വര്‍ഗീസ് കുര്യന്‍ സാറ്‍ ന്യൂട്ടന്‍റെ ചലനസിദ്ധാന്തം ഉഷാറായി പഠിപ്പിക്കുന്നു, മുന്നിലിരിക്കുന്ന വിനീതശിഷ്യര്‍ ഉറക്കത്തിന്‍റെ ഗതികോര്‍ജ്ജത്തെ ഒന്നു തടഞ്ഞുനിര്‍ത്താന്‍ ഒരു എക്‌സ്‌റ്റേണല്‍ ഫോഴ്സിനുവേണ്ടി കാത്തിരിക്കുന്നു.
"അതായത് ഏതൊരു വസ്തുവും അതിന്‍റെ സ്ഥിരാവസ്ഥയിലോ, ചലനാവസ്ഥയിലോ തുടര്‍ന്നുകൊണ്ടേയിരിക്കും വേറൊരു ബാഹ്യശക്തി അതിനെ തടയുന്നതുവരെ...." ഈശ്വരാ... സാറിന്‍റെ ട്രാന്‍സ്ളേഷനെങ്കിലും ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?
"മനസിലായോ.... "
'ഓ.. ഇല്ലെങ്കിലും ഈ ലോകത്തിന്‍റെ സ്ഥിരാവസ്ഥയ്ക്ക് വല്യ മാറ്റമൊന്നും വരത്തില്ലല്ലോ സാറേ' എന്ന മട്ടില്‍ ക്ളാസില്‍ മൌനം
"ഒരു ഉദാഹരണം പറയാം. മൂന്നാമത്തെ ബെഞ്ചിന്‍റെ അങ്ങേയറ്റത്തിരിക്കുന്ന മനു ഗോപാലകൃഷന്‍ പെണ്‍കുട്ടികളുടെ ബെഞ്ചിലേക്ക് വായിനോക്കി തന്നെ ഇരിക്കും, ദാ ഈ ചോക്ക് ചെന്ന് അവന്‍റെ മൂക്കാംപട്ട തകര്‍ക്കുന്നതു വരെ... "
പൊട്ടിച്ചിരികള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഞാന്‍ പെട്ടെന്നു തലതിരിച്ചു.
മുരിങ്ങമംഗലത്തപ്പാ.. ദാ ചോക്കുകഷണം റോക്കറ്റ് പോലെ പാഞ്ഞു വരുന്നു എന്‍റെ നേര്‍ക്ക്!!
ചോക്കു കൊണ്ടാല്‍ പെനാല്‍റ്റിയുണ്ട്. അതാണ് വര്‍ഗീസ് സാറിന്‍റെ ലോ ഓഫ് മോഷന്‍. സാറു പറഞ്ഞുനിര്‍ത്തിയ ഭാഗം ഏറുകൊണ്ടവന്‍ എഴുന്നേറ്റുനിന്ന് പറയണം. സാധാരണ ഉറങ്ങുന്നവന്‍മാര്‍ക്കെതിരെയാണീ പ്രയോഗം.. ഇന്നിത് പെണ്ണുകേസിനായി എന്നു മാത്രം.
സാനിയമിശ്ര സ്മാഷടിക്കുന്നപോലെ ഞാന്‍ അറഞ്ഞൊന്നു കുനിഞ്ഞു. ചോക്കുമിസൈല്‍ എന്‍റെ തലയ്ക്ക് തൊട്ടുമുകളിലൂടെ പാഞ്ഞ് പുറകിലെ ബെഞ്ചില്‍, കുമ്പഴസരസിലെ നയനമനോഹരമായ വെള്ളിത്തിരയില്‍ അഭിലാഷയുടെ ഫസ്റ്റ് ലോ ഓഫ് മോഷന്‍ സ്വപ്നം കണ്ടുറങ്ങുന്ന ലിജോ മാത്യുവിന്‍റെ മൂക്കിന്‍റെ സെന്‍റര്‍ ഓഫ് ഗ്രാവിറ്റില്‍ ഒരു വെള്ളപ്പൊട്ടു തൊട്ടു നിലംപതിച്ചു.
'അഭിലാഷയേ ഞാനിപ്പവരാമേ എങ്ങും പോവല്ലേ' എന്ന് ആത്മഗതം ചെയ്ത് ലിജോ ചാടിയെണീറ്റു.
കര്‍ത്താവേ കുരിശായല്ലോ എന്ന ഭാവം മുഖത്ത്.
"എവെരിബെഡി...ആങ്ങ്....മോഷന്‍...." ഉറക്കത്തില്‍ ക്യാച്ചു ചെയ്ത സുപ്രധാന ഭാഗങ്ങള്‍ പെനാല്‍റ്റിയയി ലിജോ ഉരുവിടുമ്പോള്‍, പെണ്‍കുട്ടികളുടെ ബെഞ്ചില്‍ നിന്നും അലറിച്ചിരി.
കുര്യന്‍ സാറിന്‍റെ പ്രൈമറി ഇരയായിരുന്ന ഞാന്‍ പോലും പെണ്ണുകേസു മറന്നു പൊട്ടിച്ചിരിച്ചിട്ടും ലിജോയ്ക്ക് കാര്യം മനസിലാവുന്നില്ല.. അവന്‍ പിന്നെയും തപ്പുകയാണ്.
"അണ്‍ലസ് കമ്പല്‍......... "
"കമ്പല്‍.. കമ്പിളി.. നിണ്റ്റെ അമ്മായിയപ്പനെ പൊതപ്പിക്കാം. വാടാ ഇവിടെ...." സാറ്‍ അലറുന്നു.
ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തുകൊണ്ട്, 'അല്ലാ..ആക്ച്വലി ഞാന്‍ വരണോ സാറേ' എന്ന പരുങ്ങലില്‍ പമ്മി പമ്മി പ്ളാറ്റ്ഫോമിലേക്ക് ലിജോ നടന്നു.
"നിന്‍റെ മട്ടും ഭാവോം കണ്ടാല്‍ ഐ.എ.എസ് അക്കാഡമിയിലെ ലാസ്റ്റ് ഡേയില്‍ വന്നപോലുണ്ടല്ലോടാ.. അവന്‍റെയൊരു ഞൊറിയന്‍ പാന്‍റും പളപള ഉടുപ്പും.. "
'അസൂയ അസൂയ കൊച്ചുകള്ളാ' എന്ന റിപ്ളെ ചിരിയിലൂടെ കൊടുത്ത് ലിജോ മുഖം ചൊറിഞ്ഞു.
'എന്തായാലും ഞാന്‍ രക്ഷപെട്ടല്ലോ' എന്നോര്‍ത്തു നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ തൊട്ടടുത്തിരിക്കുന്ന ഇന്ദുലാലിനെ നോക്കി.
അവന്‍ അടുത്ത അവറിലെ അനലറ്റിക്കല്‍ ജ്യോമട്രി ക്ളാസിനു വേണ്ടിയുള്ള തയ്യറെടുപ്പിലാണ്.
ട്യൂഷന്‍ ക്ളാസില്‍ നിന്നും ആരോ കൊടുത്ത ഒരു ഇംഗ്ളീഷ് കൊച്ചു പുസ്തകത്തിലെ തുണിയുടുക്കാത്ത മദാമ്മയെ പല ആംഗിളുകളില്‍ അനലൈസ് ചെയ്യുകയാണ്. ചില പേജുകളില്‍ നോക്കുമ്പോള്‍ നെഞ്ചിടിപ്പ് എനിക്കു വരെ കേള്‍ക്കാം.
"ശരിക്കു പഠിക്ക്.. സാറു ചോദ്യം ചോദിക്കും. ഒന്നും തെറ്റിക്കല്ലേ... " ഞാന്‍
"വേണോ.... "
"വച്ചേര്.. വൈകിട്ട് വാങ്ങിച്ചോളാം.. "
"ഇന്നു പറ്റില്ല.. തോമാച്ചന്‍ ആള്‍റെഡി ബുക്ക് ചെയ്തു. ഫോട്ടോസ്റ്റാറ്റ് എടുത്തിട്ട് നാളെ തരാമെന്നു പറഞ്ഞു.. "
"എടാ.. തൊരപ്പാ... എന്താ നിന്‍റെ ഉദ്ദേശം.... " കുര്യന്‍ സാറ്‍ അലറിയപ്പോള്‍ ഇന്ദുലാല്‍ ഞെട്ടി മുഖമുയര്‍ത്തി.
"തൊരപ്പാ എന്ന് കേട്ടപ്പോ നീ എന്തിനാ നോക്കിയത്. അത് ലിജോയെ വിളിച്ചതാ.. നീ പേജുമറി പേജുമറി"
"എടാ എന്തു പാച്ചാനാടാ നീ ഒക്കെ കോളജില്‍ വരുന്നത്.. പറേടാ.. ക്ളാസില്‍ ഇരുന്നുറങ്ങാന്‍ നിനക്കെന്താ രാത്രീ കോഴിമോഷണമാണോ പണി... "
'എന്നെ പറഞ്ഞാ ഞാന്‍ സഹിക്കും. എന്‍റെ കുലത്തൊഴിലിനെ പറഞ്ഞാല്‍ ഇടിച്ചു കൂമ്പുവാട്ടും' എന്നു കണ്ണുകൊണ്ട് മറുപടികൊടുത്ത് ലിജോ മറ്റേക്കവിളിലേക്ക് ചൊറിച്ചില്‍ മാറ്റി.
വാതിലിനു മുന്നില്‍ ഒരാള്‍ക്കൂട്ടം..
കൈയില്‍ പ്രകടനപത്രികയുമായി ഹിസ്റ്ററിയിലെ ഉബൈദും, അവനു വോട്ടുപിടിച്ചുകൊടുക്കാന്‍ സകല സഹപാഠികളും കൂടെ..
പത്താം ക്ളാസ് പരീക്ഷയ്ക്ക് ഹിസ്റ്ററിയ്ക്ക് പതിനേഴരമാര്‍ക്ക് മാത്രം നേടിയ ലിജോ, അന്നാദ്യമായി ആ വിഷയത്തെ ബഹുമാനിച്ചു കാണും കാരണം ഇവന്‍മാര്‍ വന്നതുകൊണ്ടാണല്ലോ കുര്യന്‍ സാറ്‍ ക്ളാസ് മതിയാക്കി വെളിയിലേക്കിറങ്ങിയത്.
പ്രൈവറ്റ് ബസിലെ യാത്രക്കാരനെപ്പോലെ തലയ്ക്ക് മുകളില്‍ കൈ കൂപ്പിപ്പിടിച്ച് ഉബൈദും, പ്രസന്ന വദനരായി അണികളും ക്ളാസിലേക്ക് പടര്‍ന്നു കയറി.
ഇന്ദുലാല്‍ പുസ്തകം മടക്കി.
ഞാനും ഉഷാറായി..
ഹാവൂ.. എന്തൊരു സുഖം. സകല പെണ്‍കിടാങ്ങളും ഉണ്ട്.
പട്ടുപാവാടയുടുത്തവര്‍, ദാവണിയിട്ടവര്‍, കോട്ടണ്‍ സാരിയുടെ കസവുടച്ചു സുരഗീതം പൊഴിക്കുന്നവര്‍..
മഴയ്ക്കുള്ള ലക്ഷണവുമായി ആകാശം കറുത്തിരുന്നു. കുളിരുള്ള കാറ്റ് കാമ്പസ് വഴി ക്ളാസിലേക്ക് ചാടിക്കയറുന്നു.
പെണ്‍കിടാങ്ങളുടെ മുടിയിലെ മുല്ലപ്പൂമണം എന്നെ കോരിയെടുത്തു.
'മനുഷ്യജന്‍മം.. അതെത്ര മനോഹരമാണു മച്ചമ്പീ' ഞാന്‍ താടിയ്ക്ക് കൈകൊടുത്ത് പാതി കണ്ണടച്ചു
'വട്ടമുഖക്കാരി മീരയെ നോക്കണോ
പൊട്ടിട്ട മജ്ഞുളാനായരെ നോക്കണോ
കട്ടിപ്പുരികമുള്ളര്‍ച്ചനേ നോക്കണോ
കുട്ടിയുടുപ്പിട്ട മീനയെ നോക്കണോ
എന്ന മള്‍ട്ടിപ്പിള്‍ കണ്‍ഫ്യൂഷന്‍ അടിക്കുമ്പോഴാണ് ഒരു വിളി സൈഡില്‍ നിന്ന്.
"എടാ...... " ചെമ്പകപ്പൂവുപോലൊരു ചിരിച്ചുകൊണ്ട് ലേഖാ ഉണ്ണിത്താന്‍
"ങേ.... നീയുമീക്കൂട്ടത്തിലുണ്ടാരുന്നോ. അതാണീ മഴക്കോളിനൊരു പ്രത്യേക സൌന്ദര്യം
അധരം മധുരം വചനം മധുരം
മധുരാംഗന മതി മുഖവും മധുരം
നടനം മധുരം നയനം മധുരം
നളിന തനൂ തവ മുടിയും മധുരം... "
"നിര്‍ത്തെടാ തോന്ന്യാസം. നിന്‍റെ വോട്ട് ഉബൈദിനല്ലേ..പ്രത്യേകം പറയേണ്ടല്ലോ.. പിന്നെ കുറെ.. "
"വോട്ട് ഈ ക്ളാസില്‍ നിന്ന് പിടിച്ചു തരണം. അതല്ലേ മതിമോഹിനി നീ ഉദ്ദേശിച്ചത്"
"അതേ.. എന്താ പറ്റില്ലേ... "
"പറ്റും.. തീര്‍ച്ചയായും പറ്റും. അതിനു മുമ്പു എന്‍റെ ആപ്ളിക്കേഷന്‍റെ കാര്യം എന്തായീ എന്നു പറ"
"എന്തോന്ന്?"
"ആപ്ളിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ബോയ്ഫ്രണ്ട്.. വല്ലോം നടക്കുമോ. അല്ലെങ്കില്‍ അടുത്ത വണ്ടിക്ക് കൈ കാണിക്കാനാ"
"നിര്‍ത്തെടാ....... ഇന്ദുലാലേ.. വോട്ട് ഞങ്ങള്‍ക്ക്. മറക്കല്ലേ.. " പ്രകടനപത്രിക ആവേശപൂര്‍വം വായിക്കുന്ന ലാലിനോട് അവള്‍
"ആദ്യം ഇവനീ പത്രിക ഒന്നു നോക്കട്ടെ. കുമ്പഴ സരസ്സിലേക്ക് ഫ്രീ ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഗ്ദാനം ഉണ്ടെങ്കില്‍ ഒന്നല്ല പത്ത് വോട്ട് ഇവന്‍ തരും.. "
"റെന്നീ പ്ളീസ്....." അടുത്ത അഭ്യര്‍ഥന റെന്നി ജോയിയോട്.
"ഇവന്‍റെ വോട്ടും പക്കാ. പക്ഷേ സരസിന്‍റെ മുന്നിലെ കുലുക്കിക്കുത്തുകാരെ തുരത്താം എന്ന പ്രോമിസ് ഉണ്ടേല്‍. കഴിഞ്ഞ ആഴ്ച ഇവന്‍ ഒരു വാച്ചാ അവന്‍മാര്‍ക്ക് കൊണ്ടു കൊടുത്തത്"
"നീ വായടയ്ക്കുന്നുണ്ടോ.. ലിജോയൊടു പിന്നെ ചോദിക്കേണ്ട കാര്യമില്ലല്ലോ അല്ലേ ലിജോ.. "
"അതുനേരാ. ഇലക്ഷന്‍ വെള്ളിയാഴ്ച അല്ലല്ലോ. അതുകൊണ്ട് അന്നവന്‍ കോളജില്‍ വരും " മീശയില്‍ ആഞ്ഞുതിരുമ്മിക്കൊണ്ട് ഞാന്‍.
പ്രചരണസംഘം മുറിവിട്ടുപോയതും മണിയടിച്ചതും പന്ത്രണ്ടുമണിയായതും എത്രപെട്ടെന്നാ. ഐന്‍സ്റ്റീനിന്‍റെ റിലേറ്റിവിറ്റി തിയറി എത്ര സത്യം കര്‍ത്താവേ. പത്തുസുന്ദരികള്‍ അടുത്തുണ്ടെങ്കില്‍ മണിക്കൂറുകള്‍ നിമിഷങ്ങള്‍ ആയിത്തോന്നും. ഗീവര്‍ഗീസ് സാറിന്‍റെ ക്ളാസില്‍ ഇരുന്നാല്‍ മിനുട്ടുകള്‍ ദിവസങ്ങായി തോന്നും. ഹോ.. സത്യം പരമസത്യം ഐന്‍സ്റ്റീന്‍ മാഷെ.
വിചാരിച്ചു തീര്‍ന്നില്ല. ദാ എത്തി ഗീവര്‍ഗീസ് പുണ്യാളച്ചന്‍.
പൊളപ്പന്‍ ജുബ്ബയും, നരയന്‍ മീശയും.
'ഗുഡാഫ്റ്റര്‍ നൂണ്‍ സാ.......ര്‍... " കോറസ്
“ആ..ഗുഡാഫ്റ്റര്‍ നൂണ്‍.." ഇന്നെന്താണാവോ സാറിനൊരു പിക്കപ്പില്ലായ്മ. മിസ്സിസ് ഗീവര്‍ഗീസ് രണ്ട് ഇഡ്ഡലി കുറച്ചാണോ കൊടുത്തത്.
വന്നപാടെ ബോര്‍ഡില്‍ പറപ്പന്‍ ഒരു പരാബൊള വരച്ച് എന്തോ മഹാകാര്യം സാധിച്ചപോലൊരു ചിരി.
തൊടങ്ങി.
പരാബൊളയുടെ ആക്സിസും ടാന്‍ജന്‍റും.
അയ്യപ്പാ ഇതൊക്കെ പഠിച്ചിട്ടാര്‍ക്കെന്തു പ്രയോജനം.
'ഇതിന്‍റെ ഏതെങ്കിലും ഒരു പ്രാക്ടിക്കല്‍ യൂസ് പറയാമോ സാറേ' എന്ന് ഒരിക്കന്‍ ഞാന്‍ ചോദിച്ചപ്പോള്‍ 'റോക്കറ്റ് വിക്ഷേപണത്തിലൊക്കെ ഈ കാല്‍ക്കുലേഷന്‍ ഉപയോഗിക്കുന്നുണ്ട്' എന്ന് ഒരു വഴവഴാ ആന്‍സര്‍ തന്നു സാറുതന്നെ തടിതപ്പിയതാണ്.
'പരാബൊള അവിടെ കിടക്കട്ടെ. ദാ നോക്ക് ആ വസന്തകുമാരിയ്ക്ക് എന്തൊരു നാടന്‍ ലുക്കാ. ആ ചിരി നോക്കെടാ ' എന്ന് മനസില്‍ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ട്. ചോക്കേറ് ഓര്‍ത്തപ്പോള്‍ 'പോടേ പോടേ' എന്ന് മറുപടി കൊടുത്തു.
സമയം പന്ത്രണ്ട് പതിനഞ്ച്.
ബിനും എം.സിയും സന്തീപ് ജേക്കബും കൂടി ഇപ്പോള്‍ ഗര്‍ഭം കലക്കി ഗുണ്ടിനു തീ കൊളുത്താന്‍ തീപ്പെട്ടി ഉരച്ചുകാണും.
ഗീവര്‍ഗീസ് സാറിനെ ഒന്നു വിരട്ടാന്‍ പലവഴി ആലോചിച്ചപ്പോള്‍ ഉരുത്തിരുഞ്ഞു വന്ന മോസ്റ്റ് പ്രാക്ടിക്കല്‍ ആന്‍ഡ് കോസ്റ്റ് എഫക്ടീവ് ഐഡിയാ ആയിരുന്നു അത്. ചില വ്യക്തിപരമായ ഈഗോ ക്ളാഷുകള്‍ സാറുമായി എനിക്കുണ്ടായിരുന്നതുകൊണ്ട്, ഈ ദൌത്യത്തിന് രണ്ടു രൂപ ഞാനും സംഭാവന ചെയ്തതാണ്. ക്ളാസിനു തൊട്ടുതാഴെയുള്ള ഇറക്കത്ത് കൃത്യം പന്ത്രണ്ടേകാലിനു ഗുണ്ടിനു തീ കൊളുത്തുന്നു. മുങ്ങുന്നു. ഇലക്ഷന്‍ കോലാഹലം ആയതിനാല്‍ അന്വേഷണവും മറ്റും ഉണ്ടാവുകയുമില്ല.. ഇതായിരുന്നു മിഷന്‍.
സകല ആണ്‍പ്രജകളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്.
അസ്വാഭാവികത വരാതിരിക്കാന്‍ മന:പ്പൂര്‍വം ഞെട്ടാന്‍ ഫ്രണ്ട് ബഞ്ചിലെ മാന്യന്‍മാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സ്ട്രക്ഷന്‍ കൊടുത്തിരുന്നു.
പരാബൊളയുടെ എഡ്ജ് അത്ര പോരാ എന്നു തോന്നി, കൃതാവു ലെവല്‍ നോക്കുന്ന ബാര്‍ബറെ പോലെ ബോഡി അല്‍പം കുനിച്ച്, ചോക്കുകൊണ്ട് ഒരു ഫിനിഷിംഗ് വരുത്തി നില്‍ക്കുമ്പോഴാണ്, മന:പൂര്‍വം ഞെട്ടാന്‍ തയ്യാറായി ഇരുന്നവരെപ്പോലും നാച്ചുറലായി ഞെട്ടിച്ചുകൊണ്ട് സ്ഫോടനം കേട്ടത്.
"ഭും............. !!!!!!!!!"
"ഹീശോയേ.............!!!!! "
കുനിഞ്ഞ പോസില്‍ത്തന്നെ റിവേഴ്സ് ഗീയറില്‍ ഒരു തവളച്ചാട്ടം നടത്തി പുണ്യാളന്‍ സാറു വെളിയിലേക്ക് കുതിച്ചതും അതേകുതിപ്പില്‍ തിരികെ വന്ന് കണ്ണടയെടുത്ത് ഡബിള്‍ കുതിപ്പില്‍ പിന്നെയും പോയതും ഒന്നും ചിരിച്ചു മണ്ണുകപ്പുന്നതിനിടയില്‍ ഞാന്‍ കണ്ടതേയില്ല..
ചിരികള്‍ പിന്നെയും ഒഴുകി.
കൌമാരത്തിന്‍റെ പടവു കയറിക്കഴിഞ്ഞ കുസൃതികളുടെ പൊട്ടിച്ചിരി.
പുറത്തെ ഇരുണ്ട വാനം സന്തോഷത്തോടെ ഏറ്റുവാങ്ങിയ ചിരി..
ആ ചിരികള്‍ക്കിടയില്‍ വേറിട്ട ഒരു മുഖം ഉണ്ടായിരുന്നു.
ഒരു കുസൃതിയ്ക്കും തോല്‍പ്പിക്കാന്‍ പറ്റാത്ത ക്ളാസിലെ ഒരേയൊരു മുഖം.
ഹാഫ് സാരിയില്‍, മൌനത്തില്‍ തളഞ്ഞു കിടന്ന, ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളുടെ മുഖം.
ഷീബ ജോണിയെന്ന, പൊട്ടിടാത്ത, വളയിടാത്ത, കൃസ്ത്യാനിപ്പെണ്ണിന്‍റെ മുഖം.
'മറിയമേ നീ ഭാഗ്യവതീ ഭാമിനിമാരില്‍
ദൈവപുത്രന്‍ നിന്നില്‍ നിന്നില്‍ വന്നങ്ങവതരിച്ചല്ലോ
ഷീബയെ നീ ഭാഗ്യവതി കാമിനി മാരില്‍
മാഘമാസം നിന്നില്‍ നിന്നങ്ങവതരിച്ചല്ലോ'
ഒരിക്കല്‍ കോളജ് ലൈബ്രറിയുടെ ഒഴിഞ്ഞ കോണില്‍ ആരോടും മിണ്ടാതെ നിന്നിരുന്ന ഷീബയുടെ അടുത്തുചെന്നു ഞാനിതു പാടിയപ്പോള്‍, വെളിയില്‍ ചാറ്റല്‍മഴ പെയ്തിരുന്നു.
"എന്‍റെ ഷീബേ ഈ വളിപ്പു കേട്ടിട്ടെങ്കിലും നീ ഒന്നു ചിരിക്ക്. എന്താ നീയിങ്ങനെ. ആരോടും മിണ്ടാതെ.. ഒന്നും പറയാതെ. ക്യാമ്പസ് ബഹളങ്ങളില്‍ പങ്കുചേരാതെ... "
"ഒരാളെങ്കിലും അത് ചോദിച്ചല്ലോ. ബഹളവും ആഘോഷങ്ങളുമൊക്കെ വലിയവര്‍ക്കുള്ളതല്ലേ മനു. തൊട്ടാവാടിപ്പൂക്കളെ ആര്‍ക്കുവേണം. മണമില്ല. കൂടെ ആരുമില്ല.. പറിക്കാന്‍ ചെന്നാല്‍ നിറയെ മുള്ളും.. "
"ഇടയ്ക്കൊക്കെ ഒന്നു ചിരിച്ചൂടെ മാഷേ. ഞാനടക്കം ഈ ചിരിക്കുന്നവരൊക്കെ ഹൈക്ളാസാന്നാ നിന്‍റെ വിചാരം. ഒഴുകുമ്പോള്‍ ചുമ്മാ കൂടെ ഒഴുകുക. അത്രതന്നെ. "
"ഒരു വലിയ ജീവിതം ഞാന്‍ ഒഴുക്കുന്നുണ്ട്. അതുമതി. അതിനിടയില്‍ ചിരിക്കാന്‍ തോന്നാറില്ല. "
"ഒരു നക്സലൈറ്റ് ലുക്കാണല്ലോ നിനക്ക്. ആഭരണങ്ങളില്ല. ആഡംബരമില്ല. കണ്ണുകളില്‍ എന്തിനെയൊക്കെയോ തോല്‍പ്പിച്ച തിളക്കം. അല്ലെങ്കില്‍ ഒന്നിനും തോല്‍പ്പിക്കാന്‍ പറ്റാത്തതിന്‍റെ വിജയത്തിളക്കം. അല്ല.. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ.. "
"അതെ. തോല്‍ക്കില്ല ഞാന്‍. ഒരിടത്തും. പ്രായം ഇരുപതേ ഉള്ളേലും മനസ് അതിലൊക്കെ വലുതാ. അതോണ്ട്. തോല്‍ക്കില്ല.. "
ഷീബയുടെ കണ്ണില്‍ ഒരിടത്തും കാണാത്ത വേലിയേറ്റങ്ങള്‍. തീ പൊള്ളുന്ന വേലിയേറ്റങ്ങള്‍.
അരമതിലില്‍ ഞങ്ങളിരുന്നു.
"പറ. എന്നോട് പറ.. ഈ തീക്കനലിനെ അടുത്തറിയണം എന്നൊരു തോന്നല്‍ കൊണ്ടു ചോദിക്കുവാ. നീ എങ്ങനെ നീയായി. "
ചെത്തിവരുന്ന ക്യാമ്പസ് കാറ്റും, ആ കഥകേട്ടു തരിച്ചിട്ടുണ്ടാവും.
പുല്ലു ചെത്തി, കപ്പ നട്ട്, കാടി കലക്കി വീടു പോറ്റി, കണക്കു പഠിക്കുന്ന പെണ്ണ്‍..
അസുഖം ബാധിച്ച അപ്പനും, ഇടയ്ക്ക് സ്വബോധത്തിന്‍റെ നൂലിഴികള്‍ പൊട്ടിപ്പോകുന്ന അമ്മച്ചിക്കും അത്താണിയായി നില്‍ക്കുന്ന കനല്‍ക്കൂട്.....
ഷീബയുടെ മുടിയില്‍ സൂര്യന്‍ തീ കത്തിച്ചു.
വര്‍ണ്ണശബളമായ കഥകള്‍ മാത്രം പാടിനടക്കുന്ന കലാലയ ബഹളങ്ങളും അതുകേട്ടുകാണും. അല്ലെങ്കില്‍ എന്തുകൊണ്ടിപ്പോള്‍ ഒരു ബഹളവും ഞാന്‍ കേള്‍ക്കുന്നില്ല.
ചൂളമരത്തില്‍ നിന്നു ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലേക്ക് പതിച്ചു.
"ദൈവം പഠിക്കാന്‍ കുറച്ചു ബുദ്ധികൂടി തന്നു. അല്ലെങ്കില്‍ ഈ പണി ഞാന്‍ എന്നേ നിര്‍ത്തിയേനെ. മണ്ണെണ്ണക്കരിയേറ്റ് കണ്ണു പുകഞ്ഞൊരു പരുവമായി. എന്നാലും ഞാന്‍ പഠിക്കും. നോക്കിക്കോ"
"അതെ. തോല്‍ക്കരുത് ഒരിക്കലും..ഒന്നിന്‍റെ മുന്നിലും " മിഴികള്‍ നനഞ്ഞത് ഞാനും അറിഞ്ഞില്ല.
"ഞാന്‍ തോറ്റിട്ടില്ല മനു. ദൈവം എന്‍റെ കൂടെയുണ്ട്. എന്‍റെ ചേച്ചിക്ക് സ്നേഹമുള്ള ഒരു കെട്ടിയോനെ തന്നത് ഈ ദൈവം അല്ലേ. എന്‍റെ കണ്ണും കാതും തലച്ചോറും ചീയാതെ കാത്തുസൂക്ഷിക്കുന്നത് ഈ ദൈവമല്ലേ. ഞാന്‍ ഭാഗ്യവതിയല്ലേ പറ. "
"ഷീബേ.. ഇതുവരെ കരുതിയിരുന്നത് ഞാനൊക്കെ മഹാസംഭവം ആണെന്നാ. ഇപ്പോഴല്ലേ മനസിലായത് നിന്‍റെ മുന്നില്‍ ഞാനൊന്നും ഒന്നുമല്ലെന്ന്. "
"എന്തു സംഭവം. ഒന്നിന്‍റെ മുന്നിലും തളരാതിരുന്നാ ഇതൊന്നും ഒരു കാര്യമല്ലന്നേ. പട്ടിണിയൊക്കെ ഉണ്ടെങ്കിലും ഞാന്‍ പതറാറില്ല. രണ്ടുമണിക്കൂറ്‍ ട്യൂഷന്‍ എടുത്താ അപ്പനു മരുന്നു വാങ്ങുന്നെ അറിയാമോ.. "
സമരം കാരണം ക്ളാസ് മുടങ്ങിയ അന്ന്, ചോറ്റുപാത്രത്തിന്‍റെ മൂടി തുറന്നു പഞ്ഞിപോലെ മൃദുലമായ കപ്പപ്പുഴുക്ക് എന്‍റെ നേരെ അവള്‍ നീട്ടി. എരിവു നിറഞ്ഞ മുളകുചമ്മന്തി പുരട്ടി ഞാനതു കഴിച്ചപ്പോള്‍ അതുവരെ അറിയാതിരുന്ന രുചി.
"നിന്‍റെ ജീവിതം വളമായിട്ടതുകൊണ്ടാണോ ഷീബേ ഇതിനിത്ര രുചി... "
"അല്ല..അപ്പന്‍റെ കണ്ണീരുപ്പിന്‍റെയാ.. അതാവാനേ വഴിയുള്ളൂ... "
പോക്കുവെയില്‍ പുഞ്ചിരിക്കുന്ന നാലുമണികളില്‍ ജീവിതം പഠിക്കാന്‍ ഞാന്‍ ഷീബയെ തിരഞ്ഞുതുടങ്ങി. ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന ഉച്ചകളില്‍, പുസ്തകം ഏല്‍പ്പിക്കാന്‍ നുണകളുടെ മുത്തുകള്‍ എടുത്തുകൊടുക്കുമ്പോള്‍ പകുതിപോലും വിരിയാത്ത പുഞ്ചിരിയില്‍ മറുപടി പറഞ്ഞിരുന്നു. "നിര്‍ത്താറായില്ലേടാ ഇതൊന്നും.... "
"സത്യത്തില്‍ നീ അവസാനം പൊട്ടിച്ചിരിച്ചതെന്നാ ഷീബേ... "
"ഓര്‍മ്മയില്ല. അപ്പന്‍ പറയാറുണ്ട്. കുഞ്ഞുന്നാളില്‍ ക്രിസ്മസ് വിളക്കു കണ്ട് ഞാന്‍ തുള്ളിച്ചിരിക്കാറുണ്ടാരുന്നെന്ന്.. ഒരിക്കല്‍കൂടി ആ ചിരി ഒന്നു കാണിക്കണേന്ന് തിരുരൂപത്തിന്‍റെ മുന്നില്‍ നിന്ന് പറയുന്നതും കേള്‍ക്കാം.. അപ്പന്‍റെ ആഗ്രഹം നടക്കുമോന്ന് എനിക്കറിയില്ല... ഇല്ല നടക്കില്ല.. "
ചന്ദനപ്പള്ളിപെരുന്നാള്‍ ദിവസം, റെന്നിയുടെ പട്ടാളച്ചേട്ടന്‍ വക സ്പെഷ്യല്‍ റം മോന്തി, ലഹരിക്കും ബോധത്തിനും ഇടയിലുള്ള സ്വര്‍ഗീയപാതയിലൂടെ പള്ളിയിലേക്ക് കുതിച്ചു പാഞ്ഞ പത്തംഗ അഹങ്കാരികളില്‍ ഒരാളായിരുന്നു ഞാനും. പെരുന്നാള്‍ തിരിക്കിലൂടെ, ക്രിസ്തീയഗാനങ്ങള്‍ക്കിടയിലൂടെ, തുടിച്ചും മദിച്ചും നീങ്ങവെ ഒരുവിളി എന്നെ തേടി വന്നു.
"കുടിയാ................. "
ഷീബ
ഞാന്‍ അവളെ നോക്കിത്തന്നെ നിന്നു..
" 'എന്‍റെ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെഅവ ഇളം പുല്ലിന്‍മേല്‍ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയും ആവട്ടെ.' ഇത് മോശയുടെ കീര്‍ത്തനമോ അതോ നിന്‍റെ കീര്‍ത്തനമോ.....പറ ഷീബേ.. "
"ആദ്യമായ ഈ രൂപത്തില്‍ നിന്നെ കാണുന്നത് കൊള്ളാം.." ചിരിക്കാതെയാണവള്‍ മറുപടിപറഞ്ഞത്.
മാലാഖമാര്‍ ചുറ്റും വന്നപോലെ എനിക്ക് തോന്നി.
പ്രളയത്തില്‍ അവശേഷിച്ച രണ്ടുമനുഷ്യജീവികള്‍ ഞാനും അവളും മാത്രമാണെന്നെനിക്കു തോന്നി. ചെത്തിക്കൂട്ടിയ പുല്ലിന്‍റെ മണമുള്ള പെട്ടകത്തില്‍ ഞങ്ങള്‍ ഒഴുകിപ്പോകുന്നതുപോലെ എനിക്ക് തോന്നി. മദ്യത്തിന്‍റെയോ മനസിന്‍റെയോ അതോ രണ്ടും ചേര്‍ന്നതിന്‍റെയോ ഇന്ദ്രജാലം...
ട്യൂബ് ലൈറ്റുകളുടെ പ്രകാശവര്‍ഷത്തില്‍, ബാന്‍ഡുമേളങ്ങളുടെ അകമ്പടിയില്‍ ആരോ ഭ്രാന്ത് എന്‍റെ തലയില്‍ കുത്തിത്തിരുകി.
"നിന്നെ ഞാന്‍ മിന്നുകെട്ടിക്കോട്ടെ..... "
"കുടിച്ചിട്ട് വേണ്ടാതീനം പറയാതെ നീ പോ"
"നെറ്റിയിലേക്ക് പാറിവീഴുന്ന ഒരു മുടിനാരു നീയെനിക്കു താ.. എന്നിട്ടേ ഞാന്‍ പോകൂ... "
ആളുകൂടുമെന്നുപേടിച്ചോ എന്തോ, ഒരു മുടി അവള്‍ പറിച്ചുതന്നിട്ടു വേഗം തിരക്കിലേക്ക് മുങ്ങിപ്പോയി..
പിറ്റേന്നു കാലത്ത് ലജ്ജകലര്‍ന്ന് ക്ഷമാപണത്തിനു അരികില്‍ ചെന്നപ്പോള്‍ അവള്‍ ഒരു നെടുവീര്‍പ്പില്‍ കണ്ണുകള്‍ വിടര്‍ത്തി.
"അതൊക്കെ ഞാനപ്പൊഴേ മറന്നു. ഓര്‍ത്തിരിക്കാന്‍ വേറെയൊരുപാട് കാര്യങ്ങള്‍ ഇല്ലേ എനിക്ക്. സാരമില്ല"
പിന്നെ ഇടയ്ക്കൊക്കെ കപ്പപ്പുഴുക്കും തിന്നും ഇളംവെയില്‍ കൊണ്ടും സൌഹൃദം പടര്‍ന്നുലഞ്ഞു. മണിയടിക്കാന്‍ പത്തുമിനിട്ടു ബാക്കിയുള്ള ഒരു പുലരിയില്‍, പതിവിലും മങ്ങിയ മുഖവുമായി ഒഴിഞ്ഞ ഗ്രൌണ്ടിലേക്ക് മിഴിപായിച്ച് ഒറ്റയ്ക്കു നിന്ന ഷീബയുേടെ അടുത്തേക്ക് ഞാന്‍ ചെന്നു.
"മൂന്നാലു ദിവസമായല്ലോ നിന്നെ കണ്ടിട്ട്. എന്തുപറ്റി ഷീബേ.. പലരോടും ചോദിച്ചു.. ആര്‍ക്കും അറിയില്ലാന്നു പറഞ്ഞു. "
മൌനത്തില്‍ നിന്നും വാക്കുകള്‍ എടുക്കാന്‍ പിന്നെയും ഞാന്‍ ചോദിച്ചു "എന്താ ഉണ്ടായേ പറ"
"ഒരു വിശേഷമുണ്ടായി... അപ്പന്‍ പോയി........"
ആദ്യമായി അവളുടെ കണ്ണിനെ കണ്ണുനീര്‍ തോല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു.
"എന്നിട്ട്..എന്നിട്ട്.. നീ ആരോടും... "
"ആരോട് പറയാന്‍... എങ്ങനെ പറയാന്‍.... "
"സത്യത്തില്‍ ഞാന്‍...ഞാന്‍ അറിഞ്ഞില്ല ഷീ... "
"സാരമില്ല.. അല്ലേല്‍ തന്നെ അറിഞ്ഞിട്ടിപ്പോ എന്തു ചെയ്യാന്‍ പറ്റും. പോവേണ്ടയാള്‍ പോയില്ലേ... "
"ഒന്നും നമ്മുടെ കൈയില്‍ അല്ലല്ലോ ഷീബേ.. നീ പടിത്തം മുടക്കരുത്.. ജയിച്ച് വന്നിട്ട് വേണ്ടേ എല്ലാം... "
"എനിക്കറിയില്ല.... എനിക്കിനി ആരും ഇല്ലാ....."
മരത്തോട് മുഖം ചേര്‍ത്ത്, എല്ലാ പരിസരവും മറന്നു അവള്‍ പൊട്ടിക്കരഞ്ഞു. ഒടുവില്‍ പുസ്തകവുമായി ഓടി ഓടി എങ്ങോ മാഞ്ഞു....
പിന്നെ അവള്‍ ക്ളാസില്‍ വന്നില്ല..
പരിമിതികള്‍ ഒരുപാടുള്ളതുകൊണ്ട് ചെന്നുകാണാന്‍ എനിക്കും കഴിഞ്ഞില്ല..
ഫിസിക്സ് ലാബിലെ പ്രാക്ടിക്കല്‍ കഴിഞ്ഞ് അടുത്ത ക്ളാസിലേക്ക് പോകാന്‍ പടിയിറങ്ങുമ്പോഴാണ് പിന്നെ ഞാന്‍ ഷീബയെ കാണുന്നത്. രണ്ടു മാസങ്ങള്‍ക്കു ശേഷം..
കണ്ണുകളില്‍ പഴയ തിളക്കം.
"നിന്നെ ഒന്നു കാണാന്‍ വന്നതാണ്" പൊട്ടില്ലാത്ത നെറ്റിയില്‍ ഒരുമണി വിയര്‍പ്പ് ഞാന്‍ കണ്ടു.
എന്തുപറയണമെന്നറിയാതെ ഞാന്‍ നിന്നു.
"ഞാന്‍ പോകുവാ.... "
"എങ്ങോട്ട് ഷീബേ... എങ്ങോട്ട്.. അപ്പോ നിന്‍റെ പടിത്തമൊക്കെ... "
"അപ്പനെ ചികിത്സിച്ച് കടം കേറിയപ്പോ വീടും വസ്തുവും വില്‍ക്കാതെ വേറേ വഴിയില്ലാരുന്നു. ചേച്ചിയുടെ അടുത്തേക്ക് പോകുവാ.. ചേട്ടന്‍ നല്ലവനായതുകൊണ്ട് ദൈവം അങ്ങനെയൊരു അഭയം തന്നു... "
"പടിത്തം കളയരുതു നീ... ഇതല്ലെങ്കില്‍ വേറൊരു കോളജ്..അതൊന്നും സാരമാവില്ല.. "
"അതൊന്നും ഇനി നടക്കില്ല.. പക്ഷേ തോല്‍ക്കില്ല ഞാന്‍. ജീവിക്കും. അന്തസായി... നീ നോക്കിക്കോ.. "
കോളജിന്‍റെ കുന്നിറങ്ങി ഞാന്‍ അവള്‍ക്കൊപ്പം നടന്നു.
"അവിടുത്തെ അഡ്രസ് ഒന്നു പറയുമോ... ഇടയ്ക്കൊക്കെ.. "
"വേണ്ട മനു. ഒരാളുടെ കാരുണ്യത്തിലേക്കല്ലേ ഞാന്‍ പോകുന്നത്. ആണ്‍കുട്ടിയുടെ കത്ത്. അതിലെ വാചകങ്ങള്‍. അതിന്‍റെ പേരില്‍ പിന്നെ പൊല്ലാപ്പുകള്‍. സ്വതന്ത്രയാവുന്ന ഒരു ദിവസം ഉണ്ടാവില്ലേ.. അപ്പോള്‍ എവിടെവച്ചെങ്കിലും കാണാം. അന്ന് എനിക്ക് മാത്രമായ അഡ്രസ് ഞാന്‍ തരാം. പോരെ"
മറുപടി ഞാന്‍ പറഞ്ഞില്ല.. ആ കനല്‍ മനസില്‍ എന്‍റെ വാക്കുകള്‍ ദഹിച്ചുപോകും എന്നറിയാവുന്നകൊണ്ട്..
ബസ് സ്റ്റോപ്പില്‍ വച്ച് അവസാനം അവള്‍ പറഞ്ഞു.
"എവിടെയായാലും ഞാന്‍ നിന്നെ ഓര്‍ക്കും. നിനക്കു വേണ്ടിയും പ്രാര്‍ത്ഥിക്കും.... "
രണ്ടുമണിയടിയില്‍ വണ്ടി നീങ്ങി...
അപ്പോഴും ഞാനറിഞ്ഞു.
ചെത്തിക്കൂട്ടിയ പുല്ലില്‍ നിന്നും ഉയരുന്ന മണ്ണിന്‍റെ ഗന്ധം... ചാറ്റല്‍മഴ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയ അമൂല്യഗന്ധം...
മനസില്‍ സാന്ത്വനം പോലെ ജോബ് വചനങ്ങള്‍ മുഴങ്ങി..
'വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും, അതിനു പുതിയ ശാഖകള്‍ ഉണ്ടാകാതിരിക്കയില്ല'
രണ്ടായിരത്തിയഞ്ചിലെ അവധി നാളില്‍ കാതലിക്കറ്റ് കോളജില്‍ ഞാന്‍ വീണ്ടും പോയി... വര്‍ഷങ്ങള്‍ക്ക് ശേഷം.
പഠിച്ച കോളജില്‍ തന്നെ മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ലെക്ചററ്‍ ആയി ജോലികിട്ടിയ റെന്നിയോടൊപ്പം പണ്ടു നടന്ന പുല്‍ത്തകിടിയിലൂടെ, ചൂളമരങ്ങള്‍ക്കിടയിലൂടെ ഓര്‍മ്മകളുടെ കൂടെ നടന്നു.
എന്തുവേഗമാണ് കാലം മാറുന്നത്. പാവടക്കാരികളെ, ദാവണിക്കാരികളെ ഒന്നും കാണാനില്ല.
പുതിയ ലോകത്തിന്‍റെ വേഗങ്ങളെ സ്വീകരിച്ച പുതിയ കുട്ടികള്‍. മൊബൈല്‍ ഫോണിന്‍റെ അസ്വകാര്യതയില്‍ ഹൃദയം കൈമാറുന്നവര്‍.
ലൈബ്രറിയ്ക്കു മുന്നിലെ മരച്ചുവട്ടില്‍ കുറെനേരം നിന്നു.
"റെന്നീ...നിനക്കോര്‍മ്മയുണ്ടോ..ആ പഴയ ഷീബയെ.. നമ്മുടെ ക്ളാസിലെ ആ പാവം പെണ്‍കുട്ടിയെ"
"ഉണ്ട്.. എല്ലാരേം ഓര്‍മ്മയുണ്ട്..." റെന്നിയും ഓര്‍മ്മകളില്‍ തന്നെയാണ്. അതാണീ മൌനം
"അവള്‍ ഇപ്പോ എവിടെയാവും... " ഒരില ഞാന്‍ ഞെരടി
"അറിയില്ലെടാ.. ഈ നാടുവിട്ട് അന്നേ പോയതല്ലേ..... "
ഞാന്‍ മെല്ലെ കണ്ണടച്ചു.
ഈ മരച്ചുവട്ടില്‍ വച്ചാണ് ആദ്യമായി അവള്‍ കരഞ്ഞത്. ആ കണ്ണുനീര്‍ ഈ മരത്തിന്‍റെ ഏതെങ്കിലും ചില്ലയില്‍, വേരില്‍, ഇലയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നുണ്ടാവും.
"നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും..... "
വീട്ടില്‍ വന്ന്, പഴയ ഫിസിക്സ് റെക്കോറ്‍ഡ് ബുക്ക് തിരഞ്ഞു.
അതിലെവിടെയോ ഒരു മുടിനാരുകാണും. കുസൃതിപ്രായം അടര്‍ത്തിയെടുത്ത ഒരു മയില്‍പീലി തുണ്ട്...
"അമ്മേ... എവിടെ എന്‍റെ ആ പഴയ ബുക്കൊക്കെ"
"ഓ അതോ.. ചിതലരിച്ച് കെടന്നപ്പോ അച്ഛനതെല്ലാം കൂടി തീയിട്ടു.. കൊറെ ആയതല്ലേ... എന്താ അത് വേണമാരുന്നോ നിനക്ക്... "
എനിക്കുറപ്പുണ്ട്.. താളുകള്‍ എരിഞ്ഞാലും ആ മുടിയിതള്‍ എരിഞ്ഞുകാണില്ല.. അതീ മണ്ണില്‍ എവിടെയോ ചീയാതെ അഴുകാതെ കിടപ്പുണ്ടാവും.......
പ്രിയപ്പെട്ട ഷീബാ.. ഈ ലോകത്തിന്‍റെ ഏതുകോണിലാണ് നിന്‍റെ ഹൃദയം ഇപ്പോള്‍ സ്പന്ദിക്കുന്നത്. തോല്‍പ്പിക്കാന്‍ വന്നവയെയൊക്കെ തോല്‍പ്പിച്ച്, കനല്‍ നിറഞ്ഞ കണ്ണുകളുമായി ഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍ ഇടയ്ക്ക് നീ പോകാറുണ്ടോ.. അവിടെ ഞാന്‍ ഉണ്ടോ.. എനിക്കായി കപ്പയും മുളകുചമ്മന്തിയും നീ ഒരുക്കുന്നുണ്ടോ.............
നിനക്കായി ഞാന്‍ പണ്ടെങ്ങോ കോറിയിട്ട ഈ വരികള്‍ ഒന്നുകൂടി ഓര്‍ക്കട്ടെ..
ചൂളമരം മഴ പെയ്തിരുന്നു പുതു
ചൂരിലിളം മണ്ണുണര്‍ന്നിരുന്നു
അന്തിവരുമെന്നറിഞ്ഞു പകലൊരു
ചെന്തീപ്പുടവ മെനഞ്ഞിരുന്നു
ഒന്നും പറയാതെ നമ്മള്‍ മനസിന്‍റെ
പൊന്നിതളോരോന്നുലച്ചിരുന്നു
കണ്‍മഷി വീഴാത്ത കണ്ണില്‍ ഞാനുമ്മറ
ത്തിണ്ണയിലപ്പന്‍ തളര്‍ന്ന കണ്ടു
പൊട്ടുവീഴാത്ത നിന്‍ നെറ്റിയിലമ്മച്ചി
തട്ടിയുടച്ച മണ്‍ചട്ടി കണ്ടു
തൈലം പുരളാത്ത മേനിയില്‍ നീ കൊയ്ത
പുല്ലും പശുവും നിറഞ്ഞിരുന്നു.
കാടികലക്കി തളരാത്ത കൈകളില്
ഓടിത്തഴമ്പു ഞാനെണ്ണിനിന്നു.
സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരി നിന്നിരുന്നു.
കാലം കടന്നിരുതോണിയില്‍ നാം മിഴി
കാണാതെ നീങ്ങി മറഞ്ഞെങ്കിലും
കണ്ണുനീരുപ്പു പുരട്ടി നീ നല്‍കിയ
കപ്പരുചി എന്‍റെ നാവിലുണ്ട് നിന്‍റെ
പൊള്ളും മനസെന്‍റെ കൂടെയുണ്ട്..
--------------------------------------------------------
നെറ്റിയിടിച്ചൊരു ക്ഷമാപണം/സമര്‍പ്പണം
ഉബൈദ് ഈ മണ്ണില്‍ നിന്ന് മറഞ്ഞ വിവരം ഒരു കമന്‍റിലൂടെയാണ് ഞാന്‍ അറിഞ്ഞത്. അതും ഇളം പ്രായത്തില്‍.....
ഒരു തമാശയിലൂടെ ആ പ്രിയസഖാവിനെ അവതരിപ്പിച്ചതിലുള്ള വിഷമം കീബോര്‍ഡുകള്‍ക്കു മനസിലാവുന്നില്ല.. ആത്മവഞ്ചനയാകും എന്നു തോന്നുന്നതുകൊണ്ട് ആ ഭാഗം ഇനി മാറ്റാനും തോന്നുന്നില്ല
പ്രിയപ്പെട്ട ഉബൈദേ...
സ്നേഹം തുളുമ്പുന്ന പുഞ്ചിരിയും കണ്ണുകളില്‍ വിപ്ലവ വീര്യവുമായി കാമ്പസിലൂടെ ശാന്ത ഗംഭീരമായി നടന്ന നിന്‍റെ പൌരുഷം ഞാന്‍ വീണ്ടും ഓര്‍ക്കുന്നു..
നീ മുറിച്ചു തന്ന ഉഴുന്നുവടയുടെ സ്വാദും, കഥയെഴുതാന്‍ നീട്ടിത്തന്ന വെള്ളക്കടലാസും പിന്നെ ഓര്‍മ്മകളുടെ അതിര്‍വരമ്പുകളില്‍ പൊരുളറിയാതെ നില്‍ക്കുന്ന ഒരുപാടു ഒരുപാട് സംഭവങ്ങളും..
മാപ്പു ചോദിച്ചുകൊണ്ട്, ഒരു തുള്ളി കണ്ണുനീര്‍ നിന്റെ ഓര്‍മ്മകളില്‍ ഇറ്റുവീഴ്ത്തിക്കൊണ്ട്, ഈ പോസ്റ്റ് നിനക്കായി സമര്‍പ്പിക്കുന്നു..
ഞാനും വരുന്നു അങ്ങോട്ട്.. എപ്പോള്‍ ഉണ്ടാവും എന്ന് പറയാറായിട്ടില്ല.. ആ പഴയ കുസൃതിപ്പുഞ്ചിരി തന്ന് കാണുമ്പോള്‍ തന്നെ ക്ഷമിക്കെടാ ഇത്....
-------------------------------
==================================================
ടൈം ഫോര്‍ എ ബ്രേക്ക്

ഉപരിപഠനം/ജീവിതത്തിന്‍റെ സിസ്റ്റം അപ്‌ഗ്രഡേഷന്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് മുഴുവന്‍ ശ്രദ്ധയും സമര്‍പ്പിക്കുന്നതിനാല്‍, ബ്രിജ്‌വിഹാരം ബ്ളോഗിനു ഒരു ചെറിയ ഇടവേള കൊടുക്കുന്നു. തന്ന സ്നേഹം മുഴുവനും തിന്നുതീര്‍ത്തതിനാല്‍ ഇനിയും ഒരുപാട് കരുതി വച്ചേക്കണേ പ്രിയമുള്ളവരേ. പറയുവാന്‍ ഇനിയും ഒരുപാടു കഥകള്‍ ബാക്കിയുണ്ട്
അധികം വൈകാതെ മടങ്ങിവരാം എന്ന പ്രതീക്ഷയോടെ, ഒരല്‍പ്പം നൊമ്പരത്തോടെ,
ഒരു കുഞ്ഞു ബൈ ബൈ
107 comments:
സാനിയമിശ്ര സ്മാഷടിക്കുന്നപോലെ ഞാന്‍ അറഞ്ഞൊന്നു കുനിഞ്ഞു. ചോക്കുമിസൈല്‍ എന്‍റെ തലയ്ക്ക് തൊട്ടുമുകളിലൂടെ പാഞ്ഞ് പുറകിലെ ബെഞ്ചില്‍, കുമ്പഴസരസിലെ നയനമനോഹരമായ വെള്ളിത്തിരയില്‍ അഭിലാഷയുടെ ഫസ്റ്റ് ലോ ഓഫ് മോഷന്‍ സ്വപ്നം കണ്ടുറങ്ങുന്ന ലിജോ മാത്യുവിന്‍റെ മൂക്കിന്‍റെ സെന്‍റര്‍ ഓഫ് ഗ്രാവിറ്റില്‍ ഒരു വെള്ളപ്പൊട്ടു തൊട്ടു നിലംപതിച്ചു.
ബ്രിജ്‌വിഹാരം ബ്ലോഗിലെ പുതിയ പോസ്റ്റ്
തമാശയിലൂടെ തുടങ്ങിയെങ്കിലും, ഈ ബ്ലോഗ് വളരെ ഹൃദയ സ്പര്‍ശിയായി മനസ്സില്‍ അവശേഷിക്കുന്ന്നു. നന്ദി!
മനു മാഷേ എന്നാണോ വിളിക്കുക പഞ്ജാര മാഷേ എന്നാണോ വിളിക്കണ്ടത്, ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍.
മാഷിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോഴാണ് ‘വുമണ്സ് ഓണ്‍ലി’ കോളേജില്‍ മാത്രം പഠിച്ചതിന്റെ മണ്ടത്തരവും ‘മിക്സ്ഡ് കോളേജില്‍ പഠിക്കാത്തതില്‍ വിഷമവും തോന്നുന്നത്.
പോസ്റ്റ് നല്ല ഇഷ്ട്ടമായി. അതുകൊണ്ടു തന്നെ അടുക്കളയിലെ തേങ്ങാസ്റ്റോക്കില്‍ നിന്നുള്ള ഏറ്റവും വലിയ തേങ്ങ ഇവിടെ ഉടക്കുന്നു.
ഠേ........... ഠേ........ ഠും..... (തേങ്ങാകൊത്തുകള്‍ ഞാന്‍ കൂട്ടാനിലിടാന്‍ എടുക്കാണേ)
കൊച്ചുകോവാലാ.. ഈ വായ്‌നോട്ടപ്പണി ഒന്നാം ക്ലാസ്സ് മുതലേ തൊടങ്ങീതാ അല്ലേ..
അതേയ്, ഈ കാളമൂത്രം പോലുള്ള ഈ ബല്യ പോസ്റ്റ് മുഴുവന്‍ വായിച്ചിട്ട് ബാക്കി പറയ്യാം ട്ടോ.
ചാത്തനേറ്:“'റോക്കറ്റ് വിക്ഷേപണത്തിലൊക്കെ ഈ കാല്‍ക്കുലേഷന്‍ ഉപയോഗിക്കുന്നുണ്ട്' ” ശ്രീഹരിക്കോട്ടക്കാരെന്തായാലും ഉപയോഗിക്കുന്നുണ്ട് വിക്ഷേപിക്കുന്നത് തിരിച്ചുവരുന്നതും കൂട്ടിനോക്കിയാല്‍ ആ ഭ്രമണപഥം പരാബോള തന്നെ!!!
ഓടോ: ചിരിപ്പിച്ചില്ല.
മനൂജി,
സാധാരണ ടിവി ചാനല്‍സില്‍ “ബ്രേക്ക് “എന്ന് എഴുതിക്കാണിച്ചാല്‍ ഞാനുടനെ ചാനല്‍ മാറ്റും. ബട്ട്, ബ്രിജ് വിഹാരത്തില്‍ ബ്രേക്ക് എന്ന് എഴുതിക്കാണിച്ചാല്‍ മാറ്റാന്‍ തുല്യതയുള്ള മറ്റ് ചാനലുകള്‍ ഇല്ല. ബ്രിജ് വിഹാരത്തിന് തുല്യം ബ്രിജ് വിഹാരം മാത്രം..! സോ, മനൂജി, പെട്ടന്ന് തിരിച്ചു വരണേ....
പിന്നെ ഈ പോസ്‌റ്റിലും ഒരു റിയല്‍ മനൂ ടച്ച് ആവാഹിച്ചിരിക്കുന്നു. നര്‍മ്മത്തിലൂടെ വന്ന് നൊമ്പരത്തിലെത്തിനില്‍ക്കുന്ന ഒരു രീതി. ഹ്യൂമറും, സെന്റിമന്‍സും, സ്നേഹവും, കവിതയും, സാഹിത്യവും ഒക്കെ ഒത്തുചേര്‍ന്ന ഒരു നല്ല പോസ്റ്റ്...
എന്നെ കൂടുതല്‍ ചിരിപ്പിച്ച ഭാഗങ്ങള്‍ : ഇന്ദുലാല്‍ മറ്റേ ഡിങ്കോള്‍ഫി കാ സുഡാല്‌ഫി പുസ്തകം വേണോന്ന് ചോദിച്ചപ്പോ മനൂജി “വേണ്ട“ എന്ന് പറയും എന്ന് കരുതിയതായിരുന്നു. ബട്ട്,
"വേണോ.... "
"വച്ചേര്.. വൈകിട്ട് വാങ്ങിച്ചോളാം.. "
എന്ന് വായിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി...
ഗീവര്‍ഗീസ് സാറ് ക്ലാസില്‍ എത്തി പരിപാടി സ്റ്റാര്‍ട്ട് ആക്കിയ ലൈന്‍ ചിരിപ്പിച്ചു.
വന്നപാടെ ബോര്‍ഡില്‍ പറപ്പന്‍ ഒരു പരാബൊള വരച്ച് എന്തോ മഹാകാര്യം സാധിച്ചപോലൊരു ചിരി. തൊടങ്ങി. പരാബൊളയുടെ ആക്സിസും ടാന്‍ജന്‍റും.
ഹ ഹ... ഒരു നിമിഷം ഈ മത്തമാറ്റിക്സ് ക്ലാസ് വിട്ട് എന്റെ കോളജിലെ ഫിസിക്സ് ക്ലാസിലെത്തിപ്പോയി.. അവിടെയും ഉണ്ടായിരുന്നു ഇതുപോലൊരു വകുപ്പ്...അതൊക്കെ പറയാന്‍ കുറേയുണ്ട്.. നേരിട്ട് കാണുമ്പോ പറയാം... (താജ്മഹലിന്റെ മുന്നില്‍ വച്ച്... മറക്കല്ലേ....)
പഠിക്കാനുള്ളതൊക്കെ വേഗം പഠിച്ച് വേഗം തിരിച്ചുവാ... IT ആണ് സംഗതി എങ്കില്‍ എന്ത് ഡൌട്ട് ഉണ്ടെങ്കിലും എന്നോട് ചോദിച്ചോളൂ.... ഡൌട്ട് ഞാന്‍ ഡബിള്‍ ആക്കിത്തരാം... ഡോണ്ട് വറി .. :-)
ഓഫായ നമഃ :
ബട്ട് സീക്രട്ടായ നമോ നമഃ
എന്റെ കാര്യം പറയുകയാണെങ്കില്‍, പോസ്റ്റില്‍ പറഞ്ഞ രീതിയില്‍ ഇതുവരെ കിട്ടിയ “ചോക്ക് കഷ്ണങ്ങള്‍“ കൂട്ടിവച്ചിരുന്നേല്‍, സ്വന്തമായി ചോക്ക് കൊണ്ടൊരു താജ്മഹല്‍ ഉണ്ടാക്കാനുള്ള വകുപ്പുണ്ടായിരുന്നു യെന്റ മനൂജി....
ഹൂൂൂൂൂൂമ്മ്മ്മ്മ്മ്മ്....!
(ദീീീീര്‍ഘനിശ്വാസം!!)
:-)
നര്‍മ്മത്തില്‍ തുടങ്ങി വിരഹദുഃഖത്തില്‍ എത്തുന്നു പോസ്റ്റ്.
പിന്നേയ്, ഇനി എന്തോന്ന് ഉപരിപഠനം. പഞ്ചാരയടിയില്‍ ഡോക്ടറേറ്റ് എടുത്തിട്ടും ഇനിയുമുണ്ടോ ഉപരിപഠനം. ഇതിപ്പോ അണ്ണാന്‍ കുഞ്ഞ് മരം കേറ്റം പഠിക്കാന്‍ പോണൂന്ന് പറഞ്ഞ പോലായി.
പിന്നെ എന്തോന്നു ലൈഫ് സിസ്റ്റം അപ്‌ഗ്രഡേഷന്‍?.. ഏതു സിസ്റ്റമാ ഡൌണായിരിക്കുന്നത്. നാട്ടാര്‍ വല്ലതും കാര്യമായി കൈകാര്യം ചെയ്തിരുന്നോ. സത്യം പറ..
ബ്രിജ് വിഹാര്‍ അയ്യപ്പാ!!!
മനുവേട്ടാ...
പതിവു പോലെ തമാശയോടെ തുടങ്ങിയെങ്കിലും ഒരു നഷ്ട സൌഹൃദത്തിന്റെ വേദന ഞങ്ങള്‍ക്കു കൂടി തന്നു കൊണ്ടാണ് ഈ ലക്കം അവസാനിപ്പിച്ചത് അല്ലേ?
വളരെ ടച്ചിങ്ങ് ആയ പോസ്റ്റ്. ആ സുഹൃത്തിനെ വൈകാതെ എവിടേലും വച്ച് കാണാനും പഴയ സൌഹൃദം പുനസ്ഥാപിയ്ക്കാനും ഈശ്വരന്‍ സഹായിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.
“കാലം കടന്നിരുതോണിയില്‍ നാം മിഴി
കാണാതെ നീങ്ങി മറഞ്ഞെങ്കിലും
കണ്ണുനീരുപ്പു പുരട്ടി നീ നല്‍കിയ
കപ്പരുചി എന്‍റെ നാവിലുണ്ട് നിന്‍റെ
പൊള്ളും മനസെന്‍റെ കൂടെയുണ്ട്...”
എത്ര മനോഹരമെന്ന് പറഞ്ഞറിയീയ്ക്കാന്‍ വയ്യ!
അധികം താമസമില്ലാതെ ബൂലോകത്തേയ്ക്ക് മടങ്ങി വരുന്നതും കാത്തിരിയ്ക്കുന്നു. ഒപ്പം മൈഥിലിക്കുട്ടിയുടെ ചിത്രം ബ്ലോഗില്‍ ചേര്‍ത്തതിനും നന്ദി.
ആശംസകള്‍...
[അപ്പോ അധികം വൈകില്ലല്ലോ അല്ലേ?]
സലാം ബ്രിജ് വിഹാ(കാ)രീ,
കാത്തിരിക്കാം,അധികം താമസിയാതെ വരണേ.....
വളരെ ഹൃദയസ്പര്‍ശി ആയ പോസ്റ്റ്... പിന്നെ തിരിച്ചു വരവ് ഉടനെ ഉണ്ടാകുമല്ലോ അല്ലേ?
മനുജി.
കണ്ണുനനഞ്ഞറിഞില്ല..
എന്താ പറേണ്ടേന്നും.. അത്രയ്ക്ക് മനസില്‍ തട്ടി.
വേഗം തിരിച്ചു വരണേ എന്ന് മാതര്‍ം പറയുന്നു.
കാത്തിരിക്കാല്ലൊ...അതെല്ലെ ഇത്ര കാലം ആയിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്,
അയ്യപ്പാ..........
ഇത്തവണയും ചിരിക്കാനൊത്തിരി വകയുമായെത്തിയ ഈ പഞ്ചാരക്കുഞ്ചുവിന്റെ പോസ്റ്റിഷ്ടമായി. എന്നാലും ഇത്ര പ്രതീക്ഷിച്ചില്ല. നമ്മള്‍ ഐ. എന്‍. എ. യില്‍ വച്ച് കണ്ടപ്പോള്‍ മാഷ് എയിംസിലെ മലയാളി പെണ്‍കിടാങ്ങളുമായി 11 കെ.വി. ലൈന്‍ വലിക്കുകയായിരുന്നല്ലോ. എന്നാലും അച്ചായന്റെ പേര് ഗിന്നസ്ബുക്കില്‍ കയറിപ്പറ്റാനുള്ളത്ര എണ്ണം പെണ്‍കുട്ടികള്‍ ആ ഹൃദയത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നു മനസ്സിലായി ഇപ്പോ. എന്റെ ബ്രിജ്‌വിഹാര്‍ അയ്യപ്പ.......
എതായാലും അച്ചായന്റെ റെക്കോര്‍ഡെല്ലാം കത്തിച്ചതു നന്നായി. അമ്മയോര്‍ത്തു കാണും ച്ഛേയ്, ഇതെന്താ മുടികത്തിയ മണമെന്ന്. ആ പ്രദേശം മുഴുവനും ;)
പിന്നെ കൃഷ് പറഞ്ഞതുപോലെ എന്തോന്ന് ഉപരിപഠനം ആണ് അച്ചായാ. ഉം. എന്തേലും ആവട്ടെ. സമയം കിട്ടുമ്പോ മുനീര്‍ക്കയില്‍ നിന്നും തിരികെ പോകുമ്പോള്‍ വിളിച്ചിട്ടു വാ. ആ കഥകള്‍ കേള്‍ക്കാന്‍ ഞാനും കൂടെ പൊന്മാന്‍ കുഞ്ഞുങ്ങളും റെഡി :)
എനിക്കെന്തോ മനുവിന്റെ കഴിഞ്ഞ പോസ്റ്റ് അത്രങ്ങട് ഇഷ്ടായില്ലായിരുന്നു. ചിരിയങ്ങ് വന്നില്ല. ഒരു എയിമാവയ്മ!
പിന്നെ, എന്റെ ഇഷ്ടത്തില് വല്യ കാര്യമില്ല. പല പല സൂപ്പര്‍ ഹിറ്റായ സിനിമകളും എനിക്കിഷ്ടമായിട്ടില്ല. അതേസമയം എനിക്ക് ഭയങ്കര ഇഷ്ടായ ചില പടങ്ങള്‍ നിലം തൊടാതെ തീയേറ്ററീന്ന് തീയേറ്ററിലേക്കോടി നൂറു തീയറ്ററുകളിലായി മൊത്തം നൂറുദിവസം കളിക്കുകയും വിത്തിന്‍ വീക്ക്സ് ഏഷ്യാനെറ്റില്‍ വരുകയും ചെയ്തിട്ടുണ്ട് താനും!
അപ്പോള്‍ പറഞ്ഞു വന്നത്.... ഈ പോസ്റ്റ് പകുതിയേ വായിച്ചുള്ളൂ.. പക്ഷെ, ചിരി വന്നിട്ട് ഒരു രക്ഷയുമില്ല.. ഓഫീസിലല്ലേ.. അതും ഇവിടെ ക്ണാപ്പല്ലേ... അങ്ങിനെയൊന്നും കുലുങ്ങി ചിരിച്ചൂടാ. അതോണ്ട് വായന യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍ത്തി വച്ചു.
വായിച്ചിടത്തോളം സൂപ്പര്‍ പോസ്റ്റ്. മനൂ. തമാശക്ക് ഭയങ്ക നേയ്ക്ക് തന്നെ ട്ടാ. സമ്മതിച്ചുട്ടാ.
പിന്നെ ബ്ലോഗില്‍ നിന്നുള്ള ലീവെടുപ്പ്... ഉം ..അത് പള്ളി പ്പറഞ്ഞാല്‍ മതി. തല്‍കാലം ആരും ഒരു വഴിക്കും ഇവിടന്ന് പോകുന്നില്ല!!!!
ദേ..അഭ്യാസം വെളിയില്‍. തെങ്കാശിപ്പട്ടണത്തില്‍ കേ ഡീ കമ്പനി നീതു മോഹന്‍ ദാസിനെ കൊണ്ട് ഗാനമേള നടത്തിച്ചത് ഓര്‍മ്മ കാണുമല്ലോ ല്ലേ? ആ സെറ്റപ്പില്‍ ബ്ലോഗെഴുതാന്‍ പ്ലാനുണ്ടോ?
എന്ന്,
ബൂലോഗത്തെ ഒരേയൊരു ഒറിജിനല്‍ ഗുണ്ട! :)
*******
(നിര്‍ബന്ധമാണെങ്കില്‍ ഒരാഴ്ച ലീവ് എടുത്തോളൂ. മറ്റു ഗുണ്ടകളായ അരവിന്ദിനോടും ഇടിവാളിനോടും കുറുമാനോടും ദില്‍ബനോടുമൊക്കെ ഞാന്‍ പറഞ്ഞോളാം.)
എനിക്ക് ആ തലക്കെട്ട് ഇഷ്ടപ്പെട്ടു.
പാറ്റേണും കൊള്ളാം.
Introduction നീണ്ടു പോയി.സിനിമ പകുതി ആയിട്ട് പേര്‍ എഴുതി കാണിക്കുന്നത് പോലെ.
മനു,
ചിരിപ്പിച്ച് കരയിക്കുന്ന ഈ പോസ്റ്റും നന്നായി. ഷീബ ഇപ്പോഴും മനസ്സിലുണ്ട്.
ബ്രേക്കെടുക്കുമ്പോള്‍ വിശാലന്‍ ചെയ്യുന്നതുപോലെ വിശാലമായൊരു മുങ്ങല്‍ മാത്രം നടത്തിയാല്‍ മതി മനു. അല്ലാതെ ആരോടും പറയാന്‍ നില്‍കേണ്ട. ഗുണ്ടകളിറങ്ങും :)
-സുല്‍
ഒരു പക്ഷേ മാഷിന്റെ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ്,
പിന്നെ ലീവ് അധികം നീളൂല്ലല്ലോ....
പെട്ടന്നു തന്നെ തിരിച്ചെത്തൂല്ലേ?
അതേയതെ.. ഇതൊരു നല്ല പോസ്റ്റുതന്നെ...
“അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ... “
പെട്ടന്നു പോയേച്ചിങ്ങുവരണേ
mashe....
this is ur best post
pls come back soon
പെട്ടന്നു പോയേച്ചിങ്ങുവരണേ
പതിവുപോലെ തന്നെ മനോഹരം മനു.
ഉടന്‍ തന്നെ തിരിച്ചെത്തുക.
പഞ്ചാര മാഷോ....പഞ്ചാരയൊക്കെ ഈ മാഷിന്റെ മുമ്പില്‍ എത്ര നിസ്സാരം. സാക്രീന്‍ അതോ അതിലും മധുരം കൂടിയ വല്ലതുമുണ്ടോയെന്നന്വേഷിച്ച് സാവധാനം പേരിടാട്ടോ.ലീവ് ഒക്കെ കഴിഞ്ഞു വാ...
മനു,
മനുവിന്‍റെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഇതും പെടുത്തട്ടെ.
ശരിക്കും ടച്ചിംഗ് പോസ്റ്റ്... നല്ല ഭാഷയും!
ആദ്യഭാഗങ്ങളില്‍ ചിരിച്ചതിന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു അവസാനം...
ഷീബ... ഷീ വാസ് റീഗല്‍...
ഒരു കുഞ്ഞു ബൈ ബൈ തന്നെ തിരിച്ചും... അതോണ്ട് തന്നെ പെട്ടെന്ന് വന്നേക്കണം...
അപ്പോഴും ഞാനറിഞ്ഞു.
ചെത്തിക്കൂട്ടിയ പുല്ലില്‍ നിന്നും ഉയരുന്ന മണ്ണിന്‍റെ ഗന്ധം... ചാറ്റല്‍മഴ കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയ അമൂല്യഗന്ധം...
-ഏറെ ഇഷ്ടായി ഈ വരികള്‍!
-മനൂ, ലീവ് മൂന്ന് മാസത്തേക്കാണോ? (ആറ് മാസമൊക്കെ ചിലര്‍ ഇവിടെ കുത്തകപ്പാട്ടത്തിനെടുത്തിരിക്യല്ലേ?)
അപ്ഗ്രേഡ് ചെയ്ത് തിരിച്ച് വാ...വേഗം!
മനു മാഷിന്റെ കഥ കേള്‍ക്കാന്‍ കൂടുന്നവര്‍ക്കുവേണ്ടി ഒരു വാണിങ്ങ് കഥക്കിടയില്‍ കുപ്പി പൊട്ടിച്ചാ മുടി പോക്കാ.
മാഷേ, കണ്ണു നനയിച്ച പോസ്റ്റ്.
ആദ്യത്തെ ആ ക്യാമ്പസ് തമാശകളാസ്വദിച്ച് ചിരിച്ചിട്ട് പതുക്കെ പതുക്കെ ഒരു വിതുമ്പലിലേക്ക്.
ബ്ലോഗില്‍ ബ്രേക്ക് എടുത്തോ. പക്ഷേ ഒരാഴ്ചക്കപ്പുറത്തേക്ക് പോണ്ട, കേട്ടാ...
What a transition!
വായിച്ചു പോകുമ്പോള്‍ ഞാന്‍ ഞാനേയല്ലാതായതു പോലെ. നിറകണ്ണോടെ ഒരു കൂപ്പുകൈ.....! ബ്രിജ് വിഹാരത്തില്‍ എനിക്കേറ്റം ഇഷ്ടപ്പെട്ട പോസ്റ്റ്. എഴുതുന്നെങ്കില്‍ ഇങ്ങനെ. ഗ്രേറ്റ്...!!!
ഓടോ മറന്നു: എങ്ങോട്ടു പോകാന്‍..? ചുമ്മാ ഡയലോഗ് കളഞ്ഞ് വേഗം വന്നേ.
വളരെ നന്നായി മനു.
മനസ്സൊന്നു പിടഞ്ഞൂ മാഷെ...
ജീവിതത്തില്‍ അങ്ങനെ എന്തൊക്കെ അനുഭവങ്ങള്‍
നീറുന്ന ഓര്‍മകള്‍ അകലുന്ന ബന്ധങ്ങള്‍ യാത്രാമൊഴിപോലും പറയാതെ അകലുന്നവര്‍.
ആ തലക്കെട്ടിലെ ക്രിയേറ്റിവിറ്റി അപാരം തന്നെ മാഷേ... അതു നേരത്തെ പറയാന്‍ വിട്ടു പോയി...
ക്ഷമി... എന്‍റെ മൂന്നാമത്തെ കമന്‍റാ. :-D
ini brijviharathil keralathile oru stamp pathinju kidakkumennu karuthunnu. vallappozhum oru nerampokkinu sikharaverukalil aadi kalikkane.
Idavelayil ella bhavukangalum
മാഷേ,
രസികന്‍ പോസ്റ്റ്.
ബ്രേക്ക് വലുതാക്കാതെ
തിരികെ വന്നേക്കണേ..
all the best !.
മനുവേ പോകുന്ന പോക്കില്‍ (ഒരു ഷോര്‍ട്ട് ബ്രെയ്ക്കായാലും) ഇങ്ങനെ ഒരു നോവ് പകര്‍ന്നാണോ താന്‍ പോകുന്നത്.
നന്നായി എഴുതിയിരിക്കുന്നു.
പഞ്ഞിപോലെ വെന്ത കപ്പയുടേയും, മുളക് ചമ്മന്തിയുടെയും രുചി എന്റെ നാവില്‍..
പോയി വരൂ, പഠിച്ച് വരൂ, അപ് ഗ്രേഡ് ചെയ്ത് വരൂ .......അയ്യപ്പന്‍ തുണ........
കയറുമ്പോള്‍ മാത്രമല്ലല്ലോ തേങ്ങ...ഇറുങ്ങുമ്പോഴും പതിവാ.....
സ്വാമ്യേ........ഠോ.....
ശരണമയ്യപ്പാ
ഗതകാലവിസ്‛മൃതികള് കലോലകൽപ്പിതമായ കാല്പനികതയുടെ
അതിപ്രസരം ലവലേശംപോലും സന്നിവേശിപ്പിക്കാതെ ഹൃദയസ്`പർശിയായ അവതരണം ശ്ശ്ളാഘനീയം തന്നെ.
മനൂജീ, നോവുണര്‍ത്തുന്നൊരു പോസ്റ്റ്.
പോയാ ഒടിച്ചിട്ട് പിടിക്കും
I know Renny P. Varghese :)
Renny was my classmate in CUSAT :)
daaa...
evidepovuaa...
ithoru van chathiyaayippoyallo...
മാഷേ,
ചിരിപ്പിക്കുക, സെന്റി അടിപ്പിക്കുക, പിന്നെ ബ്രേക്ക് എന്ന് പറഞ്ഞു മുങ്ങുക.. എവിടത്തെ പരിപാടി ആണിത്? ഇതൊന്നും ശരി ആവില്ലാ ട്ടോ...
പോയ വഴി മറക്കാതെ വേഗം തന്നെ തിരിച്ചു വന്നു ശക്തമായി വീണ്ടും ബ്ലോഗ്ഗുമെന്നു പ്രതീക്ഷിക്കുന്നു...
മനു,
വളരെ രസമായ് ചിരിച്ചു വന്നപ്പോള്‍, ഒരു നോവിന്‍റെ കഥ കൂടി. ഇഷ്ടപ്പെട്ടു.
എല്ലാം നടക്കണമല്ലോ...എന്നാലും പെട്ടന്ന് തിരിച്ചു വരിക....
:-)
മനുജീ, ഇതിന് മുമ്പുള്ള പോസ്റ്റുകളിലധികവും വായിച്ച് കഴിയുമ്പോഴേക്കും കണ്ണിലൊരു നനവ് ഉണ്ടായിരുന്നതല്ലാതെ, ശരിക്കും കരഞ്ഞില്ല. പക്ഷേ ഇവിടെ, ശരിക്കും കരഞ്ഞു പോയി :(. ഇതിനു പകരമായി ഒരു ട്റാജഡിയില്ലാക്കോമഡി പോസ്റ്റിയാല്‍ മാത്രമേ ലീവ് അനുവദിച്ചുതരുകയുള്ളൂ -:)
ചിരിപ്പിച്ചു, വേദനിപ്പിച്ചു... വേഗം തിരിച്ചു വായോ..
ആശംസകള്‍ മനൂ!
തലേക്കെട്ടിലെ ക്രിയേറ്റിവിറ്റി, പപ്പൂസ് പറഞ്ഞപോലെ, റീഗല്‍ തന്നെ!
പോയ് വരു, താമസിയാതെ.
മനൂ,ഉബൈദ് മരിച്ചുപോയതു നീ അറിഞ്ഞില്ലേ?ഇരുപത്തിയാറാം വയസ്സില്‍ ഹൃദയസ്തംഭന മൂലം.ഹൃദയമുള്ളവര്‍ക്കു അതു എപ്പോള്‍ വേണമെങ്കിലും നിലച്ചുപോകാം എന്നതിന്റെ തെളിവായി....ഉബൈദിനെകുറിച്ച് എഴുതാനാണെങ്കില്‍ ഒരു പോസ്റ്റിനുള്ളതുണ്ട്.ഇതു വായിച്ചപ്പോള്‍ നീ കഴിഞ്ഞ ജന്മത്തിലെ എതോ കഥ പറയുകയാണെന്നു തോന്നി.ഒരുപാട് കാലങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു കഥ.ബന്ധങ്ങളുടെ തീവ്രത അളക്കാന്‍ ടെസ്റ്റിമോണിയലുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലം ല്ലേ?
ഓഫ്.ടോ. ഇടയ്ക് ഒരു ബ്രേക് നല്ലതാണ്.കുമ്പഴ സരസ്സില്‍ ആഴ്ച തോറും സിനിമ മാറുന്നതു പോലെ ഇങ്ങനെ എഴുതുന്നതിലും നല്ലത് മോഹന്‍ലാലിന്റെ പഴയ സിനിമകള്‍ റിലീസ് കേന്ദ്രങ്ങളില്‍ 100 ദിവസം തികക്കുന്നതു പോലെ എഴുതുന്നതാണ്(ഉദാഹരണം പറയേണ്ടല്ലൊ :))
സോറി മനു. പലയിടത്തും ബോധപൂര്‍വ്വമായ കൂട്ടിചേര്‍ക്കലുകള്‍ പോലെ. പ്രെത്യേകിചും ‘ഷീബ’യെ അവതരിപ്പിക്കുന്ന ഭാഗം വരെ. പക്ഷെ, അവസാനം ഒരു കണ്ണീരിന്‍ നനവ്. ഓര്‍മ്മകളെ തട്ടിയുണര്‍ത്തിയതിനു നന്ദി. വേഗം തിരിചു വരുമല്ലോ അല്ലേ?
ഉബൈദ് ഈ മണ്ണില്‍ നിന്ന് മറിഞ്ഞ വിവരം എനിക്കറിയില്ലായിരുന്നു. എങ്കില്‍ ഒരു തമാശയിലൂടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഞാന്‍ അവതരിപ്പിക്കുകയില്ലായിരുന്നു. ഇനി അതു മാറ്റിയാല്‍ അവനോട് ചെയ്യുന്ന വഞ്ചന തന്നെ ആവും എന്നറിയാവുന്നതുകൊണ്ട് മൌനത്തില്‍ ഞാന്‍ ഒളിക്കുന്നു...
ഭൂമിയിലെ ടെമ്പററി വാസം കഴിഞ്ഞ്, പരലോകത്ത് ഞാന്‍ ചെല്ലുമ്പോള്‍ ആ പഴയ കുസൃതിപ്പുഞ്ചിരിയോടെ നീ എന്നോട് ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട് ഉബൈദ്
എങ്കിലും സഖാവേ.. ദൈവം എന്തിനു അടര്‍ത്തിയെടുത്തു നിന്റെ വിപ്ലവം പുരണ്ട പുഞ്ചിരി...
ക്യാന്റീനിലെ ഉഴുന്നുവട മുറിച്ച്, നീ തന്ന ഒരു മൂന്നുമണിയോര്‍ത്ത് ഒരുതുള്ളി കണ്ണീര്‍ വൈകിയെങ്കിലും ഞാന്‍ സമര്‍പ്പിക്കുന്നു..
ക്ഷമിക്കെടാ നീ എന്നോട്...
എങ്കിലും സഖാവേ
വിശാലാശാന്‍ ഈ ശിഷ്യനെ വിളിച്ചോ?
മനു ലീവെടുക്കാതിരിക്കാന്‍ ഓന്റെ രണ്ട് കാലുകളിലും നമുക്ക് ഇക്കിളി ഇട്ടാലോ?
മനുവിന്റെ ഈ ഈ കാലുകള്‍ എന്റേതാണാശാനേ...ആശാന്‍ പിടി, ഞാന്‍ ഇക്കിളിയിടാം.മനു സമ്മതിക്കും വരെ.
പോസ്റ്റ് നന്നായി മനൂ. അസ് യൂഷ്വല്‍ ചിരിയും കളിയും കാര്യവും ക്യാമ്പസും നൊമ്പരവും എല്ലാം നിറഞ്ഞ ഒരു കോന്നീവുഡ് "ഫ്ലിക്ക് ".
പഠനത്തിന് എല്ലാ ആശംസകളും. പഠിക്കേണ്ട സമയത്ത് ബ്ലോഗാതിരുന്നാല്‍ ബ്ലോഗേണ്ട സമയത്ത് പഠിക്കേണ്ടി വരില്ല..അത്രേ എനിക്ക് പറയാനുള്ളൂ..ങാ.
:-)
മനൂജി..
പോസ്റ്റും കമന്റുകളും വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ. പതിവു പോലെ ഇതും തമാശയില്‍ തുടങ്ങി വേദനയില്‍ അവസാനിപ്പിക്കുന്നത്.
ഉബൈദിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..
മൈഥലികുട്ടിയുടെ പടം കൊടുത്തത് വളരെ നന്നായി.
എല്ലാവിധ ആശംസകള്‍ നേരുന്നു.. പഠിച്ചു മിടുക്കനായി (അല്ലങ്കില്‍ത്തന്നെ മിടുക്കനല്ലെ)..വീണ്ടും ബ്ലോഗില്‍ സജീവമാകുന്നതും കാത്ത്..
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍
സൌഹൃദങ്ങളെ ഇത്രയും നന്നായി ഓര്‍മ്മിച്ച്,പറയുന്ന മനൂ.. എന്റെ അഭിവാദ്യങ്ങള്‍.
ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞ ഉടനെ എട്ടുപത്തു ക്യാമ്പസ് മേറ്റ്സിനെ ഫോണ്‍ ചെയ്തു.
എല്ലാം വായിക്കാറുണ്ടെങ്കിലും ഒരു കമന്റ് പോലും ഇവിടെ ഇടാത്തതാണ് ഞാന്‍ ചെയ്ത തെറ്റ്. കാരണം മനുവിന്റെ കടുത്ത ആരാധികയായ എന്റെ ഭാര്യ പറയുന്നത് കേട്ടിട്ടുള്ള അസൂയ ആണെന്ന് കൂട്ടിക്കൊള്ളു.
താല്‍ക്കാലികമായി വിട പറയുന്നു എന്ന് പറഞ്ഞ സ്ഥിതിക്ക് പറയട്ടെ.. .. കുറച്ച് കഴിഞ്ഞ് തിരികെ വന്നാല്‍ മതി,.....എനിക്കും മനുവിനും ഒരു സ്വഭാവം ആണെന്ന് പറയുമെങ്കിലും അവള്‍ക്ക് ആരാധന കൂടിപ്പോയാലോ ?....(ഇതിനു തല്‍ക്കാലം മരുന്നില്ല.... അസൂയ ..അസൂയ...).
ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും തിരക്കിനിടയിലും മാസത്തില്‍ ഒരു പോസ്റ്റ് ഒക്കെ ഇടാന്‍ പറ്റും എന്നു കരുതുന്നു .(ആരാധകര്‍ കാത്തിരിക്കും...അതാ..) ..അല്ലെങ്കില്‍ ലേഖ പറഞ്ഞ പോലെ 100 ദിവസം തികയുമ്പോള്‍ എങ്കിലും..
"നെറ്റിയിലേക്ക് പാറിവീഴുന്ന ഒരു മുടിനാരു നീയെനിക്കു താ.. എന്നിട്ടേ ഞാന്‍ പോകൂ... "
ആ മുടിനാര് ഇപ്പോഴും കയ്യിലുണ്ടെന്നോ !
ദേ, അതിന്റെ പൊട്ടിയ ബാക്കി .. ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ലേ.... പ്ലീസ്..
:)
one of your best posts...
അവസാനത്തെ വരികളില്‍ തല കുമ്പിട്ടു നില്‍ക്കുന്നു മാഷേ..അതി മനോഹരം! :)
വേഗം തിരിച്ച് വരണേ. all the best for upgrades!
പോസ്റ്റ് എപ്പോഴത്തെയും പോലെ നന്നായി..
എല്ലാം ശുഭമായി, വേഗം തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നു.
മനൂ... ജീവിതഗന്ധമുള്ള വരികളിലൂടെ ഒരു പാട് ചിരിപ്പിച്ചു... ചിന്തിപ്പിച്ചു... കണ്ണുകളെ ഈറനണിയിച്ചു.... എപ്പൊഴും പറയുന്ന പൊലെ 'യു ആര്‍ ഗ്രേറ്റ്....' ... ഒരു ആരാധകന്‍ :-)
ഹൃദയ സ്പര്‍ശിയായ, മനോഹരമായ,പോസ്റ്റ്
വായിക്കാന് ആഗ്രഹിച്ചിരൂന്ന വാക്കുകള് മനുഭായി..
"തൊരപ്പാ എന്ന് കേട്ടപ്പോ നീ എന്തിനാ നോക്കിയത്. അത് ലിജോയെ വിളിച്ചതാ.. നീ പേജുമറി പേജുമറി" - chirichu marinjnju!! :o)) pinne, valare natural aaya twist_um..once of the best post! Hope you will come back soon...
-Pramod
മനുവേട്ടാ...
ഇഷ്ടായി മനുവേട്ടാ ഒരുപാടു ഇഷ്ടായി..
പിന്നെ ഈ വരികള്‍ അതിമനോഹരം
“സ്വപ്നങ്ങളില്‍ നഗ്നരാവാതെ നമ്മളാ
സ്വര്‍ഗവാതില്‍ ചാരി നിന്നിരുന്നു“
മനുവേട്ടന്‍റെ ഏറ്റവും നല്ല പോസ്റ്റുകളില്‍ TOP1..
അല്ലേ???????????????????
തമാശകളും, നൊമ്പരങ്ങളും, വേവലാതികളും, കറയറ്റ സ്നേഹവും, നിറം മങ്ങാതെ സൂക്ഷിയ്ക്കുന്ന സൗഹൃദങ്ങളും.... ഇവയെല്ലാം, ഒന്നൊന്നായി തിരനോട്ടം നടത്തുമ്പോള്‍.. മറയാന്‍ തുടങ്ങുന്ന സ്മൃതികളില്‍ നിന്നും പലതും വീണ്ടെടുക്കാനാവുന്നു. ചിലതെല്ലാം, പുനപ്രതിഷ്ഠ നേടുന്നു.
മങ്ങാത്ത ചായക്കൂട്ടുകളുമായി, മായാജാലം തീര്‍ക്കും തൂലികയുമായി, കാത്തിരിയ്ക്കുന്ന മനസ്സുകളുടെ ക്യാന്‍വാസില്‍ പൂത്തുലയാന്‍... വേഗം തിരികെ വരിക.
ആശംസകള്‍.
മനുജി
എന്തെല്ലാം വികാരങ്ങളാണ് നിങ്ങള്‍ പോസ്റ്റുകളില്ലൂടെ തരുന്നത്.
ഒന്നു തീരുമാനിച്ചു . ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ ആ കാതലിക്കറ്റ് കോളേജില്‍ ഒന്നു പോകും. വല്ലാത്ത ഒരു നൊസ്റ്റാള്‍ജിക് ആന്‍ഡ് സെന്റിമെന്റല്‍ ആന്‍ഡ് റൊമാന്റിക് സ്പോട്ടായി നിങ്ങള്‍ അതിനെ മാറ്റി
പഠനത്തിനാശംസകള്‍
മനു മാഷേ,
പതിവു പോലെ മനോഹരം. ആദ്യം ചിരിപ്പിച്ചു പിന്നെ കരയിച്ചു.......
മനൂജീ പെട്ടന്നു തിരിച്ചു വരണേ.
ആശംസകള്‍
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍!
അല്ലാ മാസ്റ്റേ..ഇങ്ങള്‍ ഏങ്ങട്ടാണു പോണത്??? ഇങ്ങക്ക് ആ അപ്ര്ഗണേശന്‍ ഞമ്മളു മേങ്ങി അയച്ചു തരാന്ന്..ഞമ്മളെ ചങ്ങായിമാര്‍ അയിനല്ലെ ദൂഫായില്‍ ഇള്ളത്.അയിനു ങ്ങള്‍ അങ്ങാടീമ്മല്‍ പോണ്ടാന്ന്..ആ സമയം കുത്തീര്‍ന്ന് നല്ലോണം എയുതിക്കോളി...പിന്നെ ഇങ്ങളെ സുറുമിക്കുട്ടിനെ കാണാന്‍ എന്താ ഒരു മൊഞ്ച്..ഓള്‍ സരിക്കും ഒരു ഹൂറി തന്നേണുട്ടാ...ഓള്‍ക്ക് ഞമ്മളെ വക ആ "കിട്ടും കാട്ടം"(ഇങ്ങള്‍ ആ നടുക്ക് ഒരു മുട്ടായിന്റെ പോട്ടം കൊടുത്തില്ലെ..ആ പണ്ടാരം) ഒരു മുയുമന്‍ കൂട് മേങ്ങി കൊടുത്താളി...അപ്പം ഒക്കെ പറഞ്ഞ മാതിരി...നി പോവുമ്ന്നും പറഞ്ഞു മക്കറാക്കി ഞമ്മളെ ഒരു കുപ്പിച്ചില്ലാക്കരുത്...
പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?താങ്കളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു.
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും..... "
Very good. nalla blog
ജീവിതത്തിന്‍റെ സിസ്റ്റം അപ്‌ഗ്രഡേഷന്‍...
കൊള്ളാം ബെസ്റ്റ് ഐഡിയ :>
thanks for the clue.
മനു അങ്കിള്‍,
വൈകിയേ വായിക്കാന്‍ പറ്റിയുള്ളൂ..
കൊള്ളാം, അവിടിവിടെയൊക്കെ ഇത്തിരി പൈങ്കിളിചുവ തോന്നിയെങ്കിലും അവസാനമായപ്പോള്‍ അതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നു തോന്നി.. ചെക്കാ, സ്വന്തം ജീവിതം കോഞ്ഞാട്ടയാവാതെ നോക്കൂ...അല്ലെ :“)
ദേ പിന്നെ, ആ ജി-ടാക്ക് കമന്റ് ദേ ഞാന്‍ തന്നിട്ടുമില്ല, അച്ചായന്‍ കണ്ടിട്ടുമില്ല, ഓ കെ..
ഓ പിന്നെ.. ബ്രേക്ക്.. ആ കൈകള്‍ തരിയ്ക്കുന്നത് ഞാന്‍ കാണുന്നു.. ആ കീബോര്‍ഡുകളവയെ മാടിവിളിയ്ക്കുന്നത് ഞാന്‍ കാണുന്നു.. ബ്രേക്ക്, കോപ്പ്.. മാങാത്തൊലി.. തലസ്ഥാനത്തേയ്ക്ക് എന്നെ വരുത്തിയ്ക്കരുത്, പറഞ്ഞേക്കാം.. :)
എന്നത്തേയും പോലെ സൂപ്പര്‍ ഹിറ്റ് പോസ്റ്റ്... ജീവിതത്തിന്റെ ഉന്നമനത്തിന് എല്ലാ ഭാവുകങ്ങളും
മാഷെ, നന്മകള്‍ നേരുന്നു..
മനു ഭായ്,
വളരെ മികച്ച പോസ്റ്റ്....
വ്യത്യസ്തതയാര്‍ന്ന ശൈലി തന്നെ മാഷേ...ഫലിതവും, ശോകവും ഇഴചേര്‍ന്നുള്ള രസകരമായ രചനാ ശൈലി....
അഭിനന്ദനങ്ങള്‍....
:)
മനൂ നിന്റെ പോസ്റ്റുകളൊക്കെ ഈയിടെയാണ് വായിച്ചു തീര്‍ത്തത്. നിന്റെ തന്നെ വാക്കുകള്‍ കടമെടുക്കട്ടെ - വാക്കുകളില്‍ ഹൃദയത്തുടിപ്പുകള്‍ നിറയ്ക്കാന്‍ നിനക്കുള്ള കഴിവ് അപാരം.
മനുവേട്ടാ...
ആദ്യം കുറേ ചിരിപ്പിച്ചു...
പിന്നീട് ശരിക്കും കണ്ണുകളെ നനയിച്ചു.
വളരെ വൈകി ഇന്നാണ് ഈ പോസ്റ്റ് വായിച്ചത്.
മനുവേട്ടന്‍ പറഞ്ഞത് സത്യം. നമ്മളെല്ലാം ശരിക്കും ഹിപ്പോക്രാറ്റുകള്‍ തന്നെ... ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും.....
അതും പോരാഞ്ഞ് അവരുടെ അത്രയും നമുക്ക് ആവാന്‍ പറ്റാഞ്ഞതിന് ദൈവത്തിനെ വരെ പഴിചാരും.....
പെട്ടെന്ന് തിരിച്ചുവരണേ...
ചൂളമരത്തില്‍ നിന്നു ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലേക്ക് പതിച്ചു.
അസ്വാഭാവികത വരാതിരിക്കാന്‍ മന:പ്പൂര്‍വം ഞെട്ടാന്‍ ഫ്രണ്ട് ബഞ്ചിലെ മാന്യന്‍മാര്‍ക്ക് സ്പെഷ്യല്‍ ഇന്‍സ്ട്രക്ഷന്‍ കൊടുത്തിരുന്നു ഇത്രേമൊക്കെ കയ്യിലുണ്ടല്ലോ..ഇനിയെന്ത് ഉപരിപഠനം? ;)
വളരെ ഇഷ്ടപ്പെട്ടു.
ഷീബ ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു
മനു ജി..ഒന്നു നൊമ്പരപ്പെടുത്തി.
chirichaal onnu kareyenti varumennu enikkeppoyum thonnarunt pakshe ee post vaayichu thudangi chirchappol kareyenti varumenn karuthiyilla..............sherikkum kannuniranju.....
ഹോ എന്തൊരു സ്റ്റോറി. പതിവു പോലെ തമാശയിലൂടെ തുടങ്ങി നൊമ്പരങ്ങളിലൂടെ അവസാനിപ്പിച്ചു.
ഒത്തിരി നാള്‍ ബ്രിജ് വിഹാരം വിട്ടു മാറി നില്‍ക്കരുതേ.
വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്.
ഇടവേള ഒരുപാട് നീട്ടരുതേ...
Mr.Manu come back immediately, our readers cant wait for a long while..its an order not a request..
Okeis...
മനുജി,
ഹൃദയ സ്പര്‍ശിയായ, മനോഹരമായ,പോസ്റ്റ്.
തിരിച്ചു വരവ് ഉടനെ ഉണ്ടാകുമല്ലോ?...........
മനുച്ചേട്ടാ ഇത് നന്നായിരിക്കുന്നു. ചിരിയും കണ്ണീരും സമാസമം.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Computador, I hope you enjoy. The address is http://computador-brasil.blogspot.com. A hug.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.
ബ്ളോഗിണ്റ്റെ അവസാന ഭാഗങ്ങള്‍ വല്ലാത്ത ഒരു ഹ്ര്യുദയഭാരത്തൊടെയാനു വായിച്ചു തീര്‍ത്തത് നന്ദി
പ്രിയപെട്ട മനു മാഷേ,
ഞാനീ ബ്ലോഗിലെ തുടക്കക്കാരനാണ്
ബ്ലോഗുകള്‍ വായിച്ചും എഴുതിയും പിച്ച വെക്കാന്‍ തുടങ്ങിയവന്‍.
പക്ഷെ ഇതുവരെ വായിച്ചതിലെഏറ്റവും നല്ല പോസ്റ്സ് ഇതു തന്നെയാണെന്ന് എനിക്ക് നിസ്സംശയം പറയാന്‍ പറ്റും. അത്രേം സ്പര്‍ശിച്ചു ഇതെന്നെ. കാംബസ്സിലെ പതിവു തമാശകളില്‍ നിന്നും തുടങ്ങി ഒരു സന്കീര്‍ത്തനം പോലെ പെയ്തിറങ്ങുന്ന അനുഭവം
ഒരുപാടിഷ്ടായി മാഷേ
ഇതുതന്നെ റീഗല്‍...
ഇതിന്റെ നൂറാം നമ്പരടിക്കാമീനുവച്ചിട്ട് ..പൊന്നുമോനേ മനുഷ്യന്റെ ഷെമക്കൊരതിരില്ലേടേ?!
ഇതൊക്കെ വായിച്ച്കെട്ടുവിട്ടുപോയെടേ..
1.കുനിഞ്ഞ പോസില്‍ത്തന്നെ റിവേഴ്സ് ഗീയറില്‍ ഒരു തവളച്ചാട്ടം നടത്തി പുണ്യാളന്‍ സാറു വെളിയിലേക്ക് കുതിച്ചതും അതേകുതിപ്പില്‍ തിരികെ വന്ന് കണ്ണടയെടുത്ത് ഡബിള്‍ കുതിപ്പില്‍ പിന്നെയും പോയതും ഒന്നും ചിരിച്ചു മണ്ണുകപ്പുന്നതിനിടയില്‍ ഞാന്‍ കണ്ടതേയില്ല..
2.'അഭിലാഷയേ ഞാനിപ്പവരാമേ എങ്ങും പോവല്ലേ' എന്ന് ആത്മഗതം ചെയ്ത് ലിജോ ചാടിയെണീറ്റു.
സത്യായിട്ടും ഈ കിറ്റ് കാറ്റിന്റെ പരസ്യോം ഓസിനിട്ടുകൊടുത്ത് നീ മുങ്ങരുത്...
നീ ഈസ് റീഗല്‍!!
മനു മാഷെ ..... ചില പോസ്ടുകലക്ക് കമന്‍റ് എഴുതാന്‍ പറ്റില .... എഴുതുനത് ഒന്നും പോരാതെ വരും എന്ന് തോന്നും . ഇതു അത് പോലെ ഒരു പോസ്റ്റ് ആണ് . ഞാന്‍ ദൈ ഇപ്പൊ ഓഫീസില്‍ ചെയുന്ന പണി ഓകെ നിറുത്തി ഓര്‍മകളില്‍ ആണ് ... അവക് അത്രക്ക് പഴക്കം ഇല്ലെങ്കിലും .
ഇടവേളകള്‍ നല്ലത് തന്നെ .... എങ്കിലും ഒരു പാടു നീട്ടരുതെ
മാഷിന്റെ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ്...
തുടരട്ടെ യാത്ര...
മാഷേ ശരിക്കും ഇതു നടന്നതാണോ ?? വിശ്വസിക്കാന്‍ പറ്റുന്നില്ല
ആദ്യം ഞാന്‍ ചിരിച്ചു വായിച്ചു തെര്ന്നപോള്‍ കരഞ്ഞു പോയെ
വല്ലാതെ കരയിച്ചു .. എന്നാലും സൂപ്പര്‍ വേറെ എന്താ പറയുക
ഞാൻ വന്ന വണ്ടി വൈകിപ്പോയി. സാധനം മുറ്റാരുന്നു.
manu,
thanks for yor post. I remember the college days through your post and allthe real charactors.
Meet again with pleasure
"നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും..... "enthoru krooramaaya satyam!
"നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും..... "
എത്ര അർത്ഥവത്തായ വാക്കുകൾ.
Really touching and inspiring , words cannot express the feeling i have after reading the post you are a really superb talent. Please keep writing.......
:-(
Manu,
Brilliant work. Simply superb!Keep posting.
Habby Sudhan, Oman
"നമ്മളൊക്കെ ശരിക്കും ഹിപ്പോക്രാറ്റുകള്‍ ആണല്ലേടാ.. ഉയര്‍ന്നുപോകുന്നവരെ മാത്രം തേടിച്ചെല്ലും. അവരെക്കുറിച്ചു മാത്രം ഓര്‍ക്കും..അവരെക്കുറിച്ച് മാത്രം അഭിമാനിക്കും..... "
അണ്ണാ... ശരിക്കും ഹൃദയസ്പര്‍ശ്ശിയായ വാചകങ്ങള്‍... സത്യത്തില്‍ ഒരുവട്ടം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ ഇങ്ങനെ ഒരുപാട് സൌഹൃദങ്ങള്‍ കാണാനാകും...
തുടക്കത്തില്‍ "വര്‍ഗ്ഗീസ് കുര്യന്‍ സര്‍ ന്‍റ്റേയും ഗീവര്‍ഗ്ഗീസ് സര്‍ ന്‍റ്റേയും" "ക്ലാസ്സുകള്‍" ചിരിപ്പിച്ചെന്‍കിലും ഒരു ചെറിയ ദുഖം ഹൃദയത്തില്‍ കോറിയിട്ടിട്ടാണ് അവസാനിപ്പിച്ചത്...
ശരിക്കും ആ കുട്ടിക്ക് നല്ലത് വന്നിട്ടുണ്ടാകുമായിരിക്കും അല്ലെ....????
Munuvetta! Very nice one. Thudakkathil orupaadu chirichu.. avasanam..oru drop kannuneer podinju! it is so touching!.. even I had 2,3 friends like this whom I lost.. evideyanennum enthu cheyyukayanennum ariyilla..! hm. Hope you will meet Sheeba one day... very shortly!
Priya sakhavinu aadaranjalikal!
pinne.. break onnum pattilla.. ithu kazhinjulla samayam annan padichal mathi ketta!!! :-P
എപ്പോ വായിച്ചാലും കണ്ണു നനയിക്കുന്ന, മനുവേട്ടന്റെ ഏറ്റവും നല്ല പോസ്റ്റ്.
നേരത്തെ വായിച്ചു .....എന്നാലും ഇപ്പോള്‍ ഒരു കമ്മെന്റ് ഇട്ടേക്കാം...ഇവിടേം ഒരു ഹാജര്‍ കിടക്കട്ടെ ...
Post a Comment