Monday, 19 January 2009

കൊല്ലം കൊല്ലം ണിം ണിം ണിം

"ഔറംഗാബാദിലെ ഖണ്ഡേഹാര്‍ പാര്‍ക്കിലൂടെ ഞാനൊരു മോണിംഗ് വാക്ക് നടത്തുകയായിരുന്നു. അപ്പോഴാണ് ലൂധിയാനയില്‍ നിന്ന് കേണല്‍ വിക്രം സിംഗ് എന്നെ സാറ്റലൈറ്റ് ഫോണില്‍ വിളിക്കുന്നത്. എലിസബത്ത് രാജ്ഞി അംബാലയിലെ അമ്പലം കാണാന്‍ വരുന്നുണ്ട്, പാച്ചൂ നീ തന്നെ അവരുടെ വണ്ടി ഡ്രൈവ് ചെയ്യണം എന്നൊരു മെസേജ്. പഞ്ചാബില്‍ ഭീകരന്മാര്‍ കത്തി നില്‍ക്കുന്ന സമയം ആണെന്നോര്‍ക്കണം. ഡ്രൈവര്‍ ഞാനായെങ്കിലേ ശരിയാവൂ എന്ന് ബെറ്റാലിയന്‍ ഒന്നടങ്കം പറഞ്ഞാല്‍ പാവം കേണല്‍ എന്തു ചെയ്യുമെടേ.. റാണിയെയും വച്ചുകൊണ്ട് ചണ്ഡീഗഡിലെ ഒരു ഹെയര്‍പിന്‍ വളവ് അങ്ങോട്ട് തിരിച്ചതും, ലവന്മാര്‍ അഞ്ചാറെണ്ണം ഒരു ട്രക്ക് നിറച്ച് ബോംബുമായി ഒരു വരവല്ലാരുന്നോ.. വിടാന്‍ പറ്റുമോ.. ഞാന്‍ നോക്കിയപ്പോ രാജ്ഞി ആലിലപോലെ വിറയ്ക്കുന്നു. ‘അരേ റാണീ ചിന്താ മത് കരോ’ എന്ന് പറഞ്ഞ് ഒരൊറ്റ ഡൈവ് ആല്ലരുന്നോ.. എടാ വണ്ടിയൊരു കുതിപ്പ് കുതിച്ചെന്ന്.... ലവന്മാരുടെ ട്രക്ക് ഒരു തീഗോളം ആയി മാറിയത് മിററിലൂടെ ഞാനൊന്നു നോക്കി.. അന്ന് റാണി എന്നോട് പറഞ്ഞതെന്താണെന്നോ..’മിസ്റ്റര്‍ പാച്ചൂ യൂ ആര്‍ വണ്ടര്‍ഫുള്‍‘ എന്ന്.. ഞാന്‍ പറഞ്ഞു ‘ഇതുവല്ലോം ഏതാണ്ട് വണ്ടര്‍ഫുള്‍ ആണോ മാഡം.. ഇക്കണക്കിന് എന്‍‌റെ റിയല്‍ അറ്റാക്ക് വല്ലോം കണ്ടിരുന്നേല്‍ റാണിക്ക് അറ്റാക്ക് വന്നേനേമല്ലോ...’

‘പട്ടാളം പാച്ചു’ എന്ന കഥാപാത്രത്തിനു ആത്മാവും ശബ്ദവും കൊടുത്തിട്ട് പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് ഞാന്‍ പുറത്തേക്കിറങ്ങി..

‘ഹായ് മനുവേട്ടാ ‘ പൊന്നില്‍ കുളിച്ചൊരു തേന്മൊഴി...

ബോണ്ട പോലുള്ള ഞാത്തുമിട്ട് റേഡിയോ ജോക്കി അഞ്ജലി മുന്നില്‍..

“കലക്കി കൊച്ചേ...
ചായക്കടയിലെ പലഹാരങ്ങള്‍
കാമിനിമാരുടെ കാതില്‍ കാണാം’ എന്ന് പണ്ടാരോ പാടിയത് നിന്നെക്കുറിച്ചാണോ....”

“രാവിലെ തന്നെ ആക്കല്ലേ... ഇതെന്‍‌റെ അമ്മാവന്‍‌റെ സെലക്ഷനാ....കൊള്ളില്ലേ? ”

“അമ്മാവന്‍ ആളുകൊള്ളാമെന്ന് മനസിലായി.. ‘കാതുഞാന്ന പെണ്ണിനെ എനിക്ക് വേണ്ട പിതാശ്രീ ‘ എന്ന് മോനെക്കൊണ്ട് പറയിപ്പിക്കാന്‍ ചെയ്ത വിദ്യ സൂപ്പര്‍”

“ഹോ ഹോ.. വേറെ വല്ലോം പറയാന്‍ ബാക്കിയുണ്ടോ തമാശക്കാരന് ?” അഞ്ജലിയുടെ ചുണ്ടൊന്നു കോടി

“കോടിയ ചുണ്ടില്‍ കോടിപ്പൂവുകള്‍ വാടിയകാണാന്‍ ബോറെടി പെണ്ണേ ... എപ്പടി? “

“കെട്ട്യോളും കുട്ട്യോളുമുള്ള ഒരുത്തന്‍ പ്രായം മറന്ന് പറേന്ന കേട്ടില്ലേ “

“ചുറ്റിക്കളിക്ക് പ്രായം ഇല്ലല്ലോ.. ജഗന്നാഥവര്‍മ്മസാറുവരെയല്ലെ ഇപ്പോ മുസ്ലി പവര്‍ എക്സ്‌ട്രാ ഡോസെടുക്കുന്നത് “

“ഷട്ടപ്പ്......”

‘എന്‍‌റെ എല്ലാമെല്ലാം അല്ലേ.. എന്‍‌റെ ചേലൊത്ത ചെമ്പരുന്തല്ലേ...’ പോക്കറ്റില്‍ റിംഗ്‌ ടോണ്‍ വിറച്ചു...

‘ഇതേതു തോന്ന്യാസിയാ ഇപ്പോ വിളിക്കുന്നത്..’ ഫോണ്‍ കാതില്‍ വച്ച് ഞാന്‍ നടന്നു.

“ഹലോ മനുവണ്ണാ...ഇത് ഞാനാ തോന്ന്യാസി “

“ഓ... വാസപ്പ് മാന്‍........”

“വാസപ്പനല്ല.. തോന്ന്യാസി..ബ്ലോഗര്‍ തോന്ന്യാസി

കൊശവന്‍..ഒന്നു സ്റ്റൈലായി ഇംഗ്ലീഷില്‍ ചോദിക്കാനും സമ്മതിക്കില്ല..

“എന്തരപ്പീ വിശേഷങ്ങള്....”

“പരമാനന്ദം മനുവണ്ണാ.. ഞാന്‍ കേറി കേട്ടോ “

“നന്നായി... ഒരു കരയ്ക്ക് കേറണമെന്ന് ഒരുകൊല്ലമായി നീ പറയുവല്ലേ.. ദൈവം കാക്കട്ടെ...”

“ഓ..എന്നെ അങ്ങ് കൊല്ല്ല്... ഞാന്‍ ട്രെയിനില്‍ കേറിയെന്ന്.. വൈകുന്നേരത്തേക്ക് അങ്ങെത്തും... സ്റ്റേഷനില്‍ കാണണം.. വഴിയൊന്നും എനിക്കത്ര പിടിയില്ല.”

സിമി ഫ്രാന്‍സിസ് എന്ന എന്‍‌റെ പ്രിയപ്പെട്ട കഥാകൃത്തിന്‍‌റെ ആദ്യപുസ്തകത്തിന്‍‌‌റെ പ്രകാശന ചടങ്ങില്‍ കൊല്ലത്തേക്ക് പോകാന്‍ ശ്രീമാന്‍ തോന്ന്യാസി ആണ്ടിപ്പട്ടിയെന്ന തമിഴ്‌നാട് ഗ്രാമത്തില്‍ നിന്ന് കരമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തും എന്ന സന്ദേശം കുറച്ച് നാള്‍ മുമ്പു തന്നെ തന്നിരുന്നു. തലസ്ഥാനത്തെ അടിയന്തിര കൂടിക്കാഴ്ചകള്‍ക്കും നര്‍മ്മ സംഭാഷണങ്ങള്‍ക്കും ശേഷം ജനപ്രിയ ബ്ലോഗര്‍ ശ്രീമാന്‍ പോങ്ങുമ്മൂടനോടൊപ്പം മൂവര്‍ സംഘമായി ചടങ്ങുനടക്കുന്ന കൊല്ലത്തേക്ക് വണ്ടികയറാന്‍ തീരുമാനിച്ചതുമാണ്. തിരക്കിനിടയില്‍ സകലതും മറവിയുടെ ഫ്രീക്വന്‍സി ട്യൂണ്‍ ചെയ്ത കാര്യം ഇപ്പൊഴാ ഓര്‍ത്തത്..

“ബോഗിയേതാ ബ്ലോഗറേ? “

“ലോക്കലാ അണ്ണാ..”

“അതു പ്രത്യേകിച്ച് പറയണോ..നമ്പര്‍ വല്ലോം ഉണ്ടോ..”

“ആരു നോക്കുന്നു...”

“ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ലതും കരുതിയിട്ടുണ്ടോ? ...” തിരുനെല്‍‌വേലി ഹല്‍‌വ കഴിച്ചതില്‍ പിന്നെ തമിഴന്‍‌റെ ആഹാരത്തോട് വല്ലാത്ത കമ്പം..

“ബ്രഷും പേസ്റ്റുമൊക്കെ എടുത്തുണ്ടണ്ണാ.. വേറെയെന്താ....”

‘കുറച്ച് കൊട്ടംചുക്കാദി എണ്ണ കൂടി കരുതേണ്ടിയിരുന്നു.. മോശമായി പോയി..‘



ഒന്നിച്ചുള്ള യാത്രയെപറ്റിയും കൊല്ലത്തെ കടല്‍ക്കാറ്റിനെപറ്റിയും ഒക്കെ ഓര്‍ത്തപ്പോള്‍ ദിവസത്തിനു വല്ലാത്ത ഒരു കുളിര്...

നല്ലൊരു ദിവസമല്ലേ.. ഉച്ചയൂണു ‘ഡീലക്സ് ‘ ഹോട്ടലില്‍ തന്നെയാക്കാം..

പപ്പടം പൊട്ടിച്ച് പരിപ്പില്‍ കുഴച്ച് രണ്ടാമത്തെ ഉരുള ഉള്ളിലേക്കിട്ടപ്പോള്‍ ആമാശയത്തില്‍ ഒരു ഗ്ലും ഗ്ലും....ഒരു കടല്‍ത്തിരയുടെ ഫീല്‍...

ഇതു കറിയോ സോപ്പുവെള്ളമോ അനന്തപത്മനാഭാ...

പേരു ഡീലക്സും കറികള്‍ ഡീ....ലക്സും.....

മുഖത്തെ വെപ്രാളത്തിന്‍‌റെ ചുളിവുകള്‍ കണ്ട് വിളമ്പുചേട്ടന്‍ തെറ്റായ എന്തോ ഉള്‍വിളി കേട്ടിട്ടാവാം പരിപ്പിന്‍‌റെ മുകളില്‍ സാമ്പാറുപോലെ എന്തോകൂടി കോരിയിട്ടു..

“എന്താ ചേട്ടായീ ഇത്......”

നോക്കിയത് കൈയിലെ ‘ത്രീസം’ പാത്രത്തിലാണെന്ന് കരുതിയാവാം, അതൊന്നു കറക്കി മറുപടി പറഞ്ഞു

“പുളിശ്ശേരിയാണ്.... ഒഴിക്കട്ടെ...”

‘അടുത്ത ബന്ധത്തില്‍ പെട്ട ആര്‍ക്കെങ്കിലും കാശുകൊടുക്കാനുണ്ടേല്‍ അങ്ങേര്‍ക്കൊഴിച്ച് കൊട്...’

കൈപ്പത്തി ജെ.സി.ബി പോലെയാക്കി കോരിയെടുത്ത് വായിലേക്കിട്ടതും, വയറിലെ ഇരമ്പല്‍ നിയന്ത്രണരേഖ മറികടന്നതും ഒന്നിച്ച്..

‘ഈശോയേ ഇത് സാമ്പാറോ അതോ രാമര്‍ പെട്രോളോ.!!.’

കൈ കഴുകാന്‍ കൂടി മറന്ന് വെളിയിലേക്ക് പാഞ്ഞു..

കൌണ്ടര്‍ മണിയുടെ കൈയില്‍ നിന്ന് ബാക്കി മണി വാങ്ങാന്‍ മസിലു പിടിച്ചുനിന്നപ്പോള്‍, ഭിത്തിയിലെ ബോര്‍ഡ്
‘താങ്ക്യൂ...വിസിറ്റ് എഗയിന്‍....’

‘അതു പിന്നെ പ്രത്യേകിച്ച് പറയണോ...’ അന്ത്യക്കൂദാശയ്ക്ക് അച്ചനെ വിളിക്കാന്‍ പോകുന്ന സ്പീഡില്‍ ചാടിയിറങ്ങിയോടി..

മൂന്നാം നിലയിലെ ഓഫീസിലേക്ക് ഇത്ര ഈസിയായി പടികള്‍ വഴിയെത്താം എന്ന് ഇതിനു മുമ്പ് തോന്നിയിട്ടില്ല..

ടോയ്‌ലറ്റിലേക്കുള്ള പാച്ചിലിനിടയില്‍ ആദ്യത്തെ ക്യുബിക്കിളില്‍ നിന്നൊരു ചോദ്യം മിന്നിക്കേട്ടു

“മനൂ.... ആപ്പെയുടെ സ്ക്രിപ്റ്റ് എന്തായി....”

‘അപ്പിയായാലും കൊള്ളാം ആപ്പെയായാലും കൊള്ളാം മനുഷ്യനു മനസമാധാനം ഇല്ലെന്നു വച്ചാല്‍’

പിന്നെയും ഫോണ്‍..

‘ഓ.......................’

“അണ്ണാ ... തോന്ന്യാസിയാ..ഏഴു മണിക്ക് ഞാന്‍ എത്തും.. സ്റ്റേഷനില്‍ കാണണേ.. ഒരു പിടിയുമില്ലാത്ത സ്ഥലമാണേ... എന്നെ വഴിയാധാരമാക്കല്ലേ..”

“നീ പിന്നെ വിളീ............. ഇപ്പൊ സംസാരിച്ചാല്‍ എന്‍‌റെ ആധാരം വഴിയിലാകും...” ടോയ്‌ലറ്റിന്‍‌റെ ഡോര്‍ ഭീകരമായ ശബ്ദത്തോടെ അടഞ്ഞു....




ചില്ലുജാലകത്തിനപ്പുറത്ത് സന്ധ്യ മുഖം കറുപ്പിച്ച് സൊള്ളാന്‍ വന്നു നില്‍ക്കുന്നു... തിരുവനന്തപുരത്തെ സന്ധ്യക്ക് എന്തു ഭംഗിയാണ്.. ഉള്ളില്‍ ഇരട്ടി സ്നേഹം വച്ച് മിണ്ടാതെ പിണങ്ങിയിരിക്കുന്ന കാമുകിയെ പോലെ...

‘പിക്കപ്പില്‍ ഇവനൊപ്പം നില്‍ക്കാന്‍
പക്കാ മറ്റൊരു വാഹനമില്ല..

പിയാജിയോ ആപ്പെ അല്ലാതെ മറ്റെന്ത്? ‘


“ ‘ആപ്പെ അല്ലാതെ മറ്റെന്ത് കോപ്പേ‘ എന്നാക്കിയാലോ...ഒരു പ്രാസം വന്നേനേ “ സ്ക്രിപ്റ്റ് കണ്ട് കമന്‍‌റടിച്ച പ്രൊഡ്യൂസറിന്‍‌റെ പുറത്തൊരിടി കൊടുത്ത് സ്റ്റെപ്പുകള്‍ ചാടിയിറങ്ങി.

റെയില്‍‌വേ സ്റ്റേഷനിലേക്കുള്ള അനന്തപുരി ബസില്‍ ചാടിക്കയറി..


തോന്ന്യാസിയെ നോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നു..കക്ഷി എങ്ങനെയിരിക്കും എന്നുപോലും അറിയില്ല.. ബ്ലോഗിലെ പ്രൊഫൈലിലാണെങ്കില്‍ ബ്ലേഡുകാരനെ കണ്ടോടുന്ന കസ്റ്റമറെ പോലെ സദാ ചീറിപ്പായുന്ന ഒരു ആനിമേഷന്‍ പടവും..

ഫോണിലൊന്നു ഞെക്കി..

‘ഉങ്കള്‍ കൂപ്പിടുന്ന നമ്പര്‍ ഇന്ത ദുനിയാവിലേ കെടയാത് ‘ എന്നോ മറ്റോ ഒരു കൊച്ച് പറയുന്നു.

ചുറ്റായല്ലോ ചിറ്റൂരപ്പാ....

അണ്ണന്‍ വിളിക്കുന്നതുവരെ സമയം കളയാന്‍ അടുത്ത് നില്‍ക്കുന്നവന്‍ വായിക്കുന്ന പേപ്പറിലേക്കൊന്നു നോക്കി.

‘കോടതിയില്‍ നിന്ന് തൊണ്ടിസാധനങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്’

- ഇനി അവന്മാര് ആ വാറണ്ടും അടിച്ചുമാറ്റും.

നടന്നകലുന്ന സകലയാത്രക്കാരുടേയും മുഖത്തേക്ക് നോക്കിനിന്നു

എല്ലാവരും മാന്യന്മാര്‍. തോന്ന്യാസി ലുക്ക് ആര്‍ക്കും ഇല്ലല്ലോ ദൈവമേ...

“മനുവണ്ണന്‍ അല്ലേ...”

ആരോ അണ്ടര്‍ഗ്രൌണ്ടില്‍ നിന്ന് ചോദിക്കുന്നപോലെ..

കുനിഞ്ഞു നോക്കി.

ഉയരം കുറഞ്ഞ ഒരു ചെക്കന്‍ തോളിലിട്ട ബാഗ് നിലത്തുരയാതെ പാടുപെട്ട് പുഞ്ചിരിക്കുന്നു..

“തോന്ന്യാ.....”

“അസി.. കുറെ നേരമായി തപ്പുന്നു ഞാന്‍.. എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല.. മനുവണ്ണനു ഞാന്‍ ഉദ്ദേശിച്ചേനേക്കാള്‍ കൂടുതല്‍ വണ്ണമുണ്ടല്ലോ.. ലേശം വയറും..”

“തനിക്ക് നീളവും...” കുനിഞ്ഞു നിന്ന് ഞാന്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തു.

"അണ്ണന്‍ ഓഫീസീന്ന് നേരിട്ട് വന്നതല്ലെ.. വെറും കൈയോടെയാണല്ലോ.. പണിയായുധോം ബാഗുമൊന്നുമില്ലേ....”

“ആയുധമില്ലാതെ നായാട്ടിനുപോയ നായരു പറഞ്ഞത് പണ്ട് കുഞ്ചന്‍ നമ്പാരു ക്വോട്ടു ചെയ്തത് അറിയില്ലേ

വായും പിളര്‍ന്നു കടുവ വരും നേരം
ആയുധമുണ്ടെങ്കില്‍ ഓടുവാന്‍ ദുര്‍ഘടം... അത്രന്നെ....എന്നാല്‍ പോകാം.. യാത്രയൊക്കെ എപ്പടി... അയ്യോ.. തന്‍‌റെ ചെരിപ്പെവിടെ.? ശബരിമലയ്ക്ക് പോകാന്‍ ഇപ്പൊഴെ വ്രതം തുടങ്ങിയോ തോന്ന്യാസീ ? ”

“ഓ... ഉറക്കം ഉണര്‍ന്നപ്പോ ഒരു ചെരിപ്പ് കാണാനില്ല.. മറ്റേതെടിത്തിട്ട് എന്തു ചെയ്യാനാ.. പാവലിനു കോലമിടാനോ.. എടുത്തൊരേറു കൊടുത്തു..”

പാരഗണ്‍ ചെരിപ്പും വാങ്ങി പോങ്ങുമ്മൂട്ടിലേക്കുള്ള ബസില്‍ കയറിയിരുന്നു..

“ആണ്ടിപ്പട്ടിയിലെ ആണ്ടവന്മാര്‍ക്കൊക്കെ സുഖം തന്നെ അല്ലേ.. എങ്ങനെ പോകുന്നു ബ്ലഡ് ബാങ്ക്..”

“സൂക്ഷിച്ച് സംസാരിക്കണ്ണാ.. മിതമായ പലിശയ്ക്ക് സ്വര്‍ണ്ണവായ്പ കൊടുക്കുന്ന കേരളത്തിലെ നമ്പര്‍ വണ്‍ ഫിനാന്‍ഷ്യല്‍ കമ്പനിയുടെ ആണ്ടിപ്പട്ടി ബ്രാഞ്ചിലെ അസിസ്റ്റന്‍ഡ് മാനേജരോടാണു സംസാരിക്കുന്നതെന്ന ഓര്‍മ്മ വേണം പറഞ്ഞേക്കാം. ബ്ലേഡ് ബാങ്കല്ല...“ പുതിയ ചെരിപ്പ് മിസിംഗല്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍ കുനിഞ്ഞു നോക്കിക്കൊണ്ട് തോന്ന്യാസീ..

“പാവം തെങ്കാശിതമിള്‍ പെണ്‍കൊടികളുടെ കെട്ടുതാലി വരെ ഊരി വാങ്ങിക്കാണും അല്ലേ....”

“പഷ്ട്...എന്നാ ഇത്രേം സങ്കടം വരില്ലാരുന്നു. ഇത് സകല അണ്ണാച്ചിമാരും മുക്കുപണ്ടം കൊണ്ടു വക്കും. ഉരച്ചുനോക്കിയാലും മനസിലാവാത്ത സാധനങ്ങള്‍..ഹോ.. എന്നിട്ട് പോലീസ് കേസ്. ആഴ്ചയില്‍ നാലു ദിവസം പോലീസ് സ്റ്റേഷനിലാ എന്‍‌റെ ഡ്യൂട്ടി...”

“പലിശയായി ലോക്കപ്പ് മര്‍ദ്ദനമാണോ കിട്ടുന്നത്.. “

“ഏയ്.. മാസപ്പടി കുറഞ്ഞാല്‍ മാത്രമേ അതുണ്ടാവൂ.. സമയാസമയം അതൊക്കെ കൊടുത്ത് അവന്മാരെ ചാക്കിലാക്കനുള്ള വിദ്യയൊക്കെ അറിയാം അണ്ണാ..”

“ചാക്ക് ദേ ഇന്ത്യ.....”

ണിം ണിം

“ങേ.. തലസ്ഥാനമായിട്ടും ബസിലെ ഈ മണിയടിയൊന്നും മാറ്റാറായില്ലേ...”

“ആണ്ടിപ്പട്ടിയിലെന്താ സെന്‍സറാണോ....”

ബസ്സ് നീങ്ങിത്തുടങ്ങി..

പുറകിലെ സീറ്റില്‍ രണ്ട് അമ്മാവന്മാര്‍ ഏതോ സീരിയസ് ഡിസ്കഷനില്‍.. നാടന്‍ ഡയലോഗിനോട് പണ്ടേ ഒരിഷ്ടമുള്ളതുകൊണ്ട് ശ്രദ്ധ അങ്ങോട്ട് വിട്ടു..

“സണ്ണിക്കുട്ടിയുടെ മറ്റേ കല്യാണക്കാര്യം എന്തായി.. നടക്കുമോ..” കഷണ്ടിയുള്ള അമ്മാവന്‍ അതില്ലാത്ത മറ്റേ അമ്മാവനോട്..

“എവിടുന്ന്!!.. ആ പെങ്കൊച്ചിനും അവനെ പോതിച്ചില്ലെന്ന്..”

“അയ്യോ.. അതെന്നാ പറ്റി.. ഉറപ്പു വരെ എത്തിയതാരുന്നല്ലോ കാര്യങ്ങള്‍”

“പയ്യനേതാണ്ട് പായ്ക്കറ്റ് കുറവാണെന്ന്.. പെണ്ണിനു ആറെണ്ണം വേണമെന്ന്..അവന്‍ പറഞ്ഞു വല്യപ്പച്ചാ എന്‍‌റെ കൈയില്‍ ആകപ്പാടെ ഒരു പായ്കറ്റേ ഉള്ളൂ...”

“എന്തോന്ന് പായ്ക്കറ്റ്.. സ്വര്‍ണ്ണ ബിസ്കറ്റ് ആണോ....”

“അല്ലെന്ന്.. വയറിലെ ഏതാണ്ട് കുന്ത്രാണ്ടം..... ഇപ്പൊഴത്തെ പിള്ളാര്‍ക്കൊക്കെ ആറു പായ്ക്കറ്റ് ഉണ്ടുപോലും....അവടെ അഹങ്കാരം അല്ലാതെന്ത്..”

ഓ..സിക്സ് പാക്ക്.!!. പൊറോട്ടയും പോത്തിറച്ചിയും തിന്നുശീലിച്ച മലയാളി പൈതങ്ങള്‍ക്ക് സിംഗിള്‍ പായ്ക്കല്ലാതെ വേറെന്തു കെടയ്ക്കാന്‍ ദൈവമേ..ഇക്കണക്കിനു ആ കൊച്ച് പായ്ക്കായി മുകളിലോട്ടു പോയാലും ഡ്രീം ഗൈയെ കിട്ടുമോന്ന് കണ്ടറിയണം..

“അപ്പോ തോന്ന്യാസീ..ഇങ്ങനെയൊക്കെ നടന്നാ മതിയോ..നമുക്കും കഴിക്കെണ്ടേ അരഗ്ലാസ് പാലും ഒരുമുറി പഴ....ങേ.. ഇവന്‍ അതിനിടയ്ക്ക് ഉറങ്ങിയോ...” മജീഷ്യന്‍ സാമ്രാജ് ദേഹത്തൊക്കെ ചങ്ങലയിട്ട് നില്‍ക്കുന്ന പോസില്‍ തല മുകളിലേക്ക് ചരിച്ച് പിടിച്ച് ഉറക്കത്തിന്‍‌റെ ഗീയര്‍ മാറ്റിയിരിക്കുന്നു തോന്ന്യാസി..

പാവം ധ്യാനിച്ചൊട്ടെ.. നമ്മളായിട്ട് എന്തിനു ഡിസ്റ്റേര്‍ബ് ചെയ്യണം...

‘ആശ്രമക്കിളി നിന്നെ എയ്തെയ്തെന്‍‌റെ.... ആവനാഴിയിലമ്പു തീര്‍ന്നു’ മൂളിപ്പാട്ടും മൂളി കൈ താടിക്ക് കൊടുത്ത് ജാലകക്കാഴ്ചകള്‍ കണ്ടിരുന്നൊപ്പൊഴാണ് തോന്ന്യാസിയുടെ തപസ് മുടക്കാന്‍ മേനകയെപ്പോലെ വന്ന ഒരു ഗട്ടറില്‍ വണ്ടി ചാടിയത്..

‘കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോതും’ എന്നു പറന്നു വിശ്വാമിത്രന്‍ ചാടിയെണീറ്റ പോലെ, തോന്ന്യാസി ഗട്ടര്‍ എഫക്ടില്‍ ഞെട്ടിപ്പൊങ്ങി...

“ആസ്ത്രേലിയയില്‍ എന്തൊക്കെയുണ്ട് വിശേഷം...? “ ഞാനൊന്നു പുഞ്ചിരിച്ചു..

“ങേ....”

“അല്ല... കുറച്ചു മുമ്പ് മുഖം കണ്ടപ്പോ ഇന്ത്യന്‍ അംബാസിഡര്‍ ആസ്ത്രേലിയയില്‍ പോയ സീരിയസ്നസ് ആരുന്നു..അതുകൊണ്ട് ചോദിച്ചതാ..”

“ഓ..എന്തുപറയാനാ അണ്ണാ.. ബസില്‍ ഇരുന്നാലുടനെ ഞാന്‍ ഉറങ്ങിപ്പോകും.. അതൊരു ശീലമായിപ്പോയി..”

“നന്നായി.. ഈ ശീലം കൊണ്ട് വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ...”

“പിന്നില്ലേ.. ഒരിക്കല്‍ ആണ്ടിപ്പട്ടിയില്‍ ബസ്സിറങ്ങേണ്ട ഞാന്‍ നേരെ വണ്ടന്‍‌മേട്ടില്‍ ചെന്നിറങ്ങി... അതുകൊണ്ട് അവിടുത്തെ ഭൂപ്രകൃതിയൊക്കെയൊന്നു കാണാന്‍ പറ്റി...”



പോങ്ങുമ്മൂടന്‍‌റെ ഗേറ്റുതുറന്നു പതുക്കെ അകത്തേക്ക് നടന്നു..

തുളസിത്തറയില്‍ അമ്മ കൊളുത്തിയ വിളക്ക് അണയാതെ നില്‍ക്കുന്നു..

‘സാന്ദ്രാവബോധാത്മകം പുനൊരൊരു...’ അകത്ത് അമ്മയുടെ നാമം കേള്‍ക്കാം..

“ഹാ..എന്തൊരു ഐശ്വര്യം അണ്ണാ... ഈ തുളസിത്തറയില്‍ ഒരു പെണ്‍കുട്ടി കൂടി നില്‍പ്പുണ്ടാരുന്നേല്‍ ഞാന്‍ ആത്മനിര്‍വൃതിയുടെ ആന്തോളനത്തില്‍ മുങ്ങിച്ചത്തേനേ...”

“പെങ്ങളിപ്പോള്‍ പാലായിലായത് ഞങ്ങടെ ഭാഗ്യം... മൊബൈല്‍ മോര്‍ച്ചറിക്കൊക്കെ ഇപ്പോ എന്നാ ചാര്‍ജ്ജാ....”

“ഏത് പെങ്ങള്‍ അണ്ണാ..”

“മിസിസ് പോങ്ങുമൂടന്‍”


പോങ്ങുമ്മൂടന്‍ അകത്തുണ്ടോ ആവോ... കോളിംഗ് ബെല്‍ അടിക്കാനൊരു മടി...

“നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ‍....’ അമ്മ പുതിയ നാമത്തിലേക്ക് മാറി..

“എന്താ മക്കളെ ഇത്.. സംഗതികളൊന്നും അങ്ങോട്ട് വന്നില്ലല്ലോ..ഇങ്ങനെയാണോ പാടുന്നത്..”

തോന്ന്യാസി സംശയത്തോടെ എന്നെ നോക്കുന്നു..”എന്താ അണ്ണാ ശരത്തുസാര്‍ അമ്മയുടെ നാമജപത്തെപറ്റിയാണോ ഈ പറയുന്നത്..”

“ഹരീ....ടി.വി. നിര്‍ത്തെടാ.. എനിക്ക് നാമം ജപിക്കണം...”

“കുറെ ആയല്ലോ തൊടങ്ങീട്ട്..അമ്മയ്ക്കിത് നിര്‍ത്താറായില്ലേ....”

ഐഡിയാ സ്റ്റാര്‍ സിംഗറും അഖണ്ഡനാമവും തമ്മില്‍ ക്ലാഷു തുടങ്ങീ.......

“എടാ മനുഷ്യനായാല്‍ ദൈവവിചാരം വേണം...”

“ദൈവം പൂക്കുറ്റി തണ്ണിയില്‍ കെടന്നുറങ്ങുവാ.. അല്ലെങ്കില്‍ ഈ ലോകം ഇങ്ങനെ വല്ലോം ആവുമാരുന്നോ.. ഇനി നാമത്തിന്‍‌റെ ഒരു കൊറവുകൂടെ ഉള്ളൂ..”

അകത്ത് അശ്വമേധം മുറുകുകയാണ്

“കാലങ്ങള്‍തോറും അവതാരങ്ങളാല്‍ അവനി പാലിച്ചു...”

“ടെലിഫോണ്‍ മണിപോല്‍ സിറിക്കുന്ന.....”

ക്ലാഷ് കൊഴുക്കുന്നതിനു മുമ്പേ കോളിംഗ് ബെല്ല് അടിച്ചേക്കാം..

കതകു തുറന്നതും ‘എന്‍‌റെ തോന്നിവാസീ’ എന്ന് ഹര്‍ഷോന്മാദത്തോടെ ഹരി ഗസ്റ്റിനെ കെട്ടിപ്പിടിച്ചതും ഒന്നിച്ച്..

“യാത്ര സുഖമാരുന്നോ തോന്നിവാസീ....” കസേരയിലേക്കിരുത്തിക്കൊണ്ട് ഹരി ചോദിച്ചു..

അമ്മയ്ക്ക് ആകെപ്പാടെ കണ്‍ഫ്യൂഷന്‍... പരശുരാമന്‍, ശങ്കരന്‍‌കുട്ടി, ജോസഫ്, കുട്ടികൃഷ്ണമേനോന്‍ എന്നൊക്കെ പേരുകള്‍ കേട്ടിട്ടുണ്ട്... പക്ഷേ ദരിദ്രവാസി, തോന്നിവാസി ഇത്യാദി നാമധേയങ്ങള്‍ എന്നുമുതല്‍ നിലവില്‍ വന്നു.!!..

ഭജനപ്പുസ്തകം മടക്കി അമ്മ ആഗതനെ ഒന്നു സൂക്ഷിച്ചു നോക്കി.

“അമ്മേ എന്‍‌റെ പേര് പ്രശാന്തെന്നാ.. പിന്നെ ബ്ലോഗില്‍ ഇങ്ങനെ ഒരു പേരു വെറുതെ....”

“സ്വഭാവം അനുസരിച്ചങ്ങിട്ടു.. അത്രേള്ളൂ....” ബാക്കി ഞാന്‍ പറഞ്ഞു.

“അപ്പോ ഇവന്‍‌റെ ബ്ലോഗിലെ പേരു പോക്കിരി എന്നാണോ...” ഹരിയെ നോക്കി ചോദിച്ചു

“ആ പേരില്‍ വേറെയൊരാളു നേരത്തേ തന്നെ ഉണ്ടാരുന്നു....” ഗസ്റ്റ് ബാഗ് തോളില്‍നിന്ന് ഇറക്കി..



സിറ്റൌട്ടില്‍ ഇരുന്ന് കൊച്ചുവര്‍ത്തമാനത്തിന്‍‌റെ സ്വര്‍ണ്ണപ്പെട്ടികള്‍ തുറന്നു...

“ആണ്ടിപ്പട്ടിയില്‍ സ്ത്രീജനങ്ങളെങ്ങനെ തോന്നിവാസി... സുന്ദരികളാണോ....”

ഒരു നാടിനെപറ്റി മറ്റുള്ളവര്‍ ‘ കാലവസ്ഥ എങ്ങനെ‘ എന്ന് ആദ്യം ചോദിക്കുമ്പോള്‍ പോങ്ങുമൂടന്‍ ഇതാണ് സാധാരണ ചോദിക്കാറ്.. ങാ..ഓരൊരുത്തര്‍ക്കും ഓരോരോ ശീലം..

“ആണെങ്കില്‍ നിങ്ങളുടെ ഓഫീസില്‍ കളക്ഷന്‍ ഏജന്‍‌റായി പുള്ളിയെ വച്ചോ...” ഞാന്‍ കൈലി ഒന്നു ചുരുട്ടിക്കൂട്ടി...

“എന്‍‌റെ പൊന്നണ്ണാ..എനിക്ക് ഉള്ള സമയം സ്വര്‍ണ്ണം ഉരച്ചുനോക്കാനും പോലീസ് സ്റ്റേഷനില്‍ പോകാനും തികയുന്നില്ല.. അതിനിടെ ഈ വക എക്സ്‌ട്രാ മെറ്റീരിയല്‍ അഫയേഴ്സിനു എവിടെ നേരം.”

സംസാരിച്ചിരുന്ന് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല...

ഇനി ബാത്ത് റൂമില്‍ ഒന്നു കയറിയേക്കാം എന്ന് നിനച്ച് അകത്തേക്ക് പോകാന്‍ ആഞ്ഞ തോന്ന്യാസിയെ അമ്മ കൈയോടെ പിടി കൂടി..

“ഇരുന്നേ ചൊദിക്കട്ട്....”

“ഫ്യൂസ് പോയി.......” ഹരി വാ പൊത്തിച്ചിരിച്ച് എന്നെ കണ്ണുകാണിച്ചു..

“മോന്‍ എഴുത്തുകാരനല്ലേ... പുരാണം ഒക്കെ അറിയാമോ....”

രാമായണവും തോന്ന്യാസിയുമായുള്ള ബന്ധം രാമാനന്ദസാഗറും ‘പരന്തു‘വും തമ്മിലുള്ളതുപോലെയുള്ളതല്ലെന്ന് എനിക്കല്ലേ അറിയൂ..

തോന്ന്യാസി പരുങ്ങിയൊന്നു തലയാട്ടി.. ‘അറിയാം പക്ഷേ ചോദിക്കല്ലേ ‘എന്ന് ആ കണ്ണുകള്‍ ദൈന്യത്തോടെ യാചിക്കുന്നത് ഞാനും കണ്ടു..


“മിടുക്കന്‍.... “ അമ്മ പതുക്കെ നാരായണീയം തുറന്നു.

‘ഈശ്വരാ....ഇനി എന്തെല്ലാമാണു സംഭവിക്കാന്‍ പോകുന്നത്...’ ഞാന്‍ മീശയില്‍ അമര്‍ത്തിയൊന്നു തടവി...

നാരയണീയത്തിന്‍‌റെ പത്തു ശ്ലോകങ്ങളും അതിന്‍‌റെ സാരംശവും കേള്‍ക്കുന്നതിനിടയില്‍ ഗസ്റ്റ് ഇരുപത് തവണ കോട്ടുവാ ഇട്ടത് ഈ അമ്മ കാണുന്നില്ലേ കൃഷ്ണാ....

“കേട്ടോ മോനേ...മേല്പത്തൂര്‍ ഭട്ടതിരിപ്പാട് പണ്ടൊരിക്കല്‍... മോനറിയില്ലെ മേല്പത്തൂരിനെ....”

‘അങ്ങേര്‍ക്ക് ബ്ലോഗുണ്ടോ ആവോ...’ ഇതാണ് തോന്ന്യാസിയുടെ മുഖത്തെ എക്സ്‌പ്രഷന്‍

“അറിയാം അമ്മേ...അമ്മ ബാക്കി പറ...”

“എന്നാ ആരാ മേല്പത്തൂര്‍... മോന്‍ പറ.. വല്യ എഴുത്തുകാരനല്ലേ...”

“അത്...അത്... ഈ കമ്പരാമായണം എഴുതിയ ആളല്ലേ....”

“ഫ്രൂ.......!!!!!! “ ആദ്യം ഈ ശബ്ദം വന്നത് എന്‍‌റെ ചുണ്ടില്‍ നിന്നാ‍ണോ അതോ ഹരിയുടെ ചുണ്ടില്‍ നിന്നാണോ... ഉറപ്പില്ല..

പിന്നെ കേട്ടത് അമ്മയുടെ ഒരു പൊട്ടിച്ചിരിയും കൂട്ടിലിട്ട സിംഹത്തെ പോലെ ‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ’ എന്ന ആത്മഗതവുമായി പമ്മുന്ന തോന്ന്യാസിയുടെ ദീനരോദനവുമാണ്..

“വിഡ്ഡിത്തമൊന്നും ഇനി ആരോടും പറയല്ലേ... ഭട്ടതിരിയെ പറ്റി ഞാന്‍ പിന്നെ പറയാം.. ആദ്യം മോന്‍‌റെ കമ്പരാമായണത്തെ കുറിച്ചുള്ള അബദ്ധധാരണ മാറ്റാം.. “ ഒരുപുരാണം കൂടി പറയാനുള്ള ചാന്‍സ് കിട്ടിയതില്‍ അതിയായി സന്തോഷിച്ച് അമ്മ കണ്ണട ഒന്നുറപ്പിച്ചു....

‘ആണ്ടവാ..ആണ്ടിപ്പട്ടിയില്‍ നിന്ന് വല്ല പോലീസുകാരനെങ്കിലും ഇപ്പോ ഫോണില്‍ വിളിച്ചിരുന്നെങ്കില്‍..രക്ഷപെടാന്‍ വേറെയൊരു മാര്‍ഗോമില്ലല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ് തോന്ന്യാസി ഒന്നു പുഞ്ചിരിച്ചു..


“കമ്പമഹര്‍ഷി എന്നൊരു മുനിയുണ്ടാരുന്നു പണ്ട്. ശ്രദ്ധിച്ചു കേള്‍ക്കണം കേട്ടോ.. ഈ കമ്പമഹര്‍ഷി ഒരിക്കല്‍... “

“പട്ടാഴിയില്‍ കമ്പം കാണാന്‍ പോയി. കമ്പിത്തിരി കണ്ടപ്പോള്‍ ഒരു രാമായണം എഴുതിയാലോ എന്ന കമ്പം വന്നു.... എന്‍‌റെ പൊന്നമ്മേ..യാത്ര കഴിഞ്ഞ ക്ഷീണത്തില്‍ തന്നെ ആ പാവത്തിനെ വധിക്കാതെ..തോന്നിവാസി വാ ഊണു കഴിക്കാം....” പോങ്ങുമ്മൂടന്‍ രക്ഷകനായെത്തിയപ്പോള്‍ ശ്വാസം വിട്ടുകൊണ്ട് പുള്ളി വാഷ് ബേസിന്‍‌റെ അടുത്തേക്ക് നീങ്ങി...



“അപ്പോ തോന്ന്യാസീ ഗുഡ്‌നൈറ്റ്....” ഗുഡ്‌നൈറ്റിന്‍‌റെ മാറ്റ് മെഷീനിലേക്ക് വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...” നാളെ രാവിലെ എഴുന്നേക്കണം.. ഉച്ചയ്ക്ക് മുമ്പേയങ്ങ് കൊല്ലത്തെത്താനുള്ളതാ....

ഡബിള്‍ കോട്ടിന്‍‌റെ അങ്ങേയറ്റത്തെക്കേക്ക് മുങ്ങാംകുഴിയിട്ട് പുതപ്പിലേക്ക് ചുരുണ്ടുകൂടി തോന്നാസിയും പറഞ്ഞു
“ഗുഡ്‌നൈറ്റ് അണ്ണാ.....”


ഭൈമിയുടെ നമ്പറിലേക്ക് ഒരു എസ്.എം. എസ്.കൂടി..

‘രംഗബോധമില്ലാത്ത കാലം നമുക്കിടയിലെ ഒരു ദിവസം കൂടി അടര്‍ത്തിയെടുത്തു....ഗുഡ്‌നൈറ്റ്...’

ഇങ്ങേയറ്റത്തേക്ക് പതുക്കെ ചരിഞ്ഞുകൊണ്ട് ഞാനും പുതപ്പു വലിച്ചിട്ടു...

നിദ്രയുടെ അവസാന ഇതളുകള്‍ കണ്ണിലേക്ക് പൊഴിഞ്ഞു വീണു.


“ഇല്ലൈ..ഇല്ലൈ..ഇന്ത പൊന്ന് നിജമായും സ്പൂരിയസ് ആയിറുക്ക്....എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.”

അലര്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്ന്, കട്ടില്‍ കീഴില്‍ നിന്ന് കൈലിയും എടുത്തെടുത്ത് ഞാന്‍ നാലുപാടും നോക്കി..


തോന്ന്യാസി തലയിണയില്‍ ഇരുന്ന് കട്ടില്‍പ്പടിയില്‍ കൈയിട്ട് ഉരയ്ക്കുന്നു...

“സ്പൂരിയസ് താന്‍ സ്പൂരിയസ്....എടുക്കമാട്ടെ!!!”

ഗുരുവായൂരപ്പാ...ഇവനെന്താ സീരിയസ് ആയി സ്പൂരിയസിനെ കുറിച്ച് സംസാരിക്കുന്നത്....


“എടുക്കമാട്ടെ...എടുക്കമാട്ടെ...!!!!!!!!!!!!.” നീ എടുക്കണ്ടാടാ... അതിനിത്ര ടെന്‍ഷന്‍ അടിക്കണോ..

ഇവനിതെന്തു പറ്റി ദൈവമേ..

മുട്ടുകാലില്‍ ഇഴഞ്ഞ് ഞാന്‍ അടുത്തേക്ക് ചെന്നു..

ഓ....സ്വപ്നത്തില്‍ ആണ്ടിപ്പട്ടിയിലെ ഏതോ അണ്ണാച്ചി മുക്കുപണ്ടവുമായി വന്നതാണല്ലെ.. സ്വപ്നത്തിലെ മോതിരം സ്വപ്നത്തിലെ ചാണയില്‍ ഉരയ്കുകയാണ്.. ഛെടാ.. ട്വന്‍‌റി ഫൊര്‍ ബൈ സെവന്‍ സേവനമാണോ...

“തോന്ന്യാസീ........... വാസപ്പ് !!!!!”

റിയാലിറ്റിയിലേക്ക് ലാഞ്ച് ചെയ്ത് നാലും പാടും ‘ഞാന്‍ വല്ലോം പറഞ്ഞൊ’ എന്ന ആശങ്കയാല്‍ നോക്കുന്നു..

“അണ്ണാച്ചി പോയാച്ച്.....” ഞാന്‍ ആശ്വസിപ്പിച്ചു..

“യാര്‍???? ” അതുശരി ബോധം ശരിക്കും വീണില്ല..

“ഇന്നേക്ക് പതിനഞ്ചാം നാള്‍ ദുര്‍ഗാഷ്ടമി..ഉന്നെ കൊന്ന് ഉന്‍ രത്തത്തെ കുടിച്ച് ഉന്‍ ഡെഡ് ബോഡി ആണ്ടിപ്പട്ടിയിലേക്ക് പാഴ്സല്‍ പണ്ണുമേന്‍....” ഞാന്‍ കണ്ണുരുട്ടി...


“ഐ.സീ.........”

“യു...... ഉറങ്ങാന്‍ നോക്കെന്‍‌റെ മച്ചാ....... ഇനി കസ്റ്റമര്‍ വന്നാല്‍ ഇന്ന് കടമുടക്കം എന്ന് പറഞ്ഞു മാട്ടിയയക്ക്....വണ്‍ മോര്‍ ഗുഡ് നൈറ്റ്....സോര്‍ ഡ്രീംസ്....”

അടുത്ത ഫേസ് ഉറക്കം കണ്ണിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് നിസാന്‍ വണ്ടി കയറ്റം കയറും പോലെ ഒരു ഇരമ്പല്‍ കേട്ടത്....

കാറ്റു നിറയ്ക്കുമ്പോള്‍ മത്തങ്ങ ബലൂണ്‍ പൊങ്ങുന്നപോലെ തോന്ന്യാസിയുടെ പുതപ്പ് ഇരമ്പലിലോടൊപ്പം പൊങ്ങുന്നു. ഇരമ്പല്‍ താഴുമ്പോ ബലൂണും താഴുന്നു.

ഇങ്ങനേയും കൂര്‍ക്കം വലിയോ പരമശിവാ....ഇതിലും ഭേദം ഉരുപ്പടി ഉരയ്ക്കുന്നതാ‍രുന്നു!!!!!

“ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല..കര്‍ത്താവേ..... ഇവനോട് പൊറുക്കേണമേ........” രണ്ടു ചെവിയിലോട്ടും പുതപ്പിന്‍‌റെ തുമ്പു തിരുകി വച്ച് നിദ്രാദേവിയുടെ ചുംബനം കൊള്ളാന്‍ ഞാന്‍ കാത്തുകിടന്നു.....



......To be continued...stay tuned........:)

96 comments:

G.MANU said...

‘ആശ്രമക്കിളി നിന്നെ എയ്തെയ്തെന്‍‌റെ.... ആവനാഴിയിലമ്പു തീര്‍ന്നു’ മൂളിപ്പാട്ടും മൂളി കൈ താടിക്ക് കൊടുത്ത് ജാലകക്കാഴ്ചകള്‍ കണ്ടിരുന്നൊപ്പൊഴാണ് തോന്ന്യാസിയുടെ തപസ് മുടക്കാന്‍ മേനകയെപ്പോലെ വന്ന ഒരു ഗട്ടറില്‍ വണ്ടി ചാടിയത്..

തോന്ന്യാസി സ്പെഷ്യല്‍ ഗസ്റ്റ് ആയി എത്തുന്ന പുതിയ ബ്രിജ്‌‌വിഹാരം പോസ്റ്റ്....((അനുവാദം തന്ന തോന്ന്യനു സ്പെഷ്യല്‍ താങ്ക്സോടെ

ashidh said...

തേങ്ങ എന്റെ വക
ഠേ ഠേ

BS Madai said...

randaamathe thenga ente vaka 'ddee ddee' - ini vaayichathinu sesham..

പൊറാടത്ത് said...

അലക്കി മാഷേ..

“തോന്ന്യാസിയെ നോക്കി പ്ലാറ്റ്ഫോമിലൂടെ നടന്നു..കക്ഷി എങ്ങനെയിരിക്കും എന്നുപോലും അറിയില്ല.. ഉം.. കറക്ട്.. :) :)

തോന്ന്യാസി said...

എന്നെപ്പറ്റി മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കും വിധം പോസ്റ്റിട്ട മനുജി സത്യമായും ഞാന്‍ പോലീസില്‍ കം‌പ്ലെയിന്റ് കൊടുക്കും.

1) താങ്കള്‍ ജ.പ്രി.ബ്ലോ.പോങ്ങുമ്മൂടന്റെ കാറിനെ ഇന്‍ഡിക്കയാക്കിയതു പോലെ ഞാന്‍ കയറിയ ബോഗിയെ ലോക്കലാക്കാന്‍ അനുവദിയ്ക്കില്ല. ഞാന്‍ ഫസ്റ്റ്.എ.സി.യിലാണ് സ്ഥിരമായി യാത്ര ചെയ്യാറ്,ഇവിടേയും അങ്ങനെ തന്നെ കാണിക്കേണ്ടതാണ്.

2)കേരളത്തിലെ നമ്പര്‍ വണ്‍ ഫിനാന്‍ഷ്യല്‍ കമ്പനിയുടെ ആണ്ടിപ്പട്ടി ബ്രാഞ്ചിലെ അസിസ്റ്റന്‍ഡ് മാനേജരല്ല, ബ്രാഞ്ച് മാനേജര്‍...

3)ആണ്ടിപ്പട്ടിയില്‍ എന്നല്ല, തമിഴ്നാട്ടിലെ ഒരു ബസിലും മണിയടിയില്ല, പീപ്പി വിളിയേ ഉള്ളൂ എന്ന എന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയിട്ടില്ല

4) കമ്പരാമായണം എഴുതിയത് തിരുവള്ളുവരാണെന്ന കാര്യം കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏതൊരു കൊച്ചു കുട്ടിയ്ക്കും അറിവുള്ളതാണ്. അത് എന്റെ പേരില്‍ ആരോപിച്ചത് എന്റെ വിലയിടിച്ചു കാണിയ്ക്കാന്‍ മാത്രമാണ്

5) ആ കൂര്‍ക്കം വലിയെ പറ്റി പറഞ്ഞത്,രണ്ടു വര്‍ഷമായി കഷ്ടപ്പെട്ട് ലൈന്‍ വലിച്ച്,കണക്ഷന്‍ കൊടുത്ത് ഇപ്പോള്‍ തരക്കേടില്ലാതെ ‘വിരുമ്പി’യിരിയ്ക്കുന്ന എന്റെ ആണ്ടിപ്പട്ടിക്കാരി കാതലിയെങ്ങാനും അറിഞ്ഞ് ‘ഉന്നെ നാന്‍ കല്യാണം പണ്ണമാട്ടേന്‍’ ന്നെങ്ങാനും പറഞ്ഞാല്‍ ഉറപ്പിച്ചോ അടുത്താഴ്ച അണ്ണന്റെ ചാക്കാല നടത്തും.

ഈശ്വരാ ഞാനിനി എങ്ങനെ എന്റെ ആരാധകരുടെ മുഖത്ത് നോക്കും??? :( :(

ഇതിലും ഭേദം അന്ന് ഒഴിച്ചു തന്ന (താങ്കളുടെ സ്ഥിരം ബ്രാന്റ്) ആ ഒന്നരപെഗ്ഗ് വൈറ്റ് മിസ്ചീഫില്‍ രണ്ടു തുള്ളി ഫ്യൂരിഡാനും മിക്സ് ചെയ്യുന്നതായിരുന്നു.

BS Madai said...

എന്റെ മാഷേ ആ പാവം തോന്ന്യാസിയെ കൊന്നു കൊലവിളിക്കുമെന്ന് ആരോടെന്കിലും ബെറ്റ് വച്ചോ?! എന്തെ ഇപ്രാവശ്യം ചിരിയില്‍ മാത്രം ഒതുക്കി?! നന്നായിട്ടുണ്ട്

ശ്രീ said...

തോന്ന്യാസി ഒരു ലെവലായിക്കാണുമല്ലേ...

ശരിയ്ക്കു ചിരിപ്പിച്ചൂട്ടോ.
:)

(ഇനി പോങ്ങു മാഷുടെ പ്രസ്താവന കൂടി കേള്‍ക്കട്ടെ)

കുഞ്ഞന്‍ said...

എന്റെ തോന്ന്യാസി മാഷെ ഇയാളല്ലാതെ ഇങ്ങനെയൊരു തോന്ന്യാസം കാണിക്കുമൊ അതും മനു&പോങ്ങുസിന്റെടുത്ത്..?? അനുഭവിക്കൂ..ഈക്കൊല്ലം ഇതില്‍ക്കുടുതല്‍ ഒന്നും വരാനില്ല..

പോസ്റ്റ് രസകരം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

ഒരു ഓഫ്:
മനൂജി, സത്യമായിട്ടും ഇനി മാഷിനെ കാണാന്‍ ഞാന്‍ വരില്ല..ആ നന്ദന്‍ ഭായി മനൂജിയുമായി ഒരു ദിവസം തിരുവനന്തപുരത്ത് തങ്ങണമെന്നും പറ്റിയാല്‍ റേഡിയൊ ബ്രോഡ്കാസ്റ്റിങ്ങ് കാണണമെന്നും പറഞ്ഞിരിന്നു. ഇത്തിരി മുമ്പ് ചാറ്റില്‍ക്കൂടി നന്ദന്‍ എന്നൊട് പറഞ്ഞു കഴിഞ്ഞയാഴ്ച പോങ്ങുവും മനുവുമായി ഒരു ദിവസം ഒത്തുക്കൂടിയെന്നും ആ സംഭവങ്ങള്‍ ഉടന്‍ തന്നെ പ്രസദ്ധീകരിക്കുമെന്നും..നന്ദന്‍ ഭായീ ആ കൂടിച്ചേരല്‍ എത്രയും വേഗം പോസ്റ്റൂ..മനുജിയൊ പോങ്ങൂസൊ അത് പോസ്റ്റിയാല്‍ പിന്നെ കുറെ നാള്‍ കന്യാകുമാരിയിലേക്ക് പോകേണ്ടാന്ന് വച്ചോളൂ... :) :)

ചെലക്കാണ്ട് പോടാ said...

നിങ്ങളെല്ലാരും ഇങ്ങനെ മുന്നില്‍ തെളിഞ്ഞ് വന്നത് പോലെ തോന്നി....

തോന്ന്യാസിയുടെ സെല്‍ഫ് ഡിഫന്‍സ് കമന്‍റും കൊള്ളാം...

Eccentric said...

hihi...kollam...bakki kekkatte

തോന്ന്യാസി said...

കുഞ്ഞേട്ടാ... ഇങ്ങേര് മന:പൂര്‍വ്വം എന്നെ കരിവാരിത്തേയ്ക്കാന്‍ സോറി വൈറ്റ് വാഷ് ചെയ്യാന്‍ ശ്രമിയ്ക്കുകയാണെന്ന സത്യം താങ്കള്‍ക്ക് മനസ്സിലായെന്ന് തോന്നുന്നു.....

നന്ദേട്ടാ .. കുഞ്ഞേട്ടന്‍ പറഞ്ഞത് സത്യമാണെങ്കില്‍ താങ്കളെ വൈറ്റ് വാഷ് ചെയ്യുന്നതിനു മുന്‍‌പ് പോസ്റ്റിടൂ....

..:: അച്ചായന്‍ ::.. said...

ദ്രോഹി കാപാലിക കാലുവാരി .. ഇങ്ങേരെ ഞാന്‍ കൊല്ലും

നിരക്ഷരൻ said...

“കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോതും” ..... എന്നെയങ്ങ് കൊല്ല്:)

എന്നാലും 6 അടി 4 ഇഞ്ച് പൊക്കമുള്ള തോന്ന്യാസിയെപ്പറ്റി ഇമ്മാതിരി അപരാധമൊക്കെ എഴുതിപ്പിടിപ്പിക്കാന്‍ എങ്ങനെ തോന്നി മാഷേ ?

ദുഷ്ടാ തോന്ന്യാസീ നെനക്കങ്ങനെ തന്നെ വേണം. ഇതിന്റെ രണ്ടാംഭാഗം ഇറങ്ങുന്നതോടെ നെന്റെ കാര്യം കട്ടപ്പൊഹ.

കുഞ്ഞന്‍ പറയണത് ശരിയാണെങ്കില്‍ അതുകഴിഞ്ഞാല്‍ കട്ടപ്പൊഹ വരണത് കന്യാകുമാരി അല്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നായിരിക്കും.

എനിക്കീ ജി-മനു എന്ന് പറയണ കക്ഷീനെ യാതൊരു പരിചയവും ഇല്ല. ഞാനയാളെ 2008ഡിസംബര്‍ 7ന്റെ നിറകൊണ്ട പാതിരായ്ക്ക് എറണാകുളം ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിട്ടില്ല, കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണിലൂടെ വിളിച്ച് സംസാരിച്ചിട്ടുമില്ല :) :)

ബ്ലോഗനാര്‍ കാവിലമ്മേ കാത്തോളണേ... :) :)

annamma said...

നുണയാണെങ്കിലും വായിക്കാന് രസമുണ്ട്. തോന്ന്യാസിയുടെ commentum നന്നായി.

cheraasen said...

സത്യത്തില്‍ ഈ ബ്ലോഗിനു ഇത്രേം നല്ല സൌഹ്രുദങ്ങള്‍ സ്ര്ഷ്ടിക്കാന്‍ കഴിയും എന്നു ഒരിക്കലും വിചാരിച്ചില്ല..

സമീപകാലത്തു തന്നെ ബ്ലോഗര്‍മാരുടെ ഒരു ജനറല്‍ ബോഡി പ്രതീക്ഷിക്കാമോ...?

മുസാഫിര്‍ said...

ആണ്ടിപ്പെട്ടി ശീമയിലെ
തേരോടും വീഥിയിലെ
മാന്‍ പോലെ വന്തവനെ
യാരടിച്ചാരോ..യാരടിച്ചാരോ..
എല്ലാ ബ്ലോഗ്ഗേഴ്സും മാസത്തിലൊരിക്കല്‍ മനുവിന്റെ അടുത്ത് പോയാല്‍ മതി.നമുക്ക് ഇത് ഒരു സീരിയലക്കാം.

[ nardnahc hsemus ] said...

“ഓയേ തോന്ന്യാസീ തുസി ഗ്രേട്ട് ഹോ..... “

Unknown said...

‘കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോടും’ എന്നു പറന്നു വിശ്വാമിത്രന്‍ ചാടിയെണീറ്റ പോലെ, തോന്ന്യാസി ഗട്ടര്‍ എഫക്ടില്‍ ഞെട്ടിപ്പൊങ്ങി...''

പടുപാപീ... റാം ഒഴിച്ച കയ്ക്ക് കൊത്തുന്നോ??
(നിരു മനുജിയെ ഇക്കഴിഞ്ഞ ഏഴിന് കണ്ടിട്ടേയില്ല, വണ്ടിയില്‍ കേറ്റിയിട്ടില്ല, ഇറക്കി വിട്ടിടില്ല. അതിന് ഞാന്‍ ഗ്യാരണ്ടി. )

മഴത്തുള്ളി said...

“ഫ്രൂ.......!!!!!! “ ആദ്യം ഈ ശബ്ദം വന്നത് എന്‍‌റെ ചുണ്ടില്‍ നിന്നാ‍ണോ അതോ ഹരിയുടെ ചുണ്ടില്‍ നിന്നാണോ... ഉറപ്പില്ല..

പാവം തോന്ന്യാസിയെ വിട്ട് രണ്ടെണ്ണവും ദൂരെ മാറിയിരുന്ന് ഫ്രൂട്ടി അടിക്കുവായിരുന്നു അല്ലേ!! ങും ങും.. :)

ഉണ്ണി.......... said...

മാഷെ കൊന്ന് കൊലവിളിക്ക്യാണല്ലെ..
പാവം തൊന്ന്യസി ഇനി കേരളത്തിലേക്കെ വരോ ആവൊ.............
ഇനി ആരാണ് അടുത്ത ഇര.....

ഒടൊ:
നന്ദി കുറച്ച് നേരം എന്റെ കത്തി സഹിച്ചതിന്
മാഷ് പറഞ്ഞ പോലെ സ്നേഹിച്ചവരെ വിവാഹം കഴിക്കരുത് ആ പ്രണയം എങ്കിലും ബാക്കി നിക്കട്ടേ.......

Unknown said...
This comment has been removed by the author.
Unknown said...

atipoly

Unknown said...

2 ആം വര്‍ഷ ആശംസകള്‍ .......

അച്ചായത്തി said...

തോന്ന്യാസിയെപറ്റി തോന്ന്യാസം ...

മനൂജീ.... ഇതു കൊലച്ചതിയല്ലേ ജീ...!

ചന്ദ്രകാന്തം said...

എന്നാലും മനുജീ... വല്ലാത്തൊരു വീശലായി.
:)
ഇനി തിരോന്തരം എന്നൊരു സ്ഥലത്തിറങ്ങേണ്ടി വന്നാല്‍ അദ്ദേഹം രണ്ടല്ല, പലവട്ടം ആലോചിയ്ക്കും മിര്‍ച്ചിയെപ്പറ്റി.. !!
വിള്യ്ക്കണോ... വേണ്ടയോ...എന്ന്‌.

Appu Adyakshari said...

മനുവണ്ണോ, തിരുന്തോരം കഥ കലക്കീട്ടാ... ആളൊന്നു ഒരുണ്ട് തടിച്ചുകേട്ടോ..ഫോട്ടോകണ്ടിട്ട് അങ്ങനെ തോന്നി :-)

Unknown said...

മുന്‍പതെത പോസ്റ്റില്‍ കമ്മന്റ് ഇട്ട് വന്നപ്പോള്‍ ദാ ഇവിടെ കിടിലന്‍ പോസ്റ്റ്...

ഏകാകിനി said...

ഇതു പകുതി വച്ചൂ നിര്‍ത്തിയതു നന്നായി ട്ടോ അലെങ്കില്‍ ഓഫിസില്‍ ഇരുന്നു ചിരിച്ചു മരിച്ചതിനു ,താങ്കള്‍ ഉത്തരവാദി ആയെനെ.

തൊന്ന്യാസി ഇനിയെങ്കിലും അവരുടെ കൂട്ടു നിര്‍ത്തികൂടെ,ഞാന്‍ ഒരു നൂരു തവണ പറഞതാ പോകണ്ട പോകണ്ടാന്നു.ഇപ്പൊ എന്തായി പണി കിട്ടിയില്ലെ.ഇനിയെങ്കിലും നിര്‍ത്തിയിലെങ്കില്‍ തന്റെ കാര്യം കട്ടപൊഹ.
(പാവം ഏതൊ ഒന്നിനെ വളച്ചു കൊണ്ട് വന്നതാ, അതും പൊയി കിട്ടി)

smitha said...

മനു ജി ,വെടിക്കെട്ടു പൊസ്റ്റ് ,ചിരിയുടെ വെടിക്കെട്ടു തന്നെ ആയിരുന്നു.

Anonymous said...

മാഷേ… ബാക്കി കൂടി പോരട്ടെ…

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പോ സിമിവഴി എങ്ങോട്ടാ പോണേന്ന് എനിക്കൂഹിയ്ക്കാം.

കലക്കന്‍ പോസ്റ്റ് മനുവണ്ണാ. തോന്ന്യാസി ഇപ്പൊഴും ഉണ്ടോ ആവോ

ഷിജു said...

മനുച്ചേട്ടാ,
ആ തോന്ന്യാസിച്ചേട്ടനെ ശരിക്കും വധിച്ചല്ലോ. എനിക്ക് തോന്നുന്നത് പുള്ളിക്കാരന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം മനുച്ചേട്ടന്റെ അടുത്ത് വന്നതായിരിക്കും.ഒന്നൂടെ അദ്ദേഹത്തെ തിരുവനന്തപുരത്തിന് ക്ഷണിച്ച് നോക്കൂ.അപ്പോ അറിയാം വിവരം.
എന്തായാലും തോന്ന്യാസിച്ചേട്ടനെ എനിക്ക് പരിചയമില്ലാത്തതിനാലും, മനുച്ചേട്ടനെ നല്ലതുപോലെ അറിയാവുന്നതുകൊണ്ടും എഴുതിയതെല്ലാം ഞാന്‍ വിശ്വസിക്കുന്നു കേട്ടോ:) :).

നാളു കുറെ ആയി. ഇതുവരെ ആ മൊബൈല്‍ നമ്പര്‍ കിട്ടിയില്ല :)

വിക്രമാദിത്യന്‍ said...

മനുജി
സംഭവം ജോര്‍. പോസ്റ്റ് എയിറ്റ് പാക് തന്നെ

Calvin H said...

മോറല്‍ ഓഫ് ദ് സ്റ്റോറി... തിരുവനന്തപുരത്തോട്ട് ആരെങ്കിലും പോവുന്നുണ്ടേല്‍ മനൂജി-ജനപ്രിയ ടീമിനെ ഒഴിച്ച് ആരെ വേണെങ്കിലും കോണ്ടാക്റ്റ് ചെയ്യാം. ഇല്ലേല്‍ ഗോവിന്ദ...

ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...

പാര്‍ത്ഥന്‍ said...

തിരൊന്തരത്തേയ്ക്ക് പോകുന്നവർ സൂക്ഷിക്കുക. മനുവിന്റെ ഫോണിൽ നിന്ന്‌ “താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോഴൊന്നും ലഭ്യമല്ല” എന്നു കേൾക്കുമ്പോഴേ വിളിക്കാവൂ. അല്ലെങ്കിൽ കട്ടപ്പൊകയാവും. തോന്ന്യാസിയെപോലെ SMSനു വേണ്ടി യാചിക്കേണ്ടിവരും. ഒരു സാക്ഷിപോലും ഉണ്ടാവില്ല.

“കവചകുണ്ഡലം പോട്ടേ തവ കുചമണ്ഡലം പോതും”

നമിച്ചണ്ണാ.

കുറ്റ്യാടിക്കാരന്‍|Suhair said...

പാവം തോന്ന്യന്‍...

മനുജീ, തകര്‍ത്തു.. തകര്‍ത്തു തരിപ്പണമാക്കി...

അടുത്ത ഭാഗത്തിനു വേണ്ടി കാ...ത്തിരിക്കുന്നു.

അയല്‍ക്കാരന്‍ said...

പോസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു.
ഓട്ടോ: കയ്യില്‍ തോടലോ?

ശ്രീവല്ലഭന്‍. said...

ഹ ഹ ഹ :-)

ജയരാജന്‍ said...

രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു :)
ഇതിന്‌ ഇനി ഒരു പോങ്ങു + തോന്ന്യാസി വേർഷൻ കൂടിയുണ്ടാവുമോ എന്തോ?

പയ്യന്‍സ് said...

അടിപൊളി മനുജി. അടുത്ത ഭാഗം എപ്പോ വരും?

ഒരു ചെറിയ കറക്ഷന്‍: അഞ്ജലി എന്ന റേഡിയോ ജോക്കി പിന്നീട് അഞ്ജന ആയി മാറിപ്പോയി! കുറ്റം കണ്ടുപിടിക്കാന്‍ നമ്മള്‍ മിടുക്കര്‍ ആണല്ലോ, അതോണ്ട് പറഞ്ഞതാ. ഒന്നും തോന്നരുത്!

Visala Manaskan said...

“എന്‍‌റെ പൊന്നണ്ണാ..എനിക്ക് ഉള്ള സമയം സ്വര്‍ണ്ണം ഉരച്ചുനോക്കാനും പോലീസ് സ്റ്റേഷനില്‍ പോകാനും തികയുന്നില്ല.. അതിനിടെ ഈ വക എക്സ്‌ട്രാ മെറ്റീരിയല്‍ അഫയേഴ്സിനു എവിടെ നേരം.”

എന്തിറ്റാ കാച്ച്! നമ്പറുകള്‍ പലതും തകര്‍ത്തു മനൂ.

തോന്ന്യാസിയുടെ കമന്റും സൂപ്പര്‍ ആയിട്ടാ.

അനാഗതശ്മശ്രു said...

എക്സ്ട്രാ മെറ്റീരിയല്‍ അഫയേറ്സിന്റെ രാമായണം അസ്സലായി..
മനൂ
ഈ കമ്പനിരാമായണം ഖണ്ഡശ്ശ രാമായണം ആക്കിയതിലെ അക്ഷമ അറിയിക്കുന്നു..( ഇനി അമ്മൂമ്മ... കണ്ഠശ്ശ ....)

ശ്രീനാഥ്‌ | അഹം said...

കലക്കി മാഷേ.... കലക്കി!

രാജീവ്‌ .എ . കുറുപ്പ് said...

ബോണ്ട പോലുള്ള ഞാത്തുമിട്ട് റേഡിയോ ജോക്കി അഞ്ജലി മുന്നില്‍..

“കലക്കി കൊച്ചേ...
ചായക്കടയിലെ പലഹാരങ്ങള്‍
കാമിനിമാരുടെ കാതില്‍ കാണാം’ എന്ന് പണ്ടാരോ പാടിയത് നിന്നെക്കുറിച്ചാണോ....”

മനുവേട്ടാ തകര്‍പ്പന്‍, അടിപൊളി സാധനം. സിക്സ് പാക്കും തകര്ത്തു വാരി. തോന്ന്യസിയെ പൊളിച്ചടുക്കി അല്ലെ. ഞാന്‍ ഇതു ഒരു പാടു തവണ വായിച്ചു. ഒത്തിരി നന്ദി

ലേഖാവിജയ് said...

ആത്മകഥാംശം അവിടിവിടെ ചിതറിക്കിടപ്പുണ്ടെങ്കിലും ഈ ബ്ലോഗിലെ കഥകളും കഥാപാത്രങ്ങളും സാങ്കല്‍‌പ്പികമാണ്.

ഇതെന്താ മനൂ ഒരു മുന്‍ കൂര്‍ ജാമ്യം?അടി വന്നത് എവിടുന്നാ .. :) ?

[ nardnahc hsemus ] said...

haha..
ലേഖാവിജയ് പറഞ്ഞപോലെ, ഈ പോങ്ങുമൂടനും തോന്ന്യാസിയുമെല്ലാം അപ്പൊ “പൊഹ” മനുഷ്യരാണോ ജിമനുച്ചായാ?

..................................................

ആ ഫോട്ടോ കണ്ടിട്ടെനിയ്ക്ക് സഹിയ്ക്കുന്നില്ല.. ദില്ലിയില്‍ നിന്നു പോകുമ്പോള്‍ 8 പാക്ക് അബ്സ് ഉള്ള നോര്‍ത്തിന്ത്യന്‍ സിനിമാ താരങ്ങളെപോലെ ഇരുന്ന അച്ചായനിപ്പോ മലയാള സിനിമാതാരങ്ങളെ പോലെ നീരുവന്ന ഫിഗറില്‍ കാണുന്നതില്‍ ഒരു വൈക്ലഭ്യം ഇല്ലാതില്ല... ആ വലതുകൈയ്യില്‍ “ഷഹന്‍ ഷാ“ യുടേ ഇരുമ്പു ചങ്ങലെപോലെയുള്ള ആ രുദ്രാക്ഷക്കെട്ടും ഒക്കെ കൂടി ആകപ്പാടേ ഒരു ‍മിര്‍ച്ചീ ഇഫക്റ്റ്!!

anEEEsh said...

മാഷേ ഇതും കലക്കി ...

പാവം തോന്ന്യാസിയെ കരിതേച്ചു കാണിച്ചു ബ്ലോഗുവാണല്ലേ

ഇങ്ങനെ ഓഫീസിലിരുത്തി ചിരിപ്പിച്ചു എന്റെ ജോലി പോയാല്‍ മാഷായിരിക്കും ഉത്തരവാദി ...

G.MANU said...

ഹ ഹ എന്റെ സുമേഷച്ചായ..

എന്റെ ഷേപ്പ് മാറ്റാന്‍ കേരളത്തിലെ പഴമ്പൊരിയും മീന്‍‌കറിയുമൊക്കെ ക്രൂരമായ പങ്കുവഹിക്കുന്നു :(

ഷേപ്പ് ഇനിയും മാറേണ്ടാ എന്ന് കരുതിയാ ഡിസ്ക്ലെയിമര്‍ വച്ചത്..

Kaithamullu said...

എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല..

- മനുവണ്ണനു ഞാന്‍ ഉദ്ദേശിച്ചേനേക്കാള്‍ കൂടുതല്‍ വണ്ണമുണ്ടല്ലോ.. ലേശം വയറും..”
--
പാവം തോന്ന്യാസി; ഒരു സത്യം പറഞ്ഞതിന് എടുത്തിട്ട് കീച്ചിയ കീച്ച്....
--
ഞാനില്ല ഞാനില്ല തിരോന്തരം കാണാന്‍!!

പാര്‍ത്ഥന്‍ said...

സുമേഷ് ജി, എന്റെ കയ്യിലുള്ള ഒരു ഫോട്ടോ കണ്ടാൽ അതിന്റെ കുട്ടൻസ് മനസ്സിലാവും. ഒന്ന്‌ ബ്ലാക്ക് മെയിൽ ചെയ്യാൻ വെച്ചിരിക്കുകയാ.

Sherlock said...

എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല....ha ha :)

Sherlock said...

waiting...

sherlock/johndaughter

ഞാന്‍ ആചാര്യന്‍ said...

ഭാഗം രണ്ട് പോരട്ടെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ശ്രീമാന്‍ തോന്ന്യാസി ആണ്ടിപ്പട്ടിയെന്ന” ഒരു കോമായെങ്കിലും ഇടയ്ക്കിട്ട് കൊടുത്തില്ലേല്‍ തോന്ന്യാസി തന്റെ ഇനീഷ്യല്‍ ഇനി ആണ്ടിപ്പെട്ടി എന്നാക്കിയാലേ ആളോള് അറിയൂ. ബൈ ദി വേറെ എന്തോരം സ്ഥലങ്ങളുണ്ടായിരുന്നു ആ ട്രെയിന്‍ റൂട്ടില്‍ പാവം തോന്ന്യാസി.. വരാനുള്ളത് ട്രെയിന്‍ പിടിച്ചാ അല്ലേ വരുന്നത്..

ഓടോ:ആ വിക്രമാദിത്യ ചക്രവര്‍ത്തി മനുച്ചേട്ടനു ഒരു ദിവസത്തെ അംനീഷ്യ ഉണ്ടാകാന്‍ നേര്‍ച്ച നേര്‍ന്നെന്നു കേട്ടു...

saju john said...

ഇതൊക്കെ വായിച്ചാല്‍ ശരിക്കും മനസ്സില്‍ വരുന്നത് നിര്‍മലമായ സ്നേഹത്തിന്റെയും, സൌഹൃദത്തിന്റെയും സുഖമുള്ള ഓര്‍മ്മകള്‍ ആണ്.

രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

പിന്നെ ഒരു കാര്യം..

ഇങ്ങനെ “ശരിപ്പെടുത്താന്‍” വേണ്ടിയായിരുന്നല്ലേ എന്നെ കുടുംബസമേതം തിരുവന്തപുരത്തേക്ക് ക്ഷണിച്ചത്. വണ്ടിയതാ..കൊല്ലത്ത് നിന്നും തിരിച്ച് വിട്ടിരിക്കുന്നു.

സ്നേഹത്തോടെ.............

അഗ്രജന്‍ said...

>>>കുറെ നേരമായി തപ്പുന്നു ഞാന്‍.. എളുപ്പത്തില്‍ കണ്ടുപിടിക്കാം എന്നു കരുതി ലേഡീസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ചെന്നു.. അവിടേം ഇല്ല..<<<

:))

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

അണ്ണാ... ആദ്യായി വിസിറ്റുവാണ് കേട്ടാ... കിടിലന്‍ തന്നെ... ചിരിച്ച് ചിരിച്ച് വയറ്റില്‍ "6പാക്ക്‍" മസില് പിടിച്ച്...

റോളക്സ് said...

കലക്കി സുഹൃത്തേ കലക്കി..... ന്യൂ ഇയര്‍ ബ്ലോഗ് ഉഗ്രന്‍ തന്നെ....
സിക്സ് പായ്ക്ക് സൂപ്പര്‍ ...

വിക്രമാദിത്യന്‍ said...

മിണ്ടാണ്ട്‌ ഒരു ഭാഗത്തിരിക്കുന്ന മനുജിയെക്കൊണ്ട് നമ്മേ കൊല ചെയ്യിച്ചേ അടങ്ങു അല്ലേ ചാത്താ? ചാത്തനെ നാം ഇതിനാല്‍ മായാവി എന്ന പേര് മാറ്റി ലുട്ടാപ്പി എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. ഓട് .

മാണിക്യം said...

“ഇതുവല്ലോം
ഏതാണ്ട് വണ്ടര്‍ഫുള്‍ ആണോ ...
ഇക്കണക്കിന് എന്‍‌റെ റിയല്‍ അറ്റാക്ക് വല്ലോം കണ്ടിരുന്നേല്‍ ......”

ശരിയാ വായിച്ചു ചിരിച്ച് ഒരു വഹയായി ..
തീര്‍ച്ചയായും ഇതിനു ബദല്‍ തോന്ന്യാസിയും പോങ്ങൂമൂടനും എഴുതുമെന്ന് വിശ്വസിക്കട്ടെ. എഴുതണം ..
ഏതായാലും ചിരിചു കൊണ്ട് 2009ആശംസകള്‍!

പയ്യന്‍സ് said...

:)

jayanEvoor said...

ചിരിച്ചു വശം കെട്ടു പോയി!!

ഞാനിവിടെ താരതമ്യേന പുതുമുഖമാണ്. കൊല്ലത്തുകാരനുമാണ്...

ആ വഴിയൊന്നും വന്നേക്കല്ലേ!!!

jamal|ജമാൽ said...

മനുജി
“ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല..കര്ത്താണവേ..... ഇവനോട് പൊറുക്കേണമേ........” രണ്ടു ചെവിയിലോട്ടും പുതപ്പിന്‍‌റെ തുമ്പു തിരുകി വച്ച് നിദ്രാദേവിയുടെ ചുംബനം കൊള്ളാന്‍ ഞാന്‍ കാത്തുകിടന്നു.....
എതായാലും തോന്ന്യാസിക്ക്‌ തൊലികട്ടി ഇച്ചിരികൂടുതലുള്ളതുകൊണ്ടൂ ആത്മഹത്യ ചെയ്യില്ലെന്നു കരുതാം
എന്നാലും ഇനി മനു,പൊങ്ങന്‍ ഛെ പൊങ്ങു ,തിരോന്തരം എന്നൊക്കെ കേള്ക്കു മ്പൊ ഒന്നു ഞെട്ടും
എന്തിനാ തൊന്ന്യാസി വെറുതെ വേലികെടക്ക്ണ.............
നേരെ അങ്ങു പോയാല്‍ പോരായിരുന്നൊ?.
ജീവനില്‍ കൊതിയുള്ളതുകൊണ്ടു ഇനി ആവഴിക്കുപോകണോ വേണ്ടെയൊ എന്ന് രണ്ടാം ലക്കവും കൂടി വായിച്ചിട്ടു തീരുമാനിക്കാം എന്നും കരുതി കാത്തിരിക്കുന്നു
:)
:D

Anonymous said...

മനു

ഫ്രെയിം ബൈ ഫ്രെയിമായി ഒരു തകര്‍പ്പന്‍ സിനിമ കന്റ ഫീലിങ്.
ഒരു ചിരിയ്ഇല്‍ നിന്ന് മറ്റൊന്നിലേക്കുള്ള ചാട്ടം..

നമിച്ചണ്ണാ..
(ഇവിറ്റെ സഹപ്രവര്‍ത്തകര്‍ അണ്ണനെ ഒന്നു കാണാനിരിക്കുവാ.. ടെന്‍ഷന്‍ മാറ്റുന്നതിനു ഒരു ചായ വാങ്ങി തരാ‍ാന്‍

പ്രമോദ്..

മഴത്തുള്ളി said...
This comment has been removed by the author.
മഴത്തുള്ളി said...

"ഇവനെപ്പേടിച്ചാരും നേര്‍വഴി നടപ്പീല" എന്ന് പറഞ്ഞതുപോലെ മനുവിനെപ്പേടിച്ചിനി ബ്ലോഗേര്‍സ് ആരും തിരുവനന്തപുരം വഴി പോകില്ലെന്ന് മനുവിന്റെ ഒരു സുഹൃത്ത് അറിയിച്ചിരിക്കുന്നു. ആ സുഹൃത്തിന്റെ പേര് ലേലത്തിലുണ്ട് പാലത്തിലില്ല, ഖരവസ്തുവിലുണ്ട് ദ്രാവകവസ്തുവിലില്ല. :)

ആരെന്ന് കണ്ടുപിടിക്കൂ കണ്ടുപിടിക്കൂ മനുച്ചായാ......

Anonymous said...

ലേഖ ?

മഴത്തുള്ളി said...

അനോണി അമ്മാവനു 100 മാര്‍ക്ക്.

ഇതാരാ അനോണി. അത് നേരെ വന്നു പറ :) ഹിഹി.

ലേഖാവിജയ് said...

എന്റെ ദൈവമേ ആരാ ഈ മഴത്തുള്ളി..?

Anonymous said...

മനുച്ചായന്റെ സുഹൃത്ത് അല്ലേ ഈ മഴത്തുള്ളി. അവര്‍ 2 പേരും ഡെല്‍ഹിയില്‍ ആയിരുന്നല്ലോ. മനുച്ചായനെ അവിടന്ന് എല്ലാവരും കൂടി ഓടിച്ചപ്പോള്‍ തിരുവനന്തപുരത്തെത്തി. അവിടെയിരുന്നും തന്റെ പാരപ്പണി തുടരുന്നു.

തോന്ന്യാസി മനുച്ചായനെ കിട്ടിയാല്‍ വിടില്ലെന്ന് പറയൂന്ന കേട്ടു. മനുച്ചായാ സുക്ഷിക്കണേ..

പകിടന്‍ said...

മനുജി, ചിരിപ്പിച്ചു. മനസ്സൊന്നു തണുപ്പിച്ചു. മനുജി തിരുവനന്തപുരത്തെവിടാ? ഞാന്‍ ശ്രീകാര്യത്താ ....

നിലാവ് said...

ഓഫിസില്‍ ഇരിന്നു വായിച്ചതുകൊണ്ട് ചിരി കണ്ട്രോള്‍ ചെയ്യാന്‍ കഷ്ടപെട്ടു മാഷേ...

nandakumar said...

തോന്ന്യാസിയെകുറിച്ച് ഇല്ലാവചനം പറയരുത്! ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാ പുള്ളിയെ. ആരു പറഞ്ഞു പൊക്കമില്ലെന്ന്? തോന്ന്യാസിക്ക് ഇനി ഒരു നാലടി (4‘) ഹൈറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ കറക്റ്റ് അമിതാഭ് ബച്ചന്റെ ഉയരമായേനെ! തോന്ന്യാസിയെകുറിച്ച് ഞാനൊരു പോസ്റ്റ് ഇടാനൊരുങ്ങിയതാ. ഇനി ഇടുന്നില്ല. എന്തിനാ വെറുതെ ശവത്തില്‍ കുത്തുന്നത് :(

സത്യത്തില്‍ ഈ മനു എന്ന ബ്ലോഗര്‍ ആരാ? താങ്കള്‍ ഇപ്പോള്‍ തിരുവനന്തപുരത്താണോ? ഇതുവരെ നേരില്‍ കാണാത്തതു കൊണ്ടും സംസാരിക്കാത്തതുകൊണ്ടും മനു എന്ന ബ്ലോഗറെ ഞാന്‍ അറിയുകയേ ഇല്ല. നേരില്‍ കാണണം എന്നുണ്ടായിരുന്നു. ക്ഷമിക്കണം, ഞാനത് ക്യാന്‍സല്‍ ചെയ്തു. :)

പോസ്റ്റ് എന്നത്തേയും പോലെ...

Tomkid! said...

മനു അണ്ണോ...

എന്താ ഒരു ഫ്ലോ...നല്ല വിവരണം

ഒന്നൂടെ ശ്രമിച്ചാല്‍ നല്ല തിരക്കഥ എഴുതാം.

ദിവാസ്വപ്നം said...

alakki

Pongummoodan said...

പ്രിയ മനുജി,

മൂന്നുനാല് ദിവസമായി മനസ്സിന് നല്ല സുഖമില്ല്ലാതിരിക്കുന്നതിനാൽ, വേണ്ട, ചുരുക്കി പറഞ്ഞാൽ ഭ്രാന്തായതിനാൽ പതിവ്‌ ശൈലിയിലൊരു കമന്റ് ഞാൻ നൽകുന്നില്ല.

എങ്കിലും ഒരു ‘പുലി ബ്ലോഗർക്ക് ‘ ‘സാദാ ബ്ലോഗർ‘ നൽകുന്ന രീതിലൊരു കമന്റ് -അതായത് -
“കലക്കി, സൂപ്പർ, ഞെരിച്ചു, എന്താ ആശാനെ അലക്ക്, ഹൊ! ഇതെങ്ങനെ സാധിക്കുന്നു, നമിച്ചു, ചിരിച്ച് ചിരിച്ച് മരിച്ചു, ഇനിയും പോരട്ടെ, അടിപൊളി, ടമാർ, പൊളപ്പൻ, തലേക്കല്ലൻ എന്നിങ്ങനെയൊക്കെ പറഞ്ഞ് ഞാൻ മടങ്ങുന്നു.

അപ്പോ മനുജി വിചാരിക്കും ഞാൻ ഒരു ‘പുലി ബ്ലോഗർ’ ആയിരുന്നെങ്കിൽ എങ്ങനെ കമന്റ് നൽകിയേനേന്ന്!! സംശയമെന്താ? അത്, “ എന്തിറ്റാ പെട!!! “ എന്ന് തന്നെയായിരിക്കും. :)

സൂര്യോദയം said...

മനൂ ജീ.. ഈ പോസ്റ്റിന്‌ തോന്ന്യാസിവധം എന്ന് പേരിടാമായിരുന്നു.... അങ്ങ്‌ ട്‌ കൊല്ലിഷ്ടാ... ;-)

ചിരിപ്പൂക്കള്‍ said...

മനു സാര്‍,
പതിവു പോലെ വിഭവം ഉഗ്രന്‍. ഈ തോന്ന്യേട്ടന്‍ ആളു കൊള്ളാമല്ലോ!!! . കമ്പരാമായണവും , മേല്‍പ്പത്തൂര്‍ അവലോകനവും ഒത്തിരി ചിരിപ്പിച്ചു.

നിരഞ്ജന്‍.

Anonymous said...

इश्वरा !! सिक्स पैक अविडेयुम एथिय्यो
सुपर आयिरिक्कुंनु , भाई :)

The Common Man | പ്രാരബ്ധം said...

ഓഹോ? അങ്ങനയാണോ?

"മനൂ[ജീ], എന്തിറ്റാ പെട!"

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി !!!!! അത് കൊണ്ടു എന്റെ ബ്ലോഗ് വായിച്ചു ഒരു കംമെന്റെന്കിലും ഇടാനുള്ള ധാര്‍മിക ഉത്തരവാദിത്തം (പ്ലീസ് ..പ്ലീസ് ...പ്ലീസ് ) കാണിക്കണേ!!!
http://ksudev.blogspot.com/

jp said...

Adipoli Ketto

Unknown said...

ചിരിച്ച്‌, ചിരിച്ച്‌ എന്റെ മനൂ......ഹ ഹ ഹ ഹ..............

അരുണ്‍ കരിമുട്ടം said...

"പക്ഷേ ദരിദ്രവാസി, തോന്നിവാസി ഇത്യാദി നാമധേയങ്ങള്‍ എന്നുമുതല്‍ നിലവില്‍ വന്നു.!!."

മനുജീ വെറുതെ കോട്ടുന്നില്ല,പക്ഷേ ചിരിപ്പിച്ചു.

മേരിക്കുട്ടി(Marykutty) said...

പാവം പാവം തോന്ന്യാസി...

പിരിക്കുട്ടി said...

ഹായ് മനു ജി
നിറയെ
"ടണ്‍ കണക്കിന് ഫണ്‍" തന്നെ ആണല്ലോ .....
തോന്ന്യാസി അങ്ങനെ ..... ആ ഓട്ടം കാണുമ്പോള്‍ പിടിച്ചു രണ്ടു ഇടി കൊടുക്കാന്‍ തോന്നുമെന്കിലും ഇങ്ങനെ വധിക്കണ്ടായിരുന്നു .....
എന്നാലും ഞങ്ങള്‍ക്ക് വായിച്ചു ചിരിക്കാന്‍ പറ്റിയല്ലോ ?
സന്തോഷം ...

അടുത്തതിനായി കാത്തിരിക്കുന്നു

hi said...

bakki evide?

harish said...

കലക്കി സാര്‍....മുട്ടന്‍ പോസ്റ്റ്....ഇതു വരെ ഇത്രയും ചിരിച്ചിട്ടില്ല....

harish said...

കലക്കി സാര്‍....മുട്ടന്‍ പോസ്റ്റ്....ഇതു വരെ ഇത്രയും ചിരിച്ചിട്ടില്ല....

Shaf said...

രാമായണ സീന്‍ ഇതിനെക്കാളും നന്നായി ആര്‍ക്കും എഴുതാന്‍ കഴിയില്ല..!!
സമ്മതിച്ചു..

Muralee Mukundan , ബിലാത്തിപട്ടണം said...

ഉന്തുട്ടപ്പോഞാന്‍ വായിച്ചെ .....എട്ട്നെലാല്‍ള്ള അമിട്ട് പൊട്ടനുപോലെല്ലേ ആ തോന്നാസി ഗെടീനെ പൊട്ടിക്ചേ...ഒഔ കുത്താന്‍ വരണപോത്തിനെന്തിനാ തലേന്റെ മന്വോ ?

Satheesh Haripad said...

മനുവണ്ണാ..ആദ്യമായിട്ടാ ഈ വഴിക്കു വരുന്നത്. ഇത്രയും അടിപൊളി ഒരു ബ്ലോഗ് മിസ്സ് ചെയ്തതിന് കര്‍ത്താവു തമ്പുരാന്‍ പോലും എന്നോട് പൊറുക്കില്ല. ( ഇവിടേയ്ക്കുള്ള വഴി കാണിച്ചു തന്ന വിശാലേട്ടന് നന്ദി!)

‘ഉങ്കള്‍ കൂപ്പിടുന്ന നമ്പര്‍ ഇന്ത ദുനിയാവിലേ കെടയാത് ‘- ഭയന്‍കര നമ്പര്‍ തന്നെ അണ്ണാ. ചിരിച്ച് ചിരിച്ച് വയറ്റുവേദനയെടുത്തു.ഇനിയിപ്പോ ഡോക്ടറെ കണ്ടിട്ട് ബാക്കി വായിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

എന്റെമ്മച്ച്യേ !ചിരിച്ചു ചിരിച്ചെന്റെ വയറു വേദനിക്കുന്നു,എന്തൊരു എഴുത്താ മാഷേ.പാവം തോന്ന്യാസീടെ കൂർക്കം വലി ഇത്ര പരസ്യമാക്കണ്ടാരുന്നു.ഇതു വായിക്കുന്ന ഏതെങ്കിലും പെൺ കുട്ടികൾ തോന്ന്യാസിയെ ഇനി പ്രൊപ്പോസ് ചെയ്യുമോ ?? പാവം തോന്ന്യവാസി !!!

Unknown said...

ഭൈമിയുടെ നമ്പറിലേക്ക് ഒരു എസ്.എം. എസ്.കൂടി..

‘രംഗബോധമില്ലാത്ത കാലം നമുക്കിടയിലെ ഒരു ദിവസം കൂടി അടര്‍ത്തിയെടുത്തു....ഗുഡ്‌നൈറ്റ്...’

:'(

Harisuthan Iverkala | ഹരിസുതന്‍ ഐവര്‍കാല said...

പാവം തോന്ന്യാസി, ഇതിലും വലുതെന്തോ വരാനിരുന്നതാ..

സുധി അറയ്ക്കൽ said...

ഹോ.ചിരിച്ചവശനായി.