Wednesday 4 June 2008

ജാസ്‌ലിന്‍ ജൈസേ കോയി നഹിം...

(ഓഫ് പോസ്റ്റ് : Please DONT MISS this Post at (naattukavala.blogspot.com )



ഇന്ദിരാഗാന്ധി ഇന്‍‌റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍, മാര്‍പ്പാപ്പ കുരിശുപിടിക്കുന്ന പോസില്‍ വലംകൈയില്‍ ബോര്‍ഡും പിടിച്ച് ഞാന്‍ നിന്നു.

ക്യൂബയില്‍ നിന്നുള്ള വിമാനം ലാന്‍ഡു ചെയ്‌തു കഴിഞ്ഞു.

അക്ഷരങ്ങള്‍ ക്ലിയര്‍ തന്നെയല്ലേ അയ്യപ്പാ..

ഞാന്‍ ബോര്‍ഡൊന്നു തിരിച്ചു പിടിച്ചു നോക്കി.
അതേ.. ക്ലിയര്‍ തന്നെ.

‘ജാസ്‌ലിന്‍.. ഇന്‍‌റര്‍ നാഷണല്‍ മീറ്റ് ഓണ്‍ ബയോടെക്ക്‍നോളജി..’

മാത്തമാറ്റിക്സില്‍ എണ്‍പതു ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ച, കോന്നിക്കാരന്‍ മിടുക്കന്‍ പയ്യന്‍ കൈയില്‍ കുരിശുമായി, ഒരു കുരിശുജന്മമായി ദാ ഇവിടെ.
‘ഇട്ടിട്ടു പോടാ കോപ്പേ ഇതൊക്കെ.. ഫ്ലൈ ഹൈ..ഫ്ലൈ ഹൈ..’ മനസ്സില്‍ മിഥ്യാഭിമാനം പതഞ്ഞു പൊങ്ങുന്നു.
പക്ഷേ പറ്റില്ലല്ലോ സ്വാമീ. ലക്ഷ്മണാ സ്റ്റോഴ്സിലെ പറ്റ്, വീട്ടുവാടക, കറണ്ട് ബില്‍.. അങ്ങനെ എത്രയെത്ര ഇഷ്യൂകള്‍. തല്‍ക്കാലം ഈ തറപ്പണിയും ചെയ്തേ പറ്റൂ മച്ചാ..

‘കൂടെ പഠിച്ചവന്മാരാരും അമേരിക്കയില്‍നിന്ന് ഇപ്പോ ലാന്‍ഡ് ചെയ്യല്ലേ’ എന്നൊരു മിനിമം പ്രാര്‍ഥനയേയുള്ളൂ ഇപ്പോള്‍. ബാക്കിയൊക്കെ ഞാന്‍ അഡ്ജജസ്റ്റ് ചെയ്തോളം’

ജാസ്‌ലിന്‍ എങ്ങനെയിരിക്കും.
കുവലയമിഴിയോ അതോ കുഴിനഖകിഴവിയോ
അസര്‍മുല്ലച്ചുണ്ടിയോ അതോ അസുരാംഗവിരൂപിയോ
ഇഡ്ഡലിപോലെ തുടുകവിളിയോ അതോ ദോശപോലെ കുഴികവിളിയോ..
ഇരുപത്തിയഞ്ചു വയസുള്ള ഒരു ബാച്ചിലര്‍ ഇങ്ങനെയൊക്കെ വിചാരിക്കുക തികച്ചും സ്വാഭാവികം.

ട്രോളി ബാഗു തള്ളി അനേകം ടോപ്പ് ക്ലാസ് ജന്മങ്ങള്‍ തിരക്കിലൂടെ ഒഴുകിയെത്തുന്നു.
‘ഒരിക്കല്‍ എനിക്കും വരണം ഇതുപോലെ.’ കാത്തുനില്‍ക്കുന്ന പ്രിയതമയെ, കൂളിംഗ് ഗ്ലാസ് പൊക്കി നോക്കി ചോദിക്കണം ‘എവിടെയായിരുന്നു ഞാന്‍ ഇത്രനാള്‍ പെണ്ണേ.. ഇന്‍ യുവര്‍ ഐസ്, ഹാര്‍ട്ട്, ലിവര്‍ ഓര്‍ ബ്രെയിന്‍?’ അപ്പോള്‍ അവള്‍ മറുപടി പറയണം ‘നോ വെയര്‍.. ഐ വാസ് നോട്ട് ഹിയര്‍.. ഞാന്‍ നിന്‍‌റെ കണ്ണില്‍ ഒളിച്ചിരിക്കുകയായിരുന്നു..’

സ്വയംവരത്തിനു വന്ന രാജാക്കന്മാരെപ്പോലെ നില്‍ക്കുന്ന കുരിശന്മാരുടെ അടുത്തേക്ക് റാണിമാര്‍ വരുന്നു. ‘നോ...നോ. ഈ രാജാവിനു പേഴ്‌സണാലിറ്റി പോരാ‘ എന്ന മട്ടില്‍ അടുത്ത ബോര്‍ഡുനോക്കി നീങ്ങുന്നു..

ഒരു അമ്മൂമ്മ മദാമ്മാ പ്രാഞ്ചി പ്രാഞ്ചി ദാ എന്‍‌റെ അടുത്തേക്ക്.. ബോര്‍ഡിലെ അക്ഷരങ്ങള്‍ തപ്പിത്തപ്പി വായിക്കുന്നു..
‘ഈശോയേ..ഇതാണോ രാജകുമാരി...’

ഭാഗ്യം.. അവരും അടുത്ത ബോര്‍ഡിലേക്ക് പോയി.

“ഹായ് ..!!!!!!!”

മുന്നില്‍ ഒരു വെള്ളത്താമര..
പാറിപ്പറക്കുന്ന ഷാമ്പൂമുടി
ചാമ്പയ്ക്കാ ചുണ്ട്
അറക്കപ്പൊടി നിറച്ച ചാക്കുപോലെ കൊഴുത്ത ശരീരം.
കറുത്ത ജീന്‍സ്.. ചുവന്ന ടീ ഷര്‍ട്ട്.
നെഞ്ചിലെ ത്രീ ഡൈമന്‍ഷന്‍ സ്ലോഗന്‍ ഞാന്‍ വായിച്ചു
‘റോക്ക് ഇറ്റ് ’

“മൈസെല്‍ഫ് ജാസ്‌ലിന്‍.......” റോക്കറ്റ് പെണ്ണ് ചിരിച്ചു
‘മൈസെല്‍ഫ് മനു ‘ ഞാനും ചിരിച്ചു.

“ഹൌ ആഴ് യു....?” ക്യൂബക്കാരിക്കും അമേരിക്കന്‍ ആക്സ്ന്‍‌റോ.. ഇതെങ്ങനെ?

“ഐ ആം ഫൈന്‍... ഹൌവാസ് യുവഴ് ജേണി..?” പറ്റുന്നിടത്തൊക്കെ ‘റ’ യ്ക്കു പകരം ‘ഴ’ ചേര്‍ത്ത് ഞാനും അമേരിക്കനായി..(പോസ്റ്ററിന്‍‌റെ പ്രലോഭനം കൊണ്ട്, ചാണക്യ തിയേറ്ററില്‍ പോയി ഇരുന്നിട്ടൊടുവില്‍ ‘കല്യാണത്തിനു പോയവന്‍ ചാക്കാല കണ്ടു മടങ്ങുന്ന പോലെ ‘ നിരാശനായി പലതവണ ഇറങ്ങിവന്നതിനു ഇപ്പോള്‍ ഇങ്ങനെയൊരു ഗുണമുണ്ടായി)
"വൌ... അമേസിംഗ്..”

ട്രോളി ഞാന്‍ വാങ്ങിയുരുട്ടി..

“വാണാ സംതിംഗ് ടു ഡ്രിങ്ക്...?

‘വേണമെന്ന് പറയല്ലേ കൊച്ചേ. പോക്കറ്റില്‍ ആകെപ്പടെ മുപ്പതു രൂപയുണ്ട്. ഈ മാസം ഓടിക്കാനുള്ളതാ.

‘നോ താങ്ക്സ്...’ പാവം കുട്ടി

ടാക്സി കാത്ത് വെളിയില്‍ നിന്നു.

“യു ലുക്ക് ഹാന്‍ഡ്‌സം.. “
അതൊരു പുതിയ കാര്യമല്ലല്ലോ കൊച്ചേ..

“യൂ ടൂ..........” തിരിച്ചൊരു കോമ്പ്ലിമെന്‍‌റു കൊടുത്തില്ലെങ്കില്‍ മോശമല്ലേ

“മീ ഹാന്‍ഡ്‌സം...? “ കുണുക്കു കുണുങ്ങി

“ലെഗ്‌സം ടൂ.......”

“ഫണ്ണി മാന്‍... വെയറീസ് ദ ടാക്സി...?”

ഫണ്ണി ഗേള്‍, ഡ്രൈവര്‍ തണ്ണി കുടിക്കാന്‍ പോയതാ. ഇപ്പൊ വരും..

ജാസ്‌ലിന്‍ മുകളിലേക്ക് നോക്കി. ഭാരതത്തിന്‍‌റെ ആകാശ വിസ്തീര്‍ണ്ണം നോക്കുവാണോ?

‘വൌ.. യുവര്‍ ഇന്ത്യ ഈസ് റിയലി......”

ഡര്‍ട്ടി.. അതല്ലേ പറയാന്‍ വരുന്നെ.. അതും പുതിയ കാര്യമല്ലല്ലോ

“മാര്‍വെലസ്.......”

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..

ബാക്ക് സീറ്റില്‍ ആദ്യം ജാസ്‌ലിന്‍ കയറി.

പിന്നെ ക്യൂബയില്‍ എന്തൊക്കെയുണ്ട് കൊച്ചേ വിശേഷങ്ങള്‍. നമ്മുടെ കുഞ്ഞിരാമന്‍ ചേട്ടന്‍‌റെ ചേനകൃഷിയൊക്കെ എങ്ങനെ നടക്കുന്നു. ഞാനും പുറകെ ചാടിക്കയറിയിരുന്നു.
‘ഷാള്‍ വീ ഗോ...? “
“ഒ.കേ...........” പാട്ടുപാടുന്നപോലാണല്ലോ കൊച്ച് ഒ.കെ പറയുന്നത്.

വണ്ടി നീങ്ങി..

സന്ധ്യ ചേക്കേറി തുടങ്ങിയിരുന്നു.

കണ്ണാടിയിലൂടെ അരുണവെട്ടം മുറിഞ്ഞു മുറിഞ്ഞു ജാസ്‌ലിന്‍‌റെ മുഖത്തേക്കു പതിക്കുന്നു.
അമ്പരപ്പോടെ അവള്‍ വെളിയിലെ കാഴ്ചകള്‍ കണ്ടിരിക്കുന്നു.

“വാട്ടീസ് ദാറ്റ്......”

“ദാറ്റീസ് എരുമക്കുഴി...”
കൊച്ചിനെന്തെല്ലാം സംശയങ്ങളാ ദൈവമേ..

“വൌ.... വാട്ടീസ് ദാറ്റ് തോരണം.........”

“ദാറ്റീസ് ഗുഡുക്ക.. ഐ മീന്‍..കാന്‍സര്‍ മിക്‍സ്”

“കൂള്‍....................”

“ഉവ്വ.. അതു തിന്നുന്നോന്‍‌റെ വാ ഇടിച്ചക്കപോലെയാവും കൊച്ചേ.. അതൊക്കെ പോട്ടെ. ഞങ്ങളുടെ കാസ്‌ട്രോ സഖാവ് എന്തുപറയുന്നു. എനിക്കതാ അറിയേണ്ടേ.. ഹൌ ഈസ് ഹീ? “

“ഇഡിയറ്റ് ഫെലോ....”

ഞെട്ടി!!!!!

അമേരിക്കയുടെ അഹങ്കാരത്തിനു നേരെ നോക്കി പോടാ പുല്ലെ എന്നു പറയാന്‍ കപ്പാസിറ്റിയുള്ള ഏക രാഷ്‌ട്രത്തലവാനായ, ഒരു ജനതയുടെ നെഞ്ചിടിപ്പുകളെ സ്വന്തം ജന്മം കൊണ്ടേറ്റുവാങ്ങിയ ധീരനായ എന്റെ പ്രിയപ്പെട്ട കാസ്‌ട്രോ സഖാവിനെക്കുറിച്ചാണോ, ആ നാട്ടുകാരിയായാ ഈ പെണ്ണ് ഇങ്ങനെ പറയുന്നത്... ഇവള്‍ ക്യൂബക്കാരിയല്ലേ.. അതോ വളര്‍ന്നത് മറ്റെങ്ങോ ആണോ
..
“ഹീ സ്പോയില്‍ഡ് അവര്‍ കണ്ട്രി.... സ്നാപ്‌ഡ് ഗ്രോത്ത്..... “

മതി മതി.. ഇനി നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.

ജാസ്‌ലിന്‍ പുഞ്ചിരിച്ചു. സന്ധ്യയും പുഞ്ചിരിച്ചു..

ബീഥോവന്‍‌റെ ഒരു സിംഫണി ഇപ്പോ കേട്ടിരുന്നെങ്കില്‍ എത്ര സുരഭിലമായേനേ നിമിഷങ്ങള്‍..

“ഛോളീ കേ പീഛേ ക്യാ ഹേ.. ഛോളീ കേ പീഛേ..
ചുനരി കേ നീചേ ക്യാഹേ... ചുനരി കേ നീചേ..”

കാറില്‍ പെട്ടെന്ന് പാട്ടുമുഴങ്ങിയപ്പോള്‍ ജാസ്‌ലിന്‍ വിരണ്ടുചാടി


‘പേടിച്ചുപോയോ.. ഇത് ഞങ്ങളുടെ തനതു സംഗീതമാണ്’

“വൌ... വാട്ടീസ് ദ മീനിംഗ് ഓഫ് ദിസ്....? “
ഇതിന്‍‌റെ മീനിംഗ് പറഞ്ഞാല്‍ പീഡനക്കേസില്‍ ഞാന്‍ അകത്താവും കുട്ടീ..

‘ഇതിനു പ്രത്യേകിച്ചൊരര്‍ത്ഥം ഇല്ല. ഐ ലവ് യു.. യു ലവ് മീ.. വീ ലവ് ആള്‍ ... ദാറ്റ്സാള്‍..’

ജാസ്‌ലിന്‍‌റെ വെള്ളാരം കണ്ണുകളില്‍ കുസൃതിത്തിളക്കം..

“വെയറീസ് യുവര്‍ ഗേള്‍ഫ്രണ്ട്.......?“

“ഡെലിവറിയ്‌ക്ക് നാട്ടില്‍ പോയിരിക്കുവാ...”

“വാട്ട്....”

“ഐമീന്‍ ഷീ ഈസ് അറ്റ് ഹോം...” എന്‍‌റെ കൊച്ചേ, ഗേള്‍ഫ്രണ്ടു പോയിട്ട് ഗേളുപോലുമില്ല എനിക്ക്.. നീ എന്താ ഇങ്ങനെ?

“വാട്ടീസ് ഹെര്‍ നെയിം? “

“പങ്കജാക്ഷിയമ്മ....”

“വൌ... ക്യൂട്ട് നെയിം.. “

“യാ ഐ നോ...”

“ക്രാ !!!!!!....................................................”

ജാസ്‌ലിന്‍ അലറിക്കൊണ്ട് എന്‍‌റെ പുറത്തേക്ക് ചാടി വീണു. പഞ്ഞിക്കെട്ട് ദേഹത്തുവീണപോലെ.
ദൈവമേ ... ഇതെന്തു പറ്റി..

പുറത്തൊരുത്തന്‍ കഴുത്തില്‍ പാമ്പുമായി വിന്‍ഡോയിക്ക് അടുത്തു നിന്ന് കൈനീട്ടുന്നു.. ഇതു കണ്ട് ഞാന്‍ വരെ പേടിക്കാറുണ്ട്. പിന്നല്ലേ ഈ വിദേശി..

“ഡോണ്ട് വറി.. ഇതാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ സ്നേക്ക് ട്രിക്ക്.. പൈസ കൊടുത്തില്ലെങ്കില്‍, രണ്ടാണു നഷ്ടം. സര്‍പ്പം പേടിപ്പിക്കും. സര്‍പ്പദേവത ശപിക്കും’

‘ഓ മൈ ഗുഡ്‌നെസ്’ കൊച്ചിന്‍‌റെ വിറയല്‍ ഇതുവരെ മാറിയില്ല.

കാര്‍ മുനീര്‍ക്ക പിന്നിട്ടു.

‘ഓ സോമനി ബില്‍ഡിംഗ്‌സ്,,,,,,,’

‘അതെ.. സോമനി ബില്‍ഡിംഗ്‌സ്....”

കാര്‍ മോശമല്ലാത്ത ഒരു ഗട്ടറില്‍ ചാടി

“ഊ..................................”

അടുത്ത ചാട്ടം എന്‌റെ തോളിലേക്ക്. എന്തായാലും ഏര്‍പ്പാടു കൊള്ളാം.

‘ക്യൂബയില്‍ കുണ്ടുകള്‍ ഇല്ലേ കുട്ടീ...’

ഡ്രൈവറമ്മാവാ മോശമല്ലാത്ത കുണ്ടുകള്‍ ഇനിയും കാണുമല്ലോ അല്ലേ.. ഒന്നും മിസ്സാക്കാല്ലേ..

ഒരു റെഡ്‌ലൈറ്റില്‍ വണ്ടി നിന്നു.

സ്ലോമോഷനില്‍ വിന്‍ഡോയിക്കടുത്തു വന്ന സ്കൂട്ടര്‍ കണ്ട്, ജാസ്‌ലിന്‍ പമ്മിയിരുന്നു.

‘ഗോഡ്, ഹൂയിസ് ദാറ്റ്.....ഹൂയിസ് ദാറ്റ്?’

“അയ്യോ.. അതൊരു പാവം സര്‍ദാര്‍ജി.. കണ്ടാല്‍ രാജാവാണെന്നു തോന്നുമെങ്കിലും, ഉപദ്രവിക്കില്ല.. പേടിക്കാതെ”

‘വൌ... മാഡ് ട്രാഫിക്... മൈ ഗോഡ് .. ഹൌ യു പ്യൂപ്പിള്‍ ഡ്രൈവ് ഹിയര്‍ !!! ‘ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ നോക്കി ജാസു.

‘അതൊക്കെ ഒരു സാഹസമാ കൊച്ചേ. ഇന്ത്യാക്കാരുടെ ശരാശരി ആയുസ് കൂടാന്‍ ഈ ട്രാഫിക്കൊരു കാരണമാണ്. യമരാജാവിനു പോത്തിന്‍‌റെ പുറത്തു വരാന്‍ പേടിയാ ഈവഴി. .. ചന്തി ചളുങ്ങത്തില്ലിയോന്നെ..‘

‘യൂ ഡ്രവ്....“ ?

‘കൊള്ളാം ഉണ്ടോന്നോ.. കോണ്ടസാ വേണോ ബി.എം.ഡബ്ല്യൂ വേണോ എന്നൊരു ഡൌട്ടേയുള്ളൂ...’ കളിയാക്കല്ലേ പെണ്ണേ ജീവിച്ചു പൊക്കോട്ടേ.

‘ലെ മെറിഡിന്‍‘ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വണ്ടി പാഞ്ഞുകയറി..

ജാസ്‌ലിനെ സ്വീകരിക്കാന്‍, രേണുക ഷണ്മുഖം എന്ന കുറ്റിചൂലിന്‍‌റെ ഷേപ്പുള്ള മാനേജര്‍ മാഡം ലോബിയില്‍....
‘ഹാ‍യ്........’ ആലിംഗനം ഫോളോവ്ഡ് ബൈ ചുംബനം..
‘വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ.
“താങ്ക്സ് എ ലോട്ട്...’ ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു വാചകം കേട്ട മാഡം പുഞ്ചിരിക്കുക മാത്രമല്ല..ഒന്നു കുനിയുകയും ചെയ്തു.

കോണ്‍ഫെറന്‍സ് തുടങ്ങുന്നത് പിറ്റേന്നാണ്. കാലത്തെ തന്നെ എത്തി, ഫയലിംഗ് ഒക്കെ ചെയ്യണം എന്ന ഉപദേശം തന്ന് രേണുകാജി എന്നെ യാത്രയാക്കി.

രാജകീയമായ ഹോട്ടലിനെ അടിമുടി നോക്കി തണുത്തു നടക്കുമ്പോഴാണു വിളി വന്നത്...
“എടാ നീ ഇവിടെ.....”

ബ്രിജ്‌വിഹാറിലെ പഴയ അന്തേവാസി ആയിരുന്ന പ്രസന്നന്‍ ഇതാ വരുന്നു.

“എടാ നിനക്ക് നൈറ്റ് ഡ്യൂട്ടിയാണോ.. ശ്ശെടാ അതു ഞാനറിഞ്ഞില്ലല്ലോ.. റിസപ്ഷനില്‍ നിന്ന് ലോബിയിലോട്ടു മാറിയോ നീ “

“അതേടാ.. പിന്നെ എന്തൊക്കെയുണ്ട് വിശേഷം. നീയങ്ങ് ക്ഷീണിച്ചു പോയ.....”
“ഹൂ..................ഹൂ........................” പെട്ടെന്നൊരലര്‍ച്ച..

മുടിയും താടിയും വളര്‍ത്തിയ അമ്പതോളം അമ്മാവന്മാര്‍.. കുറെ അമ്മായിമാര്‍. പരസ്പരം കെട്ടിപ്പിടിക്കുന്നു.

“ഇതെന്നാ അളിയാ ഇവിടെ ഒരു ആള്‍ക്കൂട്ടം.. എല്ലാം ആദിവാസികളാണോ.. എന്താ പരിപാടി”

“പേരെടുത്ത പെയിന്‍‌റേഴ്‌സാ... നാളെ ഇവന്മാരുടെ ഒരു പരിപാടിയും ഉണ്ട്.. ലോകത്തൊള്ള സകലയെണ്ണവും കുറ്റിയും പറിച്ചെത്തീട്ടുണ്ട്..”

“ഓ...ഹോ.. ഹൂ.... ഹൌ ആ‍ര്‍ യൂ.........”

ഒരു വെള്ളക്കാരന്‍ അമ്മാവന്‍ , ഇന്ത്യാക്കാരി അമ്മായിയെ അറഞ്ഞ് ഉമ്മ വക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് മാക്സിമം ഇടങ്ങളില്‍ ഉമ്മകൊടുക്കാന്‍ പെടുന്ന പാടേ..

“എടാ ഈ തള്ളയ്ക്ക് ചോദിക്കാനും പറയാനും കെട്ടിയോനൊന്നുമില്ലേ......“

“ഉണ്ടല്ലോ.. അയാള്‍ ദാ അപ്പുറത്തൊരു ബര്‍മ്മാക്കാരിക്ക് ഉമ്മ കൊടുക്കുന്നു”

ചിരി കടിച്ചുപിടിച്ച് ഞാന്‍ വെളിയിലെ നരപ്പിലേക്കിറങ്ങി

പിറ്റേന്ന് പത്തുമണിക്ക് ‘ലെ മെറഡിയനി’ല്‍ എത്തിയ ഞാന്‍ , കമ്പനി വാടകയ്ക്കെടുത്ത മുറിയിലേക്ക് പൊങ്ങിക്കയറി

മുപ്പതു വിദേശികള്‍ അവതരിപ്പിക്കുന്ന ബയോടെക്നോളജി പ്രബന്ധം കേള്‍ക്കാന്‍ മഹാഭാ‍രതം കാതോര്‍ത്തിരിക്കുകയല്ലേ.

മുറിയില്‍ ആരുമില്ലേ..

നടുവും നിവര്‍ത്തി, കൈയില്‍ ഒരു ബിസ്‌ലേരി കുപ്പിയുമായി, ഡി.ടി.പി ഓപ്പറേറ്റര്‍ ഹരീന്ദര്‍ എന്ന ബിഹാറിപ്പയ്യന്‍ കക്കൂസില്‍ നിന്ന് ദാ വരുന്നു.

‘ഭയങ്കര സൌകര്യമാണല്ലോടേ.. മിനറല്‍ വാട്ടര്‍ കൊണ്ടാണല്ലോ കടവിറങ്ങുന്നത്... എനിക്കു വയ്യ”

“അഛാ..അഛാ.. ഈ പേപ്പര്‍ കൊണ്ടുള്ള പരിപാടി പണ്ടേ എനിക്ക് പറ്റില്ല.. നീ എന്താ ലേറ്റായത്.. ബതാവോ..”

“സോ ഗയാ സോ ഗയാ.. ഉറങ്ങിപ്പോയി....”

ഇംഗ്ലണ്ടുകാരന്‍ ഫ്രാങ്കി വെടിയേറ്റവനെ പോലെ പാഞ്ഞു വന്നു..

“ഹായ്....”

വെളുത്തു മെലിഞ്ഞ മൊട്ടത്തലയന്‍ ഫ്രാങ്കിയെ കണ്ടു ഞാനൊന്നു ചിരിച്ചു..

“മിസ്റ്റര്‍ ഹരേന്ദ്.... ഐ വാണ്ട് ഫോട്ടോകോപ്പീസ് ക്വിക്ക്..ക്വിക്ക്...”

ഇംഗ്ലീഷ് എന്ന് കേട്ടാല്‍ നെഞ്ചിടിപ്പുകൂടുന്ന ഹരീന്ദര്‍ എന്‍‌റെ മുഖത്തുനോക്കി..

‘ഫോട്ടോകോപ്പി കരോ യാര്‍.....”

“ഹൌമനി ഫോത്തോക്കോപ്പീസ്.....” ങാ.. പയ്യനും പറയാന്‍ പഠിച്ചു, ഒറ്റ രാത്രികൊണ്ട്..

“ഹൌമനി കോപ്പീസ് യു ടേക്ക് യൂഷ്വലി.....” ഫ്രാങ്കി ചോദിച്ചു..

“ഹൌ മനി ഫോത്തോക്കോപ്പീസ്...” ഹരീന്ദ്രന്‍‌റെ മറുപടി.

“ഓ മാന്‍.. ഹൌ മനി യൂ ടുക്ക് ഇന്‍ ദ മോണിംഗ്..?. ഫോര്‍ അദേഴ്‌സ്...”

“ഹൌമനി ഫോത്തോക്കോപ്പീസ്..” എന്തൊരു ചിരി..

“ഒരമ്പതെണ്ണം എടുക്കെടാ.. അങ്ങേരുടെ ക്ഷമയെ പരീക്ഷിക്കാതെ..”

ഹരീന്ദര്‍ കോപ്പിയറുടെ അടുത്തേക്ക് പാഞ്ഞു.

പൂമ്പാറ്റയെപ്പോലെ പാഞ്ഞു വന്നു ജാസ്‌ലിന്‍

“ഹെല്ലോ.. ഹൌ ആര്‍ യൂ.....”

“ഹായ്.... ഫൈന്‍.. ഹൌവാസ് യെസ്റ്റെര്‍ നൈറ്റ്...” ഞാന്‍

“ഓ..കൂള്‍ “ കൊച്ചിനുപിന്നെല്ലാം തണുപ്പാണല്ലോ..

കോപ്പിയെടുക്കാന്‍ ഹരീന്ദറിന്‍‌റെ അടുത്തേക്ക് ജാസു പാഞ്ഞു. ഇംഗ്ലീഷ് പറഞ്ഞു ദ്രോഹിക്കല്ലേ അമ്മച്ചീ എന്ന മുഖഭാ‍വത്തോടെ പാവം ആദ്യമേ തന്നെ ഡിഫന്‍സ് കളിച്ചു.
“ഹൌ ആര്‍ യു മാ....ഡം..”
“ഐ ആം ഫൈന്‍ ... വാട്ടെബൌട്ട് യൂ......”
“ഐ ആം ആള്‍‌റെഡി ഫൈന്‍.....”

ഹരന്‍‌റെ നോട്ടം മുഴുവന്‍ കോപ്പിയറിലേക്ക്.. ‘കര്‍ത്താവേ ഇവള്‍ വേറെയൊന്നും പറയല്ലേ’ എന്ന മുഖഭാവം.

“യൂ ലുക്ക് സോ ഹാന്‍ഡ്‌സം......... “
“യാ യാ ഫിഫ്റ്റി കോപ്പീസ്......”
“യൂ ഡോണ്‍ നോ ഇംഗ്ലീഷ്... ഐ സപ്പോസ്..”
“യാ... യാ.. ഫിഫ്റ്റി കോപ്പീസ്....”

ചിരിയും ജോലിയും ഫൈവ്‌സ്റ്റാര്‍ ഹോട്ടലിലെ ഡീലക്സ് ലഞ്ചുമൊക്കെയായി മൂന്നു ദിവസങ്ങള്‍ പോയതറിഞ്ഞില്ല. എന്‍‌റെ ദരിദ്രജന്മത്തിന്‍‌റെ ഓവര്‍കോട്ടില്‍ അഞ്ചുനക്ഷത്രങ്ങള്‍ പതിപ്പിച്ച് ഓഫീസ് സ്റ്റേഷനറികളെല്ലാം പായ്ക്ക് ചെയ്തുകൊണ്ടിരുന്ന നാലാം ദിവസം രാവിലെ, രേണുകാജി മറ്റൊരു ഹെവി ഡ്യൂട്ടിയേല്‍പ്പിക്കാന്‍ വന്നു.
“നീ ഫ്രാങ്കിയേയും ജാസ്‌ലിനേയും കൂട്ടി ഡല്‍ഹി കറങ്ങണം. മെയിന്‍ സ്പോട്ടുകള്‍ മാത്രം മതി.. പെട്ടെന്നു മടങ്ങിയെത്തണം..”
‘ടൂറിസ്റ്റ് ഗൈഡെങ്കില്‍ ടൂറിസ്റ്റ് ഗൈഡ്.. ആ ഫീല്‍ഡില്‍ കൂടി ഒന്നു കൈ വച്ചുകളയാം.. ഒ.കെ.. ഡണ്‍ ..’

മൊട്ടത്തല തടവി ഫ്രാങ്കിയും, കൂളിംഗ് ഗ്ലാസ് തലയില്‍ വച്ച് ജാസുവും ബാക്ക് സീറ്റില്‍.

ഡ്രവറോട് നേരെ ലാല്‍കിലയ്ക്ക് വിടാന്‍ എന്‍‌റെ ആജ്ഞ.

‘പാമ്പിനേയും സര്‍ദാറേയും കണ്ടാല്‍ പേടിക്കല്ലേ‘ എന്ന് ജാസ്‌ലിന്‍ ഫ്രാങ്കിയെ ആദ്യമേ ഉപദേശിക്കുന്ന കേട്ടു.

മുഗള്‍ രാജക്കന്മാര്‍ മുന്തിരിജ്യൂസ് കുടിച്ച നടന്നിടമൊക്കെ, ആധുനിക ഭാരതീയന്‍ മുള്ളി നാറ്റിക്കുന്ന വഴിയിലൂടെ, ചുവപ്പുകോട്ടയുടെ തലയെടുപ്പിലൂടെ, പാലിക ബസാറിലെ അണ്ടര്‍ഗ്രൌണ്ട് മാര്‍ക്കറ്റിലൂടെ, കാഴ്ചകള്‍ കണ്ടും, പര്‍ച്ചേസിംഗില്‍ സഹായിച്ചും ഞാനും കൂടെ നടന്നു.

“ഫ്രാങ്കി, വാട്ട് യു വാണ്ട് ടു പര്‍ച്ചേസ്...”

“ഐ വാണ്ട് സംതിംഗ് സ്പെഷ്യല്‍.....”

“ഒ.കെ..ലെറ്റ്സ് ഗോ ദെയര്‍ ...”

പലതും നോക്കിയിട്ടും ഫ്രാങ്കിക്ക് സാറ്റിസ്ഫാക്ഷന്‍ പോരാ.

കണാട്ട്പ്ലേസിലെ തെരുവോരത്തുനിന്ന്, പത്തു ഫ്രാങ്കിമാര്‍ക്ക് കേറാന്‍ പറ്റിയ ബെര്‍മുഡ അണ്ടര്‍വെയര്‍ കണ്ടപ്പോള്‍ ഫ്രാങ്കി ഫ്രാങ്കായി ഹാപ്പി..
“യാ.. ഗോട്ടിറ്റ്....”

ജാസ്‌ലിന്‍ ബ്ലാക്ക് മെറ്റലിന്‍‌റെ കമ്മലും ചിപ്പിമാലകളും, ചിരിക്കുന്ന ബുദ്ധനും സ്വന്തമാക്കി.

‘ലെറ്റ്‌സ് ഗോ ടു കുത്തബ് മിനാര്‍...’

വണ്ടി നേരേ മെഹ്‌റോളിയിലേക്ക്..

“വൌ......” മിനാറിന്‍‌റെ മുകളറ്റത്തേക്ക് രണ്ടെണ്ണവും കണ്ണുപായിച്ച് വാ പോളിച്ചു.
“ഇറ്റ്സ് റിയളി...”
“വണ്ടര്‍ ഫുള്‍ ...........”

‘എനിക്കിതിന്‍‌റെ മുകളില്‍ കേറണം...” ഫ്രാങ്കി..

‘താഴെ കൊട്ടയുമായി തൂത്തുവാരാന്‍ ആളെ വക്കേണ്ടി വരും... എന്തിനാ ചെക്കാ വേണ്ടാത്ത പണിക്ക് പോണേ..’

‘ജാസ്.... വില്‍ യു കം എലോംഗ്...?”

“വൈ നോട്ട്...“

സര്‍ദാറെ കണ്ടു വിരണ്ടവള്‍ക്ക് എന്തൊരു ധൈര്യം..

‘മക്കളെ ഇപ്പോ ആരെയും മോളിലോട്ട് കേറ്റില്ല.. ആ പരിപാടി സര്‍ക്കാര്‍ പണ്ടേ നിര്‍ത്തി... ലെറ്റ്സ് മൂവ് എറൌണ്ട്..”
“യാ യാ യാ......”

‘വാട്ടീസ് ദാറ്റ്....” കോമ്പൌണ്ടിലെ ഇരുമ്പ് തൂണു കണ്ട് ജാസു..

“അത് ഒരു സൂപ്പര്‍ തൂണാ കേട്ടോ.. അതില്‍ ചാരിനിന്ന്, പിന്നോട്ട് കൈയിട്ട്, വിരലുകള്‍ തമ്മില്‍ കൊരുക്കണം. ഇമ്മിണി പാടാ.. തൂണിനിത്തിരി വണ്ണമുണ്ടേ.. പക്ഷേ അങ്ങനെ അതിനെ പുണര്‍ന്നാല്‍, അപ്പോള്‍ മനസില്‍ തോന്നുന്ന എന്താഗ്രഹവും നടക്കും...”

“ആര്‍ യൂ ഷുവര്‍...............” ഫ്രാങ്കി.

‘ആണോന്ന്.... എന്തൊരു ചോദ്യം.. “

‘ലെറ്റ്‌സ് ഗോ.... ‘ഫ്രാങ്കി കുരങ്ങിനെ പോലെ ചാടി.. പുറകെ ജാസ്‌ലിന്‍ ചാടി.. അതിനും പുറകേ ഞാനും.

ജാസ്‌ലിന്‍ തൂണും ചാരി നിന്നു. കൈകള്‍ പിന്നിലേക്ക് പിണച്ച്, കോര്‍ക്കാനൊരു ശ്രമം..

“ഓഹ്.... ഇറ്റ്‌സ് ടൂ ഡിഫിക്കല്‍ട്ട്.....”

‘മനസില്‍ ആഗ്രഹിച്ചോ വല്ലതും? “

“ലെറ്റ് മീ ട്രൈ ടു.... ഓ.. നോ.. പ്ലീസ് ഹെല്‍പ്പ് മീ....”

സഹായിച്ചില്ലെങ്കില്‍ ആതിഥ്യമര്യാദയില്ലാത്തവന്‍ എന്ന് പറയില്ലേ..

ഞാ‍ന്‍ ജാസ്‌ലിന്‍‌റെ കൈകള്‍ കൂട്ടിപ്പിടിച്ചു..

തൂണോട് ചേര്‍ത്ത് കൊരുത്തുവച്ചു..

കാലമേ കാണുക.. ചരിത്രമുറങ്ങുന്ന ഈ ഇരുമ്പു തൂണില്‍, ചുവപ്പിന്‍‌റെ മണ്ണില്‍ നിന്ന് വന്ന ഒരു പെണ്ണിന്‍‌റെ താമരക്കൈകള്‍ എന്‍‌റെ ഉള്ളം കൈയില്‍.

ദ ഹിസ്റ്റോറിക്കല്‍ പാണിഗ്രഹണം.. ജസ്റ്റ് സീ ഇറ്റ്.........


ഹൃദയത്തില്‍ കാലദേശങ്ങള്‍ താണ്ടിയ ഓളങ്ങള്‍..

“ഒ.കെ.. നൌ മൈ ടേണ്‍........” ഫ്രാങ്കിക്ക് ധൃതിയായി

“എന്താ ഫ്രാങ്കിച്ചാ നിന്‍‌റെ വിഷ്....? “

“ഐ വാണ്ട് ടു ബീ എ ബില്യണര്‍... വില്‍ ഇറ്റ് പോസിബിള്‍..?”

“ആവുമോന്നോ.. വാ പിടി.. അടുത്ത ആഴ്ചതന്നെ ബില്യണര്‍ ആവും... ഡൂ ഇറ്റ്....”

ഫ്രാങ്കി ഒരു വരണ്ട ചിരി.. കൈകള്‍ പുറകിലേക്കിട്ടു..

“ഓ...ഹെല്‍പ്പ് മീ...........”

ഫ്രാങ്കിയേയും പാണീഗ്രഹണം ചെയ്തപ്പോള്‍ എക്സ്‌ട്രാ ഫോഴ്‌സ് കൊടുക്കേണ്ടി വന്നു. മൊട്ടത്തലയനു കൈനീളവും കമ്മി..

കണ്ണടച്ചു വലിച്ചു മുട്ടിക്കാന്‍ ഒന്നു ശ്രമിച്ചു..

ങേ...............!!!!

ഫ്രാങ്കിയെവിടെ... അതിനിടയില്‍ എവിടെപ്പോയി..

“ഊ.........................” തൂണിനു ചുവട്ടില്‍ നിന്നൊരു ഞരക്കം..

കാലുരണ്ടും മാക്സിമം കവച്ച് യോഗ സ്റ്റൈലില്‍ ഫ്രാങ്കി താഴെ കിടക്കുന്നു.

തൂണുവഴി ഊര്‍ന്നതാണല്ലേ.. ബട്ട് എപ്പോ....
മുട്ടുതടവി എണീറ്റപ്പോഴാണ് ഫ്രാങ്കി ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിഞ്ഞത്.. ഷോര്‍ട്ട് പാള പോലെ കീറിയിരിക്കുന്നു.

‘ഇംഗ്ലീഷുകാര്‍ക്കും ചുവപ്പ് അടിവസ്ത്രത്തോട് ഇത്ര കമ്പമുണ്ടോ..’ ഞാന്‍ മുട്ടു തടവി കൊടുത്തു..

“ഓ... ഷിറ്റ്.....” കൈവച്ച് കീറിയ ഭാഗം ഫീല്‍ ചെയ്തുകൊണ്ട് ഫ്രാങ്കി..

“ഏയ് ആയില്ല...”

ജാസ്‌ലിനു ഇന്ത്യന്‍ സ്‌ട്രീറ്റ് ഫുഡ് കഴിക്കണം. ഏതോ ആര്‍ട്ടിക്കിള്‍ വായിച്ചുണ്ടത്രേ.. ഇന്ത്യന്‍ തെരുവു ഭക്ഷണത്തെപറ്റി.

അന്ത്യാഭിലാഷമല്ലേ. നടത്തിക്കൊടുത്തേക്കാം..

“ഫ്രാങ്കി യൂ ടൂ വാണ്ട് ടു ടേസ്റ്റ്.......?“

“വൈ നോട്ട്.......” മൂട്ടില്‍ നിന്ന് കൈയെടുക്കാതെ ഫ്രാങ്കി..

“ലെറ്റ്‌സ് അറ്റാക്ക് ആലു ടിക്ക... ബട്ട് ഇറ്റീസ് സ്പൈസി.....” ആലു ടിക്ക ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍
“യാ..യാ.... ഗോ ഫൊറിറ്റ്....”
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉരുട്ടിവച്ചതിനെ, മുളകും മസാലയും ചേര്‍ത്ത് കുഴച്ച്, പുളിവെള്ളവും സോസുമിട്ട സൂപ്പര്‍ സാധനം..

ജാസ്‌ലിന്‍ മെല്ലെയൊന്നു കടിച്ചു.

ഫ്രാങ്കി ഒറ്റപ്പിടിക്ക് വായിലേക്കിട്ടു..

“ഊ.............................” ജാസു ഒന്നു പൊങ്ങി

“ഔച്ച്.... വൌച്ച്... “ ഫ്രാങ്കി മൂന്നു കുതിച്ചു..

“വാട്ടര്‍.... വാ‍ട്ടര്‍..............”
ജലം തരൂ... ജലം തരൂ... മിനറല്‍ വാട്ടര്‍ തേടി ഞാന്‍ പാഞ്ഞു.

എരി സഹിക്കാനാവാതെ ഞെളിപിരി കൂടുതല്‍ എടുത്ത് ഫ്രാങ്കിയും, ഇളം‌പിരിയുമായി ജാസുവും കാറിലേക്ക് ചാടിക്കയറി.

ഇക്കിളുകള്‍ മാലപ്പടക്കം പോലെ..

“വാണാ ടേസ്റ്റ് വണ്‍ മോര്‍ ടിക്കി?” അടുത്ത വാട്ടര്‍ ബോട്ടില്‍ ഞാന്‍ നീട്ടി..

“നോ മാന്‍.... ലെറ്റ്‌സ് ഗോ.....” ഇനിയെങ്കിലും കൈയെടുക്കു ഫ്രാങ്കി.. കാറിലിരുന്നല്ലോ നമ്മള്‍...

പണ്ടേ ദുര്‍ബലന്‍ പോരെങ്കില്‍ അര്‍ശസും എന്ന മട്ടില്‍ ഫ്രാങ്കിയും, ഇന്ത്യ ഈസ് ടൂ ഹോട്ട് എന്ന മട്ടില്‍ ജാസ്‌ലിനും വണ്ടിയില്‍ ഞരങ്ങിയിരുന്നു..





നഗരക്കാഴ്ചകള്‍ കഴിഞ്ഞ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജാസ്‌ലിനെ അവസാനമായി ഞാന്‍ നോക്കി നിന്നു.

‘താങ്ക്സ് ഫോര്‍ ബീ‍യിംഗ് വിത് മീ.....” ജാസ്‌ലിന്‍ കണ്ണട ഊരി..

ഞാന്‍ പുഞ്ചിരിച്ചു..

“വീ വോണ്ട് മീറ്റ് എഗൈന്‍.... ആമൈ റൈറ്റ്...”

“യാ.. വീ വോണ്ട് മീറ്റ് എഗൈന്‍......ആള്‍ ദി ബെസ്റ്റ്.......”

“ദിസീസ് നോട്ട് ഫോര്‍ യു......” ബാഗില്‍ നിന്ന് എന്തോ എടുത്തുകൊണ്ട് ജാസ്‌ലിന്‍ പറഞ്ഞു.

മനോഹരമായ ഒരു പഴ്‌സ്.. നീണ്ട വള്ളികളുള്ള, വെള്ളിവരകളുള്ള ഒരു പഴ്‌സ്..

“ദിസീസ് ഫോര്‍ യുവര്‍ ഗേള്‍ഫ്രണ്ട്... കണ്‍‌വേ മൈ റിഗാഡ്‌സ്.......” പഴ്‌സ് ഞാന്‍ വാങ്ങി..

“ഷുവര്‍........... താങ്ക്യൂ.......”

ട്രോളി ഉരുണ്ടു.. തിരക്കിലേക്ക് ജാസ്‌ലിന്‍ മറഞ്ഞു....

തിരികെ നടക്കുമ്പോള്‍ വിമാനങ്ങള്‍ ആകാശത്ത് പറന്നു പൊക്കേണ്ടേയിരുന്നു..

മേഘങ്ങളിലേക്ക് ഊളിയിട്ടു പൊട്ടുപോലെ മറയുന്ന വിമാനങ്ങള്‍.

അതിലൊന്നില്‍ ജാസ്‌ലിനും ഉണ്ടാവും.....

എന്‍‌റെ ചുമലിലേക്ക് പടര്‍ന്നു കയറിയ ഏകവിദേശ വനിത... ഇനിയൊരിക്കലും കാണാത്ത.. കണ്ടാലും തിരിച്ചറിയാത്ത ക്യൂബക്കാരി പെണ്ണ്.....

ബസ് സ്റ്റോപ്പില്‍ തലകുനിച്ച്, വെറുതെ ഇരുന്നു...

“ഭൈയ്യാ.........കുച്ച് ദേദോ.....”

തലയുയര്‍ത്തി..

മുന്നിലേക്ക് നീണ്ടു വന്ന മെലിഞ്ഞ ഒരു കൈ...

വിശപ്പു നുണക്കുഴികള്‍ നികത്തിയ ദൈന്യത്തിന്‍‌റെ വിയര്‍പ്പുകണങ്ങള്‍ നെറ്റിയില്‍ പൊടിഞ്ഞ ഒരു കൌമാരക്കാരി..

മഹാരാജ്യത്തിന്‍‌റെ മഹാതലസ്ഥാനനഗരിയിലെ സ്ഥിരം കാഴ്ചകളായ പലരില്‍ ഒരുവള്‍...
അവളുടെ ചുണ്ടുകള്‍ വെടിച്ചു കീറിയിരുന്നു.
ചെമ്പിച്ച മുടിയിഴകളില്‍ മണ്ണുപടര്‍ന്നിരുന്നു.
കണ്ണുകളിലും പുരികത്തിലും വിശപ്പു മാത്രം ഞാന്‍ കണ്ടു..
“കുച്ച് ദേദോ ഭൈയാ......”

നീ എവിടുത്തുകാരിയാണു പെണ്ണേ...
നിനക്കാരൊക്കെയുണ്ട്...
ബാല്യത്തില്‍ നീ തുമ്പിയെ പിടിച്ചിട്ടുണ്ടോ ?..
മണ്ണപ്പം വച്ചിട്ടുണ്ടോ..
പൊട്ടിച്ചിരിച്ചിട്ടുണ്ടോ..

“കുച്ച് ദേദോ ഭൈയാ...” അവളുടെ മെലിഞ്ഞ കൈ നീണ്ടു തന്നെ നിന്നു..

വണ്ടിക്കൂലി കഴിച്ചുള്ള മുഷിഞ്ഞ നോട്ടുകള്‍ ഞാന്‍ ആ പഴ്‌സിനുള്ളിലേക്ക് തിരുകി..

“എന്താ നിന്‍‌റെ പേര്....? “

“കുച്ച് ദേദോ ഭൈയ്യാ.....”

പഴ്‌സ് അവളുടെ കൈയില്‍ തൂക്കിയിട്ടു.

“നിനക്ക് ഞാനൊരു പേരിടാം.. പങ്കജാക്ഷിയമ്മ...... പങ്ക..ജാക്ഷി..അമ്മ.... പൊക്കോളൂ.....”

ദില്ലി എന്നത്തേയും പോലെ നരച്ചു ചിരിച്ചു......


********************** സെക്കന്‍‌റ് തോട്ട്***********

പത്തോളം വര്‍ഷങ്ങള്‍ പൊഴിഞ്ഞു വീണു.. ജാസ്‌ലിന്‍ ഇപ്പോള്‍ എവിടെയായിരിക്കും.. ജൈവസാങ്കേതിക വിദ്യകൊണ്ട് പുതിയൊരു ലോകം തീര്‍ക്കാന്‍ പറന്നു പറന്നു നടക്കുന്നുണ്ടാവും.
പങ്കജാക്ഷി എന്ന പെണ്‍കുട്ടി, കാമം പൂരിപ്പിച്ചവന്‍ കൊടുത്ത നാണയത്തുട്ടുകളുമായി, പ്രകൃതി കൊടുത്ത ബൈപ്രോഡക്ടുകളായ കുട്ടികളേയും ഏണില്‍ വച്ച്, വിശപ്പിന്‍‌റെ മഷിയെഴുതി ഏതോ തെരുവില്‍ അലയുന്നുണ്ടാവാം..

കാലം എന്ന മഹേന്ദ്രജാലക്കാരന്‍‌റെ സ്ലൈഡ് ഷോയില്‍ ഇമേജുകള്‍ പിന്നെയും മാറുന്നു മറിയുന്നു..

പങ്കജാക്ഷി.... നിന്നോടൊന്നു ഞാന്‍ ചോദിക്കട്ടെ....നീ ഇന്ന് വല്ലതും കഴിച്ചോ......?

71 comments:

G.MANU said...

ഐ ആം ഫൈന്‍... ഹൌവാസ് യുവഴ് ജേണി..?” പറ്റുന്നിടത്തൊക്കെ ‘റ’ യ്ക്കു പകരം ‘ഴ’ ചേര്‍ത്ത് ഞാനും അമേരിക്കനായി..(പോസ്റ്ററിന്‍‌റെ പ്രലോഭനം കൊണ്ട്, ചാണക്യ തിയേറ്ററില്‍ പോയി ഇരുന്നിട്ടൊടുവില്‍ ‘കല്യാണത്തിനു പോയവന്‍ ചാക്കാല കണ്ടു മടങ്ങുന്ന പോലെ ‘ നിരാശനായി പലതവണ ഇറങ്ങിവന്നതിനു ഇപ്പോള്‍ ഇങ്ങനെയൊരു ഗുണമുണ്ടായി)
"വൌ... അമേസിംഗ്..”


ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്

(ബയോടെക് കമ്പനിയിലെ പഴയ സഹപ്രവര്‍ത്തകനായിരുന്ന സന്തോഷ് ഇപ്പോള്‍ മുംബെയില്‍.. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍പ്രൈസ് ആയി അവന്റെ ഫോണ്‍ വന്നപ്പോള്‍, ആ ദിവസങ്ങള്‍ ഓര്‍ത്തു.. സന്തോഷ് പി.കെ അച്ചായ...ഈ പോസ്റ്റ് നിനക്ക്....)

റോളക്സ് said...

ആദ്യം തേങ്ങ ഉടക്കട്ടെ .....
സംഗതി കിടിലം .... രാവിലെ തന്നെ ഒന്ന് ഫ്രഷ്‌ ആയി....

ശ്രീ said...

മനുവേട്ടാ...
പതിവു പോലെ തമാശയില്‍ നിന്നു തുടങ്ങി അവസാനം ഒരു നെടുവീര്‍പ്പിലെത്തിച്ച കിടിലനൊരു പോസ്റ്റ്.
:)

ഗുരുജി said...

മനു, നിന്നെ ഞാന്‍ മോനെ എന്നൊന്നു വിളിച്ചോട്ടെ..
നിന്റെ എഴുത്തുശൈലിക്കു........
നിന്റെ നര്‍മ്മത്തിനു
നിന്റെ നൊമ്പരങ്ങള്‍ക്കു
നിന്റെ അനുഭവങ്ങള്‍ക്കു..
മോനേ........നിന്റെ കൈവിരലുകളില്‍ ഒരു മുത്തം...

Anonymous said...

മനുവെട്ടാ...
ഗുരുജി പറഞ്ഞപോലെ എനിക്കും ആ വിരലുകളില്‍ ഒന്നു മുത്താന്‍ തോന്നുന്നു.. ഈ മനോഹരമായ എഴുത്തിനു മുന്നില്‍ ഞാനും നമിച്ചു

ആശംസകള്‍

ശ്രീനന്ദ said...

മനുവേട്ടാ,
പതിവുപോലെ കൊമെടിയും സെന്ടിമെന്റ്സും കൂട്ടിച്ചേര്‍ത്ത്‌ ഒരു പാല്‍പായസം. ജസ്ലിനെ കണ്ടപ്പോള്‍ എന്റെ ഒരു പഴയ കൊളീഗ് എമി ടെന്നിസണ്‍ എന്ന ബ്രിട്ടീഷ്കാരിയെ ഓര്‍മ വന്നു. ഒരു ഭയങ്കര പിശുക്കി മദാമ്മ, പര്ചെസിങ്ങിനു കൂട്ട് പോയാല്‍ നമ്മള്‍ നാണം കെട്ട് പോകും. ഇന്ത്യയില്‍ വിദേശികളെ ചൂഷണം ചെയ്യുകയാണെന്നും ബാര്‍ഗയിന്‍ ചെയ്യാതെ ഒന്നും വാങ്ങരുതെന്നും അവരെ ആരോ നേരത്തെ ഉ പദേശിചിടുണ്ടായിരുന്നു.

നല്ല കഥ, ഇഷ്ടമായി.

NITHYAN said...

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ.. നമിച്ചു മാഷേ. ഈ വരികള്‍ അയാള്‍ക്കുമാത്രമേ എഴുതാന്‍ പറ്റൂ എന്ന്‌ വായനക്കാരന്‌ തോന്നുമ്പോഴാണ്‌ എഴുത്തുകാരന്റെ മഹാവിജയം. ഉണര്‍ന്നവനെ ഉറക്കാനും ഉറങ്ങുന്നവനെ ഉണര്‍ത്താനും കഴിയട്ടെ അക്ഷരങ്ങള്‍ക്ക്‌. എഴുത്തിനു കരുത്തുണ്ട്‌. ലാളിത്യത്തിന്റെ സൗന്ദര്യവും കൂടിയാവുമ്പോള്‍ ഭാഷയുടെ ഭരതനാട്യം അരങ്ങേറുന്നു. മനൂ അഭിവാദ്യങ്ങള്‍

NITHYAN said...

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ.. നമിച്ചു മാഷേ. ഈ വരികള്‍ അയാള്‍ക്കുമാത്രമേ എഴുതാന്‍ പറ്റൂ എന്ന്‌ വായനക്കാരന്‌ തോന്നുമ്പോഴാണ്‌ എഴുത്തുകാരന്റെ മഹാവിജയം. ഉണര്‍ന്നവനെ ഉറക്കാനും ഉറങ്ങുന്നവനെ ഉണര്‍ത്താനും കഴിയട്ടെ അക്ഷരങ്ങള്‍ക്ക്‌. എഴുത്തിനു കരുത്തുണ്ട്‌. ലാളിത്യത്തിന്റെ സൗന്ദര്യവും കൂടിയാവുമ്പോള്‍ ഭാഷയുടെ ഭരതനാട്യം അരങ്ങേറുന്നു. മനൂ അഭിവാദ്യങ്ങള്‍

പകിടന്‍ said...

പല്ലും കാണിച്ചു...കണ്ണും നനഞ്ഞു...

krish | കൃഷ് said...

“യു ലുക്ക് ഹാന്‍ഡ്‌സം.. “
അതൊരു പുതിയ കാര്യമല്ലല്ലോ കൊച്ചേ..

“യൂ ടൂ..........” തിരിച്ചൊരു കോമ്പ്ലിമെന്‍‌റു കൊടുത്തില്ലെങ്കില്‍ മോശമല്ലേ

“മീ ഹാന്‍ഡ്‌സം...? “ കുണുക്കു കുണുങ്ങി

“ലെഗ്‌സം ടൂ.......”

“ഫണ്ണി മാന്‍... വെയറീസ് ദ ടാക്സി...?”

ഫണ്ണി ഗേള്‍, ഡ്രൈവര്‍ തണ്ണി കുടിക്കാന്‍ പോയതാ. ഇപ്പൊ വരും..

....

ഇതും കൊള്ളാം മനു.
:)

(ഓ.ടോ: ഇതെന്താ കല്യാണ ബ്രോക്കർമാരുടെ പരസ്യപ്പണിയും തുടങ്ങിയോ?)

Sands | കരിങ്കല്ല് said...

ആശാനേ..

വളരേ നന്നായിട്ടുണ്ട്‌ട്ടോ... തരക്കേടില്ലാതെ ഒന്നു ചിരിച്ചു....

അവസാനമായപ്പോള്‍ ചെറുതായി ഹൃദയത്തില്‍ ഒന്നു ടച്ചി...

ക്വോട്ടാനാണെങ്കില്‍ ഒത്തിരി ഉണ്ട്.. എന്നാലും വളരേ ഇഷ്ടപ്പെട്ട ഒന്നിതാ ഇവിടെ

കാലമേ കാണുക.. ചരിത്രമുറങ്ങുന്ന ഈ ഇരുമ്പു തൂണില്‍, ചുവപ്പിന്‍‌റെ മണ്ണില്‍ നിന്ന് വന്ന ഒരു പെണ്ണിന്‍‌റെ താമരക്കൈകള്‍ എന്‍‌റെ ഉള്ളം കൈയില്‍.

ദ ഹിസ്റ്റോറിക്കല്‍ പാണിഗ്രഹണം.. ജസ്റ്റ് സീ ഇറ്റ്.........

കുഞ്ഞന്‍ said...

മനു മാഷെ..

സാധാരണ മനുവിന്റെ പോസ്റ്റില്‍ നിന്ന് അല്പം വ്യത്യസ്ഥത തോന്നുന്നു..തമാശ നിറഞ്ഞതാണെങ്കിലും ഒരു ജനത മറ്റൊരു ജനതയെ എങ്ങിനെ നോക്കിക്കാണുന്നു എന്നത് വളരെ നന്നായി എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന രീതിയില്‍ വരച്ചു വച്ചിരിക്കുന്നു..ഒരു വലിയ കൈയ്യടി എന്റെ വക

ഈ ആക്ഷേപ ഹാസ്യത്തില്‍ കൊടുക്കുന്ന കൊട്ടുകള്‍ അനവധിയാണ്. ഒരു മലയാളിയുടെ ദുരഭിമാനം കാണിക്കുന്ന ഒന്നാണ് കണക്കില്‍ 80% മാര്‍ക്കുവാങ്ങിയ സാമാന്യം നല്ല ജോലിയുള്ള താന്‍ ഇങ്ങിനെയുള്ള ജോലി ചെയ്യുന്നതിലെ ന്യായീകരണത്തിനേക്കാള്‍, കൂടെ പഠിച്ച ഏതെങ്കിലും മലയാളത്താന്മാര്‍ കണ്ടാലുള്ള അഭിമാനക്കേടായി സ്വയം പരിഹാസ്യമായി ചിത്രീകരിക്കുന്നത്. പിന്നെ തീര്‍ത്തും നിസ്സാരമായിതോന്നാവുന്ന മിനറല്‍ വാട്ടര്‍ ഉപയോഗം‌ തന്നെ വേറൊരു ഉദാഹരണം മാത്രം. അതുപോലെതന്നെ ആ കിളവന്മാര്‍ നടത്തുന്ന ചുമ്പനങ്ങളെ (നാളത്തെ സംസ്കാരത്തിന്റെ രേഖാചിത്രം) എത്ര തീവ്രമായിട്ടാണ് മനു പരിഹസിച്ചിരിക്കുന്നത്.

മനുമാഷെ.. ചിലപ്പോള്‍ ഇത് എന്റെ കാഴ്ചപ്പാടിന്റെ കുഴപ്പമായിരിക്കും എന്നാലും.. കവിതകള്‍ക്കു മാത്രമല്ല അനുഭവക്കുറിപ്പുകള്‍കൊണ്ടും വേറൊരു ചിത്രം വായനക്കാര്‍ക്കു നല്‍കാന്‍ കഴിയും എന്നുള്ള സത്യം ഒരു പക്ഷെ മനു മാഷിനു മാത്രമെ കഴിയൂ..

വീണ്ടും വീണ്ടും വായിക്കട്ടെ അപ്പോള്‍ കൂടുതല്‍ തിളക്കത്തോടൊ വായിക്കാന്‍ കഴിയുമെന്ന ഉറപ്പോടെ

സ്നേഹത്തോടെ... നളിന മുഖ നളിന മുഖ നിന്റെ നളിനാക്ഷി അല്ല പങ്കജാക്ഷി.....ജാക്ഷന്‍.,!

nandakumar said...

മനുവിന്റെ ഹൃദ്യമായ ശൈലി, അപാരമായ ക്രിയേറ്റിവിറ്റി, വാക്കുകള്‍കൊണ്ടുള്ള കസര്‍ത്ത്, ഓര്‍മ്മകളുടെ നിറച്ചാര്‍ത്ത് അതിനെപ്പറ്റി ഇനിയും പറയുന്നത്, പഞ്ചസാരക്കു മധുരമുണ്ടെന്നും മുല്ലപ്പൂവിനു സുഗന്ധമുണ്ടെന്നും പറയുന്നപോലെയായിരിക്കും.

പ്രിയപ്പെട്ട മനു ഒന്നു മാത്രം പറയട്ടെ,
ദൈവത്തിന്റെ കൈയ്യൊപ്പുകള്‍ പതിഞ്ഞ താങ്കളുടെ ആ കൈവിരലുകളില്‍ ഞാനൊന്നു ചുംബിച്ചോട്ടെ?

Anonymous said...

good one again....

Mittu said...

ഇനി മുതല്‍ ഓഫീസില്‍ വെച്ചു മാഷിന്‍റെ ബ്ലൊഗ് വായിക്കില്ലെന്നു തീരുമാനിച്ചു ... ഞാന്‍ ചിരിക്കുന്നതു കണ്ടിട്ടു ഓരോ 2 മിനുട്ട് ഇട വിട്ടു എന്‍റെ കൂടെയുള്ളവര്‍ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു..

ക്വോട്ടാനാണെങ്കില്‍ കുറേ ഉണ്ട്.. പതിവു പോലെ കോമഡിയില്‍ തുടങ്ങി സെന്ടിമെന്സ്സില്‍ അവസ്സാനിപ്പിച്ചു... നല്ല കഥ

ഉഗാണ്ട രണ്ടാമന്‍ said...

nandakumar said it...

Kaithamullu said...

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..

-അതാണു മകനെ ഇന്ത്യ!
(വിഷന്‍ കൊള്ളാം, മനൂ.)
വൌ, ഹൌ അമേസിംഗ്...മന്‍‌മോഹനസിംഗ്!

Dinkan-ഡിങ്കന്‍ said...

നമിച്ചിരിക്കണൂ

d said...

:)) ജാസു സ്മരണ കലക്കി...

സുന്ദരന്‍ said...

മനു ഈ പോസ്റ്റ് ഓര്‍മ്മകളെ തേച്ചുമിനുക്കി ....
ഒരിക്കല്‍ കൂടി ആ ചിരിയരങ്ങില്‍ നമുക്ക് ഒരുമിച്ചുകൂടാന്‍ കൊതിതോന്നുന്നു ...
--------------------
മനുവിനു
"വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ.
“താങ്ക്സ് എ ലോട്ട്...’ ജീവിതത്തില്‍ ആദ്യമായി അങ്ങനെ ഒരു വാചകം കേട്ട മാഡം പുഞ്ചിരിക്കുക മാത്രമല്ല..ഒന്നു കുനിയുകയും ചെയ്തു."

ഇതിനോട് എനിക്ക് യോചിപ്പില്ലാ ....
നീ ഓര്‍ക്കുന്നോ ഒരു അജയ്ശര്‍മ്മയെ...
അങ്ങേരു ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടുണ്ടാവില്ലേ ...രേണു യു ലുക്ക് സോ പ്രിറ്റി!!! ...
ഒരു പാവം ഗോസായിപ്പെന്നിനെ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ച ആ കഥകള്‍ അവിടെ നില്‍ക്കട്ടെ. ടെക്നോളജി ജയന്റ് ഡോ. റായ്... അയാള്‍ എത്രയോ പ്രാവശ്യം സാക്ഷ്യപ്പെടുതിയിരിക്കുന്നു 'യു ലുക്ക് സോ പ്രിറ്റി രേണുക ... ഉം...ഉം....ഉം....'

ഇടിവാള്‍ said...

Excellent..
Nannaayi chirichu... the ending was also touching

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

excellent mashe excellent!!
ippo samayam 12.50 AM
vayichch samayam poyatharinjilla.
"tomazho phonil mozhiyaam baakki"

The Admirer said...

kollam mashe pathivu pole valare nannayi

അനാഗതശ്മശ്രു said...

പതിവ് പോലെ യല്ല..അതിലും നന്നായി ഈ പോസ്റ്റ്
ശ്രീകുമാരന്‍ തമ്പിയുടെ കൈ വിരല്‍ മുത്താന്‍ ആഗ്രഹിച്ച മനുവിന്റെ കൈവിരലുകള്‍ മുത്താന്‍ ആഗ്രഹിച്ച ഗുരുജിയുടെ കമന്റ് ഇഷ്ടമായി...ഒരു കാവ്യ നീതി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വായിച്ചിട്ടൊരുപാട് ചിരിച്ചു.അവസാനമായപ്പോള്‍ ഇച്ചിരി സങ്കടോം വന്നു. അതിലേറെ ചിന്തിക്കുകയും ചെയ്തു...


മനൂജീ, ഹൃദ്യമായ എഴുത്ത്...

കാര്‍വര്‍ണം said...

manujee

great

:) and :(

Unknown said...

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..

അശ്ലീല സാഹിത്യകാരാ... ആളെ ചിരിപ്പിച്ചു കൊല്ലാന്‍ പോകുവാണോ?
(അല്പം നീളം കൂടിയൊന്നു ഒരു പരിഭവം)

Sharu (Ansha Muneer) said...

അത്രയ്ക്ക് നല്ലതൊന്നുമല്ലെങ്കിലും കൊള്ളാം... (കിടിലന്‍, അടിപൊളി എന്നൊക്കെ എഴുതി എഴുതി മടുത്തു. ഒരെണ്ണം നന്നായിട്ടെഴുതി അടുത്തത് ഇച്ചിരി ബോറായാല്‍ എന്തെങ്കിലും ഒക്കെ എഴുതാം. ഇതു എഴുതുന്നതൊക്കെ ഒന്നിനൊന്ന് മെച്ചം. ഇനി ഇപ്പോ ഇതേ ഉള്ളു ഒരു വഴി... മനസ്സിലുള്ള ആ അസൂയയും അങ്ങ് മാറുമല്ലോ... :)

Anonymous said...

ചെക്കാ (പ്രായം ഗണിക്കുമ്പൊ അങ്ങനെ വിളിക്കാമോന്നറിയില്ല)
നീ ഈ കമ്പ്യൂട്ടര്‍(അതു തന്നെയല്ലെ ജ്വാലി) ഒക്കെ നിര്‍ത്തി ഫുള്‍ടൈം എഴുത്തിലെക്ക് പോ..

പിടിച്ചുലച്ച പോസ്റ്റ്.....

Jishad said...

really touching

തമനു said...

ഹാറ്റ്സ് ഓഫ് ടു യൂ മനൂ (കഷണ്ടിത്തല കണ്ടാലും സാരമില്ല)

വളരെ മനോഹരം ..

സാജു said...

മാര്‍... വെല്‍... അസ്... മാറിടം മനോഹരം. മനോതലം മഹാവിഷം. അതാണു കുട്ടീ ഇന്ത്യ..
മനൂ. കിടിലന്‍ പോസ്റ്റ്.

~nu~ said...

ഡാ.. മുത്തേ... കൊട് കൈ... സൂപ്പര്‍...

Sarija NS said...

ഡാ മനു,
ഞാനാണ്‌ ആദ്യം ഈ പോസ്റ്റ്‌ വായിച്ചത്‌, ഇന്നലെ രാത്രി. ചിരിച്ച്‌ ചിരിച്ച്‌ കമണ്റ്റിടാന്‍ മറന്നു. പിന്നെ കഴിക്കാനുള്ള തിരക്കിലുമായിരുന്നു. ഇപ്പൊ ദാ ഞാന്‍ വന്നു നോക്കുമ്പോള്‍ ഇവിടെ കമണ്റ്റിണ്റ്റെ പള്ളിപ്പെരുന്നാള്‌... നീ എണ്റ്റെ ബ്ളോഗില്‍ ഇട്ട കമണ്റ്റ്‌ എണ്റ്റെ പോസ്റ്റിനെയും കടത്തിവെട്ടി!!! അതിനു പ്രതികാരം ചെയ്യാനായ്‌ വന്നതാ. എന്തു ചെയ്യാം... ഇതു നിണ്റ്റെ സമയം... ഇനിയും എഴുത്‌, എഴുതി എഴുതി മരിക്കൂ... ഇതു തന്നെയാണ്‌ നിണ്റ്റെ വിധി.

എന്ന്
without സ്നേഹം
നിണ്റ്റെ സുഹൃത്ത്‌

ഹരിയണ്ണന്‍@Hariyannan said...

"‘വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ."

ഇല്ലെടേ ഉണ്ടാരുന്നേല്‍ അവര് നിന്നെക്കണ്ടപാടേ “യു ലുക്ക് ഹാന്‍ഡ്‌സം..”എന്നുപറയുമാരുന്നോ?!
:)

കഥ ബോംബ്ലാസ്റ്റിക്!
അതിന്റെ ഒടുക്കം വേദനിപ്പിക്കുന്ന ചിന്തകളോടെ മികവുറ്റതാക്കി!
ഇന്ത്യാ-ചൈന...കമ്യൂണിസ്റ്റ്...മാവോ...എന്നൊക്കെപ്പറയുന്ന അറബിക്കഥയിലെ ശ്രീനിയെ ഓര്‍ത്തു!

ഇപ്പഴത്തെ പങ്കജാക്ഷിക്ക് പഴ്സുകള് കിട്ടുമ്പം കിട്ടുമ്പം ഇനി നിന്നെ സംശയമാവുമല്ലോടേ?!
:)

കുറ്റ്യാടിക്കാരന്‍|Suhair said...

ഇത്രേം പേര് പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍?

മനോഹരം.

ചിരിച്ചു
സങ്കടപ്പെട്ടു
ചിന്തിച്ചു

നന്ദി, ഇത്ര നല്ലൊരു പോസ്റ്റ് എഴുതിയതിന്...

shams said...

മനു ജീ ,
പതിവ് പോലെ ഇതും സൂപ്പര്‍
അഭിനന്ദനങ്ങള്‍.

jense said...

manuchetta kalakki...
njan eppazhum parayarulla aa oru manu touch dha ithinu vannu...
valare isthaayi ee post....

T2 |റ്റിറ്റു said...

Dear Mr.Manu,
I think it will be a great injustice to your writings if I never comment here.Always wanted to comment after reading your posts.But "Jaslin" was really touching!Outstanding among your posts.Criticised well on Malayali pride (eg: 80% maths graduate,American friends..).You are superb when you talk about Catholicate College and New Delhi.

Thanks a lot for your blog.Keep on blogging. God Bless.

Jishad said...

“വാട്ടീസ് ഹെര്‍ നെയിം? “

“പങ്കജാക്ഷിയമ്മ....”

“വൌ... ക്യൂട്ട് നെയിം.. “

“യാ ഐ നോ...”




“ഹൌ ആര്‍ യു മാ....ഡം..”
“ഐ ആം ഫൈന്‍ ... വാട്ടെബൌട്ട് യൂ......”
“ഐ ആം ആള്‍‌റെഡി ഫൈന്‍.....”

“യൂ ലുക്ക് സോ ഹാന്‍ഡ്‌സം......... “
“യാ യാ ഫിഫ്റ്റി കോപ്പീസ്......”
“യൂ ഡോണ്‍ നോ ഇംഗ്ലീഷ്... ഐ സപ്പോസ്..”
“യാ... യാ.. ഫിഫ്റ്റി കോപ്പീസ്....”


my favourite quotes

annamma said...

"‘വൌ.. യു ലുക്ക് സോ പ്രിറ്റി രേണുക....’
കാച്ചാനത്തപ്പാ.!!! കാച്ചില്‍ പോലെ മുഖമുള്ള രേണുകാജി പ്രെറ്റിയെന്നോ... ഇവള്‍ക്ക് സൌന്ദര്യബോധം തീരെയില്ലേ."

ഇല്ലെടേ ഉണ്ടാരുന്നേല്‍ അവര് നിന്നെക്കണ്ടപാടേ “യു ലുക്ക് ഹാന്‍ഡ്‌സം..”എന്നുപറയുമാരുന്നോ?!
:)
എനിക്കും ഇതു തന്നെയാണ്‌ പറയാനുള്ളത്. അല്ലാതെ എപ്പോഴും കൊള്ളാം, ബെസ്റ്റ് എന്നൊക്കെ പറഞ്ഞാല്‍ ബോറിങ്ങാവില്ലേ.

Anonymous said...

ജാസ്‌ലിന്‍ ജൈസെ കോയി നഹി ഹോഗാ...
ലേകിന്‍ മനുജീ..ആപ് ജൈസെ ഓര്‍ കൊയി നഹി ഹോഗാ,പക്കാ!!!

ആശംസകള്‍!

Unknown said...

കാലം എന്ന മഹേന്ദ്രജാലക്കാരന്‍‌റെ സ്ലൈഡ് ഷോയില്‍ ഇമേജുകള്‍ പിന്നെയും മാറുന്നു മറിയുന്നു..

Jeevitham enna nowkha kattinethire ozhukikondayirikunnu...

good manu

Mr. K# said...

കിടിലന്‍ വിറ്റുകളാണട്ടോ ആശാനേ. ഒരു പത്തു കൊല്ലം മുമ്പ് ഈ വിറ്റുകളൊക്കെ പഠിച്ചിരുന്നെന്കില് ഞാന്‍ ആരായേനെ. :-)

vivek said...

BEST KANNA BEST.......................

Unknown said...

kollam

Typist | എഴുത്തുകാരി said...

പതിവുപോലെ മനോഹരം.

Emmanuel said...

Super mashe.....Ezhuthu shaili apaaram......apaara post....Simple, yet brilliant....:)

Veendum ithilum gambheera saadhanagal pratheekshikkunnu.... :)

Anil cheleri kumaran said...

എന്റെ ബ്ലോഗ്
ഒന്നു വായിച്ചു നോക്കാമോ?
www.dreamscheleri.blogspot.com

മറ്റൊരാള്‍ | GG said...

വായിക്കാന്‍ അല്പം താമസിച്ചു പോയോ എന്നൊരു സംശയം ബാക്കി. പോസ്റ്റിലെ പലതും വായിച്ചപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഉള്ള വക നല്‍കി. നന്ദി.
മാഷേ ഈ പണിയാണ് താങ്കള്‍ക്ക് പറ്റിയത്. എഴുത്ത്.
മനസ്സില്‍ നൊമ്പരങ്ങളും മധുരമൂറുന്ന സ്മരണകളുമുണര്‍ത്തുന്ന വ്യത്യസ്ത ഇതിവൃത്തങ്ങളുമുള്ള പുത്തന്‍ പുതിയ പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു.

സസ്നേഹം, ജിജി

Unknown said...

nannayittundu kettto. enjoyed myself throughly

Anonymous said...

മനുവേട്ടാ....ഒരുപാടിഷ്ടമായി...

Chumma Vannatha said...

adipoli!!!

saju john said...

പ്രിയപ്പെട്ട മനു,

ആദ്യമായാണ്‍ ഇവിടെ വരുന്നത്....

വന്നപ്പോള്‍ വായിച്ചതോ.. മനോഹരമായ ഒരു പോസ്റ്റ്...

ഞാന്‍ ഈ ബൂലോഗത്തെ ഒരു ശിശുവാണ്‍....ഇനി എല്ലാമൊന്ന് ഇരുന്ന് വായിക്കട്ടെ..

ദിലീപ് വിശ്വനാഥ് said...

ഹൃദ്യമായ പോസ്റ്റ്. ഇങ്ങനെ നീണ്ടു പരന്നു കിടക്കുകയല്ലേ അനുഭവങ്ങള്‍, എപ്പൊ വേണമെങ്കിലും എടുത്തു കാച്ചാന്‍.. എന്റെ കാച്ചാനത്തപ്പാ...

Sethunath UN said...

മനൂ,
കുറേക്കാല‌മായി മ‌നുവിനെ വായിച്ചിട്ട്. ശൈലിയില്‍ മാറ്റ‌മില്ലാതെ തുടരുന്നു.
ഇനി മ‌നു ഒരു ക‌ഥ‌യെഴുതേണ്ട.. ക‌ഥ‌‌യായി‌ത്ത‌ന്നെയെഴുതേണ്ട സ‌മ‌യ‌മായി എന്ന് തോന്നുന്നു.
എഴുതു മാഷേ ഒരു കഥ.
ഭാവുക‌ങ്ങ‌ള്‍

..:: അച്ചായന്‍ ::.. said...
This comment has been removed by the author.
..:: അച്ചായന്‍ ::.. said...

mashe e blogil ethu adhayam kollaamm thakrthu kalnju thudakkam mosham ayillaa oru vedikettu thannee kandu appo eni backi angottu vayichittu thanene karayam

ആഷ | Asha said...

മനൂവേ, ശരിക്കും ആസ്വദിച്ചു വായിച്ചു.
അസലായിരിക്കുന്നു.

നീലക്കുറുക്കന്‍ said...

മനു ചേട്ടാ.. കുറച്ച് ദിവസങ്ങളേആയുള്ളൂ ബൂലോകത്തെത്തിയിട്ട്. എന്നാലും ബ്രിജ്‌ വിഹാരം മുഴുവന്‍ കറങ്ങികേട്ടോ. എല്ലാം ഒന്നിനൊന്നു മെച്ചം. ഇന്ദുചൂടാമണി ഒരുപാടങ്ങ് ഇഷ്ടമായി.. ഇനിയും നല്ലനല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

കൃഷ്ണ said...

മനു, വളരെ നന്നായിടുണ്ട്, നല്ല ശൈലി ,നല്ല ഒഴുക്ക് ,ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു

Anil cheleri kumaran said...

ഇപ്പോഴാ വായിച്ചത്.
മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!!

Anonymous said...

Off post manasilayilla...
Which post in "Nattukavala"?
I have searched there and not found any post related to Jaslin.

അരുണ്‍ കരിമുട്ടം said...

ഞാനാണങ്കില്‍ പുതിയ ആളാ.എങ്ങനാ ഇങ്ങനെ മലയാളം ശരിക്കും എഴുതാന്‍ പറ്റുന്നെ?നല്ലതാ കേട്ടോ!!!

മുസാഫിര്‍ said...

ഇരുപതു കൊല്ലം മുന്‍പു ഉപേക്ഷിച്ചു പോ‍യ ദില്ലിയിലൂടെ ഒന്നു കൂടെ കറങ്ങി.സരോജീനി നഗര്‍,ജനക് പുരി,ആര്‍ക്കെ പുരത്തെ അയ്യപ്പന്‍ ,ചാണക്യായിലെ റ്റാക്സ് ഫ്രീ ഇംഗ്ലീഷ് പടം,AIIMS നു മുന്നിലെ വായില്‍ നോട്ടം എല്ലാം.
-പതിവ് ശൈലിയോ അല്ലാത്തതോ , ഇഷ്ട്ടമായീ,മനൂ.

Rineez said...

ഇതില്‍ ഒരു കമന്റ് അടിക്കാന്‍ വാക്കുകള്‍ ഒന്നും കിട്ടാനില്ല.
തല്‍ക്കാലം ജാസ്ലിന്‍ ചേച്ചീടെ വാക്കുകള്‍ കടം വാങ്ങുന്നു..

"വൌ... അമേസിംഗ്..”
:-)

Anonymous said...

ennatheyum pole adipoli mashe.
pinne girlfriend ellannokke pulu adikkathe.. pavangal athu kettal enthu thonnum.

അനീഷ് രവീന്ദ്രൻ said...

ഇതു വഴിയൊക്കെ ഞാനും എപ്പൊഴൊക്കെയൊ നടന്നു പോയതല്ലേ...എന്നു വർണ്ണ്യത്തിൽ ആശങ്ക.
സാധനം കൊള്ളാം. പ്രത്യേകിച്ച് ക്ലൈമാക്സ്.

Anonymous said...

Hi Manu

What a classic writing man. Brilliant. And I wish you all the best. Keep up the classic writing style. You have the style to bring fun and real together.

I am in USA and I am not familiar with the Malayalam fonts. (That's why Manglish :)

Good Luck
Saji.

Anonymous said...

ഈയിടെയാണ് ഞാന്‍ blog വായിക്കാന്‍ തുടങ്ങിയത്.ഇതു വായിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത feelings .കലക്കീട്ടുണ്ട്. വീണ്ടും പ്രതീക്ഷിക്കുന്നു.

Donathan said...

ഈയിടെയാണ് ഞാന്‍ blog വായിക്കാന്‍ തുടങ്ങിയത്.ഇതു വായിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത feelings .കലക്കീട്ടുണ്ട്. വീണ്ടും പ്രതീക്ഷിക്കുന്നു.