Monday, 25 February 2008

അറ്റന്‍ഷന്‍ തങ്കാ അറ്റസ്റ്റേഷന്‍

"അമ്പോറ്റിയേ......രക്ഷിക്കണേ.... പറമോളേ"

മൂവന്തിക്ക്‌ വിളക്കു വച്ച്‌ ഭൈമി അഞ്ചുവയസുകാരി മകളുമൊത്ത്‌ പ്രാര്‍ത്ഥന തുടങ്ങി

"അമ്പോറ്റിയേ രശ്ശിക്കണേ......"
കൊഞ്ചിക്കൊഞ്ചി മാളവിക ഏറ്റുപറഞ്ഞു.

"ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... "

"ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ.... "

"അച്ഛന്‍റെ ഉഴപ്പ്‌ മാറ്റിത്തരണേ.... "

"അച്ഛന്‍റെ ഉളുക്ക്‌ മാറ്റിത്തരണേ.... "

"ഇതുകൂടെ പറമോളേ... അച്ഛന്‍റെ ഉളുക്കു മാറ്റി അത്‌ അമ്മയുടെ അച്ഛനു കൊടുക്കേണമേ"
കമ്പ്യൂട്ടറിന്‍റെ സിമോസ്‌ ബാറ്ററി ഊരിയുറപ്പിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു

"അങ്ങനെ പറേണോ അമ്മേ.... "

"നീ ഞാന്‍ പറേന്ന കേട്ടാ മതി.. ദൈവത്തെ വെല്ലുവിളിച്ചു നടക്കുന്ന നിന്‍റെ അച്ഛനോടു പോകാന്‍ പറ... "
ഭാര്യ എന്നെ ഏറുകണ്ണിട്ടു നോക്കിപ്പറഞ്ഞു.

'മച്ചമ്പീ ഫോണ്‍..ഫോണ്‍..ഫോണ്‍.... മച്ചമ്പീ ഫോണ്‍...ഫോണ്‍...ഫോണ്‍... 'മൊബൈല്‍ ചില തുടങ്ങി..

"എന്‍റെ പൊന്നു മാഷേ എത്ര നാളായി പറയുവാ ആ പന്ന റിംഗ്‌ ടോണെടുത്തു കളയാന്‍.. കേക്കുമ്പോഴേ ഓക്കാനം വരുന്നു.. ആരാ ഈ തൃസ്സന്ധ്യ നേരത്ത്‌.... "

"അതാടീ ഞാനും നോക്കുന്നെ. ഇത്‌ നാട്ടിലെ നമ്പര്‍ ആണല്ലോ.. " ഞാന്‍ ഫോണുമായി ബാല്‍ക്കണിയിലേക്ക്‌ കുതിച്ചു..

"അച്ഛനെന്തിനാമ്മേ ഫോണ്‍ വരുമ്പോ വെളിയില്‍ പോന്നേ... "

"അതേ.. പെമ്പിള്ളാരുടെ ഫോണ്‍ വരുമ്പോ നിന്‍റച്ഛനു ഇവിടെ റേഞ്ച്‌ കിട്ടില്ല.. ഉം വാ നമുക്ക്‌ നാമം ചൊല്ലാം.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.... "

'ഇതേതു കേസുകെട്ടാ പരമശിവാ..' ഞാന്‍ പച്ചബട്ടണ്‍ അമര്‍ത്തി.

"മനുക്കുട്ടാ സുഖം തന്നെയല്ലേടാ.." പരിചയം തീരെയില്ലാത്ത ഒരു പറുപറാ പുരുഷപ്രജ.

പാവം എനിക്ക്‌ സുഖമാണോ എന്നറിയാന്‍ എസ്‌.ടി.ഡി വിളിച്ചതല്ലേ.. നന്ദി പറഞ്ഞില്ലേല്‍ മോശമല്ലേ.

"സുഖം തന്നെ ചേട്ടാ. താങ്ക്യൂ.... "

"കള്ളാ.... കള്ളക്കുട്ടാ... നിനക്കാളെ മനസിലായോ... "

പോലീസേ..പോലീസു കട്ടേ ഇല്ലേയില്ല..

"ഇല്ലല്ലോ ചേട്ടാ... വിളി കോന്നിയില്‍നിന്നാണെന്ന് മനസിലായി.. അതിനപ്പുറം... "

"പന്നക്കഴുവേറി മറന്നോടാ എന്നെ... "
ആളു സംസ്കാരസമ്പന്നന്‍ ആണെന്നുകൂടി മനസിലായി.

ഇനിയും ആളെ അറിയില്ല എന്നു പറഞ്ഞാല്‍ സ്നേഹം അപ്‌ഗ്റേഡായി പൂര്‍വികരെക്കൂടി ചേര്‍ത്ത്‌ തെറിവിളിച്ച്‌ അച്ഛനേയും അപ്പൂപ്പനേയും ഇപ്പോള്‍ തന്നെ ഇങ്ങേരു തുമ്മിക്കുമല്ലോ എന്നോര്‍ത്ത്‌ ഞാന്‍ മൌനം പാലിച്ചു.

"വിജയന്‍പിള്ളച്ചേട്ടനെ മറന്നോടാ നീ.. "

"ഈശ്വരാ........... ചേട്ടനോ... !!!!"

'പഞ്ഞിനില്‍ക്കുന്നതില്‍' വീട്ടില്‍ പരേതനായ പപ്പൂള്ളയമ്മാവന്‍റെ പരമനാറി പുത്രന്‍ വിജയന്‍പിള്ള ഓണ്‍ ലൈന്‍..

സമ്മിശ്രവികാരങ്ങള്‍ സോഡക്കുപ്പിപോലെ മനസില്‍ പതഞ്ഞിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...

"ഹ ഹ ഹ എന്തുണ്ട്‌ ചേട്ടാ വിശേഷം... എന്താ ഈ അസമയത്തെന്നെ വിളിക്കാന്‍.. അതും ആദ്യമായി"

"അതു പിന്നെ പറയാം. എന്തിനാ ഇപ്പോ നീ ഒരു ഒണക്കച്ചിരി ചിരിച്ചത്‌.. ആദ്യം അതു പറേടാ കഴുവേറി... "

"എന്‍റെ പൊന്നുചേട്ടാ, ചേട്ടനെക്കുറിച്ച്‌ ആദ്യം എന്തോര്‍ക്കണം എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച്‌ ചിരിച്ചു പോയതാ.. അല്ല.... ചിരി വരാത്ത എന്ത്‌ ഐറ്റം ഉണ്ട്‌ ചേട്ടനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഹഹ.... "

"തൃസ്സന്ധ്യ നേരത്ത്‌ തോണ്ടല്ലേടാ കൊച്ചനേ..... "

"ശവുമേലച്ചായന്‍റെ കോഴിയെ മോഷ്ടിച്ച്‌ കറിവച്ച്‌, വാറ്റടിക്കാന്‍ ജസ്റ്റ്‌ തുടങ്ങിയപ്പോള്‍, പോലീസ്‌ വന്നു പൊക്കി അണ്ടര്‍വെയറിന്‍റെ സിംഗിള്‍ പീസ്‌ ഡ്രസില്‍, കോഴിക്കലവുമായി അമ്പലം ജംഗ്ഷന്‍ വരെ പരേഡ്‌ നടത്തിയതോര്‍ക്കണോ... "

"എടാ നീ ഇടി വാങ്ങിക്കും...... "

"അതോ ആറ്റില്‍ മുങ്ങാംകുഴിയിട്ട്‌ അണ്ടര്‍ഗ്രൌണ്ടിലൂടെചെന്ന് അമ്മിണിച്ചേച്ചിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചതിനു, നാട്ടുകാരു കെട്ടിയിട്ട്‌ പൂശിയതോറ്‍ക്കണോ.... "

"നിര്‍ത്തെടാ എരപ്പാളീ.... "

ചിരിയെ ഒതുക്കാന്‍ പാടുപെട്ട്‌ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു
"പറ ചേട്ടാ.. എന്തൊക്കെയുണ്ട്‌ വിേശേഷങ്ങള്‍.. എന്തോ കാര്യം ഉണ്ടല്ലോ..അല്ലെങ്കില്‍ ഈ വിളി ഉണ്ടാവില്ല....ഉറപ്പ്‌.. "

"എടാ കുഞ്ഞേ... നിനക്കൊരു ബുദ്ധിമുട്ടുണ്ടാക്കാനാ ഞാനിപ്പോ വിളിച്ചത്‌.. പക്ഷേ നീ ബുദ്ധിമുട്ടിയേ പറ്റൂ.. "

"അതു നേരത്തേ തന്നെ മനസിലായി.. ഇനി കാര്യം പറ.. "

"എടാ തങ്കനൊരു കോളൊത്തു വരുന്നുണ്ട്‌... പേര്‍ഷ്യേ പോവാനൊരു ചെറിയ ചാന്‍സ്‌.. "

"തങ്കന്‍?"

"എടാ എന്‍റെ മൂത്ത ചെറുക്കനില്ലേ.. രമേശന്‍.... "

"ഓ... നമ്മുടെ തങ്കന്‍. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ കേറിയില്ലേ ഇതുവരെ.... "

"അവന്‍ ക്രിക്കറ്റ്‌ കളിച്ച്‌ കളിച്ച്‌ കുടുംബം കൊളം തോണ്ടാറായി. നാട്ടുകാരുടെ ഓട്‌ പൊട്ടിച്ച വകയില്‍ മാസാമാസം ഒരു തൊക പോകുന്നത്‌ മാത്രം മിച്ചം. എന്തായാലും അവനെ ഒന്നു അക്കരയ്ക്ക്‌ കടത്തീട്ടു വേണം സമാധാനമായിട്ടെനിക്കൊന്നുറങ്ങാന്‍.. ഒരു വിസ ഒത്തുവരുന്നുണ്ടു കുഞ്ഞേ.. "

"അല്ല.. അതിനിപ്പോ ഞാനെന്തു വേണമെന്നാ ചേട്ടന്‍.... "

"എടാ ഇപ്പോ പുതിയ ഏതാണ്ട്‌ നിയമോ കോപ്പോ ഒക്കെ ഇല്ലേ.. ഡല്‍ഹിയില്‍ വന്ന് സര്‍ട്ടിഫിക്കറ്റ്‌ അറ്റാച്ച്‌ ചെയ്യണമെന്നോ.. ആര്‍ക്കറിയാം എന്നാ പണ്ടാരമാണെന്ന്.. "

"ഓ.. സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍... അതുശരിയാ.. എംബസിയില്‍ വന്നു ചെയ്യണം.. "

"അതുതന്നെ.. ഞാന്‍ അവനെ അങ്ങോട്ടു വിടുവാ.. ബാക്കിയൊക്കെ നീ നോക്കിക്കോണം.. "

'അയ്യപ്പാ............. !!!! '

ലാസ്റ്റ്‌ ബോള്‍, ടൂ റണ്‍സ്‌ ടു വിന്‍ എന്ന ക്രിക്കറ്റ്‌ ക്ളൈമാക്സ്‌ കാണുമ്പോള്‍ കറണ്ടുപോയ മാനസികാവസ്ഥയില്‍ ഞാനൊന്നു ചൂളി.

'വണ്‍ വീക്ക്‌ അവധി വിത്തൌട്ട്‌ പേ, പരപരാവെളുകുമ്പോ എംബസി മുറ്റത്ത്‌ കാത്തുകെട്ടിക്കിടപ്പ്‌.. ഈശ്വരാ ഒത്തു....'

കഷ്ടകാലം കൊട്ടത്തേങ്ങ പോലെയാണല്ലോ ദൈവമേ തലമണ്ടയ്ക്ക്‌ വീഴുന്നത്‌.

വിത്തൌട്ട്‌ പേയില്‍ ആവിയായിപ്പോകുന്ന എമൌണ്ട്‌ കാല്‍ക്കുലേറ്റ്‌ ചെയ്തുകൊണ്ട്‌ ഞാന്‍ മുറിയിലേക്ക്‌ കയറി..

ഭൈമി നാമജപത്തിന്‍റെ പീക്‌ പോയിന്‍റില്‍ പാടുന്നു..

"ആനന്ദാലങ്കാരാ.... വാസുദേവാ കൃഷ്ണാ...
ആതങ്കമൊക്കെയകറ്റിടേണേ... കൃഷ്ണ... "

"നിര്‍ത്ത്‌ നിര്‍ത്ത്‌..ഇനി അതു ചൊല്ലിയിട്ട്‌ ഒരുകാര്യവുമില്ല.. ആതങ്കവുമായി ആ തങ്കന്‍ ഉടനെ തിരിക്കുന്നു. അതിവേഗം ബഹുശൂന്യമാകും ഇനി പോക്കറ്റ്‌. ചെലവുചുരുക്കല്‍ പദ്ധതിയെപറ്റി ആലോചിക്ക്‌... "

"ആരാ മാഷേ.. പുതിയ പരോപകാരത്തിനുള്ള സ്കോപ്പുവല്ലതും ആവുമല്ലേ.. പരോപകാരം പരമപുണ്യം എന്നല്ലേ മാഷു പറയാറ്‌. അനുഭവിച്ചോ.." ക്രൂരേ മുഖം കോട്ടല്ലേ.

"ഇത്‌ പരോപകാരം അല്ലെടീ.. പാരയുപകാരമാ.. ഹോ... ആ വിജയന്‍പിള്ള പണ്ട്‌ എനിക്കൊരുപാട്‌ പാര പണിഞ്ഞിട്ടുള്ളതാ.. ഹോ.... "

"ഫോര്‍ എക്സാമ്പിള്‍..? " ഭൈമി വിളക്കിലെ തിരി ഒന്നുകൂടി നീട്ടി, എണ്ണ തലയില്‍ ഒപ്പി ചോദിച്ചു.

"ഞാന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം. എന്നെപ്പോലെ മുഖഷേപ്പുള്ള ഏതോ ഒരു പഹയന്‍ വഴിയില്‍ നിന്ന് ബീഡി വലിക്കുന്ന കണ്ട്‌, അത്‌ ഞാന്‍ തന്നെയെന്ന് പത്തുതവണ ഉറപ്പിച്ച്‌, ഈ വിജയന്‍പിള്ള നേരെ അച്ചനെ സമീപിച്ചു. ബാക്കി കാര്യം ഊഹിക്കാമല്ലോ... അന്ന് കിട്ടിയ അടിയുടെ പാട്‌, ഇപ്പൊഴും മാറിയിട്ടില്ല.... "

"അപ്പോ തീര്‍ച്ചയായും ഉപകാരം ചെയ്യണം. 'സ്മോക്കിംഗ്‌ ഈസ്‌ ഇന്‍ജൂറിയസ്‌ ടു ഹെല്‍ത്ത്‌' എന്ന് മാഷിനെ ആദ്യം പഠിപ്പിച്ച ആളല്ലേ.... "

"അച്ഛന്‍ എന്നു മൊതലാ അമ്മേ ബീഡിവലിക്കാന്‍ തുടങ്ങിയെ.." ഇപ്പോഴത്തെ പിള്ളാരുടെ ഓരോരോ കാര്യമേ. എല്ലാത്തിലും കേറി തലയിട്ടുകളയും

"അച്ഛന്‍റെ കുടുംബക്കാരു ഗര്‍ഭാവസ്ഥയില്‍ തന്നെ വലി തുടങ്ങുന്നവരാ മോളേ.. കണ്ടില്ലേ ആ ചുണ്ട്‌.. കരിക്കട്ടപോലെ.. "


വേള്‍ഡ്‌ കപ്പുമായി കപില്‍ദേവ്‌ വണ്ടിയിറങ്ങുന്ന പോസില്‍, കേരള എക്‌സ്‌പ്രസില്‍ നിന്ന് തങ്കന്‍ ഇറങ്ങി.

ആക്ഷന്‍ സ്പോര്‍ട്ട്‌സ്‌ ഷൂ, 'സിക്‌സര്‍' എന്നെഴുതിയ ടി ഷര്‍ട്ട്‌, റീബോക്‌ തൊപ്പി..

ഭാഗ്യം കൈയില്‍ ബാറ്റില്ല.. ട്രയിനില്‍ കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകൊണ്ടാവും.

"അണ്ണാ........... "

'ഇങ്ങനെ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു കൈ ഞെരുക്കാതെടാ.. ഞാന്‍ നിന്നെപ്പോലെ സ്പോര്‍ട്ട്‌സ്‌മാനൊന്നുമല്ല.. "

"അണ്ണനെന്താണ്ണാ ഒരു സ്പോര്‍ട്ട്‌സ്‌മാന്‍ സ്പിരിട്ടില്ലാത്തെ.. വയറൊക്കെ ദാ ചാടി" തങ്കന്‍ എന്‍റെ വയറില്‍ കുത്തി.

"എന്‍റെ തങ്കാ, വെറും സ്പിരിട്ട്‌ അടിക്കാന്‍ സമയം കിട്ടുന്നില്ല.. പിന്നെ സകല കോന്നിക്കാര്‍ക്കും വേണ്ടി ഹോള്‍സെയിലായി സ്പോര്‍ട്ട്‌ സ്പിരിട്ട്‌ നീ ഡീല്‍ ചെയ്യുന്നുണ്ടല്ലോ... "

ഓട്ടോയില്‍ തങ്കനെ കയറ്റി..

"പിന്നെ എന്തൊക്കെയുണ്ട്‌ തങ്കാ നാട്ടില്‍ വിശേഷം. അടുത്തിടെയെങ്ങാനും നീ സിക്സര്‍ അടിച്ചോ.. "

"ഇപ്പോ ഞാന്‍ സ്പിന്‍ ബൌളിംഗിലാ അണ്ണാ സ്പെഷ്യലൈസ്‌ ചെയ്യുന്നത്‌.. "

"അത്‌ നന്നായി.. നീ പണ്ട്‌ ബൌണ്ടറിയടിച്ച്‌ അവിലുകാരന്‍ അണ്ണാച്ചിയുടെ മുട്ടിന്‍റെ ചിരട്ടയുടെ ബൌണ്ടറി ഇളക്കിയത്‌ ഞാനറിഞ്ഞു.. "

"അതു പിന്നണ്ണാ. അങ്ങേര്‍ക്ക്‌ അവിലുംകൊണ്ട്‌ പോയാല്‍ പോരാരുന്നോ.. വരമ്പീന്ന് മാറി നിക്കണ്ണാച്ചീ എന്ന് പലതവണ ഞാന്‍ പറഞ്ഞതാ...കേക്കെണ്ടേ... "

"പിന്നെ നാട്ടില്‍ എന്തുണ്ട്‌ പുതിയ സംഭവവികാസങ്ങള്‍" ഒരു സിഗരട്ടിനു ഞാന്‍ തീകൊളുത്തി.

"ഓമണ്ണിലെ കൊച്ചാട്ടന്‍റെ കാര്യം അറിഞ്ഞുകാണുമല്ലോ അല്ലേ.... "

"ഇല്ല... എന്ത്‌ പറ്റി.." ചാരം ഞാന്‍ ഞൊട്ടിക്കളിഞ്ഞു.

"നമ്മുടെ വിശ്വംഭരന്‍ ചേട്ടന്‍.. പുള്ളിക്ക്‌ ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി പാക്കുപറിക്കുന്ന ഒരു സ്വഭാവമുണ്ടല്ലോ.. കഴിഞ്ഞാഴ്ച അങ്ങനെ ഒന്നു ചാടിയതാ. മഴപെയ്തു നനഞ്ഞതുകൊണ്ടാ അങ്ങനെ പറ്റീന്നാ പുള്ളിപറേന്നെ.. എന്തായാലും, താഴെ തോട്ടീന്നു കോരിയെടുത്തപ്പോള്‍, ഒടിയാന്‍ ബാക്കി ഒന്നുമില്ലാരുന്നു. ഇപ്പോ ജനറല്‍ ഹോസ്പിറ്റലിലാ...ഒരു ജയ്പ്പൂറ്‍ കാലിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു.. "

മാളവികയ്ക്ക്‌ തങ്കനെ അങ്ങു പിടിച്ചു. വന്നപ്പോഴേ ഒരു ഫൈവ്‌സ്റ്റാര്‍ ചോക്കലേറ്റ്‌ കൊടുത്തതുകൊണ്ടാണോ അതോ, ടോം ആന്‍ഡ്‌ ജെറിയുടെ ഒരു സി.ഡി കൊടുത്തിട്ടാണോ എന്നറിയില്ല.

"ചേച്ചീടെ മുടി കൊറെ കൊഴിഞ്ഞിട്ടുണ്ട്‌.. എന്താ ചേച്ചീ.. ഇവിടുത്തെ വെള്ളത്തിന്‍റെ കൊഴപ്പമാണോ...." സോപ്പിടീല്‍.സോപ്പിടീല്‍..

"ഒന്നും പറേണ്ട തങ്കാ... 'കണവന്‍ കൊശവനായാല്‍ കേശഭാരമൊഴിഞ്ഞിടും' എന്നൊരു ചൊല്ലുണ്ട്‌ കേട്ടിട്ടുണ്ടോ " കട്ടന്‍ നീട്ടിക്കൊണ്ട്‌ ഭൈമി

"അങ്ങനല്ല.. കണവന്‍ കൊശവനായാല്‍ കര്‍ണ്ണഭാരമൊഴിഞ്ഞിടും എന്നാ.. ഐ മീന്‍.. കമ്മല്‍ പണയത്തില്‍ പോകും എന്ന്. നീ തല്‍ക്കാലം ഞാന്‍ പഠിപ്പിച്ച ചൊല്ലുകള്‍ വളച്ചൊടിക്കേണ്ടാ.... "

നാട്ടുവിശേഷവും വീട്ടുവിശേഷവുമായി കുറെനേരം ഇരുന്നിട്ടൊടുവില്‍, തങ്കനു ഞാന്‍, ഫ്രണ്ട്‌ റൂമിലെ കട്ടിലില്‍ ഷീറ്റ്‌ വിരിച്ചു കൊടുത്തു.

"തങ്കാ, വല്ല ബുദ്ധിമുട്ടുമുണ്ടേല്‍ വിളിക്കാന്‍ മടിക്കേണ്ട... ഉറങ്ങാന്‍ നേരം ലൈറ്റ്‌ ഓഫ്‌ ചെയ്തോളൂ.. "

അകത്തെ മുറിയിലേക്ക്‌ നടന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

കുറെ നേരം ആയിട്ടും തങ്കന്‍ ലൈറ്റ്‌ കെടുത്താത്തതു കണ്ട്‌, ഞാന്‍ പതുക്കെ അടുത്തെത്തി.

എന്താ സംഭവം എന്നൊന്നറിയണമല്ലോ..

കട്ടിലില്‍ കിടന്നുകൊണ്ട്‌, മൊബൈല്‍ ഫോണിലെ ഐശ്വര്യാ റായിയുടെ പടത്തില്‍ നോക്കി വെള്ളം വിഴുങ്ങിക്കിടക്കുന്നു ആശാന്‍.

ദൈവമേ..ഇവനു യാത്രാക്ഷീണവുമില്ലേ..

"തങ്കന്‍ ഐശ്വര്യാ റായിയെ ഉറക്കിയിട്ടേ ഉറങ്ങുന്നുള്ളാരിക്കും അല്ലേ... "

ഒരു വളിച്ച ചിരി..

"അത്‌ അണ്ണാ.. എനിക്കൊരു കോളു വരാനുണ്ട്‌.. അതു നോക്കിയിരിക്കുവാ... "

"നിനക്ക്‌ ഈയിടെയായി പല കോളുകളും ഉണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്‌.. മറ്റേ രമണിച്ചേച്ചിയുടെ മോളുടെ ഫോണ്‍ ആണോ വരാനുള്ളേ. അവള്‍ക്കും മൊബൈല്‍ ഉണ്ടോടാ.. ഹോ. കാലം പോയ പോക്കേ.." ഞാന്‍ കട്ടിലിന്‍റെ സൈഡില്‍ ഇരുന്നു.

"ഛേ......." തങ്കനു നാണം.
"അണ്ണനോടീ വേണ്ടാതീനമൊക്കെ ആരു പറഞ്ഞു. "

"എടാ ചെക്കാ.. വര്‍ഷത്തില്‍ പത്തുദിവസത്തെ അവധിയേ ഉള്ളേലും ന്യൂസ്‌ എല്ലാം അപ്‌ഡേറ്റാടാ കുട്ടാ.. കുണ്ടോമണ്‍ കടവില്‍ അവള്‍ മുങ്ങുമ്പോ നീ പൊങ്ങുമെന്നും, അവള്‍ പൊങ്ങുമ്പോ നീ മുങ്ങുമെന്നും ഒക്കെ ഞാന്‍ കേട്ടു. സത്യം പറ.. വല്ലോം നടക്കുമോ.. "

"എന്‍റണ്ണാ.. അത്‌ അസൂയക്കാരു വെറുതെ പറഞ്ഞുണ്ടാക്കുന്നതാ അല്ലാതെ... "

"ഹോ..അസൂയാവഹമായ എന്തു നേട്ടമാടാ തങ്കാ നീ ഉണ്ടാക്കിയത്‌. ക്രിക്കറ്റ്‌ കളിച്ച്‌ നാട്ടുകാരുടെ ചീത്തവിളി കേള്‍പ്പിക്കുന്നതൊഴിച്ച്‌.. "

"ദേ അണ്ണാ ഒരുമാതിരി ആക്കല്ലേ.. പിന്നെ ആയ കാലത്ത്‌ മുങ്ങുന്ന കാര്യത്തില്‍ അണ്ണനും മോശമല്ലാരുന്നൂന്ന് എനിക്കും അറിയാം"

'കര്‍ത്താവേ!!! അഭയം കൊടുത്തവനിട്ട്‌ ആപ്പു വക്കുന്നോ'
ഞാന്‍ ഭൈമിയെ ഒളികണ്ണിട്ടു നോക്കി..ഭാഗ്യം അവള്‍, മകളുടെ യൂണിഫോമില്‍ ബട്ടണ്‍ തയ്ക്കുകയാണ്‌.. കേട്ടു കാണില്ല..

"എടാ ഒരുമാതിരി അനാവശ്യം പറേല്ലേ.. ആരോടു വേണേലും എന്‍റെ ഹിസ്റ്ററി ചോദിക്ക്‌.. ഇത്രമാത്രം ഡീസന്‍റായ ഒരു പയ്യന്‍ കോന്നിയിലില്ലാരുന്നു.. "

"ഉവ്വ്‌ ഉവ്വ്‌.. കുണ്ടോമണ്ണിലെ ഭവാനിച്ചേച്ചിക്ക്‌ കഴിഞ്ഞ മുപ്പതു കൊല്ലമായി കടവില്‍ കുറ്റിയടിച്ചു കിടന്നവരുടെ ചരിത്രം അറിയാം.. അണ്ണന്‍ പതിനൊന്നു മണിവരെ ആറ്റിലാരുന്നു എന്ന് ചേച്ചിതന്നാ എന്നോട്‌ പറഞ്ഞത്‌.. "

"നീ ഉറങ്ങിക്കോ....." ഞാന്‍ എഴുന്നേറ്റു.

"ഈ യൂണീഫോം ഒക്കെ കളിപ്പീരാ ഇപ്പോ അല്ലേ.. പെട്ടെന്നല്ലേ ബട്ടണൊക്കെ പൊഴിയുന്നത്‌.. "
ഭാര്യയുടെ കണ്ണില്‍ വളിച്ച ലക്ഷണം ഒന്നും ഇല്ലല്ലോ എന്ന് കണ്‍ഫേം ചെയ്തു കൊണ്ട്‌ ഞാന്‍.

"അതേ... എല്ലാം ഇപ്പൊ കളിപ്പീരാ മാഷെ " ആ പറച്ചിലില്‍ ഒരു മുള്ളില്ലേ..

തല്‍ക്കാലം മുട്ടുതിരുമ്മി വിഷയം മാറ്റിയേക്കാം
"ഹോ.. ഈയിടെയായി മുട്ടിനൊക്കെ ഒരു പിടിത്തം.. കാലത്തെഴുന്നേറ്റ്‌ കുറെ നടത്തം ഒക്കെ തുടങ്ങണം ഇനി.. പ്രായം ഒക്കെ ആയി വരുവല്ലേ.. എന്താ നിന്‍റെ അഭിപ്രായം.. "

"ആങ്ങ്‌.. അതും നല്ലതാ.. കുറെ നാളായില്ലേ മുങ്ങാംകുഴിയൊക്കെ ഇട്ടിട്ട്‌.. അല്ല നിങ്ങള്‍ പാരമ്പര്യമായി വാട്ടര്‍ തെറാപിസ്റ്റുകള്‍ ആണോ.. " തങ്കാ നിനക്ക്‌ വച്ചിട്ടുണ്ട്‌.. നേരമൊന്നു വെളുത്തോട്ടെ..

"അച്ഛാ ഒരു കഥ പറ പ്ളീസ്‌..." ഹോ.. മകള്‍ രക്ഷയ്ക്കെത്തി..

"ഉം പറയാം.. ഒരിടത്തൊരിടത്ത്‌..... ഒരു.... കൊരങ്ങന്‍ ഉണ്ടാരുന്നു... "

"ആ കൊരങ്ങന്‍റെ പേര്‌ മനു എന്നാരുന്നു.. അതല്ലേ.... അതിന്നലെ അമ്മ പറഞ്ഞതാ. അതുവേണ്ടാ.. വേറെ കഥ പറ....പ്ളീസ്‌........ "

പൊട്ടിച്ചിരിയോട്‌ ഗുഡ്‌നൈറ്റ്‌ പറഞ്ഞ്‌ ചമ്മല്‍ ലൈറ്റ്‌ ഓഫ്‌ ചെയ്തു

ഉറക്കം കണ്ണിലേക്ക്‌ മെല്ലെ ഇറങ്ങിയപ്പോഴാണ്‌....

"ഐഷാ.....................ഐഷാ..................... "

ഞെട്ടി... !!!

അത്‌ തങ്കനല്ലേ..

ദൈവമേ..ഉറക്കത്തില്‍ ഗേള്‍ഫ്രണ്ടിനെ വിളിക്കുവാണോ...
കോന്നിയില്‍ ഐഷ എന്നൊരു പെണ്ണില്ലല്ലോ..അതോ ഉണ്ടോ...

ഞാന്‍ ചാടി ഫ്രണ്ട്‌ മുറിയിലേക്കോടി.

"ഐഷാ.........ള്‍.............................. "

കഥകളിക്കാരന്‍ കമലദളം വിടര്‍ത്തുന്ന പോലെ, കൈരണ്ടു ചേര്‍ത്ത്‌ വച്ച്‌ തങ്കന്‍ അലറുന്നു.

ഇവനു ഉറക്കത്തിലും ക്രിക്കറ്റോ കര്‍ത്താവേ....

ഓടിച്ചെന്നപ്പോഴേക്കും തങ്കന്‍ ബോള്‍ പിടിച്ചിരുന്നു.

"ക്യാ...............ച്ച്‌.................. "

പൊത്തോം......................

സ്വപ്നത്തിലെ ബോളുമായി തങ്കന്‍ ദാ തറയില്‍..

ഒരുകാല്‍ കട്ടിലിലും മറുകാല്‍ ടീപോയിലേക്കും.. ക്യാപിറ്റല്‍ വി ഷേപ്പില്‍.. നടുമാത്രം നിലത്ത്‌.

"ബോളു കളയല്ലേ തങ്കാ... കഷ്ടപ്പെട്ടു പിടിച്ചതല്ലേ.. ആരാരുന്നു ബാറ്റു ചെയ്തത്‌.. മാര്‍ട്ടിന്‍ ക്രോയോ അതോ ഇമ്രാന്‍ ഖാനോ.." കോരി കട്ടിലിലേക്കിടുമ്പോള്‍ ഞാന്‍.

"എന്താ മാഷേ ഒരു ശബ്ദം കേട്ടത്‌.. " പാതി മയക്കത്തില്‍ ഭൈമി പുലമ്പി

"തങ്കന്‍ ക്രിക്കറ്റ്‌ കളിച്ചതാ. വാരിയെല്ലിന്‍റെ വിക്കറ്റ്‌ പോയ ലക്ഷണമുണ്ട്‌...നാളെ മിക്കവാറും..." ഷീറ്റ്‌ പുതച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു "ഹവധി എടുത്തേ പറ്റൂന്നാ തോന്നുന്നേ.... "

വെളുപ്പിനെ അഞ്ചരയ്ക്ക്‌ മദര്‍ ഡയറിയിലേക്കുള്ള പതിവു ട്രിപ്പിനു ഞാന്‍ പാല്‍പ്പാത്രം എടുത്തു വെളിയില്‍ വന്നു.

ഇന്‍ജുറി കാരണം അടുത്ത മാച്ച്‌ മിസ്സാവുമോ ഈ ടാലന്‍റഡ്‌ ക്രിക്കറ്റര്‍ക്ക്‌ എന്നറിയാന്‍ വേണ്ടി മുന്‍മുറിയിലെ ലൈറ്റ്‌ ഇട്ടു.

"കൃഷ്ണാ........................" പെട്ടെന്നു തന്നെ ലൈറ്റ്‌ ഓഫാക്കി..

"തങ്കാ.... തങ്കാ... "

"ഉം........ഉം......." തങ്കന്‍ ബുദ്ധിമുട്ടി ഉണര്‍ന്നു..

"തങ്കാ എഴുന്നേക്ക്‌.. ഇതാ...... "

"ഹോ... ഗൂഡ്‌ മോണിംഗ്‌ അണ്ണാ.. ഇത്ര രാവിലെ തന്നെ കട്ടന്‍ ഇട്ടോ.. വേണ്ടാരുന്നു.. "

"ഇത്‌ കട്ടനല്ല.. നിന്‍റെ കൈലിയാ.. ദാ കട്ടിലിന്‍റെ കീഴീന്നെടുത്തതാ.. "

"അയ്യോ.....ഛേ....." കൈലി വാരിച്ചുറ്റിയ തങ്കന്‍റെ മുഖം, ഉറക്കച്ചടവും ചമ്മലും കാരണം ചുരുണ്ടു കൂടി.

"സാരമില്ല.. തല്‍ക്കാലം നിന്‍റെ ശുഷ്കാന്തി ഞാന്‍ മാത്രമേ കണ്ടുള്ളൂ.. നീയും നിന്‍റെ അച്ഛനെപ്പോലെ തന്നെയാണല്ലേ.. അടിവസ്ത്രം ലക്ഷ്വറിയാണെന്നു കരുതുന്ന കൂട്ടത്തില്‍... "

രണ്ടുദിവസം തങ്കനെ ഡല്‍ഹി കാണിക്കാന്‍ ചിലവഴിച്ചു. കുത്തബ്‌ മീനാറ്‍ മുതല്‍, റെഡ്ഫോര്‍ട്ട്‌ വരെ..

"അണ്ണനെങ്ങനാ അണ്ണാ ഹിന്ദി പഠിച്ചത്‌.. ഭയങ്കരം.. "

"ആവശ്യം വരുമ്പോ നമ്മള്‍ എല്ലാം പഠിക്കും തങ്കാ.. ഇതിലൊന്നും വല്യ കാര്യമില്ലെന്നേ.. "

"മഹാഭാരതം സീരിയല്‍ കണ്ട്‌ 'പരന്തു' മാത്രം എനിക്കറിയാം. അതു പറയുന്നതിനും ഒരു പരിധിയില്ലേ.. ബസില്‍ വച്ച്‌ ഒരു പെങ്കൊച്ച്‌ എന്നോടെന്തോ ചോദിച്ചു. പരന്തു എന്നു ഞാനും പറഞ്ഞു. അവളു വാ പൊളിക്കുന്ന കണ്ടു.. എന്താണെന്നാര്‍ക്കറിയാം.. "

അറ്റസ്റ്റേഷനു പോകുന്നതിന്‍റെ തലേ ദിവസം ആണു തങ്കനു മുടിവെട്ടിക്കണം എന്ന ഉള്‍വിളി ഉണ്ടായത്‌.

"അണ്ണനും കൂടി വാ അണ്ണാ.. നോര്‍ത്തിന്‍ഡ്യന്‍ സ്റ്റൈലില്‍ എനിക്ക്‌ മുടി ഒന്നു വെട്ടിക്കണം. നാട്ടില്‍ ചെല്ലുമ്പോള്‍ ഒരു പുതുമ വേണ്ടെ"

ബാര്‍ബര്‍ ഷോപ്പില്‍ തങ്കന്‍ പുതച്ചിരുന്നു.

മുടിയുടെ സ്റ്റൈല്‍ തങ്കന്‍റെ ഇഷ്ടപ്രകാരം ബാര്‍ബര്‍ക്ക്‌ വിവരിച്ചു കൊടുത്തു കഴിഞ്ഞു, ഹിന്ദി പത്രം നിവര്‍ത്തിയപ്പോഴാണ്‌, പൂജാസമിതിക്കാരെ പുറത്തു കണ്ടത്‌.

അയ്യപ്പന്‍റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ പുറത്തിറങ്ങി. സ്റ്റെനോ രാഘവന്‍ ചേട്ടനെ ഒരു ഭക്തന്‍ ഹെല്‍മെറ്റുകൊണ്ട്‌ തലയ്ക്കടിച്ചു എന്ന ലേറ്റസ്റ്റ്‌ ന്യൂസ്‌ ആസ്വദിച്ചിരുന്നപ്പൊഴാണു അകത്ത്‌ ഒരു അലര്‍ച്ച കേട്ടത്‌..

"ഷിറ്റ്‌...................... "

ഏങ്ങ്‌.. തങ്കന്‍ അതിനിടയ്ക്ക്‌ സുരേഷ്‌ ഗോപിയായോ... "

"ഊ......ക്യാ...ക്യ..... ഷിറ്റ്‌....."

തങ്കന്‍ എന്തോ കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുകയാണെന്ന് മനസിലായി..

"എന്തുപറ്റി തങ്കാ.. " വാചകം പൂര്‍ത്തിയാക്കും മുമ്പേ ഞാന്‍ ഞെട്ടി

തങ്കന്‍റെ പകുതി മീശ ബാര്‍ബര്‍ അടിച്ചുമാറ്റിയിരിക്കുന്നു..

പരന്തു പന്തയം വല്ലതും വച്ചോ അയ്യപ്പാ...

വിഷമമവും ദേഷ്യവും മിക്സ്‌ ചെയ്ത്‌ പാതി മീശയുമായി തങ്കന്‍ വിറയ്ക്കുന്നു.

ബാര്‍ബറെ ഞാന്‍ ചീത്തവിളിച്ചപ്പോഴാണു കാര്യം മനസില്‍ ആയത്‌..

മുടിവെട്ടി, ഷേവ്‌ ചെയ്തതിനു ശേഷം തങ്കന്‍ മീശയില്‍ വിരല്‍ ഓടിച്ചു പറഞ്ഞത്രേ..

"യഹ്‌..യഹ്‌... അച്ചാ കരോ?"

"സാഫ്‌ കരൂം " ബാര്‍ബര്‍ ചോദിച്ചത്രെ

"ഹാം ജീ.."

സാഫ്‌ എന്നു വച്ചാല്‍ ക്ലീന്‍ ഷേവാണെന്ന് ദാ ഇപ്പൊഴാ തങ്കനു മനസിലായത്‌..

ചിരിയുടെ സകല കണ്ട്റോളും വിട്ടു ഒടുവില്‍ ഞാന്‍ തങ്കനോട്‌ പറഞ്ഞു..

"ഏതായാലും പകുതി പോയി തങ്കാ. ഇനി മറ്റേ പകുതിയും കൂടി എടുക്ക്‌.. അല്ലാതെന്നാ ചെയ്യാനാ.. "

പുത്തന്‍ കലം പോലെയുള്ള പുതിയ മുഖവുമായി തങ്കനും, ചിരിച്ചു പതം വന്ന മുഖവുമായി ഞാനും റൂമിലെത്തി വാതിലില്‍ മുട്ടി.

അപരിചതന്‍ വീട്ടില്‍ വന്നാല്‍ നമസ്തെ പറയണം എന്ന് മധുവിധു കാലത്തു തന്നെ ഞാന്‍ ഭാര്യയെ പഠിപ്പിച്ചിരുന്നു.

"നമസ്തെ " ഭാര്യ കൈകൂപ്പി..

"തങ്കന്‍ എവിടെ മാഷേ... " പിന്നെ ഒന്നുകൂടെ നോക്കി.
പുറകെ മകളും നോക്കി..
ഞങ്ങള്‍ മൂന്നു പേര്‍ ചിരി അടക്കാന്‍ ഒരു മാര്‍ഗം തേടി.
തങ്കന്‍ കരച്ചില്‍ അടക്കാനും.

"അണ്ണാ, ഇതുമായി ഞാന്‍ എങ്ങനെ നാട്ടില്‍ ചെല്ലും. "

"സാരമില്ല തങ്കാ. എംബസിക്കാര്‍ ആദ്യം മീശയാണ്‌ അറ്റസ്റ്റ്‌ ചെയ്യുന്നത്‌ എന്നു എല്ലാരോടും പറ..ഞാനും സപ്പോര്‍ട്ട്‌ ചെയ്യാം.. "

പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ, മീശയില്ലാത്ത തങ്കനെയും കൊണ്ട്‌ എംബസിയിലേക്ക്‌ പാഞ്ഞു.

"ഇതെന്താ അണ്ണാ..ഉത്സവത്തിന്‍റെ ആളാണല്ലോ ഇവിടെ.. ഇവിടെ ഒരു ചായക്കട ഇട്ടാലും കാശുണ്ടാക്കാമല്ലോ.. "

തങ്കനോടൊപ്പം ക്യൂ നിന്ന്, കൊച്ചുവര്‍ത്തമാനം പറഞ്ഞ്‌, ദൈവത്തെ വിളിച്ച്‌ അകത്തേക്ക്‌ കയറ്റി വിട്ടു. പുതിയ പൊല്ലപ്പൊന്നും ഉണ്ടാക്കി പുറത്തുവരുത്തരുതേ എന്ന സ്പെഷ്യല്‍ പ്രാര്‍ഥനയോടെ.

ഭാഗ്യം.. എല്ലാം ഭംഗിയായി അവസാനിച്ചു..

എംബസിയുടെ സീല്‍ പതിഞ്ഞ സര്‍ട്ടിഫിക്കറ്റുമായി തങ്കന്‍ പുറത്തിറങ്ങി..

"സംഗതി ഒകെ ആയല്ലോ..ഇനി നമുക്ക്‌ ഇഞ്ചിയൊക്കെ ഇട്ട ഒരു സൂപ്പര്‍ നാടന്‍ ചായ കുടിക്കാം... "

"ഒരിക്കല്‍ കൂടി ഞാന്‍ ഡല്‍ഹിക്കു വരുന്നുണ്ടണ്ണാ... അന്ന് താജ്‌മഹല്‍ ഒക്കെ ഒന്നു കണ്ടിട്ടേ മടങ്ങൂ.... "

"പിന്നെന്താ. എപ്പോ വേണേലും വന്നോ.. ഒരാഴ്ച മുമ്പ്‌ ഒന്നു വിളിച്ചു പറഞ്ഞാ മതി... "

"അതുടനെയില്ല.. എന്‍റെ മോന്താസിനെ കൊണ്ട്‌ ഒരിക്കല്‍ വരും.. താജില്‍ പോകാന്‍"

"മോന്താസൊ..നിനക്കതിനു ഒരു മോന്തയല്ലേ ഉള്ളൂ..പ്ളൂറല്‍ എന്തിനാ.. "

"മോന്താസ്‌ അല്ലണ്ണാ.. മുംതാസ്‌.. "

"ഓ.... രമണിച്ചേച്ചീടെ മോള്‍..കൊച്ചുകള്ളാ......" ഇത്തവണ ഞാന്‍ അവന്‍റെ വയറ്റില്‍ കുത്തി..

"പോ അണ്ണാ..കളിയാക്കാതെ... "


തങ്കന്‍ മടങ്ങുന്നു..

ഒരു ഡസണ്‍ പഴം വാങ്ങി ഞാന്‍ കമ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ നീട്ടി..

"വെളീന്നൊന്നും വാങ്ങി കഴിക്കല്ലേ തങ്കാ.. വയറിനു പിടിക്കില്ല... "

"ഞാന്‍ അണ്ണനെ ഒരുപാടു ബുദ്ധിമുട്ടിച്ചു അല്ലേ.. അവധിയെടുപ്പിച്ചു.. പിന്നെ സമയം പാഴാക്കിച്ചു.. "

"ഛേ..ഇതൊക്കെ അല്ലേ തങ്കാ ജീവിതം.. അടരും മുമ്പ്‌ മറ്റുള്ളോര്‍ക്ക്‌ എന്തെങ്കിലും ഒക്കെ ഛോട്ടാ ഛോട്ടാ സഹായങ്ങള്‍ ചെയ്യുക.. അപ്പൊഴല്ലെ നമ്മളൊക്കെ മനുഷ്യര്‍ ആവൂ കുട്ടാ. "

"ഞാന്‍ അണ്ണനെ ഒരിക്കലും മറക്കില്ല....." തങ്കന്‍റെ മുഖം മങ്ങി.

"അങ്ങനെ പറയല്ലേ തങ്കാ.. മറക്കണം.. മറന്നാലല്ലേ വല്ലപ്പോഴും ഓര്‍ക്കാന്‍ പറ്റൂ.. മാത്രമല്ല.. ഒരിക്കലും മറക്കില്ല എന്നു പറഞ്ഞോരൊക്കെ മുഖം തിരിച്ച്‌ മടങ്ങിയിട്ടേ ഉള്ളൂ എന്‍റെ ജീവിതത്തില്‍... " ഞാന്‍ പുഞ്ചിരിച്ചു.

"ഗള്‍ഫിലൊക്കെ പോയി പച്ചപിടിക്ക്‌.. നീ രക്ഷപെടുമെടാ... ഒന്നുമില്ലെങ്കിലും ബ്രിജ്‌വിഹാര്‍ അയ്യപ്പന്‍ അറ്റസ്‌റ്റ്‌ ചെയ്തു വിട്ടതല്ലേ നിന്നെ.. ഇനി പേടിക്കാനില്ല.. അപ്പോ ഞാന്‍ പോട്ടെ.. രാവിലെ ഓഫിസിലെത്തണം..... "കാലം കുറെയേറെ കലണ്ടറുകള്‍ അറ്റസ്റ്റ്‌ ചെയ്തു വിട്ടു.

യു.എ.ഇ തങ്കന്‍റെ ജീവിതം മാറ്റിമറിച്ചു..

തങ്കനു മാളികപോലെയുള്ള വീടായി..

വീടിനു വിളക്കായി തങ്കക്കുടം പോലൊരു പെണ്ണായി..

മാരുതി ആള്‍ടൊയില്‍ തങ്കന്‍ തന്ന ലിഫ്റ്റും ആസ്വദിച്ച്‌, നാടന്‍ കാറ്റു കൊണ്ട്‌ ഒരു അവധിക്കാല സായന്തനം..

"അണ്ണാ.. ഞാന്‍ രക്ഷപെട്ടു "

"അതു ഞാന്‍ അന്നേ പറഞ്ഞതല്ലേ.. ആ അറ്റസ്റ്റേഷന്‍റെ കാര്യം..." ഞാന്‍ പുഞ്ചിരിച്ചു.

മുരിങ്ങമംഗലം അമ്പലത്തിലെ മണിമുഴക്കങ്ങള്‍ മനസിലേക്ക്‌ പടര്‍ന്നു.

കാര്‍ പാലം കടന്നു കൊണ്ടിരുന്നു.

"ഒന്നു സ്ളോ ചെയ്തേ തങ്കാ..." അച്ചന്‍ കോവിലാറ്റിലേക്ക്‌ ഞാന്‍ നോക്കിയിരുന്നു.

"പാവം.. ഈ ആറും നശിക്കാറായി അല്ലേ.. ആരും കുളിക്കാറില്ലേ ഇതിലിപ്പോ.. "

"ഇല്ലണ്ണാ.. ആര്‍ക്കും വേണ്ടാതായി ഈ പുഴയെ.. മണല്‍ വാരി വാരിക്കുഴികള്‍ നിറഞ്ഞോണ്ട്‌, മുറിച്ചു കടക്കാന്‍ പോലും ആരും വരില്ല ഇപ്പോള്‍.. "

"പാവം.. ചെറുപ്പത്തില്‍ എനിക്ക്‌ ആകെ കൂട്ടായിരുന്നത്‌ ഈ ആറാ.. ഇതിലേക്ക്‌ എടുത്തു ചാടുമ്പോള്‍ എല്ലാ വിഷമോം പമ്പ കടക്കുമായിരുന്നു... ഉം.. നീ വണ്ടിവിട്‌... നല്ലൊരു സന്ധ്യ വെറുതെ സെന്‍റി അടിച്ചു കളയേണ്ടാ.. "

സീറ്റിലേക്ക്‌ ചാരി ഞാന്‍ കണ്ണുകളടച്ചു..

പരീക്ഷ ദിവസവും ആറ്റില്‍ മുങ്ങുന്ന ബാല്യം..

കൈപിടിച്ചു വിളിക്കുന്ന അച്ഛന്‍..

പിന്നെന്നോ കവിതയായി മാറിയ പുലരി....

ഞാന്‍ അറിയാതെ മൂളി......

'അച്ഛന്‍ വിളിക്കുന്നു പോകാതെ വയ്യെനി-
ക്കച്ചന്‍കോവില്‍ പുഴ കൂട്ടുകാരാ..
കുഞ്ഞു കുളിര്‍കൈ നീയൊന്നു വിടൂ എനി-
ക്കിന്നു പരീക്ഷയാ പാട്ടുകാരാ..
നാളെ വരാം പുലര്‍ കാലത്തു തന്നെ നി-
ന്നോള വലയത്തിലൂയലാടാന്‍
തിട്ടയില്‍ നിന്നു കുതിച്ചു ചാടി വെയില്
‍വെട്ടവുമായൊന്നു നീന്തിയേറാന്‍..
മുത്തുമണല്‍ മെത്തയിട്ട നിന്‍ പൂന്തട്ടില്‍
മുത്തിനിവര്‍ന്നു കുളിരണിയാന്‍
അയ്യോ പിണങ്ങല്ലേ പാട്ടുകാരാ എനി-
ക്കിന്നു പരീക്ഷയാ കൂട്ടുകാരാ... "

80 comments:

G.MANU said...

"നിനക്ക്‌ ഈയിടെയായി പല കോളുകളും ഉണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്‌.. മറ്റേ രമണിച്ചേച്ചിയുടെ മോളുടെ ഫോണ്‍ ആണോ വരാനുള്ളേ. അവള്‍ക്കും മൊബൈല്‍ ഉണ്ടോടാ.. ഹോ. കാലം പോയ പോക്കേ.." ഞാന്‍ കട്ടിലിന്‍റെ സൈഡില്‍ ഇരുന്നു.


“അറ്റന്‍ഷന്‍ തങ്കാ അറ്റസ്റ്റേഷന്‍”
ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്

Sharu (Ansha Muneer) said...

രാവിലെ തന്നെ നന്നായിട്ടൊന്നു ചിരിച്ചു... എന്നുമെന്നപോലെ ഇതും കലക്കന്‍... :)

Rasheed Chalil said...

‘പരന്തു‘ വിന്റെ സ്വപ്നം വായിച്ചപ്പോള്‍ സഹമുറിയന്‍ ‘ഇനി ഞാന്‍ ബാറ്റ് ചെയ്യാം... ബാറ്റ് താ...’ എന്ന് പറഞ്ഞ് പെരുവിരലില്‍ പിടിച്ച് വലിച്ചത് ഒന്ന് കൂടെ ഓര്‍ത്തു...(ഇന്ന് രണ്ടാം തവണ).

മനൂ പതിവ് പോലെ സൂപ്പര്‍ പോസ്റ്റ്...

തോന്ന്യാസി said...

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒരേ സമയം പാരകള്‍ കിട്ടിയതില്‍ സന്തോഷിക്കുന്നു,

മീശയെടുത്ത ഭാഗം വല്ലാതെ ചിരിപ്പിച്ചു കളഞ്ഞു.....
വെറും വയറ്റില്‍ ചിരിപ്പിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു

അഭിലാഷങ്ങള്‍ said...

"ക്യാ.............ച്ച്‌........... "

പൊത്തോം......................


അത് തങ്കന്റെ സ്വപ്നവും അതിന്റെ ആഫ്റ്റരിഫക്റ്റ്സും മാത്രമല്ല,രാവിലെതന്നെ ഈ പോസ്റ്റ് ക്യാച്ച് ചെയ്ത എന്റെ സന്തോഷവും അതിന്റെ ഹാപ്പിയില്‍ ഒരു ചക്കവെട്ടിയിട്ടപ്പോ അത് വീണ ശബ്ദവുമാ...! തെങ്ങിന് മൊത്തം മണ്ടരിബാധയായതിനാല്‍ തേങ്ങയുടക്കാന്‍ തേങ്ങയില്ല എന്നാ പിന്നെ ചക്കയായിക്കോട്ടെ..

(തോന്യാസിയുടെയും ഇത്തിരിയുടെയും ഷാരുവിന്റെയുമൊക്കെ പറമ്പില്‍ തെങ്ങുമില്ല, പ്ലാവുമില്ല, അതാ അവര്‍ വെറും കൈയ്യോടെ വന്നത്..)

അപ്പോ ഈ പോസ്റ്റിന് ഒരു ചക്ക പീടിച്ചോ.. കിടക്കട്ടെ ഒരു ചേഞ്ച്.. ബട്ട്, അതിന്റെ ചക്കക്കുരുകൊണ്ട് കടുംകൈ ചെയ്യരുത്.. ഡല്‍ഹിയില്‍ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ പൊട്ടിയ ബോം‌‌ബിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്‍സി ഒന്നുമല്ല എന്ന് ഡല്‍ഹിക്കാരെകൊണ്ട് പറയിക്കരുത് ..പ്ലീസ്..

:-)

krish | കൃഷ് said...

"ദേ അണ്ണാ ഒരുമാതിരി ആക്കല്ലേ.. പിന്നെ ആയ കാലത്ത്‌ മുങ്ങുന്ന കാര്യത്തില്‍ അണ്ണനും മോശമല്ലാരുന്നൂന്ന് എനിക്കും അറിയാം"

ക്യാ...............ച്ച്‌.................. "

പൊത്തോം.
:)


-----------------

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ എന്റെ സുഹൃത്തിന്റെ അനിയനും അവരുടെ പുതു അളിയനും എന്റെ ക്വാര്‍ട്ടേര്‍സിനു മുന്‍പില്‍ പ്രത്യക്ഷമായി. ആ ദിവസം നടക്കാനിരിക്കുന്ന ടീച്ചര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി അടുത്ത ജില്ലയില്‍ നിന്നും വന്നതാണ്. കുളിച്ച് ഫ്രെഷ് ആയി പുത്തന്‍ അളിയന്റ്റെ ഇന്റര്‍വ്യൂവെല്ലാം കഴിഞ്ഞ് അന്ന് അവര്‍ വീട്ടില്‍ തങ്ങി. അന്ന് എക്സ്റ്റ്രാ ബെഡ്ഡ് ഒന്നേ ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും അഡ്ജസ്റ്റ് ചെയ്ത് കിടന്നവര്‍ പുലര്‍ച്ചെയാവുമ്പോഴേക്കും, രണ്ട് പ്രാവശ്യം അളിയന്‍ താഴെ. പിറ്റേ ദിവസം ചിരിച്ച് ചിരിച്ച് ഒരു പരുവമായി. പിന്നീട് ഇടക്ക് ഇവരെ കാണുമ്പോള്‍ ഈ കാര്യം പറ്യുമായിരുന്നു.

തങ്കന്റെ വീഴ്ച ഇത് ഓര്‍മ്മപ്പെടുത്തി.

(ഓഫിന് മാഫ്)

അല്ഫോന്‍സക്കുട്ടി said...

നല്ല തങ്കപ്പെട്ട സ്വഭാവത്തിനുടമകളായ തങ്കനും മാഷും നീണാള്‍ വാഴട്ടെ.

അറ്റന്‍ഷന്‍ പ്ലീസ് : ഡെല്‍ഹിയില്‍ അറ്റ്സ്റ്റേഷന്‍ ചെയ്യിക്കാനുള്ളവരെല്ലാം ഉടനെ സമീപിക്കുക “ബ്രിജ് വിഹാരം ജി.മനു“. ഒരാഴ്ചത്തെ താമസം, ഡെല്‍ഹി സൈറ്റ് സീയിങ് കൂടാതെ ഭൈമി ചേച്ചിയുടെ നമസ്തെയും ഫ്രീ.

ശ്രീ said...

മനുവേട്ടാ...
കുറേ ചിരിപ്പിച്ചു, എന്താണെന്നറിയില്ല, അവസാനം ആ വരികളിലൂടെ പോയപ്പോള്‍ ഒരു രോമാഞ്ചം.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മാളവികയ്ക്കെത്ര വയസ്സായി ഇപ്പോള്‍!! അഞ്ച് വയസ്സായിരുന്നപ്പോള്‍ വീട്ടില്‍ വന്ന തങ്കന്‍ അതും വിത് മൊബൈല്‍!!! ഗള്‍ഫില്‍പ്പോയി, വീടായി, പെണ്ണ് കെട്ടി, പുഴ വറ്റി വരണ്ടു .. എന്നിട്ടും മാളൂനു വയസ്സ്!!

കഥ കലക്കി. എന്നാലും വിവരങ്ങളില്‍ ഒരു ചേര്‍ച്ചക്കുറവ്- അവസാ‍നം‍ ഇങ്ങനെയാക്കാന്‍ ഇത്രേം കഷ്ടപ്പെടണ്ട. തങ്കനെ യാത്രയയച്ച് “രാവിലെ ഓഫിസിലെത്തണം...” എന്ന് പറയുന്നിടത്ത് നിര്‍ത്തിയാലും കണ്‍ഫ്യൂഷസിനു പണിയുണ്ടാവൂലായിരുന്നു.

ഓടോ: മാളൂന്റെ കൊഞ്ചലു കലക്കി.

G.MANU said...

ചാത്താ എന്നെ അങ്ങ് കൊല്ല്...
സംഭവം നടന്നിട്ട് മൂന്നരക്കൊല്ലം..മാളൂസിനിപ്പോ എട്ട് വയസ്... രണ്ടുകൊല്ലം കൊണ്ട് വീടു വച്ചത് ലോണെടുത്തിട്ടാണോ എന്ന് ചോദിച്ചിട്ട് പറയാം..
പിന്നെ പുഴ.. അതു നശിക്കാന്‍ തുടങ്ങീട്ട് പത്തുകൊല്ലത്തോളമായി...

ഇങ്ങനേം ഓപ്പറേറ്റു ചെയ്യുമോ കര്‍ത്താവേ.

:)

ഉപാസന || Upasana said...

ചാത്താ കഥയല്ലേന്ന്.
കുറച്ച് ഒക്കെ പൊരുത്തക്കേടുകള്‍ ഉബ്ബ്ണ്ടകും ന്നേയ്...
ഓട്ട് ഓഫ് സിലബസ് ഞാനും പരീക്ഷിക്കാറുണ്ട് ഇടക്ക്.

മനു ഭായ്
ചൂപ്പര്‍ ഭായ്
:-)
ഉപാസന

Sethunath UN said...

മ‌നൂ
കിടില‌ം. ചിരി പൊട്ടിപ്പോയി പ‌ല‌പ്പോഴും.
ആ ചാത്തനെ വാലില്‍ പിടിച്ച് തൂക്കി വെളിയിലിടൂ :)
ഓന്റൊരു ചോദ്യേ കതേല്!

പൊറാടത്ത് said...

മനോഹരം, മനൂ..
ചിരിച്ച് കണ്ണ് മപ്പി..

Anonymous said...

ഈ അമ്പോറ്റി അയലക്കക്കാരനാണോ? എന്നാത്തിനാ പോറ്റീനെ രക്ഷിക്കണെ? അങ്ങേര്‍ക്കും അച്ഛനേപ്പോലെ വല്ല ഉളുക്കും പറ്റീതാണോ? എന്റീശോയേ! എന്തെല്ലാം പരൂക്ഷണങ്ങളു്.

vadavosky said...

എപ്പോഴും ഇങ്ങനെ വിരുന്നുകാര്‍ വന്നുകൊണ്ടേയിരിക്കുന്നുണ്ട്‌ എന്റെ വീട്ടില്‍. ദില്ലി ദര്‍ശനു കൂടെ പോകല്‍ ഇപ്പോള്‍ സമയമില്ലാത്തതുകൊണ്ട്‌ നിര്‍ത്തി. ഇന്നും ഒരു ഗസ്റ്റ്‌ ഉണ്ട്‌
വളരെ നന്നായിരിക്കുന്നു :)

Anonymous said...

മനു...നന്നായി ചിരിപ്പിച്ചു,

ശ്രീവല്ലഭന്‍. said...

മനു, വളരെ നന്നായി എഴുതിയിരിക്കുന്നു (as usual). പല ഭാഗങ്ങളും chirippichu.

The Admirer said...

മനു മാഷേ പതിവു പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇഷ്ടായി

അപ്പു ആദ്യാക്ഷരി said...

"അതേ.. പെമ്പിള്ളാരുടെ ഫോണ്‍ വരുമ്പോ നിന്‍റച്ഛനു ഇവിടെ റേഞ്ച്‌ കിട്ടില്ല.. ഉം വാ നമുക്ക്‌ നാമം ചൊല്ലാം.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.... "


ഹ..ഹാ...ഹ... മനുവേ !!!!!!!!!!!!!!!

ഉഗാണ്ട രണ്ടാമന്‍ said...

മനുജീ...കുറേ ചിരിപ്പിച്ചു...

Anonymous said...

chettaaaa thani thankam thanne ithum..... thankanum pinne chettante thankiyum..... bale bhesh.....
'കണവന്‍ കൊശവനായാല്‍ കേശഭാരമൊഴിഞ്ഞിടും'.... you scored there bro..

Pongummoodan said...

ha ha ha ( kerala ) :)

vivek said...

അച്ഛാ ഒരു കഥ പറ പ്ളീസ്‌..." ഹോ.. മകള്‍ രക്ഷയ്ക്കെത്തി..

"ഉം പറയാം.. ഒരിടത്തൊരിടത്ത്‌..... ഒരു.... കൊരങ്ങന്‍ ഉണ്ടാരുന്നു... "

"ആ കൊരങ്ങന്‍റെ പേര്‌ മനു എന്നാരുന്നു.. അതല്ലേ.... അതിന്നലെ അമ്മ പറഞ്ഞതാ. അതുവേണ്ടാ.. വേറെ കഥ പറ....പ്ളീസ്‌........ "

മനുവേട്ടാ.... ചിരിച്ചു ചിരിച്ചു അടപ്പു തെറിച്ചു.... again a wonderful post..

Kaithamullu said...

"അച്ഛന്‍റെ കുടുംബക്കാരു ഗര്‍ഭാവസ്ഥയില്‍ തന്നെ വലി തുടങ്ങുന്നവരാ മോളേ.. കണ്ടില്ലേ ആ ചുണ്ട്‌.. കരിക്കട്ടപോലെ.. "
-എന്താ ശ്രിനിവാസന് പഠിക്കാമ്പോവാ?

എന്തായാലും അടിവസ്ത്രങ്ങളോട് അലര്‍ജിയുണ്ടെന്ന് സമ്മതിച്ചേ, പാരമ്പര്യായി!

വേണു venu said...

മനുവേ,
പഞ്ഞിനില്‍ക്കുന്നതില്‍' വീട്ടില്‍ പരേതനായ പപ്പൂള്ളയമ്മാവന്‍റെ പരമനാറി പുത്രന്‍ വിജയന്‍പിള്ള ഓണ്‍ ലൈന്‍.
ചിരി അവിടെ തുടങ്ങി.....
ആവശ്യം വരുമ്പോ നമ്മള്‍ എല്ലാം പഠിക്കും തങ്കാ.. ഇതിലൊന്നും വല്യ കാര്യമില്ലെന്നേ..
ചിരിയും ചിന്തയും ഇടകലര്ത്തി,.
സാഫു് കര്ദോ എന്ന ഹിന്ദി വാക്കിന്‍റെ ബഹു വിധ അര്ത്ഥങ്ങളില്‍ ചിരിയും ഭയവും ഒക്കെ,മനസ്സിലാക്കി ഞാനും ചിരിക്കുന്നു.:)

ശ്രീനാഥ്‌ | അഹം said...

ബസില്‍ വച്ച്‌ ഒരു പെങ്കൊച്ച്‌ എന്നോടെന്തോ ചോദിച്ചു. പരന്തു എന്നു ഞാനും പറഞ്ഞു. അവളു വാ പൊളിക്കുന്ന കണ്ടു.. എന്താണെന്നാര്‍ക്കറിയാം.. "

ഗഡീ... അത്‌ പെട!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനൂജീ, ആ റേഞ്ച് കലക്കി

ക്യാച്ചും പൊത്തോം എന്ന വീഴ്ച്ചയും ഭാവനഏല്‍ വന്നപ്പൊ ചിരിച്ചു ചിരിച്ചു ഞാനും പൊത്തോ ആയി.

ചിരിപ്പിച്ചു കളഞ്ഞു മാഷേയ്.

കറുമ്പന്‍ said...

"ഉവ്വ്‌ ഉവ്വ്‌.. കുണ്ടോമണ്ണിലെ ഭവാനിച്ചേച്ചിക്ക്‌ കഴിഞ്ഞ മുപ്പതു കൊല്ലമായി കടവില്‍ കുറ്റിയടിച്ചു കിടന്നവരുടെ ചരിത്രം അറിയാം.. അണ്ണന്‍ പതിനൊന്നു മണിവരെ ആറ്റിലാരുന്നു എന്ന് ചേച്ചിതന്നാ എന്നോട്‌ പറഞ്ഞത്‌.. "

"നീ ഉറങ്ങിക്കോ....."

ദാ ഈ ലാസ്റ്റ് അലക്കാ ഇതിന്റെ ഹൈലൈറ്റ് !!!

ദിലീപ് വിശ്വനാഥ് said...

ഒന്നും പറേണ്ട തങ്കാ... 'കണവന്‍ കൊശവനായാല്‍ കേശഭാരമൊഴിഞ്ഞിടും' എന്നൊരു ചൊല്ലുണ്ട്‌ കേട്ടിട്ടുണ്ടോ " കട്ടന്‍ നീട്ടിക്കൊണ്ട്‌ ഭൈമി

"അങ്ങനല്ല.. കണവന്‍ കൊശവനായാല്‍ കര്‍ണ്ണഭാരമൊഴിഞ്ഞിടും എന്നാ.. ഐ മീന്‍.. കമ്മല്‍ പണയത്തില്‍ പോകും എന്ന്.

ഇതിപ്പൊ മുടിയുമില്ല, കമ്മലുമില്ല എന്നു പറഞ്ഞതുപോലെയായില്ലേ കാര്യങ്ങള്‍.

മനു, കലക്കി...

ലേഖാവിജയ് said...

ഇത്രമാത്രം ഡീസന്‍റായ ഒരു പയ്യന്‍ കോന്നിയിലില്ലാരുന്നു.. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

പാമരന്‍ said...

ഹൊ ഹൊ ഹോ.. എന്‍റമ്മോ.. വായിച്ചിട്ട്‌ ഒരു കമന്‍റിടാതെ പോകാന്‍ മനസ്സു സമ്മതിക്കണില്ല.. ഗംഭീരം!

Gopan | ഗോപന്‍ said...

പതിവു പോലെ, വിറ്റുകളുടെ ഒരു മഴ..
വായിച്ചു വളരെയധികം ചിരിച്ചു..
അഭിനന്ദനങ്ങള്‍ മനു..എഴുതുന്ന ശൈലിക്കും
നര്‍മ ഭാവനക്കും.

ഹരിത് said...

"അണ്ണനെങ്ങനാ അണ്ണാ ഹിന്ദി പഠിച്ചത്‌.. ഭയങ്കരം..

ഇന്നാണൂ കണ്ടതു. ചിരിച്ചു ഊപ്പാട് എളവിപ്പോയി (അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍ ഏതെങ്കിലും തിരുവനന്തപുരത്തുകാരനോട് ചോദിച്ചോ).
അണ്ണാ , അണ്ണാന്‍ എത്ര ഹിന്ദി പഠിച്ചാലും സെന്‍റി മറക്കൂല്ല..അല്ലേ?

Jay said...

കഥകളിക്കാരന്‍ കമലദളം വിടര്‍ത്തുന്ന പോലെ, കൈരണ്ടു ചേര്‍ത്ത്‌ വച്ച്‌ തങ്കന്‍ അലറുന്നു. . ഇവിടെമുതലാണ് ചിരി തുടങ്ങിയത്. അവസാനം എങ്ങനെയെങ്കിലും സെന്റിയിലവസാനിപ്പിക്കും എന്നറിയാവുന്നതുകൊണ്ട്, ഷോ കഴിയുന്നതിനുമുമ്പേ എണീറ്റു. അണ്ണാ, ഒന്നും തോന്നരുത്.

അങ്കിള്‍ said...

:)വായിച്ചു രസിച്ചു.

വിന്‍സ് said...

പറഞ്ഞറിയിക്കാന്‍ കഴിയാത്ത വല്ലാത്ത ഒരു സുഖം ആണു ബ്രിജ് വിഹാരം വായിക്കുമ്പോള്‍... ചിരിപ്പിച്ചു ചിരിപ്പിച്ച് വശം കെടുത്തിയിട്ടൊടുവില്‍ ഉള്ള സെന്റിമെന്റ്സ് ആണു ഏറ്റവും സൂപ്പര്‍.

ചന്ദ്രകാന്തം said...

ഹൊ.. ആ കമലദളം വിടര്‍ത്തിയുള്ള ഭാവാഭിനയം, നന്നേ രസിച്ചു....ട്ടൊ.
'മോന്താസ്‌' വായിച്ചപ്പോ..... സ്വന്തം മോന്തേം പൊത്തി ചിരിച്ചു കഷ്ടപ്പെട്ടു... (ഓഫീസിലിരുന്നു വായിയ്ക്കരുതെന്നു ഗുണപാഠം).

പിന്നെ.....മൊബൈലിന്റെ റേഞ്ച്‌ പോകുന്നതിന്റെ രഹസ്യം കലക്കി.
പാവം .. ഡീസന്റ്‌ പയ്യന്‍മാരുടെ ഓരോരോ പ്രോബ്ലംസേ..!!!

Unknown said...

അളിയാ അളിയാ... അളിയനാണളിയാ അളിയന്‍...
കലക്കി മഷേ.. അറ്റന്‍ഷന്‍ തങ്ക കിടുക്കന്‍...

സുഗതരാജ് പലേരി said...

well done mashe. keep it up.
enna onnu kaNunne

കുറുമാന്‍ said...

"ആനന്ദാലങ്കാരാ.... വാസുദേവാ കൃഷ്ണാ...
ആതങ്കമൊക്കെയകറ്റിടേണേ... കൃഷ്ണ... "

"നിര്‍ത്ത്‌ നിര്‍ത്ത്‌..ഇനി അതു ചൊല്ലിയിട്ട്‌ ഒരുകാര്യവുമില്ല.. ആതങ്കവുമായി ആ തങ്കന്‍ ഉടനെ തിരിക്കുന്നു. - ക്വാട്ടാനാണേല്‍ നിറയെ ഉണ്ട് മനു.....

ഒരുപാട് ചിരിച്ചു, അവസാനമായപ്പോള്‍ ചെറിയ ഒരു വിഷമവും.

...പാപ്പരാസി... said...

vaayichu chirichu,kore naalukalkk shesham...pakshe avasanam oru cheriya nombaram koode thannittan avasanippichath....sorry puthiay officil malayalam illa kshemikkuka.udan sheriyakkunnund.

സുല്‍ |Sul said...

നന്നയിരിക്കുന്നെന്നിനി പറയേണ്ടല്ലോ മനൂ.
ആരും ഓര്‍ത്തു വെക്കുകപോലും ചെയ്യാത്ത സംഗതികളെ ഇങ്ങനെ എല്ലാ ഡീറ്റയിത്സും ഇന്‍ക്ലൂഡുന്ന പോസ്റ്റുകളായി പിറക്കുന്നതെങ്ങനെ? സൂപ്പര്‍ പോസ്റ്റ്.
-സുല്‍

നിലാവര്‍ നിസ said...

രസമുണ്ട് വായന..

Anonymous said...

മാഷെ ചിരി കേട്ടു ബോസ്സ് വിളിച്ചു.. ബോസ്സിന്റെ ചീതതവിളി കേട്ടു തിരികെ വന്നപ്പോള്‍ ലാസ്റ്റിലെ കവിത കേട്ടു അപ്പോള്‍ കരഞ്ഞു... എന്തൊരു മാജിക്...

puTTuNNi said...

മനു, നിങ്ങള് ചിരിപ്പിച്ചേ അടങ്ങൂ ന്നു വച്ചാല്‍... തകര്‍പ്പന്‍...
മാഷേ, ചാത്തന്‍ സേവ തുടങ്ങുന്നത് ബ്ലോഗിനു ഐശ്വര്യം...

Jishad said...

വേള്‍ഡ്‌ കപ്പുമായി കപില്‍ദേവ്‌ വണ്ടിയിറങ്ങുന്ന പോസില്‍, കേരള എക്‌സ്‌പ്രസില്‍ നിന്ന് തങ്കന്‍ ഇറങ്ങി.

my favourite quote

Anonymous said...

achan kovilaattu enikkum miss cheyyunneeeeeeeeeeeeeeeeeeeee

കണ്ണൂസ്‌ said...

ബസില്‍ വച്ച്‌ ഒരു പെങ്കൊച്ച്‌ എന്നോടെന്തോ ചോദിച്ചു. പരന്തു എന്നു ഞാനും പറഞ്ഞു. അവളു വാ പൊളിക്കുന്ന കണ്ടു.. എന്താണെന്നാര്‍ക്കറിയാം.. "മനുവേ, ഇതു വായിച്ചപ്പോള്‍ ഓടി വന്ന ഒരു ചെറിയ ഓര്‍മ്മ പങ്കു വെക്കട്ടേ.

കോഴ്‌സ് കഴിഞ്ഞ് ചേക്കേറേണ്ട നഗരം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി മെട്രോകള്‍ ഒക്കെ ചുറ്റിക്കറങ്ങിയ ഒരു സമയം ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്ന് സുഹൃത്തുകള്‍ ഒരു വാക്ക്-ഇന്‍ ഇന്റര്‍‌വ്യൂ സ്പോട്ട് ചെയ്യുക. ആ നഗരത്തില്‍ ലാന്റ് ചെയ്യുക, അവിടെ മുന്‍‌പേ ചേക്കേറിയ ഒരു നാട്ടുകാരനേയോ സീനിയറേയോ കണ്ടു പിടിക്കുക, അവരുടെ ചെലവില്‍ രണ്ടു മൂന്നാഴ്ച അടിച്ചു പൊളിക്കുക അതിന്റിടക്ക് പേരിന്‌ ജോലിയും അന്വേഷിക്കുക എന്നതായിരുന്നു മോഡസ് ഓപ്പറാന്റി. അങ്ങിനെ ബാംഗളൂരില്‍ എത്തിയ സമയം. താമസം ടിപ്സാന്ദ്രയില്‍ ഒരു സുഹൃത്തിന്റെ കൂടെ. അവന്‍ താമസിക്കുന്നത് രണ്ടു ഭാര്യയും, അവരില്‍ ഏഴു മക്കളും ഉള്ള ബ്രഹ്മചാരി എന്നൊരു കന്നടക്കാരന്റെ വീടിന്റെ മുകളിലത്തെ നിലയില്‍. "നില" എന്നു പറഞ്ഞാല്‍ ഒറ്റ മുറിയും ബാത് റൂമുമാണ്‌. റൂമിന്‌ വെളിയിലിറങ്ങിയാല്‍ കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാവുന്ന ഇടനാഴിയിലൂടെ വേണം ഗോവണിയിലെത്താന്‍. ഈ ഇടനാഴിയിലാണ്‌ ബ്രഹ്മചാരി കുടുംബത്തിന്റെ വസ്ത്രമുണക്കല്‍ മിക്കവാറും.

ഒരു ദിവസം ഞങ്ങള്‍ മൂന്ന് പേരും കൂടി (സുഹൃത്ത് ജോലിക്ക് പോയിരുന്നു) വെളിയിലിറങ്ങിയപ്പോള്‍ അങ്ങേരുടെ മകള്‍ അവിടെ നിന്ന് തുണി ഉണക്കാനിടുന്നുണ്ട്. ഈ മധുരപ്പതിനേഴ് അവിടന്ന് മാറിയാലേ ഞങ്ങള്‍ക്ക് താഴെയിറങ്ങാന്‍ പറ്റൂ. കൊച്ചിനാണെങ്കില്‍ ഞങ്ങളെ കണ്ട ഭാവമില്ല. ഇനി മുട്ടിയുരുമ്മി ഇറങ്ങിപ്പോവാമെന്ന് വെച്ചാല്‍ നല്ല കൊങ്ങിണി അടി പാഴ്‌സല്‍ ആയിക്കിട്ടിയാലോ എന്നൊരു പേടി. എന്തു ചെയ്യേണ്ടു എന്നറിയാതെ നിന്നപ്പോള്‍ കന്നട അറിയും എന്നവകാശപ്പെട്ടിരുന്ന കൂട്ടത്തിലെ ഒരുവന്‍ പറഞ്ഞു. "ഡാ, ഞാന്‍ പറയാം'. എന്നിട്ട് വലതു കൈ ശക്തിയായി 'മാറിപ്പോ' എന്ന രീതിയില്‍ ആംഗ്യം കാട്ടി ആള്‍ അവളോട് നിലവിളിച്ചു. " അവുതു അവുതു..". ഒന്നമ്പരന്ന കൊച്ച് എന്തായാലും ശടേന്ന് ഇറങ്ങിപ്പോയി. വൈന്നേരം സുഹൃത്ത് തിരിച്ചു വന്നപ്പോഴാണ്‌ അറിഞ്ഞത് ഈ "അവുതു" എന്താ സംഭവം എന്ന്. :)

ചാത്താ, തലേല്‍ വരയുള്ളവന്‌ ദുബായില്‍ രണ്ടു കൊല്ലം പോയിട്ട് രണ്ടു മാസം കൂടി വേണ്ട പണക്കാരനാവാന്‍. ഒരു മൂന്ന് കൊല്ലം മുന്‍പ് വരെ ഷാര്‍ജയിലെ ഒരു സ്പെയര്‍ പാര്‍ട്ട് കമ്പനിയില്‍ റെപ്രസെന്റേറ്റീവ് ആയി നടന്നിരുന്ന ഒരു കക്ഷിയുണ്ടായിരുന്നു. ആള്‍ ബോസ്സിനെ ഒന്ന് ചാക്കിട്ട് ബര്‍‌ദുബായില്‍ ഒരു ഡാന്‍‌സ് ബാര്‍ ലീസിനെടുത്തു. വ്യാഴാഴ്‌ച ആയാല്‍ അറിയാവുന്നവരെ ഒക്കെ വിളിച്ച് ഒന്ന് വന്ന് കണ്ടിട്ടു പോ, എല്ലാവരോടും പറയ് എന്നൊക്കെ ഫോണ്‍ ചെയ്ത് അപേക്ഷിച്ച് നടന്നതാണ്‌. ഇന്ന് ആള്‍ കേരളത്തിലെ മുന്തിയ പണക്കാരില്‍ ഒരാളാണ്‌. മാത്രമല്ല ഈയടുത്ത് റിലീസ് ചെയ്ത രണ്ട് മമ്മുട്ടി പടങ്ങളുടെ നിര്‍‌മ്മാതാവും.

മുസ്തഫ|musthapha said...

അടിപൊളി പോസ്റ്റ് മച്ചാ... :))

എന്നെ കൂടുതല്‍ ചിരിപ്പിച്ചത്...

"അച്ഛനെന്തിനാമ്മേ ഫോണ്‍ വരുമ്പോ വെളിയില്‍ പോന്നേ... "

"അതേ.. പെമ്പിള്ളാരുടെ ഫോണ്‍ വരുമ്പോ നിന്‍റച്ഛനു ഇവിടെ റേഞ്ച്‌ കിട്ടില്ല.. ഉം വാ നമുക്ക്‌ നാമം ചൊല്ലാം.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.... "

പിന്നെ
"അതോ ആറ്റില്‍ മുങ്ങാംകുഴിയിട്ട്‌ അണ്ടര്‍ഗ്രൌണ്ടിലൂടെചെന്ന് അമ്മിണിച്ചേച്ചിയുടെ പാദത്തില്‍ തൊട്ടു വന്ദിച്ചതിനു, നാട്ടുകാരു കെട്ടിയിട്ട്‌ പൂശിയതോറ്‍ക്കണോ.... "
(സ്വന്തം വിക്രസ്സുകള്‍ അങ്ങേരുടെ മേലിട്ടു അല്ലേ)

പിന്നെ
"ആ കൊരങ്ങന്‍റെ പേര്‌ മനു എന്നാരുന്നു.. അതല്ലേ.... അതിന്നലെ അമ്മ പറഞ്ഞതാ. അതുവേണ്ടാ.. വേറെ കഥ പറ....പ്ളീസ്‌........ "

കാലം കുറെയേറെ കലണ്ടറുകള്‍ അറ്റസ്റ്റ്‌ ചെയ്തു വിട്ടു - ഈ പ്രയോഗം വളരെ ഇഷ്ടായി...

മുസ്തഫ|musthapha said...

കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നു...

ആ വകയില്‍ ഒരമ്പതും ഇരിക്കട്ടെ

Sathees Makkoth | Asha Revamma said...

മനു പതിവ് പോലെ മനോഹരം.

പപ്പൂസ് said...

||"നീ ഉറങ്ങിക്കോ....." ഞാന്‍ എഴുന്നേറ്റു.||

ഉദാസീനത!! ഹ! ഹ! ഹ!!!!! ഇതൊടുക്കത്തെ വിറ്റായിപ്പോയി മച്ചൂ.... ചിരിച്ചു മടുത്തു!

എനിക്കുമുണ്ട് ഈ വയറ്റീക്കുത്തല്‍ ശീലമാക്കിയ ചില സ്വന്തക്കാര്‍. നാലടി വിട്ടു നിന്ന് നേരില്‍ക്കാണുന്നതിന്‍റെ ക്ഷീണമൊക്കെ മാറ്റിയിട്ടേ ഞാന്‍ അടുത്തോട്ടു ചെല്ലൂ! എന്തായാലും മാഷെക്കാണാനിട വന്നാ, ഒരകലം പാലിക്കാം. :)

ഏ.ആര്‍. നജീം said...

ചിരി ആരോഗ്യത്തിന് ഉത്തമം എന്നല്ലെ...

ഈ മനു എന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും....

d said...

മാഷെ, ഫോണിന് ഇടക്കിടെ റേഞ്ച് പോകും അല്ലേ?
;)

[ nardnahc hsemus ] said...

മനു അങ്കിള്‍,
അടിപൊളി!
വിറ്റുകള്‍ ഒന്നിനൊന്നു മെച്ചം.
ചാത്തന്‍ പറഞ്ഞ ആ “കാര്യങ്ങള്‍” എനിയ്ക്കും തോന്നിയിരുന്നു.. പക്ഷെ കമന്റുകളില്‍ അതിന്റെ മറുപടി കണ്ടപ്പോള്‍ ..യെല്ലാം വോകെ!!

(അച്ചായന്റെ ബ്ലെഡ് ഗ്രൂപ്പ് ഏതാ?? അല്ല. അത്യാവശ്യമൊന്നുമില്ലേലും ചുമ്മാ രണ്ടു കുപ്പി എന്റെ ശരീരത്തിലേയ്ക്കു കേറ്റിക്കൊടുത്താലോന്ന് ആലോചിയ്ക്കാ... അപ്പൊ പിന്നെ എനിയ്ക്കും പറയാലൊ, “ഇതൊക്കെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിയ്ക്കാ മോനേ ദിനേശാ...ന്ന്)

Anonymous said...

Well done Manoo.... As usual

ഗീത said...

മനുവിന്റെ ഗദ്യപോസ്റ്റ് ആദ്യമായിട്ടാണ് വായിക്കുന്നത്. വളരെ രസകരം...

ഭാഷയറിയാത്തതുകൊണ്ട് എന്റെ ഹസ്ബന്റിനും ഇതുപോലൊരു അമളി പറ്റിയിട്ടുണ്ട്, മീശയുടെ കാര്യത്തിലല്ലെന്നുമാത്രം. റിക്ഷാവാലയോട് ഫെയര്‍ ചോദിച്ചപ്പോളായിരുന്നു അത്. റിക്ഷാവാല പച്ചീസ് റുപയാ എന്നു പറഞ്ഞു. ഉടനെ എന്റെ ഹസ് ബന്റ് ദേഷ്യത്തില്‍ No, I will give you only 50 rupees എന്നു പറഞ്ഞു. റിക്ഷാവാല ഒന്നും മിണ്ടാതെ കുറച്ചുനേരം വായും പൊളിച്ചു നോക്കിനിന്നിട്ട് വച്ചുനീട്ടിയ അന്‍പതു രൂപയും കൊണ്ടു പോയി. റൂമില്‍ വന്നു റിക്ഷാക്കാരന്റെ അത്യാഗ്രഹത്തെക്കുറിച്ചു കൂട്ടുകാരനോട് വിവരിച്ചു. എന്നിട്ടൊരു കമന്റും പാസ്സാക്കി. അത്യാഗ്രഹമെങ്കിലും മര്യാദയുണ്ട് ഇവിടത്തുകാര്‍ക്ക് 50 രൂപ കൊടുത്തപ്പോള്‍ ഒന്നും മിണ്ടാതെ വാങ്ങിച്ചോണ്ടു പോയി എന്ന്. കേരളത്തിലാണെങ്കില്‍ ആട്ടോക്കാരുടെ വായില്‍ നിന്ന് എന്തെല്ലാം കേള്‍ക്കണം. അപ്പോഴാണ് കൂട്ടൂകാരന്‍, ആ റിക്ഷാവാല എത്ര ചോദിച്ചുവെന്നും എത്ര കൊടുത്തുഎന്നുമൊക്ക്ക്കെ അന്വേഷിച്ചത്. ഞാന്‍ രാഷ്ട്രാഭാഷ ഹിന്ദി പാസ്സായതാണ് എന്നൊക്കെ വീമ്പിളക്കാറുള്ള ആളിനാണ് ഈ അമളി പറ്റിയത്‌....

എതിരന്‍ കതിരവന്‍ said...

അതി മനോഹരമായ ക്ലാസിക് കവിതയാണല്ലൊ അത്!
അപാരം.
നമോവാകം.

കുറ്റ്യാടിക്കാരന്‍|Suhair said...

മനുവേട്ടാ, പതിവുപോലെ തകര്‍ത്തു കേട്ടോ... പിന്നേ, ആ MP3 കവിതകള്‍ക്ക്‌ ശബ്ദം അല്‍പം കുറഞ്ഞോന്നൊരു സംശയം... എണ്റ്റെ കമ്പ്യൂട്ടറിണ്റ്റെതാണോ എന്നറിയില്ല...

Mr. K# said...

എന്റെ വീടിന്റെ തോട്ടടുത്തും പുഴയുണ്ട്. ഇപ്പോള്‍ ഈ പുഴയുടെ അവസ്ഥ തന്നെ. മണല്‍ വാരിയ കുഴികള്‍. മണലില്ല. ചെളിയാണ്. കലക്ക വെള്ളവും... പോസ്റ്റ് പതിവു പോലെ. നന്നായി. കവിതയും നന്നായിട്ടുണ്ട്. പക്ഷെ പാടാന്‍ ട്രെയ്നിങ്ങിന്റെ കുറവുണ്ടോ എന്നൊരു ശങ്ക :-)

ഷഷ്ഠി കമന്റ് എന്റെ വക തന്നെ.

എതിരന്‍ കതിരവന്‍ said...

ആ കവിത വായിക്കാന്‍ ഒന്നു കൂടെ വന്നതാ. പിന്നേം പിന്നേം വായിക്കണമെന്നു തോന്നുന്നു.

pravasalokam said...

മറക്കണം.. മറന്നാലല്ലേ വല്ലപ്പോഴും ഓര്‍ക്കാന്‍ പറ്റൂ.. മാത്രമല്ല.. ഒരിക്കലും മറക്കില്ല എന്നു പറഞ്ഞോരൊക്കെ മുഖം തിരിച്ച്‌ മടങ്ങിയിട്ടേ ഉള്ളൂ എന്‍റെ ജീവിതത്തില്‍... "

Good Very good dialoge
Best wishes

ധ്വനി | Dhwani said...

ആതങ്കവുമായി ആ തങ്കന്‍ ഉടനെ തിരിക്കുന്നു.

ഹഹഹ!

പിന്നെ, ആ തങ്കന്‍ ആതങ്കമില്ലത്തവനായതു നന്നായി!


മനുവിന്റെ കഥകളിലെ പ്രയോഗങ്ങള്‍ അത്ഭുതപ്പെടുത്താറുണ്ട്! ഈ പഞ്ചായത്തു കുലുക്കിച്ചിരിച്ചു!

കൊച്ചുത്രേസ്യ said...

ഇതും നന്നായി മനൂജീ :-)

ഏകാകി said...

നന്നായിട്ടുണ്ട് മനു... വല്ലാതെ ചിരിച്ചുപോയി...പഴയ കുളവും, കുളിയും ഒക്കെ ഓര്‍ക്കാനിരുന്നാല്‍ സെന്റിയടുച്ചു ചാവും...

ആഷ | Asha said...

ഇതും പുടിച്ചാച്ച് മനു.
:)

രാജീവ്‌ .എ . കുറുപ്പ് said...

Dear Manuvettan,
Nall oru sadhya kazhicha prathithi. Avasanthe kavithasakalam Palpayasathinte maduram ayi... Swami saranam

Kurup

ഹരിയണ്ണന്‍@Hariyannan said...

ചിരിച്ചു ചിരിച്ചു നടുവിന്റെ അറ്റസ്റ്റേഷന്‍ ഇളകി!!
എന്നാ എഴുത്താ മനൂ..അടിപൊളി!!

എന്റെ വക ഒരു സീല്‍ ഇവിടെ വക്കുന്നു!!

Anonymous said...

mashe..chirichu oru paruvam ayi

മറ്റൊരാള്‍ | GG said...

നര്‍മ്മത്തില്‍ ചാലിച്ച അറ്റസ്റ്റേഷന്‍ കഥ വായിക്കുക വഴി ഒരിക്കല്‍കൂടി കോന്നി ടു ദില്ലി വരെയും പിന്നെ അവിടെ തങ്കന്റെ കൂടെ ഒന്ന് വിഹരിക്കാനും സാധിച്ചു.

കൂടുതല്‍ വിഹാര വിവരണങ്ങളുമായി ജൈത്രയാത്ര തുടരുക! ഒപ്പം വരാന്‍ കാത്തിരിക്കുന്നു!

മനുവിനെ അറിയാവുന്നവരൊക്കെ ദാ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇത്രമാത്രം ഡീസന്‍റായ ഒരു പയ്യന്‍ കോന്നിയിലില്ലാരുന്നു..!!”
സത്യമാണോ മാഷേ?

നാട്ടുകാരന്‍... said...

മാസ്റ്റേ..ഇങ്ങള്‍ എയുത്തില്‍ ഒരു പുലിയാണു ട്ടാ...ന്താ ഒരു മൊഞ്ച്‌...അല്ലാ..ആ ചെക്കന്‍ മ്മളെ രമണ്യേച്ചീന്റെ മോളെ തന്നെല്ലേ കെട്ടീത്‌??? പിന്നെ ഈ പൊയ..പൊയ ന്ന് പറയണത്‌ ഹലാക്കിന്റെ അവിലും കഞ്ഞീം ആക്കുമ്ന്ന് കൊറെ ഹറാം പെറന്ന കള്ളമണല്‍ വാരലുകാര്‍ ഒറപ്പിച്ചിണ്ട്‌..ഞമ്മളെ മക്കാറാക്കാനായി രാവിലെ തൊടങ്ങും ആ ഹമുക്കേളു ഒരു വണ്ടീം മൂട്ട്മ്മല്‍ തിരുകി റോട്ട്ക്കൂടി പാച്ചില്‍..ഒരീസം ദിങ്ങളെ ഒക്കൂടി ഞമ്മള്‍ പണ്ടാരടക്ക്ന്ന്ണ്ട്‌...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Aduttha adipoli itethinu wait
cheyyunnu mashe. Cricket oru exp(o)ert annennu ariyillayirunnu. Very good craft in humour. well done
Jithendra kumar

ധനേഷ് said...

മനുവേട്ടാ...
വായിക്കന്‍ ഒരല്പം വൈകി...
കഥ തകര്‍പ്പന്‍ ആയി കേട്ടോ.....
വേഗം അടുത്ത കഥ പോരട്ടെ...

മഴത്തുള്ളി said...

മനു അച്ചായാ,

"അതേ.. പെമ്പിള്ളാരുടെ ഫോണ്‍ വരുമ്പോ നിന്‍റച്ഛനു ഇവിടെ റേഞ്ച്‌ കിട്ടില്ല.. ഉം വാ നമുക്ക്‌ നാമം ചൊല്ലാം.
രാമ രാമ രാമ രാമ രാമ രാമ പാഹിമാം.... "

ഹഹഹ എന്നാലും ഇത്രയും പൂ പോലുള്ള മനസ്സുള്ള അച്ചായനേപ്പറ്റി ഭാര്യ ഇങ്ങനെയൊക്കെ പറയാന്‍ കൊള്ളാമോ?? :)ഉറക്കത്തില്‍ മര്യാദരാമനായ, മൊബൈലില്‍ സംസാരിക്കുന്ന പാവമൊരച്ചായന്‍.

പോസ്റ്റ് അടിപൊളി മാഷേ.

nandakumar said...

കാലം കുറെയേറെ കലണ്ടറുകള്‍ അറ്റസ്റ്റ്‌ ചെയ്തു വിട്ടു !! ഹൊ! അസാദ്ദ്യം.
അവസാനം ഇത്തിരി നൊന്‍പരപ്പെടുത്തി.
ആദ്യമായിട്ടാണ് ഇവിടെ. ഇനി എന്നും വരാം.

അയല്‍ക്കാരന്‍ said...

ഈ സാഫ് ആക്കിയ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ബോംബെയില്. ബാരീ കരൂ ക്യാ എന്ന് ചോദിച്ചു ബാര്‍ബര്‍. ബാരിക്കേഡ് സ്റ്റൈല് വേണ്ട, സാഫ് ആക്കിയാല്‍ മതി എന്നു ഞാനും പറഞ്ഞു.....

മനുവിന്റെ പോസ്റ്റുകളെല്ലാം ഒന്നിനൊന്ന് മികച്ചത്

അയല്‍ക്കാരന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ഹൊ.. ഒന്നു റിലാക്സായി..താങ്ക്സ്..!

Jayesh/ജയേഷ് said...

mashe..katha kollam..pakshe avasanippikkan kurachu svaasam muttunnathu pole thonni....

ആർ പി ആർ said...

ഉഗ്രന്‍ .. കലക്കി... ഇനിയും ഇതുപോലെ ഉള്ളതു പ്രതീക്ഷിക്കുന്നു..

ഒരു പുതിയ ബ്ലോഗറാ... സമയമുണ്ടേല്‍ ഇവിടെവരെ ഒന്നു തലകാണിക്കണേ.....

http://viruthanr.blogspot.com/2009/02/blog-post.html