Friday 21 December 2007

സുന്ദരന്‍ നീയും സുന്ദരന്‍ ഞാനും.....

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌
കടമിഴിയുടെ കതകുതുറന്നൊരു
കുടമുല്ല...... പുഞ്ചിരിതന്ന്
തുടു കവിളിണയൊന്നു ചുവന്ന്
വടിവൊടുനുണചുഴികളിഞ്ഞ്‌
കടുമുകിലൊളി മുടിയുമണിഞ്ഞൊരു നാടന്‍ പെണ്ണ്‍... എന്‍റെ
കല്‍ക്കണ്ടക്കനവില്‍ കടവില്‍ വന്നൊരു പെണ്ണ്‍... "

ഇന്‍സ്റ്റന്‍റായി ഞാന്‍ എഴുതിക്കൊടുത്ത വരികളില്‍ നാടന്‍ ഈണവും വെസ്റ്റേണ്‍ സ്റ്റൈലും മിക്സ്‌ ചെയ്ത്‌ ഒരു ജുഗല്‍ബന്ദിയുണ്ടാക്കി, ഗിത്താറും കൈയില്‍ പിടിച്ച്‌ ബെന്നി സേവ്യര്‍ എല്ലാം മറന്നു പാടുന്നു.... വേഷം മുട്ടിനു താഴെവരെ നീണ്ട ബെര്‍മുഡ... പ്ളെയിന്‍ ആയ അപ്പര്‍ പാര്‍ട്ട്‌. ഉണ്ണിക്കുടവയര്‍ കുലുക്കി അവന്‍ വീണ്ടും പാടുകയാണു.. കുതിര റമ്മിന്‍റെ എക്സ്റ്റ്റാ എനര്‍ജിയോടെ

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌...... "

"അളിയാ.. ഞാന്‍ ഒരു കോടീശ്വരനായി ഡോളേര്‍സ്‌ ഇട്ട്‌ അമ്മാനമാടുന്ന ഒരു കാലം വരും. നീ നോക്കിക്കോ... ഇതും ഇതുപോലുള്ള നിന്‍റെ നൂറുപാട്ടുകളും ആല്‍ബമാക്കി ഞാന്‍ ഇറക്കും... കേരളം മുഴുവന്‍ അത്‌ അലയടിക്കും..." ചുവന്ന കണ്ണുകള്‍ തിളക്കി ബെന്നി.

"ആദ്യം നീ ഒരു കോടീശ്വരനാക്‌.. ബാക്കിയൊക്കെ നമുക്കപ്പൊഴാലോചിക്കാം. നീ തല്‍ക്കാലം ദാ ഇതുകൂടി ഫിനിഷ്‌ ചെയ്യ്‌..." അടുത്ത പെഗ്‌ നീട്ടി ഞാന്‍.

"താങ്ക്യൂ അളിയാ.. നീ താന്‍ എന്‍ ക്ളോസ്‌ ദോസ്ത്‌...." ഗിറ്റാര്‍ മൂന്നാം കാലാക്കി ആടുന്ന ബോഡിക്കൊരു താങ്ങുകൊടുത്ത്‌ ബെന്നി.


ഈ ഡിസംബറില്‍ ഡല്‍ഹി, തണുപ്പു വാരിപ്പുതയ്ക്കുമ്പോള്‍, ഓര്‍മ്മകളുടെ കലണ്ടര്‍താളുകള്‍ ചിതറിയുയരുന്നു. പത്തോളം വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ മനസ്സ്‌ പായുന്നു. ഏലയ്ക്കായുടെയും ഗ്രാമ്പൂവിന്‍റെയും മനസുള്ള, സ്നേഹത്തിന്‍റെ പട്ടയം ഹൃദയമാകെ പതിച്ചു കിട്ടിയ ഒരു അടിമാലിക്കാരന്‍. പെന്‍സില്‍ ഡ്രോയിംഗും ഗിത്താറും നാടന്‍ ചൂരുള്ള നെഞ്ചിടുപ്പും കൂടെ കൊണ്ടുനടക്കുന്നവന്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പകരുവാന്‍ അരോ സ്പെഷ്യല്‍ ക്ലാസ്‌ കൊടുത്തവന്‍. അതിജീവനത്തിനു അടിവരയിട്ടുകൊണ്ട്‌ അടിമാലിയില്‍ നിന്നും ദില്ലിയിലേക്ക്‌ വണ്ടികയറിയ ബെന്നി സേവ്യര്‍.

'ബയോട്ടക്‌ കണ്‍സോര്‍ഷ്യം ഇന്ത്യാ ലിമിറ്റഡ്‌' എന്ന വെള്ളാനക്കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി ഈയുള്ളവന്‍ ചാര്‍ജ്ജെടുത്ത്‌ വലംകാല്‍ വച്ച്‌ അകത്തുകടന്ന ദിവസം. മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വാഴക്കൂമ്പില്‍ അറഞ്ഞുകൊത്തുന്ന അമ്മായിയമ്മയെപ്പോലെ, കീബോര്‍ഡില്‍ വിരലുകള്‍ കൊത്തിയിരിക്കുന്ന പയ്യനെ ഒന്നുനോക്കിയപ്പോഴേ മനസിലായി.. ഇവന്‍ മലനാടിന്‍റെ സന്തതിതന്നെ. കണ്ണിലെ കള്ളലക്ഷണം ഒന്നുകൂടി വിളിച്ചുപറഞ്ഞു. 'അളിയാ ഞാനും കേരള എക്സ്‌പ്രസില്‍ പാഞ്ഞു വന്നിട്ട്‌ ഓഞ്ഞുപോയവന്‍... '

ഹിസ്റ്റോറിക്കല്‍ ഫസ്റ്റ്‌ ലഞ്ച്‌ വിത്ത്‌ ബെന്നി. മൂന്നുരൂപയുടെ ഛോല കുല്‍ച്ച..

"ഇതാണോ അളിയന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം ? " ഞാന്‍

"ഇതല്ല.. നമ്മുടെ ഓഫീസിലെ കക്കൂസാണെന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. ഭാഗ്യത്തിനു അതില്‍ എപ്പോഴും വെള്ളമുണ്ട്‌. അല്ലേല്‍ വെള്ളമുള്ളിടം തേടി ഓടിയോടി ഞാന്‍ ഇതിലും അശുവായേനേ.. " ബെന്നി

"ഹോ..നെഹ്രുപ്ളേസില്‍ ഇഷ്ടം പോലെ സുന്ദരി പെണ്‍പിള്ളേരുണ്ടല്ലേ... " ഛോല കഴിച്ച്‌ കൈകഴുകുമ്പോള്‍ മുന്നിലൂടെ നടന്നുപോകുന്ന ഗജഗാമിനിമാരെ നോക്കി ഞാന്‍..

"അളിയനു ആ ഫീല്‍ഡില്‍ താല്‍പര്യം ഉണ്ടോ.. എങ്കില്‍ കൃഷിക്ക്‌ പറ്റിയ ഇടം ഇതുതന്നെ. "

"പരദര്‍ശനാര്‍ത്ഥം ഇവര്‍ തന്‍ ശരീരം.. ശരിക്കും ഗോതമ്പുമണികള്‍ അല്ലേ അളിയാ"

"അതേ പരദര്‍ശനാര്‍ത്ഥം മാത്രം. പരസ്പര്‍ശനാര്‍ത്ഥം എന്നു കരുതി ചെന്നാല്‍ പറപ്പനടി ഉടനടി. കണ്ടുനില്‍ക്കുന്നവന്‍മാരുടെ വക എക്സ്‌ട്രാ ഇടി വേറെ....അതാ ഈ ഡല്‍ഹിയിലെ ഒരു സെറ്റപ്‌.. "

അങ്ങനെ ഞാനും ബെന്നിയും ഡല്‍ഹിയിലെ തണുപ്പിന്‍റേയും ചൂടിന്‍റേയും കൂടെ കൂട്ടുകൂടി നടന്നു. ചിരിച്ചും, രസിച്ചും, വല്ലപ്പോഴും കണ്ണുനനച്ചും, സ്വപ്നങ്ങള്‍ നെയ്തും, ശൂന്യമായ ഭാവിയെ നോക്കി നെടുവീര്‍പ്പിട്ടും....

അങ്ങനെയിരിക്കുന്ന കാലത്തെ ഒരു നവംബര്‍ മാസത്തിലാണു ഞാന്‍ ശ്രീനിവാസപുരിയിലെ ഗലികളിലൂടെ ബെന്നിയുടെ കൊട്ടാരത്തിലെത്തിയത്‌.

സോപ്പുപെട്ടികള്‍ പോലെ അടുക്കിയടുക്കി പണിതുയര്‍ത്തിയ കോണ്‍ക്രീറ്റുഫ്ലാറ്റുകള്‍ക്കിടയിലൂടെ, ഒരാള്‍ക്ക്‌ നടന്നുപോകാന്‍ ഇടമില്ലാത്ത വഴികളിലൂടെ.. മൂന്നാം നിലയിലെ ഇടുക്കുമുറിയില്‍...

അവന്‍റെ സ്നേഹത്തിനു മുന്നില്‍ കുടുസുമുറി കൊട്ടാരമായിത്തന്നെ എനിക്ക്‌ തോന്നി.

മണ്ണെണ്ണ സ്റ്റൌവില്‍ എനിക്കായി കോഴിക്കറിയൊരുങ്ങുമ്പോള്‍, ഞാന്‍ ജനാലയിലൂടെ ഗലികളിലേക്ക്‌ കണ്ണുപായിച്ചു...

ചാട്ട്‌ വാല,
സമോസാവാലാ,
ഗോള്‍ഗപ്പാ വാല..

മുകുന്ദന്‍റെ 'ആദിത്യനും രാധയും മറ്റുചിലരും' മനസിലേക്കോടിയെത്തി.
രാധയുടെ കൈപിടിച്ച്‌ ആദിത്യന്‍ ഓടുന്നു.. ഗലികളിലൂടെ... ഭ്രാന്തമായി. ഉന്തുവണ്ടിയിലെ ചാവല്‍വാലയുടെ ഈച്ചപറ്റിയ ചോറുപാത്രത്തില്‍ നിന്നും, ഒരുപിടി വാരി ആദിത്യന്‍ വായിലേക്കിടുന്നു.. ഈച്ചയോടൊപ്പം...രാധയുടെ കണ്ണുകളില്‍ നരച്ച ദില്ലി അസ്തമിക്കുന്നു...

അപ്പോഴാണു ബെന്നി ഗിറ്റാര്‍ കൈയിലെടുത്തത്‌.. വരികളില്‍ സംഗീതം പുരട്ടിയത്‌....

"കടുമുകിലൊളി മുടിയുമണിഞ്ഞൊരു നാടന്‍ പെണ്ണ്‍... എന്‍റെ
കല്‍ക്കണ്ടക്കനവില്‍ കടവില്‍ വന്നൊരു പെണ്ണ്‍... "

കുതിരറമ്മിനു കൂട്ടായി കോഴിച്ചാറു തൊട്ടുനക്കുമ്പോള്‍ അതാ വാതിലില്‍ മറ്റൊരു പ്രജ..

മാമുക്കോയ ചിരിയുമായി ഒരു അപരിചിതന്‍...
'നിനക്കു ബെര്‍മുഡയുണ്ടെങ്കില്‍ എനിക്ക്‌ അതിലും കൂടിയതുണ്ടേടാ' എന്നമട്ടില്‍ മുട്ടോളം ചുരുങ്ങിപ്പോയ ഫോറില്‍ കൈലിയുമുടുത്ത്‌ മറ്റൊരു പ്ളെയിന്‍ പൊക്കിള്‍ വാല. കൈയില്‍ കാജബീഡി...

"ഹലോ...ചന്ദ്രന്‍......ഗ്ളാഡ്‌ ടു മീറ്റ്‌ യൂ......" ഗിറ്റാറ്‍ കട്ടിലിലേക്കിട്ട്‌ ബെന്നി കുരങ്ങിനെപ്പോലൊരു ചാട്ടം.

"ഹായ്‌...." കൈ തലയോളം പൊക്കി, വിരലുകള്‍ വിറപ്പിച്ചുകൊണ്ട്‌ വിസിറ്ററുടെ പ്രത്യഭിവാദനം.

"ഹൌ ആര്‍ യൂ മൈ ലിറ്റില്‍ ബോയ്‌....." അപരിചിതനു ബെന്നി അറഞ്ഞൊരു ഷേക്‌ഹാന്‍ഡ്‌ കൊടുത്തു.

'പകുതി കഷണ്ടികയറിയ ഈ തേര്‍ട്ടി പ്ളസുകാരന്‍ ലിറ്റില്‍ ബോയിയോ കര്‍ത്താവേ... കുതിരറമ്മിന്‍റെ ഒരു പവറേ ' ഞാന്‍ മനസില്‍ പറഞ്ഞു.

"ബൈ ദി വേ...മീറ്റ്‌ മിസ്റ്റര്‍ ചന്ദ്രന്‍ ഫ്രം കുതിരവട്ടം...... മൈ ഫ്ലാറ്റ്‌ മേറ്റ്‌......" ബെന്നിയുടെ ഇണ്റ്റ്രോഡക്ഷന്‍.

"ഫ്ലാറ്റ്‌ മേറ്റോ. അപ്പോ സാധാരണ ഇദ്ദേഹവുമായാണോ നീ ഫ്ലാറ്റാകാറുള്ളത്‌.... "

"അങ്ങനേം പറയാം.. ഇവനും ഈ ഫ്ലാറ്റില്‍ തന്നെയാണു താമസം.. ദാ അവിടെ... "

ചന്ദ്രനെ ഞാന്‍ സൂക്ഷിച്ചൊന്നു നോക്കി. ഒന്നുറപ്പായി. പുള്ളിയും വിജയ്‌ മാല്യയ്ക്ക്‌ അമ്പതുരൂപ കൊടുത്തിട്ടാണു വരവ്‌.. കാലു ശരിക്ക്‌ നിലത്തുറയ്ക്കുന്നില്ല.

"ഹലോ.....ഞാന്‍ മനു..ബെന്നിയുടെ ഓഫീസില്‍ വര്‍ക്കു ചെയ്യുന്നു" എന്‍റെ വക ഷേക്‌ ഹാന്‍ഡ്‌..

"അച്ചച്ചച്ചച്ചച്ചാ.................... "

ഈശ്വരാ... ലാലുപ്രസാദ്‌ വരെ ഒരു 'അഛാ'യെ പറയൂ.. ഇവനെന്താ സകല അപ്പച്ചന്‍മാരെയും ഒന്നിച്ചു വിളിക്കുന്നത്‌.. അതോ ഒരു 'അഛാ' പറയാന്‍ തുടങ്ങിയപ്പോള്‍ നാവു സ്ളിപ്‌ ചെയ്ത്‌ മള്‍ട്ടിപ്പിള്‍ ആയതാണോ....

"വാണാ സ്മോക്ക്‌ എ ബീഡി....." ബീെഡിക്കുറ്റി നീട്ടിക്കൊണ്ട്‌ ചന്ദ്രന്‍.
ഹോ..അമേരിക്കന്‍ ഇംഗ്ളീഷാണു..അടിപൊളി.

"അയ്യോ..മാഷേ ഞാന്‍ സിഗരട്ടേ വലിക്കൂ.... "

"അച്ചച്ചച്ചച്ചാ........ എന്നാ സിഗരട്ട്‌ വാങ്ങിച്ചോണ്ട്‌ വരാം... ഈ ചന്ദ്രന്‍ ആളു ഡീസന്‍റാ അക്കാര്യത്തില്‍... "

"അച്ചച്ചാ... നോ താങ്ക്സ്‌...ഇപ്പോ വേണ്ടാ.. " ഞാനും അഛാ ഒന്നും മള്‍ടിപ്ളൈ ചെയ്തു നോക്കി

"അളിയാ ഓള്‍ഡ്‌ മങ്കി എടുക്കട്ടെ... ഒരു പെഗ്‌" ബെന്നി

"വേണ്ടളിയാ... ഞാന്‍ വിസ്കി വീശിയതാ..രണ്ടുംകൂടി ചേര്‍ന്നാല്‍ കോക്ക്‌ടെയില്‍ പോലെ വളഞ്ഞു നിന്ന് കമട്ടേണ്ടി വരും.. ഓ..എന്നാലും ഒന്നെടുക്കാം അല്ലേ....."
പറഞ്ഞു തീര്‍ന്നതെപ്പൊഴാ, ഗ്ളാസ്‌ കാലിയാക്കിയതെപ്പൊഴാ എന്ന് സത്യത്തില്‍ എനിക്കുപോലും മനസിലായില്ല.

ഒറ്റച്ചാട്ടത്തിനു ചന്ദ്രന്‍ ഗിറ്റാര്‍ കൈയിലെടുത്തു..

വിരല്‍ മുറിഞ്ഞവന്‍ കൈകുടയുമ്പോലെ കമ്പികളിലൂടെ ഒരുപ്രയോഗം..

"പം....പം.....പം.......
പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെങ്ങു മേപ്പോട്ടു പോയി....."

അപ്പിഹിപ്പിയേപൊലെ ചന്ദ്രന്‍റെ തല മേല്‍പ്പോട്ട്‌ മേല്‍പ്പോട്ട്‌ പിന്നെയും മേല്‍പ്പോട്ട്‌...

ഒപ്പം ലുങ്കിയഴിഞ്ഞ്‌ കീഴോട്ട്‌ കീഴോട്ട്‌.....പിന്നെയും കീഴോട്ട്‌..

"എങ്ങനെ നീ മറക്കും.....കുയിലേ..... "

"അതേ ഈ ഒന്നരച്ചാണ്‍ ലുങ്കി താഴോട്ടുപോകുന്നത്‌ എങ്ങനെ നീ മറക്കും കുയിലേ....." ഞാന്‍ ചന്ദ്രനെ കൈലിയുടിപ്പിച്ചു.

കോഴിക്കാലും റമ്മും വേണ്ടാതീനം പറച്ചിലുമായി ഒരു രാത്രി തള്ളിനീക്കിയപ്പോള്‍ എനിക്കൊരു സംശയം മാത്രം ബാക്കി.. ബെന്നി, ഞാന്‍, ചന്ദ്രന്‍. ഞങ്ങള്‍ മൂന്നുപേരില്‍ സബ്‌സേ തറ കോന്‍ ഹെ? ആറ്റുകാല്‍ രാധാകൃഷ്ണനുപോലും കണ്ടുപിടിക്കാന്‍ പറ്റില്ല ആ ആന്‍സര്‍...

എന്താണെന്നറിയില്ല, ഈ ചന്ദ്രന്‍ ഭായിയേയും എനിക്കങ്ങിഷ്ടമായി.

ഓഫീസിലെ റിസപ്ഷനിസ്റ്റ്‌ ഷേര്‍ളിയോട്‌, 'എന്താ ഷേര്‍ളി ഈയിടെയായി ഒരു മുഖപ്രസാദം. ഭര്‍ത്താവ്‌ ഗള്‍ഫിനു പോയോ' എന്ന് കൊച്ചുവര്‍ത്തമാനവും പറഞ്ഞുകൊണ്ടു ഞാനും, 'ആപ്കി ബാല്‍ ബഹുത്ത്‌ ഖൂബ്‌സൂറത്ത്‌ ഹെ' എന്ന് ശിവാനി എന്ന ഗഡ്‌വാളി പെണ്ണിനോട്‌ ഹിന്ദി പറഞ്ഞു പഠിച്ചുകൊണ്ട്‌ ബെന്നിയും ഇരിക്കുമ്പോഴാണു ചന്ദ്രന്‍റെ ഫോണ്‍ വന്നത്‌..

ബെന്നി ഫോണ്‍ എടുത്തു..

ഖണ്ഡാഹറിലേക്ക്‌ പ്ളെയിന്‍ തട്ടിക്കോണ്ടുപോയ ഭീകരരോടു സംസാരിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ അവന്‍റെ മുഖം സീരിയസ്‌ ആവുന്നു....

"എന്താ അളിയാ... എന്താ പ്രശ്നം? " ഫോണ്‍ കട്ടുചെയ്ത ബെന്നിയോട്‌ ഞാന്‍

"എടാ... നമ്മുടെ ചന്ദ്രനു റൂം മാറണം... ഈ ശനിയാഴ്ച തന്നെ..നിനക്ക്‌ ശനിയാഴ്ച പ്രോഗ്രാം വല്ലതുമുണ്ടോ.. സാധനങ്ങളൊക്കെ ഷിഫ്റ്റ്‌ ചെയ്യാന്‍ സഹായം വേണം അവനു..നീ കൂടി വാ.... "

"അതെന്താ അളിയാ ഇപ്പൊഴത്തേ റൂമിനു കൊഴപ്പം... ? "

"കൊഴപ്പം റൂമിനല്ല..... അവന്‍ മക്കാന്‍ മാലിക്കിനെ തന്തയ്ക്കു വിളിച്ചു.. ഒരാഴ്ചക്കകം മാറാന്‍ അയാളും പറഞ്ഞു"

"മിടുക്കന്‍. വാടകചോദിക്കുന്ന വീട്ടുകാരന്‍റെ തന്തയ്ക്കു വിളിച്ചില്ലെങ്കില്‍ പിന്നെന്തു മലയാളി.... ഒ.കെ.. ഞാന്‍ റെഡി..... ശനിയാഴ്ച ഞാന്‍ ഫ്രീയാ"

ശനിയാഴ്ച്ച ഉച്ചയ്ക്ക്‌ ശ്രീനിവാസ്‌പുരിയിലെ നായരുടെ ഹോട്ടലില്‍ ഞാനും ബെന്നിയും.

"നായരുചേട്ടാ ....രണ്ടൂണെടുത്തേ..... മീന്‍ പൊരിച്ചതും പോരട്ടെ" ബെന്നി

"എടീ പൂതനേ....നീയെവിടെപ്പോയിക്കിടക്കുവാ.... ചോറെടുക്കെടീ രണ്ട്‌.... " നായരുചേട്ടന്‍റെ ഓര്‍ഡര്‍

"മിസ്‌.പൂതന ഇദ്ദേഹത്തിന്‍റെ വൈഫായിരിക്കും അല്ലേടാ...." ഞാന്‍ ബെന്നിയോട്‌ സംശയം ക്ളിയര്‍ ചെയ്തു..

"പൂതന നിങ്ങടെ മറ്റവള്‍........" അകത്തുനിന്ന് പതിവ്രതയുടെ മറുപടി....

"ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായാ ഇതാ കൊഴപ്പം.. പേരുകള്‍ തമ്മില്‍ മാറിപ്പോകും..." ചിരിയടക്കി ഞാന്‍..

"നായിന്‍റെ മോളേ..ഞാനങ്ങോട്ട്‌ വന്നാലുണ്ടല്ലോ....." നായരിങ്ങനെ പറഞ്ഞത്‌ തികച്ചും ന്യായം..അലെങ്കില്‍ പിന്നെന്തു പുരുഷന്‍.

"എന്നാ അതു നിങ്ങടെ ഒടുക്കത്തെ വരവായിരിക്കും..." ഈ മറുപടിയും തികച്ചും ന്യായം.

'ഒടുക്കത്തെ പോക്കുപോകാന്‍ തല്‍ക്കാലം സൌകര്യമില്ല' എന്ന് വിചാരിച്ചിട്ടാവാം, നായരുചേട്ടന്‍ തന്നെ ചോറുവിളമ്പി..

ഊണുകഴിഞ്ഞ്‌ നേരെ ചന്ദ്രന്‍റെ മുറിയിലേക്ക്‌....

ഇറക്കേണ്ട സാധങ്ങള്‍ എല്ലാം അടുക്കിപ്പെറുക്കിക്കൊണ്ട്‌ ഞങ്ങള്‍ മൂന്നുപേരും ചന്ദ്രന്‍റെ മുറിയില്‍..

"ചന്ദ്രാ ..ഈ മീന്‍വല കൊണ്ടുപോകാനുള്ളതോ അതോ കളയാനുള്ളതോ.." തുണിയേക്കാള്‍ കൂടുതല്‍ തുളകളുള്ള അണ്ടര്‍വെയര്‍ ചൂണ്ടി ഞാന്‍....

"ഈ കള്ളുകുപ്പിയെല്ലാം കൂടി കവാടിവാലായ്ക്ക്‌ കൊടുത്താല്‍ ഒരു ഫ്ലാറ്റ്‌ വാങ്ങാനുള്ള കാശുകിട്ടുമല്ലോ അളിയാ." ബെന്നി.

ഇനിയാണു മേജര്‍ ഇഷ്യൂ.. കട്ടില്‍...

മൂന്നാം നിലയുടെ മുകളിന്‍ നിന്നും ബോക്സ്‌കട്ടില്‍ എങ്ങനെ താഴെയിറക്കും. കോവണിവഴി കട്ടിലു പോയിട്ട്‌ കട്ടയാനായ ഒരു മനുഷ്യനു ശ്വാസം പിടിക്കാതെ ഇറങ്ങാന്‍ പറ്റില്ല.. അത്രയ്ക്ക്‌ വൈഡാണത്‌..

"ഇതെന്തിത്ര ആലോചിക്കാന്‍.. കയറുകെട്ടിയിറക്കണം.. മുകളില്‍ രണ്ടുപേര്‍..താഴെ രണ്ടുപേര്‍. കട്ടില്‍കാലില്‍ കയറുകെട്ടി രണ്ടുപേര്‍ ബാല്‍ക്കണിവഴി താഴോട്ടിറക്കുന്നു.. താഴെ നില്‍ക്കുന്ന രണ്ടുപേറ്‍ അത്‌ ആരാംസേ പിടിക്കുന്നു.." ബെന്നിയുടെ ഡിപ്ളോമാറ്റിക്‌ സജക്ഷന്‍..

"എടാ അതത്ര പ്രാക്ടിക്കല്‍ അകുമോ എന്നെനിക്കു തോന്നുന്നില്ല.. അല്ല കട്ടില്‍ ഇറക്കി എനിക്കത്ര പരിചയമില്ല...നിനക്ക്‌ കോണ്‍ഫിഡന്‍സ്‌ ഉണ്ടെങ്കില്‍ ആയിക്കോ..ഞാനായിട്ടെതിരു പറയുന്നില്ല..." പ്രോജക്ടില്‍ അത്ര വിശ്വാസം പോരാതെ ഞാന്‍ ബെന്നിയോടു പറഞ്ഞു.

"എടാ...അടിമാലിയില്‍ വച്ച്‌ എത്ര കട്ടിലിറക്കിയവനാ ഈ ഞാന്‍.. എന്നോടാ നിന്‍റെ ഈ കളി.. ചന്ദ്രാ...കയറുകൊണ്ടുവാ... കൂടെ ഒരാളെയും വിളി.... എപ്പോ ഇറക്കിയെന്നു ചോദിച്ചാ പോരെ.... "

ചന്ദ്രന്‍ എവിടെ നിന്നോ ഒരു കയറും, കയറുപോലെ മെലിഞ്ഞ ഒരു അച്ചായനേയും കൊണ്ടു ഫടാഫട്‌ വന്നു.

ആളില്‍ അശുവാണെങ്കിലും പ്രായം കണ്ടിട്ട്‌ കുറഞ്ഞത്‌ അമ്പത്‌ കട്ടിലെങ്കിലും ഇറക്കിയ ആളായിരിക്കും എന്ന് കരുതി ഞാന്‍ ചോദിച്ചു

"അച്ചായന്‍റെ ഐഡിയ എങ്ങനെ... കയറിട്ടിറക്കാന്‍ പറ്റുമോ.... "

"കയറിട്ടു ഞാന്‍ പശുവിനെ മാത്രമേ ഇറക്കിയിട്ടുള്ളൂ.. കട്ടിലാദ്യാമായാ.. പിന്നെ ഈ കുഞ്ഞു വിളിച്ചു ഞാന്‍ വന്നു.. ഒരു കൈ ഞാനും വക്കാം... "

"ചന്ദ്രാ ...നോക്കിനിക്കാതെ കാലില്‍ കയറിടെടാ......" ബെന്നി അക്രോശിച്ചു..

"കുഞ്ഞേ ചതിക്കല്ലെ..." അച്ചായന്‍ രണ്ടുകാലും പൊക്കിയൊരു ചാട്ടം..

"അച്ചായന്‍റെയല്ല..കട്ടിലിന്‍റെ... "

ചന്ദ്രന്‍ കട്ടിലിന്‍റെ കാലില്‍ കയറിട്ടു..

ഞാനും ഡയറക്ടര്‍ ബെന്നിയും ബില്‍ഡിംഗിന്‍റെ താഴെ വന്നു നിന്നു..

"ഇനി പതുക്കെ കട്ടിലെടുത്ത്‌ ബാല്‍ക്കണിയില്‍ വക്ക്‌..അച്ചായാ പിടിമുറുക്കിക്കോണേ...ആങ്ങ്‌..അങ്ങനെ..പതുക്കെ.... പതുക്കെ താഴോട്ട്‌ നിരക്ക്‌.. "

അച്ചായനും ചന്ദ്രനും കൂടി കട്ടില്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ വച്ചു.

പതുക്കെ താഴേക്കിടാന്‍ തയ്യാറെടുത്തു നിന്നു.

"ചന്ദ്രാ..കയറു മുറുക്കിക്കോണം... അച്ചായാ ഒരു കാരണവശാലും കയറു വിടല്ലേ....." ബെന്നിയുടെ സ്പെഷ്യല്‍ നിര്‍ദ്ദേശം.

"പേടിക്കാതെ കുഞ്ഞേ. ഗീവര്‍ഗീസ്‌ പുണ്യാളച്ചന്‍ പറഞ്ഞാലും ഞാന്‍ വിടുകേലാ.... ഇനി പതുക്കെ അയച്ചുവിട്‌ ചന്ദ്രന്‍ കുഞ്ഞേ... " അച്ചായന്‍

"ചന്ദ്രാ.... പതുക്കെ അയച്ചുവിട്‌.......അങ്ങനെ...ആ.. പതുക്കെ " ബെന്നി

"ചന്ദ്രന്‍ കുഞ്ഞേ... കാലൊറപ്പിച്ച്‌ നിക്കണേ....ദാ ഇതുപോലെ....." ഫുള്‍ കോണ്‍ഫിഡന്‍സോടെ അച്ചായന്‍ ഇതു പറഞ്ഞതും കൈവിട്ടതും ഒന്നിച്ച്‌...
"തള്ളേ...............പോയി..................." അച്ചായന്‍റെ രോദനം താഴെനിന്ന ഞാന്‍ കേട്ടു.

സഹായി കയറുവിട്ടെങ്കിലും കട്ടിലോടുള്ള ആത്മബന്ധം കാരണം പിടിവിടാന്‍ മടിച്ച ചന്ദ്രന്‍റെ കാലുരണ്ടും ആകാശത്തേക്ക്‌ പൊങ്ങിയതും, ആ കാലില്‍ അച്ചായന്‍ കയറിപിടിച്ചതും, രണ്ടുപേരും കുറച്ചുനേരം ട്രപ്പീസ്‌ കളിച്ചതും ഞാനൊന്നു മിന്നിക്കണ്ടു.

"ടപ്പോ....പഠോ..... ടപ്പ്‌...ധക്ക്‌....."

ഞാന്‍ നോക്കിയപ്പോള്‍ കട്ടിലതാ പറക്കും തളികപോലെ താഴത്തെ നിലക്കാരുടെ കൈവരിയും, പൂച്ചെട്ടിയും ഒക്കെ ഭംഗിയായി പൊട്ടിച്ച്‌ കീഴോട്ടു പതിക്കുന്നു.

"അളിയാ ഓടിക്കോ.............................................. "
രണ്ടാം നിലക്കാരന്‍റെ ബാല്‍ക്കണിയുടെ മൂല തകര്‍ത്തുകൊണ്ട്‌ കട്ടില്‍ താഴേക്ക്‌ പതിക്കുമ്പോള്‍ കബഡികളിക്കാനെപ്പോലെ ബെന്നി വലത്തോട്ട്‌ വെട്ടിച്ചൊരോട്ടം. തൊട്ടുപുറകേ ഞാനും..

"പൊത്തോ.....ചില്‍..ചില്‍...ചില്ലോം...ധക്കോം... "ചെവിപൊത്തിപ്പിടിച്ചെങ്കിലും ഇത്രയും ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു. എന്താണാവോ കിലുങ്ങിയത്‌..

ഓ ...അത്രേയുള്ളോ.....താഴെ പാര്‍ക്ക്‌ ചെയ്തിരുന്ന മൂന്നു സൈക്കിളിന്‍റെ ഹാന്‍ഡിലും ബാറും ഒക്കെ ഒടിഞ്ഞു മടങ്ങിയ ശബ്ദമായിരുന്നു.

ഒരു ആരവം കേട്ടു...ആളുകള്‍ ചാടി വരുന്നതു കണ്ടു..

"രുക്‌ ജാ സാലേ മദ്രാസീ........" ഒഴിഞ്ഞ വഴിനോക്കി മുങ്ങല്‍ പ്ളാന്‍ ചെയ്തു പായുന്ന അച്ചായനെ ഒരു ഹിന്ദിക്കാരന്‍ കഴുത്തിനു പിടിച്ചു നിര്‍ത്തുന്നതും കണ്ടു.

ചിന്നിച്ചിതറിയ കട്ടിലിന്‍റെ അവശിഷ്ടങ്ങള്‍ നോക്കി താടിക്ക്‌ കൈകൊടുത്തു ചന്ദ്രന്‍ നില്‍ക്കുന്നു..

'ആയിരം കോടിയുടെ ഉപഗ്രഹം താഴെ വീഴുന്നു..പിന്നാ അഞ്ഞൂറുരൂപയുടെ കട്ടില്‍' എന്ന ഭാവത്തില്‍ കൂളായി വിറച്ചുകൊണ്ട്‌ ബെന്നി..

"നീ അടിമാലിയില്‍ വച്ച്‌ എത്ര കട്ടിലിറക്കീട്ടുണ്ടെന്നാ പറഞ്ഞെ? " തോളില്‍ കൈയിട്ടുകൊണ്ട്‌ ഞാന്‍.

മറുപടിയായി വളിച്ച ഒരു ചിരി

"ഓ..അത്‌ തേക്കുകട്ടില്‍ ആയിരിക്കുമല്ലേ.. ഇത്‌ വെറും പ്ളൈവുഡ്‌ കട്ടിലാണല്ലോ..അച്ചച്ചച്ചാ....... "

തകര്‍ന്ന ബാല്‍ക്കണിയുടെ ഉടമകളും ഒടിഞ്ഞ സൈക്കിളിന്‍റെ ഉടമകളും ഞങ്ങളെ വളഞ്ഞു.

അച്ചായന്‍ അടുത്ത ഗ്യാപ്പ്‌ നോക്കി അക്ഷമനായി മുങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.

"ഇനി എന്തുചെയ്യും ദൈവമേ..." കഷണ്ടിയില്‍ കൈയോടിച്ച്‌ ചന്ദ്രന്‍..

"തല്‍ക്കാലം നീ ഒരു ആശാരിയേയും, ഒരു മേസ്ത്രിയേയും ഒരു കൊല്ലനേയും വിളിച്ചോണ്ടു വാ.. " ബെന്നി സ്നേഹത്തോടെ പറഞ്ഞു

ചന്ദ്രന്‍ ദയനീയമായി ഒന്നു നോക്കി..

"മനസിലായില്ലേ.. ആശാരി കട്ടിലു പണിയാന്‍, മേസ്ത്രി ദാ ആ ബാല്‍ക്കണി പണിയാന്‍, കൊല്ലന്‍ ഈ സൈക്കിളു പണിയാന്‍..... "

**** സ്പ്രിംഗ്‌ ആഫ്റ്റര്‍ വിന്‍റര്‍ ****

യമുനയിലൂടെ പല വെള്ളം ഒഴുകി..

ബെന്നി സേവ്യര്‍ ഇറ്റലിയിലേക്ക്‌ പറന്നു. രണ്ടു കുട്ടികളുടെ അപ്പനായി.. ക്ളാസ്‌ വണ്‍ ജീവിതത്തിനുടമയായി. സുന്ദരന്‍ എന്ന ബ്ളോഗറായി.. ചിമ്മാരുമറിയത്തിന്‍റെ കഥ പറയുന്നവനായി.....

ചന്ദ്രന്‍ എങ്ങോട്ടോ പോയി........

തണുപ്പും ചൂടും കാച്ചിയെടുത്ത്‌ എന്‍റെ ജീവിതവും ഏറെ വരണ്ടും ഇടയ്ക്ക്‌ തളിര്‍ത്തും മാറിമറിഞ്ഞു...

ഒരു ക്രിസ്മസ്‌ കൂടി പടിക്കലെത്തുമ്പോള്‍ പ്രിയപ്പെട്ട ബെന്നീ, നിന്‍റെ ഏലയ്ക്കാമണമുള്ള മനസ്‌ ഞാന്‍ ഓര്‍ത്തുപോകുന്നു.

പലപ്പോഴായി അഞ്ചും പത്തുമായി ഞാന്‍ കടം വാങ്ങിയ, എത്രയുണ്ടെന്ന് നിനക്കുപോലും അറിയാത്ത, നിനക്കറിയാന്‍ താല്‍പര്യം ഇല്ലാത്ത നോട്ടുകള്‍ ഞാനോര്‍ത്തുപോകുന്നു.

നീ വാങ്ങിത്തന്ന ഛോലാ കുല്‍ച്ചകളുടെ പുളിയും എരിവും നാവു വീണ്ടും തിരക്കുന്നു.

പഴയ ഒരു ക്രിസ്മസ്‌ രാത്രിയില്‍ ശ്രീനിവാസപുരിയിലെ പാര്‍ക്കിലൂടെ റോളര്‍ സ്കേറ്ററില്‍ തെന്നി നീങ്ങുന്ന നിന്‍റെ കുസൃതി ഓര്‍ത്തുപോകുന്നു.

മഞ്ഞുവീഴുന്ന ഇറ്റാലിയന്‍ നിരത്തുകളില്‍ നീ ഇപ്പൊഴും റോളര്‍ സ്കേറ്റിംഗ്‌ ചെയ്യാറുണ്ടോ,
ഗിറ്റാറില്‍ മൃദു സംഗീതമൊഴുക്കാറുണ്ടോ....
പെന്‍സില്‍മുനകൊണ്ട്‌ കാടും കാട്ടാറും തീര്‍ക്കാറുണ്ടോ.....

അപ്പോള്‍ സുന്ദരാ....ഈ ക്രിസ്‌മസ്‌ ദിനങ്ങള്‍ നിനക്കായി ഡെഡിക്കേറ്റ്‌ ചെയ്തുകൊണ്ട്‌ ഓര്‍മ്മകളുടെ യേരാ ഗ്ളാസില്‍ ഞാനിതാ മേരാ ഗ്ളാസ്‌ മുട്ടിക്കുന്നു...

ചീയേഴ്സ്‌....ക്ളിംഗ്‌.....

ശബ്ദം നീ കേട്ടുവോ...........

ജനല്‍പാളി തുറന്നു വെളിയിലേക്ക്‌ നോക്കി

മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ തണുത്തുവിറച്ചുറങ്ങുന്ന ഭൂമി മങ്ങിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ നിറഞ്ഞ ദില്ലിയുടെ ആകാശം....

ആ നക്ഷത്രങ്ങളെ നോക്കി നിരാലംബയായ അമ്മയെപ്പോലെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഭൂമി....

നൂറു മക്കളും ചോരയൊലിപ്പിച്ചു പിടഞ്ഞു വീഴുന്ന കണ്ട്‌, ഉറക്കം വരാത്ത ഗാന്ധാരിയെപ്പോലെ നിര്‍വികാരയായ ഭൂമി.....

'അമ്മേ വസുന്ധരേ..... നീയിനി എത്ര നാള്‍... ഞങ്ങളുടെ പാപങ്ങള്‍ ഏറ്റുവാങ്ങി നീയിനി എത്ര നെഞ്ചിടിപ്പിന്നിപ്പുറം?'

'ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരകള്‍ ദൂതരിങ്ങിയ
മണ്ണിന്‍ സമാധാന രാത്രി
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.. '

കരോള്‍ഗാനം മഞ്ഞിലൂടെ കാതുകളിലെത്തി..

പൊള്ളുന്ന ഭൂമിയിലേക്ക്‌ വീഴുന്ന ഉണ്ണിയേശുവിന്‍റെ തിളങ്ങുന്ന കണ്ണുകള്‍...

അവനിയുടെ നോവിനെ സ്വന്തം നെഞ്ചിലേക്കേറ്റുവാങ്ങാനിറങ്ങിയ തിരുപ്പിറവിയുടെ മറ്റൊരോറ്‍മ്മ......

"ദൈവമേ നിന്നോടൊരു ചോദ്യമേ ഉള്ളൂ എനിക്ക്‌. ഈശ്വരന്‍മാര്‍ പിറന്ന ഇടങ്ങളിലാണു കലാപങ്ങളും അശാന്തിയും ഏറെ... അയോധ്യയില്‍, ഇസ്രായേലില്‍, മധുരയില്‍..... വൈ..? ടെല്‍ മീ...വൈ... ?"

'ശാന്തരാത്രി തിരുരാത്രി
പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി..

" സോറി ദേവാ... അല്‍ഖ്വയ്ദയും, അബു ഗുറെയ്ബും, അണുസ്പന്ദനങ്ങളും താറുമാറാക്കിയ ഈ മണ്ണിനെ രക്ഷിക്കാന്‍ ഉണ്ണിയേശു, നിനക്കെന്നല്ല ഒരു ദൈവത്തിനും ആവില്ല...

എങ്കിലും നിന്‍റെ ചിരിയെ ഇന്നു ഞാന്‍ നെഞ്ചോട്‌ ചേര്‍ക്കുന്നു.. കരളിലെ കടലാസു നക്ഷത്രത്തിനുള്ളില്‍ ഒരു മെഴുകുതിരി ഞാനും കൊളുത്തുന്നു.

കതകിന്‍റെ ഓടാമ്പല്‍ ഒന്നുകൂടി ഇറുക്കിയടച്ചു...

'ഓടാമ്പലിടാതെ ഉറങ്ങാന്‍ പറ്റിയ ഒരു ദിനം എനിക്ക്‌ തരൂ ഉണ്ണിയേശു......... '

അമേന്‍ ആന്‍ഡ്‌ ഗുഡ്‌നൈറ്റ്‌

42 comments:

G.MANU said...

ഈ ഡിസംബറില്‍ ഡല്‍ഹി, തണുപ്പു വാരിപ്പുതയ്ക്കുമ്പോള്‍, ഓര്‍മ്മകളുടെ കലണ്ടര്‍താളുകള്‍ ചിതറിയുയരുന്നു. പത്തോളം വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ മനസ്സ്‌ പായുന്നു. ഏലയ്ക്കായുടെയും ഗ്രാമ്പൂവിന്‍റെയും മനസുള്ള, സ്നേഹത്തിന്‍റെ പട്ടയം ഹൃദയമാകെ പതിച്ചു കിട്ടിയ ഒരു അടിമാലിക്കാരന്‍. പെന്‍സില്‍ ഡ്രോയിംഗും ഗിത്താറും നാടന്‍ ചൂരുള്ള നെഞ്ചിടുപ്പും കൂടെ കൊണ്ടുനടക്കുന്നവന്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പകരുവാന്‍ അരോ സ്പെഷ്യല്‍ ക്ലാസ്‌ കൊടുത്തവന്‍. അതിജീവനത്തിനു അടിവരയിട്ടുകൊണ്ട്‌ അടിമാലിയില്‍ നിന്നും ദില്ലിയിലേക്ക്‌ വണ്ടികയറിയ ബെന്നി സേവ്യര്‍.


എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്‌മസ്‌ ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ വക തേങ്ങയടി.കുറെ കാലമായി ഒരു തേങ്ങയും പിടിച്ചു നടക്കുവാ.

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌
കടമിഴിയുടെ കതകുതുറന്നൊരു
കുടമുല്ല...... പുഞ്ചിരിതന്ന്
തുടു കവിളിണയൊന്നു ചുവന്ന്
വടിവൊടുനുണചുഴികളിഞ്ഞ്‌....


എന്റമ്മോ.... കിടിലന്‍.ഞാന്‍ അങ്ങേക്കു ശിഷ്യപ്പെടുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തമാശയും, കൂട്ടും എന്നുമൊരു നോവാണ്.കാരണം അതിന് ഹൃദയത്തിന്റെ ഭാഷയാണ്.

നക്ഷ്ത്രങ്ങള്‍ വാരിവിതറിയ ആകാശത്തിനു താഴെ,ഒരു ക്രിസ്തുമസ് രാവു കൂടി.ആശംസകള്‍.

ഓ.ടോ:ആരും പരാതി പറയണ്ട. ഒന്നു കമന്റീതു പോരാഞ്ഞിട്ടാ ഒന്നൂടി കമന്റിയെ.

ശ്രീ said...

മനുവേട്ടാ...

ഈ ഡിസംബറിന്റെ തണുപ്പില്‍‌ സൌഹൃദങ്ങളുടെ ആ ഇളം ചൂടുള്ള ഓര്‍‌മ്മകള്‍‌!

നന്നായിരിയ്ക്കുന്നു, ഓര്‍‌മ്മകളിലെ സൌഹൃദത്തിന്റെ രസകരമായ നാളുകള്‍‌!

എടുത്തു പറയാന്‍‌ കുറേ ഭാഗങ്ങളുണ്ടെങ്കിലും ഏറ്റവും ചിരിപ്പിച്ചത് ഇതാണ്‍.

"ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായാ ഇതാ കൊഴപ്പം.. പേരുകള്‍ തമ്മില്‍ മാറിപ്പോകും..."

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ആരോഗ്യത്തിന്റെ രഹസ്യം” കലക്കി.

അപ്പോള്‍ സുന്ദരന്‍ ചേട്ടനുമായി ഇങ്ങനെയൊരു വിഹിത ബന്ധമുണ്ടായിരുന്നോ?

ഇനിയെപ്പോഴാ ചാറ്റ് റെക്കോഡ് വച്ച് ഞങ്ങളേയൊക്കെപ്പറ്റി കഥയെഴുതാന്‍ പോണത്?

ഒരു പുതിയ പേരൂടെ തരട്ടെ ‘ബിറ്റ് സ്പെഷലിസ്റ്റ്’

ആ നായര്‍ചേട്ടന്‍ ഹോട്ടല്‍ ബിറ്റ് കഥാ ഗതിയില്‍ എവിടേം ആവശ്യമില്ലേലും എന്നാ കറക്ടായിട്ടാ കുത്തിക്കേറ്റിത്തുന്നി വച്ചിരിക്കുന്നത്!!!!!

Mr. K# said...

കവിതയും കൊള്ളാം. സുന്ദരന്‍ പറഞ്ഞതു കാര്യം. എന്നാ‍ ആല്‍ബം ആക്കുന്നത്? :-)

ക്രിസ്‌വിന്‍ said...

മനു,
"ടപ്പോ....പഠോ..... ടപ്പ്‌...ധക്ക്‌....."

കട്ടില്‍ വീഴുന്ന ശബ്ദം അങ്ങനെയല്ലാന്ന് ഞാന്‍ തെളിച്ചിട്ടുണ്ട്‌.
"ഡിം...പടക്‌....ഡും....ക്ലക്‌"
എന്നാ.ഞാന്‍ അതിന്‌ പേറ്റന്റും എടുത്തിട്ടുണ്ട്‌



:)

ക്രിസ്തുമസ്‌ ആശംസകള്‍

[ nardnahc hsemus ] said...

ഉം “നല്ല ഗലക്കന്‍ ഓര്‍മ്മകള്‍”!


( “ഓര്‍മ്മകളിലൊരു പൊത്തോ..ചില്‍..ചില്ലോം..ധക്കോം!“ എന്നൊ പറക്കും തളിക എന്നോ തലക്കെട്ടിടാതെ ഇങ്ഗനെകൊടുത്തതിലെ ഗുട്ടന്‍സ് എന്താണാവൊ?? തലക്കെട്ടിലെ ആ രണ്ടാമത്തെ സുന്ദരന്‍ ആരാ അച്ചായാ?)

യേരാ ഗ്ളാസില്‍ ഞാനിതാ മേരാ ഗ്ളാസ്‌ മുട്ടിയ്ക്കലും ചീയെര്‍സടിയും കഴിഞ്ഞുള്ള “വേദമോതല്‍” ദഹിച്ചില്ല അച്ഛായാ...?

Unknown said...
This comment has been removed by the author.
ഹാരിസ് said...

നന്ദി.ഇതെഴുതിയതിന്...

CHANTHU said...

എന്റമ്മോ, കസറിക്കളഞ്ഞു കെട്ടൊ.

പ്രയാസി said...

“കോഴിക്കാലും റമ്മും വേണ്ടാതീനം പറച്ചിലുമായി ഒരു രാത്രി തള്ളിനീക്കിയപ്പോള്‍ എനിക്കൊരു സംശയം മാത്രം ബാക്കി.. ബെന്നി, ഞാന്‍, ചന്ദ്രന്‍. ഞങ്ങള്‍ മൂന്നുപേരില്‍ സബ്‌സേ തറ കോന്‍ ഹെ? ആറ്റുകാല്‍ രാധാകൃഷ്ണനുപോലും കണ്ടുപിടിക്കാന്‍ പറ്റില്ല ആ ആന്‍സര്‍... “

ഹ,ഹ ഇതിലെത്ര സംശയമെന്താ.. മനൂ..;)

ക്രിസ്‌മസ്‌ ആശംസകള്‍

Unknown said...

മറ്റു പോസ്റ്റുകളില്‍ നിന്നുംവ്യത്യസ്തമായിത്തോന്നി
കവിത സൂപ്പര്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ദില്ലിയിലെ പ്രവാസജീവിതത്തിന്റെ സ്മരണകളിലൂടെ വന്ന്, ഓടാമ്പലില്ലാതെ ഉറങ്ങാ‍ന്‍ പറ്റിയ ഒരു ദിനത്തിനായ് കൊതിക്കുന്ന ഇന്നിന്റെ ഭീതിയിലെത്തി നില്‍ക്കുന്ന പോസ്റ്റ് നന്നായിട്ടുണ്ട്. ഈശ്വരന്മാര്‍ പിറന്ന ഇടങ്ങളില്‍ കലാപങ്ങള്‍ ഒരുക്കുന്നവരാരാണ്? നമ്മള്‍ തന്നെയല്ലേ? കലാപങ്ങള്‍ക്കു തഴച്ചു വളാരാന്‍ ഇതിലും നല്ല മണ്ണ് എവിടെയുണ്ടീ ഭൂമിയില്‍. പാവം ഇശ്വരന്മാര്‍ .. ഈശ്വരനു വേണ്ടി, ഈശ്വരന്റെ സൃഷ്ടികളെന്നഭിമാനിക്കുന്നവര്‍, ഈശ്വരന്റെ തന്നെ മണ്ണില്‍ ഈശ്വരനിരിക്കാനുള്ള ഇടത്തിനു വേണ്ടി പൊരുതി മരിക്കുന്നു, കൊല്ലുന്നു. ഇതില്‍പ്പരം ഈശ്വര നിന്ദ വേറെന്തുണ്ട് കൂട്ടുകാരെ.എല്ലാവര്‍ക്കും ശാന്തിയും സമാധാനവുമുണ്ടാകട്ടെയെന്നും, ദൈവങ്ങള്‍ക്കു വേണ്ടിയുള്ള നിണച്ചൊരിച്ചലുകള്‍ അവസാനിക്കട്ടേയെന്നും ആശംസിച്ചു കൊണ്ട്

pravasalokam said...

Good manu nalla kathaa

entte x'Mas ashamsakal

vivek said...

ദൈവമേ നിന്നോടൊരു ചോദ്യമേ ഉള്ളൂ എനിക്ക്‌. ഈശ്വരന്‍മാര്‍ പിറന്ന ഇടങ്ങളിലാണു കലാപങ്ങളും അശാന്തിയും ഏറെ... അയോധ്യയില്‍, ഇസ്രായേലില്‍, മധുരയില്‍..... വൈ..? ടെല്‍ മീ...വൈ... ?"

വളരെ ഇഷ്ടായി മനുയെട്ടാ...

ഏറനാടന്‍ said...

നന്നായി മനുവേ...

മനോജ് കുമാർ വട്ടക്കാട്ട് said...

മനൂ, സ്നേഹം കുത്തിനിറച്ചൊരു കൃസ്തുമസ്സ്‌ സമ്മാനം.

(ഇതെഴുതുന്നതിന്ന് മുന്‍പ്‌ എത്രയെണ്ണം വിട്ടു? :)

ആഷ | Asha said...

സുന്ദരോ സുന്ദരനു ഗിറ്റാര്‍വായനയും റോളര്‍‌സ്കേറ്റിങ്ങുമൊക്കെയുണ്ടല്ലേ.
ആളൊരു സര്‍വ്വകലാവല്ലഭനാ‍ണല്ലോ
:)

Sathees Makkoth | Asha Revamma said...

സുന്ദരനെ കൂടുതല്‍ പരിചയപ്പെടുത്തിയതിന് നന്ദി.

ദിലീപ് വിശ്വനാഥ് said...

മനൂ..
ഇതു വായിച്ചു കഴിഞ്ഞു. നിന്നെ ഒന്നു വിളിച്ചിട്ട് കമന്റിടണോ അതോ കമന്റിട്ടു കഴിഞ്ഞിട്ട് നിന്നെ വിളിക്കണോ എന്നൊരു ഗണ്‍ഫൂഷന്‍. എനിവേ, ആദ്യം കമന്റ്, പിന്നെ വിളി.

അപ്പോള്‍ സുന്ദരാ....ഈ ക്രിസ്‌മസ്‌ ദിനങ്ങള്‍ നിനക്കായി ഡെഡിക്കേറ്റ്‌ ചെയ്തുകൊണ്ട്‌ ഓര്‍മ്മകളുടെ യേരാ ഗ്ളാസില്‍ ഞാനിതാ മേരാ ഗ്ളാസ്‌ മുട്ടിക്കുന്നു...

വെയിറ്റ്, ഞാനും ഒരു ഗ്ലാസ്സെടുക്കട്ടെ...

ക്രിസ്തുമസ് ആശംസകള്‍ മനൂ....

മൂര്‍ത്തി said...

:)
Merry Xmas

സജീവ് കടവനാട് said...

ക്രിസ്തുമസ് ന്യൂയര്‍ ആശംസകള്‍!

സുന്ദരന്‍ said...

പ്രിയ മനുക്കുട്ടാ...

നിന്നെയെനിക്ക് കടിച്ച്‌തിന്നാന്‍‌തോന്നണു...(സ്നേഹം‌കൊണ്ടാണെ..)
ബ്രിജ്‌വിഹാരമെന്ന ഹിറ്റ്ബ്ലോഗില്‍ ഒരു പോസ്റ്റ് എന്റെപേരില്‍ പതിച്ചതിനു...
ഡല്‍ഹിയിലെ കൊടുംതണുപ്പിലുറയാതെയും കൊടുംചൂടിലുരുകാതെയും നീ കാത്തുസൂക്ഷിക്കുന്ന ഈ സൗഹൃതത്തിനു... നമ്മുടെമാത്രം സ്വന്തമായ ഓര്‍മ്മകള്‍ നിന്റെ വായനക്കാര്‍ക്കായ് പങ്കുവച്ചതിനു...നമ്മുടെ മാത്രംസ്വന്തമായ ചിരിയരങ്ങുകള്‍ ഓര്‍മ്മപ്പെടുത്തിയതിനു...

ഒരു നല്ല ക്രിസ്മസ്സ്‌നിനക്ക്...(നമുക്ക്) ഞാന്‍ നേരുന്നു.
ഓര്‍മ്മളുടെ കലമാനുകളെപൂട്ടിയ തെന്നുവണ്ടിയില്‍ നിറയെ സ്നേഹവുമായ് എന്റെ ആഗ്രഹം മഞ്ഞിലൂടെ തെന്നിതെന്നിവരും മനു....നിന്നെത്തേടി. ക്രിസ്മസ്സിനുമാത്രമല്ല... എല്ലാദിവസങ്ങളില്‍തന്നെയും... ബ്രിജ്‌വിഹാരത്തിലൂടെ, നെഹ്രുപ്ലെസിലൂടെ, ശ്രീനിവാസ്പുരിയിലെ ഇടുങ്ങിയ ഗലികളിലൂടെ...


പിന്നെമനു...
നമ്മുടെ ചന്ദ്രന്‍ഭായീടെ 1500 രൂപയുടെ കട്ടിലും, ജാട്ട് മക്കാമാലിക്കിന്റെ കുറെപൂച്ചട്ടിയും, പാവപ്പെട്ട ബീഹാറികളുടെ സൈക്കിളും മാത്രമല്ല തകര്‍ന്നടിഞ്ഞത്..... എന്റെ ആത്മവിശ്വാസവുംകൂടിയായിരുന്നു.

അന്ന് ആ കട്ടിലിനടിയില്‍നിന്നും ഒരു ബ്രാല്‍മത്സ്യത്തെപ്പോലെ നീതെന്നിമാറിയത്!!!... ഉള്‍ത്തരിപ്പോടെ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്.... റോളര്‍ സ്കേറ്റിംഗില്‍ എന്തൊക്കെയോ ആണെന്നഅഹങ്കാരത്തില്‍ നടന്ന എന്നെപ്പോലും നിഷ്പ്രഭനാക്കികൊണ്ടാ നീ അന്നുതെന്നിയത്....

പാവം അച്ചായനെ ഹിന്ദിക്കാരു കഴുത്തിനു കുത്തിപിടിച്ചകാര്യം മാത്രമേപറഞ്ഞൊള്ളല്ലോ...
'അറിയാമ്മേലാത്തപണിക്ക് പോകരുത് ...' എന്നും പറഞ്ഞ് ആതിരക്കിനിടയിലും നീ എന്റെ കഴുത്തിനൊന്നുകുത്തിപിടിച്ചാരുന്നൂട്ടൊ...

എന്തുപറയാനാ... വരാനിരിക്കണത് വഴിയില്‍ തങ്ങില്ലാന്നൊരു പഴംചൊല്ലില്ലെ... അതുപോലെതന്നെ വരാനിരിക്കണത് അന്തരീക്ഷത്തിലും തങ്ങില്ലാ... എന്ന് അന്നുമനസ്സിലായ്.


കട്ടിലുവീണകേസില്‍ 3000 രൂപയോളം അന്നുനഷ്ടമായ്..
എന്നിട്ടും ചന്ദ്രന്‍ഭായീ പഠിച്ചില്ലാട്ടോ ...അല്ലെങ്കില്‍ പെങ്ങളെകെട്ടിക്കാന്‍ സ്ത്രീധനവും സ്വര്‍ണ്ണാഭരണങ്ങളുമായ് നാട്ടിലേക്ക് പോയദിവസം റയില്‍‌വെസ്റ്റേഷനിലേക്ക് എന്നെകൂട്ടിനുവിളിക്കുവോ...ഇനി അഥവാ വിളിച്ചാലും പണവും പൊന്നും സൂക്ഷിച്ചിരുന്നപെട്ടിക്ക് കാവല്‍എന്നെഏല്പിക്കാമോ...
പാവംഞാന്‍ വെറുതെ സീനറികണ്ടുനിന്നസമയത്ത് ....ഒന്നും പറയണ്ട് അന്നു പോയതു ഏകദേശം ഒരുലക്ഷമാ...

ആ അച്ചായന്റെകാര്യമോര്‍ത്താല്‍ ചന്ദ്രന്‍ഭായീടെ നഷ്ടമൊന്നും ഒരു നഷ്ടമല്ലാട്ടൊ....
ഇഹലോഹജീവിതം വെറും മായയാണെന്നതിരിച്ചറിവില്‍ ഒരുകയറു സീലിങ്ങില്‍കെട്ടി അതില്‍തൂങ്ങി പരലോകത്തേയ്ക്ക് കയറിപ്പോയ് ആ പാവം അച്ചായന്‍.

യമുനയില്‍ വെള്ളം കുറേ ഒഴുകിയപ്പോള്‍...

ഡല്‍ഹിയില്‍ ജീവിക്കാനുള്ളമിടുക്കില്ലായെന്നതിരിച്ചറിവിലാണ് ഞാന്‍ യൂറോപ്പിലേക്ക് കടന്നത്. കോടീശരനാകാനല്ലാ......എന്നാലും ചിലപ്പോള്‍ ആയേക്കും..(മുടങ്ങാതെ സൂപ്പറെനലോട്ടോ എടുക്കണൊണ്ട്)

മനുവിന്റെ ചിലപാട്ടുകളെല്ലാം ചിട്ടപ്പെടുത്തി വച്ചിട്ടൊണ്ട് ...മനസ്സിലെ ഡിസ്കില്‍കിടന്നത് ചുറ്റിക്കൊണ്ടിരിക്കുന്നു...
അടുത്ത ക്രിസ്മസ്സിനുമുമ്പെ... വേറെ കട്ടിലുതലയില്‍ വീണില്ലായെങ്കില്‍ കോമ്പാറ്റ്ഡിസ്കില്‍ പതിക്കണമെന്നുകരുതുന്നു....

------
പിന്നെ മനു... ആ നായരുചേട്ടന്റെ ചായക്കട ഇപ്പോള്‍ ബ്ലോഗിലൂടെ ലോകം‌മുഴുവനും അറിയപ്പെടുന്നു എന്ന് ഒരിക്കല്‍ മനോരമയില്‍ വായിച്ചു. ഞാന്‍ എന്റെ ഡല്‍ഹിക്കഥകളിലെല്ലാംതന്നെ നായരുചേട്ടനെയും സരളചേച്ചിയേയും കുറിച്ചെഴുതിയിട്ടുണ്ട്. അവരുടെ കസ്റ്റമേഴ്സിന്റെ മുമ്പിലുവച്ചുള്ള കൊച്ചുകൊച്ചു വാക്പയറ്റുകള്‍ ഒരു ബിസിനസ്സ് സീക്രട്ടാണ്... രസകരങ്ങളായ ആ കലഹങ്ങള്‍കേള്‍ക്കാന്‍ വേണ്ടിമാത്രം പതിവായ് അവിടെ ആഹാരംകഴിക്കാന്‍ പോകുന്നവരെ എനിക്കറിയാമായിരുന്നു...

ബ്രിജ്‌വിഹാരത്തിനും എല്ലാവായനക്കാര്‍ക്കും മനുവിനും ഒരിക്കല്‍കൂടി ക്രിസ്മസ്സിന്റെം പുതുവര്‍ഷത്തിന്റെം മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്...

സുന്ദരന്‍ എന്ന് ഞാന്‍ വിളിക്കുന്ന ബെന്നി
റോമ

Anonymous said...

എന്താ പറയണ്ടെ ബഹുബഹുബഹുബഹുത്തച്ചാ

krish | കൃഷ് said...

മനൂ, യേ തോ ബഹുത് അച്ചാ ലഗാ.

ആദ്യം യേരയുടെ തേരാ ഗ്ലാസ്സും മേരാ ഗ്ലാസ്സും അന്തരീക്ഷത്തില്‍ ഒന്നു മുട്ടിക്കട്ടെ.
“താങ്ക്യൂ അളിയാ.. നീ താന്‍ എന്‍ ക്ളോസ്‌ ദോസ്ത്‌...." ഗിറ്റാര്‍ മൂന്നാം കാലാക്കി ആടുന്ന ബോഡിക്കൊരു താങ്ങുകൊടുത്ത്‌ ബെന്നി. “

"അളിയാ ഓള്‍ഡ്‌ മങ്കി എടുക്കട്ടെ... ഒരു പെഗ്‌" ബെന്നി

"വേണ്ടളിയാ... ഞാന്‍ വിസ്കി വീശിയതാ..രണ്ടുംകൂടി ചേര്‍ന്നാല്‍ കോക്ക്‌ടെയില്‍ പോലെ വളഞ്ഞു നിന്ന് കമട്ടേണ്ടി വരും.. ഓ..എന്നാലും ഒന്നെടുക്കാം അല്ലേ....."

(ചുന്ദരനും മനുവും ചന്ദ്രനും മുതുക്കന്‍ കുരങ്ങുരസായനമാണോ കഴിച്ചിരുന്നത്, അന്ന്..
‘ഓള്‍ഡ് മങ്കി’ എന്ന് കേട്ട് ഇതു പുതിയ വല്ല സാധനമാണോന്ന് ആലോചിക്കുവാ.)

രസകരമായ ക്വാട്ടുകള്‍ നിറയെ ഉണ്ടല്ലോ. അടിപൊളിയായി.
അപ്പോള്‍ ക്രിസ്തുമസ് പുതുവര്‍ഷ ആശംസകളും ഒപ്പം.

വേണു venu said...

ഹാഹാ...മനു ഭായി..
ഓര്‍മ്മകളിലെ സംഭവങ്ങളൊക്കെ കൊള്ളാം.

തലേക്കേട്ട് എന്‍റെ വകയാണല്ലോ.
ഒരിക്കല്‍‍ ബെന്നിയുമായി ഒരു ചാറ്റില്‍‍ ഞാനതു കോട്ടു ചെയ്തിരുന്നു. സുന്ദരന്ന് ഞാനും. ഹഹാ..
നല്ല രസികന്‍‍ വിവരണം.:)

നവരുചിയന്‍ said...

വളരെ നന്നായിരിക്കുന്നു മാഷെ ,
അന്ന് ആ കട്ടില്‍ തലേല്‍ വീണിരുന്നു എങ്കില്‍....
എന്ത് പറയാനാ
സ്വപ്നം കണ്ടിട്ട് വല്ല കാര്യവും ഉണ്ടോ ???

Unknown said...

നന്നായിട്ടുണ്ട് മനൂ വളരെ വളരെ ... ആദ്യത്തെ കവിത തന്നെ മനോഹരം .. പിന്നെ എന്താ പറയേണ്ടത് .. എത്ര പറഞ്ഞാലും അധികമാവുകയില്ല ,അത്രയും നന്നായിട്ടുണ്ട് ...

ഉപാസന || Upasana said...

"അടിമാലിക്കവലയില്‍ വച്ച്‌
അടിമുടിയുടലാകെയുലച്ച്‌
കടമിഴിയുടെ കതകുതുറന്നൊരു
കുടമുല്ല...... പുഞ്ചിരിതന്ന്
തുടു കവിളിണയൊന്നു ചുവന്ന്
വടിവൊടുനുണചുഴികളിഞ്ഞ്‌
കടുമുകിലൊളി മുടിയുമണിഞ്ഞൊരു നാടന്‍ പെണ്ണ്‍... എന്‍റെ
കല്‍ക്കണ്ടക്കനവില്‍ കടവില്‍ വന്നൊരു പെണ്ണ്‍... "

ബലേ ബലേ...
കുതിരവട്ടന്റെ ചോദ്യം ന്യായം.

ഓര്‍മകളുടെ സുഗന്ധം പേറുന്ന ഡിസംബറില്‍ ഒരു ക്രിസ്മസ്സ് കൂടി
ആശംസകള്‍ ഭായ്
:)
എന്നും സ്നേഹത്തോടെ
ഉപാസന

Jay said...

ചന്ദ്രനെ ഞാന്‍ സൂക്ഷിച്ചൊന്നു നോക്കി. ഒന്നുറപ്പായി. പുള്ളിയും വിജയ്‌ മാല്യയ്ക്ക്‌ അമ്പതുരൂപ കൊടുത്തിട്ടാണു വരവ്‌..
“ഈ കളിയാ പൊന്‍‌മാന്‍”....

ചന്ദ്രകാന്തം said...

ഓര്‍മ്മകളുടെ നവരസങ്ങള്‍... നന്നായി.
പതിവിലും വ്യത്യസ്തമായ വഴികളിലൂടെ നടന്ന പോലെ...
ഇരുവശത്തും കാഴ്ച്ചകളുടെ ധാരാളിത്തം ആസ്വദിച്ചു.

..സ്നേഹപൂര്‍‌വ്വം..
ക്രിസ്തുമസ് ആശംസകള്‍.

സുല്‍ |Sul said...

മനുച്ചായാ
കസറി.

മൂന്നാം നിലയില്‍നിന്നു
കട്ടിലു കയറുകെട്ടിയിറക്കുന്ന പോലല്ലേ
ചിമ്മാരുമറിയക്കാരനായ സുന്ദരനെ
മൊത്തമായും ചില്ലറയായും
ഞങ്ങളുടെ മണ്ടക്കിട്ടത്.

നന്നായിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

മനുവേ.. ഈ “സുന്ദരന്‍” പോസ്റ്റ് വളരെ വളരെ ഇഷ്ടമായി കേട്ടോ. 'ഓടാമ്പലിടാതെ ഉറങ്ങാന്‍ പറ്റിയ ഒരു ദിനം എനിക്ക്‌ തരൂ ഉണ്ണിയേശു......... “ ഇത് ഉള്ളില്‍ത്തട്ടി കേട്ടോ.

മനുവിനും കുടുംബത്തിനും ക്രിസ്മസ്, പുതുവത്സര ആശംസകള്‍!

സാജന്‍| SAJAN said...

മനൂജി, ഓര്‍മകളേ വായിച്ചു , സുന്ദരന്‍ അപ്പൊ അത്രയും സുന്ദരന്‍ ആയിരുന്നു അല്ലേ? പരിചയപ്പെടുത്തിയതിനു നന്‍‌റി, എഴുത്ത് പതിവുപോല്‍ ബഹുത്ത് സുന്ദര്‍ ഹൈ!
ക്രിസ്മസ്സ്, പുതുവത്സരാശംസകള്‍:)

ലേഖാവിജയ് said...

മനൂ,
നല്ല ഹൃദയമുള്ള ഒരാള്‍ക്കു മാത്രമേ സുഹൃത്തുക്കളെക്കുറിച്ച് ഇത്രയും ഹൃദയസ്പര്‍ശിയായി എഴുതാന്‍ കഴിയൂ.നിന്റെ നന്മ,നിന്റെ സൌഹൃദം എന്റെയും പുണ്യം.ആശംസകള്‍ !

simy nazareth said...

ചേട്ടായീ, ഹാപ്പി ക്രിസ്തുമസ് :)

എഴുത്തു നന്നായീന്നു എടുത്തു പറയണ്ടല്ലോ അല്ലേ :-) ബെന്നിക്കും ഒരു വല്യ ചിയേഴ്സ്

കുറുമാന്‍ said...

ചോലായുടെ എരിവും, പുളിപ്പും, സ്വാദുമുള്ള, കുല്‍ച്ചയുടെ മൃദുത്വവുമുള്ള ഈ ഓര്‍മ്മകള്‍ അതീവ സുന്ദരം.

ദില്ലിയിലെ വര്‍ഷങ്ങള്‍ ഓര്‍ത്തുപോയി.......

കുറുമാന്‍ said...
This comment has been removed by the author.
ഒറ്റയാന്‍ | Loner said...

നന്നായിട്ടുണ്ട്.
നര്‍മവും, വേദനയും, വിരഹവും എല്ലാം ഒന്നിച്ചൊരു കുറിപ്പില്‍.
എങ്ങനെ സാധിക്കുന്നു!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഴിഞ്ഞുപോയ ആ ഇന്നലെയുടെ നല്ല ഓര്‍മകള്‍.
നഷ്ടപ്പെട്ടുപോയ സുന്ദര ദിനങ്ങള്‍ അതിനി വെറും സ്വപ്നങ്ങള്‍ മാത്രം. നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്നങ്ങളും..
ആശംസകള്‍ നേരുന്നു

Kishore said...

avasaanam kalakki