‘ദൈവമേ സര്‍ക്കാര്‍ ഓഫീസിലും മോര്‍ച്ചറിയിലും കയറിയിറങ്ങാന്‍ ഇടവരരുതേ..‘ എന്ന പ്രാര്‍ഥന, ഭൂരിപക്ഷം ഭാരതീയരെപ്പോലെ തന്നെ എനിക്കുമുണ്ട്. ഒരു ടേബിളില്‍ തന്നെയിട്ട് ശരീരഭാഗങ്ങളൊക്കെ ഒരു കാരണവുമില്ലാതെ വെട്ടിമുറിക്കുന്നതാണ് രണ്ടാമത്തെ കേസിലെങ്കില്‍, ഒന്നില്‍ക്കൂടുതല്‍ ടേബിളുകളിലൂടെ വലിച്ചിഴച്ച് ആത്മാഭിമാനവും ക്ഷമയുമൊക്കെ കുത്തിക്കീറുന്ന ഏര്‍പ്പാടാണല്ലോ ആദ്യത്തെ കേസിലുള്ളത്. അതുകൊണ്ടുതന്നെ, വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളെ പരമാവധി വേറെയാരുടെയെങ്കിലും തലയില്‍ വച്ചുകൊടുക്കാറാണ് പതിവ്.
മൂന്നു വയസു തികയാറായ ഇളയപുത്രിയുടെ ജനനസര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്നു വാങ്ങിയില്ലെങ്കില്‍, അവള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലാതെ കുഴയും എന്ന സത്യം തിരിച്ചറിഞ്ഞിട്ടാണ്, മനസില്ലാ മനസ്സോടെ പഞ്ചായത്താപ്പീസിന്റെ പടികയറാനുള്ള ധീരയജ്ഞം സ്വയം ഏറ്റെടുത്തത്. ഹാജര്‍ വപ്പും, സീരിയല്‍ ഡിസ്കഷനും, മക്കളുടെ ക്യാപിറ്റേഷന്‍ ഫീ ചര്‍ച്ചയുമൊക്കെ കഴിഞ്ഞ് സാറന്മാര്‍ ഫയലുകള്‍ പൊടിമാറ്റി നോക്കാന്‍ തുടങ്ങുന്ന പതിനൊന്നുമണിക്കു തന്നെ കൌണ്ടറിലെത്തി കാര്യം പറഞ്ഞു, ആദ്യയാത്രയില്‍.. കാതിലെ ജിമുക്കയുടെ ആണിമുറുക്കിക്കൊണ്ട്, കൌണ്ടറിലെ സുന്ദരി ‘രണ്ടാഴ്ചകഴിഞ്ഞ് വരൂ ‘ എന്ന് പറഞ്ഞിട്ടിട്ടിപ്പോ ഒരുമാസവും മൂന്നു യാത്രയുമായി.. കാഷ്വല്‍ ലീവ് രണ്ട്, ആ വഴി ബോസിന്റെ വളിച്ച മുഖദര്‍ശനം നാല്..
‘ഇതിനൊരവസാനമില്ലേ മാഡം.. ഞാന്‍ ഒരു പ്രൈവറ്റ് കമ്പനി ജീവനക്കാരനാണ്.. പ്ലീസ് ഇനിയും ഇങ്ങനെ നടത്തിക്കല്ലേ’ ക്യൂവില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്ന അമ്മാവന്റെ പുഷിംഗ് കാരണം എന്റെ പാതി തല കൌണ്ടറിന്റെ ഹോളിലൂടെ അകത്തേക്ക് കയറി..
കൊടുത്ത സ്ലിപ് മേശപ്പുറത്തിട്ട്, കൌണ്ടര്‍ മാഡം കമ്മലിന്റെ ആണി മുറുക്കുകയാണ്
‘ഈ കമ്മല് ഇതുവരെ മുറുകിയില്ലേ പെങ്ങളേ.. കഴിഞ്ഞ മാസം തൊട്ട് മുറുക്കാന്‍ തുടങ്ങിയതാണല്ലോ.
രൂക്ഷമായൊരു നോട്ടം.. ആദ്യം എന്റെ മുഖത്തേക്ക്..പിന്നെ സ്ലിപ്പിലേക്ക്
‘ഇതിന്നു കിട്ടത്തില്ല.. സൂപ്രണ്ട് സാറ് ലീവിലാ.. മറ്റേന്നാള്‍ വന്നുനോക്കു’
‘പുള്ളി ലീവെടുത്ത് ഗള്‍ഫില്‍ പോയതാണോ.. കഴിഞ്ഞ പ്രാവശ്യോം ഇതന്നെയാ പറഞ്ഞെ. ഇനി ആ പണിപറ്റില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടല്ലോ’
‘അങ്ങോട്ട് മാറി നിന്നേ..അടുത്താളെ കേറ്റിവിട്...വേഗം’ സിസ്റ്റര്‍, കൈ അടുത്ത കമ്മലിലേക്ക് മാറ്റി
ഞാന്‍ രണ്ടുകൈയും വിടര്‍ത്തി, പുറകിലെ അമ്മവനെ ബ്ലോക്ക് ചെയ്തു..
‘ഈ കേരള സാരി മാഡത്തിനു നന്നായി ചേരുന്നുണ്ട്.. പ്രത്യേകിച്ച് ഈ ജിമുക്കയുടെ കൂടെ. സത്യം...’ പുരുഷന്റെ മനസിലേക്കുള്ള ഷോര്‍ക്കട്ട് അവന്റെ വയറാണെന്നും, സ്ത്രീയുടെ മനസിലേക്കുള്ളത് പുകഴ്ത്തലാണെന്നുമുള്ള എന്റെ പൊതുവിജ്ഞാനം പാളിപ്പോയി.
സുന്ദരി കനപ്പിച്ചൊന്നു നോക്കി
“ഇയാളോട് മലയാളത്തിലല്ലേ പറഞ്ഞേ മറ്റന്നാള്‍ വരാന്‍..!!! ” .
“ഈ പോക്കുപോയാല്‍ എന്റെ മകളുടേയും അവളുടെ കൊച്ചുമോളുടേയും സര്‍ട്ടിഫിക്കറ്റ് ഒന്നിച്ചു വാങ്ങേണ്ടി വരുമല്ലോ..’
‘നിങ്ങള്‍ കോമഡി അടിക്കാന്‍ വന്നതാ.. എനിക്ക് വേറെ പണിയുണ്ട്..ഒന്നു പോയേ..’
‘വരുന്നവരോടെല്ലാം പിന്നെ വാ എന്നു പറയുന്ന ഒരുപണിയല്ലേ മാഡത്തിനുള്ളൂ.. ജില്ലാ സെക്രട്ടറി എന്റെ അമ്മാവന്റെ മോനാ പറഞ്ഞില്ലെന്നു വേണ്ടാ’
‘എന്നാ അങ്ങേരേം അമ്മാവനേം ഒന്നിച്ചു കൂട്ടിക്കൊണ്ടു വാ.. രാവിലെ ഓരോന്നിറങ്ങിക്കോളും.. പണിയുണ്ടാക്കാന്‍...’
സുന്ദരി സ്വന്തം തോളിലേക്ക് മുഖം ചെരിച്ചു നോക്കി, സാരിത്തലപ്പ് അവിടത്തന്നെ ഉണ്ടെന്നുറപ്പുവരുത്തി. ആത്മാഭിമാനം അവിടെത്തന്നെ ഇല്ലെന്ന് ഉറപ്പുവരുത്തി ഞാന്‍ പുറത്തേക്കിറങ്ങി.
ഓഫീസിന്റെ വാതില്‍ക്കല്‍, സൈക്കിളില്‍ ചായ വില്‍ക്കുന്ന ചേട്ടായിയുടെ അനൌണ്‍സ്‌മെന്റ്
‘ദേ.. തിരിച്ചറിയല്‍ കാര്‍ഡുള്ളവരു മാത്രം ഇങ്ങോട്ടു വന്നാ മതി. ഈ ടൈപ്പ് ചായ വേറെ എങ്ങും കിട്ടത്തില്ല, അതൊണ്ടാ..ബഹളം ഉണ്ടാക്കല്ലേ...ബഹളം ഉണ്ടാക്കല്ലേ’
ഉള്ളിലെ ദേഷ്യം ചിരിയിലേക്ക് വഴുതിമാറി
“മോനേ വേഗം വന്നാട്ടെ.. നിന്നു കുഴഞ്ഞതല്ലേ..ഇനി നില്‍ക്കാനുളളതല്ലേ.. രസികന്‍ ചായയ...എടുക്കട്ടെ ഒന്ന് ‘
‘സര്‍ക്കാരാപ്പീസര്‍മാരുടെ സ്വഭാവം കൊണ്ട് ചേട്ടനെങ്കിലുമൊരു ഗുണമുണ്ടല്ലോ..ഉം..എടുക്കൊരു ചൂടു ചായ..അതെങ്കിലുമാവട്ടെ..’
‘കഴിഞ്ഞ ആഴ്ചയും കുഞ്ഞിവിടെ വന്നല്ലോ.. ‘ അറുപതുകാരന്‍ ചായ പൊക്കിയടിച്ചുകൊണ്ട് ചോദിച്ചു.
“അതെ..ഇനി നമ്മള്‍ എല്ലാ ആഴ്ചയും കണ്ടോണ്ടിരിക്കും.. സഞ്ചീലൊരു ഞെക്കുകൂടി കൊടുക്കെന്നേ..ഈ മൂഡില്‍ സ്‌ട്രോങ്ങ് ചായ തന്നെ വേണം ചേട്ടായി’
പരമാത്മാവുപോലെ ഗുണവും മണവുമില്ലാത്ത ചായ ഇറക്കി മുഖം ചുളിച്ചപ്പോള്‍ അതാ എന്റെ തൊട്ടുപുറകില്‍ നിന്നിരുന്ന അമ്മാവന്‍ മുന്നില്‍.
‘എന്തായി അമ്മാവാ.. കാര്യം നടന്നോ..’
‘&&&@##...’
നാട്ടില്‍ നിലവിലിരിക്കുന്ന ഏറ്റവും ശക്തമായ ഒരു തെറിവാക്ക് നാലുപല്ലില്ലാത്ത ആ വായില്‍ നിന്ന് ഇന്‍സ്റ്റന്റ് ആയി പൊഴിഞ്ഞു..‘മൂന്നുമാസമായി നടത്തിക്കുവാ ഈ ........!. ഇളയ മോനൊരു കെട്ടിടം പണിയ്ക്കുള്ള അപേക്ഷ കൊടുത്തതാ.. ഞാന്‍ കരുതിയെ മണലു കിട്ടാനാവും ബുദ്ധിമുട്ടെന്ന്..ഇപ്പോഴല്ലേ മനസിലായേ പ്ലാന്‍ ഒന്നു ഒപ്പിട്ടുകിട്ടാന്‍ അതിലും പാടാണെന്ന്.. ഇവന്മാരുടെ ഒക്കെ തലേല്‍ ഇടിത്തീ..’
“അയ്യോ അങ്ങനെ പറയല്ലേ..ശാപം ഏറ്റാല്‍, ഇടിത്തീ ഇടാന്‍ വരുന്നവനേയും ഇവന്മാര്‍ മൂന്നുകൊല്ലം നടത്തിക്കും ‘ ഗ്ലാസ് ചേട്ടായിയെ തിരികെ ഏല്‍പ്പിച്ചു..
‘കാശു പിടുങ്ങാനാ.. ഈ കുട്ടന്‍പിള്ളേടെ കൈയീന്ന് കാശുവാങ്ങാന്‍ ഇമ്മിണി പുളിക്കും.. ഒരുതവണ കൂടി ഞാന്‍ നോക്കും..ഇല്ലെങ്കില്‍ വിജിലന്റില്‍ ഒരു പരാതി ഞാന്‍ പൂശും.. എന്‍ഡോസള്‍ഫാന്‍ തേച്ച നോട്ട് വാങ്ങുമ്പോഴേ ഇവന്മാരു പഠിക്കൂ...ഫൂ......’
‘അമ്മാവാ....’ ചായക്കാശിന്റെ ബാക്കി ഞാന്‍ പോക്കറ്റിലേക്കിട്ടു ‘ഒരു ചാക്ക് സിമിന്റിനു ഇപ്പൊ രൂപ മൊന്നൂറ്റിയമ്പതാ.. വല്ലതും കൊടുത്ത് കെട്ടിടം പെട്ടെന്നു പൊക്കാന്‍ നോക്ക്..ഈ ആദര്‍ശം കൊണ്ടിരുന്നാലേ, ആ സ്ഥലത്തൂടെ പത്തുവരിപ്പാത വന്നാലും അമ്മാവന്റെ പൊര പൊങ്ങുകേല പറഞ്ഞേക്കാം..’
‘ഉവ്വ..ഉവ്വ..എനിക്ക് കൊറച്ച് ആദര്‍ശം കൂടുതലാ..എന്നാ ചെയ്യും..’ അമ്മാവന്‍ സ്വതന്ത്ര്യ സമര സേനാനി ആയിരുന്നോ ആവോ..
“എന്റെ അമ്മാവാ.. അങ്ങ് മുംബെയില്‍, കുംഭകോണം നടന്ന ഫ്ലാറ്റിന്റെ പേരറിയില്ലേ.. ആദര്‍ശ്.. ബാക്കി ഒന്നും ഞാന്‍ പറഞ്ഞുതരണ്ടാല്ലോ....അല്ല ചേട്ടായി.. ‘ ചായച്ചേട്ടനു നേരെ മുഖം തിരിച്ചു ശബ്ദം താഴ്ത്തി ‘ഈ കാര്യം സാധിക്കാനുള്ള ആ റൂട്ടൊന്നും പറഞ്ഞു തന്നെ.. ഇമ്മാതിരി ഏര്‍പ്പാട് ആദ്യമായാണേ.. ആരെ എങ്ങനെ കാണണം.. ഇനി ലീവെടുക്കാന്‍ വയ്യാ..’
‘കുഞ്ഞൊരു കാര്യം ചെയ്യ് ‘ ചേട്ടായി ഗ്ലാസ് കഴുകി വെള്ളം വീശിയെറിഞ്ഞു ‘അകത്തുചെന്ന് ആ ജൂനിയര്‍ സൂപ്രണ്ട്സാറിനെ ഒന്നു കാണ്..പുതിയ പയ്യനാ.. അല്പം മയമുള്ള ആളാ. കാശൊന്നും മേടിക്കില്ലാന്നാ കേട്ടേ.. ‘
മായം മാത്രമുള്ള ഈ സ്ഥലത്ത് മയം ഉള്ള ഒരാളുണ്ടെന്ന് കേട്ടപ്പോ വിശ്വസിക്കാനായില്ല..
ഫയലുകള്‍ക്കിടയിലൂടെ, കുംഭകര്‍ണ്ണന്മാരുടെ ഏമ്പക്കങ്ങള്‍ക്കിടയിലൂടെ ഞാന്‍ പമ്മിപ്പമ്മി നീങ്ങി.. ‘ഒരുപാട് വികസനം കൊണ്ടുവന്നു‘ എന്നു മുഖ്യമന്ത്രി പറഞ്ഞത്, ഉദ്യോഗസ്ഥന്മാരുടെ കുടവയറിന്റെ കാര്യത്തിലാണോ എന്നൊരു ശങ്ക..ഭൂരിപക്ഷത്തിനും ഡബിള്‍ ഫാമിലി പായ്‌ക്ക്..
ജൂനിയര്‍ സൂപ്രണ്ടിന്റെ മേശയ്ക്കരികിലെത്തി. കക്ഷി, കൈയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ശ്രദ്ധിച്ചിരിക്കുന്നു. മേശപ്പുറത്ത് പൊടിനിറത്തില്‍ ഒരു കൂന ഫലയുകള്‍..
ചെറുപ്പക്കാരനാണ്..
ഞാന്‍ വന്നതറിഞ്ഞിട്ടില്ല..
കൈ കൂപ്പണോ വേണ്ടയോ എന്നൊരു ആശങ്ക
‘സാര്‍...................’
‘യെസ്.......’ പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി എന്നെ നോക്കി..
രണ്ടു നിമിഷം കണ്ണുകള്‍ തമ്മില്‍ ഉടക്കിനിന്നു...
ഇവന്‍....അത്തിക്കയത്തെ അവനല്ലേ.. പണ്ട് ഒരുപാട്ട നാടന്‍ ശര്‍ക്കര ഇവന്റെ അപ്പച്ചനുവേണ്ടിയല്ലേ ഞാന്‍ അറേഞ്ചുചെയ്തു കൊടുത്തത്....ആണോ...അതോ വേറെ ആരേലുമാണോ..
“കൊച്ചുകൃഷ്ണാ............. നീ ഇവിടെ..” കണ്ണട മുഖത്തുനിന്നെടുത്ത് ജൂനിയര്‍ സൂപ്രണ്ട് ചാടിയെണേറ്റു.....!!!!!
“എടാ കുര്യാ.......... നീ... ഇവിടെ!!!! .’ സകലപരിസരവും മറന്നു..
‘ഹോ..അപ്പൊ നീ എന്റെ പേരുപോലും മറന്നിട്ടില്ല...’ ഇവന്റെ ചിരിയ്ക്ക് അതേ പഴയ വശ്യത
“എടാ അത്തിക്കയം ഏബ്രഹാം വര്‍ഗീസിന്റെ മൂത്തമകന്‍ കുര്യന്‍ ഏബ്രഹാമേ..........!!!!!!!.. നീ ഈ കസേരയില്‍!!!!! എന്റമ്മച്ചിയേ..’
ചാടി പുണര്‍ന്നപ്പോള്‍ മേശപ്പുറത്തുനിന്ന് ഒരുകുന്നു ഫയലുകള്‍ താഴേക്കു പതിച്ചു...
‘എടാ.നിനക്കിപ്പോഴും ആ പഴയ സ്പ്രേയുടെ മണം.. എനിക്ക് വിശ്വസിക്കാന്‍ വയ്യാ.. വല്ല ബില്‍ഗേറ്റ്സിന്റേയും ബ്ലൂ ഐയ്‌ഡ് ബോയ് ആയി അമേരിക്കയിലോ മറ്റോ ഇരിക്കേണ്ട നീ ഈ പൊടിപിടിച്ച ഫയലുകള്‍ക്കിടയില്‍ എങ്ങനെ വന്നുപെട്ടെടാ..’
‘കര്‍ത്താവിന്റെ കളികള്‍.. നീ ഇരി..ഹോ..പത്തുകൊല്ലമായിട്ട് തപ്പുവാ നിന്നെപ്പോലെ കൊറെ എണ്ണത്തിനെ.. ടെല്‍ മീ..നീ എവിടെ.. എന്ത്.. കെട്ടിയോള്‍..കൊച്ചുങ്ങള്‍...‘ ആവേശത്തിനടയില്‍ സര്‍ക്കാര്‍ പ്രോട്ടോക്കോളുകള്‍ കുര്യനും മറന്നു..അവന്റെ കൈയൊപ്പുകള്‍ പതിഞ്ഞ, കണ്ണീരുപുരണ്ട അപേക്ഷകള്‍ നിലത്തു ചിതറി..
അവന്‍ അതെല്ലാം പൊന്നുപോലെ പെറുക്കിയെടുത്തു..
അവയില്‍ വിധവകളുടെ കണ്ണീരുണ്ടാവും... പട്ടാളക്കാരുടെ സ്വപ്നങ്ങള്‍ ഉണ്ടാവും..കൂലിപ്പണിക്കാരുടെ ദൈന്യങ്ങളുണ്ടാവും....പാവാടക്കാരികളുടെ ഭാവിജീവിതങ്ങളുണ്ടാവും...
‘വാ...നമുക്കൊരു കാപ്പി കുടിക്കാം.. എന്തെല്ലാം പറയാനുണ്ട്..എത്ര കൊല്ലത്തെ കാര്യങ്ങള്‍ കേള്‍ക്കാനുണ്ട്’
സിമന്റു തറയില്‍, കുര്യന്റെ ഷൂവിന്റെ ശബ്ദം പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.....എന്റെ ചെരിപ്പിന്റെ പതിഞ്ഞ ശബ്ദം അവയോട് ചേര്‍ന്നലിഞ്ഞു......
പ്രൊഫസര്‍ ഗീവര്‍ഗീസിന്റെ ഷൂവിന്റെ ശബ്ദം കേട്ട് അറുപതോളം കൌമാരങ്ങള്‍ നിശബ്ദമാവുന്നു......
മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ പേരുകേട്ട ഡി-എയ്‌റ്റി ഫൈവ് ക്ലാസ് മുറിയിലെ പ്ലാറ്റ്ഫോമിലേക്ക് ഘനഗാംഭീര്യം തുളുമ്പുന്ന നോട്ടത്തോടെ കണക്കിന്റെ മുടിചൂടാ മന്നല്‍ കയറുന്നു...
“കുര്യാ....ഒരു മണിക്കൂര്‍ ഇനി റോളര്‍ കോസ്റ്ററില്‍...“ ഞാനും ബുക്ക് തുറന്നു.
“നീ വല്ലോം പഠിച്ചോടെ..” കുര്യന്‍ വെറുതെ തല നാലുപാടും പായിച്ചു..
“yesterday I spoke about fibonacci numbers.... am I right? "
ചോദ്യം ഉറപ്പാണ്.. കുര്യനും ഞാനുമടക്കമുള്ള ബെഞ്ചിലെ ആറുപേരും തലകുനിച്ചു..മുന്നിലിരിക്കുന്നവന്മാരുടെ തല മറയാക്കി...
“ആമൈ റൈറ്റ്!!!!!!!!!!!!!!!!!!!!!!!!!!!!’ പ്രൊഫസറുട്ടെ അട്ടഹാസം നിശ്ശബ്ദത ഭേദിച്ചു.
“ആമാ..ആമാ. പച്ചേ തെരിയാത്....” കുര്യന്റെ ലോ വോയ്സ് കമന്റ്....
എന്റെ കണ്ട്രോള്‍ പോയി അടക്കിവച്ച ചിരി ഒരു വളിച്ച ശബ്ദത്തോടെ പുറത്തേക്ക്..
“ഇഡിയറ്റ്!!!!!! ഹൂ ഈസ് ലാഫിംഗ്..സ്റ്റാന്റപ്പ്..സ്റ്റാന്റപ്പ് ഐ സേ!!!!!!!!!!!!!!!’
മധ്യാഹ്നം മനോഹരമായി...
ഞാന്‍ വിറച്ചുകൊണ്ട് എണീറ്റു...........
“ബ്ലഡീ....ബഫൂണ്‍...ഗുഡ് ഫോര്‍ നത്തിംഗ്.. ഇഡിയറ്റ്.. ടെല്‍ മീ.... വാട്ടീസ് ഫിബോനാക്കി നമ്പേഴ്സ്....”
അറിയില്ല നമ്പ്യാരേ...സത്യം.. എന്നാലും ഇനിഷിയേറ്റീവ് എടുത്തില്ലേല്‍ മോശമല്ലേ “സര്‍ ..ഫിബ്..ഫിബ്ബോ...”
“അബ്ബോ അബ്ബോ...പഞ്ചാര അടിക്കാന്‍ മാത്രം ഓരോത്തന്മാരു വന്നോളും.. വീട്ടുകാരു പുന്നാരമോനെ കളക്ടര്‍ ആക്കാന്‍ വിട്ടേക്കുവല്ലേ... പറയെടാ.. ക്വിക്ക്...വാട്ടീസ് ഫിബോനാക്കീ..’
കൌമാരത്തിലെ അവസാന നയന്റീന്‍ നമ്പറില്‍ നിന്നും, യൌവനത്തിലെ ആദ്യത്തെ ട്വന്റി നമ്പറിലേക്ക് ചേക്കാറാനിരിക്കുന്ന നാല്പത്തോളം പെണ്‍കുട്ടികള്‍ ആര്‍ത്തുചിരിക്കുന്നു..
ദാവണിക്കാരികള്‍, ചുരിദാറുകാരികള്‍, സ്വര്‍ണബോര്‍ഡറുള്ള സാരിക്കാരികള്‍..ചന്ദനക്കുറി തൊട്ടവര്‍.. സ്റ്റിക്കര്‍ പൊട്ടിട്ടവര്‍....മുല്ലപ്പൂ ചൂടിയവര്‍..ഷാമ്പൂ ഇട്ട മുടി പറത്തുന്നവര്‍....
“അടുത്തവന്‍ സ്റ്റാന്‍ഡപ്പ്!!!!!!’ കുര്യന്‍ കുണുങ്ങിയെണീറ്റു..
‘എടാ അറിയത്തില്ലേ മിണ്ടാതിരി..തെറ്റുപറഞ്ഞാല്‍ പറഞ്ഞതിന്റെ ശരികൂടി പറയാന്‍ പറയും..പണിയാവും’ ഞാന്‍ പിറുപിറുത്തു..കുര്യന്റെ സ്വഭാവം അങ്ങനെ ആണ്..വളരെ ഭംഗിയായി തെറ്റ് പറയും
“സാര്‍..വണ്‍ സ്ക്വയര്‍....ടൂ സ്ക്വയര്‍...ത്രീ സ്ക്വയര്‍..ഫോര്‍ സ്ക്വയര്‍...ആന്‍ഡ് സോ ഓണ്‍....”
“ഒടുവില്‍ നിന്റെ അമ്മായിയപ്പന്റെ ഹോള്‍സ്വകറും..അല്ലേ.... യൂ ഗുഡ് ഫോര്‍....!!!!.’ വികാരവിക്ഷേപത്തോടെ പല്ലുഞെരിച്ചു കൊണ്ട് ഗീവര്‍ഗീസ് സാറു നിന്നു.
രണ്ടുമിനുട്ടുകൊണ്ട് ആണ്‍കുട്ടികളെല്ലാം ബഹുമാനത്തോടെ എണീറ്റുനിന്നു.. മരുന്നിനുപോലും ഒരു ബുദ്ധിജീവിയില്ലാത്ത ക്ലാസ്.. മോശം...
‘കാനനസുന്ദരിയിലെ അഭിലാഷയുടെ ഡ്രസിന്റെ നിറം പറയാന്‍ പറഞ്ഞാല്‍ നീയൊക്കെ ആദ്യമേ ചാടിപ്പറയുമല്ലോടാ..!!!! ‘
‘സാറാപ്പടം എപ്പോ കണ്ടു? ‘ ഇന്ദുലാല്‍ പിറുപിറുത്തു..
‘സരസിലിപ്പോ മുന്താണി മുടിച്ചാ.. കാനനസുന്ദരി മാറി ‘ അടുത്തവന്‍
“സേതുലക്ഷ്മീ...ആന്‍സര്‍ പ്ലീസ്.. പറഞ്ഞുകൊടുക്കീ യൂസ്‌ലസുകള്‍ക്ക്......’
പെണ്‍കുട്ടികളുടെ നിരയില്‍, മൂന്നാമത്തെ ബഞ്ചില്‍ ഒന്നാമതിരിക്കുന്ന സുന്ദരി എണീറ്റു..
‘ദൈവമേ..ഇവളെപ്പോ ഈ പുതിയ കമ്മലിട്ടു..മച്ചാ ലുക്ക്....സോ ബ്യൂട്ടിഫുള്‍ ‘ കുര്യന്‍ എന്നോട്..
‘അതിന്നലെ അവളുടെ ഇളയമ്മവന്‍ കൊടുത്തതാ.. ദുബായ് വാലാ’
‘ഓഹോ..അതിനിടയ്ക്ക് നീ അതും അറിഞ്ഞോ...’
“സര്‍.....” പാതികൂമ്പിയ കൈതപ്പൂവു പോലെ സേതുലക്ഷ്മി....കഴുത്തോളം വെട്ടിയ മുടി, ചുവന്ന ടോപ്പിലേക്ക് പാറി വീഴുന്നു..
സേതുലക്ഷ്മി ചിരിച്ചു.. എവിടെനിന്നോ രണ്ടു നുണക്കുഴികള്‍ അവളുടെ കവിളിലേക്ക് പറന്നുവന്നിരുന്നു..
“ സര്‍....The first two Fibonacci numbers are 0 and 1, and each subsequent number is the sum of the previous two. Some sources omit the initial 0, instead beginning the sequence with two 1s. ദാറ്റ് മീന്‍സ് 0,1,1,2,3,5,8.... ആന്‍ഡ് സോ ഓണ്‍ ആര്‍ ഇന്‍ ഫിബോനാക്കി സീരീസ്....’ സേതുലക്ഷ്മിയുടെ അളകങ്ങള്‍ ഇളകി....
‘ഇങ്ങനെയും ഒരു സംഭവം ഉണ്ടാരുന്നോ’ എന്ന അര്‍ഥത്തില്‍ പൂവാലന്മാര്‍ പരസ്പരം നോക്കി
“കണ്ടു പഠിക്കെടാ കഴുതകളേ..പാച്ചാനാന്നു പറഞ്ഞു ഇറങ്ങിക്കോളും..പക്കാ യൂസ്‌ലെസുകള്‍.....” പ്രഫസര്‍
‘എന്റെ സാറേ..ഒരു സത്യം പലതവണ പറഞ്ഞതുകൊണ്ട് അതിന്റെ മാറ്റുകൂടത്തൊന്നുമില്ല..ഞങ്ങള്‍ യൂസ്‌ലെസുകളാണെന്ന് പലതവണ പറഞ്ഞുകഴിഞ്ഞു’ ഇരുന്നുകൊണ്ട് കുര്യന്‍..
“സീ..ഈ ഫെബുനാക്കി നമ്പറുകള്‍ പ്രകൃതിയിലെ അത്ഭുതങ്ങളാണ്..യൂ...നോ... സൂര്യകാന്തിപ്പൂവിന്റെ പരാഗങ്ങള്‍, മുയലിന്റെ പ്രസവക്കണക്കുകള്‍, തേനീച്ചകളുടെ വംശവര്‍ദ്ധനവുകള്‍..എല്ലാം ഈ പാറ്റേണാണ് ഫോളോ ചെയ്യുന്നത്..’ ഗീവര്‍ഗീസ് സാര്‍ അപ്ലൈഡ് മാത്ത്മാറ്റിക്സിലേക്കാണോ ഈ പോകുന്നേ...
‘എടാ ഈ മുയലിന്റെ പ്രസവക്കണക്കെടുക്കാനാണോ നമ്മള്‍ ഡിഗ്രി മാത്തമാറ്റിക്സ് എടുത്തത്? ..ഛേ..എനിക്ക് പ്രതികരിക്കാന്‍ തോന്നുന്നു...” കുര്യന്‍
‘ഇപ്പോ വേണ്ടാ. എന്നത്തേയും പോലെ, വീട്ടില്‍ ചെന്നു നീ ഉറങ്ങി പ്രതികരിക്ക്..’
“യൂ നോ വാട്ടീസ് ഗോള്‍ഡന്‍ റേഷ്യോ’
ഈശ്വരാ അടുത്ത കുഴിബോംബ്....
‘എനിവണ്‍ ഗോട്ട് ദ ആന്‍സര്‍?...’
‘സര്‍...........’ മൂന്നാമത്തെ ബെഞ്ചിലെ ഒന്നാമത്തെ സുന്ദരി വീണ്ടും എണീറ്റു. ദോഷം പറയരുതല്ലോ, കുളിരു കോരിനിറയ്ക്കുന്ന സ്വരം അവള്‍ക്ക്
‘ഇവള്‍ക്ക് വേറേ ഒരു പണിയുമില്ലേടേ...വെറുതെ ആണുങ്ങളുടെ വിലകളയാന്‍....’ പിന്‍ ബഞ്ചിലെ സുരേഷ് പി.ടി..
‘Two quantities are in the golden ratio if the ratio of the sum of the quantities to the larger quantity is equal to the ratio of the larger quantity to the smaller one. The golden ratio is an irrational mathematical constant, approximately 1.6180339887"
ഭാഗ്യം..ഒന്നും മനസിലായില്ല...
‘വെരി ഗുഡ് സേതു...കീപ്പിറ്റപ്പ്....ആന്‍ഡ് ബീ എ റോള്‍ മോഡല്‍ ടു ദിസ് പ്രീ ഹിസ്റ്റോറിക് മങ്കീസ്.... ’
‘എന്നു വച്ചാല്‍ എന്താടാ’ എന്റെ തൊട്ടുപിറകിലിരിക്കുന്ന ഒരു പ്രീഹിസ്റ്റോറിക് മങ്കിക്ക് സംശയം..
“ ‘നമ്മളെപ്പോലെയുള്ള ചരിത്രാതീത കുരങ്ങുകള്‍ക്ക് ഒരു സുതാര്യമാതൃക ആകൂ നീ ‘ എന്നാണ് സാര്‍ ഉദ്ദേശിച്ചത്“ സാഹിത്യവാസനയുള്ളതുകൊണ്ട് ‘അവശന്‍‘ എന്ന ഇരട്ടപ്പേരുള്ള കക്ഷി വിശദീകരിച്ചു..
“സൈലന്‍സ്...സൈലന്‍സ്... ഈ ഗോള്‍ഡന്‍ റേഷിയോയ്ക്കും പ്രകൃതിയുമായി ബന്ധമുണ്ട്” അഭിമാനത്തോടെ പ്രഫസര്‍
“മുയലിന്റെ ചെവി രണ്ടും ഈ റേഷിയോയിലാരിക്കും ‘ കുര്യന്റെ പ്രതികരണം
“സീ ...പ്രശസ്തമായ ശില്പങ്ങള്‍, പെയിന്റിങ്ങുകള്‍, കെട്ടിടങ്ങള്‍ എല്ലാം അവ നിര്‍മ്മിച്ചവര്‍ പോലും അറിയാതെ തന്നെ ഈ റേഷിയോയിലാണ്.’
‘ഓ..അതുശരി..എന്താ ഒരു കണ്ടുപിടുത്തം..’ പിറുപിറുപ്പുകള്‍ തുടരുന്നു..
“സുന്ദരിയായ ഒരു പെണ്ണിന്റെ മൊത്തം ഉയരം....’
!!!!!!!!!!!!!
ക്ലാസ് നിശബ്ദം..
ഇത്ര ശ്രദ്ധയോടെ ഇതുവരെ ഒരു ക്ലാസിലും ഞങ്ങള്‍ ഇരുന്നിട്ടില്ല.. ബാക്കി കേള്‍ക്കാന്‍ സകല എണ്ണവും കാതുകൂര്‍പ്പിച്ചു
“മൊത്തം ഉയരം അവളുടെ പൊക്കിള്‍ ചുഴിവരെയുള്ള ഉയരം കൊണ്ട് ഡിവൈഡ് ചെയ്താല്‍ ഈ റേഷിയോ, അതായത് 1.6180 കിട്ടും..”
സകല ശ്രദ്ധയും പെണ്‍കുട്ടികളിലേക്കായി..ഇവിടെ എത്ര പേര്‍ക്കുണ്ടാവും ഈ ഗോള്‍ഡന്‍ റേഷ്യോ...
സേതുലക്ഷ്മിക്ക് ഉറപ്പ്..വസന്തകുമാരി ജനിച്ചതുതന്നെ ഈ റേഷ്യോയില്‍ തന്നെ..... സീന മാത്യു ഉണ്ടയായാതുകൊണ്ട് റേഷ്യോയ്ക്ക് അല്പം കുറവുവരും....
കണക്കുകൂട്ടലുകള്‍ മുറുകി....
അങ്ങനെ ഞങ്ങളുടെ ക്യാമ്പസ് പാട്ടില്‍ ഒരുവരികൂടി അന്നു ചേര്‍ക്കപ്പെട്ടു
‘സേതുലക്ഷ്മിക്കും നാരായണം പിന്നെ
സേതൂന്റെ റേഷ്യോയ്ക്കും നാരായണം
നാരായണം ഭജേ നാരായണം
ബെന്‍സി പി സാമിനും നാരായണം പിന്നെ
ബെന്‍സീടെ മൂക്കിനും നാരായണം
ശ്രീരേഖക്കുട്ടിക്കും നാരായണം പിന്നെ
രേഖേടെ കണ്ണിനും നാരായണം’
പോസ്റ്റ് ലഞ്ച് ബ്രേക്കില്‍ കൈകൊട്ടുമേളം മുറുകി..
“പോടാ ഇഡിയറ്റുകളേ..... ‘ കിളിമൊഴികള്‍ പറന്നുനടന്നു..സുന്ദരികളും സുന്ദരന്മാരും പൊട്ടിച്ചിരിച്ചു...
ആ പാട്ടിനിടയിലാണ് സീതാലക്ഷ്മിയുടെ കണ്ണുകളില്‍ നിന്ന്, അതുവരെ കാണാത്ത ഒരു സ്പാര്‍ക്ക് കുര്യന്‍ കണ്ടുപിടിച്ചത്..
പ്രീഹിസ്റ്റോറിക് കാലഘട്ടങ്ങളില്‍ ശകുന്തളയുടെ, രാധയുടെ, ദമയന്തിയുടെ ഒക്കെ കണ്ണുകളില്‍ ഈ സ്പാര്‍ക്ക് ഉണ്ടായിരുന്നു എന്ന് കുര്യന്‍ എന്ന പ്രീഹിസ്റ്റോറിക് മങ്കി കണ്ടെത്തി...
ഒരു പ്രയോജനവും ഇല്ലാത്ത മാത്തമാറ്റിക്സ് പാഠങ്ങളോട് പ്രതികരിക്കാന്‍ ഉറങ്ങിയിരുന്ന കുര്യന്‍ പിന്നെ ഉറങ്ങാതായി..
പച്ചിലച്ചാറുകൊണ്ടുള്ള മതിലെഴുത്തില്‍, ഒരു പ്ലസ് ചിഹ്നത്തിന്റെ അപ്പുറത്ത് സേതുലക്ഷ്മിയേയും ഇപ്പുറത്തു തന്നേയും സ്വപ്നം കണ്ട് അവന്‍ പകലും ഉറങ്ങാതെ ആയി.. ബോര്‍ഡില്‍ മങ്ങിക്കിടക്കുന്ന സൈന്‍ തീറ്റയിലും കോസ് തീറ്റയിലും സീതാലക്ഷ്മിയുടെ വെണ്‍ചിരികള്‍ അവന്‍മാത്രം കണ്ടുനിന്നു.. അവന്റെ ചിന്തകള്‍ ഫിബോനാക്കി സീരിസിലെ അക്കങ്ങളെപ്പോലെ പെരുത്തുകൊണ്ടേയിരുന്നു..
അങ്ങനെ ഒരു ഇടവപ്പാതിക്കാലം..
ചാറ്റല്‍ മഴ ക്ലാസ്‌മുറികളെ പ്രണയിച്ച് അകത്തേക്ക് കയറിവരുന്ന ഒരു ഉച്ച നേരം..
ലഞ്ചുകഴിഞ്ഞുള്ള പതിവു മധുരമുണ്ണല്‍.....
പതിവില്ലാതെ, സേതുലക്ഷ്മി സാരി ഉടുത്തിരുന്നു..മുല്ലപ്പൂ ചൂടിയിരുന്നു
പച്ച കുപ്പിവളകള്‍ അണിഞ്ഞിരുന്നു..
അവള്‍ അടിമുടി പൂത്തുലഞ്ഞിരുന്നു...
ക്ലാസിലെ നാച്ചുറല്‍ ബ്യൂട്ടിയായ ദിവ്യയും ഞാനും കൂടി ടൈംപാസിനു ഒരു പുതിയ ഡ്യുയറ്റ് ട്രൈ ചെയ്യുന്നു..
‘അമ്പലപ്പൊയ്കയില്‍ പോകാം അന്തിയാവട്ടെ...
ആമ്പലൊന്നു തലോടി നില്‍ക്കാം എന്തുമാവട്ടെ’
മഴയുടെ കിലുക്കം ദിവ്യയുടെ ശബ്ദവുമായി ഇണചേര്‍ന്നു നിന്നു
‘ചാന്തണിഞ്ഞ തൃസന്ധ്യ നമ്മെ നോക്കി നില്‍ക്കട്ടെ...ഒരു
ചന്ദനക്കുളിര്‍ കാറ്റു വന്നു കുണുങ്ങിനില്‍ക്കട്ടെ.’
“ഇതു നീ എഴുതിയതാ? ‘ ദിവ്യ ചിരിച്ചു
“പിന്നല്ലാതെ..ഇതുവെറും സാമ്പിള്‍.. അമിട്ടുകള്‍ ഇനിയുമുണ്ട്...നീ പാട്....’
പെട്ടെന്ന് ഒരു നിശ്ശബ്ദത ക്ലാസിനെ മൂടി...മഴയുടെ ഒച്ച മാത്രം..
വാതിലില്‍ ഒരു സുന്ദരക്കുട്ടപ്പന്‍..പരിചയമില്ലാത്ത ഒരു കുമാരന്‍....
സേതുലക്ഷ്മി, എണീറ്റു...
കാത്തിരുന്ന ആളെ കാണാനെന്നോളം തിരതല്ലുന്ന ആഹ്ലാദത്തൊടെ ഓടുന്നു....
പെട്ടെന്നൊരു ഇടിവെട്ടി, കുര്യന്റെ മനസില്‍.......
സീതാലഷ്മിയുടെ പൂര്‍വ്വകാലപ്രണയപരാഗങ്ങള്‍ ക്ലാസില്‍ നിറഞ്ഞു... ചങ്ങനാശേരി അസംഷന്‍ കോളജില്‍ അവള്‍ പ്രീഡിഗ്രിക്ക് പഠിച്ചപ്പോ, അപ്പുറത്ത്, എസ്.ബി കോളജില്‍ അവളുടെ ഹൃദയം ലഞ്ചുബോക്സില്‍ വച്ച് ഈ കുമാരന്‍ ഉണ്ടായിരുന്നത്രെ..ഇപ്പോ കുമാരന്‍ ടി.കെ.എം കോളജിലെ എഞ്ജിനീയറിംഗ് വിദ്യാര്‍ഥി.. കാണാനെത്തിയതാണ് കമലനയനയെ..
“ഹോ..എത്ര ഉറക്കം ഞാന്‍ വെറുതെ കളഞ്ഞെടാ.. “ കുര്യന്‍ താടിക്ക് കൈ കൊടുത്തിരുന്നു
“അതേ..ഒരുപാട് ഉറക്കം തൂങ്ങലുകളും നീ വെറുതെ കളഞ്ഞു..മോശമായിപ്പോയി... എന്നാലും അവളുനിന്നെ ചതിച്ചല്ലോടെ..” ആവശ്യത്തിനു എരിവു ഞാനും ചേര്‍ത്തു..
“കഴിഞ്ഞ ക്രിസ്മസിനു നാല്‍പ്പതുരൂപയുടെ കുപ്പിവളയാ ഞാനവള്‍ക്ക് വാങ്ങിച്ചുകൊടുത്തേ....”
“സാരമില്ല..ആ കാശ് നീ ആ ടി.കെ.എം കക്ഷിയുടെ കൈയീന്ന് വാങ്ങിച്ചോ..അല്ലാതെന്നാ ചെയ്യും...”
“ദുഷ്ടാ.നിനക്ക് മനസിലാവില്ല ഒരു കാമുകന്റെ മനസ്“
“അതേ..പക്ഷേ ഇതാണു കാമുകിമാരുടെ മനസ്.... ചരിത്രം അതാണു പഠിപ്പിക്കുന്നത്.. ഈ പെര്‍മ്യൂട്ടേഷന്‍സ് ആന്‍ഡ് കോംബിനേഷന്‍സ് പെണ്‍കൊച്ചുങ്ങള്‍ എപ്പൊഴും മനസിലിട്ടുകൊണ്ട് നടക്കും.. നല്ല കോമ്പി അതാണെന്ന് അവള്‍ക്ക് തോന്നി.. അവള്‍ കോമ്പി..നീ ഗോപി... ഞാനെന്തായാലും അവളുടെ കൂടെയാ..ഈ സേതുലക്ഷ്മിയെ നീ മാമോദീസ മുക്കിയാല്‍ ഞങ്ങള്‍ ഹൈന്ദവജനത പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോടേ... കമോണ്‍..നമുക്ക് കാന്റീനില്‍ പോയി ഒരു ചായ അടിക്കാം.. കടി എന്റെ വക.. ഉറപ്പ്’
“നിനക്ക് കടിക്കാന്‍ എന്താ വേണ്ടെ? ഉഴുന്നുവട ആവാം അല്ലേ...” ജൂനിയര്‍ സൂപ്രണ്ട് കുര്യന്‍ എന്റെ കണ്ണില്‍ നോക്കി....
ചായ ഗ്ലാസില്‍ അപ്പൊഴും ഓര്‍മ്മകളുടെ ചൂട്....
പഴയകാലത്തെ മൂടിവന്ന പുതിയകാലം ഒന്നരമണിക്കൂര്‍ അടര്‍ത്തിയെടുത്തു..ഈരണ്ടു മക്കളുടെ അച്ഛന്മാരായി ഞങ്ങള്‍ രണ്ടാളും ഈ തീരത്ത് ഇപ്പോള്‍...ഇങ്ങനെ
“നീയും വല്ല എം.സി.എ ഒക്കെ എടുത്ത് പറന്നുകാണുമെന്നാ ഞാന്‍ കരുതിയെ.. ബാച്ചിലെ പകുതിയും അങ്ങനെ ആയിരുന്നല്ലോ..നീ ഒരു ഗവണ്മെന്റ് പെന്‍പുഷറായി അവതിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല.“
“ഈ ജോലി എനിക്കിഷ്ടമാണെടാ.. ഒരുപാട് ജീവിതങ്ങളെ നേരിട്ട് കാണാം.. എന്തെങ്കിലുമൊക്കെ അവര്‍ക്കും കൊടുക്കാം.. കുട്ടിരാഷ്ട്രീയക്കാരുടെ ശല്യം മാത്രം ഒരു പ്രശ്നം..അത് ഞാന്‍ കാര്യമായി എടുക്കാറില്ല..”
“ചിലരുടെ രൂപം പോലും മറന്നുപോയി.. അവരൊക്കെ ഇപ്പൊ എവിടെ ആണൊ ആവോ..കാണാറുണ്ടോ ആരെയെങ്കിലും നീ”
“ഇടയ്ക്ക് ചിലരെ ഒക്കെ കാണാറുണ്ട്. പക്ഷേ എന്തോ..എല്ലാത്തിന്റേയും മുഖത്ത് ഒരു അവശത പോലെ.. മിഡ്‌ലൈഫ് ക്രൈസിസ് എത്തുന്നതിന്റെ ആയിരിക്കും.. അന്ന് നമ്മുടെയൊക്കെ കണ്ണില്‍ തന്നെ എന്തു തിളക്കമാരുന്നെടാ.. ഭാവിയെക്കുറിച്ച് പേടിയില്ല..വല്യ ചിന്തയില്ല. ശരിക്കും നമ്മള്‍ ജീവിച്ചത് അപ്പോഴാ അല്ലേ..”
ഞാന്‍ പുഞ്ചിരിച്ചു..
“കോളജിലെ ലാസ്റ്റ് ഡേസിലൊന്നില്‍ നീ പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്.. ‘ഇങ്ങനെയൊന്നും ആരുന്നില്ല എന്റെ സ്വപ്നം.. ഈ പടിയിറങ്ങുമ്പോള്‍ എന്തെങ്കിലുമൊക്കെ ആവണമെന്നുണ്ടാരുന്നു’.. ഓര്‍ക്കുന്നോ നീ അത്’
“ശരിയല്ലേടാ.. എന്താ നമ്മള്‍ പഠിച്ചത്.. ഒരുപ്രയോജനവും ഇല്ലാത്ത കുറെ ഫോര്‍മുലകള്‍.. തല ഉയര്‍ത്തി ഈ ലോകത്തെ നേരിടാനുള്ള ഒരു ടിപ് എങ്കിലും കിട്ടിയോ നമുക്കവിടെ നിന്ന്.. വീ വേസ്റ്റഡ് ദ ബെസ്റ്റ് ടൈം..ജീവിതത്തിലെ നല്ല സമയങ്ങള്‍ വെറുതെ കോപ്രായം കാണിച്ചും വേണ്ടാത്തത് പഠിച്ചും തൊലച്ചു..പഠിച്ച ഒരു വരിപോലും എനിക്ക് പ്രയോജനപ്പെട്ടില്ല..ഒരുവരിപോലും ഓര്‍മ്മയും ഇല്ല.”
“അതു തന്നെയാടാ നൂറ്റിമുപ്പതുകോടി മാന്‍പവര്‍ ഉള്ള ഇന്ത്യുടെ ഗതികേട്.. സകല എണ്ണത്തിന്റേയും ആദ്യത്തെ ഇരുപത് വര്‍ഷം നശിപ്പിച്ചുകളയുവാണിവിടെ.. നേരെ ആവില്ലെടാ ഇവിടം ..എനിക്കും നിനക്കും ശരിയായ ലക്ഷ്യം പോലുമില്ലായിരുന്നു.. നിനക്ക് പൊളിറ്റിക്കല്‍ സയന്‍സോ എക്കണോമിക്സോ എടുത്ത് ഈ ജോലിയില്‍ കൂടുതല്‍ തിളങ്ങാമാരുന്നു.. എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്‌ട്രിയില്‍ എത്തുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് വല്ല മാസ് കമ്യൂണിക്കേഷനോ മീഡിയാ മാനേജുമെന്റോ എടുക്കാമാരുന്നു..ഞാനിപ്പോഴും ഓര്‍ക്കാറുണ്ട്.. കോളജില്‍ ആരും തൊടാതെ കിടന്നിരുന്ന സ്പോര്‍ട്ട്സ് എക്വിപ്‌മെന്റ്സ്, ആരും മെംബറാവാതിരുന്ന എന്‍.സി.സി.. വെറുതെ പൊടിപിടിച്ചിരുന്ന ലൈബ്രറി.. നമ്മള്‍ പഠിക്കുകയായിരുന്നില്ലെടാ.. നമ്മളെ പഠിപ്പിക്കുകയും ആയിരുന്നില്ല..”
“മതി. നിര്‍ത്ത്.. ഇനി നീ ഏതോ മഹാന്‍ പറഞ്ഞ വാചകം കൂടി എടുത്തിടും.’ ജീവിതത്തില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചാവില്ല ആരും കൂടുതല്‍ പശ്ചാത്തപിക്കുക..ചെയ്യാന്‍ പറ്റാതെപോയ കാര്യങ്ങളെക്കുറിച്ചാവും’..ആരാ അതു പറഞ്ഞെ.?’
‘ഓര്‍മ്മയില്ല” ഞങ്ങള്‍ പുറത്തേക്കിറങ്ങി..
ഉച്ചവെയില്‍ നിരത്തിലേക്ക് പടര്‍ന്നിറങ്ങി....
“എടാ.. ഒരുകാര്യം ചോദിക്കാന്‍ വിട്ടു..നമ്മുടെ ആ സേതുലക്ഷ്മി ഇപ്പോ എവിടെ..”
കുര്യന്‍ ചിരിച്ചു “നോ ന്യൂസ്.. എവിടെയെങ്കിലും കാണും. “
“ഹോ..എന്നാ സൂപ്പര്‍ ചിരിയാരുന്നു കക്ഷിയുടെ.. ഓര്‍ക്കുട്ടിലും ഫേസ്‌ബുക്കിലും ഒന്നും ഇല്ലേ..??”
“നമ്മുടെ കാലത്ത് അതൊന്നും ഇല്ലാതിരുന്നതു നന്നായി.. എല്ലാരും അതേപടി മനസിലുണ്ടാവുമല്ലേ..എന്താ ശരിയല്ലെ”
അന്ന് എന്റെ കൂടെ ടൈംപാസ് ഡ്യുയറ്റ് പാടിയ ദിവ്യ ഇപ്പോള്‍ എവിടെ ആയിരിക്കും
കുര്യന്‍ പറഞ്ഞതാണു ശരി.. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ അന്നില്ലാഞ്ഞതു നന്നായി.. ചില കണ്ണികള്‍ നഷ്ടപ്പെടുന്നത് നല്ലതാണ്
ഓര്‍മ്മകള്‍ നിത്യഹരിതങ്ങളായി പടര്‍ന്നുനില്‍ക്കും, മനസിന്റെ താഴവരകളില്‍......
പിന്നെയും നടന്നു...
മൊബൈല്‍ റിംഗ് ടോണുകള്‍ക്കിടയിലൂടെ
പുതിയ വേഷങ്ങള്‍ക്കിടയിലൂടെ
പുതിയ വാഹനങ്ങള്‍ക്കിടയിലൂടെ
വഴി രണ്ടായി പിരിയുന്നിടത്തുവച്ച് കുര്യന്‍ ചോദിച്ചു
“എന്താ നിന്റെ മോളുടെ പേര്? “
“മൈഥിലി..”
“സര്‍ട്ടിഫിക്കറ്റ് ഞാനെടുത്തുവച്ചേക്കാം.. നാളെ രാവിലെ വന്നു വാങ്ങിച്ചോ...”
ഒറ്റയ്ക്ക് നടക്കുമ്പോള്‍ മനസില്‍ ഒരു പുതിയ കാമ്പസ് ഉയര്‍ന്നു വന്നു..
ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിയര്‍ത്തു വരുന്ന ഒരു കൌമാരക്കാരി
ലൈബ്രറിയില്‍ റഫറന്‍സ് ബുക്കുകള്‍ തിരയുന്ന, മുടി പിന്നിലേക്ക് കെട്ടിവച്ച സുന്ദരി
ഗൂഗിളില്‍ നേരം പുലരുംവരെ ഇഷ്ടവിഷയത്തിലെ പുതിയ റൈറ്റപ്പുകള്‍ തേടി ഇരിക്കുന്നവള്‍
ലക്ഷ്യം ആദ്യമേ കണ്ടവള്‍..മാര്‍ഗം അതിന്നായി തിരഞ്ഞെടുക്കുന്നവള്‍
ഹോര്‍മോണുകള്‍ക്ക് കീഴ്പെടുത്താനാവാത്ത ആണ്‍-പെണ്‍ സൌഹൃദം സ്വന്തമായുള്ളവള്‍
അവളുടെ പേര് മൈഥിലി....
നാളെ കുര്യന്റെ മേശപ്പുറത്ത് അവളുടെ ജനനസര്‍ട്ടിഫിക്കറ്റ് എന്നെ കാത്തിരിക്കും.............