Wednesday 22 August 2007

ഓണമല്ലേ പൌലോച്ചാ നമുക്ക്‌ ഓലപ്പന്തു കളിക്കാം...

'ഇടലാമുറി' വീട്ടിലെ ഉര്‍വശിക്കട്ടുള്ള ജോമി മത്തായിയേയും, ജോമിയുടെ വല്യപ്പച്ചന്‍ ഇലന്തൂറ്‍ സ്വദേശി പൌലോസച്ചായനേയും ഓര്‍ക്കാതെ ഒരു ഓണവും എന്‍റെ മുന്നിലൂടെ കടന്നുപോവാറില്ല. അതുപോലെതന്നെ, എന്നേയും, വല്യപ്പച്ചനേയും ഓര്‍ക്കാതെ ഒരോണവും ജോമിയുടെ മുന്നിലൂടെ കടന്നുപോകും എന്ന് എനിക്കും തോന്നുന്നില്ല.

കാലം, പറുപറ ശബ്ദവും, പൊടിമീശയും തന്ന് എന്നേയും, ഋതുഭേദങ്ങള്‍ പലതുവന്ന് ഋതുമതിയാക്കി ജോമിയേയും, ജൈവശാസ്ത്രപരമായ പാരകള്‍ വച്ച്‌ അകറ്റുന്നതു വരെ, കോന്നിത്താഴത്തെ ഒന്നാം തരം ബര്‍ട്ടര്‍ കച്ചവടക്കാരായിരുന്നു ഞങ്ങള്‍ രണ്ടാളും. മൂന്ന് തീപ്പെട്ടിപ്പടത്തിനു പകരം രണ്ട്‌ മഞ്ചാടിക്കുരു, ജോമിയുടെ അപ്പച്ചന്‍ 'പേര്‍ഷ്യ' യില്‍നിന്നയച്ച കത്തില്‍നിന്നും വെള്ളം നനച്ചടര്‍ത്തിയെടുത്ത രണ്ട്‌ സ്റ്റാമ്പിനു പകരം എനിക്ക്‌ മാത്രം മാനുഫാക്ചറിംഗ്‌ ഫൊര്‍മുല അറിയാവുന്ന കടലാസ്‌ കാറ്റാടി, സഹോദരന്‍ സൈമണ്‍ മത്തായി അറിയാതെ അടിച്ചുമാറ്റിയ രണ്ട്‌ ഗോലികള്‍ക്ക്‌ പകരം, അച്ഛനറിയാതെ ഞാന്‍ അടിച്ചുമാറ്റിയ എ-ഫോര്‍ സൈസ്‌ പേപ്പറ്‍ ആറെണ്ണം, ഇങ്ങനെ നീളുന്നു അന്നത്തെ ട്റേഡുകളുടെ ലിസ്റ്റ്‌.

പുത്തന്‍വീട്ടിലെ അശോകമരച്ചുവട്ടില്‍ വച്ച്‌, വെള്ളപെറ്റിക്കോട്ടിട്ട ജോമിയും, ബട്ടണ്‍ പോയതുകാരണം ഉടുക്കുന്ന നിക്കറിട്ട ഞാനും ഒരുമിച്ച്‌ വച്ചുകൂട്ടിയ കറികളുടെ പേരും റെസീപ്പിയും പലതുമിന്ന് ഓര്‍മ്മകളുടെ ഫ്രിഡ്ജിലിരുന്ന് വളിച്ചു പോയിരുക്കുന്നു. തെറ്റിപ്പൂവും മാവിലയും ഇട്ട അവിയല്‍, കപ്പക്കമ്പു മുറിച്ചിട്ടുണ്ടാക്കിയ ചിക്കന്‍ ബിരിയാണി, കരിയിലകൊണ്ടുള്ള പപ്പടം ഇവയൊക്കെ ഇപ്പൊഴും ഫ്രഷ്‌ ആയിരിപ്പുണ്ടെങ്കിലും...


മാവേലിത്തമ്പുരാന്‍ കൊല്ലത്തിലൊരിക്കല്‍ വന്ന് പ്രജകളെ അനുഗ്രഹിക്കുന്ന അതേ സീസണില്‍, ഇലന്തൂരില്‍ നിന്ന് പൌലോസ്‌ മാവേലിയും കോന്നിയിലേക്ക്‌ മാത്രം സ്പെഷ്യല്‍ ട്രിപ്പ്‌ നടത്തി ഞങ്ങളെ അനുഗ്രഹിച്ചു പോയിക്കൊണ്ടിരുന്നു. ഒറിജിനല്‍ മാവേലി 'ആയുഷ്മാന്‍ ഭവ' എന്ന് പറയുമ്പോള്‍, പൌലോച്ചായന്‍, കള്ളിന്‍റെ പിക്കപ്പില്‍, ഒരു പ്രജയെ മള്‍ട്ടിപ്പിള്‍ ആയിക്കണ്ട്‌, 'നിന്‍റെ മള്‍ട്ടിപ്പിള്‍ ഫാദേഴ്സിന്‍റെ മുട്ടുകാല്‍ ഞാന്‍ തല്ലിയൊടിക്കുമെടാ' എന്ന പുതിയയിനം അനുഗ്രഹം ചൊരിയും.

ഇലക്ഷനുമുമ്പ്‌ രാക്ഷ്ട്രീയപ്പാര്‍ട്ടികള്‍ മതിലുകള്‍ ബുക്ക്‌ ചെയ്യുന്നതുപോലെ, കോന്നിത്താഴത്തെ കള്ളുപാര്‍ട്ടികള്‍, കാനകള്‍ ഓണത്തിനു ഒരാഴ്ചമുമ്പേ ബുക്ക്‌ ചെയ്തു തുടങ്ങും. തിരുവോണത്തിനു വീലായി വീഴാന്‍. ഒഴിഞ്ഞ ഏതെങ്കിലും കാന ബാക്കിയുണ്ടോ എന്ന് തിരക്കി, പൌലോച്ചായന്‍ ഇലന്തൂരില്‍ നിന്ന് പൂരാടത്തിനാവും എത്തുക. ഉത്രാടംനാള്‍ ഔദ്യോഗികമായി കള്ളുസേവ ഉദ്ഘാടനം ചെയ്ത്‌, ഒഴിഞ്ഞ കാനയിലെ പച്ചപ്പുല്ലിലേക്ക്‌ മുഖം പൂഴിത്തി ഒരുകിടപ്പാണു.. അസ്‌ എ ട്രയല്‍ വിത്ത്‌ എ സ്ളോഗണ്‍

'ദ ഹോള്‍ വേള്‍ഡ്‌ ഈസ്‌ തൃണം ഫോര്‍ മീ
ദ ഹോള്‍ തൃണം ഈസ്‌ വേള്‍ഡ്‌ ഫോര്‍ മീ'

(പൌലോച്ചായന്‍റെ ഈ കാനവാസത്തിനെക്കുറിച്ച്‌, പ്രിയപത്നി ചിന്നക്കുട്ടിയമ്മാമ്മയ്ക്ക്‌ നല്ല അവര്‍നെസ്‌ ആയിരുന്നു. ഒരിക്കല്‍ ബറൊഡയിലുള്ള രണ്ടാമത്തെ മകളുടെ പത്തുവയസുകാരി തിരുവോണ ദിവസം വല്യമ്മച്ചിയെ വിളിച്ച്‌ വിഷ്‌ ചെയ്തു

"അമ്മച്ചീ, ഹാപ്പി ഓണം..അപ്പച്ചന്‍ കിഥര്‍ ഗയാ.. കാനാ കാലിയാ (ഓണം ഉണ്ടു കഴിഞ്ഞോ)?"

അമ്മാമ്മ മറുപടി കൊടുത്തു "അപ്പച്ചന്‍ കാലിയായ കാന നോക്കി പോയി മോളേ..ഇനി നാളെയേ വരൂ....ഓണമല്ലിയോന്നെ.. " )

എനിക്ക്‌ പത്തോ പതിനൊന്നോ വയസുള്ളപ്പോഴാണു ശത്രുക്കളുടെ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തി, ചതഞ്ഞ ദേഹവുമായി പൌലോച്ചായന്‍ ജീവിതത്തില്‍ ആദ്യമായി ആറന്‍മുള വള്ളംകളി കാണാനാവാതെ, നേരേ ഇലന്തൂരേക്ക്‌ തിരിച്ച്‌ മടങ്ങിയത്‌.

ഇതാ ആ കരുണാര്‍ദ്ര കഥ.

ഉത്രാടത്തിനു, സമപ്രായക്കാരായ അഞ്ചു ശിഷ്യന്‍മാര്‍ക്ക്‌, ചാങ്കൂറ്‍ ജംഗഷനിലെ അറാക്ക്‌ ഷാപ്പില്‍ വച്ച്‌ 'എങ്ങനെ ഒരു സത്യക്രിസ്ത്യാനി ആകാം ' എന്ന വിഷയത്തില്‍ ക്ളാസെടുത്ത്‌, അച്ചായന്‍ ശിഷ്യവൃന്ദസമേതം പുറത്തേക്കിറങ്ങി.

ഷാപ്പുവാതില്‍ക്കല്‍, ഒരു കാലുയര്‍ത്തി മൂത്രമൊഴിക്കുന്ന പട്ടിയെ നോക്കി, 'തന്തയ്ക്ക്‌ വിളി' ഇവനില്‍ തന്നെ തുടങ്ങി ഉദ്ഘാടനം ചെയ്യാം എന്ന് തീരുമാനിച്ച്‌, പട്ടിയേപ്പോലെ തന്നെ ഒരുകാലുയര്‍ത്തി തൊഴിച്ചു കൊണ്ട്‌ അച്ചായന്‍ അലറി

"ഫ......നായിന്‍റെ മോനേ.... ചരിഞ്ഞു നിന്ന് മുള്ളാന്‍ നീ ആരാടാ സ്റ്റാര്‍ട്ടാവാത്ത സ്കൂട്ടറോ..... ?"

ചാടിപ്പോകാന്‍ വേറെയൊരു വഴിയും കാണാഞ്ഞ പട്ടി, അച്ചായന്‍റെ കാലിനിടയിലൂടെ സേഫായി ചീറുകയും, സാനിയ മിസ്ര സ്മാഷടിക്കുമ്പോലെ പൌലോച്ചായന്‍ മുന്നോട്ട്‌ കുതിച്ച്‌, 'കര്‍ത്താവേ' എന്ന് കമ്പ്ളീറ്റ്‌ ചെയ്യാന്‍ കഴിയും മുമ്പേ ഗ്രൌണ്ട്‌ കിസ്സ്‌ ചെയ്തതും സെക്കന്‍റുകള്‍ക്കിടയില്‍ കഴിഞ്ഞു.

ചാങ്കൂര്‍പ്പാലത്തിനു മുകളില്‍ വന്നപ്പോഴാണു പൌലോച്ചായനു ആ ഉള്‍വിളി ഉണ്ടായത്‌.. നാടന്‍ പാട്ടിന്‍റെ മടിശ്ശീല അഴിക്കണം.. അല്ലെങ്കില്‍ വാട്ട്‌ ഓണം..

ഒരു കൈ ആകാശത്തേക്കും മറുകൈ ഭൂമിയേക്കും പാസ്‌ ചെയ്ത്‌, സ്ളോമോഷണില്‍ താളം കൊടുത്ത്‌ അച്ചായന്‍ പാടിക്കൊടുത്തു

"ചീരക്കറിയുണ്ടോ....ചിന്നമ്മേ ചീരക്കറിയുണ്ടോ... ഉച്ചയ്ക്കിന്ന്
ചീരക്കറിയുണ്ടോ....ചിന്നമ്മേ ചീരക്കറിയുണ്ടോ.
മത്തിക്കറിയുണ്ടോ......മോളമ്മേ മത്തിക്കറിയുണ്ടോ.. ഉച്ചയ്ക്കിന്ന്
മത്തിക്കറിയുണ്ടോ..മോളമ്മേ മത്തിക്കറിയുണ്ടോ..
"പോത്തുകറിയുണ്ടോ..പൊന്നമ്മേ പോത്തുകറിയുണ്ടോ... ഉചയ്ക്കിന്ന്
പോത്തുകറിയുണ്ടോ...പൊന്നമ്മേ പോത്തുകറിയുണ്ടോ... "

ആവേശം മൂത്ത്‌, ഏറ്റുപാടിയ ശിഷ്യന്‍മാരില്‍ മൂന്നുപേര്‍, സ്പെഷ്യല്‍ ഇഫക്ടിനുവേണ്ട്‌, ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി, ഫോല്‍ക്‌ ഡാന്‍സ്‌ തുടര്‍ന്നപ്പോഴാണു, പോലീസ്‌ ജീപ്പ്‌ ചീറിവന്നത്‌..

"പൌലോച്ചാ ഓടിക്കോ.." എന്ന് പറഞ്ഞതാരാണെന്നറിയാന്‍ നാലുവശത്തേക്കും തലപായിച്ചപ്പോഴാണറിയുന്നത്‌ പാലത്തില്‍ താന്‍ മാത്രം.. വിസിറ്റിംഗ്‌ പ്രൊഫസര്‍ ആയതുകൊണ്ട്‌ സേഫായ പൊന്ത എവിടെയാണെന്ന് ഒരുപിടിയും ഇല്ലാത്തതിനാല്‍, കണ്ണും അടച്ച്‌ അച്ചായന്‍ പത്തടിതാഴെ ഒഴുകുന്ന തോട്ടിലേക്ക്‌ ഒറ്റച്ചാട്ടം.

'വാഷിംഗ്‌ പൌഡര്‍ നിര്‍മ്മ... വാഷിംഗ്‌ പൌഡര്‍ നിര്‍മ്മ' എന്ന പഴയ പരസ്യത്തിലെ, പെണ്‍കൊച്ചിണ്റ്റെ വെള്ളപ്പാവാട പൊങ്ങുന്നതുപോലെ അച്ചായന്‍റെ മുണ്ട്‌ കുറെപൊങ്ങി, ഒടുവില്‍ 'ഞാന്‍ കൂട്ടില്ല' എന്ന മട്ടില്‍ ഉരിഞ്ഞു എങ്ങോട്ടോ പോയി.

ഇലന്തൂരിലെ 'ദൈവസഹായം' ടെയ്‌ലേഴ്സിന്‍റെ 'ക്വാളിറ്റി ടെസ്റ്റ്‌ പാസ്‌ഡ്‌' എന്ന സ്റ്റിക്കര്‍ ഇല്ലാത്ത ഒറ്റക്കാരണത്താല്‍, അച്ചായന്‍റെ ഡിസൈനറ്‍ അണ്ടര്‍വെയര്‍, മത്തങ്ങ കീറും പോലെ ഒത്തനടുക്കു വച്ച്‌ കീറുകയും, പരിചയം ഉള്ള മുഖം വരുന്നതു വരെ ഇവിടിരിക്കാം എന്ന് തീരുമാനിച്ച്‌, ചൂണ്ടക്കാരനെപ്പോലെ തോട്ടുവരമ്പില്‍ പമ്മിയിരിക്കുക്‌യും ചെയ്തു.

പനങ്ങാട്ടെ വാസുവേട്ടന്‍, സര്‍ക്കാര്‍ ചാരായത്തില്‍ വിശ്വാസം വരാതെ, പയ്യനാമണ്ണില്‍ നിന്ന് നാടന്‍ വാറ്റ്‌ പൂശി, സര്‍ക്കസുകാരന്‍ ബാറില്‍ നടക്കുമ്പോലെ വരമ്പിലൂടെ നടന്നു വന്നപ്പോഴാണു, കുന്തിച്ചിരിക്കുന്ന പൌലോച്ചനെ കണ്ടത്ത്‌..

"എത്ര പരിഷ്കാര കക്കൂസുണ്ടേലും, തോട്ടുവരമ്പിലിരുന്ന് വെളിക്കിറങ്ങുന്നതിന്‍റെ സുഖം ഒന്നു വേറെയാ അല്ലിയോ പൌലോയേ.. "

"എന്‍റെ വാസൂ...വെളിക്കിറങ്ങാന്‍ വയ്യാത്തതു കൊണ്ട ഞാനിങ്ങനിരിക്കുന്നെ..നീയാ കുറിയാണ്ടിങ്ങു തന്നേ......പ്ളീസ്‌.... "

തിരുവോണ ദിവസം രാവിലെ, ഞാനും, പിന്നെ നാലു കളിത്തോഴന്‍മാരും ജോമിയുടെ വീട്ടുമുറ്റത്തെത്തി.

ചെന്തെങ്ങിന്‍റെ ഓലകൊണ്ട്‌ ഒരു കസറന്‍ പന്ത്‌, അകത്തൊരു കല്ലുകൂടി ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ മെനെഞ്ഞെടുത്തു.

രാജീവന്‍ കുഴികുത്തി. അങ്ങനെ തിരുവോണം സ്പെഷ്യല്‍ കുഴിപ്പന്തിനു വേദിയൊരുങ്ങി. ഒരുകാലിനു ഓള്‍റെഡി ആണിപിടിച്ച, കോന്നിതാഴത്തെ ആസ്ഥാന ബാര്‍ബര്‍, കേശവച്ചാര്‍, ഓണം സ്പെഷ്യല്‍ മുടിവെട്ടാന്‍ കാപ്പിമരച്ചുവട്ടില്‍ തയ്യറായി നില്‍ക്കുന്ന ശുഭമുഹൂര്‍ത്തം.

കസേരയില്‍ പൌലോച്ചന്‍ ഇരുന്നു, നാരായണഗുരുവിന്‍റെ പ്രതിമ കണക്കെ, മൂടിപ്പുതച്ച്‌, നിശ്ചലനായി. കളി പുരോഗമിക്കുന്നു.

എന്‍റെ കുഴിയില്‍ നാലു കല്ലുകള്‍.. അറഞ്ഞു കളിച്ചില്ലെങ്കില്‍ തോല്‍വി പക്ക.

ജോമിയുരുട്ടിയ പന്ത്‌ എന്‍റെ കുഴിയില്‍ വീണു. അത്യാവേശത്തോടെ അതെടുത്ത്‌, ഞാന്‍ ഓടുന്ന സൈമണിനെ ലക്ഷ്യമായി എറിഞ്ഞു.

കേശവച്ചാര്‍, പൌലോച്ചയന്‍റെ പതപിടിപ്പിച്ച മുഖത്തു നോക്കി, ഇടത്തെ കൃതാവും വലത്തെ കൃതാവും ലെംഗ്‌തില്‍ സമാസമം ആണെന്നുറപ്പു വരുത്തി കത്തി വച്ചൂ വച്ചില്ല എന്ന പരുവത്തില്‍

"ഇപ്പോ ചേനക്കൃഷി ഒക്കെ നഷ്ടമാ ഇല്ലിയോ അച്ചായാ" എന്നു കേശവച്ചാരും "പോ പുളുന്താനേ...നിനക്കു കൃഷിയെപറ്റി എന്തറിയാം" എന്ന് അച്ചായനും ഡയലോഗുകള്‍ കൈമാറി മാറിയില്ല എന്ന പരുവത്തില്‍, കല്ലുവെച്ച പന്ത്‌, നേരെ ഹെയര്‍ ഡ്രസറുടെ ചന്തിയിലേക്കു പതിച്ചു.

'ഈശ്വരാ....' എന്ന് കേശവച്ചാരും, അരയിഞ്ച്‌ കനത്തില്‍ കൃതാവിലേക്ക്‌ കത്തിതാണ വേദനയില്‍ "ഈശോയേ" എന്ന് പൌലോച്ചായനും പരസ്പരം സര്‍വമത പ്രാര്‍ഥന നടത്തി പരസ്പരം പുണരുന്നത്‌ കണ്ട്‌, ഒരു തന്തയ്ക്ക്‌ വിളി കേള്‍കാനുള്ള താല്‍പര്യം തീരെ ഇല്ലാത്തതുകൊണ്ട്‌ ഞാന്‍ സ്ഥലം വിട്ടു.

അങ്ങനെ പൌലോച്ചായന്‍റെ മനസില്‍ എണ്‍പതു ശതമാനം ഞാന്‍ ശത്രുവായി

ബാക്കി ഇരുപതു ശതമാനം മുഴുമിച്ചത്‌ തിരുവോണ സദ്യ കഴിഞ്ഞുള്ള പോസ്റ്റ്‌ ലഞ്ച്‌ സെഷനില്‍.

പ്ളാവിന്‍റെ കൊമ്പില്‍ അച്ഛന്‍ ഇട്ടുതന്ന ചുണ്ണാമ്പുവള്ളിയൂഞ്ഞാലില്‍, ഒന്നു കയറാം എന്ന് ഉള്‍വിളിതോന്നുകയും ജോമി ആ വിളിയെ ഫുള്ളായി സപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത മൂന്നു മണി.

ഊഞ്ഞാലില്‍ മുഖാമുഖം നിന്ന്, അന്ന് നാട്ടില്‍ ഫെയിമസായിരുന്ന പെട്ടയാട്ടം ഒന്നു പരീക്ഷിക്കം എന്ന് പെറ്റിക്കോട്ടുകാരി സമ്മതിച്ച നിമിഷം.

ഞാന്‍ ഇടത്തു നിന്ന് വലത്തോട്ടും, ജോമി വലത്തു നിന്ന് ഇടത്തോട്ടും സര്‍വശക്തിയും സംഭരിച്ച്‌ ആടിയാടി ഉയര്‍ന്ന് താണു പിന്നെയും ഉയര്‍ന്ന്,പിന്നെയും താണു..

വേഗം അണ്‍കണ്ട്രോളബിള്‍ ആയി..

'മനുക്കുട്ടാ എനിക്ക്‌ പേടിവരുന്നൂ..ഒന്ന് നിര്‍ത്തൂ' എന്ന അലറിയ വിളിച്ചപ്പോള്‍ എന്നെക്കാള്‍ മുമ്പെ അതു കേട്ടത്‌ പൌലോച്ചന്‍.

"എടാ കഴ്വര്‍ട മോനേ..നീ എന്‍റെ കൊച്ചിനെ ഇന്നു കൊല്ലും.... നിര്‍ത്തെടാ നായിന്‍റെ--------"

അച്ചായന്‍ ഓടിവന്ന്, പായുന്ന ഊഞ്ഞാലില്‍ പിടിച്ചത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ജോമി വലത്തോട്ടും ഞാന്‍ ഇടത്തോട്ടും ചില്ലറമുറിവോടെ പറന്നു വീണു..

മുട്ടു തടവി രണ്ടുപേരു എഴുന്നേറ്റു ഒന്നിച്ചു ചോദിച്ചു

"വല്യപ്പച്ചന്‍ എവിടെ... ?'

അതിരിനു താഴെയുള്ള കൈതക്കാട്ടില്‍ നിന്ന് "ഈശോയേ" എന്ന ഞരക്കം കേള്‍ക്കുന്നതു വരെ ഞങ്ങള്‍ ആ ചോദ്യം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു..

ജീവിതത്തില്‍ അന്ന് ആദ്യാമായി, ഇലന്തൂരെ പൌലോസച്ചായന്‍ ട്യൂബില്‍ക്കൂടി അവിട്ടം ഉണ്ടു..

കാലം മാറി... സൈബര്‍ ലോകത്തിന്‍റെ പരിഷ്കൃത മുഖം എന്‍റെ നാട്ടിനും വന്നു.

ഓണപ്പന്തും, ഊഞ്ഞാലും, ഹാരിപോട്ടറും മിക്കിമൌസും തട്ടിയെടുത്തു.

ഉമ്മറവാതിലിലെ ഓടാമ്പലിടാതെ പാടം താണ്ടിവന്ന കാറ്റിനോടൊപ്പം ഉച്ചയുറക്കം നടത്തിയ എന്‍റെ നാട്ടുകാര്‍ വീടിനു ചുറ്റും മതിലുകള്‍ കെട്ടി.

ഹിന്ദു, ക്രിസ്താനിയുടെ വീട്ടിലും, ക്രിസ്ത്യാനി ഹിന്ദുവിന്‍റെ വീട്ടിലും കയറാതെയായി. പെണ്‍മക്കളെ അച്ഛനെ ഏല്‍പ്പിച്ച്‌ ജോലിക്ക്‌ പോകാന്‍ അമ്മമാര്‍ക്കു വരെ പേടിയായി.. പുറത്തിറക്കാതെയായി..


ജോമി വിവാഹശേഷം, ഭര്‍ത്തവിനോടൊപ്പം ഗള്‍ഫിലേക്ക്‌ പറന്നു.. ഏതോ ഇന്ത്യന്‍ സ്കൂളിലെ മാത്തമാറ്റിക്സ്‌ അധ്യാപികയായി..

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ ശേഷം കഴിഞ്ഞ തവണയാു ജോമിയെ ഞാന്‍ വീണ്ടും കണ്ടത്‌. അഞ്ചുവയസുകാരി മകളുടെ കൈപിടിച്ച്‌, കോന്നി പബ്ളിക്‌ ലൈബ്രറിയുടെ പടികളിറങ്ങി വന്ന എന്‍റെ മുന്നില്‍, കാറിന്‍റെ ഗ്ളാസ്‌ സ്ക്രോള്‍ ഡൌണ്‍ ചെയ്ത്‌, ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന്, ബോബ്‌ കട്ടുള്ള, ഡയമെണ്ട്‌ നെക്ളേസിട്ട കുലീനയായ ലേഡി ചാടിയിറങ്ങി നിന്നു..

"എന്നെ അറിയുമോ.. ?'

ഓര്‍മ്മകളുടെ ഓലപ്പന്ത്‌ ഒരുപാടഴിക്കേണ്ടി വന്നു , ആ പഴയ പെറ്റിക്കൊട്ടുകാരിയെ തിരിച്ചറിയാന്‍.

കുശലാന്വേഷണത്തിനൊടുവില്‍ ഞാന്‍ ചോദിച്ചു
"ജോമീ...അന്ന് അശോകമരച്ചുവട്ടില്‍ വച്ച്‌, കൈതയിലയും, അശോകപ്പൂവും മിക്സ്‌ ചെയ്ത്‌ ഉണ്ടാക്കിയ ആ കറിയുടെ പേരെന്തായിരുന്നു... ?"

ഗദ്ഗഗദത്തിന്‍റെ ഓണനിലാവു പരത്തി ജോമി പറഞ്ഞു

"മനുക്കുട്ടാ...അത്‌ ഞാനും മറന്നുപോയല്ലോ... "

എന്നാല്‍ മരത്തിനോടു തന്നെ ചോദിക്കാം എന്നു വച്ചപ്പോള്‍, ആ മരവും അവിടെ നിന്ന് പോയി

46 comments:

G.MANU said...

"ഇപ്പോ ചേനക്കൃഷി ഒക്കെ നഷ്ടമാ ഇല്ലിയോ അച്ചായാ" എന്നു കേശവച്ചാരും "പോ പുളുന്താനേ...നിനക്കു കൃഷിയെപറ്റി എന്തറിയാം" എന്ന് അച്ചായനും ഡയലോഗുകള്‍ കൈമാറി മാറിയില്ല എന്ന പരുവത്തില്‍, കല്ലുവെച്ച പന്ത്‌, നേരെ ഹെയര്‍ ഡ്രസറുടെ ചന്തിയിലേക്കു പതിച്ചു.

ചില സ്വകാര്യ ദു:ഖങ്ങള്‍ കാരണം ഓണം ആഘോഷിക്കാന്‍ മൂഡില്ല എങ്കിലും ബൂലോകത്തിലെ സന്തോഷം കാണുമ്പോള്‍ എങ്ങനെ ഞാന്‍ പഴയ ഓണം ഓര്‍ക്കാതിരിക്കും..

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

കുഞ്ഞന്‍ said...

ഒരു ഓണ തേങ്ങ എന്റെ വക....

ചിരിച്ചു ചിരിച്ചു വായിച്ചു വന്നപ്പോള്‍ അല്പം നൊമ്പരം...

ശ്രീ said...

മനുവേട്ടാ...

ഇതിനുള്ള തേങ്ങ ഓണക്കിറ്റില്‍‌ നിന്നും എടുത്തോണ്ടു വന്നതാ... അതു വേയ്സ്റ്റായി.(മുസിരിസ് ഗോളടിച്ചു)

“പുത്തന്‍വീട്ടിലെ അശോകമരച്ചുവട്ടില്‍ വച്ച്‌, വെള്ളപെറ്റിക്കോട്ടിട്ട ജോമിയും, ബട്ടണ്‍ പോയതുകാരണം ഉടുക്കുന്ന നിക്കറിട്ട ഞാനും ഒരുമിച്ച്‌ വച്ചുകൂട്ടിയ കറികളുടെ പേരും റെസീപ്പിയും പലതുമിന്ന് ഓര്‍മ്മകളുടെ ഫ്രിഡ്ജിലിരുന്ന് വളിച്ചു പോയിരുക്കുന്നു.“
കിടിലന്‍‌ വ്യാഖ്യാനം.

'ദ ഹോള്‍ വേള്‍ഡ്‌ ഈസ്‌ തൃണം ഫോര്‍ മീ
ദ ഹോള്‍ തൃണം ഈസ്‌ വേള്‍ഡ്‌ ഫോര്‍ മീ'‘
ഇത് ഈ ഓണക്കാലത്ത് നാരങ്ങാ വെള്ള പ്രിയരായ എല്ലാര്‍‌ക്കും ഉപയോഗിക്കാമല്ലേ?

"അപ്പച്ചന്‍ കാലിയായ കാന നോക്കി പോയി മോളേ..ഇനി നാളെയേ വരൂ....ഓണമല്ലിയോന്നെ.. "
ഹ ഹ!

“ജീവിതത്തില്‍ അന്ന് ആദ്യാമായി, ഇലന്തൂരെ പൌലോസച്ചായന്‍ ട്യൂബില്‍ക്കൂടി അവിട്ടം ഉണ്ടു...”
അതും കലക്കി

അതു പോലെ അവസാനം ഇന്നത്തെ ഓണക്കാലത്തിന്റെ നഷ്ടബോധം ഓര്‍‌മ്മിപ്പിച്ചു കൊണ്ട് നൊസ്റ്റാള്‍‌ജിക് എന്‍‌ഡിങ്ങ്!

ഇതും സൂപ്പര്‍!!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചിരിപ്പിച്ചെങ്കിലും ഇതിനെ ഒരു ഓണം സ്പെഷല്‍ നൊസ്റ്റാള്‍ജിക് എന്നു വിളിക്കാനാണിഷ്ടം..

Rasheed Chalil said...

മനൂ... ഒരു പാട് ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കുന്ന പോസ്റ്റ്. ചിരിച്ചെങ്കിലും എവിടെയോക്കെയോ ചിന്തകള്‍ കോറിയിട്ട അവതരണം.. നന്നായിരിക്കുന്നു.

R. said...

1. സര്‍വമത പ്രാര്‍ഥന നടത്തി പരസ്പരം പുണരുന്നത്‌ കണ്ട്‌,
2. കൈതക്കാട്ടില്‍ നിന്ന് "ഈശോയേ" എന്ന ഞരക്കം കേള്‍ക്കുന്നതു വരെ ഞങ്ങള്‍ ആ ചോദ്യം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു..

ഈ രണ്ടെടത്തും കണ്‍‌ട്റോള്‍ വിട്ട് ചിരിക്കേണ്ടി വന്നു.

3. എന്നാല്‍ മരത്തിനോടു തന്നെ ചോദിക്കാം എന്നു വച്ചപ്പോള്‍, ആ മരവും അവിടെ നിന്ന് പോയി.

ഇവ്ടെ നനുത്ത ഓര്‍മകളും നേരിയ നഷ്ടബോധങ്ങളും കൂട്ടു വന്നു.

ഒരു ഓണസദ്യ കഴിച്ച ഫീലിംഗ് !

ലേഖാവിജയ് said...

കാലം, പറുപറ ശബ്ദവും, പൊടിമീശയും തന്ന് എന്നേയും, ഋതുഭേദങ്ങള്‍ പലതുവന്ന് ഋതുമതിയാക്കി ജോമിയേയും, ജൈവശാസ്ത്രപരമായ പാരകള്‍ വച്ച്‌ അകറ്റുന്നതു വരെ, കോന്നിത്താഴത്തെ ഒന്നാം തരം ബര്‍ട്ടര്‍ കച്ചവടക്കാരായിരുന്നു ഞങ്ങള്‍ രണ്ടാളും.
മനൂ നന്നായിരിക്കുന്നു.ഗൃഹാതുരത്വമൂണര്‍ത്തുന്ന സ്മരണകളില്‍ മേമ്പൊടിയായി ഹാസ്യവും.ആശംസകള്‍!

krish | കൃഷ് said...

വായിച്ചു... :) :)
ഓണമല്ലേ മനു.. ആശംസകള്‍.(അതിനിനി കുറവു വരുത്തണ്ടാ!!)

ഏറനാടന്‍ said...

മനൂജീ..പൊന്നോണാശംസകള്‍ നേരുന്നു.

Haree said...

ഈ ഓലപ്പന്തു കളി എങ്ങിനെയാ? അതെനിക്കറിയത്തില്ല... :(
ഓണത്തിന്റെയൊരു ടച്ച് അങ്ങട് വന്നില്ലല്ലോ, അതോ ഓണം റിലീസ് ഇനി വരുന്നതേയുള്ളോ?

ഓണാശംസകളോടെ
ഹരീ

ഉപാസന || Upasana said...

മനുഭായ്,
ഹ്യൂമര്‍, സെന്റി എല്ലാം സമാസമം ആണ്.
നല്ല വിവരണശൈലി...
വളരെ ഇഷ്ടപ്പെട്ടു...
:)
സുനില്‍

സാജന്‍| SAJAN said...

ജി മനുജി വളരെ വളരെ ഇഷ്ടപ്പെട്ടു:)

Mr. K# said...

പതിവു പോലെ, പതിവില്‍ കൂടുതല്‍ ചിരിപ്പിച്ചു :-)

ശ്രീഹരി::Sreehari said...

മനുച്ചേട്ടാ വളരെ നന്നായിട്ടുണ്ട്. ഒരുപാട് ചിരിച്ചു. ഒരല്പം വിതുമ്പി.

വിന്‍സ് said...

again a really nice story from you. avasaanathey kurachu paragraphs were really excellent.

Sreejith K. said...

ഗ്രാന്റ്.

വേണു venu said...

മനു,
രസിച്ചു വായിച്ചു.ഒരു കൊച്ചു നൊമ്പരം ഇല്ലാതായ ആ മരത്തിനു ചുറ്റും തങ്ങി നില്‍ക്കുന്നതും ശ്രദ്ധിച്ചു.
അപ്പോള്‍‍ നമുക്കും ആ നാടന്‍ പാട്ടിന്‍റെ മടിശ്ശീല അഴിക്കാം.
ഓണം വന്നോണം വന്നോണം വന്നേ....
ഓണാശംസകള്‍.:)

Mubarak Merchant said...

ശക്തമായ ക്രാഫ്റ്റ് ചേട്ടാ..
ഓണാശംസകള്‍ .

സുന്ദരന്‍ said...

ഇതൊരു സമ്പൂര്‍ണ്ണപോസ്റ്റ് മാഷെ...
ഇതിലെല്ലാമുണ്ട്....
(വായിച്ചവരില്‍ പലര്‍ക്കുമെന്നപോലെ എനിക്കും ഇതില്‍ കുറവായൊന്നും പറയാനില്ലാ)

ഉണ്ടാപ്രി said...

ഒത്തിരി ഓണസ്‌മൃതികളുണര്‍ത്തി മാഷേ...നന്നായിട്ടുണ്ട്‌.

മുറ്റത്തെ പ്ലാവിന്‍ കൊമ്പത്ത്‌ കെട്ടിയ ഊഞ്ഞാലും , അതിലാടാന്‍ വരുന്ന കൂട്ടുകാരുമെല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം. ആ മരവും പോയ്‌ മറഞ്ഞു..

എല്ലാ വിധ ആശംസകളും.

സാരംഗി said...

കൊള്ളാം മാഷേ..ഇക്കുറിയും സൂപ്പര്‍..

ഓണാശംസകള്‍!!

തമനു said...

വേണ്ടാ, വേണ്ടാ .... ഇലന്തൂക്കാരേ തൊട്ടുള്ള കളി വേണ്ടാ....

സംഭവം നന്നായി....

ഓടോ : എന്നാലും അതാരാ കര്‍ത്താവേ, ഞാനറിയാതെ ഇലന്തൂരൊരു ജോമി...?

Murali K Menon said...

ഒരു നാട്ടിന്‍പുറത്തുകാരനായി തന്നെ വായിക്കുമ്പോഴാണ് വായനയുടെ സുഖം അനുഭവിക്കുക എന്ന് ഈ ഓലപ്പന്തുകളിയിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലായി. സന്തോഷം

athiran said...
This comment has been removed by the author.
athiran said...

എന്നാലും ആ കറിയുടെ പേര് മറന്നു അല്ലേ.
മറവികളുടെ ഓണമാ മാഷെ ഞാന് ആഘോഷിക്കുന്നത്.


നല്ലത്,
ആതിരന്.

Anonymous said...

adipoli

anandmenon_ak@rediffmail.com

sandoz said...

മനൂജീ..തകര്‍പ്പന്‍....ഈ പോസ്റ്റ്‌ മാത്രമല്ല....
ഐപി അയ്യപ്പനും..തുള്ളലും...പെണ്ണുകാണലും..വിഭയും..
എല്ലാം ഇന്നാ ഞാന്‍ വായിച്ചേ...
ആ ഗണപതീടെ പരിധി..[വിഭ പോസ്റ്റില്‍] വായിച്ചിട്ടെനിക്ക്‌ ചിരിച്ച്‌ ശ്വാസം മുട്ടി....

രാഘവന്‍ സാറിന്റെ സാറ്റിസ്‌ ഫാക്ഷന്‍ തരുന്നല്ലെ എന്ന കീറു ഗുമ്മന്‍[ഐപി അയ്യപ്പന്‍ പോസ്റ്റില്‍]

മൊത്തം കലക്കി....
ഓണാശംസകള്‍.....

:: niKk | നിക്ക് :: said...

പക്ഷേങ്കി, മനുക്കുട്ടനെ മറന്നില്ലല്ലോ :)

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

ആ മനുവാണ്‌ ജീമനു എന്നു ധരിച്ചു വശായിരിക്കുകയായിരുന്നു. ഇന്നാണു തിരിഞ്ഞു കിട്ടിയത്. വായില്‍ വന്നൊരു കമന്റ് കൊണ്ട്
കമന്ററയില്‍ അടക്കിയിട്ടുണ്ട്.

G.MANU said...

ദേവേട്ടാ..

ബ്രിജ്‌വിഹാര്‍ അയ്യപ്പനാണേ.ഹരിഹരസുതനയ്യയ്യപ്പനാണെ സത്യ്ം..ഇന്നു ഞാന്‍ രണ്ടു പെഗ്ഗടിക്കും...

N.J Joju said...

ദേവേട്ടന്റെ പോസ്റ്റാണ് വഴികാട്ടിയത്.

കിടിലം!

ജിസോ ജോസ്‌ said...

ദേവേട്ടന്റെ കമന്ററ പിടിച്ചാണു ബ്രിജ് വിഹാരത്തില്‍ എത്തിയത്...വായിച്ചതെല്ലാം തകര്‍പ്പന്‍ !! ബാക്കി വായന അടുത്ത വരവിനു.... ആശംസകള്‍ !

മഴത്തുള്ളി said...

"അമ്മച്ചീ, ഹാപ്പി ഓണം..അപ്പച്ചന്‍ കിഥര്‍ ഗയാ.. കാനാ കാലിയാ (ഓണം ഉണ്ടു കഴിഞ്ഞോ)?"

"ബ്രിജ്‌വിഹാര്‍ അയ്യപ്പനാണേ.ഹരിഹരസുതനയ്യയ്യപ്പനാണെ സത്യ്ം..ഇന്നു ഞാന്‍ രണ്ടു പെഗ്ഗടിക്കും..."

ഈ രണ്ടു ഭാഗവും വായിച്ചപ്പോള്‍ ഒരു സംശയം. ‘കാനാ കാലിയ’ എന്നു പറഞ്ഞാല്‍ രണ്ടു പെഗ്ഗടിച്ചിട്ട് കാനയില്‍ കിടക്കുമെന്നാണോന്ന് ;) പിന്നെ ഇപ്പോ കമന്റ് 35 ആയി. അപ്പോ 70 പെഗ്ഗ് ;) കമന്റൊന്നിന് 2 പെഗ്ഗ് വച്ചടിക്കുമെന്ന് കേള്‍ക്കുന്നതിതാദ്യമാ :)

Satheesh said...

മൊത്തമായി ഈ ബ്ലോഗ് വായിച്ചത് ഇന്നാണ്‍.
ചിരിച്ച് ഒരു വഴിക്കായീന്ന് പറഞ്ഞാല്‍ മതീല്ലോ!
അസാധ്യ എഴുത്ത്!
എല്ലായ്പോഴും ഇങ്ങിനെ എഴുതാന്‍ ദൈവം ശക്തി തരട്ടെ!

Visala Manaskan said...

അതിഭയങ്കരന്‍ പോസ്റ്റ്.

എത്രയെത്ര പുത്തന്‍ പ്രയോഗങ്ങള്‍! ഞാനെന്തേ ഇതൊക്കെ വായിക്കാതെ വിട്ടത്?

മനൂ.. ഗംഭീരമായിട്ടുണ്ട്. ആശംസകള്‍. ഒരുപാടൊരുപാട് ആശംസകള്‍!

Sethunath UN said...

മനൂ,

അതിമനോഹരം! ചിരി കര്‍ച്ചീഫ് കടിച്ചുപിടിച്ചൊതുക്കി - ഓഫീസ്സിലായതുകൊണ്ടു മാത്രം. പക്ഷേ അവസ്സാനഭാഗത്തെ നൊമ്പരം!..

ഒരുപാടെഴുതൂ....

സ്നേഹത്തോടെ

~nu~ said...

കുട്ടിക്കാലത്തേക്കൊരു കൂട്ടിക്കൊണ്ടു പോകല്‍.. അല്ലേ മനൂ... നന്നായിരിക്കുന്നു...

jense said...

എന്താ പറയണ്ടേ മനുച്ചേട്ടാ....
എല്ലാ പോസ്റ്റും ഗംബീരം... ഈ പോസ്റ്റില്‍ പക്ഷെ അവസാനം വരെ ചിരിച്ചിട്ടു അവസാനത്തെ ആ രണ്ടു വരികള്‍ ഒരുപാടു വേദനിപ്പിച്ചു.. എന്താണെന്നറിയില്ല...

,, said...

:)). കലക്കീട്ടുണ്ട്ട്

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

"കൂട്ടുകാരീ നമ്മള്‍ കോര്‍ത്ത കൈയ്യഴിയാതെ
ചേര്‍ന്ന ഹൃത്താളഗതി ഊര്‍ന്നു പോവാതെ
മിഴിവഴുതി വീഴാതിരുള്‍ ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലോ"

ഗംഭീരന്‍ പോസ്റ്റ്‌ മനുഎട്ടാ കല

sreenadh said...

നന്നായി.... :)

സുധി അറയ്ക്കൽ said...

അതിഗംഭീരം!!!!!അവസാനം ഒരു വിഷമവും.