Thursday 12 March 2009

കൊല്ലം കൊല്ലം ണിം ണിം ണിം - 2

------------

ഒരു അഭ്യര്‍ഥന

മുസ്തഫയ്ക്ക് ഒരു പുസ്തകം കൊടുക്കൂ....
------------

(ആദ്യഭാഗം ഇവിടെ)

"ആറ്റിനെ നമ്പിടാം കാറ്റിനെ നമ്പിടാം
പൊടവ കൊടുത്ത പൊണ്ണിനെ നമ്പിക്കൂടാത്..”

ഹരി കൂടി ഒന്നു കേട്ടോട്ടെ എന്ന ഹിഡണ്‍ അജന്‍ഡയോടെ, ആഴ്ചയില്‍ മിനിമം രണ്ടുതവണ എന്നോട് പറയുന്ന ഈ ‘തിരുക്കുറള്‍’ സാരോപദേശം ഇത്രകാലത്തെ അമ്മ ആരോടാണു പറയുന്നത് എന്നു മനസില്‍ പറഞ്ഞു ഞാന്‍ കണ്ണുഞെരടി കിടക്കിയില്‍ നിന്ന് എഴുന്നേറ്റു..

ബെഡ്ഡില്‍ തോന്ന്യാസി മിസ്സിംഗ്..

വാതില്‍ ഒരല്പം തുറന്നു ഒളികണ്ണിട്ടൊന്നു നോക്കി..

പോങ്ങുമൂട്ടിലെ സുപ്രഭാതം കാണാന്‍ എന്നോടു പറയാതെ, ശബ്ദമുണ്ടാക്കാതെ പോയ ശ്രീമാനെ അമ്മ കൈയോടെ പിടികൂടിയിരിക്കുന്നു. ‘കൌസല്യാ സുപ്രജാ’ തല്‍ക്കാലം അങ്ങോട്ട് മാറ്റിവച്ച്, പെണ്ണുകെട്ടാനുള്ള തോന്ന്യാസിയുടെ വണ്‍ പേര്‍സന്റ് ആഗ്രഹത്തിന്‍‌റെ മുളയില്‍ വെറുതെ ഒന്നു നുള്ളാം എന്നു തീരുമാനിച്ച് അമ്മ അടുത്ത വിശദീകരണത്തിലേക്ക് കടക്കുന്നു..

“അല്ല..മോനു കെട്ടുപ്രായം ഒന്നുമായിട്ടില്ല..എന്നാലും പറയുവാ..നോക്കീം കണ്ടുമൊക്കെ കെട്ടണം.. പറഞ്ഞതു മനസിലായില്ലേ.. അല്ലെങ്കില്‍ പല്ലുപോയ കെളവി അടുപ്പിലൂതുന്നപോലെ വ്യര്‍ഥമാകും ജീവിതം..കേട്ടോ..”

ചില പ്രത്യയശാസ്ത്രങ്ങളില്‍ അമ്മയൊട് എതിര്‍പ്പുണ്ടെങ്കിലും ഈ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ വയ്യ.

കോച്ചുവാതം വന്ന കൊച്ചാട്ടന്‍ ഫുട്ബോള്‍ കോച്ചാവുന്നതിനു തുല്യമാണു മാര്യേഡ് ലൈഫെന്നേ മെയില്‍ പൊയിന്റ് ഓഫ് വ്യൂവില്‍ ഞാന്‍ പറയൂ.. അടുപ്പിലൂതൊക്കെ പിന്നെയും അഡ്‌ജസ്റ്റ് ചെയ്യാം... അല്ല..അതിരാവിലെ തന്നെ ഇത് തോന്ന്യാസിയോട് പറയുന്നതെന്തിനാണാവോ..അകത്ത് ഉറക്കം നടിച്ചു കിടക്കുന്ന പോങ്ങുമ്മൂടനു അല്‍പ്പം ഊര്‍ജ്ജം കിട്ടിക്കൊട്ടെ എന്നു കരുതിയാവും.. പാവം...

“അല്ല..മോനു കെട്ടാന്‍ വല്ല പ്ലാനുമുണ്ടോ ഇനി..അടുത്തെങ്ങാനും...”

“ചില പ്രൊപ്പോസല്‍‌സൊക്കെ വരുന്നുണ്ടമ്മേ.. പക്ഷേ..തല്‍ക്കാലം വേണ്ടാ എന്നാ എന്‍‌റെ തീരുമാനം..സാ‍മ്പത്തിക മാന്ദ്യമൊക്കെ ഒന്നു കഴിയട്ടെ...” . ഉറക്കച്ചടവുകൊണ്ട് വളിച്ചിരിക്കുന്ന തോന്ന്യാസി ഒന്നു ചിരിച്ചു.

"അതുമതി... അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളൂ... പെണ്ണുകാണാനൊക്കെ പോകുമ്പോ ആദ്യം ഒരുകാര്യം മോന്‍ ശ്രദ്ധിക്കണം.....”

‘അനിയത്തിമാരെത്രയുണ്ടന്നല്ലേ.. അക്കാര്യം ഒ.കെ അമ്മേ’ കുനിഞ്ഞിരിക്കുന്ന തോന്ന്യാസിയുടെ മനസിലിരുപ്പ് പത്തുവാര ദൂരത്തുനിന്നു തന്നെ ഞാന്‍ കണ്ടു...

“..പെണ്ണു കുലീനയാണോ...അതുമാത്രം നോക്കണം കേട്ടോ...”

‘ഇക്കാലത്ത് കുലീനയെ കിട്ടാന്‍ പാടാ .... മാക്സിമം പോയാല്‍ ഒരു ലീനയെ കിട്ടും...ദാറ്റ്സോള്‍...’ ഞാന്‍ പേസ്റ്റ് ബ്രഷിലേക്ക് അമര്‍ത്തി...


കുളിയും തേവാരവും കഴിഞ്ഞ് ഷര്‍ട്ടിടുമ്പോഴാണ്, പോങ്ങുമൂടന്‍ ഞെട്ടിക്കുന്ന ഒരു വിവരവുമായി എത്തിയത്..

“മാഷേ... ഞാന്‍ വരുന്നില്ല..ക്ഷമിക്കണം”
!
രണ്ടാമത്തെ കൈ ഷര്‍ട്ടിലൂടെ കടത്തി താഴ്‌ത്താന്‍ പോലും മറന്നു ഞാനൊരു നില്‍പ്പു നിന്നുപോയി

“മച്ചാ...ഇതൊരുമാതിരി ബിക്കിനിയിലെ...”

“ഇടപാടായിപ്പോയി..അറിയാം..പക്ഷേ..അത്യാവശ്യമായി എനിക്ക് പാലായില്‍ പോയേ പറ്റൂ..അമ്മായിയപ്പനു എന്നെ രാവിലെ തന്നെ ഒന്നു കാണണമെന്ന്..എന്തുചെയ്യാം ഒരേയൊരു മരുമോനായിപ്പോയില്ലേ...”

“പ്രകാശനദിവസം തന്നെ , മാഷിന്റെ ഫാദര്‍ ഇന്‍ ലോയ്‌ക്ക് തെറിപറയാന്‍ ഉള്‍വിളിയുണ്ടായല്ലോ ഭഗവാനേ...ഛേ..വല്ലാതെ മോഹിച്ചുപോയതാരുന്നു നമ്മുടെ ഈ കൊല്ലംട്രിപ്പ്...വെറുതെയല്ല അമ്മ രാവിലെ ‘തിരുക്കുളിര്‍‘ പുറത്തെടുത്തത്.. ഒ.കെ.. സാരമില്ല.. ഞങ്ങള്‍ പോയിട്ടു വരാം.. “

പ്ലേറ്റിലെ ദോശയിലേക്ക് അറ്റാക്കിനായി കൈകള്‍ നീണ്ടു....

“അയ്യോ..തോന്നിവാസീ....രണ്ടെണ്ണം കൂടി കഴിക്ക്...ഇത് ആകെ ഒരുദോശയേ കഴിച്ചൊള്ളല്ലോ... ഒന്നാമതേ അശു..അതിന്‍‌റെ കൂടാണോ ഈ ഡയറ്റിംഗ്..” പോങ്ങുമൂടന്‍ പത്താമത്തെ ദോശയിലേക്ക് സാമ്പാര്‍ ഒഴിച്ചു..

“മതി ഹരിയണ്ണാ... ഞാന്‍ അധികം കഴിക്കാറില്ല... ഇപ്പൊഴെ കണ്ട്രോള്‍ ചെയ്താല്‍ കൊളസ്‌ട്രോളിനും ഷുഗറിനും പെര്‍മനന്‍‌റ് ഗുഡ്‌ബൈ...” തോന്നാസി വിരല്‍ നക്കി..

“ഗുഡ് ബൈ.....” കൊല്ലം ബസിന്‍‌റെ ജനലില്‍ കൂടി ഞാന്‍ പൊങ്ങുവിനെ കൈകാണിച്ചു..

“സന്തോഷമായി പോയി വാ മാഷേ.... തോന്നിവാസീ...അപ്പോ പിന്നൊരിക്കല്‍ കാണാം... അടുത്ത വരവിനു കുപ്പി എന്‍‌റെ വക...”

ദോശയില്‍ സാമ്പാര്‍ വീണപ്പോള്‍ പോലും സന്തോഷിക്കാതിരുന്ന തോന്ന്യാസി ഇതുകേട്ടപ്പോള്‍ ആഹ്ലാദത്താല്‍ പുഞ്ചിരിച്ചു....


ഡ്രൈവര്‍ ഫസ്റ്റ് ഗീയര്‍ ഇടുന്നതിനു മുമ്പ് തന്നെ തോന്ന്യാസി നിദ്രയുടെ സെക്കന്റ് ഗീയര്‍ ഇട്ടു..

വണ്ടി ഇഴഞ്ഞുനീങ്ങി.....



“വെള്ളാപ്പള്ളി ഒരു കസറു കസറും!!!” വെള്ളം മണക്കുന്ന ഒരു ഡയലോഗ് കേട്ട്, സ്പ്രിംഗ് പൊലെ ആടിയുറങ്ങുന്ന തോന്ന്യാസിയുടെ തലയെ ക്രോസ് ചെയ്തുകൊണ്ട് എന്‍‌റെ ദൃഷ്ടി അപ്പുറത്തെ സീറ്റിലേക്ക് കൊടിയും പിടിച്ച് ചെന്നു..

“പണിക്കരെന്താ മോശമാണോ... നായന്മാരെ ഒരൊറ്റ ചരടില്‍ കോര്‍ത്തത് പിന്നാരാ...”

മന്നം നഗറും, ശിവഗിരി നഗറും ഒരേ സീറ്റില്‍.. മിക്കവാറും ഒരു നാടന്‍ അടികാണാനുള്ള യോഗമുണ്ട്... അയ്യപ്പാ കനിയണേ.... ഇവന്മാരുടെ വിഷയം ഡൈവേര്‍ട്ട് ആവല്ലേ..

“പണിക്കര്‍ക്കെന്താ കൊമ്പുണ്ടോ....”

എന്തായാലും തലയില്‍ ഇല്ല..അത്രേം എനിക്കറിയാം...

“വെള്ളാപ്പള്ളിക്കെന്താ കൊമ്പന്‍ മീശയുണ്ടോ....”

പണ്ട് മോശമല്ലാത്ത ഒരു മീശയുണ്ടാരുന്നു.. ഇടയ്ക്കൊന്നു ക്ലീനും ചെയ്താരുന്നു...ബാക്കി മാലും നഹിം...

“ഉവ്വ..കഴിഞ്ഞ പ്രകടനത്തിനു തിരോന്തോരം മഞ്ഞക്കടലാക്കി ഞങ്ങള്‍...ടി.വിയൊന്നും കാണത്തില്ലേ..”

മറ്റേ ചേട്ടന്‍ ഒന്നു പോസ് ചെയ്തു... കള്ള് ഉള്ളില്‍ കിടക്കുന്നതുകൊണ്ട് നായര്‍കൊടിയുടെ കളര്‍ ഏതാ ശിവാ എന്നൊരു കണ്‍ഫ്യൂഷന്‍ പോലെ..

“അടുത്ത മാസം ഞങ്ങടെ ശക്തിപ്രകടനം ഉണ്ടിവിടെ..കണ്ടോ പൂരം.... ഞെട്ടിക്കും എല്ലാത്തിനേം...”

“എല്ലാ നായന്മാ‍രും എണ്ണയും തേച്ച് മസില്‍ കാണിച്ച് നില്‍ക്കുമാരിക്കും..അതിന്‍‌റെ ഒരു കൊറവൂടെ ഉള്ളൂ.....”

വഴിയരികിലെ ബാറെന്നെഴുതിയ മഞ്ഞപ്പെട്ടി കണ്ടപ്പോള്‍ ജാതിസ്പിരിട്ട് മാറ്റി വച്ച് ഒറിജനല്‍ സ്പിരിറ്റിലേക്ക് കൊടിമാറ്റിപ്പിടിച്ചു പഹയന്മാര്‍..

“ഒന്നൂടെ വിട്ടിട്ടു പോയാലോ...”

“ടിക്കറ്റെടുത്തുപോയില്ലെ...ഇനി വണ്ടി ഉടനേ കാണത്തുമില്ല... മാത്രമല്ല..വീട്ടില്‍ കെട്ട്യോളു തനിച്ചേ ഉള്ളൂ.... ങാ വാ... എന്താ‍യാലും രണ്ടെണ്ണം വിടാം... പോവല്ലേ... പോവല്ലേ...ആളിറങ്ങണം....!!!”

“ടിക്കറ്റു കൊല്ലത്തേക്ക് എടുത്തിട്ട്.... ഇതെന്താ ആളെ ഊശിയാക്കുവാ!!!” കണ്ടക്ടര്‍ ചരടില്‍ അമര്‍ഷത്തോടെ ഒന്നു വലിച്ചു..

“വല്യ തെണ്ണമാണേല്‍ ബാക്കി കാശിങ്ങു തന്നേര്...ഹല്ല പിന്നെ... ഈ രാജ്യത്ത് മാന്യമായി വണ്ടിയിറങ്ങാനും സ്വാതന്ത്യമില്ലേ.. “

“പോട്ടു സഹദേവാ... എമര്‍ജന്‍സി ക്വോട്ടായ്ക്ക് പൊകുന്നവന്റെ ടെന്‍ഷന്‍ വല്ലതും കണ്ട്രാവിനു മനസിലാവുമോ..സൂക്ഷിച്ചിറങ്ങ്!!!..സര്‍ക്കാരിന്‍‌റെ വണ്ടിയാ..ആഞ്ഞുചവിട്ടിയാല്‍ പടിയും കൂടിങ്ങു പോരും...”

വണ്‍ മോര്‍ സീന്‍ ദേദോ ബേബീ...... കണ്ണുകള്‍ പുതിയ മേച്ചില്‍‌പ്പുറങ്ങള്‍ തേടി..

“അമ്മാവാ അപ്പൊറത്തോട്ടിരിക്കാന്‍...ഇതെന്‍‌റെ സീറ്റാ.....ഈശ്വരാ പറഞ്ഞാലും മനസിലാവില്ലാന്നു വച്ചാല്‍.....”

കണ്ടക്ടര്‍ എഴുന്നേറ്റപ്പോള്‍ ആ ഗ്യാപ്പു നോക്കി സീറ്റിലിരുന്ന ഒരു അപ്പൂപ്പനെ പുറത്താക്കാനുള്ള ശ്രമത്തിലാണു കക്ഷി..

“ദാ..കണ്ണുതൊറന്നു നോക്ക്..കണ്ടക്ടര്‍ സീറ്റ് എന്ന് എഴുതിവച്ചെക്കുന്നത് കണ്ടില്ലെ.. ഒന്നു മാറാന്‍....”

അപ്പൂപ്പനു എന്തൊക്കെയോ മാന്യമായി മറുപടി പറയണമെന്നുണ്ട്.. പ്രായാധിക്യവും ഉള്ളില്‍ കിടക്കുന്ന ബ്രാന്‍‌റും അതിനു അനുവദിക്കുന്നില്ല...

“ഒലക്കേടെ മൂട്....ഇതില്‍ തന്നെ ഞാനിരിക്കും... താ‍ന്‍ കൊണ്ടോയി കേസുകൊടുക്ക്... ഹോ.. അയാടെ സീറ്റാണുപോലും.. ഇങ്ങേരുടെ സീറ്റാണേല്‍ ഇതില്‍ അടങ്ങിയിരിക്കണം. മുക്കിനു മുക്കിനു എഴുന്നേറ്റു പോകുന്നതെന്തിനാ..ശ്ശെടാ കൂത്തേ...”

അല്ല സ്വാമീ... ഉലക്കയുടെ മൂട്, തേങ്ങായുടെ കുല..ഇത്യാദി നല്ല വാക്കുകളെ ആര് എന്തിനു പുലഭ്യത്തിനുപയോഗിക്കുന്നതാക്കി.. ഛേ...ഭാഷയുടെ പരിണാമത്തിലെ ഓരോരോ വൈകല്യമേ...

“ടിക്കറ്റു ഇങ്ങേരു കൊടുക്കുമോ...“ പച്ചയാണെങ്കിലും പഴുത്തിരിക്കാന്‍ മനസില്ല എന്ന മട്ടില്‍ കണ്ടക്ടര്‍...

“കൂലി താന്‍ തരുമോ..എന്നാ ആ കുന്ത്രാണ്ടം ഇങ്ങു താ.. ഞാന്‍ കൊടുക്കാം ടിക്കറ്റ്.. ഈ ശങ്കുപ്പിള്ളയെ അങ്ങനെയങ്ങു കൊച്ചാക്കല്ലേ... ഇരുപത്തിനാലു വര്‍ഷം... ദേ...ദേ..” ബാക്കി പറയാന്‍ കൂടുതല്‍ ഗ്രിപ്പിനായി അപ്പൂപ്പന്‍ എഴുന്നേറ്റു..ആ തക്കം നോക്കി കണ്ടക്ടര്‍ ചാടിയിരുന്നു.. സീറ്റുപോയാലും വേണ്ടില്ല, പറയാനുള്ളത് ഫുള്‍ എനര്‍ജിയില്‍ പറയണം എന്ന മട്ടില്‍ അപ്പൂപ്പന്‍ മസില്‍ മുറുക്കി..

“ദേ...ഇങ്ങോട്ട് നോക്ക്.. ഇരുപത്തിനാലു വര്‍ഷം സര്‍ക്കാറിന്റെ കണക്കു നോക്കിയവനാ ഈ ശങ്കു... ഊ ഊ ഊ.......” പാണ്ടിലോറിയെ കണ്ട് ഡ്രൈവര്‍ ഡസന്‍ കണക്കിനു ഊര്‍ജ്ജത്തോടെ സഡന്‍ ബ്രേക്കിട്ടതുകൊണ്ട്, ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസാന്‍ ഈക്വല്‍ ആന്‍ഡ് ഇമ്മാതിരി റിയാക്ഷന്‍ എന്ന തെളിയിച്ചുകൊണ്ട് ശരസമം അപ്പൂപ്പന്‍ കുതിച്ച് ബാക്കി ഭാഗം തറയില്‍ കിടന്നു പൂരിപ്പിച്ചു..

മുന്നിലെ കമ്പിയില്‍ നെറ്റി ആഞ്ഞിടിച്ച നൊമ്പരത്താന്‍ ‘വന്നല്ലോ മുഴ’ എന്നമട്ടില്‍ തപ്പിക്കൊണ്ട് തോന്ന്യാസി ചോദിച്ചു.

“എന്തുപറ്റി അണ്ണാ....”

“ഒരപ്പൂപ്പന്‍ സൌത്താഫ്രിക്കന്‍ ഫീല്‍ഡറേപ്പോലെ ക്യാച്ചെടുത്തെതാ.. ഇനി അടുത്ത പത്തുകളിക്കു ഈ ക്രേസി കിര്‍മാണി ക്രീസ് കാണില്ല... ഹെഡ് ഇന്‍‌ജുറി വിത്ത് നീ ഇന്‍ ചൊറി “ മുട്ടുതടവണോ തലതടവണോ എന്ന് ആലോചിച്ചുകൊണ്ട് ‘എന്നാല്‍ നടു തടവിയെക്കാം എന്ന പോളിസിയില്‍ നില്‍ക്കുന്ന ശങ്കുച്ചേട്ടനെ ചൂണ്ടി ഞാന്‍ പറഞ്ഞു.

“ഛേ ഇമ്മാതിരി സീനൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ലല്ലോ അണ്ണാ..”

“കൈവിഷത്തിനുപകരം സ്ലീപ്പിംഗ് പില്‍‌സ് എടുത്തുകഴിക്കാന്‍ നിന്നോടാരു പറഞ്ഞു. അനുഭവിക്ക്...”

“ഊതല്ലേ അണ്ണാ”

“ഊതിയതല്ലുത്തമാ... പണ്ട് ബാംഗ്ലൂരില്‍ ഞാ‍ന്‍ പോയപ്പോള്‍, നിന്നെപ്പോലൊരു കക്ഷി, അല്പം സീനിയര്‍ ഫെല്ലോ ആണ്.. എന്‍‌റെ തൊട്ടടുത്തിരുന്ന് ആടിയുറങ്ങുന്നു. വെറും ആട്ടമല്ല.. നമ്മുടെ ആട്ടുകല്ലിലെ കൊഴവി കറങ്ങുന്നപോലെ.. ഇടയ്ക് കമ്പിയില്‍ ചും‌ബിച്ച് ഞെട്ടിയുണര്‍ന്നു പുള്ളി അറഞ്ഞൊരു ചോദ്യമാരുന്നു...എന്തായാലും നീ ആ മനുഷ്യന്‍‌റത്ര അങ്ങോട്ടു പോരാ.”

“അങ്ങേരെന്താ ചോദിച്ചെ...”

“ ‘കോഴിക്കൂട് അടച്ചോ കമലൂ’ എന്ന്.. ‘വാതിലെന്നേ ചിതലെടുത്തൂ പാക്കരന്‍ ചേട്ടാ... ഇതെന്താ ഒന്നുമറിയാത്തോനെപ്പോലെ ചോദിക്കുന്നെ’ എന്നു ഞാനും പറഞ്ഞു...“

“ഇതു പുളു... വെറും പുളു. സത്യം പറ..ഇതു വെറും നമ്പരല്ലേ അണ്ണാ....”

“ ‘സത്യം പറ...ഇതുവെറും കള്ളമല്ലെ..‘ എടാ ഇതുപോലൊരു വിഡ്ഡിച്ചോദ്യം ലോകത്ത് വേറെയുണ്ടോ... ‘ടെല്‍ മീ മോര്‍ ‘ എന്നു മനസില്‍ പറഞ്ഞുകൊണ്ട് ‘ഡോണ്ട് ടെല്‍ മീ’ എന്ന് പിള്ളാരു പറയുമ്പോലെ...”


“ഡോണ്ട് ടെല്‍ മീ..” സിമി ഫ്രാന്‍സിസ് (തെറ്റിധരിക്കെണ്ടാ പുരുഷന്‍ തന്നെ) എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു

“സത്യമാ സിമി...അല്ലേല്‍ ദാ ഈ തോന്ന്യാസിയോട് ചോദിക്ക്... ഇന്നലെത്തന്നെ വരണമെന്നും ഒന്നിച്ചൊന്നു കൂടണമെന്നുമൊക്കെ ഉണ്ടാരുന്നു..പക്ഷേ പെട്ടെന്ന് ചില എന്‍‌ഗേജ്‌മെ‌ന്‍‌റുകള്‍, ചില കൂടിക്കാഴ്ചകള്‍ ചില നേരമ്പോക്കുകള്‍ .......”

“സാരമില്ല ചേട്ടായി..ഏതായാലും വന്നല്ലോ..സന്തോഷമായി... അകത്തേക്കിരിക്കാം... പരിപാടി തുടങ്ങാറായി....”

തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് ഞാനും തോന്ന്യാസിയും നടന്നുകയറി..

സ്റ്റേജില്‍ സാംസ്കാരിക നായകന്മാര്‍ അണിനിരന്നിരുന്നു ചിരിക്കുന്നു... പകുതിയും പൂക്കുറ്റിയാണെന്ന് ഒറ്റനോട്ടത്തിലേ മനസിലായി..

“മോശമായിപ്പോയി.....” ഞാന്‍ മീശയിലൂടെ വിരലോടിച്ചു.

“ഏയ്... ഇതൊക്കെ ഇവിടെ പതിവാ അണ്ണാ.. “

“എന്ത്..എടാ രണ്ടെണ്ണം വിട്ടിട്ടു വരാഞ്ഞെ മോശമായിപ്പോയെന്നാ ഞാന്‍ പറഞ്ഞത്..”

“ഓ എന്ന്... ആ ബാര്‍ കണ്ടപ്പോ ഞാന്‍ അണ്ണനോട് പറയാന്‍ തുടങ്ങിയതാ...”

“എന്നിട്ടെന്താ നീ പറയാതിരുന്നത്.....”

“അത്..അണ്ണന്‍ അത്തരക്കാരനാണോ എന്നൊരു ചെറിയ......”

“ഏയ്... ചിലനേരങ്ങളില്‍ ഞാനും സംസ്കാരസമ്പന്നന്‍ തന്നെയാണ്....”

‘സംസ്കാരം എന്നത്... അക്ഷരങ്ങളിലൂടെ.....അനുഭവങ്ങളിലൂടെ... ഈ..ഈ...ഈ..ഈ......” സ്റ്റേജില്‍ പ്രസംഗം തുടങ്ങി...

“ഇതു പണ്ടാരോ രാമായണം വായിച്ചപോലായല്ലോ തോന്ന്യാസീ.. ശ്രീരാമബാണം പാഞ്ഞൂ....ഊ....ഊ...ഊ........ അടുത്ത വരി തപ്പിയിട്ട് കിട്ടാഞ്ഞിട്ടു ‘ഊ’ അങ്ങു വിശാലമായി നീട്ടി.. എന്താ ആശാനേ ഈ ‘ഊ.....” എന്ന് അടുത്തുനിന്ന കക്ഷി ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു ‘മോനേ ഇത് ശ്രീരാമബാണം പോകുന്ന സൌണ്ടാ......’ “

ചിലന്തി.........

സിമിയുടെ പുസ്തകം ഞാന്‍ പതുക്കെ തുറന്നു.

അക്ഷരങ്ങള്‍ മണക്കുന്ന ഹൃദയം... അല്ലെങ്കില്‍ ഹൃദയം മണക്കുന്ന അക്ഷരങ്ങള്‍......
ലാപ്‌ടോപ്പിനും പാം ടോപ്പിനു തരാന്‍ കഴിയാത്ത അച്ചടിയുടെ മാന്ത്രികഗന്ധം കടലാസിന്‍‌റെ ഈ ബാംബൂ ബോയ്സിനു തരാന്‍ കഴിയുന്നു......


“അണ്ണാ എനിക്കും ഒരു പുസ്തകമിറക്കണം. ജീവിതാഭിലാഷമാ.....” തോന്ന്യാസി റിഫ്രഷ്‌മെന്‍‌റിനു കിട്ടിയ പപ്സില്‍ ആഞ്ഞുകടിച്ചുകൊണ്ട് പറഞ്ഞു.

“ഇറക്കണം തോന്ന്യാസി..ഇറക്കണം.. വാത്സ്യായനമുനി പണ്ട് അതേപോലെ ഒന്നിറക്കി എന്ന് കരുതി മടിച്ചിരിക്കരുത്...യു സ്റ്റാര്‍ട്ട് ഫ്രം ചാപ്റ്റര്‍ സിക്സ്റ്റി ഫൈവ്.. “ പേസ്ട്രിയില്‍ ഞാനുമൊന്നു കടിച്ചു..

“ഒലക്കേടെ മൂട് “

“ഒലക്കേടെ മൂട്, തേങ്ങാക്കുല“

‘അടുത്തതായി...ശ്രീ സിമിയുടെ സുഹൃത്തും പ്രശസ്ത ബ്ലോഗറും ഉല്‍കൃഷ്ട കവിയുമായ ശ്രീ ജി.മനു അവര്‍കള്‍ ആശംസ.....’ അനൌണ്‍സ്‌മെന്റ്..... ഈശ്വരാ ഞാനെപ്പോ ഇങ്ങനെയൊക്കെയുള്ള ആളായി..ഇപ്പോ പറഞ്ഞതു പോട്ടെ..ഇതൊന്നും എന്‍‌റെ ബന്ധുക്കള്‍ കേക്കരുത്.. മൈക്കും ബോക്സും ഒറ്റതൊഴിക്ക് തവിടുപൊടിയാക്കും...പറഞ്ഞേക്കാം..


പണ്ട് ‘കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ‘ ‘ഫ്രീ വിസയില്‍’ ദുബായിക്കുപോയ ലക്കിഫെലോ, പനയുടെ മുകളില്‍ പ്രോഗ്രാം ചെയ്യാന്‍ അള്ളിപ്പിടിച്ച് കയറിയപ്പോള്‍ മുകളില്‍നിന്നു ഇറങ്ങിവന്ന പഴയ ഹെഡ്‌മാസ്റ്ററെ കണ്ട് അന്തംവിട്ടതുപോലെ തോന്ന്യാസി എന്നെ ഒന്നു അമര്‍ത്തിയൊന്നു നോക്കി ......

“സംശയിക്കേണ്ടടോ...ഞാന്‍ തന്നെയാ.. വിധിവൈപരീത്യം....” ഹെഡ്‌മാസ്റ്റര്‍ പറഞ്ഞ അതേ ഡയലോഗ് ഞാനും പറഞ്ഞു..



“പ്രിയമുള്ളവരെ...സഹൃദയരെ...” ഞാന്‍ കണ്ഠശുദ്ധി വരുത്തി ചുറ്റിനും നോക്കി...

സദസ്സിലെ സഹൃദയരില്‍ മെജോരിറ്റിയും, പപ്സ് തീര്‍ത്തിട്ടു പേസ്‌ട്രി കൂടി തീര്‍ക്കാനുണ്ടല്ലോ എന്ന് വിഷാദിച്ച് രണ്ടുകടി ഒന്നിച്ച് കടിച്ച് ടെന്‍ഷന്‍ അടിക്കുന്നു.. സ്റ്റേജിലെ നായകന്മാര്‍ ‘പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവ് ചാര്‍ജ്ജുകിട്ടുവാനുദ്യമമെന്തെടോ’ എന്ന മട്ടില്‍ കോട്ടുവാ ഇടുന്നു...ഇനി ഞാനായിട്ടെന്തു പറയാന്‍... സിമിയുടെ ഒരു കൊച്ചു കഥ പറഞ്ഞുതീര്‍ത്ത് ചാടിയിറങ്ങിയോടി..


ജനഗണമന കഴിഞ്ഞു...

പരിചയക്കാരോട് ഹാ യും പരിചയപ്പെടുന്നവരോട് ഹോ യും പറഞ്ഞു ഞങ്ങള്‍ പുറത്തേക്കിറങ്ങി...


“ഏട്ടാ...............................”

“ങേ..!!!!!!!!”

ലേലമുറപ്പിച്ച് ലോറി പോയിക്കഴിഞ്ഞ് , അതുവിളിക്കാന്‍ ഓടിവരുന്ന മീന്‍‌മുതലാളിയെപ്പോലെ, ദാ ഒരു ജുബ്ബാവാലാ പാഞ്ഞുവരുന്നു..

ങേ...മുരളീരവം ബ്ലോഗര്‍ മുരളിയല്ലേ അത്!!!

“കഴിഞ്ഞോ......” പകുതി കിതച്ചുകൊണ്ട് ആശാന്‍ നിന്നു..

“അതെ..എല്ലാം പെട്ടെന്നായിരുന്നു. അത്രയൊക്കെ ഉള്ളൂ മനുഷ്യേന്റെ കാ‍ര്യം.....എന്താടാ മുരളി നീ ലേറ്റായെ..”


“ഏട്ടാ. വണ്ടിമറിഞ്ഞു..”

“ഈശ്വരാ...എപ്പോ..എവിടെ..വല്ലോം പറ്റിയോ നിനക്ക്...”

“ഞാന്‍ വന്ന വണ്ടിയല്ല..മുന്നില്‍ പോയ അരിവണ്ടി... ട്രാഫിക് ഒന്നരമണിക്കൂര്‍ ബ്ലോക്കായി...ഹോ... ഷിറ്റ്.....”

“ജസ്റ്റ് റിമംബര്‍ ദാറ്റ്...ഇങ്ങനെയൊക്കെ ഉള്ള ഇടത്ത് കാലത്തേ തിരിക്കേണ്ടേടാ കൊശവാ....”

“സാരമില്ല മുരളി..ഇന്ന് രാത്രി നിങ്ങള്‍ ഇവിടെ കൂട്... ഏതായാലും വന്നതല്ലേ... ഞാന്‍ പത്തുമണിക്കത്തെ വണ്ടിക്ക് ആണ്ടിപ്പട്ടിയിലേക്ക് പോകും...” തോന്ന്യാസി ബാഗ് ഒന്നു പൊക്കി..

“കമോണ്‍...ലെറ്റ്സ് ഗോറ്റു നാണി...”

“ങേ..”

“എടാ നാണി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ , സ്പെഷ്യല്‍ ഗസ്റ്റ്സ് ആയ നമുക്ക് സിമി മുറി ബുക്ക് ചെയ്തിട്ടുണ്ട്... അര്‍മ്മാദം കണ്ടിന്യൂസ്...അപ്പോ തോന്ന്യാസി.. നീ....ആണ്ടിപ്പട്ടിക്ക് നാളെപ്പോകാടാ.ഇന്ന് നമുക്ക് നാടന്‍ പാട്ടൊക്കെയായി ഇവിടങ്ങ് കൂടാം..പറയുന്ന് കേള് കരുണാ..”

“അണ്ണാ...പണ്ടപ്പെട്ടിയുമായി ഒരുപാട് പാണ്ടിക്കുട്ടികള്‍ ആണ്ടിപ്പട്ടിയില്‍ നാളെ ക്യൂ നില്‍ക്കും... ഞാനില്ലെങ്കില്‍ ഉര നടക്കില്ല...”

“ഉരച്ചുരച്ച് നീ ആള്‍‌റെഡി ഉറുമ്പുപോലായി...ങാ..എന്നാല്‍ വിട്ടോ... സ്വീറ്റ് ഡ്രീംസ്.....”

“വാട്ട്...!!”

“ഹാപ്പി ജേണിക്ക് പകരം ജോണീ നിനക്ക് ചേരുന്നത് ആ വിഷാ....” പുതിയ പാ‍രഗണ്‍ ചെരിപ്പിലേക്ക് നോക്കി ഞാന്‍ പറഞ്ഞു..”ബിവെയര്‍ ദ പിക്ക് ചപ്പല്‍‌സ്...”

ചിരി പകുത്തെടുത്ത് തോന്ന്യാസി ഓട്ടോയില്‍ ചാടിക്കയറി..

തൃസന്ധ്യയുടെ മങ്ങലിലേക്ക് തോന്ന്യാസിയുടെ വലംകൈ മറഞ്ഞുകൊണ്ടിരുന്നു.

“പാവം ചെക്കന്‍.....ഒരുമണിക്കൂറുള്ള ഈ പ്രോഗ്രാമിനു വേണ്ടി മാത്രം, ഇത്രയും ദൂരെ നിന്നു വരിക..എന്നിട്ട് സ്നേഹമെല്ലാം വാരിത്തന്നിട്ട് പെട്ടെന്ന് മടങ്ങുക... ഒന്നോര്‍ത്താല്‍ മുരളി...നമ്മളെയൊക്കെ ചുമ്മാ ഇണക്കുന്ന ഈ കണ്ണികളുടെ പേരെന്താടാ...നീ വല്യ കവിയല്ലേ..ഒന്നു പറ..”

“അത് മനുവേട്ടാ.... ഒരു കവിക്കും ഇതുവരെ കണ്ടെത്താ‍നായിട്ടില്ല... .തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമെന്നൊക്കെ വേണേല്‍ പറയാം..പക്ഷേ..അതൊനൊക്കെ അപ്പുറത്താണ് ഇതിന്‍‌റെ വ്യാഖ്യാനം.....”



ഗള്‍ഫുകാര്യവും, നാട്ടുവിശേഷവും ഒക്കെയായി സിമിയോടൊപ്പം രണ്ടുമണിക്കൂര്‍..

“നാളെ വെളുപ്പിനു ഞാന്‍ വരാം ചേട്ടായി... എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാമതി.....” സിമി ഗുഡ്‌നൈറ്റ് പറഞ്ഞിറങ്ങി...


ഹോട്ടലിലെ സൂപ്പര്‍ ഡീലക്സ് ഡബിള്‍ മുറിയുടെ ജനല്‍ തിരശ്ശീല ഞൊറിഞ്ഞുമാറ്റി...രാത്രിയില്‍ കൊല്ലം കൊലുസിട്ടു നില്‍ക്കുന്ന കാഴ്ച...

“ഏട്ടനെന്താ മിണ്ടാതെ വെളിയിലോട്ട് നോക്കി നിക്കുന്നെ...” പൊതുജനക്ഷേമവകുപ്പുമന്ത്രി ആഡംബരസോഫയില്‍ ഇരിക്കുന്നപോലെ വിശാലമായി ഞെളിഞ്ഞുകൊണ്ട് മുരളി...

“അല്ലെടാ ഞാനോര്‍ക്കുവാരുന്നു..ഇത്രയും വലിയ സെറ്റപ്പൊക്കെയുള്ള മുറിയില്‍ വന്നപ്പോ, ജോസ്‌പ്രകാശിനെപ്പോലെ ഒരു കോട്ടുകൂടി വേണമാരുന്നു..വെറുതെ ഒരു മാച്ചിംഗിന്.. അടുത്ത ചാന്‍സിനാവട്ടെ..അങ്ങനെ വരാം... എന്നിട്ട് വേണം കുറെ ഡയലോഗ് കാച്ചാന്‍... മാഗീ..നമ്മുടെ കൊള്ള സങ്കേതങ്ങളൊക്കെ റെഡിയാണല്ലോ..മുതലക്കുട്ടന്മാര്‍ക്ക് ആവശ്യത്തിനു ഡെഡ്‌ബോഡീസൊക്കെ കിട്ടുന്നുണ്ടല്ലോ...അല്ലേ...”

“ഇങ്ങേര്‍ക്ക് വട്ടുമുണ്ടോ..അതോ ആദ്യമായിട്ടാണോ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍...“

“ഓ..നീ പിറന്നുവീണത് സാന്‍ഫ്രാന്‍സിസ്കോയിലെ സണ്‍ഷേഡ് ഹോട്ടലില്‍ ആയിരിക്കും”

“പത്രപ്രവര്‍ത്തകനായ എന്നോട് ഫൈവിന്‍‌റേം സെവന്‍‌റേം കഥ ചോദിക്കല്ലേ...ഈ മുരളിയെ..കൊറെ വിലസിയതാ..“

“ഐ.സീ...എന്നാല്‍ ആ എ.സി ഒന്നു ഓഫ് ചെയ്തേയ്ക്ക്...വല്ലാത്ത തണുപ്പ്...”

“ഇവിടെങ്ങും സ്വിച്ച് കാണുന്നില്ല..”

“പത്രപ്രവര്‍ത്തകനായ നിനക്ക് ഒരു സ്വിച്ച് കണ്ടുപിടിക്കാനുള്ള കഴിവുപോലുമില്ലേ...സോ മോശം ഡിയര്‍”

പതിനൊന്നു മണി..

“അയ്യോ..സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...നമുക്കെന്നാ ശയിച്ചേക്കാം ..അല്ലേടാ... രാവിലെ പോകാനുള്ളതല്ലേ... “

ഉറങ്ങാനുള്ള തയ്യാറെടുപ്പ്..

ഡോര്‍ അടച്ചു..

കണ്‍ഫ്യൂഷന്‍...

ഇതിന്‍‌റെ കുറ്റിയെങ്ങനെ ഇടും..നോക്കീട്ട് ഒന്നും കാണുന്നുമില്ല..

കട്ടിളയില്‍ ഒരു ചെറിയ ചങ്ങല തൂങ്ങിക്കിടപ്പുണ്ട്.. ഡോറിന്‍‌റെ അറ്റത്ത് ഒരു കൊളുത്തും..

അതിട്ടു... പക്ഷേ തുറന്നു നോക്കിയപ്പോള്‍ ചങ്ങലയ്കും ഡോറിനുമിടയില്‍ അഞ്ചിഞ്ച് വിടവ്....

ഷുവര്‍.. ചങ്ങല കൂടാതെ ഒരു കുറ്റികൂടിയുണ്ട്..

ബട്ട്...എവിടെ..

കുനിഞ്ഞും നിവര്‍ന്നും പലതവണ ആലോചിച്ചു... നോ രക്ഷ..

ഓട്ടോമാറ്റിക്ക് ലോക്കാണോ...ഛെ..ആവാന്‍ വഴിയില്ല..

മുരളിയോടു ചോദിച്ചാലോ... മോശം..ഒന്നുമില്ലെങ്കില്‍ അവനേക്കാള്‍ കുറെ ഓണമുണ്ടതല്ലേ ഞാന്‍....

“എടാ മുരളി.....”

“എന്താ......” അകത്തെ മുറിയില്‍ നിന്ന് മുരളിയുടെ ഈഗോ കലര്‍ന്ന ഒച്ച.......

“ഒന്നുമില്ല.... ....നീ ബാത്ത്‌റൂമിലാണോ എന്നറിയാന്‍ വിളിച്ചതാ..”

പ്രശ്നമാവുമോ പരമശിവാ...

ഇനി വല്ല ഇലക്ട്രോണിക്ക് സംവിധാനം വല്ലോമാണോ.. സൂക്ഷിച്ച് നോക്കി

കട്ടിളയോട് ചേര്‍ന്നാ‍ണു സ്വിച്ച് ബോര്‍ഡ്..

കിട്ടി...പിടി കിട്ടി.!!.

സ്വിച്ച് ബോര്‍ഡില്‍ സ്വിച്ചുകള്‍ക്ക് മുകളിലായി ബിയര്‍ ഓപ്പണര്‍ പോലെ ഒരു സാധനം.. ജായ്‌ക്കില്‍ താഴ്ത്തി വച്ചിരിക്കുന്നു.. ഹോ..ഇതിനാണോ ഞാന്‍ ഇത്ര ബുദ്ധിമുട്ടിയത്. ഇതുതന്നെ ലോക്ക്...ടെക്നോളജി പോയ പോക്കേ..

ഓപ്പണര്‍ ഞാന്‍ വലിച്ചെടുത്തു..

ഫ്ല്ലിപ്പ്!!!!!!
പെട്ടെന്ന് മുറിയില്‍ വെട്ടം പോയി..

“പൊത്തോം!!!!!!!! ഹെന്‍‌റമ്മോ!!!!!!!!!!! “ മുരളിയല്ലേ അകത്ത് നിലവിളിച്ചത്.... ഇത്രയ്ക്ക് പേടിത്തൊണ്ടനാണോ അവന്‍....

ഓപ്പണര്‍ തിരികെ കുത്തിക്കയറ്റി വെട്ടം വരുത്തിയിട്ട് മുറിയിലേക്ക് ഞാന്‍ പാഞ്ഞു...

ശിവനേ.........................!!!!


അണ്ടര്‍വെയര്‍ ഒരുകാലില്‍ മാത്രമിട്ട്, നെറ്റിലേക്ക് വീണ ട്രപ്പീസുകളിക്കാനെപ്പോലെ മുരളി തറയില്‍ മലര്‍ന്നുകിടക്കുന്നു!!

“എന്തുപറ്റി കുട്ടാ......” താങ്ങിയെണീപ്പിച്ചുകൊണ്ട് ഞാന്‍.....

“നിക്കറിട്ടോണ്ടിരുന്നപ്പോ കറന്റു പോയി......”

“അതിനു നീ താഴെ വീണതെന്തിനാടാ......”

“ഒരുകാലേ കയറ്റിയൊള്ളൂ....മറ്റേക്കാലു പൊക്കിയപ്പോഴല്ലേ വെട്ടം പോയത്..ഹോളിനു പകരം ഹോളില്ലാത്തിടത്ത് ചവിട്ടി...അയ്യോ. എന്‍‌റെ.നടുപോയേ......!!!!!”

“ങാ പോട്ട്..സാരമില്ല...നീ കെടന്നോ.....”

“അയ്യോ....ഞാനിനി എന്തുചെയ്യും.....ഹോ....”

“സ്പെയര്‍ ബിക്കിനി കരുതിയിട്ടില്ലേ......”

“ക്രൂരാ....നടുപോയെന്ന്!!!..ഹമ്മേ......”


ബെഡ്ഡിന്‍‌റെ ഇങ്ങേ അറ്റത്തേക്ക് ഞാന്‍ ഒരു മൂളിപ്പാട്ടോടെ ചാഞ്ഞു...”അസലായി....അസലായി നീ...”

ശൂ................!!!! പാതാളത്തിലേക്ക് പോകുന്നപോലൊരു ഫീല്‍.....

മനുഷ്യനെ പേടിപ്പിക്കാനോരുത്തന്മാരു മെത്തയുണ്ടാക്കും... കണ്ണുതള്ളിപ്പോയല്ലോ കര്‍ത്താവേ....

“ഹാവൂ.....എന്തൊരു ലക്ഷ്വറി ദാസാ......ഇപ്പോ ഞാന്‍ മനുഷ്യനോ അതോ ദേവേന്ദ്രനോ...എവിടെ ദേവനര്‍ത്തകിമാര്‍....ആലവട്ടം ...വെഞ്ചാമരം..ആരവിടെ...“

“ഞാനിവിടുണ്ട് മനുഷ്യാ... നടുവുളുക്കിയെന്നാ തോന്നുന്നേ..ഹോ..ഹീ....”

സുഖ ശീതള രാത്രിയില്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുതുടങ്ങി...

“കണ്ണാ...നീ ഉറങ്ങിയോടാ..........”

ങേ...മുരളിയല്ലേ കണ്ണനെ വിളിക്കുന്നത്...ഇവന്റെ നടുവേദന ഇത്രപെട്ടെന്ന് മാറിയോ.. ഹൂ ഈസ് കണ്ണന്‍... ഞാന്‍ പതുക്കെയൊന്നു നോക്കി.

അതുശരി... നടുവിന്‍‌റെ ആക്സില്‍ ഒടിഞ്ഞാലും സൊള്ളലിന്‍‌റെ ആക്സിലറേറ്റര്‍ മുറുക്കാന്‍ ഒരു കൊഴപ്പവുമില്ല കൊശവന്........ആരാണാവോ മറുതലയ്ക്ക്....

“ചക്കീ... ഉറങ്ങിയില്ലെ....”

ചക്കി??? അത് കണ്ണന്‍‌റെ വൈഫായിരിക്കും..!!!!!

“ഞാനോ...കൊള്ളാം..നീ താരാട്ട് പാടാതെ ഞാന്‍ ഉറങ്ങുമോ കുട്ടാ....“
അതു ന്യായം... ഈ ഇളം പ്രായത്തില്‍ താരാട്ടുകേട്ടില്ലേല്‍ പിന്നെപ്പൊഴാ...

“പിന്നെ..ഇന്നും ഞാന്‍ എഴുതി നിനക്കുവേണ്ടിയൊരു കവിത....ചൊല്ലാനോ..ഇപ്പൊ ഇല്ല..നാളെ.. ഉം ഉം...നാളെ..”

‘ആരാ നിങ്ങള് വാലിയക്കാരാ പേരെന്താടാ.. കൂടെക്കാണുന്നാരാ പെണ്ണ് വീടരാണോ’ എന്ന മാപ്പിളരാമായണം ആണോടാ നീ ഇന്ന് എഴുതിയത്...

“സ്വപ്നലോകത്തില്‍...അതേ. നീയും ഞാനും മാത്രമുള്ള ആ സ്വപ്നലോകം.. എന്താ...ഇല്ല...വേറെ ആരുമില്ല അവിടെ...ഷുവര്‍”

ഛേ!!!.കം സേ കം ഒരു ചായക്കടക്കാ‍രന്‍ എങ്കിലും വേണ്ടേടാ....

“പോകാം..എങ്ങോട്ടാണെന്നോ.. ഭൂമിയും സൂര്യനും കടന്ന്..മില്‍ക്കിവേയും സകല ഗ്യാലക്സികള്‍ക്കുമപ്പുറത്ത്... അവിടെ ഉണ്ടാവും നമുക്കൊരു ഗ്രഹം.. അവിടെ നിന്‍‌റെ കണ്ണുകള്‍ക്ക് എന്നും ഉത്സവം..കാതുകള്‍ക്ക് എന്നും ഉത്സവം..”

“തിരിച്ചുവരുമ്പോ ഉത്സവപ്പറമ്പീന്ന് എനിക്കൊരു അമ്മാവാബലൂണ്‍ കൊണ്ടുവരണേടാ..കൊറെ നാളായി ആ സാധനമൊന്നു കണ്ടിട്ട്....”

“ഇങ്ങേരുറങ്ങിയില്ലേ....!!!!!!!!” കറണ്ടടിച്ചപോലെ മുരളി ഞെട്ടിത്തിരിഞ്ഞു...

“അന്യഗ്രഹത്തില്‍ പോകാന്‍, നീയിങ്ങനെ റോക്കറ്റിനു തീ കൊടുക്കുമ്പോ, ഞാനെങ്ങനെയുറങ്ങുമനിയാ.... ക്വയറ്റ് ഇമ്പോസിബിള്‍ നാ......”

“കൊടും ക്രൂരാ....കാമുകിയോടൊന്നു സല്ലപിക്കാനും സമ്മതിക്കില്ല.... അത്രയ്ക്ക് അസൂയ ആണേലേ..ചേച്ചിയോട് സൊള്ള്...ഹല്ലപിന്നെ...” മുരളി ചുവപ്പുബട്ടന്‍ തപ്പി തിരിഞ്ഞുകിടന്നു.

“പിന്നല്ലാ...നീ മാത്രമങ്ങനെ റൊമാന്‍‌റിക്ക് ആയാല്‍ പോരല്ലോ.... ലെമ്മീ കോള്‍ മൈ ഭൈമി....” പ്രിയതമയുടെ നമ്പര്‍ ഡയലി...


“ഹലോ........” ഒട്ടും റൊമാന്‍‌റിക്കല്ലാത്ത ഉറക്കച്ചടവ് ഹലോ.....”എന്താ മാഷേ....”

“ഈസിന്റ് ദെയര്‍ സംതിംഗ് ബിറ്റ്‌വീന്‍ അസ് ടൂ...പ്രിയാ....?....”

“എന്തോന്ന്??? “

“നമുക്കിടയിലും എന്തോ ഒന്നില്ലേ പ്രിയേ.....”

“മാഷെന്താ പാതിരാത്രിയില്‍ കോണ്ടത്തിന്‍‌റെ പരസ്യമെഴുതുവാണോ.. പോയി കെടന്നുറങ്ങ്........” ഹോ..ഫോണ്‍ കട്ടുചെയ്യുന്നതിനു ഇത്ര ശബ്ദമോ....

“തൃപ്തിയായി ഗോപിയേട്ടാ....” കുലുങ്ങിച്ചിരിക്കുന്ന മുരളിയോട് പറഞ്ഞു ഞാന്‍ പുതപ്പ് വലിച്ചിട്ടു....



റിംഗ് ടോണ്‍ കേട്ടപ്പോള്‍ പകുതി ഉണര്‍ന്ന് മയക്കത്തോടെ ഫോണെടുത്ത് ചെവിയില്‍ വച്ചു..

“കുട്ടാ....ഇതാ കട്ടന്‍.....നേരം വെളുത്തു......മധുരം ഇന്നെങ്ങനെ???” ഒരു മധുരനാദം...

ങേ...ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ മൊബൈലില്‍ കൂടി കട്ടന്‍‌കാപ്പിയൊ.. ബാക്കി ഉറക്കം പമ്പ കടന്നു.

‘ഒട്ടും കുറയ്ക്കെണ്ടാ കുട്ടീ...എനിക്ക് ഷുഗറൊന്നും ഇതുവരെ ആയിട്ടില്ല..’ മനസില്‍ ഇത് കണ്ണുതുറന്നപ്പോഴാണ് അബദ്ധം മനസിലായത്.. ഫോണ്‍ എന്‍‌റെ അല്ല... !!!!

“എടാ മുരളി...എടാ...എടാ..ഇന്നാ കട്ടന്‍”

“ഹൂം...............” മുരളി പതുക്കെ മുരണ്ടു....”എനിക്ക് വേണ്ട ...”

“അങ്ങനെപറയാതെടാ...നിന്‍‌റെ പ്രിയതമ എയര്‍ടെല്ലിനു രണ്ടുരൂപ കൊടുത്തുണ്ടാക്കിയതാ.. പാവമല്ലേ..എടാ നിനക്ക് ഫോണെന്ന്...ഇങ്ങനേം ഒരു കെഴങ്ങന്‍ കാമുകനായിപ്പോയല്ലോടാ നീ..ഛേ....”

മുരളി ആഹ്ലാദത്തോടെ ചാടിയെണീറ്റ് മൊബൈലുമായി വെളിയിലേക്ക് പോയി

“വെളുപ്പാന്‍ കാലത്തെ ഇരുട്ട്.....കട്ടനുണ്ടല്ലോ കൂട്ട്.... നിന്റെയൊക്കെ ഒരു യോഗം. എന്‍‌റെയൊക്കെ വേണ്ടപ്രായത്തില്‍ ഇതുപോലൊരു കുന്ത്രാണ്ടമുണ്ടാരുന്നേല്‍...മുരളീ... നീയല്ലാ സാക്ഷാല്‍ മുരളികൃഷ്ണന്‍ വരെ ഔട്ടായേനേ....ഹും....ബൈഗോണ്‍ ഈസ് എ ബൈഗോണ്‍...” ഞാന്‍ കൈകള്‍ സ്‌ട്രെച്ച് ചെയ്തുകൊണ്ട് ബാത്ത്‌റൂമിലേക്ക് നടന്നു......

ഹോ...ഇതെന്താ.. ക്ലിയോപാട്രയുടെ കുളിമുറിയോ..

ബാത്ത് ടബ്.. അതിനിപ്പുറം സെമി ട്രാന്‍സ്പേരന്റ് പോളിത്തീന്‍ ഷീറ്റ്...ഇപ്പുറത്ത് ഷവര്‍.....പത്തുപേര്‍ക്ക് ഒന്നിച്ചുനിന്നു കുളിക്കാനുള്ള സ്ഥലം...


ഒരു രാജകീയ സ്നാനം തന്നെ നടത്തിയേക്കാം...എന്തിനു കുറയ്ക്കണം .....

ബാത്ത് ടബ്ബില്‍ ചാടിയാലോ... കുഞ്ഞുന്നാളില്‍ പാളയില്‍ കിടന്നതിനുശേഷം ഇതുവരെ ഇങ്ങനെയൊരു ചാന്‍സ് കിട്ടിയിട്ടില്ല..

ബട്ട്.... വെള്ളം എങ്ങനെ നിറയ്ക്കും....

കസ്തൂരാദി ഗുളികയുടെ ഡപ്പിപോലെ ലിക്വിഡ് സോപ്പിന്‍‌റെ രണ്ടു കുപ്പികള്‍ അരികിലിരിപ്പുണ്ട്... ഇതിന്‍‌‌റെ അളവെങ്ങനെയാണാവോ..

വേണ്ടാ....ഇനി മെഷര്‍മെന്‍‌റ് തെറ്റി സോപ്പൊഴിച്ച് വല്ല ചൊറിച്ചിലും വന്നാലോ..സോ...ഷവറില്‍ തന്നെ ആവാം സ്നാനം..

ടവ്വല്‍ ഉടുത്ത് ഷവര്‍ ടോപ്പിന്‍‌റെ നേരെ കീഴില്‍ നിന്നു..

ബഹിരാകാശ പേടകത്തിന്‍‌റെ കണ്‍സോള്‍ പൊലെ ബട്ടണുകളും ലിവറുകളും ഉണ്ട്... ഏതാണാവോ ഷവറിന്‍‌റെ പിടി.

ബട്ടണെല്ലാം അമര്‍ത്തി..... ലിവര്‍ എല്ലാം മൂന്നൂറ്റിയറുപത് ഡിഗ്രിയില്‍ കറക്കിനോക്കി..

ഞാന്‍ വിയര്‍ക്കുന്നതല്ലാതെ, ഷവര്‍ വരുന്നില്ല..!!!!

മുരളിയോട് ചോദിച്ചാലോ....?‘
ഡോണ്‍ ഡൂ... ഡോണ്‍ ഡൂ...’ എന്ന് ഈഗോ പറയുന്നു. ഒന്നുകൂടി ട്രൈ ചെയ്തേക്കാം...

‘ഹും....’ നോ രക്ഷാ യാ‍ര്‍....

ഇവന്മാര്‍ക്ക് ഒരു യൂസര്‍ മാനുവല്‍ വച്ചാലെന്താ കുഴപ്പം...എന്നെപ്പോലെയുള്ള ബി.പി.എല്‍ ഫെലോകള്‍ക്കായി....

‘കുളി നടക്കുമെന്നുതോന്നുന്നില്ല’ എന്നു വിചാരിച്ചപ്പോഴാണ് ടവറിനു താഴെയുള്ള പൈപ്പും ടാപ്പും ശ്രദ്ധയില്‍ പെട്ടത്..

‘ഗതിപെട്ടാല്‍ പുലി തലയും താഴ്ത്തും ‘ എന്നോര്‍ത്തുകൊണ്ട് ടാപ്പിന്‍‌റെ കീഴിലേക്ക് ആടിനെപ്പോലെ നിന്നു...

‘ഡീലക്സ് ലൈഫ് എനിക്കൊരു പൊതിയാത്തേങ്ങാ ആണല്ലോ ദേവാ..’ ചിരിച്ചുകൊണ്ട് ടാപ്പ് തുറന്നു...

ഇത്രയും വയസിനിടയില്‍ ഇങ്ങനെയൊരു നീരാട്ട് നടത്തിയിട്ടില്ല..താങ്ക്സ് നാണി....


സോപ്പ് തേക്കാന്‍ വേണ്ടി നാലുകാലില്‍ നിന്ന് രണ്ടുകാലില്‍ നിവരാന്‍ ശ്രമിച്ചപ്പോഴാണ്, ഗ്രഹപ്പിഴ പിടിച്ച എന്‍‌റെ ഉച്ചി ഐ.എസ്.ഐ മാര്‍ക്കുള്ള ടാപ്പിന്‍‌റെ മൂട്ടിലിടിച്ചത്..
“ഹമ്മേ!!!!!” തലയ്ക്ക് കൈവച്ച് അറിയാതെ കുത്തിയിരുന്നുപോയി...

നീരാട്ട് കഴിഞ്ഞു പതുക്കെ വാതില്‍ തുറന്നിറങ്ങി...

‘ഹാവൂ.......വിശാലാമായി ഒന്നു കുളിച്ചു..അതും ബാത്ത്ടബ്ബില്‍...ഹോ..ടോടല്‍ ഫ്രെഷ് ആയെടാ..ടോടല്‍ ഫ്രഷ്..” ചിരി വളിക്കാതിരിക്കാന്‍ മാക്സിമം കണ്ട്രോള്‍ ചെയ്തു മുരളിയെ നോക്കി..

“എന്നാ ഇനി ഞാനുമൊന്നു ഫ്രഷ് ആവട്ട്....കഴിഞ്ഞ മാസം ഹോട്ടല്‍ മൌര്യയില്‍ കുളിച്ചേപ്പിന്നെ......“

“ഇതേവരെ കുളിച്ചിട്ടില്ല... എന്നാ വേഗം ചെല്ല്......ചെല്ല്....” ഞാന്‍ മുടി ചീകി തുടങ്ങി..

“അയ്യോ..ഏട്ടന്‍‌റെ പുറത്തു ദാ സോപ്പുപത.. ടബ്ബില്‍ ആദ്യമായി കുളുക്കുവാ അല്ലേ....” ഇങ്ങനെ അങ്ങ് ഇളിക്കാതെടാ...സോപ്പുപത കൈലികൊണ്ട് തുടച്ചു ഞാന്‍ മുഖം തിരിച്ചു...

മൌര്യ...ഹോളിഡേ ഇന്‍...അശോക...അടുത്ത ജന്മം ഒരു ജേണലിസ്റ്റ് ആവണം...പലതും ചെയ്യാന്‍ ബാക്കിയുണ്ട്....ഈ ജന്മത്തില്‍ ഇമ്പോസിബിള്‍ ആയ പലതും...ഉദാഹരണത്തിന് ഈ മുരളിയെപോലെ.....

“ഹമ്മോ!!!!!!!!!!!!!!!!!!!!!!!!!!!!!!!”

ബാത്ത്‌റൂമില്‍ നിന്നല്ലേ ആ ഒച്ച...ഉച്ചിയിടിച്ചപ്പോള്‍ എനിക്കീ ഒച്ചയായിരുന്നല്ലോ..

മുരളി പ്രാഞ്ചിപ്രാഞ്ചി പുറത്തു വന്നു.. ‘ഒന്നു മുഖം തിരിക്കു മനുവേട്ടാ..ഞാന്‍ ഉച്ചിയൊന്നു തടവട്ടെ’ എന്ന് ആ കണ്ണുകള്‍ ദൈന്യത്തോടെ പറയുന്നുണ്ട്...

“നീയും ടബ്ബിലാണോ കുളിച്ചത് മുരളീ....”

“ബിന്നല്ലാതെ...” ഞരങ്ങ് ഞരങ്ങ്....


“ഫ്രഷായോ.....”

“എപ്പോ ആയെന്നു ചോദിച്ചാ മതി....” പുറത്തെ ശ്രീലങ്ക മാപ്പുപോലെയുള്ള സോപ്പുപത മുണ്ടുകൊണ്ട് തുടച്ചുകൊണ്ട് മുരളി..

ഡിംഗ് ഡോംഗ്...

കോളിംഗ് ബെല്‍...

“യെസ് കമിന്‍........”

“ഹെല്ലോ ചേട്ടായീ...... “ സിമി ചിരിച്ചുകൊണ്ട് വാതില്‍ തുറന്നു

‘ബ്ലിം..................!!!!”

എന്തോ കൊഴിഞ്ഞുവീണ ശബ്ദ കേട്ട്, ചിരിച്ചമുഖം വളിച്ചതാക്കി പുള്ളി തറയിലേക്ക് നോക്കി..

ഈശോയേ.... ഇന്നലെ ഞാന്‍ കൊളുത്തിയിട്ട ചങ്ങല പൊട്ടി താഴെ വീണിരിക്കുന്നു....

എങ്ങനെ ചമ്മണമെന്നു ഞാനും എങ്ങനെ ചമ്മാതിരിക്കണമെന്ന് സിമിയും ഒരേപോലെ ചിന്തിച്ച അസുലഭനിമിഷം..

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ മൂന്നുപേരും പുറത്തേക്കിറങ്ങി..

സിമി ബില്ല് ക്ലിയര്‍ ആക്കുമ്പോള്‍ വെറുതെ റിസപ്ഷനിലെ സുന്ദരിയോടെ കുറച്ചു നാട്ടുവിശേഷം പറയാം എന്നുകരുതി ഞാനും മുരളിയും അപ്പുറവും ഇപ്പുറവുമായി നിന്നു..

“ഏതിന്‍‌റെയാ ഈ എഴുന്നൂറു രൂപ “ ബില്ലില്‍ നോക്കി സിമി..

“അത് സര്‍....” സുന്ദരി ആതിഥ്യമര്യാദയോട് പുഞ്ചിരിച്ചു “റൂമിലെ ഡോര്‍ ചെയിന്‍ ഡാമേജായിരുന്നു... അതിന്‍‌റെ ചാര്‍ജ്ജ്....”

“ദി ഇസീസ് ഫോര്‍ മച്ച് യാര്‍ “ അറിയാതെ ഞാന്‍ താടിയുഴിഞ്ഞുപോയി.....

വിസിറ്റേഴ്സ് കോളത്തില്‍ ഞാന്‍ എഴുതി...’ഫാബുലസ്...ഡെലീഷ്യസ്..മജെസ്റ്റിക്..സൂപ്പര്‍സൊണിക്....”

മുരളി എന്താണെഴുതുന്നത്...ഞാന്‍ ഏറുകണ്ണിട്ട് നോക്കി...

‘ബാത്ത്‌റൂമില്‍ ഒരു ബക്കറ്റും മഗ്ഗും ഉണ്ടെങ്കില്‍ വളരെ ഉപകാരമായേനെ...”



തിരുവനന്തപുരംബസ്സിന്‍‌റെ വാതില്‍ക്കല്‍ നിന്നപ്പോള്‍ മുരളിയുടെ കണ്ണില്‍ വിടവാങ്ങലിന്‍‌റെ മൂകത..

“ഏട്ടാ...ഇനി എന്നാ.....”

“കാണാമെടാ..ഇഷ്ടം പോലെ സമയം കിടക്കുവല്ലേ... ഇതുപോലെയുള്ള നല്ല മനസുള്ളവര്‍ ഇനിയുമെഴുതട്ടെ..പുസ്തകം പ്രകാശിപ്പിക്കട്ടെ.. കാണാം...കൂടാം...തകര്‍ക്കാം..തലമുഴപ്പിക്കാം...” ഞാന്‍ പുഞ്ചിരിച്ചു...

“ഒരുപാട് സന്തോഷമായി എനിക്ക്..”

“മീ റ്റൂ... നീ ഇനി എങ്ങോട്ടാ..നേരേ കൊച്ചിക്കോ അതോ....”

“ഇല്ലേട്ടാ... കടലൊക്കെ ഒന്നു കണ്ട് ഉച്ചയാവുമ്പൊഴേക്ക് പോകണം..”

“കടല്‍ത്തീരത്തൂടെ സൂക്ഷിച്ച് നടക്ക്..വല്ല മുക്കുവ പെണ്‍പിള്ളേരും നിന്നെ അടിച്ചുമാറ്റാതെ നോക്കിക്കോണം...”

“ഹേയ്... എനിക്കുള്ള മുക്കുവത്തിയെ ഞാന്‍ എന്നേ കണ്ടെത്തി....നല്ല മുത്തുപോലുള്ള ഒരു മുക്കുവത്തി..” മുരളിയുടെ കണ്ണുകളില്‍ കന്യാകുമാരിയിലെ സൂര്യോദയം....

“കുറെ നാളായി സദ്യയിലെ പ്രഥമന്‍ വടിച്ചുനക്കി പുറകെ നാരങ്ങാ അച്ചാറു തൊട്ടുകൂട്ടുന്ന ആ ഒരു സുഖം അറിഞ്ഞിട്ട്...ജല്‍ദി കരോ ശാദി...”

“ഹോ ജായേഗാ..........”

വണ്ടി കുലുങ്ങിക്കുലുങ്ങി നീങ്ങി...

“മുങ്ങാങ്കുഴിയിട്ട് മുങ്ങിക്കളിച്ചപ്പോ
മുക്കുവച്ചെക്കനു മുത്തുകിട്ടി.....മിന്നി
മിന്നിത്തിളങ്ങണ മുത്തുകിട്ടി...
മുത്തെടുത്തുമ്മവച്ചേ........

കാണാമറയത്തോളം മുരളിയുടെ കൈ ഉയര്‍ന്നുതന്നെ നിന്നു...........