Tuesday, 8 April 2008

ഇന്‍റര്‍സ്റ്റേറ്റ്‌ പാണീഗ്രഹണം

'അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അടിയുടെ വേദന ഞാനറിഞ്ഞു.. നിന്‍റെ
അപ്പന്‍റെ കൈയ്യൂക്കു ഞാനറിഞ്ഞു.. '

റേസര്‍ കൃതാവില്‍ അമര്‍ത്തി മൂളിപ്പാട്ടുപാടിയപ്പോള്‍, ശ്രീമതി അടുക്കളയില്‍ നിന്ന് ചപ്പാത്തിറോളര്‍ സഹിതം അടുത്തുവന്നു.

"എന്താ മാഷേ രാവിലെതന്നെ അനുഭവങ്ങള്‍ പാളിച്ചകള്‍ ഓര്‍ക്കുന്നേ.. ഏതാ ആ ഭാഗ്യവതി?"

"ഹൂ..? " വായു വായില്‍ നിറച്ച്‌ കവിളുവീര്‍പ്പിച്ച്‌ ഞാന്‍.

"അല്ലാ.. മാഷിനു ചളുക്കു തന്ന ആ ചേട്ടന്‍റെ മോള്‌. കാന്താരത്തില്‍ പെടാതെ കൊള്ളാവുന്ന കാന്തനെ തേടിപോയല്ലോ ആ മിടുക്കി.. "

"കാലത്തെ കെട്ടിയോനിട്ട്‌ കൊട്ടാതെ പോയി ചപ്പാത്തിയൊണ്ടാക്കെടീ. അഹമ്മതി കൂടുന്നു ഈയിടെയായി.. ഉം..... "

"ഉള്ളതു പറഞ്ഞാല്‍ ഉറിയ്ക്കും ചൊരുക്കും. ഹൌമനി പാരഗണ്‍ ചപ്പല്‍സ്‌ തേഞ്ഞു. സത്യം പറ.. ബൌ...................... "

ഓക്കാനിച്ചുകൊണ്ട്‌ അവള്‍ കുതിച്ചതും, രണ്ടുകാലില്‍ രണ്ടടി പൊങ്ങി ഞാനോടി മാറിയതും ഒന്നിച്ച്‌.


ജീസസ്‌.. ഇനി പുരാണം തുടങ്ങും.

ദൈവം പ്രസവിക്കാന്‍ പെണ്ണിനെ ഏല്‍പ്പിച്ച ക്രൂരതയെ പറ്റി തെക്കേതിലെ വസുമതിച്ചേച്ചി ഗര്‍ഭകാലത്ത്‌ ഒരിക്കല്‍പോലും ഛര്‍ദ്ദിച്ചിട്ടില്ലെന്ന ഹിസ്റ്ററി, 'ഈ കൊച്ച്‌ വയറ്റില്‍ വച്ചുതന്നെ എന്നെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി' ഇത്യാദി ഡയലോഗുകള്‍ ഒന്നുകൂടി കേള്‍ക്കാന്‍ തുടങ്ങുന്നു.


"മീശേടെ സൌന്ദര്യം നോക്കാതെ എന്‍റെ പുറമൊന്നു തടവി താ മാഷേ... അയ്യോ... ഞാന്‍ ചത്തുപോവുമേ.... "

"ഈ പുറംതടവും ഓക്കാനവും തമ്മിലുള്ള റിലേഷന്‍ ഏതു ദരിദ്രവാസിയാണോ കണ്ടുപിടിച്ചത്‌.. ഇസ്‌ ദെയര്‍ എനി സയന്‍റിഫിക്‌ ബേസ്‌.. ?"

"ക്രൂരാ. കൃതാവിന്‍റെ ലവല്‍ പിന്നെ നോക്ക്‌. രണ്ടുകൈകൊണ്ടും അമര്‍ത്തി തടവ്‌.. അയ്യോ. എന്‍റെ നെഞ്ചില്‍ ഏതാണ്ട്‌ തടഞ്ഞപോലെ.. ഔ....... "

"എനിക്കിപ്പോള്‍ ഒരു ഡൌട്ടെടീ... മനുഷ്യര്‍ക്കുമാത്രമെന്താ ദൈവം ഈ ഗര്‍ഭോക്കാനം കൊടുത്തത്‌. പശു, ആട്‌, ആന, സിംഹം ഇവയ്ക്കൊന്നും ഈ പ്രശ്നമില്ലല്ലോ..

ദൈവം ചതിക്കുമൊരു സര്‍പ്പം ചതിക്കുമൊരു പെണ്ണും ചതിക്കുമൊരു മര്‍ത്ത്യന്‍...

അയ്യപ്പപ്പണിക്കര്‍ ഇതെഴുതിയത്‌ ഭാര്യയുടെ നടുവു തടവിയപ്പൊഴായിരിക്കും പക്കാ... "

"ദേ മാഷേ.. മനുഷ്യന്‍ ചാവാന്‍ തൊടങ്ങുമ്പോ ചള്ളിയ സംശയം എടുക്കല്ലേ.. ഹോ..എനിക്കിത്‌ താങ്ങാന്‍ വയ്യ... അപ്പൊഴേ ഞാന്‍ പറഞ്ഞതാ ഇപ്പൊഴേ.. "

"കുഞ്ഞ്‌ വേണ്ടാന്ന് അല്ലേ... ക്യാ കരൂം.. ഈഫ്‌ വിന്‍റര്‍ കംസ്‌ കാന്‍ ഗര്‍ഭം ബീ ഫാര്‍ ബിഹൈന്‍ഡ്‌.... "

"ഓ..........പിന്നേം ചള്ളിയ തമാശ.... ഒന്നു പോ. ഞാന്‍ തന്നെ തടവിക്കോളാം... "

ബ്രഷിലേക്ക്‌ ഞാന്‍ പേസ്റ്റ്‌ ഞെക്കിയിറക്കി.

"മാഷേ.. ഇന്ന് ഹോസ്പിറ്റലില്‍ പോണം.. ആ ഡോക്ടര്‍ തന്ന മരുന്നു പോരാ. ഹോ.. കഴിക്കുന്നതു അപ്പടി വെളിയിലേക്ക്‌ പോവുകാ.. ബൌ..... "

"മൈ ഡിയര്‍ മൈഥിലീ. ഗര്‍ഭം ഒരു അവസ്ഥ മാത്രമാ. അതു നീ മനസിലാക്ക്‌. വനിതാമാസികകളൂം മേഡിയയും ഒക്കെച്ചേര്‍ന്ന് അതിനെ ക്യാന്‍സറിനേക്കാ വലിയ ഒരു രോഗമാക്കി. ഫോര്‍ ദ സേക്ക്‌ ഓഫ്‌ സിസര്‍. സിസേറിയന്‍ സിസര്‍.. "

"ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ...അമ്മേ വയ്യാ....ഞാനിപ്പോ... "


"സിസേറിയന്‌ ആ പേരുവരാന്‍ കാരണം, ലോകത്ത്‌ ആദ്യമായി അങ്ങനെ പുറത്തെടുത്തത്‌ ജൂലിയസ്‌ സീസറിനെയായതുകൊണ്ടാണ്‌ എന്ന സത്യം നിനക്ക്‌... "

"പോയി കുളിക്ക്‌ ക്രൂരാ....... !!!!!!"



"ഓമനേ നിന്‍റെയച്ഛന്‍.... നിന്നെയിങ്ങു
നേരത്തെ കൊണ്ടുപോന്നു...
താ നന്ന തന്നാന - തനതന താനന്ന തന്നാന" ഷവര്‍ ഞാന്‍ തുറന്നു..


ബൈക്കിന്‍റെ ചാവിയെടുത്ത്‌ വെളിയിലിറങ്ങാന്‍ തുടങ്ങിയപ്പോഴാണ്‌ അതോര്‍ത്തത്‌.

"ഓ ഒരു കാര്യം പറയാന്‍ വിട്ടു.. ഞാന്‍ വൈകിട്ട്‌ അല്‍പം ലേറ്റാവും. "

"ഉം... എന്താ കാര്യം. പുതിയ വല്ല ഏടാകൂടോം ഒപ്പിച്ചോ " ശ്രീമതി ലഞ്ചുബോക്സ്‌ നീട്ടി. "

"നമ്മുടെ പ്രവീണില്ലേ. അവനെന്നോട്‌ എന്തോ പറയാനുണ്ടെന്ന്. വൈകിട്ട്‌ അവനെ ഒന്നു കാണണം. "

"ഏത്‌ പ്രവീണ്‍? "

"ഓ..ഞാന്‍ പറയാറില്ലേ.. രോഹിണിയിലുള്ള ആ സി.എ സ്റ്റുഡണ്റ്റ്‌ കം ഓഡിറ്റര്‍ സ്പെഷ്യലിസ്റ്റ്‌.. "

"ഓ അവന്‍.. എന്താ കാര്യം. ഒന്നുകില്‍ വല്ല പെണ്ണുകേസ്‌. അല്ലെങ്കില്‍ ആയിരം രൂപയ്ക്ക്‌ കമ്പ്യൂട്ടര്‍ എങ്ങനെ തല്ലിക്കൂട്ടാം എന്ന ഡിസ്കഷന്‍.. പക്കാ.. "

"വാട്ട്‌ യു മീന്‍...? ഞാന്‍ മുഖം ചുളിച്ചു..

"അല്ലാതെ ഓസോണ്‍ പാളിയില്‍ ഓട്ടവീഴുന്ന കാര്യം ഡിസ്കസ്‌ ചെയ്യാന്‍ എന്‍റെ തമ്പുരാനെ ആരും വിളിക്കില്ലല്ലോ... ആട്ടെ എപ്പൊ എത്തും... വരുമ്പോ എനിക്ക്‌.... "

"ചതിക്കല്ലേ...ചതിക്കല്ലേ.. ഡല്‍ഹിയില്‍ അവൈലബിള്‍ ആയ ഐറ്റംസേ പറയാവേ പ്രിയേ. വരിക്കച്ചക്ക, ശീമച്ചേമ്പ്‌, ചാമ്പയ്ക്ക, കദളിപ്പഴം ഇതൊന്നും ഇന്നത്തെ കൊതിയില്‍ പെടുത്തല്ലേ പ്ളീസ്‌....... "

"അതൊന്നുമല്ല.. എനിക്ക്‌ ഇന്ന് വേറെ കൊതിയാ.. "

"ഈശ്വരാ. പെണ്ണായി പിറക്കുന്നതാ നല്ലത്‌. ഒരു പ്രസവത്തിന്‍റെ പ്രോബ്ളമേ ഉള്ളൂ.. കൊതിക്കുന്ന ഐറ്റംസ്‌ തേടി ഉഴവു തെറ്റുന്ന ഈ ഭര്‍ത്താക്കന്‍മാരുടെ ഗതി എത്ര ദയനീയം. എനി വേ. ഇന്നെന്താ കൊതി? "

"ഇനിക്കിന്നൊരു ഊത്ത്‌...ബൌ.... " അടുത്ത ഓക്കാനം

"ഊത്തോ... ഇതെന്തെടീ വിചിത്രമായ കൊതി. പീപ്പിയോ നാദസരമോ..ഈശ്വരാ ഉത്സവസീസണ്‍ കഴിഞ്ഞല്ലോ.. ഞാനെവിടുന്നു തപ്പും അത്‌"

"ഊതല്ലേ.. ഊത്തല്ല.. ഊത്തപ്പം. അത്‌ തിന്നാന്‍ ഒരു കൊതി... "


"ഹാവൂ... ആശ്വാസം..ദാറ്റീസ്‌ ഈസിലി അവൈലൈബള്‍..ഏറ്റു.. ഉറപ്പ്‌. "

"ഉം. വരുമ്പോഴേക്കും ഞാന്‍ അതിനു പറ്റിയ പുതിയൊരു കൂട്ടാന്‍ ഉണ്ടാക്കി വക്കാം. ഗൃഹലക്ഷ്മിയില്‍ കണ്ടതാ.. "

"അയ്യപ്പാ.. അന്നുണ്ടാക്കിയ പാലക്‌ പനീര്‍പോലെ ആവല്ലേ... "

"മനസിലായില്ല.. "

"പിറ്റേന്ന് കക്കൂസില്‍ ഇരുന്ന ഞാന്‍ തുമ്പയിലെ റോക്കറ്റ്‌ പോലല്ലേ മുകളിലോട്ട്‌ കുതിച്ചുപോയത്‌. എന്തൊരു വെലോസിറ്റിയാരുന്നു വയറിളക്കത്തിന്‌.. ഹോ.. "

"എനിക്ക്‌ മനസിലാവുന്നുണ്ട്‌.. ഈയിടെ ഞാന്‍ എന്തുവച്ചാലും മാഷിനൊരു നെഗറ്റീവ്‌ റിമാര്‍ക്ക്‌.. ആറിയ ഭാര്യ പഴം ഭാര്യ.. ഹും എണ്റ്റെ വിധി അല്ലാതെന്താ.. "

"ഛേ ഛേ അങ്ങനെ പറയല്ലേ മിസ്‌.പ്രെഗ്നന്‍റേ.. നീ കൈവച്ചാല്‍ എല്ലാം ഡബിള്‍ ടേസ്റ്റിയല്ലേ.

കണ്‍മണി നീ കൈയിലെടുത്താല്‍
കല്‍ക്കരിയും കല്‍ക്കണ്ടം
കരിവളനീ കൈയിലണിഞ്ഞാല്
‍കാഞ്ചനവും കണ്ണെറിയും..

എങ്ങനെയുണ്ട്‌ എന്‍റെ പുതിയ പാട്ട്‌... "

"മനുഷ്യനിവിടെ അനങ്ങാന്‍ വയ്യാതിരിക്കുമ്പൊഴാ ഒരു പാട്ട്‌.. പോവാന്‍ നോക്ക്‌... "

"ഒ.കെ.. അപ്പോ.. ബൈ ബൈ, ടേക്ക്‌ കെയര്‍ ഠീക്‌ ഹേ?"

ഹെല്‍മെറ്റ്‌ എടുത്ത്‌ കുതിച്ചു..

'ഷക്‌.................... ' കുനിഞ്ഞു നോക്കിയപ്പോള്‍ ഷൂസിന്‍റെ സോള്‍ ഇളകിയ ദു:ഖസത്യം അറിഞ്ഞു.

"ഗോഷ്‌.. സോള്‍മേറ്റും പിണങ്ങി.. അമ്പതുരൂപ ബജറ്റില്‍ എവിടെ അഡ്ജസ്റ്റ്‌ ചെയ്യും അയ്യപ്പാ.... "

ഓഫീസില്‍ നിന്ന് പത്തുമിനിട്ട്‌ നേരത്തേ ഇറങ്ങിയ നെഹ്രുപ്ളേസിലെ സോന റസ്റ്റോറന്‍റില്‍ ആത്മാര്‍ത്ഥ സുഹൃത്ത്‌ പ്രവീണിനെ കാത്തിരുന്നു.

'ഇക്കണക്കിനു പോയാല്‍ തുണിമില്ലുകാരുടെ കാര്യം പോക്കണല്ലോ അയ്യപ്പാ' എന്ന് അല്‍പ്പവസ്തധാരിണിയായ ഒരു പെങ്കൊച്ചിനെ നോക്കി ആത്മഗതം ചെയ്തപ്പോഴാണ്‌, തെങ്ങില്‍മൂട്ടില്‍ നിന്ന് നടന്നുവരുന്ന കേരകര്‍ഷകനെപ്പോലെ കൈയില്‍ രണ്ടു ഹെല്‍മറ്റും തൂക്കിപ്പിടിച്ച്‌ അവന്‍ വന്നത്‌.

"നീയെന്താ ഹെല്‍മറ്റ്‌ കച്ചോടോം തൊടങ്ങിയോ. എവിടാരുന്നു ഇതുവരെ.... "

"ഒരു പാരയ്ക്ക്‌ ലിഫ്റ്റ്‌ കൊടുത്തതാ. അതെനിക്ക്‌ പാരയായി.. ഇതും ചുമ്മി നടക്കണം..." പ്രവീണ്‍ കസേര വലിച്ചിട്ടിരുന്നു.

"ദോ കോഫീ.. ദോ ആലുപൊറോട്ട.." വെയിറ്ററോട്‌ അവന്‍.

"ഓഹോ.. ഇന്നു കാര്യമായ ചെലവുചെയ്യലാണല്ലോ.. എന്താ അളിയാ കാര്യം.. സംതിംഗ്‌ സ്പെഷ്യല്‍... "

"ഉണ്ട്‌... പറയാം. ആദ്യം കാപ്പി വരട്ടെ.. "


"ഒരു സീരിയസ്‌ കാര്യം നിന്നോട്‌ പറയാന്‍ പോവുകയാണ്‌. കേട്ടാല്‍ ഒരുപക്ഷേ നീ ഞെട്ടിയേക്കാം. പക്ഷേ ഇനി അത്‌ മറച്ചുവച്ചിട്ട്‌ കാര്യമില്ല.."ആവി പൊങ്ങുന്ന കാപ്പിയില്‍ കണ്ണോടിച്ച്‌ പ്രവീണ്‍ പതുക്കെ പറഞ്ഞു.

"പറ മച്ചാ... " ആലുപൊറോട്ട ഞാന്‍ അടര്‍ത്തി

"ഞാന്‍ ഒരു പെണ്ണിനെ പ്രേമിക്കുന്നു.. "

"ങേ.......!" ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി കുഴച്ചു തേച്ച്‌ ഉള്ള കറുപ്പു ഒന്നുകൂടി തെളിച്ചു വച്ച ആ മുഖത്തേക്ക്‌ ഞാനൊന്നു നോക്കി.

"ഇപ്പൊഴേ ഞെട്ടാതെ... ബാക്കി കൂടെ കേള്‍ക്ക്‌. അവളെ ഞാന്‍ കെട്ടാന്‍ തീരുമാനിച്ചു. "

"എപ്പോ.. "

"എന്ത്‌? "

"അല്ല കെട്ടാന്‍ തീരുമാനിച്ചത്‌.. "

"ഇന്നലെ..അതാ നിന്നെ ഇവിടെ വിളിച്ചത്‌.. "

"കൊടുകൈ. അങ്ങനെ നീയും വിഡ്ഡികളുടെ ലോകത്തേക്ക്‌ വരുന്നു. ജോയിനിംഗ്‌ ദ ബഞ്ച്‌ ഓഫ്‌ ഫൂള്‍സ്‌. പിന്നെ പെണ്ണിന്‍റെ ജാതിയും മതവും ഒക്കെ സെയിമാണേ.. അവടപ്പനു പണിയുണ്ടാക്കല്ല്" കപ്പ്‌ ഞാന്‍ ടേബിളില്‍ വച്ചു.

" അതാ പ്രശ്നം. ജാതീം മതോം മാത്രമല്ല സ്റ്റേറ്റ്‌ വരെ വേറെയാ.. "

"കര്‍ത്താവേ. തമിഴത്തിയാണോ...അതോ തെലുങ്കത്തിയോ. "

"രണ്ടുമല്ല... "

"പിന്നെ എവിടുത്തുകാരി"


"ഛഠീസ്‌ഗഡ്‌"

"പ്രൂം...................." എന്‍റെ വായിലെ കാപ്പി തെറിച്ചു.


"സത്യമാടാ കാലമാടാ. എന്‍റെ കൂടെ പ്രാക്ടീസ്‌ ചെയ്യുന്ന പെണ്ണ്‍. നോര്‍ത്തിന്‍ഡ്യന്‍. മൂന്നു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്‌"

"അപ്പോ സി.എയ്ക്ക്‌ പഠിക്കാനെന്നും പറഞ്ഞ്‌ നീ അവളെ ഓഡിറ്റുചെയ്യുകയാരുന്നു ഇത്ര നാള്‍ അല്ലേ.. ചുമ്മാതല്ല ഇന്‍റര്‍ മാത്രം പാസായി കെടന്ന് വെള്ളം കുടിക്കുന്നെ.. അല്ല ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട്‌ ചോദിക്കുവാ. ഭൂമിമലയാളത്തില്‍ എത്രയോ നല്ല പെണ്‍കിടാങ്ങള്‍ കിടക്കുന്നു. അല്ലെങ്കില്‍ തൊട്ടടുത്ത ബോര്‍ഡറിലെ തമിഴത്തികള്‍. ഹോ ഇതൊന്നും പോരാഞ്ഞ്‌ അവന്‍ കണ്ടേക്കുന്നു. ഛഠീസ്‌ഗഡ്‌.. നിന്‍റെ കാര്യം ചട്ടീല്‍ ഗഡീ"

"കൊല്ലും ഞാന്‍.. പ്രണയത്തെ കുറിച്ച്‌ നിനക്ക്‌ എന്ത്‌ കോപ്പറിയാം.. അതറിയാത്തവന്‍ ഇത്‌ പറയരുത്‌.. ഇഡിയറ്റ്‌"

"പ്രണയം ഈസ്‌ ഈക്വല്‍ ടു മാംഗോത്തൊലി... "

"വാ പൂട്ടെടാ..... "

"എടാ.. 'എനിക്ക്‌ എയിഡ്‌സ്‌ ആണ്‌ ആര്യപുത്രാ' എന്ന് ശകുന്തള പറഞ്ഞാല്‍ പ്രാണനും കൊണ്ടോടാത്ത ഒരു ദുഷ്യന്തനും ഇല്ല ഈ ലോകത്ത്‌. അതുപോലെ മറിച്ചും. അതുകൊണ്ട്‌ നീ അതിനെപറ്റി കൂടുതല്‍ ഒന്നും പറയേണ്ട.. "

"നീ പ്രണയിച്ചിട്ടില്ലല്ലോ.. സോ അതിനെപറ്റി പറയാന്‍ നിനക്ക്‌ ഒരവകാശോം ഇല്ല... " പ്രവീണ്‍ വികാരിയായി


"അതു കറക്ട്‌. പ്രണയത്തിന്‍റെ റോഡില്‍ ഞാന്‍ കൈകാണിച്ച വണ്ടിയെല്ലാം ചെളിതെറിപ്പിച്ച്‌ പോയിട്ടേ ഉള്ളൂ.. കല്യാണ ജംഗ്ഷനില്‍ നിന്ന് കയറിയ ബസ്സാകട്ടെ ഡെയിലി പഞ്ചറും. പക്ഷേ
'പ്രണയം മധുരമാണോമനേ അതുപോലെ
പ്രഹരമാണൊരുതാലിത്തുമ്പില്‍ കൊരുക്കവേ' എന്ന് എന്‍റെ കൊച്ചപ്പൂപ്പന്‍ പാടിക്കേട്ടിട്ടുണ്ട്‌. പുള്ളി പ്രണയത്തിന്‍റെ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്‌"

"നിര്‍ത്തെടാ ഊളന്‍ വര്‍ത്തമാനം. ഞാന്‍ ആകെ ടെന്‍ഷനിലാ.. എങ്ങനെ ഇതൊന്ന് പ്രൊസീഡ്‌ ചെയ്യും.. ഒരു വഴിയും കാണുന്നില്ല. അവളല്ലാതെ വേറൊരു പെണ്ണ്‍ എനിക്ക്‌ ഭാര്യയാവില്ല ഉറപ്പ്‌"

"എവിടെയാണ്‌ ഇപ്പോ ആക്ച്വല്‍ പ്രോബ്ളം? "

"എന്‍റെ വീട്ടുകാരെ ഞാന്‍ സമ്മതിപ്പിച്ചോളം. പക്ഷേ അവടെ വീട്ടുകാര്‍. പ്രത്യേകിച്ച്‌ തന്ത. നോ രക്ഷ. പക്ഷേ കെട്ടുവാണെങ്കില്‍ ഞാന്‍ ശിവാംഗിയെ തന്നെ കെട്ടും"

"ശിവാംഗി. അടിപൊളി പേര്‌. അപ്പോ നിനക്കു രണ്ടു ചോയ്സേ ഉള്ളൂ അല്ലേ. ഒന്നുകില്‍ ക്രോണിക്ക്‌ ബാച്ചിയായി ജീവിക്കുക. അല്ലെങ്കില്‍ കൊരവള്ളിയ്ക്ക്‌ പിടി വാങ്ങിക്കുക. ആദ്യത്തേതാ സേഫ്‌.. "

"കെട്ടും.. കെട്ടിയിരിക്കും"

"ഒന്നോര്‍ത്താല്‍ പങ്കാളികള്‍ രണ്ടു ദേശക്കാരാവുന്നതാ ജീവിതത്തിനു നല്ലത്‌. എന്‍റെ ഭൈമിയുടെ ചില നേരത്തെ പെര്‍ഫോര്‍മന്‍സ്‌ കാണുമ്പോള്‍ അവള്‍ ആഫ്രിക്കക്കാരി ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഓര്‍ത്തുപോയിട്ടുണ്ട്‌, ചീത്തവിളിക്കുമ്പോള്‍ മനസിലാവില്ലല്ലോ.. അമ്മായിയമ്മപ്പോരിനും ഇത്‌ നല്ല ഗുണം ചെയ്യും. കഥകളിമുദ്രകാട്ടി എത്ര നേരം അടിയിടും. പക്ഷേ ചില സാംസ്കാരിക പ്രോബ്ളങ്ങള്‍ ഇല്ലേടാ ഇതില്‍.. ഇത്‌ ശരിയാവും എന്ന് എനിക്കു തോന്നുന്നില്ല സോറി... "

"എന്തു പ്രോബ്ളംസ്‌. ഒരു ചുക്കുമില്ല.. "

"ഉണ്ടെടാ. ഫോര്‍ എക്സാമ്പിള്‍, അവള്‍ നാട്ടില്‍ ചെല്ലുന്നു. നിന്‍റെ അമ്മൂമ്മ അവളോട്‌ 'മോളേ സിവാംഗി ആ ചട്ടി ഇങ്ങെട്‌ മോളേ' എന്നു പറയുന്നു. അപ്പോള്‍ അവള്‍ നിന്‍റെ അപ്പൂപ്പന്‍റെ ജട്ടി എടുത്തു കൊടുക്കില്ലേ. അവള്‍ കത്തെഴുതാന്‍ 'കലം' ചോദിക്കുമ്പോള്‍ നിന്‍റെ അമ്മ അലുമിനിയം കലം എടുത്തു കൊടുക്കില്ലേ.. അങ്ങനെ പലപല.. "


"ഒന്നും ഉണ്ടാവില്ല.. അതൊക്കെ ഞാന്‍ മാനേജ്‌ ചെയ്തോളം. തല്‍ക്കാലം ഈ വിഷയം അവളുടെ അച്ഛനോടൊന്നവതരിപ്പിക്കണം. അതിനു പറ്റിയ ഒരാളെ തപ്പണം. "


"അത്‌ ശരി. നേരിട്ടു പോയി ചളുക്ക്‌ വാങ്ങിക്കാന്‍ നിനക്കു പറ്റില്ല. പ്രോക്സിയെ വിട്ടു കൊലയ്ക്ക്‌ കൊടുക്കാന്‍ അല്ലേ.. "


പല പ്രോസ്‌ ആന്‍ഡ്‌ കോണ്‍സില്‍ ചര്‍ച്ച നീണ്ടു.

ഒന്നെനിക്ക്‌ മനസിലായി. ഒന്നുകില്‍ ശിവാംഗി പ്രവീണിനെ കെട്ടും. അല്ലെങ്കില്‍ അവള്‍ ശവാംഗിയായി മാറും.

ശിവാംഗിയുടെ അപ്പന്‍റെ സിംഹക്കൂട്ടിലേക്ക്‌ പുഞ്ചിരിച്ചു നടന്നു നീങ്ങാന്‍ കാലിബറും കൈക്കരുത്തുമുള്ള മുഖം തേടി ഞങ്ങള്‍ ചിന്തകളിലേക്കൂളിയിട്ടു.

ക്വാളിഫിക്കേഷനും എക്സ്‌പീരിയന്‍സുമുള്ള ഒരാള്‍ എന്‍റെ മനസില്‍ ഒടുവില്‍ സിസര്‍ ഫില്‍ട്ടറും വലിച്ച്‌ കയറിവന്നു.

നെഗോസിയേഷനില്‍ അനുഭവജ്ഞ്നാനത്തിന്‍റെ ഹയര്‍ ഡിപ്ളോമയുള്ള എന്‍റെ സ്വന്തം ഭാസിയമ്മാവന്‍.

"യെസ്‌. ഹീ ഈസ്‌ പെര്‍ഫക്ട്‌. ഭാസിയമ്മാവന്‍. ഡണ്‍...." ഞാന്‍ ഡെസ്കില്‍ ആവേശത്തോടെ കൈയിടിച്ചു.


പ്രവീണിന്‍റെ മുഖം വനിത മാസിക മറിയ്ക്കുന്ന പുരുഷന്‍ 'ഡോക്ടറോട്‌ ചോദിക്കാം' പേജ്‌ കണ്ടപോലെ തിളങ്ങി.

"നടക്കുമോ... ? "

"കൊള്ളാം. പുള്ളി ഈയിടെ കമ്പനിയ്ക്ക്‌ വേണ്ടി ഒന്നരക്കോടിയുടെ കമ്പിയുടെ ഓര്‍ഡര്‍ പുഷ്പം പോലെ പിടിച്ച ആളാ. അതും വന്‍ തോക്കുകളുടെ ഇടയില്‍ നിന്നും. ഹൈപവര്‍ നെഗോഷിയേഷന്‍. അണ്‍ഡിസ്പ്യൂട്ട്‌ഡ്‌ലി അണ്‍ചലഞ്ചബിള്‍..നീ ധൈര്യമായിട്ടിരിക്ക്‌. കല്യാണത്തിനു അടപ്രഥമന്‍ പക്കാ വേണം. കുറെ നാളായി അത്‌ കുടിച്ചിട്ട്‌.."

ഹെല്‍മെറ്റ്‌ എടുത്തുകൊണ്ട്‌ ഞാന്‍ എഴുന്നേറ്റു.

രണ്ടാം നാള്‍ ശിവാംഗീസ്‌ ക്രിയേറ്റര്‍, മാനവശേഷി ഡിപ്പാര്‍ട്ട്‌ ഹെഡ്ഡായി ജോലി നോക്കുന്ന കമ്പനി ലക്ഷ്യമാക്കി ഞങ്ങള്‍ മൂവര്‍ സംഘം നീങ്ങി.

ഓഫീസ്‌ രണ്ടാം നിലയില്‍.

പ്രവീണിനെ താഴെ നിര്‍ത്തി ഞാനും ഭാസിയമ്മാവനും ലിഫ്റ്റില്‍ കയറി.

കോട്ടും സ്യൂട്ടും ടൈയും ഒക്കെയുള്ള അമ്മാവനെ കണ്ടാല്‍ അംബാനിയുടെ മകളുടെ എന്‍ഗേജ്‌മെന്‍റിനു പോകുന്ന മട്ടാണ്‌. അതുപിന്നെ ഒന്നരക്കോടിയുടെ കോടിയുടെ കമ്പിയോറ്‍ഡര്‍...

"അമ്മാവന്‍ ഇതിനു മുമ്പ്‌ ആര്‍ക്കെങ്കിലും വേണ്ടി പെണ്ണുചോദിക്കാന്‍ പോയിട്ടുണ്ടോ.. അല്ല.. ഒന്നറിയാന്‍ വേണ്ടി ചോദിച്ചതാ" ഞാന്‍ ലിഫ്റ്റിലെ ബട്ടണ്‍ അമര്‍ത്തി.

"ഉണ്ടെല്ലോ. ഞാന്‍ എനിക്ക്‌ പെണ്ണുചോദിക്കാന്‍ വേണ്ടി പോയിട്ടുണ്ട്‌.. "

"അത്‌ ചെറുപ്പത്തിലേ കാരണവന്‍മാര്‍ ഫിക്സ്‌ ചെയ്തതല്ലാരുന്നോ. "

"എന്നാലും ഒരു ഫോര്‍മാലിറ്റിക്ക്‌ വേണ്ടി പോയി.. നമ്മടെ കാലിബര്‍ കാണിക്കേണ്ടിടത്ത്‌ കാണിക്കണം. അതാണ്‌ ജീവിത വിജയത്തിന്‍റെ ഒന്നാം പാഠം" അമ്മാവന്‍ ബെല്‍റ്റ്‌ വയറിനു മുകളില്‍ കറക്കിയുറപ്പിച്ചു.

"അമ്മാന്‍ വുഡ്‌ബീ ഭാര്യയുടെ വീട്ടിലെ വേലിയില്‍ എന്നും കാലിബര്‍ കാണിച്ചിരുന്നു എന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്‌. വാസിറ്റ്‌ സൊ.. ?"

"എളക്കാതെടാ എരപ്പാളി.." ലിഫ്റ്റിന്‍റെ പാളി തുറന്നു.

എച്ച്‌. ആറ്‍ മാനേജറുടെ കാബിനില്‍ പ്യൂണ്‍ കൊണ്ടെത്തിച്ചതും ഞാനൊന്നു ഞെട്ടി.

രാവണനെപ്പോലെയിരിക്കുന്നു പ്രവീണിന്‍റെ വുഡ്‌ബീ..

പ്രവീണിന്‍റെ കൈ തീപ്പെട്ടിക്കോലുപോലെ ഉടയുന്ന ശബ്ദം ഞാന്‍ മനസില്‍ കേട്ടു. അതോ അത്‌ ഭാസിയമ്മാവന്‍റെ എല്ലാണോ..

"യെസ്‌....." പാറപ്പുറ വോയ്സ്‌. ഭാസിയമ്മാവന്‍ രാവണനെ നോക്കി ഒന്നു ചിരിച്ചു. ഞാന്‍ ചിരിക്കാനും മറന്നു.

"ബൈഠോ............ " അറിയാതെ ഞാനിരുന്നുപോയി.

"ടെല്‍ മീ ജന്‍റില്‍മെന്‍.. ക്യാ ബാത്‌ ഹേ... " ഹോ രക്ഷപെട്ടു. ടൈ കണ്ടതുകൊണ്ടാവും രാവണന്‍ അല്‍പം ജന്‍റില്‍ ആയി.

"കുച്ച്‌ പേഴ്‌സണല്‍ കാര്യം പേശാനുണ്ട്‌.. "

ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഭാസിജിയുടെ മുഖത്തേക്കൊന്നു നോക്കി.

ആ മുഖത്തും കരയുന്നോ പുഴ ചിരിക്കുന്നോ ഭാവം.

അയ്യപ്പാ.. ഇനി എന്തായിരിക്കും അമ്മാവന്‍റെ നെഗോസിയേഷന്‍ ടാസ്ക്‌. കുറച്ചു മാനേജ്‌മെന്‍റു മന്ത്ര പഠിക്കാന്‍ എനിക്കും വെമ്പലായി.

"ബോലിയേ...." രാവണന്‍ മീശ തുടച്ചു.

ഭാസിയമ്മാവന്‍ നോട്ടം രാവണന്‍റെ രണ്ടുപുരികങ്ങളും കൂട്ടിച്ചേരുന്ന ഭാഗത്തേക്ക്‌ പായിച്ചു.

ഒരാളെ സംസാരിച്ചു വീഴ്ത്താന്‍ നോട്ടം ആ ജോയിന്‍റില്‍ ആദ്യം വക്കണം എന്ന മാനേജ്‌മെന്‍റു പാഠം അമ്മാവന്‍ മുമ്പ്‌ പറഞ്ഞുതന്നിട്ടുള്ളതു ഞാന്‍ ഓര്‍ത്തു.

"വാട്ടീസ്‌ യുവര്‍ ഒപീനിയന്‍ എബൌട്ട്‌ കേരളൈറ്റ്‌സ്‌ "

കൊള്ളാം ആദ്യ ചോദ്യം എത്ര ബുദ്ധിപരം. 'മലയാളികളെക്കുറിച്ചുള്ള അഭിപ്രായം എന്ത്‌' അമ്മാവന്‍ ആളു കൊള്ളമല്ലോ

"ബ്ളഡി ബഹന്‍ ചൂ****" മൈല്‍ഡായി ഒരു അലര്‍ച്ച കേട്ട്‌ അമ്മാവന്‍റെ മുഖം കമ്പിക്ക്‌ ഓറ്‍ഡറിനു ചെന്നവന്‍ കമ്പിപ്പാരയ്ക്ക്‌ അടികിട്ടിയമാതിരി ചള്ളുന്നത്‌ ഞാന്‍ കണ്ടു.

'കൊള്ളാം... മരുമോന്‍റെ ദേശത്തെപറ്റി നല്ല അഭിപ്രായം രാവണ്‍ജിയ്ക്ക്‌'

"ഓ യൂ ആര്‍ മിസ്റ്റേക്കര്‍. ദേ ആര്‍ നൈസ്‌.. " അടുത്ത തെറി കേട്ടേ അടങ്ങൂ അമ്മാവന്‍

"തേഡ്‌ ക്ളാസ്‌ പ്യൂപ്പിള്‍. ആറുമാസം മുമ്പ്‌ ഇവിടൊന്നൊരു മദ്രാസി, 'അമ്മായിയമ്മ മരിച്ചു' എന്നു പറഞ്ഞു മുപ്പതിനായിരം രൂപ ലോണെടുത്തു മുങ്ങിയതാ. പിന്നെ അന്വേഷിച്ചപ്പൊഴാ അറിയുന്നെ ആ പഹയന്‍ കെട്ടിയിട്ടേ ഇല്ലേന്ന്.. ഇതേ ടൈപ്പ്‌ ആള്‍ക്കാരല്ലേ ഈ കേരളൈറ്റ്‌സ്‌. "

"അതുപിന്നെ. സാബ്‌. പതിനായിരത്തില്‍ ഒരു ചീളു കാണും. അതെല്ലാടത്തും ഉണ്ടല്ലോ. കഷ്ടകാലത്തിനു ആ ചീളു തന്നെ സാബിന്‍റെ കമ്പനിയില്‍ വന്നു, കളിപ്പിച്ചു... എന്നുകരുതി എല്ലാവരേയും... "


"ഉം ഉം..... എനിവേ ഇപ്പോ അതു പൂച്ചാന്‍ എന്താ കാര്യം? "

പിന്നെ ശാന്താമായ അന്തരീക്ഷത്തിലേക്ക്‌ സിറ്റുവേഷനെ അമ്മാവന്‍ കൊണ്ടു വന്നത്‌ സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. വി.കെ.കൃഷ്ണമേനോനും, ടി.എന്‍.ശേഷനും ഒക്കെ പ്രവീണിനെ തുണയ്ക്കാന്‍ വന്നു. ഒടുവില്‍ മെയിന്‍ പോയിണ്റ്റ്‌ അമ്മാവന്‍ എടുത്തിട്ടു.

"നല്ല പയ്യന്‍. ഭാവിയിലെ സി.എ. മിടുക്കന്‍. അവര്‍ക്ക്‌ തമ്മില്‍ ഇഷ്ടവുമാണ്‌. വൈ കാണ്ട്‌ വീ പ്രൊസീഡ്‌.. "

"ഷട്ടപ്പ്‌ യൂ ബ്ളഡീ.....!!!!!!!!!!"

അമ്മാവന്‍റെ ടൈയുടെ താഴെ ഒരു കൈ മുറുകുന്നതു അടയുന്ന കണ്ണിലൂടെ ഞാനൊന്നു മിന്നി കണ്ടു.

"വെയറീസ്‌ ദാറ്റ്‌ സ്റ്റുപ്പിഡ്‌.. ഇപ്പോ ഞാനവനെ കൊല്ലും.."

അമ്മാവന്‍റെ കഴുത്തിനു പിടിച്ച്‌ രാവണന്‍ വെളിയിലേക്ക്‌ ചാടി.

'ഞാന്‍ പറയുന്നതൊന്നു കേളപ്പീ" എന്നോ മറ്റോ പറയണമെന്നുണ്ടായിരുന്നു അമ്മാവന്‌. പക്ഷേ പിടി അയേണ്ടെ..

"സര്‍ സര്‍ നമുക്കിത്‌ ആരാംസേ....." അമ്മാവനെ ഇതിലേക്ക്‌ വലിച്ചു കൊണ്ടുവന്നിട്ടു ഒറ്റയ്ക്ക്‌ കൊരവള്ളിയ്ക്ക്‌ പിടികൊടുക്കുന്നത്‌ മോറലി ശരിയല്ലല്ലോ എന്ന് കരുതി ഞാന്‍ മനപ്പൂര്‍വം ഇത്‌ പറഞ്ഞ്‌ രാവണന്‍റെ മറ്റേ കൈയിലെ പിടി എന്‍റെ കോളറിനു വാങ്ങിച്ചു.

ലിഫ്റ്റില്‍ കയറി സുഖിക്കണ്ടാടാ എന്ന പോളിസിയില്‍ പടിവഴി പിടിയോടെ രാവണന്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം താഴെയെത്തിച്ചു.

അമ്മായിയപ്പന്‍റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്ഷന്‍ ദൂരെ നിന്നു കണ്ട പ്രവീണ്‍ അടുത്തുള്ള ഫോട്ടോക്കോപ്പി ഷോപ്പിലേക്ക്‌ കറണ്ടടിച്ചവനെപ്പോലെ സ്കൂട്ടാവുന്നത്‌ ഞാന്‍ കണ്ടു. ഭാസിയമ്മവന്‌ അതും കാണാന്‍ പറ്റിയില്ല.. കഴുത്തു തിരിക്കാന്‍ ബുദ്ധിമുട്ട്‌.

രാവണന്‍റെ കൈയില്‍ നിന്നും രക്ഷപെട്ട്‌, ഡാബയിലിരുന്ന് ഗുസ്തിക്കാര്‍ ഇടവേളയില്‍ വെള്ളം കുടിക്കുന്ന ആവേശത്തോടെ പെപ്സി കുടിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

"പ്രവീണേ.. നിനക്ക്‌ പറ്റിയ അമ്മായിയപ്പന്‍. ട്രാഷ്‌ ദ ചാപ്റ്റര്‍.. കഴിഞ്ഞതൊക്കെ മറക്ക്‌. അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ നിന്നെ മറക്കേണ്ടി വരും"

"എന്തുമറന്നാലും ആ പിടി ഞാന്‍ മറക്കില്ല" ശിവാംഗി സ്പെഷ്യല്‍ പിടിയോര്‍ത്ത്‌, ടൈയ്ക്കു മുകളില്‍ കൈ തടവി ഭാസിയമ്മാവന്‍ .

"നോ.. ഞാന്‍ പിന്‍മാറില്ല. അറ്റ്‌ എനി കോസ്റ്റ്‌ ഞാന്‍ അവളെ കെട്ടിയിരിക്കും"

"കെട്ടണം... ഇതെന്‍റേയും ഒരു വാശിയാ. എന്‍റെ നേരെ അച്ഛന്‍ പോലും ഇതുവരെ കൈയുയര്‍ത്തീട്ടില്ല.. പ്രവീണേ നീ അവളെ തന്നെ കെട്ടണം. കോര്‍ട്ട്‌ മാര്യേജിനു റെഡിയാണൊ.. എല്ലാം ഞാന്‍ അറേഞ്ചു ചെയ്തോളാം. "

"നെഗോസിയേഷന്‍ അറേഞ്ചു ചെയ്തപോലെ ആവല്ലേ അമ്മാവാ..." ഞാന്‍ പെപ്സി ബോട്ടില്‍ കാലിയാക്കി.

"നീ മിണ്ടരുത്‌.......... നാളെത്തന്നെ നമുക്ക്‌ ചെയ്യാം. ശുഭസ്യ ശീഘ്രം........." വെയിറ്റര്‍ക്കുള്ള ടിപ്പ്‌ ഭാസിയമ്മാവന്‍റെ കൈയില്‍നിന്ന് തട്ടത്തിലേക്ക്‌ വീണു.



ഡല്‍ഹിയില്‍ തണുപ്പും ചൂടും പലതു മാറിവന്നു.

പ്രവീണും ശിവാംഗിയും ഭോപ്പാലിലേക്ക്‌ കൂടുമാറിയതും, ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ടെലിഫോണ്‍ ബന്ധം ഇടയില്‍ മുറിഞ്ഞുപോയതും ഓര്‍മ്മകളില്‍ പൂക്കാത്ത സുഹൃദ്‌ ബന്ധമായി ഞങ്ങളുടെ സൌഹൃദം മാഞ്ഞുപോയതും കാലത്തിന്‍റെ കളികള്‍ ആയിരുന്നിരിക്കാം. മറ്റുള്ളവര്‍ക്കായി കൊടുക്കാന്‍ മനസില്‍ ഒട്ടും സ്ഥലം ബാക്കിയില്ലാതാവുന്ന നഗരത്തിരക്കിന്‍റെ അന്ധവേഗങ്ങളുടെ ഇന്ദ്രജാലം ആവാം.

എത്ര ഓണങ്ങള്‍, വിഷുകള്‍, ഹോളികള്‍, ദീപാവലികള്‍ പ്രവീണിനെ അറിയാതെ എന്നിലൂടെ കടന്നുപോയി.

തണുപ്പുകാലം ചൂടിനെ പുണരുന്ന, വസന്തം പടികയറിവരുന്ന ഈ മാര്‍ച്ചില്‍, അപ്രതീക്ഷമായി ഒരു ഫോണ്‍ എന്നെ തേടി..

"കഴുവേറി..... ഓര്‍മ്മയുണ്ടോ... ഞാന്‍ പ്രവീണ്‍.... "

ശിവാംഗിയുടെ മുട്ടുവരെ അടുക്കിയിട്ട കുപ്പിവളകള്‍ ഓര്‍മ്മകളില്‍ നിറഞ്ഞു.

പ്രവീണിന്‍റെ പ്രണയം നിറഞ്ഞ കണ്ണുകള്‍ മനസില്‍ മുട്ടി...

ഭയത്തോടെയാണു ചോദിച്ചത്‌. "നീ.. നീ.. ഇപ്പോള്‍ എവിടെ.. എങ്ങനെ... "


"സുഖമായി എന്നു മാത്രം പറയാന്‍ പറ്റില്ല ഒരുപാട്‌ സന്തോഷമായി കുടുംബവുമായി കഴിയുന്നു.. "

കൃഷ്ണാ.... ആശ്വാസം നിറഞ്ഞ നെടുവീര്‍പ്പോടെ ഞാന്‍ കഥ കേട്ടു.

രണ്ടു സി.എ കള്‍, മിടുക്കി മകള്‍.. ഡല്‍ഹിയില്‍ ഒരുമാസത്തേക്ക്‌ എത്തിയിരിക്കുന്നു.

പ്രവീണിനെ എന്നെ ഒന്നുകൂടി കാണണം..

എനിക്ക്‌ അവനേയും

പവിഴമല്ലി പൂക്കള്‍ മണം പൊഴിക്കുന്ന ഡല്‍ഹിയിലെ റോഡിലൂടെ എന്‍റെ ബൈക്ക്‌ പാഞ്ഞു.

സമ്മാനമായി കൊടുക്കാന്‍ വാങ്ങിയ , മാര്‍ബിളില്‍ തീര്‍ത്ത താജ്‌മഹലിന്‍റെ മിനിയേച്ചര്‍ ഹാന്‍ഡ്‌ലില്‍ തൂങ്ങിയാടുന്നു.

ഡല്‍ഹിക്കു പതിവിലും മണം തോന്നി.

ശിവാംഗിയുടെ ഏതോ ബന്ധുവീടിന്‍റെ ഒന്നാം നിലയിലെ കോളിംഗ്‌ ബെല്ലില്‍ എന്‍റെ വിരലുകള്‍ അമര്‍ന്നു.

തുറന്ന വാതിലിലൂടെ ആദ്യം ചന്ദനത്തിരിയുടെ സുഗന്ധവും പുറകെ ഒരു സുന്ദരമുഖവും എത്തി.

സന്ധ്യയില്‍ വിരിഞ്ഞ മറ്റൊരു സന്ധ്യ.

പുളിയിലക്കര സെറ്റുസാരിയില്‍ ഒരു ചന്ദനമുഖം.

ശിവാംഗി..

ഞാന്‍ പുഞ്ചിരിച്ചു.

"ഹായ്‌ ഭൈയാ... സുഗം ആനോ.... " പിച്ചവക്കുന്ന മലയാളം കേട്ട്‌ ഒരു കോരിത്തരിപ്പോടെ ഞാന്‍ പുഞ്ചിരിച്ചു.

"നീ എന്താടാ എന്‍റെ പെണ്ണിനെ കണ്ണിടുവാ...."

പ്രവീണിന്‍റെ പൊട്ടിച്ചിരിയില്‍ ഓഡിറ്റ്‌ ചെയ്യേണ്ടാത്ത പഴയ സ്നേഹം..


"ഐ ആം റിയലി ഹാപ്പി മാന്‍...." കവിളില്‍ സ്നേഹത്തോടെ ഒന്നു തല്ലി ഞാന്‍ ടാജ്‌മഹല്‍ അവനെ ഏല്‍പ്പിച്ചു.

വിജയിച്ച പ്രണയത്തിന്‍റെ ജീവിതത്തിന്‍റെ മുന്നില്‍ ഞാന്‍ പൂവുപോലെ മൃദുലമായി..

"നിനക്കെന്‍റെ മോളേ കാണേണ്ടേ... "

ഒരു പിച്ചകമൊട്ട്‌ എന്‍റെ മുന്നിലേക്ക്‌ വന്നു.

"ഇതാ ഞങ്ങടെ മുത്ത്‌. ചിഞ്ചു.... "

"മോള്‍ക്ക്‌ മലയാളം അറിയാമോ.." എന്‍റെ മടിയില്‍ ഇരിക്കുമ്പോള്‍ അവള്‍ തലയാട്ടി.

"എന്നാ അങ്കിളിനെ ഒരു മലയാളം പാട്ടു കേള്‍പ്പിക്ക്‌..ഇപ്പോ.. എങ്കില്‍ മിടുക്കിയാണെന്നു പറയാം"


മനോഹരമായ ഈണത്തില്‍ മെല്ലെ അവള്‍ ചൊല്ലുന്നു.


"ഓലക്കാലിയിലൊന്നുണ്ടെങ്കില്‍
ചേലില്‍ തീര്‍ക്കാം കാറ്റാടി
കാറ്റുണ്ടെങ്കില്‍ ഈര്‍ക്കിലിയിന്‍മേല്‍
കറങ്ങിടുന്നൊരു കാറ്റാടി
കാറ്റില്ലെങ്കില്‍ ഈര്‍ക്കിലിയിന്‍മേല്
‍ഉറങ്ങിടുന്നൊരു കാറ്റാടി.. "

ഞാന്‍ ശിവാംഗിയെ നോക്കി. മകള്‍ക്കൊപ്പം ചുണ്ട്‌ നിശ്ശബ്ദമായി ചലിപ്പിക്കുന്നു അമ്മയും.


തുഞ്ചന്‍ പറമ്പില്‍ നിന്നൊരു കാറ്റ്‌ മദ്ധ്യഭാരത്തിലേക്ക്‌ വീശുന്നത്‌ ഞാന്‍ അറിഞ്ഞു.

കുട്ടിയുടെ നെറ്റിയിലെ ഇളം വിയര്‍പ്പിലേക്ക്‌ ഞാന്‍ ചുണ്ടു തൊട്ടു.

ഇത്‌ ഏത്‌ ദേശത്തിന്‍റെ മണമാണ്‌?. ഏത്‌ മണ്ണിന്‍റെ ഉപ്പാണ്‌.......


ഉള്ളിലെ സ്നേഹശിലകള്‍ക്കിടയിലൂടെ ഉറവപൊടിഞ്ഞു രണ്ടുതുള്ളി കണ്ണുനീര്‍ എന്‍റെ മിഴിയില്‍ തടഞ്ഞത്‌ ഞാനറിഞ്ഞു.

പ്രവീണിന്‍റെ കൈ പിടിച്ച്‌ ഞാന്‍ വെളിയില്‍ വന്നു.

ആകാശത്ത്‌ നക്ഷത്രത്തിന്‍റെ നക്ഷക്ഷതങ്ങള്‍...

ഒരു കുടക്കീഴില്‍ ഒരു ലോകം..


"പറയെടാ.... എന്താ ഈ സ്നേഹത്തിന്‍റെ രഹസ്യം. എന്താ ഇതിന്‍റെ കെമിസ്റ്റ്രി.. "


"സിമ്പിള്‍.. പരസ്പരം ജീവിക്കുക. സ്നേഹത്തിന്‍റെ മുത്തുകള്‍ പരസ്പരം പൊഴിച്ചുകൊണ്ടേ ഇരിക്കുക. ഇത്രേയുള്ളൂ.. അതില്‍ മതിലുകള്‍ക്കോ, ദേശത്തിനോ എന്തിനു ദൈവങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താ നിനക്ക്‌ വിശ്വാസം വരുന്നില്ല?"


ഞാന്‍ മൌനിയായി

"നമ്മുടെയെല്ലാം കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം ദൈവം തന്നിട്ടുണ്ട്‌. പക്ഷേ കൊടുക്കേണ്ടവര്‍ക്ക്‌ കൊടുക്കാന്‍ നമുക്കാവുന്നില്ല. അതിനു പറ്റാത്തതിനുള്ള ന്യായീകരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടുപിടിക്കും. എന്‍ഡ്‌ റിസള്‍ട്ടോ.. ആര്‍ക്കും കൊടുക്കാനാവാതെ സ്നേഹം വേസ്റ്റായി പോകും. അപ്പോ അത്‌ അടുത്തുള്ളവര്‍ക്ക്‌ കൊടുത്താല്‍ പോരേ.. പ്രശ്നം തീര്‍ന്നില്ലേ.. "


"നീ.. എടാ നീ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ എന്നാടാ പഠിച്ചെ.... "


"കുറച്ച്‌ ഞാന്‍ സ്വയം പഠിച്ചു. ബാക്കി അവള്‍ പഠിപ്പിച്ചു..... മ്യൂച്ച്വല്‍ അഫക്ഷന്‍.. ദാറ്റ്‌സ്‌ ദ മന്ത്രാ... "


ഞാന്‍ പ്രവീണിനെ കെട്ടിപ്പിടിച്ചു

"ഛേ.. നിനക്ക്‌ ആ ടാജ്‌മഹള്‍ ചേരില്ല.. ഈ ഷാജഹാനും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാരുന്നല്ലോ. യൂ ഡിസേര്‍വ്‌ സംതിംഗ്‌ എല്‍സ്‌ മച്ചാ.. പക്ഷേ എന്ത്‌... ഇപ്പോ ആലോചിച്ചിട്ടു പിടികിട്ടുന്നില്ല.. അടുത്ത തവണയാവട്ടെ.... "


"ഒന്നും വേണ്ടെടാ.... വല്ലപ്പോഴും ഓര്‍ത്താല്‍ മതി... "

"പോകും മുമ്പ്‌ ഒരു ചോദ്യം.. ലാസ്റ്റ്‌ ക്വസ്റ്റിയന്‍. അടുത്ത ജന്‍മത്തിലും നിനക്ക്‌ ഈ പങ്കാളി തന്നെ മതിയോ.. പണ്ട്‌ മയൂറ്‍ വിഹാറിലെ പള്ളിയില്‍ ഒരച്ചന്‍ ചോദിച്ചതാ ഇത്‌. യെസ്‌ എന്ന് പറയുന്നവന്‍ ബൈബിളില്‍ തൊട്ട്‌ കൈപൊക്കാന്‍. ഒടുവില്‍ ആരെങ്കിലും പൊക്കണമെല്ലൊ എന്നോര്‍ത്ത്‌ ബാച്ചിലര്‍ ആയ അച്ചന്‍ തന്നെ പൊക്കേണ്ടി വന്നു.. എന്താവും നിന്‍റെ ആന്‍സര്‍.. "


"അടുത്ത ജന്‍മത്തില്‍ മാത്രമല്ല..ഇനി എത്ര ജന്‍മം ഉണ്ടെങ്കില്‍ ഇവള്‍ തന്നെ മതി.... ആര്‍ക്കും കൊടുക്കില്ല ഇവളെ.. "


"കേറെടാ.................. "


"എങ്ങോട്ട്‌.. "


"ബൈക്കിലോട്ട്‌ കേറ്‌. രണ്ടു പെഗ്ഗടിക്കാതെ ഈ സന്തോഷം ഇന്നു തീരില്ല.. ഇമോഷണലി ചാര്‍ജ്ജ്‌ഡ്‌ ആയി ഞാന്‍ ഇനി പിടിച്ചാല്‍ നില്‍ക്കില്ല..കമോണ്‍.................. "


കിക്കില്‍ കാലമര്‍ന്നു..


"എടാ പതുക്കെ ഓടിക്ക്‌.. "


"കെടക്കെട്ടെടാ..ലെറ്റ്‌സ്‌ സെലിബ്രേറ്റ്‌ അറ്റ്‌ സെവന്‍റി കെ.എം പെര്‍ അവര്‍....

മധുമാരി പൊഴിയുന്ന മാധവമേ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍...
പൂമഞ്ഞു കൊഴിയുന്ന പുലര്‍കാലമേ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍ നിന്നെ
ജീവിതമെന്നു വിളിക്കുന്നു ഞാന്‍...

ലാ ലല്ല ലാലല്ല ലാ ലല്ല....ലല്ല ലാ ലലല്ല ലാ ലല്ല ലാലല്ലാ.......... "


നക്ഷത്രങ്ങള്‍ക്കിടയിലൂടെ, പവിഴമല്ലി ഗന്ധത്തിലൂടെ, വസന്തത്തിലൂടെ ബൈക്ക്‌ പാഞ്ഞു.

73 comments:

G.MANU said...

നമ്മുടെയെല്ലാം കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം ദൈവം തന്നിട്ടുണ്ട്‌. പക്ഷേ കൊടുക്കേണ്ടവര്‍ക്ക്‌ കൊടുക്കാന്‍ നമുക്കാവുന്നില്ല. അതിനു പറ്റാത്തതിനുള്ള ന്യായീകരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടുപിടിക്കും. എന്‍ഡ്‌ റിസള്‍ട്ടോ.. ആര്‍ക്കും കൊടുക്കാനാവാതെ സ്നേഹം വേസ്റ്റായി പോകും. അപ്പോ അത്‌ അടുത്തുള്ളവര്‍ക്ക്‌ കൊടുത്താല്‍ പോരേ.. പ്രശ്നം തീര്‍ന്നില്ലേ.. "


ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്.. ഇടവേളയില്‍ നിന്നൊരു ഇടവേള.....

[ nardnahc hsemus ] said...

ഹൂ..? " വായു വായില്‍ നിറച്ച്‌ കവിളുവീര്‍പ്പിച്ച്‌ ഞാന്‍ ഒന്നു ചോദിച്ചോട്ടെ, ബ്രേക്കെടുക്കുന്നെന്നോ, വിട്ടുനില്‍ക്കുന്നെന്നോ, പി എച്ച് പി എന്നോ ഒക്കെ ഒരു മാസം മുന്‍പ് കേട്ട പോലെ എനിക്കു തോന്നിയത് സ്വപ്നമായിരുന്നോ അച്ചായാ?? ഹൂ..?
എന്തോ എന്തരോ.. ബ്ലോഗിംഗ് അഡിക്റ്റാണല്ലേ? ഹഹ

(പോസ്റ്റിനുള്ള കമന്റ് വായിച്ചിട്ട്..ട്ടോ)

:)

പ്രിയ said...

"സിമ്പിള്‍.. പരസ്പരം ജീവിക്കുക. സ്നേഹത്തിന്‍റെ മുത്തുകള്‍ പരസ്പരം പൊഴിച്ചുകൊണ്ടേ ഇരിക്കുക. ഇത്രേയുള്ളൂ.. അതില്‍ മതിലുകള്‍ക്കോ, ദേശത്തിനോ എന്തിനു ദൈവങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താ നിനക്ക്‌ വിശ്വാസം വരുന്നില്ല?"

:)വിശ്വാസം വന്നാലും ഇല്ലേലും എനിക്കിതോന്നു ക്യോട്ടാതെ വയ്യ.

Sharu (Ansha Muneer) said...

നര്‍മ്മവും പ്രണയവും സൌഹൃദവും ഒക്കെ പാകത്തിനു ചേര്‍ത്ത് കുറുക്കി എടുത്തത് പോലെ... നല്ല്ല പോസ്റ്റ്. എന്തായാലും ഇടവേള കഴിഞ്ഞ് പോസ്റ്റിയത് അതാണോ..അതോ ഇടവേളയ്ക്കു ഒരു ഇടവേള കൊടുത്തതാണോ?? എന്തായാലും നന്നായി

[ nardnahc hsemus ] said...

ഉം.. അതേ ഫ്ലോ.. അതേ എഴുത്ത്..
തുടക്കത്തിലുള്ള ഭാര്യാഭര്‍തൃസംഭാഷണം മനോഹരം...
:)

ആ കൊച്ചിന്റെ പാട്ട്, അച്ചായന്റെ സ്ഥിരം സ്റ്റൈലില്‍ അല്ലായിരുന്നെങ്കിലെന്ന് ആശിച്ചു... പിന്നെ, കൂട്ടുകാരന്റെ ജീവിതവിജയവും സ്നേഹവും മന്‍സ്സില്‍നിറച്ച് ലാലാ ലലം പാടി ആ ബൈക്ക്, സ്വന്തം ഭാര്യയുടെ ‘ആവലാതികളിലേയ്ക്ക്’ കൂടുതല്‍ സ്നേഹവാത്സല്യം നിറച്ച ഒരൂത്തപ്പവുമായി പറന്നെങ്കില്‍ ഇച്ചിരികൂടെ കഥയുടെ തലയും കടയും മാച്ച് ചെയ്യുമെന്ന് തോന്നി...

:)

എന്നിട്ടും അച്ചായാ, ഇതെവിടുന്നാ ഇത്രേം സമയം?? :)

Anonymous said...

ഇത്‌ ഏത്‌ ദേശത്തിന്‍റെ മണമാണ്‌?. ഏത്‌ മണ്ണിന്‍റെ ഉപ്പാണ്‌.......

ഗുരൂ..!! സമ്മതിച്ചിരിക്കുന്നു. നിങ്ങള് തന്നെ ഗുരു.

ശ്രീ said...

മനുവേട്ടാ...
റിയലി സൂപ്പര്‍ബ്.
(ഇങ്ങനെ ഞാനി പറയാന്‍ കാരണം ഒരു പക്ഷേ മനുവേട്ടന്‍ ഓര്‍ക്കുന്നുണ്ടാവണം. ഇതേ പോലെ തന്നെ ഒരു പ്രശ്നവുമായി എന്റെ ഒരു സുഹൃത്ത് ഡല്‍ഹിയില്‍ കറങ്ങുന്നുണ്ട് എന്ന് ഒരിയ്ക്കല്‍ ഞാന്‍ പറഞ്ഞതോര്‍ക്കുന്നോ? ആ കഥയ്ക്കും ഇതു പോലെ ശുഭകരമായ ഒരു ക്ലൈമാക്സ് ഉണ്ടായാല്‍ മതിയായിരുന്നു എന്നോര്‍ത്തു പോയി)
“തുഞ്ചന്‍ പറമ്പില്‍ നിന്നൊരു കാറ്റ്‌ മദ്ധ്യഭാരത്തിലേക്ക്‌ വീശുന്നത്‌ ഞാന്‍ അറിഞ്ഞു.
കുട്ടിയുടെ നെറ്റിയിലെ ഇളം വിയര്‍പ്പിലേക്ക്‌ ഞാന്‍ ചുണ്ടു തൊട്ടു.
ഇത്‌ ഏത്‌ ദേശത്തിന്‍റെ മണമാണ്‌?. ഏത്‌ മണ്ണിന്‍റെ ഉപ്പാണ്‌...
ഉള്ളിലെ സ്നേഹശിലകള്‍ക്കിടയിലൂടെ ഉറവപൊടിഞ്ഞു രണ്ടുതുള്ളി കണ്ണുനീര്‍ എന്‍റെ മിഴിയില്‍ തടഞ്ഞത്‌ ഞാനറിഞ്ഞു.”


ഈ പോസ്റ്റ് അവനയച്ചു കൊടുക്കട്ടെ. ഇനിയും സമയം പോലെ ഓരോ ഇടവേള പോസ്റ്റുകള്‍ ആകാം ട്ടോ. :)

തമനു said...

മയൂര വിഹാരിലെ അച്ചന്‍ ചോദിച്ച ചോദ്യം രണ്ട് വര്‍ഷം മുന്‍പ് ഞങ്ങടെ പള്ളിയിലെ അച്ചനും ചോദിച്ചിരുന്നു. ഞാന്‍ മാത്രമാണ് കൈ ഉയര്‍ത്തിയത്..

(അവടെ അപ്പന്‍ തരാമെന്ന് പറഞ്ഞ സ്ത്രീധന ബാക്കി ഈ ജന്മത്തില്‍ കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല, അത് അടുത്ത ജന്മത്തിലെങ്കിലും പിടിച്ച് വാങ്ങിക്കണം എന്നു വിചാരിച്ചാ ഞാന്‍ കൈ പൊക്കിയതെന്ന് കുറേ അസൂയക്കാര് പറഞ്ഞ് പരത്തി അന്നു തന്നെ..)

:)

പോസ്റ്റ് നന്നായി.

Anonymous said...

മനുവേട്ടാ

പോസ്റ്റുകളില്‍ ഇത്രയേറെ വിഷ്വല്‍ ഇഫക്ട് നിറയ്ക്കുന്ന വേറെ ആരും ഇല്ല എനു ഞാന്‍ പറയും.
ഓരോ സീനും മനസില്‍.. ശരിക്കും ചിരിചു. മനസ് കുളിര്‍ത്തു നന്ദി

വിപു

Vinu said...

മനു മാഷിന്റെ പോസ്റ്റുകള്‍ എല്ലാം വയിചിട്ടുന്ടെങ്ങിലും ഞാന്‍ id ഉണ്ടാക്കിയ ശേഷം ആദ്യത്തെ പോസ്റ്റ് ആണ് ഇതു..

പതിവു പോലെ തന്നെ വളരെ സുന്ദരമായി എഴുതിയിരിക്കുന്നു... പ്രിയതമയുമായുള്ള സംഭാഷണവും രസിപ്പിച്ചു.

പ്രിന്ട് എടുക്കും എന്ന് പ്രതെയ്കിച്ചു പറയണ്ടല്ലോ അല്ലെ.. :)

nandakumar said...

"പറയെടാ.... എന്താ ഈ സ്നേഹത്തിന്‍റെ രഹസ്യം. എന്താ ഇതിന്‍റെ കെമിസ്റ്റ്രി.. "

"സിമ്പിള്‍.. പരസ്പരം ജീവിക്കുക. സ്നേഹത്തിന്‍റെ മുത്തുകള്‍ പരസ്പരം പൊഴിച്ചുകൊണ്ടേ ഇരിക്കുക. ഇത്രേയുള്ളൂ.. അതില്‍ മതിലുകള്‍ക്കോ, ദേശത്തിനോ എന്തിനു ദൈവങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താ നിനക്ക്‌ വിശ്വാസം വരുന്നില്ല?"

ഒന്നും പറയാനില്ല മാഷെ, ഒരു വാക്കു പോലും. പ്രവീണിനും, ശിവാംഗിക്കും മാഷ് തീര്‍ത്ത അക്ഷരങ്ങളുടെ ഈ താജ് മഹലുണ്ടല്ലൊ..വെളുത്ത മാര്‍ബിളിനേക്കാ‍ളും പ്രകാശം പരത്തി നില്‍ക്കുന്നു. താന്‍ ഇപ്പോള്‍ ബാംഗ്ലൂരിലുണ്ടായിരുന്നെങ്കില്‍ ഞാനും വിളിച്ചേനെ രണ്ടു പെഗ്ഗടിക്കാന്‍. അത്രക്കും ആഹ്ലാദിപ്പിച്ചു ഈ പോസ്റ്റ്.

അല്ഫോന്‍സക്കുട്ടി said...

ഗുണപാഠം ഓഫ് ഇന്റ്ര്സ്റ്റേറ്റ് പാണീഗ്രഹണം പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

“ഒന്നോര്‍ത്താല്‍ പങ്കാളികള്‍ രണ്ടു ദേശക്കാരാവുന്നതാ ജീവിതത്തിനു നല്ലത്‌. എന്‍റെ ഭൈമിയുടെ ചില നേരത്തെ പെര്‍ഫോര്‍മന്‍സ്‌ കാണുമ്പോള്‍ അവള്‍ ആഫ്രിക്കക്കാരി ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഓര്‍ത്തുപോയിട്ടുണ്ട്‌, ചീത്തവിളിക്കുമ്പോള്‍ മനസിലാവില്ലല്ലോ.. അമ്മായിയമ്മപ്പോരിനും ഇത്‌ നല്ല ഗുണം ചെയ്യും. കഥകളിമുദ്രകാട്ടി എത്ര നേരം അടിയിടും.“

Sachin said...

ഉഷാറായിട്ടുണ്ട് ട്ടോ മാഷെ.. ചിരിപ്പിച്ചു.. :))

ജോബി|| Joby said...

മനോഹരമായിരിക്കുന്നു.........

വായിച്ചു തീര്‍ന്നപ്പോള്‍, കോമഡിയും പ്രണയവും അല്പം ആക്ഷനുമെല്ലാമായി ജീവിതത്തിന്റെ കഥ പറയുന്ന നല്ല ഒരു “ശ്രീനിവാസന്‍ സിനിമ” കണ്ട അനുഭവമായിരുന്നു...........

മാഷിന്റെ ഒരു സ്ഥിരം ആസ്വാദകന്‍

puTTuNNi said...

പെട്ടെന്ന് തന്നെ തിരിച്ചെത്തിയല്ലോ.. നന്നായി...
നല്ലവണ്ണം രസിച്ചു..
അപ്പൂപ്പന്റെ ചട്ടിയും അമ്മേടെ കലവും.... ഹാ.. ഹാ. ഹ..ഹാ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി, ഇത്തവണ സന്തോഷക്കണ്ണുനീരാ അല്ലേ..

Kaithamullu said...

“പ്രണയത്തിന്‍റെ റോഡില്‍ ഞാന്‍ കൈകാണിച്ച വണ്ടിയെല്ലാം ചെളിതെറിപ്പിച്ച്‌ പോയിട്ടേ ഉള്ളൂ.. കല്യാണ ജംഗ്ഷനില്‍ നിന്ന് കയറിയ ബസ്സാകട്ടെ ഡെയിലി പഞ്ചറും.“

-ആദ്യ വാചകം മുങ്കൂറ് ജാ‍മ്യന്‍,
രണ്ടാമത്തോന്‍ കുമ്പസാരന്‍.....
എന്താ?

d said...

ഇടവേളയിലെ ഈ പോസ്റ്റ് പതിവുപോലെ ഹൃദ്യം!
ഇത്തവണ സെന്റിയില്‍ അവസാനിപ്പിക്കാഞ്ഞതിനു ഒരു താങ്ക്സ്... :)

മുഹമ്മദ് ശിഹാബ് said...

മനോഹരമായിരിക്കുന്നു.........

vadavosky said...

വളരെ സന്തോഷമുണ്ടാക്കുന്ന പോസ്റ്റ്‌ മനു.
(ഓഫ്‌: തിരക്കു കഴിഞ്ഞ്‌ വിളിക്കാമെന്നു കരുതിയിരിക്കുന്നു)

കുഞ്ഞന്‍ said...

മനൂജി..

അതിമനോഹരം..വേറെയൊന്നും പറയാനില്ല മാഷെ.

ഇടവേളക്കൊരു ഇടവേള കൊടുത്തത് നന്നായി..!

പൈങ്ങോടന്‍ said...

നമ്മുടെയെല്ലാം കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം ദൈവം തന്നിട്ടുണ്ട്‌. പക്ഷേ കൊടുക്കേണ്ടവര്‍ക്ക്‌ കൊടുക്കാന്‍ നമുക്കാവുന്നില്ല. അതിനു പറ്റാത്തതിനുള്ള ന്യായീകരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടുപിടിക്കും. എന്‍ഡ്‌ റിസള്‍ട്ടോ.. ആര്‍ക്കും കൊടുക്കാനാവാതെ സ്നേഹം വേസ്റ്റായി പോകും


ഇപ്പറഞ്ഞത് സത്യം.വളരെ ഇഷ്ടമായി..

ദിലീപ് വിശ്വനാഥ് said...

കലക്കി മാഷെ. തിരിച്ചു വരവാണോ ഇതു? അതോ ഇടയ്ക്ക് ജീവിതത്തിന്റെ സിസ്റ്റം അപ്ഗ്രഡേഷനില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ വന്നതാണോ? എന്തായാലും പഴയ സൌഹൃദങ്ങളൊക്കെ ഇങ്ങനെ മനസ്സിനും കണ്ണിനും മുന്നില്‍ മിന്നി മറയുമ്പോള്‍ അറിയാതെ ചുണ്ടില്‍ ഒരു ചിരിയും കണ്ണില്‍ ഒരു കണവും വരും. ഗിഡിലന്‍ പോസ്റ്റ്.

Babu Kalyanam said...

""എടാ.. 'എനിക്ക്‌ എയിഡ്‌സ്‌ ആണ്‌ ആര്യപുത്രാ' എന്ന് ശകുന്തള പറഞ്ഞാല്‍ പ്രാണനും കൊണ്ടോടാത്ത ഒരു ദുഷ്യന്തനും ഇല്ല ഈ ലോകത്ത്‌. "

:-)

"പരസ്പരം ജീവിക്കുക"?????
എന്നു വച്ചാല്‍ എന്താ?

ഇഷ്ടായി. പക്ഷെ, മറ്റു പോസ്റ്റുകളുടെ അത്ര touching ആയി തോന്നിയില്ല. :-(

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രണയത്തിന്‍റെ റോഡില്‍ ഞാന്‍ കൈകാണിച്ച വണ്ടിയെല്ലാം ചെളിതെറിപ്പിച്ച്‌ പോയിട്ടേ ഉള്ളൂ.. കല്യാണ ജംഗ്ഷനില്‍ നിന്ന് കയറിയ ബസ്സാകട്ടെ ഡെയിലി പഞ്ചറും.
സ്റ്റെപ്പിനി വെച്ചിട്ടുണ്ടോ? (ഉണ്ടെങ്കില്‍ പത്തനംതിട്ടക്കൊരു എസ്‌ എം എസ്‌ വിടുന്നുണ്ട്‌) മലയാളിയെക്കുറിച്ചുള്ള രാവണ്‍റെ ഇമ്പ്രഷനും എക്സ്പ്രഷനും വായിച്ച്‌ ചിരിച്ച്‌ ചുമയിളകിയപ്പോള്‍ വൈഫിന്‍റെ കമണ്റ്റ്‌ "വല്ല വിവരം കെട്ടവനും എഴുതിയ വളിപ്പ്‌ വായിച്ച്‌ ഇങ്ങിനെ ഇളിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?" ആ ചപ്പത്തി റോളര്‍ സ്റ്റാന്‍ഡില്‍ കേറ്റട്ടെ, അവളെകൊണ്ടുംവായിപ്പിക്കുന്നുണ്ട്‌ ഇത്‌. ചിരിക്കുമോന്നു നോക്കണമല്ലോ. എണ്റ്റെ അഭിപ്രായം - അടിപൊളി ഏെറ്റം.

ലേഖാവിജയ് said...

വെറുതേ ഇടവേള എന്നൊക്കെ പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ചിട്ട്...
പഴയ പോസ്റ്റിനേക്കാള്‍ ഗംഭീരം.ഒരുപാട് ചിരിച്ചു.പിന്നെ ഛഠീസ്ഗഡ് അല്ല ഛത്തീസ് ഗഡ് ആണ് കേട്ടോ.ഇനിയും എഴുതൂ ഇടവേളകളില്ലാതെ..

ബാജി ഓടംവേലി said...

മനോഹരമായിരിക്കുന്നു.........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്നേഹത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ കലക്കി

പൊറാടത്ത് said...

കലക്കി മാഷേ...ചിരിപ്പിച്ച് ചിരിപ്പിച്ച് കണ്ണീര് വരുത്തുന്ന ഈ വിദ്യ താങ്കള്‍ക്ക് മാത്റം സ്വന്തം...

അനില്‍ശ്രീ... said...

മനു, ഇഷ്ടമായി എന്നു പറയുന്നതില്‍ അര്‍ഥമില്ല.. കാരണം ഇഷ്ടപ്പെടാത്തതായി മനു ഒന്നും എഴുതാറില്ലല്ലോ..

പ്രവീണ്‍ പറഞ്ഞതിന് ഒരു കൂട്ടിച്ചേര്‍ക്കല്‍ ... സ്നേഹം ഒരുപാടുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ കൊടുക്കാന്‍ കൂടി പഠിക്കണം.. എത്ര സ്നേഹം മനസ്സിലുണ്ടെങ്കിലും അത് കാണിച്ച് കൊടുക്കാന്‍ പുരുഷന്മാരില്‍ പലര്‍ക്കും അറിയില്ല. അത് "കാണിച്ചു കൊടുത്താല്‍" മാത്രം വിശ്വസിക്കുന്ന സ്ത്രീകള്‍ ആണ് ഇന്നുള്ളത്. ഇനി കാണിച്ച് കൊടുക്കുന്നവരില്‍ അധികവും 'അയലത്തെ അദ്ദേഹ'ത്തെ പോലെ ഉള്ളവര്‍ ആയിരിക്കും.

Unknown said...

മാഷെ

അക്ഷരങ്ങളേയും പുസ്തകങ്ങളേയും പ്രണയിച്ചിരുന്ന ഒരാളണ് ഞാനും. മണല്‍നഗരത്തിലെ ജീവിതത്തിരക്കില്‍ അവയൊക്കെ എന്നൊ നഷ്ടപ്പെട്ടിരുന്നു.

മാഷ്ന്റെ ബ്ലോഗിനെ പരിചയപ്പെട്ടപ്പോള്‍, ആ പഴയവഴികളിലൂടെ വീണ്ടും നടക്കുന്ന പ്രതീതി. അക്ഷരങ്ങളിലെ കൃഷ്ണ ചൈതന്യത്തെ കണ്ണിലേക്ക് വീണ്ടും അറിഞ്ഞ തോന്നല്‍..

ഈ പോസ്റ്റ് എന്തുകൊണ്ടോ എനിക്കേറേ ഇഷ്ടമായി. അയ്യപ്പപ്പണിക്കര്‍ മാഷിന്റെ കവിതകളെ ആരാധിച്ചിരുന്നതുകൊണ്ടാണൊ, അതോ നര്‍മ്മതില്‍ ജീവിതത്തുടുപ്പുകള്‍ കണ്ടിട്ടാണോ എന്നറിയില്ല...

അക്ഷരങ്ങളുടെ കൂവളത്തറയില്‍ മാഷിനു വേണ്ടി ഒരു വിളക്ക്.. നന്മകള്‍ നേര്‍ന്നുകൊണ്ട്..

ശ്രീന

:: VM :: said...

ഇന്നലയേ വായിച്ചിരുന്നു.

വൈകീട്ട് കമന്റാന്‍ നേരം, കീമാനു എന്തോ പ്രശ്നം,പിന്നെ പിസി റീസ്റ്റാര്‍ട്ട് ചെയ്യനമെന്നായി.. സമയം 6 മണി ..ഓഫീസ് അവേഴ്സ് തീരുന്നു! ഞാനാകെ പരിഭ്രാന്തനായി..

ഓഫീസില്‍ വരാന്‍ അല്പം ലേറ്റായാലും, കൃത്യസമയത്തു തന്നെ ഇറങ്ങണമെന്നു നിര്‍ബന്ധബുദ്ധിയുള്ളൊരുത്തനാ ഞാനെന്നതിനാല്‍, ലാപ്ടോപ്പും ഓഫ് ചെയ്ത്ത് ഞാനിങ്ങ് പോന്നു..

ബട്ട്.. പോസ്റ്റ് മുഴുനീള കോമഡി ഫിലിം കണ്ട് ഇഫക്റ്റായിരുനു. അവസാനം ശുഭപര്യവസാനിയാക്കിയല്ലെ? ഗുഡ് ;)

ഇടിവാള്‍

പപ്പൂസ് said...

എന്‍റെ മാഷേ, ഓര്‍മ്മകളിങ്ങനെ തേട്ടി വരുമ്പോ എഴുതാണ്ടിരിക്കാന്‍ നിങ്ങക്കു കഴിയില്ലാന്ന് മനസ്സിലായില്ലേ?

ഈ കഥക്ക് എന്‍റെ ജീവിതവുമായി വളരെ വളരെ അടുത്ത ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഒരുപാടിഷ്ടമായി... :-)

അഗ്രജന്‍ said...

കിടിലന്‍ പോസ്റ്റ്... എപ്പഴത്തേയും പോലെ ചിരിപ്പിച്ച് കിടത്തി :)

ഹോ... ആ തുമ്പയിലെ ഭാവന...,
നീയൊന്നും തുമ്പയിലെത്താഞ്ഞത് നമ്മുടെ രാജ്യത്തിന്‍റെ വലിയ നഷ്ടമായിപ്പോയെഡാ മച്ചാ :))

അവസാനത്തെ ഭാഗങ്ങള്‍ പണ്ടാര ടച്ചിംഗ്...!




ഓ.ടോ:
ആ മാത്യൂ സാര്‍ ഇടപെട്ടതോണ്ട് എന്‍റെ ഒരു അഭിനന്ദനം വേസ്റ്റാവാണ്ട് പോയി ;)

Haris said...

ലളിതം, സുന്ദരം
വായനയുടെ ഒരു പുതിയ അനുഭൂതി നല്‍കുന്നു.

എല്ലാ ആശംസകളും

,, said...

ആളെ ചിരിപ്പിച്ച് കൊല്ലാന്‍ കോണ്ട്രാക്ട് എടുത്ത് ഏറങ്ങിയേക്കുവാ അല്ല്യോ :), അവസാനം ഇച്ചിരി സങ്കടം വന്നൂട്ടാ
നല്ല എശുത്ത്.

Unknown said...

എന്തായാലും ഇടവേളയ്ക്കു ശേഷമുള്ള ഈ തിരിച്ചു വരവ് കലക്കി അളിയാ..
പതിവുപോലെ നര്‍മ്മവും ,ചിന്തയും എല്ലം ഔപോലെ സമന്വയിക്കുന്ന ഒരു രചന.
പിന്നെ ഇത്തരം തിരിച്ചു വരവുകള്‍ ഇനിയു ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.ആശംസകള്‍...

Unknown said...

കലക്കി മാഷെ.......
മനോഹരമായിരിക്കുന്നു.........

ചന്ദ്രകാന്തം said...

".....ഉള്ളിലെ സ്നേഹശിലകള്‍ക്കിടയിലൂടെ ഉറവപൊടിഞ്ഞു രണ്ടുതുള്ളി കണ്ണുനീര്‍ എന്‍റെ മിഴിയില്‍ തടഞ്ഞത്‌ ഞാനറിഞ്ഞു. "
അതാണ്‌ സത്യം !!!

Jishad said...

കിടു തന്നെ മച്ചാ. ഈ പോസ്റ്റ് വല്ലാതെ ഇഷ്ടപെട്ടു.

vivek said...

മനുവേട്ടാ....
തകര്‍ത്തു....വായിച്ചു കഴിഞപ്പൊള്‍ വല്ലാത്തൊരു സന്തോഷം മനസില്‍, പ്രണയത്തെ കുറിച്ചു ഇതു പോലെ മനോഹരമായി എഴുതാന്‍ വേറെ ആര്‍ക്കു പറ്റും ... മനുവേട്ടാ U R Gr8 dear.....

കൊച്ചുത്രേസ്യ said...

നന്നായിട്ടുണ്ട്‌.ഒരുപാടിഷ്ടപ്പെട്ടു.
അവസാനം കൊണ്ടു പോയി ദു:ഖിപ്പിക്കുംന്നും വിചാരിച്ച്‌ മസിലു പിടിച്ചിരുന്നതാ. പറ്റിച്ചല്ലോ മാഷേ..

അനാഗതശ്മശ്രു said...

"മീശേടെ സൌന്ദര്യം നോക്കാതെ എന്‍റെ പുറമൊന്നു തടവി താ മാഷേ...
.....
നോക്കൂ മനുവിന്റെ പടം വലതു വശത്തു...
മീശ പിരീ....സൌന്ദര്യം സുഖിക്കുന്ന പടം ഇട്ടു സുഖിക്കുന്നു..
...
കൊള്ളാം

ഉഗാണ്ട രണ്ടാമന്‍ said...

മനൂജി...നന്നായി രസിച്ചു...

Anonymous said...

ഇപ്പോള്‍ ഓഫീസില്‍ ആര്‍ക്കെങ്കിലും ബീ .പീ കൂടിയാല്‍ മാഷിന്റെ പോസ്റ്റ് വായിക്കുക എന്ന മരുന്നാണ് കൊടുക്കുന്നെ . എന്തായാലും എല്ലാവരുടെയും ഒരു നന്ദി പറയാനും പറഞ്ഞിട്ടുണ്ട് ..

annamma said...

ഭാസിയമ്മാവനെ സമ്മതിച്ചിരിക്കുന്നു. ക്രെഡിറ്റ് ഗോസ് റ്റു ഹിം. ഈ പോസ്റ്റും രസമായിട്ടുണ്ട്.

മനോജ് കുമാർ വട്ടക്കാട്ട് said...

മനു, ബ്യൂട്ടിഫുള്‍!

jense said...

മനുചേട്ടാ... വളരെ മനോഹരമായിരിക്കുന്നു... ചേട്ടന്റെ എല്ലാ പോസ്റ്റും പോലെ തന്നെ മനോഹരം... അറിയാന്‍ പാടില്ലാത്ത അല്ലെന്കില്‍ വിവരിക്കാന്‍ പ്രയാസമായ എന്തോ ഒരു ഫീലിംഗ്...

Anonymous said...

super!! a beautiful message!!

Jayarajan said...

50 എന്റെ വക! :)

തോന്ന്യാസി said...

പരസ്പരം ജീവിക്കുക. സ്നേഹത്തിന്‍റെ മുത്തുകള്‍ പരസ്പരം പൊഴിച്ചുകൊണ്ടേ ഇരിക്കുക. ഇത്രേയുള്ളൂ.. അതില്‍ മതിലുകള്‍ക്കോ, ദേശത്തിനോ എന്തിനു ദൈവങ്ങള്‍ക്കോ ഒന്നും ചെയ്യാന്‍ പറ്റില്ല

ഇടവേള അധികം ദീര്‍ഘിപ്പിക്കാത്തതിന് നന്ദി.....

കൂടുതല്‍ ഒന്നും പറയാനില്ല, എനിക്ക് കിട്ടിയത് മുകളില്‍ ഞാനെടുത്തിട്ടു

ഹരിയണ്ണന്‍@Hariyannan said...

പ്രവീണിന്റെ കഥ ഇഷ്ടമായി.
എന്റെ അമ്മാവന്റെ മക്കളില്‍ മൂത്തവള്‍ ഒരു രാജസ്ഥാനിയേയും രണ്ടാമന്‍ ഗുജറാത്തിയേയും പ്രണയിച്ചുകെട്ടി ഭോപ്പാലിലും ഡല്‍ഹിയിലുമായി സസുഖം വാഴുന്നു.

എങ്കിലും മനൂ ഇതിന്റെ ഉപകഥ ഒരെണ്ണം മിസ്സായി :)
നീ നാട്ടുകാര്യം നോക്കിനടന്ന് ‘ഊത്തപ്പം’ വാങ്ങാന്‍ മറന്നതിന് വാമഭാഗം വാക്കിന്റെ വാളുവച്ച് നിന്റെ നടുവില്‍ താജ്മഹല്‍ പണിഞ്ഞത്!

G.MANU said...

എന്‌റെ ഹരിയണ്ണാ, എത്ര ഊത്തപ്പം, മസാല്‍ ദോശ, കപ്പ, എന്തിനു, ഗോതമ്പ് കഞ്ഞി വരെ ഞാന്‍ സപ്ലൈ ചെയ്തു.. എല്ലാം പറയാന്‍ നിന്നാലേ നീളം കൂടി എന്ന് പറഞ്ഞു എല്ലാരും കൂടി എന്നെ കൊല്ലും.

ഊത്തപ്പം ഓര്‍ഡര്‍ ചെയ്തതും, പെഗ്ഗടിക്കാന്‍ പോയതും തമ്മില്‍ ആറേഴു വര്‍ഷത്തിന്റെ ഗ്യാപ് ഉള്ളത് മറന്നോ..
(ഒരുമാതിരി വീട്ടുകാര്യം കളഞ്ഞ് നാട്ടുകാര്യം നോക്കുന്ന ഏമ്പോക്കി ഇമേജ് തരല്ലേ എനിക്ക് ഹഹ .. കര്‍ത്താവെ എന്തൊരു കണ്‍ഫ്യൂഷന്‍)

അരവിന്ദ് :: aravind said...

മനു..തമര്‍‌‍ത്തു!

പലയിടത്തും ചിരി തടുക്കാന്‍ കഴിഞ്ഞില്ല...തെങ്ങുമ്മൂട്ടില്‍ നിന്ന് വരുന്ന കേരകര്‍ഷകന്‍ പ്രയോഗം ശരിക്കും ഇഷ്ടായി ട്ടാ. :-)

(എന്നാല്‍......
അതിനിടക്ക് എഴുതിയിരിക്കുന്ന ഒരു ആത്മഗതത്തിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. അങ്ങനെ എഴുതാന്‍ പാടില്ല. എനിക്കിത്തിരെ വേദനിച്ചു. :-( )

G.MANU said...

പ്രിയ വായനക്കാര്‍ക്ക്
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

വിടരട്ടെ വീണ്ടും കരല്‍ത്തുമ്പിലങ്ങിങ്ങ്
വിശുദ്ധിയോടെന്നും പൊന്‍‌കണിക്കൊന്നപ്പൂവികള്‍..

ഏറനാടന്‍ said...

അരം+അരം=കിന്നരം നല്ല കഥ സമാസമം ചേര്‍ത്തൊരുക്കിയിരിക്കുന്നല്ലോ. :)

Anonymous said...

stylish and great mashe

lulu said...

ഇതെങ്ങനെ പറ്റുന്നു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കണ്ണുനിറയിക്കാനും....................it really gives a visual picture infront..........

മറ്റൊരാള്‍ | GG said...

നേരത്തെ ഇത് ഒന്ന് വായിച്ചിരുന്നെങ്കിലും, ഇപ്പോഴാ ശരിക്കുമൊന്ന് രസിച്ച് വായിച്ചത്. അങ്ങനെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചിരിക്കുടുക്ക വന്നുകണ്ടതില്‍‌ വളരെ സന്തോഷം.

“ഈശ്വരാ. പെണ്ണായി പിറക്കുന്നതാ നല്ലത്‌. ഒരു പ്രസവത്തിന്‍റെ പ്രോബ്ളമേ ഉള്ളൂ.. കൊതിക്കുന്ന ഐറ്റംസ്‌ തേടി ഉഴവു തെറ്റുന്ന ഈ ഭര്‍ത്താക്കന്‍മാരുടെ ഗതി എത്ര ദയനീയം. എനി വേ. ഇന്നെന്താ കൊതി? ".

ഇത് ഞാന്‍ എത്രതവണ ഇതിനോടകം ആത്മഗതം ചെയ്ത് കഴിഞ്ഞിരിക്കുന്നു.

“ഊത്തോ... ഇതെന്തെടീ വിചിത്രമായ കൊതി.
പീപ്പിയോ നാദസരമോ..ഈശ്വരാ ഉത്സവസീസണ്‍ കഴിഞ്ഞല്ലോ..ഞാനെവിടുന്നു തപ്പും അത്‌"

ഇവിടെ കടയില്‍ കണ്ട ഒരു കടുന്തുടി
(അതെ. ഉത്സവസമയത്തും മറ്റും വില്‍ക്കാന്‍ വച്ചിരിക്കുന്ന, രണ്ട് വശത്തും നിറമുള്ള കടലാസ് ഒട്ടിച്ച,പടപട ശബ്ദമുണ്ടാക്കുന്ന അതേ സാധനം)
വേണമെന്ന് നിര്‍ബന്ധം പിടിച്ച എന്റെ ഭാര്യയെ ഈ സമയത്ത് ഓര്‍ത്തുപോയി.

'ഷക്‌...... ' കുനിഞ്ഞു നോക്കിയപ്പോള്‍ ഷൂസിന്‍റെ സോള്‍ ഇളകിയ ദു:ഖസത്യം അറിഞ്ഞു.

പണ്ട് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ ആക്ഷന്‍ ഷൂവിന്റെ ഇളകിയ സോളിന്റെ പകുതി ഭാഗം
വേറൊരാള്‍ ചവിട്ടിപ്പിടിച്ചതും, അതില്‍നിന്ന് വിട്ടുകിട്ടാന്‍ ആഞ്ഞുവലിച്ചപ്പം.. അയ്യോ ഓര്‍ക്കുമ്പോ.. ഇപ്പോഴും.

“സിസേറിയന്‌ ആ പേരുവരാന്‍ കാരണം, ലോകത്ത്‌ ആദ്യമായി അങ്ങനെ പുറത്തെടുത്തത്‌ ജൂലിയസ്‌ സീസറിനെയായതുകൊണ്ടാണ്‌ എന്ന സത്യം നിനക്ക്‌... "

മാ‍ഷേ ഇത് വായിച്ചപ്പം എന്റെ ഇത്തിരിയോളമുള്ള ജി.കെയ്ക്ക് ഒരു കണ്‍ഫ്യ്യൂഷന് പിന്നെ ഇവിടെ തപ്പി.

എന്തായാലും ഈത്തവണ കഥ ശുഭപര്യവസായി ആയത് നന്നായി. അടുത്തത് ഒടനെ കാണുമല്ലോ, കാണണം.

Vempally|വെമ്പള്ളി said...

manu, nannayirikkunnu.

അപ്പു ആദ്യാക്ഷരി said...

മനു അണ്ണോ........


ഹ..ഹ...ഹ... വായിച്ചു ചിരിച്ചു മറിഞ്ഞൂ. കാണാല്‍പ്പം വൈകിപ്പോയീട്ടോ. വീട്ടുകാരി അന്നേ വായിച്ചിട്ട് പറഞ്ഞിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടേന്ന്. നന്നായിട്ടെഴുതി ഇത്തവണ. കഥകളുടെ തുടക്കം, മെയിന്‍ ത്രെഡുമായി ബന്ധമില്ലാത്ത ഒരു ഭാഗത്തുനിന്നും തുടങ്ങീ,മറ്റൊരു കഥയിലേക്ക് വരുന്ന ഈ രീതിയും കഴിവും അഭിനന്ദനീയം തന്നെ.

പിന്നെ സുമേഷ് ചോദിച്ചതുപോലെ പി.എച്ച്.ഡി എടുക്കാന്‍ പോവുകയാണ്, തല്‍ക്കാലത്തേക്ക് വിട എന്നൊക്കെ ചൊല്ലിപ്പോയിട്ട് ഒരുമാസം ആയതേയുള്ളല്ലോ മാഷേ. അതിനുശേഷം മഷിത്തണ്ടീലും കല്ലുപെന്‍സിലിലും കവിതാ പ്രവാഹം..... ബ്രജ് വിഹാരത്തില്‍ കഥാ വിഹാരം. ... മാര്‍ക്കറ്റിംഗ്..മാര്‍ക്കറ്റിംഗ്..

വെറുതേ പറഞ്ഞതാട്ടോ. പണ്ട് വലിയ ലോകവും ചെറിയ വരകളുമുള്ള വേണുവേട്ടന്‍ ഒരു പോസ്റ്റില്‍ പറഞ്ഞത് ഓര്‍മ്മവരൂന്ന്. ബ്ലോഗ് എന്നത് നാട്ടിന്‍പുറത്തെ ഒരു കവലയാണ്. ഈ കവലയില്‍ എല്ലാ ദിവസവും ഒന്നു വന്ന്, ഇവിടുത്തെ വിശേഷങ്ങളും കാര്യങ്ങളും ഒക്കെ അറിഞ്ഞ് അല്പമൊന്നു നടന്ന് തിരികെ പോകുന്നത് സുഖമുള്ള ഒരു ഏര്‍പ്പാടാണ്. അതുകൊണ്ട് ഇവിടെയുള്ളവരാ‍ാരും എങ്ങും പോകേണ്ടാ. ഇവിടെത്തന്നെ കാണണം.

അപ്പു ആദ്യാക്ഷരി said...

ഓ പറയാന്‍ മറന്നു. ഒരു ഗുരുതര അക്ഷരപ്പിശാച്

“തുഞ്ചന്‍ പറമ്പില്‍ നിന്നൊരു കാറ്റ്‌ മദ്ധ്യഭാരത്തിലേക്ക്‌ വീശുന്നത്‌ ഞാന്‍ അറിഞ്ഞു“.

മദ്ധ്യഭാരമല്ലല്ലോ, ഭാരതം എന്നല്ലേ ഉദ്ദേശിച്ചത്?

yousufpa said...

പ്രതിഫലേച്ഛയില്ലാത്ത സ്നേഹമുണ്ടല്ലോ അതിന് കനകത്തിന്റെ പൊലിമയുണ്ട്.ഹ്രുദയത്തില്‍ നന്മയുള്ളവര്‍ക്ക് ജീവിതം സ്നേഹത്തോടെ മുന്നോട്ട് കൊണ്ടു പോകാം.

pravasalokam said...

ഒരു ചോദ്യം.. ലാസ്റ്റ്‌ ക്വസ്റ്റിയന്‍. അടുത്ത ജന്‍മത്തിലും നിനക്ക്‌ ഈ പങ്കാളി തന്നെ മതിയോ.. പണ്ട്‌ മയൂറ്‍ വിഹാറിലെ പള്ളിയില്‍ ഒരച്ചന്‍ ചോദിച്ചതാ ഇത്‌. യെസ്‌ എന്ന് പറയുന്നവന്‍ ബൈബിളില്‍ തൊട്ട്‌ കൈപൊക്കാന്‍. ഒടുവില്‍ ആരെങ്കിലും പൊക്കണമെല്ലൊ എന്നോര്‍ത്ത്‌ ബാച്ചിലര്‍ ആയ അച്ചന്‍ തന്നെ പൊക്കേണ്ടി വന്നു.. എന്താവും നിന്‍റെ ആന്‍സര്‍.. ""അടുത്ത ജന്‍മത്തില്‍ മാത്രമല്ല..ഇനി എത്ര ജന്‍മം ഉണ്ടെങ്കില്‍ ഇവള്‍ തന്നെ മതി.... ആര്‍ക്കും കൊടുക്കില്ല ഇവളെ.. Nalla kathha keep it up....

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

ഗീത said...

എത്ര നല്ല കഥ, അല്ല ജീവിതാനുഭവം.

"നമ്മുടെയെല്ലാം കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്നേഹം ദൈവം തന്നിട്ടുണ്ട്‌. പക്ഷേ കൊടുക്കേണ്ടവര്‍ക്ക്‌ കൊടുക്കാന്‍ നമുക്കാവുന്നില്ല. അതിനു പറ്റാത്തതിനുള്ള ന്യായീകരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടുപിടിക്കും. എന്‍ഡ്‌ റിസള്‍ട്ടോ.. ആര്‍ക്കും കൊടുക്കാനാവാതെ സ്നേഹം വേസ്റ്റായി പോകും....... “
പ്രവീണിന്റെ ഈ വാക്കുകള്‍ വളരെ വലിയ ഒരു സത്യം വിളിച്ചോതുന്നു......

നല്ല ഇഷ്ടമായി ഈ പോസ്റ്റ്, മനു.

സ്നേഹതീരം said...

മനു, എനിക്കൊന്നും പറയാനാവുന്നില്ല. എന്റ്റെ മനസ്സിലും സന്തോഷം നിറഞ്ഞ് തുളുമ്പുന്ന പോലെ. വളരെ നന്നായിരിക്കുന്നു, എഴുത്ത്.

Anonymous said...

Excellent ! You are talented buddy.

Best Regards,

Anonymous said...

മാഷെ.. പതിവു പോലെ ഇതും സൂപ്പര്‍...
“തെങ്ങുമ്മൂട്ടില്‍ നിന്നു വരുന്ന കേരകര്‍ഷകന്‍ ”...ഹിഹി അതു കൊള്ളാം...

കുറെ നാളിനു ശേഷമാ ബൂലോകത്തേക്ക് .അതുകൊണ്ട് പോസ്റ്റ് വായിക്കാന്‍ താമസിച്ചുപോയി.

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു
വായനയുടെ പുതിയ താളം

Anonymous said...

പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്നു ഹെല്പ് ചെയ്യാമൊ എന്റെ ഫ്ര്ന്ദ് അയചു തന്ന കൊചു റ്റ്രെസ്യൌദെ റ്റ്രൈയ്ന്‍ യത്ര ലിങ്ക് എന്നെഉം ബ്ലൊഗിങ്ല് ഇന്റെരെസ്റ്റെദ് ആക്കി..but i dont know how exactly people like u type almost all the letters ..pls help me..na????

Anonymous said...

ഞാന്‍ കരുതിയത് ചെട്ടന്‍ അതിസാഹസികമയ് ആ‍ വിവാഹം നട്ട്തി കൊദുതെന്നാ‍ാ..എന്തായാലും വിവരനം ഉഗ്രന്‍!!!!!!!

krish | കൃഷ് said...

വിട്ടുപോയ വായന.

ഗംഭീരമായിട്ടുണ്ട് ഉപമകള്‍. ചിരിപ്പിച്ചു കൊല്ലുമ്‌ല്ലേ . അവസാനം നന്നായി.