Wednesday, 24 October 2007

വാസുദേവസ്യച്ചേട്ടാ.......

"സൂര്യാത്മ... സൂര്യാത്മജു...സൂര്യാതംജോക്തി..കളീദൃ.. കളീദൃശം കേട്ടൊരുസൂര്യാന്നു...
സൂര്യാന്വയോഭൂ...ഭൂതനാകിയ..രാമനും... "

"സൂര്യാത്മജോക്തികളീദൃശം കേട്ടൊരു...
സൂര്യാന്വയോദ്‌ ഭൂതനാകിയ രാമനും" എന്ന രാമയാണത്തിലെ കിഷ്കിന്ധാകാണ്ഡം വായിക്കാന്‍, കഷായം കുടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുന്ന വാസുദേവന്‍പിള്ളച്ചേട്ടനെ കണ്ടു ഞാന്‍ പറഞ്ഞു..

"എന്‍റെ വാസുവേവന്‍ചേട്ടാ.. ഒന്നാം പാഠം വായിച്ചാല്‍ ഇതിലും പുണ്യം കിട്ടും... അറിഞ്ഞുകൊണ്ട്‌ ഈശ്വരന്‍മാരെ തെറിവിളിക്കണോ..അതും ഈ തൃസന്ധ്യ നേരത്ത്‌.. "

"എടീ ദേവയാനീ....." രാമായണം അടയ്ക്കാന്‍ ഒരു ചാന്‍സ്‌ നോക്കിയിരുന്ന പിള്ളച്ചേട്ടന്‍, കസറന്‍ ഒരു ചിരിനല്‍കി പ്രിയപത്നിയെ ഉറക്കെ വിളിച്ചു.. "ഇതാരാ വന്നേന്ന് നോക്കിയേ..... "

പാത്രം കഴുകല്‍ ഭാഗികമായി സ്റ്റോപ്പ്‌ ചെയ്ത്‌, വളയണിക്കൈകളിലെ വെള്ളം, സാരിത്തലപ്പില്‍ തുടച്ചുകൊണ്ട്‌ ദേവയാനിച്ചേച്ചി എത്തി..

"നീ ഈ വഴിയൊക്കെ അറിയുമോ മനൂ..... "

"ഏയ്‌...കുറെയേറെപ്പേരോട്‌ വഴിചോദിച്ചാ വരുന്നത്‌... ഒരുമാതിരി മനുഷ്യനെ വടിയാക്കല്ലേ ചേച്ചീ... "

"നീ ആകെയങ്ങ്‌ വെളുത്തല്ലോടാ....." എഴുന്നേറ്റ്‌ , മുണ്ട്‌ ഒന്നുകൂടി മുറുക്കിയുടുത്ത്‌ വാസുദേവന്‍പിള്ളച്ചേട്ടന്‍ പറഞ്ഞു..

"അതേ..ടോടല്‍ വെളുത്തു... ബോഡി അസ്‌ വെല്ലസ്‌ ജീവിതം... പിന്നെ പറ.. എന്തൊക്കെയാ പുതിയ വാര്‍ത്തകള്‍ ." സോഫയിലേക്കൊന്ന് അമര്‍ന്നിരുന്ന്, ചുറ്റിനും ഒന്ന് കണ്ണോടിച്ച്‌ ഞാന്‍ ചോദിച്ചു..

"ശ്ശെടാ... എവിടെച്ചെന്നാലും ഉണ്ടല്ലോ ഈ ഭിത്തിയിലെ ഈര്‍പ്പം.. മേല്‍ക്കൂര കാലുന്നുണ്ടോ ചേട്ടാ.. "

"ആങ്ങ്‌.. മേല്‍ക്കൂര മാത്രമല്ലടാ. ജീവിതം തന്നെ കാലാന്‍ തുടങ്ങിയിട്ട്‌ നാളു കുറെയായി.. "

"അതെന്തു പറ്റി.. ചേട്ടന്‍റെ ബോഡി കണ്ടിട്ട്‌ കാറ്റുവീഴ്ചയുടെ ലക്ഷണം ഒന്നും കാണുന്നില്ലല്ലോ..ചേച്ചിയും ദിനംപ്രതി ചെറുപ്പക്കാരിയായി വരുന്നു.. മൂത്തമോന്‍ അങ്ങ്‌ അമേരിക്കയില്‍.. മകള്‍ എന്‍ജിനീയറായി ചെന്നൈയില്‍... ഹോ..ഇങ്ങനെയൊക്കെയുള്ള ഒരു പറപ്പന്‍ ജീവിതം കിട്ടിയിട്ട്‌ പിന്നെയും കംപ്ളെയിന്‍റ്റ്‌.. ഈശ്വരന്‍മാര്‍ കൂടി പൊറുക്കില്ല കേട്ടോ....ഇങ്ങനെ പറഞ്ഞാല്‍..." 'ഗൃഹലക്ഷ്മി'യുടെ കവറിലെ മീരാജാസ്മിനെ കണ്ണുനിറച്ചൊന്നു നോക്കിക്കൊണ്ടു ഞാന്‍ പറഞ്ഞു.

"ആങ്ങ്‌....അതൊക്കെപോട്ടെ..എങ്ങനെയുണ്ട്‌ നിന്‍റെ ഡല്‍ഹി ജീവിതം ഒക്കെ.. അക്കരയ്ക്ക്‌ ചാടാന്‍ പ്ളാനൊന്നും ഇല്ലേടാ'

"അത്യാവശ്യം ജീവിച്ചുപോകാനുള്ള സെറ്റപ്പൊക്കെ ഉണ്ട്‌ ചേട്ടാ.. അതൊക്കെ മതിയെന്നേ...മേരാ ഭാരത്‌ മഹാന്‍..മീരാ ജാസ്മിന്‍ യഹാം..." മാഗസിന്‍ ടീപ്പോയിലേക്കിട്ടു പറഞ്ഞു.

"ഞാന്‍ അടുക്കളേലോട്ട്‌ ചെല്ലട്ടെ... നിങ്ങള്‍ സംസാരിച്ചിരി... നിനക്ക്‌ ചായയോ കാപ്പിയോ..." ദേവയാനി ചേച്ചി..

"കടുപ്പത്തിലൊരു കാപ്പി പോരട്ടു ചേച്ചി.. ധോടാ സാ ഉപ്പേരീം..മഗര്‍ പ്യാര്‍ സേ...." ചേച്ചി ചിരിച്ചു കൊണ്ട്‌ അകത്തേക്ക്‌.

"കൃഷിയൊക്കെ എങ്ങനെയുണ്ട്‌ ചേട്ടാ......." സ്വകാര്യസംഭാഷണത്തിനു ഞാന്‍ തിരികൊളുത്തി.

"ഹോ..വല്യ പാടാടാ... കുറച്ച്‌ തെങ്ങുള്ളത്‌ മൊത്തോം മണ്ട അടച്ചു... "

"ആ കൃഷിയേടെ കാര്യമല്ല ചോദിച്ചത്‌.. ചേട്ടന്‍റെ മറ്റേ കൃഷി..ആയ കാലത്ത്‌ ശരിക്കും വിളവെടുപ്പു നടത്തിയ....." കണ്ണിറുക്കി ഒരു കുസൃതിച്ചിരിയോടെ ഞാന്‍.

"കഴുവേര്‍ടമോനേ കൊല്ലും ഞാന്‍....... തോന്ന്യാസം പറേന്നോ..... "

"ആ സരസ്വതിച്ചേച്ചി ഇപ്പോ എവിടെയാ...കാണാറുണ്ടോ..... ആ പഴയ ഗ്ളാമര്‍ ഒക്കെ ഉണ്ടോ അതോ ഫെയ്‌ഡായോ.. "

"നീ എന്‍റെ കൈയീന്ന് വാങ്ങിക്കും... എടാ ദേവയാനി കേക്കുമെന്ന്..പതുക്കെ പറ.... "

"പിന്നെ.... ദേവയാനിച്ചേച്ചിക്കറിയില്ലേ...കണവന്‍ കചനല്ല..ഘടോല്‍കചന്‍ തന്നെയാണെന്ന്.....അന്ന് ചായിപ്പീന്ന്, ഒറ്റത്തോര്‍ത്ത്‌ മാത്രം ഉടുത്ത്‌ ചേട്ടന്‍ ചാടിയ ചാട്ടമേ...ഹോ..എന്തവാരുന്നു ആ കുതിപ്പ്‌.. ഹനുമാന്‍ പോലും ഇങ്ങനെ ചാടീട്ടുണ്ടാവില്ല.. "

വാസുദേവന്‍ചേട്ടന്‍ ഒരു വാടിയ ചിരി പൊഴിച്ചു. ആ ചിരിയില്‍ കയറി എന്‍റെ മനസ്‌ ഏറേ വര്‍ഷങ്ങള്‍ പിന്നോട്ട്‌ പാഞ്ഞു...ഞാന്‍ പോലും അറിയാതെ...


പൂരം പിറന്ന പുരുഷനായതുകൊണ്ട്‌, മലയാളമാസം ഒന്നാം തീയതി കാലത്തുതന്നെ ഞാന്‍ എന്‍ഗേജ്‌ഡ്‌ ആവും. പരിസരത്തുള്ള പത്തോളം വീട്ടില്‍ ഐശ്വര്യം സപ്ളൈ ചെയ്ത്‌ കാപ്പിയും ഇഡ്ഡലിയും കഴിക്കാനുള്ള ക്വട്ടേഷന്‍, ജാതകം എനിക്ക്‌ തുണച്ചു തന്നിരുന്നു. പത്രക്കാരന്‍ പോലും വരുന്നതിനു മുമ്പ്‌, എല്ലായിടത്തും ഒന്നാംതീയതി കയറുക എന്ന പുണ്യ പ്രോജക്ട്‌ എനിക്ക്‌ മാത്രം തരമായതുകണ്ട്‌, ഈ ഒരു കാര്യത്തില്‍ എന്‍റെ അനുജനുപോലും എന്നോട്‌ അസൂയ തോന്നിയിരുന്നു.

ചിറ്റപ്പന്‍ പഞ്ചാബില്‍ നിന്നും പല പാര്‍ട്ട്‌സാക്കി, ട്രയിനില്‍ ചാക്കിട്ടുമറച്ചു അച്ഛനു ഗിഫ്റ്റായി കൊണ്ടുകൊടുത്ത ഹീറോ സൈക്കിളില്‍, ഐശ്വര്യാ റാലി നടത്തി, ഒമ്പതാമത്തെ വീടും കഴിഞ്ഞ്‌, ഫിനിഷിംഗ്‌ പോയിന്‍റായ വാസുദേവന്‍പിള്ളച്ചേട്ടന്‍റെ വീട്ടുമുറ്റത്തു പതിവുപോലെ അന്നും എത്തി.

കാലിലെ ചെളിയുമായി ഒന്നാംതീയതി കയറുന്നത്‌ ഐശ്വര്യക്കേടല്ലേ എന്നോര്‍ത്ത്‌, അവനെയൊന്ന് കഴുകിക്കളയാം എന്നു കരുതി, ചായിപ്പിന്‍റെ മുന്നിലെ പൈപ്പിന്‍റെ ടാപ്പ്‌ തിരിച്ചു തിരിച്ചില്ല എന്ന പരുവത്തില്‍ നിന്നപ്പോള്‍.....

"ഒന്നു ചിരിച്ചെ...ഞാനൊന്നു കാണട്ടെ... "

ശ്ശെടാ ഇതു വാസുദേവന്‍ചേട്ടന്‍റെ സൌണ്ടാണല്ലോ.. എന്‍റെ ചിരി പലതവണ കണ്ടിട്ടുള്ള ആളാണല്ലോ. ഇന്നെന്താ ഇങ്ങനെയൊരു പറച്ചില്‍.. എന്നാലും ഒന്നു പുഞ്ചിരിച്ച്‌, ശബ്ദം എവിടുന്നു വന്നു എന്ന് ചുറ്റിനും നോക്കി...

"ഓ..ഒന്നു പൊട്ടിച്ചിരിക്ക്‌.. എന്താ ഞാനിക്കിളിയിടണോ...... "

"ഞാന്‍ പൊട്ടിയോ, ചീറ്റിയോ ഒക്കെ ചിരിക്കാം..ആദ്യം ചേട്ടനെവിടാണെന്നൊന്നു പറ..." ശബ്ദം ഉയര്‍ത്തി ഞാന്‍ ചോദിച്ചു.

ചെണ്ടമേളം പോലൊരു ശബ്ദം.. അടുക്കിവച്ചിരിക്കുന്ന വിറകുകഷണങ്ങള്‍ പടപടാ വീണതാണു.. പിറകേ രണ്ടു ഞരക്കങ്ങള്‍.. ഒന്നു ഫീമെയില്‍ വോയ്സാണോ, അതോ വാസുദേവന്‍ചേട്ടന്‍ ഇക്കിളിക്കു പകരം ഇക്കിളിട്ടതാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല..

അമ്പലത്തില്‍ തൊഴാന്‍ പോകുന്ന ഭക്തന്‍ കാല്‍കീഴില്‍ അറിയാതെ കതിനാ പൊട്ടുമ്പോള്‍ ഓടുന്ന അതേരീതിയില്‍, ഒറ്റത്തോര്‍ത്തിന്‍റെ മൈല്‍ഡ്‌ സപ്പോര്‍ട്ടില്‍, പിള്ളച്ചേട്ടന്‍ ചായിപ്പില്‍ നിന്ന് കുതിച്ച്‌ പുറത്തേക്കു പായുന്നത്‌ സത്യമായിട്ടും ഞാന്‍ കാണില്ലായിരുന്നു, വെപ്രാളത്തിനിടയില്‍, വാതിലിനു കട്ടിളപ്പടിയുണ്ട്‌ എന്ന സത്യം പുള്ളി മറന്നില്ലായിരുന്നെങ്കില്‍....

ശയനപ്രദക്ഷിണം പോസില്‍, 'പധോ' എന്നു പിള്ളച്ചേട്ടന്‍ പതിച്ചപ്പോഴാണു ഞാന്‍ തലതിരിച്ചു നോക്കിയത്‌..

ഓടി അടുത്തുചെല്ലുമ്പോള്‍, അഴിഞ്ഞ തോര്‍ത്ത്‌ കിടന്നു കൊണ്ട്‌ തന്നെ ഉടുക്കണോ അത്‌ എഴുന്നേറ്റിട്ടുടക്കണോ അതോ എഴുന്നേറ്റുകൊണ്ടുടുക്കണോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍, ലജ്ജാവിവശനായി, ആധികയറിയ ആദിയിലെ ആദത്തെപ്പോലെ നിര്‍വസ്ത്രനായി ചേട്ടന്‍.

കാല്‍മുട്ടില്‍ കൈയൂന്നി കുനിഞ്ഞു നിന്ന് ചേട്ടനെ അടിമുടിയൊന്നു നോക്കി ഞാന്‍ വിഷ്‌ ചെയ്തു
"ഗുഡ്‌ മോണിംഗ്‌....... "

"ഉബ്‌..ബബ്‌...ആപ്‌..... നീെ എപ്പോ വന്നൂ....." തോര്‍ത്തുടുത്തുകൊണ്ട്‌ ചള്ളിയ ചിരി.

"എതുവഴിവന്നൂ എന്നല്ലേ ചോദിക്കാന്‍ വന്നത്‌... ദാ ഗേറ്റുവഴി വന്നു....പിന്നെന്തൊക്കെയുണ്ട്‌ ചേട്ടാ വിശേഷങ്ങള്‍..... "

"എടാ ...അത്‌.... നീ.... സത്യത്തില്‍..ഞാന്‍ ഒന്ന് കുളിക്കാന്‍ വേണ്ടി ഒരുങ്ങിയപ്പോ..അത്‌...അല്ലാതെ..." ഉദ്ദേശിച്ചതും പറഞ്ഞതും ഒന്നും വേണ്ടവിധത്തില്‍ ക്ളച്ച്‌ പിടിക്കുന്നില്ല ചേട്ടനു.

"കുളിമുറി ചായിപ്പിലോട്ടു മാറ്റിയോ ചേട്ടാ... അതെന്നാരുന്നു....." ചായിപ്പിലേക്ക്‌ കണ്ണോടിച്ച്‌ ഞാന്‍ ചോദിച്ചു..

വീണ്ടും ഒരു പടപടാ ശബ്ദം...

നടുതടവി വാസുപിള്ളച്ചേട്ടന്‍ പരുങ്ങിനില്‍ക്കുമ്പോഴാണു, പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചി, 'ഐ ഡോണ്ട്‌ ബിലോംഗ്‌ റ്റു ദിസ്‌ പ്ളേസ്‌' എന്ന ഭാവത്തില്‍ ഒന്നും അറിയാത്തവളെപ്പോലെ, അഞ്ചാറു ചിരട്ടയും കൈയില്‍ പിടിച്ച്‌ ശഠേന്ന് ചായിപ്പില്‍നിന്നു ഇറങ്ങിയോടിയത്‌.. ചമ്മല്‍ ടോപ്‌ ഗീയറില്‍ ഇട്ടിട്ട്‌, ചിരിക്കണോ അതോ ചിരി അഭിനയിക്കണോ എന്ന മട്ടില്‍ നില്‍ക്കുന്ന ചേട്ടനോട്‌ ഞാന്‍ ചോദിച്ചു..

"സരസ്വതിച്ചേച്ചി ഒന്നാംതീയതി കേറിയാരുന്നോ... എന്നാ പിന്നെ ഞാന്‍ പോട്ടെ... "

"നിക്ക്‌ നിക്ക്‌..അയ്യോ പോവല്ലേടാ... എടാ ...അത്‌....അത്‌.. നീ കരുതുംപോലെ ..ശ്ശേ.. ഒന്നുമുണ്ടായിട്ടില്ല... "

"അതിനു ഞാനൊന്നും കരുതിയില്ലല്ലോ ചേട്ടാ.. കരുതിയെന്ന് ചേട്ടനു തോന്നിയാ ഞാനെന്നാ ചെയ്യും....ശ്ശെടാ....കൂത്തേ.... "

"എടാ... സത്യത്തില്‍ ഞാന്‍ കുളിക്കാന്‍ തുടങ്ങിയപ്പോ..അവള്‍ ചിരട്ടയും ചോദിച്ചു വന്നു....ദാ..അത്രേള്ളൂ... " മുഖത്തേക്കു നോക്കാതെ ബുദ്ധിമുട്ടി ഇത്രയും പറഞ്ഞു

"ചിരട്ടയോ.... "

"ആങ്ങ്‌.... തേപ്പുപെട്ടി ചൂടാക്കാന്‍ വേണ്ടി.. കുറച്ചു ചിരട്ട.. അതിനാ അവള്‍ വന്നെ...അല്ലാതെ നീ കരുതുംപോലെ! ശ്ശെ.... "

"ആരു ചിരട്ടയ്ക്കു വന്നാലും ചേട്ടന്‍ ഇക്കിളിയിടുമോ.....അതൊരു പുതിയ അറിവാണല്ലോ ചേട്ടാ.. "

"എടാ....." ദൈന്യത്തോടെയൊരു വിളി..."നീ വേണ്ടാതീനം ഒന്നും പറഞ്ഞുണ്ടാക്കല്ലേ.... പിന്നെ ഇക്കാര്യം നീ... "

"ദേവയാനിച്ചേച്ചിയോടു പറയല്ലേ എന്ന്...അതല്ലേ ഉദ്ദേശിച്ചത്‌.. '

'യെസ്‌' എന്ന അര്‍ഥത്തില്‍ ഒരു തലയാട്ടല്‍.

"ഏയ്‌...ആ ചേച്ചിടെ മുഖത്തു നോക്കി 'കെട്ടിയോന്‍ ഒരു തറയാകുന്നു' എന്ന് പറയാന്‍ എനിക്കു പറ്റുമോ ചേട്ടാ.. "

"എടാ...." ദൈന്യം കൂടി "നീ കരുതുന്നത്ര തറയല്ല ഞാന്‍.... "

"അതു കറക്ട്‌. ഇന്നലെവരെ ചേട്ടന്‍ ഒരു അര തറയാണെന്നേ കരുതിയിരുന്നുള്ളൂ..ഫുള്ളി ഫ്ലോറാണെന്ന് ഇപ്പൊഴാ മനസിലായേ...മെന്‍ ആര്‍ ഫ്രം മാര്‍സ്‌ എന്നു പറയുന്നത്‌ എത്ര സത്യമാണു ദൈവമേ.. എവിടെ മാറിടം കണ്ടാലും ചാടിവീണോളും.. അതുപോട്ടെ...ചേച്ചിയെവിടെ പോയി... "

"അവള്‍ അബ്‌ അബ്‌ മലയാലപ്പുഴ അമ്പലത്തില്‍ പോയിരിക്കുവാ.. "

"ഫ്രൂം................ " അറിയാതെ വാ പൊത്തിപ്പോയി ഞാന്‍..."അപ്പോള്‍ വെല്‍ പ്ളാന്‍ഡ്‌ പദ്ധതിയാരുന്നല്ലേ.. ദേവയാനിച്ചേച്ചിയെ ദേവാലയത്തില്‍ വിട്ടിട്ടാണു ചേട്ടന്‍റെ ദേഹണ്ഡം.. മലയാലപ്പുഴയമ്മേ..അവിടുന്ന് ഇതൊക്കെ കാണുന്നുണ്ടല്ലോ...അല്ലേ..." കണ്ണു ഞാന്‍ മേലോട്ടു പായിച്ചു..

"ശവത്തേ കുത്തല്ലേടാ. ശ്ശേ.. നിനക്കെന്നെക്കുറിച്ചുള്ള മതിപ്പൊക്കെ പോയിക്കാണുമല്ലേ... സത്യത്തില്‍ ഒന്നും...... "

"സംഭവിച്ചില്ല..അതിനുള്ള സമയം കിട്ടിയില്ല...അതിനുമുമ്പേ ഞാന്‍ വന്നുപെട്ടല്ലോ അല്ലേ.. ആങ്ങ്‌..പോട്ടു ചേട്ടാ.. ഒരബദ്ധം ഏതു കോണ്‍സ്റ്റബിളിനും പറ്റും... മാത്രമല്ല, വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ എക്സ്‌പേര്‍ട്ട്‌സ്‌ ആണെന്ന് കേട്ടിട്ടുണ്ട്‌.. അക്കാര്യത്തില്‍ ചേട്ടനും മോശമല്ലാത്ത കോണ്ട്രിബൂഷന്‍ ചെയ്യുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നുന്നു... കീപിറ്റപ്പ്‌"

ഗേറ്റുതുറന്ന്, പൂവും പ്രസാദവും, പ്രസാദം നിറഞ്ഞ ചിരിയുമായി ദേവയാനിച്ചേച്ചി എത്തി..

"എടാ...നീ വന്ന കാലില്‍ തന്നെ നില്‍ക്കാതെ അകത്തുകേറിയിരി.. ഒന്നാംതീയതി കേറാന്‍ വന്നിട്ടു വെളീല്‍ നില്‍ക്കുവാ... "

"ഏയ്‌..ഞാന്‍ ചേട്ടന്‍റെ എക്സര്‍സൈസ്‌ ഒക്കെ കണ്ടങ്ങനെ നിന്നു പോയി ചേച്ചീ... ആട്ടെ.മലയാലപ്പുഴ പോയിട്ട്‌ ഇത്രപെട്ടെന്നിങ്ങു വന്നോ.... "

"ഒന്നും പറയണ്ടെടാ... ശ്രീലക്ഷ്മി വണ്ടിയിന്നില്ലത്രേ... അതുകൊണ്ട്‌, പുതിയകാവില്‍ പോയിട്ട്‌ മടങ്ങി..അവിടേം ദേവിയാണല്ലോ.... വാസുവേട്ടന്‍ കുളിച്ചില്ലേ... ഇതാ പ്രസാദം.. "

"ഇല്ല ചേച്ചീ.. കുളിക്കാന്‍ തുടങ്ങിയപ്പോ ഞാന്‍ വന്നു... അങ്ങനെ കുളി കൊളമായി..." വാസുദേവന്‍ ചേട്ടന്‍ ദയനീയമായ കണ്ണിലേക്ക്‌ ഏറുകണ്ണിട്ട്‌ ഞാന്‍ പറഞ്ഞു.

"ഐശ്വര്യവുമായി വെളിയില്‍ നിക്കാതെ, അകത്തുകേറു മനൂ...." വാതില്‍ തുറന്നുകൊണ്ട്‌ ചേച്ചി..

"അല്ല ചേച്ചീ.. ചേട്ടന്‍ പറയുവാരുന്നു.. ആവശ്യത്തിനു ഐശ്വര്യമൊക്കെയായി ഇവിടെ... അതുകൊണ്ട്‌ നീയിനി വന്നില്ലേലും കുഴപ്പമില്ലെന്ന്.. അതുകൊണ്ട്‌.... "

'ഞാനെപ്പം അങ്ങനെ പറഞ്ഞെടാ ക്രൂരാ...' എന്ന് മനസില്‍ പറഞ്ഞു വാസുവേട്ടന്‍ മുഖം ചുളിച്ചു..

"വാസുവേട്ടന്‍ അങ്ങനെ പറഞ്ഞോ... കൊള്ളാം.. നീ ഒന്നാംതീയതി കയറുന്ന ഐശ്വര്യമേ ഉള്ളൂ ഇവിടെ.. കഴിഞ്ഞ മേടത്തിനു നീ വന്നില്ലല്ലോ..ഓര്‍മ്മയുണ്ടോ..അന്നു തന്നെ ചായിപ്പീന്ന് ഒരു വാഴക്കുലയും ഇരുപതു ചിരട്ടയുമാ ആരോ കട്ടോണ്ട്‌ പോയത്‌... അതുവല്ലോം വാസുവേട്ടനു മനസിലാവുമോ... "

'അപ്പോ ഞാലിപ്പൂവന്‍ കുല കാട്ടിയാണു വശീകരണം..കൊച്ചു കള്ളാ.....' കസേരയിലേക്കിരുന്ന്, മൌനം ഭുജിക്കുന്ന വാസുവേട്ടനെ നോക്കി കണ്ണിറുക്കി ഞാന്‍ മനസില്‍ പറഞ്ഞു.

പുളിവെള്ളം കുടിച്ച മുഖഭവം ചേട്ടനു....

"ഇതാ പ്രസാദം കഴിച്ചോളൂ... വാസുവേട്ടനുവേണ്ടി പ്രത്യേകം ചെയ്ത വഴിപാടിന്‍റെയാ.. "

"ഇന്നു ചേട്ടന്‍റെ പിറന്നാളാണോ ചേച്ചി.... അല്ല..സ്പെഷ്യല്‍ വഴിപാടായോണ്ടു ചോദിച്ചതാ.... "

"ഏയ്‌... വാസുവേട്ടനു ഈയിടെയായി നെഞ്ചിനകത്തൊരു ഏനക്കേട്‌.... "

"അതെനിക്കിന്ന് മനസിലായി"

"എന്തും ചെയ്യാം മനൂ... അറ്റാക്കൊന്നും വരാതെ കാക്കണേ ഭഗോതി എന്നൊരു പ്രാര്‍ത്ഥനയേ ഉള്ളൂ.... ഒരുമാസമായി മരുന്നിന്‍റെ പുറത്താ..... "

'സരസ്വതിച്ചേച്ചീടെ ഭര്‍ത്താവ്‌ പട്ടാളത്തിലല്ലേ... അതുകൊണ്ട്‌ ഉടനെ ഒരു അറ്റാക്ക്‌ പ്രതീക്ഷിക്കാം..' എന്നു മനസിലും "കുറച്ചൊക്കെ കൈലിരുപ്പിന്‍റെ ഗുണംകൊണ്ടുകൂടാ ചേച്ചീ" എന്നു പുറമെയും ഞാന്‍ പറഞ്ഞു.

"അതേ..ഞാന്‍ എപ്പൊഴും പറയും..ഈ മേലനക്കിയുള്ള പണിയൊക്കെ നിര്‍ത്താന്‍.. കേള്‍ക്കെണ്ടേ.. അടങ്ങിയിരിക്കാന്‍ ഇങ്ങേരെക്കൊണ്ട്‌ പറ്റില്ലാ.... ഹാര്‍ട്ട്‌ പേഷ്യന്‍റാ എന്നൊരു വിചാരമൊക്കെ വേണ്ടെ... ഇന്നലെത്തന്നെ ആ വിറകെല്ലാം കീറിയിടെണ്ട വല്ല കാര്യോമുണ്ടാരുന്നോ.. "

"അതിപ്പോ ചേട്ടനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല ചേച്ചീ... മേലനങ്ങി ശീലിച്ചവര്‍ക്ക്‌ പെട്ടെന്നടങ്ങിയിരിക്കാന്‍ പറ്റുകേലാ. അല്ലെങ്കില്‍ പിന്നെ ആരെങ്കിലും മേലുനോവിക്കണം. രാവിലെ ഞാനും കുറെ ഉപദേശിച്ചതാ. ഞാന്‍ നോക്കിയപ്പൊഴുണ്ട്‌ ഇളകിയ ഓട്‌ മാറാനാന്നു പറഞ്ഞ്‌ ചായിപ്പിന്‍റെ മോളില്‍ വലിഞ്ഞുകേറുന്നു. വല്ല കാര്യവുമുണ്ടോ.. അല്ല ചേച്ചിയൊന്ന് പറ.... "

പിള്ളച്ചേട്ടന്‍റെ മുഖം ഞാനൊന്നു നോക്കി. 'വേണമെങ്കില്‍ നിനക്ക്‌ പത്തേക്കറ്‍ തെങ്ങുംതോപ്പ്‌ ഇപ്പോ തന്നെ എഴുതിതന്നേക്കാം' എന്ന ഭാവം കണ്ടു ചിരിച്ചു കൊണ്ട്‌ ചേച്ചിയോടു ചോദിച്ചു.

"പുതിയ മാല എപ്പോ വാങ്ങിച്ചു ചേച്ചി. സംഗതി രസമുണ്ട്‌ കേട്ടോ.. പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചിയ്ക്കും ഉണ്ടല്ലോ ഇതേ പോലൊരു മാല..ഇതെന്താ പാലയ്ക്കാ ഫാഷനോ അതോ....

പിള്ളച്ചേട്ടന്‍റെ കണ്ട്രോള്‍ ഇത്തവണ വിട്ടു.."പാലയ്ക്കാ ഫാഷനല്ല..ഒതളങ്ങ ഫാഷന്‍.. എടീ ഇവനോട്‌ ശൃംഗരിക്കാന്‍ നിക്കാണ്ട്‌, ഇഡ്ഡലീടെ മാവു പുളിച്ചോന്ന് നോക്ക്‌.. മനുഷ്യനു വിശക്കുന്നു.... "

"പുളിച്ചില്ലെങ്കില്‍ ചേട്ടന്‍ ഇപ്പോ പുളിമരത്തേ കേറി പുളിയിടും... എന്നാലും ഒരിടത്ത്‌ അടങ്ങിയിരുക്കുന്ന കാര്യം ഓര്‍ക്കാന്‍ വയ്യ.. എന്താ ചേട്ടാ ഇങ്ങനെ. ഛേ....." ഒരു കണ്ണിറുക്കി ഞാന്‍ പറഞ്ഞു...

ചേച്ചി അകത്തേക്ക്‌ പോയതും, ചേട്ടന്‍ കസേരയില്‍ നിന്ന് കുതിച്ചു ചാടി എന്‍റടുത്തെത്തിയതും ഒന്നിച്ച്‌..
"അണ്ടര്‍ഗ്രൌണ്ടിലൂടെ എനിക്കിട്ടു താങ്ങുന്നത്‌ മനസിലാവുന്നില്ലെന്ന് ധരിക്കരുത്‌. കാലുപിടിക്കുന്നേനും ഒരതിരുണ്ട്‌. നീയുമത്ര പുണ്യാളച്ചൊന്നുമാവണ്ട.. ഞാനും അറീന്നുണ്ട്‌ കാര്യങ്ങള്‍..... അവന്‍ കളിക്കുന്നു.. "

"എന്ത്‌ കാര്യങ്ങള്‍ ചേട്ടാ... ?"

"നീയും ആ മണിസാറിന്‍റെ കൊച്ചുമായിട്ടെന്താടാ.. പറ.. മിനിഞ്ഞാന്ന് രണ്ടും കൂടി കൊഞ്ചിക്കുഴഞ്ഞ്‌ ലൈബ്രറിയിലോട്ട്‌ പോകുന്നത്‌ ഈ ഞാനും കണ്ടതാ.... ആ നീയാ എന്നെ..... "

"ഓ.... നമ്മുടെ മണ്ണഞ്ചേലിലെ ഇന്ദു...ഛേ ഛേ.. അതു ചേട്ടാ..അവള്‍ക്ക്‌ ഈ കക്കാട്‌ മാഷിന്‍റെ കവിത ഭയങ്കരിഷ്ടമാ.. മിനിയാന്ന് കണ്ടപ്പോള്‍ സഫലമീയാത്ര ചൊല്ലാമോന്ന് ചോദിച്ചു...ഞാന്‍ ചൊല്ലി...ദാറ്റ്‌സാള്‍..ചേട്ടന്‍ കേട്ടിട്ടില്ലെ..
കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും,
തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ്‌‌ വരും,
അപ്പോളാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം..
.... "

"നിന്‍റച്ഛനെ ഒന്ന് കാണട്ടെ..ആരെന്നും എന്തെന്നും ഞാന്‍ കാണിച്ചു തരാം... "

"അത്രേള്ളോ.... എന്‍റെ പൊന്നുചേട്ടാ അവള്‍ എന്‍റടുത്ത്‌ ചിരട്ട ചോദിച്ചു വന്നുട്ടുമില്ല, ഞാനൊട്ടു ചുരണ്ടീട്ടൂമില്ല..." ബ്രഹ്മാസ്ത്രം ചീറ്റിയ മുഖത്തോടെ ചേട്ടന്‍ ചായകുടിച്ചു...


ജോണിവാക്കറിലേക്ക്‌ ഐസ്ക്യൂബ്‌ വീണുകിലുങ്ങുന്ന ശബ്ദത്തില്‍ ഞാന്‍ ഓര്‍മ്മകള്‍ക്ക്‌ ചീയേഴ്സ്‌ പറഞ്ഞു. വാസുദേവന്‍ ചേട്ടന്‍റെ കണ്ണുകള്‍ നിറയുന്നു...വിഷാദം വിരുന്നിനു വരുന്നു..

"മോനേ.....മനൂ......" ഒറ്റവലിക്ക്‌ മൂന്നാമത്തെ ഗ്ളാസ്‌ കാലിയാക്കി ചേട്ടന്‍ എന്നെ വിളിച്ചു...

ചിറിതുടച്ച്‌, ഒരുപിടി കശുവണ്ടി വാരി വായിലേക്കിട്ടു ഞാന്‍ ചോദിച്ചു.."എന്താ വാസുദേവന്‍ ചേട്ടാ.. എന്തിനാ കരയുന്നെ..... "

"എനിക്കാരുമില്ലെടാ....എന്‍റെ ദേവയാനിക്കാരുമില്ലെടാ...." എന്‍റെ നെഞ്ചിലേക്ക്‌ ചായുന്ന ശിരസ്‌..

"ചേട്ടനെല്ലാരുമില്ലേ.. രണ്ടു മക്കള്‍...പിന്നെ ഞങ്ങളൊക്കെ....ആരാ ഇല്ലാത്തെ..പറ.. "

"മക്കളെല്ലാം ഈരണ്ടു കൊല്ലം കൂടുമ്പോള്‍ വരുന്ന വിരുന്നുകാരാടാ ഞങ്ങള്‍ക്ക്‌.. അപ്പൂപ്പാന്നും അമ്മൂമ്മേന്നും വിളിക്കാനറിയാത്ത കൊച്ചുമക്കളുമുണ്ട്‌.. നിനക്കറീമോ.. നിലവിളിക്കാറുണ്ട്‌ ദേവയാനി... ഒന്നിച്ച്‌ മരിക്കാമെന്ന് പറഞ്ഞു നെഞ്ചത്തടിക്കാറുണ്ടവള്‍... ഒറ്റപ്പെട്ടെടാ...ശരിക്കും ഒറ്റപ്പെട്ടു... വൃദ്ധസദനം പോലായി ഈ വീട്‌.... രണ്ടേ രണ്ട്‌ അന്തേവാസികള്‍ ഉള്ള വൃദ്ധസദനം.... "

"അതാരുടേം കുറ്റമല്ല ചേട്ടാ.. കാലം മാറുകല്ലേ... മിനറല്‍ വാട്ടര്‍ ബോട്ടില്‍പോലാ ഇപ്പൊ ബന്ധങ്ങള്‍.. യൂസ്‌ ക്രഷ്‌ ആന്‍ഡ്‌ ത്രോ....ഉപയോഗിച്ച ശേഷം ഉടച്ചെറിയുക.... ഒന്നും ആശിക്കരുത്‌..ഒന്നിലും പ്രതീക്ഷ വക്കരുത്‌... വെറുതെ ജീവിക്കുക. രാമായണം വായിക്കാറുള്ള ചേട്ടനോടിതൊക്കെ പറഞ്ഞുതരേണ്ട കാര്യമുണ്ടോ.. "

"നിനക്കറിയില്ലെടാ...മക്കള്‍ക്കൊരു മാറാരോഗം പോലെ, ബാദ്ധ്യതപോലെ ജീവിക്കുക.. അതാണേറ്റവും വലിയ ശാപം..ആ ശാപം പേറി ഞങ്ങള്‍....." വിതുമ്പലിന്‍റെ ആഴത്തിലെ പുത്രദു:ഖം ഞാന്‍ അളന്നുകൊണ്ടിരുന്നു...ഒന്നും പറയാനില്ലാതെ...

"മകള്‍ ഉറപ്പായും നിങ്ങളെ സ്നേഹിക്കുന്നുണ്ടാവും ചേട്ടാ. മകന്‍റെ കാര്യം എനിക്കറിയില്ല.... "

"സ്നേഹിക്കുന്നുണ്ടാവുമോ...അതും അറിയില്ല......" ഗ്ളാസ്‌ ശബ്ദത്തോടെ മേശപ്പുറത്തേക്ക്‌ വച്ച്‌ ചേട്ടന്‍..

"ചേട്ടന്‍ ഇപ്പോ പറഞ്ഞ ആ സംശയം ഉണ്ടല്ലോ...ഇന്നീ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം അതുതന്നെയാണു..'സ്നേഹിക്കുന്നുണ്ടാവുമോ...'. അച്ഛന്‍ മക്കളോട്‌, ഭാര്യ ഭര്‍ത്താവിനോട്‌, കാമുകന്‍ കാമുകിയോട്‌ ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു.. 'സ്നേഹിക്കുന്നുണ്ടാവുമോ.. ' "

"ഞാനെന്നാ ഇറങ്ങട്ടെ ചേട്ടാ... സമയം ഒരുപാടായി...." വാച്ചില്‍ നോക്കി ഞാനെഴുന്നേറ്റു..

"ഇന്നു തന്നെ പോണോ നിനക്ക്‌.. രാവിലെ പോരെ.. നമുക്ക്‌ കുറച്ച്‌ വര്‍ത്തമാനം പറഞ്ഞ്‌.... "

"അയ്യോ..എന്‍റെ പൊന്നുചേട്ടാ.. അച്ഛനവിടെ കാത്തിരിപ്പുണ്ട്‌.. അച്ഛന്‍റെ കൂടെ രണ്ട്‌ പെഗ്ഗുമടിച്ച്‌, അമ്മവിളമ്പുന്ന മീന്‍ചാറും നക്കി, വേണ്ടാതീനവും പറഞ്ഞിരിക്കുന്ന ആ സുഖമുണ്ടല്ലോ.. മാക്സിമം ഞാനത്‌ മിസ്സാക്കില്ല.. അച്ഛന്‍ വേറൊന്നും എന്നോടാവശ്യപ്പെടാറില്ല.. കുറച്ച്‌ സായന്തനങ്ങള്‍.. അതെങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നെ...... "
വാസുദേവന്‍ പിള്ളച്ചേട്ടന്‍റെ മൌനത്തില്‍ മറ്റൊരച്ഛന്‍റെ പിടയുന്ന മനസ്‌ തെളിഞ്ഞുകണ്ടു ഞാനിറങ്ങി..

മുറ്റത്ത്‌, ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുന്നു ദേവയാനിച്ചേച്ചി...

"ഈ പാവം മുക്കുറ്റിയെ കേരളം പടിയടച്ച്‌ പുറത്താക്കിയതല്ലേ ചേച്ചി..ഹോ.. എത്ര നാളിനു ശേഷമാ ഇതേലൊന്നിനെ കാണുന്നേ.... "

"അതേടാ... മുക്കുറ്റി, ശംഖുപുഷ്പം, വേലിപ്പരുത്തി..ഇതൊക്കെയാ എനിക്ക്‌ കൂട്ടിപ്പോ.. തുല്യദുഖിതരൊന്നിക്കുമ്പോ കുറച്ച്‌ മനസുഖം കിട്ടില്ലേ...... "

"എന്തായാലും ഇതിനെ കണ്ടു..എന്നാ രണ്ടു വരി കാച്ചിയിട്ടേ ഉള്ളൂ ബാക്കി കാര്യം....

മുറ്റത്തേമൂലയ്ക്കു മിന്നിയിരിക്കുന്ന
മുക്കുറ്റിപ്പൂവേ മിടുക്കിപ്പൂവേ
മുക്കൂത്തിചോദിച്ച മൂവന്തിക്കാറ്റിന്‍റെ
മൂക്കത്തു നുള്ളിച്ചിരിച്ച പൂവേ.... ... "

ബാക്കി വരികള്‍ തേടുമ്പോള്‍ ദേവയാനിച്ചേച്ചി ചിരിച്ചു... സ്നേഹത്തിന്‍റെ വേലിയേറ്റം തിരതല്ലുന്ന ചിരി....

"മിടുക്കന്‍....നിന്‍റെ ആ പഴയ അരക്കിറുക്ക്‌ മാറീട്ടില്ല അല്ലേ...... "

"അല്‍പ്പം കിറുക്കില്ലാതെ എങ്ങനെ ഈ ലോകത്ത്‌ ജീവിക്കും ചേച്ചീ....... "

തിരിഞ്ഞപ്പോള്‍, വാസുദേവന്‍ ചേട്ടന്‍റെ വലം കൈ തോളില്‍ വീണു...

"ഇനി എന്നാ നീ ഇങ്ങോട്ടൊക്കെ..... "

"വരാം ചേട്ടാ.. പിന്നെ ഒന്നും നമ്മുടെ കൈയിലല്ലല്ലോ.. കക്കാട്‌ മാഷ്‌ പറഞ്ഞപോലെ..'അപ്പോഴാരെന്നുമെന്തെന്നുമാറ്‍ക്കറിയാം.... "

ചേട്ടന്‍ പൊട്ടിച്ചിരിച്ചു....എല്ലാം മറന്നു ചിരിച്ചു.... ഒപ്പം ഞാനും

"ഇതൊക്കെ പറഞ്ഞാലും ആ മണ്ണഞ്ചേലിലെ ഇന്ദു ഇപ്പോ എവിടാ ചേട്ടാ..എന്‍റെ സഫലമീയാത്രയില്‍ അവളന്നു പാതിവീണതാരുന്നു..പെന്നെങ്ങനെയോ ആ പ്രോജക്റ്റ്‌ മുടങ്ങി.... "

"അവളിപ്പോ ബാംഗ്ളൂരില്‍...വിപ്രോയില്‍.... രണ്ടു കുട്ടികളുമായി..... "

"ഹാവൂ..സന്തോഷം..നമ്മള്‍ സ്നേഹിച്ചവരൊക്കെ ഉയര്‍ന്നൂന്ന് കേക്കുമ്പോ എന്താ ഒരു സുഖം...... "

ഒറ്റയടിപ്പാതയിലൂടെ നടന്നുനീങ്ങുമ്പോഴും, വാസുദേവന്‍ പിള്ളച്ചേട്ടന്‍റെ നനഞ്ഞ മിഴികള്‍ എന്നെ പിന്തുടരുന്നത്‌ ഞാനറിഞ്ഞു..തിരിഞ്ഞു നോക്കാതെ തന്നെ..


വാസുദേവന്‍പിള്ളച്ചേട്ടന്‍റെ സഞ്ചയനക്കുറി മുന്നില്‍ കിടക്കുമ്പോഴാണു ഞാനിവയൊക്കെ ഒന്നുകൂടി ഓര്‍ത്തുപോയത്‌..

56 comments:

G.MANU said...

"സംഭവിച്ചില്ല..അതിനുള്ള സമയം കിട്ടിയില്ല...അതിനുമുമ്പേ ഞാന്‍ വന്നുപെട്ടല്ലോ അല്ലേ.. ആങ്ങ്‌..പോട്ടു ചേട്ടാ.. ഒരബദ്ധം ഏതു കോണ്‍സ്റ്റബിളിനും പറ്റും... മാത്രമല്ല, വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ എക്സ്‌പേര്‍ട്ട്‌സ്‌ ആണെന്ന് കേട്ടിട്ടുണ്ട്‌.. അക്കാര്യത്തില്‍ ചേട്ടനും മോശമല്ലാത്ത കോണ്ട്രിബൂഷന്‍ ചെയ്യുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നുന്നു... കീപിറ്റപ്പ്‌


"കാവ്യം സുഗേയം കഥ വാസുദേവം"
പുതിയ പോസ്റ്റ്‌

Mr. K# said...

ഠേ.... ഈ പോസ്റ്റ് തേങ്ങയടിച്ചു ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തിരിക്കുന്നു.

ഒന്നാം തീയതി കാലത്തേ തന്നെ മനു അവിടെ എത്തിപ്പെട്ടത് ഐശ്വര്യമായി, ഇല്ലെങ്കില്‍ ഒന്നാം തീയതി തന്നെ ഒരു വിവാഹമോചനം നടന്നേനെ, അല്ലേ :-)

കുഞ്ഞന്‍ said...

മനൂജി...

തേങ്ങക്കു പകരം കുറച്ച് ഫസ്റ്റ് ബിരിയാണി, ഇക്കാസിന്റെ വീട്ടിലെ, ഇവിടെ വയ്ക്കുന്നു.. എന്താ ബിരിയാണിയുടെ മണം..!!

വായന പിന്നെ അഭിപ്രായവും പിന്നെ.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തേങ്ങ ഞാന്‍ തന്നെ ആദ്യം ഉടച്ചിരിക്കുന്നു

കലക്കി മാഷേ
മേരാ ഭാരത്‌ മഹാന്‍..മീരാ ജാസ്മിന്‍ യഹാം..."
"പാലയ്ക്കാ ഫാഷനല്ല..ഒതളങ്ങ ഫാഷന്‍"

കുഞ്ഞന്‍ said...

മനൂജീ..

ചിരിപ്പിച്ചുകൊണ്ട് ദുഖകരമായ സത്യം എത്ര തന്മയത്തത്തോടെ വരച്ചു കാട്ടിയിരിക്കുന്നു..!

കഥയിലെ കഥ രസിപ്പിച്ചു പിന്നെ സങ്കടപ്പെടുത്തി..!

R. said...

ഫസ്റ്റ് ഹാഫ് ചിരിപ്പിച്ചു കൊന്നു;
ഇന്റര്‍‌വെല്ലിനു ശേഷം സെന്റിയടിച്ച് കൊന്നു.

ശ്രീ said...

“ഓടി അടുത്തുചെല്ലുമ്പോള്‍, അഴിഞ്ഞ തോര്‍ത്ത്‌ കിടന്നു കൊണ്ട്‌ തന്നെ ഉടുക്കണോ അത്‌ എഴുന്നേറ്റിട്ടുടക്കണോ അതോ എഴുന്നേറ്റുകൊണ്ടുടുക്കണോ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍, ലജ്ജാവിവശനായി, ആധികയറിയ ആദിയിലെ ആദത്തെപ്പോലെ നിര്‍വസ്ത്രനായി ചേട്ടന്‍.”

മനുവേട്ടാ... സൂപ്പര്‍‌!!!

ചിരിപ്പിച്ചും ചിന്തിപ്പിച്ചും നല്ലൊരു പോസ്റ്റു കൂടി.

അവസാന ഭാഗങ്ങള്‍‌ സെന്റിയാക്കി.
:)

വാളൂരാന്‍ said...

ഈ ചിരിയും കരച്ചിലും കൂടി ഒരുമിച്ചിട്ടാ കൊല്ലും ഞാന്‍....!!!
ഹാസ്യം ഗംഭീരം പ്രഭോ.... സ്നേഹത്തിനെ വിലയും....

ക്രിസ്‌വിന്‍ said...

മനു...കലക്കി...
പതിവ്‌ പോലെ ഇന്നും ഞങ്ങളെ ആദ്യം ചിരിപ്പിച്ചു.പിന്നെ കരയിപ്പിച്ചു

:)
സരസ്വതിച്ചേച്ചി ഒന്നാംതീയതി കേറിയാരുന്നോ
:(

വേണു venu said...

മനൂ,
ചിരിപ്പിച്ചു ചിരിപ്പിച്ചു് അവസാനം ഒരു നൊമ്പരം നല്‍കി അവ്സാനിപ്പിച്ച ഇതും ഇഷ്ടപ്പെട്ടു.
സഞ്ചയനക്കുറിയും കക്കാടു് മാഷിന്‍റെ വരികള്‍‍ ഉരുവിടുകയാണു്.'കാലമിനി വരും ആതിരവരും, വിഷു വരും വര്‍ഷം വരും, അപ്പോള്‍ എന്തെന്നും ആരെന്നുമാര്‍ക്കറിയാം.... "

ശ്രീഹരി::Sreehari said...

ഓഹോ .. തേന്മാവിന്‍ കൊമ്പത്ത് മോഹന്‍ ലാല്‍ പറയും പോലെ " ഇപ്പോ ടെക്നിക് പിടികിട്ടി" ആദ്യം കോമഡി പറയുക എന്നിട്ട് പതുക്കെ സെന്റി തുടങ്ങുക. സ്ഥിരം നമ്പറാണല്ലേ? ഉം ഉം നടക്കട്ടെ.
വളരെ നന്നായിട്ടൂണ്ട് :)

സഹയാത്രികന്‍ said...

“ഇന്നീ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യം അതുതന്നെയാണു..'സ്നേഹിക്കുന്നുണ്ടാവുമോ...'. അച്ഛന്‍ മക്കളോട്‌, ഭാര്യ ഭര്‍ത്താവിനോട്‌, കാമുകന്‍ കാമുകിയോട്‌ ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു.. 'സ്നേഹിക്കുന്നുണ്ടാവുമോ.. ' "

മനുവേട്ടാ...അസ്സലായി... അല്‍പ്പം ചിരിയും ... അതിലല്‍പ്പം നൊമ്പരങ്ങളും...

:)

സുമുഖന്‍ said...

പൊസ്റ്റ്‌ ശരിക്കും സെന്റിയാക്കി. വീട്ടിലെ അഛനേയും അമ്മയേയും ഓര്‍ത്തുപോയി..

ചന്ദ്രകാന്തം said...

ചിരി ധാരാളം, നൊമ്പരം എള്ളോളം.
എന്നാലും, സാന്ദ്രത കൂടുതല്‍ നൊമ്പരത്തിന്‌ തന്നെ.

ത്രിശങ്കു / Thrisanku said...

:)
:(

shams said...

ചിരിയില്‍ തുട്ക്കം-ഓഫീസിലായത് കൊണ്ട് വിത്ത് കണ്ട്രോള്‍-,
പിന്നെ വാസുദേവന്‍പിള്ളച്ചേട്ടന്റെ വിഷാദം മനസ്സിലേക്ക് ,
സഞ്ചയനക്കുറി നൊമ്പരമുണര്‍ത്തിയ അവ്സാനം.

krish | കൃഷ് said...

"കടുപ്പത്തിലൊരു കാപ്പി പോരട്ടു ചേച്ചി.. ധോടാ സാ ഉപ്പേരീം..മഗര്‍ പ്യാര്‍ സേ...."
വാസുദേവവിലാസങ്ങള്‍ അടിപൊളിയായി.

അവസാനം അത് ഒരു ഓര്‍മ്മക്കുറിപ്പ് ആയിപ്പോയി.

സാജന്‍| SAJAN said...

പതിവുപോലെ അലക്കിപ്പൊളിച്ചല്ലൊ മനൂ, ചിരിയും നൊമ്പരവും കൂട്ടിപ്പിടിപ്പിച്ച് ഒരു കസര്‍ത്ത്, നന്നായിരിക്കുന്നു:)

സൂര്യോദയം said...

മനൂ... ഫലിതത്തില്‍ ചാലിച്ച്‌ പല വൈകാരികബദ്ധങ്ങളെയും പല അന്ന്യം നിന്നുപോകുന്ന വികാരങ്ങളേയും വിവരിച്ചിരിയ്ക്കുന്നു.. നൊമ്പരം പതുക്കെ ഹൃദയത്തിലേയ്ക്ക്‌ സന്നിവേശിപ്പിച്ചിരിക്കുന്നു... വളരെ നല്ല ശൈലി... അഭിനന്ദനങ്ങള്‍...

simy nazareth said...

Manu, orupaadu nannayi. enthu cheyyaana. aNukuTumbam thanne. budham sharanam.

Visala Manaskan said...

പകുതി വരെയേ ഞാന്‍ വായിച്ചുള്ളൂ... ബാക്കി പ്രിന്റ് വായനക്ക് വച്ചു.

അത് പറയാന്‍ വന്നപ്പോള്‍ ഇന്റ്ര്വെല്‍ കഴിഞ്ഞ് പിന്നീടങ്ങോട്ട് ഫീലിങ്ങാണെന്ന് മനസ്സിലായി. അതോണ്ട് ഇനി വായിക്കണോ വേണ്ടയോ എന്ന ഫീലിങ്ങിലാണ് ഞാന്‍.

ചിരിയെഴുത്ത് ചിരിയെഴുത്ത് എന്നുപറഞ്ഞാല്‍ ഇതാണ്. സൂപ്പര്‍ബ്, മനൂ.. സൂപ്പര്‍ബ്.

കുറെ ചിരിച്ചു ഞാന്‍. നമിച്ചു ചൂള്ളാ. നമിച്ചു.

Murali K Menon said...

നര്‍മ്മത്തില്‍ പൊതിഞ്ഞവതരിപ്പിച്ച ദു:ഖസത്യങ്ങള്‍.. അസ്സലായി. വാസുദേവന്‍ ചേട്ടന്റെ രാമായണ വായന “മീനത്തില്‍ താലി കെട്ടിലെ” ദിലീപിന്റെ വായനയെ ഓര്‍മ്മിപ്പിച്ചു. “രാമനോ തോര്‍ത്തില്ല, ലക്ഷ്മണനോ മുണ്ടില്ല, ഹനുമാന്‍ ഓരോരോമങ്ങള്‍ പറിച്ചെടുത്ത്”..
ഇത് മനുവിന്റെ എഴുത്തിലൂടെ ഇങ്ങനെയുമാവാമെന്ന് തോന്നി. “വാസുദേവനോ തോര്‍ത്തില്ല, സരസ്വതിയോരോ ചിരട്ടകള്‍ വലിച്ചെടുത്ത്...” എന്നൊക്കെ...
സരസമായ് അവതരിപ്പിച്ച നഗ്നസത്യങ്ങള്‍ നീറുന്ന വേദനയായ് ഓരോ അണുകുടുംബത്തിലെ മാതാ പിതാക്കളിലും തങ്ങി നില്‍ക്കും.

ലേഖാവിജയ് said...

വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ എക്സ്‌പേര്‍ട്ട്‌സ്‌ ആണെന്ന് കേട്ടിട്ടുണ്ട്‌.. നാട്ടുകാര്‍ പറയുന്നതു പോരാഞ്ഞ് സ്വയം പറയാനും തുടങ്ങിയോ?:)

അപ്പു ആദ്യാക്ഷരി said...

മനൂ നല്ല പോസ്റ്റ്.

“വാസുദേവന്‍ പിള്ളച്ചേട്ടന്‍റെ മൌനത്തില്‍ മറ്റൊരച്ഛന്‍റെ പിടയുന്ന മനസ്‌ തെളിഞ്ഞുകണ്ടു ഞാനിറങ്ങി....” ഇതിലുണ്ടെല്ലാം.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Manu, enikku bhayankaramaayangu eshtappettadaa

cheers

എതിരന്‍ കതിരവന്‍ said...

മനൂ:
സാധരണ നര്‍മ്മം കൂടുതല്‍ കലക്കുന്ന കഥയ്ക്കു പകരം ബന്ധങ്ങളെപ്പറ്റിയും അവയുടെ സാര്‍ത്ഥകതയെപ്പറ്റിയും വിശകലനം ചെയ്യുന്ന ഇത് മനുവിന്റെ ബെസ്റ്റ് കഥയാനെന്ന് എനിയ്ക്ക് തോന്നുന്നു. സ്നേഹം എന്ന തോന്നലിനെ നിര്‍വചിക്കാനുള്ള ശ്രമം. അവസാനത്തെ വാചകം ആധ്യാത്മികതയില്‍ കൊണ്ടെ എത്തിച്ചിരിക്കുന്നു. കവിത എഴുതുന്ന ആളായതുകൊണ്ടായിരിക്കും.

പിന്നെ “മെന്‍ ആര്‍ ഫ്രം മാര്‍സ്” പ്രയോഗം! അമ്പടാ!

Promod P P said...

നര്‍മ്മം ആകുലതകളിലേയ്ക്കും വിഹ്വലതകളിലേയ്ക്കും സഞ്ചരിക്കുന്നു..അവസാനം എങ്ങും മുഴങ്ങുന്ന ഒരു ചോദ്യവും..സ്നേഹിക്കുന്നുണ്ടാകുമൊ?

മനുമാഷെ.. മനസ്സും കണ്ണും നിറഞ്ഞു വായിച്ച് തീര്‍ന്നപ്പോള്‍

ഉപാസന || Upasana said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു സെന്റി
:)
ഉപാസന

asdfasdf asfdasdf said...

നന്നായിട്ടുണ്ട് മനൂ. ഒരു പാട് വാസുച്ചേട്ടന്മാരുടെ ഇടമായി കേരളം മാറിക്കൊണ്ടിരിക്കുന്നു.

Sethunath UN said...

മനൂ,
ചിരിയും, ചിന്തയും, ദു:ഖവും, സ്നേഹവും കൂടി ഒന്നും കൂടാതെയും കുറ‌യാതെയും എഴുതിയിരിയ്ക്കുന്ന മ‌നോഹ‌ര‌മായ പോസ്റ്റ്.
മ‌നുവിന്റെ ഭൂരിപക്ഷ‌ം പോസ്റ്റുക‌ളുടെയും ഫിനിഷിംഗ് അപാര‌മാണ്. വിചാരിയ്ക്കാത്തതുമാണ്.
പിന്നെ, ന‌ല്ല വായ‌നയുടെ ഗുണ‌ം എഴുത്തില്‍ കാണാനുമുണ്ട്.
വ‌ള്ളാഹി.. വാജദ് കൊയിസ്സ് യാ റജ്ജാല്‍!

ദിലീപ് വിശ്വനാഥ് said...

"നിന്‍റച്ഛനെ ഒന്ന് കാണട്ടെ..ആരെന്നും എന്തെന്നും ഞാന്‍ കാണിച്ചു തരാം... "

ഇതു ശരിക്കും ചിരിപ്പിച്ചു.
പക്ഷെ അവസാനം കണ്ണ് നിറയിച്ചു.

Anonymous said...

Kalakki ettayiye..
Alla..indhuvumaayi enthaayirunnu idapaadu?

വേലിചാടുന്ന കാര്യത്തില്‍ നമ്മുടെ കുടുംബത്തിലെ ആണുങ്ങള്‍ എക്സ്‌പേര്‍ട്ട്‌സ്‌ ആണെന്ന് കേട്ടിട്ടുണ്ട്‌..

Sathyathinte vikrithamaaya mukham :D

പോക്കിരി said...

മനൂ....ബൂലോകത്തിലെ ക്ലാസ് എഴുത്തുകാ‍രനാണു താങ്കള്‍ എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു....
നമിച്ചിരിക്കുന്നു...തുടരട്ടെ യാത്ര..ആശംസകള്‍....

ധ്വനി | Dhwani said...

അതേ, കുറച്ചു സായന്തനങ്ങളാണു മോഹം, പലപ്പോഴും കിട്ടാക്കനിയും!

ചിരിപ്പിച്ചെങ്കിലും വായിച്ചു തീര്‍ന്നപ്പോള്‍ ഭാരമാണു തോന്നിയത്.

കാളിയമ്പി said...

മനൂ,
വളരെ നന്നായിരിയ്ക്കുന്നു.എന്ന്വച്ചാല്‍ ഉഗ്രന്‍.
വളരെ വിരളമായി മാത്രം ലഭിയ്ക്കുന്ന വായനാനുഭവം.ബ്രജ് വിഹാരം മുഴുവനും വിടാതെ വായിയ്ക്കാറുണ്ട്. മനുവിന്റെ ആ നിരീക്ഷണപാടവം അത്ഭുതപ്പെടുത്തുന്നതാണ്. കഥകളിലെ മൊത്തത്തിലുള്ള ആ പോസിറ്റിവിറ്റിയുടെ തോന്നലും.
നന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈന്തപ്പഴ അച്ചാര്‍- സ്ഥിരം നമ്പറാക്കിയോ?

സുസ്മേരം said...

മനൂസേ
കീപിറ്ററ്റപ്പ്

അരവിന്ദ് :: aravind said...

ചില ഭാഗങ്ങളിലെ അതിഭാവുകത്വം ഒഴിച്ചാല്‍
ഞാന്‍ ഒത്തിരി ചിരിച്ചു!

അവസാനം സെന്റീം..:-(

എന്നാലും മനൂ..യുവര്‍ എഴുത്ത് ഈസ് റിഫ്രഷിംഗ്‌ലി ഡിഫറന്റ്.

(ഞാന്‍ പണ്ടേ നമിച്ചു)

Sathees Makkoth | Asha Revamma said...

മനു എനിക്കിത് ഇഷ്ടപ്പെട്ടു.
ചിരിയും,കളിയും,കവിതയും,സെന്റിയുമെല്ലാം ചേര്‍ത്ത് നന്നായി അരച്ച് തിളപ്പിച്ചെടുത്തിരിക്കുന്നു.

Sreejith K. said...

ഒന്നാംതരം. ഇഷ്ടമായി എഴുത്ത്. കണ്മുന്നില്‍ കാണുന്നതുപോലെ തോന്നി ഓരോ രംഗവും.

കുറുമാന്‍ said...

മനുവേ, കഴിഞ്ഞ ആ‍ഴ്ച മൊത്തം തിരക്കായതിനാല്‍ വൈകിയാ ഇങ്ങോട്ടിറങ്ങിയത്.

ആദ്യം നര്‍മ്മത്തില്‍ തുടങ്ങിയ കഥ മെല്ലെ ട്രാക്ക് മാറി, ഇന്ന് നാം നേരിട്ട് കാണുന്ന സംഭവങ്ങളിലേക്ക് കടന്നു ചെല്ലുന്നു. എല്ലാരുമുണ്ടായിട്ടും, ആരും ഇല്ല എന്ന പോലെ ജീവിക്കുന്നവരുടെ അവസ്ഥ. അത് ഭീകരമാണ്. നമുക്കും അത്തരം അവസ്ഥ വരും......കഥ ഇഷ്ടായി എന്നു പറയുന്നതിനേക്കാള്‍ എനിക്കിഷ്ടം, കഥയുടെ എഴുതിയ രീതി ഇഷ്ടമായി എന്നു പറയൂന്നതാണ്.

ആശംസകള്‍

സുല്‍ |Sul said...

manujee
superaaNallO
ithu vaayikkan vaiki
nammude ikkasinte veetilayirunne aviTe ancharu mailkuttikal nattiyillel naaNakkEdalle :)

orabbaddham ethu pc kkum patum. ente pc kkum pati. malayalam illa :)

Raji Chandrasekhar said...

"യൂസ്‌ ക്രഷ്‌ ആന്‍ഡ്‌ ത്രോ"-ഐറ്റങ്ങളല്ലല്ലൊ, താങ്കളുടേത്.

നോക്കൂ, മറ്റുള്ളവയുടെ ഗാംഭീര്യം ഇതിനില്ല.

കഥകള്‍ കഥകളായിതന്നെയിരിക്കട്ടെ, അറിയാതെയെങ്കിലും ഓര്‍മ്മക്കുറിപ്പുകളാകാതെ നോക്കണേ.

Ziya said...

Nice and touching story...

പാലാ ശ്രീനിവാസന്‍ said...

"ചോദിക്കാതെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നു." മനുവിന്റെ പോസ്റ്റുകള്‍ മനസ്സില്‍ വല്ലാതെ തട്ടുന്നു.

പിന്നെ നീളം അല്‍പ്പം കൂടി കുറക്കുന്നകാര്യം ഗൗരവമായി ചിന്തിക്കണം

naveen said...

ചിരിച്ചു, ചിന്തിച്ചില്ല, ആനേരം ദു:ഖിച്ചു.
ചിരിച്ചും ദു:ഖിച്ചും കളഞ്ഞ നേരം ഒരു വാഴ നട്ടിരുന്നെങ്കില് ഒരു ഞാലിപ്പൂവന് കുല വല്ലകാലത്തും വിറകുപുരയില് ചിരട്ടകള്‍ക്കിടയില് വെക്കാമായിരുന്നെന്ന് പിന്നീട് ആലോചിച്ചു.

ഇടിവാള്‍ said...

കൊള്ളാമ്ം നന്നായിരിക്കുന്നു മനൂ..

തിരക്കുമൂലം ഇടക്കു മിസ്സായ രണ്ടു പോസ്റ്റുകള്‍ കൂടി വായിച്ചെടുത്തു ;)

എല്ലാം കസറുന്നുണ്ട്

Rasheed Chalil said...

manu... :(

Rasheed Chalil said...

verude vannadaa... ennaalum

Rasheed Chalil said...

Fifty Adichu povaam.... :)

ധനേഷ് said...

മനുജീ,
ആദ്യമായാണ്‌ താങ്കളുടെ ഒരു ഗദ്യകൃതി വായിക്കുന്നത്.
ആദ്യം ചിരിപ്പിച്ചും പിന്നെ ചിന്തിപ്പിച്ചും കണ്ണ് നനച്ചു ട്ടോ ........
സംഭവം ഉഷാര്‍ ... കിടുകിടിലം .....
എല്ലാ ഭാവുകങ്ങളും .....

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

സുന്ദരന്‍ said...

മനു...
എന്താ സ്റ്റൈല്‍.... പ്രമാദം..പ്രമാദം
...
...
ഒരു ചിന്ന ഡൗട്ട് ചോയിക്കട്ടെ...
ആ പള്ളിപ്പാട്ടെ സരസ്വതിച്ചേച്ചിടെവീട്ടില്‍ ആരായിരുന്നു ഒന്നാന്തികയറിയിരുന്നത്...

[ nardnahc hsemus ] said...

എങനെയൊക്കെ ജീവിച്ചാലും ഒരായുസ്സിലപ്പുറം എന്ത്?
ജീവിതത്തിന്റെ സായന്ത്വനത്തില്‍ ഇനി ഇതിനപ്പുറം ചിന്തിയ്ക്കുന്നവര്‍ മാനസികപ്രശ്നങളുള്ളവരെന്നറിയപ്പെടും വൈകാതെ...

മനുച്ചേട്ടാ, വിത്യസ്ത ജീവിതത്തിന്റെ പരിചയമുള്ള മുഖങളെ കാട്ടിത്തന്നതിനു നന്ദി..
ആ അവസാനവാചകം ഓരോ വായനക്കാരന്റേയും മനസ്സില്‍ ഒരു ചാട്ടുളി കയറ്റുന്നു...

“തിലകം ചാര്‍ത്തി പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...“

Unknown said...

ബ്രിജ് വിഹാരം മൊത്തം വായിച്ചു.എല്ലാറ്റിനും ചേര്‍ത്തു കമന്റിടുന്നു...ഒരുപാടു ചിരിപ്പിച്ചു ഒടുവില്‍ കണ്ണുനനയിക്കുന്ന സ്ഥിരം ശൈലി പ്രശംസനീയം തന്നെ.വ്യക്തി ജീവിതത്തില്‍ ഒരുപാടു ദുഃഖങ്ങള്‍ അനുഭവിക്കുകയും,താങ്ങാന്‍ ആളില്ലാത്തതു കൊണ്ടുമാത്രം തളരാതെ പിടിച്ചു നിന്നു ജീവിതവിജയം കൈവരിക്കുകയും ചെയ്തവരിലാണ് ഉയര്‍ന്ന നര്‍മബോധം കാണപ്പെടാറ് എന്നു പലപ്പോളും തോന്നാറുണ്ട്...ആശംസകള്‍..:)

ചെലക്കാണ്ട് പോടാ said...

മനുവേട്ടാ...അവസാന വരി വായിച്ച് ഞാന്‍ തരിച്ചിരുന്നു പോയി.....

ചിരിപ്പിച്ച് ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന മനുവേട്ടന്‍റെ ശൈലി..ഉം... ഹാറ്റ്സ് ഓഫ്....