Monday, 1 October 2007

സവാരി ഹരഹര

കേരള എക്സ്‌പ്രസിലെ എസ്‌ 10 കംപാര്‍ട്ട്‌മെന്‍റില്‍ ഞെങ്ങിക്കയറി, മുപ്പത്തിരണ്ടാം സീറ്റിനു മുകളില്‍, സഹചാരിയായ ഒരേ ഒരു ബാഗ്‌ വച്ച്‌, അതിനെ തുടലിട്ട്‌ ബന്ധിച്ച്‌, 'എന്നാലിനി ഒന്നിരുന്നു കളയാം' എന്നു വച്ച്‌ തിരിഞ്ഞപ്പൊഴാണു അട്ടഹാസം കേട്ടത്‌..

"ഇറ്റീസ്‌ നണ്‍ ഓഫ്‌ യുവര്‍ ബ്ളഡി ബിസിനസ്‌...... !"

ഒരു മൈനറ്‍ ഞെട്ടല്‍ ഞെട്ടിപ്പോയി ഞാന്‍. 'ഞാന്‍ ആരുടേയും കച്ചവടത്തില്‍ കൈ കടത്തിയില്ലല്ലോ തമ്പുരാനേ.. യാത്രയുടെ തുടക്കം തന്നെ പാളിയോ... '

അട്ടഹാസത്തിന്‍റെ ഓണറ്‍ ആരാണെന്നറിയാന്‍ തലകറക്കിനോക്കി. ഒരു പകുതി കഷണ്ടിയും, മറുപകുതി ഗോദ്‌റേജ്‌ ഹെയര്‍ ഡൈയും അനുഗ്രഹിച്ച തലയുമായി ഒരമ്മാവന്‍ നിന്നു തിളയ്ക്കുന്നു.

ഭാഗ്യം, ഇര ഞാനല്ല. അമ്മാവന്‍റെ സ്വന്തം ഭാര്യ തന്നെ. വീഡിയോക്കോണിന്‍റെ ഇരുപത്തൊന്നിഞ്ച്‌ ടി.വി ബെര്‍ത്തിനു മുകളില്‍ വച്ചാല്‍ മതിയെന്നു അമ്മായി. അല്ല ഇരിക്കുന്നിടത്തു തന്നെ വച്ചാല്‍ മതിയെന്ന് അമ്മാവന്‍. 'അങ്ങനെ വച്ചാല്‍ ചേട്ടന്‍ എങ്ങനെ ഇരിക്കും' എന്ന് പിന്നെയും അമ്മായി. അതിനുള്ള മറുപടിയായിരുന്നു ആ അട്ടഹാസം..

ശ്ശോ..ഭാര്യയെ ചീത്തവിളിക്കാന്‍ കപ്പാസിറ്റിയുള്ള ആണുങ്ങള്‍ ഇപ്പൊഴും ഉണ്ടോ.. അല്‍പ്പം ആരാധന എനിക്കു അങ്കിളിനോട്‌ തോന്നാതിരുന്നില്ല.

"യൂ നോണ്‍സന്‍സ്‌ ഗീവ്‌ ദാറ്റ്‌ കുട....." അടുത്ത അലര്‍ച്ച..

അമ്മായിയുടെ മങ്ങിയ മുഖം ഞാനൊന്നു നോക്കി. പാവം.. രാമായണത്തിലെ ഊര്‍മ്മിള എത്ര ഭാഗ്യവതി എന്ന് ഡെയിലി മിനിമം പത്തുതവണയെങ്കിലും മനസില്‍ പറയും ഈ ചേച്ചി..പക്ക..

പ്ളാസ്റ്റിക്‌ കവറിട്ട ഒരു കാലന്‍ കുട അവര്‍ അമ്മാവനു നേരെ നീട്ടി. ദൈവമേ.. ഇതെന്തൊരു കടുംവെട്ടു മനുഷ്യന്‍. മഴയുടേയും കുടയുടേയും നാടായ കേരളത്തിലേക്ക്‌, ഡല്‍ഹിയില്‍ നിന്നും കാലന്‍ കുടയും വാങ്ങി പോകുന്നു. തലസ്ഥാനത്തു നിന്ന് 'ഛത്രം' വാങ്ങിയാല്‍ ഛത്രപതീയോഗം വരുമെന്ന് ആറ്റുകാല്‍ രാധന്‍ ചേട്ടന്‍ പറഞ്ഞിട്ടാണോ ഇനി?

'എന്തെല്ലാം കാലന്‍ ജന്‍മങ്ങള്‍ അയ്യപ്പാ' എന്നു മനസില്‍ പറഞ്ഞുതീരും മുമ്പേ, സ്നേഹാര്‍ദ്രമായ ഒരു വിളി കേട്ടു..

"ചേട്ടാ.......... " വിന്‍ഡോയുടെ വെളിയില്‍ ഒരു സുമുഖന്‍.

"എന്താ അനിയാ..." സോഫ്ടായി ഞാന്‍ ചോദിച്ചു..

"ദാ ഇതെന്‍റെ കസിന്‍...." എന്‍റെ തൊട്ടപ്പുറത്തു വന്നിരുന്ന പെണ്‍കുട്ടിയെ ചൂണ്ടി അയാള്‍ പറഞ്ഞു..

"മഞ്ഞപ്പിത്തമാണു.. നാട്ടിലേക്കു പോകുവാ... ഒന്നു ശ്രദ്ധിച്ചോണേ..... "

പേഷ്യന്‍റിനെ ഞാനൊന്നു നോക്കി...

പാറിപ്പറക്കുന്ന ഷാമ്പൂ മുടിയുടെ വക്കുകളില്‍, സൂര്യപ്രകാശം തീ കൊളുത്തിയപ്പോള്‍ ശരിക്കും ഒരു 'ജ്വാലാമുടി'യായി ഒരുവള്‍..

വടക്കന്‍ വീരഗാഥയില്‍ മഞ്ഞളണിഞ്ഞ്‌ കുളിക്കാനിറങ്ങുന്ന ഗീതയെപ്പോലെ സര്‍വാംഗം മഞ്ഞ. വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ.. വാര്‍തിങ്കള്‍ മുന്നിലുദിച്ചപോലെ..

തിരിപൊക്കിയ ശരറാന്തല്‍പോലെ മനോഹരമായ മഞ്ഞമുഖം...

"സ്വന്തം പെങ്ങളെ പോലെ നോക്കിക്കൊള്ളാം.. പോരെ.. പേടിക്കാതെ...ഒന്നും വരില്ല.... "

വള്ളം പോലെ പതുക്കെ വണ്ടി നീങ്ങി..

"പേരെന്തായിട്ടു വരും പെങ്ങളേ..." സംഭാഷണത്തിനു ഞാന്‍ തേങ്ങയുടച്ചു.

"എയിഞ്ചല്‍ മാത്യൂസ്‌...." പുറകെ പുഞ്ചിരി.

"മലയാളത്തില്‍ പറഞ്ഞാല്‍ മാലാഖാ മത്തായി അല്ലേ... " ചുണ്ടുകള്‍ വിടര്‍ന്നു. മുല്ലപ്പൂ വിരിഞ്ഞു.

"നഴ്സായിരിക്കും അല്ലേ... ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലോ അതോ എസ്കോര്‍ട്ട്‌സിലോ.. ?"

"ഹ ഹ...ആങ്ങളയ്ക്കെങ്ങനെ മനസിലായി.. നഴ്‌സ്‌ തന്നെ... ആള്‍ ഇന്‍ഡ്യായില്‍... "

"ഈ പ്രീമിയര്‍ പത്മിനിമാര്‍ക്ക്‌ മഞ്ഞപ്പിത്തം വരേണ്ടതല്ലല്ലോ പെങ്ങളേ.. ഇതെങ്ങനെ സംഭവിച്ചു... "

"പ്രീമിയര്‍ പത്മിനി... ?"

"അല്ലാ... ഈ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സ്‌മാരെ വിളിക്കുന്ന ഓമനപ്പേരാ അത്‌.. അല്ലാതെ, പണ്ട്‌ ജഗതി എന്‍.കെ.ആചാരി പറഞ്ഞ മാതിരി 'പതിച്ചി മാളികപ്പുറം' എന്നൊക്കെ വിളിക്കുന്നത്‌ ചീപ്പല്ലേ.... "

"ആങ്ങളയ്ക്ക്‌ ശരിക്കും ഊതാന്‍ അറിയാം അല്ലേ... എന്താ പണി... ?"

"മെയിന്‍ പണി ദാ ഇപ്പോ പറഞ്ഞത്‌ തന്നെ.. ഊതല്‍.. പിന്നെ 'പരിപാടി' തന്നെ ഉപജീവന പരിപാടി.. "

"പരിപാടി?"

"പ്രോഗ്രാമിംഗ്‌ എന്ന് ഇംഗ്ളീഷില്‍ ഗമയ്ക്ക്‌ പറയും.. തനി കൊള്ളരുതായ്മ. കള്ള കോഡെഴുതി സര്‍ക്കാരിനെ കളിപ്പിക്കുന്നു.. "

സ്റ്റേഷനില്‍ നിന്നും പത്തുരൂപ കൊടുത്തു വാങ്ങിയ 'ബിസ്‌ലേരി വാട്ടര്‍' തുറന്ന് ഒരു കവിള്‍ ഇറക്കിയപ്പോള്‍, കുഴല്‍ക്കിണറിലെ ഉപ്പുവെള്ളത്തിന്‍റെ രസം. ബോട്ടിലിലേക്ക്‌ സൂക്ഷിച്ചു നോക്കി. പൊടികള്‍ മുകളില്‍ നിന്ന് താഴേയ്ക്കും മറിച്ചും നീങ്ങുന്ന മനോഹരമായ കാഴ്ച്ച.. പത്തുരൂപയ്ക്കുവേണ്ടി ഒരു ഭാരതീയ സഹോദരന്‍ മലിനജലം നീട്ടി എന്നെ വഞ്ചിച്ചിരിക്കുന്നു..

"ചക്‌ ദേ ഇന്‍ഡ്യ........." ബോട്ടില്‍ ഞാന്‍ വലിച്ചെറിഞ്ഞു.

മാലാഖയുടെ നാട്‌, വീട്‌, ബാല്യകൌമാരവിശേഷങ്ങളിലൂടെ കേരള എക്സ്‌പ്രസ്‌ ചീറി പാഞ്ഞു. കൊല്ലം സ്വദേശിയായ ഈ കറുത്ത മിഴിയാള്‍ എനിക്കു പറ്റിയ സഹചാരിണി തന്നെ.. ഉരുളയ്ക്കുപ്പേരി വിത്ത്‌ സ്പൈസ്‌ഡ്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍...


"പിടിക്കെടീ ഇഡിയറ്റേ........................ "
കോണിപ്പടിയില്‍ ചവിട്ടി നിന്ന്, ടി.വി മുകളില്‍ വക്കാന്‍ പണിപ്പെടുന്നതിനിടയില്‍, കാലു സ്ളിപ്പായി ആദ്യം അമ്മാവനും, പുറകെ ടി.വിയും കമഴ്ന്നപ്പോള്‍, അഡ്വക്കേറ്റ്‌ അമറിയതാണു. പന്തീരായിരം രൂപ വിലവരുന്ന ടി.വി.യില്‍ പിടിക്കണോ അതോ ഒരു വിലയുമില്ലാത്ത കെട്ടിയോനെ പിടിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ ആരെയും പിടിക്കാന്‍ പറ്റാതെ അമ്മായി തലയില്‍ അറിയാതെ കൈവച്ചു നില്‍ക്കവെ, ഞാന്‍ ചാടിയെഴുന്നേറ്റു. വിക്കറ്റ്‌ കീപ്പറുടെ കൈയില്‍ ക്രിക്കറ്റ്‌ ബോള്‍ വീഴുന്നതുപോലെ അമ്മാവന്‍റെ ചന്തി എന്‍റെ കൈകളിലേക്കു സെയിഫായി വീണു.

"ഓ....താങ്ക്യൂ ജന്‍റില്‍ മാന്‍.............. "
സ്ളോ മോഷനില്‍ താഴെ വീണു മുട്ടുകുത്തിയിഴഞ്ഞെഴുന്നേറ്റ്‌ അമ്മാവന്‍ പറഞ്ഞു.

"താങ്ക്സ്‌ എ ലോട്ട്‌.. "

'ഈശ്വരാ... രാവിലെ വെറും വയറ്റിലേ ടാങ്ക്‌ ഫുള്ളാക്കിയോ..' മൂക്കിലേക്ക്‌ അടിച്ചു കയറുന്ന വിസ്കിയുടെ രൂക്ഷ ഗന്ധം സഹിച്ചു ഞാന്‍ മനസില്‍ പറഞ്ഞു.

"ബൈ ദ ബൈ....ഐ ആം അഡ്വക്കേറ്റ്‌ ശിവന്‍ പിള്ള ഫ്രം എരുമക്കുഴി....." ഷേയ്ക്ക്‌ ഹാന്‍ഡ്‌ തന്നു സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങി..

'ഇരുപത്തെട്ടു കെട്ടിനു മുമ്പേ സായിപ്പിന്‍റെ പ്രേതം അറ്റാക്ക്‌ ചെയ്തോ അപ്പൂപ്പാ... മലയാളത്തില്‍ പറഞ്ഞാ പോരെ ഇതൊക്കെ.... '

"ഐ ആം എ സക്സസ്ഫുള്ള് ലോയറ്‍.... പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്‌.... "

'അതു മണമടിച്ചപ്പൊഴേ മനസിലായി.. '

"ഈ ലോയറും ലയറും തമ്മില്‍ വല്യ വ്യതാസവും ഉണ്ടോ സാറേ.. കള്ളം പറഞ്ഞു ഉപജീവനം നടത്തുന്നവാനാണല്ലോ നിങ്ങള്‍ വക്കീലന്‍മാര്‍.. അതുപോട്ടെ.. ഏതാ സാറിന്‍റെ സ്റ്റ്രീം.... സിവില്‍, ക്രിമിനല്‍... "

"ഹ ഹ എന്തുമെടുക്കും.. ഫ്രം പേട്ടു കേസ്‌, ടു പെറ്റിക്കേസ്‌, ടു പോട്ടാ കേസ്‌ ടു പേട്ടാ കേസ്‌.. "

"അപ്പോ പുലിയാണല്ലേ.... പേട്ടാ ധ്യാനകേന്ദ്രക്കേസുവരെ വഴങ്ങും..ഹോ..പരിചയപ്പെട്ടതില്‍ വളരെ സന്തോഷം.. ഞാന്‍ മനു. ഡല്‍ഹിയില്‍.. നാടു കോന്നി.. "

"കോന്നിയിലെവിടെ... ?"

"ആറിനക്കരെ.. ചാങ്കൂറ്‍ ജംഗ്ഷന്‍ എന്നു പറയും"

"ചാങ്കൂറ്‍ ജംഗ്ഷനിലെവിടെ.." ശിവന്‍ സാറു കണ്ണുവിടര്‍ത്തി..

"ഈശ്വരാ പറഞ്ഞു പറഞ്ഞു വരുമ്പോ ഇനി സാറെന്‍റെ അമ്മായിയപ്പനായി വരുമോ... ?"

പൊട്ടിച്ചിരി.

"വുഡ്‌ യൂ ലൈക്‌ ടു ഹാവ്‌ എ കപ്പിള്‍ ഓഫ്‌ അവലോസുണ്ട..."
പൊതി നീട്ടി അമ്മാവന്‍ ചോദിക്കും മുമ്പേ ഒന്നെടുത്തു വായിലിട്ടു. കണ്ണുതള്ളിപ്പോയി. മുപ്പത്തിരണ്ട്‌ പല്ലും ഫെയിലായി അവനെ ഒന്നു പൊട്ടിക്കാന്‍..

"വാങ്ങിയത്‌ അബദ്ധമായല്ലോ എയിഞ്ചല്‍ പെങ്ങളേ.. ജെ.സി.ബി വേണമല്ലോ ഇതൊന്നു പൊട്ടിക്കാന്‍... ഒന്ന് അറ്റാക്ക്‌ ചെയ്തു നോക്കുന്നോ" കൈയിലിരിക്കുന്ന രണ്ടാമത്തെ അവലോസുണ്ട മഞ്ഞക്കിളിയുടെ നേരെ നീട്ടി ചോദിച്ചു.

"ഒന്നാമതേ മഞ്ഞപ്പിത്തം. ഒരു ബലപരീക്ഷണത്തിനു ഞാനില്ലേ.... ആങ്ങള തന്നെ അതും തിന്നോ.. വേണമെങ്കില്‍ വെളുക്കും വരെ ഞാന്‍ കൂട്ടിരിക്കാം.... "

രക്ഷയില്ലാഞ്ഞ്‌ തുപ്പിക്കളഞ്ഞ്‌, രഹസ്യമായി പറഞ്ഞു "എനിക്കു തോന്നുന്നു, ഇങ്ങേരെ കുറച്ചു നേരം അടക്കിയിരുത്താന്‍ അമ്മായി മനപ്പൂര്‍വം ഉണ്ടാക്കിയ ഉണ്ടയാവാം ഇത്‌... "

അപ്പുറത്തുള്ളോരു നാല്‍പ്പതുകാരി എന്നെ തുറിച്ചു നോക്കുന്നു കുറെ നേരമായിട്ട്‌. ജീന്‍സും, കക്ഷം നാലുപേരെ കാണിച്ചില്ലെങ്കില്‍ പിന്നെന്തു സ്ത്രീജന്‍മം എന്ന മട്ടിലുള്ള സ്ളീവ്‌ ലെസ്‌ ജാക്കറ്റും വേഷം. ഹേമമാലിനിയുടെ ഹെയര്‍കട്ടും, ഫിലോമിനയുടെ ഫെയിസ്‌ കട്ടും.

കുമാരനാശാന്‍റെ വരികള്‍ ഓര്‍മ്മ വന്നു

'നിതംബ ഗുരുതയാല്‍ത്താന്‍ നിലം വിടാന്‍ കഴിയാതി
സ്ഥിതിയില്‍ തങ്ങുമി ക്ഷോണീരംഭതാനത്രേ...' അരക്കെട്ടിന്‍റെ ഭാരം കാരണം സ്വര്‍ഗത്തേക്കു പൊങ്ങിപ്പോയി ഒറിജിനല്‍ രംഭയാകാന്‍ പറ്റാത്തതുകൊണ്ട്‌, തല്‍ക്കാലം ടെമ്പററിയായി ഭൂമിയിലെ രംഭയായി അവള്‍ വിലസുന്നു... '

മാലാഖയ്ക്ക്‌ കഴിക്കാന്‍ കൊടുത്തുവിട്ട ഉപ്പിടാത്ത സ്പെഷ്യല്‍ ഡിഷില്‍ നിന്ന്, പകുതി ഭാഗം ഷെയറെടുത്ത്‌ കഴിച്ച്‌, കിടക്കാന്‍ തുടങ്ങിയപ്പോള്‍, എവിടെനിന്നോ ഒരു സംഘഗാനം...

"താനാരോ തന്നാരോ. തന താനാരോ തന്നാരോ
തങ്കപ്പന്‍ ചേട്ടന്‍റെ മൂത്തമകള്‍ മണി-
ത്തങ്കമ്മപ്പെണ്ണൊരു ചെമ്പരത്തി... "

"വണ്ടി കൊടുങ്ങല്ലൂരെത്തിയോ പെങ്ങളേ...... പട്ടാളക്കുട്ടന്‍മാരാണെന്നു തോന്നുന്നു...ഞാനൊന്നു മുട്ടീട്ട്‌ വരട്ടെ... നല്ല ലിറിക്സ്‌..ചിലപ്പോള്‍ ഭാവിയില്‍ പ്രയോജനപ്പെട്ടേക്കും.. പെങ്ങള്‍ ഉറങ്ങിക്കോ... ഗുഡ്‌ നൈറ്റ്‌... "

'തങ്കപ്പന്‍ ചേട്ടനന്നങ്ങാടീപോയപ്പോ
തങ്കമ്മപ്പെണ്ണിനൊരാശ വന്നേ
താനാരോ തന്നാരോ.. തന
താനാരോ തന്നാരോ"

ഞാന്‍ പതുക്കെ പട്ടാള ബെറ്റാലിയന്‍റെ അടുത്തേക്കിരുന്നു.

"തങ്കമ്മയ്ക്ക്‌ എന്താശയാ വന്നത്‌.. മീശ വേണമെന്നോ...അനിയന്‍മാരേ നല്ല കിണുക്കന്‍ പാട്ട്‌..ആ വരികള്‍ ഒന്നെഴുതിയെടുത്തോട്ടെ.... "

"അണ്ണാ വാ...... " കോറസ്‌
"ഇരിക്കണ്ണാ..... "
"വീശാറുണ്ടോ അണ്ണാ.... "
"ഒഴിക്കെടാ എന്‍കൌണ്ടറേ അണ്ണനൊരു പട്യാല പെഗ്‌....... "

ചിറിതുടയ്ക്കുമ്പോള്‍ ചോദിച്ചു.."അല്ലനിയാ.. അരായീ എന്‍കൌണ്ടര്‍.. ആ പേരിന്‍റെ ഉത്ഭവം ഒന്നു പറയാമോ.... "

"അതണ്ണാ ഒരു കഥയാ...." നാരങ്ങ അച്ചാര്‍ തൊട്ടുനക്കി ഒരു ജവാന്‍ തുടര്‍ന്നു. "ദാ ഇവന്‍ കാര്‍ഗിലില്‍ അയിരുന്ന സമയം. ഒരു പാതിരാത്രി. ഞങ്ങള്‍ എട്ടുപേര്‍ ഫുള്‍ വിജിലില്‍.. അല്‍പം പേടിയും ഉണ്ടെന്ന് കൂട്ടിക്കോ... അപ്പോ കുറ്റിച്ചെടിക്കിടയില്‍ ഒരു ശറപറ ശബ്ദം.. കുറ്റിച്ചെടി വിറയ്ക്കുന്നു. ഇവന്‍ എ.കെ ഫോര്‍ട്ടി സെവന്‍ നേരേ നീട്ടി തുരു തുരെ കാച്ചി.. ഒന്നും രണ്ടുമല്ല മുപ്പതു റൌണ്ട്‌.. പിറ്റേന്ന് കാലത്ത്‌ നോക്കിയപ്പോ അവിടെ രണ്ട്‌ പട്ടിക്കുട്ടികള്‍ ചത്തു കിടക്കുന്നു. അന്നു സാബ്‌ ഇവനോട്‌ പറഞ്ഞു 'നീയിനി ഇവിടെ നിന്ന് ഉണ്ട വേസ്റ്റാക്കെണ്ടാ.. ഇനി മുതല്‍ മെസില്‍ ഉരുളക്കിഴങ്ങു തൂക്കിയാ മതി' "

രണ്ടുമണിക്കൂറ്‍ അഭ്യാസം കഴിഞ്ഞു മടങ്ങിവന്നു.

താഴത്തെ ബെര്‍ത്തില്‍ ശാന്തയായി ഉറങ്ങുന്ന മാലാഖയെ ഡിസ്റ്റേര്‍ബ്‌ ചെയ്യാതെ പതുക്കെ കോണിയിലേക്ക്‌ കാലെടുത്തു വച്ചു..

"വാളു വെക്കുമ്പോ പറയണേ ആങ്ങളേ.. ഓടിമാറാനാ... "

"അയ്യോ ..അനിയത്തി ഇതുവരെ ഉറങ്ങിയില്ലേ..... "

"ഖ്രൂ....................ഉം.... പ്ളീ............... ം"

"ഇതെന്താ പെങ്ങളേ ഒരു വിചിത്ര ശബ്ദം... " തിരിഞ്ഞു നോക്കി...

പിന്നെയും "ഖ്രൂ....................ഉം.... പ്ളീ............... ം"

ഓ...അഡ്വക്കേറ്റ്‌ സാബ്‌ കൂര്‍ക്കം വലിക്കുകയാണു..ആരോഹണത്തില്‍ "ഖ്രൂം......" അവരോഹണത്തില്‍ "പ്ളീ......... ം"

"അടിപൊളി റിംഗ്‌ ടോണ്‍...അല്ലേ പെങ്ങളേ....." മുകളിലേക്ക്‌ വലിഞ്ഞു കയറുമ്പോള്‍ പറഞ്ഞു..

"അപ്പോള്‍ ഗുഡ്‌നൈറ്റ്‌.. " താഴേക്ക്‌ വീണുകിടക്കുന്ന ബാഗിന്‍റെ വള്ളി ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു "ഇന്‍ കേസ്‌ ഓഫ്‌ എമര്‍ജന്‍സി പുള്ള് ദിസ്‌ ചെയില്‍... ഒ.കെ.."

ലൈറ്റണച്ചു..


"ആങ്ങളേ...എഴുന്നേല്‍ക്ക്‌...മണി എട്ടായി....ദാ ബെഡ്കോഫി... കുടിച്ചിട്ടൊരു അഞ്ചുരൂപ ഇങ്ങെട്‌..... "

കണ്ണു ഞെരടി എഴുന്നേറ്റു... "ആഴത്തിലുറങ്ങിപ്പോയി അനിയത്തീ...... "

"ട്രെയിനിയിലെ കാപ്പിക്കെന്തു രുചിയാണല്ലേ.... ഇപ്പോ തന്നെ വേണോ പൈസ.. "

"കുടിച്ചിട്ടു മതി... ഇന്നലെ എനിക്കു വാങ്ങിത്തന്ന കപ്പലണ്ടി മിഠായിയുടെ രണ്ടുരൂപ കിഴിച്ച്‌ ബാക്കി തന്നാ മതി.... "

ഉറക്കച്ചടവില്‍ മൂന്നു നാണയം തപ്പിയെടുത്തു നീട്ടി......

"മറ്റൊന്നും കൊണ്ടല്ലാങ്ങളേ.... ബാധ്യതകള്‍ വാങ്ങിവക്കുന്ന ശീലം പണ്ടേ എനിക്കില്ല.... "

"ഗ്രേറ്റ്‌....കീപ്പിറ്റപ്പ്‌......" പേസ്റ്റ്‌ ബ്രഷിലേക്ക്‌ ഞെക്കിയിറക്കുമ്പോള്‍ മറുപടി പറഞ്ഞു..

ഫ്രഷായി മടങ്ങിവന്നു മനോരമപത്രം നിവര്‍ത്തി രണ്ടാം പേജിലെ സെന്‍സേഷണല്‍ ബോക്സഡ്‌ ന്യൂസ്‌ വായിച്ചു
"ജനല്‍ അഴികളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ രക്ഷപെടുത്തി ഇടികൊടുത്തു.. "

"എവിടെ നമ്മുടെ വക്കീലദ്ദേഹം....? " .

"ദാ ആ ഫിലോമിനയുടെ കൈ നോക്കുന്നു.. "

"ഈശ്വരാ...ഇങ്ങേര്‍ക്ക്‌ കാക്കാന്‍റെ പണിയും അറിയാമോ.. അതിനിടയില്‍ ഈ തള്ളയെ അടിച്ചുമാറ്റിയോ.... അപാര ജന്‍മം..... "

"സീ...യുവര്‍ ഹാര്‍ട്ട്‌ ലൈന്‍ ഈസ്‌ ക്രോസ്സിംഗ്‌...." വക്കീല്‍ സ്നേഹത്തോടെ കൈനോക്കി പറയുന്നത്‌ കമ്പാര്‍ട്ട്‌മണ്റ്റ്‌ മുഴുവന്‍ കേള്‍ക്കാം.

'കണ്ണാടിക്കൈയില്‍ കല്യാണം കണ്ടോ കാക്കാത്തിക്കിളിയേ' എന്ന ഭാവത്തില്‍ അമ്മാമ്മ കൊഞ്ചിച്ചിരിക്കുന്നു.

കൈനോട്ടം കം റൊമാന്‍സ്‌ കഴിഞ്ഞ്‌, വക്കീലമ്മാവന്‍ എഴുന്നേറ്റു.
അല്‍പ്പം മനസമാധാനം ഇപ്പൊഴെങ്കിലും കിട്ടട്ടേ എന്ന മട്ടില്‍ ഉറങ്ങുന്ന ഭാര്യയെ തോണ്ടി വിളിച്ചു..

"അമ്മിണീ... വേക്കപ്പ്‌... നേരം ഒമ്പതായി... "

"അമ്മി.... അയ്യോ....." കറണ്ടടിച്ചപോലെ ഒരു ചാട്ടം ..നിലത്തു നിന്ന് രണ്ടിഞ്ചു പൊങ്ങി.. ചായക്കാരന്‍ തമിഴന്‍റെ ചൂടു ചായക്കെറ്റില്‍ ചന്തിയെ പൊള്ളിച്ചതിന്‍റെ റീയാക്ഷന്‍..

"യൂ...ബ്ളഡീ ഇഡിയറ്റ്‌.... " അലര്‍ച്ച തമിഴനോട്‌അമ്മിണീ എന്ന് വിളിച്ചപ്പോ ഉണരാത്ത ഭാര്യ 'ഇഡിയറ്റ്‌' എന്ന് കേട്ടപ്പോള്‍ പുല്ലുപോലെ എഴുന്നേറ്റു.

വണ്ടി ആന്ധ്രയിലൂടെ അറഞ്ഞു നീങ്ങി...

മറ്റൊരു സായന്തനം ഓണ്‍ വീല്‍സ്‌...

ചിരി..തമാശ..കടംകഥകള്‍...

"കരഞ്ഞാലും നുള്ളില്ല..കളഞ്ഞാലും നുള്ളില്ല... കടുകോളം കൈയ്‌പില്ല... "

ഒട്ടും ആലോചിക്കാതെ അവള്‍ പറഞ്ഞു "അമ്മ"

"സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌" എന്ന ചുവന്ന അക്ഷരങ്ങളിലൂടെ കൈവിരല്‍ ഓടിച്ച്‌, മൌനത്തെ തളച്ചു..

"എനിക്ക്‌ അമ്മച്ചിയില്ല ആങ്ങളേ... കണ്ട ഓര്‍മ്മകൂടിയില്ല...."
മഞ്ഞക്കണ്ണുകളില്‍ നനവ്‌ പടരാതിക്കാന്‍ ഞാന്‍ വിഷയം മാറ്റി..

"സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌.. ഈവന്‍ ദോ ഇറ്റീസ്‌ റോത്ത്‌മാന്‍സ്‌..." ആ കഥ അറിയാമോ പെങ്ങള്‍ക്ക്‌.. "

"ഇല്ല...എന്താ... "

"കേട്ടോ..പണ്ട്‌ റോത്ത്‌മാന്‍സ്‌ സിഗരട്ട്‌ കമ്പനി പബ്ളിക്കിനോട്‌ പറഞ്ഞു, അവരുടെ സിഗരറ്റിനു പറ്റിയ ക്യാപ്ഷന്‍ അയച്ചുകൊടുക്കാന്‍.. വന്‍ തുക പ്രതിഫലം.. ഒരു വിരുതന്‍ ഇതുപോലെ ട്രെയിനില്‍ സഞ്ചരിച്ചപ്പോ ഈ ബോര്‍ഡ്‌ കണ്ടു.. ഒരുവരി കൂടി ആഡ്‌ ചെയ്തു. "സ്മോക്കിംഗ്‌ ഈസ്‌ പ്രോഹിബിറ്റഡ്‌..ഈവന്‍ ദോ ഇറ്റീസ്‌ റോത്ത്‌മാന്‍സ്‌" സമ്മാനവും കിട്ടി.. കിണുക്കന്‍ ഐഡിയ അല്ലേ... "

"കിക്കിണുക്കന്‍.... "

ഒരു രാത്രികൂടി....

പാലക്കാടന്‍ സുപ്രഭാതത്തിലൂടെ, കൊച്ചിയുടെ കോരിത്തരിപ്പിലൂടെ വണ്ടി ഒടുവില്‍ കോട്ടയത്തെത്തി..

ബാഗെടുത്ത്‌ മടിയില്‍ വച്ചു..

ലാസ്റ്റ്‌ കോഫി ടുഗതര്‍..

"എനിക്കിറങ്ങാന്‍ ഇനി അധികം നേരമില്ല പെങ്ങളേ... ഒരു മെമൊറബിള്‍ ട്രിപ്‌ സ്പോണ്‍സര്‍ ചെയ്തതിനു സ്പെഷ്യല്‍ താങ്ക്സ്‌..." കടലാസു കപ്പ്‌ ഞെക്കി ചുരുട്ടി പറഞ്ഞു.

"ഇനി നമ്മള്‍ കണ്ടു മുട്ടുമോ ആങ്ങളേ.... "

"ഈ ജന്‍മത്തില്‍ ബുദ്ധിമുട്ടാ. ഒരുപക്ഷേ അടുത്ത ജന്‍മത്തില്‍, പെങ്ങള്‍ അറ്റ്‌ലാന്‍റിക്‌ സമുദ്രത്തിലെ ഒരു പെണ്‍മീനായും, ഞാന്‍ ഇന്ത്യന്‍ സമുദ്രത്തിലെ ആണ്‍ മീനായും പിറന്നേക്കാം. ഏതെങ്കിലും ബോറ്‍ഡറ്‍ ക്രോസ്‌ ചെയ്യുമ്പോള്‍ പരസ്പരം കണ്ടേക്കാം..... "

ഡയറി എടുത്തു വിടര്‍ത്തി നീട്ടി അവള്‍ പറഞ്ഞു...

"ജസ്റ്റ്‌ ടൂ ലൈന്‍സ്‌.... "

പേന ക്ളിക്ക്‌ ചെയ്ത്‌ എഴുതി

"നോവിച്ചു വീഴുന്നു നമ്മള്
‍നോവിച്ചും നൊന്തും നോവായൊടുങ്ങുന്നു.... "
"ലേബറ്‍ റൂമിലും കാഷ്വാലിറ്റിയിലും ജോലിചെയ്തിട്ടുള്ള പെങ്ങള്‍ക്ക്‌ കൂടുതല്‍ എക്സ്‌പ്ളനേഷന്‍ വേണ്ടല്ലോ അല്ലെ" പുഞ്ചിരിയുടെ ഒരു പൂവുകൂടി പൊഴിഞ്ഞു.

"ബൈ ദ ബൈ... പാലക്കാട്ടു വച്ചു വാങ്ങിത്തന്ന ഒരു കാപ്പിയുടെ അഞ്ചുരൂപ പെങ്ങളു തരാനുണ്ട്‌..അല്ല..ബാധ്യതകള്‍ വാങ്ങാറില്ല എന്നു പറഞ്ഞതുകൊണ്ടു ചോദിച്ചതാ..തെറ്റിദ്ധരിക്കല്ലേ.. "

"അത്‌ ഞാന്‍ മനപ്പൂര്‍വം തരാഞ്ഞതല്ലേ... ബോര്‍ഡര്‍ ക്രോസ്‌ ചെയ്യുമ്പോള്‍ തിരിച്ചറിയാന്‍ എന്തെങ്കിലും കടം വേണ്ടേ അങ്ങളേ...... "

"യൂ സഡിറ്റ്‌....അപ്പോ ഞാന്‍ ഇറങ്ങുന്നു... "

ബാഗ്‌ കൈയിലെടുത്തു "ദീര്‍ഘ സുമംഗലീ ഭവ"

വണ്ടി ചെങ്ങന്നൂറ്‍ നിര്‍ത്തി..

കോരിയടിച്ചെന്നുന്ന മഴ. കന്നിമാസത്തിലും മഴയോ ഭഗവാനേ..

തിരക്കിലൂടെ ഊര്‍ന്നിറങ്ങി.

കുടചൂടി നില്‍ക്കുന്ന കൊച്ചുമോന്‍ അളിയനെ ഒറ്റയടിക്കു തിരിച്ചറിഞ്ഞു

"അളിയാ............... ദാ ഇവിടെ...... "

അളിയന്‍ പാഞ്ഞു വന്നു
"എന്‍റെ പൊന്നളിയാ...രണ്ടു മണിക്കൂറായി മൊബൈലില്‍ ട്റൈ ചെയ്യുന്നു.. പരിധിവിട്ടു കളിക്കുവാണെന്ന് മാത്രം റെസ്പോണ്‍സ്‌.. ലക്ഷ്മി പ്രസവിച്ചു. സിസേറിയന്‍ വേണ്ടി വന്നു. പെണ്‍കുഞ്ഞ്‌.... "

ഇരമ്പുന്ന മഴ എന്നെ വാരിപ്പുണരുന്ന പോലെ തോന്നി.

കുട വലിച്ചു മാറ്റി.... "കുട കള അളിയാ..... "

അറിയാതെ കൈകള്‍ അളിയനെ വരിഞ്ഞു മുറുക്കി...

കാറ്റ്‌ ഒരുചുമട്‌ കുളിരു എന്‍റെ ദേഹത്തേക്ക്‌ വലിച്ചിട്ടു..

മഴ തല തോര്‍ത്തി തരുന്നു.. പിന്നെയും നനച്ചു തരുന്നു.

തിരക്കിനുള്ളില്‍ കൂടി പടിയിറങ്ങി...തെന്നി തെന്നി ...

"പഞ്ചേന്ദ്രിയങ്ങളും പെര്‍ഫെക്ടാണോ അളിയാ അവളുടെ..... "

"ഒരു കുഴപ്പവുമില്ലളിയാ... നല്ല മിടുമുടുക്കി.... വെളുത്ത കുട്ടി.. അളിയന്‍റെ മുഖ ഷേയ്പ്പാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഡബിള്‍ ഓ.കെ.. "

"ബ്രഹ്മദേവാ... വന്ദനം.... അങ്ങയുടെ എന്‍ജിനീയറിംഗില്‍ ഒരു സിസ്റ്റം കൂടി പക്കാ പെര്‍ഫെക്ട്‌...... "

മഴ വീണ്ടും വീണ്ടും പുണരുന്നു. കാറ്റ്‌ മഴത്തുള്ളികളെ കണ്ണിലേക്കും കരളിലേക്കും കോരിയിടുന്നു...

"എന്‍റെ ഭൈമിയ്ക്കെങ്ങനെ....... "

"ഇപ്പം അനസ്തേഷ്യയിലാ.. ഇടയ്ക്ക്‌ അല്‍പ്പം ബോധം വീഴാന്‍ തുടങ്ങിയിട്ടുണ്ട്‌.... "

"അര്‍ദ്ധബോധത്തില്‍ എന്നെ തിരക്കിയോ അളിയാ അവള്‍..... "

"കൊള്ളാം... എപ്പോള്‍ ബോധം വന്നാലും അളിയനെവിടെ എന്നൊരൊറ്റ ചോദ്യമേ ഉള്ളൂ.... "

"അപ്പോള്‍ അവള്‍ എന്നെ അഗാധമായി സ്നേഹിക്കുന്നു.. പാതി മയക്കത്തില്‍ പേരു പുലമ്പിയാല്‍ പ്രണയം പക്കാ.. എന്ന് അളിയന്‍ കേട്ടിട്ടുണ്ടോ.... " മഴക്കിടയിലൂടെ ഓടുമ്പോള്‍ ഞാന്‍ ചോദിച്ചു

"സത്യം പറഞ്ഞാല്‍ ഞാന്‍ അങ്ങനെ കേട്ടിട്ടില്ല അളിയാ... "

"എന്നാ ഇപ്പോ കേട്ടോ..... "

"ഓട്ടോ ചേട്ടാ...വണ്ടി നേരെ മെഡിക്കല്‍ മിഷനിലോട്ട്‌ വിട്‌.. പത്തുരൂപ എക്‌സ്ട്രാ തരാം. സ്പീഡിന്‍റെ കാര്യത്തില്‍ ഒരു കോമ്പ്രൊമൈസും പാടില്ല .....എനിക്കെന്‍റെ ഝാന്‍സി റാണിയെ കാണാന്‍ തിടുക്കമായി... "

പെട്റോളിന്‍റേയും, മുല്ലപ്പൂവിന്‍റേയും, സിസര്‍ ഫില്‍ട്ടറ്‍ സിഗരട്ടിന്‍റേയും സമ്മിശ്ര സ്വര്‍ഗ്ഗീയ സുഗന്ധം മഴയില്‍ അലിഞ്ഞ്‌ ഹൃദയത്തിലേക്കിറങ്ങുന്നു..

"ഇന്ന് നാളേതാ അളിയാ..... "

"വിശാഖം.... "

"ഹോ..സാക്ഷാല്‍ സീതാദേവിയുടെ ജന്‍മനക്ഷത്രം. വനവാസം വിധിച്ചിട്ടുണ്ടോ പാവത്തിനു.... "

ഓട്ടോ മഴയെ കീറി മുറിച്ചു നീങ്ങി...

പവിഴമല്ലിയുടെ സുഗന്ധം റോഡിലെങ്ങും ലിഫ്റ്റ്‌ ചോദിച്ചു നില്‍ക്കുന്നു.....

"ജീവിതം എത്ര സുന്ദരം അല്ലേ അളിയാ..... "

"പിന്നല്ലാതെ.. അളിയന്‍ പറഞ്ഞാല്‍ പിന്നെ അതിനെതിര്‍വാക്കുണ്ടോ ..." കൊച്ചുമോനളിയന്‍ ഒന്നു വിളറിച്ചിരിച്ചു...

"അതെന്‍റെ ബാഗിലിരിക്കുന്ന മക്‌ഡ്വല്‍ പ്രീമിയം കുപ്പിയെ ഓര്‍ത്തുള്ള സോപ്പിംഗല്ലേ അളിയാ..സത്യം പറ...." അളിയന്‍റെ കവിളില്‍ ഒന്ന് അമര്‍ത്തി നുള്ളി ഞാന്‍ ചോദിച്ചു.

"അല്ലളിയാ..ഈ അളിയന്‍റെ ഒരു കാര്യം...... "

ഓട്ടോചേട്ടന്‍റെ ചൂണ്ടുവിരല്‍ പ്ളേ ബട്ടണില്‍ അമര്‍ന്നു

"സുഖമാണീ നിലാവ്‌...
എന്തുസുഖമാണീ കാറ്റ്‌.....
അരികില്‍ നീ വരുമ്പോള്‍..... എന്ത്‌
രസമാണീ സന്ധ്യ........ "

മനസ്സിനോടൊപ്പം ഓട്ടോയുടെ വൈപ്പറും തലയാട്ടി താളം പിടിച്ചുകൊണ്ടിരുന്നു.

69 comments:

G.MANU said...

ബന്‍ ഗയാ മേം അബ്‌ ഏക്‌ ഓര്‍ 'തന്ത'
ഹോഗയ ജീവന്‍ സബ്‌സേ ശാന്താര്‍

അങ്ങനെ വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അപ്പനായിരിക്കുന്നു..

ആശംസകള്‍ അര്‍പ്പിച്ചവര്‍ക്കൊക്കെ ആയിരം നന്ദി..

സുല്‍ |Sul said...

മനൂ ആശംസകള്‍!!
അമ്മക്കും അച്ഛനും കുട്ടിക്കും ആശംസകള്‍!
-സുല്‍

സുല്‍ |Sul said...

മനൂ
ഒരു ട്രെയിന്‍ യാത്ര കഴിഞ്ഞിറങ്ങിയ സുഖം.
"ബ്രഹ്മദേവാ... വന്ദനം.... അങ്ങയുടെ എന്‍ജിനീയറിംഗില്‍ ഒരു സിസ്റ്റം കൂടി പക്കാ പെര്‍ഫെക്ട്‌...... "
ചിരിയിലും ഒരു കുറവുമില്ല.
-സുല്‍

കുറുമാന്‍ said...

വളരെ നന്നായി രസിച്ചു വായിച്ചു.

ആശംസകള്‍ മനുവിനും കുടുംബത്തിനും. സര്‍വ്വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും, ആയുസ്സും, നല്‍കട്ടെ.

ശ്രീ said...

മനുവേട്ടാ...
കലക്കി... ഇതു കിടിലനായി...സുല്‍‌ ചേട്ടന്‍‌ പറഞ്ഞതു പോലെ ഒരുമിച്ചൊരു സവാരി കഴിഞ്ഞ സുഖം!

അപ്പൊ നമ്മുടെ കുഞ്ഞുവാവയ്ക്ക് സുഖാന്വേഷനങ്ങള്‍‌...
:)

Rasheed Chalil said...

മനൂ അഭിനന്ദങ്ങള്‍... ആശംസകള്‍. മിടുക്കിയായ് വളരട്ടേ കുഞ്ഞുമോള്‍...

പോസ്റ്റ് ഇഷ്ടായീട്ടോ...

സൂര്യോദയം said...

മനൂ... നല്ല വിവരണം....
'നിതംബ ഗുരുതയാല്‍ത്താന്‍ നിലം വിടാന്‍ കഴിയാതി സ്ഥിതിയില്‍ തങ്ങുമി ക്ഷോണീരംഭതാനത്രേ...'

ഇത്‌ കിടിലന്‍... ചിരിയടക്കാനായില്ലാ... :-)

പിന്നെ, ഭൈമിയ്ക്കും കുഞ്ഞിനും എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ... :-)

R. said...

അങ്ങനെ പ്രൊഡക്ഷന്‍ റിലീസ് കോംപ്ളിക്കേഷന്‍ ഒന്നുമില്ലാതെ സക്സസ്, അല്ലേ.

ഞങ്ങളെല്ലാം 'അറഞ്ഞ്' പ്രാര്‍ത്ഥിച്ചിരുന്നു എന്ന് ഇപ്പ മനസ്സിലായല്ലൊ?

സഹയാത്രികന്‍ said...

"ഐ ആം എ സക്സസ്ഫുള്ള് ലോയറ്‍.... പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്‌.... "

'അതു മണമടിച്ചപ്പൊഴേ മനസിലായി.. '

ഹ ഹ ഹ മനു ജി കലക്കി.....

മോള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... മോള്‍ക്ക് മാത്രല്ല... താങ്കള്‍ക്കും കുടുംബത്തിനും....

:)

കുഞ്ഞന്‍ said...

മനുജി, അഭിനന്ദനങ്ങള്‍,കുറച്ച് ചേച്ചിക്കും കൊടുക്കുക..

പൊന്നുമോള്‍ക്കും,മനുജിയ്ക്കും പിന്ന ലക്ഷ്മിചേച്ചിക്കും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു..

‘അരക്കെട്ടിന്‍റെ ഭാരം കാരണം സ്വര്‍ഗത്തേക്കു പൊങ്ങിപ്പോയി ഒറിജിനല്‍ രംഭയാകാന്‍ പറ്റാത്തതുകൊണ്ട്‌, തല്‍ക്കാലം ടെമ്പററിയായി ഭൂമിയിലെ രംഭയായി അവള്‍ വിലസുന്നു‘ ഹമ്പോ....കിടിലന്‍...

ചന്ദ്രകാന്തം said...

മനൂജീ,
സന്തുഷ്ട കുടുംബത്തിന്‌ സര്‍‌വ്വ മംഗളങ്ങളും നേരുന്നു...
...ദേ.. ഇപ്പൊ ഇറങ്ങിയതേയുള്ളു വണ്ടിയില്‍ നിന്ന്‌. രസകരമായ സവാരിയായിരുന്നു. (വയറ്‌ കൊളുത്തിപ്പിടിച്ചു വേദനിയ്ക്കുന്നു. ഒഫീസിലിരുന്ന്‌ ചിരി കടിച്ചൊതുക്കി വായിച്ചതിന്റെ ഫലം).
ആശംസകള്‍

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു

അപ്പു ആദ്യാക്ഷരി said...

"ഒരു കുഴപ്പവുമില്ലളിയാ... നല്ല മിടുമുടുക്കി.... വെളുത്ത കുട്ടി.. അളിയന്‍റെ മുഖ ഷേയ്പ്പാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഡബിള്‍ ഓ.കെ.. "

രസിച്ചുവായിച്ചു മനൂ..
കേരള എക്സ്പ്രസില്‍ നിന്നു ഞാനും ഇപ്പോ ഇറങ്ങിയതേയുള്ളൂ...

മോള്‍ക്ക് ആശംസകള്‍. മോള്‍ക്കു മാത്രമല്ല, അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഓരോ ആശംസകള്‍!!

സുഗതരാജ് പലേരി said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.
കൊച്ചുകുഞ്ഞിനും, കൊച്ചുകുഞ്ഞിന്‍റപ്പനും, കൊച്ചുകുഞ്ഞിന്‍റപ്പിക്കും , കൊച്ചുകുഞ്ഞിന്‍റെ വല്യേച്ചിക്കും എല്ലാവര്‍ക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.

അനിലൻ said...

ആശംസകള്‍
പൂമ്പാറ്റയ്ക്കും കുടുംബത്തിനും
നല്ല കുറിപ്പ് മനൂ.

സു | Su said...

സവാരി ഹരഹര കലക്കി.

വാവയ്ക്ക് ചക്കരയുമ്മ, ചേച്ചിയ്ക്ക് പഞ്ചാരയുമ്മ.

അച്ഛനും അമ്മയ്ക്കും ആശംസകള്‍.

ഫോട്ടോ എടുക്കുമ്പോള്‍ ബ്ലോഗിലും ഇടൂ.

Kaithamullu said...

മനൂ,

ഒരു “കിടിലന്‍” സൃഷ്ടി കൂടി!

മോള്‍ക്കും അമ്മക്കും ആശംസകള്‍!

ശെഫി said...

മനൂ ആശംസകള്‍

d said...

അഭിനന്ദനങ്ങള്‍!!

ആഷ | Asha said...

എന്റെ വക കൂടി ഒരു ആശംസകള്‍ & അഭിനന്ദനങ്ങള്‍ പിടിച്ചോളൂ.
എഴുത്ത് കലക്കി!

ശ്രീഹരി::Sreehari said...

"ചക്‌ ദേ ഇന്‍ഡ്യ........." ബോട്ടില്‍ ഞാന്‍ വലിച്ചെറിഞ്ഞു.

super :)

Sanal Kumar Sasidharan said...

evide kavitha ?

Sanal Kumar Sasidharan said...

evide kavitha ?

Murali K Menon said...

ഭാര്യയുടെ പ്രസവത്തിനു മുമ്പേ നാട്ടിലെത്തുവാന്‍ യാത്ര ചെയ്തുവന്ന മനുവിന്റെ വിവരണങ്ങള്‍ വളരെ രസാവഹമായിരുന്നു. യാത്ര ചെങ്ങന്നൂരെത്തിയതു തന്നെ അറിഞ്ഞില്ല.

ഒടുവില്‍ ട്രെയില്‍ ഇറങ്ങി വന്നപ്പോള്‍ കേട്ട അതേ വാക്കുകള്‍ ഞാനും 1993 നവംബര്‍ 1 നു റെയില്‍‌വേ സ്റ്റേഷനില്‍ വെച്ചു കേട്ടു. പ്രസവത്തിനു ഒരാഴ്ച്ച മുമ്പേ എത്തിച്ചേരാന്‍ വേണ്ടിയാണു 1 നു എത്തിയത്. പക്ഷെ മോള്‍ അതിനു മുമ്പേ ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. ഓര്‍മ്മകള്‍ക്കു സമാനത... സന്തോഷം

Satheesh said...

മനൂ, അഭിനന്ദനങ്ങള്‍..
ഫ്രീയായി ഡല്‍ഹീന്ന് നാട്ടിലേക്ക് ഒരു ട്രിപ്പ് തന്നതിന്‍ പ്രത്യേകം നന്ദി!

താരാപഥം said...

നന്നായിട്ടുണ്ട്‌ മാഷെ, കഥയറിയാവുന്നവര്‍ ബയൊഗ്രാഫിയിലൂടെ കഥയറിഞ്ഞു. ഞാനും രണ്ടെണ്ണം വീശി കൂടെക്കൂടി. രസിച്ചു. എല്ല്ലാവര്‍ക്കും, "ആയുരാരോഗ്യസൗഖ്യം നേരുന്നു."
ഓ.ടൊ. (വെണ്മണി ശാഖയാണൊ ഇഷ്ടം)

വാളൂരാന്‍ said...

മാഗ്നിക്കുശേഷം ഇത്ര നന്നായി ബൂലോഗത്ത് ഹാസ്യം വായിച്ചിട്ടില്ല, ഗംഭീരം ഗംഭീരം, ആശംസകള്‍ അച്ചനും കൊച്ചനും(?)....!!!

Sathees Makkoth | Asha Revamma said...

മനു,
സുഖകരമായ ഒരു യാത്രയുടെ കൂടെ വായനക്കാരെ ഒരച്ഛന്റെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലേയ്ക്ക് കൊണ്ട് പോയ ആ പോക്ക് പ്രശംസനാര്‍ഹം തന്നെ. കീപ് ഇറ്റ് അപ്. കൊച്ചു വാവയ്ക്ക് നല്ലതു വരട്ടെ.

വിഷ്ണു പ്രസാദ് said...

മനൂ,ദീര്‍ഘമെങ്കിലും രസകരമായ കുറിപ്പ്.കുഞ്ഞുവാവയുടെ അച്ചനും അമ്മയ്ക്കും അഭിനന്ദനങ്ങള്‍.ചേച്ചിക്കും വാവയ്ക്കും സ്നേഹം.

ലേഖാവിജയ് said...

മനൂ,
ഞാന്‍ വായിക്കാന്‍ ഇത്തിരി വൈകി.ഇവിടെ ഞാനും കുട്ടികളും പരീക്ഷപ്പനിയില്‍..
കുഞ്ഞുമോള്‍ക്കു പേരിട്ടോ? ഈ എഴുത്ത് കുറേക്കൂടി നന്നായിരിക്കുന്നു.ആശംസകള്‍!

വേണു venu said...

വായിച്ചിരുന്നു ചിരിച്ചു.
ചുമ്മാ ചിരിക്കുന്ന കണ്ടു് ശ്രീമതി ചോദിച്ചു. ഇതെന്തു കൂത്തു് മനുഷ്യാ...കൊല്ലം സ്ലാങു്.
കെട്ടിയോളേ ഇതു് മനുവിന്‍റെ കൂത്തു്. വായിച്ചു കേള്‍പ്പിച്ചു.
അപ്പോള്‍‍ മനൂസ്സേ വീണ്ടും ഞങ്ങളുടെ കഞ്ഞു വാവയ്കൊരു ചക്കര ഉമ്മ.:)

Mubarak Merchant said...

സൂപ്പര്‍ മനുഭയ്യാ..
ആശംസകള്‍.

സുന്ദരന്‍ said...

മനു...
എല്ലാമംഗളങ്ങളും...
കുഞ്ഞുവാവയ്ക്ക് ആയൂരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു....
വാവയ്ക്കുമാത്രമാക്കണില്ലാ, ഫാമിലി മൊത്തത്തില്‍.

പിന്നെ ഈ പോസ്റ്റ് ഒത്തിരി ഓര്‍മ്മകളെ തിരിച്ചുതന്നു...

ആ കേരളഎക്സ്പ്രസിലെ യാത്ര...
പെട്ടിചങ്ങലയിട്ട് പൂട്ടിയകാര്യം...
(പൂട്ടിയില്ലങ്കില്‍ എന്തുസംഭവിക്കും ...എന്നോടും ജോജോയോടും ചോദിക്കുക...)

ഡല്‍ഹിയില്‍നിന്നും കാലന്‍ ‍കുടയും വാങ്ങി കേരളത്തിലേക്ക് പോകുന്ന അങ്കിള് -
മ്മ്ലാഞ്ചന്‍ മനോജിന്റെ മാര്യേജിനു അവന്റെ അങ്കിള് കേരള്ത്തില്‍നിന്നും ആറ് കുപ്പി റമ്മും വാങ്ങി ഡല്‍ഹിക്ക് വന്ന സംഭവം ഓര്‍മ്മിപ്പിച്ചു.

---------
"മാലാഖയ്ക്ക്‌ കഴിക്കാന്‍ കൊടുത്തുവിട്ട ഉപ്പിടാത്ത സ്പെഷ്യല്‍ ഡിഷില്‍ നിന്ന്, പകുതി ഭാഗം ഷെയറെടുത്ത്‌ കഴിച്ച്‌, കിടക്കാന്‍ തുടങ്ങിയപ്പോള്‍", എവിടെനിന്നോ ഒരു സംഘഗാനം...

ഈ സ്വഭാവത്തിനും ഇതുവരെ മാറ്റമൊന്നും ഉണ്ടായില്ലാന്നറിഞ്ഞതിലും സ്ന്തോഷം.... :-)

ഹൗ...നല്ല ഞെരിപ്പന്‍ പോസ്റ്റ്....

Mr. K# said...

ആശംശകള്‍ മാഷേ

Sethunath UN said...

മ‌നൂസ്,

അഭിന‌ന്ദ‌ന‌ങ്ങ‌ള്‍!
നല്ല ഹൃദ്യമായ പോസ്റ്റ്. :D

വിന്‍സ് said...

Vaayichu thudangiyappol inganey oru ending pratheekshichathey illa. Amazing.

Congratulations for being a father.

ദേവന്‍ said...

അഭിവാദ്യങ്ങള്‍ മനൂ & വെല്‍ക്കം കുഞ്ഞുവാവേ!

ഈ പോസ്റ്റും രസിച്ചു.

മറ്റൊരാള്‍ | GG said...

മാഷേ.. ഇങനെയൊരു അവസാനം തീരെ പ്രതീക്ഷിച്ചില്ല. കേരള എക്സ്പ്രസ്, അതിലെ പട്ടാളപ്പട,മെഡിക്കല്‍ മിഷന്‍, ഓര്‍മ്മകള്‍ അയവിറക്കി.

പിന്നെ

"ഐ ആം എ സക്സസ്ഫുള്ള് ലോയറ്‍.... പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്‌.... "

'അതു മണമടിച്ചപ്പൊഴേ മനസിലായി.. '

അങ്ങനെ എന്തെല്ലാം എന്തെല്ലാം.....

asdfasdf asfdasdf said...

മനൂ ആശംസകള്‍.
പോസ്റ്റ് കസറി.

ഗുപ്തന്‍ said...

Manuchettaaa aashamasakal entem vaka.. molkkum ammakkum manuchettanum :)

കൊച്ചുത്രേസ്യ said...

മിഠായിയെടുക്കൂ... ആഘോഷിക്കൂ...

mazha said...

മനൂ ആശംസകള്‍!!
അമ്മക്കും അച്ഛനും കുട്ടിക്കും ആശംസകള്‍
യാത്ര കഴിഞപ്പോള്‍ നല്ല സുഖം!!!!
ആശംസകള്‍
മഴ

mazha said...

മനൂ ആശംസകള്‍!!
അമ്മക്കും അച്ഛനും കുട്ടിക്കും ആശംസകള്‍
യാത്ര കഴിഞപ്പോള്‍ നല്ല സുഖം!!!!
ആശംസകള്‍
മഴ

shams said...

ഒരു യാത്രയുടെ സുഖം തോന്നി
അച്ചാ , ബഹൂത്തച്ചാ..,

അച്ചനും, അമ്മക്കും കുഞ്ഞുവാവക്കും ആശംസകള്‍

simy nazareth said...

മനുവേ, നന്നായി. എല്ലാ മംഗളങ്ങളും. മോള്‍ക്കും ഭൈമിക്കും മനൂനും അഭിനന്ദനങ്ങള്‍, ദുബൈ ഇല്‍ നിന്ന്.

കുട്ടിച്ചാത്തന്‍ said...

ആദ്യം ഒരിത്തിരി വൈകിയ ആശംസകള്‍.

ചാത്തനേറ്:“ പത്തനംതിട്ട ബാറിലാണു പ്രാക്ടീസ്‌.... "
'അതു മണമടിച്ചപ്പൊഴേ മനസിലായി.. '“

ഇവിടെയാണെല്‍ പോസ്റ്റ് കോമഡിയാണെന്ന് തുടക്കം വായിച്ചപ്പോഴേ പിടികിട്ടി.
എന്നാലും ചാത്തന്‍ പണ്ട് ഇതുപോലെ കേരളാ‍ എക്സ്പ്രസ്സില്‍ പോയത് 7 പോസ്റ്റുകളിലായിട്ടാരുന്നു. തിരിച്ചു വരുന്ന പോസ്റ്റ് പോരട്ടെ...

മിടുക്കന്‍ said...

ആശംസകള്‍...ഒരായിരം ആശംസകള്‍...

Vanaja said...

ഈ ബ്ലോഗില്‍ പലപ്പോഴും എത്തറുണ്ടായിരുന്നെന്ങ്കിലും പോസ്റ്റുകളുടെ നീളം കണ്ടു പേടിച്ച് ഓടിപ്പോവുകയായിരുന്നു പതിവ്.
ഇതും വായിക്കതെ പോയിരുന്നെങ്കില്‍ ഒരു നഷ്ടമായിരുന്നേനേ...:)

അമ്മയ്ക്കും കുഞിനും സുഖമെന്നു കരുതുന്നു. ആശംസകള്‍...

BTW പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് ശ്രീ ബാബുപോള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

Anonymous said...

amazing style man! keep it up
aasamsakal too

ശ്രീ said...

നാളികേരം കൊണ്ടു വന്നപ്പോഴേയ്ക്കും ഒന്നാം കമന്റ് ആരോ അടിച്ചു മാറ്റി (മറ്റാരുമല്ല, സുല്ലേട്ടന്‍‌ തന്നെ) അപ്പഴേ കരുതി, ഇതെന്തായാലും 50 തികയ്ക്കും, അപ്പോഴാകട്ടേന്ന്.
എന്നാലിതിവിടെ ഇരിക്കട്ടെ...അല്ല, ഉടയ്ക്കട്ടേ

“ഠേ!”

50!

krish | കൃഷ് said...

പോസ്റ്റ് വായിച്ചുകഴിയുമ്പോഴേക്കും 50 തീര്‍ന്നു. (മില്ലിയല്ലാ). എന്നാല്‍ ഇതാ തേങ്ങാ നമ്പര്‍ 51. ഠേ..
മനു.. അഭിനന്ദന്‍സ്, കംഗാരൂസ്.
മോള്‍ക്കും ഭൈമിക്കും സുഖമെന്ന് കരുതുന്നു.
തീവണ്ടി യാത്ര, മഞ്ഞക്കിളിയും വക്കീലുംകൂടി രസകരമാക്കിയല്ലേ. വായിക്കാനും രസമുണ്ട്.

മനോജ് കുമാർ വട്ടക്കാട്ട് said...

മനുജി, ആശംസകള്‍.

(പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എവിടെയാ പേര് കൊടുക്കേണ്ടത്? :)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..
ആശംസകള്‍....

Ajith Pantheeradi said...

അഭിനന്ദന്‍സ്!

ഒരു നാലു കൊല്ലം, നാലു മാസത്തിലൊരിക്കല്‍ ഞാന്‍ കേരള/മംഗള എക്സ്പ്രസ്സില്‍ ദില്ലി-കോഴിക്കോട് ട്രിപ്പടിച്ചിട്ടുണ്ട്. ഇതു പോലെ നല്ല പല കഥാപാത്രങ്ങളെയും കാണാം

കലക്കി!

ഏറനാടന്‍ said...

എന്റിഷ്ടാ.. ഇതെന്തൊരു സ്റ്റൈലന്‍ ശൈലിയാണളിയാ! എനിക്ക് മനുവിനോട് എന്തെന്നില്ലാത്ത കണ്ണുകടി തുടങ്ങുന്നുവോ എന്നൊരു തോന്നല്‍.. ഭയങ്കരമാന രംഗചിത്രീകരണം വരികളില്‍.. പുസ്തകമാക്കണം കേട്ടോ.. ആദ്യപ്രതി ഞാന്‍ ബുക്ക്‌ഡ്‌..

Anonymous said...

മനൂ,
ആദ്യായിട്ട് വന്നത് കുഞ്ഞീനെ കാണാന്‍ തന്നെയായതില്‍ ഭയങ്കര സന്തോഷം.കുഞ്ഞുമണിക്കും, ചേച്ചി കുഞ്ഞമ്മിണിയ്ക്കും, അമ്മ ലക്ഷ്മിക്കുഞ്ഞിക്കും നിറച്ചും ഇഷ്ടം നിറഞ്ഞ ഉമ്മ..പിന്യേയ് മനൂ,
പെണ്മക്കളുള്ള അച്ഛന്മാര്‍ക്ക് ഉത്തരവാദിത്വം കൂടും. ( അയ്യോ സ്ത്രീധനത്തിന്റെ കാര്യല്ല പറഞ്ഞെ.)പെങ്കുട്ട്യോള്‍ടെ ജീവിതത്തില്‍ അവര്‍ പരിചയപ്പെടണ ഓരോ പുരുഷനെം സ്വന്തം അച്ഛനുമായി അറിയാണ്ട്യെങ്കിലും ഒന്ന് തട്ടിച്ച് നോക്കും. അച്ഛന്മാര്‍ മിടുക്കന്മാരാണെങ്കി മിടുക്കന്മാരില്‍ കുറഞ്ഞാരേം അവരടെ കണ്ണില്‍ പിടിക്കില്ല്യ.സത്യം.മക്കളെ ചേര്‍ത്ത് പിടിച്ച് , ഇഷ്ടം കൊടുത്ത് , സന്തോഷായി ഒരുപാട് കാലം...
സ്നേഹം
സമാധാനം

തമനു said...

മനൂസേ...

ഇതിപ്പോ എന്താ പറയുക എന്നാ ഞാനാലോചിക്കുന്നേ ... ആശംസിക്കണോ, ചിരിക്കണോ... :)

കുഞ്ഞാവയ്ക്കും, ഇപ്പൊ ചേച്ചിയായ് വെലസി നടക്കുന്ന വല്യ വാവയ്ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ...

പോസ്റ്റ് കലക്കി :)

അരവിന്ദ് :: aravind said...

കലക്കന്‍ പോസ്റ്റ്! :-)

മനുവിന്റെ എല്ലാ പോസ്റ്റുകളും ഐ വി ശശിയുടെ പടം പോലെയാണ്..ഒരുപാട് കഥാപാത്രങ്ങള്‍..ഒരുപാട് സംഭവങ്ങള്‍ :-)

വിശാഖക്കുട്ടിയുടെ ഫോട്ടോ ഇട്ടാട്ടെ. അച്ഛനും അമ്മക്കും ആശംസകള്‍.

മുല്ലപ്പൂ said...

മാളുക്കുട്ടീ,
ചേച്ചി ആയി അല്ലേ.
ആശംസകള്‍ നാലാള്‍ക്കും.

രണ്ടു മാളൂട്ടികളുടെയും ഫോട്ടോ ഇടൂ.

മുക്കുവന്‍ said...

nnaa pinney oru 60 njan odakkattey..

kidilam

sandoz said...

മനൂ..ഈ ഡെല്ലി വാസികളൊക്കെ ഇങ്ങനെ തൊടങ്ങിയാല്‍ എന്ത്‌ ചെയ്യും....
സുന്ദരന്‍ ഡെല്ലീന്ന് പോയെങ്കിലും അവനും തണുപ്പിന്റെ പ്രശ്നങ്ങള്‍ അങ്ങ്‌ മാഫിയാ രാജ്യത്ത്‌ അനുഭവിച്ചോണ്ടിരിക്കുവാ....

പുതിയ പ്രജക്ക്‌ സ്വാഗതം..കുടുംബത്തിനു ആശംസകള്‍...

[ആ മിടുക്കനും ഡെല്ലീലല്ലേ...]

പുള്ളി said...

മനുവേ, ഇപ്പൊഴാ കണ്ടത്. ആശംസകള്‍!

പ്രിയ said...

"നോവിച്ചു വീഴുന്നു നമ്മള്
‍നോവിച്ചും നൊന്തും നോവായൊടുങ്ങുന്നു.... "

rasichu vayikkavunna bhasha.... angu ezhuthilum jeevithathilum ingane thanne aanalloo alle?

jense said...

കൂടെയുണ്ടായിരുന്നു ചേട്ടന്‍ ട്രെയിനില്‍ കയറിയപ്പോ മുതല്‍ ഓട്ടോ ചേട്ടന്‍ പാട്ടു പാടുന്നത് വരെ... സത്യം പറഞ്ഞാ മനു ചേട്ടാ, ചേട്ടന്‍ എന്നെ കൂട്ടിക്കൊണ്ടു പോയി... ആ ട്രെയിന്‍ യാത്രയില്‍ ഉടനീളം...

..:: അച്ചായന്‍ ::.. said...

kidakkattee oru commentt...

Anonymous said...

Dear Manu,

I hv gone thro ur few articles. I liked most of the articles. But in 'Brijviharam', you should not have used such incorrect and unwanted languages which will certainly hurt several of our colleagues. Because of these few, particularly with the strenous efforts of "steno raghavan' the Malayalees of Brij Vihar get this marvelous temple of Lord Ayyappa. As u know, because of this temple, now four families are able to get their daily bread. As u also agree, the temple cd be able to change the life and style of several Hindu families residing in Brij Vihar and its adjacent areas. Can we help a single person? Some of ur relatives and even U were also a part of Brij Vihar. But u hv not mentioned a single word about these fellows. Perhaps, u have deliberately avoided these persons. U hv painted most of the Malayalees living in Brij Vihar s "kallukudians". U might be aware that the stone for the temple was laid by Tantri Brahmashri Rajiv Kandaruru and the deity was installed at the sanctom sanctrum by Brahmashree Puthumana Sreedharan Namboothiri. Ur incorrect statements about the temple cd hv been avoided. All the above, the real habit of Brij Vihar Malayalees, that u cannot see or get from anywhere, "the cooperation/pyar/sneham" among Malayalees in Brij Vihar" on which u hv not spent for few seconds. The duty of a genuine writer to express true facts that u hv not done in this article.

Anyway, I congratulate u and wish u all success in life.

Vijayan

Anonymous said...

NJAN CHETTANTE BLOGIL REAL LIFE KANDU.REALLY YOU ARE LUCKY TO HAVE SUCH WONDERFUL MEMORIES.WISH YOU ALL THE BEST IN LIFE.
VINOD

Anonymous said...

പോസ്റ്റ് കലക്കി

സുധി അറയ്ക്കൽ said...

മനുച്ചേട്ടാാ.കലക്കനായിട്ടുണ്ട്‌.അസൂയ തോന്നുന്ന എഴുത്തും,അനുഭവങ്ങളും.