ബീഡിക്കുറ്റി അരഞ്ഞാണം ക്രോസ് ചെയ്തിട്ടും, കുട്ടനമ്മാവന്‍ വിടുന്ന മട്ടില്ല. ചുമച്ചിട്ടും ചുമച്ചിട്ടും ഒരു സാറ്റിസ്ഫാക്ഷന് കിട്ടാത്തപോലെ.. ഒരുവലിക്ക് പത്തുചുമ എന്ന കണക്കില്‍ ആവിയെഞ്ചിന് മുന്നേറുന്നു..
ഓരോ ചുമ കഴിഞ്ഞും നെഞ്ചുതടവി ഒരു വിളിയാണു "കൃഷ്ണാ........ "
"എന്റെ കുട്ടനമ്മാവാ... അമ്മാവനു വല്ല നേറ്‍ച്ചയുമുണ്ടോ, കൃഷ്ണാന്നു വിളിച്ച് ഇത്രയും ചുമച്ചേക്കാമെന്ന്....." വില്ലുപോലെ വളഞ്ഞു ചുമയ്ക്കുന്നത് കണ്ടുനില്ക്കുന്ന എനിക്കും സഹിക്കുന്നതിനൊരു പരിധിയില്ലേ...
"ഹൂം......." പിന്നെയും ചുമ...."ഘ്രാ..... ആങ്ങ്, ഇനിപറ... എന്തുണ്ട് ഡല്‍ഹിയില്‍ വിശേഷം.. നമ്മുടെ മന്‍മോഹന്‍പിള്ളയ്ക്ക് സുഖമാണോടെ...അങ്ങേരാ സോണിയാപ്പെണ്ണിന്റെ കണ്ട്രോളിലാന്നു പറയുന്നതില്‍ വല്ല നേരുമുണ്ടോ..... "
അമ്മാവന്റെ പറച്ചില് കേട്ടാല്‍ തോന്നും ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗമാണെന്ന്.
അവധിയാത്രയില്‍ 'എന്നാ ഇനി പോന്നെ' എന്ന ചോദ്യം വരെ സഹിക്കാം. പക്ഷേ ഈ സെന്‍ട്രല്‍ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെപറ്റിയുള്ള കടുംവെട്ട് ചോദ്യങ്ങള്‍ എങ്ങനെ സഹിക്കും അയ്യപ്പാ..
"മന്മോഹന് സിംഗിനു സുഖം തന്നെ അമ്മാവാ.. ഞാന്‍ തിരിക്കുന്നതിന്റെ തലേന്ന് ഒരു വയറിളക്കം ഉണ്ടാരുന്നു.. കുറഞ്ഞോന്ന് ഇന്നൊന്ന് വിളിച്ച് ചോദിക്കണം.. എന്റെ പൊന്നമ്മാവാ, വേറെയൊന്നും ചോദിക്കാന്‍ കിട്ടിയില്ലേ.. അല്ല ഞാനറിയാന് വയ്യാഞ്ഞു ചോദിക്കുവാ.. ഇന്നാട്ടുകാരു ഈറ്റിംഗ്, സ്ളീപിംഗ്, തിങ്കിംഗ് ഒക്കെ പൊളിറ്റിക്സാണോ... ഈ നാടുനന്നാവുമെന്ന് തോന്നുന്നില്ലാ... "
ബീഡിക്കുറ്റി വലിച്ചെറിഞ്ഞിട്ട്, കസേരയിലേക്ക് ചാഞ്ഞിരുന്ന് അമ്മാവന് മറുപടി പറഞ്ഞു.."ഉം... എന്നാലതു വിട്.. അയോധ്യയിലെ അമ്പലത്തിന്റെ കാര്യമെന്തായി..രാമശില രാമശില എന്നും പറഞ്ഞു ഞാനും കൊടുത്ത് ഒന്നുരണ്ട് ഇഷ്ടിക..വല്ലതും നടക്കുമോ... "
"അവിടം നേരെയാവാത്തതുകൊണ്ട് ശ്രീരാമന് വളരെ ഡെസ്പാ.. വേറെയെവിടെക്കിടന്നാലും പുള്ളിക്ക് ഉറക്കോം വരുന്നില്ല... അമ്മാവന് കൊടുത്ത ഇഷ്ടിക കൊണ്ട് ഏതെങ്കിലും നേതാക്കന്മാര് കക്കൂസ് കെട്ടിക്കാണും... അല്ല നിങ്ങള്‍ക്കൊന്നും വേറെയൊരു പണിയുമില്ലേ.... "
"നീ കൊണം പിടിക്കാത്തതിന്റെ പ്രധാന കാരണം ഈ ഈശ്വരനിഷേധമാ.. പണ്ടുതൊട്ടേയുണ്ട് നിനക്കീ ദൈവങ്ങളേ ഊശിയാക്കല്‍.. എടാ പരമശിവന് പണ്ട് കൈലാസത്തില്‍ വച്ച്....... "
"പാര്‍വതിയോട് പറഞ്ഞു 'പാറു നീയാ പാക്കുവെട്ടിയിങ്ങെടുത്തേന്ന്' ആ കഥയല്ലേ അമ്മാവന് പറയാന്‍ വരുന്നത്... "
'ഇവന് ശരിയാവത്തില്ല.' എന്ന മുഖഭാവത്തോടെ, കുട്ടനമ്മാവന്‍ പേപ്പറിലേക്ക് കണ്ണുപായിച്ച്, കണ്ണട ഒന്നു അമക്കിവച്ചു..
"ചുക്കിനിപ്പോള്‍ എന്തു വിലയുണ്ടമ്മാവാ.. ഇഞ്ചിയോ ചുക്കോ പ്രോഫിറ്റബിള്‍..." കമ്പോള നിലവാരത്തില്‍ കണ്ണോടിക്കുന്ന അമ്മാവനോട് ഞാന്‍ ചോദിച്ചു.
'കൂടുതല്‍ നീ ആക്കല്ലെ, ഈ ബായ്ക്കെത്ര ബായ്ക്ക് വാട്ടര്‍ കണ്ടതാ' എന്ന അര്‍ഥത്തില്‍ അമ്മാവന് ഒന്നു മുരണ്ടു.."ഉം......... "
കുറെയേറെ കുളങ്ങള്‍ കണ്ടതാണു എന്റെ മുന്നില്‍ ഈ ഇരിക്കുന്ന കുട്ടനമ്മാവന്‍. പ്രായാധിക്യം ആക്സില്‍ ഒടിച്ചില്ലാരുന്നെങ്കില്‍, ഇനിയും പലപല കുളങ്ങളില്‍ പലപല അഭ്യാസങ്ങള്‍ കാണിച്ചേനെ..
നന്ദിനിപ്പശുവും, ഞാനും കുട്ടനമ്മാവനും തമ്മില്‍ വല്ലാത്തൊരു ട്രയാംഗിള്‍ ഗുലുമാല്‍സ് പണ്ടുണ്ടായിരുന്നു.
നന്ദിനിയിട്ട ഫ്രഷ് ചാണകം, വെള്ളക്കടലാസില്‍ മനോഹരമായി പൊതിഞ്ഞ്, അമ്മാവന് വരുന്ന വഴിയില്‍ ഇട്ട്, അങ്ങേപ്പുറത്തെ കച്ചിത്തുറുവിന്റെ പുറകില്‍ ഒളിച്ചിരുന്ന്, മനസിന്റെ വീഡിയോ ക്യാമറായില്‍ പകര്‍ത്തിയിരുന്നു പണ്ടൊരിക്കല്‍.. ബാല്യം കൌമാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന നാളൊന്നില്‍..
രണ്ടുരൂപ കിട്ടിയിരുന്നെങ്കില്‍ അസ്സലായൊന്നു മുറുക്കി ബാക്കി കാശിനു, പള്ളീലെ രമണിക്ക് ഒരു കറുത്തചരട് വാങ്ങിക്കൊടുക്കാമാരുന്നു എന്ന മിനിമം സ്വപ്നവുമായി, പറമ്പിലെ തെങ്ങിന് കുലകളില്‍ കണ്ണും പായിച്ച് വന്ന അമ്മാവന്, 'മുരിംഗമങ്ങലത്തപ്പാ നീ എന്റെ മനസ്സെങ്ങനറിഞ്ഞു..നിന്നെ ഞാന്‍ വിളിച്ചുപോലുമില്ലല്ലോ' എന്ന ഡയലോഗ് മനസില്‍ പറഞ്ഞു, കുനിഞ്ഞ്, പണക്കവര്‍ എടുത്ത് അഴിച്ചു.. ആര്‍ത്തിയോ ആവേശമോ മുന്നില്‍ എന്ന് തിരിച്ചറിയാനാവാതെ.. വലത്തെ കൈയാകെ ചാണകം പുരണ്ടപ്പോള്‍, 'മുരിങ്ങമംഗലത്തപ്പാ'യില്‍ നിന്നും 'മുടിഞ്ഞ നായിന്റെ മോനേ' യിലേക്ക് പ്രാര്‍ഥന ഷിഫ്റ്റ് ചെയ്ത്, അവിടെ ഇരുന്ന്, അമ്പലത്തിലെ പോറ്റി ചന്ദനം അരയ്ക്കുന്ന മാതിരി, പച്ചപ്പുല്ലില്‍, കൈ രണ്ടു അമര്‍ത്തിയുരച്ച് ചാണകം കളയുമ്പോള്‍, ഞാന്‍ അടുത്തു ചെന്നു..
"എന്തു പറ്റി കുട്ടമ്മാവാ... "
"തന്ത ആരാണെന്നറിയാന്‍ മേലാത്ത കുറെ കഴുവര്‍ടമക്കള്‍ ഇറങ്ങിയിട്ടുണ്ട്...ബാക്കിയുള്ളോനെ മെനക്കെടുത്താന്‍..... ഫ....അവനെ എന്റെ കൈയില്‍ കിട്ടിയാല്‍ ഇനി മേലാല്‍ മൂത്രം ഒഴിക്കാത്തവണ്ണം ആക്കിവിട്ടേനേ..ഫൂ.... "
നന്ദിനിപ്പശുവിന്റെ കന്നിപ്രസവത്തിന്റെ അന്ന് ചിറ്റൂരമ്പലത്തില്‍ ഉത്സവമായിരുന്നു. സ്വന്തം ഭാര്യ പ്രസവിച്ചാല്‍ പോലും, പൂഞ്ഞാറുകാരുടെ ബാലെ മിസ്സാക്കാത്ത കുട്ടനമ്മാവന്‍, ഇക്കാര്യത്തില്‍ അഡ്വൈസറായ എന്റെ അപ്പൂപ്പന്റെ അടുത്തുവന്നു ചോദിച്ചു
"എങ്ങനാ, ചെല്ലപ്പന്‍പിള്ളച്ചേട്ടാ... പശു പെറ്റല്ലോ.....ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ.. "
ആക്കുന്ന കാര്യത്തില്‍ എന്റെ അപ്പൂപ്പന് തന്നെയായ പുള്ളി, പറഞ്ഞു
"കയറെത്തുന്നില്ലേല്‍, എന്റെ പശൂന്റെ കയറും കൂടിയെടുത്ത് ഏച്ചൂ കെട്ട് കുട്ടാ... "
"പിള്ളച്ചേട്ടാ അതല്ല..ഇന്ന് ബാലെ ഇല്ലിയോ ചിറ്റൂരമ്പലത്തില്‍.. ഭക്തപ്രഹ്ളാദനാ കഥ.. പശു ഇങ്ങനെ പെറ്റുകിടക്കുമ്പോള്‍ എങ്ങനാ പോന്നേന്ന് ഓര്‍ക്കുമ്പോ..... "
"എന്നാ നമുക്ക് പശൂനേം കൂടി കൊണ്ടുപോകാമെടാ... "
"പിള്ളേച്ചാ ഒരുമാതിരി പൂതനയെ മുലയൂട്ടാന്‍ പഠിപ്പിക്കല്ലെ.. സീരിയസായി ഒരു കാര്യം പറയുമ്പോഴാ, ചള്ളിയ തമാശ"
അപ്പൂപ്പന്റെ ഹൈക്കമാണ്റ്റ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, കുട്ടനമ്മാവന്റെ പ്രിയപത്നി സരസുവമ്മായിയെ പശുവിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ച്, രണ്ടുപേരും ഒരു ഹെല്പ്പറ് എന്ന നിലയില്‍ ഞാനും കൂടി ചിറ്റൂരമ്പലം ലക്ഷ്യമാക്കി നടന്നു.
പെറ്റ പശുവിന്റെ മറുപിള്ള അഥവാ 'മാച്ച്' ഒരു പാളയില്‍ പൊതിഞ്ഞ് കുട്ടനമ്മാവന്‍ മുന്നില്‍. തൊട്ടുപുറകെ ഞങ്ങള്‍.. എന്തുതന്നെ വന്നാലും 'മാച്ച്' അച്ചങ്കോവിലാറ്റില്‍ നിമജ്ജനം ചെയ്ത്, രാവിലെ കുളിക്കുന്ന ഏതെങ്കിലും കിളവിമാരുടെ പുലയാട്ട് ഏറ്റുവാങ്ങിയേ അടങ്ങൂ എന്നതാണു അമ്മാവന്റെ അജന്‍ഡ..
പലതവണ അപ്പൂപ്പന് പറഞ്ഞാതാണു "കുട്ടാ നീ അത് കുഴിച്ചിട്"
"ഉ ഉം.... ആറ്റിലൊഴുക്കുന്നതാ പിള്ളേച്ചാ പുണ്യം...... "
കുണ്ടോമണ്‍ കടവിലേക്കുള്ള യാത്രമദ്ധ്യേ ആണു 'വാഹ്..മാച്ച്ലസ് മാച്ച്' എന്ന് അട്ടഹസിച്ചു കുരച്ചു കൊണ്ട് നാലുപട്ടികള്‍ അമ്മാവനെ അറ്റാക്ക് ചെയ്യാന്‍ വന്നത്..
മരണ ഓട്ടം ഓടുന്നതിന്നിടയില്‍ പലതവണ അപ്പൂപ്പന് വിളിച്ച് പറഞ്ഞു ..."മാച്ച് കള എന്റെ കുട്ടാ..."
ഞാനും വിളിച്ചു പറഞ്ഞു "അമ്മാവാ അതു കള...അല്ലേല്‍ ഇവറ്റകള് നമ്മളെ കടിച്ചു കീറും.... "
"കളയും കളയും..കുറെ പുളിക്കും... കുട്ടന് പിള്ളേടടുത്താ ഈ പട്ടിപ്പിള്ളേരെടെ കളി"
ഓടുന്നത് ജസ്റ്റ് ഒരു അണ്ടര്‍വെയറിന്റെ സപ്പോര്‍ട്ടില്‍ മാത്രമാണെന്ന സത്യം പോലും അറിയാതെ അമ്മാവന് വിളിച്ചു പറഞ്ഞു.
'മാച്ചേതാ അമ്മാവനേതാ എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയിലാവുമല്ലോ ചിറ്റൂരപ്പാ ഇത്' എന്നോര്‍ത്ത് ഞാന്‍ ഒരു പൊന്തയിലേക്കൊളിച്ചു.
ആദ്യം അമ്മാവനും, പുറകേ പട്ടികളും ആറ്റിലേക്കു ചാടിയെന്നാണു അപ്പൂപ്പന് പറഞ്ഞത്.
'ഭക്തപ്രഹ്ളാദന്‍ ബാലെ' ക്യാന്‍സല്‍ ചെയ്ത്, ടോര്‍ച്ചുമായി കടവായ കടവെല്ലാം ഫുള്‍ നൈറ്റ് തപ്പി ഒടുവില്‍ അപ്പൂപ്പനും ഞാനും അമ്മാവനെ കണ്ടെടുത്തു.. രണ്ടുകിലോമീറ്റര്‍ താഴെയുള്ള, കൊച്ചുവീട്ടില്‍ കടവില്‍,
'കൃഷ്ണാ...' എന്നു വിളിക്കുമ്പോള്‍ വായിലൂടെ ഫൌണ്ടന് ചീറ്റിക്കൊണ്ട് , കമ്പ്ളീറ്റ് ബോഡി ചളുങ്ങിയാലും, മാച്ച് മറ്റാര്‍ക്കും കൊടുക്കാതെ അച്ചങ്കോവിലാറ്റിനു തന്നെ സമര്‍പ്പിച്ച സാറ്റിസ്ഫാക്ഷനോടെ, നടുവെ പിളന്ന 'സീ ത്രൂ' വരയന്‍ അണ്ടര്വെയറ് ധാരിയായി, നിര്‍വാണാവസ്ഥയില്‍.
കുട്ടനമ്മാവന്റെ ഏകമകള്‍ സൌദാമിനിച്ചേച്ചി, ആരും മൂന്നാമതൊന്നുകൂടി നോക്കിപ്പോകുന്നവളായിരുന്നു പണ്ട്.
കണ്മഷിയും ചാന്തും അണിയാതെതന്നെ കണ്ണുകളെ മാടിവിളിക്കുന്നവള്‍ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മൂമ്മ പറയാറുണ്ടായിരുന്നു "സൌദൂനെ കണ്ടാല്‍, പ്രാന്തന് രാഘവന് വരെ ശാന്തനാകും.. മദയിളകിയ ആനപോലും മദം മറക്കും...... "
എനിക്കും ഓര്‍മയുണ്ട്.. ഇടവപ്പാതിമഴയുടെ മണമായിരുന്നു സൌദാമിനിച്ചേച്ചിയുടെ മുടിയ്ക്ക്.
എന്നെ, മച്ചിങ്ങ കൊണ്ട് തയ്യല്മെഷീന് ഉണ്ടാക്കാന്‍ പഠിപ്പിച്ചതും, വാഴപ്പോളയില്‍ വെളിച്ചെണ്ണത്തിരിക്കരികൊണ്ട് കണ്‍മഷിയുണ്ടാക്കന്‍ പഠിപ്പിച്ചതും, കടലാവണക്കിന്റെ തണ്ടൊടിച്ച് കുമിളകള്‍ പറത്താന്‍ പഠിപ്പിച്ചതും സൌദാമിനിച്ചേച്ചിയായിരുന്നു. ഒരുപാടു കഥകള്‍ പറഞ്ഞുതന്നെ അക്ഷരങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ചതും..
മഷിത്തണ്ടിന്റെ മണമായിരുന്നു സൌദാമിനിച്ചേച്ചിയുടെ വാക്കുകള്‍ക്ക്...
പലരും കൊതിച്ച സൌദാമിനിച്ചേച്ചിയുടെ മനസ് കവര്‍ന്നെടുക്കാന്‍, തലവടിയില്‍ നിന്ന് മനോഹരന് പിള്ള എന്ന എല്‍.ഡി ക്ളാര്‍ക്കെത്തി, കോന്നി പഞ്ചായത്താഫീസില്‍.
കരമടയ്ക്കാന്‍ ചെന്ന ചേച്ചിയുടെ കരം കവരാന്‍ അയാള്‍ കൊതിച്ചു.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. ദാവണി ചെരിപ്പിലുടക്കിയില്ലെങ്കിലും ചേച്ചി ഉടക്കിയതായി ഭാവിച്ച് തിരിഞ്ഞു നിന്നു. 'ദര്‍ഭ മുന കാലില്‍ കൊണ്ടൂ പ്രിയാ... ' എന്ന് ചേച്ചിക്കും, 'പ്രിയമില്ലെങ്കില്‍ പിന്തിരിഞ്ഞെന്തിനു നിന്നു' എന്ന് ക്ളാര്‍ക്കിനും മനസില്‍ തോന്നി...
പിന്നെയാണു, കോന്നിതാഴത്തെ അലക്കിമറിച്ച, കുട്ടന്‍പിള്ള വേഴ്സസ് മനോഹരന് പിള്ള എപിസോഡിലെ സംഭവബഹുലമായ രംഗങ്ങള്‍ അരങ്ങേറുന്നത്.
കരിമ്പിന് തോട്ടത്തോടു ചേര്‍ന്നുള്ള കലിങ്കില്‍, ഒരുകാല് സൈക്കിള്‍ പെഡലിലും മറ്റേ കാല് ഭൂമിയിലും കുത്തി, 'നിന്റെ വിരഹമോ, നിന്റച്ഛന്റെ പ്രഹരമോ ഏറ്റവും വേദനാജനകം ' എന്ന കണ്‍ഫ്യൂഷണ്‍, പിച്ചിപ്പൂവു പോലെ ചിരിക്കുന്ന സൌദാമിനിച്ചേച്ചിയെ പറഞ്ഞു മനസിലാക്കി കത്തുകള്‍ സൂപ്പര്‍ ഫാസ്റ്റായി കൈമാറുന്നത്, ഒന്നു രണ്ടു തവണ ഞാനും കണ്ടിട്ടുണ്ട്..
അമ്മാവന് പലതവണ വാണിംഗ് കൊടുത്തിട്ടുണ്ട് ചേച്ചിക്ക് 'ആ ചക്കാല നായരെ എന്റെ കണ്മുന്നില് കണ്ടാല്‍.. ഒന്നീലവന്‍..അല്ലേല്‍ ഞാന്‍...ഓര്‍ത്തോ.... "
ഒരിക്കന്‍ കത്തു ട്രാന്‍സ്ഫര്‍ ചെയ്യുന്ന ശുഭമുഹൂര്‍ത്തത്തില്‍, ഒരുദിവസത്തെ കപ്പകൃഷി കാന്‍സല്‍ ചെയ്ത് കരിമ്പിന്കാട്ടില് മറഞ്ഞിരിക്കുകയായിരുന്ന അമ്മാവന് "വുഡ് ബീ മരുമോനേ കഴുവറ്‍ട മോനേ..." എന്ന് അലറി കലുങ്കിലേക്ക് കുതിച്ചു വന്നു.
കരിമ്പിന് കാട്ടില്‍ നിന്ന് അമ്മാവന് കലുങ്കിലേക്കും, കലുങ്കില്‍ നിന്ന് മനോഹരന് ചേട്ടന്, കരിമ്പിന് കാട്ടിലേക്കും ട്രാന്‍സ്ഫര്‍ ആയി.
കരിമ്പോലയും ചൊറിതനവും മാറിമാറി സ്നേഹിച്ച കാമുകന്, രണ്ടുദിവസം അവധിയെടുത്തു. മൂന്നാം ദിവസം ചേച്ചിയോട് പറഞ്ഞു
"ചൊറിഞ്ഞു ചൊറിഞ്ഞ് ഊപ്പാടു വന്നു സൌദൂ... നിന്റെ തന്തേടെ തല്ലായിരുന്നു അതിലും ഭേദം... "
സൌദാമിനിയില്ലെങ്കില്‍ മരിക്കുമെന്ന് മനോഹരന്, മനോഹരന് ഇല്ലെങ്കില്‍ മരിക്കുമെന്ന് സൌദാമിനി, എങ്കില്‍ പിന്നെ കാര്യങ്ങള്‍ ഈസിയായല്ലോ, രണ്ടിനേം ഞാനങ്ങു തട്ടിയേക്കാമെന്ന് കുട്ടനമ്മാവന്‍.. ഈ സ്ഥിതിയില്‍ കാര്യങ്ങള്‍ കൂഴച്ചക്കപോലെ കുഴഞ്ഞ് മറിഞ്ഞു ആറേഴുമാസം കടന്നു.
അങ്ങനെയിരിക്കുന്ന ഒരു സന്ധ്യാനേരത്താണു, 'നമുക്കൊളിച്ചോടാം പ്രിയേ ' എന്ന ക്രൂഷ്യല്‍ സന്ദേശവുമായി മനോഹരന് അവര്‍കള്‍, കലുങ്കിലെത്തിയത്.
കോടാലിയ്ക്ക് പുതുതായി ഇടാനായി, കഴചെത്തി മിനുക്കുന്ന കുട്ടനമ്മാവന്‍, കഴസഹിതം പാഞ്ഞതും ഒരുമിച്ച്..
'നായിന്റെ മോനേ....; എന്ന അലര്‍ച്ച കേട്ടാണു, ബാലരമ വായിച്ചുകൊണ്ടിരുന്ന ഞാന്‍ പുറത്തേക്കിറങ്ങിയത്.
കഴയുമായി ഓടുകയാണു കുട്ടനമ്മാവന്‍..
പതിവില്ലാത്ത ധൈര്യം സംഭരിച്ച് മനോഹരന് ചേട്ടന് സൈക്കിള്‍ സ്റ്റാന്‍ഡില്‍ വക്കുന്നു...
'ഈശ്വരാ...." ഞാന്‍ ശരിക്കും ഭയന്നു.... അങ്കം മുറുകുന്നു.. ശംഖുനാദം ആള്‍റെഡി മുഴങ്ങിക്കഴിഞ്ഞു.
കഴയുമായി, കലുങ്കിലേക്കുള്ള പ്രയാണമദ്ധ്യേ, പാരയായി കിടന്ന, പായലില്‍ അറിയാതെ കുട്ടനമ്മാവന്‍ ചവിട്ടി... ഐസ് സ്കേറ്ററെപ്പോലെ ഒരു സെക്കണ്ട് തെന്നിനീങ്ങുന്നത് ഞാന്‍ കണ്ടു. സ്കേറ്റിംഗില്‍ മുന്‍പരിചയമില്ലാത്തതുകൊണ്ട്, കഴ എവിടെ കുത്തണം, ടൈമിംഗ് ഒ.കെയാണോ എന്നൊന്നും ചിന്തിക്കാന്‍ സമയം കിട്ടാഞ്ഞ് , ചന്തിയോ, ചുമലോ ആദ്യം നിലത്തുക്കുത്തേണ്ടു എന്ന കണ്ഫ്യൂഷനില് പുറകിടിച്ചു വീണു.
പത്രം വായിച്ചുകൊണ്ടിരുന്ന അപ്പൂപ്പന് ഓടിച്ചെന്നപ്പോള്‍ "പച്ചപ്പായലിന്‍ പലവിധ ശല്യം പണ്ടേപ്പോലെ ഫലിക്കുന്നളിയാ' എന്ന് ഞരങ്ങിക്കൊണ്ട് അമ്മാവന് കിടക്കുന്നു.
കട്ടിലില്‍ കിടത്തി, വെള്ളം കൊടുക്കുമ്പോള്‍, അപ്പൂപ്പനാണത് പറഞ്ഞത് .."പിള്ളാര്‍ക്കതാണാഗ്രഹം എങ്കില്‍ അതങ്ങ് നടത്ത് കുട്ടാ.... ഒന്നുമില്ലേലും അവന് സര്‍ക്കാരുദ്യോഗസ്ഥനല്ലേ..... അല്ലെങ്കില്‍ നിന്റെ ചാക്കാലേം ഇവറ്റകളുടെ കെട്ടും ഒന്നിച്ചു കാണേണ്ടിവരും ഞങ്ങള്‍ക്ക്"
"ഡല്‍ഹീലിപ്പം നല്ല തണുപ്പാവും അല്ലേടേ....." അമ്മാവന് എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.
"അതേ അമ്മാവാ... പിന്നെ...സൌദാമിനിച്ചേച്ചീടെ വിവരമൊക്കെ ഉണ്ടോ... വരാറുണ്ടോ.. "
മറുപടിയായി ഒരു നെടുവീര്‍പ്പ്... "അവള് ഇപ്പോ ഇവിടെയല്ലേ.... അകത്തുണ്ട്.. "
"സത്യം.....എന്നിട്ടിപ്പൊഴാണോ അമ്മാവാ പറയുന്നെ നല്ല കാര്യമായി.... "
അടുക്കളയിലെക്ക് ശബ്ദമുണ്ടാക്കതെ ഞാന്‍ ചെന്നു.
രണ്ടുതരി ചോറെടുത്ത്, ഞെക്കി വേവുനോക്കി നില്ക്കുന്നു സൌദാമിനിച്ചേച്ചി..
"കോന്നിത്താഴത്തെ കൊന്നപ്പൂവ് ഇവിടെയുണ്ടാരുന്നോ... "
ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി, എന്നെക്കണ്ട് കണ്ണുകള്‍ വിടര്‍ത്തി..
"നീ.....നീ എപ്പോ വന്നെടാ......." എളിയിലേക്ക് സാരിത്തലപ്പ് കുത്തി അടക്കാനാവാത്ത സന്തോഷം മുഖത്ത് വാരിനിറച്ച്. പറയുവാന്‍ ഒരുപാട് വാക്കുകള്‍ തിരഞ്ഞ്, തിരഞ്ഞപ്പോള്‍ കിട്ടിയ വാക്കുകളില്‍ തൃപ്തി വരാഞ്ഞ്, പിന്നെയും തിരഞ്ഞ്.......
"നിനക്ക്, നിനക്ക്, എന്താ ഞാനിപ്പോ തരുന്നെ.... കട്ടന്‍ കാപ്പിയെടുക്കട്ടെ... ചക്കയുപ്പേരീമുണ്ട്... "
"വല്ല ചക്കപ്പുഴുക്കോ, മീന്കറിയോ ഉണ്ടെങ്കില്‍ എടുക്ക് ചേച്ചീ......കുറെ നാളായി രുചിയോടെ വല്ലോം കഴിച്ചിട്ട്... "
ചക്കപ്പുഴുക്ക് വിളമ്പുമ്പോള്‍ ഒന്നെനിക്കു മനസിലായി.. സൌദാമിനിച്ചേച്ചിയുടെ മുടിക്ക് ആ പഴയ ഇടവപ്പാതിയുടെ മണമില്ല..വാക്കുകള്‍ക്ക് മഷിത്തണ്ടിന്റെ മണമില്ല...
ഒരുപാടു കാര്യങ്ങള്‍ എന്നോട് ചോദിക്കുമ്പോഴും, ഞാന്‍ പഴയ ആ പ്രസരിപ്പ് തേടി തോല്‍ക്കുകയായിരുന്നു..
കുപ്പിവളക്കിലുക്കത്തിലെ ആര്‍ദ്രത ഉടയുന്നു...മനസിലെ കടലാവണക്കു കുമിളകള്‍, വിടരും മുമ്പേ പൊട്ടുന്നു..
"മനോഹരന് ചേട്ടന് എന്തു പറയുന്നു ചേച്ചി...എന്നാ ഇനി അങ്ങോട്ട്.. "
കട്ടന്‍ കാപ്പി ആറ്റി ചേച്ചി പറഞ്ഞു "നീ അപ്പോ അറിഞ്ഞില്ലേ..നിന്റെ സൌദാമിനിച്ചേച്ചി ഇപ്പോ ആരും ഇല്ലാത്തോളായി.... "
"എന്തനാവശ്യമാ ചേച്ചീ ഈ പറയുന്നെ....വട്ടാണോ.... "
"ഉം..എല്ലാം വട്ട്... കണ്ടതും കാണിച്ചതും എല്ലാം വട്ട്... "
ഒരിക്കല്‍ ഭ്രാന്തന് രാഘവനെ പോലും ശാന്തമാക്കിയിരുന്ന ചിരി ഇന്ന് നരച്ചിരിക്കുന്നു.
കാപ്പി എന്റെ കൈയില്‍ തന്ന്, കോന്തല കൊണ്ട്, മുടിയിലെ ചാരം തുടച്ച് പറഞ്ഞു
"മച്ചിപ്പശൂനെ അറക്കാന്‍ കൊടുക്കാം... മച്ചിപ്പെണ്ണിനെ അതിനും കൊള്ളില്ലല്ലോ....നീ ഇത് കുടി. പുഴുക്കെങ്ങനെയുണ്ട്.. "
വായിലിട്ട പുഴുക്ക് ഇറക്കാന്‍ വയ്യാതെ ഞാന്‍..
"സ്നേഹത്തിന്റെ മുന്നില്‍, ഇതൊക്കെ ഒരു പ്രശ്നമാണോ ചേച്ചീ... "
"അതു സ്നേഹത്തിന്റെ മുന്നിലല്ലേ... "
"പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത എന്തു പ്രശ്നമാ ചേച്ചീ ഈ ലോകത്ത്.. അണുയുദ്ധങ്ങള്‍ വരെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഒഴിവാക്കുന്നില്ലേ... ഞാന്‍ വേണേല്‍ ചേട്ടനോട്..... "
"ആയിരം അണുയുദ്ധങ്ങളേക്കാ വലുതാ കുട്ടാ, മനസുകള്‍ തമ്മിലുള്ള യുദ്ധം.... ബ്രോക്കര്‍ വിചാരിച്ചാല്‍ തീരുന്നതല്ല....ഒന്നോര്‍ത്താല്‍ അയാള്‍ എന്നെ കളഞ്ഞത് നന്നായി..." പാത്രം കഴുകിക്കൊണ്ട് ചേച്ചി പറഞ്ഞു " പാവം അച്ഛന് ഒറ്റയ്ക്കല്ലേ ഇവിടെ.. ഇനി അച്ഛനു കൂട്ടായി ഞാനെങ്കിലും ഉണ്ടാവുമല്ലോ.. "
തിരിക്കുന്നതിന്റെ തലേ ദിവസം ഒരിക്കല്‍ കൂടി സൌദാമിനിച്ചേച്ചിയെ കണ്ടു...
ചേച്ചി കരഞ്ഞില്ല..ചിരിച്ചുമില്ല...
വാടിയ തെച്ചിപ്പൂപൊലെയുള്ള മിഴികള്‍
"നീ ഇടയ്ക്കൊക്കെ ഇതുവഴി വരണം.. ബാക്കിയുള്ളവരൊക്കെ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പോലും സമയം തികയാതെ പായുമ്പോള്‍, മറ്റുള്ളവര്‍ക്ക് വേണ്ടി അല്പം സമയം മാറ്റിവക്കുന്നത് നീ മാത്രമാ, നമ്മുടെ കുടുംബത്തില്‍.. പിറക്കാതെ പോയ ഒരു അനുജനെ ഉള്ളൂ എനിക്ക്... അത് നീയാണു.. "
"ഇതു കുറച്ച് ചാമ്പയ്ക്ക അച്ചാറാ...." കൈയിലെ കുപ്പി നീട്ടി ചേച്ചി പറഞ്ഞു "പണ്ടേ നീ ഒരു ചാമ്പയ്ക്ക കൊതിയനല്ലേ..."
പിന്നെ ഒരു മൌനം
"വേണ്ടപ്പെട്ടവരൊക്കെ എന്നെ ഒറ്റയ്ക്കാക്കി പോകുമ്പോള്‍ ഒരു ചോദ്യമേ ഉള്ളൂ എനിക്ക്, എന്നാ എന്റെ നെഞ്ചിടിപ്പും എന്നോട് പിണങ്ങി പോകുന്നേന്ന്..... "
എവിടുന്നോ ഒരു ഇടവപ്പാതി ഇരമ്പിവരുന്നപോലെ തോന്നി എനിക്ക്.
പാവാടക്കുമ്പിള്‍ നിറയെ ചാമ്പയ്ക്കാ വാരി, മഴയെ ഗൌനിക്കാതെ, കൈയാലവക്കില്‍ നിന്ന്, എന്നെ മാടി മാടി വിളിക്കുന്നു സൌദാമിനിച്ചേച്ചി... മഷിത്തണ്ടുമണക്കുന്ന വാക്കുകളുമായി....
ഫോണിലൂടെ നാട്ടുവിശേഷം പറയുന്ന കൂട്ടത്തില്‍ കഴിഞ്ഞ ദിവസവും അമ്മ പറഞ്ഞു
'സൌദാമിനി ഇപ്പോള്‍ ചിരിക്കാറുമില്ല...കരയാറുമില്ല... "
================
ഔട്ട് ഓഫ് സിലബസ്:
(പ്രിയമുള്ള ബൂലോക സുഹൃത്തുക്കളേ.. ഈെ പോസ്റ്റിട്ടിട്ട്, ഞാന്‍ നാട്ടിലേക്ക് പോവുകയാണു. എന്റെ രണ്ടാമത്തെ കുഞ്ഞ്, ഭൂമിയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നു. തന്തയെപ്പോലെ ഒരു താന്തോന്നി എന്ന പേരുദോഷം കിട്ടാതിരിക്കാന്‍ വേണ്ടി, പ്രിയവായനക്കാരെല്ലാവരും അവള്‍ക്കുവേണ്ടി/അവനുവേണ്ടി ആത്മാര്‍ഥമായി അറഞ്ഞ്/അറിഞ്ഞ് ഒന്നു പ്രാര്‍ത്ഥിച്ചേക്കണേ.... )
54 comments:
ബീഡിക്കുറ്റി വലിച്ചെറിഞ്ഞിട്ട്, കസേരയിലേക്ക് ചാഞ്ഞിരുന്ന് അമ്മാവന് മറുപടി പറഞ്ഞു.."ഉം... എന്നാലതു വിട്.. അയോധ്യയിലെ അമ്പലത്തിന്റെ കാര്യമെന്തായി..രാമശില രാമശില എന്നും പറഞ്ഞു ഞാനും കൊടുത്ത് ഒന്നുരണ്ട് ഇഷ്ടിക..വല്ലതും നടക്കുമോ...
TTTTTTTEEEEEEEEEE
തേങ്ങയടി എന്റെ വക!
കമന്റ് പുറകെ...
:)
മനൂസേ...
നല്ല കഥ.
പിന്നെ... അവന് (ആണെന്നു സ്കാന്‍ ചെയ്തു തീരുമാനിച്ചോ?) അമ്മയെ അധികം ബുദ്ധിമുട്ടിയ്ക്കാതെ ലാന്‍ഡ് ചെയ്യണെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു.
എല്ലാം നന്നായി വരും.
ശുഭസ്യ ശീഘ്രം!
ചാത്തനേറ്: മനുച്ചേട്ടോ ഇതൊരു പടരുന്ന രോഗമാണോ?ആദ്യം സാന്‍ഡോടെ ‘ജോണി’ പിന്നെ കൊച്ചുത്രേസ്യേടെ “തിരിച്ചറിവുകള്‍” എല്ലാ ബൂലോഗ ബീര്ബല്മാരും ഇങ്ങനെ തുടങ്ങിയാല്‍!!!
അരവിന്ദേട്ടോ പ്ലീസ് ഡോണ്ഡൂ ഡോണ്ഡൂ.
ഇത് മുറിച്ച് രണ്ട് കഥയാക്കാമായിരുന്നില്ലെ? ആദ്യത്തെ പട്ടിയോട്ടം വരെ ഒന്ന് അത് മാത്രാണേല് ചിരിക്കാരുന്നു. ഇതിപ്പോള്‍ ചിരിച്ചെങ്കിലും അവസാനം.......
ഓടോ: അഭിനന്ദനങ്ങള്‍.
മനൂ,
നല്ല കഥ.
പിന്നെ കുട്ടിച്ചാത്തന് പറഞ്ഞതിന്റെ അടിയിലും മുകളിലും ഒരോപ്പ്.
അഛനെ പോലെ, നലാളറിയുന്ന, മകന് വേണ്ടിയും പ്രാര്‍ഥിക്കുന്നു.
(അതെ ഇപ്പയണോ പറയണെ, ലാസ്റ്റ് സെക്കന്റിലെ പ്രര്‍ഥന ദൈവം റിജക്റ്റിയാല് എന്തോ ചെയ്യും, ദൈവവും ഇപ്പോ ടോക്കണെടുത്ത്, മുന്‍കൂര്‍ പണമടച്ച് മത്രമേ പ്രാര്‍ഥന സ്വികരിക്കൂ)
"വേണ്ടപ്പെട്ടവരൊക്കെ എന്നെ ഒറ്റയ്ക്കാക്കി പോകുമ്പോള്‍ ഒരു ചോദ്യമേ ഉള്ളൂ എനിക്ക്, എന്നാ എന്റെ നെഞ്ചിടിപ്പും എന്നോട് പിണങ്ങി പോകുന്നേന്ന്..... "
എന്റെ മനൂ, മനസ്സിലെവിടെയോ..ഒരു വിങ്ങല്‍!!
കഥ ഇഷ്ടായീട്ടൊ..
പിന്നെ ജൂനിയറിന്റെ വരവിന് എല്ലാവിധ ആശംസകളും, പ്രാര്‍ത്ഥനകളും..
ഐശ്വര്യം നിറഞ്ഞ,ആരോഗ്യമുള്ളതും അംഗവൈകല്യമില്ലാത്തതുമായ കുട്ടിയായിരിക്കട്ടേ..
മാഷിന്റെ രഷ്ട്രീയം മനസ്സിലായി, ആദ്യം ചിരിപ്പിക്കുക പിന്നെ നൊംബരപ്പെടുത്തുക..
ഓ.ടോ. എങ്ങിനെ മനസ്സിലായി അച്ഛനെപ്പോലെ താന്തോന്നിയായിരിക്കുമെന്ന്?
മനുവേ,
"സൌദാമിനിച്ചേച്ചി ചിരിക്കാറില്ല കരയാറുമില്ല" ഞാന്‍ ചിരിച്ചു. :)
ഡൌണ്‍ലോഡിങ്ങ് സുഖമമായി നടക്കട്ടെ. ഡി എസ് എല്‍ കണക്ഷന് തന്നെയല്ലേ? സീഡേര്സെല്ല്ലാവരും കയ്യയച്ചു സീഡ് ചെയ്യട്ടെ. ഡൌണ്‍ലോഡ് ചെയ്തത് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരം അറിയിക്കുക :)
ആശംസകള്‍! പ്രാര്‍ത്ഥനകള്‍!
-സുല്‍
മനുവേട്ടാ...
പതിവു പോലെ ഒത്തിരി കിടുക്കന്‍ നമ്പറുകളുണ്ടെങ്കിലും അവസാനമടുത്തപ്പോള്‍ ചിരിയലകള്ക്കു പിന്നാലെ ഒരു നെടുവീര്‍പ്പിടേണ്ടി വന്നു.
പിന്നെ, അടുത്തത് ജൂനിയര്‍ മനു തന്നെ ആയിരിക്കട്ടെ, മാളവികയ്ക്കൊരു കുഞ്ഞു അനുജന്! എല്ലാ ആശംസകളും!!!
:)
എന്നെ എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നേ....ഞാനൊരു പാവപ്പെട്ടവനല്ലേ....ചിരിച്ചു ചിരിച്ചു കരഞ്ഞു. ഞാനൊരു ബാച്ചിലറായതു കൊണ്ട് കുട്ടികളുണ്ടാകുന്നതെങ്ങനെയെന്നൊന്നും എനിക്കറിയാന്‍ പാടില്ല. നമ്മള് ഈ പോളിടെക്നിക്കൊന്നും പഠിച്ചിട്ടില്ലല്ലോ !. പക്ഷേ പ്രാര്‍ത്ഥിക്കുന്ന കാര്യം ഏറ്റു...
മനുവേ ആദ്യം കുഞ്ഞു വാവയ്കു വേണ്ടിയൊരു പ്രാര്‍ഥന.
സൌദാമിനിയില്ലെങ്കില്‍ മരിക്കുമെന്ന് മനോഹരന്, മനോഹരന് ഇല്ലെങ്കില്‍ മരിക്കുമെന്ന് സൌദാമിനി, എങ്കില്‍ പിന്നെ കാര്യങ്ങള്‍ ഈസിയായല്ലോ, രണ്ടിനേം ഞാനങ്ങു തട്ടിയേക്കാമെന്ന് കുട്ടനമ്മാവന്‍..
ചിരിച്ചു കഴിയന്നതിനു മുന്നെ എന്നെ നോവിക്കുന്ന വരികളും.
കുപ്പിവളക്കിലുക്കത്തിലെ ആര്‍ദ്രത ഉടയുന്നു...മനസിലെ കടലാവണക്കു കുമിളകള്‍, വിടരും മുമ്പേ പൊട്ടുന്നു..
ചേച്ചി കരഞ്ഞില്ല..ചിരിച്ചുമില്ല...
വാടിയ തെച്ചിപ്പൂപൊലെയുള്ള മിഴികള്‍.
ഇല്ല മനു സൌദാമിനി ചേച്ചിക്കു് ഇനി ഇതു രണ്ടുമാകില്ല.:)
മനൂ.... താങ്കളുടെ ഈ പോസ്റ്റിനേക്കുറിച്ച് വര്‍ണ്ണിക്കാന്‍ എനിയ്ക്ക് വാക്കുകള്‍ തിരയാന്‍ വയ്യ... വളരെ സരസമായ വര്‍ണ്ണനയിലൂടെ പലവട്ടം പൊട്ടിച്ചിരി ഉണര്‍ത്തിയ ഈ പോസ്റ്റിന്റെ അവസാനഭാഗമായപ്പോഴെയ്ക്കും കണ്ണ് അറിയാതെ നിറഞ്ഞു പോയി.... ഞാന്‍ താങ്കളുടെ ആരാധകനാണെന്ന് വീണ്ടും വീണ്ടും ഉറപ്പിക്കുന്നു..
പിന്നെ, ഭൂമിയിലേയ്ക്ക് ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിയ്ക്കുന്ന സന്താനത്തിനും താങ്കളുടെ കുടുംബത്തിനും സര്‍വ്വ ഐശ്വര്യങ്ങളും ഈശ്വരന് നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
“കരിമ്പിന് തോട്ടത്തോടു ചേര്‍ന്നുള്ള കലിങ്കില്‍, ഒരുകാല് സൈക്കിള്‍ പെഡലിലും മറ്റേ കാല് ഭൂമിയിലും കുത്തി, 'നിന്റെ വിരഹമോ, നിന്റച്ഛന്റെ പ്രഹരമോ ഏറ്റവും വേദനാജനകം ' എന്ന കണ്‍ഫ്യൂഷണ്‍, പിച്ചിപ്പൂവു പോലെ ചിരിക്കുന്ന സൌദാമിനിച്ചേച്ചിയെ പറഞ്ഞു മനസിലാക്കി കത്തുകള്‍ സൂപ്പര്‍ ഫാസ്റ്റായി കൈമാറുന്നത്, ഒന്നു രണ്ടു തവണ ഞാനും കണ്ടിട്ടുണ്ട്..“
രസകരമായ രചന... വളരെ മനോഹരമായ് അവതരിപ്പിച്ച് മനസ്സില്‍ നിന്ന് പറിച്ചെടുക്കാന്‍ പറ്റാത്ത വിധം ഓരോ കഥാപാത്രങ്ങളും ഉള്ളില്‍ നിറഞ്ഞു നില്ക്കുന്നു.
പുതിയ അംഗത്തിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
ആദ്യം ഹാസ്യവും പിന്നെ ഒരു ദീര്‍ഘശ്വാസവും. സൌദ്യു അങ്ങിനെ അമ്മാവന് തുണയായി.
(മനു, അപ്പോള്‍ ഇതുവരെയും പോയില്ലേ.. ആഹ് .. പിന്നെ ഇന്ദ്രപ്രസ്ഥത്തിലെ പുതിയ വിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്തുവേണം പോകാന്‍, അമ്മാവന് അന്വേഷിച്ചാല്‍ മൊഴിയേണ്ടേ. പിന്നെ, പിറക്കാന്‍ പോകുന്ന ജൂനിയറിന് ആശംസകള്‍.)
ആയിരം അണുയുദ്ധങ്ങളേക്കാ വലുതാ കുട്ടാ, മനസുകള്‍ തമ്മിലുള്ള യുദ്ധം....
മനുവേട്ടാ അസ്സലായിട്ടുണ്ട്... മനസ്സില്‍ത്തട്ടി....
മോനായാലും മോളായാലും എല്ലാ ഐശ്വര്യങ്ങളും ഈശ്വരന് നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍...
നല്ല കഥ.
വന്നു, കണ്ടു.
:)
ഉപാസന
ഓ .ടോ: ഞാന്‍ വായിച്ചില്ല. പിന്നെ വായിക്കാം.
'കോമഡി'ച്ചും പിന്നെ 'ട്രാജഡി'ച്ചും..,
നന്നായി ,
പ്രാര്‍ത്ഥനയോടെ .
മനൂ ഇപ്പോള്‍ ഇതുവഴിപോകുമ്പോള്‍ എനീക്ക് ഒരു പലഹാരക്കടയുടെ മുന്നിലൂടെ പോകുന്ന പ്രതീതിയാണ്.നിന്ന് കഴിച്ചിട്ടുപോകാനും വയ്യ കടന്നുപോകാനും വയ്യ.സമയമില്ലത്തവന്റെ ദുഖം.
:(
മനു കഥ നന്നായിട്ടുണ്ട്.
"സ്നേഹത്തിന്റെ മുന്നില്‍, ഇതൊക്കെ ഒരു പ്രശ്നമാണോ ചേച്ചീ... "
"അതു സ്നേഹത്തിന്റെ മുന്നിലല്ലേ... "
ഒരുപാടര്‍ത്ഥമുള്ള ഉത്തരം....
പിന്നെ ജൂനിയറിന് മനൂനെ പോലെ തന്നെ നര്‍മ്മബോധം ഉണ്ടാവട്ടേന്ന് ആശംസിക്കുന്നു..
നന്നായിട്ടുണ്ട്..ഉച്ചക്ക് തന്നെ വായിച്ചിരുന്നെങ്കിലും കമന്റിടാന്‍ പറ്റിയില്ല..
എല്ലാവിധ ആശംസകളും
കൊള്ളാം.
മനൂ....
മാളവികയ്ക്കൊരു കുഞ്ഞാങ്ങളയാണ് പിറക്കാന്‍ പോകുന്നത്....നോക്കിക്കോ
(ഞാന്‍ നിര്‍ദ്ധേശിച്ച പേരും പരിഗണിക്കുമല്ലോ ഇല്ലെ...)
പുതിയ കുഞ്ഞ് എഴുത്തുകാരനപ്പനു ഭാഗ്യത്തിന്റെ നാളുകളുമായാണല്ലോ കടന്നുവരുന്നത്....
എല്ലാ മംഗളങ്ങളും നേരുന്നു.......
പോസ്റ്റിനെപ്പറ്റി എന്തുപറയാന്‍ ചിരിക്കാനും കരയാനും ചിന്തിക്കാനും പഠിക്കാനും പലതും... പലതും...
ഇതിനെ ജീവിതഗന്ധി എന്നുവിളിക്കട്ടെ...
മനുജി, വായിച്ചു കഴിഞ്ഞു കണ്ണു നിറഞ്ഞിരിക്കുന്നു,
ചിരിച്ചതുകൊണ്ടാണോ അതോ വിഷമം വന്നിട്ടാണോ എന്നറിയില്ല!
പിന്നെ മിടുക്കനും സുന്ദരനും ആരോഗ്യമുള്ളവനും ആയ ഒരു കുഞ്ഞിനെ ദൈവം നല്കട്ടെ, 2 പേരേയും എല്ലാ അബ്നോര്മാലിറ്റിയില് നിന്നും കാക്കട്ടെ:)
സസ്നേഹം
സാജന് ആന്‍ഡ് സണ്‍സ്!
സാജന് ആന്‍ഡ് സണ്‍സ് തൊട്ടുമുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു.
:)
നവമനു/മനിയ്ക്കും കുടുംബത്തിനും ആശംസകള്‍ അഡ്വാന്‍സായി.
മനുവിന്റെ കഥകളെല്ലാം വായിക്കുമ്പോള്‍ ആ പ്രദേശത്തിരുന്ന് ലൈവായി കാണുന്നതുപോലെ... ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം നൊമ്പരപ്പെടുത്തുന്ന ആ മനുസ്റ്റൈല് ഇവിടെയും. ഇതും മറ്റെല്ലാം പോലെ നന്നായി.
ഒരു മനുപ്പങ്ക.
മനു, രസകരമായ ശൈലിയില്‍ എഴുതിയിരിക്കുന്നു.
നല്ല കഥ.
മച്ചിപ്പശുവിനെ അറക്കാന്‍ കൊടുക്കാം, മച്ചിപ്പെണ്ണിനെ അതിനും കൊള്ളില്ലല്ലോ......ആ വാചകങ്ങള്‍ വേണമായിരുന്നോ?
മോന്/മോള്‍ക്ക് എല്ലാ ആശംസകളും!
നന്നായിട്ടുണ്ട്....നല്ല കഥ...
really good :)
wishes for your junior
:) .. :(
ചില നമ്പറുകള്‍ ക്ലാസ് തന്നെ!
പുതിയ വി.ഐ.പി.ക്ക് എന്റെയും ആശംസകള്‍!
നല്ല കഥ.
നവാഗതന്/ നവാഗതയ്ക്ക് എല്ലാ നന്മകളും നേരുന്നു..
പുത്രകാമേഷ്ടി / പുത്രികാമേഷ്ടി വിഗ്നമില്ലാതെ വിജയിക്കട്ടെ എന്നു പ്രാര്ത്ഥികുന്നു
മനുഭായ്,
വായിച്ചു ഒടുവില്‍.
എല്ലാ ആശംസകളും, പുതിയ ആല്‍ക്ക്.
:)
ഉപാസന
ഓ. ടോ: കുഞ്ഞാ അത് തന്നെയാ എന്റേം പ്രാര്‍ത്ഥന.
നന്നായിട്ടുണ്ട് കഥ:)
എല്ലാ വിധ ആശംസകളും.
മനൂ,കഥ വായിക്കാന്‍ വൈകിപ്പോയല്ലൊ.(ചിരിയുടെ)മധുരവും (കണ്ണീരിന്റെ) ഉപ്പും പാകത്തിനു ചേര്‍ത്തിരിക്കുന്നു.ലക്ഷ്മിക്കും മനുവിനും എന്റെ അഭിനന്ദനങ്ങള്‍.വാവ വന്ന് കഴിഞ്ഞാല്‍ അറിയിക്കൂ.പ്രാര്‍ത്ഥനകളോടെ.........
മനൂ, നന്നായിട്ടുണ്ട്.
ലാന്‍ഡിംഗ് ആയോ?
അവനോ അതോ അവളോ :)
ഇതു കഥയല്ലല്ലോ. കഥയാക്കിയതല്ലേ. നന്നായിരിക്കുന്നു മനു, ശരിക്കും നന്നായിരിക്കുന്നു.
:)
Touching story !
Kunju vaava pennu anenkil Vibha ennu peru idumo? ;)
:)
Touching story !
Kunju vaava pennu anenkil Vibha ennu peru idumo? ;)
പുതിയ ആളെ വരവേല്‍ക്കാന്‍ സ്നേഹാദരങളുടെ ഒരുപിടി പൂക്കള്‍.. എല്ലാം മംഗളകരമാകാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു
കുഞ്ഞു വാവയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ചിരിയില്‍ നിന്നും കഥ സങ്കടത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ സന്തോഷം തോന്നി. എഴുത്തിലെ അനായാസത കണ്ടിട്ട്. കീപ് ഇറ്റ് അപ്.
സതീശന്&ആഷ
മനൂ,
“സൌദാമിനിച്ചേച്ചിയുടെ മുടിക്ക് ആ പഴയ ഇടവപ്പാതിയുടെ മണമില്ല..
വാക്കുകള്‍ക്ക് മഷിത്തണ്ടിന്റെ മണമില്ല...”
ശരിക്കും മനസ്സില്‍ തട്ടി.
മനുവേയ്, മനുവിലും കിടിലത്തി / കിടിലന്‍ ആയ ഒരു പുത്രി / പുത്രന് വരട്ടെ. അവള് / അവന് എഴുതിയിട്ട് അച്ചന്റെ എഴുത്തിനൊന്നും ഒരിതില്ലല്ലോ എന്നുപറയട്ടെ എന്നാശംസിക്കുന്നു. എല്ലാ മംഗളങ്ങളും.. പുതിയ കുടുംബാംഗം എത്തുമ്പൊ ഫോട്ടോ പോസ്റ്റ് ചെയ്യണേ.
മനൂ..
ആശംസകള്‍...
ഈ പോസ്റ്റിനെ കുറിച്ച് എന്ത് പറയാന്‍....
എന്തൊക്കെയോ വികാരവിചാരങ്ങള്‍....
asooyappedunnu.
ഒരു ചിരിക്കുന്നു കയറ്റിയിറക്കി ഒരു തുള്ളിക്കണ്ണുനീരിലെത്തിച്ചു!
കുഞ്ഞിന്റെ വരവു മംഗളകരമാവട്ടെ!! താന്തോന്നി തുടങ്ങിയ വാക്കുകള്‍ നാട്ടില്‍ ഉപയോഗിയ്ക്കേണ്ട!! എങ്ങാനും കേട്ടു ബോറടിച്ചു വരുന്നയുടനെ ആദ്യം കാണുന്ന ഓട്ടോ പിടിച്ചു പത്തനംതിട്ട ടൗണ്‍ കറങ്ങാന്‍ പോയാലോ??
മനൂ,
കൊള്ളാം ചിരിപ്പിച്ചേ അടങ്ങൂ അല്ലേ ;) ഹി ഹി
“സൌദാമിനിച്ചേച്ചിയുടെ മുടിക്ക് ആ പഴയ ഇടവപ്പാതിയുടെ മണമില്ല..
വാക്കുകള്‍ക്ക് മഷിത്തണ്ടിന്റെ മണമില്ല...”
excellent writting manu.
മനു ചേട്ടാ... എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ചിരിപ്പിച്ചു അവസാനം കൊണ്ടു കരയിക്കുന്നെ?... ഞാന്‍ എന്ത് തെറ്റു ചെയ്തു പറയൂ.... പ്ലീസ്.... ചേട്ടന്റെ എഴുത്ത് ഇഷ്ടപെട്ടു പോയി എന്ന ഒരു അപരാധം മാത്രമെ ചെയ്തിട്ടുള്ളൂ... അത് കൊണ്ടാണോ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നെ?...
manuvettante pazhaya postukal parathiyappol kandathanu..orupad ishtayi..pathiv pole chirippichu vedanippichu...
"back ethra back water kandetha"
yum
"വേണ്ടപ്പെട്ടവരൊക്കെ എന്നെ ഒറ്റയ്ക്കാക്കി പോകുമ്പോള്‍ ഒരു ചോദ്യമേ ഉള്ളൂ എനിക്ക്, എന്നാ എന്റെ നെഞ്ചിടിപ്പും എന്നോട് പിണങ്ങി പോകുന്നേന്ന്..... "
okke oralkk thanne ezhuthan pattunnundallo....bhayankaram !!!
എന്നാ എന്റെ നെഞ്ചിടിപ്പും എന്നോട് പിണങ്ങി പോകുന്നേന്ന്.........
manu,
bhaaavana gambeeeeramaayirikkunnu. Frankly speaking i felt a touch of reality in this story.
lots of luv
habs
മച്ചിങ്ങ കൊണ്ട് തയ്യല്മെഷീന് ഉണ്ടാക്കാന്‍ പഠിപ്പിച്ചതും, വാഴപ്പോളയില്‍ വെളിച്ചെണ്ണത്തിരിക്കരികൊണ്ട് കണ്‍മഷിയുണ്ടാക്കന്‍ പഠിപ്പിച്ചതും, കടലാവണക്കിന്റെ തണ്ടൊടിച്ച് കുമിളകള്‍ പറത്താന്‍ - ഇതൊക്കെ കാന്താരിക്കുട്ടികള്ക്ക് ( അവര്‍ ചക്കരക്കുട്ടികള് ആണെന്ന് എനിക്ക് അറിയാം, എങ്കിലും മനുജിയുടെ പിള്ളാരെ അങ്ങിനെ വിളിക്കാന്‍ പറ്റില്ലല്ലോ... ) പറഞ്ഞു കൊടുത്തോ മാഷ്
Nalla kadha..
Post a Comment