'ചാറ്റു റൂമിലെ ചാന്ദ്‌നി മഴ
ച്ചാറ്റലേക്കെടി പൂമണി
ചാരിനിക്കണ പൂമരം കൊതി
കോരിയേകണ പൂമിഴി..
ഓര്‍ക്കൂട്ടഴിക്കൂട്ടിനുള്ളില്‍ കാത്തിരിക്കെടി കാമിനി
യാഹൂ..യാഹൂ...മെസെഞ്ചര്‍..മെസ്സെഞ്ചര്‍..മെസ്സഞ്ചര്‍ (എക്കോ.... )
യാഹൂ യാഹൂ മെസെഞ്ചര്‍ യാരീ മേരീ യാദിനി
ജിടോക്കിലെ ജാലകത്തില്‍ ജാട കാട്ടണ യാമിനി.....
മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി..
"ഛേ...മൂഡ് കളഞ്ഞു... ഈ സമയത്തേതു വിവരദോഷിയാടാ വിളിക്കുന്നെ.. " പച്ചയില്‍ വിരലമര്‍ത്തി
"ഹെലോ.... "
"ഹലോ....ഇത് മിസ്റ്റര്‍ മനുവല്ലേ...." മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിവന്ന പെണ്‍ശബ്ദം..
"അതേ.. "
"ഗുഡ്‌മോണിംഗ്...... "
"അങ്ങോട്ടും ഗുഡ്‌മോണിംഗ്... ആളെ.... "
"മനസിലായില്ല അല്ലേ... വേണ്ടപ്പെട്ടവരെയൊക്കെ ഇങ്ങനെയങ്ങ് മറന്നാലോ മാഷേ.... "
"എനിക്ക് വേണ്ടപ്പെട്ടവരിലാര്‍ക്കും ഇങ്ങനെയൊരു ശബ്ദം ഇല്ലല്ലോ ...ഒന്നാലോചിക്കട്ടെ...ഉം..... ഷെര്‍ലി ഐസക്?? "
"അതാരാ മാഷേ ഈ ഷെറ്‍ലി..മാഷിന്‍റെ മോറല്‍ സൈഡ് പണ്ടേപ്പോലെ ഇപ്പൊഴും വീക്കുതന്നെയാ..? വീക്കുതരാന്‍ ആരും ഇല്ലേ.... ഓ..ഭാര്യ ഇപ്പോള്‍ കൂടെയില്ലല്ലോ അല്ലേ...... "അജ്ഞാതയുടെ പെനാല്‍റ്റി കിക്കില്‍ ഞാനൊന്നു ചൂളി..
"അല്ല..ഈ ഷെര്‍ലി എന്‍റെ പഴയ ഓഫീസിലെ റിസപ്ഷനിസ്റ്റാണേ... ആ കൊച്ചിന്‍റെ സൌണ്ട് ഏകദേശം ഇതുപോലൊക്കെ വരും. അപ്പൊ ആ കക്ഷിയല്ല... പിന്നാരാണാവോ.. ഉം... ലിസി ചാള്‍സ്... ? "
"അതാരാ മാഷേ..പഴയ ഓഫീസിലെ പാചകക്കാരിയാ?. അല്ല.. കൃസ്ത്യാനി പെണ്ണുങ്ങള്‍ മാത്രമേ ഉള്ളോ ലിസ്റ്റില്‍.. അതോ മാഷും ഇതിനിടയ്ക്ക് മാമോദീസാ മുങ്ങിയോ.. "
"അതേ.. ഈയിടെയായി കൃസ്ത്യാനി പെമ്പിള്ളാരെ മാത്രമേ ഞാന്‍ സഖിമാരാക്കാറുള്ളൂ..എന്താ വല്ല കമ്പ്ളയിന്‍റും ഉണ്ടോ.. ഉണ്ടെങ്കില്‍ അടുത്ത പോസ്റ്റോഫീസില്‍ പോയി പറ.. രാവിലെ മനുഷ്യനെ ഫോണില്‍ വിളിച്ച് കളിയാക്കാതെ കാര്യം പറ കൊച്ചേ..." അല്‍പ്പം ചൂടായി ഞാന്‍.
"ഹോ..എന്തൊരു ദേഷ്യം. മാഷിന്‍റെ കവിള്‍ എന്നുമുതല്‍ക്കാ ഇത്ര ചാടാന്‍ തുടങ്ങിയത്.. പണ്ട് ഇത്ര വൃത്തികേടില്ലാരുന്നല്ലോ"
"കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ രണ്ടണയിലും ഒോരോ അവലോസുണ്ട വച്ചാ നടക്കുന്നത്.. അതാ കാര്യം.. അല്ല...കൊച്ചിനു നേര്‍ച്ച വല്ലതുമുണ്ടോ.. ഒരു മാന്യനെ രാവിലെ തന്നെ ഇങ്ങനെ കൊരങ്ങുകളിപ്പിക്കാമെന്നോ മറ്റോ.... "
"മാന്യനെ കൊരങ്ങുകളിപ്പിക്കാനാണേല്‍ ഞാന്‍ മാഷിനെ വിളിക്കുമോ മാഷേ.. ഇതെന്നാ ചോദ്യമാന്നേ.. ആ കഥകളൊക്കെ വായിച്ചാ തന്നെ അറിയില്ലേ മാന്യത അയല്‍വക്കത്തൂടെപ്പോലും പോയിട്ടില്ലെന്ന്...... "
" 'ദേ.. ഒരു പെണ്‍കുട്ടിയെ തെറിവിളിക്കാനുള്ള യോഗമുണ്ട്' എന്ന് എന്‍റെ വാരഫലത്തില്‍ ഇല്ല. ജ്യോത്സ്യനെ ചലഞ്ചു ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കരുത്.. വല്ലോം ഡീസന്‍റായി സംസാരിക്കാനുണ്ടേല്‍ പറ...അല്ലേ ഞാന്‍ കട്ട് ചെയ്യാന്‍ പോകുവാ.. "
"ഹോഹോ... എന്തായാലും ആ പഴയ ആളിനല്‍പ്പം വിവരം വച്ചിട്ടുണ്ട്.. ഡീസന്‍റായി സംസാരിക്കാനൊക്കെ തുടങ്ങി അല്ലേ....കൊള്ളാം..എന്നെ മാഷിനു നന്നായി അറിയാം.. പക്ഷേ തല്‍ക്കാലം. അല്‍പ്പമൊന്നോര്‍ക്കണം എന്നുമാത്രം.. വേണേല്‍ ഒരു ക്ളൂ തരാം.. മൂവന്തിമൈലാഞ്ചി... "
"എന്ത്വാ..... ? മൂവന്തി?"
"മൂ...വ...ന്തി...മൈ...ലാ..ഞ്ചി...ഒ.കെ ബൈ ബൈ...സീ യു...... " ഫോണ്‍ കട്ടായി..
"മൂ..വന്തി...മൈ..ലാ...ഞ്ചി....." റിവോള്‍വിംഗ് ചെയറില്‍ ഒന്നുകറങ്ങി തിരികെവന്നു.. മോണിട്ടറിലേക്ക് നോക്കി മനസില്‍ പരതല്‍ തുടങ്ങി....
"ചാറ്റു റൂമിലെ ചാന്ദ്‌നി നീയാരു ചൊല്ലെടി കാമിനി.... ഡസ്ക് ഹെന്നാ.....? ഈവനിംഗ് ഹെന്നാ....? സന്ധ്യാ ഹൊനായ്....? ഛേ... കോഡ് ഡീക്രിപ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ അയ്യപ്പാ...... "
'പോസ്റ്റ്‌മാസ്റ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല' എന്ന കമ്പ്ളെയിന്‍റുമായി സജി സെബാസ്റ്റ്യന്‍ വന്നു. അവന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ഞാന്‍ പിറുപിറുത്തു
"മൂവന്തി മൈലാഞ്ചി... വല്ലോം മനസിലായോ നിനക്ക്... "
"ഉവ്വ്...ഒരുകാര്യം മനസിലായി.. നീ ഇന്ന് ഗുളിക കഴിക്കാന്‍ മറന്നു അല്ലേ....എടാ കോപ്പേ മെയിലൊന്നും ഡൌണ്‍ലോഡാവുന്നില്ല..പോയി നോക്കെടാ.. അവന്‍റമ്മൂമ്മേടെ മൈലാഞ്ചി.... "
മെയിലിംഗ് സോഫ്റ്റ്‌വെയര്‍ ശരിയാക്കി മടങ്ങിവരുമ്പോള്‍ അക്കൌണ്ട്‌സിലെ മിനിഡേവിസ് വിളിച്ചു..
"മാഷേ.... എന്‍റെ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല..പെട്ടെന്ന് ശരിയാക്ക്.. ആ തള്ള കെടന്ന് ചിലയ്ക്കുന്നു.. "
"മനുഷ്യനെ സ്വസ്ഥമായി ജോലിചെയ്യാനും സമ്മതിക്കില്ല.. എന്തവാ നിന്‍റെ നെറ്റ്‌വര്‍ക്കിനൊരു കുഴപ്പം.. ഇത്രേം പ്രായമൊക്കെ ആയില്ലേ.. ഇനി നെറ്റ്‌വര്‍ക്കൊക്കെ അല്‍പ്പം കുറയ്ക്ക്..." ആര്‍.ജെ കണക്റ്ററ്‍ സോക്കറ്റില്‍ അമര്‍ത്തി ഞെക്കി ഞാന്‍ പറഞ്ഞു.
"ഇനി ഒന്നു നോക്ക്.. മൂവന്തി..മൈലാഞ്ചി.. "
"വന്നു.. അതെന്താ മാഷേ മൈലാഞ്ചി... നെറ്റ്‌വര്‍ക്ക് വരാനുള്ള മന്ത്രമാ.... ? "
"അല്ല... പണ്ടെങ്ങോ തകര്‍ന്ന ഒരു നെറ്റ്‌വര്‍ക്ക് ശരിയാക്കാനുള്ള ഒരു മന്ത്രം.. തല്‍ക്കാലം ഇത്രേം അറിഞ്ഞാ മതി.. വായി നോക്കാതെ വൌച്ചര്‍ എണ്റ്റ്‌റി ചെയ്യു കൊച്ചേ... "
വൈകിട്ട് കോഫി കുടിച്ചിരിക്കുമ്പോള്‍ പിന്നെയും ഫോണ്‍...
"ഉത്തരം കിട്ടിയോ മാഷേ..." സെയിം ശബ്ദം..
"ഉത്തരം മുന്നിലുണ്ടല്ലോ..ചോദ്യം അല്ലേ വേണ്ടത്.. മിസറബ്ളി ഫെയില്‍ഡ്...എനിമോര്‍ ക്ളൂ... ? "
"ഹഹഹ....ഉത്തരം നാളെ പറഞ്ഞാലോ... ഇന്നു രാത്രി മുഴുവന്‍ മാഷിരുന്നാലോചിക്ക്... "
"പിന്നെ.. എനിക്കതല്ലേ പണി. എഴുപതിലെ ടീനേജേഴ്‌സിനെപോലെ പെങ്കൊച്ചിനെക്കുറിച്ച് മാത്രം ഓര്‍ത്തോണ്ടിരിക്കാന്‍.. പോയി പണിനോക്ക് കൊച്ചേ....... "
"ഓഹോ..ആളപ്പം എക്സ്‌ട്രാ ഡീസന്‍റായി അല്ലേ... എന്നാ അടുത്ത ക്ളൂകൂടിത്തരാം... "
കാതിലേക്ക് ഒപ്പനപ്പാട്ടൊഴുകിയെത്തി
"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....
മുക്കൂറ്റി മണിച്ചന്തം പൂഞ്ചുണ്ടിലൊളിച്ചോളേ.... "
"ഓ മൈ......ഗോഷ്...............തമന്ന...!!!! ??"
ഒരു ഞെട്ടലില്‍ കസേര കറങ്ങി.. കടലാസ് കപ്പ് കൈയിലര്‍മന്നു.. മോണിട്ടറിലെ സ്ക്രീന്‍സേവറില്‍ ഗോള്‍ഡന്‍ ഫിഷുകള്‍ നീന്തിത്തുടിച്ചു....
"യെസ്.. തമന്ന ഇക്ബാല്‍ ...... അപ്പോ നീ എന്നെ മറന്നില്ല അല്ലെ.. ഞാനിപ്പോ നിന്‍റെ രാജ്യത്തുണ്ട്.. ഡെല്‍ഹിയില്‍...... "
അറിയാതെ അടഞ്ഞ കണ്ണുകളില്‍ ഇടവപ്പാതി ചാറിവീഴുന്നു...
മുല്ലപ്പൂമണം നിറഞ്ഞ കാമ്പസില്‍ ഇളം മനസുകള്‍ നൃത്തം വച്ചു തുടങ്ങുന്നു...
ഓര്‍മ്മകളില്‍ ഒരു പട്ടുയവനിക ഞൊറിഞ്ഞുയരുന്നു....
ആരവം ഇളകിമറിയുന്ന കോളജ് ഓഡിയറ്റോറിയത്തില്‍ കോരിത്തരിപ്പിന്‍റെ മൊട്ടുസൂചിനിശ്ശബ്ദത പടര്‍ത്തി തമന്ന ചൊല്ലുന്ന സുഗതകുമാരിക്കവിത നിറഞ്ഞൊഴുകുന്നു...
"ശബളമാം പാവാട ഞൊറികള്‍ചുഴലുന്ന കാല്‍-
ത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ് മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പില്
ഒരുനാളുമെത്തിയിട്ടില്ല.. കൃഷ്ണ, നീയെന്നെയറിയില്ല....... "
ഇളം ചുവപ്പു സാരിത്തലപ്പുകൊണ്ട് നെറ്റിയിലെ വിയര്‍പ്പുമണികള്‍ ഒപ്പി, പാറിപ്പറക്കുന്ന മുടിയിഴകളെ വലംകൈകൊണ്ട് മാടിയൊതുക്കി, പടവിറങ്ങുന്ന തട്ടമിടാത്ത താമരപ്പൂവ്.. പടവുകയറി വരുന്നവര്‍ക്ക് പുഞ്ചിരിയുടെ റോസാദലങ്ങള്‍ ഇറുത്തുനല്‍കി, ക്യാമ്പസ് കാറ്റിന്‍റെ കുസൃതിത്തരത്തിനോട് തല്ലിത്തോറ്റ് പിന്നെയും മുടിയൊതുക്കി തലചെരിച്ചപ്പോള്‍ എന്‍റെ കുസൃതിച്ചിരി തൊട്ടടുത്ത്...
"വിറപൂണ്ട കൈനീട്ടി നിന്നോടു ഞാനെന്‍റെ
ഉടയാടവാങ്ങിയിട്ടില്ല..കൃഷ്ണ നീയെന്നെയറിയില്ല..
കലക്കി ത്യമന്നാ കലക്കി. അഹൂജ മൈക്കിലൂടെ നിന്‍റെ ശബ്ദം ഡബിള്‍ പ്രൊസസ് ചെയ്ത വന്നപ്പോള്‍ സത്യത്തില്‍ ഞാന്‍ പരിസരം പോലും മറന്നു. മനസില്‍ പിന്നെ അമ്പാടിയും ആലിലക്കണ്ണനും അമ്പെടി രാധയും മാത്രം.... "
"ഓഹോ... മഹാരാജാവ് ഈ പരിസരത്തുതന്നെ ഉണ്ടാരുന്നോ..... "
"ഈ കവിതയ്ക്ക് 'രാധേ ഞാന്‍ നിന്നെ അറിയുന്നു' എന്ന് മറ്റൊരു കവി മറുപടിയെഴുതിയ ഹിസ്റ്ററി അറിയാമോ മാഷിനു?. സംശയം ഉണ്ടെങ്കില്‍ ഇപ്പോ സുഗതകുമാരിടീച്ചറെ വിളിച്ചു ചോദിക്ക്..... "
"ഓഹോ... പരദൂഷണത്തില്‍ എനിക്ക് തീെരെ താല്‍പര്യമില്ല മോനേ.. ഒരു കണ്ടുപിടുത്തവുമായി വന്നേക്കുന്നു..... "
"എന്നാലും സത്യം പറയാമല്ലോ....കുട്ടിയ്ക്ക് പദ്യപാരായണത്തില്‍ നല്ല ഭാവിയുണ്ട്.. ഒരു മുസ്ളീം പെണ്‍കിടാവ് എത്ര മനോഹരമായാ കൃഷ്ണനെ വിളിക്കുന്നത്.. ബൈ ദ വേ...സത്യത്തില്‍ തമന്നയുടെ തട്ടമോ, ചേലയോ ആരെങ്കിലും കട്ടെടുത്തോ.....ഉണ്ടെങ്കില്‍ പറ..മുട്ടുകാല്‍ തല്ലിയൊടിച്ച് മുന്നില്‍ കൊണ്ടുവന്നിടാം... "
"ഇല്ല സാര്‍..എനിക്ക് പരാതിയില്ല സാര്‍.. ആ സമയത്ത്, കൊടുത്ത പ്രേമലേഖനങ്ങള്‍ പൂത്തോ കായ്ച്ചോ എന്നൊക്കെ അന്വേഷിക്കൂ സാര്‍.. ഇതിനുവേണ്ടി സമയം കളയാതെ.. അല്ലാ..യൂത്ത്ഫെസ്റ്റിവല്‍ ആയിട്ടു നീയിന്നു സിനിമയ്ക്ക് പോയില്ലേ... മറ്റ് ആമ്പിള്ളേരെല്ലാം കുമ്പഴ സരസിലോട്ടു പോയെന്നാണല്ലോ ഞാനറിഞ്ഞത്.. "
"ഏയ്.. 'ആദ്യപാപം' ആണെങ്കിലും അഞ്ചുതവണയില്‍ കൂടുതല്‍ എങ്ങനാ തമന്നേ കാണുന്നേ.. "
"അല്ലാ ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ..ഗുണം പിടിക്കണം എന്നൊരു ആഗ്രഹമേ ഇല്ലേടാ നിനക്കൊന്നും. ആ ഇന്ദുലാലിനെ കൂടി നീയെല്ലാം ചേര്‍ന്നു വഷളാക്കി... ഒരു റാങ്ക് പ്രതീക്ഷ അവനിലാരുന്നു.. അതും പോയല്ലോ റബ്ബേ..... "
"അതെ.. നീ അവനെ ഒന്നുപദേശിക്ക്. റാങ്കേ റാങ്കേ എന്ന് പറഞ്ഞു നടന്ന അവനിപ്പോ ഊണിലും ഉറക്കിലും അഭിലാഷ അഭിലാഷ എന്നൊരു വിചാരമേ ഉള്ളൂ.... "
കെമിസ്റ്റ്രി ബ്ളോക്കിനു താഴെ ഈശ്വരപ്രാര്‍ഥന തുടങ്ങി...
"രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം
ശ്യാമവര്‍ണ്ണ മോഹിനീ സുഭാഷിണീ മനോഹരീ
പ്രേമലേഖനം നിനക്ക് ഞാന്‍ തരുന്നു ശാലിനീ
പാതിരാത്രിനിന്നെ കാണാന്‍ പമ്മി ഞാനണഞ്ഞതും
പാണ്ടന്‍ പട്ടി മോങ്ങവേ മതിലുചാടിവീണതും
നാലുപാടും ലൈറ്റുമിട്ട് നാട്ടുകാരുണര്‍ന്നതും
ആളുമാറി നിന്‍റെ അപ്പന്‍ വാഴയ്ക്കിട്ടടിച്ചതും... "
"ഇവന്‍മാര്‍ക്കൊരു സെന്‍സുമില്ലാതയല്ലോ കര്‍ത്താവേ.... നട്ടുച്ചനേരത്താണോ സന്ധ്യാനാമം ചൊല്ലുന്നത്. അല്ലേ തമന്നേ"
"നീ കൂടി ചെല്ല്. അവിടെ ഒരാളിന്‍റെ കുറവുണ്ട്. "
"ഏയ്.. ഏറിയാ വിട്ടുള്ള കളിക്ക് ഞാനില്ല മാഷേ.... മാത്തമാറ്റിക്സില്‍ തന്നെയുണ്ടല്ലോ മത്തടിപ്പിക്കുന്ന മനോഹരികള്‍ ഒത്തിരി.. പിന്നെന്തിനു അയല്‍രാജ്യം ആക്രമിക്കണം.... "
'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല... ' പത്തുപേരുടെ ജാഥ എതിരെ
"ശ്ശെടാ... യൂത്ത്ഫെസ്റ്റിവലായാലും ഇവന്‍മാര്‍ക്കീ കൊടിയൊന്നു താഴ്ത്തിവക്കല്ലോ..ഇതെന്തിനാണാവോ.. ജഡ്ജ്‌മെന്‍റിലെ പാര്‍ഷ്യാലിറ്റിയായിരിക്കും ഇഷ്യൂ ഉറപ്പ്"
'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റചരിത്രം കേട്ടിട്ടില്ല...' ഹാര്‍ഡ്കോര്‍ വിപ്ളവകാരി മലയാളത്തിലെ ദിലീപന്‍ തൊണ്ടപൊട്ടിച്ചു മുന്നില്‍..
"മാര്‍ക്ക് ലിസ്റ്റ് കിട്ടുമ്പൊഴും ഇങ്ങനെതന്നെ പാടണേ അളിയാ..... ഇന്നെന്താ ക്യാന്‍റീനിലെ ഓമയ്ക്കാത്തോരനെതിരെയാണോടേ കൊടി"
"പോടാ ബൂര്‍ഷ്വേ...... "
"അളിയാ വാഴയ്ക്കായേ... ഓഡിറ്റോറിയത്തില്‍ കണ്ടില്ലല്ലോടെ നിന്നെ. എവിടാ കറക്കം..." ചാടി ചാടി വരുന്ന ഹിസ്റ്ററിയിലെ സുനില്‍ കൃഷ്ണനോട് ഞാന്‍..
"വാഴയ്ക്കായ നിന്‍റെ വല്യപ്പൂപ്പന്‍....." സുനിലിന്‍റെ പ്രതിക്ഷേധം.
"അവനെ എന്തിനാടാ വാഴയ്ക്കാ എന്ന് വിളിക്കുന്നെ..." സുനില്‍ നടന്നു നീങ്ങിയപ്പോള്‍ തമന്ന.
"ഹാ..അതു നീ അറിഞ്ഞില്ലെ.. ഇവനും, നമ്മുടെ തോമസ് മാത്യുവും, ഇക്കണോമിക്സിലെ ഉബൈദും കൂടി രാത്രിയില്‍ പൊന്നച്ചന്‍ചേട്ടന്‍റെ വാഴക്കൊല മോഷ്ടിച്ചു.... "
വാ പൊത്തി ചിരിച്ചപ്പോള്‍ തമന്നുയുടെ കുപ്പിവളകള്‍ കിലുങ്ങി...
"ഹ ഹ എന്തിനു... ?"
"തോമാച്ചന്‍ പറഞ്ഞത് വാഴക്കുലയില്‍ നിന്നെങ്ങനെ വാറ്റുചാരായം ഉണ്ടാക്കാം എന്ന റിസേര്‍ച്ചിനാന്നാ.. ഉബൈദുപറയുന്നു ഹോസ്റ്റലില്‍ കൊണ്ടുപോയി പുഴുങ്ങി തിന്നാനാരുന്നു എന്ന്.. സത്യം എന്താണെന്നറിയില്ല.. പക്ഷേ മൂന്നിനേം പൊന്നച്ചന്‍ കൈയോടെ പിടികൂടി...... "
"എന്നിട്ട്........" തമാശ ആസ്വദിക്കുന്നതിനിടയില്‍ ഒരു കല്ലില്‍ തട്ടി മുന്നോട്ടു കുതിച്ചുകൊണ്ട് തമന്ന..
"വീഴാതെ പെണ്ണേ... താഴെ നോക്കി നടക്ക്... "
തോമസ് മാത്യുവിന്‍റെ ലൈവ് കമന്‍ററിയില്‍ നിന്ന് ഞാന്‍ കേട്ട സംഭവം വിവരിച്ചുകൊണ്ട് നടപ്പു തുടര്‍ന്നു...
പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് ഇടിക്കുള എന്ന കുട്ടപ്പന്‍ സാറിന്‍റെ മുറിയില്‍ വാഴക്കുലമോഷണക്കേസിലെ പ്രതികളും, മാപ്പുസാക്ഷി കം പരാതിക്കാരനുമായ പൊന്നച്ചന്‍ ചേട്ടനും. സമയം രാവിലെ പതിനൊന്നു മണി..
അടി, ഇടി, കൊലപാതകം, കലാലയ രാഷ്ട്രീയം തുടങ്ങിയ ഗ്ളാമറ്‍ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്ത് ഉറക്കം നഷ്ടപ്പെടുത്താറുള്ള തന്‍റെ മുന്നില്‍ കുലമോഷണം പോലുള്ള ചീളുകേസ് വന്നുപെട്ടതിലുള്ള അഭിമാനക്ഷതം ഓര്‍ത്ത് കുട്ടപ്പന്‍ സാര്‍ ചാണകം ഇട്ട പശുവിന്‍റെ ബാക്ക്‌സൈഡ് പോലെ മുഖം ചുരുക്കി, മുഷ്ടി മേശപ്പുറത്തിടിച്ചു...
"എടാ....എടാ..... ദരിദ്രവാസികളേ... ഓ........" പോരാ.. കുട്ടപ്പന്‍ സാറിനു തപ്പിയപ്പോള്‍ കിട്ടിയ വാക്കുകളില്‍ സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നില്ല..
"ബ്ളഡി ഫൂള്‍സ്..... നിന്നെയൊക്കെ ജനിപ്പിച്ച നേരത്ത് അപ്പന്‍മാര്‍ക്ക്...." അതിലും സാറ്റിസ്ഫാക്ഷന്‍ കിട്ടാത്തതിനാല്‍ ഒന്നു നിര്‍ത്തി...
'പത്തു വാഴവെച്ചാ പോരാരുന്നോടാ എന്നല്ലേ സാര്‍ ഉദ്ദേശിക്കുന്നത്.. പാതിരാത്രിയില്‍ എങ്ങനെ വാഴവക്കും സാര്‍...' എന്ന ഡയലോഗ് മനസില്‍ പറഞ്ഞു തോമസ് മാത്യു ഒന്നു പുഞ്ചിരിച്ചു..
"പരട്ടേ...ചിരിക്കുന്നോടാ....തോന്നിവാസി.. വാഴക്കൊല കക്കാനാണോടാ നീ മാത്തമാറ്റിക്സ് മെയിന്‍ സബ്ജക്ടായി എടുത്തത്.... "
ഉബൈദ് പൊന്നച്ചനെ ഒന്നു നോക്കി. 'വെളിയിലോട്ടു വാടാ.. നിന്നെ കാളാമുണ്ടി പരുവമാക്കി തരാം' എന്നമട്ടില്‍.
"എല്ലാവനും അപ്പനെ വിളിച്ചോണ്ടുവന്നിട്ട് ക്ളാസില്‍ കേറിയാ മതി.. ഒറിജിനല്‍ അപ്പനെ.. കേട്ടോടാ...... "
"അല്ല...അതു പിന്നെ സാര്‍..." അതുവരെ മിണ്ടാതിരുന്ന സുനില്‍ കൃഷ്ണന്‍ പിറുപിറുത്തു..
"എന്താ... നിനക്കപ്പനില്ലേ....... "
"അച്ഛന്‍ ദുബായില്‍ ആണു സാര്‍..... "
"നന്നായി.. അല്ലെങ്കില്‍ നീ അങ്ങേരടെ കൊല ആദ്യമേ മോഷ്ടിച്ചേനേ.... നിന്‍റപ്പനോടാ.... " ചോദ്യം തോമസ് മാത്യുവിനോട്
"അപ്പന്‍ അര്‍ജന്‍റ....... "
"അര്‍ജന്‍റീലായില്‍ പോയോ.... നിന്നെ പോലൊരു സന്തതിയുണ്ടേല്‍ അവിടല്ല ഉഗാണ്ടേ വരെ പോകും.... "
"അല്ല സാര്‍.. അപ്പന്‍ അര്‍ജന്‍റായി ബാംഗ്ളൂറ്‍ വരെ പോയിരിക്കുവാ..... "
"നിന്‍റെയോടാ......." വളിച്ച ചിരിയുമായി ചോദ്യം ഉബൈദിനോട്...
"അതാണു സാര്‍...... "
ഉബൈദ് വിരല്‍ ചൂണ്ടിയ നേര്‍ക്ക് കുട്ടപ്പന്‍ സാര്‍ തലതിരിച്ച് മിഴിപായിച്ചു.
നോക്കിയപ്പോള്‍ അങ്ങേ ഭിത്തിയിലെ നെഹ്രുവിന്‍റെ ഫോട്ടോ..
'നെഹ്രുവിനു ഉബൈദ് എന്നു പേരായ ഒരു മകനുള്ളതായി അറിവില്ലല്ലോ' എന്നോര്‍ത്ത് ഒന്നുകൂടി നോക്കി...
ഫോട്ടോയുടെ ഫ്രെയിമിലെ പൊടി തുടച്ചുകൊണ്ടു നില്‍ക്കുന്നു പ്യൂണ്‍ പരീക്കുട്ടി..
"പരീക്കുട്ടീ............................................. "
കുട്ടപ്പന്‍ സാര്‍ അലറിയതും, 'മകനെ ഫേസ് ചെയ്യാന്‍ വയ്യാത്തതുകൊണ്ട് ഫോട്ടോ ഒന്നു തുടച്ചുകളയാം' എന്ന ചാരിറ്റിയില്‍ ഏര്‍പ്പെട്ടിരുന്ന പരീക്കുട്ടി ഞെട്ടലോടെ അടുത്തുവന്നു..
"ഇതാണോ നിന്‍റെ പുന്നാര മോന്‍........... "
'അങ്ങനൊരബദ്ധം പറ്റി സാര്‍ ' എന്ന് മൌനത്തിലൂടെ ഉത്തരം പറഞ്ഞുകൊണ്ട് പരീക്കുട്ടി തലചൊറിഞ്ഞു.
"ഇവനെ കായംകുളം കൊച്ചുണ്ണി ആയിക്കാണാന്‍ നിനക്കാഗ്രഹമുണ്ടോ.. പറയെടോ.... "
"സാര്‍...ഞാനെന്തു പറഞ്ഞാലും ഇവന്‍ അനുസരിക്കില്ല സാര്‍.. എനിക്കെന്തോ ഗ്യാപ്പുണ്ടെന്നാ എല്ലാത്തവണയും ഇവന്‍ പറയുന്നത്..." നിഷ്കളങ്കനായി പരീക്കുട്ടി..
"നിനക്കില്ലാത്ത ഏതു ഗ്യാപ്പാടാ നിന്‍റെ അപ്പനുള്ളത്... " കുട്ടപ്പന്‍ സാര്‍ കണ്ണുരുട്ടി ഉബൈദിനോട്
"പറേടാ........ " അടുത്ത അലര്‍ച്ചയില്‍ ഉബൈദ് അറിയാതെ പറഞ്ഞുപോയി
"ജനറേഷന്‍ ഗ്യാപ് സാര്‍"
തമന്നയുടെ പൊട്ടിച്ചിരിയില്‍ അതിരപ്പള്ളിവെള്ളച്ചാട്ടം ഞാന്‍ കണ്ടു...
"സത്യം പറയെടാ..കുറെ നീ കൈയ്യീന്നിട്ടു പറയുന്നതല്ലേ...." ചിരിക്കിടയില്‍ ബുദ്ധിമുട്ടി അവള്‍ ചോദിച്ചു..
"സത്യമാടീ.. അല്ലേല്‍ നീ തോമാച്ചനോട് ചോദിച്ചു നോക്ക്..... "
ഓര്‍മ്മകളുടെ കാലിഡോസ്കോപ്പില്‍ വീണ്ടും വളപ്പൊട്ടുകള്‍ വര്‍ണ്ണജാലം വാരിയിടുന്നു സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് എന്ന 'ലോലന്‍' തകര്‍ത്തു ക്ളാസെടുക്കുമ്പോള്‍ അടുത്ത ക്ളാസില്‍ നിന്നു കോറസ്
"ലോലാ.........ലോലാ..ഓ ലോലാ...ലോലാ... "
ചാടി അടുത്തക്ളാസിലേക്ക് പോയ സാര്‍ അതിലും വേഗം മടങ്ങി
"അവന്‍മാര്‍ തന്തമാരുടെ ശവഘോഷയാത്രയ്ക്ക് റിഹേഴ്സല്‍ എടുക്കുവാ.. നിങ്ങള്‍ അത് ശ്രദ്ധിക്കെണ്ടാ....... "
കണ്ട്രോള്‍ പോയി ചിതറിച്ചെറിച്ചത് ഒരാളുടെ പൊട്ടിച്ചിരി മാത്രം.. തമന്നയുടെ.
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് അവള്‍ക്ക് ലേബല്‍ കൊടുത്തതാരായിരുന്നു. ഓര്‍മ്മയില്ല..
മഞ്ഞുമൂടിയ ഊട്ടിയിലെ തടാകക്കരിയില്‍ തിമിര്‍ത്തുല്ലസിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ തുമ്പിയെപ്പോലെ പാറിയും പാടിയും ചിരിച്ചും കുസൃതികളുടെ കുപ്പിവളകള്‍ കിലുക്കിയും.
ജോര്‍ജ്ജ് സാമുവലും കാമുകി ബെറ്റി ഫിലിപ്പും മഞ്ഞിനിടയില്‍ മൌനസല്ലാപം നടത്തുന്നു.
"ഭാവിയില്‍ പണിയുന്ന വീടിന്‍റെ ബാല്‍ക്കണി എവിടെ വേണമെന്ന ഡിസ്കഷനിലായിരിക്കും രണ്ടും അല്ലേ. എടാ ഇങ്ങനത്തെ അവസരത്തിലെങ്കിലും ഇവളെ വെറുതെ വിടെടാ... " ജോര്‍ജ്ജിന്‍റെ പുറത്തൊരു ഇടികൊടുത്ത്, ബലൂണ്‍ പറപ്പിക്കുന്ന ബിനു ടി.കെ യുടെ തൊപ്പിയും തട്ടിപ്പറിച്ച് ഓടിയോടി ഞാന്‍....തടാകക്കരയില്‍ സഹപാഠികളുടെ കൈനോക്കി ഫലം പറയുന്ന തമന്നയുടെ അടുത്തേക്ക്.
"എന്‍റെ കൈയും ഒന്നു നോക്കെടീ....ഭാവിയില്‍ രക്ഷപെടുമോ എന്നൊന്നറിയാനാ.... "
"അതിനു നിന്‍റെ കൈ നോക്കേണ്ട കാര്യമില്ലല്ലോ..കൈയിലിരിപ്പു നോക്കിയാ പോരേ.. കമ്പ്ളീറ്റ് ബ്ളാങ്ക് മോനേ...ഫ്യൂച്ചര്‍ കമ്പ്ളീറ്റ് ബ്ളാങ്ക്.... "
"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....
മുക്കൂറ്റി മണിച്ചന്തം പൂഞ്ചുണ്ടിലൊളിച്ചോളേ.... "
മടക്കയാത്രയില്‍ പാടിയ ഒപ്പന... അറുപതു കൈകളെ ഒറ്റത്താളത്തില്‍ തളച്ചിട്ട ഒപ്പന...
'പാര്‍ക്ക് റോയല്‍' ഹോട്ടലിന്‍റെ ലിഫ്റ്റില്‍ പൊങ്ങിയുയരുമ്പോഴും മനസില്‍ ആ പഴയ ഒപ്പന...
പുതിയ തമന്ന എങ്ങനെയിരിക്കും.... പതിനഞ്ചു വര്‍ഷങ്ങള്‍ അവളെ എങ്ങനെ മാറ്റിയിരിക്കും.
അറുനൂറ്റി രണ്ടാം മുറിയുടെ കോളിംഗ് ബെല്ലില്‍ വിരലമര്‍ന്നു.....
പതുക്കെ വാതില്‍ തുറന്നു വന്നു. ഒപ്പം ഇതുവരെ കേള്‍ക്കാത്ത ഗസലും
"നയനോം കി ചാന്ദ് ദേഖേ..............
പവന്‍ ആയാ...............നീന്ദ് ബനായാ...........
തേരെ ബാലോം കെ നദീ കിനാരേ............... "
ഒന്നര ദശാബ്ദത്തിനിപ്പുറത്തെ പുഞ്ചിരിക്കു മുന്നില്‍ നിന്നപ്പോള്‍ ശബ്ദം ഇല്ലാതെ ചുണ്ടു പറഞ്ഞു.
"ഓ മൈ...ഗോ......... "
കൈയിലിരൂന്ന ഏതൊ ഫയല്‍ എന്‍റെ മുഖത്തു പതിഞ്ഞു... പലവട്ടം.. നോവാതെ....
"എടാ....നീ...കൊരങ്ങാ....പൊണ്ണാ...... "
"നിനക്കൊരു മാറ്റോമില്ലല്ലോ തമന്നേ.. ഛെടാ ആ പഴയ പെണ്ണുതന്നെ..ഇതെങ്ങനെ മെയിന്‍റയിന്‍ ചെയ്യുന്നു നീ.. കൊള്ളാമല്ലോ മാഷേ....രണ്ടു പ്രസവിച്ചതാണെന്ന് സത്യം പറഞ്ഞാല്‍ ഉടയതമ്പുരാന്‍ പോലു വിശ്വസിക്കത്തില്ല.. എന്നാലും ഇതെങ്ങനെ... "
"മതി മതി...പറ വിശേഷം.. "
തിരതല്ലുന്ന സന്തോഷത്തെ തളച്ചിടാന്‍ വയ്യാതെ എന്തൊക്കെയോ മാറ്റിയും മറിച്ചും തുള്ളിച്ചാടിയും അവള്‍.
പുതിയ വിശേഷങ്ങളുടെ കൊത്താംകല്ലാടി, കൊച്ചുവര്‍ത്തമാനത്തിന്‍റെ കടലാസുപൊതികള്‍ അഴിച്ച്, ചൂടു കോഫിയുടെ മുന്നില്‍...
"ജീവിതത്തില്‍ ഒരുപാട് സന്തോഷമുണ്ട് എനിക്ക്.. ശരിക്കും" മുടിമാടിയൊതുക്കി ഇടയ്ക്കെപ്പൊഴോ.
"അതുപിന്നെ എങ്ങനെ വരാതിരിക്കും മാഷേ. ടോപ് ഐ.ടി കമ്പനിയിലെ ടോപ്പ് ഉദ്യോഗം. കോണ്‍ഫറന്‍സുകളും, സെമിനാറുകളൂമായി പറന്നു നടക്കുന്ന ജോലി.. സ്നേഹസമ്പന്നനായ കെട്ടിയോന്‍.. "
"അതേ..അത് ഒന്നുകൂടി പറ നീ.. സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും തീരാത്തവന്‍ ..അതാനെണെനിക്ക് ഇക്ബാല്‍... എനിക്കറിയില്ല.. എന്നും ഇത്ര ഫ്രഷായി എന്നെ സ്നേഹിക്കാന്‍ അവനെങ്ങനെ കഴിയുന്നു എന്ന്.. ഐ കാണ്ട് ഡിഫൈന്‍ ഹിസ് അഫക്ഷന്‍ മനു.. പത്തുവര്‍ഷം ആയിട്ടും മരിറ്റല്‍ ബോര്‍ഡം ഇല്ലാതെ ഇപ്പൊഴും എനിക്കു വേണ്ടി മാത്രം ഇക്‌ബാല്‍ ഗസല്‍ എഴുതാറുണ്ട്.. പാടി റെക്കോര്‍ഡ് ചെയ്യാറുണ്ട്.. ജസ്റ്റ് ഫോര്‍ മീ.. നീ ഇപ്പോ കേട്ടില്ലേ.. ഇറ്റ്‌സ് ഹിസ് സോങ്ങ്..... ആര്‍ക്കും കൊടുക്കാതെ, എനിക്കുവേണ്ടി മാത്രം നിര്‍മ്മിച്ചവ...... " തമന്നയുടെ കണ്ണുകളില്‍ സ്നേഹത്തിന്‍റെ നനവ്.......
"കാന്‍ യൂ ലവ് സംവണ്‍ ലൈക് ദിസ്..പറ... ഇന്‍ സച്ച് എ ഡെപ്ത്"
ഞാന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി..
"അത്..ഈ സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍ എനിക്കത്ര വശമില്ല തമന്നേ.. പ്രായോഗിക തലത്തില്‍ പതറിപ്പോയവയാണു എന്‍റെ സ്നേഹബന്ധങ്ങള്‍..സോ... "
"ഐ ആം ദി മോസ്റ്റ് ലക്കിയസ്റ്റ്.... താങ്ക് ഗോഡ്..... നീ എന്താ നിന്‍റെ ജീവിതത്തെക്കുറിച്ചൊന്നും പറയാത്തെ.. "
"സ്റ്റില്‍ അറ്റ് റെഡ്‌ലൈറ്റ്...." ഞാന്‍ പുഞ്ചിരിച്ചു
"പച്ചവെട്ടം കാത്ത് കിടക്കുന്നു.... "
"എല്ലാം നന്നാവും.. നന്നായി വരും.. ഓര്‍മ്മയുണ്ടോ, ഊട്ടിയിലെ മഞ്ഞിനെ നോക്കി എന്തിനോ വിഷാദിച്ചു നിന്ന എന്നോട് നീ അന്നു പറഞ്ഞ വാചകം....'മഞ്ഞിനപ്പുറം ഒരു മന്ദാരപ്പൂവ് കാണും തമന്നേ... എന്തിനാ വിഷമിക്കുന്നേ.... ' "
"കാണും ..അല്ലേ... കാണാതെവിടെ പോകാനാ......." പിന്നെയും ഞാന്‍ പുഞ്ചിരിച്ചു..
"അന്നത്തെ കൂട്ടുകാരെയൊക്കെ കാണാറുണ്ടോ നീ....." കണ്ണുകളില്‍ കാമ്പസിന്‍റെ തിരയിളക്കം...
"വളരെക്കുറച്ചു മാത്രം. അവധിയാത്രകളില്‍ പലരേയും തേടിച്ചെല്ലാറുണ്ടായിരുന്നു. പണവും പദവിയുമാണു സൌഹൃദങ്ങളുടെ പുതിയ ആണിക്കല്ലുകള്‍ എന്നു തിരിച്ചറിഞ്ഞപ്പോള്‍ അത് നിര്‍ത്തി....പിന്നെ, എല്ലാര്‍ക്കും തിരക്കല്ലേ.. ഈവന്‍ എ ജന്‍റില്‍ സ്മൈല്‍ ഈസ് ബിസിനസ്. അതല്ലേ ഇപ്പൊഴത്തെ സെറ്റപ്പ്...." കപ്പ് ഞാന്‍ ടേബിളില്‍ വച്ചു.
"ഞാന്‍ നാളത്തെ ഫ്ലൈറ്റിനു മടങ്ങും. താങ്ക്സ് ഫോര്‍ യുര്‍ ബ്ളോഗ്സ്... ആരോ അയച്ചു തന്ന ലിങ്കിലൂടെയാണു ഞാന്‍ വീണ്ടും നിന്നിലെത്തിയത്... " ബാഗ് തുറന്നുകൊണ്ട് അവള്‍
"താങ്ക്‌സ് ടു ഗൂഗിള്‍..... " ഞാന്‍ മറുപടി പറഞ്ഞു
"ഇതു നിനക്കുള്ള ഒരു പുതുവര്‍ഷ സമ്മാനം...... " എന്തോ പൊതി നീട്ടി അവള്
ഹൃദയമിടിപ്പോടെ അത് വാങ്ങി ജാക്കട്ടിലേക്കിട്ടു..
"ഞാന്‍ നിനക്കൊന്നും വാങ്ങിയില്ല...മറ്റൊന്നും കൊണ്ടല്ല...മാസവസാനം ആകുമ്പോള്‍ പോക്കറ്റ് ഡ്രൈ ആകും... എന്നാലും"
"സാരമില്ലടാ ഒന്നും വേണ്ടാ... ഇത്ര നാളുകള്‍ക്ക് ശേഷം നിന്നെ ഒന്നു കണ്ടല്ലോ..അതില്‍ കൂടുതല്‍.... "
"എന്നാലും ഇതിരിക്കട്ടെ.... " പോക്കറ്റില്‍ നിന്നും പേന എടുത്തുനീട്ടി
"നിറം മങ്ങിയതാണു.. മഷി തീരാറായതാണു... ജസ്റ്റ് ലൈക്ക് മൈ ലൈഫ്....." ഒന്നുകൂടി പുഞ്ചിരിച്ചു...
തിളങ്ങുന്ന കണ്ണുകളോടെ അവളതു വാങ്ങി...അതില്‍ സൂക്ഷിച്ചു നോക്കി....
"എനിക്ക് കിട്ടിയതില്‍ വച്ചും ഏറ്റവും പ്രെഷ്യസ് ആയ സമ്മാനം... "
അവളുടെ കണ്‍തടം നനഞ്ഞുവോ..
"എങ്കില്‍ പൊക്കോളൂ... തണുപ്പത്ത് ബൈക്കോടിക്കേണ്ടതല്ലേ....ലിഫ്റ്റ് വരെ ഞാനും വരാം.... "
ലിഫ്റ്റ് കാത്തുനില്‍ക്കവെ ചോദിച്ചു
"കൃഷ്ണാ നീയെന്നെ അറിയില്ല....അതൊന്നുകൂടി ഒന്നു ചൊല്ലാമോ തമന്നേ... കേള്‍ക്കാന്‍ ഒരാഗ്രഹം.... "
"വീണ്ടും ഞാനതു ചൊല്ലിയാല്‍ ആ പഴയ ഓര്‍മ്മ റീപ്ളേസ്‌ഡ് ആവില്ലേ.... ..അതുവേണ്ട... അതങ്ങനെ തന്നെ ഇരുന്നോട്ടെ. മാത്രമല്ല ടെക്നോളജിയില്‍ നമ്മള്‍ ഒരുപാട് അഡ്‌വാന്‍സ്‌ഡ് ആയില്ലേ... കൃഷ്ണാ എന്ന് ഞാന്‍ വിളിച്ചാ നാളെ എന്‍റെ കഴുത്തില്‍ തല കാണില്ല... അതു കൊള്ളാം എന്ന് നീ പറഞ്ഞാല്‍ നിന്‍റെ കഴുത്തിലും...... "
ഇരുവശത്തുനിന്നും ലിഫ്റ്റ് ഡോറ്‍ പതുക്കെ ഒന്നിക്കുന്നു.
'പവന്‍ ആയാ...............നീന്ദ് ബനായാ...........
തേരെ ബാലോം കി നദീ കിനാരേ............... '
കടലില്‍ മുങ്ങുന്ന സൂര്യബിംബം പോലെ പുഞ്ചിരിക്കുന്ന മുഖം പതുക്കെ അപ്രത്യക്ഷമാവുന്നു...
ഓര്‍മ്മകളില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലേക്ക് ലിഫ്റ്റ് താഴുന്നു.
ഡിസ്പ്‌ളേ പാനലില്‍ ചുവപ്പക്കങ്ങളുടെ പടിയിറക്കം.....
അഞ്ച്.....നാല്....മൂന്ന്......
"മൂവന്തി മൈലാഞ്ചി.. പൂങ്കൈയിലണിഞ്ഞോളേ
മുന്നാഴി മലര്‍മണം പൂമെയ്യിലളന്നോളേ.....
രണ്ട്......ഒന്ന്..........പൂജ്യം....
കണാട്ട്‌പ്ളേസ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നു.
മാലവിളക്കുകളാല്‍ അലങ്കരിച്ച ദില്ലി.. എങ്ങും ആഘോഷം..
നിറങ്ങള്‍....
തുടിക്കുന്ന യുവത്വം കാറുകളില്‍ ചീറിപ്പായുന്നു..
പുതിയ ആത്മവിശ്വാസത്തോടെ...
ആരെയും കൂസാത്ത ഇന്ത്യന്‍ യുവത്വം..
"തകര്‍ക്കെടാ പിള്ളാരേ... തിമിര്‍ത്തു തെളിക്കെടാ നമ്മുടെ ഭാരതത്തെ..പുതിയ ലോകത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഭാരതത്തെ... "
മഞ്ഞിലൂടെ.... വെളിച്ചപ്പുഴയിലൂടെ..വളഞ്ഞും പുളഞ്ഞും ബൈക്ക് പാഞ്ഞു...
ഹൃദയത്തില്‍ പതഞ്ഞുപൊങ്ങുന്ന സംഗീതം...
ബൈക്കിനോടൊപ്പം മനസും പൊങ്ങിയും താണും പാടി...
"മെയ്‌ഡിന്‍ ഇന്ത്യാ....മെയ്‌ഡിന്‍ ഇന്ത്യാ....
എക് ദില്‍ ചാഹിയേ ദാറ്റീസ് മെയ്‌ഡിന്‍ ഇന്ത്യാ....
ഓ..ഓ..ഓ.... ഓ
സാനിയാ മിര്‍സാ.... സബീര്‍ ഭാട്ടിയാ
അനിതാനായര്‍ അമര്‍ത്യാസെന്‍ ഭൈയ്യാ......
ഓ...ഓ..ഓ... ഓ
മെയ്‌ഡിന്‍ ഇന്ത്യാ.... മെയ്‌ഡിന്‍ ഇന്ത്യാ
എക് ദില്‍ ചാഹിയേ ദാറ്റീസ് മെയ്‌ഡിന്‍ ഇന്ത്യാ.... "
**********************************

എല്ലാ സുഹൃത്തുക്കള്‍ക്കും നേട്ടങ്ങളുടെ തിളക്കം ഉള്ള പുതുവര്‍ഷം ആശസിക്കുന്നു. ദില്‍സേ......പ്യാര്‍സേ...ആരാംസേ...