ്റുണ്ടല്ലോ..” കള്ളം പറയുന്നതില്‍ പിഴവുപറ്റാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
“അച്ചായന്‍ എരുത്തിലിലുണ്ട്... അങ്ങോട്ട് ചെല്ല്...”
പിന്നിലെ തൊഴുത്തിലേക്ക് പതുക്കെ നടന്നു ചെന്നു.
മുട്ടുവരെ നീളമുള്ള വരയന്‍ അണ്ടര്‍വെയറും അതിനു ആറിഞ്ചു മുകളില്‍ പേരിനുവേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന ചുരുങ്ങിയ ‘ഫോറിന്‍‘ കൈലിയും ധരിച്ച ഗ്രേറ്റ് ഗീവര്‍ഗീസ് , കുനിഞ്ഞു നിന്ന് ചാണകം വാരുന്നു..
“ഇതെന്താ അച്ചായാ അന്നാ കുര്‍ണിക്കോവാ ടെന്നീസ് കളിക്കുന്നപോലെ നിക്കുന്നെ?”
“എടാ കുഞ്ഞേ നീ എപ്പോ വന്നു ചാടി!!!” അച്ചായന്‍ ഒറ്റ സെക്കണ്ടില്‍ റൈറ്റ് ടേണടിച്ചു..
നാട്ടുവര്‍ത്തമനത്തിന്റെ മടിശ്ശീല അഴിച്ചു..സമയം പോയതറിഞ്ഞേയില്ല..
“അച്ചായന്റെ കൈയിലെ ഈ പാട് ഇതുവരെ മാറിയില്ലേ...” ഒടുവില്‍ ഞാനൊരു കള്ളച്ചിരി പാസാക്കി...
“ഹോ..അതോര്‍മ്മിപ്പിക്കാതെ കൊച്ചനേ....”
പണ്ട്, പതിവുപോലെ കുണ്ടോമണ്‍ കടവില്‍ ‘തോട്ട‘ പൊട്ടിച്ച് മീന്‍പിടിക്കാന്‍ പോയ ഗീവര്‍ഗീസ് അച്ചായന്‍, കൈയിലിരുന്നെരിയുന്ന തോട്ടയില്‍ നിന്ന് ശ്രദ്ധമാറ്റി, അതുവഴിവന്ന ഇടഞ്ഞേരി ഗോമതിച്ചേച്ചിയോട് ‘ഹൌ ആര്‍ യു’ ചോദിച്ചതും, ചേച്ചിയുടെ ‘ഐ ആം ഫൈനും’ വെടിയൊച്ചയും ഒന്നിച്ചു കേട്ടുകഴിഞ്ഞപ്പോള്‍, മണലുവാരുകാര് നിലവിളി സഹിതം അച്ചായനെ കോരി വള്ളത്തിലേക്കിട്ടതും, ‘ദാ മൂന്നു തോട്ടകൂടി ബാക്കിയു ഇവിടെ കിടപ്പുണ്ട്’ എന്ന് ഗോമതിച്ചേച്ചി വിളിച്ചുപറഞ്ഞതുമൊക്കെ ഒരിക്കല്‍ക്കൂടിയോര്‍ത്തുപോയി ഞാന്‍..
ചാണകവിഷയം അവതരിപ്പിച്ചപ്പോഴേ അച്ചായന്‍ ഹാപ്പി ആയി..
“അതിനെന്താ കൊച്ചനെ...മുഴുവനും എടുത്തോ. “ പശുവിന്റെ മുതുകില്‍ സ്നേഹപൂര്‍വ്വമൊന്നു തലോടി അച്ചായന്‍ “ പാലുതരുന്ന കാര്യത്തില്‍ മഹാപിശുക്കിയാണെങ്കിലും ചാണകത്തിന്റെ കാര്യത്തില്‍ ഒരു നിയന്ത്രണോമില്ല ഇവള്‍ക്ക്..”
ഒരു വള്ളിക്കൊട്ട നിറയെ മാറ്റിവച്ചിരിക്കുന്ന ചാണകം ചൂണ്ടി അച്ചായന്‍ ചോദിച്ചു “ഇത്രേം പോരെ”
‘ഈശ്വരാ!!!!!” ഞാനൊന്നു ചൂളി..
“അച്ചായ ഒരിത്തിരി മതി.. ആ റോസച്ചെടിയുടെ മൂട്ടിലിടാന്‍ വേണ്ടിയല്ലേ...”
“എന്താ കൊച്ചനേ ഇത്.. അച്ചായനോട് തുറന്നുചോദിക്കാനുള്ള മടികൊണ്ടല്ലേ ഇങ്ങനെ കൊറച്ചു പറേന്നേ.“ അച്ചായന്‍ കൊട്ടപൊക്കി. “ മോനിതെടുത്തോ.. നിറഞ്ഞ മനസോടാ തരുന്നേ “ പറഞ്ഞു തീരും മുമ്പേ കൊട്ട എന്റെ തലയിലായി!!!
ഇത് ഞാന്‍ വീടുവരെ എങ്ങനെ ചുമ്മും..!?
“നല്ല നാറ്റമുണ്ടല്ലോ ഗീവര്‍ഗീസച്ചായാ...”
“അത് പിന്നില്ലാണ്ടിരിക്കുമോ.. നല്ല ഒന്നാംതരം പച്ചപ്പുല്ലും കടലപ്പിണ്ണാക്കുമല്ലിയോ ഞാന്‍ അവള്‍ക്ക് കൊടുക്കുന്നെ?”
ഒരു പൂവു ചോദിച്ചപ്പോ ഇങ്ങനെ ഒരു പൂക്കാലം തന്നെ തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല..
‘നല്ലപോലെ പഠിച്ചില്ലെങ്കില്‍ ഭാവിയില്‍ നിന്നെ ചാണകം ചുമക്കാന്‍ വിടും’ എന്ന് മോളോട് പറയാറുള്ളത് ഇപ്പോ അറം പറ്റി എനിക്ക് തന്നെ ഏറ്റിരിക്കുന്നു..
മകളുടെ കണ്ണില്‍പ്പെടാതെ, വീടിന്റെ പിന്നാമ്പുറത്തുകൂടി കുട്ടയുമായി ഞാന്‍ ഞൊണ്ടി ഞൊണ്ടി നീങ്ങി.
അടുക്കള വശത്ത് അമ്മയുമായി പരദൂഷണം ഷെയര്‍ ചെയ്തുകൊണ്ട് അമ്മിണിച്ചേച്ചി നില്‍ക്കുന്നു. പത്തുവീടിനപ്പുറമുള്ള മിസിസ് അമ്മിണി പത്തുദിവസത്തെ അപ്ഡേഷനുമായി പതിവായി എത്താറുണ്ട്..
“ഇതെന്താ മോനേ കൊട്ടയില്‍ “
“കൊറച്ചു വരിക്കച്ചക്കയാ..ഒന്നു പിടിച്ചിറക്കിക്കേ അമ്മിണിച്ചേച്ചി..”
“എത്ര നാളായി ഇത്തിരി വരിക്ക തിന്നിട്ട്. പത്തുചൊള എനിക്കും തരണേ മോനേ”....
“എന്തിനാ പത്താക്കുന്നെ.. മുക്കാലും ചേച്ചി എടുത്തോ...” ചേച്ചി ആവേശപൂര്‍വ്വം പിടിച്ചിറക്കി..
“അയ്യേ..ഇത് ചാണോനാ......” അമ്മിണിച്ചേച്ചിയുടെ മുഖം ചാണകത്തില്‍ ചവിട്ടിയതുപോലെ ആയി.
“ഇതെന്തിനടാ ഇത്രേം ചാണകം “ അമ്മ
“ഒരു ചെറിയ പ്രോജക്ട്..........”
നാലാം ക്ലാസുകാരിയുടെ ‘പദ്ധതി’ എന്റെ ഒരു ദിവസം തന്നെ അപഹരിച്ചു.
ഒഴിഞ്ഞ കുട്ടയുമായി ഗീവര്‍ഗീസ് ഭവനത്തിലെത്തി.
“ഈ വല്യപ്പച്ചനു ഒരു കുന്തോ അറീല്ലാ.....” ആലീസിന്റെ മകന്റെ ശബ്ദം അകത്തുനിന്ന്
തൊട്ടു പുറകെ എന്തോ വീഴുന്നതിന്റെ മറ്റൊരു ശബ്ദം....
“എന്റെ കര്‍ത്താവേ..!!!!!! “ അച്ചായന്‍ അല്ലേ ഞരങ്ങുന്നത്..
അകത്തെ മുറിയിലേക്ക് കടന്നു ചെന്നു
കൈയില്‍ ഒരു മരക്കൂടുമായി അച്ചായന്‍ നെറ്റി തടവി ഇരിക്കുന്നു.. കൊച്ചുമകന്‍ മരക്കൂടുകൊണ്ട് ഏറുകൊടുത്തതാണെന്ന് ഒറ്റനോട്ടത്തിലേ മനസിലായി..
“എന്തുപറ്റി അച്ചായാ.. നെറ്റിമുഴച്ചല്ലോ..”
“ഈ കഴുവേറിക്കിത് ഉണ്ടാക്കിക്കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ..അഹങ്കാരി... ഇനി ഇങ്ങ് വാ ഓരോന്നുണ്ടക്കിക്കാന്‍” പയ്യന്‍ മുഖം ചുളിച്ച് ദേഷ്യം പ്രകടിപ്പിക്കുകായാണ്
“ഇതെന്താ സംഭവം..?” കൂട് ഞാന്‍ കൈയിലെടുത്തു.
“പ്രോജക്ട് പോലും പ്രോജക്ട്.. കപ്പലുണ്ടാക്കണമെന്നു പോലും. ഉള്ള പട്ടികക്കഷണം വച്ച് ഒന്നൊണ്ടാക്കിക്കൊടുത്തപ്പോ അവനിത് പോരാന്ന്... വയസുകാലത്ത് ബാക്കിയൊള്ളോനേ മെനക്കെടുത്താന്‍ ഹും..!!”
ഞാന്‍ ‘കപ്പലില്‍’ ഒന്നു സൂക്ഷിച്ചുനോക്കി
“ഇതവന്‍ അച്ചായന്റെ നേര്‍ക്കെറിഞ്ഞില്ലേലേ അത്ഭുതമുള്ളൂ.. ഇത് ഒരുമാതിരി കോഴിക്കൂട് പോലുണ്ടല്ലോ അച്ചായാ.....”
“കണ്ടിട്ടുള്ളതുപോലല്ലേ ഉണ്ടാക്കാന്‍ പറ്റൂ..ഹല്ലപിന്നെ...”
ഞാന്‍ നിലത്തുകുത്തിയിരുന്നു.. പട്ടികക്കഷണങ്ങള്‍ എല്ലാം കൂടി റീഎഞ്ചീനിയറിംഗ് ചെയ്ത് ഒരു കപ്പലുണ്ടാക്കുനുള്ള ശ്രമം തുടങ്ങി..
“ഇതൊക്കെ ആ ആലീസിനെ അങ്ങ് ഏല്‍പ്പിച്ചാ പോരെ എന്റെ അച്ചായാ... “ ഒരാണി ഞാന്‍ അടിച്ചിറക്കി
“ഓ അവളെക്കൊണ്ടാവില്ല..ഒരിക്കല്‍ ഒരു ത്രാസ് അവളുണ്ടാക്കി കൊടുത്തതോടെ ഈ പരിപാടിയങ്ങ് നിര്‍ത്തി.. കട്ടിയിടാതെ തന്നെ ഒരുസൈഡ് താണുതന്നെയിരുന്നു.. സാറന്മാരാത് തിരിച്ചുകൊടുത്തുവിട്ടു.. നേരെ ആക്കീട്ട് കൊണ്ടുചെല്ലാന്‍... ഇപ്പൊഴത്തെ ഓരോ പഠിത്തമേ.. നമ്മടെ ഒക്കെ കാലത്ത് എന്തു സുകമാരുന്നു. പറങ്ങാണ്ടീം പോക്കറ്റിലിറ്റോണ്ടല്ലേ നമ്മളൊക്കെ പള്ളിക്കൂടത്തി പോയിരുന്നെ.. പ്രോജക്ടും ഇല്ല ഒരു മണ്ണാങ്കട്ടേമില്ല..”
“അതുകൊണ്ടാ നമ്മുടെയൊക്കെ ജീവിതം പറങ്ങിയണ്ടിപോലെയായേന്നാ എന്റെ ഭാര്യ പറയുന്നെ”
കപ്പല്‍ ഒരുവിധം ഞാന്‍ ഉണ്ടാക്കി ചെക്കനു കൊടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി..
‘പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ...’ ചെടിക്കു വെള്ളം നനച്ചുകൊണ്ട് ആലീസ് ശബ്ദം താഴ്ത്തി പാടുന്നു
“അലക്സാണ്ടറച്ചായന്‍ വരും ആലീസേ..ഇങ്ങനെ നിരാശപ്പെടാതെ.. മോന്റെ പ്രോജക്ടിന്റെ കാര്യം മാത്രം പറഞ്ഞുപേടിപ്പിക്കതിരുന്നാ മതി....”
ആലീസ് മറുചിരി ചിരിച്ചു.. സന്ധ്യയുടെ നനവു പടര്‍ന്ന ഒരു ചിരി.. ഒരു പ്രവാസീസഹധര്‍മ്മിണിയുടെ ആത്മനൊമ്പരങ്ങള്‍ ആ ചിരിയെ പൊതിഞ്ഞു നിന്നിരുന്നു..
ഇരുട്ടില്‍ ജനാലയിലൂടെ ഞാന്‍ ആകാശത്തേക്ക് നോക്കി
നിറയെ നക്ഷത്രങ്ങള്‍..
പേരറിയാത്ത ദൂരമറിയാത്ത എത്രയെത്ര നക്ഷത്രങ്ങള്‍.
പുറത്താക്കപ്പെട്ടും കറങ്ങിത്തിരിഞ്ഞും എത്രയെത്ര പ്ലൂട്ടോകള്‍...
ഞാന്‍ മകളെ നോക്കി
കണ്ണും പൂട്ടി അവള്‍ ഉറങ്ങുകയാണ്... അവളുടെ സ്വപ്നങ്ങളില്‍ പ്ലൂട്ടോയും മറ്റു ഗ്രഹങ്ങളും വന്നു നിറയുന്നുണ്ടോ....
പാതിയടഞ്ഞ മിഴിക്കുള്ളില്‍ മഹിപാല്‍ ജുവലറി പരസ്യം പകര്‍ന്ന ആശങ്കകളോടെ സഹധര്‍മ്മിണിയും ഉറങ്ങുന്നു..
അവളും പണ്ട് നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ടാവും..
പ്രാരാബ്ധങ്ങളുടെ ഓര്‍ബിറ്റില്‍ പ്രതീക്ഷകളുടെ ഗ്രഹങ്ങള്‍ പുറത്താക്കപ്പെടുന്നല്ലോ എന്ന ഭയം ആക്രമിക്കുന്നതിനും മുമ്പ്.........
ആകാശത്തേക്ക് നോക്കി ഞാന്‍ വെറുതെ ഒന്നു പുഞ്ചിരിച്ചു.. പ്രിയപ്പെട്ട പ്ലൂട്ടോ.. നിന്റെ അടുത്തെങ്ങാനും മനുഷ്യവാസമുള്ള ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടോ.. ചായസല്‍ക്കാരത്തിനും കുശലം പറച്ചിലിനും ശേഷം പെണ്‍കുട്ടിയുടെ അച്ഛനെ മാറ്റി നിര്‍ത്തി ‘നിങ്ങള്‍ നിങ്ങളുടെ മോള്‍ക്ക് എന്തു കൊടുക്കും’ എന്നു ചോദിക്കുന്ന കാരണവന്മാരില്ലാത്ത സുരക്ഷിതമായ ഒരു ഗ്രഹം...........