Monday 8 October 2007

അളിയാ.. ഗോള്‍ഗപ്പ..

ചേര സാമ്രാജ്യത്തു ചെന്നാല്‍ സെന്‍ട്രല്‍ പീസ്‌ കഴിക്കുക എന്നതാണു അന്നും എന്നും എന്‍റെ പോളിസി. പണ്ടൊരമ്മാവന്‍ അമേരിക്കയില്‍ ചെന്ന് മരുമകളോട്‌ 'കപ്പപ്പുഴുക്ക്‌ താ കത്രീനേ അല്ലെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ്‌ താ' എന്ന് ഭീഷണിപ്പെടുത്തിയ അവസ്ഥയൊന്നും ഒരുകാലത്തും എനിക്കുണ്ടായിട്ടില്ല. തമിഴ്‌ നാട്ടില്‍ ചെന്നാല്‍ തൈരു സാദം, ഡല്‍ഹിയിലായാല്‍ ആലൂ പൊറോട്ടയും തൈരും, സ്വദേശത്തായാല്‍ ഇഡ്ഡലി വിത്ത്‌ ചട്‌ണി, പൊറോട്ട വിത്ത്‌ പൊരിച്ച പോത്ത്‌ എന്നിങ്ങനെ 'അവൈലബിലിറ്റി ഈസ്‌ ദി മതര്‍ ഓഫ്‌ സ്റ്റൊമക്ക്‌' എന്ന് രീതി.

ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്‌, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ്‌ ആയിട്ടും, പ്രിയപത്നിക്ക്‌ എന്നോട്‌ അല്‍പം മതിപ്പുള്ളത്‌. "പച്ചരി പുഴുങ്ങിക്കൊടുത്താലും ഇതിയാനു നോ പ്രോബ്ളം.. ഒരു പരാതിയുമില്ലമ്മേ.." എന്ന് ട്രഡിഷണല്‍ വൈരിയായ എന്‍റെ അമ്മയോട്‌ പോലും പലതവണ അവള്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌..

തലവര തലസ്ഥാനത്തേക്ക്‌ എന്നെ തള്ളിവിട്ട നാളില്‍ തന്നെ, നോര്‍ത്തിന്‍ഡ്യന്‍ 'ഖാന'യെ ഇഷ്ടപ്പെടാന്‍ ഞാന്‍ പഠിച്ചു. ഇഷ്ടമില്ലാത്ത പെണ്ണിനെ കെട്ടിയ മുഖഭാവത്തോടെ മറ്റുള്ള 'ജസ്റ്റ്‌ ഇമ്പോര്‍ട്ടഡ്‌ മലയാളെപ്പയന്‍മാര്‍' തന്തൂരി റൊട്ടിയും 'ഡാല്‍ ഫ്രൈ'യുമൊക്കെ മുഖം ചുളിച്ചു കഴിച്ചപ്പോള്‍, ഞാന്‍ 'എന്തൊരു രുചി, എല്ലാം പോസിറ്റീവ്‌' എന്നമട്ടില്‍ വെട്ടിവിഴുങ്ങി.

അധികം വൈകാതെ തന്നെയാണു, 'ഗോള്‍ ഗപ്പ' എന്ന ഉത്തരേന്ത്യന്‍ സാധനം എന്‍റെ ഹൃദയം കവര്‍ന്നെടുത്തത്‌. ഗോതമ്പുകൊണ്ടുള്ള ചെറിയ ഹോളോ ബോളിനു മുകളില്‍, കൈ കൊണ്ട്‌ ഒരു ഹോളിട്ട്‌, അതിനകത്ത്‌, പുഴുങ്ങിയുടച്ച ഉരുളക്കിഴങ്ങ്‌ ഒരുനുള്ളിട്ട്‌, ആദ്യം ശര്‍ക്കര വെള്ളം, പിന്നെ മറ്റെന്തോ വെള്ളം ഒടുവില്‍ കൈകൊണ്ട്‌, ഗോളത്തെ, പുളിവെള്ളം നിറച്ചു വെച്ചിരിക്കുന്ന സ്റ്റീല്‍ കലത്തിലേക്ക്‌ 'ചാട്ട്‌ വാല' ഒരു മുക്കാണു. ഭിക്ഷക്കാരന്‍ പാത്രം പിടിക്കുന്ന മാതിരി ക്ളയന്‍ട്‌ നീട്ടുന്ന പ്ളേറ്റിലേക്ക്‌ ഒരു വപ്പ്‌.. അവനെ, നേരെ വായിലേക്കൊരീടില്‍. ഗുണ്ട്‌ പൊട്ടിക്കുന്ന മാതിരി വായിലിട്ടു തന്നെ ഒറ്റ പൊട്ടിക്കല്‍.. നേരെ അന്നനാളത്തിലേക്ക്‌ ഡയറക്റ്റ്‌ ത്രോ.. ഹായ്‌..എന്നാ ഒരു സുഖം. മധുരവും എരിവും പുളിയും ഒന്നിച്ച ആ രുചി, ശരീരത്തെ പിന്നെ അടിമുടി കോരിത്തരിപ്പിക്കും. പിന്നെ അടുത്ത ഗോളിനായുള്ള കാത്തു നില്‍പ്പ്‌, മറ്റു ക്ളയന്‍റുകള്‍ക്ക്‌ ടേണ്‍ അനുസരിച്ച്‌ കൊടുത്ത്‌ എന്‍റെ ഊഴം വരുന്ന വരെ.. ഒറ്റയടിക്ക്‌ പത്തു ഗോളം വരെ എടുക്കും. പിറ്റേന്നു ശോധന ശോഭനം എന്ന ആഡഡ്‌ അഡ്‌വാന്‍റേജ്‌ കൂടി..

ബാച്ചി പീരിയഡിലായിരുന്നു ഇവന്‍റെ സുഖം ഏറെയറിഞ്ഞത്‌. ഓഫീസ്‌ വിട്ടു വരുന്ന വഴിയില്‍, ബൈക്ക്‌ നിര്‍ത്തി, അതില്‍ തന്നെയിരുന്ന്, ഗോള്‍(ഗപ്പ) അടിച്ചും, കഴിക്കുന്നതിനിടയില്‍, തുരുതുരാ ഗോളടിക്കുന്ന ഉത്തരേന്ത്യന്‍ സുന്ദരിമാരെ കണ്ട്‌, കുഞ്ചന്‍ നമ്പ്യാര്‍ പാടിയപോലെ
"കുട്ടീ കുമ്മിണീ കുഞ്ഞിപ്പെണ്ണേ,
ഇട്ടിളയച്ചീ കോതേ ചിരുതേ,
ചക്കീ മാധവി കാളീ നീലീ
ചക്കച്ചാരുടെ മകളേ സീതേ
നിങ്ങളില്‍ ആര്‍ക്കെന്‍റെ കണ്ണുകള്‍ ദാനം ചെയ്യും എന്ന കണ്‍ഫ്യൂഷന്‍ അടിച്ചും നില്‍ക്കുന്ന ആ ഒരു സുഖം..ഹോ...അവര്‍ണ്ണനീയം.

എന്‍റെ ഭാര്യാസഹോദരന്‍, അതായത്‌ എന്‍റെ സ്വന്തം അളിയന്‍, ശ്രീമാന്‍ കൊച്ചുമോന്‍ ഡല്‍ഹി വിസിറ്റ്‌ ചെയ്ത കാലം. ഏറ്റവും കുറഞ്ഞ കാലയളവില്‍, ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്ത്‌ ഗിന്നസ്‌ ബുക്കില്‍ കയറണം എന്ന മട്ടില്‍, കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെ സകല മലയാളക്കരയും , ചെന്നൈ, കോയമ്പത്തൂറ്‍, ബാംഗളൂറ്‍ തുടങ്ങിയ ഭാരതത്തിലെ ഒട്ടുമിക്ക ദേശങ്ങളും കറങ്ങിയടിച്ച്‌ അളിയന്‍ ഡല്‍ഹിയിലും കാലുകുത്തിയതാണു.

ഒരു കമ്പനിയില്‍ പത്തു ദിവസത്തില്‍ കൂടുതല്‍ ജോലിചെയ്താല്‍ എന്തോ ഒരിതുപോലെ..അതായിരുന്നു അളിയന്‍റെ അസ്ക്യത.

അമ്മായിയപ്പന്‍ പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു. "മോനേ..ഒരു കാരണവശാലും അവനെ അവിടുന്നു വിടരുത്‌. ഒരു ജോലി ഒപ്പിച്ചു കൊടുക്കണം. അതു കളഞ്ഞാല്‍ കരണക്കുറ്റിക്ക്‌ ഒന്നു പൊട്ടിച്ചേക്കണം. ലൈസന്‍സ്‌ ഞാന്‍ തന്നു കഴിഞ്ഞു.... "

ഭാര്യ ചായയിടാന്‍ പോയ ഒരു സായംസന്ധ്യയില്‍ , അളിയന്‍റെ സൈക്കോളജി ഒന്നു പഠിച്ചേക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..

"അളിയാ..പ്രായം ഒക്കെ ആയി വരുവാ. ഓര്‍ത്തോണം. എവിടെങ്കിലും ഉറച്ചു നില്‍ക്കണം പറഞ്ഞേക്കാം... "

"ഒക്കെ ശരിയാ അളിയാ..പക്ഷേ എനിക്ക്‌ സഹിക്കാന്‍ പറ്റാത്തതായി ഒരേ ഒരു കാര്യമേ ഉള്ളൂ ഈ ലോകത്ത്‌. ആത്മാര്‍ത്ഥതയില്‍ കീടനാശിനി തളിക്കല്‍. ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ അബ്ദുള്‍ കലാം ആണെങ്കിലും ഞാന്‍ വിടുകേല.. പിന്നല്ലേ ജോലി..... "

"എന്നാലും ആ കോട്ടയത്തെ, മാരുതി ഷോറൂമിലെ അസിസ്റ്റണ്റ്റ്‌ മാനേജര്‍ പണി കളഞ്ഞത്‌ ബുദ്ധിമോശമായി പോയി അളിയാ.. ഹോ.. വേറേ ആരെങ്കിലും ആണെങ്കില്‍ അതു ഉപേക്ഷിക്കുമോ.. "

"അതു പിന്നെ അളിയാ... ടെസ്റ്റ്‌ ഡ്രൈവിനു പോയവന്‍ പാണ്ടി ലോറി കണ്ടപ്പോള്‍, ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനു ഞാനെന്തു പിഴച്ചു.. ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്താല്‍ അബ്ദുള്‍....." ടി.വിയുടെ റിമോട്ട്‌ പിടിച്ചുകൊണ്ട്‌ അളിയന്‍ ആത്മര്‍ത്ഥമായി പറഞ്ഞു.

"മതി മതി...ഞാനിവിടെ ട്രൈ ചെയ്യാം..പക്ഷേ ഉറച്ചു നില്‍ക്കണം....പേരുദോഷം ഉണ്ടാക്കല്ല്.. "

"ക്ളീന്‍ ഡീലിംഗ്‌ ആണെങ്കില്‍ എനിക്ക്‌ നോ പ്രോബ്ളം..പക്ഷേ ക്ളീന്‍ ഡീലിംഗ്‌ ആവണം" ചായയുമായി വന്ന പെങ്ങളെ കണ്ടപ്പോള്‍, എഫ്‌.ടി.വി മാറ്റി ഏഷ്യാനെറ്റ്‌ വച്ചു കൊണ്ട്‌ അളിയന്‍ പറഞ്ഞു.

"മാഷ്‌ ഇവനൊരു നല്ലൊരു ജോലി കണ്ടു പിടിച്ചു കൊട്‌.. പരിചയക്കാരില്ലേ നെടുകേ.. എന്‍റടുത്തു നിന്ന് ഇവനെങ്ങും പോകില്ല...അല്ലേ കൊച്ചുമോനേ...." ഭാര്യ ആങ്ങളയെ ഒളികണ്ണിട്ടു നോക്കി പറഞ്ഞു.

രണ്ടു മൂന്ന് ഇന്‍റര്‍വ്യൂ പരിചയത്തിന്‍റെ പുറത്ത്‌ ശരിയാക്കി. ഒരെണ്ണം ഏകദേശം ഉറച്ചതുമാണു. "ക്യാ അപ്‌ ഫീല്‍ഡ്‌ വര്‍ക്ക്‌ കര്‍ സക്‌തേ ഹോ..." എന്ന ചോദ്യത്തിനു "ഓട്ടോമൊബൈല്‍ ഫീല്‍ഡ്‌ പിന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡ്‌" എന്ന് മറുപടി പറഞ്ഞതുകൊണ്ട്‌ അതു പോയി.

അങ്ങനെ തൊഴിലന്വേഷണവുമായി ഒന്നുരണ്ടാഴ്ച കടന്നുപോയപ്പോഴാണു പെട്ടെന്ന് അളിയനൊരു ഭാവമാറ്റം. വസന്ത പിടിച്ച കോഴിയെപോലെ ഒരു മന്ദത. മൂടിക്കെട്ടല്‍. ഒന്നും തുറന്നു പറയുന്നുമില്ല.

"മാഷവനോട്‌ സ്വകാര്യമായി ചോദിക്ക്‌ എന്താ പ്രശ്നമെന്ന്. എനിക്ക്‌ തോന്നുന്നു ഹോം സിക്ക്നസ്‌ ആണെന്ന്. അമ്മയെ പിരിഞ്ഞിരിക്കുമ്പോള്‍ അവനിങ്ങനെ ഉണ്ടാകാറുണ്ട്‌. ഞാന്‍ പലതവണ ചോദിച്ചിട്ടും ഒന്നുമില്ല ഒന്നുമില്ല എന്നു മാത്രം പറയുന്നു.. പാവം.. എന്തോ ഉണ്ട്‌ ഉറപ്പ്‌"

ഭാര്യയുടെ ധര്‍മ്മസങ്കടം കണ്ട്‌ ഞാന്‍ അളിയനെ പാര്‍ക്കിലേക്ക്‌ കൊണ്ടുപോയി.

ഒഴിഞ്ഞ സിമണ്റ്റ്‌ ബെഞ്ചില്‍ ഇരുന്നു. പതുക്കെ വിഷയം എടുത്തിട്ടു..

"അളിയാ.. ഞാനൊരു കാര്യം ചോദിച്ചാല്‍ തുറന്നു പറയണം. കിടന്നുരുളരുത്‌. അളിയനെ ഞാന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. എന്തോ വിഷമം അലട്ടുന്നപോലെ.. പറ.. സത്യം പറ. സഹോദരിയുടെ ഭര്‍ത്തവെന്ന നിലയിലല്ല, ഒരു സുഹൃത്തെന്ന നിലയില്‍ ചോദിക്കുവാ എന്താ കാര്യം.... ?"

"അത്‌..അളിയാ കുറച്ചു നാളായി പറയണം പറയണം എന്ന് കരുതുവാ..പക്ഷേ... ഒരു..ഒരു.. "

"എന്താണെങ്കിലും പറഞ്ഞോ..നോ പ്രോബ്ളം.. ഇനി ഞങ്ങളെ ബുദ്ധിമുട്ടിച്ച്‌ ഇവിടെ കഴിയണ്ട എന്ന തോന്നലാണെങ്കില്‍ പോലും മടിക്കാതെ പറ..സൊല്യൂഷന്‍ ഉണ്ടാക്കാം... "

"അത്‌... അത്‌...പറയട്ടെ..." ടീ ഷര്‍ട്ടില്‍ വീണ പക്ഷികാഷ്ഠം ഞെരടി എടുത്തുകൊണ്ട്‌ അളിയന്‍ പറഞ്ഞു "എനിക്കൊരു നൂറു മില്ലി അടിച്ചാല്‍ കൊള്ളാമെന്നുണ്ട്‌.....അതെങ്ങനെ അളിയനോട്‌ പറയും എന്നായിരുന്നു കണ്‍ഫ്യൂഷന്‍.... "

അണുയുദ്ധം സോള്‍വ്‌ ചെയ്യാന്‍ പോയവന്‍ എലിപ്രശ്നമാണു വിഷയം എന്നു കേട്ടപ്പോള്‍ ഉണ്ടായ ഒരു വളിപ്പെനിക്ക്‌...

"ഇത്രേ ഉള്ളോ..ഛെടാ..ഇതാണോ അളിയന്‍ ഇത്ര നാള്‍ മനസില്‍ കൊണ്ടു നടന്നത്‌....മോശം..ഒരു വാക്ക്‌ പറഞ്ഞാ പോരാരുന്നോ....ഉടന്‍ തന്നെ പൊയ്ക്കളയാം..ആഹാ.. ഉം. അളിയന്‍റെ നോറ്‍മല്‍ കപ്പാസിറ്റി എത്രയാ... ?"

"ഒറ്റയിരുപ്പിനു ഹാഫ്‌ ബോട്ടില്‍ ഈസിയായി പൊക്കോളും..... "

"കണ്ടാല്‍ അത്ര പറയില്ലല്ലോ അളിയാ. ഇന്നു തന്നെ കൊതി തീര്‍ത്തേക്കാം. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടല്ലോ അളിയാ.. ഭാര്യ ഇതറിഞ്ഞാല്‍ ഇടിനാശോം വെള്ളപ്പൊക്കോം ഉണ്ടാക്കും. നിങ്ങളോ നശിച്ചു ഇനി എന്‍റെ ചെറുക്കനേക്കൂടി നശിപ്പിക്ക്‌ എന്ന് പറഞ്ഞു തുള്ളും.. "

"അത്‌ സാരമില്ലളിയാ. ഒരു വിക്സ്‌ മിട്ടായി കഴിച്ചാ മതി... മണമടിക്കുകേല... "

"ടെക്നോളജിയില്‍ അളിയന്‍ ഭയങ്കര അഡ്‌വാന്‍സാണല്ലോ.... "

അളിയനെ താഴെ നിര്‍ത്തി, ബൈക്കിന്‍റെ ചാവി എടുക്കാന്‍ ഞാന്‍ മുറിയിലേക്കോടി..

"സംസാരിച്ചോ മാഷേ... അവന്‍ പറഞ്ഞോ വല്ലതും...എന്താ പ്രോബ്ളം.." കതകു തുറന്നു ഭാര്യ ചോദിച്ചു..

"സിമ്പിള്‍..വെറും നിസാരം..ഛേ..നമ്മള്‍ വെറുതേ ഓരോന്നു വിചാരിച്ചു കൂട്ടി.." ഡ്രായര്‍ തുറന്ന് ചാവിയെടുത്തു ഞാന്‍ പറഞ്ഞു...

"എന്താ അവന്‍ പറഞ്ഞെ... "

"അതേ.. അളിയനൊരു അണ്ടര്‍വെയര്‍ വാങ്ങണമെന്ന്. ഭാഷയറിയാത്തതുകൊണ്ട്‌ കടയില്‍ പോയി വാങ്ങാനും മടി, അതു നമ്മളോട്‌ പറയാനും മടി...... "

"പാവം.. അവന്‍ പണ്ടേ ഇങ്ങനാ മാഷേ. വല്ലാത്ത നാണം കുണുങ്ങി.. കഷ്ടം.. "

"അതേ..വെറും പാവം പയ്യന്‍.. ഇത്രയും നല്ലവനായ..ഒരു ദുശ്ശീലവും ഇല്ലാത്ത ഒരളിയനെ കിട്ടിയ ഞാന്‍ സത്യത്തില്‍ ഭാഗ്യവാനാ..." ലൈസന്‍സ്‌ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ ഞാന്‍ പറഞ്ഞു..

ഭാര്യ സ്വന്തം പേഴ്സ്‌ തുറന്ന്, നൂറു രൂപയെടുത്തു നീട്ടി
"ദാ മാഷേ.. മൂന്നെണ്ണം വാങ്ങിച്ചോ..പാവം.. "

"അയ്യോ..എന്തിനാ മൂന്ന്..അളിയന്‍ അത്‌ വളരെ അപൂര്‍വമായല്ലേ ഉപയോഗിക്കാറുള്ളൂ..എന്തിനു വെറുതെ കാശ്‌ കളയണം പെണ്ണേ.... "

"അല്ല വേണം.. എന്‍റെ ഒരു സന്തോഷത്തിനു... "

"ഒ.കെ..നിന്‍റെ ഇഷ്ടം.." അമ്മായിയപ്പന്‍ റബ്ബര്‍ഷീറ്റ്‌ വിറ്റ വകയില്‍ രണ്ട്‌ പെഗ്ഗടിക്കാനുള്ള ചാന്‍സ്‌ എന്തിനു കളയണം എന്നോര്‍ത്ത്‌ ഞാന്‍ പണം വാങ്ങി..

"നല്ല ബ്രാന്‍ഡ്‌ തന്നെ വാങ്ങണേ മാഷേ.. "

"അതു പിന്നെ പറയണോ... ഇക്കാലത്ത്‌ ലോക്കല്‍ ബ്രാന്‍ഡ്‌ ആരാ ഉപയോഗിക്കുന്നത്‌..." ഭാര്യയുടെ മൂക്കില്‍ ഒന്നു നുള്ളി ഞാന്‍ പറഞ്ഞു..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ അളിയനെ പുറകില്‍ ഇരുത്തി നീങ്ങാന്‍ തുടങ്ങിയപ്പോഴാണു, ഭാര്യയുടെ നിരന്തരമായ ചീത്തവിളിക്കിടയില്‍ നിന്ന് ഒരു കൊമേഴ്സ്യല്‍ ബ്രേക്കെടുത്ത്‌ 'ഇനി ഇത്തിരി കാറ്റു കൊണ്ടിട്ടു വന്നിട്ടാവാം ബാക്കി ചീത്തവിളി കേള്‍ക്കല്‍' എന്ന തീരുമാനവുമായി, എന്‍റെ അയല്‍വാസി അംബുജാക്ഷന്‍ ചേട്ടന്‍ മുന്നില്‍ വന്നു പെട്ടത്‌.

"അളിയനും അളിയനും കൂടി എങ്ങോട്ടാ..... "

"ഡി. ബ്ളോക്ക്‌ പാര്‍ക്കില്‍ ഒരു സൈക്കിള്‍ യജ്ഞക്കാരന്‍ വന്നിട്ടുണ്ട്‌ എന്നറിഞ്ഞു. ഒന്നു കണ്ടു കളയാം എന്ന് വച്ചു.. ചേട്ടന്‍ വരുന്നോ..എങ്കില്‍ പുറകിലോട്ട്‌ കേറിക്കോ....." ഞാന്‍ പറഞ്ഞു.

"ഓ...അതിലും വലിയ യജ്ഞം അല്ലേ ഞാന്‍ വീട്ടില്‍ ചെയ്യുന്നത്‌.. "

വണ്ടി ബ്രിജ്‌വിഹാര്‍ ജംഗ്ഷനില്‍ എത്തിയപ്പോഴാണു അളിയന്‍ ആ ചോദ്യം ചോദിച്ചത്‌..
"അതെന്താ അളിയാ അവന്‍മാരു തിന്നുന്നത്‌.. ദാ അവിടെ.. "

"അതാ അളിയാ ഗോള്‍ ഗപ്പ.. പറപ്പന്‍ സാധനം.. ഒന്നു ടേസ്റ്റ്‌ ചെയ്ത്‌ നോക്കുന്നോ...അളിയന്‍ ഇതുവരെ കഴിച്ചിട്ടില്ലല്ലോ....ചലോ.. ഗോള്‍ കഴിച്ചിട്ടാവാം വീശല്‍... "

വണ്ടി ഞാന്‍ 'ചാട്ട്‌ വാല' യുടെ അടുത്ത്‌ നിര്‍ത്തി.. രണ്ട്‌ പ്ളേറ്റിനു ഓര്‍ഡര്‍ കൊടുത്തു..

ഗോള്‍ഗപ്പയുടെ മാനുഫാക്ചറിംഗ്‌ രീതി കൌതുകത്തോടെ അളിയന്‍ നോക്കി നിന്നു.. അവസനാത്തെ ഇനമായ കൈയിട്ടു മുക്കല്‍ കണ്ടപ്പോള്‍ അളിയന്‍ പറഞ്ഞു.. "ഹോ..ഇതിലും ഭേദം അവന്‍ അതില്‍ മുങ്ങിയിട്ട്‌ ആ വെള്ളം കുടിപ്പിക്കുന്നതാരുന്നു.. ഛേ..ഇതെങ്ങനെ കഴിക്കുമളിയാ... "

"ഏയ്‌...അളിയനു തോന്നുന്നതാ..അടിപൊളി സാധനമാ അളിയാ.. ദാ ഇങ്ങനെ അങ്ങു കഴിക്കുക..." ഒരു ഗോള്‍ വായിലേക്കിട്ട്‌ ഞാന്‍ കാണിച്ചു.. "ഹായ്‌..എന്തു രുചി... "

അളിയന്‍ ആദ്യത്തെ ഗോളെടുത്തു.. കിക്ക്‌ ചെയ്യാന്‍ തുടങ്ങി..

വായിലേക്കൊറ്റ ഇടീല്‍.......

"പീം...........ഗ്‌..." വല്ലാത്ത ഒരു ശബ്ദം പുറത്തു വന്നു.

വെള്ളം നിറച്ച ബലൂണ്‍ പൊട്ടിയപോലെ ചുണ്ടിലെ രണ്ടു സൈഡില്‍നിന്നും പുളിവെള്ളം ചീറ്റുന്നത്‌ ഞാന്‍ കണ്ട്‌...

"ഊ................യ്‌........" വെപ്രാളത്തോടെ തലയില്‍ കൈയിടിച്ച്‌ ഒരൊട്ട ഓട്ടം...

"ദൈവമേ.. അളിയനെന്തു പറ്റി.. " ആകെയുള്ള അളിയനല്ലേ..കൂടെ ഓടിയില്ലെങ്കില്‍ മോശമല്ലേ എന്നു കരുതി
"എന്തുപറ്റിയളിയാ.." എന്നലറി പുറകെ ഞാനും ഓടി..

പത്തു വാര ഓടിയപ്പോള്‍ അളിയനെ കാണുന്നില്ല... 'ഈ അളിയന്‍ എവിടെ?'

"ഹീയോ................................ " രോദനം പുറകില്‍നിന്ന്

'അതിനിടയ്ക്ക്‌ റിവേഴ്സ്‌ ഗീയര്‍ ഇട്ടോ... " മരണപ്പാച്ചില്‍ നടത്തി അളിയന്‍ സ്റ്റാര്‍ട്ടിംഗ്‌ പോയിന്‍റില്‍ എത്തി..

കൊച്ചു കുട്ടികള്‍ കളിപ്പാട്ടത്തിനു നിര്‍ബന്ധം പിടിച്ച്‌, തുള്ളുന്നപോലെ, രണ്ടും കാലും ഒരുമിച്ച്‌ പൊക്കി അളിയന്‍ തുള്ളുന്നു.

"ങയ്യോ...ഞാനിപ്പോ ചാവുമേ... ഊ....... "

"തലമണ്ടേള്‍ കയറിയോ അളിയാ..." ഞാന്‍ തലയില്‍ കൈകൊണ്ട്‌ അടിച്ചു ചോദിച്ചു..

"മണ്ടേ മാത്രം കയറിയിരുന്നേല്‍ കുഴപ്പമില്ലാരുന്നു. അയ്യോ..ഇനി കേറാന്‍ ഒരിടവും ബാക്കിയില്ലളിയാ..... അയ്യോ.....ചാവുമേ...." ഞരങ്ങി ബുദ്ധിമുട്ടി ഇത്രയും അളിയന്‍ പറഞ്ഞു..

ചാട്ടുവാലയും, സഹ ഗോളന്‍മാരും ഓടിവരുന്നു..

ദൈവമേ ജോലിക്കു വന്ന അളിയനെ മഞ്ഞുപെട്ടിയിലാക്കി മടക്കിയയക്കേണ്ടിവരുമോ..ഞാന്‍ ആകെ പകച്ചു..

അളിയനെ പെട്ടെന്ന് ബൈക്കിനു പുറകില്‍ ഇരുത്തി ഞാന്‍ റൂമിലേക്ക്‌ പറന്നു... വലിച്ച്‌ കയറ്റി കതകില്‍ മുട്ടി..

"എന്തുപറ്റി മോനേ...കൊച്ചുമോനേ..." ഭാര്യ നിലവിളി തുടങ്ങി....

അളിയന്‍ മൂക്കും വായും പൊത്തിപിടിച്ച്‌ അടുക്കളയിലേക്ക്‌ ഒരൊട്ട പാച്ചില്‍.. 'സോറി കക്കൂസ്‌ ഇതല്ലല്ലോ..' എന്ന് തിരിച്ചറിഞ്ഞു നേരേ കക്കൂസിലേക്ക്‌....

തൃശ്ശൂറ്‍ പൂരത്തിലെ മാലപ്പടക്കം പോലെ, ഉയര്‍ന്നും, താണും ചീറ്റിയും പലപല ശബ്ദങ്ങള്‍ കക്കൂസില്‍ നിന്നുയര്‍ന്നപ്പോള്‍ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു.

"എന്താ നിങ്ങളെന്‍റെ ചെറുക്കനു വാങ്ങിക്കൊടുത്തത്‌..പറ..കള്ളുകുടിപ്പിച്ചോ....ദൈവമേ...കൊച്ചുമോനേ.....എടാ കൊച്ചുമോനേ..എന്തെങ്കിലും നീയൊന്നുപറ.." അവള്‍ കക്കൂസിനെ ലക്ഷ്യമാക്കി ഉറക്കെ വിളിച്ചു പറഞ്ഞു..

അളിയന്‍റെ വായില്‍ നിന്നുള്ള വോയ്സ്‌ കേള്‍ക്കാന്‍ പറ്റിയില്ല..

പത്തടി ചേറില്‍ വീണ കള്ളുകുടിയനെപ്പോലെ ഒടുവില്‍ അളിയന്‍ കാലുകള്‍ നീട്ടി നെട്ടി വച്ച്‌ സ്ളോ മോഷനില്‍ വന്ന്, കട്ടിലിന്‍റെ മൂലയില്‍ ഇരുപ്പുറപ്പിച്ചു. കൈരണ്ടും കാല്‍മുട്ടിലേക്ക്‌ വച്ചു കുനിഞ്ഞു, യോഗ സ്റ്റൈലില്‍...

"ഗ്ളിക്ക്‌....." ഇക്കിളും പിടികൂടി..

"എങ്ങനെയുണ്ടളിയാ..വല്ല കുഴപ്പവും.. "

"ഒന്നും ഗ്ളിക്ക്‌...പറയാറായിട്ടില്ലളിയാ...ഗ്ളിക്ക്‌...." നെഞ്ചുതടവി മറുപടി..

"ശ്ശെടാ.. ഒരു ഗോള്‍ഗപ്പ കഴിച്ചപ്പോഴേക്കും ഇങ്ങനെയായൊ... എന്താ പറ്റിയേന്നൊരുപിടിയും കിട്ടുന്നല്ലല്ലോ.. "

ആദ്യത്തെ മോഷനില്‍ കോണ്‍ഫിഡന്‍സ്‌ പോരാഞ്ഞ്‌, അടുത്ത എപിസോഡിനായി അളിയന്‍ കക്കൂസിലേക്ക്‌ മരണപ്പാച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍, മൌനം പൂണ്ടിരിക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു...

"മാഷിനു ഫീലു ചെയ്തോ.. സോറി... ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഫീലു ചെയ്തോ... "

"ഏയ്‌....... "

"പിന്നെന്താ ഒരു മൌനം.... "

"അല്ല..ഞാനോര്‍ക്കുവാരുന്നു..നിന്‍റെ ആങ്ങളയ്ക്ക്‌ ഞാനൊരു ഗോള്‍ഗപ്പ വാങ്ങിക്കൊടുത്തപ്പോള്‍ നീ ഇങ്ങനെയായി... ആ നിലയ്ക്ക്‌ നിന്‍റെ അച്ഛനു ഞാനൊരു തന്തൂരി റൊട്ടി വാങ്ങിക്കൊടുത്താല്‍ എന്തായിരിക്കും അവസ്ഥയെന്ന്.... "

രണ്ടാഴ്ച കഴിഞ്ഞു അളിയന്‍ ഡല്‍ഹി വിട്ടു.

ബാംഗ്ളൂരിലെ എം.എന്‍.സിയില്‍ പുതിയതായി കിട്ടിയ ജോലിയില്‍ നിന്ന്, എട്ടാം ദിവസം വി.ആര്‍.എസ്‌ എടുത്ത്‌, വീട്ടില്‍ വന്ന് സൂര്യ ടി.വിയിലെ തരികിട കണ്ടിരിക്കുന്ന അളിയനെ ഈയിടെ ഞാനൊന്നു വിളിച്ചു..

"അളിയാ... ഒന്നും ശരിയാവുന്നില്ലെങ്കില്‍ നമുക്ക്‌ ഡല്‍ഹിയില്‍ ഒന്നുകൂടെ ശ്രമിക്കാം.... "

"അയ്യോ വേണ്ടാ. ജോലിയില്ലെങ്കിലും കുഴപ്പമില്ലളിയാ..എന്നാലും ആ 'കോല്‍കപ്പ' ..ഹോ എന്തവാന്നേ അത്‌...... "

48 comments:

G.MANU said...

ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്‌, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ്‌ ആയിട്ടും, പ്രിയപത്നിക്ക്‌ എന്നോട്‌ അല്‍പം മതിപ്പുള്ളത്‌. "പച്ചരി പുഴുങ്ങിക്കൊടുത്താലും ഇതിയാനു നോ പ്രോബ്ളം.. ഒരു പരാതിയുമില്ലമ്മേ.." എന്ന് ട്രഡിഷണല്‍ വൈരിയായ എന്‍റെ അമ്മയോട്‌ പോലും പലതവണ അവള്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌

അളിയനെന്തൊക്കെ പറഞ്ഞാലും ഗോള്‍ഗപ്പ എനിക്കൊരു വീക്ക്നെസ്‌ തന്നാ.. പുതിയ പോസ്റ്റ്‌

ശ്രീ said...

മനുവേട്ടാ...
ഹിഹി... ഇത്തവണ ഒരു രക്ഷയുമില്ല.
ഈ തേങ്ങ ഞാനുടയ്ക്കും. അതു കഴിഞ്ഞേ വായനയുള്ളു...
ആ ഡോള്‍‌ബി സറൌണ്ട് സിസ്റ്റം ഒന്നോണ്‍‌ ചെയ്തോളൂ, മനുവേട്ടാ...
“ഠേ!”

എങ്ങനെ? ബൂലോകം മുഴുവന്‍‌ കേട്ടില്ലേ?
ഇനി സമാധാനത്തോടെ വായിക്കട്ടെ.
:)

ശ്രീ said...

മനുവേട്ടാ...
ഇതും സൂപ്പര്‍‌!!!
“അവൈലബിലിറ്റി ഈസ്‌ ദി മതര്‍ ഓഫ്‌ സ്റ്റൊമക്ക്‌”
ഇതൊരു ബൂലോക പഴഞ്ചൊല്ലാക്കാം.


അളിയന്‍‌ കൊള്ളാമല്ലോ...
"അയ്യോ..എന്തിനാ മൂന്ന്..അളിയന്‍ അത്‌ വളരെ അപൂര്‍വമായല്ലേ ഉപയോഗിക്കാറുള്ളൂ..എന്തിനു വെറുതെ കാശ്‌ കളയണം പെണ്ണേ.... "
പണ്ടത്തെ സൈനുദ്ദീനെ പോലെ?

“തൃശ്ശൂറ്‍ പൂരത്തിലെ മാലപ്പടക്കം പോലെ, ഉയര്‍ന്നും, താണും ചീറ്റിയും പലപല ശബ്ദങ്ങള്‍ കക്കൂസില്‍ നിന്നുയര്‍ന്നപ്പോള്‍...”
ഹ ഹ ഹ. അവസാനം തകര്‍‌ത്തു, മനുവേട്ടാ... ചിരിച്ചു ചിരിച്ചു വയ്യാതായി.

ഈ ഗോള്‍‌ഗപ്പ എപ്പിസോഡും കിടിലന്‍‌!
:)

സുല്‍ |Sul said...

ഹഹഹ

മനുവേ ചിരിച്ചു പരവശമായി. സൂപര്‍.
വിളിച്ചറിയിച്ചതിനു ഒരുപാടു നന്ദി. അല്ലെങ്കില്‍ വായിക്കാന്‍ വൈകിപ്പോയേനെ :)

-സുല്‍

ചന്ദ്രകാന്തം said...

അടിപൊളി. ചിരിച്ച്‌ ചിരിച്ച്‌ ഒരു വഴിയ്ക്കായി.
അളിയന്റെ വെപ്രാളം പിടിച്ചുള്ള പാച്ചല്‍.... കണ്മുന്നിലുണ്ട്‌ ഇപ്പോഴും.
ശ്രീ പറഞ്ഞതു പോലെ..... നമുക്കൊരു "ബൂലോക പഴഞ്ചൊല്ല്‌ സംഭരണി" തന്നെ ഉണ്ടാക്കിയെടുക്കണം.

ആശംസകളോടെ...

കുഞ്ഞന്‍ said...

മനുജീ,

ജോലിയിലെ പിരിമുറുക്കം വളരെയധികം കുറഞ്ഞു...:)

അളിയന്റെ തരികിട കാണല്‍ അടിപൊളി, അളിയാനു അളിയാ അളിയന്‍..!

കുറുമാന്‍ said...

അളിയനിന്നാലും ഒരു ഗോള്‍ഗപ്പയില്‍ തന്നെ തലസ്ഥാനനഗരിവിട്ടുവല്ലോ മനു :)

ഓഹ്..ഗോള്‍ഗപ്പ തിന്നിട്ട്, അവസാനം ആ പ്ലേറ്റിലേക്ക് നമ്മുടെ പാനിയൊഴിച്ചൊരു മോന്തലുണ്ട്. എന്താ സ്വാദ്. ചില കാര്യത്തിലൊന്നും വൃത്തിയും വെടുപ്പും നോക്കിയാല്‍ ആസ്വദിക്കാന്‍ പറ്റില്ലാല്ലെ മാഷെ :)

മറ്റൊരാള്‍ | GG said...

അളിയാ, ഇതിപ്പം എവിടെനിന്ന് എടുത്താലും ചിരിച്ച്‌ പോകും. ഈ ഗോള്‍ഗപ്പയ്ക്ക്‌ ഇത്രയും ശക്തിയോ!!!! കുറച്ച്‌ കഴിഞ്ഞ്‌ ഒന്ന് കൂടി വായിക്കണം!

കൊച്ചുത്രേസ്യ said...

യാദോം കി ബാരാത്‌ നികലീ ഹേ ആജ്‌ ....

എന്റെ ദില്ലിജീവിതവുമായി അഭേദ്യമായ ബന്ധമുള്ള രണ്ടു സാധനങ്ങളാണ്‌ ഗോല്‍ഗപ്പയും ആലു ടിക്കിയും.ദില്ലിജീവിതം ആസ്വദിക്കണമെങ്കില്‍ ദില്ലിയുടെ ടേസ്റ്റ്‌ അറിയണമ്ന്ന്‌ പറഞ്ഞ്‌ ഒരു കൂട്ടുകാരി വിളിച്ചോണ്ടു പോയി പരിചയപ്പെടുത്തീതാണ്‌ രണ്ടിനേം.ആദ്യത്തെ ദിവസം തന്നെ ഗോല്‍ഗപ്പയെ പുളിവെള്ളത്തില്‍ മുക്കിയെടുക്കുന്ന പ്രക്രിയ കണ്ട്‌ ആകെ വെറുത്ത്‌ 'എനിക്ക്‌ എക്സ്ട്രാഫിറ്റിംഗ്സ്‌ ഒന്നും വേണ്ട,വെറുതെ ആ പൂരി മത്രം തന്നാല്‍ മതി'എന്നും പറഞ്ഞാ ഞാന്‍ രക്ഷപെട്ടത്‌.ചുമ്മാ ആ പൂരി മാത്രം കറുമുറെന്ന്‌ തിന്നിട്ട്‌ ഇതിനാണൊ ഇത്രേം ടേസ്റ്റാണെന്നു പറയുന്നത്‌-ഈ ഡെല്ലിക്കാരെയൊക്കെ ഊളമ്പാറയില്‍ വിടണം എന്നും വിചാരിച്ചതാ.പിന്നെപ്പഴോ ഞാനതിന്‌ ശരിക്കും അഡിക്ടായിപോയി. ആദ്യത്തെ ദിവസം വൃത്തീടെ കൂടുതല്‍ കൊണ്ട്‌ മാറിനിന്ന ഞാനാ പിന്നെ പലപ്പോഴും വഴിയരികില്‍ നിന്ന്‌ ഗോല്‍ഗപ്പയെ ശരിക്കു വെള്ളത്തില്‍ മുക്കൂ എന്നും പറഞ്ഞ്‌ ബഹളം കൂട്ടീത്‌.അതും കൂടാതെ എല്ലാം കഴിഞ്ഞ്‌ കുറെ പുളിവെള്ളം ഇരന്നു മേടിച്ച്‌ അമൃതു പോലെ കുടിക്കുകയും ചെയ്യും.
ങ്‌ഹാ അതൊക്കെയൊരു കാലം...

മനൂന്റെ ഈ പോസ്റ്റ്‌ ഒരുപാട്‌ ഓര്‍മ്മകളുണര്‍ത്തി(ചിരിപ്പിച്ചൂന്ന്‌ പിന്നെ പ്രത്യേകം പറയേണ്ടല്ലോ)

വിന്‍സ് said...

ഹഹഹ... മനുജി വീണ്ടും കലക്കിയിരിക്കുന്നു.

/ / ക്ളീന്‍ ഡീലിംഗ്‌ ആണെങ്കില്‍ എനിക്ക്‌ നോ പ്രോബ്ളം..പക്ഷേ ക്ളീന്‍ ഡീലിംഗ്‌ ആവണം" ചായയുമായി വന്ന പെങ്ങളെ കണ്ടപ്പോള്‍, എഫ്‌.ടി.വി മാറ്റി ഏഷ്യാനെറ്റ്‌ വച്ചു കൊണ്ട്‌ അളിയന്‍ പറഞ്ഞു. / /

ഹോ ചിരിച്ചു മടുത്തു.

കുറുമാന്‍ said...

കൊച്ചുത്രേസ്യയുടെ കമന്റ് വായിച്ചപ്പോള്‍ വീണ്ടും ചില ഓര്‍മ്മകള്‍ മനൂ.

ശരിയാണ് ദില്ലിജീവിതം ആസ്വദിക്കണമെങ്കില്‍ ദില്ലിയുടെ ടേസ്റ്റ്‌ അറിയണം.

ആലുടിക്കി, ഗോള്‍ഗപ്പ, ബ്രെഡ് പക്കോറ....ഇതെല്ലാം ഒരോര്‍മ്മതന്നെ...ഇതിലപ്പുറം നിക്കുന്നതും ഉണ്ട്.

ഐ റ്റി ഓവിലെ ഫ്രൂട്ട് ചാട്ട്.....

മണ്ണെണ്ണസ്റ്റൌവ്വിലെ ചട്ടിയില്‍ വച്ച് ചൂടാക്കിയെടുക്കുന്ന ചെറിയ മണ്ണെണ്ണമണമുള്ള കുല്‍ച്ച.....ചരിച്ചുവച്ച പിത്തള ചരുവത്തില്‍ നിന്നും സ്പൂണില്‍ കോരിയിടെത്ത് ഇലകുമ്പിളിലേക്കിടുന്ന ഛോലെ(ഉണങ്ങിയ പട്ടാണി), അതിലേക്കിടുന്ന അരിഞ്ഞ് വച്ച ഉള്ളി, പച്ചമുളക്, അല്പം മറ്റു മസാലകള്‍, പിന്നെ മുകളില്‍ ഒഴിക്കുന്ന പുളിവെള്ളം....എന്നിട്ട് ഒരു മിക്സിങ്ങ്.......മരത്തിന്റെ തണലില്‍ നിന്നുകൊണ്ട് എത്രയോ തവണ കുല്‍ച്ച,ച്ചോലെ കഴിച്ചിരിക്കുന്നു.

ചുമന്ന നനഞ്ഞ തുണിയാല്‍ പൊതിഞ്ഞ, ചെറുനാരങ്ങായും, പുതിനയിലയാലും അലങ്കരിച്ച വലിയ ഭരണിയിലെ ജല്‍ജീര.....

അങ്ങനെ എത്രയെത്ര സ്വാദേറിയ മറക്കാനാകാത്ത ഓര്‍മ്മകള്‍.

Anonymous said...

മനുവേയ്, തകര്‍പ്പന്‍!

കഴിഞ്ഞ തവണ ദില്ലിയില്‍ വന്നപ്പോള്‍ മനുവിന്റെ ഫോണ്‍ നമ്പരു കയ്യിലില്ലാത്തോണ്ടു രക്ഷപെട്ടു ന്നു പറഞ്ഞാ മതിയല്ലോ :-)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..

തമനു said...

ഹഹഹഹ....

താനിങ്ങനെ ദിവസം ഓരോ കിടിലന്‍ പോസ്റ്റിട്ടോണ്ടിരുന്നാല്‍ ഇതിനൊക്കെ കമന്റാന്‍ വാക്കുകള്‍ ഞാനൊക്കെ എവിടുന്നുണ്ടാക്കും...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ അളിയനെ ഓടിക്കാന്‍ ഒറ്റമൂലി ഗോള്‍ഗപ്പ എന്നാണോ ഈ പോസ്റ്റിന്റെ ഗുണപാഠം?

ഈ പണ്ടാരം സാധനം ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കീട്ടുണ്ട് ഇഷ്ടപ്പെട്ടില്ല അതോണ്ട് പിന്നെ കഴിച്ചുമില്ല. പ്രിയ മലയാളികളെ ഈ പറേണ അത്ര ടേസ്റ്റൊന്നുമില്ല കേട്ടോ. എന്റെ ഫേവറിറ്റ് മട്കാ കുള്‍ഫിയാ..

Appu Adyakshari said...

മനുവേ കലക്കികടുവറത്തു.... :-)

ഏതു വാചകമാണു കൂടുതല്‍ ചിരിപ്പിച്ചത്.. എല്ലാം. എന്നാലും ഇത് കിടക്കട്ടെ എന്റെ വക...

"കുട്ടീ കുമ്മിണീ കുഞ്ഞിപ്പെണ്ണേ,
ഇട്ടിളയച്ചീ കോതേ ചിരുതേ,
ചക്കീ മാധവി കാളീ നീലീ
ചക്കച്ചാരുടെ മകളേ സീതേ
നിങ്ങളില്‍ ആര്‍ക്കെന്‍റെ കണ്ണുകള്‍ ദാനം ചെയ്യും എന്ന കണ്‍ഫ്യൂഷന്‍ അടിച്ചും...”

Sethunath UN said...

എന്റെ മ‌നുവേ...

ചിരിപ്പിച്ചു മ‌നുഷേനെ കൊല്ലുവ‌ല്ലോ....
ആരും അധിക‌ം ക്വാട്ടാഞ്ഞത് ചുമ്മാത‌ല്ല. ക്വാട്ടുവാണേല്‍ പോസ്റ്റു മുയ്മനെടുക്കേണ്ടിവ‌രും.
ന‌ല്ല "കീറ‌ന്‍" കോമഡി. ശ്ശോ.
ഒന്നൂടേ വായിയ്ക‌ണം. അത്ര നാച്ചുറ‌ല്‍ ചിരിക്കതിന

:))

Typist | എഴുത്തുകാരി said...

തകര്‍പ്പനായിട്ടുണ്ട്‌. ശരിക്കും ചിരിച്ചുപോയി. ഞാനും കഴിച്ചിട്ടുണ്ട്‌, ഈ സാധനം, ദില്ലിയില്‍ പോയപ്പോള്‍.

krish | കൃഷ് said...

കൊള്ളാം മനു. ഗോള്‍ഗപ്പയളിയന്‍ ഇപ്പഴും തരികിടയാണോ. പാനിപുരിയല്ലേ ഈ ഗോള്‍ഗപ്പ. ഇത് കഴിച്ചിട്ടുണ്ട്, നല്ല എരിപുളി രസമാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ന്നാലും ഒരു ഗോള്‍ഗപ്പ കൊണ്ട് അളിയനെ തുരത്തിയില്ലേ. ഇതിലെന്തോ ഗൂഡാലോചനയുണ്ട്. അന്വേഷണക്കമ്മീഷന്‍ ഉടന്‍ നിയമിക്കണം.

ത്രിശങ്കു / Thrisanku said...

അളിയന് മാഹാത്മ്യം കലക്കി.
:)

Anonymous said...

ഹോസ് ഖാസില്‍ നിന്നു പന്നിയുടെ കുടല്‍ വാങ്ങി ഫ്രൈ ആക്കി അടിച്ചിട്ടുണ്ട്. പക്ഷേ ചാട്ട് വാലയുടെ കയ്യില്‍ നോക്കിയാല്‍ ഗോള്‍ഗപ്പ മിണുങ്ങാന്‍ തോന്നത്തില്ല. അതിനാല്‍ കഴിക്കാന്‍ മിനക്കെട്ടിട്ടില്ല.

കുറുമാന്‍ ചോലെ കുല്‍ച്ചെയും ഫ്രൂട്ട് ചാട്ടും ഓര്‍പ്പിച്ച് കൊതിപ്പിച്ചു. ഡ്രോബാക്ക് ചെക്കിനു വേണ്ടി ഐ ടി ഓ യിലും എക്സിം സ്ക്രിപ്പിനു വേണ്ടി ദരിയാഗന്ചിലെ പിയര്‍ലെസ്സ് ഭവനിലും നിരങ്ങിയപ്പോഴത്തെ ആശ്വാസമായിരുന്നു ഇതൊക്കെ.

മനൂ, നല്ല പോസ്റ്റ്.

പ്രയാസി said...

ഹ,ഹ കലക്കി..

സുഹൃത്തിനെ കാണാന്‍ ഒരിക്കല്‍ ഡെല്‍ഹിയില്‍ പോയിരുന്നു, ദുഷ്ടന്‍ ഗോള്‍ഗപ്പയെക്കുറിച്ചു പറഞ്ഞതു പോലുമില്ല..:(

ശ്രീഹരി::Sreehari said...

സൂപ്പര്‍ :)

Raji Chandrasekhar said...

ഒരു
ഗോള്‍ ഗപ്പ
കഴിച്ച
effect.

സഹയാത്രികന്‍ said...

ഹ ഹ ഹ ... മാഷേ.. കലക്കി...

വെറും കലക്കലല്ല... അടിച്ച് പൊളിച്ചു...
:)

Jay said...

"ക്യാ അപ്‌ ഫീല്‍ഡ്‌ വര്‍ക്ക്‌ കര്‍ സക്‌തേ ഹോ..." എന്ന ചോദ്യത്തിനു "ഓട്ടോമൊബൈല്‍ ഫീല്‍ഡ്‌ പിന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡ്‌" എന്ന് മറുപടി പറഞ്ഞതുകൊണ്ട്‌ അതു പോയി. ഇതു ചിരിപ്പിച്ചു. ചിരിച്ച് ഒരു പരുവമായി. ദൈവമേ, ഇവിടെ കമന്റിയവരെല്ലാം ഡെല്‍ഹി അനുഭവസമ്പത്തുള്ളവരോ? അപാരം. അടുത്ത തവണത്തെ നാട്ടില്‍വരവ് ഡെല്‍ഹി വഴിയാക്കി, ഈപ്പറഞ്ഞ ഐറ്റം ഒന്നു ടേസ്‌റ്റ് ചെയ്തിട്ടേയുള്ളൂ ബാക്കിക്കാര്യം. നമ്മളോടാ കളി...

ദിലീപ് വിശ്വനാഥ് said...

ഹഹഹ... അപ്പോള്‍ തലസ്ഥാനത്ത് വച്ച് ആരെങ്കിലും ഗോള്‍ഗപ്പ ഓഫര്‍ ചെയ്താല്‍ സ്നേഹപൂര്‍വ്വം നിരസിക്കാനുള്ള ടെക്നോളൊജി കൂടി പഠിച്ചു വെക്കാം, പ്രാണരക്ഷാര്‍ത്ഥം.
വളരെ നന്നായി.

സുന്ദരന്‍ said...

കേരളത്തിലെ തട്ടുകടകളില്‍നിന്നും കപ്പ
ഡ്ല്‍ഹിയിലെ തട്ടുകടകളില്‍നിന്നും ഗോല്‍കപ്പ
....
പിന്നെ പത്താം‌മൈല്‍ ഷാപ്പിലെ കല്ലുമ്മക്കാ..
ഇതൊക്കെ കഴിച്ചിട്ടില്ലായെങ്കില്‍ ജീവിതം പാഴ്...

വാളൂരാന്‍ said...

മനുവേ, അത്യുഗ്രന്‍ സാധനം....
ബോംബെയിലെ പാനിപുരിയുടെ തലസ്ഥാനഭാഷ്യം തന്നെയല്ലെ അത്. അതുഗ്രന്‍ തന്നെയാണേയ്‌, വഴിവക്കില്‍ നിന്നും കഴിക്കുകയും വേണം അപ്പോഴേ ആ ഉശിര് ശരിക്കറിയൂ... ഭേല്‍‌പുരിയും ഉഗ്രനാണുകെട്ടോ...
നല്ല സൊയംബന്‍ ചിരി സമ്മാനിച്ചതിനു നന്ദി.

മഴത്തുള്ളി said...

അളിയന്റെ നമ്പര്‍ ഒന്നു താ, ഒന്നു വിളിച്ചു ചോദിക്കട്ടെ തൃശ്ശൂര്‍ പൂരത്തിന്റെ കാര്യം ;)

തകര്‍ത്തിട്ടുണ്ടല്ലോ. ഹി ഹി.

പാലാ ശ്രീനിവാസന്‍ said...

മനൂ
ഇത്തവണ പോസ്റ്റ് വായിച്ച് തീര്‍ന്നതറിഞ്ഞില്ല.
മനസ്സ് ആ രംഗങ്ങളില്‍ ലയിച്ചുപോയി.
പതിവിനു വ്യത്യസ്ഥമായി
സംഭവങ്ങള്‍ എണ്ണം കുറച്ച്,
വര്‍ണ്ണന സൂക്ഷ്മാംശത്തിലേക്ക് നീക്കിയുള്ള പ്രസന്റേഷന്‍ ഇഷ്ടപ്പെട്ടു
ഇനിയുള്ള പോസ്റ്റുകളിലും അത് ശ്രദ്ധിക്കണം
അഭിനന്ദനങ്ങള്‍!!!!!!

മുക്കുവന്‍ said...

അതു പിന്നെ പറയണോ... ഇക്കാലത്ത്‌ ലോക്കല്‍ ബ്രാന്‍ഡ്‌ ആരാ ഉപയോഗിക്കുന്നത്‌..." ഭാര്യയുടെ മൂക്കില്‍ ഒന്നു നുള്ളി ഞാന്‍ പറഞ്ഞു..

super!

ലേഖാവിജയ് said...

മനൂ,
ഗോള്‍ഗപ്പക്കു ഇവിടെ ഗുപ് ഛുപ് എന്നാണു പറയുന്നതു.ഇതുവരെ രുചിച്ചു നോക്കീട്ടില്ല.ആ കൈമുക്കു തന്നെ കാരണം.പക്ഷേ എന്റെ കുട്ടികള്‍ക്കു അതില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടു.അത്രക്കു ആക്രാന്തമാണു ഗുപ് ഛുപ് വാലായെ കണ്ടാല്‍...പോസ്റ്റു രസിച്ചു.ഇനിയും എഴുതൂ.

ഏ.ആര്‍. നജീം said...

മനൂജീ.., അളിയന്‍ സൂപ്പറപ്പാ..
:)

Rasheed Chalil said...

അളിയന് പറ്റിയ അളിയന്‍... മനൂ കലക്കീട്ടോ

asdfasdf asfdasdf said...

മനുവേ.. ഈ ഗോള്‍ഗപ്പ കലക്കി.
ആദ്യമായി ബോംബെയിലെത്തി ചൂടുള്ള വടാപ്പാവ് കഴിച്ച ഓര്‍മ്മ വന്നു.

കടവന്‍ said...

ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്‌, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ്‌ ആയിട്ടും, പ്രിയപത്നിക്ക്‌ എന്നോട്‌ അല്‍പം മതിപ്പുള്ളത്‌. "പച്ചരി പുഴുങ്ങിക്കൊടുത്താലും ഇതിയാനു നോ പ്രോബ്ളം.
ഇതെന്നെപ്പറ്റിയാണ്, എന്നെപ്പറ്റിതന്നെയാണ്' എന്നെമാത്രമാണുദ്ദെശിച്ചിരിക്കുന്നത്...അല്ലെങ്കിലെന്റെ ഫാര്യ പറയുന്ന അതെ ഡയലോഗ് എങ്ങനെ ഈ ബ്ളോഗില്‍ വന്നു...ഹി ഹിഹി ചിരിച് വശക്കേടായില്ലാന്നൊന്നും വിചാരിക്കല്ലെ..ശരിക്കും ചിരിച്ചു.

ഉപാസന || Upasana said...

കൊള്ളാം ഭായ്
ശരിക്കും ചിരിച്ചു
:)
ഉപാസന

സൂര്യോദയം said...

മനു ഗോള്‍ ഉഗ്രന്‍... മാഷിന്റെ അളിയനെയും എന്റെ അനിയനെയും ഒന്ന് മുട്ടിച്ച്‌ കൊടുക്കണമായിരുന്നു... ജോലിക്കാര്യത്തില്‍ നല്ല യോജിപ്പ്‌ .. :-)

അരവിന്ദ് :: aravind said...

ഹഹഹ!
നല്ലോം ചിരിപ്പിച്ചു ‍....:-)

ഹൈദ്രാബാദില്‍ നിന്ന് ഈ "പാനീപ്പൂരി" കഴിച്ചപ്പോള്‍ അളിയന്റെ അളിയന്റെ അവസ്ഥയായിരുന്നു അളിയാ എനിക്ക്. മുക്കുകമ്രന്‍ ഞാന്‍ പാനീപ്പൂരിയുടെ ആരാധകനാണെന്ന് വെച്ച് ഒന്നു കഴ്ടപ്പെട്ട് ഇറക്കിയാല്‍ അടുത്തത് ചടുക്കനേ പ്ലേറ്റില്‍ വെച്ചു തരും. പത്തെണ്ണം ഓര്‍ഡര്‍ ചെയ്തു മൂന്നില്‍ 'മതിയേ" പറഞ്ഞു.
പിന്നെ ഗുഡ്ഗാവില്‍ ചെന്നു ആ ചക്കരവെള്ളം വെച്ചത് കഴിച്ച് ആരാധകനായി. ചക്കരേം പച്ചേം മിക്സ് ചെയ്തേ എന്നാലും കഴിക്കൂ. പച്ചവെള്ളം തന്നെ...മഞ്ഞപ്പിത്തതിന് കീഴാര്‍നെല്ലി കുടിക്കുന്ന റ്റേസ്റ്റാ.

Kaithamullu said...

മനുവേ,
ഈ സാധനം മുംബൈ ഡൈസ് മുതലെ എനിക്കിഷ്ടല്ലാട്ടോ..പക്ഷേ എന്റെ ധര്‍മപത്നി ഇതിന്റെ ആരാധികയാ! അതോണ്ട് നടക്കാന്‍ പോകുമ്പോ ഇപ്പോഴും മീനാബസാറും സിന്ധ് പഞ്ചാബ് റെസ്റ്റാറണ്ടും ഒഴിവാക്കിയേ നടക്കൂ!

കലക്കിയെന്ന് പ്രത്യേകം പറയണോ?

varier said...

അല്ല, മാഷേ, മാഷക്ക് ഒരേ ഒരു അളിയനേ ഉള്ളൂ?എങ്കില്‍ ഭാഗ്യവാന്‍.

hi said...

kalakkan

Arun G S said...

haha manuvetta! ee golgappa aalu kollallo.! Pani puri aano Golgappa ?.. manufacturing process kettappol angane thonni.. :)

Kallakki!!!!

:) said...

athannyalle pani-poori?! inteem favouritaa :)..

jaikut said...

superb

jaikut said...

superb

Anonymous said...

ജോലിത്തിരക്ക് കുറവുള്ള ദിവസങ്ങളിൽ തേടിപ്പിടിച്ച് ബ്രിജ് വിഹാരം എടുത്ത് വായിക്കും. പഴയ കാലമൊക്കെ ഓർത്ത് സന്തോഷിച്ച് നെടുവീർപ്പിടും .
പോസ്റ്റുകൾ ഇവിടെ കിടക്കുന്നിടത്തോളം കാലം ആൾക്കാർക്ക് വായിച്ച് സന്തോഷിക്കാം. നിങ്ങൾ ഒരു സംഭവമാണ് മനു ഭായ് !
ഇപ്പോഴെന്താ എഴുതാത്തേ ?