'കുന്നത്തുകാവില് വിളക്കുകാണാന്‍ വന്നോ-
രുള്‍നാടന്‍ പെണ്കിടാവേ.........എന്റെ...
കരളിലെ മാന്‍കിടാവേ... '
മൂളിപ്പാട്ടും ചുണ്ടില്‍ വച്ചുകൊണ്ട് ഞാന്‍ ഭാസിയമ്മാവന്റെ ഫ്ലാറ്റിലെ കോളിംഗ് ബെല്ലമര്‍ത്തി.
കമ്പിളി, ഷര്‍ട്ട്, അടിവസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ നിറച്ച ബാഗ് മറുതോളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നടതുറക്കാന്‍ കാത്തുനിന്നു.
കൈയില്‍ ചപ്പാത്തി റോളറുമായി മിസ്സിസ് ഭാസിയമ്മ ഭാവവിലോലയായി കതകുതുറന്നു.
"എന്താ ചേച്ചി ആയുധവുമായി.. ഭാസിയങ്കിളാണെന്നു കരുതിയാണോ.. എങ്കില്‍ ആളുതെറ്റി ഇതു ഞാനാ..... "
"ഞാന്‍ റൊട്ടിപരത്തുവാരുന്നെടാ... " സിക്സ്റ്റി ഇയര്‍ ഓള്‍ഡ് ചിരി
"എവിടെ സൂപ്പര്‍സ്റ്റാര്‍.? ഇതുവരെ റെഡിയായില്ലേ.. "
"ഞാനിവിടുണ്ടെടാ................."
'ഭാസി ജൈസേ കോയി നഹിം' എന്ന മട്ടില്‍, കട്ടിലിന്റെ തലയ്ക്കല്‍ നിന്നും അമ്മാവന് കൈയില്‍ ഒരു ബാറ്റുമായി ചാടിവീണു.
"ഇതെന്താ അമ്മാവാ ഒറ്റയ്ക്ക് ടെന്നീസ് കളിക്കുവാണോ.. അതും ഈ മൂവന്തിക്ക്? "
"കതകട..കതകട... മുടിഞ്ഞ കൊതുകിനെക്കൊണ്ടു തോറ്റെടാ.. കണ്ടില്ലേ പടപടാ പൊട്ടുന്നത്.."
കൊതുകുബാറ്റു വീശി കൊലപാതകം ചെയ്ത സാറ്റിസ്ഫാക്ഷനോടെ അമ്മാവന്.
"ഓ... വയസുകാലത്ത് ടൈംപാസും വ്യായാമവും ഒന്നിച്ച്.... സംഗതി കൊള്ളാം.. " ബാഗു താഴെവച്ചുകൊണ്ട് ഞാന്‍.
എന്റെ ഏക അനുജന്റെ ഏക അളിയന്റെ കല്യാണത്തിനു മുംബെയിലേക്ക് പോകാന്‍ സഹയാത്രികനായി ഭാസിയമ്മാവനെ കിട്ടിയത്, ഇദ്ദേഹം എന്റെ ബന്ധത്തില്പെട്ടവന് ആണ് എന്നതുകൊണ്ട് മാത്രമല്ല, ജയ്പൂറ്‍ സെറ്റില്‍ഡ് വരന്, മുംബൈ സെറ്റില്‍ഡ് വധുവിനെ തപ്പിപ്പിടിച്ചുകൊടുക്കാന് ഭാസിയമ്മാവന്റെ ഹൈലെവല്‍ കോണ്ടാക്ട്സ് ഒരു സുപ്രധാന ഫാക്ടര്‍ ആയിരുന്നു എന്നതുകൊണ്ടുകൂടിയാണ്.
"നിന്റെ അനിയന് ഫ്ലൈറ്റിനു പോയി അല്ലേ. നിനക്കും അങ്ങനെ അവാമാരുന്നല്ലോടാ.. ഈ കൊടും തണുപ്പത്ത് ട്രെയിനില്‍ കുത്തിയിരിക്കേണ്ട കാര്യമുണ്ടാരുന്നോ" മൂന്നാമത്തെ സ്വറ്റര്‍ ഇടാന്‍ ശ്വാസം പിടിച്ച് ബോഡി സ്ളിമ്മാക്കാന് ഒരു വിഫലശ്രമം നടത്തിക്കൊണ്ട് അമ്മാവന്.
"ഏയ്.. ഈ സെക്കണ്റ്റ് ക്ളാസ് ട്രെയിന്‍ യാത്രയില്‍ കിട്ടുന്ന വിഷ്വല്‍ ഫീസ്റ്റ്, പ്ളെയിനില്‍ കിട്ടുമോ എന്റെ ഭാസിയമ്മാവാ... "
'ആവുന്നകാലത്ത് പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത് ഷുഗര്‍പില്‍സ് തിന്നാം' എന്ന പഴംചൊല്ല് അന്വര്‍ഥമാക്കിയ അമ്മാവനു ഡിന്നറിന്നു ഉണക്കറൊട്ടിയും ഒരു കുന്നു മരുന്നും പൊതിഞ്ഞുകൊടുത്തുകൊണ്ട് അമ്മായി പറഞ്ഞു
"എടാ നീ ചേട്ടനെ ശ്രദ്ധിച്ചോണേ.. അടപ്രഥമന്‍ കണ്ടാല്‍ പുള്ളിക്കാരനു ഷുഗറുമോര്മ്മയില്ല പ്രഷറുമോറ്മ്മയില്ല.. "
" 'അന്നമ്മയെ കണ്ടാല്‍ അന്നനട ഓര്‍മ്മവരും' എന്നു പറഞ്ഞപോലാ ചേട്ടന്റെ കാര്യം അല്ലേ ചേച്ചി. പായസം കണ്ടാല്‍ പഴയകാലം ഓര്‍മ്മവരും, പിന്നെ ഇന്‍സുലീനും മറക്കും ഇസ്നോഫീലിയായും മറക്കും. ഇത്തവണ പായസത്തിനുപകരം പച്ചമോരു കുടിപ്പിക്കുന്ന കാര്യം ഞാനേറ്റു.. "
തണുത്തുമരവിച്ച ദില്ലി റോഡിലൂടെ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍..
"ഹു ഹു ഹു..... വിറച്ചു ചാവുന്നെടാ... ഞാന്‍ വടിയാവുന്ന ലക്ഷണമാ...ഹോ..ഹൂയ്... "
"ഒരുപ്രായം കഴിഞ്ഞാ ഡല്‍ഹിയില്‍ പാടാ അമ്മാവാ. ഇനി നാട്ടില്‍ പോയി വിശ്രമജീവിതം നയിച്ചാല്‍ പോരേ... പിള്ളാരെയൊക്കെ കെട്ടിച്ചു വിട്ടല്ലോ.." സിഗരട്ടിനു തീ ഷെയര്‍ ചെയ്തുകൊണ്ട് ഞാന്‍.
"ആലോച്ചിതാ.. പക്ഷേ ഭവാനിയ്ക്ക് നാട്ടില്‍ അഡ്ജസ്റ്റ് ചെയ്ത് പോവാന്‍ ബുദ്ധിമുട്ടാ "
"അതും ശരിയാ.. നാട്ടിലായാല്‍ മുറ്റമടിക്കണം, അടുപ്പിലൂതണം... ഇതൊക്കെയൊരു പ്രശ്നമാണല്ലോ.. "
"നീ പറഞ്ഞത് നേരാ.. ദേഹമനങ്ങാതെ ശീലിച്ചുപോയില്ലേ.. "
"പെണ്ണുങ്ങള് വ്യായാമം ചെയ്യാത്തതുകൊണ്ടാണല്ലോ ഇവിടിതിനുംവേണ്ടി ലേഡീസ് സ്പെഷ്യല്‍ ക്ളിനിക്കുകള്‍... അല്ലേ അമ്മാവാ.." ഓട്ടോ ഐ.ടി.ഒ ക്രോസ് ചെയ്തു.
"കറക്ട്..." അമ്മാവന് ചുമച്ചുകൊണ്ട് എഗ്രിമണ്റ്റ് സൈന്‍ ചെയ്തു "ഉദാഹരണത്തിനു ഭവാനി ആകെപ്പാടെ മെയ്യനക്കുന്നത് എന്നെ ചീത്തവിളിക്കുമ്പോ മാത്രമാ.. അപ്പോ അവളുടെ സകലപേശികളും ഒന്നിച്ച് വര്‍ക്ക് ചെയ്യും...പക്ഷേ അതുകൊണ്ടെന്താവാനാ.... "
എവറസ്റ്റിലെ സഞ്ചാരിയുടെ വേഷത്തില്‍ അമ്മാവനും പുറകെ ഞാനും ഓട്ടോയില്‍നിന്നിറങ്ങി.
നയിദില്ലി റെയില്‍വേ സ്റ്റേഷനിലെ എട്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്കോടി.
സ്വരാജ് എക്സ്പ്രസിന്റെ എസ് പതിനൊന്നാം കമ്പാര്‍ട്ട്മെന്റിലേക്ക്....
"യാത്രിയോം കൃപയാ ധ്യാന്‍ ലോ......" അനൌണ്‍സ്മണ്റ്റ് തുടങ്ങി..
തണുപ്പുകൊണ്ട് വടിയായിപ്പോയ കാല്‍മുട്ട് ചൂടാക്കി നിവര്‍ത്താന്‍ ഭാസിയമ്മാവന്‍ കൈകൊണ്ട് അരിയാട്ട് ആക്ഷന്‍ തുടങ്ങിയപ്പോഴാണ്, ഒരു ജാട്ട് വല്യപ്പന് വല്യമ്മസമേതം എന്റെ സീറ്റിലേക്ക് വന്നത്..
"ഉഠോ......................"
കൈയിലെ ടിക്കറ്റില്‍നോക്കി ജാട്ടു എന്നോട് ആജ്ഞാപിച്ചു..
"ഉഠോ?..." എന്റെ സീറ്റില്‍ വന്നിട്ട് എന്നോട് എഴുന്നേല്ക്കാന് പറേന്നോ മൂപ്പീന്നേ..' എന്ന് മനസില്‍ പറഞ്ഞു ഞാന്‍ എന്റെ ടിക്കറ്റെടുത്തു..
"ക്യോം ഉഠൂം.......? ദിസ് ഈസ് മൈ സീറ്റ് ബാബാ... "
"നഹീം............." അപ്പൂപ്പന്റെ അടുത്ത അലര്‍ച്ച.. ഭാര്യവരെ ഞെട്ടിപ്പോയി..
"മേരാ സീറ്റ്... യേ മേരാ സീറ്റ്... " അപ്പൂപ്പന് പ്രായ മറന്നു ഫോമിലായി.
ഞാന്‍ അയാളുടെ ടിക്കറ്റില്‍ നോക്കി.
ഞെട്ടിപ്പോയി
അതിലും എന്റെ സീറ്റ് നമ്പര്‍...
അയ്യപ്പാ... കയറിപ്പൊഴേ കുരിശോ.. എന്റെ ലാലുയാദവാ.. ഇങ്ങനെയാണോ മാഷ് റെയില്‍വേയെ ലാഭത്തിലെത്തിക്കുന്നത്.. ഐ.ഐ.എം പിള്ളാരുടെ മുന്നില്‍പോയി ഈ ബിസിനസ് സീക്രട്ട് ആണോ പറഞ്ഞുകൊടുക്കുന്നത്..
"ഉഠോ........ "
"കുറെ പുളിക്കും.. ഇത് ഞാന്‍ ഒരുമാസം മുമ്പെടുത്ത ടിക്കറ്റാ ബുഡ്ഡേ.. " ഞാന്‍
"അഛാ.. എങ്കില്‍ നീ ഉടനെ എഴുന്നേറ്റോ...ഇത് ഞാന്‍ രണ്ടുമാസം മുമ്പെടുത്തതാ.. " ജാട്ടു ജഗജില്ലിയായി മല്ലിനു തയ്യാറായി
"ഇതെന്താ റേഷന്‍ കടയോ, ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ് എന്നു പറയാന്‍ ദേ.. ഞാനൊരു സമാധാനപ്രിയന്‍ ആണ്. സ്വന്തം ഭാര്യയോടുകൂടും തല്ലു കൂടിയിട്ടില്ല.. ആ പ്രിയം മാറ്റാന്‍ എന്നെ നിര്ബന്ധിക്കല്ലേ... അമ്മാവന് പോയി ടി.ടി.ഇയോട് കമ്പ്ലെയിന്റ് പറ...." ഞാനും അല്പം ചൂട് അഭിനയിച്ചു..
ഭാസിയമ്മാവനും സഹയാത്രികരും ഓടിക്കൂടി..
ട്രെയിന്‍ വിടാനുള്ള സൈറണ്‍ മുഴങ്ങി.
പിടിവലിയോളം കാര്യങ്ങള്‍ എത്തിയപ്പോഴാണ്, ഭാസിയമ്മാവന്‍ ജാട്ടുവിന്റെ ടിക്കറ്റില്‍ സൂക്ഷിച്ചു നോക്കിയത്..അപ്പൂപ്പനോട് ചോദിച്ചു..
"ആപ്കോ കോന്സാ ട്രെയിന്‍ മേം ജാനാ ഹെ? .. ഏതാ നിങ്ങളുടെ വണ്ടി.. "
"ഹിമസാഗര്‍... ക്യോം...... " ജാട്ടു
"അരേ കൊശവാ ഇത് സ്വരാജാ.. വണ്ടിമാറി..... "
ഇത് കേള്‍ക്കാത്ത താമസം, വല്യമ്മ ഭാണ്ഡക്കെട്ടു വലിച്ചെടുത്ത് പി.ടി ഉഷയെപ്പോലെ പ്രാര്ത്ഥിച്ചുകൊണ്ടൊരു കുതിപ്പ്... "ഹേ ഭഗവാന്........... "
"ബഹന്‍ ചൂ*&&&" അപ്പൂപ്പന് പ്രാര്‍ഥന കമ്പ്ളീറ്റ് ചെയ്തുകൊണ്ട് പുറകെ ഓടി.
'ആപ്കി യാത്ര സന്തുഷ്ട്, സുഖമയ് ഏവം മംഗള്‍മയ് ഹോ..' അടുത്ത അനൌണ്‍സ്മണ്റ്റ്..
"അതു പ്രത്യേകിച്ച് പറയണോ പെങ്ങളേ... തുടക്കം തന്നെ സുഖമയമായില്ലേ.." വിന്‍ഡോയുടെ ഷട്ടര്‍ ഞാന്‍ താഴ്ത്തി.
ജാട്ടുവിന്റെ ആക്ഷന്‍ ത്രില്ലര്‍ ഓര്‍ത്ത് ചിരിയടക്കി 'ഇനി അടുത്ത എപ്പിസോഡ് എന്താണാവോ ' എന്ന് കരുതി ബാഗ് ഒതുക്കുമ്പോഴാണ്, ചാളച്ചന്തയില് ചെന്ന ഒരു സുഗന്ധം ഫീല്‍ ചെയ്തത്..
"ജയ് മാതാജീ.............. ഹൂ....... "
അതാ ഒരു മഹര്‍ഷി തൊട്ടടുത്തു വന്ന് ആസനമുറപ്പിക്കുന്നു.
'കൊള്ളാം.. ആ ഭാഗവും ഭംഗിയായി... വരവ് കൈലാസത്തില്നിന്നോ അതോ അഗസ്ത്യകൂടത്തില്‍ നിന്നോ.. '
നെറ്റിയില്‍ പൂശിയിട്ടും തൃപ്തി പോരാഞ്ഞ് കണ്‍പീലിവരെ ഭസ്മം..
മിസൈല്‍ വീണമാതിരി സിന്ദൂരതിലകം..
'ജയ് ശ്രീറാം' എന്ന് ഇഞ്ചോടിഞ്ച് എഴുതിയ കാവിപ്പുതപ്പ്..
താടിക്ക് കൈകൊടുത്ത് മുനിയെ ഞാന്‍ അടിമുടിയൊന്നു നോക്കി.
സ്നാനം ചെയ്തിട്ട് സഹസ്രാബ്ദ്ധങ്ങള്‍ ആയിട്ടുണ്ട് പക്കാ..
'ഗംഗേ തപശ്ശാന്തിയാര്ന്ന സംഗേ..' നീ എന്തെല്ലാം സഹിക്കണം..
ചാടിക്കയറ്റത്തിനിടയില്‍ ഫ്രണ്ടുസൈഡ് ഇളകിപ്പോയ പ്ളാസ്റ്റിക് ചെരിപ്പില്‍ നോക്കി സ്വാമി സഹസ്രനാമതെറി ജപിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു.
"എന്താ സാമീ..മെതിയടിയുടെ ആക്സില്‍ ഒടിഞ്ഞോ.... "
'ആക്കല്ലേ അല്‍പ്പായുസ്സേ..' എന്ന അര്‍ഥത്തില്‍ മുനി എന്നെ ഒന്നു നോക്കി.
"ഇത് അങ്ങെയുടെ സീറ്റാണോ.... "
"നഹീം...... "
'... ഈശ്വരന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഇഹലോഹത്തില് ടിക്കറ്റെന്തിന് അല്ലേ'
"ബേട്ടാ... നീ എവിടേക്കാണു പോകുന്നത്.... " തമ്പാക്കുവില് ചുണ്ണാമ്പിട്ട് തള്ളവിരല്‍ കൊണ്ട് ഹൈ വെലോസിറ്റിയില്‍ അമര്‍ത്തിക്കൊണ്ട് മുനി
"കല്യാണില്‍ ഒരു കല്യാണമുണ്ട് സാമീ.. ഒത്താല്‍ തിരിച്ചുവരണമെന്നുമുണ്ട്... "
"ക്യോം.. തിരിച്ചുവരാന്‍ എന്താ ബുദ്ധിമുട്ട്.. " തമ്പാക്ക് ചുണ്ടിനിടയിലേക്ക് ചൂണ്ടിയിട്ടുകൊണ്ട് സ്വാമി.
"കാലത്തിന്റെ പോക്കങ്ങനെയല്ലേ സാമീ.. എന്താ എപ്പൊഴാന്നൊക്കെ ആര്‍ക്കറിയാം"
"വിഷമിക്കാതെ.. സബ് ഠീക് ഹോജായേഗാ.. വോ ഹേ നാ ഊപര്‍...." സ്വാമി ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ന്നു.
പുറകെ എന്റെ ദൃഷ്ടിയുംനോക്കിയപ്പോള്‍, ബെര്‍ത്തിനു മുകളില്‍ മറ്റൊരു മറ്റൊരു മഹര്‍ഷി. കുരങ്ങിനെപ്പോലെ ചുരുണ്ടിരുന്നു പഴം തിന്നുന്നു.
"അതാരാ സാമീ..... "
"ഛേ.. ആ ചള്ളന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്.. ഊപ്പര്‍വാലാ.. ഭഗവാന്.. സാക്ഷാല്‍ ഭഗവാന്"
"ഐ. സീ..... ഗോഡ്... ഏയ്... ഈ ഭഗവാനും ആളത്ര പോരാ സാമീ... "
"ക്യോം!!!!!? " അംബാസിഡറിനെ ചീത്തവിളിക്കുമ്പോള്‍ എംബസി ജീവനക്കാരന് ജ്വലിയ്ക്കുന്നപോലെ സ്വാമി തീക്ഷ്ണമായി..
"ഒരു ലോകത്തെ നല്ലപോലെ നയിക്കാന്‍ കഴിയാത്ത ഭഗവാന് എന്തു ഭഗവാന് സ്വാമീ. ഒ.കെ ഹീ ഈസ് എ ഗുഡ് ക്രിയേറ്റര്‍.. അതു ഞാനും സമ്മതിച്ചു.. ബട്ട്.. ഹീ ഈസ് എ പുവര്‍ അഡ്മിനിസ്റ്റ്രേട്ടര്‍... അല്ലെങ്കില്‍ ഈ ദുനിയാ ഇങ്ങനെയാവുമോ... ടെല്‍ മീ മുനി"
"സബ് കുച്ച് മായാ ഹെ ബേട്ടാ..." തമ്പാക്ക് ഇടത്തെ അണയിലേക്ക് ഷിഫ്റ്റ് ചെയ്തുകൊണ്ട് സ്വാമി.
"അങ്ങനെ പറയാതെ സാമീ.. കുറച്ച് അവളുടെ അനിയത്തിക്കു കൂടി കൊടുക്ക്"
"അങ്കിള്‍ കുച്ച് പൈസ ദേദോ..... "
തല തിരിച്ചപ്പോള്‍ ഒരു ബാലിക..
ചെമ്പന്‍ മുടിയില്‍ എവിടെയോ മറഞ്ഞിരിക്കുന്ന കുസൃതി..
പോക്കറ്റില്‍ തപ്പി നാണയം അവളുെടെ കൈയിലേക്കിട്ടു.
"മോളേ ഇത് നിന്റെ വിശപ്പിലേക്കിടുന്നതല്ലെന്നറിയാം. നിന്നെ ഇങ്ങോട്ട് പറഞ്ഞിട്ടു വിട്ട ബെഗ്ഗിംഗ് മാഫിയാ രാജാവ് നിനക്കു തന്ന ടാര്‍ജറ്റിലേക്കുള്ള എന്റെ നേര്‍ച്ച.. തികയാത്ത ടാര്‍ജറ്റിന്റെ പേരില്‍ രണ്ടടി ഇന്നു കുറച്ചു കിട്ടട്ടെ നിനക്ക്... പൊക്കോളൂ... "
"അങ്കിള്‍ യേ പൈസാ നഹിം ചലേഗാ.. അമ്പതു പൈസ ആരും എടുക്കില്ല"
"ഓ..നിനക്ക് ആ വിവരവും അറിയാം അല്ലേ.. ലോവര്‍ ഡിനോമിനേഷന്‍സ് ആറ് ഓള്‍വെയ്സ് റിജക്ടഡ്..." രണ്ടുരൂപയുടെ നാണയമിട്ട് അവളെ പറഞ്ഞുവിട്ടു.
"അപ്പോ സാമീ..നമ്മള് എവിടെയാ പറഞ്ഞുനിറ്ത്തിയത്.. ഗോഡ് ഈസ് എ ഗുഡ് ക്രിയേറ്റര്‍ ബട്ട് എ പൂവര്‍ അഡ്മിനിസ്റ്റ്രേട്ടര്‍........ "
'ങേ.... മുനി അതിനിടയ്ക്ക് മുങ്ങിയോ...... 'പോക്കറ്റില്‍ തപ്പി നോക്കി..
ഭാഗ്യം.. പഴ്സ് അവിടെത്തന്നെയുണ്ട്..
കാഞ്ചനപ്പൂക്കള്‍ ചൂടിനില്‍ക്കുന്ന കടുകുപാടങ്ങളിലൂടെ വണ്ടി ചീറിപ്പാഞ്ഞു.
ഭാസിയമ്മാവനു മിണ്ടാന്‍ വയ്യ.. തണുപ്പു കഴുത്തിനു പിടിച്ച് കുനിച്ച് നിര്‍ത്തിയിരിക്കുകയാണ് പാവത്തിനെ..
അപ്പുറത്തെ സീറ്റിലെ ഡിസ്കഷനു കാതോര്‍ത്തു. രണ്ടു മലയാളി പൌരന്മാര്.
"അടുത്തവര്‍ഷം അവന്റെ സുഡാന് പുറത്തിറങ്ങും. അപ്പോള്‍ കാണാം പൂരം. "
'അവന്റേ സുഡാനോ.. ഇതെന്നാ ഭാഷയാ അയ്യപ്പാ.. കോഴിക്കോടാനോ പാലക്കാടനോ'
"ടാറ്റായുടെ നാനോയും നാനിയുമൊക്കെ പമ്പകടക്കും മോനേ.. "
'ഓ.. 'അവന്റെ സുഡാന്' കാറിന്റെ പേരാരുന്നോ.. ഛേ..വല്ലാതെ തെറ്റിദ്ധരിച്ചു..
കാറും ഞാനുമായുള്ള ബന്ധം സാറും സാറാമ്മയുമായുള്ള ബന്ധം പോലെയായതിനാല്‍ ശ്രദ്ധ അടുത്ത സീറ്റിലേക്ക് വിട്ടു.
"ഹര്ഭജന് സിംഗ് 'മാ..കി' എന്നാ വിളിച്ചത് അല്ലാതെ 'മങ്കി' എന്നല്ല എന്നു പറഞ്ഞപ്പോ ആസ്റ്റ്രേലിയാക്കാരു തണുത്തു.. അമ്മയ്ക്കു പറഞ്ഞാല്‍ അവന്മാരു ക്ഷമിക്കും. കൊരങ്ങേ എന്നു വിളിച്ചാല്‍ ക്ഷമിക്കുമോ...."
ഛെടാ.. എവിടെ ചെന്നാലും ക്രിക്കറ്റ്... നോ ഇന്ററസ്റ്റ് ബൈ ബൈ.
ഒരു കാപ്പി.. ഒരു സമോസ..
ഹാവൂ... എന്നാ സുഖം..
തണുപ്പു വിത് സമോസ.. കൊടുകൈ..
ഭാസിയമ്മാവന്‍ മൂത്രശങ്ക തീര്‍ക്കാന്‍ വേച്ചുവേച്ചു പോയി..
മനോരമ പത്രം നിവര്‍ത്തി..
'ആദ്യരാത്രിയില്‍ ജനലിനു പുറത്ത് പടക്കം പൊട്ടിച്ചു. വീട്ടുകാറ് ഭയന്നോടി.. അയല്ക്കാരന് അറസ്റ്റില്‍.. '
'കൊള്ളാം. സാങ്കേതികവിദ്യ ഇത്ര പുരോഗമിച്ചോ.. വന്നു വന്ന് മലയാളിക്ക് മര്യാദയ്ക്ക് മധുവിധു ആഘോഷിക്കാന്‍ പോലും പറ്റാതായല്ലോ കര്‍ത്താവേ..' തുണിവാരിച്ചുറ്റി ഓടുന്ന വധൂവരന്മാരെ വിഷ്വലൈസ് ചെയ്തുകൊണ്ട് ചുണ്ടുകടിച്ച് വെളിയിലേക്ക് നോക്കി..
ഭാസിയമ്മാവന്‍ ഇതെവിടെപ്പോയി കിടക്കുവാ.. മുള്ളിക്കഴിയാന് ഇത്ര ഡിലേയോ.. അതോ ടോയ്ലറ്റ് ചുവരിലെ ഖജുരാഹ ചിത്രങ്ങള്‍ എന്ജോയ് ചെയ്തു നില്ക്കുവാണോ..
"നയി നയി നയി..വോ മേരാ നയിയേ... "
ഈശ്വരാ..അത് ഭാസിയമ്മാവന്റെ ശബ്ദമല്ലേ....'അതെന്റെയല്ല' എന്നു പറയാന്‍ വേണ്ടി ഇവിടെന്തു സംഭവിച്ചു.
ടോയ്ലറ്റിലേക്ക് പാഞ്ഞു..
മുള്ളി പുറത്തിറങ്ങിയ ഭാസിയമ്മാവനെ സ്വീകരിച്ചുകൊണ്ട് അതാ മൂന്നു പോലീസുകാര്‍..
നല്ല സെറ്റപ്പാണല്ലോ അയ്യപ്പാ. ക്യാ ബാത് ഹേ....
ഭാസിയമ്മാവന്റെ പുറകില്‍ ബാലെയിലെ യുദ്ധരംഗത്ത് കാണുന്ന പുക..
"നീ സിഗരട്ട് വലിച്ചു.. ആവോ മേരേ സാഥ്.. " തടിയന് പോലീസുകാരന്
"ഞാന്‍ വലിച്ചില്ല.. നേരത്തെ പോയവന് വലിച്ചതാവും.. ഞാന്‍ സിഗരട്ടേ വലിക്കാറില്ല..." അമ്മാവന് കൈയുയര്‍ത്തി ചെയിന്‍ പ്രതിജ്ഞ ചെയ്യുന്നു...
"ആവോ മേരേ സാഥ്.... "
"ക്യോം..... മേം നഹി പീയാ ഭായി....." ഹോ അമ്മാവന് ഇത്ര സ്റ്റ്രോങ്ങോ..
പോലീസുകാരന്റെ ദൃഷ്ടി അമ്മാവന്റെ വിരലുകളില്‍..
"യേ ക്യാ ഹേ...... "
"യേ.യേ...." അപ്പോഴാണു അമ്മാവനു സ്വന്തം 'കൈയിലിരിപ്പ്' പിടികിട്ടിയത്.
"ഇത് തീപ്പെട്ടി.." ഭാസിയാസ്യം ഭസ്മമായി..
"മാഫ് കരോ....." ആദ്യം തൊഴണോ അതോ കുനിയണോ എന്ന കണ്ഫ്യൂഷന് പുള്ളിക്ക്..
'ചല്ലാന്‍ വേണമെങ്കില്‍ അഞ്ഞൂറു രൂപ , വേണ്ടായെങ്കില്‍ ഇരുന്നൂറ്റിയമ്പത്' എന്ന ഓഫറില്‍, രണ്ടാമത്തെ സ്വീകരിച്ച്, മലയാളത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന രണ്ടുമൂന്നു ഗ്രിപ് വാക്കുകള്‍ പുലമ്പി അമ്മാവന് തിരികെ...
കണക്കനുസരിച്ച്, ജനലരികിലെ സീറ്റ് അമ്മാവന്റെയാണ്. 'തണുപ്പാടാ നീ ഇവിടെ കിടന്നോ' എന്ന ഉദാരനയത്തില്‍, എന്റെ അപ്പര്‍ ബെര്‍ത്ത് സ്വന്തമാക്കി പുള്ളി കോണിയില്‍ വലിഞ്ഞുകയറി...
"രാത്രിയില്‍ പുല വലിക്കാന്‍ തോന്നുന്നേ പറേണേ അമ്മാവാ... " കമ്പിളിയെടുത്തുകൊണ്ട് ഞാന്‍
"ഈ മുടിഞ്ഞ ലോകത്ത് ജീവിക്കുന്നേക്കാള് നല്ലത് പുകഞ്ഞു പോകുന്നതാടാ..." ഒരു സിഗരട്ട് വലിക്കാന്‍ പത്തുപായ്ക്കറ്റ് സിഗരട്ടിന്റെ കാശ് മുടക്കിയതിന്റെ അമര്‍ഷം.
അലറിപ്പായുന്ന വണ്ടിയുടെ ജനലിലൂടെ മരവിപ്പിക്കുന്ന കാറ്റ് നുഴഞ്ഞുകയറി..
തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. നോ രക്ഷ.. ഉറങ്ങാന്‍ പറ്റുന്നില്ല
എഴുന്നേറ്റിരുന്നു.
ടൈം പാസിനു കണ്ടിരിക്കാന്‍ സ്ളീപിംഗ് ബ്യൂട്ടികള്‍ വല്ലതും ഉണ്ടോ എന്നു നോക്കി.
അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്മാര് ഡെഡ്ബോഡി പോസില്‍ ഉറങ്ങുന്ന ദൃശ്യം മാത്രം.
ഭാസിയമ്മാവന്‍ മാക്രിയെപ്പോലെ കൂര്‍ക്കം വലിക്കുന്നു.
അര്‍ദ്ധരാത്രിയായി..
വിറയ്ക്കുന്ന ശരീരത്ത് പല ഷേപ്പില്‍ കമ്പിളിയിട്ടു നോക്കി...
രക്ഷയില്ല...
കണ്ണൊന്നടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ ഒരു തലോടല്‍...
'ഇതാരാപ്പാ.... 'ഒരപ്പൂപ്പന്‍ എന്റെ കാലുതടവുന്നു.
മൂത്രമൊഴിച്ചിട്ടു മടങ്ങിവന്നതാണ്. ഉറക്കച്ചടവില്‍ അപ്നാ സീറ്റ് എവിടാണെന്ന് ഒരു പിടിയുമില്ലാതായി.
"വാട്ടാര്‍ യൂ തപ്പിംഗ് മിലോഡ് "
"ഹോ...മാഫ് കരോ......" അപ്പൂപ്പന് അടുത്ത സീറ്റിലുറങ്ങുന്നവനെ തപ്പിയുണര്‍ത്താന്‍ പോയി.
ഒന്നു മൂത്രമൊഴിച്ചേക്കം എന്ന അജന്‍ഡയില്‍ ഞാന്‍ എഴുന്നേറ്റു.
ചെരിപ്പ് തപ്പിത്തുടങ്ങി..
ഒരെണ്ണം കിട്ടി..
മറ്റവന് മിസ്സിംഗ്..
കൈയെത്തുന്നിടെത്തെല്ലാം തപ്പി... അതുപോയി.. ആരോ അടിച്ചുമാറ്റിയതാവം..
ജപ്പാനില്‍ ചെരിപ്പ് ഫാക്ടറിതൊഴിലാളികള്‍ സമര സമയത്ത് ഒരുകാലിലെ ചെരിപ്പ് മാത്രം ഉണ്ടാക്കി പ്രൊഡക്ടിവിറ്റി കളയാതെ വില്‍പ്പന സ്തംഭിപ്പിക്കുന്ന ടെക്നോളജി, മറ്റുള്ളവനു പണികൊടുക്കുന്ന കാര്യത്തില്‍ ഇവിടെയും എത്തിയോ...
എസ്കിമോയെപ്പോലെ അതാ ഭാസിയമ്മാവന്‍ കോണിയിറങ്ങുന്നു..
ടോയ്ലറ്റിലേക്കാണ് പക്കാ..
സ്വന്തം ഷൂസ് ആദ്യം തന്നെ പൊതിഞ്ഞു ബാഗിലാക്കിയ കക്ഷി എന്റെ ചെരിപ്പ് തപ്പുകയാണ്. മിസിംഗ് ചെരിപ്പിനുവേണ്ടി കുനിഞ്ഞു പരതുമ്പോള്‍
ഞാന്‍ കണ്ണടച്ചു. 'എന്റെ ബെര്‍ത്തില്‍ കിടന്നു സുഖമായി ഉറങ്ങിയതല്ലേ ഇനി കുറച്ച് തപ്പ്'
എലിയെപ്പോലെ പരതി ഫെയില്‍ ആയപ്പോള്‍, ഇനി ലൈറ്റിട്ടു തപ്പാം എന്ന പോളിസിയില്‍ സ്വിച്ചിട്ടു...
കത്തിയത് ലൈറ്റല്ല..
കറങ്ങിയത് ഫാന്‍..
ഓള്‍റെഡി ഐസായി ഉറക്കം നടിച്ചു കിടന്നിരുന്ന രണ്ട് അമ്മാവന്മാര് സടകുടഞ്ഞെഴുന്നേറ്റു.
"കോന്സാ എമ്പോക്കിയാടാ ഫാനിട്ടത്...... ബഹന്‍&*&& ബന്ദ് കരോ സാലേ"
"മാഫ് കരോ....." ഹൈജമ്പ് ചാടി അമ്മാവന് സ്വിച്ച് ഓഫ് ചെയ്തു.
ബോറിവലിയിലെ മനോഹരമായ സന്ധ്യയിലേക്ക് വണ്ടിയിറങ്ങി...
നാടന്‍ പച്ചപ്പിന്റെ ഓര്‍മ്മ മനസില്‍ തണുപ്പു വിരിച്ചു..
"മുംബെ....... നീ ആളു കൊള്ളാം...." കൈകള്‍ സ്റ്റ്രെച്ചു ചെയ്തു നടുവേദന മാറ്റി.
കാറില്‍ കല്യാണിലേക്ക്...
ദാദകളും, ക്ളബ്ബുകളും, ബാറുകളും മനസില്‍ ഭീകരത വരച്ചിട്ട സ്ഥലം എന്തോ എന്നെ ആകര്‍ഷിച്ചു..
ദില്ലിയെപ്പോലെ നരച്ചതല്ല ഇവിടം..
വേണമെങ്കില്‍ മണ്ണിന്റെ മണം അറിയാം..കുറച്ചൊക്കെ...
ബാല്‍ താക്കറെയുടെ കൂറ്റന്‍ കട്ടൌട്ടുകള്‍..
'സിംഹം ശരണം ഗഛാമി
സംഘം ശരണം ഗഛാമി.. '
കല്യാണിലെ ഒരു രാജകീയ അപ്പാര്‍ട്ട്മെന്റില്‍ കാലുകുത്തി.
ലിഫ്റ്റ് വഴി മൂന്നാം നിലയില്‍..
"എന്റെ അച്ഛാ.... ഈ പ്രായത്തിലും നന്നാവന് ഒരു പ്ളാനുമില്ലേ...."
അനുജനോടു ചേര്‍ന്നിരുന്നു വിസ്കി നുണയുന്ന അച്ഛനെ വാരിപ്പുണര്‍ന്നു..
"ഏതാ ബ്രാന്‍ഡ്... റോയല്‍ ചലഞ്ച്.. കൊള്ളാം.. ഫിറ്റായോടെ...." കപ്പലണ്ടി കൊറിക്കുന്ന അനിയനോട്..
വീട്ടുവിശേഷം... നാട്ടുവിശേഷം
ഗ്ളാസുകള്‍ പലതവണ നിറഞ്ഞു...
വരനെ കണ്ട് അനുശോചനം അറിയിച്ച്, ബഹളത്തിനിടയിലൂടെ പുറത്തുവന്നു..
കുന്നിനു മുകളിലെ ആകാശം... നക്ഷത്രശോഭ....
അച്ഛനോടു ചേര്‍ന്നു നിന്നു.
'ആ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ കാണും അല്ലേ അച്ഛാ.. അവിടെയും നമ്മളേപ്പോലെയുള്ളവര്‍ കാണുമല്ലേ.' ഓര്‍മ്മകള്‍ ഉറയ്ക്കുന്ന നാളുകളില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍..
ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക് തലചായ്ച്ച ബാല്യം..
അച്ഛന്റെ വിയര്‍പ്പാണെനിക്കേറേയിഷ്ടം..
"നിനക്കു സന്തോഷം ഉണ്ടോ...." ഓര്‍മ്മകളില്‍നിന്ന് മടങ്ങിവന്ന് അച്ഛന് ചോദിച്ചു.
അച്ഛന് എന്നും ഇങ്ങനെയാണ്. ബാങ്ക് ബാലന്‍സിനെ പറ്റിയോ സ്വപ്നങ്ങളെപറ്റിയോ ചോദിക്കാറില്ല..
ഒറ്റച്ചോദ്യം മാത്രം.. 'ആര് യൂ ഹാപ്പി.... '
ഉറങ്ങിയെഴുന്നേറ്റു..
അംബര്‍നാഥ് കുന്നിനുമുകളിലെ അയ്യപ്പക്ഷേത്രത്തിലേക്ക്...
"അയ്യപ്പാ അങ്ങിവിടെയും....." ചന്ദനം തൊടുമ്പോള്‍ മനസുകൊണ്ട് ചോദിച്ചു.
"ജീവിച്ചുപോക്കോട്ടെ കൊച്ചനേ..." പുഞ്ചിരിയില്‍ ഒരു മറുപടിയൊളിച്ചപോലെ..
കുന്നിറങ്ങിവന്ന കാറ്റിനു ഇളംകുളിര്..
നാദസ്വരം.. കല്യാണികള്‍...കളവാണികള്‍..
'സംഹാരത്തിനും സ്ഥിതിയ്ക്കുമിടയിലെ പാലം..ശാസ്താരം പ്രണവാമ്യതേ..'
കല്‍വിരിപ്പുകളിലൂടെ ഉലാത്തുമ്പോള്‍ ഒരു വെള്ളിപാദസരം നിലത്തുകിടന്നു പുഞ്ചിരിക്കുന്നു.
കുനിഞ്ഞത് കൈയിലെടുത്തു..
മൂന്നു മണികള്‍...പ്രണയത്തിന്റെ ആലിലയലുക്ക്..
'ഏത് സുന്ദരിയുടെ പാദത്തിലാണിത് പ്രണയമന്ത്രമുതിര്ത്തത്.. '
ഏഴാംകടല്‍ കടന്ന് വാത്മീകിയുടെ ഫോണ്‍...
"മഹര്‍ഷേ വന്ദനം.. വിളിച്ച സമയം പവിത്രം.. നാദസരം, നാദവിലോലകള്, പോരാത്തതിനു കൈയില്‍ ഒരു നൂപുരവും...അമേരിക്കയില്‍ എന്തുണ്ട് വിശേഷം.. അച്ചിങ്ങ കിലോയ്ക്ക് എന്നാ വില.... "
"ഹഹ...പാദസരമോ.. ഇതുപോലുള്ള സാധനങ്ങള്‍ മാഷിന്റെ കൈയില്‍ മാത്രം എങ്ങനെ വന്നുപെടുന്നു മാഷേ.... "
"അതുതന്നാ മാഷേ എനിക്കും അറിയാനുള്ളത്..അയ്യപ്പനോടൊന്നു ചോദിക്കട്ടെ. "
കൊലുസ് കൌണ്ടറില്‍ കൊടുത്തു.
'സ്വാമീ..ആ കുട്ടിവരുവാന്നേ പറഞ്ഞേര്. മരിക്കും മുമ്പ് ഒരിക്കല്‍ ഞാന്‍ അവളെ കാണാന്‍ എത്തുെമെന്ന്... ഒരു രണ്ട് സെക്കന്റില്‍ എന്നെ റൊമാന്റിക്കാക്കിയതിനു നന്ദിപറയാന്‍"
സുമേഷ് ചന്ദ്രന്റെ നമ്പര്‍ കുത്തി.
"തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും....അത്തറൊന്നുവേണ്ടേ.. "
അടിപൊളി കോളര്‍ട്യൂണ്‍ .
ശബ്ദം അല്‍പ്പം കനപ്പിച്ചു..
"എടാ...സുമേഷേ... എന്തോന്നു പാട്ടാടാ നിന്റെ ഫോണില്‍.. കുടുമ്പത്തില്‍ പിറന്ന ഏതെങ്കിലും പെങ്കൊച്ച് ഇങ്ങനെ പറയുമോടാ.. അതുപോട്ടെ, പെമ്പിള്ളാരുമായി ചാറ്റനാണോടാ നിന്നെ ഞാന്‍ മുംബെയിലേക്ക് പറഞ്ഞുവിട്ടത്.. "
"അബ്.അബ്.. ആരാ.... "
"ശങ്കുവമ്മാവനെ നീ മറന്നു...അല്ലേ.. എന്റെ ദേഹത്ത് എത്രവട്ടം മൂത്രമൊഴിച്ചിട്ടുണ്ടെടാ നീ കുഞ്ഞുന്നാളില്‍....എരപ്പാളീ.. "
"ശങ്കുവമ്മാവനോ...... "
"അമ്മാവാ എനിക്ക് മൂവാണ്ടന്‍ മാങ്ങ വേണമെന്ന് പറഞ്ഞു എന്ന് മാവേല് കേറ്റി ആ തക്കത്തിനു എന്റെ സൈക്കിളിന്റെ രണ്ടു വാല്‍വ് ട്യൂബും ഊരിയോടിയതും മറന്നോടാ എന്തിരവനെ.. "
സുമേഷിന്റെ കണ്ഫ്യൂഷന് കണ്ട്റോള് വിടാന്‍ തുടങ്ങി.
"മാഷേ ഞാനാ...കിംഗ് ഫ്രം ദി കാപിറ്റല്‍.... ദില്ലിവാലാ രാജകുമാരന്"
"എന്റമ്മച്ചീ....എപ്പ വന്നു ചാടി..... "
സുമേഷ് സല്ലാപം കഴിഞ്ഞ്, മുംബൈ ഐ.ഐ.ടിയില്‍ റിസേര്ച്ചുചെയ്യുന്ന ഗായത്രിയുടെ നമ്പറിലേക്ക് സ്ക്രോള്‍ ഡൌണ്‍..
"ഹലോ.... "
"ഓം. ഭുര്‍ ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധീയോ യോ ന: പ്രചോദയാത്
സുഖം തന്നെ അല്ലിയോ കൊച്ചേ നിനക്ക്... "
"ആരാ മനസിലായില്ല... "
"ഗായത്രീ മന്ത്രം ജപിച്ചിട്ടും എന്നെ മനസിലായില്ലെ ഗായത്രി..ഛേ.... "
"അയ്യോ മാഷ്...... ഇതെവിടാ ഇപ്പോ..ഇത് ലോക്കല്‍ നമ്പര്‍ ആണല്ലോ... "
"ഇപ്പോ ഞാന്‍ ബൂത്തിലാ... കല്യാണ്‍ കേ ബൂത്ത് മേം... "
ഭാസിയമ്മാവന്റെ പായസം കുടിക്കാനുള്ള അതിയായ ആഗ്രഹത്തെ മൂന്നു ഗ്ളാസ് മോരുകൊണ്ട് തൃപ്തിപ്പെടുത്തി, ആ പായസവും കൂടി കുടിച്ച്, ഹൈ ഇന്റന്സിറ്റിയില് ഏമ്പക്കവും വിട്ട് ഞാന്‍ എഴുന്നേറ്റു.
'ഈ കുട്ടി ഇപ്പോ കരയും' എന്ന അമിത്ര പ്രതീക്ഷയോടെ, യാത്രയാവുന്ന വധൂവരന്മാരെ നോക്കി നില്ക്കുന്ന സകല മല്ലൂസിനേയും നിരാശരാക്കി വധു പൊട്ടിച്ചിരിച്ചു യാത്രചോദിച്ചു.
"ദേശാടനക്കിളി കരയാറില്ലപ്പൂപ്പാ.." മുറുക്കാന്‍ ചവച്ചുകൊണ്ട് ഞാന്‍ ആത്മഗതം ചെയ്തു.
"ഇനി എന്നാടാ ഇതുപോലൊന്നു കൂടുന്നത്.. നീ എന്നാ നാട്ടിലേക്ക്"
ഓട്ടോയില്‍ കയറിയ അച്ഛനോട് മറുപടിപറയാന്‍ വാക്കുകള്‍ വിസമ്മതിച്ചു.
രണ്ടു മൌനങ്ങള്‍ക്കിടയില്‍ മുപ്പത്തഞ്ചുവര്‍ഷങ്ങളുടെ കേളികൊട്ട്..
അച്ചന്‍കോവിലിലെ പരല്‍മീനുകളെ അച്ഛന്റെ കണ്ണുകളില്‍ ഒരിക്കല്‍കൂടി കണ്ട് കൈവീശി യാത്രയാക്കി..
'എന്നാ പിന്നെ വൈകിട്ട് ബോറിവലിയില്‍ ബോറടിക്കാതെ കാണാം അമ്മാവാ, എനിക്ക് ചില്ലറ പണി ബാക്കിയുണ്ട്' എന്ന് സിഗ്നല്‍ കൊടുത്ത് ഞാന്‍ കല്യാണ്‍ സ്റ്റേഷനിലേക്ക് മുങ്ങി.
സാന്ഡ്വിച്ച് പരുവത്തില്‍ ഞെങ്ങി ഞെരുങ്ങി ഒരു ലോക്കല്‍ ട്രെയിന്‍ യാത്ര..
'മോനേ സുമേഷേ. നിന്റെ സ്ളിം ബ്യൂട്ടിയുടെ രഹസ്യം ഈ യാത്രയാണ് അല്ലേ' ആത്മഗതത്തോടെ കാലുറപ്പിക്കാതെ നിന്നു.
ബോറിവലില് ഇറങ്ങി.
'മുംബെയിലെ ഓട്ടോ എന്തേ കമ്പ്ളീറ്റ് കറുപ്പ്..ഡല്‍ഹിയില്‍ തലയ്ക്ക് മുകളിലോട്ട് മഞ്ഞയാണല്ലോ.. അതിന്റെ പിന്നിലെ മനശ്ശാസ്ത്രം എന്താണാവോ' എന്ന് വെറുതെ ചിന്തിച്ച് നിന്നപ്പോഴാണു, നാലുമണിപ്പൂവുപോലൊരു പുഞ്ചിരി മുന്നില്‍ വന്നത്..
നെറ്റിയൊന്നു ചുളിച്ചു..
"എന്താ മാഷേ അന്താളിക്കുന്നത്..ഇത് ഞാന്‍ തന്നാ ഗായത്രി.. "
"എന്റെ കാച്ചാനത്തപ്പാ..ഇത്ര സൌന്ദര്യം ഞാന്‍ എക്സ്പെക്ട് ചെയ്തില്ല കേട്ടോ സത്യം.. ആര് യൂ യൂസിംഗ് സന്തൂറ് സാബുന് ഡോക്ടര്‍ ഗായ.... "
"ഊതല്ലേ മാഷേ..ഡോക്ടറാവാന്‍ ഇനിയുമെടുക്കും രണ്ടുമൂന്നു വര്‍ഷം.. എങ്ങനെയുണ്ടാരുന്നു യാത്ര... "
"ഈ ഹൈഹീല്‍ഡ് ചെരിപ്പു കൊള്ളാമല്ലോ മാഷേ.. ഭാവി അമ്മായിയപ്പനു ഊന്നുവടിയായിട്ടും ഉപയോഗിക്കാമല്ലോ.. "
പൊട്ടിച്ചിരി പങ്കിട്ടുകൊണ്ടൊരു സഹയാത്ര..
"എപ്പൊഴാ മാഷിന്റെ ട്രെയിന്‍"
"ആറുമണിക്ക്.. ഭാസിയമ്മാവന്‍ ഇന്‍സുലില്‍ എടുത്ത് വരാന്‍ ഇനിയും സമയമുണ്ട്..ബൈ ദ വേ.. റിസേര്‍ച്ച് എങ്ങനെ പോകുന്നു. കെമിസ്റ്റ്രിയില്‍ തന്നെയല്ലേ ഗവേഷണം.. അതോ ബോളിവുഡ് ഫിലിമിലേക്ക് സബ്ജക്റ്റ് മാറ്റിയൊ.. "
"ഹഹ ഇപ്പോ രണ്ടിലും ഒന്നിച്ച് എടുത്താലോന്നാ ആലോചനാ... "
"ഇവിടെ നല്ല വടാപാവ് എവിടെ കിട്ടും മാഷേ... ഇവിടെ വരെ വന്നിട്ട് അതു കഴിക്കാതെ പോയാല്‍ അയ്യപ്പെനെന്തു വിചാരിക്കും"
"ലെറ്റ്സ് ഗോ... " ഓട്ടോയില്‍ ചാടിക്കയറി..
"എങ്ങനെയുണ്ട് ഞങ്ങടെ മുംബൈ..... "
"തകര്‍പ്പന്‍ മാഷേ.. ഗജഗാമിനിമാര് ദില്ലിയുടെയത്രയും വരില്ല എന്നൊരു ഡ്രോബായ്ക്ക് മാത്രം.. "
"മാഷിനെപ്പോലെയുള്ള കുറുക്കന്മാര്ക്ക് പറ്റില്ലെന്നര്‍ത്ഥം"
"സ്വാമിശരണം... "
ഓട്ടോയില്‍ എഫ്. എം ചാലുവായി
‘നാ കജ്രേ കീ ധാര്‍
നാ മോതിയോം കേ ഹാര്
നാ കോയി കിയാ സിംഗാര്‍ ഫിര്‍ ഭി
കിത്നീ സുന്ദര്‍ ഹോ... തും
കിത്നീ സുന്ദര്‍ ഹോ.. ‘
"ഹായ്..തകര്‍പ്പന്‍ പാട്ട്.. ഇത് കേട്ടിട്ട് കുറെ വര്‍ഷങ്ങള്‍ ആയി
കണ്കളിലഞ്ജനമില്ല... പൊന്‍
കങ്കണമിത്തിരിയില്ല
മുത്തണിമാലയുമില്ല പിന്നെയു-
മെത്ര മനോഹരി നീ..
എത്ര മനോഹരി നീ.....
എങ്ങനെയുണ്ടെന്റെ സ്വതന്ത്ര വിവര്‍ത്തനം.. കൊള്ളാമെങ്കില്‍ കാശുതന്നാ മതി.. "
"ഗലക്കി.. ചില്ലറയില്ല..അല്ലെങ്കില്‍ അമ്പതു പൈസ ഞാനിപ്പോ തന്നേനേ... "
"ഹേ...ക്രൂരേ.... "
റെസ്റ്റോറന്റിലെ ഒഴിഞ്ഞ കസേരകളിലേക്കിരുന്നു.
വടാപാവിനും ചായയ്ക്കും ഓര്‍ഡര്‍ കൊടുത്ത്, ടിഷ്യൂപേപ്പര്‍ ഹോള്‍ഡറിലെ വരികളില്‍ കണ്ണുനട്ടിരുന്നു..
'ഹാപ്പിനെസ് ഈസ് നെവര്‍ സോണ്‍.. ഒണ്‍ലി റീപ്പ്ഡ്'
"ഈ ലോകത്ത് വിതയ്ക്കാതെ കൊയ്യാന്‍ പറ്റിയ ഒരേ ഒരു സാധനം സന്തോഷം മാത്രമാ അല്ലേ.. ഇതെഴുതിയവനു എന്റെ വകയൊരു വടാപാവ്. "
കൊച്ചുവര്ത്തമാങ്ങളുമായി കുറെ നിമിഷങ്ങള്‍
തസ്ളീമ നസ്രീനെപോലൊരു മാഡം തൊട്ടപ്പുറത്തെ സീറ്റില്‍ വന്നിരുന്നു.
"ആപ്പിള്‍ കവിളി അടിമുടി ലവ്ലി.... ഈയമ്മയാണോ ലജ്ജ എഴുതിയത്.. "
"സംശയം ഉണ്ടോ.. എങ്കില്‍ നമുക്കു ചോദിക്കാം " ഗായത്രി മുടി മാടിയൊതുക്കി
"തസ്ളീമയ്ക്ക് നമ്മുടെ സല്മാന് റുഷ്ദി പ്രണയലേഖനം കൊടുക്കുന്നതായി ഈയിടെ ഒരു കണ്‍സര്‍വേറ്റീവ് കവി എഴുതിയിട്ടുണ്ട്.
തസ്ളീമാ നിനക്കു ഞാന്‍ താലികെട്ടട്ടെ പത്മ-
ലക്ഷ്മിയെ മടുത്തതിനാലല്ല , കരള്‍ കൂട്ടില്‍
നീയെന്ന 'ലജ്ജാ'വതി നമ്രനേത്രയായി............. ശ്ശോ ബാക്കി മറന്നു.. "
"മാഷിന്റെ ഭാര്യയുടെ പേരും ലക്ഷ്മിയെന്നല്ലേ.. ദാ അങ്ങോട്ടു ചെന്നു ഇതു പാട്.. " വടാപാവ് കടിച്ചുകൊണ്ട് ഗായത്രി
"ഹഹ അതു ഞെരിച്ചു... "
'കള കള കള കള ' ഗായത്രിയുടെ സെല്‍ഫോണ്‍ ചിലച്ചു
"ഇതെന്താ മാഷേ. വയറിളക്കം പോലൊരു റിംഗ് ടോണ്‍.. വേറേയൊന്നും കിട്ടിയില്ലേ.... "
"ഹലോ.. ഐ വില്‍ കോള്‍ യൂ ലേറ്റര്‍.. "
"ഉം ..എന്താ പറഞ്ഞേ. മാഷേ ഇത് അരുവിയുടെ ശബ്ദമാ.. മനസിലാക്കാനേ കലാഹൃദയം വേണം.. "
"ഓ.. അരുവിയുടെ കളകളാരവം ആരുന്നോ.. ഛേ. പിന്നേം തെറ്റിദ്ധരിച്ചു.. "
"എനിതിംഗ് മോര് സര്.." വെയിറ്റര്‍..
"മാഷിനു വേറെ വല്ലതും..ഒരു പാവുകൂടി.. ? "പഴ്സ് തുറന്നുകൊണ്ട് ഗായത്രി
"നോ...നോ..ഐ വില്‍ പേ ദി ബില്‍ എന്ന് പറയുന്നതിനു മുമ്പ് ഞാനെന്റെ പോക്കറ്റൊന്നു തപ്പട്ടെ.. മുംബൈ അല്ലേ.. കെട്ടിയവളെ വരെ അടിച്ചുമാറ്റുന്ന നാടല്ലേ... "
"മാഷെന്റെ ഗസ്റ്റല്ലേ..ഐ.വില്‍ പേ... "
"ഈ സന്മനസില് സമാധാനം നിത്യവും വിളയാടട്ടെ... "
ഭാസിയമ്മാവനെ സീറ്റില്‍ പ്രതിഷ്ഠിച്ച് വെളിയില്‍ വന്നു
'യാത്രികോം കൃപയാ ധ്യാന്‍ ലോ..... '
"അപ്പോ ഡോക്ടര്‍ജി.. വിട. വടാപാവു സന്ധ്യ സ്പോണ്സര് ചെയ്തതിനു ഒരുപാട് നന്ദി.. "
ഗായത്രിയുടെ കണ്ണില്‍ മറ്റൊരു സൂര്യാസ്തമയം
"ഇനി എന്നാ മാഷേ കാണുന്നെ.... "
"ആഫ്ടര്‍ ഫിഫ്റ്റി ഇയേര്‍സ്.. മാഷിന്റെ വീട്ടില്‍ ഞാന്‍ വടിയും കുത്തിവരും. ഡോക്ടര്‍ ഗായത്രി അപ്പോള്‍, കിണറ്റുകരയില്‍ വെള്ളം കോരി നില്ക്കുന്നുണ്ടാവും. ചുറ്റിനും നിറയെ പേരക്കിടാങ്ങള്‍. അവര്‍ മാഷിനെ കളിയാക്കി പാടുന്നുണ്ടാവും.. അപ്പോള്‍ ഞാനും അവരുടെ കൂടെ കൂടി പാടാം
വെള്ളിത്തോടത്തുമ്പു കുലുക്കി
വെള്ളം കോരുന്നമ്മച്ചീ..
വെള്ളേപ്പത്തിലൊഴിച്ചു കഴിക്കാന്‍
ഉള്ളിക്കറിയോ മപ്പാസോ... "
നാലുമണിപ്പൂവില്‍ ഒരു ചിരികൂടി മറഞ്ഞു..
കുറുകുന്ന സന്ധ്യയിലൂടെ വണ്ടി മെല്ലെ നീങ്ങി
വിന്‍ഡോയ്ക്കപ്പുറം ഗായത്രിയുടെ മുഖം മറഞ്ഞു..
കാഞ്ചനപ്പൂക്കള്‍ ചൂടിയ കടുകുപാടങ്ങള്‍ ഭൂമിദേവിയുടെ നൂപുരം പോലെ തോന്നിച്ചു..
'കണ്ണ്, കരള്‍, ഹൃദയം, തലച്ചോറ്.. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ആദ്യം നിര്‍മ്മിച്ചിരിക്കുക ഇതിലേതാവാം... ?'
സംശയം ക്ളിയര്‍ ചെയ്യാന്‍ ബോഗിയില്‍ ഒരു പള്ളീലച്ചന് ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ 'ടൈംസ് ഓഫ് ഇന്ത്യ'യിലേക്ക് മുഖം പൂഴ്ത്തി.....
72 comments:
'അന്നമ്മയെ കണ്ടാല്‍ അന്നനട ഓര്‍മ്മവരും' എന്നു പറഞ്ഞപോലാ ചേട്ടന്റെ കാര്യം അല്ലേ ചേച്ചി. പായസം കണ്ടാല്‍ പഴയകാലം ഓര്‍മ്മവരും, പിന്നെ ഇന്‍സുലീനും മറക്കും ഇസ്നോഫീലിയായും മറക്കും. ഇത്തവണ പായസത്തിനുപകരം പച്ചമോരു കുടിപ്പിക്കുന്ന കാര്യം ഞാനേറ്റു.. "
ബ്രിജ്വിഹാരത്തില്‍ മുംബൈ വിശേഷം
മാഷേ... ഒരു യാത്ര മൊത്തം രസകരമായി വിവരിച്ചിട്ടുണ്ടല്ലോ...............
അടിപൊളി.....തേങ്ങയടിക്കട്ടെ....ഠേയ്...
ഇതു ദില്ലില്ക്കിട്ടുന്ന ഒണക്കത്തേങ്ങയല്ല...ഞാന്‍ നമ്മടെ നാട്ടീന്നു കൊണ്ടുവന്നതാ...........
:) :)
മാഷേ യാത്രാവിവരണം നന്നായിട്ടുണ്ട്.
നന്നായി രസിച്ചു.... അടിപൊളി വിവരണം... നല്ല നര്‍മ്മം.... :)
എന്റെ മനൂ, അപാരം, ഇത്രയും തമാശസ്റ്റോക്ക് എവിടിരിക്കുന്നു!!!!!!
മനു മാഷെ കൊള്ളാം. നല്ല വിവരണം .
മുംബൈ യാത്ര വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു...
അച്ഛനോടു ചേര്‍ന്നു നിന്നു.
'ആ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ കാണും അല്ലേ അച്ഛാ.. അവിടെയും നമ്മളേപ്പോലെയുള്ളവര്‍ കാണുമല്ലേ.' ഓര്‍മ്മകള്‍ ഉറയ്ക്കുന്ന നാളുകളില്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍..
ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക് തലചായ്ച്ച ബാല്യം..
അച്ഛന്റെ വിയര്‍പ്പാണെനിക്കേറേയിഷ്ടം..
അതേ. I too love to smell that fragarnce of My Achaachen
കൂടുതല്‍ എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല അനിയാ.
പോസ്റ്റിന്, ദില്ലിയില്‍ നിന്നും മുംബൈയിലേയ്ക്കുള്ള ദൂരത്തേക്കാള്‍ നീളമുണ്ടെങ്കിലും...
വിവരണങ്ങളില്‍ രസിച്ച്, ആസ്വദിച്ച്, കൂടെയുണ്ടായിരുന്നു തിരിച്ചുപോരും വരെ.
(അമ്മാവനെ മോരു കുടിപ്പിച്ച്, അ പായസം കൂടി അകത്താക്കീ..ല്ലെ? ശാപം കിട്ടും..)
ബ്രിജ് വിഹാരാനുഭവങ്ങള് ഒന്നിനിനൊന്നു സൂപ്പര്‍ .
ഇതും സുപേര് ബ് ..
ബൂലോഗത്തെ ഹാസ്യസമ്രാട്ടു തന്നെ മനു
"എന്താ സാമീ..മെതിയടിയുടെ ആക്സില്‍ ഒടിഞ്ഞോ.... "
തുടക്കത്തില്‍ ചിരിച്ചെന്റെ ആക്സിലൊടിഞ്ഞു സാമീ..;)
ഓ:ടോ: അവസാനം എന്തൊ ഇലാസ്റ്റിക് പോലെ തോന്നി.. മനുജി എന്റെ വിവരമില്ലായ്മയായിരിക്കാം..പൊറുക്കണം..!
ha ha ha haaaaa
കവിതകളും തമാശയും ജീവിതവും നിറഞ്ഞ ഈ പോസ്റ്റുകളെല്ലാം അടുത്തയിടയാണ് വായിച്ചു തീര്‍ത്തത്.
ഈ എഴുത്തിന് അഭിവാദ്യങ്ങള്‍.
മാഷെ...ഇതും നന്നായി.ഇന്‍സ്റ്റന്റ് കവിതകളുടെ രാജകുമാരന്...::))
ഒരുപാട് സന്തോഷിപ്പിച്ചു....നന്ദി....
പ്രിയ മനു,
എങ്ങിനെ ഈ പോസ്റ്റിനെ നല്ലതെന്ന് വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല.
ഇതൊരു 5 ഇന്‍ 1 പോസ്റ്റാണ്. 5 സൂപ്പര്‍ ഹിറ്റ് പോസ്റ്റുകള്‍ ഒരു ഹെഡിങ്ങില്‍! (സൈക്കിള്‍ അഗര്‍ബത്തി മോഡല്‍)
ഓരോ പുതിയ കഥകള്‍ വായിക്കുമ്പോഴും ഇതാണ് ഏറ്റവും ടോപ്പ് എന്ന് കണ്ടിന്യുസായി തോന്നിപ്പിച്ചവര്‍ അധികമില്ല. മനു അവിടെ മാറി നില്‍ക്കുകയാണ്. എന്താ മോനേ കലക്കുകള്‍???
ക്വോട്ടാനുള്ള ഐറ്റംസ്, സേമിയ പായസത്തില്‍ മുന്തിരി പോലെയല്ല കിടക്കുന്നത്.. സേമിയ പോലെയാ... അത്രക്കുമുണ്ട്!
നമിച്ചോടത്ത് നമിച്ചു.
മുംബൈ വിവരണം കലക്കിട്ടുണ്ട്.
ആ ഊശാന്താടിക്കാരന് സുമേഷിന്റെ വലയില്‍ താനും പെട്ടു അല്ലേ.. :)
അസൂയ തോന്നിയ ചില പ്രയോഗങ്ങള്‍:
'ആവുന്നകാലത്ത് പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത് ഷുഗര്‍പില്‍സ് തിന്നാം'
ഭവാനി ആകെപ്പാടെ മെയ്യനക്കുന്നത് എന്നെ ചീത്തവിളിക്കുമ്പോ മാത്രമാ.
ബഹന്‍ ചൂ*&&&" അപ്പൂപ്പന് പ്രാര്‍ഥന കമ്പ്ളീറ്റ് ചെയ്തുകൊണ്ട് ..
മിസൈല്‍ വീണമാതിരി സിന്ദൂരതിലകം..
അംബാസിഡറിനെ ചീത്തവിളിക്കുമ്പോള്‍ എംബസി ജീവനക്കാരന് ജ്വലിയ്ക്കുന്നപോലെ ....
കാറും ഞാനുമായുള്ള ബന്ധം സാറും സാറാമ്മയുമായുള്ള ബന്ധം...
അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്മാര്
....
നാലുമണിപ്പൂവില്‍ ഒരു ചിരികൂടി മറഞ്ഞു....
പിന്നെ ചില സെന്റികള്‍:
ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക് തലചായ്ച്ച ബാല്യം.. ..
അച്ചന്‍കോവിലിലെ പരല്‍മീനുകളെ അച്ഛന്റെ കണ്ണുകളില്‍ ഒരിക്കല്‍കൂടി കണ്ട് കൈവീശി യാത്രയാക്കി.....
-ഇനിയെന്താ മനൂ, പറയുക?
നീളമെത്രയും കൂട്ടിക്കോ, മുഷിയില്ലാ ട്ടോ!
മനുവേട്ടാ,
ചക്കരെ ..............
കിടിലം........ കലക്കിട്ടൊ ആദ്യം മുതല്‍ അവസാനം വരെ...
manuvettaaaaaaaa..... i love you.... mera pyari mumbai.... bhuth pyari hai...
ഇഷ്ടമായി കേട്ടോ.
'ആവുന്നകാലത്ത് പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത് ഷുഗര്‍പില്‍സ് തിന്നാം' മനുവിന്റെ വക പുതുമൊഴികള്‍..കലക്കി.എത്രയാ ചിരിച്ചത്.
ചാത്തനേറ്: സര്‍വ്വസംഗപരിത്യാഗിയായ ആ മാമുനിയെപ്പോലും വെറുതെ വിടൂല.. ഇത്തവണ ചിരിച്ചു മരിച്ചു. മനുച്ചേട്ടന് ബാക്ക് ഇന്‍ ടോപ്പ് ഫോം
ഉഗ്രന്‍! എന്താ ഭാഷ. ഈ പോസ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു മനുവേയ്.
മനൂ.. ഒറ്റയിരുപ്പിന് മുഴുവന്‍ വായിച്ച് തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന ഒഴുക്ക്... പലതരം വികാരങ്ങള്‍ മനസ്സിലേയ്ക്ക് നിറച്ചുകൊണ്ടിരിക്കുന്ന വരികള്‍... യു ആര് ഗ്രേറ്റ്.. :-)
മനുജീ...
മുംബൈ..മേരി പ്യാരീ.....യാദൈന്
നന്നായിരിക്കുന്നു...ഒപ്പം ഒരു പുതിയ ബനാന ചൊല്ലും..
'ആവുന്നകാലത്ത് പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത് ഷുഗര്‍പില്‍സ് തിന്നാം'
നന്മകള് നേരുന്നു
നന്നായാസ്വദിച്ചു. :)
എനിക്കേറെ ഇഷ്ടമായ വരികള്‍
"ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക് തലചായ്ച്ച ബാല്യം.. "
"അച്ചന്‍കോവിലിലെ പരല്‍മീനുകളെ അച്ഛന്റെ കണ്ണുകളില്‍ ഒരിക്കല്‍കൂടി കണ്ട് കൈവീശി യാത്രയാക്കി....."
"ഹേ ഭഗവാന്........... "
"ബഹന്‍ ചൂ*&&&" അപ്പൂപ്പന് പ്രാര്‍ഥന കമ്പ്ളീറ്റ് ചെയ്തുകൊണ്ട് പുറകെ ഓടി.
ഇതു മാത്രം വായിച്ച് അരമണിക്കൂര്‍ ചിരിച്ചു.
പണ്ടൊരിക്കല്‍ ലീവ് കഴിഞ്ഞു പോവുന്ന വഴിക്ക് എട്ട് മണിക്കൂറായി ഉറങ്ങുകയായിരുന്ന സഹയാത്രികന്, ഒരു സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചാടിയെണീറ്റ് ഡ്രെസ്സ് ചെയ്യുന്നത് കണ്ട് ദില്ലി എത്താറായെന്ന് എങ്ങിനെ അറിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണോര്മ്മ വന്നത്.
"പോര്‍ട്ടര്‍മാര്‍ സംസാരിക്കുന്ന ഭാഷ കേട്ടാലറിയില്ലേ ഫരീദബാദ് എങ്കിലും എത്തിക്കാണുമെന്ന്?"
അതുപോലെ, ഒരു ദിവാലി ദിവസം രാവിലെ എണീറ്റ് വാതില്‍ തുറന്നപ്പോ, അടുത്ത ബര്സാതിയിലെ താമസക്കാരന് സര്‍ദാര്‍ ഇളംവെയില്‍ കൊള്ളുന്ന കണ്ടു. ഒന്ന് വിഷ് ചെയ്തു കളയാം എന്ന് വെച്ച് "ഹപ്പി ദിവാലി" വിളിച്ചു പറഞ്ഞപ്പോള്‍ ഉടന്‍ മറുപടി കിട്ടി. " ഹാം യാര്..ആജ് ദിവാലി ഹേ ബേംചൂത്!"
അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്മാര് ഡെഡ്ബോഡി പോസില്‍ ഉറങ്ങുന്ന ദൃശ്യം മാത്രം.
- മനുവേ.....ചിരിച്ച് പണ്ടാരമടങ്ങി ഈ ലൈനില്‍ മാത്രം.
വിവരണം മനോഹരമായി.
കണ്ണൂസിന്റെ സര്‍ദാര്‍ജിയുടെ ദിവാലി വിഷ് കലക്കീട്ടോ.
മനുവേട്ടാ...
ഈ മുംബൈ യാത്രാ വിശേഷം ഗംഭീരമായി. ഒരു മനോഹരമായ പോസ്റ്റ്.
:)
"വിഷമിക്കാതെ.. സബ് ഠീക് ഹോജായേഗാ.. വോ ഹേ നാ ഊപര്‍...." സ്വാമി ചൂണ്ടുവിരല്‍ മുകളിലേക്കുയര്‍ന്നു.
പുറകെ എന്റെ ദൃഷ്ടിയുംനോക്കിയപ്പോള്‍, ബെര്‍ത്തിനു മുകളില്‍ മറ്റൊരു മറ്റൊരു മഹര്‍ഷി. കുരങ്ങിനെപ്പോലെ ചുരുണ്ടിരുന്നു പഴം തിന്നുന്നു.
"അതാരാ സാമീ..... "
"ഛേ.. ആ ചള്ളന്റെ കാര്യമല്ല ഞാന്‍ പറഞ്ഞത്.. ഊപ്പര്‍വാലാ.. ഭഗവാന്.. സാക്ഷാല്‍ ഭഗവാന്"
ചിരിക്കാനുള്ള വഹ ഇപ്രാവശ്യവും നിറയെ പായ്ക്ക് ചെയ്തിട്ടുണ്ടല്ലോ, മനൂ.
മുംബൈയില്‍ ചെന്ന് സുമേഷിന് ശിഷ്യത്ത്വം നല്‍കിയോ!!
മലയാളബ്ലോഗിലാദ്യമായി ആത്മകഥാംശമുള്ള നോവല്‍. സന്ദര്‍ശിക്കുക www.rathisukam.blogspot.com
?
??
???
“കോന്സാ എമ്പോക്കിയാടാ യീ പോസ്റ്റിട്ടത്?“
ഓ ഹോ ഹോ മനൂജിയായിരുന്നോ.. ഇസ്ലിയെ ഞാന്‍ മാഫ് കിയാ..
അല്ലേല്‍.. ഷേപ്പ് മാറ്റിയേനേ ഞാന്‍!!
(ചുമ്മാ പറഞ്ഞതാ, അയ്യഡാ അങ്ങിനെയിപ്പോ സുന്ദരനാകേണ്ട!)
എന്നാ കലക്കാ ആശാനേ... ചിരിച്ച് ചിരിച്ച് ഒരു വകയായി...! വിശാല്ജിപറഞ്ഞ സേമിയ തല്കാലം പെറുക്കാന്‍ മുതിരുന്നില്ല. ഓഫീസ് ടൈം തീര്‍ന്നേ.. അതാ...! എവിടെ തീരാതിരിക്കും രാാാാവിലെ 8.30 ന് തുടങ്ങിയ വായനയല്ലേ... വൈകീട്ട് 4.30 ആകുമ്പോഴേക്ക് തീര്‍ന്നു. ഹലാക്കിന്റെ നീളമല്ലേ പോസ്റ്റിന്. മാത്രമല്ല എന്റെ ബോസ് ഗണത്തില്‍ പെട്ട ആദ്മീസ് അടുത്തൂടെ പാസ് ചെയ്യുമ്പോ “ബ്രിജ് വിഹാരം“ മിനിമൈസായി എന്റെ PC യുടെ ടാസ്ക്ക് ബാറില്‍ വിഹരിക്കും.. അയാള്‍ പോയാല്‍ പിന്നേം മാക്സിമൈസായി എന്റെ കണ്ണുകളില്‍ വിഹരിക്കും. മിനിമൈസ് ചെയ്ത് കിടക്കുന്ന സമയത്ത് മനസ്സില്‍ ചിരിക്കും അതു വരെ വായിച്ച തമാശകള്‍ ഓര്‍ത്ത്..പിന്നെ, മാക്സിമൈസ് ചെയ്യുമ്പോള്‍ പൊട്ടിച്ചിരിക്കും... ഹി ഹി...
അതില്‍ ഭാസിയമ്മാവന്‍ കൈകൊണ്ട് ചെയ്ത അരിയാട്ട് ആക്ഷനും, “എന്റെ ലാലുയാദവാ.. ഇങ്ങനെയാണോ മാഷ് റെയില്‍വേയെ ലാഭത്തിലെത്തിക്കുന്നത്..“ ചോദ്യവും, ഗായത്രിയുടെ ‘കള കള കള കള ' എന്ന വയറിളക്കം പോലൊരു റിംഗ് ടോണും, സീറ്റിലുറങ്ങുന്നവനെ തപ്പിയുണര്‍ത്താന്‍ പോയ അപ്പൂപ്പനും, മിസൈല്‍ വീണമാതിരിയുള്ള സിന്ദൂരതിലകവും എല്ലാം ഉള്‍പ്പെടും.
ലഞ്ച് ബ്രേക്കിലെ ചര്‍ച്ചാവിഷയം ഹര്ഭജന് സിംഗ് 'മാ..കി' പറഞ്ഞത് ‘മങ്കി’ യായതിനെക്കുറിച്ചായിരുന്നു. അത് ഞാനും ഫ്രന്‍സും പല പോസില്‍ പറഞ്ഞുനോക്കി മനൂജി.. ആസ്ട്രേല്യയുടെ സൈമണ്‍സിനെ കുറ്റം പറയേണ്ട.. പാവം ചെക്കന്.. ആരായാലും മിസ്സണ്ടര്സ്റ്റാന്റും...
പിന്നെ ഞാന്‍ ഈ വെള്ളിയാഴ്ച്ച എന്റെ അച്ചാച്ചനെ വിളിക്കുമ്പോ പറയാന്‍ ഒരു ഡയലോഗായി മനൂജീ.. “ആവുന്നകാലത്ത് പഞ്ചാര കട്ടാല്‍ ആപത്തുകാലത്ത് ഷുഗര്‍പില്‍സ് തിന്നാം“. പുള്ളി ആവുന്ന കാലത്ത് മധുരം കുറേതട്ടിവിട്ട വകയില്‍ ഇപ്പോ ഷുഗര്‍പില്‍സ് ഇഷ്ടമ്പോലെ അകത്താക്കുന്നുണ്ട്. എന്നാലും ഈ ആപത്ത് കാലത്തും ആരും കാണാതെ മധുരം കണ്ടാല്‍ ഇസ്ക്കുന്നുണ്ട് ആശാന്...
മനുവേ.. ഇയാളുടെ മൊബൈല്‍ ട്രൈ ചെയ്തപ്പോ ഒരു പെണ്ണ് ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം തെറിവിളിച്ചു, ‘പ്ലീസ് കാള്‍ ആഫ്റ്റര്‍ സം ടൈം‘ എന്ന് മാത്രമേ എനിക്ക് മനസ്സിലായുള്ളൂ.. അവളോട് ഞാന്‍ ഹര്ബജന് സിങ്ങ് പറഞ്ഞ “കാര്യ“ത്തോടൊപ്പം എഡീഷണലായി ‘നിന്റെ ഹെല്‍പ്പ് ആവശ്യമില്ല എനിക്ക് പറയാനുള്ളത് മുഴുവന്‍ ഞാന്‍ കമന്റിട്ടോളാം‘ എന്ന് കൂടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
മഹാഭാരതം സമാപ്ത്. ഇനി പോസ്റ്റിനെ പറ്റിയുള്ള അഭിയുടെ അഭിപ്രായം പറയാം എന്ന് തോന്നുന്നു.
“തകര്‍പ്പന്‍.. തകര്‍പ്പന്‍”
:-)
മനുവേട്ടാ...
ഒരു മനോഹരമായ പോസ്റ്റ്.
:)
മനൂ ;) ഉഗ്രന്‍ പോസ്റ്റ്, ആവശ്യത്തിനു ചിരിച്ചു.. എന്നാ ഉപമകള്‍\\
ആ അംബാസഡാറും എംബസ്സി ജീവനക്കാരനും ക്ഷ പിടിച്ചു ;) ആശംസകള്‍
:)))
യെസ് മനു....
മനു ഭായ് ,
ക്യാ ബോലൂം യാര്
ലാ ജവാബ് .
സൂപ്പര്‍ മനുജീ... ഓഫീസീന്ന് വച്ച് പകുതി വായിച്ചപ്പോ മനസ്സിലായി, ആസ്വാദനം അവിടെ നടക്കില്ല, ആളു കൂടും. ബാക്കി വീട്ടീ വന്നു വായിച്ചു. ഹര്‍ഭജന്റെ മാ...ക്രി വിളിയും തെറ്റിദ്ധരിച്ച സുഡാനുമൊക്കെയായി പൊളിച്ചടുക്കി... :))
"ഭാസിയമ്മാവന്റെ പുറകില്‍ ബാലെയിലെ യുദ്ധരംഗത്ത് കാണുന്ന പുക.. "
ഹ ഹ!
Superb Sir!
അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്മാര് ഡെഡ്ബോഡി പോസില്‍ ഉറങ്ങുന്ന ദൃശ്യം മാത്രം.
I really couldn't control laughing. Great..:)
മാഷേ, ഞാന്‍ വിളിച്ചില്ലായിരുന്നെങ്കില്‍ ആ കൊലുസ് പോക്കറ്റിലിട്ട് ബാക്കി റൊമാന്‍സ് വീട്ടില്‍ ചെന്നാവാം എന്നു വിചരിച്ചേനേ അല്ലേ?
എന്തായാലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ സ്വതന്ത്രവിവര്‍ത്തനം ആണ്. എനിക്കേറ്റവും ഇഷ്ടപെട്ട പാട്ടുകളില്‍ ഒന്നാണ് അത്. അതു മുഴുവനും വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ ഒന്ന് അയച്ചു തരുമോ?
മാഷിന്റെ കൂടെ മുംബൈ വരെ പോയിട്ടു വന്ന ഒരു ഫീല്‍ ഉണ്ട് മാഷേ.
മുഴുവനും വായിച്ചു. കുറെ ചിരിച്ചു.
പിന്നെ മനസ്സിലായി മനുവിനു കളിതമാശക്കിടയില് വേണ്ട കാര്യങ്ങള്‍ ഒതുക്കി പറയാനും വഴങ്ങുമെന്നു. ഇതാ..ഇതു പോലെ
"ഇനി എന്നാടാ ഇതുപോലൊന്നു കൂടുന്നത്.. നീ എന്നാ നാട്ടിലേക്ക്"
ഓട്ടോയില്‍ കയറിയ അച്ഛനോട് മറുപടിപറയാന്‍ വാക്കുകള്‍ വിസമ്മതിച്ചു.
രണ്ടു മൌനങ്ങള്‍ക്കിടയില്‍ മുപ്പത്തഞ്ചുവര്‍ഷങ്ങളുടെ കേളികൊട്ട്..
അച്ചന്‍കോവിലിലെ പരല്‍മീനുകളെ അച്ഛന്റെ കണ്ണുകളില്‍ ഒരിക്കല്‍കൂടി കണ്ട് കൈവീശി യാത്രയാക്കി..
മിനിമലിസം എന്തെന്നു എവിടെയെങ്കിലും പറയേണ്ടി വരുമ്പോള്‍,ബഷീറിന്റെ ചില വരികള്‍ക്കൊപ്പം എനി ഇതും കോട്ടു ചെയ്യാം.ഭാവുകങ്ങള്‍.
ഹയ്യാ! ഇവിടമൊക്കെ വന്നിളക്കി നഗരം കണ്ടല്ലേ?
നന്നായി ചിരിച്ചു! ഉപകളെല്ലാം ബ്രാന്റ് ന്യൂ!
:)
innovative പഴഞ്ചൊല്ലുകള്‍ കെങ്കേമം!!
ഇതു വായിച്ചു ചിരിച്ചു അടപ്പിളകി..
എന്നാ എഴുത്താ മാഷേ ഇത്..
ബ്ലോഗിനു നീളം കൂടുതലുള്ളത് അറിഞ്ഞതേയില്ല..
പലതവണ വായിച്ചു രസിക്കുവാനുള്ളത്ര വിറ്റുകള്‍ ഇതിലുണ്ട്..
അഭിനന്ദനങ്ങള്‍..
യാത്രാവിവരണം ഹൃദ്യമായി. എന്നാലുമണ്ണാ, സങ്ങതി വന്നില്ല കെട്ടോ..
നന്നായി രസിച്ചു.... അടിപൊളി വിവരണം... നല്ല നര്‍മ്മം.... :)നല്ല വിവരണം
.. എന്റെ ദേഹത്ത് എത്രവട്ടം മൂത്രമൊഴിച്ചിട്ടുണ്ടെടാ നീ കുഞ്ഞുന്നാളില്‍....
ഹഹഹ...എന്റെ അച്ചായാ, ഇതൊക്കെ വ്ല്ലോരും ഇങനെ പബ്ലിക്കായി പറയ്യോ?? ഹഹ... ആ റിംഗ് ടോണ്‍ (അത്തറൊന്നു വേണ്ട്ടെ...) ആയിരിയ്ക്കും അച്ചായനെ ഈയൊരു ചോദ്യത്തിന്് പ്രേരിപ്പിച്ചത് അല്ലെ? ഹഹ.. വിട്ടിലൊന്നു വന്നിരുന്നെങ്കില്‍, ആ ഓര്‍മ്മ ഒന്നൂടെ പുതുക്കാമായിരുന്നു... :P
(ഓ..പിന്നേ.. ആരു വരാന്‍, അതിനുള്ള കാരണ സഹിതമല്ലേ പോസ്റ്റ്! വഞ്ചിയില്‍ പഞ്ചാര ചാക്കുവച്ച് തുഞ്ചത്തിരുന്ന് തുഴഞ്ഞത് അച്ചായനായിരുന്നോ??)
പോസ്റ്റ് കലക്കി ട്ടോ, ഗംഭീരം!!
മനുവേ ചിരിക്കാതിരുന്നു വായിക്കാന്‍ വല്ല ഗുളികയും കിട്ടുമോ :)
:)
ഓ.ടോ.മുംബൈക്കു നേരത്തെ പോയി വന്നതു നന്നായി...
അല്ലെങ്കില്‍..........പ്യാരിക്കുപകരം എന്തായിരുന്നേനെ ???
ഈ കോമഡീം സാഹിത്യോമൊക്കെ എവിടുന്നു വരുന്നു !!! നന്നായി എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും..പുതിയ വല്ല വാക്കും കിട്ടുമോന്നു നോക്കട്ടെ :-)
ഹെന്റമ്മോ....... ഇതൊക്കെ കയ്യില്‍ ഉണ്ടായിരുന്നു അല്ലെ,,
ഒരു ഒന്നൊന്നര സമയമെടുത്തു വായിച്ചുതീര്‍ക്കാന്‍..
കൊച്ചുത്രേസ്യപറഞ്ഞപോലെ പുതിയവല്ല വാക്കും കണ്ടിപിടിച്ചിട്ട് അഭിനന്ദനം അറിയിക്കാം.
“തണുപ്പുകൊണ്ട് വടിയായിപ്പോയ ഭാസിയമ്മാവന്റെ കാല്‍മുട്ട് ചൂടാക്കി നിവര്‍ത്താന്‍ ഞാന്‍ അരിയാട്ട് ആക്ഷന്‍ തുടങ്ങിയപ്പോഴാണ്, ഒരു ജാട്ട് വല്യപ്പന് വല്യമ്മസമേതം എന്റെ സീറ്റിലേക്ക് വന്നത്.. “
ഇങ്ങനെ വല്ല പരോപകാരവും ചെയ്യച്ചായാ ആ അമ്മാവനെ ഇട്ട് കളിയാക്കാതെ ;)
"ഉഠോ......................"
കൈയിലെ ടിക്കറ്റില്‍നോക്കി ജാട്ടു എന്നോട് ആജ്ഞാപിച്ചു.. “
ഭാഗ്യം, ആ ജാട്ടുവിന്റെ കയ്യില്‍ പെടാത്തത്. ;)
പോസ്റ്റ് അടിപൊളി.
സുന്ദരമായ ഒരു യാത്ര കഴിഞ്ഞു വന്ന സുഖം ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മനു. അമ്മാവനും ഗായത്രിയും ഗാട്ടും യാത്രയും എല്ലാം മനസ്സില്‍ മായാതെ നില്കുന്നു.
“ഹര്ഭജന് സിംഗ് 'മാ..കി' എന്നാ വിളിച്ചത് അല്ലാതെ 'മങ്കി' എന്നല്ല എന്നു പറഞ്ഞപ്പോ ആസ്റ്റ്രേലിയാക്കാരു തണുത്തു.. അമ്മയ്ക്കു പറഞ്ഞാല്‍ അവന്മാരു ക്ഷമിക്കും. കൊരങ്ങേ എന്നു വിളിച്ചാല്‍ ക്ഷമിക്കുമോ...."
കൊള്ളാംസ് :)
-സുല്‍
പതിവു പോലെ ചിരിപ്പിച്ചു..എല്ലാ നമ്പറും ഒന്നിനൊന്നു മെച്ചം..
ഒരു സംശയം..ഈ ഫോര്‍മാറ്റ് ഒന്നു മാറ്റിക്കൂടേ?
ഒരു യാത്ര പോകുന്നു...അല്ലെങ്കില്‍ ആരോ കാണാന്‍ വരുന്നു...ഒരു മഹിളാമണിയുടെ കൂടെ കുറേ നിമിഷങ്ങള്‍..ഒടുവില്‍ കണ്നീരോടെ ഒരു വിട..
(കാണാന്‍ വരാനും,കാണാന്‍ പോകാനും മഹിളാരത്നങ്ങള്‍ മാത്രമേ ഉള്ളൂ മാഷ്ക്ക്?)ഈ ഫോര്മാറ്റില്ലെങ്കിലും ആ പോസ്റ്റുകള്‍ ഒന്നൊന്നരയല്ലേ?വിമര്‍ശനമല്ല..ഒരഭിപ്രായം മാത്രം..
മനുവേയ്...നര്‍മ്മത്തില്‍ ചാലിച്ച യാത്രാവിവരണം നന്നായിട്ടുണ്ട്...!
എന്തെഴുതിയാലും പരമനായെഴുതുന്നവനെ.. മനുവേ
ഉഷാര്‍! :)
ഉഗ്രന്‍ പോസ്റ്റ്
അതിമനോഹരം എന്നേ പറയാനുള്ളൂ.
മനു...
ആദ്യമായാണ് മനുവിന്റെ പോസ്റ്റ് വായിക്കുന്നത്..
ആദ്യത്തെ യാത്ര തന്നെ ഗംഭീരം.
"അച്ഛന് എന്നും ഇങ്ങനെയാണ്. ബാങ്ക് ബാലന്‍സിനെ പറ്റിയോ സ്വപ്നങ്ങളെപറ്റിയോ ചോദിക്കാറില്ല..
ഒറ്റച്ചോദ്യം മാത്രം.. 'ആര് യൂ ഹാപ്പി.... "
"ഉരുക്കു നെഞ്ചിലെ വിയര്‍പ്പു ഗന്ധത്തിലേക്ക് തലചായ്ച്ച ബാല്യം..
അച്ഛന്റെ വിയര്‍പ്പാണെനിക്കേറേയിഷ്ടം.."
അച്ചന്‍കോവിലിലെ പരല്മീനുകള് എന്റെ കണ്ണിലും..
“അടുപ്പില്‍ വക്കാന്‍ പാകത്തിലുള്ള അമ്മാവന്മാര് ഡെഡ്ബോഡി പോസില്‍ ഉറങ്ങുന്ന ദൃശ്യം മാത്രം.“
ഉപമ അപാരം.. ഹ ഹ ഹ.
എല്ലാ നന്മകളും ഉണ്ടാകട്ടെ..
'കണ്ണ്, കരള്‍, ഹൃദയം, തലച്ചോറ്.. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ആദ്യം നിര്‍മ്മിച്ചിരിക്കുക ഇതിലേതാവാം... ?'
മാഷെ കലക്കി. വയിച്ചപ്പൊ ഇങ്ങ് ഇന്ദ്രപ്രസ്ഥത്തിന്ന് ഒരു മുംബൈ യാത്ര നടത്തി വന്ന പ്രതീതി..
കലക്കി.
ആദ്യമായിട്ടാ വായിക്കുന്നേ.
അപാരമായിട്ടുണ്ട് കേട്ടോ മനുവേ.
മനുജീ..
അടിപൊളി..
ഓംലറ്റിനു ഉള്ളിപോലെ ചേര്‍ത്തിരിക്കുന്ന ആ പദ്യശകലങ്ങള്‍ എല്ലാം സൂപ്പറ്...
കലക്കി ട്ടൊ.
അപാരം. :)
മനു, അച്ഛനെ കുറിച്ചുള്ള ഭാഗം ഇഷ്ടപ്പെട്ടു.... ഭൂരിഭാഗം മലയാളികള്‍ക്കും ഉള്ള അനുഭവമാണിത് ... നമ്മളെ പിരിഞ്ഞു നമ്മുടെ കുട്ടികള്‍ പോകുമ്പോള്‍ മാത്രമേ നമ്മള്‍ക്ക് അവരുടെ വേദന മനസിലാക്കാന്‍ പറ്റൂ...
Manu,
A good one indeed Manoooooo.
/ചാടിക്കയറ്റത്തിനിടയില്‍ ഫ്രണ്ടുസൈഡ് ഇളകിപ്പോയ പ്ളാസ്റ്റിക് ചെരിപ്പില്‍ നോക്കി സ്വാമി സഹസ്രനാമതെറി ജപിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. /
:) കുറേ ചിരിച്ചു.
മനുമാഷ് നീണാള്‍വാഴട്ടെ.....
എന്താ ഞാന്‍ പറയാാാാാാാാാാാാാാാാാ
ആശംസകള്‍
അജിത്ത്
എന്റെ മനുസാറേ ...
ഇതും ... ഗംഭീരം
:)
Manujii,
Eee Gayathri Puraskaram ennu paranjathu itanalle???
Your style of writing is very good.. All posts are very touching too... The incedents at Ayyapa temple remind me the days of my New Mumbai, CBD Belapur.
That Bhajana, annadhanam, makaravilakku celibration ... thanks a lot... ( But we are very decent... Ketto...
മനുവിന്റെ രചന ഒരു കുളിരായി പെയ്തിറങ്ങി; ഇവിടെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ .. ഹാഷിം - ദോഹ - ഖത്തര്‍
MANUJI, A very interesting travel from Delhi to Mumbai and return. enjoyed verymuch.
Post a Comment