Wednesday, 2 May 2007

സദാശിവന്‍പിള്ള സാറും റോക്കറ്റും..

ബ്രിജ്‌.വിഹാറിലെ വരണ്ട ചൂടുള്ള കൊതുകുള്ള രാത്രികളില്‍ ചിലപ്പോഴൊക്കെ മനസ്‌ എണ്റ്റെ സ്വന്തം തട്ടകമായ, ബാല്യകാലം ചിറകും റബ്ബര്‍ മുട്ടായിയും പറത്തിയാടിയ പയ്യനാമണ്‍ യു.പി.സ്കൂളിണ്റ്റെ പടിയ്ക്കലും, മുറ്റത്തും ഓലമേഞ്ഞ ക്ളാസ്‌ മുറികളിലും മേഞ്ഞു നടക്കും.

മാങ്ങാച്ചുനയും ചാമ്പക്ക ടേസ്റ്റും "തൊടറവറിണ്റ്റെ" യും പുതിയ പുസ്തകം നിവര്‍ത്തിയതിണ്റ്റേയും മണവും ഞാനാദ്യം ഞാനാദ്യം എന്നു പറഞ്ഞു ഓര്‍മ്മകളില്‍ ക്യൂ നില്‍ക്കുമ്പൊഴാണു, ഇവയെയൊക്കെ തള്ളിമാറ്റിക്കൊണ്ട്‌, ആരെടാ അവിടെ എന്നു അക്രോശിച്ചു കൊണ്ട്‌ കൈയില്‍ ഒരു വടിയും കണ്ണുകളില്‍ ചുവപ്പുമായി ഒരു ഭീകരരൂപം കടന്നുവരുന്നത്‌. സാപിള്ള എന്നു സഹപ്രവര്‍ത്തകര്‍ക്കിടയിലും , സുപ്രു എന്നു അരുമ ശിഷ്യര്‍ക്കിടയിലും അറിയപ്പെട്ടിരുന്ന ഞങ്ങളുടെ സ്വന്തം സദാശിവന്‍ പിള്ള സര്‍.

മലയാലപ്പുഴയില്‍ നിന്നു വരുന്ന വണ്ടി പഞ്ചറാവണേ പരമശിവാ എന്ന്, തനി കമ്യൂണിസ്റ്റായ തെങ്ങുകയറ്റക്കാരന്‍ സഹദേവന്‍ ചേട്ടണ്റ്റെ മൂത്ത മകന്‍ അനീഷ്‌ വരെ പ്രാര്‍ത്ഥിച്ചത്‌, ഈ മാതൃകാദ്ധ്യാപകണ്റ്റെ കൈയിലിരുപ്പും കൈത്തരിപ്പും ഏറെ അനുഭവിച്ചതു കൊണ്ടാണു.

ഡിസര്‍ഡിയ എന്ന കമ്മ്യൂണിസ്റ്റ്‌ ചെടിയുടെ ഇല, ഇടം കൈവിരലുകള്‍ വട്ടത്തില്‍ പിടിച്ച്‌ അതിണ്റ്റെ മുകളില്‍ വച്ചു വലം കൈകൊണ്ട്‌ ആഞ്ഞടിച്ച്‌ "ടപ്പോ" എന്ന ശബ്ദം കേള്‍പ്പിച്ചു രസിച്ച അനീഷിണ്റ്റെ ചെവിക്കു പിടിച്ച്‌ "അതിലും വലിയ ശബ്ദം ഞാന്‍ കേള്‍പ്പിച്ചു തരാമെടാ" എന്നു അക്റോശിച്ച തുടയ്ക്കു ചൂരല്‍ പ്രയോഗം നടത്തിയ ക്രൂരന്‍..

ഐസ്‌ വില്‍പ്പനക്കാരന്‍ പരമുവമ്മാവണ്റ്റെ കൈയില്‍നിന്നു വാങ്ങിയ ചുവന്ന കോലൈസിണ്റ്റെ ക്വാളിറ്റി മുഖത്തും, വെള്ളയുടുപ്പിലും പടര്‍ത്തി "ചിത്തിരത്തോണിയിലക്കരെ പോകാനെത്തിടാമോ പെണ്ണേ" എന്ന് പാട്ടും പാടി വന്ന ശ്യാംകുമാര്‍ എന്ന ആറാം ക്ളാസുകാരനെ പിടിച്ച്‌, തലയില്‍ ഐസ്‌ വച്ച്‌ അതുരുകുന്നതു വരെ വരാന്തയില്‍ നിര്‍ത്തി ആത്മസം പൃതിയടഞ്ഞ ജരാസന്ധന്‍.

ഹെഡ്‌ മാസ്റ്റര്‍ സ്വാമിസാര്‍, കുപ്പിയില്‍ ആസിഡ്‌ ഒഴിച്ച്‌ അതില്‍ എന്തൊക്കെയോ വാരിയിട്ട്‌ ഹൈഡ്രജന്‍ വാതകമുണ്ടാക്കി, ബലൂണ്‍ നിറച്ചു പറത്താന്‍ തുടങ്ങിയപ്പോള്‍, "സുപ്രുസാറിനേക്കൂടെ അതില്‍ തൂക്കിയിട്‌ സാറെ" എന്നു ഞങ്ങളുടെ തോഴന്‍ ജയ്സണ്‍ സാമുവല്‍ പതുക്കെ വിളിച്ചു പറഞ്ഞത്‌ തികച്ചും ന്യായം തന്നെയാണു. കാറ്റും കൊണ്ടു ചുമ്മാ നില്‍ക്കുന്നവനെയും ഒന്നു കിഴുക്കുക എന്നതു സാപിള്ളസാറിണ്റ്റെ ഒരു ഹോബിയായിരുന്നു..

പക്ഷേ എന്തൊക്കെപറഞ്ഞാലും ക്ളാസിനകത്ത്‌ അദ്ദേഹം സാദാ സമാധാനപ്രിയന്‍. "സ്പെയര്‍ ദ കെയിന്‍" എന്ന യൂറോപ്യന്‍ വിദ്യാഭ്യാസ രീതിയുടെ ആരാധകന്‍. പിള്ളാരെ തല്ലില്ല. ചോദ്യം ചോദിക്കില്ല. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ സര്‍ക്കാര്‍ വക ആടുന്ന കസേരയില്‍ , ഡെസ്കിലോട്ടു കാലു രണ്ടും കയറ്റിവച്ചു ഒരു സുഖം ഉറക്കമാണു. ബെല്ലടിക്കുന്നതു വരെ. ഒരു ടേമിലേക്കുള്ള സിലബസ്‌ രണ്ടുദിവസം കൊണ്ട്‌ , വെള്ളച്ചാട്ടം പോലെ വായിച്ച്‌ തീര്‍ക്കും. മൂന്നാം ദിവസം മുതല്‍, ക്ളാസില്‍ വരുന്ന ഉടനെ ഒരു ചോദ്യം ആണു "പിള്ളാരെ, സംശയം വല്ലതുമുണ്ടോ?"
ഡെസ്കിനടിയില്‍ നിന്ന് "നാന" സിനിമ വാരിക പുറത്തെടുത്തു ബാക്‌ ബെഞ്ച്‌ ലീഡര്‍ കുഞ്ഞാപ്പി വിളിച്ചു പറയും "ഇല്ല സാര്‍........"
അഥവാ "സംശയം ഉണ്ട്‌ സാര്‍" എന്നു വല്ലൊം പറഞ്ഞുപോയാല്‍ , സുപ്രു സര്‍ കണ്ണുരുട്ടി "പടിപ്പിക്കുമ്പോള്‍ വായിനോക്കിയിരുന്നിട്ടു ഇപ്പോള്‍ തമിചയം കൊണ്ട്‌ വന്നിരിക്കുന്നു ശവികള്‍" എന്നു പറഞ്ഞു ഉറക്കത്തിനുള്ള ഫസ്റ്റ്‌ സ്റ്റെപ്പായ മുണ്ടുതിരുകല്‍ തുടങ്ങും എന്ന് അറിയാവുന്നത്‌ കൊണ്ട്‌ മുന്‍ ബെഞ്ചിലെ മാന്യന്‍ മാരും മിണ്ടാതിരിക്കും.

അനു.പി.നായരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ വളമുറി കളി, ജയചന്ദ്രണ്റ്റെ നേതൃത്വത്തില്‍ ആണ്‍കുട്ടികളുടെ പൈസാ കളി, മിതവാദികളുടെ ഗ്രൂപ്‌ നേതാവായ അരവിന്ദണ്റ്റെ നേതൃത്വത്തില്‍ സിനിമാക്കഥ പറച്ചില്‍, പരദൂഷണത്തില്‍ ഒട്ടും താല്‍പര്യം ഇല്ലാത്ത ഞാന്‍ അടക്കമുള്ള നല്ല പിള്ളേരുടെ ഇടയില്‍ ആണ്‍ സാറിനെയും പെണ്‍സാറിനെയും ചേര്‍ത്ത്‌ പ്ളസ്‌ ഇട്ട കഥപറച്ചില്‍ , ഇത്യാദി ലെഷര്‍ ആക്റ്റിവിറ്റി ഒക്കെ നടക്കുന്നത്‌ സുപ്രുസാറിണ്റ്റെ ക്ളാസില്‍ വച്ചാണു.

ഇങ്ങനെ പ്രകൃതിയില്‍ നിന്ന് നേരിട്ടു കാര്യങ്ങള്‍ പിള്ളാര്‍ പടിക്കുമ്പോള്‍, സദാശിവന്‍ സാര്‍ "എണ്റ്റെ ഖല്‍ബിലെ വെണ്ണിലാവു നീ" എന്ന പാട്ടില്‍ ഓഡിയന്‍സ്‌ ഇരുന്നു ആടുന്നപോലെ ഉറക്കത്തിലെ ആട്ടം ഗംഭീരമായി നടത്തും. പിന്നെ സാറിനു ബോധം തിരിച്ചു കിട്ടണമെങ്കില്‍ ഒന്നുകില്‍ ബെല്ലടിക്കണം, അല്ലെങ്കില്‍ ഈച്ച മുഖത്ത്‌ പറ്റണം.

ഈ ഉറക്കത്തിനിടയിലാണു സുപ്രുസാറിണ്റ്റെ ആ സോ കോള്‍ഡ്‌ കണികാണിക്കല്‍. ഡെസ്ക്കിലേക്ക്‌ ഉയര്‍ത്തി വച്ച കാലിനടിയിലൂടെ , ചീനവല താഴുന്നപോലെ പച്ചക്കരയന്‍ മുണ്ട്‌ പതുക്കെ താഴും. സര്‍ക്കാര്‍ വക ഡെസ്കിനു കാലുകളും ടോപും മാത്രമേയുള്ളതുകൊണ്ട്‌, സുപ്രുസാറിണ്റ്റെ, രാജസ്ഥാന്‍ മേക്‌ ടൈല്‍.സിണ്റ്റെ ഡിസൈനുള്ള അണ്ടര്‍വെയര്‍ കണിയായി മുന്നിലിരിക്കുന്ന നാല്‍പതോളം കുട്ടികളുടെ മുന്നില്‍ വിടരും. ആദ്യമൊക്കെ ചിരിക്കുമായിരുന്നു എങ്കിലും സംഗതി ഒരു ശീലമായപ്പോള്‍ പിള്ളാര്‍ക്ക്‌ ഒരുദിവസം കണികണ്ടില്ലെങ്കില്‍ എന്തോ മിസായി എന്ന തോന്നലായി.

ഞങ്ങളുടെ ക്ളാസിലെ കുട്ടികളുടെ ഭാവനയെ രാകിയെടുക്കുന്നതില്‍ സാറിണ്റ്റെ ഈ ഇരുപ്പിനു നല്ല പങ്കുണ്ടായിരുന്നു. ഭാവിയിലെ വേള്‍ഡ്‌ ക്ളാസ്‌ കോപ്പി റൈറ്റെഴ്സ്‌ ആണു ഞങ്ങള്‍ എന്ന ഭാവത്തിലാണു അന്നു ഞങ്ങള്‍ മത്സരിച്ചു ക്യാപ്ഷന്‍ കൊടുത്തിരുന്നതു. പുതിയ അണ്ടര്‍വെയര്‍ ഇട്ടു വരുന്ന ദിവസം "ഓ..എന്തൊരു ചേഞ്ച്‌...", നീലം മുക്കിയ വെള്ള ഇട്ടുവരുന്ന ദിവസം "തുള്ളിനീലം ഹായ്‌..റീഗല്‍ തുള്ളിനീലം ഹായ്‌" അല്‍പം നീളം കൂടിയത്‌ ഇടുന്ന ദിവസം "തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം" തുടങ്ങിയ വാചകങ്ങള്‍ ഞങ്ങളുടെ മനസില്‍ വിരിയിച്ചു കൂര്‍ക്കം വലിച്ചുറങ്ങി ശ്രീമാന്‍.

അങ്ങനെ കണികണ്ടും ചിരിച്ചും കോപ്പി എഴുതിയും ഞങ്ങള്‍ വാണിരുന്ന കാലത്താണു, മൂന്നു തവണ ഏഴാം ക്ളാസില്‍ത്തന്നെ ഇരുന്നിട്ടും "പടിച്ചിട്ടു ഒരു തൃപ്തിയായില്ല, ഇക്കൊല്ലം കൂടൊന്നു നോക്കാം" എന്ന മട്ടില്‍ അവിടെത്തന്നെ തുടരുന്ന മീശമുളച്ച ജയചന്ദ്രനൊരു നല്ലബുദ്ധിയുദിക്കുന്നതു. "എടാ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഇരിക്കുന്ന ഈ ക്ളാസില്‍ , സാറിണ്റ്റെ ഈ ഇരിപ്പു മോശമാണു.. നമുക്കിതു നിര്‍ത്തണം" പാര്‍ലമെണ്റ്റില്‍ പിന്നെ ഹോട്ട്‌ ഡിബേറ്റായി.. നിര്‍ത്തണം എന്നു ചിലര്‍..വേണ്ടായെന്നു ചിലര്‍.. നിര്‍ത്തണം, പക്ഷേ എങ്ങനെ യെന്നു മറ്റു ചിലര്‍. ഒടുവില്‍ ഭൂരിപക്ഷ അഭിപ്രായം സാറിനെതിരായി. "നമുക്കിതിനു തടയിടണം. സാറിണ്റ്റെ ഈ കണികാണിക്കല്‍ നിര്‍ത്തണം".

പക്ഷേ എങ്ങനെ?
ആ ചോദ്യം അവശേഷിച്ചു.

"സാറിനോടു തന്നെ നേരിട്ടു പറഞ്ഞാലോ. സാറെ, പ്ളീസ്‌ ഇനി മേലാല്‍ ചീനവല താഴ്ത്തരുത്‌. മോറലി ദിസ്‌ ഈസ്‌ നോട്ട്‌ ഗുഡ്‌".

ശാന്തശീലനായ മാങ്ങാണ്ടി മനോജ്‌ ആണു ഇങ്ങനെ അഭിപ്രായപ്പെട്ടതു.

"ഒത്തു.." ജയചന്ദ്രന്‍ പൊട്ടിച്ചിരിച്ചു. "കുറുക്കാ കുറുക്കാ നീ ഇനി കോഴിയെ പിടിക്കല്ലെ" എന്നു കോഴിക്കുഞ്ഞു കുറുക്കനോട്‌ തന്നെ പറഞ്ഞാലത്തെ അവസ്ഥയായും പിന്നെ"

ഒടുവില്‍ ജയന്‍ തന്നെ പറഞ്ഞു..
"ഞാന്‍ കമ്പ്ളയിണ്റ്റ്‌ കൊടുക്കും. ഹെഡ്‌.മാസ്റ്റര്‍ക്ക്‌..നിന്നെപ്പോലുള്ള പേടിത്തൊണ്ടന്‍മരൊന്നും വേണ്ടാ,.. ഞാന്‍ തന്നെ പറഞ്ഞോളാം.. "

ജയചന്ദ്രന്‍ നെഞ്ചു വിരിച്ചു മുന്നിലും, ഞാന്‍ അടക്കമുള്ള അഞ്ചുപേറ്‍ നെഞ്ചുപിടച്ച്‌ പിന്നിലും ഹെഡ്‌ മാസ്റ്റര്‍ സ്വാമി സാറിണ്റ്റെ മുറിയിലെത്തി.

കണ്ട കാഴ്ച ഉരല്‍ ചെന്നു മുച്ചെണ്ടയോടു പറയുമ്പൊലെ ആയി.

സ്വാമിസാര്‍, ഒരു കാല്‍ ജനല്‍പടിയിലും മറ്റേ കാല്‍ മേശപ്പുറത്തും വച്ചു അതിലും മേന്‍മയുള്ള കണിയുമായി ഉറങ്ങുന്നു.

"ഇതിലും ഭേദം നമ്മുടെ സുപ്രുസാറാടാ" എന്ന ജയണ്റ്റെ നിലപാടില്‍ യോജിച്ചു ഞങ്ങള്‍ പിന്‍ വാങ്ങി.

"വഴിയുണ്ട്‌.. പേടിക്കെണ്ടാ.. നാളെയാവട്ടെ.... എന്തു വന്നാലും ഇതു ഞാന്‍ നിര്‍ത്തും" ജയന്‍ പൊടിമീശ തടവിപ്പറഞ്ഞു.

അങ്ങനെയാണു, ബാക്‌ ബെഞ്ച്‌ തുമ്പാ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രമായി മാറുന്നതു. സീനിയര്‍ എന്‍.ജിനീയര്‍ ആയി ജയചന്ദ്രനും, അസോസിയേറ്റഡ്‌ ആന്‍ഡ്‌ അസിസ്റ്റന്‍സ്‌ ആയി ബാക്കി നാലുപേരും.

പദ്ധതി ഇപ്രകാരം. ബുധനാഴ്ച സാറ്‍ ക്ളാസില്‍ ഉറങ്ങുമ്പോള്‍, ജയചന്ദ്രന്‍ കട്ടിക്കടലാസില്‍ തീര്‍ത്ത റോക്കറ്റ്‌ വിക്ഷേപിക്കുന്നു. റോക്കറ്റ്‌ , സുപ്രുസാറിണ്റ്റെ തുറന്ന മുണ്ട്‌ ലക്ഷ്യമാക്കി കുതിക്കുന്നു. അങ്ങനെ നാല്‍പതു കുട്ടികളുടെ അഭിമാനത്തിണ്റ്റെ ഓര്‍ബിറ്റിലേക്കു വിജയകരമായി ദൌത്യം പൂര്‍ത്തിയാക്കിയശേഷം പി.എസ്‌.എല്‍.വി താഴെ പതിക്കുന്നു..

സംഗതി തീക്കളിയാണു. പക്ഷേ ഒരു നല്ലകാര്യത്തിനായതുകൊണ്ട്‌ ഏഴാം ക്ളാസ്‌ മുഴുവന്‍ (പെണ്‍കുട്ടികള്‍ അറിഞ്ഞിട്ടില്ല) സമ്മതിക്കുന്നു.

ബുധനെത്തി.

ആകാംഷയും ആശങ്കയും നിറഞ്ഞ അന്തരീക്ഷം. പതിവുപോലെ സുപ്രുസാര്‍ പിള്ളാര്‍ക്ക്‌ സംശയം ഒന്നുമില്ല എന്നുറപ്പുവരുത്തി ഉപവിഷ്ടനായി. പതിവുപോലെ കാലുകള്‍ മേശപ്പുറത്തു പ്രതിഷ്ടിച്ചു. പതിവുപോലെ ചീനവല പതുക്കെ താണു.

ഐ. എസ്‌.ആറ്‍.ഓ ടീം റെഡിയായി പുറകിലെ ബെഞ്ചില്‍. ചീഫ്‌ എന്‍.ജിനീയര്‍ ജയചന്ദ്രന്‍ കടലാസ്‌ റോക്കറ്റ്‌ തയ്യാറാക്കി. ബാക്കി നാലുപേരും ക്വാളിറ്റി ചെക്ക്‌ ചെയ്ത്‌ കടലിലേക്കു വീഴില്ല എന്നുറപ്പു വരുത്തി. കൌണ്ട്‌ ഡൌണ്‍ തുടങ്ങുമ്പോഴേക്കും എല്ലാകുട്ടികളും ജീവരക്ഷാര്‍ത്ഥം മുഖം ഡെസ്കിലൊളിപ്പിച്ച്‌ ഉറക്കം അഭിനയിക്കണം എന്നു സ്പെഷ്യല്‍ നിറ്‍ദ്ദേശം ജയന്‍ നല്‍കിയിരുന്നു. റബര്‍ ബാന്‍ഡ്‌ റൊക്കറ്റില്‍ വച്ചു ജയന്‍ വലിച്ചു പിടിച്ചു. ഒരു കണ്ണടച്ചു മറ്റേക്കണ്ണുകൊണ്ട്‌ സദാശിവന്‍ സാറിണ്റ്റെ ഭ്രമണപഥം നോക്കി രണ്ടു സെക്കണ്റ്റ്‌ നിന്നു. ഒടുവില്‍ സകലദൈവങ്ങളെയും മനസില്‍ ധ്യാനിച്ച്‌ കൈ വിട്ടു..

"ശൂ........ ......... ...... "
വായുവിലൂടെ റൊക്കറ്റ്‌ ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു. കമഴ്ന്നു കിടന്നു ചിരിയടക്കുന്ന ദിനേശണ്റ്റെ മുടിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍.. നേരേ സാറിണ്റ്റെ മേശയ്ക്കടിയിലൂടെ....ഓര്‍ബിറ്റില്‍ എത്തി...

തെങ്ങോലപോലെ ആടിയാടി യുറങ്ങുന്ന സദാശിവന്‍പിള്ള സറ്‍ "ഊ..........യ്‌...." എന്ന ഞെട്ടലോടെ പിടഞ്ഞു കാല്‍ മേശപ്പുറത്തുനിന്ന് എടുത്തു.ഒരുകാല്‍ നേരത്തെതന്നെ പണിമുടക്കിയിരുന്ന കസേരയും സാറും ഒരുമിച്ചു ദാ തറയില്‍..

ഞരക്കവും, പടപടാ ശബ്ദവും കേട്ട്‌, അപ്പുറത്തെ ക്ളാസില്‍ "ഇവന്‍ മാരെ കണക്കു പടിപ്പിച്ചാലും കണക്കാ" എന്ന പോളിസിയില്‍, മോശമല്ലാത്ത കൂര്‍ക്കത്തോടെ ഇരുന്നുറങ്ങിയ കുറുപ്പു സാര്‍ ഞെട്ടിയെഴുന്നേറ്റു. പരമ്പുകൊണ്ടുള്ള പാര്‍ട്ടീഷ്യനിലൂടെ എത്തിനോക്കുമ്പോള്‍, , "അശകൊശലേ പെണ്ണുണ്ടോ, പെണ്ണിനു പൊന്നുണ്ടോ" എന്ന പാട്ടില്‍ പെണ്‍ പിള്ളാരു പാവാടത്തുമ്പു അല്‍പം പൊക്കി നൃത്തം ചെയ്യുന്നപോലെ, സദാശിവന്‍ പിള്ള സാറ്‍ മുണ്ടുയര്‍ത്തി, പല്ലിയോ പാറ്റയോ ഉള്ളില്‍ വിഭോ എന്ന് ശങ്കിച്ചു തുള്ളൂന്നു.

ഉറക്കച്ചടവിനിടയിലും കുറുപ്പു സര്‍ ഒന്നു ചിരിച്ചു "ഞാന്‍ പറഞ്ഞില്ലേ സാപിള്ള സാറെ...പാണ്റ്റിട്ടു ശീലിക്കാന്‍" എന്ന അര്‍ഥത്തില്‍.

ആയകാലത്തു തന്നെ പഞ്ചസാരയുടെ അസുഖം അനുഗ്രഹിച്ച മാത്യു സാറ്‍, പതിനൊന്നാം തവണയും മൂത്രപ്പുര സന്ദര്‍ശിച്ചു മടങ്ങിവരുമ്പോള്‍ ആണു, പതിവില്ലാതെ ഉണര്‍ന്നു നില്‍ക്കുന്ന സദാശിവന്‍ സാറിനെ കണ്ട്‌ അത്ഭുതം കൂറി ക്ളാസിണ്റ്റെ വാതിലില്‍ വന്നു നോക്കിയതു. "എന്തു പറ്റി സാറെ എന്നു ചോദിക്കുന്നതിനു മുമ്പു തന്നെ മിഷന്‍ പൂര്‍ത്തിയാക്കിയ റൊക്കറ്റ്‌ ഡിം എന്നു താഴെ വീണു. "സാറെന്താ "മുണ്ടകം" പാടത്തു റോക്കറ്റ്‌ കൃഷി തുടങ്ങിയൊ" എന്നൊരു കമണ്റ്റ്‌ മനസില്‍ പാസാക്കി മാത്യു സാറും പോയി..

ഈ പണി ചെയ്തതു ജയചന്ദ്രന്‍ തന്നെ ആണെന്നു സാറിനുറപ്പു വന്നതെങ്ങനെയാണാവോ.. ലക്ഷ്യം തെറ്റാതെ എറിയാന്‍ വേറെ ആരും ആ ക്ളാസില്‍ ഇല്ല എന്നു തോന്നിയിട്ടാവാം. പണ്ടവന്‍ തെറ്റാലി വച്ഛ്‌ പ്രാവിനെ വീഴിത്തിയപ്പോള്‍ കൈത്തരിപ്പു മാറ്റിയത്‌ സുപ്രുസാര്‍ തന്നെ ആയിരുന്നല്ലോ.. അതുമല്ലെങ്കില്‍, ആകാശം ഇടിഞ്ഞു വീണാലും ഡെസ്കില്‍ തല കമിഴ്ന്നു വീഴാത്ത ജയന്‍ അന്നു അങ്ങനെ കിടന്നിട്ടാവാം.

ഏതായാലും ഇതിണ്റ്റെ പേരില്‍ സുപ്രുസാറ്‍ ഒരു ഫൈവ്‌ സ്റ്റാര്‍ ചോക്ളേറ്റ്‌ ജയനു ഓഫര്‍ ചെയ്തു. സംഗതി പുറത്തു പറയാതിരിക്കാന്‍ .

അന്നു തൊട്ട്‌ സദാശിവന്‍ പിള്ള സാറ്‍, ഇരുത്തത്തിണ്റ്റെ പൊസിഷന്‍ മാറ്റുകയും കുറച്ചുകൂടി സേഫായ രീതി പിന്തുടരുകയും ചെയ്തു.

21 comments:

G.MANU said...

മാങ്ങാച്ചുനയും ചാമ്പക്ക ടേസ്റ്റും "തൊടറവറിണ്റ്റെ" യും പുതിയ പുസ്തകം നിവര്‍ത്തിയതിണ്റ്റേയും മണവും ഞാനാദ്യം ഞാനാദ്യം എന്നു പറഞ്ഞു ഓര്‍മ്മകളില്‍ ക്യൂ നില്‍ക്കുമ്പൊഴാണു, ഇവയെയൊക്കെ തള്ളിമാറ്റിക്കൊണ്ട്‌, ആരെടാ അവിടെ എന്നു അക്രോശിച്ചു കൊണ്ട്‌ കൈയില്‍ ഒരു വടിയും കണ്ണുകളില്‍ ചുവപ്പുമായി ഒരു ഭീകരരൂപം കടന്നുവരുന്നത്‌. സാപിള്ള എന്നു സഹപ്രവര്‍ത്തകര്‍ക്കിടയിലും , സുപ്രു എന്നു അരുമ ശിഷ്യര്‍ക്കിടയിലും അറിയപ്പെട്ടിരുന്ന ഞങ്ങളുടെ സ്വന്തം സദാശിവന്‍ പിള്ള സര്‍.


ബ്രിജ്‌.വിഹാറില്‍ നിന്ന് മാറി ...മനസ്‌ ബാല്യത്തിലേക്കു പോയ ഒരു നിമിഷം...

Anonymous said...

ആയകാലത്തു തന്നെ പഞ്ചസാരയുടെ അസുഖം അനുഗ്രഹിച്ച മാത്യു സാറ്‍, പതിനൊന്നാം തവണയും മൂത്രപ്പുര സന്ദര്‍ശിച്ചു മടങ്ങിവരുമ്പോള്‍ ആണു, പതിവില്ലാതെ ഉണര്‍ന്നു നില്‍ക്കുന്ന സദാശിവന്‍ സാറിനെ കണ്ട്‌ അത്ഭുതം കൂറി ക്ളാസിണ്റ്റെ വാതിലില്‍ വന്നു നോക്കിയതു. "എന്തു പറ്റി സാറെ എന്നു ചോദിക്കുന്നതിനു മുമ്പു തന്നെ മിഷന്‍ പൂര്‍ത്തിയാക്കിയ റൊക്കറ്റ്‌ ഡിം എന്നു താഴെ വീണു. "സാറെന്താ "മുണ്ടകം" പാടത്തു റോക്കറ്റ്‌ കൃഷി തുടങ്ങിയൊ" എന്നൊരു കമണ്റ്റ്‌ മനസില്‍ പാസാക്കി മാത്യു സാറും പോയി..

Good......

O¿O (rAjEsH) said...

ആദ്യമൊക്കെ ചിരിക്കുമായിരുന്നു എങ്കിലും സംഗതി ഒരു ശീലമായപ്പോള്‍ പിള്ളാര്‍ക്ക്‌ ഒരുദിവസം കണികണ്ടില്ലെങ്കില്‍ എന്തോ മിസായി എന്ന തോന്നലായി!!
എന്നാലും ഇത്ര ക്രൂരത പാടില്ല… (അസൂയ അസൂയ):)

sandoz said...

മനൂ..ഇങ്ങനെ ഒരു ഉറക്കം തൂങ്ങി സാര്‍ എന്നേം പഠിപ്പിച്ചിട്ടുണ്ട്‌.പുള്ളി പിന്നെ ഇടക്കിടക്ക്‌ ഉണരും...മൂക്കിപ്പൊടി വലിക്കാന്‍.....പാന്റ്‌ ആയിരുന്നു വേഷം..അതു കൊണ്ട്‌ കര്‍ട്ടന്‍ മാറി കാഴ്ചകള്‍ തുറന്ന് കണ്ടിരുന്നില്ലാ....

നന്നായിട്ട്‌ എഴുതി....

വേണു venu said...

മനൂ, രസിച്ചു വായിച്ചു. നല്ല എഴുത്തു്. ഫലിതം കൃത്രിമത്വമില്ലാതെ കടന്നു വരുന്നു.:)

സുന്ദരന്‍ said...

മനു ബ്രിജ്‌വിഹാരത്തില്‍നിന്നും പുറത്തിറങ്ങിയത് കണിയുമായിട്ടാണല്ലോ...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്....ഇതുമുഴുവന്‍ അടിപൊളിനമ്പരുകള്‍തന്നെ

Anonymous said...

ഇങ്ങനെ പ്രകൃതിയില്‍ നിന്ന് നേരിട്ടു കാര്യങ്ങള്‍ പിള്ളാര്‍ പടിക്കുമ്പോള്‍, സദാശിവന്‍ സാര്‍ "എണ്റ്റെ ഖല്‍ബിലെ വെണ്ണിലാവു നീ" എന്ന പാട്ടില്‍ ഓഡിയന്‍സ്‌ ഇരുന്നു ആടുന്നപോലെ ഉറക്കത്തിലെ ആട്ടം ഗംഭീരമായി നടത്തും. പിന്നെ സാറിനു ബോധം തിരിച്ചു കിട്ടണമെങ്കില്‍ ഒന്നുകില്‍ ബെല്ലടിക്കണം, അല്ലെങ്കില്‍ ഈച്ച മുഖത്ത്‌ പറ്റണം

:)

കൊച്ചുമത്തായി said...

അടിപൊളി. തകര്‍പ്പന്‍!
വശ്യമായ, നിര്‍ദോഷമായ നര്‍മ്മം.
ഇഷ്ടപ്പെട്ടു വിഭോ!

Sherlock said...

"അശകൊശലേ പെണ്ണുണ്ടോ, പെണ്ണിനു പൊന്നുണ്ടോ" എന്ന പാട്ടില്‍ പെണ്‍ പിള്ളാരു പാവാടത്തുമ്പു അല്‍പം പൊക്കി നൃത്തം ചെയ്യുന്നപോലെ, സദാശിവന്‍ പിള്ള സാറ്‍ മുണ്ടുയര്‍ത്തി"

ഹ ഹ ഹ സൂപ്പര്‍...

Pramod.KM said...

ഹഹ,മനുവേട്ടാ,,എന്താ ഈ കേക്കുന്നേ..
ഹഹ്.
ഒരു സ്ഥലത്ത് പറ്ദ പൊന്തിക്കല്‍.
വേറൊരു സ്ഥലത്ത് വേലി കെട്ടല്‍.
ഇവിടെ മുണ്ട് പൊക്കല്‍.
ഹഹ.കൊള്ളാം കൊള്ളാം.;)

Pramod.KM said...

ഏതായാലും സൂപ്പറായിട്ടൂണ്ടേ എഴുത്ത്.;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഓഫീസില്‍ വച്ചേകണ്ടു വലിപ്പം കൂടുതലായോണ്ട് ഇപ്പോഴാ വായിച്ചത്. നല്ല വിവരണം.
ഇടയ്ക്കൊക്കെ ചിരിച്ചു.ആത്മാര്‍ത്ഥമായി... :)

അശോക് said...

"സാറെന്താ "മുണ്ടകം" പാടത്തു റോക്കറ്റ്‌ കൃഷി തുടങ്ങിയൊ" എന്നൊരു കമണ്റ്റ്‌ മനസില്‍ പാസാക്കി മാത്യു സാറും പോയി..

That was good...

ലേഖാവിജയ് said...

മനൂ നല്ല നര്‍മബോധം.പഴയ സ്ക്കൂള്‍സ്മരണകളിലേക്കു അതു എന്നെയും കൂട്ടിക്കൊണ്ടു പോയി....ആശംസകള്‍!

myexperimentsandme said...

ഹ...ഹ... ഇതടിപൊളി. ഇപ്പോഴാണല്ലോ കാണുന്നത്. പണ്ട് തോമസ് പാലായുടെ പള്ളിക്കൂടം കഥകള്‍ വായിച്ച് ചിരിച്ചപോലെ ചിരിച്ചു.

നന്നായി എഴുതിയിരിക്കുന്നു.

G.MANU said...

റോക്കറ്റ്‌ കഥ ഇഷ്ടപെട്ട എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

d said...

ഹ ഹ..
റോക്കറ്റ് വിക്ഷേപണം സൂപ്പര്‍...
ഈ കഥ പണ്ടത്തെ സ്കൂള്‍ തമാശകളൊക്കെ ഓര്‍മ്മിപ്പിച്ചു. :)

ഇടിവാള്‍ said...

ഹഹഹ! ഇപ്പൊഴാ ഈ പോസ്റ്റു കണ്ണില്‍ പെട്ടത്..
കിടിലന്‍! അന്തസ്സായി ചിരിച്ചു ഗെഡീ

(("ഇതിലും ഭേദം നമ്മുടെ സുപ്രുസാറാടാ" )) ഇവിടെയെത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചു!

qw_er_ty

G.MANU said...

ഇടിവാള്‍ജി...വൈകി വന്നതിനു പ്രമാദമാന താങ്ക്സ്‌..(തമിഴില്‍ അല്‍പം വീക്കാണേ.. ഹ ഹ)

Anonymous said...

എല്ലാം വായിക്കാറുണ്ട് പക്ഷേ കമ്മന്റ് ഇടാറില്ല. വെരെന്നുംകൊണ്ടാല്ല ഇത്തിരി മടിയനാ.... ഒന്ന് എല്ലാം മറന്നു പൊട്ടിച്ചിരിക്കാന്‍ ഇവിടം തെന്നെ വരണം. മനുവിന് ഒത്തിരി ഉയരത്തില്‍ പറക്കാന്‍ സാദികെട്ടെ.... എപ്പോയും ഞാന്‍ കൂടെ ഉണ്ടേ..
ബഷീര്‍ ദോഹ

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.എന്റമ്മോ.ചിരിച്ചുവശായി.അനുമോദനങ്ങൾ!!!!