'ഒ.കെ.എസ് സ്പാന്‍ടെക്' എന്ന ആഗോള ബി.പി.ഒ കമ്പനിയിലെ തണുത്ത ക്യാബിനിരുന്ന് ക്രിസ്റ്റല്‍ റിപ്പോര്‍ട്ടുമായി മല്ലടിക്കുമ്പോഴാണു പ്യൂണ്‍ മുരുകേഷ് എലിയെപ്പോലെ പമ്മി പമ്മി വന്ന് മെസേജ് തന്നത്
"സര്‍ജീ....എം.ഡി ബുലാരെ...ആപ്കോ.. "
"എം.ഡി....?" ഇലവണ്‍ കെ.വി ഇലക്ട്രിസിറ്റി അടിതൊട്ടു മുടിവരെ പാഞ്ഞപോലെ.. അയ്യപ്പാ, ആരെയൊക്കെയോ ഫയര്‍ ചെയ്യുന്നുണ്ടെന്നും, 'ചേര്'ത്തലക്കാരെ പറഞ്ഞുവിട്ടിട്ട് മികച്ച തലയുള്ളവരെ റിക്രൂട്ട് ചെയ്യുമെന്നും ഒക്കെ പറഞ്ഞു കേള്‍ക്കുന്നു. ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവത്തിനി രണ്ടു മാസം ബാക്കി. കൊച്ചിണ്റ്റെ ഇരുപത്തെട്ടുകെട്ടിനു അച്ഛന് ഫയറുമായി വളിച്ച് ചെല്ലേണ്ടിവരുമോ പരമശിവാ..
പരുങ്ങി, പതുങ്ങി എം.ഡി യുടെ മുറിയിലെത്തി.
ശ്വാസത്തെ യാതൊരു കാരണവശാലും പുറത്തു വിടരുതെന്ന് തീരുമാനിച്ച പോലെ മുറുക്കി കെട്ടിയ ടൈയുമായി ലാപ്ടോപിലെക്കു കണ്ണു പായിച്ച്, പണ്ട് പിള്ളാരു സ്വര്‍ഗം കാണുന്നതിനുവേണ്ടി ചെയ്യുന്ന പോലെ ചൂണ്ടുവിരല്‍ നെറ്റിയില്‍ അറഞ്ഞുരച്ചു കൊണ്ട് എസ്.കെ.ഖന്ന എന്ന ഭീമന്.. ആ തടിച്ച പുരികം കണ്ടപ്പോള്‍ തന്നെ ബ്രിജ്വിഹാര്‍ അയ്യപ്പനു അര്‍ച്ചന ഒരെണ്ണം ഒത്തു.
"സര്.....യു കാള്‍ഡ് മീ.... ?
"യാ.... ഹാവ് എ സീറ്റ്..... "
കണ്ണെടുക്കാതിരിക്കുകയാണു മുതലാളി.. എന്റെ മനസില്‍ പ്രസവം, പ്രസവാനന്തര ചടങ്ങുകള്‍, കൊച്ചിനു അരഞ്ഞാണം മുതലായ കാര്യങ്ങളുടെ വിലവിവരപ്പട്ടിക മിന്നിമായുകയാണു.
"മനൂ...ദെയര്‍ ഈസ് എ ഹാപ്പി ന്യൂസ് ഫോറ് യു... " കണ്ണടയെടുത്ത് തിരുമ്മിക്കൊണ്ടു കനത്ത വോയിസില്‍
"നാളെത്തൊട്ടു വരണ്ടാന്നാണോ ഭഗവാനേ...."ഞാന്‍ മനസില്‍ പറഞ്ഞു.
"സീ.. വീ ഗോട്ട് എ ന്യൂ പ്രോജക്ട് ഫ്ര്ം ദി സ്റ്റേറ്റ്സ്.....ഫിനാന്‍ഷ്യല്‍ ഡേറ്റാ അനാലിസിസ്...എ ലോംഗ് ടേം വണ്‍.... "
ബാക്കി പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടില്ല. വികാരം വിവേകത്തിനെ തൊഴിച്ചു മറിച്ചു കളഞ്ഞു. പുതിയ പ്രോജക്ടിനു ഒരാഴ്ചത്തെ ട്രയിനിംഗിനു എന്നെ വിടുന്നു...അതും മോണിക്ക ലെവനിസ്കിയുടെ സ്വന്തം നാട്ടിലേക്ക്... കൊക്കക്കോല കൊണ്ട് മുഖം വരെ കഴുകുന്ന സ്വപ്ന സാമ്രാജ്യത്തിലേക്ക്.
എന്റെമ്മേ......ഇലക്ഷനു പക്കാ തോക്കുമെന്നുറച്ച സ്ഥാനാര്‍ഥി ജയിച്ച് അനിയായികള് അമ്മാനമാട്ടുമ്പോള്‍ അനുഭവിക്കുന്ന ഒരു പുള്ളിംഗ് മനസില്‍..മുറിയില്‍ നിന്നിറങ്ങിയോടിയതും, ഓടിയ വഴിയില്‍ പേപ്പറും ഫയലുമായി സ്പീഡില്‍ വന്ന അക്കൌണ്ട്സിലെ ദാസ്ഗുപ്ത എന്ന അമ്പത്തഞ്ചുകാരനെ ഇടിച്ചു നെറ്റി മുഴപ്പിച്ചതും, ദാസ്ഗുപ്ത തനി ബംഗാളിയില്‍ 'മുടിഞ്ഞവനേ'യുടെ ട്രാന്സ്ളേഷണ് നടത്തിയതും ഒന്നും ഞാനറിഞ്ഞില്ല....
സ്വപ്നത്തിലോ...ഞാന്‍ സ്വര്‍ഗത്തിലോ..
ഓടിക്കിതച്ചു വന്നു കസേരയിലിരുന്നു. കുറെ നാളായി മെയില്‍ ബന്ധം മുറിഞ്ഞു കിടന്നിരുന്ന കാര്‍ത്തികയുടെ വിലാസം തപ്പിയെടുത്ത് 'പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്..കൊണ്ടു പോകരുതേ എന്നോര്‍മ്മയെ കൊണ്ടു പോകരുതേ' എന്ന മൂളിപ്പാട്ടും പാടി മെയില്‍ കമ്പോസ് ചെയ്തു.
"എടീ കുതിരവാലി... നീ ജീവനോടെയുണ്ടെങ്കില്‍ മറുപടി അയക്കുക..നിന്റെ നാട്ടിലേക്ക് ഒരു ഷോര്‍ട്ട് വിസിറ്റിനു ഞാന്‍ വരുന്നു. നാടും ഡല്ഹിയുമല്ലാതെ ദുനിയാവിലെ വേറൊരിടവും കണ്ടിട്ടില്ലാത്ത എനിക്ക് സത്യം പറഞ്ഞാല്‍ ഒരു വിറയല്‍ ഇല്ലാതില്ല.. അക്കരെ അക്കരെ അക്കരെ, ഏഴാം കടലിനക്കരെ എന്നീ സിനിമകളിലൂടെയും, പിന്നെ നിന്റെ മെയിലിലൂടെയും മാത്രമേ എനിക്ക് അമേരിക്കയെ പരിചയമുള്ളൂ. മുന്‍കരുതലുകള്‍, വസ്ത്രങ്ങള്‍, ആഹാരക്രമങ്ങള്‍ ഇത്യാദി കാര്യങ്ങളെക്കുറിച്ച് ഒന്നു പറഞ്ഞുതരിക.. മറുപടി അയച്ചില്ലെങ്കില്‍ നിണ്റ്റെ അഡ്രസ് തപ്പിയെടുത്ത് നിണ്റ്റെ പടിവാതില്ക്കല് വന്ന് ഞാന്‍ പുകിലുണ്ടാക്കും..ജാഗ്രതെ... "
മെയില്‍ ഡ്രാഫ്റ്റ് ചെയ്യുമ്പോള്‍ എണ്റ്റെ മനസ് തൊണ്ണൂറ്റിരണ്ടിലെ പത്തനംതിട്ട കാതോലിക്കറ്റ് കോളജ് കാമ്പസില്‍ മേഞ്ഞു തുടങ്ങി.
ടോണി മാത്യൂ സാറു കണക്കു ക്ളാസില്‍ ഡിഫറെന്‍സിയേഷനും ഇണ്റ്റഗ്രേഷനും കസറിപ്പടിപ്പിക്കുമ്പോള്, ക്ളാസിണ്റ്റെ വലത്തെ പകുതിയിലെ രണ്ടാം ബെഞ്ചിലിരിക്കുന്ന കാര്‍ത്തികയുടെ, കാസ്ക്കേഡ് മുടിയും കരിമഷിപ്പുരികവും തമ്മില്‍ ഡിഫെറെന്ഷ്യേറ്റു ചെയ്തും, വൈക്കം കായലില്‍ കല്ലുവീഴുമ്പോലെ വിരിഞ്ഞു വരുന്ന അവളുടെ നുണക്കുഴിയും എന്റെ സ്വപ്നങ്ങളും തമ്മില്‍ ഇന്റെഗ്രേറ്റു ചെയ്തും ഇരുന്നതും മാത്യൂ സാറിന്റെ ചോക്കുകൊണ്ടുള്ള ഏറുകൊണ്ട് എണ്റ്റെ കവിളും മൂക്കും വെളുത്തതും ഒക്കെ ഫ്ലാഷി ഫ്ലാഷി വീണ്ടും ഫ്ലാഷി..
രണ്ടേ രണ്ടു ആസ്ഥാന സാഹിത്യകാരന്മാരെ ഉണ്ടായിരുന്നുള്ളൂ ഞങ്ങളുടെ ബാച്ചില്‍.
മൂന്നേ മൂന്നു കഥകള്‍ മാത്രം എഴുതിയതിണ്റ്റെ ക്രെഡിറ്റായി, 'അവശന്' എന്ന തിരുനാമം ചാര്‍ത്തപ്പെട്ട റെന്നി വര്‍ഗീസും പിന്നെ കവിതകള്‍ ഹോള്‍സെയിലായും റീടെയിലായും സപ്ളൈ ചെയ്തിരുന്ന ഞാനും.
അവശനാണെങ്കില്‍ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ കാരണം എഴുത്തില്‍ നിന്നു പാതി വിരമിച്ചു. കാരണം മറ്റൊന്നുമല്ല, സെക്കണ്റ്റ് ഡി.സി.യില്‍ പടിക്കുന്ന ബിന്ദു സ്കറിയായോട് പുള്ളിക്ക്, പണ്ട് രമണനു ചന്ദ്രികയോട് തോന്നിയ മാതിരി, മാംസനിബദ്ധമല്ലാത്ത ഒരു തനി വെജിറ്റേറിയന്‍ അട്രാക്ഷന്. പിന്നെന്താലോചിക്കാന്‍. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ 'കരിമ്പനപ്പട്ടയിലെ കാറ്റ് ദൈവസാന്ദ്രമായി' എന്ന വാചകത്തിന്റെഇന്സ്പിറേഷനില് 'ബിന്ദൂട്ടിയുടെ നിശ്വാസത്തിലെ കാറ്റ് പള്ളിസാന്ദ്രമായി' എന്നൊരു കഥ കം കാതല്‍ ലേഖനം എഴുതി ഡയറക്റ്റ് കൊടുത്തു.
'മറുപടി നെഗറ്റീവാണെങ്കിലും അധികം സമയം എടുക്കല്ലെ ബിക്കോസ് സമയം വിലപ്പെട്ടതെല്ലെ, കുട്ടിയ്ക്കും അസ് വെല്ലസ് എനിക്കും' എന്ന ഓര്‍മ്മപ്പെടുത്തലോടെ. കീഴ്ത്താടിയില്‍ ഏഴുരോമമുള്ളത് വടിച്ചുപോലും കളയാത്ത, കുന്നത്ത് കുമ്പളവല്ലിപോലെ നില്ക്കുന്ന അവശനോട് നേരിട്ട് മറുപടിപറയാന്‍ ബിന്ദുവിനു നാണമായി എന്നതില്‍ എന്തത്ഭുതം. അതുകൊണ്ട് മറുപടി പറയുക എന്ന ദൌത്യം അവള് അവളുടെ കസിനും, കട്ടയാനും, കെ.എസ്.യുവിന്റെ ഭാവിവാഗ്ദാനവുമായ കെ.പി.ചെറിയാനെ ഏല്‍പ്പിച്ചു.
സര്വ്വമംഗലമംഗല്യയായ ഒരു തിങ്കളാഴ്ച കാലത്ത്, പത്തിനും പത്തരയ്ക്കുമിടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കാണ്റ്റീനിന്റെ തെക്കേമൂലയ്ക്ക്, നടത്തിപ്പിക്കുകാരന്‍ വര്ക്കിച്ചേട്ടന് ബള്‍ബ് മാലയിട്ട് അലങ്കരിച്ച ഗീവര്‍ഗീസ് പുണ്യളച്ചന്റെ ചിത്രം സാക്ഷിയായി, ചെറിയാന് അവശന്റെ രണ്ടു കരണത്തും, മാറി മാറി മറുപടി കൊടുത്തു. ഇടി ഇന്വേഴസ്ലി പ്രൊപ്പ്രോഷണല് ആയി മുടി തൊട്ട് അടിവരെ ഇഞ്ച് ബൈ ഇഞ്ച് താഴവെ , ഭാഗ്യത്തിനു വര്ക്കിയച്ചായന് ഓടി വന്നു. അല്ലെങ്കില്‍, അവശന് ജീവിതകാലും മുഴുവന്‍ ക്രോണിക് ബാച്ചിലര്‍ ആയി തുടരേണ്ടി വന്നേനെ..
അങ്ങനെ അവശന്റെ സാഹിത്യക്കൊതിക്കാറ്റ് ശവസാന്ദ്രമായി..
ഹണ്‍ഡ്രഡ് സീസി ബൈക്കും, റീബോക്ക് ഷൂസും, വിവാള്‍ഡി പാണ്റ്റ്സും പ്രണയത്തിണ്റ്റെ മിനിമം റിക്വയര്മെണ്റ്റായിരുന്ന ആ കാലഘട്ടത്തില്‍, രണ്ടു മുണ്ടും രണ്ടുടുപ്പും മാത്രം സ്വന്തമായുള്ള എന്റെ പ്രണയമോഹങ്ങള്‍ അവശനേക്കാളൂം ഒരു പടി മുന്നിലെത്തും എന്നുറപ്പുള്ളതുകൊണ്ട് ശേഷിച്ച കാലം ഒറ്റയ്ക്ക് കഴിയാം എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു ഞാനും. പ്രണയത്തിണ്റ്റെ ടെസ്റ്റിംഗ് ഗ്രൌണ്ടില് ഒരുപാട് പയറ്റിയ അവശന് പറയാറുണ്ട് "മുണ്ടുടുത്തവന്മാരെ ഇപ്പൊഴത്തെ പെമ്പിള്ളാര്‍ക്കു വേണ്ട പുള്ളെ. അറ്റ കൈയ്ക്ക് പുല്ലു ചെത്തുന്ന ലില്ലിക്കുട്ടിയേയും ഞാനൊന്നും മുട്ടി.. അവള് പറയുവാ അളിയാ 'നിന്നെ എന്തിനു കൊള്ളാമെന്ന്' "
സ്റ്റ്ഡിയൊഴിച്ച് മറ്റെല്ലാം നടത്തിയ സ്റ്റ്ഡി ടൂറില്‍, മധുരയില്‍ വച്ച് വാടകയ്ക്കെടുത്ത സൈക്കിളില്‍ മീനാക്ഷിദേവിയുടെ മഹാനുഗ്രഹം കൊണ്ട്, ഫ്രണ്ട് ബാറിലിരുത്തി ചവിട്ടാന്‍, വസന്തകുമാരി എന്ന ശാലീനയായ തനിനാടന്‍ പെണ്ണിനെ കിട്ടിയതും, ഒന്നരക്കിലോമീറ്റര്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞു ചവിട്ടവെ, അവളുടെ മൌനാനുവാദത്തോടെ, ഷാമ്പൂമണവും, മധുരയിലെ കുടമുല്ലപ്പൂമണവും മിക്സ് ചെയ്ത വണ്ടര്ഫുള് സ്വര്‍ഗീയസുഗന്ധം നിറഞ്ഞ മൂര്‍ദ്ധാവില്‍ ഒരു ചുമ്പനപ്പൂവ് അര്‍പ്പിച്ചതും, മടക്കയാത്രയില്‍ കണ്ട കാര്‍ത്തികയുടെ കണ്ണിലെ മിസ്സിംഗ് ഫാക്ടര്‍ ഒരുകുടന്ന മുല്ലപ്പൂമാല കൊടുത്ത് സ്റ്റോംഗ് ആക്കിയതും.. മധുരമീനാക്ഷീ മറക്കുവതെങ്ങനെ മമ മനം.....
ഓട്ടോഗ്രാഫിന്റെ പിങ്കു പേജില്‍ "എന്റെ അച്ഛനു പത്തേക്കറു റബ്ബര്‍ തോട്ടമുണ്ടായിരുന്നെങ്കില്‍ ഇതിണ്റ്റെ ആദ്യപേജില്‍ ഈ കൈയക്ഷരം പതിഞ്ഞേനെ കറുത്തമ്മേ" എന്ന വാചകം കണ്ട് "നിണ്റ്റെ അക്ഷരങ്ങളുടെ ഈ പുള്ളിംഗ് ഫാക്ടര്‍ ഒരു തോട്ടത്തിനും തരാന്‍ പറ്റില്ലെടാ" എന്നവള്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്തടത്തില് പടര്‍ന്നു പന്തലിച്ച നനവില്‍, റോബര്‍ട്ട് ബ്രൌണിംഗിന്റെ ' ദ ലാസ്റ്റ് റൈഡ് ടുഗതറി'ലെ വരികള്‍ ഞാന്‍ കണ്ടു..
വട്ടമുഖമുള്ള അനി വി ദേവിന്റെ ലാസ്യവിലാസഭാവം കൂടി ഓര്‍മ്മകൊണ്ട് തോണ്ടിയെടുത്ത് ഞാന്‍ സെണ്റ്റ് ബട്ടണില്‍ പ്രെസ് ചെയ്തു.. മെസ്സേജ് സക്സസ്ഫുളി സെന്റെ.... ഭാഗ്യം ബൌണ്സായില്ല...അവളിത് വായിച്ചേക്കും....
സന്തോഷം പെപ്സിപോലെ പതഞ്ഞു പൊങ്ങുന്നതുകൊണ്ട് വരുന്ന വഴി അരക്കിലോ ഡ്രസ്ഡ് കോഴിയും രണ്ടു തക്കാളിയും എക്സ്ട്രാ വാങ്ങി. കോഴിയെ അടുപ്പില്‍ കയറ്റി, ബാക്കിയിരുന്ന മക്ഡവനെ ഒരു ഗ്ളാസില്‍ അല്പം ലാര്‍ജായി പിടിപ്പിച്ച് "ഹാ....." എന്ന വോയിസ് അകമ്പടിയോടെ ചിറിതുടച്ചു. ഭൈമിയെ വിളിച്ച് "ഇനിയെങ്കിലും നല്ലൊരു പാണ്റ്റ്സ് വാങ്ങിയ്ക്ക് മാഷേ" എന്ന ഉപദേശം കേട്ടു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ മൊബൈല്‍ ചിലച്ചു...
അണ്‍നോണ്‍ നമ്പര്‍..
"എടാ നീലാണ്ടാ................. ഞാനാ കാര്‍ത്തിക"
"നീലാണ്ടന് അമ്മായിയപ്പന് എന്നു ഞാന്‍ പറയുന്നില്ല ബിക്കോസ് ഹീ ഈസ് നോമോറ്... "
പണ്ട് ക്ളാസില്‍ നിന്നിറങ്ങിവരുമ്പോള്‍ എണ്റ്റെ കഷ്ടകാലത്തിനു, മലയാറ്റൂരിണ്റ്റെ സര്‍വീസ് സ്റ്റോറിക്കകത്തുനിന്നു ഒരു ഡബിള്‍ എക്സ് കൊച്ചുപുസ്തകം തെന്നി വീണതും, എപ്പോഴും രാമച്ചത്തിണ്റ്റെ മണം മുടിയില്‍ വഹിക്കുന്ന ലേഖാ നായര്‍ അതെടുത്തതും, അവളെ കാണുമ്പോഴൊക്കെ 'രാമച്ചത്തിണ്റ്റെ മണവും കയ്പ്പയ്ക്കയുടെ മനസും ഒത്തിണങ്ങിയ പ്രകൃതിയുടെ കമര്പ്പ്' എന്നു കളിയാക്കുന്നതിണ്റ്റെ പ്രതികാരമായി ന്യൂസ് ഫ്ലാഷ് ചെയ്തതും, സഹപാടികള്ക്ക് ഇരട്ടപ്പേരിടുക എന്നത് ക്രിയേറ്റീവ് ഹോബിയാക്കിയ തോമസ് മാത്യു എനിക്ക് നീലന് എന്ന പേരിട്ടതും കാലക്രമേണ അത് നീലാണ്ടനായതും... എങ്ങനെ ഞാന്‍ മറക്കും കുയിലേ......
"നിന്റെ വോയ്സിനിപ്പൊഴും ആ പഴയ ഇലഞ്ഞിപ്പൂവിന്റെ പ്രസരിപ്പുണ്ടല്ലോ മാഡം.. ഞാന്‍ മിക്കവാറും മൂന്നു ആഴ്ചയ്ക്കകം തിരിക്കും. നിണ്റ്റെ ചില അഡ്വൈസുകള്‍... അവിടെ വന്നാല്‍ അടികിട്ടാതിരിക്കാനുള്ള മിനിമം സേഫ്റ്റി മെഷേഴ്സ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നെഴുതി അറിയിക്കണേ.. "
"നിനക്ക് അടികിട്ടാതിരിക്കന് ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ... നീ ആ തിരുവാ തുറക്കാതിരിക്കുക. ആ പഴയ നീലത്തരം ഇന്നു തന്നെ മടക്കിവക്കുക...മുട്ടിനു താഴെ പ്ളെയിനായ പെണ്ണുങ്ങളെ കണ്ടാല്‍ 'മര്‍ക്കടസ്യ സുരാപാനം മധ്യേ വൃശ്ചിക ദംശനം' മാതിരിയുള്ള നിന്റെ ഇളക്കം ഒട്ടും എടുക്കാതിരിക്കുക... " (കള്ളുകുടിച്ച കുരങ്ങിണ്റ്റെ ചന്തിക്കൊരു തേളുകുത്തിയാല്‍ എന്ന അര്‍ഥമുള്ള ഈ ശ്ളോകം പണ്ട് ശൃംഗാരത്തിണ്റ്റെ 'സെണ്റ്റ്രിഫോഗല്' ഫോഴ്സ് കലശലായി കൂടുതലുള്ള ഫിസിക്സിലെ പഞ്ചാര കുര്യന് സാര്‍ അഞ്ചുപെണ്കുട്ടികള്ക്കൊരുമിച്ച് ലോഗരിതം ടേബിള്‍ ഉപയോഗിക്കാനുള്ള എളുപ്പ മാര്‍ഗം പറഞ്ഞു കൊടുക്കുന്നതു കണ്ടപ്പോള്‍, ലാബില്‍ തൊട്ടടുത്ത് നിന്ന കാര്‍ത്തികയുടെ ചെവിയില്‍ ഞാനോതിയത് അവള് ഇപ്പൊഴും മറന്നിട്ടുണ്ടാവില്ല)
"അതൊക്കെ എന്നേ മടക്കി മാഷെ..ഡീസന്‍സിയുടെ ഡ്രൈവിംഗ് സീറ്റിലാ ഞാനിപ്പോള്‍. അതുപോട്ടെ..എവിടെ നിന്റെ സര്ജന് ഹസ്ബുള്ള എന്ന ഹതഭാഗ്യന്.. നിണ്റ്റെ കൂടെ പൊറുത്ത് മന്ദമുദ്ധിയൊന്നും ആയിട്ടില്ലല്ലോ അല്ലെ?.. "
"എടാ നീര്‍ക്കോലി..തോന്ന്യാസം നിന്റെ കെട്ട്യോടടുത്ത് എടുത്താല്‍ മതി.. വരുന്ന ഡേറ്റും ഡീറ്റെയില്‍സും അറിയിക്ക്....ഞാന്‍ നിര്‍ത്തുന്നു.. ബൈ.. "
എല്ലാം വളരെ പെട്ടെന്നായിരുന്നു. എംബസിയിലെ ഏമ്പോക്കികളുടെ മുന്നിലെ നില്‍പ്പും, വിസ ഫോര്‍മാലിറ്റികളും ഒരാഴ്ചക്കുള്ളില്‍ കഴിഞ്ഞു. യാത്ര പ്രമാണിച്ച് ഭൈമിയുടെ ഉപദേശപ്രകാരം രണ്ടു പാണ്റ്റ്സും പളപ്പന്‍ രണ്ട് ഷര്‍ട്ടും എടുത്തു. തണുപ്പു കണ്ട്രോളബിള് എന്ന് കാര്‍ത്തികയുടെ ഉപദേശം ഉണ്ടായിട്ടും രണ്ടു സ്വെറ്ററും വാങ്ങി. ഇനി കഷ്ടകാലത്തിനവിടെ മഞ്ഞുവീണാല്‍ ഉറഞ്ഞു പോകരുതല്ലോ.
ആകെപ്പാടെ മനസിലാകുന്ന അമേരിക്കന്‍ ആക്സന്റ്റ് ചാണക്യ തിയേറ്ററില്‍ വച്ചു കേട്ടിട്ടുള്ള ഹോളിവുഡ് സിനിമകളിലെ പെണ്കൊച്ചുങ്ങളുടെ ഞരക്കം മാത്രമാണു എന്ന നഗ്നസത്യം എണ്റ്റെ ഉറക്കം അപഹരിച്ചു കൊണ്ടിരുന്ന ഒരു പതിനൊന്നാം മണിക്കാണു കോന്നി താഴത്തെ പെര്മനണ്റ്റ് ഹീറോയായും എണ്റ്റെ അയല്‍വാസിയും, സകലമാന പോക്രിത്തരങ്ങളും ജനിച്ചപ്പൊഴേ കൂടെ കൊണ്ടുവന്നവനുമായ ശവുമേലച്ചായന് എന്ന ആറന്മുളയത്തെ സാമുവല്‍ കുഞ്ഞാടിണ്റ്റെ ശബ്ദവീചികള്‍ ഫോണിലൊഴുകിവന്നത്..
"എടാ കൊച്ചനെ ഞാന്‍ ശവുമേലാ...മനസിലായോടാ എന്നെ...
"കൊള്ളാം...അച്ചായനെ അങ്ങനങ്ങു മറക്കാനോ..
ഷാപ്പിലെ കറിവിളമ്പുകാരി ഈശ്വരിച്ചേച്ചിയുടെ കൂടെ ഇമ്മോറല്‍ ട്രാഫിക് ജംഗ്ഷനില്‍ വച്ച് നാട്ടുകാര്‍ കൈയോടെ പൊക്കിയപ്പോള്‍ , കള്ളുകുപ്പി കൊണ്ട് അത്യാവശ്യ നഗ്നത മറച്ചു നിന്ന അച്ചായനെ....
"ഞാനിപ്പോള്‍ ചാവും, ഇങ്ങേരടെകൂടെനിക്ക് പൊറുക്കേണ്ടാ" എന്ന് പറഞ്ഞു കിണറ്റിലേക്കു ചാടാനൊരുങ്ങിയ സത്യക്രിസ്ത്യാനിയായ ഭാര്യ അന്നമ്മച്ചേട്ടത്തിയോട് "അന്നക്കുട്ടീ, നീ ചാടിയാല്‍ പുറകെ ഞാനും ചാടും, നിന്നെ ഒരു കരയ്ക്കടിപ്പിക്കും" എന്ന ഡയലോഗ് കാച്ചി 'എന്തായാലും ഈ കാലമാടന് എന്നെ രക്ഷിക്കും, പിന്നെന്തിനു കുറെ വെള്ളം കുടിച്ചു വയറു വീര്‍പ്പിക്കണം' എന്ന് വിചാരിച്ചു ആ പ്രോഗ്രാം കാന്‍സല്‍ ചെയ്യിപ്പിച്ച അച്ചായനെ...
റാസയ്ക്കിടയില്‍ പരിശുദ്ധ കന്യകമാരെ തൊട്ടശുദ്ധമാക്കാതിരിക്കട്ടെ എന്ന സദുദ്ദേശത്തോടെ 'ശവുമേലേ ഒന്നു മാറിനില്ക്കു മോനെ" എന്ന് കത്തനാരച്ചന് പറഞ്ഞപ്പോള്‍, അടുത്ത ഷോട്ടില്‍ അച്ചന്റെ താടിയില്‍ നിന്ന് ഒരുപിടി രോമങ്ങള്‍ സ്വന്തം കൈക്കുമ്പിളിലാക്കി അച്ചനെ പൂഴിമണ്ണിലേക്ക് ഡൈവ് ചെയ്യിച്ച അച്ചായനെ...
ചന്ദനപ്പള്ളി പെരുന്നാളു കൂടി വരുന്ന വഴിയില്‍, 'കോഴഞ്ചേരിക്കിവിടുന്നു വണ്ടികിട്ടുമോ ചേട്ടായി' എന്ന് ചോദിച്ച അജ്ഞാത മധ്യവയസ്കയോട് "കാറ്റു കുറവാ എന്നാലും സൈക്കിളിലോട്ടു കയറിക്കാട്ടെ" എന്ന് മാനുഷികപരിഗണനവച്ച് കാച്ചിയ ഡയലോഗ് കാരണം പോലീസുകാരു ആദ്യം സൈക്കിളിന്റെ വാള്‍വ് ട്യൂബും, പിന്നെ വാരിയെല്ലിന്റെ വളഞ്ഞ ട്യൂബും ഊരിയ അച്ചായനെ...
കര്‍ത്താവെ ഡിമന്‍ഷ്യാ ബാധിച്ചാലും മറക്കാന്‍ പറ്റുമോ എണ്റ്റെ അച്ചായാ....
"എടാ മോനെ.. നീ അമേരിക്കയ്ക്ക് പോകുന്നൂന്നു കേട്ടു.. എന്റെ ജസ്സിമോളവിടല്ലിയോ.. എന്റെ വിസിറ്റിംഗ് വിസയൊക്കെ ശരിയായി വരുന്നു...ഭാഗ്യമുണ്ടെങ്കില്‍ നമുക്കവിടെവച്ച് കാണാം... ദൈവം തമ്പുരാന് പിന്നെയും ഭാഗ്യം തന്നാല്‍ നമുക്കൊരുമിച്ചു പോകാം.... "
ജസ്സി ജൈസേ കോയി നഹിം...അതായിരുന്നു കോന്നി താഴത്തെ സ്ളോഗന്‍.. ചിരിക്കുമ്പോള്‍ സുമലതയെപ്പോലെയും ചിരിക്കാത്തപ്പോള്‍ സുഹാസിനിയെപ്പോലെയും ഇരിക്കുന്ന വെള്ളരിപ്രാവ്.
മലക്കറിയുടെ കോന്നിയിലെ ഹോള്സെയിലറായിരുന്ന ദിവാകരന് ചേട്ടന്റെ മൂത്തമകന് അരവിന്ദന്, അച്ചന്‍കോവിലാറിന്റെ അങ്ങേക്കരയില്‍ നിന്നും, ഇങ്ങേക്കരയില്‍ നീരാടിനില്‍ക്കുന്ന ജെസിയുടെ അടുത്തേക്ക് മണ്ണുമാന്തിക്കപ്പല്‍ പോലെ മുങ്ങാംകുഴ്യിട്ടു വന്ന് എന്നും പറഞ്ഞിരുന്നു "നമുക്ക് മതത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുമാറ്റി ഒന്നാകണം.. കോന്നിക്കര മുഴുവന്‍ ഞെട്ടണം..... '
ഒരിക്കല്‍ ഈ ഡയലോഗ്, നനച്ചിട്ട കൌപീനം ഉണങ്ങിയോ എന്നു ഫിംഗര്‍ ടെസ്റ്റ് ചെയ്തു നോക്കുന്നതിനിടയില്‍ ചക്കാലേത്തെ ഉണ്ണൂണ്ണിയച്ചായന്‍ ഞെട്ടലോടെ കേട്ടു. ഒരുദിവസം മിനിമം ഒരു പരോപകാരമെങ്കിലും ചെയ്തില്ലെങ്കില്‍ വല്ലാത്തൊരു ശൂന്യതാബോധം ഫീല്‍ ചെയ്തിരുന്ന ഉണ്ണൂണ്ണിയച്ചായന്‍ അന്നുച്ചയ്ക്ക്, ഉരുളന്കിഴങ്ങു തൂക്കിവാങ്ങുമ്പോള്‍ ദിവാകര്‍ജിയുടെ ചെവിയില്‍ പറഞ്ഞു.
"മോനെ ഒന്നു സൂക്ഷിച്ചോണേ ദിവാകരാ..അവന് മുങ്ങാംകുഴിയിട്ടിട്ട് ശവുമേലിന്റെ തോണിക്കടിയില്‍ മാന്താന്‍ തുടങ്ങിയിട്ടുണ്ട്.. എരിവല്‍പ്പം കൂട്ടാന്‍ വേണ്ടി ഒരു കല്‍പ്പിത സീന്‍ കൂടി കൂട്ടിച്ചേര്‍ത്തു "ആ പെണ്ണാണെന്നു കരുതി ഇന്നവന് എന്റെ കാലേലാ പിടിച്ചു വലിച്ചത്.. കര്‍ത്താവിന്റെ കാരുണ്യം കൊണ്ട് ചുണ്ണാമ്പുവള്ളിയില്‍ പിടികിട്ടി..അല്ലെങ്കില്‍ ഇന്നെന്റെ ചാക്കാലയാര്ന്നേനെ.. "
ദിവാകരന്‍ജി മകനെ വിളിച്ചു പറഞ്ഞു "മതത്തിന്റെ വേലിക്കെട്ട് മോന് പൊളിച്ചോ, പക്ഷേ അതിനു മുമ്പ് നിന്റെ മണ്ടയുടെ കെട്ട് ഞാന്‍ വേലിപ്പത്തലുവച്ച് പൊളിക്കും".
"മതങ്ങള്‍ ജയിക്കട്ടെ ജെസ്സി, നമുക്ക് ഒരുമിച്ച് രമിക്കാന്‍ പറ്റാത്തതുകൊണ്ട് ഒരുമിച്ച് മരിക്കാം" എന്ന അരവിന്ദന്റെ സജഷനു യെസ് മൂളി പിറ്റേ ആഴ്ച ജസ്സി ബോംബെയ്ക്കും അതുവഴി കാലക്രമേണ അമേരിയ്ക്കക്കും പറന്നു..
ഏതായാലും ഞങ്ങളുടെ "കുണ്ടോമണ്‍" കുളിക്കടവില്‍ ആദ്യമായി മേഡ് ഇന്‍ അമേരിക്ക സോപ്പ് മണം പടര്‍ത്തിയത് ജെസ്സിയായിരുന്നു.. മധുരപ്രതികാരമെന്നോണം, അവധിക്കു വരുമ്പോഴെല്ലാം, ദിവാകരന്‍ജിയുടെ മലക്കറിക്കടയില്‍ ചെന്ന് 'പുഴുകുത്താത്ത ലേഡീസ് ഫിംഗര്‍ ഉണ്ടോ മൊതലാളീ' എന്ന് ചോദിക്കാനും മറന്നില്ല..
അച്ചായന്, കാര്‍ത്തിക, ജെസ്സി, ട്രെയിനിംഗ്, ബാല്യകൌമാര ഗൃഹാതുരത്വം... ഒരു മെമൊറബിള്‍ ട്രിപ്പിനുള്ള ഫുള്‍സ്കോപ്പ് എണ്റ്റെ മനസിണ്റ്റെ ഫുള്‍സ്കാപ്പ് പേജില്‍ നിറഞ്ഞു..ഞാന്‍ ഉറക്കത്തെ വാരിപ്പുണരാന്‍ ശ്രമിച്ചു....
24 comments:
ഓടിക്കിതച്ചു വന്നു കസേരയിലിരുന്നു. കുറെ നാളായി മെയില്‍ ബന്ധം മുറിഞ്ഞു കിടന്നിരുന്ന കാര്‍ത്തികയുടെ വിലാസം തപ്പിയെടുത്ത് 'പണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്..കൊണ്ടു പോകരുതേ എന്നോര്‍മ്മയെ കൊണ്ടു പോകരുതേ' എന്ന മൂളിപ്പാട്ടും പാടി മെയില്‍ കമ്പോസ് ചെയ്തു
kalakkeda mone,
നീ ഇപ്പോള്‍ ശരിക്കും ഇന്ത്യയിലെങ്ങുമില്ലേ.വിളിച്ചിട്ട് കിട്ടുന്നില്ല.ഞാന്‍ കരുതി നീ ഇപ്പോഴും ബീരാന്റെ കയ്യില്‍ നിന്നും വാങ്ങിയ മൊബൈല്‍ ആണു ഉപയോഗിക്കുന്നതെന്നു...കഥ കുഴപ്പമില്ല .പക്ഷേ എന്റെ ആച്ഛന്റെ ജാതി കൂടി നീ മാറ്റിക്കളഞ്ഞു.ഞാന്‍ ലേഖാ.ജി.ഉണ്ണിത്താന് ആയിരുന്നു.
ചാത്തനേറ്: പുരഞ്ജനത്തില് തുടങ്ങി സൌഭദ്രമെന്ന് തോന്നിക്കുന്ന പഴയ പുത്തൂരം അടവോ?
പഞ്ചതന്ത്രം കഥയോ?
അതോ ഒരു ദേശത്തിന്റെ മൊത്തം കഥയോ?
ഒരു കഥ പറഞ്ഞ് തുടങ്ങി അടുത്തത് തുടങ്ങി ഫുള്സ്റ്റോപ്പിടാതെ അവസാനം തുടരനുമാക്കിയാ!!!
മാഷായതുകൊണ്ടു മാത്രം പറയാം മൊത്തത്തില്‍ പോര, നിരാശപ്പെടുത്തി.ഇതിന്റെ തുടര്‍ച്ചയ്ക്ക് കാത്തിരിക്കുന്നു. മികച്ച രീതിയില്‍. കഴിഞ്ഞ പോസ്റ്റുകള്‍ എത്ര നല്ലതായിരുന്നു.! നന്നായി എഴുതുന്നവരുടെ ബ്ലോഗില്‍ ബലമായി പിടിച്ചിട്ട പ്രയോഗങ്ങള്‍ സഹിക്കുന്നില്ല.
ഈയിടെ സമാനമായ ഒരു വിമര്‍ശനം ഞാനൊരു കവിതയ്ക്കിട്ടു. എന്നെക്കൊണ്ടിങ്ങനൊക്കെയേ പറ്റൂ എന്ന് മറുപടിയും വന്നു. അങ്ങനെയെങ്ങാന്‍ മറുപടി പറഞ്ഞാല്‍ മനൂജീ..... ഗര്‍ര്‍..
:)
മനൂ നന്നായി, ഒത്തിരിപോസ്റ്റിനുള്ള വഹയങ്ങ് ഒന്നിലൊതുക്കിയോ?
എന്റെമ്മോ വായിച്ചിട്ട് തീര്‍ന്നില്ല... ഇനി നാളെ വന്ന് ബാക്കി നോക്കാം..
എന്താ മാഷേ ഇത്, ഇതിന്റെ ബാക്കിയെന്നാ. ഇന്നു രാവിലെ കുറെ വായിച്ചു. ദേ രാത്രി 10 മണിക്ക് ബാക്കിയും. എന്തായാലും അടിപൊളി ഇതുവരെ ;)
മനു...
വായിച്ചു ഇഷ്ടപ്പെട്ടു...കഴിഞ്ഞ ചില പോസ്റ്റുകളെ അപേക്ഷിച്ചു ചിരിക്കുവക കുറവായിരുന്നു എന്നെനിക്കും തോന്നി എങ്കിലും ഇടയ്ക്കും മുട്ടിനും നല്ല കിടിലന്‍ നമ്പറുകള്‍ ഇതിലുമുണ്ട്...മൊത്തത്തില്‍ സുഖമുള്ള വായന...
kollaam... again a great one.
ബാക്കി പറയൂ സര്‍ജീ..
ഇതിലെ കഥാപാത്രങ്ങളുടെ ഇപ്പൊളത്തെ സ്റ്റാറ്റസ് പരയേണ്ടിയിരുന്നില്ല. വാല്‍ക്കഷ്ണം വായിച്ചു കഴിഞ്ഞപ്പൊ അവരോട് ചെറിയ ഒരകല്‍ച്ച ഫീല്‍ ചെയ്യുന്നു.
മനുവിന്റെ മറ്റു കഥകളുടെ റേഞ്ചിലേക്കെത്തിയില്ല, പ്രത്യേകിച്ചും അവസാനത്തെ രണ്ടു-മൂന്നു കഥകളുടെ. വല്ലാതെ വലിച്ചു നീട്ടിയതായും അനുഭവപ്പെട്ടു... :|
--
ഒരു കാര്യം കൂടി... ഇതെന്തു പേരാണ്. ‘അച്ചായാ അമേരിക്ക’!!! ‘അച്ചായാ അമേരിക്ക വിളിക്കുന്നു’ എന്നോ മറ്റോ ആവായിരുന്നില്ലേ? ;)
--
കൊള്ളാം മാഷെ ഇതും..തുടര്‍ ലക്കത്തിനായി കാത്തിരിക്കുന്നു.
:)
പണ്ട് ക്ളാസില്‍ നിന്നിറങ്ങിവരുമ്പോള്‍ എണ്റ്റെ കഷ്ടകാലത്തിനു, മലയാറ്റൂരിണ്റ്റെ സര്‍വീസ് സ്റ്റോറിക്കകത്തുനിന്നു ഒരു ഡബിള്‍ എക്സ് കൊച്ചുപുസ്തകം തെന്നി വീണതും, ......
മലയാറ്റൂരിനെ നന്നായി ഓര്‍മിപ്പിക്കുന്നു.എന്തായാലുംനല്ല എനര്‍ജി,താങ്കളുടെ എല്ലാ രചനകള്‍ക്കും ഈ പ്രത്യേകതയുണ്ടെന്നു തോന്നുന്നു.ഒരു സ്പ്രിങ് ബാളിന്റെ ഊര്‍ജ്ജം. :)
മനൂ.. ഡയലോഗുകള്‍ തകര്‍പ്പന്‍... ഒരു പെര്‍ഫക്റ്റ് ഫിനിഷ് ആവാനുള്ള സംഭവമായിട്ടില്ല എന്നതിനാല്‍ അതിപ്പോള്‍ പ്രതീക്ഷിക്കുന്നതില്‍ അര്ഥമില്ല്ല... എങ്കിലും ഇനി വരും നാളുകളില്‍ പ്രതീക്ഷിക്കും നീലാണ്ടാ... :-))
ങും.. കൊള്ളാം.
മനുവേ, ഇഷ്ടപ്പെട്ടു. പക്ഷേ ഇവിടെ മികച്ചതു വായിച്ചതിനാല്‍ ഇവനൊരല്പം മാര്‍ക്കു ഞാന്‍ ഓണ പരീക്ഷയില്‍ കുറയ്ക്കും.
എഴുതൂ..ഇനിയുമിനിയും.:)
തകര്‍പ്പന്‍ ഡയലോഗുകള്‍ ...ചിരിച്ചു മരിച്ചു....:)
"എന്തായാലും ഈ കാലമാടന് എന്നെ രക്ഷിക്കും, പിന്നെന്തിനു കുറെ വെള്ളം കുടിച്ചു വയറു വീര്‍പ്പിക്കണം' എന്ന് വിചാരിച്ചു ആ പ്രോഗ്രാം കാന്‍സല്‍ ചെയ്യിപ്പിച്ച അച്ചായനെ..."
മനുവേട്ടാ... ഫിനിഷിങ് ഇത്തിരി പെട്ടെന്നായതു പോലെ...
പക്ഷെ, രസികന്‍ ഡയലോഗുകള്‍!!!
:)
The basics of golf etiquette should be reviewed before playing for the first time so that you will know how to behave before, during, and after the round. Their inventory of books is constantly changing so frequent visits are a must to look at what's new on the shelves. Some sleep 4 and some sleep 12 or more. Tavern, 957 Columbus Ave.
രസിപ്പിച്ചു.ബാക്കി വായിക്കട്ടെ.
ഗൃഹാതുരം
Post a Comment