Wednesday, 8 August 2007

എന്‍റെ പെണ്ണുകാണല്‍ സാഹസങ്ങള്‍

കഴിഞ്ഞ പോസ്റ്റിലെ അവസാനഭാഗത്തെ തുള്ളന്‍ മുഴുവന്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെട്ട്‌ പലരും വന്നപ്പോള്‍, അവര്‍ക്കായി സാഭിമാനം സമര്‍പ്പിക്കുന്നു "എന്‍റെ പെണ്ണുകാണല്‍ സാഹസങ്ങള്‍ " ഓട്ടന്‍ തുള്ളല്‍. 'പെണ്ണുകെട്ട്‌ ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം' എന്ന പരക്കെ അഭിപ്രായം നിലവില്‍ നില്‍ക്കെ, 'പെണ്ണുകാണല്‍ ആവിഷ്കരിച്ചവനെ കുനിച്ചു നിര്‍ത്തി കൂമ്പിനും പിടലിക്കും ഇടിക്കണം' എന്ന അഭിപ്രായം അതിശക്തമായി രേഖപ്പെടുത്താന്‍ ഈയുള്ളവന്‍ ആഗ്രഹിക്കുന്നു. എന്നെപ്പോലെ തന്നെ, പ്രണയാഭ്യര്‍ത്ഥന നടത്തുവാനല്ലാതെ, പ്രണയിക്കാനും, പ്രണയിച്ചു മോതിരമിടാനുമുള്ള ആഗ്രഹത്തെ 'അങ്ങു പള്ളീപ്പോയി പറഞ്ഞാമതി' എന്ന് ഉടയതമ്പുരാന്‍ വിധിയെഴുതിയ സകല പുരുഷപ്രജകളും എന്നോട്‌ യോജിക്കും എന്നു തന്നെ കരുതുന്നു. ബാച്ചികള്‍ ഊശിയാക്കി ചിരിക്കുമ്പോഴും, പണ്ട്‌ പെണ്ണുകാണാന്‍ നടന്ന് അവസാനം ബ്രോക്കറോട്‌ 'അമ്മാവന്‍റെ മോളെതന്നെ ശരിയാക്കി താ, അല്ലാതിതു നടക്കുമെന്നു തോന്നുന്നില്ല കൊച്ചുപിള്ളേ' എന്ന് ചോദിച്ചുപോയ പലരും ഇത്‌ വായിക്കുമ്പോള്‍ സ്വാനുഭവങ്ങള്‍ സ്വാഹയായി ഓര്‍ത്തുപോകും എന്നു വിശ്വസിച്ചുകൊണ്ട്‌ അടിയന്‍ വിളക്കിനെ നമിക്കുന്നു. ഈയിടെ മനോരമ പത്രത്തില്‍, പെണ്ണുകണ്ട്‌ രക്ഷയില്ലാഞ്ഞ്‌ ഒടുവില്‍ നാടൊട്ടുക്ക്‌ 'വധുവിനെ ആവശ്യമുണ്ട്‌' എന്ന ബാനര്‍ വലിച്ചു കെട്ടിയ പാവം പട്ടാളക്കാരന്‍റെ വാര്‍ത്തയെ ഓര്‍ത്തുകൊണ്ട്‌, ഈ പോസ്റ്റ്‌ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്പെഷ്യല്‍ സ്തുതി ഡല്‍ഹിയിലെ ആര്‍.കെ.പുരം അമ്പലത്തിലെ ശ്രീ അയ്യപ്പന്‍ വിഗ്രത്തിനു മാത്രം.. ബിക്കോസ്‌ ഹീ ഈസ്‌ എ ക്രോണിക്ക്‌ ബാച്ചിലര്‍.. പെണ്ണുകണ്ട്‌ വിയര്‍ക്കേണ്ടിവന്നില്ലല്ലോ ആ ഭാഗ്യവാനു..

ആര്‍.കെ. പുരമതിലമരും ദേവാ
ആര്‍ത്തിയകറ്റും അര്‍ക്ക സുവദനാ
ആര്‍ക്കും നെഞ്ചിലൊരല്‍പ്പമസൂയ
കോര്‍ക്കുന്നവിടുന്നേക വിലാസാ
പെണ്ണില്ലാതെ പൊറുക്കാനുള്ളില്‍
പണ്ടേ തോന്നിയതെത്ര വിവേകം
അല്ലെങ്കില്‍ പണ്ടൂഴിയിലങ്ങൊരു
മല്ലാക്ഷിക്കായ്‌ ഓടിനടന്നി-
ട്ടൊടുവില്‍ 'പുലിയെത്തേടുവതാണിതില്‍
എളുതെ'ന്നോര്‍ത്തു വനം പൂണ്ടേനേ..

പണ്ടൊരു നാളില്‍ പത്തര രാവില്‍
പണ്ടാരം ഒരു ചിന്തയുദിച്ചു
ചപ്പാത്തിപ്പലകയ്ക്കു പിടിക്കാന്‍
ചപ്പും ചവറും വാരിക്കളയാന്‍
അന്തിപ്പടിയില്‍ വരവും കാത്താ-
ചന്ദ്രമുഖം തെല്ലൊന്നു തുടുക്കാന്‍
വേണമെനിക്കും പെണ്‍തുണയെന്നൊരു
വേണ്ടാ മോഹം നെഞ്ചിലുദിച്ചു.

ഇരുപതിനാളിന്നവധിയെടുത്തു
പരിചൊടു മേനി മിനുക്കിയെടുത്തു
മീശവടിച്ചു തിളക്കിയെടുത്തു
ഫേഷ്യല്‍ മൂവുരു ചെയ്തു തുടുത്തു
ഫാഷനുടുപ്പും കളസക്കൂട്ടും
ഭേഷായൊന്നു മടക്കിയെടുത്തു

വീട്ടില്‍ ചെന്നു കുളിയ്ക്കും മുമ്പേ
വാട്ടക്കപ്പ ചിരിയും കൊണ്ടൊരു
ബ്രോക്കര്‍ മാമാ മുന്നിലണഞ്ഞു
'വെക്കമൊരുങ്ങുക കുഞ്ഞേ നല്ലൊരു
ചന്തമിണങ്ങിയ പെണ്ണുണ്ടവളുടെ
തന്തപ്പടി എക്‌സ്‌ മില്‍ട്ടറി വീരന്‍'
നാറാപിള്ളയ്ക്കായുസ്സുണ്ടേല്
‍നാളെത്തന്നെയുറയ്ക്കും കെട്ട്‌..

പത്തുവെളുപ്പിനു വണ്ടി പിടിച്ചു
'പത്തലുകുത്തി' മുറ്റത്തെത്തി
മീശപിരിച്ചും കൊണ്ടൊരു ചേട്ടന്‍
മസിലു പിടിച്ചിട്ടടിമുടി നോക്കി
"കേശവപിള്ള പെണ്ണിന്‍റച്ഛന്‍
കാശ്മീരില്‍ പണ്ടെഴുപത്തൊന്നില്‍
പാകിസ്ഥാനി ബദ്‌മാഷുകളെ
പാടം പലതു പടിപ്പിച്ചവനാ...
ചീറിപ്പായും വെടിയുണ്ടകളെ
വാരിയെടുത്തു പുണര്‍ന്നവനാ ഞാന്‍"

"ഉണ്ടക്കഥകള്‍ നില്‍ക്കട്ടേ പെ-
ണ്ണുണ്ടോ" മന്ദം ചോദിച്ചൂ ഞാന്‍

"മോളേ പാറൂ വന്നാട്ടേ ദാ
ആളുതിരക്കിയിരിപ്പൂ നിന്നെ"

തള്ളവിളിച്ചു പറഞ്ഞൂ "പെണ്ണീ
ച്ചള്ളനെ വേണ്ടെന്നോടി മറഞ്ഞൂ"

വഴിയില്‍ വച്ചു മൊഴിഞ്ഞൂ പിള്ള
"വളവിന്നപ്പുറമുണ്ടൊരു പെണ്ണാ-
മുടിയും വടിവും ചൊടിയും നടയും
തുടുതുടു മുഖവും കുഞ്ഞിനിണങ്ങും"

മൂന്നു മണിക്കന്നവിടെയണഞ്ഞു
മുന്നൂറായി വണ്ടിക്കൂലി

കച്ചിത്തുറുവില്‍ നിന്നൊരു ചേട്ടന്‍
കച്ചമുറുക്കി ചാടിയിറങ്ങി
"കുഞ്ഞേ നിന്നുടെ അമ്മായിയപ്പന്‍
കുഞ്ഞന്‍ പിള്ളച്ചേട്ടന്‍ കേമന്‍
ആഞ്ഞുപിടിച്ചാല്‍ തുറുവില്‍ കയറാം
ആഞ്ഞിലിമരമഞ്ചാറു കിടക്കും"
ഇത്ഥം മൂന്നാന്‍ ചൊല്ലും നേരം
"ഇത്ര കറുത്തവനാണോ ചെക്കന്‍"
പാറനിറം പൂണ്ടുള്ളാ കൊശവന്‍
പാരപണിഞ്ഞാ പോക്കും ചീറ്റി...

"പൈനാമണ്ണില്‍ ചന്തയ്ക്കരികില്‍
പൈനാപ്പിള്‍ പോലുണ്ടൊരു പെണ്ണാ-
ചിരിയും നിറവും കണ്ടാല്‍ നമ്മുടെ
പ്രിയനാം വാജ്‌പേയ്‌ പോലും വീഴും"

കാറുപിടിച്ചന്നവിടെച്ചെന്നു
കാരണമെന്തെന്നപ്പനുരച്ചു
"മോളേയൊന്നു വിളിച്ചാട്ടെ ദാ-
പളപളയെത്തി ദില്ലിവാല"

പെണ്ണിന്‍റപ്പന്‍ വായ പൊളിച്ചു
കിണ്ണത്തലയില്‍ കൈയും വച്ചു
"പിള്ളേയവളുടെ കെട്ടു കഴിഞ്ഞു
പിള്ളയ്ക്കിരുപത്തെട്ടു തികഞ്ഞു
വന്നവഴിക്കു വരിക്കച്ചക്കയില്‍
ഒന്നു കഴിച്ചു മടങ്ങുക നിങ്ങള്‍"

ചുളയും കുരുവും രണ്ടായ്‌ മാറ്റി
ചളവായങ്ങനെ പിള്ള നിറച്ചു
"മുപ്പതു നാഴിക കാറില്‍ വന്നത്ത്‌
ശപ്പാ ചക്ക കഴിക്കാനാണോ"

കോഴഞ്ചേരി പാലക്കരയില്‍
ഏഴുവെളുപ്പിനു തന്നെ വിട്ടു
പടിവാതില്‍ക്കല്‍ നിന്നൊരു പട്ടി
കടുവകണക്കെ ചാടിയടുത്തു
പ്രാണനെടുത്തും കൊണ്ടു കുതിക്കും
പിള്ളച്ചാരുടെ മല്‍മല്‍ മുണ്ടൊരു
ചെടിയുടെ മുള്ളില്‍ കൊണ്ടു

വരയന്‍ നിക്കറുമിട്ടു ഗമിക്കും
നരയന്‍ പിള്ളേ കണ്ടിട്ടാവാം
തള്ളേം പെണ്ണും തന്തേം മുറിയില്‍
തൊള്ളതുറന്നു ചിരിച്ചതു കേട്ടു

"പെണ്ണില്ലേലും വേണ്ടാ പിള്ളേ
പട്ടി കടിച്ചിനി ചാവാന്‍ വയ്യ"

"വൈക്കത്തുണ്ടൊരു മേനൊന്‍ പെണ്ണ്‍
വെക്കം തന്നെ പോകാം കുഞ്ഞേ"
നാട്ടുവിശേഷം ചൊല്ലിയിരിക്കേ
നോട്ടം നാടന്‍ പെണ്ണിലെറിഞ്ഞു

കണ്ണിണ മഞ്ജുവാര്യര്‍ക്കൊപ്പം
കാതിണ മീരാജാസ്മിന്നൊപ്പം
കവിളിണ തമിഴക കനകയ്ക്കൊപ്പം
കഴലിണ നിത്യാദാസിന്നൊപ്പം
ഇങ്ങനെയോരോന്നോറ്‍ത്തു മനസില്‍
കിങ്ങിണിയിട്ടൊരു പന്തലൊരുക്കെ
പെണ്ണിന്‍റപ്പന്‍ വന്നു പറഞ്ഞീ
പൊണ്ണത്തടിയനെ വേണ്ടായിവിടെ

"നരിയാപുരമതിലഞ്ചാം വളവില്‍
നാരിയ്ക്കുത്തമയായൊരു പെണ്ണ്‍
ആങ്ങള രണ്ടും മസ്കറ്റില്‍ പി-
ന്നനിയത്തിക്ക്‌ മെഡിസില്‍ പടനം"

ചായകുടിയ്ക്കും നേരം തന്ത
ചാരത്തേക്കു വിളിച്ചു പിള്ളേ

'കമ്പനി ജോലി കഴുവേറികളെ
കൊണ്ടുവരല്ലീ പടിമുറ്റത്തെ-
ന്നമ്പട ചൊല്ലിയതല്ലേ നിന്നുടെ
കുമ്പയിടിച്ചു കലക്കും ഞാനിനി"

കുടയും ഡയറീം വച്ചു മറന്നു
ഛടുതിയിലങ്ങനെ പിള്ള ഗമിച്ചു
പിറകേ ഞാനും വച്ചു പിടിച്ചു
പിടയിലിട്ടൊരു കുത്തു കൊടുത്തു

"നാറാപിള്ളേ മേലാനിനിയും
നാറിയ കേസും കൊണ്ടു വരല്ലെ"

"ഡൌണാകല്ലേ കുഞ്ഞേ കോന്നി
ടൌണിനടുത്തൊരു പെണ്ണുണ്ടെന്നേ"

എട്ടുമണിയ്ക്കാ തിരുമുറ്റത്തേ-
ക്കോട്ടോയൊന്നിലണഞ്ഞൂ ഞങ്ങള്‍
കുമ്മായപ്പൊടിയിട്ടൊരു മുഖവും
കീരക്കഷണം വച്ചൊരു കണ്ണും
പാവയ്ക്കാ പോലുള്ള കുണുക്കും
പാവാടക്കാരിപ്പെണ്ണൊരുവള്‍

"അമ്പോ ഇവളെ കെട്ടിയെടുത്താല്‍
ശമ്പളമെല്ലാം സബ്ജിക്കാരനു
കീര കണക്കിനു നല്‍കീ ജന്‍മം
കോരക്കുമ്പിളിലാകും പക്കാ "

നെഞ്ചകമിങ്ങനെയോര്‍ത്തു പിടയ്ക്കെ
കൊഞ്ചിമൊഴിഞ്ഞാള്‍ 'പയ്യന്‍ ബോറാ"

തണ്ണിത്തോട്ടില്‍ ചെന്നു പിന്നെ
പെണ്ണില്‍ വകയിലെ വല്യപ്പൂപ്പന്‍
കണ്ണടവച്ചിട്ടെന്നെ നോക്കി
"നെല്ലിടയില്ല പൊലിപ്പീചെക്കനു"

"അപ്പൂപ്പാ ഞാന്‍ പോരും വഴിയില്‍
ഒപ്പമെടുക്കാന്‍ വിട്ടു പൊലിപ്പ്‌
ചെന്നാലുടനെ കൊറിയര്‍ ചെയ്യാം
എന്നാലിവളെ കൂടെ വിടാമോ?"

മീശക്കനമതു പോരെന്നൊരുവള്‍
കീശക്കനമതു പോരെന്നൊരുവള്‍
ആശതികഞ്ഞിട്ടില്ലെന്നൊരുവള്‍
ആശാനെപ്പോലുണ്ടെന്നൊരുവള്‍
സല്‍മാന്‍ഖാനെ പോലൊരു മസിലാ
സങ്കല്‍പ്പത്തിലുറച്ചെന്നൊരുവള്‍
കൊച്ചീക്കായല്‍ ഫ്ലാറ്റിന്നുള്ളില്‍
കൊച്ചുകിനാക്കളെവച്ചെന്നൊരുവള്‍

ചൊല്ലാനിനിയുണ്ടേറെക്കഥകള്‍
പൊല്ലാപ്പായി പോയൊരു കഥകള്‍

അറുപതു പെണ്ണുകള്‍ കണ്ടു കുഴഞ്ഞു
അതിനൊടു ഗാന്ധീ നോട്ട്‌ കൊഴിഞ്ഞു
വടയും പഴവും തിന്നു കൊഴുത്തു
കുടവയറങ്ങനെ ചാടിയുരുണ്ടു
കവിളിണ ചോന്നു തുടുത്തും പോയി
കഴലിണ ചീര്‍ത്തു വിടര്‍ന്നും പോയി
ഇനിയൊരു പെണ്ണും കണ്ടാല്‍ കെട്ടിനു
തുനിയുകയില്ലാ കാര്യം പക്ക

കെട്ടുമുറുക്കി മടങ്ങും നേരം
കെട്ടാനുള്ളൊരു പൂതി കളഞ്ഞു
ആര്‍.കെ. പുരമതിലമരും ദേവാ
ചേര്‍ക്കുക നിന്നുടെ ഗ്രൂപ്പിലിയെന്നെ..

36 comments:

G.MANU said...

വീട്ടില്‍ ചെന്നു കുളിയ്ക്കും മുമ്പേ
വാട്ടക്കപ്പ ചിരിയും കൊണ്ടൊരു
ബ്രോക്കര്‍ മാമാ മുന്നിലണഞ്ഞു
'വെക്കമൊരുങ്ങുക കുഞ്ഞേ നല്ലൊരു
ചന്തമിണങ്ങിയ പെണ്ണുണ്ടവളുടെ
തന്തപ്പടി എക്‌സ്‌ മില്‍ട്ടറി വീരന്‍'
നാറാപിള്ളയ്ക്കായുസ്സുണ്ടേല്
‍നാളെത്തന്നെയുറയ്ക്കും കെട്ട്‌

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

അറുപതു പെണ്ണുകള്‍ കണ്ടു കുഴഞ്ഞു
അതിനൊടു ഗാന്ധീ നോട്ട്‌ കൊഴിഞ്ഞു
വടയും പഴവും തിന്നു കൊഴുത്തു
കുടവയറങ്ങനെ ചാടിയുരുണ്ടു
കവിളിണ ചോന്നു തുടുത്തും പോയി
കഴലിണ ചീര്‍ത്തു വിടര്‍ന്നും പോയി
ഇനിയൊരു പെണ്ണും കണ്ടാല്‍ കെട്ടിനു
തുനിയുകയില്ലാ കാര്യം പക്ക ...

ഹ ഹ ഹ... ഇനി തുനിഞ്ഞാല്‍ കാര്യം പോക്കാ...

Anonymous said...

"ഉണ്ടക്കഥകള്‍ നില്‍ക്കട്ടേ പെ-
ണ്ണുണ്ടോ" മന്ദം ചോദിച്ചൂ ഞാന്‍

ammachiye chirichu marinju


Sajiv

കുഞ്ഞന്‍ said...

"കാശും മീശേം നോക്കാതെ
നിന്നുടെരികില്‍ വന്നണയും
സുന്ദരിയാമവള്‍ മനോമണീ
ശശാങ്കി സത്യം നിന്‍ ചാരെ,
സുമുഖനാമെനുണ്ണി ദുഖിക്കരുതല്ലോ"...

സാല്‍ജോҐsaljo said...

fantastic mashe... very good!

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

മെലോഡിയസ് said...

മനുവേ..അടിപൊളി. നല്ല രസായിട്ടുണ്ട്.

ലേഖാവിജയ് said...

അവസാനം പറ്റിയ പെണ്ണിനെ എവിടുന്നു കിട്ടി എന്നു പറഞ്ഞില്ലല്ലൊ....എന്തായാലും വായനക്കാരനെ ചിരിപ്പിക്കുക എന്നതു ഒരു പ്രത്യേക കഴിവാണു.ആശംസകള്‍!

Sanal Kumar Sasidharan said...

manu,
ഇതുപോലുള്ള പോസ്റ്റിടുമ്പോള്‍ ചിരിയുണ്ട്‌ സൂക്ഷിക്കുക എന്നൊരു ബോര്‍ഡ് തൂക്കണേ പ്ലീസ്.ഓഫീസിലിരുന്നു മോണിറ്ററില്‍ നോക്കി ചിരിക്കുന്നതുകാണുമ്പോള്‍ സഹജോലികള്‍ ഇവനു പ്രാന്തു താന്‍ എന്നു മനസില്‍ പറയുന്നത് കേള്‍ക്കുന്നു.
പിന്നെ ആദ്യത്തെ
ആര്‍.കെ. പുരമതിലമരും ദേവാ
ആര്‍ത്തിയകറ്റും അര്‍ക്ക സുവദനാ
ആര്‍ക്കും നെഞ്ചിലൊരല്‍പ്പമസൂയ
കോര്‍ക്കുന്നവിടുന്നേക വിലാസാ
പെണ്ണില്ലാതെ പൊറുക്കാനുള്ളില്‍
പണ്ടേ തോന്നിയതെത്ര വിവേകം
അല്ലെങ്കില്‍ പണ്ടൂഴിയിലങ്ങൊരു
മല്ലാക്ഷിക്കായ്‌ ഓടിനടന്നി-
ട്ടൊടുവില്‍ 'പുലിയെത്തേടുവതാണിതില്‍
എളുതെ'ന്നോര്‍ത്തു വനം പൂണ്ടേനേ..

ഈ വരികള്‍ ഐതീഹ്യത്തിനു നിരക്കുന്നില്ല.മാളികപ്പുറത്തമ്മയെ ഓര്‍മ്മിക്കുക.

പാകിസ്ഥാനി ബദ്‌മാഷുകളെ
പാടം പലതു പടിപ്പിച്ചവനാ
ഇത് പാഠം എന്നല്ലേ വേണ്ടിയിരുന്നത്‌..?

ശ്രീ said...

മനുവേട്ടാ... അടിപൊളി...

:)

Unknown said...

നന്നായിട്ടുണ്ട് മാഷേ തുള്ളല്‍. രസികന്‍.

Anonymous said...

good very good..........

mcp

R. said...

അയ്യപ്പാ !
ഇതാണോ തുള്ളല്‍പ്പനി?

Dinkan-ഡിങ്കന്‍ said...

കലക്കീണ്ട് ട്ടാ തുള്ളല്‍.. :)

നാരായണ ജയ നാരയണ ജയ
നാരായണ ജയ നാരയണ ജയ
അച്ചുതനേ അരവിന്ദാക്ഷാ ജയ....

സണ്ണിക്കുട്ടന്‍ /Sunnikuttan said...

തട്ടുതകര്‍പ്പന്‍ സാധനം മച്ചു. ഈ വരുന്ന ഓണാഘോഷത്തിന് ഇവനെ എടുത്ത് തട്ടിലോട്ട് കയറ്റിക്കോട്ടെ മാഷെ. അവസാനം കോപ്പി റൈറ്റ് എന്നൊന്നും വന്ന് കാശ് ചോദിക്കല്ലെ കേട്ടോ!

വേണു venu said...

പാവം നാറാപിള്ള.:)

സുന്ദരന്‍ said...

ഓണത്തിനു ഞങ്ങളു പതിവായ് തുള്ളാറുണ്ട്...
ഈവര്‍ഷോം തുള്ളും... പെണ്ണുകാണല്‍ സാഹസങ്ങള് തന്നെയാകട്ടെ
എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ നേരത്തെ പറഞ്ഞേക്കണം.... ഇല്ലെങ്കില്‍
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും..... (സംഘാടകര്...എന്റെ)

SHAN ALPY said...

hridyam sundaram

http://shanalpyblogspotcom.blogspot.com/

G.MANU said...

സനാതനന്‍ജി., അയ്യപ്പന്‍ ഏകാന്തവാസനാണു, മാളികപ്പുറത്തിനെപ്പോലും മാറ്റി നിര്‍ത്തിയവനാണു തുടങ്ങിയ പുരാണങ്ങളില്‍ പിടിച്ചതാണേ.... തെറ്റെങ്കില്‍ മാഷും അയ്യപ്പനും പൊറുക്കണേ......

പിന്നെ എണ്റ്റെ വരമൊഴിയില്‍ വട്ടത്തിലുള്ള ട്ട വഴങ്ങുന്നില്ല മാഷേ....അതിനായി റിസേര്‍ച്ച്‌ നടക്കുന്നു... അതും ഷമി

സണ്ണിക്കുട്ടാ, സുന്ദരാ,, ഏതു തട്ടിലും എപ്പ വേണമെങ്കിലും കയറ്റിക്കോ... ഒരു കണ്ടീഷന്‍ : പ്രോഗ്രാമിണ്റ്റെ പടം ഒന്നു അയച്ചു തരണം... മനോസുഖം ഡോട്ട്‌ കോമിനു വേണ്ടി .. കോപ്പി റൈറ്റ്‌ ഒക്കെ മാളൊകര്‍ക്കു തീറെഴുതി പുള്ളേ..

Ajith Pantheeradi said...

അടിപൊളി . ചിരിച്ചു തുള്ളി!

( ഠ = Tha )

ചീര I Cheera said...

nalla rasamunTAyirunnu vaayiykkaan..

ഉണ്ണിക്കുട്ടന്‍ said...

kalakki manu! really good!!

G.MANU said...

'ഇഠാ' എഴുതാനോതിയ മാരാര്‍
ചേട്ടായിക്കൊരു മിഠായിപ്പൊതി

krish | കൃഷ് said...

സാഹസത്തുള്ളല്‍ വായിച്ചു ചിരിച്ചുപോയി മനൂ.

കലക്കിക്കളഞ്ഞു.

മഴത്തുള്ളി said...

"ഡൌണാകല്ലേ കുഞ്ഞേ കോന്നി
ടൌണിനടുത്തൊരു പെണ്ണുണ്ടെന്നേ"

ഹഹഹ.. തുള്ളല്‍ പാട്ട് കൊള്ളാം. 60 അല്ല 600 പെണ്ണ് കണ്ടെന്നു തോന്നുന്നല്ലോ ഈ പാട്ടിന്റെ നീളം കണ്ടിട്ട് ;)

സുല്‍ |Sul said...

മനു ഇത് അപാരം.
നന്നായിരിക്കുന്നു.
-സുല്‍

അഭിലാഷങ്ങള്‍ said...

മനൂ...
നൈസ്.... :-)

ചില വരികള്‍ നന്നായി ചിരിപ്പിച്ചു.

"ഡൌണാകല്ലേ കുഞ്ഞേ കോന്നി
ടൌണിനടുത്തൊരു പെണ്ണുണ്ടെന്നേ" ..ഹ ഹ :-)

പിന്നെ,

“പാകിസ്ഥാനി ബദ്‌മാഷുകളെ
പാടം പലതു പടിപ്പിച്ചവനാ... “

ഈ “പാടം“ തന്നെയാണോ മനു ഉദ്ദേശിച്ചത്?

ഇടിവാള്‍ said...

വൌ! സൂപര്‍ മനു‍ നമ്പ്യാരേ !

ഗുപ്തന്‍സ് said...

മനൂ...സാഹസം കലക്കി മാഷേ...

എന്നാലും ഈ അറുപതെന്നൊക്കെ കേള്‍ക്കുമ്പോ...ങാ..തമാശിച്ചതായിരിയ്ക്കും , ല്ലേ

Mr. K# said...

മനു, സംഗതി കലക്കി. മനു തുള്ളല്‍ വേഷമൊക്കെ കെട്ടി ഇതൊന്നവതരിപ്പിക്കുന്നതു കാണാന്‍ ഒരാശ. ഡല്‍ഹിയില്‍ എന്നെങ്കിലും മീറ്റുണ്ടാവുമ്പോള്‍ കാണാം അല്ലേ :-)

G.MANU said...

ഞാന്‍ തുള്ളാനോ..എണ്റ്റെ കുതിരവട്ടം ചേട്ടാ...നാട്ടുകാരു പുറത്തു കയറി തുള്ളും.. പാഴ്സല്‍ അഴിച്ചായിരുക്കും അടി...

കാണാം.. കാണണം

മയൂര said...

മനൂ,രസിച്ച് വായിച്ചൂ...ചിരിഅടക്കാന്‍ കഴിഞ്ഞില്ല പലയിടത്തും.....

Visala Manaskan said...

നമിച്ചണ്ണാ... നമിച്ചു!!!

ജി. മനു അല്ലൈ.. മനൂ ജ്ജി താന്‍. നമ്മള്‍ ഫാനായി ചുള്ളാ.. ഫാന്‍!

മിടുക്കന്‍ said...

ഇന്ന് ലീവെടുത്തിരിക്കുവാ.. എല്ലാം ഒന്ന് വായിക്കാന്‍..

കിടിലം..
:)

lajeesh k said...

സൂപ്പര്‍.......