Monday 28 April 2008

ഓര്‍മ്മേട്ടാ.....ലില്ലിടീച്ചറ്‍ വിളിക്കുന്നു.





ബിരുദം നേടലിനും ഡല്‍ഹി ടിക്കറ്റിനും ഇടയ്ക്കുള്ള മൂന്നുമാസത്തെ ഗ്യാപ്‌ ഫില്ലു ചെയ്യാന്‍, കോന്നി പബ്ളിക്ക്‌ ലൈബ്രറിയും, മുരിങ്ങമംഗലം അമ്പലത്തിലെ കര്‍പ്പൂരം മണക്കുന്ന സായന്തനങ്ങളും, അല്ലറചില്ലറ കുത്തിക്കുറിയ്ക്കലുകളും മാത്രം പോരല്ലോ എന്ന് ചിന്തിച്ച്‌, മനസ്സ്‌ എക്‌സ്‌ട്രാ വഴികള്‍ തേടുന്ന ഒരു പത്തുമണിക്കാണ്‌, വീട്ടുപടിക്കല്‍ ഒരു സൈക്കിള്‍ മണിയൊച്ച കേട്ടത്‌.

ആനന്ദന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച്‌, വായിലെ മുറുക്കാന്‍ നീട്ടിത്തുപ്പി ഒരു വരണ്ട ചിരി.

"പാവങ്ങടെ വീട്ടിലോട്ടുള്ള വഴിയൊക്കെ അറിയുമോടേ നീ.. കുറെയായല്ലോ കണ്ടിട്ട്‌.. "

"തിരക്കാടാ തിരക്ക്‌.... പ്രൂം................ "

"ആദ്യം കോളാമ്പി കാലിയാക്ക്‌. മുറുക്കി മുറുക്കി നിന്‍റെ പല്ല് റെഡ്ഫോര്‍ട്ട്‌ പോലായി കൊശവന്‍"

കസേരയില്‍ കിടന്ന പേപ്പര്‍ വലിച്ച്‌ മാറ്റി ആനന്ദന്‍ ശഠേ എന്ന് ഇരുന്നു.

"ചില്‍................"
ചന്തിക്കടിയിലെ ജലതരംഗശബ്ദം കേട്ട്‌ കറണ്ടടിച്ചവനെപ്പോലെ ഞെട്ടിയെണീറ്റു.

"എന്‍റെ പള്ളീ....." ഞങ്ങള്‍ രണ്ടാളും ഒന്നിച്ചു പറഞ്ഞുപോയി.

അമ്മ മുഖം നോക്കിയിട്ട്‌ കണ്ണാടി കസേരയില്‍ വച്ചതും അതിനു മുകളില്‍ ആരോ പേപ്പര്‍ വായിച്ച്‌ മടക്കിയിട്ടതും ഞാനും ശ്രദ്ധിച്ചില്ല, അമ്മയും ശ്രദ്ധിച്ചില്ല, ഇരുന്നുടയ്ക്കുന്നതുവരെ ആനന്ദനും ശ്രദ്ധിച്ചില്ല.

"പൊട്ടി... " ആനന്ദന്‍

"ആങ്ങ്‌ പോട്ട്‌" ഞാന്‍

"കണ്ണാടിയല്ല.. എന്‍റെ പാന്‍റിന്‍റെ മൂട്‌.... "

"മുണ്ടെടുക്കട്ടെ.. " ഞാന്‍

"കീറി"

"പഞ്ഞി വേണോ.. "

"ആഹാ....ആനന്ദനോ.. എന്തൊക്കെയുണ്ട്‌ മോനേ വിശേഷം. ടൂട്ടോറിയല്‍ പടിപ്പീരൊക്കെ എങ്ങനെ പോകുന്നു. അമ്മയെ അമ്പലത്തില്‍ കണ്ടിട്ട്‌ കുറെനാളയല്ലോ.. സുഖം തന്നെയല്ലേ " അമ്മ അടുക്കളയില്‍ നിന്ന് വന്നു

"സുഖം തന്നെയമ്മേ...." അര്‍ശസ്‌ രോഗി ഞരങ്ങും പോലെ ചള്ളിയ ചിരിയുടെ ബാക്ക്‌ഗ്രൌണ്ടില്‍ ആനന്ദന്‍.

ചായകുടികഴിഞ്ഞു മുറ്റത്തിറങ്ങി, കിണറിന്‍റെ ആഴം നോക്കി നിന്നുകൊണ്ട്‌ ആനന്ദന്‍ പറഞ്ഞു
"നിന്നോടൊരു അത്യാവശ്യകാര്യം പറയാനുണ്ട്‌. നീ എന്നാ ഡല്‍ഹിക്കു പോന്നെ?"

"ഒരു മൂന്നുമാസമെടുക്കും.. എന്താ കാര്യം? "

"മൂന്നുമാസത്തേക്ക്‌ നിനക്കൊരു ചെറിയ ജോലി ഞാന്‍ ശരിപ്പെടുത്തി. വയ്യാന്നു പറയല്ല്. എന്‍റെ നിലനില്‍പ്പിന്‍റെകൂടി പ്രശ്നമാ.. "

"എന്ത്‌ ജോലി.. ? "

"സ്കോളേഴ്സ്‌ അക്കാഡമയില്‍ ഒരു കണക്കു സാറിന്‍റെ ഒഴിവുണ്ട്‌. ഫിലിപ്പ്‌ ഗള്‍ഫില്‍ പോയ വകയില്‍. മൂന്നുമാസമെങ്കില്‍ മൂന്നുമാസം. നീ ജോയിന്‍ ചെയ്യ്‌. തല്‍ക്കാലം വേറെ ആളെ കിട്ടാനില്ല. ക്ളാസ്‌ മുടങ്ങരുതല്ലോ... റെഡിയാണോ.. "

"ഏത്‌? . ആ വ്യവഹാരം വാസൂള്ളസാറിന്‍റെ ട്യൂട്ടോറിയലിലോ.. പഷ്ട്‌... അതിലും ഭേദം ട്രെയിനു തലവയ്ക്കുന്നതല്ലേ.. എടാ നീ എങ്ങനെ അവിടെ ജോലിചെയ്യുന്നു. അതും നക്കാപ്പിച്ചാ ശമ്പളത്തിന്‌? "

വ്യവഹാരം വാസുപിള്ള എന്ന റിട്ടയേഡ്‌ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍, റോഡ്‌ സൈഡിലുള്ള തന്‍റെ വീടിനോട്‌ ചേര്‍ന്ന്, പരമ്പുപാര്‍ട്ടീഷ്യന്‍ കൊണ്ട്‌ മനോഹരമാക്കിയ നാലഞ്ച്‌ ക്ളാസ്‌ മുറികള്‍ പണിത്‌ ട്യുട്ട്യോറിയല്‍ തുടങ്ങിയത്‌, ആ വകയില്‍ മാസത്തില്‍ നാലഞ്ചുപേരെയിങ്കിലും കൂടി കോടതി കയറ്റാമല്ലോ എന്ന സദുദ്ദേശം ഒന്നുകൊണ്ട്‌ മാത്രമാണ്‌ എന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്‌.

'ഹേബിയസ് കോര്‍പ്പസ്‌', 'കള്‍പ്പബില്‍ ഹോമിസൈഡ്‌ നോട്ട്‌ എമൌണ്ടിംഗ്‌ ടു മര്‍ഡര്‍' തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത ലീഗല്‍ വാക്കുകള്‍ ആ പരിസരത്തെ മുറുക്കാന്‍ കടക്കാരനുവരെ സുപരിചിതമായത്‌, വാസുപിള്ള സാറിന്‍റെ ഹോബി നിമിത്തം ആണ്‌.

മാസത്തില്‍ മിനിമം പത്തുപേരെയെങ്കിലും കോടതി കയറ്റുക. ഇതൊരു വ്രതം പോലെ കാത്തുസൂക്ഷിച്ചു പുള്ളി.

കോന്നി പത്തനംതിട്ട റൂട്ടിലോടുന്ന 'വേണാട്‌ എക്‌സ്പ്രസിന്‍റെ' ഡ്രൈവര്‍ ട്യൂട്ടോറിയല്‍ പരിസരത്ത്‌ വച്ച്‌ ചാവാന്‍ തുടങ്ങിയാല്‍ പോലും ഹോണ്‍ അടിക്കാതായത്‌, ഒരിക്കല്‍ പശു കുറുക്കു ചാടിയപ്പോള്‍ ഹോണടിച്ചുപോയി എന്ന മഹാപരാധം കൊണ്ടാണ്‌. 'ശബ്ദമലിനീകരണം ഇന്‍ എജ്യൂക്കേഷണല്‍ പ്രൊവിന്‍സ്‌' എന്ന സ്പെഷ്യല്‍ ആക്ട്‌ പ്രകാരം പാവം മൂന്നാഴ്ച്ച കോടതി നിരങ്ങി.

വാറ്റിന്‍റെ പിക്കപ്പില്‍ എവിടെയോ പൊഴിഞ്ഞുപോയ മുണ്ട്‌, പിക്കപ്പ്‌ കുറഞ്ഞു തുടങ്ങിയപ്പോള്‍ പെറുക്കാന്‍ വന്ന ഇട്ടിച്ചനെ, മുണ്ടു കൈയില്‍ പിടിപ്പിച്ച്‌ കോടതിയില്‍ എത്തിച്ചത്രേ, 'ഇമ്മോറല്‍ ട്രാഫിക്‌ ബ്ളോക്കിംഗ്‌' എന്ന പ്രത്യേക വകുപ്പില്‍.

എന്തിന്‌, പിണ്ഡവാതം കാരണം വടിപോലും പിടിക്കാന്‍ വയ്യാതായ സ്വന്തം അമ്മായിയപ്പനെ വരെ വാസുപിള്ളസാര്‍ കോടതി കയറ്റി എന്നാണു നാട്ടുകാര്‍ പറയുന്നത്‌. ഒരിക്കല്‍ അമ്മായിയപ്പന്‍ സാറിനെ വിളിച്ചു പറഞ്ഞു 'മരുമോനെ.. കല്യാണിക്കുട്ടിയെ കെട്ടിയിട്ട്‌ ഇത്ര വര്‍ഷമായി. ഇതുവരെ ഒന്നും ഞാന്‍ തന്നിട്ടില്ല.. നീ ചോദിച്ചിട്ടുമില്ല. ഇനി പറ. സ്ത്രീധനമായി നീ എന്താ എക്സ്‌പെക്ട്‌ ചെയ്യുന്നത്‌. "
പിറ്റേന്ന് അമ്മായിയപ്പന്‍ പിണ്ഡവാതം സമേതം കോടതിയില്‍. കാരണം സിമ്പിള്‍ ലാ പോയിണ്റ്റ്‌ 'ഓഫറിംഗ്‌ ഡവ്‌റി ഈസ്‌ മോറ്‍ പണിഷബിള്‍ ദാന്‍ ഡിമാന്‍ഡിംഗ്‌... "

ഇങ്ങനെയുള്ള വ്യവഹാരം വാസൂള്ളസാറിന്‍റെ ലേബറ്‍ ആവാനാണ്‌ ആനന്ദന്‍ എന്നെ ഉപദേശിക്കുന്നത്‌.

ആദ്യം എതിര്‍ത്തെങ്കിലും, ആനന്ദന്‍റെ നിര്‍ബന്ധവും, പിന്നെ അദ്ധ്യാപനം എന്ന പ്രൊഫഷനില്‍ എനിക്കുള്ള പാഷനും ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ സൈക്കിളിന്‍റെ കാരിയറിലേക്ക്‌ ചാടിക്കയറി.

"വിട്‌.. ഇന്നു തന്നെ ഇന്‍റര്‍വ്യൂ അറ്റന്‍ഡ്‌ ചെയ്തേക്കാം. ജാതകത്തില്‍ പത്തു കിടാങ്ങള്‍ക്ക്‌ പാഠം പറഞ്ഞുകൊടുക്കാന്‍ യോഗം ഉണ്ടായിരിക്കാം... "

കരിമ്പോലകള്‍ കൈനീട്ടിനില്‍ക്കുന്ന ഇടവഴിയിലൂടെ ആനന്ദന്‍റെ സൈക്കില്‍ നീങ്ങി.

"അളിയാ ബേറ്‍ഡ്‌സ്‌ ഒക്കെ കാണും അവിടെ അത്യാവശ്യത്തിന്‌ അല്ലേ.. "

ഞാന്‍ ചോദിച്ചുതീരും മുമ്പേ അവന്‍ സൈക്കിള്‍ നിര്‍ത്തി .

"എന്തോ........ ? "

"അല്ല.. കിളികള്‍.. ഐ മീന്‍.. ഫീമെയില്‍ സ്റ്റാഫ്‌... "

"ഉണ്ടെങ്കില്‍....... " ആനന്ദന്‍ സീരിയസായി

"ഏയ്‌.. ഒന്നിനുമല്ല. വെറുതേ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാമല്ലോ എന്നൊരു ചെറിയ... "

"അതിമോഹം അല്ലേ.. ഇറങ്ങ്‌. ഇപ്പൊഴാ ഓര്‍ത്തത്‌. നിനക്കങ്ങനൊരു വീക്ക്‌നെസ്‌ ഉണ്ടല്ലോ.. വേണ്ട. ഞാന്‍ വേറെ ആളെ തപ്പിക്കോളാം. നീ ശരിയാവത്തില്ല.. "

"ട്രീം.... ട്രീം..." ഞാന്‍ സൈക്കിള്‍ മണിയില്‍ കിലുക്കി
"ചുമ്മാ തമാശപറഞ്ഞതല്ലേ അളിയാ. ഞാന്‍ ആളു ഡീസന്‍റല്ലേ.. നീ വണ്ടിയെടുക്കെടാ മോനേ... "

"ഇപ്പൊഴേ ഞാന്‍ പറഞ്ഞേക്കാം. അവിടൊരു സുന്ദരി മലയാളം ടീച്ചര്‍ ഉണ്ട്‌, ലില്ലിക്കുട്ടി. നിന്‍റെ തനിസ്വഭാവം അങ്ങോട്ടെടുത്തേക്കരുത്‌ എന്‍റെ സ്വഭാവം മാറും" ആനന്ദന്‍ പിന്നെയും ചവിട്ടു തുടങ്ങി.

"ലൈന്‍ ആയിരിക്കും അല്ലേ... "

"എന്നു തന്നെ വച്ചോ... "

"ഹി ഹി ഹി..... "

"എന്താ നിനക്കൊരു വളിച്ച ചിരി..." ഒരു ഗട്ടറ്‍ കണ്ട്‌ പ്രിക്കോഷനുവേണ്ടി ചന്തി ഒരടി ഉയര്‍ത്തിക്കോണ്ട്‌ ആനന്ദന്‍.

"അല്ല.. ഹയര്‍ഗ്രേഡ്‌ നായരായ നീയും സത്യകൃസ്ത്യാനിയായ ആ ടീച്ചറും. നീ അണ്ടര്‍വെയറിന്‍റെ സിംഗിള്‍ പീസ്‌ ഡ്രസ്സില്‍ പോലീസ്‌ സ്റ്റേഷനില്‍ നില്‍ക്കുന്ന രംഗം ഓര്‍ത്തു ചിരിച്ചുപോയതാ.. "

"ഒലത്താതെടാ.. ലവേഴ്സിനെന്തു ജാതീം മതോം.. നിനക്കെന്തറിയാം"

"പക്ഷേ ലവേഴ്സിന്‍റെ തന്തേഴ്സിനതുണ്ടല്ലോ.... "

"ഹോ മുടിഞ്ഞ കേറ്റം.. എന്തൊരു വെയിറ്റാടാ നിനക്ക്‌... "

"ഞാന്‍ ചവിട്ടണോ ഇനി... "

"തൊഴിക്കാതിരുന്നാ മതി.... "

കോന്നിപ്പാലം ഇറക്കത്തില്‍ സൈക്കിള്‍ സ്മൂത്തായി ഒഴുകി..

"കഞ്ജബാണന്‍ തന്‍റെ പട്ടം കെട്ടിയ റാണിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.......
എടാ ഈ ലില്ലിടീച്ചറിനു നുണക്കുഴിയുണ്ടോ.... "

"എന്തിനാ.. നിനക്ക്‌ ചേന നടനാണോ. കഴുവേറിയുടെ ഒരു ചോദ്യം.. "

"എന്താണെന്നറിയില്ല. നുണക്കുഴിയുള്ള പിള്ളാരെ പണ്ടേ എനിക്കിഷ്ടമാ...
ഡിമ്പിള്‍ ഡിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍ ..
ഹൌ ഐ വണ്ടര്‍ വാട്ട്‌ യൂ ആര്‍....
അപ്‌ എബൌ ദി ബ്യൂട്ടി സ്പോട്ട്‌
ലൈക്‌ എ ഡയമെണ്ട്‌ ഓണ്‍ ദി ചീക്‌"

കാറ്റിനെ തഴുകി സൈക്കിള്‍ പിന്നെയും നീങ്ങി..

'സ്കോളേഴ്സ്‌ അക്കാദമി'യിലെ തലമൂത്ത സ്കോളറായ പത്മനാഭന്‍ പിള്ള സാറ്‍ എന്ന സിക്സ്‌റ്റി പ്ളസ്‌കാരന്‍, കെട്ടുപോയ ബീഡിയെ എക്‌സ്‌ട്റാ ഫോഴ്സ്‌ കൊണ്ട്‌ സക്കുചെയ്ത്‌ കത്തിക്കാനുള്ള വിഫലശ്രമം നടത്തി വാതില്‍ക്കല്‍ നില്‍ക്കുന്ന കണ്ട്‌, ഞങ്ങള്‍ ഇറങ്ങി.

"സാറെ. ഇവനെ അറിയുമോ.. കണക്കില്‍ കെങ്കേമന്‍. ഇനി നമുക്ക്‌ മാത്തമാറ്റിക്സിന്‍റെ കാര്യത്തില്‍ ചിന്ത വേണ്ട." ആനന്ദന്‍ എന്നെ പരിചയപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു.

"ഹലോ.. ഞാന്‍ പത്മനാഭ...... "

"പിള്ളസാര്‍..അല്ലേ അറിയാം. " ഞാന്‍ പുഞ്ചിരിച്ചു.

"എന്നെയോ!!.. എങ്ങനെ അറിയാം... "

"മഠത്തില്‍കാവിലെ ഉത്സവത്തിന്‌ ആനവിരണ്ടപ്പോള്‍, മതിലില്‍ നിന്നു ഉച്ചികുത്തി വീണത്‌ സാറുതന്നെ അല്ലേ.. "

"ഹോ.. അതോര്‍മ്മിപ്പിക്കാതെ .. അല്ല.. തന്നെ ഞാന്‍ മുമ്പ്‌ കണ്ടിട്ടില്ലല്ലോ.. "

"അതങ്ങനെയല്ലേ സാര്‍. ഈ രാജീവ്‌ ഗാന്ധിയെ എല്ലാര്‍ക്കുമറിയാം. രാജിവ്‌ ഗാന്ധിക്കെല്ലാരേമറിയില്ല എന്നു കേട്ടിട്ടില്ലേ.. "

"വാസൂള്ളസാറുണ്ടൊ അകത്ത്‌.." ആനന്ദന്‍ വിഷയം മാറ്റി.

"അയ്യോ ഉണ്ടുണ്ട്‌. പാക്കുപറിക്കാരനെ കോടതികേറ്റാന്‍ അകത്ത്‌ പേപ്പറു തയ്യാറാക്കുന്നു.. "

"കൊള്ളാം. ഇങ്ങേര്‍ക്ക്‌ മുദ്രപ്പത്രത്തിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്‌. അല്ലാ.. എന്താ പാക്കുകേസ്‌.." ആനന്ദനു കൌതുകം.

"ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി പാക്കുപറിച്ചിട്ട്‌, എല്ലാത്തിനും കൂടി കൂലി ചോദിച്ചപ്പോള്‍, 'ചാടിക്കേറിയ കമുക്‌ എണ്ണത്തില്‍ ഇന്‍വാലിഡ്‌ ആണ്‌' എന്നൊരു ലോ പോയിണ്റ്റ്‌.. രാവിലെ സൂപ്പര്‍ ചീത്തവിളിയാരുന്നു ഇവിടെ.. "

ഞങ്ങള്‍ ഓഫീസ്‌ മുറിയിലെത്തി.

'തലയില്‍ തേച്ചു കറുപ്പിക്കേണ്ടത്‌
താമരവദനാ ചുണ്ടില്‍ തേച്ചോ'
എന്ന മട്ടില്‍ ഡൈചെയ്തു കറുപ്പിച്ച കട്ടിമീശയില്‍ വിരലോടിച്ച്‌, ഇന്ത്യാ പാക്ക്‌ ആണവക്കരാറിന്‍റെ കരട്‌ തയ്യാറാക്കുന്ന ഗൌരവത്തോടെ എന്തൊക്കെയോ ആലോചിച്ചെഴുതുന്നു വാസുപിള്ള സാര്‍.

"സാര്‍.. " കണ്ണടയുടെ ഫ്രെയിമിനു മുകളിലൂടെ ഒരു ചീഞ്ഞ നോട്ടം.

"ഇത്‌.. ഇത്‌ മനു. കണക്കുമാഷായി..... "

"ഓ... ഇരി ഇരി. "

ഞങ്ങളിരുന്നു

"കുടിക്കാന്‍ എന്താ... ഒരു ഗ്ളാസ്‌ പച്ചവെള്ളം എടുക്കട്ടെ." ഭാഗ്യം അരിപ്പന്‍ അത്രയും ചോദിച്ചല്ലോ..

സ്കോളേഴ്സ്‌ അക്കാദമയുടെ ചരിത്രപ്രസിദ്ധമായ ജൈത്ര യാത്രയെപ്പറ്റിയും, പൂര്‍വ്വ അദ്ധ്യാപകരുടെ നടപ്പ്‌ ലൈഫ്‌ സ്റ്റാറ്റസിനെപ്പറ്റിയും വിശദമായ ഒരു പ്രഭാഷണം തന്നെ നടത്തി, എന്നെ എട്ടുമുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ കണക്ക്‌ വാധ്യാരായി നിയമിച്ചു എന്നുള്ള കോരിത്തരിപ്പ്‌ വാര്‍ത്തയും തന്ന് സാര്‍ മെയില്‍ സബ്ജക്ടിലേക്ക്‌ കടന്നു.

"ശമ്പളം ആനന്ദന്‍ പറഞ്ഞു കാണുമല്ലോ അല്ലേ.. എല്ലാ പിള്ളേരും ഫീസ്‌ തന്നാല്‍ മാസം നൂറ്റിയറുപതു രൂപ.. "

'ഇതൊരുപാട്‌ കൂടിപ്പോയല്ലോ' എന്ന മട്ടില്‍ ഞാന്‍ ആനന്ദനെ ഒന്നു നോക്കി.

"നിങ്ങളുടെ പഠിപ്പീരുപോലെയിരിക്കും പിള്ളാരുടെ ഫീസും. അതുകൊണ്ട്‌ നല്ലപോലെ പഠിപ്പിക്കുക. അവര്‍ കൃത്യമായി ഫീസുതരും. നിങ്ങള്‍ക്ക്‌ കൃത്യമായി ശമ്പളോം. മനസിലാവുന്നുണ്ടോ... ആനന്ദാ.. കഴിഞ്ഞ തവണ പത്മനാഭന്‍ പിള്ളയ്ക്ക്‌ എത്രരൂപയാ ശമ്പളം കിട്ടിയത്‌.. ഒന്നു പറഞ്ഞു കൊടുക്കിവന്‌"

"മൂന്നു രൂപ അമ്പതു പൈസ സാര്‍.." ആനന്ദന്‍ വിനയത്തോടെ പറഞ്ഞു.

"ആങ്ങ്‌.. അപ്പോ പറഞ്ഞപോലെ.. ഇന്നുതന്നെ ജോയിന്‍ ചെയ്തോ. ഗുഡ്‌ ലക്ക്‌"

വാസൂള്ള സാര്‍ എന്‍റെ കൈ പിടിച്ചു കുലുക്കി.

സ്റ്റാഫ്‌ റൂമിലേക്ക്‌ ഞങ്ങള്‍ നടന്നു.

"എടാ. ടാപ്പിംഗിനു പോയാല്‍ ദിവസം ഇത്രയും കിട്ടുമല്ലോ. ഛേ.. ഒരുമാതിരി നാണം കെട്ട പരിപാടി. "

"എന്നാ നീ ടാപ്പിംഗിനു പോ.... എടാ നിനക്ക്‌ ടൈംപാസ്‌ പോരേ.. അതും മൂന്നുമാസം. "

"ഉം. അതും ശരിയാ"

സ്റ്റാഫ്‌റൂമില്‍ പത്മനാഭന്‍ സാര്‍, ഹിസ്റ്ററി പുസ്തകത്തില്‍ ഊളിയിട്ട്‌ ഹുമയൂണിന്‍റെ ഭരണപരിഷ്കാരങ്ങള്‍ മനസില്‍ അരക്കിട്ടുപ്പുറച്ചിരിക്കുന്നു.

"കിട്ടി അല്ലേ.. കലക്കി.. വാ ... ഇരിക്ക്‌. "

"ഉം. കിട്ടി.."
ആകെപ്പാടെ രണ്ടു ലീഫുള്ള, അതില്‍ ഒന്നു ഒടിഞ്ഞു മടങ്ങിയ ഫാനിലേക്ക്‌ നോക്കി പറഞ്ഞു.

"അപ്പോ ചിലവുണ്ട്‌. മറക്കണ്ട.. അതാ ഇവിടുത്തെ ഒരു രീതി. " പത്ഭനാഭന്‍ സാര്‍

"കൊള്ളാം ഉണ്ടോന്നോ.. ആദ്യത്തെ ശമ്പളം ഒന്നു കിട്ടിക്കോട്ടെ. സിംഗപ്പൂരില്‍ തന്നെ പൊയ്ക്കളയാം"

അപ്പൊഴാണ്‌ ഒരു പൊട്ടിച്ചിരി ഞാന്‍ കേട്ടത്‌.

സ്റ്റാഫ്‌ റൂമിന്‍റെ മൂലയിലെ കൂജയില്‍ നിന്ന് വെള്ളം കുടിയ്ക്കുമ്പോള്‍, ചിരിച്ചകാരണം വെള്ളം മണ്ടയില്‍ കയറി തലയില്‍ കൈയടിച്ചുകൊണ്ട്‌ ഒരു സുന്ദരി..
ഇളം വിയര്‍പ്പ്‌ കഴുത്തില്‍ ആഭരണം പോലെ പറ്റിപ്പിടിച്ച, ജിമുക്ക കിലുക്കുന്ന, പാതിപൊളിച്ച വാഴക്കൂമ്പിതളിലെ തേന്‍കുടങ്ങളെ പോലെ മന്ദഹസിക്കുന്ന ഒരു സുന്ദരി..

"ഇതാണിവിടുത്തെ മലയാളം അദ്ധ്യാപിക.... "

"ലില്ലിക്കുട്ടി ടീച്ചര്‍.. അല്ലേ"

"ശ്ശെടാ.. നിനക്ക്‌ ടീച്ചറിനേയും അറിയാമോ" പത്മനാഭപിള്ള സര്‍ കിണ്ണത്തലയില്‍ കൈവച്ചു.

"അല്ല ആനന്ദന്‍ പറഞ്ഞിരുന്നു. ഇവിടെ ഫീമെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരിയേ ഉള്ളൂ.. അത്‌ ലില്ലിടീച്ചര്‍ ആണെന്ന്" വളിച്ചുചിരിക്കുന്ന ആനന്ദനെ ഞാനൊന്നു നോക്കി

"ഉം.... ഇവന്‍ മറ്റുവല്ലതും പറഞ്ഞോ..... " പിള്ളസാറിനു ഒരു കള്ളച്ചിരി

"പറഞ്ഞു. ഇവിടെ മെയില്‍ സ്റ്റാഫില്‍ ഒരേയൊരു സുന്ദരനെയുള്ളൂ.. അത്‌ പത്മനാഭപിള്ളസാറാണെന്ന്"

ലില്ലിടീച്ചര്‍ പൊട്ടിച്ചിരിക്കുമ്പോള്‍, ഓള്‍റെഡി മൂന്നെണ്ണം കൊഴിഞ്ഞുപോയ, ബാക്കി ആടിയിരിക്കുന്ന പല്ലുകള്‍ കാട്ടി പിള്ളസാര്‍ ഒന്നു ചമ്മി.

"വന്നു കേറിയപ്പൊഴേ ആക്കല്ലേ മോനേ.. "

എന്‍റെ ചിലവില്‍ ചായയും പരിപ്പുവടയുമെത്തി.

"എങ്ങനെയുണ്ട്‌ ലില്ലിടീച്ചറെ അധ്യാപനം? " വടയില്‍ ഞാന്‍ കടിച്ചു

"കൊള്ളാം.. വെറുതെ സമയം കളയാന്‍ വേണ്ടി വരുന്നു. വീട്ടിലിരുന്നാല്‍ വല്യപ്പച്ഛന്‍റെ മൊശടത്തരോം ചീത്തവിളീം സഹിക്കണം. ഇതാവുമ്പോ കുറച്ചു തമാശ.. കുറെ കുട്ടികള്‍.. കാശു നോക്കിയല്ല. "പുഞ്ചിരിക്ക്‌ ജിമുക്കയാട്ടം ചന്തമേകി.

"പിള്ളസാറെ വട ഒരു മയത്തില്‍ കടി. പല്ലു നമ്മുടെയാണേ... " ആനന്ദന്‍

"ഉം....ഉം... ഉം.." പിള്ളസാറിനു മറുപടി പറയണം എന്നുണ്ട്‌. പക്ഷേ വായില്‍ വട.. ഒപ്പം ചായ.

"അപ്പോ ഇന്നു വൈകിട്ട്‌ എന്‍റെ ആദ്യ ക്ളാസ്‌. എല്ലാരും അറഞ്ഞൊന്ന് അനുഗ്രഹിച്ചേക്കണേ.." ഞാന്‍ ചുണ്ടു തുടച്ചു.

"അതെപ്പൊഴേ തന്നു കഴിഞ്ഞു.." ലാസ്റ്റ്‌ സിപ്പു കഴിഞ്ഞ്‌, പല്ലെല്ലാം അവിടെത്തന്നെ ഉണ്ടല്ലോ എന്നു വിരലുകല്‍ കൊണ്ട്‌ ഒന്നുകൂടി കണ്‍ഫേം ചെയ്തു പത്മനാഭപിള്ളസാര്‍ ചിരിച്ചു.

മുന്നിലിരിക്കുന്ന മുപ്പതോളം കൌമാരക്കാര്‍.
കുസൃതികളായ ആണ്‍കുട്ടികള്‍.
വാടിയ മുല്ലപ്പൂ മുടിയില്‍ തൂക്കിയ പെണ്‍കുട്ടികള്‍.
നേരിയ ചാറ്റല്‍ മഴ പുറത്ത്‌.

ജീവിതത്തില്‍ ആദ്യമായി ബ്ളാക്ക്‌ ബോര്‍ഡില്‍ എന്‍റെ ചോക്ക്‌ ഉരഞ്ഞു.

'ആള്‍ജിബ്ര... '

ക്ളാസ്‌ പുരോഗമിക്കുമ്പോള്‍ ഒന്നു ഞാന്‍ അറിഞ്ഞു. ലോകത്തില്‍ വച്ചേറ്റവും ഭാഗ്യം ചെയ്തവര്‍ അദ്ധ്യാപകരാണ്‌. മനസുകളെ പ്രോസസ്‌ ചെയ്യുന്നവര്‍.
അദ്ധ്യാപകനായ അച്ഛന്‍ ഇതുവരെ കാണാത്ത രൂപത്തില്‍ എന്‍റെ മനസില്‍ നിറഞ്ഞു.

സ്വര്‍ഗം കിട്ടിയ സന്തോഷത്തോടെ സ്റ്റാഫ്‌ മുറിയിലേക്ക്‌ നടക്കാന്‍ തുടങ്ങിയപ്പോള്‍ കാതിലേക്കൊരു മധുരഗീതം ഒഴുകി വരുന്നു.

'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം"

പരിസരം നിശ്ശബ്ദമായി. പരമ്പു പാര്‍ട്ടീഷനുകള്‍ കടന്നുവരുന്നു മധുരമായ ആ കവിത. ഏതോ ക്ളാസില്‍ നിന്ന് ലില്ലിടീച്ചര്‍ ചൊല്ലുകയാണ്‌.

സ്റ്റാഫ്‌ റൂമില്‍ ആനന്ദന്‍ കണ്ണുമടച്ചിരിക്കുന്നു. ഇടയ്ക്ക്‌ തലയാട്ടുന്നു.
ഞാന്‍ പതുക്കെ അടുത്തു ചെന്നു. കഴുത്തു നീട്ടി അവനെ തന്നെ നോക്കി.
ഉം.ഹും. ഒരനക്കവുമില്ല.

അവന്‍ ലില്ലിടീച്ചറിന്‍റെ ശബ്ദത്തില്‍ ലയിച്ചിരിക്കുകയാണ്‌.

"ഡേയ്‌... !!!!! "

"നശിപ്പിച്ചു. സകല മൂഡും നശിപ്പിച്ചു. നിന്നോടാരു പറഞ്ഞു ഇങ്ങോട്ട്‌ കെട്ടിയെടുക്കാന്‍. "

"ഹ ഹ നീ എവിടാ ലയിച്ചിരിക്കുന്നെ. ഉള്ളൂരിന്‍റെ പ്രേമഗീതത്തിലോ അതോ ലില്ലൂരിന്‍റെ വോയ്സിലോ.. "

"രണ്ടിലും. എത്ര സത്യമാ ആ കവി പറഞ്ഞത്‌ അല്ലേ. ഒരൊറ്റ മതമേയുള്ളൂ ഈ ലോകത്ത്‌. അത്‌ പ്റേമം മാത്രം.. "

"ഇതേ കവി തന്നെ പാടിയിട്ടുണ്ട്‌ 'പെണ്ണൊന്നെരെണ്ണത്തെ തീര്‍ത്തൊരീ നാന്‍മുഖന്‍ പെണ്ണിലും പെണ്ണാക്കി പൂരുഷനെ ' എന്ന്, പിംഗളയില്‍.. അതും നീ മറക്കെണ്ടാ"


അറിവു പകര്‍ന്ന് കൊടുത്ത്‌ പിന്നെയും പല ദിനങ്ങള്‍ കടന്നുപോയി.

എന്‍റെ സായന്തനങ്ങള്‍ക്ക്‌ സ്വര്‍ണ്ണപ്രഭ കൈവന്നു. ചിരിയും ചായയും വടയും സൌഹൃദവും മിക്സ്‌ ചെയ്ത സുന്ദര സായന്തനങ്ങള്‍.

'എ പ്ളസ്‌ ബി ദ ഹോള്‍ സ്ക്വയേര്‍ഡ്‌' എന്ന് മുഴുവന്‍ എഴുതും മുമ്പേ നടുവൊടിഞ്ഞ ചോക്ക്‌ റീപ്ളേസ്‌ ചെയ്യാന്‍ സ്റ്റാഫ്‌ റൂമിലെക്കു പോയ ഞാന്‍ വാതില്‍ പടിയിലെത്തിയപ്പോഴാണ്‌ അത്‌ കേട്ടത്‌.

"കളികള്‍.." ഛെടാ ഇത്‌ ലില്ലിടീച്ചറുടെ വോയ്സാണല്ലോ അകത്തുനിന്ന്.
"ചൊല്ലി.. " ഇത്‌ ആനന്ദന്‍റെ ശബ്ദം
"കാട്ടു.. " ഇത്‌ ലില്ലീസ്‌
"പൂവിന്‍.. " പിന്നെയും ആനന്ദന്‍
"കരളി.. " വീണ്ടും ലില്ലീസ്‌
"നോടും നീ..... " ആനന്ദന്‍ എഗൈന്‍

അകത്തേക്ക്‌ കടന്ന ഞാന്‍ യുഗ്മഗാനത്തിന്‍റെ ബാക്കിഭാഗം കേട്ടു.

"പൂങ്കാറ്റിനോടും കിളികളോടും കളികള്‍ ചൊല്ലി നീ.. "

ലില്ലിടീച്ചര്‍ പാവക്കുട്ടിയെപ്പോലെ തലയാട്ടി പാടുന്നു. കൂടെ, ആനന്ദന്‍ ഉണങ്ങിയ തെങ്ങോല കാറ്റത്താടുമ്പോലെ തലയാട്ടിപ്പാടുന്നു.

"കലക്കി. സത്യം പറയാമല്ലോ.. ടീച്ചറിന്‍റെ ശബ്ദം ശരിക്കും മെലോഡിയസ്‌. ഇവന്‍റെ കേട്ടിട്ട്‌ തങ്കച്ചായന്‍റെ മില്ലില്‍ നെല്ലുകുത്തുമ്പോലെയുണ്ട്‌. ഒട്ടും മാച്ചിംഗ്‌ അല്ല." ചമ്മിച്ചിരിക്കുന്ന രണ്ടാളേം നോക്കി ഞാന്‍ പറഞ്ഞു.

കൈപൊത്തിച്ചിരിച്ചുകൊണ്ട്‌ ടീച്ചര്‍ ഇറങ്ങിയോടി.

'സാമദ്രോഹി' എന്ന അര്‍ത്ഥത്തില്‍ ആനന്ദന്‍ ക്രൂരമായി എന്നെ ഒന്നു നോക്കി.

'ഇതിലും നല്ല പാട്ടുണ്ടല്ലോടാ.. അതെന്തേ പാടാഞ്ഞെ.. ഫോര്‍ എക്സാമ്പിള്
‍ആട്ടേപോട്ടേ..ഇരിക്കട്ടെ ലൈലേ... നിന്നെ
കാത്തുകാത്തു വലഞ്ഞല്ലോ മയിലേ...
നിന്നെക്കാണും നേരമെന്‍റെ മജനൂ... എന്‍റെ
ചങ്കിലൊരു കിരുകിരുപ്പ്‌ വരണ്‌"

ചിരിയടക്കി ചോക്കുമെടുത്ത്‌ ഞാന്‍ പുറത്തുവന്നു.

ഒരിക്കല്‍, സംസാരിക്കാന്‍ മറ്റു വിഷയങ്ങള്‍ ഒന്നും ഇല്ലാഞ്ഞപ്പോ ഫുഡ്‌ ടെക്നോളജിയിലേക്ക്‌ ഞങ്ങള്‍ തിരിഞ്ഞു.

"ടീച്ചറിനേറ്റവും ഇഷ്ടപ്പെട്ട ആഹാരം എന്താ?"

"എന്നെ ടീച്ചറെന്നു വിളിക്കാതെ പ്ളീസ്‌. അതു കേള്‍ക്കുമ്പോഴേ ഒരു വല്ലായ്മ"

"ഈ കാളവണ്ടിക്കാരനെ ഡ്രൈവറേ എന്നു വിളിച്ചാലുണ്ടാവുന്ന ഒരുതരം സുഖമില്ലായ്മ അല്ലേ.. എല്ലാ ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്കും ഉണ്ടീ ഫീലിംഗ്‌" ടീച്ചര്‍ പിന്നെയും ചിരിച്ചു

"പാലപ്പവും മുട്ടക്കറിയും"

"ങേ.. !!"

"അല്ല.. മുമ്പേ ചോദിച്ചില്ലേ ഇഷ്ടപ്പെട്ട ആഹാരം.. മാഷിനോ"

"ഓ..അത്‌.. എനിക്ക്‌ കപ്പവേവിച്ചതും മത്തിക്കറിയും.. "

"അങ്ങനെ വേണം മാഷേ..തനി നാടന്‍. അതാ എനിക്കിഷ്ടം. ആനന്ദന്‍ മാഷിനു ഏറ്റവും ഇഷ്ടം ചില്ലി ചിക്കന്‍ ആണത്രേ. "

"ചക്കപ്പുഴുക്കിനു ചില്ലിച്ചിക്കന്‍ എന്നൊരു പേരുണ്ടോ ടീച്ചറെ.. "
ടീച്ചര്‍ വീണ്ടും വാപൊത്തി ചിരിച്ചപ്പോഴാണ്‌ ആനന്ദന്‍ കയറി വന്നത്‌.

"ടീച്ചറിനു ക്ളാസില്ലേ.. എന്താ പോകാത്തെ... " അല്‍പം ഗൌരവം

"ഞാനീ മാഷിന്‍റെ കാര്യം കേട്ടങ്ങിരുന്നുപോയി. മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ച്‌.... "

"പെട്ടെന്ന് ചെല്ല്..ദാ വാസൂള്ള സാറു തിരിക്കുന്നവിടെ.. "

ടീച്ചര്‍ വെളിയിലേക്ക്‌ ഓടി.

ആനന്ദന്‍റെ മുഖം കാര്‍ക്കോടക സമം.

"നീ ആരാടാ ചാര്‍ളിചാപ്ളിന്‍റെ ചേഴക്കാരനോ. ആളുകളെ ചിരിപ്പിക്കാന്‍"

"ആ ടീച്ചറിനോടെന്തും പറഞ്ഞാലു ചിരിയാ. ഞാന്‍ എന്നാ ചെയ്യാനാ അളിയാ. "

"എന്നിട്ട്‌ ഞാന്‍ പറയുമ്പോ ഒന്നും ഇങ്ങനെ ചിരിക്കാറില്ലല്ലോ.. "

"അതുനിനക്ക്‌ ഫീമെയില്‍ സൈക്കോളജി അറിയാഞ്ഞിട്ടല്ലേ. എടാ 'വിമന്‍ ആര്‍ സെന്‍സിറ്റിവ്‌. ട്രീറ്റ്‌ ദെം വിത്‌ സോഫ്റ്റ്‌നെസ്‌' എന്നൊരു അടിവസ്ത്രത്തിന്‍റെ പരസ്യം കണ്ടിട്ടില്ലേ.. "

"അടിയുടെ കുറവാ നിനക്ക്‌.. "

"താടാ കൊട മര്യാദയ്ക്ക്‌..!! കൊട തരാന്‍.. ഞാന്‍ കുടുംബത്തില്‍ പിറന്നോനാ ഊശിയാക്കല്ലേ.. എടാ മര്യാദയ്ക്ക്‌ കൊട തരാന്‍.. "

പുറത്തുനിന്നല്ലേ ആ അട്ടഹാസം.

ഞാനും ആനന്ദനും ഒന്നിച്ചു വെളിയിലേക്ക്‌ ചാടി.

ഞെട്ടി!!

കുട റിപ്പയറുകാരന്‍ സ്കോളേഴ്സിലെ ഒരു സ്റ്റുഡന്‍റിന്‍റെ കുത്തിനു പിടിച്ചു നിര്‍ത്തിയിരിക്കുന്നു.

"എടുക്കെടാ കുട... !!!"

ഇതെന്തു കൂത്ത്‌.

"എന്തവാ അച്ചായാ ഇത്‌. ആ ചെറുക്കനെ വിട്‌.. കാര്യം പറ.. രാവിലെ പ്രശ്നമുണ്ടാക്കാതെ" ആനന്ദന്‍ പയ്യനെ പിടിച്ചു മാറ്റി.

"സാറെ. ഞാന്‍ 'കുട നന്നാക്കാനുണ്ടോ' എന്നു വിളിച്ച്‌ സൈക്കിളില്‍ പോയപ്പോ, 'ഉണ്ടുണ്ട്‌' എന്നുപറഞ്ഞു എന്നെ വിളിച്ചു. ചോദിച്ചപ്പോ പറയുകാ വെറുതെ തമാശയ്ക്ക്‌ വിളിച്ചതാണെന്ന്.. എനിക്ക്‌ കുട ഇപ്പോ കിട്ടണം. പിള്ളേരാണെന്നു കരുതി ഇങ്ങനെയുണ്ടോ അഹമ്മതി. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നതാ.. അപമാനം സഹിച്ചൊരു ശീലമേയില്ല "

"പോട്ടച്ചായാ. ഇവനു രണ്ടു പൊട്ടീരു ഞാന്‍ കൊടുക്കാം. അച്ചായന്‍ തല്‍ക്കാലം പോ. പ്ളീസ്‌"

"എന്‍റെ പട്ടി പോകും. കുട കിട്ടാതെ ഒരടി പോകുന്ന പ്രശ്നമില്ല. ഞാനും ഒന്നാംതരം കുടുമ്മത്തില്‍ പിറന്നോനാ. "

പ്രശ്നം രൂക്ഷമായി. കുട കിട്ടാതെ അതു നന്നാക്കാതെ അച്ചായന്‍ പോകില്ല എന്ന മട്ട്‌.

'ഇത്രയും ഒരു ആത്മാഭിമാനിയെ മുമ്പ്‌ ഞാന്‍ കണ്ടിട്ടില്ല..' ഞാന്‍ ആനന്ദന്‍റെ ചെവിയില്‍ പറഞ്ഞു.

സാക്ഷാല്‍ വാസുപിള്ള സാര്‍ പ്രശ്നപരിഹാരത്തിനെത്തി.

"തനിക്കെന്താ വേണ്ടെ... എന്താ തന്‍റെ പ്രശ്നം"

"ഞാന്‍ കുടുംബത്തില്‍ പിറന്നവനാ സാറേ"

"അതാണോ പ്രശ്നം? "

"എനിക്ക്‌ കൊട വേണം. അതു നന്നാക്കാതെ ഞാന്‍ പോവില്ല. "

"ഉറപ്പാണോ.. "

"ഉറപ്പ്‌.. "

"ഓലക്കുട താന്‍ നന്നാക്കുമോ?"

"എന്തുവാ.. മനുഷനെ കളിയാക്കല്ലേ.. "

"എടാ കേടായ കൊടയൊന്നും ഇവിടില്ല.. നീ പോ.. ചുമ്മാ രാവിലെ മെനക്കെടുത്താതെ"

"അതൊന്നും എനിക്കറിയേണ്ട.. കൊട വേണം. "

"അല്ലേ നീ പോവുകേല? "

"ഇല്ല.. "

"ആരാടാ ഇയാളെ വിളിച്ചത്‌"

പ്രതിയായ പയ്യന്‍ പരുങ്ങി

"ചെന്ന് നിന്‍റെ കുട എടുത്തോണ്ടു വാ.." വാസൂള്ള സാര്‍ ആജ്ഞാപിച്ചു.

തലചൊറിഞ്ഞു കൊണ്ട്‌ പയ്യന്‍ സ്വന്തം കുട കൊണ്ടുവന്നു.

ഒറ്റക്കാലില്‍ തപസുചെയ്യുന്ന പോസില്‍, മറ്റേക്കാല്‍ ഉയര്‍ത്തി ആ കാലിലേക്ക്‌ ഉഗ്രശക്തിയില്‍ വാസൂള്ള സാര്‍ കുട പതിപ്പിച്ചു. കമ്പി രണ്ടായി ഒടിഞ്ഞു കൈയില്‍ ഇരുന്നു

"ഉം. ഇനി ഇതു നീ നന്നാക്ക്‌.. "

"അയ്യോ.. കമ്പി എന്‍റെ കൈയില്‍ ഇല്ല.. "

"മിണ്ടരുത്‌. ഇത്‌ നന്നാക്കിയിട്ട്‌ പോയാ മതി നീ. "

"എന്‍റെ കൈയില്‍ കമ്പി ഇല്ല. കമ്പി മാറണേല്‍ കാശു കൂടുതലാവും"

"കാശോ.. എന്ത്‌ കാശ്‌"

"പിന്നെ ഓസിനാണോ കൊട നന്നാക്കുന്നെ"

"കാശിന്‍റെ കാര്യം നീ എപ്പോ പറഞ്ഞു. നന്നാക്കാനൊരു കുട വേണമെന്നു പറഞ്ഞു. അതു ഞാന്‍ തന്നു. മിണ്ടാതിരുന്നു നന്നാക്ക്‌. അല്ലേല്‍ നിന്നെ ഞാന്‍ കോടതി കേറ്റും. അറിയാമല്ലോ വാസുപിള്ളയെ. "

"ഇതെന്നാ എടപാടാ"

"മിണ്ടരുത്‌.. !!"

"കമ്പി ടൌണിലേ കിട്ടൂ.. "

"എന്താ ടാക്സി വിളിക്കണോ. പോയി കൊണ്ടുവാടാ കമ്പി"

കുടകളഞ്ഞ്‌ അച്ചായന്‍ പുറകിലൂടെ സ്കൂട്ടായി.

ഒടിഞ്ഞ കുടയും പിടിച്ച്‌ പയ്യന്‍ അന്ധാളിച്ചു നിന്നപ്പോള്‍ ആനന്ദന്‍ പറഞ്ഞു

"ഇതിന്‍റെ ബാക്കി ഇനി നാളെ ഉണ്ട്‌. ഈ ചെക്കന്‍റെ തന്ത തനി ചട്ടമ്പിയാ. 'കുട നന്നാക്കാനുണ്ടോ' എന്ന് അച്ചായന്‍ വിളിക്കുന്ന മാതിരി 'വഴക്കുണ്ടാക്കാനുണ്ടൊ' എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന ഇനം. ദൈവമേ. എന്തെല്ലാം കാണണം"

പിറ്റേന്നു കാലത്ത്‌ കുട്ടികളുടെ ഹോംവര്‍ക്ക്‌ ചെക്കുചെയ്തുകൊണ്ടിരുന്നപ്പോഴാണ്‌ വെളിയില്‍ ഒരു മിന്നലോട്ടം കണ്ടത്‌.

മൂത്രപ്പുരയില്‍ പോയ പത്മനാഭന്‍ സാര്‍, അണ്ടര്‍വെയര്‍ സ്യൂട്ടില്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ പായുന്നു.

'ഇതെന്തു പറ്റി. സാറു യൂറിന്‍ ഷെഡ്ഡില്‍ മുണ്ടു മറന്നുവച്ചോ' എന്ന് ആത്മഗതം ചെയ്ത്‌ ഞാന്‍ വെളിയിലേക്കിറങ്ങി.


"കൊല്ലും ഞാനെല്ലാത്തിനേം" സാറിന്‍റെ മുണ്ടും കൈയില്‍ പിടിച്ച്‌ 'തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസം' സ്റ്റയിലില്‍ കൊലവിളിച്ചുകൊണ്ടൊരു മാന്യന്‍ പുറകെ.

പിള്ളസാര്‍ സ്റ്റാഫ്‌ റൂമില്‍ അഭയം പ്രാപിച്ചു വാതിലടച്ചു.

"ഏത്‌ മറ്റേമോനാടാ എന്‍റെ ചെറുക്കന്‍റെ കൊടയൊടിച്ചത്‌. ഇറങ്ങിവാടാ. തട്ടും ഞാന്‍ എല്ലാത്തിനേ.. കളിക്കുന്നത്‌ പുഷ്കരനോടാണൊടാ &** മക്കളേ"

ആനന്ദനും ഞാനും ഓടിയടുത്തു.

"എന്താ പുഷ്കരേട്ടാ ഇത്‌.. ഛേ മോശം" പ്രിക്കോഷനു വേണ്ടി മുണ്ടില്‍ ബലം കൊടുത്തുകൊണ്ട്‌ ആനന്ദന്‍

"ചേട്ടാ ആ മുണ്ട്‌ കൊടുക്ക്‌ പ്ളീസ്‌. നമുക്ക്‌ പരിഹാരമുണ്ടാക്കം" എന്‍റെ ശ്രദ്ധയും സ്വന്തം മുണ്ടില്‍

"ഏതു നായിന്‍റെ മോനാ എന്‍റെ ചെക്കന്‍റെ കൊടയൊടിച്ചത്‌. ഇപ്പോ കാണണമെനിക്ക്‌"

"പുള്ളി കോടതിയില്‍ പോയിരിക്കുവാ.. ചേട്ടന്‍ ആ മുണ്ടിങ്ങു തന്നേ.. "

ഞാന്‍ മുണ്ടു വാങ്ങി, ജയില്‍വാസിയെപ്പോലെ ജനലില്‍ക്കൂടി കൈനീട്ടിയ പിള്ളസാറിനു കൊടുത്തു.

"ഈ പുഷ്കന്‍ ആരാന്നറിയമോടാ നിനക്ക്‌.. "

"അറിയാം എന്‍റെ പൊന്നു ചേട്ടാ. ടൌണിലെ കവലച്ചട്ടമ്പിയെ ഒറ്റയിടിക്ക്‌ കൂമ്പുവാട്ടിയിട്ട ആളല്ലേ.. ആര്‍ക്കാ ഇതൊക്കെ അറിയാത്തെ.. ചേട്ടന്‍ വാ. നമുക്കൊരു ചായ കുടിക്കാം.. ഛേ.. വാന്നേ.. പിന്നല്ലാതെ.. പറഞ്ഞാ തീരത്താ എന്തു പ്രശ്നമാ ചേട്ടാ ഈ ലോകത്തുള്ളത്‌"

എന്‍റെ പീസ്‌ മിഷന്‍ സക്സസായി...

സംഭവം തണുത്തു.

മന:പൂര്‍വം ആഗ്രഹിച്ചിട്ടും മനസില്‍ നിന്നു മായാതെ നിന്ന പത്മനാഭ പര്യടനം എന്നെ വീണ്ടും വീണ്ടും ചിരിച്ചപ്പോഴാണ്‌ ലില്ലിടീച്ചര്‍ കടന്നു വന്നത്‌.

"എന്താ മാഷേ ചിരിക്കുന്നെ"

"ടീച്ചറെന്താ വൈകിയത്‌. ഛേ.. മിസ്സാക്കി. ഒരു അപൂര്‍വ കാഴ്ച മിസാക്കി"

"എന്ത്‌.. ? "

"ടീച്ചറുടെ വല്യപ്പച്ചന്‍ അണ്ടര്‍വെയര്‍ കഴുകുമ്പോള്‍ എത്ര തുള്ളി ഉജാലയാ ഇടുന്നത്‌"

"മൂന്നു തുള്ളി.. എന്തേ.... "

"അതീ പിള്ളസാറിനൊന്നു പറഞ്ഞുകൊട്‌. വെളിയില്‍ കാണിക്കാത്ത വസ്ത്രങ്ങള്‍ക്കു വേണ്ടി എന്തിനാ പത്തുതുള്ളി വെയിസ്റ്റാക്കുന്നെ"
ആനന്ദനും ഞാനും പൊട്ടിച്ചിരിക്കുമ്പോള്‍ കാര്യം എന്തെന്നറിയാതിരുന്നിട്ടും ലില്ലിടീച്ചറും കൂടെ ചിരിച്ചു..

എന്‍റെ അദ്ധ്യാപക എപിസോഡിനു അര്‍ദ്ധവിരാമം ഇട്ട ഒരു സന്ധ്യയില്‍ ഞാന്‍ എല്ലാവരോടും യാത്രപറഞ്ഞു.

പത്മനാഭപിള്ളസാറിനെ കെട്ടിപ്പിടിച്ചു.

ആനന്ദന്‌ അന്ന് ക്ളാസ്‌ ഉണ്ടായിരുന്നില്ല..

പടിവാതില്‍ക്കല്‍ വരെ ലില്ലിടീച്ചര്‍ കൂടെ വന്നു.

"കുറച്ചു നല്ല ദിവസങ്ങള്‍ തന്നിട്ട്‌ ഒടുവില്‍ മാഷും പോകുന്നു അല്ലേ.. "

"അതല്ലേ ടീച്ചറേ ജീവിതം. മാറിയും മറിഞ്ഞും പിന്നെയും മാറിയും അങ്ങനെ.. എല്ലാ മക്കളേയും താങ്ങാന്‍ പാവം കേരളത്തിനു കപ്പാസിറ്റിയില്ലല്ലോ..അപ്പോ എന്നെപ്പോലെ അധികം ആവശ്യമില്ലാത്തവര്‍ കളമൊഴിഞ്ഞു കൊടുക്കണം.. അതല്ലേ വേണ്ടത്‌. "

"ഇനി എന്നാ ഇങ്ങോട്ടൊക്കെ.. "

"അതും അറിയില്ല ടീച്ചറേ. വരാമെന്നേ. ഒന്നു പച്ചപിടിക്കാമോ എന്നു നോക്കട്ടെ ആദ്യം. കോടീശ്വരനായി ഞാന്‍ ടീച്ചറിനെ കാണാന്‍ വരാം. എപ്പടി... "

"വേണ്ട. മാഷ്‌ ഈ സാധാരണ മനുഷ്യനായി തന്നെ വന്നാ മതി. ഈ വേഷമാ മാഷിനിണങ്ങുന്നെ. "

ടീച്ചര്‍ ചിരിച്ചില്ല.

"അപ്പോ ടീച്ചറേ വിട.. പള്ളിയില്‍ മെഴുകുതിരി കൊളുത്തുമ്പോള്‍ ഒരെണ്ണം എനിക്കുകൂടി കാച്ചിയേര്‌. കര്‍ത്താവും കസ്റ്റഡിയില്‍ ഇരിക്കട്ടേന്നെ... "

ഞാന്‍ സൈക്കിളില്‍ കയറി..

മഴമേഘങ്ങള്‍ ആകാശത്ത്‌ ഉരുണ്ടുകൂടി.

'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി..കാട്ടു പൂവിന്‍ കരളിനോടും നീ.... ' പതുക്കെ എന്‍റെ സൈക്കിള്‍ നീങ്ങി..


കാലം പുതിയ സിലബസുകള്‍ ജീവിതത്തില്‍ മാറ്റിമാറ്റി എഴുതി.

ദില്ലിയിലെ ചുട്ടുപൊള്ളുന്ന ദിനരാത്രങ്ങളിലൂടെ പച്ചപ്പുതേടിയുള്ള യാത്രകള്‍ക്കിടയില്‍ മനസിലെ പല ഏടുകളും ചാമ്പലായി.
ഓര്‍മ്മകളുടെ രസമുകുളങ്ങള്‍ പലതും അടര്‍ന്നകൂട്ടത്തില്‍ ലില്ലി ടീച്ചറും മറവിയുടെ ഏതോ ക്ളാസ്‌ മുറിയില്‍ അഭയം തേടി.
പിന്നീടൊരിക്കലും ഇളകുന്ന ജിമുക്കളോ, പൊളിഞ്ഞുവരുന്ന വാഴക്കൂമ്പിതളിലെ കനകത്തേന്‍കുടങ്ങള്‍ പോലെയുള്ള ആ ചിരിയോ ഓര്‍മ്മകളില്‍ എന്നെ തേടിവന്നില്ല.

'ഓര്‍മ്മയുണ്ടോ മാഷേ' എന്ന മംഗ്ളീഷ്‌ സബ്ജ്‌ക്ടില്‍, ജി.മെയില്‍ പുതിയൊരു മെയിലുമായി പറന്നെത്തിയത്‌ കുറച്ച്‌ ദിവസങ്ങള്‍ മുമ്പാണ്‌.

"വി ഷേപ്പ്‌ വിരലുകള്‍ക്കിടയിലെ കുസൃതിച്ചിരി കണ്ടപ്പോള്‍ തന്നെ മാഷിനെ തിരിച്ചറിയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. " എന്നു തുടങ്ങി കുടുംബത്തേയും കുട്ടികളേയും പരിചയപ്പെടുത്തി, ഇടയ്ക്കൊക്കെ ഓര്‍മ്മകളിലെ വെള്ളാരംകല്ലുകള്‍ പെറുക്കിയെടുത്ത്‌ ആ കത്ത്‌ ഇങ്ങെനെ അവസാനിച്ചു.
"നമുക്കൊന്നു കൂടി കാണേണ്ടേ മാഷേ.. ചാറുന്ന തുലാമഴയുടെ ഗന്ധത്തില്‍ പൊട്ടിച്ചിരിക്കാനും ചായകുടിക്കാനും.... "

വിശദമായി എഴുതിയ മറിപടിക്കൊടുവില്‍ ഞാനും എഴുതി

"..ഇല്ല ടീച്ചര്‍. നമുക്കിനി പഴയ നമ്മളാവാന്‍ ആവില്ല. നമുക്ക്‌ നമ്മളെ എന്നേ നഷ്ടപ്പെട്ടില്ലേ. കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയുള്ള, വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയുള്ള, ബാങ്ക്‌ ബാലന്‍സിനെപ്പറ്റിയുള്ള, പണ്ടപ്പണയ പലിശതീയതിയെപറ്റിയുള്ള ആശങ്കകളെല്ലാംകൂടി വന്നു നമ്മളെ എങ്ങോട്ടൊക്കെയോ പറിച്ചുനട്ടില്ലേ. ഇനി കണ്ടാലും കറപുരളാതെ ചിരിക്കാന്‍ നമുക്കാവുമോ.. എങ്കിലും ഒന്നുകൂടി കാണാം നമുക്ക്‌. എന്നെങ്കിലുമൊരിക്കല്‍. ബിഫോര്‍ ദി ഫൈനല്‍ എക്‌സിറ്റ്‌... "

'സെന്‍ഡ്‌' ബട്ടണില്‍ ക്ളിക്ക്‌ ചെയ്യുമ്പോള്‍, പരമ്പുപാര്‍ട്ടീഷന്‍ മറികടന്ന്, തുലാവര്‍ഷമേഘങ്ങളുടെ കുളിരു കലര്‍ന്ന്, പിച്ചിപ്പൂക്കളുടെ ഗന്ധത്തോടൊത്തുചേര്‍ന്ന് ആ പഴയ ശബ്ദം എന്നില്‍ നിറഞ്ഞു നിന്നു..

"ഒരൊറ്റമതമുണ്ടുലകിന്നുയിരാം
പ്റേമമതൊന്നല്ലോ.....
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം... "

52 comments:

G.MANU said...

വ്യവഹാരം വാസുപിള്ള എന്ന റിട്ടയേഡ്‌ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍, റോഡ്‌ സൈഡിലുള്ള തന്‍റെ വീടിനോട്‌ ചേര്‍ന്ന്, പരമ്പുപാര്‍ട്ടീഷ്യന്‍ കൊണ്ട്‌ മനോഹരമാക്കിയ നാലഞ്ച്‌ ക്ളാസ്‌ മുറികള്‍ പണിത്‌ ട്യുട്ട്യോറിയല്‍ തുടങ്ങിയത്‌, ആ വകയില്‍ മാസത്തില്‍ നാലഞ്ചുപേരെയിങ്കിലും കൂടി കോടതി കയറ്റാമല്ലോ എന്ന സദുദ്ദേശം ഒന്നുകൊണ്ട്‌ മാത്രമാണ്‌ എന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്‌

New Post at Brijviharam

Kichu $ Chinnu | കിച്ചു $ ചിന്നു said...

ടമാര്‍... പടാര്‍.... ഇരിക്കട്ടെ എന്റെ വക ആദ്യത്തെ തേങ്ങ..... :-)

പൊറാടത്ത് said...

“എങ്ങനെയുണ്ട്‌ ലില്ലിടീച്ചറെ അധ്യാപനം? " വടയില്‍ ഞാന്‍ കടിച്ചു..

കൊള്ളാം മാഷേ..കൊറേ ചിരിച്ചു

ശ്രീ said...

മനുവേട്ടാ...
ഓര്‍മ്മകളിലെ അദ്ധ്യാപനത്തിന്റെ നാളുകളിലേയ്ക്ക് ഞങ്ങളേയും കൊണ്ടു പോയ പോസ്റ്റ്.

നിങ്ങളുടെ ആ പഴയ നാളുകള്‍ കണ്മുന്നില്‍ കണ്ടതു പോലൊരു ഫീലിങ്ങ്. നന്നായിരിയ്ക്കുന്നു.
:)
(ഒരു ഡൌട്ട്: അപ്പോ ആനന്ദന്‍???)

vivek said...

മനുവേട്ടാ...
വീണ്ടുമൊരു കിടിലന്‍ പോസ്റ്റു...

“ എടാ ഈ ലില്ലിടീച്ചറിനു നുണക്കുഴിയുണ്ടോ.... " "എന്തിനാ.. നിനക്ക്‌ ചേന നടനാണോ. കഴുവേറിയുടെ ഒരു ചോദ്യം .
കുറേ ചിരിച്ചു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ മനുഷ്യനൊരു മെയിലയച്ചാല്‍ പോലും പോസ്റ്റുണ്ടാക്കിക്കളയുമോ. നന്നായി.

ഓടോ:അപ്പോള്‍ ആനന്ദന്‍???

Sharu (Ansha Muneer) said...

കൊള്ളാം ഓര്‍മ്മകളിലൂടെയുള്ള ഈ സഞ്ചാരം. പക്ഷെ എന്നത്തെയും പോലെ ഒരു സുഖമായില്ല. പെട്ടെന്ന് തീര്‍ക്കാന്‍ ധൃതിപ്പെട്ടതുപോലെ ഒരു തോന്നല്‍. ഒരു അപൂര്‍ണ്ണത.. ശ്രീ ചോദിച്ച അതേ സംശയം എനിക്കും ഉണ്ട്. ആനന്ദന്‍ എവിടെ???

The Common Man | പ്രാരബ്ധം said...

"കൊള്ളാം ", "നന്നായി", "കുറേ ചിരിച്ചു കേട്ടോ" എന്നൊക്കെ പറയാന്‍ നാണമാകുന്നു....

കുമരകത്തു വരുമ്പോ സ്പെഷ്യല്‍ കരിമീന്‍ പൊള്ളിച്ചതും കള്ളും! അതായിരിക്കും എന്റെ കമന്റ്!!!

വല്യമ്മായി said...

:)

lulu said...

മന:പൂര്‍വം ആഗ്രഹിച്ചിട്ടും മനസില്‍ നിന്നു മായാതെ നിന്ന പത്മനാഭ പര്യടനം എന്നെ വീണ്ടും വീണ്ടും ചിരിച്ചപ്പോഴാണ്‌ ലില്ലിടീച്ചര്‍ കടന്നു വന്നത്‌



കലക്കി മനുമാഷെ........ഹ ഹ ....

nandakumar said...

കാലം പുതിയ സിലബസുകള്‍ മാറ്റിമാറ്റി എഴുതിയ ജീവിതത്തിന്റെ നിറച്ചാര്‍ത്തുകള്‍ ഓര്‍മ്മകളില്‍ നിന്ന് പകര്‍ത്തിയെഴുതിയ എന്റെ മാഷെ..അഭിനന്ദനം എന്നു പറഞ്ഞാല്‍ പോരാ.. ആദ്യത്തെ പാരഗ്രാഫില്‍ തന്നെ മാഷ് ഇരുത്തിക്കളഞ്ഞു. പൂര്‍ണ്ണതയോടെ എഴുതിയ ആദ്യത്തെ പാരഗ്രാഫ് തന്നെ മതി മാഷെ, ഒറ്റയിരുപ്പിന്‍ ഇതു വായിച്ചു തീര്‍ക്കാന്‍. ഇടക്കുള്ള അക്ഷരതെറ്റുകള്‍ വായനക്ക് കല്ലുകടിച്ചെങ്കിലും ഓര്‍മ്മകള്‍ പങ്കു വെയ്ക്കുന്ന ആ സ്നിഗ്ദത വരികളിലൂടെ കവര്‍ന്നെടുക്കാനാവുന്നുണ്ട്. ഭാവിയിലേക്കു ആശങ്കയോടെ നോക്കുന്ന ഒരു കുടുംബസ്ഥന്റെ മനസ്സും അവസാന ഭാഗത്തും കാണാം.
എന്റെ കഴിഞ്ഞ പോസ്റ്റില്‍ മാഷെനിക്കു തന്ന ആ സ്നേഹചുംബനം ഞാനും തിരിച്ചു തരുന്നു.( അപ്പോ കടം വീടി!!)

അനാഗതശ്മശ്രു said...

എങ്കിലും ഒന്നുകൂടി കാണാം നമുക്ക്‌. എന്നെങ്കിലുമൊരിക്കല്‍. ബിഫോര്‍ ദി ഫൈനല്‍ എക്‌സിറ്റ്‌... "
**************
കാണാം ...കാണണം ....

പഴയ പോസ്റ്റിന്റെ ഒരു ഇരുത്തം വിരുത്തം സം ഗതി
കുറവു അനുഭവപ്പെട്ടു

Kaithamullu said...

മനൂ,

ആദ്യം നോക്കിയത് പോസ്റ്റിന്റെ നീളമാണ്. എന്നിട്ട് ഉടനീളം പ്രിന്റ് ചെയ്തെടുത്തു. വായന ഇനി സൌകര്യം പോലെ ആസ്വദിച്ച്....

annamma said...

പോസ്റ്റ് കലക്കി. ആനന്ദനെപ്പറ്റി ട്ടീച്ചര്‍ ഒന്നും എഴുതിയില്ലേ.

G.MANU said...

ഒരു ഇന്ററപ്ഷന്‍ പ്ലീസ്..

പതിവു ശൈലിയില്‍ നിന്നു ഒന്നു മാറി നിന്നു ഒരു ജെ‍.എഫ്.എല്‍ (ജസ്റ്റ് ഫോര്‍ ലാഫ്) പോസ്റ്റാണിത്.
സെന്‍‌റി നഹിം പ്ലീസ് എന്ന് ഒരുപാട് കമന്റുകള്‍ കണ്ട്..

എല്ലാര്‍ക്കും ആനന്ദനെക്കുറിച്ചറിയണം അല്ലേ..
പുള്ളി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‌റില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ച് നാട്ടില്‍ സുഖമായും കുടുംബസമേതവും കഴിയുന്നു.. (ലില്ലിടീച്ചര്‍ അല്ല കുടുംബിനി). ഇതേ പറ്റി പണ്ട് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞതും മുകളിലെ മറുപടി ആരുന്നു..
ദാറ്റ് വാസ് എ ജെ.എഫ്.എല്‍ റൊമാന്‍സ് മാന്‍ :)

Navi said...

എണ്‍പതുകളിലെ ഒരു മലയാളം സിനിമ കണ്ട പ്രതീതി... ഇഷ്ട്ടമായി...

തമനു said...

എന്താ പറയുക..

ഒരു മനു പോസ്റ്റ് :) അത്രന്നെ.. :)

:: VM :: said...

Nice Post , as usual.. hridayathe sparSicha post manoo. Nannaayi chirikkayum cheythu. ;

[ nardnahc hsemus ] said...

ഞാന്‍ സൈക്കിളില്‍ കയറി..

മഴമേഘങ്ങള്‍ ആകാശത്ത്‌ ഉരുണ്ടുകൂടി.

'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി..കാട്ടു പൂവിന്‍ കരളിനോടും നീ.... ' പതുക്കെ എന്‍റെ സൈക്കിള്‍ നീങ്ങി..

*********************

ഈ കഥ ഞാനവിടെ വച്ചുനിര്‍ത്തി.. പിന്നെ പറഞ്ഞതിക്കെ എന്നെ അപേക്ഷിച്ചിടത്തോളം “തേങ്ങാക്കൊല”. ഇങ്ങേരെന്തിനാ ഇങ്ങനെ എല്ലാ പോസ്റ്റിലും ഇത്തരം സാധനങള്‍ “‘ഏച്ഛുകൂട്ടണേ”? (അങ്ങനെ ചോദിയ്ക്കാനുള്ള സ്വാതന്ത്ര്യം ഞാനങ് എടുത്തു)
..........................

ഇതുവരെയുള്‍ലതില്‍ വച്ച് ഏറ്റവും രസകരമായി തോന്നിയ ഒരു പോസ്റ്റാണിത്.. സൈക്കിളിന്റെ പുറകിലിരുന്നു ആ “ബേറ്ഡ്സിനെകുറിച്ച് ചോദിയ്ക്കുന്ന സീന്‍ വളരെ രസകരമായി തോന്നി.. വളരെ ക്രിയേറ്റീവായ നര്‍മ്മങ്ങള്‍ നാച്ചുറാലിറ്റിയുമായി കൂട്ടിക്കലര്‍ത്തിയ ഈ മനു ബ്രാന്റിന്റെ തലക്കെട്ട് മാത്രം കടമെറ്റുത്ത തോന്നല്‍.. അതു വേണ്ടായിരുന്നു.... (അന്നക്കുട്ടീ......)

:)

(കുറച്ചു സമയം “ബ്രേക്കെടുക്കൂ മനു“ (ഷ്യാ) )
ഹഹഹ

ഉഗാണ്ട രണ്ടാമന്‍ said...

ഡിമ്പിള്‍ ഡിമ്പിള്‍ ലിറ്റില്‍ സ്റ്റാര്‍ ..
ഹൌ ഐ വണ്ടര്‍ വാട്ട്‌ യൂ ആര്‍....
അപ്‌ എബൌ ദി ബ്യൂട്ടി സ്പോട്ട്‌
ലൈക്‌ എ ഡയമെണ്ട്‌ ഓണ്‍ ദി ചീക്‌"

കലക്കി മാഷെ....:)

Anonymous said...

വായനയുടെ സുഖം, അതൊന്നു വേറെ തന്നെയാണ്‌ മാഷേ....ബൂലോകത്തിനു ഇനി കമണ്റ്റുന്നില്ല എന്നു വിചാരിച്ചതാണ്‌. പക്ഷെ, താങ്കള്‍ സമ്മതിക്കുന്നില്ല. നന്നായി, ആശംസകള്‍.

യാഥാസ്‌

കുറുമാന്‍ said...

എന്നെ തല്ല്യാല്യും വേണ്ടില്ല മനുവേ.....

മനുവിന്റെ പോസ്റ്റുകളുടെ ഫ്രെയിം ഒന്ന് മാറ്റാനുള്ള സമയമായിരിക്കുന്നു.


രണ്ട് പാട്ട്, ഒരു വട, ഒരു സെന്റി ഇതൊക്കെ സ്ഥിരം നമ്പറായി മാറിയിരിക്കുന്നു.

അടുത്തതൊരെണ്ണം പോരട്ടെ ഒരു വിത്യസ്ഥനായൊരു ബാര്‍ബര്‍ സ്റ്റൈലില്‍ :)

Unknown said...

"ഒരു കമുകില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി പാക്കുപറിച്ചിട്ട്‌, എല്ലാത്തിനും കൂടി കൂലി ചോദിച്ചപ്പോള്‍, 'ചാടിക്കേറിയ കമുക്‌ എണ്ണത്തില്‍ ഇന്‍വാലിഡ്‌ ആണ്‌' എന്നൊരു ലോ പോയിണ്റ്റ്‌.. രാവിലെ സൂപ്പര്‍ ചീത്തവിളിയാരുന്നു ഇവിടെ.. "

വീട്ടിലിരിക്കണ അച്ഛനെ ഓര്‍ത്തുപോയി മനുവേട്ടാ....

അതേ, ചുമ്മാ ചിരിപ്പിച്ചാ പോരോ?? എന്തിനാ ഇങ്ങനെ കൊല്ലണെ? എന്നിട്ടൊടുക്കമൊരു സെന്റീം.... കസറി മാഷേ.. :)

Anonymous said...

haha
great mashe..chirichu mannu kappi

aasamsakal

പാഞ്ചാലി said...

മനുവേ..പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. നന്നായി ചിരിച്ചു. പിന്നെ പലരും പറഞ്ഞതു പോലെ, തുടക്കം മുതല്‍ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ജഗതി ശ്രീകുമാറിനെ പെട്ടെന്ന് ശോക മൂക വിരഹ ഗായകനായ വേണു നാഗവള്ളി ആക്കുന്നതുപോലെയുള്ള ഈ സ്ഥിരം അന്ത്യ രംഗങ്ങള്‍ ഇടക്കൊക്കെ ഒന്നു മാറ്റിക്കൂടെ? ( രണ്ടും ഇഷ്ടം തന്നെ കേട്ടോ)
ഓ. ടോ.
ആരോ കമ്മന്റിയത് കണ്ടു അക്ഷരത്തെറ്റിനെക്കുറിച്ചു്. ഇത്രയും നല്ല അപ്പം തിന്നുമ്പോള്‍ ഞാന്‍ വളരെ ചെറിയ ചെറിയ കുഴികള്‍ എണ്ണാന്‍ പോയിട്ട് കണ്ടതായി ഓര്‍ക്കാന്‍ പോലും നില്‍ക്കാറില്ല.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വഴിക്കണക്കിന്‍റെ ആഴങ്ങളില്‍ മുങ്ങാതെ, എറിഞ്ഞു കളഞ്ഞ അണ്ടിക്കു പിറകേ പായുന്ന മാനസം, പല്ലുകള്‍ക്കിടയിലെ നാരിളക്കാന്‍, വൃഥാശ്രമം,അതിനുമൊരു രസം.
ഒരുപാടു ഒാറ്‍മ്മകളിലേക്കു [സ്വന്തം]വെളിച്ചം തെളിച്ച പോസ്റ്റ്‌. തകര്‍ത്തു.

ഹരിയണ്ണന്‍@Hariyannan said...

മനൂ..കഥ അസലായി!
എന്നുവച്ചാല്‍ പല പഴയ സാധനങ്ങളുടേയും അത്ര അങ്ങോട്ട് ‘സംഗതി’കള്‍ ഏശിയില്ലെന്നും തോന്നി!

“ഓര്‍മ്മേട്ടാ..ലില്ലിടീച്ചറ് വിളിക്കുന്നു”എന്ന തലക്കെട്ട് കൊള്ളാം.താമസിയാതെ “മനുച്ചേട്ടാ...ലില്ലീടെ കെട്യോന്‍ വിളിക്കുന്നു”എന്ന പോസ്റ്റും പ്രതീക്ഷിക്കുന്നു!!

ദിലീപ് വിശ്വനാഥ് said...

കോന്നിക്കാരാ പുന്നാരമോനേ...ഇതെന്താ ദിവസങ്ങള്‍ ഇങ്ങനെ ആഘോഷിച്ചു തീര്‍ക്കുകയായിരുന്നോ ഒരു കാലത്ത്? ചുമ്മാ പുസ്തകത്തിന്റെ പേജ് മറിക്കുന്നതുപോലെയല്ലേ ഓര്‍മ്മകള്‍ മറിച്ചുവിടുന്നത്!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായി. ഇനീപ്പം തിരിച്ചു നടക്കണം

തോന്ന്യാസി said...

സംഭവം എന്നത്തേം പോലെത്തന്നെ കലക്കീന്നു പറഞ്ഞാപ്പോര കലകലക്കീന്നുതന്നെ പറയണം...

പിന്നെ എന്നെത്തേം പോലെ ഒരു വാചകം ഞാന്‍ അടിച്ചു മാറ്റി

അത് ഇതാണ്...ഇതാണ്‍...ഇതാണ്......

“എങ്കിലും ഒന്നുകൂടി കാണാം നമുക്ക്‌. എന്നെങ്കിലുമൊരിക്കല്‍. ബിഫോര്‍ ദി ഫൈനല്‍ എക്‌സിറ്റ്‌...”

എന്തു കൊണ്ടാണെന്നൊന്നും ചോദിക്കരുത്...ഈ വാചകം എനിക്കിഷ്ടായി...

പിന്നെ കോപ്പീറൈറ്റെന്നും പറഞ്ഞു വന്നാല്‍........

jense said...

"അപ്പോ ചിലവുണ്ട്‌. മറക്കണ്ട.. അതാ ഇവിടുത്തെ ഒരു രീതി. " പത്ഭനാഭന്‍ സാര്‍
"കൊള്ളാം ഉണ്ടോന്നോ.. ആദ്യത്തെ ശമ്പളം ഒന്നു കിട്ടിക്കോട്ടെ. സിംഗപ്പൂരില്‍ തന്നെ പൊയ്ക്കളയാം"

എന്റെ പൊന്നു മനുചേട്ടാ ഇതു വരെ വായിച്ചപ്പോ പല ഭാഗങ്ങളും കോപി പയിസ്ട്ട് ചെയ്തു... പിന്നെ ഡിലീറ്റ് ചെയ്തു... പക്ഷെ ഇതു വായിച്ചു അറിയാതെ ചിരിച്ചു പോയി... ഞാന്‍ ബാക്കി വായിക്കട്ടെ....

മനുചേട്ടാ കലക്കി... കലക്കിയെന്നു പറഞ്ഞാ തകര്ത്തു... മനുചെട്ടന്റെ ബ്ലോഗ് വായിക്കുമ്പോ ഉണ്ടാവുന്ന ആ ഒരു നോസ്ടാല്ജിക് ഫീലിംഗ് വീണ്ടും വന്നു... അടുത്തതിനായി കാത്തിരിക്കുന്നു...

Anonymous said...

manuji.
thakarthu chirichu.
congrats

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മനു
നാന്നയിട്ടുണ്ട് ഈ കോമ്പിനേഷന്‍ .
അധികമാരും ഉപയീയോഗിച്ചു കണ്ടീട്ടില്ല.
എന്താണ് പറയുക
ഹാസ്യ -റൊമാന്റിക് - നോസ്റ്റാള്‍ജിക്- അവസാ‍നം ഫിലോസഫിക്
ആശംസകളോടെ
ഈ ട്രെന്‍ഡ് മായി മുന്നോട്ടു നീങ്ങൂ
ആശംസകളോടെ

അപ്പു ആദ്യാക്ഷരി said...

മനുവേ... ഓര്‍മ്മകളും അനുഭവക്കുറീപ്പും നന്നെങ്കിലും പതിവു മനു സ്റ്റൈലോ, വായനയ്ക്കുള്ള സുഖമോ - തമാശയല്ല ഞാന്‍ ഉദ്ദേശിച്ചത് - ആകെയുള്ള ആ സെറ്റപ്പ് - ഇതില്‍ ഇല്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

“ക്ളാസ്‌ പുരോഗമിക്കുമ്പോള്‍ ഒന്നു ഞാന്‍ അറിഞ്ഞു. ലോകത്തില്‍ വച്ചേറ്റവും ഭാഗ്യം ചെയ്തവര്‍ അദ്ധ്യാപകരാണ്‌. മനസുകളെ പ്രോസസ്‌ ചെയ്യുന്നവര്‍“ അതു വളരെ സത്യം!

pravasalokam said...

Dear Manu,

നമുക്കിനി പഴയ നമ്മളാവാന്‍ ആവില്ല. നമുക്ക്‌ നമ്മളെ എന്നേ നഷ്ടപ്പെട്ടില്ലേ. കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയുള്ള, വരാനിരിക്കുന്ന രോഗങ്ങളെപ്പറ്റിയുള്ള, ബാങ്ക്‌ ബാലന്‍സിനെപ്പറ്റിയുള്ള, പണ്ടപ്പണയ പലിശതീയതിയെപറ്റിയുള്ള ആശങ്കകളെല്ലാംകൂടി വന്നു നമ്മളെ എങ്ങോട്ടൊക്കെയോ പറിച്ചുനട്ടില്ലേ. ഇനി കണ്ടാലും കറപുരളാതെ ചിരിക്കാന്‍ നമുക്കാവുമോ.. എങ്കിലും ഒന്നുകൂടി കാണാം നമുക്ക്‌. എന്നെങ്കിലുമൊരിക്കല്‍......

Good

yousufpa said...

അതിമനോഹരം ഈ സൃഷ്ടി.

ധ്വനി | Dhwani said...

നന്നായിരിയ്ക്കുന്നു മനു!

(എന്റെ ഹൈസ്കൂള്‍ ദിനങ്ങളോര്‍ത്തു!)

ബാര്‍ബര്‍ ബാലന്‍ said...

എല്ലാര്‍ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....
അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)

വേണു venu said...

മനുവേ, ചിരിപ്പിച്ചു എന്ന്നത്തേയും പോലെ.
വ്യവഹാരം വാസുപിള്ള നിങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നോ.?
'കുട നന്നാക്കാനുണ്ടോ' എന്ന് അച്ചായന്‍ വിളിക്കുന്ന മാതിരി 'വഴക്കുണ്ടാക്കാനുണ്ടൊ' എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന ചട്ട്മ്പിയെ പോലെ, കേസ്സുണ്ടാക്കാനുണ്ടോ എന്നു് ചോദിച്ചു ജീവിച്ച ഒരു നീലകണ്ഠപിള്ള ഞങ്ങളുടെ നാട്ടിലും ജീവിച്ചിരുന്നു. ബാലന്‍സു നല്‍കാതെ മുങ്ങിയ ഒരു കണ്ടക്ടര്‍ക്കെതിരേ കേസ്സു ഫയല്‍ ചെയ്യുകയും ഒടുവില്‍ രണ്ടു വര്‍ഷത്തെ വാദ വിവാദങ്ങള്‍ക്കു ശേഷം കൊട്ടാരക്കര ബസ് സ്റ്റാന്‍റിനെ ജപ്തി ചെയ്യാനുള്ള കോടതി വിധി വരെ എത്തിച്ച സംഭവം ആയിടയ്ക്കു് കലാകൌമുദി റിപ്പോര്‍ടു ചെയ്തിരുന്നു. ഇന്നും ഞാനോര്‍ക്കുന്നു. കൊട്ടാരക്കര ബസ് സ്റ്റാന്‍റിനെ വിറപ്പിച്ച നീലകണ്ഠപിള്ള എന്നായിരുന്നു തലക്കെട്ടു്.
അവധിക്കു് നാട്ടിലെത്തുമ്പോള്‍, റോഡിലൂടെ ഒരു കാലന്‍ കുടയുമായി ഒടിഞ്ഞു മടങ്ങി വെള്ള ജൂബ്ബ ധരിച്ച നീലാണ്ടപിള്ള ചേട്ടന്‍ ചോദിക്കുമായിരുന്നു. നീ എന്നു വന്നു.? തീയതിയോ സമയമോ തെറ്റാതെ ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ചെറിയ പിശകു മതി, കോടതി കയറാന്‍.:)

Anonymous said...

good one!

sangeetha said...

Dear manu...
ilike your blog...

ഏറനാടന്‍ said...

മനുജീ, ഇന്നിരുന്നിത് വായിച്ചു. ഞാനും എന്റെ ട്യൂട്ടോറിയല്‍ ക്ലാസ്സിലേക്ക് തിരിച്ചുപോയിട്ട് അവിടെത്തെ സിന്ധുടീച്ചറേയും, വാസന്തിടീച്ചറേയും, ലക്ഷ്മി, വസുമതി ടീച്ചേഴ്സിനേയുമൊക്കെ വീണ്ടും ഓര്‍ത്തു. നന്ദി എ ലോട്ടോഫ് നന്ദീസ്. :)

ഉഗാണ്ട രണ്ടാമന്‍ said...

മനു ജീ...ഞാന്‍ ഒരു പുനലൂര്‍ കാരനാ...പക്ഷെ കോന്നിയില്‍ വളരെ അടുത്ത ബന്ധുക്കള്‍ ഉണ്ട്...

സ്‌പന്ദനം said...

മനുമാഷേ, പുതിയൊരു വായനക്കാരനാണേ..ആനന്ദന്‍, ലില്ലിടീച്ചര്‍, പിന്നെ മാഷും. ഓരോ പാരഗ്രാഫിലും വിരിച്ചിട്ട തമാശ ഒരുപാടിഷ്ടപ്പെട്ടു.(പുട്ടിനു തേങ്ങ എന്ന അനുപാതത്തില്‍) എല്ലാവരും പറഞ്ഞ പോലെ ഞാന്‍ കരുതിയത്‌ അതൊരു 'ആനന്ദ'കുടുംബമായിരിക്കുമെന്നാ...

ലോലഹൃദയന്‍ said...

നന്നായിട്ടുണ്ട്‌.

Jay said...

മനുസാര്‍, കുറച്ച് അനുഭവങ്ങള്‍ കടം തരണം. എനിക്കുമൊരു പോസ്‌റ്റിടണം. കൈക്കൂലി എത്ര വേണമെങ്കിലും തരാം, സംഭവം നടന്നാ മതി.

Vempally|വെമ്പള്ളി said...

മനൂ താനെന്നാ ഇനി കോടീ‍ീ‍ീശ്വരനായി കോന്നിയിലെത്തുന്നത്?

ലില്ലി ടീച്ചറിന് അന്വേഷണം കൊടുക്കുമല്ലൊ

താരകം said...

ഹോ ഈ വായനാസുഖത്തിന് പകരമായി എന്താ തരേണ്ടത് ? എന്തു തന്നാലും കുറഞ്ഞു പോകയേ ഉള്ളൂ. സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ഇനിയും ഒരുപാട് സൂപ്പറുകള്‍.

“ക്ളാസ്‌ പുരോഗമിക്കുമ്പോള്‍ ഒന്നു ഞാന്‍ അറിഞ്ഞു. ലോകത്തില്‍ വച്ചേറ്റവും ഭാഗ്യം ചെയ്തവര്‍ അദ്ധ്യാപകരാണ്‌. മനസുകളെ പ്രോസസ്‌ ചെയ്യുന്നവര്‍.”

ഇതു സത്യമോ മനൂ?

~nu~ said...

നന്നായിട്ടുണ്ട് മാഷേ.
ആദ്യ ഭാഗങ്ങളിലെ ഫലിതങ്ങള്‍ സൂപ്പര്‍.

ഈമെയില്‍ കിട്ടിയതും അതിന്റെ മറുപടിയും ഒരു പാടു നൊസ്റ്റാള്‍ജിക്കാക്കി.

Thushanth said...

super. avasanam vare chirippichittu last senti oru priyadarsan cinema kandathu pole hridyamayirinnu.

Zebu Bull::മാണിക്കൻ said...

മനൂ, വായിച്ചു തലകുത്തിനിന്നു ചിരിച്ചു. പ്രത്യേകിച്ചും കുട എപ്പിസോഡ് ഒന്നും, രണ്ടും :)

മിഴിവ് said...

എത്ര തവണ വായിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിത്തിനിടെ പത്തു തവണയെങ്കിലും വായിച്ചുകാണും , എന്നിട്ടും പുതുമ നഷ്ടപ്പെടാത്ത പോസ്റ്റ്. ഹൊ ഭയങ്കരം.