Monday, 26 November 2007

നമ്പ്യാരേ.. നാം പ്യാര്‍ മേം രേ......

'കം, തകം, പാതകം, കൊലപാതകം, വാഴക്കൊലപാതകം, കൊലപാതകം, പാതകം, തകം, കം' എന്ന അയ്യപ്പണിക്കരുടെ പരീക്ഷണ കവിത ഞാനോര്‍ത്തത്‌, കോന്നീ താഴത്തെ ആസ്ഥാന അലക്കുകാരന്‍ അച്യുതപ്പണിക്കര്‍ തലയില്‍ ഒരു വാഴക്കുലയുമായി, പ്രിയദര്‍ശന്‍ സിനിമയിലെ, പാട്ടുസീനില്‍ പെണ്ണുങ്ങള്‍ കറ്റ ചുമക്കുന്ന അതേ സ്റ്റൈലില്‍, കുണുങ്ങി വരുന്ന കണ്ടപ്പോഴാണു.

ഹീറോ സൈക്കിള്‍ ഞാന്‍ പെട്ടെന്ന് പിടിച്ചു നിര്‍ത്തി...

"തലയേതാ കൊലയേതാന്നറിയത്തില്ലല്ലോ പണിക്കരേ... ഈ ഡാന്‍സും ചെയ്തോണ്ടേങ്ങോട്ടാ... "

മൂക്കിനു മുകളിലോട്ട്‌ കുലയിലായിരുന്ന പണിക്കേര്‍, ശബ്ദം എവിടെനിന്നു വന്നു എന്നറിയാന്‍ കുലസഹിതം കഥക്‌ ഡാന്‍സറെപ്പോലെ ഒരു കറക്കം. കറങ്ങിവന്ന കുലയുടെ വളഞ്ഞ കാളാമുണ്ടി, കൊടക്കമ്പി പോലെന്‍റെ തലയില്‍..

"അയ്യോ...വീഴ്ത്തല്ലേ വീഴ്ത്തല്ലേ...ഇതു ഞാനാ പണിക്കരേ.... "

"ഓ...കുഞ്ഞാരുന്നോ.... കാണാന്‍ പറ്റിയില്ല കേട്ടോ.... "

"എങ്ങോട്ടാ കൊലയുമായി...അതും ഈ വൈകുന്നേരം.... "

"ഒന്നും പറേണ്ടെന്‍റെ കുഞ്ഞേ.. ആ കല്ലുപുരയ്ക്കലെ വക്കീല്‍ സാറിന്‍റെ മുണ്ട്‌ അലക്കുകല്ലില്‍ അടിച്ച്‌ കീറിപ്പോയി.. പകരം വേറൊന്ന് കൊടുത്തില്ലേല്‍ കുത്തിനു പിടിക്കത്തില്ലിയോ... തല്‍ക്കാലം കൊല വില്‍ക്കുകയല്ലാതെ വേറൊരു മാര്‍ഗോമില്ല.. ഓരോരോ തൊന്തരുവുകളേ.. മൂത്തമോളു സൌമിനിക്ക്‌ ഓണത്തിനു കൊടുക്കാന്‍ നിര്‍ത്തിയ കൊലയാ... ഈ കൊലച്ചതി വരുമെന്നാരേലും കരുതിയോ.." പണിക്കര്‍ കുല സഹിതം സൈക്കിളിന്‍റെ കാരിയറിലോട്ട്‌ കയറി.

"തുണിയലക്കുമ്പോ അലക്കുകല്ലില്‍ നോക്കണം..അല്ലാതെ അങ്ങേ കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളെ നോക്കിയാല്‍ ഇങ്ങൊനൊക്കെ വരും പണിക്കരേ.... "

"ഹി ഹി ഹി വേണ്ടാതീനം പറഞ്ഞാലും വേണ്ടില്ല..പറഞ്ഞു പരത്തല്ലേ കുഞ്ഞേ.... "

"വണ്ടി നീങ്ങുന്നില്ലല്ലോ പണിക്കരേ... കൊലക്കിത്ര വെയിറ്റോ...." സൈക്കിള്‍ ആഞ്ഞു ചവിട്ടി ഞാന്‍.

ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും തുളസീ തീര്‍ഥവുമായി അകന്ന ബന്ധുവും കൊളേജ്‌ മേറ്റുമായ അനുപമ ടന്‍റി ഫോര്‍ കാരറ്റ്‌ പുഞ്ചിരി തന്നുകൊണ്ട്‌ എതിരേ വന്നപ്പോള്‍ സൈക്കിള്‍ സ്ളോ ചെയ്തു.

"അമ്പലത്തിലേക്കാണോ അനുപമേ.. ഇങ്ങനെ നിരുപമ കാര്‍മുകില്‍ കേശിനിയായി പോവാതെ..പരമശിവന്‍ കൃഷ്ണനായി മാറുമേ... "

"കൊലയുമായിട്ടെങ്ങോട്ടാ... "

"അത്‌ കൊലയ്ക്കകത്തിരിക്കുന്ന ഈ കൊലയോട്‌ ചോദിക്ക്‌. " പണിക്കരെ നോക്കി ഞാന്‍

"അനുപമക്കുഞ്ഞേ.. പിള്ളേച്ചനു കുറവുണ്ടോ.. ഇമ്മിണിനാളായി വിചാരിക്കുന്നു അങ്ങോട്ടൊന്നു വരണമെന്ന്. പണിക്കരു തിരക്കിയെന്ന് പറഞ്ഞേക്ക്‌ കേട്ടോ... " കുല മറുകൈയിലോട്ട്‌ ഷിഫ്റ്റ്‌ ചെയ്ത്‌ പണിക്കര്‍.. "അടുത്താഴ്ച അങ്ങൊട്ട്‌ വരുന്നുണ്ട്‌"

"പഴയ മുണ്ടു വല്ലോമുണ്ടെങ്കില്‍ എടുത്തു വച്ചേക്കെണേ. ഇങ്ങേരതു കീറി പുതിയത്‌ വാങ്ങിത്തരും... ഇനിയും കുലച്ച വാഴകള്‍ നില്‍പ്പുണ്ടല്ലോ അല്ലേ പണിക്കരേ.. "

"ഊതാതെ ചവിട്ടു കുഞ്ഞേ.. ബേക്കറി അടയ്ക്കും മുമ്പങ്ങു ചെല്ലണം.. "

ഞാന്‍ വീണ്ടും ചവിട്ട്‌ തുടങ്ങി.

"കുഞ്ഞിനീ പെങ്കൊച്ചുങ്ങളെ കണ്ടാല്‍ മിണ്ടാതെ വിടാന്‍ പറ്റുകേല അല്ലിയോ.. "

"അതേ.. കടവില്‍ പെണ്ണുങ്ങളുണ്ടേല്‍ പണിക്കര്‍ക്ക്‌ തുണി കീറാന്‍ പറ്റാത്തപോലൊരു പ്രോബ്ളം.. എന്നാ ചെയ്യാനാ ഓരോരോ ദു:ശ്ശീലങ്ങളേ.. "

പണിക്കരെ ടൌണില്‍ അണ്‍ലോഡ്‌ ചെയ്ത്‌, കലാവേദിയുടെ ഓണാഘോഷത്തിലെ ഫിലിം ഷോയ്ക്ക്‌ മുന്നോടിയായി 'ഏതാനും നിമിഷങ്ങള്‍ക്കകം നിങ്ങളേവരും ആകാംഷഭരിതരായി കാത്തിരിക്കുന്ന മലയാള ചലച്ചിത്രം' എന്നതിനു 'ചലയാള മലച്ചിത്രം' എന്ന് വെപ്രാളത്തില്‍ ടംഗ്‌ ട്വിസ്റ്റ്‌ ചെയ്ത്‌ പ്രശസ്തനായ ഹരിദാസിനോട്‌ നാട്ടുവിശേഷം പറഞ്ഞ്‌ നില്‍ക്കുമ്പോഴാണു ഞാന്‍ ഒന്നു നടുങ്ങിയത്‌.

കാലന്‍ കുടയുമൂന്നി ദാ വരുന്നു നമ്പ്യാരമ്മാവന്‍.

'ഇന്ന് അച്ഛന്‍റെ ബ്ളഡ്‌ പ്രഷര്‍ കൂടിയതു തന്നെ' ഞാന്‍ മനസില്‍ പറഞ്ഞ്‌ ഒന്നു പുഞ്ചിരിച്ചു. 'പണ്ഡിതനു വരാന്‍ പറ്റിയ സമയം.. '

"ഏഭ്യാ.... നിന്നെ ദര്‍ശിച്ചത്‌ നന്നായി. സന്ധികള്‍ സന്ധിയില്ലാതെ സമരം ചെയ്യുന്നു. നടക്കാന്‍ തീരെ വയ്യാ... ഇനി സൈക്കിളുണ്ടല്ലോ... ഭാഗ്യം.. "

കുതിരപ്പുറത്ത്‌ കയറുന്നപോലെ കവച്ച്‌ കാരിയറിലോട്ട്‌ ചാടിയിരുന്ന് അമ്മാവന്‍ ഒരു ദീര്‍ഘനിശ്വാസം..

"ഹാവൂ...എന്തൊരാശ്വാസം.. ഇനി വിട്ടോ.... ".

ആകാരത്തില്‍ കുതിരവട്ടം പപ്പുച്ചേട്ടനേയും അഹങ്കാരത്തില്‍ കുരുക്ഷേത്രത്തിലെ ശകുനിയേയും പോലെയായ നമ്പ്യാരമ്മാവന്‍ അമ്മയുടെ ഏതോ അകന്ന ബന്ധത്തിലെ വിസിറ്ററായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ മൈല്‍ഡ്‌ പാരകള്‍ വച്ച്‌ ആത്മസംപൃതിയോടെ മടങ്ങുക എന്ന ദൌത്യം ഉടയതമ്പുരാന്‍ കല്‍പ്പിച്ചനുഗ്രഹിച്ചു നല്‍കിയ കുരുട്ടു ബുദ്ധിക്കാരന്‍. സംസാരിക്കുമ്പോള്‍ ആവുന്നതും സ്റ്റ്രോംഗ്‌ വേര്‍ഡ്‌സ്‌, പറ്റിയാല്‍ മുറി സംസ്കൃതം വച്ചു കീറുന്ന ഒരുതരം ചിത്തഭ്രമം ഉള്ളതുകൊണ്ടും, ധാരാളം വീരസാഹസകൃത്യങ്ങള്‍ സ്റ്റോക്ക്‌ ഉള്ളതുകൊണ്ടും എനിക്കീ അമ്മാവനെ പണ്ടുതൊട്ടേ വളരെ ഇഷ്ടമായിരുന്നു. നമ്പ്യാര്‍ജി വീട്ടില്‍ വന്നാല്‍ ഒരു ദിവസം കുശാല്‍. "ഇത്തിരി വെള്ളം എടുക്കൂ ലീലേ" എന്നതിനു "അല്‍പം ജലം എടുക്കൂ ക്രീഡേ.." എന്നേ നമ്പ്യാര്‍ പറയൂ.. ('നാലു വേദങ്ങളിലുള്ള അഗാധപാണ്ഡിത്യം കൊണ്ടാണീ സ്റ്റ്രോംഗ്‌ ഭാഷ' എന്ന് നമ്പ്യാരും 'നാലു കൊടുക്കാനാരും ഇല്ലാഞ്ഞിട്ടാ' എന്ന് അപ്പൂപ്പനും ഇതിനെപ്പറ്റി പറയാറുണ്ടായിരുന്നു)

വര്‍ഷത്തിലൊരിക്കല്‍ ഒരൂണിന്‍റേയും ഒരു ദിവസത്തെ സ്വസ്ഥതയേയും നഷ്ടമേ ഉള്ളല്ലോ എന്നോര്‍ത്ത്‌ അച്ഛനും ഈ അമ്മാവനെ അത്രയ്ക്കങ്ങ്‌ വെറുത്തിരുന്നില്ല, മോശമല്ലാത്തെ ഒരു പാര അച്ഛന്‍റെ തന്നെ നേര്‍ക്ക്‌ ബാണാസുരനെപ്പോലെ കാച്ചി പുള്ളി മടങ്ങും വരെ.

ഞാന്‍ പ്രീെ ഡിഗ്രിക്കോ മറ്റോ പഠിക്കുന്ന കാലത്താണെന്നാണോര്‍മ്മ.

ലഞ്ചിനു സ്പെഷ്യല്‍ ഡിഷ്‌ ആയി ചമ്മന്തി അരച്ചുകൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക്‌ നമ്പ്യാര്‍ജി പ്രാഞ്ചി പ്രാഞ്ചി വന്നു.

"ലീലാമ്മേ... നിന്‍റെ കെട്ടിയോന്‍ ഗോപാലകൃഷ്ണന്‍ ഈയിടെയായി ഗോപ്യമായി ചില കൃഷ്ണലീലകള്‍ ചെയ്യുന്നുണ്ടോ എന്നൊരു സംശയം ബലപ്പെട്ടുവരുന്നു എനിക്ക്‌. ഒന്നു സൂക്ഷിച്ചാല്‍ നിനക്കും പിള്ളാര്‍ക്കും നന്ന്....... "

"അതെന്താ അമ്മാവന്‍ അങ്ങനെ പറഞ്ഞത്‌.." അമ്മിക്കല്ലിന്‍റെ ഫോര്‍വേഡ്‌ ബാക്ക്‌വേഡ്‌ ആക്ഷന്‍ പെട്ടെന്നു നിര്‍ത്തി അമ്മ..

"അല്ലാ..... കഴിഞ്ഞ തവണയേ സന്ദേഹം എനിക്ക്‌ മൂര്‍ച്ഛിച്ചിരുന്നു..ഇത്തവണ അരക്കിട്ട്‌ ഞാന്‍ ഉറപ്പിച്ചു.. അവന്‍ ഒളിസേവ ചെയ്യുന്നുണ്ട്‌.. ഉറപ്പ്‌.." അമ്മിക്കല്ലില്‍ നിന്ന് ചൂണ്ടുവിരല്‍ കൊണ്ട്‌ ചമ്മന്തി തോണ്ടിയെടുത്ത്‌ വായിലേക്കിട്ടുകൊണ്ട്‌ അമ്മാവന്‍.

"ദേ അമ്മാവാ....അനാവശ്യം പറയല്ല് കേട്ടോ..... "

"അവനും ആ നസ്രാണി വാധ്യാരിണിയുമായി ചില്ലറ ഇടപാടുകള്‍ ഉണ്ട്‌ എന്ന് എന്‍റെ ചിത്തം പറയുന്നു. ഇന്നും കണ്ടു ഞാന്‍ അവരെ ഒന്നിച്ച്‌... ഉണ്ട്‌..എവിടെയോ ഒരു ചീഞ്ഞുനാറ്റം എന്‍റെ നാസികയില്‍ അനുഭവിക്കുന്നുണ്ട്‌ ഞാന്‍..... "

"ഏത്‌ വാധ്യാരിണീ..." അമ്മ അമ്മിക്കല്ല് റീസ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ട്‌ പറഞ്ഞു "ഓ...ആ ട്രീസ സാറായിരിക്കും.. ട്രഷറിയില്‍ ബില്ലു മാറാന്‍ ഒന്നിച്ചു പോയത്‌ അമ്മാവന്‍ കണ്ടിരിക്കും.. ശ്ശോ...സത്യത്തില്‍ ഞാന്‍ പേടിച്ചു പോയി.. "

"ട്രഷറീല്‍ വില്ലു മാറാന്‍ പോയി പോയി അവന്‍ ട്രീസേടെ അപ്പന്‍റെ തല്ലു വാങ്ങാതിരുന്നാ നന്ന്.... "

"അമ്മാവന്‍ ഒന്നു മിണ്ടാതിരുന്നെ.. വേണ്ടാതീനം പറഞ്ഞുണ്ടാക്കല്ലെ.. വെറുതെ..അങ്ങേരെ കുറെയായി ഞാന്‍ കാണാന്‍ തുടങ്ങീട്ട്‌. എന്‍റെ കെട്ടിയോന്‍ മാത്രമല്ല അങ്ങേരു... മുറച്ചെറുക്കന്‍ കൂടിയാ.. അത്‌ മറക്കരുത്‌.... "

"ഉം..... ഉം.....നിന്‍റെ മുറച്ചെറുക്കന്‍ നാട്ടുകാരുടെ മുറതെറ്റിക്കാതെ ഇരുന്നാ നിനക്കു കൊള്ളാം.... എന്തായാലും ജഗജില്ലിയായിരുന്ന നിന്‍റെ തന്ത കോന്നപ്പിള്ളേടേ കൈയീന്ന് നിന്നെ പൊക്കിയവനല്ലേ അവന്‍.. പഴയ ആയുധങ്ങള്‍ ഒക്കെ ഇപ്പൊഴും കാണാതിരിക്കുമോ..ട്രീസേടെ പാദുകത്തിന്‍റെ ആണിയൂരിയാല്‍ ട്രീസയ്ക്ക്‌ തന്നെ അതിട്ടുകൂടെ..അതിനീ എന്തിരവിനെന്തിനു കൈയിലെ നഖം കളയണം.. ഹോ.. നിന്‍റെ കാലേല്‍ മുള്ളുകൊണ്ടാല്‍ പോലും അവനിത്ര റാപിഡ്‌ ആക്ഷന്‍ എടുക്കില്ല..കണ്ടു ഞാനിന്ന് ഹോ.. ഏഭ്യന്‍"

അന്നു വൈകിട്ട്‌ കട്ടന്‍കാപ്പിക്കുപകരം കരച്ചില്‍ നല്‍കിയ അമ്മയുടെ കരണത്തേക്ക്‌ "ടപ്പോ" എന്നൊന്നു തലോടി അച്ഛന്‍ പറഞ്ഞു "ഇതു നിനക്കുള്ളതല്ല.. ആ മുതുകഴുവറ്‍ടമോനുള്ളതാ.. ഇനി അവനെ ഈ പടിക്കകത്ത്‌ കയറ്റിയാല്‍ മുട്ടുകാലും നട്ടെല്ലും ഒന്നിച്ച്‌ ഞാനൊടിക്കും...... "


"ഗോപാലകൃഷ്ണന്‍ ശബരിമലയ്ക്ക്‌ പോയീ എന്നൊരു ഉള്‍വിളിയുണ്ടായി. എല്ലാവരേയും ഒന്ന് ദര്‍ശിച്ച്‌ പോകാമെന്ന് കരുതി..." കുരങ്ങിനെ പോലെ കാരിയറില്‍ ഇരുന്ന് അമ്മാവന്‍..

അതുശരി. അച്ഛന്‍ വീട്ടിലില്ലെന്നും ആ സേഫ്റ്റി പീരിയഡില്‍ പുതിയ പാരയുടെ വെടിമരുന്നിനു തീ കൊളുത്തി മടങ്ങാമെന്നുമുള്ള മിഷനുമായാണുവരവ്‌.. അച്ഛന്‍ വീട്ടില്‍ തന്നെയുണ്ട്‌ എന്ന അപ്രിയസത്യം തല്‍ക്കാലം ഞാന്‍ പറഞ്ഞില്ല..

സൈക്കിള്‍ പാലം കഴിഞ്ഞുള്ള ഇറക്കത്തില്‍ സ്മൂത്തായി ഓടിക്കൊണ്ടിരുന്നു.

"മന്തുകാലനായാലെന്താ.... പണക്കാരനല്ലേ മോളേ..
പണക്കാരനായാലെന്താ...... മന്തുകാലനല്ലേ അമ്മേ.."

നമ്പ്യാരുടെ കിളിനാദം പുറകില്‍..

"മന്തുകാലനായാലെന്താ.... പണക്കാരനല്ലേ--"
ഏറുകൊണ്ട പട്ടി മോങ്ങുന്ന ശബ്ദത്തില്‍ പുറകിലെ ടയര്‍ വെടിതീര്‍ന്നതുകൊണ്ട്‌ വരി കമ്പ്ളീറ്റ്‌ ചെയ്യാന്‍ നമ്പ്യാര്‍ക്കായില്ല.ബ്രേക്ക്‌ രണ്ടും ഒന്നിച്ച്‌ പിടിച്ചതു മാത്രം ഓര്‍മ്മയുണ്ട്‌.

നാലുകാലില്‍ തവളെയെപോലെ റോഡിലേക്ക്‌ വീണ നമ്പ്യാര്‍ തൊട്ടുപുറകെ വീണ എന്നോട്‌ ചോദിച്ചു

"ഒരു സ്ഫോടനം കേട്ടല്ലോ... എവിടെ നിന്നാണു"

ഞരക്കത്തൊടെ എഴുന്നേറ്റ്‌, വില്ലുപോലെ പുറകോട്ട്‌ വളഞ്ഞ്‌ നിന്ന് അമ്മാവന്‍ പറഞ്ഞു

"തിരുവനന്തപുരം രംപുന്തനവരുതി ആയതുപോലെയായി കൃഷ്ണാ എന്‍റെ നട്ടെല്ലും. എല്ലാം കീഴ്‌മേല്‍... കൊശവാ ടയറില്‍ ആണി കേറിയോ അതോ ആണിയില്‍ ടയറു കേറിയോ... "

"കാറ്റുകൂടിയിട്ടാണെന്നു തോന്നുന്നമ്മാവാ.. ട്യൂബിന്‍റെ പണി കഴിഞ്ഞു..ഇനി നടക്കാം. "

"കാറ്റു പോവാഞ്ഞത്‌ ഭാഗ്യം. നിന്‍റെ പ്രപിതാമഹന്‍റെ കുപ്പിയില്‍ കുഴമ്പിരിപ്പുണ്ടല്ലോ അല്ലേ..ഹാവൂൊ..കാല്‍മുട്ടിനി നിവരുമോ മടങ്ങുമോ എന്നറിയില്ല" ഞൊണ്ടി ഞൊണ്ടി നടന്നുകൊണ്ട്‌ നമ്പ്യാര്‍.

"വേദനയുണ്ടോ അമ്മാവാ..." സൈക്കിള്‍ ഉരുട്ടിക്കൊണ്ട്‌ ഞാന്‍.

"പതനം ടാറിലേക്കായിരുന്നതുകൊണ്ട്‌ ഇടിച്ചിടം മരവിച്ചു.. നാളെയറിയാം വേദന..ഹോ... "

കൊച്ചുവീട്ടില്‍ കടവില്‍ കുളികഴിഞ്ഞ്‌, സോപ്പുപെട്ടിയും പിടിച്ച്‌ പെയിന്‍റര്‍ ബാലചന്ദ്രന്‍ ചേട്ടന്‍ ഞങ്ങളെ കണ്ടപാടെ മൂളിപ്പാട്ടു നിര്‍ത്തി.

"ഇതേതാ മോനേ ഈ പഴംചാക്ക്‌....? " സ്വരം അല്‍പ്പം താഴ്ത്തി, നമ്പ്യാരെ ഏറുകണ്ണിട്ട്‌ നോക്കി എന്നോട്‌ ചോദിച്ചു.

മുട്ടിലെ മുറിവില്‍ നിന്നും ദൃഷ്ടി നേരെ ബാലേട്ടന്‍റെ കണ്ണിലേക്ക്‌ പായിച്ച്‌ മുഖം മുഖത്തോടടുപ്പിച്ച്‌ നമ്പ്യാര്‍ ഒരൊറ്റ നില്‍പ്പ്‌..

"ഈശ്വരാ..ഇന്നു വല്ലതും നടക്കും" ഞാന്‍ മനസില്‍ പറഞ്ഞു.

രണ്ടു സെക്കണ്റ്റ്‌ മൌനം.

നമ്പ്യാരുടെ ക്രുദ്ധമായ നോട്ടത്തില്‍ ബാലേട്ടന്‍ ഒന്ന് പരുങ്ങി..

"ശുംഭാ................." ഒരലര്‍ച്ച..

ഇടത്തെ കൈ ഇടത്തെ കാല്‍മുട്ടില്‍ താങ്ങിപ്പിടിച്ച്‌, വലം കൈയിലെ കുഞ്ഞുവിരല്‍ നിവര്‍ത്തി, ബാക്കി വിരലുകള്‍ മടക്കി, താഴെനിന്നും മുകളിലേക്ക്‌ ഉയര്‍ത്തി ഒരു ചോദ്യം...

"തവ നാമധേയം കിം.................................... ?"

കുനിഞ്ഞ്‌ രക്ഷപെടാന്‍ തുടങ്ങിയ ബാലേട്ടനെ വീണ്ടും തടഞ്ഞുനിര്‍ത്ത്‌, കൈയിലെ സോപ്പ്‌ തട്ടിയെടുത്തു..

"അയ്യോ സോപ്പ്‌..സോപ്പ്‌ താ...എനിക്ക്‌ പോണം..... "


"ശുംഭാ........ ആന്‍സര്‍ മീ..... തവ നാമധേയം കിം..... "

സോപ്പുമായി വീട്ടില്‍ ചെന്നില്ലെങ്കില്‍ അമ്മ ചന്ദ്രികച്ചേച്ചി ചീത്തവിളിക്കുമെന്ന് ഹന്‍ഡ്റഡ്‌ പേര്‍സെന്‍ററിയാമായിരുന്ന ബാലേട്ടന്‍ എന്നോട്‌ ചോദിച്ചു.. "എന്താ മോനേ ഇങ്ങേരു ചോദിക്കുന്നത്‌.... "

"പേരു പറ ചേട്ടാ... പേരാ ചോദിക്കുന്നെ.... " ഞാന്‍

"ബാലചന്ദ്രന്‍...ബാലചന്ദ്രന്‍" നമ്പ്യാരുടെ കൈയിലെ സോപ്പ്‌ തിരിച്ചു പിടിക്കാന്‍ ഒരു വിഫലശ്രമം നടത്തിക്കൊണ്ട്‌ ചേട്ടന്‍ മറുപടി പറഞ്ഞു.

"നഹിം.. നീ ബാലചന്ദ്രന്‍ അല്ല.... പൂറ്‍ണ്ണചന്ദ്രനാണു..പൂറ്‍ണ്ണചന്ദ്രന്‍.." സോപ്പുപെട്ടി വായുവില്‍ കറക്കി ഒരു പൂജ്യം എഴുതിക്കൊണ്ട്‌ നമ്പ്യാര്‍ "പൂജ്യചന്ദ്രന്‍.......... "

"അമ്മാവാ സോപ്പ്‌ താ....കുഞ്ഞുകളിക്കാതെ.. എനിക്ക്‌ പോണം... "

"സോപ്പ്‌ തരാം.. സമയമുണ്ടല്ലോ... സംസ്കൃതത്തില്‍ ഒരു വാചകം ഉവാചൂ....... "

"സോപ്പ്‌ താ ........ "

"അത്‌ സംസ്കൃതമല്ല.. സോപ്പ്‌ വേണേല്‍ ഒരു സംസ്കൃത വാചകം പറയൂ.... "

"ചുറ്റായല്ലോ ഈശ്വരാ....." മലയാളത്തില്‍ എത്ര അക്ഷരം ഉണ്ടെന്നു ചോദിച്ചാല്‍ നാളെ പറയാം എന്ന് പറയുന്ന ബാലേട്ടന്‍ എന്നെ ദയനീയമായി നോക്കി..

എന്തോ ആലോചിച്ച്‌ പെട്ടെന്ന് പറഞ്ഞു
"സമ്പ്ളതി ബാര്‍ത്താഹ ച്യൂയിംഗം... "

"ശുഭാ......................" വീണ്ടും ഒരലര്‍ച്ച..

"ത്വത്‌ കക്ഷായാം ത്വം പടാസി........" അടുത്ത ചോദ്യം..

"കഷായമോ.. കര്‍ത്താവേ എന്തോന്നാ ഇങ്ങേരി ചോദിക്കുന്നെ.. " ബാലേട്ടന്‍ വീണ്ടും എന്നെ നോക്കി....

'ഏതു ക്ളാസു വരെ പഠിച്ചു എന്നാണു അമ്മാവന്‍ ഉദ്ദേശിച്ചതെങ്കിലും ഞാന്‍ പറഞ്ഞു

"ദിവസം എത്രനേരം കുളിക്കും എന്ന്"

"രണ്ട്‌...രണ്ട്‌...ദോ... ടൂ..ടൂ.... " ബാലേട്ടന്‍ ക്ളിയര്‍ ആയി പറഞ്ഞു

"ഐസീ...നിരക്ഷര കുക്ഷസ്യാ...വിഡ്ഡിക്കൂഷ്മാണ്ടസ്യാ.... ത്വം മമ പാദലാം കുരുഥാ..... ""

"ഈ കുരുത്തം കെട്ടോനെ കൊണ്ടു തോറ്റല്ലോ കാച്ചനത്തപ്പാ.. എന്നതാ ഇപ്പൊ പറഞ്ഞെ" ബാലേട്ടന്‍ എന്നെ വീണ്ടും നോക്കി...

"കാലില്‍ വീണോളാന്‍.. അനുഗ്രഹിക്കനാ....വീണോ... "

"ഈ മുതുകെണ്ടേടേ കാലേലോ..ഞാനോ...എന്‍റെ പട്ടിവീഴും... "
ബാലേട്ടന്‍ ഇത്‌ പറഞ്ഞു തീര്‍ന്നതും, നമ്പ്യാര്‍ സോപ്പ്‌ എടുത്ത്‌ കരിമ്പില്‍ കാട്ടിലേക്കെറിഞ്ഞതും ഒന്നിച്ചായിരുന്നു.

"നായിന്‍റെ മോനേ...." എന്ന് ബാലേട്ടന്‍ അലറിയതും, നമ്പ്യാരുടെ ചെകിടത്ത്‌ 'പടോ' എന്ന മ്യൂസിക്‌ വീണതും രണ്ടും കൂടി രണ്ടും കൂടി കലുങ്കിലേക്ക്‌ മറിഞ്ഞതും, തോട്ടില്‍ വീഴാതെ ഞാന്‍ പിടിച്ചു നിര്‍ത്തിയതും സെക്കന്‍റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

രണ്ടുവീഴ്ച്ചയുടെ ആഘാതവുമായി ചള്ളിയ കൂഴച്ചക്കപോലുള്ള ബോഡിയുമായി നമ്പ്യാരമ്മാവന്‍ വീട്ടിലേക്ക്‌ കയറി.

അച്ഛനെ മുഖം കാണിക്കാതെ അമ്മയുടെ അടുത്തുചെന്ന് ഒരു ഗ്ളാസ്‌ വെള്ളം വാങ്ങി കുടിച്ചു.

"ലീലാമ്മേ.. ഒരു സദ്യയൊരുക്കെടീ.. നിന്‍റെ കൈപ്പുണ്യമുള്ള രുചിയറിയാന്‍ നാവു കൊതിക്കുന്നു.. "

അച്ഛനോടനുവാദം ചോദിക്കാതെ അമ്മ അന്ന് സദ്യയൊരുക്കി..

പാതിരാത്രിവരെ ചിരിയും തമാശയും സംസ്കൃത ശ്ളോകങ്ങളും കേട്ട്‌ ഞാന്‍ നമ്പ്യാരമ്മവനു കൂട്ടിരുന്നു.

പിറ്റേന്ന് കാലത്ത്‌ അച്ഛന്‍ എന്നെ വിളിച്ചു.

"ഇതാ പാവത്തിനു കൊടുത്തേക്ക്‌" അമ്പതു രൂപ നീട്ടി അച്ഛന്‍ പറഞ്ഞു
"എന്തോ എനിക്കിന്ന് അങ്ങേരോട്‌ ദേഷ്യം തോന്നുന്നില്ല.. സ്നേഹം മാത്ര തോന്നുന്നു... "

യാത്ര ചോദിച്ച്‌ അമ്മാവന്‍ പടിയിറങ്ങി..

കുറെ നടന്ന് തിരിച്ചു വന്നു.

"ഞാന്‍ എന്തോ എടുക്കാന്‍ മറന്നപോലെ.... "

പോക്കറ്റിലും, അരയിലും, എല്ലാം ഒന്നുകൂടി തപ്പി

"എല്ലാം ഉണ്ട്‌..പക്ഷേ എന്തോ ഒന്നെടുക്കാന്‍ മറന്നപോലെ..എന്താണെന്നൊരു നിശ്ചയം പോരാ... "

പിന്നീടൊരിക്കല്‍ പോലും ആ പടികയറാന്‍ നമ്പ്യാരമ്മാവന്‍ വന്നില്ല.

മൂന്നു മാസത്തിനുള്ളില്‍ യമദേവന്‍റെ കയറ്‍ കഴുത്തില്‍ വീണു.

മരണത്തോടൊപ്പം പടിയിറങ്ങുമ്പോഴും അമ്മാവന്‍ തിരിഞ്ഞു നിന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും.
"എന്തോ ഒന്നെടുക്കാന്‍ മറന്നപോലെ..... "

Monday, 19 November 2007

കല്യണപ്പിറ്റേന്ന്.. മനോരമ ദിനപ്പത്രത്തില്‍

പ്രിയ ബൂലോക സുഹൃത്തുക്കളെ.. 'മലയാള മനോരമ' ഈയിടെ ആരംഭിച്ച 'അനുഭവം' പ്രതിവാര പംക്തിയില്‍, ഇന്ന് ഈയുള്ളവന്‍ എഴുതിയ "കല്യാണപ്പിറ്റേന്ന്' അച്ചടിച്ചു വന്ന വിവരം ഫുള്‍ ത്രില്ലിംഗോടെ നിങ്ങളെ അറിയിക്കുന്നു...



ഈ സന്തോഷം പങ്കിടാന്‍ പ്രിയ ബൂലോക സുഹൃത്തുക്കള്‍ മാത്രം മതി എനിക്ക്‌. എന്നെ സ്നേഹിച്ചും, തലോടിയും, തല്ലിയും, പ്രോത്സാഹിപ്പിച്ചും ഇതുവരെ എത്തിച്ച നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ ഹൃദയം കടപ്പെട്ടിരിക്കുന്നു. അളന്നാല്‍ തീരാത്തത്ര....

ഈ സ്നേഹം , പ്രോത്സാഹനം ഇനിയും തുടരണേ...ആശംസിക്കണേ...

Monday, 5 November 2007

ഇന്ദു ചൂടാ മണി

'സന്ധ്യ മയങ്ങും നേരം...' എന്ന മൂളിപ്പാട്ടും പാടിക്കൊണ്ടാണു ആ സന്ധ്യാനേരത്ത്‌ കോന്നി പബ്ളിക്ക്‌ ലൈബ്രറിയിലേക്ക്‌ ഞാന്‍ ചാടിക്കയറിയത്‌.

ശവത്തിനു കാവലിരിക്കുന്ന പോലീസുകാരനെ പോലെ, പ്രജ്ഞയെ പ്രതിമയാക്കിയ ലൈബ്രേറിയന്‍ പണിക്കര്‍ സാറിനെ നോക്കി പറഞ്ഞു..
"നമസ്കാരം സാര്‍.... "

മറുപടിയായി വലംകൈ അല്‍പമൊന്നുയര്‍ത്തി തിരികെ മേശമേലിട്ടു..

'തിരിച്ചൊരു നമസ്കാരം പറയാന്‍ ഈഗോ സമ്മതിക്കുന്നില്ലേ...പാവം.. ഈഗോയോട്‌ 'നീ ഗോ' എന്ന് പറയാനുള്ള ചങ്കൂറ്റം ഇത്ര പ്രായമായിട്ടും ഇല്ലേ സാബ്‌' എന്ന് മനസില്‍ പറഞ്ഞു റാക്കുകള്‍ക്കിടയിലൂടെ, പുസ്തകഗന്ധത്തിലേക്കൂളിയിട്ടു....

കുനിഞ്ഞു നിന്ന് പുസ്തകം പരതുന്നു മണ്ണഞ്ചേലിലെ ഇന്ദു. നീലസാരിയും അഴിച്ചിട്ട മുടിയും...

'ഇന്ദുലേഖയോ കുന്തലതയോ..എന്താണിന്ദു നീ അന്താളിച്ചു മാന്തുന്നത്‌... "

"അയ്യെടാ..നീയോ...ഹോ..ഇന്ന് കുറിയും തൊട്ടാണല്ലോ എഴുന്നെള്ളത്ത്‌.. എവിടാരുന്നു വായിനോട്ടം... ?"

"കൃഷ്ണനട അമ്പലം വരെയൊന്നു പോയി..കുറെ നാളായേ അവിടൊന്നു കേറീട്ട്‌. ഭഗവാന്‍ കൃഷ്ണമേനോനെ അങ്ങനങ്ങു നിരാശനാക്കണ്ടാ എന്നു വിചാരിച്ചു.." കവിതാ പുസ്തകങ്ങളിലോടെ കണ്ണോടിച്ചു പറഞ്ഞു.

"നിനക്ക്‌ പറ്റിയ ആളാ... എന്നിട്ടെന്തു പറഞ്ഞു...." ഏതോ പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ തറപ്പിച്ചു നോക്കി ഇന്ദു..

" 'ഹേ ലോഡ്‌..ലോഡ്‌ മീ വിത്ത്‌ ഗോപികാസ്‌....' എന്ന് ഞാനും 'ഓ ബാബാ...ഓള്‍ ബേബീസ്‌ ആര്‍ വിത്ത്‌ മീ ' എന്ന് പുള്ളിയും.... "

"നിന്നെപ്പോലെയുള്ളവര്‍ക്ക്‌ വി.കെ.എന്‍ മാഷ്‌ ഒരു ഇംഗ്ളീഷ്‌ പേരിട്ടിട്ടുണ്ട്‌.. 'സബ്ജക്റ്റ്‌ എക്സ്‌പേര്‍ട്ട്‌സ്‌' അതായത്‌ 'വിഷയലമ്പടന്‍സ്‌'. നന്നാവരുതെടാ.. ഒരിക്കലും നന്നാവരുത്‌... "

"നീ എന്നാ തപ്പുവാ.. വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടമോ"

"ഇതെങ്ങനെയുണ്ട്‌..നീ വായിച്ചതാണോ...." കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം നീട്ടി അവള്‍..

"കൊള്ളാമോന്നോ... ഇത്‌ വായിച്ചില്ലേ ഹാഫ്‌ ജന്‍മം ഹോളോ മാഷേ.... എടുത്തോ എടുത്തോ... "

"അരമണിക്കൂറായി ഞാന്‍ പരതുവാ.. കൊള്ളാവുന്ന പുസ്തകമെല്ലാം പരമാത്മാവുപോലാ.. ആദിയുമില്ല അന്തവുമില്ല..ഇവന്‍മാര്‍ക്കിത്‌ കീറിക്കളയാതെ തിരികെക്കൊടുത്താ എന്താ കുഴപ്പം...." അടുത്തതിനുള്ള തിരച്ചിലിടയില്‍ അവള്‍.

റാക്കിന്‍റെ രണ്ടാം വരിയിലേക്ക്‌ ഞാനും തുടങ്ങി പരതല്‍. ഇടയ്ക്ക്‌ ഗോപിതിലകം ചാര്‍ത്തിയ ഇന്ദുവിന്‍റെ നെറ്റിയിലേക്ക്‌ ഏറുകണ്ണിട്ടു പാടി

"കുട്ടിക്കൂറ പൌഡറിട്ട കുട്ടിപ്പെണ്ണേ കൊച്ചു-
കട്ടപ്പനക്കാരിയായ കുട്ടിപ്പെണ്ണേ....

എന്താണറിയില്ല.. ഈയിടെയായി നിന്നെ കാണുമ്പോള്‍ പാട്ടുകള്‍ മനസില്‍ പിറക്കുന്നു.. ഇതൊരു രോഗമാണോ ഡോക്ടര്‍... "

"അതേലോ രോഗി..ഇതു ശരിക്കും ഒരു രോഗമാണു.. ഇതിനുള്ള മരുന്ന് എന്‍റെ അച്ഛന്‍റെ കൈമുട്ടിലേ ഉള്ളൂ.. മാറ്റിത്തരാന്‍ ഞാന്‍ പറയാം കേട്ടോ..." മുഖം ചുളിച്ചു തുടര്‍ന്നു "വായി നോക്കാതെ പുസ്തകം നോക്കെടാ... "

"ശംഭോ മഹാദേവാ.... ഇവളെ അല്‍പ്പം റൊമാന്‍റിക്‌ ആക്കൂ.... "

"ശ്ശ്‌.........." ചൂണ്ടുവിരല്‍ ചുണ്ടില്‍ നിന്നെടുത്ത്‌ ബോറ്‍ഡിലേക്കു നീട്ടിക്കാണിച്ചു.

'നിശ്ശബ്ദത പാലിക്കുക. '"

'നീ ശബ്ദത പാലിക്കുക' എന്നത്‌ ഒന്നിച്ചെഴുതുമ്പോഴാണെടീ 'നിശ്ശബ്ദത പാലിക്കുക' എന്നാവുന്നത്‌.... "

"ഇഡിയറ്റ്‌.... "

"യെസ്‌...ഞാനല്ല...മണ്ണഞ്ചേലിലെ കൊച്ചാട്ടന്‍.... "

പല്ലു ഞെരിച്ച്‌ വീണ്ടുമവള്‍ പുസ്തകങ്ങളിലേക്ക്‌....

"ഞാനറിയുന്നു തുറുങ്കു ഭേദിച്ചു നിന്‍
സ്നേഹപ്രവാഹം സമുദ്രസംഗീതമായ്‌
മാറുന്നതും വന്ധ്യകാലങ്ങളില്‍ തണല്‍
വീശുന്ന നിന്‍റെ ബലിഷ്ഠമാം ചില്ലകള്
‍തോറും കൊടുങ്കാറ്റു കൂടുവെക്കുന്നതും...

ചുള്ളിക്കാടേ വന്ദനം.. എന്നാ ചെത്ത്‌ എഴുത്താ മാഷേ...നീ ഇതു വായിച്ചോ ഇന്ദൂ, 'ജോസഫ്‌ ഒരോര്‍മ്മതന്‍ ക്രൂരമാം സൌഹൃദം'.. ഇന്നിതിരിക്കട്ടെ.. "

അങ്ങേ റാക്കിന്‍റെ മൂലയ്ക്ക്‌ എലി പുന്നെല്ലു കണ്ടപോലെ ഏതെടുക്കണം എന്ന വെപ്രാളത്തില്‍ ഒരു തല...

'എടാ ഇത്‌ അലക്സ്‌ ചാണ്ടിയല്ലേ..... '

ചാടി അങ്ങോട്ട്‌ ചെന്നു..

"നീ എന്താ 'മരുഭൂമികള്‍ ഉണ്ടാകുന്നത്‌' തപ്പുവാണോ ചാണ്ടിച്ചാ. "

"ഏയ്‌..എനിക്ക്‌ മരുഭൂമിയിലൊന്നും താല്‍പര്യമില്ല.. പച്ചപ്പുമാത്രം മതിയളിയാ.... "

"നല്ലതു വല്ലോം തടഞ്ഞോ.. ഒന്ന് കാണിക്ക്‌"

ചാണ്ടിക്ക്‌ പരുങ്ങല്‍.

പുസ്തകം തട്ടിയെടുത്തു നോക്കി..

പമ്മന്‍റെ 'ഭ്രാന്ത്‌'

"നിന്‍റെ പമ്മിനില്‍പ്പ്‌ കണ്ടപ്പോഴേ തോന്നി. സംഭവം പമ്മനാണെന്ന്.. ഇതിലും ഡോസ്‌ കൂടിയതൊന്നും കിട്ടിയില്ലേ അളിയാ.. "

"നോക്കിയില്ലെടേ.. ഇതിലാവുമ്പോ, നേരത്തെ വായിച്ചവന്‍മാര്‍ പ്രധാനഭാഗങ്ങള്‍ അണ്ടര്‍ലൈന്‍ ഇട്ടിട്ടുണ്ട്‌.. കൂടുതല്‍ തപ്പി മെനക്കെടേണ്ടല്ലോ.. "

"എന്നാലും നീയൂടൊന്ന് ഇരുത്തി വായിക്ക്‌.. ലവന്‍മാര്‍ക്ക്‌ വല്ല വരികളും മിസ്‌ ആയിട്ടുണ്ടേങ്കില്‍ അവിടെ നീയും വരയ്ക്ക്‌.. ഇനി എടുക്കുന്നോമ്മാര്‍ക്ക്‌ സഹായമാവട്ടെ... "

"ഇനി വായിക്കുന്നോര്‍ക്ക്‌ എന്ന് പറേണ്ട 'എനിക്ക്‌' 'എനിക്ക്‌' എന്നു പറ.. കപടസദാചാരദ്രോഹീ.. സദാ ചാരമാണു നിന്നെപ്പോലുള്ളോന്‍മാരുടെ മനസ്‌ "

"ഓണ സീസണായിട്ട്‌ നിണ്റ്റെ വല്യപ്പച്ചനെ പയ്യനാമണ്‍ റൂട്ടിലോട്ട്‌ കാണുന്നില്ലല്ലോടേ.. ദിവസോം മൂന്നുനേരം പെട്രോള്‍ അടിക്കാന്‍ വാറ്റുമുക്കിലേക്ക്‌ അറഞ്ഞു വിടേണ്ട സമയമാണല്ലോ ഇത്‌.. ഇതുവരെ ഒ.കെ ആയില്ലേ... "

"ഓ...ആലിന്‍കാ പഴുത്തപ്പോ അണ്ണാച്ചിക്ക്‌ ആണിരോഗം എന്ന പറഞ്ഞപോലായി വല്ല്യപ്പച്ചനു. അന്നത്തെ വീഴ്ച്ച ശരിക്കുമങ്ങേറ്റു. മൂത്രമൊഴിക്കണേല്‍ ഇപ്പോ മൂന്നുപേരുടെ സഹായം വേണം... "

"അന്നാ ഒറ്റത്തടിപ്പാലത്തില്‍, 'ഐ ആം ഡേയിഞ്ചറസ്‌' എന്ന് സ്ളോഗന്‍ എഴുതിയ ടീ ഷര്‍ട്ടുമിട്ട്‌, വേച്ച്‌ വേച്ച്‌ കേറിയപ്പൊഴേ ഞാന്‍ പറഞ്ഞതാ, അച്ചായാ സൂക്ഷിച്ച്‌..ഒന്നാമതെ ഫിറ്റാ....വീഴും വീഴും എന്ന്. 'നീ പോടാ കൊച്ചനേ.. ഞാനുണ്ടായേനു ശേഷമാ ഈ പാലമുണ്ടായേ' എന്ന് മുഴുവനും പറഞ്ഞു തീരാന്‍ കര്‍ത്താവു സമ്മതിച്ചില്ല..ഒതേനന്‍ കുതിരപ്പുറത്ത്‌ ചാടിക്കയറുമ്പോലെയല്ലേ പാലത്തെലോട്ട്‌ കവച്ച്‌ വീണത്‌. രണ്ടുസെക്കന്‍റുകൊണ്ട്‌ ഉച്ചികുത്തി തോട്ടിലോട്ടും. ഞാന്‍ കണ്ടതുകൊണ്ട്‌ കുന്നുമ്മേലച്ചനൊരു കൂദാശ മിസായി... "

"ആരാന്‍റപ്പച്ചന്‍ തലകുത്തിവീണാല്‍ കാണാന്‍ നല്ല ചേലല്ലേ...പാവം!. 'ചാണ്ടീ ഒരു പൊടിക്കുപ്പി വാങ്ങിവാടാ' എന്ന് ദൈന്യത്തോടെ പറയുന്നത്‌ കേക്കുമ്പോ സങ്കടം വരും.. എങ്ങനെ നടന്ന മനുഷ്യനാ... "

"അതേ..ഇനി കെ.കരുണാകരനേയും ഫാമിലിയേയും തെറിവിളിക്കാന്‍ ആരുണ്ടെന്നാ എന്‍റെ വിഷമം... ആട്ടെ ശരീരത്തിലെ ഏതെങ്കിലും പാര്‍ട്ടിനു ഇമ്പ്രൂവ്‌മണ്റ്റ്‌ ഉണ്ടോ.. "

"ഒന്നിച്ചൊരു പ്രോഗ്രസില്ല.. കൈയുയര്‍ത്തണേല്‍ കോട്ടുവായിടണം.. കോട്ടുവാ ഇടണേല്‍ കൈയുയര്‍ത്തണം എക്സട്രാ എക്സട്രാ.... "

ചാണ്ടിയുമൊന്നിച്ച്‌ ലൈബ്രറിയുടെ പടവുകളിറങ്ങി.

"ഞാനെന്നാ പോട്ടെ. ജംഗ്ഷനീന്ന് കുറച്ച്‌ കാപ്പിപ്പൊടി വാങ്ങണം.. നീയിനി വീട്ടിലോട്ടല്ലേ.. നടന്നോ അതോ...." ചാണ്ടി
പുസ്തകം മുണ്ടിന്‍റെ കുത്തിനുള്ളിലേക്ക്‌ തിരുകി.

"ദാ ഇന്ദുട്രാവല്‍സ്‌ വരുന്നു. ഞാനീ ബസിലാ പോന്നെ.. സൈഡ്‌ സീറ്റിലിരുന്ന് കാറ്റുകൊണ്ട്‌ പോകാമല്ലോ..." നടന്നു വരുന്ന ഇന്ദുവിനെ നോക്കി പറഞ്ഞു..

"നാട്ടുകാരു കൈവെക്കാതെ നോക്കണേ അളിയാ.. മണ്ണഞ്ചേലില്‍ ഫാമിലിക്കാരു ഭയങ്കര മസില്‍ പൌവറുള്ളോരാ....പറഞ്ഞില്ലാന്നു വേണ്ട.. "

"ഏയ്‌..എന്നോടര്‍വര്‍ക്കെല്ലാം വല്ലാത്തൊരു വാത്സല്യമാ..... "

"ഓഹോ..എന്നാ ആ വാത്സല്യത്തേ കുറെച്ചെനിക്ക്‌ താ..ഞാനും കൂടി ഒരു പഞ്ചാരക്കച്ചോടം തുടങ്ങെട്ടെടാ.... "

"അലക്സ്‌ ഏത്‌ പുസ്തകമാ എടുത്തെ..." സാരിത്തലപ്പ്‌ വാരിക്കുത്തി ഇന്ദു.

"ആയിരത്തൊന്ന് രാവുകള്‍...ഈയിടെയായി ഇവനു ബാലസാഹിത്യത്തില്‍ കമ്പം തുടങ്ങീട്ടുണ്ട്‌..." മുങ്ങുന്ന ചാണ്ടിയെ നോക്കി ഞാന്‍..

"അപ്പോള്‍ നടക്കാം അല്ലേ....ഈ സന്ധ്യയ്ക്ക്‌ ഒറ്റക്കു നടക്കാന്‍ പേടിയില്ലേ ഇന്ദു... "
പുസ്തകം കക്ഷത്തില്‍ വച്ചു നടന്നു തുടങ്ങി

"ഇല്ല..ഉണ്ടെങ്കില്‍ ഒരുകിലോ പേടി തൂക്കി താ.. എന്താ വില.. "

"തമാശ.. തമാശ. ഇത്ര മനോഹരമായി സാരിയുടുക്കാന്‍ നിന്നെ ആരാ പഠിപ്പിച്ചെ.. ഇതിനെയാണോ പൂക്കുല ഞൊറി, പൂക്കുല ഞൊറിയെന്നൊക്കെ പറേന്നെ... "

"റോഡില്‍ നോക്കി നടക്കെടാ...വണ്ടിയിടിച്ചിട്ടുപോയാല്‍ എനിക്ക്‌ വയ്യ നിലവിളിക്കാന്‍... "

സന്ധ്യ ഇളംകറുപ്പു കച്ച അണിഞ്ഞുതുടങ്ങി.. ഇളം കാറ്റ്‌ ഇന്ദുവിന്‍റെ മുടികളെ തൊട്ടുകളിയാക്കി പറന്നു.
ജിമുക്ക ഇളക്കത്തില്‍ കുസൃതിക്കണ്ണുകള്‍ പറ്റിപ്പിടിച്ചിരിന്നു..പറിഞ്ഞു പോകാതെ..

"ഇന്ദൂ...ഈ കപ്പലണ്ടിയും നീയുമായിട്ടെങ്ങനാ... " വഴിയരികിലെ കപ്പലണ്ടിക്കച്ചവടക്കാരനെ കണ്ടപ്പോള്‍ ചോദിച്ചു.."നല്ല റിലേഷന്‍ ആണെങ്കില്‍ അമ്പതു പൈസ ഇപ്പം ഞാന്‍ മുടക്കാം.. "

"അയ്യെടാ.... അത്‌ നിന്‍റെ ഭാവി അമ്മായിയമ്മയ്ക്ക്‌ വാങ്ങിക്കൊട്‌"

"അപ്പോ മണിടീച്ചര്‍ക്കതിഷ്ടമാ..ഛേ....നേരത്തെ പറേണ്ടേ ഇതൊക്കെ.. "

"അമ്മ കഴിഞ്ഞ ജന്‍മം വല്യ പാപമൊന്നും ചെയ്തിട്ടില്ല..നിന്നെപ്പോലൊരു മരുമോനെ കിട്ടാന്‍ വേണ്ടി... "

ഏതോ പരിചയക്കാരന്‍ ബൈക്കില്‍ പോകുന്ന കണ്ട്‌ കൈയുയര്‍ത്തി വിഷ്‌ ചെയ്തു.....

"ഈ..... പകല്‍ സന്ധ്യയോട്‌ എന്താ പറേന്നേന്നറിയാമോ ഇന്ദൂ നിനക്ക്‌.... "

`"ഇല്ലല്ലോ.... എന്താ"

"പകലു പറയും 'എടീ സന്ധ്യേ...ഞാന്‍ നിന്നെ ഒരുപാട്‌ സ്നേഹിക്കുന്നു. പക്ഷേ എനിക്ക്‌ വയസായി പോയല്ലോ...' അപ്പോള്‍ സന്ധ്യ പറയും.. 'എനിക്കും അധികം നേരം ഇങ്ങനെ നിക്കാന്‍ പറ്റില്ലല്ലോ...പോയേ പറ്റൂള്ളല്ലോ..' അപ്പോ അവിടെ എന്തു സംഭവിക്കും. നീ പറ"

"എന്തു സംഭവിക്കും.....?" ഇന്ദു ചിരിച്ചു...

"ഒന്നും സംഭവിക്കില്ല... അതുതന്നെ സംഭവിക്കും... "

"ഹ ഹ... എവിടൊക്കൊയോ ചില സ്ക്രൂസ്‌ ഇളകിക്കിടക്കുവാ നിന്‍റെ.. അതുറപ്പ്‌..."

ജിമുക്ക പിന്നെയും ഇളകി.. അവള്‍ എന്തോ പിറുപിറുത്തു....

"എന്താ നീ പിറുപിറുക്കുന്നെ.... "

"ഇപ്പൊ നീ പറഞ്ഞത്‌...ഒന്നും സംഭവിക്കില്ല...അതുതന്നെ സംഭവിക്കും.... എന്തോ ആ വാചകം എനിക്കിഷ്ടമായി. "

"കൃഷ്ണാ.. എന്തെങ്കിലും ഒന്നിഷ്ടമായെന്ന് നീ പറഞ്ഞൂലോ..ഐ ആം സോ ഹാപ്പി.... "

റോഡിന്‍റെ വീതിയളന്ന് ദാ വരുന്നു പനച്ചിക്കാട്ടിലെ യോഹന്നാന്‍ അവര്‍കള്‍. ക്ളാസിക്കല്‍ സോംഗ്‌ ചുണ്ടില്‍...

"ഇന്ദു ദാ ആ ജന്‍റില്‍മാനെ അറിയാമോ... ഇതാണു ശ്രീമാന്‍ യോഹന്നാന്‍. ഞാനൊന്നു വീണോട്ടെ.. എന്നാ വേണ്ടാ കുറച്ചു കഴിഞ്ഞാവാം..അല്ലെ വേണ്ട ഇപ്പൊതന്നെ അവാം എന്ന മട്ടിലല്ലേ ആ നടത്തം. നോക്കിക്കേ....... "

ഇന്ദു വാ പൊത്തി ചിരിച്ചു...

"ബെല്ലടിച്ചു ബ്രേക്കിട്ടു....മാറാന്‍ പറഞ്ഞു മാറിയില്ല....
പഞ്ചമപാതകനെന്‍റെ നെഞ്ചത്തു സൈക്കിള്‍ കേറ്റി..."

യോഗന്നാന്‍ ചേട്ടന്‍റെ പാട്ട്‌ അടുത്തെത്തി...

"അച്ചായോ..നിര്‍ത്തി നിര്‍ത്തി പാട്‌..എങ്കിലല്ലേ ശ്രുതിവരൂ.... ദാ ഇങ്ങനെ

ബെല്ലടിച്ചു ബ്റേ......ക്കിട്ടു........ മാറാന്‍ പറഞ്ഞു മാ.....റിയില്ലാ..... "

അടിത്തവരി കോറസായി ഞങ്ങള്‍ പാടി...

"പഞ്ചമപാതകനെന്‍റെ....നെഞ്ചത്തു സൈക്കിള്‍ കേ...റ്റി...

തന്നനാന...താ.........നാന.....തന്നനാന താ..നനാ.. "

"ഹാവൂ...ഈണത്തില്‍ പാടിയപ്പോ എന്തൊരു സാഡിസ്ഫാഷന്‍.... ഞാനൊരുമ്മ തരട്ടെ മോനേ.... "

"ഉമ്മ ഞാന്‍ പിന്നെ വാങ്ങിച്ചോളാം..അച്ചായന്‍ ഇപ്പോ ചെല്ല്... അല്ലെങ്കില്‍ പെണ്ണുമ്പിള്ള നെഞ്ചത്ത്‌ തവിക്കണ കേറ്റും... "

കെട്ടിപ്പിടിച്ചൊരു പൊട്ടിച്ചിരി...

അച്ചായനോട്‌ ഗുഡ്ബൈ പറഞ്ഞ്‌ അടുത്ത ഓട്ടം...

"എന്താ മാഷേ ഇത്‌.. ഇട്ടേച്ച്‌ പൊക്കളഞ്ഞോ...ഛേ..മോശം...മോശം... "

"പിന്നെ..നീ കണ്ട കള്ളുകുടിയന്‍മാരുമായി സല്ലപിക്കുന്നിടത്ത്‌ ഞാന്‍ കാവല്‍ നിക്കണോ.... "

"കള്ളുകുടിയന്‍മാര്‍ക്കും ആത്മാവില്ലേ മാഷേ... ഈ കൊച്ചുവര്‍ത്തമാനത്തോട്‌ പണ്ടുതൊട്ടേ എനിക്കൊരു പ്രിയമുണ്ടല്ലോ...ഏത്‌... "

"എന്നാ നീ താമസം കള്ളുഷാപ്പിലോട്ട്‌ മാറ്റ്‌...... "

എവിടെ നിന്നോ ഒരു നനുത്ത ചാറ്റല്‍ മഴ...

കോന്നിപ്പാലത്തെത്തി.

അച്ചന്‍കോവിലാറ്‍ ഇരുണ്ടൊഴുകുന്നു..

ആറ്റുവഞ്ചികള്‍ ഉലഞ്ഞുലഞ്ഞു വെള്ളത്തിലേക്ക്‌ പൂക്കളിറിത്തിടുന്നു...

"ഇന്ദൂ... നിന്നെ ഞാനങ്ങു പ്രണയിച്ചാലോ എന്ന് ആലോചിക്കുവാ. വാട്ടീസ്‌ യുവര്‍ ഒപീനിയന്‍... "

"നല്ല ഒപീനിയന്‍..പ്രണയിച്ചോ.. അതിനാരുടേം സമ്മതം വേണ്ടല്ലോ.. "

"അല്ല... ഈ വണ്‍വേ ട്രാഫിക്കില്‍ എനിക്ക്‌ താല്‍പര്യം പണ്ടുതൊട്ടേയില്ല.... ഞങ്ങള്‍ കൊച്ചുപുത്തന്‍വീട്ടുകാര്‍ ഭയങ്കര സ്റ്റ്രയിറ്റ്‌ ഫോര്‍വേഡ്‌ ആള്‍ക്കാരാ അസ്‌ യു മേ അവയര്‍.... "

"അതേ.. നിന്‍റെ വല്യമ്മാവന്‍ മിനിയാന്ന്, ഫുള്‍ തണ്ണിയായി ആ കാനയില്‍ സ്റ്റ്രെയിറ്റ്‌ ഫോര്‍വേഡായി കിടക്കുന്ന കണ്ടപ്പൊഴേ എനിക്കത്‌ മനസിലായി... അവന്‍ പ്രേമാഭ്യര്‍ഥനയുമായി വന്നേക്കുന്നു...നാണമുണ്ടോ നിനക്ക്‌... "

"ഹഹ അതറിയില്ലേ നിനക്ക്‌. ഈ പ്രണയത്തിനു രണ്ടേ രണ്ട്‌ എതിരാളികളേ ഉള്ളൂ ഈ ലോകത്ത്‌..ഒന്ന് നാണയം...രണ്ട്‌ നാണം... നാണയം കുറഞ്ഞവനും നാണം കൂടിയവനും ഇതില്‍ സാധാരണ ഫെയില്‍ ആവുകയാണു പതിവ്‌.. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത്‌ പറഞ്ഞത്‌ ഒട്ടുമില്ല....സോ ദെയര്‍ ഈസ്‌ എ ചാന്‍സ്‌.... "

"ഞാനെന്‍റെ അമ്മൂമ്മയുമായൊന്ന് ആലോചിക്കട്ടെ..ഇക്കാര്യത്തില്‍ അമ്മൂമ്മയാ എന്‍റേ അഡ്‌വൈസര്‍... "

"അയ്യോ... എന്‍റെ പൊന്നേ വേണ്ടാ.. നീ പ്രേമിച്ചില്ലേലും വേണ്ടാ... ഇക്കാര്യം ആ അമ്മൂമ്മയോട്‌ ഡിസ്ക്കസ്‌ ചെയ്യല്ലേ..... "

"എന്തേ...... "

"അല്ലാ..... കാല്‍ക്കീഴില്‍ കതിന പൊട്ടിച്ചാല്‍ 'ആരാ മോളെ ഞൊട്ടയിട്ടത്‌' എന്നു ചോദിക്കുന്നത്ര കേഴ്വിയുള്ള അമ്മൂമ്മയല്ലേ. ഇക്കാര്യം നീ പറഞ്ഞു മനസിലാക്കുന്നത്‌, നിന്‍റെ വീട്ടുകാര്‍ മാത്രമല്ല..ഈ കോന്നിക്കാരു മുഴുവനും കേള്‍ക്കും... ലോറി കയറിയ ആനപ്പിണ്ടം പോലാവും പിന്നെ എന്‍റെ അവസ്ഥ..... "

ഇന്ദു പൊട്ടിച്ചിരിച്ചു. കുപ്പിവളകള്‍ ഉരുമ്മിയിളകി..

"സപ്പോസ്‌..ദാ താഴെയീയൊഴുകുന്ന അച്ചന്‍കോവിലാറ്‍ മാലിനിനദി.. ഞാന്‍ ദുഷ്യന്തന്‍..നീ ശകുന്തള.. നിന്നെത്തേടി കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി വനാന്തരത്തിലൂടെ ഞാന്‍...അപ്പോള്‍ നില്‍ക്കുന്നു നിന്‍റെ തോഴി പ്രിയംവദ..അപ്പോള്‍ ഞാന്‍..'പ്രിയംവദേ...നിനക്ക്‌ പ്രിയമുള്ള വടയുമായാണു ഞാന്‍ വന്നിരിക്കുന്നത്‌.. ഇതുകഴിച്ച്‌ പ്രാണസഖി ശകുന്തളയെ ഒന്നു വിളിക്കൂ.... ഫടാഫട്‌. "

"അപ്പോള്‍ ഞാന്‍.." ഇന്ദു തുടര്‍ന്നു.."ആരാടീ പ്രിയംവദേ ഈ നട്ടുച്ചനേരത്ത്‌ മനുഷ്യനു പണിയുണ്ടാക്കാന്‍ വന്നത്‌. അപ്പോള്‍ പ്രിയംവദ 'ദാ ലവന്‍ പിന്നേം വന്നു തോഴീ...ഇവനു കണ്ട പെമ്പിള്ളാരെ പെഴപ്പിക്കാന്‍ നടക്കാണ്ട്‌ രാജ്യം ഭരിച്ചാ പോരെ. "

"ശകുന്തളേ.... എനിക്കുറക്കം വരുന്നില്ല... കണ്ണടച്ചാല്‍ നീ.. കണ്ണുതുറക്കാമെന്ന് വച്ചാ ഡബിള്‍ നീ.... ഹെല്‍പ്‌ലസ്‌ ബാബാ ഹെല്‍പ്‌ലസ്‌.... "

"ആര്യപുത്രന്‍ചേട്ടന്‍റെ ഉടവാള്‍ എവിടെപ്പോയി..കാണുന്നില്ലല്ലോ... "

"ഇന്നലെ ആ കെഴങ്ങന്‍ കണ്വന്‍ ഓടിച്ചവഴി എവിടെയോ ഊരി ആയിപ്പോയി.. സാരമില്ല..പുതിയ ഒരെണ്ണത്തിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌.. ബൈ ദ വേ...വെയര്‍ ഈസ്‌ ദാറ്റ്‌ ഓള്‍ഡ്‌ ഫെലോ...നിന്‍റെ സെറ്റപ്‌ ഫാദര്‍... "

"ദാ അപ്പുറത്ത്‌ തപസിലാ ആര്യപുതന്‍ചേട്ടാ.. "

"മുത്തപ്പാ!!.. നാം നാളെവരാം... പള്ളിവേട്ടയ്ക്ക്‌ സമയമായി.....മൂപ്പിലാന്‍ തപസ്‌ ചെയ്യുന്നതും ഒറ്റക്കണ്ണു തുറന്നുവച്ചാണല്ലോ..നമ്മുടെ സമാഗമത്തിനു ശേഷം ഒരിക്കലെങ്കിലും അങ്ങേരു രണ്ടുകണ്ണും ഒന്നിച്ചടച്ചിട്ടുണ്ടോ...എനിക്ക്‌ സംശയമാണു... "

"അച്ഛന്‍ മൂക്കുചീറ്റുമ്പോള്‍ വാ ആര്യപുത്രാ.. അല്ലാതെ ഒരു രക്ഷയുമില്ല..... "

ഒന്നിച്ചുള്ള പൊട്ടിച്ചിരി തൃസന്ധ്യ ഏറ്റുവാങ്ങി..

സ്ളിപ്പര്‍ ചെരിപ്പ്‌ ഉപ്പൂറ്റിയില്‍ പടപട അടിച്ച്‌ ശബ്ദമുണ്ടാക്കി ആരോ വരുന്നു..

"എവിടുന്നാ പ്രിയേ ഒരു കുതിരക്കുളമ്പടിയൊച്ച....... ഓ... ഇതു നമ്മുടെ ചക്കു മുതലാളി ഔസേപ്പ്‌ ചേട്ടനല്ലേ.. "

"എങ്ങോട്ടാ അച്ചായാ ഈ മൂവന്തിക്ക്‌...... "

നെറ്റിയില്‍ കൈപ്പത്തി വച്ച്‌ അച്ചായന്‍ എന്നെ സൂക്ഷിച്ചു നോക്കി..

"അയ്യോ സല്യൂട്ട്‌ ചെയ്യെണ്ടാ.... ഞാന്‍ എസ്‌.ഐ ഒന്നുമല്ലെന്‍റെ അച്ചായാ... "

"കണ്ണുപിടിക്കുന്നില്ല പുള്ളേ....നീ ആ സദ്യക്കാരന്‍ കുഞ്ഞൂള്ളേടെ മോനല്ലേ.... "

"അല്ലെന്നാ എന്‍റെ പൂറ്‍ണ്ണ വിശ്വാസം.. എന്‍റെ പൊന്നച്ചായാ കൊച്ചൂത്തന്‍ വീട്ടിലെ ചെല്ലപ്പന്‍ നായരടെ കൊച്ചുമോന്‍...ഛെടാ...മനസിലായില്ലേ.... "

"ഓ..ഇപ്പോ പിടികിട്ടി... വയസും പ്രായോമൊക്കെ ആയില്ലേ കുഞ്ഞേ..... അങ്ങു ക്ഷമി.. "

ഔസേപ്പച്ചന്‍ നോട്ടം ഇന്ദുവിലെറിഞ്ഞു...

"ഇത്‌ നമ്മുടെ മണിസാറിന്‍റെ മോളല്ലേ....... "

"കൊള്ളാം..അപ്പോ പെമ്പിള്ളാരെ കാണുമ്പോള്‍ കണ്ണിന്‍റെ പിടിക്ക്‌ ഒരു കൊഴപ്പോമില്ല..കള്ളന്‍..."
അച്ചായന്‍റെ വയറില്‍ സ്നേഹം കൊണ്ടൊരു കുത്ത്‌....

"പോടാ കൊച്ചനേ...... ഇന്നെന്താ രണ്ടും കൂടി ഒരു..ഒരു..... " കള്ളച്ചിരി..

"അറിയില്ലേ... ഞങ്ങളേ..കഴിഞ്ഞ ജന്‍മത്തില്‍ കപ്പിള്‍സ്‌ ആരുന്നച്ചായാ..... "

"ഉം.ഉം..ഇല്ല...ഞാന്‍ ഒരിക്കലും വിശ്വസിക്കത്തില്ല...."
കൊച്ചുകുട്ടിയുടെ കുസൃതി അഭിനയിച്ചു കൊണ്ട്‌ അച്ചായന്‍...

"അതെന്താ... അങ്ങനെ... "

"എടാ പുള്ളേ...കഴിഞ്ഞ ജന്‍മത്തിലെ 'കപ്പളസ്‌' പിന്നെ കണ്ടുമുട്ടിയാല്‍ പ്രാണനും കൊണ്ടോടത്തില്ലിയോ... ഹ ഹ ..."
അച്ചായന്‍റെ വരട്ടു പൊട്ടിച്ചിരി...

"അപ്പോ അച്ചായന്‍ ഏലിയാമ്മ ചേട്ടത്തിയെ അടുത്ത ജന്‍മം കണ്ടുമുട്ടിയാല്‍... "

"സംശയമെന്ത്‌...ഏലിയാമ്മേ കണ്ടാല്‍ എലിവാണം പോലെ ഞാന്‍ മുങ്ങും.... "

"കര്‍ത്താവിനു നിരക്കാത്തത്‌ പറയാതച്ചായാ.... "

"പിന്നെ പിന്നെ.. കര്‍ത്താവു ബാച്ചിലര്‍ അല്ലാരുന്നോ... ഓരോരോ നിയമം ഒണ്ടാക്കുമ്പോ കെട്ടിവലിക്കുന്നോന്‍റെ പാടുവല്ലോം അങ്ങേരോര്‍ത്തോ..... "


"ഒരൊറ്റയൊരണ്ണെത്തേയും വെറുതെ വിടരുതെടാ..." അച്ചായനെ പറഞ്ഞുവിട്ടു നടക്കുമ്പോള്‍ ഇന്ദു..

"അതല്ലേ ഇന്ദൂ...ഈ ജീവിതത്തിന്‍റെ കെമിസ്ട്രി.. എല്ലാരോടും മിണ്ടി..എല്ലാത്തിനേം സ്നേഹിച്ച്‌..അങ്ങനെ അങ്ങനെ.. കനകാംബരത്തോടും, കര്‍പ്പൂരച്ചെടിയോടും, എന്തിനു കനകമ്മച്ചേച്ചിയോടും കുശലം പറഞ്ഞ്‌.. അങ്ങനെ അങ്ങനെ നടക്കുക... സപ്പോസ്‌, പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലും എന്‍റെ ഫോസില്‍ കുഴിച്ചെടുക്കുന്നു എന്നു വക്കുക... അന്ന് അതെടുക്കുന്ന ആളോടും എന്‍റെ എല്ലിന്‍ കഷണം ചോദിക്കും.. സുഖമാണോ മാഷേ..... "

"മനൂ...." അതുവരെ കേള്‍ക്കാത്ത ഒരു ടോണ്‍ ആ വിളിയില്‍ ഞാന്‍ കേട്ടു.

"എന്തേ.... "

"ഒന്നുമില്ല.... "

"അതൊക്കെ പോട്ടെ..നിന്‍റെ എന്‍ജിനീയറിംഗ്‌ അഡ്‌മിഷന്‍റെ കാര്യം എന്തായി.... ?"

"അടുത്ത അക്കാഡമിക്‌ ഇയറില്‍ ശരിയാവും.. ഇന്നും അമ്മാവന്‍ വിളിച്ചിരുന്നു... മദ്രാസില്‍ നിന്ന്... "

"അപ്പോ.. നീ ഭാവിയിലെ കെമിക്കല്‍ എന്‍ജീെനിയര്‍.. തകര്‍ത്ത്‌ ജീവിക്ക്‌. ഹൈ പൊസിഷനിലൊക്കെ ആവുമ്പോ എനിക്കൊരു ടീ-ഷര്‍ട്ട്‌ വാങ്ങിത്തരണേ.... "

"ടീ ഷര്‍ട്ടോ.... "

"അതേ... ഈ ടീ ഷര്‍ട്ട്‌ എനിക്ക്‌ പണ്ടേ ഒരു വീക്ക്‌നെസാ. ഇതുവരെ അതേലൊന്ന് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല... എനിക്കൊരു പട്ടാളക്കാരന്‍ അമ്മാവനുണ്ട്‌.. പുള്ളീടെ ടീ ഷര്‍ട്ട്‌ ഒന്നിട്ടുപോയ കുറ്റത്തിനു, അച്ഛെന്‍റെ മുന്നിലിട്ട്‌ എന്നെ അങ്ങേരു ഒരുപാട്‌ തല്ലി... കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌.. അന്ന് മനസില്‍ കുറിച്ചിട്ടതാ...ഇതേലൊന്ന് സ്വന്തമാക്കും ഞാന്‍..... "

"ഇതേവരെ വാങ്ങീട്ടില്ല? "

"ദാരിദ്ര്യം ഒന്ന് തീര്‍ന്നിട്ടു വേണ്ടെ വാങ്ങാന്‍. അച്ഛന്‍റെ ശമ്പളം കൊണ്ട്‌ അമ്മയ്ക്ക്‌ മരുന്നു വാങ്ങണം, എനിക്ക്‌ ഫീസടക്കണം, വീട്ടുകാര്യം നോക്കണം... പാവം. കൂടുതല്‍ ഉപദ്രവിക്കുന്നത്‌ ദോഷമല്ലേ.. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പൊഴാ ഞാനാദ്യമായി ചെരിപ്പിടുന്നത്‌.. യൂ നോ ദാറ്റ്‌ ഹിസ്റ്ററി.. അതുവരെ സകല മുള്ളും കല്ലും കൊണ്ട്‌ മുറിഞ്ഞ കാലുമായ ഞാന്‍ വീട്ടില്‍ ചെല്ലാറുള്ളത്‌..ദിവസവും.. ആ..പോട്ടെ... ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ടെന്താ കാര്യം അല്ലേ.. പറഞ്ഞപോലെ നമ്മുടെ വഴി പിരിയാറായല്ലോ ഇന്ദൂ.... ഇനി ഒരു വളവുകൂടിയെ ഉള്ളല്ലോ... "

"നീ എന്താ ഇന്നിങ്ങനൊക്കെ സംസാരിക്കുന്നെ.... "

"ഞാന്‍ പോകുവാ മാഷേ...... "

"ങേ........... എങ്ങോട്ട്‌...... "

"ഈ നാടുവിട്ട്‌.. ഡല്‍ഹിക്ക്‌..... "

"എടാ.. നീ എന്താ ഈ പറേന്നേ.... ഇതുവരെ... "

"അനിയന്‍ പണ്ടേ നാടുവിട്ടല്ലോ... ഒരു കത്തുവന്നു അവന്‍റെ. അങ്ങു ചെല്ലാന്‍.. ഞാനോര്‍ത്തപ്പോ അതാ നല്ലതെന്ന് തോന്നി.. ഇവിടെ കിടന്നിട്ടെന്തെടുക്കാന്‍.. ഉയര്‍ന്ന് പഠിക്കാനുള്ള നിവൃത്തി തല്‍ക്കാലം ഇല്ല... മെറിറ്റില്‍ കേറി പറ്റാനുള്ള മെറിറ്റുമില്ല..... സോ... ഐ ആം ലീവിംഗ്‌..... "

"പോയിട്ട്‌..പോയിട്ട്‌...എന്താ നിന്‍റെ പ്ളാന്‍..... "

"വല്ല ടൈപ്പോ, കൊട്ടോ, ഷോര്‍ട്ട്‌ ഹാന്‍ഡോ പഠിച്ച്‌.. ഏതെങ്കിലും കമ്പനീല്‍....അതൊക്കേ പറ്റൂ... വല്യ മോഹങ്ങള്‍ ഒന്നുമില്ല മാഷേ... ട്വന്‍റി ഫോര്‍ ബൈ സെവന്‍ അടുക്കളയില്‍ ഉരുകി ഉരുകി സകല അസുഖങ്ങളും പേറി ജീവിക്കുന്ന അമ്മയ്ക്ക്‌ ഒരു താങ്ങാവണം.. സകല ഭാരങ്ങളും ബീഡിപ്പുകയില്‍ എരിച്ചടക്കുന്ന അച്ഛനു കുറച്ച്‌ സന്തോഷം കൊടുക്കണം .. അതൊക്കേ ഉള്ളൂ..... "

"ഈ നാടുവിടാന്‍ നിനക്കാവുമോ... പറ"

"അരച്ചാണ്‍ വയറിനു മുന്നില്‍ എന്തു നാട്‌ മാഷേ.... വിശപ്പല്ലേ പ്രധാനം. വിശപ്പില്ലാരുന്നേല്‍ ഈ ലോകം എത്ര സുന്ദരമായേനേ... പട്ടിണി മരണങ്ങളില്ല, മന്ത്രവും മായവുമില്ല...അധിനിവേശങ്ങളില്ല...യുദ്ധങ്ങളില്ല......എന്തിനു, ദൈവങ്ങള്‍ പോലുമുണ്ടാവില്ല... ശരിയല്ലേ"

"എന്നെത്തേക്കാ നീ.... "

"ഉടനെ ഉണ്ടാവും.. ഒരു സുപ്രഭാതത്തില്‍ ഞാനങ്ങ്‌ അപ്രത്യക്ഷനായേക്കാം..അഥവാ ഇനി കാണാന്‍ പറ്റിയില്ലെങ്കില്‍ എനിക്ക്‌ വേണ്ടി നീ ഒരു ഉപകാരം ചെയ്യണം.. നിന്‍റെ വീട്‌ കാച്ചാനത്ത്‌ പാറയ്ക്കടുത്തല്ലേ. എന്‍റെ അമ്മൂമ്മ ഒരു പാര പണിഞ്ഞിട്ടുണ്ട്‌... മുപ്പതു വയസാകുന്ന വരെ, എന്‍റെ എല്ലാ ജന്‍മനാളിനും കാച്ചാനത്തപ്പനൊരു വിളക്ക്‌ കത്തിക്കാമെന്നോ മറ്റോ.. അമ്മയ്ക്ക്‌ ആ കേറ്റമൊന്നും നടന്നു കേറാന്‍ പറ്റില്ലല്ലോ.. തുലാമാസത്തിലെ പൂരം നാള്‍ അവിടൊരു വിളക്ക്‌ കാച്ചിയേക്കണേ.. നമ്മളായിട്ടെന്തിനാ വെറുതെ ദൈവങ്ങളെ ഉടക്കിപ്പിക്കുന്നത്‌.. ആരെയെങ്കിലും ഏല്‍പ്പിച്ചാലും മതി.. "

ഇന്ദു മറുപടി പറഞ്ഞില്ല.. കുറുകുന്ന സന്ധ്യയിലും അവളുടെ കണ്ണില്‍ നനവു തിളങ്ങുന്നത്‌ ഞാന്‍ കണ്ടു...

അവള്‍ എന്തോ പുലമ്പാന്‍ തുടങ്ങുമ്പോഴാണു, പുതുവലിലെ ബാബുച്ചേട്ടന്‍ എന്നെ കണ്ട്‌ സ്കൂട്ടര്‍ പത്തുവാര അകലെ ചവിട്ടി നിര്‍ത്തിയത്‌..

"എന്തു പറ്റി ബാബുവേട്ടാ...ഇത്ര ധൃതിയിലെങ്ങോട്ടാ..." ഓടിയടുത്തെത്തി ചോദിച്ചു..

"വല്യമ്മയ്ക്ക്‌ കൂടുതലായി....ടി.വി.എമ്മില്‍ അഡ്മിറ്റാ..... "

"ഈശ്വരാ എന്തു പറ്റി... ഒരുമിനിട്ട്‌.... ഞാനും വരുന്നു... "

തിരികെ ഇന്ദുവിന്‍റടുത്തെത്തി പുസ്തകം നീട്ടി...

"ഇന്ദു ഈ പുസ്തകം വച്ചോ...ഞാന്‍ പിന്നെ വാങ്ങിച്ചോളാം.... നമ്മുടെ ഒരു കക്ഷി ഹോസ്പിറ്റലില്‍.... "

ചാടി സ്കൂട്ടറിന്‍റെ പുറകിലിരുന്നു

"പെട്ടെന്നെന്തു പറ്റി ചേട്ടാ.. "

"ഒന്നും പറേണ്ടെടാ.. രാവിലെ ഒരു കപ്പപ്പുഴുക്ക്‌ വായിലോട്ടിട്ടതാ... പിന്നെ വാ അടച്ചിട്ടില്ല...നമ്മുടെ കഷ്ടകാലം അല്ലാതെന്താ.. "

"പാവം.. കഴിഞ്ഞാഴ്ചയും എന്നോട്‌ പറഞ്ഞതാ...മോനെ എനിക്കിത്തിരി ജാപ്പാണ പൊകേല വേണമെടാന്ന്...ഓ...കുഴപ്പം ഒന്നും വരത്തില്ലാരിക്കും അല്ലേ... "

അനിയന്‍റെ കത്ത്‌ വീണ്ടും വന്നതും, ഞാന്‍ ഡല്‍ഹിക്ക്‌ തിരിച്ചതും പെട്ടെന്നായിരുന്നു. ധൃതിക്കിടയില്‍ പലതും മറന്നു.. ഒപ്പം ഇന്ദുവിനേയും പുസ്തകത്തേയും...


വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ഒരു അവധിയാത്രയില്‍, തിരക്കൊഴിഞ്ഞ ഒരു സന്ധ്യയില്‍ വെറുതെ ഞാന്‍ കോന്നി ലൈബ്രറിയില്‍ കയറി...

പരിചയമില്ലാതെ പുതിയ ലൈബ്രേറിയന്‍...പരിചയം ഇല്ലാത്ത പുതിയ വായനക്കാര്‍...

ഓര്‍മ്മകളുടെ താളുകള്‍ മറിച്ചു കൊണ്ട്‌ വെറുതെ റാക്കുകളില്‍ കണ്ണോടിച്ചു നിന്നു..

കവിത സെക്ഷനില്‍, ചുള്ളിക്കാടിന്‍റെ 'പതിനെട്ടു കവിത'കളില്‍ കണ്ണുടക്കി...

'ഇത്‌ അന്ന് ഞാനെടുത്ത പുസ്തകം തന്നെയല്ലേ.. പത്തു വര്‍ഷം മുമ്പ്‌... '

ആറ്റുവഞ്ചി പുഷ്പ വൃഷ്ടി നടത്തുന്ന സായന്തനം മനസില്‍ തണുപ്പു വിതച്ചു... കുപ്പിവളക്കിലുക്കം പൊട്ടിച്ചിരിയോട്‌ ഇടകലര്‍ന്ന് എവിടെനിന്നോ ഒഴുകിവന്നു...

ദീര്‍ഘനിശ്വാസത്തോടെ പേജുകള്‍ വെറുതെ മറിച്ചു...

അകത്തെ കവര്‍ പേജില്‍, പരിചയം പുതുക്കുന്ന കൈയക്ഷരത്തില്‍ നീലമഷിയിലെ അക്ഷരങ്ങള്‍...

മറവിലെങ്ങോ മുങ്ങിപ്പോയിരുന്ന ഇന്ദുവിന്‍റെ വടിവൊത്ത കൈയക്ഷരം

"വേണ്ടാതീനം പറഞ്ഞ്‌ എന്നെ ചിരിപ്പിക്കാന്‍, കരയിപ്പിക്കാന്‍ നീ ഇനി എന്നാണു വരിക.... നിന്‍റെ അമ്പതാം പിറന്നാള്‍ വരെ കാച്ചാനത്ത്‌ തുലാമാസത്തിലെ പൂരത്തിനു വിളക്ക്‌ തെളിഞ്ഞിരിക്കും.. ഞാന്‍ മറഞ്ഞാലും.... "

പേരില്ലാത്ത...ഒപ്പില്ലാത്ത വാചകങ്ങള്‍.

നനഞ്ഞ കണ്ണോടെ ചുറ്റിനും നോക്കി..വീണ്ടും വീണ്ടും വായിച്ചു. വായനശാലയുടെ ലോക്കറില്‍ എനിക്കായി കരുതിവച്ച ഈ വരികള്‍ സ്വന്തമാക്കാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ എന്തേ ഞാനെടുത്തു....

പുസ്തകം ഞാന്‍ തിരികെ വച്ചു... ഞാനിപ്പോള്‍ ഇവിടുത്തുകാരനല്ലല്ലോ... ഇവിടെ എനിക്കിപ്പോള്‍ മെമ്പര്‍ഷിപ്പുമില്ലല്ലോ.......

ഇന്ദുവിനെ പിന്നിതേവരെ ഞാന്‍ കണ്ടിട്ടില്ല... ബാംഗ്ളൂരില്‍ നിന്ന് ഏതോ വിദേശരാജ്യത്തേക്ക്‌ പറന്നു എന്ന് മാത്രം അറിയാന്‍ കഴിഞ്ഞു. ഭര്‍ത്താവും രണ്ടു കുട്ടികളും, എണ്ണിയാല്‍ തീരാത്ത പ്രോജക്ടുകളുടെ തിരക്കേറിയ ഷെഡ്യൂകളും ഒക്കെയായി വേഗതയേറിയ ജീവിതത്തിലെ, ഏതെങ്കിലും ഇടവേളകളില്‍ ഈ ഗാനം അവളെ തേടിച്ചെല്ലുന്നുണ്ടാവുമോ

"കുട്ടിക്കൂറ പൌഡറിട്ട കുട്ടിപ്പെണ്ണേ കൊച്ചു-
കട്ടപ്പനക്കാരിയായ കുട്ടിപ്പെണ്ണേ... "

മറുപടിയായി "അയ്യെടാ" എന്ന് മുഖം ചുളിക്കുന്നുണ്ടാവുമോ...ആര്‍ക്കറിയാം..



ഓഫ്‌ ദ സ്ക്രീന്‍
================
ഇന്ന് തുലാമാസത്തിലെ പൂരം.. വൈകിട്ട്‌ കാച്ചാനത്ത്‌ ഒരു വിളക്കു തെളിയുമോ.. എങ്കില്‍ ആരാവും അതു കൊളുത്തുക. ആരെയാവും ഇന്ദു ആ ജോലി ഏല്‍പ്പിച്ചിരിക്കുക... ???

ചില കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണല്ലോ സുഖകരം...