Tuesday 15 December 2009

പൊറോട്ടപ്പൊതിയിലെ ചൂട്

‘ലൈറ്റ് ഓണ്‍ ഇലക്ട്രിക്കല്‍‌സ്’ ആയി മാറിയ പണ്ടത്തെ വായനശാല മുറിയിലേക്ക് കൌമാരസ്മരണകളെ വെറുതെ ഒന്നു കടത്തിവിട്ട് നടത്തം തുടര്‍ന്നപ്പോഴാണ്, തൊട്ടുമുന്നില്‍ കൈയില്‍ പച്ചക്കറിനിറച്ച സഞ്ചിയുമായി നടന്നുനീങ്ങുന്ന പാലമുറിയില്‍ വീട്ടില്‍ വക്കച്ചന്‍ ചേട്ടനെ കണ്ടത്.
‘പുരോഗമനം കാര്യമായി കഷണ്ടിയില്‍ മാത്രമായി ഒതുക്കിയ മേപ്പടിയാനെ കണ്ടിട്ട് നാളു കുറെയായല്ലോ ‘ എന്ന് മനസില്‍ പറഞ്ഞ്, സഞ്ചിയുടെ മൂലയില്‍ പിടിച്ചു വലിച്ചതും, ‘ഹൂ ദ ഹെല്‍ ഈസ് ദിസ്’ എന്ന് മുഖഭാവത്തോടെ അച്ചായന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും ഒന്നിച്ച്...

“അന്തിക്ക് ചന്തയില്‍ പോയതാണോ അച്ചായാ....”
“ഹെന്റമ്മേ...കുഞ്ഞാരുന്നോ...മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ...ഹോ....”

“എന്താ അച്ചായാ ഇത്.. സഞ്ചിയില്‍ ഒന്നു വലിച്ചാല്‍ മാത്രം ഞെട്ടിത്തരിക്കുന്നതല്ലല്ലോ പാലമുറിക്കാരുടെ പാരമ്പര്യം.. ഛേ..മോശം..“ പണ്ട്, ആറ്റുമണക്കിരുന്ന് ചീട്ടുകളിച്ചതിന് പോലീസുകാരു പിടിക്കാനോടിച്ചപ്പോള്‍, പനച്ചക്കലെ പൊട്ടക്കിണറ്റിലേക്ക് സധൈര്യം ക്രാഷ് ലാന്‍ഡ് ചെയ്ത ഔതക്കുട്ടിച്ചേട്ടന്റെ അനിയന്‍ അല്ലേ ഇത്... ഇത്ര ഭീരുവാകാന്‍ പാടുള്ളതാണോ. (പിറ്റേന്ന് കാലില്‍ വച്ചുകെട്ടുമായി വന്ന ഔതാച്ചന്‍ കെട്ടിയോളോടു പറഞ്ഞത്രെ ‘എന്റെ ശോശു, പനച്ചക്കലെ പൊട്ടക്കിണറ് നികത്തീന്നല്ലേ നീ പറഞ്ഞെ..ആരാ ഈ നുണയൊക്കെ നിന്നോട് വിളമ്പുന്നേ..? )

“അതു പിന്നെ..മൂവന്തിനേരത്ത് മുണ്ടിനു പിടിച്ചാ ആരാ ഞെട്ടാത്തെ..? “ അച്ചായന്‍ വെറ്റിലക്കറ കാട്ടി

“ഞാന്‍ സഞ്ചീലല്ലേ പിടിച്ചേ...”
“ങാ.. ഇപ്പോ മുണ്ടിനു പിടിക്കുന്നതിനേക്കാ ഞെട്ടലാ പച്ചക്കറി സഞ്ചീ പിടിക്കുമ്പോ..വല്ല കള്ളന്മാരുമാണോന്ന് എങ്ങനെ അറിയാന്‍ പറ്റും.. സ്വര്‍ണ്ണത്തേക്കാ വിലയല്ലിയോ കിഴങ്ങിന്... അല്ലാ.. കുഞ്ഞിപ്പോ കോഴിക്കോട്ടാണല്ലിയോ.. കൊറച്ചുനാളുമുമ്പ് അച്ഛനെ ഒന്നു കണ്ടിരുന്നു...”

“അതെ “

“അവിടിപ്പോ പുഴുക്കലരിക്ക് എന്നാ ഉണ്ട് വില..?”

പണ്ടൊക്കെ മറുനാട്ടില്‍ നിന്നു വരുന്നവരോട് ആദ്യം തിരക്കുന്നത് ‘സുഖമാണോ, കാലവസ്ഥയെങ്ങനെ ‘ എന്നൊക്കെയായിരുന്നു. ഇപ്പോ അത് ഇങ്ങനെയും ആയി.. ഗ്ലോബലിസേഷന്‍ കൊണ്ടുവരുന്ന ഓരോരോ മാറ്റങ്ങളേ..

“അതിപ്പോ കല്ലിന്റെ അളവനുസരിച്ചിരിക്കും...”

“ഭരിക്കാനോരോരൊത്തന്മാരു കേറും.. കുനിഞ്ഞുനിന്നല്ലേ വോട്ട് ചോദിക്കുന്നെ.. ജയിച്ചുകഴിയുമ്പോ പകരം നമ്മളെ കുനിച്ചുനിര്‍ത്തി മുതുകത്തോട്ട് കേറും, നട്ടെല്ലൊടിക്കാനക്കൊണ്ട്.. വെടിവക്കണം എല്ലാത്തിനേം..” പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയതുകൊണ്ട്, ഊരിപ്പോയ വലത്തുകാലിലെ സ്ലിപ്പര്‍ ഒന്നുകൂടി കയറ്റി അച്ചായന്‍...

“അതിപ്പോ അവര്‍ക്കെന്തു ചെയ്യാന്‍ പറ്റും അച്ചായാ.. സാധനം വേണ്ടേ.. ഉള്ള മണ്ണെല്ലാം ഫ്ലാറ്റും റബറും വച്ചു തീര്‍ത്തു.. പിന്നെവിടുന്നെടുത്തു തരും..”

“അതും ശരിയാ.. ഞാനിന്നലെ അന്നമ്മയോട് പറഞ്ഞതേയുള്ളൂ, ഇനി നമുക്ക് റബറിലയും റബര്‍ പാലുമൊക്കെ വച്ച് കറിയുണ്ടാക്കാമെന്ന്...”

“ഗ്രേസി ഇപ്പോ എവിടാ.. ദുബായില്‍ തന്നെ അല്ലേ...” സഹപാഠിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഇറേസിംഗ് റബ്ബറിന്റെ മണം....അടര്‍ത്തിയെടുക്കുന്ന ചാമ്പയ്ക്കയുടെ മണം..

“അവള് ഫാമിലിയായിട്ട് അവിടത്തന്നെ.. ക്രിസ്മസിനു ചിലപ്പോ.... “ വാചകം മുഴുമിക്കും മുമ്പ് അച്ചായന്റെ പോക്കറ്റില്‍ ഫോണ്‍ വിറച്ചു കിണുങ്ങി...

“ആങ്... ...എന്താ... ഓ പയറു വാങ്ങിച്ചില്ല.. മുടിഞ്ഞ വിലയാ അന്നമ്മേ.. ഇന്ന് പയറ് ഉണ്ടെന്നു കരുതി അങ്ങ് ഉണ്ടാമതി..അല്ല പിന്നെ... എടീ എന്തിരവളേ പറയുന്ന കേള്‍ക്ക്.. .. നാവടക്കെടീ....!!!” പയറിന്റെ ഒരു പവറേ.. പുഷ്പം പോലെയല്ലേ കുടുംബം കലക്കുന്നത്.

“ങാ കണ്ടു.. കുട്ടിയമ്മേടെ കാലു കെട്ടിയിട്ടേക്കുവാ.. രണ്ടു ദിവസം കൂടി കെടക്കേണ്ടി വരും.. അതെന്നാത്തിനാ.. എല്ലാം കഴിഞ്ഞ് അങ്ങോട്ടല്ലേ വരുന്നേ..അപ്പോ കണ്ടാ മതി.. ..എന്തോന്ന്... ങാ അപ്പോ മതി..”

അച്ചായന്‍ അമര്‍ഷത്തോടെ ഫോണ്‍ പോക്കറ്റിലേക്ക് തള്ളി..

“അല്ലച്ചായാ..ഏത് കുട്ടിയമ്മ.?.കാലുകെട്ടീന്ന് പറഞ്ഞെ.....”

“ഓ.. അതു നമ്മുടെ കിഴക്കേതിലെ കുട്ടിയമ്മ.. ആശുപത്രീലാ.... കുഞ്ഞ് അറിഞ്ഞില്ല അല്ലിയോ..”

“ആ അമ്മൂമ്മയ്ക്ക് എന്തുപറ്റി..”

“ഒന്നും പറേണ്ട... നമ്മുടെ കോരമണ്ടിലെ അനിതപ്പെണ്ണ് ഒരു തിരുമ്മുകേന്ദ്രം തുടങ്ങിയില്ലേ....”

“അതേ.. അവരുടെ വീട്ടില്‍തന്നെ അല്ലേ... അമ്മ പറഞ്ഞിരുന്നു..”

“അതു തന്നെ.. കുട്ടിയമ്മ അവിടെ ഒന്നു തിരുമ്മാന്‍ പോയതാ. പിറ്റേന്ന് ആശുപത്രീലാക്കേണ്ടി വന്നു..കാലിന്റെ കൊഴ തെറ്റീന്ന്.. ഡോക്ടര്‍ അതു നേരെ ആക്കാന്‍ നോക്കിയപ്പോ ഉള്ള എല്ലും കൂടി പൊട്ടിക്കിട്ടി.. ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”

ചായക്കട, വളം വ്യാപാരം, അച്ചാര്‍കച്ചവടം എന്നീ മേഖലകളില്‍ കടുത്ത പരാജയം നേരിട്ട അനിത കോരമണ്ടില്‍, രണ്ടാഴ്ചത്തെ പ്രത്യേക പരിശീലനം നേടി ആത്മവിശ്വാസം മാത്രം മുതല്‍മുടക്കാക്കി തുടങ്ങിയ തിരുമ്മുകേന്ദ്രത്തിലെ ചീഫ് ഗസ്റ്റായി പോയതാണത്രെ കുട്ടിയമ്മ.. ‘ കുട്ടിയമ്മയല്ലേ എനിക്ക് കാശൊന്നും തരണ്ടാ’ എന്ന് അവളു പറഞ്ഞപ്പോ, പഠിച്ചത് പരീക്ഷിച്ചു നോക്കാനാണ് തന്നെ വിളിക്കുന്നതെന്ന് പാവം ഓര്‍ത്തില്ല...എന്തു ചെയ്യാം...

“പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”

“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”

അച്ചായനൊന്നു ചിരിക്കാന്‍ തുടങ്ങിയതും, മുന്നില്‍ നിന്നു വന്ന ഒരു ജീപ്പ്, ഞങ്ങളുടെ നേരെ വളഞ്ഞു ശബ്ദത്തോടെ നിന്നതും ഒന്നിച്ച്.!!
“ഈശോയേ!!!” ഒരു തവളച്ചാട്ടത്തിന് അരികിലെ മണ്‍‌തിട്ടയിലേക്ക് അച്ചായന്‍ കുതിച്ചു പാഞ്ഞു...
നെഞ്ചിലേക്ക് ഒരു കൊള്ളിയാന്‍ പായുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ നടുങ്ങി അരയടി താണു നിന്നു.!!!
ആജാനബാഹുവായ ഡ്രൈവര്‍, രഞ്ജിത്തിന്റെ പഴയകാല സിനിമയിലെ നായകനെപ്പോലെ പുറത്തേക്കു വരുന്നു!!
ഇപ്പൊഴത്തെ ക്വട്ടേഷന്‍ സംഘങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി..
ആളുമാറി കയറ്റിക്കൊണ്ടുപോയി ആവശ്യത്തിനു ഇടി തന്ന് ഒരു സോറിപോലും പറയാതെ ‘ഡ്യൂപ്ലിക്കേറ്റ് ഇരയെ’ വഴിയില്‍ ഇറക്കിവിട്ട ഒന്നുരണ്ടു സംഭവങ്ങള്‍ എനിക്കും അറിയാം..
കണ്ണുമുഴപ്പിച്ച് അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചപ്പോള്‍ ‘അച്ചായാ വീട്ടില്‍ ഒരു മെസേജ് കൊടുത്തേക്കണേ’ എന്നു പറയാന്‍ ഞാന്‍ വക്കച്ചനെ നോക്കി.. പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..

“കഴുവേറീ...സുഖം തന്നെ അല്ലേടാ....” കോഴിക്കോട്ട് പോലും ഗുണ്ടകള്‍ ആദ്യം ഈ ചോദ്യം ചോദിക്കില്ലല്ലോ എന്നൊര്‍ത്തപ്പോള്‍ എന്റെ ശ്വാസം ഒന്നു നേരെ വീണു.
‘ഇപ്പൊ അല്പം സുഖം കൈവന്നു’ എന്ന് കണ്ണുകൊണ്ട് പറഞ്ഞു..
“നീ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നേ..എടാ ഇത് ഞാനാ പ്രമോദ്.....”
“പ്രമോ...ദ്..”?
“എടാ... പഴയ പ്രമോദ്... ആത്മാര്‍ഥത വേണമെടാ ആത്മാര്‍ഥത..നോക്ക്..നിന്റെ രൂപം പോലും ഞാന്‍ ജീപ്പിലിരുന്നു തിരിച്ചറിഞ്ഞു..എന്നിട്ടും നിനക്കെന്നെ..”
“ഈശ്വരാ..... ചാക്കാല പ്രമോദ്..എടാ നീ ഇവിടൊക്കെ.......” കൈകൊണ്ട് കണ്ണുപൊത്തി പൊട്ടിച്ചിരിച്ചുപോയി ഞാന്‍
“ചാക്കാല നിന്റെ ...... “ ബാക്കി പൂരിപ്പിക്കുന്നതിനു മുമ്പ് അവന്‍ തലതിരിച്ച് അച്ചായനെ നോക്കി.. ‘എന്നാലും ഒരു ഉള്ളി എവിടെപ്പോയി’ എന്ന ചോദ്യം മുഖത്ത് നിറച്ച് ഒരു വരണ്ട ചിരിയുമായി അച്ചായന്‍
“അച്ചായന്‍ പൊക്കോ.... ഇതെന്റെ ഒരു പഴയ കൂട്ടുകാരനാ...പിന്നെ കാണാം..” ചിരി തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍

“കേറെടാ!!! “ കൌമാരസ്മരണകളുടെ സ്നേഹം പുരണ്ട ആജ്ഞ ഞാന്‍ അനുസരിച്ചു.. അവന്‍ താക്കോല്‍ കറക്കി...
“ഒന്നിറങ്ങെടാ..പ്ലീസ്...” ആജ്ഞയുടെ മുന ഒറ്റ സെക്കന്റില്‍ ഒടിഞ്ഞ് ദയനീയമായി...
“ഉം? എന്തേ...വണ്ടി തള്ളണോ?..”
“അത് നിനക്കെങ്ങനെ മനസിലായി”
“നീ ആ പഴയ ചാക്കാല തന്നെയല്ലേ...ഈ വണ്ടി നിന്റെ അല്ലേ..അപ്പോ പിന്നെ... “ ഞാന്‍ താഴേക്ക് ചാടി “ധള്ളേണ്ടി വരും.......”

ഒറ്റ ചാട്ടത്തിന് ഞാന്‍ റിപ്പബ്ലിക്കന്‍ ഹൈസ്കൂളിലെ ഒമ്പത് ഏ യിലെത്തി.....
ശാ‍ന്തന്‍ ചേട്ടന്റെ മണിയടി കേട്ടു..
പൊതിച്ചോറ് അഴിച്ചു കൊണ്ടുവന്ന ചമ്മന്തിയുടേയും വാഴക്കാത്തോരന്റേയും മണം നുണഞ്ഞു....
പാവാടക്കാരികളുടെ കണ്ണുകളില്‍ വിടരാന്‍ മടിച്ചു നില്‍ക്കുന്ന പ്രണയഭാവങ്ങള്‍ കണ്ടു..
സുഷമാദേവിയുടെ ചിരിയിലെ ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കണ്ടു...
ബിന്ദുവിന്റെ മുഖക്കുരുവിലെ പാഴ് വാഗ്ദാനങ്ങള്‍ കണ്ടു...
നീനാകുമാരിയുടെ ഇംഗ്ലീഷ് പുസ്തകക്കവറിലെ നദിയാമൊയ്തുവിനെ കണ്ടു...

ഇതെല്ലാം കണ്ടുകൊണ്ട് ക്ലാസിന്റെ അപ്പുറത്ത് ഡിസര്‍ഡിയാ കാടിനിടയില്‍ വടിയുമായി നില്‍ക്കുന്ന മൂട്ടസാറിനെ കണ്ടു....
മൂട്ടസാറിനെ നോക്കി വിസിലടിക്കുന്ന കുരുത്തക്കേടിനു കുരുവിക്കൂടുണ്ടാക്കിയ പ്രമോദിനെ ഒടുവില്‍ കണ്ടു..
കാത്തിരിന്നൊരു ഇരയെ കിട്ടിയ സന്തോഷത്തോടെ മൂട്ടസാര്‍ ഇതാ ചാടി വന്നു പ്രമോദിനെ പൊക്കുന്നു..
“ഒന്നുകൂടി വിസില്‍ അടിക്കെടാ...”
വിറച്ചുകൊണ്ട് പ്രമോദ് വി ഷേപ്പില്‍ വിരല്‍ നാവിനടിയില്‍ വക്കുന്നു..
“അടിയെടാ വിസില്‍...”
“ശൂ..... “ പേടി കൊണ്ട് കാറ്റുമാത്രം
“ശബ്ദം വരുത്തെടാ... “ വലത്തെ തുടയില്‍ നടയടി
“വരുത്തെടാ ശബ്ദം....”
“ഇപ്പോ ശബ്ദം വരുന്നില്ല സാറേ..അയ്യോ അടിക്കല്ലേ....”
“കേറി നില്‍ക്കെടാ ഡെസ്കില്‍...”
“ഉം..”
“കണക്കിന് ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടെടാ നിനക്ക്...”
“പത്തില്‍ മൂന്ന് “ പ്രമോദ് അഭിമാനത്തോടെ..

അടുത്ത അടി ചന്തിക്ക്.....” അതു കോപ്പിയാ...ആരുടെ നോക്കിയാടാ നീ കോപ്പിയടിച്ചെ? “
“സാറേ...ആത്മാര്‍ഥമായിട്ട് കിട്ടിയ മാര്‍ക്കാ..അയ്യോ....”

“നീ എന്നെ വിസിലടിച്ചു കളിയാക്കും ...അല്ലേടാ.....”
“സാറു കാട്ടിനകത്ത് നിന്നോണ്ടല്ലേ....”
“നിന്നെപ്പോലുള്ളോന്മാരെ നന്നാക്കാന്‍ കാട്ടിലല്ല..കുടത്തിനകത്തും കേറിയിരിക്കണം... നാളെ വിളിച്ചോണ്ടുവരണം നിന്റച്ഛനെ....”

“അച്ഛന്‍ ഇന്നലെയും വന്നതാ സാറേ.”
“എന്നാ പിന്നെ ഇന്നുതന്നെ വിളിച്ചോണ്ടു വാ.....”


സുഷമാദേവിയുടെ മുടിയും, കൃഷ്ണക്കുറുപ്പുസാറിന്റെ കഷണ്ടിയും, പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയിലെ ഉഴുന്നുവടയും ഒക്കെ ചര്‍ച്ചയ്ക്കെടുത്ത്, പിന്നെയും ബാക്കി വന്ന പതിനഞ്ചുമിനുട്ടില്‍, എന്നാല്‍ ഇനി കേരളത്തിലെ ജാതിവ്യവസ്ഥ ഡിസ്കസ് ചെയ്യാം എന്ന് കരുതി ആണ്‍പിള്ളേര്‍ ഒത്തുകൂടിയിരുന്ന ഒരുച്ചനേരം..ഉന്നതശ്രേണിയില്‍ നിന്നു തുടങ്ങി നായന്മാരിലെത്തി ചര്‍ച്ച..
“ഈ നായന്മാര്‍ തന്നെ ഏകദേശം ഒരു അറുപത് തരമുണ്ട്..” അപ്പൂപ്പന്റെ കുരുട്ടുബുദ്ധിയില്‍ നിന്നു (അച്ഛന്റെ ഭാഷയില്‍ ‘വഷളത്തരം‘) കിട്ടിയ ജനറല്‍ നോളജ്, നാലുപേരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കിട്ടിയ ഗമയില്‍ ഞാന്‍ പറഞ്ഞു തുടങ്ങി..

“ഉദാഹരണത്തിന് ഇല്ലത്തുനായര്‍, വിളക്കിത്തല നായര്‍, ചക്കാല നായര്‍.....”
“ങാ........നമ്മളൊക്കെ ചക്കാലനായന്മാരാ..അല്ലേടാ...” പ്രമോദ് ആഹ്ലാദപൂര്‍വ്വം ചാടിവീണു...
“നമ്മള്‍ ഒറിജിനല്‍ ഇല്ലത്തുനായന്മാരാ കേട്ടോ മക്കളേ’ എന്ന് ദിവസം (അച്ഛന്‍ ഇല്ലാത്ത സമയത്ത്) പത്തുതവണ ബീഡിവലിച്ച്, നെഞ്ചുവിരിച്ചു പറയുന്ന അപ്പൂപ്പന്റെ മുഖം ഓര്‍ത്ത് , അടക്കാന്‍ വയ്യാത്ത ചിരിയോടെ ഞാന്‍ പറഞ്ഞു “നിന്റെ കാര്യം എനിക്കറിയില്ല..ബട്ട്..ഞാനതല്ല...”
രണ്ടുമാസത്തിലൊരിക്കല്‍ സകലരുടേയും ഇരട്ടപ്പേരിന്റെ റേഷന്‍‌കാര്‍ഡ് വെട്ടിത്തിരുത്തുന്ന സ്വഭാ‍വദൂഷ്യമുള്ള അനില്‍‌ബേബി ഓണ്‍ ദ സ്പോട്ടില്‍ പ്രമോദിന്റെ പുതിയ പേരു പ്രഖ്യാപിച്ചു “ചാക്കാല”
‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ’ എന്നോ മറ്റോ പുലമ്പിക്കൊണ്ട് പ്രമോദ് വിരല്‍ വെളിയിലേക്ക് ചൂണ്ടി....
ഡിസര്‍ഡിയ കാടിനുള്ളില്‍ അടുത്ത ഇരയെ തേടി ദാ മൂട്ടസാര്‍.....
മൂക്കിന്റെ തുമ്പത്ത് മൂട്ടയുടെ ആകൃതിയില്‍ ഒരു മറുകുള്ളതുകൊണ്ട്, സത്യം പറഞ്ഞാല്‍ ആ അധ്യാപകന്റെ യഥാര്‍ഥ പേര് സ്കൂളിലെ ഒരു കുട്ടിക്കുപോലും അറിയില്ല. ഈ താപ്പാനയെ തളക്കാന്‍ പറ്റിയ ഒരു കുട്ടിജന്മവും റിപ്പബ്ലിക്കന്‍ സ്കൂളില്‍ ഉണ്ടായിട്ടില്ല..

താന്‍ പഠിപ്പിക്കാത്ത ക്ലാസിലും ഉച്ചസമയങ്ങളില്‍ കയറിച്ചെന്നു കുറഞ്ഞത് നാല് ‘ഇരകളെ’ എങ്കിലും പൊക്കി സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി അപമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേ ഒരു ഹോബി. ‘പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയില്‍ മൂട്ടസാറിനു ഇരുപത് രൂപ പറ്റുണ്ട്. അങ്ങേരിപ്പോ മറ്റേ വഴിയിലൂടെയാ പോക്കും വരവും’ എന്ന സി.ഐ.ഡി വാര്‍ത്ത ക്ലാസില്‍ പരത്തിയത് പ്രമോദ് ആണെന്ന് അറിഞ്ഞതില്‍ പിന്നെ, അദ്ദേഹത്തിന്റെ പ്രൈം ടാര്‍ജറ്റ് ചാക്കാല ആയി മാറി..

ഒരിക്കല്‍ ഒമ്പത് ഏ യിലെ കണക്കുസാര്‍ ലീവിലായ ദിവസം പകരക്കാരനായി മൂട്ടസാര്‍ വന്നു.
കസേരയില്‍ രാജകീയമായി ഇരുന്ന്, വടിയില്‍ വിരലോടിച്ച്, ‘എനിക്കിത് പോരല്ലോ’ എന്ന അര്‍ത്ഥത്തില്‍ മുഖം ചുളിച്ച് ചോദിച്ചു..
“ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇപ്പോ ചോദിച്ചോ.. നാളെ നിങ്ങടെ സാറിങ്ങു വരും..“

ക്ലാസില്‍ പരിപൂര്‍ണ്ണ നിശ്ശബ്ദത....

ഞാന്‍ അടുത്തിരിക്കുന്ന രാജേഷിനെ നോക്കി ചെവിയില്‍ ചോദിച്ചു. “എന്താടാ.നിനക്ക് വല്ല സംശയവും ഉണ്ടോ..?“

“ഒരു സംശയം ഉണ്ട്.. ഇങ്ങേരെ എന്തിനാ ഇപ്പോ ഇങ്ങൊട്ട് കെട്ടിയെടുത്തെ...”

“എന്നെ നിങ്ങള്‍ക്ക് ഭയങ്കര പേടിയാണെന്നറിയാം “ ക്രൂരമായ ഒരു ചിരിയോട് മൂട്ടസാര്‍ പറഞ്ഞു “എന്നു കരുതി സംശയം ചോദിക്കാതിരിക്കരുത്.. ധൈര്യത്തോടെ ചോദിച്ചോ..”

ആരും മിണ്ടുന്നില്ല.

“ആര്‍ക്കും ഒരു സംശയവുമില്ല...!!! ഹതു കൊള്ളാമല്ലോ...”

“എനിക്കൊരു സംശയം ഉണ്ട് സാര്‍!!!!!!! “ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചാക്കാല പ്രമോദ് എഴുന്നേല്‍ക്കുന്നു....!! “
മൂട്ടസാര്‍ മുഖം വക്രിച്ച് ശബ്ദം വന്നിടത്തേക്ക് നോക്കുന്നു..
“സാര്‍ .. ഒരു വൃത്തം വരക്കുമ്പോള്‍...............”
പിന്നെ ഞാന്‍ കണ്ടത്, വടിയുമായി ശരവേഗത്തില്‍ പായുന്ന മൂട്ടസാറിനെയാണ്
“പഠിപ്പിക്കുമ്പോ ക്ലാസില്‍ ശ്രദ്ധിക്കാതെ വായില്‍ നോക്കി ഇരുന്നാ എങ്ങനാടാ സംശയം വരാതിരിക്കുന്നെ....ങേ....പറേടാ.. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എത്ര മാര്‍ക്കുണ്ടാരുന്നു നിനക്ക്....പറ...”
“പത്തില്‍ ഒന്ന്....!!!!”

“ആ ഒരു മാര്‍ക്ക് എവിടുന്ന് കോപ്പിയടിച്ചതാടാ...” ഭാഗ്യം, വടി തുടയില്‍ വീണില്ല.. ക്ലാസ് മുഴുവനും ചിരിച്ചതുകൊണ്ടാവാം..പ്രത്യേകിച്ച് പെണ്‍കുട്ടികള്‍....

ഇടവപ്പാതി മഴ തകര്‍ത്തുപെയ്യുന്ന ഒരുച്ചനേരം..
ക്ലാസിലെ അതിസുന്ദരിയും ഹൈപ്പര്‍ സെന്‍സിറ്റീവുമായ നീനകുമാരി മഴപോലെ കരയുന്നു...
കണ്മഷിയെ വലിച്ചിറക്കി കവിളിലേക്ക് പടര്‍ത്തുന്ന കരച്ചിലിന്റെ ഇടവപ്പാതി...
സ്വര്‍ണ്ണ ബോര്‍ഡറിട്ട കസവു ബ്ലൌസും പാവാടയുമിട്ട ഈ പാവം സുന്ദരി ഇത്ര കരയുവാന്‍ മാത്രം എന്തുണ്ടായി.....

ഇരതേടിയെത്തിയ മൂട്ടസാര്‍ ക്ലാസിലേക്ക് കയറി..

“എന്താ കൊച്ചേ കരയുന്നേ...കാര്യം പറ.. “ സാറിന്റെ കൈയില്‍ വടിമുറുകി..

നീന വിങ്ങുകയാണ്.. ഇടവസന്ധ്യപോലെ സുന്ദരമായി......കൈയിലെ ഇംഗ്ലീഷ് ബുക്ക് അവള്‍ സാറിനു നേരെ നീട്ടി..

കവറിലെ നദിയാമൊയ്തുവിന്റെ പടത്തിനു താഴെ, കറുത്ത മഷിയില്‍ വലിയ അക്ഷരത്തില്‍ "I LOVE YOU"

“ആരെടാ ഇതെഴുതിയെ!!!!!” ഇടിവെട്ടുപോലെ മൂട്ടസാര്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഇളകിയിരുന്ന മുന്‍‌വരിയിലെ കോന്തപ്പല്ല് മുന്നോട്ട് തള്ളി..

ക്ലാസില്‍ നീനയുടെ വിതുമ്പല്‍ മാത്രം..

ഇത്ര ധൈര്യം ഈ ക്ലാസില്‍ ആര്‍ക്കുണ്ട്... അതും ബയോളജി പഠിപ്പിക്കുന്ന രാജേശ്വരി ടീച്ചറിന്റെ മകളുടെ ബുക്കില്‍ ഇങ്ങനെ എഴുതാന്‍ മാത്രം ധൈര്യം...
ഉണ്ടക്കണ്ണുകള്‍ എല്ലാവരിലേക്കും നീണ്ടു വരുന്നു...

‘ഇതവന്‍ തന്നെ...” ഞാന്‍ രാജേഷിനെ നോക്കി പിറുപിറുത്തു..

“പിന്നല്ലാതെ....” രാജേഷ് തലയാട്ടി..

സത്യം പറേടാ...... ചാക്കാലയുടെ ചന്തിയില്‍ ആദ്യ അടി...

“നീ അല്ലേ.....” അടുത്ത അടി

പ്രമോദ് തലയാട്ടി സമ്മതിക്കുന്നു...........

“അഹങ്കാ‍രീ....വാടാ സ്റ്റാഫ് റൂമിലോട്ട്....”

“സാര്‍....സാര്‍....”

“ഉം????” ഗര്‍ജ്ജനം

“ഞാന്‍ നീനയെ ഉദ്ദേശിച്ചല്ല എഴുതിയെ..? “

“പിന്നെ.. രാജേശ്വരി ടീച്ചറെ ഉദ്ദേശിച്ചാണോ മോനേ “ പൊട്ടിച്ചിരിക്കിടയില്‍ പ്രമോദിന്റെ ചെവിയില്‍ സാറിന്റെ വിരല്‍ അമര്‍ന്നു

“ആ.................... ഞാന്‍ നദിയാമൊയ്തുവിനെ ഉദ്ദേശിച്ചാ...”

“നീ ആ‍രാടാ.. നദിയാമൊയ്തുവിന്റെ പുതിയാപ്ലയോ..അഹങ്കാരി.... പഠേ.....!!!”


ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഞാന്‍ ഞെട്ടി മുന്നോട്ടാഞ്ഞു..

“പറ അളിയാ വിശേഷം..നിനക്ക് രണ്ടു മക്കള്‍ അല്ലേ....സുഖാമായിരിക്കുന്നോ...” പ്രമോദ് ഗിയര്‍ മാറ്റി

“ഇതൊക്കെ നീ എങ്ങനെ അറിഞ്ഞെടാ..? “

“എടാ ആത്മാര്‍ഥത വേണം..ആത്മാര്‍ത്ഥത.. ഒരാളേം ഞാന്‍ മറന്നിട്ടില്ല...എല്ലാരേം പറ്റി അന്വേഷിക്കാറുമുണ്ട്...“

അന്തിവെയില്‍ ചാഞ്ഞു തുടങ്ങി... വിശേഷവര്‍ത്തമാനങ്ങളിലൂടെ പ്രമോദ് എങ്ങോട്ടൊക്കെയോ വണ്ടി ഓടിച്ചു

“പാവം ഒരു പെണ്ണിനെ കെട്ടി.. അംഗന്‍‌വാടിയില്‍ പഠിപ്പിക്കുവാ അവള്‍.. ഞാനേ ഉള്ളൂ അവള്‍ക്ക്... ഉള്ളു നിറയെ സ്നേഹം.. ഒരു മോന്‍.. നീ നോക്കെണ്ടാ.. എന്നെപ്പോലെ തന്നെ ഒരു തല്ലുകൊള്ളി... ഞാനും കുടുംബോം താങ്ങിനു ദാ ഈ വണ്ടിയും.....ഒരു കാര്യം നീ തുറന്നു പറയണം.. എടാന്നും പോടാന്നും നീന്നും ഒക്കെ ഞാന്‍ വിളിക്കുന്നതില്‍ ദേഷ്യം ഉണ്ടോ ഇപ്പോ..” പ്രമോദിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

“നീ എന്താ അങ്ങനെ ചോദിക്കാന്‍...”

“അല്ല..നിലയും വിലയും ഒക്കെ മാറുമ്പോ...ചിലപ്പോ.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി..ഒരാളുടെ അടുത്ത്...അതുകൊണ്ടാ..”

വളയം പിടിച്ച അവന്റെ ഉരുക്കു കൈകളില്‍ ഞാന്‍ വിരല്‍ അമര്‍ത്തി.... “നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “ ഞങ്ങള്‍ ഒന്നിച്ചു ചിരിച്ചു...

“നീ ലേറ്റ് ഒന്നും ആയിട്ടില്ലല്ലോ അല്ലെ.. ഞാന്‍ കൊണ്ടുവിടാം..”

“അയ്യോ വേണ്ടാ. നീ ആ തട്ടുകടയുടെ അടുത്തൊന്നു നിര്‍ത്ത്..ഭാര്യ പൊറോട്ട കൊണ്ടുചെല്ലണേന്ന് ഓര്‍ഡര്‍ ഇട്ടേക്കുവാ.. ഇനി തട്ടുകടയിലെ പൊറോട്ട വാങ്ങിക്കൊടുത്തില്ലെന്നു വേണ്ടാ...”

ബസ്‌സ്റ്റാന്‍ഡിനടുത്ത തട്ടുകടയില്‍ അവന്‍ വണ്ടി നിര്‍ത്തി.. ഒന്നിച്ചിറങ്ങി

“എടാ ചിന്നൂ..... “ കറിയുടെ തട്ട് ഉയര്‍ത്തി പ്രമോദ് പറഞ്ഞു “രസികന്‍ പൊറോട്ടയും കറിയും ഒരു പാര്‍സല്‍ എട്.. എന്റെ പെങ്ങള്‍ക്കുള്ളതാ.. സൂപ്പര്‍ ആവണം..അല്ലെങ്കില്‍ അറിയമല്ലോ....”
ഭവ്യതയോടെ കടക്കാരന്‍ പയ്യന്‍ ചിരിച്ചു..

ഞാന്‍ പോക്കറ്റില്‍ കൈയിടാന്‍ തുടങ്ങി...
“കൊല്ലും ഞാന്‍.!!!... ഈ കാശ് ഞാന്‍ കൊടുക്കും......ചിന്നൂ...പറ്റിലെഴുതിയേര്.....”

ഓര്‍മ്മകളില്‍ ഞാന്‍ എവിടൊക്കെയോ എന്തിനോ പരതുകയായിരുന്നു..

“നമ്മുടെ മൂട്ടസാര്‍ പോയി അല്ലേ.....” ഞാന്‍ അവനെ നോക്കി

“ഉം...എന്തായാലും സാറിനോടുള്ള എന്റെ കുരുത്തക്കേടിന്റെ കടം ഞാന്‍ വീട്ടി..”

സംശയത്തോടെ ഞാന്‍ അവനെ നോക്കി

“ഹാര്‍ട്ട് അറ്റാക്ക് ആ‍രുന്നു.. പാതിരാത്രിയില്‍.. ആശുപത്രീല്‍ കൊണ്ടുപോകാന്‍ എന്റെ ജീപ്പ് തന്നെ വിളിച്ചു സാറിന്റെ ഭാര്യ... അവസാനം അങ്ങനെ കൂടെ ഉണ്ടാവാന്‍ പറ്റി.. എന്നോട് എന്തൊക്കെയോ പറഞ്ഞു അന്ന്.. ഒന്നും വ്യക്തമായില്ല....”

അവനോട് യാത്ര ചോദിക്കും മുമ്പ് പുഞ്ചിരിച്ചു കൊണ്ട് ഒരു ചോദ്യം കൂടി ഞാന്‍ ഇട്ടു

“അന്നത്തെ ആ നീന ഇപ്പോ എവിടാടാ.. നീ ഐ ലവ് യൂ എഴുതിക്കൊടുത്ത ആ നീന....”

“അതിനുശേഷം ഒരിക്കലും അവളെന്നോട് മിണ്ടീട്ടില്ലല്ലോ.. കോയമ്പത്തൂരെങ്ങാണ്ട് ഡോക്ടര്‍ ആണ്..... നാട്ടിലൊന്നും വരാറില്ലാന്നു തോന്നുന്നു...ആരന്വേഷിക്കുന്നു....” പ്രമോദ് ചായ മൊത്തി

“ഞാന്‍ ഇന്നേവരെ അവളെ കണ്ടിട്ടില്ല..”

“കാണാത്തേന്റെ കുഴപ്പമേയുള്ളൂ.... അഹങ്കാരി..നിനക്കറിയാമോ..അന്ന് അങ്ങനെ എഴുതിയത് ഞാന്‍ അല്ലാരുന്നു.. ആ സാറിന്റെ അടിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി സമ്മതിച്ചതല്ലിയോ....”

“എനിക്കറിയാം..”

“എങ്ങനെ? “

അവന്റെ കരിപുരണ്ട കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തി...

“അത് എഴുതിയത്.. ഈ ഞാന്‍ തന്നാ..പക്ഷേ നീ പറഞ്ഞപോലെ നദിയമൊയ്തുവിനല്ല.. സാക്ഷാ‍ല്‍ അവള്‍ക്ക് തന്നെ....“

“എടാ ദ്രോഹീ.......”

“ആ അടിയുടെ കടം വീട്ടാന്‍ ഞാന്‍ നിനക്ക് എത്ര പൊറോട്ട വാങ്ങിത്തരണം...എന്നാലും തീരുമോ..അറിയില്ലെടാ..” എന്റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു....

“ആ കടം അങ്ങനെ തന്നെ കിടക്കട്ടളിയാ.. പിന്നെ, പണമൊഴിച്ച് എന്ത് ആവശ്യം ഉണ്ടേലും, എനിക്കൊരു മിസ്കോള്‍ തന്നാമതി. ഞാന്‍ ഓടി വരും..അതു വെട്ടാണേലും കുത്താണേലും രാഷ്ട്രീയപ്രശ്നമാണേലും..ഈ കാലത്ത് എപ്പൊഴാ എന്താ വരുകാന്ന് അറീല്ലല്ലോ.. തരികിടകളുമായി നല്ല ഹോള്‍ഡാ എനിക്ക്..” പ്രമോദിനെപ്പോലെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല....

നിലാവു പെയ്യുന്ന റോഡിലൂടെ ഞാന്‍ നടന്നു..
മണ്‍‌തിട്ടയില്‍ മുയല്‍ച്ചെവിയന്‍ പണ്ടത്തെപ്പോലെ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അച്ചന്‍ കോവിലാറ് പണ്ടത്തെപ്പോലെ തന്നെ നിറഞ്ഞൊഴുകുന്നു..
കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു

85 comments:

G.MANU said...

സുഷമാദേവിയുടെ മുടിയും, കൃഷ്ണക്കുറുപ്പുസാറിന്റെ കഷണ്ടിയും, പാണ്ടിപ്പാക്കരന്‍ ചേട്ടന്റെ കടയിലെ ഉഴുന്നുവടയും ഒക്കെ ചര്‍ച്ചയ്ക്കെടുത്ത്, പിന്നെയും ബാക്കി വന്ന പതിനഞ്ചുമിനുട്ടില്‍, എന്നാല്‍ ഇനി കേരളത്തിലെ ജാതിവ്യവസ്ഥ ഡിസ്കസ് ചെയ്യാം എന്ന് കരുതി ആണ്‍പിള്ളേര്‍ ഒത്തുകൂടിയിരുന്ന ഒരുച്ചനേരം..ഉന്നതശ്രേണിയില്‍ നിന്നു തുടങ്ങി നായന്മാരിലെത്തി ചര്‍ച്ച..


ബ്രിജ്‌വിഹാരത്തിലെ പുതിയ പോസ്റ്റ്

biju p said...

മധുരിക്കും ഓര്‍മകള്‍ മധുരതരമായ ഭാഷയില്‍. അവസാനമെത്തുമ്പോഴേക്കും അറിയാതെ കണ്ണു നിറഞ്ഞു. നന്ദി മനൂ നന്ദി. ആ പഴയകാല ഓര്‍മകളുടെ തിരുമുറ്റത്തേക്ക്‌ വീണ്ടും ഒരിക്കല്‍ കൂടി കൊണ്ടുപോയതിന്‌

anupama said...

Dear Manu,
so,you kept your word of coming back to blogosphere!those who read your post will not complain my post is long.:)
that was really sad that a silent love story[one sided]made someone else the culprit!
memories are to be cherished forever,specially when they taste love!
let it be Neena or Nadiya,have the guts to confess the love!
Manu,it was touching n I am happy, you value your friendship!
wishing you a lovely night,
sasneham,
Anu

Anonymous said...

മനു ചേട്ടന്‍ വീണ്ടും ഫോമിലായല്ലോ....! :-)

ഒരു പാടു സന്തോഷം...! :-)

വല്ലഭന്‍ said...

“നീ എന്നും എല്ലാവര്‍ക്കും ആ പഴയ ചാക്കാല തന്നെ അല്ലേടാ... നമ്മളെല്ലാം വലിച്ചുകേറ്റുന്നതും ഒരേ വായുവല്ലേ... വിവരമില്ലാത്തവരോട് പോയി പണിനോക്കാന്‍ പറ.. നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “

Allandu pinnneee..... Blogu kidilan.. but pazhaya levelilekku ethittillaaa... ennalum aa ezhuthinte style mashinte thanee... kidilam....

Pinne avasanathe aah confession dhahichillaa.... kadha avasanipikkan vedi adichu cherthathanooo...?? atho sharikkumulathooo...???

ശ്രീവല്ലഭന്‍. said...

veentum kaanunnathil santhosham :-)

കരീം മാഷ്‌ said...

പത്തിരുപതു വര്‍ഷത്തിനു ശേഷം നാദിയാമൊയ്തുവിനെ ഒരു പൊതു ചടങ്ങില്‍ കണ്ടു
ഇപ്പോള്‍ കണ്ടാലും ഒന്ന് "I LOVE YOU" എന്നെഴുതാന്‍ തോന്നും :)
(ദൈവമേ!... എല്ലാം മായ്ച്ചു....മായ്ച്ചു....)
നന്നായിട്ടുണ്ട്.. മനൂ.

ശ്രീ said...

നോവുന്ന... മധുരിപ്പിയ്ക്കുന്ന... ഗൃഹാതുരത ഉണര്‍ത്തുന്ന മറ്റൊരു പോസ്റ്റ് കൂടി... സൌഹൃദത്തിന്റെ ഊഷ്മളത പകരുന്ന നല്ലൊരു പോസ്റ്റ്, മനുവേട്ടാ...

ക്രിസ്തുമസ്- നവവത്സര ആശംസകള്‍!

Anonymous said...

പിന്നെ..പറ കുഞ്ഞേ.. കോഴിക്കോട്ടെങ്ങനെ.. അവിടുത്തെ ആള്‍ക്കാരൊക്കെ നല്ലവരാ അല്ലിയോ..”

“അതേ അച്ചായാ..നമ്മളേപ്പോലെ തിരുമ്മാന്‍ വിളിച്ചിട്ട് കഴുത്ത് തിരിച്ച് വിടുന്ന പരിപാടിയൊന്നും അവിടെയില്ല...”
മനു ചേട്ടനില്‍ നിന്നും ഇത് കേട്ടതില്‍ അതിയായ സന്തോഷമുണ്ട്....

Joby K P said...
This comment has been removed by the author.
joby said...

JAWAHAR COLLEGE said...
“എന്നെ നിങ്ങള്‍ക്ക് ഭയങ്കര പേടിയാണെന്നറിയാം “ ക്രൂരമായ ഒരു ചിരിയോട് മൂട്ടസാര്‍ പറഞ്ഞു “എന്നു കരുതി സംശയം ചോദിക്കാതിരിക്കരുത്.. ധൈര്യത്തോടെ ചോദിച്ചോ..”
ആരും മിണ്ടുന്നില്ല.

“ആര്‍ക്കും ഒരു സംശയവുമില്ല...!!! ഹതു കൊള്ളാമല്ലോ...”

“എനിക്കൊരു സംശയം ഉണ്ട് സാര്‍!!!!!!! “ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ചാക്കാല പ്രമോദ് എഴുന്നേല്‍ക്കുന്നു....!! “
മൂട്ടസാര്‍ മുഖം വക്രിച്ച് ശബ്ദം വന്നിടത്തേക്ക് നോക്കുന്നു..
“സാര്‍ .. ഒരു വൃത്തം വരക്കുമ്പോള്‍...............”
പിന്നെ ഞാന്‍ കണ്ടത്, വടിയുമായി ശരവേഗത്തില്‍ പായുന്ന മൂട്ടസാറിനെയാണ്
“പഠിപ്പിക്കുമ്പോ ക്ലാസില്‍ ശ്രദ്ധിക്കാതെ വായില്‍ നോക്കി ഇരുന്നാ എങ്ങനാടാ സംശയം
കലക്കി...!!!!!!!!!!!!
കിടിലന്‍ പോസ്റ്റ്

പയ്യന്‍സ് said...

മനുജി ടച്ച് ഉള്ള ഒരു സുന്ദരന്‍ പോസ്റ്റ്‌.. പഴയ കാലത്തേക്ക് അറിയാതെ മനസ്സ് പോയി.

ചേച്ചിപ്പെണ്ണ്‍ said...

നിലാവു പെയ്യുന്ന റോഡിലൂടെ ഞാന്‍ നടന്നു..
മണ്‍‌തിട്ടയില്‍ മുയല്‍ച്ചെവിയന്‍ പണ്ടത്തെപ്പോലെ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അച്ചന്‍ കോവിലാറ് പണ്ടത്തെപ്പോലെ തന്നെ നിറഞ്ഞൊഴുകുന്നു..
കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു.....

നല്ല പോസ്റ്റ്‌ ....ജി മനു ജി
ഈ സ്നേഹ ച്ചൂട് ആറാതെ ഇരിക്കട്ടെ ..
ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍ ..

oolen said...

ഒരു പാട് നാളുകള്‍ക്ക് ശേഷം മനു ജി എഴുതിയ ബ്ലോഗ്‌ .സൂപ്പര്‍ എന്നലാതെ ഒന്നും പറയാന്‍ തോനിനില്ല ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ന്നു മനു ചേട്ടന്‍ തന്‍റെ പഴയ ഫോമിലേക്ക് തിരിച്ചു വന്ന പോലെ തോന്നി.ഇടകെപോഴോ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം തകര്‍പ്പന്‍ മനു ചേട്ടാ

desertfox said...

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ..
മാഞ്ചുവട്ടില്‍..മാഞ്ചുവട്ടില്‍...

ആ ഓര്‍മ്മകളിലേക്ക്‌ വീണ്ടും കൈ പിറ്റിച്ചു നടത്തിയതില്‍ ഒരു പാട്‌ നന്ദി.

സുമേഷ് | Sumesh Menon said...

മനൂജി,
എന്നത്തേയും പോലെ അതിമനോഹരമായ പോസ്റ്റ്‌. സ്കൂള്‍ കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.

"ആ കടം അങ്ങനെ തന്നെ കിടക്കട്ടളിയാ.. പിന്നെ, പണമൊഴിച്ച് എന്ത് ആവശ്യം ഉണ്ടേലും, എനിക്കൊരു മിസ്കോള്‍ തന്നാമതി. ഞാന്‍ ഓടി വരും.."

എത്ര പേര്‍ക്ക് കഴിയും, ഇങ്ങിനെ ഉള്ളു തുറന്നുപറയാന്‍. ഇത്രയും നല്ല ചങ്ങാതിയെ തിരികെ കിട്ടിയതില്‍ മനൂജിക്ക് അഭിമാനിക്കാം.

നരിക്കുന്നൻ said...

എന്താപ്പൊ പറയാ മാഷേ... വായിച്ച് തീരുമ്പോൾ കണ്ണിൽ ഒരിത്തിരി കണ്ണീർ പൊടിഞ്ഞിരിക്കുന്നു. ഓർമ്മകളുടെ താളുകൾ ഇത്രമധുരമായി എന്റെ മുന്നിലും തുറക്കപ്പെട്ടു. ഞാനും പോകട്ടേ ആ പഴയ തല്ലുകൊള്ളിയിലേക്ക്.

അരുണ്‍ കരിമുട്ടം said...

പുഴുക്കലരിയുടെ വില കല്ലിന്‍റെ അളവിനാ അല്ലേ?
ഗ്ലോബലൈസേഷന്‍!!!
:)


മനുചേട്ടാ, നല്ല പോസ്റ്റ്.ഒരുപാട് ഇഷ്ടമായി..
(ഇഷ്ടപെടാതിരുന്നത് ഹെഡിംഗ് മാത്രമാണ്‌!!)

ഹാരിസ് said...

welcome back

|santhosh|സന്തോഷ്| said...

"പൊറോട്ടപ്പൊതിയിലെ ചൂട്"

എത്ര ആര്‍ദ്രമായ തലക്കെട്ട് മാഷെ. ചൂടാറാത്ത പഴയ സൌഹൃദത്തിന്റെ, സ്നേഹത്തിന്റെ പൊതി. ചാക്കാല പൊതിഞ്ഞുകെട്ടിക്കൊടുത്ത സ്നേഹത്തിന്റെ ആ പൊതിയിലെ ചൂട് വായനക്കാരനും ഉള്‍ക്കൊള്ളുന്നു. ഇനിയും ഇതുപോലെ പൊള്ളിക്കുന്ന തലക്കെട്ടുകളുള്ള ചൂടാറാപോസ്റ്റുകളുമായി ഇടക്കിടക്ക് വരിക. വായനക്കാര്‍ കാത്തിരിക്കുന്നു

Xavvvvv said...

katthiruppu Veruthe ayilla
Kalakkettundishta...

പഞ്ചാരക്കുട്ടന്‍.... said...

ഹായി
“ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...”
നാന്നായിരിക്കുന്നു,,,,,
സ്നേഹപൂര്‍വ്വം...
ദീപ്...

pandavas... said...

മനുവേട്ടാ....



ഒന്നും പറയാനില്ല..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

:)
manoharam..

ചെലക്കാണ്ട് പോടാ said...

പിറ്റേന്ന് കാലില്‍ വച്ചുകെട്ടുമായി വന്ന ഔതാച്ചന്‍ കെട്ടിയോളോടു പറഞ്ഞത്രെ ‘എന്റെ ശോശു, പനച്ചക്കലെ പൊട്ടക്കിണറ് നികത്തീന്നല്ലേ നീ പറഞ്ഞെ..ആരാ ഈ നുണയൊക്കെ നിന്നോട് വിളമ്പുന്നേ..?

മനുവേട്ടന്‍ ചിരിപ്പിച്ചു......

സഹപാഠിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഇറേസിംഗ് റബ്ബറിന്റെ മണം....അടര്‍ത്തിയെടുക്കുന്ന ചാമ്പയ്ക്കയുടെ മണം..

വാഹ് ഉസ്താദ് വാഹ്.......

‘എന്നാലും ഒരു ഉള്ളി എവിടെപ്പോയി’ എന്ന ചോദ്യം മുഖത്ത് നിറച്ച് ഒരു വരണ്ട ചിരിയുമായി അച്ചായന്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മാഷേകൂറേയായല്ലോ ഇവിടൊക്കെ കണ്ടിട്ട്‌.

അപ്പോ ആളൊരു ചുള്ളനായിരുന്നല്ലേ ഉസ്കൂളില്‍? സംഭവ ബഹുലമായ ഉസ്ക്കൂളും പിള്ളേരും, നല്ല ഒാര്‍മ്മശക്തിയും. ഒരു തരം ഒടുക്കത്തെ എഴുത്തും. :):)

അപ്പോ ഇവിടത്തെ കഥകള്‍ ഒക്കെ വരാന്‍ ഒരു പത്തിരുപത്‌ കൊല്ലം കഴിയും അല്ലേ?

MANEESH said...

എന്റെ മനു ചേട്ടാ സ്കൂള്‍ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി കൂട്ടി കൊണ്ട് പോയതിനു നന്ദി ഒരു കാര്യം നീ തുറന്നു പറയണം.. എടാന്നും പോടാന്നും നീന്നും ഒക്കെ ഞാന്‍ വിളിക്കുന്നതില്‍ ദേഷ്യം ഉണ്ടോ ഇപ്പോ..” പ്രമോദിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

“നീ എന്താ അങ്ങനെ ചോദിക്കാന്‍...”

“അല്ല..നിലയും വിലയും ഒക്കെ മാറുമ്പോ...ചിലപ്പോ.... എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായി..ഒരാളുടെ...അതുകൊണ്ടാ..” ഈ വരികള്‍ വായിച്ചപ്പോള്‍ പ്രമോദിന്റെ നിഷ്കളങ്കത് ഓര്‍ത്തു ഒരല്പം വിഷമിച്ചു പിന്നെ ഇനി പ്രമോദിനെ കാണുമ്പോള്‍ എന്റെ അന്വഷണം പറയണം കേട്ടോ??

Ranjith said...

കിടിലന്‍.... കിടിലോല്‍ക്കിടിലന്‍......

krishnakumar513 said...

ദി റിയല്‍ മനു ടച്ച് ......
നന്ദി .....ഒരുപാടു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

മനു വളരെ വളരെ തന്മയത്തമായി ഒരിക്കലും മറയാത്ത ആ മധുരിക്കുന്ന ഓർമകൾ പങ്കുവെച്ചിരിക്കുന്നു....
അന്നത്തെ ആ ചക്കാലയെപ്പോലെയുള്ളവരാണ് ശരിക്കുള്ള മിത്രങ്ങൾ...!
അതെ ഭായി...ആ സ്നേഹത്തിന്റെ ചൂട് .ശരിക്കും തൊട്ടറിഞ്ഞു....കേട്ടൊ

പാവത്താൻ said...

ചൂടു പൊറോട്ട കഴിക്കാന്‍ തോന്നുന്നു...

മാനസ said...

ഇഷ്ടായി ട്ടോ....
ശ്രീയുടെ വാക്കുകള്‍ കടമെടുക്കുന്നു...

''സൌഹൃദത്തിന്റെ ഊഷ്മളത പകരുന്ന നല്ലൊരു പോസ്റ്റ്.''

Jayasree Lakshmy Kumar said...

പതിവു പോലെ രസകരമായി തുടങ്ങി അവസാനം ഒരു കൊച്ചു വേദന തന്നു

ഒരുപാടിഷ്ടപ്പെട്ടു ഈ പോസ്റ്റ്

പ്രദീപ്‌ said...

മനു ചേട്ടാ നിങ്ങള്‍ എന്നേ അറിയില്ല . ഞാന്‍ ഈ ഭൂലോകത്ത് പുതിയതാണ് .

നിങ്ങളുടെ എഴുത്ത് ഒരു വല്ലാത്ത എഴുത്താണ് കേട്ടോ . മനുഷ്യരെ ഇരുത്തി വായിപ്പിക്കുന്ന എഴുത്ത് .

ഇപ്പോ പഴക്കൊല പോലെ അവിടെ തൂങ്ങിക്കിടപ്പുണ്ട്.. പാവം... ”

പുള്ളിയാണെങ്കില്‍ ചാട്ടത്തിനിടയില്‍ ചാടിപ്പോയ മൂന്നു ഉള്ളികളെ റോഡില്‍ കുത്തിയിരുന്നു തിരയുകയാണ്..

ഇതൊക്കെ വളരെ ഇഷ്ടപ്പെട്ടു കേട്ടോ .

nandakumar said...

ഊഷ്മളമായ സൌഹൃദത്തിന്റെ ഒരു എപ്പിസോഡ് കൂടി. ഇങ്ങിനെ വല്ലപ്പോഴുമല്ലാതെ തുടരെത്തുടരെ എഴുതിക്കൂടെ പണ്ടാറക്കാലാ..
:)

സുല്‍ |Sul said...

മനു ജി :)

Ashly said...

:) Nice!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ടച്ചിങ്...
നിലവില്‍ വല്ല ഗുണ്ടാ ഭീഷണിയും ഉണ്ടോ? അവസാനം വായിച്ചപ്പോള്‍ ഒരു മിസ്ഡ് കാളിനപ്പുറത്ത് ചേട്ടനും ആളുകള്‍ ഉണ്ട് എന്ന് ആരെയൊക്കെയോ കാണിക്കാനെഴുതിയതല്ലേ എന്ന് തോന്നി ;););)

Unknown said...

സൌഹൃദങ്ങളുടെ ചൂട് എക്കാലത്തും നിലനില്‍ക്കട്ടെ.

നല്ല പോസ്റ്റ്‌.

ലേഖാവിജയ് said...

ആ കൊച്ചിന്റെ നോട്ട് ബുക്കില്‍ വേണ്ടാത്തതു എഴുതി ആ ചെക്കനു അടി വാങ്ങിച്ചു കൊടുത്തതും പോരാഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടപ്പോള്‍ അയാള്‍ടെ പറ്റില്‍ പൊറോട്ടയും വാങ്ങി അല്ലേ മിടുക്കാ :)

Anonymous said...

vayichu kazhinjappo manasil oru porotta pothiyudey elam choodundu..

thanks...

ഹരിത് said...

good. nice to see you back

Junaiths said...

മനു മാഷേ,തകര്‍പ്പന്‍ എഴുത്ത് ....തൊപ്പി ഊരിയിരിക്കുന്നു...
പ്രമോദിനെ ഒന്ന് പരിചയപ്പെടുത്തിത്തരണം...
വല്ല ആവശ്യവും വന്നാലോ?

kichu... said...

sthiram style thanne chiriyil thudangi
alpm ormakliloote avasaanam kannu nanayichchu......



nannaayirikkunnu

കൂട്ടുകാരൻ said...

മനു ചേട്ടാ, ഞാന്‍ താങ്കളുടെ ഒരു ആരാധകന്‍ ആണ്. ചിരിയില്‍ തുടങ്ങി നൊമ്പരത്തില്‍ ചാലിച്ച ഒരു ക്രാഷ് ലാണ്ടിംഗ് മനു ചേട്ടന്റെ പ്രത്യേകത ആണ്. നാട്ടിലുള്ള കൂട്ടുകാരുടെ നെഞ്ചില്‍ തട്ടിയുള്ള സ്നേഹം ഒന്ന് വേറെ തന്നെ. അത് അനുഭവിക്കാന്‍ ഒരു ഭാഗ്യം തന്നെ വേണം. എവിടെ ചെന്നാലും നിറയെ കൂട്ടുകാരുള്ള ചേട്ടന്‍ ചിലപ്പോളൊക്കെ എന്നെ തികച്ചും അസൂയാലു ആക്കാറുണ്ട്...മാസത്തില്‍ ഒന്ന് വീതം എങ്കിലും ഒരു പോസ്റ്റ്‌ ഇടണേ...വായിക്കാനുള്ള കൊതി കൊണ്ടാ.

വിനുവേട്ടന്‍ said...

പഴയ സൗഹൃദത്തിന്റെ അയവിറക്കല്‍.. നല്ലൊരനുഭവമായി അത്‌... ആ കുട്ടിക്കാലമൊക്കെ വീണ്ടും തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു...

വളരെ ഹൃദയഹാരിയായിരിക്കുന്നു മനു... ആശംസകള്‍...

krish | കൃഷ് said...

“അതു പിന്നെ..മൂവന്തിനേരത്ത് മുണ്ടിനു പിടിച്ചാ ആരാ ഞെട്ടാത്തെ..? “

മൂവന്തി നേരത്ത് മുണ്ടിനു പിടിക്കുന്നത് നിര്‍ത്താറായില്ലേ, ഗള്ളാ‍ാ.

കുട്ടിയമ്മയെ തിരുമ്മിതിരുമ്മി പഴക്കൊല പോലെ കെട്ടിത്തൂക്കിയ കോരമണ്ടിലെ അനിതപ്പെണ്ണിന്റെയടുത്ത് തിരുമ്മലിനു വിടേണ്ട സമയമായീ..... അറ്റ്ലീസ്റ്റ് , കോഴിക്കോടന്‍ ബിരിയാണി അടിച്ച് തടികൂട്ടിയ ആ കൊഴുപ്പൊക്കെ അല്പം പോയിക്കിട്ടും. :)

പോസ്റ്റ് കലക്കന്‍, പറയേണ്ടതില്ലല്ലോ>

പാച്ചു said...

ആശാനേ .. കലക്കി വീണ്ടും. ഒരു അവധിക്കു ശേഷം ഉള്ള ഈ തിരിച്ചു വരവ് ഉത്സവം തന്നെ ആക്കി.. :) .. കൃത്യം അളവിലെ ചിരിയും കണ്ണിലെ നനവും !! :)

..:: അച്ചായന്‍ ::.. said...

മനു മാഷെ താമസിച്ചു പോയി എന്നാലും , പഴയ പോലെ തന്നെ ആദ്യം ആദ്യം ചിരിപ്പിച്ചു അവസാനം കരയിച്ചു ... എന്നാലും മനു മാഷെ ഉമ്മ
:D

ലംബൻ said...

എന്റെ വെള്ളരിക്കുണ്ടു സ്കൂളും, ജോസെഫ്‌ സാറും, സ്വപ്നയുടെ കോംബോസിഷൻ ബുക്ക്‌ കാണാതപോയതിനു കിട്ടിയ ചുട്ട അടിയുടെ ചൂടും (എടുതതു ഞാൻ അല്ല), ഒക്കെ മനസിൽ ഓടിയെതി..
ബൂലോകതിൽ ഞാൻ പുതിയതാണു, മലയാളം എഴുതാൻ പ്ടിച്ചുവരുന്നതേ ഉള്ളു. ഷമിക്കുമല്ലോ.

saju john said...

പ്രിയപ്പെട്ട മനു.

ഞാന്‍ വായിക്കാന്‍ താമസിച്ചു പോയി.

ഞാന്‍ കരുതി ഇപ്രാവിശ്യം പുതിയ ഒരു തരം ട്വിസ്റ്റിംഗ് ആയിരിക്കും അവസാനമെന്ന്, പക്ഷെ കൂട്ടുകാരന്‍ എഴുതിയത് പോലെ “ചിരിയില്‍ തുടങ്ങി നൊമ്പരത്തില്‍ ചാലിച്ച ഒരു ക്രാഷ് ലാണ്ടിംഗ് മനു ചേട്ടന്റെ പ്രത്യേകത ആണ്”

ഒരു നല്ല വായനസുഖം തന്നതിന് നന്ദി.....

Rare Rose said...

മനോഹരമായ എഴുത്ത്.ഓര്‍മ്മകളെ ഒരു നിറകണ്‍ചിരിയോടെ വായിക്കാന്‍ നല്ല രസം..

എതിരന്‍ കതിരവന്‍ said...

ദാ മനു പിന്നേം താരതമ്യമില്ലാത്ത ശൈലിയുമായി എത്തിയല്ലൊ. മൂഡുണ്ടാക്കാൻ എന്തൊരു മിടുക്ക്.
സന്തോഷം.
ഒരു ‘ഭ്രമരം ടച്ച്’ ഇല്ലേ അവിടവിടെയായി? നമുക്കുവേണ്ടി കുറ്റമേറ്റെടുക്കുന്നവരെ പിന്നെ സ്വന്തം ജീവിതവണ്ടിയും തള്ളി നടക്കുന്നതായി കാണുന്നത് സാർവത്രികമായിരിക്കും അല്ലെ?

ധനേഷ് said...

പതിവുപൊലെ ടച്ചിങ്ങ്...
ഉപമ കാളിദാസന്റേത് എന്ന് പറയും പോലെ,
സ്നേഹബന്ധവും നൊസ്റ്റാള്‍ജിയയും മനുവേട്ടന്റെ സ്വന്തം..

പൊറോട്ടയോടുള്ള ഇഷ്ടക്കുറവ് പോസ്റ്റിന്റെ പേരിനോടും തോന്നിയിരുന്നു.
പക്ഷേ അവസാനം “കൈയിലെ പൊറോട്ടപ്പൊതിയില്‍ പഴയ സ്നേഹം ചൂടാറാതെ ചേര്‍ന്നു നില്‍ക്കുന്നു.....“ എന്ന് വായിച്ചപ്പോള്‍ എനിക്ക് പൊറോട്ടയോട് വരെ ഇഷ്ടം തോന്നിപ്പോയി..
(ഓവറാ‍ക്കിയോ?)

ഇസാദ്‌ said...

എപ്പോഴത്തേയും പോലെ ആ മനു റ്റച്ച് ഉള്ള സുന്ദരമായ പോസ്റ്റ്. മനൂജിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോഴൊക്കെ എന്തോ ചങ്കിലൊരു കഴപ്പ് വരുന്നു. നഷ്ട്ടപ്പെട്ടുപോയ ബാല്യ-കൌമാര കാലങ്ങളെ ഓര്‍ത്തോ, ഏതോ സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തിരിച്ചു വന്നിട്ടോ ,.. എന്തോ..

കലക്കി മനൂജീ. കലക്കി. എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങള്‍ ഒരു പുലിയാണ് കേട്ടാ ..പുലി.

vazhitharakalil said...

“ആരെടാ ഇതെഴുതിയെ!!!!!” ഇടിവെട്ടുപോലെ മൂട്ടസാര്‍ ഗര്‍ജ്ജിച്ചപ്പോള്‍ ഇളകിയിരുന്ന മുന്‍‌വരിയിലെ കോന്തപ്പല്ല് മുന്നോട്ട് തള്ളി..
manu.....eda bhayankaraaaa.
konthampallu munnottu thalliyathinte rahasyam avasaanam vare manasilaayilla.
nalla kadha....iniyum poratte kadhakal...vaaayikkaan enthoru rasam.
love
habs

കുഞ്ഞൻ said...

പ്രിയ മനൂജി..

സുഖകരമായ ഒരു ഫീലിങ്. ചില സാറന്മാരുടെ യഥാർത്ഥ പേര് എനിക്കിപ്പോഴും അറിയാൻ പാടില്ല, ചാള ചക്കക്കുരു കഞ്ഞി പഞ്ചാര എന്നുള്ള ഇരട്ടപ്പേരുകൾ...

ചക്കാല നായർ ഇതേതു വിഭാഗം..? മരിച്ചുകഴിഞ്ഞാൽ കർമ്മങ്ങൾ ചെയ്യിപ്പിക്കുന്ന നായന്മാരാണൊ..

അല്ലേലും കോഴിക്കോടന്മാർ നല്ലവരാണ്..!

jayanEvoor said...

ഹൃദയഹാരിയായ എഴുത്ത്...
ആവോളം ആസ്വദിച്ചു.
നന്ദി!

gopan m nair said...

“ മഴ പോലെ കരയുന്നൂ....”
ഇതെനിക്കു ശെരിക്കും പിടിച്ചിരിക്കണൂ....നേരിട്ടൂ കണ്ടപോലെ...ഏതോ ഒരു മുഖം !!

gopan m nair said...

“ മഴ പോലെ കരയുന്നൂ....”
ഇതെനിക്കു ശെരിക്കും പിടിച്ചിരിക്കണൂ....നേരിട്ടൂ കണ്ടപോലെ...ഏതോ ഒരു മുഖം !!

gopan m nair said...

“ മഴ പോലെ കരയുന്നൂ....”
ഇതെനിക്കു ശെരിക്കും പിടിച്ചിരിക്കണൂ....നേരിട്ടൂ കണ്ടപോലെ...ഏതോ ഒരു മുഖം !!

Unknown said...

Thank you for taking back to the nostalgic memories of childhood fantasies

Unknown said...

ഒരുപാട് കാലത്തെ കാത്തിരുപ്പിനു ശേഷം ബ്രിജ് വിഹാരത്തില്‍ ഒരു പോസ്റ്റ്‌!! കയ്യടക്കം കൈമോശം വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്ന പോസ്റ്റ്‌.. പതിവ് പോലെ തന്നെ നന്നായിരിക്കുന്നു, ഇത് പോലെ തന്നെയുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്, നാട്ടില്‍ പോകുമ്പോള്‍. പക്ഷെ ഏഴുതാന്‍ അറിയില്ലല്ലോ .. :( ആശംസകള്‍..

Anonymous said...

aha...njangal kozikottukar allelum snehamullora...entha oru samshayam manu? ok...nannayitundu ezuthu.ketto...

അനൂപ് said...

പ്രിയപ്പെട്ട മനുജി
നിങ്ങളുടെ ഓരോ പോസ്റ്റ്‌ വായിക്കാന്‍ തുടങ്ങുമ്പോഴും ഞാന്‍ വിചാരിക്കും - "ഇതില്‍ കണ്ണ് നനയ്ക്കാന്‍ മാത്രം എന്തെങ്കിലും ഉണ്ടാവും എന്നുള്ളത് നൂറു തരം. നര്‍മം ഉണ്ടാവും എന്നുള്ളത് നൂറ്റൊന്നു തരം. അതായത് ഇതൊരു ടിപ്പിക്കല്‍ ബ്രിജ്‌വിഹാരം പോസ്റ്റ്‌ തന്നെ. ഈ പോസ്റ്റ്‌ എങ്കിലും ബോര്‍ അടിക്കാന്‍ വഴി ഉണ്ട്.."
വായിച്ചു കഴിയുമ്പോ ചിരിച്ചിട്ടും ഉണ്ടാവും ചെറുതായി ഒരു വിഷമവും തോന്നിയിട്ടുണ്ടാവും... പക്ഷെ അപ്പോഴും ബോര്‍ അടി ഒരു മരീചികയായി തന്നെ തുടരുന്നു...
ബ്രിജ് വിഹാരത്തിലെ "ബ്രിജ് വിഹാരം " പോസ്റ്റുകള്‍ ഒഴിവാക്കിയതിനു ശേഷം ആര്‍കൈവ്സ് അങ്ങനെ വായിക്കാരില്ലെങ്കിലും ആണ്ടിലും അമാവാസിക്കും വരുന്ന ഇമ്മാതിരി പോസ്റ്റുകള്‍ കാത്തിരുന്നു വായിക്കാറുണ്ട്... എഴുതുക... എഴുതിക്കൊണ്ടേ ഇരിക്കുക.. :)

രാജീവ്‌ .എ . കുറുപ്പ് said...

‘ഈ നായന്മാരുടെ മുടിഞ്ഞ ഗ്രേഡിംഗ് സിസ്റ്റം കാരണം മാനം പോയല്ലോ

ഹഹഹ് അത് കലക്കി, വീണ്ടും പഴയ സ്കൂള്‍ സ്മരണകളിലേക്ക് കൊണ്ടുപോയതിനു മനുവേട്ടന് നന്ദി.

Unknown said...

Nannaayittundu maashe... pakshe ee pravasyam chirichu vannu avasanam kannonnu niranju ktto

ഉണ്ണി.......... said...

oru tipical mantji post thanne.....


Pinne oru karyathil enikkoru doubtum undayillaa

aa I Love U ezhuthiyath aarayirikkum enna kaaryathil.....

ജിജ സുബ്രഹ്മണ്യൻ said...

ബ്രിജ് വിഹാരത്തിൽ ഒരു പോസ്റ്റ് കണ്ടിട്ട് ഒത്തിരി നാളായിരുന്നു.കലക്കി കടുകു വറുത്തു മനു ജീ.സൂപ്പർ പോസ്റ്റ്

ശ്രീനന്ദ said...

മനുവേട്ടാ,
ഹെഡിംഗ് കണ്ടപ്പോഴേ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. ബ്രിജ്വിഹാരത്തിലെ നല്ലപോസ്റ്റുകളില്‍ ഒന്ന്. പിന്നെ ഇത്രയും ഇടവേള വേണ്ട കേട്ടോ. നാട്ടില്‍ പോയപ്പോള്‍ വലിയ ഗമയായി പോയോ.

Manoraj said...

മനുവേട്ടാ,

സുഖമുള്ള ഒരു പോസ്റ്റ്‌ സമ്മാനിച്ചതിനു സുഖകരമായ ക്രിസ്മസ്‌ ആശംശകൾ ഓർക്കുട്ടിൽ ഒരു ഫ്രണ്ട്‌ റിക്വിസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.. കഴിയുമെങ്കിൽ പരിഗണിക്കുക... ഒപ്പം, വല്ലപ്പോഴും, എന്റെ പെട്ടികടയിൽ കയറി ഈ ഒഴിഞ്ഞ അലമാരകളിലേക്ക്‌ ഒന്ന് നോക്കിയിട്ട്‌ പോകുക...

ഷിബിന്‍ said...

അങ്ങനെ വീണ്ടും എഴുത്ത് തുടങ്ങിയല്ലേ?? ഒരായിരം നന്ദി.. വായനയുടെ പൂക്കാലം ഇനിയും വിടരട്ടെ.. ഇടവേളകള്‍ കുറക്കുമല്ലോ...

കണ്ണനുണ്ണി said...

പ്രമോദിന്റെ പകരം വെക്കാനില്ലാത്ത സ്നേഹം ...
ഇഷ്ടായി കഥ

അഭി said...

അവസാന ഭാഗം ഒരു പാട് ഇഷ്ടമയി .
പുതുവത്സരാശംസകള്‍

Unknown said...

After a long time... but it has not lost its warmth, sweetness.. Simply great.. Love it, just like any other post :)

വിജിത... said...

ഈ വഴി വന്നിട്ടു കുറച്ചുനാളായി.. വന്നപ്പോ ഒത്തിരി സന്തോഷായി...

Unknown said...

''നീ രണ്ടു തെറികൂടി ചേര്‍ത്ത് എന്നെ വിളി.. പണ്ടത്തെപ്പോലെ... “


#$%^$^^*&)*(*^$#$^^&

(obedience is better than sacrifice :D )

Raseena said...

പുതിയതെന്തെങ്കിലും എത്തിയിട്ടുണ്ടോന്നു എപ്പോഴും നോക്കുമായിരുന്നു. പക്ഷെ എത്തിയപ്പോ കാണാന്‍ വൈകി. നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ കഴിവുള്ള ആ എഴുത്തിന്റെ ശക്തി ഒരിക്കല്‍ കൂടെ അറിഞ്ഞു.. വളരെ നന്നായിരിക്കുന്നു. ആശംസകള്‍...

ബ്ലോഗന്മാരുടെ ലോകം said...

Very Nice keep it up

നൂലുപൊട്ടിയ പട്ടങ്ങള്‍ said...

കണ്ണു നിറഞ്ഞു, ഓര്‍മകളുടെ തിരുമുറ്റത്തേക്ക്‌ വീണ്ടും ഒരിക്കല്‍ കൂടി പോയതിന്‌

ഹരി.... said...

എന്റെയും കൂടി ഓര്‍മകളുടെ ഭാഗമായ സ്കൂളും രവിസാരും രാജേശ്വരി ടീച്ചറും............എല്ലാം ഒരിക്കല്‍ കൂടി കണ്മുന്നില്‍...............

മനുവേട്ടാ........... തകര്‍ത്തു...........

ഹരി.... said...

ഇപ്പൊ ആ കട നടത്തുന്നത് അയ്യപ്പന്‍ ചേട്ടനാ...ട്ടോ..

Anonymous said...

LIFE IS BEAUTIFUL..............

mayflowers said...

വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയം അവര്‍ണനീയം.
ഒരിക്കല്‍ക്കൂടി ചോദിക്കുന്നു,താങ്കളുടെ പോസ്റ്റുകള്‍ പുസ്തകരൂപത്തില്‍ ഇറങ്ങിയിട്ടുണ്ടോ?
ഈ കഴിവ് ദൈവദത്തമാണ്.അത് നില നിര്‍ത്തുക.
പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

സുധി അറയ്ക്കൽ said...

ഇടയ്ക്ക്‌ പോങ്ങുമൂടനിലേയ്ക്കും,നട്ടപ്പിരാന്തനിലേയ്ക്കും വഴിമാറിപ്പോയി.എല്ലാവരും ഒരു പോലെ മികച്ചവർ.